മമ്മൂട്ടിയുടെ 2010, ദിലീപിന്‍റെയും

ലാലേട്ടന്‍റെ ആരാധകര്‍ ക്ഷമിക്കണം. താരാധിപത്യത്തിന്‍റെ കഥയും കടങ്കഥയും മറക്കാനാവാത്ത മലയാളത്തില്‍‍ 2010ല്‍ പുറത്തിറങ്ങിയ സിനിമകളിലൂടെ കൂടുതല്‍ നേട്ടമുണ്ടാക്കിയ താരങ്ങള്‍ മമ്മൂട്ടിയും ദിലീപും ആണെന്നു പറയാന്‍ ഞാനാഗ്രഹിക്കുന്നു. സ്വന്തമായി ഹിറ്റുകളൊന്നുമില്ലാതിരുന്നിട്ടും താരമൂല്യം കുതിച്ചു കയറിയത് ഒരേയൊരു താരം മാത്രം- പൃഥ്വിരാജ് !

ഹിറ്റ്ചാര്‍ട്ടില്‍ ശിക്കാര്‍ മാത്രമേയുള്ളൂവെങ്കിലും ആരാധകരുടെ എണ്ണത്തിലും ജനപ്രീതിയിലും ഒരുപടി കൂടി മുന്നോട്ടുപോകാന്‍ മോഹന്‍ലാലിനു 2010ല്‍ സാധിച്ചു. കേരള സര്‍ക്കാരിന്‍റേതുള്‍പ്പെടെ ഇവിടെ ഏറ്റവുമധികം ബ്രാന്‍ഡുകളെ പിന്തുണയ്‍ക്കുന്ന ബ്രാന്‍ഡ് അബാസിഡര്‍ ലാലേട്ടനാണ് എന്നത് അദ്ദേഹത്തിന്‍റെ ജനപിന്തുണയുടെയും സ്വീകാര്യതയുടെയും തെളിവാണ്.

സിനിമകളുടെ കണക്കെടുക്കുമ്പോള്‍ ഏറ്റവുമധികം സിനിമകളുള്ള താരം മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ്. ഏഴു സിനിമകള്‍ മമ്മൂട്ടിയുടേതായിറങ്ങി. എട്ടു നിലയില്‍ പൊട്ടിയെങ്കിലും സുരേഷ് ഗോപിക്കും സിനിമകള്‍ ഏഴെണ്ണമുണ്ട്. ലാലേട്ടന് നാല്. ദിലീപും പൃഥ്വിരാജും അഞ്ചു സിനിമകളില്‍ വീതം നായകന്മാരായപ്പോള്‍ കലാഭവന്‍ മണി അഞ്ചു സിനിമകളിലും ജയസൂര്യ നാലു സിനിമകളിലും ജയറാം കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മൂന്നു സിനിമകളിലും നായകന്മാരായി.

ദ്രോണ, പ്രമാണി, പോക്കിരിരാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ്, വന്ദേമാതരം, ബെസ്റ്റ് ആക്ടര്‍ എന്നിവയാണ് 2010ലെ മമ്മൂട്ടിയുടെ സിനിമകള്‍. യുഗപുരുഷന്‍, ബെസ്റ്റ് ഓഫ് ലക്ക് എന്നീ സിനിമകളില്‍ അദ്ദേഹം അതിഥിതാരമായി.
അലക്സാണ്ടര്‍ ദി ഗ്രേറ്റ്, ഒരു നാള്‍ വരും, ശിക്കാര്‍, കാണ്ഡഹാര്‍ എന്നിവയാണ് ലാലേട്ടന്‍റെ സിനിമകള്‍. ജനകനില്‍ അതിഥിതാരമായി എത്തി.

കടാക്ഷം, റിങ്ടോണ്‍, രാമരാവണന്‍, ജനകന്‍, സദ്ഗമയ, കന്യാകുമാരി എക്സ്പ്രസ്, സഹസ്രം എന്നിവയാണ് സുരേഷ് ഗോപിയുടെ സിനിമകള്‍. ബോഡിഗാര്‍ഡ്, ആഗതന്‍, പാപ്പി അപ്പച്ചാ, കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട് (ക്രിസ്മസ് റിലീസ്) എന്നിവയാണ് ദിലീപിന്‍റെ സിനിമകള്‍.

പുണ്യം അഹം, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, ദി ത്രില്ലര്‍ എന്നിവയാണ് പൃഥ്വിരാജ് സിനിമകള്‍. മണിരത്നത്തിന്‍റെ രാവണ്‍ പൃഥ്വിരാജിന് രാജ്യാന്തര ശ്രദ്ധ നേടിക്കൊടുത്തു എന്നത് വിസ്മരിക്കുന്നില്ല.

ഹാപ്പി ഹസ്ബന്‍ഡ്സ്, കഥ തുടരുന്നു, ഫോര്‍ ഫ്രണ്ട്സ് എന്നിവയാണ് ജയറാമിന്‍റെ സിനിമകള്‍. ഹാപ്പി ഹസ്ബന്‍ഡ്സ്, ഫോര്‍ ഫ്രണ്ട്സ്, നല്ലവന്‍, കോക്ടെയില്‍ എന്നിവ ജയസൂര്യയുടെ സിനിമകള്‍. മമ്മി ആന്‍‍ഡ് മി, എല്‍സമ്മ എന്ന ആണ്‍കുട്ടി, ഒരിടത്തൊരു പോസ്റ്റ്മാന്‍ എന്നിവയാണ് ചാക്കോച്ചന്‍റെ സിനിമകള്‍.

നായകന്‍, ചേകവര്‍, കരയിലേക്ക് ഒരു കടല്‍ദൂരം, കോളേജ് ഡേയ്സ് എന്നീ സിനിമകളിലൂടെ നായകനിരയില്‍ ഇന്ദ്രജിത്തും തന്‍റെ സ്ഥാനമുറപ്പാക്കി. മുകേഷിനും തന്‍റെ നായകപദവി നിലനിര്‍ത്താന്‍ ഈ വര്‍ഷം സാധിച്ചു. നിര്‍മാതാവ് ശശി അയ്യഞ്ചിറ, സംവിധായകന്‍ രാജസേനന്‍ തുടങ്ങിയവരും നായകന്മാരായി രംഗത്തെത്തി.

താരാധിപത്യമില്ലാത്ത സിനിമകളിലൂടെ രണ്ടാംനിര താരങ്ങളും സാന്നിധ്യമുറപ്പിച്ച വര്‍ഷമാണ് 2010. രണ്ടാം ഭാഗമായി പുറത്തിറങ്ങിയ സിനിമകളിലൂടെ ജഗദീഷ്, മുകേഷ് തുടങ്ങിയവര്‍ വീണ്ടും തിളങ്ങി. സീനിയര്‍ മാന്‍ഡ്രേക്ക്, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, എഗെയ്‍ന്‍ കാസര്‍കോട് കാദര്‍ഭായി എന്നിവയാണ് 2010ലെ സെക്കന്‍ഡ് പാര്‍ട്ട് സിനിമകള്‍.

പണം കായ്‍ക്കുന്ന താരം

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം തുടങ്ങി സിനിമയുടെ ജീവാത്മാവും പരമാത്മാവും എന്നു നമ്മള്‍ വിശേഷിപ്പിക്കുന്ന അല്ലെങ്കില്‍ അവകാശപ്പെടുന്ന സംഗതികള്‍ പച്ചയായ ഭാഷയില്‍ പറഞ്ഞാല്‍ ഒരു കോപ്പും അല്ല. മലയാള സിനിമയുടെ ജീവന്‍ എന്നു പറയുന്നത് താരങ്ങളാണ്. സൂപ്പര്‍ താരങ്ങളില്ലെങ്കില്‍ മലയാള സിനിമ ഇല്ല. സൂപ്പര്‍താരങ്ങളെ കംപ്ലീറ്റും വെടിവച്ചു കൊന്നിട്ട് പുതിയ മുഖങ്ങളുടെ നേതൃത്വത്തില്‍ കഥയിലും കാര്യമാത്രപ്രസക്തമായ പ്രമേയങ്ങളിലും അധിഷ്ഠിതമായ സിനിമകള്‍ കൊണ്ടിവിടെ വിപ്ലവം സൃഷ്ടിക്കാമെന്നു കരുതുന്നവര്‍ കുറച്ചുനാളുകള്‍ കൂടി നിരാശപ്പെടേണ്ടി വരും. താരങ്ങള്‍ക്കു മാത്രമാണ് മലയാള സിനിമയില്‍ മൂല്യമുള്ളതെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ് കാലം.

സിനിമ നിര്‍മിക്കുമ്പോള്‍ നിര്‍മാതാവിന്‍റെ ബാലന്‍സ് ഷീറ്റ് നിയന്ത്രിക്കുന്നത് പ്രധാനമായും രണ്ടു കാര്യങ്ങളാണ്- താരങ്ങള്‍ക്ക് എത്ര കൊടുക്കണം ? ചാനലില്‍ നിന്ന് എത്ര കിട്ടും. സ്വാഭാവികമായും താരങ്ങള്‍ക്കു കൊടുക്കുന്നിടത്തോളമെങ്കിലും ചാനലില്‍ നിന്നു കിട്ടുമെങ്കില്‍ അത്രയും ഭാഗം ടാലിയായി, അതുകിട്ടുന്നില്ലെങ്കില്‍ നിര്‍മാതാവിന്‍റെ പോക്കറ്റ് കാലിയായി. വിലയുള്ള താരങ്ങളുണ്ടെങ്കില്‍ ചാനലില്‍ നിന്ന് കൂടുതല്‍ കിട്ടും. അപ്പോള്‍ താരങ്ങളുടെ എണ്ണം കൂട്ടിയാല്‍ ചിലവിനോടൊപ്പം വരവും വര്‍ധിക്കും.

ഈ ബിസിനസ് മോഡല്‍ ആദ്യമായി അപ്ലൈ ചെയ്തു കാശുവാരിയ പടം അമ്മ-ദിലീപ് സംരംഭമായ ട്വന്‍റി 20 ആയിരുന്നു. സംവിധായകന്‍ ജോഷി, തിരക്കഥ ഉദയ്കൃഷ്ണ-സിബി കെ.തോമസ് ദമ്പതികള്‍. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, ദിലീപ്… അങ്ങനെ കംപ്ലീറ്റ് താരങ്ങളും. ഒരു മലയാള സിനിമയ്‍ക്ക് ഒരിക്കലും സ്വപ്നം കാണാവുന്ന ഒരു തുകയ്‍ക്കല്ല അതിന്‍റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. 2.86 കോടി രൂപ നല്‍കിയാണ് സൂര്യ ടിവി ട്വന്‍റി 20യുടെ റൈറ്റ് വാങ്ങിയത്. അതായത് നിര്‍മാണ ചെലവിന്‍റെ പകുതിയോളം സാറ്റലൈറ്റ് റൈറ്റായി കിട്ടി.

മള്‍ട്ടി സ്റ്റാര്‍ ഫോര്‍മുല ആവര്‍ത്തിക്കുമ്പോള്‍ ഇതേ ബിസിനസ് നടക്കുമെന്ന് ആര്‍ക്കും പ്രതീക്ഷയുണ്ടായിരുന്നില്ല. എങ്കിലും അപാരമായ പ്രീ പബ്ലിസിറ്റി കിട്ടിയ കേരളവര്‍മ പഴശ്ശിരാജയുടെ സാറ്റലൈറ്റ് റൈറ്റ് 2.62 കോടി രൂപ നല്‍കി വാശിയോടെ ഏഷ്യാനെറ്റ് സ്വന്തമാക്കി. ട്വന്‍റി 20യുടെ റെക്കോര്‍ഡ് മറികടന്നില്ലെങ്കിലും നിര്‍മാണ ചെലവിന്‍റെ പത്തിലൊന്നു മാത്രമേ ആകുന്നുള്ളൂവെങ്കിലും ചാനല്‍ റൈറ്റിനെ സംബന്ധിച്ചു നോക്കുമ്പോള്‍ അതും ഒരു വലിയ തുകയാണ്. കുടുംബപ്രേക്ഷകര്‍ക്ക് രസിക്കാനിടയില്ലാത്ത തട്ടുപൊളിപ്പന്‍ പടം പോക്കിരിരാജയ്‍ക്ക് സാറ്റലൈറ്റ് റൈറ്റായി കിട്ടിയത് രണ്ടേകാല്‍ കോടി. ഇന്നിപ്പോള്‍ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് ഇറങ്ങാനിരിക്കുന്ന ഒരു ചിത്രത്തിന്‍റെ സാറ്റലൈറ്റ് റൈറ്റ് 3 കോടി 5 ലക്ഷം രൂപയ്‍ക്ക് വിറ്റുപോയിരിക്കുന്നു എന്നു പറയുമ്പോള്‍ മലയാള സിനിമയില്‍ പ്രതിസന്ധിയുണ്ട് എന്നു മാത്രം പറയരുത്.

ജോഷി, ഉദയ്കൃഷ്ണ-സിബി കെ.തോമസ്, മോഹന്‍ലാല്‍, സുരേഷ് ഗോപി, ശരത് കുമാര്‍, ദിലീപ്,കനിഹ, ലക്ഷ്മി റായി, കാവ്യാ മാധവന്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവര്‍ അഭിനയിക്കുന്ന ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ സംപ്രേഷണാവകാശമാണ് ഏഷ്യാനെറ്റ് റെക്കോര്‍ഡ് തുകയ്‍ക്ക് സ്വന്തമാക്കിയിരിക്കുന്നത്. സത്യത്തില്‍ ഇതൊരു മോഹവിലയാണ്. ഇതിന്‍റെ രണ്ടിരട്ടിയെങ്കിലും തിരികെ പിടിക്കാമെന്ന വിശ്വാസമാണ് ചാനലിനെ ഇത്ര പണം മുടക്കാന്‍ പ്രേരിപ്പിക്കുന്നത്.ആറു കോടിയാണ് ക്രിസ്ത്യന്‍ ബ്രദേഴ്സിന്‍റെ നിര്‍മാണ ചെലവ്. സംപ്രേഷണാവകാശം പ്രാബല്യത്തില്‍ വരുന്ന കാലപരിധിയുടെ ദൈര്‍ഘ്യം കൂടി കുറച്ചാല്‍ നിര്‍മാതാക്കള്‍ക്ക് ഇതിന്‍റെ രണ്ടിരട്ടി കിട്ടും. റിലീസ് ചെയ്യുന്നതിന്‍റെ രണ്ടാം വാരം ചിത്രം ചാനലില്‍ സംപ്രേഷണം ചെയ്യാന്‍ നല്‍കിയാല്‍ നിര്‍മാണച്ചെലവ് ഫുള്ളായിട്ടും ചാനലില്‍ നിന്നു തന്നെ വാങ്ങാം. അപ്പോള്‍ കഞ്ഞികുടി മുട്ടുന്നത് തിയറ്ററുകാരുടെ ആയിരിക്കും.

സിനിമയും ചാനലും തമ്മിലുള്ള ഈ ബന്ധം കൊണ്ട് ആര്‍ക്കെന്തു നഷ്ടം എന്നു ചോദിച്ചാല്‍ ചാനലുകള്‍ക്കു തന്നെ. സംപ്രേഷണാവകാശത്തുക വര്‍ധിപ്പിക്കുന്നത് സത്യത്തില്‍ ചാനലുകള്‍ തന്നെയാണ്. സൂര്യയും ഏഷ്യാനെറ്റും തമ്മിലുള്ള മല്‍സരം ഇക്കാര്യത്തില്‍ നിര്‍ണായകമാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ മലയാളം സിനിമകളുടെ സംപ്രേഷണാവകാശമുള്ളത് സൂര്യ ടിവിയ്‍ക്കാണ്. മല്‍സരത്തിന്‍റെ ആവേശത്തില്‍ കൂടുതല്‍ തുക നല്‍കി ഇനിയും സംപ്രേഷണാവകാശം വാങ്ങാന്‍ ഇവര്‍ക്കു സാധിക്കും എന്നതല്ല, ഇവര്‍ക്കു മാത്രമേ അതു സാധിക്കൂ എന്നതാണ് ഇവിടെ ചാനലുകളുടെ പ്രതിസന്ധി എന്നു പറയുന്നത്. മൂന്നു കോടി നല്‍കി ഒരു സിനിമയുടെ റൈറ്റ് വാങ്ങാനുള്ള ആരോഗ്യസ്ഥിതി മലയാളത്തില്‍ മറ്റേതെങ്കിലും ചാനലിനുണ്ടെന്നു തോന്നുന്നില്ല. ചാനലുകളെ സംബന്ധിച്ച് സിനിമകള്‍ വലിയ വരുമാനമാര്‍ഗവുമാണ്. അപ്പോള്‍ സൂര്യയും ഏഷ്യാനെറ്റും ഒഴികെയുള്ള ചാനലുകള്‍ ആരായി ?

എന്നാല്‍, സഘടനാതലത്തില്‍ വരുമ്പോള്‍ നയം വേറെയാണ്. ഇങ്ങനെ സാറ്റലൈറ്റ് റൈറ്റ് റേറ്റ് കൂടിയാല്‍ ഞങ്ങള്‍ കുത്തുപാളയെടുത്തു പോകും എന്ന് ആചാരപരമായി പ്രഖ്യാപിച്ചുകൊണ്ട് സിനിമയുടം സംപ്രേഷണാവകാശത്തുക 30 ശതമാനം കുറയ്‍ക്കണമെന്നാവശ്യപ്പെട്ട് ഇതേ ചാനലുകള്‍ തന്നെ രംഗത്തിറങ്ങിയിട്ട് മാസം ഒന്നു തികയുന്നതേയുള്ളൂ. സിനിമകളുടെ സാറ്റലൈറ്റ് റേറ്റുകളില്‍ കാര്യമായ കുറവ് വരുത്തണമെന്നാണ് ഇവര്‍ നിര്‍മാതാക്കളോട് ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഇപ്പോള്‍ നിശ്ചയിക്കപ്പെടുന്ന ഭീമമായ തുക ചാനലുകള്‍ക്ക് താങ്ങാനാവുന്നതല്ലെന്ന് സംഘടനയുടെ പ്രസിഡന്റ് കെ മാധവനും ജനറല്‍ സെക്രട്ടറി ജോണ്‍ ബ്രിട്ടാസും പറയുന്നു. ആരാണ് ഈ തുക നിശ്ചയിക്കുന്നത് ? ഇരുകൂട്ടരും ചേര്‍ന്നു തന്നെയാണ്. അപ്പോള്‍ ചാനല്‍ സംഘടനയുടെ ആവശ്യം അടിസ്ഥാനമില്ലാത്തതായി മാറുന്നു.

അതേ സമയം,ഇന്‍ഡസ്ട്രിയുടെ വലിപ്പം നോക്കിയാല്‍ മലയാള സിനിമകള്‍ക്കു ലഭിക്കുന്നത് വലിയ തുകയാണ്. 300 കോടിയും 400 കോടിയും മുടക്കിയെടുക്കുന്ന സിനിമകള്‍ക്ക് ലഭിക്കുന്നത് അതിന്‍റെ 10 ശതമാനത്തിലും താഴെയാണ്, അതും മലയാളത്തെക്കാള്‍ വിശാലമായ പ്രേക്ഷകസദസ്സിനെ ലക്‍ഷ്യം വച്ചുള്ള ബിസിനസില്‍. മൈ നെയിം ഈസ് ഖാന്‍റെ സാറ്റലൈറ്റ് റൈറ്റ് 15 കോടി രൂപയ്‍ക്കും രാവണന്‍റെ റൈറ്റ് 5 കോടി രൂപയ്‍ക്കുമാണ് വിറ്റുപോയത്. എന്നാല്‍, കേരളത്തില്‍ തിയറ്ററിലെത്തുന്നതിന്‍റെ അനേകം മടങ്ങു ജനം ടിവിയ്‍ക്കു മുന്നിലുണ്ട്. മാത്രവുമല്ല, കേരളത്തില്‍ ടിവി എത്താത്ത ഒരു സ്ഥലവും ഇനി ബാക്കിയുമില്ല. റിലീസ് ദിവസം സിനിമ കാണണമെന്ന് പ്രേക്ഷകര്‍ക്കിപ്പോള്‍ തീരെ വാശിയുമില്ല. ഒടുവില്‍ മലയാള സിനിമ ചാനലുകളിലൂടെ അതിജീവിക്കുമ്പോള്‍ ആളുകയറാതാവുന്ന തിയറ്ററുകാര്‍ എങ്ങനെ ഉപജീവനം കണ്ടെത്തും ? അന്യഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ക്കു വിലക്കുള്ള നിലയ്‍ക്ക് ടിവി ചാനലുകളുടെ സംപ്രേഷണം നടത്താന്‍ നിര്‍ബന്ധിതരായിത്തീരാതിരിക്കട്ടെ എന്നു പ്രത്യാശിക്കാം.

സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സിനിമ

സിനിമക്കാര്‍ ഇനിയും ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത ഒരു മാധ്യമമാണ് സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ്. വെബ്സൈറ്റ് ഉണ്ടാക്കുന്നതാണ് സിനിമയുടെ പബ്ലിസിറ്റിക്കു വേണ്ടി ഓണ്‍ലൈനായി പരമാവധി ചെയ്യാന്‍ കഴിയുന്ന കാര്യം എന്നാണ് പലരുടെയും വിചാരം എന്നു തോന്നുന്നു. അന്ധവിശ്വാസങ്ങള്‍ ഇപ്പോഴും നിറഞ്ഞ സദസ്സിലോടുന്നതിനാല്‍ വെബ്സൈറ്റ് ഉണ്ടാക്കിയാല്‍ സിനിമ പൊളിയും എന്ന വിശ്വാസവും വളരെ ശക്തമായി നിലനില്‍ക്കുന്നുണ്ട്. തിരക്കഥ കടലാസില്‍ എഴുതണമെന്നു വാശിയുള്ള ചിലരുണ്ട്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്യുന്ന സിനിമകള്‍ പൊളിയുമത്രേ !

അങ്ങനെയൊക്കെയുള്ള പ്രതിഭകളുള്ള മലയാള സിനിമയോട് ഫേസ്ബുക്കും ട്വിറ്ററും ദുരുപയോഗിക്കാന്‍ പറഞ്ഞിട്ടു വലിയ പ്രയോജനമൊന്നുമില്ല. ആരാധകര്‍ക്ക് ദര്‍ശനം നല്‍കുന്നതിനായി താരങ്ങള്‍ ഫേസ്ബുക്കിലും ട്വിറ്ററിലുമൊക്കെ ഇടം നേടിയിട്ടുണ്ടെങ്കിലും തങ്ങളുടെ സിനിമകളുടെ വിജയത്തിനായി കാര്യമായെന്തെങ്കിലും മാര്‍ക്കറ്റിങ് ഈ മാധ്യമങ്ങള്‍ വഴി ആരും നടത്തുന്നില്ല എന്നത് നിരാശാജനകമാണ്. സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ് ആരും എവിടെയും ഉപയോഗിക്കുന്നില്ല.

സിനിമയിലെ പ്രഗല്‍ഭരായ ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങുകാര്‍ ഇപ്പോള്‍ ചെയ്യുന്നത് എന്തൊക്കെയാണെന്നു നോക്കാം-
1.ഇ- പോസ്റ്ററുകള്‍ ഇമെയില്‍ വഴി അയക്കുക(അത് സ്പാമില്‍ അന്ത്യവിശ്രമം കൊള്ളും).
2.ട്രെയിലറും ഗാനങ്ങളും യൂ ട്യൂബില്‍ അപ്‍ലോഡ് ചെയ്യുക (അത് വെബ്സൈറ്റില്‍ ഷെയര്‍ ചെയ്യുന്ന പ്രശ്നമില്ല).
3.എസ്എംഎസ് ക്യംപെയിന്‍- ഒന്നോ രണ്ടോ ലക്ഷം നമ്പരുകളിലേക്ക് എസ്എംഎസ് (ഒന്നിന് 5 പൈസ എന്ന നിരക്കില്‍)
4.പടം റിലീസ് ചെയ്യുന്നതിന്‍റെ തലേദിവസം ഒരു ബ്ലോഗ് തുടങ്ങി എല്ലാം വാരിവലിച്ചിട്ട് ഒരു പരിപാടി (സിഡി ഇറങ്ങിക്കഴിഞ്ഞാലും ബ്ലോഗ് ആരും കണ്ടുപിടിക്കാന്‍ പോകുന്നില്ല)
5.സിനിമയെക്കുറിച്ച് അച്ചടിച്ചു വരുന്ന വാര്‍ത്തകള്‍ സ്കാന്‍ ചെയ്ത് ഇ-മെയില്‍ ചെയ്യുക (ഇമെയില്‍ പ്രിന്‍റ് ഔട്ട് എടുത്ത് കവറിലാക്കി സാദാ പോസ്റ്റിലയക്കുന്നില്ലല്ലോ എന്നാശ്വസിക്കാം)

അമിതാഭ് ബച്ചന്‍ കയ്യും കാലും പിടിച്ച് മോഹന്‍ലാലിനെ ട്വിറ്ററില്‍ എത്തിച്ചത് ഒരു വലിയ സംഭവമായിരുന്നു. കാണ്ഡഹാര്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ച് ലാലേട്ടന്‍ ട്വിറ്ററില്‍ ഹരിശ്രീ കുറിച്ചതിന് വലിയ വാര്‍ത്താപ്രാധാന്യവും ലഭിച്ചു. ആ സിനിമയ്‍ക്കു വേണ്ടി എന്നിട്ട് ലാലേട്ടന്‍ ഒരു വരിയെങ്കിലും ട്വീറ്റ് ചെയ്തോ ?
ഇല്ല, വ്യക്തിപരമായ സൂചനകളും തത്വശാസ്ത്രങ്ങളുമാണ് കൂടുതല്‍. അതില്‍ തെറ്റുണ്ട് എന്നല്ല, ലാലേട്ടന്‍ തന്‍റെ ട്വിറ്റര്‍ സാധ്യതകളെ സിനിമയ്‍ക്കു വേണ്ടി ഉപയോഗിച്ചിരുന്നെങ്കില്‍ ആ സിനിമയ്‍ക്ക് ഒരു ബില്‍ഡ് ലഭിച്ചേനെ. ആകെ സിനിമയെ പരാമര്‍ശിക്കുന്ന ഒരു ട്വീറ്റ് ആണുള്ളത് അതാകട്ടെ ഇങ്ങനെയും-

Finished with the schedule of “Kandahar” at Ooty with Amitji. Tonight I am going to the US and join back the “Shikhar” unit by 17th of July.

തൃശൂരില്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്‍റ് എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചുരുക്കം ട്വീറ്റുകളൊഴിച്ചാല്‍ കാര്യമായ സംഭാവന മമ്മൂട്ടിയുടെ ഭാഗത്തുനിന്നുമില്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ഫേസ്ബുക്കും വെബ്സൈറ്റും സിനിമയുടെ വിശേഷങ്ങളും വാര്‍ത്തകളും കൊണ്ട് സമൃദ്ധമാണ്. മോഹന്‍ലാലിന്‍റെ ഒഫിഷ്യല്‍ വെബ്സൈറ്റും പിന്നിലല്ല. ലാലേട്ടന്‍ ഇനിയും ഫേസ്ബുക്കിലെത്തിയിട്ടില്ല.

പതിനയ്യായിരത്തിലധികം ഫൊളോവേഴ്സ് ഉള്ള മമ്മൂട്ടിയും മോഹന്‍ലാലും വിചാരിച്ചാല്‍ ട്വിറ്ററിനെ വളരെ ഗുണപ്രദമായി സിനിമയ്‍ക്കു വേണ്ടി പ്രയോജനപ്പെടുത്താം എന്നതില്‍ സംശയമില്ല. ആഗോളപ്രശസ്തി നേടിയ പൃഥ്വിരാജ് ഏതെങ്കിലും സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് സൈറ്റില്‍ ഉള്ളതായി വിവരമില്ല. ട്വിറ്ററില്‍ അനേകം പൃഥ്വിരാജുമാര്‍ ഉണ്ടെങ്കിലും ഒറിജിനല്‍ അക്കൂടെയുണ്ടോ എന്നറിയില്ല. പിന്നെയും താരങ്ങള്‍ സജീവമായുള്ളത് ഫേസ്ബുക്കിലാണ്. തിലകനാണ് അടുത്തകാലത്ത് ഫേസ്ബുക്കിലെത്തിയ ഒരു പ്രധാന താരം. സുകുമാര്‍ അഴീക്കോട് കൂടി എത്തിയിരുന്നെങ്കില്‍ രംഗം കൊഴുത്തേനെ. ജയസൂര്യ, വിനു മോഹന്‍, ശ്വേതാ മേനോന്‍, വിനീത് ശ്രീനിവാസന്‍, അന്‍വര്‍ റഷീദ്, അനൂപ് മേനോന്‍,ഇടവേള ബാബു, ഗീതു മോഹന്‍ദാസ്, ഗോപിക, ഇക്ബാല്‍ കുറ്റിപ്പുറം, ജയഭാരതി, ജയരാജ്, മധു ബാലകൃഷ്ണന്‍, മധുപാല്‍ തുടങ്ങിയവരൊത്തെ ഫേസ്ബുക്കില്‍ സജീവമാണ്.

ഒരു ടിവി- സിനിമ സ്വത്വപ്രതിസന്ധി

ഞാന്‍ ഒരു പശുവിനെ വളര്‍ത്തുന്നു എന്നു കരുതുക. കാശിനോടുള്ള ആക്രാന്തം കാരണം ഞാന്‍ അതിനെ കറന്നെടുക്കുന്ന പരിശുദ്ധമായ പാലില്‍ പച്ചവെള്ളം ചേര്‍ക്കുന്നു. പാലിന്‍റെ സ്ഥിരം കസ്റ്റമേഴ്സ് മെല്ലെ എന്നെ ഒഴിവാക്കി പകരം വല്ല മില്‍മയോ കുല്‍മയോ ഒക്കെ വാങ്ങിക്കും.അപ്പോള്‍ ഞാന്‍ മില്‍മ നിരോധിക്കണം എന്നോ എന്‍റെ റേഞ്ചില്‍ മില്‍മയെ വിലക്കണമെന്നോ പറയുന്നതില്‍ വല്ല അര്‍ഥവുമുണ്ടോ ?

ആരും മില്‍മയെ നിരോധിക്കാന്‍ പോകുന്നില്ല. മില്‍മ കൊടുക്കുന്ന അത്രയും നിലവാരമെങ്കിലുമുള്ള പാല്‍ കൊടുക്കാന്‍ സാധിക്കുമെങ്കില്‍ എനിക്കും പശുവളര്‍ത്തി ജീവിക്കാം. എന്നാല്‍, കുറവില്ലാത്ത ആക്രാന്തവും തികഞ്ഞ അഹങ്കാരവും അടിസ്ഥാനപരമായി ഉള്ള വിവരക്കേടും കാരണം ഞാനത് ചെയ്യുന്നില്ല. പോരെങ്കില്‍ ചാണകം കൊണ്ടുള്ള പ്രയോജനങ്ങള്‍ ഒരു ഗൂഢലക്‍ഷ്യമായി എന്‍റെ പശുജീവിതത്തില്‍ ഉണ്ട് എന്നതുമോര്‍ക്കണം. അപ്പോള്‍ ഞാനും സംഗതി പായ്‍ക്കറ്റിലാക്കി മില്‍മയുടെ വിലയില്‍ വില്‍ക്കാന്‍ ശ്രമിക്കും.

പായ്‍ക്കറ്റ് പാലിന്‍റെ മാര്‍ക്കറ്റ് ഏറെക്കുറെ സ്റ്റെഡിയാണ്.ആരെങ്കിലുമൊക്കെ വാങ്ങി പായ്‍ക്കറ്റ് വിറ്റു തീര്‍ന്നോളും. അപ്പോള്‍ എനിക്കു പിന്നെയും നിലവാരം കുറയ്‍ക്കാം. വെള്ളമെന്നല്ല പായലോ പാമോയിലോ ചേര്‍ത്താലും സംഗതി വിറ്റുപോകും. ആളുകള്‍ക്കു കുടിക്കാവുന്ന സാധനമാണോ അല്ലയോ എന്ന ചിന്തയില്‍ നിന്നു മാറി പായ്‍ക്കറ്റ് പരുവത്തില്‍ വിറ്റുപോകുന്നതോ അല്ലയോ എന്നതു മാത്രമായി കച്ചവട ചിന്ത ചുരുങ്ങും. അങ്ങനെ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ലാഭം കൂട്ടണം എന്നു തോന്നിയാല്‍ പായ്‍ക്കറ്റില്‍ അച്ചടിക്കുന്ന വില അങ്ങു കൂട്ടുകയല്ലാതെ പാലിന്‍റെ അളവോ ഗുണമോ ഒന്നും കൂട്ടാന്‍ മിനക്കെടേണ്ടതില്ല.

തീര്‍ത്തും സുഭിക്ഷവും സുരക്ഷിതവുമായ ഈ സാഹചര്യത്തില്‍ പാലിനെ കുറ്റം പറയുന്ന പാവപ്പെട്ടവന്‍റെ തന്തയ്‍ക്കോ തള്ളയ്‍ക്കോ ഒക്കെ വിളിക്കാം. പായ്‍ക്കറ്റ് പാലിന്‍റെ മാര്‍ക്കറ്റ് പൊളിക്കാന്‍ കൂതറകള്‍ വിചാരിച്ചാല്‍ പോര. അങ്ങനെയിരിക്കുന്ന സമയത്ത് പായ്ക്കറ്റ് പാലിന്‍റെ വിതരണക്കാര്‍ എല്ലാം ചേര്‍ന്ന് എത്രയും വേഗം വില കുറച്ചില്ലെങ്കില്‍ ഇനി മുതല്‍ കച്ചവടമില്ല എന്നങ്ങു പ്രഖ്യാപിച്ചാല്‍ ഞാന്‍ ആരായി ? പലതരം പ്രതിസന്ധികളെ അതിജീവിച്ച് ഉപജീവനം നടത്തുന്ന എന്‍റെ പാല്‍ ബിസിനസിന്‍റെ ആപ്പീസു പൂട്ടുന്ന ആ പ്രഖ്യാപനം ആണ് സത്യത്തില്‍ ശരിക്കുമുള്ള പ്രതിസന്ധി എന്നു ഞാന്‍ തിരിച്ചറിയേണ്ടതല്ലേ ? അങ്ങനെ തിരിച്ചറിയാനാവാതെ വരുമ്പോഴാണ് സത്യത്തില്‍ എന്‍റെ പശുജീവിതത്തിലെ ഏറ്റവും ഏറ്റവും വലിയ പ്രതിസന്ധി ഉടലെടുക്കുന്നത്.

മലയാള സിനിമ ഒരു കറവപ്പശുവിനെപ്പോലെയാണ്. ശുദ്ധമായ പാല്‍ കാത്തിരിക്കുന്ന പ്രേക്ഷകരുടെ മുന്നിലേക്ക് പശുവുമായി പുലബന്ധം പോലുമില്ലാത്ത ദ്രാവകമാണ് കറവക്കാരായ സംവിധായകര്‍ ചുരത്തിയെടുക്കുന്നത്. തിയറ്ററില്‍ നിന്ന് അകലുന്ന പ്രേക്ഷകന്‍ കോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് മില്‍മ പായ്‍ക്കറ്റുകളിലേക്ക് ചുവടുമാറ്റുമ്പോള്‍ പരാതിപ്പെട്ടിട്ടു കാര്യമില്ല. എന്നാല്‍ ആ പ്രതിസന്ധിയെ അതിജീവിക്കാന്‍ സിനിമയുടെ മുന്നിലവേശേഷിച്ചിരുന്ന വഴിയാണ് സാറ്റലൈറ്റ് റൈറ്റ് എന്ന പായ്‍ക്കറ്റ് ഓപ്ഷന്‍.കഥയും തിരക്കഥയുമൊന്നുമല്ല, അഭിനയിക്കുന്ന താരത്തിന്‍റെ സാറ്റലൈറ്റ് വാല്യു ആണ് സത്യത്തില്‍ മലയാള സിനിമയുടെ ഒരേയൊരു മൂലധനം.

അങ്ങനെ ഈ സിനിമ ചാനലുകാര്‍ക്കു വിറ്റാല്‍ എന്തു കിട്ടും എന്ന ആലോചനയില്‍ നിന്നു പ്രോജക്ടുകള്‍ പോലുമുണ്ടാവുന്ന മലയാളത്തില്‍ ആ ചാനലുകള്‍ തന്നെ ഈ കൃഷി വെട്ടിനിരത്താന്‍ ഇറങ്ങിയാല്‍ അതിനെയല്ലേ ശരിക്കും സ്വത്വപ്രതിസന്ധി എന്നു വിളിക്കേണ്ടത് ? അടുത്ത കാലത്തു രൂപീകരിച്ച മലയാളത്തിലെ ടിവി ചാനലുകളുടെ സംഘടനയായ കേരള ടെലിവിഷന്‍ ഫെഡറേഷന്‍റെ കന്നി ആവശ്യമാണ് സിനിമകളുടെ സൈറ്റലൈറ്റ് നിരക്ക് കുറയ്‍ക്കുക എന്നുള്ളത്.ഒന്നരക്കോടിയും രണ്ടുകോടിയുമൊക്കെ മുടക്കി ഒരു സിനിമയുടെ റൈറ്റ് വാങ്ങുന്ന ചാനലുകാരന് അതിന്‍റെ ഇരട്ടി പരസ്യമെങ്കിലും അത് ടെലികാസ്റ്റ് ചെയ്ത് സമ്പാദിച്ചില്ലെങ്കില്‍ എങ്ങനെ മുതലാവും ?

ഇപ്പോഴത്തെ നിരക്കു വച്ച് സിനിമകള്‍ വാങ്ങുക എന്നത് ടിവി ചാനലുകളെ സംബന്ധിച്ചു നഷ്ടമാണ് എന്നാണ് കെടിഎഫ് പറയുന്നത്. ഇതല്ലാതെ നിര്‍മാതാവിന് വേറെ ഒന്നും കിട്ടാനില്ല എന്ന സത്യം അവര്‍ക്കറിയാത്തതാണോ ആവോ.സാറ്റലൈറ്റ് നിരക്കുകള്‍ 30 ശതമാനം കുറയ്‍ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഈ 30 ശതമാനത്തിന് ഒരടിസ്ഥാനമുണ്ട്.സിനിമയുടെ ചെലവ് കുറയ്‍ക്കുന്നതിനായി താരങ്ങള്‍ 30 ശതമാനം വരെ പ്രതിഫലം കുറയ്‍ക്കുമെന്ന് അമ്മ സംഘടന അറിയിച്ചിരുന്നു. അതായത് പ്രൊഡ്യൂസര്‍ക്ക് താരത്തിനുള്ള പ്രതിഫലത്തില്‍ 30 ശതമാനം ലാഭം. ആ 30 ശതമാനം ലാഭം തങ്ങള്‍ക്കു വേണമെന്ന് ചാനലുകാര്‍ വ്യക്തമായി പറയുന്നില്ലന്നേയുള്ളൂ.

കേള്‍ക്കുമ്പോള്‍ പോക്രിത്തരമെന്നു തോന്നുമെങ്കിലും സത്യത്തില്‍ അത് ചാനലുകള്‍ക്ക് അവകാശപ്പെട്ടതാണ്. നിലവില്‍ ഒരു താരത്തിന്‍റെ പ്രതിഫലം എന്നാല്‍ ആ താരത്തിന്‍റെ സിനിമയ്‍ക്ക് ചാനലുകാര്‍ നല്‍കുന്ന വിലയാണെന്നാണ് സങ്കല്‍പം. ഇതനുസരിച്ച് മമ്മൂട്ടി-മോഹന്‍ലാല്‍ സിനിമകള്‍ക്ക് ഒന്നരക്കോടിയും പൃഥ്വിരാജ്-ദിലീപ്-ജയസൂര്യ ചിത്രങ്ങള്‍ക്ക് 50 ലക്ഷവുമൊക്കെയാണ് സാറ്റലൈറ്റ് നിരക്ക്.തന്‍റെ സിനിമയുടെ സാറ്റലൈറ്റ് നിരക്ക് കൂടിയിട്ടുണ്ടെങ്കില്‍ അടുത്ത സിനിമ മുതല്‍ താരം പ്രതിഫലം കൂട്ടുമെന്നതുറപ്പ്. പൃഥ്വിരാജ്, ജയസൂര്യ തുടങ്ങിയവരൊക്കെ ഇത്തരത്തില്‍ അടുത്തകാലത്ത് പ്രതിഫലം കൂട്ടിയവരാണ്. അതായത് സിനിമയില്‍ ചിലവഴിക്കുന്നതിനുള്ള തുക എപ്പോഴും കുറവായിരിക്കും.

ചാനലില്‍ നിന്നു കിട്ടുന്നതും താരത്തിനു കൊടുക്കേണ്ടതും തമ്മിലുള്ള വ്യത്യാസമാണ് പ്രൊഡ്യൂസര്‍ക്ക് ആശ്വാസം നല്‍കുന്നത്. മിക്കവാറും അത് പൂജ്യം ആയിരിക്കും. ദിലീപും ജയസൂര്യയുമൊക്കെയാണ് ചാനലില്‍ നിന്നു കിട്ടുന്നത്ര പ്രതിഫലം വാങ്ങാത്ത താരങ്ങള്‍. അതുകൊണ്ട് തന്നെ നിര്‍മാതാവിനെ സംബന്ധിച്ച് അവരുടെ സിനിമകള്‍ക്ക് മിനിമം ഗാരണ്ടി ലഭിച്ചേക്കും.ചാനലില്‍ നിന്നു ലഭിക്കുന്ന തുക ഇത്ര കാലം താരം കൈവശപ്പെടുത്തുകയായിരുന്നെങ്കില്‍ അമ്മയുമായുള്ള കരാറിലൂടെ അതിന്‍റെ 30 ശതമാനം നിര്‍മാക്കള്‍ നേടി എന്നു വേണമെങ്കില്‍ പറയാം. സാറ്റലൈറ്റ് നിരക്ക് 30 ശതമാനം കുറയ്‍ക്കണം എന്നാവശ്യപ്പെടുന്നതു വഴി ആ മാര്‍ജിന്‍ തിരിച്ചു ചോദിക്കുകയാണ് ചാനലുകള്‍.

പശുവിനെ വളര്‍ത്തുന്നത്രയും സങ്കീര്‍ണമല്ല എങ്കിലും പ്രതിസന്ധി പ്രതിസന്ധി തന്നെയാണ്. ചാനലുകളുടെ ആവശ്യം അംഗീകരിച്ചാല്‍ അമ്മയുമായുള്ള കരാറിലൂടെ നിര്‍മാതാക്കള്‍ നേടിയ ആനുകൂല്യം നഷ്ടമാകും. കണക്കിലെ കളിയെല്ലാം കഴിയുമ്പോള്‍ സിനിമ പിന്നെയും പഴയപോലെ ചലനമറ്റു കിടക്കും എന്നു ചുരുക്കം.

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

സൂപ്പര്‍ സ്റ്റാറാവാനുള്ള യോഗ്യതകളില്‍ ഫാന്‍സ് ആസോസിയേഷനും കാരവാനും മാത്രം മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നു കൂടിയുണ്ട്: ഫാന്‍സി നമ്പര്‍ ! ലേറ്റസ്റ്റ് ഡവലപ്മെന്‍റ്സ് വച്ചു നോക്കുമ്പോള്‍ നല്ല വില കൊടുത്ത് ഫാന്‍സി നമ്പര്‍ കൂടി വാങ്ങുമ്പോഴാണ് ഒരുത്തന്‍ സൂപ്പര്‍ സ്റ്റാറായി ഉയരുന്നത്. മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് 3.56 ലക്ഷം രൂപ മുടക്കി KL 7 BN 1 എന്ന നമ്പര്‍ ദേ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതാകട്ടെ വലിയ പുലിവാലുള്ള സംഭവവുമായിരുന്നത്രേ. ഇതത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാല്‍, വലിയ വലിയ മുതലാളിമാര്‍ ഐപിഎല്‍ ടീമും അരലോഡ് പെണ്ണുങ്ങളേം വാങ്ങുമ്പോള്‍ അത്രയ്ക്കൊന്നും എടുക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ മിനിമം ഒരു നമ്പരെങ്കിലും വാങ്ങേണ്ടേ ?

ഈ നമ്പറിനോട് ഇഷ്ടം കൂടിയ 11 പേരാണു പൃഥ്വിരാജിനൊപ്പം അപേക്ഷ നല്‍കിയിരുന്നത്. നാലു പേര്‍ ലേലത്തിനെത്തിയില്ലത്രേ. ലേലത്തില്‍ പൃഥ്വിരാജിനു വേണ്ടി ഹാജരായ ബന്ധുവും എതിരാളികളും വാശിയോടെ പങ്കെടുത്തു. പ്രമുഖ വിദേശ മലയാളിയായിരുന്നു പൃഥ്വിരാജിന്റെ മുഖ്യ എതിരാളി. അദ്ദേഹത്തിനു വേണ്ടി ഹാജരായ വ്യക്തി 3.55 ലക്ഷം രൂപ വരെ വിളിച്ചുവത്രേ. ഒരു ലക്ഷം രൂപ കൂടി എടുക്കാനുണ്ടായിരുന്നെങ്കില്‍ നമ്പര്‍ പുള്ളിക്കു കിട്ടിയേനെ. വിദേശമലയാളികളൊക്കെ കുറച്ചൂടെ സ്ട്രോങ് ആവണ്ടേ ?

മൂന്നു മാസം മുന്‍പ് ഇഷ്ട നമ്പറായ കെഎല്‍-7-ബിഎം 5555 ഭാര്യ സുചിത്രയുടെ പേരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത് 1.81 ലക്ഷം രൂപയ്ക്കാണ്. അതിനു മുന്‍പ് കെഎല്‍-7-ബിഎം-369, കെഎല്‍-7-ബിഎം 999 നമ്പറുകള്‍ക്കായി സൂപ്പര്‍ താരം മമ്മൂട്ടി രംഗത്തു വന്നിരുന്നു. 369-ാം നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ഫലം കണ്ടില്ല. 999-ാം നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയും ചെയ്തു. ഫീല്‍ഡ് ഔട്ടായിക്കൊണ്ടിരിക്കുന്ന താരങ്ങളെന്ന നിലയില്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ വിളിക്കാനുള്ള യോഗ്യതയേ അവര്‍ക്കുള്ളൂ. അപ്പോള്‍ കേരളത്തിലെ ഫാന്‍സി നമ്പരിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കി നമ്പരെടുത്ത ഭയങ്കരന്‍ പൃഥ്വി സ്റ്റാര്‍ ആണെന്നു കരുതരുത്. നമ്മുടെ വിഗ്-മുടി സംരംഭമായ ഗള്‍ഫ്ഗേറ്റിന്റെ മുതലാളി സക്കീര്‍ ഹുസ്സൈന്‍ വന്‍തുക മുടക്കിയിട്ടുണ്ട്. അതും 2005ല്‍. കാറിനെക്കാള്‍ കൂടിയ വിലയ്ക്കാണ് അന്ന് സക്കീര്‍ നമ്പര്‍ വാങ്ങിയത്. എന്ന നമ്പരിന് അന്ന് 4.10 ലക്ഷം രൂപയാണ് സക്കീര്‍ ചെലവഴിച്ചത്. എന്നാല്‍ റെക്കോര്‍ഡ് തുക ഏഴു ലക്ഷമാണ്.

KL 01 W 01 എന്ന നമ്പരാണ് കഴിഞ്ഞ വര്‍ഷം അവസാനം ഏഴു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ഇന്‍ഡ് റോയല്‍ ഫര്‍ണിച്ചര്‍ ഉടമ ജെ. സുഗതനാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്നുതന്നെ നടന്ന മറ്റൊരു നമ്പര്‍ ബിനീഷ് കോടിയേരിക്ക് പുല്ലുവിലയ്ക്ക് കിട്ടി. ലക്ഷങ്ങള്‍ മുടക്കി അത് ലേലത്തില്‍ വാങ്ങാന്‍ വന്നവരെ നേരത്തെ തന്നെ ഫോണില്‍ വിളിച്ചും വിരട്ടിയും ലേലത്തില്‍ നിന്നു പിന്മാറ്റിയിട്ട് 3200 രൂപയ്ക്ക് എല്ലാവരും കൂടി നമ്പര്‍ ബിനീഷ്മോന് ഒപ്പിച്ചു കൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്. അന്ന് മോഹന്‍ലാലും സുരേഷ്ഗോപിയും ഉള്‍പ്പെടെ 14 പേര്‍ ബിനീഷ്മോനു വേണ്ടി ആഗ്രഹം ഉപേക്ഷിച്ചുവത്രേ. മന്ത്രിയുടെ മോന് നമ്പര്‍ ചുമ്മാ കൊടുക്കാത്ത ഈ നാട് ഗതിപിടിക്കില്ല.

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലും ഇതു തന്നെ നടന്നു. KL 7 BF 369 എന്ന നമ്പര്‍ മമ്മൂട്ടിക്കു 300 രൂപയ്ക്കാണ് ലഭിച്ചത്. ഇതേ പരമ്പരയിലെ 50ാം നമ്പര്‍ ജയസൂര്യ ലേലത്തില്‍ പിടിച്ചത് 200 രൂപയ്ക്ക്. ഇരുവരും നേരത്തേ ഇഷ്ടനമ്പറിനുള്ള അപേക്ഷയോടൊപ്പം 2000 രൂപ അടച്ചിരുന്നു. ലേലത്തിന് എത്തിയപ്പോഴാണു താരങ്ങളുമായാണ് മല്‍സരമെന്ന് എതിരാളികള്‍ക്കു മനസ്സിലായത്. അതോടെ വാശിയേറിയ ലേലം ഒഴിവാകുകയായിരുന്നത്രേ.

പൃഥ്വിരാജ് കാശുമുടക്കി നമ്പര്‍ വാങ്ങി എന്നത് ഒരു നല്ല കാര്യമാണ്. സാധാരണയായി സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ഗാമര്‍ കണ്ട് സാധാരണക്കാരായ ലേലക്കാര്‍ ലേലത്തില്‍ നിന്നു പിന്മാറുകയോ വിട്ടുകൊടുക്കുകയോ ഒക്കെയാണത്രേ. ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ചില്ലറ ചുറ്റിക്കളികളും ഉണ്ടാവാറുണ്ടത്രേ. ഈ വര്‍ഷം ആദ്യം ഒരു താരത്തിന് ഫാന്‍സി നമ്പര്‍ അനുവദിച്ചതിനു ഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വരെ സ്വീകരിച്ചിരുന്നു.

തിരുവനന്തപുരത്താണ് അത്. മുന്‍പു ലക്ഷത്തിനു വിറ്റുപോയ തരത്തിലുള്ള ഫാന്‍സി നമ്പരാണ് 2500 രൂപയ്ക്കു താരത്തിന്റെ വാഹനത്തിന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയിലൂടെ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നമ്പര്‍ ലേലം പല തവണ മാറ്റിവച്ച ശേഷം മറ്റ് അപേക്ഷകരെ അറിയിക്കാതെ താരത്തിന് നമ്പര്‍ നല്‍കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്ന ദൂരദര്‍ശനിലെ പ്രോഗ്രാം അസിസ്റ്റന്റ് സജിദേവി ഇതിനെതിരെ രേഖാമൂലം പരാതി നല്‍കിയതോടെയാണു വര്‍ഷങ്ങളായി ആര്‍ടിഎ ഒാഫിസില്‍ അരങ്ങേറുന്ന തട്ടിപ്പിനെതിരെ നടപടിയുണ്ടായത്.

സൂപ്പര്‍ സ്റ്റാറാണെന്നു കരുതി അന്തസ്സ് ഉണ്ടാവണമെന്നു നിര്‍ബന്ധമില്ലല്ലോ. ടൂത്ത്പേസ്റ്റ് തൊട്ട് അണ്ടര്‍വെയര്‍ വരെ എല്ലാം നിര്‍മാതാവിന്റെ ചെലവില്‍ സാധിക്കുന്ന താരത്തിന് ഫാന്‍സി നമ്പരും ഓസില്‍ കിട്ടണമെന്ന് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. ഇതിനാണ് ആര്‍ടി ഓഫിസിന്റെ സഹായം. ഫാന്‍സി നമ്പരിനായി അപേക്ഷിച്ചവരെ കണ്ടെത്തി സോപ്പിട്ടും ഭീഷണിപ്പെടുത്തിയും ലേലത്തില്‍ നിന്നു പിന്‍വലിപ്പിക്കും. ഇതു നടന്നില്ലെങ്കില്‍ ലേലം പല വട്ടം മാറ്റിവയ്ക്കും. അറിയിപ്പ് നമ്പരിനായി അപേക്ഷിച്ചവര്‍ക്ക് യഥാസമയം നല്‍കാതെ മുക്കും.

സിനിമാതാരത്തിന് ഇഷ്ടനമ്പര്‍ കൊടുക്കാനായി അപേക്ഷകര്‍ക്കു നോട്ടീസ് അയയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാനായി പണം അടച്ചു ദിവസങ്ങള്‍ക്കു ശേഷം റജിസ്റ്റേഡ് കത്തായാണു ലേലവിവരം അറിയിക്കുന്നത്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരവും ഫോണ്‍ നമ്പരും ഇതിനു മുന്‍പേ ആര്‍ടിഎ ഒാഫിസിലുള്ളവര്‍ ചോര്‍ത്തി പ്രമാണിമാര്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.

ഇത്രയൊക്കെയായ നിലയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ നിങ്ങളിലാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. വാഹനത്തിന് ഇഷ്ടനമ്പര്‍ ബുക്ക് ചെയ്യുന്നതിനു വെള്ളക്കടലാസില്‍ ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം 2000 രൂപ അടയ്ക്കണം. ഒരേ നമ്പറിന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ആ നമ്പര്‍ ലേലത്തില്‍ വിളിക്കും. ലേലത്തുക അന്നുതന്നെ ഒാഫിസില്‍ അടയ്ക്കണം. ബുക്ക് ചെയ്ത ദിവസംമുതല്‍ മൂന്നുമാസത്തിനകം വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിനു കൊണ്ടുവന്നില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. തുക കണ്ടുകെട്ടുകയും ചെയ്യും.

മലയാള സിനിമ 2009 (റിവ്യൂ)

രണ്ടേ രണ്ടു സൂപ്പര്‍ ഹിറ്റുകള്‍ ഉള്‍പ്പെടെ തരക്കേടില്ലാതെ ഓടിയ പത്തു ചിത്രങ്ങളുടെ തിളക്കത്തില്‍ മലയാള സിനിമയ്ക്ക് 2009 പരുക്കില്ലാത്ത വര്‍ഷം. ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ക്ക് അവസരം ലഭിച്ച വര്‍ഷമെന്ന പ്രത്യേകതയും ഈ വര്‍ഷത്തിനുണ്ട്. പുതിയ പരീക്ഷണങ്ങളും കലാമൂല്യമുള്ള ചിത്രങ്ങളും പുതിയ ഒട്ടേറെ പ്രതിഭകളുടെ കടന്നുവരവും ഈ സിനിമാവര്‍ഷത്തെ അനുഗ്രഹീതമാക്കി എന്നു പറയാം. ക്രിസ്മസ് ചിത്രങ്ങള്‍ ഉള്‍പ്പെടെ ഈ വര്‍ഷം ആകെ റിലീസ് ചെയ്ത ചിത്രങ്ങള്‍ 70. 2008ല്‍ ആകെ പുറത്തിറങ്ങിയത് 61 സിനിമകളായിരുന്നു.

പഴശ്ശിരാജയും ടു ഹരിഹര്‍ നഗറും ആണ് 2009ലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍. ഗുലുമാല്‍, ഇവര്‍ വിവാഹിതരായാല്‍, ഭാഗ്യദേവത, പാസ്സഞ്ചര്‍, മകന്റെ അച്ഛന്‍, പുതിയ മുഖം, ഭ്രമരം, ഡ്യൂപ്ളിക്കേറ്റ് തുടങ്ങിയ സിനിമകള്‍ തരക്കേടില്ലാത്ത കലക്ഷന്‍ നേടി. രഞ്ജിത് ഒരുക്കിയ കേരള കഫെ മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഒരു പരീക്ഷണമായി. 2008ല്‍ ട്വന്റി 20 ആയിരുന്നു തിരമലയാളത്തിന്റെ പരീക്ഷണ ചിത്രം. വര്‍ഷാവസാനം പുറത്തിറങ്ങിയ പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും എംടി- ലാല്‍ ജോസ് ടീമിന്റെ റീമേക്കായ നീലത്താമരയും പഴശ്ശിരാജയും കമ്പോളസിനിമയുടെ അളവുകോലുകള്‍ക്കപ്പുറത്ത് നിലനില്‍ക്കുന്ന സിനിമയ്ക്ക് ഇനിയും പ്രേക്ഷകര്‍ നഷ്ടപ്പെട്ടിട്ടില്ല എന്നതിനുള്ള തെളിവായി.

ഇറങ്ങിയ സിനിമകളുടെ എണ്ണം കൂടിയിട്ടുണ്ടെങ്കിലും സാമ്പത്തികവിജയം നേടിയ ചിത്രങ്ങള്‍ ഈ വര്‍ഷവും കുറവു തന്നെ. എണ്‍പതു ശതമാനത്തിലേറെ ചിത്രങ്ങളും ബോക് ഓഫീസില്‍ കൂപ്പുകകുത്തി വീണു. കൊട്ടിഘോഷിച്ചിറക്കിയ സൂപ്പര്‍ താരചിത്രങ്ങള്‍ പലതും പ്രേക്ഷകര്‍ തള്ളിക്കളഞ്ഞു. സൂപ്പര്‍ താരങ്ങള്‍ക്കും മുന്‍നിര സംവിധായകര്‍ക്കും കനത്ത തിരിച്ചടി കിട്ടിയ വര്‍ഷമായിരുന്നു 2009. മമ്മൂട്ടിയുടെ പഴശ്ശിരാജ, മോഹന്‍ലാലിന്റെ ഭ്രമരം, ജയറാമിന്റെ ഭാഗ്യദേവത, ദിലീപിന്റെ പാസഞ്ചര്‍, പൃഥ്വിരാജിന്റെ പുതിയമുഖം ശ്രീനിവാസന്റെ മകന്റെ അച്ഛന്‍ എന്നിവയാണ് താരങ്ങള്‍ നിലനില്‍പുറപ്പിച്ച ചിത്രങ്ങള്‍.

ലവ് ഇന്‍ സിംഗപ്പൂര്‍, ഈ പട്ടണത്തില്‍ ഭൂതം, ഡാഡി കൂള്‍, ലൌഡ് സ്പീക്കര്‍ എന്നീ മമ്മൂട്ടി ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടിയില്ല. അഹമ്മദ് ഹാജി എന്ന കഥാപാത്രത്തിലൂടെ തന്റെ ശ്രദ്ധേയമായ കഥാപാത്രങ്ങളുടെ നിരയിലേക്ക് മറ്റൊന്നു കൂടി സമ്മാനിച്ച പാലേരി മാണിക്യവും ക്രിസ്മസ് റിലീസായ ചട്ടമ്പിനാടും തിയറ്ററില്‍ വിധി തേടുന്നതേയുള്ളൂ.

റെഡ് ചില്ലീസ്, സാഗര്‍ അലിയാസ് ജാക്കി റീലോഡഡ്, ഭഗവാന്‍, എയ്ഞ്ചല്‍ ജോണ്‍ തുടങ്ങിയ മോഹന്‍ലാല്‍ ചിത്രങ്ങളും ബോക്സ് ഓഫിസില്‍ വിജയം കണ്ടില്ല. ക്രിസ്മസ് റിലീസായ റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് ആണ് പ്രതീക്ഷയുണര്‍ത്തുന്ന ചിത്രം. ഹയ്ലെസ, ഐജി, ഭൂമിമലയാളം, ബ്ളാക് ഡാലിയ, കാഞ്ചീപുരത്തെ കല്യാണം, വൈരം തുടങ്ങി സുരേഷ്ഗോപിയുടെ 2009ല്‍ ഇറങ്ങിയ സിനിമകളെല്ലാം ബോക്സ് ഓഫിസില്‍ പരാജയപ്പെട്ടു.

കളേഴ്സ്, മോസ് ആന്‍ഡ് ക്യാറ്റ്, സ്വലേ തുടങ്ങിയ ദിലീപ് ചിത്രങ്ങളും ഉദ്ദശിച്ച വിജയം നേടിയില്ല. കറന്‍സി, ഡോക്ടര്‍ പേഷ്യന്റ്, ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് കുടുംബം, ഉത്തരാസ്വയംവരം, പത്താംനിലയിലെ തീവണ്ടി തുടങ്ങി തുടങ്ങിയ ജയസൂര്യ നായകനായ സിനിമകള്‍ക്കും ദുര്‍ഗതിയായിരുന്നു. 2008ല്‍ ശക്തമായ തിരിച്ചുവരവു നടത്തിയ ജയറാമിന് 2009ല്‍ പിടിച്ചുനില്‍ക്കാന്‍ വക നല്‍കിയത് സത്യന്‍ അന്തിക്കാടിന്റെ ഭാഗ്യദേവത മാത്രം.

സമസ്തകേരളം പിഒ, വിന്റര്‍, രഹസ്യ പോലീസ്, കാണാകണ്‍മണി, സീതാകല്യാണം, മൈ ബിഗ് ഫാദര്‍ തുടങ്ങിയ സിനിമകള്‍ നിരാശപ്പെടുത്തി. നമ്മള്‍ തമ്മില്‍, കലണ്ടര്‍, റോബിന്‍ഹുഡ് എന്നീ പൃഥ്വിരാജ് ചിത്രങ്ങളും സാമ്പത്തികവിജയം നേടിയില്ല. ആയിരത്തില്‍ ഒരുവന്‍, മലയാളി, കഥ പറയും തെരുവോരം, ബ്ളാക് സ്റ്റാലിയന്‍ തുടങ്ങിയ സിനിമകള്‍ കലാഭവന്‍ മണിയ്ക്കും നേട്ടമുണ്ടാക്കിയില്ല. പോയവര്‍ഷങ്ങളില്‍ പ്രതീക്ഷയുണര്‍ത്തിയ വിനു മോഹനും മണിക്കുട്ടനും 2009ല്‍ ചലനം സൃഷ്ടിക്കാനായില്ല. പുതുമുഖനടന്‍മാരും ശ്രദ്ധ നേടിയില്ല.

നീലത്താമരയിലൂടെ എത്തിയ അര്‍ച്ചന കവി, ഋതുവിലൂടെ രംഗപ്രേവശം ചെയ്ത റീമ കല്ലിങ്കല്‍, ഡാഡി കൂളില്‍ മമ്മൂട്ടിയുടെ നായികയായ റിച്ചാ പാലോട്, ഡ്യൂപ്ളിക്കേറ്റിലൂടെ എത്തിയ രൂപശ്രീ, പാലേരി മാണിക്യത്തിലൂടെ എത്തിയ ഗൌരി തുടങ്ങിയവര്‍ 2009ലെ പുതുമുഖങ്ങളായി. ലക്ഷ്മി റായ്, ഭാവന, റോമ തുടങ്ങിയവര്‍ നായികാറോളുകള്‍ ഭദ്രമാക്കി. അഭിനയം മതിയാക്കി മടങ്ങിയ ഗോപിക സ്വലേയിലൂടെ തിരിച്ചെത്തിയപ്പോള്‍ കാവ്യ മാധവന് ഒരു മടങ്ങിവരവ് ഇനിയും സാധ്യമായിട്ടില്ല. വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്കു സജീവമായി തിരിച്ചെത്തിയ സുഹാസിനിയാണ് 2009ലെ നായികാവിശേഷങ്ങളില്‍ മറ്റൊന്ന്.

ഒരുപക്ഷെ ഏറ്റവും അധികം പുതുമുഖ സംവിധായകര്‍ അരങ്ങേറ്റം നടത്തിയ വര്‍ഷമായിരിക്കും 2009. ഇരുപതോളം പുതുമുഖ സംവിധായകരാണ് കടന്നുപോകുന്ന വര്‍ഷം മലയാള സിനിമയില്‍ തുടക്കം കുറിച്ചത്. സോഹന്‍ലാല്‍ (ഓര്‍ക്കുക വല്ലപ്പോഴും), പ്രസാദ് വേളാച്ചേരി (പെരുമാള്‍), സ്വാതി ഭാസ്കര്‍ (കറന്‍സി), ബാബുരാജ് (ബ്ളാക് ഡാലിയ), പ്രശാന്ത് മമ്പിള്ളി (ഭഗവാന്‍), രഞ്ജിത് ശങ്കര്‍ (പാസഞ്ചര്‍), മഹേഷ് (കലണ്ടര്‍), സജി സുരേന്ദ്രന്‍ (ഇവര്‍ വിവാഹിതരായാല്‍), വിശ്വനാഥന്‍ (ഡോക്ടര്‍ പേഷ്യന്റ്), സി.എസ്.സുധീഷ് (മലയാളി), പ്രഭാകരന്‍ മുത്തന (ഫിഡില്‍), ബിനോയ് (അച്ഛനും അമ്മയും ചിരിക്കുമ്പോള്‍), മധു കൈതപ്രം (മധ്യവേനല്‍), അരുണ്‍ ഭാസ്കര്‍ (പറയാന്‍ മറന്നത്), ആഷിഖ് അബു (ഡാഡി കൂള്‍), ജയരാജ് വിജയ് (ശുദ്ധരില്‍ ശുദ്ധന്‍), ഷിബു പ്രഭാകര്‍ (ഡ്യൂപ്ളിക്കേറ്റ്), പി.സുകുമാര്‍ (സ്വലേ), രമാകാന്ത് സഞ്ജു (ഉത്തരാസ്വയംവരം), മഹേഷ് പി.ശ്രീനിവാസന്‍ (മൈ ബിഗ് ഫാദര്‍), ശങ്കര്‍ പണിക്കര്‍ (കേരളോല്‍സവം 2009) എന്നിവരാണ് ഈ പുതുമുഖ സംവിധായകര്‍.

സംവിധാന രംഗത്ത് പുതുമുഖങ്ങളാണെങ്കിലും ഇവരില്‍ ഒട്ടും പുതുമുഖങ്ങളല്ലാത്തവരാണ് ബാബുരാജ്, മഹേഷ്, പി.സുകുമാര്‍, ശങ്കര്‍ പണിക്കര്‍ എന്നിവര്‍. സിനിമയില്‍ വില്ലന്‍മാരായ ബാബുരാജും മഹേഷും പഴയ പ്രണയനായകന്‍ ശങ്കറും സംവിധായകരായപ്പോള്‍ മലയാളത്തിലെ ഏറ്റവും പ്രഗല്‍ഭനായ ഛായാഗ്രാഹകരില്‍ ഒരാളായ പി.സുകുമാറിനും തന്റെ കന്നിസംവിധായകസംരംഭത്തിന് അവസരം ലഭിച്ചു. സജി സുരേന്ദ്രന്റെ ഇവര്‍ വിവാഹിതരായാല്‍, രഞ്ജിത് ശങ്കറിന്റെ പാസഞ്ചര്‍ എന്നീ സിനിമകള്‍ മാത്രമാണ് ബോക്സ് ഓഫിസില്‍ പിടിച്ചു നിന്നത്.

ഹരിഹരന്റെ പഴശ്ശിരാജ ഒഴിച്ചാല്‍ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള മുന്‍നിര സംവിധായകര്‍ക്കൊന്നും 2009ല്‍ അദ്ഭുതം സൃഷ്ടിക്കാനായില്ല. റാഫി മെക്കാര്‍ട്ടിന്റെ ലവ് ഇന്‍ സിംഗപ്പൂരും ജോണി ആന്റണിയുടെ ഈ പട്ടണത്തില്‍ ഭൂതവും ബോക്സ് ഓഫിസില്‍ തകര്‍ന്നു വീണു. രഞ്ജിത്തിന്റെ കേരള കഫെയും പാലേരി മാണിക്യവും ശ്രദ്ധ നേടിയെങ്കിലും സൂപ്പര്‍ ഹിറ്റുകളായില്ല. ഷാജി കൈലാസിന്റെ റെഡ് ചില്ലീസ്, സിബി മലയിലിന്റെ ആയിരത്തില്‍ ഒരുവന്‍, വിജി തമ്പിയുടെ നമ്മള്‍ തമ്മില്‍, കെമിസ്ട്രി, വേണു നാഗവള്ളിയുടെ ഭാര്യ സ്വന്തം സുഹൃത്ത്, ഫാസിലിന്റെ മോസ് ആന്‍ഡ് ക്യാറ്റ്, രാജസേനന്റെ ഭാര്യ ഒന്ന് മക്കള്‍ മൂന്ന്, കെ. മധുവിന്റെ രഹസ്യ പോലീസ്, ജോഷിയുടെ റോബിന്‍ഹുഡ്, രാജീവ് കുമാറിന്റെ സീതാകല്യാണം, ലാല്‍ ജോസിന്റെ നീലത്താമര തുടങ്ങിയവയൊന്നും ലാഭം കൊയ്തില്ല. ഷാഫിയുടെ ചട്ടമ്പിനാട്, റോഷന്‍ ആന്‍ഡ്രൂസിന്റെ ഇവിടം സ്വര്‍ഗമാണ് എന്നിവ ക്രിസ്മസ് റിലീസുകളാണ്.

2009ല്‍ പുറത്തിറങ്ങിയ സിനിമകള്‍:

ഓര്‍ക്കുക വല്ലപ്പോഴും
ലവ് ഇന്‍ സിംഗപ്പൂര്‍
അച്ഛനും അമ്മയും ചിരിക്കുമ്പോള്‍
കളേഴ്സ്
മകന്റെ അച്ഛന്‍
റെഡ് ചില്ലീസ്
ആയിരത്തില്‍ ഒരുവന്‍
കഥ സംവിധാനം കുഞ്ചാക്കോ
ഹയ്ലെസ
ഭാര്യ സ്വന്തം സുഹൃത്ത്
പെരുമാള്‍
നമ്മള്‍ തമ്മില്‍
സമസ്ത കേരളം പിഒ
സാഗര്‍ അലിയാസ് ജാക്കി റീലോഡഡ്
ടു ഹരിഹര്‍ നഗര്‍
ബനാറസ്
ഐജി
മോസ് ആന്‍ഡ് ക്യാറ്റ്
ഭാഗ്യദേവത
ഭൂമിമലയാളം
കറന്‍സി
ബ്ളാക് ഡാലിയ
സൂഫി പറഞ്ഞ കഥ
ഭഗവാന്‍
കാഞ്ചീപുരത്തെ കല്യാണം
പാസഞ്ചര്‍
വെള്ളത്തൂവല്‍
കലണ്ടര്‍
ഇവര്‍ വിവാഹിതരായാല്‍
ഡോക്ടര്‍ പേഷ്യന്റ്
മലയാളി
ഫിഡില്‍
വിലാപങ്ങള്‍ക്കപ്പുറം
ഭ്രമരം
മധ്യവേനല്‍
ഈ പട്ടണത്തത്തില്‍ ഭൂതം
വിന്റര്‍
പുതിയ മുഖം
ഭാര്യ ഒന്ന് മക്കള്‍ മൂന്ന്
രഹസ്യ പോലീസ്
പറയാന്‍ മറന്നത്
ഋതു
കഥ പറയും തെരുവോരം
ഒരു പെണ്ണും രണ്ടാണും
ദലമര്‍മരങ്ങള്‍
ഡാഡി കൂള്‍
കാണാകണ്‍മണി
ഒരു ബ്ളാക് ആന്‍ഡ് വൈറ്റ് കുടുംബം
ശുദ്ധരില്‍ ശുദ്ധന്‍
ഡീസന്റ് പാര്‍ട്ടീസ്
ഡ്യൂപ്ളിക്കേറ്റ്
ലൌഡ് സ്പീക്കര്‍
വൈരം
റോബിന്‍ഹുഡ്
പഴശ്ശിരാജാ
സീതാകല്യാണം
എയ്ഞ്ചല്‍ ജോണ്‍
കേരള കഫെ
സ്വലേ
ഉത്തരാസ്വയംവരം
നീലത്താമര
പത്താം നിലയിലെ തീവണ്ടി
കെമിസ്ട്രി
കപ്പല് മുതലാളി
ഗുലുമാല്‍
മൈ ബിഗ് ഫാദര്‍
പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ
കേരളോല്‍സവം 2009
ബ്ളാക് സ്റ്റാലിയന്‍
ഇവിടം സ്വര്‍ഗമാണ് (ക്രിസ്മസ് റിലീസ്)
ചട്ടമ്പിനാട് (ക്രിസ്മസ് റിലീസ്)

റോബിന്‍ഹുഡ് (റിവ്യൂ)

ഏറെ നാളുകള്‍ക്കു ശേഷം പ്രതീക്ഷയോടെ ഒരു മലയാളം സിനിമ കാണാന്‍ തിയറ്ററിലേക്കു പോയതാണ്. പൃഥ്വിരാജ് നായകനാവുന്ന ജോഷി സംവിധാനം ചെയ്ത റോബിന്‍ഹുഡ്. കോഴിക്കോട് അപ്സര തിയറ്ററില്‍ നിന്ന് ആദ്യ ഷോ കണ്ടിറങ്ങുമ്പോള്‍ പൊതുവേ പ്രേക്ഷകര്‍ക്കും ഒരേ അഭിപ്രായമായിരുന്നു- ആവറേജ്.

‍മികച്ച ടീം, മികച്ച കാസ്റ്റിങ്, പിന്നെ ഏറെ നാളായുള്ള പ്രതീക്ഷ. ഇവയൊക്കെയാണ് റോബിന്‍ഹുഡ് റിലീസിന് തിയറ്ററുകളിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുന്നത്. പലര്‍ക്കും അറിയാവുന്നതുപോലെ ബുദ്ധിശാലിയായ ഒരു എടിഎം കൊള്ളക്കാരന്‍റെ കഥയാണ് റോബിന്‍ഹുഡ്. എടിഎമ്മില്‍ നിന്ന് തന്ത്രപരമായി ലക്ഷങ്ങള്‍ മോഷ്ടിക്കുന്ന വെങ്കി എന്ന കഥാപാത്രമായി പൃഥ്വിരാജ് സ്ക്രീനിലെത്തുന്നു. കേസ് അന്വേഷിക്കുന്ന പോലീസ് അസിസ്റ്റന്‍റ് കമ്മിഷണറായി ജയസൂര്യയും പ്രൈവറ്റ് ഡിക്ടറ്റീവായി നരേനും ഒപ്പമുണ്ട്.ബാങ്കിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററായി വേഷമിടുന്ന ഭാവനയാണ് നായിക.ബാങ്കിന്‍റെ ഉന്നത ഉദ്യോഗസ്ഥനായി ബിജു മേനോനും പണം നഷ്ടപ്പെടുന്നവരില്‍ ഒരാളായി സലിം കുമാറും സ്ക്രീനിലുണ്ട്. പൃഥ്വിരാജിന്‍റെ പിന്നാലെ വണ്‍വേ പ്രേമവുമായി ഒലിപ്പിച്ചു നടക്കുന്ന സ്ഥിരം കഥാപാത്രമായി പാവം സംവൃത സുനിലുമുണ്ട്.

[smartads]
ചോക്ലേറ്റ് എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച സച്ചി-സേതുവിന്‍റേതാണ് റോബിന്‍ഹുഡിന്‍റെ തിരക്കഥ. ജോഷി എന്ന സംവിധായകന്‍ തന്‍റെ അടവുകള്‍ എല്ലാം പയറ്റിയിട്ടുണ്ടെങ്കിലും വേണ്ടത്ര മുറുക്കമില്ലാത്ത തിരക്കഥ പുതുമയും വ്യത്യസ്തതയുമുള്ള ഒരു പ്രമേയം അതേ തീവ്രതയോടെ പ്രേക്ഷകരില്‍ പ്രതികരണങ്ങളുണ്ടാക്കുന്നതില്‍ വേണ്ടത്ര വിജയിച്ചില്ല. ഓപ്പറേഷന്‍റെ മികവും കള്ളന്‍റെ കൂര്‍മബുദ്ധിയും സീനുകളിലൂടെ സ്പഷ്ടമാക്കുന്നതില്‍ വേണ്ട മികവു പുലര്‍ത്തിയിട്ടില്ല എന്നു പറയാം. പൃഥ്വിരാജിന്‍റെ അപ്പിയറന്‍സിനും ജോഷിയുടെ അപൂര്‍വമായ ചില ഷോട്ടുകള്‍ക്കും ലഭിക്കുന്ന കയ്യടി കഥാഗതിയില്‍ ഒരൊറ്റ സീനില്‍ പോലും ലഭിക്കുന്നില്ല എന്നത് കഷ്ടമാണ്.

കൊച്ചി നഗരത്തിലാണ് കഥ നടക്കുന്നത്. നഗരത്തിലെ ഐബി ബാങ്കിന്‍റെ എടിഎമ്മില്‍ നിന്ന് നായകന്‍ എടിഎം കാര്‍ഡുപയോഗിച്ച് പണം എടുക്കുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്. എന്നാല്‍ പ്രേക്ഷകന്‍ സൂക്ഷ്മനിരീക്ഷണം നടത്തുമ്പോള്‍ മനസ്സിലാവും, നായകന്‍ എടിഎമ്മില്‍ ഉപയോഗിക്കുന്നത് എടിഎം കാര്‍ഡല്ല, മൊബൈല്‍ ഫോണ്‍ റീചാര്‍ജ് കൂപ്പണുകളാണ്. എന്നാല്‍, സിനിമയെ നിലനിര്‍ത്തുന്ന അത്തരം സുപ്രധാനമായ പല വിവരങ്ങളും വളരെ വൈകി ദുര്‍ബലമായ ചില സീനുകളിലൂടെ അവ്യക്തമായി പറഞ്ഞുപോകുന്നേയുള്ളൂ. ഫലത്തില്‍, നായകന്‍ എടിഎമ്മില്‍ നിന്ന് സാധാരണ പോലെ പണം എടുത്തുകൊണ്ടിരിക്കുന്നു-അത് വന്‍ മോഷണമാണെന്ന് പിറ്റേന്ന് പത്രങ്ങളില്‍ വരുന്നു.
RobinHood1 അന്വേഷണ ചുമതലയുളള അസിസ്റ്റന്‍റ് കമ്മിഷണര്‍ പുതുമയൊന്നുമില്ലാത്ത കഥാപാത്രമായി.ഐബി ബാങ്കിന്‍റെ എടിഎമ്മുകളില്‍ നിന്നു മാത്രമാണ് മോഷണം എന്നതിനാല്‍ ബാങ്ക് ഡയറക്ടര്‍ ക്ഷണിച്ചു വരുത്തുന്ന പ്രൈവറ്റ് ഡിക്ടറ്റീവാണ് നരേന്‍ അവതരിപ്പിക്കുന്ന ഫെലിക്സ്. ജെയിംസ് ബോണ്ടിന്‍റെ മല്ലു വേര്‍ഷന്‍ ആയതുകൊണ്ടാവാം വഴിയില്‍ കാണുന്ന പെണ്ണുങ്ങളെയൊക്കെ പഞ്ചാരയടിക്കുന്ന, വ്യക്തിത്വമില്ലാത്ത ഒരു കുറ്റാന്വേഷകനായാണ് ഫെലിക്സിന്‍റെ പ്രവേശം.

രാത്രിയില്‍ എടിഎം കൊള്ളയും പകല്‍ എന്‍ട്രന്‍സ് കോച്ചിങ് സെന്‍ററില്‍ ഫിസിക്സ് ക്ലാസ് അധ്യാപനുമായി ജീവിക്കുന്ന വെങ്കിയുമായി ഫെലിക്സും ബാങ്കിന്‍റെ സിസ്റ്റം അഡ്മിനിസ്ട്രേറ്ററുമായ രൂപയും (ഭാവന) പെട്ടെന്ന് സൗഹൃദത്തിലാവുന്നു. വെങ്കി മോഷണവും ഫെലിക്സ് അന്വേഷണവും തുടരുന്നു. ഇടയ്‍ക്കിടയ്‍ക്ക് ഓരോ കാരണം പറഞ്ഞ് ഓരോ ഗാനങ്ങള്‍. അന്വേഷണം പുരോഗമിക്കുമ്പോള്‍ കൊള്ളക്കാരന്‍ ഐബി ബാങ്ക് എടിഎമ്മുകള്‍ മാത്രം മോഷണത്തിനായി തിരഞ്ഞെടുക്കാന്‍ നീതികരിക്കാവുന്ന ഒരു കാരണമുമ്ടാവുമെന്ന് ഫെലിക്സ് കണ്ടെത്തുന്നു. സിദ്ധാര്‍ഥ് എന്ന വെങ്കിയെ കള്ളനാക്കിയതിനു പിന്നിലെ കാരണം.
[smartads]
robinhood_m ആദ്യ പകുതിയുടെ അവസാനം തന്നെ തങ്ങളുടെ സുഹൃത്ത് വെങ്കിയാണ് കുപ്രസിദ്ധ എടിഎം മോഷ്ടാവ് എന്നു തിരിച്ചറിയുന്ന ഫെലിക്സും രൂപയും ഒരുക്കുന്ന കെണികളിലൊന്നും പക്ഷെ വെങ്കി കുടുങ്ങുന്നില്ല. രണ്ടാം പകുതിയില്‍ ഇവര്‍ക്കിടയിലെ ബന്ധങ്ങള്‍ മാറി മറിയുകയും ആദ്യ പകുതിയിലേതില്‍ നിന്നും വ്യത്യസ്തമായ ഒരു പിരിമുറുക്കം സൃഷ്ടിക്കാനുള്ള ശ്രമത്തില്‍ സിനിമയുട ടെംപോ നഷ്ടമാവുകയും ചെയ്യുന്നുണ്ട്. ചുരുക്കത്തില്‍ ഓരോ സീക്വന്‍സും അപൂര്‍ണമാണെന്ന തോന്നല്‍ സിനിമയിലുടനീളം നിലനില്‍ക്കുന്നുണ്ട്. രണ്ടാം പകുതിയുടെ അവസാനം ബുദ്ധിപരമായ ഓപറേഷന്‍ വ്യക്തമായി അനാവരണം ചെയ്യാനായെങ്കിലും പ്രേക്ഷകരില്‍ ആവേശമുണര്‍ത്താനോ കയ്യടി വാങ്ങാനോ സാധിക്കാത്ത സീനുകളായിപ്പോയി പലതും. പ്രേക്ഷകനെ തൃപ്തിപ്പെടുത്താന്‍ വേണ്ട ചേരുവകളൊക്കെയുണ്ടെങ്കിലും കഥ പറഞ്ഞ് പ്രേക്ഷകനെ തൃപ്തനാക്കുന്നതിലും മികച്ച മുഹൂര്‍ത്തങ്ങളിലൂടെ കയ്യടികള്‍ സൃഷ്ടിക്കുന്നതിലും തിരക്കഥാകൃത്തുക്കള്‍ പൂര്‍ണമായ വിജയം നേടിയിട്ടില്ല എന്നു പറയേണ്ടി വരും.