ആനവണ്ടിയെ ചങ്ങലയ്ക്കിടാം

ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവുകയും രണ്ടു ദിവസം കിടന്നുറങ്ങുകയും ബാക്കിയുള്ള മൂന്നു ദിവസം മുച്ചീട്ടുകളിക്കു വേണ്ടി ലീവെടുക്കുകയും ചെയ്യുന്നവന്റെ ജോലി പോയിക്കഴിയുമ്പോള്‍ പൊട്ടിക്കരയുന്നതുപോലെ ബാലിശമാണ് കെഎസ്ആര്‍ടിസിയുടെ പേരിലുള്ള വികാരപ്രകടനങ്ങള്‍. പെട്ടെന്നൊരു ദിവസം സുപ്രീം കോടതി വില്ലനായി അവതരിച്ച് പാവപ്പെട്ട മലയാളികളുടെ യാത്രാമാര്‍ഗമായ കെഎസ്ആര്‍ടിസിയുടെ അന്ത്യം കുറിക്കാന്‍ ശ്രമിക്കുകയാണെന്നാണ് നിഷ്‌കളങ്കരായ പലരും കരുതിയിരിക്കുന്നത്. കെഎസ്ആര്‍ടിസി എന്നും ഇവിടെ തന്നെ ഉണ്ടായിരുന്നു. അവിടെ നിലവിലുള്ള പ്രശ്‌നങ്ങളും പണ്ടു മുതലേ ഉണ്ടായിരുന്നു. ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് തുടങ്ങിയ വിവിധ വികസന പ്രശ്‌നങ്ങളില്‍ സര്‍ക്കാരും രാഷ്ട്രീയപാര്‍ട്ടികളും മാധ്യമങ്ങളും ജനങ്ങളും ഒരുപോലെ ബിസിയായിരുന്നതുകൊണ്ട് ആ പ്രശ്‌നങ്ങളൊന്നും ആരും മൈന്‍ഡ് ചെയ്തിരുന്നില്ല എന്നു മാത്രം. ഇപ്പോള്‍ ക്ലൈമാക്‌സ് സീനായപ്പോള്‍ രണ്ടാംനിര പടത്തിലെ സഹനടന്മാരെപ്പോലെ മറ്റെല്ലാം മറന്ന് ഐസിയുവിനു മുന്നില്‍ നിന്ന് പരസ്പരം നോക്കിക്കരയുകയാണ് ബ്ലഡി മല്ലു. മലയാളി അര്‍ഹിക്കുന്ന വിധിയാണിത്. കെഎസ്ആര്‍ടിസിയുടെ കാര്യത്തില്‍ മാത്രമല്ല, വ്യക്തിജീവിതത്തില്‍ പോലും മലയാളിക്കു സംഭവിക്കുന്നത് ഇതു തന്നെയാണ്. റോഡ് നന്നാക്കാന്‍ ലോകബാങില്‍ നിന്നു ലോണെടുത്ത് മന്ത്രിമാര്‍ക്കു പുത്തന്‍ കാര്‍ വാങ്ങുന്ന ഭരണകൂടവും കാര്‍ഷികലോണെടുത്ത് മകളുടെ കല്യാണം നടത്തിയിട്ട് ജപ്തി നോട്ടീസ് വരുമ്പോള്‍ ആത്മഹത്യ ചെയ്യുന്ന കര്‍ഷകനും സംഭവിക്കുന്നത് കെഎസ്ആര്‍ടിസിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ്.

പരിശ്രമിക്കും, ചര്‍ച്ച നടത്തും തുടങ്ങിയ ക്ലീഷേ പ്രഖ്യാപനങ്ങള്‍ തുടരുന്ന മുഖ്യമന്ത്രിയും കെടുകാര്യസ്ഥത തുടരുമെന്നു തികഞ്ഞ ആത്മവിശ്വാസത്തോടെ പറയുന്ന ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയും എല്ലാ പ്രശ്‌നങ്ങളും രണ്ടു ദിവസം കൊണ്ട് അരച്ചുകലക്കി കുടിച്ചു വിശകലനം നടത്തുന്ന മാധ്യമങ്ങളും ഇപ്പോഴും യാഥാര്‍ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറല്ല എന്നതു നമ്മുടെ കാപട്യത്തിന്റെ തെളിവാണ്. ജനസംഖ്യ വര്‍ധിക്കുകയും ബസ് സര്‍വീസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുമ്പോള്‍ കെഎസ്ആര്‍ടിസി മാത്രം നഷ്ടത്തിലാവുന്നത് ജാതകദോഷം കൊണ്ടോ ശനിദശകൊണ്ടോ അല്ല. സുപ്രീം കോടതി പറഞ്ഞതുപോലെ മലയാളി ഭരിച്ചു മുടിച്ചതുകൊണ്ടാണ്. കെഎസ്ആര്‍ടിസിയെ തൊടുമ്പോള്‍ ഏതൊരു നേതാവിന്റെയും മനസ്സിലേക്ക് ആദ്യം വരുന്നത് അവിടുത്തെ യൂണിയനുകളുടെ രാഷ്ട്രീയവും പതിനായിരക്കണക്കിനു തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വോട്ടുകളെ തന്റെ നയങ്ങള്‍ സ്വാധീനിക്കാനുള്ള സാധ്യതയുമാണ്. രക്ഷിക്കാന്‍ ശ്രമിക്കുമെന്നും ആനുകൂല്യങ്ങള്‍ വെട്ടിക്കുറയക്കില്ലെന്നുമൊക്കെ ഉറച്ചു പറയുന്ന നേതാക്കന്‍മാര്‍ക്ക് കേരളത്തിലെ പൊതുഗതാഗത സംവിധാനം നിലനിര്‍ത്തണമെന്നല്ല അവിടുത്തെ വോട്ടുബാങ്ക് ഉലയ്ക്കരുതെന്ന സഹതാപാര്‍ഹമായ ഒറ്റ ലക്ഷ്യമേയുള്ളൂ.

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയോ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയോ ചെയ്യില്ലെന്നാണ് ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആനുകൂല്യങ്ങളോ പെന്‍ഷനോ സേവന വേതന വ്യവസ്ഥകളോ വെട്ടിക്കുറയ്ക്കില്ല. രോഗികള്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍, വികലാംഗര്‍ എന്നിവര്‍ക്കുള്ള സൗജന്യ പാസുകള്‍ നിര്‍ത്തലാക്കാനും ഉദ്ദേശിക്കുന്നില്ല. വിദ്യാര്‍ഥികള്‍ക്കുള്ള കണ്‍സഷനും നിലനിര്‍ത്തും. ഇതൊക്കെയാണ് കെടുകാര്യസ്ഥതയെന്നു കോടതി പറയുന്നതെങ്കില്‍ തന്നെയും അതൊക്കെ തുടരുക തന്നെ ചെയ്യും. ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കാനും തീരുമാനിച്ചിട്ടില്ല.- എന്തൊരു ധീരത എന്നു നമുക്ക് തോന്നും. എന്നാല്‍, ഇക്കാര്യത്തില്‍ മുന്‍മന്ത്രി ബാലകൃഷ്ണപിള്ള പറഞ്ഞതാണ് സത്യസന്ധവും ആത്മാര്‍ഥവുമായ കാര്യം. ‘ആരു വിചാരിച്ചാലും കെഎസ്ആര്‍ടിസി ഇനി രക്ഷപ്പെടില്ല. ഓയില്‍ കമ്പനികളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വന്‍സാമ്പത്തിക ബാധ്യത ഉണ്ടാക്കി വച്ചിട്ട് ന്യായം പറയുന്നതില്‍ അര്‍ത്ഥമില്ല. തന്റേടമുള്ള ഭരണാധികാരികളാണെങ്കില്‍ കെഎസ്ആര്‍ടിസിക്ക് ഇന്നത്തെ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നു.” നിര്‍ഭാഗ്യവശാല്‍ തന്റേടമുള്ള ഭരണാധികാരികള്‍ നമുക്കുണ്ടായിരുന്നില്ല. തന്റേടം, അഹങ്കാരം തുടങ്ങിയവയെല്ലാം മലയാളി മുളയിലേ നുള്ളിക്കളയുന്ന ദുശ്ശീലങ്ങളാണ്.

കര്‍ണാടകവും തമിഴ്‌നാടും ലാഭകരമായി സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തുന്ന ഇന്ത്യയില്‍ തന്നെയാണ് മിക്കവാറും എല്ലാ നഗരങ്ങളിലും കണ്ണായ സ്ഥലത്ത് ഏക്കറു കണക്കിനു ഭൂമിയുള്ള കെഎസ്ആര്‍ടിസി പട്ടിണി കിടക്കുന്നത്. തന്റേടമുള്ള ഭരണാധികാരികളല്ല, തന്റേടമുള്ള ജീവനക്കാരാണ് കെഎസ്ആര്‍ടിസി ഭരിക്കുന്നത്. മാധ്യമങ്ങളിലൂടെ വോട്ടുബാങ്കിനെ പോസിറ്റീവായി സ്വാധീനിക്കുന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഭരണാധികാരികളില്‍ നിന്നും യഥാര്‍ഥപ്രശ്‌നം ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഏതെങ്കിലും നീക്കം ഉണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഒറ്റ ഷെഡ്യൂള്‍ പോലും വെട്ടിക്കുറയ്ക്കില്ല എന്നു മന്ത്രി പറഞ്ഞെങ്കിലും അനുദിനം വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന ഷെഡ്യൂളുകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മെല്ലെ മെല്ലെ കെഎസ്ആര്‍ടിസി എന്നത് ഒരു ഓര്‍മ മാത്രമാവും. അതിലൊന്നും നമ്മുടെ ഭരണാധികാരികള്‍ക്ക് ഒരു വേദനയുമുണ്ടാവില്ല. അതിന്റെ ഉത്തരവാദിത്വം ആരിലാണ് വീഴുക എന്നതില്‍ മാത്രമാണ് അവരുടെ ആശങ്ക. സുപ്രീം കോടതി, എണ്ണക്കമ്പനികള്‍, കേന്ദ്രസര്‍ക്കാര്‍ എന്നിവരാണ് ഈ ദുരന്തത്തിനു കാരണമെന്ന് ജനങ്ങള്‍ വിശ്വസിക്കുമെങ്കില്‍, കേരള സര്‍ക്കാര്‍ പരമാധി ശ്രമിച്ചിട്ടും നീതി ലഭിച്ചില്ല എന്നു സമ്മതിക്കുമെങ്കില്‍ ബസുകമ്പനി നിര്‍ത്താന്‍ സര്‍ക്കാരിനു സന്തോഷമേയുണ്ടാവൂ. വോട്ടു രാഷ്ട്രീയം ചര്‍ച്ച ചെയ്യുമ്പോള്‍ വീണ്ടും ടിപി കേസ്, സോളാര്‍ കേസ്, ലാവ്‌ലിന്‍ കേസ്, ഐസ്‌ക്രീം കേസ് ഫോര്‍മുലയിലേക്കു നമ്മള്‍ മടങ്ങിവരണമെന്നു മാത്രം.

ഒലത്തും!: നേരേ ചൊവ്വേ ബസ് സര്‍വീസ് പോലും നടത്താന്‍ കഴിയാത്ത നമ്മളാണ് ഇവിടെ വിമാനക്കമ്പനി നടത്താന്‍ പോകുന്നത്.

കിമ്മണെയ്ക്ക് ഒരുമ്മ

കര്‍ണാടക മന്ത്രി കിമ്മണെ രത്‌നാകര്‍ ആണ് ഇനി കുറച്ചു നാളത്തേക്ക് എന്റെ ഹീറോ. രാഷ്ട്രീയക്കാര്‍ മൊത്തത്തില്‍ കൊള്ളരുതാത്തവരും ഫ്രോഡുകളും അഴിമതിക്കാരുമാണെന്ന സന്ദേശം വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെയുള്ളവരുടെ ചീത്തപ്പേരു കൂട്ടി മാറ്റാന്‍ ഇദ്ദേഹത്തെ പോലെ ഒന്നോ രണ്ടോ മതി. ഇന്നു വരെ കേട്ടുകേള്‍വിയില്ലാത്ത ഈ മന്ത്രി ഇന്നൊരു ഭയങ്കര ഹീറോ ആയി നില്‍ക്കുന്നത് അദ്ദേഹം ഒരു മന്ത്രിയായതുകൊണ്ടല്ല, നമ്മളെക്കാളൊക്കെ നല്ലൊരു മനുഷ്യനായതുകൊണ്ടാണ്.

61 വയസുള്ള ഭരണപരമായ എല്ലാ സെറ്റപ്പുകളുമുള്ള ഈ മന്ത്രി കായലില്‍ ചാടി രക്ഷിച്ചത് ആറു പേരുടെ ജീവനാണ്. സ്വന്തം പിളുന്തത്തടി രക്ഷിക്കാനും തെണ്ടിത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാനും ഗണ്‍മാനെയും പാറാവുകാരെയും കൂടെക്കൊണ്ടുനടക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും കിമ്മണെയുടെ കാല്‍തൊട്ടു വന്ദിച്ച് നന്നാവാന്‍ ശ്രമിക്കണം എന്നാണെന്റെ അഭിപ്രായം. ഭരണാധികാരികള്‍ക്ക് സുതാര്യതയെക്കാള്‍ മികച്ച ഗുണങ്ങളും ഉണ്ടാവാറുണ്ട് എന്നതൊരു നല്ല പാഠമാണ്.

കഥ ഇങ്ങനെ: ഇന്നലെ തന്റെ ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു 61 കാരനായ കിമ്മണെ. രാവിലെ ഏഴ് മണി സമയം. തീര്‍ഥഹള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബേഗുവള്ളിയിലെത്തിയപ്പോള്‍ ഒരു മാരുതി സ്വഫ്ട് കാര്‍ കിമ്മണെ സഞ്ചരിച്ച ഇന്നോവ കാറിനെ മറികടന്നുപോയി. 15 മിനിറ്റിന് ശേഷം ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ കിമ്മണെ കാണുന്നത് അതേ വെള്ളനിറത്തിലുള്ള സ്വിഫ്ട് കാര്‍ തടാകത്തില്‍ മുങ്ങുന്നതാണ്. മറ്റൊന്നും ആലോചിച്ചില്ല. കാര്‍ നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി നേരെ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, െ്രെഡവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ െ്രെഡവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി. നാലു പേരും കൂടി കാറിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന ആറു പേരെയും രക്ഷിച്ചു.

കരയിലെത്തിയ മന്ത്രി ഉടന്‍ തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കി. സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ക്ക് വേണ്ട പ്രഭാതഭക്ഷണവും മരുന്നും മന്ത്രി എത്തിച്ചു. ഒടുവില്‍ സ്വന്തം വസ്ത്രവും നല്‍കിയാണ് മന്ത്രി ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെട്ടത്. സല്‍ഗുണസമ്പന്നനായ മഹാബലിയുടെ പേരില്‍ ഓണമാഘോഷിച്ച് (ഓണം സത്യത്തില്‍ വാമനജയന്തിയാണ് എന്നാണ് ശശികല ടീച്ചര്‍ പറയുന്നത്) വിശ്രമിക്കുന്ന നമ്മള്‍ ഈ മന്ത്രിക്കൊരു സല്യൂട്ട് കൊടുത്തില്ലെങ്കില്‍ പിന്നെന്തു മാവേലിനാട്ടുകാരനാണ്.

കിമ്മണെ കോണ്‍ഗ്രസ് മന്ത്രിയാണ് എന്നതുകൊണ്ട് സല്യൂട്ട് കൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഇതേ കൃത്യം രാഹുല്‍ ഗാന്ധി ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന മൈലേജ് ആലോചിച്ചു നോക്കുമ്പോള്‍ ചെറിയൊരു മനപ്രയാസമുണ്ടാവുമെങ്കിലും അപകടത്തില്‍പ്പെടുന്നതിനു മുമ്പ് കാറിലുണ്ടായിരുന്നയാള്‍ അയ്യോ അപകടത്തില്‍പ്പെടുന്നേ എന്നു ട്വീറ്റ് ചെയ്തത് രാഹുല്‍ ഗാന്ധി കണ്ടിട്ട് ഗൂഗിള്‍ മാപ്‌സ വച്ച് സ്ഥലം കണ്ടുപിടിച്ചിട്ട് കിമ്മണെയോടു പോയി രക്ഷിക്കാന്‍ പറഞ്ഞിട്ട് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് സംഗതി ഡൈവേര്‍ട്ട് ചെയ്‌തെടുക്കാം.

മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നത് പറയാന്‍ പറ്റില്ല. വളരെ ആസൂത്രിതമായി ഒരു കാറില്‍ നിറയെ അനുയായികളെ വെള്ളത്തിലേക്കു ചാടാന്‍ പ്രേരിപ്പിച്ചിട്ട് പിന്നാലെ നാടകീയമായി വന്നു വെള്ളത്തില്‍ ചാടി അവരെ രക്ഷിക്കുന്നതായി ഭാവിച്ച് ഹീറോ ആയതാണെന്നും വെള്ളത്തില്‍ വീണവരൊക്കെ സ്വയം നീന്തിക്കയറിയതാണെന്നും ചിലരെങ്കിലും പറഞ്ഞേക്കാം. എന്തൊക്കെ പറഞ്ഞാലും എത്ര നെഗറ്റീവായി ആലോചിച്ചാലും. സ്വന്തം തടി മറന്ന് തന്റെ ആരുമല്ലാത്ത ആരെയോ രക്ഷിക്കാന്‍ 61 വയസ്സുള്ള ഒരാള്‍ വെളുപ്പാന്‍ കാലത്ത് കൊടുംതണുപ്പത്ത് കായലിലേക്ക് എടുത്തുചാടി എന്നത് ഒരു ചെറിയ കാര്യമല്ല. അങ്ങനെ ചാടിയത് ഒരു മന്ത്രിയാണ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചെറിയ രോമാഞ്ചങ്ങളിലൊന്നാണ്.

മന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം നോക്കിയല്ല, കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ നോക്കിയാണ് മന്ത്രിയെ വിലയിരുത്തേണ്ടത് എന്നൊരു എതിര്‍വാദമുണ്ട്. സ്വന്തം കാര്യം നോക്കാതെ, വളരെ സത്യസന്ധമായ വികാരങ്ങളോടെ ആന്യരുടെ ജീവന്‍ രക്ഷിക്കാന്‍ കായലില്‍ ചാടുന്ന ഒരു മന്ത്രി നല്ല മന്ത്രിയാണോ അല്ലയോ എന്നറിയാന്‍ അയാളുടെ അപ്രൈസല്‍ റിപ്പോര്‍ട്ട് കാത്തിരിക്കേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ന്യൂസ് ചാനലുകളുടെ സ്റ്റുഡിയോയില്‍ വച്ചാണ് നടത്തേണ്ടതെന്നു വിശ്വസിക്കുന്ന മണുങ്ങൂസന്‍മാരായ മന്ത്രിമാരേ, കിമ്മണെ രാമകൃഷ്ണയെ കണ്ടുപഠീക്കൂ, അദ്ദേഹത്തെ പോലാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിക്കൂ. രക്ഷാപ്രവര്‍ത്തനമല്ല, അതിനു പ്രേരിപ്പിക്കുന്ന മനോഭാവമാണ് പ്രധാനം.

നിങ്ങളാവശ്യപ്പെടാത്ത വാര്‍ത്ത:
ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ ഹരക് സിങ് റാവത്തിന്റെ വസതിയില്‍ അത്താഴവിരുന്നിനിടെ ഹരിദ്വാര്‍ ജില്ലയിലെ ഖാണ്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ പ്രണവ് സിങ് ചാമ്പ്യന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. നാല് റൗണ്ട് വെടിയുതിര്‍ത്തതായി അത്താഴവിരുന്നില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

ആഗോളപ്രതിഭാസമാണ്, സൂക്ഷിക്കണം

അമേരിക്കയിലെ ആഭ്യന്തര വിപണിയുടെയും സിറിയയിലെ ആഭ്യന്തര കലാപത്തിന്റെയും കാരണത്താല്‍ ഇന്ത്യയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും രൂപയുടെ ഇടിവും പരിഹരിക്കാന്‍ ലോകം കണ്ട ഏറ്റവും മഹാനായ സാമ്പത്തികശാത്ര്ജ്ഞനും നമ്മുടെ പുണ്യവും അഭ്ദുതപ്രവര്‍ത്തകനുമായ ഡോ.മന്‍മോഹന്‍ സിങ്ങ് എന്ന നമ്മുടെ എല്ലാവരുടെയും അഭിമാനമായ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണല്ലോ. രൂപയുടെ മൂല്യത്തില്‍ പത്തിരുപത്തഞ്ചു രൂപ ഇടിവുണ്ടായത് വിദേശ ഇടപെടല്‍ കൊണ്ടാണെങ്കിലും അത് 15 പൈസ മെച്ചപ്പെട്ടത് ലോകരക്ഷകനായ ഡോ.മന്‍മോഹന്‍ സിങ്ങിന്റെ ഇടപെടല്‍ ഒന്നുകൊണ്ട് മാത്രമാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെയും ഇന്ത്യയിലൊട്ടാകെയും സാമ്പത്തികരംഗം മെച്ചപ്പെടുത്തുന്നതിനായി ഒരു സാമ്പകത്തികശാസ്ത്ര വിദ്യാര്‍ഥി എന്ന നിലയില്‍ ഏതാനും എളിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഞാനാഗ്രഹിക്കുകയാണ്. അണ്ണാന്‍ കുഞ്ഞും എന്തോ ആയത് പോലെ എന്നാണല്ലോ.

ഈ സാമ്പത്തിക പ്രതിസന്ധി ഇന്ത്യയില്‍ തന്നെ ഉണ്ടായതാണെന്നും അല്ല വിശുദ്ധനായ ഡോ.മന്‍മോഹന്‍സിങ്ങിന്റെ പിടിപ്പുകേടുകൊണ്ടും വന്‍കിടമുതലാളിമാര്‍ക്കു വേണ്ടി പോളിസികള്‍ രൂപീകരിച്ചപ്പോള്‍ സഭവിച്ച അപകടമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആദ്യം തന്നെ ഇതിനൊരറുതി വരുത്തണം. നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിലക്കയറ്റത്തിനു കാരണം നമ്മളല്ല എന്നത് നമ്മള്‍ നമ്മളെ തന്നെ ആദ്യം വിശ്വസിപ്പിച്ചെങ്കിലേ മറ്റുള്ളവര്‍ക്ക് അത് വിശ്വാസമാകൂ. ചിദംബരവും വയലാര്‍ രവിയും കെ.എം.മാണിയും പറഞ്ഞതുപോലെ വിലക്കയറ്റം ഇന്നോ ഇന്നലെയോ ഉണ്ടായതല്ല, അത് ഇവിടെ ഉണ്ടായതുമല്ല. ലോകാരംഭം മുതലുള്ള വിലക്കയറ്റം ഒരു ആഗോളപ്രതിഭാസമാണ്. അല്ലെങ്കിലും മന്‍മോഹന്‍സിങ്ങു കഴിഞ്ഞാല്‍ സാമ്പത്തികരംഗത്ത് അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ള അതികായനായ മാണിസാര്‍ പറയുന്നത് അവിശ്വസിക്കേണ്ടതില്ല.

വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തലക്കെതിരെ അച്ചടക്ക നടപടി എടുക്കുകയും ടിയാനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യുകയും വേണം. ഇതൊക്കെ മുളയിലേ നുള്ളണം. കേരളം സാമ്പത്തികമായി ഒരുതരം ഉന്മാദാവസ്ഥയില്‍ നില്‍ക്കുന്ന സമയത്ത് അയാള്‍ അത്തരത്തിലൊരു ആവശ്യമുന്നയിച്ചത് ഇറവറന്‍സ് ആണ്. ക്രിസ്ത്യാനികളും മുസ്ലിംകളും ചേര്‍ന്നു ഭരിക്കുന്ന കേരളത്തിന് എന്തോ കുഴപ്പമുണ്ട് എന്നു വരുത്തിത്താര്‍ക്കുന്നതിനുള്ള വര്‍ഗീയ അജന്‍ഡയാണ് ചെന്നിത്തല നടപ്പാക്കാന്‍ ശ്രമിച്ചത്. വിലക്കയറ്റം നിയന്ത്രിക്കണമെന്ന് ചെന്നിത്തലയുടെ ആവശ്യം എന്‍ഐഎ അന്വേഷിക്കണം. ചെന്നിത്തല ജീവിതത്തില്‍ എന്നെങ്കിലും എക്കണോമിക്‌സ് പഠിച്ചിട്ടുണ്ടോ എന്നന്വേഷിക്കണം. ഇല്ലെങ്കില്‍ രാഷ്ട്രീയമായി പ്രായപൂര്‍ത്തിയാവാത്ത അദ്ദേഹത്തെ ദുര്‍ഗുണപരിഹാരപാഠശാലയിലയച്ച് ഇക്കണോമിക്‌സ് പഠിപ്പിക്കണം.

ചെന്നിത്തല ഒരുദാഹരണം മാത്രമാണ്. ഇക്കണോമിക്‌സില്‍ ബിരുദാനന്തബിരുദമെങ്കിലും ഇല്ലാത്ത ആളുകള്‍ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി ആലോചിക്കുന്നതിനു പോലും വിലക്കേര്‍പ്പെടുത്തണം. ഏതു രാഷ്ട്രീയപാര്‍ട്ടിയിലുള്ളവരായാലും ശരി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെപ്പറ്റിയും രൂപയെപ്പറ്റിയും അഭിപ്രായം പറയുന്നതിന് നിരോധനം ഏര്‍പ്പെടുത്തണം. സാമ്പത്തികരംഗത്തെപ്പറ്റി വാര്‍ത്ത കൊടുക്കുന്നതിനും വിശകലനങ്ങള്‍ നടത്തുന്നതിനും മാധ്യമങ്ങള്‍ക്ക്ു വിലക്കേര്‍പ്പെടുത്തണം. ടാറ്റയെപ്പോലുള്ള കുത്തകമുതലാളിമാരെയും നിയന്ത്രിക്കണം. റിലയന്‍സിനിലില്ലാത്ത പരാതി ടാറ്റയ്‌ക്കെന്തിന്. അവനെയൊക്കെ വരച്ച വരയില്‍ നിര്‍ത്തണം. റോബര്‍ട്ട് വധേരയെപ്പോലുള്ള ചെറുകിട കര്‍ഷകരെ മുഖ്യധാരയിലേക്കു കൊണ്ടുവരണം. കര്‍ഷകരുടെ ഉന്നമനത്തിലാണ് ഇന്ത്യയുടെ ഭാവിയെന്ന് മഹാത്മാഗാന്ധിയും രാഹുല്‍ ഗാന്ധിയും പറഞ്ഞിട്ടുണ്ട്.

സാമ്പത്തിക രംഗത്തെക്കുറിച്ചുള്ള ഭീതിയും ആശങ്കയും തെറ്റിദ്ധാരണകളും നീക്കുന്നതിന് ശക്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കഥകളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വിലക്കയറ്റം ഒരു ആഗോളപ്രതിഭാസമാണ് എന്നത് സര്‍ക്കാരിന്റെ വികസന മുദ്രാവാക്യങ്ങളിലൊന്നായി ഉള്‍പ്പെടുത്തണം. സ്‌കൂളുകളില്‍ കുട്ടികളുടെ പ്രതിജ്ഞയോടൊപ്പം വിലക്കയറ്റം ഒരു ആഗോളപ്രതിഭാസമാണ് എന്നത് ഉള്‍പ്പെടുത്തണം. എല്‍ നിനോ പോലെ, ആഗോളതാപനം പോലെ നമ്മുടെ ഇടപെടലുകള്‍ക്കപ്പുറത്തു നില്‍ക്കുന്ന ഒന്നാണ് വിലക്കയറ്റമെന്നത് കാണിച്ച് രാജ്യത്തെ എല്ലാ പത്രങ്ങളിലും ഫുള്‍പേജ് കളര്‍ പരസ്യം നല്‍കണം. എല്ലാ പരസ്യത്തിലും ഈ രാജ്യം ഇങ്ങനെ നിലനില്‍ക്കാന്‍ കാരണക്കാരായ ത്രിമൂര്‍ത്തികള്‍ എന്ന തലക്കെട്ടോടെ ഡോ.മന്‍മോഹന്‍സിങ്ങിന്റെയും സോണിയാ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും വലിയ ചിത്രങ്ങളും നല്‍കണം.

ഒരു ആഗോളപ്രതിഭാസമാണെങ്കിലും എങ്ങനെ വിലക്കയറ്റം ഇത്ര ശക്തമായി എന്നത് അന്വേഷിക്കാന്‍ സിബിഐയെ ചുമതലപ്പെടുത്തണം. ബിജെപി, സിപിഎം തുടങ്ങിയ കക്ഷികള്‍ ഇതിനായി റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്നത് അന്വേഷണ പരിധിയില്‍ കൊണ്ടുവരണം. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള അംഗങ്ങള്‍ പ്രധാനമന്ത്രിയെ പാര്‍ലമെന്റില്‍ വച്ച് കുറ്റപ്പെടുത്തുന്നതും ചോദ്യം ചെയ്യുന്നതും വിമര്‍ശിക്കുന്നതും തടയാന്‍ നിയമനിര്‍മാണം കൊണ്ടുവരണം. ആ ഇളംമനസ്സ് വേദനിപ്പിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നതുപോലെ അദ്ദേഹത്തെ പാര്‍ലമെന്റില്‍ വരുന്നതില്‍ നിന്നും എതിരാളികളെ കാണുന്നതില്‍ നിന്നും ഒഴിവാക്കണം.

ജനങ്ങള്‍ പെട്രോളും ഡീസലും ഉപയോഗിക്കുന്നത് കുറയ്ക്കാന്‍ പെട്രോള്‍ പമ്പുകള്‍ രാത്രിയില്‍ അടച്ചിടണമെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ നിര്‍ദേശം അടിയന്തരമായി നടപ്പാക്കണം. ജനപ്രതിനിധികള്‍ക്കും കുത്തകമുതലാളിമാര്‍ക്കും ഇന്ധനം സൗജന്യമായി നല്‍കണം (രാജ്യപുരോഗതിയുടെ മൈലേജ് കൂട്ടാനാണിത്). ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രമായി പെട്രോളും ഡീസലും പരിമിതപ്പെടുത്തണം. വാഹന ഉടമകള്‍ക്ക് പെട്രോളും ഡീസലും വാങ്ങണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കണം. ഇന്ധനം ആവശ്യമുള്ളവര്‍ അംഗീകൃത പമ്പിലെത്തി ആധാര്‍ കാര്‍ഡ് കാണിച്ച് പണമടച്ചു വീട്ടില്‍ പോവുകയും ഇന്ധനം പിന്നീട് അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയും ചെയ്യുന്ന രീതി നടപ്പാക്കണം. ഇങ്ങനെ അക്കൗണ്ടിലെത്തുന്ന ഇന്ധനം അപ്പോള്‍ തന്നെ സര്‍ക്കാരിന്റെ കരുതല്‍ ഇന്ധനനിക്ഷേപത്തിലേക്കു സ്വരുക്കൂട്ടിയാല്‍ ജനങ്ങളുടെ എണ്ണ ഉപയോഗവും എണ്ണക്കമ്പനികളുടെ നഷ്ടവും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും പരിഹരിക്കാം.

സുതാര്യന്‍

നമസ്‌കാരം സര്‍…

എന്റെ സെക്രട്ടറി എഴുതി തന്നിട്ടുള്ള ചോദ്യങ്ങള്‍ മാത്രമേ എന്നോടു ചോദിക്കാന്‍ പാടുള്ളൂ… നിങ്ങളുടേതായ ചോദ്യങ്ങള്‍ക്കൊന്നും ഞാന്‍ ഉത്തരം തരില്ല…

സര്‍, പ്ലീസ്… മാധ്യമസ്വാതന്ത്ര്യം ഈ രാജ്യത്ത് നിലവിലുള്ളതാണ്… സുതാര്യതയും സത്യസന്ധതയുടെയും മുഖമുദ്രയായ അങ്ങു പോലും അത് അംഗീകരിക്കില്ലെന്നു ലോകമറിഞ്ഞാല്‍ വലിയ നാണക്കേടാവും…

സുതാര്യത എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ഞാന്‍ പറയുന്ന കാര്യങ്ങള്‍ എനിക്കനുകൂലമായി എഴുതുന്നതിനെയാണ്.. ഞാന്‍ പറയുന്നതില്‍ എനിക്കെതിരായി വല്ലതുമുണ്ടെങ്കില്‍ അതിനു പ്രാധാന്യം കൊടുക്കുന്നതാണല്ലോ നിങ്ങളുടെ രീതി..

എന്തു കൊടുക്കണം എന്തു കൊടുക്കേണ്ട എന്നു തീരുമാനിക്കുന്നതിനെയാണല്ലോ മാധ്യമസ്വാതന്ത്ര്യം എന്നു പറയുന്നത്…

മാധ്യമങ്ങളെയും സുതാര്യമാക്കാനുള്ള ഒരു പുതിയ നിയമം വരുന്നുണ്ട്.. അതോടെ പ്രശ്‌നങ്ങള്‍ക്കൊക്കെ പരിഹാരമാവും.. നിങ്ങള്‍ എന്തൊക്കെ പ്രസിദ്ധീകരിക്കുന്നു, എന്തൊക്കെ സംപ്രേഷണം ചെയ്യുന്നു എന്നത് ഞങ്ങളുടെ ആള്‍ക്കാര്‍ കണ്ട് അപ്രൂവ് ചെയ്യാനുള്ള നിയമമാണ് വരുന്നത്…

തല്‍ക്കാലം ആ നിയമം വന്നിട്ടില്ലല്ലോ സര്‍…

പെട്ടെന്നു ചോദിക്കണം.. എനിക്കു ജനങ്ങളെ സേവിക്കാനുള്ളതാണ്…

സര്‍… സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ഒരു മന്ത്രി പറയുന്നു.. ഇവിടെ ഒരു പ്രതിസന്ധിയുമില്ലെന്ന് മറ്റൊരു മന്ത്രി പറയുന്നു… എന്താണ് സത്യം ?

അക്കാര്യത്തില്‍ രണ്ടു മന്ത്രിമാരോടും പരസ്പരം ചര്‍ച്ച ചെയ്ത് ഒരു സമവായത്തിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്…

ഉവ്വ് സര്‍… വലിയ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും ഇവിടെ ഒരു പ്രതിസന്ധിയുമില്ലാത്തതുപോലെയാണ് എന്നൊരു സമവായത്തില്‍ അവരെത്തിയിട്ടുണ്ട്..

കണ്ടോ, അതാണ് ഞങ്ങളുടെ മുന്നണിയുടെ ഒരു ഗുണം..

സര്‍, മന്ത്രിമാര്‍ തമ്മില്‍ സമവായത്തിലെത്തിയതുകൊണ്ട് സാമ്പത്തിക പ്രതിസന്ധി ഇല്ലാതാവുന്നില്ലല്ലോ… ക്രിയാത്മകമായി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ചോദ്യം..

സാമ്പത്തിക പ്രതിസന്ധി എന്നല്ല, ഈ നാട്ടിലെ ഒട്ടുമുക്കാലും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത് മാധ്യമങ്ങളാണ്… മാധ്യമങ്ങള്‍ നിയന്ത്രണം പാലിക്കണം…

സര്‍.. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ ഇടപെടലുകളാണ് നടത്താന്‍ പോകുന്നത് എന്നാണറിയേണ്ടത്..

രൂപയുടെ മൂല്യം ഇടിയുമ്പോള്‍ സാമ്പത്തിക പ്രതിസന്ധിയെപ്പറ്റി അഭിപ്രായം പറയുന്നത് ഉചിതമല്ല… പിന്നെ ഏതെങ്കിലും തരത്തില്‍ ഒരു സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്നു ബോധ്യമായാല്‍ ഉടന്‍ തന്നെ മന്ത്രിസഭാ വികസനം നടത്തി പ്രശ്‌നം പരിഹരിക്കുന്നതാണ്…

സര്‍, സോളാര്‍ കേസില്‍….

എനിക്കു പോണം.. എനിക്കു ജനങ്ങളെ സേവിക്കാന്‍ സമയമായി…

സര്‍.. പ്ലീസ്…. ഒരു ചോദ്യം കൂടി…

എങ്കില്‍ സോളാര്‍ എന്നൊരു വാക്ക് ഉപയോഗിക്കരുത്…

ഇല്ല..

എങ്കില്‍ ഒറ്റ ചോദ്യം കൂടി ചോദിച്ചോളൂ…

സൗരോര്‍ജ്ജ വഞ്ചനാ കേസില്‍ ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ നല്‍കില്ലെന്നു ടൂറിസം വകുപ്പ് പറഞ്ഞതിനെപ്പറ്റി എന്താണഭിപ്രായം ?

ടൂറിസം വകുപ്പിന്റെ ആഭ്യന്തര കാര്യങ്ങളെപ്പറ്റി ഞാനൊരഭിപ്രായം പറയുന്നത് ശരിയല്ല… ടൂറിസത്തെ ദോഷകരമായി ബാധിക്കുന്ന ഒരു തീരുമാനം അവരെടുക്കുമെന്ന് എനിക്കു തോന്നുന്നില്ല..

സര്‍, കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ നല്‍കാന്‍ വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടിട്ട് വിവരാവകാശ കമ്മിഷനു പോലും അത് നല്‍കില്ലെന്നു ടൂറിസം വകുപ്പ് പറയുമ്പോള്‍ അത് വിവരാവാകാശ നിയമത്തിന്റെ നഗ്നമായ ലംഘനമല്ലേ ?

പ്ലീസ് എന്നെ വെറുതെ വിടൂ… എനിക്കു ജനങ്ങളെ സേവിക്കണം… എനിക്കവരുടെ കണ്ണീരൊപ്പണം…

വിവരാവകാശനിയമം ലംഘിക്കുന്നത് വലിയ കുറ്റമാണ്…

വിവരാവകാശനിയമം ദുരുപയോഗിക്കുന്നത് തടയാന്‍ ഉടനെ മറ്റൊരു നിയമം കൂടി കൊണ്ടുവരാന്‍ ഞങ്ങളാലോചിക്കുന്നുണ്ട്… അതോടെ ആ പ്രശ്‌നവും തീരും..

ഒരു ചോദ്യം കൂടി…

സൗരോര്‍ജ്ജത്തെപ്പറ്റി ഒന്നും ചോദിക്കരുത്…

ഇല്ല സര്‍…

എങ്കില്‍ ഒറ്റ ചോദ്യം കൂടി മാത്രം… വേഗം വേണം…

പുറത്താക്കിയ ഗണ്‍മാന് വേണ്ടി സര്‍ക്കാര്‍ എജി കോടതിയില്‍ ഹാജരായത് വലിയ വിവാദമായിരിക്കുകയാണല്ലോ… എന്തുകൊണ്ടാണ് സര്‍.. സര്‍ക്കാര്‍ ഒരു മുന്‍ഗണ്‍മാനെ ഇത്രത്തോളം ഭയപ്പെടുന്നത്…

അദ്ദേഹത്തിന്റെ പേര് തന്നെ ശ്രദ്ധിക്കൂ.. ഗണ്‍മാന്‍.. തോക്കുമനുഷ്യന്‍… ആ തോക്കെടുത്ത് അദ്ദേഹം വെടിവച്ചാല്‍ എന്താണ് സംഭവിക്കുക ? അമേരിക്കയിലും മറ്റും വെടിവയ്പ് നടക്കുന്നതിനെപ്പറ്റി നിങ്ങള്‍ വായിച്ചിട്ടില്ലേ ? അത്തരത്തില്‍ അദ്ദേഹം തോക്കുമായി വന്ന് ജനങ്ങളെ ആക്രമിച്ചാല്‍ എന്താണ് സംഭവിക്കുക… അത്തരത്തിലൊരു ദുരന്തം തടയുന്നതിനുവേണ്ടി പരിശ്രമിക്കുന്ന സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിനു പകരം കുറ്റപ്പെടുത്തുന്നത് വേദനാജനകമാണ്…

സര്‍ക്കാരിന് മുന്‍ഗണ്‍മാനെ പേടിയാണെന്നാണ് സര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്… മാത്രമല്ല സര്‍ക്കാര്‍ മുന്‍ഗണ്‍മാനു വേണ്ടി ചെയ്യുന്നത് നീതികരിക്കാന്‍ കഴിയാത്ത കാര്യമാണെന്ന് സുധീരനും പറഞ്ഞിട്ടുണ്ട്..

സുധീരന്‍ എന്നൊരാളെ എനിക്കറിയില്ല…

ജനങ്ങള്‍ക്ക് എന്തു സന്ദേശമാണ് സര്‍ നല്‍കാനുള്ളത്.. ?

അഴിമതിക്കെതിരെയുള്ള പോരാട്ടത്തില്‍ നിന്നും ഞാനൊരിക്കലും പിന്നോട്ടു പോവില്ല.. അക്രമരാഷ്ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും കേരളത്തെ രക്ഷിക്കുക എന്നതാണ് എന്റെ ലക്ഷ്യം.. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പിടിച്ചതുപോലെ ലാവ്‌ലിന്‍ കേസിലും ഉടനെ ഒരു പരിഹാരമുണ്ടാക്കും… വിഎസിന്റെ മകനെതിരായ കേസിലും അന്വേഷണം നടക്കുന്നുണ്ട്… ഇവിടെ എല്ലാം സുതാര്യമാണ്… ജനങ്ങൡ നിന്ന് ഞങ്ങള്‍ക്ക് ഒന്നും മറയ്ക്കാനില്ല..

വളരെ നന്ദി സര്‍…

നന്ദി, നമസ്‌കാരം…

ആന്റി മോഡി റോക്ക്‌സ്‌

പ്രധാനമന്ത്രിയാവാന്‍ എണ്ണ തേപ്പിച്ചു നിര്‍ത്തിയിരിക്കുന്ന രാഹുല്‍ജിയോട് നേരിട്ടു മുട്ടാനിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ രാഹുല്‍ജി ഫാന്‍സ് അസോസിയേഷനില്‍പ്പെട്ട ആരെങ്കിലും കാണുന്നതോ കൈ കൊടുക്കുന്നതോ അമ്മയുടെയും മകന്റെയും അപ്രീതിക്കു കാരണമാകും എന്നതില്‍ സംശയമില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെ മോഡിയെന്ന പേരു കേട്ടാല്‍ രണ്ടു വട്ടം കാര്‍ക്കിച്ചു തുപ്പി ‘മതേതര ഇന്ത്യയെ സംരക്ഷിക്കാന്‍ കോങ്ക്രസല്ലാതെ പിന്നെയാരാ’ എന്ന ആത്മഗതവും വയറുനിറയെ സാമ്പത്തികപുരോഗതി വിഴുങ്ങിയിട്ടെന്നപോലെ ഒരേമ്പക്കവും സമര്‍പ്പിക്കുന്നതാണ് വലതുപക്ഷ മര്യാദ.

മന്ത്രി ഷിബു ബേബി ജോണ്‍ ബേസിക്കലി പാവമാണ്. അല്ലെങ്കിലും ലണ്ടന്‍ ടാക്‌സിയൊക്കെ സ്വന്തമായുള്ള ഷിബു വികസനത്തിന്റെയും പുരോഗതിയും സൈറന്‍ കേട്ടില്ലെന്നു നടിക്കേണ്ട കാര്യമില്ല. മന്ത്രി കാറു സംഘടിപ്പിച്ചതിന്റെ (വാങ്ങിയതിന്റെ എന്നു പറയാന്‍ മനസ്സ് അനുവദിക്കുന്നില്ല) കുശുമ്പു കൊണ്ടു കൂടിയാവാം ഷിബുവിനെ കൊല്ലണം എന്ന മട്ടില്‍ അല്‍പബുദ്ധികളായ നേതാക്കന്‍മാര്‍ ഉച്ചത്തില്‍ ആക്രോശിക്കുന്നത്. ഷിബു ബേബി ജോണ്‍ ഭയങ്കരന്‍ മന്ത്രിയാണെന്നോ നരേന്ദ്രമോഡിയുടെ ഗുജറാത്തില്‍ അതിഭീകരവികസനമാണെന്നോ എനിക്ക് അഭിപ്രായമില്ല. അല്ലെങ്കിലും ഗുജറാത്തിനെക്കാള്‍ വികസനത്തില്‍ മുന്നില്‍ നില്‍ക്കുന്ന കേരളമാണ് ഇന്ത്യയില്‍ ഏറ്റവും മികച്ച സംസ്ഥാനമെന്നാണ് വിവിധ സൂചികകള്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ തൊഴില്‍മന്ത്രി ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടതിന്റെ പേരില്‍ ഈ ബഹളമൊക്കെ ഉണ്ടാക്കുന്ന സകല രാഷ്ട്രീയക്കാരോടും സഹതാപം കലര്‍ന്ന പുച്ഛവും അറപ്പും പ്രകടിപ്പിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പുരോഗതി അതിന്റെ അഖണ്ഡതയിലും വിവിധ സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണത്തിലും ഊന്നിയാണ് നില്‍ക്കുന്നത്. നരേന്ദ്രമോഡിയുടെ ചരിത്രം എന്തായിരുന്നാലും ശരി അദ്ദേഹം ഇന്ന് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. നമ്മളെപ്പോലെ തന്നെയുള്ള ഗുജറാത്തിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്ത് ജയിപ്പിച്ചതുകൊണ്ടാണ് നരേന്ദ്രമോഡി ഗുജറാത്തിലെ മുഖ്യമന്ത്രിയായിരിക്കുന്നത്. അവിടുത്തെ വികസനം ലോകോത്തരമാണോ അല്ലയോ എന്നത് ഇനിയും ചര്‍ച്ച ചെയ്തു കഴിഞ്ഞിട്ടില്ല. അവിടുത്തെ വികസനം നല്ലതാണെന്നു കരുതി ഇവിടുത്തെ വികസനം മോശമാകണം എന്നും അര്‍ഥമില്ല. നരേന്ദ്രമോഡിയെ പഴയ കലാപകാലത്തെ നരേന്ദ്രമോഡിയായി മാത്രമേ എല്ലാവരും എല്ലാക്കാലവും കാണാവൂ എന്ന് സുപ്രീം കോടതി ഉത്തരവൊന്നുമില്ല. ഇപ്പോള്‍ ഗുജറാത്ത് ഭരിക്കുന്ന മുഖ്യമന്ത്രിയായി അദ്ദേഹത്തെ കാണുന്നതും വര്‍ത്തമാനകാലത്തില്‍ നിന്നുകൊണ്ട് സമീപിക്കുന്നതും ഭരണഘടനാവിരുദ്ധവുമല്ല. അല്ലെങ്കിലും കേരളത്തിലെ തൊഴില്‍ മന്ത്രി ഗുജറാത്തിലെ തൊഴില്‍മന്ത്രിയെ സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ അവിടുത്തെ മുഖ്യമന്ത്രിയെ കണ്ട് 10 മിനിറ്റ് സംസാരിച്ചത് രാഷ്ട്രീയപരമായോ അല്ലാതെയോ പരിശോധിച്ചാല്‍പ്പോലും ഒരു തെറ്റല്ല. ഇത്തരത്തിലുള്ള കൂടിക്കാഴ്ചകളും സന്ദര്‍ശനങ്ങളും എക്കാലവും നടക്കുന്നതാണ്, നടക്കേണ്ടതുമാണ്. അങ്ങനെ നടന്ന ഒരു കൂടിക്കാഴ്ച തെറ്റായിപ്പോയെന്നു ഉറക്കെ പറയുകയും അതിന്റെ പേരില്‍ വിവാദമുണ്ടാക്കുകയും ചെയ്യുന്ന പ്രബുദ്ധകേരളത്തിലെ രാഷ്ട്രീയമന്ദബുദ്ധികളായ നേതാക്കന്‍മാര്‍ ഈ രാജ്യത്തിനു തന്നെ അപമാനമാണ് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

മോഡിയെ എതിര്‍ക്കുന്നതിലൂടെ മുസ്‌ലിം സമൂഹത്തിന്റെ വോട്ട് ഹോള്‍സെയിലായി കിട്ടുമെന്ന മിഥ്യാധാരണയാണ് പലരെയും ചാടി വീഴാന്‍ പ്രേരിപ്പിച്ചിരിക്കുന്നതെന്നു തോന്നുന്നു. പ്രായവും പക്വതയും ഉള്ള നേതാക്കന്‍മാര്‍ വരെ പ്രതികരിച്ചിരിക്കുന്നത് കണ്ടാല്‍ കരഞ്ഞുപോകും. മന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ രഹസ്യ അജന്‍ഡയെക്കുറിച്ച് അന്വേഷിക്കണം എന്നാണ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെടുന്നത്. വയലാര്‍ രവിയും രമേശ് ചെന്നിത്തലയും ഇ.ടി.മുഹമ്മദ് ബഷീറും എന്തിനു പി.സി.ജോര്‍ജ് പോലും പിന്നോട്ടു പോയില്ല. ഗണേശന്റെ കൂട്ടുകാരനായതുകൊണ്ടുള്ള കലിപ്പുകൊണ്ടാണെന്നു തോന്നുന്നു ബാലകൃഷ്ണപിള്ളയും എന്തോ പറഞ്ഞിട്ടുണ്ട്. ഇവറ്റകളുടെ പ്രതികരണ-പ്രതിഷേധ വയറിളക്കത്തോടൊപ്പം മോഡിയും ഷിബുവും കൂടി നിന്ന് താലം കൈമാറുന്ന ആ പടം കൂടി കണ്ടാല്‍ കേരളത്തിലെ എല്ലാ മനുഷ്യരെയും കൊല്ലാനുള്ള ക്വട്ടേഷന്‍ മന്ത്രി ഷിബു മോഡിക്ക് കൊടുക്കുകയാണെന്നേ തോന്നൂ.

എന്നാല്‍, നമ്മെ തളര്‍ത്തിക്കളയുന്നത് ഇതൊന്നുമല്ല. താന്‍ മോഡിയെ കണ്ടത് തെറ്റായിപ്പോയി എന്നൊരു വൃത്തികെട്ട കുറ്റസമ്മതം മന്ത്രി ഷിബുവിന്റെ ഭാഗത്തു നിന്നുണ്ടായി എന്നതാണ്. കേരളത്തിലെ തൊഴില്‍മന്ത്രിക്ക് താന്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയെ കണ്ടത് തെറ്റായിപ്പോയി എന്നു തോന്നുന്നെങ്കില്‍ അത് കഷ്ടമാണ്. അതൊക്കെ പോട്ടെന്നു വയ്ക്കാം. പി.സി.ജോര്‍ജിനെ വരെ പിന്തുണച്ചു കളഞ്ഞ അതീവ ദുര്‍ബലനായ നമ്മുടെ കരുത്തനായ മുഖ്യമന്ത്രി ഷിബുവിനോട് വിശദീകരണവും ചോദിച്ചു. ഈ മുഖ്യമന്ത്രി തന്നെ സ്വന്തം ചേട്ടന്റെ അടുത്തെന്ന പോലെ ഭയഭക്തി ബഹുമാനങ്ങളോടെ മോഡിയുടെ അടുത്ത് ചിരിച്ചു നില്‍ക്കുന്ന ഫോട്ടോ ദേണ്ടെ രണ്ടു വികസനനായകന്‍മാര്‍ എന്ന ലൈനില്‍ പത്രങ്ങളില്‍ അടിച്ചു വന്നിട്ടുണ്ട്. ദൂരെ മാറി നില്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും മോഡിയെ വെറുപ്പാണ്. അടുത്തു കണ്ടാല്‍ കവാത്തു മറക്കും. കണ്ടു കൈ കൊടുത്ത ശേഷം ഇവിടെ വന്നു തള്ളിപ്പറയുന്ന ഷിബു ഒരു പടികൂടി അപ്പുറത്തേക്കു പോയി എന്നു മാത്രം.

ഷിബു മോഡിയെ കണ്ടതിനെപ്പറ്റി പറയുമ്പോള്‍ എല്ലാവരും പറയുന്നത് ഒരേ ഡയലോഗാണ്- ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പാക്കില്ല എന്ന്. ഗുജറാത്തിലെ വികസനമല്ല, ഇവിടുത്തെ വികസനമാണ് നല്ലതെന്ന് ഗുജറാത്ത് കണ്ടിട്ടുപോലുമില്ലാത്ത രാഷ്ട്രീയക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ അവിടെ ശരിക്കും വികസനം ഉണ്ട് എന്നതില്‍ നിന്നുള്ള ഭീതിയാണ് മുഴങ്ങിക്കേള്‍ക്കുന്നത്. അല്ലെങ്കില്‍ തന്നെ ഗൂജറാത്തിലെ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ കാലാവസ്ഥ വച്ച് അവിടുത്തെ സാമ്പത്തികവളര്‍ച്ചയുടെയും ജനങ്ങളുടെ വിദ്യാഭ്യാസനിലവാരത്തിന്റെയും അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വികസനമാതൃക തികച്ചും വ്യത്യസ്തമായ അന്തരീക്ഷമുള്ള കേരളത്തില്‍ നടപ്പാക്കാന്‍ സാധിക്കില്ല. എന്നു കരുതി ഇവിടുന്ന് ഒരു മന്ത്രി അവിടെപ്പോയി കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒരു തെറ്റുമില്ല. എബിസിഡി പോലും അറിയാത്ത പല മന്ത്രിമാരും ഇക്കാലമത്രയും വിദേശരാജ്യങ്ങളിലൊക്കെ പോയി വികസനമാതൃകകള്‍ പഠിച്ചുകൊണ്ടിരുന്നത് അതൊക്കെ കൊണ്ടുവന്ന് കേരളത്തിന്റെ നെഞ്ചില്‍ അവതരിപ്പിക്കാനായിരുന്നില്ലല്ലോ.

എന്തായാലും വാര്‍ത്തയില്ലാതിരിക്കുന്ന ചാനലുകളും ചാനലുകളെ പേടിച്ചു ജീവിക്കുന്ന ഏഴാംകൂലി രാഷ്ട്രീയക്കാരും കൂടി ഉണ്ടാക്കിയ ഈ വിവാദം കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയോടുള്ള വെല്ലുവിളിയും അവരുടെ രാഷ്ട്രീയബോധത്തെയും വിവേചനബോധത്തെയും അധിക്ഷേപിക്കലുമാണ്. ഇത് ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരനായ മോഡിയും സല്‍ഗുണസമ്പന്നരായ കേരളത്തിലെ രാഷ്ട്രീയപ്രവര്‍ത്തകരും തമ്മിലുള്ള പ്രത്യയശാസ്ത്ര-ധാര്‍മിക പോരാട്ടമല്ല. ഒരു പ്രൊഫഷനല്‍ രാഷ്ട്രീയക്കാരനെ ഒരു സംഘം അമച്വര്‍ രാഷ്ട്രീയനാടകക്കാര്‍ ചേര്‍ന്നു നേരിടുന്ന പരിതാപകരമായ കാഴ്ചയാണ്. താരത്തിളക്കത്തില്‍ മോഡി അടുത്ത ദിവസം കേരളത്തില്‍ വന്നു പോകുമ്പോള്‍ നമ്മുടെ മൂല്യാധിഷ്ഠിതരാഷ്ട്രീയപ്രവര്‍ത്തകര്‍ പരിപാടി ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചും സ്വയം അപഹാസ്യരാകുന്ന കാഴ്ച കൂടി കണ്ട് നിര്‍വൃതിയടയാം.

യാമിനീയം

സീരിയലുകളിലെ അവിഹിതബന്ധങ്ങള്‍ കണ്ട് നെഞ്ചുരുകി കരഞ്ഞിരുന്ന ലോക്കല്‍ അമ്മച്ചിമാര്‍ വരെ വാര്‍ത്താ ചാനലുകള്‍ കണ്ടു തുടങ്ങി എന്നതാണ് ഗണേഷ്-യാമിനി പ്രശ്‌നം കൊണ്ടുണ്ടായ ഏറ്റവും വലിയ സാമൂഹിക മാറ്റങ്ങളില്‍ ഒന്ന്. സീരിയലുകളിലെ അവിഹിതം എപിസോഡുകള്‍ നീണ്ടിട്ടും തീരുമാനമാകാതെ തുടരുമ്പോള്‍ ദൈനംദിനം ഡെവലപ്‌മെന്റുള്ള റിയല്‍ടൈം കുടുംബകലഹം വാര്‍ത്തകളില്‍ നിറയുന്നത് ബുള്ളറ്റിനുകളുടെ റേറ്റിങ് കൂട്ടുകയും പൈങ്കിളിസീരിയലുകളുടേത് കുറയ്ക്കുകയും ചെയ്യും. സിനിമയും രാഷ്ട്രീയവും കുടുംബജീവിതവും അവിഹിതബന്ധവുമെല്ലാം കുഴഞ്ഞുമറിഞ്ഞു കിടക്കുന്നതുകൊണ്ട് മിക്കവാറും എല്ലാത്തരം പ്രേക്ഷകരെയും വായനക്കാരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന ഇരകളാണ് ഗണേഷ് കുമാറും യാമിനി തങ്കച്ചിയും.

ഈ പ്രശ്‌നത്തിലെ ശ്രദ്ധേയമായ മറ്റൊരു സംഗതി, നഴ്‌സുമാരുടെ സമരം പോലുള്ള പ്രശ്‌നങ്ങളില്‍ പോലും ഇടപെടാന്‍ അറച്ചു നിന്നിരുന്ന മുഖ്യമന്ത്രിയെയും ഷിബു ബേബി ജോണിനെയും പോലുള്ളവര്‍ മന്ത്രിയും ഭാര്യയുമായുള്ള പിണക്കം തീര്‍ക്കാന്‍ മധ്യസ്ഥം വഹിച്ചു എന്നതാണ്. ഡീസല്‍ വില നിയന്ത്രണം എടുത്തു കളഞ്ഞത് സമ്പദ്‌വ്യവസ്ഥയുടെ ഭാഗ്യമാണെന്നും പഞ്ചസാരവിലനിയന്ത്രണം നീക്കിയത് കര്‍ഷകരുടെ പുണ്യമാണെന്നുമൊക്കെ എഴുതിത്തള്ളിയ ജേണലിസ്റ്റുകള്‍ കോടതിയിലെത്തിയ ഗണേഷിന്റെയും യാമിനിയുടെയും മുഖഭാവങ്ങളും ശരീരഭാഷയും നിരീക്ഷിച്ചു വിശദമായ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി തങ്ങളുടെ പത്രപ്രവര്‍ത്തനവീര്യം പൊടിതട്ടിയെടുത്തു. പ്രേക്ഷകരും വായനക്കാരുമായ നമ്മളും ആദ്യം ഈ പ്രശ്‌നത്തില്‍ എന്തെങ്കിലും ഡെവലപ്‌മെന്റുണ്ടോ എന്നു നോക്കിയിട്ടേ സമ്പദ്‌വ്യവസ്ഥയുടെ മാങ്ങാത്തൊലിയെപ്പറ്റി വായിക്കൂ.

ഈസ്റ്ററിന്റെ അരൂപി തേടി വനവാസത്തിനു പോയ നല്ല കുഞ്ഞാടിനെ ഇപ്പോള്‍ എല്ലാ മലയാളികളും മിസ്സ് ചെയ്യുന്നുണ്ട്. പി.സി.ജോര്‍ജ് അലമ്പനാണ് എന്നു നേരത്തെ പോസ്റ്റിട്ട ഞാന്‍ പോലും അദ്ദേഹത്തോട് മാപ്പു ചോദിക്കാനും സത്യം സത്യമായി വിളിച്ചു പറഞ്ഞതിന് നന്ദി പറയാനും ബാധ്യസ്ഥനായിരിക്കുകയാണ്. പി.സി.ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണ് എന്നു യാമിനി അന്നു പത്രസമ്മേളനത്തില്‍ പറഞ്ഞതോടെ ജോര്‍ജ് ക്രിസ്തുവും യാമിനി മഗ്ദലനമറിയവും ഗണേഷ് നികൃഷ്ടനായ യൂദാസും എല്ലാം എല്ലാം അറിയുന്ന ബാ.കൃ.പിള്ള കൈകഴുകി ശീലമില്ലാത്ത പീലാത്തോസുമായി ഈസ്റ്ററിന്റെ അരൂപിക്കു രാഷ്ട്രീയമാനം നല്‍കി. എന്തായാലും പെസഹാക്കാലത്ത് വട്ടായിലച്ചന്റെ ധ്യാനം കൂടിയിട്ടെന്നപോലെ പി.സി.ജോര്‍ജ് മിതഭാഷണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്. ആവേശത്തോടെയും ആവശ്യമില്ലാതെയുമുള്ള സംഭാഷണം അദ്ദേഹം അവസാനിപ്പിച്ചു.

വീണ്ടും കാര്യത്തിലേക്കു വരാം. ഗണേഷും യാമിനിയും പിരിയുകയോ പിരിയാതിരിക്കുകയോ ചെയ്യട്ടെ. അവിഹിതബന്ധവും ഗാര്‍ഹികപീഡനവും ഭീഷണിയും ബ്ലാക്‌മെയിലിങ്ങുമൊന്നും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് നാളെയോ മറ്റന്നാളോ അവസാനിക്കാനും പോകുന്നില്ല. ഗണേഷിനെക്കാള്‍ വലിയൊരാഭാസനില്ലെന്നോ യാമിനിയെക്കാള്‍ വലിയൊരു ദുഖപുത്രി ഇല്ലെന്നോ എനിക്കഭിപ്രായമില്ല. ഓരോ വിലനിയന്ത്രണങ്ങള്‍ എടുത്തു കളയുന്നതിനു വേണ്ടി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഗണേഷും യാമിനിയും പി.സി.ജോര്‍ജും കൂടി നടത്തുന്ന നാടകമല്ലേ ഇത് എന്ന് എനിക്കു ശരിക്കും സംശയവുമുണ്ട്.

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.

നിയമസഭയില്‍ നാളെ

നമസ്‌കാരം, നിയമസഭാ വാര്‍ത്തകള്‍. തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ തന്നെ നോക്കിപ്പേടിപ്പിച്ചതില്‍ സ്പീക്കര്‍ക്ക് ആശങ്ക. മന്ത്രി സുരേഷ് ഭാര്യയുടെ ജന്മദിനം മറന്നുപോയതില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ചു. ഈസ്റ്ററിന്റെ അരൂപിയില്‍ കര്‍ത്താവിന്റെ വിളി കാത്ത് കഴിയുന്ന തന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഈ പുണ്യമാസത്തില്‍ താനൊരു വിശുദ്ധജീവിതം നയിച്ചു വരികയാണെന്നും അതിനു ഭംഗം വരുത്തുന്ന സകല മ(ബീപ്)കളെയും ചവുട്ടി കു(ബീപ്)യൊടിക്കുമെന്നു ചീഫ് ബീപ്.

വാര്‍ത്തകള്‍ വിശദമായി.

തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ സഭയിലിരുന്ന് തന്നെ നോക്കിപ്പേടിപ്പിച്ചത് തന്നെ ഭയപ്പെടുത്തിയെന്നും അത്തരത്തില്‍ നോക്കിപ്പേടിപ്പിക്കുന്നത് ചട്ടങ്ങള്‍ക്കു വിരുദ്ധമാകയാല്‍ കുട്ടപ്പന്‍ നോട്ടം പിന്‍വലിച്ച് മാപ്പു പറയണമെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. കുട്ടപ്പന്‍ തന്റെ ചെയറിനടുത്തു വരികയും തന്നെ നോക്കി പേടിപ്പിക്കുകയും തുടര്‍ന്ന് തനിക്ക് അസ്വസ്ഥതയുണ്ടാകുന്ന വിധം സംസാരിക്കുകയും ചെയ്തതാണ് സ്പീക്കറെ ആശങ്കാകുലനാക്കിയത്. അതേ സമയം, ചീഫ് ബീപ് ഒറ്റ ശ്വാസത്തില്‍ തന്നെ 100 തെറികള്‍ ഒന്നിച്ചു പറയുന്നതും ഒരേ വാചകത്തില്‍ തന്നെ എല്ലാ നേതാക്കന്‍മാരെയും തെറി വിളിക്കുന്നതും ഒരു കുറ്റമല്ലെന്നും അതിനെ ഒരു കലാരൂപമായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ബീപിന്റെ പ്രസംഗം തല്‍സമയംപ്രേഷണം നടത്തുന്ന ചാനലുകള്‍ ഓഡിയോ മ്യൂട്ട് ചെയ്യുകയോ ആദ്യം മുതല്‍ അവസാനം വരെ ബീപ് ശബ്ദം കൊടുക്കുകയോ ചെയ്യണമെന്ന് കേന്ദ്രവാര്‍ത്താവിനിമയവകുപ്പ് ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ പ്രസംഗത്തില്‍ ബീപ് കയറ്റാനുള്ള നീക്കം മിശിഹാചരിത്രത്തിനിടയില്‍ ബിറ്റിടുന്നതുപോലെ നികൃഷ്ടമാണെന്നും അങ്ങനെ ചെയ്യുന്ന സകല പൊ(ബീപ്)(ബീപ്)മാരെയും (ബീപ്)മെന്നും ചീഫ് ബീപ് പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെയും അന്തരിച്ച നേതാക്കളെയും പറ്റി അസഭ്യം പറഞ്ഞു നടക്കുന്ന ചീഫ് ബീപിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷവും നിയന്ത്രിക്കേണ്ടത് അത് പറഞ്ഞവന്റെ ത(ബീപ്)യെ ആണെന്നും ഊ(ബീപ്) ഉ(ബീപ്ബീപ്) ഒന്നിച്ച് ഒ(ബീപ്) പേടിക്കുന്ന കു(ബീപ്)ളെപ്പോലെ തന്നെ കാണരുതെന്നും അങ്ങനെ കാണുന്ന മ(ബീപ്)കള്‍ വിവരമറിയുമെന്നും ചീഫ് ബീപ് പറഞ്ഞു. ഈസ്റ്റര്‍ അടുത്തു വരുന്നതിനാലും ഇത് സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് നോമ്പുകാലമായതിനാലും കര്‍ത്താവിന്റെ പാത പിന്‍തുടര്‍ന്നു ജീവിക്കുന്ന ഒരു പുണ്യാത്മാവെന്ന നിലയ്ക്ക് തന്റെ തെറി ഇഷ്ടപ്പെടാത്ത സകല പൂ(ബീപ്)ന്‍മാരോടും ഈസ്റ്റര്‍ വരെ താന്‍ ക്ഷമിക്കുകയാണ്. യേശുക്രിസ്തുവിന്റെ പിന്തുടര്‍ച്ചാവകാശിയോ പുനരവതാരമോ ഒക്കെയായാണ് പൂഞ്ഞാറുകാര്‍ തന്നെ കാണുന്നത്. അതറിയാത്ത കു(ബീപ്) താ(ബീപ്)കള്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഈസ്റ്ററിന്റെ പിറ്റേന്നു മുതല്‍ മറുപടി പറയുമെന്നും ചീഫ് ബീപ് പറഞ്ഞു.

തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ഒഴികെയുള്ള എല്ലാവരും പര(ബീപ്)കളാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പൂ(ബീപ്)കളും നാടുനീളെ ഊ(ബീപ്) നടക്കുകയാണ്. എന്നിട്ട് തന്നെപ്പോലെയുള്ള പുണ്യാത്മാക്കള്‍ സത്യം തുറന്നു പറയുമ്പോള്‍ അവ(ബീപ്)കള്‍ കു(ബീപ്)രം പറയുകയാണ്. ഇത്തരം പൊ(ബീപ്)(ബീപ്)ളെ കുനിച്ചു നിര്‍ത്തി കൂ(ബീപ്)കയാണ് വേണ്ടത്- വിശുദ്ധ ബീപ് പറഞ്ഞു.

മന്ത്രി സുരേഷിന്റെ ഭാര്യയുടെ ജന്മദിനം മന്ത്രി മറന്നുപോയത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രിയുടെ ഭാര്യയുടെ ജന്മദിനം ഇന്നലെ ആയിരുന്നെന്നും അത് മന്ത്രി ഓര്‍ത്തില്ലെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ജന്മദിനം വിസ്മരിക്കപ്പെട്ട പാവപ്പെട്ട ഒരു സ്ത്രീയുടെ വേദനയും ദുഖവും ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ സഭയുടെ അന്തസ്സും സാംസ്‌കാരികപാരമ്പര്യവും ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം പറഞ്ഞു. ഭാര്യയുടെ ജന്മദിനം മറന്ന് മറ്റുള്ളവയുടെ പിന്നാലെ പോകുന്ന മന്ത്രിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും ഇതൊരു പാഠമാകണമെന്നും അവര്‍ പറഞ്ഞു.

ഇനിയൊരു ഇടവേള. ഇടവേളയ്ക്കു ശേഷം, സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് മാര്‍പ്പാപ്പയെ കണ്ടു കൈകൊടുത്തു.
നാവികരെ വിട്ടയക്കാതെ ഇറ്റലി ചെയ്തത് മോശമായിപ്പോയെന്നു സോണിയാ ഗാന്ധി (ചിരി)

പ്രണയം നികൃഷ്ടമല്ല വിപ്പേ…

വര്‍ഷങ്ങള്‍ക്കു മുമ്പ്. മലയോരമേഖലയിലെ ഒരു കൊച്ചുവെളുപ്പാന്‍കാലം. വൈദ്യശാസ്ത്രരതിക്രീഡ കഴിഞ്ഞ് രാത്രി നെഞ്ചും തിരുമ്മി ഇറങ്ങി വന്ന പൊതുപ്രവര്‍ത്തകനെ മണിക്കൂറുകളായി പുറത്ത് കാത്തിരുന്ന യുവതുര്‍ക്കികള്‍ വളഞ്ഞു. വീരശൂരനായകന്റെ സദാചാരവൈരുധ്യം കയ്യോടെ പിടിച്ചതായി പ്രഖ്യാപിച്ചു അവര്‍ ഡയലോഗുകള്‍ കാച്ചി. നെഞ്ചില്‍ നിന്നൊരു രോമം പിഴുത് കാറ്റില്‍ പറത്തി പൊതുപ്രവര്‍ത്തകന്‍ ചെറുചിരിയോടെ പറഞ്ഞു- ചുമ്മാ ഈ വെളുപ്പാന്‍കാലത്ത് തൂക്കിയിട്ടോണ്ടിവിടെ വന്നു നില്‍ക്കാതെ വല്ലോടത്തും പോയി പൂശാന്‍ നോക്കെടാ… മഞ്ഞുകൊണ്ട് പനി പിടിപ്പിക്കാതെ മക്കള് ചെല്ല്- നേതാവ് കാറില്‍ കയറി പോയപ്പോള്‍ യുവതുര്‍ക്കികള്‍ക്ക് നഷ്ടബോധം തോന്നി.

വര്‍ഷങ്ങള്‍ക്കു ശേഷം മന്ത്രി ഗണേഷ് കുമാറിന്റെ വ്യക്തിജീവിതത്തെപ്പറ്റി ചീഫ് വിപ്പ് പി.സി.ജോര്‍ജ് പരസ്യപ്രഖ്യാപനങ്ങള്‍ നടത്തുന്നതു കേള്‍ക്കുമ്പോള്‍ അന്ന് ആ യുവതുര്‍ക്കികളോടു പറഞ്ഞ ഡയലോഗ് കാലം ടിയാനോടു പറഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്. ഗണേഷ് കുമാര്‍ വ്യക്തിപരമായി ഏതു തരത്തിലുള്ള ആളാണെന്നു നോക്കി അദ്ദേഹത്തിന്റെ മന്ത്രിസ്ഥാനത്തിനു വെല്ലുവിളിയുയര്‍ത്താനുള്ള തന്ത്രപരമായ നീക്കം ഏതു കണ്ണിലൂടെ നോക്കിയാലും ആഭാസമാണ്. പി.സി.ജോര്‍ജ്് ഒരു നികൃഷ്ടജീവി ആണെന്നു മറ്റുള്ളവര്‍ പറയുന്നതില്‍ അല്‍പം കാര്യമില്ലാതില്ല എന്നിപ്പോള്‍ നാട്ടുകാര്‍ക്കും തോന്നുന്നുണ്ട്.

അല്‍പം റൊമാന്റിക്കായ ആണുങ്ങള്‍ സ്ത്രീകളെ പ്രേമിക്കുന്നത് നാട്ടുനടപ്പുള്ള കാര്യമാണ്. ക, മ, പു തുടങ്ങിയ വാക്കുകള്‍ കൊണ്ട് മറ്റുള്ളവരെ അഭിസംബോധന ചെയ്യുന്നവര്‍ക്ക് റൊമാന്റിക് എന്നു പറഞ്ഞാല്‍ എന്താണെന്നു മനസ്സിലാവണമെന്നില്ല. പിന്നെ, കാമുകിയുടെ ഭര്‍ത്താവ് മര്‍ദിക്കുന്നതും ലോകത്ത് ആദ്യമായി നടക്കുന്ന കാര്യമല്ല. ഭര്‍ത്താവുള്ള സ്ത്രീയെ പ്രേമിക്കുമ്പോള്‍ അവളുടെ ഭര്‍ത്താവിന്റെ അടി വാങ്ങാനുള്ള സന്മനസ്സോടു കൂടി തന്നെയാവും എല്ലാവരും പ്രേമിക്കുന്നത്. അല്ലാതെ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ കാണുമ്പോള്‍ ഓച്ഛാനിച്ചു മാറി നില്‍ക്കുന്ന നാട്ടുനടപ്പില്ല. ഇതൊക്കെയാണെങ്കിലും മന്ത്രിയുടെ വസതിയിലോ ഓഫിസിലോ നിയമസഭയ്ക്കുള്ളിലോ വച്ച് ഗണേഷ് കുമാര്‍ പ്രേമലീലകള്‍ കൊണ്ടാടിയിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന് എന്തിന്റെ കഴപ്പാണ് എന്ന് എനിക്കു മനസ്സിലാവുന്നില്ല. ഗണേശന്‍ പ്രേമിക്കുകയോ പ്രേമിക്കാതിരിക്കുകയോ ചെയ്യട്ടെ, അയാളുടെ മന്ത്രിപ്പണിയെപ്പറ്റി മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയല്ലോ പൊതുജനം. പരസ്ത്രീകളുടെ മുഖത്തുനോക്കാത്ത ഒരു മന്ത്രിയെ അല്ലല്ലോ, നാട്ടില്‍ കാര്യങ്ങള്‍ ചെയ്യുന്ന ഒരു മന്ത്രിയെ ആണല്ലോ നമുക്കാവശ്യം. അക്കാര്യത്തില്‍ കേരളത്തിലെ ഏറ്റവും മികച്ച മന്ത്രിമാരിലൊരാളാണ് ഗണേഷ് എന്ന കാര്യത്തില്‍ സംശയമില്ല. ഇക്കാലയളവില്‍ തന്റെ വകുപ്പുമായി ബന്ധപ്പെട്ട് അദ്ദേഹം എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്നു നോക്കിയാല്‍ തന്നെ കാര്യം വ്യക്തമാവും. പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ ചാനലുകളില്‍ കയറിയിറങ്ങി നടക്കുന്ന നാരദന്‍മാര്‍ക്ക് ഇത് മനസ്സിലായിക്കൊള്ളണം എന്നുമില്ല.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ. ഗണേശന്‍ പ്രേമിക്കുക എന്ന ലോകോത്തരമായ കാര്യമാണ് ചെയ്തതെങ്കില്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പി.സി.ജോര്‍ജിനെതിരേ ഉന്നയിച്ചിരിക്കുന്നത് അതീവഗുരുതരമായ ആരോപണങ്ങളാണ്. ജഗതി ആശുപത്രിയില്‍ കിടക്കുമ്പോള്‍ മൂത്ത മകളുടെ അമ്മായിയപ്പന്‍ ഇളയ മകള്‍ക്ക് സ്വസ്ഥത കൊടുക്കുന്നില്ല എന്നത് ചെറിയ കാര്യമല്ല. അങ്ങനെ നോക്കുമ്പോള്‍ ഗണേശനല്ല, മനുഷ്യാവകാശപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിപ്പച്ചായനാണ് രാജിവച്ച് പൂഞ്ഞാറിനു പോകേണ്ടത്. എന്തായാലും മൊത്തത്തില്‍ പൂഞ്ഞാറുകാര്‍ക്ക് ഒരു നാണക്കേടാണ് ഈ ജന്മം എന്നത് തുറന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

ചിന്താഭാരം റോഡില്‍, മാവോയിസം വീട്ടില്‍

നമസ്കാരം ഞങ്ങടെ ചാനലിലേക്കു സ്വാഗതം…. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പാക്കിയ സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മാവോയിസ്റ്റുകളെ പിടികൂടുന്നതിനായി പ്രത്യേക സേനയെ രൂപീകരിക്കാന്‍ തീരുമാനിച്ചു. മാവോയിസ്റ്റുകളെ പിടികൂടുന്നതിനും മാവോയിസ്റ്റുകളില്‍ നിന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകള്‍ കേരളത്തില്‍ താവളമടിച്ചിരിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും വിവാദങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം, കേരളത്തില്‍ കടന്നുകൂടിയിരിക്കുന്ന മാവോയിസ്റ്റുകളെ പിടികൂടാന്‍ മാവോയിസ്റ്റ് ഡിറ്റക്ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ ഉടന്‍ ആഗോളടെന്‍ഡര്‍ വിളിക്കുമെന്ന് വ്യവസായവകുപ്പ് മന്ത്രി അറിയിച്ചു. മാവോയിസ്റ്റുകള്‍ സംസ്ഥാനത്ത് അഴിഞ്ഞാടുന്ന സാഹചര്യത്തില്‍ പഴയ പീഡനകേസുകളുടെ പേരില്‍ ജനങ്ങളുടെ ശ്രദ്ധ മാവോയിസ്റ്റുകളില്‍ നിന്നു തിരിച്ചുവിട്ട് ആഭ്യന്തരസുരക്ഷാപ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉറപ്പായിരിക്കുന്ന സാഹചര്യത്തില്‍ കാലിക്കറ്റ് സര്‍വകലാശാല സ്കൂള്‍ ഓഫ് മാവോയിസ്റ്റ് സ്റ്റഡീസിനു വേണ്ടി പൊന്നാനിയിലെ പരീത് ഓയില്‍ മില്‍സിന് 25 ഏക്കര്‍ ഭൂമി പതിച്ചു നല്‍കാന്‍ ഇന്നലെ ചേര്‍ന്ന യോഗം ഏകകണ്ഠമായി തീരുമാനിച്ചു. മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുള്ള സ്ഥിതിക്ക് മലപ്പുറം ജില്ലയിലെ 60 സ്കൂളുകള്‍ക്കു കൂടി എയ്ഡഡ് പദവി നല്‍കുന്നതും തീരുമാനമായി. മാവോയിസ്റ്റുകളുടെ കരിങ്കണ്ണിനെ ഭയന്ന് പി.സി.ജോര്‍ജ് വീണ്ടും വീടു മാറാനും തീരുമാനിച്ചു.

ജീന്‍സും ടീ ഷര്‍ട്ടും ധരിച്ചു നടക്കുന്ന പെണ്‍കുട്ടികള്‍ മാവോയിസ്റ്റുകളുടെ ആക്രമണത്തിന് ഇരയാവന്‍ സാധ്യതയുണ്ടെന്നും അതുകൊണ്ട് കുടുംബമായിട്ട് ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ മൂല്യബോധത്തോടെ ജീവിക്കണമെന്നും വിദ്യാഭ്യാസവകുപ്പിന്‍റെ പരിശീലന പരിപാടിയില്‍ പറഞ്ഞു. ഒരു മാവോയിസ്റ്റിന് ഒരു പെണ്ണിന്‍റെ യൂട്ടറസ് നോക്കി ഒറ്റ തൊഴി തൊഴിക്കാന്‍ വെറും 10 മിനിട്ട് മതി. മാവോയിസ്റ്റുകളുടെ തൊഴി കൊണ്ടാല്‍ യൂട്ടറസ് സ്കിപ് ചെയ്തു പോവും. പിന്നെ സ്പേമിന് അത് വല്യ ബുദ്ധിമുട്ടായിത്തീരും- പരിശീലകന്‍ പറഞ്ഞു.

അതേ സമയം, വയനാട്ടിലെ ഒരു പലചരക്കു കടയില്‍ എത്തിയ മാവോയിസ്റ്റ് സംഘം അരിയും പലവ്യജ്ഞനങ്ങളും വാങ്ങിപ്പോയത് നാട്ടുകാരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. ഞങ്ങള്‍ വടക്കേ ഇന്ത്യയില്‍ നിന്നു വന്ന മാവോയിസ്റ്റുകളാണ് ഞങ്ങള്‍ക്കു കുറച്ച് പലചരക്കുകള്‍ വേണം എന്നു പറഞ്ഞ ശേഷം കടക്കാരനെ ആയുധങ്ങളും മറ്റും എടുത്തു കാണിക്കുകയും മറ്റും ചെയ്തു എന്നാണ് വിവരങ്ങള്‍. എല്ലാവരും മാവോയിസ്റ്റ് എന്നെഴുതിയ ചുവന്ന ജഴ്സി അണിഞ്ഞിരുന്നു. സ്ത്രീകളടക്കമുള്ളവരുടെ കയ്യില്‍ ചെറുബോംബ് എന്നു തോന്നിക്കുന്ന ഉണ്ടകളും കണ്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ മാവോയിസ്റ്റുകളെ നേരില്‍ കണ്ട പ്രദേശവാസി ഉമ്മച്ചന്‍ നമ്മളോടൊപ്പമുണ്ട്… ഉമ്മച്ചാ… എന്തൊക്കെയാണ് വിശദാംശങ്ങള്‍ …

മാവോയിസ്റ്റ് മാവോയിസ്റ്റ് എന്നു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ.. ഇന്നാണ് ആദ്യമായി കണ്ടത്…. എല്ലാവരും ഒരു ഏഴ് എഴരയടി പൊക്കം വരുന്നവര്‍… സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ചുവന്ന നിറമുള്ള ജഴ്‍സിയാണ് ഇട്ടിരുന്നത്… മുന്‍പില്‍ മാവോയിസ്റ്റ് എന്നു വലിപ്പമുള്ള അക്ഷരത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു.. പുറത്ത് ഓരോരുത്തരുടെയും പേരും നമ്പരും… ഏറു പടക്കം മുതല്‍ റോക്കറ്റ് ലോഞ്ചര്‍ വരെയുള്ള ആയുധങ്ങളുമായാണ് അവര്‍ കാടുകയറിയത്… കാട്ടിനുള്ളില്‍ നിന്നും കൂട്ടനിലവിളികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു…

എന്താണ് അവരുടെ ലക്ഷ്യം ? എന്തിനു വേണ്ടിയാണ് അവര്‍ കേരളത്തിലേക്കു വന്നത് ?

ഇന്ത്യയില്‍ ഏറ്റവും നല്ല സംസ്ഥാനം കേരളമാണെന്നു പറഞ്ഞാണ് ഇവിടേക്കു വന്നത്… ഇവിടെ ഇത്ര നല്ല ഭരണം നടക്കുന്നത് അവര്‍ക്ക് ഇഷ്ടമായില്ലത്രേ. അതുകൊണ്ട് അവരുടെ ആളുകളാണ് പി.ജെ.കുര്യനെതിരെയും മറ്റും ഓരോ കഥകള്‍ ഇറക്കിയതത്രേ…. സൂര്യനെല്ലി പെണ്‍കുട്ടിയും മാവോയിസ്റ്റ് ആണോ എന്നു സംശയിക്കേണ്ട ചില സൂചനകളും അവരില്‍ നിന്നു കിട്ടിയിട്ടുണ്ട്…

നന്ദി മിസ്റ്റര്‍ ഉമ്മച്ചന്‍… കൂടുതല്‍ വിവരങ്ങള്‍ക്കു വീണ്ടും ബന്ധപ്പെടാം… കേരളത്തില്‍ ഭീഷണിയായി എത്തിയിരിക്കുന്ന മാവോയിസ്റ്റുകള്‍ ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനും അക്രമങ്ങള്‍ക്കു മറ തീര്‍ക്കുന്നതിനുമായി സര്‍ക്കാരിനെതിരേ വിവിധ പ്രചാരണങ്ങള്‍ നടത്തുന്നതിനെപ്പറ്റി ഇന്‍റലിജന്‍സ് വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു. ഹെലികോപ്റ്റര്‍ കോഴ, സൂര്യനെല്ലി വിവാദം, ഐസ്ക്രീം കേസ്, പെട്രോള്‍ ഡീസല്‍ വിലവര്‍ധന തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നവരുടെ മാവോയിസ്റ്റ് ബന്ധത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തുമെന്നാണ് വിവരങ്ങള്‍. കേരളത്തിലെ യഥാര്‍ത്ഥ പ്രശ്നമായ മാവോയിസ്റ്റ് ഭീഷണിയില്‍ നിന്നു ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി ലൈംഗിക-അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ രാജ്യദ്രോഹക്കേസ് എടുക്കുമെന്നും സൂചനയുണ്ട്.

ഇനിയൊരു ഇടവേള..