എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

അവളൊന്നിരിക്കട്ടെ

നാട്ടുകാര്‍ക്കു നല്ല പട്ടു കൊടുക്കാന്‍ വേണ്ടി കടല്‍താണ്ടി ദേശാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന തുണിക്കട മുതലാളിമാരുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ കഥകള്‍ വായിച്ചു കണ്ണുനനഞ്ഞിട്ടുള്ള നമുക്ക് ആ ചീങ്കണ്ണികളുടെ വിറ്റുവരവു സുരഭിലമാക്കാന്‍ ജീവിതം ത്യാഗപൂര്‍ണമാക്കിയ ഈ സ്ത്രീകളുടെ സമരപ്രഖ്യാപനത്തിന് ഡിസ്‌കൗണ്ട് ചോദിക്കാന്‍ അവകാശമില്ല. പട്ടിന്റെ ആഗോളവല്‍ക്കരണത്തിനിടയില്‍ തുണിക്കട ബ്രാന്‍ഡും പരസ്യത്തിലഭിനയിക്കുന്ന മോഡലുകളുമല്ലാതെ യഥാര്‍ഥ തൊഴിലാളികള്‍ സര്‍ക്കാരിന്റെ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നിരിക്കെ നമ്മുടെ കാര്യം പറയാനില്ല.

കോഴിക്കോട് നഗരത്തില്‍ മെയ്ദിനത്തില്‍ ടെക്‌സ്‌റ്റൈല്‍ വിപണന രംഗത്തെ സ്ത്രീത്തൊഴിലാളികള്‍ അഥവാ സെയില്‍ ഗേള്‍സ് നടത്തിയ ഇരിക്കല്‍ സമരം ഇന്ത്യയിലെ തൊഴില്‍സമരചരിത്രങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. സമരത്തിന്റെ മൂര്‍ച്ച കൊണ്ടല്ല, മനുഷ്യാവകാശവും ഫെമിനിസവും പൂത്തുലയുന്ന ഈ കാലഘട്ടത്തില്‍ ജോലിക്കിടെ ഒന്നിരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനു വേണ്ടി പതിനായിരക്കണക്കിനു വരുന്ന സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ പുരോഗതിയുടെ യഥാര്‍ഥനിലവാരം ചൂണ്ടിക്കാണിക്കുന്നു എന്നതുകൊണ്ടാണ്.

യൂണിയന്‍ സമരങ്ങള്‍ കാരണം കമ്പനികള്‍ പൂട്ടിപ്പോയ ചരിത്രമുള്ള കേരളത്തിലാണ് അസംഘടിതരായ വലിയൊരു തൊഴില്‍ സമൂഹം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തെരുവിലറങ്ങേണ്ടിവന്നത്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയങ്ങളില്‍ ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എ.എം.ടി.യു) നേതൃത്വത്തിലാണ് ഇരിക്കല്‍ സമരം നടത്തിയത്. ഇരിക്കുന്നതും മൂത്രമൊഴിക്കുന്നതും മാത്രമാണ് അവരുടെ പ്രശ്‌നം എന്നു കരുതരുത്. അത് രണ്ടു പ്രതീകങ്ങള്‍ മാത്രമാണ്. അവര്‍ ജോലി ചെയ്യുന്നത് എല്ലാ തൊഴില്‍-മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടാണെന്നതാണ് വിചിത്രം.

എട്ടു മണിക്കൂര്‍ ജോലി നിലവിലുള്ള സംവിധാനത്തില്‍ മിക്കവാറും എല്ലാ സെയില്‍സ് ഗേള്‍സും 10-12 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ഈ സമയമത്രയും ഇവര്‍ ഇരിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമമാണ് നിലവിലുള്ളത്. ജോലിക്കിടയില്‍ ഒന്നിരിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ തൊഴിലാളികള്‍ക്ക് അനുവാദമില്ല. അസഹ്യമായ വേദനമൂലം പലരും വേദനശമനി മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ള 20 മിനിറ്റില്‍ കൂടുതല്‍ എടുക്കുകയോ ജോലി സമയത്ത് ഇരിക്കുകയോ ചെയ്യുകയാണെങ്കില്‍ തുച്ഛമായ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണുള്ളത്. സിസിടിവി ക്യാമറകളിലൂടെ ഇവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന കങ്കാണിമാരാണ് ക്രൂരമായ നടപടികള്‍ നടപ്പാക്കുന്നത്.

മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊക്കെ പട്ടികയിലുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ഇരിക്കാനുള്ള അവകാശത്തിനാണ് മുന്‍ഗണന നല്‍കിയാണ് മെയ്ദിനത്തില്‍ ഇവര്‍ സമരം ചെയ്തത്. മിക്കവാറും വിദേശയാത്രകളിലായതുകൊണ്ടാവാം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്. അപേക്ഷയുമായി ജനസമ്പര്‍ക്കപരിപാടിയില്‍ ആരും എത്താത്തതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിസ്സഹായനാണ്. പക്ഷെ, പ്രൊഫഷനല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എലൈറ്റ് ക്ലാസ്സ് ഫെമിനിസ്റ്റുകളും ഈ പ്രശ്‌നം കാണാതെ പോയത് കഷ്ടമായിപ്പോയി.

പത്തനംതിട്ടയിലെ ഒരു തുണിക്കട മുതലാളി കാഷ്യറെ തുണിക്കടയ്ക്കുള്ളിലിട്ട് ചവുട്ടിക്കൊന്നിട്ട് അധികകാലമായിട്ടില്ല. മാധ്യമങ്ങള്‍ക്കു കോടികളുടെ പരസ്യവും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലക്ഷങ്ങളുടെ സംഭാവനയും നല്‍കുന്ന തുണിക്കടകള്‍ കേരളീയസമൂഹത്തെ സ്വാധീനിക്കുന്നത് പലതരത്തിലാണ്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പിന് മുന്‍ഗണ നല്‍കുമ്പോള്‍ ഷെല്‍ഫിലുള്ള എല്ലാ തുണിയും വാരിവലിച്ച് ഇടീച്ചിട്ട് ഒരു കര്‍ചീഫ് മാത്രം വാങ്ങിപ്പോകുന്നതിന്റെ സംതൃപ്തി നാട്ടുകാര്‍ക്കും അതു മുഴുവന്‍ തിരിച്ച് ഷെല്‍ഫില്‍ കയറ്റിക്കുന്നതിലൂടെ കൊടുക്കുന്ന കാശിന് മാക്‌സിമം പണിയെടുപ്പിച്ചതിന്റെ സംതൃപ്തി മുതലാളിമാര്‍ക്കും ലഭിക്കും. ഇതിനിടയില്‍ പെട്ട് അവകാശങ്ങള്‍ ഇല്ലാതായിപ്പോകുന്ന ജീവിതങ്ങള്‍ സ്വയം സംസാരിച്ചാല്‍ ഉള്ള ജോലിയും പോകും.

തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്. നോക്കൂകൂലിക്കെതിരെയൊക്കെ ആഞ്ഞടിക്കാറുള്ള മുതലാളിമാരും നോക്കൂകൂലിയൊക്കെ കൃത്യമായി പിടിച്ചുപറിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ള തൊഴിലാളി സംഘടനകളും ഈ പ്രശ്‌നത്തില്‍ മാനുഷികപരിഗണനയോടെ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു. പാവങ്ങളെ ചൂഷണം ചെയ്തു സമ്പാദിക്കുന്ന പണം ഒന്നിനും പ്രയോജനപ്പെടില്ല. ഉമ്മന്‍ ചാണ്ടി സാര്‍ ഈ പ്രശ്‌നത്തിലും കോടതി ഇടപെടട്ടെ എന്നു കരുതി നിസ്സംഗത പാലിക്കാനേ സാധ്യതയുള്ളൂ. ഷിബു സാറ് അടുത്ത ഫോറില്‍ ട്രിപ്പു കഴിഞ്ഞു വരുമ്പോഴെങ്കിലും ഈ സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കണം. കപടഫെമിനിസ്റ്റുകള്‍ കള്ളുകുടിക്കാനും തെറി പറയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തോടൊപ്പം ഈ പ്രശ്‌നവും കൂടി ചര്‍ച്ചയ്‌ക്കെടുക്കണം.

നയതന്ത്രം

മന്ത്രി സാറേ…

ആരെടാ, അവിടെ… ?

സാറേ, നമ്മടെ പിള്ളേരെടെ കാര്യം…

പേടിക്കേണ്ടെടോ… ഒരു വിധത്തില്‍ ശരിപ്പെടുത്തിയിട്ടുണ്ട്… സുവ ഒഴിവാക്കി…

സുവയോ ?

അതെയതെ… ഇനിയിപ്പോ പേടിക്കാനില്ല… ബാക്കിയുള്ള വകുപ്പുകള്‍ കൂടി നൈസായിട്ട് ഒഴിവാക്കിത്തരാം… എന്നിട്ട് ഇത്രകാലം ഇവിടെ ജയിലിലുമൊക്കെയായി കിടക്കേണ്ടി വന്നേന് ഒരു നഷ്ടപരിഹാരമൊക്കെ വാങ്ങിത്തരാം… നമ്മടെ പിള്ളാരായിപ്പോയില്ലേ ?

മനസ്സിലായില്ല സാറേ…

താന്‍ പിന്നെ ആരുടെ കാര്യമാ പറയുന്നത് ?

സാറേ, എന്റെ രണ്ടു മക്കള്‍ ചെയ്യാത്ത കുറ്റത്തിന് ഗള്‍ഫില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കിടക്കുവാണ്.. അവരെ രക്ഷിക്കണം… കൊല്ലരുത്, ജീവപര്യന്തമെങ്കിലുമാക്കിത്തരണം… എവിടെയെങ്കിലും ജീവനോടെയിരിക്കുന്നുണ്ട് എന്നു കേട്ടാല്‍ മാത്രം മതി…

ഡോ കെളവാ, തന്നെ ആരാ ഇപ്പോ ഇങ്ങോട്ട് ഒണ്ടാക്കീത് ? ഇവിടെ വളരെ സീരിയസ്സായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോഴാ.. അവന്റെ പിള്ളേര്… എറങ്ങിപ്പോടോ…

അങ്ങനെ പറയരുത് സാറേ… സാറിപ്പോ രണ്ടു പിള്ളേരെ രക്ഷിക്കുന്ന കാര്യം പറഞ്ഞല്ലോ… സാറിനിതൊക്കെ അത്ര പ്രസായമുള്ള കാര്യമല്ലല്ലോ… കൊല്ലാതിരുന്നാല്‍ മാത്രം മതി… അല്ലാതെ സാറിപ്പോ പറഞ്ഞതുപോലെ ജയിലില്‍ കിടന്നതിനു നഷ്ടപരിഹാരമൊന്നും വേണ്ട…

ഹയ്യട… താന്‍ കൊളളാലോ.. എടോ ഞാനാരടെ കാര്യമാ പറഞ്ഞേന്നു വിചാരിച്ചാ… കേട്ടിട്ടുണ്ടോ.. ഇറ്റാലിയന്‍ നാവികര്‍… ഇവരുമായി കംപയര്‍ ചെയ്യാന്‍ എന്തു യോഗ്യതയാടോ തന്റെ പിള്ളേര്‍ക്കുള്ളത്…

അവരാരെയും കൊന്നിട്ടില്ല സാറേ…

കൊന്നിട്ടില്ലെങ്കില്‍ പിന്നെ എന്നാ ഒണ്ടാക്കാനാടോ അവര്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നത് ? ഇങ്ങനത്തെ നാറികളെ ഒക്കെ ഒണ്ടാക്കുമ്പോ ആലോചിക്കണോടോ.. എന്നിട്ട് കൊലക്കേസില്‍ പ്രതിയായപ്പോള്‍ രച്ചിച്ചണം രച്ചിച്ചണം എന്നു പറഞ്ഞു വന്നേക്കുന്നു… അവന്‍മാരെ തൂക്കിക്കൊല്ലണം എന്നാണ് എന്റെ അഭിപ്രായം… കണ്ട കൊലപ്പുള്ളികള്‍ക്കു വേണ്ടി ഇടപെട്ട് കളഞ്ഞു കുളിക്കാനുള്ളതല്ലെടോ ഈ രാജ്യത്തിന്റെ അഭിമാനം…

സാറീ പറയുന്ന നാവികര്‍ ശരിക്കും രണ്ടു പേരെ വെടിവച്ചു കൊന്നവരല്ലേ സാറേ… എന്റെ മക്കള്‍ ആരെയും കൊന്നിട്ടില്ല.. അവരെ ചതിച്ചതാണ് സാറേ..

നാവികര്‍ രണ്ടു പേരെ വെടിവച്ചു കൊല്ലുന്നത് നീ കണ്ടോടാ പുല്ലേ ? കണ്ടോന്ന്..??

അല്ല സാറേ അതിപ്പോ പത്രത്തിലും ടിവീലുമൊക്കെ എല്ലാം വന്നതാണല്ലോ…

ഞങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ചാനലുകാരുടെ പണിതീര്‍ക്കും ഞങ്ങള്‍.. കൊന്നുകൊലവിളിക്കും… അവന്റെയൊക്കെ കുടുംബം മുടിക്കും… കഴുവേറികള്‍…

അപ്പോ മാധ്യമ സിന്‍ഡിക്കറ്റ് ശരിക്കും ഒള്ളതാണോ സാറേ ?

സിപിഎമ്മിനും ബിജെപികുമൊക്കെയെതിരെ വാര്‍ത്ത കൊടുക്കുന്നത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണ്… വളരെ കുറച്ചു മാധ്യമങ്ങളേ അതു ചെയ്യുന്നുള്ളൂ.. ചാനലുകള്‍ പൊതുവേ ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും മന്ത്രിമാരുടെ അഴിമതിയും അക്രമങ്ങളുമൊക്കെ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്.. അവറ്റകളെ തീര്‍ക്കും ഞങ്ങള്‍…

സാറേ… എന്റെ പിള്ളേരടെ കാര്യം…

ഡോ, എറങ്ങിപ്പോടോ…. അവന്‍മാര് ചത്തെന്നു കൂട്ടിക്കോ… നാറികള്‍…

അങ്ങനെ പറയരുത് സാറേ… അവരാരെയും കൊന്നിട്ടില്ല… ഇറ്റാലിയന്‍ നാവികരെ സാറൊക്കെ കൂടി രക്ഷിച്ചതുപോലെ…

ഇറ്റാലിയന്‍ നാവികരെപ്പറ്റി താനിനി മിണ്ടരുത്… അവരുടെ നിറമോ സൗന്ദര്യമോ കുലമഹിമയോ വല്ലതും തന്റെ ഒണക്കപ്പിള്ളേര്‍ക്കൊണ്ടോടോ ? പോരെങ്കില്‍ ഇറ്റലിയുടെ രാഷ്ട്രീയപ്രാധാന്യം എന്താണെന്നു തനിക്കറിയാമോ ?

എനിക്കതൊന്നും അറിയത്തില്ല സാറേ… നമ്മുടെ രാജ്യത്തു വന്നു പാവപ്പെട്ട രണ്ടു മുക്കുവരെ വെടിവച്ചു കൊന്ന അവരെ സാറൊക്കെ വെറുതെ വിടാന്‍ പൂവല്ലേ… കുടുംബം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യത്തു പോയി കള്ളക്കേസില്‍ കുടുങ്ങിയ എന്റെ മക്കളെ രക്ഷിക്കണം സാറേ… നിങ്ങളെയൊക്കെ ജയിപ്പിച്ചു വിടുമ്പോള്‍ ഇത്രേം രാഷ്ട്രീയമൊക്കെയെ ഞങ്ങടെ മനസ്സിലുള്ളൂ സാറേ…

സത്യം പറയെടാ… നീ ആം ആദ്മി അല്ലേ ?

അല്ല സാറേ, ഞാനൊരു സാധാരണക്കാരനാണ്…

നീ സൂക്ഷിച്ചോ…

സാറേ.. എന്റെ പിള്ളേര്…

എടോ.. അവന്‍മാരെ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെങ്കില്‍ വധിക്കും.. താനവന്‍മാരടെ ഓരോ ഫോട്ടോ എടുത്ത് ഭിത്തിയില്‍ തൂക്ക്… പോ…

അങ്ങനെ പറയരുത് സാറേ… ഇറ്റലിക്കാര് അവിടുന്ന് ഓരോന്നു പറയുമ്പോള്‍ സാറൊക്കെ അറ്റന്‍ഷനായി നിന്നു സല്യൂട്ട് അടിച്ച് അതൊക്കെ അപ്പടി ചെയ്യുന്നുണ്ടല്ലോ… ഈ രാജ്യം ഭരിക്കുന്നത് ഇറ്റലിക്കാരൊന്നുമല്ലല്ലോ ?

അതുപിന്നെ.. അങ്ങനെയൊക്കെ ചോദിച്ചാല്‍…

പറയണം സാറേ…

ഇല്ല, ഹൈക്കമാന്‍ഡിനെതിരായി ഞാനൊന്നും പറയില്ല…

ഇറ്റലിക്കാര് അവരുടെ കൊലപ്പുള്ളികളെ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്യുന്നു സര്‍… അതിന്റെ ആയിരത്തിലൊന്ന് വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഈ സര്‍ക്കാരും ചെയ്യണ്ടേ സര്‍.. ദേശസ്‌നേഹം എന്നത് ചുമ്മാ പൊട്ടിമുളച്ച് വരുന്നതല്ല സര്‍.. അതുണ്ടാവുന്നതും നഷ്ടപ്പെടുന്നതുമൊക്കെ അനുഭവങ്ങളിലൂടെയാണ് സര്‍…

കഴുവേര്‍ട മോനെ… രാജ്യദ്രോഹക്കുറ്റത്തിന് പിടിച്ചകത്തിടും ഞാന്‍…

അങ്ങനെ പറയരുത് സാറേ… ഇന്ത്യക്കാരെ വെടിവച്ചു കൊന്ന ഇറ്റലിക്കാരെ ഊരിക്കൊടുത്തിട്ട് ഇന്ത്യക്കാരനോട് പോയി ചാവെടാ എന്നു പറയുന്ന സാറിവിടെ നില്‍ക്കുമ്പോള്‍ എന്നെ അകത്തിടുന്നത് ശരിയല്ല സര്‍…

എടോ മണ്ടച്ചാരേ… താന്‍ വെറുതെ കാടുകയറണ്ട… ഇവിടെ നിയമവും നീതിയുമൊന്നുമല്ല… നയതന്ത്രമാണ് പ്രധാനം… തന്റെ മക്കളെ രക്ഷപെടുത്താനുള്ള നയതന്ത്രമൊന്നും എന്റെ കയ്യിലില്ല… ഇനി താന്‍ കൊള്ളാവുന്ന ഏതെങ്കിലും രാജ്യത്തു പോയി രണ്ടു പിള്ളേരെ ഒണ്ടാക്ക്… എന്നിട്ട് അവന്‍മാരോട് ഇവിടെ വന്ന് കുറെയെണ്ണത്തിനെ കൊന്നൊളാന്‍ പറ… ഞാന്‍ നൈസായിട്ട് ഊരിത്തരാം… അല്ലാതെ നടക്കാത്ത കാര്യത്തിനു വേണ്ടി താന്‍ കയറിയിറങ്ങണ്ട…

ആയിക്കോട്ടെ… തിരഞ്ഞെടുപ്പ് അടുത്തു വരുന്നുണ്ടല്ലോ.. താന്‍ വോട്ടു ചോദിക്കാന്‍ അങ്ങോട്ടു വാ കേട്ടോ…

മണ്ടന്‍ !… നിന്റെയൊക്കെ വോട്ടില്ലാതെ ജീവിക്കാന്‍ പറ്റുവോന്നു ഞാനൊന്നു നോക്കട്ടെ… ഞാന്‍ രാജ്യസഭയിലോട്ടു പൊക്കോളാം.. അവിടുന്നു വന്നു ഭരിച്ചോളാം… ജനാധിപത്യത്തിലാ അവന്റെയൊരു കളി !

സാറേ… ??

ഫൂ !!!

ബഫലോ റിപ്പബ്ലിക്

പോത്താണോ കഴുതയാണോ കൂടുതല്‍ മികച്ച മൃഗം ?

കഴുത വിഡ്ഡിയും പോത്ത് ഘനഗംഭീരനുമായതുകൊണ്ട് പോത്താണ് മികച്ച മൃഗം എന്നു പ്രഥമദൃഷ്ട്യാ നമുക്കു തോന്നും. എന്നാല്‍, പശുവിനെ ദൈവമായി കണ്ട് ആരാധിക്കുന്നവര്‍ അനേകമുണ്ടെങ്കിലും പോത്തിന് അത്തരം പരിഗണനകളോ സവിശേഷതകളോ ദൈവികമൂല്യങ്ങളോ ഉള്ളതായി ആരും എവിടെയും പറഞ്ഞിട്ടില്ല. മാത്രമല്ല, പോത്തിനോട് വേദമോതരുത് എന്ന ലൈനിലുള്ള നെഗറ്റീവ് പഴഞ്ചൊല്ലുകള്‍ പോത്തും ദൈവികമൂല്യങ്ങളുമായി ഒരുതരത്തിലും ചേരില്ല എന്നു സന്ദേശമാണ് നല്‍കുന്നത്.

പോരെങ്കില്‍ പോത്ത് യമദേവന്റെ (ദേവന്‍ എന്നൊക്കെ പറയുമെങ്കിലും കാലനാണ് കക്ഷി) വാഹനമാണ്. ഇന്ത്യയില്‍ ജനാധിപത്യവിശ്വാസികളായ ജനങ്ങള്‍ കഴുതകളുടെ ഇനത്തില്‍പ്പെടുന്നവരാണെന്ന് ബുദ്ധിയുള്ള രാഷ്ട്രീയക്കാര്‍ നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, കഴുതകളെ കറന്നും പിഴിഞ്ഞും ജീവിക്കുന്ന കാലന്മാരാണ് നമ്മുടെ ഭരണാധികാരികള്‍. അവരുടെ ഔദ്യോഗികവാഹനമെന്ന നിലയ്ക്ക് പോത്തിന് വളരെ ഉന്നതമായ സ്ഥാനമാണുള്ളത്. ഒരു തിയറി എന്നതിനപ്പുറം രാഷ്ട്രമീമാംസയില്‍ പോത്തിന്റെ പ്രാധാന്യം എന്താണെന്ന് ഭാരതത്തെയും ലോകത്തെ തന്നെയും കാണിച്ചുകൊടുത്തിരിക്കുകയാണ് ഉത്തര്‍ പ്രദേശിലെ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍ (ഈ സംഭവത്തോടെ ഈയാളുടെ പേരു കേള്‍ക്കുമ്പോള്‍ ഒരു പോത്തിന്റെ തലയാണ് മനസ്സില്‍ തെളിയുന്നത്).

ഹാത്തി മേരാ സാത്തി എന്നൊക്കെ പറയുന്നതുപോലെ മന്ത്രിയും പോത്തുകളുമായുള്ള ആത്മബന്ധത്തിന്റെ ആഴവും കേരളത്തിനു പുറത്തുള്ള പൊലീസുകാരുടെയും മറ്റും ഐക്യു തുടങ്ങിയ സംഗതികളും പഠനവിധേയമാക്കാവുന്ന പോത്ത് ഇതിഹാസം ഇങ്ങനെയാണ്.

കലാപങ്ങളും ബലാല്‍സംഗങ്ങളും ലോക്കല്‍ ക്രമസമാധാനപ്രശ്‌നങ്ങളും നടമാടുന്ന യുപിയിലെ ഒരു പ്രഭാതം (കൃത്യമായി പറഞ്ഞാല്‍ ശനിയാഴ്ച). സംസ്ഥാനത്തെ അതീവസുരക്ഷാ മേഖലയായ മന്ത്രി അസം ഖാന്റെ ഫാം ഹൗസില്‍ നിന്നും കണ്ണിലുണ്ണികളായ ഏഴു പോത്തുകളെ രാത്രിയില്‍ ആരോ മോഷ്ടിച്ചുകൊണ്ടുപോയി. അതീവ സുരക്ഷാ ഫാം ഹൗസിന്റെ മതിലിലെ അതീവ സുരക്ഷാ ഇഷ്ടികകള്‍ ഇളക്കി മാറ്റി, പോത്തുകളെ ബന്ധിച്ചിരുന്ന അതീവസുരക്ഷാ ചങ്ങല ഉള്‍പ്പെടെയാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്.

ഉന്നതനായ നേതാവിന്റെ ഏഴു പോത്തുകള്‍ തീര്‍ച്ചയായും ഉത്തര്‍ പ്രദേശിലെ കോടിക്കണക്കിനു വരുന്ന ജനങ്ങളെക്കാള്‍ വിലയുള്ളവരാണ് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സ്റ്റേറ്റ് പൊലീസും ജില്ലാ ഭരണകൂടവും ഉണര്‍ന്നു. വര്‍ഗീയ കലാപം പോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ കോട്ടുവോയിട്ടുറങ്ങിയിരുന്ന പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് മന്ത്രിയുടെ പോത്തുകളെ കണ്ടെത്താനായി അഞ്ചു പ്രത്യേക അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു.

പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്കു പുറമേ ഫൊറന്‍സിക്, കുളമ്പടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയുള്ള പൊലീസ് സംവിധാനങ്ങളും മന്ത്രിയുടെ ഫാം ഹൗസിലേക്കു കുതിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ രാംപൂറിലെ ഭരണസംവിധാനങ്ങള്‍ പൂര്‍ണമായും പോത്തന്വേഷണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. മന്ത്രിയുടെ പോത്തിനെ കണ്ടെത്തിയിട്ടു മതി മറ്റെന്തും എന്ന തീരുമാനം അതിവേഗം നടപ്പായി. അഞ്ചു സംഘങ്ങള്‍ കര്‍മ്മോല്‍സുകരായി അഞ്ചു ദിക്കിലേക്കും പാഞ്ഞു.

പൊലീസിലെ കുളമ്പടയാള വിദഗ്ധരാണ് യുപിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച അന്വേഷണപാടവം കാഴ്ച വച്ച കേസില്‍ കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാക്കിയത്. ഫാം ഹൗസില്‍ നിന്നും അടുത്തുള്ള ഇടവഴിയിലൂടെ നീണ്ടു നീണ്ടു പോകുന്ന ഏഴു പോത്തുകളുടെ കുളമ്പടയാളങ്ങള്‍ കുശാഗ്രബുദ്ധിക്കാരായ അന്വേഷകര്‍ പിന്തുടര്‍ന്നു. പക്ഷെ, കുറെ ദൂരത്തിനപ്പുറം അതും അവസാനിച്ചു. ഉടനെത്തി യുപി പൊലീസിലെ ഏറ്റവും മിടുക്കന്‍മാരായ നായ്ക്കള്‍. പോത്തുകളുടെ മണം പിടിച്ചു കുറെ ദൂരം പോയ നായ്ക്കളും ഒടുവില്‍ സുല്ല് പറഞ്ഞു. അന്വേഷണോദ്യോഗസ്ഥര്‍ വിവിധ തിയറികള്‍ രൂപീകരിച്ചു. അസം ഖാന്റെ പോത്തുകളാണെന്നറിഞ്ഞുകൊണ്ട് ഏതെങ്കിലും അധോലോക സംഘം പോത്തുകളെ കിഡ്‌നാപ്പ് ചെയ്തതാവാം എന്നു വരെ അവര്‍ സംശയിച്ചു.

രാപൂറിലെയും പരിസരത്തെയും അറവുശാലകളില്‍ റെയ്ഡ് നടന്നു. പോത്തുകളുമായി ബന്ധപ്പെടുന്ന സ്ഥാപനങ്ങളുടെയും ആളുകളുടെയും വീടുകളില്‍ മിന്നല്‍ പരിശോധന നടന്നു. ഒടുവില്‍ മോഷണം നടന്നതിന്റെ പിറ്റേന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി അസം ഖാന്റെ ഏഴു പോത്തുകളെയും പൊലീസ് കണ്ടെടുത്തു. പോത്തുകള്‍ മോഷണം പോകാനിടയായ സംഭവത്തെ വന്‍ സുരക്ഷാ വീഴ്ചയായി കണ്ട് യുപി സര്‍ക്കാര്‍ മൂന്നു പൊലിസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

എന്തായാലും പോത്തുകളെ കിട്ടിയതില്‍ എല്ലാവര്‍ക്കും സന്തോഷിക്കാം. അല്ലെങ്കില്‍ കേസ് സിബിഐക്കു കൈമാറുകയും സിബിഐക്കാര്‍ പോത്തുകളുടെ ഡമ്മിയുമായി വന്ന് ഡമ്മി ടു മ്മി അളവെടുത്ത് കഷ്ടപ്പെടുകയും ചെയ്‌തേനെ. മോഷണം പോയതിന്റെ പിറ്റേ ദിവസം ഏഴു പോത്തുകളെയും വീണ്ടെടുക്കാന്‍ സാധിച്ചു എന്നത് യുപി സര്‍ക്കാരിന്റെയും പൊലീസിന്റെയും അഖിലേഷ് യാദവിന്റെയും ഭരണനേട്ടമായും ഇന്ത്യയുടെ ജനാധിപത്യത്തിന്റെ വിജയമായും കാണാം.

കുറിപ്പ്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായ ഇന്ത്യയില്‍ ഓരോ എട്ടു മിനിറ്റിലും ഒരു കുട്ടിയെ വീതം കാണാതാവുന്നു എന്നാണ് കണക്ക്. കാണാതാകുന്നവരില്‍ 42 ശതമാനം കുട്ടികളെയും തിരികെ കിട്ടുന്നില്ല. യുപിയില്‍ മാത്രം കാണാതായത് 2066 കുട്ടികളെയാണെന്നു യുപി പൊലീസ് വെബ്‌സൈറ്റില്‍ തന്നെ കാണുന്നു. ആ കുട്ടികളെ ഇതുവരെ കണ്ടുപിടിക്കാന്‍ സാധിക്കാത്ത പൊലീസിന് മന്ത്രിയുടെ ഏഴു പോത്തുകളെ കണ്ടുപിടിക്കാന്‍ ഒറ്റ ദിവസം കൊണ്ടു സാധിച്ചു എന്നത് ചരിത്രം അടയാളപ്പെടുത്തും. മന്ത്രിക്കും പൊലീസുകാര്‍ക്കും ജനാധിപത്യത്തിനും അഭിവാദ്യങ്ങള്‍.

പരിസ്ഥിതിസ്‌നേഹത്തിനും കര്‍ഷകസ്‌നേഹത്തിനുമിടയില്‍

കുഞ്ഞാടുകളെ വച്ച് ഇടയന്‍മാര്‍ രാഷ്ട്രീയനാടകം കളിക്കാന്‍ പോയാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നത്. കസ്തൂരി രംഗന്റെ പേരില്‍ മലയോരകര്‍ഷകര്‍ നാട്ടില്‍ അഴിഞ്ഞാടിയപ്പോള്‍ ടിപ്പര്‍ ലോറിയില്‍ ഗുണ്ടകളും മാഫിയക്കാരും നുഴഞ്ഞുകയറി അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു- അതും കുഞ്ഞാടുകളുടെ ക്രെഡിറ്റില്‍. പണി പാളി എന്നു പിടികിട്ടിയ പിതാവ് പൊടുന്നനെ പ്ലേറ്റ് മാറ്റി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള പരാതികള്‍ പരിശോധിക്കാമെന്നു സോണിയാ ഗാന്ധി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നു പോലും പിന്‍വാങ്ങുകയാണെന്നാണ് ബിഷപ് പറഞ്ഞിരിക്കുന്നത്. വളരെ രസകരമായിരിക്കുന്നു.

സുപ്രീംകോടതിക്കും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും മേലേ കോണ്‍ഗ്രസ് അധ്യക്ഷയും ബിഷപും കൂടിയൊരു ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ തീരുന്ന പ്രശ്‌നത്തിനു വേണ്ടിയാണല്ലോ ഇതിനും മാത്രം അലമ്പുണ്ടാക്കിയതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. രൂപതയിലെ വോട്ടുകളൊന്നടങ്കം പെട്ടിയിലാക്കാമെന്നു കരുതി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ഒടുവില്‍ സംസ്ഥാനതലത്തിലും ഹര്‍ത്താല്‍ പരമ്പരകള്‍ നടത്തിവരുന്ന സിപിഎം നികൃഷ്ടജീവികളുടെ ആക്രമണത്തില്‍ നശിച്ചുപോകാതിരിക്കട്ടെ എന്നാശംസിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷകരമോ പ്രകൃതിക്കു ഗുണകരമോ തുടങ്ങിയ ചര്‍ച്ചകളൊക്കെ അപ്രസക്തമായി. പരിസ്ഥിതിയെക്കാള്‍ വലുത് മനുഷ്യരാണെന്ന കണ്‍കഌഷനില്‍ ഏതാണ്ട് എല്ലാവരുമെത്തിച്ചേര്‍ന്നു. പരിസ്ഥിതിവാദികളെ കല്ലെറിഞ്ഞു കൊല്ലുകയാണു വേണ്ടതെന്നും പൊതുവേ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ തന്നെ വനം കൂടുതലാണെന്നും ഇനിയും അത് കൂടിയാല്‍ കാട്ടുമൃഗങ്ങള്‍ കേരളത്തിലെ ജനങ്ങളെ തിന്നൊടുക്കുമെന്നും വനം നിലനിര്‍ത്തുന്നതിനെക്കാള്‍ പരിസ്ഥിതിക്ക് ഗുണകരമാകുന്നത് വനമേഖയില്‍ കര്‍ഷകര്‍ കൃഷി ചെയ്യുമ്പോഴാണെന്നുമൊക്കെ ഈ ദിവസങ്ങളില്‍ അറിവും വിവരവും അനുഭവവുമുള്ള വിവേകജ്ഞാനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെയൊന്നും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യോഗ്യത എനിക്കില്ലാത്തതിനാല്‍ അതിലേക്കൊന്നും കടക്കുന്നില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മൊത്തത്തില്‍ നടക്കുന്നത് ആളുകളെ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി നാട്ടില്‍ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്ന രാജ്യദ്രോഹപ്രവൃത്തിയാണ് എന്നത് പറയുന്നതില്‍ ഇടുക്കി-വയനാട്-താമരശേരി-പൂഞ്ഞാര്‍ ബെല്‍റ്റിലുള്ള മലയോരകര്‍ഷകരും സഹപ്രവര്‍ത്തകരും കോപിക്കരുത്. എന്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ആ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എന്തു സംഭവിക്കുമെന്നും ഒരുത്തനും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. അച്ചനും കപ്യാരും പള്ളിക്കമ്മിറ്റിക്കാരും കൂടി ആളുകളെ പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് പ്രകാരം റിപ്പോര്‍ട്ട് നടപ്പായാല്‍ നല്ലൊരു ശതമാനം ആളുകളെയും സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച് തെരുവിലിറക്കും. കുടിയൊഴിപ്പിക്കപ്പെടാത്തവര്‍ക്ക് അവരുടെ ഭൂമിയില്‍ കൃഷി ചെയ്യാനോ പശുക്കളെ മേയ്ക്കാനോ വിളവെടുക്കാനോ അവകാശമുണ്ടായിരിക്കില്ല. റിപ്പോര്‍ട്ട് നടപ്പായതിനു ശേഷം പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുകയോ പറമ്പിലെ തടി വെട്ടി വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ജയിലില്‍ പോകും. മൊത്തത്തില്‍ നാടെല്ലാം കാടാക്കി മാറ്റാനുള്ള ഗുഢപദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കിംവദന്തികള്‍ കൊണ്ടു മെഴുത്തുരുണ്ട കാള പ്രസവിക്കുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ കയറുമെടുത്തിറങ്ങുന്നതില്‍ തെറ്റ് പറയാനൊക്കില്ല.

ഇവിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാകുന്ന 123 വില്ലേജുകള്‍ക്ക് എന്തു സംഭവിക്കും എന്നു പറയാനാവാതെ കസ്തൂരിരംഗനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഇടയലേഖനങ്ങളിറക്കുന്ന ബിഷപുമാരും അടിക്കടി ഹര്‍ത്താലുകള്‍ നടത്തി എരിതീയില്‍ എണ്ണയൊഴിച്ച് കസ്തൂരിരംഗനെ കോണ്‍ഗ്രസ് വിരുദ്ധ വോട്ട് ബാങ്കാക്കി അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതെങ്ങനെയെന്നാലോചിക്കുന്ന എല്‍ഡിഎഫും സംഗതി എന്താണെന്ന് ഒരുപിടിയും കിട്ടാതെ നില്‍ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഈ പ്രദേശത്തെ ജനപ്രതിനിധികളുമാണ് മൊത്തത്തില്‍ ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദികള്‍ എന്നു നിസ്സംശയം പറയാം. വോട്ടുകള്‍ ഞങ്ങള്‍ക്കു തന്നെ കിട്ടണമെന്ന വാശിയില്‍ നേതാക്കന്‍മാരും വോട്ടുകള്‍ എവിടേക്കു പോകണമെന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന മട്ടില്‍ ബീഷപുമാരും നില്‍ക്കുമ്പോള്‍ കഴുതകളാവുന്നത് സ്ഥിരം കക്ഷികള്‍ തന്നെയായിരിക്കും.

കര്‍ഷസമരം എന്നു വിശേഷിപ്പിക്കുമ്പോള്‍ തന്നെ മതമേലധ്യക്ഷന്‍മാര്‍ സമരം പ്രഖ്യാപിക്കുകയും അത് പിന്‍വലിക്കുകയുമൊക്കെ ചെയ്യുന്നത് തന്നെ അത് കര്‍ഷകസമരമല്ലെന്നതിന്റെ തെളിവാണ്. മുകളില്‍ പറഞ്ഞതുപോലെ ഭരണസംവിധാനത്തെ മൊത്തത്തില്‍ അസാധുവാക്കിക്കൊണ്ട് ബിഷപിനു സോണിയാ ഗാന്ധി ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എല്ലാം കോംപ്ലിമെന്റ്‌സ് ആയി എന്നു ബിഷപ് പറയുമ്പോള്‍ ഇക്കണ്ടതെല്ലാം ജനകീയസമരമായിരുന്നു എന്നു പറയുന്നതിന്‍െ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സമരത്തില്‍ നിന്നു പിന്‍വാങ്ങി എന്നു ബിഷപ് പറയുമ്പോള്‍ തന്നെ സമരം ശക്തമായി തുടരുമെന്നു പറയുന്ന ഇടയലേഖനം പള്ളികളില്‍ വായിക്കുകയാണ്. ഇടുക്കിയിലെ ബിഷപ് പി.ടിതോമസിന് വോട്ടു ചെയ്യരുതെന്ന സന്ദേശം വളരെ വ്യക്തമായി വിശ്വാസികള്‍ക്കു നല്‍കുമ്പോള്‍ നിസ്സഹായനായ പി.ടി.തോമസ് പറയുന്നത് ഇടുക്കി ബിഷപിനു ഗൂഢ അജന്‍ഡയുണ്ടെന്നാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ഉപദ്രവിക്കാനുള്ളതല്ല പരിസ്ഥിതിയെ സംരക്ഷിക്കാനുള്ളതാണ് എന്ന സത്യം അംഗീകരിച്ചാല്‍ തന്നെ അടിസ്ഥാനപരമായുള്ള വിദ്വേഷവും ശത്രുതാ മനോഭാവവും അവസാനിപ്പിക്കാം. മലയോരമേഖലയില്‍ ഖനനം നടത്തുന്നതും പാറമട നടത്തുന്നതും താപവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതും 20,000 ചതുരശ്ര അടിയില്‍ കവിഞ്ഞ കെട്ടിടങ്ങളും 50 ഹെട്കറിലധികം വിസ്താരമുള്ള ടൗണ്‍ഷിപ്പുകളും നിര്‍മിക്കുന്നവരെ മലയോരകര്‍ഷകരെന്നു വിളിക്കുന്നത് അതിവിനയമാണ്. മലയോരകര്‍ഷകര്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഇവിടെ നടന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളുമെല്ലാം അര്‍ഥശൂന്യവുമാണ്. ആവേശം കൊള്ളിക്കുന്ന ഇടയ-കുഞ്ഞാട് ലേഖനങ്ങള്‍ ചമയ്ക്കുന്ന അത്ര എളുപ്പമല്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്നു വായിച്ചുമനസ്സിലാക്കുന്നത് അത്ര ക്ലേശകരമായ കാര്യമല്ല.

കുറിപ്പ്: ഐസ്‌ലാന്‍ഡില്‍ ഞണ്ടുകള്‍ പാലായനം ചെയ്യുന്ന സീസണില്‍ ദേശീയപാത തന്നെ അടച്ച് അവയുടെ പരിസ്ഥിതി സംരക്ഷിക്കുന്ന അവിടുത്തെ സര്‍ക്കാരിന്റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത ഇന്ത്യയിലെ ഭരണാധികാരികള്‍ക്കില്ല എന്നു പണ്ട് ആവേശപൂര്‍വം പറഞ്ഞ ഒരച്ചായന്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ ഭൂമിയിലെ ഓരോ കോണും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്നും എല്ലാത്തിലും വലുത് മനുഷ്യനാണെന്നും പറഞ്ഞ് കസ്തൂരി രംഗന്റെ തന്തയ്ക്കു വിളിക്കുന്നത് കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായി. ഒരു കുളിര്, അത്രേയുള്ളൂ.

പിന്നേം കുറിപ്പ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനിരയാവുന്ന 123 വില്ലേജുകളിലൊന്നില്‍ സകലസ്ഥാവരജംഗമ വസ്തുക്കളും ഉള്‍പ്പെടുന്നവനാണ് ഞാനും. ഇടുക്കിയിലും വയനാട്ടിലും ജീവിക്കാത്തവരും നഗരങ്ങളില്‍ താമസിക്കുന്നവരും ഫ്രോഡുകളാണ് എന്ന വാദത്തിന് അടിസ്ഥാനമില്ല. നമുക്കും വരുംതലമുറകള്‍ക്കും വെള്ളവും വായുവും ലഭിക്കുന്നതിനു വേണ്ടി ഇപ്പോള്‍ അല്‍പം പരിസ്ഥിതിസ്‌നേഹമാകാം എന്നു പറയുന്നവരെ കര്‍ഷകവിരോധികളെന്നു വിളിക്കുന്നവരാണ് യഥാര്‍ഥഫ്രോഡുകള്‍. നന്ദി, നമസ്‌കാരം.

സെപ്റ്റിക് ടാങ്കില്‍ നിധി; പുരാവസ്തുവകുപ്പേ വരൂ…

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് പുരാവസ്തു വകുപ്പിന്റെ സഹായം തേടാം. ടാങ്ക് വൃത്തിയാക്കാന്‍ ശാസ്ത്രജ്ഞരെയും കൂട്ടി വരുമോ വകുപ്പേ എന്നു ചോദിക്കരുത്, അവര്‍ തെറിവിളിച്ചേക്കാം. തികച്ചും സൗജന്യമായി ഒദ്യോഗികജാഡകളോടെ അവരെക്കൊണ്ട് ടാങ്ക് വൃത്തിയാക്കിക്കാന്‍ വഴിയൊന്നു മാത്രം- ടാങ്ക് ഇരിക്കുന്ന സ്ഥലം 1000 വര്‍ഷം മുമ്പ് ഏതെങ്കിലും രാജാവിന്റെ സ്ഥലമായിരുന്നെന്നും അക്കാലത്ത് അദ്ദേഹം 10000 ടണ്‍ സ്വര്‍ണം അവിടെ കുഴിച്ചിട്ട ശേഷം കുഴഞ്ഞു വീണു മരിച്ചെന്നും ആ രാജാവ് സ്വപ്‌നത്തില്‍ വന്ന് മകനേ അത് കുഴിച്ചെടുത്ത് ഭാരതത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കൂ എന്നു പറഞ്ഞതായി ഏതെങ്കിലും ലോക്കല്‍ സന്യാസിയെക്കൊണ്ടോ സിദ്ധനെക്കൊണ്ടോ പറയിച്ചാല്‍ പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിഗദ്ധസംഘം അവരുടെ കിടുതാപ്പുകളുമായി വന്ന് ടാങ്ക് വൃത്തിയാക്കിത്തരില്ലേ ?. നമ്മളായിട്ട് വൃത്തിയാക്കിക്കാന്‍ പോയാല്‍ നമ്മുടെ പോക്കറ്റില്‍ നിന്നു കാശ് ചെലവാകും. ഇതാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കി കാര്യം നടക്കുകയും ചെയ്യും പോരെങ്കില്‍ ദേശീയമാധ്യമങ്ങളിലൊക്കെ വാര്‍ത്തയും വരും. നിധി കിട്ടിയില്ലെന്നു കരുതി പുരാവസ്തു ടീമുകള്‍ നമ്മളെ തിന്നാനൊന്നും വരത്തില്ല, വല്ല കുടത്തിന്റെയോ കലത്തിന്റെയോ പീസുമെടുത്ത് ഓപ്പറേഷന്‍ സക്‌സസ് എന്നു പറഞ്ഞ് അവര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിച്ചോളും. ആര്‍ക്കും നഷ്ടമില്ലാത്ത ബിസിനസ്.

പുരാവസ്തു വകുപ്പ് പോലെ പുണ്യപുരാതനമായ ഒരു വകുപ്പിനെ ആക്ഷേപിക്കാന്‍ വേണ്ടി ബോധപൂര്‍വം പറയുന്നതാണെന്നു തോന്നാം. ഒരിക്കലുമല്ല. വിവരവും വിദ്യാഭ്യാസവും ശാസ്ത്രബോധവുമുള്ള പ്രഗല്‍ഭന്‍മാരടങ്ങിയ പ്രസ്ഥാനമാണ് പുരാവസ്തുവകുപ്പെന്നും അവര്‍ ചെയ്യുന്ന വിഡ്ഡിത്തമെന്നു തോന്നുന്ന എല്ലാത്തിനും ഒരര്‍ഥമുണ്ടെന്നുമുള്ള കാഴ്ചപ്പാട് അവര്‍ തന്നെ തിരുത്തിത്തരികയും ലോകത്തിനു മുന്നില്‍ കാണിച്ചുതരികയും ചെയ്ത സാഹചര്യത്തില്‍ ആ മോഡല്‍ നമുക്കും പ്രായോഗികമായി ഉപയോഗിക്കാനുള്ള ഒരു സാധ്യത ഞാന്‍ പറഞ്ഞു എന്നു മാത്രം.

കോമണ്‍സെന്‍സിനെക്കാള്‍ ദിവ്യന്‍മാരുടെ അധോവായുവിന് പ്രാധാന്യമുള്ള നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നൊക്കെ പലരും പറയുമ്പോള്‍ തന്നെ രാജാക്കന്‍മാരെ സന്യാസിമാരും മറ്റും വിരട്ടിനിര്‍ത്തിയിരുന്ന പഴയകാലമാണ് സ്വപ്‌നം കാണുന്നത്. അത്ര തന്നെ എത്തിയില്ലെങ്കിലും ഏതാണ്ട് അതിന്റെ സമീപത്ത് എത്താന്‍ ഈ സംഭവത്തോടെ നമുക്ക് സാധിച്ചു എന്നതാണ് അഭിമാനകരമായ നേട്ടം. ഏതു സംഭവം എന്നു പിടികിട്ടാത്തവര്‍ക്കായി സംഗതി ചുരുക്കിപ്പറയാം.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രാജാവായിരുന്ന രാജാറാവു റാം ബക്‌സ് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്ന ദിവ്യദര്‍ശനമുണ്ടായത് ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരി ശോഭന്‍ സര്‍ക്കാരിനാണ്. പേരില്‍ തന്നെ സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണോ എന്തോ ശോഭന്‍ സര്‍ക്കാരിന് നിധി കുഴിച്ചെടുക്കാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചു. ഭക്തനും കേന്ദ്രമന്ത്രിയുമായ ചരണ്‍ദാസ് മഹന്തിനോട് സന്യാസി ദിവ്യസ്വപ്‌നത്തെപ്പറ്റി പറഞ്ഞു. മന്ത്രിശുംഭന്റെ ശുഷ്‌കാന്തി വിജൃംഭിച്ചു. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നത്തില്‍ ഉറച്ചുവിശ്വസിച്ച ശുംഭന്‍മാരായ സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ അടുത്ത ദിവസം തന്നെ ഇന്നോവയില്‍ ഉന്നോവോയിലെത്തി.

ഓള്‍ഡ് ജനറേഷന്‍ രാജാവ് ഈ പറഞ്ഞ സന്യാസിയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് (3ഡി) കൊട്ടാരത്തിനു കീഴെ സുമാര്‍ 1000 ടണ്‍ സ്വര്‍ണം താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കുഴിച്ചെടുത്ത് ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു സജസ്റ്റ് ചെയ്‌തെന്നുമാണ് സന്യാസി വെളിപ്പെടുത്തിയത്. ശാസ്ത്രജ്ഞന്‍മാര്‍ പ്രസ്തുത സ്ഥലത്ത് കുഴിച്ചു തുടങ്ങിയതോടെ അപാരമായ മാധ്യമശ്രദ്ധയും പരിസരത്ത് വലിയ ജനക്കൂട്ടവുമുണ്ടായി. സന്യാസി പെട്ടെന്നു സെലബ്രിറ്റിയായി. സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൊത്തം ക്രെഡിറ്റും സന്യാസി കൊണ്ടുപോകുമോ എന്ന ഭീതി കൊണ്ടാണോ എന്തോ, ഇത് ഞങ്ങള്‍ സ്വന്തമായി കണ്ടുപിടിച്ച നിധിയാണെന്ന പ്രഖ്യാപനവുമായി പുരാവസ്തുവകുപ്പ് നെഞ്ചുവിരിച്ചു. ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോടു ചേര്‍ന്ന ഭൂമിയില്‍ 20 മീറ്റര്‍ താഴെ ലോഹ വസ്തുവിന്റെ സാന്നിധ്യം കണ്ടത്തെിയിരുന്നു എന്നവര്‍ അറിയിച്ചു. അഥവാ ഒന്നും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന മട്ടില്‍ പഴക്കംചെന്ന ഒരു മണ്‍കലം കിട്ടിയാലും ഖനനം സഫലമാണെന്നു കൂടി പറഞ്ഞ് വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്തു.

സ്വര്‍ണശേഖരത്തില്‍ ജനങ്ങള്‍ കൈയിട്ടുവാരാതെ നോക്കാന്‍ പ്രത്യേക സേനയെ വരെ ഇറക്കി 11 ദിവസം കുഴിച്ചു. 1000 ടണ്‍ സ്വര്‍ണം പോയിട്ട് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ കൊച്ചുമോതിരം പോലും കിട്ടിയില്ല. സന്യാസി സ്വപ്‌നം കണ്ട ചാനല്‍ മാറിപ്പോയതോ മറ്റോ ആവാം. അടുത്ത ധ്യാനത്തിലേക്കു കടന്നാല്‍ സന്യാസി സേഫായി. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നെ ജയിലിലടക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊക്കെ ഭക്തരെ വച്ചു സന്യാസിക്കു ബ്ലോക്ക് ചെയ്യാം. സ്വന്തമായിട്ട് നിധി ലൊക്കേറ്റ് ചെയ്‌തെന്നവകാശപ്പെട്ട ശാസ്ത്രജ്ഞര്‍ ഇത്രയാഴത്തില്‍ കുഴിച്ചിട്ടും ഒരു ലോഹവസ്തു പോലും കിട്ടിയില്ല. ഒടുവില്‍ കുഴിപ്പു നിര്‍ത്തി മടങ്ങുമ്പോള്‍ ബുദ്ധകാലഘട്ടത്തെ ഏതാനും മണ്‍കലങ്ങളുടെ അവശിഷ്ടങ്ങള്‍ കയ്യിലുള്ളതുകൊണ്ട് സംഗതി സഫലമാണെന്നു പ്രഖ്യാപിക്കാം.

രാജാവും സന്യാസിയുമൊക്കെ അടങ്ങിയ കേസായതുകൊണ്ട് ഇതിനെ വിമര്‍ശിക്കുന്നത് ബിജെപിക്കാര്‍ക്കിഷ്ടമാവില്ല എന്നൊന്നും ആരും പറയരുത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്താതെ ഏതോ സന്യാസി സ്വപ്നം കണ്ട സ്വര്‍ണശേഖരത്തിനുവേണ്ടി ഖനനം നടത്തുന്ന ഇന്ത്യയെ നോക്കി ലോകം ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞത്. കള്ളന്മാരും കൊള്ളക്കാരും വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തി തിരിച്ചുപിടിച്ചാല്‍ തീരുന്നതേയുള്ളൂ, ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി. അതു ചെയ്താല്‍ സ്വര്‍ണശേഖരത്തിനു വേണ്ടി നാടു കുഴിക്കേണ്ട കാര്യമില്ല- മോഡി അങ്കിള്‍ റോക്ക്‌സ് !

കുളിമുറികളിലെ അധികതോര്‍ത്തിന് അധികനികുതി

ഒരു കുളിമുറിയില്‍ ഒന്നിലേറെ തോര്‍ത്തുകളുണ്ടെങ്കില്‍ രണ്ടാമത്തെ തോര്‍ത്തിനു മുതല്‍ അധികനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഇതിനായി തോര്‍ത്തുനിയമം ഉടന്‍ ഭേദഗതി ചെയ്യും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു തോര്‍ത്ത് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിലധികമുള്ള തോര്‍ത്തുകള്‍ക്കാണ് നികുതി ഈടാക്കുക. പല വീടുകളിലും ഭാര്യയ്ക്കും ഭര്‍ത്താവിനും വെവ്വേറെ തോര്‍ത്തുകളുള്ളതായി രഹസ്യാന്വേഷണ വിഭാഗവും കുളിമുറി ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം സാധാരണക്കാരുടെ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുന്നതിനുമായാണ് അധിക തോര്‍ത്തുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നത്.

ഇരുവശത്തും കരയുള്ള വെളുത്ത തോര്‍ത്തുകള്‍ക്കു പുറമേ ആളുകള്‍ പോക്കറ്റില്‍ കരുതുന്ന കര്‍ചീഫുകളെയും തോര്‍ത്തായി പരിഗണിച്ചായിരിക്കും നിയമം നടപ്പാക്കുക. ആളുകള്‍ മുഖം തുടയ്ക്കാനും മഴനനയുമ്പോള്‍ തല തോര്‍ത്താനുമൊക്കെ കര്‍ചീഫ് ഉപയോഗിക്കുന്നുണ്ടെന്ന കര്‍ചീഫ് കര്‍ചീഫ് കമ്മിഷന്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ഇതു പ്രകാരം കര്‍ചീഫുകളെ ഒന്നിലധികമുള്ള തോര്‍ത്തുകളായി എണ്ണും. ഭാര്യയും ഭര്‍ത്താവും വെവ്വേറെ കര്‍ചീഫുകള്‍ ഉപയോഗിക്കുമ്പോള്‍ അവയൊക്കെ അധികതോര്‍ത്തുകളായി കണക്കിലെടുക്കുകയും അധികനികുതി ഈടാക്കുകയും ചെയ്യും. ഒരേയൊരു തോര്‍ത്ത് ഒരൊറ്റ കര്‍ചീഫ് എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അധികനികുതി ഏര്‍പ്പെടുത്തുന്നത് ഒന്നിലധികമുള്ള തോര്‍ത്തുകള്‍ക്കും കര്‍ചീഫുകള്‍ക്കും മാത്രമാണെന്നും ലക്ഷ്വറി ടവ്വലിന് ഇത് ബാധമായിരിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കുളിക്കാന്‍ വില കൂടിയ ടവ്വലുകള്‍ ഉപയോഗിക്കുന്നവരെ അതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സാധാരണ കുടുംബങ്ങളിലും മറ്റു കുളിമുറികളിലും തോര്‍ത്തുപയോഗിക്കുന്നവര്‍ ഒന്നിലേറെ തോര്‍ത്ത് ഉപയോഗിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. ഭാര്യയും ഭര്‍ത്താവും വെവ്വേറെ തോര്‍ത്തുകള്‍ ഉപയോഗിക്കുന്നത് ആഢംബരവും അനാവശ്യവുമാണെന്നതിനു പുറമേ ദാമ്പത്യത്തിലെ വിശ്വസ്തതയും കെട്ടുറപ്പും തകര്‍ക്കുന്ന പ്രവൃത്തിയാണ്. പുതിയ നിയമം വരുന്നതോടെ ആളുകള്‍ ഒറ്റത്തോര്‍ത്തുകൊണ്ട് ജീവിക്കാന്‍ പഠിക്കുമെന്നും ഇത് സമൂഹത്തില്‍ സോഷ്യലിസം നടപ്പാക്കുമെന്നും നികുതിയിനത്തില്‍ സര്‍ക്കാരിന് വലിയൊരു തുക സമ്പാദികാനാവുമെന്നും പ്രതീക്ഷിക്കുന്നു.

അധികതോര്‍ത്തിനു നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വലിയ കുടുംബങ്ങള്‍ക്കും ആറ്റില്‍ കുളിക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള വീടാണെങ്കില്‍ അവരുടെ കുളിമുറിയില്‍ ഒറ്റ തോര്‍ത്തേ ഉണ്ടാവാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാവാത്ത മക്കളെയും ഈ തോര്‍ത്തുപയോഗിച്ചു കുളിപ്പിക്കാം. പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വേറെ തോര്‍ത്തുകള്‍ വാങ്ങാന്‍ പഴയ നികുതി തന്നെ നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഈ മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ വേറെ തോര്‍ത്ത് വാങ്ങുകയോ വിവാഹിതരായി ആ വീട്ടിലേക്കെത്തുന്ന പെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നു വേറെ തോര്‍ത്തു കൊണ്ടുവരികയോ ചെയ്താല്‍ രണ്ടാമത്തെ തോര്‍ത്തിന് അധികനികുതി കൊടുക്കേണ്ടി വരും.

ആറ്റിലും തോട്ടിലും കുളത്തിലും കുളിക്കുന്നവര്‍ കുളിക്കുമ്പോള്‍ ഒരു തോര്‍ത്തുടുക്കുകയും കുളി കഴിഞ്ഞ ശേഷം മറ്റൊരു തോര്‍ത്തു കൊണ്ട് തോര്‍ത്തുകയും ചെയ്യുന്നതായി തീരദേശകുളിസീന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഉടുക്കുന്ന തോര്‍ത്തുകൊണ്ട് തന്നെ തോര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ആറ്റിലോ മറ്റോ കുളിക്കാന്‍ പോകുമ്പോള്‍ ആദ്യം ഒരാള്‍ കുളിച്ചതിനു ശേഷം മറ്റൊരാള്‍ കുളിക്കണം. രണ്ടു പേരും ഒരുമിച്ചു കുളിക്കുന്നതിനായി രണ്ടു തോര്‍ത്ത് കരുതിയാല്‍ അതിന് അധികനികുതി നല്‍കേണ്ടി വരും.

അതേ സമയം, മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ കാറുകള്‍ തുടയ്ക്കുന്നതിനായി രണ്ടുലക്ഷം തോര്‍ത്തുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല മന്ത്രിമാര്‍ക്കും നാലും അഞ്ചും വാഹനങ്ങളുണ്ട്. ഇതൊക്കെ തുടച്ചുവൃത്തിയാക്കാന്‍ ധാരാളം തോര്‍ത്തുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തോര്‍ത്തുകള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്കു സൗജന്യമായി തോര്‍ത്തുകള്‍ നല്‍കുന്ന പദ്ധതിക്കു പണം കണ്ടെത്താനായി ജനങ്ങളുടെ ഒന്നിലധികമുള്ള അണ്ടര്‍വെയറുകള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

ലിവറൊടിഞ്ഞ കിനാവുകള്‍ (രാഷ്ട്രീയ നോവല്‍)

ഒരേയൊരു എംഎല്‍എയുടെ ബലത്തില്‍ നാടു ഭരിക്കുന്ന ഒരു പുതുപ്പള്ളിക്കാരന്‍. ആ മന്ത്രിസഭയില്‍ വീതം വച്ചു കഴിഞ്ഞ് അവശേഷിക്കുന്ന ഒരേയൊരു മന്ത്രിക്കസേര. സാംസ്‌കാരിക, വനംവകുപ്പ് മന്ത്രിയാകാന്‍ യോഗ്യരായ ആരുമില്ലാത്തതിനാല്‍ മദാലസമായ ആ മന്ത്രിക്കേസേര ഒഴിഞ്ഞു കിടക്കുകയാണ്. ഈ മന്ത്രിക്കസേരയുമായി പത്തനാപുരംകാരനായ ഒരു യുവസുന്ദരന്‍ പ്രണയത്തിലാണ്. ഈ പത്തനാപുരംകാരന്‍ ബഹുമിടുക്കനും സുന്ദരനുമാണ്. അനീതി കണ്ടാല്‍ എതിര്‍ക്കും, ജനങ്ങളുടെ ഏതു കാര്യത്തിനും മുന്നില്‍ കാണും, രാത്രിയില്‍ തടാകത്തിലൂടെ ബോട്ടുയാത്ര നടത്തും, അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണിയാണ്. എല്ലാറ്റിലുമുപരി ഈ പത്തനാപുരംകാരന്‍ ഒരു സിനിമാനടനുമാണ്.

പക്ഷെ പുതുപ്പള്ളിക്കാരന്‍ സുതാര്യതയുടെ കാര്യത്തില്‍ ഭയങ്കര കണിശക്കാരനാണ്. ബാത്ത്‌റൂമിന്റെ വാതില്‍ തുറന്നിട്ടു കുളിക്കുകയും വരാന്ത അടച്ചുപൂട്ടി സീല്‍ ചെയ്യുകയും ചെയ്യുന്ന പ്രകൃതം. നാട്ടുകാരുടെയെല്ലാം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് അദ്ദേഹത്തന് ഒരു വിനോദമാണ്. പത്തനാപുരംകാരന്റെ ഭാര്യയുടെ പരാതി കേള്‍ക്കുന്ന പുതുപ്പള്ളിക്കാരന്‍ ഭാര്യയോട് എല്ലാ പ്രശ്‌നവും പരിഹരിച്ചുതരാം എന്നു പറഞ്ഞു പറ്റിക്കുന്നു. പുതുപ്പള്ളിക്കാരന്‍ പറയുന്ന വാക്ക് പാലിക്കുന്നവനല്ലെന്നു മനസ്സിലായപ്പോള്‍ പത്തനാപുരംകാരന്റെ ഭാര്യ ജനങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞ് എല്ലാ ദുഖങ്ങളും ഏറ്റുപറഞ്ഞു. തന്റെ സല്‍പ്പേര് നശിക്കുമെന്നുറപ്പായ പുതുപ്പള്ളിക്കാരന്‍ പെട്ടെന്ന് പത്തനാപുരംകാരനെ കയ്യൊഴിയുന്നു. ചീത്തപ്പേര് തീര്‍ത്തു വന്നാല്‍ മന്ത്രിസ്ഥാനം തരാം എന്നു പറഞ്ഞ് പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ ഒഴിവാക്കുന്നു.

പുറത്തായ പത്തനാപുരംകാരന് ചീത്തപ്പേരുകള്‍ കൂടിക്കൂടി വന്നതേയുള്ളൂ. നാട്ടില്‍ നടക്കുന്ന സകല അലമ്പ് എടപാടുകളിലും പത്തനാപുരംകാരനും പങ്കുണ്ടെന്നു ഒരു പൂഞ്ഞാറുകാരന്‍ പറഞ്ഞു പരത്തി. മന്ത്രിക്കസേര ഉടനെയൊന്നും സ്വന്തമാവില്ല എന്നു മനസ്സിലായ പത്തനാപുരംകാരന്‍ സിനിമയിലഭിനയിക്കാന്‍ തുടങ്ങുകയാണ്. അനേകം അനേകം സിനിമകളിലൂടെ നല്ല നല്ല വേഷങ്ങള്‍ ചെയ്ത് ആറുമാസം കൊണ്ട് പത്തനാപുരംകാരന്‍ തന്റെ എല്ലാ ചീത്തപ്പേരുകളും മാറ്റിയെടുക്കുകയാണ്.

തന്റെ ജീവിതലക്ഷ്യമായ മന്ത്രിക്കസേര സ്വന്തമാക്കാനാണ് പത്തനാപുരംകാരന്‍ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി സിനിമയിലഭിനയിച്ച് അടങ്ങിയൊതുങ്ങി ജീവിച്ചത്. പക്ഷെ നിര്‍ഭാഗ്യമെന്നു പറയട്ടെ, പിന്നെയും പിന്നെയും ചീത്തപ്പേരുകള്‍ സമ്പാദിച്ചുകൊണ്ടിരുന്ന പുതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരനെ പാടെ അവഗണിക്കുകയാണ്. ആറുമാസം അടങ്ങിയൊതുങ്ങി ജീവിച്ചു ചീത്തപ്പേരൊക്കെ മാറ്റിയിട്ടും പത്തനാപുരംകാരനെ മന്ത്രിയാക്കാനുള്ള ലക്ഷണമൊന്നും കാണുന്നില്ല. പത്തനാപുരംകാരന്‍ താനുമായി ശത്രുതയിലായിരുന്ന അച്ഛന്റെ കാല്‍ക്കല്‍ വീണ് സഹായം തേടുന്നു. അച്ഛനും മകനും കൂടി ശ്രമിച്ചിട്ടും പുതുപ്പള്ളിക്കാരന്‍ മൈന്‍ഡ് ചെയ്യുന്നില്ല.

ഒടുവില്‍, പത്തനാപുരംകാരന്‍ പുറത്തായിട്ട് ആറുമാസം തികയുകയാണ്. ആ സമയത്തു തന്നെയാണ് ഭരിക്കുന്ന പാര്‍ട്ടിയുടെ അന്‍പതാം പിറന്നാളാഘോഷവും. അവിടെ പാര്‍ട്ടിയുടെ പിറന്നാളാഘോഷങ്ങള്‍ ഇവിടെ നിരാശയും ദുഖവും ഏകാന്തതയും. ആഘോഷം-നിരാശ, നിരാശ-ആഘോഷം, ആഘോഷം-നിരാശ. അവിടെ പുതുപ്പള്ളിക്കാരനും സംഘവും അധികാരത്തിന്റെ മത്തുപിടിച്ച് പൊട്ടിച്ചിരിക്കുമ്പോള്‍, ഇവിടെ എംഎല്‍എ സ്ഥാനം രാജിവച്ചുകൊണ്ട് പത്തനാപുരംകാരന്‍ രാജിക്കത്തെഴുതി പിടയുകയാണ്, പിടയുകയാണ്…

പക്ഷെ, ആഘോഷങ്ങള്‍ അവസാനിക്കുന്നില്ല… പുതുപ്പള്ളിക്കാരന്‍ പത്തനാപുരത്തേക്ക് ഓടി. പത്തനാപുരംകാരന്റെ രാജിക്കത്ത് സ്പീക്കര്‍ സ്വീകരിക്കുന്നില്ല… സ്പീക്കര്‍ കത്ത് വായിക്കുന്നു, പതുപ്പള്ളിക്കാരന്‍ പത്തനാപുരംകാരന്റെ അച്ഛന്റെ കാലുപിടിക്കുന്നു, സ്പീക്കര്‍ കത്ത് സ്വീകരിക്കുന്നില്ല, അച്ഛന്‍ പുതുപ്പള്ളിക്കാരനോട് ക്ഷമിക്കുന്നു, സ്പീക്കര്‍ കത്ത് ചവറ്റുകൊട്ടയിലിടുന്നു, പുതുപ്പള്ളിക്കാരനും പത്തനാപുരംകാരന്റെ അച്ഛനും കെട്ടിപ്പിടിക്കുന്നു….

ഒടുവില്‍…. ആറുമാസങ്ങള്‍ക്കു ശേഷം പത്തനാപുരംകാരന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയാണ്…

കഴിഞ്ഞോ ?: കഴിഞ്ഞിട്ടില്ല… കുറെക്കഴിയുമ്പോ എല്ലാവരെയും പോലെ അവരും തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും. എന്നിട്ട് എട്ടുനിലയില്‍ പൊട്ടും.. എന്താ ?

പൊറോട്ടനാടകം

(1500 വര്‍ഷം മുമ്പ്. പൊറോട്ട സാമ്രാജ്യത്തിലെ മൈദക്കൊട്ടാരം)

രംഗം-1
(അമ്മ മഹാറാണിയുടെ അന്തപുരം)

ആരവിടെ ?

റാന്‍…

ഈ റാന്‍മൂളികളെക്കൊണ്ടു തോറ്റു… അടിയന്‍ എന്നു വിളികേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ ?

പ്രധാനമന്ത്രിയുണ്ട് തമ്പ്രാട്ടീ…

വിളിക്കൂ മടയനെ…

മടയാ……

ഭടാ !!!

സോറിമ്പ്രാട്ടി… മന്ത്രാദിമന്ത്രി… വീരപ്രധാനമന്ത്രി എഴുന്നള്ളിവരാന്‍… രാജാധിരാജ്ഞി.. വെള്ളമഹാറാണി ആജ്ഞാപിക്കുന്നേയ്…

(പ്രധാനമന്ത്രി ഓടിവരുന്നതിന്റെ കുളമ്പടികള്‍, കിതപ്പുകള്‍, ആസ്ത്മയുടെ ലക്ഷണം)

അടിയന്‍… തിരുമനസ്സ് വിളിപ്പിച്ചോ ?

വിളിപ്പിച്ചു… എവിടാരുന്നു താന്‍ ?

ഖജനാവില്‍ പുതിയ ഖജാന്‍ജിയെ സ്വര്‍ണനാണയങ്ങള്‍ എണ്ണാന്‍ പഠിപ്പിക്കുകയായിരുന്നു…

പ്ലീസ്.. അറിയാവുന്ന പണി ചെയ്താല്‍ പോരേ ? ഇതുവരെ ഇയാളൊലത്തിയതു വച്ച് രാജ്യത്ത് ക്ഷാമം വന്നു തലയില്‍ കയറി നില്‍ക്കുകയാണ്…വല്ല വഴിയും കണ്ടു പിടിക്കാനാണ് പുതിയ ഖജാന്‍ജിയെ വച്ചത്… ഇനി അതിന്റെ മുതുകത്തു കയറി കണക്കു പഠിപ്പിക്കാന്‍ നിക്കണ്ട…

അടിയന് ആകെ വശമുള്ളത് അതാണ്..

എന്ത് ? മുതുകത്തു കയറ്റമോ ?

അല്ല, കണക്ക്…

ഉവ്വോ ? എങ്കില്‍ പറഞ്ഞേ… അടുത്ത പട്ടാഭിഷേകത്തില്‍ കുമാരന്‍ എത്ര വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും ?

വോട്ടോ ? ഭൂരിപക്ഷമോ ? തിരുമനസ്സിതെന്തൊക്കെയാണ് പറയുന്നത് ?

ങ്‌ഹേ ? ഞാനെന്താ പറഞ്ഞത് ? ഞാനെന്താ ഇപ്പോ പറഞ്ഞത് ? എന്താ എനിക്കു പറ്റീത് ? എനിക്കെന്തോ ഉണ്ട്…

ഇല്ല… തിരുമനസ്സിന് ഒന്നുമില്ല… (വിങ്ങുന്നു)

എങ്കില്‍ പറയൂ.. അടുത്ത വര്‍ഷം എന്റെ കുമാരന്റെ പട്ടാഭിഷേകം നടക്കുമോ ? അവന്‍ രാജാവായി ആ സിംഹാസനത്തിലിരിക്കുന്നത് കണ്ടിട്ട് എനിക്ക് ഒന്നു കണ്ണടയ്ക്കാന്‍…

കുമാരന്‍ രാജ്യകാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല തിരുമനസ്സേ… എപ്പോഴും കളിതമാശകളും കളിത്തോഴിമാരുമൊക്കെയാണ്… പ്രജകള്‍ക്കു കുമാരനെക്കാള്‍ ഇഷ്ടം…

അരുത്.. നമ്മുടെ കര്‍ണപുടങ്ങള്‍ അത് കേള്‍ക്കാനാഗ്രഹിക്കുന്നില്ല… യുദ്ധങ്ങള്‍ ജയിച്ച പാരമ്പര്യമേ ഈ പൊറോട്ട കിങ്ഡത്തിനുള്ളൂ… തോല്‍വികളേറ്റുവാങ്ങാന്‍ എന്റെ കുമാരന്‍ ചന്തുവല്ല… മറ്റവന്റെ പുറംമോടികളോടു മല്‍സരിക്കാന്‍ ഒരു ചന്തയുമല്ല…

കുമാരന്‍ രാജാവാകാന്‍ തയ്യാറാണ് പക്ഷെ, കുമാരന്‍ രാജാവായാല്‍ രാജ്യത്തിന്റെ അവസ്ഥയെന്തായിരിക്കും എന്നാലോചിക്കുമ്പോള്‍… ?

വെരി ഫണ്ണി മിസ്റ്റര്‍ പ്രധാനമന്ത്രീ.. വെരി വെരി ഫണ്ണി… രാജ്യത്തിന്റെ അവസ്ഥയെക്കുറിച്ച് വേവലാതിയുള്ള ഒരാള്…

അടിയന്‍…

എന്തു സംഭവിച്ചിട്ടായാലും കുമാരന്‍ അടുത്ത വര്‍ഷം രാജാവാകണം… എന്തൊക്കെ നഷ്ടപ്പെട്ടാലും കുമാരനെ രാജഗോപുരത്തിലെ സിംഹാസനത്തില്‍ ആലവട്ടങ്ങള്‍ക്കും വെണ്‍ചാമരങ്ങള്‍ക്കും നടുവില്‍ നമുക്ക് കാണാന്‍ കൊട്ക്കണം… കേട്ടോടോ ശുംഭാ ?

മാതാശ്രീ വിളിച്ചോ ?

(ഒരു ടൈറ്റ് നിക്കര്‍ മാത്രമിട്ട് നനവുള്ള ദേഹം ടവ്വല്‍ കൊണ്ട് തുടച്ചുകൊണ്ട് കുമാരന്‍ രംഗത്തേക്കു വരുന്നു. ഇഞ്ചികടിച്ചതുപോലെ നില്‍ക്കുന്ന അമ്മ മഹാറാണിയും ജ്യൂസ് കുടിച്ചതുപോലെ നില്‍ക്കുന്ന പ്രധാനമന്ത്രിയും).

കുമാരന്‍ എവിടെയായിരുന്നു ?

ഞാന്‍ തോഴിമാരോടൊപ്പം നീരാടുകായിരുന്നു മാതാശ്രീ… എന്നും നീരാടിയാല്‍ യൗവ്വനം നിലനിര്‍ത്താമെന്നാണ് ബിന്ദൂം സുഷമേം ശാന്തേമൊക്കെ പറയുന്നത്..

കുമാരാ… അടുത്ത വര്‍ഷം രാജാവാകാനുള്ളവനാണ് നീയെന്നത് മറക്കരുത്…

ഒരിക്കലുമില്ല മാതാശ്രീ… പട്ടാഭിഷേകത്തിന് കെട്ടാനുള്ള കോണകം വരെ റെഡിയാണ്…

കുമാരാ… കോണകം ഉണങ്ങാത്തതുകൊണ്ടല്ല നീ ഇതുവരെ രാജാവാകാത്തത്… നിനക്ക് അതിനുള്ള കാര്യവിവരം ഉണ്ടെന്ന് നമ്മുടെ പ്രജകള്‍ക്കു തോന്നാത്തതുകൊണ്ടാണ്… അതുണ്ടാക്കണം… ജനകീയനാവണം…

അത്രേയുള്ളോ ? എത്രയെത്ര കൗശങ്ങളാണ് എന്റെ കയ്യിലുള്ളതെന്നറിയാമോ ?

എന്തൊക്കെയാണ് കുമാരാ കേള്‍ക്കട്ടെ…

പശ്ചിമദേശത്തു പോയി തൊഴിലാളി സ്ത്രീകള്‍ക്കൊപ്പം കല്ലു ചുമക്കാം…ദക്ഷിണദേശത്തുപോയി വ്യാപാരികളില്‍ നിന്നും പൊറോട്ട തിന്നാം…

അതൊന്നും ഇനി ഏല്‍ക്കില്ല കുമാരാ…

എങ്കില്‍ ഗുജറാത്തിയില്‍ ഓണാശംസ പറഞ്ഞുനോക്കിയാലോ ?

വിഡ്ഡിത്തം പറയരുത് കുമാരാ… പ്രജകള്‍ എപ്പോഴും ഭരണാധികാരികള്‍ക്കെതിരായി നിലപാടെടുക്കുന്നവരെയേ ഇഷ്ടപ്പെടൂ… അവര്‍ തങ്ങളുടെ പക്ഷത്താണെന്നു പ്രജകള്‍ വിശ്വസിക്കും…

എങ്കില്‍ ഞാന്‍ കൊട്ടാരത്തിനു ബോംബ് വയ്ക്കട്ടെ ? മാതാശ്രീയുടെ തേരിന്റെ ആണികള്‍ ഊരിവയ്ക്കാം…

കുമാരന്‍ ഒരു വിഡ്ഡിയാണെന്നു പ്രജകള്‍ പറയുന്നത് വെറുതെയല്ല…

എങ്കില്‍ നമ്മുടെ പ്രധാനമന്ത്രിയെ വഴിയിലിട്ടു നാലു പൊട്ടിക്കട്ടെ.. അതിയാനെ എന്തു ചെയ്യുന്നതും പ്രജകള്‍ക്കിഷ്ടമാവും…

കുമാരാ… !!!!

അല്ല, ഇതാര് പ്രധാനമന്ത്രിയോ ? ഇവിടെ നില്‍പുണ്ടാരുന്നോ ? സിബിഐക്കാര് ഡമ്മി പരീക്ഷണത്തിനു കൊണ്ടുവന്നു വച്ച ഡമ്മിയാണെന്നു കരുതിയാ ഞാനിതുവരെ മൈന്‍ഡ് ചെയ്യാതിരുന്നത് കേട്ടോ.. സോറി..

സിബിഐക്കാര്‍ക്കെന്താ ഈ കൊട്ടാരത്തില്‍ കാര്യം ?

രാജ്യത്ത് നീചന്‍മാര്‍ പെരുകുന്നു… മ്ലേച്ഛന്‍മാര്‍ അഴിഞ്ഞാടുന്നു… കൊലപാതകങ്ങളും മോഷണങ്ങളും വര്‍ധിക്കുന്നു…

എല്ലാവരുടെയും ഒരു ലിസ്റ്റുണ്ടാക്കാന്‍ പറയൂ… നിരനിരയായി നിര്‍ത്തി നമുക്ക് തൂക്കിക്കൊല്ലാം…

ലിസ്റ്റുമായാണ് അവര്‍ വന്നിരിക്കുന്നത്… ആകെ.യുള്ള 100 നീചന്‍മാരില്‍ 98 പേരും 50 മ്ലേച്ഛന്‍മാരില്‍ 49 പേരും കൊട്ടരത്തില്‍ തന്നെയാണെന്നാണ് കണ്ടെത്തിയത്.. അവരെ തിരക്കി വന്നതാണ് സിബിഐക്കാര്…

കൊട്ടാരത്തിലുള്ളവര്‍ എന്തു നീചപ്രവൃത്തികള്‍ ചെയ്താലും അവരെ പുണ്യാത്മാക്കളായി തന്നെ നിലനിര്‍ത്തുന്നതിന് നമ്മള്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടല്ലോ…

അതിനെതിരേ പ്രജകള്‍ പലയിടത്തും ഒന്നിച്ചുകൂടുന്നുണ്ട്… പണ്ഡിതന്‍മാരും പലതും പറയുന്നുണ്ട്… ആ ഉത്തരവ് നടപ്പാക്കരുതെന്ന് കൊട്ടാരം ഉപദേശകനും പറഞ്ഞു… രാജഗുരു അത് തള്ളിക്കളയുമെന്നത് ഉറപ്പാണ്.. അത് നിലവില്‍ വന്നാല്‍ പ്രജകള്‍ നമ്മെ വെറുക്കും…. രാജഗുരു അത് തള്ളിക്കളഞ്ഞാല്‍ പ്രജകള്‍ നമ്മെ പുച്ഛിക്കും… രണ്ടായാലും നമുക്ക് ദോഷം തന്നെ…

മാതാശ്രീ… എനിക്കൊരു ഐഡിയ കിട്ടി… ഞാനത് നടപ്പാക്കാന്‍ പോകുന്നു… ഈ ഒറ്റ വിദ്യ കൊണ്ട് ഞാന്‍ പ്രജകളുടെ പ്രീതി വാങ്ങും…

കുമാരാ നില്‍ക്കൂ… അബദ്ധമൊന്നും കാണിക്കരുത്…

കുമാരന്‍ പോയി… വേഷം പോലും മാറാതെ…

രംഗം- 2
(രാജഗോപുരം. ദര്‍ബാര്‍ രാഗം മുഴങ്ങിക്കേള്‍ക്കുന്നു. പണ്ഡിതന്‍മാര്‍ കൊട്ടരം നര്‍ത്തകിമാരുടെ അരക്കെട്ടുകള്‍ നോക്കി വെള്ളമിറക്കിയിരിക്കുന്നു. പാമരന്‍മാര്‍ ചാമരം വീശി നില്‍ക്കുന്നു. പൊറാട്ട കിങ്ഡത്തിന്റെ തകര്‍ച്ചയെപ്പറ്റിയുള്ള പുതിയ ഗാനം ചിട്ടപ്പെടുത്തി പ്രാക്ടീസ് ചെയ്യുകയാണ് പാണന്‍മാര്‍. പ്രജകളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടി തളര്‍ന്നിരിക്കുന്ന വിദൂഷകന്‍. എല്ലാവരെയും സംഭ്രമിപ്പിച്ചുകൊണ്ട് അവിടേക്ക് ഇരച്ചുകയറി വരുന്ന കുമാരന്‍)

വന്ദനം പ്രജാപ്രതിനിധികളേ പണ്ഡിതന്‍മാരേ… പാണന്‍മാരേ..

ആരിതു കുമാരനോ ?

അല്ല, എന്റെ അളിയന്‍…

കുമാരന്‍ വന്നതു നന്നായി ഞങ്ങള്‍ക്കു ചിലതൊക്കെ ചോദിക്കാനുണ്ട്…

എനിക്കറിയാം… അതിനൊക്കെ മറുപടി നല്‍കാനാണ് ഞാന്‍ വന്നത്…

രാജ്യം ക്ഷാമത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണല്ലോ… പശ്ചിമദേശത്തും ഉത്തരദേശത്തുമൊക്കെ പട്ടിണി തുടങ്ങിയിരിക്കുന്നു… യുവരാജാവെന്ന നിലയില്‍ കുമാരന് എന്താണ് പറയാനുള്ളത് ?

പട്ടിണിയോ ? അല്ല, അതുപിന്നെ… നിങ്ങള്‍ മറ്റേ ഉത്തരവിന്റെ കാര്യം ചോദിക്കൂ ഞാന്‍ പറയാം…

രാജ്യത്ത് വിലക്കയറ്റം ഗുരുതരമായിരിക്കുകയാണ് കുമാരാ… ഖജനാവില്‍ ഉണ്ടായിരുന്നതൊക്കെ കാലിയായെന്നും രാജ്ഞിയുടെ പേരില്‍ വിദേശരാജ്യത്ത് സ്വര്‍ണകൊട്ടാരം പണിയുന്നെന്നും കേള്‍ക്കുന്നുണ്ട്..

അല്ല, നിങ്ങള്‍ മറ്റേ ഉത്തരവിന്റെ കാര്യത്തെപ്പറ്റി ചോദിക്കൂ.. ഞാന്‍ പറയാം…

അങ്ങേയ്ക്ക് രാജാവാകാനുള്ള യോഗ്യതയില്ലെന്നു ചിലര്‍ പറയുന്നു….

ഉത്തരവിന്റെ കാര്യം ചോദിക്കൂ…

കുമാരന്റെ അളിയന്‍ പ്രജകളെ കൊള്ളയടിക്കുന്നു…

ആ ഉത്തരവിനെപ്പറ്റി പറയാം…

അപ്പിയിടുന്നതിനു വരെ നികുതി പിരിക്കുന്നു…

നിങ്ങളാ ഉത്തരവിന്റെ കാര്യം ചോദിക്കുന്നുണ്ടോ ഇല്ലയോ ?

ഇല്ല… പ്രജകളുടെ ജീവിതം നരകിക്കുകയാണ്.. അവരെ രക്ഷിക്കാന്‍ കുമാരന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ഞങ്ങള്‍ക്കറിയേണ്ടത്…

എങ്കില്‍ ഞാന്‍ മറ്റേ ഉത്തരവിന്റെ കാര്യം മാത്രമേ പറയൂ… ആ ഉത്തരവ് വലിച്ചുകീറി കുട്ടേലെറിയും ഞാന്‍.. അതുണ്ടാക്കിയവനെ ചവുട്ടിക്കൂട്ടും… അടുത്ത രാജാവാണീ പറയുന്നത്… ഒരുത്തനെയും ഞാന്‍ വെറുതെ വിടില്ല… പാണന്‍മാരേ നിങ്ങള്‍ കേള്‍ക്കുന്നില്ലേ എത്ര ധീരമായാണ് ഞാന്‍ രാജ്യകാര്യങ്ങളിലിടപെടുന്നത്…. പണ്ഡിതന്‍മാരേ കിഴങ്ങന്‍മാരേ എന്നെ അഭിനന്ദിക്കനെന്താണ് താമസം…വേഗം തുടങ്ങട്ടെ…

(ഏഴു ലോകങ്ങളും കീഴടക്കിയ രാജാവിനെപ്പോലെ, പകച്ചുനില്‍ക്കുന്ന രാജമന്ദിരത്തിലെ അംഗങ്ങളെ പുച്ഛത്തോടെ നോക്കി കുമാരന്‍ കടന്നുപോകുമ്പോള്‍ പതിഞ്ഞ ശബ്ദത്തില്‍ ഒരു പാണന്‍ ഹമ്മിങ്ങായി പാടുന്നു)- വട്ടായെന്നു തോന്നുന്നു…

(പെട്ടെന്ന് നിറകണ്ണുകളോടെ, വിതുമ്പുന്ന ചുണ്ടുകളോടെ പ്രധാനമന്ത്രി കൈയടിച്ചുകൊണ്ട് സഭയുടെ നടുവിലേക്കു വന്നു കുമാരന്‍ പോയവഴിയേ നോക്കി അദ്ഭുതപരതന്ത്രനായി പറയുന്നു)- അരേ വ !, അരേ വ!.. ഇവനാണ് അടുത്ത രാജാവ്… ഇവനാവണം അടുത്ത രാജാവ്…

(തുടര്‍ന്ന് അദ്ദേഹം കമഴ്ന്നുകിടന്ന് കുമാരന്‍ നിന്നു തായം കളിച്ചു കടന്നുപോയ കാല്‍പാടുകളിലൊന്നില്‍ ചുംബിച്ചു. എങ്ങു നിന്നും കരഘോഷം, ആര്‍പ്പുവിളി, നിലവിളി, കൂട്ടക്കരച്ചില്‍).

(കര്‍ട്ടന്‍)