നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് എത്ര കാരറ്റ് ?

തരുണ്‍ തേജ്പാലില്‍ നിന്നു നേരെ എളമരം കരീമിലേക്കുള്ള നിര്‍ഭയപത്രപ്രവര്‍ത്തനത്തിന്‍െ ജൈത്രയാത്രയ്ക്കിടയില്‍ മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പെടുന്ന ഒരു വലിയ വാര്‍ത്ത അപ്രത്യക്ഷമായത് കേരളത്തിലെ മാധ്യമരംഗത്ത് വലിയൊരു സംഭവമൊന്നുമല്ല. നിര്‍ഭയ പത്രപ്രവര്‍ത്തനം എന്നാല്‍ അലവലാതികളും അസംഘടിതരുമായ വായനക്കാരെ ഭയപ്പെടാതിരിക്കുകയും പരസ്യം തരുന്ന മുതലാളിമാരുടെ ആസനം കഴുകിക്കൊടുക്കുകയും ചെയ്യുക എന്നാണെന്നാണ് ന്യൂമീഡിയക്കാര്‍ നിര്‍വചിക്കുന്നത്. കോട്ടും സ്യൂട്ടുമൊക്കെയിട്ട് രാഷ്ട്രീയക്കാരെ വിചാരണ ചെയ്യുന്ന ചാനല്‍പ്പുലികള്‍ ആ സ്യൂട്ട് ഊരിക്കഴിഞ്ഞാല്‍ അരച്ചാണ്‍ വയറിനു വേണ്ടി വീരന്മാരായി അഭിനയിക്കുന്ന ലോക്കല്‍ മല്ലു ഭീരുക്കളാണ് എന്നു നമുക്കും അറിയാം.

കള്ളക്കടത്തു സ്വര്‍ണവുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ല എന്നും തങ്ങളുടേത് പരിശുദ്ധമായ കച്ചവടമാണെന്നും കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് മുതലാളി പത്രസമ്മേളനത്തില്‍ പറഞ്ഞത് മിക്കവാറും മാധ്യമങ്ങളില്‍ വന്നിരുന്നു. അതിന് ഇയാള്‍ക്ക് സ്വര്‍ണക്കള്ളകടത്തുകാരുമായി ബന്ധമുണ്ടെന്ന് ആരു പറഞ്ഞു എന്നാണ് ആ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്. മലബാര്‍ ഗോള്‍ഡ് കള്ളക്കടത്തു സ്വര്‍ണം വാങ്ങിച്ചിട്ടുണ്ടെന്നുള്ള മുക്കിയ വാര്‍ത്ത മുതല്‍ മലബാര്‍ ഗോള്‍ഡിന്റെ അടിത്തറ തന്നെ പണിതുയര്‍ത്തിയിരിക്കുന്നത് കള്ളക്കടത്തു സ്വര്‍ണത്തിലാണെന്ന എതിരാളികളുടെ ആരോപണം വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് നിര്‍ഭയപത്രപ്രവര്‍ത്തനം പ്രാബല്യത്തിലുള്ളതു കൊണ്ടാണ് മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്തകളില്‍ മഷി പുരളാത്തതെന്നും വീറോടെ വിചാരണ ചെയ്യുന്ന ചാനലുകളിലൊന്നും ഈ വഷയം വാര്‍ത്തയാവാത്തതെന്നും മനസ്സിലായി.

ഇപ്പോള്‍, മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചെറിയുകയാണെന്നും ഈ നവമാധ്യമങ്ങളാണ് കേരളത്തിലെ ജനങ്ങളിലേക്ക് സത്യമെത്തിക്കുന്നതെന്നും എന്നു വരെ എത്തി നില്‍ക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ള കാലോചിതമായ ഒരു മാറ്റത്തിന്റെ ഭാഗമാണ്. നവമാധ്യമങ്ങള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കൂടുതലുള്ളതു കൊണ്ടോ മുഖ്യധാരാമാധ്യമങ്ങള്‍ നവമാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായതുകൊണ്ടാണെന്നോ എനിക്കഭിപ്രായമില്ല. രണ്ടിന്റെയും സെറ്റപ്പ് രണ്ടു തരത്തിലാണ് എന്നതുകൊണ്ടാണിങ്ങനെ. ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് നവമാധ്യമങ്ങളുടെ ആവേശത്തിന് ഒരു മുഴം മുന്‍പേ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കേരളത്തിലെ പത്രങ്ങളും ചാനലുകളും കാലഹരണപ്പെടുന്നതിന്റെ സൂചനകള്‍ വൈകാതെ കണ്ടു തുടങ്ങും.

മലബാര്‍ ഗോള്‍ഡിനെിരായി വാര്‍ത്ത കൊടുക്കാന്‍ അപാരമായ ധൈര്യം വേണമെന്നോ വാര്‍ത്ത കൊടുക്കാത്ത മാധ്യമങ്ങള്‍ക്കൊക്കെ മലബാര്‍ ഗോള്‍ഡിനെ പേടിയാണെന്നോ ഒക്കെയാണ് പലരും കരുതിയിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ത്യയിലെ പത്രങ്ങളും ചാനലുകളും അവരുടെ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത് പ്രധാനമായും പരസ്യങ്ങളില്‍ നിന്നാണ്. അതായത് നമ്മളീ കാണുന്ന ന്യൂസ് ചാനലുകളൊന്നും പേ ചാനലുകളല്ല. മറ്റു രാജ്യങ്ങളിലെപ്പോലെ ഒരു ദിവസത്തെ പത്രത്തിന് നമ്മള്‍ 50 രൂപ മുടക്കാനും പോകുന്നില്ല.

മാധ്യമസ്ഥാപനങ്ങള്‍ സത്യം ലോകത്തോടു വിളിച്ചു പറയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥാനങ്ങളാണ് എന്നതൊരു തെറ്റിദ്ധാരണയാണ്. മറ്റെല്ലാ കമ്പനികളെയും പോലെ അവര്‍ക്കും ലാഭമുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനൊക്കൂ. അവര്‍ക്കു ലാഭമുണ്ടാകുന്നത് മലബാര്‍ ഗോള്‍ഡ് പോലുള്ള കമ്പനികള്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ പരസ്യം കൊടുക്കുമ്പോഴാണ്. മലബാര്‍ ഗോള്‍ഡിനെതിരായി ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് എന്നു ചുരുക്കം. വാര്‍ത്ത കൊടുത്തതില്‍ പ്രതിഷേധിച്ച് ഭാവിയില്‍ കൊടുക്കാനുള്ള മുഴുവന്‍ പരസ്യങ്ങളും പിന്‍വലിക്കാം. ഇനി സ്ഥാപനത്തിന്റെ വളര്‍ച്ചയെ കേസ് ബാധിച്ചാലോ അതും പരസ്യങ്ങള്‍ കുറയ്ക്കും. നിര്‍ഭയപത്രപ്രവര്‍ത്തനത്തിലെ ഭീരുത്വം എന്നാല്‍ ഇത്രയേയുള്ളൂ.

മറ്റൊന്ന് മലബാര്‍ ഗോള്‍ഡിനെതിരായി വാര്‍ത്ത കൊടുത്ത മാധ്യമങ്ങളുടെ ധീരതയാണ്. മലബാര്‍ ഗോള്‍ഡിനെതിരായുള്ള വാര്‍ത്ത ആവശേപൂര്‍വം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒറ്റ കാരണമേയുള്ളൂ. 1. മലബാര്‍ ഗോള്‍ഡ് അവര്‍ക്ക് പരസ്യം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ജ്വല്ലറി ഗ്രൂപ്പിനെ വിചാരണ ചെയ്യുമ്പോള്‍ ആവേശം ഇരട്ടിയാകും. ഞങ്ങള്‍ക്കു തരാതെ മറ്റവന്‍മാര്‍ക്കു മാത്രം പരസ്യം കൊടുക്കുമ്പോള്‍ നീയൊക്കെ ഓര്‍ക്കണമായിരുന്നടാ എന്നു മലബാര്‍ ഗോള്‍ഡിനോടും പരസ്യം വാങ്ങിയ കാശ് കീശേലിട്ടോണ്ടിരിക്കുന്ന നിന്നെയൊക്കെ തീര്‍ക്കുമെടാ എന്നു പരസ്യം വാങ്ങിയ മാധ്യമങ്ങളോടും ആക്രോശിക്കുന്നതാണ് വാര്‍ത്ത കൊടുക്കുന്ന ഏതാനും മാധ്യമങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്നതാണ് സത്യം. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം വാങ്ങുകയും അത് പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്ത കൊടുക്കുകയും ചെയ്യുന്നതിനെയാണ് നിര്‍ഭയ പത്രപ്രവര്‍ത്തനം നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊക്കെ വിളിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കിട്ടാത്ത മാധ്യമങ്ങള്‍ പരസ്യം കിട്ടിയിട്ടുള്ള മാധ്യമങ്ങളെയും മലബാര്‍ ഗോള്‍ഡിനെയും തെറിവിളിക്കുന്നതും പരസ്യം കിട്ടിയ മാധ്യമങ്ങള്‍ മിണ്ടാതിരിക്കുന്നതും മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരുപോലെയാണ്.

എന്നാല്‍, ജനങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ ഇത് കടുത്ത അനിതീയാണ്. അറിയാനുള്ള അവകാശത്തിനു വില പറയുന്ന മാധ്യമസംസ്‌കാരം അപകടകരവുമാണ്. കാശും സ്വാധീനവുമുള്ളവര്‍ക്ക് സമൂഹത്തില്‍ എന്തുമാവാം എന്നു മാധ്യമങ്ങള്‍ ധാര്‍മികരോഷം കൊള്ളുമ്പോഴും ഈ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുന്നത് കാശും സ്വാധീനവുമുള്ളവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമ്പോഴാണ് എന്നത് വിസ്മരിക്കരുത്. എപ്പോഴും സര്‍ക്കാരിനെയും നിയമപാലകരെയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ നിശബ്ദത പാലിക്കുമ്പോള്‍ നടപടിയെടുക്കുന്ന നിര്‍ഭയരായ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇക്കാണുന്ന മാധ്യമങ്ങളൊക്കെ നിസ്സാരമായി മാറുകയാണ്. മലബാര്‍ ഗോള്‍ഡിനെതിരെ നടപടിയെടുത്തു എന്ന വാര്‍ത്ത കൊടുക്കുന്നവര്‍ പരസ്പരം അഭിനന്ദിക്കുമ്പോള്‍ തികച്ചും നിര്‍ഭയരായി അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ മറന്നു പോകുന്നു എന്നത് കഷ്ടമാണ്. നിര്‍ഭയപത്രപ്രവര്‍ത്തനം ഒരു തമാശയാണ്. സ്വര്‍ണക്കള്ളക്കടത്തു അന്വേഷിച്ചു തെളിയിച്ചതു തങ്ങളാണെന്നു വീമ്പു പറയുന്ന ഓണ്‍ലൈന്‍ പത്രങ്ങളെയല്ല, ഇത് കണ്ടെത്തുകയും കിലോക്കണക്കിനു സ്വര്‍ണം പിടിച്ചെടുക്കുകയും ഇവിടം വരെ അന്വേഷിച്ചെത്തുകയും ചെയ്ത നിര്‍ഭയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അന്വേഷകരെയുമാണ് അഭിനന്ദിക്കേണ്ടത്. അവരുടെ നിര്‍ഭയകൃത്യനിര്‍വഹണത്തിനാണ് സല്യൂട്ട് നല്‍കേണ്ടത്.

+1: കള്ളക്കടത്തുകാരുടെ ഫഌറ്റില്‍ കഥ ചര്‍ച്ച ചെയ്യാന്‍ പോയ ഇടവെള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആഘോഷിച്ച മാധ്യമങ്ങള്‍ കള്ളക്കടത്തുകാരുടെ സ്വര്‍ണം വാങ്ങിയ മലബാര്‍ ഗോള്‍ഡിന്റെ പ്രചാരകരായ കരീന കപൂര്‍, മോഹന്‍ലാല്‍ തുടങ്ങിയ ഒരു ലോഡ് താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാന്‍ കൗതുകമുണ്ട്.

വൃത്തികെട്ട ജോലി

ലോകതൊഴിലാളിദിനമായി. ഇന്നു മുഴുവന്‍ ലോകതൊഴിലാളികളെ വാഴ്ത്തിപ്പാടിയും അവരില്ലായിരുന്നെങ്കില്‍ ലോകം എന്തായേനെ എന്നു പറഞ്ഞും മാധ്യമങ്ങള്‍ നേരം കൊല്ലും. തൊഴിലാളി എന്നു പറഞ്ഞാല്‍ ചുമടെടുക്കുന്നവനും പറമ്പില്‍ കിളയ്ക്കുന്നവനും മെറ്റല്‍ പൊട്ടിക്കുന്നവനും റോഡ് ടര്‍ ചെയ്യുന്നവനുമൊക്കെയാണെന്ന് ചാനലുകള്‍ കാണിക്കുന്ന ദൃശ്യങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാവും. അപ്പോള്‍ ഈ റിപ്പോര്‍ട്ടിങ് എല്ലാം നടത്തുന്ന സര്‍വരാജ്യമാധ്യമത്തൊഴിലാളികളുടെ കാര്യമോ ?

ലോകത്തിലെ ഏറ്റവും വൃത്തികെട്ട ജോലിയാണ് പത്രപ്രവര്‍ത്തനം എന്നു പറഞ്ഞാല്‍ ഇന്നാട്ടിലെ പത്ര-ചാനല്‍ മുതലാളിമാര്‍ സമ്മതിക്കില്ല. എന്നാല്‍ കരിയര്‍കാസ്റ്റ് ജോബ്‌സ് വെബ്‌സൈറ്റ് നടത്തിയ സര്‍വേ അനുസരിച്ച് ലോകത്തിലെ ഏറ്റവും മോശം ജോലിയായി തിരഞ്ഞെടുത്തിരിക്കുന്നത് പത്രപ്രവര്‍ത്തനമാണ്. ഇത് പരിശുദ്ധ വള്‍സ്ട്രീറ്റ് ജേണല്‍ ഉള്‍പ്പെടെയുള്ള കുത്തകപത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. ആയതിനാല്‍ ഇതിന്റെ ഉത്തരവാദിത്വം എനിക്കല്ല.

കരിയര്‍കാസ്റ്റ് പറയുന്നത് അനുസരിച്ച് പത്രപ്രവര്‍ത്തനത്തെക്കാള്‍ ഭേദമാണ് മരംവെട്ടുകാരന്റെ ജോലി. പിന്നെയും ഭേദമാണ് പട്ടാളക്കാരന്റെ ജോലി. കോടീശ്വരന്‍മാര്‍ പോലും സ്വപ്‌നം കാണുന്ന അഭിനേതാവിന്റെ ജോലി നിര്‍ഭാഗ്യവശാല്‍ മോശം ജോലികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. എണ്ണക്കിണറ്റിലെ ജോലിയാണ് പിന്നെയും ഭേദം. ഗ്ലാമറസ് എന്നു കരുതപ്പെടുന്ന എയര്‍ ഹോസ്റ്റസിന്റെ ജോലിയും മോശം ജോലികളുടെ പട്ടികയിലാണ്. കുറഞ്ഞ വേതനവും മുടിഞ്ഞ സമ്മര്‍ദ്ദവുമാണ് പത്രപ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ഈ തൊഴിലുകളെ മോശം തൊഴിലുകളുടെ പട്ടികയില്‍പ്പെടുത്തുന്നത്.

ഉന്നതപത്രസ്വാതന്ത്ര്യം നിലവിലുള്ള അമേരിക്കയിലായാലും പത്രങ്ങളുടെ പറുദീസയായ കൊച്ചുകേരളത്തിലായാലും പത്രക്കാരുടെ അവസ്ഥ അതിദയനീയമാണ് എന്നത് കരിയര്‍കാസ്റ്റ് പറയാതെ തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍, ദരിദ്രവാസികളായ പത്രക്കാരെപ്പറ്റി ആരും എവിടെയും വാര്‍ത്തകള്‍ കൊടുക്കാത്തതുകൊണ്ടും അവരുടെ തൊഴിലവകാശങ്ങളെപ്പറ്റി എഡിറ്റോറിയല്‍ മുതലക്കണ്ണീരുകള്‍ ഉണ്ടാവാത്തതുകൊണ്ടും സാധാരണക്കാരുടെ വിചാരം പത്രപ്രവര്‍ത്തകന്‍ എന്തോ സംഭവമാണെന്നാണ്. ഉണ്ടയാണ് എന്നതാണ് യഥാര്‍ഥ്യം.

കേരളത്തിലെ ശരാശരി പത്രപ്രവര്‍ത്തകന്‍ വേതനം കൊണ്ടു മാത്രം ജീവിക്കുന്നത് അപ്രായോഗികമാണ്. പലരും പകല്‍ സമയത്ത് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരായും മറ്റു ചിലര്‍ സര്‍ക്കാര്‍ ഫഌറ്റ് വാങ്ങി ലോണടക്കാതെ മറിച്ചുവിറ്റുമൊക്കെയാണ് പിടിച്ചുനില്‍ക്കുന്നത്. പത്രപ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ കാര്യമാണെങ്കില്‍ മുഴുനീള കോമഡിയാണ്. ഇങ്ങനെയൊക്കെയുള്ള സാഹചര്യത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ ഭാവിയെപ്പറ്റി ഒന്നും പറയാന്‍ സാധിക്കില്ല. ഏതെങ്കിലും കാലത്ത് പത്രപ്രവര്‍ത്തനം ലോകത്തിലെ മികച്ച ജോലികളിലൊന്നാവുമോ എന്നു പറയാന്‍ പറ്റില്ല. പത്രപ്രവര്‍ത്തകരുടെ ദുരിതങ്ങളെപ്പറ്റിയും അവരനുഭവിക്കുന്ന അനീതികളെപ്പറ്റിയും പൊതുസമൂഹം അറിയുന്നില്ല എന്നതാണ് ഇവരുടെ തൊഴില്‍മേഖല മെച്ചപ്പെടാത്തതിന്റെ പ്രധാനകാരണങ്ങളിലൊന്ന്.

പറഞ്ഞു വന്നത് ഏറ്റവും മോശപ്പെട്ട ജോലികളെപ്പറ്റിയാണല്ലോ. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തന്നെ ഇരിക്കട്ടെ. ഏതായിരിക്കും ലോകത്തിലെ ഏറ്റവും മികച്ച ജോലി എന്നു കൂടി നമ്മള്‍ അറിഞ്ഞിരിക്കണ്ടേ ? കരിയര്‍കാസ്റ്റ് അതെപ്പറ്റിയും പഠിച്ചിട്ടുണ്ട്. വെബ്‌സൈറ്റിന്റെ പഠനം അനുസരിച്ച് ഏറ്റവും മികച്ച ജോലികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ആക്ച്വറിയാണ്. അതിന്റെ വളര്‍ച്ചാസാധ്യത കിടക്കുന്നത് 2010 മുതല്‍ 2020വരെയും. ദൈവത്തിനാണേ ആക്ച്വറി എന്ന തൊഴിലിനെപ്പറ്റി ഞാനാദ്യം കേള്‍ക്കുകയാണ്. എന്താണെന്നറിയാന്‍ വിക്കിപ്പീഡിയ നോക്കി- An actuary is a business professional who deals with the financial impact of risk and uncertainty. Actuaries provide expert assessments of financial security systems, with a focus on their complexity, their mathematics, and their mechanism എന്നാണ് പറയുന്നത്. ഇന്‍ഷുറന്‍സ് കമ്പനി തുടങ്ങി സകലധനകാര്യസ്ഥാപനങ്ങളിലും ആവശ്യമുള്ള തൊഴിലാളിയാണ് കക്ഷി. പത്രപ്രവര്‍ത്തനത്തില്‍ നിന്ന് ആക്ച്വറിയിലേക്കൊരു ചുവടുമാറ്റം അസാധ്യമല്ല. ഞാനീ എക്കോണമിക്‌സ് ഒക്കെ പഠിച്ചിട്ടുണ്ടല്ലോ.

തൊഴില്‍ ഏതായാലും അത് എത്ര ബോറായാലും അതിലേര്‍പ്പെടുന്നവന്റെ മനോഭാവമാണ് അതിനെ മനോഹരമാക്കുന്നത് എന്നാണെന്റെ വിശ്വാസം. പത്രപ്രവര്‍ത്തനം മോശം ജോലിയാണെന്നു തോന്നുന്നവര്‍ മോശപ്പെട്ട ആളുകളായിരിക്കണം എന്നുമില്ല. ഈ തൊഴിലാളി ദിനത്തില്‍ എല്ലാ തൊഴിലുകള്‍ക്കും കാലോചിതമായ മികവും അംഗീകാരവും സാമ്പത്തികസുരക്ഷിതത്വവും ലഭിക്കട്ടെ എന്നാശംസിക്കുന്നു.

മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

വാര്‍ത്തകള്‍ വരച്ചും ചിരിച്ചും

സിനിമയില്‍ എന്ന പോലെ മാധ്യമപ്രവര്‍ത്തനത്തിലും ന്യൂ ജനറേഷന്‍ തരംഗമാണ്. പത്രങ്ങളുടെയും ടിവിയുടെയും ലോകത്തു നിന്നു വാര്‍ത്തകളും മാധ്യമപ്രവര്‍ത്തകരും പുതുതലമുറ ഗാഡ്ജറ്റുകളിലേക്കും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും ചേക്കേറിയത് സാങ്കേതികമാറ്റങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന വാര്‍ത്താവിന്യാസവും അവതരണശൈലിയും സ്വീകരിച്ചുകൊണ്ടായിരുന്നു. പക്ഷെ, മാധ്യമപ്രവര്‍ത്തനവും മാധ്യമങ്ങളും അതിന്റെ പരമ്പരാഗത ചട്ടക്കൂടുകള്‍ക്കു പുറത്തേക്കു കടന്നില്ല. എന്നാല്‍, എല്ലാ ചട്ടക്കൂടുകളും തകര്‍ത്തുകൊണ്ടുള്ള ഒരു പരീക്ഷണം കഴിഞ്ഞയാഴ്ച മാധ്യമലോകത്തെ വിസ്മയിപ്പിച്ചു. ഐപാഡ് ആപ്ലിക്കേഷനായി അവതരിച്ച സിംബോളിയ മാഗസിന്‍ ആണ് ഒരാഴ്ച കൊണ്ട് ചരിത്രം സൃഷ്ടിക്കുന്നത്. മാധ്യമപ്രവര്‍ത്തനത്തിലെ ഏറ്റവും ശക്തവും കാലോചിതവുമായ വിപ്ലവം എന്നാണ് സിംബോളിയ മാഗസിനെ ലോകത്തെ മുന്‍നിര മാധ്യമനിരൂപകര്‍ വിശേഷിപ്പിക്കുന്നത്.

ഗോസിപ്പും മസാലയുടെ ഐറ്റം നമ്പരുകളും പേജുകള്‍ നീളുന്ന പരിപ്രേക്ഷ്യസാഹിത്യവും കൊണ്ട് വായനക്കാരനെ ശ്വാസം മുട്ടിക്കുന്ന മാഗസിനുകള്‍ പോലും ഇന്റര്‍നെറ്റിന്റെ അതീവലളിത-സരള സ്വഭാവത്തില്‍ അവഗണിക്കപ്പെടുമ്പോള്‍ പാരമ്പരാഗത മാധ്യമങ്ങളോടു മടുപ്പുള്ളവര്‍ക്കും വാര്‍ത്തയില്‍ നിന്നു വാര്‍ത്തയിലധികം തേടുന്നവര്‍ക്കും സിംബോളിയ ഒരു സംഭവമാണ്. ഇതില്‍ വാര്‍ത്തകള്‍ വായിക്കാനാവില്ല, കാണാനേ കഴിയൂ. ലോകത്തെ ആദ്യത്തെ ന്യൂസ് കോമിക്‌സ് ആണ് സിംബോളിയ. മുഖ്യധാരാ മാധ്യമപ്രവര്‍ത്തനത്തിനു പകരം വയ്ക്കുന്ന ഒന്നല്ല സിംബോളിയ. മാധ്യമപ്രവര്‍ത്തനത്തിലെ ഒരു പുതുധാരയാണ്. വിനോദോപാധിയായി കണ്ടിരുന്ന കോമിക്‌സുകളിലേക്ക് വാര്‍ത്തയെ ശാസ്ത്രീയമായി സന്നിവേശിപ്പിച്ചു എന്നതാണ് സിംബോളിയയുടെ പുതുമ. കോമിക് ബുക് പോലെ വായിച്ചുപോവാം. വാര്‍ത്തകളും പഠനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തലും ഉള്‍പ്പെടെ എല്ലാം അതില്‍ കടന്നു വരും.

മാധ്യമപ്രവര്‍ത്തകരായ എറിന്‍ പോള്‍ഗ്രീനും ജോയ്‌സ് റൈസും ചേര്‍ന്നാണ് സിംബോളിയയ്ക്കു രൂപം നല്‍കിയത്. ഐപാഡ് ആപ്ലിക്കേഷനു പുറമേ മറ്റുള്ളവര്‍ക്കായി മാഗസിന്റെ പിഡിഎഫ് വേര്‍ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഡിസംബര്‍ 2നു പുറത്തിറങ്ങിയ 81 പേജുകളുള്ള പ്രിവ്യു പതിപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഏകദേശം 700 രൂപയാണ് വാര്‍ഷികവരിസംഖ്യ. പിഡിഎഫ് വേര്‍ഷന്‍ കംപ്യൂട്ടറിലും ഇതര ടാബ്‌ലെറ്റ് കംപ്യൂട്ടറുകളിലും മറിച്ചുനോക്കാം. വെബ്‌സൈറ്റ്:symboliamag.com

ശ്വേതയും ബ്ലെസിയും അറിയുന്നതിന്

കളിമണ്ണ് എന്ന സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും പരമാവധി പബ്ലിസിറ്റി അതിനു ലഭിച്ചു കഴിഞ്ഞു. നടിയുടെ പ്രസവം ചിത്രീകരിക്കുന്നതിലൂടെ ബ്ലെസിയും പ്രസവശേഷം ചോരക്കുഞ്ഞുമായി ഓടിനടന്ന് മാക്സിമം പബ്ലിസിറ്റിക്കു ശ്രമിക്കുന്ന ശ്വേതയും മാതൃത്വത്തിന്‍റെ മഹത്വം പുതുതലമുറയിലെ മനസാക്ഷിയില്ലാത്ത ദുഷ്ടന്‍മാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുമെന്നാണ് സങ്കല്‍പം. എന്നാല്‍, പ്രസവചിത്രീകരണത്തിന്‍റെ ധാര്‍മികതയും പിറന്നുവീഴുന്ന നിമിഷം മുതല്‍ ചിത്രീകരിക്കപ്പെടുന്ന കുഞ്ഞിന്‍റെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബ്ലെസിയും ശ്വേതയും പ്രകോപിതരാവുന്നു എന്നതാണ് വിചിത്രമായ കാര്യം.

ബ്ലെസി പ്രസവം ചിത്രീകരിക്കുകയും ലേബര്‍ റൂം ജേണലിസ്റ്റുകള്‍ അത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുറപ്പില്ലാത്തതുകൊണ്ടാണോ എന്തോ നാഴികയ്‍ക്ക് നാല്‍പത് വട്ടം സംവിധായകനും നടിയും ജേണലിസ്റ്റുകളും മാതൃത്വത്തിന്‍റെ മഹത്വം ലോകത്തിനു കാട്ടിക്കൊടുക്കുക എന്ന ചരിത്രദൗത്യത്തെപ്പറ്റി സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിന്‍റെ യുക്തിയെപ്പറ്റിയുള്ള ഏതാനും സംശയങ്ങള്‍ അന്ന് ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. ചോരക്കുഞ്ഞിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുമ്പോഴും പൂത്തുലയുന്നത് മാതൃത്വത്തിന്‍റെ മഹത്വമാണെന്നാണ് പുതിയ പാഠം. മാതൃത്വമെന്ന വാക്ക് ഓരോ വാക്യത്തിലും ഉപയോഗിക്കുന്നതുകൊണ്ട് ഇതെല്ലാം മഹത്തരമാകുമോ എന്ന കര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.

ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്പോഴും വ്യക്തിപരമായ നിലപാടെടുക്കുമ്പോഴും മൂന്നു ചോദ്യങ്ങളാണ് നമ്മെ പ്രതിരോധിക്കുന്നത്. 1.ശ്വേത പ്രസവവും മാതൃത്വവും മാര്‍ക്കറ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ നമ്മളും സോ കോള്‍ഡ് മോറല്‍ പോലീസിങ്ങല്ലേ ചെയ്യുന്നത് ? 2. ഇതെല്ലാം ശ്വേതയുടെ സ്വകാര്യജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളാകയാല്‍ നമ്മളെ സംബന്ധിച്ച് നണ്‍ ഓഫ് അവര്‍ ബിസിനസല്ലേ ? 3.ശ്വേതയെ അഭിനന്ദിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്യുമ്പോഴല്ലേ നമ്മള്‍ പരിഷ്കാരികളാവുന്നത് ?

ശ്വേത എന്തു ചെയ്യുന്നതും ശ്വേതയുടെ മാത്രം കാര്യമാണ്. പക്ഷെ, ജനകീയ മാധ്യമമായ സിനിമയ്‍ക്കു വേണ്ടി ഇത്തരം ഒരു കാര്യം ചെയ്യുമ്പോള്‍ അത് മുന്നോട്ടു വയ്‍ക്കുന്ന മാതൃക ചലച്ചിത്രപ്രവര്‍ത്തകരും മനുഷ്യാവകാശ കമ്മിഷനും സാംസ്കാരികപ്രവര്‍ത്തകരും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. സെബാസ്‍റ്റ്യന്‍ പോളും സ്പീക്കര്‍ ജി.കാര്‍ത്തികേയനും ഇതെപ്പറ്റി വിമര്‍ശനമുന്നയിച്ചതാണ് ഇപ്പോള്‍ ശ്വേതയെയും ബ്ലെസിയെയുമൊക്കെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്വേതയുടെ പ്രസവവും അനുബന്ധ വിവരങ്ങളുമൊക്കെ സ്വകാര്യജീവിതത്തിന്‍റെ ഭാഗമല്ലാതാകുന്നത് അത് ശ്വേതയുടെ അറിവോടും സമ്മതത്തോടും കൂടി മാധ്യമങ്ങളില്‍ വലിയ ഫീച്ചറുകളും അഭിമുഖങ്ങളുമൊക്കെയായതുകൊണ്ടാണ്. താന്‍ ചെയ്യുന്നതെല്ലാം മാതൃത്വത്തെ മഹത്വവല്‍ക്കരിക്കാനാണ് എന്ന് മാധ്യമങ്ങളിലൂടെ ശ്വേത പ്രഘോഷിക്കുമ്പോള്‍ സമൂഹത്തിന് അതില്‍ പ്രതികരിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ട്.

ഇവിടെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന പ്രധാനചോദ്യം ശ്വേതയുടെ ജീവിതം, ശ്വേതയുടെ കുഞ്ഞ്- തനിക്കൊക്കെ എന്താ ചേതം ? എന്നതായിരിക്കും. പുരോഗമനവാദികളായും പരിഷ്കാരികളായും നടിക്കുന്നവര്‍ അപരിഷ്കൃതരാവുന്നത് അവിടെയാണ്. സ്വകാര്യതയും മനുഷ്യാവകാശവും ഏറെക്കുറെ ഒരുമിച്ചു പോവുന്ന ഘടകങ്ങളാണ്. ശ്വേതയുടെ സ്വകാര്യജീവിതത്തെപ്പറ്റി വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ആ സ്ത്രീയുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുകയാണ് എന്നു വേണമെങ്കില്‍ വാദിക്കാം- പ്രസവം എന്ന പ്രക്രിയ ആരംഭിക്കുന്ന നിമിഷം വരെ മാത്രം. മറ്റൊരു ജീവന്‍ ഭൂമിയിലേക്കു കടന്നുവരുന്നതിനെയാണ് പ്രസവം എന്നു വിശേഷിപ്പിക്കുന്നതെങ്കില്‍ ആ സീനില്‍ മൂന്നാമതൊരു വ്യക്തി കൂടിയുണ്ട്- പിറന്നു വീഴുന്ന കുഞ്ഞ്. ശ്വേതയുടെ കുഞ്ഞ് എന്നു പറയുന്ന വ്യക്തിയുടെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ആരു സംരക്ഷിക്കും ?അങ്ങനെയൊന്നുണ്ടോ എന്നു നെറ്റിചുളിക്കുന്ന സാംസ്കാരികനവമുകുളങ്ങളെ പുരോമനവാദികള്‍ എന്നു വിളിക്കുന്നത് എത്ര അപക്വമായിരിക്കും.

ലോകത്ത് ആദ്യമായാണ് ഒരു നടി തന്‍റെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്നത് എന്ന് അന്ന് ലേബര്‍ റൂം ജേണലിസ്റ്റുകള്‍ എഴുതിയിരുന്നു. പരീക്ഷണങ്ങളുടെ പറുദീസയായ ഹോളിവുഡിലോ മറ്റേതെങ്കിലും രാജ്യത്തോ ഇത്തരം ഒരു ശ്രമം മറ്റൊരു നടിയും നടത്താത്തത് എന്തുകൊണ്ടാണ് ? ഉത്തരം ലളിതമാണ്- അവിടെ ജീവനോടുള്ള ആദരം വലുതാണ്. പിറന്നുവീഴുന്ന ഒരു കുഞ്ഞിനെ ഒരു വ്യക്തിയായി കാണുന്ന ആ രാജ്യങ്ങളില്‍ ആ കുരുന്നിന്‍റെ സ്വകാര്യതയ്‍ക്കും രക്ഷാകര്‍തൃത്വത്തിനും വലിയ വിലയാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇവിടെ മാതൃത്വതതിന്‍റെ മഹത്വം പുലമ്പുന്ന സംവിധായകനും നടിയും ചെയ്ത പ്രവൃത്തി അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കില്‍ രണ്ടും അകത്തുപോയെനെ. ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന സര്‍ക്കാരുകളാണ് പരിഷ്കൃതരാജ്യങ്ങളിലുള്ളത്. ഇന്ത്യാക്കാരായ അനുരൂപ് ഭട്ടാചാര്യയും സാഗരികയും കുഞ്ഞുങ്ങളെ വളര്‍ത്തിയ ശൈലിയെ അശാസ്ത്രീയമാണെന്നു കണ്ടെത്തി, സ്വീഡനില്‍ ആ ദമ്പതികളില്‍ നിന്നു കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തത് മാധ്യമങ്ങളില്‍ നമ്മള്‍ വായിച്ചതാണ്.

സ്പീക്കറും സെബാസ്റ്റ്യന്‍ പോളും പറഞ്ഞത് ഇതേ കാര്യങ്ങളാണ്. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നെന്നും ധാര്‍മികതയുടെ അധപതനം ആണിത് കാണിക്കുന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കും. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല- സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ വളരെ ഗൗരവമുള്ളത് തന്നെയാണ്. എന്നാല്‍ അതിന് ശ്വേതയും ബ്ലെസിയും നല്‍കിയിട്ടുള്ള മറുപടികള്‍ മാതൃത്വത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നതിലുള്ള അവരുടെ ആത്മാര്‍ത്ഥത പൂര്‍ണമായും വെളിച്ചത്തുകൊണ്ടുവരുന്നുണ്ടോ എന്നു സംശയമാണ്.

ബ്ലസ്സി എന്ന സംവിധായകന്‍ കച്ചവടത്തിനുവേണ്ടി ഇത്തരമൊരു സിനിമ എടുക്കുമെന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതുവരെ ബ്ലസി ചെയ്ത സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്നു കണ്ടെത്തുകയും ചെയ്യുകയാണ് എന്ന ശ്വേതയുടെ പ്രസ്താവന പരിതാപകരമാണ്. ഒന്നുകില്‍ ബ്ലെസി എടുത്തിട്ടുള്ള സിനിമകള്‍ ശ്വേത കണ്ടിട്ടില്ല. അല്ലെങ്കില്‍ അദ്ദേഹം മലയാള സിനിമയിലെ കുറസോവയോ മറ്റോ ആണെന്ന് നടി തെറ്റിദ്ധരിച്ചിരിക്കുന്നു. സിനിമ തന്നെ കച്ചവടമാണ് എന്നിരിക്കെ ബ്ലെസിയുടെ സിനിമകളില്‍ കച്ചവടമില്ല എന്നു വാദിക്കാന്‍ ശ്രമിക്കുന്ന ശ്വേത നിലപാട് വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഒരു മെഡിക്കല്‍-അക്കാദമിക് ചിത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് മാധ്യമങ്ങളിലൂടെ അതിനിത്ര പബ്ലിസിറ്റിക്കു ശ്രമിക്കുന്നു ?

ചോരക്കുഞ്ഞുമായി ക്യാമറ ഫ്ലാഷുകള്ക്കു മുന്നിലേക്ക് ഓടിയെത്തുന്ന ശ്വേത തന്‍റെ ശ്രമങ്ങളെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടി കേരളത്തിലെ സ്ത്രീസമൂഹത്തിന്‍റെ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. കാലം മാറിയെന്നും സ്ത്രീകളില്‍ പലരും പ്രസവിച്ചു വൈകാതെ ജോലിക്കുപോലും പോകേണ്ട അവസ്ഥയാണെന്നും പലരും ജോലി സ്ഥലത്തു കുഞ്ഞുങ്ങളെ കൊണ്ടുവരാറുണ്ടെന്നുമുള്ള കാര്യം ഇവരെപ്പോലുള്ളവര്‍ മനസ്സിലാക്കണം- ശ്വേത പറയുന്നു. കേരളത്തിലെ പൊതുസമൂഹത്തിലെ സ്ത്രീയെപ്പറ്റി ശ്വേതയ്‍ക്കു വലിയ പിടിയില്ല എന്നതു വ്യക്തമാണ്. ഇവിടെ പ്രസവാവധിയും മറ്റും സര്‍ക്കാര്‍ നല്‍കുന്നത് മാതൃത്വത്തിന്‍റെ മഹത്വം ജി.കാര്‍ത്തികേയനെപ്പോലെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാണ്. അത് മനസിലാക്കാന്‍ സിനിമ കണ്ടതുകൊണ്ടോ സിനിമ ഉണ്ടാക്കിയതുകൊണ്ടോ കാര്യമില്ല.

പരിശുദ്ധനായ സംവിധായകന്‍ ബ്ലെസിയും പ്രകോപിതനാണ്. പ്രസവത്തിന്‍റ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം അവസ്ഥയുണ്ടായാല്‍ ഈ പണി നിര്‍ത്തുമെന്നും പറയുന്ന ബ്ലെസിക്ക് ആത്മാര്‍ത്ഥത എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ എന്നു സംശയമാണ്. പ്രസവം ചിത്രീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ ഉദ്ഘോഷിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ ഇത്തരം ഡയലോഗുകള്‍ വച്ചു കീറുന്ന വിശുദ്ധന്‍റെ തൊലിക്കട്ടിക്ക് പ്രണാമം. കഴിഞ്ഞിട്ടില്ല പ്രഘോഷണം. മനുഷ്യന്‍ മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന സാമൂഹികാവസ്ഥയുള്ള കേരളത്തില്‍ സാംസ്കാരികമായ ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെയും ഇണയെയും മക്കളെയുമൊന്നും കൊല്ലാന്‍ മടിയില്ലാത്ത മലയാളികള്‍ ഇന്നുണ്ട്. പിതാവ് മകളെ പീഡിപ്പിക്കുന്ന കഥകള്‍ നിത്യവും പുറത്തുവരുന്നു. അതുകൊണ്ട് അമ്മ എന്ന സ്ഥാനത്തിന്‍റെ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള സ്ത്രീയുടെ ബന്ധത്തിന്‍റെ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്‍റെ ലക്‍ഷ്യം- ബ്ലെസി പറയുന്നു.

ഒരു സ്ത്രീയുടെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കുന്നതിലൂടെ ഈ മനുഷ്യനും മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ആളുകള്‍ക്കു തോന്നുമ്പോള്‍ പ്രകോപിതനായിട്ടു കാര്യമില്ല. സാംസ്കാരിക ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറയുന്ന സംവിധായകന് സെബാസ്റ്റ്യന്‍ പോളും കാര്‍ത്തിയേകനുമൊക്കെ നടത്തിയത് സാംസ്കാരിക ഇടപെടലായി കാണാനാവുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്. എന്തൊക്കെ ചെയ്താലും മനുഷ്യത്വവും സംസ്കാരവും ബലി കഴിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് മലയാള സിനിമ ഇന്നു വരെ വേദിയായിട്ടില്ല. ബ്ലെസിയുടെ സിനിമ കൊണ്ടുവരാന്‍ പോകുന്നത് എത്ര ഉന്നതമായ സന്ദേശമാണെങ്കിലും ആ സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിലും അതിന്‍റെ മാര്‍ക്കറ്റിങ്ങിലുമായി സമൂഹത്തിനു പകര്‍ന്നു നല്‍കിയിരിക്കുന്നത് വളരെ മോശം സന്ദേശങ്ങളാണ്. സിനിമയുടെ പേരുപോലെ പ്രേക്ഷകരുടെ തലയിലും കളിമണ്ണ് മാത്രമാണെന്നു വിചാരിക്കുന്നത് ബുദ്ധിമാനെന്നു കരുതുന്ന ഒരു സംവിധായകനു ചേര്‍ന്നതല്ല.

ഓണ്‍ലൈന്‍ പത്രത്തിന്റെ ട്രേഡ് സീക്രട്ടുകള്‍

പ്രിയപ്പെട്ട ഷിജു ചേട്ടന്,

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഇവിടെ ഞാന്‍ സുഖമായിപ്പോകുന്നു. ഇവിടുത്തെ മലയാളി അസോസിയേഷന്‍കാര്‍ ഉണ്ടാക്കിയ തുഞ്ചത്തെഴുത്തച്ഛന്‍ അവാര്‍ഡ് എനിക്ക് കിട്ടുമെന്നു ഞാന്‍ പറഞ്ഞായിരുന്നല്ലോ, അതെനിക്കു തന്നെ കിട്ടി. ഇപ്പോ എല്ലാ മലയാളികള്‍ക്കും എന്നോടു വലിയ ബഹുമാനമാണ്. അവള്‍ക്കും തരക്കേടില്ലാത്ത ബഹുമാനമുണ്ട്. ഷിജു ചേട്ടന്‍ ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റിലെ പണീം കൊച്ചിനെ നോട്ടോം തന്നെയാണോ ? നാട്ടില്‍ എങ്ങനെ കഴിഞ്ഞയാളാ ഷിജു ചേട്ടന്‍, ഇവിടെ വന്നപ്പോ എല്ലാ മലയാളികളെയും പോലെ ചേട്ടനും ഏഴാംകൂലിയായിപ്പോയല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കു സങ്കടമുണ്ട്. ചേച്ചിക്ക് എന്നും നൈറ്റ് ഷിഫ്റ്റായതുകൊണ്ട് കാര്യങ്ങളൊന്നും നടക്കുന്നില്ലെന്നും ചേട്ടനോട് ഇപ്പോള്‍ ഒരു ബഹുമാനവുമില്ലെന്നും കഴിഞ്ഞ മെയിലില്‍ ചേട്ടന്‍ പറഞ്ഞായിരുന്നല്ലോ. എനിക്ക് അതു മനസ്സിലാകും. ഞാനും ഇവിടെ പട്ടിയെപ്പോലെ കഴിഞ്ഞിരുന്നതാണ്. ഇപ്പോള്‍ നോക്കൂ, എനിക്കിവിടെ വലിയ പേരാണ്, നാട്ടിലും തരക്കേടില്ലാത്ത പേരുണ്ട്. അവള്‍ക്ക് പേടി കലര്‍ന്ന ബഹുമാനവുമുണ്ട്. അതുകൊണ്ട് ചേട്ടന്‍ ഒന്നുമാലോചിക്കേണ്ട, ഞാന്‍ ചെയ്തതുപോലെ എത്രയും പെട്ടെന്ന് ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങണം.

നമ്മള്‍ കോട്ടയത്തുകാര്‍ പത്രമുതലാളിമാരാകാന്‍ ജനിച്ചവരാണ് ഷിജു ചേട്ടാ. പ്രീഡിഗ്രിയ്ക്ക് മലയാളം സെക്കന്‍ഡ് ലാംഗ്വേജിനു തോറ്റ എനിക്ക് ഇവിടെ എഴുത്തച്ഛന്‍ പുരസ്‌കാരം കിട്ടിയെങ്കില്‍ എംഎ മലയാളം പാസ്സായ ഷിജു ചേട്ടന് ജ്ഞാനപീഠം കിട്ടും. മലയാളി അസോസിയേഷന്‍കാര് അവിടെയുമുണ്ടല്ലോ. ഒരു ഓണ്‍ലൈന്‍ പത്രം തുടങ്ങിയാല്‍ ഷിജു ചേട്ടനും എന്നെപ്പോലെ വലിയ പത്രമുതലാളിയാവാം. ധൈര്യമായി മുന്നോട്ടുപോകൂ ഷിജു ചേട്ടാ, ഒന്നും ആലോചിക്കാനില്ല.

ഓണ്‍ലൈന്‍ പത്രം തുടങ്ങാന്‍ പത്രപ്രവര്‍ത്തനം പഠിക്കണോ എന്നു ഷിജു ചേട്ടന്‍ ചോദിച്ചായിരുന്നല്ലോ. വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യാനുള്ള കാശും കോപി പേസ്റ്റ് ചെയ്യാനുള്ള മൗസും ഫേസ്ബുക്കിലുള്ള തെണ്ടികളുടെ തെറി കേള്‍ക്കാനുള്ള തൊലിക്കട്ടിയുമുണ്ടെങ്കില്‍ ചേട്ടന് നാളെത്തന്നെ ഓണ്‍ലൈന്‍ പത്രം തുടങ്ങാം. ചേട്ടനോടു ബഹുമാനമില്ലാത്ത അലവലാതികളുടെ ചുറ്റിക്കളികളും രഹസ്യങ്ങളുമൊക്കെ വച്ച് ചേട്ടന്‍ എഴുതിയാല്‍ അവന്മാരെല്ലാം ഒതുങ്ങിക്കോളും. ആദ്യകാലത്ത് അധികം വായനക്കാരൊന്നും കാണത്തില്ല. അതുണ്ടാക്കാന്‍ ഞാന്‍ സഹായിക്കാം. ചേട്ടന്റെ വെബ്‌സൈറ്റില്‍ എന്തെങ്കിലും ചൊറിയുന്ന ലേഖനം കൊടുക്കണം. അപ്പോള്‍ ഞാന്‍ എന്റെ വെബ്‌സൈറ്റില്‍ ചേട്ടനെ തെറിവിളിച്ച് വാര്‍ത്ത കൊടുക്കും. അങ്ങനെ എല്ലാവരും ചേട്ടന്റെ വെബ്‌സൈറ്റ് വായിക്കാന്‍ തുടങ്ങും. അപ്പോള്‍ ചേട്ടന്‍ എന്നെ തെറിവിളിച്ച് വേറെ വാര്‍ത്ത കൊടുക്കണം. നമ്മള്‍ ശരിക്കും ഉടക്കാണെന്നു കരുതി കൂടുതലാളുകള്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രങ്ങള്‍ വായിക്കാന്‍ തുടങ്ങും. അപ്പോള്‍ സൈറ്റില്‍ പരസ്യമിട്ട് നമുക്ക് കാശുണ്ടാക്കാം.

പ്രവാസിയാണെന്നും മലയാളിയാണെന്നും സൂചിപ്പിക്കുന്ന ഒരു പേരിട്ട് ആദ്യം ചേട്ടന്‍ വെബ്‌സൈറ്റ് റജിസ്റ്റര്‍ ചെയ്യണം. ഈ രണ്ടുവാക്കും വച്ച് യുകെയിലുള്ള മിക്കവാറും കോട്ടയത്തുകാരും ഓരോ ഓണ്‍ലൈന്‍ പത്രം തുടങ്ങിയിട്ടുണ്ട്. അതുപോലെയുള്ള മറ്റൊരു പേര് ചേട്ടനും റജിസ്റ്റര്‍ ചെയ്യണം. പിന്നെ മനോരമ, മാതൃഭൂമി, മംഗളം, കേരളകൗമുദി, മാധ്യമം തുടങ്ങിയ കേരളത്തിലിറങ്ങുന്ന പത്രങ്ങളുടെയും ടിവി ചാനലുകളുടെയും വെബ്‌സൈറ്റുകള്‍ എപ്പോഴും തുറന്നു വച്ചിരുന്നാല്‍ മതി. അതില്‍ വരുന്ന വാര്‍ത്തകള്‍ കോപി ചെയ്ത് വേറൊരു തലക്കെട്ടിട്ട് നമുക്ക് പ്രസിദ്ധീകരിക്കാം. നമ്മള്‍ യുകെയിലായതുകൊണ്ട് ആരെയും പേടിക്കേണ്ട കാര്യമില്ല. ഈ വാര്‍ത്തകള്‍ അതില്‍ നിന്നു മോഷ്ടിച്ചതാണെന്നു തോന്നാതിരിക്കാന്‍ ആ വാര്‍ത്തയിലെവിടെയെങ്കിലും കേരളത്തിലെ മാധ്യമങ്ങള്‍ ഈ വാര്‍ത്ത മുക്കിയെന്ന് ഒരു വാചകം ചേര്‍ത്താല്‍ മതി. നമ്മുടെ സൈറ്റ് വായിക്കുന്നവര്‍ പത്രങ്ങളോ പത്രങ്ങള്‍ വായിക്കുന്നവര്‍ നമ്മുടെ സൈറ്റോ വായിക്കാറില്ല.

സിപിഎമ്മുകാരെയും മറ്റും വിമര്‍ശിക്കാന്‍ നമുക്ക് ആരെയും പേടിക്കേണ്ട. നമ്മള്‍ യുകെയിലായതുകൊണ്ട് പെട്ടെന്നൊന്നും ആരും ഒന്നും ചെയ്യാന്‍ വരില്ല. എല്ലാവരെയും വെല്ലുവിളിക്കുകയും ചീത്തവിളിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ ധീരന്മാരായ പത്രപ്രവര്‍ത്തകരാണെന്ന് വായിക്കുന്നവര്‍ക്ക് തോന്നും. നാട്ടില്‍ ലീവിനു വരുന്ന സമയത്തു മാത്രം ഒന്നും സൂക്ഷിച്ചാല്‍ മതി. ഞാന്‍ ഈ വരവിന് അപ്പച്ചേനം അമ്മച്ചിയേം കൂടി ഇങ്ങോട്ടു കൊണ്ടുപോരുവാ, പിന്നെ നാട്ടിലോട്ടില്ല. അതുകൊണ്ട് ഇനിയങ്ങോട്ട് ഞാന്‍ ഭയങ്കര എഴുത്തായിരിക്കും.

ചേട്ടന്‍ ധൈര്യമായിട്ട് പത്രം തുടങ്ങ് എല്ലാം ശരിയാവും. നമ്മുടെ മലയാളി അസോസിയേഷന്‍കാരുടെയൊക്കെ വാര്‍ത്തയും ഫോട്ടോയും ഇടക്കൊക്കെ കൊടുത്ത് അവരെ സന്തോഷിപ്പിച്ചാല്‍ അവര്‍ നമുക്ക് അവാര്‍ഡൊക്കെ തരും. ആ അവാര്‍ഡിന്റെ വാര്‍ത്ത നമുക്ക് നാട്ടിലെ പത്രങ്ങളിലൊക്കെ വരുത്താം. അങ്ങനെ നാട്ടിലുള്ളവര്‍ക്കും നമ്മളോട് ബഹുമാനമുണ്ടാവും. അതു കഴിഞ്ഞാല്‍ നമ്മുടെ ഓണ്‍ലൈന്‍ പത്രത്തിന്റെ പേരില്‍ നമുക്ക് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്താം. ആദ്യം വല്ല ബ്ലോഗ് അവാര്‍ഡോ ഫേസ്ബുക്ക് അവാര്‍ഡോ ഒക്കെ മതി. അത് നാട്ടില്‍ നമ്മള്‍ അവധിക്കുപോകുന്ന സമയത്ത് വലിയ വാര്‍ത്തയൊക്കെ കൊടുത്ത് നടത്തിയാല്‍ മതി. ഒരു പത്ത് പേര്‍ക്ക് അവാര്‍ഡ് കൊടുക്കാം. അതില്‍ അഞ്ചു പേര്‍ വളരെ പ്രസിദ്ധരായിരിക്കണം. പിന്നെയൊരഞ്ചു പേര്‍ ആരുമറിയാത്തവരും. അവരുടെ കയ്യില്‍ നിന്ന് ഓരോ ലക്ഷം രൂപ വീതം വാങ്ങി 10000 രൂപ വീതം എല്ലാവര്‍ക്കും അവാര്‍ഡ് നല്‍കി ചടങ്ങും നടത്തിക്കഴിഞ്ഞാലും ഒരു ലക്ഷം രൂപ മിച്ചം പിടിക്കാം. കാശുതരുന്നവര്‍ക്കും നമുക്കും പ്രശസ്തിയും പത്രത്തില്‍ പേരും പടവുമൊക്കെ വരികയും ചെയ്യും.

ഇതൊക്കെ ഓണ്‍ലൈന്‍ പത്രങ്ങളുടെ ഡ്രേ് സീക്രട്ടുകളാണ്. ചേട്ടന്‍ ചെയ്യുന്നെങ്കില്‍ ചെയ്യാന്‍ വേണ്ടി പറഞ്ഞതാണ്. ഇതൊന്നും വേറെയാരോടും പറയരുത്. മണി പത്താവുന്നു. നാട്ടിലെ പത്രങ്ങളൊക്കെ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്ന സമയമായി. ഞാനതെല്ലാം കോപ്പി ചെയ്ത് എന്റെ സൈറ്റിലിടട്ടെ. ചേട്ടന്‍ ആലോചിച്ചിട്ട് മറുപടി അയക്കൂ.

സ്വന്തം ഷാജി.

Reporter Effect (അല്‍പം ജേണലിസം)

ഏതു തൊഴിലിനും അതിന്റേതായ നിയമങ്ങളുണ്ട്,തത്വശാസ്ത്രങ്ങളും മാന്യതയുമുണ്ട്. പത്രപ്രവര്‍ത്തനം അത്തരത്തില്‍ ലോകത്ത് ഏറെ മൂല്യങ്ങളുള്ള ഒരു തൊഴില്‍മേഖലയാണ്.അത് തകരുമ്പോള്‍ ഇല്ലാതാവുന്നത് ഒരു പ്രൊഫഷന്റെ മാന്യത മാത്രമല്ല,വിശ്വാസ്യത കൂടിയാണ്. ബാലകൃഷ്ണപിള്ളയെ ഫോണില്‍ വിളിച്ച് സ്വകാര്യമായി സംസാരിക്കുകയും അത് ചാനലിലൂടെ ബ്രേക്ക് ചെയ്ത് വിവാദമാക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ടിവിയുടെ പ്രവര്‍ത്തി ഉന്നതമായ സ്റ്റിങ് ഓപ്പറേഷനാണെന്നു തെറ്റിദ്ധരിച്ച് പാടിപ്പുകഴ്‍ത്തുന്നവരും അതിനെ വിമര്‍ശിക്കുന്നവര്‍ മാപ്പു പറയണമെന്നു പറയുന്നവരും വിവരദോഷികളാണെന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്.

പത്രപ്രവര്‍ത്തനത്തെപ്പറ്റി വളരെ ആധികാരികമായി വിധി കല്‍പിക്കുകയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്നവര്‍ക്ക് ടിവി കണ്ടും പത്രം വായിച്ചുമുള്ള പരിചയമല്ലാതെ പത്രപ്രവര്‍ത്തനത്തെപ്പറ്റി എന്താണ് അറിയാവുന്നത് എന്നെനിക്കറിയില്ല.അങ്ങനെ പ്രത്യേകിച്ചൊന്നും അറിയേണ്ടാത്ത, കണ്ടതും കേട്ടതും പ്രചരിപ്പിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന തൊഴിലാണ് പത്രപ്രവര്‍ത്തനം എന്നു കരുതിയിട്ടുണ്ടെങ്കില്‍ അത് വിവരക്കേടല്ല, വിഡ്ഡിത്തമാണെന്നു കൂട്ടിച്ചേര്‍ക്കേണ്ടി വരുന്നതില്‍ ഒന്നുകൂടി ഖേദിക്കുന്നു.

ബാലകൃഷ്ണപിള്ളയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം എക്സ്‍പോസ് ചെയ്യുന്നത് നല്ല ജേണലിസമാണ്, എന്നാല്‍ അതിനു വേണ്ടി സ്വീകരിച്ച മാര്‍ഗം നല്ല പത്രപ്രവര്‍ത്തനത്തില്‍പെടുന്നതല്ല എന്ന വാദത്തില്‍ ഞാനുറച്ചുനില്‍ക്കുന്നു.

റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ടര്‍ ചെയ്തത് സ്റ്റിങ് ഓപ്പറേഷന്‍ ആണെന്നു തെറ്റിദ്ധരിച്ചിരിക്കുന്നവരോട് അല്‍പം വിശദീകരിക്കേണ്ടി വരും.ഏതെങ്കിലും ഒരു കുറ്റകൃത്യം വെളിച്ചത്തുകൊണ്ടുവരാന്‍ ആ കുറ്റകൃത്യത്തിന്റെ ഭാഗമായെന്നപോലെ പത്രപ്രവര്‍ത്തകന്‍ പ്രവര്‍ത്തിക്കുകയും തൊണ്ടിസഹിതം ആളെ ജനങ്ങള്‍ക്കും നിയമത്തിനും കാട്ടിക്കൊടുക്കുകയുമാണ് സ്റ്റിങ് ഓപ്പറേഷനിലൂടെ ചെയ്യുന്നത്.ഇവിടെയും അതു തന്നെയല്ലേ സംഭവിച്ചത് എന്നു ചോദിക്കാം. ഇവിടെ ലേഖകന്‍ സംസാരിക്കുന്നത് കേരളാ കോണ്‍ഗ്രസ് നേതാവായോ ശരണ്യ ബസിലെ തൊഴിലാളിയായോ പിള്ളയുടെ ഗുണ്ടയായോ ഭാവിച്ചല്ല,റിപ്പോര്‍ട്ടര്‍ ടിവിയില്‍ പ്രവര്‍ത്തിക്കുന്ന പിള്ളയുമായി അടുത്ത പരിചയമുള്ള വ്യക്തി എന്ന നിലയിലാണ്. അത് ഒരിക്കലും സ്റ്റിങ് ഓപ്പറേഷനല്ല, മറിച്ച് അടിസ്ഥാനവിശ്വാസം തകര്‍ക്കുന്ന ചതി മാത്രമാണ് (സംപ്രേഷണം ചെയ്യരുത് എന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ടര്‍ നല്‍കിയ ടേപ്പ് ചാനല്‍ സംപ്രേഷണം ചെയ്തതാണെങ്കില്‍ ചതിക്കപ്പെട്ടത് റിപ്പോര്‍ട്ടര്‍ ആണ്).

ഇതെങ്ങനെ ചതിയാവും എന്നത് മനസിലാക്കണമെങ്കില്‍ പത്രപ്രവര്‍ത്തനം അറിയാത്തവരോട് അല്‍പം കൂടി പറയേണ്ടി വരും.ഒരുദാഹരണം.നിങ്ങളുടെ വാഹനം ഇടിച്ച് ഒരാള്‍ മരിക്കുന്നു എന്നു കരുതുക. നിങ്ങള്‍ക്ക് പരിചയമുള്ള പത്രക്കാരന്‍ നിങ്ങളെ വിളിക്കുന്നു. അപകടത്തെപ്പറ്റി നിങ്ങള്‍ വിശദമായി എല്ലാം പറയുന്നു.ഒപ്പം നിങ്ങള്‍ക്ക് ലൈസന്‍സില്ലായിരുന്നു എന്ന വിവരം പത്രത്തില്‍ കൊടുക്കരുത് എന്നു പറയുന്നു.പത്രക്കാരന്‍ അത് സമ്മതിക്കുന്നു.പിറ്റേന്ന് ലൈസന്‍സില്ലാത്ത ഡാഷ് മോന്‍ ഒരാളെ വണ്ടികയറ്റി കൊന്നു എന്നു വാര്‍ത്ത വന്നാല്‍ നിങ്ങള്‍ അതിനെ സ്റ്റിങ് ഓപ്പറേഷനെന്നു വിളിക്കുമോ അതോ പരിയചക്കാരനായ പത്രക്കാരനെ തന്തയ്‍ക്കു പിറക്കാത്തവന്‍ എന്നു വിശേഷിപ്പിക്കുമോ ?

ഒരു വാദത്തിനു വേണ്ടി ചിലപ്പോള്‍ മറിച്ചു പറയാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കാം. പക്ഷെ,മാധ്യമപ്രവര്‍ത്തകരും അവര്‍ ബന്ധപ്പെടുന്ന ആളുകളും തമ്മിലുള്ള വിശ്വാസമാണ് റിപ്പോര്‍ട്ടര്‍ ടിവി തകര്‍ത്തുകളഞ്ഞത്.ആത്മഹത്യകള്‍ സാധാരണമരണങ്ങളായി പത്രത്തില്‍ വരുന്നതും ബലാല്‍സംഗത്തിനിരയാകുന്ന പെണ്‍കുട്ടികളുടെ ചിത്രവും പേരും വിലാസവും മൊബൈല്‍ നമ്പരും മാധ്യമങ്ങളില്‍ വരാതിരിക്കുന്നതും ഈ വിശ്വാസം നിലനില്‍ക്കുന്നതുകൊണ്ടാണ്.പത്രസമ്മേളനങ്ങളില്‍ സംസാരിക്കുന്നവരും അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നവരും ഓഫ് ദി റെക്കോര്‍ഡ് ആയി പലതും പറയാറുണ്ട്. ഇത് കൊടുക്കരുത് എന്നു പറയുന്ന കാര്യങ്ങള്‍ കൊടുക്കാതിരിക്കുക എന്നത് പത്രപ്രവര്‍ത്തന മര്യാദയുടെ ഭാഗമാണ്.ആ മര്യാദയാണ് നികേഷിന്റെ ജേണലിസം തകര്‍ത്തുകളഞ്ഞത്.

റിപ്പോര്‍ട്ടര്‍ ടിവി മോഡലിനെ അഭിനന്ദിക്കുന്നവര്‍ നാളെ അല്ലെങ്കില്‍ മറ്റന്നാള്‍ നിങ്ങള്‍ക്കോ നിങ്ങള്‍ക്കു വേണ്ടപ്പെട്ടവര്‍ക്കോ ഈ മട്ടിലൊരു പണി കിട്ടുമ്പോള്‍ പത്രപ്രവര്ത്തനത്തിലെ ധാര്‍മികതയെപ്പറ്റി രോഷാകുലരാകരുത്. രാഷ്ട്രീയതാല്‍പര്യങ്ങള്‍ക്കു വേണ്ടി വലിയൊരു തെറ്റിനെ മഹത്വവല്‍ക്കരിക്കുന്നത് ബുദ്ധിശൂന്യതയാണ്. റിപ്പോര്‍ട്ടര്‍ ടിവി ചെയ്തത് കേരളത്തിലെ ഏതൊരു മാധ്യമത്തിനും സാധിക്കുന്നതാണ്.റിപ്പോര്‍ട്ടര്‍ ടിവിയുടെ എക്സ്ക്ലൂസീവ് സ്കോറിങ്ങിനെ മറികടക്കാന്‍ മറ്റു മാധ്യമങ്ങളും ഈ വഴി പിന്തുടര്‍ന്നാല്‍ കാര്യങ്ങള്‍ എവിടെച്ചെന്നു നില്‍ക്കുമെന്നാലോചിക്കണം.

എന്തായാലും റിപ്പോര്‍ട്ടര്‍ എഫക്ട് ഇതിനോടകം തന്നെ കണ്ടു തുടങ്ങിയിരിക്കുന്നു എന്നാണ് ടിവി റിപ്പോര്‍ട്ടര്‍മാര്‍ പറയുന്നത്. ഉദ്യോഗസ്ഥരോ രാഷ്ട്രീയനേതാക്കളോ പഴയതുപോലെ ഫോണ്‍ എടുക്കുന്നില്ല.സ്ഥിരമായി സംസാരിച്ചുകൊണ്ടിരുന്ന ഒരു ഉദ്യോഗസ്ഥനെ ഇന്നു രാവിലെ വിളിച്ച മുതിര്‍ന്ന ഒരു പത്രപ്രവര്‍ത്തകനോട് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇനി മുതല്‍ ഫോണിലൂടെയുള്ള കുശലാന്വേഷണങ്ങള്‍ വേണ്ട,അപ്പോയ്‍ന്‍മെന്റ് എടുത്ത് ഓഫിസില്‍ വന്ന് കണ്ട് ചോദിക്കാനുള്ളത് ചോദിക്കാം അതിന് പറയാന്‍ പറ്റുന്ന മറുപടികള്‍ പറയാം എന്നാണ്. പത്രക്കാരന്‍ ചതിയനും കൂട്ടിക്കൊടുപ്പുകാരനെപ്പോലെ അകറ്റിനിര്‍ത്തേണ്ടവനുമാണെന്ന ഇമേജ് സമ്പാദിച്ചുനല്‍കാന്‍ റിപ്പോര്‍ട്ടര്‍ ടിവിയുടെ പിള്ളത്തരത്തിനു സാധിച്ചു.

ജൂലിയന്‍ അസാന്‍ജ് ചെയ്തതു വച്ചു നോക്കുമ്പോള്‍ ഇതു വല്ലതും വല്ലതുമാണോ എന്നു ചിലര്‍ ചോദിക്കുന്നുണ്ട്.ജൂലിയന്‍ അസാന്‍ജ് നടത്തുന്നത് പത്രപ്രവര്‍ത്തനമാണെന്നു തെറ്റിദ്ധരിക്കുന്നത് കൊണ്ടാണിത്. അദ്ദേഹം ചെയ്യുന്നത് രേഖകളുടെ ചോര്‍ത്തല്‍ മാത്രമാണ്. അതിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് അസാന്‍ജിന് ഉത്തരവാദിത്വമില്ല.എന്നാല്‍,ഉത്തരവാദിത്വമുള്ള പത്രപ്രവര്‍ത്തനം നടത്തുന്നു എന്നു ഭാവിക്കുന്ന നികേഷ് കുമാറും സംഘവും അസാന്‍ജിനു പഠിക്കുമ്പോള്‍ തകര്‍ക്കുന്നത് ഉത്തരവാദിത്വവും വിശ്വാസവുമൊക്കെയാണ്.

വാര്‍ത്ത കണ്ടാസ്വദിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ച് പരമാവധി എക്സ്‍പോസ് ചെയ്യപ്പെടുന്നത് പോസിറ്റീവായ ജേണലിസമാണ്. എന്നാല്‍,പത്രപ്രവര്‍ത്തകരുമായി സഹകരിക്കുന്നവരിലൂടെയാണ് വാര്‍ത്തകള്‍ കിട്ടുന്നത് എന്നറിയാവുന്നവര്‍ ആ സഹകരണത്തെ ഒറ്റിക്കൊടുക്കുന്നത് എത്ര ആത്മഹത്യാപരമാണ് എന്നു പറഞ്ഞുതരും.റിപ്പോര്‍ട്ടര്‍ എഫക്ട് ശക്തമായാല്‍ മാധ്യമപ്രവര്‍ത്തനം ഇനി ദുഷ്കരമാകും.വിശ്വാസം കാത്തുസൂക്ഷിക്കാത്ത വര്‍ഗം എന്ന നിലയില്‍ ജേണലിസ്റ്റുകളെ പരമാവധി അകറ്റി നിര്‍ത്തുക എന്ന പ്രായോഗികനടപടി സുരക്ഷിതമാര്‍ഗമായി സ്വീകരിക്കപ്പെടും.എഡിറ്റോറിയല്‍ വിഭാഗം ദുര്‍ബലമാവുകയും മാര്‍ക്കറ്റിങ് ശക്തമാവുകയും ചെയ്യും.വാര്‍ത്ത ഒഴിവാക്കുക, പരസ്യം കൊടുക്കുക എന്ന സുരക്ഷിതമാര്‍ഗം പിള്ളയ്‍ക്കും സ്വീകരിക്കാം.നരേന്ദ്രമോഡി കൊടുത്ത പോലെ മാധ്യമങ്ങളുടെ അണ്ണാക്കിലേക്കു പരസ്യം തിരുകിയാല്‍ ഏതു നികേഷ് കുമാറും സയലന്റ് ആകും എന്നാണ് ശാസ്ത്രം.

പിള്ളയുടെ ഗുദത്തില്‍ റിപ്പോര്‍ട്ടറുടെ പാര

കോടതി തടവുശിക്ഷ വിധിച്ച ബാലകൃഷ്ണപിള്ള ജയില്‍ചാടി ഒരു ആശുപത്രിയില്‍ വന്ന് സുഖവാസത്തിനിടെ മകനും മന്ത്രിയുമായ ഗണേഷ് കുമാറിനെയും കൂട്ടി സ്വന്തം സ്കൂളിലെ ഒരു അധ്യാപകന്റെ ഗുദത്തില്‍ കമ്പിപ്പാര കയറ്റി കൊല്ലാന്‍ ശ്രമിച്ചു. എന്നിട്ട് വിശുദ്ധ നികേഷ് കുമാറിന്റെ റിപ്പോര്‍ട്ടര്‍ ചാനലിലെ ഒരു റിപ്പോര്‍ട്ടറെ വിളിച്ച് അത് ചെയ്തത് ഞാനല്ല എന്നു പറഞ്ഞിരിക്കുന്നു. അമ്പരപ്പിക്കുന്ന ഈ സംഭവം മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നു,ജനങ്ങള് ചര്‍ച്ച ചെയ്യുന്നു,തെഹല്‍ക്കയൊക്കെ ചെയ്ത മാതിരിയുള്ള പരിപാടി നടത്തിയ ചാനലിനേം പേരറിയാത്തൊരു റിപ്പോര്‍ട്ടറേം അവര്‍ക്കീ പ്രചോദനമെല്ലാം ചൊരിയുന്ന നികേഷ് കുമാറിനെയും അനുമോദിക്കുന്നു,പ്രതികരണജീവികള്‍ പിള്ളയുടെ എവിടെയെങ്കിലുമൊക്കെ പാര കയറ്റണമെന്ന് ആക്രോശിക്കുന്നു.

ആദ്യമായി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ബാലകൃഷ്ണപിള്ള ജയിലില്‍ കിടക്കുകയാണെന്ന് സര്‍ക്കാരും കോടതിയും വിശ്വസിച്ചിരിക്കുന്ന സാഹചര്യത്തിലല്ല അദ്ദേഹം ആശുപത്രിയില്‍ നിന്ന് ഫോണില്‍ സംസാരിച്ചത്.രോഗബാധിതനായ പിള്ള നിയമപ്രകാരം ഇളവ് വാങ്ങിയാണ് ചികില്‍സക്കായി ആശുപത്രിയില്‍ കിടക്കുന്നത്.പിള്ള ജയില്‍ ചാടി ആശുപത്രിയില്‍ സുഖവാസം നടത്തി എന്ന മട്ടില്‍ പ്രതികരിക്കുന്നവര്‍ മനുഷ്യത്വം നിഷേധിക്കുകയാണ്. ബാലകൃഷ്ണപിള്ള ജയിലിലയക്കപ്പെട്ടത് എന്തിനാണെന്ന് എല്ലാവര്‍ക്കും അറിയാം.പിള്ളയുടെ തടവു ശിക്ഷ തടവ് എന്ന അനുഭവത്തെക്കാള്‍ പ്രതീകാത്മകമാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.അഴിമതിക്കാര്‍ക്ക് ജയില്‍ കിട്ടും എന്ന സന്ദേശമാണ് അതിലൂടെ ജനങ്ങള്‍ക്കു നല്‍കപ്പെടുന്നത്. അതിന്റെ അര്‍ത്ഥം ചികില്‍സയും മാനുഷികപരിഗണനകളും നിഷേധിക്കപ്പെട്ട് പിള്ള സെന്‍ട്രല്‍ ജയിലില്‍ കിടന്ന് നരകിച്ചു നരകിച്ചു ചാകണം എന്നല്ല.ഡോക്ടര്‍മാര്‍ പരിശോധിച്ചും ചികില്‍സ ആവശ്യമാണെന്നു കണ്ടെത്തിയുമൊക്കെയാണ് അദ്ദേഹത്തെ ആശുപത്രിയിലാക്കിയിരിക്കുന്നത്.അല്ലാതെ പിള്ള ഒളിച്ചുപോയതല്ല.

ബാലകൃഷ്ണപിള്ള മാനേജരായിട്ടുള്ള സ്കൂളിലെ അധ്യാപകനെ ആരോ ഭീകരമായി വധിക്കാന്‍ ശ്രമിച്ചു എന്നാണ് വാര്‍ത്തകളില്‍ നിന്നു മനസ്സിലാവുന്നത്. അധ്യാപകന്റെ ഭാര്യയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മാനേജ്മെന്റുമായി ശത്രുത നിലവിലുണ്ടായിരുന്നെന്നും പറയുന്നു.ആരാണ് കുറ്റം ചെയ്തതെന്ന് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുമുണ്ട്. എന്നാല്‍,സംഭവത്തിന് പിന്നില്‍ ആര്‍ ബാലകൃഷ്ണപിള്ളയും മകന്‍ കെ ബി ഗണേഷ് കുമാറും ആണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഒരു പ്രവാചകനെപ്പോലെ പറയുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പിള്ള അവിടെ വച്ച് ഗൂഡാലോചന നടത്തുകയും ക്വട്ടേഷന്‍ സംഘത്തെ നിയോഗിച്ച് ആക്രമണം നടത്തുകയും ചെയ്യുകയായിരുന്നത്രേ. പൊലീസ് ഇരുട്ടില്‍ത്തപ്പുമ്പോള്‍ സംഭവം നടന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആ കേസിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും തത്ത പറയും പോലെയാണ് വിഎസ് പറഞ്ഞിരിക്കുന്നത്.ഷെര്‍ലക് ഹോംസിനു ശേഷം ഇത്ര സമഗ്രമായി സ്വന്തം മുറിയിലിരുന്ന് കേസ് അന്വേഷിച്ചു തെളിയിച്ചിട്ടുള്ള മറ്റൊരു പ്രഗല്‍ഭമതി ജനിച്ചിട്ടില്ല.സഖാവ് വിഎസിനോട് എനിക്കൊന്നേ ചോദിക്കാനുള്ളൂ- സുകുമാരക്കുറുപ്പ് ഇപ്പോള്‍ എവിടെയാണ് ? എങ്ങനെയാണ് കുറുപ്പ് രക്ഷപെട്ടത് ?

ബാലകൃഷ്ണപിള്ളയും അധ്യാപകനും തമ്മില്‍ പ്രശ്നമുണ്ടായിരുന്നതിനാല്‍ പിള്ളയും സംശയിക്കപ്പെടണം. അദ്ദേഹത്തിന് ഈ കുറ്റത്തില്‍ പങ്കുണ്ടെങ്കില്‍ പരമാവധി ശിക്ഷ തന്നെ ലഭിക്കണം.എന്നാല്‍,കേസ് അന്വേഷിച്ചു തുടങ്ങും മുമ്പേ ശിക്ഷ വിധിക്കുന്നത് കാടത്തമാണ്.പൊലീസ് സേന പിരിച്ചുവിട്ടിട്ടില്ല,ജുഡീഷ്യറി തകര്‍ന്നുവീണിട്ടുമില്ല.പിള്ളയെ ജയിലിലേക്കയച്ചത് മാധ്യമങ്ങളോ,വിഎസോ അല്ല, കോടതിയാണ്.

ഇനി അടുത്ത പ്രശ്നം ആശുപത്രിയില്‍ കിടക്കുന്ന പിള്ള റിപ്പോര്‍ട്ടര്‍ ചാനലിലെ ലേഖകനുമായി ഫോണില്‍ സംസാരിച്ചു എന്നതാണ്. റിപ്പോര്‍ട്ടര്‍ ചാനല് കാണിച്ച പണിയെ തെഹല്‍ക്കയുടെ പത്രപ്രവര്‍ത്തനവുമായി താരതമ്യം ചെയ്യുന്നത് തെഹല്‍ക്കയെ അവഹേളിക്കലാണ് എന്നാണെനിക്കു പറയാനുള്ളത്.പലരും കരുതുന്നതുപോലെ ബാലകൃഷ്ണപിള്ള അയ്യോ രക്ഷിക്കണേ എന്നു പറഞ്ഞ് പലരും(ഞാനും) യൂ ട്യൂബില്‍ മാത്രം കണ്ടിട്ടുള്ള റിപ്പോര്‍ട്ടര്‍ ചാനലിലേക്കു വിളിച്ചിട്ടില്ല.

കോള്‍ ആരംഭിക്കുമ്പോള്‍ ലേഖകന്‍ വിനയപൂര്‍വം പറയുന്നത് “സാറേ,നമസ്കാരം,റിപ്പോര്‍ട്ടര്‍ ചാനലില്‍ നിന്നാണ്…” എന്നാണ്.ബാലകൃഷ്ണപിള്ള സംസാരിച്ചത് ഏതു ഫോണിലാണ് എന്നതല്ല,അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നതാണ് ഗുരുതരമായ ജയില്‍ചട്ട ലംഘനം എന്നു പറയുന്നു.പിള്ള ഫോണില്‍ സംസാരിക്കാനുണ്ടായ സാഹചര്യം റിപ്പോര്‍ട്ടര്‍ ചാനല്‍ സൃഷ്ടിച്ചതല്ല എന്ന് എങ്ങനെ പറയാന്‍ കഴിയും? പിള്ള ഫോണില്‍ സംസാരിച്ചു എന്നത് സാങ്കേതികമായി ശരിയാണെങ്കിലും ഇത് റിപ്പോര്‍ട്ട് ചെയ്ത ലേഖകനും മിസ്റ്റര്‍ നികേഷ് കുമാറിനും എന്തെങ്കിലും ധാര്‍മികബോധമുണ്ടെങ്കില്‍ തങ്ങള്‍ ചെയ്തത് ചെറ്റത്തരമാണ് എന്ന കാര്യത്തില്‍ സംശയം ഉണ്ടാവില്ല.

സംഭാഷണത്തില്‍ എവിടെയും റിപ്പോര്‍ട്ടര്‍ ചാനലിനോടായി പിള്ള ഒന്നും പറയുന്നില്ല.ലേഖകനോട് വ്യക്തിപരമായി പറഞ്ഞ കാര്യങ്ങള്‍ മാധ്യമത്തില്‍ ഉപയോഗിക്കരുത് എന്നും താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നും സ്കൂളില്‍ പോയി അന്വേഷിക്കണമെന്നുമാണ് പിള്ള പറഞ്ഞത്. ഒരു പത്രപ്രവര്ത്തകന്റെ എത്തിക്‍സിനു ചേര്‍ന്ന പണിയല്ല ഈ ബ്രേക്കിങ് ന്യൂസിലൂടെ നികേഷും ലേഖകനും ചെയ്തിട്ടുള്ളത്.പിള്ളയെ ചതിവില്‍ പെടുത്തി ഉണ്ടാക്കിയ വാര്‍ത്തയുടെ വിഡിയോ കണ്ടതിനു ശേഷം ഓരോരുത്തര്‍ക്കും തീരുമാനിക്കാം.

നാട്ടിലെ സുന്ദരിയായ സ്ത്രീയെ പ്രാപിക്കാന്‍ കൊതിമൂത്ത് ചെന്ന മാന്യനെ സുന്ദരി തിരസ്കരിക്കുകയും എന്നാല്‍, സുന്ദരിയെ കണ്ട മാത്രയില്‍ മാന്യന് ശീഘ്രസ്ഖലനം സംഭവിക്കുകയും തുടര്‍ന്ന് അദ്ദേഹം പുറത്തിറങ്ങി സുന്ദരിയായ ഈ സ്ത്രീ ബ്രാ ധരിക്കാറില്ല എന്നു നാടുനീളെ പറഞ്ഞ് നടന്ന് പേരെടുക്കാന്‍ ശ്രമിക്കുകയും ചെയ്തതുപോലെ ഒരനുഭവമാണ് എക്സ്ക്ലൂസീവ് വിഡിയോ കണ്ടപ്പോള്‍ ഉണ്ടായത്.അധ്യാപകനെ ആക്രമിച്ചതിനെപ്പറ്റി പിള്ളയുടെ പ്രതികരണത്തിനായി ഫോണ്‍ വിളിക്കുകയും എന്നാല്‍ ഉദ്ദേശിച്ചതുപോലൊന്നും കിട്ടാത്തതിനാല്‍ പിള്ള ഫോണുപയോഗിക്കുന്നു എന്നത് എക്സ്ക്ലൂസീവാക്കുകയും ചെയ്തു എന്നാണ് എനിക്കു തോന്നിയത്.

സെന്‍സേഷനല്‍ ജേണലിസം വീട്ടില്‍ അരി മേടിക്കാന്‍ നല്ലതാണ്.മാധ്യമങ്ങള്‍ വാലോ കാലോ ആണെന്നൊക്കെ അവകാശപ്പെടുന്നവര്‍ തത്തുല്യമായ സാമൂഹികപ്രതിബദ്ധത കൂടി പ്രകടിപ്പിക്കേണ്ടതുണ്ട്.ഇന്നലെ നടന്ന അക്രമസംഭവം ഇന്ന് അപ്രധാനമാവുകയും പിള്ള ഫോണില്‍ സംസാരിച്ചത് പ്രധാനമാവുകയും ചെയ്തതിലൂടെ അധ്യാപകന് നീതി കിട്ടാനും പ്രതികളെ പിടികൂടാനും സഹായകമാകുന്ന പൊതുജനശ്രദ്ധ ജയില്‍ചട്ടലംഘനത്തിലേക്ക് തിരിച്ചുവിടാനായി എന്നതാണ് റിപ്പോര്‍ട്ടര്‍ ചാനലിന്റെ പാര കൊണ്ടുണ്ടായ ഗുണം.
അധ്യാപകനെ ആക്രമിച്ചത് പിള്ളയോ പിള്ളയുടെ ആളുകളോ ആണെന്നു തെളിയും വരെ പിള്ള ആ കേസില്‍ പ്രതിയല്ല.പിള്ള തടവുപുള്ളിയായിരിക്കെ,ഫോണില്‍ സംസാരിച്ചത് നിയമലംഘനമാണ്,എന്നാല്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ അത് ഉപയോഗിച്ച രീതി അധാര്‍മികമാണ്.അത്രേയുള്ളൂ.

വാര്‍ത്തയെ കൂട്ടിക്കൊടുക്കുന്ന വിധം

ഒരു മാധ്യമപ്രവര്‍ത്തകന് അത്യാവശ്യം ഉണ്ടാവേണ്ട ഗുണങ്ങളിലൊന്ന് വായനക്കാരനെ അല്ലെങ്കില്‍ പ്രേക്ഷകനെ തലയില്‍ അമേധ്യംമാത്രമുള്ള കൃമിയായി കാണാതിരിക്കുക എന്നതാണ്. നിര്‍ഭാഗ്യവശാല്‍ കേരളത്തിലെ ചാനലുകളില്‍ ആവേശപൂര്‍വം റിപ്പോര്‍ട്ടിങ് നടത്തുന്ന, ന്യൂസ് ഡെസ്‍കില്‍ വിജൃംഭിതരായിക്കിടന്നു രാഷട്രീയക്കാരെ കൂട്ടമാനഭംഗം ചെയ്യുന്ന അലവലാതികള്‍ പ്രേക്ഷകരെ തലപോലുമില്ലാത്ത ജന്മങ്ങളായാണ് കാണുന്നത് എന്നു തോന്നുന്നു. കേരളത്തെ രാത്രി ഒന്‍പതുമണിയുടെ വാര്‍ത്താവിചാരണയിലേക്ക് ആവാഹിച്ച് വിഡ്ഡിച്ചോദ്യങ്ങളും ആധികാരികതയോടെയുള്ള വിവരക്കേടുകളും വിളമ്പുന്ന ഈ അവതാരകനപുംസകങ്ങള്‍ക്കു തങ്ങള്‍ എത്രയോ നെറികെട്ടവന്മാരാണെന്ന സത്യം ഇപ്പോഴും അറിയില്ല.

എല്ലാവരെയും വിമര്ശിക്കുകയും നന്നാക്കാന്‍ പരിശ്രമിക്കുകയും ചെയ്യുന്നതിനിടയില്‍ പ്രൊഫഷനലായി തങ്ങള്‍ സെപ്റ്റിക് ടാങ്കിലേക്കു താഴ്‍ന്നുപോവുന്നത് അവര്‍ അറിയുന്നില്ല.ക്യാമറയ്‍ക്കു മുന്നില്‍ വിരിഞ്ഞ് ഇരിക്കാനുള്ള ശേഷിയുണ്ടെങ്കില്‍ വായില്‍ വരുന്നതെല്ലാം വാര്‍ത്തയാണെന്നും വളച്ചൊടിച്ചുണ്ടാക്കുന്നതെല്ലാം വിവാദമാണെന്നും തങ്ങള്‍ ന്യൂജനറേഷന്‍ മീഡിയ പേഴ്‍സന്‍സ് ആണെന്നും കരുതുന്ന പമ്പരവിഡ്ഡികളോട് പ്രേക്ഷകര്‍ ചോദിക്കുന്നു- “പോയി ചത്തൂടേടാ ശവമേ ?”

ഇത്ര രോഷം കൊള്ളാന്‍ എന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ചെറുപ്പക്കാരനായ ഒരു എംപി വളരെ പോസിറ്റീവായി പറഞ്ഞ ഒരു നഗ്നസത്യത്തെ സ്വന്തം പെങ്ങളെ കവലച്ചട്ടമ്പിക്കു കൂട്ടിക്കൊടുക്കുന്നവന്റെ മികവോടെ വളച്ചൊടിച്ച് ഒരു രാഷ്ട്രീയവിവാദമാക്കി മാറ്റിയ ചാനലുകളുടെ അതിരുകടന്ന തല്ലുകൊള്ളിത്തരം മാത്രമാണ്. ഇവനൊക്കെ 50 കൊല്ലം മുമ്പ് ജനിച്ചിരുന്നെങ്കില്‍ എന്നു വിചാരിക്കാന്‍ അക്കാലത്തു ജീവിച്ചിരുന്നവരോട് നമുക്കു വലിയ ശത്രുതയൊന്നുമില്ലാത്തതുകൊണ്ട് ഡാഷുകള്‍ ജനിക്കാതിരുന്നെങ്കില്‍ എന്നാഗ്രഹിക്കാനേ തരമുള്ളൂ.

ആളുകള്‍ ഐസ്‌ക്രീം കേസും പാമോയില്‍ കേസും മാത്രം പ്രസംഗിച്ചു നടക്കുന്നതു ജനങ്ങളുടെ കൈയടി നേടാനാണെന്നും യുവജനങ്ങള്‍ക്കുപോലും ഇത്തരം വിഷയങ്ങള്‍ എരിവും പുളിയും ചേര്‍ത്തു ചര്‍ച്ചചെയ്യാനാണു താല്‍പര്യമെന്നും ഡി.വൈ.എഫ്‌.ഐ.സംസ്‌ഥാന പ്രസിഡന്റ്‌ എം.ബി. രാജേഷ്‌ എം.പി ഇന്നലെ കണ്ണൂരില്‍ പറഞ്ഞതിനെ വിഎസിനെതിരെയുള്ള പ്രസ്താവനയായി വളച്ചൊടിച്ച് ആഘോഷിച്ച സകലമാധ്യമങ്ങളും സഹതാപം പോലും അര്‍ഹിക്കുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സാമൂഹികപ്രശ്നങ്ങളിലൊന്നാണ് രാജേഷ് ചൂണ്ടിക്കാട്ടിയത്. ആളുകളെ ഇത്തരം അര്‍ഥശൂന്യമായ വിവാദങ്ങളില്‍ തളച്ചിടുന്ന മാധ്യമങ്ങളുടെ കച്ചവടം ഇത്തരം വിവാദങ്ങളാണ്.നേരേ ചൊവ്വേയുള്ള വാര്‍ത്തകള്‍ നേരേ ചൊവ്വേ റിപ്പോര്‍ട്ട് ചെയ്യാനുള്ള കഴിവോ അറിവോ വിദ്യാഭ്യാസമോ ഇല്ലാത്തിനാലാണ് വയറ്റിപ്പിഴപ്പിനു വേണ്ടി ഇങ്ങനെ ചെയ്യുന്നതെന്ന് വേണമെങ്കില്‍ വാദിക്കാം. അപ്പോള്‍ തങ്ങള്‍ ജനാധിപത്യത്തിന്റെ തൂണാണെന്നും വാലാണെന്നുമൊക്കെ അവകാശവാദമുന്നയിക്കുകയും നാട്ടുകാര്‍ നല്ല പെട പെടയ്‍ക്കുമ്പോള്‍ അത് മാധ്യമസ്വാതന്ത്ര്യത്തിനു നേരേയുള്ള വെല്ലുവിളിയായി ചിത്രീകരിച്ച് നിലവിളിക്കുകയും ചെയ്യുന്നത് പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ഷണ്ഡത്വമാണ്.

വലിയ അധ്വാനമില്ലാത്തതിനാല്‍ എത്ര മണിക്കൂറുകള്‍ വേണമെങ്കിലും ഇക്കാര്യങ്ങള്‍ പ്രസംഗിച്ചു നടക്കുമെന്നും ഐസ്‌ക്രീം കേസിലും പാമോയില്‍ കേസിലും മാത്രമൊതുങ്ങാതെ ഡിവൈഎഫ്ഐ പോലുള്ള സംഘടനകള്‍ ഗൗരവമേറിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുകയും ഏറ്റെടുക്കുകയും വേണം എന്നു രാജേഷ് പറഞ്ഞത് ചെറിയ കാര്യമല്ല. പലപ്പോഴും പൊതുജനത്തെക്കൊണ്ട് തെറിവിളിപ്പിച്ചിട്ടുള്ള ഡിവൈഎഫ്ഐ പോലുള്ളൊരു സംഘടനയുടെ സംസ്ഥാനപ്രസിഡന്റ് ഇത്ര പോസിറ്റീവായ ഒരു കാര്യം പറഞ്ഞിട്ട് അതിനെ ഇത്തരത്തില്‍ വളച്ചൊടിച്ച് ചാനലിന്റെ റേറ്റിങ് കൂട്ടാന്‍ സഹായകമാകുമെന്നു കരുതി ഉപയോഗിക്കുന്നത് സ്വന്തം തൊഴിലിനെ ഒറ്റുകൊടുക്കലാണ്,അത്മാഭിമാനത്തെ അവഹേളിക്കലാണ്.

തന്റെ പ്രസംഗം വളച്ചൊടിച്ചതിനെ മാധ്യമഗുണ്ടായിസം എന്നാണ് രാജേഷ് വിശേഷിപ്പിച്ചിരിക്കുന്നത്.ഒരര്‍ത്ഥത്തില്‍ ഇത് ഗുണ്ടകളെ അവഹേളിക്കലാണ്. കാരണം, ഗുണ്ടായിസം ആണുങ്ങള്‍ക്കു പറഞ്ഞിട്ടുള്ള പണിയാണ്. മുഷിഞ്ഞുനാറിയ വിവാദങ്ങളില്‍ സ്പെഷലൈസ് ചെയ്ടിട്ടുള്ള വിശുദ്ധ ജേണലിസ്റ്റുകള്‍ വാവ് അടുക്കുമ്പോള്‍ പടച്ചുവിടുന്ന കണ്ടെത്തലുകള്‍ ചര്‍ച്ച ചെയ്ത് നശിക്കുന്ന തലമുറകളോട് സാമൂഹികപ്രതിബദ്ധയില്ലാത്ത മാധ്യമങ്ങള്‍ ചെയ്യുന്ന ചതി ക്ഷമിക്കാവുന്നതല്ല.

രാഷ്ട്രീയബോധമുള്ള ചെറുപ്പക്കാരെപ്പോലും ചിന്താശേഷിയില്ലാത്ത കഴുതകളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പരിശ്രമമാണ് ഇത്തരം വളച്ചൊടിക്കലുകളിലൂടെ ഉദ്ദേശിക്കുന്നത്.ഭാരതയുദ്ധത്തില്‍ അര്‍ജ്ജുനന്‍ ശിഖണ്ഡിയെ ഉപയോഗിച്ചതുപോലെ കേരളത്തിലെ മാധ്യമങ്ങള്‍ വിഎസ് അച്യുതാനന്ദനെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ്.വായിച്ചും കേട്ടും സമനില നഷ്ടമായ പ്രേക്ഷകരും വായനക്കാരും പ്രബുദ്ധകേരളം കെട്ടിപ്പടുക്കാന്‍ അണിനിരക്കണമെന്ന് പിന്നാലെ ഒരാഹ്വാനംകൂടി നടത്തിയാല്‍ മാധ്യമധര്‍മം നിറവേറപ്പെടും എന്നു കരുതുന്നത് ധാര്‍ഷ്ട്യമാണ്.

സദാചാരകൗമുദി

ചാവക്കാട്ടെ പോലീസുകാരും കാക്കനാട്ടെ നാട്ടുകാരും ചെയ്തത് അതിക്രമമായിപ്പോയി എന്ന് അഭിപ്രായമുള്ള പ്രബുദ്ധജനാധിപത്യ കേരളത്തിലും തസ്‍നിയെ തല്ലിയപ്പോള്‍ രണ്ടു പക്ഷമുണ്ടായിരുന്നു. അതിനും മുമ്പ് പാവമൊരു ഉണ്ണിത്താനേം ഒരു സ്ത്രീയേം കൂടി വളഞ്ഞുവച്ച് പിടിച്ച് ഫോട്ടോയെടുത്ത് ആക്രമിച്ച് അതിപ്പോഴും പറഞ്ഞ് ആഘോഷിക്കുന്നതും ഇതേ പ്രബുദ്ധകേരളം തന്നെയായിരുന്നു. തസ്നിയുടെ പ്രശ്നം വന്നപ്പോള്‍ ആളുകള്‍ എടുത്ത നിലപാടുകള്‍ ഒരു മാറ്റത്തിന്റെ സൂചനയായിരുന്നു എന്നൊക്കെ ആശ്വസിച്ചിരുന്നവര്‍ക്കു തെറ്റി. നമ്മുടെ ധാര്‍മികബോധം പ്രായാതീതമായി കപടതയാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടതാണ്. ഒരു പത്രമായിട്ട് അത് പിന്നെയും തെളിയിച്ചു. ലിതാണ് പ്രകോപനത്തിന്റെ ഉറവിടം (തിരുവനന്തപുരത്തു നിന്ന്).

ഒരേ സമയം സദാചാരാ പോലീസിനെയും സദാചാരപൊലീസ് വിരുദ്ധരെയും തൃപ്തിപ്പെടുത്തുക എന്ന നാട്യത്തോടെയാണ് സംഗതി അവതരിപ്പിച്ചിരിക്കുന്നത്. പ്രണയിക്കാന്‍ വന്ന രണ്ടു പാവം കുട്ടികളെ സാദാചാര പൊലീസ് പൊക്കുന്നു എന്ന ആംഗിളില്‍ വായിച്ചാല്‍ സംഗതി പൊലീസ് വിരുദ്ധമാണെന്നു നിരൂപിക്കാം. എന്നാല്‍, ഒളിച്ചു പ്രേമിക്കാന്‍ വന്നാല്‍ ഇവിടെ ചോദിക്കാനും പറയാനും സദാചാര പോലീസ് ഉണ്ട് എന്ന സന്ദേശവും ഇതോടൊപ്പമുണ്ട്. ഇവ രണ്ടിനെക്കാളും ഇവിടെ മുഴച്ചു നില്‍ക്കുന്നത് സദാചാരപ്പോലീസിനോടൊപ്പം ക്യാമറ ചലിപ്പിക്കുന്നവന്‍ രണ്ടു ചെറുപ്പക്കാരുടെ സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ചുകൊണ്ട് നടത്തുന്ന ഗിരിപ്രഭാഷണമാണ്. സിറ്റി കൗമുദി ഫൊട്ടോഗ്രഫര്‍ ജിതേഷ് ദാമോദറേ, വളരെ മോശമായിപ്പോയി എന്നല്ല, അത്യന്തം ഹീനവും നികൃഷ്ടവുമായിപ്പോയി. മാധ്യമപ്രവര്‍ത്തനവും ബെഡ്‍റൂമില്‍ ഒളിഞ്ഞുനോക്കുന്നതും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞിട്ടു മതിയായിരുന്നു ക്യാമറ കയ്യിലെടുക്കുന്നത്.

ബെഡ്റൂമില്‍ ചെയ്യേണ്ട കാര്യങ്ങള്‍ പബ്ലികായി ചെയ്താല്‍ നാട്ടുകാര്‍ കൈ വയ്‍ക്കും എന്ന യുക്തി വന്നു മുട്ടിവിളിക്കുന്നത് എനിക്കു കേള്‍ക്കാം. കനകക്കുന്നിന്റെ പരിസരത്ത് പ്രണയപ്രകടനങ്ങള്‍ നിരോധിച്ചതായി എനിക്കറിയില്ല. മനോഹരമായ പശ്ചാത്തലത്തില്‍ പ്രണയം പ്രകടിപ്പിക്കാന്‍ തോന്നിയ അജ്ഞാതനായ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും കൈമോശം വന്നുപോയ കലാലയകാലത്തിന്റെ ബാക്കിപത്രമാണ്. അവരെ തല്ലിയോടിക്കുന്നവന്‍ കാക്കി ഇട്ടിട്ടുണ്ട് (സദാചാരപ്പോലീസിനു പറ്റിയ വേഷമാണ്, കാക്കി ഷര്‍ട്ടും വെള്ളമുണ്ടും).

ഫോട്ടോ എടുത്ത ജിതേഷ് ദാമോദറും ഇത് പലവട്ടം കണ്ട് മോട്ടിവേറ്റഡ് ആയതിനു ശേഷം പത്രത്തില്‍ പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ച എഡിറ്റോറിയല്‍ മനോദൗര്‍ബല്യവും ശിക്ഷിക്കപ്പെടേണ്ടതാണ്. അന്യന്റെ സ്വകാര്യതയില്‍ വലിഞ്ഞുകയറി ചിത്രമെടുത്ത് പ്രസിദ്ധീകരിക്കുന്നത് തെറ്റാണെന്ന് അറിയാഞ്ഞിട്ടാകുമെന്നു തോന്നുന്നില്ല. ഫോട്ടോ എടുത്തിരിക്കുന്നതും പത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതും നിഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിന്റെ സൂചന എങ്ങും നല്‍കുന്നില്ല. മറിച്ച് ഫൊട്ടോഗ്രാഫറുടെ പേര് ഒക്കെ കൊടുത്തിരിക്കുന്ന രീതി കണ്ടാല്‍ ലിവനാണ് പുലിക്കുട്ടി എന്ന മട്ടാണ്.

ചിത്രം ഒന്നു മുതല്‍ പരിശോധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. സദാചാരപ്പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടായ ഒരു സംഭവത്തിന്റെ ചിത്രീകരണമല്ല ഇത്. മറിച്ച് വളരെ സിനിമാറ്റിക്കായി ആസൂത്രണം ചെയ്തതോ സദാചാരപ്പോലീസുമായി കൈകോര്‍ത്തുകൊണ്ട് ചിത്രീകരിച്ചതോ ആണിത്. സദാചാരപോലീസിനെ പ്രകോപിപ്പിച്ച പ്രണയരംഗം തന്നെയാണ് സീന്‍ ഒന്ന് എന്ന പേരില്‍ കൊടുത്തിരിക്കുന്നത്. അതായത് ചെറുപ്പക്കാരനും ചെറുപ്പക്കാരിയും അറിയാതെ ഒളിച്ചിരുന്ന് എടുത്ത ചിത്രം (ബാത്ത്റൂം-ബെഡ്റൂം ഫൊട്ടോഗ്രഫി).ചിത്രം രണ്ടില്‍ ക്യാമറ തോക്കുപോലെ അവര്‍ക്കു നേരേ ചൂണ്ടി സദാചാരപ്പോലീസും ഫൊട്ടോഗ്രാഫറും മുക്രയിട്ടുകൊണ്ട് അവര്‍ക്കു നേരേ ഓടിയടുക്കുകയാണെന്നു വ്യക്തം. ചിത്രം മൂന്നു മുതല്‍, നേരത്തെ തയ്യാറാക്കി നിര്‍ത്തിയ സദാചാരപ്പോലീസ് രംഗത്തേക്കു വരികയും ഫൊട്ടോഗ്രഫര്‍ ഫ്രെയിം വിശാലമാക്കി കഥാപാത്രത്തെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്തിരിക്കുന്നു.

സദാചാരപ്പോലീസിനെപ്പറ്റിയായിരുന്നു ഫോട്ടോ ഫീച്ചര്‍ എങ്കില്‍ ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ ആവശ്യമുണ്ടായിരുന്നില്ല. ബെഡ്റൂമില്‍ എത്തിനോക്കുന്നവന്റെ ജേണലിസം ആണുദ്ദേശിച്ചിരുന്നതെങ്കില്‍ അവസാനത്തെ മൂന്നു ചിത്രവും വേണ്ടിയിരുന്നില്ല. രണ്ടും കൂടി കൊടുത്ത് നിഷ്പക്ഷമാധ്യമപ്രവര്‍ത്തനമാണ് തങ്ങള്‍ നടത്തിയിരിക്കുന്നതെന്ന് സ്ഥാപിക്കാനാണ് ഞരമ്പുകളുടെ ശ്രമം.ഇത് പേജില്‍ കൊടുത്തവനെങ്കിലും അമ്മപെങ്ങന്‍മാരെപ്പറ്റി വല്ല ചിന്തയുമുണ്ടായിരുന്നെങ്കില്‍ കുറഞ്ഞ പക്ഷം ആ ചെറുപ്പക്കാരുടെ മുഖങ്ങള്‍ മാസ്‍ക് ചെയ്യുകയെങ്കിലും ആകാമായിരുന്നു.

(ആ വാര്‍ത്തയുടെ കട്ടിങ് അതേ പടി പ്രസിദ്ധീകരിക്കുന്നതിലൂടെ ഞാനും അതേ തെറ്റ് അല്ലേ ആവര്‍ത്തിക്കുന്നത് എന്നു ചോദിക്കാം. ഞാന്‍ പത്രത്തില്‍ നിന്നു വെട്ടിയെടുത്തതല്ല. രണ്ടു ദിവസമായി നെറ്റില്‍ ചര്‍ച്ചയ്‍ക്കു വിധേയമായിരിക്കുന്ന കട്ടിങ് ഞാനുപയോഗിച്ചു എന്നു മാത്രം. ഇത്തരമൊരു ചര്‍ച്ചയില്‍ ആ കട്ടിങ് ഉപയോഗിക്കുന്നത് ഒഴിവാക്കാനാവാത്ത തിന്മയാണെങ്കിലും സന്ദേശം ശക്തവും വ്യക്തവുമായി സംവദിക്കപ്പെടും എന്നു ഞാന്‍ വിശ്വസിക്കുന്നു).

NB: ലൈഗികദാരിദ്ര്യവും അപകര്‍ഷതാബോധവും ശേഷിക്കുറവുമാണ് സദാചാരപ്പോലിസിനെ സൃഷ്ടിക്കുന്നത് എന്നു കേട്ടിട്ടുണ്ട്. പ്രണയിക്കുന്നവരെ അടിച്ചോടിക്കുന്നതിലൂടെ അവരുടേതായ ഒരു ലോകക്രമം സംജാതമാക്കാമെന്ന് അവര്‍ വ്യാമോഹിക്കുന്നുണ്ടാവണം.