കുളിമുറികളിലെ അധികതോര്‍ത്തിന് അധികനികുതി

ഒരു കുളിമുറിയില്‍ ഒന്നിലേറെ തോര്‍ത്തുകളുണ്ടെങ്കില്‍ രണ്ടാമത്തെ തോര്‍ത്തിനു മുതല്‍ അധികനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഇതിനായി തോര്‍ത്തുനിയമം ഉടന്‍ ഭേദഗതി ചെയ്യും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു തോര്‍ത്ത് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിലധികമുള്ള തോര്‍ത്തുകള്‍ക്കാണ് നികുതി ഈടാക്കുക. പല വീടുകളിലും ഭാര്യയ്ക്കും ഭര്‍ത്താവിനും വെവ്വേറെ തോര്‍ത്തുകളുള്ളതായി രഹസ്യാന്വേഷണ വിഭാഗവും കുളിമുറി ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം സാധാരണക്കാരുടെ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുന്നതിനുമായാണ് അധിക തോര്‍ത്തുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നത്.

ഇരുവശത്തും കരയുള്ള വെളുത്ത തോര്‍ത്തുകള്‍ക്കു പുറമേ ആളുകള്‍ പോക്കറ്റില്‍ കരുതുന്ന കര്‍ചീഫുകളെയും തോര്‍ത്തായി പരിഗണിച്ചായിരിക്കും നിയമം നടപ്പാക്കുക. ആളുകള്‍ മുഖം തുടയ്ക്കാനും മഴനനയുമ്പോള്‍ തല തോര്‍ത്താനുമൊക്കെ കര്‍ചീഫ് ഉപയോഗിക്കുന്നുണ്ടെന്ന കര്‍ചീഫ് കര്‍ചീഫ് കമ്മിഷന്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ഇതു പ്രകാരം കര്‍ചീഫുകളെ ഒന്നിലധികമുള്ള തോര്‍ത്തുകളായി എണ്ണും. ഭാര്യയും ഭര്‍ത്താവും വെവ്വേറെ കര്‍ചീഫുകള്‍ ഉപയോഗിക്കുമ്പോള്‍ അവയൊക്കെ അധികതോര്‍ത്തുകളായി കണക്കിലെടുക്കുകയും അധികനികുതി ഈടാക്കുകയും ചെയ്യും. ഒരേയൊരു തോര്‍ത്ത് ഒരൊറ്റ കര്‍ചീഫ് എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അധികനികുതി ഏര്‍പ്പെടുത്തുന്നത് ഒന്നിലധികമുള്ള തോര്‍ത്തുകള്‍ക്കും കര്‍ചീഫുകള്‍ക്കും മാത്രമാണെന്നും ലക്ഷ്വറി ടവ്വലിന് ഇത് ബാധമായിരിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കുളിക്കാന്‍ വില കൂടിയ ടവ്വലുകള്‍ ഉപയോഗിക്കുന്നവരെ അതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സാധാരണ കുടുംബങ്ങളിലും മറ്റു കുളിമുറികളിലും തോര്‍ത്തുപയോഗിക്കുന്നവര്‍ ഒന്നിലേറെ തോര്‍ത്ത് ഉപയോഗിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. ഭാര്യയും ഭര്‍ത്താവും വെവ്വേറെ തോര്‍ത്തുകള്‍ ഉപയോഗിക്കുന്നത് ആഢംബരവും അനാവശ്യവുമാണെന്നതിനു പുറമേ ദാമ്പത്യത്തിലെ വിശ്വസ്തതയും കെട്ടുറപ്പും തകര്‍ക്കുന്ന പ്രവൃത്തിയാണ്. പുതിയ നിയമം വരുന്നതോടെ ആളുകള്‍ ഒറ്റത്തോര്‍ത്തുകൊണ്ട് ജീവിക്കാന്‍ പഠിക്കുമെന്നും ഇത് സമൂഹത്തില്‍ സോഷ്യലിസം നടപ്പാക്കുമെന്നും നികുതിയിനത്തില്‍ സര്‍ക്കാരിന് വലിയൊരു തുക സമ്പാദികാനാവുമെന്നും പ്രതീക്ഷിക്കുന്നു.

അധികതോര്‍ത്തിനു നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വലിയ കുടുംബങ്ങള്‍ക്കും ആറ്റില്‍ കുളിക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള വീടാണെങ്കില്‍ അവരുടെ കുളിമുറിയില്‍ ഒറ്റ തോര്‍ത്തേ ഉണ്ടാവാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാവാത്ത മക്കളെയും ഈ തോര്‍ത്തുപയോഗിച്ചു കുളിപ്പിക്കാം. പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വേറെ തോര്‍ത്തുകള്‍ വാങ്ങാന്‍ പഴയ നികുതി തന്നെ നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഈ മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ വേറെ തോര്‍ത്ത് വാങ്ങുകയോ വിവാഹിതരായി ആ വീട്ടിലേക്കെത്തുന്ന പെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നു വേറെ തോര്‍ത്തു കൊണ്ടുവരികയോ ചെയ്താല്‍ രണ്ടാമത്തെ തോര്‍ത്തിന് അധികനികുതി കൊടുക്കേണ്ടി വരും.

ആറ്റിലും തോട്ടിലും കുളത്തിലും കുളിക്കുന്നവര്‍ കുളിക്കുമ്പോള്‍ ഒരു തോര്‍ത്തുടുക്കുകയും കുളി കഴിഞ്ഞ ശേഷം മറ്റൊരു തോര്‍ത്തു കൊണ്ട് തോര്‍ത്തുകയും ചെയ്യുന്നതായി തീരദേശകുളിസീന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഉടുക്കുന്ന തോര്‍ത്തുകൊണ്ട് തന്നെ തോര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ആറ്റിലോ മറ്റോ കുളിക്കാന്‍ പോകുമ്പോള്‍ ആദ്യം ഒരാള്‍ കുളിച്ചതിനു ശേഷം മറ്റൊരാള്‍ കുളിക്കണം. രണ്ടു പേരും ഒരുമിച്ചു കുളിക്കുന്നതിനായി രണ്ടു തോര്‍ത്ത് കരുതിയാല്‍ അതിന് അധികനികുതി നല്‍കേണ്ടി വരും.

അതേ സമയം, മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ കാറുകള്‍ തുടയ്ക്കുന്നതിനായി രണ്ടുലക്ഷം തോര്‍ത്തുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല മന്ത്രിമാര്‍ക്കും നാലും അഞ്ചും വാഹനങ്ങളുണ്ട്. ഇതൊക്കെ തുടച്ചുവൃത്തിയാക്കാന്‍ ധാരാളം തോര്‍ത്തുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തോര്‍ത്തുകള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്കു സൗജന്യമായി തോര്‍ത്തുകള്‍ നല്‍കുന്ന പദ്ധതിക്കു പണം കണ്ടെത്താനായി ജനങ്ങളുടെ ഒന്നിലധികമുള്ള അണ്ടര്‍വെയറുകള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.