പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

ഇനിയും ഈ പാവത്തെ ക്രൂശിക്കരുതേ

അല്ലെങ്കിലും പണക്കാരെ ബഹുമാനിക്കുന്ന കാര്യത്തില്‍ ഇന്ത്യക്കാര്‍ വളരെ പിന്നിലാണ്. എങ്ങനെയെങ്കിലും ആരെങ്കിലും കുറച്ചു പണമുണ്ടാക്കി വരുമ്പോള്‍ അവര്‍ കട്ടതിന്റെയും മോഷ്ടിച്ചതിന്റെയും കൊള്ളയടിച്ചതിന്റെയും കണക്കുകള്‍ പറഞ്ഞ് അവരെയും അവരുടെ കുടുംബക്കാരെയും വേദനിപ്പിക്കുന്ന നിന്ദ്യവും നികൃഷ്ടവുമായ ജനാധിപത്യ ദുരുപയോഗം ഈ രാജ്യത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയെ രക്ഷിക്കാന്‍ ഇറ്റലിയില്‍ നിന്നും വന്ന വിശുദ്ധജന്മമാണ് സോണിയാ ഗാന്ധി എന്നും അവരുടെ മക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ അനുഗ്രഹമുണ്ടെങ്കില്‍ മാത്രമേ രാജ്യം ഗുണം പിടിക്കുകയുള്ളൂ എന്നും നമുക്കൊക്കെ അറിയാവുന്നതാണ്. നെഹ്‌റു കുടുംബത്തിന്റെ ഭരണത്തിന്‍ കീഴില്‍ അത്യധികം സന്തോഷിക്കുകയും അവരുടെ കാല്‍ക്കീഴിലമര്‍ന്നു ജീവിക്കുന്നതിന്റെ ആനന്ദം അനുഭവിക്കുന്നതിനും പകരം അവരുടെ കൊള്ളരുതായ്കകള്‍ വിളിച്ചു പറഞ്ഞും അവരില്‍ നിന്നും മോചനം ആഗ്രഹിച്ചും നമ്മള്‍ നമ്മളെത്തന്നെ അപകടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മളെ ഭരിക്കാനും രാജ്യത്തിന്റെ വിഭവങ്ങള്‍ യഥേഷ്ടം വിനിമയം ചെയ്യാനുമുള്ള അവകാശം സോണിയാ ഗാന്ധിയുടെയും മക്കളുടെയും കൈകളില്‍ ഏല്‍പിക്കാന്‍ നമ്മള്‍ പ്രതിജ്ഞാബദ്ധമാണ്.

ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാ ഗാന്ധിയുമാണ് ഈ രാജ്യത്തിന് സ്വന്തമായി ഒരു അഡ്രസ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. അവരുടെ ജീവിതം ഈ രാജ്യത്തെ ജനങ്ങള്‍ക്കു വേണ്ടി ഉഴിഞ്ഞു വച്ചിട്ടുള്ളതാണ്. ഇനി ഈ രാജ്യം ഇതുപോലെ മുന്നോട്ടു പോകണമെങ്കില്‍, വിവിധ രംഗങ്ങളില്‍ വികസനം ഉണ്ടാവണമെങ്കില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേര്‍ന്ന് രാജ്യം ഭരിക്കണം എന്ന കാര്യത്തിലും ഒരു സംശയവുമില്ല. അങ്ങനെ പുതിയ ഭരണം വരുമ്പോള്‍, രാഹുല്‍ നാടു ഭരിക്കുമ്പോള്‍ അളിയനായ റോബര്‍ട്ട് വദ്രയോട് ജനങ്ങള്‍ക്കു വേണ്ടത്ര ബഹുമാനം ഇല്ലാതായാല്‍ എന്തു സംഭവിക്കും ?

എനിക്കറിയാവുന്ന മിക്കവാറും ആളുകളും (രാഷ്ട്രീയവ്യത്യാസമില്ലാതെ) റോബര്‍ട്ട് വദ്രയെ കാണുന്നത് വലിയ പിടിപാടുള്ള ഒരു കൊള്ളക്കാരനെന്ന നിലയ്ക്കാണ്. അയാള്‍ കൊള്ളക്കാരനാണെന്നും ഭൂമി തട്ടിപ്പുകാരനാണെന്നും അയാള്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ജയിലില്‍ അടയ്ക്കണമെന്നുമൊക്കെ വിവിധ കാലഘട്ടങ്ങളിലായി പലരും ആവശ്യപ്പെടുന്നുണ്ട്. അധികാരത്തിലെത്തിയാല്‍ അയാളെ ജയിലിലടയ്ക്കുമെന്നു പറഞ്ഞ് മോദി ജനങ്ങളെ കൊതിപ്പിക്കുന്നുമുണ്ട്. എന്നാല്‍, വിഡ്ഢികളായ ജനങ്ങള്‍ മനസ്സിലാക്കുന്നതില്‍ നിന്നും വ്യത്യസ്തമായി സാമ്പത്തികശാസ്ത്രരംഗത്ത് വിപ്ലവകരമായ പരീക്ഷണങ്ങള്‍ നടത്തുന്ന, ലോകത്തിനു മുന്നില്‍ നൂതനമായ വികസനമാതൃകകള്‍ അവതരിപ്പിക്കുന്ന ദിവ്യപുരുഷനാണ് റോബര്‍ട്ട് വദ്ര എന്നാണ് കോണ്‍ഗ്രസിലെ ബോണ്‍ലെസ് കോഴികള്‍ പറയുന്നത് (ഡെവലപ്‌മെന്റ് ഇക്കണോമിക്‌സിലെ ഏറ്റവും പ്രധാനപ്പെട്ട അഞ്ചു പ്രബന്ധങ്ങള്‍ ഇദ്ദേഹത്തിന്റെ പേരിലുള്ളതാണെന്നു കൂടി പറയാമായിരുന്നു).

ഈ സാഹചര്യത്തിലാണ് തന്റെ ഭര്‍ത്താവും മമ്മിയും ചേട്ടായിയുമെല്ലാം ഭയങ്കര സംഭവമാണെന്നു പരസ്യമായി പ്രഖ്യാപിച്ച് പ്രിയങ്ക ഗാന്ധി രംഗത്തു വന്നിരിക്കുന്നത്. ചേച്ചിയുടെ വെളിപ്പെടുത്തലിന്റെ രത്‌നച്ചുരുക്കം ഇതാണ്- റോബര്‍ട്ട് വദ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ചേച്ചിയെ വേദനിപ്പിച്ചു. എന്നാല്‍ നടത്തിക്കൊണ്ടിരിക്കുന്ന പരിപാടികളില്‍ നിന്നും പിന്തിരിയില്ല. ഇത്തരം വിഷയങ്ങളില്‍ എങ്ങനെ തിരിച്ചടിക്കണമെന്ന് ഇന്ദിരാ ഗാന്ധി തങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.(ഇന്ദിരാ ഗാന്ധി മരിക്കുമ്പോള്‍ പ്രിയങ്കയ്ക്ക് 12 വയസ്സ്). എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഫാമിലി ശക്തമായി തിരിച്ചു വരും.

വദ്ര കൊള്ളക്കാരനാണെന്നു വിശ്വസിക്കുന്നവരെ സംബന്ധിച്ച് പ്രിയങ്കയുടേത് ഒരു ഭീഷണിയാണ്. എന്നാല്‍, കോണ്‍ഗ്രസുകാര്‍ക്ക് നെഹ്‌റു ഫാമിലിയില്‍ നിന്നുള്ള മറ്റെല്ലാ മാലിന്യങ്ങളുമെന്ന പോലെ ഇതും അമൃതേത്തിനുള്ള വകയാണ്. പ്രിയങ്കയുടെ തിരുവചനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെക്കൊണ്ട് വദ്രയെ ബഹുമാനിപ്പിക്കുന്നതിനു വേണ്ടി കോണ്‍ഗ്രസ് സജീവമായി രംഗത്തിറങ്ങുകയാണത്രേ. ഗാന്ധി കുടുംബത്തിനു നേരെയുള്ള പ്രതികാരബുദ്ധിയോടെയുള്ള ആക്രമണം ആണേ്രത വദ്രയെ കുറ്റപ്പെടുത്തുന്നത് (നെഹ്‌റു കുടുംബം എങ്ങനെ ‘ഗാന്ധി കുടുംബ’മായി, ഇവറ്റകളുടെ പേരിനൊടൊപ്പം എങ്ങനെ ഗാന്ധി എന്ന വാലു വന്നു തുടങ്ങിയ മണ്ടന്‍ ചോദ്യങ്ങള്‍ ആരും ചോദിക്കരുത്). റോബര്‍ട്ട് വദ്രയുടെ അഴിമതികളെപ്പറ്റി അന്വേഷിക്കണം എന്നു പറയുന്നത് മഹാത്മാഗാന്ധിക്കെതിരെയുള്ള ആക്രമണമായും രാജ്യദ്രോഹമായും മാറിയേക്കാവുന്ന നാളുകളാണ് വരാനിരിക്കുന്നത് എന്നു കരുതാം.

ഭര്‍ത്താവ് എത്ര വൃത്തികെട്ടവനാണെങ്കിലും അതിയാന്‍ ഒരു സംഭവമാണ് എന്നു പരസ്യമായി പറയുന്നതാണ് ഇന്ത്യയിലെ പെണ്ണുങ്ങളുടെ ഒരു രീതി. അമ്മ ഇറ്റലിക്കാരിയാണെങ്കിലും ഇന്ത്യന്‍ പാരമ്പര്യം പിന്തുടരുന്ന് റോബര്‍ട്ട് വദ്രയെ പുകഴ്ത്തുന്ന പ്രിയങ്ക തെറ്റുകാരിയല്ല. ഭര്‍ത്താവ് ഒരു സംഭവമാണെന്നാണ് പണ്ടു വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയും പറഞ്ഞിട്ടുള്ളത്. മോദിയെ എതിര്‍ക്കുന്നവരെ പാകിസ്ഥാനിലേക്ക് അയക്കും എന്നു പറഞ്ഞതുപോലെ വദ്ര മുതലാളിയെ എതിര്‍ക്കുന്നവരെ എല്ലാം ഇറ്റലിയിലേക്ക് അയക്കുമെന്നോ മറ്റോ ഒരു ഓഫര്‍ മുന്നോട്ടു വച്ചാല്‍ ചിലപ്പോള്‍ എന്തെങ്കിലും ഫലമുണ്ടായേക്കും. ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലോട്ടു കെട്ടിയെടുത്തിട്ടുള്ളവരൊക്കെ (ഇറ്റാലിയന്‍ നാവികരും മറ്റും) എട്ടിന്റെ പണിയേ തന്നിട്ടുള്ളൂ. ഇവിടെ നിന്നു കുറച്ചു പേര്‍ അങ്ങോട്ടു പോയി തിരിച്ചൊരു പണി കൊടുത്താല്‍ അത്രയുമായി.

മഹാത്മാ ഗന്ധി കീ ജയ് ! (മൂപ്പര് ‘ഗാന്ധി കുടുംബ’ത്തില്‍ അംഗമല്ല)

അമ്മേ, ദേവീ.. കാത്തോളണേ !

മിസിസ് സോണിയാ ഗാന്ധി, സോണിയാജി, ഇറ്റലിക്കാരി, മദാമ്മ എന്നിങ്ങനെയൊക്കെ അഭിസംബോധന ചെയ്തു ശീലിച്ചവര്‍ നാക്കു വടിക്കുക. മേലില്‍ അങ്ങനെയെങ്ങാനും വിളിച്ചാല്‍ വിവരമറിയും. സംഗതി ദൈവനിന്ദയാണ്, മതവികാരത്തെ വ്രണപ്പെടുത്തലാണ്. ഇന്നലെ വരെ ഇന്ത്യയിലെ ഏറ്റവും ശക്തയായ രാഷ്ട്രീയനേതാവായിരുന്ന സോണിയാ ഗാന്ധി ഇനി മുതല്‍ ഇന്ത്യയിലെ ഏറ്റവും ശക്തയായ ദൈവങ്ങളിലൊരാള്‍ എന്നറിയപ്പെടും. ഒരു വ്യക്തിയായി ഇന്ത്യയിലേക്കു വന്ന് പ്രസ്ഥാനമായി മാറിയ അഭിവന്ദ്യ സോണിയാ ഗാന്ധി ഇനി മുതല്‍ തെലങ്കാന സംസ്ഥാനത്തിന്റെ ദേശീയ ദൈവമാണ്. തെലുങ്കു തളി അഥവാ തെലുങ്കമ്മ എന്ന പദവിയിലേക്കാണ് സോണിയാ ഗാന്ധി ഉയര്‍ന്നിരിക്കുന്നത്.

തെലുങ്കാന സംസ്ഥാന രൂപീകരിച്ചതിന്റെ നന്ദി സൂചകമായി ആന്ധ്രയിലെ കോണ്‍ഗ്രസ് നേതാവ് ശങ്കര്‍ റാവുവാണ് സോണിയാ ഗാന്ധിയുടെ വിഗ്രഹം പൂര്‍ത്തിയാക്കിയിട്ടുള്ളത്. എട്ടരയടി ഉയരവും 840 കിലോ തൂക്കവുമുള്ള വെങ്കല വിഗ്രഹത്തിന്റെ ചിലവ് റാവുവിന്റെ കുടുംബത്തു നിന്നാണോ തെലങ്കാന ഖജനാവില്‍ നിന്നാണോ എന്നൊന്നും ആരും ചോദിക്കരുത്. സോണിയാ ദി തെലുങ്ക് മദറിനെ അവിടെ പ്രതിഷ്ഠിച്ച് ഉടന്‍ ഒരു അമ്പലവും പണിയുന്നുണ്ട്. ബാംഗ്ലൂര്‍ ഹൈദരാബാദ് ഹൈവേയില്‍ സോണിയ ശാന്തിവനം എന്നറിയപ്പെടുന്ന പു്ണ്യഭൂമിയില്‍ ആ അമ്പലം ഉയരും. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിനു നന്ദിസൂചകമായി എല്ലാവരും ഡെയ്‌ലി അമ്പലത്തില്‍ വന്നു സോണിയാ ഗാന്ധി ദേവീക്ക് നന്ദി പറയണമെന്നു റാവു ആവശ്യപ്പെടുന്നുണ്ട് (പ്രസ്തുത വിഗ്രഹം നിര്‍മിച്ചത് സീമാന്ധ്രയിലെ ശില്‍പിയാണെന്ന് ദോഷൈദൃക്കുകള്‍ ചൂണ്ടിക്കാമിക്കുന്നുണ്ട്).

ബ്രിട്ടീഷുകാരുടെ അടിമത്തത്തില്‍ നിന്ന് മഹാത്മാഗാന്ധി ഇന്ത്യയെ മോചിപ്പിച്ചതുമായി തട്ടിച്ചു നോക്കുമ്പോള്‍ സീമാന്ധ്രയുടെ കടന്നുകയറ്റത്തില്‍ നിന്നു തെലങ്കാനയെ മോചിപ്പിച്ച പരിശുദ്ധ സോണിയാ ഗാന്ധി ദേവി ചെയ്തത് വളരെ വലിയ കാര്യമാണ്. മദര്‍ തേരേസയെപ്പോലെ സല്‍ഗുണങ്ങളുള്ള ഒരു വിശുദ്ധ വനിതയാണ് സോണിയാ ഗാന്ധി എന്നും അതുകൊണ്ട് സോണിയാ ഗാന്ധിക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം കൊടുക്കണമെന്നും രണ്ടു വര്‍ഷം മുമ്പ് ഒരു സംഘടന ആവശ്യപ്പെട്ടിരുന്നു. തിന്മകള്‍ക്കെതിരെ പോരാടാനും അക്രമത്തിനും അഴിമതിക്കും എതിരെ സധൈര്യം മുന്നോട്ടു വരാനും സാധാരണ ഇന്ത്യക്കാരെ പ്രേരിപ്പിക്കും വിധം വളഷായ ഭരണം കാഴ്ച വച്ച കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷ എന്ന നിലയ്ക്ക് സോണിയാ ഗാന്ധി കാലഘട്ടത്തിന്റെ വ്യക്തിയാണ് എന്നു പറയുന്നതില്‍ തെറ്റില്ല.

ഇറ്റലിയില്‍ നിന്നും ഇന്ത്യയിലെത്തിയ സോണിയാ ഗാന്ധി ദേവിയെ ചില അലവലാതി ദേശീയവാദികള്‍ എതിര്‍ത്തെങ്കിലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ഭയഭക്തിബഹുമാനങ്ങളോടെ തങ്ങളുടെ പ്രസിഡന്റാക്കി ആദരിച്ചു. തെലങ്കാന സംസ്ഥാനം രൂപീകരിച്ചതോടെ അവര്‍ അവരുടെ തെലങ്കാനയുടെ അമ്മയുമാക്കി. ഇനി അമ്പലമായി അദ്ഭുതപ്രവര്‍ത്തനങ്ങളായി, തീര്‍ഥാടനമായി. കോണ്‍ഗ്രസ് ഇനി 15 വര്‍ഷത്തേക്ക് ഇന്ത്യ ഭരിച്ചില്ലെങ്കിലെന്താ (ഇന്ത്യയുടെ ഭാവിയെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നും വരാന്‍ പോകുന്നത നല്ല കാലമാണെന്നും മന്‍ മോഹന്‍ സിങ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍) പരിശുദ്ധ സോണിയാ ഗാന്ധി ദേവിയുടെ അനുഗ്രഹങ്ങള്‍ തെലങ്കാനയെയും അയല്‍ സംസ്ഥാനങ്ങളെയും കാത്തു രക്ഷിക്കും എന്നത് കോണ്‍ഗ്രസുകാര്‍ക്ക് ആശ്വസിക്കാവുന്ന കാര്യമാണ്.

ചോദ്യം, ഉത്തരം:-

സാണിയാ ഗാന്ധി ദൈവമാകുമ്പോള്‍ രാഹുല്‍ ഗാന്ധി ആരായിട്ടു വരും ?

സാക്ഷാല്‍ ദൈവപുത്രന്‍.

ദൈവപുത്രനെ അവഹേളിക്കുന്നതും ആക്ഷേപിക്കുന്നതും ശരിയാണോ ?

അല്ല.

ദൈവപുത്രന്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമ്പോള്‍ വോട്ടു ചെയ്യാത്തവര്‍ക്ക് എന്തു സംഭവിക്കും ?

പനി വരും, മേലാകെ പൊങ്ങും, നാലിന്റെന്ന് ഠിം.

ഇറ്റാലിയന്‍ മറീന്‍സ് ഫാന്‍സ് അസോസിയേഷന്‍

ക്രിസ്മസ് ആഘോഷിക്കാന്‍ പോയ ഇറ്റാലിയന്‍ മറീനുകള്‍ തിരിച്ചെത്തി. അവര്‍ പോയാല്‍ തിരിച്ചുവരില്ല എന്നു പറഞ്ഞവര്‍ക്കെല്ലാം കരണത്തടിച്ചതുപോലെ ഒരു ഫീലിങ്ങാണെന്നും വാക്കുപാലിച്ച് തിരിച്ചെത്തിയ ഇറ്റാലിയന്‍ മറീനുകളെ നമ്മള്‍ കണ്ടു പഠിക്കണമെന്നും ആളുകള്‍ പറയുന്നു. ചങ്ങായിമാരുടെ പേരില്‍ ഒരു ഫാന്‍സ് അസോസിയേഷന്‍ കൂടി രൂപീകരിച്ചാല്‍ സംഗതി പൂര്‍ത്തിയായി.

ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍പ്പോയ മറീനുകള്‍ അവിടെപ്പോയി കേക്കും മുറിച്ച് പടക്കോം പൊട്ടിച്ച് കെട്ടിയോളേം പിള്ളേരേം കണ്ട ശേഷം ഇന്ത്യന്‍ നിയമവ്യവസ്ഥിതിയെ നമ്മള്‍ ബഹുമാനിക്കേണ്ടതുണ്ട്, വരൂ നമുക്കവിടുത്തെ ജയിലുകളില്‍പ്പോയി രാപാര്‍ക്കാം എന്നും പറഞ്ഞ് മടങ്ങിവന്നതല്ല. തിരിച്ചുവന്നില്ലെങ്കില്‍ ഇന്ത്യന്‍ ഗവണ്‍മെന്‍റ് മൂക്കില്‍കേറ്റിക്കളയുമെന്നു പേടിച്ചിട്ടോ കൊച്ചിയിലെ പൊലീസുകാരെയും ഹൈക്കോടതി കെട്ടിടവുമൊക്കെ കണ്ടുള്ള അമിതബഹുമാനം കൊണ്ടോ ആണ് ഈ മടങ്ങിവരവ് എന്നും ഞാന്‍ കരുതുന്നില്ല. ഇപ്പോള്‍ നമുക്ക് തോന്നുന്നമാതിരി ഒരു അനുഭാവം സൃഷ്ടിച്ചെടുക്കാനും തദ്വാരാ കോടതിയുടെ കാരുണ്യം നേടി കേസില്‍ നിന്നു ഊരിപ്പോകാനും വേണ്ടിയാണ് പറഞ്ഞതിലും നേരത്തെ തിരിച്ചുവന്ന് മറീനുകള്‍ വന്‍പിച്ച ജനപിന്തുണ നേടിയിരിക്കുന്നത്.

തറവാട്ടില്‍ പിറന്ന, ദൈവഭയമുള്ള ഇറ്റലിക്കാരായ മറീനുകളുടെ പ്രവൃത്തിയെ എന്‍റെ മല്ലു ബുദ്ധി വച്ച് വിലയിരുത്തിയത് അപക്വവമാണെന്നു തോന്നുന്നവരുണ്ടാവും. എന്നാല്‍, മറീനുകള്‍ക്ക് പോകാനവസരമൊരുക്കിയതും അവരെ വിനയാന്വിതരായി തിരികെയെത്തിച്ചതുമെല്ലാം കേസു വാദിക്കുന്ന വക്കീലിന്‍റെ ബുദ്ധിയാണ്. ആ വക്കീലാവട്ടെ നല്ല നാടന്‍ മലയാളിയും. ഇപ്പോള്‍ പലര്‍ക്കും ഒരു വിമ്മിഷ്ടമാണ്. ഇറ്റലിയില്‍ നല്ല രീതിയിലൊക്കെ കഴിഞ്ഞിട്ടുള്ള പയ്യന്‍മാര് ഇവിടെ വന്ന് കൊതുകിന്‍റെ കടിയും കൊണ്ട് ജയിലില്‍ കിടക്കേണ്ടി വരുന്നതും പോരാഞ്ഞ്, ഇപ്പോള്‍ രാജ്യം വിട്ടു പോയ അവര്‍ സ്വന്തമായിട്ട് തിരിച്ചും വനിരിക്കുന്നു. പ്രെയ്സ് ദി ലോര്‍ഡ് !

ടിപി വധക്കേസിലെ പ്രതികളെല്ലാവരും വെള്ള ഷര്‍ട്ടും വെള്ളമുണ്ടും ധരിച്ച് വചനപ്രഷോഘഷണത്തിനു പോകുന്ന പെന്തക്കോസ്തുകാരെപ്പോലെ കോടതിയിലേക്കു പോകുന്നതും ക്രിസ്മസ് ആഘോഷം കഴിഞ്ഞ് ഇറ്റാലിയന്‍ മറീനുകള്‍ നല്ല കുട്ടികളായി മടങ്ങിവന്നതും ഒരേ നാണയത്തിന്‍റെ രണ്ടു വശങ്ങളാണ്. ടിപി വധക്കേസ് പ്രതികളെ കാണുമ്പോള്‍ നമ്മള്‍ കളിയാക്കി ചിരിക്കുകയും ഇറ്റലിക്കാരെ കാണുമ്പോള്‍ സല്യൂട്ടടിക്കുകയും ചെയ്യും. രാഷ്ട്രീയ-സാമുദായിക സ്വാധീനമില്ലാത്ത രണ്ടു മീന്‍പിടുത്തക്കാരെ പ്രകോപനമില്ലാതെ വെടിവച്ചുകൊന്ന കേസിലെ പ്രതികളെയാണ് പറഞ്ഞ സമയത്ത് തിരിച്ചുവന്നതിന് കേരളം ആരാധിക്കുന്നത്. അവര്‍ വെറും മീന്‍പിടുത്തക്കാരായതുകൊണ്ട് മറൈന്‍ ഡ്രൈവില്‍ മെഴുകുതിരിപ്രദക്ഷിണം ഉണ്ടായില്ല. ന്യൂ ജനറേഷന്‍ സിനിമക്കാര്‍ വന്നു മുതലക്കണ്ണീരൊഴുക്കിയുമില്ല. ഇപ്പോള്‍ ആരും അവരുടെ പേരുപോലും ഓര്‍ക്കുന്നില്ല. നഷ്ടപരിഹാരം കൈപ്പറ്റി വീട്ടുകാര്‍ പരാതിയില്ല എന്നെഴുതിക്കൊടുത്തിട്ടും അവരെ വിട്ടയക്കാത്തതിന്‍റെ നീതികേടിനെപ്പറ്റി വരെ മറീന്‍ ഫാന്‍സിന് ആശങ്കയുമുണ്ട്.

വീട്ടുകാര്‍ പണം കൈപ്പറ്റി പരാതി പിന്‍വലിച്ചതുകൊണ്ട് കൊല്ലപ്പെട്ടര്‍ക്ക് നീതി ലഭിക്കുന്നില്ല. ഈ മറീന്‍ കുഞ്ഞാടുകളെ കരയിലെത്തിക്കാനും ചോദ്യം ചെയ്യാനുമൊക്കെ ഇവിടുത്തെ പോലീസ് കഷ്ടപ്പെട്ടത് എത്രയാണെന്നും വെടിവച്ചുകൊന്നതില്‍ തെറ്റില്ലെന്ന മട്ടില്‍ മറീനുകള്‍ക്കു വേണ്ടി വാദമുയര്‍ന്നതും മറന്നുകൊണ്ട് ഈ മടങ്ങിവരവോടെ അവരെയങ്ങു വാഴ്‍ത്തപ്പെട്ടവരാക്കി പ്രഖ്യാപിക്കുന്നത് ശരിയല്ല. നമ്മെ സംബന്ധിച്ച് മീന്‍പിടുത്തക്കാരായ നമ്മുടെ രണ്ടു സഹോദരന്‍മാരെ അകാരണണായി വെടിവച്ചുകൊന്നവരാണ് മറീനുകള്‍. അവര്‍ തിരിച്ചുവന്നത് ഇനി തിരിച്ചുവരേണ്ടാത്ത ഒരു പോക്കിനു കളമൊരുക്കുന്നതിനാണ്. അവരെയാരാധിച്ച് അത്രയും ആരാധന വേസ്റ്റ് ആക്കുന്നത് മണ്ടത്തരമാണ്.

ഒരു അച്ചനും ഒന്‍പതു വേശ്യകളും

മനോരോഗിയായിരുന്ന സിസ്റ്റര്‍ അഭയയുടെ ആത്മഹത്യ പാവപ്പെട്ട അച്ചന്‍മാരുടെ തലയില്‍ കെട്ടിവച്ച് സഭയെ നശിപ്പിക്കാനുള്ള സാത്താന്‍റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടിട്ട് അധികകാലമായില്ല. ഇപ്പോള്‍ പുതിയൊരു സംഭവുമായി സാത്താന്‍ വീണ്ടും രംഗപ്രവേശം ചെയ്തിരിക്കുന്നു. കേരളത്തിലെ വിശ്വാസികളെ ഇനിയും വഴിതെറ്റിക്കാനാവില്ല എന്നറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു സാത്താന്‍ സ്റ്റോറി ഫയല്‍ ചെയ്തിരിക്കുന്നത് സഭയുടെ തറവാടായ ഇറ്റലിയില്‍ നിന്നാണ് (ഈ രാജ്യത്തു നിന്നാണ് രണ്ടു വിശുദ്ധര്‍ കപ്പലില്‍ വന്ന് പാപികളായ മീന്‍പിടുത്തക്കാരെ വെടിവച്ചുകൊന്ന് നമ്മെ അനുഗ്രഹിച്ചത്. നമ്മുടെ ദേശീയ ഐശ്യര്യദേവതയായ സോണിയാ ഗാന്ധിയും ഈ രാജ്യത്തുനിന്നാണ്).

ഇറ്റലിയില്‍ ദൈവവേലയിലേര്‍പ്പെട്ടിരിക്കുന്ന കോട്ടയംകാരനായ ഒരു നല്ല ഇടയനെയും കോട്ടയത്തു നിന്ന് ഇറ്റലിയില്‍ ദൈവവേലയ്‍ക്കു പോയിരിക്കുന്ന സ്ത്രീകളെയും കഥാപാത്രങ്ങളാക്കി സാത്താന്‍ രചിച്ചിരിക്കുന്ന ഈ കഥ അനുസരിച്ച് വൈദികന്‍ ഇറ്റലിയില്‍ പത്തിരുപത് ഫീമെയില്‍ കോട്ടയങ്ങളെ വച്ച് നക്ഷത്രവേശ്യാലയം നടത്തുകയാണ് (സാത്താന്‍ തുലഞ്ഞുപോകട്ടെ). ഒന്നാമത്, കോട്ടയംകാരി പെണ്ണുങ്ങളോളം നേരും നെറിയുമുള്ളവര്‍ ലോകത്ത് വേറെയില്ല. രണ്ടാമത്,ഒരു വൈദികന്‍ ഇറ്റലിയില്‍ പ്രവര്‍ത്തിക്കുക എന്നു പറഞ്ഞാല്‍ ദൈവം പ്രത്യേകം തിരഞ്ഞെടുത്ത ദിവ്യന്‍ ആണെന്നാണ് അര്‍ത്ഥം. സഭയെ കരിവാരിത്തേക്കുന്നതിനും ചില വിശുദ്ധ ജന്മങ്ങളെ അവഹേളിക്കുന്നതിനും വേണ്ടി ചിലര്‍ അറിഞ്ഞുകൊണ്ട് ഈ വാര്‍ത്ത പ്രചരിപ്പിക്കുകയാണ്. ഈ വാര്‍ത്ത പുറത്തുവിട്ടവര്‍ക്കും അവരുടെ സന്തതിപരമ്പരകള്‍ക്കും ദുരിതം !

കോട്ടയം ജില്ലയിലെ കടുത്തുരുത്തി, ഏറ്റുമാനൂര്‍, കരികുന്നം, ഉഴവൂര്‍, കൈപ്പുഴ, കണ്ണൂരിലെ കുടിയേറ്റ മേഖലകളായ മടമ്പം, രാജപുരം എന്നീ സ്ഥലങ്ങളില്‍ നിന്നും നല്ല ഇടയന്‍ കൊണ്ടുപോയ സ്ത്രീകളെ ഉപയോഗിച്ചാണ് ഇറ്റലിയിലെ നക്ഷത്രവേശ്യാലയം നടത്തുന്നത് എന്നു പാപികള്‍ പറയുന്നു. ഈ സ്ഥലങ്ങളിലൊക്കെ പരിചയമുള്ള അച്ചന്‍ ഇടവകയിലെ വനിതാസംഘടനകള്‍ വഴി സ്ത്രീകളെ വളച്ചെടുക്കുകയും ഇറ്റലിയിലേക്കു കൊണ്ടുപോവുകയുമായിരുന്നത്രേ. പ്രായമായവരെ ശുശ്രൂഷിക്കാനാണെന്നു പറഞ്ഞാണ് വൈദികന്‍ അവരെ കൊണ്ടുപോയതെന്നു പറയുന്നു (വേശ്യാവൃത്തി പ്രായമായവര്‍ക്കുള്ള ഒരു ശുശ്രൂഷയല്ലേ?). ഇറ്റലിയില്‍ ജോലി ചെയ്യുന്ന മലയാളികളായ ചേട്ടന്‍മാര്‍ക്കും കേരളത്തില്‍ നിന്ന് ഇറ്റലിക്കു പോകുന്ന മാന്യന്‍മാര്‍ക്കും ഈ ആതുരാലയത്തില്‍ അന്തിയുറങ്ങാന്‍ അവസരമൊരുക്കിയതാണോ പാവപ്പെട്ട അച്ചന്‍ ചെയ്ത തെറ്റ് ?

കോട്ടയംകാരനായ ഈ നല്ല ഇടയന്‍റെ ഇടവകയിലെ കന്യസ്ത്രീകളും അച്ചന്‍റെ ക്ലോസ് ഫ്രണ്ടായ ചില രാഷ്ട്രീയനേതാക്കന്‍മാരും കുഞ്ഞാടുകളെ കയറ്റിഅയയ്‍ക്കുന്നതിന് ഇടനിലക്കാരായി പ്രവര്‍ത്തിക്കുകയാണെന്നും ഇവര്‍ക്കുള്ള കമ്മിഷന്‍ അച്ചന്‍ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കാറുണ്ടെന്നും സാത്താന്‍റെ അനുചരന്‍മാര്‍ പറയുന്നു. ഈയിടെ അവിടെ എത്തിപ്പെട്ട ഒരു സ്ത്രീ ചതി മനസ്സിലാക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ അച്ചനും സംഘവും അവര്‍ക്ക് വേറൊരു സ്ഥലത്ത് ജോലി ശരിയാക്കി കൊടുക്കുകയും വീട്ടുകാര്‍ക്ക് നഷ്ടപരിഹാരമായി രണ്ടു ലക്ഷം രൂപ നല്‍കുകയും ചെയ്തു എന്നും പാപികള്‍ പ്രചരിപ്പിക്കുന്നു. സിസ്റ്റര്‍ അഭയയ്‍ക്ക് മാനസികരോഗമുണ്ടായിരുന്നു എന്നതുപോലെ ഈ പ്രതിഷേധിച്ച സ്ത്രീയ്‍ക്കും എന്തോ ഗുരുതരമായ തകരാറുണ്ടായിരുന്നു എന്നാണ് മനസ്സിലാവുന്നത്. കന്യാസ്ത്രീ മഠങ്ങളുടെ മുറ്റത്തുള്ളതുപോലെ നക്ഷത്രവേശ്യാലയങ്ങളുടെ മുറ്റത്തും ആഴമുള്ള കിണര്‍ ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു.

ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്നു വച്ചാല്‍, വരും ദിവസങ്ങളില്‍ ഇതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പാപികള്‍ പ്രചരിപ്പിക്കുകയും സഭയെയും വൈദികരെയും അവഹേളിക്കാന്‍ ശ്രമിക്കുകയും ചെയ്യും. അല്ലെങ്കിലും അവസാനകാലത്ത് ഇങ്ങനൊക്കെ സംഭവിക്കുമെന്ന് പ്രവാചകന്‍മാര്‍ പറഞ്ഞിട്ടുണ്ട്. വലിയൊരു പരീക്ഷണത്തിന്‍റെ സമയമാണിത്. ഇറ്റലിയില്‍ ദൈവവേല ചെയ്യുന്ന കോട്ടയംകാരനായ ആ നല്ല ഇടയന് ഈ പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്തും ധൈര്യവും ലഭിക്കുന്നതിനു വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ഥിക്കാം. അദ്ദേഹത്തോടൊപ്പം ശുശ്രൂഷാവേലയിലേര്‍പ്പെട്ടിരിക്കുന്ന അഭിവന്ദ്യസ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ ലഭിക്കട്ടെ എന്ന് പ്രത്യാശിക്കാം.

റോബോട്ടുകള്‍ വികാരജീവികളാണ്

പച്ചാളം ഭാസി നവരസങ്ങള്‍ക്കു പുറമേ അവതരിപ്പിച്ചത് സ്വന്തമായി കണ്ടെത്തിയത് ഒരു രസമാണ്. ഇറ്റലിയിലെ യൂണിവേഴ്‌സിറ്റി ഓഫ് പിസയിലെ റോബോട്ടിസിസ്റ്റുകള്‍ വികസിപ്പിച്ചെടുത്ത റോബോട്ടും നവരസങ്ങള്‍ കാണിക്കും, ഒപ്പം വിവിധ രസങ്ങള്‍ മിക്‌സ് ചെയ്ത് സ്വന്തമായി കണ്ടെത്തിയ ഒരായിരം രസങ്ങളും. റോബോട്ടിക്‌സ് ഇനിയങ്ങോട്ടു രസകരമായിരിക്കും. മുപ്പത് വര്‍ഷത്തെ ഗവേഷണത്തിലൂടെ ഏറെക്കുറെ പൂര്‍ണാക്കി മാറ്റിയ റോബോട്ടിന് റോബോട്ടിക്‌സ് ശാസ്ത്രജ്ഞരിലൊരാളുടെ ഭാര്യയുടെ മുഖമാണ് നല്‍കിയിരിക്കുന്നത്, പേര് ഫേസ്. ഏറെക്കുറെ എല്ലാ ഭാവങ്ങളും പ്രകടിപ്പിക്കുന്ന റോബോട്ട് തന്നോട് സംസാരിക്കുന്ന മനുഷ്യരുടെ വാക്കുകള്‍ക്കനുസരിച്ചുള്ള പ്രതികരണങ്ങള്‍ ഭാവങ്ങളിലൂടെ പ്രകടിപ്പിക്കും. പ്രായോഗികമായി റോബോട്ടുകളും മനുഷ്യരും തമ്മില്‍ വ്യത്യാസമില്ലാത്ത കാലത്തേക്ക് എത്തുകയാണ് റോബോട്ടിക്‌സ് എന്ന സൂചനയാണ് ഫേസ് നല്‍കുന്നത്.

വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി 32 മോട്ടോറുകളാണ് റോബോട്ടിന്റെ മുഖത്ത് ഘടിപ്പിച്ചിരിക്കുന്നത്. റോബോട്ടിക്‌സിലെ പിഎച്ച്ഡി വിദ്യാര്‍ഥിയായ നികോള്‍ ലസേരിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് ഫേസ് വിസിപ്പിച്ചെടുത്തത്. ഭാവപ്രകടനത്തിനായി ഹൈബ്രിഡ് എന്‍ജിന്‍ ഫോര്‍ ഫേഷ്യല്‍ എക്‌സ്പ്രഷന്‍സ് സിന്തസിസ് എന്ന സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. മനുഷ്യരുടെ ഭാവപ്രകടനങ്ങളെപ്പറ്റി 30 വര്‍ഷമായി നടത്തിയ പഠനത്തിന്റെ ഫലമായി വികസിപ്പിച്ചെടുത്തതാണ് ഈ സോഫ്റ്റ്‌വെയര്‍. ഇതിനോടകം റോബോട്ടിക്‌സ് രംഗത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഫേസ് വരുംകാല റോബോട്ടിക്‌സിന്റെ സാധ്യതകളിലേക്കുള്ള സൂചന മാത്രമാണ്.

ഭാവങ്ങളൊക്കെ കാണിച്ചു തുടങ്ങിയ സ്ഥിതിക്ക് മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ സുന്ദരന്മാരായ റോബോട്ടുകളെ ഉണ്ടാക്കി അവരെ വച്ച് സിനിമ പിടിച്ചു കളയാം എന്നൊന്നും ആരും കരുതേണ്ട. റോബോട്ടുകള്‍ മനുഷ്യരോട് തോളോട് തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ നിര്‍ജീവമായ മുഖവും യന്ത്രസാന്നിധ്യം നല്‍കുന്ന അസ്വസ്ഥതകളും ഒഴിവാക്കി റോബോട്ടിനു മനുഷ്യത്വം നല്‍കനാകുമോ എന്ന പരീക്ഷണത്തിന്റെ വിജയമാണ് ഫേസ്. ഈ റോബോട്ടിനെ വച്ച് ഒരു സിനിമ ചിത്രീകരിക്കണമെങ്കില്‍ 10 സിനമയുടെ ചെലവാകും. ഫേസ് ടീമിന്റെ വെബ്‌സൈറ്റ്: www.faceteam.it

ഇറ്റലിക്കാര്‍ മുഖം ശരിപ്പെടുത്തിയപ്പോള്‍ ജപ്പാനിലെ സാങ്കേതികവിദദ്ധര്‍ പിന്‍ഭാഗവും വികാരതീവ്രമാക്കി. ടോക്കിയോ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കമ്യൂണിക്കേഷന്‍സിലെ നൊബുഹിരോ തകാഷിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത റോബോട്ടിന് മുഖമില്ല, നിതംബം മാത്രമേയുള്ളൂ. ജാപ്പനീസ് ഭാഷയില്‍ നിതംബം എന്നര്‍ഥം വരുന്ന ഷിരി എന്നാണ് റോബോട്ടിന്റെ പേര്. ഭയവും സന്തോഷവുമൊക്കെ പ്രകടിപ്പിക്കാന്‍ കഴിയുന്ന നിതംബം വിവിധ ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിയുന്ന റോബോട്ടിന്റെ മുന്നോടിയാണത്രേ. കൃത്രിമ മസിലുകളും മൈക്രോഫോണുമാണ് നിതംബ റോബോട്ടിന്റെ അടിസ്ഥാനം. സംഭാഷണങ്ങളോടോ സംഭവങ്ങളോടോ ഒന്നും ഈ നിതംബം പ്രതികരിക്കില്ല. പ്രതികരണങ്ങള്‍ അടിയോട് മാത്രമാണ്. മെല്ലെയുള്ള അടി, ശക്തിയായുള്ള അടി, നേര്‍ത്ത തലോടല്‍ എന്നിവയുടെ ഫലമായി നിതംബം വിറയ്ക്കുകയും തുടിക്കുകയുമൊക്കെ ചെയ്യും. അടി ഏതു തരത്തിലുള്ളതാണെന്ന് തിരിച്ചറിയുന്നത് മൈക്രോഫോണാണ്. ശബ്ദത്തിന്റെ അടിസ്ഥാനത്തില്‍ കൃത്രിമ മസിലുകള്‍ അനുയോജ്യമായ പ്രതികരണം കാഴ്ചവയ്ക്കും.

നവരസം കാണിക്കുന്ന റോബോട്ടും നിതംബ റോബോട്ടും തമ്മിലുള്ള പ്രധാനവ്യത്യാസം നവസരം ശബ്ദങ്ങളോടും നിതംബം സ്പര്‍ശനത്തോടും പ്രതികരിക്കും എന്നതാണ്. ഓണ്‍ലൈന്‍ കമിതാക്കള്‍ക്ക് ഒറിജിനലായി ചുംബിക്കാന്‍ കിസ് ഇന്റര്‍ഫേസും ആലിംഗനത്തിനായി സെന്‍സ് റോയ്ഡുമൊക്കെ വികസിപ്പിച്ചെടുത്ത തകാഷിയുടെ പ്രായം വെറു 24 വയസാണ്. വെബ്‌സൈറ്റ്: http://novriki.com

കയ്യില്‍ ഒരു കോടി ? അവരെ വെറുതെ വിടൂ..

വളരെ സങ്കീര്‍ണമാണ് നമ്മുടെ പ്രതികരണമനസാക്ഷിയുടെ കാര്യം. സ്വന്തം കാര്യത്തില്‍ ജീവിതസുരക്ഷയ്‍ക്കും മനസമാധാനത്തിനും വേണ്ടി വിട്ടുവീഴ്‍ചകളും വിട്ടുകൊടുക്കലുകളും നടത്തുകയും മറ്റുള്ളവരുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് വച്ചുപുലര്‍ത്തി ദേശസ്‍നേഹവും ധാര്‍മികരോഷവും കൂട്ടിക്കലര്‍ത്തി ആക്രോശിക്കുകയും ചെയ്യുമ്പോള്‍ കണ്ണാടിയില്‍ നോക്കി നീയൊരു ബോറന്‍ തന്നെ എന്നെങ്കിലും പറയാനുള്ള ആത്മധൈര്യം അവശേഷിക്കുന്നില്ലെങ്കില്‍ ഭാവി പ്രതിസന്ധിയിലാകും. ഇറ്റാലിയന്‍ നാവികര്‍ മല്‍സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ഉള്‍പ്പെട്ട ഒത്തുതീര്‍പ്പ് ഫോര്‍മുലക്കെതിരേ സോഷ്യല്‍ മീഡിയയില്‍ അലയടിക്കുന്ന പ്രതിഷേധത്തിന്റെ അന്തസത്ത ഉള്‍ക്കൊള്ളാനാവാത്തതുകൊണ്ടു ചോദിക്കുകയാണ്, സര്‍ക്കാരിന്റെ,കോടതിയുടെ എല്ലാ തീരുമാനങ്ങളെയും ആക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുക എന്നതാണോ സാമൂഹികപ്രതിബദ്ധതയുടെ ലക്ഷണം ?

നമ്മളെല്ലാം കൊല്ലപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കു വേണ്ടി ഫേസ്‍ബുക്കില്‍ എന്തുമാത്രം അപ്‍ഡേറ്റുകളിട്ടു, എന്നിട്ട് അവരുടെ ബന്ധുക്കള്‍ ഓരോ കോടി രൂപ വീതം വാങ്ങി കേസ് അങ്ങ് ഒത്തുതീര്‍പ്പാക്കി. ഇത്രേം കാലം ഫേസ്‍ബുക്കില്‍ നാവികരുടെ തന്തയ്‍ക്കു വിളിച്ച നമ്മളാരായി എന്നതാണ് ധാര്‍മികരോഷത്തിന്റെ ലോ പോയിന്റ്. ലോകത്ത് കാര്യങ്ങള്‍ നടക്കുന്നത് നമ്മുടെ ഫേസ്‍ബുക്ക് സ്റ്റാറ്റസുകളുടെ അടിസ്ഥാനത്തിലാണ് എന്നു ജനം വിശ്വസിച്ചു തുടങ്ങിയാല്‍ പിന്നെ നേരേയാവാന്‍ ബുദ്ധിമുട്ടാണ്. മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് ശുപാര്‍ശ ചെയ്യുന്ന അന്തിമ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ കാരണമായത് ഫേസ്‍ബുക്കിലെ ഫോട്ടോഷോപ് ഫ്രോഡുവേലകളാണ് എന്നു കരുതി കീബോര്‍ഡ് ആക്ടിവിസ്റ്റുകള്‍ ലഡു വിതരണം ആരംഭിച്ചു കഴിഞ്ഞു.

ഇറ്റാലിയന്‍ നാവികരോട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ ക്ഷമിക്കണോ വേണ്ടയോ എന്നത് ഒരു ദേശീയപ്രശ്നമാണെന്നാണ് പലരും കരുതുന്നത്. ഞാന്‍ മനസ്സിലാക്കിയിടത്തോളം അത് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ മാത്രം കാര്യമാണ്. നാവികരോട് ക്ഷമിക്കുകയും നഷ്ടപരിഹാരമായി ഒരു കോടി വീതം വാങ്ങുകയും ചെയ്ത ബന്ധുക്കളെ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന പ്രബുദ്ധസാമൂഹികസ്‍നേഹികള്‍ നടത്തുന്നത് ഹീനമായ ധാര്‍മിക പൊലീസിങ് ആണ്. ആര് ആരോട് എപ്പോള്‍ എന്തിന്റെ പേരില്‍ ക്ഷമിക്കണം എന്ന് ഫേസ്‍ബുക്കിലെ മലയാളികള്‍ തീരുമാനിക്കുമെന്നാണെങ്കില്‍ ആ മലയാളികളോട് സഹതപിക്കുകയേ നിവൃത്തിയുള്ളൂ.

കൊല്ലപ്പെട്ട വലന്റൈന്‍ ജലസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും ബന്ധുക്കള്‍ക്ക് അവരോടുള്ളതിനെക്കാള്‍ സ്നേഹവും ആത്മാര്‍ത്ഥയുമുള്ളത് ഫേസ്‍ബുക്ക് മലയാളികള്‍ക്കാണ് എന്നും നഷ്ടപരിഹാരം സ്വീകരിക്കുന്നതിലൂടെ അവര്‍ ഈ മലയാളികളെയും കേരളത്തെയും വഞ്ചിച്ചു എന്നും വരെ പറയുന്നിടത്തെത്തി നില്‍ക്കുന്നു കാര്യങ്ങള്‍. നഷ്ടപരിഹാരം സ്വീകരിച്ചില്ലായിരുന്നെങ്കില്‍ വലന്റൈന്‍ ജസ്റ്റിനും അജീഷ് പിങ്കിയും തിരിച്ചുവരുമായിരുന്നു എന്ന മട്ടിലാണ് രോഷപ്രകടനം. ‘എന്റെ കെട്ടിയോനം ഇറ്റലിക്കാര്‍ വെടി വയ്‍ക്കണേ എന്നായിരിക്കും പല ഭാര്യമാരുടെയും പ്രാര്‍ഥന’ എന്നാക്ഷേപിക്കുന്നവരുടെ സാമൂഹികപ്രതിബദ്ധതാമുഖംമൂടിക്കു പിന്നിലെ ചീഞ്ഞളിഞ്ഞ സവര്‍ണധാര്‍ഷ്ഠ്യം ക്ഷമിക്കപ്പെടാവുന്നതല്ല.

കോടികളുടെ ഇന്‍ഷൂറന്‍സ് പോളിസിയെടുത്ത്, ഞാന്‍ ചത്താലും എന്റെ ഫാമിലി സേഫ് ആയിരിക്കുമെന്ന് അഹങ്കരിക്കുന്നവര്‍ക്ക് മുന്നില്‍ ഇരുട്ടുമാത്രമുള്ള രണ്ടു കുടുംബങ്ങള്‍ക്ക് ഈ നഷ്ടപരിഹാരം എന്താണെന്നു മനസ്സിലാകണമെങ്കില്‍ നിസ്സഹായാവസ്ഥ എന്ന വാക്കിന്റെ അര്‍ഥമെങ്കിലും മനസ്സിലാകണം. ഫേസ്‍ബുക്ക് പ്രൊഫൈല്‍ ഇല്ല എന്നു കരുതി വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബാംഗങ്ങളെയും ജീവനു നമ്മള്‍ പോലും പുല്ലുവില കല്‍പിച്ചിട്ടുള്ള മല്‍സ്യത്തൊഴിലാളികളെയും എങ്ങനെയും അധിക്ഷേപിക്കാം എന്നു കരുതുന്നത് തീരെ ശരിയല്ല.

ഓരോ കോടി രൂപ നഷ്ടപരിഹാരം കൈപ്പറ്റുന്നതോടെ നാവികര്‍ കേസില്‍ നിന്നു മോചിതരാവുകയും നാളെത്തന്നെ ഇറ്റലിക്കു മടങ്ങുകയും ചെയ്യുമെന്നു കരുതുന്ന വിഡ്ഡികള്‍ വെല്ലുവിളിക്കുന്നത് ഇന്ത്യന്‍ നിയമസംവിധാനത്തെയല്ല, സ്വന്തം വിവേകത്തെ തന്നെയാണ്. ഒത്തുതീര്‍പ്പായത് നഷ്ടപരിഹാരക്കേസ് മാത്രമാണ്. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള് ക്ഷമിച്ചിരിക്കുന്നു എന്ന് വെള്ളക്കടലാസില്‍ എഴുതി നല്‍കിയാല്‍ നാവികര്‍ക്ക് കുപ്പിയും തോക്കുമെടുത്ത് നാടുവിടാന്‍ ഇത് സൗദി അറേബ്യയല്ല. മറ്റു കേസുകള്‍ അതിന്റെ മുറയ്‍ക്ക് നടക്കും. ആ കേസുകളിലെ വിജയവും പരാജയവും നിര്‍ണയിക്കുന്നത് കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ നിലപാടല്ല. ആദ്യം മുതലേ, കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നേടിക്കൊടുക്കുക എന്നത് പൊതുനിലപാടായിരുന്നു. എന്നിട്ട് ഒടുവില്‍ അത് കോടതിക്കു പുറത്തു സാധ്യമായപ്പോള്‍ ആളുകള്‍ക്ക് സഹിക്കാനാവാതെ വന്നത് എന്തുകൊണ്ടാണെന്നത് വിചിത്രമാണ്.

കടല്‍ക്കൊല കേസില്‍ സര്‍ക്കാരും നിയമവും ഇറ്റലിയോട് ഏറ്റുമുട്ടുന്നത് വളരെ ഭീതിയോടെയാണ് എന്നത് വ്യക്തമാണ്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നീതി കിട്ടുക എന്നു പറയുമ്പോള്‍ കൊലപാതകികള്‍ ശിക്ഷിക്കപ്പെടുന്നതോടൊപ്പം ഉചിതമായ നഷ്ടപരിഹാരം കൂടി ലഭ്യമാക്കുക എന്നും അര്‍ഥമുണ്ട്. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്ന മട്ടിലേക്ക് കേസ് വഴിതിരിഞ്ഞു നില്‍ക്കുമ്പോള്‍ ഒരു കോടി വീതം നഷ്ടപരിഹാരം നേടിക്കൊടുക്കാനായത് വലിയ കാര്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. പണത്തെക്കാള്‍ മൂല്യങ്ങള്‍ക്കാണ് വില കല്‍പിക്കുന്നത് എന്നു നടിക്കുന്ന, കോടികള്‍ നമുക്ക് പുല്ലാണ് എന്നു ഭാവിക്കുന്ന പ്രബുദ്ധമലയാളികള്‍ക്ക് വലന്റൈന്‍ ജസ്റ്റിന്റെയും അജീഷ് പിങ്കിയുടെയും കുടുംബങ്ങ്‍ക്ക് ആ തുക എന്താണ് എന്നു മനസ്സിലാക്കാനുള്ള വിവേകമുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

കത്തനാര്‍പ്രവേശം

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno;sia fatta la tua volontà come in cielo anche in terra.Dacci oggi il nostro pane quotidiano;e rimetti a noi i nostri debiti,come anche noi li rimettiamo ai nostri debitori;e non esporci alla tentazione,ma liberaci dal male.Tuo è il regno, la potenza, e la gloria nei ecoli.Amen.

മനസ്സിലായില്ല ആരാ ?

ഞങ്ങള്‍ പ്രാര്‍ഥനാകൂട്ടായ്മയ്‍ക്കു വന്ന രണ്ട് ഇറ്റാലിയന്‍ വൈദികരാണ്..

പ്രാര്ഥനാ കൂട്ടായ്മയോ ? അതിവിടെ ഇടവകേല്‍ വേറെയുണ്ടല്ലോ ?

ഇടവകേലേ പൊലെയല്ല ഇത്, ഇറ്റലി എന്നു പറയുമ്പോള്‍ അറിയാമല്ലോ, റോം..മാര്‍പ്പാപ്പ..

ഓ!..നിങ്ങളിലാരാ മാര്‍പ്പാപ്പ ?

കപ്യാരേ ? ഏതാ ഈ പെമ്പ്രന്നോര് ?

ഫാദര്‍ ക്രിസ്റ്റോ.. വണ്‍ സെക്കന്‍ഡ് പ്ലീസ്..

എന്താ കപ്യാരേ, പറയൂ…

കപ്യാര് തന്റെ തന്ത… ഡോ, നമ്മള്‍ രണ്ടുപേരും ഇറ്റാലിയന്‍ സെമിനാരിയിലെ കുശിനിക്കാരാണ്… സാങ്കേതികമായി ഞാനും തന്നെപ്പോലെയൊരു സെമിനാരി ജീവനക്കാരന്‍ തന്നെയാണ്.. അച്ചന്മാരുടെ വേഷം കെട്ടി ഇവിടെ വന്നിട്ടുണ്ടെങ്കില്‍ നമ്മള് രണ്ടുപേരും അച്ചന്മാര്‍ തന്നെ.. അല്ലാതെ കപ്യാരേ കുപ്യാരേ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യാദക്ക് എന്നെ ഫാദര്‍ എന്നു വിളിക്കുന്നതാണ് നല്ലത്

നിന്നെ ഫാദറെന്നോ.. എടാ, സെമിനാരീലെ അടുക്കളയില്‍ ബീഫ് കറിവച്ച പാത്രം നേരേ ചൊവ്വേ കഴുകി വയ്‍ക്കാത്തതിന് റെക്ടറച്ചന്‍ കഴിഞ്ഞയാഴ്ച നിന്റെ തന്തയ്‍ക്കു വിളിച്ചത് മറന്നുപോയോ ?

ആ ബീഫ് കറി അടിയില്‍ പിടിച്ചതിന് അതേ റെക്ടറച്ചന്‍ നിന്റെ കരണത്തടിച്ചത് ഞാനും മറന്നിട്ടില്ല..

ഓകെ,ഓകെ… നമ്മള്‍ വന്നത് വഴക്കടിക്കാനല്ല… ഇവരെ പറഞ്ഞ് പറ്റിച്ച്,ജയിലില്‍ കിടക്കുന്ന രണ്ടു പട്ടാളക്കാരെ രക്ഷപെടുത്തിക്കൊണ്ടുപോകാനാണ്..തല്‍ക്കാലം നമ്മള്‍ രണ്ടു പേരും ഫാദേഴ്‍സ്…ഓകെ,ഫാദര്‍ ഗോണ്‍സാല്‍വസ് ?

ഓകെ,ഫാദര്‍ ക്രിസ്റ്റോ..

ഓകെ,മാഡം.. ഇതു ഞങ്ങള്‍ വൈദികര്‍ തമ്മിലുള്ള ചില തിയോളജിക്കല്‍ ഡൗട്ട്‍സ്… ചില ആശയക്കുഴപ്പങ്ങള്‍..

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെയുള്ള ചില..

അത്രയ്‍ക്കൊന്നുമില്ല… ഞാനീ ബികോം തിയോളജി ആയതുകൊണ്ട് …

ഫാദര്‍ര്‍ര്‍ര്‍ര്‍ര്‍ ???

ഓകെ,ഓകെ… മാഡം എന്താ ചോദിച്ചത് ?

നിങ്ങളിലാരാ മാര്‍പ്പാപ്പാന്ന് ?

ഞങ്ങളിലാരാ ??

മാര്‍പ്പാപ്പ ??

മാര്‍പ്പാപ്പ വരും…ഈസ്റ്ററൊക്കെയായതുകൊണ്ട് അവിടെ കുര്‍ബാന ചൊല്ലാന്‍ വേണ്ടി നില്‍ക്കുവാ…

അച്ചന്മാര്‍ക്കിപ്പോ എന്താ വേണ്ടത് ?

ഞങ്ങള്‍ക്ക് പ്രാര്‍ഥിക്കണം… മനസ്സ് നിറയുവോളം പ്രാര്‍ഥിക്കണം..

പ്രാര്‍ഥിച്ചോ… അതിനു ഞാനെന്തു വേണം ?

ഈ വീട്.. ഇവിടുത്തെ അന്തരീക്ഷം, കടല്‍ക്കാറ്റ്…ഇത് ഞങ്ങളെ ആകര്‍ഷിക്കുന്നു…

ഇറ്റലിയിലിരുന്നപ്പോ ആകര്‍ഷണം തോന്നിയതുകൊണ്ടാണോ കെട്ടിയെടുത്തത് ?

മാഡം ചൂടിലാണെന്നു തോന്നുന്നല്ലോ…

ഉം… അച്ചന്മാര് പ്രാര്‍ഥിക്ക്.. വീടൊക്കെ ഒന്നു വെ‍ഞ്ചരിച്ചേരെ…ഞാനിപ്പോ വരാം..

അയ്യോ ചായേം കാപ്പീമൊന്നുമെടുക്കേണ്ട… ഞങ്ങളതൊന്നും കഴിക്കത്തില്ല..

ചായ എടുക്കാനല്ല,അയല്‍ക്കാരെയൊക്കെ ഒന്നു വിളിച്ചോണ്ടു വരട്ടെ…

അയ്യോ, എന്തിനാ ?

ഞങ്ങളൊന്നും കുമ്പസാരിച്ചിട്ടില്ല.. അച്ചന്മാര് ഇറ്റലീന്നിവിടം വരെ വന്ന സ്ഥിതിക്ക് എല്ലാവരും ഒന്നു കുമ്പസാരിച്ചോട്ടെ…

അപ്പോ ഫാദര്‍ ഗോണ്‍സാല്‍വസ് പ്രാര്‍ഥന തുടങ്ങിക്കോ…

ഫാദര്‍ ക്രിസ്റ്റോ തന്നെ തുടങ്ങിക്കോ… ഞാനീ ബികോം ഒന്നും പാസ്സായിട്ടില്ലല്ലോ..

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno…

വന്നു കയറിയപ്പോഴേ ഇതു തന്നെയല്ലേ ചൊല്ലിയത് ?

ഒരു പ്രാര്‍ഥന ഒരു തവണയേ ചൊല്ലാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടില്ല.. അല്ലെങ്കിലും ഞാന്‍ വേറെ പ്രാര്‍ഥന പഠിച്ചിട്ടില്ല…അച്ചന്മാരുടെ വേഷം കെട്ടി വരാമെന്നുള്ളത് നിന്റെ ഐഡിയ ആയിരുന്നല്ലോ…അപ്പോ ഈ പ്രാര്‍ഥനേടെ കാര്യമൊന്നുമോര്‍ത്തില്ലേ ?

ഞാന്‍ കപ്യാരും നീ വല്യ കത്തനാരുമാണെന്ന കോംപ്ലക്‍സ് വച്ചോണ്ടു നടക്കുമ്പോള്‍ പ്രാര്‍ഥന സ്വയം പഠിക്കണമായിരുന്നു..തല്‍ക്കാലം ഒരു പ്രസംഗം അങ്ങു കാച്ചിക്കോ…

പ്രാര്‍ഥന വേണ്ടാ ?

വേണ്ട ഇവിടൊക്കെ പള്ളീല്‍ കൂടുതലും രാഷ്ട്രീയപ്രസംഗങ്ങളാ.. ഞാനല്ലേ പറയുന്നത്..ങ്ഹും..

പ്രിയപ്പെട്ട നാട്ടുകാരേ, ഇറ്റലിയിലെ മണലാരണ്യങ്ങളില്‍ നിന്ന്…ഇത്രയും ദൂരം താണ്ടി ഞങ്ങള്‍ രണ്ട് ഇറ്റാലിയന്‍ വൈദികര്‍ ഇവിടെ നില്‍ക്കുന്നത്… നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനായിട്ടാണ്… ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോടു പ്രസംഗിക്കാനാണ്…ക്ഷമയെപ്പറ്റി പറഞ്ഞപ്പോള്‍ പെട്ടെന്നൊരു സംഭവം അല്ലെങ്കില്‍ ഇന്‍സിഡന്റ് എന്റെ മനസ്സിലേക്കോടി വരികയാണ്….ഒരിക്കല്‍ മംഗലശ്സേരി നീലകണ്ഠന്‍ റോഡിലൂടെ പോകുമ്പോള്‍ വഴിയില്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടു.. ശേഖരനെ കണ്ടതും ദേഷ്യം വന്ന നീലകണ്ടന്‍ തോക്കെടുത്ത് ചൂണ്ടിയിട്ട് പറഞ്ഞു- വഴി മാറെടാ മുണ്ടയ്‍ക്കല്‍ ശേഖരാ.. ശേഖരന്‍ മാറിയില്ല.. നീലാണ്ടന്‍ തോക്ക് ഒരൊറ്റ ഞെക്ക്… അതു പൊട്ടി, ശേഖരന്‍ മരിച്ചു വീണു… എന്നാല്‍, ശേഖരന്റെ മകന്‍ വളര്‍ന്നപ്പോള്‍ നീലാണ്ടനെ ശത്രുവിനെയെന്നോണം കണ്ടു തുടങ്ങി…നീലാണ്ടന്‍ തന്റെയച്ഛനെ കൊന്നതിനു പ്രതികാരമായി ശേഖരന്റെ മകന്‍ നീലാണ്ടനെതിരേ കേസു കൊടുക്കുകയും നീലാണ്ടനെ പോലീസുകാര്‍ പിടിച്ചോണ്ടു പോവുകയും ചെയ്തു….ഒടുവില്‍ ഇവരെല്ലാം മരിച്ചപ്പോള്‍ നീലാണ്ടന്‍ സ്വര്‍ഗത്തിലും നീലാണ്ടനെ കേസ് കൊടുത്തു പീഡിപ്പിച്ച ശേഖരന്റെ മകന്‍ നരകത്തിലും പോയി…

പങ്കായം വച്ച് ഞാനവന്റെ തലയ്‍ക്കിട്ടു കൊടുക്കട്ടേ ?

യ്യോ… അവര്‍ ഇറ്റലീന്നു വന്ന അച്ചന്മാരാ…

കുഞ്ഞാടുകളേ, ക്ഷമ എന്നു പറയുന്ന ഗുണം നമ്മുടെ സമൂഹത്തില്‍ നഷ്ടമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇറ്റാലിയന്‍ വെടിവയ്‍പുകാരെ ശിക്ഷിക്കണം എന്നു വാശിപിടിക്കുന്നവര്‍. വളരെ ക്രൂരമാണിത്. ഒന്നുമറിയാത്ത, പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സുള്ള രണ്ടു വ്യക്തികളാണ് അവര്‍. അവര്‍ തോക്കു കൊണ്ടു കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി ആരോ മരിച്ചതിന് അവരെ തടവിലിട്ടു പീഡിപ്പിക്കുന്നതിലൂടെ നമ്മള്‍ വലിയ പാപമാണ് ചെയ്യുന്നത്…അവരെ മോചിപ്പിക്കാന്‍ കൈകോര്‍ക്കുന്നതിലൂടെ ദൈവരാജ്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയാണ് നമുക്ക് ലഭിക്കുന്നത്. പട്ടാളക്കാരെ മോചിപ്പിച്ച് നിങ്ങള്‍ പാപഭാരം കുറയ്‍ക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്…അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ എവിടെയും ഫലിക്കാന്‍ പോണില്ല…

അടിക്കെടാ ആ പുല്ലനെ….

(അഞ്ചു ദിവസങ്ങള്‍ക്കു ശേഷം)

എന്താണ് ശരിക്കും സംഭവിച്ചത് ?

എനിക്കു നല്ല ഓര്‍മയില്ല.. ബികോം ഫാദറിനോടു ചോദിക്കൂ…

എല്ലാം അവന്റെ ഐഡിയയാണ്…

ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ… പക്ഷെ, ഇത്രേം ഞാന്‍ കരുതിയില്ല…പക്ഷെ, അടുത്ത ഐഡിയ ഇതുപോലൊന്നുമല്ല… ഷുവറാ.. പട്ടാളക്കാരേം കൊണ്ടേ നമ്മള്‍ മടങ്ങൂ…

എന്താ ഐഡിയ ?

പട്ടാളക്കാരെ മോചിപ്പിക്കാന്‍ ഇറ്റലി ഇന്ത്യയ്‍ക്കെതിരേ സൈനികനീക്കം നടത്തി എന്ന് ഇന്ത്യന്‍ എക്‍സ്‍പ്രസില്‍ വിളിച്ചു പറയാം. അവരത് ഒന്നാം പേജിലെ പ്രധാനവാര്‍ത്തയായി കൊടുത്തോളും…പിന്നെ എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ തന്നെ നടക്കും…

വാട്ട് ആന്‍ ഐഡിയ സര്‍ജീ !

Buona Pasqua

എന്നു വച്ചാല്‍ ?

ഹാപ്പി ഈസ്റ്റര്‍ !

പിറവത്തെ പെങ്ങളെ കെട്ടിച്ചു, ഇനിയല്ലേ കളി !

ചില മലയാള സിനിമകളില്‍ കണ്ടിട്ടുണ്ട്,ഒരേയൊരു പെങ്ങളെ കെട്ടിച്ചയക്കാന്‍ വേണ്ടി വില്ലന്മാരുടെ ക്രൂരപീഡനങ്ങളെല്ലാം സഹിച്ച് ക്ലൈമാക്‍സ് വരെ പിടിച്ചു നില്‍ക്കുന്ന നായകന്‍. കിട്ടുന്ന ഇടിയെല്ലാം വാങ്ങി ചിരിച്ചോണ്ടു നില്‍ക്കും. എന്നിട്ട് പെങ്ങള്‍ടെ കല്യാണമൊക്കെ കഴിഞ്ഞ് അളിയനും പെങ്ങളേം മണിയറയില്‍ കയറ്റിവിട്ടിട്ട് നായകന്‍ മുണ്ടുമടക്കിയുടുത്ത് ജീപ്പില്‍ ഒരു വരവുണ്ട്. അത് വരെ കിട്ടിയ ഓരോ ഇടിക്കും കണക്കു ചോദിച്ച് വില്ലനെയും സംഘത്തെയും കൈകാര്യം ചെയ്യും. സഹിച്ചും ക്ഷമിച്ചും ഡീല്‍ ചെയ്തിരുന്ന കേസുകെട്ടുകളിലെല്ലാം ചോര കൊണ്ട് പരിഹാരമുണ്ടാക്കും. അങ്ങനെ നായകന്‍ വില്ലന്‍ ചെയ്തതിനെക്കാള്‍ വലിയ ക്രൈമുകള്‍ കൊണ്ട് കയ്യടി നേടും.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ സംബബന്ധിച്ചിടത്തോളം പിറവത്തെ പെങ്ങള്‍ടെ കല്യാണം ഇന്നലെ കഴിഞ്ഞു. ഇനിയുള്ളത് പ്രതികാരങ്ങളാണ്. സര്‍ക്കാരല്ലേ പ്രജകളല്ലേ എന്നു കരുതി തായം കളിച്ചിരുന്ന കേസുകളിലൊക്കെ ഇനി ആക്ഷന്‍ സീക്വന്‍സുകളായിരിക്കും. വോട്ടെടുപ്പ് അഞ്ചു മണിക്ക് അവസാനിച്ചതിനു പിന്നാലെ ലേക്‍ഷോര്‍ ആശുപത്രിയില്‍ സമരം ചെയ്തിരുന്ന നഴ്‍സുമാരെ അറസ്റ്റ് ചെയ്തു.ഏതാണ്ട് അതേ സമയത്തു തന്നെ പള്ളിക്കരയില്‍ യാക്കോബായ പള്ളിയില്‍ ശവസംസ്കാരത്തിനെത്തിയവരെ പൊലീസ് അടിച്ചോടിച്ചു. ഇപ്പോള്‍ കേള്‍ക്കുന്നു, ഇറ്റാലിയന്‍ കപ്പലായ എന്‍റിക ലെക്‍സിക്ക് കേരളതീരം വിടാന്‍ അനുമതി ലഭിച്ചു എന്ന്. നമ്മള്‍ പലതിനും കണക്ക് സൂക്ഷിക്കാത്തതുകൊണ്ട് ബാക്കി പണികളൊക്കെ നേരിട്ടു വരുമ്പോള്‍ അനുഭവിക്കാം.

ഇന്നലെ പിറവത്തെ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയാണ് ലേക്‌ഷോറില്‍ സമരം ചെയ്തിരുന്ന മുഴുവന്‍ നഴ്‌സുമാരെയും പോലീസ് അറസ്റ്റ് ചെയ്തത്. നഴ്‌സുമാരുടെ സമരം ആശുപത്രിയില്‍ ചികിത്സയിലിക്കുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ടാകരുതെന്ന ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനായിരുന്നു അറസ്റ്റ്. കൊള്ളാം, കോടതി ഉത്തരവ് പാലിക്കപ്പെടണം എന്നതില്‍ സംശയമില്ല. എന്നാല്‍, സര്‍ക്കാര്‍ ഒരു ഭീരുവിനെപ്പോലെ തിരഞ്ഞെടുപ്പ് ദിവസം അഞ്ചു മണി വരെ കാത്തിരുന്നു എന്നു പറയുമ്പോള്‍ ആ സര്‍ക്കാരിനെ നമ്മളൊക്കെ പേടിക്കണം എന്നാണല്ലോ അര്‍ഥം. കോടതി ഉത്തരവുകളോട് വല്ലാത്ത ബഹുമാനമുള്ള സര്‍ക്കാര്‍ എന്തുകൊണ്ട് പൊങ്കാലയിട്ട സ്ത്രീകള്‍ക്കെതിരേ കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‍പെന്‍ഡ് ചെയ്തു എന്നതു വേറെ ചോദ്യം. പിറവത്തെ വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പൊങ്കാലയിട്ട പെണ്ണുങ്ങളെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള സാധ്യത കാണുന്നുണ്ട്.

ലോക്‍ഷോറില്‍ അറസ്റ്റ് ചെയ്യപ്പെട്ട നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംഘടനകള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തുകയാണ്. ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉണ്ടായി.കൂടുതല്‍ കൂടുതല്‍ പ്രതിഷേധം നടക്കുമ്പോള്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഒരു പ്രത്യേകതാളത്തിലാകും. പിന്നെ താളം തെറ്റിച്ചു എന്നൊന്നും ആരും പരാതിപ്പെടാന്‍ സാധ്യതയില്ല. നഴ്‍സുമാരുടെ സമരം രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്തതാണെങ്കില്‍ എന്തിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അവരെ അറസ്റ്റ് ചെയ്യുന്നു എന്നൊരു ചോദ്യമുണ്ട്, പക്ഷെ അതിപ്പോള്‍ ചോദിക്കുന്നില്ല.

പള്ളിക്കരയില്‍ പഴത്തോട്ടം സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ സംസ്കാരത്തിനു കൊണ്ടുവന്ന മൃതദേഹം പള്ളിയടെ അകത്ത് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പൊലീസിനെക്കൊണ്ട് വിശ്വാസികളെ അടിപ്പിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് വച്ച് പ്രാര്‍ഥിക്കുന്നതിനു വേണ്ടി പൊലീസുമായി ഗുസ്തി പിടിക്കേണ്ടി വരുന്ന വിശ്വാസികള്‍ക്ക് തങ്ങള്‍ വഞ്ചിക്കപ്പെടുന്നു എന്ന തോന്നലുണ്ടായാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പിറവം തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ ഡെഡ്‍ബോഡി ഉള്‍പ്പെടെയുള്ളവരോട് പൊലീസ് വളരെ മോശമായാണ് പെരുമാറിയതെന്നാണ് പരാതി.

ഇപ്പോള്‍ നമ്മുടെ ഇറ്റായിയന്‍ കപ്പലിനെ വിട്ടയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ചാനലുകളില്‍ കാണുന്നു. അതു സംഭവിച്ചാല്‍ ഈ വിവാദമെല്ലാം പിറവം തിരഞ്ഞടുപ്പിനു വേണ്ടി ആസൂത്രണഅം ചെയ്തതാണെന്ന് ഇറ്റാലിയന്‍ വക്താക്കളും മാധ്യമനയതന്ത്രന്മാരും പറയുന്നത് സത്യമായിത്തീരും. രാഹുല്‍ ഗാന്ധിയുടെ നഴ്‍സുമാരെ അറസ്റ്റ് ചെയ്ത കേരള സര്‍ക്കാര്‍ സോണിയാ ഗാന്ധിയുടെ ഇറ്റലിയില്‍ നിന്നുള്ള (സരോജ് കുമാറിനെ രാജപ്പാ എന്നു വിളിക്കുന്നതുപോലെയാണ് സോണിയാ ഗാന്ധിയെ ഇറ്റലിക്കാരി എന്നു വിളിക്കുന്നതത്രേ) കൊലപാതകികളെ വെറുതെ വിടാന്‍ തീരുമാനിച്ചാല്‍ സംഗതി ടാലിയാവുകയേയുള്ളൂ.

തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതൊക്കെ മാറ്റി പറയുകയും പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാര്‍. എന്റെ ഊഹം ശരിയാണെങ്കില്‍ അടുത്ത പണി വരാന്‍ പോകുന്നത് മിക്കവാറും സാക്ഷാല്‍ അനൂപ് ജേക്കബിനിട്ടു തന്നെയാവും. അനൂപ് ജയിച്ചാല്‍ മന്ത്രി, അനൂപ് ജയിച്ചാല്‍ മന്ത്രി എന്നു നേതാക്കന്മാര്‍ പലവട്ടം ആവര്‍ത്തിച്ചത് പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരിക്കുമല്ലോ. നമ്മള്‍ വോട്ട് ചെയ്യുന്നത് മന്ത്രിക്കാണ് എന്ന വിചാരത്തോയെയായിരിക്കുമല്ലോ ആളുകള്‍ അനൂപിനു വോട്ടു ചെയ്തത്. വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റും എന്നു തന്നെയാണ് എന്റെ പ്രതീക്ഷ.പകരം, ഒഴിഞ്ഞു കിടക്കുന്ന മന്ത്രിസ്ഥാനം ലീഗ് ഏറെ നാളായി കാത്തിരിക്കുന്ന ആറാം മന്ത്രിയ്‍ക്കോ ഏഴാം മന്ത്രിക്കോ മറ്റോ സമ്മാനിച്ച് സംഗതി കോംപ്ലിമെന്റ്സാക്കാനാണ് സാധ്യത. നെയ്യാറ്റിന്‍കര ഇങ്ങടുത്തു വരുന്നു.അതുകൊണ്ട് കാര്യങ്ങള്‍ പെട്ടെന്നായിരിക്കും.

വേദനിക്കുന്ന കോടീശ്വരി

ദൈവങ്ങളെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ സോഷ്യല്‍ മീഡിയയില്‍ നിന്നു നീക്കം ചെയ്യുന്നുണ്ടെന്നാണ് കേട്ടത്. ഞങ്ങടെ ദൈവമായ സോണിയാ ഗാന്ധിയെപ്പറ്റി കുറച്ചുദിവസമായി നടക്കുന്ന അധിക്ഷേപങ്ങള്‍ നിയന്ത്രിക്കാന്‍ ആരുമില്ല. താന്‍ ദൈവമാണെന്ന് ഒരിക്കലും സോണിയാജി പറഞ്ഞിട്ടില്ല എങ്കിലും ഒരു പ്രഭാവലയം എപ്പോഴും അവര്‍ക്കു ചുറ്റുമുണ്ട്. ഇപ്പോള്‍ കലികാലമായതുകൊണ്ടായിരിക്കും ഫാമിലിയോടെ കഷ്ടപ്പാടാണ്. രാഹുല്‍ മാജിക് ചീറ്റിപ്പോയി. കോണ്‍ഗ്രസ് രാഷ്‍ട്രീയമായി കുത്തുപാളയെടുത്ത മട്ടാണ്. അതിനെ രക്ഷിക്കാന്‍ മാജിക്കുകാരനല്ലാതെ വേറെയാരും ഇല്ലതാനും. അതിന്റെ കൂടെയാണ് കപട സോഷ്യലിസ്റ്റുകള്‍ സോണിയാജിയെപ്പറ്റി അപവാദം പറഞ്ഞു പരത്തുന്നത്.

എനിക്കു പാലായില്‍ എസ്റ്റേറ്റുകളുണ്ട്. എന്നു കരുതി ഞാന്‍ ചെയ്യുന്ന ജോലിക്ക് കാശു വാങ്ങാതിരിക്കുന്നില്ല. പറമ്പിലെ കുളത്തില്‍ മുതലകളുണ്ട്. എന്നു കരുതി എനിക്ക് പല്ലിയെ പേടിയില്ല എന്നും അര്‍ഥമില്ല. ലോകത്തെ എത്രാമത്തെയോ കോടീശ്വരി ആയ സോണിയാ ഗാന്ധിയെ അതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ ഞാന്‍ സമ്മതിക്കില്ല. കോടികള്‍ ഉണ്ടാകുന്നത് ഒരു കുറ്റമാണോ ? അല്ലെങ്കിലും ആരും കോടീശ്വരന്‍മാരായി ജനിക്കുന്നില്ലല്ലോ, ഈ സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്. സോണിയാജിയെ ഈ പരുവത്തിലാക്കിയത് ആരാണ് എന്നറിയില്ല.

ലോകത്ത് ഏറ്റവും സമ്പന്നരായ രാഷ്ട്രീയനേതാക്കളില്‍ സോണിയാജി നാലാം സ്ഥാനത്താണ് എന്നാണ് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അത് ഒരു തെറ്റല്ല, മറിച്ച് എല്ലാ ഇന്ത്യക്കാര്‍ക്കുമുള്ള ഒരംഗീകാരമാണ്. കാശുകാരായ ആളുകളുമായി പരിചയമുണ്ടെങ്കില്‍ അതൊരഭിമാനമായി കൊണ്ടുനടക്കുന്നവരാണ് നമ്മളൊക്കെ. എന്നിട്ടും ലോകത്തെ നാലാമത്തെ കാശുകാരിയായ രാഷ്‍ട്രീയനേതാവ് എന്ന അംഗീകാരം നേടിയ സോണിയാജിയെ ഇത്രയും കാലം ആരാധിച്ച എനിക്കുണ്ടായതുപോലെ എല്ലാവര്‍ക്കും പുളകം ഉണ്ടാകാത്തത് എന്തുകൊണ്ടാണ് ?

എന്തുമാത്രം സല്‍ഗുണങ്ങളുണ്ടെങ്കിലും എത്ര വിശുദ്ധമായ ജീവിതം നയിച്ചാലും ചിലര്‍ക്ക് എന്നും ദുഖങ്ങളും ദുരിതങ്ങളും മാത്രമേ കിട്ടൂ. ഇന്ത്യാമഹാരാജ്യത്തിന്റെ ഐശ്വര്യവും പുരോഗതിയും നിര്‍ണയിക്കുന്ന ദൈവികശക്തിയാണ് സോണിയാജി എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. മറ്റേതോ രാജ്യത്ത് ജനിച്ചുവളര്‍ന്ന സോണിയാജി വൈധവ്യം ഉള്‍പ്പെടെയുള്ള ജീവിതദുരിതങ്ങളെ അതിജീവിച്ച് ഈ രാജ്യത്ത് വന്ന് ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും എല്ലാം സഹിച്ച് രാജ്യത്തെ കറുത്തവര്‍ഗക്കാരായ ജനങ്ങളെ സ്വന്തം ജനങ്ങളെന്നപോലെ കണ്ട് ജീവിക്കുന്നു എന്നത് നിസ്സാരമായ കാര്യമല്ല. മദര്‍തേരേസെയെക്കാള്‍ മഹത്തരമാണ് സോണിയാജിയുടെ ജീവിതം എന്നു ചിലര്‍ പറയുന്നത് സത്യമാണ്. മദര്‍ തേരേസെ കല്‍ക്കട്ടയിലെ കുഷ്ടരോഗികള്‍ക്കു വേണ്ടിയാണ് ജീവിച്ചത് എങ്കില്‍ സോണിയാജി ഈ രാജ്യത്തിനു വേണ്ടി മുഴുവനുമാണ് ജീവിക്കുന്നത്.

കോടീശ്വരന്മാരെക്കുറിച്ച് എല്ലാവര്‍ക്കും എന്നും തെറ്റിദ്ധാരണകളേയുള്ളൂ. കോടീശ്വരനാണെങ്കിലും കഞ്ഞിയും നാരങ്ങാ അച്ചാറുമൊക്കെയാണ് ഞാന്‍ കഴിക്കാറുള്ളത്. അതുപോലെ, ലളിതജീവിതത്തിന്റെ കാര്യത്തില്‍ മഹാത്മാഗാന്ധിജിയുടെ പാഠങ്ങളാണ് സോണിയാജിയും മാജിക്കുകാരന്‍ പ്രൊഫ.രാഹുലും ഒക്കെ കാണിച്ചുതരുന്നത്. സോണിയാജിയുടെ സാരികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ? പത്തോ നാനൂറോ രൂപ വിലവരുന്ന കോട്ടണ്‍ സാരികളാണ് അമ്മ ധരിക്കാറുള്ളത്. രാഹുല്‍ജി വെളുത്ത ജുബ്ബ ധരിക്കുന്നത് അതാണെങ്കില്‍ ആകെ രണ്ടെണ്ണമോ മറ്റോ വേണ്ടിവരുള്ളൂ എന്നതിനാലാവണം. എന്നിട്ടും കപടസോഷ്യലിസ്റ്റുകള്‍ ആ പിഞ്ചുമനസ്സുകളെ വേദനിപ്പിക്കുന്നത് കഷ്ടമാണ്.

സൈറ്റ് പുറത്തുവിട്ട കണക്കുപ്രകാരം സോണിയയ്ക്ക് പതിനായിരം കോടിയ്ക്കും 95000 കോടിയ്ക്കുമിടയില്‍ സ്വത്തുണ്ട്.എന്നാല്‍, കാരണം കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ സോണിയ വരുമാനം വെളിപ്പെടുത്തിയപ്പോള്‍ അത് പരമാവധി 75 ലക്ഷമായിരുന്നു. അതെങ്ങനെ ഇത്രയധികമായി വര്‍ധിച്ചു എന്നായിരിക്കും പലര്‍ക്കും അറിയേണ്ടത്. മോന്‍ ഒരുത്തനുള്ളത് ജനസേവനമെന്നു പറഞ്ഞ് ജോലിം കൂലീമില്ലാതെ നടക്കുകയാണ്. പുള്ളിക്കാരി ആകെയുള്ള 75 ലക്ഷം വല്ല ബ്ലേഡിലുമിട്ട്, ഉണ്ടായിരുന്ന ചിട്ടീം പിടിച്ചുണ്ടാക്കിയ കാശായിരിക്കും.അല്ല എന്നു പറയാന്‍ നമുക്ക് തെളിവുകളില്ലല്ലോ. അല്ലെങ്കില്‍ കാലാകാലങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലവറകളില്‍ സൂക്ഷിച്ചുവച്ചിരുന്ന നിധിയായിരിക്കാം. അങ്ങനെയാണെങ്കില്‍, ബ്രിട്ടീഷുകാര്‍ അതൊക്കെ കൊള്ളയടിച്ചുകണ്ടുപോകാതെ ഇത് കാത്തുസൂക്ഷിച്ചു വച്ച കോണ്‍ഗ്രസിനെയും സോണിയാജിയെയും അഭിനന്ദിക്കുകയല്ലേ വേണ്ടത് ?