അസൂയക്കാരുടെ സദാചാരം

25 വയസ്സില്‍ കല്യാണം കഴിച്ചാല്‍ മുപ്പതാം വയസ്സില്‍ പിക്കപ്പു പോകുന്ന തൈക്കിളവന്‍മാരുടെ തലമുറയ്ക്ക് അറുത്തേഴാം വയസ്സില്‍ കിളി പോലൊരു പെണ്ണിനെ വളച്ചെടുക്കുന്ന ഒറിജിനല്‍ കിളവനോട് തോന്നുന്ന വികാരത്തിന് പേര് ഒന്നേയുള്ളൂ- അസൂയ. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ടിവി അവതാരക അമൃത റായിലെ പ്രേമിക്കുന്നതിന്റെയും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പ്രണയം എന്നതിനെ എങ്ങനെ നിര്‍വചിക്കുന്നു എന്നു നോക്കിയാല്‍ തന്നെ കുഴപ്പം നാട്ടുകാര്‍ക്കാണോ ദിഗ്ഗങ്കിളിനാണോ എന്നു വ്യക്തമാകും.

മകളുടെ പ്രായമുള്ള സ്ത്രീയെ 67-ാം വയസ്സില്‍ ദിഗ് പ്രേമിച്ചു എന്നതാണ് യുവകോമളന്‍മാരുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. 67-ാം വയസ്സില്‍ എണീറ്റു നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന, എണീറ്റു നിന്നാലും ഷുഗര്‍- പ്രഷര്‍, ഹാര്‍ട്ട്, പൈല്‍സ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ ലോകത്ത് ഒരാള്‍ ജീവിതത്തെ യൗവ്വനതീക്ഷ്ണവും ഹൃദയത്തെ പ്രേമസുരഭിലവുമാക്കി കാത്തുസൂക്ഷിച്ചത് വലിയ കുറ്റകൃത്യമായിപ്പോയെന്നു പറയുന്നവരെക്കാള്‍ വലിയ ബോറന്‍മാര്‍ വേറെയില്ല. എങ്ങനെ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇടം നേടണം എന്നതു ഗൂഗിള്‍ ചെയ്യുന്ന സാധുക്കളോട് ഈ ഓള്‍ഡ് ജനറേഷന്‍ ദിഗ് വിജയത്തിന്റെ റൊമാന്റിക് സൈഡ് പറഞ്ഞുന മനസ്സിലാക്കാന്‍ നോക്കിയിട്ടും കാര്യമില്ല.

അമൃത റായ് ഇത് എന്തു കണ്ടിട്ടാണ് എന്നാണ് പൊതുവേ എല്ലാവരും ചോദിക്കുന്നത്. ഇന്നാട്ടില്‍ ഇതിനും മാത്രം ചെറുപ്പക്കാരുള്ളപ്പോള്‍ അറുപത്തേഴു വയസ്സുള്ള കോണ്‍ഗ്രസ് നേതാവിനെ (ഡബിള്‍ നെഗറ്റീവ്) പ്രണയിക്കാനും അതു തുറന്നു സമ്മതിക്കാനും മാത്രം അമൃത എന്ത് ആനന്ദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രണയം എന്നു വച്ചാല്‍ 25 വയസ്സില്‍ താഴെയുള്ള പക്വതയില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള ഹഠാദാകര്‍ഷണമാണ് എന്നാണ് സാഹിത്യം, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ പറഞ്ഞു വച്ചിരിക്കുന്നത്. 30 വയസ്സുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ നമ്മുടെ നാട്ടുകാര്‍ അവിഹിതം എന്നാണ് വിളിക്കുന്നത്. ദിഗ് വിജയ് സിങ് ഒരു വിധവനാണ്. അമൃത റായ് വിവാഹമോചിതയും. മോചിതനാകുന്ന അമതൃയുടെ ഭര്‍ത്താവ് അമൃതയ്ക്ക് ദിഗേട്ടനോടൊപ്പം യുഭകരമായ ജീവിതവും ആശംസിച്ചിട്ടുണ്ട് (അത് ബ്ലാക് ഹ്യൂമറാവാനും മതി). ഇവര്‍ക്കൊന്നുമില്ലാത്ത സദാചാര പ്രശ്‌നം എന്തുകൊണ്ട് നാട്ടുകാര്‍ക്ക് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

മാധ്യമപ്രവര്‍ത്തകരുടെ സദാചാരബോധവും ഞരമ്പുരോഗവും വ്യക്തിത്വവൈകല്യങ്ങളുമൊക്കെ എത്ര ഭീകരമാണെന്നു മനസ്സിലാക്കാന്‍ ദിഗ് വിജയ് സിങ്- അമൃത റായ് ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. റൊമാന്റിക് ആയ ജീവിതവും ലൈംഗികശേഷിയുമൊക്കെ ഉള്ളവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസ്സിലാവുന്നില്ല. ദിഗ് വിജയ് സിങ്ങിനെ കുറ്റപ്പെടുത്തുന്നവരെല്ലാം ഏതപത്‌നീ വ്രതക്കാരും മറ്റുമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇവരുടെയൊക്കെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം ഏകപത്‌നീവ്രതത്തിന്റെ പുണ്യം. പത്തു പേരെ വിര്‍ച്വലായി കല്യാണം കഴിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന ഏകപത്‌നീവ്രതഫ്രോഡുകള്‍ക്ക് യഥാര്‍ഥജീവിതത്തില്‍ പ്രണയിക്കുന്നവരോടെല്ലാം ഒരു തരം പ്രതികാരബുദ്ധി തോന്നുന്നത് സ്വാഭാവികമാണ്.

ഇനി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഭാര്യയുടെ വിവരം മറച്ചുവച്ച മോദിയെ വിമര്‍ശിച്ച ദിഗ് വിജയ് സിങ്ങിന് രഹസ്യമായി പ്രണയിക്കാന്‍ എന്തവകാശം എന്നാണ് ചിലരുടെ ചോദ്യം. മോദി തന്റെ കാര്യം മറച്ചുവച്ചതില്‍ പരാതിയുണ്ടെന്നു മോദിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടില്ല. മറിച്ച്, മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി വ്രതമെടുത്തു പ്രാര്‍ഥിക്കുകയായിരുന്നു അവര്‍. അവിടെയും കുത്തിക്കഴപ്പ് എരണംകെട്ട പത്രക്കാര്‍ക്കായിരുന്നു. മോദിയെക്കുറിച്ച് യശോദച്ചേച്ചിക്കും ദിഗിനെക്കുറിച്ച് അമൃതച്ചേച്ചിക്കും പരാതിയില്ലെങ്കില്‍ പരാന്നഭോജികളായ ചാനലുകാരുടെ ഷോക്കിങ് ന്യൂസ് എക്‌സ്‌കഌസീവുകള്‍ ശുദ്ധ പോക്രിത്തരങ്ങളാണെന്നു പറയേണ്ടി വരും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ സംശുദ്ധ ജീവിതം നയിക്കുന്നവാരിക്കണം എന്നു വാശി പിടിക്കാന്‍ പൊതുജനത്തിന് അവകാശമുണ്ട്. നിലവിലുള്ളവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയിച്ചു എന്ന കുറ്റത്തിന് നേതേക്കന്‍മാരെ കല്ലെറിയുന്നത് ശരിയല്ല. സ്വന്തം സ്വകാര്യതയില്‍ സര്‍ക്കാര്‍ എത്തിനോക്കുന്നു എന്നു കണ്ടാല്‍ മനുഷ്യാവകാശലംഘനം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ രാഷ്ട്രീയനേതാക്കന്‍മാരുടെ കിടപ്പറച്ചിത്രങ്ങള്‍ വരെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കളിക്കുന്നത് വൃത്തികേടാണ്. പ്രേമിക്കാനാണെങ്കിലും ഒരു മിനിമം ആണത്തമെങ്കിലും വേണം. ജസ്റ്റിസ് മനുവിനെപ്പോലുള്ള ഓള്‍ഡ് ജെനറേഷന്‍ യുവറോണര്‍മാര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ വാനപ്രസ്ഥമാണ്. വാനപ്രസ്ഥം നയിക്കേണ്ട പ്രായത്തില്‍ ഗൃഹസ്ഥാശ്രമം ട്രൈ ചെയ്യുന്നതിലാണ് വിപ്ലവം ഉള്ളത്. അതിനെയാണ് ന്യൂ ജനറേഷന്‍ എന്നു വിളിക്കേണ്ടത്. ന്യൂജനറേഷന്‍ എന്നു പച്ചകുത്തി നടക്കുന്ന വിഡ്ഡികള്‍ ദിഗ് വിജയ് സിങ്ങിനെ കരിവാരി തേക്കുന്നതിലൂടെ കുലം കുത്തിക്കളിക്കുന്നത് സ്വന്തം ജനറേഷനിലാണ്. ദിഗ് വിജയ് സിങ്ങിനോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ. അറുപത്തേഴാം വയസ്സില്‍ ഏതെങ്കിലും ഒരു സ്ത്രീയെ പ്രണയിക്കാന്‍ മാത്രം യൗവ്വനമോ ആരോഗ്യമോ റൊമാന്റിക് ആയ ഒരു മനസ്സോ എനിക്കുണ്ടാകുമെന്ന് പ്രതിക്ഷയില്ല. ദിഗ് വിജയ് സിങ്ങിനും അമൃതയ്ക്കും ശുഭകരമായ ഒരു പ്രണയജീവിതം ആശംസിക്കുന്നു.

ദശാബ്ദത്തിന്റെ പ്രണയം

നഷ്ടപ്രണയത്തെക്കുറിച്ചുള്ള ക്ലാസിക് കവിതകള്‍ ചമയ്ക്കുന്ന കാല്‍പനിക കവികളും പ്രണയിനിക്കു വേണ്ടി വിലപിടിച്ച സ്മാരകങ്ങള്‍ തീര്‍ക്കുന്ന മഹാരഥന്‍മാരും വയനാടുകാരന്‍ ജോണ്‍സന്റെ പ്രണയജീവിതത്തിനു മുന്നില്‍ നിഷ്പ്രഭരാണ്. സ്‌നേഹിച്ച പെണ്ണിനു വേണ്ടി കിരീടവും ചെങ്കോലും ഉപേക്ഷിച്ചു ചരിത്രത്തില്‍ ഇടം നേടിയ പോങ്ങന്‍മാരെക്കാള്‍ സ്‌നേഹിച്ച പെണ്ണിനു വേണ്ടി, സ്വര്‍ഗീയ പ്രണയത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ജോണ്‍സണ്‍ ചരിത്രത്തിന് ഒരു വിസ്മയമായിരിക്കും. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരായിരം പ്രണയങ്ങള്‍ പൂവണിഞ്ഞിട്ടുണ്ടെങ്കിലും ജോണ്‍സന്റെയും ലിനറ്റിന്റെയും പതിറ്റാണ്ടിന്റെ പ്രണയമാണ്.

വസ്തുതകള്‍ മാത്രം നോക്കിയാല്‍ ജോണ്‍സന്റെയും ലിനറ്റിന്റെയും ഒരു അറേഞ്ച്ഡ് മാര്യേജ് ആണ്. എന്നാല്‍ വിവാഹനിശ്ചയത്തിനും വിവാഹത്തിനുമിടയിലെ 10 വര്‍ഷങ്ങള്‍ ജോണ്‍സണ്‍ എന്ന കാമുകന്റെ പ്രണയതീവ്രത ഒരു ദശാബ്ദം കൊണ്ട് അളന്നെടുത്തത് തികച്ചും അപ്രതീക്ഷിതമായ സംഭവങ്ങള്‍ കൊണ്ടാണ്. ആ അപൂര്‍വ പ്രണയകഥ ഇങ്ങനെ.

2004 ജനുവരി രണ്ടിനാണ് വയനാട് പനമരത്ത് ബസപകടമുണ്ടായി 11 പേര്‍ മരിച്ചത്. അപകടത്തില്‍ 40 പേര്‍ക്കു പരുക്കേറ്റിരുന്നു. അവരിലൊരാളായിരുന്നു ദ്വാരക ഐടിസിയിലെ അവസാന വര്‍ഷ സിവില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി ലിനറ്റ് മേരി. ലിനറ്റിന്റെ പരുക്ക് പക്ഷെ, അത്ര നിസ്സാരമായിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ നട്ടെല്ലിനു ക്ഷതമേറ്റ ലിനറ്റിന് അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടു. ആ യാത്രയും ദുരന്തവും ലിനറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ജീവിതത്തിന്റെ തന്നെ അവസാനമായിരുന്നു. കാരണം, അപകടത്തിന് അഞ്ചു ദിവസം മുന്‍പ് 2003 ഡിസംബര്‍ 28ന് തലപ്പുഴ എന്‍ജിനീയറിങ് കോളജിലെ അധ്യാപകനായിരുന്ന അമ്പലമൂട്ടില്‍ സ്റ്റീഫന്റെ മകന്‍ ജോണ്‍സണുമായുള്ള ലിനറ്റിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ഇരുവര്‍ക്കും ഇഷ്ടപ്പെട്ടതിനാല്‍ ജോണ്‍സണ്‍ പെണ്ണു കാണാന്‍ വന്ന അന്നു തന്നെ വിവാഹനിശ്ചയം നടത്തുകയായിരുന്നു. ആ വിവരം കൂട്ടുകാരെ അറിയിക്കുന്നതിനു വേണ്ടി കോളജിലേക്കു പോകുമ്പോഴാണ് ലിനറ്റ് സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ടത്.

ചോക്ലേറ്റ് നായകന്‍മാരുടെ മുഖത്തു കണ്ടിട്ടുള്ള ഭാവഭേദങ്ങളില്ലാതെ ജോണ്‍സണ്‍ തളര്‍ന്നു കിടക്കുന്ന ലിനറ്റിനെ തേടി ആശുപത്രിയിലെത്തിയപ്പോള്‍ അത് ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു. വിവാഹം എന്ന ചടങ്ങിനെക്കാള്‍ മഹത്തരമായി ഈശ്വരന്‍ ഇരുവരെയും ഒരുമിപ്പിച്ചു എന്നു പറയാം. അന്നു മുതല്‍ ലിനറ്റിന്റെ ബൈ സ്റ്റാന്‍ഡര്‍ ആയി ജോണ്‍സണ്‍ കൂടെക്കൂടി. പ്രായോഗിക ബുദ്ധിയുള്ള ന്ധുക്കളും സുഹൃത്തുക്കളും ജോണ്‍സനെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിച്ചു. ജോണ്‍സണ്‍ നന്നായില്ല. ആശുപത്രിക്കിടക്കയില്‍ നിന്നു ലിനറ്റ് പോലും ജോണ്‍സണെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ആ ചെറുപ്പക്കാരന്‍ കേട്ടില്ല.

ആശുപത്രികളും വീല്‍ചെയറുകളും മാറി മാറി അവരുടെ കാത്തിരിപ്പു നീണ്ടു. എന്നെങ്കിലും ഒരിക്കല്‍ ലിനറ്റ് എഴുന്നേറ്റു നടക്കുമെന്ന് എല്ലാവരും പ്രാര്‍ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്തു. ജോണ്‍സന്റെ കാത്തിരിപ്പ്, പക്ഷെ ലിനറ്റിനെ സ്വന്തമാക്കുന്നതിനു വേണ്ടിയായിരുന്നു. സ്‌നേഹിച്ച പെണ്ണിനെ പൂര്‍ണ ആരോഗ്യത്തോടെയേ സ്വന്തമാക്കൂ എന്നൊരു നിബന്ധന ജോണ്‍സന് ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു തന്നെ പത്തു വര്‍ഷത്തെ കാത്തിരിപ്പിന് ആശുപത്രിയുടെയും മരുന്നുകളുടെയും മടുപ്പിക്കുന്ന മണമായിരുന്നില്ല. ലില്ലിപ്പൂക്കളുടെ വെണ്‍മയുള്ള സ്വപ്‌നങ്ങളുടെയും നിഷ്‌കളങ്കമായ പ്രതീക്ഷകളുടെയും സുഗന്ധമായിരുന്നു.

ഇന്നലെ പള്ളിക്കുന്ന് ലൂര്‍ദ് മാതാ പള്ളിയിലെ അള്‍ത്താരയ്ക്ക് മുന്നിലേക്ക് പ്രതിശ്രുത വധുവിനെ വീല്‍ചെയറിലിരുത്തി കൊണ്ടുവന്ന ജോണ്‍സന്റെ കണ്ണുകളിലെ തിളക്കവും പ്രതീക്ഷയും മുഖത്തെ മറയ്ക്കനാവാത്ത സന്തോഷവും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിരലിലെണ്ണാവുന്ന പ്രിയപ്പെട്ടവരില്‍ പലരുടെയും കണ്ണു നനയിച്ചു. ദൈവത്തെ സാക്ഷിയാക്കി ലിനറ്റിനെ സ്വന്തമാക്കുമ്പോള്‍ ജോണ്‍സന്റെ പ്രണയത്തിനെന്നതു പോലെ ലിനറ്റിന്റെ ജീവിതാവസ്ഥകള്‍ക്കും മാറ്റമില്ല. ജോണ്‍സണും ലിനറ്റും ഭാഗ്യമുള്ളവരാണ്, അനുഗ്രഹിക്കപ്പെട്ടവരാണ്. ഈ ഭൂമിയിലെ ഏറ്റവും വലിയ സൗഭാഗ്യങ്ങളായ സന്തോഷവും സമാധാനവും നിറഞ്ഞ പ്രണയസുരഭിലമായ ഒരു ജീവിതം ഇരുവര്‍ക്കും ഉണ്ടാകട്ടെ എന്നു ഹൃദയപൂര്‍വം പ്രാര്‍ഥിക്കുന്നു.

ന്യൂ ജനറേഷന്‍ പെണ്‍പരസ്യം

ഇംഗ്ലിഷ് വിഗ്ലിഷ് എന്ന സിനിമയിലുള്ള റിയലിസ്റ്റിക് ഫെമിനിസ്റ്റ് ഹ്യൂമനിസ്റ്റ് തലങ്ങളെപ്പറ്റി ഞാന്‍ പ്രത്യേകം വര്‍ണിക്കേണ്ട ആവശ്യമില്ല. പ്രേക്ഷകരുടെ അംഗീകാരവും ആവശ്യത്തിനു പുരസ്‌കാരങ്ങളും നേടിയ സിനിമ വളരെ നല്ലൊരു സന്ദേശവും നല്‍കുന്നുണ്ട്. പെണ്ണെഴുത്ത് എന്നൊക്കെ പറയുന്നതു പോലെ പെണ്‍സിനമയുടെ നല്ല ഉദാഹരണങ്ങളിലൊന്നായി എടുത്തു പറയാവുന്ന ഒന്നാണ് ഇംഗ്ലിഷ് വിംഗ്ലിഷ്. അതിന്റെ സംവിധായിക ഗൗരി ഷിന്‍ഡേ അണിയിച്ചൊരുക്കിയ വിപ്ലവകരമായ പുതിയ പരസ്യത്തെപ്പറ്റിയാണ് ഈ പോസ്റ്റ്.

ടിവി ചാനലുകളില്‍ ഏതാനും ദിവസങ്ങളായി കളിക്കുന്ന പരസ്യവും സിനിമ പോലെ തന്നെ സൂപ്പര്‍ ഹിറ്റാണ്. പരസ്യം ആവശ്യപ്പെടുന്ന ലക്ഷ്യം നിറവേറ്റുന്നതോടൊപ്പം ഒരു സിനിമയ്ക്കു സൃഷ്ടിക്കാന്‍ കഴിയുന്ന ചലനമുണ്ടാക്കുകയും ഒരു മാധ്യമം പുലര്‍ത്തേണ്ട സാമൂഹികപ്രതിബദ്ധത കയ്യടക്കത്തോടെ കൈകാര്യം ചെയ്യുകയും ചെയ്തിരിക്കുന്ന തനിഷ്‌ക് ആഭരണ ബ്രാന്‍ഡ് പരസ്യത്തിന് 100 മാര്‍ക്ക്. ഗൗ,ി ഷിന്‍ഡേക്കും പരസ്യനിര്‍മാതക്കളായ ലോവി ലിന്റാസിനും (മലയാളികളടങ്ങുന്ന കമ്പനിയാണ്) അഭിവാദ്യങ്ങള്‍.

പരസ്യം കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടിയും കണ്ടവര്‍ക്കു വീണ്ടും കാണുന്നതിനു വേണ്ടിയും ഇവിടെ എംബെഡ് ചെയ്യുന്നു.

ഒറ്റനോട്ടത്തില്‍ ഒരു പുതുമയുമില്ല. എല്ലാ ജ്വല്ലറി പരസ്യങ്ങളിലെയും പോലെ വിവാഹത്തിന് ഒരുങ്ങുന്ന നായിക. മണ്ഡപത്തിലേക്കു കയറുന്ന നായിക, നോക്കുന്ന നായകന്‍, വിവാഹച്ചടങ്ങ്, കഴിഞ്ഞു. ഇന്നു വരെ നമ്മള്‍ കണ്ടിട്ടുള്ള ലോക്കല്‍ ജ്വല്ലറി പരസ്യങ്ങളുടെ അതേ തിരക്കഥ തന്നെ. ആ തിരക്കഥയില്‍ ന്യൂജനറേഷന്‍ ഇടപെടലുകളില്ലാതെ ചെറിയ ചില കൂട്ടിച്ചേര്‍ക്കലുകള്‍ കൊണ്ട്, മേക്കപ്പ് ഉള്‍പ്പെടെയുള്ള ഘടകങ്ങളിലെ ഇടപെടല്‍ കൊണ്ട് സംവിധായിക സൃഷ്ടിച്ചത് ഒരു വിസ്മയമാണ്. അത് തന്നെയാണ് ഈ പരസ്യത്തിന്റെ മഹത്വവും.

ഒന്നാമതായി ഇതിലെ നായിക വെളുത്തു മെലിഞ്ഞ ഒരു മോഡലല്ല. ആഭരണമണിയുമ്പോള്‍ സ്വര്‍ണത്തിന്റെ നിറവും നായികയുടെ വെളുപ്പും കാരണം സ്‌റ്റേഷന്‍ പോയി നില്‍ക്കുന്ന അമുല്‍ ബേബിയല്ല നായകന്‍. നായികയുടെ സിക്‌സ് പായ്ക്ക് വയറില്‍ ആഭരണമിട്ടിട്ടുള്ള ക്ലോസപ്പുകളോ ഈ ജൂവലറി ഇല്ലായിരുന്നെങ്കില്‍ നമ്മുടെ മോള് പുരനിറഞ്ഞു നിന്നു പോയേനെ എന്ന ലൈനിലുള്ള ഡയലോഗുകളോ ഇല്ല. വളരെ അര്‍ഥവത്തായ ഒരു ആശയം ചിത്രീകരിക്കുകയും ആ ചിത്രീകരണത്തില്‍ ജ്വല്ലറിയുടെ ആഭരണങ്ങള്‍ ഉപയോഗിക്കുകയും മാത്രമേ ചെയ്തിട്ടുള്ളൂ എന്നതാണ് ഈ പരസ്യത്തിന്റെ മിതത്വം.

ആലിലവയറും സെകസി ലുക്കുമുള്ള മോഡലുകളെ ഒഴിവാക്കി ജീവിതത്തില്‍ നമ്മള്‍ കാണുന്ന മാതിരിയുള്ള കഥാപാത്രങ്ങളെ ഉപയോഗിക്കാന്‍ കാണിച്ച ധൈര്യം പ്രശംസനീയമാണ്. വിവാഹവും ആഘോഷവുമൊക്കെ കോടീശ്വരന്‍മാരായ മുതലാളിമാരുടെ അതിസുന്ദരികളായ പെണ്‍മക്കള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണ് എന്ന സന്ദേശം നല്‍കിയിരുന്ന ജ്വല്ലറി പരസ്യങ്ങളെ എഴുതിത്തള്ളിക്കൊണ്ടാണ് പ്രേക്ഷകര്‍ തനിഷ്‌ക് പരസ്യം കൈനീട്ടി സ്വീകരിച്ചിരിക്കുന്നത്.

പരസ്യത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരെയുംകാള്‍ അഭിനന്ദനമര്‍ഹിക്കുന്നത് തനിഷ്‌ക് ബ്രാന്‍ഡും ടാറ്റയുമാണ്. ഇത്തരമൊരു പരസ്യം അതിന്റെ കലാമൂല്യവും സാംസകാരികമൂല്യവും അറിഞ്ഞുകൊണ്ട് സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നത് തീര്‍ച്ചയായും വലിയൊരു കാര്യമാണ്. സിനിമയെക്കാള്‍ ആയിരം മടങ്ങ് ജനങ്ങളെ സ്വാധീനിക്കുന്ന മാധ്യമം എന്ന നിലയില്‍ ഈ പരസ്യത്തിനു പത്തരമാറ്റാണ്.

പെണ്‍കുട്ടികളുടെ വിവാഹപ്രായം 8 വയസ്സ് ആക്കണം

രാജ്യത്ത് ജാതിമതഭേദമന്യേ എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സായി പരിമിതപ്പെടുത്തണമെന്ന് ഓള്‍ കേരള ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 വയസ്സായി നിജപ്പെടുത്തുന്ന നിയമത്തിനെതിരേ ചില സംഘടനകള്‍ കോടതിയെ സമീപിക്കുന്ന സാഹചര്യത്തിലാണ് എല്ലാ പെണ്‍കുട്ടികളുടെയും വിവാഹപ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന ആവശ്യവുമായി ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ രംഗത്തു വന്നിരിക്കുന്നത്. ഒരു സമുദായത്തിലെ പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു നിയമം കൊണ്ടുവരുന്നത് മറ്റു സമുദായത്തിലെ പെണ്‍കുട്ടികളില്‍ അസൂയയും കുശുമ്പും വളര്‍ത്തും ഇത് കാലക്രമേണ സാമുദായികസംഘര്‍ഷങ്ങള്‍ക്കു വക വച്ചേക്കാം. അതുകൊണ്ട് എല്ലാ സമുദായത്തിലെയും പെണ്‍കുട്ടികള്‍ക്ക് ഈ സൗഭാഗ്യം അനുഭവിക്കാന്‍ നിയമത്തില്‍ കാലോചിതമായ മാറ്റം വരുത്തണം.

പുരുഷന്‍മാര്‍ക്ക് പെണ്‍കുട്ടികളെ കാണുമ്പോള്‍ കണ്‍ട്രോളു പോകുന്ന പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയക്കുന്നതിനുള്ള കുറഞ്ഞ പ്രായം എട്ടു വയസ്സാക്കി നിജപ്പെടുത്തണമെന്ന് ഫീമെയില്‍ ബോഡി ലവേഴ്‌സ് ആന്‍ഡ് യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്. പണ്ടൊക്കെ 18 വയസുള്ള പെണ്‍പിള്ളേരെ കാണുമ്പോഴെ വല്ലതുമൊക്കെ തോന്നുമായിരുന്നുള്ളൂ. അക്കാലത്ത് ആ പ്രായം വരെയൊക്കെ പെണ്‍കുട്ടികളെ പിള്ളേരായി തന്നെ കാണുന്നതിനു വലിയ ബുദ്ധിമുട്ടുണ്ടായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ എട്ട് ഒന്‍പതു വയസ്സ് ആവുമ്പോഴേക്കും പെണ്‍കുട്ടികള്‍ ആകര്‍ഷകത്വം കൈവരിക്കുകയും ശാരീരികവളര്‍ച്ച നേടുകയും ചെയ്യുന്നുണ്ട്. ഇത് 18 വയസ്സുവരെ വച്ചുപൊറുപ്പിക്കാനാവുന്നതല്ല. പ്രായപരിധി എട്ട് വയസ്സ് ആക്കി നിജപ്പെടുത്തുകയാണെങ്കില്‍ അക്ഷമയോടെയുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാം.

മൂടും മുലയുമുള്ള പെണ്‍പിള്ളേരെ കണ്ടാല്‍ കയറിപ്പിടിക്കുന്നത് പുരുഷലക്ഷണങ്ങളിലൊന്നാണ്. പിടിക്കും മുമ്പ് പ്രായം അന്വേഷിക്കേണ്ടി വരുന്നത് പുരുഷവംശത്തിന്റെ തന്നെ ഗതികേടാണ്. പെണ്‍കുട്ടികള്‍ വളര്‍ച്ചയെത്തുന്ന പ്രായം കുറഞ്ഞു വരുന്നതനുസരിച്ച് അവരെ മിടുക്കന്‍മാരായ ആണുങ്ങള്‍ സ്വന്തമാക്കാനാഗ്രഹിക്കുന്ന പ്രായവും കുറഞ്ഞുവരും. അവിടെ 18 വയസ്സ് എന്നതു വലിയൊരു തടസ്സമായി നില്‍ക്കുകയാണ്. ഈ പ്രായപരിധി നിലനില്‍ക്കുന്നതുകൊണ്ടാണ് നിരവധി പുരുഷകേസരികള്‍ പീഡനക്കേസുകളിലും മറ്റും അകപ്പെടുന്നത്. പത്തും പന്ത്രണ്ടും വയസ്സുള്ള കാമഭ്രാന്തികളായ പെണ്‍കുട്ടികള്‍ നാല്‍പതും അന്‍പതും വയസ്സുള്ള നിഷ്‌കളങ്കരായ പുരുഷന്‍മാരെ ചതിവില്‍പ്പെടുത്തി കാര്യം സാധിച്ച ശേഷം അവരെ നിയമത്തിന്റെ കെണിയില്‍ക്കുടുക്കി പീഡിപ്പിക്കുന്നതാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. പലരുടെയും പേരില്‍ കൊലക്കുറ്റം വരെ നിലവിലുണ്ടെന്നത് നിയമം മാറ്റേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്- അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഇതോടൊപ്പം പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാവുന്ന പരമാവധി പ്രായം 90 വയസ്സാക്കി നിജപ്പെടുത്തമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. പണ്ടൊക്കെ അന്‍പതോ അറുപതോ വയസ്സു കഴിഞ്ഞാല്‍ പുരുഷന്‍മാര്‍ പരമസാത്വികന്‍മാരായി ജീവിക്കുകയായിരുന്നു. എന്നാല്‍, ഇക്കാലത്തെ പെണ്‍കുട്ടികളുടെ വളര്‍ച്ചയും ആകര്‍ഷകത്വവും സാത്വികന്‍മാരാകാന്‍ ആരെയും അുവദിക്കുന്നില്ല. പോരെങ്കില്‍ ആറും അറുപതും ഒരുപോലാണെന്നു പഴഞ്ചൊല്ലും നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ആറും അറുപതും, ഏഴും എഴുപതും, അതുപോലെ എട്ടും എണ്‍പതും തുല്യമായി കണ്ട് എണ്‍പതുകാരന് എട്ടുവയസ്സുകാരിയെയും എഴുപതുകാരന് ഏഴു വയസ്സുകാരിയെയും അറുപത്കാരന് ആറു വയസ്സുകാരിയെയുമൊക്ക വിവാഹം കഴിച്ച് ബോഡി യൂസ് ചെയ്യാനുള്ള സാമൂഹികസാഹചര്യം ഉണ്ടാക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

മോഹന്‍ ഭാഗവതിന്‍റെ ദാമ്പത്യശാസ്ത്രം

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ആര്‍എസ്എസ് പ്രവര്‍ത്തകരോടു കുടുംബബന്ധങ്ങളെപ്പറ്റി പറഞ്ഞത് വലിയ വിവാദമായിരിക്കുകയാണ്. പറഞ്ഞത് ആര്‍എസ്എസുകാരനായതുകൊണ്ട് അത് ശക്തമായി എതിര്‍ക്കപ്പെടണം എന്നൊരു മുന്‍വിധി മാധ്യമങ്ങള്‍ക്കുണ്ടെന്നു തോന്നുന്നു. എല്ലാവരും എതിര്‍ക്കുന്നതുകൊണ്ട് ആര്‍എസ്എസ് മേധാവിയെ ന്യായീകരിക്കണം എന്നൊരു വാശി എനിക്കില്ല. പക്ഷെ, അഭിപ്രായം ആരുടേതാണെന്നു നോക്കാതെ അഭിപ്രായം മാത്രം എടുത്തു പരിശോധിച്ചാല്‍ കുഴപ്പം അഭിപ്രായത്തിനാണോ അതോ നമ്മുടെ മുന്‍വിധികള്‍ക്കാണോ എന്നൊരു സംശയം ബാക്കിയാവും.

ഞാന്‍ മനസ്സിലാക്കിയിടത്തോളം മോഹന്‍ ഭാഗവത് പറഞ്ഞതിന്‍റെ സാരാംശം ഇതാണ്:
‘ഭാര്യാഭര്‍തൃബന്ധം ഒരു സാമൂഹികകരാറാണ്. ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കുകയും ഭര്‍ത്താവ് കുടുബം പുലര്‍ത്തുന്നതിനുള്ള വക സമ്പാദിച്ചുകൊണ്ടുവരികയും വേണം. ഇരുവരും തങ്ങളുടെ കടമകള്‍ മേല്‍പ്പറഞ്ഞ കരാര്‍പ്രകാരം കൃത്യമായി നിര്‍വഹിക്കണം. ഭാര്യയോ ഭര്‍ത്താവോ കരാര്‍ ലംഘിച്ചാല്‍ സ്വാഭാവികമായും ആ കരാര്‍ ലംഘിക്കപ്പെടുകയും ഇരുവരും സ്വതന്ത്രരാക്കപ്പെടുകയും ചെയ്യും.’

ഇത് എന്തുകൊണ്ട് വിവാദമായി എന്നത് ചോദിച്ചാല്‍ ഇതിലെ കണ്ണായ ഭാഗം വളരെ കൃത്യമായി മാധ്യമങ്ങള്‍ ഉപയോഗിച്ചു എന്നതുകൊണ്ടാണ്. അതായത് സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ നോക്കണം എന്ന ഭാഗം സ്ത്രീകള്‍ വീട്ടുജോലികള്‍ മാത്രം ചെയ്തു വീട്ടില്‍ തന്നെ ഇരിക്കണം എന്ന് അദ്ദേഹം പറഞ്ഞതായാണ് മാധ്യമങ്ങള്‍ പറയുന്നത്.അതിനെ കുറച്ചു കൂടി ക്രിയേറ്റീവായി സ്ത്രീകള്‍ പുറത്തു പോയി ജോലി ചെയ്യുന്നത് വിലക്കണം എന്ന അര്‍ത്ഥത്തിലും ചിലര്‍ വ്യാഖ്യാനിക്കുന്നുണ്ട്. ഇതില്‍ രസകരമായ വസ്തുത എന്താണെന്നു വച്ചാല്‍ ചാനലുകള്‍ അദ്ദേഹത്തിന്‍റെ പ്രസംഗം മ്യൂട്ട് ചെയ്ത് അതിന്‍റെ വാര്‍ത്താപരിഭാഷ നല്‍കുകയാണ് ചെയ്തത് എന്നതാണ്. മോഹന്‍ ഭാഗവത് എന്താണ് പറഞ്ഞതെന്ന് കേള്‍ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു വേണ്ടി പ്രസംഗത്തിന്‍റെ മായം ചേര്‍ക്കാത്ത വിഡിയോ ഇവിടെ നല്‍കുന്നു.

അടുത്തകാലത്തായി ഭീകരമായ സ്ത്രീപക്ഷവാദത്തിനടിമയായിട്ടുള്ള മാധ്യമങ്ങള്‍ ഈ പ്രസംഗത്തെ സ്ത്രീവിരുദ്ധമായി വ്യാഖ്യാനിച്ചത് എങ്ങനെയാണെന്ന് ഇനി ഞാന്‍ വ്യാഖ്യാനിക്കണ്ടതില്ലല്ലോ. ഭാര്യ കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന് ഭാര്യയെയും ഭര്‍ത്താവ് കടമകള്‍ നിര്‍വഹിക്കുന്നില്ലെങ്കില്‍ ഭാര്യയ്‍ക്ക് ഭര്‍ത്താവിനെയും ഉപേക്ഷിക്കാമെന്ന പുരോഗമനവാദം പറഞ്ഞതിനാണ് അദ്ദേഹത്തെ മനുസ്മൃതിയുടെ വക്താവായി ചിത്രീകരിച്ചിരിക്കുന്നത്. ഭര്‍ത്താവ് കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ ഭാര്യയ്‍ക്ക് ഭര്‍ത്താവിനെ ഉപേക്ഷിക്കാം എന്ന ഓപ്ഷനും അദ്ദേഹം തുല്യപ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നത് മാധ്യമങ്ങള്‍ എന്തുകൊണ്ട് വിഴുങ്ങിക്കളഞ്ഞു ?

ഇനി അദ്ദേഹത്തിന്‍റെ പ്രസ്താവന മൊത്തത്തില്‍ വിലയിരുത്താം. വിവാഹം ഒരു സാമൂഹികരാറാണ് എന്നതില്‍ എന്തെങ്കിലും അപാകതയുണ്ടെന്ന് എനിക്കു തോന്നന്നില്ല. വിവാഹം ഒരു സാമൂഹിക കരാര്‍ തന്നെയാണ്. കുടുംബകോടതികള്‍ നിലവിലുള്ളതും വിവാഹത്തിന് നിയമസാധുത നല്‍കുന്നതും അതുകൊണ്ടാണല്ലോ. ഭാര്യ വീട്ടുകാര്യങ്ങള്‍ നോക്കണമെന്നതും ഭര്‍ത്താവ് കുടുംബം പുലര്‍ത്തണമെന്നുമുള്ള പ്രസ്താവനയാണ് പലരെയും ഞെട്ടിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ കാര്യങ്ങള്‍ എങ്ങനെയാണ് ? സാധാരണ ഇന്ത്യക്കാരുടെ വീടുകളില്‍ വീട്ടുജോലികള്‍ ചെയ്യുന്നത് ആരാണ് ? കുടുംബം പുലര്‍ത്തുന്നതിനു വേണ്ടി പ്രധാനമായും സമ്പാദിക്കുന്നത് ആരാണ് ? വിവാഹജീവിതത്തില്‍ തുല്യതയും ഫെമിനിസവുമൊക്കെ നടപ്പായാലും അതിലുള്‍പ്പെട്ടിരിക്കുന്ന വ്യക്തികള്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിച്ചില്ലെങ്കില്‍ സ്ഥിതിയെന്താവും. ഇനി, ഇത്തരത്തില്‍ കടമകള്‍ നിര്‍ഹിക്കാത്ത പങ്കാളികളെ ഉപേക്ഷിക്കാന്‍ ഇന്ത്യന്‍ നിയമവ്യവസ്ഥ തന്നെ അവസരം നല്‍കുമ്പോള്‍ മോഹന്‍ ഭാഗവത് പറഞ്ഞത് കേട്ട് ചൂടാവേണ്ട കാര്യമെന്താണെന്നു മനസ്സിലാവുന്നില്ല. ഇതേ അഭിപ്രായം മാതാ അമൃതാനന്ദമയിയോ മാര്‍പ്പാപ്പയോ കാന്തപുരം അബൂബക്കര്‍ മുസല്യാരോ പറഞ്ഞിരുന്നെങ്കില്‍ മാധ്യമങ്ങള്‍ എന്തു നിലപാട് സ്വകരിച്ചേനെ എന്നത് സങ്കല്‍പിച്ചു നോക്കിയാല്‍ തന്നെ മനസ്സിലാവും.

മോഹന്‍ ഭാഗവത് പറഞ്ഞത് ന്യൂ ജനറേഷന്‍ ഇന്ത്യക്കാരോടല്ല, ഭാരതത്തിലെ സാധാരണക്കാരായ ആര്‍എസ്എസ്സുകാരോടാണ് എന്നതും വിസ്മരിക്കരുത്. അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസ്താവന പുരോഗമനപരമാണ്, വിപ്ലവകരമാണ്. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ അടുക്കളയില്‍ കയറാത്ത, മക്കളെ നോക്കാത്ത ഔട്ടോസോഴ്സിങ് ഭാര്യമാരെ പിന്തുണയ്‍ക്കുകയും, വീട്ടുചെലവുകള്‍ക്ക് അഞ്ചപ പൈസ തരാത്ത ഭര്‍ത്താക്കന്‍മാരെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നവരായിരിക്കും എന്നു പ്രത്യാശിക്കുന്നു.

പ്രേക്ഷകരുടെ മന:ശാസ്ത്രം

അളിയാ അറിഞ്ഞില്ലേ ?

എന്തുവാടേ ?

മംമ്ത മോഹന്‍ദാസ് ഡൈവോഴ്സ് ചെയ്യാന്‍ പോകുന്നു…

ഏത് നമ്മടെ സിനിമാനടി ?

അതേന്നെ.. നീ മൈ ബോസ് കണ്ടില്ലാരുന്നോ ?

ഇല്ല, നാളെത്തന്നെ കണ്ടേക്കാം…

പടം കണ്ടപ്പോഴേ എനിക്ക് ഒരു ഡൈവോഴ്സ് മണത്തു..

ഉവ്വോ ? അതെങ്ങനെ ?

പെണ്ണുങ്ങളുടെ ബോഡീ ലാംഗ്വേജീന്നു നമുക്ക് പലതും പിടികിട്ടും..

അതിനവര് അതിലഭിനയിക്കുവല്ലേ ? പിന്നെന്ത് ബോഡി ലാംഗ്വേജ് ?

അഭിനയിക്കുമ്പോഴും ബോഡി ലാംഗ്വേജില്‍ മാറ്റം വരുത്താന്‍ പറ്റില്ലെടേ..

മഞ്ജു വാരിയരും ദിലീപും തമ്മില്‍ പിരിഞ്ഞു എന്ന് ഒരു 100 വട്ടമെങ്കിലും നീയെനിക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്.. എന്നിട്ടെന്തായി ?

അത് എനിക്കിപ്പോഴും പിടികിട്ടാത്ത ഒരു പ്രശ്നമാണ്… എന്‍റെ കണക്കുകൂട്ടലനുസരിച്ച് അവര് പിരിയാനുള്ള ടൈം കഴിഞ്ഞു.. ഒന്നുകില്‍ രണ്ടുപേരും ചുമ്മാ അഭിനയിക്കുന്നു… അല്ലെങ്കില്‍ ദിലീപ് ഭീഷണിപ്പെടുത്തി മഞ്ജുവിനെ അങ്ങനെ നിര്‍ത്തിയിരിക്കുന്നു…

എന്താ ഇപ്പോ ഈ ഡൈവോഴ്സിനു കാരണം ?

അതാ ഞാനീ സേര്‍ച്ച് ചെയ്തോണ്ടിരിക്കുന്നേ ?

എന്നിട്ടു വല്ലതും കിട്ടിയോ ?

ഉഡായ്‍പ് ന്യായങ്ങളാ പറഞ്ഞിരിക്കുന്നേ…

എന്നു വച്ചാല്‍ ?

ഓ… രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നോ… സന്തോഷത്തോടെയാണ് പിരിയുന്നതെന്നോ..

അതിലെന്തോന്നാ ഉഡായ്‍പ് ?

ഒന്നു പോടാ ഉവ്വേ… സംഗതി വേറെന്തെങ്കിലും കാര്യമായിട്ടു കാണും…

എന്നു വച്ചാല്‍ ?

അവിഹിതം.. അവിഹിതം..

അത് നിനക്കെങ്ങനെ അറിയാം ?

നീയേത് ലോകത്താടാ ഉവ്വേ ജീവിക്കുന്നത് ? സിനിമേല്‍ മൊത്തം അവിഹിതമല്ലേ ? ആളുകള്‍ സിനിമേലോട്ട് പോകുന്നത് തന്നെ ഇതിനല്ലേ ?

അല്ല… നീയിന്ന് എറണാകുളത്തിനു പോകുന്നെന്നു പറഞ്ഞിട്ട് പോയില്ലേ ?

രാവിലെ എണീറ്റപ്പോഴാ ഈ വാര്‍ത്ത കണ്ടത്… പിന്നിവിടിരുന്നു… വല്ലപ്പോഴുമല്ലേ ഇങ്ങനോരോന്നു വീണു കിട്ടുന്നത്…മാതൃഭൂമിലെന്‍റെയൊരു ഫ്രണ്ടുണ്ട്… ശരിക്കുമുള്ള കാരണമറിയാന്‍ ഞാനവരെ വിളിച്ചു നോക്കി…അവനൊന്നും അറിയില്ലാന്നാ പറയുന്നത്… സാരമില്ല… അടുത്താഴ്ച ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് ഇതിന്‍റെ സത്യം തെളിയിച്ചോളും…

അങ്ങേര്‍ക്കിപ്പോ ഇതാണോ പണി ?

എന്തുവാടേ ഒരു പുച്ഛം ? ലക്ഷക്കണക്കിന് ആളുകള്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളാ ബ്രിട്ടാസേട്ടന്‍ ആ പരിപാടീല്‍ ചോദിക്കുന്നത്…

അല്ല…പിരിയാന്‍ ശരിക്കും വേറൊരു കാരണമുണ്ടെന്നു നിനക്കു തോന്നാനെന്താ കാരണം ?

ഇതൊക്കെ നമുക്കറിയില്ലേ ? ലെവള്‍ടെ കല്യാണം കഴിയുമ്പോഴേ എനിക്കറിയാരുന്നു പിരിയൂന്ന്… രണ്ടു വര്‍ഷമാണ് ഞാനിട്ട ടൈം… ദേ ഇപ്പോ ഒരു വര്‍ഷമായപ്പോഴേക്കും സംഗതി റെഡി…

അവര് പിരിയുന്നെങ്കില്‍ തന്നെ നിനക്കൊക്കെ എന്ത് ? അതവരുടെ കാര്യം.

ഡേയ്, ഡേയ്… എളക്കല്ലേ… അവനൊരു പ്രൈവസി പോളിസിക്കാരന്‍..,.. ഇതൊക്കെ അറിയാനും പറയാനും താല്‍പര്യമുള്ളവരാണ് ലോകത്തെല്ലായിടത്തുമുള്ളവര്‍,… അവര് പിരിഞ്ഞോട്ടെ… പിരിയാനുള്ള കാരണങ്ങള്‍ അറിയാനുള്ള അവകാശം പ്രേക്ഷകരായ ഞങ്ങള്‍ക്കുണ്ട്…

അതെന്തവകാശം ?

കാശുകൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുന്നതിന്‍റെ അവകാശം…

സിനിമ കാണാന്‍ കാശു കൊടുക്കുന്നവന് നടിയുടെ ജീവിതത്തില്‍ എന്തവകാശം ?

സിനിമാനടിമാര്‍ക്ക് കുടുംബം പറ്റത്തില്ല… അങ്ങനെ ആരെങ്കിലും കുടുംബമായിട്ട് സന്തോഷമായിട്ട് ജീവിക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണ്… ഇനി ഡൈവോഴ്സാകാന്‍ വളരെ കുറച്ചുപേരേയുള്ളൂ… ബാക്കിയെല്ലാം കട്ടപ്പൊക…

ഇവരൊക്കെ പിരിയുന്നു എന്നു കേള്‍ക്കുമ്പോള്‍ നിനക്കു ഭയങ്കര സന്തോഷമാണല്ലോ ?

പിന്നല്ലാതെ ? വല്ല ഉദ്ഘാടനത്തിനും വരുമ്പോള്‍ നമ്മളൊന്നു തൊടാനോ പിടിക്കാനോ ചെല്ലുമ്പോ എവള്‍ടെയൊക്കെ ജാഡ കാണണം…ഹൊ… നമ്മളൊക്കെ വെറും പുഴുക്കള്‍…, അതുകൊണ്ട് ഏത് നടി ഡൈവോഴ്സായെന്നു കേട്ടാലും ഞാന്‍ ഹാപ്പിയാ… ഞാനത് മാക്സിമം ഷെയര്‍ ചെയ്യും..

ചീപ്പാണളിയാ… നടിയാവുക എന്നത് ഒരു കുറ്റകൃത്യമല്ല.. അതൊരു തൊഴിലാണ്..

പോഡേ,പോഡേ.. നിനക്കു പ്രേക്ഷകരുടെ മനശാസ്ത്രം അറിയില്ല… ഒരു നടി ഡൈവോഴ്സ് ചെയ്യുകയെന്നു പറയുമ്പോള്‍.. പ്രേക്ഷകന് എന്തൊക്കെയോ സ്വന്തമാകുന്ന പോലെയൊരു ഫീലിങ്ങാണ്…ഒരുത്തി കല്യാണം കഴിക്കൂന്നൂന്ന് കേള്‍ക്കുമ്പോ അത്രയ്‍ക്ക് സങ്കടോമുണ്ട്…

അതൊക്കെ സമ്മതിച്ചു… പക്ഷെ,വിവാഹമോചനത്തിന് വേറെ നിഗൂഢമായ കാരണങ്ങളുണ്ടെന്നു പറയുന്നതിന്‍റെ കാരണമാണ് മനസ്സിലാവാത്തത്..

അതിപ്പോ.. കാവ്യേടെ കേസ് തന്നെയെടുക്കാം…അവര് പിരിയുമ്പോ എന്തു രസമായിരുന്നു… എന്തൊക്കെ കഥകളാ പത്രത്തില്‍ വന്നത്… പിന്നെ കോടതി,ബഹളം… പിരിയുമ്പോ അതുപോലെ വേണം… ഇതു ചുമ്മാ ഒരുമാതിരി.. ആളെ വടിയാക്കാന്‍..

അപ്പോ ആരാന്‍റമ്മയ്‍ക്ക് പ്രാന്ത് വന്നാല്‍… ല്ലേ ?

അതേന്നു വച്ചോ… ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ശരി… അപ്പോ നീയും വികാരം കൊള്ളാന്‍ പാടില്ല… അങ്ങനെയാണ് അതിന്‍റെയൊരു നീതി..

എനിക്കൊരു വികാരോമില്ല… കാരണം, മര്യാദയ്‍ക്ക് ജീവിക്കാന്‍ എനിക്കറിയാം….

എന്നിട്ടാണോ നിന്‍റെ ഭാര്യ രണ്ടു വര്‍ഷമായിട്ട് അവരടെ വീട്ടില്‍ നില്‍ക്കുന്നത് ?

ഡേയ്, ഡേയ്.. അതീത്തൊട്ടു കളിക്കരുത്…

എന്നാ വേണ്ട… വന്ന കാര്യം തന്നെ പറഞ്ഞേക്കാം…. നിന്‍റെ പെങ്ങളുണ്ടല്ലോ… രണ്ടു പിള്ളേരേം കെട്ടിയോനേം ഉപേക്ഷിച്ച് ഇന്നലെ രാത്രി മൊബൈല്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയി…

തോന്ന്യാസം പറയുന്നോ ?

വികാരം കൊള്ളാതെഡേ… ഇത് ഞാന്‍ പറഞ്ഞതല്ല… അവള് തന്നെ എഴുതിവച്ച കത്തിലുള്ളതാ… അവള്‍ടെ കെട്ടിയോന്‍, അതായത് നിന്‍റെ അളിയന്‍… പൊലീസില്‍ കേസും കൊടുത്തിട്ടുണ്ട്… നാട്ടുകാരൊക്കെ അറിഞ്ഞു… ആകെ നാറിക്കോണ്ടിരിക്കുന്നു…

ഡേയ്… പ്ലീസ്..സംഗതി പുറത്താരോടും പറയരുത്… അളിയനെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കണം…

ഹഹഹഹഹഹഹ…. നിന്‍റെ പെങ്ങള്‍ക്ക് വേറം അവിഹിതങ്ങളൊണ്ടെന്നും എല്ലാം മറച്ചുവച്ച് തലേല്‍ കെട്ടിവച്ചതാണെന്നും പറഞ്ഞ് അളിയനിങ്ങോട്ട് വരുന്നുണ്ട്…

ഡാ… നീയെന്നെ സഹായിക്കണം… ഞാന്‍ കാലുപിടിക്കാം… അളിയനെ നീ തണുപ്പിക്കണം… പിന്നെ, പെങ്ങള് പോയത് പത്രത്തിലൊന്നും വരാതെ നോക്കണം…

മാതൃഭൂമില് നിന്‍റെ ഫ്രണ്ടില്ലേ ? വിളിച്ചു പറ കൊടുക്കരുതെന്ന്…

ശവത്തില്‍ കുത്തരുത്…

ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ഡേയ്… നീയായിട്ട് നമ്മുടെ ഓഫിസിലൊന്നും ചെന്ന് പറയരുത് ഇത്…

ഞാന്‍ പറയും… കോളജില്‍ അവള്‍ പഠിക്കുമ്പോ അവള്‍ടെ ഭരതനാട്യം കാണാന്‍ മിനക്കെട്ടിരുന്നിട്ടുണ്ട് ഞാന്‍…, പ്രേക്ഷകന്‍റെ അവകാശം വച്ച് ഞാനിത് എല്ലാവരോടും പറയും… കെട്ടിയോനും പിള്ളേരുമുള്ള ഒരുത്തി.. അതും പഴയ കോളജ് ബ്യൂട്ടി…. മൊബൈല്‍ ഫോണ്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയെന്നു പറയുമ്പോ… അതൊരു ഹരമല്ലേ ? നിനക്കീ പ്രേക്ഷകരുടെ മനശാസ്ത്രം ഒന്നുമറിയില്ലേ ?

പ്ലീസ്…

നിന്‍റെ പെങ്ങടെ ഒരു ഫോട്ടോ തരാമോ ? ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടാനാ… ആളുകള്‍ ഷെയര്‍ ചെയ്തു മരിക്കും…

എറങ്ങിപ്പോടാ പട്ടീ….

ശരി… ഗുഡ്ബൈ… നമുക്കും ഡൈവോഴ്സ് ചെയ്യാം… എനിക്കെന്‍റെ വഴി, നിനക്ക് നിന്‍റെ വഴി…

എന്തുവാടേ ഇത് ? അതും ഈ സമയത്ത് ?

നമ്മള്‍ ചേര്‍ന്നുപോയാല്‍ ശരിയാവില്ലെടേ… ഞാന്‍ പണിയെടുക്കുന്നു… നീയിവിടെയിരുന്നു ഫേസ്ബുക്കില്‍ ഗോസിപ്പ് ഷെയര്‍ ചെയ്യുന്നു… നമ്മളെങ്ങനെ പാര്‍ട്ട്നര്‍ഷിപ് ബിസിനസ് നടത്തും ? നമുക്ക് പിരിയാം…

എന്‍റെയീ പ്രശ്നങ്ങളൊന്നു സോള്‍വ് ചെയ്തിട്ടു പോരേ ? നമുക്ക് എല്ലാം പരിഹരിക്കാം…

വേണ്ട… ഇതാണ് ബെസ്റ്റ് ടൈം… ഇപ്പോ പിരിയുമ്പോള്‍… നിന്‍റെ പെങ്ങളുമായി എനിക്കും അവിഹിതമുണ്ടായിരുന്നെന്ന് ആളുകള്‍ വിചാരിച്ചോളും… അവര്‍ക്കിതൊക്കെയല്ലേ അളിയാ ഒരു രസം…

പ്ലീസ്…

പിന്നേ… ഒളിച്ചോടിയ മൊബൈല്‍ കാമുകിമാരെപ്പറ്റി ബ്രിട്ടാസിനോട് ഒരു ഷോ ചെയ്യാന്‍ പറയെടേ… കേരളത്തിലെ ലക്ഷോപലക്ഷം ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം കിട്ടും…

അളിയാ….

വിടളിയാ…..

പ്രണയിക്കുന്നവരുടെ രാഷ്ട്രീയം

രാജ്യാന്തര പ്രണയഗുരു എന്നത് ഏതൊരാളെ സംബന്ധിച്ചും അഭിമാനിക്കാവുന്ന പദവിയാണ്. അത്തരമൊരു ഗുരുവായ കേന്ദ്രമന്ത്രി ശശി തരൂരിന് പ്രണയകാര്യവകുപ്പ് നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തല്‍ക്കാലം പ്രായോഗികമല്ലെന്നു തോന്നുന്നു. എന്നാല്‍, പ്രണയഗുരു എന്നത് ഒരാരോപണമായും പ്രണയകാര്യവകുപ്പ് എന്നത് ഒരു ആക്ഷേപവുമായാമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാരത്തെയും സാമൂഹികബോധത്തെയും വെളിച്ചത്തുകൊണ്ടു വരികയാണ്. ശശി തരൂരിന്‍റെ ഭാര്യയെ അധിക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പിഎസ്‍സി കോച്ചിങ്ങിനു പോകുന്നതെങ്കില്‍ സംഗതി കഷ്ടമാണ്. പ്രണയവിരുദ്ധ-സ്ത്രീവിരുദ്ധ രാഷ്ട്രീയം തീവ്രവാദത്തെക്കാള്‍ ഭീകരമാണ്.

മോഡിയും ബിജെപി വക്താവും ശശി തരൂരിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ഭാര്യയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി അലക്കി ഉണങ്ങാനിടുന്ന ബ്രേസിയര്‍ നോക്കി നെടുവീര്‍പ്പിടുന്ന ലോക്കല്‍ സദാചാരഗുണ്ടയുടെ നിലവാരത്തില്‍ ദേശീയനേതാക്കന്‍മാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയപാക്കേജില്‍ ഇതും ഉള്‍പ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. മോഡിക്കു കയ്യടിക്കുന്നവരും ശശി തരൂരിനെയും സുനന്ദയെയും ആക്ഷേപിക്കുന്നവരും തങ്ങളുടെ വൈകല്യങ്ങള്‍ക്കു മോടി കൂട്ടുകയാണ്. ആശങ്കാജനകമാണ് മോഡി ഫാന്‍സിന്‍റെ സാമൂഹികമനശാസ്ത്രം.

വൃത്തികേട് ആരു പറഞ്ഞാലും വൃത്തികേടു തന്നെയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഉച്ചഭാഷിണിയിലൂടെ പറയുമ്പോള്‍ അതിന്‍റെ മുഴക്കവും പ്രത്യാഖ്യാതവും കൂടുകയേയുള്ളൂ. നമ്മളും മോശക്കാരല്ല. സുനന്ദയെ ട്രിവാന്‍ഡ്രം വിമാനത്താവളത്തില്‍ വച്ച് ഏതോ ലോഡ്ജ് കോണ്‍ഗ്രസുകാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതില്‍ നിഗൂഢമായ ഒരാനന്ദം പലരും അനുഭവിക്കുന്നുണ്ട്. ഐപിഎല്‍ അഴിമതിയില്‍ അവര്‍ പങ്കാളികളാണ് എന്നാണ് അതിനു വിശദീകരണണായി അവര്‍ പറയുന്നത്.പരസ്പരബന്ധമില്ലാത്ത രണ്ടു സംഗതികള്‍ കൂട്ടിക്കുഴച്ച് നമ്മുടെ തെറ്റായ നിലപാടിനു ന്യായീകരണം കണ്ടെത്തുന്നത് ഒരു നല്ല ശീലമല്ല. ഐപിഎല്‍ അഴിമതിയില്‍ അവര്‍ക്കു പങ്കുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിന്‍റെ അര്‍ഥം ശശി തരൂരിനെയും ഭാര്യയെയും വ്യക്തിപരമായി കടന്നാക്രമിക്കാമെന്നാണോ ?

ഇവിടെ ശശി തരൂരിനെയും സുനന്ദയെയും പ്രണയവുമായി ബന്ധിപ്പിക്കുന്നതും ശശിയുടെ മുന്‍വിവാഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും അവരെ സംബന്ധിച്ച് ഒരു ആക്ഷേപമായിരിക്കില്ല. എന്നാല്‍, ശശി തരൂര്‍ അന്‍പതാം വയസില്‍ സുനന്ദയെ വിവാഹം കഴിച്ചതും തന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് പറയുന്നതും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കുഴപ്പം ശശിക്കും സുനന്ദയ്‍ക്കുമല്ല, അലോസരപ്പെടുന്നവര്‍ക്കാണ്. അത് ഗുരുതരമായ വ്യക്തിത്വ വൈകല്യമാണ്. ഇപ്പോള്‍ നടക്കുന്ന ചാണകമേറിനെ വിവാദം എന്നു വിളിക്കാമെങ്കില്‍ ഈ വിവാദം ശശി തരൂരിന്‍റെയും സുനന്ദയുടെയും തിളക്കം വര്‍ധിപ്പിക്കുകയേയുള്ളൂ. എന്‍റെ ഭാര്യയ്‍ക്ക് എത്ര മൂല്യമുണ്ട് എന്നും എന്‍റെ വിവാഹജീവിതം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നും എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ആത്മപരിശോധന നടത്താനും സ്വയം കണ്ടെത്താനും തിരുത്താനും ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരമാണിത്.

ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയവുമുണ്ട് എന്നതിനാല്‍ ആളുകള്‍ മോഡി പണ്ടുപേക്ഷിച്ച ഭാര്യയെ തപ്പിയെടുത്ത് അവരുടെ ദൈന്യതയുടെ കഥകള്‍ കൊണ്ട് മോഡിക്കു മറുപടി കൊടുക്കുകയാണ്. അപ്പോഴും തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ. സുനന്ദയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശശിയെ ചെളിവാരിയെറിയാനാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ മോഡിയുടെ ഭൂതകാലം ചികഞ്ഞ് ഒരു സ്ത്രീയെ പുറത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ്സിനെ വെല്ലുവിളിച്ചതിനു മറുപടിയായി ഗുജറാത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുന്ന മറ്റൊരു സ്ത്രീയ വലിച്ചിഴച്ച് കൊണ്ടുവന്നു വാര്‍ത്തയാക്കുന്നതില്‍ എന്തു നീതിയാണുള്ളത് ?സുനന്ദയ്‍ക്കുള്ളതുപോലെ തന്നെ ഒരു അന്തസ്സ് ആ സ്ത്രീക്കുമില്ലേ ? വിവേചനബുദ്ധി ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെന്ന് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ശശി തരൂരിന്‍റെ മൂന്നാമത്തെ വിവാഹമാണിത് എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.ഭാര്യയെ വീട്ടിനുള്ളിലടച്ചിട്ട് കന്നിമാസത്തിലെ പട്ടിയെപ്പോലെ നാടെങ്ങും ഓടിനടന്നു ഭോഗിക്കുന്നവരുടെ ഏകപത്നീവൃതത്തെക്കാള്‍ പതിനായിരം മടങ്ങ് തിളക്കമുള്ളതാണ് ശശി തരൂരിന്‍റെ വിവാഹമോചനങ്ങള്‍. .കാരണം, വിവാഹമോചനം എന്നത് വിവാഹത്തെക്കാള്‍ നേരും നെറിയുമുള്ള പ്രസ്ഥാനമാണ്. ഒരു വിപ്ലവകാരിയുടെ ഭാര്യ പലതും സഹിക്കേണ്ടി വരും എന്ന തത്വത്തില്‍ വിശ്വസിച്ച് തിരക്കുള്ള രാഷ്ട്രീയജീവിതത്തില്‍ നിന്ന് ഭാര്യയെ അടര്‍ത്തിമാറ്റി ജീവിക്കുന്നവരാണ് മിക്കവാറും രാഷ്ട്രീയനേതാക്കന്‍മാരും. സ്ത്രീ, സ്നേഹം, പ്രണയം തുടങ്ങിയ സംഗതികള്‍ അപ്രായോഗികമാണെന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ എന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവില്ല എന്നു പറയുന്നൊരാളുണ്ടെങ്കില്‍ അയാളാണ് മാതൃകയാവേണ്ടത്.

നമ്മുടെ അസഹിഷ്ണുതയും അസൂയയും മനോവകൈല്യങ്ങളും ദേശസാല്‍ക്കരിക്കപ്പെടുകയും ഋജുവായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് ഒരു സാമൂഹികദുരന്തമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളിലും ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ അജന്‍ഡകളിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. ബിജെപി ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ അശങ്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, വിമാനത്താവളത്തില്‍ വച്ച് ആ സ്ത്രീയെ കടന്നുപിടിച്ച പ്രവര്‍ത്തകനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം.

കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കേണ്ട: അലവലാതി ഷാജി

വിവാഹപ്രായമെത്തി നില്‍ക്കുന്ന കൊച്ചമ്മിണി വിവാഹിതയായി കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ നോക്കേണ്ടെന്ന് അയല്‍ക്കാരനും ചിട്ടിക്കമ്പനിക്കാരനും പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്തവനുമായ അലവലാതി ഷാജി പറഞ്ഞു. സുന്ദരിയായ കൊച്ചമ്മിണി കൊച്ചുങ്ങളെ ഉണ്ടാക്കി ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടി ജീവിതം പാഴാക്കാനാണ് ആഗ്രഹിക്കുന്നത്.വിവാഹവും കൊച്ചുങ്ങളും വൈകാരികമായ സംഗതികളായി കാണുന്ന ബാലിശമായ നടപടിയില്‍ നിന്നു കൊച്ചമ്മിണി പിന്മാറണമെന്നും ഷാജി ആവശ്യപ്പെട്ടു. കൊച്ചമ്മിണിയുടെ ഫീച്ചേഴ്‍സ് വച്ചുനോക്കുമ്പോള്‍ അധികം കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ പറ്റത്തില്ല. ഉള്ള യൗവ്വനം ഒന്നോ രണ്ടോ കൊച്ചുങ്ങളെ ഉണ്ടാക്കാന്‍ വേണ്ടി പാഴാക്കുന്നത് ബുദ്ധിയല്ലെന്നും ഷാജി വ്യക്തമാക്കി.

കൊച്ചമ്മിണിയുടെ പെണ്ണുകാണല്‍ ചടങ്ങിന് ചിക്കന്‍ വാങ്ങിക്കൊണ്ടുവന്നപ്പോഴാണ് കൊച്ചമ്മിണിയുടെ അച്ഛന്‍റെയും മറ്റുള്ളവരുടെയും മുന്നില്‍ വച്ച് അലവലാതി ഇങ്ങനൊരു അഭിപ്രായം പറഞ്ഞത്.കൊച്ചമ്മിണിയില്‍ താല്‍പര്യമുള്ള അനേകം കൊച്ചുമുതലാളിമാര്‍ പട്ടണത്തിലുണ്ട്. അവര്‍ക്ക് കൊച്ചമ്മിണിയോടൊപ്പം ഒന്നോ രണ്ടോ രാത്രി കഴിയണമെന്നുമുണ്ട്. അതിനു വേണ്ടി അവര്‍ എത്ര പണം വേണമെങ്കിലും മുടക്കുമെന്നിരിക്കെ അതെല്ലാം വേണ്ടെന്നു വച്ച് ഏതെങ്കിലും മലമൂടനോടൊപ്പം കൊച്ചുങ്ങളെ ഉണ്ടാക്കി ജീവിതം പാഴാക്കുന്നത് നല്ല മാതൃകയല്ല. എല്ലാ സ്ത്രീകളും ചെയ്യുന്നതുപോലെ കൊച്ചമ്മിണിയും ചെയ്യാന്‍ ശ്രമിക്കുന്നത് ബുദ്ധിയല്ല.കൊച്ചമ്മിണി സ്വന്തം സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ലഭ്യമായ അംഗലാവണ്യവും അവശേഷിക്കുന്ന യൗവ്വനവും വേണ്ടവിധം ഉപയോഗിച്ചാല്‍ കൊച്ചമ്മിണിക്ക് ചുരുങ്ങിയ കാലം കൊണ്ട് കോടികള്‍ സമ്പാദിക്കാം. കന്യാത്വം, ചാരിത്ര്യം തുടങ്ങിയ സംഗതികളെ കൊച്ചമ്മിണി വൈകാരികമായി കാണരുത്.പിടിവാശിമൂലം പട്ടണത്തിലെ പയ്യന്‍മാര്‍ക്ക് മോഹഭംഗമുണ്ടാകുന്ന സാഹചര്യം ഉണ്ടാവരുതെന്നും അലവലാതി പറഞ്ഞു.

നോട്ടുകെട്ടുകളുമായി ചെക്കന്‍മാര്‍ ക്യൂനില്‍ക്കുമ്പോള്‍ കൊച്ചമ്മിണിയുടെ കുടുംബത്തിന്‍റെയും തന്‍റെ ഏജന്‍സിയുടെയും സാമ്പത്തിക വളര്‍ച്ചയെ തുരങ്കം വച്ചുകൊണ്ട് വിവാഹിതയാവാന്‍ കൊച്ചമ്മിണിയെ അനുവദിക്കില്ല. കൊച്ചമ്മിണിക്ക് പിള്ളേരെ വളര്‍ത്തിയേ തീരൂ എന്നുണ്ടെങ്കില്‍ പിന്നെ ഷെഡില്‍ കയറുമ്പോള്‍ എത്രയെണ്ണത്തിനെ വേണമെങ്കിലും ദത്തെടുക്കാം. കൊച്ചമ്മിണിക്ക് പിള്ളേരുണ്ടായില്ലെങ്കില്‍ കുടുംബം അന്യം നിന്നുപോകുമെന്ന വാദം അസ്ഥാനത്താണ്. കൊച്ചമ്മിണിയുടെ അച്ഛന് കടുത്തുരുത്തിയിലും മുണ്ടക്കയത്തും ചായക്കടയുണ്ടെന്നും അവിടൊക്കെ ധാരാളം പിള്ളേര്‍ ഓടിക്കളിക്കുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ഷാജി പറഞ്ഞു. കൊച്ചമ്മിണിയുടെ അച്ഛന് അടുപ്പിച്ചു മൂന്നു ചിട്ടികള്‍ കൊടുത്തിട്ടുള്ള ആളെന്ന നിലയില്‍ തന്‍റെ ഉപദേശം കൊച്ചമ്മിണി കേള്‍ക്കുമെന്നു ഷാജി പ്രത്യാശ പ്രകടിപ്പിച്ചു.

കൊച്ചമ്മിണിയുടെ അച്ഛന്‍ സോഫയിലിരിക്കുമ്പോഴാണ് കൊച്ചമ്മിണിയോട് ഷാജി ഈ കാര്യങ്ങളെല്ലാം പറഞ്ഞത്. പെണ്ണുകാണാന്‍ വന്ന ചെക്കന്‍ ഭയപ്പെട്ട് വിവാഹത്തില്‍ നിന്നു മാറാന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍,ചെറുപ്പത്തിലേ പറഞ്ഞുവച്ച വിവാഹമായതിനാല്‍ കണ്ട അലവലാതികളൊക്കെ പറയുന്നത് കേട്ട് അതിലൊരു മാറ്റവും വരുത്താനൊക്കില്ലെന്ന് കൊച്ചമ്മിണിയുടെ അമ്മാവനും റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമായ അച്ചു പറഞ്ഞു. അലവലാതി ഷാജി പറഞ്ഞത് തന്തയ്‍ക്കു പിറക്കായ്ക ആണെന്നും അവന്‍ പെണ്‍വാണിഭക്കാരുടെ ഏജന്‍റ് ആണെന്നും അമ്മാതിരി ചെറ്റകളെ വീട്ടില്‍ കയറ്റിയത് തെറ്റായിപ്പോയെന്നും കൊച്ചമ്മിണിയുടെ ചെറിയച്ഛനും വല്യച്ഛനുമൊക്കെ പറഞ്ഞു. എന്നാല്‍, ഷാജി അവിടെ വന്ന് അങ്ങനെയൊക്കെ പറഞ്ഞത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് കൊച്ചമ്മിണിയുടെ അച്ഛന്‍ പറഞ്ഞു. കൊച്ചമ്മിണിയെ മാന്യമായി കെട്ടിച്ചുവിടണമെന്നാണ് തന്‍റെ ആഗ്രഹം, എന്നാല്‍ കൊച്ചമ്മിണിക്ക് കാറും ബംഗ്ലാവുമൊക്കെയായി ഒരു നല്ലകാലം ഉണ്ടാവുന്നത് താന്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു.

സെക്സ്‍ണോമിക്‍സ്

അല്ലെങ്കില്‍ തന്നെ ആദ്യരാത്രിയില്‍ തന്നെ ചോര കാണാതെ ആയുധം താഴെ വയ്‍ക്കുന്നവരല്ല അഭിമാനികള്‍. കോടതി വിധി കൂടിയാകുമ്പോള്‍ നിഷ്കളങ്കരായ (ഉവ്വ) നവവധുക്കളുടെ കാര്യം കഷ്ടത്തിലായേക്കും. ഫസ്റ്റ് നൈറ്റിലെ റേപിന് മാതൃകഭര്‍ത്താക്കന്മാര്‍ നിയമസാധുത അവകാശപ്പെടാന്‍ പോകുന്ന വിധി ഡല്‍ഹി ഹൈക്കോടതിയുടേതാണ്. കോടതി ഏത് സാഹചര്യത്തിലാണ് വിധി പറഞ്ഞതെന്നോ അതിന്റെ സന്ദര്‍ഭവും സ്വാരസ്യവും ഏതെന്നോ സംഗികള്‍ക്ക് അറിയേണ്ടല്ലോ.

ആദ്യരാത്രിയില്‍ വധുവിനെ ലതിനു നിര്‍ബന്ധിക്കാത്തത് വലിയ ഔദാര്യമാണെന്നു കരുതുന്ന തലമുറയില്‍ നിന്ന് ആക്രാന്തമില്ലാത്തവരുടെ തലമുറയിലേക്ക് എത്തിനില്‍ക്കുമ്പോഴാണ് കോടതി ഇങ്ങനെയൊക്കെ പറയുന്നത്. ഇതൊക്കെ എപ്പോ വേണമെന്നുള്ള കാര്യത്തില്‍ വരെ കോടതികള്‍ ഇടപെട്ടു തുടങ്ങുമ്പോള്‍ ഭാരതസ്ത്രീകളുടെ ഭാവശുദ്ധിയുടെ പുരുഷകേന്ദ്രീകൃത വിധിന്യായങ്ങള്‍ പുനപരിശോധിക്കണമെന്ന് പറയാന്‍ ഇവിടെ ആരുമില്ലേ ? ബ്ലഡി ഫക്കിങ് ഡാഷായ ഞാന്‍ പോലും ഇങ്ങനെ പറയുന്നെങ്കില്‍ മനസ്സില്‍ ഭയാശങ്കകളോടെ മണിയറയിലേക്കു കാലെടുത്തു വയ്‍ക്കാനിരിക്കുന്ന കുഞ്ഞാടുകള്‍ക്ക് പറയാനുള്ളത് എന്തായിരിക്കും ?

ആദ്യരാത്രിയിലുള്‍പ്പെടെ ബോധപൂര്‍വം പങ്കാളിക്ക് സെക്സ് നിഷേധിക്കുന്നത് വിവാഹമോചനത്തെ നീതികരിക്കാവുന്ന ക്രൂരതയാണെന്നാണ് കോടതി വിധി. അദ്യരാത്രിയിലുള്‍പ്പെടെ അഞ്ചു മാസത്തോളം ഭാര്യ സെക്സിനു സമ്മതിക്കാത്തതില്‍ പ്രതിഷേധിച്ച് വിവാഹമോചനം തേടിയ ഭര്‍ത്താവിന് വിവാഹമോചനം അനുവദിച്ചു കൊണ്ടുള്ള കീഴ്‍ക്കോടതി വിധി ശരിവച്ചുകൊണ്ട് ഡല്‍ഹി ഹൈക്കോടതി ജഡ്‍ജി കൈലാഷ് ഗംഭീറിന്റെ വിധിയിലാണ് സെക്‍സ് നിഷേധത്തെപ്പറ്റി പറയുന്നത്. ഭാര്യ അടിസ്ഥാനപരമായി ലൈംഗിക ഉപകരണമാണെന്ന കാഴ്ചപ്പാടിനെ അടിവരയിടുന്നതാണ് പ്രസ്തുത വിധി എന്നു പറയേണ്ടി വരുന്നതില്‍ ഞാന് ഖേദിക്കുന്നു.

ഒരു സ്ത്രീ ഭര്‍ത്താവിന് അല്ലെങ്കില്‍ സ്നേഹിക്കുന്ന പുരുഷന് സെക്‍സ് നിഷേധിക്കുന്നത് ക്രൂരതയാണോ അല്ലയോ എന്നു തീരുമാനിക്കുന്നത് എങ്ങനെയാണ് ? സെക്‍സിനു തയ്യാറാവുക എന്നത് ഭക്ഷണം വിളമ്പി വയ്‍ക്കുക എന്നതുപോലെ ഒരു കാര്യമാണെന്നു കരുതാന്‍ വയ്യ. പ്രായോഗികമായി ഈ തത്വശാസ്ത്രം ഒരു പുരുഷനും അംഗീകരിക്കുകയുമില്ല. സെക്സിനു സമ്മതിക്കാത്ത ഭാര്യയ്‍ക്ക് ഗുരുതരമായ തകരാറുണ്ട് എന്നേ ഏതു ഭര്‍ത്താവും ചിന്തിക്കൂ. എന്നാല്‍ സെക്‍സിനുപരിയായി ഭര്‍ത്താവും ഭാര്യയുമായുള്ള ബന്ധമാണ് സെക്‍സിന്റെ ഡിമാന്‍ഡും സപ്ലൈയും കൂട്ടിക്കിഴച്ചുള്ള ബാലന്‍സ് ഷീറ്റില്‍ ലാഭമോ നഷ്ടമോ എന്നു നിര്‍ണയിക്കുന്നത്. വീട്ടില്‍ സൗജന്യമായി സെക്‍‍സ് ലഭ്യമാക്കുന്നതിനു വേണ്ടി വിവാഹം കഴിക്കുന്നവനെ സംബന്ധിച്ച് ഭാര്യ സെക്‍സ് നിഷേധിക്കുന്നിടത്തോളം വലിയൊരു അക്രമമുണ്ടാവില്ല. പക്ഷെ,ഗാര്‍ഹികവേശ്യയായി ജീവിക്കേണ്ടി വരുന്ന അത്തരം ഭാര്യമാര്‍ ഈ വിധി കേട്ട് ചിരിക്കുമോ കരയുമോ ?

സൂക്ഷ്മമായി പരിശോധിച്ചാല്‍ മുകളില്‍ പറയുന്ന കേസില്‍ ഭര്‍ത്താവ് ഭാര്യയെ ബലല്‍സംഗം ചെയ്തിട്ടുണ്ട് എന്നു പോലും മനസ്സിലാക്കാം. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ഒരു മരം പോലെ അവസാനം വരെ ആ സ്ത്രീ യാതൊരു പ്രതികരണവുമില്ലാതെ കിടന്നു എന്നത് ഭര്‍ത്താവിന് അനുകൂലമായാണ് കോടതി നിരീക്ഷിച്ചത്. എന്നാല്‍, അത്തരത്തിലൊരു സ്ത്രീയുമായി ബന്ധപ്പെടാന്‍ തയ്യാറായ ഭര്‍ത്താവ് എന്തൊരു ഭര്‍ത്താവായിരിക്കുമെന്നാണ് ഞാനാലോചിക്കുന്നത്. ഒരു സ്ത്രീയുടെ സമ്മതമില്ലാതെ അവളുമായി ശാരീരികബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗമായി കാണാമെന്നു പറയുന്ന നിയമം ഇവിടെ കാര്യങ്ങളെ എന്തുകൊണ്ടോ വ്യത്യസ്തമായാണ് കണ്ടിരിക്കുന്നത്.

വിധിപ്രസ്താവത്തിലെ രസകരവും അതേസമയവും ഭീകരവുമായ ഭാഗം ഇതാണ്- വിവാഹം കഴിഞ്ഞ് അഞ്ചു മാസത്തിനുള്ളില്‍ 10-15 തവണ മാത്രമേ അവര്‍ക്കിടയില്‍ സെക്സ് ഉണ്ടായിട്ടുള്ളൂ എന്നതല്ല, മറിച്ച് ആദ്യരാത്രിയില്‍ ഉള്‍പ്പെടെ ഭര്‍ത്താവിന് സെക്സ് നിഷേധിക്കുക എന്ന ക്രൂരമായ പ്രവൃത്തിയും തുടര്‍ന്നും ഭാര്യ സെക്‍സില്‍ സജീവമായി പങ്കെടുക്കാത്തതിനാലും അതിനെതിരായി മറ്റൊരു വാദം ഭാര്യ ഉന്നയിക്കാത്തതിനാലും- ഭര്‍ത്താവിന് വിവാഹമോചനം അനുവദിക്കുകയാണ് കോടതി.

ആദ്യരാത്രിയില്‍ ഭര്‍ത്താവിന് പൂശാന്‍ മുട്ടിനില്‍ക്കുകയാണെങ്കില്‍ ഭാര്യ പുല്ലുപോലെ വഴങ്ങിക്കൊടുക്കണോ, അഞ്ചു മാസത്തിനിടെ 15 തവണ ബന്ധപ്പെടുന്നത് കുറവാണോ, സെക്സില്‍ ഭാര്യ എത്ര സജീവമായി പങ്കെടുക്കണം തുടങ്ങിയ കാര്യങ്ങളിലൊക്കെ വ്യക്തമായ കാഴ്ചപ്പാടോടെ ഇടപെട്ടിരിക്കുകയാണ് കോടതി. ആദ്യരാത്രി മുതല്‍ എല്ലാ ദിവസവും പ്രകടമായ ആവേശത്തോടെ ഭര്‍ത്താവിനെ സന്തോഷിപ്പിക്കുന്ന ഭാര്യയെ മാതൃകാഭാര്യ എന്നു വിശേഷിപ്പിക്കാന്‍ വാല്‍സ്യായനന്‍ പോലും തയാറാവും എന്നെനിക്കു തോന്നുന്നില്ല. ഇതൊക്കെ പൊക്കിപ്പിടിച്ച് കോടതിയില്‍ കൊണ്ടുപോകുന്ന ഭര്‍ത്താവിനും കിടപ്പറശീലങ്ങളില്‍ വരെ ആധികാരികമായി അഭിപ്രായം പറയുന്ന കോടതിക്കും ഒരു കാമഭ്രാന്തന്‍ എന്ന നിലയ്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍.