ഹാപ്പി ഡ്രൗണിങ് !

വീട്ടിലിരിക്കുന്ന ഭാര്യയുടെ കാര്യം ശ്രദ്ധിക്കാതെ തെരുവില്‍ കാണുന്ന അലവലാതി പെണ്ണുങ്ങളെ സദാചാരം പഠിപ്പിക്കാന്‍ നടന്ന ശേഷം, ഭാര്യ കറവക്കാരന്റെ കൂടെ ഒളിച്ചോടിപ്പോയിക്കഴിയുമ്പോള്‍ അയല്‍വാസികളുടെ തന്തയ്ക്കു വിളിക്കുന്നതുപോലെ വിചിത്രവും സങ്കീര്‍ണ്ണവുമാണ് മുല്ലപ്പെരിയാര്‍ വിധിയില്‍ മലയാളികളുടെ പ്രതികരണം. രണ്ടു വര്‍ഷം മുമ്പ് അണക്കെട്ട് ഏതു നിമിഷവും പൊട്ടുമെന്ന ആശങ്കയില്‍ ഉറക്കമില്ലാതെ നടന്ന മലയാളി കേസ് സുപ്രീം കോടതിയില്‍ നടക്കുമ്പോള്‍ ചര്‍ച്ച ചെയ്തത് സരിതയുടെ സാരികളെപ്പറ്റിയായിരുന്നു. തമിഴ്‌നാടിനു വെള്ളം വേണ്ടതുകൊണ്ട് അവര്‍ കോടതിയില്‍ കേസ് ഭംഗിയായി വാദിക്കുകയും സ്വാധീനിക്കേണ്ടവരെ സ്വാധീനിക്കുകയും ചെയ്തു. കസ് വിധി വന്നു. തമിഴ്‌നാടിന് അവര്‍ ചോദിച്ചതെല്ലാം കൊടുത്തു. കേരളത്തിന് ചോദിച്ചതൊന്നും കിട്ടിയില്ല എന്നു മാത്രമല്ല. മുതുകിനു നല്ല തൊഴിയും കിട്ടി.

കേരളത്തിന്റെ പരാജയം എന്നതിനെക്കാള്‍ തമിഴ്‌നാടിന്റെ വിജയം എന്നാണ് ഈ വിധിയെ വിശേഷിപ്പിക്കേണ്ടത്. പരാജയപ്പെടാതിരിക്കാന്‍ എന്തെങ്കിലും മികവോ യോഗ്യതയോ കേരളത്തിന് ഉണ്ട് എന്നു തോന്നുന്നില്ല. ജയിക്കാനുള്ള എല്ലാ യോഗ്യതയും തമിഴ്‌നാടിനുണ്ടു താനും. ശുദ്ധജലത്തിനു വേണ്ടി നിയമയുദ്ധം നടത്തിയ തമിഴ്‌നാട്ടിലെ എല്ലാ സഹോദരന്‍മാര്‍ക്കും വിജയാശംസകള്‍ നേരുന്നു. ഒരു അന്തര്‍സംസ്ഥാന പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന്റെ മാതൃകയായി തമിഴ്‌നാട്ടിലെ രാഷ്ട്രീയകക്ഷികളുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം ചരിത്രത്തിലിടം നേടും.

നാണക്കേടുകളുടെ പട്ടികയില്‍ ഒന്നുകൂടി എഴുതിച്ചേര്‍ത്ത് നമ്മുടെ ഭരണാധികാരികളുടെ കഴിവുകേടിനു ജയ് വിളിക്കാം. അവരെ നമ്മള്‍ തന്നെ തിരഞ്ഞെടുത്തതായതുകൊണ്ട് ഈ വിധിയും ഈ നാണക്കേടും ഡാം ഉയര്‍ത്തുന്ന വെല്ലുവിളികളും നമ്മള്‍ അര്‍ഹിക്കുന്നതാണ്. ജനങ്ങളുടെ ജീവനെക്കാള്‍ സാമുദായികതാല്‍പര്യങ്ങള്‍ക്കും ഒത്തുതീര്‍പ്പു രാഷ്ട്രീയത്തിനും മുന്‍ഗണന ലഭിക്കുമ്പോള്‍ ഇതൊക്കെയാണ് സംഭവിക്കുന്നത്. കപട അഭിമാനബോധവും കപട അധ്വാനസിദ്ധാന്തങ്ങളും കൊണ്ടു ജീവിക്കുന്ന കുഴിമടിയന്‍മാരായ നമ്മള്‍ ഒരു മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയാല്‍, ഡാം പൊട്ടി കടലില്‍പ്പോകുന്ന വെള്ളം കൂടി തമിഴ്‌നാടിനു നഷ്ടമാകുമെന്നല്ലാതെ ലോകത്തിന് ഒരു നഷ്ടവും വരാനില്ല.

അങ്ങായിടില്‍ തോറ്റതിന് അമ്മയോട് എന്ന പഴഞ്ചൊല്ലിന് ഏറ്റവും അനുയോജ്യമായ ഉദാഹരണം തിരയുന്നവര്‍ക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാവുന്ന ഒന്നാണ് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നാളെ ആഹ്വാനം ചെയതിരിക്കുന്ന സംസ്ഥാന ഹര്‍ത്താല്‍. എന്തു കോപ്പിനാണ് ആ മണ്ടന്‍മാര്‍ സംസ്ഥാന ഹര്‍ത്താല്‍ നടത്തുന്നത് എന്നു മനസ്സിലാവുന്നില്ല. ഓള്‍റെഡി പണി കിട്ടിയിരിക്കുന്ന ജനങ്ങളെ ഒരുദിവസം കൂടി ബുദ്ധിമുട്ടിപ്പിച്ചാല്‍ സുപ്രീം കോടതി വിധി മാറ്റിയെഴുതില്ല. രണ്ടു വര്‍ഷം മുന്‍പ് സമരസമിതി അനിശ്ചിതകാലനിരാഹരം നടത്തുമ്പോള്‍ കൊടിയും പിടിച്ച് ഇപ്പോ ശരിയാക്കാം എന്നു പറഞ്ഞ് ചപ്പാത്തിലെ സമരപ്പന്തലില്‍ വന്നു പോയ രാഷ്ട്രീയനേതാക്കന്‍മാരോടാണ് സമരസമിതി കലിപ്പു തീര്‍ക്കണ്ടത്, ജനങ്ങളോടല്ല.

ഡാമിന്റെ സുരക്ഷാ ഭീഷണിയും നാലു ജില്ലകളിലെ ജനങ്ങളുടെ ആശങ്കയും സുപ്രീം കോടതിക്ക് പിടികിട്ടിയില്ല എന്നു കരുതി അതിന്റെ ഗൗരവം ഇല്ലാതാകുന്നില്ല. മുല്ലപ്പെരിയാര്‍ സമരം ഏറ്റെടുത്തു നാടകം കളിച്ച ഓരോ ജനപ്രതിനിധിയെയുമാണ് ജനങ്ങള്‍ വിചാരണ ചെയ്യേണ്ടത്. ഒന്നും ചെയ്യാന്‍ കഴിയാതെ എന്തൊക്കെയോ പുലമ്പുന്ന മുഖ്യമന്ത്രിയോടാണ് വിശദീകരണം തേടേണ്ടത്. എന്തുകൊണ്ടു കേസില്‍ കേരളം തോറ്റു എന്ന ചോദ്യത്തിന് താത്വികാവലോകനങ്ങളല്ലാതെ ലളിതമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള ഒരു ജനപ്രതിനിധി പോലും അവശേഷിക്കുന്നില്ലെങ്കില്‍ അവരെ തിരഞ്ഞെടുത്തവര്‍ അര്‍ഹിക്കുന്ന വിധി തന്നെയാണ് സുപ്രീം കോടതി നല്‍കിയിരിക്കുന്നത് എന്നു നിസ്സംശയം പറയാം.

ജസ്റ്റിസ് കെ.ടി.തോമസിനെയും ഉന്നതാധികാര സമിതി അംഗങ്ങളെയും സപ്രീം കോടതി ജഡ്ജിമാരെയുമൊക്കെ തെറിവിളിക്കുക, അയ്യോ ഡാം പൊട്ടുന്നേ എന്നു പറഞ്ഞ് വീണ്ടും നിലവിളിക്കുന്ന, എന്നിങ്ങനെ വളരെ കുറച്ച് ഓപ്ഷനുകളേ നമുക്കു മുന്നിലുള്ളൂ. അനന്തകാലത്തോളം സ്‌ട്രോങ്ങായി നില്‍ക്കുന്ന ഒരു ഡാം അല്ല അത്. ഒരു ദിവസം അതു പൊട്ടുക തന്നെ ചെയ്യും. അത് ഒരു വേനല്‍ക്കാലത്തായിരിക്കണേ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുക എന്നല്ലാതെ വേറെ വഴിയില്ല. ആവശ്യത്തിനു വിശുദ്ധന്‍മാരും ആള്‍ദൈവങ്ങളുമൊക്കെയുള്ള ദൈവത്തിന്റെ സ്വന്തം നാട് കേവലൊരു സുപ്രീം കോടതി വിധിയ്ക്കു മുന്നില്‍ ചൂളേണ്ട കാര്യമില്ല.

ലോ പോയിന്റ്: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധിയുടെ കാര്യം വന്നപ്പോള്‍ ജനാധിപത്യത്തില്‍ മാഹാരാജാവിനെ ചുമക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച സുപ്രീം കോടതി മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യം വന്നപ്പോള്‍ നൂറ്റാണ്ടു കാലം മുമ്പ് മഹാരാജാവ് ഒപ്പിട്ട കരാറിനു മുന്നില്‍ മുട്ടുവിറച്ചു നില്‍ക്കുന്നു. വാട്ട് എ ഫണ്ണി, സണ്ണി ആന്‍ഡ് റൊമാന്റിക് വെര്‍ഡിക്ട് യുവറോണര്‍ !

പരിശുദ്ധ മാഫിയ

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊക്കെ കൊണ്ടുവന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വേണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകളും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ഭൂമി തട്ടിപ്പുകാരനാണെങ്കില്‍ ഈ സമിതി ഹൈറേഞ്ച് സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അര്‍ഥമില്ല.

ജോയ്‌സ് ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെയും കത്തോലിക്കാസഭയുടെയും അനുഗ്രഹമുള്ള അദ്ദേഹം വളരെ വിശുദ്ധനാണെന്നുമാണ് ഒരു വാദം. മറ്റൊന്ന്, കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും എല്ലാം വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നിരിക്കെ പാവം ജോയ്‌സ് ജോര്‍ജിനെ മാത്രം വേട്ടയാടുന്നത് ശരിയല്ല എന്നാണ്. എല്ലാവരും ഇവിടെ ഭൂമി മോഷ്ടിക്കാറുണ്ട് എന്നതിനാല്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് വളരെ ന്യായമായ കാര്യമാണ്. എന്നാല്‍, ഇടുക്കിയിലെ വിശുദ്ധന്‍മാര്‍ പൊതുവേ ഭൂമി തട്ടിപ്പുകാരും കള്ളപ്പട്ടയക്കാരും ആണെങ്കില്‍ ഏതു റിപ്പോര്‍ട്ടിന്റെ സഹായത്തോടെയും അത്തരം സാമൂഹികദ്രോഹികളെ അവിടെ നിന്ന് അടിച്ചിറക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഷപ്പിന്റെ അനുഗ്രഹവും ഇടയലേഖനങ്ങളും കള്ളന്‍മാരെ പുണ്യാളന്‍മാരാക്കുമെന്നു വിശ്വസിക്കുന്നവര്‍ കാലഹരണപ്പെട്ട മന്ദബുദ്ധികളാണ്.

ഇടുക്കിയിലെ കര്‍ഷപ്രേമികള്‍ ഭൂമി തട്ടിപ്പുകാരാണെങ്കില്‍ താമരശ്ശേരിയിലെ കര്‍ഷകപ്രേമികള്‍ പാറമടക്കാരാണെന്നാണ് മനസ്സിലാവുന്നത്. കസ്തുരിരംഗര്‍ സമരത്തിന്റെ പേരില്‍ ബിഷപ്പിന്റെ അശീര്‍വാദത്തോടെ നടന്ന അക്രമവും കൊള്ളിവയ്പും ജാലിയന്‍വാലാ ബാഗ് ഭീഷണികളും മുതല്‍ നിരാഹാരസമരം കിടന്ന ക്വാറി മുതലാളിമാര്‍ വരെ ഇതിനു തെളിവാണ്. തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്നു ഭയപ്പെടുത്തി മാഫിയകളും കൊള്ളക്കാരും ആസൂത്രിതമായി നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനമായി ഭാവിയില്‍ കസ്തൂരിരംഗന്‍ സമരം വിശേഷിപ്പിക്കപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കുന്നവന്‍ എത്ര വലിയവനായാലും അപകടകാരിയാണ്. ലോകം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് അവശേഷിക്കുന്ന വനഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പടപൊരുതുന്നവന്‍ സ്വാര്‍ത്ഥതയുടെ വെള്ളപൂശിയ കച്ചവടക്കാരാണ്. ഈശ്വരന്‍ ആകാശവും ഭൂമിയും റിസര്‍വ് വനങ്ങളുമെല്ലാം സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വെട്ടിക്കീറി വില്‍ക്കാനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാലം കല്ലെറിയാന്‍ വൈകില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്നവരെല്ലാം കൊച്ചിയില്‍ ഫ്‌ളാറ്റില്‍ എസി മുറിയില്‍ കഴിയുന്നവരാണെന്നത് വളരെ പഴയ ഒരു ആരോപണമാണ്. ഇടുക്കിയെപ്പറ്റിയോ വയനാടിനെപ്പറ്റിയോ അഭിപ്രായം പറയുന്നവര്‍ അവിടെ താമസിച്ചു കൃഷി ചെയ്യുന്നവരായിരിക്കണം എന്നതും വളരെ പരിഹാസ്യമായ ഒരു നിലപാടാണ്. റിസര്‍വ് വനങ്ങള്‍ മലയോരത്തുള്ള കള്ളപ്പട്ടയക്കാരുടെ അവകാശമാണെന്നു വിശ്വസിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളെ അവിടെ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവാത്ത വെല്ലുവിളിയാണ്.

പരിസ്ഥിതിലോലം- വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നു കണ്ടെത്തിയ ശേഷം ഇത്രനാളായിട്ടും ആ തീ നിര്‍മിച്ച മനുഷ്യരെ കണ്ടെത്താനായില്ല എന്നത് വളരെ രസകരമാണ്. അച്ചനും അച്ചായനും പിന്നെ വേണ്ടപ്പെട്ടവരും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരും യുനെസ്‌കോയും പശ്ചിമഘട്ടവുമൊക്കെ എന്ത് ?

കോണ്‍ഗ്രസിനെ ആര്‍ക്കൊക്കെ വിമര്‍ശിക്കാം ?

അനുഗ്രഹം തേടിയെത്തിയ ഇടുക്കി സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെ ശകാരിക്കുകയും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയും ചെയ്ത ഇടുക്കി ബഷപിന്റെ നിലപാടിന് പാര്‍ട്ടി അംഗീകാരം കൊടുത്തു കഴിഞ്ഞു. ബിഷപ് പത്തു പറഞ്ഞപ്പോഴാണ് മനസ്സൊന്നു തണുത്തത് എന്നാണ് ഡീനിന്റെ ലൈന്‍. ഈ വിഷയത്തില്‍ ബിഷപിനോടൊപ്പം നില്‍ക്കുന്നതാണ് ബുദ്ധി എന്നു തോന്നിയ കോണ്‍ഗ്രസ് ബിഷപിനെതിരെ സംസാരിക്കുന്നവരെ തള്ളിപ്പറഞ്ഞുകൊണ്ടിരിക്കുകയാണ്. സമുദായനേതാക്കന്‍മാരുടെ തേരോടുമ്പോള്‍ ചക്രത്തില്‍ നിന്നൂരിപ്പോകുന്ന സാധനത്തിനു പകരം സ്വന്തം നട്ടെല്ലു വച്ചുകൊടുത്ത് അവര്‍ക്കു ഹാപ്പി ജേണി പറയുന്ന ഉമ്മന്‍ ചാണ്ടിയെയും സുധീരനെയും തിരഞ്ഞെടുപ്പില്‍ കര്‍ത്താവനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു.

വോട്ടഭ്യര്‍ഥിക്കാന്‍ സ്വന്തം വീട്ടിലേക്കോ സ്ഥാപനത്തിലേക്കോ ആരെങ്കിലും കടന്നുവരുമ്പോള്‍ അവരോട് മാന്യമായി പെരുമാറുക എന്നതും നമ്മുടെ നാട്ടിലെ നിലവിലുള്ള സുജനമര്യാദയുടെ ഭാഗമാണെന്നും അതിനു പകരം വീട്ടില്‍ വരുന്നവരെ അധിക്ഷേപിച്ച് ആട്ടിയിറക്കുന്ന നികൃഷ്ടജീവികള്‍ ഇപ്പോഴും നമുക്കിടയിലുണ്ടെന്നത് കഷ്ടമാണെന്നുമായിരുന്നു വി.ടി.ബല്‍റാം എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബിഷപിനെ പേരെടുത്തു പറയുക പോലും ചെയ്യാതെ സാമാന്യവല്‍ക്കരിച്ചു നടത്തിയ ഒരു പരാമര്‍ശം പോലും വച്ചുപൊറുപ്പിക്കാനാവാതെയാണ് കെപിസിസിക്കു വേണ്ടി വി.എം.സുധീരന്‍ ബല്‍റാമിനെ താക്കീത് ചെയ്തത്. തെരഞ്ഞെടുപ്പ് സമയത്ത് മതമേലധ്യക്ഷരെക്കുറിച്ച് ഇത്തരം പരാമര്‍ശം നടത്തരുതെന്നാണ് ന്ന് സുധീരന്‍ നിര്‍ദേശിച്ചത് എന്നതാണ് ആകെയുള്ള ആശ്വാസം. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ മുതലും പലിശയും കൂട്ടി കൊടുക്കുത്താല്‍ തെറ്റില്ല എന്നു വേണമെങ്കിലും വ്യാഖ്യാനിക്കാം.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേത് കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടാണ്. തന്നെ ചീത്ത വിളിക്കാന്‍ ബിഷപിന് അവകാശമുണ്ടെന്നായിരുന്നു ഡീന്‍ പറഞ്ഞതെങ്കില്‍ കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞിരിക്കുന്നത്. ഇത് നമുക്കെല്ലാം വളരെ പ്രതീക്ഷ നല്‍കുന്ന ഒന്നാണ്. കോണ്‍ഗ്രസിനെയും അതിലെ നേതാക്കന്‍മാരെയുമൊക്കെ തുടര്‍ന്നും വിമര്‍ശിക്കുമ്പോള്‍ അത് ഞങ്ങളുടെ അവകാശമാണെന്നുള്ള ബോധം വളരെ പ്രതീക്ഷയുള്ളതാണ്. കോണ്ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ വോട്ടു ചോദിക്കാന്‍ വരുമ്പോള്‍ മുറ്റത്തു നിര്‍ത്തി സുരേഷ് ഗോപി ഡയലോഗുകള്‍ പറയാന്‍ കേരളത്തിലെ എല്ലാ വോട്ടര്‍മാര്‍ക്കും അവകാശമുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി പറയുമ്പോള്‍ നമ്മളായിട്ട് അത് ഉപയോഗിക്കാതിരിക്കരുത്. സ്ഥാനാര്‍ഥിയും സംഘവും വോട്ടു ചോദിച്ചു വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ മനസ്സില്‍ വിചാരിച്ച് ഇടുക്കി ബിഷപിനെ ധ്യാനിച്ച് അഞ്ചുവര്‍ഷമായി മനസ്സില്‍ ഒതുക്കിവച്ചിരിക്കുന്ന വേദനകളും നിരാശകളും ആത്മരോഷവുമെല്ലാം പ്രകടിപ്പിക്കാം. അപ്പോള്‍ ഏതെങ്കിലും ലോക്കല്‍ നേതാവ് കുരച്ചുകൊണ്ടു വന്നാല്‍ ഉമ്മന്‍ ചാണ്ടിയെ ധിക്കരിക്കുന്നോടാ കഴുവേര്‍ട മോനെ എന്നു ചോദിച്ച് കരണത്തൊന്നു പൊട്ടിക്കുക. അവിടെ നിന്നോളും.

മുഖ്യമന്ത്രി പറയുന്നതിനു മുന്‍പ് തന്നേ വയനാട്ടില്‍ വോട്ടര്‍മാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ എം.ഐ ഷാനവാസിന്റെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ പ്രവര്‍ത്തകര്‍ ഷാനവാസിനെതിരെ മുദ്രാവാക്യം വിളിക്കുകയും ഉന്തും തള്ളും നടത്തുകയും ചെയ്തിരുന്നു. ഇന്നു വയനാട്ടില്‍ നടക്കുന്ന തിരഞ്ഞെടുപ്പു കണ്‍വന്‍ഷനില്‍ രമേശ് ചെന്നിത്തല പങ്കെടുക്കാനിരിക്കെയാണ് സേവ് കോണ്‍ഗ്രസ് ഫോറം ആ പ്രദേശമാകെ ഷാനവാസിനും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരേ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഇത്തവണ തോല്‍ക്കുമെന്നും തോല്‍വിയുടെ ഉത്തരവാദിത്വം എം ഐ ഷാനവാസിനും കോണ്‍ഗ്രസ് നേതൃത്വത്തിനും ആയിരിക്കുമെന്നുമാണ് പോസ്റ്ററുകളില്‍ പറയുന്നത്. സേവ് കോണ്‍ഗ്രസ് ഫോറം ഒരു സിപിഎം പോഷകസംഘടന ആണെന്നു വാദിച്ചാല്‍പ്പോലും കോണ്‍ഗ്രസിനെ ആര്‍ക്കും വിമര്‍ശിക്കാം എന്നു മുഖ്യമന്ത്രി പറഞ്ഞിരിക്കുന്ന സ്ഥിതിക്ക് സംഗതി വളരെ പോസിറ്റീവാണ്. എന്നാലും, താമരശേരി ബിഷപ് എന്തു പറഞ്ഞാലും താനതു ചെയ്യുമെന്നു പറഞ്ഞു കൂടെ നിന്ന ഷാനവാസിനോടു സാധാരണ ജനം ഇങ്ങനെ ചെയ്യുമ്പോള്‍ ഇടുക്കി ബിഷപിന്റെ കൂടെ നില്‍ക്കുന്ന നേതാക്കന്‍മാരെ ജനങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുമോ ആവോ.

പോപ്പ് അപ്

പെരുന്നയില്‍ സുധീരനെ ശശിയാക്കിയ നായര്‍ പോപ്പിനെ കാണാന്‍ സ്ഥാനാര്‍ഥികളുടെ പ്രവാഹം തുടരുകയാണ്. ആഗോളപൗരനായ ശശി തരൂരും പൊലീസുകാരന്റെ തൊപ്പി തെറിപ്പിക്കുന്ന ബിന്ദു കൃഷ്ണയുമാണ് ഒടുവില്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി നായര്‍ വോട്ടുകള്‍ ഉറപ്പാക്കി മടങ്ങിയത്. അതേ സമയം, ബ്രാഹ്മണ സമുദായ അംഗങ്ങളെ സഹായിക്കുന്നവര്‍ക്കു മാത്രം ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാന്‍ കേരള ബ്രാഹ്മണസഭ സംസ്ഥാന സമിതി യോഗം തീരുമാനിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ആശംസകള്‍.

കസ്തൂരിരംഗന്‍ ടെക്‌നോളജി

ആത്മഹത്യ ചെയ്യുമെന്നു ഭീഷണിമുഴക്കി മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറുന്ന പാലായിലെ പാവപ്പെട്ട കള്ളുകുടിയനെപ്പോലെയാണ് മാണിസാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇന്നു വൈകുന്നേരത്തിനകം വന്നിട്ടില്ലെങ്കില്‍ രണ്ടിലൊന്നു തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇന്നു വൈകുന്നേരത്തിനകം കരടു വിജ്ഞാപനം വന്നിട്ടില്ലെങ്കില്‍ മാണിസാര്‍ രാജിവച്ച് സിപിഎം പാളയത്തില്‍ പോയി ചേക്കേറുമെന്നു കരുതുന്നവരോട് പറയട്ടെ- മാണിസാറിനെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. മാണിസാറിനെ എന്നല്ല, കേരളാ കോണ്‍ഗ്രസിലെ ഒരുത്തനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്നാണ് ഒരു പഴയ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളത്.

രാഷ്ട്രീയപരമായി കാര്യമായി ഉദ്ധാരണശേഷി ഒന്നുമില്ലാതിരിക്കെ കര്‍ഷകരെ മൊത്തത്തോടെ ഉദ്ധരിക്കും എന്ന മോഹനവാദ്ഗാനമാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അടിത്തറ. മലയോര കര്‍ഷകന്‍ എന്ന തുറുപ്പുചീട്ട് വച്ചു കളിച്ചുകൊണ്ടിരുന്ന മാണിസാറിനെയും സംഘത്തെയും വലിയ വിവരമൊന്നുമില്ലാത്ത പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മലയോര കര്‍ഷകര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്ന തുറുപ്പുചീട്ട് കയ്യില്‍ വച്ച് കശക്കിമറിച്ചുകൊണ്ടിരിക്കുകയാണ്.

ഇടയലേഖനം എഴുതുന്ന അത്ര ഈസിയായി തയ്യാറാക്കാവുന്ന ഒന്നല്ല, പരിസ്ഥിതി ആഘാതവും പ്രത്യാഘാതവുമൊക്കെ ഉണ്ടാക്കാന്‍ പര്യാപ്തമായ ഇത്തരം റിപ്പോര്‍ട്ടുകള്‍. പോരെങ്കില്‍ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടമലനിരകളില്‍ കുടിയേറ്റവും കയ്യേറ്റവും പാറപൊട്ടിക്കലുമൊക്കെ കഴിഞ്ഞിട്ടു മതി പ്രകൃതിസ്‌നേഹം എന്നു പറയുമ്പോള്‍ ഏരിയല്‍ വ്യൂവില്‍ അതൊരു മാടമ്പി നയമായി തോന്നാം. പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നുമൊക്കെ മാര്‍പ്പാപ്പ പറയുമ്പോള്‍ പ്രകൃതിസ്‌നേഹം പറഞ്ഞോണ്ടു വന്നാല്‍ ചോരപ്പുഴയൊഴുകുമെന്നു മെത്രാനച്ചന്‍ പറയുന്നത് പോക്രിത്തരമാണ്. ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലുമൊക്കെ വനമുണ്ടെങ്കിലേ റോമില്‍ മഴ പെയ്യൂ എന്നു മാര്‍പ്പാപ്പയ്ക്കറിയാം. പാറ പൊട്ടിക്കുന്നതും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതുമാണ് പരിസ്ഥിതി പ്രവര്‍ത്തനം എന്നു വിശ്വസിച്ചിരിക്കുന്ന മുട്ടനാടുകളോട് വേദമോതുന്നതില്‍ കാര്യമില്ല.

പറഞ്ഞു തുടങ്ങിയത് കേരളാ കോണ്‍ഗ്രസിന്റെ കാര്യമാണ്. ജോസ് കെ. മാണിയുടെ ഭാവിയും മാണിസാറിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളും എന്നതാണ് മൊത്തത്തില്‍ മാണിസാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു പാചകക്കുറിപ്പ് എന്നു പറയാം. അതങ്ങനെ സുഗമമായി മുന്നോട്ടു വരുമ്പോള്‍ ഇടിച്ചുകയറി വന്ന മലയോരകര്‍ഷക കുഞ്ഞാടുളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മാണിസാറും സംഘവും. പറയുന്നതുപോലെ രാജിവച്ചു മുന്നണി വിട്ടാല്‍ ജോസ് കെ.മാണി കോട്ടയത്ത് ഏതു പാനലില്‍ മല്‍സരിക്കും ? ഒരു മുന്നണിയിലുമില്ലാതെ ചുമ്മാ കൊണ്ടുപോയി നിര്‍ത്തിയാല്‍ ജയിച്ചുവരാന്‍ മാത്രം ആം ആദ്മിയല്ല ജോസ്‌മോന്‍. അപ്പോള്‍ ജോസ്‌മോന്‍ ജയിക്കണമെങ്കില്‍ യുഎഡിഎഫില്‍ നില്‍ക്കണം എന്നത് പാഠം ഒന്ന്.

രണ്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എങ്ങനെ മയപ്പെടുത്താം എന്നതാണ്. മെത്രാനച്ചന്‍മാരോ മാണി സാറോ ഉമ്മന്‍ ചാണ്ടി സാറോ ഒന്നും വിചാരിച്ചാല്‍ മയപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഈ വക റിപ്പോര്‍ട്ടുകള്‍ എന്നു പറഞ്ഞു കഴിഞ്ഞു. ഏപ്രില്‍ 10ന് ശാന്തിമുഹൂര്‍ത്തം വരുന്നതുവരെ എങ്ങനെ മലയോര കര്‍ഷകരെ പറഞ്ഞു പറ്റിക്കാം എന്നതേ ആലോചിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. ജോസ്‌മോനെയും മലയോരകര്‍ഷകരെയും എങ്ങനെ ഒരേപോലെ രക്ഷിച്ചെടുക്കാം എന്നതാണ് മാണിസാര്‍ നേരിടുന്ന വെല്ലുവിളി എന്നു പറഞ്ഞാലും തെറ്റില്ല.

ഇതിനിടയ്ക്ക് പി.സി.ജോര്‍ജ് എന്നൊരു മലയോര കര്‍ഷകനുണ്ട്. ഇന്നു രാജി വയ്ക്കും നാളെ രാജി വയ്ക്കും എന്നു പറഞ്ഞു നടന്ന ജോര്‍ജേട്ടനോട് എന്നാല്‍ താന്‍ പോയി രാജി വയ്‌ക്കെടോ എന്നു നേതാക്കന്‍മാര്‍ പറഞ്ഞപ്പോള്‍ പണി പാളുമെന്നു തോന്നി പുള്ളി പ്ലേറ്റ് മാറ്റി- നിങ്ങളെയൊന്നും വിഷമിപ്പിച്ചിട്ട് എനിക്കു രാജി വയ്‌ക്കേണ്ട എന്നു പറഞ്ഞ് മൂക്കും പിഴിഞ്ഞ് പോയതാണ്. ഇപ്പോള്‍ വീണ്ടും പൊങ്ങിയിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്നാണ് ജോര്‍ജേട്ടന്റെ ഇപ്പോഴത്തെ ആവശ്യം. ആത്മാര്‍ഥത കൂടി വട്ടായതാണ് എന്നൊക്കെ പറയാവുന്ന ഒരു സ്ഥിതിയിലാണെന്നു തോന്നുന്നു.

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടാല്‍ മലയോര കര്‍ഷകര്‍ ചത്തുപോവാനൊന്നും പോകുന്നില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലുമൊക്കെയായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊള്ളൂം. അങ്ങനെ കുറച്ചുകൂടി വിശാലകാഴ്ചപ്പാടുള്ള പാര്‍ട്ടികളുടെ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ പ്രശ്‌നം ഇത്തരത്തില്‍ പള്ളീലച്ചന്‍മാരുടെ ലോ ക്ലാസ് രാഷ്ട്രീയത്തില്‍ കുടുങ്ങി ഇത്തരത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു പോകില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കസ്തൂരിരംഗന്‍ പ്രശ്‌നം ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് പണ്ടാരമടങ്ങിയിരിക്കുകയാണ്. റിപ്പോര്‍ട്ട്, ഓഫിസ് മെമ്മോറാണ്ടം, കരട് വിജ്ഞാപനം എന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഒന്നും പിടിയില്ലാതായി. കസ്തൂരിരംഗന്‍ എന്നു പറയുന്ന ഭീകരന്‍ മലയോരത്ത് വന്നു കൊലയും കൊള്ളിവയ്പും നടത്തുകയും കുടിയേറ്റക്കാരെ ഒഴിപ്പിച്ച് അവിടം ഇടിച്ചു നിരപ്പാക്കി കടുവയെയും സിംഹത്തെയുമൊക്കെ വളര്‍ത്താനുള്ള പദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നാണ് സമരം ചെയ്യാന്‍ പോലും സമയം കിട്ടാത്ത യഥാര്‍ഥ പാവപ്പെട്ട മലയോര കര്‍ഷകര്‍ ഭയപ്പെടുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നത് ആര് അവരെ പറഞ്ഞു മനസ്സിലാക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷം ആളുകള്‍ അറബിക്കടലില്‍ പോവുകയും കൊച്ചി നഗരത്തിനു മുകളില്‍ 60 അടി ഉയരത്തില്‍ വെള്ളം തങ്ങിനില്‍ക്കുകയും ചെയ്യും. നാലു ജില്ല പോയിക്കഴിഞ്ഞാല്‍ പിന്നെ കേരളാ കോണ്‍ഗ്രസ് ഉണ്ടോ ? കസ്തൂരിരംഗനുണ്ടോ ? ഇടയന്‍മാരുണ്ടോ ?

[കുറിപ്പ്] ടെക്‌നോളജി സംബന്ധമായ പോസ്റ്റുകള്‍ മാത്രമേ ഇടൂ എന്നു പറഞ്ഞതിനു ശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി എഴുതുന്നത് ശരിയാണോ എന്നു ചിലരെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഈ കസ്തൂരി രംഗന്‍ എന്നു പറഞ്ഞാല്‍ ആരാ ? ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭന്‍മാരായ ബഹിരാകാശശാസ്ത്രജ്ഞന്‍മാരിലൊരാള്‍. ഒരു ടെക്‌നോളജി എഴുത്തുകാരന്‍ അത്തരത്തിലൊരു ശാത്രജ്ഞന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ടെക്‌നോളജി വിരുദ്ധമാകുമോ ?

മുട്ടനാടുകളുടെ പരിസ്ഥിതി

പരിസ്ഥിതിസംരക്ഷണവും മലയോരകര്‍ഷകരുടെ നിലനില്‍പും തമ്മില്‍ പൊരുത്തപ്പെടാതെ വരുന്നതിന്റെ സംഘര്‍ഷങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധങ്ങളായി പരിണമിക്കുന്നത്. കര്‍ഷകര്‍ എന്തു കൃഷി ചെയ്യണമെന്നും എങ്ങനെ കൃഷി ചെയ്യണമെന്നുമൊക്കെ നിയമത്തിലൂടെ നിര്‍ണയിക്കപ്പെടുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ ഈ നിയമത്തിലൂടെ കര്‍ഷകരെ പീഡിപ്പിക്കുമെന്നും കുടിയേറ്റ കര്‍ഷകരെ മലയോരമേഖലയില്‍ നിന്നും തുരത്തി വിവിധ മാഫിയകളെയും ഗുഢശക്തികളെയും അവിടെ പ്രതിഷ്ഠിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആശങ്ക.

കുടിയേറ്റ കൃഷിക്കാരില്‍ നല്ലൊരു ശതമാനവും പാലാ-തൊടുപുഴ-കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി ബെല്‍റ്റില്‍ നിന്നുള്ള ക്രിസ്ത്യാനികളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള മറ്റു ക്രിസ്ത്യാനികള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കണമെന്നും ക്രിസ്ത്യാനികളുടെ കയ്യിലുള്ള ഭൂമി കൈവശപ്പെടുത്തുന്നതിനു വേണ്ടി മറ്റു സമുദായക്കാര്‍ ഈ നിയമത്തിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും ആ നിലപാടിന് സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുമെന്നാണ് നിശബ്ദമായി പ്രചരിപ്പിക്കപ്പെടുന്ന തിയറി. പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്നു പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ചു നില്‍ക്കണം എന്ന മറുപടി തീരെ അനുയോജ്യമല്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയോരമേഖലയിലെ ക്രിസ്ത്യാനികളെ നാടുകടത്തി ആ ഭൂമി മറ്റു സമുദായക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നു പറയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. തള്ള ചവുട്ടിയാല്‍ പിള്ളയ്ക്കു ദോഷമില്ല എന്നു പറയുന്നതുപോലെ ക്രിസ്ത്യാനി കയ്യേറിയാല്‍ പരിസ്ഥിതിക്കു ദോഷമില്ല എന്നത് ഒരന്ധവിശ്വാസമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഏത് സമുദായക്കാരനാണെങ്കിലും അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് സമൂഹം മുഴുവനുമാണ്. മലവെള്ളപ്പാച്ചിലോ വെള്ളപ്പൊക്കമോ കൊടുംവരള്‍ച്ചയോ ഓന്‍ നമ്മുടെ ആളാണ് എന്നു പറഞ്ഞ് ആരെയും ഒഴിവാക്കി കടന്നുപോകാറില്ല.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ സര്‍ക്കാര്‍ ഉണ്ടാക്കിയത് നല്ല ഉദ്ദേങ്ങളോടെ തന്നെയാണ്. മറ്റു സംസ്ഥാങ്ങളിലെ പശ്ചിമഘട്ടം സംരക്ഷിക്കുന്നതുപോലെ തന്നെയാണ് കേരളത്തിലെ പശ്ചിമഘട്ടവും സംരക്ഷിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലൊക്കെ ആളുകള്‍ കയറി താമസിക്കുകയും അവിടെ കൃഷി ചെയ്യുകയും പാറമടകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് കേരളത്തില്‍ അത്ര സംരക്ഷണം വേണ്ട എന്നു നമുക്ക് പറയാനാവില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും വോട്ട് ബാങ്കിന്റെ കഴുത്തില്‍ കത്തിവച്ചുകൊണ്ടുള്ള സ്ഥിരം ബ്ലാക്‌മെയിലിങ് തന്ത്രവുമാണ് അവശേഷിക്കുന്നത്.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കാര്യമായി ബാധിക്കുന്ന ഇടുക്കി ജില്ലയിലാണ് പ്രതിഷേധങ്ങളും കൂടുതല്‍. ഇടുക്കി ജില്ലയിലുള്ള സാധാരണക്കാരായ കര്‍ഷകരെ മുന്‍നിര്‍ത്തി നടത്തുന്ന സമരത്തിന്റെ നിഷ്‌കളങ്കത എത്രത്തോളമുണ്ട് എന്നു നമുക്ക് പറയാനാവില്ല. കാരണം, ഏറ്റവുമധികം കയ്യേറ്റങ്ങള്‍ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. പണ്ട് വനം ആയിരുന്ന ഇടുക്കിയില്‍ ഇന്നു കേരളത്തിലെ മിക്കവാറും സിനിമാതാരങ്ങള്‍ക്കും മുതലാളിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയനേതാക്കന്‍മാര്‍ക്കും എല്ലാം എസ്റ്റേറ്റുകളും റിസോര്‍ട്ടുകളും വേനല്‍ക്കാലവസതികളുമുണ്ട്. മലയോര കര്‍ഷകന്റെ ഗതികേട് ചൂണ്ടിക്കാണിച്ചും പരിസ്ഥിതിസ്‌നേഹികളെ തട്ടിപ്പുകാരെന്നു വിളിച്ചും ആളുകളെ സംഘടിപ്പിക്കുന്നതിന് വിമോചനസമരമെന്ന പേരു തീരെ ചേരില്ല.

ഇടുക്കി രൂപതയിലെ പള്ളികളില്‍ ഇന്നു വായിച്ച ഇടയലേഖനം കുടിയേറ്റ ജനതയുടെ വേദനകള്‍ പങ്കുവയ്ക്കുന്നതിനപ്പുറത്തേക്കു കടക്കുന്നു എന്നതാണ് ആശങ്കയുയര്‍ത്തുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെ സംഘടിതമായി നേരിടുമെന്നാണ് ഇടയലേഖനം മുന്നറിയിപ്പു നല്‍കുന്നത്. കര്‍ഷകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ രാജിവച്ച് റിപ്പോര്‍ട്ടിനെതിരേ നിലപാടെടുക്കണം എന്നും കര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്നു പിന്മാറണമെന്നും ഇടയലഖനം ആവശ്യപ്പെടുന്നു. ഇതിനു പുറമേ ഇടുക്കിയിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും തെരുവില്‍ നേരിടുമെന്നും ഇടയലേഖനം പറയുന്നു.

ഞാന്‍ വിശ്വസിക്കുന്ന ദൈവം കത്തോലിക്കനല്ല എന്നു പറഞ്ഞ് വിപ്ലവകരമായ ചിന്തകളിലൂടെ ക്രൈസ്തവസമൂഹത്തെ നയിക്കുന്ന മാര്‍പ്പാപ്പ മുകളിലുള്ളപ്പോള്‍ വിശുദ്ധരായ ബിഷപുമാര്‍ പാര്‍ട്ടി സര്‍ക്കുലറിനെ അനുസ്മരിപ്പിക്കുന്ന ഇടയലേഖനങ്ങളിലൂടെ ലോക്കല്‍ രാഷ്ട്രീയം കളിക്കുന്നത് ഖേദകരമാണ്. വനഭൂമി സര്‍ക്കാരിന്റെയും കൃഷിഭൂമി ജനങ്ങളുടെയുമാണ് എന്നത് തെറ്റിദ്ധാരണയാണ്. വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതു ലോകത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ തന്നെ ശ്വാസം നിലനിര്‍ത്തേണ്ടതിന് അനിവാര്യമാണെന്നിരിക്കെ മനുഷ്യന്റെ താല്‍പര്യം സംരക്ഷിച്ചിട്ടു പ്രകൃതിയുടെ കാര്യം നോക്കിയാല്‍ മതി എന്നു പറയുന്നത് വിഡ്ഡിത്തമാണെന്നു തിരിച്ചറിയുക. ഭൂമിയും പ്രപഞ്ചവുമെല്ലാം സൃഷ്ടിച്ച ദൈവം നമ്മുടെ പോക്കറ്റില്‍ കിടക്കുമ്പോള്‍ എന്തു പേടിക്കാനാണ് എന്നു ചി്തിക്കുന്നത് ഒട്ടും പോസിറ്റീവല്ല.

വൈരുധ്യാത്മക സ്വാതന്ത്ര്യബോധം

വൈരുധ്യാത്മക സ്വാതന്ത്ര്യബോധം എന്നൊരു തിയറി ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. എന്തായാലും സംഗതി ഇടുക്കിയില്‍ നിന്നും നമ്മള്‍ കണ്ടെത്തിയിട്ടുണ്ട്. അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയും അഭിപ്രായസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന കോണ്‍ഗ്രസ് നയങ്ങള്‍ക്കെതിരെയും ഫേസ്‍ബുക്കിലും മറ്റും ആഞ്ഞടിക്കുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്ന പുരോഗമനവാദികളോടൊപ്പമാണ് ഓണ്‍ലൈന്‍‍ സഖാക്കളും. ബാല്‍ താക്കറേയുടെ മരണത്തോനുബന്ധിച്ചുള്ള ഫേസ്‍ബുക്ക് പോസ്റ്റിനെത്തുടര്‍ന്ന് മുംബൈയില്‍ രണ്ടു പെണ്‍കുട്ടികള്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ വിപ്ലവകാരികളും പൊട്ടിത്തെറിച്ചിരുന്നു. ഒരഭിപ്രായം പോസ്റ്റ് ചെയ്തയാളെയും അത് ലൈക്ക് ചെയ്തയാളെയും അറസ്റ്റ് ചെയ്ത പൊലീസിനെയും കോണ്‍ഗ്രസ് ഭരണകൂടത്തെയും അവര്‍ വിമര്‍ശിച്ചു. എന്നിട്ടിപ്പോ എന്തായി ?

കൊലക്കേസില്‍ അറസ്റ്റിലായ സിപിഎം നേതാവ് എം.എം.മണിയുടെ ചിത്രം ഫേസ്‍ബുക്കില്‍ ഷെയര്‍ ചെയ്ത ഇടുക്കി കഞ്ഞിക്കുഴിയിലെ പൊലീസുകാരനെതിരേ ഡിവൈഎഫ്ഐ കേസു കൊടുത്തിരിക്കുന്നു. മുംബൈ ഭീകരാക്രമണക്കേസില്‍ തൂക്കിലേറ്റിയ അജ്മല്‍ കസബിനൊടു മണിയെ താരതമ്യപ്പെടുത്തിയ ചിത്രം ഷെയര്‍ ചെയ്തതിനാണ് കഞ്ഞിക്കുഴി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ എം.വി.സാജുവിനെതിരെ ഡിവൈഎഫ്ഐ ഭാരവാഹികള്‍ ഡിജിപിക്കു പരാതി കൊടുത്തിരിക്കുന്നത്.പിണറായി വിജയന്‍റെ വീട് എന്ന പേരില്‍ ഫോട്ടോ പ്രചരിപ്പിച്ചതിനെതിരേ കേസു കൊടുത്തതും ആളുകളെ പിടികൂടി ഇത്തരം കേസുകളില്‍ മാതൃക കാട്ടിയതും അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ കാവല്‍മലാഖമാരായ ഇവര്‍ തന്നെയാണെന്നതും വൈരുധ്യാത്മകതയില്‍പ്പെടും.

ഈ സാഹചര്യത്തില്‍, അഭിപ്രായസ്വാതന്ത്ര്യം എന്നു പറയുന്നതിനെ ടി പാര്‍ട്ടി എങ്ങനെ നിര്‍വചിക്കുന്നു എന്നറിയാന്‍ താല്‍പര്യമുണ്ട്. സഖാക്കന്‍മാരെയും അവരുടെ കൊലക്കേസുകളെയും ആക്ഷേപിക്കുന്നതും വിമര്‍ശിക്കുന്നതും അപകീര്‍ത്തികരവും, കോണ്‍ഗ്രസിനെയും സോണിയാ-രാഹുല്‍-പ്രിയങ്കാ ഗാന്ധികളെയും മന്‍മോഹന്‍സിങ്ങിനെയും മറ്റു നേതാക്കന്‍മാരെയും ഏതുവിധത്തിലും അപകീര്‍ത്തിപ്പെടുത്തുന്നത് അഭിപ്രായസ്വാതന്ത്ര്യവുമാണെന്ന പരിപ്പുവട ലോജിക് ആണ് ഇവരുടെ അഭിപ്രായസ്വാതന്ത്ര്യത്തെ നിര്‍വചിക്കുന്നതങ്കില്‍ അതിനുവച്ച കട്ടന്‍ചായ അഭിനവ ചൈനയില്‍പ്പോലും തിളയ്‍ക്കാന്‍ വഴിയില്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദിക്കുന്നു.

എം.എം.മണിയെ ബേബി അഞ്ചേരി വധക്കേസില്‍ അറസ്റ്റ് ചെയ്ത് നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നപ്പോഴത്തെ ഫോട്ടോയാണ് രണ്ടു ദിവസത്തിനു ശേഷം മേല്‍പടി പൊലീസുകാരന്‍റെ ഫേസ്ബുക്കില്‍ വാളില്‍ വന്നത്. അതോടൊപ്പം മണിയാശാനെ അജ്മല്‍ കസബുമായി ഉപമിക്കുന്ന കമന്‍റും ഉണ്ടായിരുന്നത്രേ (-ത്രേ എന്നു പറയുന്നത് ഫോട്ടോ ഞാന്‍ കാണാത്തതുകൊണ്ടാണ്).ഡിവൈഎഫ്ഐക്കാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിലും താന്‍ ഒന്നും പോസ്റ്റ് ചെയ്യാറില്ലെന്നും ഈ പറഞ്ഞ ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ടോ എന്നോര്‍ക്കുന്നില്ലെന്നും പൊലീസുകാരന്‍ പറയുന്നു. നിഷ്കളങ്കനും നിരപരാധിയുമായ മണിയാശാനെ അപകീര്‍ത്തിപ്പെടുത്തിയതിനോടൊപ്പം പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടര്‍ ദുരുപയോഗം ചെയ്തതിനെതിരെയും ഡിവൈഎഫ്ഐയ്‍ക്കു പരാതിയുണ്ട് (പണ്ട് കംപ്യൂട്ടര്‍ ഗോബാക്ക് വിളിച്ചു നടന്ന കക്ഷികളാണ് ഇപ്പോള്‍ കംപ്യൂട്ടര്‍ ദുരുപോഗം ചെയ്തതിനെതിരേ കേസ് കൊടുക്കുന്നത്,കംപ്യൂട്ടറിന് ഇതു തന്നെ വരണം).

സോഷ്യല്‍ മീഡിയ വഴി ആളുകളെ അപകീര്‍ത്തിപ്പെടുത്തത്ത് തെറ്റാണ് എന്നു തന്നെയാണ് എന്‍റെ നിലപാട്. അത് പിണറായി വിജയാനായും എം.എം.മണിയായാലും ഉമ്മന്‍ ചാണ്ടിയായലും ശരി തന്നെ. എന്നാല്‍, ഇത്തരം കേസുകളുമായി ചാടിപ്പുറപ്പെടുന്നവരുടെ ഇരട്ടത്താപ്പ് അവരുടെ ആഥ്മാര്‍ത്ഥയുടെ മൂല്യം നഷ്ടപ്പെടുത്തും. ഒരുവശത്ത് ഇത്തരം കേസുകളെയും ഐടി ആക്ടിനെത്തന്നെയും എതിര്‍ക്കുകയും അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുകയും മറുവശത്ത് അങ്ങേയറ്റം അസഹിഷ്ണുത വച്ചുപലര്‍ത്തുകയും ചെയ്യുമ്പോള്‍ ഇതൊക്കെ കണ്ടുനില്‍ക്കുന്നവര്‍ക്ക് സ്വാഭാവികമായും ചിരിവരും. ആ ചിരിക്ക് ഒരു ചിരി എന്നതിനപ്പുറം ഒരുപാട് അര്‍ഥങ്ങളുണ്ട്. ഞങ്ങടെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കുകയില്ല എന്നു തീരുമാനിക്കുന്നതോടൊപ്പം ഞങ്ങളും ആരെയും അപകീര്‍ത്തിപ്പെടുത്തുകയില്ല എന്നൊരു തീരുമാനമെടുത്താല്‍ ഇക്കാര്യത്തില്‍ ഒരു പൊതുധാരണയുണ്ടാക്കാം. വേറെ നൂറ് നൂറ് കേസുകള്‍ അന്വേഷിക്കാനുള്ള പൊലീസുകാരെ ഇത്തരം കേസുകളിലേക്ക് വലിച്ചിട്ട് ബുദ്ധിമുട്ടിക്കാതിരിക്കാം. ദാറ്റ്സ് ഓള്‍.

//അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ മുന്നണിപ്പോരാളികളായ സൈബര്‍ ക്വട്ടേഷന്‍കാര്‍ ഇപ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത അഭിപ്രായം പറയുന്നവരെ 51 കമന്‍റുകള്‍കൊണ്ട് വിര്‍ച്വലായി നിഗ്രഹിക്കുന്ന പതിവുണ്ടത്രേ (ക്വട്ടേഷന്‍,51 എന്നീ വാക്കുകള്‍ ഉപയോഗിച്ചതിന് എനിക്കെതിരെ സൈബര്‍ കേസ് കൊടുക്കരുതെന്ന് അപേക്ഷിക്കുന്നു)//

ഡാം ലജ്ജിച്ചു തല താഴ്‍ത്തും

ബോര്‍ഡറില്‍ കിടന്ന് തമിഴന്റെ അടികൊണ്ടതും കൊച്ചി ഒലിച്ചുപോകുന്നത് ജനങ്ങളെ കാണിച്ചുകൊടുക്കാന്‍ ഫോട്ടോഷോപ്പില്‍ പണിയെടുത്ത് കറന്റ് ബില്ല് കൂട്ടിയതും മിച്ചം. ജസ്റ്റിസ് കെ.ടി.തോമസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് കേരളത്തിന്റെ ആര്‍ത്തനാദങ്ങളെ പാടെ തള്ളിക്കളഞ്ഞിരിക്കുന്നു. ഭീകരമാം വിധം സുരക്ഷിതമായ ഡാമിനെ തകര്‍ക്കാന്‍ ദൈവം തമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല എന്ന സൂചന നല്‍കുന്ന റിപ്പോര്‍ട്ട് ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നു നിര്‍ദേശിക്കുമ്പോള്‍ ചോര്‍ന്നുപോകുന്ന ആത്മധൈര്യം തടയാന്‍ കേരളത്തിന് രണ്ട് നാടന്‍ അണ്ടര്‍വെയറുകള്‍ തയ്പിച്ചിച്ചിട്ട് നെയ്യാറ്റിന്‍കരയില്‍ തായം കളിക്കാം.

ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി രാജി വയ്ക്കണം എന്നാവശ്യപ്പെടുക എന്നതാണ് ഇവിടുത്തെ ഒരാചാരം. തിളക്കമുള്ള തുറിച്ച കണ്ണുകളോടെ പി.ജെ.ജോസഫ് പത്രസമ്മേളനം നടത്താനും പി.സി.ജോര്‍ജ് അസംതൃപ്തരായ രണ്ട് സിപിഎം എംഎല്‍എമാരെക്കൂടി മുന്നണി ചാടിച്ച് കൊണ്ടുവരാനും ശ്രമിച്ചേക്കും. ഉന്നതാധികാര സമിതിയിലെ അധികാരികള്‍ ജയലളിതയുടെ നീതി നടപ്പാക്കുമ്പോള്‍ കേരളത്തില്‍ നിന്നുള്ള അംഗങ്ങള്‍ വിധേയന്മാരായി കൂടെ നില്‍ക്കുകയായിരുന്നു. അവരുടെ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും മൈന്‍ഡ് ചെയ്യാതെ തമിഴ്‌നാട് ആഗ്രഹിച്ചത് സാധിക്കും എന്ന് തെളിയിച്ചു കഴിഞ്ഞു. ഇറ്റാലിയന്‍ നാവികരെ കേരള പൊലീസ് തട്ടിക്കൊണ്ടുപോയി എന്നു പറയുന്നതുപോലെ വെറും 200 വര്‍ഷം മാത്രം പഴക്കമുള്ള ഡാമിനെപ്പറ്റി അപവാദം പറഞ്ഞുപരത്തിയതിന് കേരളത്തെ സുപ്രീം കോടതി ശാസിക്കാതിരുന്നാല്‍ ഭാഗ്യം.

ഉന്നതാധികാര സമിതി മുദ്രവച്ച കവറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച, മെയ് നാലിനു മാത്രം സുപ്രീം കോടതി പൊട്ടിച്ചു നോക്കാന്‍ പോകുന്ന കവറിലെ വിവരങ്ങളാണ് വാര്‍ത്തകളില്‍ പാറിപ്പറന്നു നടക്കുന്നത്. ഉന്നതാധികാര സമിതി റിപ്പോര്‍ട്ട് പ്രകാരം, അങ്ങേയറ്റം അപകടകരമെന്നു കേരളം പറയുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് അങ്ങേയറ്റം സുരക്ഷിതമാണ്. ജലനിരപ്പ് 136 അടിയില്‍ നിന്ന് 120 അടിയാക്കി കുറച്ചില്ലെങ്കില്‍ അഞ്ചു ജില്ലകളിലെ 35 ലക്ഷം ആളുകള്‍ മരിക്കുമെന്ന് കേരളം വാദിക്കുമ്പോള്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് 142 അടിയാക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്യുന്നത്. അണക്കെട്ട് ഭൂകമ്പസാധ്യത മേഖലയിലാണെന്നും ശക്തമായി കുലുങ്ങിയാല്‍ സാധനം തവിടുപൊടിയാകുമെന്നും ഐഐടിക്കാര് പറഞ്ഞത് ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ ഷാപ്പില്‍ കയറിയ വൃദ്ധന്റെ കോമഡി പോലെ സമിതി തള്ളിക്കളഞ്ഞു. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ അണക്കെട്ടാണ് മുല്ലപ്പെരിയാര്‍ അണക്കെട്ട് എന്നു സമിതി വിലയിരുത്തുന്നു. ഒരു പക്ഷേ ഈ തരത്തില്‍ സുരക്ഷിതമായ ലോകത്തെ ഒരേയൊരു അണക്കെട്ടായിരിക്കാം ഇത്.

മുല്ലപ്പെരിയാര്‍ തകരുന്നു, ആ വെള്ളം ഒഴുകി വന്ന് ഇടുക്കി തകരുന്നു എല്ലാം കൂടി കുത്തിയൊലിച്ചുവന്ന് റിവേഴ്‌സ് സൂനാമിയിലൂടെ മൊത്തം നിരപ്പാക്കുന്നു എന്നൊക്കെയായിരുന്നു സങ്കല്‍പം. മുല്ലപ്പെരിയാര്‍ മാത്രമല്ല ഇടുക്കിയും അപാര സ്‌ട്രോങ് ആണെന്നാണ് സമിതി റിപ്പോര്‍ട്ടിലുള്ളതത്രേ. രസകരമായി ഉള്ളത് രണ്ട് വിയോജനക്കുറിപ്പുകളാണ്. സംസ്ഥാനാന്തര സന്തുലിതാവസ്ഥ നിലനിര്‍ത്താനാണെന്നു തോന്നുന്നു അതങ്ങനെ. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താമെന്ന തമിഴ്‌നാട് അനുകൂല നിര്‍ദേശത്തിന് ജസ്റ്റിസ് കെ.ടി. തോമസ് വിയോജനക്കുറിപ്പെഴുതിയപ്പോള്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം ബദല്‍ നിര്‍ദേശമായിപ്പോലും ഉള്‍പ്പെടുത്തുന്നതിനെതിരേ തമിഴ്‌നാടിന്റെ ജസ്റ്റിസ് എ.ആര്‍. ലക്ഷ്മണന്‍ വിയോജനക്കുറിപ്പെഴുതി. അതായത് കേരളം പുതിയ ഡാമിനെപ്പറ്റി എപ്പോള്‍ പറഞ്ഞാലും അപ്പോള്‍ തമിഴ്‌നാട് ജലനിരപ്പ് 142 അടിയാക്കുന്നതിനെപ്പറ്റി പറയുമെന്നു ചുരുക്കം.

എന്നാലും, റിപ്പോര്‍ട്ടിന്റെ മാര്‍ജിനിലെവിടെയോ വേണമെങ്കില്‍ പുതിയ ഡാം ഉണ്ടാക്കുന്നത് ഒരു നിര്‍ദേശമെന്ന നിലയില്‍ പരിഗണിക്കാം എന്നു സൂചിപ്പിക്കുന്നതാണ് കേരളത്തിന്റെ ചരിത്രനേട്ടമായി വാര്‍ത്താ ചാനലുകള്‍ ആഘോഷിച്ചു കളഞ്ഞത്. കാലിന് വേദയാണ് എന്നു പറഞ്ഞു വന്ന മറിയാമ്മയോട്, രോഗങ്ങളൊന്നുമില്ലാത്ത കാല്‍ അങ്ങേയറ്റം ആരോഗ്യമുള്ളതും ശക്തിയുള്ളതുമാണെന്നും എന്നാല്‍ വേണമെങ്കില്‍ ആ കാല്‍ മുറിച്ചുകളയാമെന്നും ഡോക്ടര്‍ പറയുന്നതുപോലെയാണ് പുതിയ ഡാമിനുള്ള ശുപാര്‍ശ. ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും സുരക്ഷിതമായ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് ബദല്‍ ഡാം പണിയണം എന്നു പറയുന്ന കേരളത്തിന് കുത്തിക്കഴപ്പാണ് എന്നേ നിഷ്പക്ഷനായ ഒരാള്‍ റിപ്പോര്‍ട്ടില്‍ നിന്നു വായിച്ചെടുക്കൂ. കുന്നത്ത് സൂര്യന്‍ ഉദിച്ച പോലെ നില്‍ക്കുന്ന ഡാം പൊളിച്ച് മറ്റൊന്നു പണിയേണ്ടതിന്റെ ആവശ്യമെന്താണ് എന്ന് ഇനി നമ്മള്‍ നമ്മെത്തന്നെ ബോധിപ്പിക്കേണ്ടി വരും.

ഗുണപാഠം- ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് ഡാമിനെ വായിച്ചു കേള്‍പ്പിച്ചാല്‍ മതി, പിന്നെ 999 വര്‍ഷത്തേക്ക് അനങ്ങില്ല. കോടതി ഉത്തരവ് ലംഘിക്കാന്‍ ഏതു ഡാമും ഒന്നു ഭയപ്പെടും.

പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാര്‍ പ്രശ്നത്തിനു പരിഹാരം എന്താണ് എന്നു ചോദിച്ചാല്‍ കേരളത്തിന് ഒറ്റമറുപടിയേ ഉള്ളൂ- പുതിയ ഡാം. പുതിയ ഡാം പണിയാന്‍ തമിഴ്‍നാട് സമ്മതിക്കുകയുമില്ല, തമിഴ്‍നാട്ടിലുള്ള മലയാളികള്‍ തല്ലുകൊള്ളുകയും ചെയ്യും എന്നതാണ് അവസ്ഥയെങ്കില്‍ പിന്നെയുള്ള അടുത്ത പരിഹാരം എന്താണെന്ന് ആലോചിക്കുന്നതല്ലേ നല്ലത് ? മുല്ലപ്പെരിയാര്‍ സമരസമിതി തന്നെ പിളര്‍പ്പിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ സീരിയസ്സായി ചോദിക്കേണ്ട ചോദ്യം ഇതാണ്- പുതിയ ഡാം വേണോ പ്രശ്നപരിഹാരം വേണോ ?

മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്നതൊരു സങ്കല്‍പം മാത്രമാണ്. ഇപ്പോഴുള്ളതിനെക്കാള്‍ വെള്ളം ഉള്‍ക്കൊള്ളുന്ന പുതിയൊരു ഡാമും സത്യത്തില്‍ പുതിയൊരു ജലബോംബ് ആണ് നമുക്കു നല്‍കുന്നത്. ഭൂകമ്പഭീഷണിഎല്ലാ ഡാമുകള്‍ക്കും ഒരുപോലെയാണ്. അല്ലെങ്കിലും പുതിയ ഡാമിനു തമിഴ്‍നാട് സമ്മതിച്ചാല്‍ തന്നെ അതു പണിത്, പുതിയ സ്പില്‍വേ ഉണ്ടാക്കി വരുമ്പോഴേക്കും വര്‍ഷം പത്ത്പതിനഞ്ചു കഴിയുമെന്നാണ് ഒരു വര്‍ഷത്തിനുള്ളില്‍ ഡാമുണ്ടാക്കുമെന്നു പറഞ്ഞിട്ടുള്ളവരൊക്കെ അടക്കം പറയുന്നത്. ഈ സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതി ചെയര്‍മാന്‍ സി.പി.റോയി മുന്നോട്ടു വച്ചിട്ടുള്ള നിര്‍ദേശം പ്രായോഗികമാക്കുന്നതിനെപ്പറ്റി അധികൃതര്‍ ചര്‍ച്ച ചെയ്യുമോ ഇല്ലയോ എന്നാണിനി അറിയേണ്ടത്.

നിലവിലുള്ള അണക്കെട്ടിലെ ജലനിരപ്പ് 100 അടിയാക്കി കുറയ്‍ക്കുകയും ഏതാണ്ട് 50 അടി ഉയരത്തില്‍ തമിഴ്‍നാടിനു വെള്ളം കൊണ്ടുപോകാനുള്ള കനാല്‍ അണക്കെട്ടിന്റെ പരിസരത്തായി നിര്‍മിക്കുകയും ചെയ്യുക എന്നതാണ് റോയിച്ചേട്ടന്റെ പദ്ധതി.അതുകൊണ്ട് എന്തു പ്രയോജനം എന്നാണ് ചോദ്യമെങ്കില്‍ പ്രയോജനങ്ങള്‍ പലതാണ്. ഒന്ന്, ഡാം പണിയുന്നതിന്റെ ആയിരത്തിലൊന്നു തുക മതി കനാല്‍ പണിയാന്‍. രണ്ട്, 50 അടി ഉയരത്തില്‍ കനാല്‍ വരുമ്പോള്‍ ഇപ്പോള്‍ ലഭിക്കുന്നതിനെക്കാള്‍ ജലം തമിഴ്‍നാടിന് എപ്പോഴും ഉറപ്പാക്കാം (ഇപ്പോള്‍ ജലനിരപ്പ് 136 അടിയും കനാല്‍ 104 അടിയിലുമാണ്). മൂന്ന്, പരമാവധി 100 അടി മാത്രം വെള്ളമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പരിസരത്തു തന്നെ ഈ കനാലും നിര്‍മിച്ചാല്‍ ജലമര്‍ദ്ദം കുറയ്‍ക്കാന്‍ ഈ കനാലിനു സാധിക്കുകയും കുറഞ്ഞ ജലനിരപ്പും പുതിയ കനാലും ചേര്‍ന്ന് ഡാം ഡീകമ്മിഷന്‍ ചെയ്തതിനു തത്തുല്യമായ അവസ്ഥ സൃഷ്ടിക്കുകയും ചെയ്യും. ഇത് സമരസമിതിയുടെ പേരില്‍ സി.പി.റോയി അവതരിപ്പിച്ചിട്ടുള്ള വാദങ്ങളാണ്. അഞ്ചു വര്‍ഷമായി സമരം നടത്തുന്ന സമരസമിതി ചെയര്‍മാനെ ഈ അവസരത്തില്‍ അവിശ്വസിക്കേണ്ട കാര്യമില്ല.

ഈ തിയറി തമിഴ്‍നാട്ടിലെ കര്‍ഷകസംഘടനാ നേതാക്കള്‍ സ്വാഗതം ചെയ്തതായും ഇതിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കാമെന്നു തേനി കലക്ടര്‍ സമ്മതിച്ചു എന്നും പറയുമ്പോള്‍ ഈ ഫോര്‍മുല തമിഴ്‍നാട് സ്വീകരിക്കും എന്നു തന്നെ പ്രതീക്ഷിക്കാം. ഇനിയും എണ്ണൂറോളം വര്‍ഷത്തേക്ക് 100 അടി വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിലനില്‍ക്കുമോ എന്നൊരു ചോദ്യമുണ്ട്. അന്‍പതടിക്കും നൂറടിക്കും ഇടയില്‍ വെള്ളവുമായി മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാലുണ്ടാവുന്ന പ്രത്യാഖ്യാതം നിസ്സാരമായിരിക്കാമെന്നത് 999 വര്‍ഷം വരെ ഡാം നിലനില്‍ക്കുമെന്ന സൂചന നല്‍കുന്നില്ല. ഇപ്പോഴത്തെ സ്ഫോടനാത്മകമായ സാമൂഹിക സാഹചര്യത്തില്‍ പുതിയ ഡാം പണിയാന്‍ ശ്രമിക്കുന്നതിനെക്കാള്‍ ഇത്തരത്തിലൊരു പരിഹാരം സാധ്യമാക്കുന്നതായിരിക്കും പ്രായോഗികം എന്നു തോന്നുന്നു.

ഈ പ്രശ്നത്തില്‍ സി.പി.റോയിയുടെ നിര്‍‍ദേശം രാഷ്ട്രീയവൃത്തങ്ങള്‍ സ്വീകരിക്കും എന്ന് എനിക്കു പ്രതീക്ഷയില്ല. റോയിച്ചേട്ടന്റെ ഫോര്‍മുല അപക്വവും അശാസ്ത്രീയവുമാണെന്ന മട്ടിലാണ് മന്ത്രി പി.ജെ.ജോസഫും പ്രതികരിച്ചത്. രാഷ്ട്രീയനേതൃത്വം മുന്നോട്ടു വയ്‍ക്കുന്ന ഫോര്‍മുലകളല്ലാതെ മറ്റു ബദലുകളൊന്നും സ്വീകരിക്കപ്പെടില്ല എന്നത് ഏകദേശം ഉറപ്പാണ്. അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ റോയിച്ചേട്ടന്‍ ബലിയാടാകുമെന്നല്ലാതെ മറ്റെന്തെങ്കിലും പ്രയോജനമുണ്ടാകുമോ എന്നതും കണ്ടറിയണം.

സി.പി.റോയി ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് മുല്ലപ്പെരിയാര്‍ സമരസമിതിയുടെ പേരില്‍ കത്തയച്ചത് ചാനലില്‍ വാര്‍ത്തയായതോടെ സമരസമിതിയിലും ഭിന്നതയുണ്ടായിരിക്കുകയാണ്. റോയി അയച്ച കത്ത് റോയിയുടേത് മാത്രമാണ് സമരസമിതിയുടേതല്ല എന്നും പുതിയ ഡാം എന്ന ആവശ്യത്തില്‍ നിന്നും സമരസമിതി പിന്നോട്ടില്ല എന്നും സമരസമിതി കണ്‍വീനര്‍ അടിവരയിട്ടു പറയുമ്പോള്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുടെ കേരളാ കോണ്‍ഗ്രസ് പോലെ പിരിയുമോ എന്നാശങ്ക്പെടേണ്ട അവസ്ഥയാണ്. ഈ വിഷയത്തില്‍ ചപ്പാത്തില്‍ ചേര്‍ന്ന സമരസമിതി യോഗത്തില്‍ സി.പി.റോയിക്കെതിരേ ചെരിപ്പേറു വരെ ഉണ്ടായി.

ഇനി ഈ പ്രശ്നത്തില്‍ ആര് എങ്ങോട്ട് എന്നത് പ്രവചിക്കാനാവില്ല. സി.പി.റോയി തന്റെ ഫോര്‍മുല പിന്‍വലിച്ചാലും അദ്ദേഹം ഉന്നയിച്ച പ്രധാനവാദങ്ങള്‍ തമിഴ്‍നാടിന് അനുകൂലമായി നിലനില്‍ക്കും. 1300 അടി താഴെ 146 അടി ഉയരത്തില്‍ ഡാം നിര്‍മിച്ചാല്‍ തമിഴ്‍നാടിന് ഒരു തുള്ളി വെള്ളം പോലും കിട്ടില്ല എന്ന് അദ്ദേഹം പറയുന്നത് തന്നെയാണ് തമിഴ്‍നാടും പറയുന്നത്. പുതിയ ഡാം അനുവദിക്കരുത് എന്ന തമിഴ്‍നാടിന്റെ വാദത്തിന് ബലം പകരുന്നതാണ് ഇത്. പുതിയ ഡാമില്‍ നിന്നു തമിഴ്‍നാടിനു വെള്ളം കിട്ടില്ല എന്നു സമരസമിതി ചെയര്‍മാന്‍ തന്നെ പറയുമ്പോള്‍ വെള്ളം ഉറപ്പാക്കും എന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നതെങ്ങനെ ? ആശയക്കുഴപ്പങ്ങളും ആശങ്കകളും മുല്ലപ്പെരിയാര്‍ സമരത്തിന്റെ തന്നെ വിശ്വാസ്യത ചോദ്യം ചെയ്യുമ്പോള്‍ പൊതുസമൂഹം വിശ്വസിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയെയോ ജയലളിതയെയോ എന്നൊരു ചോദ്യം ചോദിച്ചാല്‍ ശരിക്കും കുടുങ്ങിപ്പോവും.

മദ്രാസിലെ മ്വാന്‍

മലയാളി തമിഴനെ തല്ലിയാലും തമിഴന്‍ മലയാളിയെ തല്ലുമ്പോള്‍ മലയാളി നിലവിളിച്ചാലും കേട് നമ്മടെ ദുല്‍ഖറിന്റെ കല്യാണത്തിനാണ് എന്നതിനാല്‍ ഇന്നത്തെ ദിവസമെങ്കിലും മലയാളികള്‍ സംയമനം പാലിക്കണം.ഇന്ന് എല്ലാ മലയാളികളും തമിഴന്മാരെ കണ്ടാല്‍ മുണ്ടഴിച്ചിടണം (ഫുള്ളായിട്ട് അഴിച്ചിടരുത്). ബഹുമാനത്തോടെ ഒരുബോട്ടില്‍ വെള്ളം വാങ്ങിക്കൊടുക്കണം. നമ്മള്‍ അവര്‍ക്ക് ഫ്രീയായി വെള്ളം കൊടുക്കും എന്നത് പ്രതീകാത്മകമായി അവതരിപ്പിക്കാനാണിത്. തമിഴ്‍നാട്ടില് ഇന്നത്തെ ദിവസം മലയാളികളെ ആരെങ്കിലും തല്ലിയാല്‍ നിലവിളിക്കരുത്. സ്ഥാപനങ്ങള്‍ തല്ലിപ്പൊളിക്കുകയോ വീട് കൊള്ളയടിക്കുകയോ ചെയ്താല്‍ പരിഭവിക്കുകയുമരുത്.കാരണം, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ വിവാഹം ഇന്ന് ചെന്നൈയില്‍ നടക്കുകയാണ്. ആ കല്യാണത്തിന് കോപ്പു കുറയ്‍ക്കുന്ന ഒരു പരിപാടികളിലും ആരും മുഴുകരുത്.

ഇവിടെ ചപ്പാത്തിലെ സമരപ്പന്തലില്‍ ആളുകള്‍ പുതിയ ഡാമുണ്ടാക്കാന്‍ സ്വന്തം ഹൃദയരക്തമൂറ്റി പാലുകാച്ചല്‍ നടത്തുമ്പോള്‍ അവിടെ കുമാരി ജയലളിതയ്‍ക്കു മുന്നില്‍ നമ്രശിരസ്കനായി ചെമ്പനീര്‍ പൂവുകളര്‍പ്പിച്ച് കല്യാണം ക്ഷണിക്കുകയായിരുന്നു നമ്മുടെ താരരാജാവ്. കല്യാണം, പാലുകാച്ചല്‍, പാലുകാച്ചല്‍ കല്യാണം (അതുതന്നെ).മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ മൂന്നു നാലു ജില്ലകള്‍ തകര്‍ന്നുപോകുമല്ലോ എന്ന വേദനയും ആകലതകളും കാരണം പ്രക്ഷുബ്ധനായ അദ്ദേഹം ഉമ്മന്‍ ചാണ്ടി ശ്രമിച്ചിട്ടു പോലും കാണാന്‍ പറ്റാത്ത തമിഴ്‍നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ട് ചിരിയോടെ നില്‍ക്കുന്നത് കാണുമ്പോള്‍ എന്റെ ഹൃദയം തകരുകയാണ്. എന്തുമാത്രം വേദന കടിച്ചുപിടിച്ചാണ് അദ്ദേഹം ആ സ്ത്രീയെ നോക്കി പുഞ്ചിരിക്കുന്നത് എന്നു നിങ്ങള്‍ മനസ്സിലാക്കണം.

മറ്റൊന്നു കൂടി എനിക്കു പറയാനുണ്ട്. അത് പക്ഷെ,എല്ലാവരും സമ്മതിച്ചെന്നു വരില്ല. സത്യത്തില്‍ മമ്മൂട്ടി ജയലളിതയെ കണ്ടത് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട നിര്‍മിക്കാന്‍ സമ്മതിക്കണം എന്നു പറയാനും തമിഴ്‍നാട്ടിലുള്ള മലയാളികളെ ഉപദ്രവിക്കരുതെന്നും പറയാനാണ്. അതിന്റെ കൂടെ അവരെ പിണക്കേണ്ട എന്നു കരുതി കല്യാണം കൂടി ക്ഷണിച്ചെന്നേയുള്ളൂ. എന്നാല്‍ മലയാളികളെ മമ്മൂട്ടിക്കെതിരായി തിരിക്കുക എന്ന ലക്ഷ്യമുള്ള തമിഴ്‍നാട് ഫോട്ടോഗ്രാഫര്‍ ചിത്രമെടുത്ത് മമ്മൂട്ടി അമ്മയെ കല്യാണം ക്ഷണിക്കാന്‍ വേണ്ടി മാത്രം ചെന്നതാണെന്ന മട്ടില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് എനിക്കു തോന്നുന്നത്.ഇന്ത്യന്‍ പ്രധാനമന്ത്രി പോലും നോക്കിയിട്ടു നടക്കാത്ത കാര്യം (മുല്ലപ്പെരിയാര്‍ ചര്‍ച്ച) നടത്തിയ മമ്മൂട്ടിയെ അഭിനന്ദിക്കേണ്ടതിനു പകരെ അദ്ദേഹത്തെ ആക്ഷേപിക്കുന്നവരോട് എനിക്കൊന്നേ പറയാനുള്ളൂ, നിങ്ങളോട് ദൈവം ചോദിക്കും, ഒരിക്കലല്ല,പലതവണ, ഹും !

ഇന്ന് ആരും മുല്ലപ്പെരിയാര്‍ പ്രശ്നതത്തില്‍ കേരളത്തിനനുകൂലമായി ശബ്ദിക്കരുത്. ഫേസ്‍ബുക്കിലും പൊതുവേ ശാന്തതയായിരിക്കണം. മോഹന്‍ലാല്‍ ഫാന്‍സ് മനപൂര്‍വം പ്രകോപിപ്പിക്കുന്നതിനായി മമ്മൂട്ടി ജയലളിതയെ കല്യാണം ക്ഷണിച്ച വാര്‍ത്തയുടെ കട്ടിങ്ങും മറ്റും പ്രചരിപ്പിക്കുന്നുണ്ട്. അത് നല്ലതിനല്ല. കല്യാണപ്രായമായി ഒരു ചെക്കന്‍ ലാലേട്ടന്റെ വീട്ടിലുമുണ്ട് എന്നു മറക്കരുത്. ആ വിവാഹം ഇനി അമേരിക്കയില്‍ വച്ചു നടത്താനാണെങ്കിലും ഞങ്ങള്‍ പണി തരും. അമേരിക്കയും കൈരളി ചാനലുമായി അത്ര രസത്തിലല്ല എന്നതു മറക്കരുത്. ജയറാം പിന്നെ തമിഴ്നാടെന്നു കേട്ടാല്‍ വെട്ടിയിട്ട വാഴപോലെ വീണുകിടന്നു നമസ്‍കരിക്കുകയേയുള്ളതിനാല്‍ കുഴപ്പമില്ല.

പി.ജെ.ജോസഫ് ഇന്നു വീട്ടുതടങ്കലിലായിരിക്കും. ഉമ്മന്‍ ചാണ്ടി പുതപ്പള്ളിയിലെ വീട്ടിലുറക്കമായിരിക്കും. മുല്ലപ്പെരിയാറില്‍ ഒരു അണക്കെട്ടുണ്ട് എന്നു പോലും ആരും ഭാവിക്കില്ല. മാധ്യമങ്ങളൊക്കെയും ഇന്നു സംയമനം പാലിച്ചിട്ടുണ്ട്.നമ്മളെല്ലാവരും സാമാനമായ സംയമനം പാലിക്കണം എന്നോര്‍മിപ്പിക്കാനാണ് ഈ പോസ്റ്റ്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പോസ്റ്റുകളിടാതെ ഞാനും ഇത്ര ദിവസം വിട്ടുനിന്നത് നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ആ കല്യാണമൊന്നു കഴിഞ്ഞോട്ടെ,ഇന്റര്‍വെല്ലിനു ശേഷം ഇരട്ടച്ചങ്കുമായി നായകന്‍ വരുന്നപോലെ ഒരു വരവുണ്ട്.സവര്‍ണസുന്ദരനായ നായകന്‍ പറന്നെത്തി തമിഴ്‍ഗുണ്ടകളെ ഇടിച്ചു നിരത്തുന്ന സുദിനം അടുത്തു തന്നെ വരും. അപ്പോ നിങ്ങള്‍ക്കു മനസ്സിലാവും ഞങ്ങടെ താരം ആരാണെന്ന്.

പാലാ മേഘാലയത്തിലാണ്; അഥവാ ഇടുക്കിയില്‍ ഭൂചനമില്ല

ഭൗമശാസ്ത്രവും ഗണിതശാസ്ത്രവും കൂട്ടിച്ചേര്‍ത്ത് അതിനെ രാഷ്ട്രീയം കൊണ്ടു ഹരിക്കുമ്പോള്‍ കിട്ടുന്ന കണക്കനുസരിച്ച് 2011ല്‍ ഇടുക്കിയില്‍ ആകെ ഉണ്ടായ ഭൂചനങ്ങളുടെ എണ്ണം അഞ്ച് മാത്രമാണ്. കേരളത്തിലെ മാധ്യമങ്ങളില്‍ വന്ന കണക്കനുസരിച്ച് 2011ല്‍ ആകെയുണ്ടായ ഭൂചലനങ്ങളുടെ എണ്ണം 26. ഇടുക്കിക്കാരോടു ചോദിച്ചാലും അഞ്ചുതവണയിലധികം അവര്‍ സ്ഥാവരജംഗമവസ്‍തുക്കളോടൊപ്പം കുലുങ്ങിയിട്ടുണ്ട്. നവംബറില്‍ മാത്രം 3 വ്യക്തമായ കുലുക്കങ്ങള്‍. ഡിസംബറില്‍ ഇതുവരെ ഒന്ന്. മറ്റുള്ള കുലുക്കങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരമില്ല എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്കില്‍ നിന്നു മനസ്സിലാവുന്നത്. കേരളത്തില്‍ ആകെ നാലു കലുക്കമേയുണ്ടായിട്ടുള്ളൂ എന്ന് തമിഴ്‍നാടിന്റെ പരസ്യത്തില്‍ കണ്ടത് കേന്ദ്രം വിശ്വസിച്ചു.

രാജ്യസഭയില്‍ പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് രേഖാമൂലം മറുപടി പറയവേ കേന്ദ്ര ജലവിഭവ വകുപ്പ് സഹമന്ത്രി വിന്‍സെന്‍റ് എച്ച് പാലയാണ് ഇക്കാര്യം അറിയിച്ചത്. 3.2 മുതല്‍ 3.5 വരെ തീവ്രതയുള്ളവയാണ് ഈ ഭൂചലനങ്ങളെന്നും പ്രൊഫ. പി. ജെ. കുര്യന്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു. മേഘാലയക്കാരനായ വിന്‍സെന്റ് മന്ത്രി പാലാക്കാരനെന്നറിയപ്പെടുമ്പോള്‍ പാലാക്കാരനും തൊടുപുഴക്കാരനുമായ മാണിയും ജോസഫും നിവേദനങ്ങളിലൂടെ കേന്ദ്രത്തിന്റെ ഭൂകമ്പമാപിനി ചലിപ്പിക്കാന്‍ ശ്രമിച്ചത് പാഴായെന്നു തോന്നുന്നു.ഇടുക്കി തമിഴ്‍നാടിന്റേതാണെന്നു പറയുന്നതുപോലെ നമ്മുടെ പാലാ മേഘാലയത്തിന്റേതാണെന്നു പറയാന്‍ ഈ മന്ത്രി മതിയാവും. വരട്ടെ,കാത്തിരിക്കാം.

കേരളത്തിന് പാവയ്‍ക്കയുടെ ഷേപ്പാണെങ്കിലും കറിവേപ്പിലയുടെ വിധിയാണ്. അല്ലെങ്കില്‍ അവഗണനയ്‍ക്കുമപ്പുറം ഇത്തരത്തില്‍ അനീതിക്ക് ഇരയാകാന്‍ ഈ നാടിനു കഴിയില്ല. ഇച്ഛാശക്തിയില്ലാത്ത ഭരണാധികാരികള്‍ ഒരു വശത്ത്, അവരെ ചീത്തവിളിച്ചുകൊണ്ടും പ്രശ്നങ്ങളെ ബൗദ്ധികമായി വിശകലനം ചെയ്തുകൊണ്ടും ജീവിക്കുന്ന ഞാനടക്കമുള്ള പ്രബുദ്ധജനങ്ങള്‍ മറുവശത്ത്.തെങ്ങുകയറാനും റബര്‍ വെട്ടാനും മാത്രമല്ല, പൗരധര്‍മം അനുഷ്ടിക്കാനും ആളെക്കിട്ടാനില്ല എന്നു നമ്മള്‍ പരാതിപ്പെടേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍.

കേന്ദ്രത്തിന്റെ കണക്കിലെ അഞ്ചു ഭൂചനങ്ങള്‍ ഏതൊക്കെയാണ് എന്നു നമുക്കറിയില്ല. മാധ്യമങ്ങള്‍ പറയുന്ന 26 ഭൂചനങ്ങളില്‍ നിന്ന് ലക്ഷണമൊത്ത അഞ്ചെണ്ണം തിരഞ്ഞെടുത്തതാണോ അതോ ഈ അഞ്ചെണ്ണമൊഴികെയുള്ളവ അനധികൃതചലനങ്ങളാണോ ? സുപ്രീം കോടതി വിധിയുള്ളത് കൊണ്ട് ഡാം പൊട്ടില്ല എന്നു പറയുന്നതുപോലെ ഭൂചനവും കേന്ദ്രത്തിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ളതു മത്രമേ കണക്കിലെടുക്കുകയുള്ളോ ? ഭയപ്പെടുന്നതുപോലെ ഡാം പൊട്ടുകയും നാല് ജില്ലകള്‍ ഒലിച്ചുപോവുകയും ചെയ്താല്‍ 30 ലക്ഷത്തിന്റെ കണക്കൊന്നും അവിടെ ചിലവാകുകയില്ല. ഈ ഫോര്‍മുലവച്ച് മരണസംഖ്യ കഷ്ടിച്ച് ഒരു രണ്ടായിരമെന്നു പ്രഖ്യാപിച്ചാല്‍ ഭാഗ്യം.

2011ലെ ഭൂചനങ്ങളെല്ലാം 3.5ല്‍ താഴെയുള്ളതാണെന്നു പാലാക്കാരന്‍ മന്ത്രി പറയുമ്പോള്‍ ജൂലൈ 26ലേത് 3.8 തീവ്രതയുള്ളതായിരുന്നെന്നാണ് കേരളത്തിലെ മാപിനികള്‍ പറയുന്നത്. റിക്ടര്‍ സ്‍കെയിലില്‍ ആറു വരെ ഭൂചനമുണ്ടാകാവുന്ന മേഖലയാണ് ഇടുക്കി എന്ന് ശാസ്ത്രജ്ഞര്‍ പറയുമ്പോള്‍ ഭൂമി തലകുത്തി നിന്നാലും 3.5ല്‍ കൂടിയ ഒരു ഭൂചലനം ഇടുക്കിയിലുണ്ടാവില്ലെന്ന് ദിനമലരില്‍ ഒരു വിദഗ്ധലേഖകന്‍ എഴുതുന്നു. തമിഴ്‍നാട് ഇന്നു പറയുന്നത് നാളെ കേന്ദ്രം പറയുന്നു. കേരളത്തില്‍ നിന്ന് ആകെ പരിഗണിക്കപ്പെട്ടത് നല്ലവനായ അഡ്വക്കറ്റ് ജനറല്‍ കോടതിയില്‍ പറഞ്ഞശേഷം പിന്‍വലിക്കുകയോ തിരുത്തുകയോ ഒക്കെ ചെയ്ത സത്യവാങ്മൂലം മാത്രമാണ്.

അവഗണനയുടെ ലെവലൊക്കെ കഴിഞ്ഞു. കേരളം സത്യത്തില്‍ ഒരു അസ്തിത്വപ്രതിസന്ധിയിലാണ്. ശരിക്കും ഇങ്ങനൊരു സംസ്ഥാനം ഉള്ളതാണോ, അതോ ഭൂമി ഉരുണ്ടതാണെന്നൊക്കെ പറയുന്നതുപോലെ അതൊരു സങ്കല്‍പമാണോ ? തമിഴ്‍നാട് കേന്ദ്രത്തെ പറ്റിക്കുന്നതാണോ അതോ കേന്ദ്രവും തമിഴ്‍നാടും കൂടി കേരളത്തെ പറ്റിക്കുന്നതാണോ അതോ കേരളം കേന്ദ്രത്തെയും തമിഴ്‍നാടിനെയും പറ്റിക്കാന്‍ നോക്കുന്നതാണോ അതോ എല്ലാവരും ചേര്‍ന്ന് ഇവിടുത്തെ ജനങ്ങളെ പറ്റിക്കുന്നതാണോ ? ഒരു പിടിയും കിട്ടുന്നില്ല. പലരും ഉണ്ട് എന്നു പറയുന്ന ഈ മുല്ലപ്പെരിയാര്‍ ഡാം ശരിക്കും അവിടെയുണ്ടോ അതോ വീരപ്പന്റെ കാര്യം പറയുന്നതുപോലെ തിരഞ്ഞെടുക്കപ്പെട്ട കഥാപാത്രങ്ങള്‍ മാത്രമേ ആ സാധനം കണ്ടിട്ടുള്ളോ ?