തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തിന് ഹെല്‍മെറ്റ് ?

കേരളത്തെ ഹെല്‍മെറ്റ് ധരിപ്പിക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുത്ത് അതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വിജയകരമായി റോഡിലെ അപകടനിരക്ക് കുറയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്. പണ്ടൊക്കെ റോഡിലൂടെ ഹെല്‍മെറ്റ് വച്ചവരൊന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഹെല്‍മെറ്റില്ലാത്ത ഒരാളെ കാണണമെങ്കില്‍ കുറച്ചു പാടുപെടും. നിയമം കര്‍ശനമാക്കിയതിനു ശേഷമുള്ള കണക്കു നോക്കിയാലോ, അപകടങ്ങളില്‍ ഞെട്ടിക്കുന്ന കുറവും. അക്കാര്യത്തില്‍ ഋഷിരാജ് സിങ്ങിനോടു കേരളം കടപ്പെട്ടിരിക്കുന്നു. കുറച്ച് ഉദ്യോഗസ്ഥന്‍മാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കേരളം എല്ലാ രംഗങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായേനെ.

ഇത് ഹെല്‍മെറ്റ് നിയമത്തെ സംബന്ധിച്ചുള്ള വിഹഗവീക്ഷണമാണ്. എക്കണോമിക്‌സില്‍ പറഞ്ഞാല്‍ മാക്രോ ലെവല്‍ അപ്രോച്ച്. ഇനി മൈക്രോ ലെവലിലേക്കു പോയാല്‍ പൊലീസ് ജീപ്പുകള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ജാങ്കോ പയ്യന്‍മാരുടെ കാഴ്ചകളാണെങ്ങും. വിട്ടുവീഴ്ചയില്ലാത്ത പരിശോധന. രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പരിശോധനകളോടൊപ്പം നിയമനടപടികളും കര്‍ശനമാക്കി. ഇനിയങ്ങോട്ടു ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ പിഴ 1500 രൂപയാണ്. ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരില്‍നിന്ന് 3300 രൂപ വീതം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൈക്ക് ചെയ്‌സ് ചെയ്തു പിടിക്കുന്ന പരിപാടിയൊന്നുമില്ല. നമ്പര്‍ എഴുതി ആര്‍ടിഒ ഓഫിസിലേക്കു കൊടുക്കുകയേയുള്ളൂ. പോരെങ്കില്‍ ലൈസന്‍സ് കട്ട് ചെയ്യുന്ന പരിപാടിക്കു പുറമേ ഒരു മാസം മുതല്‍ മൂന്നു മാസം വരെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇത്രയൊക്കെ കര്‍ശനമായി നടപ്പാക്കാന്‍ മാത്രം പ്രധാനപ്പെട്ട സംഗതിയാണോ ഹെല്‍മെറ്റ് എന്നു പലരും സംശയം ചോദിക്കുന്നുണ്ട്. ഒരു സംശയവുമില്ല. തലയുണ്ടെങ്കിലേ ജീവിതമുള്ളൂ. അതുകൊണ്ടാണ് നടുറോഡിലെ ഹെല്‍മെറ്റ് പരിശോധനയ്ക്കു പുറമേ സിനിമയിലും സിനിമയുടെ പോസ്റ്ററിലും വരെ ആളുകല്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ട് എന്നുറപ്പുവരുത്താനും വച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടുള്ളത്.

അടുത്ത കാലത്ത് ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലൂടെ ബൈക്ക് റാലി നടത്തിയപ്പോള്‍ ഹെല്‍മെറ്റ് വച്ചില്ല എന്ന കാരണത്താല്‍ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരേ സിറ്റി ട്രാഫിക് പൊലീസ് കേസെടുക്കുകയും താരത്തെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. മാതൃകയാവേണ്ട സിനിമാതാരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്നാണ് അന്നു ട്രാഫിക് പൊലിസ് പറഞ്ഞത്. അത് ജൂലൈയിലാണ്. ഋഷിരാജ് സിങ്ങിന്റെ ഹെല്‍മെറ്റ് വിപ്ലവം വരുന്നതിനും മുന്‍പ്. ഇന്നു സ്ഥിതി മാറി. ദുല്‍ക്കറല്ല, മമ്മൂട്ടിയായാലും ഇനി ഹെല്‍മെറ്റ് വച്ചേ വണ്ടി വഴിയിലിറക്കൂ.

ജനങ്ങള്‍ക്കു മാതൃകയാവാനുള്ള ഉത്തരവാദിത്വം സിനിമാനടന്‍മാര്‍ക്കും നിയമം പാലിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കും മാത്രമേയുള്ളോ എന്നതാണ് ഇനി അറിയേണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നഗരത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ജന്മതാബ്ദിയോടനുബന്ധിച്ചു നടന്ന ഇരുചക്രവാഹനറാലിയില്‍ നേതാക്കന്‍മാരുടെ മക്കളും യുവനേതാക്കന്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റ് പോയിട്ട് ഒരു മയില്‍പ്പീലി പോലും ചൂടാതെ നൂറുകണക്കിനു ബൈക്കുകളോടിച്ചപ്പോള്‍ ഭക്ത്യാദരപൂര്‍വം എസ്‌കോര്‍ട്ട് പോയത് ഇതേ പൊലീസ് ആണ്. ജീപ്പിന്റെ ബംപറില്‍ കാലുകയറ്റി വച്ച് നിന്ന്, ബോണറ്റ് നീതിപീഠമാക്കി നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസുകാര്‍ക്ക് കേരളാ കോണ്‍ഗ്രസുകാരെ ഇത്രയ്ക്കു പേടിയാണെങ്കില്‍ സാക്ഷാല്‍ കോണ്‍ഗ്രസുകാരെ എന്തു മാത്രം പേടിയായിരിക്കും എന്നാലോചിക്കണം.

കോട്ടയത്ത് നേരത്തേ വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ച വനിതാ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത അതേ പൊലീസുകാരാണ് അഞ്ഞൂറോളം ബൈക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസുകാര്‍ നടത്തിയ പരസ്യമായ നിയമലംഘനത്തിന് മുന്നിലും പിന്നിലും കാവല്‍ നിന്നത് എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഋഷിരാജ് സിങ്ങിന് അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അന്ന് അവിടെ ഹെല്‍മെറ്റില്ലാതെ പോയ എല്ലാവര്‍ക്കും എതിരെ വേണമെന്നില്ല, മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട കേരളാ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍മാര്‍ക്കെതിരെ എങ്കിലും കേസെടുത്ത് അവരെക്കൊണ്ട് പിഴയടപ്പിച്ച് കേരളസമൂഹത്തിന് നല്ലൊരു മാതൃക കാട്ടിക്കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍, വെറുതെ കൊച്ചുപിള്ളേരു പോലും പറയും ഊച്ചാളി പോലീസ് എന്ന്. എന്തിനാ വെറുതെ ഉണ്ടാക്കിയെടുത്ത പേര് കണ്ട കേരളാ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കളഞ്ഞു കുളിക്കുന്നത് ?

ഇതിപ്പോള്‍ കേരളാ കോണ്‍ഗ്രസുകാരുടെ നെഞ്ചത്തു കുതിര കയറാനുള്ള ഒരു പോസ്റ്റാണെന്ന് തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു കാലമാണ് വരുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും സിപിഎമ്മുകാരുമെല്ലാം ഇവിടെ ഇരുചക്രവാഹനറാലികള്‍ നടത്തും. കേരളാ കോണ്‍ഗ്രസുകാരെക്കൊണ്ട് പിഴയടപ്പിക്കണം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ഥം ഭാവിയില്‍ ഇരുചക്രവാഹനറാലികള്‍ നടത്തുന്ന കോണ്‍ഗ്രസുകാരെക്കൊണ്ടും ലീഗുമാകെക്കൊണ്ടും സിപിഎമ്മുകാരെക്കൊണ്ടുമൊക്കെ ഹെല്‍മെറ്റ് വയ്പിക്കണം എന്നു കൂടിയാണ്. തൊലിക്കട്ടിയുള്ളവരുടെ തലയ്്ക്ക് അത്ര കട്ടിയുണ്ടാവില്ല.

കോണ്‍ഗ്രസിലെ ചീമുട്ടകള്‍

എക്കാലവും യൂത്ത് കോണ്‍ഗ്രസുകാരോട് എനിക്കു തോന്നിയിട്ടുള്ള വികാരം സഹതാപമായിരുന്നു. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പിള്ളേരുടെ കയ്യില്‍ നിന്ന് അടിയും ഇടിയും വാങ്ങി പാരമ്പര്യമുള്ള സമരവീര്യം ഇടക്കൊക്കെ അവര്‍ പൊടിതട്ടിയെടുത്തിരുന്നത് അടികിട്ടാന്‍ സാധ്യതയില്ലാത്ത ചില സമരഭൂമികകളിലാണ്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പകര്‍ച്ചപ്പനിക്കെതിരെ ആശുപത്രികള്‍ക്കു മുന്നില്‍ ഇവര്‍ നടത്തിയ സമരങ്ങളും മറ്റും ഉദാഹരണം. ഇപ്പോള്‍ വീണ്ടും വിസ്മയിപ്പിച്ചുകൊണ്ട് ചീമുട്ടകളുമായി സമരമുഖത്ത് അവര്‍ അടരാടുന്നത് ഒരു പാവം പി.സി.ജോര്‍ജിനെതിരെയാണ്.

പാവം പി.സി.ജോര്‍ജ് എന്നു പറഞ്ഞത് നല്ലൊരു ശതമാനം ആളുകള്‍ക്കും ഇഷ്ടമാവില്ല എന്നറിയാം. ചീഫ് വിപ്പിന്റെ വാക്യത്തില്‍ പ്രയോഗങ്ങള്‍ പലതും കുഴപ്പം പിടിച്ചതാണെങ്കിലും കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം നടത്തുന്ന പ്രസ്താവനകളില്‍ ജനവികാരമുണ്ട്. സോളാര്‍ കേസിനെ സംബന്ധിച്ചും തുടര്‍ന്നുള്ള നടപടിക്രമങ്ങളെ സംബന്ധിച്ചും അദ്ദേഹം പറഞ്ഞിട്ടുള്ള പല കാര്യങ്ങളും പാവപ്പെട്ട പല കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും സഹിക്കാവുന്നതല്ല. അധികാരത്തില്‍ തൂങ്ങിക്കിടക്കുക എന്നതിനെക്കാള്‍ മുഖ്യമന്ത്രിക്കസേരയില്‍ തുരുമ്പു പോലെ പറ്റിപ്പിച്ചിടിച്ചിരിക്കുന്ന ഉമ്മന്‍ ചാണ്ടി രാജി വച്ച് മാനം കാക്കണം എന്നത് ആത്മാഭിമാനമുള്ള മലയാളികളുടെയൊക്കെ ആവശ്യമായിരുന്നു. അതു തന്നെയാണ് പി.സി.ജോര്‍ജ് ഏറ്റു പറഞ്ഞതും.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി പി.സി.ജോര്‍ജിനെ തെരുവില്‍ ആക്രമിക്കുന്ന ദൂര്‍ബലരായ യൂത്ത് കോണ്‍ഗ്രസുകാര്‍ അവര്‍ക്കു നിലവിലുള്ള ചീത്തപ്പേര് ഇരട്ടിയാക്കിയിരിക്കുകയാണ്. നാലഞ്ചു ഖദറുകാര്‍ ചേര്‍ന്ന് വഴി തടഞ്ഞതു കൊണ്ടോ ഔദ്യോഗികവാഹനം ത്ല്ലിത്തകര്‍ത്തതുകൊണ്ടോ കരിങ്കൊടി കാണിച്ചതുകൊണ്ടോ നന്നാവുന്ന ഒരാളല്ല പി.സി.ജോര്‍ജ്. അതിനു വേണ്ടി ചെലവഴിക്കുന്ന അധ്വാനം യൂത്ത് കോണ്‍ഗ്രസുകാര്‍ വേറെ എവിടെയെങ്കിലും ചെലവിട്ടാല്‍ പിന്നീട് പശ്ചാത്തപിക്കുന്നത് ഒഴിവാക്കാം. യൂത്ത് കോണ്‍ഗ്രസുകാരും പി.സി.ജോര്‍ജും തമ്മിലുള്ള പ്രകടമായ വ്യത്യാസം ചങ്കുറപ്പാണ്. പറയുന്നത് എന്തെന്നോ എങ്ങനെയെന്നോ എന്നതിനെക്കാള്‍ പറയാനുള്ളത് പറഞ്ഞേ അടങ്ങൂ എന്ന ചങ്കുറപ്പാണ് പി.സി.ജോര്‍ജിന്റെ ഏറ്റവും വലിയ കരുത്ത്. യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് അതൊക്കെ സ്വപ്‌നം കാണാനാവുമോ എന്നതില്‍ എനിക്കു സംശയമുണ്ട്. അല്ലെങ്കിലും വഴിയില്‍ ഒളിച്ചിരുന്ന് വണ്ടിക്ക് കല്ലെറിയുന്നവരുടെ ചങ്കുറപ്പ് എത്രയാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ.

കോണ്‍ഗ്രസ് ആകെ മൊത്തം കേരളത്തില്‍ നശിച്ചുനാമാവശേഷമായിരിക്കുകയാണ്. സമരം പിന്‍വലിക്കുന്നതിലൂടെ വിജയിക്കുന്ന പുതിയ ശൈലിയിലൂടെ സിപിഎമ്മും കേരളത്തെ വിസ്മയിപ്പിച്ചിരിക്കുകയാണ്. അംഹിംസാവാദിയായ മഹാത്മാഗാന്ധിയുടെ അനുയായികള്‍ എന്നവകാശപ്പെടുന്നവര്‍ സര്‍ക്കാര്‍ ചീഫ് വിപ്പിനെ വഴിയില്‍ തടഞ്ഞ് ആക്രമിക്കുന്നത് ക്രൂരവും മൃഗീയവും പൈശാചികവുമാണ്. പി.സി.ജോര്‍ജ് പറയുന്ന കാര്യങ്ങള്‍ക്കു മറുപടിയായി എല്ലാവരും പറയുന്നത് ജോര്‍ജ് നാവടക്കണം, ജോര്‍ജ് മൗനം പാലിക്കണം എന്നൊക്കെയാവുന്നതിന്റെ അര്‍ഥം ജോര്‍ജ് പറയുന്നതില്‍ സത്യം ഒളിഞ്ഞിരിപ്പുണ്ട് എന്നാണ്.

വഴിവക്കില്‍ നിന്ന് വണ്ടിക്കു കല്ലെറിയുന്ന രീതി യൂത്ത് കോണ്‍ഗ്രസ് പോലെയൊരു പാര്‍ട്ടിക്കു ചേരുന്നതല്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ജോര്‍ജ് മറ്റുള്ളവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജോര്‍ജിന്റെ അഴിമതികളും അക്രമങ്ങളും അന്വേഷിച്ചു പുറത്തു കൊണ്ടുവരിക എന്നതാണ് ആരോഗ്യകരമായ പ്രതികാരം. ജനാധിപത്യം എന്നതിന്റെ സാധ്യതകള്‍ ജോര്‍ജിനെപ്പോലെ യൂത്ത് കോണ്‍ഗ്രസുകാര്‍ക്കും ഉപയോഗിക്കാം. അതിനുള്ള ബുദ്ധിയോ വിവേകമോ ഇല്ലെങ്കില്‍ അതുള്ളവരുടെ സഹായം തേടാം. ജഗതി ശ്രീകുമാറിന്റെ കാര്‍ അപകടത്തില്‍ പെട്ടതിനു പിന്നില്‍ പി.സി.ജോര്‍ജ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്കു സമീപത്തുള്ള മീഡിയനില്‍ പി.സി.ജോര്‍ജ് വെളുപ്പാന്‍കാലത്ത് വന്നു മലര്‍ന്നു കിടന്ന് ഇന്നോവ എടുത്തെറിഞ്ഞിട്ടുണ്ടാവാനുള്ള സാധ്യത തള്ളിക്കളയാവുന്നതല്ല. സോളാര്‍ കേസ് അന്വേഷിക്കുന്നതോടൊപ്പം ആരെങ്കിലും അതും അന്വേഷിക്കട്ടെ.

കേരളം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ കൊലപാതകമായ (അങ്ങനെ ഞാന്‍ പറഞ്ഞിട്ടില്ല) ടി.പി.ചന്ദ്രശേഖരന്‍ വധം തെളിയിച്ച കോണ്‍ഗ്രസ് സര്‍ക്കാരും ആഭ്യന്തരമന്ത്രിയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിലെ ഇളംമുറ മറ്റൊരു നേതാവിനെ സമാനമായ രീതിയില്‍ വഴിയില്‍ ആക്രമിക്കുന്നത് കേരളത്തിനും മുന്നണിക്കും ചേര്‍ന്നതല്ല. പി.സി.ജോര്‍ജ് രാജി വച്ചാലും ഇല്ലെങ്കിലും, ആരെങ്കിലും അദ്ദേഹത്തിനു ചെവി കൊടുത്താലും ഇല്ലെങ്കിലും പറയാനുള്ള കാര്യങ്ങള്‍ അദ്ദേഹം പറയുക തന്നെ ചെയ്യും. അത് അങ്ങനെ ഒരിനമാണ്.

ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

എമേര്‍ജിങ് മുതലക്കുളം

നിലവില്‍ മുതലകളെ സ്വന്തം പറമ്പിലെ കുളത്തില്‍ വളര്‍ത്തുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു കൊച്ചുമുതലാളി ഞാനാണെന്ന വിവരം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. കേരളത്തിനെ വികസനക്കുതിപ്പിലേക്ക് നയിക്കുന്നതിന് നിക്ഷേപങ്ങളുമായി വാതിലില്‍ മുട്ടിവിളിക്കുന്ന രാജ്യാന്തര നിക്ഷേപകര്‍ക്കു മുന്നിലേക്ക് ഞാന്‍ എന്‍റെ മുതലക്കുളത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയാണ്. വികസനവിരോധികളും ഹരിത എംഎല്‍എമാരും വെറുതെ ഉടക്കിനു വരരുത്.

മുതലകള്‍ ഒരു ദേശത്തിന്‍റെ ഹരിതകാന്തിയുടെയും ജൈവസമ്പത്തിന്‍റെയും പ്രതീകമാണ്. മുതലക്കുളങ്ങളുടെ വികസനം നാടിന്‍റെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സിമ്പലാണ്. ഇത്തിരി കടലപ്പിണ്ണാക്കും ഇത്തിരി തവിടും ദിവസം രണ്ടു നേരം കുളത്തിലേക്കിട്ടു കൊടുത്താല്‍ പിന്നെ ശര്‍ര്‍ര്‍ര്‍ന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാവും.എമേര്‍ജിങ് മുതലക്കുളം ഒരു നാടിന്‍റെ ഐശ്വര്യത്തിന്‍റെ അപായസൈറനാണ്. അതുകേട്ടുണര്‍ന്ന് കുരവയിടാന്‍ നിക്ഷേപകരെയും ഏജന്‍റുമാരെയും കൂട്ടിക്കൊടുപ്പുകാരെയും ക്ഷണിക്കുന്നു. ആദ്യമായി എമേര്‍ജിങ് മുതലക്കുളം പദ്ധതിയുടെ ലോഗോ ഇവിടെ പ്രകാശനം ചെയ്യുകയാണ്.

മുതലക്കുളം എന്‍റേതാണ്, അതില്‍ വളരുന്ന മുതലകളും എന്‍റേതാണ്. നിക്ഷേപകര്‍ക്ക് കുളം നികത്തി അവിടെ റിസോര്‍ട്ട് പണിയാമെന്നോ, പുതുപ്പണക്കാര്‍ക്ക് മുതലകളെ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കാമെന്നോ വിചാരിക്കേണ്ട. മുതലക്കുളത്തിന്‍റെയോ കുളമടങ്ങുന്ന എസ്റ്റേറ്റിന്‍റെയോ ഹരിജ-ജൈവ സമ്പത്തിനെ പണയം വയ്‍ക്കുന്ന ഒരു പദ്ധതിയും എമേര്‍ജ് ചെയ്യാന്‍ ഞാനോ എന്‍റെ തോഴിമാരോ അനുവദിക്കില്ല. എമേര്‍ജിങ് മുതലക്കുളം കൊണ്ട് പിന്നെ എന്താണ് സാധിക്കുക ? എങ്ങനെ എമേര്‍ജിങ് മുതലക്കുളം പദ്ധതിയില്‍ നിക്ഷേപിക്കാം ?

നിക്ഷേപകര്‍ക്കായി അനേകം അനേകം ഹരിത-ജൈവ പദ്ധതികളാണ് എമേര്‍ജിങ് മുതലക്കുളത്തിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്. ഏതാനും ചില പദ്ധതികളുടെ ചില മിന്നലാട്ടങ്ങള്‍ മാത്രമേ എനിക്കീ ബ്ലോഗിലൂടെ പങ്കു വയ്‍ക്കാന്‍ കഴിയൂ. അതിനു മുമ്പ് എന്‍റെ മുതലക്കുളത്തിന്‍റെ ഏതാണ്ടൊരു ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്കു കാണാം. സാറ്റലൈറ്റ് ചിത്രം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഏതാണ്ട് പാലാ ടൗണിന്‍റെ അത്ര തന്നെയുണ്ട്, മുതലക്കുളം മൊത്തത്തില്.

എമേര്‍ജിങ് മുതലക്കുളം പദ്ധതികളും നിക്ഷേപസാധ്യതകളും (ചെറുതു മുതല്‍ വലുതു വരെ എന്ന ക്രമത്തില്)

1. മുതലക്കുളം ഓര്‍ഗാനിക് ഫുഡ് കോര്ട്ട്- മുതലക്കുളത്തിനു പുറത്ത് ഹൈവേയുടെ സൈഡില്‍ തട്ടുകട,കരിക്ക് വില്‍പന – ഹൈവേയും അതിലൂടെ പോകുന്ന വാഹനങ്ങളുമടക്കം 3000 കോടി രൂപ.

2.മുതലക്കുളം പവര്‍ പ്രോജക്ട്- മുതലക്കുളം ജംക്ഷനിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോമറും അതില്‍ നിന്നുള്ള കറന്‍റും – ഫ്യൂസുകള്‍ ഉള്‍പ്പെടെ 10 കോടി രൂപ.

3. മുതലക്കുളം ക്രോക്കഡൈല്‍ സാങ്ക്ചുറി- നിലവില്‍ ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുതലകളെ ആര്‍ക്കും എപ്പോഴും കയറിക്കാണാനും കൊഞ്ഞനം കുത്തിക്കാണിക്കാനും അവസരമുണ്ട്. എമേര്‍ജിങ് മുതലക്കുളത്തിന്‍റെ ഭാഗമാകുന്നതോടെ അതേ മുതലകളെ അതേ സൗകര്യങ്ങളോടെ 1000 രൂപ ടിക്കറ്റ് വച്ച് കാണിക്കുന്ന പദ്ധതി.- മൂല്യം 10000 കോടി രൂപ (മുതലകളുടെ ജീവിതത്തിനു വില പറയരുത്).

4. മുതലക്കുളം റോക്ക് പാര്‍ക്ക് – മുതലക്കുളത്തിനു പിന്നില്‍ എംഎല്‍എയുടെ മകന്‍ നടത്തുന്ന പാറമടയില്‍ നിക്ഷേപത്തിനു സുവര്‍ണാവസരം. മൃദുലമായ ഭൂമിയുടെ ആഴങ്ങളില്‍ വരെ ചെന്ന് പാറ എന്ന മഹാവിപത്തിന്‍റെ അടിവേരുകള്‍ വരെ പിഴുതെറിയുന്ന പ്രകൃതിജീവനപദ്ധതിയില്‍ വേണമെങ്കില്‍ ഹരിത എംഎല്‍എമാര്‍ക്കും പങ്കു ചേരാം- ആകെ 1000 കോടി രൂപയുടെ മൂല്യം.

5. മുതലക്കുളം എയര്‍പോര്‍ട്ട് – മുതലക്കുളത്തിന് 75 കിലോമീറ്റര്‍ സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തരവിമാനത്താവളം. അങ്കമാലി-കാലടിയില്‍ നിന്നോ ആലുവ അത്താണിയില്‍ നിന്നോ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിമാനത്താവളത്തിലെത്താം- വിമാനത്താവളവും അവിടെ വന്നിറങ്ങുന്ന വിമാനങ്ങളും ആ വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സ്ഥാവരജംഗമവസ്തുക്കളും കിഡ്നി, കരള്‍, കണ്ണ്, ഹൃദയം മുതലായവകളും ഉള്‍പ്പെടെ 50000 കോടി രൂപയുടെ പദ്ധതി. വിമാനത്തില്‍ കയറിയും വിമാനം കണ്ടും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

6. മുതലക്കുളം മെഡിക്കല്‍ ഹബ്- മുതലക്കുളത്തിന്‍റെ ചുറ്റും കിടക്കുന്ന ചെറുപട്ടണങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്ക് നല്ല ചികില്‍സ ലഭ്യമാക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ ഏതെങ്കിലും തിരുമേനിയുടെ അണ്ടറിലേക്ക് ഏല്‍പിച്ചു കൊടുക്കുന്ന പദ്ധതി. മുതലാളിമാരാകുമ്പോള്‍ ചികില്‍സ മോശമായാലും ബില്ല് ഒരിക്കലും മോശമാവില്ല. കേരളസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന നഴ്‍സുമാര്‍ എന്ന വര്‍ഗത്തെ അടിച്ചമര്‍ത്താന്‍ ഇത് നല്ല അവസരമാണ്. ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ള അവയവങ്ങളെ രക്ഷിച്ച് കുടുംബത്തില്‍ പിറന്ന മുതലാളിമാര്‍ക്ക് പിടിപ്പിച്ചു കൊടുക്കുന്ന സോഷ്യലിസവും ഈ മെഡിക്കല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നു- എല്ലാം അടക്കം 20000 കോടി രൂപയുടെ പദ്ധതി.

7. മുതലക്കുളം എജ്യുക്കേഷനല്‍ പാര്‍ക്ക് – കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളെ വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാടിക്കുന്നതിനു വേണ്ടി ഏതെങ്കിലും സ്വകാര്യ കോളജ് മാനേജ്മെന്‍റിനു മറിച്ചു വില്‍ക്കുന്ന പദ്ധതി. പച്ച എംഎല്‍എമാര്‍ വല്ലാതെ എതിര്‍ത്താല്‍ ആകെ പച്ചയണിഞ്ഞു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വേണമെങ്കില്‍ ഒഴിവാക്കും. ഭൂമിദാനം കീമിദാനം എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്ന വികസനവിരോധികളുടെ കണ്ണില്‍പ്പെടാതെ സംഗതി ഒന്നായി മറിച്ചുകൊടുക്കുകയും ചെയ്യാം. – ആകെ 30000 കോടി രൂപയുടെ പദ്ധതി.

8.ട്രാവന്‍കൂര്‍ സ്പിരിച്വല്‍ ഹബ് – പേരില്‍ ഹബുള്ളതുകൊണ്ട് ഇതും രാജ്യാര പദ്ധതിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും പത്മനാഭസ്വാമിയെ ഉള്‍പ്പെടെ ലേലത്തില്‍ വില്‍ക്കാനുള്ള പദ്ധതി. തുറന്ന അറകളും തുറക്കാനുള്ള അറകളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കും അതിന്‍റെ പേരിലുള്ള ആശങ്കകള്‍ക്കും അറുതിയാവുമെന്നു മാത്രമല്ല, നമ്മുടെ ഒരു ദൈവം രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും (മാണിസാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ‍ നിയമനിര്‍മാണം പഠിപ്പിക്കുന്നതുപോലെ)ചെയ്യും. ക്ഷേത്രവും നിലവറകളും സ്വാമിയും ഉള്‍പ്പെടെ 10 ലക്ഷം കോടി രൂപയുടെ പദ്ധതി.

ഇതിനു പുറമേ, പുതുപ്പള്ളിയും പാലായിലും മലപ്പുറത്തും സ്വിസ് ബാങ്ക് എടിഎമ്മുകള്‍, പൂഞ്ഞാറില്‍ മൃഗശാല, ഹരിത എംഎല്‍എമാര്‍ക്ക് നെല്ലിയാമ്പതിയില്‍ വേനല്‍ക്കാല വസതിയും ഉല്ലാസങ്ങളും, മറ്റ് നിര്‍ഗുണ എംഎല്‍എമാര്‍ക്ക് കടലമിട്ടായി, സിപിഎമ്മിന് അക്രമരാഷ്ട്രീയം വെടിഞ്ഞ് നല്ലവഴിക്കു വരുന്നതുവരെ സംയമനം പാലിക്കുന്നതിനായി കടുക്കാവെള്ളം (അതിനു വേണ്ടി കണ്ണൂരില്‍ കടുക്കാ പാര്‍ക്ക് സ്ഥാപിക്കും), ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആസനത്തില്‍ തിരുകാന്‍ അഞ്ചടിയുള്ള ഉരുക്കുപാരകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എമേര്‍ജിങ് മുതലക്കുളം പദ്ധതി വരുന്നതോടെ കേരളവും മുതലക്കുളവും ലോകഭൂപടത്തില്‍ ഇല്ലാതാവും അല്ല, സ്ഥാനം പിടിക്കും.

വെള്ളാപ്പള്ളിയെ ആരാധിക്കാന്‍ കൊള്ളില്ലേ ?

വെള്ളാപ്പള്ളി നടേശനെ ആരാധിച്ചാല്‍ സാസ്കാരികകേരളത്തിന്റെ സാക്ഷരമൂല്യങ്ങള്‍ പൊളിഞ്ഞുപാളീസാവുമോ ? കോട്ടയത്ത് വെള്ളാപ്പള്ളി നടേശന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിനെ സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തതുപോലെ എന്തോ സംഭവമാണെന്ന മട്ടില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ സംശയമാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുന്നു എന്നവകാശപ്പെടുന്നവര്‍ നടത്തുന്ന അധ്വാനവും വേലകളും ദിവസേന സഹിക്കുന്ന സാധാരണക്കാരനെന്ന നിലയ്‍ക്ക് അവരെക്കാളൊക്കെ ആരാധിക്കപ്പെടാന്‍ യോഗ്യനായ ആളാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

വെളളാപ്പളളി നടേശന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കോട്ടയത്താണ് അദ്ദേഹത്തിന്റെ ആരാധകര്‍ സംഘടന രൂപീകരിച്ചത്‌. അസോസിയേഷന്റെ പേരില്‍ കോട്ടയം തിരുനക്കരയില്‍ ഗാന്ധിപ്രതിമയോട്‌ ചേര്‍ന്ന്‌ വെള്ളാപ്പള്ളിയുടെ ചിതം പതിപ്പിച്ച വലിയ ബോര്‍ഡും സ്‌ഥാപിച്ചിട്ടുണ്ട്‌.അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരും ഫോണ്‍ നമ്പരും ബോര്‍ഡിലുണ്ട്. കേരളത്തിലുടനീളം അസോസിയേഷന്‍ രൂപീകരിക്കുന്നതിന്റെ തുടക്കമായാണ്‌ കോട്ടയത്ത്‌ അസോസിയേഷന്‍ രൂപീകരിച്ചതെന്നാണ്‌ മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘കേരളത്തില്‍ ആദ്യമായാണ്‌ ഒരു സമുദായ നേതാവിന്റെ പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നത്‌. കോട്ടയത്ത്‌ മാന്നാനം, മറിയപ്പള്ളി, പെരുമ്പായിക്കാട്‌ എന്നിവിടങ്ങളിലാണ്‌ ആദ്യമായി ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചത്‌. ആതുരസേവന രംഗത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്‌ വെള്ളാപ്പള്ളിയുടെ പേരില്‍ സംഘടന രൂപീകരിച്ചതെന്ന്‌ സംഘാടകര്‍ വ്യക്‌തമാക്കി. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ ഈ കാലഘട്ടത്തില്‍ ഇത്രയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവ്‌ വെള്ളാപ്പള്ളി മാത്രമാണെന്നും അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റ പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു’ (കടപ്പാട്-മംഗളം).

പലരെപ്പറ്റിയും പ്രസംഗിക്കുമ്പോള്‍ ആരാധ്യനായ നേതാവ്, സമാരാധ്യനായ നേതാവ് എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്നാല്‍ ആരാധിച്ചുകളയാം എന്നു കരുതി ഒരു നേതാവിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നത് ആദ്യമാണ്. ആദ്യമാണ് എന്നതുകൊണ്ടാണ് ഇത് വാര്‍ത്തയാവുന്നത്. വെള്ളാപ്പള്ളിക്ക് ആരാധകരുണ്ട് എന്നത് നിഷേധിക്കാവുന്ന കാര്യവുമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഫാന്‍സുള്ള നാട്ടില്‍ വെള്ളാപ്പള്ളി നടേശനും ഉമ്മന്‍ ചാണ്ടിക്കുമൊക്കെ ഫാന്‍സ് ഉണ്ടായിക്കൂട എന്നു പറയാനൊക്കില്ലല്ലോ.

അസോസിയേഷന്‍ രൂപീകരിച്ചു് അതിന്റെ ഫേസ്‍ബുക്ക് പേജുമുണ്ടാക്കി അതിലെ ലൈക്കുകളുടെ എണ്ണം നോക്കി ജനപ്രീതി നിര്‍ണയിക്കുന്ന കാലത്തേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇനി സ്വാഭാവികമായും മറ്റു നേതാക്കന്മാരും ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയേക്കും. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് എത്ര ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമാകാം എന്നത് ഒരു പ്രശ്നമാവാന്‍ സാധ്യതയുണ്ട്. വെള്ളാപ്പള്ളി ഫാന്‍സിന് എസ്എന്‍ഡിപി അംഗത്വം നിര്‍ബന്ധമായിരിക്കില്ലല്ലോ. ഒരു എന്‍എസ്എസ് അംഗത്തിന് വെള്ളാപ്പള്ളി ഫാന്‍സ് അസോസിയേഷനില്‍ അംഗമാകാമോ ? എസ്എന്‍ഡിപി അംഗങ്ങള്‍ വെള്ളാപ്പള്ളി ഫാന്‍സ് അസോസിയേഷനില്‍ അംഗമായില്ലെങ്കില്‍ കുഴപ്പമുണ്ടോ ? എല്ലാം എന്റെ സ്വന്തം സംശയങ്ങളാണ്.

കഴിഞ്ഞ മാസം, മുണ്ടക്കയം സത്താര്‍ എന്ന മട്ടില്‍ പേരുള്ള ഒരു സഹോദരന്റെ പേരില്‍ കോട്ടയം ജില്ലയിലെ ഒരു ടൗണില്‍ ഫാന്‍സ് അസോസിയേഷന്റെ ബോര്‍ഡുകളും ബോര്‍ഡില്‍ ഗള്‍ഫ് ഗേറ്റ് വച്ച ആരാധ്യന്റെ ചിത്രവും കണ്ടിരുന്നു. നമ്മളറിയാതെ ഏത് സെലബ്രിറ്റി എന്നു കരുതി അന്വേഷിച്ചപ്പോളറിഞ്ഞത്-സഹോദരന്‍ ഏതോ ഗാനമേള ട്രൂപ്പിലെ ഗായകനാണ്. പ്രാദേശിക ചാനലിലെ സംഗീത ആല്‍ബത്തില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡും അദ്ദേഹം തന്നെ സ്ഥാപിച്ചതാണ്. ഈ ഫാന്‍സ് അസോസിയേഷന്‍കാരുടെ കാര്യവും അവരുടെ ഡെഡിക്കേഷനും മറ്റും കാണുമ്പോള്‍ ഓള്‍ കേരളാ ഫാന്‍സ് അസോസിയേഷന്‍സ് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഫാന്‍സിനെ ആരാധിക്കാന്‍ വേണ്ടി ഒരു സംഘടന അങ്ങുണ്ടാക്കിയാലോ എന്നു തോന്നിപ്പോകുന്നു.

പത്രപ്രവര്‍ത്തക യൂണിയന്‍ ഫലിതങ്ങള്‍ (ചിരിച്ചാല്‍ കേസു കൊടുക്കും)

ചേട്ടനോടൊപ്പം ഏത് കാട്ടില്‍ വേണമെങ്കിലും ഞാന്‍ വരും എന്നു പറയുന്ന കാമുകിയെ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി റേപ്പ് ചെയ്തിട്ട് ഓടിരക്ഷപെടുന്ന കാമുകനെപ്പോലെയാണ് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ എന്നു ഞാന്‍ പറഞ്ഞാല്‍ ചുമ്മാ കേറി മാനനഷ്ടത്തിനു സൈബര്‍ കേസ് കൊടുക്കരുത്.ഏത് ബാധയെ ഒഴിപ്പിക്കാനും അതിന്റേതായ മന്ത്ര-തന്ത്ര പാക്കേജുകളുണ്ട്. ‘നിന്നെ ഒഴിപ്പിച്ചിരിക്കുന്നു’ എന്നൊരു കടാസിലെഴുതി ഭിത്തിയിലൊട്ടിച്ചു വച്ചാല്‍ ബാധ ഒഴിഞ്ഞുപോകുമെന്നു കരുതുന്ന വ്യാജമന്ത്രവാദികളെപ്പോലെ, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗമായിപ്പോയ എന്നെ തുണ്ടുകടലാസുകൊണ്ട് സസ്‍പെന്‍ഡ് ചെയ്ത് പിന്നേം സ്വയം നാറരുതേ എന്നു വിനീതമായി അപേക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ് ഈ പോസ്റ്റ് (ഈ ബ്ലോഗില്‍ എഴുതുന്നതനുസരിച്ചാണ് നടപടി എന്നു കേട്ടിട്ടുണ്ട്).

അല്ലെങ്കിലും കേരളപത്രപത്രപ്രവര്‍ത്തക യൂണിയന്‍ ഭരണസമിതിക്കാര് ഫയങ്കര തൊട്ടാവാടികളാ. നമ്മളെന്തെങ്കിലും തമാശ പറഞ്ഞാല്‍ ചുമ്മാ കേറിയങ്ങു സീരിയസ്സാവും. പിന്നെ യോഗം ചേരലായി പുറത്താക്കലായി. എന്നു കരുതി ക്രൂരന്മാരൊന്നുമല്ല, സാധുക്കളാ. സംഘടന സംസ്ഥാനഭരണസമിതിക്കാര് 2012 ഫെബ്രുവരി 26 ഞായറാഴ്ച കോട്ടയത്ത് യോഗം ചേര്‍ന്ന് എന്തരോ ഒക്കെ കണ്ണംതിരിവുകള്‍ക്ക് എന്നെ പുറത്താക്കിയതായി ഓണ്‍ലൈന്‍ പത്രങ്ങളില്‍ വായിച്ചറിഞ്ഞിരുന്നു. സംഘടനയുടെ ഭാഗത്ത് നിന്നു നോക്കുമ്പോള്‍, അവര്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് നീതിപുലര്‍ത്തണമെങ്കില്‍ എന്നെ പുറത്താക്കുക തന്നെയാണ് വേണ്ടത്. എനിക്കും വിരോധമില്ല.

എന്നെ എന്തു ചെയ്യുമ്പോഴും അത് കേരള പത്രപ്രവര്‍ത്തക യൂണിയനാണല്ലോ ചെയ്യുന്നത് എന്ന നിര്‍വൃതി അനുഭവിക്കാമല്ലോ എന്നു കരുതി ഞാന്‍ അന്നു മുതല്‍ പത്രപ്രവര്‍ത്തനത്തിന്റെ കുറ്റിക്കാട്ടില്‍ പോയിക്കിടക്കുകയാണ്. ബാധയെ ഒഴിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ‘ഒഴിഞ്ഞുപോകുന്നോ’ എന്ന ചോദ്യവുമായി 15 ദിവസത്തിനകം ഒരു വിശദീകരണം ബാധയ്‍ക്കു കൊടുക്കുകയും ബാധയുടെ മറുപടി വാങ്ങിയ ശേഷം നടപടി എടുക്കുകയും ചെയ്യണമെന്നാണ് അടിസ്ഥാനചട്ടം. ഇന്നലെ പതിന്നാലാം ദിവസം വൈകിട്ട് കേരളപത്രപ്രവര്‍ത്തക യൂണിയന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒരു നീട്ടെഴുത്ത് എനിക്കു കിട്ടിയിരിക്കുന്നു. നമ്മള്‍ വല്ലതും എഴുതിയിട്ട് യൂണിയന് ഇഷ്ടമായില്ലെങ്കില്‍ സൈബര്‍ കേസ് കൊടുക്കുമെന്നാണ് പറയുന്നത്. എന്നാലും, ആ കത്ത് എനിക്കിവിടെ പ്രസിദ്ധീകരിക്കാതിരിക്കാനാവുന്നില്ല.

കത്ത് വായിച്ച് കുറെ നേരം ചിരിച്ചു. ഇപ്പോഴും ചിരിച്ചോണ്ടിരിക്കുകയാണ്. നടപടിക്രമങ്ങളൊന്നും ഇപ്പോഴുള്ള ഭരണസമിതിക്കാര്‍ക്ക് അറിയില്ലായിരിക്കാം, ക്ഷമിക്കാം. പത്രക്കാരല്ലേ,ആഗോളപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ വീഴ്ചകളുണ്ടാവാം, സ്വാഭാവികം. ഒരു കത്തെങ്കിലും വൃത്തിയായി എഴുതി അയക്കാന്‍ ഇവരൊക്കെ ഇനി എന്നു പഠിക്കാനാണ് ? ഈ പറയുന്ന വിവാദവുമായി ബന്ധപ്പെട്ട് കേരളപത്രപ്രവര്‍ത്തക യൂണിയനില്‍ നിന്ന് എനിക്കു ലഭിക്കുന്ന കടിഞ്ഞൂല്‍ കമ്യൂണിക്കേഷനാണിത്. ഇത് വായിച്ചിട്ട് എനിക്കുള്ള സംശയങ്ങള്‍ ഇവയൊക്കെയാണ്.

1. കേരള പത്രപ്രവര്‍ത്തക യൂണിയനെ ആക്ഷേപിച്ചത് ആരാണ് ?
2. ബ്ലോഗില്‍ എഴുതിയതാണോ ആക്ഷേപിച്ചതാണോ കുറ്റം ?
3. ഏതു ബ്ലോഗിലാണ് എഴുതിയത് ? എന്ന് ? ഏത് പോസ്റ്റ് ?
4. ആരാണ് ബ്ലോഗിലെഴുതിയത് ?
5. ആക്ഷേപിക്കുന്നത് ഒരു കുറ്റമാണോ ?
6. യൂണിയന്റെ സംസ്ഥാന കമ്മിറ്റി കോട്ടയത്ത് എന്നാണ് ചേര്‍ന്നത് ?
7. എങ്ങനെയാണ് കമ്മിറ്റി തീരുമാനമെടുത്തത് ? ഏകകണ്ഠമായിരുന്നോ ?
8. കോട്ടയത്ത് തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നു. അപ്പോള്‍ കോഴിക്കോട്ട് നടപ്പാക്കുന്നതെങ്ങനെയാണ് ?
9. സംസ്ഥാന സെക്രട്ടറിയെക്കാള്‍ ശക്തിശാലിയാണോ കോഴിക്കോട് ജില്ലാ സെക്രട്ടറി ?
10.സംസ്ഥാന സമിതി ഇങ്ങനൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അക്കാര്യം അധമനായ ഈ അംഗത്തെ അറിയിക്കാന്‍ സംസ്ഥാനസമിതിക്ക് സ്വന്തമായി ലെറ്റര്‍പാഡ് ഇല്ലേ ?
11.സംസ്ഥാനസമിതി എടുത്ത തീരുമാനം ഓണ്‍ലൈന്‍ പത്രങ്ങളെ അപ്പോള്‍ തന്നെ അറിയിച്ച ഭാരവാഹികള്‍ എന്നെ ഇതറിയിക്കാന്‍ 14 ദിവസം കാത്തിരുന്നതെന്തിനാണ് ?

ഈ 11 ചോദ്യങ്ങള്‍ക്കും ഉത്തരം തന്നാല്‍ ഞാന്‍ സസ്‍പെന്‍ഡ് ചെയ്യപ്പെടുമോ എന്നു ചോദിക്കരുത്. ഈ നാറിയ സംഘടനയില്‍ അംഗമായിരിക്കുന്നതില്‍ ‍ഞാന്‍ ലജ്ജിക്കുന്നു എന്നു പണ്ടേ പറഞ്ഞിട്ടുള്ളതാണ്. സസ്‍‍പെന്‍ഷനല്ല, ഡിസ്‍മിസലാണ് ഞാനാഗ്രഹിക്കുന്നത്. നേരേ ചൊവ്വേ ഒന്നു സംസ്‍പെന്‍ഡ് ചെയ്യാന്‍ പോലുമറിയാത്ത ഈ ചങ്ങായിമാര്‍ പുറത്താക്കുന്നതെങ്ങനെ എന്നറിയാത്തതുകൊണ്ടാണ് അതു ചെയ്യാത്തത് എന്നു തോന്നുന്നു. ‍ഞാന്‍ പറഞ്ഞില്ലേ, സാധുക്കളാ. ഇനിയിപ്പോ സസ്‍പെന്‍ഷനു വേണ്ടി വേറൊരു കത്തൊന്നും എഴുതാന്‍ മിനക്കെടേണ്ട. എന്നെ സസ്‍പെന്‍ഡ് ചെയ്യാന്‍ തുടങ്ങീട്ട് 15 ദിവസമായി. അവരിങ്ങനെ ചക്രശ്വാസം വലിക്കുന്നത് എനിക്കു കണ്ടുനില്‍ക്കാനാവില്ല. ഞാന്‍ പുറത്തുപൊയ്‍ക്കോളാം. “സംഘടനാതത്വങ്ങളും നടപടിക്രമങ്ങളും ഞങ്ങള്‍ക്കറിയില്ലാത്തതിനാല്‍ നിങ്ങളെ പുറത്താക്കുന്നതില്‍ തടസ്സം നേരിട്ടിരിക്കുന്ന സാഹചര്യത്തില്‍ സംഘടനയെ പ്രസിസന്ധിയിലാക്കാതെ രാജിവച്ച് പോകണമെന്ന് അഭ്യര്‍ഥിക്കുന്നു” എന്നു ഒരു ലെറ്റര്‍പാഡില്‍ എഴുതി അയച്ചാല്‍ അത് കയ്യില്‍ കിട്ടുന്നതിന്റെ പിറ്റേ ദിവസം തന്നെ ഞാന്‍ രാജിവയ്‍ക്കുന്നതായിരിക്കും, ഉറപ്പ്.

അപ്പോള്‍ മുകളിലത്തെ ഹാസ്യസാഹിത്യത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ സസ്‍പെന്‍ഷനിലായി എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ വളരെ വ്യക്തമായി പറയട്ടെ, അത് അങ്ങ് പള്ളീല്‍പ്പോയി പറഞ്ഞാല്‍ മതി. ഒരംഗത്തെ സസ്‍പെന്‍ഡ് ചെയ്യുന്നതിനോ പുറത്താക്കുന്നതിനോ സംഘടനയുടെ ഭരണഘടനയില്‍ പറയുന്ന നടപടിക്രമങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം എങ്കിലും പാലിക്കാന്‍ ഭരണസമിതിയോട് ഞാന്‍ വിനയപൂര്‍വം അപേക്ഷിക്കുകയാണ്. അത്ര വിനയം വേണ്ട എന്നാണെങ്കില്‍ ഇതൊരു വെല്ലുവിളിയായി സ്വീകരിക്കണം. ഈ സംഘടനയ്‍ക്ക് ഭരണഘടനയുണ്ടോ, എന്നിട്ട് ഞങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലല്ലോ എന്നു പറയുന്ന പാര്‍ട്ടികളാണ് ഭരണസമിതിയിലുള്ളതത്രേ (ത്രേ-ന്നെഴുതിയാല്‍ കേസ് കൊടുക്കാന്‍ പറ്റില്ലാട്ടോ). അതുകൊണ്ട് വായിച്ചു പഠിച്ച് എനിക്കെതിരേ നടപടിയെടുക്കുന്നതിനു വേണ്ടി ഭരണഘടനയിലെ പുറത്താക്കല്‍ ചട്ടം കൂടി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇതിന് സൈബര്‍ കേസ് വേറെ കൊടുക്കരുത്.

ഇടപെടും തോറും എത്രയും വേഗം പുറത്താകണമെന്ന് ആഗ്രഹിക്കുന്ന തരത്തില്‍ കേരള പത്രപ്രവര്‍ത്തകയൂണിയന്‍കാര് എന്നെ പരവശനാക്കുകയാണ്. ഇതൊക്കെ വായിച്ച് മനസ്സിലാക്കിയിട്ടോ മുകളില്‍ പറഞ്ഞപോലെ രാജിവയ്‍ക്കാമോ എന്ന് എന്നോടിങ്ങോട്ട് അപേക്ഷിച്ചിട്ടോ സംഘടനക്കാര് എന്നെ പുറത്താക്കുന്ന സുദിനത്തിനായി കാത്തിരിക്കുകയാണ്. എങ്കിലും നെയ്യാറ്റിന്‍കരക്കാരന്‍ ശെല്‍വരാജ് പറഞ്ഞതുപോലെ നാട്ടിലുള്ള പത്രപ്രവര്‍ത്തകര്‍ എന്താഗ്രഹിക്കുന്നോ അതുപോലെയേ ഞാന്‍ പ്രവര്‍ത്തിക്കൂ. അവര്‍ പറഞ്ഞാല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി നെയ്യാറ്റിന്‍കരയില്‍ മല്‍സരിക്കുക പോലും ചെയ്യും.

ലേഖനങ്ങളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളെ വിമര്‍ശിച്ചും ആക്ഷേപിച്ചും ജീവിക്കുന്ന പത്രപ്രവര്‍ത്തകരുടേത് മാധ്യമസ്വാതന്ത്ര്യമാണെന്നു സ്ഥാപിക്കുന്ന സംഘടന, സംഘടനയിലെ വൃത്തികേടുകളെ ആരെങ്കിലും ആക്ഷേപിച്ചാല്‍ അവനെ പുറത്താക്കുന്നതാണ് നീതി എന്നു തെളിയിക്കുമ്പോള്‍ എത്ര ലഘൂകരിച്ചു പറഞ്ഞാലും അത് നാറിയ സംഘടനാപ്രവര്‍ത്തനമാണെന്നത് നിഷേധിക്കാനാവില്ല. മാധ്യമസ്വാതന്ത്ര്യം വേണം പക്ഷെ,അംഗങ്ങള്‍ക്ക് അഭിപ്രായസ്വാതന്ത്ര്യം പാടില്ല എന്ന പുതിയ മുദ്രാവാക്യത്തെ മുറുകെപ്പിടിച്ച് സംഘടനയിലെ രാജവെമ്പാലകളും മനോഹരബോറന്മാരും മുന്നോട്ടുപോകുമ്പോള്‍ കാലം കാലുമടക്കി അടിക്കാതെ ശ്രദ്ധിക്കുക.

കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കണമെന്ന് ഒബാമ

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രസിഡന്റ് ഒബാമയും ആവശ്യപ്പെട്ടു. കൊച്ചുകുട്ടികളടക്കം കൊച്ചിയിലെ മിക്കവാറും ആളുകളും ഇംഗ്ലിഷാണ് സംസാരിക്കുന്നത്.ഇംഗ്ലിഷ് ലോകഭാഷയാണെന്നാണു പറയുന്നെങ്കിലും അമേരിക്കയുടെ ഔദ്യോഗിക ഭാഷയാണ്. ആ മനോഹരഭാഷ സംസാരിക്കുകയും അമേരിക്കയില്‍ ജനിക്കേണ്ടവരാണെന്ന മട്ടില്‍ കട്ട ജാഡയിറക്കുകയും ചെയ്യുന്ന ആളുകളെ കേരളത്തില്‍ കിടന്ന് നരകിക്കാന്‍ തങ്ങളനുവദിക്കില്ലെന്നും എന്നാല്‍ തുറമുഖം അടക്കമുള്ള സെറ്റപ്പുകള്‍ അമേരിക്കയിലേക്കു പറിച്ചു നടാന്‍ പറ്റാത്തതിനാല്‍ കൊച്ചിയെ അമേരിക്കയുടെ ഭാഗമായി എഴുതിക്കൊടുക്കണമെന്നും ഒബാമ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി കേരളം അമേരിക്കയെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിലുള്ള അമേരിക്കക്കാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊച്ചിയെ അമേരിക്കയോടു ചേര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കൊച്ചി കടപ്പുറത്ത് മലയാളികള്‍ ബന്ദികളാക്കി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന അയ്യായിരത്തോളം അമേരിക്കന്‍ വനിതകളെ മോചിപ്പിച്ച് ഒരു കണ്ടെയ്‍നറില്‍ കയറ്റി അയച്ചതായി അമേരിക്കന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ വനിതകളെ പീഡിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും അതിനുള്ള അവകാശം തങ്ങള്‍ക്കു മാത്രമണുള്ളതെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.കൊച്ചിയും അമേരിക്കയും പ്രശ്നം രമ്യമായി പറഞ്ഞുതീര്‍ക്കണമെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ ഒരു കാര്യങ്ങളിലും തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയെ സൗദി അറേബ്യയോട് ചേര്‍ക്കണമെന്ന് സൗദി രാജാവിന്റെ കൊട്ടാരത്തിലെ അടിച്ചുതെളിക്കാരന്‍ ആവശ്യപ്പെട്ടു.മലപ്പുറത്തുള്ള മിക്കവാറും ആളുകള്‍ക്കും അറബിക് സംസാരിക്കാനറിയാം. അറബിക് സംസാരിക്കുന്ന ജില്ല എന്ന നിലയില്‍ മാത്രമല്ല, മലപ്പുറത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വീട്ടിലേക്ക് അയക്കുന്ന റിയാലുകളാണ്. കേരളസര്‍ക്കാര്‍ ഈ റിയാലുകളുടെ നികുതി ഈടാക്കി ധൂര്‍ത്തടിക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മലപ്പുറത്തെ സൗദിയുടെ ഭാഗമാറ്റി മാറ്റണമെന്നും സൗദി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അതേ സമയം, കണ്ണൂര്‍ ജില്ലയെ ചൈനയുടെ ഭാഗമാക്കണമെന്ന ആവശ്യമായി ചൈനയില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനം നടന്നു.കണ്ണൂരില്‍ ആരും ചൈനീസ് സംസാരിക്കുന്നില്ലെങ്കിലും അവിടെ പലര്‍ക്കും ചൈനയോടാണ് കൂറ് എന്നതിനാലും അത്തരത്തില്‍ ചൈനയില്‍ ചേരാനാഗ്രഹിക്കുന്ന ഒരു ജനതയെ മറ്റേതെങ്കിലും രാജ്യം പിടിച്ചടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയുമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ ആവശ്യപ്പെടുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി ചൈനയിലെ സ്ഥിതിവിശേഷമാണുള്ളത്.കണ്ണൂരിലെ ജനങ്ങളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.ഇത്തരത്തില്‍ കോണ്‍ഗ്രസുകാര്‍,സഖാവ് എന്നു വിളിച്ചാപേക്ഷിച്ച്, വളഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്ന 10000 പാര്‍ട്ടിപ്രവര്‍ത്തകരെ കേരളാ സിപിഎം പ്രവര്‍ത്തകര്‍ രക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിസ്സഹായനാണെന്നും കേരളത്തിലെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് ഇടപെടാനാവില്ലെന്നും പറഞ്ഞിരിിക്കുന്നതിനാല്‍ കണ്ണൂരിനെ റിപബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസംഘടന മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയ്‍്ക്കു ചുറ്റും മനുഷ്യച്ചങ്ങല നടത്താന്‍ കേരളത്തിലെ സിപിഎം തീരുമാനിച്ചു.ലോകത്ത് ഞെട്ടിക്കുന്ന മാറ്റങ്ങള്‍ക്കു വഴിവച്ചിട്ടുള്ള സമരമാര്ഗമാണ് മനുഷ്യച്ചങ്ങല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയെ കര്‍ണാടകത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അച്ചായന്‍മാര്‍ കുടിയേറിയിട്ടുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ ഭാഗങ്ങളെ കോട്ടയത്തോട് ചേര്‍ത്ത് കോട്ടയം ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്നു കേരളാ കോണ്‍ഗ്രസ് പ്രവര്‍തത്തകര്‍ ആവശ്യപ്പെട്ടു.കോട്ടയം ഒരു രാജ്യമായി പ്രഖ്യാപിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും കോട്ടയതത്തിനു ചുറ്റും സംരക്ഷണഭിത്തി നിര്‍‍മിക്കുമെന്നും 10 ദിവസത്തിനകം കോട്ടയം രാജ്യമായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ വന്‍പിച്ച നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

കാമുകന്മാരെ വിശ്വസിക്കരുത്

ഇതിപ്പോ ആരോടാണെന്നു ചോദിച്ചാല്‍ എല്ലാവരോടും കൂടിയാണ്. കുറെക്കാലം കാമുകനായിരുന്ന, ഇപ്പോഴും അനേകരുടെ കാമുകനായ ഞാന്‍ തന്നെ ഇതു പറയുമ്പോള്‍ നിങ്ങിത് സീരിയസ്സായി എടുക്കണം. കാരണം, അണ്ടിക്കറപ്പില്ലാത്ത മല്‍ഗോവ മാങ്ങപോലെ നാടന്‍ കാമുകന്മാരുടെ നിലവാരം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ആണുങ്ങളുടെ വില കളയുന്ന ഏര്‍പ്പാടുകളാണ് നാടെങ്ങും നടക്കുന്നത്. ഇങ്ങനെ പോയാല്‍ പണ്ട് ഞാനും ഒരു കാമുകനായിരുന്നു എന്നു പറയാല്‍ ലജ്ജിക്കേണ്ടി വരുമല്ലോ എന്നു കാലേക്കൂട്ടി പരിതപിക്കാന്‍ ഞ‍ാനാഗ്രഹിക്കുകയാണ്.

ഇന്നലെ കോട്ടയത്ത് ഒരു കല്യാണമണ്ഡപത്തില്‍ കാമുകനെ വിശ്വസിച്ച് ഉദയന്‍-സിബി തിരക്കഥ അപ്പാടെ നടപ്പാക്കിയ പെങ്കുട്ടി ഇപ്പോ ശശിയായി വിട്ടിലിരിക്കുന്നു.മുഖ്യമന്ത്രിയുടെ അയല്‍ക്കാരിയായ നഴ്‍സിങ് വിദ്യാര്‍ഥിനിയാണ് നായിക.രാവിലെ 11 മണിക്ക് കല്യാണമണ്ഡപത്തിലേക്ക് പെണ്ണിനെ ആനയിക്കുമ്പോള്‍ കുട്ടി കരയുന്നുണ്ടായിരുന്നത്രേ. അച്ഛനേം അമ്മേനെ പിരിയാനുള്ള സങ്കടം കൊണ്ട് തേങ്ങുന്നതാവുമെന്നു കരുതി(തേങ്ങയാണ്) ആരും മൈന്‍ഡ് ചെയ്തില്ല.കാര്യങ്ങള്‍ പുരോഗമിച്ചു.അച്ഛന് താലിയെടുത്ത് ചെക്കന്റെ കയ്യില്‍ കൊടുത്തു.താലി പെങ്കൊച്ചിന്റെ കഴുത്തിനോടടുത്തപ്പോള്‍ ഇന്‍ജക്ഷനു തൊട്ടുമുമ്പ് പൊട്ടിക്കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പെങ്കൊച്ച് അലറി- എനിക്കീ കല്യാണം വേണ്ടാ )))))))))))))))

ചെക്കന്റെ കൈ അതുവരെ വിറച്ചു കാണില്ല. ചെക്കനും സംഘവും ഞെട്ടി,പെങ്കൊച്ചിന്റെ സംഘം ഞെട്ടി,മേളക്കാരും പൂജാരിയും വിഡോഗ്രാഫര്‍മാരും ഞെട്ടി.മോളെന്താ പറഞ്ഞേ എന്നാരോ ചോദിച്ചുവെന്നു തോന്നുന്നു. ഡയലോഗ് ആവര്‍ത്തിച്ചു. എന്തു കൊണ്ട് വേണ്ട എന്നു തുടങ്ങി അവിടെ ഉന്നയിക്കപ്പെട്ട സകല ചോദ്യങ്ങള്‍ക്കും കുട്ടി അതേ ഡയലോഗ് ആവര്‍ത്തിച്ചു. ചെക്കന്റെ വീട്ടുകാര്‍ക്ക് പണി കിട്ടി എന്നു മനസ്സിലായി. മണ്ഡപത്തിലേക്ക് അതിഥികള്‍ തള്ളിക്കയറി, ഉന്തും തള്ളുമായി. അടി പൊട്ടുമെന്നായപ്പോള്‍ നഴ്‍സിനെ ആരോ പിടിച്ച് മണ്ഡപത്തിലെ ഒരു മുറിയില്‍ പൂട്ടിയിട്ടു.

വൈകാതെ പോലീസ് വന്നു. അപ്പോള്‍ കാര്യങ്ങള്‍ ഉദയന്‍-സിബി തിരക്കഥ പോലെ തെളിഞ്ഞു. പെങ്കൊച്ചിന് പ്ലസ് ടു മുതല്‍ ഒരു പ്രേമമുണ്ടെന്നും വീട്ടുകാര്‍ പൊലീസില്‍ പരാതി കൊടുത്തപ്പോള്‍ നിര്‍ത്തിയതാണെന്നും എന്നാല്‍ മൊബൈലിലൂടെ ബന്ധം തുടര്‍ന്നുവെന്നും ആറു മാസം മുമ്പ് രണ്ടു പേരും കൂടി റജിസ്റ്റര്‍ ചെയ്തുവെന്നും പെങ്കൊച്ച് പറഞ്ഞപ്പോള്‍ ചെക്കനും പാര്‍ട്ടിയും വണ്ടി സ്റ്റാര്‍ട്ടാക്കി. പൊലീസും പെണ്ണിന്റെ പാര്‍ട്ടിയും സദ്യപ്പാര്‍ട്ടിയും മാത്രം ബാക്കിയായി. പൊലീസുകാര്‍ക്കെന്താ ഈ മണ്ഡപത്തില്‍ കാര്യം എന്നാരും ചോദിച്ചില്ല. പെണ്‍പിള്ളേരുടെ മൊബൈല്‍ വീക്ക്‍നെസ്സായ പോലീസ് നഴ്‍സിന്റെ ഫോണ്‍ വാങ്ങി റജിസ്റ്റേര്‍ഡ് കാമുകനെ വിളിച്ചു, തിരക്കഥ പ്രകാരം മണ്ഡപം ഒഴിഞ്ഞു കിടക്കുന്നു, വന്നു കെട്ടിയിട്ടു പോടാ ഉവ്വേ എന്നു പറഞ്ഞു. ദേ വരുന്നേ എന്നും പറഞ്ഞ് കാമുകന്‍ ഫോണ്‍ വച്ചു.അവനെയൊക്കെ അടിക്കാന്‍ പറ്റിയ വാലുള്ള തെരണ്ടി ഇനിയും ജനിച്ചിട്ടില്ല.

അതുകൊണ്ട് കാമുകന്മാരെ, ഒളിച്ചും പാത്തും പെണ്‍പിള്ളേരോട് ഡയലോഗ് അടിക്കുമ്പോള്‍ അതൊക്കെ അവളുമാര്‍ ഹൃദയത്തിന്റെ ഭിത്തികളില്‍ കുത്തിക്കുറിച്ചു വയ്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ അതൊക്കെ പാലിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുണ്ടെന്നും മനസ്സിലാക്കുക.സ്നേഹിക്കാന്‍ ഏത് ക്ണാപ്പനും പറ്റും. നാലു പേരുടെ മുന്നില്‍ സെല്‍ഫ് അറ്റസ്റ്റേഷന്‍ നടത്താനുള്ള ആണത്തമില്ലാത്തവനെ വലിച്ചു തലയില്‍ വയ്‍ക്കാതിരിക്കുന്നതാണ് പെണ്ണുങ്ങളുടെ നല്ല ഭാവിക്കു നല്ലത്.

ലാസ്റ്റ് സീനിനു വേണ്ടി പെങ്കൊച്ച് മിനുങ്ങി നിന്നു. കാമുകന്‍ പാഞ്ഞ് വരുന്നു, വാശിക്കാരനായ അച്ഛന്‍ എന്തേലുമാവട്ടെ എന്നു പറയുന്നു,കെട്ടുന്നു, കാലില്‍ വീഴുന്നു, അനുഗ്രഹിക്കുന്നു, കണ്ണീരണിയുന്നു, കോമഡിക്കാരനായ ആരെങ്കിലും എന്തെങ്കിലും വിഡ്ഡിത്തം പറയുന്നു, ആ സീനില്‍ ഫ്രീസ്….

കാമുകന്‍ മണ്ഡപത്തില്‍ രണ്ടു തവണ വന്നുപോകാനുള്ള നേരമായിട്ടും ആളെ കാണുന്നില്ല. പൊലീസ് പിന്നെയും ഡയല്‍ ചെയ്തു. കാമുകന്‍ സ്വിച്ച് ഓഫ്. നേരം കുറെക്കൂടി കഴിഞ്ഞിട്ടും അവന്റെ സ്വിച്ച് ഓണായതേയില്ല.അവസാനത്തെ സീന്‍ ഉദയന്‍-സിബി ലൈനിലേക്കുയര്‍ന്നില്ല എന്നു മാത്രമല്ല, രാംഗോപാല്‍ വര്‍മയുടെ ലൈനിലേക്ക് ട്രാക്ക് മാറ്റുകയും ചെയ്തു. കെട്ട് നടത്തിയിട്ടു പോകാമെന്നു കരുതിയ പൊലീസിനു പണിയായി. കാമുകന്‍ വരാത്ത സ്ഥിതിത്ത് നഴ്‍സ് കൊച്ചിനേം കൊണ്ട് ചാച്ചന്‍ വീട്ടിലോട്ടു ചെല്ല് എന്നു പറഞ്ഞ് പൊലീസ് ഇറങ്ങാന്‍ തുടങ്ങുമ്പോ ചാച്ചന്‍ തിലകനായി. ഇങ്ങനെയൊരു മകള്‍ എനിക്കില്ല, എനിക്കിവളെ വേണ്ട തുടങ്ങിയ ഡയലോഗുകള്‍ ആവര്‍ത്തിക്കപ്പെട്ടു. പൊട്ടിക്കരച്ചില്‍, മൂക്കുപിഴിച്ചില്‍(അമ്മച്ചിയായിരുന്നിരിക്കണം),പ്രത്യേകതരം മൗനം,മുങ്ങിയ ഏതോ കാമുകന്റെ ആറാംവാരിയെല്ലിനെന്ന പോലെ ചവിട്ടുന്ന പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം.

മകളെ ഉപേക്ഷിച്ച് ചാച്ചനും മറ്റും പോയതോടെ പൊലീസില്‍ ചേരാനെന്ന മട്ടില്‍ പ്രതിശ്രുത വധു കാക്കികളോടൊപ്പം നിന്നു. പിന്നെയും കണ്‍ഫ്യൂഷന്‍. ഒടുവില്‍ ചാച്ചന്റെ ഒരു ബന്ധുവിനെ പിടിച്ച് പെങ്കൊച്ചിനെ അദ്ദേഹത്തോടൊപ്പം അയച്ച് എല്ലാം പറഞ്ഞ് സോള്‍വാക്കിക്കോണം,നല്ലോണം പാലും മുട്ടേമൊക്കെ കഴിക്കണം, എന്നൊക്കെ നല്ല കനത്തില്‍ ഉപദേശിച്ച് ടാറ്റായും കൊടുത്ത് പോലീസ് പോയി.

മര്യാദയ്‍ക്കായിരുന്നെങ്കില്‍ മധുവിധു തിളയ്‍ക്കേണ്ട രാത്രിയില്‍ നഴ്‍്സ് ഉറങ്ങിയിട്ടുണ്ടാവുമോ ആവോ. സ്വിച്ച് ഓഫ് ചെയ്തവന്‍ പിന്നെ ഓണ്‍ ചെയ്തോ എന്നതും അറിയില്ല, അല്ല ഇങ്ങനൊരു പണി കൊടുത്തിട്ട് അവനിനി സ്വിച്ച് ഓണ്‍ ചെയ്തിട്ടു വല്ല കാര്യവുമുണ്ടോന്നുള്ളത് വേറെ ചോദ്യം.അവനെ വിശ്വസിച്ച് റിസ്‍കെടുത്ത പെണ്‍കുട്ടി മണ്ടിയാണെന്ന് പലര്‍ക്കും തോന്നും, എന്നാല്‍ എന്റെ കാഴ്ചപ്പാടില്‍ സ്നേഹിച്ച പുരുഷനു വേണ്ടി (പുരുഷന്‍ എന്നൊരു ഭംഗിക്കു പറഞ്ഞെന്നേയുള്ളൂ)ഇത്രേം റിസ്കെടുത്ത അവള്‍ സ്ത്രീകുലത്തിന്റെ മാനം കാത്തു.

ഇതൊരു ഒറ്റപ്പെട്ട കാമുകനാണെന്നു കരുതരുത്. സമാനമായ സാഹചര്യങ്ങളില്‍ വിവാഹിതയായ വേറൊരു പെണ്‍കുട്ടി ഫസ്ററ് നൈറ്റില്‍ കെട്ടിയോനോട് പ്രേമത്തെ പറ്റി പറയുകയും മനസലിഞ്ഞ കെട്ടിയോന്‍ ഉടനെയൊരു രാഖിയെടുത്ത് അവളുടെ കയ്യില്‍ കെട്ടി അവളെ പെങ്ങളായി പ്രഖ്യാപിക്കുകയും അടുത്ത ദിവസം കാമുകനെ തപ്പിപ്പിടിച്ച് കെട്ടിയവന്‍ തന്നെ കല്യാണ നടത്താന്‍ തുടങ്ങുമ്പോള്‍ കണ്ടവന്റെ കൂടെ ഒരു രാത്രി കഴിഞ്ഞ പെണ്ണിനെ എനിക്കു വേണ്ട എന്നു കാമുകന്‍ പറഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്.

ഇന്ത്യയുടെ അക്രമങ്ങള്‍ അവസാനിപ്പിക്കുക

ഇന്ത്യയുടെ ആത്മാവ് എന്താണെന്നു തിരിച്ചറിഞ്ഞിട്ടുള്ള അപൂര്‍വം ചിലരിലൊരാളായ വിശ്വസാഹിത്യകാരി അരുന്ധതി റോയിക്കെതിരെ ഭരണകൂടം നിലപാടെടുക്കുന്ന ഈ സാഹചര്യത്തില്‍ ലോക്കല്‍, ഇടതുപക്ഷ ബുദ്ധീജിവികള്‍ (വലതുപക്ഷത്ത് ആ വര്‍ഗമില്ല, സോറി) ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ഞാന്‍ ആഹ്വാനം ചെയ്യുന്നു. ഇവിടെ ഭരണകൂടഭീകരത ഉണ്ടെന്നു തിരിച്ചറിഞ്ഞത് മാവോയിസ്റ്റുകളെയും സമാനമായ വിഘടനവാദികളെയും പ്രോല്‍സാഹിപ്പിക്കുകയും തദ്വാരാ സര്‍ക്കാരിനെ പരമാവധി പ്രകോപിപ്പിക്കുകയും ചെയ്തുകൊണ്ട് ഭാവിയില്‍ സമാധാനത്തിനുള്ള ഒരു നൊബേല്‍ സമ്മാനം സ്വന്തമാക്കാനുമുള്ള മൂപ്പത്തിയുടെ പരാക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുക.

ബുക്കറിന്‍റെ തിളക്കം മാഞ്ഞിട്ട് കാലെ കുറെയായി. പിന്നെയെഴുതിയതൊന്നും ആരും വായിച്ചു നോക്കുന്നില്ല. ആന്ദോളനങ്ങളില്‍ പ്രസംഗിച്ചും സര്‍ക്കാരിനെ പ്രകോപിപ്പിച്ചും നടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. മാവോയിസ്റ്റുകള്‍ ജനങ്ങളെ കൊന്നൊടുക്കുന്നത് വളരെ നല്ല കാര്യമാണ് എന്ന ലൈനില്‍ നടത്തിയ പ്രസംഗം വിവാദമായെങ്കിലും ഏതോ ഭ്രാന്തിയുടെ പുലമ്പല്‍ എന്നതിനപ്പുറത്തേക്ക് ആരും സീരിയസായി എടുത്തില്ല.

പക്ഷെ, കശ്മീരിനെ തൊട്ടാല്‍ വിവരമറിയുമെന്ന് വ്യക്തമായി അറിയാവുന്ന അരുന്ധതി രാജ്യത്തിന്‍റെ മര്‍മത്തു തന്നെ പിടിച്ചിരിക്കുകയാണ്. ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍ പ്രസംഗിച്ചതിന്‍റെ പേരില്‍ കേസ് എടുത്തേക്കും എന്ന് അറിയാമായിരുന്നിട്ടും, കാശ്മീരില്‍ നടന്ന സെമിനാറില്‍ അരുന്ധതി അതേ നിലപാടുകള്‍ ആവര്‍ത്തിച്ചത് എന്തിനാണ് ? താനൊഴികെ ബാക്കിയെല്ലാവരും വിഡ്ഢികളാണെന്ന വിശ്വാസത്തോടെ സ്വയം വിഡ്ഢിവേഷം കെട്ടുന്ന വേറെ നാലു കോട്ടയംകാരികളെക്കൂടി എനിക്കറിയാം.

സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം അടുത്ത വര്‍ഷമല്ലെങ്കില്‍ പിന്നത്തെ വര്‍ഷമെങ്കിലും അരുന്ധതി റോയിക്കു കൊടുക്കാന്‍ ദയവുണ്ടാകണം എന്ന് നൊബേല്‍ സമ്മാനസമിതിയോട് നമുക്കഭ്യര്‍ഥിക്കാം. അല്ലെങ്കില്‍ ഇന്ത്യ എന്നൊരു രാജ്യമില്ല എന്നു പോലും ചിലപ്പോള്‍ ആയമ്മ പറഞ്ഞുകളയും. അരുന്ധതി പറഞ്ഞാല്‍ പിന്നെ അപ്പീലില്ല. യുഎന്‍ റജിസ്റ്ററില്‍ നിന്ന് ചിലപ്പോള്‍ ഇന്ത്യയുടെ പേരു വെട്ടിയാലോ ?

അരുന്ധതിയുടെ പ്രസംഗം പൊലീസ് പരിശോധിക്കുന്നു, ചിലപ്പോള്‍ കേസെടുത്തേക്കും അറസ്റ്റ് ചെയ്തേക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ അരുന്ധതി വീട്ടില്‍ ഭയചകിതയായി കഴിയുകയായിരിക്കും എന്നു കരുതരുത്. വിപ്ലവഗാനങ്ങള്‍ പാടി ധീരതയോടെ തിളയ്‍ക്കുന്ന രക്തവുമായിരിക്കാനും സാധ്യതയൊന്നും കാണുന്നില്ല. തന്‍റെ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടു കൂടി വിജയകരമായി വച്ചു എന്ന സന്തോഷത്തില്‍ ടിവി ചാനലുകള്‍ മാറ്റി മാറ്റി വച്ച് തന്നെപ്പറ്റിയുള്ള വാര്‍ത്തകള്‍ കണ്ടു ചിരിക്കുകയായിരിക്കും. ഒരു കോട്ടയംകാരി എന്ന നിലയ്‍ക്ക് അരുന്ധതിയുടെ മൈന്‍ഡ് സെറ്റ് എങ്ങനെയായിരിക്കുമെന്നുള്ള ഒരു കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലും അരുന്ധതി റോയിക്ക് ഫാന്‍സ് അസോസിയേഷന്‍ ഇല്ല എന്ന വിശ്വാസത്തിലുമാണ് ഞാനങ്ങനെ പറഞ്ഞത്. തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു.

അരുന്ധതി റോയി ഒരു ഫ്രോഡാണെന്നൊന്നും ഞാന്‍ പറയില്ല. കുളിയും തേവാരവുമില്ലാതെ അയഞ്ഞ കുപ്പായമിട്ടു നടക്കുന്ന സോ കോള്‍ഡ് ഫ്രോഡ് ബുദ്ധിജീവികളുടെ ലുക്കുണ്ടെങ്കിലും അരുന്ധതി റോയിയോട് ഒരു കോട്ടയംകാരി എന്ന നിലയ്‍ക്ക് എന്ന് ഭയങ്കര ബഹുമാനമാണ്. ഇന്ദിരാ ഗാന്ധിക്കും മാതാ അമൃതാനന്ദമയിക്കും ശേഷം എന്നെ ഭയങ്കരമായി സ്വാധീനിച്ചിട്ടുള്ള മഹത്വ്യക്തിയാണ് അരുന്ധതി റോയി. ആരാധ്യയായ അരുന്ധതിയുടെ വാക്കുകള്‍ ശ്രദ്ധിക്കൂ-

“ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് പറയുന്നവരെയെല്ലാം വിഭജനവാദികളായി ചിത്രീകരിക്കുന്നത് ശരിയല്ല. ബ്രിട്ടീഷുകാര്‍ വിട്ടതോടെ ഇന്ത്യ അധികാരത്തെ കോളനിവത്കരിച്ചു. പൊലീസിലും അര്‍ധസൈനിക വിഭാഗങ്ങളിലും ചേരാതെ ഇന്ത്യാവിരുദ്ധ പ്രതിരോധത്തെ ഏകീകരിക്കാന്‍ കശ്മീര്‍ യുവത തയാറാകണം.കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നില്ല. ചരിത്രപരമായ വസ്തുതയാണിത്.

‘കോളനി മനസ്സായിരുന്നു എന്നും ഇന്ത്യക്ക്. കശ്മീരില്‍ മാത്രമല്ല നാഗാലന്‍ഡ്, മണിപ്പൂര്‍, പഞ്ചാബ് എന്നിവിടങ്ങളിലും നാം ഇതു കണ്ടു. മധ്യ ഇന്ത്യയില്‍ ദരിദ്ര ജനങ്ങളെ കൊന്നൊടുക്കാനാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ ശ്രമിക്കുന്നത്. സൈന്യത്തെ പുറന്തള്ളുകയും സായുധസേനക്കുള്ള പ്രത്യേകാധികാര നിയമം പിന്‍വലിക്കുകയും വേണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. ഇപ്പോഴത്തെ പ്രതിരോധത്തിന് വ്യക്തമായ ലക്ഷ്യനിര്‍ണയം നടത്താനും കശ്മീരികള്‍ തയാറാകണം.”

സ്വന്തം രാജ്യത്തോടുള്ള വിശ്വസ്തതയും കൂറും തള്ളിപ്പറഞ്ഞുകൊണ്ട് ഇന്ത്യാവിരുദ്ധപോരാട്ടത്തിന് ആഹ്വാനം ചെയ്യുന്ന, രാജ്യത്തിന്‍റെ ഭരണഘടന മാറ്റിയെഴുതാന്‍ വെമ്പി നില്‍ക്കുന്ന ഈ വിശ്വസാഹിത്യകാരിയെ എത്രയും വേഗം സമാധാനനൊബേലിനും അതേ ലെവലില്‍ വരുന്ന മറ്റു പുരസ്കാരങ്ങള്‍ക്കും നോമിനേറ്റ് ചെയ്യാന്‍ ഇനിയും എന്താണമാന്തം ഫീകരഭരണകൂടമേ ?

അരുന്ധതിയെ തൊട്ടുകളിച്ചാല്‍ അത് കോട്ടയത്തോടുള്ള വെല്ലുവിളിയായി കാണേണ്ടി വരും. അങ്ങനെ സംഭവിച്ചാല്‍ കോട്ടയം ഒരു പ്രത്യേകരാജ്യമാക്കണമെന്ന ആവശ്യവുമായി ഇവിടെ നിന്നും വേറെ പോരാട്ടം ആരംഭിക്കും. കോട്ടയം ഒരു രാജ്യമായാല്‍ അരുന്ധതി എപ്പോള്‍ പ്രസിഡന്‍റ് ആയെന്നു ചോദിച്ചാല്‍ മതി. അപ്പോള്‍ മഹാത്മാഗാന്ധിയെപ്പോലെ നെല്‍സണ്‍ മണ്ഡേലയെപ്പോലെ അരുന്ധതി റോയിയും ഇന്ത്യയുടെ കോളനിയായ കോട്ടയത്തെ സ്വാതന്ത്ര്യസമരത്തിലൂടെ മോചിപ്പിച്ച ധീരവനിത എന്ന നിലയ്‍ക്ക് ലോകചരിത്രത്തില്‍ എക്കാലവും ആദരിക്കപ്പെടും.

കോട്ടയംകാരായ ഉമ്മന്‍ചാണ്ടിയും മറ്റും ഇതങ്ങ് കേന്ദ്രത്തില്‍ ധരിപ്പിച്ച് അരുന്ധതിക്ക് അത്യാവശ്യത്തിന് രണ്ടോ മൂന്നോ പുരസ്കാരം കൊടുത്ത് രാജ്യത്തിന്‍റെ അഖണ്ഡത കാത്തുസൂക്ഷിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ കശ്മീരും പോകും കോട്ടയവും പോകും. അത്ര തന്നെ.

ഡിസി ബുക്സിന്‍റെ ഇ-ബുക് റീഡര്‍

മലയാള പുസ്തക സാമ്രാജ്യത്തിന്‍റെ കുലപതിയായ ഡിസി ബുക്സ് മൊത്തത്തിലുള്ള പുസ്തകവിപണിയുടെ നിയന്ത്രണം ഏറ്റെടുത്തിട്ട് കാലങ്ങളായി. വിപണിയെക്കാള്‍ ഒരു ചുവടു മുന്‍പേ നടക്കുന്നു എന്നതു തന്നെയാണ് ഡിസി ബുക്സിന്‍റെ കച്ചവടവിജയം. വായന മരിക്കുന്നോ പുനര്‍ജനിക്കുന്നോ എന്നതു നോക്കാതെ വായനയുടെ പോക്ക് എങ്ങോട്ടാണെന്നു നോക്കി അതനുസരിച്ച് പുസ്തകങ്ങള്‍ ഇറക്കി ബിസിനസ് പുഷ്ടിപ്പെടുത്തുന്ന പ്രസ്ഥാനമാണ് ഡിസി. ഇനി വായന ഇ-വായന ആയിപ്പോയാലും പിന്നിലാവരുതെന്നു നിര്‍ബന്ധമുള്ളതിനാലാവണം സ്വന്തമായി ഒരു ഇ-ബുക് റീഡര്‍ തന്നെ പുറത്തിറക്കി ഡിസി ചരിത്രം സൃഷ്ടിക്കുന്നത്.

ഇന്ത്യന്‍ ബ്രൗസര്‍, ഇന്ത്യന്‍ റുപീ ഫോണ്ട് എന്നൊക്കെ പറയുന്നതുപോലെ ഇന്ത്യയില്‍ നിന്ന് ആദ്യത്തെ ഇ-ബുക് റീഡര്‍ എന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ വിങ്ക് ഇ-ബുക് റീഡര്‍ പുറത്തിറക്കിയിരിക്കുന്നത് ബാംഗ്ലൂരില്‍ നിന്നുള്ള ഇസി മീഡിയ ഇന്‍റര്‍നാഷനല്‍ എന്ന പ്രസ്ഥാനമാണെങ്കിലും ഇസിയും ഡിസിയും അടുക്കളയും ആരാമവും പോലെയാണ്. വിങ്കിന്‍റെ പ്രകാശനം നിര്‍വഹിച്ചിരിക്കുന്നതും ഡിസി ബുക്സ് മുതലാളിയായ രവി ഡിസിയാണ്. പ്രദീപ് പാലാഴിയാണ് ഇസി മീഡിയ സിഇഒ. ഡിസിയുമായുള്ള ബന്ധത്തെപ്പറ്റി വിങ്ക് വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്- EC Media is strongly tied to the book world through renowned Kerala-based publishing house DC Books, owners of over 1,00,000 titles.

ഇന്ത്യയില്‍ ഇ-വായന എന്നാല്‍ ഇന്‍റര്‍നെറ്റിലെ വായനയാണെന്നാണ് സങ്കല്‍പം. ഇ-ബുക് റീഡറുകള്‍ അത്ര വ്യാപകമാകും മുമ്പേ ആ വിപണിയില്‍ ഇടപെടല്‍ നടത്താന്‍ കഴിഞ്ഞു എന്നത് ഡിസിയെ സംബന്ധിച്ച് വലിയൊരു ചുവടുവയ്‍പാണ്. ഡിസിയുടെ ഒരു ലക്ഷം പുസ്തകങ്ങളുള്‍പ്പെടെ ആകെ രണ്ടു ലക്ഷം പുസ്തകങ്ങളാണ് വിങ്ക് ഇ-ബുക് റീഡറില്‍ അവതരിപ്പിക്കുന്നത്. മലയാളം ഉള്‍പ്പെടെ 15 ഇന്ത്യന്‍ഭാഷകളിലുള്ള പുസ്തകങ്ങളും ഇതില്‍ ലഭ്യമാണെന്നതാണ് മറ്റൊരു സവിശേഷത. എല്ലാ പേജ് ഫോര്‍മാറ്റുകളും പുറമേ എംപിത്രി എഎസി ഓഡിയോ ഫോര്‍മാറ്റുകളും വിങ്ക് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിങ്ക് എക്സ് റ്റി ആര്‍, വിങ്ക് എക്സ് റ്റി എസ്, വിങ്ക് എക്സ് 3ജി, വിങ്ക് എക്സ് 3ജി പ്ലസ് എന്നീ മോഡലുകളാണ് അവതരിപ്പിക്കുന്നതെങ്കിലും വിങ്ക് എക്സ് റ്റി എസ് ആണ് ഇപ്പോള്‍ ലഭ്യമാകുന്ന മോഡല്‍- വില 11,500 രൂപ. അടുത്തമാസം അവസാനത്തോടെ ലഭ്യമാകുന്ന വിങ്ക് എക്സ് 3ജിക്ക് ഏകദേശം 15000 രൂപയായിരിക്കും വില.

കാല്‍ക്കിലോ ഭാരമുള്ള വിങ്കിന് 300 മണിക്കൂര്‍ അല്ലെങ്കില്‍ പതിനായിരം പേജുകള്‍ക്കുള്ള ബാറ്ററി ബാക് അപ് ആണ് വാഗ്ദാനം ചെയ്യുന്നത്. സ്റ്റാന്‍ഡാര്‍ഡ് 6 ഇഞ്ച് സ്ക്രീനും 2-16 ജിബി മെമ്മറി ശേഷിയുമുണ്ട്. TXT, RTF, PDF, DOC, HTML, EPUB, WOLF, CHM, FB2, DJVU എന്നീ ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യും. വൈഫൈ കണക്റ്റിവിറ്റിയുള്ള ഇ-റീഡറില്‍ www.thewinkstore.com എന്ന വെബ്സൈറ്റില്‍ നിന്നു പുസ്തകങ്ങള്‍ ഡൌണ്‍ലോഡ് ചെയ്തു വായിക്കാം. ഇംഗിഷ്, ഹിന്ദി, മലയാളം, മറാഠി ഭാഷകളിലുള്ള കൃതികളാണ് ആദ്യഘട്ടത്തില്‍. മലയാളത്തിലെ 250 എണ്ണം ഉള്‍പ്പെടെ 2000 കൃതികള്‍ ഇതിനകംതന്നെ വിങ്കില്‍ ഉണ്ടെന്നും വര്‍ഷാവസാനം അര ലക്ഷത്തോളം കൃതികള്‍ ഉണ്ടാകുമെന്നും ഇസി-ഡിസി സഖ്യം ഉറപ്പു നല്‍കുന്നു. എന്നാല്‍, ഈ നിമിഷം വരെ ആ സൈറ്റില്‍ ഇംഗ്ലിഷ് അല്ലാതെ മറ്റൊരു ഭാഷയിലുമുള്ള പുസ്തകങ്ങള്‍ ലഭ്യമല്ല. ആപ്പിള്‍ ഐപാഡിനോടോ ആമസോണ്‍ കിന്‍ഡിലിനോടോ ഇക്കാര്യത്തില്‍ മല്‍സരിക്കേണ്ട കാര്യം ഡിസിക്കില്ല. ഹാര്‍ഡ്‍വെയറുകള്‍ തമ്മിലെന്ത് അന്തരമുണ്ടെങ്കിലും ലഭ്യമാകുന്ന പുസ്തകങ്ങള്‍ തന്നെയാവും വിങ്കിന്‍റെ സ്വീകാര്യതയെ നിര്‍ണയിക്കുന്നത്.