രാജിസന്നദ്ധത

മമ്മീ… മീറ്റിങ് തുടങ്ങാറായി…

വോ, ഞന്‍ റെഡി തന്നെടാ.. നീ കഴിഞ്ഞ ദിവസത്തെപ്പോലെ ഒരുമാതിരി ഊമ്പിയ ചിരീം ചിരിച്ചോണ്ട് നിക്കരുത്… ചുമ്മാ മനുഷ്യരെ മാനം കെടുത്താന്‍…

അതു പിന്നെ… ഞാന്‍ ഫീലടിച്ചു നിക്കുന്നത് കണ്ടിട്ട് അവന്മാര് സന്തോഷിക്കണ്ടാന്ന് വിചാരിച്ചിട്ടാ മമ്മി…

എന്നിട്ടിപ്പോ എന്തായി ? നിന്റെ ചാനലു പോയിക്കെടക്കുവാണെന്നാ അവര് പറയുന്നത്…

പിന്നെ ? ഞാന്‍ നിന്നു കരയണമായിരുന്നെന്നാണോ മമ്മി പറയുന്നത് ?

എടാ ആണുങ്ങളായാല്‍ കുറച്ചൊക്കെ ധൈര്യം വേണം… ഇത്തരം അവസരങ്ങളില്‍ മുഖത്ത് വേണ്ടത് വീരം ആണ്…

വീരന്‍ തോറ്റു തൊപ്പിയിട്ടില്ലേ ?

ഉണ്ട!.. ടാ, നീ നവരസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

ഒരമ്മ മകനോട് ചോദിക്കാവുന്ന ചോദ്യമാണോ ഇത് മമ്മീ ?

കുന്തം ! നീ പച്ചാളം ഭാസിയെക്കുറിച്ച് കേട്ടിട്ടുണ്ടോ ?

പിന്നേ…. അത് കണ്ടല്ലേ ഞാന്‍ വിവിധ ഭാവങ്ങളൊക്കെ പഠിച്ചത്..

അതാണ് പറഞ്ഞത്… നിന്റെ മുഖത്ത് ഒന്നുകില്‍ ഹാസ്യം അല്ലെങ്കില്‍ ശൃംഗാരം.. ഇതേയുള്ളൂ… ഒരു ലീഡറാവണമെങ്കില്‍ മുഖത്ത് എപ്പോഴും വീരം ഉണ്ടായിരിക്കണം..

ഇത് മമ്മി നേരത്തെ പറഞ്ഞില്ലല്ലോ…

അല്ല, പിന്നെ… ഇതൊക്കെ നിനക്കറിയാമെന്നല്ലേ ഞാന്‍ വിചാരിച്ചേ… കഴിഞ്ഞ ദിവസം തോറ്റു തുന്നം പാടി നിന്നപ്പോ നിന്റെ ചിരികണ്ടപ്പോഴാ നിനക്കൊരു കുന്തോം അറിയില്ല എന്നു മനസ്സിലായത്…

ഇനിയിപ്പോ എന്താ ഞാന്‍ ചെയ്യേണ്ട ?

ഇനി പ്രത്യേകിച്ചൊന്നുമില്ല… ഇന്നത്തെ മീറ്റിങ്ങില്‍ ചെല്ലുന്നു… നമ്മള്‍ രണ്ടു പേരും രാജി പ്രഖ്യാപിക്കുന്നു…

എന്നിട്ട് ??????? നമ്മള്‍ പിന്നെങ്ങനെ ജീവിക്കും ?

മരമണ്ടാ…. രാജി പ്രഖ്യാപിക്കുന്നു എന്നല്ലേ പറഞ്ഞുള്ളൂ.. രാജി വയ്ക്കുന്നു എന്നു പറഞ്ഞില്ലല്ലോ…

ഹൊ, ഞാന്‍ പേടിച്ചു പോയി…. എന്നിട്ട് ?

അപ്പോള്‍ അവരെല്ലാരും കൂടി പൊട്ടിക്കരയും… നമ്മളില്ലെങ്കില്‍ ചത്തുകളയുമെന്നു വരെ പറയും…

അവരങ്ങനെ പറയുവോ ?

അങ്ങനെ പറയണമെന്ന് വിപ്പ് കൊടുത്തിട്ടുണ്ട്… പറയാത്തവരെയെല്ലാം നമ്മള്‍ പുറത്താക്കും…

മമ്മീ.. വിപ്പിനെയൊന്നും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണ്…

ചീഫ് വിപ്പല്ലെടാ… ഇതും വെറും വിപ്പാ… വിശ്വസിക്കാം…

അപ്പോ അവര് ചത്തുകളയുമെന്നു പറയും… എന്നിട്ട് ?

അപ്പോപ്പിന്നെ നമുക്ക് വേറെ ഓപ്ഷനില്ലല്ലോ… നമ്മള്‍ തുടരും…

ഹൊ.. എന്നാ ബുദ്ധിയാ…

നീ എന്നേം സോപ്പിട്ടോണ്ടിരുന്നോ… നീ ഒരു നിലയ്‌ക്കെത്തുന്നത് കണ്ടിട്ട് കണ്ണടയ്ക്കാമെന്നുള്ള എന്റെ സ്വപ്‌നം..ങ്ഹാ !

മമ്മീ.. ചളു ആക്കല്ലേ.. പ്ലീസ്…

ഹും.. മീറ്റിങ്ങിന് നീ ഓഡിറ്റോറിയം എല്ലാം ഏര്‍പ്പാടാക്കിയതല്ലേ ?

ഓഡിറ്റോറിയമോ… എന്തിന് ? ആകെ പത്തുനാപ്പത് പേരല്ലേയുള്ളൂ.. അവിടൊരു ഓടിട്ട പഴയ കെട്ടിടം പറഞ്ഞിട്ടുണ്ട്…

അത് ശരിയാണല്ലോ.. ഞാനത് മറന്നു.. എന്നാല്‍ പോകാം…

അല്ല.. ലവളെവിടെ ?

ആര് ?

മറ്റവള്‍… മുടിഞ്ഞ പെര്‍ഫോമന്‍സായിരുന്നല്ലോ കഴിഞ്ഞയാഴ്ച…

ടാ… നിന്റെ സ്വന്തം പെങ്ങളെപ്പറ്റിയാണോടാ നീയീ പറയുന്നത് ?

ഉവ്വ !.. എന്തൊരു പുകിലായിരുന്നു… ഞാനോര്‍ത്തു മൊത്തത്തോടെ അവളങ്ങു തൂത്തുവാരുമെന്ന്…

പതുക്കെ പറയെടാ.. പണിക്കാര് കേള്‍ക്കും… ആരേം വിശ്വസിക്കാന്‍ പറ്റാത്ത കാലമാ…

അതെയതെ… കൂടെപ്പിറപ്പുകള്‍ പോലും പണി തരും…

പോട… നീ വണ്ടീലോട്ട് കേറ്…

ഹ്ഹ്ഹ്‌ഹേ…ഹ്ങാഹഹഹഹഹ…

എന്തിനാടാ കരയുന്നേ ?

എനിക്കു സഹിക്കാന്‍ പറ്റുന്നില്ല മമ്മീ…

എടാ ഡ്രൈവറ് ശ്രദ്ധിക്കുന്നു… നീയൊന്നൊച്ചയുണ്ടാക്കാതിരി…

എന്നാലും.. ഞാനിപ്പോ കൊടിവച്ച കാറില്‍ പോകേണ്ട മനുഷ്യനല്ലേ മമ്മീ.. എനിക്കീ ഗതി വന്നല്ലോ…ങ്ഹഹേ..

മതി.. മതി.. സ്ഥലമെത്തി… എല്ലാരും എത്തിട്ടൊണ്ട്… നീയിറങ്ങ്… ഞാന്‍ പറഞ്ഞത് മറക്കേണ്ട.. മുഖത്ത് നല്ല വീരഭാവം വേണം.. നിന്നെ കണ്ടാല്‍ നീ ജയിച്ചിട്ടു വരികയാണെന്നേ തോന്നാവൂ…

ഞാന്‍ ശ്രമിക്കാം…

എന്നാ നടന്നോ.. ഞാന്‍ പുറകേയുണ്ട്…

ഇത്രേം കാലം മുന്നില്‍ മുന്നിലായിരുന്നല്ലോ.. ഇപ്പോ എന്നാ പറ്റി പൊറകിലായേ ?

വെറുതെയല്ലെടാ നീ… കേറിപ്പോടാ….

പ്രിയപ്പെട്ടവരെ, ഇന്നത്തെ മീറ്റിങ് ആരഭിക്കുകയാണ്.. ഈ മീറ്റിങ്ങിന്റെ പ്രധാന്യം ഞാന്‍ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ.. നമുക്ക് നേരിടേണ്ടി വന്ന പരാജയത്തിന് അനേകം കാരണങ്ങളുണ്ടെങ്കിലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ഞാനും എന്റെ മോനും രാജി വയ്ക്കുകയാണ്…

……………………………………………..
………………………………………………

ആരും ഒന്നും മിണ്ടുന്നില്ലല്ലോ മമ്മീ ??

————————

ഞങ്ങളുടെ നേതൃത്വം നിങ്ങള്‍ക്ക് കൂടിയേ തീരു എന്നു ഞങ്ങള്‍ക്കറിയാമെങ്കിലും ഈ അവസരത്തില്‍ നിങ്ങളെ ഒറ്റയ്ക്ക് ദുഷ്ടശക്തികളുടെ കൈകളിലേക്ക് നാഥനില്ലാതെ പറഞ്ഞയക്കേണ്ടി വരുന്നതില്‍ ഞങ്ങള്‍ക്കു വിഷമമുണ്ട്…

————————
———————–

മമ്മീ… പണി കിട്ടും… ആരും കരയുന്നില്ല…

എന്തുകൊണ്ടു നമ്മള്‍ തോറ്റു എന്നതിന് തോറ്റവരുടെ കയ്യിലിരിപ്പ് തന്നെയാണ് കാരണം എന്നായിരിക്കാം ഉത്തരം… എങ്കിലും അതിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജി വയ്ക്കാന്‍ തയ്യാറായ ഞങ്ങളുടെ വിശാലമനസ്‌കത നിങ്ങള്‍ മനസ്സിലാക്കുമെന്നും എനിക്കറിയാം…

—————————
—————————

മമ്മീ ഞാന്‍ പറഞ്ഞില്ലേ വിപ്പ് ചതിക്കുമെന്ന്… ഇവരെ എല്ലാരേം കൂടി പുറത്താക്കുന്നതും നമ്മള്‍ രാജി വയ്ക്കുന്നതും ഒരുപോലാ… പണി കിട്ടി മമ്മി…

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ഒരു കഷ്ടകാലം വന്നപ്പോള്‍ പാര്‍ട്ടിയെ ഉപേക്ഷിച്ചു പോയവര്‍ എന്നു ചരിത്രം ഞങ്ങളെ വിശേഷിപ്പിക്കുന്നത് ഞങ്ങള്‍ക്ക് സഹിക്കില്ല…

————————–
————————-

ഇല്ല മമ്മീ.. ഒരുത്തനും മിണ്ടുന്നില്ല…

അതുകൊണ്ട് രാജി വയ്ക്കാനാണ് ഞങ്ങള്‍ വന്നതെങ്കിലും നിങ്ങളെ ഈ ദുര്‍ഘടാവസ്ഥയില്‍ ഒറ്റയ്ക്കാക്കി പോകാന്‍ മനസ്സനുവദിക്കാത്തതിനാലും ഞങ്ങള്‍ രാജി വച്ചേക്കുമോ എന്ന ആശങ്കമൂലം എന്തെങ്കിലും പറയാന്‍ പോലുമാവാതെ സ്തബ്ധരായിരിക്കുന്ന നിങ്ങളുടെ ദുഖം മനസ്സിലാക്കുന്നതിനാലും ആ തീരുമാനം ഞങ്ങള്‍ ഉപേക്ഷിക്കുന്നു…. എന്നും എന്നെന്നും.. നിങ്ങളെയെല്ലാം നിയന്ത്രിക്കാനും മുന്നോട്ടു കൊണ്ടു പോകാനും ഞങ്ങള്‍ നിങ്ങളുടെ തലപ്പത്തുണ്ടാവും…

ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…
ഹ്ങാഹഹഹഹഹ…ഹ്ങാഹഹഹഹഹ…

അതു പറഞ്ഞപ്പോഴാണല്ലോ മമ്മീ കൂട്ടക്കരച്ചില്‍ ?

ഞാന്‍ പറഞ്ഞില്ലേടാ.. അവര്‍ക്ക് നമ്മളില്ലാതെ മേല…

ഹൊ! ഞാന്‍ പേടിച്ചു പോയി…

ഞാനും, കൊര്‍ച്ച് !

തിരഞ്ഞെടുപ്പ് അവലോകനം

ചരിത്രവിജയം നേടി നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ബിജെപി രാജ്യത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന തിരക്കിലാണ്. ഒപ്പം ചരിത്ത്രിലെ ഏറ്റവും വലിയ പരാജയം നല്‍കി പ്രതിപക്ഷസ്ഥാനത്തു പോലും ഇരിക്കാനുള്ള യോഗ്യത നല്‍കാതെ കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറംതള്ളി. പലരും ചൂണ്ടിക്കാണിച്ചതുപോലെ, പത്തു വര്‍ഷം കൊണ്ട് ജനങ്ങളെ ശത്രുക്കളാക്കിയ യുപിഎ സര്‍ക്കാരിനോടുള്ള പ്രതികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനിയെങ്കിലും നെഹ്‌റു ഫാമിലി ഹാങ് ഓവറില്‍ നിന്നും പേരിനോടൊപ്പം ഗാന്ധി എന്നു വച്ചുള്ള തട്ടിപ്പുകളില്‍ നിന്നും മുക്തരായി യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം പരിശീലിക്കാന്‍ രാഹുലും സംഘവും തയ്യാറാവുമെന്നു പ്രത്യാശിക്കാം.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും നേട്ടത്തില്‍ പൊതുവേ മൂന്നു തരം പ്രതികരണങ്ങളാണ് കാണാനുള്ളത്. ഒന്ന്, അടുത്ത ബസില്‍ ഞാന്‍ പാകിസ്ഥാനിലേക്കു പോകുന്നു എന്ന മട്ടിലുള്ളത്. മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകണം എന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമാണ് അതെങ്കിലും തിരഞ്ഞെടുപ്പുഫലം വന്ന ശേഷം അത്തരത്തിലുള്ള പ്രതികരണം തിരിച്ചടിക്കാനാണ് സാധ്യത. രണ്ട്, നീയൊക്കെ പാകിസ്ഥാനിലേക്കു പോടാ.. എന്നാക്രോശിക്കുന്ന തരത്തിലുള്ള പ്രതികരണം. ഇതും തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം വേറെയാണ്. അങ്ങേയറ്റം ഗുരുതരവുമാണ്. മൂന്ന്, പത്തു വര്‍ഷമായില്ലേ മറ്റവരെ സഹിക്കുന്നു, ഇനി ഇവരുമൊന്നു ഭരിക്കട്ടെ നമുക്കു നോക്കാല്ലോ എന്ന ലൈന്‍. സത്യത്തില്‍ ഇന്ത്യയിലെ നിഷ്പക്ഷരായ വോട്ടര്‍മാര്‍ മൂന്നാമത്തെ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബിജെപി ഉജ്വലവിജയം നേടിയത്.

ഇന്ത്യ മുഴുവന്‍ ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള്‍ കേരളവും തമിഴ്‌നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് കേള്‍ക്കുന്ന്. ഒന്ന്, മലയാളികള്‍ അല്ലെങ്കിലും നന്നാവില്ല, അവര്‍ക്ക് വിവരമില്ല എന്നത്. രണ്ട്, മോദി തരംഗം കേരളത്തെ സ്പര്‍ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്‌കാരിക നിലവാരത്തെയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നു എന്നത്. രണ്ടും ശരിയായ നിലപാടുകളല്ല എന്നാണ് എന്റെ അഭിപ്രായം.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഈ തിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി ഒരു വിധി പറയാന്‍ സുപ്രീംകോടതിക്കു പോലും അധികാരമില്ല. കാരണം, അതില്‍ തെറ്റും ശരിയുമില്ല. ജനങ്ങളുടെ വിധിയെഴുത്തിന് അത്രത്തോളം മൂല്യമുണ്ട്. കേരളത്തില്‍ ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്തത് മലയാളികള്‍ക്ക് വിവരമില്ലാത്തതുകൊണ്ടോ മലപ്പുറത്ത് ഇ.അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചത് അവിടത്തുകാര്‍ മണ്ടന്‍മാരായതുകൊണ്ടോ അല്ല. അത് അവരുടെ തീരുമാനമായിരുന്നു, അതിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ ആശങ്കയോടെ കാണുന്നവരുണ്ട്. പുതിയൊരു സര്‍ക്കാര്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവികമായ ഉല്‍കണ്ഠയും ആശങ്കയുമെന്നതിനപ്പുറം ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യും എന്നാശങ്കപ്പെടുന്നതില്‍ കഴമ്പില്ല. കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ക്കിഷ്ടമുള്ളതായിരുന്നില്ല. ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ ജനങ്ങളാണെന്നതിനാല്‍ അത് 100 ശതമാനം സ്വീകാര്യമായ തീരുമാനമാണ്. മോദിയെയും ബിജെപിയെയും അംഗീകരിക്കാനും അഭിനന്ദിക്കാനും കോണ്‍ഗ്രസും ലോകരാഷ്ട്രങ്ങളും മുന്നോട്ടു വരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ലഭിക്കുന്ന ആദരവു കൂടിയായി അതിനെ കാണണം. ഈ വലിയ വിജയം ജനങ്ങള്‍ കഴുതകളല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

ബിജെപി തരംഗം കേരളത്തെ സ്പര്‍ശിക്കാതെ പോയതിലുള്ള പ്രതികരണങ്ങള്‍ കേരളീയരുടെ വിവരക്കേടായി വിലയിരുത്തപ്പെടുന്നുണ്ട്. കേരളമെന്ന ഇട്ടാവട്ടത്തിലെ പൊട്ടന്‍മാര്‍ ഇന്ത്യയെന്ന മഹാരാജ്യത്തില്‍ ഒന്നുമല്ലെന്നും നിന്റെയൊന്നും വോട്ടില്ലാതെ ‘ഞങ്ങള്‍’ ഭരിക്കുമെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. മലപ്പുറത്ത് ഇ.അഹമ്മദിനെ ഇത്രയേറെ വോട്ടുകള്‍ക്കു ജയിപ്പിച്ചു വിട്ടവരുടെ ഐക്യു എന്തായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഇ.അഹമ്മദ് അവിടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കില്‍ അതിനു ചില കാരണങ്ങളും ഉണ്ടാവും. ചാലക്കുടിയിലെ ജനങ്ങള്‍ ഇന്നസെന്റിനെ വിജയിപ്പിക്കില്ല എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെ പലരും വിചാരിച്ചിരുന്നത്. എന്നാല്‍, പി.സി.ചാക്കോയോടുള്ള വെറുപ്പ് അത്രയധികമാകയാല്‍ ജനം ഇന്നസെന്റിനെ തിരഞ്ഞെടുത്തു. ആ തിരുമാനവും തെറ്റോ ശരിയോ എന്നതല്ല, അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നതാണ് പ്രധാനം.

കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ പ്രണയത്തെപ്പറ്റി മിണ്ടരുത് എന്നു പറയുന്നതുപോലെ ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന്‍ ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്‍ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല്‍ പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

രാജ്യം ബിജെപിയെ തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്ന് മോദിവിരുദ്ധര്‍ പറയുന്നതും താമര വിരിയാത്ത കേരളത്തിലെ ജനങ്ങള്‍ കഴുതകളാണ് എന്നു മോദിഭക്തര്‍ പറയുന്നതും ഒരുപോലെയാണ്. നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു. ജയ് ഹിന്ദ് !

അസൂയക്കാരുടെ സദാചാരം

25 വയസ്സില്‍ കല്യാണം കഴിച്ചാല്‍ മുപ്പതാം വയസ്സില്‍ പിക്കപ്പു പോകുന്ന തൈക്കിളവന്‍മാരുടെ തലമുറയ്ക്ക് അറുത്തേഴാം വയസ്സില്‍ കിളി പോലൊരു പെണ്ണിനെ വളച്ചെടുക്കുന്ന ഒറിജിനല്‍ കിളവനോട് തോന്നുന്ന വികാരത്തിന് പേര് ഒന്നേയുള്ളൂ- അസൂയ. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ടിവി അവതാരക അമൃത റായിലെ പ്രേമിക്കുന്നതിന്റെയും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പ്രണയം എന്നതിനെ എങ്ങനെ നിര്‍വചിക്കുന്നു എന്നു നോക്കിയാല്‍ തന്നെ കുഴപ്പം നാട്ടുകാര്‍ക്കാണോ ദിഗ്ഗങ്കിളിനാണോ എന്നു വ്യക്തമാകും.

മകളുടെ പ്രായമുള്ള സ്ത്രീയെ 67-ാം വയസ്സില്‍ ദിഗ് പ്രേമിച്ചു എന്നതാണ് യുവകോമളന്‍മാരുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. 67-ാം വയസ്സില്‍ എണീറ്റു നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന, എണീറ്റു നിന്നാലും ഷുഗര്‍- പ്രഷര്‍, ഹാര്‍ട്ട്, പൈല്‍സ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ ലോകത്ത് ഒരാള്‍ ജീവിതത്തെ യൗവ്വനതീക്ഷ്ണവും ഹൃദയത്തെ പ്രേമസുരഭിലവുമാക്കി കാത്തുസൂക്ഷിച്ചത് വലിയ കുറ്റകൃത്യമായിപ്പോയെന്നു പറയുന്നവരെക്കാള്‍ വലിയ ബോറന്‍മാര്‍ വേറെയില്ല. എങ്ങനെ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇടം നേടണം എന്നതു ഗൂഗിള്‍ ചെയ്യുന്ന സാധുക്കളോട് ഈ ഓള്‍ഡ് ജനറേഷന്‍ ദിഗ് വിജയത്തിന്റെ റൊമാന്റിക് സൈഡ് പറഞ്ഞുന മനസ്സിലാക്കാന്‍ നോക്കിയിട്ടും കാര്യമില്ല.

അമൃത റായ് ഇത് എന്തു കണ്ടിട്ടാണ് എന്നാണ് പൊതുവേ എല്ലാവരും ചോദിക്കുന്നത്. ഇന്നാട്ടില്‍ ഇതിനും മാത്രം ചെറുപ്പക്കാരുള്ളപ്പോള്‍ അറുപത്തേഴു വയസ്സുള്ള കോണ്‍ഗ്രസ് നേതാവിനെ (ഡബിള്‍ നെഗറ്റീവ്) പ്രണയിക്കാനും അതു തുറന്നു സമ്മതിക്കാനും മാത്രം അമൃത എന്ത് ആനന്ദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രണയം എന്നു വച്ചാല്‍ 25 വയസ്സില്‍ താഴെയുള്ള പക്വതയില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള ഹഠാദാകര്‍ഷണമാണ് എന്നാണ് സാഹിത്യം, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ പറഞ്ഞു വച്ചിരിക്കുന്നത്. 30 വയസ്സുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ നമ്മുടെ നാട്ടുകാര്‍ അവിഹിതം എന്നാണ് വിളിക്കുന്നത്. ദിഗ് വിജയ് സിങ് ഒരു വിധവനാണ്. അമൃത റായ് വിവാഹമോചിതയും. മോചിതനാകുന്ന അമതൃയുടെ ഭര്‍ത്താവ് അമൃതയ്ക്ക് ദിഗേട്ടനോടൊപ്പം യുഭകരമായ ജീവിതവും ആശംസിച്ചിട്ടുണ്ട് (അത് ബ്ലാക് ഹ്യൂമറാവാനും മതി). ഇവര്‍ക്കൊന്നുമില്ലാത്ത സദാചാര പ്രശ്‌നം എന്തുകൊണ്ട് നാട്ടുകാര്‍ക്ക് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

മാധ്യമപ്രവര്‍ത്തകരുടെ സദാചാരബോധവും ഞരമ്പുരോഗവും വ്യക്തിത്വവൈകല്യങ്ങളുമൊക്കെ എത്ര ഭീകരമാണെന്നു മനസ്സിലാക്കാന്‍ ദിഗ് വിജയ് സിങ്- അമൃത റായ് ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. റൊമാന്റിക് ആയ ജീവിതവും ലൈംഗികശേഷിയുമൊക്കെ ഉള്ളവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസ്സിലാവുന്നില്ല. ദിഗ് വിജയ് സിങ്ങിനെ കുറ്റപ്പെടുത്തുന്നവരെല്ലാം ഏതപത്‌നീ വ്രതക്കാരും മറ്റുമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇവരുടെയൊക്കെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം ഏകപത്‌നീവ്രതത്തിന്റെ പുണ്യം. പത്തു പേരെ വിര്‍ച്വലായി കല്യാണം കഴിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന ഏകപത്‌നീവ്രതഫ്രോഡുകള്‍ക്ക് യഥാര്‍ഥജീവിതത്തില്‍ പ്രണയിക്കുന്നവരോടെല്ലാം ഒരു തരം പ്രതികാരബുദ്ധി തോന്നുന്നത് സ്വാഭാവികമാണ്.

ഇനി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഭാര്യയുടെ വിവരം മറച്ചുവച്ച മോദിയെ വിമര്‍ശിച്ച ദിഗ് വിജയ് സിങ്ങിന് രഹസ്യമായി പ്രണയിക്കാന്‍ എന്തവകാശം എന്നാണ് ചിലരുടെ ചോദ്യം. മോദി തന്റെ കാര്യം മറച്ചുവച്ചതില്‍ പരാതിയുണ്ടെന്നു മോദിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടില്ല. മറിച്ച്, മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി വ്രതമെടുത്തു പ്രാര്‍ഥിക്കുകയായിരുന്നു അവര്‍. അവിടെയും കുത്തിക്കഴപ്പ് എരണംകെട്ട പത്രക്കാര്‍ക്കായിരുന്നു. മോദിയെക്കുറിച്ച് യശോദച്ചേച്ചിക്കും ദിഗിനെക്കുറിച്ച് അമൃതച്ചേച്ചിക്കും പരാതിയില്ലെങ്കില്‍ പരാന്നഭോജികളായ ചാനലുകാരുടെ ഷോക്കിങ് ന്യൂസ് എക്‌സ്‌കഌസീവുകള്‍ ശുദ്ധ പോക്രിത്തരങ്ങളാണെന്നു പറയേണ്ടി വരും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ സംശുദ്ധ ജീവിതം നയിക്കുന്നവാരിക്കണം എന്നു വാശി പിടിക്കാന്‍ പൊതുജനത്തിന് അവകാശമുണ്ട്. നിലവിലുള്ളവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയിച്ചു എന്ന കുറ്റത്തിന് നേതേക്കന്‍മാരെ കല്ലെറിയുന്നത് ശരിയല്ല. സ്വന്തം സ്വകാര്യതയില്‍ സര്‍ക്കാര്‍ എത്തിനോക്കുന്നു എന്നു കണ്ടാല്‍ മനുഷ്യാവകാശലംഘനം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ രാഷ്ട്രീയനേതാക്കന്‍മാരുടെ കിടപ്പറച്ചിത്രങ്ങള്‍ വരെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കളിക്കുന്നത് വൃത്തികേടാണ്. പ്രേമിക്കാനാണെങ്കിലും ഒരു മിനിമം ആണത്തമെങ്കിലും വേണം. ജസ്റ്റിസ് മനുവിനെപ്പോലുള്ള ഓള്‍ഡ് ജെനറേഷന്‍ യുവറോണര്‍മാര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ വാനപ്രസ്ഥമാണ്. വാനപ്രസ്ഥം നയിക്കേണ്ട പ്രായത്തില്‍ ഗൃഹസ്ഥാശ്രമം ട്രൈ ചെയ്യുന്നതിലാണ് വിപ്ലവം ഉള്ളത്. അതിനെയാണ് ന്യൂ ജനറേഷന്‍ എന്നു വിളിക്കേണ്ടത്. ന്യൂജനറേഷന്‍ എന്നു പച്ചകുത്തി നടക്കുന്ന വിഡ്ഡികള്‍ ദിഗ് വിജയ് സിങ്ങിനെ കരിവാരി തേക്കുന്നതിലൂടെ കുലം കുത്തിക്കളിക്കുന്നത് സ്വന്തം ജനറേഷനിലാണ്. ദിഗ് വിജയ് സിങ്ങിനോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ. അറുപത്തേഴാം വയസ്സില്‍ ഏതെങ്കിലും ഒരു സ്ത്രീയെ പ്രണയിക്കാന്‍ മാത്രം യൗവ്വനമോ ആരോഗ്യമോ റൊമാന്റിക് ആയ ഒരു മനസ്സോ എനിക്കുണ്ടാകുമെന്ന് പ്രതിക്ഷയില്ല. ദിഗ് വിജയ് സിങ്ങിനും അമൃതയ്ക്കും ശുഭകരമായ ഒരു പ്രണയജീവിതം ആശംസിക്കുന്നു.

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

തുറന്ന ചോദ്യങ്ങള്‍

നമസ്‌കാരം സര്‍… തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സ് കാണിച്ചതിനു നന്ദി.

വളരെ സന്തോഷം…

ആദ്യം തന്നെ ഒരു അഭ്യര്‍ത്ഥന.. വളരെ തുറന്ന ചോദ്യങ്ങളാണ് എന്റേത്.. അതിനുള്ള മറുപടികളും തുറന്നതാകണമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു…

തീര്‍ച്ചയായും എന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണ്… പാര്‍ട്ടി സ്വീകരണങ്ങള്‍ക്കു പോകുമ്പോള്‍ ഞാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കാറുണ്ട്…

എന്തുകൊണ്ടാണ് ഇത്രകാലം അഭിമുഖങ്ങളൊന്നും നല്‍കാതിരുന്നത് ? അങ്ങേയ്ക്ക് രാഷ്ട്രീയം അറിയാത്തതുകൊണ്ടാണെന്നും ചോദ്യങ്ങളെ നേരിടാന്‍ ഭയമായതുകൊണ്ടാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത് ?

കല്‍ക്കട്ടയിലെ തെരുവീഥികളിലും ഒറീസയിലെ മലയോരങ്ങളിലും ഞാന്‍ പാവങ്ങളുടെ കണ്ണീരൊപ്പുകയായിരുന്നു. ബാക്കിയുള്ള സമയം ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടി ആപ്പീസുകള്‍ പടുത്തുയര്‍ത്തുന്നതിനു വേണ്ടി തൊഴിലാളി സ്ത്രീകളോടൊപ്പം കല്ലു ചുമക്കുകയായിരുന്നു.. അതിനിടയില്‍ ടിവി ചാനലുകളില്‍ അഭിമുഖം കൊടുക്കാന്‍ ടൈം കിട്ടിയില്ല..

അങ്ങയുടെ എതിര്‍ സ്ഥാനാര്‍ഥി പലവട്ടം പരസ്യമായി തന്നെ അങ്ങയെ തുറന്ന സംവാദത്തിനു ക്ഷണിച്ചിട്ടുണ്ടല്ലോ… എപ്പോഴും അങ്ങ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.. എന്തുകൊണ്ടാണ് പരസ്പരം ഒരു സംവാദത്തിന് അങ്ങു മടിക്കുന്നത്… അദ്ദേഹത്തെ അങ്ങേയ്ക്ക് ഭയമാണോ ?

എനിക്കു ഭയമാണോ എന്നാണ് നിങ്ങള്‍ ചോദിച്ചത്. അങ്ങനെ ഭയമുള്ള ആളാണോ ഞാന്‍ എന്നു മനസ്സിലാക്കണമെങ്കില്‍ ആദ്യം ഞാനാരാണെന്നു നിങ്ങള്‍ മനസ്സിലാക്കണം… അതിനു നിങ്ങള്‍ ചരിത്രം പഠിക്കണം… ബൈ ദ ബൈ.. നിങ്ങള്‍ എന്തിനാണ് പത്രക്കാരനായത് വേറെ വല്ല പണിക്കും പൊയ്ക്കൂടായിരുന്നോ ?

എന്റെ ചോദ്യം ഒഴിവാക്കി അങ്ങ് എന്നോടു മറ്റൊരു ചോദ്യം ചോദിക്കുകയാണ് ? എന്റെ ചോദ്യം എന്തുകൊണ്ടാണ് എതിര്‍സ്ഥാനാര്‍ഥിയുമായി ഒരു മുഖാമുഖത്തിന് അങ്ങു ഭയപ്പെടുന്നത് എന്നാണ് ?

ഭയം എന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല… കുട്ടിക്കാലത്ത് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പോയി മൂത്രമൊഴിക്കുമായിരുന്നു… പിന്നെ എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി… അങ്ങനെയുള്ള എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ക്രൂരമാണ്.. മൃഗീയമാണ്… മനുഷ്യത്വരഹിതമാണ്…

മരിച്ചു പോയ ബന്ധുക്കളെപ്പറ്റി പറഞ്ഞ് അങ്ങു സഹതാപം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല… എന്റെ ചോദ്യം രാഷ്ട്രീയമാണ്. അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങളും ആരോപണങ്ങളും അ്‌ങ്ങേയ്‌ക്കെതിരാണ്… ഒന്നിനു പോലും അങ്ങു മറുപടി പറയുന്നില്ല.. അദ്ദേഹത്തെ ഭയമായതുകൊണ്ടല്ലേ അങ്ങ് അതെപ്പറ്റിയുള്ള ചോദ്യങ്ങളോടു പോലും മുഖം തിരിയ്ക്കുന്നത് ?

ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളെ ഉദ്ധരിക്കാന്‍, ഈ രാജ്യത്തെ ലക്ഷോപലക്ഷം സ്ത്രീജനങ്ങളെ ശാക്തീകരിക്കാന്‍, ഈ രാജ്യത്തെ കോടാനുകോടി കുട്ടികളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി യുവജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അങ്ങനെയുള്ള എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് മ്ലേച്ഛമാണ്.

അങ്ങു മറ്റെന്തോ സംസാരിക്കുന്നു. അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയെപ്പറ്റിയാണ് ഞാന്‍ ചോദിക്കുന്നത് ?

ഞങ്ങള് പുള്ളിയെ തോല്‍പിക്കും…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള അങ്ങയുടെ അഭിപ്രായം എന്താണ് ?

പുള്ളിയെപ്പോലെയല്ല ഞാന്‍.. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ജനാധിപത്യത്തിലും വികസനത്തിലും പുതിയ വഴികള്‍ വെട്ടിത്തെളിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്… പാവപ്പെട്ടവരെ ഉദ്ധരിക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കാനുമാണ് ഞാന്‍ ലക്ഷ്യമിടുന്നത്…

ഗുജറാത്ത് കലാപത്തെപ്പറ്റിയും കൂട്ടക്കൊലയെപ്പറ്റിയും അങ്ങയുടെ പാര്‍ട്ടിയിലെ നേതാക്കള്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്… അതെപ്പറ്റി അങ്ങയുടെ കാഴ്ചപ്പാട് എന്താണ് ?

ഒന്നും കാണാതെ എന്തെങ്കിലും പറയുന്നവരല്ല അവരൊന്നും… അവര്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടാകും..

ഗുജറാത്ത് കലാപത്തെപ്പറ്റി അങ്ങയുടെ നീരീക്ഷണം എന്താണ് ?

ഗുജറാത്തില്‍ കലാപമുണ്ടായി… ധാരാളം ആളുകള്‍ മരിച്ചു…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി ആ മരണത്തിന് ഉത്തരവാദികളാണെന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ ?

ഹരിതവിപ്ലവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്… രാജ്യത്തെ യുജനങ്ങളെ കൃഷിയിലേക്ക് ആകൃഷ്ടരാക്കും.. പിന്നെ സ്ത്രീകളുടെ ശാക്തീകരണം… പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്… കുട്ടികളുടെ വിദ്യാഭ്യാസം…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി കലാപങ്ങളിലും ജനങ്ങളുടെ മരണത്തിലും പങ്കാളിയാണ് എന്ന് അങ്ങയുടെ പാര്‍ട്ടി പറയുന്നു. ഇതില്‍ അങ്ങയുടെ നിലപാട് എന്താണ് എന്നാണ് അറിയേണ്ടത് ?

എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി തെറ്റുകാരനാണ് എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ ?

ഗുജറാത്തില്‍ കലാപമുണ്ടായി… ധാരാളം ആളുകള്‍ മരിച്ചു…

മുസഫര്‍നഗറിലും അതു തന്നെയല്ലേ സംഭവിച്ചത് ?

മുസഫര്‍നഗറിനെപ്പറ്റി ഒരക്ഷരം പറയരുത്…

കലാപവും ജനങ്ങളുടെ മരണവും അല്ലേ അവിടെയും സംഭവിച്ചത് ?

മുസഫര്‍നഗറിനെപ്പറ്റി മിണ്ടരുതെന്നല്ലേ പറഞ്ഞത്…..

അങ്ങു കരയാന്‍ പോകുന്നതു പോലെ തോന്നുന്നു ?

ഇല്ല.. ഞാന്‍ പറഞ്ഞല്ലോ… എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി…

ശരി. മറ്റൊരു ചോദ്യമാവട്ടെ. അങ്ങയുടെ പാര്‍ട്ടി 60 വര്‍ഷം ഭരിച്ചിട്ടും രാജ്യം വലിയ നേട്ടമൊന്നുമുണ്ടാക്കിയില്ല.. വെറും 60 മാസം തരൂ മാറ്റം കാണിച്ചു തരാം എന്നാണ് അങ്ങയുടെ എതിര്‍ സ്ഥാനാര്‍ഥി പറയുന്നത്. എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത് ?

വികസനത്തെ സംബന്ധിച്ച് ഞങ്ങളുടെ പാര്‍ട്ടിക്ക് നവീനമായ കാഴ്ചപ്പാടുകളാണുള്ളത്. ഞാന്‍ പറഞ്ഞല്ലോ, ഹരിതവിപ്ലവം ആണു ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പിന്നെ പാവപ്പെട്ടവരുടെ ഉന്നമനം, സ്ത്രീകളുടെ ശാക്തീകരണം, അശരണരും അഗതികളുമായ ആളുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതു പോലും ഞങ്ങളുടെ പരിഗണനയിലുണ്ട്…

തിരഞ്ഞെടുപ്പു സര്‍വേകളെല്ലാം അങ്ങയുടെ പാര്‍ട്ടിയുടെ പതനമാണ് സൂചിപ്പിക്കുന്നത്. അതെപ്പറ്റി എന്താണ് അഭിപ്രായം ?

ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും അധികാരം നേടിയെടുത്തത് പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും ജനകീയമുന്നേറ്റത്തിലൂടെയായിരുന്നു. അതു തന്നെയാണ് ഞങ്ങളുടെ പാര്‍ട്ടിയും ലക്ഷ്യം വയ്ക്കുന്നത്. ഞങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ഇനി അടുത്ത ചോദ്യം…

മതി.. എനിക്ക് പോണം… പാവപ്പെട്ടവരെ ഉദ്ധരിക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും അശരണരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും സമയമായി…

ഇപ്പോള്‍ പോണോ ?

പോണം.. പോണം… എനിക്ക് ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നതില്‍ നിന്ന് ഒരു നിമിഷം പോലും വിട്ടുനില്‍ക്കാനാവില്ല.. എന്നെ വിടൂ…

ശരി എന്നാല്‍…

നന്ദി നമസ്‌കാരം…

പാവം, ഓടിക്കളഞ്ഞു !

ശ്വേതം പീഡാംബരം

പീഡനത്തിനും അപമാനത്തിനും ഇരയാകുന്ന പെണ്‍കുട്ടികള്‍ അനാഘ്രാതകുസുമങ്ങളും തികച്ചും അപ്രശസ്തരും, പീഡകര്‍ രാഷ്ട്രീയ-സാുദായിക പിന്തുണയില്ലാത്തവരും കൊടുംവില്ലന്‍മാരുമായിരിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പിന്തുണയും സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും നമ്മള്‍ പ്രകടമാക്കൂ. അല്ലാത്തപക്ഷം പീഡകന്റെ രാഷ്ട്രീയവും സമുദായവും ഇരയുടെ പ്രശസ്തിയുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ അഭിപ്രായവും കാഴ്ചപ്പാടുകളും ഉരുത്തിരിയുന്നത്. വള്ളംകളി മല്‍സരത്തില്‍ മുഖ്യാതിഥിയായെത്തിയ ശ്വേതാ മേനോനെ മുതിര്‍ന്ന നേതാവ് അപമാനിച്ചു എന്നു ശ്വേത തന്നെ പരാതിപ്പെടുമ്പോള്‍ ശ്വേതയെ കയറിപ്പിടിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അത് പുറത്തുപറഞ്ഞതാണ് തെറ്റെന്നു വാദിച്ച് സോഷ്യല്‍ മീഡിയയിലൂടെ കൂട്ടബലാല്‍സംഗത്തിനു തുനിയുകയാണ് പ്രബുദ്ധമലയാളികള്‍.

സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്ന, രതിനിര്‍വേദം പോലുള്ള സിനിമകളില്‍ അഭിനയിക്കുന്ന, സ്വന്തം ഗര്‍ഭവും പ്രസവവും സിനിമയ്ക്കു ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്ന ശ്വേതയെ ഒന്നു കയറിപ്പിടിക്കുന്നതില്‍ എന്താണ് കുഴപ്പം എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. വളരെ സങ്കീര്‍ണമെന്നു തോന്നുന്ന ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഏറ്റവും ലളിതം. ശ്വേത മേനോന്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതും പ്രസവം സിനിമയിലുപയോഗിക്കുന്നതുമെല്ലാം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരുത്തന്‍ കയറിപ്പിടിക്കുന്നത് ശ്വേതയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഈ ചെറിയ വ്യത്യാസത്തിലാണ് എല്ലാം.

ഒരു സ്ത്രീയെ അവളുടെ അറിവോടും സമ്മതത്തോടും കൂടി സ്പര്‍ശിക്കുന്നതും അവളുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള മിക്കവാറും എല്ലാ അക്രമങ്ങളുടെയും അടിസ്ഥാനം. ബസില്‍ പെണ്ണുങ്ങളെ മുട്ടിനില്‍ക്കുന്നതിലൂടെ ദിവ്യാനുഭൂതി കൈവരിക്കുന്നവന്റെ അതേ മനശാസ്ത്രമാണ് ശ്വേതയെ കയറിപ്പിടിക്കുന്ന ഉന്നതനേതാവിന്റേതും എന്നു മനസ്സിലാക്കാന്‍ സൈക്കോളജി ഒന്നും പഠിക്കേണ്ട കാര്യമില്ല.

ശ്വേത മേനോന്‍ സിനിമയില്‍ സ്വന്തം പ്രസവം അവതരിപ്പിച്ചതുകൊണ്ട് അനുവാദമില്ലാതെ ഒരുത്തന്‍ കയറിപ്പിടിക്കുമ്പോള്‍ ശ്വേതയ്ക്ക് എതിര്‍ക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല എന്ന വാദമാണ് ഇതിലൊക്കെ വിചിത്രം. സിനിമയില്‍ പ്രസവം അവതരിപ്പിച്ചതിനോടോ അത് മലയാളികളെ മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയുള്ള മഹത്തായ കാര്യമായിരുന്നു എന്ന തട്ടിപ്പ് ന്യായത്തോടോ ഒന്നും യോജിക്കാന്‍ എനിക്കുമാവില്ല. അതുകൊണ്ട് ശ്വേതയെ അപമാനിക്കുന്നതിലും അവഹേളിക്കുന്നതിലും തെറ്റില്ല എന്നു പറയുന്നത് നികൃഷ്ടമാണ്.

ചാനലുകാര്‍ ഇടവിട്ടിടവിട്ടു കാണിക്കുന്ന ദൃശ്യങ്ങളില്‍ കാര്യമായി ഒന്നും കാണാത്തതുകൊണ്ട് ശ്വേതയുടെ ആരോപണത്തില്‍ കഴമ്പില്ല എന്നാണ് മറ്റൊരു വാദം. പബ്ലിസിറ്റിക്കു വേണ്ടി ശ്വേത ഉന്നയിക്കുന്നതാണ് ഈ ആരോപണം എന്നുവരെ പറയുന്നുണ്ട് ആളുകള്‍. ശ്വേതയെ പീതാംബരക്കുറുപ്പ് അപമാനിച്ചു എന്നു പറയുമ്പോള്‍ പഴയ സിനിമകളില്‍ ടി.ജി.രവി സീമയോടു ചെയ്യുന്നതുപോലുള്ള ദൃശ്യങ്ങളാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അത് കഷ്ടമാണ്. അപമാനത്തിനു പ്രത്യേകം ഗ്രേഡുകളൊന്നുമില്ല. ഒരു സ്ത്രീ താന്‍ അപമാനിക്കപ്പെട്ടതായി പറയുന്നതിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സമൂഹത്തില്‍ സ്ത്രീത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും അന്തസ്സിനും എത്ര വിലയുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ശ്വേത അപ്പോള്‍ തന്നെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വേറെയൊരു കൂട്ടര്‍ക്ക് അറിയേണ്ടത്. പ്രൊഫഷനലായ ഒരു കലാകാരി തന്നെയേല്‍പിച്ച ദൗത്യം വൃത്തിയായി നിര്‍വഹിച്ചതിനെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. തന്നെ കയറിപ്പിടിച്ചു എന്നാരോപിച്ച് ശ്വേത പരിപാടി കുളമാക്കിയിരുന്നെങ്കില്‍ അതും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ. മറിച്ച്, ആ സ്റ്റണ്ട് വേദിയില്‍ വച്ചു തന്നെ നടത്തി ഇറങ്ങിപ്പോയിരുന്നെങ്കില്‍ ശ്വേതയ്ക്ക് കുറച്ുകൂടി പബ്ലിസിറ്റി കിട്ടിയേനെ. സംഘാടകസ്ഥാനത്തുള്ള ജനപ്രതിനിധി നടിയെ മുട്ടിയുരുമ്മുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിഥിയായെത്തിയ നടി ജനങ്ങളുടെ സന്തോഷം കളയേണ്ടെന്നു കരുതി വേദി വിടുന്നതുവരെ അത് സഹിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സോ കോള്‍ഡ് ജനപ്രതിനിധിയെക്കാള്‍ സാമൂഹികപ്രതിബദ്ധത ശ്വേത മേനോന്‍ എന്ന നടിയ്ക്ക് ഉണ്ട് എന്നു നിസ്സംശയം പറയാം.

ഇക്കാര്യത്തില്‍ പീതാംബരക്കുറുപ്പിന്റെയും കൊല്ലം ജില്ലാ കലക്ടറിന്റെയുമൊക്കെ പ്രതികരണങ്ങള്‍ പരിതാപകരമാണെന്നു പറയാതെ വയ്യ. താനൊരു രാഷ്ട്രീയക്കാരനായിപ്പോയതുകൊണ്ട് തന്റെ മേല്‍ എന്താരോപണവും ഉന്നയിക്കാം എന്നായിരിക്കുകയാണ് എന്നാവര്‍ത്തിച്ചു പറഞ്ഞ് സ്വയം ഇരവല്‍ക്കരണത്തിനു ശ്രമിക്കുകയാണ് അദ്ദേഹം. കലക്ടറോട് വാക്കാല്‍ പരാതിപ്പെട്ടു എന്നു ശ്വേത തന്നെ പറയുമ്പോള്‍ അങ്ങനൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് കലക്ടര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്. വളരെ കഷ്ടമാണ് കാര്യങ്ങള്‍.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് കലക്ടറും പീതാംബരക്കുറുപ്പുമെല്ലാം ആവര്‍ത്തിക്കുന്നത് ഒരേയൊരു കാര്യമാണ്- വളരെ സന്തോഷത്തോടെ വരികയും സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്ത ശ്വേതയ്ക്ക് അവിടൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നാണത്. ശ്വേതയ്ക്ക് തെറ്റുപറ്റിയത് അവിടെയാണ്. വള്ളംകളി കുളമാക്കേണ്ട എന്നു ചിന്തിച്ചത് തന്നെ തെറ്റായിപ്പോയി. സ്‌റ്റേജില്‍ വച്ചു തന്നെ അപമാനിച്ചവന്റെ കരണത്ത് ഒന്നു പൊട്ടിച്ചിട്ട് ക്ഷണിച്ച മാന്യന്മാരോട് പരസ്യമായി രണ്ടു വര്‍ത്താനം പറഞ്ഞിട്ട് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു. ശ്വേത അഹങ്കാരിയാണെന്ന് ഒരു പക്ഷവും ബോള്‍ഡ് ആണെന്നു മറുപക്ഷവും ചര്‍ച്ച ചെയ്തു പിരിഞ്ഞേനെ.

കുറിപ്പ്: എല്ലാം ശ്വേതയുടെ തോന്നല്‍ മാത്രമാണെന്നും പീതാംബരക്കുറുപ്പ് ശ്വേതയെ തൊട്ടിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തോടെയാണെന്നും പുതിയൊരു വലതുപക്ഷ തിയറി പ്രചരിക്കുന്നുണ്ട്. ദയവു ചെയ്ത് പിതൃസഹജമായ വാല്‍സല്യത്തെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഇത്തരത്തില്‍ ലൈംഗികവല്‍ക്കരിക്കരുത്. തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനത്തില്‍ വാല്‍സല്യമാണോ പ്രണയമാണോ കാമമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നു തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്നവരാണ് എല്ലാ സ്ത്രീകളും. നിഷ്‌കളങ്കരായി അഭിനയിച്ചുഫലിപ്പിച്ചതുകൊണ്ട് അത്തരം തിരിച്ചറിവുകള്‍ തിരുത്താനാവില്ല.

മോടിയുള്ള മലയാളത്തിന് നമോ

ഹിന്ദുസ്ഥാനിലെ ഏറ്റവും കഠോരമായ ഭാഷകളിലൊന്നാണ് മലയാളം. മലയാളികളുടെ ദേശീയഭാഷയാണ് ഈ ക്ലാസിക്കല്‍ ഭാഷ. അവരവര്‍ക്ക് അവരവരുടെ ഇഷ്ടം പോലെ പറയാനുള്ള ക്രിയേറ്റീവ് ലൈസന്‍സാണ് മലയാളത്തിന്റെ ഏറ്റവും സവിശേഷതകളിലൊന്ന്. പുതുതലമുറയിലെ കുട്ടികള്‍ കേരളത്തില്‍ വീട്ടിലും സ്‌കൂളിലുമൊക്കെ മലയാളം സംസാരിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്. നമ്മള്‍ നമുക്ക് തോന്നുന്നതു പോലെ മലയാളം പറയുമ്പോഴും മലയാളം അറിയാത്ത ആളുകള്‍ അത് ഭംഗിയായി പറയണമെന്ന് നമുക്ക് നിര്‍ബന്ധമുണ്ട്.

അടുത്ത പ്രധാനമന്ത്രിയാവാനിരിക്കുന്ന ബിജെപി നേതാവ് നരേന്ദ്ര മോഡി ഈ ഓണക്കാലത്ത് മലയാളികള്‍ക്ക് ഓണസന്ദേശം നല്‍കിയിരിക്കുന്നത് പച്ചമലയാളത്തിലാണ്. രണ്ടര മിനിറ്റോളം മലയാളം പറഞ്ഞ് കേരളത്തെ ഇംപ്രസ് ചെയ്യാന്‍ അദ്ദേഹം നടത്തിയ പരിശ്രമങ്ങള്‍ തീര്‍ച്ചയായും ശ്ലാഘനീയമാണ്. പ്രധാനമന്ത്രി സ്ഥാനാര്‍ഥി ഒരു കോളജ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയെപ്പോലെ പ്രചാരണം നടത്തേണ്ടതുണ്ടോ എന്നതൊക്കെ പാര്‍ട്ടിയും നേതാക്കളും ക്യാപെയ്ന്‍ മാനേജര്‍മാരും കൂടി ചേര്‍ന്നു തീരുമാനിക്കേണ്ടതാണ്. രാജ്യത്തെ എല്ലാ ഭാഷകളിലും സംസാരിക്കാന്‍ കഴിയുന്ന ഒരു പ്രധാനമന്ത്രി വേണമെന്നൊന്നും ആരും അഗ്രഹിക്കുമെന്നു തോന്നുന്നില്ല. മലയാളം പറഞ്ഞതുകൊണ്ട് മോഡിച്ചേട്ടന്‍ മലയാളി ആണെന്നൊന്നും ആരും കരുതില്ല. പിന്നെ ആ തിരുനാവില്‍ നിന്നും മലയാളം കേള്‍ക്കുന്നതിന്റെ ഒരു സുഖം, അത്ര തന്നെ. അതും ആദ്യത്തെ രണ്ടു വാചകം കേള്‍ക്കുമ്പോള്‍ കഴിയും.

ഓണാശംസകള്‍ മലയാളത്തില്‍ നേരുക എന്നത് ഒന്നോ രണ്ടോ വാചകത്തില്‍ ചെയ്യാവുന്നതേയുള്ളൂ. എല്ലാ മലയാളികള്‍ക്കും എന്റെ ഓണാശംസകള്‍ ! എന്നു പറഞ്ഞാല്‍ സംഗതി മനസ്സിലാവും. മലയാളി നേതാക്കളും സെലബ്രിറ്റികളും പോലും അത്രയേ പറയുന്നുള്ളൂ. പക്ഷെ ഭാവി പ്രധാനമന്ത്രിയുടെ മലയാളം മുന്‍ഷി ഓള്‍ഡ് ജനറേഷനാണ്. നല്ല ഗുമ്മുള്ള രണ്ട് മലയാളം ആശംസയ്ക്ക് പകരം നാലാം ക്ലാസ്സിലെ പിള്ളേര്‍ക്കു കോംപോസിഷനെഴുതാന്‍ പറഞ്ഞുകൊടുക്കുന്ന പഴഞ്ചന്‍ ഡയലോഗുകളാണ് മുന്‍ഷി മോഡിയെ പഠിപ്പിച്ചിരിക്കുന്നത്. മലയാളം ഡയലോഗുകള്‍ ഇംഗ്ലീഷില്‍ അല്ലെങ്കില്‍ ഗുജറാത്തിയില്‍ എഴുതി അത് പ്രോംപ്റ്ററില്‍ നോക്കി വായിച്ചിരിക്കുകയാണ് നമോ. വിപ്ലവകരമായ ആ വിഡിയോ ഇതാണ്.

ഏതാണ്ട് ഇങ്ങനെയാണ് ആ ഓണസന്ദേശം.

“ഓണം സമൃദ്ധിയുടെ ഉത്സവമാണ്. ഓണം, ഓറുമിയുടെ ഉത്സവമാണ്. ഓണം, നന്മ യുടെയും സത്യത്തിന്റെയുമ് ഉത്സവമാണ്. സത്യത്തിന്റെയുമ്, സമൃത്തിയുടെയുമ്, നാളുകള്, വിണ്ടും സുഷ്ടിക്കാനുള്ള സന്തേശമാണ് ഓണം നല്കുന്നതം (കൂപ്പുകൈ). മഹാബലി ഏന മഹാനായ, ദാനസിലനായ, ഭരണകര്‍ത്താവിന്റെ സുവര്‍ണകാലത്തെ ആര്‍മിപ്പിക്കുന്നു ഒരു അവ്‌സരമാണ് ഓണം. മല്യാളിയുടെ സമത്വവും സുഹാര്‍ദ്ദവും നമക്കു ഏക്കാലത്തും അനുകര്‍ണീയമാണ്. ഈ മഹത്തായ് ആസയവും സംകല്‍പവും ലോക്കത്തിനു തനെ മാതൃകയാണ്. അദ്വനാശീലവും ബുദ്ധിശക്തിയും കൈമുതലാക്കി മുനോട്ടു പോകുന്നവരാണ്‍ മല്യാളികള്. എല്ലാവിഷം മംഗളകിടി യിലും ചിംഗമാസത്തിലെ തിരുവോണം കുടുംബത്തോടെ ആഘോഷിക്കുന്നം വരാണ്‍ മല്യാളികള്. ലോകത്തിലെ എല്ല മലാളികള്ക്കുമ് ഹൃദയം നെറഞ്ഞ എന്റെ ഓണസംസ്‌കള്. ഓര്‍മയുടെയും സമൃദി യ്‌ടെയും നാളുകള്‍ സൃസ്ടികാന്‍ നമുക്കു എന്നായി സ്രമിക്കാം. ഓരിക്കല്‍ കൂടി എല്ലാവര്‍ക്കും എന്റെ ഓണാസംമ്‌സകള് നേരുന്നു. മാതാ അമൃതാനന്ദമായി ദേവിയുടെ അര്‍പ്താം പിര്‍ന്നാള്‍ ആഘൊഷത്തില്‍ പങ്കെട്ക്കാനായി സെപ്‌റ്റെംര്‍ ഇരുത്തിആറാം തീതി ഞാന്‍ കരേലാത്തില്‍ വരുണ്ട്. അപ്‌ളോള്‍ വീണ്‍ടും കാണാം.”

ഇത്ര കഠിനമായ ഒരു പരിശ്രമത്തിന് ഇറങ്ങിത്തിരിച്ച നരേന്ദ്ര മോഡിയെ ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഭിനന്ദിക്കാനാഗ്രഹിക്കുന്നു. അതേ സമയം, മലയാളി അല്ലാത്ത ഒരാളെക്കൊണ്ട് ഇങ്ങനൊരു ഉപന്യാസം വായിപ്പിച്ച ക്രിയേറ്റിവ് ടീമിനോട് എന്തോന്നാടേ ഇത് എന്നു ചോദിക്കാനും ഞാനാഗ്രഹിക്കുന്നു. തനിമലയാളികളായ നമ്മുടെ ചാനല്‍ അവതാരകരുടെ നാവു വഴങ്ങാത്ത ചില ഏരിയകളില്‍ നമോ കൂള്‍ കൂളായി വാക്കുകളുച്ചരിച്ചിരിക്കുന്നത് അവളുമാരുടെ കുണ്ടിക്ക് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പം കൊണ്ടാണെന്നതിന്റെ തെളിവാണ്. ചാനലുകാര്‍ എത്ര ശ്രമിച്ചാലും ‘ബരണഗര്‍ത്താവിന്റെ’ എന്നേ പറയാനൊക്കൂ. നമോ ‘ഭരണകര്‍ത്താവിന്റെ’ എന്ന് ഒരു ബുദ്ധിമുട്ടുമില്ലാതെ പറഞ്ഞിരിക്കുന്നു. ‘ബുദ്ദിശഗ്ദ്ദി’ എന്നേ ചാനലുകാര്‍ക്കു പറയാന്‍ കഴിയൂ. നമോ വളരെ സ്ഫ്ുടമായി ‘ബുദ്ധിശക്തി’ എന്നു തന്നെ പറഞ്ഞിരിക്കുന്നു. അതുപോലെ തന്നെ പല വാക്കുകളും മലയാളികള്‍ക്കും സാധിക്കുന്നതിനെക്കാള്‍ മികവോടെ നമോ പറഞ്ഞിട്ടുണ്ട്. മൊത്തത്തിലുള്ള പെര്‍ഫോമന്‍സ് അത്ര പോരാത്തത് മേല്‍പ്പറഞ്ഞതുപോലെ അദ്ദേഹത്തെക്കൊണ്ട് ഇത്് ചെയ്യിച്ചവരുടെ കുഴപ്പമാണ് എന്നാണ് എന്റെ അഭിപ്രായം.

നരേന്ദ്ര മോഡി (നമോ) ഓണാശംസ നേര്‍ന്നിരിക്കുന്നത് മലയാളത്തിലായതുകൊണ്ട് അതിലെ ഭാഷാപരമായ പോരായ്മകള്‍ ക്ഷമിക്കപ്പെടും. തമിഴിലായിരുന്നെങ്കില്‍ പുള്ളിക്കും പുള്ളീടെ പാര്‍ട്ടിക്കും കിട്ടാനുളഅള വോട്ടുകള്‍ കൂടി പോയേനെ. പിന്നെ, മലയാളികള്‍ക്ക് പൊതുവേ മലയാളം സംസാരിക്കുന്നവരോട് പുച്ഛമാണെന്നും ഇംഗ്ലഷില്‍ സംസാരിച്ചരുന്നെങ്കില്‍ വോട്ടു കിട്ടിയേനെ എന്നുമൊക്കെയുള്ള കാര്യങ്ങള്‍ കോംപോസിഷന്‍ പഠിപ്പിച്ച മുന്‍ഷി വിട്ടുകളഞ്ഞു എന്നതൊഴിച്ചാല്‍ കാര്യങ്ങള്‍ മൊത്തത്തില്‍ ശുഭകരമാണ്.

നിയമസഭയില്‍ നാളെ

നമസ്‌കാരം, നിയമസഭാ വാര്‍ത്തകള്‍. തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ തന്നെ നോക്കിപ്പേടിപ്പിച്ചതില്‍ സ്പീക്കര്‍ക്ക് ആശങ്ക. മന്ത്രി സുരേഷ് ഭാര്യയുടെ ജന്മദിനം മറന്നുപോയതില്‍ അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കിയ പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സഭ ബഹിഷ്‌കരിച്ചു. ഈസ്റ്ററിന്റെ അരൂപിയില്‍ കര്‍ത്താവിന്റെ വിളി കാത്ത് കഴിയുന്ന തന്നെ വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഈ പുണ്യമാസത്തില്‍ താനൊരു വിശുദ്ധജീവിതം നയിച്ചു വരികയാണെന്നും അതിനു ഭംഗം വരുത്തുന്ന സകല മ(ബീപ്)കളെയും ചവുട്ടി കു(ബീപ്)യൊടിക്കുമെന്നു ചീഫ് ബീപ്.

വാര്‍ത്തകള്‍ വിശദമായി.

തമ്പാനൂര്‍ കുട്ടപ്പന്‍ എംഎല്‍എ സഭയിലിരുന്ന് തന്നെ നോക്കിപ്പേടിപ്പിച്ചത് തന്നെ ഭയപ്പെടുത്തിയെന്നും അത്തരത്തില്‍ നോക്കിപ്പേടിപ്പിക്കുന്നത് ചട്ടങ്ങള്‍ക്കു വിരുദ്ധമാകയാല്‍ കുട്ടപ്പന്‍ നോട്ടം പിന്‍വലിച്ച് മാപ്പു പറയണമെന്നു സ്പീക്കര്‍ റൂളിങ് നല്‍കി. കുട്ടപ്പന്‍ തന്റെ ചെയറിനടുത്തു വരികയും തന്നെ നോക്കി പേടിപ്പിക്കുകയും തുടര്‍ന്ന് തനിക്ക് അസ്വസ്ഥതയുണ്ടാകുന്ന വിധം സംസാരിക്കുകയും ചെയ്തതാണ് സ്പീക്കറെ ആശങ്കാകുലനാക്കിയത്. അതേ സമയം, ചീഫ് ബീപ് ഒറ്റ ശ്വാസത്തില്‍ തന്നെ 100 തെറികള്‍ ഒന്നിച്ചു പറയുന്നതും ഒരേ വാചകത്തില്‍ തന്നെ എല്ലാ നേതാക്കന്‍മാരെയും തെറി വിളിക്കുന്നതും ഒരു കുറ്റമല്ലെന്നും അതിനെ ഒരു കലാരൂപമായാണ് കാണേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചീഫ് ബീപിന്റെ പ്രസംഗം തല്‍സമയംപ്രേഷണം നടത്തുന്ന ചാനലുകള്‍ ഓഡിയോ മ്യൂട്ട് ചെയ്യുകയോ ആദ്യം മുതല്‍ അവസാനം വരെ ബീപ് ശബ്ദം കൊടുക്കുകയോ ചെയ്യണമെന്ന് കേന്ദ്രവാര്‍ത്താവിനിമയവകുപ്പ് ചാനലുകള്‍ക്ക് നിര്‍ദേശം നല്‍കി. തന്റെ പ്രസംഗത്തില്‍ ബീപ് കയറ്റാനുള്ള നീക്കം മിശിഹാചരിത്രത്തിനിടയില്‍ ബിറ്റിടുന്നതുപോലെ നികൃഷ്ടമാണെന്നും അങ്ങനെ ചെയ്യുന്ന സകല പൊ(ബീപ്)(ബീപ്)മാരെയും (ബീപ്)മെന്നും ചീഫ് ബീപ് പ്രതികരിച്ചു.

കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെയും അന്തരിച്ച നേതാക്കളെയും പറ്റി അസഭ്യം പറഞ്ഞു നടക്കുന്ന ചീഫ് ബീപിനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നു പ്രതിപക്ഷവും നിയന്ത്രിക്കേണ്ടത് അത് പറഞ്ഞവന്റെ ത(ബീപ്)യെ ആണെന്നും ഊ(ബീപ്) ഉ(ബീപ്ബീപ്) ഒന്നിച്ച് ഒ(ബീപ്) പേടിക്കുന്ന കു(ബീപ്)ളെപ്പോലെ തന്നെ കാണരുതെന്നും അങ്ങനെ കാണുന്ന മ(ബീപ്)കള്‍ വിവരമറിയുമെന്നും ചീഫ് ബീപ് പറഞ്ഞു. ഈസ്റ്റര്‍ അടുത്തു വരുന്നതിനാലും ഇത് സത്യക്രിസ്ത്യാനികളെ സംബന്ധിച്ച് നോമ്പുകാലമായതിനാലും കര്‍ത്താവിന്റെ പാത പിന്‍തുടര്‍ന്നു ജീവിക്കുന്ന ഒരു പുണ്യാത്മാവെന്ന നിലയ്ക്ക് തന്റെ തെറി ഇഷ്ടപ്പെടാത്ത സകല പൂ(ബീപ്)ന്‍മാരോടും ഈസ്റ്റര്‍ വരെ താന്‍ ക്ഷമിക്കുകയാണ്. യേശുക്രിസ്തുവിന്റെ പിന്തുടര്‍ച്ചാവകാശിയോ പുനരവതാരമോ ഒക്കെയായാണ് പൂഞ്ഞാറുകാര്‍ തന്നെ കാണുന്നത്. അതറിയാത്ത കു(ബീപ്) താ(ബീപ്)കള്‍ തനിക്കെതിരെ നടത്തുന്ന പ്രചാരണങ്ങള്‍ക്ക് ഈസ്റ്ററിന്റെ പിറ്റേന്നു മുതല്‍ മറുപടി പറയുമെന്നും ചീഫ് ബീപ് പറഞ്ഞു.

തന്റെ കുടുംബത്തിലെ സ്ത്രീകള്‍ ഒഴികെയുള്ള എല്ലാവരും പര(ബീപ്)കളാണെന്നാണ് താന്‍ വിശ്വസിക്കുന്നത്. എല്ലാ പൂ(ബീപ്)കളും നാടുനീളെ ഊ(ബീപ്) നടക്കുകയാണ്. എന്നിട്ട് തന്നെപ്പോലെയുള്ള പുണ്യാത്മാക്കള്‍ സത്യം തുറന്നു പറയുമ്പോള്‍ അവ(ബീപ്)കള്‍ കു(ബീപ്)രം പറയുകയാണ്. ഇത്തരം പൊ(ബീപ്)(ബീപ്)ളെ കുനിച്ചു നിര്‍ത്തി കൂ(ബീപ്)കയാണ് വേണ്ടത്- വിശുദ്ധ ബീപ് പറഞ്ഞു.

മന്ത്രി സുരേഷിന്റെ ഭാര്യയുടെ ജന്മദിനം മന്ത്രി മറന്നുപോയത് സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിക്കളഞ്ഞതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. മന്ത്രിയുടെ ഭാര്യയുടെ ജന്മദിനം ഇന്നലെ ആയിരുന്നെന്നും അത് മന്ത്രി ഓര്‍ത്തില്ലെന്നും ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്. ജന്മദിനം വിസ്മരിക്കപ്പെട്ട പാവപ്പെട്ട ഒരു സ്ത്രീയുടെ വേദനയും ദുഖവും ചര്‍ച്ച ചെയ്യുന്നില്ലെങ്കില്‍ സഭയുടെ അന്തസ്സും സാംസ്‌കാരികപാരമ്പര്യവും ചോദ്യം ചെയ്യപ്പെടുമെന്നും പ്രതിപക്ഷം പറഞ്ഞു. ഭാര്യയുടെ ജന്മദിനം മറന്ന് മറ്റുള്ളവയുടെ പിന്നാലെ പോകുന്ന മന്ത്രിമാര്‍ക്കും നേതാക്കന്‍മാര്‍ക്കും ഇതൊരു പാഠമാകണമെന്നും അവര്‍ പറഞ്ഞു.

ഇനിയൊരു ഇടവേള. ഇടവേളയ്ക്കു ശേഷം, സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ കോണ്‍ഗ്രസ് നേതാവ് മാര്‍പ്പാപ്പയെ കണ്ടു കൈകൊടുത്തു.
നാവികരെ വിട്ടയക്കാതെ ഇറ്റലി ചെയ്തത് മോശമായിപ്പോയെന്നു സോണിയാ ഗാന്ധി (ചിരി)

വിശുദ്ധ രാഹുല്‍ ഗാന്ധിയോടുള്ള നൊവേന

എല്ലാവരും തള്ളിക്കളയുന്ന കല്ല് ഒടുവില്‍ മൂലക്കല്ലായിത്തീരും എന്നു ബൈബിളില്‍ പറയുന്നുണ്ട്. യുവരാജാവെന്നും വയോവൃദ്ധനെന്നും മറ്റും വിളിച്ച് രാഷ്ട്രീയനീചന്‍മാര്‍ അവഹേളിച്ചിരുന്ന ആരാധ്യനായ രാഹുല്‍ ഗാന്ധി ഭാരതത്തിലെ കോടിക്കണക്കിനു യുവജനങ്ങളുടെ ആഗ്രഹം പോലെ കോണ്‍ഗ്രസിനെയും തദ്വാരാ രാജ്യത്തെയും രക്ഷിക്കുന്നതിനും നമ്മെ പുതിയ ലോകത്തേക്കു കൈപിടിച്ചു നടത്തുന്നതിനും തയ്യാറാവുകയാണ്. സ്വാതന്ത്ര്യലബ്ദ്ധി പോലെ തന്നെ പ്രധാനമായ ഒരു ചരിത്രനേട്ടമായി അദ്ദേഹത്തിന്റെ ഈ ചുവടുവയ്പിനെ നമുക്കു കാണാം. വിശുദ്ധനായ രാഹുല്‍ ഗാന്ധിയോട് മാപ്പു ചോദിക്കുന്നതിനും അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ തേടുന്നതിനും വേണ്ടിയുള്ള ഒരു നൊവേനയാണ് ഇവിടെ.

നൊവേന ചൊല്ലുന്നവര്‍ അന്നത്തെ ദിവസം ഉപവസിക്കുകയും നൊവേനയ്ക്ക് ശേഷം നേര്‍ച്ചയായി ലഭിക്കുന്ന കേരള പൊറോട്ട കഴിക്കുകയും ചെയ്താല്‍ ഫലം ഇരട്ടിക്കും. വിശ്വാസമില്ലാത്തവര്‍, കമ്യൂണിസ്റ്റുകാര്‍ തുടങ്ങിയവര്‍ എന്തു ചെയ്താലും ഗുണം പിടിക്കില്ല.

നൊവേന ആരംഭിക്കുന്നു.

ലളിതജീവിതത്തിന്റെയും വിശുദ്ധിയുടെയും പരമകോടിയില്‍ നിന്നും ഇറങ്ങി വന്ന് ഈ മഹാരാജ്യത്തെ രക്ഷിക്കാനും ലോകത്തിന്റെ പ്രതീക്ഷയായ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വെളിച്ചമാകാനും വേണ്ടി പാര്‍ട്ടി ഉപാധ്യക്ഷപദവി ഏറ്റെടുക്കാന്‍ തയ്യാറായ മഹാത്മാവേ….

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

ഒന്നു പതുക്കെ ഞൊടിച്ചിരുന്നെങ്കില്‍, മെല്ലെയൊന്നു മൂളിയിരുന്നെങ്കില്‍,പ്രധാനമന്ത്രിയോ പ്രസിഡന്റോ ഒക്കെയാവാന്‍ കഴിയുമായിരുന്നിട്ടും തന്നത്താന്‍ ശൂന്യനാക്കി കേവലം ഒരു പാര്‍ട്ടി വൈസ് പ്രസിഡന്റ് മാത്രമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധത കാണിച്ചുകൊണ്ട് ലോകത്തിന്റെ കണ്ണു തുറപ്പിച്ച മഹാത്മാവേ…

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

അധികാരവും പദവിയും അംഗീകാരങ്ങളും നിരന്തരം വാതിലില്‍ മുട്ടിവിളിച്ചിട്ടും ലളിത ജീവിതത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ദിവ്യാത്മാവേ…

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

രാഹുല്‍ജീ നീ ഞങ്ങളോടു കരുണ കാട്ടേണമേ, രാഹുല്‍ജീ നീ ഞങ്ങളെ രക്ഷിക്കേണമേ എന്നുച്ചത്തില്‍ പ്രാര്‍ഥിക്കുന്ന നിരാശരും നിസ്സഹായരും ആലംബഹീനരുമായ കോടിക്കണക്കിനു യുവാക്കളുടെ പ്രാര്‍ഥന കേട്ടുകൊണ്ട് അവരെ രക്ഷിക്കാന്‍ സന്മനസ്സു കാണിച്ച പുണ്യാത്മാവേ…

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

വിവാഹം കഴിച്ച് ഭാര്യയുടെയും അളിയന്‍മാരുടെയുമൊക്കെ സമ്മര്‍ദ്ദത്തിനു വഴങ്ങി അഴിമതിക്കാരും പിടിച്ചുപറിക്കാരുമായിത്തീരുന്ന രാഷ്ട്രീയനേതാക്കളെപ്പോലെയാകാതെ മധ്യവയസ്സിലും അവിവാഹിതനായി തുടര്‍ന്നുകൊണ്ട് തന്റെ ജീവിതം പാര്‍ട്ടിയുടെ നന്മയ്ക്കും രാജ്യപുരോഗതിക്കും വേണ്ടി ചിലവഴിക്കാന്‍ തയ്യാറായ മഹാത്മാവേ….

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

അമേരിക്കയിലോ ഇറ്റലിയിലോ ജര്‍മനിയിലോ നല്ല നിലയില്‍ ജീവിക്കാനുള്ള സെറ്റപ്പ് ഉണ്ടായിരുന്നിട്ടും മൂന്നാംകിടക്കാരായ ഞങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും ഞങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും ഞങ്ങള്‍ക്ക് ആശ്വാസം പകരാനും തയ്യാറായ പുണ്യാത്മാവേ…

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

കാനായിലെ കല്യാണവീട്ടില്‍ വച്ച് ക്രിസ്തുവിനോട് അവന്‍റെ അമ്മ വെള്ളം വീഞ്ഞാക്കണമെന്നാവശ്യട്ടെതുപോലെ ജയ്പൂരിലെ പാര്‍ട്ടി മീറ്റിങ്ങില്‍ വച്ച് സ്വന്തം അമ്മയുടെ ആവശ്യ പ്രകാരം കോണ്‍ഗ്രസാകുന്ന പച്ചവെള്ളത്തെ ബിഷപ് ഹൗസിലെ വീഞ്ഞുപോലെയാക്കാന്‍ ഒരുമ്പെട്ടിറങ്ങിയ മഹാത്മാവേ ….

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

രാഷ്ട്രപുനര്‍നിര്‍മാണത്തിനു വേണ്ടി താനേറ്റംവരെയും പോകുമെന്ന സൂചന നല്‍കി ഒരിക്കല്‍ ഒരു പ്ലാസ്റ്റിക് കുട്ടയില്‍ പ്രതീകാത്മകമായി കല്ലും മണ്ണും ചുമന്ന് മറ്റുലോകനേതാക്കള്‍ക്ക് മാതൃകയായ പരിശുദ്ധാത്മാവേ….

ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും രക്ഷിച്ച് ഞങ്ങളുടെ രാജാവായി വാഴേണമേ….

അങ്ങു ഭരണത്തിലേക്കു കടക്കുന്നതോടെ പെട്രോള്‍ ഡീസല്‍,പാചകവാതക,സ്വര്‍ണ വിലകള്‍ നിലംപരിശാവുകയും സെന്‍സെക്സും രൂപയുടെ മൂല്യവും കുതിച്ചുകയറുകയും അക്രമം ബലാല്‍സംഗം തുടങ്ങിയ ഇല്ലാതാവുകയും ചെയ്യുമെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു…

ഞങ്ങളുടെ വിശ്വാസം അങ്ങയെ രക്ഷിക്കുമാറാകട്ടെ…. ആമ്മേന്‍ !

സാറേ സാറേ സാമ്പാറേ…

സ്ഥിരമായി കണക്കു പരീക്ഷ കഴിയുമ്പോള്‍ ക്ലാസ്സിലെ മറ്റെല്ലാ കൂട്ടികളുടെയും മുന്നില്‍ എണീപ്പിച്ചു നിര്‍ത്തി കണക്കു മാഷ് എന്‍റെ കൈവെള്ളയില്‍ മൂന്ന് അടികള്‍ വീതം തരുമായിരുന്നു. അടികൊള്ളുന്നതോടൊപ്പം അഭിമാനവും കാക്കണം എന്നുള്ളതുകൊണ്ട് ഓരോ അടിയിലും ഭാവഭേദമില്ലാതെ നില്‍ക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. അടിയോരോന്നു വീഴുമ്പോഴും കാറ്റില്‍ ചൂരല്‍ പായുന്നതിന്‍റെയും കണക്കുമാഷ് മുഴുവന്‍ ശക്തിയുമുപയോഗിക്കുന്നതിന്‍റെയും ശബ്ദത്തോടൊപ്പം നെഞ്ച് പിടയുന്നത് ഞാനും അവഗണിച്ചു. സ്കൂള്‍ കാലഘട്ടത്തില്‍ വിദ്യാര്‍ഥിയുടെ വ്യക്തിത്വത്തെ അടിച്ചമര്‍ത്താന്‍ വിദ്യാഭ്യാസ സമ്പ്രദായം ഉപയോഗിക്കുന്ന ചൂരല്‍ എന്ന ആയുധത്തോളം മാരകമായി മറ്റൊന്നുമില്ല. ക്ലാസ് മുറികളില്‍ വിദ്യാര്‍ഥികളെ അടിക്കുന്ന അധ്യാപകര്‍ക്ക് ഇനി നീതീകരണമില്ല. കേരളത്തിലെ സ്കൂളുകളില്‍, ക്ലാസ് മുറിയിലെ അടി സര്‍ക്കാര്‍ നിരോധിച്ചിരിക്കുന്നു.

ഒരു ശരാശരി മലയാളി അവന്‍റെ ജീവിതത്തില്‍ കണ്ടുമുട്ടുന്ന ആദ്യത്തെ കരിങ്കാലിയാണ് ക്ലാസ് ലീഡര്. വിദ്യാര്‍ഥികളിലൊരുവനായി വന്ന് അവരോടൊപ്പം പഠിക്കുകയും കളിക്കുകയും ചെയ്യുന്ന ക്ലാസ് ലീഡര്‍ ടീച്ചറില്ലാത്ത സമയത്ത് ടീച്ചറുടെ ചാരനായി പ്രവര്‍ത്തിക്കുമ്പോള്‍ മുതല്‍ കരിങ്കാലിയാവുന്നു. വിദ്യാര്‍ഥികളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ട ലീഡര്‍ മൂരാച്ചിയായ അധ്യാപകന്‍റെ പ്രതിനിധിയായി വിദ്യാര്‍ഥികളെ ഒറ്റിക്കൊടുത്തു തുടങ്ങുമ്പോള്‍ ശത്രുക്കളെയും സമ്പാദിച്ചു തുടങ്ങുന്നു. ക്ലാസ് ലീഡര്‍ തയ്യാറാക്കുന്ന പട്ടികയനുസരിച്ച് അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളെ ശിക്ഷിച്ചു തുടങ്ങിയാല്‍ പകയും ആരംഭിക്കുന്നു. ക്ലാസ് മുറിയിലെ അടി നിരോധിച്ചതിനോടൊപ്പം സംസ്ഥാന വിദ്യാഭ്യാസവകുപ്പ് അധ്യാപക ജോലി ക്ലാസ് ലീഡര്‍ക്ക് ക്വട്ടേഷന്‍ കൊടുക്കുന്ന സമ്പ്രദായവും നിരോധിച്ചിരിക്കുന്നു.

ലക്ഷക്കണക്കിനു കുട്ടികളുടെ അവകാശസംരക്ഷണത്തിനുള്ള ഈ കൊച്ചുനിയമത്തിന് പഴയ ഒരു വിദ്യാര്‍ഥിയെന്ന നിലയ്‍ക്ക് ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു. മധുരം ബാല്യം സംഘടനാ പ്രസിഡന്‍റായ അ‍ഡ്വ.ഫിലിപ് എം. പ്രസാദിന്‍റെ നിവേദനം പരിഗണിച്ചാണ് പൊതുവിദ്യാഭ്യാസവകുപ്പ് ക്ലാസിലെ അടിക്കും ക്ലാസ് ലീഡറുടെ പേരെഴുത്തിനും നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. മോണിറ്റര്‍, ലീഡര്‍ സമ്പ്രദായത്തിലൂടെ ക്ലാസില്‍ സംസാരിക്കുന്ന കുട്ടികളുടെ ലിസ്റ്റ് തയാറാക്കി ശിക്ഷിക്കുന്ന രീതി നിരോധിക്കുന്നതാണ് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. ക്ലാസ് മുറികളില്‍ അധ്യാപകനില്ലാത്ത അവസ്ഥ ഒരിക്കലുമുണ്ടാകരുതെന്നും ഡയറക്ടറുടെ ഉത്തരവ് എല്ലാ പ്രഥമാധ്യാപകര്‍ക്കും നിര്‍ദേശം നല്‍കുന്നു.

ഇതു സംബന്ധിച്ച വാര്‍ത്തകളുടെ ലിങ്ക് താഴെ.

മാതൃഭൂമി
കേരള കൗമുദി

കഴിഞ്ഞ മേയ്‌ ഏഴിനു കുട്ടനാട്ടിലെ മുട്ടാര്‍ സെന്റ്‌ ജോര്‍ജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ ലെജിന്‍ വര്‍ഗീസിനെ സഹപാഠി കൊലപ്പെടുത്തിയ സംഭവം ചൂണ്ടിക്കാട്ടി ഫിലിപ്പ് എം പ്രസാദ് നല്‍കിയ നിവേദനം മുഖവിയ്‍ക്കെടുത്താണ് വിദ്യാഭ്യാസവകുപ്പ് ക്രിയാത്മകമായ ഇടപെടല്‍ നടത്തിയിരിക്കുന്നത്. കുട്ടികളിലൊരുവനെ മറ്റുള്ളവരില്‍ നിന്നു വ്യത്യസ്തനാക്കി ഈ കുട്ടികളെ തന്നെ ബ്ലാക്മെയില്‍ ചെയ്യാനുപയോഗിക്കുന്ന സംവിധാനമായി ലീഡര്‍ പണി മാറുന്നത് നേരിട്ട് മനസ്സിലാക്കിയിട്ടുള്ളവരാണ് നമ്മള്. പുതിയ നിമയം ക്ലാസ് മുറികളില്‍ വലിയ വിപ്ലവമൊന്നുമുണ്ടാക്കില്ലായിരിക്കാം, പക്ഷെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആഭ്യന്തരകലാപങ്ങള്‍ക്ക് ഒരു പരിധിവരെ അറുതിവരുത്തിയേക്കാം. സര്‍ക്കാരിനും ഫിലിപ്പ് എം. പ്രസാദിനും നന്ദി.