നടുറോഡിലെ ചുടുചുംബനങ്ങള്‍ !

കോഴിക്കോട്ടെ കോഫി ഷോപ്പില്‍ സദാചാരക്കാര്‍ അടിച്ചുപൊളി നടത്തിയതിനെ ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് കേരളത്തിലെ പുരോഗമന-സ്വതന്ത്ര-നവധാരയില്‍പ്പെട്ട ചെറുപ്പക്കാര്‍ കൊച്ചിയില്‍ വച്ച് പരസ്യചുംബനമാമാങ്കം നടത്താന്‍ പോകുന്നതായി കേട്ടു. സമരം ആഹ്വാനം ചെയ്തവരെ നമിക്കുന്നു. ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം, പുര കത്തുമ്പോള്‍ വാഴ വെട്ടല്‍ തുടങ്ങിയ കലാപരിപാടികളൊക്കെ ശരാശരി മലയാളിക്ക് പരിചയമുള്ളതായതുകൊണ്ട് ഈ തമാശയെ എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല.

വിദേശരാജ്യങ്ങളില്‍ ഏറെക്കുറെ സമാനമായ സമരങ്ങള്‍ നടന്നിട്ടുള്ളതിന്റെ ചുവടു പിടിച്ചാണ് കൊച്ചില്‍ പരസ്യചുംബനത്തിന് ആഹ്വാനം നടന്നിട്ടുള്ളതെന്ന് തോന്നുന്നു. പക്ഷെ, അവിടെയൊക്കെ അത്തരം സമരങ്ങളും ആഹ്വാനങ്ങളും നടന്നിട്ടുള്ളത് ലിഖിതമോ അലിഖിതമോ ആയ ഏതെങ്കിലും നിയമത്തിനെ എതിര്‍ക്കുന്നതിനും അത്തരത്തിലൊരു ജനകീയസന്ദേശം കൈമാറുന്നതിനുമായിരുന്നു. ഇവിടെ കോഫി ഷോപ്പില്‍ ചുംബിക്കരുത് എന്നു സര്‍ക്കാരോ ഏതെങ്കിലും സംഘടനകളോ ഉത്തരവിറക്കിയിട്ടില്ല. കേരളത്തിലെ എല്ലാ കോഫി ഷോപ്പുകളിലും ഇത്തരത്തിലുള്ള ചുംബനവേട്ടകള്‍ നടക്കുന്നുമില്ല. കോഴിക്കോട്ടേത് ഒരു ഒറ്റപ്പെട്ട സംഭവം മാത്രമാണ്. അതില്‍ പൊലീസ് കേസെടുക്കുകയും അറസ്റ്റ് നടക്കുകയും ചെയ്തിട്ടുണ്ട്. അപ്പോള്‍ കൊച്ചിയില്‍ ഉമ്മവച്ചു കളിക്കാന്‍ പോകുന്നവരുടെ ഉദ്ദേശം എന്തായിരിക്കും ?

ഈ സംഭവത്തിന്റെ പേരില്‍, പ്രതിഷേധത്തിന്റെ പേരില്‍ ജനകീയപിന്തുണയോടെ, മാധ്യമശ്രദ്ധ നേടി പരസ്യമായി ചുംബിക്കുക എന്നതില്‍ കവിഞ്ഞൊന്നും ഇതില്‍ കാണാന്‍ കഴിയുന്നില്ല. ഈ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നവര്‍ മറ്റ് സാമൂഹികവിഷയങ്ങളില്‍ സമാനമായ താല്‍പര്യം പ്രകടിപിക്കുകയും ഇതുപോലുള്ള സമരപരിപാടികള്‍ ആവിഷ്‌കരിക്കുകയും ചെയ്തിട്ടുള്ളവരല്ല എന്നതും ശ്രദ്ധിക്കണം. കോഴിക്കോട്ടെ സദാചാരക്കാരെ തോല്‍പിച്ചുകളയാമെന്നു കരുതി കൊച്ചിയില്‍ ഉമ്മ വയ്ക്കാന്‍ പോകുന്നവര്‍ ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധനെ ഓര്‍ക്കുന്നത് നന്നായിരിക്കും. സദാചാരവാദിയാണെങ്കിലും പുരോഗമനവാദിയാണെങ്കിലും ബുദ്ധി ഉപയോഗിക്കുന്നത് ഒരു സാമൂഹികതിന്മയല്ല.

ഇത്രയും പറഞ്ഞതുകൊണ്ട് ഞാനൊരു പഴഞ്ചനായ, ബോറനായ, മൂരാച്ചി സദാചാരവാദി ആണ് എന്നു പുരോഗമവാദികള്‍ പറഞ്ഞേക്കാം. പുരോഗമനവാദികളുടെയോ സദാചാരവാദികളുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ എനിക്കാവശ്യമില്ലാത്തതിനാല്‍ അതെപ്പറ്റി തര്‍ക്കിക്കുന്നില്ല. കോഴിക്കോട്ടെ കോഫി ഷോപ്പില്‍ ചെറുപ്പക്കാര്‍ അടുത്തിടപെഴകുന്നു എന്നതില്‍ പ്രകോപിതരായ ആളുകള്‍ കൊച്ചിയില്‍ കുറെപ്പേര്‍ ചുംബനനാടകം കളിക്കുമ്പോള്‍ സമാനമായ രീതിയില്‍ പ്രകോപിതരാകുമെന്നു കരുതുന്നത് വിഡ്ഡിത്തമാണ്. മാവിലെറിയുന്നത് മാങ്ങ വീഴ്ത്താന്‍ വേണ്ടിയാണെന്നതിനാല്‍ ഒരു ചാക്കു മാങ്ങ കൊണ്ടുവന്നു വച്ചിട്ട് ചുണയുണ്ടെങ്കില്‍ എറിയെടാ എന്നു പറയുന്നതുപോലെയുള്ളൂ ഇതും. കൊച്ചിയിലെ ഒരു ചാക്ക് ചുംബനത്തിനു നേര്‍ക്കു കല്ലെറിയാന്‍ കേരളത്തിലെ ഒരു സദാചാരഗുണ്ടയ്ക്കും താല്‍പര്യമുണ്ടാവില്ല.

ചുംബനം വളരെ നല്ല ഒരു പ്രസ്ഥാനമാണ്. ഇഷ്ടപ്പെടുന്നവര്‍ തമ്മില്‍ ഇഷ്ടപ്പെടുന്ന സാഹചര്യങ്ങളില്‍ ഇഷ്ടപ്പെടുന്ന ശൈലിയില്‍ ചുംബിക്കുമ്പോഴാണ് അതിന്റെ ഒരു ഇത് ഉണ്ടാവുന്നത്. അത് സ്‌നേഹത്തിന്റെ പ്രകടനമാണ്. ചരിത്രാതീതമായ ആ ചുംബനം പരസ്യമായി നടത്തുന്നതിലൂടെ തങ്ങള്‍ സാമൂഹികപരിഷ്‌കരണം നടത്തുകയാണ് എന്നു വിശ്വസിക്കുന്നവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. പരസ്യമായി ചുംബിക്കാനാഗ്രഹിക്കുന്നവര്‍ കേരളത്തില്‍ പരസ്പരം ചുംബിക്കുകയും ആലിംഗനം ചെയ്യുകയുമൊക്കെ ചെയ്യുന്നുണ്ട്. അതിനു വേണ്ടി പ്രത്യേക പരിപാടി തന്നെ സംഘടിപ്പിക്കേണ്ടി വരുന്ന സാധുക്കള്‍ക്ക് എന്നെങ്കിലും ഒറ്റയ്ക്ക് ഇതൊക്കെ ചെയ്യാനുള്ള ധൈര്യവും മാനസികവളര്‍ച്ചയും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.

ഇനി, ചുംബിക്കാന്‍ സ്ഥലവും സാഹചര്യവുമില്ലാതെ വിഷമിക്കുന്നവര്‍ക്ക് ഒരിടം ആണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെങ്കില്‍ വളരെ വളരെ നല്ലതാണ്. അതിന് സദാചാരക്കാരെ വെല്ലുവിളിക്കാനൊന്നും പേകേണ്ട. ആഴ്ചയിലൊന്നു വീതം പരിപാടി സ്ഥിരമായി നടത്തിയാല്‍ അതിന് കുറച്ചു കൂടി സൗന്ദര്യമുണ്ടാവും എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

സദാചാരഗുണ്ടകള്‍ക്കും പുരോഗമനവാദികള്‍ക്കും എന്റെ ചുടുചുംബനങ്ങള്‍ !

കോഴിക്കോട് ജയിലിന് സോഷ്യല്‍ മീഡിയ അവാര്‍ഡ്

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജയില്‍ എന്ന പദവി നേടിയ കോഴിക്കോടിന് ജില്ലാ ജയിലിന് യുനെസ്‌കോയും ആംനെസ്റ്റിയും ചേര്‍ന്നു നല്‍കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോര്‍ ദി അപ്ബ്രിങ്ങിങ് ഓഫ് ദി ഡൗണ്‍ട്രൊഡ്ഡെന്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും തടവുപുള്ളികള്‍ക്ക് ജയിലിനുള്ളില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാതിരിക്കെ, സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയിലിനുള്ളില്‍ കൂളിങ് ഗ്ലാസും ബെര്‍മുഡയുമിട്ട് ഫോട്ടോഷൂട്ട് നടത്താനുമൊക്കെ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതുള്‍പ്പെടെയുള്ള മികവുകളാണ് കോഴിക്കോട് ജില്ലാ ജയിലിനെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വരുന്ന ചിങ്ങത്തില്‍ പോളണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകമെങ്ങുമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി വച്ച മഹത്തായ പ്രസ്ഥാനമാണ് ഫെയ്‌സ്ബുക്ക്. ടിപി ചന്ദ്രശേഖരന്‍ കേസിലെ ജീവിക്കുന്ന രക്തസാക്ഷികളായ സുനിയേട്ടനും മറ്റും കല്‍ത്തുറുങ്കില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിപ്രഭാവവും ലോകത്തോടു പങ്കുവച്ചത് ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയുടെയും സാമൂഹികപരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും നടന്ന സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സമൂഹത്തില്‍ നിന്നും സ്വതന്ത്രരായ ജനവിഭാഗങ്ങള്‍ മുന്‍കൈയെടുത്തതായിരുന്നെങ്കില്‍ ജയിലറയ്ക്കുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വിപ്ലവം ചരിത്രത്തിലാദ്യമാണെന്നും ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഫെയ്‌സ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ പ്രാദേശിക ഓഫിസ് കണ്ണൂരില്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

പണ്ട് കംപ്യൂട്ടര്‍ ഗോ ബാക്ക് വിളിച്ച ആളുകളുടെ അനുയായികള്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്നു വരെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിപ്ലവം എന്നു റഷ്യയില്‍ നിന്നു ടൂറിസ്റ്റ് വീസയിലെത്തിയ സാഷ ഫക്ക്യേനോവ് കൊച്ചിയില്‍ പറഞ്ഞു. ടിപി കേസിലെ രക്തസാക്ഷികള്‍ എന്ന നിലയില്‍ കൊടി സുനിയേട്ടനും മറ്റും ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണെന്നും ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും വൈകാതെ എത്തണമെന്നും അതാത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലസില്‍ വരികയാണെങ്കില്‍ ഹാങ് ഔട്ടിലൂടെ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറംലോകവുമായി നേരില്‍ കണ്ട് സംസാരിക്കാം. ആരാധകര്‍ക്കു ദര്‍ശനം നല്‍കാനും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ ഇത് സഹായകമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നില്‍ വരികയാണെങ്കില്‍ പുതിയ ക്വട്ടേഷന്‍ ഓഫറുകളും മറ്റും ലഭിക്കാന്‍ എളുപ്പമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇട്ടമാതിരിയുള്ള ആരെയും ഹഠാദാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണെങ്കില്‍ ഫെസ്ബുക്കിനെക്കാള്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണ്.

അതേ സമയം, ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കോഴിക്കോട് ജയിലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും ജയിലില്‍ ഫെയ്‌സ്ബുക്ക് വിപ്ലവത്തിനു നാന്ദി കുറിച്ച തടവുകാരായ രക്തസാക്ഷികളെ പൂജപ്പുര ജയിലിലേക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഊളമ്പാറയിലേക്കും സ്ഥലം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്നതും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതിനും തുല്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ വടിവാള്‍ വേലുക്കുട്ടി അഭിപ്രായപ്പെട്ടു. താലിബാന്‍കാരോടു പൊരുതി ജയിച്ച മലാലയ്ക്കു തുല്യരായി കുലംകുത്തിയായ ടിപി ചന്ദ്രശേഖരന്റെ ചതിവില്‍ പെട്ടു രക്തസാക്ഷികളായ സുനിയേട്ടനെയും മറ്റും കാണുകയും അവരെ ആദരിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളോടെ വിപ്ലവം പൂര്‍ണമായും വന്നു കഴിഞ്ഞതായി പഴയകാല വിപ്ലവനായകന്‍ കരിമ്പന കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ജയിലറ ഞങ്ങള്‍ക്കു മണിയറയാണ് എന്നായിരുന്നു പഴയ മുദ്രാവാക്യം. ഇന്ന് മണിയറയെക്കാള്‍ മനോഹരമായ ആരെയും കൊതിപ്പിക്കുന്ന സ്ഥലമായി കോഴിക്കോട് ജില്ലാ ജയില്‍ മാറിക്കഴിഞ്ഞു. ഇത് തങ്ങളാഗ്രഹിക്ക വിപ്ലവം വന്നു ചേര്‍ന്നു എന്നതിന്റെ തെളിവാണെന്നും കുട്ടപ്പന്‍ സൂചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജയിലുകളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള ആയിരക്കണക്കിനു തടവുകാര്‍ കോഴിക്കോട് ജയിലിലേക്ക് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചതായി വിവിധ ജയിലുകളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലോക്കപ്പില്‍ ഫാന്‍ ആവശ്യപ്പെട്ട് ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ തെഹല്‍ക്ക മുതലാളിയുമായ തരുണ്‍ തേജ്പാല്‍ കോഴിക്കോട് ജയിലിലേക്കു തന്നെ മാറ്റുകയാണെങ്കില്‍ മൂന്നോ നാലോ വട്ടം ബലാല്‍സംഗം ചെയ്തതായി സമ്മതിക്കാം എന്നു പറഞ്ഞതായും സൂചനയുണ്ട്. വിദേശരാജ്യങ്ങളിലുള്ള രാജ്യാന്തരതടവുകാരും കോഴിക്കോട് ജയിലിലേക്കു മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ബീക്കണ്‍ ലൈറ്റ് സോഷ്യലിസം

വളരെ കുറച്ച് ആളുകള്‍ മാത്രം കൈവശപ്പെടുത്തി വച്ചിരിക്കുന്ന ആഢംബരങ്ങളെ എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നത് സോഷ്യലിസത്തിന്റെ ഭാഗമാണ്. കമ്യൂണിസത്തിലും കാര്യങ്ങള്‍ ഏതാണ്ട് അങ്ങനെയൊക്കെയാണ്. അതുകൊണ്ടാവണം സുപ്രീം കോടതിയും സര്‍ക്കാരും വരെ വിലക്കിയിട്ടും സിപിഎം മേയര്‍മാര്‍ ഔദ്യോഗിക വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള വര്‍ഗസമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍, ബീക്കണ്‍ ലൈറ്റ് മേയര്‍മാര്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള സോഷ്യലിസത്തില്‍ എനിക്കു വിശ്വാസമില്ല. എല്ലാവര്‍ക്കും ബീക്കണ്‍ ലൈറ്റ് അനുവദിച്ചാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂ ഇവിടെ.

സിപിഎം അംഗങ്ങളായ കൊല്ലം, കോഴിക്കോട് മേയര്‍മാരും സ്ത്രീകളുമായ പ്രസന്ന ഏണസ്റ്റ്, എ.കെ.പ്രമജം എന്നിവര്‍ തങ്ങളുടെ ഔദ്യോഗികവാഹനങ്ങള്‍ക്കു മുകളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് വയ്ക്കുന്നതാണ് ഇപ്പോള്‍ പ്രശ്‌നമായിരിക്കുന്നത്. അവര്‍ക്കെന്താ ബീക്കണ്‍ ലൈറ്റ് വച്ചുകൂടേ എന്നു പലര്‍ക്കും സംശയം തോന്നാം. രണ്ടുമാസം മുമ്പ് സുപ്രീം കോടതിയാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് ബ്രിട്ടിഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്നും ബീക്കണ്‍ ലൈറ്റ് വച്ചതുകൊണ്ട് ആ വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരുടെ ജോലി ചെയ്യാനുള്ള ശേഷി കൂടുമോ എന്നും ചോദിച്ചുകൊണ്ട് ബീക്കണ്‍ ലൈറ്റിന്റെ ദുരുപയോഗം തടഞ്ഞത്.

ആര്‍ക്കൊക്കെയാണ് ചുവന്ന ബീക്കണ്‍ലൈറ്റ് വയ്ക്കാവുന്നത് എന്നു സുപ്രീം കോടതി സര്‍ക്കാരിനോട് നിര്‍വചിക്കാനാവശ്യപ്പെടുകയും സര്‍ക്കാര്‍ അതു ചെയ്യുകയും നിയമം നടപ്പിലാവുകയും ചെയ്തു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍മാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍, മന്ത്രിമാര്‍, ആംബുലന്‍സ്, പൊലീസ് എന്നിവരുടെ വാഹനങ്ങളില്‍ മാത്രമേ ബീക്കണ്‍ ഘടിപ്പിക്കാവൂ എന്നു കോടതി വ്യക്തമാക്കിയതുമാണ്. പക്ഷെ, ചുവന്ന നിറമുള്ളതെല്ലാം പാര്‍ട്ടി അടയാളങ്ങളാണെന്നു പാവങ്ങളെ ആരോ പറഞ്ഞു പറ്റിച്ചിട്ടാണോ എന്തോ കൊല്ലം, കോഴിക്കോട് മേയര്‍മാര്‍ കാറിനു മുകളില്‍ നിന്നു ലൈറ്റ് എടുക്കാന്‍ സമ്മതിക്കുന്നില്ല. സംഗതി പ്രശ്‌നമായി. വണ്ടി തടയലായി, പ്രതിഷേധമായി കേസായി.

കോഴിക്കോട് മേയര്‍ക്കു ചുവന്ന ബീക്കണ്‍ ലൈറ്റ് നീക്കണമെന്നു നിര്‍ദേശിച്ച് ആര്‍ടിഒ നോട്ടീസ് കൊടുത്തിരിക്കുകയാണ്. കൊല്ലത്ത് മേയറുടെ വാഹനം തടഞ്ഞും ഉപരോധിച്ചും യൂത്ത് കോണ്‍ഗ്രസുകാര്‍ ഘോരസമരത്തിലാണ്. മേയര്‍മാര്‍ക്ക് നിയമം അനുവദിച്ചിട്ടുള്ളത് നീല ബീക്കണ്‍ ലൈറ്റ് ആണ്. സിപിഎം മേയര്‍മാരോട് ചുവന്ന ലൈറ്റ് നീക്കി നീല വയ്ക്കണം എന്നു പറയുന്നതില്‍ ഒരാപകതയില്ലേ എന്നു നമുക്കു തോന്നാം, പക്ഷെ നിയമം അതിന്റെ വഴിക്കു പോകും എന്നാണല്ലോ പഴഞ്ചൊല്ല്. ചുവന്ന ബീക്കണ്‍ ലൈറ്റ് നിലനിര്‍ത്തുന്നതിനു വേണ്ടി പാര്‍ട്ടിയുടെ രണ്ട് വനിതാ മേയര്‍മാര്‍ നടത്തുന്ന റോസാപ്പൂ വിപ്ലവത്തില്‍ പാര്‍ട്ടി എന്തു നിലപാട് സ്വീകരിക്കും എന്നത് കാത്തിരുന്നു കാണണം.

എന്തായാലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പാര്‍ട്ടിയിലെ രണ്ടു മേയര്‍മാര്‍ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അടയാളമായ ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ നിലനിര്‍ത്തുന്നതിനു വേണ്ടി സമരം ചെയ്യുന്നത് കൗതുകകരമാണ്. പെണ്ണായാല്‍ പൊന്നു വേണം എന്നു സ്വര്‍ണക്കടക്കാര്‍ പറയുന്നതുപോലെ മേയറായാല്‍ ബീക്കണ്‍ ലൈറ്റു വേണം എന്നു സാമ്രാജ്യത്വഭക്തര്‍ പറഞ്ഞാല്‍ അതൊരു വലിയ തെറ്റായി പറയാനൊക്കില്ല. അല്ലെങ്കിലും മുതലാളിത്തത്തിനെതിരായ വിപ്ലവസമരങ്ങളെല്ലാം മുതലാളിത്തത്തിന്റെ അധികാരചിഹ്നങ്ങള്‍ കയ്യില്‍ കിട്ടുന്നതോടെ അവസാനിക്കുമെന്നാണ് ചരിത്രം പറയുന്നത്.

എന്തെങ്കിലും വയ്ക്കരുത് എന്നു പറഞ്ഞാല്‍ അത് വയ്ക്കുന്നതാണ് ചങ്കൂറ്റം എന്നാണ് മലയാളിയുടെ വിശ്വാസപ്രമാണം. ഹെല്‍മറ്റ് വയ്ക്കണം എന്നു നിയമം വന്നതു മുതല്‍ അതെങ്ങനെ വയ്ക്കാതിരിക്കാം എന്നതാണ് നമ്മുടെ ആലോചന. ബീക്കണ്‍ ലൈറ്റ് വയ്ക്കരുത് എന്നു നിയമം വന്നതോടെ അതു വച്ചേ അടങ്ങൂ എന്നാണ് വാശി. സോഷ്യലിസം നടപ്പാവണമെങ്കില്‍ ബീക്കണ്‍ ലൈറ്റ് എല്ലാവര്‍ക്കും അനുവദിക്കണമെന്നാണ് എന്റെ അഭിപ്രായം. കോണ്‍ഗ്രസുകാര്‍ നീല ലൈറ്റും സിപിഎമ്മുകാര്‍ ചുവന്ന ലൈറ്റും വയ്ക്കട്ടെ. ലീഗുകാര്‍ പച്ച ലൈറ്റും ബിജെപിക്കാര്‍ കാവി ലൈറ്റും വച്ചു സന്തോഷിക്കട്ടെ. പ്രൈവറ്റ് ബസുകാര്‍ മുതല്‍ ഓട്ടോറിക്ഷകള്‍ വരെ ഇഷ്ടമുള്ള നിറങ്ങളില്‍ ബീക്കണ്‍ ലൈറ്റ് വയ്ക്കട്ടെ. അങ്ങനെ സോഷ്യലിസം നടപ്പാവട്ടെ.

സലിം രാജ്: തെറ്റിദ്ധരിക്കപ്പെട്ട കുറ്റാന്വേഷകന്‍

ഒരേ സമയം മൂന്നു കേസുകളിലെ പ്രതികളെ വളരെ നാടകീയമായി കുടുക്കി എല്ലാവരെയും പൊലീസിലേല്‍പിക്കാന്‍ പോകുമ്പോള്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പിച്ച ഗണ്‍മോന്‍ സലിംരാജിനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നു സൂചന. നേരത്തെ, സോളാര്‍ തട്ടിപ്പു കേസില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കെ രാഷ്ട്രീയവൈരാഗ്യം വച്ച് ഇടതുപാര്‍ട്ടികള്‍ അപവാദങ്ങളില്‍ കുടുക്കിയപ്പോള്‍ ഗണ്‍മോന്‍ സ്ഥാനം ഉപേക്ഷിക്കുകയും പിന്നീട് സസ്‌പെന്‍ഷനിലാവുകയും ചെയ്‌തെങ്കിലും കേരളാ പൊലീസിലെ കരുത്തനും ബുദ്ധിശാലിയുമായ അന്വേഷണോദ്യോഗസ്ഥനെന്ന നിലയില്‍ സലിംരാജ് നിരവധി കേസുകളില്‍ സ്വന്തം നിലയ്ക്ക് അന്വേഷണം നടത്തിവരികയായിരുന്നു. അത്തരമൊരു കേസില്‍ കാണാതായ വീട്ടമ്മയെ വീണ്ടെടുക്കുന്നതിനിടെയാണ് ഇന്നലെ കോഴിക്കോട്ട് സിപിഎം ഗുണ്ടകള്‍ സലിംരാജിനെ വഴിയില്‍ തടഞ്ഞുവച്ച് ആക്രമിച്ചതും സിപിഎമ്മിനോടു കൂറുള്ള ചില പൊലീസുകാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതും. ഇതോടെ സലിംരാജ് തുമ്പുണ്ടാക്കിക്കൊണ്ടിരുന്ന മറ്റു കേസുകളിലെ പ്രതികള്‍ക്ക് രക്ഷപെടാന്‍ അവസരമൊരുങ്ങി.

സേതുരാമയ്യര്‍ സിബിഐയെപ്പോലെ, ദാസനെയും വിജയനെയും പോലെ അനേകം കേസുകളിലെ പ്രതികളുമായി സൗഹൃം ഭാവിച്ച് അവരുമായി ഇടപാടുകള്‍ നടത്തുന്നതായി അഭിനയിച്ച് എല്ലാവരെയും ഒരുമിച്ച് വല്ല ഗോഡൗണിലോ പഴയ കോട്ടയിലോ കൊണ്ടുവന്ന് എല്ലാവരെയും കൂടി അറസ്റ്റ് ചെയ്യുന്ന രീതിയായിരുന്നു സലിം രാജിന്റേത്. അത്തരത്തില്‍ കരുനാഗപ്പള്ളിയില്‍ നിന്നു കാണാതായ വീട്ടമ്മയെയും പിടികിട്ടാപ്പുള്ളിയായ റിജുവിനെയും ഒരു ക്വട്ടേഷന്‍ സംഘത്തെയും അടച്ചുപൂട്ടിയ മാവൂര്‍ ഗ്രാസിം ഫാക്ടറി പരിസരം ലക്ഷ്യമാക്കി വരുമ്പോള്‍ സിപിഎം ഗുണ്ടകള്‍ വാഹനം തടഞ്ഞ് പ്രതികളെ രക്ഷപെടുത്താന്‍ ശ്രമിക്കുകയും കുറ്റാന്വേഷകനായ സലിം രാജിനെ തടഞ്ഞുവയ്ക്കുകയുമായിരുന്നു. ഈ വിവരങ്ങള്‍ പറഞ്ഞിട്ടും മനസ്സിലാക്കാതെ സലിം രാജിനെ അറസ്റ്റ് ചെയ്ത ചേവായൂര്‍ സിഐയുടെ ഗുരുതരമായ കൃത്യവിലോപം ഭരണസിരാകേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് സൂചന.

സോണിയ ഇന്ത്യയുടെ മരുമകള്‍ എന്നതുപോലെ കേരളത്തിന്റെ മരുമകനായ സലിംരാജ് എന്നും മാധ്യമങ്ങളുടെയും സിപിഎം ഗുണ്ടകളുടെയും ഇരയായിരുന്നു. സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ സല്‍പേരുപയോഗിച്ച് സരിത എന്ന യുവതി തട്ടിപ്പിനു ശ്രമിക്കുന്നു എന്നറിഞ്ഞ കുറ്റാന്വേഷകനായ സലിംരാജ് എല്ലാ തെളിവുകളോടെയും സരിതയെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യുന്നതിനായി സരിതയുമായി സൗഹൃദം ഭാവിച്ച് ഫോണ്‍ കോളുകള്‍ ചെയ്തുവരികയായിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമായി സരിതയുള്‍പ്പെട്ട തട്ടിപ്പുസംഘത്തെ രക്ഷപെടുത്തുന്നതിനായി സിപിഎം നടത്തിയ ഗൂഢാലോചനയാണ് സലിംരാജ് നടത്തിയ അന്വേഷണങ്ങള്‍ സലിംരാജിനെതിരേ ഉപയോഗിക്കാനുള്ള ആയുധമാക്കി മാറ്റിയത്. മാധ്യമങ്ങള്‍ ഇതിനു കൂട്ടുനിന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പുകേസുകളിലൊന്നില്‍ അന്വേഷണം താറുമാറാവുകയും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളെ ഇടതുഗുണ്ടകള്‍ കരിവാരി തേക്കുകയും ചെയ്തു.

കേരളം കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകരിലൊരാളായ സലിംരാജിന്റെ ഫോണ്‍രേഖകള്‍ നല്‍കില്ലെന്ന സര്‍ക്കാര്‍ നിലപാട് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരുന്ന കേസുകളെ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുപോവാതിരിക്കാനാണ് എന്നാണ് മനസ്സിലാവുന്നത്. അതേ സമയം, സലിം രാജ് ആവശ്യപ്പെട്ടതനുസരിച്ച് ആളുകളുടെ ഫോണ്‍കോള്‍ വിവരങ്ങള്‍ സൈബര്‍ പൊലീസ് ഇപ്പോഴും അദ്ദേഹത്തിനു നല്‍കുന്നുണ്ട് എന്നത് സലിംരാജ് ഷെര്‍ലക് ഹോംസിനെപ്പോലെ, ഹെര്‍ക്യുള്‍ പൊയ്‌റോട്ടിനെപ്പോലെ അതിസമര്‍ഥനായ ഒരു കുറ്റാന്വേഷകനാണ് എന്നതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം പിടിയിലായ റിപ്പര്‍ ജയാനന്ദനെ കുടുക്കിയത് സലിംരാജിന്റെ തന്ത്രപരമായ ഇടപെടലും കുശാഗ്രബുദ്ധിയുമാണെന്നാണ് വിവരം. രാപ്പകല്‍ സമരം വിജയിപ്പിക്കുന്നതിനു വേണ്ടി സിപിഎം ജയില്‍ചാടിച്ച റിപ്പര്‍ ജയാന്ദനെ അന്നുമുതല്‍ പിന്‍തുടര്‍ന്ന സലിംരാജ് സംസ്ഥാനത്തിന്റെ തന്നെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സസ്‌പെന്‍ഷനിലായിട്ടും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അന്വേഷണം നടത്തിയതത്രേ. വര്‍ഷങ്ങള്‍ക്കു മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച സുകുമാരക്കുറുപ്പിനെ ഇന്നോ നാളെയോ പിടികൂടാനിരിക്കെയാണ് സലിംരാജിനെ സിപിഎം ഗുണ്ടകള്‍ പിടികൂടി കള്ളക്കേസില്‍ കുടുക്കിയത്.

മാഫിയ: ബൈ ദി പീപ്പിള്‍, ഫോര്‍ ദി പീപ്പിള്‍

മണല്‍ക്കടത്ത് ഒരു കലയാണ്. കേരളത്തിലെ സാമൂഹിജീവിതം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത് ഈ കലാകാരന്‍മാരാണ് എന്നു വേണമെങ്കില്‍ പറയാം. മണല്‍മാഫിയ ജനങ്ങളുടെ നെഞ്ചത്തുകയറുമ്പോള്‍ നമ്മള്‍ രോഷാകുലരാവും. വീടുപണിയാന്‍ മണല്‍ അത്യാവശ്യമായി വരുമ്പോള്‍ നമ്മള്‍ അവരുടെ ആരാധകരാവും. മണലിന് ആവശ്യക്കാരായ മാന്യന്‍മാര്‍ എക്കാലവും നാട്ടിലുള്ളതുകൊണ്ട് മണല്‍മാഫിയ എന്നും ആരാധകരുടെ നടുവില്‍ ജീവിക്കുന്ന സമൂഹമായി. അപ്പോള്‍, മണല്‍ പിടിക്കാന്‍ രാത്രി അന്യവാഹനത്തില്‍ പിന്‍തുടര്‍ന്ന കോഴിക്കോട് കലക്ടര്‍ അവരെ സംബന്ധിച്ച് വില്ലനും അദ്ദേഹത്തിന്‍റെ മേല്‍ മണ്ണിട്ടു കടന്നുകളഞ്ഞ സുഹൃത്തുക്കള്‍ അസ്സല്‍ ഹീറോകളുമായി. കലക്ടറുടെ വാഹനം മണ്ണില്‍ മൂടിയ ഡ്രൈവറുടെ പേരില്‍ തന്നെയുണ്ട് ഹീറോയിസം – ഋഷി കപൂര്‍, 27 വയസ്സ്.

ഉറക്കം കളഞ്ഞ് പുലര്‍ച്ചെ മൂന്നു മണിക്ക് മണല്‍ക്കടത്ത് തടയാനിറങ്ങിയ ജില്ലാ കലക്ടര്‍ മറ്റു കലക്ടര്‍മാര്‍ക്കൊക്കെ മാതൃകയാവേണ്ടതാണെന്നതില്‍ സംശയമില്ല. എന്നാല്‍, കോഴിക്കോട് കലക്ടര്‍ വിചാരിച്ചാല്‍ പൂട്ടാന്‍ പറ്റുന്ന ഐറ്റങ്ങളൊന്നുമല്ല ഈ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അവര്‍ ഈ കേരളമാകെ വ്യാപിച്ചു കിടക്കുന്നു. ആവശ്യക്കാരുള്ളിടത്തോളം അവര്‍ മണല്‍ക്കടത്തു തുടരുകയും അത് തടയുന്നവരെ ഉന്‍മൂലനം ചെയ്യാന്‍ വേണ്ടതുപോലെ പരിശ്രമിക്കുകയും ചെയ്യും. കേരളത്തില്‍ മണല്‍മാഫിയ പൊലീസുകാരെയും ഉദ്യോഗസ്ഥരെയും ആക്രമിക്കുന്നത് ഇതാദ്യമൊന്നുമല്ല. ഡസന്‍ കണക്കിനു വധശ്രമങ്ങളും ഒന്നിലേറെ കൊലപാതകങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്. പിടിക്കാന്‍ വരുന്നവന്‍റെ തലയിലേക്ക് മണല്‍ തട്ടുന്നത് ഇവര്‍ക്കിടയിലെ ഒരാചാരമാണ്. പൊലീസ് ലോറിയുടെ അടുത്തെത്തുമ്പോള്‍ മണല്‍ അവരുടെ മേലേക്ക് മറിച്ച് ലോറിയോടിച്ചു പോകുന്ന സംഭവങ്ങള്‍ ദിവസേനയെന്നോണം നാട്ടില്‍ നടക്കുന്നുണ്ട്.ഇതിപ്പോള്‍ കലക്ടറായതുകൊണ്ട് നമ്മള്‍ ഞെട്ടി എന്നു മാത്രം (കലക്ടറാണെന്നറിഞ്ഞോണ്ടല്ല അവര്‍ മണല്‍ തട്ടിയതെന്നതു വേറെ കാര്യം).

എന്തുകൊണ്ട് മണല്‍മാഫിയയെ നിയന്ത്രിക്കാന്‍ നമുക്കു സാധിക്കുന്നില്ല എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. എല്ലാ മണല്‍ക്കടത്തു സംഘങ്ങളുടെയും രക്ഷാധികാരി ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവായിരിക്കും. സിഐമാരും ഡിവൈഎസ്പിമാരും എന്തിന് എസ്പിമാര്‍ പോലും ഈ മാഫിയയില്‍ അംഗങ്ങളാണെന്നു പറയുമ്പോള്‍ മണല്‍ എന്ന വസ്തുവിന്‍റെ അത്ര നിസ്സാരമല്ല ഇവരുടെ ബിസിനസിന്‍റെ ലാഭവും ശൃംഖലയുടെ കരുത്തും എന്നത് നമ്മള്‍ മനസ്സിലാക്കണം. വളപട്ടണം പൊലീസ് സ്റ്റേഷനില്‍ മണല്‍ക്കടത്തുകാരനെ പിടിച്ചതിന്‍റെ പിന്നാലെ ചെന്ന് എസ്ഐയെ വിരട്ടിയത് കണ്ണൂരിലെ കോണ്‍ഗ്രസുകാരുടെ കാവല്‍മാലാഖയായ കെ.സുധാരന്‍ എംപിയാണെന്നതും മറക്കാനുള്ള സമയമായിട്ടില്ല. രാഷ്ട്രീയക്കാര്‍ക്ക് ആവശ്യത്തിനു ഫണ്ട്, ലാഭവിഹിതം, ഗുണ്ടാ സപ്പോര്‍ട്ട്, പോലീസുകാര്‍ക്ക് സ്ഥലംമാറ്റം, വിനോദയാത്ര തുടങ്ങിയ അനവധി പാക്കേജുകളും. മണല്‍ എന്നു പറയുന്നത് കഞ്ചാവു പോലെയോ സ്പിരിറ്റ് പോലെയോ കുഴപ്പം പിടിച്ച ഒരു സാധനമല്ലാത്തതിനാല്‍ കുറ്റബോധത്തിന്‍റെ ആവശ്യവുമില്ല.

എന്നാല്‍, മണല്‍ക്കടത്ത് പിടിക്കാന്‍ ചെല്ലുമ്പോഴുള്ള അക്രമങ്ങള്‍ക്കു പുറമേ രാത്രിയിലെ സ്വൈര്യവിഹാരത്തിനു വേണ്ടി ജനങ്ങള്‍ രാത്രിയില്‍ വീടനു പുറത്തിറങ്ങാത്തവണ്ണം നാട്ടില്‍ സംഘര്‍ഷവും അരാജകത്വവും കലാപങ്ങളും സൃഷ്ടിക്കാന്‍ ഇവര്‍ തുനിഞ്ഞിറങ്ങുമ്പോള്‍ മാഫിയയുടേത് കലര്‍പ്പില്ലാത്ത ദേശദ്രോഹമായി മാറുകയാണ്. മണല്‍മാഫിയ ആസൂത്രണം ചെയ്ത സാമുദായിക ചേരിതിരിവുകള്‍ മുതല്‍ അതിഭീകരനായ ബ്ലാക്മാന്‍ വരെ കേരളത്തില്‍ വിജയകരമായി മുന്നോട്ടു പോവുന്നു. മണലില്ലാതെയും ജീവിക്കാം എന്നു പറയാവുന്ന ഒരു സ്ഥിതിയിലേക്ക് നമ്മളെത്തിയിട്ടില്ല. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കണമെങ്കില്‍ മണല്‍ കൂടിയേ തീരൂ. അംഗീകൃത മണല്‍ക്കടവുകളും മണല്‍പാസുകളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയെങ്കിലും ആവശ്യക്കാരന്‍ കാത്തിരിക്കാതെ മണല്‍ കിട്ടണമെങ്കില്‍ മാഫിയ കൂടിയേ തീരൂ. മാറേണ്ടത് ഇവിടുത്തെ സാഹചര്യമാണ്. മണലിന്‍റെ വിതരണം സ്വകാര്യവ്യക്തികള്‍ നിര്‍വഹിക്കുന്നിടത്തോളം അക്രമങ്ങളും തുടരും. വെറുതെയുള്ള വിരട്ടുകളല്ലാതെ ക്രിയാത്മകമായി സര്‍ക്കാരിന് എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമാണിത്. അടുത്ത ലോഡിന് വരാനിരിക്കുന്നത് അരാജകത്വമാണ്.

എമേര്‍ജിങ് മുതലക്കുളം

നിലവില്‍ മുതലകളെ സ്വന്തം പറമ്പിലെ കുളത്തില്‍ വളര്‍ത്തുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു കൊച്ചുമുതലാളി ഞാനാണെന്ന വിവരം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. കേരളത്തിനെ വികസനക്കുതിപ്പിലേക്ക് നയിക്കുന്നതിന് നിക്ഷേപങ്ങളുമായി വാതിലില്‍ മുട്ടിവിളിക്കുന്ന രാജ്യാന്തര നിക്ഷേപകര്‍ക്കു മുന്നിലേക്ക് ഞാന്‍ എന്‍റെ മുതലക്കുളത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയാണ്. വികസനവിരോധികളും ഹരിത എംഎല്‍എമാരും വെറുതെ ഉടക്കിനു വരരുത്.

മുതലകള്‍ ഒരു ദേശത്തിന്‍റെ ഹരിതകാന്തിയുടെയും ജൈവസമ്പത്തിന്‍റെയും പ്രതീകമാണ്. മുതലക്കുളങ്ങളുടെ വികസനം നാടിന്‍റെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സിമ്പലാണ്. ഇത്തിരി കടലപ്പിണ്ണാക്കും ഇത്തിരി തവിടും ദിവസം രണ്ടു നേരം കുളത്തിലേക്കിട്ടു കൊടുത്താല്‍ പിന്നെ ശര്‍ര്‍ര്‍ര്‍ന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാവും.എമേര്‍ജിങ് മുതലക്കുളം ഒരു നാടിന്‍റെ ഐശ്വര്യത്തിന്‍റെ അപായസൈറനാണ്. അതുകേട്ടുണര്‍ന്ന് കുരവയിടാന്‍ നിക്ഷേപകരെയും ഏജന്‍റുമാരെയും കൂട്ടിക്കൊടുപ്പുകാരെയും ക്ഷണിക്കുന്നു. ആദ്യമായി എമേര്‍ജിങ് മുതലക്കുളം പദ്ധതിയുടെ ലോഗോ ഇവിടെ പ്രകാശനം ചെയ്യുകയാണ്.

മുതലക്കുളം എന്‍റേതാണ്, അതില്‍ വളരുന്ന മുതലകളും എന്‍റേതാണ്. നിക്ഷേപകര്‍ക്ക് കുളം നികത്തി അവിടെ റിസോര്‍ട്ട് പണിയാമെന്നോ, പുതുപ്പണക്കാര്‍ക്ക് മുതലകളെ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കാമെന്നോ വിചാരിക്കേണ്ട. മുതലക്കുളത്തിന്‍റെയോ കുളമടങ്ങുന്ന എസ്റ്റേറ്റിന്‍റെയോ ഹരിജ-ജൈവ സമ്പത്തിനെ പണയം വയ്‍ക്കുന്ന ഒരു പദ്ധതിയും എമേര്‍ജ് ചെയ്യാന്‍ ഞാനോ എന്‍റെ തോഴിമാരോ അനുവദിക്കില്ല. എമേര്‍ജിങ് മുതലക്കുളം കൊണ്ട് പിന്നെ എന്താണ് സാധിക്കുക ? എങ്ങനെ എമേര്‍ജിങ് മുതലക്കുളം പദ്ധതിയില്‍ നിക്ഷേപിക്കാം ?

നിക്ഷേപകര്‍ക്കായി അനേകം അനേകം ഹരിത-ജൈവ പദ്ധതികളാണ് എമേര്‍ജിങ് മുതലക്കുളത്തിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്. ഏതാനും ചില പദ്ധതികളുടെ ചില മിന്നലാട്ടങ്ങള്‍ മാത്രമേ എനിക്കീ ബ്ലോഗിലൂടെ പങ്കു വയ്‍ക്കാന്‍ കഴിയൂ. അതിനു മുമ്പ് എന്‍റെ മുതലക്കുളത്തിന്‍റെ ഏതാണ്ടൊരു ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്കു കാണാം. സാറ്റലൈറ്റ് ചിത്രം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഏതാണ്ട് പാലാ ടൗണിന്‍റെ അത്ര തന്നെയുണ്ട്, മുതലക്കുളം മൊത്തത്തില്.

എമേര്‍ജിങ് മുതലക്കുളം പദ്ധതികളും നിക്ഷേപസാധ്യതകളും (ചെറുതു മുതല്‍ വലുതു വരെ എന്ന ക്രമത്തില്)

1. മുതലക്കുളം ഓര്‍ഗാനിക് ഫുഡ് കോര്ട്ട്- മുതലക്കുളത്തിനു പുറത്ത് ഹൈവേയുടെ സൈഡില്‍ തട്ടുകട,കരിക്ക് വില്‍പന – ഹൈവേയും അതിലൂടെ പോകുന്ന വാഹനങ്ങളുമടക്കം 3000 കോടി രൂപ.

2.മുതലക്കുളം പവര്‍ പ്രോജക്ട്- മുതലക്കുളം ജംക്ഷനിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോമറും അതില്‍ നിന്നുള്ള കറന്‍റും – ഫ്യൂസുകള്‍ ഉള്‍പ്പെടെ 10 കോടി രൂപ.

3. മുതലക്കുളം ക്രോക്കഡൈല്‍ സാങ്ക്ചുറി- നിലവില്‍ ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുതലകളെ ആര്‍ക്കും എപ്പോഴും കയറിക്കാണാനും കൊഞ്ഞനം കുത്തിക്കാണിക്കാനും അവസരമുണ്ട്. എമേര്‍ജിങ് മുതലക്കുളത്തിന്‍റെ ഭാഗമാകുന്നതോടെ അതേ മുതലകളെ അതേ സൗകര്യങ്ങളോടെ 1000 രൂപ ടിക്കറ്റ് വച്ച് കാണിക്കുന്ന പദ്ധതി.- മൂല്യം 10000 കോടി രൂപ (മുതലകളുടെ ജീവിതത്തിനു വില പറയരുത്).

4. മുതലക്കുളം റോക്ക് പാര്‍ക്ക് – മുതലക്കുളത്തിനു പിന്നില്‍ എംഎല്‍എയുടെ മകന്‍ നടത്തുന്ന പാറമടയില്‍ നിക്ഷേപത്തിനു സുവര്‍ണാവസരം. മൃദുലമായ ഭൂമിയുടെ ആഴങ്ങളില്‍ വരെ ചെന്ന് പാറ എന്ന മഹാവിപത്തിന്‍റെ അടിവേരുകള്‍ വരെ പിഴുതെറിയുന്ന പ്രകൃതിജീവനപദ്ധതിയില്‍ വേണമെങ്കില്‍ ഹരിത എംഎല്‍എമാര്‍ക്കും പങ്കു ചേരാം- ആകെ 1000 കോടി രൂപയുടെ മൂല്യം.

5. മുതലക്കുളം എയര്‍പോര്‍ട്ട് – മുതലക്കുളത്തിന് 75 കിലോമീറ്റര്‍ സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തരവിമാനത്താവളം. അങ്കമാലി-കാലടിയില്‍ നിന്നോ ആലുവ അത്താണിയില്‍ നിന്നോ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിമാനത്താവളത്തിലെത്താം- വിമാനത്താവളവും അവിടെ വന്നിറങ്ങുന്ന വിമാനങ്ങളും ആ വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സ്ഥാവരജംഗമവസ്തുക്കളും കിഡ്നി, കരള്‍, കണ്ണ്, ഹൃദയം മുതലായവകളും ഉള്‍പ്പെടെ 50000 കോടി രൂപയുടെ പദ്ധതി. വിമാനത്തില്‍ കയറിയും വിമാനം കണ്ടും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

6. മുതലക്കുളം മെഡിക്കല്‍ ഹബ്- മുതലക്കുളത്തിന്‍റെ ചുറ്റും കിടക്കുന്ന ചെറുപട്ടണങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്ക് നല്ല ചികില്‍സ ലഭ്യമാക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ ഏതെങ്കിലും തിരുമേനിയുടെ അണ്ടറിലേക്ക് ഏല്‍പിച്ചു കൊടുക്കുന്ന പദ്ധതി. മുതലാളിമാരാകുമ്പോള്‍ ചികില്‍സ മോശമായാലും ബില്ല് ഒരിക്കലും മോശമാവില്ല. കേരളസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന നഴ്‍സുമാര്‍ എന്ന വര്‍ഗത്തെ അടിച്ചമര്‍ത്താന്‍ ഇത് നല്ല അവസരമാണ്. ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ള അവയവങ്ങളെ രക്ഷിച്ച് കുടുംബത്തില്‍ പിറന്ന മുതലാളിമാര്‍ക്ക് പിടിപ്പിച്ചു കൊടുക്കുന്ന സോഷ്യലിസവും ഈ മെഡിക്കല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നു- എല്ലാം അടക്കം 20000 കോടി രൂപയുടെ പദ്ധതി.

7. മുതലക്കുളം എജ്യുക്കേഷനല്‍ പാര്‍ക്ക് – കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളെ വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാടിക്കുന്നതിനു വേണ്ടി ഏതെങ്കിലും സ്വകാര്യ കോളജ് മാനേജ്മെന്‍റിനു മറിച്ചു വില്‍ക്കുന്ന പദ്ധതി. പച്ച എംഎല്‍എമാര്‍ വല്ലാതെ എതിര്‍ത്താല്‍ ആകെ പച്ചയണിഞ്ഞു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വേണമെങ്കില്‍ ഒഴിവാക്കും. ഭൂമിദാനം കീമിദാനം എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്ന വികസനവിരോധികളുടെ കണ്ണില്‍പ്പെടാതെ സംഗതി ഒന്നായി മറിച്ചുകൊടുക്കുകയും ചെയ്യാം. – ആകെ 30000 കോടി രൂപയുടെ പദ്ധതി.

8.ട്രാവന്‍കൂര്‍ സ്പിരിച്വല്‍ ഹബ് – പേരില്‍ ഹബുള്ളതുകൊണ്ട് ഇതും രാജ്യാര പദ്ധതിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും പത്മനാഭസ്വാമിയെ ഉള്‍പ്പെടെ ലേലത്തില്‍ വില്‍ക്കാനുള്ള പദ്ധതി. തുറന്ന അറകളും തുറക്കാനുള്ള അറകളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കും അതിന്‍റെ പേരിലുള്ള ആശങ്കകള്‍ക്കും അറുതിയാവുമെന്നു മാത്രമല്ല, നമ്മുടെ ഒരു ദൈവം രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും (മാണിസാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ‍ നിയമനിര്‍മാണം പഠിപ്പിക്കുന്നതുപോലെ)ചെയ്യും. ക്ഷേത്രവും നിലവറകളും സ്വാമിയും ഉള്‍പ്പെടെ 10 ലക്ഷം കോടി രൂപയുടെ പദ്ധതി.

ഇതിനു പുറമേ, പുതുപ്പള്ളിയും പാലായിലും മലപ്പുറത്തും സ്വിസ് ബാങ്ക് എടിഎമ്മുകള്‍, പൂഞ്ഞാറില്‍ മൃഗശാല, ഹരിത എംഎല്‍എമാര്‍ക്ക് നെല്ലിയാമ്പതിയില്‍ വേനല്‍ക്കാല വസതിയും ഉല്ലാസങ്ങളും, മറ്റ് നിര്‍ഗുണ എംഎല്‍എമാര്‍ക്ക് കടലമിട്ടായി, സിപിഎമ്മിന് അക്രമരാഷ്ട്രീയം വെടിഞ്ഞ് നല്ലവഴിക്കു വരുന്നതുവരെ സംയമനം പാലിക്കുന്നതിനായി കടുക്കാവെള്ളം (അതിനു വേണ്ടി കണ്ണൂരില്‍ കടുക്കാ പാര്‍ക്ക് സ്ഥാപിക്കും), ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആസനത്തില്‍ തിരുകാന്‍ അഞ്ചടിയുള്ള ഉരുക്കുപാരകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എമേര്‍ജിങ് മുതലക്കുളം പദ്ധതി വരുന്നതോടെ കേരളവും മുതലക്കുളവും ലോകഭൂപടത്തില്‍ ഇല്ലാതാവും അല്ല, സ്ഥാനം പിടിക്കും.

ജഗതിയുടെ മൂന്നാമത്തെ മകള്‍

ഒരിക്കല്‍ അടുത്ത സുഹൃത്തായ ഒരു സ്ത്രീയോട് ഞാന്‍ പറഞ്ഞു, നിങ്ങളോട് എനിക്ക് മറ്റെന്തൊക്കെയോ തോന്നുന്നു എന്ന്. ഏറെ നേരത്തെ മൗനത്തിനു ശേഷം അവര്‍ പറഞ്ഞു- നിനക്കൊരിക്കലും എന്നോട് അങ്ങനെ തോന്നില്ല, നീ മനപൂര്‍വം എന്നെ ഒഴിവാക്കാന്‍വേണ്ടിയാണ് ഇങ്ങനെ പറയുന്നത് എന്ന്. അങ്ങനെ തോന്നിയ ഞാന്‍ വൃത്തികെട്ടവനാണ് എന്നു പറയുന്നതിനെക്കാള്‍ ഭീകരമായിരുന്നു ആ പ്രതികരണം. ഒന്നു വഴിതെറ്റാമെന്നു വിചാരിക്കുമ്പോള്‍ ആ വിചാരത്തിനു സദാചാരപരിപ്രേക്ഷ്യം കല്‍പിച്ച് നമ്മളെ പുനര്‍നിര്‍വചിക്കുന്നിടത്തോളം വലിയൊരു ചതിയില്ല.

വാഹനാപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജഗതി ശ്രീകുമാറിന്റെ അവസ്ഥയും ഏതാണ്ട് അതുപോലെയാണ്. തനിക്ക് മറ്റൊരു മകള്‍കൂടിയുണ്ട് എന്ന് അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞത് പ്രസിദ്ധീകരിച്ച മംഗളം വാരികയ്‍ക്കെതിരേ ആഞ്ഞടിക്കുകയാണ് കപടസദാചാര-കൂതറ ബുദ്ധിജീവികള്‍.ജഗതിച്ചേട്ടന്‍ ഇങ്ങനെ കിടക്കുമ്പോള്‍ അങ്ങനൊരു കാര്യം പ്രസിദ്ധീകരിച്ചത് മോശമായിപ്പോയത്രേ.ജഗതി ശ്രീകുമാര്‍ വെളിപ്പെടുത്താന്‍ അഗ്രഹിച്ചുകൊണ്ട് വെളിപ്പെടുത്തിയ കാര്യം പ്രസിദ്ധീകരിച്ചവന്റെ നെഞ്ചത്ത് കയറുന്ന സോഷ്യല്‍ മീഡിയ സദാചാരക്കാര്‍ക്ക് അദ്ദേഹത്തോടുള്ള ആദരവും സ്നേഹവും മറ്റും കണ്ട് കണ്ണുനിറയുകയാണ്.

മഹാനായ ഒരു കലാകാരനോട് ചെയ്ത ഏറ്റവും വലിയ ക്രൂരത എന്നാണ് മംഗളം ജഗതിയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിനെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ജഗതി അദ്ദേഹത്തിന്റെ വ്യക്തിജീവിതം സംബന്ധിച്ച ഒരു കാര്യം മാധ്യമങ്ങളോടു പറയുന്നത് അത് പ്രസിദ്ധീകരിക്കുന്നതിനു വേണ്ടിയാണ്. അദ്ദേഹത്തിന് ഉറപ്പുള്ള കാര്യങ്ങളാണല്ലോ അദ്ദേഹം പറയുന്നത്. അദ്ദേഹം അത് പറയാന്‍ പാടില്ലായിരുന്നു എന്നും, പറഞ്ഞത് പ്രസിദ്ധീകരിക്കാന്‍ പാടില്ലായിരുന്നു എന്നും പറയുന്നവര്‍ ചോദ്യം ചെയ്യുന്നത് വ്യക്തികളുടെ അഭിപ്രായസ്വാതന്ത്ര്യത്തെയാണ്, മാധ്യമസ്വാതന്ത്ര്യത്തെയാണ്.

ജഗതിച്ചേട്ടന്‍ ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ഇങ്ങനൊരു കാര്യം പറയാന്‍ പാടില്ലായിരുന്നു എന്നാണ് പ്രധാനവാദം. രണ്ട് കാരണങ്ങളാണ് ഈ വാദത്തിനു പിന്നിലുള്ളത്.ഒന്ന്, ഒരാള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അയാളുടെ അപദാനങ്ങള്‍ മാത്രമേ പറയാന്‍ പാടുള്ളൂ എന്ന പരമ്പരാഗത തട്ടിപ്പ്. രണ്ട്, വിവാഹേതരമായി ഒരു മകള്‍ കൂടിയുണ്ട് എന്ന സത്യം ഒരിക്കലും ആരും അറിയാതെ മൂടിവയ്‍ക്കപ്പെടേണ്ടതാണെന്ന കള്ളസമൂഹത്തിന്റെ വിശ്വാസം. സമൂഹത്തിന്റെ കപടസദാചാരബോധം എന്ന അശ്ലീലം ആളുകളെ തല്ലിക്കൊല്ലുമ്പോള്‍ മാത്രമല്ല, ഇങ്ങനെയുള്ള അവസരങ്ങളിലും നഗ്നമായി പുറത്തുവരുന്നത് കണ്ടില്ലെന്നു നടിക്കാന്‍ ബുദ്ധിമുട്ടാണ്.

ജഗതി ശ്രീകുമാറിന് മറ്റൊരു മകള്‍ ഉണ്ടോ ഇല്ലയോ എന്നത് അദ്ദേഹത്തോടുള്ള നമ്മുടെ ബഹുമാനത്തെയും സ്നേഹത്തെയും ബാധിക്കുന്ന ഒന്നല്ല. അത്തരം കാര്യങ്ങള്‍ കൂടി വച്ചാണ് ആ കലാകാരനോടുള്ള ഇഷ്ടം നിര്‍ണയിക്കപ്പെടുന്നതെങ്കില്‍ അത് കാപട്യമാണ്. ജഗതി വിതുര കേസില്‍ പെട്ടതുകൊണ്ട് അദ്ദേഹത്തോടുള്ള ബഹുമാനം കുറഞ്ഞുപോയി എന്നു ചിലര്‍ പറഞ്ഞിട്ടുണ്ട്. മലയാള സിനിമയിലെ മഹാനായ കലാകാരന്മാരില്‍ ഒരാളാണ് ജഗതി. അദ്ദേഹത്തിന്റെ ധാര്‍മിക-സദാചാര നിലവാരം വിലയിരുത്തി ആ കലാകാരനു മാര്‍ക്കിടുന്ന സമൂഹം ജഗതി എന്ന കലാകാരനെ കാണുന്നേയില്ല എന്നതാണ് യാഥാര്‍ഥ്യം.

ഭാര്യയോടും മക്കളോടുമൊന്നിച്ച് സംതൃപ്തജീവിതം നയിക്കുന്നതുകൊണ്ടും എപ്പോഴും ദൈവത്തെപ്പറ്റിയും മതസൗഹാര്‍ദ്ദത്തെപ്പറ്റിയും സംസാരിക്കുന്നതുകൊണ്ടും യേശുദാസ് മഹാനായ ഗായകനാണ് എന്ന് പറയുന്നതുപോലെയാണ് ഇതും. ദാസേട്ടന്റെ ഉപദ്രവം കൊണ്ട് സംഗീതമെന്ന കരിയര്‍ തന്നെ ഉപേക്ഷിച്ചുപോയവര്‍ ഉണ്ടെന്ന മറുവാദം മുഖ്യധാര ചര്‍ച്ച ചെയ്യാത്തതും അതുകൊണ്ടായിരിക്കാം. ഏതാണ് നല്ല മനുഷ്യന്റെ ലക്ഷണം? സമൂഹത്തെ തൃപ്തിപ്പെടുത്തുന്ന സദാചാരമൂല്യങ്ങളോടെ ജീവിച്ചുകൊണ്ട് ആളുകളെ വേദനിപ്പിക്കുന്നതോ അതോ, സദാചാര-ധാര്‍മിക വിഷയങ്ങളില്‍ സമൂഹത്തെ തൃപ്തിപ്പെടുത്താന്‍ പരിശ്രമിക്കാതെ ആളുകളെ സന്തോഷിപ്പിച്ചുകൊണ്ട് ജീവിക്കുന്നതോ ?

കേരളസമൂഹത്തെ ഏറ്റവും അധികം ചിരിപ്പിച്ചിട്ടുള്ള ജഗതി ശ്രീകുമാര്‍ ഒരു വിശുദ്ധനായ കലാകാരനാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതം എന്താണ് എന്നതുനോക്കി ആ കലാകാരനു മാര്‍ക്കിടുന്നവര്‍ തങ്ങള്‍ ഏത് സിലബസിലാണ് ജീവിക്കുന്നത് എന്നു പരിശോധിക്കുന്നത് നന്നായിരിക്കും. ജഗതി ശ്രീകുമാര്‍ തന്റെ ജീവിതത്തെ സംബന്ധിച്ച ഒരു പ്രധാനകാര്യം പ്രസിദ്ധീകരിച്ചു കാണണം എന്നാഗ്രഹിച്ചു തന്നെയാവണം മംഗളത്തോട് പറഞ്ഞത്. മുമ്പ് ചില ചാനല്‍ ഷോകളിലും അദ്ദേഹം ഇക്കാര്യം പറഞ്ഞിരുന്നു. തന്റെ മൂന്നാമത്തെ മകളെപ്പറ്റി ലോകം അറിയണം എന്നാഗ്രഹിച്ച അമ്പിളിച്ചേട്ടന്‍, രഹസ്യത്തിലുണ്ടായ മക്കളെ കൊന്നും ജീവനോടെ കുഴിച്ചുമൂടിയും ഇമേജ് ക്ലിയറാക്കുന്ന വിശുദ്ധ ശവങ്ങളെക്കാള്‍ മഹാനാണ് എന്നു മനസ്സിലാകണമെങ്കില്‍ സദാചാരക്കോമരത്തിന്റെ വേഷമഴിച്ചു വച്ച് പച്ച മനുഷ്യനായി ചിന്തിക്കണം. അതിന് അല്‍പമെങ്കിലും മനുഷ്യത്വം അവശേഷിക്കണം.

ജഗതിയെ അപമാനിക്കുന്നു എന്നു മുറവിളി കൂട്ടുന്ന കള്ളഫ്രോഡുകളുടെ പ്രധാനദുഖം സത്യത്തില്‍ മറ്റൊന്നാണ്- ആ മകളുടെ അമ്മയാരാണെന്ന കാര്യം ജഗതി വെളിപ്പെടുത്തിയില്ലത്രേ. അമ്പിളിച്ചേട്ടന്‍ നല്ല തെറി പറയുന്ന ആളാണെന്നു കേട്ടിട്ടുണ്ട്. ബോധം വീണിരുന്നെങ്കില്‍ ഈ നെഞ്ചത്തടിക്കുന്ന കള്ളന്മാരെയെല്ലാം നോക്കി അദ്ദേഹം നല്ല പുളിച്ച തെറി വിളിച്ചേനെ എന്നതില്‍ സംശയമില്ല. ജഗതി ശ്രീകുമാറിന്റെ ജീവിതം, അദ്ദേഹത്തിന്റെ സ്വകാര്യത, അദ്ദേഹത്തിന്റെ മകള്‍, അദ്ദേഹം പറഞ്ഞ സത്യങ്ങള്‍. ഇതിനിടയില്‍ സദാചാരം തിരുകിക്കയറ്റി അദ്ദേഹത്തെ വിശുദ്ധവല്‍ക്കരിച്ച് നശിപ്പിക്കാനുള്ള പരിശ്രമം വിജയിക്കുമെന്നു തോന്നുന്നില്ല. കാരണം, പഴയതിനെക്കാള്‍ കരുത്തോടെ നല്ല മറുപടിയുമായി അദ്ദേഹം തിരിച്ചുവരുന്നുണ്ട്.

മംഗളം വാരിക ആ അഭിമുഖം അദ്ദേഹം അപകടത്തില്‍പ്പെട്ട സമയത്ത് തന്നെ പ്രസിദ്ധീകരിച്ച് കോപ്പി കൂടുതല്‍ വില്‍ക്കുന്നു എന്നതാണ് സദാചാരശവങ്ങളുടെ മറ്റൊരു വേവലാതി. മംഗളം വാരികയ്‍ക്ക് ജഗതി ശ്രീകുമാര്‍ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളാണ് അതില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇതൊന്നും പ്രസിദ്ധീകരിക്കരുത് എന്നു ജഗതി പറഞ്ഞിട്ടില്ലെങ്കില്‍ മംഗളം വാരിക ചെയ്തത് 100 ശതമാനം ശരിയാണ്. അപകടം സംഭവിക്കുന്നതിനു മുമ്പ് അച്ചടിച്ചതാണ് വാരിക എന്നു ചിലര്‍ വാദിക്കുന്നുണ്ട്. അത് അപ്രസക്തമാണ്. അപകടം സംഭവിച്ചതുകൊണ്ട് അദ്ദേഹം വെളിപ്പെടുത്തിയ കാര്യങ്ങള്‍ മറച്ചുവയ്‍ക്കേണ്ടതാകുന്നില്ല. അങ്ങനെ മറച്ചുവയ്‍ക്കണമായിരുന്നു എന്നു വാദിക്കുന്നവര്‍ക്ക് സത്യത്തെയും സദാചാരത്തെയും സംബന്ധിച്ച സങ്കല്‍പങ്ങള്‍ ചീഞ്ഞളിഞ്ഞതാണ്. പിന്നെ, അദ്ദേഹം അപകടത്തില്‍പ്പെട്ട സമയത്ത് തന്നെ അഭിമുഖം പ്രസിദ്ധീകരിച്ചുവരികയും മംഗളത്തിന്റെ കോപ്പികള്‍ കൂടുതല്‍ വിറ്റുപോവുകയും ചെയ്തു എന്നതാണ് പ്രശ്നമെങ്കില്‍ അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല.

പത്രപ്രവര്‍ത്തക യൂണിയന്‍ ഫലിതങ്ങള്‍ (ചിരിച്ചാല്‍ കേസു കൊടുക്കും)

ചേട്ടനോടൊപ്പം ഏത് കാട്ടില്‍ വേണമെങ്കിലും ഞാന്‍ വരും എന്നു പറയുന്ന കാമുകിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി റേപ്പ് ചെയ്തിട്ട് ഓടിരക്ഷപെടുന്ന കാമുകനെപ്പോലെയാണ് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ എന്നു ഞാന്‍ പറഞ്ഞാല്‍ ചുമ്മാ കേറി മാനനഷ്ടത്തിനു സൈബര്‍ കേസ് കൊടുക്കരുത്.ഏത് ബാധയെ ഒഴിപ്പിക്കാനും അതിന്റേതായ മന്ത്ര-തന്ത്ര പാക്കേജുകളുണ്ട്. ‘നിന്നെ ഒഴിപ്പിച്ചിരിക്കുന്നു’ എന്നൊരു കടാസിലെഴുതി ഭിത്തിയിലൊട്ടിച്ചു വച്ചാല്‍ ബാധ ഒഴിഞ്ഞുപോകുമെന്നു കരുതുന്ന വ്യാജമന്ത്രവാദികളെപ്പോലെ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗമായിപ്പോയ എന്നെ തുണ്ടുകടലാസുകൊണ്ട് സസ്‍പെന്‍ഡ് ചെയ്ത് പിന്നേം സ്വയം നാറരുതേ എന്നു വിനീതമായി അപേക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ് (ഈ ബ്ലോഗില്‍ എഴുതുന്നതനുസരിച്ചാണ് നടപടി എന്നു കേട്ടിട്ടുണ്ട്).

അല്ലെങ്കിലും കേരളപത്രപത്രപ്രവര്‍ത്തക യൂണിയന്‍ ഭരണസമിതിക്കാര് ഫയങ്കര തൊട്ടാവാടികളാ. നമ്മളെന്തെങ്കിലും തമാശ പറഞ്ഞാല്‍ ചുമ്മാ കേറിയങ്ങു സീരിയസ്സാവും. പിന്നെ യോഗം ചേരലായി പുറത്താക്കലായി. എന്നു കരുതി ക്രൂരന്മാരൊന്നുമല്ല, സാധുക്കളാ. സംഘടന സംസ്ഥാനഭരണസമിതിക്കാര് 2012 ഫെബ്രുവരി 26 ഞായറാഴ്ച കോട്ടയത്ത് യോഗം ചേര്‍ന്ന് എന്തരോ ഒക്കെ കണ്ണംതിരിവുകള്‍ക്ക് എന്നെ പുറത്താക്കിയതായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് നീതിപുലര്‍ത്തണമെങ്കില്‍ എന്നെ പുറത്താക്കുക തന്നെയാണ് വേണ്ടത്. എനിക്കും വിരോധമില്ല.

എന്നെ എന്തു ചെയ്യുമ്പോഴും അത് കേരള പത്രപ്രവര്‍ത്തക യൂണിയനാണല്ലോ ചെയ്യുന്നത് എന്ന നിര്‍വൃതി അനുഭവിക്കാമല്ലോ എന്നു കരുതി ഞാന്‍ അന്നു മുതല്‍ പത്രപ്രവര്‍ത്തനത്തിന്റെ കുറ്റിക്കാട്ടില്‍ പോയിക്കിടക്കുകയാണ്. ബാധയെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ‘ഒഴിഞ്ഞുപോകുന്നോ’ എന്ന ചോദ്യവുമായി 15 ദിവസത്തിനകം ഒരു വിശദീകരണം ബാധയ്‍ക്കു കൊടുക്കുകയും ബാധയുടെ മറുപടി വാങ്ങിയ ശേഷം നടപടി എടുക്കുകയും ചെയ്യണമെന്നാണ് അടിസ്ഥാനചട്ടം. ഇന്നലെ പതിന്നാലാം ദിവസം വൈകിട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു നീട്ടെഴുത്ത് എനിക്കു കിട്ടിയിരിക്കുന്നു. നമ്മള്‍ വല്ലതും എഴുതിയിട്ട് യൂണിയന് ഇഷ്ടമായില്ലെങ്കില്‍ സൈബര്‍ കേസ് കൊടുക്കുമെന്നാണ് പറയുന്നത്. എന്നാലും, ആ കത്ത് എനിക്കിവിടെ പ്രസിദ്ധീകരിക്കാതിരിക്കാനാവുന്നില്ല.

കത്ത് വായിച്ച് കുറെ നേരം ചിരിച്ചു. ഇപ്പോഴും ചിരിച്ചോണ്ടിരിക്കുകയാണ്. നടപടിക്രമങ്ങളൊന്നും ഇപ്പോഴുള്ള ഭരണസമിതിക്കാര്‍ക്ക് അറിയില്ലായിരിക്കാം, ക്ഷമിക്കാം. പത്രക്കാരല്ലേ,ആഗോളപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടാവാം, സ്വാഭാവികം. ഒരു കത്തെങ്കിലും വൃത്തിയായി എഴുതി അയക്കാന്‍ ഇവരൊക്കെ ഇനി എന്നു പഠിക്കാനാണ് ? ഈ പറയുന്ന വിവാദവുമായി ബന്ധപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് എനിക്കു ലഭിക്കുന്ന കടിഞ്ഞൂല്‍ കമ്യൂണിക്കേഷനാണിത്. ഇത് വായിച്ചിട്ട് എനിക്കുള്ള സംശയങ്ങള്‍ ഇവയൊക്കെയാണ്.

1. കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ് ?
2. ബ്ലോഗില്‍ എഴുതിയതാണോ ആക്ഷേപിച്ചതാണോ കുറ്റം ?
3. ഏതു ബ്ലോഗിലാണ് എഴുതിയത് ? എന്ന് ? ഏത് പോസ്റ്റ് ?
4. ആരാണ് ബ്ലോഗിലെഴുതിയത് ?
5. ആക്ഷേപിക്കുന്നത് ഒരു കുറ്റമാണോ ?
6. യൂണിയന്റെ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് എന്നാണ് ചേര്‍ന്നത് ?
7. എങ്ങനെയാണ് കമ്മിറ്റി തീരുമാനമെടുത്തത് ? ഏകകണ്ഠമായിരുന്നോ ?
8. കോട്ടയത്ത് തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നു. അപ്പോള്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെങ്ങനെയാണ് ?
9. സംസ്ഥാന സെക്രട്ടറിയെക്കാള്‍ ശക്തിശാലിയാണോ കോഴിക്കോട് ജില്ലാ സെക്രട്ടറി ?
10.സംസ്ഥാന സമിതി ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം അധമനായ ഈ അംഗത്തെ അറിയിക്കാന്‍ സംസ്ഥാനസമിതിക്ക് സ്വന്തമായി ലെറ്റര്‍പാഡ് ഇല്ലേ ?
11.സംസ്ഥാനസമിതി എടുത്ത തീരുമാനം ഓണ്‍ലൈന്‍ പത്രങ്ങളെ അപ്പോള്‍ തന്നെ അറിയിച്ച ഭാരവാഹികള്‍ എന്നെ ഇതറിയിക്കാന്‍ 14 ദിവസം കാത്തിരുന്നതെന്തിനാണ് ?

ഈ 11 ചോദ്യങ്ങള്‍ക്കും ഉത്തരം തന്നാല്‍ ഞാന്‍ സസ്‍പെന്‍ഡ് ചെയ്യപ്പെടുമോ എന്നു ചോദിക്കരുത്. ഈ നാറിയ സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ‍ഞാന്‍ ലജ്ജിക്കുന്നു എന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. സസ്‍‍പെന്‍ഷനല്ല, ഡിസ്‍മിസലാണ് ഞാനാഗ്രഹിക്കുന്നത്. നേരേ ചൊവ്വേ ഒന്നു സംസ്‍പെന്‍ഡ് ചെയ്യാന്‍ പോലുമറിയാത്ത ഈ ചങ്ങായിമാര്‍ പുറത്താക്കുന്നതെങ്ങനെ എന്നറിയാത്തതുകൊണ്ടാണ് അതു ചെയ്യാത്തത് എന്നു തോന്നുന്നു. ‍ഞാന്‍ പറഞ്ഞില്ലേ, സാധുക്കളാ. ഇനിയിപ്പോ സസ്‍പെന്‍ഷനു വേണ്ടി വേറൊരു കത്തൊന്നും എഴുതാന്‍ മിനക്കെടേണ്ട. എന്നെ സസ്‍പെന്‍ഡ് ചെയ്യാന്‍ തുടങ്ങീട്ട് 15 ദിവസമായി. അവരിങ്ങനെ ചക്രശ്വാസം വലിക്കുന്നത് എനിക്കു കണ്ടുനില്‍ക്കാനാവില്ല. ഞാന്‍ പുറത്തുപൊയ്‍ക്കോളാം. “സംഘടനാതത്വങ്ങളും നടപടിക്രമങ്ങളും ഞങ്ങള്‍ക്കറിയില്ലാത്തതിനാല്‍ നിങ്ങളെ പുറത്താക്കുന്നതില്‍ തടസ്സം നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘടനയെ പ്രസിസന്ധിയിലാക്കാതെ രാജിവച്ച് പോകണമെന്ന് അഭ്യര്‍ഥിക്കുന്നു” എന്നു ഒരു ലെറ്റര്‍പാഡില്‍ എഴുതി അയച്ചാല്‍ അത് കയ്യില്‍ കിട്ടുന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ രാജിവയ്‍ക്കുന്നതായിരിക്കും, ഉറപ്പ്.

അപ്പോള്‍ മുകളിലത്തെ ഹാസ്യസാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സസ്‍പെന്‍ഷനിലായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വളരെ വ്യക്തമായി പറയട്ടെ, അത് അങ്ങ് പള്ളീല്‍പ്പോയി പറഞ്ഞാല്‍ മതി. ഒരംഗത്തെ സസ്‍പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ സംഘടനയുടെ ഭരണഘടനയില്‍ പറയുന്ന നടപടിക്രമങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും പാലിക്കാന്‍ ഭരണസമിതിയോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. അത്ര വിനയം വേണ്ട എന്നാണെങ്കില്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണം. ഈ സംഘടനയ്‍ക്ക് ഭരണഘടനയുണ്ടോ, എന്നിട്ട് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു പറയുന്ന പാര്‍ട്ടികളാണ് ഭരണസമിതിയിലുള്ളതത്രേ (ത്രേ-ന്നെഴുതിയാല്‍ കേസ് കൊടുക്കാന്‍ പറ്റില്ലാട്ടോ). അതുകൊണ്ട് വായിച്ചു പഠിച്ച് എനിക്കെതിരേ നടപടിയെടുക്കുന്നതിനു വേണ്ടി ഭരണഘടനയിലെ പുറത്താക്കല്‍ ചട്ടം കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതിന് സൈബര്‍ കേസ് വേറെ കൊടുക്കരുത്.

ഇടപെടും തോറും എത്രയും വേഗം പുറത്താകണമെന്ന് ആഗ്രഹിക്കുന്ന തരത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍കാര് എന്നെ പരവശനാക്കുകയാണ്. ഇതൊക്കെ വായിച്ച് മനസ്സിലാക്കിയിട്ടോ മുകളില്‍ പറഞ്ഞപോലെ രാജിവയ്‍ക്കാമോ എന്ന് എന്നോടിങ്ങോട്ട് അപേക്ഷിച്ചിട്ടോ സംഘടനക്കാര് എന്നെ പുറത്താക്കുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ്. എങ്കിലും നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വരാജ് പറഞ്ഞതുപോലെ നാട്ടിലുള്ള പത്രപ്രവര്‍ത്തകര്‍ എന്താഗ്രഹിക്കുന്നോ അതുപോലെയേ ഞാന്‍ പ്രവര്‍ത്തിക്കൂ. അവര്‍ പറഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ മല്‍സരിക്കുക പോലും ചെയ്യും.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളെ വിമര്‍ശിച്ചും ആക്ഷേപിച്ചും ജീവിക്കുന്ന പത്രപ്രവര്‍ത്തകരുടേത് മാധ്യമസ്വാതന്ത്ര്യമാണെന്നു സ്ഥാപിക്കുന്ന സംഘടന, സംഘടനയിലെ വൃത്തികേടുകളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവനെ പുറത്താക്കുന്നതാണ് നീതി എന്നു തെളിയിക്കുമ്പോള്‍ എത്ര ലഘൂകരിച്ചു പറഞ്ഞാലും അത് നാറിയ സംഘടനാപ്രവര്‍ത്തനമാണെന്നത് നിഷേധിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം വേണം പക്ഷെ,അംഗങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്ന പുതിയ മുദ്രാവാക്യത്തെ മുറുകെപ്പിടിച്ച് സംഘടനയിലെ രാജവെമ്പാലകളും മനോഹരബോറന്മാരും മുന്നോട്ടുപോകുമ്പോള്‍ കാലം കാലുമടക്കി അടിക്കാതെ ശ്രദ്ധിക്കുക.

സിനിമ കിളവന്‍മാരുടെ കല: ജോര്‍ജ്ജൂട്ടി

സിനിമ കിളവന്‍മാരുടെ കലയാണെന്ന് പ്രമുഖ ചവിട്ടുനാടക കലാകാരന്‍ ജോര്‍ജ്ജൂട്ടി പറഞ്ഞു. ഉപ്പുതറയില്‍ ആരംഭിക്കുന്ന ചവിട്ടുനാടക ഫെസ്റ്റിവലിന്റെ സംഭാവന കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജോര്‍ജ്ജൂട്ടി. ചവിട്ടുനാടകമാണ് സത്യസന്ധമായ കലാരൂപം. കുട്ടികള്‍ ചെറുപ്പത്തില്‍ പലതും പഠിക്കുന്നത് ചവിട്ടില്‍ നിന്നാണ്. ആ ചവിട്ടില്‍ നിന്നുണ്ടായ കലാരൂപമെന്ന നിലയ്ക്ക് ചവിട്ടുനാടകത്തിന് ചരിത്രവുമായും പ്രകൃതിയുമായും ബന്ധമുണ്ട്. എന്നാല്‍, അടുത്ത കാലത്തായി എന്തുകൊണ്ടോ കേരളത്തിലെ ജനങ്ങള്‍ക്ക് കിളവന്മാരുടെ കലയായ സിനിമയോടാണ് താല്‍പര്യം. ഏജ് ഓവറായ കിളവന്‍മാര്‍ ചെറുപ്പക്കാരായി അഭിനയിക്കുന്ന സിനിമകള്‍ കാണുന്നതിലാണ് അവര്‍ക്ക് താല്‍പര്യം. ഇത് ചെറുക്കപ്പെടേണ്ടതാണെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു.

സിനിമ പുരോഗമനം പ്രാപിച്ച കലയാണെന്നാണ് കുട്ടികള്‍ തെറ്റിദ്ധരിക്കുന്നത്. എന്നാല്‍ വാതവും മറ്റും മൂലം കയ്യും കാലും പൊങ്ങാത്ത കിളവന്‍മാരെ ക്രെയിനില്‍ തൂക്കിയെടുത്താണ് സ്റ്റണ്ട് രംഗങ്ങളും മറ്റും ചിത്രീകരിക്കുന്നതെന്ന് അവര്‍ അറിയുന്നില്ല.യാതൊരു ശാരീരിക അധ്വാനവുമില്ലാത്ത കലാരൂപമാണ് സിനിമ. കിളവന്‍മാര്‍ മേക്കപ്പിട്ട് എസി കാരവാനിനുള്ളില്‍ വെടിപറഞ്ഞിരിക്കുകയും സാര്‍ ഷോട്ട് റെഡി എന്നു പറയുുമ്പോള്‍ പോയി എന്തെങ്കിലും ഗോഷ്ഠി കാണിച്ചിട്ട് തിരികെ വന്നിരുന്ന് കോടികള്‍ വാങ്ങിച്ചുകൊണ്ടുപോവുകയാണ്. ഇത്തരത്തില്‍ എല്ലാ കലാരൂപങ്ങളോടുമുള്ള വെല്ലുവിളിയാണ് സിനിമയിലൂടെ ഈ കിളവന്‍മാര്‍ നടത്തുന്നത്. നടിമാരുമായും മറ്റും കെട്ടിമറിയുന്നതിനാണ് ഈ കിളവന്‍മാര്‍ കാശു വാങ്ങുന്നത്. എന്നാല്‍, സാധാരണക്കാരന് ഏതെങ്കിലും നടിയുമായി കെട്ടിമറിയണമെങ്കില്‍ കാശ് അങ്ങോട്ടു കൊടുക്കേണ്ട സ്ഥിതിയാണ്- ജോര്‍ജ്ജൂട്ടി പറഞ്ഞു.

ചവിട്ടുനാടകമാണ് കേരളത്തിന് അനുയോജ്യമായ കലാരൂപം. ശാരീരിക അധ്വാനമുള്ള ഒരേയൊരു കലാരൂപമാണിത്. ഓരോ ചവിട്ടിലും ചെലുത്തുന്ന ശക്തി മിക്കവാറും രോഗങ്ങളെയും അകറ്റിനിര്‍ത്തും. താന്‍ കഴിഞ്ഞ അറുപത് വര്‍ഷമായി ചവിട്ടുനാടകം കളിക്കുന്നുണ്ടെന്നും തന്റെ ചിലഭാഗത്തെയൊഴിച്ചുള്ള ചര്‍മ്മം കണ്ടാല്‍ പ്രായം തോന്നുകേയില്ല എന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. അറിയപ്പെടുന്ന ചവിട്ടുകാരനായതുകൊണ്ടാണ് തന്നെ ചവിട്ടുനാടകം ഫെസ്റ്റിവലിന്റെ സംഭാവനകൂപ്പണ്‍ വില്‍ക്കാന്‍ ക്ഷണിച്ചതെന്നും സിനിമയോടുള്ള ആക്രാന്തം കുറച്ച് ആളുകള്‍ ചവിട്ടുനാടകത്തെ സ്‌നേഹിച്ചു തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉപ്പുതറയില്‍ നിന്നും ചവിട്ടുനാടകം കേരളത്തിലെ എല്ലായിടത്തേക്കും വ്യാപിക്കുന്നതാണ് തന്റെ സ്വപ്നം. സിനിമയ്ക്കു കൊടുക്കുന്നതുപോലെ സംസ്ഥാന ചവിട്ടുനാടക അവാര്‍ഡുകള്‍ നല്‍കുകയും സിനിമക്കാര്‍ അമ്മ സംഘടന രൂപീകരിച്ചതുപോലെ ചവിട്ടുനാടക കലാകാരന്മാര്‍ക്കു വേണ്ടി ചന്ത എന്ന പേരില്‍ സംഘടന രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടുത്ത കാലത്തിറങ്ങിയ തയ്യല്‍ക്കാരി എന്ന സിനിമയില്‍ തയ്യല്‍മെഷീനില്‍ കാല്‍ കുടുങ്ങിയ നായികയുടെ തുട മെഷീനില്‍ നിന്നും രക്ഷിക്കുന്ന സീനില്‍ ജോര്ജ്ജൂട്ടി അഭിനയിച്ചിരുന്നു. സിനിമയ്‌ക്കെതിരേ സംസാരിക്കുന്ന ജോര്‍ജ്ജൂട്ടി എങ്ങനെ അതിനെ ന്യായീകരിക്കും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഒരു ചവിട്ടുനാടകക്കാരനു മാത്രം അഭിനയിച്ചു ഫലിപ്പിക്കാവുന്ന വേഷമായതിനാലാണ് താന്‍ തുടസീനില്‍ അഭിനയിച്ചതെന്നും ആ സീനിലൂടെ ചവിട്ടുനാടകരംഗം സിനിമയുടെ മുകളിലുള്ള വിജയം പ്രഖ്യാപിക്കുകയായിരുന്നെന്നും ജോര്‍ജ്ജൂട്ടി പറഞ്ഞു. ചവിട്ടുനാടകകം ജനങ്ങളിലേക്കെത്തിക്കാന്‍ പഴയ രീതികളെ കൈവിട്ട് ചവിട്ടുനാടകം ഷൂട്ട് ചെയ്ത് സിനിമയായി തിയറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും അത്തരത്തില്‍ തിരുവനന്തപുരം കൈരളിയിലും എറണാകുളം ഷേണായീസിലും കോഴിക്കോട് അപ്‌സരയിലും നാലും അഞ്ചും ഷോ ചവിട്ടുനാടകം കളിക്കുന്ന കാലമാണ് തന്റെ സ്വപ്നമെന്നും വികാരാധീനനായി വിതുമ്പവേ ജോര്‍ജ്ജൂട്ടി ഒരുവിധം പറഞ്ഞൊപ്പിച്ചു.

കുറിപ്പ്: ക്രിക്കറ്റ് മടിയന്‍മാരുടെ കളിയാണെന്നും ശരീരം അനങ്ങി കളിക്കുന്ന ഒരേയൊരു കളി ഫുട്‌ബോളാണെന്നും കോഴിക്കോട്ട് ഇ.കെ.നായനാര്‍ സ്മാരക ഫഉട്‌ബോളിന്റെ ടിക്കറ്റ് വില്‍പനാവേളയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞതുമായി ഇതിന് ജീവിച്ചിരിക്കുന്നവരോ മരിക്കാനിരിക്കുന്നവരോ ആയ ആര്‍ക്കെങ്കിലും എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.

കസ്റ്റമര്‍ റിലേഷന്‍ (കാനറാ ബാങ്ക് അനുഭവം)

2012 ഫെബ്രുവരി 22, ബുധന്‍
രാവിലെ 10.20
തെളിഞ്ഞ കാലാവസ്ഥ

കോഴിക്കോട്-കണ്ണൂര്‍ റോഡില്‍ ചക്കോരത്തുകുളത്തുള്ള കാനറാ ബാങ്ക് ശാഖയിലെ എടിഎമ്മില്‍ ഞാന്‍ കയറുന്നു. കയ്യിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം കാര്‍ഡ് യന്ത്രത്തിന്റെ വായിലേക്കു തിരുകുന്നു. യന്ത്രം കാര്‍ഡ് വിഴുങ്ങി അലസമായിക്കിടക്കുന്നു. സ്ക്രീനിലേക്കു നോക്കുമ്പോള്‍ അന്ധകാരം മാത്രം. ഔട്ട് ഓഫ് കവറേജ് എന്നു ചെറിയ അക്ഷരങ്ങളിലെഴുതിയത് സ്ക്രീനിലൂടെ ഒഴുകി നടക്കുന്നു. എന്റര്‍ ‍, ക്യാന്‍സല്‍ ബട്ടണുകളില്‍ അമര്‍ത്തി നോക്കി. ഇല്ല, യന്ത്രം പ്രതികരിക്കുന്നില്ല. കാര്‍ഡ് തിരികെ വരുന്നുമില്ല.

നേരെ ബാങ്കിലേക്കു കയറി. ഒരു വാതില്‍ തുറന്നിറങ്ങി വന്ന ചെറുപ്പക്കാരന്‍ ‘എന്നാടാ ഉവ്വേ’ എന്ന മട്ടില്‍ നോക്കി. ‘എന്റെ എടിഎം കാര്‍ഡ് യന്ത്രത്തില്‍ കുടുങ്ങി, രക്ഷിക്കണം’ എന്നു പറഞ്ഞതേയുള്ളൂ, ചെറുപ്പക്കാരന്‍ അതേ വാതിലിലൂടെ അകത്തേക്കു കയറി. കൗണ്ടറിലിരുന്ന ഒരു അമ്മച്ചി ‘എന്താ’ എന്നുറക്കെ ചോദിച്ചു. കാര്യം പറഞ്ഞു. അമ്മച്ചി പെട്ടെന്ന് ബഹളം വച്ചു- ‘അവിടെ നിന്ന് മാറി നില്‍ക്ക്, എടിഎമ്മിന്റെ അടുത്ത്ന്ന് മാറി നില്‍ക്ക്, അവിടെ നില്‍ക്കാതെ,അങ്ങോട്ട് മാറി നില്‍ക്ക്…’

ഞാന്‍ ഭയപ്പെട്ടുപോയി. എന്നെ കണ്ടാല്‍ ബാങ്ക് കൊള്ളക്കാരനെപ്പോലെയുണ്ടോ ?
വേഗം ബാങ്കിന്റെ പുറത്തിറങ്ങി നിന്നു.

കാര്‍ഡ് മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വരുമ്പോള്‍ എന്തായാലും വിളിക്കുമല്ലോ. അമ്മച്ചിയുടെ ബിപി കൂട്ടേണ്ട. കുറച്ചുനേരം കഴിഞ്ഞപ്പോള് ചെറുപ്പക്കാരന്‍ കയ്യിലെന്തൊക്കെയോ തപ്പിയെടുത്തുകൊണ്ട് കൗണ്ടറിലേക്കു പോയി. കൗണ്ടറിലിരുന്ന കണ്ണട വച്ച ഒരു യുവതി എന്നോട് ‘അവിടെ പോയി വാങ്ങിച്ചോ’ എന്നു പറഞ്ഞു.

എനിക്കു സന്തോഷമായി. കാര്ഡ് തിരികെ കിട്ടുമെങ്കില്‍ എവിടെ വേണമെങ്കിലും പോകാന്‍ തയ്യാറാണ്. ഞാന്‍ ചെറുപ്പക്കാരന്റെ ലൊക്കേഷന്‍ മനസ്സിലാക്കി അവിടേക്കു നടന്നു. ബാങ്കിന്റെ ഒരു ഭാഗം പൊളിച്ചടുക്കിയതുപോല നിലത്തൊക്കെ എന്തൊക്കെയോ കിടക്കുന്നു. മറ്റേ കഥയില്‍ വെള്ളത്തില്‍ പോയ മഴു മുങ്ങിത്തപ്പിയെടുത്തുകൊണ്ടു വന്ന ദേവതയെപ്പോലെ ചെറുപ്പക്കാരന്‍ കയ്യില്‍ ഏതാനും കാര്‍ഡുകളുമായി കൗണ്ടറിലിരിക്കുന്ന ഒരു സാറിന്റെ അടുക്കല്‍ വന്നു. കൗണ്ടറിനു സമീപം കാത്തുനിന്ന മറ്റൊരു ചെറുപ്പക്കാരന്‍ എന്നോടു ചോദിച്ചു ‘കാര്‍ഡ് മെഷിനില്‍ പോയോ ?’ ഇവിടെ ഇതൊക്കെ സാധാരണയല്ലേ എന്ന മട്ട്.

ഞാന്‍ ഓണപ്പരീക്ഷയുടെ മാര്‍ക്ക് കേള്‍ക്കാന്‍ നില്‍ക്കുന്ന സ്കൂള്‍ വിദ്യാര്ഥിയെപ്പോലെ സാറിന്റെ മുന്നില്‍ നിന്നു. സാറ് മുന്നില്‍ നിന്ന ആളോട് പേരു ചോദിച്ചു. അയാള്‍ പേരു പറഞ്ഞു. അയാളുടെ പേരിലുള്ള കാര്‍ഡ് ചെറുപ്പക്കാരന്റെ കയ്യില്‍ നിന്നു വാങ്ങി മറ്റേ സാറ് എന്തൊക്കെയോ അഭിപ്രായം പറഞ്ഞു. ചെറുപ്പക്കാരന്റെ കയ്യില്‍ എന്റെ കാര്‍ഡ് കണ്ണുകള്‍ കൊണ്ടു പരതുന്നതിനിടയില്‍ ആ ഡയലോഗുകള്‍ ഞാന്‍ ശ്രദ്ധിച്ചില്ല. എന്തായാലും ആ ചെറുപ്പക്കാരന്റെ കാര്‍ഡ് മറ്റേ സാറ് മാറ്റി വച്ചു. ചെറുപ്പക്കാരന്‍ മാറി നിന്നു. എന്നോടു പേരു ചേദിച്ചു, ഞാന്‍ പറഞ്ഞു. സാറ് ഒരു നീല കാര്‍ഡ് വാങ്ങി എന്നോടു പറഞ്ഞു- ‘മിസ്റ്റര്‍ മുരളി, നിങ്ങളുടെ കാര്‍ഡ് എക്‍സ്‍പെയര്‍ ആയിട്ട് ആറു മാസമായി !’

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ഞാന്‍ പറഞ്ഞു- ‘സര്‍,എന്റെ പേരു മുരളിയല്ല,സാറിന്റെ കയ്യിലിരിക്കുന്നത് എന്റെ കാര്‍ഡ് അല്ല… എന്റേത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കാര്‍ഡ് ആണ് !’

സാറിന്റെ മുഖം ഇരുണ്ടു. കടല്‍ക്കൊള്ളക്കാരനെ കണ്ട ഇറ്റാലിയന്‍ ഭടന്റെ ക്രൗര്യത്തോടെ എന്നെ രൂക്ഷമായി നോക്കി. പിന്നെ മുഖം ശാന്തമായി. എന്നിട്ട് ചിരിച്ചുകൊണ്ട്, ശബ്ദത്തില്‍ തീരെ മയമില്ലാതെ ഇങ്ങനെ പറഞ്ഞു- ‘കാനറാ ബാങ്കിന്റെ കാര്‍ഡുകള്‍ മാത്രമേ ഞങ്ങള്‍ തിരിച്ചു നല്‍കുകയുള്ളൂ…’

ഞാന്‍ കര്‍ണപുടങ്ങളെ കൂര്‍പ്പിച്ചുവച്ചു- ‘സര്‍, മനസ്സിലായില്ല…’

‘അതിനുള്ളില്‍ ഇനി വേറെ കാര്‍ഡ് ഇല്ല…അഥവാ കിട്ടിയാലും ഞങ്ങള്‍ തിരിച്ചു തരില്ല’ – സാറ് ഉറച്ച ശബ്ദത്തില്‍ പറഞ്ഞു.

‘സാര്‍,ഞാന്‍ ബാങ്ക് കൊള്ളയടിക്കാന്‍ വന്നതല്ല, പൈസ എടുക്കാന്‍ വേണ്ടി കാര്‍ഡ് എടിഎമ്മിനുള്ളില്‍ ഇട്ടതാണ്’- ക്ഷമയുടെ നിറകുടമായ ഞാന്‍ വിശദീകരിക്കാന്‍ ശ്രമിച്ചു.

‘മനസ്സിലായി,കാനറാ ബാങ്കിന്റെ കാര്‍ഡേ തിരിച്ചു തരൂ, അല്ലാതെ ക്യാപ്‍ചര്‍ ചെയ്യുന്ന കാര്‍ഡുകള്‍ ഞങ്ങള്‍ നശിപ്പിച്ചുകളയും, നിങ്ങള്‍ക്കു തരില്ല’ !

ഞാന്‍ പിന്നെയും ഭയപ്പെട്ടു. ആദ്യമായി എന്റെ എടിഎം കാര്‍ഡിനെ എനിക്കു മിസ് ചെയ്തു. പതിനായിരം വട്ടമെങ്കിലും അമര്‍ത്തിയ പാസ്‍വേഡ‍് എന്റെ വിരലില്‍ നിന്നു വിറച്ചു. എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. ‘ഇറങ്ങിപ്പോടാ ഡാഷേ’ എന്ന മട്ടില്‍ സാറ് എന്നെ നോക്കിയിട്ട് ആദ്യം മാറ്റി വച്ച കാര്‍ഡ് എടുത്ത് മറ്റേ ചെറുപ്പക്കാരനുമായി ചര്‍ച്ച തുടര്‍ന്നു. കാര്‍ഡ് മുങ്ങിത്തപ്പാന്‍ പോയ ചെറുപ്പക്കാരന്‍ എന്നെ ‘എന്നാ പോവല്ലേ’ എന്ന മട്ടില്‍ നോക്കി. ‘ഗ്രേറ്റ്’ എന്നു മാത്രം പറഞ്ഞിട്ട് ഡാഷായ ഞാന്‍ ഇറങ്ങിപ്പോന്നു.

കാവലിന് പട്ടാളക്കാരന്‍ ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കില്‍ എന്നെ ചിലപ്പോള്‍ വെടിവച്ചുകൊന്നേനെ എന്നു ഞാന്‍ ഭയപ്പെടുന്നു. കൊല്ലാതെ വിട്ടതിന് ആ ഒച്ചവച്ച അമ്മച്ചിക്കും ഇറ്റാലിയന്‍ ഭടനെപ്പോലെ ഇടപെട്ട സാറിനും കാനറാ ബാങ്കിനും എന്റെ സ്‍പെഷല്‍ നന്ദി. ഇവിടിപ്പോ കാനറാ ബാങ്ക് എന്നോട് ചെയ്തത് ക്രൂരതയായിപ്പോയെന്നോ തെറ്റായിപ്പോയെന്നോ ഒന്നും എനിക്കഭിപ്രായമില്ല. ബാങ്ക് വന്നു നമ്മുടെ നെഞ്ചത്ത് കേറിയാലും നമ്മള്‍ ചെന്നു ബങ്കിന്റെ നെഞ്ചത്തു കയറിയാലും കേട് എപ്പോഴും നമ്മുടെ പോക്കറ്റിനായിരിക്കും എന്നതിനാല്‍ ബാങ്കിനോട് എനിക്കു പിണക്കമില്ല.

വാല്‍ക്കഷണം:- കാര്‍ഡ് തിരിച്ചു തരില്ല നശിപ്പിച്ചുകളയും എന്ന കാനറാ ബാങ്കിന്റെ പോളിസി ശരിയോ തെറ്റോ എന്നറിയാന്‍ വേണ്ടി കാര്‍ഡ് എനിക്കു തന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ പരിചയക്കാരനായ മാനേജരെ ഫോണില്‍ വിളിച്ചു- ‘അതേയ്, ഞാന്‍ കാനറാ ബാങ്കിന്റെ എടിഎമ്മില്‍ കാശെടുക്കാന്‍ കയറിയായിരുന്നേ…’

‘എന്നിട്ട് ? കാശു പോയോ കാര്‍ഡ് പോയോ ?’ – മാനേജര്‍ എന്റെ ചോദ്യം മുട്ടിച്ചുകളഞ്ഞു.

ലേബല്‍:- എത്ര മനോഹരമായ ആചാരങ്ങള്‍.