മിസ്ഡ് കോള്‍ പൊളിറ്റിക്‌സ്

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തോല്‍പിച്ച് ബിജെപി ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി മാറി. എന്നാല്‍, എങ്ങനെ പാര്‍ട്ടിയില്‍ ഇത്രയധികം ്അംഗങ്ങളുണ്ടായി എന്നതിനെ സംബന്ധിച്ച ചര്‍ച്ചകളും ആക്ഷേപവുമാണ് മൊത്തത്തില്‍ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്നത്. പ്രധാന ആക്ഷേപം മിസ്ഡ് കോള്‍ വഴിയാണ് ബിജെപി ഇത്രയധികം അംഗങ്ങളെ ചേര്‍ത്തത് എന്നതാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ ബിജെപി അംഗമാകാം എന്നുള്ള എസ്എംഎസ് എനിക്കും വന്നിട്ടുണ്ട്. ഞാന്‍ മിസ്ഡ് കോള്‍ അടിച്ചില്ല, ബിജെപി അംഗമായിട്ടുമില്ല. ബിജെപി അംഗമാകാന്‍ ആഗ്രഹമുള്ളവര്‍ മിസ്ഡ് കോള്‍ അടിക്കുകയും അംഗമാവുകയും ചെയ്തിട്ടുണ്ടാവാം. ഇതില്‍ എന്താണ് ഇത്ര ആക്ഷേപകരമായി കണ്ടെത്തിയിരിക്കുന്നത് എന്നത് എനിക്കു മനസ്സിലായിട്ടില്ല.

മിസ്ഡ് കോള്‍ മെംബര്‍ഷിപ്പിനെ ആക്ഷേപിക്കുന്നവരുടെ ശ്രദ്ധയിലേക്ക് ഏതാനും പോയിന്റുകള്‍ ഞാന്‍ കൊണ്ടുവരാനാഗ്രഹിക്കുകയാണ്.

1. മിസ്ഡ് കോള്‍ ബിജെപി കണ്ടുപിടിച്ച സംഗതിയല്ല. സ്വന്തം അച്ഛനെ ഐസിയുവിലേക്കു കൊണ്ടുപോകുന്ന വിവരം മറ്റു സഹോദരന്‍മാരെ അറിയിക്കാന്‍ പോലും മിസ്ഡ് കോള്‍ അടിക്കുന്ന ഇന്ത്യക്കാരന്‍, ബിജെപി പാര്‍ട്ടി മെബര്‍ഷിപ്പിന് മിസ്ഡ് കോള്‍ ഒരു മാര്‍ഗമായി സ്വീകരിച്ചതിനെ പഴിക്കുന്നില്‍ അസൂയ അല്ലാതെ മറ്റൊരു കാരണവും കാണുന്നില്ല. മിസ്ഡ് കോള്‍ കണ്ടാല്‍ അതിന്റെ പിന്നാലെ വിളിച്ചു വിളിച്ചു പോയി ലൈനുണ്ടാക്കുകയും അതുവഴി പ്രണയവും വിവാഹവും ചതിയും ഉള്‍പ്പെടെ നീണ്ട എപ്പിസോഡുകള്‍ സൃഷ്ടിക്കുന്നവരാണ് നമ്മള്‍. ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ അംഗത്വ ക്യംപെയിനു വേണ്ടി അതേ മിസ്ഡ് കോള്‍ ഉപയോഗിച്ചു വിജയിച്ചപ്പോള്‍ അയ്യേ ഛെ എന്നു പുച്ഛിക്കുന്നത് നിഷ്പക്ഷമായി പറഞ്ഞാല്‍ കുശുമ്പല്ലാതെ മറ്റൊന്നുമല്ല.

2. പാര്‍ട്ടി ഓഫിസില്‍ പോയി ആപ്ലിക്കേഷന്‍ വാങ്ങി അത് ഫില്‍ ചെയ്ത് ഫോട്ടോയും ഒട്ടിച്ച് എന്തുകൊണ്ടു ഞാനൊരു ബിജെപി അംഗമാകാനാഗ്രഹിക്കുന്നു എന്നതിനെപ്പറ്റി 200 വാക്കില്‍ കവിയാതെ ഉപന്യസിച്ച ശേഷം അംഗത്വമെടുക്കുന്നതാണ് മാതൃകാപരം എന്നു പറയുന്നവര്‍ സര്‍ക്കാര്‍ സേവനങ്ങള്‍ മിസ്ഡ് കോളിലും എസ്എംഎസിലുമൊക്കെ ലഭിക്കുന്നത് മാതൃകാപരമാണ് എന്നു പറയുന്നത് എന്തിനാണ് ? സര്‍ക്കാര്‍ ഓഫിസുകളില്‍ പോയി സമാനമായ രീതിയില്‍ ആപ്ലിക്കേഷന്‍ എഴുതി കാത്തിരുന്ന് അതു സമര്‍പ്പിച്ച് കാര്യം നടത്തുന്നതിനെ പുച്ഛിക്കുകയും ബിജെപി അംഗത്വ ക്യംപെയിന് അങ്ങനെ ചെയ്യാത്തതിനെ ആക്ഷേപിക്കുകയും ചെയ്യുന്നത് ലജ്ജാകരമായ ഇരട്ടത്താപ്പാണ്.

3. മിസ്ഡ് കോള്‍ വഴി അംഗത്വത്തിന് അവസരമൊരുക്കിയ ബിജെപിയെ പുച്ഛിക്കുന്ന നല്ലൊരു ശതമാനം ആളുകളും സ്വന്തം ജിമെയില്‍ അക്കൗണ്ടിന്റെ മാത്രം പേരില്‍ മിസ്ഡ് കോള്‍ പോയിട്ട് ഒരു ലിങ്കില്‍ പോലും ക്ലിക്ക് ചെയ്യാതെ ഗൂഗിള്‍ പ്ലസ് എന്ന ലോകത്തെ രണ്ടാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍്ക്കില്‍ അറിയാതെ അംഗമായവരാണ് എന്നത് രസകരമാണ്. അവരില്‍ ആര്‍ക്കും തന്നെ എങ്ങനെ അതില്‍ നിന്നു പുറത്തുകടക്കണം എന്നതും അറിയില്ല എന്നത് നിര്‍ഭാഗ്യകരവും.

4. മിസ്ഡ് കോള്‍ എന്നത് നമ്മള്‍ ഫോണില്‍ ബോധപൂര്‍വം ഒരു നമ്പര്‍ ഡയല്‍ ചെയ്ത ശേഷം റിങ് ചെയ്യുമ്പോള്‍ കട്ടാക്കുന്നതാണ്. എന്നാല്‍, അതേ ഫോണില്‍ ദിവസേനയെന്നോണം വരുന്ന അനേകം ഓഫറുകള്‍ പ്രത്യേകിച്ചൊരു മറുപടിയും നല്‍കാതെ തന്നെ സബ്‌സ്‌ക്രൈബ് ചെയ്ത് അക്കൗണ്ടില്‍ നിന്നും പണം പൊയ്‌ക്കൊണ്ടിരിക്കുന്നവരാണ് മെനക്കെട്ടു കുത്തിയിരുന്ന് മലയാളം സിനിമാ സീനുകള്‍ വെട്ടിമുറിച്ച് ആക്ഷേപഹാസ്യം രചിക്കുന്നത് എന്നതും സഹതാപജനകമാണ്. ഗൂഗിള്‍ പ്ലസില്‍ നിന്നു പുറത്തു കടക്കാനും ബിഎസ്എന്‍എല്‍ വാല്യു ആഡഡ് സര്‍വീസുകളില്‍ നിന്നു രക്ഷപെടാനും അറിയാത്തവര്‍ മിസ്ഡ് കോള്‍ വഴി ബിജെപി അംഗമായവരെ പരിഹസിക്കുന്നത് പരിതാപകരമാണ്.

5. വളരെ ലളിതമായി പറഞ്ഞാല്‍, പാര്‍ട്ടി അംഗത്വം നല്‍കുന്നത് ലളിതമാക്കുകയും കൂടുതലാളുകളെ പാര്‍ട്ടിയിലേക്കാകര്‍ഷിക്കുകയുമായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇതിനെക്കാള്‍ മാരകമായി പാര്‍ട്ടി അംഗത്വത്തിനായി ലളിതവല്‍ക്കരണപദ്ധതികള്‍ നടത്തിയത് ആംആദ്മി പാര്‍ട്ടിയാണ്. ഞാന്‍ ആം ആദ്മിയാണ് എന്നു പറയുന്നതില്‍ അഭിമാനിക്കുന്ന ആളുകള്‍ ആപ്പിന്റെ മിസ്ഡ് കോള്‍ ക്യാംപെയിനെ വിശുദ്ധവല്‍ക്കരിക്കുകയും ബിജെപിയുടേതിനെ പരിഹസിക്കുകയും ചെയ്യുന്നത് നാണം കെട്ട പരിപാടിയാണ്.

6. ബിജെപിയെ മിസ്ഡ് കോള്‍ പാര്‍ട്ടി എന്നാക്ഷേപിക്കുന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് (അവരുടെ അടുത്ത പ്രസിഡന്റ് എവിടെയാണെന്ന് അവര്‍ക്കു തന്നെ അറിയില്ല) അംഗത്വലളിതവല്‍ക്കരണത്തിനായി ഇന്നലെ ഒരു മൊബൈല്‍ ആപ്പാണ് അവതരിപ്പിച്ചത്. ആപ്പ് വഴി അപ്ലൈ ചെയ്യുന്ന എല്ലാവരും പാര്‍ട്ടിയില്‍ അംഗമാകും. ആളുകള്‍ക്ക് ആപ്ലിക്കേഷനോടൊപ്പം സെല്‍ഫി എടുത്തയക്കാനും ആപ്പില്‍ സൗകര്യമുണ്ട്. ബിജെപിക്കു മിസ്ഡ് കോളടിച്ചുപോയതില്‍ പശ്ചാത്തപിക്കുന്നവര്‍ക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കോണ്‍ഗ്രസില്‍ ചേരാം.

ഇത്രയും പറഞ്ഞ ഞാന്‍ ഒരു ബിജെപിക്കാരനാണ് എന്നു സ്ഥാപിച്ച് ആരും കടന്നുകളയരുത്. ഇതുപോലെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഞാനൊരു സിപിഎംകാരനും കോണ്‍ഗ്രസുകാരനും ലീഗുകാരനും മാണി കോണ്‍ഗ്രസുകാരനുമൊക്കെ ആയിട്ടുണ്ട്. ആരുടെയെങ്കിലും ആരുമാകാതെ അഭിപ്രായം പറയാം എന്നതു കൂടി ഓര്‍മിപ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ, നന്ദി നമസ്‌കാരം.

കുറിപ്പ്: എന്റെ വീട്ടില്‍ എല്ലാവരും (ഞാനും) ബീഫ് കഴിക്കാറുണ്ട്.

അഹം ആം ആദ്മി !

ആക്ഷന്‍, കോമഡി സിനിമകള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് റിലീസ് ചെയ്ത ന്യൂജനറേഷന്‍ സിനിമ പോലെയാണ് ആം ആദ്മി പാര്‍ട്ടി. മുഖ്യധാരയെ തള്ളിപ്പറഞ്ഞുകൊണ്ട് സകലരും ന്യൂജനറേഷനായതുപോലെ ഇടതു-വലതു-കാവി രാഷ്ട്രീയത്തെ തള്ളിപ്പറഞ്ഞുകൊണ്ട് അല്‍പസ്വല്‍പം രാഷ്ട്രീയബോധമുള്ളവരൊക്കെ ആം ആദ്മി ലേബല്‍ എടുത്തണിഞ്ഞുകൊണ്ടിരിക്കുകയാണ്. ന്യൂ ജനറേഷന്‍ സിനിമയുടെ കാര്യത്തിലെന്ന പോലെ പുത്തന്‍ ശൈലിയുടെ കൗതുകം തീരുമ്പോള്‍ ആം ആദ്മി പാര്‍ട്ടിയും ഔട്ട്‌ഡേറ്റഡ് ആകുമോ എന്നതു കാത്തിരുന്നു കാണണം.

ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കാള്‍ പാര്‍ട്ടിയില്‍ ചേരുന്ന സെലബ്രിറ്റികളുടെ ലിസ്റ്റെടുക്കുന്നതിലാണ് ഇപ്പോള്‍ എല്ലാവര്‍ക്കും താല്‍പര്യം. മല്ലികാ സാരാഭായും സാറാ ജോസഫും ഒ.വി.ഉഷയുമൊക്കെ ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നതുകൊണ്ട് പാര്‍ട്ടിയുടെ മാര്‍ക്കറ്റിങ് ആകര്‍ഷകമാകും എന്നല്ലാതെ സമൂഹത്തിനോ ജനങ്ങള്‍ക്കോ പ്രത്യേകിച്ച് ഒരു ഗുണവുമില്ല. ഞാനും ആം ആദ്മിയായി എന്നു പറഞ്ഞു നടക്കാമെല്ലാതെ ഇവരാരും സജീവരാഷ്ട്രീയത്തിലിറങ്ങി നാടിനെ സേവിക്കാന്‍ പോകുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

ആം ആദ്മി പാര്‍ട്ടിയില്‍ ചേരുക എന്നത് ആ പാര്‍ട്ടിയുടെ ആശയങ്ങളെയും ശൈലിയെയും പിന്തുണയ്ക്കുക എന്നതിനപ്പുറത്തേക്ക് ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുക എന്നതുപോലെ കാലഘട്ടത്തിന്റെ പുതുശൈലിയെ സ്വീകരിച്ചു ഫാഷനബിള്‍ ആവുക എന്നതുപോലെയായിട്ടുണ്ട്. ആം ആദ്മി അഥവാ സാധാരണക്കാരന്‍ ആവണമെങ്കില്‍ ഒരു പ്രത്യേക പാര്‍ട്ടിയില്‍ ചേരണം എന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആ പാര്‍ട്ടിയെ ആം ആദ്മിയുടെ അഥവാ സാധാരണക്കാരന്റെ പാര്‍ട്ടി അല്ലാതാക്കുകയാണ് ചെയ്യുന്നത്. അരവിന്ദ് കേജ്‌രിവാളിനെ പിന്തുണയ്ക്കാന്‍ ആ പര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ ആം ആദ്മികള്‍ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്താല്‍ മാത്രം മതി, പാര്‍ട്ടിയില്‍ ചേരണമെന്നില്ല.

കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നും മറ്റു പാര്‍ട്ടികളില്‍ നിന്നും ആളുകളെ ആം ആദ്മിയിലേക്കു മാടി വിളിക്കുന്നത് ന്യൂജനറേഷന് സിനിമയ്ക്കു തിരക്കഥയെഴുതാന്‍ ഉദയകൃഷ്ണ-സിബി കെ.തോമസിനെ വിളിക്കുന്നതുപോലെയാണ്. പെട്ടെന്ന് ആം ആദ്മിയായി പുനര്‍ജനിക്കുന്ന ഈയാളുകള്‍, ഇതുവരെ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടികളില്‍ ഇവര്‍ക്ക് ഒരു മാറ്റവും വരുത്താന്‍ സാധിച്ചിട്ടില്ലെങ്കില്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലോ ജനസേകനെന്ന നിലയിലോ തനതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ആം ആദ്മിയില്‍ ചേരുന്നത് കൊണ്ട് പാര്‍ട്ടിക്കോ ചേരുന്നയാള്‍ക്കോ ഒരു പ്രയോജനവുമുണ്ടാവുകയില്ല.

ദില്ലിയില്‍ പോലും അരവിന്ദ് കേജ്‌രിവാള്‍ എന്നൊരു പേരല്ലാതെ മറ്റു മന്ത്രിമാരുടെ അദ്ഭുതപ്രവര്‍ത്തനങ്ങളൊന്നും ആരും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. കേജ്‌രിവാളിന്റെയും ആം ആദ്മിയുടെയും ശൈലി പിന്തുടര്‍ന്നു പ്രവര്‍ത്തിക്കാന്‍ സാധാരണ രാഷ്ട്രീയനേതാക്കള്‍ക്കു സാധിക്കുകയില്ല എന്നതില്‍ സംശയമില്ല. രാഹുല്‍ ഗാന്ധിയുടെ ചിന്തകള്‍ക്ക് കേജ്‌രിവാളിന്റേതിനെക്കാള്‍ ഔന്നത്യമുണ്ട് എന്നു കഴിഞ്ഞ ദിവസം ആരോ പറഞ്ഞതായി വായിച്ചു. എന്റെ വീടിന്റെ അപ്പുറത്തെ രാഘവന്‍ ചേട്ടന്‍ മോഹന്‍ലാലിനെക്കാള്‍ നന്നായി അഭിനയിക്കും എന്നു പറയുന്നതുപോലെയേ ഉള്ളൂ അത്.

ദില്ലിയില്‍ ആം ആദ്മി നേടിയ വിജയം ഇന്ത്യയൊട്ടുക്കും ആവര്‍ത്തിക്കുമെന്നും കേജ്‌രിവാള്‍ പ്രധാനമന്ത്രിയാകുമെന്നുമൊക്കെ ആളുകള്‍ പറയുന്നത് ട്രിവാന്‍ഡ്രം ലോഡ്ജിന് ഓസ്‌കര്‍ ലഭിക്കുമെന്നു പറയുന്നതുപോലെയാണ്. എസ്എംഎസ് വഴിയും മിസ്ഡ് കോള്‍ വഴിയും അംഗത്വം നേടാന്‍ കഴിയുന്ന പാര്‍ട്ടി കോണ്‍ഗ്രസിനോ സിപിഎമ്മിനോ ബിജെപിക്കോ പകരം വയ്ക്കാവുന്ന ഒരു പാര്‍ട്ടിയാണെന്നു ഞാന്‍ കരുതുന്നില്ല. ഒരാള്‍ പത്തു വേരെ വീതം ചേര്‍ത്താല്‍ പുണ്യം കിട്ടുമെന്ന ലൈനില്‍ ഫേസ്ബുക്ക് പോസ്റ്റിടുന്ന അവരുടെ നേതാവ് രാഷ്ട്രീയത്തെയും പൊതുപ്രവര്‍ത്തനത്തെയും എത്ര സീരിയസ്സായി കണ്ടിട്ടുണ്ട് എന്നതും സംശയിക്കേണ്ടിയിരിക്കുന്നു.

ഇത്രയും പറഞ്ഞതില്‍ നിന്നും ആം ആദ്മി പാര്‍ട്ടി തല്ലിപ്പൊളിയാണെന്നും അതില്‍ ചേരുന്നവരെല്ലാം ഫ്രോഡുകളാണെന്നുമാണ് ഞാനുദ്ദേശിച്ചത് എന്നാരും തെറ്റിദ്ധരിക്കരുത് എന്നപേക്ഷിക്കുന്നു. ആം ആദ്മി എന്ന വാക്കിന്റെ അര്‍ഥം സാധാരണക്കാരന്‍ എന്നാണെങ്കില്‍ ആ പാര്‍ട്ടിക്കു വേണ്ടി വാദിക്കാനും യുദ്ധം ചെയ്യാനും ആം ആദ്മി എന്നു ബ്രാന്‍ഡ് ചെയ്തവരുടെ ആവശ്യമില്ല. ആം ആദ്മിയുടെ ബിസിനസ് മോഡല്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ്ങിന്റേതാണെങ്കില്‍ കോണ്‍ഗ്രസിന്റേതും ബിജെപിയുടേതും മള്‍ട്ടിനാഷനല്‍ ഷോപ്പിങ് മാളുകളുടേതാണ്. ചൂഷണത്തിന്റെ കാര്യത്തില്‍ മാളുകള്‍ കഴിഞ്ഞേ ആരും വരൂ എന്നതില്‍ തര്‍ക്കമില്ലെങ്കിലും അതിനു പകരം വയ്ക്കാന്‍ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് മതിയോ എന്നതു ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്.

സംഗ്രഹം: ആം ആദ്മി പാര്‍ട്ടി ഇന്ത്യന്‍ രാഷ്ട്രീയത്തിനു ലഭിച്ച അവസരോചിതമായ വാക്‌സിന്‍ ആണ്. ആ പാര്‍ട്ടി അധികകാലം ഇവിടെ കാണുകയില്ല. ആം ആദ്മിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് നിലവിലുള്ള പാര്‍ട്ടികള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തിയാല്‍ അത് രാജ്യത്തിനും ജനങ്ങള്‍ക്കും നല്ലതാണ്. മറ്റു പാര്‍ട്ടികളൊന്നും വേണ്ട ആം ആദ്മി മാത്രം മതി എന്നു തീരുമാനിക്കുന്നത് ഇനിയങ്ങോട്ട് മൂന്നു നേരവും വാക്‌സിന്‍ മാത്രം മതി എന്നു തീരുമാനിക്കുന്നതു പോലെയായിരിക്കും.

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ കമലഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ച ചടങ്ങ് ബഹിഷ്കരിച്ച ലോകസിനിമയുടെ നെടുംതൂണായ അമ്മ സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിനെ വരുന്ന ഏപ്രില്‍ ഒന്നിന് തമിഴ്നാട്ടില്‍ വച്ച് ആദരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കരുണാനിധിയുടെ ഓഫിസിലെ ഒരു ജീവനക്കാരന്റെ വീട്ടിലെ അടിച്ചുതെളിക്കാരി (ഞങ്ങള്‍ ഗുലാന്‍ ആണ്) പറഞ്ഞിരിക്കുന്നു. തികച്ചും അനൌദ്യോഗികമായ ഈ അറിയിപ്പ് തെറ്റാണെങ്കില്‍ ‍ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി തമിഴ്നാട് സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടുവരികയാണ്. ഓണാവധി കഴിഞ്ഞ് സെക്രട്ടറിയേറ്റില്‍ ആളു വന്നാലുടന്‍ സംഗതി സ്ഥിരീകരിക്കുന്നതായിരിക്കും, യേത് ?

കമലഹാസനെ അദരിക്കുന്ന ചടങ്ങില്‍ നിന്ന് അമ്മ സംഘടന വിട്ടു നിന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് മലയാളതാരങ്ങളെ തമിഴ്നാട്ടില്‍ ആദരിക്കുന്നില്ല എന്നതും മറ്റേത് കമലഹാസന് അമ്മയില്‍ അംഗത്വമില്ല എന്നതുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയില്‍ അംഗത്വമുള്ള മുഴുവന്‍ താരങ്ങളെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ആദരിച്ചര്‍മാദിക്കാനാണ് നീക്കമെന്നറിയുന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ ഏപ്രില്‍ ഒന്നിന് ആദരിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. ഇടവേള ബാബുവിനെയും ആദരിക്കും. സമയവും സ്ഥലവും പിന്നീട് അറിയിക്കാനാണ് സാധ്യത.

ഇന്നസെന്റിനെ ആദരിക്കുന്ന ചടങ്ങില്‍ തമിഴ്നാട്ടിലെ മുഴുവന്‍ ചലച്ചിത്ര താരങ്ങളും പങ്കെടുക്കും. മുന്‍താരമായ ജയലളിത വേദിയില്‍ ഇന്നസെന്റിനെ പ്രീതിപ്പെടുത്തുന്നതിനായി ഉന്മാദനൃത്തം കളിക്കുമെന്നും സൂചനയുണ്ട്. ചടങ്ങിനു ശേഷം ഇത്രയും നാള്‍ മലയാള താരങ്ങളെ ആരെയും തമിഴ്നാട്ടില്‍ വച്ച് ആദരിക്കാതിരുന്നതിന് താരങ്ങള്‍ ഓരോരുത്തരായി ഇന്നസെന്റിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിക്കും. ചടങ്ങില്‍ വച്ച് ഇന്നസെന്റിന് ‍’തിരത്തന്തൈ‍’ ബഹുമതി നല്‍കുമെന്നും അടിച്ചുതെളിക്കാരിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

അമ്മയില്‍ അംഗത്വമില്ലാത്തവരെ ആദരിക്കുന്ന ചടങ്ങ് അമ്മ അംഗങ്ങള്‍ ബഹിഷ്കരിക്കുമെന്നത് ലോകസിനിമയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നു പറഞ്ഞിരുന്നെങ്കില്‍, ഒരു സൂചന കൊടുത്തിരുന്നെങ്കില്‍ തങ്ങള്‍ അംഗത്വമെടുത്തേനെ എന്നാണ് ഏന്‍ജലീന ജോളി പ്രതികരിച്ചത്. ഹോളിവുഡിലെ മിക്കതാരങ്ങളും ജാക്കി ചാന്‍ അടക്കമുള്ള മറ്റ് ലോകോത്തരതാരങ്ങളും അമ്മ അംഗത്വത്തിനായി ആപ്ലിക്കേഷന്‍ അയച്ചു കഴിഞ്ഞു. ഇന്നലെ മാത്രം 789 ആപ്ലിക്കേഷനുകള്‍ അമ്മ ഓഫിസില്‍ ലഭിച്ചുവത്രേ. തനിക്ക് അമ്മയില്‍ അംഗത്വമില്ല എന്നത് തിരിച്ചറിഞ്ഞ ഷാറൂഖ് ഖാന്‍ പൊട്ടിക്കരഞ്ഞതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എങ്ങനെയെങ്കിലും തന്നെ അമ്മയില്‍ അംഗമാക്കണം എന്ന ആവശ്യവുമായി സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ അവരോടൊപ്പം നായികയായി അഭിനയിച്ച അസിന്റെ പിന്നാലെ കൂടിയിരിക്കുകയാണെത്രേ.

അതേ സമയം, തന്നെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാത്തത് അമ്മയില്‍ അംഗത്വമില്ലാത്തതുകൊണ്ടാണോ എന്ന് അമിതാഭ് ബച്ചന്‍ അന്വേഷിക്കുകയാണ്. മോഹന്‍ലാലുമായുള്ള സൌഹൃദം ഈ ദുര്‍ഘട ഘട്ടത്തില്‍ തനിക്കൊരു അമ്മ അംഗത്വം നേടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു. അമ്മ ട്വിറ്ററില്‍ ഇല്ല എന്നത് അദ്ദേഹത്തെ ഞെട്ടിച്ചിട്ടുമുണ്ട്.

തമിഴ്നാട്ടില്‍ ആദരിക്കുന്നതുപോലെ ബോളിവുഡിലും ഹോളിവുഡിലും ഇത്തരത്തില്‍ അമ്മ അംഗങ്ങള്‍ക്കു സ്വീകരണം നല്‍കുമെന്ന് അറിയുന്നു. അവരും ഏപ്രില്‍ ഒന്നു തന്നെ തിരഞ്ഞെടുത്താല്‍ ഡേറ്റുകള്‍ തമ്മില്‍ ക്ളാഷാവുമോ എന്ന ആശങ്കയുമുണ്ട്. അവിടെയും ഓരോരുത്തരെയായി കൊണ്ടുപോയി ആദരിക്കുമോ അതോ എല്ലാവരെയും ഒറ്റയടിക്ക് ആദരിക്കുമോ എന്നതും ഉറപ്പായിട്ടില്ല.

മലയാള സിനിമയില്‍ അമ്മയില്‍ അംഗത്വമില്ലാതെ മരിച്ചുപോയ പ്രേം നസീര്‍, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അടൂര്‍ഭാസി, ജയന്‍ തുടങ്ങിയവരഭിനയിച്ച സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കുന്ന കാര്യം പുനപരിശോധിക്കുമെന്ന് മലയാളം ചാനലുകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമ്മയില്‍ അംഗത്വം നേടുന്നതിനു മുമ്പേ മരിച്ചുപോയതിനാല്‍ പ്രേംനസീറിനു നല്‍കിയ ഗിന്നസ് റെക്കോര്‍ഡ് പിന്‍വലിക്കുമെന്ന് കോഴിക്കോട്ട് പൂക്കളത്തിനു മാര്‍ക്കിടാന്‍ വന്ന ഗിന്നസ് ബുക്ക് പ്രതിനിധികളും സൂചിപ്പിച്ചു. പ്രേംനസീറിന്റെയും ജയന്റെയും ഒക്കെ പേരിലുള്ള പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കുന്ന കാര്യവും ആലോചിക്കും.

*ഇത് പൂര്‍ണമായും ആക്ഷേപഹാസ്യത്തിലധിഷ്ടിതമായ ഭാവനാസൃഷ്ടിയാണ്.