താത്വികമായ ഒരവലോകനം കൂടി

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിയിരിക്കുന്ന ഈ സാഹചര്യത്തില്‍ ആ കേസില്‍ എന്താണ് സംഭവിച്ചത് എന്നതിനെപ്പറ്റിയുള്ള ഒരു താത്വികാവലോകനമാണ് ഞാനിവിടെ ഉദ്ദശിക്കുന്നത്. ഒന്ന്, മാധ്യമസിന്‍ഡിക്കറ്റും ബൂര്‍ഷ്വ പൊലീസും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര ജീവമായിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. അമേരിക്കയും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിചേര്‍ക്കപ്പെട്ടത്. എന്നാല്‍, സത്യം മനസ്സിലാക്കിയ കോടതി പാര്‍ട്ടിയെ കുറ്റവിമുക്തമാക്കിരിക്കുകയാണ്. പാര്‍ട്ടിക്കെതിരെ അനുദിനം ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ടിപിയുടെ ഭാര്യ രമ ഇനിയെങ്കിലും പാര്‍ട്ടിയോടു മാപ്പു ചോദിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

ഒന്ന്, ടി.പി.ചന്ദ്രശേഖനുമായി പാര്‍ട്ടിക്കോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ആളുകള്‍ക്കോ ഒരു തരത്തിലുമുള്ള ശത്രുതയോ വിദ്വേഷമോ ഇല്ലായിരുന്നു എന്നതാണ്. അദ്ദേഹം മരിച്ചതിനു ശേഷം പാര്‍ട്ടിയെ ഇതിലേക്കു വലിച്ചിഴയ്ക്കുന്നതിനു വേണ്ടി കുലംകുത്തികളും അമേരിക്കയുടെ നേതൃത്വത്തിലുള്ള ബൂര്‍ഷ്വകളും അവരുടെ പിണിയാളുകളായ ഇന്നാട്ടിലെ ചൂഷകരും ഗൂഢാലോചന നടത്തിയിട്ടുണ്ട് എന്നു ഞാന്‍ അന്നേ സംശയിച്ചിരുന്നു.

മറ്റൊന്ന് ഇതുവരെ ഒരുറുമ്പിനെപ്പോലും നോവിക്കാതെ മുന്നോട്ടു പോവുന്ന പാര്‍ട്ടിയുടെ മേല്‍ അഹിംസയുടെ ചോരക്കറ പുരട്ടുന്നതിനു വേണ്ടി യുഡിഎഫ് സര്‍ക്കാരും പൊലീസും അമേരിക്കന്‍-ഇസ്രയേല്‍ പാശ്ചാത്യ അച്ചുതണ്ടും രാജ്യാന്തരതലത്തില്‍ നടത്തിയ ഗൂഢാലോചനയാണ്. അതില്‍ ഇന്നാട്ടിലെ ചില ആളുകള്‍ പങ്കു ചേര്‍ന്ന് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്നതിനു വേണ്ടി ബോധപൂര്‍വം പ്രവര്‍ത്തിച്ചു എന്നാണ് ഇതുവരെയുള്ള കാര്യങ്ങളെ യുക്തിബോധത്തോടെ നിരീക്ഷിച്ചതില്‍ നിന്നും മനസ്സിലാവുന്നത്.

ഈ സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ഗുണ്ടകളെ കോടതി കുറ്റക്കാരെന്നു വിധിച്ചിട്ടുണ്ട്. അവര്‍ കുറ്റക്കാരാണോ അല്ലയോ എന്ന കാര്യത്തെപ്പറ്റി പാര്‍ട്ടി വിശദമായി പഠിച്ച ശേഷം ഒരഭിപ്രായം പറയും. എന്നാല്‍, കോടതിയുടെ നടപടി പിശകുകള്‍ മൂലം പാര്‍ട്ടിയോടനുഭാവമുള്ള ചിലരും നിലവില്‍ കുറ്റക്കാരായി കണ്ടെത്തിയവരോടൊപ്പമുണ്ട്. അത് വേദനാജനകമാണ്. ഈ കേസുമായി ബന്ധപ്പെട്ട കുറ്റാരോപിതരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും നിഷ്‌കളങ്കരാണ്. പാര്‍ട്ടിക്കെതിരെ നടന്ന ഗൂഢാലോചനകള്‍ എല്ലാം പരാജയപ്പെടുത്തിക്കൊണ്ട് നീതിബോധമുള്ള, സത്യസന്ധരായ ആളുകള്‍ പാര്‍ട്ടിക്കൊപ്പം നിന്നതിന്റെ വിജയമാണിത്.

പാര്‍ട്ടിയെ കേസില്‍ കുടുക്കുന്നതിനു വേണ്ടി ഗൂഢാലോചനയില്‍ പങ്കു ചേര്‍ന്ന പൊലീസുകാര്‍ ഈ സംഭവവുമായി ഒരു ബന്ധവുമില്ലാത്ത അനേകം പേരെ കേസില്‍ പ്രതികളാക്കുകയും അനേകം പേരെ ഭീഷണിപ്പെടുത്തി സാക്ഷികളാക്കുകയും ചെയ്തിട്ടുണ്ട്. കള്ളസാക്ഷികളെ ഉണ്ടാക്കുന്നതിനു വേണ്ടി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദിവസങ്ങളോളം ഗൂഢാലോചന നടത്തി എന്നാണ് കരുതേണ്ടത്. എന്നാല്‍ കോടതിയിലെത്തിയപ്പോള്‍ അവരെല്ലാം സത്യത്തെ മുറുകെപ്പിടിക്കുകയും പാര്‍ട്ടിക്കും പാര്‍ട്ടി അനുഭാവികള്‍ക്കും അനുകൂലമായി മൊഴി മാറ്റിപ്പറയുകയും ചെയ്തു. അങ്ങനെ കൂറുമാറിയവര്‍ ഒരര്‍ഥത്തില്‍ രക്തസാക്ഷികളായിരിക്കുകയാണ്. അവര്‍ക്കെല്ലാം അഭിവാദ്യം അര്‍പ്പിക്കാന്‍ ഞാനീ അവസരം ഉപയോഗിക്കുകയാണ്.

നിഷ്‌കളങ്കനും നിരപരാധിയുമായ മോഹനന്‍ മാസ്റ്ററെ കള്ളക്കേസില്‍ കുടുക്കി ഇത്ര നാള്‍ തുറുങ്കിലടച്ച ക്രൂരതയോളം വരില്ല ടിപി ചന്ദ്രശേഖരന്‍ മരിച്ചത് എന്നാണ് ഇന്ന് അദ്ദേഹത്തെ വെറുതെ വിട്ടതിലൂടെ തെളിഞ്ഞിരിക്കുന്നത്. കേവലരാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി കൊലപാതകക്കേസുകളില്‍ ആളുകളെ പ്രതികളാക്കുന്നതും അറസ്റ്റ് ചെയ്യുന്നതും വിചാരണ ചെയ്യുന്നതും പ്രബുദ്ധസമൂഹത്തിനു ചേര്‍ന്നതല്ല എന്നാണ് എന്റെ അഭിപ്രായം. മരിച്ചവരാരും തിരിച്ചു വരികയില്ല. ജീവിച്ചിരിക്കുന്നവരെ തുറുങ്കിലടയ്ക്കുന്നത് ക്രൂരവും ഹൃദയശൂന്യവും സര്‍വ്വോപരി മനുഷ്യാവകാശലംഘനവുമാണെന്നു കൂട്ടിച്ചേര്‍ത്തുകൊണ്ട് ഞാന്‍ നിര്‍ത്തുന്നു.

ജയലളിതയെ കാണാന്‍ ഒബാമ തമിഴ്‍നാട്ടിലേക്ക്

തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ നേരില്‍ കണ്ട് ചര്‍്ച്ചകള്‍ നടത്തുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഒബാമ ചെന്നൈയിലേക്കു വരുമെന്നു സൂചന. ഇറാനുമായുള്ള പ്രശ്നങ്ങളുള്‍പ്പെടെയുള്ള ആഗോളപ്രശ്നങ്ങളില്‍ അനുകൂലപരിഹാരം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഒബാമ ജയലളിതയുമായി കൂടിക്കാഴ്ചയ്‍ക്കു തയ്യാറാവുന്നതെന്നാണ് വൈറ്റ് ഹൗസിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്.വര്‍ഷങ്ങളായി പരിഹാരമില്ലാതെ തുടരുന്ന പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ ഇസ്രയേലിന് അനുകൂലമായും ഇറാന്‍,കൊറിയന്‍ പ്രശ്നങ്ങളില്‍ അമേരിക്കയുടെ താല്‍പര്യത്തിനനുകൂലമായും എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്നതിനെപ്പറ്റി ചര്‍ച്ച ചെയ്യാനാണ് ഒബാമ വിവിധ വകുപ്പ് സെക്രട്ടറിമാരോടൊപ്പം എത്തുന്നത്.

അടുത്തിടെ കേരളവും തമിഴ്‍നാടുമായുണ്ടായ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ന്യായവും നീതിയും കേരളത്തിന്റെ പക്ഷത്തായിരുന്നിട്ടും അക്രമവും ഭീഷണിയും സമ്മര്‍ദ്ദവുമുപയോഗിച്ച് കേരളത്തെ ഒതുക്കി വിജയം നേടിയ ജയലളിതയുടെ കഴിവാണ് സത്യവും നീതിയും ചവുട്ടിമെതിച്ചുകൊണ്ട് ആഗോളപ്രശ്നങ്ങളിലും വിജയം നേടാന്‍ ജയലളിതയുടെ സഹായം തേടാന്‍ അമേരിക്കയെ പ്രേരിപ്പിക്കുന്നത്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ രമ്യമായ പരിഹാരം കണ്ടെത്താനാവാതെ കുഴങ്ങിയിരുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ജയലളിതയുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് കേരളത്തിനെതിരായി നിലപാടെടുത്ത സാഹചര്യത്തില്‍ അത്തരമൊരു തീരുമാനത്തിനു കരുത്തുപകര്‍ന്ന ജയലളിതയുടെ പ്രചോദനമാണ് ഒബാമയുടെ ലക്ഷ്യമെന്നും അറിയുന്നു.തമിഴ്‍നാട്ടില്‍ വന്ന് ജയലളിതയോടൊപ്പം അല്‍പനേരം സംസാരിച്ചാല്‍ സത്യം നീതി,ന്യായം എന്നിവയെ അവഗണിച്ചുകൊണ്ട് മനുഷ്യത്വവും കരുണയും സാമാന്യബോധവും തൊട്ടുതീണ്ടാത്ത തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ടാകുമെന്നതിനാലാണ് എയര്‍ഫോഴ്സ് വണ്‍ ചെന്നൈ വിമാനത്താവളത്തിലേക്കു തരിച്ച് വച്ച് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരിക്കുന്നത്.

ഇറാനെ ആക്രമിക്കാന്‍ പ്രധാനതടസ്സമായി നില്‍ക്കുന്നത് അത്തരമൊരു ആക്രമണം നടത്തിയാല്‍ കൊല്ലപ്പെടാന്‍ സാധ്യതയുള്ള ലക്ഷക്കണക്കിനു നിരപരാധികളുടെ ജീവനെപ്പറ്റിയുള്ള കരുതലാണ് എന്ന് ഒബാമ വൈറ്റ്ഹൗസിലെ ഒരു ബ്ലാക്ക് ഹോഴ്‍സിനോട് പറഞ്ഞത് കേട്ട് തമിഴ്‍നാട്കാരനായ ഒരാളാണത്രേ ജയലളിതയെപ്പറ്റി അദ്ദേഹത്തോട് പറഞ്ഞത്.40 ലക്ഷം മലയാളികളുടെ ജീവന്‍ ബലികൊടുത്തുകൊണ്ട് ഒരു ചെറിയ ഡാമിലെ വെള്ളം കുറച്ചുകാലത്തേക്കു കൂടി കുറഞ്ഞ വിലയ്‍ക്ക് സംഘടിപ്പിക്കുന്നതില്‍ വിജയിക്കുകയും ഈ ആവശ്യത്തിനു വേണ്ടി ഏറെക്കുറെ നിശബ്ദനും നിഷ്‍പക്ഷനുമായി ഭാവിച്ചിരുന്ന പ്രധാനമന്ത്രിയെപ്പോലും വയാഗ്ര കഴിച്ച കുരങ്ങനെപ്പോലെ കര്‍മനിരതനാക്കുകയും ചെയ്ത ആ നൈപുണ്യം നേരിട്ടറിയുന്നതിനു വേണ്ടിയാണ് ഒബാമ വരുന്നതത്രേ. ജയലളിതയുമായി അല്‍പനേരം കൂടിക്കാഴ്ച നടത്തിയാല്‍ ഇറാനെ ആക്രമിക്കുന്നതിനും പാലസ്തീനെ തകര്‍ക്കാന്‍ ഇസ്രായേലിനു വേണ്ടി പരസ്യമായി രംഗത്തിറങ്ങാനുമുള്ള മനക്കട്ടിയുണ്ടാകുമെന്നാണ് ഒബാമ പ്രതീക്ഷിക്കുന്നതെന്നറിയുന്നു.

ഭാവിയില്‍ വിവിധ രാജ്യങ്ങളോട് ജീവന്‍ വേണോ രാജ്യം വേണോ എന്നു ചോദിച്ച് ജനങ്ങളുടെ പ്രാണഭീതി മുതലെടുത്തുകൊണ്ട് രാഷ്ട്രീയ-സാമ്പത്തിക നേട്ടങ്ങളുണ്ടാക്കാനുള്ള വിലപേശലുകളാരംഭിക്കാനും ജയലളിതയുമായുള്ള കൂടിക്കാഴ്ച സഹായകമാകുമെന്ന് ഒബാമ കരുതുന്നുണ്ടത്രേ. ഇടുക്കിയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്ന തമിഴ്‍നാടിന്റെ ആവശ്യത്തിന്റെ മാതൃകയില്‍ മിക്കവാറും എല്ലാ ലോകരാജ്യങ്ങളെയും അമേരിക്കയോട് ചേര്‍ക്കണമെന്ന് ആവശ്യപ്പെടാനുള്ള കരുത്ത് സമ്പാദിക്കുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയ്‍ക്ക് പിന്നിലുണ്ടെന്നു പറയുന്നു.

അതേ സമയം, ഒബാമ ആഫ്രിക്കന്‍ വംശജനാണെന്ന വാദം തെറ്റാണെന്നും സത്യത്തില്‍ അദ്ദേഹം തമിഴ്‍വംശജനാണെന്നും ചില തമിഴ്‍മാധ്യമപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. അദ്ദേഹം പറയുന്ന ഇംഗ്ലിഷ് ചെന്തമിഴില്‍ നിന്നും ഉണ്ടായതാണെന്നും അദ്ദേഹത്തിന്റെ കറുപ്പുനിറം കോയമ്പത്തൂര്‍ ഭാഗത്തെ തമിഴന്മാരുടേതുപോലെയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‍ അമേരിക്കയിലെ ദേശീയഭാഷയാക്കണമെന്നും അമേരിക്കയെ തമിഴ്‍നാടിനോടു ചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് വന്‍പ്രക്ഷോഭം ആരംഭിക്കുമെന്നും വൈക്കോല്‍ വാസുവും പരാജയകോന്തനും അറിയിച്ചിട്ടുണ്ട്.