ഇനിയും ഈ പാവത്തെ ക്രൂശിക്കരുതേ

അല്ലെങ്കിലും പണക്കാരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ പിന്നിലാണ്. എങ്ങനെയെങ്കിലും ആരെങ്കിലും കുറച്ചു പണമുണ്ടാക്കി വരുമ്പോള്‍ അവര്‍ കട്ടതിന്റെയും മോഷ്ടിച്ചതിന്റെയും കൊള്ളയടിച്ചതിന്റെയും കണക്കുകള്‍ പറഞ്ഞ് അവരെയും അവരുടെ കുടുംബക്കാരെയും വേദനിപ്പിക്കുന്ന നിന്ദ്യവും നികൃഷ്ടവുമായ ജനാധിപത്യ ദുരുപയോഗം ഈ രാജ്യത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയെ രക്ഷിക്കാന്‍ ഇറ്റലിയില്‍ നിന്നും വന്ന വിശുദ്ധജന്മമാണ് സോണിയാ ഗാന്ധി എന്നും അവരുടെ മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ രാജ്യം ഗുണം പിടിക്കുകയുള്ളൂ എന്നും നമുക്കൊക്കെ അറിയാവുന്നതാണ്. നെഹ്‌റു കുടുംബത്തിന്റെ ഭരണത്തിന്‍ കീഴില്‍ അത്യധികം സന്തോഷിക്കുകയും അവരുടെ കാല്‍ക്കീഴിലമര്‍ന്നു ജീവിക്കുന്നതിന്റെ ആനന്ദം അനുഭവിക്കുന്നതിനും പകരം അവരുടെ കൊള്ളരുതായ്കകള്‍ വിളിച്ചു പറഞ്ഞും അവരില്‍ നിന്നും മോചനം ആഗ്രഹിച്ചും നമ്മള്‍ നമ്മളെത്തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മളെ ഭരിക്കാനും രാജ്യത്തിന്റെ വിഭവങ്ങള്‍ യഥേഷ്ടം വിനിമയം ചെയ്യാനുമുള്ള അവകാശം സോണിയാ ഗാന്ധിയുടെയും മക്കളുടെയും കൈകളില്‍ ഏല്‍പിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധമാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് ഈ രാജ്യത്തിന് സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അവരുടെ ജീവിതം ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞു വച്ചിട്ടുള്ളതാണ്. ഇനി ഈ രാജ്യം ഇതുപോലെ മുന്നോട്ടു പോകണമെങ്കില്‍, വിവിധ രംഗങ്ങളില്‍ വികസനം ഉണ്ടാവണമെങ്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് രാജ്യം ഭരിക്കണം എന്ന കാര്യത്തിലും ഒരു സംശയവുമില്ല. അങ്ങനെ പുതിയ ഭരണം വരുമ്പോള്‍, രാഹുല്‍ നാടു ഭരിക്കുമ്പോള്‍ അളിയനായ റോബര്‍ട്ട് വദ്രയോട് ജനങ്ങള്‍ക്കു വേണ്ടത്ര ബഹുമാനം ഇല്ലാതായാല്‍ എന്തു സംഭവിക്കും ?

എനിക്കറിയാവുന്ന മിക്കവാറും ആളുകളും (രാഷ്ട്രീയവ്യത്യാസമില്ലാതെ) റോബര്‍ട്ട് വദ്രയെ കാണുന്നത് വലിയ പിടിപാടുള്ള ഒരു കൊള്ളക്കാരനെന്ന നിലയ്ക്കാണ്. അയാള്‍ കൊള്ളക്കാരനാണെന്നും ഭൂമി തട്ടിപ്പുകാരനാണെന്നും അയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ജയിലില്‍ അടയ്ക്കണമെന്നുമൊക്കെ വിവിധ കാലഘട്ടങ്ങളിലായി പലരും ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ അയാളെ ജയിലിലടയ്ക്കുമെന്നു പറഞ്ഞ് മോദി ജനങ്ങളെ കൊതിപ്പിക്കുന്നുമുണ്ട്. എന്നാല്‍, വിഡ്ഢികളായ ജനങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തികശാസ്ത്രരംഗത്ത് വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തുന്ന, ലോകത്തിനു മുന്നില്‍ നൂതനമായ വികസനമാതൃകകള്‍ അവതരിപ്പിക്കുന്ന ദിവ്യപുരുഷനാണ് റോബര്‍ട്ട് വദ്ര എന്നാണ് കോണ്‍ഗ്രസിലെ ബോണ്‍ലെസ് കോഴികള്‍ പറയുന്നത് (ഡെവലപ്‌മെന്റ് ഇക്കണോമിക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു പ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റെ പേരിലുള്ളതാണെന്നു കൂടി പറയാമായിരുന്നു).

ഈ സാഹചര്യത്തിലാണ് തന്റെ ഭര്‍ത്താവും മമ്മിയും ചേട്ടായിയുമെല്ലാം ഭയങ്കര സംഭവമാണെന്നു പരസ്യമായി പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി രംഗത്തു വന്നിരിക്കുന്നത്. ചേച്ചിയുടെ വെളിപ്പെടുത്തലിന്റെ രത്‌നച്ചുരുക്കം ഇതാണ്- റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ചേച്ചിയെ വേദനിപ്പിച്ചു. എന്നാല്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളില്‍ നിന്നും പിന്തിരിയില്ല. ഇത്തരം വിഷയങ്ങളില്‍ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ദിരാ ഗാന്ധി തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.(ഇന്ദിരാ ഗാന്ധി മരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 12 വയസ്സ്). എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഫാമിലി ശക്തമായി തിരിച്ചു വരും.

വദ്ര കൊള്ളക്കാരനാണെന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ച് പ്രിയങ്കയുടേത് ഒരു ഭീഷണിയാണ്. എന്നാല്‍, കോണ്‍ഗ്രസുകാര്‍ക്ക് നെഹ്‌റു ഫാമിലിയില്‍ നിന്നുള്ള മറ്റെല്ലാ മാലിന്യങ്ങളുമെന്ന പോലെ ഇതും അമൃതേത്തിനുള്ള വകയാണ്. പ്രിയങ്കയുടെ തിരുവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെക്കൊണ്ട് വദ്രയെ ബഹുമാനിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് സജീവമായി രംഗത്തിറങ്ങുകയാണത്രേ. ഗാന്ധി കുടുംബത്തിനു നേരെയുള്ള പ്രതികാരബുദ്ധിയോടെയുള്ള ആക്രമണം ആണേ്രത വദ്രയെ കുറ്റപ്പെടുത്തുന്നത് (നെഹ്‌റു കുടുംബം എങ്ങനെ ‘ഗാന്ധി കുടുംബ’മായി, ഇവറ്റകളുടെ പേരിനൊടൊപ്പം എങ്ങനെ ഗാന്ധി എന്ന വാലു വന്നു തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങള്‍ ആരും ചോദിക്കരുത്). റോബര്‍ട്ട് വദ്രയുടെ അഴിമതികളെപ്പറ്റി അന്വേഷിക്കണം എന്നു പറയുന്നത് മഹാത്മാഗാന്ധിക്കെതിരെയുള്ള ആക്രമണമായും രാജ്യദ്രോഹമായും മാറിയേക്കാവുന്ന നാളുകളാണ് വരാനിരിക്കുന്നത് എന്നു കരുതാം.

ഭര്‍ത്താവ് എത്ര വൃത്തികെട്ടവനാണെങ്കിലും അതിയാന്‍ ഒരു സംഭവമാണ് എന്നു പരസ്യമായി പറയുന്നതാണ് ഇന്ത്യയിലെ പെണ്ണുങ്ങളുടെ ഒരു രീതി. അമ്മ ഇറ്റലിക്കാരിയാണെങ്കിലും ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന് റോബര്‍ട്ട് വദ്രയെ പുകഴ്ത്തുന്ന പ്രിയങ്ക തെറ്റുകാരിയല്ല. ഭര്‍ത്താവ് ഒരു സംഭവമാണെന്നാണ് പണ്ടു വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും പറഞ്ഞിട്ടുള്ളത്. മോദിയെ എതിര്‍ക്കുന്നവരെ പാകിസ്ഥാനിലേക്ക് അയക്കും എന്നു പറഞ്ഞതുപോലെ വദ്ര മുതലാളിയെ എതിര്‍ക്കുന്നവരെ എല്ലാം ഇറ്റലിയിലേക്ക് അയക്കുമെന്നോ മറ്റോ ഒരു ഓഫര്‍ മുന്നോട്ടു വച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലും ഫലമുണ്ടായേക്കും. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലോട്ടു കെട്ടിയെടുത്തിട്ടുള്ളവരൊക്കെ (ഇറ്റാലിയന്‍ നാവികരും മറ്റും) എട്ടിന്റെ പണിയേ തന്നിട്ടുള്ളൂ. ഇവിടെ നിന്നു കുറച്ചു പേര്‍ അങ്ങോട്ടു പോയി തിരിച്ചൊരു പണി കൊടുത്താല്‍ അത്രയുമായി.

മഹാത്മാ ഗന്ധി കീ ജയ് ! (മൂപ്പര് ‘ഗാന്ധി കുടുംബ’ത്തില്‍ അംഗമല്ല)

കേരളത്തെ നടുക്കിയ ക്രൂരത !!

എന്റെ നടുക്കം ഇപ്പോഴും വിട്ടു മാറിയിട്ടില്ല. ഇത്തരത്തിലൊരു കാടത്തം കേരളചരിത്രത്തില്‍ ഇതിനു മുന്‍പ് സംഭവിച്ചിട്ടില്ല എന്നത് നടുക്കത്തിന്റെ പ്രകമ്പനം കൂട്ടുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരള പൊലീസും കൂടി അശരണരും അവശരും നിരാലംബരുമായ ഒരു കൂട്ടം യുവാക്കളോട് ചെയ്യുന്നത് കാലം മറക്കാത്ത അനീതിയാണ്. മുകളിലൊരാളുണ്ടെങ്കില്‍ (പ്രത്യയശാസ്ത്രപരമായി അങ്ങനെ ഒരുത്തനുമില്ല) പാവപ്പെട്ട ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ പിടിച്ചിട്ട് പീഡിപ്പിക്കുന്ന ഉമ്മന്‍ ചാണ്ടിയും ജയില്‍ മേധാവിയും അമേരിക്കയും പിന്നെ ദേശാഭിമാനിയും പീപ്പിളും ഒഴികെയുള്ള മാധ്യമങ്ങളും അനുഭവിക്കും.

ടിപി ചന്ദ്രശേഖരന്‍ ഒരു മിത്താണ്. അങ്ങനെയൊരാള്‍ ജീവിച്ചിരുന്നോ ഇല്ലയോ എന്നതിനു പോലും വ്യക്തമായ തെളിവില്ലെന്നിരിക്കെ അയാളെ കൊന്നു എന്നു കള്ളക്കേസുണ്ടാക്കി നിഷ്‌കളങ്കരും നിരാലംബരുമായ ഒരു സംഘം കര്‍മോല്‍സുകരായ ചെറുപ്പക്കാരെ പിടികൂടി കോടതിനടപടികളിലൂടെ ബുദ്ധിമുട്ടിച്ച് ഒടുവില്‍ ജയിലടച്ച് പീഡിപ്പിക്കുന്നത് ചുവന്ന രക്തം സിരകളിലോടുന്ന ഒരാള്‍ക്കും സഹിക്കാനോ ക്ഷമിക്കാനോ കഴിയുന്നതല്ല. അനീതിയെന്നോ അക്രമമെന്നോ അല്ല, ഭീകരവും പൈശാചികവുമെന്നാണ് ഇതിനെ വിശേഷിപ്പിക്കേണ്ടത്.

ഇന്നല്ലെങ്കില്‍ നാളെ, അല്ലെങ്കില്‍ മറ്റന്നാള്‍ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ നിരപരാധികളും നിഷ്‌കളങ്കരുമാണെന്നു തെളിയിക്കപ്പെടുകയും ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നില്ല എന്നു ചരിത്രം സാക്ഷ്യപ്പെടുത്തുകയും ചെയ്യും. അന്ന് കെ.കെ.രമ എന്ന മാഫിയ നേതാവിനെ ഇന്നാട്ടിലെ ജനം തിരിച്ചറിയുകയും പാര്‍ട്ടിക്കു വേണ്ടി…. പാര്‍ട്ടിക്കു വേണ്ടിയല്ല… ഇന്നാട്ടിലെ ജനങ്ങള്‍ക്കു വേണ്ടി ജയില്‍ വരിച്ചു പീഡനങ്ങള്‍ സഹിക്കുന്ന സുനിയേട്ടനും മനോജേട്ടനും മറ്റും മഹാന്‍മാരെന്നു വിളിക്കപ്പെടുകയും ചെയ്യും.

ടിപി ചന്ദ്രശേഖരന്‍ എന്നൊരാള്‍ ജീവിച്ചിരുന്നു എന്നും അയാളെ ഇപ്പോള്‍ ജയിലിലടച്ചിരിക്കുന്ന ചെറുപ്പക്കാര്‍ കൊല ചെയ്തു എന്നും വിശ്വസിക്കുന്ന ഏതാനും ബൂര്‍ഷ്വകള്‍ ഇന്നും കേരളത്തിലുണ്ട് എന്നത് വേദനാജനകമാണ്. ഇവരില്‍ എത്ര പേര്‍ ടിപിയെ കണ്ടിട്ടുണ്ട് എന്നത് വളരെ പ്രസക്തമായ ചോദ്യമാണ്. നല്ലൊരു ശതമാനം ആളുകളും മനോരമയിലും മാതൃഭൂമിയിലും മംഗളത്തിലുമൊക്കെയാണ് ടിപിയെ പറ്റി വായിച്ചിട്ടുള്ളതും ടിപിയുടെ ചിത്രവും മറ്റും കണ്ടിട്ടുള്ളതും. മായാവി, ഡിങ്കന്‍, സൂത്രന്‍ തുടങ്ങിയവരെപ്പറ്റിയും ആളുകള്‍ ഈ പ്രസിദ്ധീകരണങ്ങളില്‍ വായിച്ചിട്ടുണ്ടല്ലോ. ടിപി ജീവിച്ചിരുന്നു എന്നു വിശ്വസിക്കുന്നവര്‍ മേല്‍പ്പറഞ്ഞ കഥാപാത്രങ്ങളും ജീവിച്ചിരുന്നു എന്നു വിശ്വസിക്കുമോ എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ടിപിയെ 51 വെട്ടിനു കൊന്നു എന്നൊക്കെയാണ് പലരും എഴുതിപ്പിടിപ്പിക്കുന്നത്. ടിപി ജീവിച്ചിരുന്നെങ്കില്‍, അദ്ദേഹത്തെ കൊന്നതാണെങ്കില്‍, കൊന്നത് വെറും 12 വെട്ടിനാണ് എന്നത് നിസ്സംശയം പറയാന്‍ സാധിക്കും. എണ്ണിയവനു പിഴച്ചാലും വെട്ടിയവന് പിഴയ്ക്കില്ല എന്നാണ് ശാസ്ത്രം.

നിരപരാധികളായ ചെറുപ്പക്കാരെ കള്ളക്കേസില്‍ കുടുക്കുകയും കള്ളസാക്ഷികളെയും വ്യാജതെളിവുകളും നിരത്തി നിന്ദ്യയും നികൃഷ്ടവുമായ ഗൂഢാലോചനയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജീവപര്യന്തം ജയിലിലടക്കുകയും ചെയ്തു എന്നത് ഇന്നാട്ടിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ലജ്ജിപ്പിക്കേണ്ടതാണ്. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരൊക്കെ പാര്‍ട്ടിയെ തകര്‍ക്കുന്നതിനു വേണ്ടി ഗൂഢാലോചന നടത്തുകയും അതിനു വേണ്ടി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം അഭിനയിക്കുകയും ചെയ്യുന്ന രമയുടെ പക്ഷത്താണ് എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

ചെറുപ്പക്കാരെ ജയിലിലടച്ചതിനു പുറമേ പാര്‍ട്ടി സ്വാധീനമുള്ള കണ്ണൂരിലെ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് അവരെ മാറ്റി എന്നതും മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. വിയ്യൂരില്‍ എത്ര സെല്ലുകളില്‍ സ്മാര്‍ട്‌ഫോണ്‍ സൗകര്യവും 3ജി ഇന്റര്‍നെറ്റ് കണക്ഷനും ഫോട്ടോഷൂട്ടിനുള്ള സൗകര്യങ്ങളുമുണ്ട് എന്നന്വേഷിച്ചാല്‍ മനസ്സിലാവും ഗൂഢാലോചനയുടെ ആഴം. ഇത്തരത്തിലുള്ള ഒരു സൗകര്യവുമില്ല എന്നു മാത്രവുമല്ല അവിടുത്തെ ജയിലധികൃതര്‍ക്ക് ഈ ചെറുപ്പക്കാരോട് പേടിയോ ബഹുമാനമോ ഇല്ല എന്നതും ഞെട്ടിക്കുന്നതാണ്. അധികൃതര്‍ ഇവരെ നോക്കി സല്യൂട്ട് ചെയ്യുന്ന തരത്തില്‍ പരിഷ്‌കൃതമായ ഒരു ജയിലിലേക്ക് അവരെ മാറ്റണം എന്ന വളരെ ന്യായമായ ആവശ്യം പോലും പരിഗണിക്കുന്നില്ല എന്നത് പ്രതിഷേധാര്‍ഹമാണ്.

കേരളത്തെ നടുക്കിയ ഈ പൊലീസ് ഭീകരതയ്‌ക്കെതിരെ ജനങ്ങള്‍ സടകുടഞ്ഞുണരണം എന്നാണ് ഈ അവസരത്തില്‍ എനിക്ക് ആവശ്യപ്പെടാനുള്ളത്. യേശുക്രിസ്തുവിനെ യൂദാസ് ഒറ്റിക്കൊടുക്കുകയും ക്രിസ്തു കുരിശിലേറുകയും ചെയ്തപ്പോള്‍ അക്കാലത്തെ പരിഷ്‌കൃതസമൂഹം നിശബ്ദത പാലിച്ചതുപോലെ ഈ ചെറുപ്പക്കാര്‍ അനുഭവിക്കുന്ന പീഡനങ്ങളോട് കേരളത്തിലെ പൊതുസമൂഹവും നിശബ്ദത പാലിക്കരുത്. ക്രിസ്തുവിനും ഗാന്ധിജിക്കും പിന്നെ സുനിയേട്ടനും മനോജേട്ടനും സിജിത്തേട്ടനുമൊക്കെ സംഭവിച്ചത് ഇനിയൊരാള്‍ക്കും സംഭവിക്കരുത്. ക്രിസ്തു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റതുപോലെ ഇന്നല്ലെങ്കില്‍ നാളെ ഈ ചെറുപ്പക്കാര്‍ പരോളിലിറങ്ങും എന്നത് ആരും മറക്കരുത്.

താത്വികമായ ഒരവലോകനം കൂടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ കേസില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ഒരു താത്വികാവലോകനമാണ് ഞാനിവിടെ ഉദ്ദശിക്കുന്നത്. ഒന്ന്, മാധ്യമസിന്‍ഡിക്കറ്റും ബൂര്‍ഷ്വ പൊലീസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര ജീവമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അമേരിക്കയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍, സത്യം മനസ്സിലാക്കിയ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ അനുദിനം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ടിപിയുടെ ഭാര്യ രമ ഇനിയെങ്കിലും പാര്‍ട്ടിയോടു മാപ്പു ചോദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഒന്ന്, ടി.പി.ചന്ദ്രശേഖനുമായി പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഒരു തരത്തിലുമുള്ള ശത്രുതയോ വിദ്വേഷമോ ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം മരിച്ചതിനു ശേഷം പാര്‍ട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിനു വേണ്ടി കുലംകുത്തികളും അമേരിക്കയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വകളും അവരുടെ പിണിയാളുകളായ ഇന്നാട്ടിലെ ചൂഷകരും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നു ഞാന്‍ അന്നേ സംശയിച്ചിരുന്നു.

മറ്റൊന്ന് ഇതുവരെ ഒരുറുമ്പിനെപ്പോലും നോവിക്കാതെ മുന്നോട്ടു പോവുന്ന പാര്‍ട്ടിയുടെ മേല്‍ അഹിംസയുടെ ചോരക്കറ പുരട്ടുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാരും പൊലീസും അമേരിക്കന്‍-ഇസ്രയേല്‍ പാശ്ചാത്യ അച്ചുതണ്ടും രാജ്യാന്തരതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്. അതില്‍ ഇന്നാട്ടിലെ ചില ആളുകള്‍ പങ്കു ചേര്‍ന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളെ യുക്തിബോധത്തോടെ നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാവുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗുണ്ടകളെ കോടതി കുറ്റക്കാരെന്നു വിധിച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തെപ്പറ്റി പാര്‍ട്ടി വിശദമായി പഠിച്ച ശേഷം ഒരഭിപ്രായം പറയും. എന്നാല്‍, കോടതിയുടെ നടപടി പിശകുകള്‍ മൂലം പാര്‍ട്ടിയോടനുഭാവമുള്ള ചിലരും നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയവരോടൊപ്പമുണ്ട്. അത് വേദനാജനകമാണ്. ഈ കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും നിഷ്‌കളങ്കരാണ്. പാര്‍ട്ടിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് നീതിബോധമുള്ള, സത്യസന്ധരായ ആളുകള്‍ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ വിജയമാണിത്.

പാര്‍ട്ടിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന പൊലീസുകാര്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അനേകം പേരെ കേസില്‍ പ്രതികളാക്കുകയും അനേകം പേരെ ഭീഷണിപ്പെടുത്തി സാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്. കള്ളസാക്ഷികളെ ഉണ്ടാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദിവസങ്ങളോളം ഗൂഢാലോചന നടത്തി എന്നാണ് കരുതേണ്ടത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ അവരെല്ലാം സത്യത്തെ മുറുകെപ്പിടിക്കുകയും പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും അനുകൂലമായി മൊഴി മാറ്റിപ്പറയുകയും ചെയ്തു. അങ്ങനെ കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ രക്തസാക്ഷികളായിരിക്കുകയാണ്. അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

നിഷ്‌കളങ്കനും നിരപരാധിയുമായ മോഹനന്‍ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കി ഇത്ര നാള്‍ തുറുങ്കിലടച്ച ക്രൂരതയോളം വരില്ല ടിപി ചന്ദ്രശേഖരന്‍ മരിച്ചത് എന്നാണ് ഇന്ന് അദ്ദേഹത്തെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞിരിക്കുന്നത്. കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കൊലപാതകക്കേസുകളില്‍ ആളുകളെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വിചാരണ ചെയ്യുന്നതും പ്രബുദ്ധസമൂഹത്തിനു ചേര്‍ന്നതല്ല എന്നാണ് എന്റെ അഭിപ്രായം. മരിച്ചവരാരും തിരിച്ചു വരികയില്ല. ജീവിച്ചിരിക്കുന്നവരെ തുറുങ്കിലടയ്ക്കുന്നത് ക്രൂരവും ഹൃദയശൂന്യവും സര്‍വ്വോപരി മനുഷ്യാവകാശലംഘനവുമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ജഞാനവചസ്സുകള്‍ !

വിശുദ്ധരായ ആളുകള്‍ എപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കും ചിന്തിക്കുന്നത്. സാധാരണക്കാരായ നമ്മളെപ്പോലുള്ളവരുടെ ചിന്തയും ബുദ്ധിയും വിവേചനബുദ്ധിയുമല്ല അവര്‍ക്ക്. പള്ളിയും പ്രാര്‍ഥനയും ശാലോം ടിവിയുമൊക്കെയായി കഴിയുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വളരെ നല്ല ഒരു മനുഷ്യനാണ്. ഐപിഎസ് ഓഫിസറെന്നു പറയുമ്പോള്‍ സുരേഷ് ഗോപിയെപ്പോലെ അക്രമത്തിനും അനീതിക്കുമെതിരേ ആവേശപൂര്‍വം പോരാടുന്ന ടൈപ്പാവണം എന്നൊന്നുമില്ല. അലക്‌സാണ്ടര്‍ ജേക്കബിനെപ്പോലെ വിശുദ്ധരുടെ ജീവിതം അരച്ചുകലക്കി കുടിച്ച് അവരുടെ വചനങ്ങള്‍ സംഗ്രഹിക്കുന്ന അദ്ദേഹം ഒരിക്കലും രണ്‍ജി പണിക്കറുടെ ഡയലോഗുകള്‍ പറയില്ല. ഇപ്പോള്‍ പോക്കണംകേട് എന്നു തോന്നുമെങ്കിലും നൂറോ ഇരുന്നൂറോ വര്‍ഷം കഴിയുമ്പോള്‍ ആളുകള്‍ നിര്‍വൃതിയോടെ സ്മരിക്കുന്നതായിട്ടുള്ളതായ വചനങ്ങളാണ് അദ്ദേഹം പറയുന്നത്.

പണ്ട് യേശുക്രിസ്തുവും ക്രിസ്തുവിന്റെ സാക്ഷികളായിത്തീര്‍ന്ന വിശുദ്ധരുമൊക്കെ അവരവരുടെ കാലത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ക്രൂശിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതുപോലെ തന്റെ ജയില്‍സംബന്ധിയായ വചസ്സുകളുടെ പേരില്‍ നല്ലവനായ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ക്രൂശിക്കപ്പെടന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലേക്കുള്ള പ്രവേശികയാണെന്നു വേണമെങ്കില്‍ പറയാം. ഒറ്റ ദിവസം കൊണ്ടാണ് അദ്ദേഹം ശാലോം ടിവിയില്‍ നിന്ന് ന്യൂസ് ചാനലുകളുടെ പ്രൈം ടൈമിലേക്ക് ഇടിച്ചു കയറിയത്. ഇനിയിപ്പോ ശാലോമിനു ഡേറ്റ് കിട്ടുന്ന കാര്യം കണ്ടറിയണം. പോരെങ്കില്‍ സഖാക്കളുടെ ഒരു ലൈന്‍ കണ്ടിട്ട് ടിപി കേസില്‍ അകത്തു കിടക്കുന്ന വിശുദ്ധരുടെ ജീവിതത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ വച്ച് കൈരളിയിലോ പീപ്പിളിലോ മറ്റോ ഒരു ഷോ ഉടനെ തുടങ്ങാനും സാധ്യതയുണ്ട്.

അലക്‌സാണ്ടര്‍ അദ്ദേഹം പറയുന്നതു പ്രകാരമാണെങ്കില്‍ ടിപി കേസില്‍ അകത്തു കിടക്കുന്നവര്‍ നിഷ്‌കളങ്കരും നിരപരാധികളുമൊക്കെയാണെന്നു നമുക്കു തോന്നും. നിസ്സഹായരും നിരാലംബരുമായ ഒരു സംഘം യുവാക്കളെ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങള്‍ ചതിവില്‍പ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും നിഷ്പക്ഷനായ ഒരാള്‍ക്കു മനസ്സിലാവുന്നത്. ഒന്ന്, ഫെയ്‌സ്ബുക്ക് വിവാദം ടിപി കേസിലെ പ്രതികളെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ആരെങ്കിലും ചെയ്തതാകാം. രണ്ട്, ടിപി കേസില്‍ രക്ഷപെട്ടാലും ഈ കേസിലെങ്കിലും അവര്‍ ആറു മാസം അകത്തു കിടക്കട്ടെ എന്നാരെങ്കിലും വിചാരിച്ചു കാണും. മൂന്ന്, പ്രതി മോഹനന്‍ ഹോട്ടലില്‍ വച്ചു ഭാര്യ ലതികയെ കണ്ടതില്‍ ഒരു തെറ്റുമില്ല. നാല്, ജയിലിനുള്ളില്‍ നിന്നുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല.

ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് അലക്‌സാണ്ടര്‍ ജേക്കബ് കൊടി സുനിയുടെയും മറ്റും വക്കീലിനെക്കാള്‍ പ്രഗല്‍ഭനും, ടിപി വധക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലാതിരുന്നിട്ടു കൂടി ആ കേസിലെ പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്ന സിപിഎം നേതാക്കളെക്കാള്‍ നിഷ്‌കളങ്കനും ആണെന്നാണ്. ഇതോടെ അലക്‌സാണ്ടര്‍ ജേക്കബ് പാര്‍ട്ടി നേതാക്കള്‍ക്കും വിശുദ്ധനായി. അദ്ദേഹത്തിന്റെ വചസ്സുകള്‍ സഖാക്കള്‍ക്കു പുതിയ ജ്ഞാനം പകര്‍ന്നു നല്‍കി. തീയില്‍ കുരുത്തവനും പത്തരമാറ്റുള്ളവനും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവനുമായ ആഭ്യന്തരമന്ത്രി പോലും ഏറുപടക്കം വിഴുങ്ങിയ അവസ്ഥയിലായിപ്പോയി. ഇത്ര നല്ലൊരു ജയില്‍ ഡിജിപി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നാണ് ചില നേതാക്കന്‍മാര്‍ പറയുന്നത്. എന്താ, ല്ലേ !

ഇനി ഡിജിപി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നോക്കാം. കൊലക്കേസില്‍ അകത്തു കിടക്കുന്ന പ്രതികളെ മൊബൈല്‍ ഫോണ്‍ കേസില്‍ കുടുക്കുക എന്നു പറയുമ്പോള്‍ കൊലക്കേസില്‍ അവരെ വെറുതെ വിടുമെന്നോ കൊലക്കേസിനു കിട്ടുന്നതിനെക്കാള്‍ ശിക്ഷ മൊബൈല്‍ ഫോണ്‍ വിളിച്ച കേസില്‍ കിട്ടുമെന്നോ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം. കേസില്‍ ഇതുവരെ നടന്ന വാദവും മറ്റും പാടെ മറന്ന് ഇത്തരം വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നതെന്നോ മറ്റോ ഒരു തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ട് എന്നു തോന്നുന്നു.

പിന്നെ, ഇതൊന്നും അദ്ദേഹം ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ പ്രകോപിപ്പിക്കണമെന്നോ എന്തെങ്കിലും വിവാദമുണ്ടാക്കണമെന്നോ കരുതി പറയുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ലിന്റെ ലൈനിലാണ് കാര്യങ്ങള്‍. ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനും ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ആരെയും പ്രകോപിപ്പിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത് എന്നൂഹിക്കാവുന്നതേയുള്ളൂ. കാരണം, അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഈ വിവാദങ്ങളുടെ ഉത്തരവാദിത്വം പ്രതികള്‍ക്കോ ജയില്‍ ജീവനക്കാര്‍ക്കോ അല്ല തനിക്കാണ് എന്നു പറഞ്ഞ് ലോകത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കുരിശിലേറിയ യേശുക്രിസ്തുവിനെപ്പോലെ ജയിലിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഒരു വിര്‍ച്വല്‍ കുരിശായി അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടോ ? ഇതൊന്നും ഏറ്റെടുക്കാനാരുമില്ലാത്തതതല്ല, പരിഹരിക്കാന്‍ ആര്‍ക്കും കഴിയാത്തതാണ് പ്രശ്‌നം. താന്‍ വേണമെങ്കില്‍ ഡിജിപി സ്ഥാനം ഒഴിയാനും തയ്യാറാണ് എന്നു പറയുന്നതിലൂടെ അദ്ദേഹത്തിന്റെ മുകളില്‍ പറഞ്ഞ തരത്തിലുള്ള വിശുദ്ധിയാണ് വെളിവാകുന്നത്. ഇദ്ദേഹത്തിനു പകരം ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയാക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപി ആക്കുന്നതില്‍ തെറ്റില്ല, ഇദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആക്കരുതേ എന്നപേക്ഷിക്കുന്നു.

പ്രിസണര്‍ ഓണ്‍ലൈന്‍

ഹലോ..

ഹലോ.. ആരാ ?

ഇത് ഞാനാടീ…

ഓ.. ഏട്ടനോ ? ഇതെവിടുന്നാ ഇപ്പോള്‍ ?

എവിടുന്നാന്നോ ? ഞാന്‍ ജയിലിലല്ലേ ? പത്രത്തിലും ടിവീലുമൊക്കെ കാണാറില്ലേ ?

ശരിയാണല്ലോ… സോളാര്‍ കേസു വന്നതോടെ എല്ലാരും ഈ കേസൊക്കെ അങ്ങു മറന്നു..

ആ മറക്കും മറക്കും… സരിത വന്നപ്പോ… അവള്‍ടെ പൂങ്കണ്ണീരു കണ്ടപ്പോ.. ഞങ്ങളെയെല്ലാം അങ്ങു മറന്നു… ഞങ്ങളൊന്നു പുറത്തേക്കിറങ്ങിക്കോട്ടെ… എല്ലാവരേം എല്ലാം ഓര്‍മിപ്പിക്കുന്നുണ്ട്…

നിങ്ങളിനി പുറത്തിറങ്ങുവോ ഏട്ടാ ? … കൊലക്കേസല്ലേ ?

ഹഹഹഹഹഹ…. നിന്നെക്കൊണ്ട് ഞാന്‍ തോറ്റു… പുറത്തിറങ്ങണോന്ന് എനിക്കും വല്യ ആഗ്രഹമൊന്നുമില്ല…

ജീവിതമൊക്കെ എങ്ങനെ ?

ഇവിടെ സുഗവല്ലേ… ഒന്നുകില്‍ മന്ത്രിയാകണം… അല്ലെങ്കില്‍ ആരെയെങ്കിലും തട്ടീട്ട് ഇവിടെ വന്നു കിടക്കണം…

മന്ത്രിമാര്‍ക്കൊക്കെ കഷ്ടപ്പാടാ ഏട്ടാ… അവിടെയായിരിക്കും ഭേദം.. അകത്തു കിടക്കുന്ന നിങ്ങളൊക്കെ ചെയ്യുന്ന പോക്രിത്തരത്തിനു നാട്ടുകാര്‍ മന്ത്രിയുടെ നെഞ്ചത്തോട്ടല്ലേ കയറുന്നത്…

ഡീ, ഡീ.. വേണ്ടാ…

അല്ല ഏട്ടനെന്താ ഇപ്പോ വിളിച്ചത് ?

അല്ല നീ ഫെയ്‌സ്ബുക്കിലൊന്നും ഇല്ലേ ?

ഉണ്ടല്ലോ ഏട്ടാ… എന്തേ ?

മിനിയാന്നു രാത്രി ഞാന്‍ നിന്നെയൊന്നു പോക്ക് ചെയ്തിട്ട് അനക്കമൊന്നുമില്ലല്ലോ…

പോക്കൊന്നും ഞാന്‍ നോക്കാറില്ല ഏട്ടാ.. ഇപ്പോഴത്തെ കാലമല്ലേ… ഒരു ദിവസം തന്നെ എത്ര അവന്‍മാരാ പോക്കു ചെയ്യുന്നേ… അതൊക്കെ നോക്കാന്‍ പോയാല്‍ പോക്കുന്നവന്റെയൊക്കെ ജീവിതം തെഹല്‍ക്കയാകും… ഞാന്‍ ലൈക്കുമാത്രേ നോക്കാറുള്ളൂ…

നിനക്കെന്റെ പുതിയ പടത്തിനൊരു ലൈക്ക് കൊടുത്താലെന്താരുന്നു ?

ഞാന്‍ കണ്ടില്ലല്ലോ ഏട്ടാ… ഏട്ടന്റെ ഏതു പടം ?

ഡീ, ജയിലിന്റെ ഭിത്തിയേല്‍ ചാരി മമ്മൂട്ടീനെപ്പോലെ കൂളിങ് ഗ്ലാസൊക്കെ വച്ചു നിക്കുന്ന ആ പടമില്ലേ… നീ മാത്രേയുള്ളൂ ഇനി ലൈക്ക് ചെയ്യാന്‍… ഫെയ്‌സ്ബുക്കിലത് വൈറസായലെന്നാ ഫാന്‍സ് പറയുന്നത്…

വൈറസല്ല ഏട്ടാ… വൈറല്‍…. അല്ല, ഏട്ടാ.. എട്ടനു ഫാന്‍സ് ഒക്കെയുണ്ടോ ?

കൊള്ളാം…. ഉണ്ടോന്നോ… മമ്മൂട്ടീം മോഹന്‍ലാലും കഴിഞ്ഞാ പിന്നെ ഞാനാ… അടുത്ത തവണ പരോളിനു വരുമ്പഴേക്കും 10 ലക്ഷം ഫാന്‍സ് ആകുമെന്നാ എന്റെ കണക്കു കൂട്ടല്‍… ഡീ, നീയൊന്നു ഹോള്‍ഡ് ചെയ്‌തേ… ഡാ പട്ടീ, ഇങ്ങു വന്നേ… നിനക്കെന്താടാ ഇതിനു മുന്നിലൂടെ പോകുമ്പോ നെഞ്ചിനൊരു വിരിവ്… ങും ?? യൂണിഫോം അഴിക്കെടാ… പാന്റ് അഴിക്കെടാ… മുട്ടില്‍ നിരങ്ങിപ്പോടാ…ങും…

ഹലോ ??

ഹ.. നീ പറയെടീ…

എന്താ ഏട്ടാ അവിടെ ?

അതിവിടെ പതിവൊള്ളതാ… ജയില്‍ വാര്‍ഡന്‍ ഇതുവഴി പോയപ്പോ ഞാനൊന്നു വിരട്ടി വിട്ടതാ… വിരട്ടി നിര്‍ത്തിയില്ലെങ്കില്‍ ഇവന്‍മാരൊക്കെ തലയില്‍ കയറുമെന്നേ…

ശ്ശൊ ! ഏട്ടന്റെ ഒരു കാര്യം…

അപ്പോ… നീയെന്താ എന്റെ പടം ലൈക്ക് ചെയ്യാത്തേ ?

ഞാനാരേം ലൈക്ക് ചെയ്യാറില്ല ഏട്ടാ… ഏട്ടന്‍ വേണേല്‍ എന്നെ ലൈക്ക് ചെയ്‌തോ…

ഡീ പുന്നാരമോളേ… നീയാരോടാ സംസാരിക്കുന്നതെന്നറിയാമോ ?

സോറി ഏട്ടാ… ഏട്ടന് ഞാന്‍ ഒന്നല്ല… 51 ലൈക്ക് തരും…

ങ്ഹും… നിന്നെ ഞാന്‍ പൊക്കും…

ഏട്ടന്‍ എന്തോന്നാ പറഞ്ഞേ ? ഏട്ടാ.. കൊലക്കേസ് പോലെയല്ല പെണ്ണുകേസ്… ജീവിതം തെഹല്‍ക്കയാകും..

ഹൊ… ഞാന്‍ പോക്കുമെന്നാ പറഞ്ഞത്.. ഫെയ്‌സ്ബുക്കില്‍ പോക്ക് ചെയ്യുമെന്ന്…

ഉവ്വ ഉവ്വ…

ഡീ ഒന്നു ഹോള്‍ഡ് ചെയ്‌തേ… ഡോ ഇങ്ങു വന്നേ… അങ്ങേ മൂലയ്ക്ക് റേഞ്ച് കുറവാണല്ലോ… ഞാനവിടെ കിടന്നോണ്ടൊക്കെ ഫോണ്‍ വിളിക്കുന്നതാ… എനിക്കു ഫുള്‍ റേഞ്ച് കിട്ടിയില്ലെങ്കില്‍ താന്‍ വിവരമറിയും… എന്തോന്ന് ?? ബിഎസ്എന്‍എല്ലും ടവറുമൊന്നും എനിക്കറിയണ്ട… 48 മണിക്കൂറിനകം എനിക്കാ മൂലയില്‍ ഫുള്‍ റേഞ്ച് കിട്ടിയിരിക്കണം… ബിഎസ്എന്‍എല്‍ മാനേജരുടെ നമ്പരങ്ങു താടോ… ഞാന്‍ വിളിച്ചു പറയാം…ങും… പൊക്കോണം…

ഏട്ടാ.. ഞാന്‍ വയ്ക്കട്ടെ ?

നിക്കെടീ…

പിന്നേം വാര്‍ഡനാരുന്നോ ?

അതെയതെ… ഇതു വേറൊരുത്തനാ.. പാവമാ..

എന്നാലും ഇങ്ങനെ പേടിപ്പിക്കുന്നതു ശരിയാണോ ?

പേടിപ്പിക്കുന്നല്ലെഡീ… അവറ്റകളൊക്കെ പേടിച്ചാ ജീവിക്കുന്നേ… സിംഹത്തെ കാണുമ്പോള്‍ മുയലുകള്‍ ഓടിയൊളിക്കുന്നത് സിംഹത്തിന്റെ കുറ്റമാണോ ? അതുപോലെയാണ് ഈ ജയിലിലും.. ഞങ്ങളെ കാണുന്നതേ ഇവന്‍മാരുടെ മുട്ട് കൂട്ടിയിടിക്കാന്‍ തുടങ്ങും…

ഏട്ടന്റെയൊരു കാര്യം…

ഞാനിവിടുന്നു വരുമ്പോ നിനക്കെന്താടീ കൊണ്ടു വരേണ്ടത് ?

അതിന് ഏട്ടന്‍ അവിടുന്നു വരുന്ന കാര്യമൊന്നും ഉറപ്പായില്ലല്ലോ….

ജഡ്ജിമാര്‍ക്കൊക്കെ ഞങ്ങളെ പേടിയാഡീ… വെറുതെ വിട്ടില്ലെങ്കില്‍ പണി കിട്ടൂന്ന് അവര്‍ക്കറിഞ്ഞൂടെ ? നിനക്കു ഞാനെന്താ കൊണ്ടു വരണ്ടേന്നു പറ…

ഏട്ടന്‍ ജയിലീന്നല്ലേ.. ഗള്‍ഫീന്നൊന്നുമല്ലല്ലോ വരുന്നേ ?

ഹഹഹ… നിനക്കിവിടുത്തെ സെറ്റപ്പിനെക്കുറിച്ചൊന്നും ഒരു പിടീമില്ല… ഗള്‍ഫില്‍ കിട്ടുന്ന സാധനങ്ങളൊക്കെ ഇവിടേം എനിക്കു സംഘടിപ്പിക്കാമെടീ… ഞാനിപ്പോ ഇവിടെ ഉപയോഗിക്കുന്നത്… ആപ്പിള്‍ ഐഫോണ്‍ 5എസും സാംസങ് ഗാലക്‌സി നോട്ട് ടുവും ആണ്.. ഇതൊക്കെ നിന്റെ ചുറ്റുവട്ടത്തുള്ള ഏതെങ്കിലും കോന്തന്‍മാരുടെ കയ്യിലൊണ്ടോ ?

ശ്ശൊ ! ഈ ഏട്ടന്‍…

ഡീ.. മിണ്ടല്ലേ.. ഹോള്‍ഡ് ചെയ്യ്….. വരണം, വരണം… എന്തൊക്കെയുണ്ട് ? അത് ചാര്‍ജായോ ? ഇതിനകത്തൊരു സ്വിച്ച് ബോര്‍ഡ് പിടിപ്പിക്കാന്‍ പറഞ്ഞിട്ട് നാളെത്രയായി സര്‍… ങും, ശരി ശരി..

അതാരാ.. ഏട്ടാ ? ഏട്ടന്‍ വളരെ മയത്തിലാണല്ലോ…

അത് ഐജിയാരുന്നു.. രാവിലെ എന്റെ ഗാലക്‌സി നോട്ടിന്‍െ ബാറ്ററി തീര്‍ന്നിട്ട് ചാര്‍ജ് ചെയ്യാന്‍ കൊടുത്തുവിട്ടത് തിരിച്ചു കൊണ്ടുവന്നു തരാന്‍ വന്നതാ…

ജയിലിലാണെങ്കിലും ഏട്ടനെപ്പോഴും ബിസിയാണല്ലോ….

ഹും… ശരിയാണെഡീ… നീയൊരു കാര്യം ചെയ്യ്്… വൈകിട്ട് ചാറ്റില്‍ വാ… നീ വാട്ട്‌സ്ആപ്പിലുണ്ടോ ?

ഇല്ല ഏട്ടാ…

വൈബര്‍ ? വി ചാറ്റ് ? ലൈന്‍ ?

ശ്ശൊ.. അതൊന്നുമില്ല ഏട്ടാ…

കഷ്ടം… നിങ്ങളൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്… എന്തായാലും വൈകിട്ട് ചാറ്റില്‍ വാ… എന്റെ പടങ്ങളൊക്കെയൊന്നു ലൈക്ക് ചെയ്‌തേക്കണം… വല്യ ഷെയറിങ്ങൊന്നും വേണ്ട.. ഇപ്പോഴത്തെ കാലമല്ലേ…

ശരി ഏട്ടാ…

എന്നാ നീ വച്ചോ, എനിക്ക് ചില പ്രധാനപ്പെട്ട കോളുകള്‍ വരാനുണ്ട്…

ശരി ഏട്ടാ…

ടേക് കെയര്‍…

കോഴിക്കോട് ജയിലിന് സോഷ്യല്‍ മീഡിയ അവാര്‍ഡ്

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജയില്‍ എന്ന പദവി നേടിയ കോഴിക്കോടിന് ജില്ലാ ജയിലിന് യുനെസ്‌കോയും ആംനെസ്റ്റിയും ചേര്‍ന്നു നല്‍കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോര്‍ ദി അപ്ബ്രിങ്ങിങ് ഓഫ് ദി ഡൗണ്‍ട്രൊഡ്ഡെന്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും തടവുപുള്ളികള്‍ക്ക് ജയിലിനുള്ളില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാതിരിക്കെ, സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയിലിനുള്ളില്‍ കൂളിങ് ഗ്ലാസും ബെര്‍മുഡയുമിട്ട് ഫോട്ടോഷൂട്ട് നടത്താനുമൊക്കെ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതുള്‍പ്പെടെയുള്ള മികവുകളാണ് കോഴിക്കോട് ജില്ലാ ജയിലിനെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വരുന്ന ചിങ്ങത്തില്‍ പോളണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകമെങ്ങുമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി വച്ച മഹത്തായ പ്രസ്ഥാനമാണ് ഫെയ്‌സ്ബുക്ക്. ടിപി ചന്ദ്രശേഖരന്‍ കേസിലെ ജീവിക്കുന്ന രക്തസാക്ഷികളായ സുനിയേട്ടനും മറ്റും കല്‍ത്തുറുങ്കില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിപ്രഭാവവും ലോകത്തോടു പങ്കുവച്ചത് ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയുടെയും സാമൂഹികപരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും നടന്ന സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സമൂഹത്തില്‍ നിന്നും സ്വതന്ത്രരായ ജനവിഭാഗങ്ങള്‍ മുന്‍കൈയെടുത്തതായിരുന്നെങ്കില്‍ ജയിലറയ്ക്കുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വിപ്ലവം ചരിത്രത്തിലാദ്യമാണെന്നും ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഫെയ്‌സ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ പ്രാദേശിക ഓഫിസ് കണ്ണൂരില്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

പണ്ട് കംപ്യൂട്ടര്‍ ഗോ ബാക്ക് വിളിച്ച ആളുകളുടെ അനുയായികള്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്നു വരെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിപ്ലവം എന്നു റഷ്യയില്‍ നിന്നു ടൂറിസ്റ്റ് വീസയിലെത്തിയ സാഷ ഫക്ക്യേനോവ് കൊച്ചിയില്‍ പറഞ്ഞു. ടിപി കേസിലെ രക്തസാക്ഷികള്‍ എന്ന നിലയില്‍ കൊടി സുനിയേട്ടനും മറ്റും ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണെന്നും ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും വൈകാതെ എത്തണമെന്നും അതാത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലസില്‍ വരികയാണെങ്കില്‍ ഹാങ് ഔട്ടിലൂടെ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറംലോകവുമായി നേരില്‍ കണ്ട് സംസാരിക്കാം. ആരാധകര്‍ക്കു ദര്‍ശനം നല്‍കാനും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ ഇത് സഹായകമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നില്‍ വരികയാണെങ്കില്‍ പുതിയ ക്വട്ടേഷന്‍ ഓഫറുകളും മറ്റും ലഭിക്കാന്‍ എളുപ്പമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇട്ടമാതിരിയുള്ള ആരെയും ഹഠാദാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണെങ്കില്‍ ഫെസ്ബുക്കിനെക്കാള്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണ്.

അതേ സമയം, ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കോഴിക്കോട് ജയിലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും ജയിലില്‍ ഫെയ്‌സ്ബുക്ക് വിപ്ലവത്തിനു നാന്ദി കുറിച്ച തടവുകാരായ രക്തസാക്ഷികളെ പൂജപ്പുര ജയിലിലേക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഊളമ്പാറയിലേക്കും സ്ഥലം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്നതും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതിനും തുല്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ വടിവാള്‍ വേലുക്കുട്ടി അഭിപ്രായപ്പെട്ടു. താലിബാന്‍കാരോടു പൊരുതി ജയിച്ച മലാലയ്ക്കു തുല്യരായി കുലംകുത്തിയായ ടിപി ചന്ദ്രശേഖരന്റെ ചതിവില്‍ പെട്ടു രക്തസാക്ഷികളായ സുനിയേട്ടനെയും മറ്റും കാണുകയും അവരെ ആദരിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളോടെ വിപ്ലവം പൂര്‍ണമായും വന്നു കഴിഞ്ഞതായി പഴയകാല വിപ്ലവനായകന്‍ കരിമ്പന കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ജയിലറ ഞങ്ങള്‍ക്കു മണിയറയാണ് എന്നായിരുന്നു പഴയ മുദ്രാവാക്യം. ഇന്ന് മണിയറയെക്കാള്‍ മനോഹരമായ ആരെയും കൊതിപ്പിക്കുന്ന സ്ഥലമായി കോഴിക്കോട് ജില്ലാ ജയില്‍ മാറിക്കഴിഞ്ഞു. ഇത് തങ്ങളാഗ്രഹിക്ക വിപ്ലവം വന്നു ചേര്‍ന്നു എന്നതിന്റെ തെളിവാണെന്നും കുട്ടപ്പന്‍ സൂചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജയിലുകളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള ആയിരക്കണക്കിനു തടവുകാര്‍ കോഴിക്കോട് ജയിലിലേക്ക് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചതായി വിവിധ ജയിലുകളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലോക്കപ്പില്‍ ഫാന്‍ ആവശ്യപ്പെട്ട് ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ തെഹല്‍ക്ക മുതലാളിയുമായ തരുണ്‍ തേജ്പാല്‍ കോഴിക്കോട് ജയിലിലേക്കു തന്നെ മാറ്റുകയാണെങ്കില്‍ മൂന്നോ നാലോ വട്ടം ബലാല്‍സംഗം ചെയ്തതായി സമ്മതിക്കാം എന്നു പറഞ്ഞതായും സൂചനയുണ്ട്. വിദേശരാജ്യങ്ങളിലുള്ള രാജ്യാന്തരതടവുകാരും കോഴിക്കോട് ജയിലിലേക്കു മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇന്ത്യയുടെ വീരപുത്രന്‍മാര്‍

പാകിസ്ഥാന് സ്വപ്‌നം കാണാന്‍ കഴിയാത്ത ഭാഗ്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. സരബ്ജിത് സിങ്ങിനെ പാകിസ്ഥാനിലെ ജയിലില്‍ സഹതടവുകാര്‍ തല്ലിക്കൊന്നതിനു പകരമായി ജമ്മുവിലെ ജയിലില്‍ പാക് തടവുകാരനെ കൊലക്കേസ് പ്രതിയായ ഇന്ത്യന്‍ തടവുകാരന്‍ തല്ലിച്ചതച്ചിരിക്കുന്നു. ടിയാനും കോമയിലാണ്. അജ്മല്‍ കസബിനെ പൊന്നുപോലെ നോക്കാന്‍ 80 കോടി രൂപ ചെലവഴിച്ചതിന്റെ പുണ്യമൊന്നും ഇനി പറയേണ്ട. പാകിസ്ഥാന്‍ എത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണോ അത്രത്തോളം കുത്തഴിഞ്ഞ രാജ്യമാണ് ഇന്ത്യയും എന്നു നമ്മള്‍ ലോകത്തിനു കാണിച്ചു കൊടുത്തിരിക്കുന്നു. തടവുകാരെ തല്ലിക്കൊല്ലുന്ന കളിയില്‍ ഇന്ത്യയും പാകിസ്ഥാനും പുതിയ ടൂര്‍ണമെന്റ് ആരംഭിച്ചത് ലോകമാധ്യമങ്ങള്‍ ആഘോഷിക്കും. ഇന്ത്യ-പാകിസ്ഥാന്‍ ശത്രുതയുടെ നേരേ നോക്കി മൂക്കത്ത് വിരല്‍ വച്ച് അവര്‍ കഷ്ടമെന്നു പറയും.

സരബ്ജിത് സിങ്ങിനെ കൊന്നതിനു പകരമായി ഇന്ത്യന്‍ ജയിലില്‍ ഒരു പാക് തടവുകാരനെ കൊല്ലുകയാണ് വേണ്ടത് എന്ന പ്രാകൃതനീതിയില്‍ വിശ്വസിക്കുന്ന ജനങ്ങള്‍ ഇതില്‍ മനസ്സുകൊണ്ടെങ്കിലും സന്തോഷിച്ചേക്കാം, എന്നാല്‍ ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നാണക്കേടുകളിലൊന്നായി ഇത് ചരിത്രത്തിലെഴുതി ചേര്‍ക്കപ്പെടും. സരബ്ജിത് സിങ്ങിന്റെ രക്തസാക്ഷിത്വത്തിന് ഇനി എവിടെയാണ് വില ? സരബ്ജിതിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിച്ച ഡോ.മന്‍മോഹന്‍ സിങ് മരണത്തോടു മല്ലിടുന്ന സനൗഉള്ള ഹഖിനെ എന്തു വിശേഷിപ്പിക്കും ? പാക് തടവുകാരനെ ആക്രമിക്കാന്‍ സഹതടവുകാരനായ വിനോദിനെ പ്രേരിപ്പിച്ചത് സരബ്ജിത് സിങ്ങിന്റെ കൊലപാതകം ആണെങ്കില്‍ അതിദേശീയവാദികള്‍ക്ക് വിനോദിനെയും വീരപുത്രന്‍ എന്നു വിളിക്കാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമുക്കു വേണ്ടത് വീരപുത്രന്‍മാരല്ല, നാടിനെ ഒറ്റുകൊടുക്കാത്ത മനുഷ്യസ്‌നേഹികളെയാണ്.

ക്ഷമയോടെ, കരുതലോടെ അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും ഇന്ത്യയുടെ പ്രതിരോധസംവിധാനത്തെയും ആഭ്യന്തരസുരക്ഷയെയുമെല്ലാം വെല്ലുവിളിക്കുന്നതാണ് ജമ്മു ജയിലില്‍ മുന്‍സൈനികന്‍ കൂടിയായ ഇന്ത്യന്‍ തടവുകാരന്‍ നടത്തിയ മര്‍ദനം. നയതന്ത്രശേഷിയില്ലാത്ത ഭരണാധികാരികള്‍ വിഡ്ഡിത്തം കണ്ടു നില്‍ക്കുന്നതും വി്ഡിത്തം പുലമ്പുന്നതും രാജ്യത്തെ പൗരന്‍മാര്‍്ക്കു തന്നെ നാണക്കേടാണ്. സരബ്ജിത് സിങ്ങിനെ ആക്രമിച്ചതില്‍ പാകിസ്ഥാന് വലിയ ദുഖമൊന്നും കണ്ടില്ലല്ലോ അപ്പോള്‍ എന്തിന് ഈ പാക് തടവുകാരന്റെ പേരില്‍ ദുഖിക്കുന്നു എന്നു ചിലര്‍ക്കു സംശയമുണ്ടാകാം. സരബ്ജിതിനെ മര്‍ദിച്ചതിനു പകരമായി മറ്റൊരു തടവുകാരനെ മര്‍ദിക്കുന്നതിന് നീതികരണമൊന്നുമില്ല. ഇന്ത്യക്കാരന്‍ പാകിസ്ഥാന്‍കാരനെ കൊന്നാലോ പാകിസ്ഥാന്‍കാരന്‍ ഇന്ത്യക്കാരനെ കൊന്നാലോ ഇല്ലാതാവുന്നത് ശത്രുതയും വിദ്വേഷവുമല്ല, മനുഷ്യജീവനുകളാണ്.

സബ്ജിത് സിങ്ങിനു നീതി കിട്ടിയില്ല എന്നത് ഒരു യാഥാര്‍ഥ്യമാണ്. പാകിസ്ഥാന്‍ എന്ന രാജ്യത്തിനുള്ളില്‍ എന്തും സംഭവിക്കാം എന്നിരിക്കെ അവിടെ ഇന്ത്യന്‍ തടവുകാരന്‍ കൊലപ്പെട്ടതും കസബിനെപ്പോലൊരു ഭീകരനെപ്പോലും വിഐപി പരിഗണനയില്‍ തീറ്റി വളര്‍ത്തിയ, ലോകശക്തികളിലൊന്നായ ഇന്ത്യയില്‍ പാകിസ്ഥാനിലേതിനു സമാനമായ സാഹചര്യത്തില്‍ ഒരു തടവുകാരന്‍ ആക്രമിക്കപ്പെടുന്നതും തമ്മില്‍ ചെറുതല്ലാത്ത വ്യത്യാസമുണ്ട്. രണ്ടു വയസ്സുകാരിയെ മുതല്‍ തൊണ്ണുറുകാരിയെ വരെ ബലാല്‍സംഗം ചെയ്തു കൊല്ലുന്ന കാമഭ്രാന്തന്‍മാരുടെയും ലക്ഷം കോടികളുടെ അഴിമതി നടത്തുന്ന രാഷ്ട്രീയക്കാരുടെയും ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ ദി നെക്‌സ്റ്റ് ഗാന്ധിയും മദര്‍ തേരേസയ്ക്കു ശേഷം ഇന്ത്യയുടെ രക്ഷകയായെത്തിയ സോണിയാജിയും മണ്ടന്‍കുണാപ്പന്‍മാരായ ഇന്ത്യന്‍ കഴുതകളെ എക്കണോമിക്‌സ് പഠിപ്പിച്ച പ്രധാനമന്ത്രിയും മാത്രമേയുള്ളൂ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. സരബ്ജിതിന്റെ മരണത്തോടെ പൗരന്‍മാര്‍ക്കു മുന്നില്‍ ഇന്ത്യന്‍ നയതന്ത്രം തോറ്റുപോയെങ്കില്‍ ഈ ആക്രമണത്തോടെ ലോകസമൂഹത്തിനു മുന്നിലും നമ്മള്‍ തോറ്റിരിക്കുന്നു. ലജ്ജിച്ചു തലതാഴ്ത്തുകയല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാനില്ല.

ഭരണകൂടനിസ്സംഗതയുടെ രക്തസാക്ഷി

ഇന്ത്യ-പാക്കിസ്ഥാന്‍ കപടനാടകങ്ങളുടെയും ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത മുതലാക്കി രാഷ്ട്രീയലാഭം കൊയ്യുന്ന രാഷ്ട്രീയകക്ഷികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളുടെയും രക്തസാക്ഷിയാണ് പാകിസ്ഥാന്‍ ജയിലില്‍ തടവുകാര്‍ തല്ലിക്കൊന്ന സരബ്ജിത് സിങ്. അദ്ദഹത്തിന്റെ രക്തം കൊണ്ട് അധികാരിവര്‍ഗം ചുണ്ടു നനയ്ക്കും എന്നല്ലാതെ ഇരുരാജ്യങ്ങളും തമ്മിലുളള പ്രശ്‌നം ലഘൂകരിക്കപ്പെടുകയോ ഇരകള്‍ക്കു നീതി ലഭിക്കുകയോ ചെയ്യുകയില്ല.

സരബ്ജിത് സിങ്ങിന്റെ കൊലപാതകത്തെക്കാള്‍ ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ എന്നെ അമ്പരപ്പിക്കുന്നതും ഭയപ്പെടുന്നതും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവനയാണ്. സരബ്ജിത്ത് സിങ് ഇന്ത്യയുടെ ധീരപുത്രനാണെന്നാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പ്രഖ്യാപിച്ചത്. 22 വര്‍ഷമായി പാകിസ്ഥാന്‍ ജയിലില്‍ കിടന്നിട്ടും ഒരു ചുക്കും ചെയ്യാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല എന്നിരിക്കെ ഭീകരശൈലിയില്‍ അദ്ദേഹത്തെ പാകിസ്ഥാന്‍ കൊലപ്പെടുത്തിയതിനു ശേഷം ഇത്തരം ഗീര്‍വാണങ്ങള്‍ അടിച്ചുവിടുന്നത് ശേഷിക്കുറവിന്റെ പ്രകടനമാണ്. ഡോ. മന്‍മോഹനെ ലോകത്തിലെ കരുത്തരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന എമ്പോക്കികളെ സ്തുതിക്കണം. സരബ്ജിത് സിങ് ഇന്ത്യക്കാരന്റെ ഗതികേടിന്റെ പ്രതീകമാണ്. ഭരണം എന്നത് സബ്‌സിഡി എടുത്തു കളയലും സാമ്പത്തിക പരിഷ്‌കാരങ്ങളും മാത്രമാണെന്നു വിശ്വസിക്കുന്നവര്‍ നാടുഭരിക്കുമ്പോള്‍ സരബ്ജിത് സിങ് എന്നല്ല ഓരോ പൗരനും ഇതേ വിധിയാണ് കാത്തിരിക്കുന്നത്.

അംബാനിയുടെ രോമത്തിനോ മല്യയുടെ പെണ്ണുങ്ങളുടെ പാന്റീസിനോ രാഹുല്‍മോന്റെയോ റോബര്‍ട്ട് മരുമോന്റെയോ നിഴലിനോ ഭീഷണിയില്ലാത്തിടത്തോളം ഈ സര്‍ക്കാര്‍ സോഡ കുടിച്ച് വിശ്രമിക്കും. നീതി എന്നത് വ്യത്യസ്തമായി ഓരോ പൗരനും വ്യത്യസ്തമായി അനുഭവപ്പെടുന്നിടത്തോളം കാലം സമത്വത്തിന്റെ പേരിലുള്ള അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണ്. അംബാനിക്ക് സെഡ് കാറ്റഗറി സുരക്ഷ നല്‍കാന്‍ സാധാരണക്കാരന്റെ നികുതിപ്പണം എടുത്തുപയോഗിക്കാന്‍ മടിയില്ലെന്നു തെളിയിച്ച സര്‍ക്കാര്‍ സരബ്ജിത് സിങ് മരണപ്പെട്ടതിലൂടെയും ചില ലാഭങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടാവും.

സരബ്ജിത് സിങ്ങിനെ മഹത്വവല്‍ക്കരിക്കുന്നതും ധീരനായകനായി ചിത്രീകരിക്കുന്നതും പാകിസ്ഥാനെതിരേ ആക്രോശിക്കുന്നതും ഉള്‍പ്പെടെയുള്ള പ്രകടനങ്ങള്‍ അദ്ദേഹം അര്‍ഹിക്കുന്നില്ല എന്നല്ല. 22 വര്‍ഷക്കാലം ഇന്ത്യന്‍ ഭരണാധികാരികള്‍ക്ക് നിരപരാധിയായ സരബ്ജിത് സിങ്ങിനു വേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചിട്ടില്ലെങ്കില്‍ ഈ സമയത്ത് അദ്ദേഹത്തെ വീരപുത്രനാക്കി പ്രഖ്യാപിച്ച് മുതലെടുപ്പിനു ശ്രമിക്കുന്നത് ലജ്ജാകരമാണ്. പാകിസ്ഥാന്‍ ആരോപിക്കുന്നതുപോലെ പാകിസ്ഥാനില്‍ സ്‌ഫോടനം നടത്തിയത് സരബ്ജിത് ആയതുകൊണ്ടാണ് ഇന്ത്യ ഇതുവരെ കാര്യമായൊന്നും ചെയ്യാത്തതെങ്കില്‍ ഈ സമയത്ത് സരബ്ജിത്തിനെ വീരപുത്രന്‍ എന്നു വിശേഷിപ്പിക്കുന്നതും ശരിയല്ല.

പാകിസ്ഥാന്‍ ഒരു രാജ്യമെന്ന നിലയില്‍ ലോകത്തിനു തന്നെ നാണക്കേടാണെന്നു തെളിയിച്ചു കഴിഞ്ഞതാണ്. അവരുടെ പരാജയങ്ങളുടെ പട്ടികയിലേക്ക് ഇതു കൂടി എഴുതിച്ചേര്‍ക്കപ്പെടും എന്നല്ലാതെ സരബ്ജിത്തിന്റെ കൊലപാതകം അവര്‍ക്ക് മറ്റൊന്നും നേടിക്കൊടുക്കില്ല. ഇന്ത്യയെ സംബന്ധിച്ച് ലജ്ജാകരമായ വലിയൊരധ്യായത്തിന്റെ അപമാനകരമായ അന്ത്യം ആണിത്. സരബ്ജിത്തിനു പാര്‍ട്ടി മെമ്പര്‍ഷിപ് നല്‍കി അടുത്ത തിരഞ്ഞെടുപ്പിനു പോസ്റ്ററടിക്കാനിരിക്കുന്ന ചോരകുടിയന്‍മാരായ രാഷ്ട്രീയനേതാക്കന്‍മാരേ നിങ്ങളെയോര്‍ത്ത് ലജ്ജിക്കാനല്ലാതെ ഈ ജനതയ്ക്ക് മറ്റൊന്നുമാവില്ല. പുഷ്പചക്രങ്ങളും മെഴുതിരി പ്രദക്ഷിണങ്ങളും ഔദ്യോഗികബഹുമതികളും ചിലപ്പോഴെങ്കിലും അര്‍ഥശൂന്യവും അടിസ്ഥാനരഹിതവും, നീതി നിഷേധിക്കപ്പെട്ട പരേതന്റെ മൃതശരീരത്തിന് അപമാനകരവുമായേക്കാം.

ഭയങ്കരന്‍ പരസ്യം

ഗിന്നസ് ബുക്ക് പ്രകാരം ഏറ്റവും ദൈര്‍ഘ്യമേറിയ പരസ്യചിത്രം നിവിയയുടേതാണ്. നിവിയ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സ്വിറ്റ്‌സര്‍ലന്‍ഡില്‍ സംപ്രേഷണം ചെയ്ത 60 സെക്കന്‍ഡ് ഉള്ള ആ പരസ്യത്തെ ബഹുദൂരം പിന്നിലാക്കി ടാറ്റ സ്‌കൈ എച്ച്ഡിയുടെ പരസ്യം ദൈര്‍ഘ്യത്തിനു പുറമേ അതിന്റെ വ്യത്യസ്തത കൊണ്ടു കൂടി ശ്രദ്ധേയമാണ്. 210 സെക്കന്‍ഡ് ആണ് ടാറ്റ സ്‌കൈ എച്ച്ഡിയുടെ പരസ്യത്തിന്റെ ദൈര്‍ഘ്യം. ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുന്ന വെള്ളിയാഴ്ച ജയില്‍ ചാടാന്‍ തീരുമാനിക്കുന്ന ഇന്ത്യയിലെ ഒരു ജയിലിലെ വിദേശ തടവുകാരുടെ തിങ്കഴാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള അഞ്ചു ദിവസങ്ങളാണ് പരസ്യത്തില്‍ ചിത്രീകരിച്ചിട്ടുള്ളത് (ക്രിസ്മസിനും വിഷുവിനുമൊക്കെ നാട്ടില്‍പ്പോയി വന്ന ഇറ്റാലിയന്‍ മറീനുകളെ ഇത്തരുണത്തില്‍ സ്മരിക്കുന്നു). ജയില്‍ ചാട്ടം ആസൂത്രണം ചെയ്യുന്നതും നടപ്പാക്കുന്നതും ഒരു ഹോളിവുഡ് സിനിമയുടെ മികവോടെ ചിത്രീകരിച്ചിരിക്കുന്നു. ജയിലധികൃതരെല്ലാം മാച്ച് ലൈവ് കാണുമ്പോള്‍ അവര്‍ പദ്ധതി നടപ്പാക്കുന്നു. ശേഷം പരസ്യത്തില്‍ തന്നെ കാണാം.

ടെലിവിഷന്‍ പരസ്യചിത്രത്തിന്റെ പരമ്പരാഗത സങ്കല്‍പങ്ങളില്‍ നിന്നു മാറി 3 മിനിറ്റ് നേരം ഈ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് അപ്രായോഗികവും കമ്പനിയെ സംബന്ധിച്ച് നഷ്ടവുമാകയാല്‍ മുഴനീളം പരസ്യം സംപ്രേഷണം ചെയ്തത് ഒറ്റ ദിവസത്തേക്ക് മാത്രമാണ്. അതോടെ, ഇന്ത്യന്‍ ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ഏറ്റവും ദൈര്‍ഘ്യമേറിയ പരസ്യചിത്രം എന്ന ഖ്യാതി ടാറ്റ സ്‌കൈ എച്ച്ഡിയുടെ A Hardworking Indian എന്ന ഈ പരസ്യമാണ്. പരസ്യം പൂര്‍ണരൂപത്തില്‍ കാണാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയാണ് യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. 10 ദിവസം കൊണ്ട് ഒന്നരലക്ഷത്തിറെപ്പേര്‍ പരസ്യം കണ്ടു കഴിഞ്ഞു.

ഒഗില്‍വി ആന്‍ഡ് മാതര്‍ സംവിധായകനായ വിവേക് കക്കാടുമായി ചേര്‍ന്നു നിര്‍മിച്ചതാണ് പരസ്യചിത്രം. ഹംഗറിയിലെ ശരിക്കുമുള്ള ജയിലിനുള്ളിലാണ് പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് ഒരു മലയാള സിനിമയ്ക്കു ചെലവാകുന്നതിലുമധികം തുകയും നിര്‍മാണത്തിനായി ചെലവിട്ടിട്ടുമുണ്ട്.

ഇറ്റാലിയന്‍ മറീന്‍സ് ഫാന്‍സ് അസോസിയേഷന്‍

ക്രിസ്മസ് ആഘോഷിക്കാന്‍ പോയ ഇറ്റാലിയന്‍ മറീനുകള്‍ തിരിച്ചെത്തി. അവര്‍ പോയാല്‍ തിരിച്ചുവരില്ല എന്നു പറഞ്ഞവര്‍ക്കെല്ലാം കരണത്തടിച്ചതുപോലെ ഒരു ഫീലിങ്ങാണെന്നും വാക്കുപാലിച്ച് തിരിച്ചെത്തിയ ഇറ്റാലിയന്‍ മറീനുകളെ നമ്മള്‍ കണ്ടു പഠിക്കണമെന്നും ആളുകള്‍ പറയുന്നു. ചങ്ങായിമാരുടെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ കൂടി രൂപീകരിച്ചാല്‍ സംഗതി പൂര്‍ത്തിയായി.

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍പ്പോയ മറീനുകള്‍ അവിടെപ്പോയി കേക്കും മുറിച്ച് പടക്കോം പൊട്ടിച്ച് കെട്ടിയോളേം പിള്ളേരേം കണ്ട ശേഷം ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്, വരൂ നമുക്കവിടുത്തെ ജയിലുകളില്‍പ്പോയി രാപാര്‍ക്കാം എന്നും പറഞ്ഞ് മടങ്ങിവന്നതല്ല. തിരിച്ചുവന്നില്ലെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് മൂക്കില്‍കേറ്റിക്കളയുമെന്നു പേടിച്ചിട്ടോ കൊച്ചിയിലെ പൊലീസുകാരെയും ഹൈക്കോടതി കെട്ടിടവുമൊക്കെ കണ്ടുള്ള അമിതബഹുമാനം കൊണ്ടോ ആണ് ഈ മടങ്ങിവരവ് എന്നും ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നമുക്ക് തോന്നുന്നമാതിരി ഒരു അനുഭാവം സൃഷ്ടിച്ചെടുക്കാനും തദ്വാരാ കോടതിയുടെ കാരുണ്യം നേടി കേസില്‍ നിന്നു ഊരിപ്പോകാനും വേണ്ടിയാണ് പറഞ്ഞതിലും നേരത്തെ തിരിച്ചുവന്ന് മറീനുകള്‍ വന്‍പിച്ച ജനപിന്തുണ നേടിയിരിക്കുന്നത്.

തറവാട്ടില്‍ പിറന്ന, ദൈവഭയമുള്ള ഇറ്റലിക്കാരായ മറീനുകളുടെ പ്രവൃത്തിയെ എന്‍റെ മല്ലു ബുദ്ധി വച്ച് വിലയിരുത്തിയത് അപക്വവമാണെന്നു തോന്നുന്നവരുണ്ടാവും. എന്നാല്‍, മറീനുകള്‍ക്ക് പോകാനവസരമൊരുക്കിയതും അവരെ വിനയാന്വിതരായി തിരികെയെത്തിച്ചതുമെല്ലാം കേസു വാദിക്കുന്ന വക്കീലിന്‍റെ ബുദ്ധിയാണ്. ആ വക്കീലാവട്ടെ നല്ല നാടന്‍ മലയാളിയും. ഇപ്പോള്‍ പലര്‍ക്കും ഒരു വിമ്മിഷ്ടമാണ്. ഇറ്റലിയില്‍ നല്ല രീതിയിലൊക്കെ കഴിഞ്ഞിട്ടുള്ള പയ്യന്‍മാര് ഇവിടെ വന്ന് കൊതുകിന്‍റെ കടിയും കൊണ്ട് ജയിലില്‍ കിടക്കേണ്ടി വരുന്നതും പോരാഞ്ഞ്, ഇപ്പോള്‍ രാജ്യം വിട്ടു പോയ അവര്‍ സ്വന്തമായിട്ട് തിരിച്ചും വനിരിക്കുന്നു. പ്രെയ്സ് ദി ലോര്‍ഡ് !

ടിപി വധക്കേസിലെ പ്രതികളെല്ലാവരും വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് വചനപ്രഷോഘഷണത്തിനു പോകുന്ന പെന്തക്കോസ്തുകാരെപ്പോലെ കോടതിയിലേക്കു പോകുന്നതും ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ഇറ്റാലിയന്‍ മറീനുകള്‍ നല്ല കുട്ടികളായി മടങ്ങിവന്നതും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ടിപി വധക്കേസ് പ്രതികളെ കാണുമ്പോള്‍ നമ്മള്‍ കളിയാക്കി ചിരിക്കുകയും ഇറ്റലിക്കാരെ കാണുമ്പോള്‍ സല്യൂട്ടടിക്കുകയും ചെയ്യും. രാഷ്ട്രീയ-സാമുദായിക സ്വാധീനമില്ലാത്ത രണ്ടു മീന്‍പിടുത്തക്കാരെ പ്രകോപനമില്ലാതെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെയാണ് പറഞ്ഞ സമയത്ത് തിരിച്ചുവന്നതിന് കേരളം ആരാധിക്കുന്നത്. അവര്‍ വെറും മീന്‍പിടുത്തക്കാരായതുകൊണ്ട് മറൈന്‍ ഡ്രൈവില്‍ മെഴുകുതിരിപ്രദക്ഷിണം ഉണ്ടായില്ല. ന്യൂ ജനറേഷന്‍ സിനിമക്കാര്‍ വന്നു മുതലക്കണ്ണീരൊഴുക്കിയുമില്ല. ഇപ്പോള്‍ ആരും അവരുടെ പേരുപോലും ഓര്‍ക്കുന്നില്ല. നഷ്ടപരിഹാരം കൈപ്പറ്റി വീട്ടുകാര്‍ പരാതിയില്ല എന്നെഴുതിക്കൊടുത്തിട്ടും അവരെ വിട്ടയക്കാത്തതിന്‍റെ നീതികേടിനെപ്പറ്റി വരെ മറീന്‍ ഫാന്‍സിന് ആശങ്കയുമുണ്ട്.

വീട്ടുകാര്‍ പണം കൈപ്പറ്റി പരാതി പിന്‍വലിച്ചതുകൊണ്ട് കൊല്ലപ്പെട്ടര്‍ക്ക് നീതി ലഭിക്കുന്നില്ല. ഈ മറീന്‍ കുഞ്ഞാടുകളെ കരയിലെത്തിക്കാനും ചോദ്യം ചെയ്യാനുമൊക്കെ ഇവിടുത്തെ പോലീസ് കഷ്ടപ്പെട്ടത് എത്രയാണെന്നും വെടിവച്ചുകൊന്നതില്‍ തെറ്റില്ലെന്ന മട്ടില്‍ മറീനുകള്‍ക്കു വേണ്ടി വാദമുയര്‍ന്നതും മറന്നുകൊണ്ട് ഈ മടങ്ങിവരവോടെ അവരെയങ്ങു വാഴ്‍ത്തപ്പെട്ടവരാക്കി പ്രഖ്യാപിക്കുന്നത് ശരിയല്ല. നമ്മെ സംബന്ധിച്ച് മീന്‍പിടുത്തക്കാരായ നമ്മുടെ രണ്ടു സഹോദരന്‍മാരെ അകാരണണായി വെടിവച്ചുകൊന്നവരാണ് മറീനുകള്‍. അവര്‍ തിരിച്ചുവന്നത് ഇനി തിരിച്ചുവരേണ്ടാത്ത ഒരു പോക്കിനു കളമൊരുക്കുന്നതിനാണ്. അവരെയാരാധിച്ച് അത്രയും ആരാധന വേസ്റ്റ് ആക്കുന്നത് മണ്ടത്തരമാണ്.