'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

രണ്ടു ജയില്‍: രണ്ടു കഥകള്‍

അക്രമവും കൊലപാതകവും ഒരു തൊഴിലായി സ്വീകരിച്ചിട്ടുള്ളവര്‍ ജയിലിനുള്ളില്‍ കിടക്കാറില്ല. ഒന്നിനോടും പ്രതികരിക്കാനാവാതെ മരവിച്ച മനസ്സോടെ ജീവിക്കുന്നവര്‍ക്ക് നന്മയിലേക്കോ തിന്മയിലേക്കോ തിരിയാനുള്ള ആര്‍ജവം പോലുമുണ്ടായെന്നു വരില്ല. വിയ്യൂര്‍ ജയിലിന്റെ കവാടത്തില്‍ ഇനി മാലാഖമാര്‍ കാവല്‍ നില്‍ക്കും. കാക്കിയിട്ട ഗാര്‍ഡുകള്‍ക്കു പകരം ദൈവദൂതന്‍മാര്‍ റോന്തുചുറ്റും.

രോഗത്തിനും മരണത്തിനുമിടയിലെ അവസാനപരീക്ഷണം പോലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന കാരുണ്യം തേടുന്ന രോഗികളുടെ വാര്‍ത്തകള്‍ നമുക്കൊക്കെ പുല്ലാണ്. പത്തോ നൂറോ ആര്‍ക്കെങ്കിലും കൊടുത്താല്‍ അതിന് പതിനായിരത്തിന്റെ പബ്ളിസിറ്റി കൊടുത്ത് കള്ളക്കണ്ണീരും ജീവകാരുണ്യമുദ്രാവാക്യങ്ങളും മുഴക്കി ജനത്തെ പറ്റിക്കാന്‍ ശ്രമിക്കുന്ന തട്ടിപ്പുകള്‍ക്ക് ജീവപര്യന്തം നല്‍കി കാരുണ്യത്തിന്റെ പരോളില്‍ ജനമനസ്സുകളിലേക്കിറങ്ങുകയാണ് തടവുകാര്‍.

Nanditha copy
ഇത് നന്ദിത. തൃശൂര്‍ പെരുമ്പിലാവ് പോര്‍ക്കുളം മാരാത്തു രാജന്റെ മകള്‍ നന്ദിത. തിരുവന്തപുരം ശ്രീചിത്തിര ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഓപ്പറേഷനു വിധിയെഴുതിയ ഹൃദ്രോഗി. അഞ്ചു വയസ്സ്. ഇവള്‍ക്ക് ജയില്‍ എന്നാല്‍ സ്വര്‍ഗമായിരിക്കും, ലോകത്തെ എല്ലാ ദൈവങ്ങളുടെയും ഇരിപ്പിടം. ചികില്‍സാസഹായം തേടിയുള്ള ഈ വാര്‍ത്ത പത്രത്തില്‍ കണ്ട് കരളലിഞ്ഞത് പ്രഖ്യാപിതജീവകാരുണ്യപ്രവര്‍ത്തകര്‍ക്കായിരുന്നില്ല, ജയിലിനുള്ളിലെ വെറുക്കപ്പെട്ട ദൈവങ്ങള്‍ക്കായിരുന്നു. രോഗം ബാധിച്ച് ചികിത്സിക്കാന്‍ പണമില്ലാതെ കുഴങ്ങുമ്പോഴാണു പത്രങ്ങളില്‍ വാര്‍ത്ത നല്‍കിയത്. അടിയന്തരമായി നടത്തേണ്ട ശസ്ത്രക്രിയയ്ക്കു 60,000 രൂപ വേണം. നന്ദിതയുടെ കുടുംബത്തിന് അതു കണ്ടെത്താനായില്ല.
[smartads]
പത്രവാര്‍ത്ത കണ്ട് ജയിലില്‍ ജോലി ചെയ്യുന്ന നൂറ്റന്‍പതോളം പേര്‍ അവരുടെ കൂലിയില്‍നിന്നു 50 മുതല്‍ 2000 രൂപ വരെ നന്ദിതയുടെ ചികിത്സയ്ക്കു നല്‍കാന്‍ തയാറായപ്പോള്‍ ജയില്‍ അധികൃതര്‍പോലും അമ്പരന്നു. 2000 രൂപയെന്നതു പല മാസത്തെ സമ്പാദ്യമാണ്. വക്കീലിനും കേസിനും മറ്റുമായി ഉപയോഗിക്കാവുന്ന തുക. രണ്ടായിരം രൂപ നല്‍കിയയാളെ ജയില്‍ അധികൃതര്‍ വിളിച്ചു പണം മുഴുവന്‍ വിട്ടുകൊടുക്കുന്നതിലെ ആപത്തു ചൂണ്ടിക്കാട്ടി. പക്ഷേ, അദ്ദേഹത്തിനു കൃത്യമായ മറുപടി ഉണ്ടായിരുന്നു- “എനിക്കുപകരിക്കുന്നതിലും വലിയ കാര്യമാണ് ആ ചെറിയ കുട്ടിക്കുപകരിക്കുന്നത്.” മാസങ്ങളായി ചേര്‍ത്തുവച്ച മുഴുവന്‍ സമ്പാദ്യവും വിട്ടുകൊടുത്ത ആ തടവുകാരനെ പുറത്ത് ആര്‍ക്കുമറിയില്ല. മറ്റുള്ളവര്‍ പുറത്തുതട്ടി അഭിനന്ദിക്കാനല്ലല്ലോ അദ്ദേഹം അതു ചെയ്തത്.

തടവുകാരില്‍നിന്നു സമാഹരിച്ച 29,000 രൂപ ഏറ്റുവാങ്ങാനായി പെരുമ്പിലാവ് പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയായ സാന്ത്വനം ക്ഷണിച്ചതു നടി കെപിഎസി ലളിതയെയാണ്. വികാരഭരിതയായാണു ലളിത സംസാരിച്ചത്.

“ഈ പണത്തിന് 29,000 രൂപയുടെ വിലയല്ല, 29,000 കോടി രൂപയുടെ വിലയുണ്ട്. പുറംലോകം കാണുകയും ചുറ്റിക്കറങ്ങുകയും ചെയ്യുന്ന ഞങ്ങള്‍ക്കു ചെയ്യാനാകാത്തതു പുറംലോകം കാണാത്ത ഈ ലോകത്തിരുന്നു നിങ്ങള്‍ ചെയ്യുന്നു. ഇതിലും വലിയ പുണ്യമില്ല.”- ലളിത ഇതു പറയുമ്പോള്‍ നൂറുകണക്കിനു തടവുകാര്‍ കയ്യടിച്ചു. പലരുടെയും കണ്ണുകള്‍ നിറഞ്ഞിരുന്നു, ചുണ്ടുകള്‍ വിതുമ്പുന്നുണ്ടായിരുന്നു. കരിങ്കല്‍ഹൃദയങ്ങളുമായി കനത്തഭാവത്തോടെയിരുന്ന ജയില്‍ അധികൃതരും ആരും കാണാതെ കണ്ണു തുടച്ചു. മതിലുകളില്ലാത്ത കാരുണ്യത്തെ തടവിലിടാന്‍ ആര്‍ക്കു സാധിക്കും ?

രണ്ടാമത്തെ കഥ:-

നെട്ടുകാല്‍ത്തേരിയിലെ ജയിലിനെ ജയിലെന്നോ വീടെന്നോ വിളിക്കാം. 9 വര്‍ഷം മുമ്പ് വൈക്കം ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെയുണ്ടായ ഒരു കൊലപാതകത്തില്‍ പ്രതികളായി തടവിനു വിധിക്കപ്പെട്ട് ഇവിടെ തുറന്ന ജയിലില്‍ കഴിയുന്നത് ഒരു കുടുംബത്തിലെ 17 പേരാണ്. ധകട്ടാല്‍, നമ്മളും ഞെട്ടും. സത്യമേത് മിഥ്യയേത് എന്നു തിരിച്ചറിയാനാവാത്ത അമ്പരപ്പില്‍ തങ്ങള്‍ ജയിലിലാണെന്ന തിരിച്ചറിവ് ഓരോ നിമിഷവും ഇവര്‍ക്കു നല്‍കുന്ന ഞെട്ടലോളം വരില്ല അത്.

അഞ്ചു സഹോദരങ്ങള്‍, ഇവരുടെ അഞ്ചു മക്കള്‍, ഇവരുടെ സഹോദരിമാരുടെ മക്കള്‍ നാലുപേര്‍, ഒരു സഹോദരിയുടെ ഭര്‍ത്താവ്, സഹോദരീഭര്‍ത്താവിന്റെ രണ്ട് അനുജന്മാര്‍-വൈക്കം കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ടു നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ കഴിയുകയാണിവര്‍. 10 പേര്‍ക്കു ജീവപര്യന്തം. ഏഴു പേര്‍ക്കു 10 വര്‍ഷം കഠിന തടവ്.ജയിലില്‍ ഏറ്റവും വേദനിപ്പിക്കുന്നത് അളന്നാല്‍ തീരാത്ത ഏകാന്തതയാവും. പക്ഷെ, ഈ 17 പേരെയും വേദനിപ്പിക്കുന്നത് ഈ കൂട്ടായ്മയാണ്.

2000 ഏപ്രില്‍ 12നു വൈക്കം മേക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉല്‍സവത്തിനിടെ നടന്ന ഉന്തും തള്ളും ഒരാളുടെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. സംഭവം കഴിഞ്ഞ രാത്രി തന്നെ നാട്ടിലെ പുരുഷന്മാരെല്ലാം ഒളിവില്‍പ്പോയി. ഒപ്പം ഈ പതിനേഴു പേരും. തിരികെയെത്തിയപ്പോള്‍ ഒരേ കുടുംബത്തിലെ 17 പേര്‍ തിരഞ്ഞുപിടിച്ചതെന്നപോലെ അകത്തായി. ഇനി ഇവരുടെ കുടുംബത്തില്‍ ജയിലിനു പുറത്ത് ആണ്‍തരികളായി രണ്ടുപേര്‍ മാത്രമേയുള്ളു. ഇരുപത്തിരണ്ടും ഇരുപത്തിനാലും വയസ്സുള്ള ഇവര്‍ ശിക്ഷിക്കപ്പെടാതിരുന്നതു സംഭവസമയത്തു മൈനര്‍ ആയിരുന്നതുകൊണ്ടു മാത്രം.
[smartads]
ഇവിടെയും നമുക്കു തെറ്റും. ജയിലിന്റെ തടവറയില്‍ ഒരു കുടുംബത്തിലെ 17 പേര്‍ പീഡിപ്പിക്കപ്പെടുന്നു എന്ന ജീവകാരുണ്യചിന്ത എടുത്തണിയും മുമ്പ് ഇവരിലൊരാളുടെ വാക്കുകള്‍ തന്നെ ശ്രദ്ധിക്കാം

”തുറന്ന ജയിലിലായതിന്റെ ആശ്വാസം പറഞ്ഞറിയിക്കാനാവില്ല. ഇവിടെ കൃഷിപ്പണിയുണ്ട്, കൂലിയുണ്ട്, ശുദ്ധവായുവുണ്ട്, ആരുടെയും പീഡനമില്ല. ഞങ്ങളല്ല ശിക്ഷിക്കപ്പെടുന്നത്, ഭാര്യമാരും കുട്ടികളുമാണ്” !

അതെ, ജീവിതം അത്രമേല്‍ സങ്കീര്‍ണമാണ്. വാക്കുകള്‍ക്കും ഭാഷയ്ക്കും പിടിതരാത്ത അനേകം അനേകം നിര്‍വചനങ്ങളുമായി അത് പടര്‍ന്നുകയറുകയാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം, പക്ഷെ അവരെ ജീവിതത്തില്‍ നിന്നു നിഷേധിക്കാന്‍ ആര്‍ക്കുമാവില്ല. സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഉറവുകള്‍ക്ക് ഇരുമ്പഴികള്‍ വഴിമാറിക്കൊടുക്കും, പ്രതീക്ഷകളുടെ സ്പന്ദനങ്ങള്‍ നിയമത്തെ പുനര്‍നിര്‍വചിക്കട്ടെയെന്നു നമുക്കും പ്രാര്‍ഥിക്കാം.