ആദര്‍ശധീരനും മദ്യലോബിയും

എല്ലാവര്‍ക്കും ആകെക്കൂടി ഒരു കണ്‍ഫ്യൂഷനാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ധീരമായ നിലപാടെടുക്കുകയും അതിലുറച്ചു നില്‍ക്കുകയും ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട നേതാവാണ് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ തരക്കേടില്ലാത്ത ഇമേജുള്ള നേതാവാണ് ഷാനിമോള്‍ ഉസ്മാന്‍. ഇവര്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആരാണ് ശരി എന്നൊരു സംശയം ഏതു കോണ്‍ഗ്രസുകാരനും ഉണ്ടാവും. സംഗതി ചൂടുപിടിച്ചതോടെ നേതാക്കള്‍ രണ്ടു പക്ഷം ചേര്‍ന്ന് പരസ്പരം ചെളിവാരിയെറിയുന്ന പഴയ പരിപാടിയും തുടങ്ങിയിട്ടുണ്ട്. ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും മദ്യനയവും കൂടിക്കുഴഞ്ഞു കിടക്കുന്ന ഈ പ്രശ്‌നത്തില്‍ നിന്നും സാധാരണക്കാരന്‍ എന്താണ് മനസ്സിലാക്കേണ്ടത് എന്നാണ് നേതാക്കള്‍ ആദ്യം വിശദീകരിച്ചു തരേണ്ടത്.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്ന കാര്യത്തില്‍ സുധീരന്റെ നിലപാട് സ്ഥിരം കുടിയന്‍മാരും ബാര്‍ മുതലാളിമാരുമൊഴികെയുള്ളവര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ബാറുകളുടെ നിലവാരവും ആളുകളുടെ മദ്യാസക്തിയും തമ്മില്‍ ബന്ധമൊന്നുമില്ലെങ്കില്‍പ്പോലും മദ്യനയത്തെ സംബന്ധിച്ചുള്ള കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടിലെ തെളിച്ചമാണ് സുധീരന്റെ നിലപാടിലൂടെ സ്വാഗതം ചെയ്യപ്പെട്ടത്. ബാറുകളുടെ നിലവാരമൊന്നും നോക്കേണ്ട, സംഗതി തുറന്നുകൊടുക്കണമെന്നതുള്‍പ്പെടെ വ്യത്യസ്ത ഫോര്‍മുലകളുമായി വിവിധ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ തന്നെ രംഗത്തു വന്നെങ്കിലും നിലപാടില്‍ നിന്നു വ്യതിചലിക്കാതെ സുധീരന്‍ ഉറച്ചു നില്‍ക്കുകയാണ്.

ഷാനിമോള്‍ ഉസ്മാന്‍ ഈ സാഹചര്യത്തിലാണ് സുധീരന്റെ ആദര്‍ശധീരമായ ഇമേജില്‍ കരി ഓയിലൊഴിക്കുന്നത്. ഷാനിമോള്‍ ഉണ്ടാക്കിയ വിവാദം പക്ഷെ സര്‍ക്കാരിന്റെ മദ്യനയവുമായോ സുധീരന്‍െ നിലപാടുമായോ ഒരു തരത്തിലും ബന്ധമുള്ളതല്ല എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ മാസം നടന്ന കെപിസിസി നിര്‍വാഹകസമിതിയില്‍ കെ.സി. വേണുഗോപാലിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചു ഷാനിമോള്‍ ഉസ്മാന്‍ നടത്തിയ പ്രസംഗം സുധീരന്‍ തടഞ്ഞതിനെ സംബന്ധിച്ചാണ് ഷാനിമോളുടെ കത്ത്. ഇതാകട്ടെ ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും പാര്‍ട്ടി അച്ചടക്കത്തിലെ സുതാര്യതയുമല്ലാതെ മറ്റൊന്നും ചര്‍ച്ച ചെയ്യുന്നില്ല. ആ കത്ത് മാധ്യമങ്ങള്‍ക്കു ചോര്‍ന്നു കിട്ടിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. കത്തിന്റെ പൂര്‍ണരൂപം ഇവിടെ വായിക്കാം.

എന്നാല്‍, തികച്ചും വ്യത്യസ്തമായ രണ്ടു വിഷയങ്ങളെ അനാവശ്യമായി കൂട്ടിക്കുഴച്ചത് നിര്‍ഭാഗ്യവശാല്‍ ആദര്‍ശധീരനായ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനാണ് എന്നത് ഖേദകരമാണ്. ഷാനിമോള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്കൊന്നും മറുപടി നല്‍കാതെ, ഷാനിമോള്‍ മദ്യലോബിയുടെ ആളാണെന്നു സംശയിക്കുന്നതായി അഭിപ്രായപ്പെടുന്നതിലൂടെ സുധീരന്‍ വലിയൊരു തെറ്റാണ് ചെയ്തത് എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഷാനിമോള്‍ ഉന്നയിച്ച പ്രശ്‌നത്തിനു മറുപടി നല്‍കിയില്ല എന്നു മാത്രമല്ല, ഷാനിമോള്‍ കക്ഷിയല്ലാത്ത ഒരു പ്രശ്‌നത്തിലേക്ക് അവരെ വലിച്ചിട്ട് അവഹേളിക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമമാണ് സുധീരന്‍ നടത്തിയത്.

നിലവാരമില്ലാത്ത ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണം എന്ന് ഒരിക്കല്‍പ്പോലും ഷാനിമോള്‍ പറഞ്ഞിട്ടില്ല. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുധീരന്റെ നിലപാടുകള്‍ ശരിയല്ല എന്നും ഷാനിമോള്‍ പറഞ്ഞിട്ടില്ല. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെ കാര്യത്തില്‍ സുധീരന്റെ ഇരട്ടത്താപ്പുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമാണ് ഷാനിമോള്‍ ചെയ്തത്. അതിനു മറുപടിയായി ഷാനിമോളെ മദ്യലോബിയുടെ വക്താവായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത് പച്ചമലയളത്തില്‍ പോക്രിത്തരമാണ്. ക്ലീന്‍ ഇമേജുള്ള സുധീരനെപ്പോലൊരാളുടെ ഭാഗത്തു നിന്നാകുമ്പോള്‍ അതിനെ ശുദ്ധപോക്രിത്തരം എന്നും വിളിക്കാം.

സുധീരനെ അനുകൂലിക്കാത്തവരെല്ലാം മദ്യലോബിയുടെ ആളുകളാണെന്നു പറയുന്നത് വളരെ പഴകിയ ഒരു ചിന്തയുടെ അകാലത്തിലുള്ള പ്രയോഗമാണ്. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ സുധീരന്റെ നിലപാട് ശ്ലാഘനീയമാണ് എന്നതുകൊണ്ട് മറ്റൊരു വിഷയത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ മദ്യലോബിയുടെ ആളുകളാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും. ഷാനിമോള്‍ ഉസ്മാന്റെ കത്തിലെ ഉള്ളടക്കം മുന്‍വിധികളില്ലാതെ ചര്‍ച്ച ചെയ്യാന്‍ വലിയ വിശാലമനസ്‌കതയൊന്നും വേണ്ട, വിവേചനബുദ്ധി മതി. തന്നെ എതിര്‍ക്കുന്നവരെല്ലാം മദ്യലോബിയുടെ ആളുകളാണെന്നു പറഞ്ഞ് കുറ്റപ്പെടുത്തുന്ന സുധീരനും തങ്ങളുടെ കപ്പലിനെതിരെ വരുന്നവരെല്ലാം കടല്‍ക്കൊള്ളക്കാരാണെന്നു പറഞ്ഞ് വെടിവയ്ക്കുന്ന ഇറ്റാലിയന്‍ നാവികരും തമ്മില്‍ എന്താണ് വ്യത്യാസം ?

മദ്യലോബിക്കെതിരെ ധര്‍മയുദ്ധം നടത്തിക്കൊണ്ടിരിക്കുന്ന സുധീരന്റെ ഗ്ലാമറിനു മങ്ങലേല്‍ക്കും വിധം ഷാനിമോള്‍ അദ്ദേഹത്തിന്റെ ഉള്‍പ്പാര്‍ട്ടി നിലപാടുകളെ സംബന്ധിച്ച് വിമര്‍ശനം നടത്തിയതാണ് സത്യത്തില്‍ യഥാര്‍ഥ പ്രശ്‌നം. രണ്ടും രണ്ടു വിഷയമാണെങ്കിലും സുധീരന്റെ ഹീറോയിസത്തിനു ഇടിവു തട്ടാന്‍ ഈ കത്ത് കാരണമായേക്കുമെന്ന ആശങ്കയാണ് വിവാദങ്ങള്‍ക്കു കാരണം. കത്ത് മാധ്യമങ്ങളുടെ കയ്യിലെത്താന്‍ കാരണം ഷാനിമോള്‍ തന്നെ കത്ത് ചോര്‍ത്തി നല്‍കിയതുകൊണ്ടാണെന്നും ആരോപിക്കുന്നു. ഷാനിമോള്‍ സുധീരനയച്ച കത്തിന്റെ കോപ്പി ഷാനിമോള്‍ തന്നെ മാധ്യമങ്ങള്‍ക്കു നല്‍കുന്നതിനെ ചോര്‍ത്തല്‍ എന്നു വിശേഷിപ്പിക്കുന്നത് എങ്ങനെയാണെന്നറിയില്ല. വിഎസിന്റെയൊക്കെ എത്രയോ കത്തുകള്‍ ഇവിടെ ചോര്‍ന്നൊലിച്ചപ്പോല്‍ ആഘോഷിച്ച നേതാക്കള്‍ അത്രയൊന്നും ഗൗരവമില്ലാത്ത ഈ കത്തിന്റെ പേരില്‍ ഇത്രയേറെ വിവാദമുണ്ടാക്കേണ്ട കാര്യമില്ല.

ഷാനിമോള്‍ മദ്യലോബിയുടെ ആളാണെന്ന് ആരോപിക്കുമ്പോള്‍ മദ്യലോബി എന്നത് വേറെ എവിടെ നിന്നോ വന്നു കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തിയാണെന്നൊരു ഫീല്‍ ഉണ്ട്. ശരിക്കും ഇവിടൊരു മദ്യലോബി ഉണ്ടെങ്കില്‍ ആ ലോബിയെ പാലുകൊടുത്തു വളര്‍ത്തി വലുതാക്കിയെടുത്തത് ഇവിടെ മാറി മാറി വന്നിട്ടുള്ള സര്‍ക്കാരുകളാണ്. കള്ളുകച്ചവടത്തിലൂടെ കോടിക്കണക്കിനു രൂപയുടെ വരുമാനമുണ്ടാക്കുന്ന സര്‍ക്കാര്‍ ഇപ്പോള്‍ മദ്യലോബിയെ അറപ്പോടെ കാണുന്നതിനെക്കാള്‍ വലിയൊരു വിരോധാഭാസമില്ല.

ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ഇരട്ടത്താപ്പുകളെ സംബന്ധിച്ച് ഷാനിമോള്‍ കത്തിലൂടെ ഉന്നയിച്ചിരിക്കുന്ന പ്രശ്‌നങ്ങള്‍ ഇപ്പോഴും അവിടെതന്നെ നില്‍ക്കുകയാണ്. ഇനി മുതലുള്ള കെപിസിസി യോഗങ്ങളില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തുന്നതിലൂടെ ഷാനിമോളുടെ ആരോപണങ്ങള്‍ കുറച്ചെങ്കിലും ശരിവയ്ക്കുകയാണ് സുധീരന്‍. പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ അവര്‍ വഴിപിഴച്ചു പോകും എന്നതുകൊണ്ട് ഷാനിമോള്‍ക്ക് കെപിസിസി യോഗത്തില്‍ മൊബൈല്‍ ഫോണ്‍ നല്‍കാത്തതാണ് എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കുകയും ചെയ്യാം.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

അമേരിക്കന്‍ ചേച്ചിക്ക് ഇന്ത്യന്‍ ബ്രദറിന്റെ കത്ത്

പ്രിയപ്പെട്ട മോളിച്ചേച്ചിക്ക്,

സുഖം തന്നെയല്ലേ എന്നു ചോദിക്കുന്നത് ശവത്തില്‍ കുത്തുന്നതുപോലെയായിരിക്കും എന്നറിയാവുന്നതുകൊണ്ട് അങ്ങനെ ചോദിക്കുന്നില്ല. മോളിച്ചേച്ചി ഒന്നു കൊണ്ടും വിഷമിക്കേണ്ട. ഇടക്കിടെ മൂല്യം ഇടിയുമെങ്കിലും ഇന്ത്യന്‍ റുപി ചതിക്കില്ല. അമേരിക്കന്‍ പൗരത്വവും അമേരിക്കന്‍ ഭര്‍ത്താവും അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പിള്ളേരുമുണ്ടായിട്ടെന്താ, ശമ്പളം കിട്ടിയില്ലെങ്കില്‍ പറഞ്ഞിട്ടു കാര്യമില്ല എന്നെനിക്കറിയാം. അച്ചായനെയും പിള്ളേരെയും പട്ടിണിക്കിടരുത്. അത്യാവശ്യത്തിന് അരി വാങ്ങാനും പിള്ളേര്‍ക്കു ഫീസ് കൊടുക്കാനുമൊക്കെയായി പത്തോ പതിനായിരമോ വേണമെങ്കില്‍ ഞാനയച്ചു തരാം. അമേരിക്കയിലാണെന്നു കരുതി പട്ടിണി കിടക്കുന്നത് ഒരഭിമാനമായി കരുതരുത്.

കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ ഉദാരമനസ്‌കതയുടെ മൂര്‍ത്തീരുപമാണെന്നു താനെന്നു ബോധിപ്പിക്കുന്നതിനായി മോളിച്ചേച്ചി തന്ന 100 ഡോളര്‍ ഇപ്പോഴും എന്റെ കയ്യില്‍ തന്നെയുണ്ട്. ഇവിടെ വലിയ പട്ടിണിയൊന്നുമില്ലാത്തതുകൊണ്ട് ഞാനതു മാറിയില്ല. അവിടെ ദാരിദ്ര്യമായ സ്ഥിതിക്ക് ആ 100 ഡോളര്‍ ഞാനങ്ങോട്ട് അയച്ചു തരാം. പിന്നെ എന്റെ കയ്യിലുള്ളത് ഇന്ത്യന്‍ രൂപയാണ്. കുടുംബത്തില്‍ പിറക്കാത്തവരും താഴ്ന്ന ജാതിക്കാരും കുഷ്ഠരോഗികളുമൊക്കെ കൈകാര്യം ചെയ്യുന്ന കറന്‍സിയായതുകൊണ്ട് ചേച്ചിയും ഫാമിലിയും അത് കൈകൊണ്ട് തൊടാറില്ല എന്നും ധൈര്യത്തോടെയും അഭിമാനത്തോടെയും ഉപയോഗിക്കാനാവുന്ന ഡോളര്‍ മാത്രമേ കൈകാര്യം ചെയ്യാറുള്ളൂ എന്നും മോളിച്ചേച്ചി പറഞ്ഞത് ഞാന്‍ മറന്നിട്ടില്ല. അവിടെ ദേശീയദാരിദ്ര്യവും കഷ്ടകാലവും ആയ സ്ഥിതിക്ക് ചേച്ചിയ്ക്ക് കൈകാര്യം ചെയ്യാന്‍ ആവശ്യത്തിനു ഡോളറുകള്‍ കിട്ടുന്നില്ലെങ്കില്‍ കുറവുകളുള്ള ഇന്ത്യന്‍ രൂപ കൈപ്പറ്റാന്‍ മടി കാണിക്കരുത്. എന്തിനും ഏതിനും കാശു മേടിക്കുന്നവരും എല്ലാ ബന്ധങ്ങളും കാശുകൊടുത്ത് സെറ്റില്‍ ചെയ്യുകയും ചെയ്യുന്നവരല്ല ഞങ്ങള്‍ ഇന്ത്യക്കാര്‍.

ഇന്നലെ, ബഹിരാകാശഗവേഷണകേന്ദ്രമായ നാസയുടെ വെബ്‌സൈറ്റില്‍ കയറിയപ്പോള്‍ കാശില്ലാത്തതുകൊണ്ട് വെബ്‌സൈറ്റ് പൂട്ടി എന്ന സന്ദേശമാണ് കണ്ടത്. അവിടുള്ള മ്യൂസിയങ്ങളും പാര്‍ക്കുകളും പബ്ലിക് ടോയ്‌ലറ്റുകളും വരെ പൂട്ടി എന്നു പത്രങ്ങളില്‍ കണ്ടു. ചേച്ചി ഇങ്ങോട്ടു പോരൂ. എത്രയൊക്കെ പ്രതിസന്ധിയുണ്ടായാലും ഇവിടെ മ്യൂസിയങ്ങളോ മൃഗശാലയോ ഒന്നും പൂട്ടിയിട്ടില്ല. എത്ര ദാരിദ്ര്യമുണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള തല്‍സമയസംപ്രേഷണം അവസാനിക്കുകയുമില്ല. അതാണ് ഇന്ത്യ. പണ്ട് ഇവിടെ കുറച്ചുനാളത്തേക്ക് ട്രഷറി പൂട്ടിയെന്നു കേട്ടപ്പേള്‍ മോളിച്ചേച്ചി ഇവിടുത്തെ ജനാധിപത്യത്തെയും സര്‍ക്കാരുകളെയും പുച്ഛിച്ചുകൊണ്ട് അവിടുത്തെ മലയാളി അസോസിയേഷന്റെ മാഗസിനില്‍ എഴുതിയ ലേഖനം ഞാനിപ്പോഴും ഓര്‍ക്കുന്നു. അവിടെ സര്‍ക്കാര്‍ തന്നെ പൂട്ടിയ സാഹചര്യത്തില്‍ ഇനി ആ മാഗസിന്‍ പോലും ഇറങ്ങില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ സങ്കടമുണ്ട്.

ലോകരാജ്യങ്ങള്‍ നിലനില്‍ക്കുന്നതും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കഞ്ഞികുടിച്ചു പോകുന്നതും അമേരിക്ക ഇങ്ങനെ നില്‍ക്കുന്നതുകൊണ്ടാണെന്നും അതുകൊണ്ട് മനസ്സുകൊണ്ടു പോലും അമേരിക്കയ്ക്ക് എതിരായി ചിന്തിക്കുകയോ എഴുതുകയോ ഒന്നും ചെയ്യരുത് എന്നും മോളിച്ചേച്ചി പറഞ്ഞത് ഞാനോര്‍ക്കുന്നു. ഇന്ത്യയില്‍ ജീവിച്ചിരുന്ന കാലമത്രയും ഇന്ത്യയോട് കാണിക്കാത്ത രാജ്യസ്‌നേഹം അമേരിക്കയില്‍ ചെന്നു കഴിഞ്ഞപ്പോള്‍ അമേരിക്കയോട് മോളിച്ചേച്ചിക്ക് എങ്ങനെയുണ്ടായി എന്നു ഞാന്‍ ആലോചിച്ചിട്ടുണ്ട്. മലയാളി അന്യസംസ്ഥാന തൊഴിലാളിയെ കാണുന്നതുപോലെയാണ് അവിടെ മോളിച്ചേച്ചി അടക്കമുള്ളവരെ അമേരിക്കക്കാര്‍ കാണുന്നതെങ്കില്‍പ്പോലും ഇന്ത്യയെ തള്ളിപ്പറയാനും കുറ്റപ്പെടുത്താനും ആക്ഷേപിക്കാനും എട്ടിന്റെ പണി കിട്ടിയാലും അമേരിക്കന്‍ ഭക്തിഗാനങ്ങള്‍ പാടാനും മോളിച്ചേച്ചിക്കുള്ള കഴിവിനെ ഞാന്‍ അംഗീകരിക്കുന്നു. എങ്കിലും, മോളിച്ചേച്ചി അവിടെ പട്ടിണി കിടന്നു ചത്തുപോയാല്‍ ഒബാമ പൊട്ടിക്കരയുകയോ അമേരിക്കന്‍ പതാക താഴ്ത്തിക്കെട്ടുകയോ ചെയ്യില്ല. അതുകൊണ്ട് ഞാനയച്ചു തരുന്ന ഇന്ത്യന്‍ രൂപ കൈപ്പറ്റി ജീവിതച്ചെലവുകള്‍ നടത്തുകയോ കെട്ടിയോനേം പിള്ളേരം കൂട്ടി അടുത്ത ഫ്‌ളൈറ്റു പിടിച്ച് ഇങ്ങോട്ടു പോരുകയോ ചെയ്യുക. രണ്ടോ മൂന്നോ ദിവസം കൂടി കഴിഞ്ഞാല്‍ അവിടെ വിമാനങ്ങളും സര്‍വീസ് നിര്‍ത്തും. പിന്നെ, കാര്യങ്ങള്‍ ബുദ്ധിമുട്ടായിത്തീരും.

ഇതൊക്കെ മോളിച്ചേച്ചിയെ ചൊറിയാന്‍ വേണ്ടി ഞാന്‍ പറയുന്നതായേ മോളിച്ചേച്ചിക്കു തോന്നൂ. എന്നാല്‍ സത്യത്തില്‍ എനിക്കങ്ങനെയൊരു ഉദ്ദേശമില്ല. യുഎന്‍, ഐഎംഎഫ്, വേള്‍ഡ് ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളുടെ മേല്‍ അതിഭീകരമായ സ്വാധീനവും ലോകത്തെ ഏതു രാജ്യത്തും കടന്നുകയറി എന്ത് അക്രമവും കാണിക്കുന്ന ഗുണ്ടായിസവും അതിവിപുലമായ ചാരപ്രവര്‍ത്തനവും ആയുധക്കച്ചവടും കൂട്ടിക്കൊടുപ്പുമൊക്കെ കൈമുതലായി ഉണ്ടായിട്ടും ഇത്രയേറെ കടബാധ്യതകളുമായാണ് മോളിച്ചേച്ചിയെപ്പോലുള്ളവര്‍ ലോകത്തിന്റെ കേന്ദ്രം എന്നു വിശേഷിപ്പിക്കുന്ന അമേരിക്ക നിലനില്‍ക്കുന്നതെങ്കില്‍ ഇത്രയേറെ അഴിമതിയൊക്കെ നടന്നിട്ടും ഇപ്പോഴും കരുത്തോടെ നില്‍ക്കുന്ന ഇന്ത്യ എത്രയോ ഉന്നതങ്ങളിലാണ് എന്നു തിരിച്ചറിയണം. ഇതൊക്കെ അമേരിക്കയെപ്പറ്റി അറിയാത്ത ഇന്ത്യക്കാരന്റെ വിവരക്കേട് എന്ന നിലയ്ക്ക് തള്ളിക്കളഞ്ഞ് പണ്ടുമുതലേയുള്ള ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവാനാണ് ചേച്ചിയുടെ ആഗ്രഹമെങ്കില്‍ എല്ലാ ആശംസകളും നേരുന്നു.

ചേച്ചിയെയും ചേച്ചിയെപ്പോലെ അമേരിക്ക സ്വര്‍ഗമാണെന്നു പറഞ്ഞ് അവിടെ കഴിയുന്ന ആയിരക്കണക്കിന് മലയാളികള്‍ക്കും വേണ്ടി ഞങ്ങളുടെ റസിഡന്‍സ് അസോസിയേഷന്‍ അടുത്തയാഴ്ച മുതല്‍ അമേരിക്ക ദുരിദാശ്വാസഫണ്ട് പിരിവ് നടത്തുന്നുണ്ട്. അത് ഡോളറിലാക്കി അങ്ങോട്ടയച്ചു താരാനാണ് ഞങ്ങളുടെ തീരുമാനം. അത് അങ്ങോട്ടെത്തുന്നതിനു മുമ്പ് കാശിന് ആവശ്യമുണ്ടെങ്കില്‍ ചോദിക്കാന്‍ മടിക്കരുത്. അഴിമതിയും അലമ്പുകളുമൊക്കെയുണ്ടെങ്കിലും ജനങ്ങളെ പട്ടിണിക്കിട്ടുകൊണ്ടുള്ള രാഷ്ട്രീയക്കളി ഇന്ത്യയിലില്ല. ധൈര്യമായിരുന്നോളൂ.

വിശ്വസ്തതയോടെ,
സ്വന്തം സണ്ണിക്കുട്ടി.

ഋഷിരാജ് സിങ്ങിന് ഒരു ഹെല്‍മെറ്റ് കത്ത്

മിസ്റ്റര്‍ ഋഷിരാജ് സിങ്,

രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസുകാരെ ഓടിച്ചു പിടിക്കുകയും അവന്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും കട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങളൊക്കെ അങ്ങയെ വാഴ്ത്തിപ്പാടിയിരുന്നു. അങ്ങാണ് ഞങ്ങളുടെ ഹീറോ എന്നു പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ ഓടി നടന്നു അങ്ങയുടെ പേരില്‍ ഫാന്‍പേജുകളുണ്ടാക്കി ചെയ്ത ലൈക്കുകള്‍ക്കു കണക്കില്ല. ഒരുവേള അങ്ങ് ലോകപ്രശസ്ത സിനിമാനടി നസ്രിയ നസീമിനെ തോല്‍പിച്ച് ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് മലയാളി പട്ടം സ്വന്തമാക്കുമോ എന്നു പോലും ഞങ്ങള്‍ കരുതി. പക്ഷെ, അങ്ങായിട്ട് എല്ലാം തുലച്ചു. ആരാധകര്‍ ഇങ്ങനെ പെരുകിവരുന്ന സമയത്ത് അങ്ങ് ഞങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുന്നു. ഭീരുക്കളെപ്പോലെ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കാന്‍ ഞങ്ങളെ കിട്ടില്ല സര്‍. ധീരന്‍മാര്‍ക്ക് ഒറ്റ മരണമേയുള്ളൂ.

ഇന്നും നാളെയുമായി അങ്ങയുടെ പേരിലുണ്ടാക്കിയ ഫാന്‍ പേജുകളെല്ലാം ഞങ്ങള്‍ അണ്‍ലൈക്ക് ചെയ്യും. പകരം വി ഹേറ്റ് ഋഷിരാജ് സിങ് എന്ന പേരില്‍ ഒരായിരം പേജുകളുണ്ടാക്കും. എന്നിട്ട് അതില്‍ ലൈക്ക് ചെയ്ത് ലൈക്ക് ചെയ്ത് സന്തോഷിക്കും. ഫാന്‍സിനെ വെറുപ്പിച്ചുകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കാനാവില്ല സര്‍. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഫാന്‍സിനെ പേടിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ശത്രുത സമ്പാദിക്കുമെന്നറിയാമായിരുന്നിട്ടും അങ്ങ് ഹെല്‍മെറ്റുമായി ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളെ പുച്ഛിക്കരുത് സര്‍.

വീട്ടില്‍ നിന്നു പുറത്തായ ഹെല്‍മെറ്റ് കടക്കാരനായ കൂട്ടുകാരനു കാശുണ്ടാക്കാന് വേണ്ടി അങ്ങു നടത്തുന്ന ഈ ഹെല്‍മെറ്റ് നാടകം ഞങ്ങള്‍ക്കു മനസ്സിലാവില്ല എന്നാണ് കരുതിയതെങ്കില്‍ തെറ്റി, ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു സര്‍. തട്ടത്തിന്‍ മറയത്ത് സിനിമ ഞങ്ങളും കണ്ടതാണ്. അതിലെ നിവിന്‍ പോളിയെ സഹായിക്കാന്‍ മനോജ് കെ.ജയന്‍ കളിച്ച അതേ കളിയാണ് അങ്ങു നടത്തുന്നതെന്ന് ഊഹിക്കാന്‍ ഐപിഎസിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ന്യൂജനറേഷന്‍ പ്രബുദ്ധമലയാളിയുവത്വമാണ് സര്‍. ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കണമെങ്കില്‍ അങ്ങു വീണ്ടും ജനിക്കേണ്ടി വരും.

ഈ വൈകിയ വേളയിലെങ്കിലും അങ്ങ് തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അങ്ങു പ്രൈവറ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയും ഓട്ടോറിക്ഷകളെയും പിന്നെ വലിയ വലിയ മുതലാളിമാരുടെ വാഹനങ്ങളെയുമൊക്കെ വേട്ടയാടിക്കൊള്ളൂ. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം. ഞങ്ങള്‍ക്കെതിരേ ചെറുവിരലനക്കരുത്. പ്രതിഷേധജ്വാലകള്‍ ആളിപ്പടരും. സാധാരണക്കാരായ ഞങ്ങളുടെ പിന്തുണയില്ലാതെ അങ്ങേയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങളെക്കൊണ്ട് ഹെല്‍മെറ്റ് വയ്പിക്കാനും സീറ്റ് ബെല്‍റ്റിടീക്കാനുമൊന്നും ശ്രമിക്കരുത്. അത് നടക്കില്ല എന്നു മാത്രമല്ല അതൊക്കെ അങ്ങേയറ്റം അനാവശ്യവുമാണ്. ഒന്ന്, ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല. ശ്രദ്ധയാണ് ബൈക്കോടിക്കുമ്പോള്‍ ഏറ്റവും ആവശ്യമായി വേണ്ടത്. ഹെല്‍മെറ്റ് വച്ച് തലമൊത്തത്തിലും കണ്ണും കാതും വായും മൂടിക്കഴിഞ്ഞാല്‍ പിന്നെ എവിടെ എങ്ങനെ ശ്രദ്ധിക്കാനാണ് ? പിന്നെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകിവച്ചാല്‍ സ്വസ്ഥമായി സംസാരിച്ചുകൊണ്ട് ബൈക്കോടിക്കാം എന്നൊരു ഗുണമുണ്ട്. പക്ഷെ, നിര്‍ബന്ധമായും ഹെല്‍മെറ്റ് വയ്ക്കണം എന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വയ്ക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ തലയില്‍ എന്തു വയ്ക്കണം എന്തു വയ്ക്കാതിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ. ഉപ്പുസത്യഗ്രഹം പോലെ ഞങ്ങള്‍ ന്യൂജെന്‍ മല്ലൂസ് ഒരു ഹെല്‍മെറ്റ് സത്യഗ്രഹത്തിനിറങ്ങിയാല്‍ പണി പാളുമെന്ന് ഓര്‍മിപ്പിക്കുകയാണ്.

അതുപോലെ തന്നെയാണ് സ്പീഡിന്റെ കാര്യവും. ഞങ്ങളെപ്പോലെ ഫ്രീക്കായ യൂത്തിനോട് നൂറിനു താഴെ വണ്ടിയോടിക്കണമെന്നു പറയാന്‍ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വരുന്നു ? അന്‍പതിനു താഴെ വണ്ടിയോടിക്കുന്നതും ഹെല്‍മെറ്റ് വയ്ക്കുന്നതുമൊക്കെ പേടിച്ചുതൂറികളായ അലവലാതികളാണ്. ഞങ്ങള്‍ ബഡീസിനെ അങ്ങു വിലകുറച്ചു കാണരുത്. ഞങ്ങള്‍ക്കു ബൈക്കോടിക്കാന്‍ ഹെല്‍മെറ്റോ കാറോടിക്ാന്‍ സീറ്റ്‌ബെല്‍റ്റോ റോഡ് മുറിച്ചു കടക്കാന്‍ സീബ്രവരകളോ ആവശ്യമില്ല. ട്രാഫിക് നിയമങ്ങള്‍ അപകടങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ മലയാളികള്‍ ഭീരുക്കളല്ല സര്‍.

അമേരിക്കയിലും ക്യാനഡയിലും ബ്രിട്ടണിലും സിക്കുകാരെ ഹെല്‍മെറ്റില്‍ നിന്നൊഴിവാക്കാനായി ആ രാജ്യങ്ങളിലെ ട്രാഫിക് നിയമം മാറ്റിയെഴുതണമെന്ന് അവിടങ്ങളിലുള്ള സിക്കുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കാന്‍ ഒരു സിക്കുകാരനായ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഞങ്ങള്‍ അദ്ഭുതപ്പെടുന്നത്. സോളാര്‍ കേസില്‍ നിന്നു രക്ഷപെടാനുള്ള നാടകമല്ലേ ഈ ഹെല്‍മെറ്റ് വേട്ടയിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു സംശയമുണ്ട്. ഹെല്‍മെറ്റ് വേട്ട നടത്തി നാട്ടുകാരെക്കൊണ്ട് പിഴയിടീപ്പിക്കുന്ന പണം സോളാര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയല്ലേ ഉപയോഗിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എത്രയും വേഗം ഹെല്‍മെറ്റ് വേട്ടയില്‍ നിന്നു പിന്മാറുക. അങ്ങേയ്ക്കു ഫെയ്‌സ്ബുക്ക് സ്റ്റാര്‍ ആവണ്ടേ ? ആക്കുന്ന കാര്യം ഞങ്ങളേറ്റു.

വിശ്വസ്തതയോടെ,
ഓള്‍ കേരള ന്യൂജനറേഷന്‍ മല്ലൂസ് ഫെഡറേഷന്‍ (AKNMF)

ഡോ.മന്‍മോഹന്‍സിങ്ങിന് ഒരു തുറന്ന കത്ത്

അങ്ങുന്നേ,

ജനാധിപത്യവ്യവസ്ഥിതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ രാജ്യത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാത്ത ഒരു പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പെടുമോ എന്നറിയില്ലെങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാത്തതിനാല്‍ അങ്ങുമായി ഏതാനും കാര്യങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവയ്ക്കാമെന്നു കരുതുന്നു. ഇന്ത്യയുടെ താഴെക്കിടക്കുന്ന കേരളം എന്നു പറയുന്ന ചെറിയ സംസ്ഥാനത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടെ ക്ലാസിക്കല്‍ ഭാഷയായ മലയാളം ആണ് പ്രചാരത്തിലിരിക്കുന്നത്. ക്ലാസിക്കല്‍ ഭാഷയായതിനാല്‍ മലയാളത്തില്‍ അങ്ങേയ്ക്ക് കത്തയക്കുന്നതില്‍ തീവ്രവാദസംബന്ധിയായി ഒന്നുമുണ്ടാവില്ല എന്ന വിശ്വാസത്തോടെയാണ് അടിയന്‍ ഈ ഉദ്യമത്തിനു മുതിരുന്നത്.

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഗുര്‍ജരണ്‍ മാഡത്തിനും സുഖം തന്നെയല്ലേ ? വിദേശയാത്രകളും മറ്റും മുറയ്്ക്ക് നടക്കുന്നുണ്ടായിരിക്കുമല്ലോ ? സോണിയാ ഗാന്ധി എന്തോ ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയിരിക്കുകയാണെന്നു കേട്ടു. അങ്ങുന്നിന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒക്കെ ഇപ്പോള്‍ ആരാണ് നല്‍കുന്നത് ? ഇതൊക്കെ അങ്ങുന്ന് എണ്ണിയെണ്ണി ഉത്തരം പറയേണ്ട ചോദ്യങ്ങളല്ല കേട്ടോ. എന്തെങ്കിലും ചോദിക്കേണ്ടേ എന്നു കരുതി ചോദിച്ചെന്നു മാത്രം. ഇതില്‍ കൂടുതലൊക്കെ ചേദിക്കാന്‍ നമ്മളങ്ങിനെ കളിക്കൂട്ടുകാരൊന്നുമല്ലല്ലോ. പിന്നെ, സോണിയാജി മരുന്നു മേടിക്കാന്‍ അമേരിക്കയ്ക്ക് പോയി എന്നു കേട്ടപ്പോള്‍ മുതല്‍ ചോദിക്കണമെന്നു കരുതിയതാണ്. പുള്ളിക്കാരി ജനിച്ചതും വളര്‍ന്നതുമൊക്കെ ഇറ്റലിയിലാണെന്നു പറയുമ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും ഇന്ത്യക്കാരി എന്ന നിലയില്‍ അഭിമാനിക്കുന്നുണ്ടെന്നുമൊക്കെ പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സോണിയാജി ഒരസുഖം വന്നപ്പോള്‍ ചികില്‍സിക്കാന്‍ അമേരിക്കയ്ക്കു പോയതിലൂടെ മൂപ്പത്ത്യാര്‍ക്ക് സ്വന്തം കാര്യം വരുമ്പോള്‍ ഇന്ത്യയെക്കാള്‍ പഥ്യം അമേരിക്കയാണെന്ന സന്ദേശമല്ലേ നല്‍കുന്നത്. എപ്പോഴും ഇന്ത്യയിലെ സാധാരണക്കാരെപ്പറ്റിയും പട്ടിണിക്കാരെപ്പറ്റിയുമൊക്കെയാണല്ലോ നിങ്ങളുടെയാളുകള്‍, പ്രത്യേകിച്ച് ആ രാഹുല്‍ ഗാന്ധി പറയാറുള്ളത്. ഇവിടുത്തെ പാവങ്ങളൊന്നും അമേരിക്കയില്‍ പോയല്ല ചികില്‍സിക്കുന്നത് എന്ന് അങ്ങുന്നിനും അറിവുള്ളതല്ലേ. ഞങ്ങളെ സംബന്ധിച്ച് സോണിയാജിയുടെ ജീവനും ആരോഗ്യത്തിനും ഉള്ളതുപോലെ പ്രാധാന്യം ഞങ്ങളുടെ ജീവനും ആരോഗ്യത്തിനുമുണ്ട്. അതുകൊണ്ട് സോണിയാജിയെപ്പോലെ ഞങ്ങളില്‍ ചികില്‍സ ആവശ്യമുള്ള ആളുകളെയും സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ വിട്ട് ചികില്‍സിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതില്‍ തീവ്രവാദസംബന്ധിയായോ രാജ്യദ്രോഹമായോ ഒന്നും ഇല്ല എന്നു പ്രത്യാശിക്കുന്നു.

അവിടെ ചെന്ന സോണിയാജിക്കെതിരേ ഏതോ കേസില്‍ അവിടുത്തെ കോടതി സമന്‍സ് അയച്ചു എന്നു വായിച്ചു. ചികില്‍സ തേടി ചെല്ലുന്നവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പുള്ളിക്കാരിക്ക് സമന്‍സ് കൊടുത്തതുകൊണ്ടാണോ അമേരിക്ക സാമ്പത്തികനയം മാറ്റുന്നതിനു മുമ്പ് ഇന്ത്യയോടും മറ്റും അനുവാദം ചോദിക്കണമെന്നോ മറ്റോ അങ്ങു പറഞ്ഞത് ? കാര്യം വിവരക്കേടാണങ്കിലും അമേരിക്കയ്ക്ക് അതൊരു തിരിച്ചടിയായിട്ടുണ്ട്. സോണിയാജിക്കെതിരേ സമന്‍സ് കൊടുത്തതതിന് അവന്‍മാരനുഭവിക്കണം. ശ്രീലങ്കയിലെ പുലികള്‍ക്കു സംഭവിച്ചത് അമേരിക്കയിലെ സായിപ്പന്‍മാര്‍ക്കും സംഭവിക്കുമായിരിക്കും അല്ലേ ? പിന്നെ, ഇത്തരം ചെറിയ കേസുകളിലൊക്കെ സമന്‍സ് കൊടുക്കുന്ന അമേരിക്കന്‍ കോടതിയോട് ടിപി വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു പറയുന്ന കേരളത്തിലെ ഏതെങ്കിലും സിപിഎം നേതാവിനു സമന്‍സ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നു കൂടി അങ്ങു ചോദിക്കണം.

പിന്നെ, കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി അങ്ങയോട് ആരെങ്കിലും പറയാറുണ്ടോ ? ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അങ്ങറിയുന്നുണ്ടോ ? എന്തായാലും പ്രധാനമന്ത്രിയെ കാണാനാണെന്നു പറഞ്ഞ് ഇവിടെ നിന്നു പലരും ദില്ലിയിലേക്കെന്നു പറഞ്ഞ് പോകുന്നതായി പത്രങ്ങളില്‍ കാണാറുണ്ട്. അവിടെ കേന്ദ്രത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെ നാശകോശമായിക്കിടക്കുമ്പോള്‍ കേരളത്തിലെ വികാസങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അങ്ങുന്നിന് അതില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ കഴിയില്ല എന്നെനിക്കറിയാം. സത്യത്തില്‍ എന്താണ് അവിടെ സംഭവിക്കുന്നത് ? ജലദോഷത്തിനു ചികില്‍സിച്ച് ഒടുവില്‍ രോഗി എയ്ഡ്‌സ് പിടിച്ചു ചത്തു എന്നു പറഞ്ഞതുപോലെയാണ് അങ്ങുന്നിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. കുറെ കണക്കും കാര്യങ്ങളും പറഞ്ഞ് അങ്ങുന്നിനു വേണമെങ്കില്‍ തര്‍ക്കിച്ചു ജയിക്കാം, എന്നാല്‍ ദിനം പ്രതി ഇവിടെ ഞങ്ങളുടെ ജീവിതം നരകമായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് ഒരുമാസം തട്ടിമുട്ടി കഴിഞ്ഞുപോകണമെങ്കില്‍ മിനിമം അഞ്ചു ദിവസമെങ്കിലും പട്ടിണി കിടക്കണം എന്ന അവസ്ഥയാണ്. ഇതൊക്കെ കേള്‍ക്കുന്നത് അങ്ങുന്നിനു ബോറടിയായിരിക്കുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

അവിടെ അതിര്‍ത്തിയിലെവിടെയോ 640 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി വാര്‍ത്തകളില്‍ കണ്ടു. ഉള്ളതാണോ ? അവിടുത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ഞങ്ങള്‍ ഇവിടുന്നു പായിച്ചതാണ്. പുള്ളി ഇവിടെ ചാരായം നിരോധിച്ചതോടെയാണ് ഞങ്ങള്‍ മൂപ്പരെ വെറുത്തു പോയത്. ഞങ്ങള്‍ മലയാളികള്‍ക്ക് കള്ളടിക്കാതെ ജീവിക്കാന്‍ കഴിയില്ല. അതറിഞ്ഞുകൊണ്ടാണ് മൂപ്പര് അത്ര വലിയ അക്രമം ചെയ്തത്. ചൈന നമ്മുടെ സ്ഥലങ്ങള്‍ കയ്യേറുമ്പോള്‍ ചുമ്മാ കുന്തം വിഴുങ്ങി നോക്കിനില്‍ക്കാനല്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം. സാമ്പത്തികരംഗത്തെപ്പോലെ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല അതെന്നത് ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ. അതിര്‍ത്തിയെപ്പറ്റി ഇത്രയും പറഞ്ഞത് തീവ്രവാദമായി കാണരുതേ എന്നപേക്ഷിക്കുന്നു.

പിന്നെ, നമ്മുടെ കല്‍ക്കരി അഴിമതിക്കേസ് എന്തായി ? ബാക്കിയുള്ള അഴിമതിക്കേസുകളൊക്കെ എന്തെങ്കിലും ആയി എന്നു വച്ചല്ല അങ്ങനെ ചോദിച്ചത്. അങ്ങുന്നിന്റെ പേരുകൂടി പറഞ്ഞു കേട്ട ഒരു കേസായതുകൊണ്ട് ചോദിച്ചു എന്നു മാത്രം. അങ്ങുന്നിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐ ഉദ്യോഗസ്ഥനെ സിബിഐ ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ പോകുന്നതായി കേട്ടു. അവനെയൊന്നും വച്ചേക്കരുത് അങ്ങുന്നേ. അങ്ങുന്നിന്റെ ഉദേഷ്ടാവ് ടി.കെ.എ.നായരങ്ങുന്നിനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണങ്ങുന്നിനെയും ഒന്നും ചോദ്യം ചെയ്യാന്‍ സമ്മതിക്കില്ല എന്നും പറഞ്ഞതായി കേട്ടു. അതും നന്നായി. സിബിഐക്കാരല്ലേ, വേണമെങ്കില്‍ ഇവരുടെയൊക്കെ ഡമ്മിയുണ്ടാക്കി വച്ചു ചോദ്യം ചെയ്യട്ടെ. ഡമ്മികള്‍ തമ്മിലുള്ള സംഭാഷണങ്ങളും അവന്‍മാര്‍ റെക്കോര്‍ഡ് ചെയ്യട്ടെ. ഹല്ല, പിന്നെ.

അധികം ദീര്‍ഘിപ്പിക്കുന്നില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞതുപോലെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതികളെപ്പറ്റി ഞങ്ങള്‍ക്കിപ്പോള്‍ വലിയ ആശങ്കയൊന്നുമില്ല. നിങ്ങള്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ നികുതികള്‍ തരുന്നത് എന്നു ഞങ്ങള്‍ക്കറിയാം. അഴിമതി നടത്തിയ എല്ലാവരും മുടിഞ്ഞുപോവുകയും പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു കോടികളുണ്ടാക്കിയവര്‍ അതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ചത്തുമണ്ണടിയുകയും മൂപ്പര് പറഞ്ഞതുപോലെ ആ പണം കാലക്രമേണ ജനങ്ങളിലേക്കു തന്നെ എത്തിച്ചേരുകയും ചെയ്യുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു പ്രത്യാശയാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ബോറടിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ മറക്കരുത്.

വിശ്വസ്തതയോടെ,

ക്ലാസിക്കല്‍ ലാംഗ്വേജ് ബ്ലോഗര്‍.

കൊച്ചി മെട്രോ അച്ചായന്‍റെ കത്ത്

ബഹുമാനപ്പെട്ട സാറിന്,

ഞങ്ങടെ അഭിമാനമാകാന്‍ പോകുന്ന കൊച്ചി മെട്രോ പദ്ധതി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിങ്ങടെ കമ്പനിയുടെ സഹായത്തോടെ ഇത് ഉണ്ടാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെ വല്ല പദ്ധതികളും വരുമ്പോഴാണ് ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ വല്ല ഫ്ലാറ്റോ ഔഡിയോ ബിഎംഡബ്‍ളിയുവോ ഒക്കെ വാങ്ങുന്നത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കൊച്ചി മെട്രോ എന്നു പറയുമ്പോള്‍ ജീവിതകാലം മുഴുവനും പിന്നെയൊരു 15 തലമുറയ്‍ക്കു കൂടി കഴിഞ്ഞുകൂടാനുള്ള വകയും ഒറ്റയടിച്ചു സമ്പാദിക്കാനുള്ള സുവര്ണാവസരമാണെന്നതും ഞാന്‍ എടുത്തു പറയുന്നില്ല.എന്നാല്‍, ഞങ്ങള്‍ അനേകം ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയിലാണ്.

വളച്ചുകെട്ടില്ലാതെ നേരേ കാര്യത്തിലേക്കു കടക്കാം. നിങ്ങടെ ആളാണെന്നും പറഞ്ഞ് ഒരു ശ്രീധരന്‍ കുറച്ചുനാളായി ഇവിടെ ആളുകളിച്ചു നടക്കുന്നുണ്ട്. ശരിക്കും ശ്രീധരനു പണിയറിയാമോ ? പുള്ളിയെ ആരാണ് പണി പഠിപ്പിച്ചത് ? ഇത്തരം പണികളൊക്കെ ഏതെങ്കിലും മേസ്തിരിയുടെ കൂടെ നിന്നു പഠിച്ചിട്ടുള്ള പരിചയസമ്പന്നരായ ആളുകളെയല്ലേ പദ്ധതിയേല്‍പിക്കേണ്ടത് ? മെട്രോ ഉണ്ടാക്കുന്നതില്‍ പുള്ളി കഴിഞ്ഞേ ഇന്ത്യയില്‍ വേറാരുമുള്ളൂ എന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എനിക്കിത് സഹിക്കുന്നില്ല.സിറ്റിയിലെ മെട്രോ കൂള്‍ബാറും മെട്രോ തീയറ്ററും എല്ലാം ഞാന്‍ ബിനാമിയെ വച്ചു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി പണിതിട്ടുള്ളതാണ്. ആ എനിക്ക് മെട്രോ റയില്‍വേയും പണിയാന്‍ പറ്റും എന്നതില്‍ ഒരു സംശയവുമില്ല.ഈ സാഹചര്യത്തില്‍ ഇവിടുള്ള ഉദ്യോഗസ്ഥരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ അഴിമതി വിരുദ്ധനായ ഒരു ശ്രീധരനെ ഇങ്ങോട്ടു കെട്ടിയെടുക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം വളരെ വ്യക്തമായി അറിയിക്കുകയാണ്.

ഞാന്‍ വളരെ ഓപ്പണായി ഇങ്ങനൊക്കെ എഴുതുമ്പോള്‍ സാറ് പലതും വിചാരിക്കും. ഇവിടെ അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ കുറെ കിഴങ്ങന്‍മാര്‍ വന്നു പോവുകയും പല മണ്ടത്തരങ്ങളും പറയുകയും ചെയ്യും. എന്നാല്‍, നാടു ഭരിക്കുന്നത് നമ്മളാണ്.നമ്മുടെ കൈകളിലൂടെയല്ലാതെ ഒന്നും കടന്നുപോവുന്നില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരുടെ ആദര്‍ശസിദ്ധാന്തങ്ങളില്‍ കുടുങ്ങി വഞ്ചിതരാവാതിരിക്കുക. നമ്മള്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണം. നമ്മുടെ ഉദ്യോഗസ്ഥഭരണസംവിധാനത്തിന് അതിന്‍റേതായ പ്രത്യേകതകളുണ്ട്. 10000 രൂപ ശമ്പളം വാങ്ങുന്ന കാലത്തും എനിക്ക് മാസം 50000 രൂപ ചെലവിടാനുള്ള സെറ്റപ്പുണ്ടായത് ആ പ്രത്യേകതളൊക്കെയുള്ളതു കൊണ്ടാണ്. അഴിമതിയെയും നമ്മുടെ പ്രത്യേകതകളെയും തള്ളിപ്പറഞ്ഞു കൊണ്ട് പദ്ധതികള്‍ നിശ്ചിത ബജറ്റിനുള്ളില്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സമൂഹത്തെ ഒന്നാകെ ഒറ്റിക്കൊടുക്കുന്ന കാപാലികന്മാര്‍ക്കെതിരേ പടനയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതും ഇത്തരുണത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്.

കൊച്ചി മെട്രോയില്‍ മിസ്റ്റര്‍ ശ്രീധരന്‍ ഉണ്ടെങ്കില്‍ പിന്നെ ഞാനോ എന്നെപ്പോലുള്ള ഉദ്യോഗസ്ഥരോ ഈ പദ്ധതിയുമായി സഹകരിക്കേണ്ട കാര്യമില്ലല്ല. സര്‍ക്കാര്‍ തരുന്ന നക്കാപ്പിച്ച വാങ്ങിക്കൊണ്ട് പണിയെടുക്കേണ്ട ഗതികേട് ഞങ്ങള്‍ക്കു വന്നിട്ടില്ല.മിസ്റ്റര്‍ ശ്രീധരനാണ് കൊച്ചി മെട്രോ ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്തതിപരമ്പരകള്‍ക്കും ലഭ്യമാകേണ്ട കോടികള്‍ പാലത്തിലും ട്രെയിനിലുമൊക്കെ നിക്ഷേപിച്ച് ആര്‍ക്കുമില്ലാതാക്കി കളയും എന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഞങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ ഞങ്ങള്‍ സംശയിക്കപ്പെടും. അത് ഒഴിവാക്കപ്പെടണം. ശ്രീധരന്‍ ഒരു മലയാളിയാണെന്നതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വടക്കേ ഇന്ത്യക്കാരനോ മറ്റോ ആയിരുന്നെങ്കില്‍ നോര്‍ത്തിന്ത്യന്‍ ലോബിയുടെ കളിയെന്നു പറഞ്ഞ് ഞങ്ങള്‍ പണ്ടേ തുരത്തിയേനെ. ഇതിപ്പോ ഞങ്ങള്‍ വല്ലാത്ത അവസ്ഥയിലാണ്.

ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ശ്രീധരന്‍ പണി തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മൂപ്പര് പണി തുടങ്ങാതിരിക്കുന്നതിന് ഞങ്ങള്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിന് ഒരുറപ്പായിക്കോട്ടെ എന്നു കരുതിയാണ് ഈ കത്ത് അയക്കുന്നത്. ശ്രീധരനെ എങ്ങനെയെങ്കിലും ഈ പദ്ധതിയില്‍ നിന്നൊഴിവാക്കണം എന്നു മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള പണികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ നിന്ന് അങ്ങേരെ വിലക്കുകയും ചെയ്യണം. ഇവിടെ വന്ന് ഷൈന്‍ ചെയ്യുന്നതിന് അതിയാനെതിരെ കടുത്ത നടപടിയുമെടുക്കണം. അനാവശ്യമായി ഒരാളെ എല്ലാവരും കൂടി വളര്‍ത്തിവിട്ടതിന്‍റെ ശിക്ഷ ഞങ്ങളാണ് അനുഭവിക്കുന്നത്. ഇത് പണിയാന്‍ ഞങ്ങള്‍ വലിയൊരു സംഘമാണിവിടെ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു 40 കൊല്ലത്തേക്ക് പണിയാനുള്ളതുണ്ട് ഇത്. ഞങ്ങളെ കൈവിടരുത്.

വിശ്വസ്തതയോടെ,
അച്ചായന്‍.

ഒരു മാതൃകാ മാതാവിന്‍റെ മനപ്രയാസങ്ങള്‍

പ്രിയപ്പെട്ട മനശാസ്ത്രജ്ഞന്,

എന്‍റെ പ്രശ്നത്തിന് നിങ്ങള്‍ക്കാണോ കത്തെഴുതേണ്ടത് എന്നെനിക്കറിയില്ല. കേരളത്തിലെ ഒരു വലിയ സാമൂഹികപ്രശ്നത്തിലേക്ക് അധികൃതരുടെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടി കൂടിയാണ് എന്‍റെ അനുഭവം വളരെ വിശദമായി ഞാനെഴുതുന്നത്. കേരളത്തിലെ ആയിരക്കണക്കിനായ അമ്മമാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ലോകത്തെ അറിയിക്കുന്നതിനുള്ള ശ്രമം കൂടിയായി ഇതിനെ കാണണം. സര്‍ക്കാരിനും കോടതിക്കും ഈ കത്തിന്‍റെ ഓരോ പകര്‍പ്പുകള്‍ ഞാനയക്കുന്നുണ്ട്. അടിയന്തിരമായി ഈ പ്രശ്നത്തില്‍ ഇടപെട്ട് ഇതിനൊരു പരിഹാരമുണ്ടാക്കാന്‍ അധികൃതര്‍ തയ്യാറാകുമെന്നാണ് എന്‍റെ പ്രതീക്ഷ.

എനിക്ക് രണ്ടു മക്കളാണുള്ളത്. രണ്ടു പേരും സിറ്റിയിലെ നമ്പര്‍ വണ്‍ ഇംഗ്ലിഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത്. മൂത്ത മകള്‍ പത്താം ക്ലാസിലും ഇളയ മകന്‍ മൂന്നാം ക്ലാസിലുമാണ്. കുട്ടികളുടെ നല്ല ഭാവിക്കു വേണ്ടി ചെറുപ്പം മുതല്‍ക്കേ അവരെ ഇംഗ്ലിഷ് മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ. വീട്ടിലും ഞങ്ങള്‍ ഇംഗ്ലിഷ് മാത്രമേ സംസാരിക്കാറുള്ളൂ. മക്കളെ മലയാള അക്ഷരങ്ങള്‍ എഴുതാനോ വായിക്കാനോ പഠിപ്പിച്ചിട്ടില്ല എന്ന് അഭിമാനപൂര്‍വം ഞാന്‍ പറയട്ടെ. പല അമ്മമാരും മക്കളെ മലയാളം പഠിപ്പിച്ച ശേഷം പിന്നീട് അവര്‍ മലയാളം സംസാരിക്കുന്നത് നിര്‍ത്താന്‍ വേണ്ടി പാടുപെടുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അങ്ങനൊരവസ്ഥ ഉണ്ടാവരുത് എന്നു നിര്‍ബന്ധമുള്ളതുകൊണ്ടു കൂടിയാണ് വീട്ടില്‍ മലയാളം സംസാരിക്കുക പോലും ചെയ്യാതെ ഞാന്‍ മക്കളെ വളര്‍ത്തിയത്.

കുഞ്ഞുങ്ങള്‍ ജനിച്ചനാള്‍ മുതലേ വീട്ടില്‍ എല്ലാം ഇംഗ്ലിഷാണ്. എന്‍റെ ഭര്‍ത്താവ് ഒരു മലയാളം അധ്യാപകനാണ്. അദ്ദേഹത്തിന്‍റെ പുസ്തകങ്ങളും സ്കൂളില്‍ നിന്നുള്ള നോട്ടുബുക്കുകളുമൊന്നും വീട്ടില്‍ കയറ്റാന്‍ ഞാന്‍ അനുവദിക്കാറില്ല.അദ്ദേഹത്തിന് ഫ്ലുവന്‍റ് ആയി ഇംഗ്ലിഷ് സംസാരിക്കാന്‍ അറിയാത്തതുകൊണ്ട് വീട്ടില്‍ അദ്ദേഹത്തെ ഞാന്‍ സംസാരിക്കാന്‍ അനുവദിക്കാറുമില്ല. മലയാളം മാതൃഭാഷയാണ് എന്നൊക്കെയുള്ള മുടന്തന്‍ ന്യായങ്ങള്‍ അദ്ദേഹം ആദ്യകാലങ്ങളില്‍ പറയുമായിരുന്നെങ്കിലും വീട്ടില്‍ മലയാളം പറയുന്നതിന് ഞാന്‍ 500 രൂപ ഫൈന്‍ ഏര്‍പ്പെടുത്തിയതോടെ ഒതുങ്ങി.അന്ന് ഇഷ്ടം കൂടുമ്പോള്‍ പുളളിക്കാരന്‍ എന്നെ മോളേ, പൊന്നേ എന്നൊക്കെ വിളിക്കുമായിരുന്നു. ഡാര്‍ലിങ് അല്ലെങ്കില്‍ ഹണി എന്നെ വിളിക്കാവൂ എന്ന നിയമമുണ്ടാക്കി അതും ഞാന്‍ നേരെയാക്കി. എന്നാല്‍ ആ സമയത്ത് സ്കൂളില്‍ ഹണി എന്ന പേരുള്ള ഒരു ടീച്ചര്‍ പുതിയതായി വന്നു എന്നറിഞ്ഞപ്പോള്‍ അതും ഞാന്‍ നിര്‍ത്തിച്ചു.

എന്‍റെ പ്രശ്നത്തിലേക്കു വരും മുമ്പ് ഇതൊക്കെ പറയുന്നത് എന്തിനാണെന്നു വച്ചാല്‍, എത്രത്തോളം മുന്‍കരുതലും ശ്രദ്ധയും ഉണ്ടായിട്ടും എനിക്കിങ്ങനെയൊരു പ്രശ്നം ഉണ്ടായി എന്നത് മനസ്സിലാക്കിത്തരാനാണ്. അയല്‍ക്കാര്‍ മലയാളം പറയുന്നത് കേട്ടു പഠിച്ച് കുട്ടികള്‍ ചീത്തയാവുമോ എന്ന പേടികാരണം ഞങ്ങള്‍ ആംഗ്ലോ ഇന്ത്യന്‍സ് താമസിക്കുന്ന ഒരു തെരുവിലാണ് താമസം. വീട്ടില്‍ മലയാള പത്രങ്ങളോ വാരികകളോ ഒന്നുമില്ല. മൂത്തമകള്‍ നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ ഒരു ബാലരമയുമായി വീട്ടില്‍ വന്ന് അതിലെ കഥകള്‍ വായിച്ചുകൊടുക്കണമെന്നു പറഞ്ഞു. അന്നു ഞാന്‍ ശരിക്കും തകര്‍ന്നുപോയി. ഞാനവളെ പൊതിരെ തല്ലി. ലുട്ടാപ്പിയെ അവള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നു പറഞ്ഞു കരഞ്ഞപ്പോള്‍ ആത്മഹത്യ ചെയ്താലോ എന്നു പോലും ആലോചിച്ചതാണ്. പിറ്റേന്ന് സ്കൂളില്‍ പോയി ബാലരമ എന്‍റെ മകള്‍ക്ക് കൊടുത്ത കുട്ടിയെ സ്കൂളില്‍ നിന്നു പുറത്താക്കിച്ചിട്ടേ ഞാനടങ്ങിയുള്ളൂ.അങ്ങനെ വളര്‍ത്തിയതാണ് ഞാനെന്‍റെ മക്കളെ.

സ്കൂളിലും ക്ലബിലും ബന്ധുവീടുകളിലുമൊക്കെ പോകുമ്പോള്‍ ആളുകള്‍ എന്‍റെ മക്കളെ നോക്കി ആ കുട്ടികള്‍ക്ക് മലയാളം അറിയില്ല എന്നു പറഞ്ഞു കേള്‍ക്കുമ്പോള്‍ വല്ലാത്ത അഭിമാനം എനിക്കു തോന്നിയിട്ടുണ്ട്.ഒരിക്കല്‍ സ്കൂളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയതിന്‍റെ അവാര്‍ഡ് നല്‍കാന്‍ വന്ന മന്ത്രി എന്‍റെ മക്കളോട് വിശേഷം ചോദിച്ച് വിയര്‍ത്തുപോയത് എനിക്കിന്നും മറക്കാന്‍ കഴിയില്ല. പ്രിന്‍സിപ്പാള്‍ വന്ന് മക്കള്‍ പറഞ്ഞത് മന്ത്രിക്കും മന്ത്രി പറഞ്ഞത് മക്കള്‍ക്കും ട്രാന്‍സ്‍ലേറ്റ് ചെയ്തു കൊടുത്തിട്ടാണ് പ്രശ്നം പരിഹരിച്ചത്. മക്കളെ മലയാളം കാണിക്കുകയോ കേള്‍പ്പിക്കുകയോ ചെയ്യാതെ വളര്‍ത്തുന്നതെങ്ങനെ എന്ന വിഷയത്തില്‍ ക്ലബുകളിലും വിമന്‍സ് ഫോറങ്ങളിലും ഞാന്‍ ക്ലാസുകളും എടുക്കാറുണ്ട്.

ഇപ്പോള്‍ എന്നെ തകര്‍ത്തു കളഞ്ഞിരിക്കുന്നത് പത്തു വര്‍ഷം കൂടി അമേരിക്കയില്‍ നിന്നു വന്ന എന്‍റെ ആങ്ങളയുടെ മക്കളാണ്. അവര്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയിലാണ്. ആദ്യമായി നാട്ടിലേക്കു വരുന്ന അവരോട് ഒരു മാസത്തെ അവധിക്കാലത്ത് എന്‍റെ വീട്ടില്‍ നില്‍ക്കാമെന്നു പറഞ്ഞപ്പോള്‍ എന്‍റെ മനസ്സില്‍ ഒരുപാട് പ്രതീക്ഷകളായിരുന്നു. എന്‍റെ മക്കളുടെ പ്രൊനന്‍സ്യേഷന്‍ യുഎസ് ഇംഗ്ലിഷ് ആണ്. ആങ്ങളയുടെ മക്കള്‍ യുഎസില്‍ ജനിച്ചു വളര്‍ന്ന കുട്ടികളാവുമ്പോള്‍ അവരുടേതും യുഎസ് ഇംഗ്ലിഷ് ആയിരിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചു. എന്നാല്‍ കാര്യങ്ങള്‍ ഞാന്‍ പ്രതീക്ഷിച്ചതുപോലെയല്ല സംഭവിച്ചത്.

ആങ്ങളയുടെ മക്കള്‍ വന്നു കയറിയതും എന്‍റെ കയ്യില്‍ തൂങ്ങി തനി പാലാ ഭാഷയില്‍ ‘അമ്മായീ’ എന്നു വിളിച്ചപ്പോള്‍ എന്‍റെ ജീവന്‍ നിന്നുപോയി. കേരളത്തില്‍ ഒരിക്കല്‍പ്പോലും വന്നിട്ടില്ലാത്ത ആ കുട്ടികള്‍ മലയാളം പറയുമെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല. മക്കളെ ചെറുപ്പം മുതലേ മലയാളം പഠിപ്പിച്ചാണ് വളര്‍ത്തിയതെന്നും വീട്ടില്‍ എല്ലാവരും മലയാളമാണ് പറയുന്നതെന്നുമൊക്കെ അങ്ങള പറഞ്ഞപ്പോള്‍ എന്‍റെ ബാക്കി ജീവനും കൂടി പോയി. മക്കളെ എന്‍റെ വീട്ടില്‍ നിര്‍ത്തിയിട്ട് ആങ്ങളയും ഭാര്യയും ആയുര്‍വേദ റിസോര്‍ട്ടില്‍ തിരുമ്മും ഉഴിച്ചിലുമൊക്കെ നടത്തുകയാണ്.

എന്‍റെ പ്രശ്നം, ആങ്ങളയുടെ മക്കള്‍ ഏതാനും ദിവസങ്ങള്‍ കൊണ്ടു തന്നെ എന്‍റെ മക്കളെ ചീത്തയാക്കിക്കഴിഞ്ഞു എന്നതാണ്. അവര്‍ എപ്പോഴും മലയാളം പറയുന്നു. മലയാളം അറിയില്ല എന്നു പറഞ്ഞ് എന്‍റെ മക്കളെ കളിയാക്കുകയും ചെയ്യുന്നു. ഇംഗ്ലിഷ് അറിയില്ല എന്നു പറഞ്ഞല്ലേ നമ്മള്‍ മലയാളികളെ കളിയാക്കാറുള്ളത് ? എന്നിട്ട് ഇംഗ്ലിഷ് വെള്ളം പോലെ പറയുന്ന എന്‍റെ മക്കളെ അമേരിക്കയില്‍ നിന്നു വന്ന ആങ്ങളയുടെ മക്കള്‍ മലയാളം തന്നെ പറഞ്ഞ് പരിഹസിക്കുന്നു. പോരെങ്കില്‍ അവരുടെ ഐപാഡില്‍ ലോഡ് ചെയ്തിരിക്കുന്ന മലയാളം ആനിമേഷനുകളും സിനിമകളുമൊക്കെ എന്‍റെ മക്കളെ കാണിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം 22 ഫിമെയില്‍ കോട്ടയം എന്ന സിനിമ കണ്ടിട്ട് എന്‍റെ മോള്‍ അപ്പുറത്തെ വീട്ടിലെ മലയാളം അറിയാവുന്ന ചെക്കനോട് ‘എന്നാ കുണ്ടിയാടാ’ എന്നു ചോദിക്കുന്നത് കേട്ടു ഞാന്‍ തകര്‍ന്നുപോയി.ഇന്‍റര്‍നെററില്‍ ‘ബെര്‍ളിത്തരങ്ങള്‍’ എന്ന ഒരു അലവലാതിയുടെ ബ്ലോഗ് എന്‍റെ മക്കള്‍ക്ക് അവര്‍ വായിച്ചുകൊടുക്കുന്നതും ഞാന്‍ കണ്ടു. അവര്‍ അവധി കഴിഞ്ഞു പോകുമ്പോഴേക്കും എന്‍റെ മക്കള്‍ എല്ലാ വൃത്തികേടുകളും പഠിക്കും. ഞാനാകെ തകര്‍ന്നിരിക്കുകയാണ് ഡോക്ടര്.എന്‍റെ മക്കളെ ആരെങ്കിലും മല്ലു എന്നു വിളിച്ചാല്‍ പിന്നെ ഞാന്‍ ജീവിച്ചിരിക്കില്ല.

മക്കളെ വളര്‍ത്തുന്നവര്‍ക്കേ ഇതിന്‍റെ ബുദ്ധിമുട്ട് മനസ്സിലാവൂ. സത്യത്തില്‍ മലയാളത്തിന്‍റെ ആവശ്യമെന്താണ് ? മലയാളം കൊണ്ട് എന്താണ് പ്രയോജനം ? ഒരു പ്രയോജനവുമില്ലാത്ത ഈ ഭാഷ നിരോധിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കാന്‍ വകുപ്പുണ്ടോ ? കേരളത്തിന്‍റെ ഔദ്യോഗികഭാഷ ഇംഗ്ലിഷാക്കിയാല്‍ അത് ഇവിടെ വളര്‍ന്നു വരുന്ന എല്ലാ കുട്ടികള്‍ക്കും ഉപകാരപ്രദമായിരിക്കില്ലേ ? കേരളത്തില്‍ എല്ലാവരും ഇംഗ്ലിഷ് പഠിക്കുകയാണെങ്കില്‍ ഇവിടെ വരുന്ന ടൂറിസ്റ്റുകള്‍ക്കും എളുപ്പമുണ്ടാവും. കോടതിഭാഷ മലയാളമാക്കാന്‍ പറ്റില്ല എന്നു കഴിഞ്ഞ ദിവസം കോടതി പറഞ്ഞത് വലിയ കാര്യമാണ്. ഇവിടുത്തെ എല്ലാ തിന്മകള്‍ക്കും കാരണം മലയാളമാണ് എന്നതില്‍ സംശയമില്ല. ഇംഗ്ലിഷ് സംസാരിക്കുന്ന ആളുകള്‍ അക്രമത്തിലോ കൊലപാതകത്തിലോ ഒന്നും ഉള്‍പ്പെടാറില്ല എന്നത് ഒരു സത്യമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുകയും മലയാളഭാഷ നിരോധിക്കുകയും ചെയ്യണമെന്ന് ഞാനാവശ്യപ്പെടുകയാണ്. ഒപ്പം, ആങ്ങളയുടെ മക്കളുടെ ഉപദ്രവത്തില്‍ നിന്നും എന്‍റെ മക്കളെ എങ്ങനെ രക്ഷിക്കാം എന്ന കാര്യത്തില്‍ പ്രായോഗികമായ നിര്‍ദേശങ്ങള്‍ കൂടി നല്‍കണമെന്ന അപേക്ഷയോടെ നിര്‍ത്തുന്നു.

ആശങ്കകളോടെ ഒരു മാതൃകാ മദര്.

മാപ്പൂ തരൂ…

മാപ്പു ചോദിക്കുന്നത് ആപ്പിളാണ്, അതും അവരുടെ പുതിയ മാപ്പിന്‍റെ പേരില്‍. അല്ലെങ്കിലും ആപ്പിളിനു കഷ്ടകാലമാണ്. കാത്തുകാത്തിരുന്ന ഐഫോണ്‍ 5 വില്‍പനയില്‍ റെക്കോര്‍ഡിട്ടു എങ്കിലും നിരൂപകരെ തൃപ്തിപ്പെടുത്തിയിട്ടില്ല. എല്ലാ സവിശേഷതകളും എണ്ണിപ്പെറുക്കി നോക്കിയിട്ട് കൊച്ചുപിള്ളേരു പോലും ഇത്രേയുള്ളോ ? എന്നു ചോദിക്കുകയാണ്. അതിനു പിന്നാലെയാണ് കമ്പനിയെ നാണം കെടുത്തിയ മാപ്പ് ദുരന്തവും ഏറ്റവും ഒടുവിലായി സിഇഒയുടെ ക്ഷമാപണവും.

ആപ്പിള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഐ മാപ്പ്‌സിനു തലയും വാലുമില്ലാതെ പോയതാണ് കമ്പനിയെ നാണം കെടുത്തിയത്. ഇതുവരെ ആപ്പിള്‍ ഉപയോഗിച്ചിരുന്നത് ഗൂഗിള്‍ മാപ്‌സ് ആയിരുന്നു. എന്നാല്‍, ഐഫോണുകളുടെ വിപണി പിടിച്ചടക്കിക്കൊണ്ട് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണുകള്‍ കരുത്താര്‍ജ്ജിച്ചതോടെ പേറ്റന്റ് ലംഘനക്കേസുകളോടൊപ്പം ഗൂഗിളുമായുള്ള സൗഹൃദവും അവസാനിപ്പിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. ഐഫോണിലെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസില്‍ ഒരായിരം സ്വപ്‌നങ്ങളും പ്രതീക്ഷകളുമായി ആപ്പിളിന്റെ മാപ്പ് വന്നു, ഒരു കുഴപ്പം മാത്രം: കോട്ടയം സേര്‍ച്ച് ചെയ്താല്‍ കുന്നംകുളം കാണും, പാമ്പന്‍ പാലത്തിനു പാമ്പുപോലെയൊരു ഇഴച്ചില്‍ കാണാം. മൊത്തത്തില്‍ ആ മാപ്പുപയോഗിച്ച് ആരും എവിടെയും എത്തിപ്പെടില്ലെന്നുറപ്പായി.

ഇതൊക്കെ തങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും മെല്ലെ പടിപടിയായി സംഗതി മെച്ചപ്പെടുത്തി മികച്ചതാക്കുമെന്നാണ് ആപ്പിള്‍ ആദ്യം പറഞ്ത്. എന്നാല്‍ ദിവസം ചെല്ലും തോറും ആത്മവിശ്വാസം കുറഞ്ഞു വന്നു. പല വിമാനത്താവളങ്ങളും മാപ്പില്‍ സ്ഥലം തെറ്റി. ബെര്‍ലിന്‍ നഗരത്തിന്റെ പേരുപോലും മാറിപ്പോയി. പ്രധാനപ്പെട്ട പല കെട്ടിടങ്ങളും അപ്രത്യക്ഷമായി. ഈഫല്‍ ടവര്‍ തകര്‍ന്നു പണ്ടാരമടങ്ങിക്കിടക്കുകയാണ്. എല്ലാറ്റിനും പുറമേ ഗൂഗിള്‍ മാപ്പിന്റെ വ്യക്തതയോ കൃത്യതയോ ഒന്നുമില്ല. ശവത്തില്‍ കുത്തരുത് എന്നാണ് പറയുന്നതെങ്കിലും ഗൂഗിള്‍ രണ്ടാം ദിവസം തന്നെ ആഞ്ഞുകുത്തി. ഗൂഗിളിന്റെ മോട്ടോറോള പരസ്യത്തിലാണ് ഐ ലോസ്റ്റ് എന്നെഴുതിയ ഐഫോണ്‍ മാപ്പും ഗൂഗിള്‍ മാപ്‌സുമായി മോട്ടോറോള ഫോണും അവതരിപ്പിച്ചിരിക്കുന്നത്. അതും പോരാഞ്ഞ് ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ഗൂഗിള്‍ മാപ്പ്‌സിന്റെ പുതിയ ഐഫോണ്‍ ആപ്പ് അവതരിപ്പിക്കുകയും ചെയ്തു.

ഐഫോണ്‍ പുറത്തിറങ്ങിയതിന്റെ അടുത്ത ദിവസം തന്നെ പ്രധാന എതിരാളിയായ സാംസങ് ഗാലക്‌സി എസ് 3യുടെ പരസ്യവും എത്തി. ഐ സ്‌റ്റോറുകള്‍ക്കു മുന്നില്‍ ഐഫോണിലെ വിസ്മയങ്ങളെക്കുറിച്ച് സംസാരിച്ചു നില്‍ക്കുന്ന ആളുകള്‍ ഗാലക്‌സി എസ് 3 കണ്ട് വിസ്മയിക്കുന്ന പരസ്യം ഐഫോണിനെ വെല്ലുവിളിക്കുകയാണ്. ഐഫോണും ഗാലക്‌സി എസ്3യും താരതമ്യം ചെയ്യുന്ന ക്രൂരമായ ഒരു പരസ്യവും സാംസങ് പ്രസിദ്ധീകരിച്ചിരുന്നു. നോക്കിയ ലൂമിയയെയും ഐഫോണിനെ കുത്തിനോവിക്കുന്ന പരസ്യം പുറത്തിറക്കി. ഇതിനു പുറമേ ഗൂഗിള്‍ പ്ലസിലും ട്വിറ്ററിലുമെല്ലാം ഐ ലോസ്റ്റ് ഹാഷ് ടാഗ് ഐമാപ്‌സ് ദുരന്തങ്ങളുടെ തമാശകള്‍ കൊണ്ടു നിറയുകയാണ്.

ഈ സാഹചര്യത്തിലാണ് പിഴച്ചുപോയ മാപ്പ് പദ്ധതിയുടെ പേരില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് ലോകത്തോടു മാപ്പ് ചോദിച്ചിരിക്കുന്നത്. ആപ്പിള്‍ മാപ്സ് ശരിയാവുന്നതു വരെ ഗൂഗിള്‍ മാപ്പോ മറ്റോ ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാനും മുതലാളി നിര്‍ദേശിച്ചിരിക്കുന്നു.
“We are extremely sorry for the frustration this has caused our customers and we are doing everything we can to make Maps better. While we’re improving Maps, you can try alternatives by downloading map apps from the App Store like Bing, MapQuest and Waze, or use Google or Nokia maps by going to their websites and creating an icon on your home screen to their web app.”

പ്രകാശ് ബാരെയ്‍ക്ക് ഒരു തുറന്ന കത്ത്

ആരാധ്യനായ ചലച്ചിത്രകാരന്‍ പ്രകാശ് ബാരെ അങ്ങുന്നിന്,

അന്ധകാരക്കുഴിയില്‍ കിടക്കുന്ന മലയാള സിനിമയിലേക്ക് വെളിച്ചമായി അമേരിക്കയില്‍ നിന്നെത്തിയ ദൈവദൂതനാണ് അങ്ങ്. മലയാള സിനിമയ്‍ക്ക് അങ്ങു നല്‍കുന്ന സംഭാവനകള്‍ വര്‍ണനാതീതമാണ്. പുതിയ കാഴ്ചപ്പാടും, പുതിയ ചിന്താസരണികളും എന്തിന് പുതിയൊരു സംസ്കാരം തന്നെ അങ്ങയുടെ സാന്നിധ്യം കൊണ്ട് മലയാളത്തില്‍ ഉരുത്തിരിഞ്ഞു വരുന്നുണ്ട്.അല്ലെങ്കിലും കേരളമെന്ന ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിക്കുന്ന അലവലാതികളൊന്നും മലയാള സിനിമയെ രക്ഷിക്കില്ല എന്നത് എനിക്കുറപ്പായിരുന്നു.അത് ശരിയാണെന്നു തെളിയിച്ചുകൊണ്ട് അങ്ങയുടെ നേതൃത്വത്തിലുള്ള സംഘം ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വെളിച്ചമായി നിലകൊള്ളുന്നതിന് ആദ്യമേ കൃതജ്ഞത സമര്‍പ്പിക്കുന്നു.

മലയാള സിനിമകള്‍, പ്രത്യേകിച്ച് ഇവന്‍ മേഘരൂപന്‍ പോലുള്ള ഉന്നതനിലവാരമുള്ള സിനിമകള്‍ വേണ്ടത്ര വിജയിക്കാതെ പോകുന്നതിന്‍റെ കാരണം പൈറസി അല്ലാതെ മറ്റൊന്നുമല്ല. മലയാളികള്‍ അടിസ്ഥാനപരമായി കള്ളന്‍മാരാണ് (അമേരിക്കന്‍ മലയാളികള്‍ ഒഴികെ). അവര്‍ ഓസില്‍ കിട്ടിയാല്‍ ബാച്ച‍്‍ലര്‍ പാര്‍ട്ടി വരെ കാണും എന്നു തെളിയിച്ചും കഴിഞ്ഞു. അപകടകരമായ ഈ പൈറസിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചുകൊണ്ട്, പൈറസി പിടിക്കാന്‍ കേരള പോലീസിനെ സഹായിച്ചുകൊണ്ട് അടുത്തകാലത്ത് എത്തിയ അദ്ഭുതകരമായ സോഫ്റ്റ്‍വെയര്‍ ഏജന്‍റ് ജാദൂ(എന്‍റെ രോമങ്ങള്‍ എണീറ്റു നില്‍ക്കുകയാണ്)അങ്ങയുടെ കൂടി ശ്രമഫലമായാണ് യാഥാര്‍ഥ്യമായത് എന്നു മാധ്യമങ്ങളിലൂടെ അറിഞ്ഞു. നിയമലംഘകരെ തുറുങ്കിലടയ്‍ക്കാനും എല്ലാം എല്ലാവരും നിയമവിധേയമായി ചെയ്യാനും അങ്ങയുടെ സോഫ്റ്റ്‍വെയര്‍ ഒരു പ്രചോദനമാകുമെന്നതില്‍ സംശയമില്ല.

അങ്ങും അമേരിക്കയില്‍ നിന്നു വന്ന തമ്പി ആന്‍റണിയും ചേര്‍ന്നു നിര്‍മിച്ച പപ്പിലിയോ ബുദ്ധ എന്ന സിനിമയ്‍ക്ക് മഹാത്മാഗാന്ധിയെ അവഹേളിച്ചു എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു എന്ന വാര്‍ത്ത ഞാന്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. അങ്ങയെപ്പോലുള്ളവര്‍ നിര്‍മിക്കുന്ന സിനിമ തീര്‍ച്ചയായും സമൂഹത്തിനു വെളിച്ചമാകുമെന്നിരിക്കെ വിവരമില്ലാത്ത സെന്‍സര്‍ ബോര്‍ഡുകാര്‍ അതിന് അനുമതി നിഷേധിച്ചത് പ്രേക്ഷകരോടുള്ള വഞ്ചനയാണെന്നു ഞാന്‍ വിശ്വസിക്കുന്നു. ആ വഞ്ചന അവിടെ നിലനില്‍ക്കുമ്പോള്‍ തന്നെ അങ്ങ് ഇന്നലെ തിരുവനന്തപുരത്ത് ഈ സിനിമയുടെ പ്രദര്‍ശനം സംഘടിപ്പിച്ചതായും അറിഞ്ഞു.ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടിയും,നല്ല സിനിമകള്‍ നിലനില്‍ക്കുന്നതിനുവേണ്ടിയും അങ്ങു നടത്തുന്ന ഈ പ്രദര്‍ശനങ്ങള്‍ മലയാള സിനിമയുടെ മാത്രമല്ല, ലോകസിനിമയുടെ തന്നെ ചരിത്രത്തില്‍ ഒരു നാഴികക്കല്ലായിരിക്കുമെന്നത് അമേരിക്ക കണ്ടിട്ടില്ലെങ്കിലും ഒരു മലയാളി എന്ന നിലയില്‍ എന്നെ ഉത്തേജിപ്പിക്കുന്നു. അങ്ങയെപ്പോലെ ഒരു 10 പേരു കൂടി ഉണ്ടായിരുന്നെങ്കില്‍ ഈ ലോകം തന്നെ ചിലപ്പോള്‍ മറ്റൊന്നായേനെ.

സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതിയില്ലാത്ത ഒരു സിനിമ പൊതുജനങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമവിരുദ്ധമല്ലേ മിസ്റ്റര്‍ ? പ്രേക്ഷകന്‍ സിനിമകളുടെ ഔദ്യോഗിക പതിപ്പുകള്‍ തന്നെ കാണണമെന്നു വാശി പിടിക്കുന്ന നിങ്ങള്‍ക്ക് അതേ പ്രേക്ഷകര്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പതിപ്പുകള്‍ തന്നെ കാണണമെന്നു വാശിയില്ലേ ? നിയമവിരുദ്ധമായി സിനിമ അപ്‍ലോഡ് ചെയ്യുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുന്നതിനെതിരേ സോഫ്റ്റ്‍വെയര്‍ അവതരിപ്പിച്ച നിങ്ങള്‍ നിയമവിരുദ്ധമായി സിനിമ പ്രദര്‍ശിപ്പിക്കുകയും അത് കാണാന്‍ ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നത് നിയമവിരുദ്ധവും രാജ്യത്തെ (ഇന്ത്യ) നിയമവ്യവസ്ഥിതിയോടുള്ള വെല്ലുവിളിയുമല്ലേ ? ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് ചെറ്റത്തരമല്ലേ ? അതോ നിങ്ങള്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള നിയമങ്ങള്‍ മാത്രമേ പാലിക്കുകയുള്ളോ ? – എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ കൊണ്ട് നിലവാരമില്ലാത്ത സിനിമകളുടെ വക്താക്കളും മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാരും മറ്റും അങ്ങയുടെ ഉത്തരം മുട്ടിക്കാന്‍ ശ്രമിക്കും, തളരരുത്. സിനിമയ്‍ക്കെതിരെയും അങ്ങേയ്‍ക്കെതിരെയും ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന വിമര്‍ശനങ്ങള്‍ക്കെതിരേ അങ്ങ് സൈബര്‍ കേസെടുക്കണം എന്നാണ് എന്‍റെ അഭിപ്രായം. ജനാധിപത്യമൂല്യങ്ങളും ആവിഷ്കാരസ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ അങ്ങു നടത്തുന്ന പോരാട്ടങ്ങള്‍ക്ക് അതു കരുത്തുപകരുമെന്നതില്‍ സംശയമില്ല.

1996ല്‍ ഫരേബ് എന്ന സിനിമയുടെ സെന്‍സര്‍ ചെയ്യാത്ത വേര്‍ഷന്‍ പ്രദര്‍ശിപ്പിച്ചതിന് അതിന്‍റെ നിര്‍മാതാവായ മുകേഷ് ഭട്ട് പത്തുവര്‍ഷത്തോളം കോടതി കയറി വലഞ്ഞതായി ചരിത്രരേഖകളില്‍ കാണുന്നുണ്ട്. അങ്ങു മലയാള സിനിമയുടെ രക്ഷകനായതുകൊണ്ട് അങ്ങനെയൊന്നും സംഭവിക്കില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍, പൈറേറ്റുകളെ പിടിക്കാന്‍ സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കിയതുപോലെ സിനിമ സെന്‍സര്‍ ചെയ്യാനും അങ്ങയുടെ നേതൃത്വത്തില്‍ ഒരു സോഫ്റ്റ്‍വെയര്‍ ഉണ്ടാക്കി അങ്ങ് ഈ പ്രതിസന്ധിയില്‍ നിന്നു ഞങ്ങള്‍ പ്രേക്ഷകരെ കരകയറ്റണമേ എന്നപേക്ഷിക്കുന്നു. കാരണം, അങ്ങൊരു മഹാനാണ്. പോലീസ് കേസെടുത്ത് വരുമ്പോള്‍ അങ്ങ് ആവിഷ്കാരസ്വാതന്ത്ര്യത്തിനു വേണ്ടി അമേരിക്കയില്‍ നിന്നു വന്നു പോരാട്ടം നടത്തിയ യുഗപ്രഭാവന്‍ എന്ന നിലയ്‍ക്ക് ആദരിക്കപ്പെടുകയും പ്രേക്ഷകര്‍ സെന്‍സര്‍ ചെയ്യാത്ത സിനിമ കണ്ട കുറ്റത്തിന് ജയിലില്‍ പോവുകയും ചെയ്യും.

പപ്പിലിയോ ബുദ്ധ ഗാന്ധിജിയെ അവഹേളിച്ചിട്ടുണ്ടാവാം, പക്ഷെ ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണമെങ്കില്‍ ആ സിനിമ പ്രദര്‍ശിപ്പിക്കപ്പെടുക തന്നെ വേണം. ഗാന്ധിജിയെ നമ്മള്‍ കൊന്നിരിക്കുന്നു, പിന്നെയാണ് ഒരു സിനിമ. അല്ലെങ്കിലും എത്രയോ സിനിമകളിലൂടെ ഇന്ത്യന്‍ ചലച്ചിത്രകാരന്മാര്‍ അമേരിക്കക്കാരെ ആക്ഷേപിച്ചിരിക്കുന്നു,അന്നൊന്നും ഈ സെന്‍സര്‍ബോര്‍ഡിന് ഒരു കുഴപ്പവുമില്ലായിരുന്നല്ലോ. എന്നിട്ടിപ്പോള്‍ ദളിതരെ ഉദ്ധരിക്കുന്ന സിനിമ വന്നപ്പോള്‍ വന്നിരിക്കുന്നു. സത്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്‍റെ നടപടി ജനാധിപത്യവിരുദ്ധം മാത്രമല്ല ദളിത് വിരുദ്ധം കൂടിയാണെന്നതില്‍ സംശയമില്ല. അങ്ങേയ്‍ക്കും തമ്പി ആന്‍റണിക്കും ഇതിന്‍റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും എന്‍റെ എല്ലാവിധ പിന്തുണയും അറിയിക്കുന്നു.മറ്റൊരു പ്രധാന സംഗതി കൂടി ഈ അവസരത്തില്‍ ഞാന്‍ വെളിപ്പെടുത്തട്ടെ- പപ്പിലിയോ ബുദ്ധ എന്ന പേരില്‍ ഒരു ചിത്രശലഭം ഇറങ്ങിയിട്ടുണ്ട് !. വിക്കിപ്പീഡിയയില്‍ വരെ ആ പേരിലുള്ള ചിത്രശലഭത്തെപ്പറ്റി പറയുന്നുണ്ട്.ഇതും ഗുരുതരമായ പകര്‍പ്പവകാശലംഘനമല്ലേ ? പൈറസി പോലീസുകാരോട് പറഞ്ഞ് ആ ചിത്രശലഭത്തെ എത്രയും വേഗം പിടികൂടണമെന്നും ഇതോടൊപ്പം അഭ്യര്‍ഥിക്കുന്നു. വിശ്വസ്തതയോടെ, വിനയത്തോടെ,

ഒരു പ്രേക്ഷകന്‍.

NB: ഞാന്‍ ഓവറായില്ലല്ലോ ?

പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം എന്താണ് എന്നു ചോദിച്ചാല്‍ കേരളത്തിന് ഒറ്റമറുപടിയേ ഉള്ളൂ- പുതിയ ഡാം. പുതിയ ഡാം പണിയാന്‍ തമിഴ്‍നാട് സമ്മതിക്കുകയുമില്ല, തമിഴ്‍നാട്ടിലുള്ള മലയാളികള്‍ തല്ലുകൊള്ളുകയും ചെയ്യും എന്നതാണ് അവസ്ഥയെങ്കില്‍ പിന്നെയുള്ള അടുത്ത പരിഹാരം എന്താണെന്ന് ആലോചിക്കുന്നതല്ലേ നല്ലത് ? മുല്ലപ്പെരിയാര്‍ സമരസമിതി തന്നെ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സീരിയസ്സായി ചോദിക്കേണ്ട ചോദ്യം ഇതാണ്- പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നതൊരു സങ്കല്‍പം മാത്രമാണ്. ഇപ്പോഴുള്ളതിനെക്കാള്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പുതിയൊരു ഡാമും സത്യത്തില്‍ പുതിയൊരു ജലബോംബ് ആണ് നമുക്കു നല്‍കുന്നത്. ഭൂകമ്പഭീഷണിഎല്ലാ ഡാമുകള്‍ക്കും ഒരുപോലെയാണ്. അല്ലെങ്കിലും പുതിയ ഡാമിനു തമിഴ്‍നാട് സമ്മതിച്ചാല്‍ തന്നെ അതു പണിത്, പുതിയ സ്പില്‍വേ ഉണ്ടാക്കി വരുമ്പോഴേക്കും വര്‍ഷം പത്ത്പതിനഞ്ചു കഴിയുമെന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഡാമുണ്ടാക്കുമെന്നു പറഞ്ഞിട്ടുള്ളവരൊക്കെ അടക്കം പറയുന്നത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി.റോയി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം പ്രായോഗികമാക്കുന്നതിനെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്യുമോ ഇല്ലയോ എന്നാണിനി അറിയേണ്ടത്.

നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 100 അടിയാക്കി കുറയ്‍ക്കുകയും ഏതാണ്ട് 50 അടി ഉയരത്തില്‍ തമിഴ്‍നാടിനു വെള്ളം കൊണ്ടുപോകാനുള്ള കനാല്‍ അണക്കെട്ടിന്റെ പരിസരത്തായി നിര്‍മിക്കുകയും ചെയ്യുക എന്നതാണ് റോയിച്ചേട്ടന്റെ പദ്ധതി.അതുകൊണ്ട് എന്തു പ്രയോജനം എന്നാണ് ചോദ്യമെങ്കില്‍ പ്രയോജനങ്ങള്‍ പലതാണ്. ഒന്ന്, ഡാം പണിയുന്നതിന്റെ ആയിരത്തിലൊന്നു തുക മതി കനാല്‍ പണിയാന്‍. രണ്ട്, 50 അടി ഉയരത്തില്‍ കനാല്‍ വരുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ജലം തമിഴ്‍നാടിന് എപ്പോഴും ഉറപ്പാക്കാം (ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കനാല്‍ 104 അടിയിലുമാണ്). മൂന്ന്, പരമാവധി 100 അടി മാത്രം വെള്ളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്തു തന്നെ ഈ കനാലും നിര്‍മിച്ചാല്‍ ജലമര്‍ദ്ദം കുറയ്‍ക്കാന്‍ ഈ കനാലിനു സാധിക്കുകയും കുറഞ്ഞ ജലനിരപ്പും പുതിയ കനാലും ചേര്‍ന്ന് ഡാം ഡീകമ്മിഷന്‍ ചെയ്തതിനു തത്തുല്യമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമരസമിതിയുടെ പേരില്‍ സി.പി.റോയി അവതരിപ്പിച്ചിട്ടുള്ള വാദങ്ങളാണ്. അഞ്ചു വര്‍ഷമായി സമരം നടത്തുന്ന സമരസമിതി ചെയര്‍മാനെ ഈ അവസരത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

ഈ തിയറി തമിഴ്‍നാട്ടിലെ കര്‍ഷകസംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നു തേനി കലക്ടര്‍ സമ്മതിച്ചു എന്നും പറയുമ്പോള്‍ ഈ ഫോര്‍മുല തമിഴ്‍നാട് സ്വീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ഇനിയും എണ്ണൂറോളം വര്‍ഷത്തേക്ക് 100 അടി വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുമോ എന്നൊരു ചോദ്യമുണ്ട്. അന്‍പതടിക്കും നൂറടിക്കും ഇടയില്‍ വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാവുന്ന പ്രത്യാഖ്യാതം നിസ്സാരമായിരിക്കാമെന്നത് 999 വര്‍ഷം വരെ ഡാം നിലനില്‍ക്കുമെന്ന സൂചന നല്‍കുന്നില്ല. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സാമൂഹിക സാഹചര്യത്തില്‍ പുതിയ ഡാം പണിയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കുന്നതായിരിക്കും പ്രായോഗികം എന്നു തോന്നുന്നു.

ഈ പ്രശ്നത്തില്‍ സി.പി.റോയിയുടെ നിര്‍‍ദേശം രാഷ്ട്രീയവൃത്തങ്ങള്‍ സ്വീകരിക്കും എന്ന് എനിക്കു പ്രതീക്ഷയില്ല. റോയിച്ചേട്ടന്റെ ഫോര്‍മുല അപക്വവും അശാസ്ത്രീയവുമാണെന്ന മട്ടിലാണ് മന്ത്രി പി.ജെ.ജോസഫും പ്രതികരിച്ചത്. രാഷ്ട്രീയനേതൃത്വം മുന്നോട്ടു വയ്‍ക്കുന്ന ഫോര്‍മുലകളല്ലാതെ മറ്റു ബദലുകളൊന്നും സ്വീകരിക്കപ്പെടില്ല എന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ റോയിച്ചേട്ടന്‍ ബലിയാടാകുമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നതും കണ്ടറിയണം.

സി.പി.റോയി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പേരില്‍ കത്തയച്ചത് ചാനലില്‍ വാര്‍ത്തയായതോടെ സമരസമിതിയിലും ഭിന്നതയുണ്ടായിരിക്കുകയാണ്. റോയി അയച്ച കത്ത് റോയിയുടേത് മാത്രമാണ് സമരസമിതിയുടേതല്ല എന്നും പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്നും സമരസമിതി പിന്നോട്ടില്ല എന്നും സമരസമിതി കണ്‍വീനര്‍ അടിവരയിട്ടു പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ കേരളാ കോണ്‍ഗ്രസ് പോലെ പിരിയുമോ എന്നാശങ്ക്പെടേണ്ട അവസ്ഥയാണ്. ഈ വിഷയത്തില്‍ ചപ്പാത്തില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ സി.പി.റോയിക്കെതിരേ ചെരിപ്പേറു വരെ ഉണ്ടായി.

ഇനി ഈ പ്രശ്നത്തില്‍ ആര് എങ്ങോട്ട് എന്നത് പ്രവചിക്കാനാവില്ല. സി.പി.റോയി തന്റെ ഫോര്‍മുല പിന്‍വലിച്ചാലും അദ്ദേഹം ഉന്നയിച്ച പ്രധാനവാദങ്ങള്‍ തമിഴ്‍നാടിന് അനുകൂലമായി നിലനില്‍ക്കും. 1300 അടി താഴെ 146 അടി ഉയരത്തില്‍ ഡാം നിര്‍മിച്ചാല്‍ തമിഴ്‍നാടിന് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് തന്നെയാണ് തമിഴ്‍നാടും പറയുന്നത്. പുതിയ ഡാം അനുവദിക്കരുത് എന്ന തമിഴ്‍നാടിന്റെ വാദത്തിന് ബലം പകരുന്നതാണ് ഇത്. പുതിയ ഡാമില്‍ നിന്നു തമിഴ്‍നാടിനു വെള്ളം കിട്ടില്ല എന്നു സമരസമിതി ചെയര്‍മാന്‍ തന്നെ പറയുമ്പോള്‍ വെള്ളം ഉറപ്പാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതെങ്ങനെ ? ആശയക്കുഴപ്പങ്ങളും ആശങ്കകളും മുല്ലപ്പെരിയാര്‍ സമരത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുമ്പോള്‍ പൊതുസമൂഹം വിശ്വസിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയോ ജയലളിതയെയോ എന്നൊരു ചോദ്യം ചോദിച്ചാല്‍ ശരിക്കും കുടുങ്ങിപ്പോവും.