പരിശുദ്ധ മാഫിയ

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊക്കെ കൊണ്ടുവന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വേണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകളും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ഭൂമി തട്ടിപ്പുകാരനാണെങ്കില്‍ ഈ സമിതി ഹൈറേഞ്ച് സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അര്‍ഥമില്ല.

ജോയ്‌സ് ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെയും കത്തോലിക്കാസഭയുടെയും അനുഗ്രഹമുള്ള അദ്ദേഹം വളരെ വിശുദ്ധനാണെന്നുമാണ് ഒരു വാദം. മറ്റൊന്ന്, കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും എല്ലാം വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നിരിക്കെ പാവം ജോയ്‌സ് ജോര്‍ജിനെ മാത്രം വേട്ടയാടുന്നത് ശരിയല്ല എന്നാണ്. എല്ലാവരും ഇവിടെ ഭൂമി മോഷ്ടിക്കാറുണ്ട് എന്നതിനാല്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് വളരെ ന്യായമായ കാര്യമാണ്. എന്നാല്‍, ഇടുക്കിയിലെ വിശുദ്ധന്‍മാര്‍ പൊതുവേ ഭൂമി തട്ടിപ്പുകാരും കള്ളപ്പട്ടയക്കാരും ആണെങ്കില്‍ ഏതു റിപ്പോര്‍ട്ടിന്റെ സഹായത്തോടെയും അത്തരം സാമൂഹികദ്രോഹികളെ അവിടെ നിന്ന് അടിച്ചിറക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഷപ്പിന്റെ അനുഗ്രഹവും ഇടയലേഖനങ്ങളും കള്ളന്‍മാരെ പുണ്യാളന്‍മാരാക്കുമെന്നു വിശ്വസിക്കുന്നവര്‍ കാലഹരണപ്പെട്ട മന്ദബുദ്ധികളാണ്.

ഇടുക്കിയിലെ കര്‍ഷപ്രേമികള്‍ ഭൂമി തട്ടിപ്പുകാരാണെങ്കില്‍ താമരശ്ശേരിയിലെ കര്‍ഷകപ്രേമികള്‍ പാറമടക്കാരാണെന്നാണ് മനസ്സിലാവുന്നത്. കസ്തുരിരംഗര്‍ സമരത്തിന്റെ പേരില്‍ ബിഷപ്പിന്റെ അശീര്‍വാദത്തോടെ നടന്ന അക്രമവും കൊള്ളിവയ്പും ജാലിയന്‍വാലാ ബാഗ് ഭീഷണികളും മുതല്‍ നിരാഹാരസമരം കിടന്ന ക്വാറി മുതലാളിമാര്‍ വരെ ഇതിനു തെളിവാണ്. തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്നു ഭയപ്പെടുത്തി മാഫിയകളും കൊള്ളക്കാരും ആസൂത്രിതമായി നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനമായി ഭാവിയില്‍ കസ്തൂരിരംഗന്‍ സമരം വിശേഷിപ്പിക്കപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കുന്നവന്‍ എത്ര വലിയവനായാലും അപകടകാരിയാണ്. ലോകം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് അവശേഷിക്കുന്ന വനഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പടപൊരുതുന്നവന്‍ സ്വാര്‍ത്ഥതയുടെ വെള്ളപൂശിയ കച്ചവടക്കാരാണ്. ഈശ്വരന്‍ ആകാശവും ഭൂമിയും റിസര്‍വ് വനങ്ങളുമെല്ലാം സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വെട്ടിക്കീറി വില്‍ക്കാനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാലം കല്ലെറിയാന്‍ വൈകില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്നവരെല്ലാം കൊച്ചിയില്‍ ഫ്‌ളാറ്റില്‍ എസി മുറിയില്‍ കഴിയുന്നവരാണെന്നത് വളരെ പഴയ ഒരു ആരോപണമാണ്. ഇടുക്കിയെപ്പറ്റിയോ വയനാടിനെപ്പറ്റിയോ അഭിപ്രായം പറയുന്നവര്‍ അവിടെ താമസിച്ചു കൃഷി ചെയ്യുന്നവരായിരിക്കണം എന്നതും വളരെ പരിഹാസ്യമായ ഒരു നിലപാടാണ്. റിസര്‍വ് വനങ്ങള്‍ മലയോരത്തുള്ള കള്ളപ്പട്ടയക്കാരുടെ അവകാശമാണെന്നു വിശ്വസിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളെ അവിടെ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവാത്ത വെല്ലുവിളിയാണ്.

പരിസ്ഥിതിലോലം- വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നു കണ്ടെത്തിയ ശേഷം ഇത്രനാളായിട്ടും ആ തീ നിര്‍മിച്ച മനുഷ്യരെ കണ്ടെത്താനായില്ല എന്നത് വളരെ രസകരമാണ്. അച്ചനും അച്ചായനും പിന്നെ വേണ്ടപ്പെട്ടവരും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരും യുനെസ്‌കോയും പശ്ചിമഘട്ടവുമൊക്കെ എന്ത് ?

കസ്തൂരിരംഗന്‍ ടെക്‌നോളജി

ആത്മഹത്യ ചെയ്യുമെന്നു ഭീഷണിമുഴക്കി മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറുന്ന പാലായിലെ പാവപ്പെട്ട കള്ളുകുടിയനെപ്പോലെയാണ് മാണിസാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇന്നു വൈകുന്നേരത്തിനകം വന്നിട്ടില്ലെങ്കില്‍ രണ്ടിലൊന്നു തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇന്നു വൈകുന്നേരത്തിനകം കരടു വിജ്ഞാപനം വന്നിട്ടില്ലെങ്കില്‍ മാണിസാര്‍ രാജിവച്ച് സിപിഎം പാളയത്തില്‍ പോയി ചേക്കേറുമെന്നു കരുതുന്നവരോട് പറയട്ടെ- മാണിസാറിനെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. മാണിസാറിനെ എന്നല്ല, കേരളാ കോണ്‍ഗ്രസിലെ ഒരുത്തനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്നാണ് ഒരു പഴയ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളത്.

രാഷ്ട്രീയപരമായി കാര്യമായി ഉദ്ധാരണശേഷി ഒന്നുമില്ലാതിരിക്കെ കര്‍ഷകരെ മൊത്തത്തോടെ ഉദ്ധരിക്കും എന്ന മോഹനവാദ്ഗാനമാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അടിത്തറ. മലയോര കര്‍ഷകന്‍ എന്ന തുറുപ്പുചീട്ട് വച്ചു കളിച്ചുകൊണ്ടിരുന്ന മാണിസാറിനെയും സംഘത്തെയും വലിയ വിവരമൊന്നുമില്ലാത്ത പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മലയോര കര്‍ഷകര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്ന തുറുപ്പുചീട്ട് കയ്യില്‍ വച്ച് കശക്കിമറിച്ചുകൊണ്ടിരിക്കുകയാണ്.

ഇടയലേഖനം എഴുതുന്ന അത്ര ഈസിയായി തയ്യാറാക്കാവുന്ന ഒന്നല്ല, പരിസ്ഥിതി ആഘാതവും പ്രത്യാഘാതവുമൊക്കെ ഉണ്ടാക്കാന്‍ പര്യാപ്തമായ ഇത്തരം റിപ്പോര്‍ട്ടുകള്‍. പോരെങ്കില്‍ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടമലനിരകളില്‍ കുടിയേറ്റവും കയ്യേറ്റവും പാറപൊട്ടിക്കലുമൊക്കെ കഴിഞ്ഞിട്ടു മതി പ്രകൃതിസ്‌നേഹം എന്നു പറയുമ്പോള്‍ ഏരിയല്‍ വ്യൂവില്‍ അതൊരു മാടമ്പി നയമായി തോന്നാം. പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നുമൊക്കെ മാര്‍പ്പാപ്പ പറയുമ്പോള്‍ പ്രകൃതിസ്‌നേഹം പറഞ്ഞോണ്ടു വന്നാല്‍ ചോരപ്പുഴയൊഴുകുമെന്നു മെത്രാനച്ചന്‍ പറയുന്നത് പോക്രിത്തരമാണ്. ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലുമൊക്കെ വനമുണ്ടെങ്കിലേ റോമില്‍ മഴ പെയ്യൂ എന്നു മാര്‍പ്പാപ്പയ്ക്കറിയാം. പാറ പൊട്ടിക്കുന്നതും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതുമാണ് പരിസ്ഥിതി പ്രവര്‍ത്തനം എന്നു വിശ്വസിച്ചിരിക്കുന്ന മുട്ടനാടുകളോട് വേദമോതുന്നതില്‍ കാര്യമില്ല.

പറഞ്ഞു തുടങ്ങിയത് കേരളാ കോണ്‍ഗ്രസിന്റെ കാര്യമാണ്. ജോസ് കെ. മാണിയുടെ ഭാവിയും മാണിസാറിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളും എന്നതാണ് മൊത്തത്തില്‍ മാണിസാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു പാചകക്കുറിപ്പ് എന്നു പറയാം. അതങ്ങനെ സുഗമമായി മുന്നോട്ടു വരുമ്പോള്‍ ഇടിച്ചുകയറി വന്ന മലയോരകര്‍ഷക കുഞ്ഞാടുളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മാണിസാറും സംഘവും. പറയുന്നതുപോലെ രാജിവച്ചു മുന്നണി വിട്ടാല്‍ ജോസ് കെ.മാണി കോട്ടയത്ത് ഏതു പാനലില്‍ മല്‍സരിക്കും ? ഒരു മുന്നണിയിലുമില്ലാതെ ചുമ്മാ കൊണ്ടുപോയി നിര്‍ത്തിയാല്‍ ജയിച്ചുവരാന്‍ മാത്രം ആം ആദ്മിയല്ല ജോസ്‌മോന്‍. അപ്പോള്‍ ജോസ്‌മോന്‍ ജയിക്കണമെങ്കില്‍ യുഎഡിഎഫില്‍ നില്‍ക്കണം എന്നത് പാഠം ഒന്ന്.

രണ്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എങ്ങനെ മയപ്പെടുത്താം എന്നതാണ്. മെത്രാനച്ചന്‍മാരോ മാണി സാറോ ഉമ്മന്‍ ചാണ്ടി സാറോ ഒന്നും വിചാരിച്ചാല്‍ മയപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഈ വക റിപ്പോര്‍ട്ടുകള്‍ എന്നു പറഞ്ഞു കഴിഞ്ഞു. ഏപ്രില്‍ 10ന് ശാന്തിമുഹൂര്‍ത്തം വരുന്നതുവരെ എങ്ങനെ മലയോര കര്‍ഷകരെ പറഞ്ഞു പറ്റിക്കാം എന്നതേ ആലോചിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. ജോസ്‌മോനെയും മലയോരകര്‍ഷകരെയും എങ്ങനെ ഒരേപോലെ രക്ഷിച്ചെടുക്കാം എന്നതാണ് മാണിസാര്‍ നേരിടുന്ന വെല്ലുവിളി എന്നു പറഞ്ഞാലും തെറ്റില്ല.

ഇതിനിടയ്ക്ക് പി.സി.ജോര്‍ജ് എന്നൊരു മലയോര കര്‍ഷകനുണ്ട്. ഇന്നു രാജി വയ്ക്കും നാളെ രാജി വയ്ക്കും എന്നു പറഞ്ഞു നടന്ന ജോര്‍ജേട്ടനോട് എന്നാല്‍ താന്‍ പോയി രാജി വയ്‌ക്കെടോ എന്നു നേതാക്കന്‍മാര്‍ പറഞ്ഞപ്പോള്‍ പണി പാളുമെന്നു തോന്നി പുള്ളി പ്ലേറ്റ് മാറ്റി- നിങ്ങളെയൊന്നും വിഷമിപ്പിച്ചിട്ട് എനിക്കു രാജി വയ്‌ക്കേണ്ട എന്നു പറഞ്ഞ് മൂക്കും പിഴിഞ്ഞ് പോയതാണ്. ഇപ്പോള്‍ വീണ്ടും പൊങ്ങിയിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്നാണ് ജോര്‍ജേട്ടന്റെ ഇപ്പോഴത്തെ ആവശ്യം. ആത്മാര്‍ഥത കൂടി വട്ടായതാണ് എന്നൊക്കെ പറയാവുന്ന ഒരു സ്ഥിതിയിലാണെന്നു തോന്നുന്നു.

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടാല്‍ മലയോര കര്‍ഷകര്‍ ചത്തുപോവാനൊന്നും പോകുന്നില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലുമൊക്കെയായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊള്ളൂം. അങ്ങനെ കുറച്ചുകൂടി വിശാലകാഴ്ചപ്പാടുള്ള പാര്‍ട്ടികളുടെ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ പ്രശ്‌നം ഇത്തരത്തില്‍ പള്ളീലച്ചന്‍മാരുടെ ലോ ക്ലാസ് രാഷ്ട്രീയത്തില്‍ കുടുങ്ങി ഇത്തരത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു പോകില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കസ്തൂരിരംഗന്‍ പ്രശ്‌നം ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് പണ്ടാരമടങ്ങിയിരിക്കുകയാണ്. റിപ്പോര്‍ട്ട്, ഓഫിസ് മെമ്മോറാണ്ടം, കരട് വിജ്ഞാപനം എന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഒന്നും പിടിയില്ലാതായി. കസ്തൂരിരംഗന്‍ എന്നു പറയുന്ന ഭീകരന്‍ മലയോരത്ത് വന്നു കൊലയും കൊള്ളിവയ്പും നടത്തുകയും കുടിയേറ്റക്കാരെ ഒഴിപ്പിച്ച് അവിടം ഇടിച്ചു നിരപ്പാക്കി കടുവയെയും സിംഹത്തെയുമൊക്കെ വളര്‍ത്താനുള്ള പദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നാണ് സമരം ചെയ്യാന്‍ പോലും സമയം കിട്ടാത്ത യഥാര്‍ഥ പാവപ്പെട്ട മലയോര കര്‍ഷകര്‍ ഭയപ്പെടുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നത് ആര് അവരെ പറഞ്ഞു മനസ്സിലാക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷം ആളുകള്‍ അറബിക്കടലില്‍ പോവുകയും കൊച്ചി നഗരത്തിനു മുകളില്‍ 60 അടി ഉയരത്തില്‍ വെള്ളം തങ്ങിനില്‍ക്കുകയും ചെയ്യും. നാലു ജില്ല പോയിക്കഴിഞ്ഞാല്‍ പിന്നെ കേരളാ കോണ്‍ഗ്രസ് ഉണ്ടോ ? കസ്തൂരിരംഗനുണ്ടോ ? ഇടയന്‍മാരുണ്ടോ ?

[കുറിപ്പ്] ടെക്‌നോളജി സംബന്ധമായ പോസ്റ്റുകള്‍ മാത്രമേ ഇടൂ എന്നു പറഞ്ഞതിനു ശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി എഴുതുന്നത് ശരിയാണോ എന്നു ചിലരെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഈ കസ്തൂരി രംഗന്‍ എന്നു പറഞ്ഞാല്‍ ആരാ ? ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭന്‍മാരായ ബഹിരാകാശശാസ്ത്രജ്ഞന്‍മാരിലൊരാള്‍. ഒരു ടെക്‌നോളജി എഴുത്തുകാരന്‍ അത്തരത്തിലൊരു ശാത്രജ്ഞന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ടെക്‌നോളജി വിരുദ്ധമാകുമോ ?

സെന്റ് ജോര്‍ജ് ഓഫ് പൂഞ്ഞാര്‍

വെറുക്കപ്പെട്ടവന്റെ മുഖവും ശബ്ദവും ശരീരഭാഷയും മാറ്റി വച്ചാല്‍ പി.സി.ജോര്‍ജിന്റെ ഉള്ളിലും ഒരാത്മാവുണ്ട്. കാലം മായ്ക്കാത്ത മുറിവുകളില്ല എന്നാണ് പറയുന്നതെങ്കിലും രണ്ടായിരം വര്‍ഷം മുമ്പ് ക്രിസ്തുവിനെ കുരിശില്‍ തറച്ചു കൊന്ന ദുഖസത്യത്തില്‍ വേദനിച്ചും ഈസ്റ്ററിന്റെ അരൂപിയില്‍ പ്രാര്‍ഥനകളില്‍ മുഴുകിയും കഴിയുന്ന ഒരു കുഞ്ഞാടാണ് ചീഫ് വിപ്പ്. മാണി സാറിന്റെ ഇടയോന്മുഖമായ രാഷ്ട്രീയത്തില്‍ പറ്റിച്ചേര്‍ന്നു നില്‍ക്കുമ്പോള്‍ ജോര്‍ജിയന്‍ മറുഭാഷ കാലഘട്ടത്തിന്റെ വിപ്ലവജ്വാലയായി അഖ്യാനം ചെയ്യപ്പട്ടേക്കാം. അപ്പോള്‍ കേരളരാഷ്ട്രീയത്തിലെ സെന്റ് ജോര്‍ജ് പുണ്യാളനായ ആ ധീരയോദ്ധാവിന്റെ കട്ടത്തെറികള്‍ ചരിത്രം തങ്കമ്മയുടെ ലിപികളില്‍ ആലേഖനം ചെയ്തു വച്ചേക്കാം.

ഞാനും പി.സി.ജോര്‍ജും ഒരേ നാട്ടുകാരാണ്. പന്നപ്പൊ@#@&*മോനേ എന്നു വിളിച്ചാല്‍ കേള്‍ക്കാവുന്നത്ര ദൂരമേയുള്ളൂ. പിന്നെ നമ്മള്‍ ക്രിസ്ത്യാനികള്‍ ഒന്നിച്ചു നില്‍ക്കണം എന്നു പണ്ട് ചില കേരളാ കോണ്‍ഗ്രസുകാര്‍ പറഞ്ഞിട്ടുള്ളതനുസരിച്ചാണെങ്കില്‍ ഞങ്ങള്‍ ഒന്നിച്ചു നില്‍ക്കേണ്ടവരുമാണ്. പി.സി.ജോര്‍ജിനെ പൊതുവേ ആര്‍ക്കും ഇഷ്ടമില്ലാത്ത ഈ പെസഹാക്കാലത്ത് ജനങ്ങള്‍ക്കു വേണ്ടി, സത്യത്തിനും നീതിക്കും വേണ്ടി സ്വയം കുരിശിലേറാന്‍ സന്മനസ്സായ അദ്ദേഹത്തിന്റെ കാര്യത്തില്‍ പീലാത്തോസിനെക്കാള്‍ തന്ത്രശാലിയായ മാണിസാര്‍ കൈകഴുകുമെന്നും സീസര്‍ ചാണ്ടി മുദ്രണം ചെയ്ത് ക്രൂശിക്കാന്‍ കൊടുക്കുമെന്നും കരുതിയത് വെറുതെയായി.

പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റുന്ന പ്രശ്‌നമില്ല എന്നാണ് മാണിസാര്‍ പ്രഖ്യാപിച്ചത്. ജോര്‍ജിനെ മാറ്റണമെന്നു പാര്‍ട്ടിയില്‍ നിന്ന് ആരും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടിക്കകത്ത് ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുമില്ല- മാണിസാര്‍ പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജും മറ്റും പലതും പ്രതീക്ഷിച്ചു കാണണം. അല്ലെങ്കിലും പാലാ-പൂഞ്ഞാര്‍ ബെല്‍റ്റില്‍ തൊടുപുഴയുടെ ആശങ്കകള്‍ക്ക് എന്താണ് സ്ഥാനം ?

മാണിസാര്‍ പറഞ്ഞത് പോട്ടേന്നു വയ്ക്കാം. മാണി സാറാണ്. അതുപോലാണോ യൂത്ത്ഫ്രണ്ടുകാര്‍ ? പി.സി.ജോര്‍ജിനെതിരായി അസത്യം പറഞ്ഞ കെ.ആര്‍.ഗൗരിയമ്മ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നാണ് യൂത്ത്ഫ്രണ്ട് (എം) നോതാക്കന്‍മാര്‍ ആവശ്യപ്പെടുന്നത്. ഗൗരിയമ്മയെക്കുറിച്ച് അദ്ദേഹം ബീപിയ കാര്യങ്ങള്‍ കേട്ട് ഞെട്ടിയിരിക്കുന്ന പൊതുസമൂഹം ഗൗരിയമ്മ ജോര്‍ജിനോടു മാപ്പു ചോദിക്കുന്നത് കേട്ട് കുഴഞ്ഞുവീഴാതിരുന്നാല്‍ ഭാഗ്യം. ഈസ്റ്ററിന്റെ അരൂപിയില്‍ ഉപവാസവും പ്രാര്‍ഥനയും പള്ളില്‍പ്പോക്കുമൊക്കെയായി കഴിയുന്ന പി.സി.ജോര്‍ജ് എന്തായാലും ഒന്നും പറയുന്നില്ല. ഈസ്റ്റര്‍ കഴിഞ്ഞ് അദ്ദേഹം മൂര്‍ച്ചയേറിയ തെറികളുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു.

പി.സി.ജോര്‍ജ് കാലഘട്ടത്തിന്റെ പുണ്യാളനാണ് എന്നു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത് കെ.സി.ഉമേഷ് ബാബു ആണ്. മംഗളം പത്രത്തിലെ അദ്ദേഹത്തിന്റെ കോളത്തിലാണ് വിടുവായന്റെ സുവിശേഷത്തിന്റെ പരിപ്രേക്ഷ്യങ്ങള്‍ വിശകലനം ചെയ്യപ്പെടുന്നത് (മംഗളവും പി.സി.ജോര്‍ജുമായുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്നാണ് പറയുന്നത്). ഉമേഷ് ബാബുവിന്റെ കോളത്തില്‍ ഇങ്ങനെ പറയുന്നു.

”വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്. പാര്‍ട്ടി അടിമത്തമല്ലാത്തതൊന്നും ഈ രണ്ടിനം പ്രഭുക്കന്‍മാര്‍ക്കും ഇപ്പോള്‍ പഥ്യമല്ല. അതുകൊണ്ട്, പി.സി. ജോര്‍ജ് എന്ന യു.ഡി.എഫ് നേതാവിനെ കുരിശേറ്റാന്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒന്നിച്ചു പൊരുതുന്ന വിചിത്രാവസ്ഥയ്ക്ക് ഇപ്പോള്‍ കേരളം സാക്ഷ്യംവഹിക്കുന്നു. ഈ കാപട്യത്തിലെ ഹരിതവാദം എന്തു ഹരിതവാദമാണ്?.”

കേരളസമൂഹത്തിന്റെ മാനസിക അടിമത്തത്തെക്കുറിച്ചു പറഞ്ഞ ശേഷം പി.സി.ജോര്‍ജിനെപ്പറ്റി പറയാതെ അദ്ദേഹം ഇങ്ങനെ കൂടി സൂചിപ്പിക്കുന്നു: ” ധീരമായി മുഴങ്ങുന്ന സത്യത്തിന്റെ വേറിട്ട ശബ്ദം ഇപ്പോള്‍ ഇവിടെങ്ങുമില്ല. ഒന്നുകില്‍ പാര്‍ട്ടി നേതാക്കന്മാരുടേയുംഅവരുടെ വിനീതദാസന്മാരുടേയും വകയായുള്ള കുത്സിതമായ പാര്‍ട്ടി സ്വാര്‍ത്ഥതയും തന്‍കാര്യവും ലക്ഷ്യം വെക്കുന്ന അര്‍ത്ഥശൂന്യമായ ഒച്ച വെപ്പുകള്‍, അല്ലെങ്കില്‍ വെവ്വേറെ പാര്‍ട്ടിയടിമകളായ സാംസ്‌കാരിക പ്രമാണിമാരുടെ ഗീര്‍വാണങ്ങള്‍, അതുമല്ലെങ്കില്‍ ആരെയും വെറുപ്പിക്കാതെ എല്ലാവരുടേയും ഓമനയായി നിലകൊള്ളണമെന്ന് തീരുമാനിച്ചിട്ടുള്ള എത്രയോ കലാ സാഹിത്യകാരന്മാരുടെ കൃത്രിമരോഷങ്ങള്‍.” ”ഇതിനിടയിലും ഇടയ്ക്ക് ഉയര്‍ന്നു കേള്‍ക്കുന്ന സത്യത്തിന്റെ ചില ഒറ്റയൊറ്റ ശബ്ദങ്ങള്‍ക്ക് മുഖ്യധാരയില്‍ പ്രമാണികത്വം ലഭിക്കുന്ന അവസ്ഥ സമകാലിക കേരളത്തില്‍ വളരെ കുറവാണ്. പാര്‍ട്ടികളും പാര്‍ട്ടിയടിമകളുംചേരുന്ന ശബ്ദ കലവിയില്‍ അത്തരം പ്രതിരോധങ്ങള്‍ പെട്ടെന്ന് വിസ്മൃതിയിലാവുന്നു.”

ഇത് ക്ഷമിക്കാവുന്നതേയുള്ളൂ. എന്നാല്‍ എം.എന്‍.വിജയനെയും പി.സി.ജോര്‍ജിനെയും ഒരേ വണ്ടിയില്‍ കെട്ടാനുള്ള ചില ശ്രമങ്ങള്‍ കൂടി ഉമേഷ് ബാബുവിന്റെ ലേഖനത്തില്‍ കണ്ട് സത്യത്തില്‍ പകച്ചുപോയി. എം.എന്‍.വിജയന്‍ വിശുദ്ധനായ നേതാവായിരുന്നു എന്നൊന്നും എനിക്കഭിപ്രായമില്ല. എന്നാല്‍ അദ്ദേഹം പി.സി.ജോര്‍ജിനെപ്പോലെ ആയിരുന്നു എന്നു പറയാന്‍ മാത്രം ജേര്‍ജേറിയനിസം എനിക്കില്ല. ഉമേഷ് ബാബു പറയുന്നതനുസരിച്ച് ” 2007 ല്‍ വിജയന്‍ മാഷ് മരിച്ചു. അന്ന് അധികാരത്തിലുണ്ടായിരുന്ന സി.പി.എം മാഷിന്റെ മരണത്തോടുപോലും പകയോടെ പെരുമാറി.” ”യഥാര്‍ത്ഥമായ സ്വതന്ത്രചിന്ത അശരണമായി തെമ്മാടിക്കുഴിയിലൊതുങ്ങണമെന്നും, പാര്‍ട്ടിയടിമത്തം മാത്രം തഴച്ചു വളരണമെന്നുള്ള, ജനാധിപത്യ വിരുദ്ധ രാഷ്ട്രീയഭാവനയുടെ കാര്യത്തില്‍, സമകാലിക കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന എല്‍.ഡി.എഫ് യു.ഡി.എഫ് ഐക്യത്തിന്റെ വലിയ ഉദാഹരണമാണിത്.” ”പി.സി. ജോര്‍ജിന്റെ പ്രശ്‌നം ഇവിടെയാണ് വരുന്നത്. സ്വന്തം മന്ത്രി സ്ത്രീലമ്പടനാണെങ്കിലും അതു തുറന്നു പറയുന്നതില്‍ പാര്‍ട്ടിയടിമത്തത്തിന്റെ ലംഘനമുണ്ട്. വിടുവായന്മാര്‍ പലപ്പോഴും സത്യം പറയും. സത്യം പറയുന്ന പ്രവര്‍ത്തനം, പക്ഷേ, കേരളത്തില്‍ എല്‍.ഡി.എഫും, യു.ഡി.എഫും നിഷിദ്ധമാക്കിയിരിക്കുന്ന ഒന്നാണ്.”

മന്ത്രിമാരുടെ ലൈംഗികജീവിതത്തിനു വിപ്പ് കൊടുക്കുന്ന പ്രവര്‍ത്തനത്തെ സത്യം തുറന്നു പറയലായി മഹത്വവല്‍ക്കരിക്കുന്നത് സാസ്‌കാരികകേരളത്തിനു നല്ലതല്ല. സ്ത്രീലമ്പടന്‍ എന്ന വാക്കു പോലും പലപ്പോഴും ആപേക്ഷികമാണ്. ആരോഗ്യമുള്ളപ്പോള്‍ പെണ്ണുപിടിക്കുകയും പിക്കപ്പ് പോയ ശേഷം സദാചാരത്തിന്റെ കാവല്‍മാലാഖയായിത്തീരുകയും ചെയ്യുന്നത് ധീരതയല്ല, ഗതികേടാണ്.

ഈസ്റ്ററിന്റെ അരൂപിയില്‍ കഴിയുന്ന എല്ലാ ക്രിസ്ത്യാനികള്‍ക്കും എന്റെ ആശംസകള്‍.

5/20 മിനിസ്റ്റര്‍ കേരള

അപ്പോള്‍ ഇനി അഞ്ചാം മന്ത്രിയെപ്പറ്റി ആലോചിക്കാം അല്ലേ ?

അതിപ്പോ ചര്‍ച്ച കുറെ കഴിഞ്ഞതല്ലേ ?

ഇനി ചര്‍ച്ച വേണ്ട, അങ്ങു പ്രഖ്യാപിച്ചാല്‍ മതി.. നിയമസഭയിലെ രണ്ടാം കക്ഷി എന്ന നിലയ്‍ക്ക് .. എംഎല്‍എമാരുടെ എണ്ണം വച്ചു നോക്കുമ്പോള്‍…

അതെന്തിനാ അങ്ങനെയൊക്കെ നോക്കുന്നേ.. എംഎല്‍എമാരൊക്കെയുണ്ട്, സമ്മതിച്ചു… പക്ഷെ,മന്ത്രിമാരെ അങ്ങനെ തീരുമാനിക്കാനൊക്കത്തില്ല…

പിന്നെ ?

സാമുദായികസന്തുലനം പാലിക്കണം…

അതെന്തോന്ന് ?

അതല്ലേ പ്രധാനം… കേരളത്തില്‍ ആകെയുള്ള ജനസംഖ്യയെ ജാതിമതവ്യവസ്ഥയനുസരിച്ച് വിഭജിച്ച ശേഷം അതിനെ 140 കൊണ്ട് ഹരിച്ച് അതിനെ 100 കൊണ്ട് ഗുണിച്ച് ഇടയ്‍ക്ക് ഒരു പോയിന്റിടുമ്പോള്‍ കിട്ടുന്ന കണക്ക്…അതനുസരിച്ചേ മന്ത്രിമാരെ അനുവദിക്കാന്‍ പറ്റൂ…

മനസ്സിലായില്ല…

മനസ്സിലാവില്ല… ഇത് ഗണിതമാ…അതെങ്ങനാ സ്കൂളില്‍ പോയിട്ടുണ്ടെങ്കില്‍ പോരേ !

സൂക്ഷിച്ച് സംസാരിക്കണം… സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മന്ത്രിയോടാണ് സംസാരിക്കുന്നതെന്നോര്‍മ വേണം..

ഹൊ… ചൂടാവാതെന്നേ.. ഞാനൊരു കാര്യം പറഞ്ഞതല്ലേ.. വിട്ടുകള…

മന്ത്രിയെ നിങ്ങള്‍ പ്രഖ്യാപിക്ക്… വെള്ളിയാഴ്ച സത്യപ്രതിജ്ഞ…

പറഞ്ഞില്ലേ… സാമുദായികസന്തുലനം …

ഉണ്ട… എംഎല്‍എമാരുടെ എണ്ണം നോക്ക് പഹയാ… ഒന്നും രണ്ടുമല്ല, 20 എണ്ണത്തിനെയാ ജയിപ്പിച്ചു തന്നേക്കുന്നത്…

അതൊക്കെ സമ്മതിച്ചു… ഞാന്‍ പറഞ്ഞല്ലോ.. ഇന്ത്യ ഒരു സെക്യുലര്‍ രാജ്യമാണ്…

എന്നുവച്ചാല്‍ ?

എന്നുവച്ചാല്‍… എല്ലാ മതവിഭാഗത്തില്‍ പെട്ടവരെയും ജാതി,ഉപജാതികളില്‍പെട്ടവരെയും ഒരേപോലെ സന്തോഷിപ്പിക്കുക എന്നതാണ് ഭരണകൂടത്തിന്റെ പ്രധാനദൗത്യം..

അപ്പോപ്പിന്നെ ആളുകളെ മതത്തിനതീതമായി കണ്ട് ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍പ്പോരേ ?

അതു പറ്റില്ല.. ആളുകള്‍ എല്ലാം മതത്തിന്റെ കണ്ണിലൂടെയാണ് കാണുന്നത്…നമ്മള്‍ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ അധികം ചെയ്യാത്തതും അതുകൊണ്ടാണ്, അല്ലാതെ അറിയാഞ്ഞിട്ടല്ല.. ഒരു ജനക്ഷേമപ്രവര്‍ത്തനത്തിന്റെ ഗുണം കൂടുതല്‍ കിട്ടുന്നത് ഒരു മതവിഭാഗക്കാര്‍ക്കാണെങ്കില്‍ മറ്റുള്ള മതങ്ങളൊക്കെ പ്രതിഷേധിക്കും… അപ്പോപ്പിന്നെ ആര്‍ക്കും വേണ്ട എന്നു വിചാരിക്കുന്നതല്ലേ സേഫ്…

അതു നിങ്ങളെന്തേലും ചെയ്യ്… അതും മന്ത്രിയുമായി ബന്ധമില്ലല്ലോ…

ഉണ്ടല്ലോ…. അതല്ലേ പറഞ്ഞു വരുന്നത്…കേരളത്തിലെ ആകെയുള്ള ജനസംഖ്യയുടെ 60 ശതമാനമെങ്കിലും ഹിന്ദുക്കളാണ്…അതുകൊണ്ട് മന്ത്രിസഭയിലും 60 ശതമാനം മന്ത്രിമാരും ഹിന്ദുക്കളാവണം..എന്‍എസ്എസ്,എസ്‍എന്‍ഡിപി എന്നിങ്ങനെയുള്ള സന്തുലനം വേറെ കിടക്കുന്നു…നിങ്ങളുടെ മതത്തില്‍പ്പെട്ട ആളുകള്‍ 20 ശതമാനമാണ്.. അതുകൊണ്ട് 20 ശതമാനം മന്ത്രിമാരു മതി നിങ്ങള്‍…. ക്രിസ്ത്യാനികള്‍ 17 ശതമാനമെങ്കിലും കാണും.. അതുകൊണ്ട് അത്രേം ക്രിസ്ത്യാനി മന്ത്രിമാര്‍…കൂട്ടിനോയിക്കേ… കറക്ടാ !

നിങ്ങക്ക് പ്രാന്തുണ്ടോ ?

കാര്യം പറഞ്ഞതാണ് കോയാ… ഈ സാമുദായികസന്തുലനം പാലിക്കുന്നതുകൊണ്ടാണ് ഇവിടെ സാമുദായിക ഐക്യം നിലനില്‍ക്കുന്നത്…ഇത് മാറിയാല്‍ നാട്ടില്‍ വര്ഗീയ കലാപമുണ്ടാകും.. സിനിമേലൊക്കെ അങ്ങനെയല്ലേ ?

സിനിമേലോ ?

അതെ, ഈ മമ്മൂട്ടീം മോഹന്‍ലാലുമൊക്കെ അവരുടെ കഴിവുകൊണ്ടൊന്നുമല്ല പിടിച്ചു നില്‍ക്കുന്നത്… സാമുദായിക സന്തുലനം നിലനില്‍ത്താന്‍ വേണ്ടി പിടിച്ചു നിര്‍ത്തിയിരിക്കുന്നതല്ലേ … ഹിന്ദുക്കള്‍ക്ക് മോഹന്‍ലാല്‍.. മുസ്‍ലിംകള്‍ക്ക് മമ്മൂട്ടി…

അപ്പോ ക്രിസ്‍ത്യാനികള്ക്കോ ?

ബാബു ആന്റണി !

കഷ്ടം !

എല്ലാ രംഗത്തും ഈ സാമുദായിക സന്തുലനം നിലനില്‍ക്കുന്നതുകൊണ്ടല്ലേ നമ്മള്‍ പിടിച്ചുനില്‍ക്കുന്നത്..

അപ്പോ നിങ്ങള് മന്ത്രീനെ തരൂല്ലാ ?

മന്ത്രീനെ തരും.. സാമുദായികമായി അതിനുള്ള അര്‍ഹത ഉണ്ടാവണം…

എന്നു വച്ചാല്‍ ?

എന്നു വച്ചാല്‍, പോപ്പുലേഷന്‍ കൂടണം…

പോപ്പുലേഷന്‍ കുറയ്‍ക്കണം എന്നല്ലേ സര്‍ക്കാര്‍ നിലപാട് ?

നിങ്ങക്ക് മന്ത്രി സ്ഥാനം വേണോ വേണ്ടയോ ?

വേണം, വേണം, വേണം…

എങ്കില്‍ പോപ്പുലേഷന്‍ കൂട്ടേണ്ടി വരും..

അതനുസരിച്ച് മറ്റു മതക്കാരും പോപ്പുലേഷന്‍ കൂട്ടിയാലോ ?

അവരും കൂടുതല്‍ മന്ത്രിമാരെ ചോദിക്കും…

അപ്പോള്‍ ആകെ എത്ര മന്ത്രിമാര്‍ ?

പരമാവധി 140 മന്ത്രിമാര്‍ വരയാവാം… അത് കഴിഞ്ഞ് സന്തുലനം നിലനിര്‍ത്തണമെന്നു തോന്നിയാല്‍ പുതിയ മണ്ഡലങ്ങള്‍ അനുവദിക്കും…

ശരി… ഞങ്ങള് ഒന്നു ചര്‍ച്ച ചെയ്യട്ടെ…

ഉവ്വ, ആയിക്കോട്ടെ.

പ്രതിശ്രുത മന്ത്രിമാരോട് എന്തുമാകാമല്ലോ !

ഇപ്പോ മന്ത്രിയാക്കാം എന്നു പറഞ്ഞ് വോട്ടുവാങ്ങി വിജയിപ്പിച്ചു കൊണ്ടുപോയ ഞങ്ങളുടെ അനുപിനെ എന്തിനാണ് കപ്പിനും ചുണ്ടിനുമിടയിലിട്ട് ഇങ്ങനെ ഹൈപ്പര്‍ടെന്‍ഷനു വിധേയനാക്കുന്നത് ? എന്തായാലും കൊച്ചനെ മന്ത്രിയാക്കിയേ പറ്റൂ. അപ്പോള്‍ പിന്നെ അത് എത്രയും വേഗമാകുന്നതല്ലേ എല്ലാവര്‍ക്കും നല്ലത് ? ജോണി നെല്ലൂര്‍ അത്ര വലിയ ക്ഷമാശീലനൊന്നുമല്ല. സമാനമാണ് ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യവും. അവരുടെ ഒരു സ്വാധീനവും മറ്റും വച്ചു നോക്കുമ്പോള്‍ മിനിമം 10 മന്ത്രിമാരെങ്കിലും ആകാവുന്നതാണ്, എന്നിട്ടു പോലും അഞ്ചേ ചോദിച്ചുള്ളൂ. ചില നടിമാര്‍ ഇന്നു തരാം നാളെത്തരാം എന്നു പറഞ്ഞ് നിര്‍മാതാക്കളെ പറ്റിക്കുന്നതുപോലെ, മഞ്ഞളാംകുഴി അലിയെ യുഡിഎഫ് ഇങ്ങനെ പറ്റിക്കുന്നത് കഷ്ടമാണ്. അയാള്‍ക്കുമില്ലേ മോഹങ്ങള്‍ ? കൊടിവച്ച കാറില്‍ തെക്കുനിന്ന് വടക്കോട്ടു പിടിക്കാനും തിരിച്ച് തെക്കോട്ടെടുക്കാനും എത്ര ആഗ്രഹിച്ചിട്ടുണ്ടാവും നിര്‍മാതാവ്. തിങ്കളാഴ്ച മുതല്‍ പവര്‍കട്ട് തുടങ്ങുകയാണ്. ഇരുട്ടാവുന്നതിനു മുമ്പ് മന്ത്രിമാരെ ഐശ്വര്യമായി വിളക്കുവച്ച് സ്വീകരിക്കാന്‍ ഇനി രണ്ടോ മൂന്നോ ദിവസങ്ങള്‍ മാത്രം.

അതിനിടയിലാണ് ബാല്‍കൃഷ് ദി പിളള തൃണമൂല്‍ കളിക്കുന്നത്. ഗണേഷ് കുമാറിനെ പിന്‍വലിച്ചതായി പ്രഖ്യാപിച്ച് അപ്പച്ചന്‍ യുഡിഎഫിനകത്ത് മുഖം വീര്‍പ്പിച്ചിരിക്കുകയാണ്. അങ്ങേരെ ചിരിപ്പിക്കാനും അനുനയിപ്പിക്കാനും വേണ്ടി മുഖ്യമന്ത്രിയും മുന്നണിയിലെ കുണ്ടന്മാരും കൂടി പിള്ളയ്ക്കു ചുറ്റും തിരുവാതിര, ഒപ്പന, മാര്‍ഗംകളി തുടങ്ങിയ നമ്പരുകളൊക്കെയിറക്കിയിട്ടും ടിയാന്‍ ചിരിച്ചിട്ടില്ല. അതായത് ഗണേഷിനെ പിന്‍വലിച്ച തീരുമാനത്തില്‍ ചാച്ചന്‍ ഉറച്ചു നില്‍ക്കുന്നു എന്നര്‍ഥം. പറഞ്ഞു വരുമ്പോള്‍ കസേരയും കാത്ത് പുര നിറഞ്ഞു നില്‍ക്കുന്നത് ഒന്നും രണ്ടുമല്ല, പിള്ളയുള്‍പ്പെടെ മൂന്നു പ്രതിശ്രുതമന്ത്രിമാരാണ്്. ഇതിനെ ഭരണപ്രതിസന്ധി എന്നു വിളിക്കണോ അതോ മുന്നണിപ്രതിസന്ധി എന്നു വിളിക്കണോ ?

ഇത്രേം ദിവസം ഇവിടെ ശ്രമിച്ചിട്ടും നടക്കാത്തതിനാല്‍ ലീഗിന്റെ അഞ്ചാം മന്ത്രിയുടെ കാര്യം ഹൈക്കമാന്‍ഡിന് വിട്ടു എന്നാണ് പറയുന്നത്. പണിയോടു പണി കിട്ടി സമനില നഷ്ടപ്പെട്ട് നില്‍ക്കുന്ന ഹൈക്കമാന്‍ഡ് ഉമ്മന്‍ ചാണ്ടിയെ ഒക്കെ കണ്ടാല്‍ ‘അല്ല ഇത് നമ്മടെ ഗുല്‍ബീന്ദര്‍ സിങ്ങല്ലേ ?’ എന്നു ചോദിക്കുന്ന സ്‌റ്റേജിലാണ്. അഞ്ചാം മന്ത്രിയുടെ കാര്യം പറഞ്ഞോണ്ട് അങ്ങോട്ട് ചെന്നാലും മതി. അനൂപിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു മന്ത്രിയാകാന്‍ ലീഗിന്റെ മൊഞ്ചുള്ള അഞ്ചാമനെ മൈലാഞ്ചിയീടിക്കുകയാണ് സംസ്ഥാന നേതൃത്വം. ബിരിയാണിച്ചെമ്പ് അടുപ്പത്ത് കയറിക്കഴിഞ്ഞു. ഇനി അധികം വച്ചു താമസിപ്പിക്കാന്‍ ഉമ്മച്ചനും തങ്കച്ചനും വിചാരിച്ചാല്‍ നടക്കില്ല. ഹൈക്കമാന്‍ഡെന്നൊക്കെ കേട്ടാല്‍ മുട്ടുവിറയ്ക്കാന്‍ ലീഗ് പാലായിലുണ്ടായ പാര്‍ട്ടിയല്ലല്ലോ.

ഇവിടെ എല്ലാവര്‍ക്കും സുഖമാണ് എന്നാണ് യുഡിഎഫ് നേതാക്കന്മാര്‍ പറയുന്നത്. അനൂപിന്റെയും അലിച്ചേട്ടന്റെയും സത്യപ്രതിജ്ഞ വൈകുന്നതിന്റെ കാരണങ്ങള്‍ തികച്ചും സാങ്കേതികമാണു പോലും. ഗവര്‍ണറുടെ ഡേറ്റ് കിട്ടിയില്ല, കലണ്ടറിലെ തീയതികള്‍ തെളിഞ്ഞിട്ടില്ല, ഹൈക്കമാന്‍ഡ് ഒപ്പിട്ടെങ്കിലും സീല് വച്ചില്ല എന്നൊക്കെയാണ് ന്യായങ്ങള്‍. ലീഗിന്റെ അഞ്ചാം മന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ആനന്ദാശ്രു പൊഴിച്ചിട്ട് അടുത്ത വരം ചോദിക്കാനിരിക്കുകയാണ് മാണിസാര്‍. അസംതൃപ്തിയുടെ കയ്പുനീര്‍ കുടിച്ചു മയങ്ങുന്ന കോണ്‍ഗ്രസിനുള്ളിലെ ഡെസ്പരേറ്റ് ഗ്രൂപ്പുകള്‍ സടകുടഞ്ഞെണീറ്റാല്‍ പിന്നെ സംഗതി ഇവിടെയെങ്ങും നില്‍ക്കില്ല. അതൊക്കെ ഒഴിവാക്കാനാണ് ലോകമാന്‍ഡ് സംഗതി വൈകിച്ചുകൊണ്ടിരിക്കുന്നത്. അനൂപിനോടൊപ്പം ലീഗിന്റെ മന്ത്രിയെയും സത്യപ്രതിജ്ഞ ചെയ്യിക്കാം എന്നുറപ്പ് കൊടുത്തിട്ട് അനൂപിനെ കിഡ്‌നാപ് ചെയ്തുകൊണ്ടുപോവുകയോ ചടങ്ങില്‍ മുഖ്യകാര്‍മികനാകേണ്ട ഗവര്‍ണറെ തട്ടിക്കൊണ്ടുപോവുകയോ ഇതൊന്നും പറ്റിയില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളെ തട്ടിക്കൊണ്ടുപോവുകയോ ചെയ്യേണ്ടി വരുന്ന സാഹചര്യത്തിലാണ് യുഡിഎഫ് എത്തിനില്‍ക്കുന്നത്.

11 തരം അപൂര്‍വരോഗങ്ങളാല്‍ മരണത്തോട് മല്ലിട്ട് സെല്ലിനുള്ളില്‍ കഴിഞ്ഞ ബാലകൃഷ്ണപിള്ളയെ നാട്ടുകാരുടെ തെറിയെല്ലാം കേട്ടിട്ടും പുറത്തിറക്കിയ ഉമ്മന്‍ ചാണ്ടി സാറിന് ഇതു തന്നെ വരണം. തരക്കേടില്ലാതെ ഭരിച്ചുകൊണ്ടിരുന്ന മന്ത്രി ഗണേഷിനു പാര്‍ട്ടിയോടും ചാച്ചനോടും ഇറവറന്‍സാണെന്നും പറഞ്ഞ് പാര്‍ട്ടി ചെറുപ്പക്കാരനെ പിന്‍വലിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. സട കൊഴിഞ്ഞ സിംഹങ്ങളുടെ ദീനഗര്‍ജ്ജനങ്ങളെ ഭയന്ന് അങ്ങനെ പിന്‍വലിഞ്ഞു പോരുന്നവനാണോ മിസ്റ്റര്‍ ഗണേഷ് ? ഗണേഷ് മന്ത്രിയല്ലാതാവുന്നതിനെക്കാള്‍ പിള്ളയോ പിള്ളയുടെ ചാത്തന്മാരോ മന്ത്രിയാവുന്ന ദാരുണമായ സാഹചര്യമാണ് കേരളത്തെ ഭയപ്പെടുത്തുന്നത്. അതിനിടയിലാണ് നെയ്യാറ്റിന്‍കര അടുത്തടുത്ത് വരുന്നത്. പിറവത്ത് മന്ത്രിയാക്കാമെന്നു പറഞ്ഞ് ജയിപ്പിച്ചവന്‍ വെയിലത്തു നില്‍ക്കുമ്പോള്‍ സെല്‍വരാജ് എന്തു ധൈര്യത്തിലാണ് യുഡിഎഫ് പിന്തുണയോടെ നെയ്യാറ്റിന്‍കരയില്‍ അങ്കം കുറിക്കാന്‍ പോകുന്നതെന്നറിയില്ല. സിപിഎം പീഡിപ്പിച്ചു എന്നതുകൊണ്ട് സെല്‍വരാജ് യുഡിഎഫിന്റെ നിര്‍മലമണവാട്ടിയാകുമെന്നുറപ്പില്ലല്ലോ. തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍, പലവട്ടം ഉപയോഗിക്കപ്പെട്ട അഭിസാരികയെപ്പോലെ അദ്ദേഹവും… ഈശ്വരാ, എനിക്കതോര്‍ക്കാന്‍ വയ്യ !

ഉമ്മന്‍ ചാണ്ടി സാറിനോട് എനിക്ക് ഇപ്പോള്‍ അതിയായ ബഹുമാനം തോന്നുന്നു. ഇത്രയും സംഘര്‍ഷഭരിതമായ രാഷ്ട്രീയസാഹചര്യത്തിലും സമചിത്തതയോടെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി എന്ന നിലയ്ക്ക് അദ്ദേഹം ലോകാദ്ഭുതങ്ങളിലൊന്നാണ് എന്നു സാക്ഷ്യപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു. ഇത്രയൊക്കെയായിട്ടും പുള്ളി ഓഫിസില്‍ നിന്നൊളിച്ചോടിയിട്ടില്ല. ഏതു കൂതറ ബ്ലോഗറുടെയും തെറിവിളിയും കുട്ടിസഖാക്കന്മാരുടെ ആക്രോശങ്ങളും തികഞ്ഞ ജനാധിപത്യബോധത്തോടെ നേരിടുകയും മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ജോലികള്‍ ഉഴപ്പാതെ ചെയ്തുതീര്‍ക്കുകയും ചെയ്യുന്നു. ആ സമചിത്തതയുടെയും മനസാന്നിധ്യത്തിന്റെയും മുന്നില്‍ ബ്ലോഗടക്കം കുമ്പിട്ട് നമസ്‌കരിക്കുന്നു (ആക്കിയതല്ല, സീരിയസ്സാ).

ഒരു മന്ത്രിയുടെ പിറവി

ഒരു യുഡിഎഫ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുന്നത് ഒരു അദ്ഭുതമല്ല. എന്നാല്‍, യുഡിഎഫ് ഭരിക്കുമ്പോള്‍, ആ ഭരണത്തെപ്പറ്റി പല പരാതികളും ജനങ്ങള്‍ക്കുള്ളപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഇത്തരത്തില്‍ ഭൂരിപക്ഷം നേടി വിജയിക്കുന്നത് അസാധാരണമാണ്. പിറവത്ത് മികച്ച വിജയം നേടിയ അനുപ് ജേക്കബിനെ അഭിനന്ദിക്കാന്‍ ഒരാളും മടിക്കണ്ടതില്ല. 157 വോട്ടില്‍ നിന്ന് ഭൂരിപക്ഷം 12070 ആക്കിയുയര്‍ത്തിയ യുഡിഎഫിനും അഭിമാനിക്കാന്‍ വകയുണ്ട്.

എന്തുകൊണ്ട് യുഡിഎഫിന് ഇതു സാധിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം പിണറായി വിജയന്റെ പ്രസ്താവനയിലുണ്ട്. യുഡിഎഫില്‍ ഭിന്നതകളും പ്രശ്നങ്ങളും ഉള്ള സമയങ്ങളില്‍ അതു മുതലെടുത്തായിരുന്നു പിറവം മണ്ഡലത്തില്‍ എല്‍ഡിഎഫ് വിജയം നേടിയിരുന്നതെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്കാവനയോട് വിയോജിക്കാനാവില്ല. എന്റെ അഭിപ്രായത്തില്‍ അനൂപ് ജേക്കബിന്റെ വിജയം ഒരു അദ്ഭുതമല്ലാതാകുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്.

1. പിറവം യുഡിഎഫ് മണ്ഡലമാണ്.
2. അനൂപ് ജയിച്ചാല്‍ മന്ത്രിയാകും എം.ജെ. ജയിച്ചാല്‍ പ്രതിപക്ഷ എംഎല്‍എയാകും എന്ന ഉറപ്പ്.
3. ടി.എം.ജേക്കബിന്റെ മരണത്തിലുള്ള സഹതാപതരംഗം.
4. യുഡിഎഫിനുള്ളില്‍ അലമ്പുകളില്ലാതെ പ്രചാരണരംഗത്ത് ഒറ്റക്കെട്ടായി നടത്തിയ പ്രവര്‍ത്തനം.
5. രാഹുല്‍ ഗാന്ധിയുടെ അസാന്നിധ്യം.

വോട്ടു ചെയ്യുന്നത് മന്ത്രിക്കാണ് എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടായത് അനൂപിന് കൂടുതല്‍ വോട്ടുകള്‍ കിട്ടാന്‍ സഹായിച്ചിട്ടുണ്ട് എന്നത് തള്ളിക്കളയാനാവില്ല. പോളിങ് ശതമാനത്തിലെ വര്‍ധനയും അനൂപിനെ സഹായിച്ചിട്ടുണ്ടാവാം. എല്ലാറ്റിനും പുറമേ അനൂപിനു പകരം ഒരു ചെറുപ്പക്കാരനെ അവതരിപ്പിക്കാന്‍ എല്‍ഡിഎഫിനു കഴിഞ്ഞില്ല എന്നതിനാല്‍ മല്‍സരത്തിലുടനീളം താരമായിരുന്നത് അനൂപായിരുന്നു.പലരും വിട്ടുകളഞ്ഞെങ്കിലും ബിജെപിയുടെ വോട്ടുകള്‍ കുറഞ്ഞത് എവിടേക്കു പോയി എന്നതും അന്വേഷിക്കാവുന്ന വിഷയമാണ്. അനൂപിനെ മന്ത്രിയാക്കുന്നതിനു വേണ്ടി വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിയ ആത്മാര്‍ഥമായ അധ്വാനവും കണ്ടില്ലെന്നു നടിക്കാനാവില്ല.

ഒന്‍പതു മാസത്തെ യുഡിഎഫ് ഭരണത്തിന്റെ വിലയിരുത്തലാണ് പിറവത്തെ അനൂപ് ജേക്കബിന്റെ വിജയം എന്നു യുഡിഎഫ് നേതാക്കന്മാര്‍ ആവര്‍ത്തിച്ചു പറയുന്നതിനോടു യോജിക്കാനാവുന്നില്ല. യുഡിഎഫ് ഒന്‍പതുമാസം കൊണ്ട് എന്തൊക്കെ ചെയ്തു എന്നു നോക്കിയിട്ടല്ല ഒരു ഉപതിരഞ്ഞെടുപ്പില്‍ ജനം വോട്ട് ചെയ്യുന്നത്. വളരെ പ്രാദേശികമായ വിഷയങ്ങളിലൂന്നിയാണ് പിറവംകാര്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. റോഡ്, കുടിവെള്ളം തുടങ്ങി മണ്ഡലത്തെ നേരിട്ടു ബാധിക്കുന്ന വികസനപ്രശ്നങ്ങളില്‍ ഏറ്റവും അടുത്ത പരിഹാരം കണ്ടെത്താന്‍ കഴിയുന്നത് ഉടനടി മന്ത്രിയാകുമെന്നുറപ്പുള്ള അനൂപിന്റെ വിജയത്തിലൂടെയാണ് എന്നത് രാഷ്ട്രീയത്തിനതീതമായുള്ള വോട്ടുകളെ അനൂപിനു നേടിക്കൊടുത്തിട്ടുണ്ടാകാം.

യുഡിഎഫ് ഒന്‍പതുമാസം കൊണ്ട് ഗര്‍ഭത്തില്‍ വളര്‍ത്തിയ വികസനത്തിന്റെ പിറവിയാണ് അനൂപിന്റെ വിജയം എന്നത് നേതാക്കന്മാരുടെ രാഷ്ട്രീയകാവ്യം മാത്രമായേ കാണാനാവൂ. ജനങ്ങളെ വികസനം കൊണ്ടു പൊറുതിമുട്ടിച്ചു എന്നതിനെക്കാള്‍ ജനങ്ങളുടെ എതിര്‍പ്പും രോഷവും വരുത്തിവയ്‍ക്കുന്ന കാര്യങ്ങളില്‍ തലയിട്ടില്ല എന്നത് വേണമെങ്കില്‍ ഒരു നേട്ടമായി യുഡിഎഫിനു പറയാം. ജനത്തെ വെറുപ്പിക്കാതിരുന്നതുകണ്ട് വിജയത്തിനു തിളക്കമേറി എന്നു ചുരുക്കം. ഇവിടെ യുഡിഎഫ് തോറ്റിരുന്നെങ്കില്‍ അത് ഭരണത്തിന്റെ വിലയിരുത്തലാണെന്ന് എല്‍ഡിഎഫ് പറഞ്ഞേനെ. പ്രാദേശികവിഷയങ്ങളിലൂന്നി നടക്കുന്ന ഒരു ഉപതിരഞ്ഞെടുപ്പ് സംസ്ഥാനഭരണത്തിന്റെ വിലയിരുത്തലാണ് എന്ന പ്രസ്താവന ആരു പറഞ്ഞാലും അത് വിഡ്ഡിത്തമാണ്.

തോറ്റ സ്ഥാനര്‍ഥിയും എല്‍ഡിഎഫ് നേതാക്കളും വളരെ ഗൗരവമായി ഉന്നയിക്കുന്ന ഒരാരോപണം പിറവത്ത് ജാതിമതശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് വിജയിച്ചത് എന്നതാണ്. ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിക്കുന്ന ഒരു മണ്ഡലത്തില്‍, ക്രിസ്‍ത്യാനികളായ രണ്ടു സ്ഥാനാര്‍ഥികള്‍ തമ്മില്‍ നടന്ന മല്‍സരത്തില്‍ ജാതിമതശക്തികളെ കൂട്ടുപിടിച്ചു എന്ന ആരോപണം ഏതര്‍ത്ഥത്തിലുള്ളതാണ് എന്നത് എനിക്കു മനസ്സിലാകുന്നില്ല. ജാതിമതശക്തികളുടെ കൂട്ടില്ലാതെ ഒരിലപോലും അനങ്ങില്ലാത്ത നാടാണ് കേരളം. യുഡിഎഫിനോട് വലിയ ആഭിമുഖ്യമില്ലാത്ത യാക്കോബായ സഭയ്‍ക്ക് ശക്തമായ വേരുകളുള്ള മണ്ഡലത്തില്‍ ആ വിഭാഗത്തെ കൂടെനിര്ത്താന്‍ അഥവാ ജാതിമതശക്തികളെ കൂട്ടുപിടിക്കാന്‍ എല്‍ഡിഎഫിനു സാധിച്ചില്ല എന്നോ അതിനു നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു എന്നോ ആണ് മനസ്സിലാക്കേണ്ടത്.

യേശുക്രിസ്‍തുവിനെ വിപ്ലവകാരിയായി ചിത്രീകരിച്ച സിപിഎം ക്രിസ്‍തുവിന്റെ അനുയായികള്‍ ലോകത്തെ ജാതിമതശക്തികളിലൊന്നാണ് എന്നത് അറിഞ്ഞിരുന്നില്ല എന്നും ക്രിസ്തുവിനെ ഏറ്റെടുക്കുന്നതിലൂടെ ആ ശക്തിയെ സ്വാധീനിക്കുകയോ പ്രകോപിപ്പിക്കുകയോ ആണ് തങ്ങള്‍ ചെയ്യുന്നത് എന്നു തിരിച്ചറിഞ്ഞില്ല എന്നും വിശ്വസിക്കാന്‍ പ്രയാസമുണ്ട്. യുഡിഎഫിന് എന്നും കൂട്ട് ജാതിമതശക്തികളായിരുന്നു. അവര്‍ തന്നെയാണ് യുഡിഎഫിന്റെ കരുത്തും. യുഡിഎഫിന്റെ വിജയം ജാതിമതശക്തികളുടേതും കൂടിയാകുമ്പോള്‍ എല്‍ഡിഎഫ് തോല്‍ക്കുന്നത് അവരുടെ ജാതിവിരുദ്ധ-മതവിരുദ്ധ വിപ്ലവാധിഷ്ഠിത രാഷ്ട്രീയപ്രവര്‍ത്തനം സ്വീകരിക്കപ്പെടാത്തതുകൊണ്ടാണോ എന്നു പരിശോധിക്കാന്‍ ഈ തിരഞ്ഞെടുപ്പുഫലം കാരണമാകട്ടെ എന്നു പ്രതീക്ഷിക്കുന്നു.

ചോരയൊഴുക്കാതെ, തികച്ചും ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടത്തി, മികച്ച പോളിങ് നല്‍കി, വളരെ മാതൃകാപരമായി വിജയാഘോഷങ്ങള്‍ നടത്തിയും തോല്‍വിയെ അംഗീകരിച്ചും കേരളത്തിനു മാതൃകയായ പിറവത്തെ മുഴുവന്‍ ജനങ്ങളോടും യുഡിഎഫ്-എല്‍ഡിഎഫ് നേതാക്കളോടും പ്രവര്‍ത്തകരോടും രാഷ്ട്രീയകേരളം നന്ദി പറയേണ്ടിയിരിക്കുന്നു. ജനാധിപത്യം ആഘോഷിക്കപ്പെടുന്നത് ഇത്തരം ചില അവസരങ്ങളില്‍ക്കൂടിയാണ്.

അച്ഛാ-മകാ ! (ഡ്രാമാസ്‍കോപ് രാഷ്ട്രീയം)

മലയാളിയുടെ രാഷ്ട്രീയബോധത്തിന്റെ ആസനത്തില്‍ അടിച്ചുകയറ്റിയ കമ്പിപ്പാരയാണ് ബാലകൃഷ്ണപിള്ള. കൊട്ടാരക്കരയുടെ അഞ്ഞൂറാനും പൊന്നുമോനും തമ്മിലുള്ള സൗന്ദര്യപ്പിണക്കത്തില്‍ ജനം അടികൊള്ളുകയാണ്. അച്ഛനും മകനും നേരെ നിന്ന് അടിച്ചുതീര്‍ക്കേണ്ട കേസേയുള്ളൂ. എന്നാല്‍,ആഢ്യന്മാര്‍ക്ക് അടിച്ചുപൊളിക്കാന്‍ അനുയായികളുടെ പ്രതീകാത്മക കവിള്‍ മതി.അച്ഛന്‍ അടിച്ചത് അവന്റെ കവിളിലാണെങ്കിലും വേദനിച്ചത് എനിക്കാണെന്നും അവന്റെ ആള്‍ക്കാര്‍ എറിഞ്ഞ് തകര്‍ത്തത് എന്റെ സഹായിയുടെ ജനലാണെങ്കിലും പൊട്ടിയത് എന്റെ മനസ്സിന്റെ ചില്ലുകളാണെന്നുമുള്ള ക്ലീഷേ ഡയലോഗുകള്‍ പറയുന്ന കേരള ഡ്രാമാ കോണ്‍ഗ്രസ് രാഷ്ട്രീയം നാഷനല്‍ വേസ്റ്റ് ആയി ജനങ്ങളെ തമ്മിലടിപ്പിച്ചു കഴിയുമ്പോള്‍ അച്ഛാ-മകാ ആലിംഗനങ്ങളോടെ കെട്ടിപ്പിടിച്ചു കോംപ്രമൈസ് ആകാനുള്ള സീനിന്റെ റിഹേഴ്സല്‍ അവസാനവട്ടമെത്തിയിട്ടുണ്ടാവും.

ഉഡായ്‍പ് രാഷ്ട്രീയം ഇനി കേരളത്തില്‍ എവിടെയെങ്കിലും നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് പാലായിലും കൊട്ടാരക്കരയിലും മാത്രമായിരിക്കും. ഏതു മരണവീട്ടില്‍ച്ചെന്നാലും ഏങ്ങലടിച്ചു കരയുന്ന മാണിസാറും അഞ്ഞൂറാന്‍ കളിക്കുന്ന പിള്ളസാറും വേദനിക്കുന്ന മന്ത്രീശ്വരനും കാഴ്ചവയ്‍ക്കുന്നത് കാര്‍ട്ടൂണുകളില്‍ നിന്നു പോലും അപ്രത്യക്ഷമായ കാലഹരണപ്പെട്ട രാഷ്ട്രീയതന്ത്രമാണ്. മന്ത്രി ഗണേഷിന്റെ പിഎ പ്രദീപ്കുമാറിനെ ഓഫിസില്‍ നിന്നു വിളിച്ചിറക്കിയാണ് പിള്ള അടിച്ചത്. അതിഭീകരങ്ങളായ 11 മാരകരോഗങ്ങളാല്‍ നരകിച്ച് ജയിലില്‍ കഴിഞ്ഞിരുന്ന മനുഷ്യനാണ് പുറത്ത് വന്നു കഴിഞ്ഞപ്പോള്‍ മംഗലശ്ശേരി നീലകണ്ഠന്‍ കളിക്കുന്നത് എന്നോര്‍ക്കണം.

പിള്ളയും മകനും തമ്മിലുളള രാഷ്ട്രീയ അകല്‍ച്ചാ നാടകത്തിന്റെ വിശ്വസനീയമായ ക്മൈമാക്‍സിനു വേണ്ടിയുള്ള കോപ്പുകൂട്ടലുകാണെങ്കിലും പ്രേക്ഷകരെ അത് എത്രത്തോളം സ്വാധീനിച്ചു എന്നത് പറയാന്‍ പറ്റില്ല. ഗണേഷ് ജില്ലയിലെത്തിയാല്‍ കരിങ്കൊടി കാണിക്കും എന്നു പ്രഖ്യാപിച്ചും കോലം കത്തിച്ചുമൊക്കെ പിള്ള ഫാന്‍സ് മറ്റൊരു തരത്തില്‍ പിരിമുറുക്കി വരുമ്പോഴാണ് അദ്ദേഹം പിഎയെ അടിക്കുന്നത്. പിഎയുടെ നിലപാട് അതിലും രസകരമാണ്. വിഷമമുണ്ട് പക്ഷെ,പരാതിയില്ല എന്ന അവസ്ഥ. അതിനു പ്രതികാരമെന്നോണം ഇന്നലെ ഗണേഷിന്റെ ഫാന്‍സ് പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിഞ്ഞതാണ് പുതിയ സംഭവം.

ഗണേഷിന്റെ പിഎയെ തല്ലിയത് പിള്ളയാണെന്നിരിക്കെ പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിയുന്നത് എവിടുത്തെ ന്യായമാണ് എന്നാരും ചോദിക്കരുത്. രാജരക്തമാണ്. കാലാള്‍പ്പട മുതല്‍ എല്ലാത്തിനെയും കൊന്നൊടുക്കിയിട്ടേ രാജാക്കന്മാര്‍ നേരിട്ട് പോരാട്ടത്തിനിറങ്ങൂ. മറ്റൊരു രസകരമായ സംഗതി പിള്ളയുടെ അനുയായിയുടെ വീടിനു കല്ലെറിയുമ്പോള്‍ അനുയായി വീട്ടിനുള്ളില്‍ ലൈറ്റിടുകയും ലൈറ്റിട്ടപ്പോള്‍ റിയാസേ ഓടിക്കോടാ എന്ന് ഏറുകാരായ ചാത്തന്മാര്‍ ആരോ പറയുകയും ചെയ്തതാണ്. മന്ത്രി ഗണേഷിന്റെ പേഴ്സനല്‍ സ്റ്റാഫില്‍പ്പെട്ട ആളാണ് റിയാസ്. ആ ഏറിനെ ഗണേഷ് അച്ഛന്റെ തലയ്‍ക്കിട്ടു കൊടുത്ത ഏറായി വ്യാഖ്യാനിക്കണം എന്നു ചുരുക്കം. ഓടുമ്പോള്‍ ഗണേഷേ എന്നു വിളിക്കാനുള്ള ബുദ്ധി അവന്മാര്‍ക്കു പോയില്ല എന്നതില്‍ കേരളം ഖേദിക്കണം.

പിള്ള ഗണേഷിന്റെ പിഎയെ തല്ലിയതിനു ശേഷം പിള്ളയുടെ ബന്ധുവിന്റെ പേരിലുള്ള ശരണ്യ ബസുകള്‍ ആരോ അടിച്ചുതകര്‍ത്തിരുന്നുവത്രേ (കെഎസ്‍ആര്‍ടിസിയുടെ ചോരയാണ് ശരണ്യ ബസുകളുടെ സിരകളിലൂടെ ഓടുന്നതെന്ന് ആരോ പറഞ്ഞുകേട്ടിട്ടുണ്ട്. തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു). കൊട്ടാരക്കക്കാര്‍ മന്ദബുദ്ധികളാണെന്ന് ആരും പറയില്ല. എന്നാല്‍ ഈ ടൈപ്പ് തട്ടിപ്പുകള്‍ക്ക് തായം കളിക്കുന്ന മാടമ്പികളുടെ കുണ്ടന്മാരെപ്പറ്റി ആചോലിക്കുമ്പോള്‍ സഹതാപം തോന്നുന്നുണ്ട്.ഒടുവില്‍ അച്ഛന്‍ മകനെ അനുഗ്രഹിക്കുന്ന സീനില്‍ പരസ്പരം സന്തോഷാശ്രു തുടച്ചുകൊണ്ട് പുഷ്ടപവൃഷ്ടി നടത്താനും തോളോടു തോള്‍ ചേര്‍ന്ന് നില്‍ക്കാന്‍ ഈ പറയുന്ന അനുയായി കഥാപാത്രങ്ങള്‍ തന്നെ വേണമെന്നത് വേറെ കാര്യം.

ഇതൊന്നും നാടകമല്ല, ആത്മാര്‍ഥമാണ് എന്നുണ്ടെങ്കില്‍ വെറുതെ നാട്ടുകാരെ ബുദ്ധിമുട്ടിക്കാതെ അച്ഛനും മകനും മുഖത്തോടു മുഖം നോക്കി അടിച്ചോ പിടിച്ചോ ഒക്കെയായി അങ്ങു തീര്‍ത്തു കൂടെ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. വെറുതെ നാട്ടുകാരുടെ നെഞ്ചത്തോട്ടു കേറി തറവാടിത്തം കാണിക്കുന്നതിനെ ഇക്കാലത്ത് വേറേ ഏതൊക്കെയോ പേരുകളിട്ടാണ് ജനം വിളിക്കുന്നതെന്നു കേള്‍ക്കുന്നു.

മദ്രാസിലെ മക്കളും കേരള പൊളിട്രിക്‍സും

കേരളത്തിനും തമിഴ്‍നാടിനുമിടയില്‍ ഇനി അധികം അതിര്‍വരമ്പുകളില്ല.അണപൊട്ടി വരുന്നതുപോലെയുള്ള ജനപ്രവാഹമാണ് കുമളിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.ആരൊക്കെ എങ്ങനെയൊക്കെ ഒലിച്ചുപോകുമെന്നു പറയാന്‍ കഴിയില്ല.പ്രാദേശികവാദത്തിനപ്പുറത്തേക്ക് മുല്ലപ്പെരിയാര്‍ പ്രശ്നം ഒരു ദേശീയപ്രശ്നമായി മാറിയിരിക്കുകയാണ്. കലാപസാധ്യതയും നിലനില്‍‍ക്കുന്നു. പക്ഷെ,ഇന്ത്യയ്‍ക്ക് ഇതില്‍ ഇടപെടനാവില്ല എന്ന് അടിവരയിട്ടു പറയുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ആയുധമെടുത്ത് പോരാടിയാല്‍ ആരെയും കുറ്റം പറയാനൊക്കില്ല.തമിഴ്‍നാട് ജനതയെ കേരളത്തിലെ സഹോദരങ്ങളെ വേട്ടയാടാന്‍ പറഞ്ഞയക്കുന്ന സാഹചര്യമുണ്ടാക്കിയത് കേന്ദ്രത്തില്‍ ഭരണത്തിലിരുന്നു പൊട്ടന്‍ കളിക്കുന്ന കോണ്‍ഗ്രസാണ് എന്നു നാളെ ചരിത്രം പറയും.ഭരണകൂടത്തിനില്ലാത്ത ഉത്തരവാദിത്വം മറ്റുള്ളവര്‍ക്ക് ഉണ്ടാകണം എന്നു വശിപിടിക്കേണ്ടതില്ല.

ഇത് തമിഴനും മലയാളിയും തമ്മിലുള്ള പ്രശ്നമല്ല എന്നതിനു തെളിവാണ് മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിലെ രാഷ്ട്രീയനേതാക്കന്മാര്‍ക്കെതിരേ തമിഴ്‍നാട്ടിലെ മലയാളികള്‍ തന്നെ രംഗത്തു വന്നിരിക്കുന്നത്.ഫുള്‍പേജ് പരസ്യം നല്‍കി കുമാരി ജയലളിത പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോഴാണ് ജയലളിതയെ ന്യായീകരിച്ചുകൊണ്ടും കേരളമന്ത്രിമാര്‍ക്കെതിരേ ആഞ്ഞടിച്ചുകൊണ്ടും മദ്രാസ് മലയാളി സമാജം രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ തമിഴര്‍ക്കു നേരെയുണ്ടാവുന്ന കൈയേറ്റങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അയച്ചിരിക്കുന്ന ഫാക്‍സില്‍ ഒരു കാര്യം ചൂണ്ടിക്കാണിക്കുന്നു- തമിഴ്‍നാട്ടില്‍ 60 ലക്ഷം മലയാളികളുണ്ട് (മുപ്പത് ലക്ഷം മലയാളികളുടെ ജീവന് അപകടത്തിലാവുമെന്നു പറഞ്ഞ് നമ്മള്‍ പുതിയ ഡാമിനു വേണ്ടി വാദിക്കുമ്പോള്‍ അത് അപകടത്തിലാക്കുന്നത് 60 ലക്ഷം മലയാളികളുടെ ജീവനാണെന്നു ചുരുക്കം).

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ജനവികാരം ആളിക്കത്തിക്കുന്ന രീതിയില്‍ സംസാരിക്കുന്ന നേതാക്കന്മാരെ നിലയ്ക്കുനിര്‍ത്താന്‍ കേരളമുഖ്യമന്ത്രി ശ്രമിക്കണമെന്നാണ് മദ്രാസിലെ മക്കളുടെ ആവശ്യം. ”തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയും മന്ത്രിസഭാംഗങ്ങളും അത്യന്തം കരുതലോടെയാണ് സംസാരിക്കുന്നത്. തമിഴ്‌നാട്ടിലുണ്ടായ അക്രമസംഭവങ്ങള്‍ കര്‍ശനമായി നേരിടുന്നതിന് ജയലളിത സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ കേരളത്തില ചില മന്ത്രിമാരടക്കം പ്രകോപനപരമായ ഭാഷയിലാണ് സംസാരിക്കുന്നത്.ഈ സമീപനം കേരളവും തമിഴ്‌നാടുംതമ്മിലുള്ള സൗഹാര്‍ദം തകര്‍ക്കുന്നതിന് മാത്രമേ ഉപകരിക്കൂ.” മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കയച്ച ഫാക്‌സ് സന്ദേശത്തില്‍ സമാജം ജനറല്‍സെക്രട്ടറി സി. വേലായുധന്‍ പറഞ്ഞു.

അതേ സമയം,പുര കത്തുമ്പോള്‍ വാഴ വെട്ടുക, താടിക്കു തീ പിടിക്കുമ്പോള്‍ ബീഡി കത്തിക്കുക തുടങ്ങിയ പ്രയോഗങ്ങളെ അതിശയിക്കുന്ന പ്രകടനമാണ് നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടേത്. കേരളം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ലീഗിന് അഞ്ചാം മന്ത്രിയെ സമ്മാനിച്ച് പട്ടാഭിഷേകത്തിനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. മാണിയും ജോസഫും കൂടി സര്‍ക്കാരിനെ അട്ടിമറിക്കും മുമ്പ് എത്രയും വേഗം അഞ്ചാമത്തെ മന്ത്രിയെ അധികാരത്തിലേറ്റാനുള്ള മുസ്‍ലിം ലീഗിന്റെ പരിശ്രമം പൂവണിയുകയാണ്. എന്നാല്‍ അഞ്ചാം മന്ത്രിസ്ഥാനം കോണ്‍ഗ്രസിനുള്ളിലെ അവശേഷിക്കുന്ന നിസ്സംഗരെക്കൂടി പ്രകോപിപ്പിച്ചിരിക്കുകയാണ്. ഇക്കാര്യം മുന്നണിയ്ക്കുള്ളില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് കെ.മുരളീധരന്‍ ആരോപിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇത്തരം വിട്ടുവീഴ്ചകള്‍ പ്രവര്‍ത്തകരെ പ്രയാസത്തിലാക്കുന്നുണ്ടത്രേ.ജനങ്ങള്‍ ഭീതിയുടെ നി‍ഴലില്‍ നില്‍ക്കുമ്പോള്‍ മന്ത്രിയെ പ്രഖ്യാപിച്ച ലീഗ് നിലപാട് അപലപനീയമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ ആരോപിച്ചിട്ടുണ്ട്.മന്ത്രിയെ പ്രഖ്യാപിക്കാന്‍ ലീഗിന് ആരാണ് അധികാരം നല്‍കിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു (ബിജെപിക്കാര്‍ക്കെന്താ ഈ സ്റ്റേറ്റില്‍ കാര്യം ?). എന്നാല്‍, ഏത് വകുപ്പ് വേണമെന്നുള്ള ആലോചനയിലാണ് പാര്‍ട്ടി നേതൃത്വം.വൈകാതെ വലിയൊരു പട്ടാഭിഷേകത്തിനു തലസ്ഥാനം സക്ഷിയാകും.അതിനി പാണക്കാട്ട് വച്ചു നടത്തിയാലും തെറ്റില്ല.

അതേ സമയം, കഴിഞ്ഞ രണ്ടാഴ്ചയായി സഖാവ് കോടിയേരിക്ക് അറിയേണ്ടത് ഒന്നു മാത്രം- കേരളാ കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്നു വിട്ടുപോരുമോ ഇല്ലയോ ? ഭര്‍ത്താവുറങ്ങുന്ന നേരത്ത് പുറത്തേക്കു നോക്കി നില്‍‍ക്കുന്ന യുവതിയോട് ഇറങ്ങിപ്പോരുന്നോ എന്നു ചോദിക്കുന്ന വായില്‍നോക്കിയെപ്പോലെ യുഡിഎഫിന്റെ ചായ്‍പില് ചാരി നിന്നുകൊണ്ട് കോടിയേരി ബാലകൃഷ്ണന്‍ കേരളാ കോണ്‍ഗ്രസ് എന്ന ചരക്കിനോട് ചോദിക്കുകയാണ്- പോരുന്നോ ഞങ്ങടെ കൂടെ എന്ന്. എന്നാല്‍,ആ ചോദ്യം ഇന്ന് ഒരാവശ്യമായി മാറ്റിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നില്ലെങ്കില്‍ യുഡിഎഫിനുള്ള പന്തുണ പിന്‍വലിക്കാന്‍ മാണി തയ്യാറാവണമെന്നാണ് കോടിയേരി ആവശ്യപ്പെടുന്നത്.മാണിസാറിനെ കോടിയേരിക്കറിയില്ല.മോനെ കേന്ദ്രത്തില്‍ മന്ത്രിയായി കണ്ടതിനു ശേഷം കേരളമുഖ്യമന്ത്രിയാകാമെന്നു സ്വപ്നം കാണാനിരിക്കുന്ന ചെറുപ്പക്കാരനാണ് അദ്ദേഹം.ജയലളിതയ്‍ക്കെതിരേ വല്ലതുമൊക്കെ പറഞ്ഞാലും ചിഹ്നവശാല്‍ (രണ്ടില)എഐഎഡിഎംകെയും കേരളാ കോണ്‍ഗ്രസും ദേശീയതലത്തില്‍ ഒന്നാണ്.ചുമ്മാ യുഡിഎഫ് വിട്ട് ഇറങ്ങി വന്നാല്‍ ഭരിക്കാന്‍ കൊടുക്കാന്‍ സിപിഎമ്മിന്റെ കയ്യില്‍ എന്ത് ഒലക്കയാണിരിക്കുന്നത് ?

വെര്‍തെ അലമ്പുണ്ടാക്കരുത്

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ വൈകാരികമായി പ്രതികരിക്കരുത് എന്നു പറയുന്ന മുഖ്യമന്ത്രിയോട് യോജിപ്പില്ല എന്നു മാത്രമല്ല ഉവസിക്കാനിരിക്കുന്ന മന്ത്രിമാരെ ഉദ്യമത്തില്‍ പിന്തിരിപ്പിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിലൂടെ തമിഴ്‌നാട് ചാരനെപ്പോലെ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തോട് കടുത്ത എതിര്‍പ്പുമുണ്ട്. കേരളജനതയുടെ ആസനത്തില്‍ കട്ടപ്പാര കേറ്റിയ അഡ്വക്കറ്റ് ജനറലിന്റെ നിലപാടില്‍ തെറ്റൊന്നുമില്ല എന്നു വ്യാഖ്യാനിച്ച് നാളെ നിയമസഭയില്‍ കോമഡി സ്‌കിറ്റ് ഏര്‍പ്പാട് ചെയ്തിരിക്കുകയാണ് മുഖ്യമന്ത്രി (ജനങ്ങളുടെ ശരിയും മുഖ്യമന്ത്രിയുടെ ശരിയും തമ്മില്‍ ചേരാതെ വരുമ്പോള്‍ ആ മുഖ്യമന്ത്രിയെ പുറത്തെറിയുക എന്നതാണ് പിന്നെ ചെയ്യാവുന്ന ശരി).എജിയെ ഇനി സര്‍ക്കാര്‍ വെടിവച്ചുകൊല്ലാന്‍ തീരുമാനിച്ചാലും അങ്ങര് കോടതിയിലറിയിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തിന് എട്ടിന്റേം ഒന്‍പതിന്റേം പണി തന്നുകൊണ്ടിരിക്കുകയാണ് തമിഴ്‌നാട്. വൈക്കോയും മറ്റും എജിയെ സത്യസന്ധനും നീതിമാനുമായി ചിത്രീകരിച്ച് രംഗത്തിറങ്ങിക്കഴിഞ്ഞു. അങ്ങേരുടെ കട്ടൗട്ടുകള്‍ തമിഴ്‌നാട്ടിലുയരാനും തേനിയില്‍ ദണ്ഡപാണി ക്ഷേത്രം ഉയരാനും അധികം താമസമുണ്ടാവില്ല.

മുല്ലപ്പെരിയാര്‍ പൊട്ടുമെന്നും ജനങ്ങള്‍ ചാകുമെന്നും കേരള മന്ത്രിമാര്‍ മുറവിളി കൂട്ടുമ്പോള്‍, സത്യം നീതിമാനായ അഡ്വക്കറ്റ് ജനറല്‍ കോടതിയിലറിയിച്ച നിലയ്ക്ക് മുല്ലപ്പെരിയാറില്‍ സമരം ചെയ്യുന്ന സകല ശവങ്ങളേം അടിച്ചോടിക്കണമെന്നും അവിടെ പട്ടാളത്തെ ഇറക്കണമെന്നുമൊക്കെ ആവശ്യപ്പെട്ട് വന്ദ്യവയോധികയായ കുമാരി ജയലളിത മാതൃസഹജമായ ലജ്ജയോടെ യൂത്ത് കോണ്‍ഗ്രസ് അനുഭാവിയായ പണ്ഡിറ്റ് മന്‍മോഹന്‍സിങ്ങിനു കത്തയച്ചിട്ടുണ്ട്. കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാര് ഷട്ടര്‍ പിടിച്ചടക്കാന്‍ ശ്രമിച്ചതിനെതിരേ തമിഴ്‌നാട്ടിലെ യൂത്ത് കോണ്‍ഗ്രസുകാര് ഹൈക്കമാന്‍ഡിനു പരാതി കൊടുത്തിട്ടുണ്ട്. (കേരളാ പൊറോട്ടയെ സ്‌നേഹിക്കുന്ന യുവരാജിന് തല്‍ക്കാലം തമിഴ്‌നാട്ടിലെ പൊങ്കലും കൊണ്ടാട്ടവുമാണ് ഹരം, അല്ലെങ്കില്‍ കാണിച്ചുതന്നേനെ എന്നു പൊറോട്ട ബ്രിഗേഡില്‍പ്പെട്ട ചിലര്‍ പറയുന്നു). പിബി എടുത്ത നിലപാടിനു വിരുദ്ധമായി നിലപാടെടുക്കുന്നവരുടെ സ്ഥാനം പാര്‍ട്ടിക്കു പുറത്തായിരിക്കുമെന്ന് ഏതോ കവലപ്രസംഗത്തിനിടെ ശിവദാസമേനോനും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഇക്കാര്യത്തില്‍ ഒരു മുന്നണിപ്പോരാട്ടത്തിനു സ്‌കോപില്ല.

ഇന്ന് ഉപവാസമിരിക്കുന്ന മന്ത്രി മാണിയെയും ജോസഫിനെയും ഉമ്മന്‍ ചാണ്ടി സാറ് വിലക്കിയിരുന്നു. സമരം ചെയ്യുന്നത് തമിഴ്‌നാടിന് ഇഷ്ടമല്ല എന്നതിനാലാണത്രേ ഇത്. തങ്ങളുടേത് സമരമല്ല, ഉപവാസവും പ്രാര്‍ഥനയുമാണെന്ന് മാണിയും ജോസഫും പ്രഖ്യാപിച്ച് ഇരുവരും സമരപ്പന്തലിലുണ്ട് (കേരളാ കോണ്‍ഗ്രസുകാരോടാ കളി). തന്റെ കോലം കത്തിച്ച വൈക്കോയ്ക്കും സംഘത്തിനും ഇനീം കത്തിക്കാന്‍ കൂടുതല്‍ കോലങ്ങള്‍ അയച്ചുകൊടുക്കാനും ചിലപ്പോള്‍ മുഖ്യമന്ത്രി തീരുമാനിച്ചേക്കും.

ചപ്പാത്തിലെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചപ്പാത്തിയും ചിക്കനും കഴിച്ചു പിരിയുന്നതല്ലാതെ ആരും ക്രിയാത്മകമായി ഒന്നും ചെയ്യുന്നില്ല എന്ന പരാതിക്കു പരിഹാരമെന്നോണം കഴിഞ്ഞ ദിവസം മുല്ലപ്പെരിയാറില്‍ ഷട്ടര്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസുകാരുടെ ഷട്ടര്‍ പിടിച്ചെടുക്കല്‍ സമരം ജനശ്രദ്ധയാകര്‍ഷിച്ചു. ഷട്ടര്‍ പിടിച്ചെടുത്തിട്ട് എന്തു ചെയ്യാനാണ് എന്ന് അറിയില്ലാത്തതിനാലാവാം കൊടിനാട്ടിയ ശേഷം ബോറടിച്ചപ്പോള്‍ അവര്‍ പിരിഞ്ഞുപോയി. അതിന്റെ തുടര്‍ച്ചയെന്നോണം ഇന്നലെ പത്തിരുപത് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ജെസിബിയുമായി ഡാമില്‍ നിന്നു കനാല്‍ വെട്ടാന്‍ പോയി, അടിയില്‍ കലാശിച്ചു.

യൂത്തന്മാരുടെ ഷട്ടര്‍ പിടിച്ചെടുക്കല്‍ കണ്ടപ്പോള്‍ ഞാന്‍ കരുതി അവന്മാര്‍ ഷട്ടറ്‍ അഴിച്ചെടുത്തേ വീട്ടില്‍പ്പോകൂ എന്ന്.അതുപോലെ തന്നെ,മുല്ലപ്പെരിയാറില്‍ നിന്നു കനാല്‍ വെട്ടുക എന്നത് തൊഴിലുറപ്പു പദ്ധതിയില്‍പ്പെടുത്തി ചെയ്യുന്നതുപോലെ ചെയ്യാവുന്ന ഒന്നല്ല. അവിടെപ്പോയി ഓളം വച്ച് രാഷ്ട്രീയമുതലെടുപ്പ് നടത്തി തങ്ങളുദ്ദേശിച്ചത് പ്രതീകാത്മകസമരമാണെന്നു പറയുന്നത് നേരേ ചൊവ്വേ നടക്കുന്ന ഒരു സമരത്തിന് ദണ്ഡപാണി വയ്ക്കലാണ്. ദേ അവന്മാര് ഷട്ടറേല്‍ തൊട്ടു, ഡാമിനടടുത്തു വന്നു എന്നൊക്കെ പറഞ്ഞാണ് കുമാരി പട്ടാളത്തെ ഇറക്കാന്‍ പോകുന്നത്.

ക്രിയാത്മകസമരവും പ്രതീകാത്മക സമരവും ഒന്നാണെന്ന് ധരിച്ചിരിക്കുന്നവര്‍ക്ക് ഈ നേരമ്പോക്കുകള്‍ സ്വന്തം പഞ്ചായത്തുകളില്‍ തന്നെ നടത്താവുന്നതേയുള്ളൂ. കനാല്‍ വെട്ടാനായി ആരെങ്കിലും ഡാമിനരികിലേക്കു പോകുന്നുണ്ടെങ്കില്‍, ഡാം കേരളത്തിനുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ബോധ്യമുണ്ടായിരിക്കണം. അങ്ങനെ ബോധ്യമുള്ളവര്‍ കനാല്‍ വെട്ടി അതുവഴി വെള്ളം ഒഴുകുന്നു എന്നുറപ്പു വരുത്താതെ മടങ്ങില്ല എന്നണെന്റെ വിശ്വാസം. വരുന്ന ദിവസം ഒക്യുപൈ മുല്ലപ്പെരിയാര്‍ എന്നോ മറ്റോ പേരിട്ട മറ്റൊരു സമരത്തിന് ആരോ ആഹ്വാനം ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. ഇത്തരം മിമിക്രികള്‍ തല്‍ക്കാലം ഒഴിവാക്കുന്നത് പ്രായോഗികമായി നല്ലതെന്നു തോന്നുന്നു.

നമ്മള്‍ പ്രതീകാത്മകമായി നടത്തുന്നത് സത്യമായും പ്രായോഗികമാണെന്നു വരുത്തിത്തീര്‍ത്ത് കാര്യങ്ങള്‍ അനുകൂലമാക്കാന്‍ തമിഴ്‌നാടിനെളുപ്പമാണ് എന്നത് ഒരു കാര്യം. എന്നാല്‍, അഞ്ചുവര്‍ഷത്തിലധികമായി ചപ്പാത്തില്‍ സത്യഗ്രഹമിരിക്കുന്ന സമരസമിതിയോടും അവരുടെ സമരമാര്‍ഗത്തോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ ഫലം വിപരീതമായിരിക്കും. പ്രതീകാത്മക പിടിച്ചെടുക്കലുകള്‍ക്ക് വരുന്നവരുടെ അഭ്യാസങ്ങള്‍ സമരസമതി ഇക്കാലമത്രയും നടത്തിയ സഹനസമരത്തെ അട്ടിമറിക്കുന്നതായാല്‍ അതിനെക്കാള്‍ വലിയൊരു ക്രൂരതയില്ല. ഇപ്പോള്‍, കുമാരി ജയലളിത പ്രധാനമന്ത്രിക്ക് അയച്ചിരിക്കുന്ന കത്തില്‍ ദണ്ഡപാണിനീയവും ഷട്ടര്‍ സമരവും വളരെ പ്രാധാന്യത്തോടെ പറഞ്ഞിരിക്കുന്നു എന്നത് ഗൗരവമായി കാണേണ്ട ഒന്നാണ്.

ചാനലുകളുടെ താല്‍പര്യം നഷ്ടപ്പെടുന്നതുവരെ മാത്രം തുടരാനുള്ള ഒരു സമരമല്ല ഇത്, വിജയപഥത്തിലെത്തും വരെ നമുക്ക് പിന്തിരിയാനാവാത്ത സമരമാണ്. ഡാം പിടിച്ചെടുക്കാനോ കനാല്‍ വെട്ടാനോ ഒക്കെ കരുത്തും ധൈര്യവുമുള്ളവരാണ് വള്ളക്കടവിലും വണ്ടിപ്പെരിയാറ്റിലും ഉപ്പുതറയിലുമുള്ളത്.അങ്ങനൊരു വഴി സ്വീകരിക്കാതെ നിരാഹാരമിരിക്കുന്ന അവരുടെ സമരമാര്‍ഗം ആദരിക്കപ്പെടേണ്ടതുണ്ട്. ഐക്യദാര്‍ഢ്യങ്ങള്‍ അക്രമാസക്തമാകാതിരിക്കേണ്ടത് നമ്മുടെ മാത്രം ആവശ്യമാണ്.

അറിയാത്ത പിള്ളയെ ചൊറിയരുത്

കൊട്ടാരക്കരയുടെ ചൈതന്യമായ ബാലകൃഷ്ണപിള്ളയെ സ്നേഹത്തിന്റെയും സൗഭാഗ്യത്തിന്റെയും സ്വര്‍ഗീയഭവനത്തില്‍ നിന്നും ചുമ്മാ ഇളവെന്നൊക്കെ പറഞ്ഞ് പുകച്ചു പുറത്തു ചാടിച്ച ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ക്രൂരതകള്‍ കേരളത്തിലെ മറ്റു കര്‍ഷകരെപ്പോലെ അദ്ദേഹത്തെക്കൊണ്ടും വല്ല കടുംകയ്യും ചെയ്യിക്കുമോ എന്ന ആശങ്ക എന്നെ വേട്ടയാടുന്നു.ഒരു നല്ല രാഷ്ട്രീയകര്‍ഷകനാണ് പിള്ളയദ്ദേഹം.ജയിലില്‍ അദ്ദേഹം അനുഭവിച്ചിരുന്ന അനുഭൂതികളും അനിയന്ത്രിതമായ നിര്‍വൃതികളും പെട്ടെന്നു നഷ്ടമായതിന്റെ ഷോക്കില്‍ അദ്ദേഹം അവിവേകം വല്ലതും കാണിച്ചാല്‍ കേരളപ്പിറവിദിനത്തില്‍ അദ്ദേഹത്തെ വിട്ടയച്ച സര്‍ക്കാര്‍ മറുപടി പറയേണ്ടി വരും.

സങ്കീര്‍ണവും മാരകവുമായ 11 രോഗങ്ങളാല്‍ പീഡിതനും മിക്കവാറും അവയവങ്ങളും പേരിനു മാത്രം പ്രവര്‍ത്തിക്കുന്നവനുമായ ബാലകൃഷ്ണപിള്ള ആശുപത്രിയില്‍ നിന്നിറങ്ങിയതിന്റെ രണ്ടാം ദിവസം തന്നെ പ്രമുഖ ചാനലുകളില്‍ മണിക്കൂറുകളോളം തളര്‍ച്ചയില്ലാതെ തകര്‍ക്കുന്നത് കണ്ടപ്പോളാണ് ജയില്‍ അദ്ദേഹത്തെ എന്താക്കിത്തീര്‍ത്തു എന്നും അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ നമ്മളൊക്കെ ആരായിത്തീര്‍ന്നു എന്നും പിടികിട്ടിയത്.നന്മയുടെ ഭാഗത്ത് നിലയുറപ്പിച്ച പി.സി.ജോര്‍ജ് പോലും പറഞ്ഞത് ജയിലില്‍ കിടന്ന് മരിക്കുന്ന സാഹചര്യം ഒഴിവാക്കി പിള്ള ഉള്ള കഞ്ഞിവെള്ളോം കുടിച്ച് വീട്ടില്‍ക്കിടന്ന് മരിച്ചോട്ടെ എന്നു കരുതിയാണ് സര്‍ക്കാരുമായി യാതൊരു പരിചയവുമില്ലാത്ത ജയില്‍വകുപ്പ് അദ്ദേഹത്തെ വിട്ടയച്ചതെന്നാണ്.

പുറത്തിറങ്ങയപ്പോഴേ പുള്ളി ഉള്ള കാര്യം വ്യക്തമാക്കി.ജയിലായിരുന്നു സുഖം. ജയിലില്‍ കിട്ടിയ അത്രേം സ്നേഹം സ്വന്തം വീട്ടില്‍പ്പോലും കിട്ടിയിട്ടില്ല.സര്‍ക്കാരിനോട് തനിക്ക് ഇളവു തരണം എന്നു താനാവശ്യപ്പെട്ടിട്ടില്ല.എല്ലാം ശ്രദ്ധേയമായ പോയിന്റുകള്‍. സ്നേഹസാഗരമായ ജയിലില്‍ സുഖലോലുപനായി കഴിയുകയായിരുന്ന പിള്ളയെ സ്നേഹം തൊട്ടുതീണ്ടിയിട്ടില്ലാത്ത വീട്ടുകാരുടെ അടുക്കലേക്കു പറഞ്ഞു വിടുകയായിരുന്നു എന്നു വേണം നമ്മള്‍ മനസ്സിലാക്കാന്‍.ഗൃഹാതുരത്വം കാരണം പുള്ളിയുടെ വര്‍ക്കിങ് കണ്ടീഷനിലുള്ള അവയവങ്ങള്‍ കൂടി കംപ്ലെയ്‍ന്റായാല്‍ ഉമ്മന്‍ ചാണ്ടിയെ ഞങ്ങള്‍ കാണിച്ചുതരാം.

പിള്ള വെറും പിള്ളയല്ല കണക്കപ്പിള്ള കൂടിയാണെന്നു തെളിയിച്ചുകൊണ്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാരും ജയില്‍വകുപ്പും തനിക്ക് ഇളവു നല്‍കി എന്നു പറയുന്നത് പച്ചക്കള്ളമാണെന്നും സത്യത്തില്‍ താന്‍ 17 ദിവസം കൂടുതല്‍ തടവ് അനുഭവിക്കുകയായിരുന്നെന്നും അദ്ദേഹം സ്ഥാപിക്കുന്നുണ്ട്.ഗണിതശാത്രത്തില്‍ തന്നെ വലിയ സംഭവമാകാന്‍ പോകുന്ന ആ കണക്ക് ഇങ്ങനെയാണ്.ആകെ തടവ് അനുഭവിക്കേണ്ടിയിരുന്നത് എട്ടു മാസം (പിള്ളയന്‍ കലണ്ടര്‍ പ്രകാരം ഒരു വര്‍ഷം എന്നാല്‍ എട്ടു മാസമാണ്).75 ദിവസത്തെ പരോള്‍ ജയില്‍ നിയമത്തില്‍ ഉള്ളതാണ് (പരോള്‍ നല്‍കിയില്ലെങ്കില്‍ അത് നിയമലംഘനമാകുമോ എന്നു ഭയപ്പെട്ട് നിര്‍ബന്ധിച്ച് പരോള്‍ നല്‍കിയ അധികൃതര്‍ ആദ്യം പിള്ളയെ തോല്‍പിച്ചു). ആശുപത്രിവാസവും തടവു തന്നെയാണ് (അല്ലാതെ ആശുപത്രിയില്‍ പുള്ളിയെ ആരോ തടവുകയായിരുന്നു എന്നല്ല). ചുരുക്കിപ്പറഞ്ഞാല്‍ എട്ടുമാസം തടവില്‍ കഴിയേണ്ട പിള്ളയദ്ദേഹം 17 ദിവസം കൂടി അധികം കിടക്കുകയായിരുന്നു. കണക്കു പഠിക്കാന്‍ വിട്ടപ്പോള്‍ മാവിലെറിയാന്‍ പോയ വിഎസ് അച്യുതാനന്ദന്‍ വേറെന്തൊക്കെയോ കണക്കുകൂട്ടി സുപ്രീംകോടതിയില്‍ പോയിരിക്കുകയാണ്. എന്താകുമോ ആവോ ?

14 വയസ് മുതല്‍ ജയിലില്‍ കിടക്കുന്നയാളാണ് താനെന്നു പിള്ളയദ്ദേഹം പറഞ്ഞതും നമ്മള്‍ ശ്രദ്ധിക്കണം.ജുവനൈല്‍ കുറ്റവാളിയായി ജീവിതം തുടങ്ങിയ ഒരാള്‍ ഈ പ്രായത്തിലും വെള്ളക്കുപ്പായമിട്ട് പുല്ലുപോലെ ജയിലില്‍ നിന്നിറങ്ങിപ്പോരുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ നമ്മള്‍ ബഹുമാനിക്കണം.എങ്കിലും ജയില്‍ തന്നെയായിരുന്നു സുഖം എന്നദ്ദേഹം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ റോഡില്‍ പായ്‍വിരിച്ചു കിടന്നോ പൊലീസുകാരന്റെ കരണത്തടിച്ചോ ഒക്കെ ഏതെങ്കിലും പെറ്റിക്കേസില്‍ പ്രതിയായി എത്രയും വേഗം ജയിലില്‍പ്പോയി അവിടെ ബോറടിച്ചിരിക്കുന്ന ജയരാജന്റെ കൂടെ എന്തെങ്കിലും നാട്ടുവര്‍ത്താനമൊക്കെ പറ‍ഞ്ഞിരിക്കാന്‍ അദ്ദേഹത്തിനു സാധിക്കട്ടെ എന്നാംശംസിക്കുന്നു.