സസി തിരൂര്‍ (മിനിസ്റ്റര്‍)

മിനിസ്റ്റര്‍ സസി സ്പീക്കിങ്..

സഖാവേ, സെന്ട്രല്‍ കമ്മറ്റീന്നു ഗോപാലനാ..അദ്യം തന്നെ വിപ്ലവാഭിവാദ്യങ്ങള്‍ !

ചക്ക ! എന്നാത്തിനാ ?

മനുഷ്യച്ചങ്ങല വന്‍വിജയമായിരുന്നല്ലോ.. ആസിയാന്‍ കരാര്‍ പ്രതിസന്ധിയിലായില്ലേ ? അമേരിക്ക വിറച്ചിട്ടുണ്ട്… ഡല്‍ഹിയില്‍ സോണിയ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്..മന്‍മോഹന്‍ ആകെ വിറച്ചിരിക്കുവല്ലേ ?

ഇവിടെയും മൊത്തത്തില്‍ ഭരണകേന്ദ്രം വിറച്ചിരിക്കുകയാണ്..

ഛെ.. അവിടെ ഭരിക്കുന്നത് നമ്മളല്ലേ സഖാവേ ?

ഓ!നേരാണല്ലോ.. ഞാനതങ്ങു വിട്ടു.. കാര്യം പറഞ്ഞാ മിനിസ്റ്ററാ, ഹിഹി ! പിന്നെ എന്നാ ഒക്കെയൊണ്ട് ?

ശശി തരൂരിന്‍റേ കേസ് അങ്ങു വെറുതെ വിട്ടാല്‍ പറ്റുമോ ? ഗാന്ധിജയന്തി വര്‍ക്കിങ് ഡേ ആക്കണമെന്നാ പുതിയ സുവിശേഷം

അതിനു നമ്മക്കെന്നാ.. ഗാന്ധിജയന്തിയല്ലേ ? മാര്‍ക്സിന്‍റെയോ ലെനിനിന്‍റെയോ ജയന്തിയൊന്നുമല്ലല്ലോ.. മിണ്ടണ്ട.. നമ്മളിവിടെ ഈഴവരേം നായന്‍മാരേം മുസ്‍ലിംകളേം പിണക്കാതെ നോക്കിയാ മതി..

എന്നാലും ദേശീയതലത്തില്‍ നോക്കുമ്പോള്‍ നമുക്ക് ഇഷ്യൂസ് ആണ് വേണ്ടത്.. അതുകൊണ്ട് ഇത് പ്രശ്നമാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം..നാളെയങ്ങേര് മേയ്ദിനം വര്‍ക്കിങ് ഡേ ആക്കണമെന്നു പറയുമ്പോ മാത്രം പ്രതികരിച്ചോണ്ടു ചെല്ലാന്‍ പറ്റുമോ ?

പ്രശ്നം ഗുരുതരമാണു സഖാവേ..

അതെ.. ഇക്കാര്യത്തില്‍ കേന്ദ്രകമ്മിറ്റിയുടെ ഒരു മാര്‍ഗനിര്‍ദേശം കിട്ടിയേ തീരൂ..ഇയാളിതൊക്കെ പറയുന്നത് നമ്മളറിയുന്നില്ലല്ലോ..

മറ്റേ സംഗതിയാണല്ലോ.. ട്വിറ്റര്‍, ട്വിറ്റര്‍ !
[smartads]
ട്വിറ്റര്‍ എന്താണെന്ന് അന്വേഷിച്ചു കണ്ടെത്താന്‍ കേന്ദ്ര കമ്മിറ്റി അഞ്ചംഗ പ്ലീനറി സമതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ചൈനയ്‍ക്കു പോയിരിക്കുകയാണ്. മിക്കവാറും ഒരാഴ്ചയ്‍ക്കുള്ളില്‍ അറിയാം.

പക്ഷെ, ചൈനയില്‍ ഈ ട്വിറ്ററിനെ നിരോധിച്ചിരിക്കുകയാണെന്നു പറയുന്നു..

എങ്കില്‍ പിന്നെ ഇവിടെയും നിരോധിക്കാന്‍ എന്താ താമസം ?

അതെയതെ..

അക്കാര്യം ഉന്നയിച്ച് വരുന്ന ഞായറാഴ്ച ഒരു മനുഷ്യച്ചങ്ങല കൂടി നടത്തിയാലോ ?

അത്രയും കടുത്ത നടപടി ഇപ്പോഴേ വേണോ ? മനുഷ്യച്ചങ്ങല നമ്മുടെ അവസാനത്തെ അടവല്ലേ, അതു ലാസ്റ്റ് എടുക്കാം.

ശശി തരൂരിന്‍റെ കോലം കത്തിച്ചാലോ ?

അതു കൊള്ളാം, പക്ഷെ കൂടെയാ ട്വിറ്ററിന്‍റെ കോലവും കത്തിക്കണ്ടേ ?

അതു വേണം… ട്വിറ്ററിന്‍റെ കോലം നമ്മുടെ പിള്ളേരുടെ കയ്യിലുണ്ടോ ?

അതേതാണ്ട് ഒരു കുരുവീടെ വലിപ്പം വരുന്ന പക്ഷിയാന്നാ പറയുന്നേ

അപ്പം ട്വിറ്ററെന്നു പറയുന്നത് പക്ഷിയാന്നോ ?

അതിപ്പം ശശി തരൂരിനോടു തന്നെ ചോദിക്കണം..

അങ്ങനെയാണേല്‍ പ്രശ്മാകും.. ഞാന്‍ മുറ്റത്തൊരു മൈനയെ വളര്‍ത്തുന്നുണ്ട്.. അപ്പം മറ്റവന്‍മാര്‍ മൈനേടെ കോലവും കത്തിക്കില്ലേ ?

അല്ല, പക്ഷിയാണേല്‍ പിന്നെ.. ശശി തരൂര്‍ ഈ കന്നുകാലി ക്ലാസ് എന്നൊക്കെ പറഞ്ഞത് എവിടെയാ ?

അതു ചിലപ്പോള്‍ തത്തയെപ്പോലെ വല്ല പക്ഷീമായിരിക്കും… ശശി തരൂര്‍ വീട്ടിലിരുന്ന് പറഞ്ഞതൊക്കെ പക്ഷി പത്രസമ്മേളനം വിളിച്ചു പറഞ്ഞു കാണും..കോണ്‍ഗ്രസുകാരുടെ പക്ഷിയല്ലേ ? പണി എപ്പം കൊടുത്തെന്നു ചോദിച്ചാല്‍ മതി..

ഹും.. ഈ പക്ഷി കംപ്യൂട്ടറിനകത്താണോ ഉള്ളത് ?

എടേ, അതെന്നോടു ചോദിച്ചാലെങ്ങനെയാ ?

എടേ പോടേന്നൊക്കെ വീട്ടിപ്പോയി വിളി, എന്നെ മിനിസ്റ്റര്‍ സസിയെന്നോ സഖാവ് സസിയെന്നോ വിളിച്ചോണം

പുഷ്പുള്‍ സസി തന്നെയല്ലേ ഇത് ?

സസി തന്നെ.. പക്ഷെ, പഴയ കൂതറ സസിയല്ല.. സെറ്റപ്പാ !

സഗാവേ, നമ്മള്‍ പണ്ട് ഒന്നിച്ച് മീനച്ചിലാറ്റില്‍ കടത്തു തോണി മറിച്ചിട്ട് പെണ്ണുങ്ങളെ രക്ഷിച്ചതും, വെട്ടിനിരത്തല്‍ സമരത്തിന്‍റെ ഭാഗമായി നാടുനീളെ നടന്ന് ഏത്തക്കുലയെല്ലാം കൂടി വെട്ടിവിറ്റതും മറന്നുപോയോ ?

ഞാന്‍ പഴയ കൂതറയല്ലെന്നല്ലേ പറഞ്ഞത്.. താന്‍ കാര്യം പറ..

ശശി തരൂരിനെതിരായ വര്‍ഗസമരത്തിന് സഗാവ് സസി നേതൃത്വം നല്‍കണമെന്നാണ് സെന്‍ട്രല്‍ കമ്മറ്റീടെ തീരുമാനം..

അതെന്നാ പറ്റി ? ട്വിറ്ററെന്തവാണെന്നും പുള്ളി ആരാണെന്നും പുള്ളിയും ശശി തരൂരും തമ്മിലൊള്ള ബന്ധമെന്താണെന്നുമൊക്കെ ആദ്യം ചൈന കമ്മിറ്റി അന്വേഷിച്ചു പറയട്ടെ..

ചൈന കമ്മിറ്റി വരട്ടെ.. ഇതു ലാവലിന്‍ കേസുപോലെ പ്രമാദമായ ഒന്നായിത്തീരുമെന്നാണ് നമ്മുടെ പ്രതീക്ഷ.. ട്വിറ്റര്‍ അഴിമതിയില്‍ നമുക്ക് കോങ്ക്രസിനെ പൂട്ടണം..

അതിന് ?

സഗാവ് മുന്നില്‍ നില്‍ക്കണം.. പണ്ട് പുഷ്പുള്‍ ട്രെയിന്‍ വന്നപ്പോള്‍ ട്രേഡ് യൂണിയന്‍കാരുടെ പണിപോകുമെന്നു പറഞ്ഞും കംപ്യൂട്ടര്‍ വരുന്നതോടെ മൊത്തം തൊഴിലാളികളും പണിയില്ലാത്തവരാകുമെന്നും പറഞ്ഞ് ഇവിടെ സമരത്തിന് നേതൃത്വം നല്‍കിയത് സഗാവല്ലേ ? ട്വിറ്റര്‍ സമരവും സഗാവ് ഏറ്റെടുക്കണം..

ഏറ്റെടുക്കാം, ഫണ്ട് വേണ്ടി വരും.. നമ്മള്‍ വിദേശ ശക്തികളോടാണ് ഏറ്റുമുട്ടുന്നത്..ട്വിറ്റര്‍ എന്നു കേട്ടാല്‍ തന്നെ അറിയില്ലേ, വെട്ടൊന്ന് മുറി രണ്ട് എന്ന മട്ടുകാരനാ..കൊക്കക്കോള പോലെയൊന്നുമല്ല..

ട്വിറ്റര്‍ മാത്രമാക്കേണ്ട, ശശി തരൂരിനെതിരായുള്ള എല്ലാ ആയുധങ്ങളും പ്രയോഗിക്കണം.. ഹോട്ടലില്‍ താമസിച്ചിട്ട് സ്വന്തം കയ്യില്‍ നിന്നു ബില്ലടച്ചതു വരെയുള്ള കേസുകെട്ടുകള്‍ എടുത്തു വീശണം..

പ്രധാന ആരോപണങ്ങളായി ഉന്നയിക്കേണ്ടത് ഒന്നു ചുരുക്കിപ്പറയൂ..

സ്ഥിരമായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്നു, നല്ല വേഷം ധരിക്കുന്നു..നല്ല ഭക്ഷണം കഴിക്കുന്നു..
[smartads]
ഇതൊക്കെ ഒരു കുറ്റമാണോ ?

എടേ, സോറി സഗാവ് സസി, കുറ്റമാണോന്നു ചോദിച്ചാല്‍ നമ്മുടെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ കംപ്യൂട്ടര്‍ ഒരനാവശ്യഘടകമാണ്.. ഒന്നാമത് അത് ഇംഗ്ലീഷിലാണ്.. പിന്നെ, അതിന്‍റെ അവിടേം ഇവിടേം ഒക്കെ ഞെക്കണം, ക്ലിക്ക് ചെയ്യണം.. ഈ പറയുന്ന സോഫ്റ്റ്വെയര്‍ ഒക്കെ പഠിക്കണം.. എല്ലാവരും ശശി തരൂരിനെപ്പോലെ തുടങ്ങിയാല്‍.. കാര്യങ്ങള്‍ എവിടെ ചെന്നു നില്‍ക്കും ? ഇന്ത്യയിലെ 60 ശതമാനം നേതാക്കന്‍മാരും എഴുതാനും വായിക്കാനും അറിയാന്‍ മേലാത്തവരാണെന്നറിയില്ലേ ?

അത് നേരാ,മുമ്പൊക്കെ പ്രസംഗിക്കാന്‍ മാത്രം അറിഞ്ഞാല്‍ മതിയായിരുന്നു.. കംപ്യൂട്ടറൊക്കെ പഠിക്കാനായിരുന്നെങ്കില്‍ വേറെ വല്ല ജോലിക്കും പോകാമായിരുന്നല്ലോ..

ഇക്കോണമി ക്ലാസ്സ് യാത്രക്കാരെ പുള്ളി തെറിയല്ലേ വിളിച്ചത് ? പിന്നെ, ഹോട്ടലിലെ ബില്ല് സ്വന്തം കയ്യില്‍ നിന്നു കൊടുത്തത് വഴി പാവപ്പെട്ട ഇന്ത്യക്കാരെ മുഴുവന്‍ കളിയാക്കുകയല്ലേ ചെയ്തത് ?

ആണോ ?

എടേ, സോറി, അങ്ങനെയൊക്കെ പറയണം..ഒന്നുമല്ലെങ്കിലും നീയും സസിയല്ലേ ? ഒന്നമര്‍ത്തി ചിന്തിക്കടേ..!

ഹോ, നമ്മളു വെറും സസി, പുള്ളിയല്ലേ ശശി !

എന്നാല്‍ പിന്നെ വൈകിക്കണ്ട.. മുദ്രാവാക്യങ്ങള്‍ എഴുതിത്തുടങ്ങിക്കോ ?

സാമ്പിളിന് രണ്ടെണ്ണം പറഞ്ഞേരെ..

അതിപ്പോ, സാമ്പിളെന്നു പറയുമ്പം.. ഒരെണ്ണം പറയാം

കംപ്യൂട്ടറില്‍ തൊടൂല്ല, ട്വിറ്ററുമായൊരു ബന്ധവുമില്ല,
സസിമാര്‍ നാടുഭരിക്കട്ടെ, ശശി കണ്ടു പടിക്കട്ടെ !

അതു കലക്കി, ഗംഭീരം..ഇനി ഞാനങ്ങെഴുതിക്കോളാം !

സരി സസി..

സരി, സരി.