റിപ്പോര്‍ട്ടര്‍: ഒരു അഭിമുഖം

നമസ്കാരം, ബെര്‍ളിത്തമ്പ്രാനെ മാത്രം ഇന്റര്‍വ്യൂ ചെയ്യുന്നു എന്ന പരാതി കുറെ നാളായി ഈ ബ്ളോഗില്‍ ആളുകള്‍ ഉന്നയിച്ചു കൊണ്ടിരിക്കുകയാണല്ലോ. മാതൃഭൂമി പത്രത്തില്‍ വീരേന്ദ്രകുമാറിനെയും കൈരളിയില്‍ പിണറായി സഖാവിനെയും ഷാലോം ടിവിയില്‍ പള്ളീലച്ചന്‍മാരെയും കാണിക്കരുത് എന്നു പറയുന്നതു പോലെയാണ് ഈ ബ്ളോഗില്‍ (ഫെബ്രുവരി ഒന്നു മുതല്‍ ഞങ്ങള്‍ അങ്ങുന്ന് എന്നു വിളിക്കണമെന്നാണ് കല്‍പന) തമ്പ്രാനെപ്പറ്റി ഒന്നും കൊടുക്കരുത് എന്നു പറയുന്നതെങ്കിലും വിശാലമനസ്കനായ തമ്പ്രാന്റെ അനുമതിയോടെ ആ പരാതി പരിഹരിക്കുന്നതിനായി ഞങ്ങള്‍ തമ്പ്രാന്‍ അല്ലാതെ ഒരാളെ ഇവിടെ അവതരിപ്പിക്കുകയാണ്. ഇദ്ദേഹം ആരാണ് എന്നുള്ളത് തന്നെ കേട്ടാല്‍ ഒരു കടങ്കഥയാണ്. ഏതാണ്ട് ആയിരത്തോളം അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന്റെ ജീവിതത്തിലെ ആദ്യത്തെ അഭിമുഖമാണ് ഇത്. കണ്‍ഫ്യൂഷനായി അല്ലേ ? ഒരു പ്രമുഖ ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആണിദ്ദേഹം. ചാനലിന്റെ ഏറ്റവും പ്രധാനിയായ റിപ്പോര്‍ട്ടര്‍മാരിലൊരാളായ അദ്ദേഹത്തിന്റെ ചാനല്‍ ജീവിതത്തെ പറ്റി നമ്മളോട് മനസ്സു തുറക്കുകയാണ്. ഒരു മുഖവുരയില്ലാതെ തന്നെ നമ്മള്‍ നേരിട്ട് ഇന്റര്‍വ്യൂവിലേക്കു കടക്കുകയാണ്.

ഇക്കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തില്‍ താങ്കളും റിപ്പോര്‍ട്ടറായിരുന്നല്ലോ, കലോല്‍സവ കപ്പ് ഒടിച്ചു രണ്ടു പീസാക്കി എന്നു പറയുന്നതിന്റെ സത്യമെന്താണ് ?

കപ്പൊടിച്ചത് ഞങ്ങളല്ല മറ്റേ നാറികളാണ്. കലോല്‍സവപ്പന്തലിന്റെ അടുത്ത് മിനി സ്റ്റുഡിയോയും ഇട്ട് ക്യാമറയുമായി ഞങ്ങളിരിക്കുന്നത് പിന്നെ ഊം..

സര്‍, സര്‍..പ്ളീസ്.. സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കാനുള്ള അവകാശം ഞങ്ങടെ തമ്പ്രാനു മാത്രമുള്ളതാണ്..

ഹല്ല പിന്നെ.. ഞങ്ങളവിടെ ലൈവ് കൊടുക്കുന്നുണ്ടെങ്കില്‍ കപ്പുമായി നില്‍ക്കുന്ന ടീമിന്റെ വിഷ്വല്‍ ആദ്യം കൊടുക്കാനുമറിയാം.. മറ്റേ നാറികള്‍ കൊടുത്തുകഴിഞ്ഞിട്ടു കൊടുക്കാനാണെങ്കില്‍ ഞാനൊക്കെ പിന്നെ ചെരയ്ക്കാന്‍ പോയാല്‍ പോരേ ?

എങ്കിലും സ്കൂള്‍ കലോല്‍സവം പോലൊരു പരിപാടി ഇങ്ങനെ കുളമാക്കിയത് മോശമായിപ്പോയില്ലേ ?

എന്തോന്ന് കലോല്‍സവം, ഞങ്ങള്‍ ചാനലുകളില്ലെങ്കില്‍ കലോല്‍സവമുണ്ടോ ? ഞങ്ങടെ ലൈവില്ലെങ്കില്‍ കേരളമുണ്ടോ ? എന്നിട്ടു ഗപ്പു മാത്രം ഞങ്ങള്‍ക്കു കിട്ടിയില്ലെന്നു പറഞ്ഞാല്‍. ഗപ്പു രണ്ടു പീസായതു കൊണ്ട് അവന്‍മാര്‍ രക്ഷപെട്ടു എന്നു കൂട്ടിക്കോ.. ഗപ്പെങ്ങാനും അവന്‍മാര്‍ തട്ടിക്കൊണ്ടു പോയിരുന്നേല്‍ അമ്മച്ചിയാണേ അവന്റെ സ്റ്റുഡിയോയില്‍ കയറി അവന്റെ പള്ളയ്ക്കു ഞാന്‍ കത്തി കേറ്റിയേനെ.. കലോല്‍സവമുറ്റത്ത് അവന്റെ കൊടലും പണ്ടോം വീണേനെ..

അപ്പോള്‍ കേസാവില്ലേ ? അകത്തു പോവില്ലേ ?

ഹഹഹഹ… കേസാവാനോ ? മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കാന്‍ ഇവിടെ ഏതു നാറിയ്ക്കാണ് ചുണയുള്ളത് ? എക്സ്പോസ് ചെയ്തു കളയും ഞങ്ങള്‍.. പ്രൈം ടൈമില്‍ നാലു ദിവസം ഒരു വീശങ്ങു വീശിയാല്‍ സര്‍ക്കാര്‍ മൂക്കുകുത്തി കിടക്കും പിന്നെയാ കോപ്പിലെ കലോല്‍സവം.. കൂടുതല്‍ ഇട്ടു കെളത്തല്ലേ.. നിന്റെ മറ്റോന്റെ ബ്ളോഗും പൂട്ടിച്ച് കെട്ടുകെട്ടിച്ചു കളയും ഞാന്‍..

എന്തുകൊണ്ടാണ് നിങ്ങള്‍ ചാനലുകള്‍ തമ്മിലിങ്ങനെ മല്‍സരിക്കുന്നത് ? പ്രേക്ഷകരെ സംബന്ധിച്ച് എല്ലാവരും ഒരുപോലെയല്ലേ ?

എല്ലാ ചാനലും ഒരുപോലെയാണെന്നോ ? കേരളത്തില്‍ വാര്‍ത്ത എന്നു വച്ചാല്‍ എന്താണെന്നു ഇവിടുത്തെ വായില്‍ നോക്കികളെ അറിയിച്ചു കൊടുത്തത് ഞങ്ങളുടെ ചാനലല്ലേ. അല്ലെങ്കിലും മറ്റേ ചാനലില്‍ ഇപ്പോഴുള്ള നാറികളെല്ലാം ഞങ്ങളുടെ ചാനലില്‍ നിന്നു പോയവരാണ്. അവനൊക്കെ അവിടെപ്പോയി ഞങ്ങക്കിട്ടു പണിയുമ്പം കയ്യും കെട്ടി നോക്കി നില്‍ക്കണോ ? അല്ലെങ്കിലും ഇവനോടൊക്കെയുള്ള ഉടക്ക് പ്രസ് ക്ളബില്‍ പഠിക്കുന്ന കാലത്തേ തുടങ്ങിയിട്ടുള്ളതാ… അന്നു ഞങ്ങളുടെ ബാച്ചിലൊരു നിഷ ഉണ്ടായിരുന്നു.. ഞാനും നിഷയും ബൌദ്ധികമായി നല്ല അടുപ്പത്തിലായിരുന്നു.. ഞങ്ങള്‍ ഒന്നിച്ച് മറയൂരിലെ ആദിവാസികളുടെ പ്രശ്നങ്ങള്‍ ആണ് പ്രോജക്ട് ആയി തിരഞ്ഞെടുത്തത്. മറയൂര് പോയി ഒരാഴ്ച ഒന്നിച്ചു താമസിച്ചു റിപ്പോര്‍ട്ട് ഉണ്ടാക്കിയത് അവന്‍മാര്‍ക്ക് സുഖിച്ചില്ല.. അന്നു മുതല്‍ തുടങ്ങിയതാണ് ഈ വെറുപ്പിക്കല്‍.. കൊടുക്കും ഞാന്‍ പണി..

പക്ഷെ സര്‍.. നിങ്ങളൊക്കെ പ്രൊഫഷനലുകളല്ലേ ? ഇങ്ങനത്തെ സില്ലി ആയ പ്രശ്നങ്ങളുടെ പേരില്‍ ?

ഇതൊക്കെ സില്ലി ആണെനന്ന് ആരു പറഞ്ഞു ? ഇതൊന്നും അത്ര സില്ലിയായി അവസാനിക്കാനും പോകുന്നില്ല.. ഇത്തവണ അവന്റെ ഒബി വാനിന്റെ ടയറിന് അള്ള് വച്ചിട്ടാണു ഞാന്‍ പോന്നത്.. കള്ളക്കഴുവേറി, അവനെന്നെ ശരിക്കും മനസ്സിലായിട്ടില്ല.. തെണ്ടി !

സര്‍, പ്ളീസ്.. കലോല്‍സവത്തില്‍ ഏതൊക്കെ ഐറ്റങ്ങളാണ് സര്‍ റിപ്പോര്‍ട്ട് ചെയ്തത് ?

എല്ലാം.. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപപ്പുടി, മിമിക്രി, മോണോ ആക്ട്, ചമ്പു പ്രഭാഷണം, യക്ഷഗാനം, മൈം അങ്ങനെ എല്ലാം ഞാന്‍ തന്നെയായിരുന്നു..വിന്നേഴ്സിനെ എല്ലാം അദ്യം അവതരിപ്പിച്ചതും ഞങ്ങടെ ചാനലായിരുന്നു.. അല്ലാതെ ക്യാമറ ഓട്ടോയിലിട്ട് കയ്യും കെട്ടി കസേരപ്പുറത്തിരിക്കുന്ന പണി ഞങ്ങടെ ചാനലിനിലല്ല, എമ്പോക്കികള്‍..

ഇത്രയും ഐറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇതെല്ലാം കണ്ടു വിലയിരുത്തേണ്ടി വരില്ലേ ?

ഇതൊക്കെ കാണാനെന്റെ തലയ്ക്കെന്നാ ഓളമുണ്ടോ ? സമ്മാനം കിട്ടിക്കഴിയുമ്പോള്‍ കൊച്ചും കൊച്ചിന്റെ അമ്മയും കൂടി ചാനലിന്റെ സ്റ്റുഡിയോയിലെത്തും. അതിനു വേണ്ടി നാലു ഗുണ്ടകളെ വീതം വണ്ടിയുമായി ഓരോ സ്റ്റേജിനരികിലും ഞങ്ങള്‍ നിര്‍ത്തിയിരുന്നു.. സമ്മാനം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അപ്പോള്‍ പൊക്കും.. പിന്നെ ഞങ്ങടെ സ്റ്റുഡിയോയില്‍ മേക്കപ്പിട്ടിരുത്തും.. അപ്പോള്‍ മറ്റേ നാറികള്‍ കൊച്ചിനെ അവിടം മുഴുവന്‍ തപ്പുകയായിരിക്കും..

അവരും ഇതുപോലെ ഗുണ്ടകളെ നിര്‍ത്തില്ലേ ?

ആ ഗുണ്ടകളെ ഇടിച്ചു ലെവലാക്കാന്‍ പറ്റുന്ന ഗുണ്ടകളെയാണല്ലോ ഞങ്ങളിറക്കുന്നത്.. അതു കൊള്ളാം..

ഗുണ്ടകളെക്കുരിച്ചും ക്വട്ടേഷന്‍കാരെക്കുറിച്ചും വാര്‍ത്ത കൊടുക്കുന്ന നിങ്ങള്‍ തന്നെ ഇവരെ ഉപയോഗിക്കുന്നത് ശരിയാണോ ?

നിങ്ങള്‍ ഇത്തരം വിവരക്കേടുകള്‍ എന്നെപ്പോലൊരു പ്രഗല്‍ഭനായ റിപ്പോര്‍ട്ടരോടു ചോദിക്കരുത്.. പ്രസ്സ് എന്നു വച്ചാല്‍ പവര്‍ ആണ്.. ഏതു രാഷ്ട്രീയക്കാരനെയും ക്വട്ടേഷന്‍കാരെയുമൊക്കെ ചെറുവിരലില്‍ നിര്‍ത്താനുള്ള പവര്‍.. നാലാംകിട ബ്ളോഗില്‍ ചൊറിയുന്ന നിനക്കൊന്നും അത് ഫീല്‍ ചെയ്യില്ല..

അങ്ങനെ ഗുണ്ടകളെ ഉപയോഗിച്ചുള്ള മാധ്യമപ്രവര്‍ത്തനം അല്ലാതെ വ്യത്യസ്തമായ വാര്‍ത്തകള്‍ കണ്ടെത്തി നല്‍കി പ്രേക്ഷകരെ പിടിച്ചു നിര്‍ത്താവുന്നതല്ലേയുള്ളൂ ?

അതും ഞാന്‍ ചെയ്യുന്നുണ്ട്.. കഴിഞ്ഞ കലോല്‍സവത്തില്‍ ഏറ്റവുമധികം വ്യത്യസ്തമായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്.. ഓരോ കലാരൂപത്തിന്റെയും അന്തരാത്മാവിലേക്കിറങ്ങിയിട്ടുളഅള റിപ്പോര്‍ട്ടുകളായിരുന്നു എല്ലാം.. ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്യാത്ത വാര്‍ത്തകള്‍..

ഉദാഹരണത്തിന് ഒന്നു രണ്ടെണ്ണം പറയാമോ ?

രണ്ടോ ? ഹും, കലോല്‍സവത്തിലെ ഏറ്റവും ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കംപ്ളീറ്റും എന്റേതായിരുന്നു. ഏറ്റവും കൂടുതല്‍ ശിഷ്യന്‍മാരുണ്ടായിരുന്ന ഗുരു, അച്ഛന്‍ മരിച്ചതിന്റെ പിറ്റേ ദിവസം കലോല്‍സവത്തിനു വന്ന കുട്ടി, കഥകളിക്കു പങ്കെടുത്ത മുസ്ലിം കുട്ടി, ഒപ്പനയില്‍ പങ്കെടുത്ത ഹിന്ദു കുട്ടി, മിമിക്രിക്കു സമ്മാനം കിട്ടിയ കുട്ടിയുടെ വീട്ടിലെ പട്ടിയും മിമിക്രി അങ്ങനെ എല്ലാം എന്റെ റിപ്പോര്‍ട്ടുകളായിരുന്നല്ലോ..

കലോല്‍സവത്തിന്റെ ഭക്ഷണപ്പന്തലില്‍ വച്ച് നിങ്ങള്‍ ചാനലുകാര്‍ സംഘാടകരെ ഇടിച്ചതായി ഒരു വാര്‍ത്ത കേട്ടല്ലോ ? എന്താണ് അതിന്റെ സത്യം ?

നാറികള്‍.. അവന്മാരെ കൊല്ലുകയായിരുന്നു വേണ്ടത് ? ഭക്ഷണപ്പന്തലില്‍ പാസ് എടുത്തു ക്യൂ നിന്നു കയറണം എന്ന് നാറികള്‍ അവിടെ എഴുതി വച്ചു.. യേത് ? ഞങ്ങള്‍ മീഡിയ പേഴ്സണ്‍സ് കാണുന്ന പോലെ അതെഴുതി വയ്ക്കാന്‍ അവന്‍മാര്‍ക്കെങ്ങിനെ ധൈര്യം വന്നു. പ്രസ്സിനെ പറ്റി ചെറ്റകള്‍ എന്താണ് വിചാരിച്ചിരിക്കുന്നത് ? ഞങ്ങളിന്നു വരെ എവിടെയെങ്കിലും പാസ് എടുത്തതായോ ക്യൂ നിന്നതായോ കേട്ടിട്ടുണ്ടോ ? എന്നിട്ടാണ് കൂതറ കലോല്‍സവക്കാരുടെ ഫ്രോഡ് ജാഡകള്‍.. ഞാന്‍ നേരേ പുറത്തേക്കുള്ള വാതിലിലൂടെ ചെന്നു അപ്പോള്‍ അവിടെ നിന്നവന്‍ പറഞ്ഞു അകത്തേക്കുള്ള വാതിലിലൂടെയേ കയരാന്‍ പറ്റൂ എന്ന്.. ഞാന്‍ പ്രസ്സാണെന്നു പറഞ്ഞിട്ട് അവന്‍ ഞെട്ടിയില്ലെന്നു മാത്രമല്ല പുറത്തേക്കുള്ള വാതിലിലൂടെ അകത്തേക്കു പോവാന്‍ പറ്റില്ലെന്ന് ഒരേ വാശി.. മീഡിയ പേഴ്സണ്‍ എന്ന നിലയ്ക്കുള്ള അവകാശങ്ങവ് സംരക്ഷിക്കേണ്ടത് മുഴുവന്‍ പത്രപ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള കടമയായി കണ്ട് ഞാനവനെ അടിച്ചു.. കുനിച്ചു നിര്‍ത്തി മുട്ടുകാല്‍ കയറ്റി.. മലയാള പത്രപ്രവര്‍ത്തനചരിത്രത്തില്‍ പത്രസ്വാതന്ത്യ്രത്തിനു മേലുള്ള ഒരു കടന്നുകയറ്റവും ഞങ്ങള്‍ അനുവദിക്കില്ല..

സാറിന് റിപ്പോര്‍ട്ട് ചെയ്യണം എന്നാഗ്രഹമുള്ള പരിപാടി.. അങ്ങനെ എന്തെങ്കിലുമുണ്ടോ സര്‍ ?

അങ്ങനെ ചോദിച്ചാല്‍.. ഈ കലോല്‍സവം വിജയകരമായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അനുഭവം വച്ചു പറയുകയാണ്.. ഓസ്കര്‍ അവാര്‍ഡും ഒളിംപിക്സും കൂടി എനിക്കു റിപ്പോര്‍ട്ട് ചെയ്താല്‍ കൊള്ളാമെന്നുണ്ട്.. മലയാളം ചാനല്‍ റിപ്പോര്‍ട്ടറുടെ പവറെന്താണെന്ന് അവന്‍മാരെക്കൂടി അറിയിച്ചു കൊടുക്കണം.. അവിടെയൊക്കെയുണ്ടോ ജേര്‍ണലിസമുള്ളൂ..

ഇത്രയും നേരം വിലപ്പെട്ട വിവരങ്ങള്‍ പങ്കുവച്ചതില്‍ ഞങ്ങളുടെ പ്രത്യേക നന്ദി അറിയിക്കുന്നു സര്‍..

ഓ പിന്നേ, എന്നോടാ കളി.. !

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.