വെറുതെ അല്ല മാപ്പ്

കാലു തല്ലിയൊടിച്ച ഗോപാലകൃഷ്ണനോട് വിശാലഹൃദയനായ ആശാന്‍ ക്ഷമിച്ചതുപോലെ സങ്കീര്‍ണ്ണവും സമ്മിശ്രപ്രതികരണജനകവുമായിരുന്നു പീതാംബരക്കുറുപ്പ് എംപിയോട് ക്ഷമിച്ച് പരാതി പിന്‍വലിച്ച ശ്വേത മേനോന്റെ നടപടി. എന്നാല്‍, ആ മനസ്സിന്റെ വിശാലതയുടെ വാതില്‍ കൊട്ടിയടച്ചുകൊണ്ടാണ് കുറുപ്പുസാര്‍ താന്‍ ഇന്നലെ ചോദിച്ച മാപ്പിന്റെ നിര്‍വചനം ഇന്നു നല്‍കിയിരിക്കുന്നത്. മാപ്പു ചോദിച്ചത് തെറ്റു ചെയ്തതുകൊണ്ടല്ലെന്നും പരിപാടിയുടെ സംഘാടകന്‍ എന്ന നിലയ്ക്കു മാത്രമാണെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശ്വേതയെ പിടിച്ചതിനാണ് അദ്ദേഹം മാപ്പുചോദിച്ചതെന്നു തെറ്റിദ്ധരിച്ച എല്ലാവര്‍ക്കും ഈ വിശദീകരണം പ്രധാനപ്പെട്ടതാണ്. ശ്വേതയെ ആരൊക്കെയോ പിടിച്ചിട്ടുണ്ട്, അത് അദ്ദേഹമല്ല. അജ്ഞാതരായ ആ പിടുത്തക്കാര്‍ക്കെതിരെ ശ്വേതയ്ക്കു പരാതിയുമില്ല. പരാതി പിന്‍വലിക്കാന്‍ ഉപദേശം നല്‍കിയ ഗുരുജി ഗുല്‍സാഹേബ് ശ്വേത മേനോന് ശാന്തി പകരട്ടെ എന്നാശംസിക്കുന്നു.

ശ്വേത മേനോന്‍ പരാതി പിന്‍വലിച്ചത് വലിയ അക്രമായാണ് പലരും കാണുന്നത്. ശ്വേത പരാതി പിന്‍വലിച്ചതിന്റെ കാരണം ബോധിപ്പിക്കണമെന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയില്‍ ഉറച്ചു നിന്നിരുന്നെങ്കില്‍ നാലോ അഞ്ചോ ദിവസം കൊണ്ട് ശ്വേതയെ സഖാവ് ശ്വേത എന്നു വിളിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. അതു പൊളിഞ്ഞു. ഈ സംഭവത്തിലൂടെ രാഷ്ട്രീയമുതലെടുപ്പിനു ശ്രമിച്ച എല്ലാവരെയും നിരാശപ്പെടുത്തുകയും പ്രകോപിപ്പിക്കുകയും ചെയ്തതാണ് പരാതി പിന്‍വലിച്ച ശ്വേതയുടെ നടപടി. ശ്വേതയുടെ പരാതി പബ്ലിസിറ്റിക്കു വേണ്ടിയായിരുന്നു എന്ന് ആദ്യം ആരോപിച്ചവര്‍ ഇപ്പോള്‍ പറയുന്നു പരാതി പിന്‍വലിച്ചതിലൂടെ ശ്വേതയ്‌ക്കൊപ്പം നിന്ന എല്ലാവരെയും വഞ്ചിച്ചു എന്ന്. ഇതിലെ രാഷ്ട്രീയസാധ്യതകളില്‍ കണ്ണുണ്ടായിരുന്നവര്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെട്ടു എന്നു തോന്നുന്നതില്‍ കുറ്റം പറയാനൊക്കില്ല.

വെറും ഒരു ദിവസം പഴക്കമുള്ള സംഭവത്തില്‍ ശ്വേതയുടെ പരാതി തികച്ചും വ്യക്തിപരമാണ്. ആ പരാതിക്കു പരിഹാരമുണ്ടാകാതെ തന്നെ ശ്വേത അതു പിന്‍വലിച്ചു. ആരൊക്കെയോ ശ്വേതയുടെ ശരീരത്തില്‍ അവരുടെ അനുവാദമില്ലാതെ സ്പര്‍ശിച്ചു എന്നതില്‍ വ്യക്തിപരമായി ഒരു സ്ത്രീക്ക് തോന്നുന്ന അപമാനം അല്ലാതെ മറ്റൊരു ഘടകങ്ങളുമില്ല. എന്നാല്‍ മറുവശത്ത് ശക്തമായ രാഷ്ട്രീയപ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധി ഉണ്ടായിരുന്നു എന്നതുകൊണ്ട് പരാതിയോടുള്ള സമീപനത്തിലും സ്ത്രീയുടെ അഭിമാനത്തെ സംബന്ധിച്ച നമ്മുടെ കാഴ്ചപ്പാടില്‍പ്പോലും രാഷ്ട്രീയം കലര്‍ന്നു. ശ്വേത അപമാനിക്കപ്പെട്ടോ ഇല്ലയോ എന്നത് അപ്രസക്തമാവുകയും സിപിഎം ഇതുകൊണ്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുമോ, പീതാംബരക്കുറുപ്പിനു കൊല്ലം സീറ്റ് നഷ്ടപ്പെടുമോ, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഗൂഢാലോചന നടത്തിയോ തുടങ്ങിയ വിഷയങ്ങള്‍ അതിപ്രസക്തമാവുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പതിനെട്ടാം വയസ്സുമുതലുള്ള ശ്വേതയുടെ ജീവചരിത്രം പരിശോധിക്കുകയും വളരെ ഉത്തരവാദിത്വത്തോടെ തന്നെ അവര്‍ ഒരു വേശ്യയാണെന്നു സ്ഥാപിക്കാന്‍ പരിശ്രമിക്കുകയും ചെയ്തത് കണ്ടതാണ്. കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ ശ്വേതയുടെ കോലം കത്തിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. ശ്വേത പരാതിയില്‍ ഉറച്ചു നിന്നാല്‍ കൂടുതല്‍ അപമാനം സഹിക്കേണ്ടി വരും എന്ന സൂചന തന്നെയാണ് അതിലൊക്കെ ഉള്ളത്.

തന്നെ അപമാനിച്ചത് പീതാംബരക്കുറുപ്പാണോ എന്നുറപ്പില്ലാത്തതിനാലോ പീതാംബരക്കുറുപ്പ് മാപ്പു പറഞ്ഞത് തന്നെ അപമാനിച്ചതിനുള്ള മാപ്പാണെന്നു തെറ്റിദ്ധരിച്ചോ പണ്ടാരം അവസാനിക്കട്ടെ എന്നു വിചാരിച്ചോ ആവാം ശ്വേത പരാതി പിന്‍വലിച്ചത്. പിന്നെ ഗുരുജി ഗുല്‍സാഹേബിന്റെ സ്പിരിച്വല്‍ ഗൈഡന്‍സും ഉണ്ടല്ലോ. എന്തായാലും ശ്വേത പരാതി പിന്‍വലിച്ചതിനു നന്ദി പറഞ്ഞ പീതാംബരക്കുറുപ്പ് മാപ്പു ചോദിച്ചത് വള്ളംകളിയുടെ സംഘാടകന്‍ എന്ന നിലയ്ക്കാണ് എന്നതു വ്യക്തമാക്കിയ നിലയ്ക്ക് അവിടെ ശ്വേതയെ പിടിച്ച യഥാര്‍ഥ പിടുത്തക്കാര്‍ക്ക് സമാധാനിക്കാം. ആള്‍ക്കൂട്ടത്തില്‍ പെണ്ണുങ്ങളെ പിടിക്കുന്ന പൗരുഷത്തിന് ഊറ്റം കുറയില്ല. ഭയങ്കര ബോള്‍ഡായ ശ്വേതയ്ക്കു പോലും പരാതിയില്‍ ഉറച്ചു നില്‍ക്കാനായില്ല എന്നിരിക്കെ അത്രയ്‌ക്കൊന്നും ബോള്‍ഡല്ലാത്ത സാധാരണസ്ത്രീകള്‍ പരാതിപ്പെടാനേ പോകാതിരിക്കുന്നതാണ് നല്ലത് എന്നതാണ് ഈ സംഭവങ്ങളുടെ ഗുണപാഠം. അത്തരത്തില്‍ ഒരു പരാതി ഉന്നയിച്ചാല്‍ പരാതിയില്‍ കഴമ്പുണ്ടോ എന്നന്വേഷിക്കാന്‍ പ്രബുദ്ധസമൂഹം കന്യാചര്‍മം വരെ പരിശോധിക്കുമെന്നതും മനസ്സില്‍ വയ്ക്കണം. പിന്നെ, എല്ലാവരെയും പ്രസിന്ധിഘട്ടങ്ങളില്‍ സഹായിക്കാന്‍ ഗുരുജി ഗുല്‍സാഹേബ് കാണത്തില്ലല്ലോ.

കുറിപ്പ് (കുറുപ്പ് അല്ല): പീതാംബരക്കുറുപ്പിനെ തെറ്റിദ്ധരിച്ചു എന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ശ്വേത പരാതി പിന്‍വലിച്ചതെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്. അത് നേരാണെങ്കില്‍ പരമസാത്വികനായ ഒരു പൊതുപ്രവര്‍ത്തകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയും അതിന് അവസരമുണ്ടാക്കുകയും ചെയ്ത ശ്വേത കുറുപ്പ് സാറിനോടും കോണ്‍ഗ്രസുകാരോടും കേരളസമൂഹത്തോടും മാപ്പു പറയണം എന്നാവശ്യപ്പെടാവുന്നതാണ്. ശ്വേതയ്‌ക്കെതിരേ ഒരു അപകീര്‍ത്തിക്കേസും ഫയല്‍ ചെയ്യാം.

കോണ്‍ഡം കോണ്‍ഡേന ശാന്തി

പണ്ട് പണ്ട്, വളരെ പണ്ട്, ടിവിയില്‍ ഒരു പരസ്യമുണ്ടായിരുന്നു. ഒരു ഷോപ്പിങ് മാളിലെ മെഡിക്കല്‍ ഷോപ്പ് പോലുള്ള കടയുടെ കൗണ്ടറില്‍ ഒരു ചേട്ടന്‍ നിന്നു പരുങ്ങുന്നു. എന്താണ് വേണ്ടത് എന്നു ചോദിച്ചു മടുത്ത കടക്കാരന്‍ കസ്റ്റമര്‍ വല്ലതും പറയുമോ എന്നറിയാന്‍ അക്ഷമനായി നില്‍ക്കുകയാണ്. കസ്റ്റമര്‍ കടയ്‍ക്കുള്ളിലൊക്കെ നിരീക്ഷിച്ച്.. ഐ വാണ്‍ഡ് എ.. പാക്ക് ഓഫ്.. എന്നൊക്കെ പറഞ്ഞ് നില്‍ക്കുന്നു. അങ്ങനെ നില്‍ക്കുമ്പോള്‍ ദാ വരുന്നു… വാതില്‍ തുറന്നു കൊടുങ്കാറ്റു പോലൊരു ചേട്ടന്‍. സ്യൂട്ടിട്ട് കൈയ്യില്‍ ബ്രീഫ് കേസുമായി മെലിഞ്ഞ ഒരു സുന്ദരന്‍. വരുന്ന വരവ് കണ്ടാല്‍ തന്നെ അറിയാം ഇയാള്‍ എന്തെങ്കിലും കൊണ്ടേ പോകൂ എന്ന്. കൗണ്ടറിലെത്തി കടക്കാരന്‍റെ അടുത്ത് തികഞ്ഞ ആത്മവിശ്വാസത്തോടെ അയാള്‍ പറയുന്നു- മൂഡ്സ് പ്ലീസ്…

അടുത്ത നിമിഷം തന്നെ കടക്കാരന്‍ സാധനം മേശപ്പുറത്തു വയ്‍ക്കുന്നു. കാശുപോലും കൊടുക്കാതെ വന്നവന്‍ മൂഡ്സ് പായ്‍ക്കുമായി മടങ്ങുമ്പോള്‍ ആദ്യം മുതല്‍ നിന്ന കസ്റ്റമര്‍ വന്നുപോയ വീരശൂരപരാക്രമിയെ അദ്ഭുതപരതന്ത്രനായി നോക്കുന്നു. ഇതൊക്കെ മനുഷ്യര് വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ എന്ന മട്ടില്‍.

കാലം മാറി. ഇന്നു മൂഡ്സിന്‍റെ പരസ്യങ്ങള്‍ കാര്യം നേരിട്ടു പറയുകയാണ്. വൈകിട്ട് ചായ ഒക്കെ കുടിച്ച് ഒരു ആറ് ആറരയ്‍ക്ക് ബെഡ്റൂമില്‍ കയറിയാല്‍ പിറ്റേദിവസം രാവിലെ ഒരു എട്ട് എട്ടരവരേ ഒരേ ഫോമില്‍ പെര്‍ഫോം ചെയ്യാന്‍ മൂഡ്സ് കൂടിയേ തീരു എന്നു നമുക്കു തോന്നും. പരസ്യത്തിലെ മാറ്റം ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടോ എന്നു ചോദിച്ചാല്‍ സംശയമാണ്. മാത്രവുമല്ല, സുരക്ഷിതമായി ബന്ധപ്പെടണം എന്നു പണ്ടു പറഞ്ഞ കുശ്ബു അഞ്ചുകൊല്ലം കോടതി കയറിയിറങ്ങിയിട്ട് ഇപ്പോളിങ്ങിറങ്ങിയതേയപള്ളൂ.

കോണ്‍ഡം വാങ്ങാന്‍ മടിയും ചമ്മലുമുള്ളവര്‍ ഇപ്പോഴുമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ടെന്നാണ് പൊതുവേ ലഭിക്കുന്ന വിവരം. ഡയല്‍ എ ഡിഷ് എന്നൊക്കെ പറയുന്നതുപോലെ വിളിച്ചു പറഞ്ഞാല്‍ കോണ്‍ഡം വീട്ടിലെത്തുമായിരുന്നെങ്കില്‍ കുറച്ചു കൂടി ആളുകള്‍ വാങ്ങിച്ചേനെ എന്നാണ് ചിലരുടെ കണ്ടുപിടിത്തം. എതായാലും ആ കണ്ടുപിടുത്തം തീരെ വിലയില്ലാത്തതല്ല. അതെപ്പറ്റി പഠനം നടത്തിയ ഒരു ചേച്ചി കോണ്‍ഡം മേഖലയിലേക്ക് കുതിച്ചു ചാടിയിരിക്കുകയാണ്. വീട്ടിലിരുന്ന് സ്ത്രീകള്‍ക്ക് എന്തൊക്കെ ബിസിനസ് ചെയ്യാം എന്ന പംക്തിയില്‍ ഇനി ഇതു കൂടി ഉള്‍പ്പെടുത്തണം- കോണ്‍ഡം വല്‍പന.

ദ്വാരകയിലെ ഒരു വീട്ടമ്മയാണ് ഇത്തരമൊരു സൗകര്യം ആളുകള്‍ക്കായി തുടങ്ങിയിരിക്കുന്നത്. സുരക്ഷിതമായ ലൈംഗികബന്ധത്തിന് വേണ്ടിയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമാണ് താനീ സംരംഭം തുടങ്ങിയതെന്ന് ചേച്ചി പറയുന്നു. എന്ന വെബ്സൈറ്റിലൂടെയാണ് ചേച്ചി കോണ്‍ഡം വിറ്റഴിക്കുന്നത്. ഇത്തരമൊരു സൈറ്റ് തുടങ്ങുന്നതിന് മുമ്പ് നെറ്റ്ലോകം മൊത്തം സമാന സൈറ്റുകള്‍ കണ്ടെത്താന്‍ അന്വേഷണം നടത്തിയിട്ട് പരാജയപ്പെട്ടതായും ചേച്ചി പറയുന്നു. നിരവധി ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയിട്ടാണ് സൈറ്റ് തുടങ്ങിയത്. അതേസമയം, ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയില്‍ മാത്രമെ സേവനം ലഭ്യമാകൂ. കോണ്ടം ബോധവത്കരണവുമായി ബന്ധപ്പെട്ട് വന്ന റിപ്പോര്‍ട്ടുകളും വീഡിയോകളും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കാമയന്ത്ര(www.kamyantra.com)എന്ന വെബ്സൈറ്റിനെപ്പറ്റി മിഡ്‍ഡേയില്‍ വന്ന റിപ്പോര്‍ട്ടാണ് ഇതിനു പിന്നില്‍ ഒരു സ്ത്രീയാണെന്നും അതിന്‍റെ പേര് റിതു നാഥ് എന്നാണെന്നുമൊക്കെ വെളിപ്പെടുത്തുന്നത്. കടകളില്‍പ്പോയി കോണ്ടം വാങ്ങാന്‍ മടികാണിക്കുന്ന തന്റെ സുഹൃത്തുക്കളില്‍ നിന്നാണ് ഇതിനുള്ള പ്രചോദനം ലഭിച്ചതെന്ന് റിതു പറയുന്നു. കടകളില്‍ പോയി വാങ്ങുന്നവര്‍ തന്നെ ഉല്‍പ്പന്നത്തിന്റെ വിലയോ കാലവധി കഴിഞ്ഞതാനോ എന്നൊന്നും ശ്രദ്ധിക്കാറില്ലെന്നും ഓണ്‍ലൈന്‍ വഴിയാകുമ്പോള്‍ ഇതിനെല്ലാം അവസരമുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. ഒരോ കോണ്ടം കമ്പനികളുടെയും വിവിധ ഉല്‍പ്പന്നങ്ങളെ കുറിച്ചുള്ള വിവരങ്ങളും വിലയും സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വിവിധ കമ്പനികള്‍ പുറത്തിറക്കുന്ന കോണ്ടങ്ങളുടെ പ്രത്യേകതകളും വിലകളുമെല്ലാം സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കോണ്ടം ഓണ്‍ലൈനായി ലഭിക്കുന്ന സൈറ്റുകള്‍ക്കുവേണ്ടി ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും ഒന്നുപോലും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അതിനാല്‍ ഒട്ടേറെ ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തിയാണ് താനീ സൈറ്റ് തുടങ്ങിയതെന്നും റിതു പറയുന്നു.കോണ്ടം വില്‍പ്പനയ്ക്ക് പുറമെ ഗര്‍ഭിണികള്‍ക്കുള്ള ടെസ്റ്റ് കിറ്റുകളും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ വീട്ടിലെത്തിക്കും.