വിലക്കിന്റെ സുഖം

എന്തു കൊണ്ടു മലയാള സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് സിനിമാ പ്രവര്‍ത്തകര്‍ നമുക്കു മുന്നില്‍ വച്ചിരിക്കുന്നത്. സംഘടനകള്‍ തട്ടിക്കൂട്ടി ഉണ്ടാക്കുകയും ആ സംഘടനകള്‍ക്കൊക്കെ എന്തോ വലിയ അധികാരങ്ങളുണ്ടെന്നു വിശ്വസിക്കുകയും അത്തരം സാങ്കല്‍പിക അധികാരങ്ങളുടെ പേരില്‍ സഹപ്രവര്‍ത്തകരെ വിലക്കുകയും നിരോധിക്കുകയുമൊക്കെ ചെയ്യുന്ന സംഘടിതരും വിവരദോഷികളുമായ ഒരു സംഘമാളുകള്‍ക്ക് നല്ല സിനിമയെടുക്കാനുള്ള വിവേകമുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ഥമില്ല. ഇന്നസെന്റും ബി.ഉണ്ണികൃഷ്ണനും ലിബര്‍ട്ടി ബഷീറുമൊക്കെ അവരവരുടെ ഈഗോ മുറുകെപ്പിടിച്ച് സ്വയം അപഹാസ്യരാകുമ്പോള്‍ ജനം ഹിന്ദി, തമിഴ് സിനിമകള്‍ കണ്ടു കയ്യടിക്കുന്നതിന്റെ ആരവം ഇവര്‍ കേള്‍ക്കാതെ പോവുകയാണ്.

മോഹന്‍ലാല്‍ നായകനായ ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ‘മിസ്റ്റര്‍ ഫ്രോഡ്’ റിലീസ് ചെയ്യുന്നതിന് ഫലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ ആണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഫെഡറേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ നിന്നും ബി.ഉണ്ണികൃഷ്ണന്‍ വിട്ടു നിന്നതില്‍ പ്രതിഷേധിച്ചാണ് സംഘടന സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ മഹാ അഹങ്കാരിയാണെന്നും അദ്ദേഹം മാപ്പു പറയാതെ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നുമാണ് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ നിലപാട്. സംഗതി ബാലിശമാണെന്ന് ഒറ്റനോട്ടത്തില്‍ തന്നെ മനസ്സിലാക്കാം. എന്നാല്‍, ഈ സംഘടനകളുടെ പഴയ ചരിത്രം വച്ചു നോക്കുമ്പോള്‍ വിനയന്‍ പറഞ്ഞതുപോലെ അമ്മയും ഫെഫ്കയും വിലക്കിന്റെ സുഖം ഒന്നറിയുന്നത് നല്ലതാണ്.

പ്രഖ്യാപിത-അപ്രഖ്യാപിത വിലക്കുകള്‍ കൊണ്ട് മലയാള സിനിമയില്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുള്ള രണ്ട് സംഘടനകളാണ് അമ്മയും ഫെഫ്കയും. അതുകൊണ്ടു തന്നെ ഈ വിലക്ക് അനിവാര്യമായ ഒന്നാണ്. തിലകന്‍ ഉള്‍പ്പെടെയുള്ള നടന്‍മാരെ വിലക്കിയ ചരിത്രമുള്ള അമ്മയും വിനയനെയും അദ്ദേഹത്തെ പിന്തുണച്ചവരെയും മാറ്റിനിര്‍ത്തിയിട്ടുള്ള ഫെഫ്കയും സംഘടനാഭാരവാഹിയുടെ പടത്തിനു വിലക്കു വന്നപ്പോള്‍ സടകുടഞ്ഞെണീറ്റിരിക്കുകയാണ്. വിലക്ക് നീക്കിയില്ലെങ്കില്‍ (ലിബര്‍ട്ടി ബഷീര്‍ ഉണ്ണികൃഷ്ണനോടു മാപ്പു പറയണമെന്നൊരു ക്ലോസ് കൂടി വയ്ക്കാമായിരുന്നു) മെയ് ഒന്നു മുതല്‍ ഫെഫ്കയുടെ നേതൃത്വത്തില്‍ സിനിമാ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ച് സമരം ചെയ്യാനാണ് ഫെഫ്കയുടെ തീരുമാനം.

ഗംഭീരം എന്നു ടാഗ് ചെയ്ത് പുറത്തിറക്കുന്ന സിനിമകള്‍ കണ്ട് പ്രേക്ഷകര്‍ വിമര്‍ശിച്ചു പോയാല്‍ ലൈറ്റ്‌ബോയ് മുതലുള്ള അനേകം സിനിമാ പ്രവര്‍ത്തകരുടെ ജീവിതമാര്‍ഗമാണെതെന്നു പറഞ്ഞു വിമര്‍ശനങ്ങളെ ചെറുക്കുന്നവരാണ് നിസ്സാര ഈഗോയുടെ പേരില്‍ വ്യവസായമൊന്നടങ്കം സ്തംഭിപ്പിക്കാന്‍ പോകുന്നതെന്ന് ഓര്‍ക്കണം. ഈ പറഞ്ഞ പാവങ്ങളുടെ അധ്വാനത്തെക്കാള്‍ വലുതാണ് ഉണ്ണികൃഷ്ണന്റെയും ഇന്നസെന്റിന്റെയുമൊക്കെ ദുരഭിമാനമെങ്കില്‍ സിനിമയെ വിമര്‍ശിക്കാനുള്ള പ്രേക്ഷകരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ ഈ വിവരദോഷികള്‍ക്ക് എന്തവകാശമാണുള്ളത്.

ഈ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിച്ചിരിക്കുന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റ് ആണ് ഇക്കൂട്ടത്തില്‍ ഏറ്റവും പരിഹാസ്യമായ കഥാപാത്രം. തിരഞ്ഞെടുപ്പുകാലത്ത് സിപിഎമ്മുകാരോടൊപ്പം നടന്നു ഫാസിസം എന്നൊക്കെയുള്ള വാക്കുകള്‍ പഠിച്ചത് അര്‍ഥമറിയാതെ അദ്ദേഹം ചുമ്മാ എടുത്തു പ്രയോഗിക്കുകയാണ്. ചരിത്രം പരിശോധിച്ചാല്‍ വിവിധ കാലങ്ങളിലായി സംഘടനയുടെ പരമാധികാരം പ്രകടമാക്കി ഇവിടെ ഏറ്റവുമധികം വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത് അമ്മയാണ്. ടിവിയില്‍ അഭിനയിക്കാന്‍ വിലക്ക്, ഷോയില്‍ പങ്കെടുക്കാന്‍ വിലക്ക്, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ വിലക്ക്, വിളിച്ചാല്‍ ഫോണെടുത്തില്ലെങ്കില്‍ വിലക്ക്, പ്രഖ്യാപിത വിലക്ക്, അപ്രഖ്യാപിത വിലക്ക്. ഇതെല്ലാം കഴിഞ്ഞിട്ട് അദ്ദേഹം പുതിയ വിലക്കിനെ ഫാസിസം എന്നു വിശേഷിപ്പിക്കുമ്പോള്‍ ഉച്ചത്തിലുള്ളൊരു പൊട്ടിച്ചിരിയാണ് കേള്‍ക്കുന്നത് (തിലകന്റെ ശബ്ദത്തില്‍).

കളിയില്‍ തോറ്റുകൊണ്ടിരിക്കുന്ന മലയാള സിനിമാ ടീമിനെ സംന്ധിച്ച് തോല്‍വിയുടെ വേഗം കൂട്ടാനുള്ള ഏറ്റവും എളുപ്പവഴിയാണ് തമ്മിലടിക്കുക എന്നത്. ചാനലുകളെ പറ്റിച്ച് അവരുടെ പണം കൊണ്ടു സിനിമ പിടിച്ചിരുന്ന തട്ടിപ്പിന് ഏതാണ്ട് അറുതിയായിട്ടുണ്ട്. പഴയതുപോലെ പ്രവാസികളെ നിര്‍മാവാതിന്റെ വേഷം കെട്ടാന്‍ ഒത്തുകിട്ടുന്നുമില്ല. മുന്തിയ സംവിധായകര്‍ പോലും സിനിമകള്‍ വേണ്ടെന്നു വച്ചുകൊണ്ടിരിക്കുകയാണ്. എത്ര തരംതാഴ്ന്നതാണെങ്കിലും തമിഴ്, ഹിന്ദി സിനിമകള്‍ക്കു പ്രതീക്ഷിക്കാവുന്ന ഒരു മിനിമം നിലവാരമുണ്ടെന്നതിനാല്‍ പ്രേക്ഷകര്‍ സിനിമ കാണാതെ മരിച്ചു പോവുകയൊന്നുമില്ല.

മലയാള സിനിമ സമരം ചെയ്താല്‍ പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് ഒന്നും നഷ്ടപ്പെടില്ല എന്നു മാത്രമല്ല പൊതുജനം അതൊന്നും ശ്രദ്ധിക്കുക പോലുമില്ല. അങ്ങോട്ടുമിങ്ങോട്ടും വിലക്കിയും സമരം ചെയ്തും സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്ന സിനിമാക്കാര്‍ ഓര്‍ക്കുക. ആ കഞ്ഞി ഞങ്ങള്‍ പ്രേക്ഷകരുടെ കാശാണ്. അതില്ലാതായാല്‍ ശിഷ്ടകാലം പാറ്റകളെ തിന്നു ജീവിക്കേണ്ടി വരും.

(ശുഭം)

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

ഇന്നസെന്റ് ചേട്ടന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ഇന്നസെന്റേട്ടന്,

ആഗതമായിക്കൊണ്ടിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും അങ്ങു മല്‍സരിക്കുന്നതായി പത്രമാധ്യമങ്ങളില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. അങ്ങയുടെ ഒരു കടുത്ത ആരാധകനെന്ന നിലയ്ക്ക് അങ്ങേയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. കേരളത്തിലെ രാഷ്ട്രീയചരിത്രവും മലയാളികളുടെ വോട്ടിങ് ശൈലിയുമൊക്കെ വച്ചുനോക്കിയാല്‍ ഒരു കാര്യം വളരെ വ്യക്തമായി ഞാന്‍ പറയാനാഗ്രഹിക്കുന്നു- അങ്ങ് എട്ടു നിലയില്‍ പൊട്ടും. ഇടതിന്റെ കൂടെയോ വലതിന്റെ കൂടെയോ ബിജെപിയുടെ കൂടെയോ നിന്നാലും അങ്ങു പൊട്ടും. തോറ്റാലും വേണ്ടില്ല, മല്‍സരിച്ചേ അടങ്ങൂ എന്നാണെങ്കില്‍ അങ്ങേയ്ക്ക് ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാമായിരുന്നു. ഞാനും സാറാ ജോസഫും അനിത പ്രതാപുമൊക്കെ ഇന്ത്യയെ അഴിമതിമുക്തമാക്കാന്‍ വേണ്ടി തിരഞ്ഞെടുപ്പില്‍ നിന്നു തോറ്റവരാണ് എന്നു പിന്നീടു പറയാന്‍ കഴിയുന്നത് തന്നെ ഒരു അഭിമാനമാണ്. ഇത്ര മൃഗീയമായി അഭിപ്രായം പറയുന്ന ഞാനൊരു മൃഗമാണെന്ന് അങ്ങേയ്ക്കു തോന്നാം. എന്നാല്‍, അങ്ങനെയല്ല. ടെക്‌നോളജി റിപ്പോര്‍ട്ടറായ ഞാന്‍ ഹാര്‍ഡ് വെയറും സോഫ്റ്റ്‌വെയറും ഓപ്പറേറ്റിങ് സിസ്റ്റവുമൊക്കെ കൈകാര്യം ചെയ്ത് അടുത്തകാലത്തായി ഹാര്‍ഡ്‌കോര്‍ ആയിപ്പോയതാണ്.

അല്ലെങ്കിലും അങ്ങു തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ട് ആര്‍ക്ക് എന്തു പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത് എന്ന് എനിക്കു മനസ്സിലാവുന്നില്ല. പാര്‍ലമെന്റ് ഒക്കെ ഒന്നു ചുറ്റി നടന്നു കാണാനാണെങ്കില്‍ തന്നെ അതിന് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചു ജയിക്കേണ്ട ആവശ്യമുണ്ടോ ? അമ്മയുടെ ഓഫിസ് പോലെയല്ല പാര്‍ലമെന്റ്. ഇന്ത്യയുടെ നാനാഭാഗത്തു നിന്നും അവിടെയെത്തുന്ന എംപിമാര്‍ മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ ദിലീപിനെയോ ഒന്നും പോലെയുള്ളവരായിരിക്കില്ല. ജഗദീഷിനെയും ഇടവേള ബാബുവിനെയുമൊക്കെ കൈകാര്യം ചെയ്തിട്ടുള്ള അങ്ങേയ്ക്ക് ഏതു കൊലകൊമ്പനെയും കൈകാര്യം ചെയ്യാമെന്നുള്ള ആത്മവിശ്വാസം ഉണ്ടായിരിക്കാം. എന്നാല്‍, അവിടെയെത്തുന്നവരില്‍ ചെറിയൊരു ശതമാനം മാത്രമേ അങ്ങയെ കാണുമ്പോള്‍ മാന്നാര്‍ മത്തായി സ്പീക്കിങ്ങും കിലുക്കവും കാബൂളിവാലയുമൊക്കെ ഓര്‍ക്കുകയുള്ളൂ എന്നത് മറന്നു പോകരുത്. ആളുകള്‍ പെപ്പര്‍ സ്‌പ്രേയൊക്കെയായി വരുന്ന സ്ഥലമാണ്, സൂക്ഷിക്കണം.

ഇനിയുള്ള ജീവിതം ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യം ചെയ്യാന്‍ വിനിയോഗിക്കും എന്ന് അങ്ങു പറഞ്ഞതായി പത്രത്തില്‍ വായിച്ചു. ജനങ്ങള്‍ക്കു നല്ല കാര്യം ചെയ്യണമെങ്കില്‍ പാര്‍ലമെന്റില്‍ പോകണം എന്നതൊരു മിഥ്യാധാരണയാണ്. മഹാത്മാഗാന്ധിയും മദര്‍ തെരേസയുമൊന്നും നല്ല കാര്യം ചെയ്തതും മാതാ അമൃതാനന്ദമയിയും മറ്റും ഇപ്പോള്‍ നല്ല കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും പാര്‍ലമെന്റില്‍ പോയിട്ടല്ല എന്ന് അങ്ങു മനസ്സിലാക്കണം. ജോണ്‍ ബ്രിട്ടാസിനെപ്പോലെയുള്ള മഹാരഥന്‍മാര്‍ പോലും നല്ല കാര്യം ചെയ്യാന്‍ പാര്‍ലമെന്റിലേക്കല്ല, ന്യൂയോര്‍ക്കിലേക്കാണ് പോയത് എന്നത് അങ്ങു മറന്നുപോകരുത്. തിരഞ്ഞെടുപ്പില്‍ ജയിച്ചിട്ടേ ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യൂ എന്ന് അങ്ങേയ്ക്ക് വാശിയുണ്ടെങ്കില്‍ അങ്ങ് അടുത്ത തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഇരിഞ്ഞാലക്കുട നഗരസഭയിലേക്കു മല്‍സരിക്കുക. ഇരിഞ്ഞാലക്കുടയിലെ ജനങ്ങള്‍ക്ക് നല്ല കാര്യം ചെയ്യാന്‍ അങ്ങേയ്ക്ക് സ്വാതന്ത്ര്യവും മനോധര്‍മവും സര്‍ഗബോധവും വേണ്ടുവോളം പ്രയോജനപ്പെടുത്താം.

രാഷ്ട്രീയത്തെക്കുറിച്ച് വലിയ അറിവൊന്നും അങ്ങേയ്ക്കില്ല എന്നു പറയുന്ന അങ്ങു തന്നെ എന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കണം എന്നു പറയുന്നത് വിരോധാഭാസമാണ് എന്നാണെന്റെ അഭിപ്രായം. അഭിനയമറിയാത്ത നടിയെ സിനിമയില്‍ അഭിനയിപ്പിക്കുന്നതുപോലെ ഈസിയല്ല ചേട്ടാ, രാഷ്ട്രീയമറിയാത്ത സിനിമാ നടനെ നിയമനിര്‍മാണം പഠിപ്പിക്കുന്നത്. ചുറ്റും ആരാധന നിറഞ്ഞ മുഖങ്ങള്‍ കാണുമ്പോള്‍ അതൊക്കെ വോട്ടായി മാറുമെന്നുള്ള സിനിമാക്കാരുടെ വിശ്വാസം വെറും അന്ധവിശ്വാസമാണെന്ന് കാലാകാലങ്ങളില്‍ കേരളത്തിലെ വോട്ടര്‍മാര്‍ തെളിയിച്ചിട്ടുള്ളതാണ്. ജനങ്ങള്‍ക്കു നല്ല കാര്യങ്ങള്‍ ചെയ്യാന്‍, നല്ല സന്ദേശങ്ങള്‍ നല്‍കാന്‍ ഏറ്റവും ശക്തമായ മാധ്യമം സിനിമയാണ്. ആ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന അങ്ങ് പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ജയരാജന്‍മാരുടെയുമൊക്കെ കീഴില്‍ ജനസേവനത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുന്നത് അബദ്ധമാണ് എന്നാണെന്റെ അഭിപ്രായം. ഇനിയും വൈകിയിട്ടില്ല. വീണ്ടും വീണ്ടും ആലോചിക്കുക. സര്‍വേശ്വരന്‍ അങ്ങേയ്ക്ക് ശരിയായ വഴി തിരഞ്ഞെടുക്കാനുള്ള വിവേകം നല്‍കട്ടെ എന്നാശംസിക്കുന്നു. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയും അങ്ങു ചാലക്കുടി എംപിയും ആയിത്തീരട്ടെ എന്നു പ്രാര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

ഒരു ആരാധകന്‍.

തീവ്രവാദികളും സൈബര്‍ കുറ്റവാളികളും

കമ്പം തേനി മേഖലകളില്‍ എസ്റ്റേറ്റുകളുള്ള കേരളത്തിലെ രാഷ്ട്രീയക്കാരുടെ ലിസ്റ്റ് ഉണ്ടാക്കാന്‍ തമിഴ്‍നാട് ജോലികള്‍ ആരംഭിച്ചതോടെയാണ് കേരളത്തിലെ നേതാക്കന്മാരുടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രത്യക്ഷത്തിലുള്ള മലക്കം മറിച്ചില്‍ പ്രകടമായത്.ഒരാഴ്ച മുമ്പ് മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവനെ ബാധിക്കുന്ന പ്രശ്നമാണെന്ന് അവര്‍ത്തിച്ചു പറഞ്ഞവര്‍ ഇപ്പോള്‍ അവര്‍ത്തിച്ചു പറയുന്നത് കേവലം 450 കുടുംബങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രാദേശികപ്രശ്‍നം മാത്രമാണിതെന്നാണ്. ഈ 450 കുടുംബങ്ങളെ ഡാം തകര്‍ന്നാല്‍ ആദ്യം മുങ്ങുന്ന എട്ട് സ്‍കൂളുകളിലായി പുനരധിവസിപ്പിക്കുമെന്നും പറയുന്നു. കൊച്ചി മുങ്ങുമോ ഇല്ലയോ എന്ന കാര്യത്തില്‍ മാത്രം ആശങ്കയുള്ള മെട്രോ സമൂഹത്തിന് അവറ്റകള്‍ ചത്താലെന്ത്, ഇല്ലെങ്കിലെന്ത്.

ഈഴവനായതുകൊണ്ട് സവര്‍ണ രാഷ്ട്രീയക്കാരും ജനങ്ങളും വേട്ടയാടുന്നു എന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞ, അഡ്വക്കറ്റ് ജനറല്‍ കെ.പി.ദണ്ഡപാണി പാവമായിരുന്നു എന്നു നമ്മള്‍ തിരിച്ചറിയണം.സര്‍ക്കാര്‍ വിദഗ്ധനും ഇന്നു കോടതിയില്‍ പറഞ്ഞത് മുല്ലപ്പെരിയാര്‍ ഡാം തകര്‍ന്നാലും ആ വെള്ളം ഇടുക്കി ഡാമിന് താങ്ങാനുള്ളതേയുള്ളൂ എന്നാണ്.ചുരുക്കിപ്പറഞ്ഞാല്, ഡാം തകരുമെന്നും ജനങ്ങള്‍ മരിക്കുമെന്നും ഇപ്പോഴും ആവര്‍ത്തിക്കുന്നത് പി.ജെ.ജോസഫ് മാത്രമേയുള്ളൂ. മരിക്കുമെന്നു ഭയന്നു കഴിയുന്ന ജനങ്ങളെ ഈയവസ്ഥയിലാക്കിയ കുറ്റം മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്‍ക്കുമാണ്.

മുല്ലപ്പെരിയാര്‍ പ്രശ്തം എന്നത് ഡാം പൊട്ടി ജനങ്ങള്‍ക്ക് ആപത്തുണ്ടാകുന്നതാണെന്ന ധാരണ മന്ത്രി ഗണേഷ് കുമാറിന് ഇല്ല.അദ്ദേഹത്തിന്റെ കാഴ്ചപ്പാടില്‍ മാധ്യമങ്ങളും മറ്റുമാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പരത്തിയത്. മാധ്യമങ്ങള്‍ കള്ളപ്രചാരണങ്ങള്‍ നടത്തി ഭീതി പരത്തുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഈ വാര്‍ത്തകളും മറ്റും കേരളത്തിലേയ്‍ക്കുള്ള വിദേശസഞ്ചാരികളുടെ വരവിനെയും തദ്വാരാ കേരള ടൂറിസത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം ആശങ്കപ്പെടുന്നു.അതുമാത്രമല്ല, മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സൈബര്‍ മാധ്യമങ്ങള്‍ നടത്തുന്ന പ്രചരണത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.അത്തരം പ്രചാരണങ്ങള്‍ സൈബര്‍ കുറ്റകൃത്യമായി കണക്കാക്കണം എന്നാണ് മന്ത്രി ഗണേഷ് കുമാറിന്റെ ആവശ്യം. സമരക്കാരെ തീവ്രവാദികളെന്നു മുദ്രകുത്തി അറസ്റ്റ് ചെയ്ത് അകത്തിടുകയാണ് ഇനി പ്രതീക്ഷിക്കാനുള്ളത്.

മന്ത്രി ഗണേഷ് ഇങ്ങനെ പറയുമ്പോഴും മന്ത്രി ജോസഫും മന്ത്രി മാണിയും സൈബര്‍ കുറ്റവാളികളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. മാണിയും ജോസഫും റിസ്‍കെടുത്ത് ഭീകരവാദികളായ മാധ്യമങ്ങളെയും സൈബര്‍ കുറ്റവാളികളെയും പോലെ സംസാരിക്കുന്നത് തേനിയില്‍ ഇവര്‍ക്ക് എസ്റ്റേറ്റ് ഇല്ലാത്തതുകൊണ്ടാണോ എന്നെനിക്കറിയില്ല. അടുത്ത യുഡിഎഫ് യോഗത്തില്‍ മാണിയെയും ജോസഫിനെയും ശാസിക്കുമെന്നതില്‍ സംശയമില്ല.ഇരുവരുടെയും നിലപാടില്‍ കെപിസിസിയും ബാലകൃഷ്ണപിള്ളയും പ്രതിഷേധമറിയിച്ചിട്ടുണ്ട്.

സൈബര്‍ കുറ്റവാളികളെക്കാള്‍ ഒരുപടി കൂടി മുന്നിലാണ് ജോസഫ് നില്‍ക്കുന്നത്.ഇതുവരെ മുല്ലപ്പെരിയാര്‍ അണക്കെട്ട് മൂന്നാം ഭ്രംശമേഖലയിലാണെന്നും 6.5 വരെയുള്ള ഭൂചനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നുമാണ് എല്ലാവരും പറഞ്ഞുകൊണ്ടിരുന്നത്.ഇന്നലെ വൈക്കോ ഡല്‍ഹിയിലെത്തി അണക്കെട്ട് റിക്ടര്‍ സ്കെയിലില്‍ ഏഴു വരെയുള്ള ചലനങ്ങള്‍ പുല്ലുപോലെ താങ്ങും എന്നു പറഞ്ഞ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാലാം ഭ്രംശമേഖലയിലാണെന്ന എക്‍സ്ക്ലൂസീവ് റിപ്പോര്‍ട്ട് തനിക്കു കിട്ടിയിട്ടുണ്ടെന്നാണ് ജോസഫ് പറയുന്നത്. അതായത് റിക്ടര്‍ സ്കെയിലില്‍ 7.5 വരെ തീവ്രതയുള്ള ഭൂചനങ്ങള്‍ക്കു മുല്ലപ്പെരിയാറില്‍ സാധ്യതയുണ്ടെന്ന്.വൈക്കോയുടെ ഡാം തിയറി വച്ചു നോക്കിയാലും മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടത്തിലാണ് എന്ന് സ്ഥാപിക്കാന്‍ ഈ റിപ്പോര്‍്ട്ട് മതി.ഇങ്ങനെയുള്ള റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ച് ഗണേഷ് കുമാറിന്റെ ടൂറിസത്തെ തളര്‍ത്താന് ശ്രമിക്കുന്ന ജോസഫിനെ മന്ത്രിസഭ എന്തു ചെയ്യുമോ ആവോ ?

ആശയസംഘട്ടനം അവിടെയും അവസാനിക്കുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഭീഷണി ഇന്ന് ഒരു ചര്‍ച്ചാവിഷയമേ അല്ല.അണക്കെട്ടിനു ഭീഷണിയുണ്ടെന്ന് ആരോപിക്കുന്നത് (നിലവില്‍ അത് ഒരാരോപണം മാത്രമാണ്)സൈബര്‍ കുറ്റവാളികളും ഭീതി പരത്തുന്ന മാധ്യമങ്ങളും പിന്നെ പത്തുമുപ്പതു ലക്ഷം ആളുകളും മാത്രമാണ്.കെപിസിസിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സമരപരിപാടികള്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക എന്ന ആവശ്യമുന്നയിച്ചു മാത്രമാണ്. പുതിയ അണക്കെട്ട്, പുതിയ കരാര്‍,അതൊരു രാഷ്ട്രീയതീരുമാനമാണ്. എന്നാല്‍,ആ രാഷ്ടീയതീരുമാനം പോലും എപ്പോള്‍ വേണമെങ്കിലും സാധ്യമാണെന്നാണ് മന്ത്രി മാണി പറയുന്നത്. പുതിയ ഡാം പണിയാന്‍ തമിഴ്‍നാടിന്റെ അനുവാദം ആവശ്യമില്ല,കരാര്‍ വ്യവസ്ഥകള്‍ റദ്ദാക്കിയതിനാല്‍ തമിഴ്‍നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കും എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടെങ്കിലും വേറെയാരും അത് മൈന്‍ഡ് ചെയ്യുന്നില്ല.

മമ്മൂട്ടി,മോഹന്‍ലാല്‍,പൃഥ്വിരാജ്,സന്തോഷ് പണ്ഡിറ്റ് എന്നീ സൂപ്പര്‍ താരങ്ങളൊഴികെയുള്ള കുറെ സിനിമക്കാര്‍ ചേര്‍ന്ന് ഇന്നലെ കൊച്ചിയില്‍ പ്രാര്‍ഥനായോഗം നടത്തി(മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിരാജും തമിഴ്‍നാട്ടില്‍പ്പോയി കേരളത്തിനെതിരായി സമരം ചെയ്യാതിരുന്നാല്‍ നമുക്ക് നന്ന്). സുരേഷ് ഗോപി, ദിലീപ്, ഇന്നസെന്റ്, മുകേഷ്,സിദ്ദിഖ്,ഇടവേള ബാബു,ജോഷി,കമല്‍,ആരാധ്യനായ ബി.ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് താരങ്ങള്‍ തമിഴ്‍നാടിനോടു പ്രാര്‍ഥിച്ചത്. ജയലളിതയുടെ മനസ് അലിയുന്നതിനുവേണ്ടിയാണ് പ്രാര്‍ഥനായോഗം നടത്തിയത്.ഒരു ജനാധിപത്യരാജ്യത്ത് നീതി നിഷേധിക്കപ്പെട്ട ജനസമൂഹം നടത്തുന്ന ഇത്തരം പ്രാര്‍ഥനകളും ഉപവാസസമരങ്ങളും ജയലളിതയുടെ രാഷ്ട്രീയപ്രാധാന്യവും ഇന്ത്യന്‍ പ്രധാനമന്ത്രിയെക്കാള്‍ ശക്തയായ സ്ത്രീയാണ് അവരെന്ന വിശ്വാസവും അരക്കിട്ടുറപ്പിക്കുകയാണ്. കേരളത്തിലെ തിയറ്ററുടമകള്‍ മലയാള സിനിമയ്‍ക്ക് വിലക്കേര്‍പ്പെടുത്തി തമിഴ്‍ സിനിമ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‍നാടിന്റെ താല്‍പര്യങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി തമിഴ്‍നാട്ടിലെ തിയറ്റര്‍ ഉടമകള്‍ ഒരു ദിവസം തിയറ്റര്‍ അടച്ചിടാനാണ് തീരുമാനിച്ചിരിക്കുന്നത്.

അതേ സമയം,ചപ്പാത്തിലെ സമരം ഒരു സാംസ്‍കാരികോല്‍സവം പോലെ വിപുലവും സജീവവുമായിക്കൊണ്ടിരിക്കുകയാണ്. വിവിധ ജാതി-മത-വര്‍ഗ-വര്‍ണ സംഘടനകളുടെ നേതാക്കന്മാരും പ്രതിനിധികളും അവിടെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പോകുന്നുണ്ട്. ചിത്രപ്രദര്‍ശനം, തല്‍സമയചിത്രരചന, കളരിപ്പയറ്റ് തുടങ്ങിയ കലാപാരിപാടികളാല്‍ ചപ്പാത്ത് കാര്‍ണിവല്‍ സദൃശ്യമായ അന്തരീക്ഷത്തിലേക്ക് മാറുന്നുണ്ട്. അതിനിടെ,പീരുമേട് എസ്‍എന്‍ഡിപി യൂണിയന്റെ നേതൃത്വത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിനു താഴെ താമസിക്കുന്നവരുടെ ജീവന്‍ രക്ഷിക്കുന്നതിനായി മൃത്യുജ്ഞയ ഹോമം നടത്തി. ജയലളിതയുടെ മനസ്സ് മാറാന്‍ മാന്നാര്‍ ഇല‍ഞ്ഞിമേല്‍ വളളിക്കാവ് ദേവീക്ഷേത്രത്തില്‍ ഭക്തന്‍ വാനരയൂട്ടാണ് നടത്തിയത്.ഞായറാഴ്ച വിവിധ ക്രിസ്‍ത്യന്‍ സഭകളുടെ നേതൃത്വത്തില്‍ എല്ലാ പള്ളികളിലും പ്രാര്‍ഥനാദിനം ആചരിച്ചിരുന്നു. ഇതൊക്കെ പരിഹസിക്കപ്പെടേണ്ടതായ നടപടികളായി കണ്ട് പ്രബുദ്ധമലയാളികള്‍ ആക്ഷേപിക്കുകയും പുച്ഛിക്കുകയും ചെയ്യുമ്പോള്‍ ഭീതിയില്‍ കഴിയുന്ന ജനത്തിന് ഇതൊരാശ്വാസവും ഭരണാധികാരികള്‍ക്ക് തങ്ങളുടെ ശേഷിക്കുറവ് തിരിച്ചറിയാനുള്ള അവസരവുമാണ്. മിസ്‍റ്റര്‍ ഗണേഷിനെപ്പോലുള്ളവര്‍ക്ക് വേണമെങ്കില്‍ ഇത് ടൂറിസം പ്രമോഷന് ഉപയോഗിക്കുകയുമാവാം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാറിന്റെയും തമിഴ്‌നാട് സര്‍ക്കാറിന്റെയും നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് അയ്യപ്പന്‍കോവില്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എ.സി സെബാസ്റ്റ്യന്‍ കൈഞരമ്പ് മുറിച്ച് പെരിയാറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു.എന്നാല്‍ അദ്ദേഹം മരിച്ചില്ല എന്നതുകൊണ്ട് സഹജീവികള്‍ പുച്ഛിച്ചുകൊണ്ടിരിക്കുകയാണ്. ഗൂഡല്ലൂരില്‍ ഒരു തമിഴന്‍ സ്വന്തം നാടിന്റെ താല്‍പര്യത്തിനു വേണ്ടി ആത്മഹത്യാശ്രമം നടത്തിയതിനെ മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ വാഴ്‍ത്തിപ്പാടുമ്പോള്‍,ആറ്റില്‍ച്ചാടിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പെരിയാറിന്റെ പേരില്‍ മുതലെടുപ്പ് നടത്താന്‍ വേണ്ടിയാണ് അതു ചെയ്തതെന്നാണ് പ്രബുദ്ധരായ മലയാളികള്‍ ആരോപിക്കുന്നത്.എന്തുകൊണ്ട് തമിഴ്‍നാട് ജയിക്കുകയും നമ്മള്‍ തോല്‍ക്കുകയും ചെയ്യുന്നു എന്നതിനു വേറൊരു ഉദാഹരണം ആവശ്യമില്ല.

കൊല്ലം-തേനി ദേശീയപാത മ്ലാമല സമരസമിതി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഉപരോധിച്ചുകൊണ്ടിരിക്കുകയാണ്. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും,മാധ്യമങ്ങള്‍ ഭീതി പരത്തുകയാണെന്നും ആദ്യം പറഞ്ഞ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ.ബി.കോശി ഇതുകാരണം അണക്കെട്ടു സന്ദര്‍ശിക്കാന്‍ ചെന്നവഴി റോഡില്‍ കുടുങ്ങുകയും, അദ്ദേഹം തിരികെ മടങ്ങുകയും ചെയ്തു. റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കു പോലും കണ്‍ഫ്യൂഷനായിത്തുടങ്ങി.ആദ്യം ജനപക്ഷത്തായിരുന്ന അവര്‍ ഇപ്പോള്‍ സൗകര്യമനുസരിച്ച് പക്ഷം മാറുകയാണ്.ആദ്യത്തെ ഐക്യദാര്‍ഢ്യമൊന്നും ഇപ്പോള്‍ കാണാനില്ല.ഇന്നല്ലെങ്കില്‍ നാളെ അവരും കളംമാറ്റിച്ചവിട്ടും.അതോടെ,മുല്ലപ്പെരിയാര്‍ സമരവും പ്രതിഷേധങ്ങളും സമരസമിതിക്കാരുടെ മാത്രം ആവശ്യമായി മാറുകയും ചെയ്യും. കേരളാ ടൂറിസത്തെ ബാധിക്കുമെങ്കിലും ഇല്ലെങ്കിലും,വായനക്കാര്‍ക്കു ബോറടിച്ചാലും ഇല്ലെങ്കിലും,പ്രബുദ്ധരായ വിവേകശാലികള്‍ ആക്ഷേപിച്ചാലും ഇല്ലെങ്കിലും ഈ പ്രശ്നത്തില്‍ ഒരു പരിഹാരമുണ്ടാകുന്നതുവരെ എന്റെ സൈബര്‍ കുറ്റകൃത്യങ്ങള്‍ ഞാന്‍ തുടരും.

ഫിഫ്‍റ്റി 50 (തിരക്കഥ)

താരസംഘടനയായ അമ്മ (ദിലീപിന്റെ സഹായത്തോടെ)നിര്‍മിച്ച മള്‍ട്ടി സ്റ്റാര്‍ സിനിമ ട്വന്റി 20 ഈ റീമേക്ക് സീസണില്‍ തന്നെ പുതിയൊരു പശ്ചാത്തലത്തില്‍ വീണ്ടും അവതരിപ്പിച്ചാല്‍ വമ്പന്‍ ഹിറ്റായിരിക്കുമെന്ന് പണ്ഡിറ്റ് ഭയഹര്‍ലാല്‍ സന്തോഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ആ സിനിമയിലെ അതേ കഥാപാത്രങ്ങളെ വച്ച് തികച്ചും പുതിയ ഒരു സിനിമയ്‍ക്കുള്ള കഥ ഞാന്‍ തയ്യാറാക്കി കഴിഞ്ഞു. പരമകോമേഡിയനായ അമ്മ പ്രസിഡന്റ് ഇന്നസെന്റ്,സര്‍വത്രജനകീയനായ പ്രൊഡ്യൂസര്‍ ദിലീപ്,ഹിറ്റുണ്ടാക്കാനായി ജനിച്ചവരായ ഉദയ്‍കൃഷ്ണ-സിബി കെ.തോമസ് സഖ്യം എന്നിവര്‍ക്കു മുമ്പില്‍ ഞാനെന്റെ തിരക്കഥയുടെ സംക്ഷിപ്തരൂപം അവതരിപ്പിക്കുന്നു (ഇതിന്റെ തമിഴ്, തെലുങ്ക്, കന്നഡ,ഹിന്ദി,ഉര്‍ദു റൈറ്റുകള്‍ എന്നോടു ചോദിക്കാതെ മറിച്ചു വിറ്റാല്‍ കുത്തു മേടിക്കും).

ഫിഫ്‍റ്റി 50

ഇന്‍കം ടാക്സ്‍ ഡിപ്പാര്‍ട്ട്മെന്റിലെ സീനിയറായ വിശ്വനാഥമേനോന്‍ ഇന്‍കം ടാക്‍സ് ഐജിയായി വിരമിച്ച് നാട്ടിലേക്കെത്തുകയാണ്. മേനോന്റെ മൂത്ത മകന്‍ മാധവന് ഇന്‍കം ടാക്സ് കമ്മിഷണറാണ്. മാധവന്റെ മകന്‍ അരുണ്‍കുമാര്‍ ബാംഗ്ലൂരില്‍ ഇന്‍കം ടാക്സ് ഓഫിസറാണ്. അങ്ങനെയിരിക്കെ അരുണ്‍കുമാര്‍ ഒരു ഇന്‍കം ടാക്സ് റെയ്‍ഡിനിടെ ഒരു ചെറുപ്പക്കാരനെ റെയ്‍ഡ് ചെയ്തു കൊന്നു എന്ന കേസില്‍ കര്‍ണാടക പൊലീസ് അവനെ തിരയുന്നു എന്നറിഞ്ഞ് മാധവന്‍ മകന്‍ അരുണ്‍കുമാറിനെ ഗോഡൗണില്‍ ഒളിപ്പിക്കുന്നു. ഇതറിഞ്ഞ എസ്‍പി ആന്റണി പുന്നക്കാടന്‍ വന്ന് അരുണ്‍കുമാറിനെ പൊക്കുന്നു. അരുണ്‍കുമാറിനെ ജാമ്യത്തിലെടുക്കാന്‍ പേരെടുത്ത ടാക്സ് വക്കീലായ രമേഷ് നമ്പ്യാരെ വിശ്വനാഥമേനോന്‍ വിളിപ്പിക്കുന്നു.രമേഷ് നമ്പ്യാര്‍ വന്ന് ടാക്സിന്റെ കടലാസുകള്‍ കുനുകുനാന്നു നിരത്തി അരുണ്‍കുമാറിനെ പുല്ലുപോലെ പുറത്തിറക്കുന്നു.

അടുത്ത ദിവസം അരുണ്‍കുമാര്‍ ഇന്‍കം ടാക്സ്‍ ജീവനക്കാരുടെ ക്ലബില്‍ റെയ്‍ഡില്‍ പിടിച്ച പെണ്‍കുട്ടികളോടൊപ്പം ഐറ്റം ഡാന്‍സ് കളിച്ചിട്ടു വരുമ്പോള്‍ അവനെ ആനകുത്തി കൊല്ലുന്നു. കുത്തിയ ശേഷം ആന കൊമ്പ് എടുക്കാന്‍ മറന്നുപോയതാണെന്നു കരുതിയിരുന്നെങ്കിലും പിന്നാലെ എത്തിയ എസ്‍പി ആന്റണി പുന്നക്കാടന്‍ ആനക്കൊമ്പ് കള്ളക്കടത്തുകാരനായ ദേവന്‍ എന്നയാളെ തൊണ്ടിസഹിതം പിടിക്കുന്നു.ദേവന്റെ കയ്യിലുണ്ടായിരുന്നത് ശരിക്കുമുള്ള ആനക്കൊമ്പല്ലെന്നും പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ആനക്കൊമ്പുകളുണ്ടാക്കി ടൂറിസ്റ്റുകള്‍ക്ക് വിറ്റ് ജീവിക്കുന്ന സാധുവായ കച്ചവടക്കാരനാണ് ദേവനെന്നും ദേവനെ കേസില്‍ നിന്നു രക്ഷിച്ചില്ലെങ്കില്‍ തങ്ങള്‍ ജീവിച്ചിരിക്കില്ലെന്നും പറഞ്ഞ് ദേവന്റെ അമ്മയും പെങ്ങളും കൂടി വക്കീല്‍ രമേഷ് നമ്പ്യാരെ കാണുന്നു. വീട്ടിലെ ലോക്കറിനുള്ളില്‍ വക്കീല്‍ ഫീസ് അടുക്കി വയ്‍ക്കുകയായിരുന്ന രമേഷ് നമ്പ്യാര്‍ മനസ്സലിഞ്ഞ് കേസ് ഏറ്റെടുക്കുന്നു.

കോടതിയില്‍ ദേവനല്ല അരുണ്‍കുമാറിനെ കൊന്നതെന്നും മദമിളകി വന്ന ഒരു കാട്ടാന അരുണിനെ കുത്തിയിട്ട് കൊമ്പ് ഒടിഞ്ഞതിനാല്‍ ഓടി രക്ഷപെടുകയും പിന്നാലെ എത്തിയ ദേവന്‍ കൊമ്പ് വലിച്ചൂരി അരുണിനെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ആന്റണി പുന്നക്കാടന്‍ തെറ്റിദ്ധരിച്ച് ദേവനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്ന് രമേഷ് നമ്പ്യാര്‍ വാദിക്കുന്നു. കേസില്‍ നിന്നു രക്ഷപെടുന്ന ദേവനെ കാണാന്‍ കോടതി വരാന്തയില്‍ തന്നെ ഫാന്‍സ് എത്തുന്നു.അമ്മയും പെങ്ങളുമായഭിനയിച്ചവര്‍ക്കും ഫാന്‍സിനും നോട്ടുകെട്ടുകള്‍ പെറുക്കി നല്‍കുന്ന ദേവന്‍ ഇളിഭ്യനായി നില്‍ക്കുന്ന രമേഷ് നമ്പ്യാര്‍ക്കും ഒരു കെട്ട് നോട്ട് നല്‍കുന്നു. താന്‍ ദേവരാജ പ്രതാപ വര്‍മ എന്ന ആനക്കൊമ്പ് കള്ളക്കടത്തുകാരനാണെന്നും റിട്ട.ഇന്‍കം ടാക്സ് ഐജി വിശ്വനാഥമേനോന്റെ കൊച്ചുമകന്‍ അരുണ്‍കുമാറിനെ കൊന്നത് താന്‍ തന്നെയാണെന്നും പറഞ്ഞ് ദേവന്‍ പോകുന്നു. രമേഷ് നമ്പ്യാര്‍ ചമ്മുന്നു.

ഇന്‍കം ടാക്സു് ഓഫിസറെ കൊന്ന കള്ളക്കടത്തുകാരനായ ദേവനെ രക്ഷിക്കാന്‍ കൂട്ടുനിന്ന രമേഷ് നമ്പ്യാരെ ആന്റണി പുന്നക്കാടന്‍ ചുമ്മാ തെറിവിളിക്കുന്നു. ദേവനെ പിടികൂടാന്‍ തന്നെ സഹായിക്കണമെന്നും ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനോട് തനിക്കുള്ള കടപ്പാട് വലുതാണെന്നും അല്ലെങ്കിലും തന്റെ അക്കൗണ്ടുകള്‍ എന്നും ക്ലിയറാണെന്നും രമേഷ് നമ്പ്യാര്‍ പറയുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അരുണ്‍കുമാര്‍ അശ്വതി എന്ന പെണ്‍കുട്ടിയുടെ വീട്ടില്‍ ഇന്‍കം ടാക്സ് റെയ്‍ഡ് നടത്തുകയും അവളുടെ ബയോമെട്രിക് ലോക്കര്‍ തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തടയാന്‍ ചെന്ന കാര്‍ത്തിക് എന്ന അവളുടെ കാമുകനെ കൊല്ലുകയും ചെയ്തു എന്ന വിവരം രമേഷ് നമ്പ്യാര്‍ ഇന്‍കം ടാക്‍സ് ഓഫിസിലെ ചാരനും ദേവന്റെ ആരാധകനുമായ വിനോദ് ഭാസ്കറില്‍ നിന്ന് അറിയുന്നു. ആ പെണ്‍കുട്ടി തന്റെ ലോക്കര്‍ കാത്തുസൂക്ഷിക്കാന്‍ വേണ്ടി പരിശ്രമിച്ചു കീഴടങ്ങപ്പെട്ട തന്റെ പെങ്ങള്‍ അശ്വതി ആണെന്നും കാര്‍ത്തിക് ദേവന്റെ അനിയനാണെന്നും രമേഷ് നമ്പ്യാര്‍ തിരിച്ചറിയുന്നു. തന്റെ പെങ്ങളുടെ ബയോമെട്രിക് ലോക്കര്‍ സംരക്ഷിക്കാന്‍ വേണ്ടി ജീവന്‍ ബലികൊടുത്ത കാര്‍ത്തികിന്റെ ചേട്ടന്‍ ദേവനോട് രമേഷ് നമ്പ്യാര്‍ക്കുള്ള ദേഷ്യമെല്ലാം പോകുന്നു.

ഇന്‍കം ടാക്‍സ് ഡിപ്പാര്‍ട്ടമെന്റില്‍ കൂട്ടത്തോടെ വില്ലന്മാരാണെന്നും സമൂഹത്തിന് ഏറ്റവുമധികം ദ്രോഹം ചെയ്യുന്നത് ഇന്‍കം ടാക്‍സുകാരാണെന്നും രമേഷ് നമ്പ്യാര്‍ തിരിച്ചറിയുന്നു. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നാരോപിച്ച് തന്റെ പാവം അപ്പച്ചനെ റെയ്‍ഡ് ചെയ്യുകയും ഇന്‍കം ടാക്‍സുകാരുടെ കള്ളക്കേസില്‍ മനംനൊന്ത് അപ്പച്ചന്‍ മരിക്കുകയും ചെയ്തതിന്റെ വേദന ആന്റണി പുന്നക്കാടന്റെയും മനസ്സിലുണ്ട്.എങ്കിലും തന്റെ സഹോദരന്റെ മരണത്തിനു കാരണമായ റെയ്‍ഡില്‍ പങ്കെടുത്ത ഇന്‍കം ടാക്സ് ഓഫിസര്‍മാരെ ഒന്നൊന്നായി കൊന്നൊടുക്കുമെന്നു കാണിച്ച് ദേവന്‍ അയക്കുന്ന കത്തിന്റെ അടിസ്ഥാനത്തില്‍ ആന്റണി പുന്നക്കാടന്‍ അയാളെ തന്ത്രപരമായി അകത്താക്കുന്നു.

എന്നാല്‍,ദേവന്‍ അകത്താകുന്നതോടെ ദേവനു വേണ്ടി കൃത്യം ഏറ്റെടുക്കുന്ന രമേഷ് നമ്പ്യാര്‍ തന്റെ കള്ളപ്പണം സംരക്ഷിക്കാന്‍ വേണ്ടി ജീവിതം ഹോമിച്ച സഹോദരിക്കു വേണ്ടി, ജീവന്‍ ബലി കഴിച്ച കാര്‍ത്തിക്കിനു വേണ്ടി ഇന്‍കം ടാക്‍സ് ഓഫിസര്‍മാരെ വധിക്കുമെന്നു സ്വന്തം നിലയ്‍ക്ക് ഭീഷണിക്കത്ത് അയക്കുന്നു. അന്നത്തെ റെയ്‍ഡില്‍ പങ്കെടുത്ത ഇന്‍കം ടാക്സ് ടീമിലെ എല്ലാവരെയും കൊല്ലുക എന്ന ലക്ഷ്യത്തോടെ രമേഷ് നമ്പ്യാര്‍ കരുക്കള്‍ നീക്കുന്നു.

ഒടുവില്‍ ദേവനെ കോടതിയില്‍ ഹാജരാക്കുന്ന ദിവസം അയാളെ റെയ്‍ഡ് ചെയ്യാന്‍ സഹായിക്കാമെന്നു പറഞ്ഞ് ഇന്‍കം ടാക്സ് കമ്മിഷണറായ മാധവനെയും കൂട്ടി രമേഷ് നമ്പ്യാര്‍ കോടതിവളപ്പിലെത്തുന്നു. തന്റെ ലോക്കറിലെ സമ്പാദ്യത്തില്‍ നിന്ന് ആയിരം രൂപ കൊടുത്ത് കോണ്‍സ്റ്റബിള്‍ കുഞ്ഞാപ്പനെ സ്വാധീനിച്ച് രമേഷ് നമ്പ്യാര്‍ കോടതിയില്‍ ഹാജരാക്കും മുമ്പ് ദേവനെ അവിടെ നിന്നു രക്ഷിക്കുന്നു. പ്രതികാരബുദ്ധിയോടെ ഇന്‍കം ടാക്‍സുകാര്‍ അവരുടെ വണ്ടി പിന്‍തുടരുന്നു. അക്രമം ഒഴിവാക്കാനായി ആന്റണി പുന്നക്കാടനും പിന്തുടരുന്നു. ദൂരെയൊരു ഗോഡൗണില്‍ എല്ലാവരും എത്തുന്നു. ഇന്‍കം ടാക്‍സുകാര്‍ റെയ്ഡ് ചെയ്യാനായി ഓടി വരുമ്പോള്‍ രമേഷ് നമ്പ്യാര്‍ കൂറുമാറിയെന്നും ദേവനും രമേഷും പരസ്‍പരം ശത്രുക്കളെന്നു ഭാവിക്കുമെങ്കിലും ഒരു കയ്യാണെന്നും മനസ്സിലാക്കുന്നു. ദേവനും രമേഷും കൂടി ഇന്‍കം ടാക്‍സുകാരെയെല്ലാം ഓടിച്ചിട്ട് കഷ്ടപ്പെട്ട് തല്ലിക്കൊല്ലുന്നു.

പെട്ടെന്നെത്തുന്ന ഇന്‍കം ടാക്‍സ് കമ്മിഷണറായ മാധവന്‍ ദേവനെയും രമേഷിനെയും തോക്കിന്‍ മുനയില് നിര്‍ത്തി റെയ്‍്ഡ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡിജിപിയും പൊലീസുകാരും നോക്കി നില്‍ക്കെ ആന്റണി പുന്നക്കാടന്‍ ഇന്‍കം ടാക്സ് കമ്മിഷണര്‍ മാധവനെ വെടിവച്ചുകൊല്ലുന്നു. പാവപ്പെട്ട കോടീശ്വരന്മാരുടെ കണക്ക് നോക്കാനും നിലവറകള്‍ പരിശോധിക്കാനുമെത്തുന്ന ഇന്‍കം ടാക്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും നിയമത്തിനും കോടതിക്കും തങ്ങളെ രക്ഷിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് ടാക്‍സുകാരെ വെടിവച്ചുകൊല്ലുകയാണ് വേണ്ടത് എന്നുമുള്ള സന്ദേശം നല്‍കി എല്ലാവരും കൂടി നിരന്നു നടക്കുമ്പോള്‍ (പശ്ചാത്തലത്തില്‍ ചത്തുമലച്ചു കിടക്കുന്ന ഇന്‍കം ടാക്‍സ് ഡിപ്പാര്ട്ടമെന്റുകാര്‍) സിനിമ അവസാനിക്കുന്നു (ശുഭം).

കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !

ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാണെങ്കിലും തമിഴന്‍മാര്‍ അത് സീരിയസ്സായി എടുത്തു. ഇന്നസെന്‍റിനെ തമിഴ്‍പടത്തിലേക്കു കാസ്റ്റ് ചെയ്ത് അവര്‍ കാത്തിരിക്കുന്നു-കൊല്ലാനാണോ വളര്‍ത്താനാണോ ആവോ !സമുദ്രക്കനി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്കാണ് ഇന്നസെന്‍റിനെ കാസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തെ അവിടെ കൊണ്ടുപോയി ആദരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അല്ലെങ്കിലും ഇന്നസെന്‍റിനെ തമിഴ്‍സിനിമയില്‍ അഭിനയിക്കുന്നതോടെ തമിഴ്‍സിനിമയുമായുള്ള എല്ലാ പ്രശ്നങ്ങളും കോംപ്ലിമെന്‍റ്സ് ആകേണ്ടതാണ്. തമിഴന്‍മാരുടെ വിശാലമനസ്കതയ്ക്കു മുന്നില്‍ എന്‍റെ പ്രണാമം.

സമുദ്രക്കനി ലാലേട്ടന്‍റെ ശിക്കാറില്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ ഇന്നസെന്‍റിലെ മഹാനടനെ തിരിച്ചറിയുകയും പ്രധാനവേഷത്തിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയുമായിരുന്നു.എന്തു വേഷമാണ് എന്നറിയില്ല. അന്‍പുടയ തമിഴ്‍മക്കളെ ആക്ഷേപിക്കുന്ന മുരട്ടുസംഘടനാ പ്രസിഡന്‍റിന്‍റെ റോള്‍ കൊടുത്ത് തമിഴന്‍മാരെക്കൊണ്ട് അങ്ങേരെ പച്ചയ്‍ക്കു കത്തിക്കാനുള്ള പരിപാടിയാകാതിരുന്നാല്‍ മതിയായിരുന്നു.

ഇന്നസെന്‍റ് വെളുത്തിരിക്കുന്നതും ഡെയ്‍ലി കുളിക്കുന്നതും ഒന്നും അവര്‍ക്ക് ഇഷ്ടപ്പെടാന്‍ വഴിയില്ല. അതൊക്കെ തമിഴ്‍സംസ്കാരത്തോടുള്ള വെല്ലുവിളിയായി തോന്നിയാല്‍ കോമഡിയും കൊണ്ട് തിരികെ വരാന്‍ അദ്ദേഹത്തിനു എളുപ്പത്തില്‍ സാധിക്കുകയുമില്ല. തമിഴ്‍ സംസ്കാരത്തിന്‍റെ കാര്യത്തില്‍ ക്ലാസിക് തമിഴന്‍മാര്‍ ഭയങ്കര സെന്‍സിറ്റീവാണ്. സിനിമയില്ലേ കലയല്ലേ എന്നൊന്നും പറഞ്ഞിട്ടു കാര്യമില്ല, സംസ്കാരം സംസ്കാരം തന്നെയാണ്. പ്രണയം ലൈംഗികത എന്നതൊക്കെയാണ് സംസ്കാരത്തെ വെല്ലുവിളിക്കുന്ന സംഗതികള്‍. ബലാല്‍സംഗം, വെട്ടിക്കൊല തുടങ്ങിയ സംസ്കാരസമ്പന്നമായ സംഗതികളാണെങ്കില്‍ പടം ഷുവര്‍ ഹിറ്റാണ്.

ലേറ്റസ്റ്റ് വിവാദങ്ങല്‍ രണ്ടും പ്രണയവും ലൈഗികതയുമായി ബന്ധപ്പെട്ടാണ്. ഒരു അമ്മായിയപ്പന് മരുമകളോടു തോന്നുന്ന പ്രണയം പ്രമേയമാക്കി സിനിമയെടുത്ത മൃഗം സാമി (നമ്മുടെ പദ്മപ്രിയയുടെ മുഖത്ത് ഒരു കോപ്പും വരുന്നില്ലെന്നു പറഞ്ഞ് കരണത്തടിച്ച സാമി)ഇപ്പോള്‍ വധഭീഷണികള്‍ ജില്ല തിരിച്ചു സോര്‍ട്ട് ഔട്ട് ചെയ്യുന്ന തിരക്കിലാണ്. സിന്ധു സമവേലി എന്ന ഈ വിവാദസിനിമയില്‍ നായികയായി അഭിനയിച്ച മലയാളിയായ അനഘയെയും തമിഴ്‍മക്കള്‍ ആദരിച്ചുകൊണ്ടിരിക്കുകയാണ്. പേടിച്ച് പൊങ്കൊച്ച് മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച മട്ടാണ്. എന്തായാലും വധഭീഷണി മാത്രമല്ല, ജനക്കൂട്ടം സാമിയുടെ വീടാക്രമിച്ചു, കാര്‍ തല്ലിത്തകര്‍ത്തു, കയ്യില്‍ കിട്ടിയാല്‍ അങ്ങേരെ വെട്ടിക്കൊന്നേനെ.

സിനിമ കാണാന്‍ പോകുന്നവര്‍ക്കും ഭീഷണിയും തിയറ്ററുകളില്‍ വിലക്കുമുണ്ട്. പ്രണയവും ലൈംഗികതയും ചിത്രത്തില്‍ അധികമില്ലെങ്കിലും സിനിമ കൈകാര്യം ചെയ്യുന്ന പ്രമേയം അവര്‍ക്ക് ദഹിക്കുന്നില്ല. ആക്ച്വലി അമ്മായിയപ്പന്‍ മരുമകളെ ക്രൂരമായി റേപ് ചെയ്യുകയും ക്ലൈമാക്സില്‍ മരുമകള്‍ അമ്മായിയപ്പനെ 47 കഷണമായി വെട്ടിനുറുക്കുന്നതും ക്ലോസപ്പില്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ പ്രേക്ഷകര്‍ ഹാപ്പിയായനെ. സംസ്കാരശൂന്യനായ സാമി അത് ചെയ്തില്ല.

സാമിയുടെ കാര്യം പോട്ടെ, അതിറങ്ങിയ പടമാണ്. എന്നാല്‍ ഇറങ്ങാന്‍ പോകുന്ന ഒരു സിനിമയുടെ പോസ്റ്റര്‍ കണ്ടിട്ട് അവിടെ ഇപ്പോഴെ വധഭീഷണി തുടങ്ങി. മിഠായി എന്ന പുതുമുഖസിനിമയുടെ പോസ്റ്ററില്‍ നായികയും രണ്ടു നായകന്‍മാരും വിവാഹിതരായി നില്‍ക്കുന്നത് നല്‍കിയതാണ് ക്ലാസിക് തമിഴ്‍ സമൂഹത്തെ ഭ്രാന്തു പിടിപ്പിച്ചിരിക്കുന്നത്. പോസ്റ്ററില്‍ കാണുന്നതു വച്ച് സിനിമയെ അളക്കരുത്, പടത്തില്‍ കഥ വേറെയാണ് എന്നൊക്കെ സംവിധായകന്‍ പറഞ്ഞിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ചോര കണ്ടേ അടങ്ങൂ എന്ന വാശിയിലാണ്.

അങ്ങനെയൊക്കെയുള്ള തമിഴ്‍നാട്ടിലേക്കാണ് ഇക്കണ്ട കോമഡിയെല്ലാം പറഞ്ഞ ഇന്നസെന്‍റിനെ കൊണ്ടുപോകുന്നത്. എനിക്കൊരു സമാധാനവുമില്ല. അമ്മയുടെ പ്രസിഡന്‍റാണ് പോകുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ പിന്നെ അമ്മയ്‍ക്ക് ആരുണ്ട് ?

ഏപ്രില്‍ ഒന്നിന് ഇന്നസെന്റിനെ തമിഴ്‍നാട്ടില്‍ ആദരിക്കും*

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ കമലഹാസനെ കേരള സര്‍ക്കാര്‍ ആദരിച്ച ചടങ്ങ് ബഹിഷ്കരിച്ച ലോകസിനിമയുടെ നെടുംതൂണായ അമ്മ സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റിനെ വരുന്ന ഏപ്രില്‍ ഒന്നിന് തമിഴ്നാട്ടില്‍ വച്ച് ആദരിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി കരുണാനിധിയുടെ ഓഫിസിലെ ഒരു ജീവനക്കാരന്റെ വീട്ടിലെ അടിച്ചുതെളിക്കാരി (ഞങ്ങള്‍ ഗുലാന്‍ ആണ്) പറഞ്ഞിരിക്കുന്നു. തികച്ചും അനൌദ്യോഗികമായ ഈ അറിയിപ്പ് തെറ്റാണെങ്കില്‍ ‍ഞാന്‍ നിരുപാധികം മാപ്പു ചോദിക്കുന്നു. ഇതിന്റെ വിശ്വാസ്യത ഉറപ്പുവരുത്തുന്നതിനായി തമിഴ്നാട് സെക്രട്ടറിയേറ്റുമായി ബന്ധപ്പെട്ടുവരികയാണ്. ഓണാവധി കഴിഞ്ഞ് സെക്രട്ടറിയേറ്റില്‍ ആളു വന്നാലുടന്‍ സംഗതി സ്ഥിരീകരിക്കുന്നതായിരിക്കും, യേത് ?

കമലഹാസനെ അദരിക്കുന്ന ചടങ്ങില്‍ നിന്ന് അമ്മ സംഘടന വിട്ടു നിന്നതിനുള്ള കാരണങ്ങളില്‍ ഒന്ന് മലയാളതാരങ്ങളെ തമിഴ്നാട്ടില്‍ ആദരിക്കുന്നില്ല എന്നതും മറ്റേത് കമലഹാസന് അമ്മയില്‍ അംഗത്വമില്ല എന്നതുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അമ്മയില്‍ അംഗത്വമുള്ള മുഴുവന്‍ താരങ്ങളെയും തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ വച്ച് ആദരിച്ചര്‍മാദിക്കാനാണ് നീക്കമെന്നറിയുന്നു. അമ്മ പ്രസിഡന്റ് ഇന്നസെന്റിനെ ഏപ്രില്‍ ഒന്നിന് ആദരിക്കാനുള്ള തീരുമാനവും ഇതിന്റെ ഭാഗമാണ്. ഇടവേള ബാബുവിനെയും ആദരിക്കും. സമയവും സ്ഥലവും പിന്നീട് അറിയിക്കാനാണ് സാധ്യത.

ഇന്നസെന്റിനെ ആദരിക്കുന്ന ചടങ്ങില്‍ തമിഴ്നാട്ടിലെ മുഴുവന്‍ ചലച്ചിത്ര താരങ്ങളും പങ്കെടുക്കും. മുന്‍താരമായ ജയലളിത വേദിയില്‍ ഇന്നസെന്റിനെ പ്രീതിപ്പെടുത്തുന്നതിനായി ഉന്മാദനൃത്തം കളിക്കുമെന്നും സൂചനയുണ്ട്. ചടങ്ങിനു ശേഷം ഇത്രയും നാള്‍ മലയാള താരങ്ങളെ ആരെയും തമിഴ്നാട്ടില്‍ വച്ച് ആദരിക്കാതിരുന്നതിന് താരങ്ങള്‍ ഓരോരുത്തരായി ഇന്നസെന്റിന്റെ കാല്‍ക്കല്‍ വീണ് മാപ്പപേക്ഷിക്കും. ചടങ്ങില്‍ വച്ച് ഇന്നസെന്റിന് ‍’തിരത്തന്തൈ‍’ ബഹുമതി നല്‍കുമെന്നും അടിച്ചുതെളിക്കാരിയോടടുത്ത വൃത്തങ്ങള്‍ പറയുന്നു.

അമ്മയില്‍ അംഗത്വമില്ലാത്തവരെ ആദരിക്കുന്ന ചടങ്ങ് അമ്മ അംഗങ്ങള്‍ ബഹിഷ്കരിക്കുമെന്നത് ലോകസിനിമയെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഒന്നു പറഞ്ഞിരുന്നെങ്കില്‍, ഒരു സൂചന കൊടുത്തിരുന്നെങ്കില്‍ തങ്ങള്‍ അംഗത്വമെടുത്തേനെ എന്നാണ് ഏന്‍ജലീന ജോളി പ്രതികരിച്ചത്. ഹോളിവുഡിലെ മിക്കതാരങ്ങളും ജാക്കി ചാന്‍ അടക്കമുള്ള മറ്റ് ലോകോത്തരതാരങ്ങളും അമ്മ അംഗത്വത്തിനായി ആപ്ലിക്കേഷന്‍ അയച്ചു കഴിഞ്ഞു. ഇന്നലെ മാത്രം 789 ആപ്ലിക്കേഷനുകള്‍ അമ്മ ഓഫിസില്‍ ലഭിച്ചുവത്രേ. തനിക്ക് അമ്മയില്‍ അംഗത്വമില്ല എന്നത് തിരിച്ചറിഞ്ഞ ഷാറൂഖ് ഖാന്‍ പൊട്ടിക്കരഞ്ഞതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. എങ്ങനെയെങ്കിലും തന്നെ അമ്മയില്‍ അംഗമാക്കണം എന്ന ആവശ്യവുമായി സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ തുടങ്ങിയവര്‍ അവരോടൊപ്പം നായികയായി അഭിനയിച്ച അസിന്റെ പിന്നാലെ കൂടിയിരിക്കുകയാണെത്രേ.

അതേ സമയം, തന്നെ കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കാത്തത് അമ്മയില്‍ അംഗത്വമില്ലാത്തതുകൊണ്ടാണോ എന്ന് അമിതാഭ് ബച്ചന്‍ അന്വേഷിക്കുകയാണ്. മോഹന്‍ലാലുമായുള്ള സൌഹൃദം ഈ ദുര്‍ഘട ഘട്ടത്തില്‍ തനിക്കൊരു അമ്മ അംഗത്വം നേടാന്‍ സഹായിക്കുമെന്ന് അദ്ദേഹം പ്രത്യാശിക്കുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങളും സൂചിപ്പിക്കുന്നു. അമ്മ ട്വിറ്ററില്‍ ഇല്ല എന്നത് അദ്ദേഹത്തെ ഞെട്ടിച്ചിട്ടുമുണ്ട്.

തമിഴ്നാട്ടില്‍ ആദരിക്കുന്നതുപോലെ ബോളിവുഡിലും ഹോളിവുഡിലും ഇത്തരത്തില്‍ അമ്മ അംഗങ്ങള്‍ക്കു സ്വീകരണം നല്‍കുമെന്ന് അറിയുന്നു. അവരും ഏപ്രില്‍ ഒന്നു തന്നെ തിരഞ്ഞെടുത്താല്‍ ഡേറ്റുകള്‍ തമ്മില്‍ ക്ളാഷാവുമോ എന്ന ആശങ്കയുമുണ്ട്. അവിടെയും ഓരോരുത്തരെയായി കൊണ്ടുപോയി ആദരിക്കുമോ അതോ എല്ലാവരെയും ഒറ്റയടിക്ക് ആദരിക്കുമോ എന്നതും ഉറപ്പായിട്ടില്ല.

മലയാള സിനിമയില്‍ അമ്മയില്‍ അംഗത്വമില്ലാതെ മരിച്ചുപോയ പ്രേം നസീര്‍, സത്യന്‍, കൊട്ടാരക്കര ശ്രീധരന്‍ നായര്‍, അടൂര്‍ഭാസി, ജയന്‍ തുടങ്ങിയവരഭിനയിച്ച സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കുന്ന കാര്യം പുനപരിശോധിക്കുമെന്ന് മലയാളം ചാനലുകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അമ്മയില്‍ അംഗത്വം നേടുന്നതിനു മുമ്പേ മരിച്ചുപോയതിനാല്‍ പ്രേംനസീറിനു നല്‍കിയ ഗിന്നസ് റെക്കോര്‍ഡ് പിന്‍വലിക്കുമെന്ന് കോഴിക്കോട്ട് പൂക്കളത്തിനു മാര്‍ക്കിടാന്‍ വന്ന ഗിന്നസ് ബുക്ക് പ്രതിനിധികളും സൂചിപ്പിച്ചു. പ്രേംനസീറിന്റെയും ജയന്റെയും ഒക്കെ പേരിലുള്ള പുരസ്കാരങ്ങള്‍ നിര്‍ത്തലാക്കുന്ന കാര്യവും ആലോചിക്കും.

*ഇത് പൂര്‍ണമായും ആക്ഷേപഹാസ്യത്തിലധിഷ്ടിതമായ ഭാവനാസൃഷ്ടിയാണ്.

കമലഹാസനെ ആര്‍ക്കാണ് പേടി ?

ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടകനായി എഴുന്നള്ളിച്ചുകൊണ്ടുവന്ന് ആദരിക്കാന്‍ മാത്രം ഈ കമലഹാസന്‍ എന്നു പറയുന്നവര്‍ ആരാണ് ? ഇന്നസെന്റിനെപ്പോലെ, ഇടവേള ബാബുവിനെപ്പോലെ, കഴിവുതെളിയിച്ചിട്ടുള്ള ഒരു നടനാണോ എന്നതല്ല ചോദ്യം. ചോദ്യങ്ങള്‍ രണ്ടു മാത്രം. ഒന്ന്- കമലഹാസന് ലോകസിനിമയുടെ ആസ്ഥാനമായ മലയാളസിനിമയിലെ താരസംഘടനയായ അമ്മയില്‍ അംഗത്വമുണ്ടോ ? രണ്ട്- തമിഴനായ കമലഹാസനെ കേരളത്തില്‍ ആദരിക്കുമ്പോള്‍ എത്ര മലയാളി താരങ്ങളെ തമിഴ്നാട്ടില്‍ ആദരിച്ചിട്ടുണ്ട് ?

ഇത്രയും ചരിത്രപ്രാധാന്യമുള്ള വിഡ്ഢിച്ചോദ്യങ്ങള്‍ ചോദിക്കാന്‍ മാത്രം മന്ദബുദ്ധിയായ ആള്‍ ഞാനാണെന്ന് സംശയിക്കരുത്. വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതനുസരിച്ച് ഈ നിലപാട് അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ എട്ടാം ക്ളാസ് ബുദ്ധിയിലെ ഗുസ്തിയില്‍ നിന്നും ഉരുത്തിരിഞ്ഞിട്ടുള്ളതാണ്. എങ്കിലും എന്റെ ഇന്നസെന്റേ, മറ്റൊരു നടനെ ആദരിക്കുന്ന കാര്യത്തില്‍ (അയാളുടെ മഹത്വവും കഴിവും വിസ്മരിച്ചേക്കൂ) ഇത്ര നികൃഷ്ടമായ ഒരു നിലപാട് സ്വീകരിക്കണമെങ്കില്‍ നിങ്ങളുടെ സംഘടനയിലുള്ളവര്‍ക്കുമില്ലേ ശൃംഗാരവും ഹാസ്യവും ശോകവുമൊക്കെ ?

വിനയന്റെ യക്ഷിയും ഞാനും സെന്‍സര്‍ ചെയ്തു എന്നതിന്റെ പേരില്‍ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനെതിരെ മലയാള സിനിമയിലെ ബാക്കി സംഘടനകളെല്ലാം ചേര്‍ന്ന് കലാപമുയര്‍ത്തിയത് കഴിഞ്ഞയാഴ്ചയായിരുന്നു. അതുകൊണ്ട് എന്തുവന്നാലും 20നു റിലീസിങ് ഷോയ്ര്‍ക്കു തന്നെ യക്ഷിയും ഞാനും കാണാന്‍ തീരുമാനിച്ചു. പുതിയ നാണക്കേട് നമ്മള്‍ക്കായി അവതരിപ്പിക്കുന്നത് താരസംഘടനയാണെങ്കിലും ലജ്ജ മലയാളികളായ നമ്മള്‍ക്കാണ്. കേരളസര്‍ക്കാരിന് മലയാളസിനിമയുടെ മേല്‍ യാതൊരു പിടിയുമില്ല എന്നതു തെളിഞ്ഞതോടെ സിനിമക്കാര്‍ സ്വന്തമായൊരു ദേശീയതയും പ്രഖ്യാപിക്കുകയാണെന്നു പറയാം. അല്ലെങ്കില്‍, കേരളത്തിലെ സാധാരണ പൌരന്‍മാരെപ്പോലെയല്ല സിനിമക്കാര്‍. മന്ത്രിമാരോ മറ്റോ സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യത്തിനു വേണ്ടി ഒരു കാര്യം വ്യക്തിപരമായി കണ്ട് ആവശ്യപ്പെട്ടാല്‍ അത് ഏതെങ്കിലുമൊരു മലയാളി തള്ളിക്കളയും എന്നു തോന്നുന്നില്ല. എന്നാല്‍, താരങ്ങള്‍ അങ്ങനെയല്ല, സംസ്ഥാനവും ദേശസ്നേഹവും നാടിനോടുള്ള കടപ്പാടുമൊക്കെ ഡയലോഗില്‍ മാത്രം. അല്ലാതെ വല്ലതും നടക്കണമെങ്കില്‍ കാശു വീഴണം.

സര്‍ക്കാരിന്റെ ഓണാഘോഷപരിപാടികള്‍ തലസ്ഥാനത്ത് നടക്കുന്നത് 22ന് ആണ്. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഓണാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. കമല്‍ഹാസന്‍, എസ്.പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്‍, എം.ജി. ശ്രീകുമാര്‍, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ തുടങ്ങിയവരൊക്കെയാണ് ആഘോഷത്തില്‍ പങ്കെടുക്കുന്നത്. സിനിമാജീവിതത്തിന്റെ അരനൂറ്റാണ്ടു പൂര്‍ത്തിയാക്കുന്ന കമലഹാസനെ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുന്ന ചടങ്ങുകൂടിയാണ് തിരുവനന്തപുരത്ത് നടക്കുന്നത്. കേരളത്തിനു പുറത്തും സിനിമയും സിനിമക്കാരുമുണ്ടെന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നത് നമ്മുടെ സിനിമക്കാര്‍ക്കു സഹിക്കാന്‍ വഴിയില്ല. എന്തായാലും തീരുമാനം അനുസരിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ ചെന്നൈയില്‍ പോയി കമലഹാസനെ ക്ഷണിക്കുകയും അദ്ദേഹം ഏറെ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ പരിപാടിയില്‍ പങ്കെടുക്കാന്‍ സമ്മതിക്കുകയുമായിരുന്നു. മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങിനു നേതൃത്വം നല്‍കുന്നു.

എന്നാല്‍, ഈ പരിപാടിയുമായി സഹകരിക്കില്ല എന്നു പ്രമുഖ സിനിമാ സംഘടന തീരുമാനിച്ചെന്നും ചടങ്ങില്‍ സംഘടനയിലെ അംഗങ്ങളില്‍ ആരും പങ്കെടുക്കരുതെന്ന് ഇതിന്റെ ഭാരവാഹികള്‍ നേരിട്ട് ഫോണില്‍ വിളിച്ച് അറിയിച്ചെന്നും ഇതെ തുടര്‍ന്ന് ചടങ്ങില്‍ പങ്കെടുക്കാമെന്നു സമ്മതിച്ചിരുന്ന പലരും വിലക്കിനെ തുടര്‍ന്ന് പിന്മാറിയെന്നും സംഘടനയുടെ പേരേടുത്തു പറയാതെ ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. സംഘടനയിലെ വലിയ താരങ്ങളെ സാക്ഷാല്‍ മന്ത്രി തന്നെ നേരിട്ടു വിളിച്ചെങ്കിലും അയ്യോ എന്റെ കുട്ടാ വരില്ല എന്നു മറുപടി പറഞ്ഞൊഴിഞ്ഞത്രേ. ഏതാണീ നാറിയ സംഘടന ? അങ്ങനെ പറഞ്ഞ വിവരമില്ലാത്ത മന്ദബുദ്ധി ആരാണ് എന്നൊക്കെ ആലോചിട്ട് വായനക്കാര്‍ തലപുകയുമ്പോള്‍ ദേ വരുന്നു അമ്മ പ്രസിഡന്റ് ഇന്നസെന്റ് !

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ അമ്മയിലെ അംഗങ്ങള്‍ സ്വന്തം നിലയില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്നും എന്നാല്‍, അമ്മ എന്ന ലേബലില്‍ സ്വീകരണച്ചടങ്ങില്‍ തങ്ങള്‍ പങ്കെടുക്കില്ലെന്നും പ്രസിഡന്റ് ഇന്നസന്റ് വ്യക്തമാക്കി. തിലകനു മലയാള സിനിമയില്‍ അഭിനയിക്കുന്നതിനു വിലക്കില്ലെന്ന് ഇവര്‍ ഒരു നൂറു വട്ടം പറഞ്ഞത് ആരും മറന്നിട്ടില്ല. ഇന്നസെന്റിനു പറയാന്‍ ന്യായമുണ്ട്- “അമ്മയുടെ ധനസമാഹരണത്തിനു ഫെബ്രുവരിയില്‍ (ഫെബ്രുവരിയിലേക്ക് ഇനിയും ആറുമാസത്തിലധികമുണ്ടെന്ന് മനസ്സിലാക്കാന്‍ എട്ടാം ക്ളാസ് വരെ പഠിക്കണമെന്നില്ല) ഷോ നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഞങ്ങളെല്ലാവരും പോയി സര്‍ക്കാരിന്റെ പരിപാടിയില്‍ പങ്കെടുത്താല്‍ ഞങ്ങളുടെ പരിപാടിക്കു പണം കിട്ടുമോ? അങ്ങനെ ചെയ്താല്‍ ഞങ്ങളുടെ പരിപാടിക്കു തന്നെയായിരിക്കും ക്ഷീണം. ഞങ്ങള്‍ക്ക് രണ്ടു കോടി രൂപ തരണമെന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ നല്‍കുമോ?”

പറയുന്നത് ഇന്നസെന്റാണെന്നോര്‍ക്കണം. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്റെ ഇഷ്യുവില്‍ കേരളത്തെ പിടിച്ചുകുലുക്കിയ ചക്കക്കൂട്ടാന്‍ പരാമര്‍ശം നടത്തി അഴീക്കോടിനെക്കൊണ്ട് മന്ദബുദ്ധി എന്നു വിളിപ്പിച്ച ആളാണ്. അപ്പോള്‍ പുള്ളി ഇത്രയൊന്നും പറഞ്ഞാല്‍ പോര. അതുകൊണ്ട് പുള്ളി അവിടെ അവസാനിപ്പിച്ചിട്ടില്ല- “താരങ്ങള്‍ ആരും ചടങ്ങില്‍ പങ്കെടുക്കരുതെന്നു സംഘടനയുടെ നേതാവ് വിളിച്ചു പറഞ്ഞുവെന്ന വാര്‍ത്തയിലെ പരാമര്‍ശം എന്നെക്കുറിച്ചാണെന്നു മനസ്സിലായി. കമല്‍ഹാസനോട് അമ്മയ്ക്കു വിരോധമൊന്നുമില്ല. ഇതേക്കുറിച്ച് ആലോചിക്കാന്‍ സര്‍ക്കാര്‍വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അമ്മ പ്രതിനിധികള്‍ പങ്കെടുക്കാതിരുന്നതു മനഃപൂര്‍വമല്ല. പങ്കെടുക്കണമെന്നാവശ്യപ്പെട്ട് എന്നെ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചിട്ടില്ല. മമ്മൂട്ടിയെ വിളിച്ചതിനെക്കുറിച്ച് അറിയില്ല. മുന്‍പും പല കാര്യങ്ങളിലും സര്‍ക്കാരുമായി സഹകരിച്ചിട്ടുള്ളവരാണു താരങ്ങള്‍ എന്ന കാര്യം അധികൃതര്‍ മനസ്സിലാക്കണം. ഒപ്പം, നമ്മുടെ എത്ര താരങ്ങളെ തമിഴ്നാട്ടില്‍ ആദരിച്ചിട്ടുണ്ടെന്നു കൂടി നിഷ്പക്ഷമായി അന്വേഷിക്കുന്നതു നല്ലതാണ്.”

സര്‍ക്കാരുമായി സഹകരിക്കാന്‍ കാണിച്ച ഔദാര്യം ആ വാചകത്തില്‍ തന്നെ തെളിഞ്ഞു നില്‍ക്കുന്നുണ്ട്. മൊത്തത്തില്‍ എല്ലാം കൂടി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. ഇവിടെ നല്ല തിരക്കഥകളുണ്ടാകാത്തതിനു കാരണം ഈ താരങ്ങള്‍ തന്നെയാണ്. ഓരോ താരത്തിനെയും മനസ്സില്‍ കണ്ടാണ് തിരക്കഥാകൃത്തുക്കള്‍ എഴുതുന്നത് എന്നു കേട്ടിട്ടുണ്ട്. ഇത്തരം ആളുകളെ മനസ്സില്‍ കണ്ട് ഷേക്സ്പിയറിനോ കാളിദാസനോ പോലും ഒരു നല്ല സൃഷ്ടി നടത്താന്‍ കഴിയില്ല എന്നുറപ്പാണ്. എന്തായാലും സര്‍ക്കാരിന്റെ പരിപാടിയ്ക്ക് അള്ളുവയ്ക്കാന്‍ സംഘടന തീരുമാനിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് ഇനിയങ്ങോട്ടു സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍മാര്‍ക്ക് പലതും പറയാനുണ്ടാവുമെന്നു പ്രതീക്ഷിക്കാം.

ആത്മ-വഞ്ചന !

തിലകന്‍റെ കട്ടപ്പൊക കാണണം എന്ന കാര്യത്തില്‍ ആര്‍ക്കോ വാശിയുള്ളതു പോലെ തോന്നുന്നു. സിനിമകളില്‍ നിന്നും പിന്നെ അമ്മ സംഘടനയില്‍ നിന്നും പുറത്താക്കിയ ശേഷം സീരിയലില്‍ അഭിനയിക്കാനുള്ള തിലകന്‍റെ ശ്രമത്തെയും താരപ്രതിഭകളുടെ സമര്‍ഥമായ ഇടപെടല്‍ മൂലം പൊളിച്ചിരിക്കുന്നു. ഇത്തരം ചില സീനുകളിലാണ് നമ്മള്‍ അറിയാതെ കയ്യടിച്ചു പോകുന്നത്. അമ്മ എന്ന വാക്കിനു പുതിയ അര്‍ഥം തന്നെ നല്‍കിയ ആ സംഘനയുടെ കാര്യം പോലെ തന്നെയാണ് ആത്മ എന്ന സീരിയല്‍ നടന്‍മാരുടെ സംഘടനയും. മഹാനടന്‍ ഗണേഷ് കുമാര്‍ ആണ് ആത്മയുടെ ആത്മാവ്.

സൂര്യയില്‍ സംപ്രേഷണം ചെയ്യുന്ന വാണി വിശ്വനാഥ് നായികയാവുന്ന മറ്റൊരുവള്‍ (നല്ല ബെസ്റ്റ് പേര്) എന്ന സീരിയലില്‍ കടന്നുകൂടാനുള്ള തിലകന്‍റെ കുല്‍സിത ശ്രമമാണ് ആത്മയുടെ സമര്‍ഥമായ ഇടപെടല്‍ മൂലം തകര്‍ത്തത്. ആത്മയുടെ ഇടപെടല്‍ എന്നു പറയുമ്പോള്‍ ആത്മയുടെ നിര്‍ദേശപ്രകാരമാണ് തിലകനെ ഒഴിവാക്കുന്നതെന്ന് സീരിയലിന്‍റെ നിര്‍മാതാവ് പറഞ്ഞു എന്ന് തിലകന്‍ പറയുന്നതാണ് അടിസ്ഥാനം. തിലകന് ഭ്രാന്താണ് എന്ന മാര്‍ക്കറ്റിങ് സ്ട്രാറ്റജിയില്‍ എത്രകാലം പിടിച്ചു നില്‍ക്കാനാവുമെന്ന് പറയാന്‍ പറ്റില്ല. അമ്മയല്ല അമ്മേടെ നായരു പുറത്താക്കിയാലും തിലകന്‍ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ്. സിനിമയെ സിനിമയാക്കിയ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണദ്ദേഹം. ഇടവേള ബാബുവും ഗണേഷ് കുമാറും ആരാണ് എന്നതുപോലും തിലകനെ അറിയുന്ന പലര്‍ക്കും അറിയില്ല എന്നത് അവരുടെ ഭാഗ്യം.

ഗണേഷ്കുമാര്‍ ആണ് സീരിയലുകളിലെ രാഷ്ട്രീയം തീരുമാനിക്കുന്നതെന്ന് തിലകന്‍ പറയുന്നു. ആത്മ സെക്രട്ടറി പൂജപ്പുര രാധാകൃഷ്ണന്‍ ആണ് ഷൂട്ടിങ് ലൊക്കേഷനിലെത്തിയ തിലകനോട് വിട്ടു പൊക്കോണം എന്നു പറഞ്ഞതത്രേ. അമ്മയുടെ എതിര്‍പ്പ് നേരിടുന്ന തിലകനെ ഒഴിവാക്കണം എന്നു പൂജപ്പുര സെന്‍ട്രല്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടത്രേ.അതില്‍ നിന്നും രണ്ടു കാര്യങ്ങള്‍ വ്യക്തമാണ്- 1.തിലകന്‍ അമ്മയുടെ എതിര്‍പ്പു നേരിടുന്നുണ്ട്.2.സീരിയല്‍ നടന്‍മാരുടെ സംഘടന എന്നു വച്ചാല്‍ അമ്മയുടെ ഒരു ചിന്നവീടാണ്. പോരെങ്കില്‍ ഗണേഷ് കുമാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നു കഴിഞ്ഞ ദിവസം തിലകന്‍ ആരോപിച്ചിരുന്നു.

തിലകനുമായി യാതൊരു പിണക്കവുമില്ലെന്ന് പൂജപ്പുര വ്യക്തമാക്കിയിട്ടുണ്ട്. തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. തിലകന്‍ വലിയ നടനാണ്‌. തങ്ങള്‍ ചെറിയ സീരിയല്‍കൊണ്ട്‌ ഉപജീവനം നടത്തുന്നവര്‍. തിലകനും സുകുമാര്‍ അഴീക്കോടും ചേര്‍ന്ന്‌ ആത്മയുടെ പ്രസിഡന്റ്‌ കെബി ഗണേഷ്കുമാറിനെ ചീത്തവിളിച്ചുകൊണ്ടിരിക്കുകയാണ്‌. തിലകനുമായി സഹകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന്‌ വ്യക്തമാക്കുന്ന പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണ്ടോ, തീര്‍ന്നു.ഇത്രേയുള്ളൂ, മലയാളം സീരിയലുകളിലെ കഥാപാത്രങ്ങള്‍ക്കുള്ള മാനസികവളര്‍ച്ച പോലും ആ വേഷങ്ങള്‍ അവതരിപ്പിക്കുന്ന നടന്‍മാര്‍ക്കില്ലെന്നു വരുമ്പോള്‍ സംഗതി എവിടെപ്പോയി ?

കുറ്റം പറഞ്ഞിട്ടും കാര്യമില്ല, സീരിയയില്‍ കുറെക്കാലം അഭിനയിച്ചു കഴിഞ്ഞാലാണ് ചിലരെ പ്യൂണായിട്ടും ഓട്ടോ ഡ്രൈവറായിട്ടും സിനിമയില്‍ ഒന്നോ രണ്ടോ സീനില്‍ കാണുന്നത്. സിനിമയില്‍ അഭിനയിക്കാന്‍ അവര്‍ക്കുമില്ലേ മോഹം ? തിലകനെ ഒഴിവാക്കിയില്ലെങ്കില്‍ സിനിമയില്‍ നിന്ന് അമ്മ സീരിയലുകാരെ കംപ്ലീറ്റ് ഒഴിവാക്കുമെന്ന് അവര്‍ ഭയപ്പെട്ടു കാണും!

പലരുടെയും ആശങ്ക തിലകന്‍ എന്തുകൊണ്ടാണ് മരിക്കാത്തത് എന്നാണെന്നു തോന്നുന്നു. ഒരാള്‍ക്ക് ആത്മഹത്യ ചെയ്യാന്‍ ഇത്രയധികം അവസരങ്ങള്‍ ഒരുക്കിക്കൊടുത്തിട്ടും അതിന് സര്‍ക്കാര്‍ മൗനസമ്മതം നല്‍കിയിട്ടും അയാള്‍ അത് ചെയ്യാതിരിക്കുന്നത് നീതികേടാണ് എന്ന അവര്‍ക്കു തോന്നുന്നുണ്ടാവും.അതിനിടയില്‍ തിലകനു തൊഴില്‍ നിഷേധത്തിന്‍റെ പേരില്‍ ലേബര്‍ കമ്മിഷനു ലഭിച്ച പരാതിയില്‍ കമ്മിഷന്‍ അമ്മയ്‍ക്കു നോട്ടീസ് അയച്ചെങ്കിലും ഒരുത്തനും ഹാജരായില്ല.

നോട്ടീസ് അയച്ചേ അമ്മയ്‍ക്കു ശീലമുള്ളൂ, ഉന്നതരായ കലാകാരന്‍മാരെ ഇടവേള ബാബു-കുക്കു പരമേശ്വരന്‍ കമ്മിറ്റിക്കു മുന്നിലിരുത്തി വിചാരണ ചെയ്താണ് അമ്മയ്‍ക്കു പരിചയം.നോട്ടീസ് കൈപ്പറ്റുന്നതിനെപ്പറ്റിയോ എവിടെയെങ്കിലും ഹാജരാകുന്നതിനെപ്പറ്റിയോ അമ്മ ആലോചിച്ചിട്ടു കൂടിയുണ്ടാവില്ല. അല്ലെങ്കിലും സൂപ്പര്‍ സ്റ്റാറുകളെ ആര്‍ക്കെങ്കിലും എവിടെയെങ്കിലും ഹാജരാക്കാന്‍ സാധിക്കുമോ ? ലേബര്‍ കമ്മിഷണര്‍ പിടിക്കാന്‍ വന്നാല്‍, അയാളെ ഇടിച്ചു തെറിപ്പിക്കും. എന്നിട്ട് സ്വന്തം കാറില്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തുമ്പോള്‍ സിഎം സൂപ്പറിന്‍റെ കാല്‍ക്കല്‍ എന്‍റെ ദൈവേ.. എന്നു വിളിച്ചു ബോധം കെട്ടു വീഴണം. അതല്ലേ ഹീറോയിസം ? അല്ലാതെ കണ്ട ലേബര്‍ കമ്മിഷനൊക്കെ നോട്ടിസയക്കുകാന്നു വച്ചാല്‍.എന്തായാലും അടുത്ത മാസം 17ന് വീണ്ടും ഹാജരാകണമെന്നു ഇന്നസെന്‍റിനോടും മോഹന്‍ലാലിനോടും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അന്ന് കമ്മിഷണര്‍ ആ കസേരയിലുണ്ടായാല്‍ ഭാഗ്യം !

ശ്രീനാഥിന്‍റെ മരണം പൂര്‍ണമായും ശ്രീനാഥിന്‍റെ മാത്രം ഉത്തരവാദിത്വമാണ് എന്ന് പറയാം.ഭയങ്കര പ്രശ്നക്കാരനായ ശ്രീനാഥ് നന്നാകുമോ എന്നു നോക്കാന്‍ വേണ്ടി പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ലാലേട്ടന്‍റെ സ്ഥിരം നായികയായ ലക്ഷ്മി ഗോപാലസ്വാമിയും പിന്നെ വേറെ നാലു നായികമാരും ലാലേട്ടനോടൊപ്പം തകര്‍ക്കുന്ന ശിക്കാര്‍ എന്ന പടത്തില്‍ അവസരം കൊടുത്തെങ്കിലും അഭിനയിക്കാന്‍ കൂട്ടാക്കാതെ അങ്ങേര് ആത്മഹത്യ ചെയ്തു കളഞ്ഞു. ശ്രീനാഥ് എന്ന മനുഷ്യനെ കണ്ടിട്ടുപോലുമില്ലെന്ന് മോഹന്‍ലാലും ശ്രീനാഥിന്‍റെ മരണത്തില്‍ തനിക്കു പങ്കില്ലെന്ന് ഇടവേള ബാബുവും പറഞ്ഞിട്ടുണ്ട്. പറയാതിരിക്കുന്നതാണ് നല്ലത് എന്നു തോന്നിയിട്ടാവണം ഇന്നസെന്‍റ് ഒന്നും പറഞ്ഞിട്ടില്ല.

തിലകനെ സീരിയലില്‍ നിന്നു വിലക്കിയതില്‍ ഞെട്ടാനോ അദ്ഭുതം പ്രകടിപ്പിക്കാനോ ആരും തയ്യാറായിട്ടില്ല. ദിവസക്കൂലിക്കു പണിയെടുക്കുന്ന സീരിയലുകാരെ നടീനടന്‍മാരായി അധികമാരും പരിഗണിച്ചിട്ടില്ല എന്നു തോന്നുന്നു. വിലക്കിയത് നന്നായി എന്നു തന്നെ കരുതാം. കണ്ട കൂതറ സീരിയലിലൊക്കെ പോയി അഭിനയിച്ച് തിലകന്‍ എന്തിനു പേരു ചീത്തയാക്കണം ?

മലയാള സിനിമയിലെ എക്കാലത്തെയും നല്ല കഥാപാത്രങ്ങളൊക്കെ തിലകന്‍റെ പേരിലാണ്. അദ്ദേഹത്തിന് തൊഴില്‍നിഷേധിച്ചതാണ് ഇഷ്യു എങ്കില്‍ കൂര്‍ക്കം വലിച്ചുറങ്ങുന്ന സര്‍ക്കാര്‍ അക്കാര്യത്തില്‍ സൂപ്പര്‍ സ്റ്റാറുകളുമായി ആലോചിച്ച് ഒരു തീരുമാനമെടുക്കും. നീതി, സത്യം തുടങ്ങിയ നികൃഷ്ടമായ കാര്യങ്ങള്‍ പറഞ്ഞ് സിനിമാ-സീരിയല്‍ വ്യവസായത്തില്‍ കുത്തിത്തിരിപ്പുണ്ടാക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരും അവസാനിപ്പിക്കണം എന്നാണെന്‍റെ അഭിപ്രായം.

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

കൊടുത്താല് കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലില് സിനിമാക്കാര്ക്ക് വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും, അടുത്ത കാലത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം കൂടി ചുമ്മാ കൂട്ടി വച്ചു നോക്കുമ്പോള് പാവം തിലകനിട്ട് കൊടുത്തതിന് ദൈവം തമ്പുരാനായിട്ട് കൊടുത്ത പണിയാണ് ഈ സിനിമാസമരം എന്നു തോന്നും (യുക്തിവാദികള് ക്ഷമിക്കണം).

തിലകനെ വിലക്കിയപ്പോള് കേരളത്തിലെ ചലച്ചിത്ര പ്രേമികളായ ജനങ്ങള് ഹൃദയം കൊണ്ട് ആഗ്രഹിച്ചതാണ് എത്ര കൊള്ളരുതാത്തവനാണെങ്കിലും എഴുപതു കഴിഞ്ഞ, മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ സംഘടിതമായി ഒറ്റപ്പെടുത്തിയവര്ക്കിട്ട് ഒരു പണി കിട്ടണമെന്ന്. സിനിമാ സമരം തിലകന്റെ ബുദ്ധിയോ ആരുടെയെങ്കിലും ആസുത്രണഫലമായി വന്നു ചേര്ന്നതോ അല്ല. എങ്കിലും അതിനു ശേഷം മലയാളത്തില് ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നതു വിസ്മരിക്കാവുന്നതല്ല.

ക്രിസ്ത്യന് ബ്രദേഴ്സ് എന്ന സിനിമയുടെ കാര്യം പറയാറായിട്ടില്ല (അതില് നിന്നാണല്ലോ തിലകനെ ഒഴിവാക്കിയത്), പടം ഇപ്പോഴും വിലക്കില് തന്നെയാണ്. ഒരു സൂപ്പര് മെഗാഹിറ്റ് പ്രതീക്ഷിച്ചിരിക്കുന്ന മമ്മൂട്ടി ഫാന്സിന് പോക്കിരിരാജയും മോഹന്ലാല് ഫാന്സിന് അലക്സാണ്ടര് ദി ഗ്രേറ്റും ഇതുവരെ കാണാന് കഴിഞ്ഞിട്ടില്ല. റിലീസിങ് വൈകുന്നത് ഈ താരങ്ങളെയും പിന്നണിക്കാരെയും മൊത്തത്തില് ഇന്ഡസ്ട്രിയെയും ഉലയ്ക്കുന്നുണ്ട് എന്നതില് സംശയമില്ല.

പോക്കിരിരാജയുടെ സെറ്റില് വച്ചാണ് മമ്മൂട്ടി തിലകന് പ്രശ്നം *പരിഹരിച്ചത്*. അടുത്ത ദിവസം ആരോ വിരട്ടിയപ്പോള് പരിഹരിച്ചില്ല എന്നു പറയുകയും ചെയ്തു. പടം നാളെ ഇറങ്ങുന്നത് ബിസി ക്ലാസ്സ് തിയറ്ററുകളില് മാത്രമാണ്. കൊള്ളാവുന്ന തിയറ്ററില് മൂട്ടകടി കാണാതെ കാണണമെങ്കില് 13 കഴിയണം. അപ്പോഴേക്കും ഇനിഷ്യല് പുള് ഉണ്ടാക്കാവുന്ന ലാഭം കുറയും. പ്രേക്ഷകര് എന്നു പറയുന്ന പുഴുക്കള് അഭിപ്രായം പറഞ്ഞ് സിനിമ പൊളിക്കാനും മതി (സിനിമ കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് ഇവറ്റകളെ വെടിവച്ചു കൊല്ലാന് ഇവിടെ നിയമം വേണം). പോക്കിരിരാജയില് യുവതാരം മമ്മൂട്ടിയെ കൂടാതെ മെഗാ സ്റ്റാര് പൃഥ്വിരാജ്, തെന്നിന്ത്യന് രോമാഞ്ചം ശ്രിയ സരണ് തുടങ്ങിയവരാണ് ഉള്ളത്. ജോണി ആന്റണിയുടെ അസോഷ്യേറ്റ് ആയിരുന്ന വൈശാഖ് ആണ് സംവിധായകന്.

തിലകന് പ്രശ്നത്തില് ഈ ഹാലൂസിനേഷന് മുഴുവനുണ്ടാക്കിയ മോഹന്ലാലിന്റെ അലക്സാണ്ടര് ദി ഗ്രേറ്റിനെക്കുറിച്ച് കേള്ക്കാന് തുടങ്ങിയിട്ട് യുഗങ്ങളായി. അതിറങ്ങി പതിവുപോലെ പൊട്ടിപ്പണ്ടാരമടങ്ങിയെന്നാണ് ഞാന് കരുതിയത് (അങ്ങനെ കരുതുന്നതിന് വിലക്കുണ്ടോ ആവോ ?). എന്തായാലും ഇറങ്ങാന് പോകുന്നതേയുള്ളൂ എന്നറിഞ്ഞപ്പോള് ഒരു സന്തോഷം. കുറെക്കാലമായി ഒരു സൂപ്പര്ഹിറ്റ് സിനിമ കണ്ടിട്ട്. എന്തായാലും ലാലേട്ടനും പടമിറക്കാനാവാതെ ശ്വാസം മുട്ടിയിരിക്കുകയാണെന്നത് തിലകന്റെ ശാപം മൂലമാണെന്ന് ആര്ക്കെങ്കിലും താല്പര്യമുണ്ടെങ്കില് വിശ്വസിക്കാം.

പിന്നെയൊരാള് ഉണ്ട്. സത്യന് അന്തിക്കാട്. സിനിമ കാണാത്തവര് സിനിമയെപ്പറ്റി അഭിപ്രായം പറയുന്നത് കൊടിയ പാപമാണെന്നു പറഞ്ഞ് അഴീക്കോടിനെ വിറപ്പിച്ച സത്യനും പിടിച്ച പടവുമായി കാത്തിരിക്കുകയാണ്. ജയറാമും മംത മോഹന്ദാസും ഇളയരാജയുടെ സംഗീതവും ശ്രീബാല കെ. മേനോന്റെ സഹസംവിധാനമുമൊക്കെയാണ് ഇതിന്റെ സവിശേഷതകള്. ബി, സി തിയറ്ററുകളാണ് ഈ സിനിമകള്ക്കും കിട്ടാന് പോകുന്നത്. തിലകന്റെ ദുഖം ഘനീഭവിച്ച് ഈ ക്ണാപ്പന്മാര്ക്കിടയില് പ്രതിസന്ധിയായി പെയ്തിറങ്ങുകയാണെന്ന് ഞാന് പറഞ്ഞാല് അതില് കാല്പനികഭംഗിയുണ്ടോ ?

ഇതൊന്നും ഒരു പ്രശ്നമേയല്ല, സിനിമ ഇറങ്ങിയില്ലെങ്കിലും ഇവിടെ ഒരു പുല്ലും സംഭവിക്കില്ല എന്നൊക്കെ വേണമെങ്കില് ഭാവിക്കാം. എന്നാല്, സിനിമ റിലീസ് ചെയ്യാന് സമ്മതിക്കാത്ത തിയറ്ററുകളിലേക്ക് മാര്ച്ച് നടത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്സ് അസോസിയേഷന്കാര്. ചിരിച്ചു ചിരിച്ചു ഞാന് മടുത്തു. ഇങ്ങനെയൊക്കെ ചെയ്യിക്കണമെങ്കില് സൂപ്പര് താരങ്ങളൊക്കെ എത്ര ഗതികെട്ടിരിക്കും എന്നോര്ത്തു നോക്കണം. അതും പോട്ടെ, ഈ തിയറ്ററുകള് തുറന്നില്ലെങ്കില് സൂപ്പറും അസൂപ്പറുമായ സ്റ്റാറുകളൊക്കെ ഭ്രാന്തുപിടിച്ചു ചാവുമെന്നതും സംശയമില്ല.

ന്യായം തിയറ്ററുകാരുടെ ഭാഗത്താണോ എന്നു ചോദിച്ചാല്, അതെ എന്നു പറയാം. നിര്മാതാക്കളും വിതരണക്കാരും കൂടി സമരം ചെയ്ത് തകര്ക്കുന്ന സമയത്ത് വിതരണക്കാരനും തിയറ്റര് ഉടമയുമായ വണ് മിസ്റ്റര് ഷിബു വിജയ് ചിത്രമായ സുറ ഇവിടെ കൊണ്ടുവന്ന് റിലീസ് ചെയ്തു. വിതരണക്കാരുടെ വിലക്കുകളെ മറികടന്ന് 60 തീയേറ്ററുകളിലാണു സുറ പ്രദര്ശനത്തിനെത്തിയത്.(ഇവര് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളാണെന്നു ഞാന് മനസ്സിലാക്കുന്നു).മലയാളം കൂതറകളല്ലാതെ മലയാളികളെ മറ്റേതെങ്കിലും സിനിമകള് കാണിക്കാന് പാടില്ല എന്നത് നിര്മാതാക്കളുടെ പ്രഖ്യാപിത നയമാണ്.

സര്ക്കാരിന്റെ അഭ്യര്ത്ഥന മാനിച്ച് സമരം നിര്ത്തിയ നിര്മാതാക്കളും വിതരണക്കാരും കൂടി സുറ കാണിച്ച തിയറ്ററുകാരെ അങ്ങു വിലക്കാന് തീരുമാനിച്ചു, യേത് ? മൂന്ന് വര്ഷത്തേക്ക് ഈ തീയറ്ററുകള്ക്ക് പുതിയ സിനിമകള് നല്കേണ്ടതില്ലെന്നായിരുന്നു തീരുമാനം (മൂന്നു വര്ഷം കഴിഞ്ഞ് ഇവിടെ മലയാള സിനിമ ഉണ്ടെങ്കില് ഭാഗ്യം!). എന്നാല് പിന്നെ അക്കാര്യത്തിലൊരു തീരുമാനമായിട്ട് സിനിമ തിയറ്റര് തുറക്കാമെന്ന് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചതോടെ സ്വന്തം അത്താഴത്തില് ചാടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലായി വിലക്ക് അസോസിയേഷന്കാര്. ഷിബുവിനോടാ കളി !

പടം തിയറ്ററിലെത്തിക്കാന് പലവിധത്തിലുള്ള ചര്ച്ചകളും നടത്തിയെങ്കിലും ഇവിടുത്തെ കൂതറ സൂപ്പറുകളുടെ പടം കാരണം തങ്ങള്ക്കു നഷ്ടമേ ഉണ്ടായിട്ടുള്ളൂ എന്നും അഡ്വാന്ഡ് ആയി പിരിക്കുന്ന പൈസ കൊണ്ട് സൂപ്പറുകള് പുട്ടടിക്കുകയാണ് എന്നും ചുരുക്കത്തില് മലയാള സിനിമ റിലീസ് ചെയ്യാതിരിക്കുന്നതു തന്നെയാണ് ഞങ്ങള്ക്കു സന്തോഷം എന്നുമൊക്കെ തിയറ്ററുകാര് സൂചിപ്പിച്ചതോടെ വിലക്കു വീശി നടന്ന ചേട്ടന്മാര് നെഞ്ചു വിലങ്ങിയിരിക്കുകയാണ്.

ലേറ്റസ്റ്റായി, സര്ക്കാരിന്റെ മധ്യസ്ഥതയില് (ഈ സര്ക്കാരും മധ്യസ്ഥതയും തിലകന്റെ കാര്യത്തിലുണ്ടായില്ല എന്നത് നോട്ട് ദി പോയിന്റ് ആണേ)നടന്ന ചര്ച്ചയിലാണ് ബി, സി ക്ലാസ്സ് തിയറ്ററുകാര് (ഇവര് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അംഗങ്ങളാണെന്നും ഞാന് മനസ്സിലാക്കുന്നു)പടം ഓടിക്കാന് തീരുമാനമെടുത്തത്. നാല് സി ക്ലാസ്സ് ആയാല് ഒരു എ ക്ലാസ്സ് ആകുമോ ? പോരെങ്കില് തിയറ്ററുകള് ഭൂരിഭാഗവും മറ്റേ സംഘടനയുടെ കീഴിലാണ്. ചുരുക്കത്തില്, ഈ പറഞ്ഞ വമ്പന് സിനിമകളൊക്കെ ചുരുക്കം തിയറ്ററുകളിലേ നടമാടാന് പോകുന്നുള്ളൂ.

അല്ലെങ്കിലേ ഫാന്സുകാരുടെ ഉപദ്രവം കാരണം, മിക്കവാറും ഒരു തിയറ്ററിലും കയറാന് വയ്യാത്ത കാലത്താണ് പ്രേക്ഷകര് റിസ്കെടുത്ത് ബി, സി ക്ലാസ് തിയറ്ററുകളിലേക്ക് അണിയണിയായി നീങ്ങേണ്ടത്. നമുക്കു നീങ്ങാം, ക്ലാസിക്കുകള് കണ്ടില്ലെന്നു നടിച്ച് വീട്ടിലിരിക്കുന്നത് അഹങ്കാരമാണല്ലോ. അല്ലെങ്കിലും നല്ല സിനിമകള് തിരിച്ചറിയാനുള്ള വിവരമില്ലാത്തതാണ് നമ്മള് പ്രേക്ഷകരുടെ കുഴപ്പമെന്ന് ആരോ പറഞ്ഞതായി ഓര്ക്കുന്നു.

വെണ്ടക്കയും വഴുതനങ്ങയും മാത്രമല്ല, നമുക്കു കാണാനുള്ള സിനിമകള് കൂടി തമിഴ്നാട്ടില് നിന്നു വരുന്നതാണ് ഒരര്ത്ഥത്തില് നല്ലത്. ഇവിടെ കൃഷിഭൂമി വെട്ടിനിരത്തി കൊടിനാട്ടി വിജയമുറപ്പിക്കുന്നതുപോലെ സിനിമയുടെ സംഘടനയുടെ കൊടിനാട്ടുന്നതിലാണ് നമുക്കു കമ്പം. മുടിഞ്ഞു പണ്ടാരമടങ്ങിയാല് പിന്നെ, അതെക്കുറിച്ചാലോചിക്കേണ്ടല്ലോ.