തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തിന് ഹെല്‍മെറ്റ് ?

കേരളത്തെ ഹെല്‍മെറ്റ് ധരിപ്പിക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുത്ത് അതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വിജയകരമായി റോഡിലെ അപകടനിരക്ക് കുറയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്. പണ്ടൊക്കെ റോഡിലൂടെ ഹെല്‍മെറ്റ് വച്ചവരൊന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഹെല്‍മെറ്റില്ലാത്ത ഒരാളെ കാണണമെങ്കില്‍ കുറച്ചു പാടുപെടും. നിയമം കര്‍ശനമാക്കിയതിനു ശേഷമുള്ള കണക്കു നോക്കിയാലോ, അപകടങ്ങളില്‍ ഞെട്ടിക്കുന്ന കുറവും. അക്കാര്യത്തില്‍ ഋഷിരാജ് സിങ്ങിനോടു കേരളം കടപ്പെട്ടിരിക്കുന്നു. കുറച്ച് ഉദ്യോഗസ്ഥന്‍മാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കേരളം എല്ലാ രംഗങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായേനെ.

ഇത് ഹെല്‍മെറ്റ് നിയമത്തെ സംബന്ധിച്ചുള്ള വിഹഗവീക്ഷണമാണ്. എക്കണോമിക്‌സില്‍ പറഞ്ഞാല്‍ മാക്രോ ലെവല്‍ അപ്രോച്ച്. ഇനി മൈക്രോ ലെവലിലേക്കു പോയാല്‍ പൊലീസ് ജീപ്പുകള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ജാങ്കോ പയ്യന്‍മാരുടെ കാഴ്ചകളാണെങ്ങും. വിട്ടുവീഴ്ചയില്ലാത്ത പരിശോധന. രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പരിശോധനകളോടൊപ്പം നിയമനടപടികളും കര്‍ശനമാക്കി. ഇനിയങ്ങോട്ടു ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ പിഴ 1500 രൂപയാണ്. ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരില്‍നിന്ന് 3300 രൂപ വീതം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൈക്ക് ചെയ്‌സ് ചെയ്തു പിടിക്കുന്ന പരിപാടിയൊന്നുമില്ല. നമ്പര്‍ എഴുതി ആര്‍ടിഒ ഓഫിസിലേക്കു കൊടുക്കുകയേയുള്ളൂ. പോരെങ്കില്‍ ലൈസന്‍സ് കട്ട് ചെയ്യുന്ന പരിപാടിക്കു പുറമേ ഒരു മാസം മുതല്‍ മൂന്നു മാസം വരെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇത്രയൊക്കെ കര്‍ശനമായി നടപ്പാക്കാന്‍ മാത്രം പ്രധാനപ്പെട്ട സംഗതിയാണോ ഹെല്‍മെറ്റ് എന്നു പലരും സംശയം ചോദിക്കുന്നുണ്ട്. ഒരു സംശയവുമില്ല. തലയുണ്ടെങ്കിലേ ജീവിതമുള്ളൂ. അതുകൊണ്ടാണ് നടുറോഡിലെ ഹെല്‍മെറ്റ് പരിശോധനയ്ക്കു പുറമേ സിനിമയിലും സിനിമയുടെ പോസ്റ്ററിലും വരെ ആളുകല്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ട് എന്നുറപ്പുവരുത്താനും വച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടുള്ളത്.

അടുത്ത കാലത്ത് ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലൂടെ ബൈക്ക് റാലി നടത്തിയപ്പോള്‍ ഹെല്‍മെറ്റ് വച്ചില്ല എന്ന കാരണത്താല്‍ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരേ സിറ്റി ട്രാഫിക് പൊലീസ് കേസെടുക്കുകയും താരത്തെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. മാതൃകയാവേണ്ട സിനിമാതാരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്നാണ് അന്നു ട്രാഫിക് പൊലിസ് പറഞ്ഞത്. അത് ജൂലൈയിലാണ്. ഋഷിരാജ് സിങ്ങിന്റെ ഹെല്‍മെറ്റ് വിപ്ലവം വരുന്നതിനും മുന്‍പ്. ഇന്നു സ്ഥിതി മാറി. ദുല്‍ക്കറല്ല, മമ്മൂട്ടിയായാലും ഇനി ഹെല്‍മെറ്റ് വച്ചേ വണ്ടി വഴിയിലിറക്കൂ.

ജനങ്ങള്‍ക്കു മാതൃകയാവാനുള്ള ഉത്തരവാദിത്വം സിനിമാനടന്‍മാര്‍ക്കും നിയമം പാലിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കും മാത്രമേയുള്ളോ എന്നതാണ് ഇനി അറിയേണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നഗരത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ജന്മതാബ്ദിയോടനുബന്ധിച്ചു നടന്ന ഇരുചക്രവാഹനറാലിയില്‍ നേതാക്കന്‍മാരുടെ മക്കളും യുവനേതാക്കന്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റ് പോയിട്ട് ഒരു മയില്‍പ്പീലി പോലും ചൂടാതെ നൂറുകണക്കിനു ബൈക്കുകളോടിച്ചപ്പോള്‍ ഭക്ത്യാദരപൂര്‍വം എസ്‌കോര്‍ട്ട് പോയത് ഇതേ പൊലീസ് ആണ്. ജീപ്പിന്റെ ബംപറില്‍ കാലുകയറ്റി വച്ച് നിന്ന്, ബോണറ്റ് നീതിപീഠമാക്കി നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസുകാര്‍ക്ക് കേരളാ കോണ്‍ഗ്രസുകാരെ ഇത്രയ്ക്കു പേടിയാണെങ്കില്‍ സാക്ഷാല്‍ കോണ്‍ഗ്രസുകാരെ എന്തു മാത്രം പേടിയായിരിക്കും എന്നാലോചിക്കണം.

കോട്ടയത്ത് നേരത്തേ വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ച വനിതാ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത അതേ പൊലീസുകാരാണ് അഞ്ഞൂറോളം ബൈക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസുകാര്‍ നടത്തിയ പരസ്യമായ നിയമലംഘനത്തിന് മുന്നിലും പിന്നിലും കാവല്‍ നിന്നത് എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഋഷിരാജ് സിങ്ങിന് അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അന്ന് അവിടെ ഹെല്‍മെറ്റില്ലാതെ പോയ എല്ലാവര്‍ക്കും എതിരെ വേണമെന്നില്ല, മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട കേരളാ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍മാര്‍ക്കെതിരെ എങ്കിലും കേസെടുത്ത് അവരെക്കൊണ്ട് പിഴയടപ്പിച്ച് കേരളസമൂഹത്തിന് നല്ലൊരു മാതൃക കാട്ടിക്കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍, വെറുതെ കൊച്ചുപിള്ളേരു പോലും പറയും ഊച്ചാളി പോലീസ് എന്ന്. എന്തിനാ വെറുതെ ഉണ്ടാക്കിയെടുത്ത പേര് കണ്ട കേരളാ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കളഞ്ഞു കുളിക്കുന്നത് ?

ഇതിപ്പോള്‍ കേരളാ കോണ്‍ഗ്രസുകാരുടെ നെഞ്ചത്തു കുതിര കയറാനുള്ള ഒരു പോസ്റ്റാണെന്ന് തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു കാലമാണ് വരുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും സിപിഎമ്മുകാരുമെല്ലാം ഇവിടെ ഇരുചക്രവാഹനറാലികള്‍ നടത്തും. കേരളാ കോണ്‍ഗ്രസുകാരെക്കൊണ്ട് പിഴയടപ്പിക്കണം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ഥം ഭാവിയില്‍ ഇരുചക്രവാഹനറാലികള്‍ നടത്തുന്ന കോണ്‍ഗ്രസുകാരെക്കൊണ്ടും ലീഗുമാകെക്കൊണ്ടും സിപിഎമ്മുകാരെക്കൊണ്ടുമൊക്കെ ഹെല്‍മെറ്റ് വയ്പിക്കണം എന്നു കൂടിയാണ്. തൊലിക്കട്ടിയുള്ളവരുടെ തലയ്്ക്ക് അത്ര കട്ടിയുണ്ടാവില്ല.

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

സൂപ്പര്‍ സ്റ്റാറാവാനുള്ള യോഗ്യതകളില്‍ ഫാന്‍സ് ആസോസിയേഷനും കാരവാനും മാത്രം മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നു കൂടിയുണ്ട്: ഫാന്‍സി നമ്പര്‍ ! ലേറ്റസ്റ്റ് ഡവലപ്മെന്‍റ്സ് വച്ചു നോക്കുമ്പോള്‍ നല്ല വില കൊടുത്ത് ഫാന്‍സി നമ്പര്‍ കൂടി വാങ്ങുമ്പോഴാണ് ഒരുത്തന്‍ സൂപ്പര്‍ സ്റ്റാറായി ഉയരുന്നത്. മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് 3.56 ലക്ഷം രൂപ മുടക്കി KL 7 BN 1 എന്ന നമ്പര്‍ ദേ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതാകട്ടെ വലിയ പുലിവാലുള്ള സംഭവവുമായിരുന്നത്രേ. ഇതത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാല്‍, വലിയ വലിയ മുതലാളിമാര്‍ ഐപിഎല്‍ ടീമും അരലോഡ് പെണ്ണുങ്ങളേം വാങ്ങുമ്പോള്‍ അത്രയ്ക്കൊന്നും എടുക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ മിനിമം ഒരു നമ്പരെങ്കിലും വാങ്ങേണ്ടേ ?

ഈ നമ്പറിനോട് ഇഷ്ടം കൂടിയ 11 പേരാണു പൃഥ്വിരാജിനൊപ്പം അപേക്ഷ നല്‍കിയിരുന്നത്. നാലു പേര്‍ ലേലത്തിനെത്തിയില്ലത്രേ. ലേലത്തില്‍ പൃഥ്വിരാജിനു വേണ്ടി ഹാജരായ ബന്ധുവും എതിരാളികളും വാശിയോടെ പങ്കെടുത്തു. പ്രമുഖ വിദേശ മലയാളിയായിരുന്നു പൃഥ്വിരാജിന്റെ മുഖ്യ എതിരാളി. അദ്ദേഹത്തിനു വേണ്ടി ഹാജരായ വ്യക്തി 3.55 ലക്ഷം രൂപ വരെ വിളിച്ചുവത്രേ. ഒരു ലക്ഷം രൂപ കൂടി എടുക്കാനുണ്ടായിരുന്നെങ്കില്‍ നമ്പര്‍ പുള്ളിക്കു കിട്ടിയേനെ. വിദേശമലയാളികളൊക്കെ കുറച്ചൂടെ സ്ട്രോങ് ആവണ്ടേ ?

മൂന്നു മാസം മുന്‍പ് ഇഷ്ട നമ്പറായ കെഎല്‍-7-ബിഎം 5555 ഭാര്യ സുചിത്രയുടെ പേരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത് 1.81 ലക്ഷം രൂപയ്ക്കാണ്. അതിനു മുന്‍പ് കെഎല്‍-7-ബിഎം-369, കെഎല്‍-7-ബിഎം 999 നമ്പറുകള്‍ക്കായി സൂപ്പര്‍ താരം മമ്മൂട്ടി രംഗത്തു വന്നിരുന്നു. 369-ാം നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ഫലം കണ്ടില്ല. 999-ാം നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയും ചെയ്തു. ഫീല്‍ഡ് ഔട്ടായിക്കൊണ്ടിരിക്കുന്ന താരങ്ങളെന്ന നിലയില്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ വിളിക്കാനുള്ള യോഗ്യതയേ അവര്‍ക്കുള്ളൂ. അപ്പോള്‍ കേരളത്തിലെ ഫാന്‍സി നമ്പരിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കി നമ്പരെടുത്ത ഭയങ്കരന്‍ പൃഥ്വി സ്റ്റാര്‍ ആണെന്നു കരുതരുത്. നമ്മുടെ വിഗ്-മുടി സംരംഭമായ ഗള്‍ഫ്ഗേറ്റിന്റെ മുതലാളി സക്കീര്‍ ഹുസ്സൈന്‍ വന്‍തുക മുടക്കിയിട്ടുണ്ട്. അതും 2005ല്‍. കാറിനെക്കാള്‍ കൂടിയ വിലയ്ക്കാണ് അന്ന് സക്കീര്‍ നമ്പര്‍ വാങ്ങിയത്. എന്ന നമ്പരിന് അന്ന് 4.10 ലക്ഷം രൂപയാണ് സക്കീര്‍ ചെലവഴിച്ചത്. എന്നാല്‍ റെക്കോര്‍ഡ് തുക ഏഴു ലക്ഷമാണ്.

KL 01 W 01 എന്ന നമ്പരാണ് കഴിഞ്ഞ വര്‍ഷം അവസാനം ഏഴു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ഇന്‍ഡ് റോയല്‍ ഫര്‍ണിച്ചര്‍ ഉടമ ജെ. സുഗതനാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്നുതന്നെ നടന്ന മറ്റൊരു നമ്പര്‍ ബിനീഷ് കോടിയേരിക്ക് പുല്ലുവിലയ്ക്ക് കിട്ടി. ലക്ഷങ്ങള്‍ മുടക്കി അത് ലേലത്തില്‍ വാങ്ങാന്‍ വന്നവരെ നേരത്തെ തന്നെ ഫോണില്‍ വിളിച്ചും വിരട്ടിയും ലേലത്തില്‍ നിന്നു പിന്മാറ്റിയിട്ട് 3200 രൂപയ്ക്ക് എല്ലാവരും കൂടി നമ്പര്‍ ബിനീഷ്മോന് ഒപ്പിച്ചു കൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്. അന്ന് മോഹന്‍ലാലും സുരേഷ്ഗോപിയും ഉള്‍പ്പെടെ 14 പേര്‍ ബിനീഷ്മോനു വേണ്ടി ആഗ്രഹം ഉപേക്ഷിച്ചുവത്രേ. മന്ത്രിയുടെ മോന് നമ്പര്‍ ചുമ്മാ കൊടുക്കാത്ത ഈ നാട് ഗതിപിടിക്കില്ല.

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലും ഇതു തന്നെ നടന്നു. KL 7 BF 369 എന്ന നമ്പര്‍ മമ്മൂട്ടിക്കു 300 രൂപയ്ക്കാണ് ലഭിച്ചത്. ഇതേ പരമ്പരയിലെ 50ാം നമ്പര്‍ ജയസൂര്യ ലേലത്തില്‍ പിടിച്ചത് 200 രൂപയ്ക്ക്. ഇരുവരും നേരത്തേ ഇഷ്ടനമ്പറിനുള്ള അപേക്ഷയോടൊപ്പം 2000 രൂപ അടച്ചിരുന്നു. ലേലത്തിന് എത്തിയപ്പോഴാണു താരങ്ങളുമായാണ് മല്‍സരമെന്ന് എതിരാളികള്‍ക്കു മനസ്സിലായത്. അതോടെ വാശിയേറിയ ലേലം ഒഴിവാകുകയായിരുന്നത്രേ.

പൃഥ്വിരാജ് കാശുമുടക്കി നമ്പര്‍ വാങ്ങി എന്നത് ഒരു നല്ല കാര്യമാണ്. സാധാരണയായി സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ഗാമര്‍ കണ്ട് സാധാരണക്കാരായ ലേലക്കാര്‍ ലേലത്തില്‍ നിന്നു പിന്മാറുകയോ വിട്ടുകൊടുക്കുകയോ ഒക്കെയാണത്രേ. ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ചില്ലറ ചുറ്റിക്കളികളും ഉണ്ടാവാറുണ്ടത്രേ. ഈ വര്‍ഷം ആദ്യം ഒരു താരത്തിന് ഫാന്‍സി നമ്പര്‍ അനുവദിച്ചതിനു ഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വരെ സ്വീകരിച്ചിരുന്നു.

തിരുവനന്തപുരത്താണ് അത്. മുന്‍പു ലക്ഷത്തിനു വിറ്റുപോയ തരത്തിലുള്ള ഫാന്‍സി നമ്പരാണ് 2500 രൂപയ്ക്കു താരത്തിന്റെ വാഹനത്തിന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയിലൂടെ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നമ്പര്‍ ലേലം പല തവണ മാറ്റിവച്ച ശേഷം മറ്റ് അപേക്ഷകരെ അറിയിക്കാതെ താരത്തിന് നമ്പര്‍ നല്‍കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്ന ദൂരദര്‍ശനിലെ പ്രോഗ്രാം അസിസ്റ്റന്റ് സജിദേവി ഇതിനെതിരെ രേഖാമൂലം പരാതി നല്‍കിയതോടെയാണു വര്‍ഷങ്ങളായി ആര്‍ടിഎ ഒാഫിസില്‍ അരങ്ങേറുന്ന തട്ടിപ്പിനെതിരെ നടപടിയുണ്ടായത്.

സൂപ്പര്‍ സ്റ്റാറാണെന്നു കരുതി അന്തസ്സ് ഉണ്ടാവണമെന്നു നിര്‍ബന്ധമില്ലല്ലോ. ടൂത്ത്പേസ്റ്റ് തൊട്ട് അണ്ടര്‍വെയര്‍ വരെ എല്ലാം നിര്‍മാതാവിന്റെ ചെലവില്‍ സാധിക്കുന്ന താരത്തിന് ഫാന്‍സി നമ്പരും ഓസില്‍ കിട്ടണമെന്ന് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. ഇതിനാണ് ആര്‍ടി ഓഫിസിന്റെ സഹായം. ഫാന്‍സി നമ്പരിനായി അപേക്ഷിച്ചവരെ കണ്ടെത്തി സോപ്പിട്ടും ഭീഷണിപ്പെടുത്തിയും ലേലത്തില്‍ നിന്നു പിന്‍വലിപ്പിക്കും. ഇതു നടന്നില്ലെങ്കില്‍ ലേലം പല വട്ടം മാറ്റിവയ്ക്കും. അറിയിപ്പ് നമ്പരിനായി അപേക്ഷിച്ചവര്‍ക്ക് യഥാസമയം നല്‍കാതെ മുക്കും.

സിനിമാതാരത്തിന് ഇഷ്ടനമ്പര്‍ കൊടുക്കാനായി അപേക്ഷകര്‍ക്കു നോട്ടീസ് അയയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാനായി പണം അടച്ചു ദിവസങ്ങള്‍ക്കു ശേഷം റജിസ്റ്റേഡ് കത്തായാണു ലേലവിവരം അറിയിക്കുന്നത്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരവും ഫോണ്‍ നമ്പരും ഇതിനു മുന്‍പേ ആര്‍ടിഎ ഒാഫിസിലുള്ളവര്‍ ചോര്‍ത്തി പ്രമാണിമാര്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.

ഇത്രയൊക്കെയായ നിലയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ നിങ്ങളിലാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. വാഹനത്തിന് ഇഷ്ടനമ്പര്‍ ബുക്ക് ചെയ്യുന്നതിനു വെള്ളക്കടലാസില്‍ ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം 2000 രൂപ അടയ്ക്കണം. ഒരേ നമ്പറിന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ആ നമ്പര്‍ ലേലത്തില്‍ വിളിക്കും. ലേലത്തുക അന്നുതന്നെ ഒാഫിസില്‍ അടയ്ക്കണം. ബുക്ക് ചെയ്ത ദിവസംമുതല്‍ മൂന്നുമാസത്തിനകം വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിനു കൊണ്ടുവന്നില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. തുക കണ്ടുകെട്ടുകയും ചെയ്യും.