ചരിത്രം കുറിച്ച് ഗ്യാങ്‌സ്റ്റര്‍

ഈ പോസ്റ്റില്‍ ആക്ഷേപഹാസ്യമില്ല. പ്രേക്ഷകര്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രം പുതിയ ചരിത്രം കുറിക്കുന്നതിന്റെ കഥയാണ്. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 100 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചിട്ടാണ് 50 കോടി രൂപ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടതെങ്കില്‍ ഗ്യാങ്‌സ്റ്റര്‍ പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം വാരത്തില്‍ തന്നെ 50 കോടി നേടുന്ന ലക്ഷണമാണ്.

ഗ്യാങ്‌സ്റ്റര്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിവേകമോ കലാബോധമോ കേരളത്തിലെ പ്രേക്ഷകര്‍ക്കില്ലാതെ പോയതാണ് സിനിമക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു കാരണം എന്നു ഞാന്‍ അന്നു തന്നെ പറഞ്ഞിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓണ്‍ലൈന്‍ മീഡിയ പുറത്തുവിട്ടിരിക്കുന്ന ഗ്യാങ്സ്റ്ററിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വവിധ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗ്യാങ്‌സ്റ്റര്‍ ആദ്യദിവസം ആറു കോടി രൂപയും രണ്ടാം ദിവസം 3.8 കോടി രൂപയും മൂന്നാം ദിവസം 4.6 കോടി രൂപയും നേടിയിട്ടുണ്ട്. ഇതിനു പുറമേ കൈരളി ചാനല്‍ അഞ്ചു കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതായത് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ സിനിമ നേടിയത് 19.4 കോടി രൂപ.

ഇത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണ്. ആദ്യമൂന്നു ദിവസത്തെ കലക്ഷന്റെ ഗ്രാഫ് നോക്കിയാല്‍ ഇതിനോടകം സിനിമ ഏറ്റവും കൂറഞ്ഞത് 30 കോടി രൂപയെങ്കിലും നേടിയിട്ടുണ്ടാകുമെന്നുറപ്പിക്കാം. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി ഓടിയ ദൃശ്യം നേടിയത് 50 കോടി രൂപയാണെന്നിരിക്കെ പ്രേക്ഷകരുടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടും ഗ്യാങ്സ്റ്റര്‍ വെറും ഒരാഴ്ച കൊണ്ട് 30 കോടി നേടിയെങ്കില്‍ അത് പുതിയ ചരിത്രമാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. ഗ്യാങ്‌സ്റ്ററിനെപ്പറ്റി പറഞ്ഞു കേട്ടിട്ടാണോ അതോ സിനിമ തന്നെ കണ്ടിട്ടാണോ- ഗ്യാങ്‌സ്റ്റര്‍ ഹിന്ദിയില്‍ നിര്‍മിക്കുന്നതിനായി ആമിര്‍ ഖാന്‍ ആഷിക് അബുവിന്റെ പിന്നാലെ നടക്കുകയാണെന്നും കേള്‍ക്കുന്നു. അഞ്ചുകോടി രൂപ കൊടുത്ത് ഗ്യാങ്സ്റ്ററിന്റെ റൈറ്റ് വാങ്ങി ഹിന്ദിയിലിറക്കാനാണേ്രത ആമിര്‍ ഖാന്‍ ഉദ്ദേശിക്കുന്നത്. കുഴപ്പം സിനിമയുടെയല്ല കേരളത്തിലെ അലവലാതി പ്രേക്ഷകരുടെയാണെന്ന് ഞാന്‍ അന്നു പറഞ്ഞത് ശരി വയ്ക്കുന്നതാണ് സത്യസന്ധവും സുതാര്യവുമായ ഈ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍.

ഇനി ഗ്യാങ്‌സ്റ്ററിനെ വിമര്‍ശിക്കുന്നത് ആരാണ് എന്നതാണ് അടുത്ത ചോദ്യം. ഗ്യാങ്‌സ്റ്ററിന്റെ യഥാര്‍ഥ പ്രേക്ഷകരല്ല സിനിമയുടെ വിമര്‍ശകരെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഓണ്‍ലൈനായും റോഡിലും ചായക്കടയിലും മറ്റുമിരുന്ന് ഓഫ്‌ലൈനായും വിമര്‍ശിക്കുന്നവര്‍ പ്രേക്ഷകരല്ല മറിച്ച് വര്‍ഗീയവാദികളും സിപിഎം വിരുദ്ധരും സദാചാരഗുണ്ടകളുമാണത്രേ. നല്ല പ്രേക്ഷകര്‍ക്ക് ഒരിക്കലും ഗ്യാങ്സ്റ്ററിനെ എന്നല്ല ആഷിക് അബുവിന്റെ ഒരു സിനിമയെയും തള്ളിപ്പറയാനാവില്ല എന്നാണ് പുരോഗമനവാദികളുടെ വിലയിരുത്തല്‍.

ആഷിക് അബുവിന്റെയും സഹപ്രവര്‍ത്തകരുടെയും സമുദായം നോക്കിയാണ് പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നത് എന്നതാണ് പ്രധാന വാദം. ആഷികിന്റെ ഭാര്യ മറ്റൊരു സമുദായക്കാരി ആയതുകൊണ്ട് ഇരു സമുദായങ്ങളിലും നിന്നുള്ള വര്‍ഗീയവാദികള്‍ ആഷികിന്റെ സിനിമയെ തകര്‍ക്കാന്‍ രംഗത്തിറങ്ങുകയായിരുന്നത്രേ. അതായത് വര്‍ഗീയവാദികള്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നെന്ന്. മറ്റൊരു വാദം ആഷിക് ഇടതുപക്ഷ അനുഭാവിയായതുകൊണ്ടും തിരഞ്ഞെടുപ്പു കാലത്ത് ആഷിക് ഇ.അഹമ്മദിനെയും ഭാര്യ റിമ ഷീല ദീക്ഷിതിനെയും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതുകൊണ്ട് സിപിഎം വിരുദ്ധര്‍ കൂട്ടത്തോടെ വന്നു സിനിമയെ ആക്രമിക്കുകയായിരുന്നു എന്നതാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. മാതാ അമൃതാനന്ദമയിയുടെ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി നായകനായ, കൈരളി അഞ്ചു കോടി രൂപയ്ക്ക് റൈറ്റ് വാങ്ങിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ തകര്‍ക്കാന്‍ അമൃത ടിവി ഗ്യാങ്‌സ്റ്റര്‍ മോശമാണെന്നു റിപ്പോര്‍ട്ട് കൊടുത്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം വിരുദ്ധ- വര്‍ഗീയ ചേരികള്‍ ഒരുമിച്ചു നിന്നു നടത്തുന്ന കുപ്രചരണമാണ് ഗ്യാങ്സ്റ്ററിനെതിരെയുള്ള റിവ്യൂവിന്റെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നത് വിസ്മയകരമാണ്.

ഗ്യാങ്സ്റ്ററിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ട് മറ്റൊരു ധാരയും രംഗത്തു വന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയിലും എടുത്തിട്ടുള്ള ആഷിക് അബുവിന്റെ സിനിമ എന്ന നിലയില്‍ ഗ്യാങ്സ്റ്റര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നാണ് പൊതുവേയുള്ള വാദം. രമേഷ് പിഷാരടി എന്നൊരു മിമിക്രിക്കാരന്റെ പോസ്റ്റാണ് ഇതില്‍ ഏറ്റവും രസകരം. ആദാമിന്റെ മകന്‍ അബു ആഘോഷിക്കാതെ കൃഷ്ണനും രാധയും പരിഹസിച്ച് ആഘോഷിച്ചവരോടാണ് രമേഷിനു പറയാനുള്ളത്. അതിതാണ്.

“മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായ് “THANKS TO ALL MY FACE BOOK FRIENDS” എന്ന് എഴുതിയ ആളാണ്‌ ആഷിക് അബു …………………സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ …………….സുരക്ഷിതമായ്‌ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമ വഴികളില്‍ യാത്ര ചെയ്ത ആള്‍ ……………….
GANGSTER ഇഷ്ടമെങ്കില്‍ കാണാം മോശമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം ”

മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി താങ്ക്‌സ് ടു ഓള്‍ മൈ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് എന്നെഴുതുന്നതും സിനിമ എടുക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് തമാശക്കാരന്‍ വ്യക്തമാക്കുന്നില്ല. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ എഴുതിയതാര് എന്ന പിഎസ്‌സി ചോദ്യമാണെങ്കില്‍ ഉത്തരം ആഷിക് അബു എന്നെഴുതാം. ആഷിക് അബു അങ്ങനെ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെപ്പറ്റി മോശം അഭിപ്രായം പറയരുത് എന്നാണ് മിസ്റ്റര്‍ രമേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. പാവം.

ആഷിക് അബുവിനെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരാള്‍ എന്നാണ് രമേഷ് വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് എന്നു വച്ചാല്‍ എന്താണ് എന്ന് മനസ്സിലാക്കിയതിനു ശേഷം രമേഷ് അത്തരത്തിലുള്ള കിരീടങ്ങള്‍ വച്ചുകൊടുക്കുന്നതാവും ഉചിതം എന്നു തോന്നുന്നു. സൂപ്പര്‍ ഹിറ്റുകളൊന്നും സൃഷ്ടിച്ചിട്ടുള്ള ആളല്ല ആഷിക് അബു. അദ്ദേഹത്തിന്റെ സിനിമകളില്‍ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മാത്രമാണ്. എന്നാല്‍, കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വച്ചു നോക്കിയാല്‍ ഗ്യാങ്‌സ്റ്റര്‍ ഒരു മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നു നിസ്സംശയം പറയാം.

ഗ്യാങ്സ്റ്റര്‍ വളരെ ക്രൂരമായി വിമര്‍ശിക്കപ്പെട്ട ഒരു സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. മലയാളത്തില്‍ ഒരു സിനിമ ഇത്തരത്തില്‍ വിമര്‍ശിച്ചപ്പെടുന്നത് ഇതാദ്യമല്ല. ഈ പ്രേക്ഷകര്‍ തന്നെയാണ് ഇവിടെ സിനിമകള്‍ക്കു റെക്കോര്‍ഡ് കലക്ഷന്‍ നേടിക്കൊടുക്കുന്നതെന്നും മറക്കരുത്. പ്രേക്ഷകരുടെ അഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കുമെതിരെ പട നയിക്കാന്‍ തീരുമാനിക്കുന്നതിനെക്കാള്‍ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനമില്ല. സരോജ് കുമാര്‍ പണ്ടു പറഞ്ഞതുപോലെ ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. വേണ്ട സമയത്തു വേണ്ടതു ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ‘കൃഷി’ നശിപ്പിക്കും. #God Speed

ഗ്യാങ്‌സ്റ്റര്‍ (റിവ്യൂ)

ഭരതനും പത്മരാജനും ശേഷം മലയാളസിനിമയെ നിലവാരമുള്ള സിനിമകളുടെ കാലത്തേക്കു തിരികെ കൊണ്ടുവന്ന ആഷിക് അബു എന്ന മഹാനായ ചലച്ചിത്രകാരന്റെ ഏറ്റവും പുതിയ ക്ലാസിക് ആണ് മമ്മൂട്ടി നായകനായ ഗ്യാങ്സ്റ്റര്‍. ലോകനിലവാരത്തിലുള്ള തിരക്കഥയും ദാര്‍ശനികസ്പര്‍ശമുള്ള സംഭാഷണങ്ങളും അനുനിമിഷം ഭാവങ്ങള്‍ മാറിമറിയുന്ന മമ്മൂട്ടിയുടെ പ്രകടനവും തുടങ്ങി എല്ലാം ഒന്നിനൊന്നു മികച്ചു നില്‍ക്കുന്ന ചിത്രമാണ് ഗ്യാങ്സ്റ്റര്‍.

ചിത്രത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ ആസൂത്രിതമായ കുപ്രചരണങ്ങളും സിനിമ കണ്ടിറങ്ങുന്നവരുടെ നേതൃത്വത്തില്‍ ഹീനമായ അഭിപ്രായപ്രകടനങ്ങളും നടക്കുന്നുണ്ടെങ്കിലും സിനിമ എന്ന മാധ്യമത്തെ ഉദ്ധരിക്കുന്ന, മലയാള സിനിമയെ ലോകസിനിമയുടെ നിലവാരത്തിലേക്കു കൈപിടിച്ചുയര്‍ത്തുന്ന വളരെ വ്യത്യസ്തവും വിസ്മയകരവുമായ ഒരു ദൃശ്യാനുഭവമാണ് ഗ്യാങ്സ്റ്റര്‍. ഇത്തരത്തിലൊരു സിനിമ മലയാളത്തില്‍ എടുക്കാന്‍ സന്മനസ്സു കാണിച്ചതിന് ആഷിക് അബുവിനോട് ഓരോ മലയാളിയും മലയാള സിനിമാവ്യവസായവും കടപ്പെട്ടിരിക്കുന്നു.

ദൃശ്യം പോലുള്ള മൂന്നാം കിട ചിത്രങ്ങള്‍ തിയറ്ററുകളില്‍ റെക്കോര്‍ഡ് കലക്ഷന്‍ നേടുമ്പോള്‍ അത്തരത്തില്‍ എത്ര മൂന്നാംകിട ചിത്രങ്ങള്‍ വേണമെങ്കിലും എടുക്കാമായിരുന്നിട്ടും അതൊന്നും വേണ്ടെന്നു വച്ച് ഗ്യാങ്‌സ്റ്റര്‍ പോലൊരു നിലവാരമുള്ള ചിത്രം എടുക്കാന്‍ ധീരത കാണിച്ചു എന്നതാണ് ആഷിക് അബുവിനെ വര്‍ത്തമാനകാല മലയാള സിനിമയിലെ അദ്ഭുത പ്രതിഭയാക്കി മാറ്റുന്നത്. വിവരമില്ലാത്ത, നിലവാരമില്ലാത്ത നാലാംകിട പ്രേക്ഷകര്‍ക്ക് ഈ സിനിമയും ഇതിന്റെ സന്ദേശവും മനസ്സിലാക്കാന്‍ സാധിച്ചാല്‍ ഗ്യാങ്സ്റ്റര്‍ മലയാള സിനിമയിലെ നാഴികക്കല്ലായി മാറും. എന്നാല്‍, ഗ്യാങ്സ്റ്ററിനെ മലയാളത്തിലെ മറ്റു സംവിധായരുടെ സിനിമ പോലെ വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുന്നതിലൂടെ അത്തരത്തിലൊരു ഉള്‍ക്കാഴ്ചയോടെ സിനിമയെ വിലയിരുത്താന്‍ നാലാംകിട പ്രേക്ഷകര്‍ തയ്യാറാവില്ല എന്നാണ് മനസ്സിലാവുന്നത്.

ഗ്യാങ്സ്റ്ററിനെതിരെ ഫെയ്‌സ്ബുക്കിലൂടെയും അല്ലാതെയും നടക്കുന്ന വിമര്‍ശനങ്ങള്‍ കേരള സമൂഹത്തിന്റെ ധൈഷണികമായ അധപതനത്തിന്റെയും സാംസ്‌കാരികസമുന്നതിയുടെ നേര്‍ക്കുള്ള പ്രതിലോമകരമായ മനോഭാവങ്ങളുടെയും വേട്ടയാടപ്പെടുന്നവരുടെ പരിപ്രേക്ഷ്യങ്ങളില്‍ ചലച്ചിത്രകാരന്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള അജ്ഞതയുടെയും സൂചനയാണ്. ഒരു 20 വര്‍ഷത്തിനു ശേഷം മാത്രം മലയാളിക്കു മനസ്സിലാക്കാന്‍ കഴിയുന്ന ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍ എന്ന് നിസ്സംശയം പറയാം. കാലത്തിനു മുന്‍പേ സഞ്ചരിക്കുന്ന ചലച്ചിത്രകാരന്‍ എന്ന നിലയ്ക്ക് ആഷിക് അബു പഴി കേള്‍ക്കുന്നതില്‍ അദ്ഭുതമില്ല. ജീത്തു ജോസഫിനെപ്പോലുള്ള നാലാംകിട സംവിധായകരുടെ സിനിമക കണ്ടു കയ്യടിക്കുന്നവര്‍ ആഷിക് അബുവിന്റെ സിനിമ മോശമാണെന്നു പറയുന്നത് സത്യത്തില്‍ ഒരു അംഗീകാരമാണ്.

ഓസ്‌കര്‍, കാന്‍സ്, ബാഫ്റ്റ പുരസ്‌കാരങ്ങള്‍ക്ക് യോഗ്യമായ ഒരു സിനിമയാണ് ഗ്യാങ്‌സ്റ്റര്‍. ദൃശ്യചാരുതയും കഥാകഥനവും മാറ്റിനിര്‍ത്തിയാല്‍പ്പോലും ദാര്‍ശനികമായി ജീവിതവും മരണവുമൊക്കെ തത്വശാസ്ത്രാധിഷ്ഠിതമായി വിശകലനം ചെയ്യുന്നുണ്ട് എന്നതാണ് ഈ സിനിമയുടെ മറ്റൊരു സവിശേഷത. അഭിലാഷ് കുമാറിനൊപ്പം അപൂര്‍വപ്രതിഭയായ അഹമ്മദ് സിദ്ദിഖ് കൂടി തിരക്കഥാകൃത്തായി എത്തി എന്നതാണ് ഈ സിനിമയ്ക്ക് ഇത്തരത്തിലൊരു ദാര്‍ശകനികസ്പര്‍ശം നല്‍കിയത്. ക്ലൈമാക്‌സില്‍ മമ്മൂട്ടി പറയുന്ന ഡയലോഗ് തന്നെയാണ് ചിത്രത്തിന്റെ ദാര്‍ശനികകതയുടെ തെളിവ്.

‘നിന്റെ മരണം നീ എന്നും ഓര്‍ത്തിരിക്കണം’ എന്ന ഡയലോഗ് മലയാളി പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും. മരിച്ചു കഴിഞ്ഞാല്‍ പിന്നെ മരണം എങ്ങനെ ഓര്‍ത്തിരിക്കും എന്ന മണ്ടന്‍ ചോദ്യം ചോദിച്ചാണ് പലരും ഈ ഡയലോഗിനെ ആക്ഷേപിക്കുന്നത്. എന്നാല്‍, മരണ ശേഷം ആത്മാവ് എവിടേക്കു പോകുന്നു, ജീവിച്ചിരുന്നപ്പോഴത്തെ കാര്യങ്ങള്‍ ആത്മാവിന് ഓര്‍മയുണ്ടാവുമോ ആത്മാവ് ആ നിലയില്‍ എത്രകാലം തുടരും തുടങ്ങി ദൈവശാസ്ത്രജ്ഞരും ചിന്തകരും വൈദ്യശാസ്ത്രവും ഒക്കെ കാലങ്ങളോളം അന്വേഷിച്ചുകൊണ്ടിരുന്ന സമസ്യകള്‍ക്കാണ് ആഷിക് അബുവും ക്രൂക്കളും ലളിതമായ ഡയലോഗിലൂടെ മറുപടി നല്‍കിയത്. ഇത്തരത്തില്‍ സിനിമയിലെ ഓരോ സീനിലും ഓരോ സംഭാഷണത്തിലും മറഞ്ഞിരിക്കുന്ന തത്വശാസ്ത്രവീക്ഷണങ്ങള്‍ സിനിമയെ ഗൗരവമായി കാണുന്നവരെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. ദൃശ്യം പോലുള്ള നാലാംകിട സിനിമകള്‍ ആസ്വദിക്കുന്ന നിലവാരമില്ലാത്ത പ്രേക്ഷകര്‍ക്ക് ഇതൊന്നും മനസ്സിലാവണമെന്നില്ല.

ഒരു മലയാള സിനിമ എന്ന ലേബലില്‍ ഗ്യാങ്സ്റ്റര്‍ അവതരിപ്പിച്ചു എന്നതാണ് ആഷിക് അബു ചെയ്ത തെറ്റ് എന്നു നിസ്സംശയം പറയാം. കഞ്ഞിയും പയറും കഴിക്കുന്നവന്റെ മുന്നില്‍ മെക്‌സിക്കന്‍ ഗ്രീന്‍ വേവ് പിസ്സ വച്ചു കൊടുത്താല്‍ എന്തു സംഭവിക്കും അതാണ് ഗ്യാങ്സ്റ്ററിനും സംഭവിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ക്കു വിവരമില്ലാതായിപ്പോയത് ഒരിക്കലും സംവിധായകന്റെയോ പ്രതിഭാധനരായ തിരക്കഥാകൃത്തുക്കളുടെയോ കുഴപ്പമല്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ കരിയറിലെ ഒരു പൊന്‍തൂവലായിരിക്കും ഗ്യാങ്സ്റ്റര്‍.

ചോദ്യം ചെയ്യല്‍

ടക്.. ടക്… ടക്..

ആരാ അവിടെ ?

ഞങ്ങളാണ് സര്‍….

ഞങ്ങളെന്നു പറഞ്ഞാല്‍ ?

ഞങ്ങള്‍ കേരളാ പൊലീസിലെ രണ്ട് കര്‍മനിരതരായ ഉദ്യോഗസ്ഥരാണ് സര്‍ ?

കര്‍മനിരതരായ ഉദ്യോഗസ്ഥരോ ? എന്താണ് മടിച്ചു നില്‍ക്കുന്നത് ? കടന്നുവരൂ…

നമസ്‌കാരം സര്‍… ഞാന്‍ എഡിജിപി.. ഇങ്ങേര് ഡിവൈഎസ്പി..

നിങ്ങളെ ഞാനെവിടെയോ…. ഇന്നലെ ചെങ്ങന്നൂരില്‍ വച്ച്…

ഇല്ല സര്‍… ഇന്നലെ ഞങ്ങളില്ല സര്‍…

നല്ല പരിചയമുള്ള മുഖങ്ങള്‍…

അത് ഞങ്ങളല്ല സര്‍… ഞങ്ങളാദ്യമായാണ് സര്‍ ഈ ഓഫിസില്‍..

കുടിക്കാന്‍ ചായയോ കാപ്പിയോ ?

ഒന്നും വേണ്ട സര്‍…

എങ്കില്‍ തണുത്തതെന്തെങ്കിലും എടുക്കാം…

വേണ്ട സര്‍… ഒന്നും വേണ്ട സര്‍…

അതു പറയരുത്… ഇവിടെ എല്ലാം സുതാര്യമാണ്… നിങ്ങള്‍ ഇപ്പോള്‍ എന്നോടു സംസാരിക്കുന്നതും മറ്റും ലൈവായി പൊക്കോണ്ടിരിക്കുകയാണ്്…

ഞങ്ങള്‍ക്കു സാറിനെ ചോദ്യം ചെയ്യണം..

വളരെ സന്തോഷം… ആരെയെങ്കിലും ഒന്നു ചോദ്യം ചെയ്യാനയക്കണമെന്ന് ഞാനിപ്പോ ഡിജിപിയെ വിളിച്ചു പറഞ്ഞതേയുള്ളൂ… അങ്ങോട്ടിരുന്നാട്ടെ..

കേരള സംസ്ഥാനത്ത് സോളാര്‍ പാനല്‍ വച്ചിട്ടുള്ള എല്ലാ വീടുകളും ഞങ്ങള്‍ അരിച്ചുപെറുക്കി… സാറിന്റെ ഈ ഓഫിസ് മാത്രമേ അരിച്ചുപെറുക്കാുള്ളൂ…

നന്നായി ഉദ്യോഗസ്ഥന്‍മാരെ, നന്നായി… സത്യവും നീതിയും ധര്‍മവും സംരക്ഷിക്കുന്നതിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരിക്കണം നമ്മുടെ ജീവിതം…

എന്നാല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കട്ടെ സര്‍ ?

ഒക്കെ ഉദ്യോഗസ്ഥന്‍മാരുടെ ഇഷ്ടം…

ചോദ്യം ഒന്ന്- സോളാര്‍ പ്രശ്‌നത്തെപ്പറ്റി സാറിനറിയാവുന്നത് എന്താണ് ?

സൂര്യനും സൂര്യനുചുറ്റും കറങ്ങുന്ന ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളും നമ്മടെ ചന്ദ്രനും നക്ഷത്രങ്ങളും തിരുനന്തപുരവും കൊട്ടാരക്കരയും പാലായും മലപ്പുറവുമെല്ലാം അടങ്ങുന്ന പ്രപഞ്ചത്തിലെ ഐക്യജനാധിപത്യമുന്നണിയാണ് സോളാര്‍ സിസ്റ്റം… ആഗോളതാപനം മൂലം ഈ സോളാര്‍ സിസ്റ്റം പ്രശ്‌നത്തിലാണ്.. അതാണ് സോളാര്‍ പ്രശ്‌നം..

വെരി ഗുഡ് ആന്‍സര്‍…

ശ്രീധരന്‍ നായരെ അങ്ങേയ്ക്കു പരിചയമുണ്ടോ ?

പരിചയമുണ്ടോ എന്നു ചോദിച്ചാല്‍ നേരിട്ടു പരിചയമില്ല… പക്ഷെ, വ്യക്തിപരമായി എനിക്കു വളരെ ഇഷ്ടമുള്ള ഒരു നടനാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍… അദ്ദേഹത്തിന്റെ ചെമ്മീനിലെ അഭിനയം മാത്രം മതി എന്നെന്നും അദ്ദേഹത്തെ ഓര്‍ത്തു വയ്ക്കാന്‍… നമ്മുടെ സായ്കുമാറിന്റെ അച്ഛനുമാണല്ലോ…

സിനിമാ നടന്‍ വിനു മോഹന്‍ അദ്ദേഹത്തിന്റെ കൊച്ചുമകനാണ് സര്‍…

റിയലി ?

വെരി വെരി റിയലി സര്‍..

ഹൊ! സന്തോഷമായി ഉദ്യോഗസ്ഥന്‍മാരെ, സന്തോഷമായി..

സര്‍, ഒരു സംശയം ?

സാറിന്റെ ഈ ലൈവില്‍ നമ്മുടെ സംഭാഷണങ്ങളുടെ ശബ്ദരേഖയോ സബ്‌ടൈറ്റിലോ ഒക്കെയുണ്ടോ ?

ഒരു കോപ്പുമില്ല.. ചുമ്മാ പടം മാത്രം…

അപ്പോ സുതാര്യത എന്നു പറഞ്ഞത് ?

വളരെ സുതാര്യമായ ഒരു സാരിയുടുത്ത് ഒരു സ്ത്രീ നടന്നു പോവുന്നു എന്നു കരുതുക… സുതാര്യമായതുകൊണ്ട് കാണാനല്ലേ പറ്റൂ… തൊടാന്‍ പറ്റത്തില്ലല്ലോ… അതാണ് സുതാര്യത…

ശരി… അടുത്ത ചോദ്യം…

ചോദിച്ചോളൂ…

സരിതയെ സര്‍ ഈ ഓഫിസില്‍ വച്ചു കണ്ടിട്ടുണ്ടോ ?

ഉണ്ടല്ലോ…

എന്ന് ? എപ്പോള്‍ ? എങ്ങനെ ?

അങ്ങനെ തീയതിയും സമയമൊന്നും ചോദിച്ചാല്‍ എനിക്കറിയില്ല… ഒരു ദിവസം ഉച്ചകഴിഞ്ഞാണെന്നു തോന്നുന്നു… ജനങ്ങളെ സേവിച്ചു തളര്‍ന്ന് അഞ്ച് മിനിറ്റ് വിശ്രമിക്കുകയായിരുന്നു ഞാന്‍.. വെറുതെ ടിവി ഓണ്‍ ചെയ്തു നോക്കിയപ്പോള്‍ മമ്മൂട്ടിയുടെ സംഘം എന്ന സിനിമ കളിക്കുന്നു.. അതിലെ നായികയാണല്ലോ സരിത… ഈ ഓഫിസില്‍ വച്ച് ഞാന്‍ സരിതയെ കണ്ടത് അന്നാണ്…

വണ്ടര്‍ഫുള്‍ ആന്‍സര്‍ സര്‍…

താങ്ക്യു താങ്ക്യു… ഞാന്‍ പറഞ്ഞല്ലോ… എനിക്കൊന്നും മറയ്ക്കാനില്ല…

ബിജുവിന്റെ കാര്യം പ്രത്യേകം ചോദിക്കേണ്ടല്ലോ ?

എന്തിന് ? റോമന്‍സ് കണ്ട് ചിരിച്ചു ചിരിച്ച് ഞാന്‍ ചത്തു… അതുപോലെ ഓര്‍ഡിനറി, സീനിയേഴ്‌സ്… ബിജു മേനോനെ ആര്‍ക്കാ ഇഷ്ടില്ലാത്തത്…

വളരെ ശരിയാണ് സര്‍…

മറ്റെന്തെങ്കിലും അറിയാനുണ്ടോ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ?

ഇല്ല സര്‍… ഞങ്ങള്‍ നിഷ്പ്രഭരായി…

നമ്മള്‍ സത്യത്തിനും നീതിക്കും ധര്‍മത്തിനും പിന്നെ ജനങ്ങള്‍ക്കും വേണ്ടി ജീവിച്ചാല്‍ അങ്ങനെയാണ്.. ചുമ്മാ നിഷ്പ്രഭരാകും…

എന്നാല്‍ ഞങ്ങളിറങ്ങട്ടെ സര്‍…

നിര്‍ബന്ധമാണെങ്കില്‍ അങ്ങനെ… ഇടക്കിടെ ചോദ്യം ചെയ്യണോന്നു തോന്നുമ്പോള്‍ വരണം.. ഞാന്‍ കാത്തിരിക്കും..

ഉവ്വ..

ഉവ്വ..

10 ലക്ഷം ലൈക്കിന്റെ രാഷ്ട്രീയം

മലയാള സിനിമാ നടന്‍ ലഫ്റ്റനന്റ് കേണല്‍ പത്മശ്രീ ഭരത് ഡോ. മോഹന്‍ലാല്‍ ബ്ലാക്ക്‌ബെല്‍റ്റിന് മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഫേസ്ബുക്കില്‍ ഉണ്ടാക്കിയ ഒരു പേജില്‍ 10 ലക്ഷം ലൈക്കുകള്‍ കിട്ടിയതിന്റെ ആഘോഷപരിപാടികള്‍ നടന്നുവരികയാണല്ലോ. നിങ്ങളില്ലാതെ എനിക്കെന്താഘോഷം എന്നു പറഞ്ഞ മനുഷ്യനാണ്. ആഘോഷങ്ങളില്‍ നമ്മളും പങ്കുചേരേണ്ടതുണ്ട്. പോരെങ്കില്‍ ഈ നേട്ടത്തിന് അദ്ദേഹം നന്ദിയും പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മിക്കവാറും എല്ലാ മാധ്യമങ്ങളും ഈ ചരിത്രസംഭവം അതിന്റെ രോമാഞ്ചം ഒട്ടും കളഞ്ഞുപോവാതെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിനു ചില തലക്കെട്ടുകള്‍ നോക്കാം.

10 ലക്ഷം ലൈക്‌സ്; ഫേസ്ബുക്കിലും മോഹന്‍ലാല്‍ തന്നെ താരരാജാവ് (മാതൃഭൂമി)
ഫെയ്‌സ്ബുക്കില്‍ താരരാജാവ് മോഹന്‍ലാല്‍: ലൈക്കുകള്‍ 10 ലക്ഷം കവിഞ്ഞു (ഇന്ത്യാവിഷന്‍)

മറ്റു മാധ്യമങ്ങളും ഏതാണ്ട് സമാനമായ അര്‍ഥമുള്ള തലക്കെട്ടുകളോടെ മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയ വിജയം ചരിത്രത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്. വാര്‍ത്ത കണ്ട് പലരും ചോദിക്കുന്നത് ഫേസ്ബുക്കില്‍ 10 ലക്ഷം ലൈക്ക് കിട്ടുന്ന ലോകത്തെ ആദ്യത്തെ മനുഷ്യനാണോ മോഹന്‍ലാല്‍ എന്നാണ്. പുവര്‍ ഫെലോസ്. ലോകത്തിന്റെ സ്പന്ദനം ഫേസ്ബുക്കിലാണ് എന്നറിയാത്ത വിഡ്ഡികളുടെ വിവരക്കേടുകള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. എങ്കിലും വസ്തുതകള്‍ നമ്മള്‍ അറിഞ്ഞിരിക്കണം. ചരിത്രനേട്ടമായി നമ്മള്‍ ആഘോഷിക്കുന്ന ഈ 10 ലക്ഷം ലൈക്ക് എന്നത് ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരിലൊരാളായ മോഹന്‍ലാലിന് എന്താണ് ? ഇന്ത്യയിലെ നൂറു കണക്കിനു നടന്‍മാരില്‍ മോഹന്‍ലാലിന്റെ സ്ഥാനം എവിടെയാണ് ?

വോഡഫോണ്‍ സൂസുവിന്റെ ഫേസ്ബുക്ക് പേജില്‍ ഒന്നരക്കോടിയിലേറെ ലൈക്കുകളാണ് ഉള്ളത്. അപ്പോള്‍ ഇന്നലെ കുരുത്ത ഇത്തിരിപ്പോന്ന സൂസുവിനുള്ള അത്രയും ഫേസ്ബുക്ക് ആരാധകര്‍ 35 വര്‍ഷമായി സിനിമയിലുള്ള മോഹന്‍ലാലിന് ഇല്ല. സൂസൂ ഒരു കലാകാരനല്ല, കഥാപാത്രമാണ്, കണക്കിലെടുക്കേണ്ട. ഫേസ്ബുക്ക് പേജുള്ള കലാകാരന്‍മാരുടെ കാര്യം നോക്കാം. പാട്ടിനൊക്കെ മ്യൂസിക് ചെയ്യുന്ന വണ്‍ മിസ്റ്റര്‍ എ.ആര്‍.റഹ്മാന് ഫേസ്ബുക്കില്‍ ഒരു കോടിയിലേറെ ലൈക്കുകളുണ്ട്. പാട്ടുകാരന്‍ സോനു നിഗത്തിനും പാട്ടുകാരി ശ്രേയ ഘോഷാലിനും ഒരു കോടിയിലധികം ലൈക്കുകളുണ്ട്. സല്‍മാന്‍ ഖാനുണ്ട് 90 ലക്ഷം ലൈക്ക്. ആമിര്‍ ഖാന് ഫേസ്ബുക്കില്‍ ഉള്ളത് 79 ലക്ഷം ലൈക്കുകളാണ്. അമിതാഭ് ബച്ചനുണ്ട് 51 ലക്ഷം ലൈക്ക്. സുനീതി ചൗഹാന് 43 ലക്ഷവും ഋത്വിക് റോഷനും പ്രിയങ്ക ചോപ്രയ്ക്കും 49 ലക്ഷം വീതവും അക്ഷയ് കുമാറിനും ഷാറൂഖ് ഖാനുമൊക്കെ 44 ലക്ഷം വീതവും ലൈക്കുകളുണ്ട്. തുണ്ടുപടത്തിലൂടെ ബോളിവുഡിലെത്തി വിശുദ്ധവല്‍ക്കരിക്കപ്പെട്ട സണ്ണി ലിയോണ് 36 ലക്ഷം ലൈക്കുണ്ട്. അങ്ങനെ ഫേസ്ബുക്ക് ലൈക്കിന്റെ കണക്കെടുത്താല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കിടയില്‍ മോഹന്‍ലാലിന്റെ സ്ഥാനം തൊണ്ണൂറാമതാണ്.

ഇന്ത്യന്‍ സിനിമയില്‍ മോഹന്‍ലാലിന്റെ സ്ഥാനം തൊണ്ണൂറാമതാണോ ? എത്രയോ അവാര്‍ഡുകളും പുരസ്‌കാരങ്ങളും അസുലഭമായ അഭിനയ മുഹൂര്‍ത്തങ്ങളും കാഴ്ചവച്ചിട്ടുള്ള ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച 10 നടന്‍മാരിലൊരാളായ മോഹന്‍ലാലിനെ ഫേസ്ബുക്ക് തൊഴുത്തില്‍ തൊണ്ണൂറാമത് കെട്ടിയിട്ട് ആഘോഷിക്കുന്നതില്‍ ഒളിഞ്ഞിരിക്കുന്ന ഗതികേട് പലര്‍ക്കും മനസ്സിലായിട്ടില്ല. ഇങ്ങേര്‍ക്കിപ്പോഴാണോ 10 ലക്ഷം ലൈക്കാവുന്നത് എന്നു സണ്ണി ലിയോണൊക്കെ വിചാരിക്കുന്നതിന്റെ നാണക്കേട് ഒരു വശത്ത്. ഇതിലൊന്നും താല്‍പര്യമില്ലാത്ത ഒരാളായിരുന്നു ലാലേട്ടനെങ്കില്‍ ഇതൊന്നും പ്രശ്‌നമല്ലായിരുന്നു. പക്ഷെ, അദ്ദേഹത്തിന് ഇതല്‍ താല്‍പര്യമുണ്ടെന്ന് എളിയ നന്ദിപ്രകടനത്തിലൂടെ വ്യക്തമായിക്കഴിഞ്ഞു. പിന്നെ ഈ തൊണ്ണൂറാം സ്ഥാനത്തിനു വേണ്ടി ഏതാനും നാളുകളായി ഫേസ്ബുക്കില്‍ നടന്ന മല്‍സരവും ഏതാണ്ട് വര്‍ഗീയകലാപത്തിന്റെ അടുത്തു വരെയെത്തിയ ലൈക്കുയുദ്ധവും വച്ചുനോക്കുമ്പോള്‍ സ്ഥിതി ദയനീയമാണ്.

ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സിന് ദേഷ്യം വരും. കള്ളപ്പന്നീ നിന്നോടാരാടാ അഖിലേന്ത്യാ തലത്തില്‍ നോക്കാന്‍ പറഞ്ഞത്, ഫേസ്ബുക്ക് എന്നാല്‍ കേരളത്തില്‍ മാത്രമേ ഉള്ളൂ എന്നു നിനക്കറിയില്ലേടാ, മലയാളത്തില്‍ നമ്പര്‍ വണ്‍ ആരാണെന്നു നോക്കെടാ എന്നൊക്കെ അവര്‍ പറയുന്നത് എനിക്കു കേള്‍ക്കാം. ശരിയാണ്. മലയാളത്തില്‍ ഏറ്റവുമധികം ഫേസ്ബുക്ക് ലൈക്ക് സമ്പാദിക്കുന്ന നടന്‍ എന്ന നിലയില്‍ ഫേസ്ബുക്കിലെ താരരാജാവ് എന്നു മോഹന്‍ലാലിനെ വിശേഷിപ്പിക്കാം. പക്ഷെ, അദ്ദേഹത്തിന്റെ എതിരാളിയെ കാണുമ്പോള്‍ സ്ഥിതി അതിദയനീയമാണല്ലോ രാജാവേ എന്നു പറയാനാണ് തോന്നുന്നത്. കൗമാരം വിടാത്ത ഏതാനും സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള ശരാശരി നടിയായ നസ്രിയ നസീം എന്നൊരു കുട്ടിയെ തോല്‍പിച്ചാണ് അഭിനയചക്രവര്‍ത്തി വിജയിച്ചതെങ്കില്‍ അത് ആഘോഷിക്കത്തതായ ഒരു വിജയമല്ല. കാരണം, മോഹന്‍ലാലിനെപ്പോലെ തന്നെ ഒരു അഭിനയചക്രവര്‍ത്തിനിയാണ് നസ്രിയ നസീം എന്നു കരുതുന്നതില്‍ ഒരു ബ്ലാക് ഹ്യൂമറുണ്ട്. അത് രാജാവിനും പ്രജകള്‍ക്കും പിടികിട്ടിയിരുന്നെങ്കില്‍ ഈ ചരിത്രവിജയം ആഘോഷിക്കുമായിരുന്നില്ല എന്നാണ് എനിക്കു തോന്നുന്നത്.

ഇനി ഇതൊക്കെ തള്ളിക്കളയാം. വിജയം എന്നത് വിജയമല്ലേ, അതിലെന്താണിത്ര ചര്‍ച്ച ചെയ്യാന്‍ എന്നു ചോദിക്കാം. ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്കു വാങ്ങുന്ന ഒരു റിയാലിറ്റി ഷോ ആയിരുന്നില്ല നടന്നത്. പിന്നെ, വോട്ടെടുപ്പു പോലെ സത്യസന്ധവും സുതാര്യവുമായ ഒരു പരിപാടി ആണ് പേജ് ലൈക്ക് ചെയ്യുന്നത് എന്ന് എനിക്കു തോന്നുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ കുറെയധികം അല്‍പന്‍മാര്‍ ആവേശപൂര്‍വം നടത്തിയ സഹതാപാര്‍ഹമായ ഓണ്‍ലൈന്‍ മല്‍സരഫലമാണ് മാധ്യമങ്ങള്‍ കൊട്ടിഘോഷിച്ചത്. കാലമെത്ര കഴിഞ്ഞാലും ലാലേട്ടന്‍ ഓര്‍മിക്കപ്പെടുന്നത് അദ്ദേഹം അഭിനയിച്ച സിനിമകളുടെ പേരിലായിരിക്കും. അന്ന് ഈ ഫേസ്ബുക്ക് കിടന്നിടത്ത് സക്കര്‍ബര്‍ഗിന്റെ പൂട പോലും കണ്ടെന്നു വരില്ല. പക്ഷെ ഒരു കൊച്ചുപെണ്ണിനെ ലൈക്കു മല്‍സരത്തില്‍ തോല്‍പിച്ച ലാലേട്ടന്‍ കാവിലെ പാട്ടുമല്‍സരത്തില്‍ അരശുംമൂട്ടില്‍ അപ്പുക്കുട്ടനെ തോല്‍പിച്ച അശോകനെക്കാള്‍ ചെറുതായിപ്പോയില്ലേ എന്ന് അടിയന്‍ സംശയിക്കും.

കുറിപ്പ്: എന്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് മലയാളത്തില്‍ ആദ്യമായി ഒരു ലക്ഷം ലൈക്ക് വാങ്ങുന്ന ബ്ലോഗര്‍ എന്ന പദവി സ്വന്തമാക്കാന്‍ എന്നെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അവസാനറൗണ്ടില്‍ എന്നോടു ജസ്റ്റ് തോല്‍ക്കാന്‍ കൗമാരക്കാരികളായ ബ്ലോഗറിമാരെയും ക്ഷണിക്കുന്നു.

Embargo: കോബ്ര (റിവ്യൂ)*

[2012 ഏപ്രില്‍ 12ന് സിനിമ റിലീസ് ചെയ്തതിനു ശേഷം പ്രസിദ്ധീകരിക്കാനുള്ളത്]

ടൂര്‍ണമെന്റിനു ശേഷം ലാല്‍ എഴുതി സംവിധാനം ചെയ്ത കോബ്ര കോമഡി ആക്ഷന്‍ ത്രില്ലര്‍ എന്ന നിലയില്‍ വിഷുവിന് അനുയോജ്യമായ ഉല്‍സവചിത്രമായി തിയറ്ററുകളില്‍ ആരവമുയര്‍ത്തുന്നു. ആക്ഷനും കോമഡിക്കും തുല്യ പ്രാധാന്യം നല്‍കിയിരിക്കുന്ന കോബ്രയില്‍ നായകന്‍ മമ്മൂട്ടിയാണെങ്കിലും ഹീറോയിസത്തോടൊപ്പം മമ്മൂട്ടി-ലാല്‍ കോംബിനേഷന്റെ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. തൊമ്മനും മക്കളും എന്ന സിനിമയ്‍ക്കു ശേഷം മമ്മൂട്ടി-ലാല്‍ കോംബിനേഷനില്‍ നിന്നും മറ്റൊരു ഉല്‍സവവകാല കോമഡി ചിത്രം എന്ന നിലയ്‍ക്ക് കോബ്ര തിയറ്ററുകള്‍ക്ക് പ്രതീക്ഷ പകരുകയാണ്.

കോ ബ്രദേഴ്സ് എന്നതിന്റെ ചുരുക്കമാണെങ്കിലും കോബ്ര എന്നതില്‍ നായകന്റെ പേരുമുണ്ട്. രാജവെമ്പാല എന്നതിന്റെ ചുരുക്കമെന്നോണം രാജ എന്നറിയപ്പെടുന്ന മമ്മൂട്ടിയുടെയും കരിമൂര്‍ഖന്‍ എന്നതിന്റെ ചുരുക്കമായി കരി എന്നു വിളിക്കുന്ന ലാലിന്റെയും സൗഹൃദത്തിന്റെ കഥയാണ് കോബ്ര. സൗഹൃദമാണെങ്കിലും അവരെ പിരിയാനാവാത്ത വിധം ചേര്‍ത്തുവയ്‍ക്കുന്ന ചില കണ്ണികളും ആ കണ്ണികള്‍ തേടി ഭൂതകാലത്തില്‍ നിന്നെത്തുന്ന സത്യങ്ങളുമാണ് സിനിമയെ സംഭവബഹുലമാക്കുന്നത്. ഇരുവരുടെയും നായികമാരായ ആനിയും ഷേര്‍ലിയുമായി കനിഹയും പത്മപ്രിയയും ചിത്രത്തിലുണ്ടെങ്കിലും ന്യൂ ജനറേഷന്‍ സിനിമകളിലെപ്പോലെ ഇവര്‍ക്കിടയില്‍ അവിഹിതബന്ധങ്ങളില്ല.

ഒരുമിച്ചു നിന്നാല്‍ കോബ്രയെ തോല്‍പിക്കാന്‍ ആര്‍ക്കുമാവില്ല എന്നറിയാവുന്ന ചിലര്‍ അവരെ പരാജയപ്പെടുത്താന്‍ വഴികള്‍ തേടുകയാണ്. നായികമാരുടെ വരവോടെ സിനിമ രസകരമാവുകയാണ്. ആദ്യപാതിയെന്നോ രണ്ടാം പാതിയെന്നോ വേര്‍തിരിച്ച് ഒരഭിപ്രായം പറയാനാവാത്ത വിധം ആദ്യാവസാനം രസച്ചരട് പൊട്ടാതെ കഥ പറഞ്ഞുപോകാന്‍ എഴുത്തുകാരനും സംവിധായകനുമായ ലാല്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇരുവരുടെയും സൗഹൃദവും ഇണക്കവും പിണക്കവും തൊമ്മനും മക്കളും എന്ന സിനിമയെ ഓര്‍മിപ്പിക്കുമെങ്കിലും കഥാസന്ദര്‍ഭങ്ങളും പുരോഗതിയും പുതുമയാര്‍ന്നതാണ്. പുതുമയുള്ള പ്രമേയം അവതരിപ്പിക്കുക എന്നതിനെക്കാള്‍ ദ്വയാര്‍ഥപ്രയോഗങ്ങളില്ലാത്ത ഒരുല്‍സവകാല കുടുംബചിത്രം അവതരിപ്പിക്കാനാണ് ലാല്‍ ശ്രമിച്ചിരിക്കുന്നത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന സിനിമയില്‍ ഹൃദയത്തില്‍ പതിയുന്ന രംഗങ്ങളുമുണ്ട്.

ലാലു അലക്‍സ് പതിവുപോലെ ഹൈ പിച്ചില്‍ സംസാരിക്കുന്ന രസികന്‍ കഥാപാത്രമായി സിനിമയില്‍ സജീവമായി നില്‍ക്കുമ്പോള്‍ ജഗതിയും ബാബു ആന്റണിയും വ്യത്യസ്തമായ വേഷങ്ങളിലാണ് എത്തുന്നത്. സലിം കുമാര്‍, മണിയന്‍പിള്ള രാജു എന്നിവരുടെ പ്രകടനം പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കും. കഥാസന്ദര്‍ഭങ്ങള്‍ പോലെ തന്നെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളും തിയറ്ററില്‍ പൊട്ടിച്ചിരി പടര്‍ത്തുകയാണ്. ഉദാഹരണത്തിന് പത്മപ്രിയയുടെ കഥാപാത്രം ചോദിക്കുന്നു- നിങ്ങള് ബ്രദേഴ്സ് ട്വിന്‍സ് ആണോ ? ഉടന്‍ മമ്മൂട്ടിയുടെ മറുപടി- അല്ല ക്രിസ്‍റ്റ്യന്‍സാ!. നായകന്മാരെപ്പറ്റി സലിം കുമാറിന്റെ ഡയലോഗ്- കോബ്രകളാണെങ്കിലും നീര്‍ക്കോലികളുടെ മനസ്സായിരുന്നു അവര്‍ക്ക്. ഇത്തരത്തില്‍ പ്രേക്ഷകര്‍ക്ക് എക്കാലവും ഓര്‍ത്തോര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്ന മികച്ച എന്റര്‍ടെയ്‍നറാണ് കോബ്ര.

എംപറർ ഫിലിംസിന്റെ ബാനറിൽ ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം വേണു നിർവഹിച്ചിരിക്കുന്നു. പ്ലേഹൗസ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു. ഗാനരചന: സന്തോഷ് വര്‍മ, സംഗീതം: അലക്‌സ് പോള്‍.

എന്റെ റേറ്റിങ്- 8.5/10

*ഇത് വിശ്വസനീയമായ റിവ്യൂ എന്ന നിലയ്‍ക്ക് വായനക്കാര്‍ മുഖവിലയ്‍ക്ക് എടുക്കരുത്. ഇറങ്ങാത്ത സിനിമ കാണാതെ റിവ്യൂ എഴുതുന്നത് ഒരു കലയാണ്.

മായാമോഹ്‌നി (രിവ്യൂ)

ആക്ച്വലി ഇങ്ങനൊരു മൂവി കന്റതിന്റെ ഷോക്ക്‌ലാണു ഞാന്‍. മലയാലം മൂവീസ് അങ്ങനെ കാനാറില്ലാത്തതായിരുന്നു. ബട്ട് ഐബിഎമ്മില്‍ വര്‍ക്ക് ചെയ്യുന്ന എന്റെ കസിന്‍ ബ്രദര്‍ പരഞ്ഞു മലയാലം മൂവീസ് ആര്‍ ഗെറ്റിങ് ബെറ്റര്‍ എന്ന്. കുരെ നല്ല പടങ്ങല്‍ ഞാന്‍ കന്റു ലൈക്ക്, ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ്, ക്വാക്‌റ്റെയ്ല്‍ അങ്ങനെ കുരെ മൂവീസ്. ആക്ച്വലി ഞാനിന്ന് ബാംഗ്‌ലൂര്‍ക്ക് തിര്‍ച്ച് പോവേന്റതാണ്, ബറ്റ് അയാം വെയ്റ്റിങ് ഫോര്‍ ദ് ആഷ്ഖ് അബു സ്റ്റഫ്- 22 എഫ്‌കെ. അയാം ഷുവര്‍ ഇറ്റ് വില്‍ ബി എ മാര്‍വെലസ് മൂവി ലൈക്ക് സാല്‍റ്റ് ആന്റ് പേപ്പര്‍. സോ, ആ ഗ്യാപ്പില്‍ കന്റതാണ് ദിസ് മൂവി. വാട്ടീസ് ഇറ്റ് നെയിം- മായാ-മോഹ്‌നി. ഹൊരിബില്‍, ഹൊരിബില്‍. ഐ വന്ന ക്യാന്‍സല്‍ മൈ ലീവ് ആന്റ് ഗോ ബാക് ആന്റ് വാച്ച് സം റിയലി ആസ് ഫക്കിങ് മൂവീസ്, ദാറ്റ് വില്‍ ബി ഫൈന്‍, ദാറ്റ് വില്‍ ബി ഫൈന്‍.

ഞാനീ മൂവി ഡീഗ്രേഡ് ചെയ്യാന്‍ വേന്റി പരയുന്നതല്ല, ബറ്റ് നമ്മലെപ്പോലെയുള്ള ഓഡിയന്‍സിന് പറ്റിയ മൂവി അല്ല ദിസ് മായാ-മോഹ്‌നി. ഇറ്റ്‌സ് എ ലോ ക്ലാസ് മൂവി. ഐ ഡോണ്‍ട് നോ വൈ ദി സ്‌റ്റേറ്റ് ഈസ് നോട്ട് ബാനിങ് ദീസ് ടൈപ്പ് ഓഫ് ലോ ക്ലാസ് ബിലോ ആവരേജ് മൂവീസ്. ഐ നോ സം ആര്‍ വാച്ചിങ് ദി മൂവി. പീപ്പില്‍ ലൈക്ക് കൂലീസ്, ട്രോളി പുള്ളേഴ്‌സ്, ലോറി ഡ്രൈവേഴ്‌സ്, ഓട്ടോ ഡ്രൈവേഴ്‌സ് ആന്‍ഡ് ദാറ്റ് കൈന്‍ഡ് ഓഫ് അഗ്ലി തേര്‍ഡ് വേള്‍ഡ് ക്രീച്ചേഴ്‌സ് ആര്‍ എന്‍ജോയ്ങ് ദി മൂവി. ദി ഗൈ, വാട്ട് സ് ഹിസ് നെയിം ? ഡിലിപ് ഓകെ ? യെ, ഡിലിപ് ഈസ് ഡുയിങ് എ ലോ ക്ലാസ് ഫാന്‍സി ഡ്രസ് ആക്ച്വലി. ദി തിയറ്റര്‍ ഈസ് ഫുള്‍ ഓഫ് ലോ ക്ലാസ് പീപ്പിള്‍ ആന്‍ഡ് ദെ ആര്‍ ലാഫിങ് ആന്‍ഡ് ക്ലാപ്പിങ് ഓള്‍വെയ്‌സ്. ഐ ഡോണ്‍ട് നോ വൈ ദിസ് പീപ്പിള്‍ ആര്‍ ആന്‍ജോയ്ങ് ദീസ് കൈന്‍ഡ് ഓഫ് മൂവീസ്. പീപ്പില്‍ ആര്‍ നോട്ട് വാച്ചിങ് മാര്‍വെല്ലസ് മൂവീസ് ലൈക്ക് ഈ അടുറ്റ കാലറ്റ്, മേല്‍വിലാസം ആന്‍ഡ് ദോസ് മൂവീസ് ആര്‍ ഗെറ്റിങ് ഔട്ട്. വാട്ട് ദി ഫക്ക് ഈസ് ഗോയിങ് ഓണ്‍ ഇന്‍ മലയാലം ഇന്‍ഡസ്ട്രി. പീപ്പില്‍ ആര്‍ ഓള്‍വേയ്‌സ് ബിഹൈന്‍ഡ് ദി മമ്മൂറ്റി-മോഹന്‍ലാല്‍ ക്രീചേഴ്‌സ് ആന്‍ഡ് ദിസ് ഡിലിപ് – പ്രിറ്റിരാജ് സ്റ്റഫ്‌സ്. വൈ ദെ കാന്‍ഡ് ആക്‌സെപ്റ്റ് അനൂപ് മേന്നന്‍ അസ് ദേര്‍ സൂപ്പര്‍ സ്റ്റാര്‍ ? ഹും ??

അയാം നോട്ട് ടെപേര്‍ഡ്. ആം നോട്ട് എഗെന്‍സ്റ്റ് ദിസ് മായാ-മോഹ്‌നി. ബറ്റ്, ഐ വാന്‍ഡ് ടു സീ ഗുഡ് മലയാലം ഫിലിംസ് ലൈക്ക് ബ്യൂറ്റിഫുല്‍, ഈ അടുറ്റ കാലറ്റ് ആന്‍ഡ് ആം റിയലി റിയലി ബോതേര്‍ഡ് എബൗട്ട് പീപ്പില്‍ ഹു ആര്‍ വാച്ചിങ് ദീസ് കൈന്‍ഡ് ഓഫ് നോണ്‍-സെന്‍സ് കോമഡി ഷിറ്റ്. പീപ്പില്‍ സേയ്‌സ് ദേ ലൈക്ക് ടു ലാഫ്. ചിരിക്കാന്‍ വേന്റിയാണ് സിനിമ കാണുന്നതെന്നു പരയുന്ന കൂതരകലാണ് ആക്ച്വലി ഫിലിം ഇന്റസ്ട്രി നശിപ്പിക്ക്ണത്. കേരലൈറ്റ് പീപ്പില്‍ ആര്‍ മോര്‍ ബോതേര്‍ഡ് എബൗട്ട് ദി മോറല്‍ ബുള്‍ഷിറ്റ്‌സ്, ദാറ്റ്‌സ് ഇറ്റ്. വൈ ദെ കാന്‍ഡ് എന്‍ജോയ് മൂവീസ് എബൗട്ട് റിലേഷന്‍ഷിപ്‌സ്, ലൗ മേക്കിങ്, ഇല്ലിസിറ്റ് അഫയേഴ്‌സ് എറ്റ്‌സട്രാ ? അച്ചന്‍, അമ്മ, ഹസ്ബന്‍ഡ്, വൈഫ് ആന്‍ഡ് യു നോ ? എവ്‌രി മൂവി ഹാസ് എ പ്ലോട്ട് റിവോള്‍വിങ് എറൗണ്ട് എ ലൗവ്. പരമ്പരാഘത കാല്‍പനിഗ പ്‌രനയം. അവസാനം കല്യാനം കഴിക്കുന്നു, ഒന്നിച്ചു ജീവിക്കുന്നു. കേരലാ സൊസൈറ്റിയില്‍ കോഹാബിറ്റേഷനും ഫ്രീ സെക്‌സുമൊന്നും ഡെവലപ് ചെയ്യാത്തത് നല്ല മൂവീസ് വരാത്തതുകൊണ്ടാണ്. ദേര്‍സ് വണ്‍ മൂവി ഐ ലൈക്ക് എ ലോട്ട്- ച്യാപ്പാ ഖുഴിശ് ഒകെ ? യെ ച്യാപ്പാ ഖുഴിശ്. ദാറ്റ്‌സ് എ മൂവി വിത്ത് എ ലൈഫ്. ഫഹഡ് ഈസ് ഡുയിങ് ഗുഡ് ആന്‍ഡ് ഓള്‍സോ റമ്യ. റമ്യ ഈസ് ബോള്‍ഡ്, വെരി വെരി ബോള്‍ഡ്. മലയാലത്തില്‍ ന്യൂഡ് ആയി ആക്ട് ചെയ്യാന്‍ മാത്രം ബോള്‍ഡ് ആയിട്ടുള്ള ആക്ട്രസ് ആരുമില്ല എന്നത് കഷ്റ്റമാണ്. അവിടെയാണ് റമ്യ അത്രയും ബോള്‍ഡായി ചെയ്തത്. അനദര്‍ ആന്റിയുന്റല്ലോ, എ ഫാറ്റ് വണ്‍… ക്യാവ്യ മധാവന്‍.. ഓ മൈ ഗോഡ്… അയാം സ്പീച്ച്‌ലെസ്. പീപ്പിള്‍ സേയ്‌സ് ഷി ഈസ് ദേര്‍ ഫേവറിറ്റ്. വാട്ട്‌സ് ദേര്‍ കണ്‍സപ്റ്റ് എബൗട്ട് ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ? അയാം ബോതേര്‍ഡ്.

മായാ-മോഹ്‌നി രിവ്യൂ എഴുതാനാണ് എന്നോട് പരഞ്ഞത്, ബട്ട് ഞാനിത്തിരി ഡീറ്റെയ്ല്‍ ആയി മലയാലം സിന്‍മയെത്തന്നെ രിവ്യൂ ചെയ്തു എന്നു തോന്നുന്നു. എനിക്കരിയില്ല. തിയറ്റേഴ്‌സില്‍ ഇപ്പോഴും ലോ ക്ലാസ് പീപ്പിലാണ് മൂവി വാച്ച് ചെയ്യാന്‍ വരുന്നത്. അതാണ് പ്രോബ്ലം. മോസ്റ്റ് ഓഫ് ദെം ആര്‍ മമ്മൂറ്റി-മോഹന്‍ലാല്‍ ഫാന്‍സ്. ദെ ഡോണ്‍സ് ലൈക്ക് ന്യൂ ജനരേഷന്‍ മൂവീസ്. ഫേസ്ബുക്കിലൊക്കെ ആക്ടീവായിറ്റുല്ല ഇന്റലെക്റ്റ്‌സിന് തിയറ്ററില്‍ ആക്‌സസില്ലത്തതാണ് പ്രോബ്ലം. ഈ ലോ ക്ലാസിനോടൊപ്പം പോയി ക്യൂ നിന്ന് ടിക്കറ്റെടുത്ത് മൂവി കാണേണ്ട ഗറ്റികേട് ഞങ്ങല്‍ക്കാര്‍ക്കുമില്ല. ദി ഗെവേണ്‍മെന്റ് ഷുഡ് ടേക് ആന്‍ ആക്ഷന്‍. അദര്‍വൈസ്, ഇതുപോലുല്ല കൂതര മൂവീസ് റെക്കോര്‍ഡ് കലക്ഷനുണ്ടാക്കുന്നത് കന്റ് നമ്മള്‍ വെഷ്മിക്കേന്റി വരും, ദാറ്റ്‌സ് ഓല്‍.

സൂപ്പര്‍ മെഗാ റൈറ്റര്‍

പത്ത് രണ്‍ജി പണിക്കര്‍ ചേര്‍ന്നാല്‍ എന്താകുമോ, അതായിരുന്നു ദാമോദരന്‍ മാഷ്. മലയാള സിനിമയിലെ ഏറ്റവും കരുത്തുള്ള തിരക്കഥകളുടെ സൃഷ്ടാവ് ടി.ദാമോദരനെ പുതുതലമുറയ്‍ക്ക് പരിചയപ്പെടുത്താന്‍ വാക്കുകളല്ല, അദ്ദേഹത്തിന്റെ സിനിമകള്‍ തന്നെയാണ് ഉചിതം. മലയാള സിനിമ അടുത്ത കാലത്ത് കണ്ടിട്ടില്ലാത്ത വിധം ഹിറ്റുകളുടെ ആഘോഷങ്ങളിലൂടെ കടന്നുപോയ കാലത്ത് സിനിമയെ രാഷ്ട്രീയ-സാമൂഹിക വിമര്‍ശനത്തിനുപയോഗിച്ച ഒറ്റയാന്‍. ഐ.വി.ശശി-ടി.ദാമോദരന്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റുകളില്ലാതെ മലയാള സിനിമയുടെ ചരിത്രം അപൂര്‍ണമായിരിക്കും. ആ ഹിറ്റുകള്‍ മലയാള സിനിമയിലെ താരോദയങ്ങളുടെ കാലം കൂടിയായിരുന്നു.

അങ്ങാടി,മീന്‍,കരിമ്പന,ഈ നാട്,കാറ്റത്തെ കിളിക്കൂട്,വാര്‍ത്ത, ആവനാഴി,അടിവേരുകള്‍,അടിമകള്‍ ഉടമകള്‍,അബ്‍കാരി,1921,ആര്യന്‍,ഇന്‍സ്‍പെക്ടര്‍ ബല്‍റാം,അഭിമന്യു,അദ്വൈതം,കാലാപാനി,മേഘം തുടങ്ങിയവയാണ് ദാമോദരന്‍ മാഷിന്റെ തൂലികയില്‍ പിറന്ന, എനിക്കു പ്രിയപ്പെട്ട സിനിമകള്‍. ആ മഹാനായ എഴുത്തുകാരന്റെ തൂലികയ്‍ക്കു മുന്നില്‍ പ്രണമിക്കുന്നു.നല്ല സിനിമകള്‍ തന്നതിന് പ്രേക്ഷകനെന്ന നിലയില്‍ പ്രാര്‍ഥനാപൂര്‍വം നന്ദി പറയുന്നു.

ഇന്നു ജനം ക്ലീഷേ എന്നു വിളിക്കുന്ന സീനുകളുടെ ആദ്യരൂപങ്ങള്‍ അദ്ദേഹത്തിന്റേതായിരുന്നു എന്നത് സിനിമകളില്‍ നിന്നു തന്നെ വ്യക്തമാണ്. അത്രയേറെ അദ്ദേഹം അനുകരിക്കപ്പെട്ടിരുന്നു എന്നതിന്റെ തെളിവാണ് ഈ ക്ലീഷേകള്‍. മാഷ് എഴുതി വച്ച സീനുകളില്‍ മറക്കാനാവാത്ത ചിലത് പങ്കു വയ്‍ക്കുന്നു.

ദാമോദരന്‍ മാഷിന്റെ തിരക്കഥകള്‍ (കടപ്പാട് മാതൃഭൂമി)

975 – ലൗവ് മാരേജ്
1979 – ഏഴാം കടലിനക്കരെ
1980 – അങ്ങാടി
1980 – മീന്‍
1980 – കരിമ്പന
1980 – കാന്തവലയം
1981 – അഹിംസ
1981 – തടാകം
1981 – തുഷാരം
1982 – ജോണ്‍ ആഫ്റ്റര്‍ ജനാര്‍ദ്ദനന്‍
1982 – ഈ നാട്
1982 – ഇന്നല്ലെങ്കില്‍ നാളെ
1983 – നാണയം
1983 – ഇനിയെങ്കിലും
1983 – അമേരിക്ക അമേരിക്ക
1983 – കാറ്റത്തെ കിളിക്കൂട്
1984 – ഉണരൂ
1984 – ഇത്തിരി പൂവേ ചുവന്ന പൂവേ
1985 – അങ്ങാടിക്കപ്പുറത്ത്
1986 – വാര്‍ത്ത
1986 – ആവനാഴി
1986 – അടിവേരുകള്‍
1987 – അടിമകള്‍ ഉടമകള്‍
1987 – വ്രതം
1987 – ഇത്രയും കാലം
1987 – നാല്‍ക്കവല
1988 – അബ്കാരി
1988 – 1921
1988 – ആര്യന്‍
1988 – അര്‍ഹത
1990 – ആനവാല്‍ മോതിരം
1991 – ഇന്‍സ്‌പെക്ടര്‍ ബല്‍റാം
1991 – അഭിമന്യു
1992 – അദ്വൈതം
1993 – ജാക്‌പോട്ട്
1993 – ജനം
1994 – ദി സിറ്റി
1995 – കാട്ടിലെ തടി തേവരുടെ ആന
1996 – കാലാപാനി
1996 – മഹാത്മ
1999 – മേഘം
2000 – ശ്രദ്ധ
2006 – ബല്‍റാം V/s താരാദാസ്
2006 – യെസ് യുവര്‍ ഓണര്‍

കൂടുതല്‍ വായനയ്‍ക്ക്:-

1. വാക്‍ശരങ്ങളുടെ ആവനാഴി
2. ടി.ദാമോദരന്‍-വിക്കിപ്പീഡിയ

സിനിമ കിളവന്‍മാരുടെ കല: ജോര്‍ജ്ജൂട്ടി

സിനിമ കിളവന്‍മാരുടെ കലയാണെന്ന് പ്രമുഖ ചവിട്ടുനാടക കലാകാരന്‍ ജോര്‍ജ്ജൂട്ടി പറഞ്ഞു. ഉപ്പുതറയില്‍ ആരംഭിക്കുന്ന ചവിട്ടുനാടക ഫെസ്റ്റിവലിന്റെ സംഭാവന കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജൂട്ടി. ചവിട്ടുനാടകമാണ് സത്യസന്ധമായ കലാരൂപം. കുട്ടികള്‍ ചെറുപ്പത്തില്‍ പലതും പഠിക്കുന്നത് ചവിട്ടില്‍ നിന്നാണ്. ആ ചവിട്ടില്‍ നിന്നുണ്ടായ കലാരൂപമെന്ന നിലയ്ക്ക് ചവിട്ടുനാടകത്തിന് ചരിത്രവുമായും പ്രകൃതിയുമായും ബന്ധമുണ്ട്. എന്നാല്‍, അടുത്ത കാലത്തായി എന്തുകൊണ്ടോ കേരളത്തിലെ ജനങ്ങള്‍ക്ക് കിളവന്മാരുടെ കലയായ സിനിമയോടാണ് താല്‍പര്യം. ഏജ് ഓവറായ കിളവന്‍മാര്‍ ചെറുപ്പക്കാരായി അഭിനയിക്കുന്ന സിനിമകള്‍ കാണുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു.

സിനിമ പുരോഗമനം പ്രാപിച്ച കലയാണെന്നാണ് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നത്. എന്നാല്‍ വാതവും മറ്റും മൂലം കയ്യും കാലും പൊങ്ങാത്ത കിളവന്‍മാരെ ക്രെയിനില്‍ തൂക്കിയെടുത്താണ് സ്റ്റണ്ട് രംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.യാതൊരു ശാരീരിക അധ്വാനവുമില്ലാത്ത കലാരൂപമാണ് സിനിമ. കിളവന്‍മാര്‍ മേക്കപ്പിട്ട് എസി കാരവാനിനുള്ളില്‍ വെടിപറഞ്ഞിരിക്കുകയും സാര്‍ ഷോട്ട് റെഡി എന്നു പറയുുമ്പോള്‍ പോയി എന്തെങ്കിലും ഗോഷ്ഠി കാണിച്ചിട്ട് തിരികെ വന്നിരുന്ന് കോടികള്‍ വാങ്ങിച്ചുകൊണ്ടുപോവുകയാണ്. ഇത്തരത്തില്‍ എല്ലാ കലാരൂപങ്ങളോടുമുള്ള വെല്ലുവിളിയാണ് സിനിമയിലൂടെ ഈ കിളവന്‍മാര്‍ നടത്തുന്നത്. നടിമാരുമായും മറ്റും കെട്ടിമറിയുന്നതിനാണ് ഈ കിളവന്‍മാര്‍ കാശു വാങ്ങുന്നത്. എന്നാല്‍, സാധാരണക്കാരന് ഏതെങ്കിലും നടിയുമായി കെട്ടിമറിയണമെങ്കില്‍ കാശ് അങ്ങോട്ടു കൊടുക്കേണ്ട സ്ഥിതിയാണ്- ജോര്‍ജ്ജൂട്ടി പറഞ്ഞു.

ചവിട്ടുനാടകമാണ് കേരളത്തിന് അനുയോജ്യമായ കലാരൂപം. ശാരീരിക അധ്വാനമുള്ള ഒരേയൊരു കലാരൂപമാണിത്. ഓരോ ചവിട്ടിലും ചെലുത്തുന്ന ശക്തി മിക്കവാറും രോഗങ്ങളെയും അകറ്റിനിര്‍ത്തും. താന്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ചവിട്ടുനാടകം കളിക്കുന്നുണ്ടെന്നും തന്റെ ചിലഭാഗത്തെയൊഴിച്ചുള്ള ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകേയില്ല എന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. അറിയപ്പെടുന്ന ചവിട്ടുകാരനായതുകൊണ്ടാണ് തന്നെ ചവിട്ടുനാടകം ഫെസ്റ്റിവലിന്റെ സംഭാവനകൂപ്പണ്‍ വില്‍ക്കാന്‍ ക്ഷണിച്ചതെന്നും സിനിമയോടുള്ള ആക്രാന്തം കുറച്ച് ആളുകള്‍ ചവിട്ടുനാടകത്തെ സ്‌നേഹിച്ചു തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പുതറയില്‍ നിന്നും ചവിട്ടുനാടകം കേരളത്തിലെ എല്ലായിടത്തേക്കും വ്യാപിക്കുന്നതാണ് തന്റെ സ്വപ്നം. സിനിമയ്ക്കു കൊടുക്കുന്നതുപോലെ സംസ്ഥാന ചവിട്ടുനാടക അവാര്‍ഡുകള്‍ നല്‍കുകയും സിനിമക്കാര്‍ അമ്മ സംഘടന രൂപീകരിച്ചതുപോലെ ചവിട്ടുനാടക കലാകാരന്മാര്‍ക്കു വേണ്ടി ചന്ത എന്ന പേരില്‍ സംഘടന രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത കാലത്തിറങ്ങിയ തയ്യല്‍ക്കാരി എന്ന സിനിമയില്‍ തയ്യല്‍മെഷീനില്‍ കാല്‍ കുടുങ്ങിയ നായികയുടെ തുട മെഷീനില്‍ നിന്നും രക്ഷിക്കുന്ന സീനില്‍ ജോര്ജ്ജൂട്ടി അഭിനയിച്ചിരുന്നു. സിനിമയ്‌ക്കെതിരേ സംസാരിക്കുന്ന ജോര്‍ജ്ജൂട്ടി എങ്ങനെ അതിനെ ന്യായീകരിക്കും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഒരു ചവിട്ടുനാടകക്കാരനു മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന വേഷമായതിനാലാണ് താന്‍ തുടസീനില്‍ അഭിനയിച്ചതെന്നും ആ സീനിലൂടെ ചവിട്ടുനാടകരംഗം സിനിമയുടെ മുകളിലുള്ള വിജയം പ്രഖ്യാപിക്കുകയായിരുന്നെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. ചവിട്ടുനാടകകം ജനങ്ങളിലേക്കെത്തിക്കാന്‍ പഴയ രീതികളെ കൈവിട്ട് ചവിട്ടുനാടകം ഷൂട്ട് ചെയ്ത് സിനിമയായി തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അത്തരത്തില്‍ തിരുവനന്തപുരം കൈരളിയിലും എറണാകുളം ഷേണായീസിലും കോഴിക്കോട് അപ്‌സരയിലും നാലും അഞ്ചും ഷോ ചവിട്ടുനാടകം കളിക്കുന്ന കാലമാണ് തന്റെ സ്വപ്നമെന്നും വികാരാധീനനായി വിതുമ്പവേ ജോര്‍ജ്ജൂട്ടി ഒരുവിധം പറഞ്ഞൊപ്പിച്ചു.

കുറിപ്പ്: ക്രിക്കറ്റ് മടിയന്‍മാരുടെ കളിയാണെന്നും ശരീരം അനങ്ങി കളിക്കുന്ന ഒരേയൊരു കളി ഫുട്‌ബോളാണെന്നും കോഴിക്കോട്ട് ഇ.കെ.നായനാര്‍ സ്മാരക ഫഉട്‌ബോളിന്റെ ടിക്കറ്റ് വില്‍പനാവേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതുമായി ഇതിന് ജീവിച്ചിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.

റിസര്‍വ് ബാങ്കിനെ അക്കൗണ്ടന്‍സി പഠിപ്പിക്കാം

വീട്ടില്‍ സ്വര്‍ണം വച്ചിട്ടെന്തിന് നാട്ടില്‍ കേണു നടപ്പൂ എന്നാണ് മണപ്പുറം നാടോടിഗാനം. എന്നാല്‍ പണം വീട്ടില്‍ വച്ചാല്‍പ്പോരേ, മണപ്പുറത്ത് കൊണ്ടുപോയി കൊടുത്തിട്ട് എന്തിനു കേണു നടപ്പൂ എന്നാണ് റിസര്‍വ് ബാങ്ക് ചോദിക്കുന്നത്. ഉണ്ട ചോറിനു നന്ദി കാണിക്കുന്ന കേരളത്തിലെ മാധ്യമങ്ങളില്‍ വരാത്ത ഒരു വാര്‍ത്തയാണിത്. എന്നാല്‍ പ്രധാനപ്പെട്ട ഇംഗ്ലിഷ് പത്രങ്ങളൊക്കെ ഇത് കൊടുത്തിട്ടുമുണ്ട്. മണപ്പുറം ഫിനാന്‍സ് പൊതുജനങ്ങളില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് കുറ്റകരമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ ഉത്തരവാണ് സംഗതി.ലലേട്ടന്‍ ബ്രാന്‍ഡ് അംബാസിഡറായിട്ടുള്ള ഒരു സ്ഥാപനത്തിനെതിരേ ഇങ്ങനൊരു ഉത്തരവ് പുറത്തിറക്കണമെങ്കില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആന്റണി എന്ന പേരില്‍ എ.കെ.ആന്റണി മാത്രയേയുള്ളൂ എന്നും കേരളത്തില്‍ പെരുമ്പാവൂര്‍ എന്നൊരു സ്ഥലമില്ല എന്നും വിശ്വസിക്കുന്ന ഏതെങ്കിലും സാധുവായിരിക്കാനേ തരമുള്ളൂ..

പറഞ്ഞുവന്നത് മണപ്പുറം ഫിനാന്‍സിന്റെ കാര്യമാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, 1934 അനുസരിച്ച് നിക്ഷേപങ്ങള്‍ വാങ്ങാനോ പുതുക്കാനോ സ്ഥാപനത്തിന് അനുമതിയില്ലെന്നാണ് റിസര്‍വ് ബാങ്ക് അറിയിക്കുന്നത്.മണപ്പുറം ഫിനാന്‍സിന്റെ പേരിലോ മണപ്പുറം ഗ്രോ ഫാം(മാഗ്രോ) എന്ന പേരിലോ നേരിട്ട് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും ബാങ്ക് വ്യക്തമാക്കുന്നു.നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് വിലക്കുണ്ടെങ്കിലും നിലവിലെ സ്വര്‍ണവായ്പാ നടപടികതള്‍തുടങ്ങുന്നതിന് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ല.അതായത് നാട്ടില്‍ കേണു നടക്കുവോ നടക്കാതിരിക്കുവോ എന്തു ചെയ്താലും സ്വര്‍ണം വീട്ടില്‍ വച്ചോണ്ടിരിക്കാന്‍ പാടില്ല.

മലയാളപത്രങ്ങള്‍ക്ക് പ്രതിബദ്ധത വായനക്കാരനോടാണെങ്കിലും കൂറ് പരസ്യം തരുന്നവരോടായതുകൊണ്ട് റിസര്‍വ് ബാങ്കിന്റെ ഉത്തരവ് ഒറ്റ പത്രവും കൊടുത്തില്ല.വാര്‍ത്തയുള്ള ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമിയോടൊപ്പം വിതരണം ചെയ്യുന്നത് കൊണ്ട് വായനക്കാരില്‍ കുറെപ്പേര്‍ അതറിഞ്ഞു. എന്നാല്‍, റിസര്‍വ് ബാങ്കിന് ബാങ്കിങ്ങിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലുമറിയില്ല എന്നു തോന്നിക്കുന്നതുപോലെ ഒരു വിശദീകരണം മണപ്പുറത്തിന്റേതായി വന്നിട്ടുണ്ട്. അത് മലയാള പത്രങ്ങളില്‍ നന്നായി വരും. ജനാധിപത്യത്തിന്റെ നാലാം തൂണില്‍ സുര്‍ക്കിയുടെ പൊടിപോലുമില്ലെന്ന വിവരം ജനാധിപത്യത്തിനറിയില്ലല്ലോ.

മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് പൊതുനിക്ഷേപം (പബ്ലിക് ഡെപ്പോസിറ്റ്) സ്വീകരിക്കുന്നില്ലെന്ന് കമ്പനി മാനേജിങ് ഡയറക്ടര്‍ ഐ. ഉണ്ണികൃഷ്ണന്‍ അറിയിച്ചതാണ് ടൈംസ് ഓഫ് ഇന്ത്യയുടെ കൂടെ കൊടുക്കുന്ന ഒരു മലയാള പത്രത്തില്‍ കൊടുത്തിരിക്കുന്നത്. ഓഹരികളാക്കി മാറ്റാന്‍ പറ്റാത്ത കടപ്പത്രങ്ങളിലൂടെയും (എന്‍.സി.ഡി.) സബോര്‍ഡിനേറ്റ് ബോണ്ടുകളിലൂടെയും ആണ് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. ഇത് പൊതുനിക്ഷേപത്തിന്റെ പരിധിയില്‍ വരില്ല (കഷ്ടം,റിസര്‍വ് ബാങ്കിന് ഒരു ചുക്കുമറിയില്ല). മുമ്പ് പബ്ലിക് ഡെപ്പോസിറ്റ് സ്വീകരിക്കുന്ന ബാങ്കിതര ധനകാര്യസ്ഥാപനമായിരുന്ന മണപ്പുറം ജനറല്‍ ഫിനാന്‍സ് ആന്‍ഡ് ലീസിങ് ലിമിറ്റഡ്, 2011-ലാണ് ഡെപ്പോസിറ്റ് സ്വീകരിക്കേണ്ടാത്ത വിഭാഗത്തിലേക്ക് മാറിയത് (റിസര്‍വ് ബാങ്ക് ചമ്മിപ്പോകുമെന്നതില്‍ സംശയമില്ല).ഇതിന് മുന്നോടിയായി കമ്പനിയിലുണ്ടായിരുന്ന നിക്ഷേപങ്ങളെല്ലാം പലിശ സഹിതം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കിയിരുന്നു. നിക്ഷേപകര്‍ കൈപ്പറ്റാത്ത ഡെപ്പോസിറ്റ് തുകയും പലിശയും ചേര്‍ത്ത് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തൃശ്ശൂര്‍ ശാഖയില്‍ പ്രത്യേക അക്കൗണ്ടില്‍ നിക്ഷേപിക്കുകയും ഇക്കാര്യം 2011 മാര്‍ച്ച് 11ന് റിസര്‍വ് ബാങ്കിനെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

വിശദീകരണം വായിച്ചു കഴിഞ്ഞാല്‍ റിസര്‍വ് ബാങ്കിനെതിരേ മാനനഷ്ടത്തിനു കേസു കൊടുക്കുകയാണ് വേണ്ടത് എന്ന് ആര്‍ക്കും തോന്നും. വളര്‍ന്നു വരുന്ന ഒരു ദക്ഷിണേന്ത്യന്‍ ധനകാര്യ സ്ഥാപനത്തെ തകര്‍ക്കുന്നതിനു വേണ്ടി ഉത്തരേന്ത്യന്‍ ലോബി (ഈ മാര്‍വാഡീസ് ഉണ്ടല്ലോ, ഫയങ്കര ക്രൂരന്മാരാ!)റിസര്‍വ് ബാങ്കിന്റെ സഹായത്തോടെ നടത്തിയ കളിയാകാനേ സാധ്യതയുള്ളൂ.അല്ലെങ്കിലും ഒരു ലഫ്റ്റനന്റ് കേണല്‍ ബ്രാന്‍ഡ് അംബാസിഡറായുള്ള സ്ഥാപനത്തിനെതിരേ ഇത്തരത്തില്‍ ഉത്തരവിറക്കിയതിലൂടെ റിസര്‍വ് ബാങ്ക് ഇന്ത്യന്‍ സൈന്യത്തിന്റെ അന്തസ്സിനെയാണ് ചോദ്യം ചെയ്തിരിക്കുന്നത്.ഈ സാഹചര്യത്തില്‍ കേരളത്തില്‍ ക്രമസമാധാനപ്രശ്നം ഉണ്ടാകാതിരിക്കുന്നതിനു വേണ്ടി സൗത്ത് ഇന്ത്യന്‍ ബാങ്കിനോടും നിക്ഷേപം സ്വീകരിച്ചാല്‍ അടി വാങ്ങിക്കും കോപ്പേ എന്നു പറയാന് റിസര്‍വ് തയ്യറുണ്ടോ എന്നാണറിയേണ്ടത് (സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ആരാ ?)

ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റ്സ്‍

സച്ചിന്‍ തെന്‍ഡുല്‍ക്കറും കപില് ദേവും മുഹമ്മദ് അസ്‍ഹറുദ്ദീനും തുടങ്ങി ഇന്ത്യയിലെ കൊള്ളാവുന്ന ക്രിക്കറ്റ് കളിക്കാര്‍ മോഹന്‍ലാലിനെയും മലയാള സിനിമയിലെ മറ്റു തടിയന്മാരെയും നോക്കി ക്രിക്കറ്റ് തകര്‍ക്കാന്‍ വന്ന പരമചെറ്റകളേ എന്നു വിളിക്കാതിരിക്കുന്നതും ആക്കളി കണ്ട് ആര്‍പ്പുവിളിച്ച മലയാളികളെ മനോരോഗികളെന്നു വിശേഷിപ്പിക്കാത്തതും അവരുടെ വിശാലമനസ്‍കത. വിതച്ചതേ കൊയ്യൂ എന്ന കോസ്‍മിക് ലോ വച്ചു നോക്കുമ്പോള്‍ സെലബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കളിക്കാനിറങ്ങിയ മലയാള സിനിമാ താരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളാണ്. പബ്ലിസിറ്റിക്കു വേണ്ടി,അറിയാവുന്നവര്‍ ചെയ്യുന്ന ജോലി അലമ്പാക്കാനിറങ്ങിയ അലവലാതികള്‍ !

അപ്പോള്‍ സന്തോഷ് പണ്ഡിറ്റും അങ്ങനെയൊരാളാണോ ? അങ്ങനെയാണെന്നാണ് മലയാള സിനിമയിലെ പ്രഗല്‍ഭന്മാര്‍ പറഞ്ഞിട്ടുള്ളത്. സന്തോഷ് പണ്ഡിറ്റ് മോഹന്‍ലാലിന്റെ ഡേറ്റ് ചോദിച്ചു എന്ന വാര്‍ത്ത വലിയ കോമഡിയായിരുന്നു സിനിമക്കാര്‍ക്ക്. മോഹന്‍ലാലും രാജീവ് പിള്ളയും ബിനീഷ് കോടിയേരിയുമൊക്കെ അസാമാന്യ കളിയാണ് ഇന്നലെ കാഴ്ചവച്ചതെന്നു തട്ടിവിട്ട സകല വീരന്മാരും ശരിക്കുള്ള ക്രിക്കറ്റുകാര്‍ക്കു മുന്നില്‍ കാഴ്തവച്ച കോമഡിയും ഭീകരമാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെ അധിക്ഷേപിക്കുകയും പണ്ഡിറ്റിനെ വ്യക്തിപരമായി ആക്രമിക്കുകയും ചെയ്ത സിനിമക്കാരും അവരുടെ ആരാധകരും ക്രിക്കറ്റ് ദേശീയതയില്‍ അടിയുറച്ച ഒരു ദേശത്ത് ക്രിക്കറ്റ് പണ്ഡിറ്റുമാരായി വിരിഞ്ഞു നടക്കുന്നു. എല്ലാം ഭഗവാന്റെ ലീലാവിലാസങ്ങള്‍.

സന്തോഷ് പണ്ഡിറ്റിന്റെ കോട്ടിനെ ആക്ഷേപിച്ച സിനിമക്കാര്‍ ഇന്നലെ അണിഞ്ഞ ക്രിക്കറ്റ് ജഴ്‍സി അതിനെക്കാള്‍ വലിയ അശ്ലീലമാണെന്നത് തിരിച്ചറിഞ്ഞിട്ടില്ല. തന്റെ സിനിമ മഹത്തരമാണെന്നു പണ്ഡിറ്റ് വിശ്വസിക്കുന്നതുപോലെ തങ്ങളുടെ കളിയും മഹത്തരമാണെന്നു മലയാള സിനിമാ താരങ്ങള്‍ക്കു വിശ്വസിക്കാം. കൂതറ കളി സ്റ്റേഡിയത്തില്‍ നടക്കുമ്പോള്‍ ക്രീസിലിരുന്ന കളിക്കാര്‍ക്ക് ആവേശഭരിതരായി ടീം മുതലാളിയെയും നടിമാരെയും പലകുറി ആലിംഗനം ചെയ്തതിന്റെ സുഖം മാത്രം ബാക്കി.ഒന്നാലോചിച്ചാല്‍ പണ്ഡിറ്റ് ഒക്കെ ഇവന്മാരെക്കാള്‍ വളരെ ഭേദമാണ്.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ക്ക് ഭാരതരത്ന നല്‍കുന്നതിനു മുമ്പേ സച്ചിനെക്കാള്‍ കിടിലന്‍ കളി കാഴ്ച വച്ച ലാലേട്ടന് അത് നല്‍കുമോ എന്ന കാര്യത്തിലേ ഇനി സംശയമുള്ളൂ. രാജീവ് പിള്ളയെ ദൈവതുല്യനായി ആരാധിക്കുകയും ശ്രീശാന്തിനെ പുച്ഛിക്കുകയും ചെയ്യുന്ന മലയാളി ഫ്രോഡുകള്‍ക്ക് ഇതല്ല ഇതിനപ്പുറവും ആഘോഷമാക്കാന്‍ സാധിക്കും. ലാലേട്ടന്റെ വൈഡുകളും രാജീവ് പിള്ളയുടെ ഫോറുകളും ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കാന്‍ മാധ്യമങ്ങളും റെഡിയായിക്കഴിഞ്ഞു. സെലബ്രിറ്റി ക്രിക്കറ്റ് ലീഗ് ആസ്വദിക്കുന്ന പ്രേക്ഷകര്‍ക്ക് സന്തോഷ് പണ്ഡിറ്റിനെ സഹിക്കാന്‍ കഴിയില്ല എന്നു പറയുന്നത് കാപട്യമാണ്. സന്തോഷ് പണ്ഡിറ്റിന്റേതു സിനിമയല്ലെന്നും കേരളാ സ്‍ട്രൈക്കേഴ്‍സിന്റേത് ക്രിക്കറ്റാണെന്നും പറയുന്നവന് മതിഭ്രമമാണ്, അത്രേയുള്ളൂ.

സന്തോഷ് പണ്ഡിറ്റിനെ മലയാള സിനിമാതാരങ്ങളുമായി ഉപമിച്ച് രണ്ടും ഒരുപോലെയാണ് എന്നു സ്ഥാപിക്കുകയാണ് എന്റെ ലക്‍ഷ്യം എന്നു തെറ്റിദ്ധരിക്കരുത്. അടിസ്ഥാനപരമായി സന്തോഷ് പണ്ഡിറ്റ് സിനിമക്കാരെക്കാള്‍ ഭേദമാണ് എന്നാണെന്റെ വാദം. വേറെ ജോലിയും കൂലിയും ഇല്ലാതെ വന്നപ്പോള്‍ സിനിമ എടുക്കാനിറങ്ങിയതല്ല പണ്ഡിറ്റ്. ജോലിയില്‍ നിന്നു ലീവെടുത്ത് സ്വന്തം വീടുവിറ്റാണ് പണ്ഡിറ്റ് സിനിമയെടുത്തതെങ്കില്‍ വരിവരിയായി പൊട്ടിയ സിനിമകളുടെയും ഇറങ്ങാത്ത സിനിമകളുടെയും വരെ ക്രെഡിറ്റിലാണ് താരക്രിക്കറ്റിന് പലരും കളത്തിലിറങ്ങിയത്. മുംബൈ ടീമിനെ കേരള ടീം തോല്‍പിച്ചു എന്നു പറയുന്നത് കൃഷ്ണനും രാധയും സില്‍സിലയെക്കാള്‍ ഹിറ്റായിരുന്നു എന്നു പറയുന്നതുപോലെയേ ഉള്ളൂ.

സന്തോഷ് പണ്ഡിറ്റിന്റെ സിനിമയെക്കാള്‍ രസകരം അദ്ദേഹത്തിന്റെ അഭിമുഖങ്ങളാണ് എന്നതുപോലെ കേരളത്തിലെ സിനിമാ തിയറ്ററുകളില്‍ കാണാത്ത ജനം ഇന്നലെ കൊച്ചിയിലെ സ്റ്റേഡിയത്തില്‍ തിക്കിത്തിരക്കി.ഇവന്മാരുടെ സിനിമയെക്കാള്‍ ഭേദമാണ് മറ്റെന്തും എന്ന സന്ദേശവും നികുതിവെട്ടിപ്പുകാരും കള്ളപ്പണക്കാരുമായ ശുംഭന്മാര്‍ക്ക് മനസ്സിലായിട്ടില്ല. മലബാര്‍ ഗോള്‍ഡിന്റെയും മണപ്പുറം ഫൈനാന്‍സിന്റെയും എംസിആര്‍ മുണ്ടിന്റെയുമൊക്കെ പരസ്യങ്ങളില്‍ ലാലേട്ടനെ യൂണിവേഴ്‍സല്‍ ക്രിക്കറ്റ് സ്റ്റാറായി അവതരിപ്പിക്കാനുള്ള ആലോചന ഇപ്പോഴേ തുടങ്ങിക്കാണും. സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ജീവിതത്തെ അടിസ്ഥാനമാക്കി ലാലേട്ടനെ നായകനാക്കി മേജര്‍ രവി ഒരു സിനിമ എടുക്കാതിരിക്കാന്‍ നിങ്ങളെല്ലാവരും മുട്ടിപ്പായി പ്രാര്‍ഥിക്കണം.

ഏത് അളവുകോല്‍ വച്ചു നോക്കിയാലും സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനെക്കാള്‍ കലാമൂല്യവും കായികമൂല്യവുമുള്ള ഈ ഗാനം കൂടി കണ്ടിട്ടു പോയാല്‍ മതി നിങ്ങള്‍. ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ് എന്ന സിനിമയിലെ അതിമനോഹരമായ ഒരു കൊലവെറി.വൈഡുകളില്ല, ആലിംഗനങ്ങള്‍ വേണ്ടുവോളമുണ്ട്, ചിയര്‍ഗേളായി തപോവനത്തിലെ മുനികുമാരിയും. ആസ്വദിക്കൂ….

ആറു ദിവസമായി പഞ്ചാബില്‍ നടന്ന ദേശീയ സ്കൂള്‍ അത്‍ലറ്റിക് മീറ്റില്‍ കിരീടം നേടിയ കേരളത്തിലെ കുട്ടികളെപ്പറ്റി ആര്‍ക്കും ഒരഭിമാനവുമില്ല. ചോരവെള്ളമാക്കി അധ്വാനിച്ചു നേടിയ അവരുടെ വിജയത്തിനു തിളക്കവുമില്ല. അവരെപ്പറ്റി പുളകം കൊള്ളാന്‍ സോഷ്യല്‍ മീഡിയയില്‍ ബുദ്ധിജീവികളും അവശേഷിക്കുന്നില്ല.ഷാറൂഖ് ഖാന്‍ റിമി ടോമിയെ എടുത്തുപൊക്കിയതിലൂടെ ഇന്ത്യ കേരളത്തെയാണ് എടുത്തുപൊക്കിയതെന്ന തിയറിയില്‍ ഉറച്ചുനിന്നുകൊണ്ട് മലയാളിയെന്ന നിലയില്‍ അഭിമാനിക്കുള്ള നിക്ഷേപങ്ങള്‍ സ്വരുക്കൂട്ടുന്നവര്‍ക്ക് നല്ല നമസ്‍കാരം.