നയാഗ്രയിലെ വെള്ളത്തില്‍ അവകാശമുണ്ടെന്നു തമിഴ്‌നാട്

അമേരിക്ക- കാനഡ അതില്‍ത്തിയിലുള്ള നയാഗ്ര വെള്ളച്ചാട്ടത്തില്‍ തമിഴ്‌നാടിന് അവകാശമുണ്ടെന്നും അതുകൊണ്ട് നയാഗ്രയിലെ വെള്ളം എത്രയും വേഗം തങ്ങള്‍ക്കു ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് ഐക്യരാഷ്ട്രസഭയ്ക്ക് കത്തെഴുതി. നയാഗ്ര വെള്ളച്ചാട്ടത്തിലൂടെ ദിവസവും അനേകം ലക്ഷം ലിറ്റര്‍ വെള്ളമാണ് ആര്‍ക്കും വേണ്ടാതെ ഒഴുകിപ്പോവുന്നത്. ഇത് അംഗീകരിക്കാവുന്നതല്ല. അവിടെ ആളുകള്‍ കുടിക്കാനും കുളിക്കാനും തുണിയലക്കാനും ഉപയോഗിച്ചതിനു ശേഷം ബാക്കി വരുന്ന വെള്ളം തമിഴ്‌നാടിനു ലഭ്യമാക്കണമെന്നാണ് ആവശ്യം.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിനുള്ളിലൂടെ ഒഴുകുന്ന നദി തമിഴ്‌നാടിന്റെ സ്വന്തമാണെന്നു സ്ഥാപിച്ചതിനു പിന്നാലെ കബനീനദിയില്‍ നിന്നുള്ള കേരളത്തിന്റെ വിഹിതവും തങ്ങള്‍ക്ക് അവകശപ്പെട്ടതാണെന്ന് തമിഴ്‌നാട് പറഞ്ഞിരുന്നു. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ഒട്ടുമിക്ക നദികളും തമിഴ്‌നാടിന്റെ സ്വന്തമായി മാറുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് രാജ്യാന്തര നദികളുടെ മേല്‍ അവകാശമുന്നയിക്കാന്‍ തമിഴ്‌നാട് ശ്രമിക്കുന്നത്.

നയാഗ്രയിലൂടെ സെക്കന്‍ഡില്‍ ഏകദേശം 25000 ടിഎംസി വെള്ളമാണ് വെറുതെ ഒഴുകിപ്പോവുന്നത്. കാനഡയോ അമേരിക്കയോ ഈ വെള്ളം വേണ്ട വിധത്തില്‍ ഉപയോഗിക്കുന്നില്ല. അതുകൊണ്ട് തന്നെ വെള്ളച്ചാട്ടത്തിലൂടെ ഒഴുകിപ്പോവുന്ന വെള്ളത്തിനു പുറമേ അമേരിക്കയും കാനഡയും പാഴാക്കിക്കളയുന്ന വെള്ളവും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാടിന് അനുകൂലമായ തീരുമാനമെടുത്തില്ലെങ്കില്‍ യുഎന്‍ സെക്രട്ടറി ജനറലിലെ തമിഴ്‌നാട് സസ്‌പെന്‍ഡ് ചെയ്യുമെന്നും സൂചനയുണ്ട്.

അമേരിക്കയും കാനഡയിലും ഇന്നു മറ്റൊരു ഭൂഖണ്ഡത്തിലെ രാജ്യങ്ങളാണെങ്കിലും എഡി 352ല്‍ ഇന്ത്യ സന്ദര്‍ശിച്ച മുനിച്ചാമി ചക്രവര്‍ത്തി ലോകത്തെ 10 പ്രമുഖ നദികള്‍ തമിഴ്‌നാടിന് 99999 വര്‍ഷത്തേക്ക് പാട്ടത്തിനു കൊടുത്തതായി രേഖയുണ്ടെന്നും അക്കാലത്ത് മുനിച്ചാമി ചക്രവര്‍ത്തിയോടൊപ്പം കുടിയേറിയ തമിഴ്‌നാട്ടുകാരാണ് അമേരിക്കയിലെയും കാനഡയിലെയും ആദ്യ കുടിയേറ്റക്കാര്‍ എന്നതിനാല്‍ ഇരു രാജ്യങ്ങളുടെ മേലും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും തമിഴ്‌നാട് വ്യക്തമാക്കി. രാജ്യങ്ങളുടെ ഭരണാവകാശം ഇപ്പോള്‍ കൈമാറേണ്ടെന്നും തല്‍ക്കാലം നദികളുടെ അവകാശം മാത്രം നല്‍കിയാല്‍ മതിയെന്നും തമിഴ്‌നാടിന്റെ കത്തില്‍ പറയുന്നു. തമിഴ്‌നാടിന് അനുകൂലമായ തീരുമാനം എടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കത്ത് മുന്നറിയിപ്പു നല്‍കുന്നുണ്ട്.

അതേ സമയം, ഗംഗ, യമുന, ഗോദാവരി തുടങ്ങിയ ഇന്ത്യയിലെ മറ്റു നദികളും തമിഴ്‌നാടിന് അവകാശപ്പെട്ടതാണെന്ന വാദവുമായി തമിഴ്‌നാട് എംപിമാര്‍ പാര്‍ലമെന്റ് ഉപരോധിച്ചു. 3000 വര്‍ഷം മുന്‍പ് ഈ നദികളെല്ലാം തമിഴ്‌നാട്ടില്‍ നിന്നു ഉദ്ഭവിച്ച് വിവിധ സംസ്ഥാനങ്ങളിലേക്ക് ഒഴുകിയിരുന്നതാണെന്നും അക്കാലത്ത് ഹിമാലയം ഒരു വലിയ താടകമായിരുന്നെന്നും അവര്‍ പറയുന്നു. ബിസി 500ല്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ ഹിമാലയം പൊങ്ങിവരികയും നദികളുടെ ഗതിമാറുകയും ചെയ്തതാണെന്നും അതിന് തമിഴ്‌നാട് ഉത്തരവാദി അല്ലാത്തതിനാല്‍ ഈ നദികള്‍ പൂര്‍ണമായും തമിഴ്‌നാടിനു വിട്ടു നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഉപരോധം.

അതേ സമയം, തല്‍ക്കാലം കേരളത്തിലെ ജലസമ്പത്തു തൊണ്ടു തൃപ്തിപ്പെടണമെന്നും മറ്റു സംസ്ഥാനങ്ങളിലെ നദികളിന്‍മേലുള്ള അവകാശം തല്‍ക്കാലം വിട്ടുതരില്ലെന്നുമാണ് കേന്ദ്രനിലപാട്. കേരളത്തിലെ മുഴുവന്‍ നദികളിലെയും കായലുകളിലെയും വെള്ളം പൂര്‍ണമായും തമിഴ്‌നാടിനു വിട്ടുകൊടുക്കാന്‍ കോടതിയും ഉത്തരവു നല്‍കിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ ധാരാളമായി കിണറുകള്‍ കുഴിച്ച് തമിഴ്‌നാടിന് അവകാശപ്പെട്ട വെള്ളം ചോര്‍ത്തിയെടുക്കുകയാണെന്ന പരാതി ശരിവച്ച കോടതി തമിഴ്‌നാട് ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഇനി മുതല്‍ കേരളത്തില്‍ കിണറുകള്‍ കുഴിക്കുന്നതിനും നിലവിലുള്ള കിണറുകളുടെ ആഴം വര്‍ധിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കിണറുകളിലെ വെള്ളം കിണറുകളുടെ ഉടമസ്ഥര്‍ സ്വന്തം ചിലവില്‍ ടാങ്കറുകളില്‍ നിറച്ച് തമിഴ്‌നാട്ടിലെത്തിക്കണണെന്നും കോടതി വിധിയില്‍ പറയുന്നു.

ബ്ലൂഫിലിം ഡെമോക്രസി

ഈ അടുത്ത കാലത്ത് കേട്ടത്തില്‍ വച്ച് ഏറ്റവും അബദ്ധം നിറഞ്ഞതും അടിസ്ഥാനരഹിതവുമായ ഒരു വിശദീകരണമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വക്കീല്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്തു കണ്ടത്. കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളൊന്നും സര്‍ക്കാര്‍ നിലപാടിന്റെ സുതാര്യതയോ യാഥാര്‍ഥ്യമോ പരിശോധിച്ചതായി കണ്ടില്ല. സിപിഎം നേതാവിന്റെ അവിഹിതബന്ധം പോലും ഘോരമായ സദാചാരധ്വംസനമായി കാണുന്നവര്‍ രാജ്യത്തെ ഏറ്റവും വലിയ സാമൂഹികദുരന്തങ്ങളിലൊന്നിനോട് കേന്ദ്രസര്‍ക്കാര്‍ പുലര്‍ത്തിയ മൃദുസമീപനത്തില്‍ ഞെട്ടിയില്ല എന്നത് ആശ്ചര്യജനകമാണ്.

പറഞ്ഞു വരുന്നത് ഇന്റര്‍നെറ്റിലെ അശ്ലീല വെബ്‌സൈറ്റുകള്‍ക്കു (Internet Pornography) രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണമാണ്. അതു സംബന്ധിച്ച വാര്‍ത്ത ഇങ്ങനെ.

അശ്ലീല വെബ്‌സൈറ്റുകള്‍ എല്ലാം നിരോധിക്കാനാവില്ലെന്ന് കേന്ദ്രം. ഇത്തരം സൈറ്റുകള്‍ നിരോധിക്കുമ്പോള്‍ അശ്ലീല വാക്കുകളോട് സാമ്യമുള്ള മറ്റു ഉള്ളടക്കങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകില്ല. അങ്ങനെ വന്നാല്‍ സാഹിത്യ ഉള്ളടക്കങ്ങളെ ഇത് സാരമായി ബാധിക്കുമെന്നും കേന്ദ്രം അറിയിച്ചു. പോണോഗ്രാഫിക് വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാവുന്ന സോഫ്റ്റ് വെയര്‍ എല്ലാ കംപ്യൂട്ടറുകളിലും ഉള്‍പ്പെടുത്തണമെന്നും കംപ്യൂട്ടര്‍ നിര്‍മാതാക്കള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ അശ്ലീല സൈറ്റുകള്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഇന്‍ഡോറിലെ അഭിഭാഷകന്‍ കമലേഷ് വശ്വനി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. ഇന്റര്‍നെറ്റ് ഉപയോഗത്തിന് വേണ്ടത്ര നിയന്ത്രണങ്ങളില്ലാത്തതിനാല്‍ ജനങ്ങളെ അശ്ലീല സൈറ്റുളിലേക്ക് അടുപ്പിക്കുന്നതായും ഏകദേളം 20 കോടിയിലേറെ പോണോഗ്രാഫിക് സൈറ്റുകള്‍ സൗജന്യമായി ഇന്റര്‍നെറ്റില്‍ ലഭ്യമാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. കുട്ടികളടക്കമുള്ളവര്‍ ഇത് കാണുന്നത് സമൂഹത്തിനും നാടിന്റെ ക്രമസമാധാനത്തിനും ഭീഷണിയാണെന്നും ഹര്‍ജിയില്‍ പറയുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ക്കെല്ലാം പിന്നില്‍ അശ്ലീല സൈറ്റുകള്‍ക്ക് പങ്കുണ്ടെന്നും ചെറിയ കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നത് ഉത്കണ്ഠ ജനിപ്പിക്കുന്നതായും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

ഇതേ കേസില്‍ ഒരാഴ്ച മുമ്പ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കോടതിയല്‍ നല്‍കിയ വിശദീകരണം ഇങ്ങനെയാണ്:

കേന്ദ്രസര്‍ക്കാറിന്റെയോ കോടതിയുടെയോ നിര്‍ദേശമില്ലാതെ അശ്ലീലസൈറ്റുകള്‍ തടയാന്‍ കഴിയില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു. ടെലികോം മന്ത്രാലയം നല്‍കിയ ലൈസന്‍സുകള്‍ പ്രകാരം വെബ്‌സൈറ്റുകളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ സേവനദാതാക്കള്‍ക്ക് അനുമതിയില്ല. മന്ത്രാലയത്തിന്റെയോ കോടതിയുടെയോ വ്യക്തമായ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമേ സൈറ്റുകള്‍ തടയാവൂവെന്ന് നിലവിലെ ചട്ടങ്ങളില്‍ പറയുന്നുണ്ട്.

എന്താണ് അശ്ലീലമെന്നും സൈറ്റില്‍ അനുവദിക്കാവുന്നത് ഏതാണെന്നും തീരുമാനിക്കാനുള്ള നിയമപരവും സ്ഥാപനപരവുമായ കഴിവ് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കില്ലെന്ന് മറുപടിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്ക് അശ്ലീലമെന്ന് തോന്നുന്നത് മറ്റൊരാള്‍ക്ക് കലയായിരിക്കും. ടെലികോം മന്ത്രാലയമോ കോടതിയോ നിര്‍ദേശിക്കുന്ന എല്ലാ സൈറ്റുകളും തടയാന്‍ സേവനദാതാക്കളെന്ന നിലയില്‍ തയ്യാറാണെന്നും സേവനദാതാക്കള്‍ സുപ്രീംകോടതിയെ അറിയിച്ചു.

പോര്‍ണോഗ്രഫിക്ക് ഒരു തരത്തിലും നിയന്ത്രണം ഏര്‍പ്പെടുത്താനാവില്ലെന്ന നിലപാട് സോഷ്യല്‍ മീഡിയ സ്വീകരിച്ചത് ആഹ്ലാദാരവങ്ങളോടെയാണ്. എവിടെയും ആര്‍ക്കും ഒരു ഞെട്ടലും കണ്ടില്ല. പോര്‍ണോഗ്രഫി നിരോധിക്കണം എന്നു പറയുന്നവര്‍ പഴഞ്ചനും സദാചാരവാദികളുമാണെന്നു മുദ്രകുത്തപ്പെടു ഭയന്നാവാം നിരോധനം വേണമെന്നഭിപ്രായമുള്ളവരും മിണ്ടിയില്ല. അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിക്കാനാവില്ലെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ശുദ്ധ തട്ടിപ്പും പച്ചക്കള്ളവുമാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പോര്‍ണോഗ്രഫി നിരോധിച്ചാല്‍ ശുദ്ധസാഹിത്യത്തിന് ഉടവുതട്ടുമെന്നും അക്കാദമിക് ഉള്ളടക്കമുള്ളവ നഷ്ടമാകുമെന്നുള്ള വാദമാണ് ഇതില്‍ ഏറ്റവും രസകരം. പോണ്‍, സെക്‌സ് തുടങ്ങിയ ടാഗുകള്‍ അടിസ്ഥാനമാക്കി മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിനെ തന്നെ നിയന്ത്രിക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ വക്കീല്‍ പറഞ്ഞതുപോലെ അതുമായി ബന്ധപ്പെട്ട സാഹിത്യവും കോപ്പുമൊക്കെ ബ്ലോക്ക് ചെയ്യപ്പെടും. ഒരു സാധാരണ ഫയര്‍വോള്‍ ചെയ്യുന്നതും അതു തന്നെയാണ്. എന്നാല്‍, ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടതും പ്രായോഗികമായി നടപ്പാവുന്നതും അശ്ലീലവെബ്‌സൈറ്റുകള്‍ അവയുടെ ഐപി അഡ്രസ് അടിസ്ഥാനമാക്കി ബ്ലോക്ക് ചെയ്യുക എന്നതാണ്. അങ്ങനെ ബ്ലോക്ക് ചെയ്യുമ്പോള്‍ ആ വെബ്‌സൈറ്റുകളല്ലാതെ മറ്റൊന്നും ബ്ലോക്ക് ചെയ്യപ്പെടില്ല എന്നത് സാധാരണ ഇന്റര്‍നെറ്റ് കഫേക്കാരനു പോലും അറിയാം. ഇത്തരം വെബ്‌സൈറ്റുകള്‍ ലക്ഷക്കണക്കിനുണ്ടെങ്കിലും 90 ശതമാനം ആളുകളും സന്ദര്‍ശിക്കുന്നത് പത്തോ ഇരുപതോ പ്രമുഖ സൈറ്റുകളാണ്. സൗജന്യമായി കാണുകയും എത്രവോണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാമെന്നതു തന്നെയാണ് ഇവയുടെ ആകര്‍ഷണം.

അപ്പോള്‍, പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പോര്‍ണോഗ്രഫിക്ക് വിലക്കേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ മടിക്കുന്നതിന്റെ കാരണം എന്തായിരിക്കും ? ആശ്ലീല വെബ്‌സൈറ്റുകളും ഫെയ്‌സ്ബുക്കും യു ട്യൂബും ഗൂഗിളും ചേര്‍ന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഇന്റര്‍നെറ്റായി എന്നു പറയാം. പോര്‍ണോഗ്രഫിക്ക് നിയന്ത്രണം വന്നാല്‍ ഇന്ത്യയിലെ മൊത്തം ഇന്റര്‍നെറ്റ് ട്രാഫിക്കിലും ഗണ്യമായ കുറവുണ്ടാകും എന്നു ചുരുക്കം. സര്‍ക്കാരും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും കൂടി കുറവനും കുറത്തീം കളിക്കുമ്പോള്‍ പോര്‍ണോഗ്രഫിയെ ആവിഷ്‌കാരസ്വാതന്ത്യത്തിന്റെ മകുടോദാഹരണമായി ചൂണ്ടിക്കാണിക്കാനും വിഡ്ഡികളുണ്ട്.

ഇവിടെ പ്രശ്‌നം ബ്ലൂഫിലിം ജനങ്ങള്‍ കാണണോ വേണ്ടയോ എന്നതല്ല. അതിന്റെ ലഭ്യതയിലും നിലവാരത്തിലും ചില മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തണോ വേണ്ടയോ എന്നതാണ്. നിലവില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഏതൊരാള്‍ക്കും കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ ഒറ്റ ക്ലിക്കിനപ്പുറം പോര്‍ണോഗ്രഫി ലഭ്യമാണ്. പലര്‍ക്കും ആസ്വാദ്യകരമായി തോന്നുന്ന ദൃശ്യങ്ങള്‍ ആദ്യമായി കാണുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അതിന്റെ ട്രോമ ഏറെക്കാലം നിലനില്‍ക്കും. ആദ്യത്തെ ഞെട്ടല്‍ കൗതുകവും കൗതുകം വിസ്മയവും വിസ്മയം അഡിക്ഷനുമായി മാറാന്‍ അധികകാലം വേണ്ട. പ്രായപൂര്‍ത്തിയായ ആളുകള്‍ എന്തു കുന്തം വേണമെങ്കിലും കാണട്ടെ. കുട്ടികളിലേക്ക് ഇത്തരം സൈറ്റുകള്‍ എത്തുന്നതിന് ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താന്‍ കഴിയില്ലെങ്കില്‍ അഞ്ചാം ക്ലാസ്സുകാരന്‍ ഒന്നാം ക്ലാസ്സുകാരിയെ ബലാല്‍സംഗം ചെയ്യുമ്പോഴും 12 വയസ്സുകാരന്‍ 80 വയസ്സുകാരിലെ ബലാല്‍സംഗം ചെയ്യുമ്പോഴും ഞെട്ടേണ്ട കാര്യമില്ല.

മദ്യവും മയക്കുമരുന്നും സൃഷ്ടിക്കുന്നതിനെക്കാള്‍ ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതകങ്ങളും സാമൂഹികജീര്‍ണതയും വരുത്തി വയ്ക്കുന്നതാണ് പോര്‍ണോഗ്രഫി. നിരോധിക്കണമെന്നല്ല, അതിന്റെ അനര്‍ഗളമായ ലഭ്യതയില്‍ എന്തെങ്കിലും നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. എല്ലാ മാതാപിതാക്കളും ഫയര്‍വോള്‍ സ്ഥാപിക്കുന്നതും കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുകയും ചെയ്യുകയാണ് പരിഹാരമെന്നൊക്കെ പറയാമെന്നേയുള്ളൂ. മൊബൈല്‍ ഫോണ്‍ മുതലങ്ങോട്ട് ഇന്റര്‍നെറ്റ് കണക്ടിവിറ്റിയുള്ള എന്തിലും പോര്‍ണോഗ്രഫിയും സുലഭമാണ് എന്നിരിക്കെ അതൊന്നും പ്രായോഗികപരിഹാരമല്ല.

കുട്ടികള്‍ക്ക് അടിസ്ഥാന ലൈംഗികവിദ്യാഭ്യാസം നല്‍കുന്നത് പോലും ആര്‍ഷഭാരത സംസ്‌കാരത്തിനു ചേര്‍ന്നതല്ല എന്നു കരുതുന്നവര്‍ ആശ്ലീലവെബ്‌സൈറ്റുകള്‍ക്കു ഒരു നിയന്ത്രണവും ഏര്‍പ്പെടുത്താനാവില്ലെന്നു പറയുന്നതിനെക്കാള്‍ വലിയ വിരോധാഭാസമില്ല. സ്വന്തം ലൈഗിക വ്യക്തിത്വം എന്താണെന്നു മനസ്സിലാക്കുന്നതിനു മുന്‍പേ കുട്ടികള്‍ ബ്ലോജോബും റിംജോബും പരിശീലിക്കുകയും പെണ്ണായി പിറന്നവരെല്ലാം സദാ സെക്‌സിനായി ദാഹിച്ചു നടക്കുകയാണെന്നു ധരിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് നാട്ടുകാരുടെ പ്രിയപ്പെട്ട കമ്പി സൈറ്റുകള്‍ക്കാണ്. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും മദ്യലോബിക്കെതിരെ പോരാടുന്ന സൂപ്പര്‍ സ്റ്റാറുകളുമുള്ള നാട്ടില്‍ ഒരു പോര്‍ണോഗ്രഫി വിരുദ്ധ സംഘനയോ ആന്റി പോര്‍ണോ മൂവ്‌മെന്റോ ഇല്ല എന്നത് കഷ്ടമാണ്. കുട്ടികള്‍ക്ക് എങ്കിലും ലൈഗികത എന്താണെന്നു ശരിയായ രീതിയില്‍ മനസ്സിലാക്കാന്‍ ഇനിയെങ്കിലും അവസരമൊരുക്കണം.

ഗുണപാഠം- ബ്ലൂഫിലിം കണ്ടിട്ട് സെക്‌സ് എന്താണെന്നു പഠിക്കുന്നതും മലയാളം മെഗാസീരിയല്‍ കണ്ട് കുടുംബബന്ധങ്ങളെക്കുറിച്ച് പഠിക്കുന്നതും ഒരുപോലെയാണ്.

അവളൊന്നിരിക്കട്ടെ

നാട്ടുകാര്‍ക്കു നല്ല പട്ടു കൊടുക്കാന്‍ വേണ്ടി കടല്‍താണ്ടി ദേശാന്തരങ്ങളിലൂടെ സഞ്ചരിക്കുന്ന തുണിക്കട മുതലാളിമാരുടെ ത്യാഗസുരഭിലമായ ജീവിതത്തിന്റെ കഥകള്‍ വായിച്ചു കണ്ണുനനഞ്ഞിട്ടുള്ള നമുക്ക് ആ ചീങ്കണ്ണികളുടെ വിറ്റുവരവു സുരഭിലമാക്കാന്‍ ജീവിതം ത്യാഗപൂര്‍ണമാക്കിയ ഈ സ്ത്രീകളുടെ സമരപ്രഖ്യാപനത്തിന് ഡിസ്‌കൗണ്ട് ചോദിക്കാന്‍ അവകാശമില്ല. പട്ടിന്റെ ആഗോളവല്‍ക്കരണത്തിനിടയില്‍ തുണിക്കട ബ്രാന്‍ഡും പരസ്യത്തിലഭിനയിക്കുന്ന മോഡലുകളുമല്ലാതെ യഥാര്‍ഥ തൊഴിലാളികള്‍ സര്‍ക്കാരിന്റെ പോലും ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നിരിക്കെ നമ്മുടെ കാര്യം പറയാനില്ല.

കോഴിക്കോട് നഗരത്തില്‍ മെയ്ദിനത്തില്‍ ടെക്‌സ്‌റ്റൈല്‍ വിപണന രംഗത്തെ സ്ത്രീത്തൊഴിലാളികള്‍ അഥവാ സെയില്‍ ഗേള്‍സ് നടത്തിയ ഇരിക്കല്‍ സമരം ഇന്ത്യയിലെ തൊഴില്‍സമരചരിത്രങ്ങളില്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. സമരത്തിന്റെ മൂര്‍ച്ച കൊണ്ടല്ല, മനുഷ്യാവകാശവും ഫെമിനിസവും പൂത്തുലയുന്ന ഈ കാലഘട്ടത്തില്‍ ജോലിക്കിടെ ഒന്നിരിക്കാനും മൂത്രമൊഴിക്കാനുമുള്ള അവകാശത്തിനു വേണ്ടി പതിനായിരക്കണക്കിനു വരുന്ന സ്ത്രീകള്‍ സമരമുഖത്തേക്കിറങ്ങേണ്ടി വന്ന സാഹചര്യം നമ്മുടെ പുരോഗതിയുടെ യഥാര്‍ഥനിലവാരം ചൂണ്ടിക്കാണിക്കുന്നു എന്നതുകൊണ്ടാണ്.

യൂണിയന്‍ സമരങ്ങള്‍ കാരണം കമ്പനികള്‍ പൂട്ടിപ്പോയ ചരിത്രമുള്ള കേരളത്തിലാണ് അസംഘടിതരായ വലിയൊരു തൊഴില്‍ സമൂഹം മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി തെരുവിലറങ്ങേണ്ടിവന്നത്. ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങളിലെ സ്ത്രീ തൊഴിലാളികളെ ഡ്യൂട്ടിസമയങ്ങളില്‍ ഇരിക്കാന്‍ അനുവദിക്കാത്ത മാനേജ്‌മെന്റ് നിലപാടിനെതിരെ അസംഘടിത മേഖലാ തൊഴിലാളി യൂനിയന്റെ (എ.എം.ടി.യു) നേതൃത്വത്തിലാണ് ഇരിക്കല്‍ സമരം നടത്തിയത്. ഇരിക്കുന്നതും മൂത്രമൊഴിക്കുന്നതും മാത്രമാണ് അവരുടെ പ്രശ്‌നം എന്നു കരുതരുത്. അത് രണ്ടു പ്രതീകങ്ങള്‍ മാത്രമാണ്. അവര്‍ ജോലി ചെയ്യുന്നത് എല്ലാ തൊഴില്‍-മനുഷ്യാവകാശ നിയമങ്ങളും ലംഘിക്കപ്പെട്ടുകൊണ്ടാണെന്നതാണ് വിചിത്രം.

എട്ടു മണിക്കൂര്‍ ജോലി നിലവിലുള്ള സംവിധാനത്തില്‍ മിക്കവാറും എല്ലാ സെയില്‍സ് ഗേള്‍സും 10-12 മണിക്കൂര്‍ ആണ് ജോലി ചെയ്യുന്നത്. ഈ സമയമത്രയും ഇവര്‍ ഇരിക്കാന്‍ പാടില്ല എന്ന കര്‍ശന നിയമമാണ് നിലവിലുള്ളത്. ജോലിക്കിടയില്‍ ഒന്നിരിക്കാനോ പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കാനോ തൊഴിലാളികള്‍ക്ക് അനുവാദമില്ല. അസഹ്യമായ വേദനമൂലം പലരും വേദനശമനി മരുന്നുകള്‍ കഴിച്ചുകൊണ്ടാണ് ജോലി ചെയ്യുന്നത്. ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിട്ടുള്ള 20 മിനിറ്റില്‍ കൂടുതല്‍ എടുക്കുകയോ ജോലി സമയത്ത് ഇരിക്കുകയോ ചെയ്യുകയാണെങ്കില്‍ തുച്ഛമായ ശമ്പളം വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കടുത്ത ശിക്ഷാനടപടികളാണുള്ളത്. സിസിടിവി ക്യാമറകളിലൂടെ ഇവരുടെ ഓരോ ചലനവും നിരീക്ഷിക്കുന്ന കങ്കാണിമാരാണ് ക്രൂരമായ നടപടികള്‍ നടപ്പാക്കുന്നത്.

മിനിമം വേതനം, എട്ടുമണിക്കൂര്‍ ഡ്യൂട്ടി, സി.സി ടി.വി കാമറകളുടെ നിയന്ത്രണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളൊക്കെ പട്ടികയിലുണ്ടെങ്കിലും അതൊക്കെ മാറ്റിവച്ച് ഇരിക്കാനുള്ള അവകാശത്തിനാണ് മുന്‍ഗണന നല്‍കിയാണ് മെയ്ദിനത്തില്‍ ഇവര്‍ സമരം ചെയ്തത്. മിക്കവാറും വിദേശയാത്രകളിലായതുകൊണ്ടാവാം തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിയാതെ പോയത്. അപേക്ഷയുമായി ജനസമ്പര്‍ക്കപരിപാടിയില്‍ ആരും എത്താത്തതുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിസ്സഹായനാണ്. പക്ഷെ, പ്രൊഫഷനല്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും എലൈറ്റ് ക്ലാസ്സ് ഫെമിനിസ്റ്റുകളും ഈ പ്രശ്‌നം കാണാതെ പോയത് കഷ്ടമായിപ്പോയി.

പത്തനംതിട്ടയിലെ ഒരു തുണിക്കട മുതലാളി കാഷ്യറെ തുണിക്കടയ്ക്കുള്ളിലിട്ട് ചവുട്ടിക്കൊന്നിട്ട് അധികകാലമായിട്ടില്ല. മാധ്യമങ്ങള്‍ക്കു കോടികളുടെ പരസ്യവും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ലക്ഷങ്ങളുടെ സംഭാവനയും നല്‍കുന്ന തുണിക്കടകള്‍ കേരളീയസമൂഹത്തെ സ്വാധീനിക്കുന്നത് പലതരത്തിലാണ്. കസ്റ്റമര്‍ റിലേഷന്‍ഷിപ്പിന് മുന്‍ഗണ നല്‍കുമ്പോള്‍ ഷെല്‍ഫിലുള്ള എല്ലാ തുണിയും വാരിവലിച്ച് ഇടീച്ചിട്ട് ഒരു കര്‍ചീഫ് മാത്രം വാങ്ങിപ്പോകുന്നതിന്റെ സംതൃപ്തി നാട്ടുകാര്‍ക്കും അതു മുഴുവന്‍ തിരിച്ച് ഷെല്‍ഫില്‍ കയറ്റിക്കുന്നതിലൂടെ കൊടുക്കുന്ന കാശിന് മാക്‌സിമം പണിയെടുപ്പിച്ചതിന്റെ സംതൃപ്തി മുതലാളിമാര്‍ക്കും ലഭിക്കും. ഇതിനിടയില്‍ പെട്ട് അവകാശങ്ങള്‍ ഇല്ലാതായിപ്പോകുന്ന ജീവിതങ്ങള്‍ സ്വയം സംസാരിച്ചാല്‍ ഉള്ള ജോലിയും പോകും.

തൊഴിലാളികള്‍ ആവശ്യപ്പെടുന്നത് ന്യായമായ കാര്യങ്ങളാണ്. നോക്കൂകൂലിക്കെതിരെയൊക്കെ ആഞ്ഞടിക്കാറുള്ള മുതലാളിമാരും നോക്കൂകൂലിയൊക്കെ കൃത്യമായി പിടിച്ചുപറിച്ചെടുക്കുന്നതില്‍ ശ്രദ്ധയുള്ള തൊഴിലാളി സംഘടനകളും ഈ പ്രശ്‌നത്തില്‍ മാനുഷികപരിഗണനയോടെ ഇടപെടണമെന്ന് അഭ്യര്‍ഥിക്കുന്നു. പാവങ്ങളെ ചൂഷണം ചെയ്തു സമ്പാദിക്കുന്ന പണം ഒന്നിനും പ്രയോജനപ്പെടില്ല. ഉമ്മന്‍ ചാണ്ടി സാര്‍ ഈ പ്രശ്‌നത്തിലും കോടതി ഇടപെടട്ടെ എന്നു കരുതി നിസ്സംഗത പാലിക്കാനേ സാധ്യതയുള്ളൂ. ഷിബു സാറ് അടുത്ത ഫോറില്‍ ട്രിപ്പു കഴിഞ്ഞു വരുമ്പോഴെങ്കിലും ഈ സംഭവങ്ങള്‍ അറിഞ്ഞതായി ഭാവിക്കണം. കപടഫെമിനിസ്റ്റുകള്‍ കള്ളുകുടിക്കാനും തെറി പറയാനുമുള്ള അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമരത്തോടൊപ്പം ഈ പ്രശ്‌നവും കൂടി ചര്‍ച്ചയ്‌ക്കെടുക്കണം.

അസൂയക്കാരുടെ സദാചാരം

25 വയസ്സില്‍ കല്യാണം കഴിച്ചാല്‍ മുപ്പതാം വയസ്സില്‍ പിക്കപ്പു പോകുന്ന തൈക്കിളവന്‍മാരുടെ തലമുറയ്ക്ക് അറുത്തേഴാം വയസ്സില്‍ കിളി പോലൊരു പെണ്ണിനെ വളച്ചെടുക്കുന്ന ഒറിജിനല്‍ കിളവനോട് തോന്നുന്ന വികാരത്തിന് പേര് ഒന്നേയുള്ളൂ- അസൂയ. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ടിവി അവതാരക അമൃത റായിലെ പ്രേമിക്കുന്നതിന്റെയും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പ്രണയം എന്നതിനെ എങ്ങനെ നിര്‍വചിക്കുന്നു എന്നു നോക്കിയാല്‍ തന്നെ കുഴപ്പം നാട്ടുകാര്‍ക്കാണോ ദിഗ്ഗങ്കിളിനാണോ എന്നു വ്യക്തമാകും.

മകളുടെ പ്രായമുള്ള സ്ത്രീയെ 67-ാം വയസ്സില്‍ ദിഗ് പ്രേമിച്ചു എന്നതാണ് യുവകോമളന്‍മാരുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. 67-ാം വയസ്സില്‍ എണീറ്റു നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന, എണീറ്റു നിന്നാലും ഷുഗര്‍- പ്രഷര്‍, ഹാര്‍ട്ട്, പൈല്‍സ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ ലോകത്ത് ഒരാള്‍ ജീവിതത്തെ യൗവ്വനതീക്ഷ്ണവും ഹൃദയത്തെ പ്രേമസുരഭിലവുമാക്കി കാത്തുസൂക്ഷിച്ചത് വലിയ കുറ്റകൃത്യമായിപ്പോയെന്നു പറയുന്നവരെക്കാള്‍ വലിയ ബോറന്‍മാര്‍ വേറെയില്ല. എങ്ങനെ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇടം നേടണം എന്നതു ഗൂഗിള്‍ ചെയ്യുന്ന സാധുക്കളോട് ഈ ഓള്‍ഡ് ജനറേഷന്‍ ദിഗ് വിജയത്തിന്റെ റൊമാന്റിക് സൈഡ് പറഞ്ഞുന മനസ്സിലാക്കാന്‍ നോക്കിയിട്ടും കാര്യമില്ല.

അമൃത റായ് ഇത് എന്തു കണ്ടിട്ടാണ് എന്നാണ് പൊതുവേ എല്ലാവരും ചോദിക്കുന്നത്. ഇന്നാട്ടില്‍ ഇതിനും മാത്രം ചെറുപ്പക്കാരുള്ളപ്പോള്‍ അറുപത്തേഴു വയസ്സുള്ള കോണ്‍ഗ്രസ് നേതാവിനെ (ഡബിള്‍ നെഗറ്റീവ്) പ്രണയിക്കാനും അതു തുറന്നു സമ്മതിക്കാനും മാത്രം അമൃത എന്ത് ആനന്ദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രണയം എന്നു വച്ചാല്‍ 25 വയസ്സില്‍ താഴെയുള്ള പക്വതയില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള ഹഠാദാകര്‍ഷണമാണ് എന്നാണ് സാഹിത്യം, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ പറഞ്ഞു വച്ചിരിക്കുന്നത്. 30 വയസ്സുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ നമ്മുടെ നാട്ടുകാര്‍ അവിഹിതം എന്നാണ് വിളിക്കുന്നത്. ദിഗ് വിജയ് സിങ് ഒരു വിധവനാണ്. അമൃത റായ് വിവാഹമോചിതയും. മോചിതനാകുന്ന അമതൃയുടെ ഭര്‍ത്താവ് അമൃതയ്ക്ക് ദിഗേട്ടനോടൊപ്പം യുഭകരമായ ജീവിതവും ആശംസിച്ചിട്ടുണ്ട് (അത് ബ്ലാക് ഹ്യൂമറാവാനും മതി). ഇവര്‍ക്കൊന്നുമില്ലാത്ത സദാചാര പ്രശ്‌നം എന്തുകൊണ്ട് നാട്ടുകാര്‍ക്ക് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

മാധ്യമപ്രവര്‍ത്തകരുടെ സദാചാരബോധവും ഞരമ്പുരോഗവും വ്യക്തിത്വവൈകല്യങ്ങളുമൊക്കെ എത്ര ഭീകരമാണെന്നു മനസ്സിലാക്കാന്‍ ദിഗ് വിജയ് സിങ്- അമൃത റായ് ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. റൊമാന്റിക് ആയ ജീവിതവും ലൈംഗികശേഷിയുമൊക്കെ ഉള്ളവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസ്സിലാവുന്നില്ല. ദിഗ് വിജയ് സിങ്ങിനെ കുറ്റപ്പെടുത്തുന്നവരെല്ലാം ഏതപത്‌നീ വ്രതക്കാരും മറ്റുമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇവരുടെയൊക്കെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം ഏകപത്‌നീവ്രതത്തിന്റെ പുണ്യം. പത്തു പേരെ വിര്‍ച്വലായി കല്യാണം കഴിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന ഏകപത്‌നീവ്രതഫ്രോഡുകള്‍ക്ക് യഥാര്‍ഥജീവിതത്തില്‍ പ്രണയിക്കുന്നവരോടെല്ലാം ഒരു തരം പ്രതികാരബുദ്ധി തോന്നുന്നത് സ്വാഭാവികമാണ്.

ഇനി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഭാര്യയുടെ വിവരം മറച്ചുവച്ച മോദിയെ വിമര്‍ശിച്ച ദിഗ് വിജയ് സിങ്ങിന് രഹസ്യമായി പ്രണയിക്കാന്‍ എന്തവകാശം എന്നാണ് ചിലരുടെ ചോദ്യം. മോദി തന്റെ കാര്യം മറച്ചുവച്ചതില്‍ പരാതിയുണ്ടെന്നു മോദിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടില്ല. മറിച്ച്, മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി വ്രതമെടുത്തു പ്രാര്‍ഥിക്കുകയായിരുന്നു അവര്‍. അവിടെയും കുത്തിക്കഴപ്പ് എരണംകെട്ട പത്രക്കാര്‍ക്കായിരുന്നു. മോദിയെക്കുറിച്ച് യശോദച്ചേച്ചിക്കും ദിഗിനെക്കുറിച്ച് അമൃതച്ചേച്ചിക്കും പരാതിയില്ലെങ്കില്‍ പരാന്നഭോജികളായ ചാനലുകാരുടെ ഷോക്കിങ് ന്യൂസ് എക്‌സ്‌കഌസീവുകള്‍ ശുദ്ധ പോക്രിത്തരങ്ങളാണെന്നു പറയേണ്ടി വരും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ സംശുദ്ധ ജീവിതം നയിക്കുന്നവാരിക്കണം എന്നു വാശി പിടിക്കാന്‍ പൊതുജനത്തിന് അവകാശമുണ്ട്. നിലവിലുള്ളവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയിച്ചു എന്ന കുറ്റത്തിന് നേതേക്കന്‍മാരെ കല്ലെറിയുന്നത് ശരിയല്ല. സ്വന്തം സ്വകാര്യതയില്‍ സര്‍ക്കാര്‍ എത്തിനോക്കുന്നു എന്നു കണ്ടാല്‍ മനുഷ്യാവകാശലംഘനം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ രാഷ്ട്രീയനേതാക്കന്‍മാരുടെ കിടപ്പറച്ചിത്രങ്ങള്‍ വരെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കളിക്കുന്നത് വൃത്തികേടാണ്. പ്രേമിക്കാനാണെങ്കിലും ഒരു മിനിമം ആണത്തമെങ്കിലും വേണം. ജസ്റ്റിസ് മനുവിനെപ്പോലുള്ള ഓള്‍ഡ് ജെനറേഷന്‍ യുവറോണര്‍മാര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ വാനപ്രസ്ഥമാണ്. വാനപ്രസ്ഥം നയിക്കേണ്ട പ്രായത്തില്‍ ഗൃഹസ്ഥാശ്രമം ട്രൈ ചെയ്യുന്നതിലാണ് വിപ്ലവം ഉള്ളത്. അതിനെയാണ് ന്യൂ ജനറേഷന്‍ എന്നു വിളിക്കേണ്ടത്. ന്യൂജനറേഷന്‍ എന്നു പച്ചകുത്തി നടക്കുന്ന വിഡ്ഡികള്‍ ദിഗ് വിജയ് സിങ്ങിനെ കരിവാരി തേക്കുന്നതിലൂടെ കുലം കുത്തിക്കളിക്കുന്നത് സ്വന്തം ജനറേഷനിലാണ്. ദിഗ് വിജയ് സിങ്ങിനോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ. അറുപത്തേഴാം വയസ്സില്‍ ഏതെങ്കിലും ഒരു സ്ത്രീയെ പ്രണയിക്കാന്‍ മാത്രം യൗവ്വനമോ ആരോഗ്യമോ റൊമാന്റിക് ആയ ഒരു മനസ്സോ എനിക്കുണ്ടാകുമെന്ന് പ്രതിക്ഷയില്ല. ദിഗ് വിജയ് സിങ്ങിനും അമൃതയ്ക്കും ശുഭകരമായ ഒരു പ്രണയജീവിതം ആശംസിക്കുന്നു.

2000 കൊല്ലം മുമ്പ് ആറന്‍മുള മരുഭൂമിയായിരുന്നു

ആറന്‍മുള വിമാനത്താവളം പാരിസ്ഥിതിക ആഘാതമുണ്ടാക്കുമെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആറന്‍മുളയില്‍ പലരും ആരോപിക്കുന്ന തരത്തില്‍ ആഘാതമുണ്ടാക്കാന്‍ തക്കവിധം ഒരു പരിസ്ഥിതി നിലവിലില്ലെന്നും പ്രമുഖ ഭൗമശാസ്ത്രജ്ഞനും ചരിത്രകാരനും പണ്ഡിതനുമായ പുതുപ്പള്ളി സ്മാള്‍ഞൂഞ്ഞ് വ്യക്തമാക്കി. 2000 കൊല്ലം മുമ്പ് ആറന്‍മുള ഉള്‍പ്പെടുന്ന പ്രദേശം മരുഭൂമിയായിരുന്നെന്നും വിവിധതരം വിഷവാതകങ്ങള്‍ വമിച്ചിരുന്ന ആ പ്രദേശം സാധാരണപരിസ്ഥിതിക്ക് ദോഷകരമാകയാല്‍ എത്രയും വേഗം കോണ്‍ക്രീറ്റ് ഇട്ട് പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുകയാണെന്ന് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അത്രയും പ്രദേശം കോണ്‍ക്രീറ്റ് ചെയ്യുന്നത് സര്‍ക്കാരിനു നഷ്ടമാകയാല്‍ അവിടെ വിമാനത്താവളമോ മറ്റോ പണിത് റണ്‍വേ നിര്‍മിച്ച് മുതലാളിമാരുടെ കാശുകൊണ്ട് കാര്യം സാധിക്കുന്നതാണ് ബുദ്ധിയെന്നും സ്മാള്‍ഞൂഞ്ഞ് ചൂണ്ടിക്കാട്ടി.

ആറന്‍മുളയും പ്രദേശവും പരിശോധിച്ചതില്‍ നിന്നും അവിടെ നടത്തിയ ഖനനത്തില്‍ നിന്നും മരുഭൂമിയിലെ മണല്‍ത്തരികളും ഒട്ടകങ്ങളുടെ ഫോസിലുകളും കിട്ടിയിട്ടിട്ടുണ്ട്. ഇത് പണ്ട് അവിടം മരുഭൂമിയായിരുന്നു എന്നതിന്റെ തെളിവാണ്. ഇപ്പോള്‍ അവിടെ കാണുന്ന പച്ചപ്പും വെള്ളവും ഒന്നും യഥാര്‍ഥമല്ല. മരുഭൂമിയായിരുന്ന പ്രദേശത്ത് ഇത്തരത്തില്‍ വെള്ളക്കെട്ടുകളും വയലുകളും മറ്റും കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നത് പ്രകൃതിവിരുദ്ധമാണ്. വീണ്ടും അവിടം മരുഭൂമിയാക്കി മാറ്റുകയോ വിമാനത്താവളമോ മറ്റോ നിര്‍മിക്കുകയോ അല്ലാതെ പ്രശ്‌നത്തിനു മറ്റൊരു പരിഹാരമില്ല- സ്മാള്‍ഞൂഞ്ഞ് ചൂണ്ടിക്കാട്ടി.

എഡി 192-ല്‍ മരുഭൂമിയില്‍ കൃഷി ചെയ്യുന്ന ഒരു സംഘം മെസപ്പൊട്ടോമിയന്‍ കര്‍ഷകര്‍ ആറന്‍മുളയിലെത്തുകയും അവിടെ കൃഷി ചെയ്യാനും മറ്റും ശ്രമിക്കുകയും അതെ തുടര്‍ന്ന് വലിയ ഭൂകമ്പമുണ്ടായി അവരെല്ലാവരും മരിച്ചു പോവുകതുമായി മെസപ്പൊട്ടോമിയന്‍ ശിലാലിഖിതങ്ങളില്‍ കാണുന്നുണ്ട്. സ്വാഭാവിക മരുഭൂമിയായിരുന്ന ആറന്‍മുളയില്‍ കൃഷിയോ ജലസേചനമോ നടത്തുന്നത് പ്രകൃതിക്ക് ദോഷം ചെയ്യുമെന്ന നീരീക്ഷണത്തെ സാധൂകരിക്കുന്നതാണ് ഈ ശിലാലിഖിതങ്ങള്‍. അതോടൊപ്പം തന്നെ ബിസി 4327ല്‍ ആറന്‍മുള ഉള്‍പ്പെടുന്ന 500 ഏക്കര്‍ സ്ഥലത്ത് അന്യഗ്രഹ ജീവികള്‍ വന്നിറങ്ങിയിരുന്നതായും ആ പ്രദേശം പറക്കും തളികകള്‍ക്കു വന്നിറങ്ങാനുള്ള സ്ഥലമായി മാറ്റിവച്ചിരുന്നതായും സൂചനകളുണ്ട്. ശിലായുഗത്തിലും നവീനശിലായുഗത്തിലും ഭൂമിയിലെ പരിസ്ഥിതിയില്‍ കാതലായ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ ആറന്‍മുളയും പരിസരവും മാത്രം ഒരു തുള്ളി വെള്ളം പോലുമില്ലാതെ, ഒരു കൊച്ചു പുല്ലുപോലും കിളിര്‍ക്കാതെ വ്യത്യസ്തമായി നിലകൊണ്ടു.

ഇപ്പോള്‍, ആറന്‍മുളയില്‍ നെല്‍വയലുകളും നീര്‍ത്തടങ്ങളും ഉണ്ട് എന്നു പറഞ്ഞാണ് പലരും വിമാനത്താവളത്തെ എതിര്‍ക്കുന്നത്. എന്നാല്‍, പ്രകൃതിയുടെ സ്വാഭാവികശൈലിയോടിണങ്ങാത്ത മരുഭൂമിയില്‍ അത്യാഗ്രഹികളായ കര്‍ഷകര്‍ പച്ചപിടിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ആറന്‍മുളയുടെ അടിത്തട്ടില്‍ പഴയ മരുഭൂമി തിളയ്ക്കുന്ന വിവരം അവര്‍ അറിയുന്നില്ല. തണ്ണീര്‍ത്തടങ്ങളും ചതുപ്പും വെറും വയലുകളുമാണ് മേലെ കാണുന്നതെങ്കിലും ആയിരക്കണക്കിനു വര്‍ഷങ്ങളുടെ ചരിത്രമുള്ള ആറന്‍മുളയിലെ ഭൂമി ഒരു കോണ്‍ക്രീറ്റ് കവചത്തിനായി കൊതിക്കുന്നുണ്ട്. ആ കവചത്തെ അടിമുടി വിറ കൊള്ളിച്ചുകൊണ്ട് ബിസി 4327ലെപ്പോലെ അവിടെ പറക്കും തളികകള്‍ വന്നിറങ്ങണമെന്ന് ആറന്‍മുള കൊതിക്കുന്നുണ്ട്.

ആറന്‍മുളയെ വീണ്ടും മരുഭൂമിയാക്കാനോ ചരിത്രാതീതകാലത്തിലെപ്പോലെ അന്യഗ്രഹജീവികളുടെ പറക്കുംതളികകള്‍ക്കുള്ള പാര്‍ക്കിങ് യാര്‍ഡ് ആക്കാനോ ഇനി സാധ്യമല്ല. ഇന്നത്തെ അവസ്ഥയില്‍ ആറന്‍മുളയിലെ പരിസ്ഥിതിയോട് അല്‍പമെങ്കിലും നീതി പുലര്‍ത്തണമെന്നുണ്ടെങ്കില്‍ അവിടൊരു വിമാനത്താവളം കൊണ്ടുവരികയല്ലാതെ മറ്റൊരു വഴിയില്ല. അനേകം തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളുമുള്ള ആറന്‍മുള ഒരു ഡസന്‍ ലൈനുകളുള്ള കൗമാരക്കാരിയെപ്പോലെയാണ്. എന്നാല്‍ അവിടം കോണ്‍ക്രീറ്റ് ചെയ്തു റണ്‍വേ ഉണ്ടാക്കി അവിടെ കൂറ്റന്‍ വിമാനങ്ങള്‍ വന്നിറങ്ങുമ്പോള്‍ മണിയറയില്‍ പറന്നിറങ്ങുന്ന ഭര്‍ത്താവിനെ നിശബ്ദയായി സ്വീകരിക്കുന്ന ഭാര്യയെപ്പോലെ ആറന്‍മുള പരിസ്ഥിതി ലോകത്തിനാകെ മാതൃകയായി മാറും.

അതുകൊണ്ട്, ആറന്‍മുളയെ പച്ചപ്പില്‍ നിന്നും തണ്ണീര്‍ത്തടങ്ങളില്‍ നിന്നും വെറും വയലുകളില്‍ നിന്നും മോചിപ്പിക്കാന്‍ അണി ചേരുക. പ്രകൃതിയെ പ്രകോപിപ്പിക്കുന്ന കൊച്ചുകുടിലുകള്‍ക്കു പകരം അവിടെ എസിയുള്ള മൂത്രപ്പുരകള്‍ വരട്ടെ. ബോറടിപ്പിക്കുന്ന ചെറുകാറ്റിനു പകരം വലിയ വിമാനങ്ങളുടെ മുഴക്കവും മുണ്ടും തോര്‍ത്തുമുടുത്തു നടക്കുന്ന മനുഷ്യര്‍ക്കു പകരം കോട്ടും സ്യൂട്ടുമിട്ട പരിസ്ഥിതിവാദികളും വരട്ടെ. അതിനായി നമുക്കു കൈകോര്‍ത്തു പ്രവര്‍ത്തിക്കാം.

കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

സദാചാര പൊലീസിന്റെ രാഷ്ട്രീയം

അവധിക്കു വന്ന പട്ടാളക്കാരനെ വെടിവച്ചു വീഴ്ത്തിയിട്ട് യുദ്ധമുഖത്ത ടാങ്കുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ഇയാളെന്തിന് ഒരു വെടി കൊണ്ടു വീണൂ എന്നു ചോദിക്കുന്നതു പോലെയാണ് ശ്വേത മേനോന്റെ പരാതിയോടുള്ള മുഖ്യധാരയുടെ പ്രതികരികരണങ്ങള്‍. നമ്മുടെ കപടസദാചാരത്തിന്റെയും തന്ത്രപരമായ വിശാലമനസ്സിന്റെയും ശ്രേഷ്ഠമായ ഉദാഹരണങ്ങളാണ് ഇന്നലെയും ഇന്നുമായി ശ്വേത-പീതാംബരക്കുറുപ്പ് വിവാദത്തോടുള്ള പ്രമുഖരും പ്രഗല്‍ഭരും പുരോഗമന-സ്ത്രീപക്ഷവാദികളും എന്നവകാശപ്പെടുന്നവര്‍ പോലും മുന്നോട്ടു വയ്ക്കുന്ന വാദങ്ങള്‍. ഇതുമായി ബന്ധപ്പെട്ട് ശ്വേതയുടെ നിലപാടിനെതിരായി വന്നിരിക്കുന്ന പ്രധാന വാദങ്ങള്‍ നിഷ്പക്ഷമായി, മുന്‍ധാരണകളും രാഷ്ട്രീയനിലപാടുകളുമില്ലാതെ ഒന്നു പരിശോധിക്കാം.

1. സ്വന്തം പ്രസവം വരെ ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ച ശ്വേതയെ ഇരയായി കാണാനാവില്ല. ശ്വേതയ്ക്ക് പരാതി നല്‍കാന്‍ ആരുടെയും സഹായം ആവശ്യമില്ല. മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്വേതയ്‌ക്കെതിരെ സ്വമേധയാ കേസെടുക്കേണ്ടതില്ല (കെ.മുരളീധരന്‍).

ശ്വേത മേനോന്‍ പ്രസവം ചിത്രീകരിച്ചതിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍, അതിന്റെ അടിസ്ഥാനത്തില്‍ ഈ സംഭവത്തെ വിലയിരുത്താന്‍ ശ്രമിക്കുന്നത് ഒരു തരത്തിലുള്ള മോറല്‍ പൊലീസിങ് ആണ്. സ്വന്തം പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം കാണിച്ചതും ഇതും തമ്മില്‍ ലിങ്ക് ചെയ്യുന്നത് വിഡ്ഡിത്തമാണ്. പ്രസവം ചിത്രീകരിച്ചതോടെ ശ്വേതയ്ക്ക് അമാനുഷമായ കഴിവുകളൊന്നും ലഭിച്ചതായി അവര്‍ പറഞ്ഞിട്ടില്ല. പ്രസവം ചിത്രീകരിക്കാന്‍ ധൈര്യം ലഭിച്ചാല്‍ പിന്നെ മറ്റെന്തും ചെയ്യാനുള്ള ധൈര്യം ഓട്ടോമാറ്റിക്കായി വന്നുകൊള്ളുമെന്നും കരുതാന്‍ ന്യായമില്ല. പ്രസവം ചിത്രീകരിച്ച ശ്വേത എന്നു ഇപ്പോള്‍ ലേബല്‍ ചെയ്യുന്നത് ആളുകളെ മറ്റൊരു തരത്തില്‍ സ്വാധീനിക്കാം എന്ന ഉദ്ദേശത്തോടെയാണ്. ശ്വേതയ്‌ക്കെതിരേ സ്വമേധയാ കേസെടുക്കേണ്ടതില്ല എന്നു പറയേണ്ടത് കെ.മുരളീധരനല്ല. അത് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ കേരളാ പൊലീസോ പറഞ്ഞുകൊള്ളും. പരാതി നല്‍കാന്‍ ആരുടെയെങ്കിലും സഹായം ആവശ്യമുണ്ടോ ഇല്ലയോ എന്നത് ശ്വേതയും തീരുമാനിച്ചുകൊള്ളും.

2. ഈ സംഭവം വിവാദമായത് സിനിമാനടി ശ്വേത മേനോന്‍ ആയതുകൊണ്ടാണ്. എത്രയോ സാധാരണസ്ത്രീകള്‍ ദിനംപ്രതി കേരളത്തില്‍ പീഡിപ്പിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുന്നു. അപ്പോഴൊന്നും മാധ്യമങ്ങള്‍ അതിങ്ങനെ ആഘോഷിക്കാറില്ല, ആളുകള്‍ പ്രതികരിക്കാറുമില്ല.

ശ്വേത സെലബ്രിറ്റിയായതുകൊണ്ടു തന്നെയാണ് മാധ്യമങ്ങള്‍ ഇതാഘോഷിക്കുന്നത്. സെലബ്രിറ്റികളുടെ വിധി അങ്ങനെയാണ്. ശ്വേതയുടെ പരാതി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയും ആളുകള്‍ ചര്‍ച്ച ചെയ്യുകയും വിവിധ നിലപാടുകള്‍ ഉരുത്തിരിയുകയും ചെയ്യുമ്പോള്‍ സത്യവും നീതിയും ആത്മാര്‍ത്ഥയുമൊക്കെ ഒരിക്കല്‍ക്കൂടി മാറ്റുരയ്ക്കപ്പെടുകയാണ് ചെയ്യുന്നത്. ഇനി മുതല്‍ ശ്വേതയെ ഒഴികെ ആരെയും പിടിക്കാം എന്നല്ല, സ്ത്രീകളെ വെറുതെ തൊടുന്നതു പോലും അപമാനകരമായി അവര്‍ക്കു തോന്നാം എന്ന സന്ദേശമാണ് ജനങ്ങളിലേക്കെത്തുന്നത്. മേല്‍പ്പറഞ്ഞതുപോലെ ദിനംപ്രതി പീഡനങ്ങള്‍ക്കും അപമാനത്തിനുമിരയാകുന്ന നൂറുകണകിനു സ്ത്രീകള്‍ക്ക് പരാതിപ്പെടാനും നിലപാടിലുറച്ചുനില്‍ക്കാനുമുള്ള ധൈര്യവും കരുത്തുമാണ് ഈ വിവാദം പകര്‍ന്നു നല്‍കുന്നത്.

3. ശ്വേതയുടെ പക്ഷം പിടിക്കുകയും അവരുടെ പരാതി മുഖവിലയ്‌ക്കെടുക്കുകയും ചെയ്യുന്നവര്‍ ശ്വേതയുടെ പൂര്‍വകാലം പരിശോധിക്കണം. കാമസൂത്രയുടെ പരസ്യം മുതല്‍ സ്വന്തം ഗര്‍ഭസിനിമയില്‍ വരെ അഭിനയിച്ചിട്ടുള്ളവരാണ് അവര്‍. പീതാംബരക്കുറുപ്പോ വിവാഹംപോലും കഴിക്കാത്ത, ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത സാത്വികനും. സത്യത്തില്‍ പീതാംബരക്കുറുപ്പാണ് ഇര.

ഇന്നലെ നടന്ന ഒരു സംഭവത്തെപ്പറ്റി പരാതി പറയുമ്പോള്‍ അതില്‍ ഉള്‍പ്പെട്ട ആളുകളുടെ പൂര്‍വകാലവും സദാചാര സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കുന്നത് യുക്തിരഹിതമാണ്. ഈ കേസില്‍ ഇരയും വേട്ടക്കാരനും ആരൊക്കെയാണെന്ന് കേസ് അന്വേഷിക്കുന്നവര്‍ കണ്ടെത്തിക്കൊള്ളും. ശ്വേത കാമസൂത്രയുടെ പരസ്യത്തിലും രതിനിര്‍വേദത്തിലും ഒക്കെ അഭിനയിച്ചു എന്നതുകൊണ്ടോ അവരുടെ പൂര്‍വകാലത്തില്‍ പലതും സംഭവിച്ചിട്ടുണ്ടാവാം എന്നതുകൊണ്ടോ ശ്വേത ഒരു സ്ത്രീയല്ലാതാവുന്നില്ല. അപമാനിക്കപ്പെട്ടതിന്റെ വേദന ഇല്ലാതാവുന്നില്ല. കാമസൂത്രയുടെ പരസ്യത്തിലഭിനയിച്ചവളെ കയറിപ്പിടിച്ചാല്‍ തെറ്റൊന്നുമില്ല എന്നു വിശ്വസിക്കുന്നവരും വാദിക്കുന്നവരും സ്ത്രീസമൂഹത്തിനു ഭീഷണിയാണ്. ഇല വന്നു മുള്ളില്‍ വീണാലും മുള്ള് ചെന്ന് ഇലയില്‍ വീണാലും കേട് സമൂഹമാകുന്ന മരത്തിനാണ്.

4. സിനിമയില്‍ എത്രയോ പുരുഷന്‍മാര്‍ ശ്വേതയെ സ്പര്‍ശിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നു. കളിമണ്ണില്‍ യഥാര്‍ഥത്തില്‍ ഗര്‍ഭിണിയായ ശ്വേതയുടെ വയറില്‍ പരപുരുഷനായ ബിജു മേനോന്‍ മുഖം ചേര്‍ത്തുകിടക്കുന്നു വരെയുണ്ട്. ഇത്രയൊക്കെ അഡ്ജസ്റ്റ് ചെയ്യുന്ന ശ്വേതയ്ക്ക് അഥവാ പീതാംബരക്കുറുപ്പിന്റെ കയ്യൊന്നു തട്ടിയെങ്കില്‍ അങ്ങ് ക്ഷമിച്ചുകൂടെ ?

പ്രൊഫഷനലിസം എന്നത് എക്‌സിക്യുട്ടീവ് പ്രൊഫഷനലുകള്‍ക്കു മാത്രം പറഞ്ഞിട്ടുള്ളതാണെന്ന ധാരണയാണ് തിരുത്തേണ്ടത്. ഒരു നടി അവരുടെ തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളെ വ്യക്തിപരമായി കണ്ട് വിലയിരുത്തി അഭിപ്രായം പറയുന്നത് വിവരക്കേടാണ്. പീതാംബരക്കുറുപ്പും ശ്വേതയും അഭിനയിക്കുന്ന സിനിമയില്‍ അവര്‍ അച്ഛനും മകളുമായി അഭിനയിക്കുന്നതിനിടെ സംഭവിച്ച കാര്യങ്ങളെപ്പറ്റിയല്ല ശ്വേതയുടെ പരാതി. ശ്വേത അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അവിടെ കൂടിയിരുന്നവരില്‍ നിന്നും ഉണ്ടായ സമീപനങ്ങളെക്കുറിച്ചാണ്. ശ്വേതയുടെ സ്ഥാനത്ത് ആരായാലും അങ്ങനെയൊരു പരാതിയുണ്ടായാല്‍ അതിനു പ്രസക്തിയുണ്ട്.

5. ശ്വേത എന്തുകൊണ്ട് ഇതൊരു വിവാദമാക്കി ? ആരുമറിയാതെ ഒരു പരാതി കൊടുത്ത് ന്യായമായും പരിഹരിക്കാമായിരുന്ന പ്രശ്‌നത്തെ ഇത്തരത്തില്‍ വലുതാക്കിയതിലൂടെ ഒരു ജനപ്രതിനിധിയുടെ രാഷ്ട്രീയഭാവിയാണ് ഇല്ലാതായത്. തട്ടലിന്റെയും മുട്ടലിന്റെയും പേരില്‍ തകര്‍ക്കാനുള്ളതാണോ ഒരു പൊതുപ്രവര്‍ത്തകന്റെ ജീവിതം ?

ആരോരുമറിയാതെ ജില്ലാ കലക്ടറോടു മാത്രം പരാതി പറഞ്ഞ് മടങ്ങിയ ശ്വേതയെ പ്രകോപിപ്പിച്ചത് കലക്ടര്‍ കൈകഴുകിയതോടെയാണ് എന്നാണ് മനസ്സിലാകുന്നത്. ശാരീരികമായ അപമാനത്തെക്കാള്‍ അവരെ വേദനിപ്പിച്ചത് കലക്ടറുടെ ഈ നിലപാടാണ് എന്ന് ശ്വേതയും പറയുന്നു. ഒരു സ്ത്രീയ്ക്ക് താന്‍ അപമാനിക്കപ്പെട്ടു എന്നു പരസ്യമായി പറയുന്നതിനു മുമ്പ് അതിന്റെ പ്രത്യാഘാതങ്ങള്‍ ആലോചിക്കണമെന്നു പറയുന്നത് സ്ത്രീവിരുദ്ധതയാണ്. ഒരാളുടെ രാഷ്ട്രീയഭാവിയെക്കാള്‍ വിലയുള്ളതാണ് സ്ത്രീയുടെ അഭിമാനം എന്നുറച്ചുപറയാന്‍ കഴിയാതെ വരുന്നത് പരാജയമാണ്.

6. ശ്വേതേ മേനോന്‍ നുണപറയുമെന്ന് കരുതുന്നില്ല. നമ്മുടെ മലയാള സമൂഹത്തിന് എന്തുപറ്റി?. കഴുകന്‍ കണ്ണുകളോടെ, കഴുകനേപ്പോലെ സ്ത്രീകളോട് പെരുമാറരുത് (പി.സി.ജോര്‍ജ്ജ്)

ശരി രാജാവേ.

മലയാളി അഥവാ കൊലയാളി

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മെഴുകുതിരിപ്രകടനക്കാരും മേക്കപ്പ് റൂമിലാണ്. ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും. അക്‌സ എന്ന നാലുവയസ്സുകാരിയുടെ മരണത്തിനു മുന്നില്‍ അവരുടെ അര്‍ധനിമീലിത നേത്രങ്ങള്‍ ഒന്നു ചിമ്മുന്നു പോലുമില്ല. ആരും ഞെട്ടല്‍ രേഖപ്പെടുത്തുന്നില്ല, അമ്പരക്കുന്നുമില്ല. ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും പട്ടിയെപ്പോലെ കുഴിച്ചുമൂടുകയും ചെയ്ത ആ കുഞ്ഞിന്റെ ദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ വേണ്ടി വന്നു. ഇതാണ് കേരളം. ഇതാണ് നമ്മള്‍ മലയാളികളുടെ ആഗോളനിലവാരസംസ്‌കാരം.

ദില്ലി ബലാല്‍സംഗത്തിനു ശേഷം ഇന്ത്യയില്‍ ഒരക്രമമോ ടിപി വധത്തിനു ശേഷം ഒരു കൊലപാതകമോ നടന്നതായി അറിയാത്ത സാസ്‌കാരിക-ബൗദ്ധിക-സാഹിത്യ-ബുദ്ധിജീവി മൈരുകള്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അക്‌സ മുതല്‍ പിന്നോട്ടെണ്ണിയാല്‍ ഒരു നൂറു കരുന്നുകളെങ്കിലും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സാസ്‌കാരിക കേരളത്തില്‍. എന്നാല്‍ അതൊന്നും കാണാതെയും കേള്‍ക്കാതെയും വൈലോപ്പള്ളിയുടെ മാമ്പഴം ചൊല്ലിച്ചൊല്ലിക്കരഞ്ഞു തളരുകയാണ് ബുദ്ധിജീവികളും ചിന്തകരും മറ്റ് അലവലാതികളും. ഇവരൊക്കെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ അക്‌സ തിരിച്ചുവരുമോ എന്നു ചോദിക്കരുത്. കുഞ്ഞുങ്ങളെ കൊല്ലാതിരിക്കേണ്ടത് പൊലീസ് പിടിക്കും എന്നതുകൊണ്ടു മാത്രമാണ് എന്ന ധാരണയില്‍ നിന്ന് മലയാളി ഏറെ വളര്‍ന്നെങ്കിലേ മനുഷ്യനാവാന്‍ സാധിക്കൂ എന്നതിനാല്‍ പ്രതിഷേധങ്ങളും അര്‍ഥവത്തായ പ്രതികരണങ്ങളും കേരളസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും അരിഞ്ഞു പീസ് പീസാക്കുകയും ചെയ്യുന്ന മലയാളി ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി പുഞ്ചിരിച്ചു നില്‍ക്കുന്നത് സാത്താന്‍ നരകത്തിന്റെ പരസ്യത്തില്‍ മാലാഖയുടെ വേഷം ധരിക്കുന്നതുപോലെയേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും സാധാരണസംഭവമായി മാറിയ നാട്ടില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടി പണപ്പിരിവും നടക്കുന്നുണ്ട് എന്നത് നമ്മുടെ സഹാനുഭൂതി എത്രത്തോളം വിചിത്രമാണ് എന്നതിന്റെ ലക്ഷണമാണ്.

ഇതൊക്കെ രാഷ്ട്രീയക്കാരും സംഘനടകളും ബുദ്ധിജീവികളും ചെയ്യുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമ്മള്‍ ഇതിനൊക്കെയെതിരേ അപാരമായ രോഷവും പ്രതിഷേധവുമുള്ളവരാണെന്നും ആശ്വസിക്കാമെന്നു വച്ചാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. ഇത്തരം കൊലപാതകങ്ങളും പീഡനങ്ങളും എങ്ങനെ അവസാനിപ്പിക്കാമെന്നോ എങ്ങനെ ഈ സംസ്‌കാരത്തില്‍ നിന്നും മലയാളിയെ വഴിമാറ്റി നടത്താമെന്നോ ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അക്‌സയുടെ അമ്മയെയും കാമുകന്‍മാരെയും ഞങ്ങള്‍ക്കു വിട്ടുതരൂ, നിമിഷത്തിനുള്ളില്‍ ഞങ്ങളവരെ കൊന്നുതരാം എന്നു പറയുന്ന ജനക്കൂട്ടത്തില്‍പ്പെടുന്നവരാണ് നമ്മളോരോരുത്തരും. അവിടെയും കുറ്റബോധമില്ലാതെ രണ്ടുമൂന്നു പേരെ കൊല്ലുന്നതിന്റെ ത്രില്ലാണ് മലയാളിക്ക്.

ഈ ഭൂമിയിലെ സ്‌നേഹം ഇങ്ങനെയാണെന്നു കരുതി അച്ഛനും അമ്മയും ചുറ്റുമുള്ളവരുമൊക്കെ നല്‍കുന്ന വേദനകളും പീഡനങ്ങളും മരണവും വരെ നിഷ്‌കളങ്കമായ സന്തോഷത്തോടെഏറ്റുവാങ്ങുന്ന കുരുന്നുകളുടെ ചോര നമ്മളോരോരുത്തരുടെയും മേല്‍ പതിക്കുന്നുണ്ട്. നിശബ്ദത കൊണ്ട്, അവഗണന കൊണ്ട് നമ്മളോരോരുത്തരും ഈ ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കുന്നുണ്ട്. ബുദ്ധിജീവിയായലും സാഹിത്യകാരനായാലും മലയാളി എന്നാല്‍ അടിസ്ഥാനപരമായി കൊലയാളിയാണ്. നമുക്കു ലാഭമുണ്ടാക്കിത്തരുന്ന ശവങ്ങള്‍ മാത്രമേ നമ്മള്‍ ഏറ്റെടുക്കുകയുള്ളൂ. കയ്യടി കിട്ടുന്ന സമരങ്ങളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. അങ്ങനെയാണ് നമ്മളല്ലെവാരും. അങ്ങനെയല്ലാത്തവരെ കാലാകാലങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു കരുതി പറഞ്ഞെന്നു മാത്രം.

കുറിപ്പ്: ഈ അക്‌സ ആരാണ് എന്നു ദയവു ചെയ്ത് ആരും ചോദിക്കരുത്.
അത്ര നിഷ്‌കളങ്കത ഇവിടെ വേണ്ടിവരില്ല.

ഗ്രേറ്റ് ഇന്ത്യന്‍ വെഡ്ഡിങ്

അഞ്ചാം വയസ്സില് കാതുകുത്തി
ഏഴാം വയസ്സില്‍ എഴുത്തിരുത്തി
വിദ്യകളൊക്കെ തികഞ്ഞവര്
പത്താം വയസ്സിലോ താലികെട്ട്
തെയ് തെയ് തെയ് തെയ് തിത്തെയ്
തെയ് തെയ് തെയ് തെയ് തെയ്…

(കൈതപ്രം ദാമോരന്‍ നമ്പൂതിരി- ഒരു വടക്കന്‍ വീരഗാഥ)

കൈതപ്രം പാടുന്നതനുസരിച്ച് പഴയ കാലത്ത് എഴുത്തിനിരുത്തുന്നത് ഏഴാം വയസ്സിലാണ്. ഏഴാം വയസ്സില്‍ എഴുത്തിനിരുത്തിയ പിള്ളേര്‍ അക്കാലത്ത് പത്താം വയസ്സില്‍ താലി കെട്ടിയിരുന്നത്രേ. ഇന്നു വിദ്യാരംഭമാണ്. നാടെങ്ങും മൂന്നു വയസ്സു തികഞ്ഞതും തികയാത്തതുമായ കുരുന്നുകളെ നാട്ടുകാര്‍ എഴുത്തിനിരുത്തി. എന്നാല്‍ താലികെട്ടണമെങ്കില്‍ അവര്‍ 18 വയസ്സു വരെ കാത്തിരിക്കണം. അതായത് കാലം പുരോഗമിച്ചതനുസരിച്ച് എഴുത്തിനിരുത്തുന്ന പ്രായം കുറയുകയും വിവാഹപ്രായം കൂടുകയും ചെയ്തു. ഈ അനീതിക്കെതിരെയാണ് ഇന്ത്യ യുണൈറ്റഡ് നേഷന്‍സിനു മുന്നില്‍ ശക്തമായ നിലപാടെടുത്തിരിക്കുന്നത്. വരുന്ന ശിശുദിനത്തില്‍ കുട്ടികള്‍ക്കായി സമൂഹവിവാഹങ്ങള്‍ കൂടി സംഘടിപ്പിച്ച് ലോകത്തിനു മാതൃകയാവാന്‍ നമുക്കു പരിശ്രമിക്കാം.

ഒരു വര്‍ഷം രണ്ടരക്കോടി ശൈശവവിവാഹങ്ങള്‍ നടക്കുന്ന ഒരു രാജ്യം ശൈശവവിവാഹങ്ങളെ എതിര്‍ക്കുന്ന യുഎന്‍ പ്രമേയത്തെ അനുകൂലിക്കാതിരിക്കുന്നതില്‍ ഒരു സന്ദേശമുണ്ട്. പ്രായോഗികമായി എന്നതുപോലെ ആശയപരമായും ശൈശവവിവാഹങ്ങള്‍ എതിര്‍ക്കാവുന്നതല്ല എന്ന തിരിച്ചറിവുള്ളതുകൊണ്ടാവണം രാജ്യത്തെ പ്രതിനിധീകരിച്ചവര്‍ പ്രമേയത്തില്‍ ഒപ്പിടാതെ മടങ്ങിയത്. അങ്ങനെയെങ്കില്‍ വെറുതെ 18 വയസ്സെന്നും 21 വയസ്സെന്നും പറഞ്ഞ് ആളെ പറ്റിക്കാതെ ശൈശവവിവാഹങ്ങള്‍ നിയമവിധേയമാക്കിക്കൊണ്ട് രാജ്യത്തെ ജനങ്ങളുടെ ആശയക്കുഴപ്പം അകറ്റണം.

ആഗോളസമൂഹത്തിനു മുന്നില്‍ ഇന്ത്യയുടെ നിലപാട് ഇതാണെങ്കില്‍ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 വയസ്സ് ആക്കണമെന്നു പറഞ്ഞ പണ്ഡിതരെ ഒരിക്കലും കുറ്റപ്പെടുത്താനാവില്ല. ആ നിലപാടിനെ വിമര്‍ശിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തവര്‍ക്കുള്ള മറുപടി കൂടിയാണ് ശൈശവവിവാഹത്തെ പരോക്ഷമായി അനുകൂലിക്കുന്ന, ആ നിലപാട് ലോകത്തിനു മുന്നില്‍ പരസ്യമായി പ്രഖ്യാപിക്കുന്ന ഇന്ത്യയുടെ നീക്കം. പെണ്‍കുട്ടികളെ 16 വയസ്സില്‍ എന്നല്ല ഏതു പ്രായത്തിലും കെട്ടിക്കാന്‍ ഇനി നിയമനിര്‍മാണത്തിന്റെ ആവശ്യമുണ്ടോ ? ഈ നടപടിയിലൂടെ വിവാഹപ്രായം കുറയ്ക്കണമെന്ന ആവശ്യത്തോടൊപ്പമാണ് രാജ്യമെന്ന സന്ദേശം കൂടിയാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ജനാധിപത്യത്തില്‍ ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും എടുക്കുന്ന തീരുമാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള പങ്ക് എത്ര ശതമാനമാണെന്നത് ഇതുവരെ കൃത്യമായി ആരും നിര്‍ണയിച്ചിട്ടില്ല. എന്തായാലും 120 കോടിയിലേറെ ജനങ്ങളുള്ള, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് വര്‍ഷം രണ്ടരക്കോടി ശൈശവവിവാഹങ്ങളേ നടക്കുന്നുള്ളൂ എന്നത് ശൈശവവിവാഹം നിലനില്‍ക്കേണ്ടത് ഭൂരിപക്ഷത്തിന്റെ അഭിപ്രായമാണെന്ന വാദത്തെ സാധൂകരിക്കില്ല. ഈ സാഹചര്യത്തില്‍ നമ്മുടെ ജനാധിപത്യസങ്കല്‍പങ്ങളെ മാറ്റിവച്ച് ഭരണകൂടം എടുക്കുന്ന നിലപാടുകളുടെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് നമുക്ക് നല്ല പൗരന്‍മാരാവാം. രോഷമില്ലാത്തവരെ പൊതുജനം എന്ന കഴുതയെന്നും രോഷമുള്ളവരെ രാജ്യദ്രോഹി എന്നും വേര്‍തിരിക്കുന്ന സമീപനത്തില്‍ അതാണ് ഏറ്റവും സുരക്ഷിതം.

ശൈശവ വിവാഹത്തെ എതിര്‍ക്കുന്ന പ്രമേയത്തില്‍ ഇന്ത്യ ഒപ്പിടില്ല എന്നു പറയുമ്പോള്‍ അത് 120 കോടി ജനങ്ങളുടെ ഇന്ത്യയല്ല, ഭരണചക്രവും ബ്യൂറോക്രസിയും നിയന്ത്രിക്കുന്ന ശക്തികളുടെ ഇന്ത്യയാണ് എന്നതു തിരിച്ചറിഞ്ഞാല്‍ നമ്മള്‍ സാധാരണക്കാരുടെ രോഷം അവസാനിക്കും. ഏറ്റവും ഉയര്‍ന്ന ശൈശവ വിവാഹ നിരക്കുള്ള എത്യോപ്യ, സുഡാന്‍, ചാഡ്, യെമന്‍, സിയറ ലയോണ്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ് തുടങ്ങി 107 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ ആണ് ഇന്ത്യയും ബംഗ്ലാദേശും പ്രമേയത്തെ അനുകൂലിക്കാതിരുന്നത്. 2030 ആകുമ്പോഴേക്കും നമ്മള്‍ ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായിത്തീരുമെന്നും അതിനായുള്ള നയങ്ങളാണ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് പലരും നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്നത്. ആ നയങ്ങളൊന്നും നമുക്ക് മനസ്സിലാവാത്തത് നമ്മള്‍ വിവരമില്ലാത്തവരും രാജ്യസ്‌നേഹവുമില്ലാത്തവരുമായതുകൊണ്ടാണെന്നും ചിലര്‍ പറയുന്നുണ്ട്. ഇതും അതുപോലുള്ള ന്യൂജനറേഷന്‍ നയങ്ങളിലൊന്നാണ് എന്നു വിശദീകരിച്ചു തരാന്‍ കഴിയുന്ന നേതാക്കന്‍മാര്‍ നമുക്കുണ്ടാവട്ടെ എന്നു പ്രത്യാശിക്കുന്നു. ടൈറ്റില്‍ സോങ്ങിലെ അവസാന രണ്ടുവരി പാടി അവസാനിപ്പിക്കുന്നു…

തെയ് തെയ് തെയ് തെയ് തിത്തെയ്
തെയ് തെയ് തെയ് തെയ് തെയ്…