സുവര്‍ണജൂബിലി ആശങ്കകള്‍

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ലോകോത്തര സംഘടനയാണെന്നത് ഞാനിനി എടുത്തു പറയേണ്ട കാര്യമില്ല. സംഘടനയുടെ സുവര്‍ണജൂബിലി ഇന്നലെ കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തതോടെ അതിന്‍റെ പ്രവര്‍ത്തനമാതൃക ദേശീയതലത്തില്‍ കൂടി ശ്രദ്ധിക്കപ്പെടുകയാണ്. എന്തിനെന്നോ എത്ര കാലത്തേക്കെന്നോ പറയാതെ ഇതിന്‍റെ ഭാരവാഹികള്‍ കുറെക്കാലം മുമ്പ് സസ്‍പെന്‍ഡ് ചെയ്ത ഒരംഗമാണെങ്കിലും സുവര്‍ണജൂലിയിലുടെ ഈ കാലഘട്ടത്തില്‍ ഞാന് സംഘടനയ്‍ക്ക് ആശംസകള്‍ നേരുകയാണ്. സംഘടനാഭാരവാഹികള്‍ക്ക് വിമര്‍ശനം ഇഷ്ടമല്ലെങ്കിലും എനിക്ക് അങ്ങനെയൊന്നുമില്ല.അതുകൊണ്ട് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സുവര്‍ണജൂബിലിയോടനുബന്ധിച്ച് സംഘടനാ പ്രസിഡന്‍റ് രാജഗോപാലിന്‍റേതായി വിവിധ പത്രങ്ങളില്‍ വന്ന ലേഖനത്തില്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അംഗങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട്, ഭാരവാഹികള്‍ സംഘടനയില്‍ മറ്റാരുടെയൊക്കെയോ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ പൊതുവേ ആരോപിക്കുമ്പോഴാണ് പ്രസിഡന്‍റ് രോമാഞ്ചം ജനിപ്പിക്കുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളത്.

“കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള ജീവിതസാഹചര്യങ്ങളും സേവനവേതന വ്യവസ്ഥകളും ഉറപ്പാക്കാനും പീഡനങ്ങള്‍ക്കെതിരെ സമരപോരാട്ടങ്ങള്‍ നയിക്കാനും പ്രശ്‌നങ്ങളില്‍ താങ്ങായി, തണലായി നില്‍ക്കാനും കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെയായി യൂണിയനായിട്ടുണ്ട്” – എന്നതാണ് അതിലൊന്ന്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മജിദീയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്ന് ഉറക്കെ ഒന്നാവശ്യപ്പെടുമോ എന്നു ചോദിച്ചവരോട് അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതല്ല സംഘടനയുടെ ജോലി എന്നാണ് ചില ഭാരവാഹികള്‍ പ്രതികരിച്ചിട്ടുള്ളതെന്നാണ് സസ്‍പെന്‍ഷനു യോഗ്യതയുള്ള സാമദ്രോഹികള്‍ പുറത്തു പറഞ്ഞു നടക്കുന്നത്.

“ജോലി സ്ഥിരതയില്ലായ്മയാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് രാജ്യത്താകമാനം കരാര്‍ നിയമനങ്ങള്‍ പെരുകുന്നു. പല ദേശീയ ദിനപത്രങ്ങളിലും സ്ഥിര നിയമനം ഉള്ളവരുടെ എണ്ണം തീരെ കുറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങൂന്നു.”- പ്രസിഡന്‍റ് എഴുതുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശേഷിയില്ലാത്ത സംഘടന അതിന്‍റെ പ്രവര്‍ത്തനമേഖലയ്‍ക്ക് പുറത്ത് ദേശീയപത്രങ്ങളിലെ കരാര്‍തൊഴിലാളികളുടെ കാര്യത്തെപ്പറ്റി വേവലാതിപ്പെടുന്നത് കാണുമ്പോള്‍ സസ്‍പെന്‍ഷനിലായിട്ടു കൂടി എനിക്കു രോമാഞ്ചമാണ്.അപ്പോള്‍ സസ്‍പെന്‍ഷനിലല്ലാത്തവരുടെ കാര്യം എന്തായിരിക്കും ?

“ജസ്റ്റിസ് ജി ആര്‍ മജീദിയ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കിക്കിട്ടാന്‍ നിയമപരവും സംഘടനാപരവുമായ പോരാട്ടങ്ങളിലാണ് സംഘടന ഒടുവില്‍ എത്തിനില്‍ക്കുന്നത്”-അതു തന്നെയാണ് പത്രക്കാരും പറയുന്നത്. അവിടെത്തിയതിനു ശേഷം അനങ്ങാതെ നില്‍ക്കുകയാണ്,മുന്നോട്ടില്ല. മൂവായിരവും നാലായിരവും രൂപയ്‍ക്ക് 12 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുക്കുന്ന പത്രക്കാര്‍ കേരളത്തിലുള്ളപ്പോള്‍ ഇങ്ങനെ സുവര്‍ണജൂബിലിയൊക്കെ ആഘോഷിച്ചു നടന്നാല്‍ മതിയോ, ആ വേജ്ബോര്‍ഡ് നടപ്പാക്കിയെടുക്കേണ്ടേ എന്നൊക്കെയാണ് ഇപ്പോഴുള്ള ഭാരവാഹികള്‍ വള്ളിനിക്കറിട്ടു നടന്ന കാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍ ചോദിക്കുന്നത്. സസ്‍പെന്‍ഷനിലായതുകൊണ്ടും സംഘടനയോട് പേടി കലര്‍ന്ന ബഹുമാനം ഉള്ളതുകൊണ്ടും ഞാന്‍ എന്‍റേതായ ഒരഭിപ്രായവും പറയില്ല.

“സമ്പന്നമായ ചരിത്രവും പ്രഭാവന്‍മാരുടെ നേതൃനിര തെളിച്ച വഴികളും സംഘടനയുടെ ശക്തിയായി ഉള്ളപ്പോഴും ഒട്ടേറെ പരിമിതികളും പ്രവര്‍ത്തനത്തിലുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടന എന്നത് വിലപേശലിനുള്ള വലിയ കരുത്ത് നല്‍കുമ്പോഴൂം ട്രേഡ്‌യൂണിയന്‍ എന്ന നിലയില്‍ പലപ്പോഴൂം ഇത് പരിമിതിയായി മാറുന്നു. വ്യത്യസ്ത താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരേ സംഘടനയിലെ അംഗങ്ങളായിരിക്കുന്നത് ശക്തിയായിരിക്കുമ്പോള്‍ തന്നെ ദൗര്‍ബല്യവുമാവുന്നു.“- ഇതുകൊണ്ട് പ്രസിഡന്‍റ് എന്താണുദ്ദേശിച്ചത് എന്നെനിക്കു പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ, ദേശാഭിമാനി ലേഖകനെ കേസിലുള്‍പ്പെടുത്തിയതിനെതിരേ വലിയ പ്രക്ഷോഭത്തിനൊരുങ്ങുന്ന സംഘടനയുടെ ആ ദൗര്‍ബല്യമായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്.

അതായത്, ടി.പി.ചന്ദ്രശേഖരന്‍ വധവും അനുബന്ധ മുതലക്കണ്ണീരുകളും കേരളസാംസ്കാരിക ഭൂമികയെ സംഭവബഹുലമാക്കിയിരിക്കുന്ന കാലം. മാധ്യമങ്ങളില്‍ കേസന്വേഷണ വാര്‍ത്തകള്‍ വിശദമായി വരുന്നതില്‍ പാര്‍ട്ടി കലികൊണ്ടിരിക്കുന്ന സമയം. ദേശാഭിമാനി ഒന്നാം പേജില്‍ അന്വേഷണദ്യോഗസ്ഥന്‍ മാധ്യമങ്ങളെ 3000 തവണ ഫോണില്‍ വിളിച്ചു എന്നു വാര്‍ത്ത കൊടുത്തു. അന്വേഷണദ്യോഗസ്ഥന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും പേരുകളും മൊബൈല്‍ നമ്പരുകളും പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ‘ഇവന്മാരാടാ നമുക്കെതിരേ പണിയുന്നത്,വിളിച്ചു വിരട്ടെടാ’ എന്ന തുറന്ന ആഹ്വാനം കൂടിയായിരുന്നു അത് എന്നതിനു തെളിവായി ഈ വാര്‍ത്ത വലിയ ഫ്ലെക്സുകളായി രൂപാന്തരപ്പെട്ടു. ഈ നമ്പരുകളിലേക്ക് ഭീഷണികളുണ്ടായി.യൂണിയന്‍ അനങ്ങിയില്ല.

പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോള്‍ലിസ്റ്റ് പരിശോധിച്ച ശേഷം പൊലീസ് സ്ഥിരീകരിച്ചു. ഫോണ്‍ ചോര്‍ത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.അത് ചൂടോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരനെ ചോദ്യം ചെയ്യാന്‍ വിളിച്ചു. അതോടെ യൂണിയന്‍ ഉണര്‍ന്നു. ദേശാഭിമാനിക്കാരനെതിരെയുള്ള പോലീസ് കേസ് ജനാധിപത്യവും പത്രസ്വാതന്ത്ര്യവും വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന് യൂണിയന്‍ ഇപ്പോള്‍ പറയുന്നു. അപ്പോള്‍,മാധ്യമപ്രവര്‍ത്തകരുടെയും ഡിവൈഎസ്പിയുടെയും പേരുവിവരങ്ങളും നമ്പരുകളും പത്രത്തില്‍ അടിച്ചത് എന്തിന്‍റെ ഭാഗമാണ് ? പത്രക്കാര്‍ക്ക് എന്തുമാവാം, പൊലീസ് അതിലിടപെടരുത് എന്നാണെന്നു തോന്നുന്നു അതിന്‍റെ ഉള്ളടക്കം. വോട്ടുമോഷണം മുതല്‍ ഫ്ലാറ്റ് തട്ടിപ്പുവരെയുള്ള വിവാദങ്ങളില്‍പ്പെട്ടു നാറിയിട്ടും തലയുയര്‍ത്തി നില്‍ക്കാന്‍ പത്രക്കാര്‍ക്ക് ലജ്ജയില്ല എന്നത് അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്.

ഇനി ഐതിഹാസികമായ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെ കാര്യം. സുവര്‍ണ ജൂബിലി എന്നു വച്ചാല്‍ 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടത്തുന്ന ആഘോഷം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍, ഈ സംഘടനയിലെ സജീവപ്രവര്‍ത്തകരായ ചില അംഗങ്ങള്‍ പറയുന്നു, സംഘടന നേരത്തേ സുവര്‍ണജൂബിലി ആഘോഷിച്ചിട്ടുള്ളതാണെന്ന്. പത്തന്‍പത്തഞ്ചു വയസ്സെങ്കിലുമുള്ള സംഘടന ഇപ്പോള്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്നതെന്തിനാണ് എന്നവര്‍ പരസ്പരം ചോദിക്കുന്നു. ഞാന്‍ ചരിത്രം പരിശോധിച്ചു. ചരിത്രം തിരുത്തിക്കുറിക്കുന്ന പാര്‍ട്ടികളായതുകൊണ്ടാവാം, പത്രക്കാരുടെ ചരിത്രമൊന്നും ആരും എവിടെയും കടുത്ത ചായക്കൂട്ടുകള്‍ കൊണ്ടെഴുതി വച്ചിട്ടില്ല. പക്ഷെ,കണ്ണൂര്‍ പ്രസ് ക്ലബിന്‍റെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്- The Kerala Union of Working Journalists (KUWJ) came into existence along with the formation of United Kerala State in 1958. Mr. K. Karthikeyan ( Kerala Kaumudi) and Mr. P.Viswambaran ( UNI ) were the first President and secretary of the state committee of the union respectively. അതായത് 54 വയസുള്ള സംഘടനയാണ് ഇന്നലെ സുവര്‍ണജൂബിലി ആഘോഷിച്ചത്.

സംഘടനയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴ്‍പോട്ടാണെന്നു ചിലര്‍ പറയുന്നുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെപ്പോലെ ഓരോ വര്‍ഷം തോറും പ്രായം കുറഞ്ഞുവരുന്നതാവാനും മതി. അങ്ങനെയാണെങ്കില്‍ പത്തിരുപത് വര്‍ഷം കൂടി കഴിയുമ്പോള്‍ സില്‍വര്‍ ജൂബിലിയും പിന്നെയുമൊരു 25 വര്‍ഷം കഴിയുമ്പോള്‍ ഒന്നാം വാര്‍ഷികവും ആഘോഷിക്കാം. ഇതൊക്കെ ഞാന്‍ സംഘടനയെ കരിവാരിതേക്കാന്‍ പറയുന്നതാണെന്നേ അതിന്‍റെ ഭാരവാഹികള്‍ പറയൂ. അവരായിട്ട് വാരി തേച്ചിരിക്കുന്നത്ര കരി ഞാന്‍ ഈ ജന്മം മുഴുവന്‍ വിചാരിച്ചാലും തേക്കാന്‍ പറ്റില്ല. അല്ലെങ്കിലും സംഘടനാഭാരവാഹികളെ പ്രകോപിപ്പിക്കാന്‍ ഇനി ഞാന്‍ ഇല്ല. ഈ പത്രക്കാരെഴുതിവിടുന്ന ആക്ഷേപവും വിമര്‍ശനവും വായിച്ചു വായിച്ചാണ് ഞാനിങ്ങനെ ആയിപ്പോയത്. എന്നാല്‍ അവരെപ്പറ്റി വല്ല ആക്ഷേപമോ വിമര്‍ശനമോ ഉന്നയിച്ചാല്‍ അപ്പോ‍ സസ്‍പെന്‍ഡ് ചെയ്തു കളയും, ഒരിക്കല്‍ സസ്‍പെന്‍ഡ് ചെയ്തതാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടാകില്ല.

“ഇനി മുന്നോട്ടുളള യാത്രയില്‍ യൂണിയന് ഏറ്റെടുക്കാനും നേരിടാനുമുള്ള വെല്ലുവിളികള്‍ ഒട്ടും കുറവല്ല. ഈ പ്രയാണത്തില്‍ കരുത്തായി അരനൂറ്റാണ്ടിനപ്പുറം നീളുന്ന ധന്യമായ ചരിത്രം ഈ സംഘടനക്ക് വഴികാട്ടിയായി ഉണ്ടാവുമെന്നതില്‍ സന്ദേഹമില്ല.”– എന്നു പറഞ്ഞാണ് പ്രസിഡന്‍റിന്‍റെ ലേഖനം അവസാനിക്കുന്നത്. ഇപ്പോള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ചീത്തപ്പേര് ഇനിയൊരന്‍പതു കൊല്ലത്തേക്കു കൂടി സംഘടനയ്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന ദീര്‍ഘദൃഷ്ടിയോ, ചരിത്രം പറഞ്ഞ് അഭിമാനിക്കാനല്ലാതെ വര്‍ത്തമാനകാലത്ത് നല്ലതൊന്നും ചെയ്തിട്ടില്ലെന്ന തിരിച്ചറിവോ ഒക്കെയാണ് ഈ വരികളില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നത്. എമേര്‍ജിങ് കേരളയുടെയും ഏജന്‍റ് ജാദൂവിന്‍റെയുമൊക്കെ കാലത്ത് ഇതൊക്കെ തന്നെ അധികമാണ്. ഹാപ്പി ജൂബിലി.

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.