ജീവനു പുല്ലുവില; ബ്രാന്‍ഡിനു പൊന്നുംവില

പത്രങ്ങളിലും ചാനലുകളിലും മുറയ്ക്ക് പരസ്യം കൊടുത്തുകൊണ്ടിരുന്നാല്‍ കേരളത്തില്‍ ഒരു കൊലപാതകമൊക്കെ വളരെ ഈസിയായി നടത്താം. പത്തനംതിട്ട കരിക്കിനേത്ത്‌ ടെക്‌സ്റ്റൈല്‍സില്‍ ഒരു ജീവനക്കാരനെ തല്ലിക്കൊന്ന സംഭവം ഡീസന്റായി മുക്കിക്കൊണ്ടിരിക്കുന്ന കേരളത്തിലെ മാധ്യമസമൂഹമാണ് ടി.പി.ചന്ദ്രശേഖരന്‍ വധമൊക്കെ ഒരു വര്‍ഷത്തിലേറെയായി ആഘോഷിച്ചുകൊണ്ടിരിക്കുന്നത് എന്നത്‌ മറക്കാനാവില്ല. വര്‍ഷാവര്‍ഷം കോടികളുടെ പരസ്യം കൊടുക്കുന്ന കരിക്കിനേത്തിന്റെ ബ്രാന്‍ഡ് തിളക്കത്തില്‍ ചോരക്കറ വീഴാതിരിക്കാന്‍ നാട്ടുകാരെ കടിച്ചുകീറാന്‍ നില്‍ക്കുന്ന ചാനല്‍ യുവറോണര്‍ പട്ടികള്‍ കുരയ്ക്കാതെ വാലാട്ടി കരിക്കും കുടിച്ചിരിക്കുകയാണ്.

ജനസമ്പര്‍ക്കപരിപാടിയിലൂടെ ഇന്നലെ പത്തനംതിട്ടയെ മഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വര്‍ഗരാജ്യമാക്കി മാറ്റിക്കൊണ്ടിരിക്കുമ്പോഴാണ് തൊട്ടപ്പുറത്ത് നേതാക്കന്‍മാരും പൊലീസുകാരുമൊക്കെ ചേര്‍ന്ന് എങ്ങനെ ബ്രാന്‍ഡിനെ രക്ഷിക്കാം എന്ന വിഷയത്തില്‍ ആഴമുള്ള പഠനവും ഗവേഷണവും നടത്തിയത്. കാണാതായ ഒന്നര ലക്ഷം രൂപയ്്ക്കു വേണ്ടി തുണിക്കടയ്ക്കുള്ളില്‍ വച്ചു നടത്തിയ ചോദ്യം ചെയ്യലിനൊടുവില്‍ കാഷ്യറായ ബിജു കുഴഞ്ഞു വീണു മരിക്കുകയോ വിഷം കഴിച്ചു മരിക്കുകയോ ആയിരുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ വലിയ പാടൊന്നുമില്ല. പക്ഷെ, ഇരയെ അതനുസരിച്ച് കൈകാര്യം ചെയ്യണം. ബിജു പി.ജോസഫിനെ കൈകാര്യം ചെയ്തവര്‍ അത് പിന്നെ സ്വാഭാവികമരണമാക്കി മാറ്റാനുള്ളതാണ് എന്നത് ഓര്‍ത്തില്ലെന്നു തോന്നുന്നു. ബിജുവിന്റെ മരണം ഇടികൊണ്ട് ആന്തരികാവയങ്ങള്‍ തകര്‍ന്നിട്ടാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളതത്രേ (പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താനൊന്നും വലിയ സമയം വേണ്ട എന്നതിനാലാണ് േ്രത ചേര്‍ത്തത്).

കരിക്കിനേത്ത് മുതലാളി മകളുടെ വിവാഹമൊക്കെ കഴിഞ്ഞ് വന്നു കണക്കുനോക്കിയപ്പോള്‍ കണക്കില്‍ ഒന്നര ലക്ഷം രൂപയുടെ കുറവ് കാണുകയും ആ കുറവ് അന്വേഷിക്കുന്നതിന്റെ ഭാഗമായി ബിജുവിനെ കടയ്ക്കുള്ളില്‍ വച്ച് അവരുടെ സംസ്‌കാരത്തിനനുസരിച്ച് ചോദ്യം ചെയ്യുകയും ഇടികൊണ്ട ബിജു കടയ്ക്കുള്ളില്‍ വച്ചു തന്നെ മരിക്കുകയുമായിരുന്നു. സംഭവം കഴിഞ്ഞ് കൊലനടന്ന കടയുടെ ഉള്‍ഭാഗം അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം സാറേ സാറേ ഞങ്ങടെ ഒരു സ്റ്റാഫ് കടയില്‍ മരിച്ചു കിടക്കുന്നു എന്ന ലൈനില്‍ നിഷ്‌കളങ്കമായി പരാതി നല്‍കുകയായിരുന്നത്രേ.

ഒന്നര ലക്ഷം രൂപ മോഷ്ടിച്ച കുറ്റബോധം കൊണ്ട് ബിജു ആത്മഹത്യ ചെയ്തു എന്ന തിയറിയിലുറച്ചു നിന്ന പുണ്യാളന്‍മാര്‍ പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതോടെ കുടുങ്ങി. ആത്മഹത്യ ചെയ്തവന്റെ ആന്തരായവയങ്ങളൊക്കെ ഇടികൊണ്ട് തകര്‍ന്നിരുന്നു. കൊന്നുകഴിഞ്ഞ് വൈകാതെ തന്നെ അണുനാശിനി ഉപയോഗിച്ച പ്രൊഫഷനല്‍ കില്ലര്‍ ലൈന്‍ സ്വീകരിച്ചതുകൊണ്ട് ഫൊറന്‍സികുകാര്‍ക്ക് ഒരു കോപ്പും കിട്ടിയില്ല. കാണാതായ ഒന്നര ലക്ഷം രൂപ എവിടെപ്പോയി എന്നു മുതലാളിമാര്‍ കണ്ടെത്തിയോ എന്നോ അത് ബിജു മോഷ്ടിച്ചതാണ് എന്നവര്‍ തെളിയിച്ചോ എന്നോ അറിയില്ല. കേസ് ഒടുവില്‍ എത്തി നില്‍ക്കുന്നതനുസരിച്ച് ബ്രാന്‍ഡിനു വേണ്ടി രണ്ടു ചാവേറുകള്‍ തല്‍ക്കാലം പിടികൊടുക്കും. ബാക്കിയൊക്കെ നമ്മളു പിന്നെ ഡീല്‍ ചെയ്യും, ഹല്ല പിന്നെ.

ആലുവ നഗരസഭയിലെ ക്ലീനിങ് ജീവനക്കരനായിരുന്ന അറുമുഖന്‍ നഗരസഭാ അധികൃതകരുടെയും പൊലീസിന്റെയും സ്‌നേഹമസൃണമായ പെരുമാറ്റത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധവും എതിര്‍പ്പും വര്‍ധിച്ചതോടെ ഇന്നലെ നഗരസഭാ അധികൃതര്‍ അറുമുഖന് കൊടുക്കാനുള്ള 3777 രൂപയും നഗരസഭയുടെ കയ്യില്‍ നിന്ന് 223 രൂപയും ചേര്‍ത്ത് 4000 രൂപ തികച്ച് അറുമുഖന്റെ വീട്ടില്‍ കൊണ്ടുപോയി കൊടുത്തു. ചെയ്ത ജോലിക്കു കൂലി കിട്ടാന്‍ തൊഴിലാളി മരിക്കണം എന്നാണ് അതിന്റെ ഗുണപാഠം. അതുപോലെ, കരിക്കിനേത്തിലെ ക്യാഷര്‍ ബിജു ഒന്നരലക്ഷം രൂപ എടുത്തിട്ടില്ല എന്നും അത് ഞങ്ങള്‍ക്കൊരബദ്ധം പറ്റിയതായിരുന്നു എന്നും പില്‍ക്കാലത്ത് പരിശുദ്ധ മുതലാളിമാര്‍ വെളിപ്പെടുത്തുകയോ മറ്റോ ചെയ്താല്‍ വിശാലമനസ്‌കരായ മുതലാളിമാരെ വാഴ്ത്തിപ്പാടുന്ന വമ്പന്‍ ഫീച്ചറുകള്‍ മാധ്യമങ്ങളിലൊക്കെ വരുമായിരിക്കും അല്ലേ ?

പ്രെയ്‌സ് ദി ലോര്‍ഡ് !

അദ്ഭുതങ്ങളുടെ കാലം കഴിഞ്ഞു എന്നാണ് പലരും കരുതുന്നത്. കഴിഞ്ഞിട്ടില്ല. കര്‍ത്താവ് വെള്ളം വീഞ്ഞാക്കുകയും അഞ്ചപ്പം കൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കുകയും രോഗികളെ സുഖപ്പെടുത്തുകയും ചെയ്‌തെങ്കില്‍ കര്‍ത്താവിന്റെ മണവാട്ടി വിചാരിച്ചാല്‍ അസ്സാം തേയിക്കൊളുന്തുകളെ അസ്സല്‍ ഗാന്ധിനോട്ടുകളാക്കി മാറ്റാന്‍ സാധിക്കത്തില്ലയോ ? വിശ്വാസമുണ്ടെങ്കില്‍ ഈ മലയോട് മാറി അങ്ങോട്ടു പോവുക എന്നു പറഞ്ഞാല്‍ അത് സംഭവിക്കും എന്നാണ് പ്രമാണം. പിന്നെയാണ് മലമുകളില്‍ വളരുന്ന തേയില.

എന്നാല്‍, ഈ അദ്ഭുതപ്രവര്‍ത്തനം നടത്തിയ കന്യാസ്ത്രീയെ കണ്ടെത്തി ആ വിശുദ്ധയെ ആദരിക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിച്ച് അവരുടെ സന്യസ്തജീവിതത്തിലെ അപൂര്‍വമായ അദ്ഭുതപ്രവര്‍ത്തനങ്ങളെപ്പറ്റി ലോകമെങ്ങും അറിയിക്കുകയും ചെയ്യുന്നതിനു പകരം കന്യാസ്ത്രീ തേയിലയെന്ന പേരില്‍ കള്ളപ്പണം കൊടുത്തുവിട്ടെന്നും അതുകൊണ്ടുവന്ന ചെറുപ്പക്കാരെ പൊലീസ് തിരയുന്നെന്നുമൊക്കെയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഈ പത്രങ്ങളും പൊലീസുമൊക്കെ പണ്ടുണ്ടായിരുന്നെങ്കില്‍ വെള്ളം വീഞ്ഞാക്കിയ കേസില്‍ കര്‍ത്താവിനെ അപ്പോഴേ കുരിശില്‍ തറച്ചേനെ.

വാര്‍ത്തകള്‍ പറയുന്നതനുസരിച്ച് ഈ ദിവ്യാദ്ഭുതത്തെ അവിശ്വാസികള്‍ നോക്കിക്കാണുന്നത് ഇങ്ങനെയാണ്: അസ്സാമിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന തൊടുപുഴക്കാരിയായ കന്യാസ്ത്രീ അവിടെ തന്നെ ജോലി ചെയ്യുന്ന മലയാളികളായ രണ്ടു മെയില്‍ നഴ്‌സുമാര്‍ നാട്ടിലേക്കു പോരുമ്പോള്‍ ഒരു കെട്ട് അസ്സാം തേയില കൊടുത്തയക്കുന്നു. തൊടുപുഴയിലുള്ള പൊന്നാങ്ങളയ്ക്ക് രാവിലെ തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കുവാനായിട്ടാണ് ഈ പരിശുദ്ധ തേയില കൊടുത്തയക്കുവാനായിട്ട് കന്യാസ്ത്രീ തീരുമാനിച്ചത്. തേയിലപ്പൊടിയുമായി മെയില്‍ നേഴ്‌സുമാര്‍ ട്രെയിനില്‍ കയറി കേരളത്തിലേക്കു പുറപ്പെട്ടു. ഏറെ ദൂരം പിന്നിട്ടു. കുറെ നേരം കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെ തന്നെ മറ്റൊരു കന്യാസ്ത്രീ മെയിലുകളെ വിളിച്ചു ഇപ്രകാരം അരുളിച്ചെയ്തു: മകനേ, മറ്റവള്‍ തന്നയച്ച പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. മെയിലുകള്‍ ബാഗ് തുറന്നു തേയില പായ്്ക്കറ്റ് കയ്യിലെടുത്തു തുറന്നു നോക്കി. അതെ, സെക്കന്‍ഡ് കന്യാസ്ത്രീ പറഞ്ഞതാണ് സത്യം. പായ്ക്കറ്റില്‍ തേയിലയല്ല, പണമാണ്. അതും ഒന്നും രണ്ടുമല്ല, 16 ലക്ഷം രൂപ. മെയിലുകളെ സാത്താന്‍ പ്രലോഭിപ്പിച്ചു. തേയിലപ്പൊടി പണമായി മാറിയ അദ്ഭുതം ഏറ്റവും അടുത്തുള്ള ഇടവകപ്പള്ളിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതിനു പകരം അവര്‍ അത് പങ്കിട്ടെടുത്തു. തുടര്‍ന്ന് അപ്രത്യക്ഷരായി.

മെയിലുകള്‍ തേയിലയുമായി വരുന്നത് കാത്ത് എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന കന്യാസ്ത്രീയുടെ സഹോദരന്‍ നിരാശനായി. സഹോദരന്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കേണ്ടതിനു പകരം കേരള പൊലീസിനെ സമീപിച്ചു. കേസ് കൊടുത്തു. രണ്ടു മെയിലുകളിലൊരുവനെ കസ്്റ്റഡിയിലെടുത്തു. അയാളുടെ പക്കല്‍ നിന്ന് അവന്റെ വീതമായ എട്ടു ലക്ഷം രൂപയും പൊലീസ് വീണ്ടെടുത്തു. മറ്റേ മെയിലിനോട് സ്‌റ്റേഷനില്‍ പണവുമായി എത്താന്‍ പറഞ്ഞിരിക്കുകയാണത്രേ. അതോടെ അദ്ഭുതപരതന്ത്രമായ 16 ലക്ഷം രൂപ വീണ്ടെടുക്കപ്പെടും. മെയിലുകളെ ഒന്നു വിരട്ടി പൊലീസ് പറഞ്ഞു വിടും. പൊലീസുകാരായ ബന്ധുവുള്ള കന്യാസ്ത്രീയുടെ പൊന്നാങ്ങള കാശുമായി വീട്ടില്‍ പോവുകയും ചെയ്യും.

നമ്മളെപ്പോലെയുള്ള സാധാരണക്കാരുടെ കയ്യില്‍ നിന്ന് 16 ലക്ഷം രൂപ പിടിച്ചാല്‍ കള്ളപ്പണം കയ്യില്‍ വച്ചതിന് നമ്മള്‍ അകത്തുപോകും. രാഷ്ട്രീയക്കാരാണെങ്കില്‍ വിവാദമാകും. ഇത് ദൈവികവേലയുടെ ഭാഗമായതിനാല്‍ അദ്ഭുതമായും ദിവ്യരഹസ്യമായുമൊക്കെ കാത്തുസൂക്ഷിക്കപ്പെടുമായിരിക്കും. സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ സംബന്ധിച്ച ദിവ്യരഹസ്യം പോലും ഇതുവരെ പുറത്തുവന്നിട്ടില്ല, പിന്നെയാണ് കേവലം 16 ലക്ഷം രൂപ. അസ്സാമിലും മറ്റുമുള്ള പാവങ്ങളുടെ ഇടയില്‍ ആതുരശുശ്രൂഷ നടത്തുന്ന കന്യാസ്ത്രീയുടെ പക്കല്‍ 16 ലക്ഷം രൂപ വരണമെങ്കില്‍ അത് അദ്ഭുതം തന്നെയായിരിക്കണം. പോരെങ്കില്‍ വീടും കുടുംബവും ബന്ധങ്ങളും എല്ലാം കൈവിട്ട് സര്‍വസംഗപരിത്യാഗിയായാണ് സ്ത്രീകള്‍ കന്യാസ്ത്രീകളാവുന്നത്. ആഢംബരങ്ങളും അഭിനിവേശങ്ങളുമില്ലാതെ കര്‍ത്താവിന്റെ മണവാട്ടിമാരായി അവര്‍ ജീവിക്കുന്നത് ജീവിതകാലം മുഴുവന്‍ സേവനം ചെയ്യുന്നതിനു വേണ്ടിയാണ്.

തേയില തീര്‍ച്ചയായും ഒരു ആഢംബരവസ്തുവല്ല. സ്വന്തം സഹോദരന് അല്‍പം അസ്സാം തേയില കൊടുത്തയക്കുന്നതില്‍ ഒരു തെറ്റുമില്ല. 16 ലക്ഷം രൂപയുടെ അത്യാവശ്യമുള്ള സഹോദരന്റെ വേദനകള്‍ കണ്ടു മനസ്സിലാക്കി ദൈവം ആ തേയിലപ്പൊടിയെ സമയോചിതമായി ഇന്ത്യന്‍ കറന്‍സിയായി മാറ്റി എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം. എന്നാല്‍, അസ്സാമില്‍ നിന്നു വിളിച്ചു പാര പണിത കന്യാസ്ത്രീ ആരായിരിക്കും ? ഒരു കന്യാസ്ത്രീക്ക് മറ്റൊരു കന്യാസ്ത്രീ ഇമ്മാതിരി പാരകള്‍ പണിതാല്‍ എങ്ങനെ കാര്യങ്ങള്‍ മുന്നോട്ടു പോകും ? മറ്റേ കന്യാസ്ത്രീ ഇനി ഇതുപോലെ തേയില അയക്കുമ്പോള്‍ ഈ കന്യാസ്ത്രീയും പാര പണിയത്തില്ലയോ ? തേയിലപ്പൊടിയാണെങ്കിലും കള്ളപ്പണമാണെങ്കിലും കല്യാണ്‍ ജൂവലറിക്കാര്‍ പറയുന്നതാണ് കാര്യം – വിശ്വാസം അതല്ലേ എല്ലാം !

പ്രെയ്‌സ് ദി ലോര്‍ഡ് !

എന്റെ സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍

ഒടുവില്‍ കുറ്റം സമ്മതിച്ചു അല്ലേ ?

കുറ്റം സമ്മതിക്കാനോ, ഞാനോ ? എന്റെ മൗനത്തെ നിങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുകൊണ്ടാണ് ഞാന്‍ മൗനം ഭജ്ഞിച്ചത്.. സത്യത്തില്‍ എനിക്കു നിങ്ങളെയൊക്കെയാണ് കുറ്റപ്പെടുത്താനാണുള്ളത്…

പക്ഷെ, രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അങ്ങ് ഒടുവില്‍ സമ്മതിച്ചല്ലോ ?

അതെ, പക്ഷെ ആരാണ് പ്രതിസന്ധിയിലാക്കിയത് ?

അങ്ങു തന്നെ… അങ്ങയുടെ കോപ്പിലെ നയങ്ങള്‍…

ഉണ്ട ! നിങ്ങള്‍ നിങ്ങള്‍ പത്തുനൂറു കോടി നാഷനല്‍ വെയ്‌സ്റ്റുകളാണ് ഈ സാമ്പത്തിക പ്രതിസന്ധിക്കു കാരണം.. അഞ്ചു പൈസയുടെ പ്രയോജനമില്ലാത്ത ശവങ്ങള്‍…

മനസ്സിലായില്ല…

റിലയന്‍സിനെപ്പോലെ, ടാറ്റയെപ്പോലെ പ്രൊഡക്ടീവായി പ്രവര്‍ത്തിക്കുന്ന എത്ര പൗരന്‍മാരുണ്ടിവിടെ ?

ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും കോമണ്‍സെന്‍സില്ലാത്ത പരിഷ്‌കാരങ്ങളുമാണ് സാമ്പത്തികരംഗം തകര്‍ത്തതെന്നാണ് വിദഗ്ധര്‍ പറയുന്നത്…

നല്ല സാമ്പത്തിക നയങ്ങളോട് അവര്‍ക്കെന്നും അസൂയയായിരുന്നു… സാമ്പത്തികപരിഷ്‌കരണം പണ്ടേ എന്റെയൊരു വീക്ക്‌നെസ്സ് ആണ്.. അതു ഇനിയും തുടര്‍ന്നു കൊണ്ടു പോകും…

ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ചയുടെ കാരണം ഇതുവരെ നടത്തിയ പരിഷ്‌കാരങ്ങളാണെന്നിരിക്കെ ഇതിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ടോ ?

ഒരിക്കലുമില്ല… സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളോട് നല്ലൊരു ശതമാനം ജനങ്ങളും സഹകരിക്കാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം… പൂര്‍ണമായ സ്വകാര്യവല്‍ക്കരണമില്ലാതെ ഇവിടെ പ്രതിസന്ധികള്‍ അവസാനിക്കില്ല… കോര്‍പറേറ്റുകളുടെ ശാപമാണ് നമ്മെ പിന്‍തുടരുന്നത്… അവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ എല്ലാം ചെയ്തു കൊടുക്കാന്‍ നമുക്ക് കഴിയുന്നുണ്ടോ എന്നാലോചിക്കണം…

പക്ഷേ, പലതിന്റെയും വിലനിയന്ത്രണം എടുത്തു കളയുമ്പോള്‍ പറഞ്ഞത് ഇത് വലിയ വളര്‍ച്ചാനിരക്ക് നല്‍കുമെന്നും ജീവിതനിലവാരം ഉയര്‍ത്തുമെന്നും രൂപയുടെ നില മെച്ചപ്പെടുത്തുമെന്നുമൊക്കെയായിരുന്നല്ലോ…

അതെ, പക്ഷെ.. നിങ്ങള്‍ പ്രതിഷേധിച്ചു… സാമ്പത്തിക നയങ്ങളെ അധിക്ഷേപിച്ചു… താത്വികമായ മൗനത്തെ പുച്ഛിച്ചു… അതിന്റെ ശിക്ഷയാണിത്…

ഇനി എന്താണ് ഈ പ്രതിസന്ധിക്കൊരു പരിഹാരം ?

കര്‍ശനമായ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുക തന്നെ ചെയ്യും…

ഉദാഹരണത്തിന് ?

ഡോളറിനെ വിലയെ സ്വാധീനിക്കാവുന്ന തരത്തില്‍ രാജ്യത്തെ പൗരന്‍മാരുടെ കയ്യില്‍ ലക്ഷക്കണക്കിനു ടണ്‍ സ്വര്‍ണമിരിപ്പുണ്ട്… അത് ആദ്യം മര്യാദക്ക് ചോദിക്കും…. പിന്നെ നിര്‍ബന്ധിക്കും… പിന്നെ നിയമനിര്‍മാണത്തിലൂടെ പിടിച്ചെടുത്ത് കോര്‍പറേറ്റുകള്‍ക്ക് കൈമാറും…

ദൈവ്‌മേ.. !

പെട്രോളിയം ഉല്‍പന്നങ്ങളുടെ ഉപയോഗം വര്‍ധിക്കുന്നതാണ് സാമ്പത്തിക പ്രതിസന്ധിക്ക് മറ്റൊരു കാരണം… സാധാരണക്കാര്‍ വാഹനം ഉപയോഗിക്കുന്നതിന് നിരോധനം വരും… ആ വാഹനങ്ങള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും… ആ ഇന്ധനം കൂടി കോര്‍പറേറ്റുകള്‍ക്ക് കൈമാറും… കയറ്റുമതി വന്‍തോതില്‍ വര്‍ധിപ്പിക്കും… ഭക്ഷ്യധാന്യങ്ങളുടെയും മറ്റും ഇറക്കുമതി അവസാനിപ്പിക്കും…

ശ്ശൊ ! അപ്പോള്‍ ദരിദ്രര്‍ക്കു വേണ്ടിയുള്ള പദ്ധതികള്‍ ?

അതൊന്നും ദരിദ്രരിലേക്ക് എത്തുന്നില്ല എന്നതിനാല്‍ എല്ലാം നിര്‍ത്തലാക്കും… പാവം ദരിദ്രര്‍…

അവര്‍ പട്ടിണി കിടന്നു മരിച്ചു പോവില്ലേ ?

ഒരിക്കല്‍ എല്ലാവരും മരിക്കും… മരണത്തെപ്പറ്റിയുള്ള പേടി മാറ്റാന്‍ രാജ്യമെങ്ങും ക്യാംപെയ്‌നുകള്‍ നടത്തും… മരണത്തെ ഭയമില്ലാത്ത, എപ്പോള്‍ വേണമെങ്കില്‍ മരിക്കാന്‍ തയ്യാറായിട്ടുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് അത്യാവശ്യം…

ഇതൊക്കെ സാമ്പത്തികരംഗം മെച്ചപ്പെടുത്തുമോ ?

ഇതൊക്കെ അതിനു കാലാവസ്ഥയൊരുക്കാനാണ്… സാമ്പത്തികരംഗം മെച്ചപ്പെടണമെങ്കില്‍ ആദ്യം ധനകമ്മി കുറയ്ക്കണം… അതിനായി സര്‍ക്കാരിന്റെ വരവ് കൂട്ടുകയും ചെലവ് കുറയ്ക്കുകയും വേണം.. അതിനായി നികുതികള്‍ കൂട്ടും… വിദ്യാര്‍ഥി നികുതി, ഭിക്ഷാടന നികുതി, ആത്മഹത്യാനികുതി തുടങ്ങിയ പുതിയ 100 നികുതികള്‍ കൂടി ഏര്‍പ്പെടുത്തും… പ്രസവത്തിനും മരണത്തിനും സെസ്സ് ഏര്‍പ്പെടുത്തും..

മരണത്തിനു സെസ്സോ ?

അതെ, 30 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ കുടുംബാംഗങ്ങള്‍ സര്‍ക്കാരിലേക്ക് 5 ലക്ഷം രൂപ അടക്കണം… 40 വയസ്സിനു താഴെയുള്ളവര്‍ മരിച്ചാല്‍ 3 ലക്ഷം.. അതുപോലെ പ്രസവത്തിനും…

ചെലവുകള്‍ കുറയ്ക്കുന്നതെങ്ങനെ ?

അതിനുള്ള സാമ്പത്തികപരിഷ്‌കരണ പരീക്ഷണങ്ങള്‍ ആസൂത്രണം ചെയ്യുന്നതേയുള്ളൂ…

കയറ്റുമതി എങ്ങനെ വര്‍ധിപ്പിക്കാമെന്നാണ് കരുതുന്നത് ?

കയറ്റുമതിക്ക് സാധ്യതയുള്ള അരി, ഗോതമ്പ്, പഞ്ചസാര തുടങ്ങി അനേകം വസ്തുക്കള്‍ വലിയ തോതില്‍ രാജ്യത്തെ പൗരന്‍മാരുടെ കൈവശമുണ്ട്… അത് സര്‍ക്കാര്‍ ഏറ്റെടുത്ത് വന്‍കിട കയറ്റുമതിക്കാരെ ഏല്‍പിക്കും…

പണപ്പെരുപ്പം കുറയ്ക്കാന്‍ എന്താണ് പോംവഴി ?

പണപ്പെരുപ്പം കുറയ്ക്കുന്നതിനായി ആളുകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കും.. സാധാരണക്കാരുടെ നിക്ഷേപങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് മൂലധനമായി കൈമാറും… ഇന്‍ഷുറന്‍സ് പോളിസികളെടുത്തിട്ടുള്ളവര്‍ ചത്തുപോയാല്‍ ഇനി മുതല്‍ ഒന്നും കൊടുക്കില്ല.. മാത്രവുമല്ല, ചത്തുപോകുന്നവരുടെ ബന്ധുക്കള്‍ പ്രീമിയം തുടര്‍ന്ന് അടയ്ക്കുകയും വേണം… റിവേഴ്‌സ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കും..

റിവേഴ്‌സ് പെന്‍ഷന്‍ ?

വിരമിക്കുന്നവര്‍ അതുവരെ വാങ്ങിയ അടിസ്ഥാനശമ്പളത്തിനു തത്തുല്യമായ തുക മരണം വരെ സര്‍ക്കാരിലേക്ക് അടയ്ക്കുന്നതിനുള്ള പദ്ധതിയാണിത്…

കുത്തകകളും കോര്‍പറേറ്റുകളും തരാനുള്ള നികുതി പിരിച്ചെടുക്കുകയും അവര്‍ക്കു വെറുതെ കൊടുത്തിട്ടുള്ള ആനൂകുല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ചെയ്താല്‍ തീരാവുന്നതല്ലേയുള്ളൂ ഈ പ്രപതിസന്ധി ?

കേര്‍പറേറ്റുകളെപ്പറ്റി ഒരക്ഷരം പറയരുത്…

അല്ല, സീരിയസ്സായി ചോദിക്കുകയാണ്.. വിരലിലെണ്ണാവുന്ന കോടീശ്വരന്‍മാര്‍ക്കു വേണ്ടി കോടിക്കണക്കിനു ജനങ്ങളെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടുന്നത് ക്രൂരതയല്ലേ ?

കോടീശ്വരന്‍മാര്‍ക്കെതിരേ ഒരക്ഷരം ഇനി പറയരുത്… ഈശ്വരാ.. ഞാനിതെങ്ങനെ സഹിക്കും…

കോടീശ്വരന്‍മാര്‍ക്കു വേണ്ടി പാവങ്ങളെ കൊള്ളയടിക്കുന്നന ഒരു പിടിച്ചുപറിക്കാരനും കള്ളനുമല്ലേ അങ്ങ് ?

ഈശ്വരാ….. എന്നെ കള്ളനെന്നോ !!!!!… എന്നെ കള്ളനെന്നോ…. !!!!! പിന്നെങ്ങനെയാണ് ഇവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കുന്നത് ? ലോകത്തെവിടെയെങ്കിലും കേട്ടുകേള്‍വിയുള്ളതാണോ ഇത് ? ഈശ്വരാ….

ലോകത്തെവിടെയും കേട്ടുകേള്‍വിയുള്ള വഞ്ചനയല്ല ഈ നാട്ടിലെ ജനങ്ങളോട് അങ്ങും ചെയ്തുകൊണ്ടിരിക്കുന്നത്…

ഞാനിപ്പോ കരയും…

അല്ല… പിന്നെ…

ഷട്ടപ്പ് !

അതല്ല…

ഷട്ടപ്പെടാ..

ഷട്ടപ്പി…

ഒടുവില്‍ യുണിസെഫ്‌ സത്യം പറഞ്ഞു

പത്രമാധ്യമങ്ങളില്‍ അടിച്ചു വരുന്ന ദുരിത കഥകള്‍ വെട്ടിയെടുത്ത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് അതിനു ലൈക്ക് ചോദിച്ചു വാങ്ങുന്ന ചിലരുടെ ഡെഡിക്കേഷന്‍ കണ്ടാല്‍ ഓരോ ലൈക്കും അവരുടെ ദുരിതാശ്വാസത്തിനുള്ള സംഭാവനകളായി മാറുമെന്നു തോന്നിപ്പോവും. 1 ലൈക്ക് = 100 രൂപ, 1 ഷെയര്‍ = 1000 രൂപ എന്നൊക്കെ പ്രഖ്യാപിച്ചാണ് ചിലര്‍ ലൈക്കുകള്‍ വാങ്ങുന്നത്. സത്യത്തില്‍ ലൈക്ക് ചെയ്ത് ഷെയര്‍ ചെയ്തു വിടുന്നതോടെ നമ്മുടെ ഉത്തരവാദിത്വം അവസാനിച്ചു എന്നൊരു വ്യാജനിര്‍വൃതി സൃഷ്ടിക്കുകയാണ് ഇത്തരക്കാരും ഇതിന് ഇരയാവുന്നവരും ചെയ്യുന്നത്.

അടിസ്ഥാനപരമായി പട്ടിണിയും പരിവട്ടവും ദുരിതങ്ങളും മാറാന്‍ അതിനാവശ്യമായ പണവും സൗകര്യങ്ങളും തന്നെ വേണം. അത്തരം വാര്‍ത്തകളുടെ ചുവട്ടില്‍ ലൈക്ക് ചെയ്തതുകൊണ്ട് ആരുടെയും പട്ടിണി അവസാനിക്കുകയോ ആരുടെയും സാമൂഹികപ്രതിബദ്ധത പൂവണിയുകയോ ചെയ്യുന്നില്ല. ലൈക്കുകളുടെ എണ്ണത്തില്‍ വേണമെങ്കില്‍ അഹങ്കരിക്കാവുന്ന യൂണിസെഫ് തങ്ങളുടെ ഫേസ്ബുക്ക് ലൈക്കുകളെ പ്രതിബദ്ധതയുള്ള സമൂഹത്തിന്റെ സംഭാവനകളില്‍ നിന്നും വേര്‍തിരിച്ചു കാണുന്നതെങ്ങനെ എന്നത് വ്യക്തമാക്കുന്നതാണ് ഈ പരസ്യം. കാശിനു കാശ് തന്നെ വേണം, ലൈക്ക് കിട്ടിയിട്ട് കാര്യമില്ല എന്നാണ് ഈ പരസ്യത്തിന്റെ സന്ദേശം.

സത്യസന്ധവും സുതാര്യവുമായ കാര്യങ്ങള്‍ ഋജുവായി പറയുന്നതിന്റെ സൗന്ദര്യം ഈ പരസ്യത്തിലുണ്ട്. ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കിലാണെന്നും നമ്മള്‍ ഇവിടെ ലൈക്ക് ചെയ്യുന്നതും ഷെയര്‍ ചെയ്യുന്നതും കമന്റ് ചെയ്യുന്നതുമനുസരിച്ചാണ് ലോകം മുന്നോട്ടു പോകുന്നതെന്നും വിശ്വസിക്കുന്ന നമ്മളെപ്പോലുള്ളവര്‍ക്ക് ഇത് പെട്ടെന്നു സമ്മതിച്ചു കൊടുക്കാന്‍ പ്രയാസമുണ്ടാവും. ലൈക്ക് ചെയ്താല്‍ കാശ് തരാം എന്നു വരെ പറഞ്ഞ് ലൈക്ക് സമ്പാദിക്കുന്നവര്‍ക്ക് ഈ പരസ്യം ഒരു വെളിച്ചമാവട്ടെ എന്നാശംസിക്കുന്നു.

വിമാനറാഞ്ചികള്‍, പെണ്‍വാണിഭക്കാര്‍, കൂടോത്രക്കാര്‍

ഗള്‍ഫിലുള്ള പ്രവാസികള്‍ അങ്ങേയറ്റം അപകടകാരികളാണെന്ന് എല്ലാവര്‍ക്കും അറിയാം. യാത്രക്കാരുമായി തിരുവനന്തപുരത്തേക്കു വന്ന വിമാനം ആറുപേര്‍ ചേര്‍ന്ന് റാഞ്ചാന്‍ ശ്രമിച്ചത് ഏതാനും ആഴ്ചകള്‍ മുമ്പാണ്. കര്‍മധീരന്‍മാരായ നമ്മുടെ പൊലീസുകാരും സര്‍ക്കാരും ചേര്‍ന്ന് റാഞ്ചികള്‍ക്കെതിരേ കേസെടുടുക്കുന്നതിലൂടെ പൈലറ്റ് സമൂഹത്തിന്‍റെ ആത്മവീര്യം അണയാതെ കാത്തു. അങ്ങനെയിരിക്കെയാണ് പെണ്‍വാണിഭക്കേസിലെ പ്രതികളായ പ്രവാസികളെല്ലാം ചേര്‍ന്ന് ഗള്‍ഫ് പര്യടനം നടത്തുന്ന മന്ത്രി വയലാര്‍ രവിക്കെതിരേ സോഷ്യല്‍ മീഡിയ ക്യാംപെയ്‍ന്‍ ആസൂത്രണം ചെയ്തത്. ഒരു മന്ത്രിയോട് ഒരിക്കലും ചെയ്തുകൂടാത്ത ക്രൂരതകളാണ് അവര്‍ ചെയ്തത്.

വിര്‍ച്വല്‍ ചീമുട്ടയേറ് എന്നു പറയുമ്പോള്‍ തന്നെ അതിനു പിന്നില്‍ പെണ്‍വാണിഭക്കാരാണെന്നത് ആര്‍ക്കും നിസ്സംശയം പറയാം. പെണ്‍വാണിഭവും മനുഷ്യക്കടത്തും തടയാന്‍ ശക്തമായ നടപടികളെടുത്ത മന്ത്രിയ്‍ക്കുള്ള പൂമാലകളായി ആ ചീമുട്ടയേറിനെ കണക്കിലെടുക്കാം. പെണ്‍കുട്ടികളെ കേരളത്തില്‍ നിന്നും ഗള്‍ഫിലേക്കു കൊണ്ടുപോയി പെണ്‍വാണിഭം നടത്തുന്നത് ഗള്‍ഫ് മലയാളികളുടെ പ്രധാനപ്പെട്ട ഒരു വിനോദമാണ്. 30 വയസ്സില്‍ താഴെയുള്ള യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനു കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമം വന്നതോടെ പെണ്‍വാണിഭക്കാരുടെ കച്ചവടം കുറഞ്ഞു. ഇത് മന്ത്രിക്കെതിരെ തിരിയാന്‍ അവരെ പ്രേരിപ്പിച്ചു. പിന്നെ, വിമാനറാഞ്ചികളും പെണ്‍വാണിഭക്കാരും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമാണ് എന്നും വച്ചോളൂ.

എന്നാല്‍, നമ്മുടെ ധീരനായ മന്ത്രി ആ പെണ്‍വാണിഭക്കാരെ വകവച്ചില്ല. ഭീകരന്‍മാരായ വിമാനറാഞ്ചികളെയും വകവച്ചില്ല. അദ്ദേഹം ഗള്‍ഫ് പര്യടനത്തിനു പുറപ്പെടുക തന്നെ ചെയ്തു. വിദ്യാര്‍ഥിരാഷ്ട്രീയത്തിലായിരുന്ന കാലം മുതല്‍ അദ്ദേഹം ചീമുട്ടയെപ്പറ്റി കേട്ടിട്ടുള്ളതാണല്ലോ. അദ്ദേഹത്തെ വിരട്ടിയോടിക്കാമെന്ന പെണ്‍വാണിഭക്കാരുടെ ഉദ്ദേശം നടന്നില്ല. അദ്ദേഹം ഗള്‍ഫിലെത്തിയപ്പോള്‍ ഉടനെയെത്തി കമ്യൂണിസ്റ്റ് ചാരന്‍മാര്‍. മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലെത്തിയ അവര്‍ക്ക് മന്ത്രിയുടെ ഉത്തരം മുട്ടിക്കുക എന്നൊരു ഒറ്റ ലക്‍ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പ്രവാസികളുടെ പ്രശ്നങ്ങള്‍ എന്ന മട്ടില്‍ അവര്‍ പല നുണകളും അദ്ദേഹത്തിനു മുന്നില്‍ ഉന്നയിച്ചു. എന്നാല്‍, മന്ത്രിക്കറിയാത്ത പ്രശ്നങ്ങളൊന്നും പ്രവാസികള്‍ക്കില്ല എന്നുറപ്പുണ്ടായിരുന്നതിനാല്‍ അദ്ദേഹം പൊട്ടിത്തെറിച്ചു.

നാഴികയ്‍ക്ക് നാല്‍പത് വട്ടം ആളുണ്ടോ ആളുണ്ടോ എന്നു ചോദിച്ച് പൈലറ്റുമാര്‍ തിത്തിന്നം താനന്നം കളിച്ച് തിരുവനന്തപുരം-കൊച്ചി-കോഴിക്കോട് വഴി സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യ സര്‍വീസ് മുടക്കുന്നു എന്നൊക്കെയുള്ള കേട്ടുകേള്‍വയില്ലാത്ത കാര്യങ്ങള്‍ വച്ചു കീറിയാല്‍ മന്ത്രിക്കല്ല, നമുക്കായാലും ദേഷ്യം വരും. കമ്യൂണിസ്റ്റുകാര്‍ക്ക് വന്നുവന്ന് ബോധവുമില്ലാതായി. സത്യത്തില്‍ ടിപി വധക്കേസ് പിടിച്ചതിനുള്ള പ്രതികാരമായാണ് കമ്മ്യൂണിസ്റ്റുകാര്‍ മന്ത്രിയെ പ്രകോപിപ്പിച്ചത്. അതിനു മന്ത്രി നല്ല മറുപടി പറയുകയും ചെയ്തു. അതു നന്നായി. എന്നാല്‍, സൗദിയിലും ബഹ്റൈനിലും അദ്ദേഹത്തെ കാത്തിരുന്നത് എന്തായിരുന്നു ?

കമ്യൂണിസ്റ്റുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ രൂപത്തിലും പെണ്‍വാണിഭക്കാര്‍ സോഷ്യല്‍ മീഡിയയുടെ രൂപത്തിലും മന്ത്രിയെ ആക്രമിക്കുമ്പോള്‍ മാവോയിസ്റ്റുകളും ഇതര തീവ്രവാദികളും ബഹ്റൈനിലും സൗദിയിലും അദ്ദേഹത്തെ ഉപദ്രവിക്കാന്‍ കാത്തിരിക്കുമെന്നത് അദ്ദേഹം നേരത്തെ മനസ്സിലാക്കി. ക്ലീന്‍ ബൗള്‍ഡ് ആയിട്ടും മടങ്ങാതെ പിച്ചില്‍ ചുറ്റിത്തിരിയുന്ന ബാറ്റ്സ്മാനെ ക്യാപ്റ്റന്‍ തിരിച്ചുവിളിക്കുന്നതുപോലെ വയലാര്‍ജിയെ നയി ദില്ലീന്നു സോണിയാജി സാഹിത്യസമാജത്തില്‍ കവിത അവതരിപ്പിക്കാനോ മറ്റോ പെട്ടെന്നു വിളിപ്പിച്ചത് അപ്പോഴാണ്. മാവോവാദികളുടെയും കമ്മ്യൂണിസ്റ്റ് തീവ്രവാദികളുടെയും പെണ്‍വാണിഭക്കാരുടെയുമിടയിലുള്ള പര്യടനം നിര്‍ത്തി അദ്ദേഹം മടങ്ങാനിരിക്കെയാണ് അത് സംഭവിച്ചത്.

വേദന, കടുത്ത വയറുവേദന. അദ്ദേഹം ഷവര്‍മ കഴിക്കുകയോ കെഎഫ്സിയില്‍ കയറുകയോ ചെയ്തില്ല. എന്നിട്ടും കടുത്ത വയറുവേദന അദ്ദേഹത്തെ വേട്ടയാടി. വയറുവേദന കലശലയാതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലുമാക്കി. പയറുപോലെ നടന്ന മനുഷ്യന് എങ്ങനെയാണ് സ്വിച്ചിട്ടതുപോലെ ഒരു വയറുവേദന ഉണ്ടായത് ? ഒറ്റ വഴിയേ ഉള്ളൂ- കൂടോത്രം !. അദ്ദേഹം മടങ്ങുന്നു എന്ന വാര്‍ത്ത വായിച്ച ദുഷ്ടപ്രവാസിക്ഷിദ്രശക്തികള്‍ സംയുക്തമായി പ്രയോഗിച്ച കൂടോത്രമല്ലാതെ മറ്റൊന്നുമല്ല അവിടെ നടന്നത്. കൂടോത്രത്തില്‍ പരാജയപ്പെടുന്ന ആളല്ല വയലാര്‍ജി എന്നു തെളിയിച്ചുകൊണ്ട് അദ്ദേഹം മടങ്ങുകയാണ്. ഇന്നല്ലെങ്കില്‍ നാളെ പ്രവാസിസമൂഹം തെററുതിരുത്തി അദ്ദേഹത്തോട് മാപ്പു ചോദിക്കുമെന്നകതില്‍ സംശയമില്ല, എങ്കിലും ഇത്തിരി ക്രൂരമായിപ്പോയി.

ശ്രീപത്മനാഭന്‍റെ പൊതുമുതല്‍

ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധിശേഖരം പൊതുമുതലാണോ അല്ലയോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളും തര്‍ക്കുത്തരങ്ങളും തുടരുകയാണ്. അത് ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കണമെന്നുള്ള അമിക്യസ് ക്യൂരി നിര്‍ദേശവും നിധി പൊതുമുതലല്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും രണ്ടു തരത്തിലും ചര്‍ച്ച ചെയ്യുന്നുണ്ട്. അത് പൊതുമുതലാക്കി പങ്കിടേണ്ട എന്നു പറയുന്നവര്‍ രാജദാസന്‍മാരും പങ്കിടണമെന്നു പറയുന്നവര്‍ ദുരുദ്ദേശക്കാരുമാണെന്ന് പരസ്പരം ആരോപിക്കുന്നുമുണ്ട്. അല്‍പം സ്വതന്ത്രമായി ചിന്തിച്ചാല്‍ രണ്ടു പക്ഷവും പറയുന്നതില്‍ കുറെ ശരിയാണ് എന്നു മനസ്സിലാക്കാം.

എന്‍റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നിധി പൊതുമുതലാണ്. എന്നാല്‍, അത് പൊതുമുതലെന്ന നിലയ്‍ക്ക് കൈകാര്യം ചെയ്യപ്പെടാനോ സര്‍ക്കാരിലേക്കു മുതല്‍കൂട്ടാനോ പാടില്ല. തൃപ്പടിദാനത്തിലൂടെ രാജകുടുംബം ശ്രീപത്മനാഭസന്നിധിയില്‍ സ്വരുക്കൂട്ടിയ ആ നിധി സ്വമനസ്സാലെയും സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങിയും തൃപ്പടിദാനം നടത്തിയ ആളുകളുടേതാണ് എന്ന നിലയ്‍ക്കാണ് പൊതുമുതല്‍ എന്നു വിളിക്കപ്പെടേണ്ടത്. മറിച്ച് ഞാനും നിങ്ങളും ഉള്‍പ്പെടുന്ന പൊതുസമൂഹത്തിനും സര്‍ക്കാരിനും അവകാപ്പെട്ടതാണ് ആ നിധി എന്ന അര്‍ത്ഥത്തില്‍ അതിനെ പൊതുമുതലെന്നു വിളിക്കുന്നത് അക്രമമാണ്, അത്യാഗ്രഹമാണ്.

നിധി പൊതുസ്വത്തല്ല എന്നു പറഞ്ഞ മുഖ്യമന്ത്രി പക്ഷേ ഒരുപടി കൂടി മുന്നോട്ടു പോയി. ഈ സ്വത്ത് കണ്ടെത്തിയത് തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വിശ്വാസ്യത ഉയര്‍ത്തിയിരിക്കുന്നു. ജനാധിപത്യം വരും മുമ്പ്, മാധ്യമങ്ങളുടെ തിളക്കമില്ലാത്ത കാലത്ത്, എന്തിനും സ്വാതന്ത്ര്യമുള്ളപ്പോള്‍ സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിച്ച രാജകുടുംബത്തെ തള്ളിപ്പറയുന്നത് ഒട്ടും ചേര്‍ന്നതല്ല- എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഒരുനാള്‍ ഇതുപോലൊരു കണക്കെടുപ്പിനും കോടതിനടപടികള്‍ക്കും വിധേയമാകും എന്ന മുന്‍ധാരണയോടെയാണ് തിരുവിതാംകൂര്‍ രാജകുടുംബം നിധി അവിടെ സംരക്ഷിച്ചത് എന്നു നമുക്ക് പറയാനാവില്ല. രാജകുടുംബത്തിന്‍റെ പത്മനാഭസ്വാമിയിലുള്ള അടിയുറച്ച വിശ്വാസമാണ് നിധി അവിടെ നിലനിര്‍ത്തിയത് എന്നാണ് എനിക്കു തോന്നുന്നത്.

അതേ സമയം, അമിക്യസ് ക്യൂരിയുടെ റിപ്പോര്‍ട്ട് ക്ഷേത്രത്തിലെ നിധി രാജകുടുംബത്തിനു സ്വന്തമാക്കുന്നതിനു വേണ്ടിയുള്ളതാണെന്ന വിഎസിന്‍റെ വാദം ബാലിശമായി തോന്നുന്നു. നിധി സ്വന്തമാക്കാനായിരുന്നെങ്കില്‍ അത് രാജകുടുംബത്തിന് നേരത്തെ ആകാമായിരുന്നു. ജനാധിപത്യം വന്നിട്ട് തന്നെ പത്തറുപത് വര്‍ഷമായി. നിധി കൈവിട്ടുപോകുന്നതില്‍ ആധിയോ ആശങ്കയോ ഉണ്ടായിരുന്നെങ്കില്‍ ഒരു അമിക്യസ് ക്യൂരിയും ഇല്ലാതെ തന്നെ അത് വിദഗ്ധമായി രാജകുടുംബത്തിന് സ്വന്തമാക്കാമായിരുന്നു. ആദ്യമതിപ്പില്‍ തന്നെ രണ്ടുലക്ഷം കോടി രൂപ മതിക്കുന്ന നിധിയുടെ മാനേജ്മെന്‍റിന് ലോകത്തെ ഏറ്റവും സമര്‍ത്ഥരായ ഏജന്‍സികളെ എന്തുവിലകൊടുത്തും കൊണ്ടുവരാന്‍ രാജകുടുംബത്തിന് സാധിക്കുമായിരുന്നു. പണക്കൊതി ഉണ്ടായിരുന്നു എങ്കില്‍ ഇതെല്ലാം വിറ്റ് രാജ്യത്തെ ന്യൂജനറേഷന്‍ രാജാക്കന്‍മാരെപ്പോലെ എല്ലാം സ്വിസ് ബാങ്കില്‍ കൊണ്ടുപോയി ഇട്ട് രാജകുടുംബത്തിനും സ്വസ്ഥമായി ജീവിക്കാമായിരുന്നു. അതും അവര്‍ ചെയ്തില്ല. സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ ഭീരുക്കള്‍ക്കുള്ളതാണ്. കയ്യിലുള്ള പണത്തിന്‍റെ മൂല്യം അനുസരിച്ച് വ്യക്തിത്വവും സ്വഭാവവും രാഷ്ട്രീയവും നിലപാടുകളും മാറ്റുന്നവരും എന്നും മാറ്റമില്ലാത്ത ലാളിത്യത്തോടെ കഴിയുന്ന രാജകുടുംബാംഗങ്ങളും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ അല്‍പം വിവേകം കൂടിയേ തീരൂ.

ഇപ്പോള്‍ ജനാധിപത്യമാണ് നിലവിലുള്ളത് എന്നതിനാല്‍ പഴയ രാജഭരണക്കാരെ അധിക്ഷേപിച്ചുകൊണ്ടിരിക്കണം എന്നു ചിലര്‍ക്കൊരു ധാരണയുണ്ടെന്നു തോന്നുന്നു. ജനാധിപത്യത്തിനു മേല്‍ രാജാധികാരത്തിന്‍റെ ധാര്‍ഷ്ട്യം കാണിക്കാനോ മറ്റു പൗരന്‍മാരെക്കാള്‍ അവകാശങ്ങളും അധികാരങ്ങളും ഉപയോഗിക്കാനോ മുതിരാത്തിടത്തോളം കാലം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ അധിക്ഷേപിക്കാന്‍ ആര്‍ക്കും അവകാശമില്ല. രാജകുടുംബത്തെ അധിക്ഷേപിക്കുമ്പോള്‍ നമ്മള്‍ മികച്ച ജനാധിപത്യവാദികളാവുമെന്നത് ഒരു മിഥ്യാധാരണയാണ്. അതുപോലെ തന്നെയാണ് രാജുകുടുംബത്തെ അധിക്ഷേപിക്കാന്‍ കൂടാത്തവരെല്ലാം രാജഭക്തിയുള്ളവരും രാജദാസന്‍മാരുമാണെന്ന ആരോപണം. ആദരണീയരായ ആളുകളെ ആദരിക്കുന്നതും ബഹുമാനിക്കുന്നതും മാന്യമായി ഇടപെടുന്നതും ബലഹീനതയാണെന്ന തോന്നല്‍ ഭീരുത്വമാണ്.

ഇനിയാണ് പ്രധാന ചോദ്യം. ലക്ഷം കോടിയുടെ മൂല്യമുള്ള നിധി ഡെഡ് ഇന്‍വെസ്റ്റ്മെന്‍റായി അവിടെത്തന്നെ സൂക്ഷിക്കുമോ അതോ സമൂഹനന്‍മയ്‍ക്കായി ഉപയോഗിക്കുമോ ? ഇതില്‍ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കുക എന്ന ആശയമാണ് ഏറ്റവും അധികം ചിരിപ്പിക്കുന്നത്. സമൂഹനന്മ എന്നത് സങ്കീര്‍ണവും ആപേക്ഷികവുമായ പ്രയോഗമാണ്. സമൂഹനന്മ എന്ന് ഓരോരുത്തരും പറയുമ്പോള്‍ അവരുടെ മനസ്സിലുള്ള സമൂഹം വ്യത്യസ്തമായിരിക്കും. ആ നിധി കൊണ്ട് ആശുപത്രികളും പാലങ്ങളും റോഡുകളും കെട്ടുക എന്ന ആശയം പറഞ്ഞുകൊണ്ട് അതില്‍ കയ്യിട്ടുവാരിയാല്‍ തന്നെ അഴിമതി പൂത്തുലയുന്ന ഈ രാജ്യത്ത് അതില്‍ അഞ്ചു ശതമാനം പോലും ആ പ്രക്രിയകള്‍ക്ക് ഉപയോഗിക്കപ്പെടുകയില്ല എന്നാണ് അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പഞ്ചായത്ത് തലം മുതല്‍ നിധി പങ്കുവയ്‍ക്കപ്പെടുകയും അമൂല്യ ആഭരണങ്ങള്‍ വിദേശത്തേക്ക് കടത്തുകയും നേതാക്കന്‍മാര്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ട് തുടങ്ങുകയും അധികാരികളുടെ മേല്‍ അധികാരമില്ലാത്ത നിര്‍ഗുണരും നിസ്സഹായരുമായ ജനങ്ങള്‍ ഇതൊന്നുമറിയാതിരിക്കുകയും ചെയ്യുന്തിനെ സമൂഹനന്മ എന്നു വിളിക്കാന്‍ കഴിയുമോ ?

ഇനി ഇന്ത്യയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സുതാര്യതയോടെ ഈ നിധി കൊണ്ട് സമൂഹനന്മയ്‍ക്കുള്ള പദ്ധതികള്‍ നടപ്പാക്കുകയാണെന്നിരിക്കട്ടെ. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പിന്നെ എന്താണ് പ്രസക്തി ? ക്ഷേത്രത്തിലെ നിധിശേഖരമെടുത്ത് വികസനപ്രവര്‍ത്തനം നടത്തുന്ന സര്‍ക്കാര്‍ തീര്‍ച്ചയായും അതുവരെയുള്ള പദ്ധതിച്ചെലവുകളുടെ വരവുചെലവു കണക്കുകള്‍ കാണിക്കേണ്ടി വരും. മാത്രവുമല്ല, ജനാധിപത്യത്തിനു നടപ്പാക്കാനാവാത്ത സമൂഹനന്മ രാജകുടുംബത്തിന്‍റെ നിധിശേഖരം കൊണ്ടു നടപ്പാക്കുമ്പോള്‍ ജനാധിപത്യത്തെക്കാള്‍ നല്ലത് രാജഭരണമാണ് എന്നു സമ്മതിക്കേണ്ടതായും വരും.മുഖ്യമന്ത്രി പറഞ്ഞതുപോലെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കോടതിയുടേതു തന്നെയാവണം.

വിശ്വാസിയോ അവിശ്വാസിയോ ആരുമാകട്ടെ, ഇവിടെ ഏതെങ്കിലും രാഷ്ട്രീയപ്രസ്ഥാനത്തിന് ക്ഷേത്രത്തിലെ നിധിയുടെമേല്‍ അവകാശമുന്നയിക്കാന്‍ യോഗ്യതയുണ്ടെന്നു തോന്നുന്നില്ല. ആ നിധി ജനങ്ങള്‍ നല്‍കിയതും ജനങ്ങളില്‍ നിന്നു കൊള്ളയടിച്ചതുമാകയാല്‍ പൊതുമുതലാണെന്നാണ് സിപിഎമ്മിന്‍റെ വാദം. സിപിഎം എന്ന പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നതും പാര്‍ട്ടി ഓഫിസുകള്‍ കെട്ടിപ്പടുക്കുന്നതും കോടികളുടെ സ്വത്ത് സ്വരുക്കൂട്ടുന്നതും എങ്ങനെയാണ് ? ബക്കറ്റ് പിരിവു നടത്തിയും മുതലാളിമാരില്‍ നിന്നും സ്വരൂപിച്ചുമൊക്കെ ഉണ്ടാക്കിയ പാര്‍ട്ടിയുടെ സ്വത്തും അങ്ങനെ നോക്കുമ്പോള്‍ പൊതുമുതല്‍ തന്നെയാണ്. ക്ഷേത്രമുതല്‍ സമൂഹനന്‍മയ്‍ക്ക് ഉപയോഗിക്കാന്‍ വെമ്പല്‍ കൊള്ളുന്ന നേതാക്കന്‍മാര്‍ക്ക് പാര്‍ട്ടിയുടെ കോടികള്‍ അതേ സമൂഹനന്മയ്‍ക്കായി ഉപയോഗിക്കാവുന്നതേയുള്ളൂ.

വാദങ്ങളും തര്‍ക്കങ്ങളും പക്ഷഭേദങ്ങളും മറന്നാല്‍ തന്നെയും ക്ഷേത്രത്തിലെ നിധിയ്‍ക്ക് ഒരു ചരിത്രമൂല്യമുണ്ട്. നിധി അതേപടി സംരക്ഷിക്കപ്പെടണം എന്നു പറയാന്‍ അതുമാത്രം മതി. സാമ്പത്തിക കണക്കെടുപ്പു മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നിലവറകളിലെ നാണയങ്ങളും ആഭരണങ്ങളും രത്നങ്ങളും വിളക്കുകളും എല്ലാം ഓരോ ചരിത്രപാഠങ്ങള്‍ കൂടിയാണ്. അതിന്‍റെ സാമ്പത്തികമൂല്യത്തില്‍ മാത്രമാണ് നമ്മുടെ ശ്രദ്ധ. ചരിത്ര-സാംസകാരികമൂല്യം വച്ചു നോക്കിയാല്‍ നിധിശേഖരത്തിന്‍റെ അക്കാദമിക് മൂല്യം അതിന്‍റെ പതിന്‍മടങ്ങുവരും. ഇപ്പോള്‍ നടക്കുന്ന ബാലിശവും അര്‍ഥശൂന്യവുമായ വിവാദങ്ങള്‍ വിസ്മരിക്കപ്പെടും. നിധിശേഖരം ആര്‍ക്കും വിറ്റുകാശാക്കാനാവാത്ത വിധം ഗൗരവമുള്ളതാണെന്ന തിരിച്ചറിവാണ് ആദ്യം നമുക്കുണ്ടാവേണ്ടത്. ഈ നിധി വിറ്റുകാശാക്കാതിരുന്നു എന്നതല്ല, ഇത്തരത്തിലൊരു ചരിത്രരേഖ അറിഞ്ഞോ അറിയാതെയോ സംരക്ഷിച്ചു വച്ചതിന് രാജകുടുംബത്തിനോട് ലോകം കടപ്പെട്ടിരിക്കുന്നു. അതിനു നന്ദി പറയുമ്പോള്‍ നമ്മള്‍ രാജദാസന്‍മാരാകുന്നില്ല, ചരിത്രബോധവുള്ള വിദ്യാര്‍ഥികള്‍ മാത്രമേ ആകുന്നുള്ളൂ. വിദ്യാധനം സര്‍വധനാല്‍പ്രധാനം എന്നാണല്ലോ.

കാശു കൊടുക്കാന്‍

ഏതു കലാപരിപാടിയാണെങ്കിലും സ്റ്റേജിസ്‍ കയറും മുമ്പ് പണം വാങ്ങണം എന്നാണ് നിയമം. സംഗതി കഴിഞ്ഞാല്‍ സംഘാടകരെ കണ്ടെന്നു വരില്ല. ചിലപ്പോള്‍ പരിപാടി മുഴുമിക്കുന്നതിനു മുമ്പ് ഓടി രക്ഷപെടേണ്ടതായി വരും. അങ്ങനെയൊക്കെ നോക്കുമ്പോള്‍ സംഘാടകനും അവതാരകനുമായുള്ള ബന്ധം ഷോയ്‍ക്ക് മുമ്പേ അവസാനിക്കുകയാണ്. വെബ് ഡിസൈനര്‍മാരുടെ കാര്യം പക്ഷേ അങ്ങനെയല്ല. വെബ്സൈറ്റിന്‍റെ ആവശ്യം ഉല്‍പന്നത്തിന്‍റെ ലോഞ്ചിങ് വരെയാണ് എന്നാണ് പല സംഘാടകരും വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ലോഞ്ചിങ് കഴിഞ്ഞാല്‍ കാശു കൊടുക്കുന്ന കാര്യത്തില്‍ പലരും പിന്നിലാണ്. ചെയ്ത പണിക്കു പ്രതിഫലം വാങ്ങാന്‍ പിന്നാലെ നടക്കുക എന്നതാണ് ഇന്ന് പല വെബ് ഡിസൈനര്‍മാരുടെയും പ്രധാനപണി.

സൂപ്പര്‍സ്റ്റാര്‍ അനുപ് മേനോന്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച നമുക്കു പാര്‍ക്കാന്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്‍ക്കും ഒരു വെബ്സൈറ്റ് ഉണ്ടായിരുന്നു. പടം ബോക്സ് ഓഫിസ് തൂത്തുവാരി കൊണ്ടുപോയപ്പോള്‍ അതിന്‍റെ സംഘാടകര്‍ വെബ്സൈറ്റ് ഉണ്ടാക്കിയവരെ മറന്നു എന്നാണ് വെബ്സൈറ്റ് പറയുന്നത്. എന്തായാലും നമുക്കു പാര്‍ക്കാന്‍ എന്ന സിനിമയുടെ വെബ്സൈറ്റില്‍ വളരെ വേദനയോടെ ഡിസൈനര്‍മാര്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഇതാണ്- സംവിധായകന്‍ കാശ് തന്നില്ല. Director didn’t give cash for our work.

സിനിമയിലെ ചെവുകള്‍ വഹിക്കുന്നത് സാധാരണയായി പ്രൊഡ്യൂസറോ എക്സിക്യുട്ടീവ് പ്രൊഡ്യൂസറോ ഒക്കെയാണെന്നാണ് കേള്‍വി. സംവിധായകന്‍ സിനിമയുടെ അമരക്കാരന്‍ എന്ന നിലയ്‍ക്ക് അദ്ദേഹം ഏല്‍പിക്കുന്ന ജോലികള്‍ ചെയ്യുന്നവര്‍ക്ക് പ്രതിഫലം ലഭിക്കുന്നുണ്ട് എന്നുറപ്പു വരുത്താന്‍ ബാധ്യസ്ഥനാണ് എന്നു പറയാം. എന്തടിസ്ഥാനത്തിലാണ് നമുക്കു പാര്‍ക്കാന്‍ സിനിമയുടെ വെബ്ഡിസൈനര്‍മാര്‍ ഈ പേജ് നല്‍കിയിരിക്കുന്നത് എന്നറിയില്ല. ചെയ്ത പണിക്കു പ്രതിഫലം കിട്ടാത്തതിലുള്ള വേദന കൊണ്ടു തന്നെയാവണം. വെബ്സൈറ്റിന്‍റെ ഹോംപേജ് അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റ് ലിങ്ക് പേജുകള്‍ക്കു പകരം പണം കിട്ടാത്തതിന്‍റെ വേദന പങ്കുവച്ചിരിക്കുകയാണ് ഡിസൈനര്‍മാര്‍. www.namukkuparkkan.com/cash എന്നാണ് മറ്റു ലിങ്കുകളുടെ പേര്. സങ്കടം വരും.

ജോയി തോമസ് ശക്തികുളങ്ങര നിര്‍മിച്ച് അജി ജോണ്‍ സംവിധാനം ചെയ്ത സിനിമയുടെ ഹോം വിഡിയോ വരെ ഇറങ്ങിക്കഴിഞ്ഞ നിലയ്‍ക്ക് ഇനി വെബ്സൈറ്റ് ഡിസൈന്‍ ചെയ്തവരെ പൈസ കൊടുത്ത് പിരിച്ചുവിടുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. വലിയ വലിയ ചെലവുകള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ ഇതിന്‍റെ കാര്യം അവര്‍ മറന്നുപോയതാവാനും മതി. എന്തായാലും പയ്യന്‍മാര്‍ ഓര്‍മിപ്പിച്ചിരിക്കുന്ന സ്ഥിതിക്ക് സംഗതിക്ക് എത്രയും വേഗം പരിഹാരമുണ്ടാകും എന്നു പ്രതീക്ഷിക്കാം.

ആലോചനായോഗം

വെല്‍… സോ വി ആര്‍ ഓള്‍ ഹിയര്‍ ഫോര്‍ എ കോസ്…

അതെ.. എല്ലാ പാര്‍ട്ടികളുടെയും നേതാക്കള്‍ ഒരുമിച്ചെത്തിയിരിക്കുന്നു.. ഒരു കുടക്കീഴില്‍

സ്വാതന്ത്ര്യസമരത്തിനു ശേഷം ജാതിമത-രാഷ്ട്രീയഭേദമില്ലാതെ ഇങ്ങനെ എല്ലാവരും ഒരുമിച്ചു ചേര്‍ന്നിട്ടുണ്ടെന്നു തോന്നുന്നില്ല…

സഭയില്‍‍ നമ്മള്‍ അങ്ങനെ ഒന്നിച്ചു കൂടുന്നതാണല്ലോ..

പക്ഷെ, അവിടെ നമ്മള്‍ പരസ്പരം ഉടക്കാറാണ് പതിവ്… ഇവിടെ നമുക്കൊരു ലക്‍ഷ്യമാണ്.. അതാണ് വ്യത്യാസം

യെസ്… അപ്പോള്‍ കാര്യത്തിലേക്കു കടക്കാം… ഓരോ ദിവസവും ഓരോ അഴിമതികള്‍ അവന്‍ വിളിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്… ഓരോരുത്തരെ ഓരോരുത്തരെ ആയി അവന്‍ നാറ്റിക്കും.. അതിനു മുമ്പ് അവനെ പൂട്ടാനുള്ള എന്തെങ്കിലും നമ്മള്‍ കണ്ടുപിടിച്ച് പരസ്യമായി പ്രഖ്യാപിച്ചേ പറ്റൂ…

ജൂലിയസ് സീസറിനെ കുടുക്കിയതുപോലെ ബലാല്‍സംഗക്കേസില്‍ കുടുക്കിയാലോ ?

ജൂലിയസ് സീസര്‍ ബലാല്‍സംഗക്കേസിലോ ?

ജൂലിയസ് സീസറല്ലേ ? മറ്റേ വിക്കിപ്പീഡിയ വെബ്സൈറ്റ് വഴി രഹസ്യം പുറത്തു വിടുന്നത് ?

മനുഷ്യാ അത് ജൂലിയന്‍ അസാന്‍ജ് ആണ്… വിക്കിപ്പീഡിയ അല്ല വിക്കീലീക്ക്സ്..

ആ എന്തോ ആകട്ടെ… ബലാല്‍സംഗക്കേസ് ആണല്ലോ ?

അതു മാത്രം അറിയാം…! പക്ഷെ, ഇവനാരെയെങ്കിലും ബലാല്‍സംഗം ചെയ്തിട്ടുണ്ടെങ്കിലല്ലേ ?

ഓ.. അതൊക്കെ ഉണ്ടാക്കാനാണോ പാട് ? നമ്മള്‍ നാലു പെണ്ണുങ്ങള്‍ക്ക് കാശ് കൊടുത്ത് കേസ് കൊടുപ്പിച്ചാല്‍പ്പോരേ ? അത് പിന്നെ കോടതീലൊക്കെ കേറിയിറങ്ങി വരുമ്പോഴേക്കും അവന്‍ നാറി നാശകോശമാകും…ബൈ ദ ബൈ.. നിങ്ങടെ നേതാവ് ബലാല്‍സംഗക്കേസില്‍ നിന്നു രക്ഷപെട്ടു അല്ലേ ?

ഡേ,ഡേ… ചൊറിയാന്‍ വരല്ലേ…ബലാല്‍സംഗത്തിന്‍റെയും കൊലപാതകത്തിന്‍റെയും കണക്കൊക്കെ പറയാന്‍ നിന്നാല്‍ മീറ്റിങ്ങ് അങ്ങു നീണ്ടു പോകും..

കണ്ടോ ഇതാണ് നമ്മുടെ കുഴപ്പം… ഒരു പൊതുശത്രുവിനെ എങ്ങനെ നേരിടാം എന്നാലോചിക്കാനാണ് നമ്മളിവിടെ കൂടിയിരിക്കുന്നത്… എന്നിട്ടും പരസ്പരം ചെളിവാരിയെറിയാനാണ് നമുക്ക് താല്‍പര്യം…

അല്ല പറഞ്ഞെന്നേയുള്ളൂ…

സുഹൃത്തുക്കളെ… അവന്‍ നമ്മുടെയെല്ലാം കച്ചോടം പൂട്ടിക്കുന്നതിനു മുമ്പ് നമുക്ക് അവനെ പൂട്ടണം…എത്രയും വേഗം..

ഈസിയല്ലേ… അങ്ങു തട്ടിക്കളഞ്ഞാല്‍പ്പോരേ ?

ഉണ്ട..! അവനോട് മണ്ഡലം കണ്ടാല്‍ തിരിച്ചുപോകില്ല എന്നു പറഞ്ഞേന് ഞങ്ങടെ ഒരു മന്ത്രി നാറി പണ്ടാരമടങ്ങി നിക്കുവാണ്… ഇനി സ്വന്തം മണ്ഡലത്തിലേക്ക് പോയാല്‍ ജനം കല്ലെറിഞ്ഞു കൊല്ലുമോ എന്നു പേടിച്ച് മന്ത്രി ഒളിച്ചുനടക്കുവാ… മാത്രോമല്ല.. ഇനി ആരെങ്കിലും അവനെ വല്ലതും ചെയ്താലും അതിന്‍റെ ഉത്തരവാദിത്തം മന്ത്രിയുടെ തലയിലിരിക്കും.. അതുകൊണ്ട് അത്തരം മണ്ടത്തരങ്ങളൊന്നും ആലോചിക്കേണ്ട… ഇതൊരു ജനാധിപത്യരാജ്യമാണ്…

ങ്ഹേ… അതെപ്പോ ?

കോപ്പ്… മനുഷ്യാ… അഞ്ചു വര്‍ഷം കൂടുമ്പോ ഇലക്ഷന്‍ നടക്കുന്നില്ലേ ? അതു നടക്കുന്നിടത്തോളം കാലം ഇതൊരു ജനാധിപത്യരാജ്യമാണ്…

അതിന് ഉടനെയൊന്നും ഇലക്ഷനില്ലല്ലോ, പിന്നാരെ പേടിക്കാനാ ?

പൊന്നു ചേട്ടാ, ഇത് പഴയ കാലമല്ല… നൂറു പത്രങ്ങളും ആയിരം ചാനലുകളും പിന്നെ ഫേസ്ബുക്ക് കീസ്ബുക്ക്, ട്വിറ്റര്‍,കുറ്റര്‍ എന്നൊക്കെ പറഞ്ഞ് കിടക്കുവാണ് പാരകള്‍ പന്തീരായിരം…ഇലക്ഷന്‍ വരുന്നതും നോക്കിയിരുന്നാല്‍ ഇരിക്കുന്ന കേസര പോലും കാണില്ല… അവന്‍ നമുക്കെതിരേ ഇറക്കുന്ന ചീട്ടെല്ലാം നന്നായി കളിക്കുന്നുണ്ട് പുറത്ത്… അതുപോലെ സ്‍ട്രോങ് ആയ ചീട്ടുകള്‍ നമ്മളും ഇറക്കണം.. നമ്മുടെ ആളുകള്‍ അതുവച്ചു കളിച്ചോളും…പക്ഷെ, ചീട്ട് ഇറക്കാനുണ്ടാവണം..കള്ളക്കേസ് കൊണ്ടൊന്നും കാര്യമില്ല…

അവനെതിരെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് നമ്മള്‍ അന്വേഷിച്ചു… ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുന്നു… പക്ഷെ, കാര്യമായി ഒന്നും കിട്ടിയിട്ടില്ല…

കാര്യമായല്ലാതെയോ ?

ചിലതൊക്കെയുണ്ട്…

എങ്കില്‍ പറയൂ… നമുക്ക് സമയമില്ല കളയാന്‍…

2009 ജനുവരി 17ന് അവന്‍ വീടിനടുത്തുള്ള ചായക്കടയില്‍ നിന്നു ചായയും ബോണ്ടയും കഴിച്ചിട്ട് കയ്യില്‍ ചില്ലറയില്ലാത്തതുകൊണ്ട് പിന്നെത്തരാം എന്നു പറഞ്ഞു പോയി… ഇതുവരെ അവന്‍ ആ പൈസ കൊടുത്തിട്ടില്ല…

എത്ര രൂപ വരും ?

7.50 പൈസ…

എന്താ കൊടുക്കാത്തത് ?

പിന്നെ അവന്‍ കൊടുക്കാന്‍ വന്നപ്പോഴേക്കും നിങ്ങടെ മറ്റേ മന്ത്രി ബാര്‍ ഹോട്ടല്‍ പണിയാന്‍ വേണ്ടി ആ ചായക്കട ഇടിച്ചു നിരത്തി…സങ്കടം കൊണ്ട് ചായക്കടക്കാരന്‍ തൂങ്ങിച്ചാവുകേം ചെയ്തു…

എടോ മണ്ടച്ചാരേ.. 7.50 പൈസ കൊടുക്കാത്തതു പറയാന്‍ നമ്മള്‍ വാപൊളിച്ചാല്‍ ഈ ബാര്‍ഹോട്ടലിന്‍റെ കഥ പിറ്റേന്ന് സകല ചാനലുകളും കൂടി പുറത്തുകൊണ്ടുവരില്ലേ ? അല്ലെങ്കില്‍ തന്നെ 10 ലക്ഷം കോടിയുടെ അഴിമതി മറയ്‍ക്കാന്‍ നമ്മളീ 7.50 പൈസയുടെ കഥ പറഞ്ഞാല്‍ വല്ലതുമാകുമോ ? സ്വന്തം കുഴി തോണ്ടാനുള്ള ഐഡിയ അല്ലാതെ വേറൊന്നുമില്ലേ ?

അവന്‍റെ ടീമിലെ ഒരാള്‍ അഞ്ചേക്കര്‍ തോട്ടം വാങ്ങി പിന്നെ മറിച്ചു വിറ്റതായി കാണുന്നുണ്ട് സര്‍..

റിയലി ???

ശരിക്കും റിയലി…

വെരി ഗുഡ്… ഗിവ് ഹിം എ ബിഗ് ഹാന്‍ഡ്… ഇത്തരം വിവരങ്ങളാണ് നമുക്ക് വേണ്ടത്…

അല്ല.. സ്ഥലം വാങ്ങി വില്‍ക്കുന്നത് ഒരു തെറ്റാണെന്നു നമ്മളെങ്ങനെ സ്ഥാപിക്കും ?

പറഞ്ഞതുപോലെ അതു ശരിയാണല്ലോ… ആ ഇടപാടില്‍ എന്താണ് തകരാറുള്ളത് ? വിപണിവിലയെക്കാള്‍ കുറച്ചു വാങ്ങി കൂടിയ വിലയ്‍ക്ക് വില്‍ക്കുകയോ… റജിസ്‍ട്രേഷന്‍ തട്ടിപ്പ് നടത്തുകയോ.. അങ്ങനെ എന്തെങ്കിലും ?

അങ്ങനെ ഒന്നുമില്ല സര്‍.. എല്ലാം ക്ലിയറാണ്…സിഎമ്മിന്‍റെ മരുമകനാണ് ആ ഭൂമി വാങ്ങിയത്… അതുള്‍പ്പെടെയുള്ള 400 ഏക്കര്‍ പിന്നെ യുഎസ് കമ്പനിക്ക് നമ്മള്‍ മറിച്ചുകൊടുത്തല്ലോ…

ഡോ,ഡോ… മതി മതി..

അത് ശരി, അപ്പോ അങ്ങനൊക്കെയുള്ള ഇടപാടുകള്‍ കിടക്കുകയാണല്ലേ ? അല്ല നേതാവേ.. നിങ്ങള്‍ ഈ നാടു പീസു പീസായി വിറ്റോണ്ടിരിക്കുവാണോ ? അറിയാന്‍ മേലാഞ്ഞിട്ടു ചോദിക്കുവാ…

പിന്നെ, നാടിനെ സേവിക്കാന്‍ വേണ്ടിയാണല്ലോ നിങ്ങളൊക്കെ നടക്കുന്നത്…

അങ്ങനല്ല.. ഞങ്ങള്‍ ഭരണത്തില്‍ വരുമ്പോഴേക്കും വില്‍ക്കാന്‍ എന്തെങ്കിലുമൊക്കെ ബാക്കി വച്ചേക്കുമോ എന്നറിയാന്‍ വേണ്ടി ചോദിച്ചതാ…

ഉവ്വ, വച്ചേക്കാം…

പ്ലീസ് കോണ്‍സെന്‍ട്രേറ്റ് ഓണ്‍ ദ സബ്ജക്ട്.. നമ്മള്‍ ഇത്രയും പാര്‍ട്ടികള്‍ എല്ലാ സംവിധാനങ്ങളും വച്ച് അന്വേഷിച്ചിട്ടും അവനെതിരേ ഉന്നയിക്കാന്‍ ഒന്നും കിട്ടിയില്ല എന്നു പറയുമ്പോള്‍…

കിട്ടിയതൊക്കെ ഈ പറഞ്ഞമാതിരിയാണ്… പണി കിട്ടുന്നത് നമുക്ക് തന്നെയായിരിക്കും…

രാജ്യദ്രോഹത്തിനു കേസെടുത്താലോ ?

അതിപ്പോ ക്ലീഷേയായി….

അല്ലേലും കോടതി ചതിക്കും… ആ കാര്‍ട്ടൂണിസ്റ്റ് അസിം തീവ്രവാദിയെ പിടിച്ചിട്ട് കണ്ടില്ലേ ?

അസിം ത്രിവേദി…

ആ,അതെ.. കോടതി ഊടുപാട് തെറിപറഞ്ഞു… അവന്‍ സ്റ്റാറായി.. നമ്മളെല്ലാം ചെറ്റകളും…

അവന്‍റെ സംഘടനയ്‍ക്ക് വിദേശത്തു നിന്നു പണം വരുന്നത് അന്വേഷിച്ചാലോ ?

വെരി ഗുഡ് ഐഡിയ…

അമേരിക്ക അവനു പണം നല്‍കി അവനെ ഉപയോഗിച്ച് നാടിനെ തകര്‍ക്കുകയാണെന്നു പറയാം…

കൂടംകുളത്ത് അതു പറഞ്ഞിട്ട് നമ്മള്‍ നാറിപ്പോയി…

അല്ല ഒരു സംശയം… നമ്മള്‍ അമേരിക്കേന്ന് വികസനം നടത്താനാണെന്നു പറഞ്ഞ് 10000 കോടി വാങ്ങിച്ച് പങ്കിട്ടെടുക്കുന്നു… അവന്‍ അമേരിക്കേന്ന് സംഭാവനയായി കിട്ടുന്ന 100 ഡോളര്‍ ഉപയോഗിച്ച് നമ്മുടെ ഈ തട്ടിപ്പ് പുറത്തുകൊണ്ടുവരുന്നു… എന്നിട്ട് നമ്മള്‍ അവനെ എങ്ങനെ കുറ്റപ്പെടുത്തും ?

ഹലോ… നിങ്ങള്‍ ഏതു പക്ഷത്താ ? അവനോടൊപ്പമാണെങ്കില്‍ രാജി വച്ചിട്ട് ചെല്ല്…

അല്ല, ഒരു സംശയം ചോദിച്ചതാ… മരിച്ചാലും ഞാന്‍ രാജി വയ്‍ക്കുന്ന പ്രശ്നമില്ല…

വേറൊരു ഐഡിയ… നിങ്ങടെ നേതാക്കന്‍മാരോട് പരസ്യ സംവാദത്തിനു വരാന്‍ അവന്‍ വെല്ലുവിളിച്ചിട്ടുണ്ടല്ലോ…ആ വെല്ലുവിളി ഏറ്റെടുത്തുകൂടേ ? നമുക്ക് സംസാരിച്ചു തോല്‍പിച്ചൂടെ ?

അവന്‍ പരസ്യസംവാദത്തിനു വെല്ലുവിളിച്ചത് അവരെ അപമാനിക്കാനല്ലേ ? എഴുതി കൊടുക്കുന്നത് വായിക്കനല്ലാതെ അവര്‍ക്ക് സ്വന്തമായി ഒന്നും പറയാനറിയില്ല എന്നത് അറിഞ്ഞുകൊണ്ട് അവന്‍ അപമാനിച്ചതാണ്…അതിനു ഞങ്ങള്‍ വേറെ കൊടുക്കുന്നുണ്ട് അവന്…

പിന്നെ എന്താണൊരു മാര്‍ഗം ?

ഇവനെ നേരിടാന്‍ അതുപോലെ തന്നെ അഴിമതിക്കറയില്ലാത്ത നമ്മുടെ പാര്‍ട്ടികളിലെ ആളുകളെ നമ്മള്‍ രംഗത്തിറക്കണം..

കൊള്ളാം… പക്ഷെ, അങ്ങനിപ്പോ ആരാ ഉള്ളത് ?

നമ്മുടെയൊക്കെ പാര്‍ട്ടികളില്‍ അഴിമതിക്കെതിരേ സംസാരിച്ചിട്ടുള്ളവരെയൊക്കെ അതാത് സമയങ്ങളില്‍ നമ്മള്‍ പുറത്താക്കിയിട്ടുണ്ട്… ഇപ്പോ അവന്‍റെ കൂടെയുള്ളത് അവരൊക്കെയാണ്… ഇനി നമ്മളൊരാളെ കണ്ടുപിടിച്ച് ഇറക്കുന്നു എന്നു തന്നെയിരിക്കട്ടെ… അഴിമതിക്കെതിരേയുള്ള പോരാട്ടത്തില്‍ അവര്‍ തമ്മില്‍ എന്തു ശത്രുത ? അവര്‍ രണ്ടുപേരും കൂടി നമ്മളെ ആക്രമിക്കും… പണി പാളും..

എനിക്കൊരു ഐഡിയ…. ഇവരെല്ലാം അഴിമതി വരുദ്ധ സമരത്തിന്‍റെ ആളുകളാണല്ലോ… അതിപ്പോ ഒരുമാതിരി ഫാഷനായിട്ടുണ്ട്… ഈ അഴിമതി തന്നെ അങ്ങു നിയമവിധേയമാക്കിയാല്‍ പ്രശ്നം തീരില്ലേ ?

അഴിമതി നിയമവിധേയമാക്കാനോ ?

അഴിമതിയില്ലാതെ നമുക്കാര്‍ക്കും ജീവിക്കാന്‍ പറ്റില്ല… നമ്മളെല്ലാം അഴിമതിക്കാരാണെന്ന് ജനങ്ങള്‍ക്കും അറിയാം.. അഴിമതി നമ്മുടെ അവകാശങ്ങളിലൊന്നാക്കി മാറ്റിയാല്‍ പ്രശ്നം തീരില്ലേ ?

പക്ഷെ, അത് വലിയ വിവാദമാകില്ലേ ?

അതിന് അഴിമതി നിയമവിധേയമാക്കുന്നു എന്നു പറയേണ്ടന്നേ… നിങ്ങടെ സാറിനോടു ചോദിക്ക്.. പുള്ളിയാകുമ്പോ ഇക്കണോമിക്സ് പഠിച്ചതല്ലേ… അതിനെ ഇക്കണോമിക്കലായി ഒന്നു വ്യാഖ്യാനിച്ചാല്‍ മതി.. അഴിമതി വര്‍ധിക്കുന്നത് ഓഹരിസൂചിക ഉയരാനും സ്വര്‍ണത്തിന്‍റെ വില കുറയാനും കാരണമാകുന്നു എന്നൊക്കെ പുള്ളിയെക്കൊണ്ടു പറയിച്ചാല്‍ മതി…

അങ്ങനെയെങ്കില്‍ അടുത്ത സമ്മേളനത്തില്‍ നമുക്കതങ്ങു പാസ്സാക്കാം…

ഹ്ങും.. ഇതൊരു നല്ല ഐഡിയ ആണെന്നു തോന്നുന്നു..

ഇതല്ലാതെ നമുക്ക് മറ്റൊരു മാര്‍ഗമില്ല…

ശരി, അപ്പോ അങ്ങനെ തീരുമാനിക്കാം…

എന്നാപ്പിന്നെ ഫുഡ് കഴിക്കാം അല്ലേ ?

മറ്റവനുണ്ടോ ?

നാടന്‍ വാറ്റുമുതല്‍ കോര്‍ണിയാകും ഷിവാസ് റീഗലും വരെയുണ്ട്…

അല്ല, ഇതൊക്കെ ഏത് അക്കൗണ്ടില്‍ പെടുത്തും ?

കുഷ്ഠരോഗികളുടെ പുനരധിവാസത്തിനുള്ള ഫണ്ട്…

വെരി ഗുഡ്…

എങ്കില്‍ തുടങ്ങട്ടെ…..

കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കേണ്ട: അലവലാതി ഷാജി

വിവാഹപ്രായമെത്തി നില്‍ക്കുന്ന കൊച്ചമ്മിണി വിവാഹിതയായി കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന് അയല്‍ക്കാരനും ചിട്ടിക്കമ്പനിക്കാരനും പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്തവനുമായ അലവലാതി ഷാജി പറഞ്ഞു. സുന്ദരിയായ കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കി ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിതം പാഴാക്കാനാണ് ആഗ്രഹിക്കുന്നത്.വിവാഹവും കൊച്ചുങ്ങളും വൈകാരികമായ സംഗതികളായി കാണുന്ന ബാലിശമായ നടപടിയില്‍ നിന്നു കൊച്ചമ്മിണി പിന്മാറണമെന്നും ഷാജി ആവശ്യപ്പെട്ടു. കൊച്ചമ്മിണിയുടെ ഫീച്ചേഴ്‍സ് വച്ചുനോക്കുമ്പോള്‍ അധികം കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ പറ്റത്തില്ല. ഉള്ള യൗവ്വനം ഒന്നോ രണ്ടോ കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി പാഴാക്കുന്നത് ബുദ്ധിയല്ലെന്നും ഷാജി വ്യക്തമാക്കി.

കൊച്ചമ്മിണിയുടെ പെണ്ണുകാണല്‍ ചടങ്ങിന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്നപ്പോഴാണ് കൊച്ചമ്മിണിയുടെ അച്ഛന്‍റെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ച് അലവലാതി ഇങ്ങനൊരു അഭിപ്രായം പറഞ്ഞത്.കൊച്ചമ്മിണിയില്‍ താല്‍പര്യമുള്ള അനേകം കൊച്ചുമുതലാളിമാര്‍ പട്ടണത്തിലുണ്ട്. അവര്‍ക്ക് കൊച്ചമ്മിണിയോടൊപ്പം ഒന്നോ രണ്ടോ രാത്രി കഴിയണമെന്നുമുണ്ട്. അതിനു വേണ്ടി അവര്‍ എത്ര പണം വേണമെങ്കിലും മുടക്കുമെന്നിരിക്കെ അതെല്ലാം വേണ്ടെന്നു വച്ച് ഏതെങ്കിലും മലമൂടനോടൊപ്പം കൊച്ചുങ്ങളെ ഉണ്ടാക്കി ജീവിതം പാഴാക്കുന്നത് നല്ല മാതൃകയല്ല. എല്ലാ സ്ത്രീകളും ചെയ്യുന്നതുപോലെ കൊച്ചമ്മിണിയും ചെയ്യാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല.കൊച്ചമ്മിണി സ്വന്തം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ലഭ്യമായ അംഗലാവണ്യവും അവശേഷിക്കുന്ന യൗവ്വനവും വേണ്ടവിധം ഉപയോഗിച്ചാല്‍ കൊച്ചമ്മിണിക്ക് ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ സമ്പാദിക്കാം. കന്യാത്വം, ചാരിത്ര്യം തുടങ്ങിയ സംഗതികളെ കൊച്ചമ്മിണി വൈകാരികമായി കാണരുത്.പിടിവാശിമൂലം പട്ടണത്തിലെ പയ്യന്‍മാര്‍ക്ക് മോഹഭംഗമുണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അലവലാതി പറഞ്ഞു.

നോട്ടുകെട്ടുകളുമായി ചെക്കന്‍മാര്‍ ക്യൂനില്‍ക്കുമ്പോള്‍ കൊച്ചമ്മിണിയുടെ കുടുംബത്തിന്‍റെയും തന്‍റെ ഏജന്‍സിയുടെയും സാമ്പത്തിക വളര്‍ച്ചയെ തുരങ്കം വച്ചുകൊണ്ട് വിവാഹിതയാവാന്‍ കൊച്ചമ്മിണിയെ അനുവദിക്കില്ല. കൊച്ചമ്മിണിക്ക് പിള്ളേരെ വളര്‍ത്തിയേ തീരൂ എന്നുണ്ടെങ്കില്‍ പിന്നെ ഷെഡില്‍ കയറുമ്പോള്‍ എത്രയെണ്ണത്തിനെ വേണമെങ്കിലും ദത്തെടുക്കാം. കൊച്ചമ്മിണിക്ക് പിള്ളേരുണ്ടായില്ലെങ്കില്‍ കുടുംബം അന്യം നിന്നുപോകുമെന്ന വാദം അസ്ഥാനത്താണ്. കൊച്ചമ്മിണിയുടെ അച്ഛന് കടുത്തുരുത്തിയിലും മുണ്ടക്കയത്തും ചായക്കടയുണ്ടെന്നും അവിടൊക്കെ ധാരാളം പിള്ളേര്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. കൊച്ചമ്മിണിയുടെ അച്ഛന് അടുപ്പിച്ചു മൂന്നു ചിട്ടികള്‍ കൊടുത്തിട്ടുള്ള ആളെന്ന നിലയില്‍ തന്‍റെ ഉപദേശം കൊച്ചമ്മിണി കേള്‍ക്കുമെന്നു ഷാജി പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചമ്മിണിയുടെ അച്ഛന്‍ സോഫയിലിരിക്കുമ്പോഴാണ് കൊച്ചമ്മിണിയോട് ഷാജി ഈ കാര്യങ്ങളെല്ലാം പറഞ്ഞത്. പെണ്ണുകാണാന്‍ വന്ന ചെക്കന്‍ ഭയപ്പെട്ട് വിവാഹത്തില്‍ നിന്നു മാറാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍,ചെറുപ്പത്തിലേ പറഞ്ഞുവച്ച വിവാഹമായതിനാല്‍ കണ്ട അലവലാതികളൊക്കെ പറയുന്നത് കേട്ട് അതിലൊരു മാറ്റവും വരുത്താനൊക്കില്ലെന്ന് കൊച്ചമ്മിണിയുടെ അമ്മാവനും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായ അച്ചു പറഞ്ഞു. അലവലാതി ഷാജി പറഞ്ഞത് തന്തയ്‍ക്കു പിറക്കായ്ക ആണെന്നും അവന്‍ പെണ്‍വാണിഭക്കാരുടെ ഏജന്‍റ് ആണെന്നും അമ്മാതിരി ചെറ്റകളെ വീട്ടില്‍ കയറ്റിയത് തെറ്റായിപ്പോയെന്നും കൊച്ചമ്മിണിയുടെ ചെറിയച്ഛനും വല്യച്ഛനുമൊക്കെ പറഞ്ഞു. എന്നാല്‍, ഷാജി അവിടെ വന്ന് അങ്ങനെയൊക്കെ പറഞ്ഞത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കൊച്ചമ്മിണിയുടെ അച്ഛന്‍ പറഞ്ഞു. കൊച്ചമ്മിണിയെ മാന്യമായി കെട്ടിച്ചുവിടണമെന്നാണ് തന്‍റെ ആഗ്രഹം, എന്നാല്‍ കൊച്ചമ്മിണിക്ക് കാറും ബംഗ്ലാവുമൊക്കെയായി ഒരു നല്ലകാലം ഉണ്ടാവുന്നത് താന്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ്


Image:www.justjhoom.co.uk

നമ്മുടെ നാട്ടിലെ സ്‌കൂളുകളില്‍ സര്‍ക്കാര്‍ സിനിമാറ്റിക് ഡാന്‍സ് പണ്ടേ നിരോധിച്ചതാണ്. എന്നിട്ടും യുകെയിലെ സ്‌കൂളുകളില്‍ ഈ അധാര്‍മിക നൃത്തം അവസാനിപ്പിച്ച് പിള്ളേരെ സ്‌പോര്‍ട്‌സ് പഠിപ്പിക്കണം എന്നു പ്രധാനമന്ത്രി ഡേവിഡ് കാമറുണ്‍ പറഞ്ഞതില്‍ ഇന്ത്യക്കാരും വെള്ളക്കാരും പ്രതിഷേധിക്കുന്നു. ഇന്ത്യന്‍ ഡാന്‍സിനെതിരേ ബ്രിട്ടിഷ് പ്രധാനമന്ത്രി എന്ന തലക്കെട്ട് നമ്മെ ഹഠാദാകര്‍ഷിക്കുന്നു. അവിടുത്തെ മാധ്യമസിന്‍ഡിക്കറ്റുകള്‍ പ്രധാനമന്ത്രിയെ കശക്കിയെറിയുന്നു. ട്വിറ്ററിലും മറ്റു സോഷ്യല്‍ മീഡിയകളിലും ഇന്ത്യന്‍ ഡാന്‍സിനെ അവഹേളിച്ച പ്രധാനമന്ത്രിക്കെതിരേ രോഷം പുകയുന്നു. നമ്മുടെ ഡാന്‍സിനൊക്കെ ഇത്രയും രാജ്യാന്തരപിന്തുണയുണ്ട് എന്നതില്‍ നമ്മള്‍ വൃഥാ സന്തോഷിക്കുന്നു.

ഒളിംപിക്സിലെ ഇന്ത്യന്‍ പരേഡിന്‍റെ മുന്നില്‍ ഒരു ഇന്ത്യന്‍ ഡാന്‍സുകാരി കയറി വിരിഞ്ഞു നടന്നപ്പോഴേ കരുതിയതാണ് ഇന്ത്യന്‍ ഡാന്‍സിന് എന്തോ ദുരന്തം സംഭവിക്കാന്‍ പോകുന്നു എന്ന്. സ്ലംഡോഗ് മില്ല്യെനെയറിലെ ജയ് ഹോ ഗാനത്തിന് ഓസ്‌കര്‍ കിട്ടിയതില്‍പ്പിന്നെ ബോളിവുഡ് ഡാന്‍സിന് യുകെയിലും യുഎസിലും നല്ല ഡിമാന്‍ഡ് ആണ്. അതിനു പുറമേ ക്ലാസിക്കലായും ബംഗ്രയായും ബുഹിയായും ഇന്ത്യയിലുടനീളം ചിതറിക്കിടക്കുന്ന നൃത്ത വൈവിധ്യം കണ്ട് അമ്പരന്നു നില്‍ക്കുകയാണ് വെളുത്ത കത്രീനകള്‍. അപ്പോള്‍ സ്‌കൂളുകളില്‍ കുട്ടികളെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നതും സ്വാഭാവികം. നമ്മളിവിടെ പിള്ളേരെ ഇംഗ്ലിഷ് പഠിപ്പിക്കുന്നു, അവരവിടെ ഇന്ത്യന്‍ ഡാന്‍സ് പഠിപ്പിക്കുന്നു. എന്നാല്‍, ഇതുകൊണ്ടൊന്നും വലിയ കാര്യമില്ല, വെറുതേ പണവും സമയവും കളയാമെന്നല്ലാതെ പിള്ളേര്‍ക്കു ഭാവിയുണ്ടാവണമെങ്കില്‍ സ്‌പോര്‍ടിനു തന്നെ പോണം എന്നേ ബ്രിട്ടിഷ് പ്രധാനമന്ത്രി പറഞ്ഞുള്ളൂ. കേരളത്തിലെ നല്ലൊരു ശതമാനം രക്ഷിതാക്കളും പറയുന്നതും ഇതൊക്കെ തന്നെയാണ്. എന്നിട്ടും കാമറൂണ്‍ കുടുങ്ങി.

ഒളിംപിക്‌സില്‍ ബ്രിട്ടണ് തരക്കേടില്ലാതെ മെഡലുകള്‍ കിട്ടുന്നതിന്റെ ഒരു സന്തോഷത്തിലാണ് അവിടുത്തെ പ്രധാനമന്ത്രി. അടുത്ത ഒളിംപിക്‌സ് ആവുമ്പോഴേക്കും കൂടുതല്‍ മെഡലുകള്‍ വാങ്ങണമെന്ന് തോന്നിപ്പോയാല്‍ അത് തെറ്റല്ല. അതിനുള്ള കര്‍മപരിപാടികളെപ്പറ്റി പറഞ്ഞപ്പോഴാണ് അദ്ദേഹം വിവാദപ്രസ്താവന നടത്തി കുടുങ്ങിയത്. സ്‌കൂളുകളില്‍ ആഴ്ചയിലുള്ള രണ്ടു മണിക്കൂര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ ഫലപ്രദമായി വിനിയയോഗിക്കണം എന്നാണ് ഉദ്ദേശിച്ചതെങ്കിലും അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ‘The trouble we have had with targets up to now, which was two hours a week, is that a lot of schools were meeting that by doing things like Indian dance or whatever, that you and I probably wouldn’t think of as sport, so there’s a danger of thinking all you need is money and a target. If that was the solution we would have solved the problem by now.’

രാഷ്ട്രീയവിവാദക്കാരും സിന്‍ഡിക്കറ്റ് മാധ്യമങ്ങളും കേരളത്തിലെപ്പോലെ തന്നെ യുകെയിലുമുണ്ട്. സംഗതി പ്രശ്‌നമായി. ഇന്ത്യന്‍ ഡാന്‍സും ഒരു കായികവിനോദമാണ്, കുതിരപ്പന്തയത്തില്‍ പണം ചിലവഴിക്കുന്നതിനെക്കാള്‍ നല്ലത് ഇതു തന്നെയാണ് എന്നൊക്കെ വാദിച്ചത് യുകെയിലെ ബുദ്ധിജീവികള്‍ തന്നെ. എന്നാല്‍ പ്രധാനമന്ത്രി നിലപാടിലുറച്ചു തന്നെ നിന്നു: ‘I see it with my own children because you know, the two hours that is laid down is often met through sort of Indian dancing classes. Now, I’ve got nothing against Indian dancing classes but that’s not really a sport.’

ഇന്ത്യന്‍ ഡാന്‍സ് എന്നതുകൊണ്ടുദ്ദേശിക്കുന്നത് ബോളിവുഡ് ഡാന്‍സ് എന്നു വ്യാപകമായും സിനിമാറ്റിക് ഡാന്‍സ് എന്നു പ്രാദേശികമായും വിളിക്കുന്ന ചലച്ചിത്രഗാനാധിഷ്ഠിത ഫ്യൂഷന്‍ നൃത്തരീതിയെ ആണ്. ഇത് മഹത്തായ കലാരൂപമാണ് എന്ന് ആരും അവകാശപ്പെട്ടിട്ടില്ല. യുകെയിലെ സ്‌കൂളുകളില്‍ ഇത് പഠിപ്പിക്കുന്നത് പിള്ളേരെ കത്രീന കൈഫിന്റെ കൂടെ ഡാന്‍സ് കളിപ്പിക്കാമെന്നു കരുതിയിട്ടല്ല. ഒരു ശാരീരികവ്യായാമം എന്നതിനപ്പുറം ഇന്ത്യന്‍ ഡാന്‍സിന് യുകെയില്‍ സാംസ്‌കാരിക-സാമൂഹിക പ്രാധാന്യമൊന്നും ഇതുവരെ ഇല്ലായിരുന്നു. എന്നാല്‍ പ്രധാമനമന്ത്രിയുടെ ഇടപെടല്‍ കാര്യങ്ങള്‍ മാറ്റുകയാണ്. ഇന്ത്യന്‍ ഡാന്‍സിന്റെ വക്താക്കള്‍ വൈകാരികമായി സംസാരിക്കുന്നത് കേട്ടാല്‍ നമുക്കും സിനിമാറ്റിക് ഡാന്‍സ് പഠിക്കാന്‍ തോന്നും. എന്തായാലും നമ്മള്‍ ക്വിറ്റ് ഇന്ത്യ പറഞ്ഞോടിച്ച രാജ്യത്തിന്റെ പ്രധാനമന്ത്രി ഒളിംപിക് സ്വര്‍ണം കണ്ടു കണ്ണു മഞ്ഞളിച്ച് ക്വിറ്റ് ഇന്ത്യന്‍ ഡാന്‍സ് എന്നു പറയുമ്പോള്‍ അതില്‍ ഒരു അപകടസൂചനയുമുണ്ട്.

സ്‌കൂളുകളിലെ പുതുക്കിയ സിലിബസില്‍ കര്‍ശനമായ കായികപരിശീലനം നിര്‍ബന്ധമാക്കും എന്നതിനു പുറമേ ഇന്ത്യന്‍ ഡാന്‍സിനു വിലക്കുമുണ്ടാവും എന്നതില്‍ സംശയമില്ല. ഇത് അവിടെ നൃത്തമഭ്യസിപ്പിച്ചും അവതരിപ്പിച്ചും കഴിയുന്ന അനേകം പേരെ പ്രതിസന്ധിയിലാക്കും. ഇന്ത്യന്‍ ഡാന്‍സ് യുകെയിലെ സ്കൂളുകളില്‍ അത്രയധികം സ്വാധീനമുള്ള സംഭവമാണോ എന്നു സംശയമുള്ളവര്‍ക്കായി പെട്ടെന്നുള്ള സേര്‍ച്ചില്‍ കയ്യില്‍ കിട്ടിയ ചില ലിങ്കുകള്.പല വെബ്സൈറ്റുകളിലും സ്കൂളുകളിലെ ഡാന്‍സ് ക്ലാസ് ആണ് പ്രധാനകൃഷി എന്ന സൂചനയുണ്ട്. ചില സ്കൂളുകളിലെ ക്ലാസ് ടീച്ചര്‍മാരുടെ സാക്ഷ്യപത്രം വരെ കാണാം. വെറും ഏഴു ദിവസം കൊണ്ട് ബോളിവുഡ് ഡാന്‍സറാക്കും എന്നു വാദ്ഗാനം ചെയ്യുന്ന അക്കാദമികളും ഇക്കൂട്ടത്തിലുണ്ട്.

Bollywood Dance London
Bollywood Dance
Bollywood Vibes
Classical Indian Dance
Akademi
Honey’s Dance Academy
Bharatiya Vidya Bhavan
Center for Indian Classical Dance
Riris Dance Academy

ഇന്ത്യന്‍ ഡാന്‍സ് അക്കാദമികളുടെ ചില പ്രലോഭന വിഡിയോകള്‍.ബോളിവുഡ് ഡാന്‍സിനെ ഒരു വര്‍ക്ക് ഔട്ട് എന്ന നിലയ്‍ക്ക് തികച്ചും സാങ്കേതികമായാണ് പലരും അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ ഡാന്‍സിനെ പുറത്താക്കുന്നതിനെക്കാള്‍ ഒളിംപിക്സില്‍ ഇന്ത്യന്‍ ഡാന്‍സ് കൂടി ഒരു മല്‍സര ഇനമായി ഉള്‍പ്പെടുത്തുന്നതാവും ബുദ്ധി. ഇന്ത്യക്കാരോടാ കളി.