ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

മലയാളി അഥവാ കൊലയാളി

നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ആക്ടിവിസ്റ്റുകളും ഫെമിനിസ്റ്റുകളും മെഴുകുതിരിപ്രകടനക്കാരും മേക്കപ്പ് റൂമിലാണ്. ചാനല്‍ ക്യാമറകളും പത്രറിപ്പോര്‍ട്ടര്‍മാരും ഫേസ്ബുക്ക് ഷെയറുകളുമില്ലാത്ത പ്രതിഷേധങ്ങള്‍ക്ക് അവരുടെ പട്ടി പോവും. അക്‌സ എന്ന നാലുവയസ്സുകാരിയുടെ മരണത്തിനു മുന്നില്‍ അവരുടെ അര്‍ധനിമീലിത നേത്രങ്ങള്‍ ഒന്നു ചിമ്മുന്നു പോലുമില്ല. ആരും ഞെട്ടല്‍ രേഖപ്പെടുത്തുന്നില്ല, അമ്പരക്കുന്നുമില്ല. ഏറ്റവും ക്രൂരമായ രീതിയില്‍ പീഡിപ്പിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും പട്ടിയെപ്പോലെ കുഴിച്ചുമൂടുകയും ചെയ്ത ആ കുഞ്ഞിന്റെ ദേഹം സംസ്‌കരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ തന്നെ വേണ്ടി വന്നു. ഇതാണ് കേരളം. ഇതാണ് നമ്മള്‍ മലയാളികളുടെ ആഗോളനിലവാരസംസ്‌കാരം.

ദില്ലി ബലാല്‍സംഗത്തിനു ശേഷം ഇന്ത്യയില്‍ ഒരക്രമമോ ടിപി വധത്തിനു ശേഷം ഒരു കൊലപാതകമോ നടന്നതായി അറിയാത്ത സാസ്‌കാരിക-ബൗദ്ധിക-സാഹിത്യ-ബുദ്ധിജീവി മൈരുകള്‍ ഈ സംഭവങ്ങള്‍ നടക്കുമ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട് എന്നതൊരു യാഥാര്‍ഥ്യമാണ്. അക്‌സ മുതല്‍ പിന്നോട്ടെണ്ണിയാല്‍ ഒരു നൂറു കരുന്നുകളെങ്കിലും സ്വന്തം മാതാപിതാക്കളുടെയും ബന്ധുക്കളുടെയും കൈകള്‍ കൊണ്ട് പീഡിപ്പിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് സാസ്‌കാരിക കേരളത്തില്‍. എന്നാല്‍ അതൊന്നും കാണാതെയും കേള്‍ക്കാതെയും വൈലോപ്പള്ളിയുടെ മാമ്പഴം ചൊല്ലിച്ചൊല്ലിക്കരഞ്ഞു തളരുകയാണ് ബുദ്ധിജീവികളും ചിന്തകരും മറ്റ് അലവലാതികളും. ഇവരൊക്കെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്താല്‍ അക്‌സ തിരിച്ചുവരുമോ എന്നു ചോദിക്കരുത്. കുഞ്ഞുങ്ങളെ കൊല്ലാതിരിക്കേണ്ടത് പൊലീസ് പിടിക്കും എന്നതുകൊണ്ടു മാത്രമാണ് എന്ന ധാരണയില്‍ നിന്ന് മലയാളി ഏറെ വളര്‍ന്നെങ്കിലേ മനുഷ്യനാവാന്‍ സാധിക്കൂ എന്നതിനാല്‍ പ്രതിഷേധങ്ങളും അര്‍ഥവത്തായ പ്രതികരണങ്ങളും കേരളസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന്റെ കൂടി ഭാഗമാണ്.

ദൈവത്തിന്റെ പ്രതിരൂപങ്ങളായ കുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിക്കുകയും തല്ലിക്കൊല്ലുകയും അരിഞ്ഞു പീസ് പീസാക്കുകയും ചെയ്യുന്ന മലയാളി ദൈവത്തിന്റെ സ്വന്തം നാട് എന്ന ടാഗ്‌ലൈനുമായി പുഞ്ചിരിച്ചു നില്‍ക്കുന്നത് സാത്താന്‍ നരകത്തിന്റെ പരസ്യത്തില്‍ മാലാഖയുടെ വേഷം ധരിക്കുന്നതുപോലെയേ ഉള്ളൂ. കുട്ടികള്‍ക്കെതിരെയുള്ള അക്രമങ്ങളും കുഞ്ഞുങ്ങളെ ബലാല്‍സംഗം ചെയ്യുന്നതും കൊല്ലുന്നതും സാധാരണസംഭവമായി മാറിയ നാട്ടില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലികളും പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികള്‍ക്കു വേണ്ടി പണപ്പിരിവും നടക്കുന്നുണ്ട് എന്നത് നമ്മുടെ സഹാനുഭൂതി എത്രത്തോളം വിചിത്രമാണ് എന്നതിന്റെ ലക്ഷണമാണ്.

ഇതൊക്കെ രാഷ്ട്രീയക്കാരും സംഘനടകളും ബുദ്ധിജീവികളും ചെയ്യുന്ന കാര്യങ്ങളാണെന്നും സാധാരണക്കാരായ നമ്മള്‍ ഇതിനൊക്കെയെതിരേ അപാരമായ രോഷവും പ്രതിഷേധവുമുള്ളവരാണെന്നും ആശ്വസിക്കാമെന്നു വച്ചാല്‍ അവിടെയുമുണ്ട് പ്രശ്‌നങ്ങള്‍. ഇത്തരം കൊലപാതകങ്ങളും പീഡനങ്ങളും എങ്ങനെ അവസാനിപ്പിക്കാമെന്നോ എങ്ങനെ ഈ സംസ്‌കാരത്തില്‍ നിന്നും മലയാളിയെ വഴിമാറ്റി നടത്താമെന്നോ ആരും എവിടെയും ചര്‍ച്ച ചെയ്യുന്നില്ല. അക്‌സയുടെ അമ്മയെയും കാമുകന്‍മാരെയും ഞങ്ങള്‍ക്കു വിട്ടുതരൂ, നിമിഷത്തിനുള്ളില്‍ ഞങ്ങളവരെ കൊന്നുതരാം എന്നു പറയുന്ന ജനക്കൂട്ടത്തില്‍പ്പെടുന്നവരാണ് നമ്മളോരോരുത്തരും. അവിടെയും കുറ്റബോധമില്ലാതെ രണ്ടുമൂന്നു പേരെ കൊല്ലുന്നതിന്റെ ത്രില്ലാണ് മലയാളിക്ക്.

ഈ ഭൂമിയിലെ സ്‌നേഹം ഇങ്ങനെയാണെന്നു കരുതി അച്ഛനും അമ്മയും ചുറ്റുമുള്ളവരുമൊക്കെ നല്‍കുന്ന വേദനകളും പീഡനങ്ങളും മരണവും വരെ നിഷ്‌കളങ്കമായ സന്തോഷത്തോടെഏറ്റുവാങ്ങുന്ന കുരുന്നുകളുടെ ചോര നമ്മളോരോരുത്തരുടെയും മേല്‍ പതിക്കുന്നുണ്ട്. നിശബ്ദത കൊണ്ട്, അവഗണന കൊണ്ട് നമ്മളോരോരുത്തരും ഈ ക്രൂരതയ്ക്ക് മൗനാനുവാദം നല്‍കുന്നുണ്ട്. ബുദ്ധിജീവിയായലും സാഹിത്യകാരനായാലും മലയാളി എന്നാല്‍ അടിസ്ഥാനപരമായി കൊലയാളിയാണ്. നമുക്കു ലാഭമുണ്ടാക്കിത്തരുന്ന ശവങ്ങള്‍ മാത്രമേ നമ്മള്‍ ഏറ്റെടുക്കുകയുള്ളൂ. കയ്യടി കിട്ടുന്ന സമരങ്ങളില്‍ മാത്രമേ പങ്കെടുക്കുകയുള്ളൂ. അങ്ങനെയാണ് നമ്മളല്ലെവാരും. അങ്ങനെയല്ലാത്തവരെ കാലാകാലങ്ങളില്‍ നമ്മള്‍ ഒറ്റപ്പെടുത്തുകയും പുറന്തള്ളുകയും ചെയ്തിട്ടുണ്ട്. അനിവാര്യമായ ദുരന്തത്തിലേക്കു നടന്നുനീങ്ങുന്ന ഒരു സമൂഹമെന്ന നിലയില്‍ ഇതൊക്കെ എല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നു കരുതി പറഞ്ഞെന്നു മാത്രം.

കുറിപ്പ്: ഈ അക്‌സ ആരാണ് എന്നു ദയവു ചെയ്ത് ആരും ചോദിക്കരുത്.
അത്ര നിഷ്‌കളങ്കത ഇവിടെ വേണ്ടിവരില്ല.

പറവൂര്‍ ചിയേഴ്‌സ്

പണ്ടൊക്കെ ലുങ്കിയും ബ്ലൗസുമണിഞ്ഞ യുവതികള്‍ പുഞ്ചപ്പാടത്ത് ഞാറു നടുമ്പോഴും കള പറിക്കുമ്പോഴും പശ്ചാത്തലത്തില്‍ വിപ്ലവഗാനങ്ങളുണ്ടായിരുന്നു. നമ്മളു കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്നും മറ്റും പാടി നേതാക്കന്മാരും പെണ്ണുങ്ങളെ പറ്റിച്ചുകൊണ്ടിരുന്നു. ആ തൊഴിലാളിപ്പെണ്‍കൊടികളായിരുന്നു വര്‍ഗസമരസഖാക്കളുടെ അന്നത്തെ ചിയര്‍ഗേള്‍സ്. കാലംമാറി. ഞാറുനടാന്‍ വയലേലകളെയും പെണ്ണുങ്ങളെയും കിട്ടാതായി. കാലോചിതമായ തൊഴിലുകളും കലാരൂപങ്ങളുമായി പെണ്‍പിള്ളര്‍ ബിസിയായപ്പോള്‍ പാര്‍ട്ടിയും അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ തെറ്റുണ്ടോ ?

പറവൂരില്‍ സിപിഎം ഏരിയാ കമ്മിറ്റി അംഗം രക്ഷാധികാരിയായ ക്ലബ് സംഘടിപ്പിച്ച പറവൂര്‍ തട്ടുകടവ് ജലോല്‍സവത്തിന് ചിയര്‍ അപ് ചെയ്യാന്‍ ബാംഗ്ലൂരില്‍ നിന്നു ചിയര്‍ ഗേള്‍സിനെ ഇറക്കിയത് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാംഗ്ലൂരില്‍ നിന്നു രണ്ടരലക്ഷം രൂപ മുടക്കിയാണ് ചിയറത്തികളെ പറവൂരത്തെിച്ചതത്രേ. അവര്‍ ബോട്ടിന്റെ മുകളില്‍ നൃത്തം ചവിട്ടുകയും ജലോല്‍സവം മംഗളകരമായി പര്യവസാനിക്കുകയും ചെയ്‌തെങ്കിലും വിവാദമുണ്ടാക്കുന്നവര്‍ ചിയേഴ്‌സ് പറഞ്ഞു തുടങ്ങിയിട്ടേയുള്ളൂ.

ചിയര്‍ഗേള്‍സ് എന്നൊക്കെ കേട്ട് ഐപിഎല്ലിനും മറ്റും വരുന്ന ഇനം മദാമ്മത്തിടമ്പുകളെ മനസ്സില്‍ കണ്ട് ആരും ധാര്‍മികരോഷം കൊള്ളേണ്ട കാര്യമില്ല. അല്‍പവസ്ത്രധാരിണികള്‍ എന്നൊക്കെ പലരും പറയുന്നുണ്ടെങ്കിലും എല്ലാവരും ആവശ്യത്തിലധികം വസ്ത്രം ധരിച്ചിരുന്നു എന്നാണ് വിഡിയോയില്‍ നിന്നു മനസ്സിലാവുന്നത്. നെടുനീളന്‍ മഞ്ഞക്കുപ്പായമിട്ട് പോരെങ്കില്‍ കയ്യില്‍ ചെങ്കൊടി… സോറി, ചുവന്ന എന്തോ ഒരു സാധനവും പിടിച്ച് വെള്ളത്തില്‍ കിടക്കുന്ന ബോട്ടിന്റെ മുകളില്‍ നിന്ന് എന്തുമാത്രം തുള്ളാന്‍ പറ്റുമെന്നത് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിനെക്കാള്‍ അല്‍പവസ്ത്രധാരിണികളായ പെണ്‍പിള്ളേര്‍ ഈ കൊച്ചുകേരളത്തിലെ തെരുവീഥികളിലൂടെ ദിനവും തുള്ളിക്കളിച്ചു പോയിട്ട് ഒരുത്തനും മൈന്‍ഡ് ചെയ്യുന്നില്ല എന്നത് പറവൂരിലെ ചിയര്‍ലെസ് പീപ്പിള്‍ മനസ്സിലാക്കേണ്ടതും തിരിച്ചറിയേണ്ടതുമാണ്.

എന്തായാലും ഓള്‍റെഡി വര്‍ഗസമരം നടക്കുന്ന പറവൂരെ പാര്‍ട്ടിയില്‍ വനിതാ അംഗങ്ങളുള്‍പ്പെടെയുള്ളവര്‍ രോഷാകുലരാണ്. ഏരിയാ കമ്മിറ്റി അംഗത്തിന്റെയും ചിയര്‍ഗേള്‍സിന്റെയും കൂടി പടം വച്ച് നാടില്‍ ഫഌക്‌സുകളും മറ്റും ഇറങ്ങിയിരുന്നെന്നും വേറെ രണ്ടു പാര്‍ട്ടി അംഗങ്ങള്‍കൂടി ചടങ്ങില്‍ പങ്കെടുത്തു എന്നതുമൊക്കെയാണ് പറവൂരില്‍ പൊട്ടിത്തെറിച്ചുകൊണ്ടിരിക്കുന്നത്. ചിയര്‍ഗേള്‍സിനെ സംബന്ധിച്ച് പാര്‍ട്ടിയുടെ ഔദ്യോഗികസമീപനവും താത്വികാലോവകനവും കൂടി വന്നാല്‍ സംഗതി കഞ്ചാവുപോലെ പുകയും (ഇപ്പോള്‍ അതിന്റെ സീസണാണല്ലോ).

ചിയര്‍ഗേള്‍സ് എന്നു പറഞ്ഞാല്‍ അഭിസാരികകളല്ല എന്നത് ആദ്യം ചിയര്‍ഗേള്‍സ് വിരുദ്ധര്‍ മനസ്സിലാക്കണം. അവര്‍ വന്നു നൃത്തം കളിച്ചതുകൊണ്ട് വള്ളക്കാരുടെ കണ്‍ട്രോള്‍ പോവുകയോ ബോട്ട് ജെട്ടി വിട്ടുപോവുകയോ ആരുടെയെങ്കിലും വിപ്ലവവീര്യം ചോര്‍ന്നുപോവുകയോ ചെയ്തിട്ടില്ല. രണ്ടരലക്ഷം രൂപയൊക്കെ കൊടുക്കാന്‍ മാത്രമുള്ള ചിയര്‍ അതിലുണ്ടായിരുന്നോ എന്നതേ പ്രസക്തമായുള്ളൂ. അതും പാര്‍ട്ടിഫണ്ടല്ല, വള്ളംകളിയുടെ പ്രായോജകരുടെ ഫണ്ടാണ് എങ്കില്‍പ്പിന്നെ ആര്‍ക്ക് എന്തു നഷ്ടം ?

ഏകവിശദീകരണം: ചിയര്‍ഗേള്‍സിനെ സിപിഎമ്മിനെതിരായി ഉപയോഗിക്കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നില്ല. ഇത് ഫാന്‍പോസ്റ്ററുകളുടെ കാലമാണ്. സിപിഎമ്മിന്റെ ഔദ്യോഗിക പരിപാടിയില്‍ ചിയര്‍ഗേള്‍സ് വന്നു കളിക്കാത്തിടത്തോളം കാലം സിപിഎമ്മിനെ ഇതില്‍ കുറ്റപ്പെടുത്തുന്നത് വിഡ്ഡിത്തമാണ്. സിപിഎം അംഗം രക്ഷാധികാരിയായുള്ള ക്ലബിന്റെ ജലോല്‍സവത്തില്‍ ചിയര്‍ ഗേള്‍സിനെ കൊണ്ടുവന്നത് സ്‌പോണ്‍സര്‍ ആണ്. അപ്പോള്‍ അത് ഔദ്യോഗിക ചിയര്‍ഗേള്‍സ് അല്ല അവരെ ഫാന്‍ഗേള്‍സ് എന്നു വിളിച്ചാല്‍ മതിയാകും.

സ്ട്രീക്കിങ് ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റലേഷന്‍

കൊച്ചിയില്‍ ഇപ്പോള്‍ ഇന്‍സ്റ്റലേഷനുകളുടെ കാലമാണ്. രാജ്യാന്തരകല കൊച്ചിയെന്ന പൊട്ടക്കിണറില്‍ വന്നു തിരയടിക്കുമ്പോള്‍ ലോക്കല്‍ തവളകള്‍ പുച്ഛിക്കും, ആക്ഷേപിക്കും. ഇന്‍റര്‍നാഷനല്‍ തവളകള്‍ ആ തിരയോടൊപ്പം ചാഞ്ചാടി തങ്ങള്‍ സ്പീഡ് ബോട്ടില്‍ സഞ്ചരിക്കുകയാണെന്നു ഭാവിക്കും. തിരയടങ്ങി കഴിയുമ്പോള്‍ കലക്കവെള്ളത്തിലെ മീനുകളുമായി രാജ്യാന്തരകല അതിന്‍റെ വഴിക്കു പോകും. കലങ്ങിയ കിണറിന്‍റെ കലയില്‍ രാജ്യാന്തരതവളകള്‍ അസ്തിത്വമില്ലാതെ അലഞ്ഞുനടക്കും.

ചുറ്റികയും ചൂലും ഒലക്കേടെ മൂടും ഫ്രെയിം ചെയ്തു വച്ചാല്‍ ഉന്നതകലാസൃഷ്ടിയാകുമോ എന്നു കലാബോധമില്ലാത്ത കഴുവേറികള്‍ ചോദിക്കുന്ന കാലമാണിത്. കൊച്ചിയില്‍ ചെന്നിറങ്ങുന്ന യഥാര്‍ത്ഥ കലാസ്‍നേഹി മുന്‍വിധികളില്ലാതെ നോക്കിയാല്‍ എല്ലാം അതിമനോഹരമായ ഇന്‍സ്റ്റലേഷനുകളാണ്. എത്രയെത്ര മനോഹരമായ സൃഷ്ടികള്‍, പ്രകൃതിയുടെ നറുമണം ചോരാതെ, തനിമ നഷ്ടമാവാതെ, കലാകാരന്‍മാര്‍ ഒരുക്കിയിരിക്കുന്ന വിസ്മയങ്ങള്‍. എന്നിട്ടും കൊച്ചിയിലെ പോലീസിനോ ബിനാലെ (ബിയനാലെ എന്നേ വിവരമുള്ളവര്‍ എഴുതൂ) ഭക്ന്‍മാരായ കലാസ്വാദകര്‍ക്കോ മാധ്യമങ്ങള്‍ക്കോ അതൊരു ഇന്‍സ്റ്റലേഷനായിരുന്നു എന്നു മനസ്സിലായില്ല. പൊട്ടക്കിണറ്റിലെ തവളകള്‍ ‘യേതോ ഒരു ചെക്കന്‍ തുണിയില്ലാതെ ഓട്യേക്കണ്’ എന്നു നിര്‍വചിച്ച് അതിന്‍റെ കലാമൂല്യം ചോര്‍ത്തിക്കളഞ്ഞിരിക്കുന്നു. കൊച്ചിക്കു ലജ്ജയുണ്ടോ ? വല്യ ബിനാലെ നഗരമാണു പോലും !

നഗ്നത എന്ന് 100 ശതമാനം പ്രകൃതിദത്തമായ സാധനമാണ്. ചെറുപ്പക്കാരന്‍ നഗ്നനായി ഓടിയത് കണ്ടു കൊച്ചി ഞെട്ടി എന്നാണ് പറയുന്നത്. ഞെട്ടിക്കുന്ന ഇന്‍സ്റ്റലേഷനുകളാണ് വരാനിരിക്കുന്നത് എന്ന് നേരത്തെ ഒരു കലാസ്വാദകന്‍ പറഞ്ഞിരുന്നു. ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുമായാണ് ചെറുപ്പക്കാരന്‍ മുഖം മറച്ച് എംജി റോഡിലൂടെ ഓടിയത്. അത് വളരെ സിംബോളിക്കാണ്. മനുഷ്യാവകാശം യഥാര്‍ത്ഥമനുഷ്യരോട് പറ്റിച്ചേര്‍ന്നു നില്‍ക്കേണ്ട ഒന്നാണ്. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട ഇന്‍സ്റ്റലേന്‍ എന്ന നിലയ്‍ക്ക് അതിനെ കലാസ്വാദകര്‍ തള്ളിക്കളഞ്ഞത് ഖേദകരമായിപ്പോയി. അതിനു പുറമേ പൊതുസ്ഥലത്തെ നഗ്നതാ പ്രദര്‍ശനത്തിനു കേസ് എടുക്കുമെന്നു പൊലീസും പറയുന്നു.

ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരന്‍റെ സ്വതന്ത്ര ഇന്‍സ്റ്റലേഷനെ തിരിച്ചറിയാനോ അംഗീകരിക്കാനോ കഴിയാത്ത പരിപ്രേക്‍ഷ്യവാദികള്‍ മറ്റേ ഇന്‍സ്റ്റലേഷനുകളുടെ മൂട്ടില്‍ നിന്നു പടമെടുത്ത് ഫേസ്‍ബുക്കിലിട്ടതുകൊണ്ട് കാര്യമില്ല. പാരിസിലും ഇറ്റലിയിലും ചിത്ര-ശില്‍പകലയില്‍ എന്തു നടക്കുന്നു എന്ന അപ്‍ഡേഷനില്ലാത്ത എനിക്കു പോലും ആ ചെറുപ്പക്കാരന്‍റെ ഇന്‍സ്റ്റലേഷന്‍ തിരിച്ചറിയാനായി.കണ്ട രവിവര്‍മയും കുവിവര്‍മയുമൊക്കെ പെണ്ണുങ്ങളുടെ പടം വരച്ചുവച്ചതാണ് ചിത്രകലയെന്നു കരുതിയിരിക്കുന്ന മണകുണാഞ്ചന്‍മാരായ മലയാളികളോട് ബിനാലെയുടെ മഹത്വത്തെക്കുറിച്ച് സ്പോണ്‍സേര്‍ഡ് ബ്ലോഗര്‍മാര്‍ പറയുന്നതുപോലെ, എംജി റോഡില്‍ ഇന്‍സ്റ്റലേഷന്‍ നടത്തിയ ചെറുപ്പക്കരന്‍റേത് സംസ്കാരശൂന്യമായ നഗ്നഓട്ടമായിരുന്നു എന്നു വിശ്വസിക്കുന്നവരോട് ആ മഹാരാജാസ് ഇന്‍സ്റ്റലേഷന്‍റെ പരിപ്രേക്‍ഷ്യങ്ങളെക്കുറിച്ച് വര്‍ണിക്കുന്നത് അവിവേകമായിരിക്കും.

ആ ഇന്‍സ്റ്റലേഷന്‍ നടത്തിയത് മഹാരാജാസ് കോളജിലെ കെഎസ്‍യുക്കാരാണ് എന്ന് എസ്എഫ്ഐക്കാര്‍ ആരോപിച്ചിട്ടുണ്ടത്രേ. മുഖം മറച്ച് നഗ്നനമായി ഓടുന്നവനെ മറ്റു ചില അടയാളങ്ങള്‍ വച്ചു തിരിച്ചറിഞ്ഞതുകൊണ്ടാണോ അതോ കെഎസ്‍യുക്കാര്‍ മൊത്തത്തില്‍ ഇന്‍സ്റ്റലേഷനോടു താല്‍പര്യമുള്ളവരായതുകൊണ്ടാനോ എസ്എഫ്ഐ അങ്ങനെ ആരോപിച്ചത് എന്നറിയില്ല. ഒരുമാസം മുന്പ് കോട്ടയത്ത് ഒരു ചെറുപ്പക്കാരന്‍ ബൈക്കില്‍ നഗ്നനായി പോയപ്പോള്‍ തടഞ്ഞുനിര്‍ത്തി ഇടികൊടുത്തവരാണ് നമ്മ‍ മലയാളികള്‍. ഇന്നിപ്പോള്‍ ഉള്ളത് ഉള്ളതുപോലെ കാണിച്ച് ചെറുപ്പക്കാരന്‍ സ്ലോ മോഷന്‍ ആയി കടന്നുപോയിട്ടും ഒരുത്തനും തൊട്ടിട്ടില്ല, നന്ദി ബിനാലെ.

ഇന്‍സ്റ്റലേഷന്‍ വിഡിയോ താഴെ-

പാച്ചന്‍സ് മുഷി സീരീസ് കിനാലെ

സര്‍ഗപ്രപഞ്ചത്തിന്‍റെ അനന്തവിഹായസ്സിലേക്ക് അമൂര്‍ത്തകലാസപര്യയുടെ വാതായാനങ്ങള്‍ തുറന്നിട്ട് പാച്ചന്‍സ് മുഷി സീരീസ് കിനാലെയ്‍ക്ക് തുടക്കമായി. ചിത്രകലയും ശില്‍പകലയും ദൃശ്യശ്രാവ്യകലകളും സംയോജിപ്പിച്ചുകൊണ്ട്, അതില്‍ ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സംക്രമിപ്പിച്ചുകൊണ്ട്, കാഴ്ചക്കാരെ അനുഭൂതിയുടെ അനന്തതലങ്ങളിലെത്തിച്ച് രമിപ്പിക്കുന്ന സൃഷ്ടികളാണ് പാച്ചന്‍സ് കിനാലെയില്‍ കാണാന്‍ കഴിയുന്നത്. കിനാലെ വെറും തട്ടിപ്പാണെന്നുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തെളിയിച്ചുകൊണ്ടാണ് സംസ്ഥാനമാകെ പരന്നുകിടക്കുന്ന കിനാലെ വേദികളില്‍ വിവിധ ഇന്‍സ്റ്റലേഷനുകള്‍ ഒരുങ്ങിയിരിക്കുന്നത്.

പാച്ചന്‍സ് മുഷി സീരീസ് കിനാലെയിലെ ശ്രദ്ധേയമായ ഇന്‍സ്റ്റലേഷനുകളില്‍ നിന്നും തിരഞ്ഞെടുത്ത പത്തെണ്ണം ഇവിടെ അവതരിപ്പിക്കുന്നു. വിമര്‍ശിക്കുന്നവര്‍ വിമര്‍ശനം അവസാനിപ്പിച്ച് കേരളമാകെ ചുറ്റിസഞ്ചരിച്ച് ഇത്തരം ഇന്‍സ്റ്റലേഷനുകള്‍ കണ്ടു മനസ്സിലാക്കാന്‍ ശ്രമിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണ്.

1. ദി പാച്ചസ് ഓഫ് ലൈഫ്

ശ്രീമാന്‍ പാച്ചന്‍ തന്നെ ഒരുക്കിയിട്ടുള്ള ദി പാച്ചസ് ഓഫ് ലൈഫ് എന്ന ഈ ഇന്‍സ്റ്റലേഷന്‍ കിനാലെ വേദിയിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്. ജീവിതമെന്ന മഹായാത്രയില്‍ നമ്മെ കാത്തിരിക്കുന്ന വെല്ലുവിളികളെയും ചതിക്കുഴികളെയും വരച്ചുകാട്ടുന്നതാണ് പാച്ചന്‍റെ ഈ ഇന്‍സ്റ്റലേഷന്‍.

2. റസ്റ്റ് ഓഫ് ലവ് ആന്‍ഡ് ദി എക്സ്ട്രാവെഗന്‍സ ഓഫ് ഇമോഷന്‍സ്

ആന്ധ്രയില്‍ നിന്നുള്ള ഇരുമ്പുകച്ചവടക്കാരന്‍ തുരുമ്പയ്യ നായിഡുവിന്‍റെ ഹൃദയഹാരിയായ ഈ ഇന്‍സ്റ്റലേഷന്‍ മനസ്സിന്‍റെ അചഞ്ചലതയെ കീഴടക്കാന്‍ ശ്രമിക്കുന്ന വികാരങ്ങളുടെ അനന്തസന്നിവേശത്തെയും ആ വികാരങ്ങളും മനസ്സുമായി ഇഴുകിച്ചേരുമ്പോള്‍ മനസ്സിനുണ്ടാകുന്ന ദ്രുതസ്തോഭവിക്ഷോഭങ്ങളെയും വരച്ചുകാട്ടുന്നു.

3. ലിബറേഷന്‍

ജര്‍മനിയില്‍ നിന്നുള്ള ഗുണ്ടിറ്റ അവിയോളയുടെ ലിബറേഷന്‍ എന്ന ഈ ഇന്‍സ്റ്റലേഷന്‍ സ്ത്രീപക്ഷചിന്തയിലെയും കലാരൂപങ്ങളിലെ സ്ത്രൈണഭാവങ്ങളിലെയും സ്വാതന്ത്ര്യദാഹത്തെയും ധൈഷണികവിപ്ലവത്തെയും സൂചിപ്പിക്കുന്നു. ഫെമിനിസത്തിലെ നവധാരകള്‍പോലും പകച്ചുനില്‍ക്കുന്ന ആവിഷ്കാരമൂല്യമാണ് നിരൂപകര്‍ ഇതിനു കല്‍പിച്ചുനല്‍കിയിരിക്കുന്നത്.

4.പാഷനേറ്റ് റിലേഷന്‍ഷിപ്‍സ്

വടക്കേ മലബാറില്‍ നിന്നുള്ള കരിയാത്തന്‍ കിടാവിന്‍റെ ഇന്‍സ്റ്റലേഷനാണ് ഇത്. ബന്ധങ്ങളുടെ സങ്കീര്‍ണതയും അവയുടെ സുദൃഢതയും സമ്മാനിക്കുന്ന സുഖലോലുപതയുടെ ഇഴകള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന ഇരകളുടെയും വേട്ടക്കാരുടെയും മൃഗതൃഷ്ണകളിലൂടെയുള്ള സൂക്ഷ്മസഞ്ചാരമാണ് പാഷനേറ്റ് റിലേഷന്‍ഷിപ്സ്.

5. ഇറ്റ്സ് മൈ സോള്‍

ഫോര്‍ട്ടു കൊച്ചിയിലെ ആംബ്രോസേട്ടന്‍റെ ലളിതവും എന്നാല്‍ ഭയാനകവുമായ ഇന്‍സ്റ്റലേഷനാണ് ഇറ്റ്സ് മൈ സോള്‍. ശാന്തമായ എന്നാല്‍ ദാഹാര്‍ത്തവും പ്രളയോജ്വലവുമായ ആത്മാവിന്‍റെ ആഴത്തെയും അതിന്‍റെ നിശബ്ദസൂക്ഷ്മ നിലവറകളില്‍ സന്നിവേശം ചെയ്യുന്ന ഇരുള്‍മൂര്‍ഛകളെയും ആംബ്രോസേട്ടന്‍ ഇതിലൂടെ വരച്ചുകാട്ടുന്നു.

6. വാട്ടര്‍മെലന്‍ ഗാലക്സി

തമിഴ്‍നാട്ടില്‍ നിന്നുള്ള മുനിച്ചാമി ഡിസൈന്‍സിന്‍റെ ഹൃദയഹാരിയായ ഇന്‍സ്റ്റലേഷനാണ് വാട്ടര്‍മെലന്‍ ഗാലക്സി. ഭൂമിയും പ്രപഞ്ചവും ക്ഷീരപഥവുമായി സംവദിക്കുന്ന ജലമെന്ന മഹാസത്യത്തെ വിപണനം ചെയ്യാന്‍ വിധിക്കപ്പെട്ട ദാഹാര്‍ത്തരായ മനുഷ്യരാശിയുടെ നിസ്സഹായതയിലേക്കു വിരല്‍ ചൂണ്ടുന്ന ഈ ഇന്‍സ്റ്റലേഷന്‍ ആരെയും ആകര്‍ഷിക്കാതിരിക്കില്ല.

7. ഹോം കമിങ്

മെക്സിക്കോയില്‍ നിന്നുള്ള ചിത്രകാരന്‍ വാസുക്കുട്ടിയുടെ ഇന്‍സ്റ്റലേഷനാണിത്. കാത്തിരിപ്പിന്‍റെ ദൈര്‍ഘ്യവും മടങ്ങിവരവിന്‍റെ പ്രതീക്ഷകളും കാലത്തിന്‍റെ ആന്ദോളനങ്ങളും ജീവിതത്തില്‍ തീര്‍ക്കുന്ന അദൃശ്യമായ പാലങ്ങളുടെ ശ്രേണികളിലേക്കു വെളിച്ചം വീശുന്നതാണ് ഹോം കമിങ്.

8. എക്സോട്ടിക് ഹോപ്സ് ഇന്‍ ഇമ്മാക്കുലേറ്റ് അരിസ്ട്രോക്കസി

ഹരിയാനയില്‍ നിന്നുള്ള ഹര്‍ഭജന്‍ ബഹുഗുണയുടെ ഇന്‍സ്റ്റലേഷന്‍ ജീവിതത്തിലെ സുഖദുഖങ്ങളുടെ വൈരുദ്യാത്മകതയും ദുരിതങ്ങള്‍ക്കുമേല്‍ പ്രതീക്ഷകള്‍വച്ചുകെട്ടി കടലാഴങ്ങള്‍ താണ്ടാനുള്ള നൈസര്‍ഗികമായ ത്വരയുടെയും അന്തസത്ത അന്വേഷിക്കുകയാണ്. പ്രപഞ്ചോല്‍പ്പത്തി മുതല്‍ മനുഷ്യനെ നാഗരികതയിലേക്കു വഴിതെളിച്ച ചോദനകളുടെ സാക‍്ഷ്യപത്രംകൂടിയാണ് ഇത്.

9. വെയ്റ്റിങ് ഫോര്‍ ദി എറ്റേണല്‍

കാലത്തിനപ്പുറത്തു നിന്നും എല്ലാം അതിജീവിക്കാന്‍ കരുത്തു നല്‍കുന്ന അതിന്ദ്രീയോര്‍ജ്ജത്തിന്‍റെ വരവുകാത്തിരിക്കുന്ന വിശ്വാസമെന്ന കരുത്തിന്‍റെ പ്രതിരോധങ്ങളാണ് പൊന്നപ്പന്‍ പുന്നശ്ശേരിയുടെ വെയ്റ്റിങ് ഫോര്‍ ദി എറ്റേണല്‍ എന്ന ഈ ഇന്‍സ്റ്റലേഷന്‍. വാക്കുകള്‍ക്കും പശ്താത്തലങ്ങള്‍ക്കുമപ്പുറം ഇന്‍സ്റ്റലേഷന്‍ തീമിന്‍റെ കരുത്ത് അതിന്‍റെ വൈകാരികതയുടെ ആഴം തന്നെയാണ്.

10. ആര്‍ട്ട് ഓഫ് ടീസ്റ്റാള്‍

പാച്ചന്‍സ് കിനാലെയുടെ മാര്‍ക്കറ്റിങ് ഇന്‍സ്റ്റലേഷനാണ് ആര്‍ട്ട് ഓഫ് ടീസ്റ്റാള്‍. പാച്ചന്‍സ് കിനാലെയുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി ഫേസ്‍ബുക്ക് ആക്ടിവിസ്റ്റുകളെയും ബ്ലോഗര്‍മാരെയും സല്‍ക്കരിച്ചതും അവര്‍ക്ക് ചായയും പരിപ്പുവടയും ഫ്രീയായി കൊടുത്തതും ഇവിടെ വച്ചാണ്. അതുകൊണ്ട് തന്നെ ഇത് സ്വര്‍ഗതുല്യമായ ഒരു ഇന്‍സ്റ്റലേഷനാണ്.

നന്ദി, നമസ്കാരം.

കൊച്ചി മെട്രോ അച്ചായന്‍റെ കത്ത്

ബഹുമാനപ്പെട്ട സാറിന്,

ഞങ്ങടെ അഭിമാനമാകാന്‍ പോകുന്ന കൊച്ചി മെട്രോ പദ്ധതി നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. നിങ്ങടെ കമ്പനിയുടെ സഹായത്തോടെ ഇത് ഉണ്ടാക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഇങ്ങനെ വല്ല പദ്ധതികളും വരുമ്പോഴാണ് ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ വല്ല ഫ്ലാറ്റോ ഔഡിയോ ബിഎംഡബ്‍ളിയുവോ ഒക്കെ വാങ്ങുന്നത് എന്നത് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. കൊച്ചി മെട്രോ എന്നു പറയുമ്പോള്‍ ജീവിതകാലം മുഴുവനും പിന്നെയൊരു 15 തലമുറയ്‍ക്കു കൂടി കഴിഞ്ഞുകൂടാനുള്ള വകയും ഒറ്റയടിച്ചു സമ്പാദിക്കാനുള്ള സുവര്ണാവസരമാണെന്നതും ഞാന്‍ എടുത്തു പറയുന്നില്ല.എന്നാല്‍, ഞങ്ങള്‍ അനേകം ഉദ്യോഗസ്ഥര്‍ ഈ പദ്ധതിയുടെ ഭാവിയെ സംബന്ധിച്ച് ആശങ്കയിലാണ്.

വളച്ചുകെട്ടില്ലാതെ നേരേ കാര്യത്തിലേക്കു കടക്കാം. നിങ്ങടെ ആളാണെന്നും പറഞ്ഞ് ഒരു ശ്രീധരന്‍ കുറച്ചുനാളായി ഇവിടെ ആളുകളിച്ചു നടക്കുന്നുണ്ട്. ശരിക്കും ശ്രീധരനു പണിയറിയാമോ ? പുള്ളിയെ ആരാണ് പണി പഠിപ്പിച്ചത് ? ഇത്തരം പണികളൊക്കെ ഏതെങ്കിലും മേസ്തിരിയുടെ കൂടെ നിന്നു പഠിച്ചിട്ടുള്ള പരിചയസമ്പന്നരായ ആളുകളെയല്ലേ പദ്ധതിയേല്‍പിക്കേണ്ടത് ? മെട്രോ ഉണ്ടാക്കുന്നതില്‍ പുള്ളി കഴിഞ്ഞേ ഇന്ത്യയില്‍ വേറാരുമുള്ളൂ എന്നത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു കാലമായി. എനിക്കിത് സഹിക്കുന്നില്ല.സിറ്റിയിലെ മെട്രോ കൂള്‍ബാറും മെട്രോ തീയറ്ററും എല്ലാം ഞാന്‍ ബിനാമിയെ വച്ചു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനി പണിതിട്ടുള്ളതാണ്. ആ എനിക്ക് മെട്രോ റയില്‍വേയും പണിയാന്‍ പറ്റും എന്നതില്‍ ഒരു സംശയവുമില്ല.ഈ സാഹചര്യത്തില്‍ ഇവിടുള്ള ഉദ്യോഗസ്ഥരുടെ കഞ്ഞിയില്‍ മണ്ണിടാന്‍ അഴിമതി വിരുദ്ധനായ ഒരു ശ്രീധരനെ ഇങ്ങോട്ടു കെട്ടിയെടുക്കുന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രതിഷേധം വളരെ വ്യക്തമായി അറിയിക്കുകയാണ്.

ഞാന്‍ വളരെ ഓപ്പണായി ഇങ്ങനൊക്കെ എഴുതുമ്പോള്‍ സാറ് പലതും വിചാരിക്കും. ഇവിടെ അഞ്ചഞ്ചു വര്‍ഷം കൂടുമ്പോള്‍ കുറെ കിഴങ്ങന്‍മാര്‍ വന്നു പോവുകയും പല മണ്ടത്തരങ്ങളും പറയുകയും ചെയ്യും. എന്നാല്‍, നാടു ഭരിക്കുന്നത് നമ്മളാണ്.നമ്മുടെ കൈകളിലൂടെയല്ലാതെ ഒന്നും കടന്നുപോവുന്നില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരുടെ ആദര്‍ശസിദ്ധാന്തങ്ങളില്‍ കുടുങ്ങി വഞ്ചിതരാവാതിരിക്കുക. നമ്മള്‍ ഉദ്യോഗസ്ഥര്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണം. നമ്മുടെ ഉദ്യോഗസ്ഥഭരണസംവിധാനത്തിന് അതിന്‍റേതായ പ്രത്യേകതകളുണ്ട്. 10000 രൂപ ശമ്പളം വാങ്ങുന്ന കാലത്തും എനിക്ക് മാസം 50000 രൂപ ചെലവിടാനുള്ള സെറ്റപ്പുണ്ടായത് ആ പ്രത്യേകതളൊക്കെയുള്ളതു കൊണ്ടാണ്. അഴിമതിയെയും നമ്മുടെ പ്രത്യേകതകളെയും തള്ളിപ്പറഞ്ഞു കൊണ്ട് പദ്ധതികള്‍ നിശ്ചിത ബജറ്റിനുള്ളില്‍ നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥ സമൂഹത്തെ ഒന്നാകെ ഒറ്റിക്കൊടുക്കുന്ന കാപാലികന്മാര്‍ക്കെതിരേ പടനയിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതും ഇത്തരുണത്തില്‍ ഞാന്‍ ഓര്‍മിപ്പിക്കുകയാണ്.

കൊച്ചി മെട്രോയില്‍ മിസ്റ്റര്‍ ശ്രീധരന്‍ ഉണ്ടെങ്കില്‍ പിന്നെ ഞാനോ എന്നെപ്പോലുള്ള ഉദ്യോഗസ്ഥരോ ഈ പദ്ധതിയുമായി സഹകരിക്കേണ്ട കാര്യമില്ലല്ല. സര്‍ക്കാര്‍ തരുന്ന നക്കാപ്പിച്ച വാങ്ങിക്കൊണ്ട് പണിയെടുക്കേണ്ട ഗതികേട് ഞങ്ങള്‍ക്കു വന്നിട്ടില്ല.മിസ്റ്റര്‍ ശ്രീധരനാണ് കൊച്ചി മെട്രോ ഉണ്ടാക്കാന്‍ പോകുന്നതെങ്കില്‍ ഞങ്ങള്‍ക്കും ഞങ്ങളുടെ സന്തതിപരമ്പരകള്‍ക്കും ലഭ്യമാകേണ്ട കോടികള്‍ പാലത്തിലും ട്രെയിനിലുമൊക്കെ നിക്ഷേപിച്ച് ആര്‍ക്കുമില്ലാതാക്കി കളയും എന്നത് ഞങ്ങളെ ഭയപ്പെടുത്തുന്നു. അങ്ങനെ സംഭവിച്ചാല്‍ ഇവിടെ മുപ്പതും നാല്‍പ്പതും വര്‍ഷമായി ഞങ്ങള്‍ പണിതുകൊണ്ടിരിക്കുന്ന പദ്ധതികളുടെ കാര്യത്തില്‍ ഞങ്ങള്‍ സംശയിക്കപ്പെടും. അത് ഒഴിവാക്കപ്പെടണം. ശ്രീധരന്‍ ഒരു മലയാളിയാണെന്നതാണ് ഞങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. വടക്കേ ഇന്ത്യക്കാരനോ മറ്റോ ആയിരുന്നെങ്കില്‍ നോര്‍ത്തിന്ത്യന്‍ ലോബിയുടെ കളിയെന്നു പറഞ്ഞ് ഞങ്ങള്‍ പണ്ടേ തുരത്തിയേനെ. ഇതിപ്പോ ഞങ്ങള്‍ വല്ലാത്ത അവസ്ഥയിലാണ്.

ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. ശ്രീധരന്‍ പണി തുടങ്ങിയാല്‍ പിന്നെ ഞങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ല. മൂപ്പര് പണി തുടങ്ങാതിരിക്കുന്നതിന് ഞങ്ങള്‍ പറ്റുന്നതെല്ലാം ചെയ്യുന്നുണ്ട്. അതിന് ഒരുറപ്പായിക്കോട്ടെ എന്നു കരുതിയാണ് ഈ കത്ത് അയക്കുന്നത്. ശ്രീധരനെ എങ്ങനെയെങ്കിലും ഈ പദ്ധതിയില്‍ നിന്നൊഴിവാക്കണം എന്നു മാത്രമല്ല, ഏതെങ്കിലും തരത്തിലുള്ള പണികള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ നിന്ന് അങ്ങേരെ വിലക്കുകയും ചെയ്യണം. ഇവിടെ വന്ന് ഷൈന്‍ ചെയ്യുന്നതിന് അതിയാനെതിരെ കടുത്ത നടപടിയുമെടുക്കണം. അനാവശ്യമായി ഒരാളെ എല്ലാവരും കൂടി വളര്‍ത്തിവിട്ടതിന്‍റെ ശിക്ഷ ഞങ്ങളാണ് അനുഭവിക്കുന്നത്. ഇത് പണിയാന്‍ ഞങ്ങള്‍ വലിയൊരു സംഘമാണിവിടെ കാത്തിരിക്കുന്നത്. ഞങ്ങള്‍ക്ക് ഒരു 40 കൊല്ലത്തേക്ക് പണിയാനുള്ളതുണ്ട് ഇത്. ഞങ്ങളെ കൈവിടരുത്.

വിശ്വസ്തതയോടെ,
അച്ചായന്‍.

എമേര്‍ജിങ് മുതലക്കുളം

നിലവില്‍ മുതലകളെ സ്വന്തം പറമ്പിലെ കുളത്തില്‍ വളര്‍ത്തുന്ന സൗത്ത് ഇന്ത്യയിലെ ഒരേയൊരു കൊച്ചുമുതലാളി ഞാനാണെന്ന വിവരം നിങ്ങള്‍ക്കറിയാവുന്നതാണല്ലോ. കേരളത്തിനെ വികസനക്കുതിപ്പിലേക്ക് നയിക്കുന്നതിന് നിക്ഷേപങ്ങളുമായി വാതിലില്‍ മുട്ടിവിളിക്കുന്ന രാജ്യാന്തര നിക്ഷേപകര്‍ക്കു മുന്നിലേക്ക് ഞാന്‍ എന്‍റെ മുതലക്കുളത്തിന്‍റെ വാതായനങ്ങള്‍ തുറന്നിടുകയാണ്. വികസനവിരോധികളും ഹരിത എംഎല്‍എമാരും വെറുതെ ഉടക്കിനു വരരുത്.

മുതലകള്‍ ഒരു ദേശത്തിന്‍റെ ഹരിതകാന്തിയുടെയും ജൈവസമ്പത്തിന്‍റെയും പ്രതീകമാണ്. മുതലക്കുളങ്ങളുടെ വികസനം നാടിന്‍റെ ഐശ്വര്യത്തിന്‍റെയും സമ്പല്‍സമൃദ്ധിയുടേയും സിമ്പലാണ്. ഇത്തിരി കടലപ്പിണ്ണാക്കും ഇത്തിരി തവിടും ദിവസം രണ്ടു നേരം കുളത്തിലേക്കിട്ടു കൊടുത്താല്‍ പിന്നെ ശര്‍ര്‍ര്‍ര്‍ന്ന് കാര്യങ്ങള്‍ക്കു തീരുമാനമുണ്ടാവും.എമേര്‍ജിങ് മുതലക്കുളം ഒരു നാടിന്‍റെ ഐശ്വര്യത്തിന്‍റെ അപായസൈറനാണ്. അതുകേട്ടുണര്‍ന്ന് കുരവയിടാന്‍ നിക്ഷേപകരെയും ഏജന്‍റുമാരെയും കൂട്ടിക്കൊടുപ്പുകാരെയും ക്ഷണിക്കുന്നു. ആദ്യമായി എമേര്‍ജിങ് മുതലക്കുളം പദ്ധതിയുടെ ലോഗോ ഇവിടെ പ്രകാശനം ചെയ്യുകയാണ്.

മുതലക്കുളം എന്‍റേതാണ്, അതില്‍ വളരുന്ന മുതലകളും എന്‍റേതാണ്. നിക്ഷേപകര്‍ക്ക് കുളം നികത്തി അവിടെ റിസോര്‍ട്ട് പണിയാമെന്നോ, പുതുപ്പണക്കാര്‍ക്ക് മുതലകളെ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കാമെന്നോ വിചാരിക്കേണ്ട. മുതലക്കുളത്തിന്‍റെയോ കുളമടങ്ങുന്ന എസ്റ്റേറ്റിന്‍റെയോ ഹരിജ-ജൈവ സമ്പത്തിനെ പണയം വയ്‍ക്കുന്ന ഒരു പദ്ധതിയും എമേര്‍ജ് ചെയ്യാന്‍ ഞാനോ എന്‍റെ തോഴിമാരോ അനുവദിക്കില്ല. എമേര്‍ജിങ് മുതലക്കുളം കൊണ്ട് പിന്നെ എന്താണ് സാധിക്കുക ? എങ്ങനെ എമേര്‍ജിങ് മുതലക്കുളം പദ്ധതിയില്‍ നിക്ഷേപിക്കാം ?

നിക്ഷേപകര്‍ക്കായി അനേകം അനേകം ഹരിത-ജൈവ പദ്ധതികളാണ് എമേര്‍ജിങ് മുതലക്കുളത്തിലൂടെ മുന്നോട്ടു വയ്‍ക്കുന്നത്. ഏതാനും ചില പദ്ധതികളുടെ ചില മിന്നലാട്ടങ്ങള്‍ മാത്രമേ എനിക്കീ ബ്ലോഗിലൂടെ പങ്കു വയ്‍ക്കാന്‍ കഴിയൂ. അതിനു മുമ്പ് എന്‍റെ മുതലക്കുളത്തിന്‍റെ ഏതാണ്ടൊരു ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പിലൂടെ നിങ്ങള്‍ക്കു കാണാം. സാറ്റലൈറ്റ് ചിത്രം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്, ഏതാണ്ട് പാലാ ടൗണിന്‍റെ അത്ര തന്നെയുണ്ട്, മുതലക്കുളം മൊത്തത്തില്.

എമേര്‍ജിങ് മുതലക്കുളം പദ്ധതികളും നിക്ഷേപസാധ്യതകളും (ചെറുതു മുതല്‍ വലുതു വരെ എന്ന ക്രമത്തില്)

1. മുതലക്കുളം ഓര്‍ഗാനിക് ഫുഡ് കോര്ട്ട്- മുതലക്കുളത്തിനു പുറത്ത് ഹൈവേയുടെ സൈഡില്‍ തട്ടുകട,കരിക്ക് വില്‍പന – ഹൈവേയും അതിലൂടെ പോകുന്ന വാഹനങ്ങളുമടക്കം 3000 കോടി രൂപ.

2.മുതലക്കുളം പവര്‍ പ്രോജക്ട്- മുതലക്കുളം ജംക്ഷനിലുള്ള കെഎസ്ഇബി ട്രാന്‍സ്ഫോമറും അതില്‍ നിന്നുള്ള കറന്‍റും – ഫ്യൂസുകള്‍ ഉള്‍പ്പെടെ 10 കോടി രൂപ.

3. മുതലക്കുളം ക്രോക്കഡൈല്‍ സാങ്ക്ചുറി- നിലവില്‍ ഞാന്‍ വളര്‍ത്തിക്കൊണ്ടിരിക്കുന്ന മുതലകളെ ആര്‍ക്കും എപ്പോഴും കയറിക്കാണാനും കൊഞ്ഞനം കുത്തിക്കാണിക്കാനും അവസരമുണ്ട്. എമേര്‍ജിങ് മുതലക്കുളത്തിന്‍റെ ഭാഗമാകുന്നതോടെ അതേ മുതലകളെ അതേ സൗകര്യങ്ങളോടെ 1000 രൂപ ടിക്കറ്റ് വച്ച് കാണിക്കുന്ന പദ്ധതി.- മൂല്യം 10000 കോടി രൂപ (മുതലകളുടെ ജീവിതത്തിനു വില പറയരുത്).

4. മുതലക്കുളം റോക്ക് പാര്‍ക്ക് – മുതലക്കുളത്തിനു പിന്നില്‍ എംഎല്‍എയുടെ മകന്‍ നടത്തുന്ന പാറമടയില്‍ നിക്ഷേപത്തിനു സുവര്‍ണാവസരം. മൃദുലമായ ഭൂമിയുടെ ആഴങ്ങളില്‍ വരെ ചെന്ന് പാറ എന്ന മഹാവിപത്തിന്‍റെ അടിവേരുകള്‍ വരെ പിഴുതെറിയുന്ന പ്രകൃതിജീവനപദ്ധതിയില്‍ വേണമെങ്കില്‍ ഹരിത എംഎല്‍എമാര്‍ക്കും പങ്കു ചേരാം- ആകെ 1000 കോടി രൂപയുടെ മൂല്യം.

5. മുതലക്കുളം എയര്‍പോര്‍ട്ട് – മുതലക്കുളത്തിന് 75 കിലോമീറ്റര്‍ സമീപം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യാന്തരവിമാനത്താവളം. അങ്കമാലി-കാലടിയില്‍ നിന്നോ ആലുവ അത്താണിയില്‍ നിന്നോ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വിമാനത്താവളത്തിലെത്താം- വിമാനത്താവളവും അവിടെ വന്നിറങ്ങുന്ന വിമാനങ്ങളും ആ വിമാനങ്ങളില്‍ വന്നിറങ്ങുന്ന യാത്രക്കാരുടെ സ്ഥാവരജംഗമവസ്തുക്കളും കിഡ്നി, കരള്‍, കണ്ണ്, ഹൃദയം മുതലായവകളും ഉള്‍പ്പെടെ 50000 കോടി രൂപയുടെ പദ്ധതി. വിമാനത്തില്‍ കയറിയും വിമാനം കണ്ടും പരിചയമുള്ളവര്‍ക്കു മുന്‍ഗണന.

6. മുതലക്കുളം മെഡിക്കല്‍ ഹബ്- മുതലക്കുളത്തിന്‍റെ ചുറ്റും കിടക്കുന്ന ചെറുപട്ടണങ്ങളായ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലെ ജനങ്ങള്‍ക്ക് നല്ല ചികില്‍സ ലഭ്യമാക്കുന്നതിനായി ഈ സ്ഥലങ്ങളില്‍ നിലവിലുള്ള മെഡിക്കല്‍ കോളജുകള്‍ ഏതെങ്കിലും തിരുമേനിയുടെ അണ്ടറിലേക്ക് ഏല്‍പിച്ചു കൊടുക്കുന്ന പദ്ധതി. മുതലാളിമാരാകുമ്പോള്‍ ചികില്‍സ മോശമായാലും ബില്ല് ഒരിക്കലും മോശമാവില്ല. കേരളസമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടിരിക്കുന്ന നഴ്‍സുമാര്‍ എന്ന വര്‍ഗത്തെ അടിച്ചമര്‍ത്താന്‍ ഇത് നല്ല അവസരമാണ്. ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്രവര്‍ത്തനസജ്ജമായിട്ടുള്ള അവയവങ്ങളെ രക്ഷിച്ച് കുടുംബത്തില്‍ പിറന്ന മുതലാളിമാര്‍ക്ക് പിടിപ്പിച്ചു കൊടുക്കുന്ന സോഷ്യലിസവും ഈ മെഡിക്കല്‍ ഹബ്ബിലൂടെ ഉദ്ദേശിക്കുന്നു- എല്ലാം അടക്കം 20000 കോടി രൂപയുടെ പദ്ധതി.

7. മുതലക്കുളം എജ്യുക്കേഷനല്‍ പാര്‍ക്ക് – കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ് സര്‍വകലാശാലകളെ വിദ്യാഭ്യാസരംഗത്ത് കുതിച്ചുചാടിക്കുന്നതിനു വേണ്ടി ഏതെങ്കിലും സ്വകാര്യ കോളജ് മാനേജ്മെന്‍റിനു മറിച്ചു വില്‍ക്കുന്ന പദ്ധതി. പച്ച എംഎല്‍എമാര്‍ വല്ലാതെ എതിര്‍ത്താല്‍ ആകെ പച്ചയണിഞ്ഞു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല വേണമെങ്കില്‍ ഒഴിവാക്കും. ഭൂമിദാനം കീമിദാനം എന്നൊക്കെ പറഞ്ഞ് അലമ്പുണ്ടാക്കുന്ന വികസനവിരോധികളുടെ കണ്ണില്‍പ്പെടാതെ സംഗതി ഒന്നായി മറിച്ചുകൊടുക്കുകയും ചെയ്യാം. – ആകെ 30000 കോടി രൂപയുടെ പദ്ധതി.

8.ട്രാവന്‍കൂര്‍ സ്പിരിച്വല്‍ ഹബ് – പേരില്‍ ഹബുള്ളതുകൊണ്ട് ഇതും രാജ്യാര പദ്ധതിയാണെന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം. തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവും പരിസരവും പത്മനാഭസ്വാമിയെ ഉള്‍പ്പെടെ ലേലത്തില്‍ വില്‍ക്കാനുള്ള പദ്ധതി. തുറന്ന അറകളും തുറക്കാനുള്ള അറകളും ഉയര്‍ത്തുന്ന വിവാദങ്ങള്‍ക്കും അതിന്‍റെ പേരിലുള്ള ആശങ്കകള്‍ക്കും അറുതിയാവുമെന്നു മാത്രമല്ല, നമ്മുടെ ഒരു ദൈവം രാജ്യാന്തരതലത്തില്‍ ആദരിക്കപ്പെടുകയും (മാണിസാര്‍ ബ്രിട്ടിഷ് പാര്‍ലമെന്‍റിനെ‍ നിയമനിര്‍മാണം പഠിപ്പിക്കുന്നതുപോലെ)ചെയ്യും. ക്ഷേത്രവും നിലവറകളും സ്വാമിയും ഉള്‍പ്പെടെ 10 ലക്ഷം കോടി രൂപയുടെ പദ്ധതി.

ഇതിനു പുറമേ, പുതുപ്പള്ളിയും പാലായിലും മലപ്പുറത്തും സ്വിസ് ബാങ്ക് എടിഎമ്മുകള്‍, പൂഞ്ഞാറില്‍ മൃഗശാല, ഹരിത എംഎല്‍എമാര്‍ക്ക് നെല്ലിയാമ്പതിയില്‍ വേനല്‍ക്കാല വസതിയും ഉല്ലാസങ്ങളും, മറ്റ് നിര്‍ഗുണ എംഎല്‍എമാര്‍ക്ക് കടലമിട്ടായി, സിപിഎമ്മിന് അക്രമരാഷ്ട്രീയം വെടിഞ്ഞ് നല്ലവഴിക്കു വരുന്നതുവരെ സംയമനം പാലിക്കുന്നതിനായി കടുക്കാവെള്ളം (അതിനു വേണ്ടി കണ്ണൂരില്‍ കടുക്കാ പാര്‍ക്ക് സ്ഥാപിക്കും), ഭരണകൂടത്തിനെതിരേ പ്രതിഷേധിക്കുന്ന ജനങ്ങളുടെ ആസനത്തില്‍ തിരുകാന്‍ അഞ്ചടിയുള്ള ഉരുക്കുപാരകള്‍ എന്നിവയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ എമേര്‍ജിങ് മുതലക്കുളം പദ്ധതി വരുന്നതോടെ കേരളവും മുതലക്കുളവും ലോകഭൂപടത്തില്‍ ഇല്ലാതാവും അല്ല, സ്ഥാനം പിടിക്കും.

ഇനി ഈ സമരം തോല്‍ക്കരുത്

120-150 കിലോമീറ്റര്‍ വേഗത്തില്‍ ദേശീയപാതയിലൂടെ പാഞ്ഞുപോകുന്ന കാറിലിരുന്ന് മുതലാളിമാര്‍ ചോദിക്കുന്നു- ’55 രൂപയല്ലേയുള്ളൂ, ഇതിനെന്തിനാണ് ഇവന്മാര്‍ സമരം നടത്തുന്നത് ? നല്ല റോഡ് വേണമെങ്കില്‍ കാശു കൊടുക്കണ്ടേ ? അങ്കമാലി- തൃശൂര്‍ നേരത്തേ ഒന്നര മണിക്കൂര്‍ കൊണ്ടെത്തിയിരുന്നത് ഇപ്പോള്‍ ഇരുപതോ ഇരുപത്തഞ്ചോ മിനിറ്റുകൊണ്ടെത്തിക്കൂടേ ? ഈ പോളിറ്റീഷ്യന്‍സിന്‍റെ ചീപ് ഗെയിം ആണ് നാട് നന്നാവാത്തതിന്‍റെ കാരണം.’

മുതലാളി പറഞ്ഞതില്‍ അനേകം പോയിന്‍റുകളുണ്ട്. 55 രൂപ എന്നത് ഒരു തുകയാണ് എന്നു പോലും തോന്നാത്ത കൊച്ചുമുതലാളിമാര്‍ക്കും എതിര്‍പ്പുണ്ടാവില്ല. കൂട്ടുകാരുമൊത്ത് കാറോട്ടമല്‍സരം നടത്താന്‍ ഇതിനെക്കാള്‍ നല്ല വഴി കേരളത്തിലില്ല. അപ്പോള്‍, പാലിയേക്കരയില്‍ സമരം ചെയ്യുന്നവരുടെ പ്രശ്നം എന്താണ് ? നല്ലൊരു റോഡ് വന്നപ്പോള്‍ ടോള്‍ പിരിക്കാനിരിക്കുന്നവര്‍ക്ക് അഞ്ചോ പത്തോ രൂപ ടിപ് കൂടി കൊടുത്ത് സന്തോഷമായി കടന്നുപോകേണ്ടതിനു പകരം അവിടെക്കിടന്ന് അലമ്പുണ്ടാക്കുന്നത് എന്തിനു വേണ്ടിയാണ് ?

സമരം ഉണ്ടാകാന്‍ അടിസ്ഥാനപരമായി രണ്ടു കാരണങ്ങളാണുള്ളത്. ഒന്ന്, കേരളത്തില്‍ എല്ലാവരും മുതലാളിമാരല്ല. രണ്ട്, നല്ല റോഡ് വേണമെങ്കില്‍ കാശു കൊടുക്കേണ്ട. ഇതു രണ്ടും തെല്ലും രാഷ്ട്രീയമില്ലാത്ത കാരണങ്ങളാണ്. 10 രൂപയുടെ മരുന്നു വാങ്ങാന്‍ ചാലക്കുടിയില്‍ നിന്നു തൃശൂര്‍ക്ക് പോകുന്നവന്‍ 50 രൂപയ്‍ക്ക് പെട്രോള്‍ അടിക്കുകയും 55 രൂപ ടോള്‍ കൊടുക്കുകയും ചെയ്യുമ്പോള്‍ ജീവിതം മാറുകയാണ്. വാഹനം വഴിയിലിറക്കുമ്പോള്‍ റോഡ് ടാക്സ് എന്ന പേരില്‍ വലിയൊരു തുക പിടിച്ചു വാങ്ങുന്ന സര്‍ക്കാര് പൊതുവഴികളോരോന്നും സ്വകാര്യകമ്പനികള്‍ക്കു വിറ്റ് ഓരോ റോഡിനും ടോള്‍ ഏര്‍പ്പെടുത്തുമ്പോള്‍ പൊതുജനത്തിന്‍റെ ചോരകൂടിക്കുന്ന ഡ്രാക്കുളയായി മാറുകയാണ്.

കഷ്ടപ്പെട്ട് ബുദ്ധിമുട്ടി കുത്തക കമ്പനി ഉഗ്രന്‍ വഴിയുണ്ടാക്കി കഴിയുമ്പോള്‍ ടോള്‍ പിരിക്കരുത് എന്നു പറയുന്നത് മര്യാദകേടല്ലേ എന്നു ചോദിക്കാം. പുതുവഴി പണിതുണ്ടാക്കി ടോള്‍ പിരിക്കുന്ന വഴികളിലെവിടെയും ആരും പ്രക്ഷോഭങ്ങള്‍ നടത്തുന്നില്ല. പക്ഷെ,പാലിയേക്കര ടോള്‍ ബൂത്തിന്‍റെ രാഷ്ട്രീയം വ്യത്യസ്തമാണ്. നിലവിലുണ്ടായിരുന്ന റോഡ് വീതികൂട്ടി പുതുക്കിപ്പണിതു എന്നതല്ലാതെ, എറണാകുളം മുതല്‍ നിലവില്‍ പണിതീര്‍ന്നിരിക്കുന്ന മണ്ണുത്തി വരെയുള്ള എവിടെയും കമ്പനി പുതിയ റോഡുണ്ടാക്കിയിട്ടില്ല. റോഡ് വീതികൂട്ടി ഗംഭീരമാക്കിയിട്ടില്ലേ എന്നു ചോദിക്കാം. വീതി കൂട്ടാനാവശ്യമായ സ്ഥലം കമ്പനി കൊണ്ടുവന്നതല്ല. നാട്ടുകാര്‍ സ്വന്തം സ്ഥലം വിട്ടുനല്‍കിയതുകൊണ്ട് റോഡ് വീതികൂട്ടിയ ശേഷം അതേ നാട്ടുകാരോട് ടോള്‍ പിരിക്കുന്നതാണ് പാലിയേക്കരയെ കലാപഭൂമിയാക്കുന്നത്. വീട് പെയിന്‍റടിക്കാന്‍ വന്നവന്‍ പെയിന്‍റടിച്ച ശേഷം എല്ലാ മാസവും വാടക പിരിയ്‍ക്കാന്‍ വരുന്നതുപോലെ വിചിത്രമാണ് സര്‍ക്കാരും കോടതിയും അംഗീകരിച്ച പാലിയേക്കരയിലെ പകല്‍ക്കൊള്ള.

ബസില്‍ ടിക്കറ്റെടുക്കാന്‍ കഴിയാത്തവന്‍റെ സമരം പോലെ പാലിയേക്കര സമരത്തെ ചെറുതാക്കി കാണുന്നവര്‍ വഞ്ചിക്കുന്നത് സമൂഹത്തെയാണ്. സര്‍ക്കാര്‍ ഏതു മുന്നണി നയിച്ചാലും അതിന്‍റെ ചട്ടക്കൂട് ജനങ്ങളുടെ ചോര കുടിക്കുന്നതാണ്. ജനകീയസമരങ്ങളിലൂടെ മാത്രമേ ഇത്തരം അധിനിവേശങ്ങളെ ചെറുക്കാനാവൂ. പാലിയേക്കര സമരം അതുവഴി ഒരിക്കലും യാത്ര ചെയ്യാന്‍ സാധ്യതയില്ലാത്തവരുടേതു കൂടിയായി മാറുന്നത് അതിന്‍റെ സാമൂഹിക-രാഷ്ട്രീയ പ്രസക്തികൊണ്ടാണ്. ഇവിടെ തോറ്റാല്‍ പിന്നെ എവിടെയും ജയിക്കാന്‍ കഴിഞ്ഞില്ലെന്നു വരും. കൂട്ടായ പ്രതിഷേധമാണ് പാലിയേക്കരയിലേത്. കിനാലൂരിലെയും കൂടംകുളത്തെയും പോലെ വര്‍ഗീയതയുടെ സാധ്യതകള്‍ ഉപയോഗിച്ച് സമരക്കാതെ ചിതറിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചാലും അദ്ഭുതപ്പെടാനില്ല. കാരണം, കരാര്‍ പ്രകാരം കൊള്ളയടിക്കാനുള്ള അവസരം ലഭ്യമായില്ലെങ്കില്‍ കമ്പനി സര്‍ക്കാരിനെതിരേ കോടതിയില്‍ പോവും. കരാര്‍ നിലവിലുള്ളിടത്തോളം കോടതി കമ്പനിക്കും സര്‍ക്കാരിനും അനുകൂലമായ വിധികള്‍ പുറപ്പെടുവിക്കും.

എന്നാല്‍, പുതിയ ഹൈക്കോടതി വിധി നിയമത്തിന്‍റെ നിഷ്പക്ഷതയെപ്പോലും അതിശയിപ്പിക്കുന്നതാണ്. ടോള്‍ബൂത്തില്‍ കയറാതെ ഏതാനും വാഹനങ്ങള്‍ തിരിഞ്ഞുപോയിരുന്ന സമാന്തരപാത കോടതി ഉത്തരവിനെത്തുടര്‍ന്ന് അടച്ചതോടെ കൊള്ളയടിയില്‍ ഒരു ദാക്ഷിണ്യവുമുണ്ടാവില്ല എന്നതുറപ്പായിരിക്കുന്നു. വാഹനങ്ങള്‍ സമാന്തരപാതയിലൂടെ പോകുന്നതിനാല്‍ ടോള്‍ പിരിവ് ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരാറെടുത്ത കമ്പനി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി ടോള്‍ പ്ലാസയ്ക്കു സമീപത്തെ സമാന്തരപാത അടയ്ക്കാന്‍ ഉത്തരവിട്ടത്. സമാന്തരപാത ടോള്‍ ബൂത്തിനെ കബളിപ്പിക്കാന്‍ സമരക്കാര്‍ പണിതുണ്ടാക്കിയ പാതയല്ല എന്നത് ശ്രദ്ധേയമാണ്. നിലവിലുണ്ടായിരുന്ന സമാന്തരപാത ടോള്‍ബൂത്തിലെ വരുമാനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടി അടച്ചുപൂട്ടുമ്പോള്‍ ഈ ജനതയ്‍ക്കു സ്വതന്ത്രസഞ്ചാരത്തിനു പകരം വഴിയെവിടെ എന്ന ചോദ്യത്തിന്‍റെ കഴുത്തിലാണ് കുരുക്ക് വീഴുന്നത്. സ്വതന്ത്രസഞ്ചാരം ഇനിയില്ല, പണം കൊടുത്തു സഞ്ചരിക്കുന്നവന്‍ മാത്രം സഞ്ചരിച്ചാല്‍ മതി എന്ന പ്രായോഗികത പൗരന്‍റെ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കലല്ലെങ്കില്‍ പിന്നെ എന്താണ് ?

രാഷ്ട്രീയ കക്ഷികള്‍ ഇവിടെ ജനങ്ങള്‍ക്കെതിരാണ് എന്നതാണ് സമരത്തിന്‍റെ മറ്റൊരു പ്രത്യേകത. സമരമുഖത്ത് കാണുന്ന കൊടികള്‍ ഏതു നിമിഷവും മാറിയേക്കാം, എന്നാല്‍ ആ കൊടികളേന്തുന്നവര്‍ അവിടെത്തന്നെയുണ്ടാവും. എത്ര ചോര ചിന്തിയാലും ഈ സമരം തോല്‍ക്കില്ലെന്ന ഉറപ്പ് ജനത്തിനുണ്ട്. എത്ര ചോര ഒഴുക്കിയാലും വിട്ടുകൊടുക്കില്ലെന്ന വാശി സര്‍ക്കാരിനും. വോട്ടു ചെയ്തത് നമ്മളാണെങ്കിലും ഇത് കമ്പനികളുടെ സര്‍ക്കാരാണ്. ബിഒടി പാതകള്‍ കേരളത്തിലങ്ങുമിങ്ങും ഒരുങ്ങുന്നുണ്ട്. നല്ല വഴി കിട്ടുന്നതിന്‍റെ ആനന്ദത്തില്‍ കാത്തിരിക്കുന്നവര്‍ വീടിനു മുന്നില്‍ പാലിയേക്കരകള്‍ കൂടി കാത്തിരിക്കുക. വെല്ലുവിളികളുടെ രാഷ്ട്രീയമല്ല, അതിജീവനത്തിന്‍റെ പോരാട്ടമാണ് പാലിയേക്കരയിലേത്. അതിനെ പിന്തുണച്ചില്ലെങ്കിലും തള്ളിപ്പറയരുത്.

അനുഭവങ്ങളുടെ സുഗന്ധം

മനം മയക്കുന്ന സുഗന്ധങ്ങളുടെ കാലം കഴിഞ്ഞു. പ്രകൃതിയില്‍ നിന്നുള്ള സുഗന്ധങ്ങളെ കുപ്പിയിലാക്കി വിറ്റിരുന്നവര്‍ പ്രകൃതി മരിക്കുന്ന കാലത്ത് മനുഷ്യര്‍ അതിജീവനം നടത്തുന്ന ലോകത്തിന്റെ സുഗന്ധങ്ങളിലേക്കു തിരിയുകയാണ്. ഓര്‍മകളിലെ സുഗന്ധത്തെപ്പറ്റി എഴുതിയും വര്‍ണിച്ചും ആ സുഗന്ധങ്ങളെ അവിസ്മരണീയമാക്കുന്നവര്‍ക്ക് ഇനി കടയില്‍ പോയി സംഗതി വാങ്ങാം. ജീവിതയാത്രയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച് നിങ്ങളെ സ്വാധീനിച്ച സുഗന്ധം ഓര്‍ത്തെടുക്കുന്നതുപോലെയാവില്ല കാലദേശങ്ങളെ അതിജീവിച്ച് വീണ്ടും ആ സുഗന്ധം മുന്നിലെത്തുന്നത്. പ്രമുഖ സുഗന്ധനിര്‍മാതാക്കളുടെ പുതിയ ബിസിനസ് ആ വഴിക്കാണ്.

സെന്റ്‌സ് ഓഫ് ഡിപ്പാര്‍ചര്‍

കൊച്ചിയുടെ ഗന്ധം ആരും കുപ്പിയിലാക്കി കൊണ്ടുപോകില്ല. എങ്കിലും കൊച്ചി കൊച്ചിയാണെന്ന് വീണ്ടുമെത്തുന്ന വിനോദസഞ്ചാരിക്കു തോന്നണമെങ്കില്‍ ആ പഴയ നാറ്റം അനുഭവേദ്യമാകണം. സഞ്ചാരിയുട അനുഭവങ്ങള്‍ ഈ ഗന്ധവുമായി ബന്ധപ്പെട്ടു കിടക്കും എന്നതിനാല്‍ അനുഭവങ്ങള്‍ കലര്‍ന്ന കൊച്ചിയുടെ ഗന്ധത്തെ സുഗന്ധമെന്ന് പെര്‍ഫ്യൂം കമ്പനികള്‍ വിശേഷിപ്പിച്ചേക്കാം. സെന്റ്് ഓഫ് ഡിപാര്‍ചര്‍ എന്ന പുതിയ പെര്‍ഫ്യൂം ശ്രേണി ലോകസഞ്ചാരികള്‍ക്കു വേണ്ടിയുള്ളതാണ്. കൊച്ചിയ്ക്കും കോഴിക്കോടിനുമൊക്കെ ഉള്ളതുപോലെ ലോകത്തെ എല്ലാ നഗരങ്ങള്‍ക്കും ഗന്ധപരമായ ഒരു വ്യക്തിത്വമുണ്ട്. ഇത്തരത്തില്‍ ഓരോ നഗരത്തിന്റെയും സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ടോക്കിയോ, ദുബായ്, ദോഹ, ബാലി, സോള്‍, സിംഗപ്പൂര്‍, അബുദാബി, ബുഡാപെസ്റ്റ്, വിയെന്ന തുടങ്ങി ലോകത്തിലെ 14 നഗരങ്ങളുടെ സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍ ശ്രേണിയിലുള്ളത്. നിങ്ങള്‍ക്ക് ഗൃഹാതുരത്വമോ പ്രവാസാതുരത്വമോ ഉണര്‍ത്തുന്നത് ഏതാണെന്നു വച്ചാല്‍ വാങ്ങാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നഗരത്തിനു തന്നെ വേറിട്ട സുഗന്ധങ്ങളാണ്. ഓരോ നഗരസുഗന്ധത്തിനും ഓരോ വിലയും. www.thescentofdeparture.com

പേപ്പര്‍ പാഷന്‍

അച്ചടിമഷി പുരണ്ട പുസ്തകത്താളുകളുടെ ഗന്ധമാണ് വിപണിയിലെത്തിയിരിക്കുന്ന പുതിയ വിസ്മയം. പഴയ പുസ്തകത്താളുകളുടെ ഗന്ധം മനസ്സിലേക്ക് കൊണ്ടുവരുന്നത് ഒരായിരം ബാല്യകാല ചിത്രങ്ങളാണ് പലര്‍ക്കും. അച്ചടിമഷിയുടെ ഗന്ധമുള്ള പുതിയ പുസ്തകങ്ങള്‍ക്കും ഇതേ പ്രാധാന്യമുണ്ട്. ഇ-വായനയുടെ കാലത്ത് പുസ്തകപ്രേമികള്‍ക്കു വേണ്ടി പ്രമുഖ യൂറോപ്യന്‍ സുഗന്ധനിര്‍മാതാവായ ഗെസ ഷോവെന്‍ കണ്ടെത്തിയ ഏറ്റവും പുതിയ ബ്രാന്‍ഡാണ് പേപ്പര്‍ പാഷന്‍. നിത്യജീവിതത്തില്‍ വിവിധ തരം കടലാസ് ഗന്ധങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളുകളെ വശീകരിക്കാന്‍ വിവിധ പേപ്പര്‍ സുഗന്ധങ്ങളിലാണ് പേപ്പര്‍ പാഷന്‍ എത്തുന്നത്. വാള്‍പേപ്പര്‍ മാഗസിന്റെ ആവശ്യപ്രകാരമാണ് ഗെസ പുസ്തകപ്രേമികള്‍ക്കു വേണ്ടി അവരുടെ പ്രിയപ്പെട്ട സുഗന്ധത്തെ കുപ്പിയിലാക്കിയത്. ശരാശരി പെര്‍ഫ്യൂം നൂറിലേറെ രാസക്കൂട്ടുകളോടെ എത്തുമ്പോള്‍ പേപ്പര്‍ പാഷന് വെറും അഞ്ച് ഘടകങ്ങളേയുള്ളൂ. ഭംഗിയുള്ള ഒരു പുസ്തകത്തിനുള്ളില്‍ അടച്ചാണ് പേപ്പര്‍ പാഷന്‍ വിപണിയിലെത്തുന്നത്. പുസ്തകം തുറക്കുമ്പോള്‍ അതിനുള്ളില്‍ സുഗന്ധക്കുപ്പി. പേപ്പര്‍ പാഷന്റെ വില 5500 രൂപയാണ്.

ബ്ലഡ് കണ്‍സെപ്റ്റ്

ഓരോ ജന്മനക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള കല്ല് പതിച്ച മോതിരം നമുക്ക് അപരിചിതമല്ല. അതുകൊണ്ട് നേട്ടങ്ങളുണ്ടാക്കുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നവരുണ്ട്. അതുപോലെ ഓരോ രക്തഗ്രൂപ്പ്കാര്‍ക്കും ഓരോ സുഗന്ധം. അതുകൊണ്ട് എന്തൊക്കെയാണ് പ്രയോജനങ്ങള്‍ എന്നു പറയാറായിട്ടില്ല.
ഏറെക്കാലത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം (എന്നു പറയുന്നു) അവതരിപ്പിച്ചിരിക്കുന്ന വളരെ സങ്കീര്‍ണമായ സുഗന്ധദ്രവ്യ ശ്രേണിയാണ് ബ്ലഡ് കണ്‍സെപ്റ്റ്. രക്തഗ്രൂപ്പുകളുടെ അത്രയേ ഉള്ളൂ സുഗന്ധഗ്രൂപ്പുകളും. എ, ബി, ഒ, എബി ഗ്രൂപ്പുകാര്‍ക്കുള്ള 40, 60 മില്ലി ബോട്ടിലുകളാണ് ഇവ. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഉണ്ടാവുന്ന പൊതുവായ സവിശേഷതകളും സ്വാഭാവികശരീരഗന്ധവുമൊക്കെയായി പൊരുത്തപ്പെട്ടു നില്‍ക്കുന്നതാണേ്രത ബ്ലഡ് കണ്‍സെപ്റ്റ് സുഗന്ധങ്ങള്‍. ഓരോ ഗ്രൂപ്പിനും 10000 രൂപ വീതം വിലയാകും. www.bloodconcept.com

സ്‌മെല്‍സ് ന്യൂ

പുതിയ കാര്‍ വാങ്ങിയാല്‍ അതിന്റെ സുഗന്ധം എന്നും നിലനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കാര്‍ പെര്‍ഫ്യൂമുകളും കാറില്‍ കയറുന്നവര്‍ പൂശുന്ന സുഗന്ധങ്ങളും ചേര്‍ന്ന് പുത്തന്‍ കാറിന്റെ വ്യക്തിത്വം പെട്ടെന്നു തന്നെ നഷ്ടപ്പെടുത്തിക്കളയും. പു്ത്തന്‍ കാറിന്റെ ഗന്ധം തന്നെ വേണമെന്നുള്ളവര്‍ക്കായി കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ് സ്‌പെയിനില്‍ അവതരിപ്പിച്ച സുഗന്ധമാണ് സ്‌മെല്‍ ന്യൂ (Olor a Nuevo). കാര്‍ അറുപഴഞ്ചനാണെങ്കിലും ഈ സുഗന്ധം ഉപയോഗിച്ചാല്‍ പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നിറക്കിക്കൊണ്ടു വരുന്ന സുഖം ലഭിക്കും.

ഡാം ലജ്ജിച്ചു തല താഴ്‍ത്തും

ബോര്‍ഡറില്‍ കിടന്ന് തമിഴന്റെ അടികൊണ്ടതും കൊച്ചി ഒലിച്ചുപോകുന്നത് ജനങ്ങളെ കാണിച്ചുകൊടുക്കാന്‍ ഫോട്ടോഷോപ്പില്‍ പണിയെടുത്ത് കറന്റ് ബില്ല് കൂട്ടിയതും മിച്ചം. ജസ്റ്റിസ് കെ.ടി.തോമസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിന്റെ ആര്‍ത്തനാദങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. ഭീകരമാം വിധം സുരക്ഷിതമായ ഡാമിനെ തകര്‍ക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല എന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ട് ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ ചോര്‍ന്നുപോകുന്ന ആത്മധൈര്യം തടയാന്‍ കേരളത്തിന് രണ്ട് നാടന്‍ അണ്ടര്‍വെയറുകള്‍ തയ്പിച്ചിച്ചിട്ട് നെയ്യാറ്റിന്‍കരയില്‍ തായം കളിക്കാം.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം എന്നാവശ്യപ്പെടുക എന്നതാണ് ഇവിടുത്തെ ഒരാചാരം. തിളക്കമുള്ള തുറിച്ച കണ്ണുകളോടെ പി.ജെ.ജോസഫ് പത്രസമ്മേളനം നടത്താനും പി.സി.ജോര്‍ജ് അസംതൃപ്തരായ രണ്ട് സിപിഎം എംഎല്‍എമാരെക്കൂടി മുന്നണി ചാടിച്ച് കൊണ്ടുവരാനും ശ്രമിച്ചേക്കും. ഉന്നതാധികാര സമിതിയിലെ അധികാരികള്‍ ജയലളിതയുടെ നീതി നടപ്പാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിധേയന്മാരായി കൂടെ നില്‍ക്കുകയായിരുന്നു. അവരുടെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും മൈന്‍ഡ് ചെയ്യാതെ തമിഴ്‌നാട് ആഗ്രഹിച്ചത് സാധിക്കും എന്ന് തെളിയിച്ചു കഴിഞ്ഞു. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതുപോലെ വെറും 200 വര്‍ഷം മാത്രം പഴക്കമുള്ള ഡാമിനെപ്പറ്റി അപവാദം പറഞ്ഞുപരത്തിയതിന് കേരളത്തെ സുപ്രീം കോടതി ശാസിക്കാതിരുന്നാല്‍ ഭാഗ്യം.

ഉന്നതാധികാര സമിതി മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച, മെയ് നാലിനു മാത്രം സുപ്രീം കോടതി പൊട്ടിച്ചു നോക്കാന്‍ പോകുന്ന കവറിലെ വിവരങ്ങളാണ് വാര്‍ത്തകളില്‍ പാറിപ്പറന്നു നടക്കുന്നത്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പ്രകാരം, അങ്ങേയറ്റം അപകടകരമെന്നു കേരളം പറയുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങേയറ്റം സുരക്ഷിതമാണ്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടിയാക്കി കുറച്ചില്ലെങ്കില്‍ അഞ്ചു ജില്ലകളിലെ 35 ലക്ഷം ആളുകള്‍ മരിക്കുമെന്ന് കേരളം വാദിക്കുമ്പോള്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. അണക്കെട്ട് ഭൂകമ്പസാധ്യത മേഖലയിലാണെന്നും ശക്തമായി കുലുങ്ങിയാല്‍ സാധനം തവിടുപൊടിയാകുമെന്നും ഐഐടിക്കാര് പറഞ്ഞത് ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്റെ കോമഡി പോലെ സമിതി തള്ളിക്കളഞ്ഞു. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നു സമിതി വിലയിരുത്തുന്നു. ഒരു പക്ഷേ ഈ തരത്തില്‍ സുരക്ഷിതമായ ലോകത്തെ ഒരേയൊരു അണക്കെട്ടായിരിക്കാം ഇത്.

മുല്ലപ്പെരിയാര്‍ തകരുന്നു, ആ വെള്ളം ഒഴുകി വന്ന് ഇടുക്കി തകരുന്നു എല്ലാം കൂടി കുത്തിയൊലിച്ചുവന്ന് റിവേഴ്‌സ് സൂനാമിയിലൂടെ മൊത്തം നിരപ്പാക്കുന്നു എന്നൊക്കെയായിരുന്നു സങ്കല്‍പം. മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും അപാര സ്‌ട്രോങ് ആണെന്നാണ് സമിതി റിപ്പോര്‍ട്ടിലുള്ളതത്രേ. രസകരമായി ഉള്ളത് രണ്ട് വിയോജനക്കുറിപ്പുകളാണ്. സംസ്ഥാനാന്തര സന്തുലിതാവസ്ഥ നിലനിര്‍ത്താനാണെന്നു തോന്നുന്നു അതങ്ങനെ. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന തമിഴ്‌നാട് അനുകൂല നിര്‍ദേശത്തിന് ജസ്റ്റിസ് കെ.ടി. തോമസ് വിയോജനക്കുറിപ്പെഴുതിയപ്പോള്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം ബദല്‍ നിര്‍ദേശമായിപ്പോലും ഉള്‍പ്പെടുത്തുന്നതിനെതിരേ തമിഴ്‌നാടിന്റെ ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണന്‍ വിയോജനക്കുറിപ്പെഴുതി. അതായത് കേരളം പുതിയ ഡാമിനെപ്പറ്റി എപ്പോള്‍ പറഞ്ഞാലും അപ്പോള്‍ തമിഴ്‌നാട് ജലനിരപ്പ് 142 അടിയാക്കുന്നതിനെപ്പറ്റി പറയുമെന്നു ചുരുക്കം.

എന്നാലും, റിപ്പോര്‍ട്ടിന്റെ മാര്‍ജിനിലെവിടെയോ വേണമെങ്കില്‍ പുതിയ ഡാം ഉണ്ടാക്കുന്നത് ഒരു നിര്‍ദേശമെന്ന നിലയില്‍ പരിഗണിക്കാം എന്നു സൂചിപ്പിക്കുന്നതാണ് കേരളത്തിന്റെ ചരിത്രനേട്ടമായി വാര്‍ത്താ ചാനലുകള്‍ ആഘോഷിച്ചു കളഞ്ഞത്. കാലിന് വേദയാണ് എന്നു പറഞ്ഞു വന്ന മറിയാമ്മയോട്, രോഗങ്ങളൊന്നുമില്ലാത്ത കാല്‍ അങ്ങേയറ്റം ആരോഗ്യമുള്ളതും ശക്തിയുള്ളതുമാണെന്നും എന്നാല്‍ വേണമെങ്കില്‍ ആ കാല്‍ മുറിച്ചുകളയാമെന്നും ഡോക്ടര്‍ പറയുന്നതുപോലെയാണ് പുതിയ ഡാമിനുള്ള ശുപാര്‍ശ. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് ബദല്‍ ഡാം പണിയണം എന്നു പറയുന്ന കേരളത്തിന് കുത്തിക്കഴപ്പാണ് എന്നേ നിഷ്പക്ഷനായ ഒരാള്‍ റിപ്പോര്‍ട്ടില്‍ നിന്നു വായിച്ചെടുക്കൂ. കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ നില്‍ക്കുന്ന ഡാം പൊളിച്ച് മറ്റൊന്നു പണിയേണ്ടതിന്റെ ആവശ്യമെന്താണ് എന്ന് ഇനി നമ്മള്‍ നമ്മെത്തന്നെ ബോധിപ്പിക്കേണ്ടി വരും.

ഗുണപാഠം- ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഡാമിനെ വായിച്ചു കേള്‍പ്പിച്ചാല്‍ മതി, പിന്നെ 999 വര്‍ഷത്തേക്ക് അനങ്ങില്ല. കോടതി ഉത്തരവ് ലംഘിക്കാന്‍ ഏതു ഡാമും ഒന്നു ഭയപ്പെടും.