ന്റെ സിവനേ….

ന്യൂജനറേഷന്‍ സിനിമക്കാര്‍ മൊത്തത്തില്‍ കഞ്ചാവടിക്കാരാണെന്നാണ് ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍ പറയുന്നത്. ഓള്‍ഡ് ജനറേഷന്‍കാര്‍ അവരുടെ സിനിമകളില്‍ നായകന് ദൈവത്തിന്റെ പവറുകള്‍ നല്‍കിയും ക്ലൈമാക്‌സിലും മറ്റും നായകനെ ദൈവവുമായി താദാത്മ്യപ്പെടുത്തിയുമൊക്ക പ്രേക്ഷകര്‍ക്കു വിശ്വാസം പകര്‍ന്നിരുന്നെങ്കില്‍ പല ന്യൂജനറേഷന്‍ പടങ്ങളിലും ദൈവത്തിന്റെ സ്ഥാനത്തു കഞ്ചാവിനെയാണ് പ്രതിഷ്ഠിക്കുന്നത്. എല്ലാ ന്യൂജന്‍ പടങ്ങളും ഞാന്‍ കണ്ടിട്ടില്ല എങ്കിലും കണ്ടതില്‍ പകുതിയോളം സിനിമകളിലെയും നായകനുള്‍പ്പെടെയുള്ളവര്‍ കഞ്ചാവിനോട് വലിയ ബഹുമാനമുള്ളവരാണ്.

അടുത്തയാഴ്ച വരാനിരിക്കുന്ന ആഷിക് അബുവിന്റെ ഇടുക്കി ഗോള്‍ഡില്‍ കഞ്ചാവിന്റെ പങ്കെത്രയാണെന്നോ റോള്‍ എന്താണെന്നോ നമുക്കറിയില്ല. ഇടുക്കി ഗോള്‍ഡ് എന്നത് കഞ്ചാവിന്റെ അപരനാമങ്ങളിലൊന്നാണെന്നാണ് പലരും പറയുന്നത്. സിനിമയുടെ ട്രെയിലറിലും കഞ്ചാവിന് വളരെ മാന്യമായ സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നു വിവാദമായ സിനിമയുടെ പോസ്റ്ററില്‍ സാക്ഷാല്‍ പരമശിവനും ചെഗുവേരയും കൂടിയിരുന്ന് കഞ്ചാവു പുകയ്ക്കുന്ന ചിത്രമാണ് ഉള്ളത്. ട്രെയിലറിലും ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചിരുന്ന ഇടുക്കി ഗോള്‍ഡിനെപ്പറ്റി പറയുന്നുമുണ്ട്.

കേരളത്തില്‍ എന്തെങ്കിലും ഒരു സംഗതി വിവാദമാകാന്‍ പ്രത്യേകിച്ച് കാരണങ്ങളുടെ ആവശ്യമില്ല. അത് ജാതി-മത-ദൈവങ്ങളുമായി ബന്ധപ്പെട്ടുള്ളതാണെങ്കില്‍ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല.ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്ററില്‍ പരമശിവന്‍ കഞ്ചാവ് വലിക്കുന്നതായി കൊടുത്തത് മതവികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് യാദൃച്ഛികമല്ല. കാരണം, ശിവഭക്തരെല്ലാം കഞ്ചാവുഭക്തരല്ല. കഞ്ചാവിനോട് ന്യൂജനറേഷന്‍കാര്‍ക്കുള്ള ഭക്തി പോസ്റ്റര്‍ കാണുന്ന മറ്റു ജനറേഷന്‍കാര്‍ക്കുണ്ടാവില്ല. കഞ്ചാവ് നിരോധിക്കപ്പെട്ട ലഹരിവസ്തുവാണ്. ശിവന്‍ മുതല്‍ ചെഗുവേര വരെ വലിച്ചു എന്നൊക്കെ വീമ്പടിച്ചിട്ടു കാര്യമില്ല, അഞ്ച് ഗ്രാമിലധികം കയ്യില്‍ പിടിച്ചാല്‍ പൊലീസ് പിടിച്ചോണ്ടുപോകും. അതുകൊണ്ട് കഞ്ചാവിന്റെ ജനകീയവല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ തല്‍ക്കാലം അത് സാധ്യമാവില്ല.

ഇനി ശിവനെ കഞ്ചാവിനോടൊപ്പം പോസ്റ്ററില്‍ കൊടുത്തതിന്റെ നീതിന്യായങ്ങള്‍ നോക്കാം. ആഷിക് അബു മുസ്ലിം ആയതുകൊണ്ട് ബോധപൂര്‍വം ശിവനെ അധിക്ഷേപിക്കാന്‍ വേണ്ടിയാണ് പോസ്റ്ററില്‍ അങ്ങനെ കൊടുത്തത് എന്നതാണ് പ്രധാനവ്രണിതവികാരവാദം. വ്യക്തിപരമായി എനിക്കാ വാദത്തോട് യോജിപ്പില്ല. എന്നാല്‍, അങ്ങനെയൊരു വാദമുന്നയിക്കപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ ആഷിക് അബുവിനു സാധിച്ചില്ലെങ്കില്‍ അത് കഷ്ടമാണ്. വര്‍ഗീയവാദികളുടെ നാടാണ്, ആരോപണങ്ങള്‍ക്കു ജനറേഷന്‍ പരിഗണനകളുണ്ടാവില്ല.

ശിവന്‍ കഞ്ചാവു വലിച്ചിരുന്നു എന്നു ചരിത്രരേഖകള്‍ വച്ചു സാധൂകരിക്കാനും കഞ്ചാവ് കലര്‍ത്തിയ പാനീയം എവിടെയോ പ്രസാദമായി നല്‍കുന്നുണ്ടെന്നതിനാല്‍ പോസ്റ്ററില്‍ തെറ്റില്ല എന്നും പറഞ്ഞ് മറ്റൊരു കൂട്ടര്‍ ഇതിനെ ന്യായീകരിക്കാനും രംഗത്തുണ്ട്. രണ്ടു കൂട്ടരും തമ്മിലുള്ള വാദപ്രതിവാദം സ്വാഭാവികമായും മതസ്പര്‍ധയിലേക്കും ഇരുകൂട്ടരുടെയും വികാരങ്ങള്‍ വ്രണപ്പെടുത്തുന്നതിലേക്കും ഒടുവില്‍ പച്ചത്തെറിയിലേക്കും എത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍ കാണുന്നത്. സ്ഥിതി പരിതാപകരം തന്നെ.

ഈ പോസ്റ്ററും പൊക്കിപ്പിടിച്ച് ശിവന്‍ കഞ്ചാവ് വലിച്ചിരുന്നോ എന്നു പരിശോധിച്ചു തെളിയിക്കാന്‍ പുറപ്പെട്ട സത്യാന്വേഷികള്‍ക്കു കൂപ്പുകൈ. ശിവനും ചെഗുവേരയും കഞ്ചാവ് വലിച്ചിരുന്നു എന്നു പുരാണത്തെയും ചരിത്രത്തെയും ഉദ്ധരിച്ചു തെളിയിക്കാന്‍ കഴിഞ്ഞാല്‍ അതിന്റെ അര്‍ഥം ഒരു സിനിമയുടെ പോസ്റ്ററില്‍ ഇരുവരെയും കഞ്ചാവു വലിക്കാരായി ചിത്രീകരിക്കാമെന്നല്ല. ഗാന്ധിജി സ്വന്തം കക്കൂസ് കഴുകിയിരുന്നു എന്നു ചരിത്രത്തില്‍ പറയുന്നുണ്ട് എന്നതു മുതലാക്കി ഗാന്ധിജി കക്കൂസ് കഴുകുന്നതായി ചിത്രീകരിച്ച് ക്ലോസറ്റ് കമ്പനി പരസ്യം കൊടുക്കുന്നതുപോലെയൊരു ആഭാസമാണ് ഇടുക്കി ഗോള്‍ഡിന്റെ പോസ്റ്റര്‍. ഒഴിമാക്കാമായിരുന്നു.

ഇതൊന്നും മനസ്സിലാകാത്തവരോ ഉള്‍ക്കൊള്ളാനാകാത്തവരോ അല്ല മലയാളികള്‍. എന്നാല്‍ ഇതൊക്കെ വച്ച് മുതലെടുപ്പിനു ശ്രമിക്കുന്ന ആളുകള്‍ക്ക് ഇന്ധനമായി ഇത്തരത്തിലൊരു സൃഷ്ടി നടത്തേണ്ടിയിരുന്നില്ല എന്നാണ് എന്റെ അഭിപ്രായം. ഈ പോസ്റ്റര്‍ ഇറക്കിയവര്‍ വിവാദമൊക്കെ കണ്ട് ഭയപ്പെട്ടിരിക്കുകയാണെന്നൊന്നും ഞാന്‍ കരുതുന്നില്ല. പടത്തിന്റെ മാര്‍ക്കറ്റിങ് തന്ത്രം വിജയിച്ചതിന്റെ ആഘോഷത്തിനായി എല്ലാവരും ഓരോ മൂലയ്ക്കിരുന്ന് ഇടുക്കി ഗോള്‍ഡ് ആഞ്ഞാഞ്ഞു വലിക്കുകയായിരിക്കും (ശിവനും ചെഗുവേരയുമൊക്കെ വലിച്ച സാധനം ഞങ്ങള്‍ കൈകൊണ്ടു തൊടില്ല എന്നു കൂടി പറയരുത്). പിന്നെ, ഒരു കലാകാരന്‍ തന്റെ കലാസൃഷ്ടിയെ ജനങ്ങളിലേക്കെത്തിക്കാന്‍ നിഷ്‌കളങ്കരായ ജനങ്ങളുടെ വര്‍ഗീയവികാരം ഇളക്കിവിടുന്നതില്‍ തെറ്റില്ല എന്നു കരുതുന്നുണ്ടെങ്കില്‍ അത് അയാളിലെ കലാകാരന്റെ നാശത്തിന്റെ തുടക്കമാവാനേ സാധ്യതയുള്ളൂ. അതിഭീകരമാം വിധം സാധാരണം എന്ന തലക്കുറിപ്പുള്ള ഒരു സിനിമയ്ക്കുവേണ്ടി ഇത്തരം പോസ്റ്ററുകളുണ്ടാക്കുന്നവരെ നോക്കി ആളുകളെ നോക്കി – ഡാ മ്ലേച്ഛാ! എന്നു ജനം വിളിച്ചാല്‍ അതൊരു അംഗീകാരമായി കാണേണ്ടതില്ല.

ലുട്ടാപ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷം: മായാവി

കാട്ടിലെ ജീവജാലങ്ങളുടെ സംരക്ഷകനാകാന്‍ എന്തു കൊണ്ടും യോഗ്യന്‍ ലുട്ടാപ്പി ആണെന്നും ലുട്ടാപ്പിയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളൂ എന്നും കുട്ടികളുടെ ഉറ്റതോഴനായ മായാവി പറഞ്ഞു. രാജുവിന്റെയും രാധയുടെയും ഹാപ്പി ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്കു ശേഷം മടങ്ങുമ്പോഴാണ് മായാവി ഇക്കാര്യം വെളിപ്പെടുത്തിയത്. കാട്ടിലെ മൃഗങ്ങളുടെ കാര്യത്തിലും അവരുടെ സുരക്ഷയിലും ശ്രദ്ധിക്കാതെ ഫുള്‍ടൈം രാധയുടെ വായില്‍നോക്കി നടക്കുന്ന മായാവിയെ നീക്കി മറ്റാരെയെങ്കിലും കാടിന്റെ ചുമതലയേല്‍പിക്കണമെന്ന് മൃഗങ്ങളുടെ ഭാഗത്തു നിന്ന് ആവശ്യമുയര്‍ന്നിരിക്കെയാണ് മായാവി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു മഹദ്്‌വ്യക്തിയാണ് ലുട്ടാപ്പി. അദ്ദേഹത്തിന്റെ മൊട്ടത്തലയും കുന്തവുമൊക്കെ ലാളിത്യത്തിന്റെ ചിഹ്നങ്ങളാണ്. കാട്ടില്‍ എല്ലാവരുടെയും പുച്ഛവും പരിഹാസവുമേറ്റ് കഴിയുകയാണെങ്കിലും ലുട്ടാപ്പി ദീര്‍ഘവീക്ഷണവും കാടിനെയാകെ നയിക്കാനുള്ള കരുത്തും അറിവുമൊക്കെയുള്ള കുട്ടിച്ചാത്തനാണ്. രാജുവിന്റെയും രാധയുടെയും ശോഭനമായ ഭാവി ലുട്ടാപ്പിയുടെ കരങ്ങളില്‍ സുരക്ഷിതമാണ്. പ്രായം കുറെയുണ്ടെങ്കിലും കാഴ്ചയില്‍ കൊച്ചുകുട്ടിയെപ്പോലിരിക്കുന്ന ലുട്ടാപ്പി ഐശ്വര്യത്തിന്റെ പ്രതീകമാണ്. ലുട്ടാപ്പിയുടെ കീഴില്‍ ഒരു അസിസ്റ്റന്റായി ശിഷ്ടകാലം കഴിയണമെന്നാണ് തന്റെ ആഗ്രഹം- മായാവി വ്യക്തമാക്കി.

ഓം ഹ്രീം കുട്ടിച്ചാത്താ എന്നു വിളിക്കുമ്പോള്‍ റിക്വസ്റ്റ് വന്ന ഭാഗത്ത് പറന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജോലി വര്‍ഷങ്ങളായി മായാവിയുടെ കുത്തകയായിരുന്നു. കാടിന്റെയും മൃഗങ്ങളുടെയും സുരക്ഷയും രാജുവിന്റെയും രാധയുടെയും സംരക്ഷണവും മായാവി നിര്‍വഹിക്കുമെന്നായിരുന്നു സങ്കല്‍പമെങ്കിലും മായാവിയുടെ ശ്രദ്ധ രാധയുടെ കാര്യത്തില്‍ മാത്രമായതോടെയാണ് മായാവിയുടെ സല്‍പേരിനു കളങ്കമുണ്ടായത്. ഇതോടെ മായാവിയെ നീക്കി കാടിന്റെ സംരക്ഷണം ആദിവാസികളെ ഏല്‍പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മായാവിയെ നിയന്ത്രിക്കുന്നത് കാട്ടിലെ ജൈവസമ്പത്തു കൊള്ളയടിക്കാനാഗ്രിക്കുന്ന ഒരു വിദേശ ദുര്‍മന്ത്രവാദിനിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുമായി മായാവി എത്തിയത്.

ഇതോടൊപ്പം, കുട്ടൂസനും ഡാകിനിയുമടങ്ങുന്ന ദുര്‍മന്ത്രവാദ കൂട്ടുകെട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന സുപ്രധാന പ്രഖ്യാപനവും മായാവി നടത്തി. വിക്രമനും മുത്തുവുമാണ് കാടിന്റെ ശാപം. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമൊക്കെ തന്നെപ്പോലെ മന്ത്രവും തന്ത്രവുമൊക്കെ അറിയുന്നവരാണ്. സമാനചിന്താഗതിക്കാരായവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. കുട്ടൂസന്‍ തരക്കേടില്ലാത്ത മന്ത്രവാദിയും നല്ല യോഗിയുമായിരുന്നു. പിന്നീട് ഡാകിനിയുമായുള്ള കൂട്ടുകെട്ടു തുടങ്ങിയതിനു ശേഷമാണ് വഷളായിപ്പോയത്. അതേ സമയം, മന്ത്രവാദികളും കുട്ടിച്ചാത്തന്‍മാരുമായി സ്ഥിരം ശത്രുതതയോ സൗഹൃദമോ ഇല്ലെന്നും മായാവി വ്യക്തമാക്കി.

കാട്ടില്‍ നിന്നും കഞ്ചാവു മുറിച്ചു കടത്തിയെന്ന വിവാദത്തില്‍ തനിക്കൊന്നും മൂടിവയ്ക്കാനില്ലെന്നും അതുകൊണ്ടാണ് തന്നെ ചോദ്യം ചെയ്യാന്‍ ഫോറസ്റ്റുകാരെ അനുവദിക്കാത്തതെന്നും മായാവി പറഞ്ഞു. കാട്ടില്‍ നിന്നു ചന്ദനമരങ്ങളും തേക്കും ഈട്ടിയുമൊക്കെ കാണാതാകുന്നതിനു പിന്നിലും കഞ്ചാവു കൃഷിക്കു പിന്നിലും വിക്രമനും മുത്തുവുമാണ്. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടി അവര്‍ എല്ലാം മന്ത്രവാദികളിലും കുട്ടിച്ചാത്തന്‍മാരിലും ആരോപിക്കുകയാണെന്നും വിക്രമനും മുത്തുവും ഫോറസ്റ്റുകാരുടെ ചാരന്‍മാരായി അഭിനയിക്കുകയാണെന്നും മായാവി പറഞ്ഞു. കാടിന്റെ പുരോഗതിക്ക് മൃഗങ്ങള്‍ പട്ടിണി കിടക്കണമെന്നും പുലിത്തോല്‍, ആനക്കൊമ്പ് എന്നിവയുടെ കയറ്റുമതിയിലൂടെ കാടിനു വലിയ സാമ്പത്തികപുരോഗതി നേടാന്‍ കഴിയുമെന്നും മായാവി പറഞ്ഞു.