നയതന്ത്രം

മന്ത്രി സാറേ…

ആരെടാ, അവിടെ… ?

സാറേ, നമ്മടെ പിള്ളേരെടെ കാര്യം…

പേടിക്കേണ്ടെടോ… ഒരു വിധത്തില്‍ ശരിപ്പെടുത്തിയിട്ടുണ്ട്… സുവ ഒഴിവാക്കി…

സുവയോ ?

അതെയതെ… ഇനിയിപ്പോ പേടിക്കാനില്ല… ബാക്കിയുള്ള വകുപ്പുകള്‍ കൂടി നൈസായിട്ട് ഒഴിവാക്കിത്തരാം… എന്നിട്ട് ഇത്രകാലം ഇവിടെ ജയിലിലുമൊക്കെയായി കിടക്കേണ്ടി വന്നേന് ഒരു നഷ്ടപരിഹാരമൊക്കെ വാങ്ങിത്തരാം… നമ്മടെ പിള്ളാരായിപ്പോയില്ലേ ?

മനസ്സിലായില്ല സാറേ…

താന്‍ പിന്നെ ആരുടെ കാര്യമാ പറയുന്നത് ?

സാറേ, എന്റെ രണ്ടു മക്കള്‍ ചെയ്യാത്ത കുറ്റത്തിന് ഗള്‍ഫില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കിടക്കുവാണ്.. അവരെ രക്ഷിക്കണം… കൊല്ലരുത്, ജീവപര്യന്തമെങ്കിലുമാക്കിത്തരണം… എവിടെയെങ്കിലും ജീവനോടെയിരിക്കുന്നുണ്ട് എന്നു കേട്ടാല്‍ മാത്രം മതി…

ഡോ കെളവാ, തന്നെ ആരാ ഇപ്പോ ഇങ്ങോട്ട് ഒണ്ടാക്കീത് ? ഇവിടെ വളരെ സീരിയസ്സായ ഒരു വിഷയം കൈകാര്യം ചെയ്യുമ്പോഴാ.. അവന്റെ പിള്ളേര്… എറങ്ങിപ്പോടോ…

അങ്ങനെ പറയരുത് സാറേ… സാറിപ്പോ രണ്ടു പിള്ളേരെ രക്ഷിക്കുന്ന കാര്യം പറഞ്ഞല്ലോ… സാറിനിതൊക്കെ അത്ര പ്രസായമുള്ള കാര്യമല്ലല്ലോ… കൊല്ലാതിരുന്നാല്‍ മാത്രം മതി… അല്ലാതെ സാറിപ്പോ പറഞ്ഞതുപോലെ ജയിലില്‍ കിടന്നതിനു നഷ്ടപരിഹാരമൊന്നും വേണ്ട…

ഹയ്യട… താന്‍ കൊളളാലോ.. എടോ ഞാനാരടെ കാര്യമാ പറഞ്ഞേന്നു വിചാരിച്ചാ… കേട്ടിട്ടുണ്ടോ.. ഇറ്റാലിയന്‍ നാവികര്‍… ഇവരുമായി കംപയര്‍ ചെയ്യാന്‍ എന്തു യോഗ്യതയാടോ തന്റെ പിള്ളേര്‍ക്കുള്ളത്…

അവരാരെയും കൊന്നിട്ടില്ല സാറേ…

കൊന്നിട്ടില്ലെങ്കില്‍ പിന്നെ എന്നാ ഒണ്ടാക്കാനാടോ അവര്‍ക്കു വധശിക്ഷ വിധിച്ചിരിക്കുന്നത് ? ഇങ്ങനത്തെ നാറികളെ ഒക്കെ ഒണ്ടാക്കുമ്പോ ആലോചിക്കണോടോ.. എന്നിട്ട് കൊലക്കേസില്‍ പ്രതിയായപ്പോള്‍ രച്ചിച്ചണം രച്ചിച്ചണം എന്നു പറഞ്ഞു വന്നേക്കുന്നു… അവന്‍മാരെ തൂക്കിക്കൊല്ലണം എന്നാണ് എന്റെ അഭിപ്രായം… കണ്ട കൊലപ്പുള്ളികള്‍ക്കു വേണ്ടി ഇടപെട്ട് കളഞ്ഞു കുളിക്കാനുള്ളതല്ലെടോ ഈ രാജ്യത്തിന്റെ അഭിമാനം…

സാറീ പറയുന്ന നാവികര്‍ ശരിക്കും രണ്ടു പേരെ വെടിവച്ചു കൊന്നവരല്ലേ സാറേ… എന്റെ മക്കള്‍ ആരെയും കൊന്നിട്ടില്ല.. അവരെ ചതിച്ചതാണ് സാറേ..

നാവികര്‍ രണ്ടു പേരെ വെടിവച്ചു കൊല്ലുന്നത് നീ കണ്ടോടാ പുല്ലേ ? കണ്ടോന്ന്..??

അല്ല സാറേ അതിപ്പോ പത്രത്തിലും ടിവീലുമൊക്കെ എല്ലാം വന്നതാണല്ലോ…

ഞങ്ങള്‍ക്കെതിരെ വാര്‍ത്ത കൊടുക്കുന്ന ചാനലുകാരുടെ പണിതീര്‍ക്കും ഞങ്ങള്‍.. കൊന്നുകൊലവിളിക്കും… അവന്റെയൊക്കെ കുടുംബം മുടിക്കും… കഴുവേറികള്‍…

അപ്പോ മാധ്യമ സിന്‍ഡിക്കറ്റ് ശരിക്കും ഒള്ളതാണോ സാറേ ?

സിപിഎമ്മിനും ബിജെപികുമൊക്കെയെതിരെ വാര്‍ത്ത കൊടുക്കുന്നത് സത്യസന്ധമായ മാധ്യമപ്രവര്‍ത്തനമാണ്… വളരെ കുറച്ചു മാധ്യമങ്ങളേ അതു ചെയ്യുന്നുള്ളൂ.. ചാനലുകള്‍ പൊതുവേ ഞങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും മന്ത്രിമാരുടെ അഴിമതിയും അക്രമങ്ങളുമൊക്കെ സ്ഥിരമായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത് പതിവാക്കിയിട്ടുണ്ട്.. അവറ്റകളെ തീര്‍ക്കും ഞങ്ങള്‍…

സാറേ… എന്റെ പിള്ളേരടെ കാര്യം…

ഡോ, എറങ്ങിപ്പോടോ…. അവന്‍മാര് ചത്തെന്നു കൂട്ടിക്കോ… നാറികള്‍…

അങ്ങനെ പറയരുത് സാറേ… അവരാരെയും കൊന്നിട്ടില്ല… ഇറ്റാലിയന്‍ നാവികരെ സാറൊക്കെ കൂടി രക്ഷിച്ചതുപോലെ…

ഇറ്റാലിയന്‍ നാവികരെപ്പറ്റി താനിനി മിണ്ടരുത്… അവരുടെ നിറമോ സൗന്ദര്യമോ കുലമഹിമയോ വല്ലതും തന്റെ ഒണക്കപ്പിള്ളേര്‍ക്കൊണ്ടോടോ ? പോരെങ്കില്‍ ഇറ്റലിയുടെ രാഷ്ട്രീയപ്രാധാന്യം എന്താണെന്നു തനിക്കറിയാമോ ?

എനിക്കതൊന്നും അറിയത്തില്ല സാറേ… നമ്മുടെ രാജ്യത്തു വന്നു പാവപ്പെട്ട രണ്ടു മുക്കുവരെ വെടിവച്ചു കൊന്ന അവരെ സാറൊക്കെ വെറുതെ വിടാന്‍ പൂവല്ലേ… കുടുംബം പുലര്‍ത്താന്‍ വേണ്ടി അന്യരാജ്യത്തു പോയി കള്ളക്കേസില്‍ കുടുങ്ങിയ എന്റെ മക്കളെ രക്ഷിക്കണം സാറേ… നിങ്ങളെയൊക്കെ ജയിപ്പിച്ചു വിടുമ്പോള്‍ ഇത്രേം രാഷ്ട്രീയമൊക്കെയെ ഞങ്ങടെ മനസ്സിലുള്ളൂ സാറേ…

സത്യം പറയെടാ… നീ ആം ആദ്മി അല്ലേ ?

അല്ല സാറേ, ഞാനൊരു സാധാരണക്കാരനാണ്…

നീ സൂക്ഷിച്ചോ…

സാറേ.. എന്റെ പിള്ളേര്…

എടോ.. അവന്‍മാരെ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെങ്കില്‍ വധിക്കും.. താനവന്‍മാരടെ ഓരോ ഫോട്ടോ എടുത്ത് ഭിത്തിയില്‍ തൂക്ക്… പോ…

അങ്ങനെ പറയരുത് സാറേ… ഇറ്റലിക്കാര് അവിടുന്ന് ഓരോന്നു പറയുമ്പോള്‍ സാറൊക്കെ അറ്റന്‍ഷനായി നിന്നു സല്യൂട്ട് അടിച്ച് അതൊക്കെ അപ്പടി ചെയ്യുന്നുണ്ടല്ലോ… ഈ രാജ്യം ഭരിക്കുന്നത് ഇറ്റലിക്കാരൊന്നുമല്ലല്ലോ ?

അതുപിന്നെ.. അങ്ങനെയൊക്കെ ചോദിച്ചാല്‍…

പറയണം സാറേ…

ഇല്ല, ഹൈക്കമാന്‍ഡിനെതിരായി ഞാനൊന്നും പറയില്ല…

ഇറ്റലിക്കാര് അവരുടെ കൊലപ്പുള്ളികളെ രക്ഷിക്കാന്‍ എന്തൊക്കെ ചെയ്യുന്നു സര്‍… അതിന്റെ ആയിരത്തിലൊന്ന് വിദേശരാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന നിരപരാധികളായ ഇന്ത്യക്കാര്‍ക്കു വേണ്ടി ഈ സര്‍ക്കാരും ചെയ്യണ്ടേ സര്‍.. ദേശസ്‌നേഹം എന്നത് ചുമ്മാ പൊട്ടിമുളച്ച് വരുന്നതല്ല സര്‍.. അതുണ്ടാവുന്നതും നഷ്ടപ്പെടുന്നതുമൊക്കെ അനുഭവങ്ങളിലൂടെയാണ് സര്‍…

കഴുവേര്‍ട മോനെ… രാജ്യദ്രോഹക്കുറ്റത്തിന് പിടിച്ചകത്തിടും ഞാന്‍…

അങ്ങനെ പറയരുത് സാറേ… ഇന്ത്യക്കാരെ വെടിവച്ചു കൊന്ന ഇറ്റലിക്കാരെ ഊരിക്കൊടുത്തിട്ട് ഇന്ത്യക്കാരനോട് പോയി ചാവെടാ എന്നു പറയുന്ന സാറിവിടെ നില്‍ക്കുമ്പോള്‍ എന്നെ അകത്തിടുന്നത് ശരിയല്ല സര്‍…

എടോ മണ്ടച്ചാരേ… താന്‍ വെറുതെ കാടുകയറണ്ട… ഇവിടെ നിയമവും നീതിയുമൊന്നുമല്ല… നയതന്ത്രമാണ് പ്രധാനം… തന്റെ മക്കളെ രക്ഷപെടുത്താനുള്ള നയതന്ത്രമൊന്നും എന്റെ കയ്യിലില്ല… ഇനി താന്‍ കൊള്ളാവുന്ന ഏതെങ്കിലും രാജ്യത്തു പോയി രണ്ടു പിള്ളേരെ ഒണ്ടാക്ക്… എന്നിട്ട് അവന്‍മാരോട് ഇവിടെ വന്ന് കുറെയെണ്ണത്തിനെ കൊന്നൊളാന്‍ പറ… ഞാന്‍ നൈസായിട്ട് ഊരിത്തരാം… അല്ലാതെ നടക്കാത്ത കാര്യത്തിനു വേണ്ടി താന്‍ കയറിയിറങ്ങണ്ട…

ആയിക്കോട്ടെ… തിരഞ്ഞെടുപ്പ് അടുത്തു വരുന്നുണ്ടല്ലോ.. താന്‍ വോട്ടു ചോദിക്കാന്‍ അങ്ങോട്ടു വാ കേട്ടോ…

മണ്ടന്‍ !… നിന്റെയൊക്കെ വോട്ടില്ലാതെ ജീവിക്കാന്‍ പറ്റുവോന്നു ഞാനൊന്നു നോക്കട്ടെ… ഞാന്‍ രാജ്യസഭയിലോട്ടു പൊക്കോളാം.. അവിടുന്നു വന്നു ഭരിച്ചോളാം… ജനാധിപത്യത്തിലാ അവന്റെയൊരു കളി !

സാറേ… ??

ഫൂ !!!

ഇറ്റാലിയന്‍ മറീന്‍സ് ഫാന്‍സ് അസോസിയേഷന്‍

ക്രിസ്മസ് ആഘോഷിക്കാന്‍ പോയ ഇറ്റാലിയന്‍ മറീനുകള്‍ തിരിച്ചെത്തി. അവര്‍ പോയാല്‍ തിരിച്ചുവരില്ല എന്നു പറഞ്ഞവര്‍ക്കെല്ലാം കരണത്തടിച്ചതുപോലെ ഒരു ഫീലിങ്ങാണെന്നും വാക്കുപാലിച്ച് തിരിച്ചെത്തിയ ഇറ്റാലിയന്‍ മറീനുകളെ നമ്മള്‍ കണ്ടു പഠിക്കണമെന്നും ആളുകള്‍ പറയുന്നു. ചങ്ങായിമാരുടെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ കൂടി രൂപീകരിച്ചാല്‍ സംഗതി പൂര്‍ത്തിയായി.

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍പ്പോയ മറീനുകള്‍ അവിടെപ്പോയി കേക്കും മുറിച്ച് പടക്കോം പൊട്ടിച്ച് കെട്ടിയോളേം പിള്ളേരേം കണ്ട ശേഷം ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്, വരൂ നമുക്കവിടുത്തെ ജയിലുകളില്‍പ്പോയി രാപാര്‍ക്കാം എന്നും പറഞ്ഞ് മടങ്ങിവന്നതല്ല. തിരിച്ചുവന്നില്ലെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് മൂക്കില്‍കേറ്റിക്കളയുമെന്നു പേടിച്ചിട്ടോ കൊച്ചിയിലെ പൊലീസുകാരെയും ഹൈക്കോടതി കെട്ടിടവുമൊക്കെ കണ്ടുള്ള അമിതബഹുമാനം കൊണ്ടോ ആണ് ഈ മടങ്ങിവരവ് എന്നും ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നമുക്ക് തോന്നുന്നമാതിരി ഒരു അനുഭാവം സൃഷ്ടിച്ചെടുക്കാനും തദ്വാരാ കോടതിയുടെ കാരുണ്യം നേടി കേസില്‍ നിന്നു ഊരിപ്പോകാനും വേണ്ടിയാണ് പറഞ്ഞതിലും നേരത്തെ തിരിച്ചുവന്ന് മറീനുകള്‍ വന്‍പിച്ച ജനപിന്തുണ നേടിയിരിക്കുന്നത്.

തറവാട്ടില്‍ പിറന്ന, ദൈവഭയമുള്ള ഇറ്റലിക്കാരായ മറീനുകളുടെ പ്രവൃത്തിയെ എന്‍റെ മല്ലു ബുദ്ധി വച്ച് വിലയിരുത്തിയത് അപക്വവമാണെന്നു തോന്നുന്നവരുണ്ടാവും. എന്നാല്‍, മറീനുകള്‍ക്ക് പോകാനവസരമൊരുക്കിയതും അവരെ വിനയാന്വിതരായി തിരികെയെത്തിച്ചതുമെല്ലാം കേസു വാദിക്കുന്ന വക്കീലിന്‍റെ ബുദ്ധിയാണ്. ആ വക്കീലാവട്ടെ നല്ല നാടന്‍ മലയാളിയും. ഇപ്പോള്‍ പലര്‍ക്കും ഒരു വിമ്മിഷ്ടമാണ്. ഇറ്റലിയില്‍ നല്ല രീതിയിലൊക്കെ കഴിഞ്ഞിട്ടുള്ള പയ്യന്‍മാര് ഇവിടെ വന്ന് കൊതുകിന്‍റെ കടിയും കൊണ്ട് ജയിലില്‍ കിടക്കേണ്ടി വരുന്നതും പോരാഞ്ഞ്, ഇപ്പോള്‍ രാജ്യം വിട്ടു പോയ അവര്‍ സ്വന്തമായിട്ട് തിരിച്ചും വനിരിക്കുന്നു. പ്രെയ്സ് ദി ലോര്‍ഡ് !

ടിപി വധക്കേസിലെ പ്രതികളെല്ലാവരും വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് വചനപ്രഷോഘഷണത്തിനു പോകുന്ന പെന്തക്കോസ്തുകാരെപ്പോലെ കോടതിയിലേക്കു പോകുന്നതും ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ഇറ്റാലിയന്‍ മറീനുകള്‍ നല്ല കുട്ടികളായി മടങ്ങിവന്നതും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ടിപി വധക്കേസ് പ്രതികളെ കാണുമ്പോള്‍ നമ്മള്‍ കളിയാക്കി ചിരിക്കുകയും ഇറ്റലിക്കാരെ കാണുമ്പോള്‍ സല്യൂട്ടടിക്കുകയും ചെയ്യും. രാഷ്ട്രീയ-സാമുദായിക സ്വാധീനമില്ലാത്ത രണ്ടു മീന്‍പിടുത്തക്കാരെ പ്രകോപനമില്ലാതെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെയാണ് പറഞ്ഞ സമയത്ത് തിരിച്ചുവന്നതിന് കേരളം ആരാധിക്കുന്നത്. അവര്‍ വെറും മീന്‍പിടുത്തക്കാരായതുകൊണ്ട് മറൈന്‍ ഡ്രൈവില്‍ മെഴുകുതിരിപ്രദക്ഷിണം ഉണ്ടായില്ല. ന്യൂ ജനറേഷന്‍ സിനിമക്കാര്‍ വന്നു മുതലക്കണ്ണീരൊഴുക്കിയുമില്ല. ഇപ്പോള്‍ ആരും അവരുടെ പേരുപോലും ഓര്‍ക്കുന്നില്ല. നഷ്ടപരിഹാരം കൈപ്പറ്റി വീട്ടുകാര്‍ പരാതിയില്ല എന്നെഴുതിക്കൊടുത്തിട്ടും അവരെ വിട്ടയക്കാത്തതിന്‍റെ നീതികേടിനെപ്പറ്റി വരെ മറീന്‍ ഫാന്‍സിന് ആശങ്കയുമുണ്ട്.

വീട്ടുകാര്‍ പണം കൈപ്പറ്റി പരാതി പിന്‍വലിച്ചതുകൊണ്ട് കൊല്ലപ്പെട്ടര്‍ക്ക് നീതി ലഭിക്കുന്നില്ല. ഈ മറീന്‍ കുഞ്ഞാടുകളെ കരയിലെത്തിക്കാനും ചോദ്യം ചെയ്യാനുമൊക്കെ ഇവിടുത്തെ പോലീസ് കഷ്ടപ്പെട്ടത് എത്രയാണെന്നും വെടിവച്ചുകൊന്നതില്‍ തെറ്റില്ലെന്ന മട്ടില്‍ മറീനുകള്‍ക്കു വേണ്ടി വാദമുയര്‍ന്നതും മറന്നുകൊണ്ട് ഈ മടങ്ങിവരവോടെ അവരെയങ്ങു വാഴ്‍ത്തപ്പെട്ടവരാക്കി പ്രഖ്യാപിക്കുന്നത് ശരിയല്ല. നമ്മെ സംബന്ധിച്ച് മീന്‍പിടുത്തക്കാരായ നമ്മുടെ രണ്ടു സഹോദരന്‍മാരെ അകാരണണായി വെടിവച്ചുകൊന്നവരാണ് മറീനുകള്‍. അവര്‍ തിരിച്ചുവന്നത് ഇനി തിരിച്ചുവരേണ്ടാത്ത ഒരു പോക്കിനു കളമൊരുക്കുന്നതിനാണ്. അവരെയാരാധിച്ച് അത്രയും ആരാധന വേസ്റ്റ് ആക്കുന്നത് മണ്ടത്തരമാണ്.