തൊലിക്കട്ടിയുള്ളവര്‍ക്ക് എന്തിന് ഹെല്‍മെറ്റ് ?

കേരളത്തെ ഹെല്‍മെറ്റ് ധരിപ്പിക്കുക എന്ന ചരിത്രദൗത്യം ഏറ്റെടുത്ത് അതിനായി കര്‍ശനനടപടികള്‍ സ്വീകരിക്കുകയും വിജയകരമായി റോഡിലെ അപകടനിരക്ക് കുറയ്ക്കുകയും ചെയ്ത ഉദ്യോഗസ്ഥനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഋഷിരാജ് സിങ്. പണ്ടൊക്കെ റോഡിലൂടെ ഹെല്‍മെറ്റ് വച്ചവരൊന്നോ രണ്ടോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഹെല്‍മെറ്റില്ലാത്ത ഒരാളെ കാണണമെങ്കില്‍ കുറച്ചു പാടുപെടും. നിയമം കര്‍ശനമാക്കിയതിനു ശേഷമുള്ള കണക്കു നോക്കിയാലോ, അപകടങ്ങളില്‍ ഞെട്ടിക്കുന്ന കുറവും. അക്കാര്യത്തില്‍ ഋഷിരാജ് സിങ്ങിനോടു കേരളം കടപ്പെട്ടിരിക്കുന്നു. കുറച്ച് ഉദ്യോഗസ്ഥന്‍മാര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കേരളം എല്ലാ രംഗങ്ങളിലും രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായേനെ.

ഇത് ഹെല്‍മെറ്റ് നിയമത്തെ സംബന്ധിച്ചുള്ള വിഹഗവീക്ഷണമാണ്. എക്കണോമിക്‌സില്‍ പറഞ്ഞാല്‍ മാക്രോ ലെവല്‍ അപ്രോച്ച്. ഇനി മൈക്രോ ലെവലിലേക്കു പോയാല്‍ പൊലീസ് ജീപ്പുകള്‍ക്കു മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ജാങ്കോ പയ്യന്‍മാരുടെ കാഴ്ചകളാണെങ്ങും. വിട്ടുവീഴ്ചയില്ലാത്ത പരിശോധന. രണ്ടാം ഘട്ടത്തിലേക്കു കടന്നതോടെ പരിശോധനകളോടൊപ്പം നിയമനടപടികളും കര്‍ശനമാക്കി. ഇനിയങ്ങോട്ടു ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ പിഴ 1500 രൂപയാണ്. ഹെല്‍മെറ്റ് പരിശോധനയ്ക്ക് ഉദ്യോഗസ്ഥര്‍ കൈകാണിച്ചാല്‍ നിര്‍ത്താതെ പോകുന്നവരില്‍നിന്ന് 3300 രൂപ വീതം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ബൈക്ക് ചെയ്‌സ് ചെയ്തു പിടിക്കുന്ന പരിപാടിയൊന്നുമില്ല. നമ്പര്‍ എഴുതി ആര്‍ടിഒ ഓഫിസിലേക്കു കൊടുക്കുകയേയുള്ളൂ. പോരെങ്കില്‍ ലൈസന്‍സ് കട്ട് ചെയ്യുന്ന പരിപാടിക്കു പുറമേ ഒരു മാസം മുതല്‍ മൂന്നു മാസം വരെ വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്യാനും തീരുമാനമായിട്ടുണ്ട്.

ഇത്രയൊക്കെ കര്‍ശനമായി നടപ്പാക്കാന്‍ മാത്രം പ്രധാനപ്പെട്ട സംഗതിയാണോ ഹെല്‍മെറ്റ് എന്നു പലരും സംശയം ചോദിക്കുന്നുണ്ട്. ഒരു സംശയവുമില്ല. തലയുണ്ടെങ്കിലേ ജീവിതമുള്ളൂ. അതുകൊണ്ടാണ് നടുറോഡിലെ ഹെല്‍മെറ്റ് പരിശോധനയ്ക്കു പുറമേ സിനിമയിലും സിനിമയുടെ പോസ്റ്ററിലും വരെ ആളുകല്‍ ഹെല്‍മെറ്റ് വച്ചിട്ടുണ്ട് എന്നുറപ്പുവരുത്താനും വച്ചിട്ടില്ലെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കാനും പൊലീസ് തയ്യാറായിട്ടുള്ളത്.

അടുത്ത കാലത്ത് ഒരു സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി കൊച്ചിയിലൂടെ ബൈക്ക് റാലി നടത്തിയപ്പോള്‍ ഹെല്‍മെറ്റ് വച്ചില്ല എന്ന കാരണത്താല്‍ യുവനടന്‍ ദുല്‍ക്കര്‍ സല്‍മാനെതിരേ സിറ്റി ട്രാഫിക് പൊലീസ് കേസെടുക്കുകയും താരത്തെക്കൊണ്ട് പിഴയടപ്പിക്കുകയും ചെയ്തിരുന്നു. മാതൃകയാവേണ്ട സിനിമാതാരങ്ങള്‍ ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത് വച്ചുപൊറുപ്പിക്കില്ലെന്നാണ് അന്നു ട്രാഫിക് പൊലിസ് പറഞ്ഞത്. അത് ജൂലൈയിലാണ്. ഋഷിരാജ് സിങ്ങിന്റെ ഹെല്‍മെറ്റ് വിപ്ലവം വരുന്നതിനും മുന്‍പ്. ഇന്നു സ്ഥിതി മാറി. ദുല്‍ക്കറല്ല, മമ്മൂട്ടിയായാലും ഇനി ഹെല്‍മെറ്റ് വച്ചേ വണ്ടി വഴിയിലിറക്കൂ.

ജനങ്ങള്‍ക്കു മാതൃകയാവാനുള്ള ഉത്തരവാദിത്വം സിനിമാനടന്‍മാര്‍ക്കും നിയമം പാലിക്കാനുള്ള കടമ പൊതുജനങ്ങള്‍ക്കും മാത്രമേയുള്ളോ എന്നതാണ് ഇനി അറിയേണ്ടത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയം നഗരത്തില്‍ കേരളാ കോണ്‍ഗ്രസിന്റെ ജന്മതാബ്ദിയോടനുബന്ധിച്ചു നടന്ന ഇരുചക്രവാഹനറാലിയില്‍ നേതാക്കന്‍മാരുടെ മക്കളും യുവനേതാക്കന്‍മാരുമുള്‍പ്പെടെയുള്ളവര്‍ ഹെല്‍മെറ്റ് പോയിട്ട് ഒരു മയില്‍പ്പീലി പോലും ചൂടാതെ നൂറുകണക്കിനു ബൈക്കുകളോടിച്ചപ്പോള്‍ ഭക്ത്യാദരപൂര്‍വം എസ്‌കോര്‍ട്ട് പോയത് ഇതേ പൊലീസ് ആണ്. ജീപ്പിന്റെ ബംപറില്‍ കാലുകയറ്റി വച്ച് നിന്ന്, ബോണറ്റ് നീതിപീഠമാക്കി നീതിനിര്‍വഹണം നടപ്പാക്കുന്ന പൊലീസുകാര്‍ക്ക് കേരളാ കോണ്‍ഗ്രസുകാരെ ഇത്രയ്ക്കു പേടിയാണെങ്കില്‍ സാക്ഷാല്‍ കോണ്‍ഗ്രസുകാരെ എന്തു മാത്രം പേടിയായിരിക്കും എന്നാലോചിക്കണം.

കോട്ടയത്ത് നേരത്തേ വനിതാ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആഘോഷത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ സ്‌കൂട്ടര്‍ ഓടിച്ച വനിതാ കൗണ്‍സിലര്‍ക്കെതിരേ കേസെടുത്ത അതേ പൊലീസുകാരാണ് അഞ്ഞൂറോളം ബൈക്കുകള്‍ നിരത്തി കേരളാ കോണ്‍ഗ്രസുകാര്‍ നടത്തിയ പരസ്യമായ നിയമലംഘനത്തിന് മുന്നിലും പിന്നിലും കാവല്‍ നിന്നത് എന്നത് ചെറിയ കാര്യമല്ല. ഇക്കാര്യത്തില്‍ പിന്നോട്ടില്ല എന്നു പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ള ഋഷിരാജ് സിങ്ങിന് അത് ഉറക്കെ പ്രഖ്യാപിക്കാനുള്ള അവസരമാണ് വന്നു ചേര്‍ന്നിരിക്കുന്നത്. അന്ന് അവിടെ ഹെല്‍മെറ്റില്ലാതെ പോയ എല്ലാവര്‍ക്കും എതിരെ വേണമെന്നില്ല, മറ്റുള്ളവര്‍ക്ക് മാതൃകയാവേണ്ട കേരളാ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍മാര്‍ക്കെതിരെ എങ്കിലും കേസെടുത്ത് അവരെക്കൊണ്ട് പിഴയടപ്പിച്ച് കേരളസമൂഹത്തിന് നല്ലൊരു മാതൃക കാട്ടിക്കൊടുക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അല്ലെങ്കില്‍, വെറുതെ കൊച്ചുപിള്ളേരു പോലും പറയും ഊച്ചാളി പോലീസ് എന്ന്. എന്തിനാ വെറുതെ ഉണ്ടാക്കിയെടുത്ത പേര് കണ്ട കേരളാ കോണ്‍ഗ്രസുകാര്‍ക്കു വേണ്ടി കളഞ്ഞു കുളിക്കുന്നത് ?

ഇതിപ്പോള്‍ കേരളാ കോണ്‍ഗ്രസുകാരുടെ നെഞ്ചത്തു കുതിര കയറാനുള്ള ഒരു പോസ്റ്റാണെന്ന് തെറ്റിദ്ധരിക്കരുത്. തിരഞ്ഞെടുപ്പു കാലമാണ് വരുന്നത്. കോണ്‍ഗ്രസുകാരും ലീഗുകാരും സിപിഎമ്മുകാരുമെല്ലാം ഇവിടെ ഇരുചക്രവാഹനറാലികള്‍ നടത്തും. കേരളാ കോണ്‍ഗ്രസുകാരെക്കൊണ്ട് പിഴയടപ്പിക്കണം എന്നു പറയുമ്പോള്‍ അതിന്റെ അര്‍ഥം ഭാവിയില്‍ ഇരുചക്രവാഹനറാലികള്‍ നടത്തുന്ന കോണ്‍ഗ്രസുകാരെക്കൊണ്ടും ലീഗുമാകെക്കൊണ്ടും സിപിഎമ്മുകാരെക്കൊണ്ടുമൊക്കെ ഹെല്‍മെറ്റ് വയ്പിക്കണം എന്നു കൂടിയാണ്. തൊലിക്കട്ടിയുള്ളവരുടെ തലയ്്ക്ക് അത്ര കട്ടിയുണ്ടാവില്ല.

ഋഷിരാജ് സിങ്ങിന് ഒരു ഹെല്‍മെറ്റ് കത്ത്

മിസ്റ്റര്‍ ഋഷിരാജ് സിങ്,

രണ്ടാഴ്ച മുമ്പ് പ്രൈവറ്റ് ബസുകാരെ ഓടിച്ചു പിടിക്കുകയും അവന്‍മാരുടെ ലൈസന്‍സും പെര്‍മിറ്റും കട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ഞങ്ങളൊക്കെ അങ്ങയെ വാഴ്ത്തിപ്പാടിയിരുന്നു. അങ്ങാണ് ഞങ്ങളുടെ ഹീറോ എന്നു പ്രഖ്യാപിച്ചിരുന്നു. ഫെയ്‌സ്ബുക്കില്‍ ഞങ്ങള്‍ ഓടി നടന്നു അങ്ങയുടെ പേരില്‍ ഫാന്‍പേജുകളുണ്ടാക്കി ചെയ്ത ലൈക്കുകള്‍ക്കു കണക്കില്ല. ഒരുവേള അങ്ങ് ലോകപ്രശസ്ത സിനിമാനടി നസ്രിയ നസീമിനെ തോല്‍പിച്ച് ഏറ്റവും കൂടുതല്‍ ലൈക്കുള്ള ഫെയ്‌സ്ബുക്ക് മലയാളി പട്ടം സ്വന്തമാക്കുമോ എന്നു പോലും ഞങ്ങള്‍ കരുതി. പക്ഷെ, അങ്ങായിട്ട് എല്ലാം തുലച്ചു. ആരാധകര്‍ ഇങ്ങനെ പെരുകിവരുന്ന സമയത്ത് അങ്ങ് ഞങ്ങള്‍ക്കു നേരേ തിരിഞ്ഞിരിക്കുന്നു. ഭീരുക്കളെപ്പോലെ ഹെല്‍മെറ്റ് വച്ച് ബൈക്കോടിക്കാന്‍ ഞങ്ങളെ കിട്ടില്ല സര്‍. ധീരന്‍മാര്‍ക്ക് ഒറ്റ മരണമേയുള്ളൂ.

ഇന്നും നാളെയുമായി അങ്ങയുടെ പേരിലുണ്ടാക്കിയ ഫാന്‍ പേജുകളെല്ലാം ഞങ്ങള്‍ അണ്‍ലൈക്ക് ചെയ്യും. പകരം വി ഹേറ്റ് ഋഷിരാജ് സിങ് എന്ന പേരില്‍ ഒരായിരം പേജുകളുണ്ടാക്കും. എന്നിട്ട് അതില്‍ ലൈക്ക് ചെയ്ത് ലൈക്ക് ചെയ്ത് സന്തോഷിക്കും. ഫാന്‍സിനെ വെറുപ്പിച്ചുകൊണ്ട് ഇവിടെ ആര്‍ക്കും ജീവിക്കാനാവില്ല സര്‍. മമ്മൂട്ടിയും മോഹന്‍ലാലും പോലും ഫാന്‍സിനെ പേടിച്ചാണ് ജീവിക്കുന്നത്. അപ്പോഴാണ് ശത്രുത സമ്പാദിക്കുമെന്നറിയാമായിരുന്നിട്ടും അങ്ങ് ഹെല്‍മെറ്റുമായി ഇറങ്ങിയിരിക്കുന്നത്. ഫെയ്‌സ്ബുക്ക് പേജിലെ ലൈക്കുകളെ പുച്ഛിക്കരുത് സര്‍.

വീട്ടില്‍ നിന്നു പുറത്തായ ഹെല്‍മെറ്റ് കടക്കാരനായ കൂട്ടുകാരനു കാശുണ്ടാക്കാന് വേണ്ടി അങ്ങു നടത്തുന്ന ഈ ഹെല്‍മെറ്റ് നാടകം ഞങ്ങള്‍ക്കു മനസ്സിലാവില്ല എന്നാണ് കരുതിയതെങ്കില്‍ തെറ്റി, ഞങ്ങള്‍ക്ക് എല്ലാം മനസ്സിലായിക്കഴിഞ്ഞു സര്‍. തട്ടത്തിന്‍ മറയത്ത് സിനിമ ഞങ്ങളും കണ്ടതാണ്. അതിലെ നിവിന്‍ പോളിയെ സഹായിക്കാന്‍ മനോജ് കെ.ജയന്‍ കളിച്ച അതേ കളിയാണ് അങ്ങു നടത്തുന്നതെന്ന് ഊഹിക്കാന്‍ ഐപിഎസിന്റെയൊന്നും ആവശ്യമില്ല. ഞങ്ങള്‍ ന്യൂജനറേഷന്‍ പ്രബുദ്ധമലയാളിയുവത്വമാണ് സര്‍. ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കണമെങ്കില്‍ അങ്ങു വീണ്ടും ജനിക്കേണ്ടി വരും.

ഈ വൈകിയ വേളയിലെങ്കിലും അങ്ങ് തീരുമാനത്തില്‍ നിന്നു പിന്തിരിയണമെന്നാണ് ഞങ്ങള്‍ക്ക് ആവശ്യപ്പെടാനുള്ളത്. അങ്ങു പ്രൈവറ്റ് ബസുകളെയും ടിപ്പര്‍ ലോറികളെയും ഓട്ടോറിക്ഷകളെയും പിന്നെ വലിയ വലിയ മുതലാളിമാരുടെ വാഹനങ്ങളെയുമൊക്കെ വേട്ടയാടിക്കൊള്ളൂ. ഞങ്ങള്‍ പ്രോല്‍സാഹിപ്പിക്കാം. ഞങ്ങള്‍ക്കെതിരേ ചെറുവിരലനക്കരുത്. പ്രതിഷേധജ്വാലകള്‍ ആളിപ്പടരും. സാധാരണക്കാരായ ഞങ്ങളുടെ പിന്തുണയില്ലാതെ അങ്ങേയ്ക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങളെക്കൊണ്ട് ഹെല്‍മെറ്റ് വയ്പിക്കാനും സീറ്റ് ബെല്‍റ്റിടീക്കാനുമൊന്നും ശ്രമിക്കരുത്. അത് നടക്കില്ല എന്നു മാത്രമല്ല അതൊക്കെ അങ്ങേയറ്റം അനാവശ്യവുമാണ്. ഒന്ന്, ഇരുചക്രവാഹനമോടിക്കുമ്പോള്‍ ഹെല്‍മെറ്റ് ആവശ്യമില്ല. ശ്രദ്ധയാണ് ബൈക്കോടിക്കുമ്പോള്‍ ഏറ്റവും ആവശ്യമായി വേണ്ടത്. ഹെല്‍മെറ്റ് വച്ച് തലമൊത്തത്തിലും കണ്ണും കാതും വായും മൂടിക്കഴിഞ്ഞാല്‍ പിന്നെ എവിടെ എങ്ങനെ ശ്രദ്ധിക്കാനാണ് ? പിന്നെ ഹെല്‍മെറ്റിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തിരുകിവച്ചാല്‍ സ്വസ്ഥമായി സംസാരിച്ചുകൊണ്ട് ബൈക്കോടിക്കാം എന്നൊരു ഗുണമുണ്ട്. പക്ഷെ, നിര്‍ബന്ധമായും ഹെല്‍മെറ്റ് വയ്ക്കണം എന്നു പറഞ്ഞാല്‍ പിന്നെ ഞങ്ങള്‍ക്ക് വയ്ക്കാന്‍ പറ്റില്ല. സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ തലയില്‍ എന്തു വയ്ക്കണം എന്തു വയ്ക്കാതിരിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ. ഉപ്പുസത്യഗ്രഹം പോലെ ഞങ്ങള്‍ ന്യൂജെന്‍ മല്ലൂസ് ഒരു ഹെല്‍മെറ്റ് സത്യഗ്രഹത്തിനിറങ്ങിയാല്‍ പണി പാളുമെന്ന് ഓര്‍മിപ്പിക്കുകയാണ്.

അതുപോലെ തന്നെയാണ് സ്പീഡിന്റെ കാര്യവും. ഞങ്ങളെപ്പോലെ ഫ്രീക്കായ യൂത്തിനോട് നൂറിനു താഴെ വണ്ടിയോടിക്കണമെന്നു പറയാന്‍ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വരുന്നു ? അന്‍പതിനു താഴെ വണ്ടിയോടിക്കുന്നതും ഹെല്‍മെറ്റ് വയ്ക്കുന്നതുമൊക്കെ പേടിച്ചുതൂറികളായ അലവലാതികളാണ്. ഞങ്ങള്‍ ബഡീസിനെ അങ്ങു വിലകുറച്ചു കാണരുത്. ഞങ്ങള്‍ക്കു ബൈക്കോടിക്കാന്‍ ഹെല്‍മെറ്റോ കാറോടിക്ാന്‍ സീറ്റ്‌ബെല്‍റ്റോ റോഡ് മുറിച്ചു കടക്കാന്‍ സീബ്രവരകളോ ആവശ്യമില്ല. ട്രാഫിക് നിയമങ്ങള്‍ അപകടങ്ങളെ ഭയപ്പെടുന്ന ഭീരുക്കള്‍ക്കു വേണ്ടിയാണ്. ഞങ്ങള്‍ മലയാളികള്‍ ഭീരുക്കളല്ല സര്‍.

അമേരിക്കയിലും ക്യാനഡയിലും ബ്രിട്ടണിലും സിക്കുകാരെ ഹെല്‍മെറ്റില്‍ നിന്നൊഴിവാക്കാനായി ആ രാജ്യങ്ങളിലെ ട്രാഫിക് നിയമം മാറ്റിയെഴുതണമെന്ന് അവിടങ്ങളിലുള്ള സിക്കുകാര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ ഇവിടെ വന്ന് ഞങ്ങളെ ഹെല്‍മെറ്റ് വയ്പിക്കാന്‍ ഒരു സിക്കുകാരനായ അങ്ങേയ്ക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ഞങ്ങള്‍ അദ്ഭുതപ്പെടുന്നത്. സോളാര്‍ കേസില്‍ നിന്നു രക്ഷപെടാനുള്ള നാടകമല്ലേ ഈ ഹെല്‍മെറ്റ് വേട്ടയിലൂടെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നു ഞങ്ങള്‍ക്കു സംശയമുണ്ട്. ഹെല്‍മെറ്റ് വേട്ട നടത്തി നാട്ടുകാരെക്കൊണ്ട് പിഴയിടീപ്പിക്കുന്ന പണം സോളാര്‍ കേസ് അട്ടിമറിക്കാന്‍ വേണ്ടിയല്ലേ ഉപയോഗിക്കുന്നത് എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഇതൊരു രാഷ്ട്രീയചര്‍ച്ചയാക്കാന്‍ ഉദ്ദേശമില്ലാത്തതുകൊണ്ട് അതിലേക്കൊന്നും കടക്കുന്നില്ല. എത്രയും വേഗം ഹെല്‍മെറ്റ് വേട്ടയില്‍ നിന്നു പിന്മാറുക. അങ്ങേയ്ക്കു ഫെയ്‌സ്ബുക്ക് സ്റ്റാര്‍ ആവണ്ടേ ? ആക്കുന്ന കാര്യം ഞങ്ങളേറ്റു.

വിശ്വസ്തതയോടെ,
ഓള്‍ കേരള ന്യൂജനറേഷന്‍ മല്ലൂസ് ഫെഡറേഷന്‍ (AKNMF)

‘സച്ചിന്‍ ക്രിക്കറ്റ് ഉപേക്ഷിക്കണം’

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ചില സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഇവിടെ നടക്കുന്ന ചില അഘോഷങ്ങളിലും വിവാദങ്ങളിലും ഇടപെട്ടുകളയാം എന്ന തോന്നലുള്ളതുകൊണ്ടാണ് ഇത്തരത്തിലൊരു ബ്ലോഗ് പോസ്റ്റ് എഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. സച്ചിന്‍ ടെന്‍ഡുക്കര്‍ എന്നു പറയുന്നയാള്‍ 200 റണ്‍സ് എടുത്തു എന്നു പറഞ്ഞാണ് ഇവിടെ ഈ ബഹളമെല്ലാം നടക്കുന്നത്. 200 റണ്‍സ് എന്നു പറയുന്നത് അത്ര വലിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. ഗ്വാളിയര്‍ എന്നു പറയുന്നത് മഹാന്മാരായ കലാകാരന്‍മാരുടെയും ചിത്രകാരന്‍മാരുടെയും ശില്‍പികളുടെയുമൊക്കെ നാടാണ്. ആ നാടിന് ഇന്ന് സച്ചിനെപ്പോലൊരാളുടെ കളിയുടെ പേരില്‍ അറിയപ്പെടാനാണ് യോഗമെങ്കില്‍ അതിനെക്കാള്‍ വലിയൊരു ഗതികേട് വേറെ വരാനുണ്ടോ ?

ഗ്വാളിയോറില്‍ നടന്ന കളിയില്‍ 200 റണ്‍സ് എടുത്തതിന്റെ പേരില്‍ സച്ചിന് ഭാരതരത്നം കൊടുക്കണമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഈ ബ്ളോഗില്‍ ഇതു കൂടി കൂട്ടി ഇതുവരെ 860 പോസ്റ്റായി. എന്റെ പോസ്റ്റുകള്‍ മോഷ്ടിക്കുന്നതല്ലാതെ ബെര്‍ളിച്ചായന് ഒരു ഭാരതരത്നം കൊടുക്കണം എന്നിവിടെ ആരും പറയുന്നില്ല. വാര്‍ധക്യം ബാധിച്ച ഈ ക്രിക്കറ്റ് കളിക്കാരെ നമ്മള്‍ ഇനിയും വച്ചുപൊറുപ്പിക്കുന്നത് ശരിയല്ല. സച്ചിന്‍ സത്യത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിനൊരു ഭാരമാണ്. അയാള്‍ എന്തു ചെയ്തെന്നാണ് ഈ പറയുന്നതെന്ന് എനിക്കു മനസ്സിലാവുന്നില്ല. ഇത്രയും പ്രായമായ സച്ചിന്‍ ക്രിക്കറ്റ് ഉപേക്ഷിച്ച് വേറെ വല്ല പണിക്കും പോകണമെന്നാണ് എനിക്കു പറയാനുള്ളത്. 50 ഓവറില്‍ നിന്നാണ് സച്ചിന്‍ 200 റണ്‍സ് എടുത്തിരിക്കുന്നതെന്ന് ഓര്‍ക്കണം. ഒരോവറില്‍ ആറ് പന്താണ് എറിയുന്നതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അങ്ങനെ വരുമ്പോള്‍ ആറ് ഗുണം അമ്പത് സമം 300 റണ്‍സ് സ്വാഭാവികമായും ആര്‍ക്കും കിട്ടേണ്ടതാണ്. അതില്‍ വെറും 200 റണ്‍സ് എടുത്തതിന്റെ പേരിലാണ് സച്ചിന് ഭാരതരത്നം കൊടുക്കണമെന്ന് ഇപ്പോള്‍ പറയുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതലമുറയുടെ അവസരങ്ങള്‍ നിഷേധിച്ചുകൊണ്ടാണ് സച്ചില്‍ ഇങ്ങനെ നില്‍ക്കുന്നത്. മഹേന്ദ്ര ധോണി എന്നു പറയുന്ന ചെറുപ്പക്കാന്റെ ഭാവി തുലച്ചത് സച്ചിനെപ്പോലുള്ള താരങ്ങളാണ്. അവരുടെ അവസരങ്ങള്‍ നശിപ്പിച്ചുകൊണ്ടാണ് സച്ചിന്‍ ഇവിടെ വലിയ കളിക്കാരനായി നിലനില്‍ക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഈ പ്രായത്തില്‍ ഇരുന്നൂറും മുന്നൂറും റണ്‍സ് ഒക്കെയെടുക്കുന്നത് അശ്ലീലവും അരോചകവുമാണ്. എനിക്കു പറയാനുള്ളത് സച്ചിന്‍ അയാളുടെ പ്രായത്തിനനുസരിച്ചുള്ള റണ്‍സേ എടുക്കാന്‍ പാടുള്ളൂ എന്നാണ്. പത്തോ ഇരുപതോ വയസ്സ് പ്രായമുള്ള പയ്യന്‍മാരെപ്പോലെ അയാള്‍ എന്തിനാണ് ഈ ഇരുനൂറും മുന്നൂറും റണ്‍സ് എടുക്കുന്നത് ? ശ്രീശാന്ത് മഹാനായ കളിക്കാരനാണ്. ശ്രീശാന്തിന്റെ കളി വച്ചു നോക്കുമ്പോള്‍ സച്ചിനും കുച്ചിനുമൊന്നും ഒന്നുമല്ല. സുനില്‍ ഗവാസ്കറിനെപ്പോലെയും കപില്‍ ദേവിനെപ്പോലെയും ശ്രീശാന്തിനെപ്പോലെയുമുള്ള മഹാന്‍മാരായ കളിക്കാര്‍ എടുത്തിട്ടുള്ള സ്കോര്‍ നോക്കണം. അവരുടെ പ്രായത്തിനനുസരിച്ചിട്ടുള്ള സ്കോര്‍ മാത്രമേ അവരെടുത്തിട്ടുള്ളൂ. ആ കളികളൊക്കെ അതിമനോഹരവുമായിരുന്നു. മാത്രവുമല്ല, ഒരു പ്രായം കഴിഞ്ഞപ്പോള്‍ അവരൊക്കെ കളി നിറുത്തി പോവുകയും ചെയ്തു. സച്ചിനൊക്കെ ഇതൊരു പാഠമാക്കണം എന്നാണെനിക്കു പറയാനുള്ളത്.

ഈ പ്രായത്തില്‍ സച്ചിനു ഡബിള്‍ സെഞ്ച്വറിയടിക്കാന്‍ വേണ്ടി ബലിയാടായ ധോണിയെപ്പറ്റി ഇവിടെയാരും പറയുന്നില്ല. ധോണിക്കിവിടെ കളിക്കാന്‍ വേണ്ടത്ര അവസരങ്ങളില്ല. അങ്ങനെ വന്നപ്പോഴാണ് ട്വന്റി 20 മല്‍സരത്തില്‍ കളിക്കാന്‍ ധോണിക്കു പോവേണ്ടി വന്നത്. അവിടെ ധോണിക്ക് കളിക്കാന്‍ അവസരം കിട്ടി അയാള്‍ കഴിവു തെളിയിച്ചപ്പോഴാണ് ഇന്ത്യന്‍ ടീമിലും അയാള്‍ക്കു പരിഗണന ലഭിച്ചതെന്നോര്‍ക്കണം. സച്ചിന്‍ കളിക്കാനിറങ്ങുന്നത് ടിവിയില്‍ കണ്ട് ഞാന്‍ സഹതപിക്കാറുണ്ട്. വലിയൊരു ഹെല്‍മെറ്റും അവിടെയും ഇവിടെയുമൊക്കെ പാഡും വച്ചുപിടിപ്പിച്ചാണ് ഇയാള്‍ കളിക്കുന്നത്. ഹെല്‍മെറ്റും പാഡും വയ്ക്കാതെ ബാറ്റുമായി കളിക്കാനിറങ്ങാന്‍ സച്ചിനു ധൈര്യമുണ്ടോ ? അയാള്‍ ഹെല്‍മെറ്റ് ഊരിയാല്‍ ടീമിന്റെ ചിയര്‍ഗേള്‍സെല്ലാം ബോധം കെട്ടു വീഴും. ഐപിഎല്‍ എന്നൊക്കെ പറഞ്ഞ് അയാളെ ടീമിലെടുക്കാന്‍ പോകുന്ന ചെറുപ്പക്കാരികളായ സിനിമാനടിമാരു കൂടി അറിയാനാണ് ഞാനിതു പറയുന്നത്. ഞാന്‍ ബ്ളോഗെഴുതുന്നത് ഹെല്‍മെറ്റും പാഡും ഒന്നും വച്ചിട്ടല്ല. ഹെല്‍മെറ്റും പാഡുമൊക്കെ ഫിറ്റ് ചെയ്താല്‍ സച്ചിന്‍ 200 അടിച്ചിടത്ത് ഞാന്‍ 400 അടിച്ചേനെ. അങ്ങനെ നോക്കിയാല്‍ സച്ചിനെക്കാള്‍ നല്ല കളിക്കാരനാണ് ഞാന്‍.

ഞാന്‍ നൂറു കണക്കിനു പോസ്റ്റുകളെഴുതിയിട്ടുള്ള ബ്ലോഗറാണ്. ചാര്‍ളിയുടെ അപ്രകാശിത പ്രേമലേഖനം പോലൊരു പോസ്റ്റെഴുതാന്‍ സച്ചിന്‍ വിചാരിച്ചാല്‍ നടക്കുമോ ? ആയിരക്കണക്കിന് ആരാധകര്‍ എനിക്കുണ്ട്, ബ്ളോഗിങ് തുടങ്ങിയിട്ട് നാലഞ്ചു വര്‍ഷമായി അന്നു മുതല്‍ ഫെയ്മസാണ്. സച്ചിനെപ്പോലൊരു കളിക്കാരനെ വിമര്‍ശിച്ച് മാധ്യമശ്രദ്ധ നേടേണ്ട കാര്യമെനിക്കില്ല. ഞാനിതു വരെ ഒരു ക്രിക്കറ്റ് മാച്ച് പോലും കണ്ടിട്ടില്ല പക്ഷെ, ക്രിക്കറ്റ് മോശപ്പെട്ട കാര്യമാണെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍, സച്ചിന്‍ ക്രിക്കറ്റിലൂടെ ലഭിച്ച അംഗീകാരം വില്‍പനച്ചരക്കാക്കുകയാണ്. ക്രിക്കറ്റ് എന്ന കലയിലൂടെ അദ്ദേഹത്തിനു ലഭിച്ചിട്ടുള്ള അംഗീകാരവും ജനപിന്തുണയും കണ്ട പെപ്സിയുടെയുംം മറ്റും പരസ്യങ്ങളിലൂടെ അയാള്‍ വിറ്റു കാശാക്കുകയാണ്. ഇങ്ങനെയുള്ള ധനമോഹമാണ് ക്രിക്കറ്റില്‍ നിന്നും ശ്രീശാന്തിനെപ്പോലുള്ള കളിക്കാരെ അകറ്റി നിര്‍ത്തുന്നത്.

പെപ്സിയുടെ ഒരു പഴയ പരസ്യത്തില്‍ കരീന കപൂറിന്റെ ഫ്ലാറ്റില്‍ സച്ചില്‍ അതിക്രമിച്ചു കടക്കുന്നതായി ഒരു രംഗമുണ്ട്. നല്ല അടി കിട്ടാത്തതിന്റെ കുഴപ്പമാണിത്. വട്ടുസോഡയുടെ പരസ്യത്തില്‍ വേണമെങ്കില്‍ എനിക്കും അഭിനയിക്കാമായിരുന്നു. ബ്ളോഗിങ്ങിനെ വില്‍പനച്ചരക്കാക്കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടാണ് ഞാനത് ചെയ്യാത്തത്. സച്ചിനെപ്പോലൊരു കളിക്കാരന് ഒറ്റ കളിയിലൂടെ കിട്ടുന്ന കാശ് എന്നെപ്പോലൊരു ബ്ളോഗര്‍ക്ക് ആയുഷ്കാലം മുഴുവന്‍ ബ്ളോഗെഴുതിയാലും കിട്ടില്ല. മഹാനായ ഞാന്‍ ബ്ളോഗെഴുതരുതെന്നു കേരളാ ബ്ളോഗ് അക്കാദമി പറയുന്നതുപോലെയാണ് ടീമീനു പുറത്തു നില്‍ക്കണമെന്ന് ബിസിസിഐ ഇടക്ക് ശ്രീശാന്തിനോട് പറയുന്നത്. ശ്രീശാന്തിനെ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ ആക്കണമെന്നാണ് എനിക്കു പറയാനുള്ളത്. അടുത്ത സൂര്യോദയത്തിനു മുമ്പ് അക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവണം. ബെര്‍ളിത്തരങ്ങള്‍ മികച്ച ബ്ലോഗാണെന്നു പറയുന്നതുപോലെ ശ്രീശാന്ത് നല്ല കളിക്കാരനുമാണ്.

ക്രിക്കറ്റ് കണ്ടിട്ടില്ലാത്ത ഞാന്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ അഭിപ്രായം പറയരുത് എന്നു പറയുന്നത് വിവരക്കേടാണ്. ഇന്ത്യന്‍ ഭരണഘടന ഉള്ളിടത്തോളം ക്രിക്കറ്റിന്റെ കാര്യത്തില്‍ ഞാനിടപെടും. സച്ചിനെപ്പറ്റിയൊക്കെ പല പല വിരങ്ങളും ഇപ്പോള്‍ എന്നോട് ഓരോരുത്തര്‍ വിളിച്ചു പറയുന്നുണ്ട്. സച്ചിന്‍ ഒന്നര വയസ്സുള്ളപ്പോള്‍ സഹോദരന്റെ പാര്‍ലെ ബിസ്കറ്റ് അടിച്ചുമാറ്റിയതായി എന്നോടൊരാള്‍ പറഞ്ഞിട്ടുണ്ട്; അത് തെറ്റാണെങ്കില്‍ ഞാന്‍ മാപ്പു ചോദിക്കുന്നു.

ക്രിക്കറ്റില്‍ എന്നും യുവരാജാവായി കളിക്കാന്‍ പറ്റുമെന്നു സച്ചിന്‍ കരുതുന്നത് വിഡ്ഡിത്തമാണ്. ചെറുപ്പക്കാരുടെ ഭാവി തുലയ്ക്കുന്ന നടപടി നിര്‍ത്തി എട്ടോ പത്തോ റണ്‍സ് എടുത്ത് ഔട്ടാകാനുള്ള സമയം കഴിഞ്ഞു. റിട്ടയര്‍ ചെയ്ത് വീട്ടിലിരുന്ന് എന്റെ ബ്ളോഗ് വായിച്ചു കഴിയാനുള്ള പ്രായമായി സച്ചിന്. ബ്ലോഗറെന്ന നിലയില്‍ വ്യക്തിഹത്യക്കു വേണ്ടി എനിക്കു ലഭിച്ചിട്ടുള്ള പ്രതിയോഗികളില്‍ ഏറ്റവും താഴ്ന്നയാളാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. ഒരു പന്ത് പലതവണ അടിച്ചു തെറിപ്പിക്കുന്നതില്‍ എന്തു ക്രിയേറ്റിവിറ്റി ആണുള്ളത്. പന്ത് അടിച്ചു തെറിപ്പിക്കാന്‍ ബുദ്ധിയോ വിവേകമോ ആവശ്യമുണ്ടോ ? ബ്ളോഗ് എഴുതണമെങ്കില്‍ അതിഭയങ്കരമായ ക്രിയേറ്റിവിറ്റിയും ബുദ്ധിയുമൊക്കെ ആവശ്യമുണ്ട്. ക്രിക്കറ്റ് ഒക്കെ ശരിക്കും പറഞ്ഞാല്‍ നിരോധിക്കേണ്ടതാണ്. കഴിഞ്ഞ ഐപിഎല്ലിന് ഒരു ചെറുപ്പക്കാരന്‍ ക്രിക്കറ്റിന്റെ ഉള്ളുകളികളെപ്പറ്റി ബ്ളോഗ് എഴുതിയിരുന്നു. ഈ വര്‍ഷവും ആരെങ്കിലും അങ്ങനെ ചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ.