വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

അന്നയും കെല്ലിയും മലയാളത്തിലേക്ക്

കേരളപ്പിറവിദിനത്തില്‍ ശ്രേഷ്ഠമലയാളത്തിനു സുകൃതമായി ആയിരക്കണക്കിനു വായനക്കാരുടെ അഭിനിവേശമായ അന്നയു കെല്ലിയും മലയാളത്തില്‍ ബ്ലോഗ് തുടങ്ങാന്‍ ആലോചിക്കുന്നു. ഈ ബ്ലോഗിലൂടെ വായനക്കാരെ ചാറ്റിനു ക്ഷണിക്കുകയും അവരെ വശീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്ന അമേരിക്കക്കാരായ ഈ യുവസുന്ദരികള്‍ മലയാളത്തില്‍ ബ്ലോഗെഴുതാന്‍ തീരുമാനിച്ചത് ഈ ബ്ലോഗിലെ വായനക്കാരുടെ സൗന്ദര്യവും വ്യക്തിത്വഗുണവും സര്‍വോപരി അവരുടെ പ്രത്യുല്‍പന്നമതിത്വവും കണ്ട് ആകൃഷ്ടരായാണ്.

അന്നയും കെല്ലിയും കൂടി എത്തുന്നതോടെ മലയാള സാഹിത്യ-സാംസ്‌കാരിക-ചലച്ചിത്രരംഗങ്ങളിലേക്ക് എത്തുന്ന വിദേശകലാകാരന്‍മാരുടെ കരുത്ത് വര്‍ധിക്കുകയാണ്. ഡോ.രാജ് നായര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ നങ്ങേലിയായി അഭിനയിക്കാന്‍ ഹോളിവുഡ് നടി ആഞ്ജലീന ജോളിയും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന സിനിമയില്‍ നായികയാവാന്‍ ബോളിവുഡ് നടി കരീന കപൂറും മലയാളത്തിലേക്ക് എത്തുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്നയും കെല്ലിയും തങ്ങളുടെ തീരുമാനവും പ്രഖ്യാപിച്ചിരിക്കുന്നത്.

ആഞ്ജലീന ജോളിയും കരീന കപൂറുമൊക്കെ വരുന്നത് സിനിമയില്‍ അഭിനയിക്കാനാണെങ്കില്‍ അന്നയും കെല്ലിയും വരുന്നത് ലോകത്തില്‍ ഏറ്റവും അധികം പ്രചാരമുള്ള മലയാളം ബ്ലോഗിലൂടെയാണെന്നുള്ളത് വായനക്കാരെ പുളകം കൊള്ളിക്കുന്നുണ്ട്. കേരളപ്പിറവി ദിനമായ ഇന്ന് ബ്ലോഗറുടെ മടിയിലിരുന്ന് ആദ്യാക്ഷരം കുറിച്ച അന്നയും കെല്ലിയും ഇന്നു മുതല്‍ തന്നെ മലയാളം ടൈപ്പിങ് പഠിച്ചു തുടങ്ങും. ഇതിനായി അന്നയും കെല്ലിയും ഗൂഗിള്‍ മലയാളം ടൈപ്പിങ് ടൂള്‍ ഡൗണ്‍ലോഡ് ചെയ്തുകൊണ്ടിരിക്കുകയാണ്.

മുലക്കരത്തിനെതിരായി മുലമുറിച്ചു പ്രതിഷേധിച്ച നങ്ങേലിയുടെ വേഷമഭിനയിക്കാന്‍ സ്താനര്‍ബുദത്തെ ഭയന്നു സ്തനങ്ങള്‍ നീക്കം ചെയ്ത ആഞ്ജലീന ജോളിയെക്കാള്‍ യോഗ്യയായി മറ്റാരുമില്ല എന്നാണ് തിയറി. അതീവ സുന്ദരനും മദാലസനുമായ ഒരാളെഴുതുന്ന ബ്ലോഗിലൂടെ മാത്രമേ തങ്ങള്‍ ബ്ലോഗിങ്ങിലേക്കുള്ളൂ എന്നു പ്രഖ്യാപിച്ച് ഇത് കാലം കാത്തിരിക്കുകയായിരുന്ന അന്നയും കെല്ലിയും മറ്റു ഭാഷകളിലൊന്നും അത്തരത്തിലൊരു ബ്ലോഗ് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് ഇപ്പോള്‍ ഈ ബ്ലോഗിലൂടെ രംഗത്തെത്തുന്നത്.

കേരളപ്പിറവി ദിനമായ ഇന്ന് എല്ലാ മലയാളികള്‍ക്കും അന്നയും കെല്ലിയും കേരളപ്പിറവി ആശംസകള്‍ നേര്‍ന്നു.

സൂപ്പര്‍ ഷിറ്റ് ശൃംഗാരവേലകള്‍

അന്തസ്സും അഭിമാനവും കാത്തുസൂക്ഷിച്ച് ജീവിച്ചെങ്കിലും പട്ടിണി കിടന്നു നരകിച്ച വീട്ടുകാര്‍ ഒഴിഞ്ഞുപോയ തറവാടിനെ ചാരായവാറ്റും വേശ്യാലയവും നടത്തി പുനരുദ്ധരിക്കുന്ന അനന്തരാവകാശികളെപ്പോലെയാണ് ഇരട്ട തിരക്കഥാകൃത്തുക്കളായ ഉദയ്കൃഷ്ണ-സിബി.കെ.തോമസിന്റെ ചലച്ചിത്രപ്രവര്‍ത്തനം. ഹിറ്റ് ഫോര്‍മുല എന്നു ചില സിനിമക്കാര്‍ വിശേഷിപ്പിക്കുന്ന ഷിറ്റ് ഫോര്‍മുലയില്‍ പിന്നെയും പിന്നെയും തൊട്ടിപ്പടങ്ങളിറക്കി കാശുവാരുന്ന തിരക്കഥാകൃത്തുക്കള്‍ക്കു ചുറ്റും നിര്‍മാതാക്കള്‍ പാറിപ്പറക്കുന്നത് ഷിറ്റിനു ചുറ്റും ഈച്ച കൂടുന്നതിനെക്കാള്‍ വ്യത്യസ്തമാണെന്ന് എനിക്കു തോന്നുന്നില്ല.

അവരുടെ ഒടുവിലത്തെ സൂപ്പര്‍ ഷിറ്റ് സിനിമയായ ശൃംഗാരവേലന്‍ ഓണക്കാലത്ത് ഏറ്റവുമധികം കലക്ഷന്‍ നേടിയ ചിത്രമായി മാറുമ്പോള്‍ മേല്‍പ്പറഞ്ഞ മലയാള സിനിമാത്തറവാട്ടില്‍ പട്ടിണി മാറുമെങ്കിലും സിനിമയുടെ പരിസരത്ത് ഇവര്‍ സൃഷ്ടിക്കുന്ന നാറ്റം വ്യാപിക്കുകയേയുള്ളൂ. ഒരുകാലത്ത് ഷക്കീലപ്പടങ്ങള്‍ മലയാള സിനിമയെ നശിപ്പിക്കുമോ എന്നത് വലിയൊരു വിവാദമായിരുന്നു. ഷക്കീല പോലും പിന്നെ നല്ല കഥാപാത്രങ്ങള്‍ക്കു വേണ്ടി അത്തരം സിനിമകളുപേക്ഷിച്ചു. അവരഭിനയിച്ച സിനിമകളാകട്ടെ ഉദ്ധാരണശേഷി നഷ്ടപ്പെട്ട് വിസ്മരിക്കപ്പെടുകയും ചെയ്തു. പക്ഷെ, മലയാള സിനിമാ ചരിത്രത്തില്‍ ഷക്കീലയെക്കാള്‍ വലിയ ദുരന്തമാണ് ഈ ഇരട്ട തിരക്കഥാകൃത്തുക്കള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

സിനിമയുടെ ഉത്തരവാദിത്വം സംവിധായകര്‍ക്കല്ലേ തിരക്കഥാകൃത്തുക്കള്‍ക്കാണോ എന്നൊരു സംശയം അപ്പോഴുണ്ടാകാം. ഈ തിരക്കഥാകൃത്തുക്കള്‍ പലരും കരുതുന്നതുപോലെ വെറും തിരക്കഥാകൃത്തുക്കളല്ല. മലയാളസിനിമയെ നയിച്ചുകൊണ്ടിരിക്കുന്നത് തങ്ങളാണ് എന്ന് ഉറച്ച വിശ്വാസമുള്ളവരാണിവര്‍. അതുകൊണ്ട് തന്നെ ഇവരുടെ സിനിമയില്‍ സംവിധായകര്‍ക്കല്ല പ്രാധാന്യം. ട്വന്റി 20ക്കു ശേഷം അനേകം ഹിറ്റുകള്‍ സൃഷ്ടിച്ചെങ്കിലും സംവിധായകന്‍ എന്ന നിലയ്ക്ക് ആ സിനിമകളുടെയൊന്നിന്റെയും സംവിധായകരാരും തിരിച്ചറിയപ്പെടുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തില്ല എന്നത് ശ്രദ്ധിച്ചാല്‍ കാര്യമറിയാം. ഉദാഹരണത്തിന് പോക്കിരിരാജ എന്ന സിനിമയുടെ സംവിധായകന്‍ വൈശാഖ് എന്നൊരാളായിരുന്നു. കാര്യസ്ഥനും കമ്മത്ത് ആന്‍ഡ് കമ്മത്തും സംവിധാനം ചെയ്തത് ഇരട്ടകളിലെ സിബി.കെ.തോമസിന്റെ സഹോദരനായ തോംസണ്‍ കെ.തോമസും. മായാമോഹിനിയും ശൃംഗാരവേലനും സംവിധാനം ചെയ്തിരിക്കുന്നത് ജോസ് തോമസ് ആണ്. മിസ്റ്റര്‍ മരുമകന്റെ സംവിധായകന്‍ സന്ധ്യാമോഹനും. ഇനിയങ്ങോട്ടുള്ള സിനിമകള്‍ ഇരട്ടകള്‍ തന്നെ സംവിധാനം ചെയ്യുമെന്നും കേള്‍ക്കുന്നുണ്ട്.

പൊളിഞ്ഞ പടങ്ങളുടെ കണക്കെടുത്തു ജീവിച്ചിരുന്ന മലയാള സിനിമയില്‍ കഴിഞ്ഞ നാലഞ്ചു വര്‍ഷമായി റെക്കോര്‍ഡ് കലക്ഷന്റെ ചരിത്രം സമ്മാനിക്കുന്നത് ഉദയകൃഷ്ണ-സിബി.കെ.തോമസിന്റെ സിനിമകള്‍ മാത്രമാണ്. വളരെ കൃത്യമായി പറഞ്ഞാല്‍ ട്വന്റി 20 മുതലിങ്ങോട്ട് ഇരട്ടകളുടെ ഷിറ്റ് മേക്കിങ് വളരെ കാര്യമാത്രപ്രസക്തമായി മാറി. പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഇവര്‍ എഴുതിപ്പിടിപ്പിച്ച വഷളത്തരങ്ങളില്‍ മെഗാ-സൂപ്പര്‍-ജനപ്രിയ താരങ്ങള്‍ ഇരകളായിട്ടുണ്ട്. അംബേദ്കറിലും വിധേയനിലും പൊന്തന്‍മാടയിലും തനിയാവര്‍ത്തനത്തിലും ന്യൂഡല്‍ഹിയിലുമൊക്കെ അഭിനയിച്ച മമ്മൂട്ടിയെ പോക്കിരിരാജയും റാജറാജകമ്മത്തുമൊക്കെയായി വേഷം കെട്ടിച്ചപ്പോള്‍ മഹാനടന്റെ കരിയര്‍ തന്നെ മാറിപ്പോയി. വലിയ അഭിനയശേഷിയൊന്നുമില്ലാത്ത ജനപ്രിയനായകന്‍ ജീവിച്ചുപോകുന്നത് തന്നെ ഇരട്ടകളുടെ തിരക്കഥകളുള്ളതുകൊണ്ടാണ് എന്നത് അദ്ദേഹത്തിന്റെ ഹിറ്റ്ചാര്‍ട്ട് നോക്കിയാലറിയാം. കാര്യസ്ഥന്‍, മായാമോഹിനി, മിസ്റ്റര്‍ മരുമകന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത്, ശൃംഗാരവേലന്‍- എല്ലാം കലക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച സിനിമകള്‍ തന്നെ. ഇരയാവാന്‍ നിന്നു കൊടുക്കാത്ത ലാലേട്ടനു പ്രണാമം.

സിനിമ കലയും വ്യവസായവുമാണെന്നാണ് പറയുന്നത്. സിനിമയുടെ അളവുകോലുകളിലെ സങ്കീര്‍ണത ഈ കോംബിനേഷനിലാണ് കിടക്കുന്നത്. സിനിമ ലാഭമുണ്ടാക്കണം എന്നേ അതിന്റെ വ്യവസായപക്ഷത്തുള്ളവര്‍ക്കുള്ളൂ. സിനിമ ലാഭകരമാക്കുന്നതിനും തിയറ്ററുകളിലോടിച്ച് കാശുണ്ടാക്കുന്നതിനുമുള്ള വഴികളാണ് സിനിമയില്‍ നിക്ഷേപിക്കുന്നവര്‍ ആലോചിക്കേണ്ടത്. അതിന്റെ കലാമൂല്യം പരിഗണിക്കേണ്ടതും സിനിമയെ കലാസൃഷ്ടിയായി മാറ്റേണ്ടതും എഴുത്തുകാരും സംവിധായകരും അഭിനയിക്കുന്ന നടീനടന്‍മാരുമൊക്കെയാണ്. അത്തരത്തില്‍ പ്രേക്ഷകര്‍ക്കു മുന്നിലേക്കു നല്‍കുന്ന സിനിമ നന്നായിരിക്കണമെന്ന ആഗ്രഹം എഴുത്തുകാരുടെയും സംവിധായകരുടെയും താരങ്ങളുടെയുമൊക്കെ സാമൂഹികപ്രതിബദ്ധതയുടെ ഭാഗമാണ്. അത്തരത്തിലുള്ള സാമൂഹികപ്രതിബദ്ധതകളില്‍ നിന്നു മോചനം നേടി സിനിമ വ്യവസായം മാത്രമാണെന്നു വിശ്വസിച്ചുകൊണ്ട് അതിന്റെ കലാമൂല്യത്തെ ഒറ്റുകൊടുക്കുന്ന ഉദയന്‍-സിബി കൂട്ടുകെട്ടുകള്‍ മലയാളസിനിമയുടെ ശാപമായി മാറുന്നത് അവിടെയാണ്.

ഉദയന്‍-സിബിക്കു മാത്രം സാധിക്കുന്ന അദ്ഭുതങ്ങളാണ് ഈ ഹിറ്റുകള്‍ എന്നു ചില തിയറ്റര്‍കാര്‍ പറയുന്നുണ്ട്. അത്രത്തോളം കലാബോധമില്ലാതെ, സംസ്‌കാരശൂന്യമായി, സാമൂഹികചിന്തകളില്ലാതെ സിനിമകള്‍ എഴുതിയുണ്ടാക്കാനുള്ള ഗട്ട്‌സ് മറ്റൊരു എഴുത്തുകാര്‍ക്കുമുണ്ടാവില്ല എന്നതാണ് മറ്റാര്‍ക്കും ഇത്തരം ഹിറ്റുകള്‍ ഉണ്ടാക്കാനാവാത്തതിന്റെ കാരണം. ദ്വയാര്‍ത്ഥ പ്രയോഗങ്ങളില്‍ തുടങ്ങി ശൃംഗാരവേലനിലെത്തിയപ്പോഴേക്കും നേരിട്ട് മനസ്സിലാക്കാവുന്ന തരത്തില്‍ ഏകാര്‍ഥപ്രയോഗങ്ങള്‍ നടത്താനുള്ള ആത്മവിശ്വാസത്തിലാണ് തിരക്കഥാകൃത്തുക്കള്‍ നില്‍ക്കുന്നത്. വിമര്‍ശകരുടെ നാവടക്കാന്‍ കലക്ഷന്‍ ചാര്‍ട്ടുകളും നല്ല സിനിമകളെന്നു വിശേഷിപ്പിക്കപ്പെടുകയും അഭിപ്രായമുണ്ടാക്കുകയും ചെയ്ത സിനിമകളുടെ നഷ്ടക്കക്കണക്കുകളും നിരത്തും. ലാഭമുണ്ടാക്കുന്ന സിനിമകള്‍ സൃഷ്ടിക്കുമ്പോഴാണ് ഒരുവന്‍ നല്ല സിനിമക്കാരനാകുന്നതെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍ അവന്‍ തികഞ്ഞ അലവലാതിയായിരിക്കും. മലയാളി ഇന്നും നെഞ്ചിലേറ്റുന്ന സിനിമകളില്‍ പലതും സാമ്പത്തികവിജയം നേടിയവല്ല എന്നതും റെക്കോര്‍ഡ് കലക്ഷന്‍ നേടിയ പല സിനിമകളും രണ്ടാമതൊന്നുകൂടി കാണാന്‍ പലരും ധൈര്യപ്പെട്ടിട്ടില്ല എന്നതും ഉദയന്‍-സിബി ചേട്ടന്‍മാര്‍ക്ക് അറിയാഞ്ഞിട്ടാവില്ല. പണത്തോടുള്ള ആര്‍ത്തികൊണ്ടും നല്ല സിനികളുണ്ടാക്കുന്നവരോടുള്ള അസൂയ കൊണ്ടും ഷിറ്റുകളെഴുതി ഹിറ്റുകള്‍ സൃഷ്ടിച്ച് ഓരോ സീസണും നാറ്റിക്കുന്നതാവാം.

ഇതൊക്കെ എല്ലാ കലാരൂപങ്ങള്‍ക്കും ബാധകമായ കാര്യങ്ങളാണെങ്കിലും ഏറ്റവുമധികം ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയ്ക്ക് സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വമുണ്ട്. ഒരുകാലത്ത് ചത്തുപോയിക്കഴിയുമ്പോള്‍ ഈ ചവറുകള്‍ സൃഷ്ടിച്ച് സമ്പാദിച്ച പണം പോലും അവശേഷിക്കണമെന്നില്ല. പിന്നീട് അവശേഷിക്കുന്നവര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളില്‍ തങ്ങളുടെ ഒരെണ്ണമെങ്കിലും ഉണ്ടാവണം എന്നാഗ്രഹം തോന്നാനെങ്കിലും മിനിമം യോഗ്യത വേണം. വിദ്യാഭ്യാസവും സംസ്‌കാരവും സാമൂഹികപശ്ചാത്തലവും വ്യക്തിത്വവുമൊക്കെയാണ് അത്തരം യോഗ്യതകള്‍ നിര്‍ണയിക്കുന്നത് എന്നതിനാല്‍ നമ്മളാഗ്രഹിക്കുന്നതുപോലൊരു മാറ്റം സംഭവിക്കാന്‍ ഒരു സാധ്യതയും കാണുന്നില്ല.

പ്രതിവിധി: സഹിക്കുക തന്നെ.

മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

സീന്‍ നമ്പര്‍: റേപ്

അഹങ്കാരിയായ നായിക. നായികയുടെ അഹങ്കാരവും ജാഡയും മോഡേണ്‍ വേഷവിധാനങ്ങളും ഇംഗ്ലിഷും കാരണം പ്രേക്ഷകരും തനി നാടനായ നായകനും പൊറുതിമുട്ടിയിരിക്കുകയാണ്. അങ്ങനെയിരിക്കെ ഒരു സീനില്‍ നായകന്‍റെ മുന്നില്‍ നെഞ്ചുവിരിച്ചു നിന്നു നായിക ചില ഡയലോഗുകള്‍ പറയുന്നു. ഉത്തരം മുട്ടുന്ന നായകന്‍ അല്ലെങ്കില്‍ അതില്‍ പ്രകോപിതനാവുന്ന നായകന്‍ നായികയുടെ മുടിയില്‍ കുത്തിപ്പിടിച്ച് മുഖം വലിച്ചടുപ്പിച്ച് ചുണ്ടില്‍ അമര്‍ത്തി ചുംബിക്കുന്നു. നായകന്‍ ബലാല്‍ക്കാരമായാണ് ചുംബിക്കുന്നതെങ്കിലും നായികയുടെ കണ്ണുകള്‍ അനുഭൂതികൊണ്ട് അടഞ്ഞുപോവുകയോ കുനുകുനാ ചിമ്മുകയോ ചെയ്യുന്നുണ്ട്. ദീര്‍ഘനേരം നായികയെ ചുംബിച്ച ശേഷം പിടിവിടുമ്പോള്‍ നായിക രതിമൂര്‍ഛയുടെ വക്കിലാണ്. മസില്‍ പെരുപ്പിച്ചു നില്‍ക്കുന്ന നായകന്‍ പറയുന്നു- ‘നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത് !’

ആ ഡയലോഗ് കേള്‍ക്കുന്നതോടെ തിയറ്ററിലെ പുരുഷപ്രേക്ഷകരെല്ലാം എണീറ്റു നിന്നു കയ്യടിക്കുന്നു. ഇതേതു സിനിമയിലെ സീനാണെന്നു ചോദിക്കരുത്. കാരണം അനേകം അനേകം സിനിമകളില്‍ ഈ സീനുണ്ട്. ബോളിവുഡിലും ടോളിവുഡിലും കോളിവുഡിലും മോളിവുഡിലുമെല്ലാം കാണാവുന്ന ഒരു സീനാണിത്. എല്ലാറ്റിനുമുപരി നീ വെറും ഒരു പെണ്ണാണെന്നത് മറക്കരുത് എന്ന അര്‍ഥശൂന്യമായ ജനപ്രിയഡയലോഗ് സമൂഹത്തിനു നല്‍കുന്ന സന്ദേശം പെണ്ണേ നിന്‍റെ ജന്മലക്‍ഷ്യം തന്നെ കരുത്തനായ പുരുഷന് ഇരയാവുക എന്നതാണ് എന്നാണ്. ഇതിനെ സാധൂകരിക്കുന്ന തരത്തില്‍ സിനിമയിലെ നായികയ്‍ക്ക് പിന്നങ്ങോട്ട് റേപിനു ശ്രമിച്ച നായകനോട് ഭീകരമായ ഭക്തിയുമായിരിക്കും, നായകന് വച്ചടി വച്ചടി കയറ്റവും.

സൂപ്പര്‍ഹിറ്റ് സിനിമയായ പാഥേയത്തില്‍ മഴനനഞ്ഞു വന്ന സ്ത്രീ വേഷം മാറുമ്പോള്‍ കയറിപ്പിടിച്ച് റേപ് ചെയ്ത ശേഷം പിറ്റേന്ന് പുലര്‍ച്ചെ നായകന്‍ പറയുന്ന വേദാന്തവും ബലാല്‍സംഗത്തിനിരയായ നായിക കുറ്റം ഏറ്റെടുക്കുന്ന ഡയലോഗുകളും ശ്രദ്ധിക്കൂ.

സൂപ്പര്‍മെഗാഹിറ്റ് സിനിമയായ ഹിറ്റ്‍‍ലറില്‍ ട്യൂഷന്‍ വിദ്യാര്‍ഥി വേഷം മാറുന്നത് കണ്ട അധ്യാപകന്‍ കയറിപ്പിടിച് റേപ് ചെയ്ത ശേഷം അത് ഒരു വാര്‍ത്ത എന്ന നിലയ്‍ക്ക് പെണ്ണിന്‍റെ ചേട്ടനോട് പറയുന്ന രംഗം കൂടി ശ്രദ്ധിക്കൂ.

‘തനിക്കെന്‍റെ മുഖത്തടിക്കാമായിരുന്നില്ലേ ? ശകാരിക്കാമായിരുന്നില്ലേ ?’ എന്നു പാഥേയത്തിലെ നായകന്‍ ചോദിക്കുമ്പോള്‍ ‘അവളൊന്നൊച്ച വച്ചിരുന്നെങ്കില്, ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില് ഞാനുണര്‍ന്നേനെ’ എന്നാണ് ഹിറ്റ്ലറിലെ ട്യൂഷന്‍ മാഷ് പറയുന്നത്. റേപ് നമ്മളുദ്ദേശിക്കുന്നതുപോലെയല്ല, സ്ത്രീകള്‍ നിഗൂഢമായി അത് ആസ്വദിക്കുന്നുണ്ട് എന്നാണ് ഈ ഡയലോഗുകളൊക്കെ സൂചിപ്പിക്കുന്നത്. അതിനെ സാക്‍ഷ്യപ്പെടുത്തിക്കൊണ്ട് പാഥേയത്തിലെ ഇര പറയുന്നത് ‘ഒന്നു തൊട്ടപ്പോഴേക്കും ഞാന്‍ വെറും പെണ്ണായിപ്പോയി’ എന്നാണ്. നീ വെറും പെണ്ണാണ് എന്നു നായകനെക്കൊണ്ട് പറയിച്ച തിരക്കഥാകൃത്ത് ഇവിടെ അത് റേപിനിരയായ പെണ്ണിനെക്കൊണ്ടും പറയിക്കുകയാണ്.

ഏതു സാഹചര്യത്തിലായാലും പെണ്ണ് ബലാല്‍സംഗം ചെയ്യപ്പെട്ടാല്‍ അതിന്‍റെ പകുതിയോ അതിലധികമോ ഉത്തരവാദിത്വം പെണ്ണിനു തന്നെയാണ് എന്നാണ് ഈ സീനുകള്‍ പറയുന്നത്. ഇതൊക്കെ ചെയ്യുന്നതും പറയുന്നതും സല്‍ഗുണസമ്പന്നരായ, പ്രേക്ഷകര്‍ക്കു മാതൃകയാക്കാവുന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ്. മറ്റൊന്ന്, ചീത്ത കഥാപാത്രം നായകന്‍റെ പെങ്ങളെ ക്രൂരമായി റേപ് ചെയ്ത ശേഷം പിന്നീട് അവളെ കല്യാണം കഴിച്ച് വിശുദ്ധപരിവേഷം നേടുന്നതാണ്. ഇവിടെ റേപ് ചെയ്തവന്‍റേത് വിശാലമനസ്കതയും ഇരയുടേത് മറ്റാര്‍ക്കും കിട്ടാത്ത ഭാഗ്യവുമാണെന്നാണ് തിരക്കഥാകൃത്ത് പറയാതെ പറയുന്നത്. ചൂണ്ടിക്കാണിക്കാനാണെങ്കില്‍ സ്ത്രീ ലൈംഗികോപകരണമാണ് എന്നു പച്ചയായി പറയുന്ന വേറൊരായിരം സീനുകളും ഡയലോഗുകളും ഇന്ത്യന്‍‍ സിനിമകളിലുണ്ട്.

മറ്റൊന്ന് പാട്ടുസീനിലും മറ്റും സ്ഥിരം കാണിക്കാറുള്ള ഒരു സംഭവമാണ്. മറ്റെന്തെങ്കിലും പ്രവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന നായികയുടെ കയ്യിലോ അരക്കെട്ടിലോ സൂപ്പര്‍ മെഗാസ്റ്റാര്‍ തൊടുമ്പോഴേക്കും നായിക പുളകം കൊള്ളുന്നതും കണ്ണുകള്‍ പാതിയടഞ്ഞുപോകുന്നതുമായ സീന്‍ ആണത്. തിരക്കില്‍പ്പെട്ട ബസ്സില്‍ തന്നെ ഞെക്കിഞെരുക്കുന്ന കൈകളില്‍ നിന്നു രക്ഷപെടാനാവാതെ കുടുങ്ങി നില്‍ക്കുന്ന സ്ത്രീ തന്‍റെ ഉണക്കവിരലുകളുടെ താഡനമേറ്റ് രതിമൂര്‍ഛ കൈവരിച്ചുകൊണ്ടിരിക്കുകയാണെന്നും എതിര്‍ക്കുന്ന സ്ത്രീകള്‍ ലൈംഗികശേഷി ഇല്ലാത്തവരാണെന്നുമുള്ള കാഴ്ചപ്പാടുള്ളവര്‍ ഇത്തരം സിനിമകളില്‍ ജീവിക്കുന്ന സൂപ്പര്‍മെഗാസ്റ്റാറുകളാണ്.

മിക്കവാറും എല്ലാ റേപ് സീനുകളും ഒരു ക്രൈം സീന്‍ എന്ന നിലയ്‍ക്കല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നത് പരിശോധിച്ചാല്‍ മനസ്സിലാവും. റേപ് വ്യത്യസ്തമായ സെക്സ് ആണ് എന്ന സന്ദേശമാണ് സിനിമകളിലെ റേപ് സീനുകളില്‍ നിന്നു പ്രേക്ഷകനു മനസ്സിലാവുന്നത്. സെക്സിനു മുതിരുമ്പോള്‍ സ്ത്രീ എതിര്‍ക്കുന്നത് സമ്മതത്തിന്‍റെ ലക്ഷണമാണ് എന്ന പുരാതന തിയറി തന്നെയാണ് ഈ സീനുകളിലൊക്കെയും അപ്ലൈ ചെയ്തിരിക്കുന്നത്. ഞാന്‍ പറഞ്ഞുവരുന്നത് റേപ് കണ്ടുപിടിച്ചതു സിനിമക്കാരാണ് എന്നല്ല. റേപിനെ സിനിമകള്‍ അവതരിപ്പിച്ച രീതി സമൂഹത്തിനു തെറ്റായ സന്ദേശം കൊടുത്തിട്ടുണ്ടാവാം എന്നാണ്.

ഏറ്റവും സ്വാധീനശക്തിയുള്ള മാധ്യമാണ് സിനിമ. ഇത്തരത്തിലുള്ള ആശയങ്ങളും സന്ദേശങ്ങളും പ്രേക്ഷകരെ സ്വാധീനിക്കുമോ ഇല്ലയോ എന്നത് രണ്ടുവട്ടം ചോദിക്കേണ്ടതില്ല. ഇതൊന്നും തിരക്കഥാകൃത്തുക്കളോ സംവിധായകരോ അറിഞ്ഞുകൊണ്ട് ചെയ്തിട്ടുള്ള കാര്യങ്ങളല്ല. വിവാഹത്തിനു ശേഷവും പുരുഷന് ലൈംഗികസംതൃപ്തിക്കുള്ള ഏകമാര്‍ഗം ബലാല്‍സംഗമാണെന്നു കരുതിയിരുന്ന കാലത്തു നിന്ന് പെണ്ണിന്‍റെ ദേഹത്തു തൊടുന്നതിനു മുമ്പ് അവള്‍ക്കത് സമ്മതമാണോ എന്നറിയണം എന്ന തിരിച്ചറിവിന്‍റെ കാലത്തേക്ക് നമ്മള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെയാവണം അന്നത്തെ സിനിമയിലും സാഹിത്യത്തിലുമൊക്കെ റേപിനെ അതീവലാഘവത്തോടെ കണ്ടിരുന്നതും നായകഗുണങ്ങളോടൊപ്പം എണ്ണിയിരുന്നതും.

പറഞ്ഞുവരുന്നത്, സിനിമയിലും ടെലിവിഷനിലും ഇത്തരം സീനുകളുടെ കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിനു നടത്താവുന്ന ഇടപെടലുകളെക്കുറിച്ചാണ്. പുകവലി സീനുകള്‍ക്കു കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതിലൂടെ രാജ്യത്ത് യുവാക്കളുടെ ഇടയിലെ പുകവലി ഗണ്യമായി കുറയ്‍ക്കാന്‍ സാധിച്ചു എന്നത് തെളിയിക്കപ്പെട്ടതാണ്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ചിത്രീകരിക്കുന്ന രംഗങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പരിഗണിക്കേണ്ടിയിരിക്കുന്നു. ‘സ്ത്രീ അമ്മയണ്, ദേവിയാണ്’ എന്ന പതിവു പല്ലവി അവസാനിപ്പിച്ച്, എങ്ങനെ ഒരു സ്ത്രീയോട് പെരുമാറണം എന്നത് സ്കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ടതും ആവശ്യമാണ്. കാരണം, നമുക്ക് അതറിയില്ല. ലോകം ഇന്നോ നാളെയോ അവസാനിക്കാന്‍ സാധ്യതയില്ലെന്നിരിക്കെ ലൈംഗികവിദ്യാഭ്യാസമാണ് വധശിക്ഷയെക്കാള്‍ ഗുണകരം.

പ്രേക്ഷകരുടെ മന:ശാസ്ത്രം

അളിയാ അറിഞ്ഞില്ലേ ?

എന്തുവാടേ ?

മംമ്ത മോഹന്‍ദാസ് ഡൈവോഴ്സ് ചെയ്യാന്‍ പോകുന്നു…

ഏത് നമ്മടെ സിനിമാനടി ?

അതേന്നെ.. നീ മൈ ബോസ് കണ്ടില്ലാരുന്നോ ?

ഇല്ല, നാളെത്തന്നെ കണ്ടേക്കാം…

പടം കണ്ടപ്പോഴേ എനിക്ക് ഒരു ഡൈവോഴ്സ് മണത്തു..

ഉവ്വോ ? അതെങ്ങനെ ?

പെണ്ണുങ്ങളുടെ ബോഡീ ലാംഗ്വേജീന്നു നമുക്ക് പലതും പിടികിട്ടും..

അതിനവര് അതിലഭിനയിക്കുവല്ലേ ? പിന്നെന്ത് ബോഡി ലാംഗ്വേജ് ?

അഭിനയിക്കുമ്പോഴും ബോഡി ലാംഗ്വേജില്‍ മാറ്റം വരുത്താന്‍ പറ്റില്ലെടേ..

മഞ്ജു വാരിയരും ദിലീപും തമ്മില്‍ പിരിഞ്ഞു എന്ന് ഒരു 100 വട്ടമെങ്കിലും നീയെനിക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്.. എന്നിട്ടെന്തായി ?

അത് എനിക്കിപ്പോഴും പിടികിട്ടാത്ത ഒരു പ്രശ്നമാണ്… എന്‍റെ കണക്കുകൂട്ടലനുസരിച്ച് അവര് പിരിയാനുള്ള ടൈം കഴിഞ്ഞു.. ഒന്നുകില്‍ രണ്ടുപേരും ചുമ്മാ അഭിനയിക്കുന്നു… അല്ലെങ്കില്‍ ദിലീപ് ഭീഷണിപ്പെടുത്തി മഞ്ജുവിനെ അങ്ങനെ നിര്‍ത്തിയിരിക്കുന്നു…

എന്താ ഇപ്പോ ഈ ഡൈവോഴ്സിനു കാരണം ?

അതാ ഞാനീ സേര്‍ച്ച് ചെയ്തോണ്ടിരിക്കുന്നേ ?

എന്നിട്ടു വല്ലതും കിട്ടിയോ ?

ഉഡായ്‍പ് ന്യായങ്ങളാ പറഞ്ഞിരിക്കുന്നേ…

എന്നു വച്ചാല്‍ ?

ഓ… രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നോ… സന്തോഷത്തോടെയാണ് പിരിയുന്നതെന്നോ..

അതിലെന്തോന്നാ ഉഡായ്‍പ് ?

ഒന്നു പോടാ ഉവ്വേ… സംഗതി വേറെന്തെങ്കിലും കാര്യമായിട്ടു കാണും…

എന്നു വച്ചാല്‍ ?

അവിഹിതം.. അവിഹിതം..

അത് നിനക്കെങ്ങനെ അറിയാം ?

നീയേത് ലോകത്താടാ ഉവ്വേ ജീവിക്കുന്നത് ? സിനിമേല്‍ മൊത്തം അവിഹിതമല്ലേ ? ആളുകള്‍ സിനിമേലോട്ട് പോകുന്നത് തന്നെ ഇതിനല്ലേ ?

അല്ല… നീയിന്ന് എറണാകുളത്തിനു പോകുന്നെന്നു പറഞ്ഞിട്ട് പോയില്ലേ ?

രാവിലെ എണീറ്റപ്പോഴാ ഈ വാര്‍ത്ത കണ്ടത്… പിന്നിവിടിരുന്നു… വല്ലപ്പോഴുമല്ലേ ഇങ്ങനോരോന്നു വീണു കിട്ടുന്നത്…മാതൃഭൂമിലെന്‍റെയൊരു ഫ്രണ്ടുണ്ട്… ശരിക്കുമുള്ള കാരണമറിയാന്‍ ഞാനവരെ വിളിച്ചു നോക്കി…അവനൊന്നും അറിയില്ലാന്നാ പറയുന്നത്… സാരമില്ല… അടുത്താഴ്ച ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് ഇതിന്‍റെ സത്യം തെളിയിച്ചോളും…

അങ്ങേര്‍ക്കിപ്പോ ഇതാണോ പണി ?

എന്തുവാടേ ഒരു പുച്ഛം ? ലക്ഷക്കണക്കിന് ആളുകള്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളാ ബ്രിട്ടാസേട്ടന്‍ ആ പരിപാടീല്‍ ചോദിക്കുന്നത്…

അല്ല…പിരിയാന്‍ ശരിക്കും വേറൊരു കാരണമുണ്ടെന്നു നിനക്കു തോന്നാനെന്താ കാരണം ?

ഇതൊക്കെ നമുക്കറിയില്ലേ ? ലെവള്‍ടെ കല്യാണം കഴിയുമ്പോഴേ എനിക്കറിയാരുന്നു പിരിയൂന്ന്… രണ്ടു വര്‍ഷമാണ് ഞാനിട്ട ടൈം… ദേ ഇപ്പോ ഒരു വര്‍ഷമായപ്പോഴേക്കും സംഗതി റെഡി…

അവര് പിരിയുന്നെങ്കില്‍ തന്നെ നിനക്കൊക്കെ എന്ത് ? അതവരുടെ കാര്യം.

ഡേയ്, ഡേയ്… എളക്കല്ലേ… അവനൊരു പ്രൈവസി പോളിസിക്കാരന്‍..,.. ഇതൊക്കെ അറിയാനും പറയാനും താല്‍പര്യമുള്ളവരാണ് ലോകത്തെല്ലായിടത്തുമുള്ളവര്‍,… അവര് പിരിഞ്ഞോട്ടെ… പിരിയാനുള്ള കാരണങ്ങള്‍ അറിയാനുള്ള അവകാശം പ്രേക്ഷകരായ ഞങ്ങള്‍ക്കുണ്ട്…

അതെന്തവകാശം ?

കാശുകൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുന്നതിന്‍റെ അവകാശം…

സിനിമ കാണാന്‍ കാശു കൊടുക്കുന്നവന് നടിയുടെ ജീവിതത്തില്‍ എന്തവകാശം ?

സിനിമാനടിമാര്‍ക്ക് കുടുംബം പറ്റത്തില്ല… അങ്ങനെ ആരെങ്കിലും കുടുംബമായിട്ട് സന്തോഷമായിട്ട് ജീവിക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണ്… ഇനി ഡൈവോഴ്സാകാന്‍ വളരെ കുറച്ചുപേരേയുള്ളൂ… ബാക്കിയെല്ലാം കട്ടപ്പൊക…

ഇവരൊക്കെ പിരിയുന്നു എന്നു കേള്‍ക്കുമ്പോള്‍ നിനക്കു ഭയങ്കര സന്തോഷമാണല്ലോ ?

പിന്നല്ലാതെ ? വല്ല ഉദ്ഘാടനത്തിനും വരുമ്പോള്‍ നമ്മളൊന്നു തൊടാനോ പിടിക്കാനോ ചെല്ലുമ്പോ എവള്‍ടെയൊക്കെ ജാഡ കാണണം…ഹൊ… നമ്മളൊക്കെ വെറും പുഴുക്കള്‍…, അതുകൊണ്ട് ഏത് നടി ഡൈവോഴ്സായെന്നു കേട്ടാലും ഞാന്‍ ഹാപ്പിയാ… ഞാനത് മാക്സിമം ഷെയര്‍ ചെയ്യും..

ചീപ്പാണളിയാ… നടിയാവുക എന്നത് ഒരു കുറ്റകൃത്യമല്ല.. അതൊരു തൊഴിലാണ്..

പോഡേ,പോഡേ.. നിനക്കു പ്രേക്ഷകരുടെ മനശാസ്ത്രം അറിയില്ല… ഒരു നടി ഡൈവോഴ്സ് ചെയ്യുകയെന്നു പറയുമ്പോള്‍.. പ്രേക്ഷകന് എന്തൊക്കെയോ സ്വന്തമാകുന്ന പോലെയൊരു ഫീലിങ്ങാണ്…ഒരുത്തി കല്യാണം കഴിക്കൂന്നൂന്ന് കേള്‍ക്കുമ്പോ അത്രയ്‍ക്ക് സങ്കടോമുണ്ട്…

അതൊക്കെ സമ്മതിച്ചു… പക്ഷെ,വിവാഹമോചനത്തിന് വേറെ നിഗൂഢമായ കാരണങ്ങളുണ്ടെന്നു പറയുന്നതിന്‍റെ കാരണമാണ് മനസ്സിലാവാത്തത്..

അതിപ്പോ.. കാവ്യേടെ കേസ് തന്നെയെടുക്കാം…അവര് പിരിയുമ്പോ എന്തു രസമായിരുന്നു… എന്തൊക്കെ കഥകളാ പത്രത്തില്‍ വന്നത്… പിന്നെ കോടതി,ബഹളം… പിരിയുമ്പോ അതുപോലെ വേണം… ഇതു ചുമ്മാ ഒരുമാതിരി.. ആളെ വടിയാക്കാന്‍..

അപ്പോ ആരാന്‍റമ്മയ്‍ക്ക് പ്രാന്ത് വന്നാല്‍… ല്ലേ ?

അതേന്നു വച്ചോ… ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ശരി… അപ്പോ നീയും വികാരം കൊള്ളാന്‍ പാടില്ല… അങ്ങനെയാണ് അതിന്‍റെയൊരു നീതി..

എനിക്കൊരു വികാരോമില്ല… കാരണം, മര്യാദയ്‍ക്ക് ജീവിക്കാന്‍ എനിക്കറിയാം….

എന്നിട്ടാണോ നിന്‍റെ ഭാര്യ രണ്ടു വര്‍ഷമായിട്ട് അവരടെ വീട്ടില്‍ നില്‍ക്കുന്നത് ?

ഡേയ്, ഡേയ്.. അതീത്തൊട്ടു കളിക്കരുത്…

എന്നാ വേണ്ട… വന്ന കാര്യം തന്നെ പറഞ്ഞേക്കാം…. നിന്‍റെ പെങ്ങളുണ്ടല്ലോ… രണ്ടു പിള്ളേരേം കെട്ടിയോനേം ഉപേക്ഷിച്ച് ഇന്നലെ രാത്രി മൊബൈല്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയി…

തോന്ന്യാസം പറയുന്നോ ?

വികാരം കൊള്ളാതെഡേ… ഇത് ഞാന്‍ പറഞ്ഞതല്ല… അവള് തന്നെ എഴുതിവച്ച കത്തിലുള്ളതാ… അവള്‍ടെ കെട്ടിയോന്‍, അതായത് നിന്‍റെ അളിയന്‍… പൊലീസില്‍ കേസും കൊടുത്തിട്ടുണ്ട്… നാട്ടുകാരൊക്കെ അറിഞ്ഞു… ആകെ നാറിക്കോണ്ടിരിക്കുന്നു…

ഡേയ്… പ്ലീസ്..സംഗതി പുറത്താരോടും പറയരുത്… അളിയനെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കണം…

ഹഹഹഹഹഹഹ…. നിന്‍റെ പെങ്ങള്‍ക്ക് വേറം അവിഹിതങ്ങളൊണ്ടെന്നും എല്ലാം മറച്ചുവച്ച് തലേല്‍ കെട്ടിവച്ചതാണെന്നും പറഞ്ഞ് അളിയനിങ്ങോട്ട് വരുന്നുണ്ട്…

ഡാ… നീയെന്നെ സഹായിക്കണം… ഞാന്‍ കാലുപിടിക്കാം… അളിയനെ നീ തണുപ്പിക്കണം… പിന്നെ, പെങ്ങള് പോയത് പത്രത്തിലൊന്നും വരാതെ നോക്കണം…

മാതൃഭൂമില് നിന്‍റെ ഫ്രണ്ടില്ലേ ? വിളിച്ചു പറ കൊടുക്കരുതെന്ന്…

ശവത്തില്‍ കുത്തരുത്…

ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ഡേയ്… നീയായിട്ട് നമ്മുടെ ഓഫിസിലൊന്നും ചെന്ന് പറയരുത് ഇത്…

ഞാന്‍ പറയും… കോളജില്‍ അവള്‍ പഠിക്കുമ്പോ അവള്‍ടെ ഭരതനാട്യം കാണാന്‍ മിനക്കെട്ടിരുന്നിട്ടുണ്ട് ഞാന്‍…, പ്രേക്ഷകന്‍റെ അവകാശം വച്ച് ഞാനിത് എല്ലാവരോടും പറയും… കെട്ടിയോനും പിള്ളേരുമുള്ള ഒരുത്തി.. അതും പഴയ കോളജ് ബ്യൂട്ടി…. മൊബൈല്‍ ഫോണ്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയെന്നു പറയുമ്പോ… അതൊരു ഹരമല്ലേ ? നിനക്കീ പ്രേക്ഷകരുടെ മനശാസ്ത്രം ഒന്നുമറിയില്ലേ ?

പ്ലീസ്…

നിന്‍റെ പെങ്ങടെ ഒരു ഫോട്ടോ തരാമോ ? ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടാനാ… ആളുകള്‍ ഷെയര്‍ ചെയ്തു മരിക്കും…

എറങ്ങിപ്പോടാ പട്ടീ….

ശരി… ഗുഡ്ബൈ… നമുക്കും ഡൈവോഴ്സ് ചെയ്യാം… എനിക്കെന്‍റെ വഴി, നിനക്ക് നിന്‍റെ വഴി…

എന്തുവാടേ ഇത് ? അതും ഈ സമയത്ത് ?

നമ്മള്‍ ചേര്‍ന്നുപോയാല്‍ ശരിയാവില്ലെടേ… ഞാന്‍ പണിയെടുക്കുന്നു… നീയിവിടെയിരുന്നു ഫേസ്ബുക്കില്‍ ഗോസിപ്പ് ഷെയര്‍ ചെയ്യുന്നു… നമ്മളെങ്ങനെ പാര്‍ട്ട്നര്‍ഷിപ് ബിസിനസ് നടത്തും ? നമുക്ക് പിരിയാം…

എന്‍റെയീ പ്രശ്നങ്ങളൊന്നു സോള്‍വ് ചെയ്തിട്ടു പോരേ ? നമുക്ക് എല്ലാം പരിഹരിക്കാം…

വേണ്ട… ഇതാണ് ബെസ്റ്റ് ടൈം… ഇപ്പോ പിരിയുമ്പോള്‍… നിന്‍റെ പെങ്ങളുമായി എനിക്കും അവിഹിതമുണ്ടായിരുന്നെന്ന് ആളുകള്‍ വിചാരിച്ചോളും… അവര്‍ക്കിതൊക്കെയല്ലേ അളിയാ ഒരു രസം…

പ്ലീസ്…

പിന്നേ… ഒളിച്ചോടിയ മൊബൈല്‍ കാമുകിമാരെപ്പറ്റി ബ്രിട്ടാസിനോട് ഒരു ഷോ ചെയ്യാന്‍ പറയെടേ… കേരളത്തിലെ ലക്ഷോപലക്ഷം ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം കിട്ടും…

അളിയാ….

വിടളിയാ…..

ശ്വേതയും ബ്ലെസിയും അറിയുന്നതിന്

കളിമണ്ണ് എന്ന സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും പരമാവധി പബ്ലിസിറ്റി അതിനു ലഭിച്ചു കഴിഞ്ഞു. നടിയുടെ പ്രസവം ചിത്രീകരിക്കുന്നതിലൂടെ ബ്ലെസിയും പ്രസവശേഷം ചോരക്കുഞ്ഞുമായി ഓടിനടന്ന് മാക്സിമം പബ്ലിസിറ്റിക്കു ശ്രമിക്കുന്ന ശ്വേതയും മാതൃത്വത്തിന്‍റെ മഹത്വം പുതുതലമുറയിലെ മനസാക്ഷിയില്ലാത്ത ദുഷ്ടന്‍മാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുമെന്നാണ് സങ്കല്‍പം. എന്നാല്‍, പ്രസവചിത്രീകരണത്തിന്‍റെ ധാര്‍മികതയും പിറന്നുവീഴുന്ന നിമിഷം മുതല്‍ ചിത്രീകരിക്കപ്പെടുന്ന കുഞ്ഞിന്‍റെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബ്ലെസിയും ശ്വേതയും പ്രകോപിതരാവുന്നു എന്നതാണ് വിചിത്രമായ കാര്യം.

ബ്ലെസി പ്രസവം ചിത്രീകരിക്കുകയും ലേബര്‍ റൂം ജേണലിസ്റ്റുകള്‍ അത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുറപ്പില്ലാത്തതുകൊണ്ടാണോ എന്തോ നാഴികയ്‍ക്ക് നാല്‍പത് വട്ടം സംവിധായകനും നടിയും ജേണലിസ്റ്റുകളും മാതൃത്വത്തിന്‍റെ മഹത്വം ലോകത്തിനു കാട്ടിക്കൊടുക്കുക എന്ന ചരിത്രദൗത്യത്തെപ്പറ്റി സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിന്‍റെ യുക്തിയെപ്പറ്റിയുള്ള ഏതാനും സംശയങ്ങള്‍ അന്ന് ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. ചോരക്കുഞ്ഞിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുമ്പോഴും പൂത്തുലയുന്നത് മാതൃത്വത്തിന്‍റെ മഹത്വമാണെന്നാണ് പുതിയ പാഠം. മാതൃത്വമെന്ന വാക്ക് ഓരോ വാക്യത്തിലും ഉപയോഗിക്കുന്നതുകൊണ്ട് ഇതെല്ലാം മഹത്തരമാകുമോ എന്ന കര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.

ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്പോഴും വ്യക്തിപരമായ നിലപാടെടുക്കുമ്പോഴും മൂന്നു ചോദ്യങ്ങളാണ് നമ്മെ പ്രതിരോധിക്കുന്നത്. 1.ശ്വേത പ്രസവവും മാതൃത്വവും മാര്‍ക്കറ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ നമ്മളും സോ കോള്‍ഡ് മോറല്‍ പോലീസിങ്ങല്ലേ ചെയ്യുന്നത് ? 2. ഇതെല്ലാം ശ്വേതയുടെ സ്വകാര്യജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളാകയാല്‍ നമ്മളെ സംബന്ധിച്ച് നണ്‍ ഓഫ് അവര്‍ ബിസിനസല്ലേ ? 3.ശ്വേതയെ അഭിനന്ദിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്യുമ്പോഴല്ലേ നമ്മള്‍ പരിഷ്കാരികളാവുന്നത് ?

ശ്വേത എന്തു ചെയ്യുന്നതും ശ്വേതയുടെ മാത്രം കാര്യമാണ്. പക്ഷെ, ജനകീയ മാധ്യമമായ സിനിമയ്‍ക്കു വേണ്ടി ഇത്തരം ഒരു കാര്യം ചെയ്യുമ്പോള്‍ അത് മുന്നോട്ടു വയ്‍ക്കുന്ന മാതൃക ചലച്ചിത്രപ്രവര്‍ത്തകരും മനുഷ്യാവകാശ കമ്മിഷനും സാംസ്കാരികപ്രവര്‍ത്തകരും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. സെബാസ്‍റ്റ്യന്‍ പോളും സ്പീക്കര്‍ ജി.കാര്‍ത്തികേയനും ഇതെപ്പറ്റി വിമര്‍ശനമുന്നയിച്ചതാണ് ഇപ്പോള്‍ ശ്വേതയെയും ബ്ലെസിയെയുമൊക്കെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്വേതയുടെ പ്രസവവും അനുബന്ധ വിവരങ്ങളുമൊക്കെ സ്വകാര്യജീവിതത്തിന്‍റെ ഭാഗമല്ലാതാകുന്നത് അത് ശ്വേതയുടെ അറിവോടും സമ്മതത്തോടും കൂടി മാധ്യമങ്ങളില്‍ വലിയ ഫീച്ചറുകളും അഭിമുഖങ്ങളുമൊക്കെയായതുകൊണ്ടാണ്. താന്‍ ചെയ്യുന്നതെല്ലാം മാതൃത്വത്തെ മഹത്വവല്‍ക്കരിക്കാനാണ് എന്ന് മാധ്യമങ്ങളിലൂടെ ശ്വേത പ്രഘോഷിക്കുമ്പോള്‍ സമൂഹത്തിന് അതില്‍ പ്രതികരിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ട്.

ഇവിടെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന പ്രധാനചോദ്യം ശ്വേതയുടെ ജീവിതം, ശ്വേതയുടെ കുഞ്ഞ്- തനിക്കൊക്കെ എന്താ ചേതം ? എന്നതായിരിക്കും. പുരോഗമനവാദികളായും പരിഷ്കാരികളായും നടിക്കുന്നവര്‍ അപരിഷ്കൃതരാവുന്നത് അവിടെയാണ്. സ്വകാര്യതയും മനുഷ്യാവകാശവും ഏറെക്കുറെ ഒരുമിച്ചു പോവുന്ന ഘടകങ്ങളാണ്. ശ്വേതയുടെ സ്വകാര്യജീവിതത്തെപ്പറ്റി വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ആ സ്ത്രീയുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുകയാണ് എന്നു വേണമെങ്കില്‍ വാദിക്കാം- പ്രസവം എന്ന പ്രക്രിയ ആരംഭിക്കുന്ന നിമിഷം വരെ മാത്രം. മറ്റൊരു ജീവന്‍ ഭൂമിയിലേക്കു കടന്നുവരുന്നതിനെയാണ് പ്രസവം എന്നു വിശേഷിപ്പിക്കുന്നതെങ്കില്‍ ആ സീനില്‍ മൂന്നാമതൊരു വ്യക്തി കൂടിയുണ്ട്- പിറന്നു വീഴുന്ന കുഞ്ഞ്. ശ്വേതയുടെ കുഞ്ഞ് എന്നു പറയുന്ന വ്യക്തിയുടെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ആരു സംരക്ഷിക്കും ?അങ്ങനെയൊന്നുണ്ടോ എന്നു നെറ്റിചുളിക്കുന്ന സാംസ്കാരികനവമുകുളങ്ങളെ പുരോമനവാദികള്‍ എന്നു വിളിക്കുന്നത് എത്ര അപക്വമായിരിക്കും.

ലോകത്ത് ആദ്യമായാണ് ഒരു നടി തന്‍റെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്നത് എന്ന് അന്ന് ലേബര്‍ റൂം ജേണലിസ്റ്റുകള്‍ എഴുതിയിരുന്നു. പരീക്ഷണങ്ങളുടെ പറുദീസയായ ഹോളിവുഡിലോ മറ്റേതെങ്കിലും രാജ്യത്തോ ഇത്തരം ഒരു ശ്രമം മറ്റൊരു നടിയും നടത്താത്തത് എന്തുകൊണ്ടാണ് ? ഉത്തരം ലളിതമാണ്- അവിടെ ജീവനോടുള്ള ആദരം വലുതാണ്. പിറന്നുവീഴുന്ന ഒരു കുഞ്ഞിനെ ഒരു വ്യക്തിയായി കാണുന്ന ആ രാജ്യങ്ങളില്‍ ആ കുരുന്നിന്‍റെ സ്വകാര്യതയ്‍ക്കും രക്ഷാകര്‍തൃത്വത്തിനും വലിയ വിലയാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇവിടെ മാതൃത്വതതിന്‍റെ മഹത്വം പുലമ്പുന്ന സംവിധായകനും നടിയും ചെയ്ത പ്രവൃത്തി അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കില്‍ രണ്ടും അകത്തുപോയെനെ. ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന സര്‍ക്കാരുകളാണ് പരിഷ്കൃതരാജ്യങ്ങളിലുള്ളത്. ഇന്ത്യാക്കാരായ അനുരൂപ് ഭട്ടാചാര്യയും സാഗരികയും കുഞ്ഞുങ്ങളെ വളര്‍ത്തിയ ശൈലിയെ അശാസ്ത്രീയമാണെന്നു കണ്ടെത്തി, സ്വീഡനില്‍ ആ ദമ്പതികളില്‍ നിന്നു കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തത് മാധ്യമങ്ങളില്‍ നമ്മള്‍ വായിച്ചതാണ്.

സ്പീക്കറും സെബാസ്റ്റ്യന്‍ പോളും പറഞ്ഞത് ഇതേ കാര്യങ്ങളാണ്. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നെന്നും ധാര്‍മികതയുടെ അധപതനം ആണിത് കാണിക്കുന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കും. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല- സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ വളരെ ഗൗരവമുള്ളത് തന്നെയാണ്. എന്നാല്‍ അതിന് ശ്വേതയും ബ്ലെസിയും നല്‍കിയിട്ടുള്ള മറുപടികള്‍ മാതൃത്വത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നതിലുള്ള അവരുടെ ആത്മാര്‍ത്ഥത പൂര്‍ണമായും വെളിച്ചത്തുകൊണ്ടുവരുന്നുണ്ടോ എന്നു സംശയമാണ്.

ബ്ലസ്സി എന്ന സംവിധായകന്‍ കച്ചവടത്തിനുവേണ്ടി ഇത്തരമൊരു സിനിമ എടുക്കുമെന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതുവരെ ബ്ലസി ചെയ്ത സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്നു കണ്ടെത്തുകയും ചെയ്യുകയാണ് എന്ന ശ്വേതയുടെ പ്രസ്താവന പരിതാപകരമാണ്. ഒന്നുകില്‍ ബ്ലെസി എടുത്തിട്ടുള്ള സിനിമകള്‍ ശ്വേത കണ്ടിട്ടില്ല. അല്ലെങ്കില്‍ അദ്ദേഹം മലയാള സിനിമയിലെ കുറസോവയോ മറ്റോ ആണെന്ന് നടി തെറ്റിദ്ധരിച്ചിരിക്കുന്നു. സിനിമ തന്നെ കച്ചവടമാണ് എന്നിരിക്കെ ബ്ലെസിയുടെ സിനിമകളില്‍ കച്ചവടമില്ല എന്നു വാദിക്കാന്‍ ശ്രമിക്കുന്ന ശ്വേത നിലപാട് വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഒരു മെഡിക്കല്‍-അക്കാദമിക് ചിത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് മാധ്യമങ്ങളിലൂടെ അതിനിത്ര പബ്ലിസിറ്റിക്കു ശ്രമിക്കുന്നു ?

ചോരക്കുഞ്ഞുമായി ക്യാമറ ഫ്ലാഷുകള്ക്കു മുന്നിലേക്ക് ഓടിയെത്തുന്ന ശ്വേത തന്‍റെ ശ്രമങ്ങളെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടി കേരളത്തിലെ സ്ത്രീസമൂഹത്തിന്‍റെ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. കാലം മാറിയെന്നും സ്ത്രീകളില്‍ പലരും പ്രസവിച്ചു വൈകാതെ ജോലിക്കുപോലും പോകേണ്ട അവസ്ഥയാണെന്നും പലരും ജോലി സ്ഥലത്തു കുഞ്ഞുങ്ങളെ കൊണ്ടുവരാറുണ്ടെന്നുമുള്ള കാര്യം ഇവരെപ്പോലുള്ളവര്‍ മനസ്സിലാക്കണം- ശ്വേത പറയുന്നു. കേരളത്തിലെ പൊതുസമൂഹത്തിലെ സ്ത്രീയെപ്പറ്റി ശ്വേതയ്‍ക്കു വലിയ പിടിയില്ല എന്നതു വ്യക്തമാണ്. ഇവിടെ പ്രസവാവധിയും മറ്റും സര്‍ക്കാര്‍ നല്‍കുന്നത് മാതൃത്വത്തിന്‍റെ മഹത്വം ജി.കാര്‍ത്തികേയനെപ്പോലെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാണ്. അത് മനസിലാക്കാന്‍ സിനിമ കണ്ടതുകൊണ്ടോ സിനിമ ഉണ്ടാക്കിയതുകൊണ്ടോ കാര്യമില്ല.

പരിശുദ്ധനായ സംവിധായകന്‍ ബ്ലെസിയും പ്രകോപിതനാണ്. പ്രസവത്തിന്‍റ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം അവസ്ഥയുണ്ടായാല്‍ ഈ പണി നിര്‍ത്തുമെന്നും പറയുന്ന ബ്ലെസിക്ക് ആത്മാര്‍ത്ഥത എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ എന്നു സംശയമാണ്. പ്രസവം ചിത്രീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ ഉദ്ഘോഷിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ ഇത്തരം ഡയലോഗുകള്‍ വച്ചു കീറുന്ന വിശുദ്ധന്‍റെ തൊലിക്കട്ടിക്ക് പ്രണാമം. കഴിഞ്ഞിട്ടില്ല പ്രഘോഷണം. മനുഷ്യന്‍ മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന സാമൂഹികാവസ്ഥയുള്ള കേരളത്തില്‍ സാംസ്കാരികമായ ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെയും ഇണയെയും മക്കളെയുമൊന്നും കൊല്ലാന്‍ മടിയില്ലാത്ത മലയാളികള്‍ ഇന്നുണ്ട്. പിതാവ് മകളെ പീഡിപ്പിക്കുന്ന കഥകള്‍ നിത്യവും പുറത്തുവരുന്നു. അതുകൊണ്ട് അമ്മ എന്ന സ്ഥാനത്തിന്‍റെ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള സ്ത്രീയുടെ ബന്ധത്തിന്‍റെ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്‍റെ ലക്‍ഷ്യം- ബ്ലെസി പറയുന്നു.

ഒരു സ്ത്രീയുടെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കുന്നതിലൂടെ ഈ മനുഷ്യനും മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ആളുകള്‍ക്കു തോന്നുമ്പോള്‍ പ്രകോപിതനായിട്ടു കാര്യമില്ല. സാംസ്കാരിക ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറയുന്ന സംവിധായകന് സെബാസ്റ്റ്യന്‍ പോളും കാര്‍ത്തിയേകനുമൊക്കെ നടത്തിയത് സാംസ്കാരിക ഇടപെടലായി കാണാനാവുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്. എന്തൊക്കെ ചെയ്താലും മനുഷ്യത്വവും സംസ്കാരവും ബലി കഴിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് മലയാള സിനിമ ഇന്നു വരെ വേദിയായിട്ടില്ല. ബ്ലെസിയുടെ സിനിമ കൊണ്ടുവരാന്‍ പോകുന്നത് എത്ര ഉന്നതമായ സന്ദേശമാണെങ്കിലും ആ സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിലും അതിന്‍റെ മാര്‍ക്കറ്റിങ്ങിലുമായി സമൂഹത്തിനു പകര്‍ന്നു നല്‍കിയിരിക്കുന്നത് വളരെ മോശം സന്ദേശങ്ങളാണ്. സിനിമയുടെ പേരുപോലെ പ്രേക്ഷകരുടെ തലയിലും കളിമണ്ണ് മാത്രമാണെന്നു വിചാരിക്കുന്നത് ബുദ്ധിമാനെന്നു കരുതുന്ന ഒരു സംവിധായകനു ചേര്‍ന്നതല്ല.

ഒരു കാഥികന്‍റെ കദനം

മാനുഷികവും ധാര്‍മികവുമായ അവശതയനുഭവിക്കുന്ന സൂപ്പര്‍ താരങ്ങളുടെ പല്ലക്കു ചുമക്കുന്ന സംഘടനാഭാരവാഹികള്‍ ഇനി ഈ മനുഷ്യന്‍റെ കാര്യത്തില്‍ എപ്പോഴാണ് ഇടപെടാന്‍ പോകുന്നത് ? രണ്ട് ഇരിഞ്ഞാലക്കുടക്കാര്‍ ചേര്‍ന്നു ഭരിക്കുന്ന അമ്മ സംഘടന ഡോ.മന്‍മോഹന്‍സിങ്ങിന്‍റെ എക്കണോമിക്സ് പ്രകാരം പാവങ്ങളുടെ വയറ്റത്തടിക്കുന്ന സാമ്പത്തികപരിഷ്കാരങ്ങളുടെ വഴിയേ അല്ലെങ്കില്‍ സൂപ്പറുകളോളം സീനിയറായ ഈ കലാകാരന്‍റെ അപേക്ഷ ഫയലില്‍ നിന്നെടുത്ത് പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. ഒരു കാലത്ത് മലയാളികളെ കുടുകുടാ ചിരിപ്പിച്ച നമ്മുടെ വി.ഡി.രാജപ്പന്‍ കിടപ്പിലാണ്. മൃഗങ്ങളിലൂടെ മനുഷ്യരുടെ ഒരായിരം കഥകള്‍ പറഞ്ഞ അദ്ദേഹത്തിന് ഒട്ടും ചിരി വരാത്ത ഒരേയൊരു കഥയേ ഇനി പറയാനുള്ളൂ- വി.ഡി.രാജപ്പന്‍റെ കഥ.

കോമഡി സ്റ്റാറുകളുടെ കാലത്ത് വി.ഡി.രാജപ്പന് എന്താണ് പ്രസക്തി എന്നു ചോദിച്ചാല്‍ ഒരു പ്രസക്തിയുമില്ല. എന്നാല്‍, പാരഡി കഥാപ്രസംഗങ്ങളിലൂടെ, അവയുടെ അനേകം അനേകം കസെറ്റുകളിലൂടെ രണ്ടു പതിറ്റാണ്ടോളം കേരളക്കരയുടെ ഹാസ്യസാമ്രാട്ടായി പറന്നു നടന്ന കലാകാരനാണ് വി.ഡി.രാജപ്പന്. ആരെയും കൊതിപ്പിക്കുന്ന പാരഡി ഗാനങ്ങളായിരുന്നു വി.ഡി.രാജപ്പന്‍റെ മുഖമുദ്ര. വി.ഡി.രാജപ്പന്‍റെ പാരഡി ഗാനങ്ങളിലൂടെ അവയുടെ ഒറിജിനലുകളെപ്പോലും അറിയുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തിനു പുറമേ ഗള്‍ഫ് നാടുകളിലും ആയിരക്കണക്കിനു വേദികളില്‍ അദ്ദേഹം കഥാപ്രസംഗം അവതരിപ്പിച്ചിട്ടുണ്ട്.

പാരഡി ഗാനങ്ങള്‍ എഴുതി തന്‍റെ പ്രത്യേകതയുള്ള ശബ്ദത്തില്‍ എല്ലാവിധ എഫക്ടുകളോടും കൂടി ആലപിച്ചിരുന്ന വി.ഡി.രാജപ്പന്‍റെ കഥകളില്‍ പോത്തും എരുമയും തവളയും കോഴിയുമൊക്കെയായിരുന്നു പ്രധാനകഥാപാത്രങ്ങള്. അവയൊക്കെ കസെറ്റ് രൂപത്തില്‍ വമ്പന്‍ ഹിറ്റുകളുമായി എന്നത് രാജപ്പനെ കേട്ടിട്ടുള്ള തലമുറ മറന്നുപോവുകയുമില്ല. ‘കല്ലെടുത്തു കീച്ചരുതേ നാട്ടാരേ… എല്ലുവലിച്ചൂരരുതേ നാട്ടാരേ..’ എന്ന ആമുഖഗാനത്തോടെ രാജപ്പന്‍ കഥാപ്രസംഗം തുടങ്ങുമ്പോള്‍ കയ്യടികൊണ്ട് ജനസാഗരം എതിരേറ്റിരുന്ന കാലം പോയി, ആ ജനവും മൈതാനങ്ങളും പോയി, രോഗവും ദൂരിതങ്ങളും പാരഡിയില്ലാതെ കൂടെക്കൂടിയിട്ട് കാലങ്ങളായി. തൊണ്ണൂറുകളിലിറങ്ങിയ ‘അമിട്ട്’ ആണെന്നു തോന്നുന്നു വി.ഡി.രാജപ്പന്‍റെ അവസാനത്തെ സൂപ്പര്‍ഹിറ്റ് പാരഡി കഥാപ്രസംഗം.

ഇപ്പോള്‍ എന്താണ് അവസ്ഥയെന്നു ചോദിച്ചാല്‍ അദ്ദേഹത്തിനു വയ്യ. ആരോഗ്യപ്രശ്നങ്ങളോടൊപ്പം സാമ്പത്തികപ്രശ്നങ്ങളുമുണ്ട്. വിശ്രമമില്ലാതെ മൈക്കിലൂടെ കഥകള്‍ പറഞ്ഞു നടന്നതുമൂലം കേള്‍വിശക്തിക്കു പണ്ടേ ചെറിയ തകരാര്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 90% കേള്‍വിശക്തിയും നഷ്ടമായി. പ്രമേഹവും അതുമൂലമുള്ള അനുബന്ധ അസുഖങ്ങളുമാണ് കലശലായുള്ളത്. കോട്ടയം ജില്ലാ ആശുപത്രിയില്‍ നഴ്‌സ് ജോലിയില്‍നിന്നു വിരമിച്ച ഭാര്യ സുലോചനയുടെ പരിചരണത്തില്‍ പേരൂരിലെ തച്ചന ഇല്ലം വീട്ടില്‍ വി.ഡി.രാജപ്പന്‍ ഉണ്ട്. അവശനാണെങ്കിലും അവശകലാകാരന്മാര്‍ക്കുള്ള പെന്‍ഷന്‍ പോലും അദ്ദേഹത്തിനില്ല. സഹായത്തിനായി അമ്മ സംഘടനയ്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. കഥാപ്രസംഗക്കാരനെ എന്തിന് അമ്മ സഹായിക്കണം എന്നു ചോദിച്ചാല്‍, എല്ലാം കൂടി നൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുള്ളതുകൊണ്ടു തന്നെ.

അമ്മ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യട്ടെ, വി.ഡി.രാജപ്പനെ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ പാരഡികളും കഥാപ്രസംഗങ്ങളും ആസ്വദിച്ചിട്ടുള്ളവര്‍ക്കു സാധിക്കില്ലേ ? പോയ കാലത്തെ കയ്യടികളോര്‍ത്തു കിടന്നാല്‍ അദ്ദേഹത്തിന് ഇപ്പോള്‍ നിര്‍വൃതി ഉണ്ടാവണമെന്നില്ല. അന്നു അദ്ദേഹം നമ്മളെ ചിരിപ്പിച്ചതിന്‍റെ പേരില്‍ ഇന്ന് നമുക്കെല്ലാവര്‍ക്കും കൂടി പോക്കറ്റില്‍ കയ്യിട്ട് കിട്ടുന്നതെടുത്ത് കോട്ടയത്തേക്കൊരു കീച്ചു കീച്ചാം. നന്ദിയും സ്നേഹവുമുള്ള നല്ല മനുഷ്യരുടെ കഥ നമുക്ക് അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാം. അതിന് എത്ര പാരഡികളുണ്ടായാലും അത് നല്ലതാണല്ലോ.

Reference: Malayala Manorama

ചില ന്യൂജനറേഷന്‍ ലക്ഷണപ്പിശകുകള്‍

അറുബോറായ ക്ലീഷേകള്‍ കുത്തിനിറച്ച മള്‍ട്ടിസ്റ്റാര്‍ പടങ്ങളും പഴയ ഫോര്‍മുലകളുടെ ആവര്‍ത്തനങ്ങളും കണ്ടു ബോറടിച്ച പ്രേക്ഷകരുടെ ജീവന്‍ രക്ഷിക്കാനെത്തിയതാണ് മലയാളത്തിലെ ന്യൂ ജനറേഷന്‍ സിനിമകള്‍. ഇംഗ്ലിഷ്, കൊറിയന്‍, ഇറ്റാലിയന്‍ സിനിമകളുമായി സാമ്യം തോന്നുമെങ്കിലും തങ്ങളുടെ സൃഷ്ടി മൗലികമാണ് എന്ന അണിയറപ്രവര്‍ത്തകരുടെ നിലപാടാണ് ഈ സിനിമകളുടെ പ്രധാന മൗലികത. പല ന്യൂജനറേഷന്‍ സിനിമകളും ലൈംഗികദാരിദ്ര്യമനുഭവിക്കുന്ന തിരക്കഥാകൃത്തിന്റെ അന്തസംഘര്‍ഷങ്ങളുടെ ബഹിസ്ഫുരണമാണെന്നു ജനറേഷന്‍ ഗ്യാപ്പില്ലാത്ത ചില പ്രേക്ഷകര്‍ പറഞ്ഞിട്ടുണ്ട്.

ഒരു കാലത്ത് ഷക്കീലപ്പടങ്ങളുണ്ടാക്കിയ തരംഗം പോലെയേ ന്യൂ ജനറേഷന്‍ തരംഗമുള്ളൂ എന്നു സിനിമക്കാര്‍ക്കും അറിയാം. ഷക്കീലപ്പടങ്ങളുടെ പ്രേക്ഷകര്‍ സാധാരണക്കാരായ സാധുക്കളായിരുന്നെങ്കില്‍ ന്യൂ ജനറേഷന്‍ പടങ്ങളുടെ പ്രേക്ഷകര്‍ മള്‍ട്ടിപ്ലെക്‌സ് ക്ലാസ് ആണ്. ന്യൂ ജനറേഷന്‍ സിനിമകള്‍ക്കും അതിന്റെ പിന്നണിക്കാര്‍ക്കും പൊതുവായി കാണുന്ന ചില ലക്ഷണങ്ങള്‍ പങ്കു വയ്ക്കുകയാണ് ഇവിടെ. എല്ലാ ന്യൂജനറേഷന്‍ സിനിമകളും ഇങ്ങനെയാണെന്നോ ഇങ്ങനെയല്ലാത്ത സിനിമകള്‍ ന്യൂ ജനറേഷനല്ലെന്നോ അര്‍ഥമില്ല.

ബോള്‍ഡ്: ലൈംഗികതയുടെ പ്രഖ്യാപനവും അവിഹിതബന്ധങ്ങളുടെ സാമാന്യവല്‍ക്കരണവും ഐറ്റം ഡാന്‍സ് കളിക്കാന്‍ തയ്യാറാവുന്ന മുഖ്യധാരാ നടിയുടെ സാന്നിധ്യവുമാണ് ബോള്‍ഡ് എന്ന ഒറ്റ വാക്കിലൂടെ ബ്രാന്‍ഡ് ചെയ്യുന്നത്. മള്‍ട്ടിസ്റ്റാര്‍ പടങ്ങളിലെ ഐറ്റം ഡാന്‍സര്‍മാരുടെ മാറിലും വയറിലും ക്ലോസപ്പ് വയ്ക്കുന്ന ക്യാമറ ഈ സിനിമകളിലുണ്ടാവില്ല. പ്രേക്ഷകന് നന്നായി കാണാന്‍ പാകത്തില്‍, കണ്ടത് പ്രേക്ഷകന്റെ മാത്രം കുറ്റമാണെന്ന ഭാവത്തില്‍, ന്യൂ ജനറേഷന്‍ ക്യാമറ ബോള്‍ഡ് നടിയുടെ ഈ ഭാഗങ്ങളിലൂടെയൊക്കെ കടന്നുപോകും. ‘കുണ്ടി, ‘വളി, ‘മുല എന്നൊക്കെ ജാള്യമില്ലാതെ പറയുന്ന നായകനും നായികയും വിസ്മയിപ്പിച്ച് വിസ്മയിപ്പിച്ച് പ്രേക്ഷകനെ നാണിപ്പിച്ചു തുടങ്ങി. സുരേഷ് ഗോപി പണ്ട് ‘ഷിറ്റ് എന്നു പറഞ്ഞിരുന്നതുപോലെ ന്യൂ ജനറേഷന്‍ നായകന്മാര്‍ വേണ്ടിടത്തും വേണ്ടാത്തിടത്തുമെല്ലാം ‘ഫക്ക് എന്നു പറയുന്നതും പടം ബോള്‍ഡാവുന്നതിന്റെ ഭാഗമാണ്. വൃത്തികേട് എന്നും അശ്ലീലമെന്നും പൊതുസമൂഹത്തിനു തോന്നുന്ന കാര്യങ്ങള്‍ പച്ചയായി അവതരിപ്പിക്കുന്നതിനെ സിനിമയിലെ ധീരമായ ഇടപെടല്‍ എന്നാണ് വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഫേസ്ബുക്ക്:ന്യൂ ജനറേഷന്‍ സിനിമയ്ക്കു വേണ്ടി ആലോചന തുടങ്ങുമ്പോള്‍ തന്നെ ഫേസ്ബുക്കില്‍ സംവിധായകരും തിരക്കഥാകൃത്തുക്കളും താരങ്ങളുമെല്ലാം സജീവമാകും. ആലോചനയുടെയും എഴുത്തിന്റെയും ചിത്രീകരണത്തിന്റെയുമെല്ലാം ഓരോ ഘട്ടവും ഫേസ്ബുക്കില്‍ അപ്‌ഡേറ്റ് ചെയ്യും. സിനിമയുടെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് ക്വട്ടേഷനെടുത്തിരിക്കുന്ന കമ്പനി നാട്ടുകാരുടെയെല്ലാം പ്രൊഫൈലുകളില്‍ സിനിമയുടെ പോസ്റ്ററൊട്ടിച്ച് ജനത്തെ വെറുപ്പിക്കും. സിനിമയിറങ്ങുമ്പോള്‍ ടൈറ്റിലില്‍ നല്ല വലിപ്പത്തില്‍ ‘എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കും നന്ദി’ എന്നെഴുതിക്കാണിക്കുന്നത് സംഗതി ന്യൂജനറേഷനാണ് എന്ന മുന്നറിയിപ്പാണെന്നു പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന ദിവസം ആദ്യ ഷോ തുടങ്ങുന്നതിനു മുമ്പ് തന്നെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റുകളുടെ തൊഴിലുറപ്പ് പദ്ധതിയിലൂടെ കീബോര്‍ഡ് ചാത്തന്മാര്‍ ഇരുനൂറ്റന്‍പത് പോസിറ്റീവ് റിവ്യൂകള്‍ നെറ്റില്‍ തലങ്ങും വിലങ്ങും പ്രചരിപ്പിക്കും. പടം കണ്ട് ഇഷ്ടമാവാതെ അഭിപ്രായം പറയുന്നവരെയെല്ലാം വിരട്ടും.

കുറസോവ: കുറസോവ, ബര്‍ഗ്മാന്‍, കിംകിഡുക് തുടങ്ങിയവരെയും മലയാളത്തില്‍ പത്മരാജനെയും ജോണ്‍ എബ്രഹാത്തെയും മാത്രം അംഗീകരിക്കുന്നവരാണ് പൊതുവേ ന്യൂജനറേഷന്‍ സിനിമക്കാര്‍. എന്നാല്‍ പ്രിയദര്‍ശന്റെയും സിദ്ദിഖ്-ലാലിന്റെയും സിനിമകള്‍ എവിടെ കണ്ടാലും വായും പൊളിച്ച് നോക്കി നില്‍ക്കുകയും ചെയ്യും. സൂപ്പര്‍ഹിറ്റ് സിനിമകളുടെ എഴുത്തുകാരോടും സംവിധായകരോടും അതു കാണാന്‍ പോകുന്ന പ്രേക്ഷകരോടുമുള്ള പുച്ഛവും സഹതാപവും ഇവരുടെ മുഖമുദ്രയാണെന്നു പറയുന്നു. തങ്ങളുടെ സിനിമകള്‍ പൊളിയുമ്പോള്‍ പ്രേക്ഷകരുടെ സെന്‍സിനെയും തിയറ്ററുകാരുടെ സെന്‍സിബിലിറ്റിയെയും പൊട്ടിത്തകര്‍ന്നു നില്‍ക്കുന്ന നിര്‍മാതാവിന്റെ സെന്‍സിറ്റിവിറ്റിയെയുമെല്ലാം അഭിനവ-അവശ കുറസോവമാര്‍ ചീത്ത വിളിക്കുകയും ചെയ്യും.

കൊച്ചിപ്പടങ്ങള്: കൊച്ചിയാണ് ന്യൂജനറേഷന്‍ സിനിമകളുടെ സ്ഥിരം പശ്ചാത്തലം. തിരുവനന്തപുരം, കോഴിക്കോട്, പാലാ ഭാഷകള്‍ സംസാരിക്കുന്ന കഥാപാത്രങ്ങളുണ്ടെങ്കിലും എല്ലാവരുടെയും ജീവിതം ഫോര്‍ട്ട് കൊച്ചിയിലേയും മട്ടാഞ്ചേരിയിലെയും നിഗൂഢതകളിലായിരിക്കും. കൊറിയന്‍ സിനിമകള്‍ പറിച്ചു നടുന്നവര്‍ക്ക് കൊച്ചിയെക്കാള്‍ നല്ലൊരു പശ്ചാത്തലം വേറെ കിട്ടാനുമില്ല. സൂപ്പര്‍ഹിറ്റ് സിനിമയുടെ ഭാഗമായ മറൈന്‍ ഡ്രൈവും പരിസരവും അറിയാതെ പോലും ന്യൂ ജനറേഷന്‍ സിനിമയുടെ ഫ്രെയിമിലെങ്ങും വരാതെ അണിയറക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ജീവന്‍ പോയാലും പാട്ടുസീനില്‍പ്പോലും ഗ്രാമം കാണിക്കില്ല എന്നത് ന്യൂജനറേഷന്‍ സിനിമക്കാരുടെ വാശിയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷമുള്ള പല പടങ്ങളിലും മസാലദോശയും ഉള്ളിവടയും സാമ്പാറുമൊക്കെ ഏറെ നേരം ക്ലോസപ്പില്‍ കാണിക്കുന്ന പതിവുമുണ്ട്.

ബന്ധുക്കള്‍-:,: ന്യൂജനറേഷന്‍ സിനിമകളില്‍ പൊതുവേ കഥാപാത്രങ്ങളുടെ അച്ഛനനമ്മമാരെ കാണിക്കാറില്ല. പണക്കാരായ കഥാപാത്രങ്ങള്‍ വലിയ ഫ്ലാറ്റില്‍ ഒറ്റയ്ക്കു താമസിക്കും. പാവപ്പെട്ടവനാണെങ്കില്‍ ഏതെങ്കിലും മൂന്നാംകിട ലോഡ്ജില്‍. ന്യൂ ജനറേഷന്‍ നായികമാരുടെ പപ്പയും മമ്മിയും നായികയുടെ ചെറുപ്പത്തില്‍ വിമാനാപകടത്തിലോ കാറപകടത്തിലോ മരിക്കുന്ന പതിവില്ല. ഏതെങ്കിലും ഈഗോ പ്രശ്‌നത്തില്‍ വീടുവിട്ടിറങ്ങിപ്പോന്ന നായിക ഒറ്റയ്ക്ക് ഹോസ്റ്റലില്‍ കഴിയുകയാണ് പതിവ്. നായികാനായകന്മാര്‍ക്ക് ഉപദ്രവത്തിനും സഹായത്തിനും എല്ലാം ഉള്ളത് സുഹൃത്തുക്കളും ജാരന്മാരും ഒക്കെയായിരിക്കും. മുഖ്യധാരാ സിനിമയില്‍ കാണാറുള്ള വല്യമ്മാവന്‍, കുഞ്ഞമ്മാവന്‍, കുട്ടിമാമ, അച്ഛമ്മ, ഏട്ത്തിയമ്മ, ഓപ്പോള്‍ തുടങ്ങിയ വകുപ്പുകളൊന്നും ന്യൂ ജനറേഷന്‍ സിനിമയില്‍ കാണാന്‍ കിട്ടില്ല.

കഥ: ന്യൂജനറേഷന്‍ സിനിമകള്‍ക്കു കഥ എന്നൊന്ന് എടുത്തു പറയാനുണ്ടാവില്ലത്രേ. ഐറ്റം സോങ്ങുകളും ബോള്‍ഡ് സീനുകളും പഞ്ച് ഡയലോഗുകളും ക്ലൈമാക്‌സുമല്ലാതെ സിനിമയുടെ കഥ എന്താണെന്ന് പടം കണ്ട ഒരാള്‍ക്ക് മറ്റൊരാളോട് പറയാന്‍ സാധിക്കില്ല. റിയല്‍ എസ്‌റ്റേറ്റ് മുതലാളിമാരുടെ അവിഹിതബന്ധങ്ങളായിരുന്നു കുറെ സിനിമകളില്‍ പ്രമേയം. പിന്നെയതു മാറി. 100 കോടിക്കു മേല്‍ ആസ്തിയുള്ള ഒരു കോടീശ്വരന്‍, ലൈംഗികവൈകൃതങ്ങളുടെ വക്താവായ ഇയാളുടെ സുഹൃത്ത് അല്ലെങ്കില്‍ വില്ലന്‍, കൗമാരത്തില്‍ തന്നെ കന്യാത്വം വെടിഞ്ഞ ധീരയായ നായിക, ഒരേ സമയം ഭര്‍ത്താവിനെയും കാമുകനെയും സന്തുഷ്ടയാക്കി വയ്ക്കുന്ന മുപ്പതുകളിലുള്ള മാതൃകാഭാര്യ തുടങ്ങിയവയൊക്കെയാണ് പ്രധാന ചേരുവകള്‍. അവിഹിതബന്ധങ്ങളുടെ മാസ്മരികത വര്‍ണിക്കുന്ന സീനുകളും ഡയലോഗുകളും സദാചാരവാദികളുടെ തൊലിയുരിക്കുന്ന പ്രയോഗങ്ങളും സിനിമയ്ക്കു മാറ്റു കൂട്ടും. ക്ലൈമാക്‌സില്‍ പക്ഷേ സദാചാരം വിളമ്പിയിട്ടേ പടം അവസാനിപ്പിക്കൂ.

മദ്യം,പണം: വെള്ളമടിക്കുന്ന സ്ത്രീകഥാപാത്രങ്ങളാണ് ന്യൂജനറേഷന്‍ സിനിമകളിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. കുപ്പിയും ഗ്ലാസുമായി ഇരിക്കുന്ന നായികയും സംഘവും പുകവലിക്കുകയും അശ്ലീലപദപ്രയോഗങ്ങള്‍ നടത്തുകയും ചെയ്താല്‍ സിനിമ ബോള്‍ഡായി. ആ സീനിന്റെയും അതു സൃഷ്ടിച്ചവരുടെയും അവതരിപ്പിച്ചവരുടെയും ബോള്‍ഡ്‌നെസ്സ് ചാനലുകളില്‍ ചര്‍ച്ച ചെയ്യപ്പെടും. ബിവറേജസ് ഷോപ്പിനു മുന്നില്‍ ക്യൂ നിന്നു കുപ്പി വാങ്ങുന്ന മലയാളി കേട്ടിട്ടു പോലുമില്ലാത്ത വിദേശ ബ്രാന്‍ഡുകള്‍ മാത്രം കുടിക്കുന്ന നായകന്‍ പ്രേക്ഷകനെ വിസ്മയിപ്പിക്കും.പണത്തിന് ഈ സിനിമകളില്‍ വലിയ പ്രധാന്യമാണ്. എന്നാല്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകളെക്കാള്‍ മില്യണ്‍ കണക്കിനു ഡോളറുകളുടെ കളികളാണ് അധികവും. ഐഫോണ്‍, ഐപാഡ്, ഐപോഡ് തുടങ്ങിയ ആപ്പിള്‍ ഉല്‍പന്നങ്ങള്‍ മാത്രമേ കഥാപാത്രങ്ങള്‍ ഉപയോഗിക്കൂ. നായകനു ടെന്‍ഷന്‍ വരുമ്പോള്‍ സുഹൃത്ത് ആംഗ്രി ബേഡ്‌സ് ഗെയിം കളിക്കുന്നത് ഈ സിനിമകളില്‍ പതിവായിട്ടുണ്ട്.

കുടുംബം: ന്യൂജനറേഷന്‍ സിനിമകളിലെ കുടുംബങ്ങളില്‍ ഭര്‍ത്താവ് തലതിരിഞ്ഞവനും ഭാര്യ അപാര റേഞ്ചുള്ള അതിസുന്ദരിയുമാകുന്നത് യാദൃച്ഛികമാവാം. മിക്കവാറും സിനിമകളില്‍ നായികയ്ക്ക് കുട്ടിയുണ്ടാവും പക്ഷേ ഭര്‍ത്താവുണ്ടാവില്ല. ഭര്‍ത്താവുണ്ടെങ്കില്‍ കുട്ടി ഉണ്ടായിരിക്കില്ല. കുട്ടിയെ നേരേ ചൊവ്വേ ലാളിക്കുന്നതോ സ്‌നേഹിക്കുന്നതോ പരിചരിക്കുന്നതോ ആയ ക്ലീഷേ സീനുകളും ഈ സിനിമകളില്‍ കാണാന്‍ കിട്ടില്ല. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളുള്ള അമ്മമാര്‍ ന്യൂജനറേഷന്‍ സിനിമകളില്‍ കുറവാണ്. മോനെന്തു ചെയ്യുവാ എന്നു ചോദിച്ചാല്‍ ‘ദാറ്റ്‌സ് നണ്‍ ഓഫ് യുവര്‍ ബ്ലഡി ബിസിനസ്’ എന്നു പറയുന്ന തരം കുട്ടികളാണ് അധികവും. മുതിര്‍ന്ന കഥാപാത്രങ്ങളെക്കാള്‍ കാര്യഗൗരവത്തോടെ, ഉള്‍ക്കാഴ്ചയോടെ സംസാരിക്കുന്ന കുട്ടികള്‍ ന്യൂജനറേഷനാണെന്നതിനു തെളിവായെന്നോണം കണ്ണട വച്ച് രൂക്ഷമായി നോക്കുന്ന ക്ലോസപ്പുകള്‍ സിനിമയിലുടനീളമുണ്ടാവും.

സാമ്പത്തിക പ്രതിസന്ധിയും കോര്‍പറേറ്റ് ഉപജാപങ്ങളും പ്രണയങ്ങളുടെ മാനേജ്‌മെന്റും ഇമോഷണല്‍ സര്‍ക്കസ്സുകളും എല്ലാം ചേര്‍ത്ത് പിരിമുറുക്കി ക്ലൈമാക്‌സ് വരെ എത്തിച്ച ശേഷം അവിടെ വച്ച് പഴയ ആത്മഹത്യ, കൊലപാതകം , ഓപറേഷന്‍, ആശുപത്രി, സീക്വന്‍സ് വര്‍ക് ചെയ്ത് സിനിമ അവസാനിപ്പിച്ച് സിനിമയുടെ സൃഷ്ടാക്കള്‍ മാനം രക്ഷിക്കും. മറ്റു സിനിമകളിലെപ്പോലെ കഥാപാത്രങ്ങള്‍ക്ക് പ്രായമാവുകയോ ജീവിതത്തില്‍ പുരോഗതി ഉണ്ടാവുകയോ ഒന്നും ചെയ്യില്ല. സിനിമ കണ്ടു കഴിയുമ്പോള്‍ പ്രത്യേകിച്ചൊരു നിര്‍വൃതിയും പ്രേക്ഷകനുണ്ടാവണമെന്നുമില്ല. ചുരുക്കിപ്പറഞ്ഞാല്‍ സൂപ്പര്‍ഹിറ്റ് സിനിമകള്‍ പത്തു വര്‍ഷം കൊണ്ടുണ്ടാക്കിയ ക്ലീഷേകളും ബോറടിയും ന്യൂജനറേഷന്‍ സിനിമകള്‍ പത്തു പടങ്ങള്‍ കൊണ്ട് പ്രേക്ഷകനു സമ്മാനിച്ചു കഴിഞ്ഞു. പത്താം വയസ്സില്‍ ഒളിച്ചോടിപ്പോയ നായകന്‍ 20 വര്‍ഷങ്ങള്‍ക്കു ശേഷം കോടീശ്വരനായി തമിഴ്‌നാട്ടില്‍ നിന്നു വരുന്നതും കാത്ത് പുഷ്പാജ്ഞലി കഴിച്ച് കാത്തിരിക്കുന്ന നായിക ഒരു വശത്ത്, അടിച്ച് പാമ്പായി വാളുവച്ചു വീഴുന്ന നായിക മറുവശത്ത്; പ്രേക്ഷകന് ഇത് ആശങ്കകളുടെ ഇടവേള. ശേഷം സ്‌ക്രീനില്‍.

മോളിവുഡ്; കൊറിയയ്ക്കും ഒറിയയ്ക്കുമിടയില്‍

സിദ്ധാന്ത് മൊഹപത്ര ഫാന്‍സ് അസോസിയേഷന്‍കാരും സബ്യസാചി മിശ്ര ഫാന്‍സ് അസോസിയേഷന്‍കാരും തെരുവില്‍ ഏറ്റുമുട്ടിയാല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ചുമ്മാ നോക്കി നില്‍ക്കുകയേ രക്ഷയുള്ളൂ. കൈക്കരുത്തുകൊണ്ടും ആള്‍ബലം കൊണ്ടും അവന്മാരെ തോല്‍പിക്കാന്‍ നമ്മുടെ ചേട്ടന്മാര്‍ക്കു ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ഫാന്‍സുകാര്‍ നാലുനേരം ഫെയര്‍ ആന്‍ഡ് ലവ്‌ലിയിട്ട് കളര്‍ഫുള്‍ ഡ്രസ്സുകളിട്ട് അലഞ്ഞുനടക്കുമ്പോള്‍ മേല്‍പ്പറഞ്ഞവരുടെ ഫാന്‍സുകാര്‍ കിണറ്റിലും കുളത്തിലും കോണ്‍ക്രീറ്റിനടിയിലുമൊക്കെ പണിയെടുക്കുകയാണ്. മോളിവുഡ് മെല്ലെ മെല്ലെ ഓളിവുഡ് ആയി മാറുകയാണ്. കേരളത്തിലെ ജനസംഖ്യയില്‍ മലയാളം പറയുന്നവര്‍ കുറയുകയും ഒറിയ ബംഗാളി, ബിഹാറി ഭാഷകള്‍ പറയുന്നവര്‍ കൂടി വരികയും ചെയ്യുമ്പോള്‍ വിപണിയും മൊഴിമാറും.

മുക്കിലും മൂലയിലും തൂണിലും തുരുമ്പിലുമെല്ലാം സജീവമായി, കേരളത്തിന്റെ ജീവധാരയായി പ്രവഹിക്കുന്നത് ഇവിടെ വന്നു പ്രവാസജീവിതം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. പ്രൈവറ്റ് ബസുകളുടെ ബോര്‍ഡുകളില്‍ മലയാളത്തിലുള്ള സ്ഥലപ്പേരുകളുടെ വലിപ്പം കുറയുകയും ബിഹാറി, ഒഡിഷ ലിപികള്‍ തെളിഞ്ഞുവരികയും ചെയ്തിരിക്കുന്നു. ഹോട്ടലുകളില്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ഒരുങ്ങുന്നത് മലയാളിയുടെ നാവിനു പുതുരുചി നല്‍കിക്കളയാം എന്നു കരുതിയല്ല, പകലു മുഴുവന്‍ പണിയെടുത്ത് വരുന്ന ബിഹാറിയ്ക്കും ബംഗാളിക്കും വല്ലതും കൊടുത്തു കാശുവാങ്ങാനാണ്. നാവിന്റെ രുചിയില്‍ തുടങ്ങി മറ്റ് അഭിരുചികളിലേക്കു കൂടി വിപണി കണ്ണെറിയുമ്പോള്‍ കേരളത്തനിമ മെല്ലെ മെല്ലെ പിന്‍വലിയും. ക്ലാസിക് പദവി കൊതിക്കുന്ന മലയാളഭാഷ ഓണ്‍ലൈന്‍ ലാംഗ്വേജും മലയാളി എന്ന ഇനം ആഗോളമലയാളി എന്ന പ്രവാസിസമൂഹമായി മാറും.

മലയാള സിനിമ കാണാന്‍ ആളു കുറഞ്ഞു വരികയാണ്. വിദേശത്തുള്ള മലയാളികള്‍ വിവിധ രാജ്യങ്ങളിലിരുന്ന് കൂതറ മലയാള പടങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്തു കാണുന്നതുകൊണ്ടാണ് കേരളത്തില്‍ സിനിമ ഓടാത്തതെന്നു ചിലര്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത് തങ്ങള്‍ എടുക്കുന്ന ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകാര്‍ തയ്യാറാവുന്നില്ല എന്നാണ്. പിന്നെ, തിയറ്ററുകാര്‍ എന്താണ് കാണിക്കുന്നത് ? തമിഴ്, ഹിന്ദി തെലുങ്ക് പടങ്ങളൊക്കെ മലയാളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രൂരതയ്‌ക്കെതിരേ സിനിമാ സംഘടനകള്‍ നേരത്തേ രംഗത്തു വന്നിരുന്നു. നല്ല സിനിമയെ പരിപോഷിപ്പിക്കാന്‍ വേണ്ടി നഷ്ടം സഹിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തിയറി സിനിമയെന്ന ബിസിനസിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്ന തിയറ്ററുകാരോട് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.

മലയാളത്തിലേക്കു മൊഴിമാറി വരുന്ന സിനിമകളെ വിലക്കാന്‍ നോക്കി നില്‍ക്കുന്ന സംഘടനകള്‍ക്ക് തല്‍ക്കാലം കേരളത്തിലെ തിയറ്ററുകളുടെ മൊഴിമാറ്റത്തിന്റെ കഥ കേട്ട് മൂക്കത്ത് വിരല്‍വച്ച് മാറിനില്‍ക്കുകയേ നിവൃത്തിയുള്ളൂ. ഗള്‍ഫില്‍ മലയാള സിനിമ പോലെ ഇവിടെ ഒറിയ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളി ഒരിടത്തു കൂടി തോറ്റുകൊടുക്കുകയാണ്. മലയാള സിനിമക്കാരെക്കൊണ്ടു തോറ്റ തിയറ്ററുകാരന്‍ ഏറെക്കാലം കൂടി ഒന്നു ജയിക്കുകയാണ്. കേരളത്തില്‍ കഠിനാധ്വാനത്തിനു വരുന്ന ഒഡിഷക്കാര്‍ക്ക് അവധിദിനങ്ങളില്‍ അവരുടെ മാതൃഭാഷയിലുള്ള സിനിമ കാണാനവസരം നല്‍കിയാല്‍ തിയറ്റര്‍ ഇളകിമറിയും എന്നു തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെയും പാലക്കാട്ടെയും പെരുമ്പാവൂരിലെയുമൊക്കെ തിയറ്ററുകള്‍..,. കണ്ണൂര്‍ ധന്‍രാജ് തിയറ്ററില്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രഭാത പ്രദര്‍ശനം ഒഡിഷക്കാര്‍ക്കു മാത്രമുള്ളതാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് ഒഡിഷപ്പടം കളിക്കുക. പ്രദര്‍ശനം തുടങ്ങിയിട്ട് ആറു മാസമായി. ഒഡിഷക്കാരനായ വിതരണക്കാരനാണു രണ്ടാഴ്ച കൂടുമ്പോള്‍ പടങ്ങളുടെ പ്രിന്റുമായി കേരളത്തിലെത്തി വിതരണം നടത്തുന്നത്. വിതരണക്കാരന്‍ തന്നെയാണു പോസ്റ്ററൊട്ടിക്കുന്നതും. പടത്തിന്റെ പേരു തൊഴിലാളികള്‍ പരസ്പരം എസ്എംഎസ് അയക്കുന്നതാണ് ഈ സിനിമകളുടെ ‘പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി’.

ഏജന്റ് ജാദൂ ഉണ്ടെങ്കില്‍ മലയാള സിനിമ രക്ഷപെട്ടു എന്നു പറയുന്ന മലയാളത്തിന്റെ സിനിമാബുദ്ധികേന്ദ്രങ്ങള്‍ കേരളത്തിന്റെ പുറത്തുള്ള മലയാളികളെ എങ്ങനെ സിനിമ കാണിക്കുമെന്നല്ല, സിനിമ കാണുന്നവരെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്. ഒഡിഷക്കാരന്‍ അവിടെ നിന്നു പ്രിന്റുമായി ഇവിടെ വന്നു കൊയ്തുകൊണ്ടുപോകുന്നു. മലയാള സിനിമകള്‍ കാണാനാളില്ലാതെ തിയറ്റര്‍ വിട്ടുപോകുമ്പോള്‍ ട്രെയിന്‍ കയറി വരുന്ന ഒറിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി ഓടിക്കളിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ സത്യന്‍ അന്തിക്കാട് ഭാവിയില്‍ മുകളില്‍ പറഞ്ഞ താരങ്ങളെ വച്ച് ഒഡിഷയുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചെയ്‌തേക്കാം, രജ്ഞിത് ബിഹാറി സിനിമകളിലൂടെയും പത്മരാജനു ശേഷം ഞാനല്ലാതെ പിന്നാരാ എന്നു ചോദിച്ചേക്കാം, വയറ്റിപ്പിഴപ്പിനു വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ബംഗാളിയും ബിഹാറിയുമൊക്കെ പഠിച്ചേക്കാം. കളി കാത്തിരുന്നു കാണാം.

യുവസംവിധായകര്‍ക്ക് ഒരു മുന്നറിയിപ്പ്:– കൊറിയന്‍ സിനിമ മോഷ്ടിക്കുന്നതുപോലെ ഒറിയ സിനിമകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കി ‘കുറസോവയുടെ മറ്റേതാണ് എന്നെ ഉത്തേജിപ്പിച്ചത്’ തുടങ്ങിയ ഡയലോഗുകളുമായി ഷൈന്‍ ചെയ്യാന്‍ നോക്കരുത്. ഹോളിവുഡ്, കൊറിയന്‍, ഇറ്റാലിയന്‍ പടങ്ങളുടെ സംവിധായകര്‍ക്കു മെയിലയക്കുന്ന മലയാളികള്‍ക്കു ചിലപ്പോ അതു പിടികിട്ടില്ലായിരിക്കാം. മെയിലും ഫേസ്ബുക്കുമൊന്നുമില്ലാത്ത ഒഡിഷക്കാരന്‍ വന്ന് ഒറിയ സിനിമ കൂതറയാക്കിയതിനു ചവുട്ടിക്കൂട്ടിയാല്‍ ചിലപ്പോള്‍ പ്രതിഭയുടെ പ്രത്യുല്‍പാദനം പോലും നിലച്ചുപോയെന്നിരിക്കും. ടേക് കെയര്‍. ഉമ്മ.