മഹാരാജാവ് നീണാള്‍ വാഴട്ടെ !

രാജാവ് നഗ്നനാണ് എന്നത് ചരിത്രത്തിലെ ഏറ്റവും വലുതും ഇന്നും നമ്മളൊക്കെ പലയിടത്തും ഉദ്ധരിക്കുകയും ചെയ്യുന്ന ഏറ്റവും ധീരമായ തുറന്നു പറച്ചിലായാണ് ലോകം കണക്കാക്കുന്നത്. കാര്യം ജനാധിപത്യമൊക്കെയാണെങ്കിലും തിരുവനന്തപുരത്തുകാര്‍ക്ക് ദൈവത്തെപ്പോലെ ആരാധ്യനായ തിരുവിതാംകൂര്‍ രാജാവിനു കള്ളന്റെ ഇമേജ് നല്‍കിയ അമിക്യസ് ക്യൂരിയുടെ ധീരതയില്‍ പക്ഷെ ആരും അദ്ഭുതപ്പെടുന്നില്ല. കള്ളന്‍മാരെ ആദരിക്കുകയും ധീരന്‍മാരെ കുഴിച്ചുമൂടുകയും ചെയ്യുന്നവരെന്ന നിലയില്‍ മലയാളിക്ക് അമിക്യസ് ക്യൂരിയെ ബഹുമാനിക്കാന്‍ സാധിക്കുകയുമില്ല.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണശേഖരം ആര്‍ക്ക് അവകാശപ്പെട്ടതാണ് എന്ന ചോദ്യത്തില്‍ നിന്നു വേണം മറ്റെല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം കണ്ടെത്താന്‍. അത് രാജാവിനും ഫാമിലിക്കും അവകാശപ്പെട്ടതാണെന്നും ബ്രിട്ടിഷുകാരുടെ കയ്യില്‍പ്പെടാതെ അതവിടെ സൂക്ഷിച്ചുവച്ച രാജാപാര്‍ട്ടിനെ പൂജിക്കാതെ അവരെ കുറ്റം പറയുന്നോടാ പട്ടികളേ എന്നാണ് പ്രധാനമായും നീതിമാന്‍മാര്‍ക്കു ചോദിക്കാനുള്ളത്. ഇതിനിടയിലാണ് സ്വര്‍ണം നാട്ടുകാര്‍ക്കെല്ലാം വീതം വച്ചുകൊടുക്കണമെന്ന വാദവും സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടണമെന്ന തിയറിയുമൊക്കെ വരുന്നത്. നാട്ടുകാര്‍ക്ക് കൊടുത്താല്‍ സ്വാഭാവികമായും ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴി അതും സര്‍ക്കാര്‍ ഖജനാവിലേക്കാണ് എത്തുന്നത്. സര്‍ക്കാരിനു കിട്ടുന്ന പണം ആരുടെയൊക്കെ പോക്കറ്റുകളിലേക്കു പോകുമെന്നത് നമുക്ക് കൃത്യമായി അറിയാം (മുകേഷ് അംബാനിയുടെ ദിവസ വരുമാനം 1100 കോടി രൂപ).

അപ്പോള്‍ അന്നു സുപ്രീം കോടതി പറഞ്ഞതുപോലെ നിധി ഇപ്പോള്‍ ഇരിക്കുന്നിടത്തു തന്നെ സൂക്ഷിച്ചു വയ്ക്കുക എന്നതാണ് തല്‍ക്കാലം ചെയ്യാവുന്നത്. അക്കാലത്തെ രാജഭരണത്തില്‍ നിര്‍വൃതിയടഞ്ഞ പ്രജകള്‍ ഭക്തിമൂത്ത് പ്രാന്തായപ്പോള്‍ ഉള്ള സ്വര്‍ണവും കിണ്ടിയും എല്ലാം രാജാവിനു കാഴ്ചവച്ച് ആത്മശാന്തി നേടിയതിന്റെ സ്മാരകമായി അക്ഷരമാലക്രമത്തില്‍ വേര്‍തിരിച്ചിട്ടുള്ള നിലവറകള്‍ നിധിഗര്‍ഭവും പേറി അവിടെത്തന്നെ നിലനില്‍ക്കട്ടെ. പക്ഷെ, അതിനൊരു കണക്കു വേണം. ആറ്റില്‍ കളഞ്ഞാലും അളന്നു കളയണം എന്നു പഴഞ്ചൊല്ലുള്ള തിരുവിതാംകൂറില്‍ രാജാവിന്റെ കാല്‍ക്കീഴിലിരിക്കുന്ന സമ്പത്തിന്റെ കണക്കെടുക്കുന്നത് മാത്രം പാപമാണെന്നു വാദിക്കുന്നത് ശരിയല്ല.

അങ്ങനെ അമിക്യസ് ക്യൂരി വന്ന് കാര്യങ്ങള്‍ പഠിക്കുകയും അന്വേഷിക്കുകയും റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. വിഎസ് അച്യുതാനന്ദന്‍ പണ്ടു പറഞ്ഞ കാര്യങ്ങള്‍ അമിക്യസ് ക്യൂരി ആവര്‍ത്തിക്കുക മാത്രമാണു ചെയ്തതെന്ന് വേണമെങ്കില്‍ പറയാം. ഒന്നുകില്‍ അമിക്യസ് ക്യൂരിയുടെ സിപിഎം ബന്ധം കണ്ടെത്തുക. അല്ലെങ്കില്‍ വിഎസിനെ അംഗീകരിക്കുക. രാജഭക്തന്‍മാര്‍ക്ക് ചോയ്‌സുകള്‍ അധികമില്ല. എന്തായാലും അമിക്യസ് ക്യൂരി റിപ്പോര്‍ട്ട് വിഎസിന്റെ പ്രസ്താവന പോലെയല്ല. വളരെ ആധികാരികമായി അതില്‍ പറയുന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ രത്‌നച്ചുരുക്കം ഇവിടെ വായിക്കാം. ക്ഷേത്രത്തിലെ പണിപ്പുരയില്‍ നിന്നും ലഭിച്ച സ്വര്‍ണം പൂശുന്ന യന്ത്രം അവിടെ നടന്ന രാജകീയ ഉഡായ്പുകളുടെ സ്മാരകമായിരിക്കണം. അതെപ്പറ്റിയുള്ള റിപ്പോര്‍ട്ട് ഇവിടെ വായിക്കാം.

മാര്‍ത്താണ്ഡവര്‍മ ഉള്‍പ്പെടെയുള്ള കക്ഷികള്‍ ക്ഷേത്രത്തില്‍ നിന്നു സ്വര്‍ണം കടത്തി എന്ന് ഇന്ന് അമിക്യസ് ക്യൂരി പറയുമ്പോള്‍ നമ്മളൊക്കെ ഞെട്ടുകയാണ്. ബി നിലവറ തുറന്നാല്‍ സര്‍വനാശം വരുമെന്നു പറയുന്ന രാജകുടുംബം ആ നിലവറ പലവട്ടം തുറന്നിട്ടുണ്ട് എന്നാണ് അമിക്യസ് ക്യൂരി റിപ്പോര്‍ട്ട്. 2011 ഓഗസ്റ്റില്‍ വിഎസ് പറഞ്ഞത് ശ്രദ്ധിക്കുക: “അറകളിലെ കണക്കെടുപ്പിനുള്ള ഭീഷണിയെന്ന നിലയില്‍ ദേവപ്രശ്‌നം നടത്തുകയാണ് മാര്‍ത്താണ്ഡവര്‍മ ചെയ്തത്. ശ്രീപത്മനാഭ സ്വാമിയുടെ അറയില്‍ തൊടുന്നവരുടെ കുടുംബത്തെ അത് ബാധിക്കുമെന്നും ദേവപ്രശ്‌നത്തില്‍ പറഞ്ഞു. സര്‍പ്പത്തിന്റെ ചിത്രം കൊത്തി വച്ച നിലവറ നേരത്തെ മാര്‍ത്താണ്ഡവര്‍മ തുറന്നിരുന്നു. മാര്‍ത്താണ്ഡവര്‍മ തുറന്നാല്‍ സര്‍പ്പകോപവുമില്ല. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും മാര്‍ത്താണ്ഡവര്‍മ ദര്‍ശനം നടത്തി മടങ്ങുന്നത് പാത്രത്തില്‍ പായസവുമായല്ല അറകളിലെ സ്വര്‍ണവുമായാണ്. നിധി ക്ഷേത്രത്തില്‍ സുരക്ഷിതമല്ല. അവിടുത്തെ ശാന്തിക്കാരനെ ചൂടുവെള്ളം ഒഴിച്ചു കൊല്ലാന്‍ ശ്രമിച്ചത് എനിക്കറിയാം. അയാള്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്.”

വിഎസിന്റെ അന്നത്തെ പ്രസ്താവനകളില്‍ ഏറ്റവും വിവാദമായത് മാര്‍ത്താണ്ഡ വര്‍മ പായസപ്പാത്രത്തില്‍ സ്വര്‍ണം കടത്തുന്നു എന്നതായിരുന്നു. നാട്ടിലെ പച്ചപ്പരിഷ്‌കാരികളും പുരോഗമനവാദികളുമെല്ലാം വിഎസിനെ കല്ലെറിഞ്ഞതും ആ പ്രസ്താവനയുടെ പേരിലായിരുന്നു. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടില്‍ പായസപ്പാത്രമില്ല. എന്നാല്‍ അതിനെക്കാള്‍ തന്ത്രപരമായ മോഷണവിദ്യകളാണുള്ളത്. അമിക്യസ് ക്യൂരി റിപ്പോര്‍ട്ടിന്റെ പശ്താത്തലത്തില്‍ വിഎസിന്റെ പ്രതികരണം ഇവിടെ വായിക്കാം.

ജനാധിപത്യം പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ ആം ആദ്മി യുഗത്തില്‍ മാര്‍ത്താണ്‍വര്‍മയെയും മറ്റും മഹാരാജാവെന്നു വിളിച്ച് പൂജിക്കുന്നതിനെയും അമിക്യസ് ക്യൂരി ചോദ്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാനഭരണത്തിനു സമാന്തരമായി രാജഭരണവും നടക്കുന്നു എന്നു പറഞ്ഞിരിക്കുന്നത് വിഎസോ ഉമ്മന്‍ ചാണ്ടിയോ അല്ല, സുപ്രീം കോടതി നിയോഗിച്ച അമിക്യസ് ക്യൂരിയാണ് എന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സാമൂഹിക-സാംസ്‌കാരിക നായകര്‍ക്കും ബുദ്ധിജീവികള്‍ക്കും ധീരന്‍മാരായ കേരളത്തിലെ മറ്റു രാഷ്ട്രീയനേതാക്കള്‍ക്കും ഇതെപ്പറ്റി ഒരക്ഷരം മിണ്ടാന്‍ പേടിയാണെന്നതും അമിക്യസ് ക്യൂരിക്ക് റിപ്പോര്‍ട്ടിനൊപ്പം ചേര്‍ക്കാവുന്നതാണ്.

സെപ്റ്റിക് ടാങ്കില്‍ നിധി; പുരാവസ്തുവകുപ്പേ വരൂ…

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് പുരാവസ്തു വകുപ്പിന്റെ സഹായം തേടാം. ടാങ്ക് വൃത്തിയാക്കാന്‍ ശാസ്ത്രജ്ഞരെയും കൂട്ടി വരുമോ വകുപ്പേ എന്നു ചോദിക്കരുത്, അവര്‍ തെറിവിളിച്ചേക്കാം. തികച്ചും സൗജന്യമായി ഒദ്യോഗികജാഡകളോടെ അവരെക്കൊണ്ട് ടാങ്ക് വൃത്തിയാക്കിക്കാന്‍ വഴിയൊന്നു മാത്രം- ടാങ്ക് ഇരിക്കുന്ന സ്ഥലം 1000 വര്‍ഷം മുമ്പ് ഏതെങ്കിലും രാജാവിന്റെ സ്ഥലമായിരുന്നെന്നും അക്കാലത്ത് അദ്ദേഹം 10000 ടണ്‍ സ്വര്‍ണം അവിടെ കുഴിച്ചിട്ട ശേഷം കുഴഞ്ഞു വീണു മരിച്ചെന്നും ആ രാജാവ് സ്വപ്‌നത്തില്‍ വന്ന് മകനേ അത് കുഴിച്ചെടുത്ത് ഭാരതത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കൂ എന്നു പറഞ്ഞതായി ഏതെങ്കിലും ലോക്കല്‍ സന്യാസിയെക്കൊണ്ടോ സിദ്ധനെക്കൊണ്ടോ പറയിച്ചാല്‍ പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിഗദ്ധസംഘം അവരുടെ കിടുതാപ്പുകളുമായി വന്ന് ടാങ്ക് വൃത്തിയാക്കിത്തരില്ലേ ?. നമ്മളായിട്ട് വൃത്തിയാക്കിക്കാന്‍ പോയാല്‍ നമ്മുടെ പോക്കറ്റില്‍ നിന്നു കാശ് ചെലവാകും. ഇതാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കി കാര്യം നടക്കുകയും ചെയ്യും പോരെങ്കില്‍ ദേശീയമാധ്യമങ്ങളിലൊക്കെ വാര്‍ത്തയും വരും. നിധി കിട്ടിയില്ലെന്നു കരുതി പുരാവസ്തു ടീമുകള്‍ നമ്മളെ തിന്നാനൊന്നും വരത്തില്ല, വല്ല കുടത്തിന്റെയോ കലത്തിന്റെയോ പീസുമെടുത്ത് ഓപ്പറേഷന്‍ സക്‌സസ് എന്നു പറഞ്ഞ് അവര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിച്ചോളും. ആര്‍ക്കും നഷ്ടമില്ലാത്ത ബിസിനസ്.

പുരാവസ്തു വകുപ്പ് പോലെ പുണ്യപുരാതനമായ ഒരു വകുപ്പിനെ ആക്ഷേപിക്കാന്‍ വേണ്ടി ബോധപൂര്‍വം പറയുന്നതാണെന്നു തോന്നാം. ഒരിക്കലുമല്ല. വിവരവും വിദ്യാഭ്യാസവും ശാസ്ത്രബോധവുമുള്ള പ്രഗല്‍ഭന്‍മാരടങ്ങിയ പ്രസ്ഥാനമാണ് പുരാവസ്തുവകുപ്പെന്നും അവര്‍ ചെയ്യുന്ന വിഡ്ഡിത്തമെന്നു തോന്നുന്ന എല്ലാത്തിനും ഒരര്‍ഥമുണ്ടെന്നുമുള്ള കാഴ്ചപ്പാട് അവര്‍ തന്നെ തിരുത്തിത്തരികയും ലോകത്തിനു മുന്നില്‍ കാണിച്ചുതരികയും ചെയ്ത സാഹചര്യത്തില്‍ ആ മോഡല്‍ നമുക്കും പ്രായോഗികമായി ഉപയോഗിക്കാനുള്ള ഒരു സാധ്യത ഞാന്‍ പറഞ്ഞു എന്നു മാത്രം.

കോമണ്‍സെന്‍സിനെക്കാള്‍ ദിവ്യന്‍മാരുടെ അധോവായുവിന് പ്രാധാന്യമുള്ള നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നൊക്കെ പലരും പറയുമ്പോള്‍ തന്നെ രാജാക്കന്‍മാരെ സന്യാസിമാരും മറ്റും വിരട്ടിനിര്‍ത്തിയിരുന്ന പഴയകാലമാണ് സ്വപ്‌നം കാണുന്നത്. അത്ര തന്നെ എത്തിയില്ലെങ്കിലും ഏതാണ്ട് അതിന്റെ സമീപത്ത് എത്താന്‍ ഈ സംഭവത്തോടെ നമുക്ക് സാധിച്ചു എന്നതാണ് അഭിമാനകരമായ നേട്ടം. ഏതു സംഭവം എന്നു പിടികിട്ടാത്തവര്‍ക്കായി സംഗതി ചുരുക്കിപ്പറയാം.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രാജാവായിരുന്ന രാജാറാവു റാം ബക്‌സ് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്ന ദിവ്യദര്‍ശനമുണ്ടായത് ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരി ശോഭന്‍ സര്‍ക്കാരിനാണ്. പേരില്‍ തന്നെ സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണോ എന്തോ ശോഭന്‍ സര്‍ക്കാരിന് നിധി കുഴിച്ചെടുക്കാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചു. ഭക്തനും കേന്ദ്രമന്ത്രിയുമായ ചരണ്‍ദാസ് മഹന്തിനോട് സന്യാസി ദിവ്യസ്വപ്‌നത്തെപ്പറ്റി പറഞ്ഞു. മന്ത്രിശുംഭന്റെ ശുഷ്‌കാന്തി വിജൃംഭിച്ചു. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നത്തില്‍ ഉറച്ചുവിശ്വസിച്ച ശുംഭന്‍മാരായ സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ അടുത്ത ദിവസം തന്നെ ഇന്നോവയില്‍ ഉന്നോവോയിലെത്തി.

ഓള്‍ഡ് ജനറേഷന്‍ രാജാവ് ഈ പറഞ്ഞ സന്യാസിയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് (3ഡി) കൊട്ടാരത്തിനു കീഴെ സുമാര്‍ 1000 ടണ്‍ സ്വര്‍ണം താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കുഴിച്ചെടുത്ത് ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു സജസ്റ്റ് ചെയ്‌തെന്നുമാണ് സന്യാസി വെളിപ്പെടുത്തിയത്. ശാസ്ത്രജ്ഞന്‍മാര്‍ പ്രസ്തുത സ്ഥലത്ത് കുഴിച്ചു തുടങ്ങിയതോടെ അപാരമായ മാധ്യമശ്രദ്ധയും പരിസരത്ത് വലിയ ജനക്കൂട്ടവുമുണ്ടായി. സന്യാസി പെട്ടെന്നു സെലബ്രിറ്റിയായി. സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൊത്തം ക്രെഡിറ്റും സന്യാസി കൊണ്ടുപോകുമോ എന്ന ഭീതി കൊണ്ടാണോ എന്തോ, ഇത് ഞങ്ങള്‍ സ്വന്തമായി കണ്ടുപിടിച്ച നിധിയാണെന്ന പ്രഖ്യാപനവുമായി പുരാവസ്തുവകുപ്പ് നെഞ്ചുവിരിച്ചു. ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോടു ചേര്‍ന്ന ഭൂമിയില്‍ 20 മീറ്റര്‍ താഴെ ലോഹ വസ്തുവിന്റെ സാന്നിധ്യം കണ്ടത്തെിയിരുന്നു എന്നവര്‍ അറിയിച്ചു. അഥവാ ഒന്നും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന മട്ടില്‍ പഴക്കംചെന്ന ഒരു മണ്‍കലം കിട്ടിയാലും ഖനനം സഫലമാണെന്നു കൂടി പറഞ്ഞ് വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്തു.

സ്വര്‍ണശേഖരത്തില്‍ ജനങ്ങള്‍ കൈയിട്ടുവാരാതെ നോക്കാന്‍ പ്രത്യേക സേനയെ വരെ ഇറക്കി 11 ദിവസം കുഴിച്ചു. 1000 ടണ്‍ സ്വര്‍ണം പോയിട്ട് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ കൊച്ചുമോതിരം പോലും കിട്ടിയില്ല. സന്യാസി സ്വപ്‌നം കണ്ട ചാനല്‍ മാറിപ്പോയതോ മറ്റോ ആവാം. അടുത്ത ധ്യാനത്തിലേക്കു കടന്നാല്‍ സന്യാസി സേഫായി. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നെ ജയിലിലടക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊക്കെ ഭക്തരെ വച്ചു സന്യാസിക്കു ബ്ലോക്ക് ചെയ്യാം. സ്വന്തമായിട്ട് നിധി ലൊക്കേറ്റ് ചെയ്‌തെന്നവകാശപ്പെട്ട ശാസ്ത്രജ്ഞര്‍ ഇത്രയാഴത്തില്‍ കുഴിച്ചിട്ടും ഒരു ലോഹവസ്തു പോലും കിട്ടിയില്ല. ഒടുവില്‍ കുഴിപ്പു നിര്‍ത്തി മടങ്ങുമ്പോള്‍ ബുദ്ധകാലഘട്ടത്തെ ഏതാനും മണ്‍കലങ്ങളുടെ അവശിഷ്ടങ്ങള്‍ കയ്യിലുള്ളതുകൊണ്ട് സംഗതി സഫലമാണെന്നു പ്രഖ്യാപിക്കാം.

രാജാവും സന്യാസിയുമൊക്കെ അടങ്ങിയ കേസായതുകൊണ്ട് ഇതിനെ വിമര്‍ശിക്കുന്നത് ബിജെപിക്കാര്‍ക്കിഷ്ടമാവില്ല എന്നൊന്നും ആരും പറയരുത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്താതെ ഏതോ സന്യാസി സ്വപ്നം കണ്ട സ്വര്‍ണശേഖരത്തിനുവേണ്ടി ഖനനം നടത്തുന്ന ഇന്ത്യയെ നോക്കി ലോകം ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞത്. കള്ളന്മാരും കൊള്ളക്കാരും വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തി തിരിച്ചുപിടിച്ചാല്‍ തീരുന്നതേയുള്ളൂ, ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി. അതു ചെയ്താല്‍ സ്വര്‍ണശേഖരത്തിനു വേണ്ടി നാടു കുഴിക്കേണ്ട കാര്യമില്ല- മോഡി അങ്കിള്‍ റോക്ക്‌സ് !

ഫയാസിന് ടീം സോളാറിന്റെ കത്ത്

(ഇത് ഒരു യഥാര്‍ഥ കത്തല്ല. സോളാര്‍ കേസിലും തുടര്‍വിവാദങ്ങളിലും പെട്ട് അതിമാധ്യമശ്രദ്ധനേടി ലോകമെങ്ങുമുള്ള മലയാളികള്‍ക്കു ചിരപരിചിതരായിത്തീര്‍ന്ന പ്രതികള്‍ ഈ സമയത്ത് മനസ്സുകൊണ്ട് എഴുതിയേക്കാവുന്ന ഒരു കത്തിന്റെ ഭാവനാരൂപമാണ്. ഇതിന് ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ജനിക്കാനിരിക്കുന്നവരോ ആയ ആരെങ്കിലുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല).

എത്രയും പ്രിയപ്പെട്ട സഹോദരന്‍ ഫയാസിന്,

എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നറിയില്ല. ആദ്യമേ നിറകണ്ണുകളോടെ ഒരു വാക്ക്- നന്ദി !. ഒറ്റ വാക്കില്‍ നന്ദി പറഞ്ഞതുകൊണ്ട് ഞങ്ങള്‍ക്കു നിന്നോടുള്ള നന്ദിയും കടപ്പാടും തീരില്ല എന്നറിയാം. എന്നാലും ഈ സമയത്ത് ഞങ്ങളുടെ കയ്യില്‍ മറ്റൊന്നും തരാനില്ല. സോളാര്‍ കേസിന്റെ പേരില്‍ കുറച്ചുനാളായി കേരളത്തിലെ പത്രങ്ങളിലും ചാനലുകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന ഞങ്ങളെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. കഴിഞ്ഞ രണ്ടു മൂന്നു മാസത്തിനിടെ ഇന്നലെ ഞങ്ങളൊക്കെ സമാധാനമായി ഉറങ്ങി. മോനെ ഫയാസേ, ഇനി നിന്റെ ടൈമാണ്. ഞങ്ങള്‍ തല്‍ക്കാലം റെസ്‌റ്റെടുക്കട്ടെ.

ഇതൊരു റിലേ പ്രസ്ഥാനമാണ്. മലയാളികള്‍ ജോലിയെടുക്കാതിരിക്കുകയും കേരളത്തിലെ മാധ്യമങ്ങള്‍ക്കു വാര്‍ത്ത കിട്ടാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ഒരു റിയാലിറ്റി ഷോയുടെ വിവിധ സീസണുകള്‍ പോലെ വിവിധ ബാച്ചുകളായി ഓരോ വിവാദങ്ങളും ആ വിവാദങ്ങളിലൂടെ നമ്മളെപ്പോലെ ഓരോ ടീമും വന്നു പോവുക തന്നെ ചെയ്യും. കഴിഞ്ഞ രണ്ടൂ മൂന്നു മാസമായി ചാനലുകളില്‍ നടന്നു വന്ന ബ്രേക്കിങ് ന്യൂസ് റിയാലിറ്റി ഷോയിലെ ഞങ്ങളുടെ എപ്പിസോഡ് അവസാനിക്കുകയാണ്. ഇനിയങ്ങോട്ട് നിന്റെ നാളുകളാണെന്നു തോന്നുന്നു.

ഈ ഓട്ടത്തില്‍ ഞങ്ങള്‍ ബാറ്റന്‍ നിങ്ങള്‍ക്കു കൈമാറുകയാണ്. ഞങ്ങള്‍ക്കു കിട്ടിയതിനെക്കാള്‍ റേറ്റിങും വോട്ടുമൊക്കം നിനക്കു കിട്ടുമെന്ന കാര്യത്തില്‍ ഒരു സംശയമില്ല. ഞങ്ങളെക്കാളൊക്കെ ലുക്കും ഗ്ലാമറും കാറും ബംഗ്ലാവുമൊക്കെ നിനക്കുണ്ട്. പോരെങ്കില്‍ സിനിമാ കണക്ഷനും സ്വര്‍ണബിസ്‌കറ്റുമൊക്കെയായി ജനപ്രിയസിനിമയുടെ ക്ലൈമാക്‌സ് പോലെയുണ്ട് നിന്റെ കാര്യങ്ങള്‍. ഒരിക്കല്‍ ഇതിലൂടെയെല്ലാം കടന്നുപോയവരായിട്ടു കൂടി നിന്നെപ്പറ്റി വരുന്ന വാര്‍ത്തകള്‍ ആവേശത്തോടെയാണ് ഞങ്ങള്‍ വായിക്കുന്നത്. ലക്ഷങ്ങള്‍ വിലയുള്ള കാറുകളും ബൈക്കുമൊക്കെയായി ഓരോ ദിവസവും നിന്റെ ഫോട്ടോകള്‍ ചാനലിലും പത്രത്തിലുമൊക്കെ വരുന്നത് കാണാന്‍ നല്ല ഭംഗിയുണ്ട്.

രണ്ടു മാസത്തേക്ക് നിന്റെ മുഖമില്ലാതെ ഇനി ഒറ്റമലയാള പത്രവും ഇറങ്ങുകയില്ല. ശൃംഗാരവേലനില്‍ നീ ദിലീപിനെ അടിക്കുന്ന സീന്‍ ചാനലുകള്‍ അവരുടെ മൊണ്ടാഷ് പോലെയാക്കി മാറ്റും. പിന്നെ, നിന്റെ കണക്ഷനുകളൊക്കെ ഭയങ്കര ടോപ്പിലായതുകൊണ്ട് പെട്ടെന്നൊരു ദിവസം എല്ലാ മീഡിയയും കൂടി ഒറ്റയടിക്ക് നിന്നെയങ്ങു വിശുദ്ധനാക്കാനും മതി. നോക്കിയും കണ്ടും നിന്നില്ലെങ്കില്‍ നീ വിശ്വസിക്കുന്ന ഉന്നതന്‍മാര്‍ നിനക്കിട്ടു പണി തന്നിട്ട് തടിയൂരും. പിന്നെ നിനക്കു ജാമ്യം പോലും തരാന്‍ പാടില്ലെന്നായിരിക്കും അവര്‍ വാദിക്കാന്‍ പോകുന്നത്. എല്ലാ സത്യങ്ങളും നീ തുറന്നു പറയാന്‍ തീരുമാനിച്ചാലും കാര്യമുണ്ടാവില്ല. സത്യങ്ങളെല്ലാം വെള്ളക്കടലാസില്‍ എഴുതിക്കൊടുത്താലും അവര്‍ക്കു വേണ്ടപ്പെട്ടവരെ രക്ഷിക്കുന്ന രീതിയില്‍ അവര്‍ തന്നെ നമ്മളെക്കൊണ്ട് വേറെ മാറ്റിയെഴുതിക്കും. മാന്യന്‍മാരായി നടക്കുന്ന അവരൊക്കെയാണ് സത്യത്തില്‍ ഭീകരന്‍മാര്‍. നമ്മളൊക്കെ വെറും പാവങ്ങള്‍. സത്യം പറഞ്ഞാല്‍ ഉന്നതന്‍മാരുമായി ഒരു ബന്ധവുമില്ലാത്തതാണ് നല്ലത്. ബന്ധമുണ്ടെങ്കില്‍ അവര്‍ക്കു രക്ഷപെടാന്‍ വേണ്ടി നമ്മളെ ഇരയാക്കും. ഇവന്‍മാരുമൊന്നുമായി ബന്ധമില്ലെങ്കില്‍ ഈ പത്രങ്ങളും ചാനലുകളുമൊന്നും നമ്മളെ ഉപദ്രവിക്കുകയുമില്ല. അല്ലറ ചില്ലറ കിണ്ടി മോഷണവും മറ്റുമായി നാട്ടില്‍ ജീവിക്കുന്ന സധാരണകള്ളന്‍മാരൊക്കെ എത്ര ഭാഗ്യവാന്‍മാരാണ്.

നിനക്കു സുഖമാണോ എന്നു പ്രത്യേകം ചോദിക്കുന്നില്ല. സുഖം തുടങ്ങുന്നതേയുള്ളൂ. തെളിവെടുപ്പിനും മറ്റുമായി നിന്നെ ഓരോ സ്ഥലത്തും കൊണ്ടുപോകുമ്പോള്‍ ഞെട്ടിപ്പോവും. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയെക്കാള്‍ ആത്മാര്‍ത്ഥതയോടെയാണ് ജനങ്ങള്‍ അവിടൊക്കെ എത്തുന്നത്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും കാണാന്‍ പോലും ഇത്രയൊന്നും ആളുകള്‍ ഇപ്പോള്‍ കേരളത്തില്‍ കൂടാറില്ല. പിന്നെ എപ്പോഴും പോലീസ് പ്രൊട്ടക്ഷനും ക്യാമറയും മിനുമിനാ മിന്നുന്ന ഫഌഷും നമ്മുടെയൊരു ക്ലോസപ്പിനായി ജനങ്ങള്‍ക്കിടയില്‍ കിടന്നു പിടയ്ക്കുന്ന ചാനല്‍ ക്യാമറാമാന്‍മാരും, ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളാണ് ഇതൊക്കെ. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന ഈ അവസരങ്ങളൊന്നും വെറുതെ വിട്ടുകളയരുത്. ഇപ്പോഴേ ഇതൊക്കെ ആസ്വദിക്കാന്‍ പറ്റൂ.

നിന്റെ ബിസിനസും ഞങ്ങളുടെ ബിസിനസും രണ്ടു തരത്തിലുള്ളതായതുകൊണ്ട് ബിസിനസിനെപ്പറ്റി ഞങ്ങള്‍ക്കൊന്നും പറയാനില്ല. പക്ഷെ, നമ്മള്‍ രണ്ടുകൂട്ടര്‍ക്കും കോമണായി ഒന്നുണ്ട്- മുഖ്യമന്ത്രിയുടെ ഓഫിസ് !. ഈ സര്‍ക്കാര്‍ ഇനിയും രണ്ടു രണ്ടരക്കൊല്ലം കൂടി ഭരിക്കുമെന്നാണ് കേള്‍ക്കുന്നത്. അങ്ങനെയാണെങ്കില്‍ നമ്മളെപ്പോലെ വേറെയും ആളുകളും ആ ഓഫിസിന്റെ പേരില്‍ ചീത്തപ്പേരു കേള്‍ക്കുമായിരിക്കും അല്ലേ ? ഒടുവില്‍ കേസെല്ലാം ഒതുക്കിക്കഴിയുമ്പോള്‍ നമുക്ക് ‘ചീഫ് മിനിസ്റ്റേഴ്‌സ് ഓഫിസ് അലൂംനി അസോസിയേഷന്‍ ‘ ഉണ്ടാക്കണം. അങ്ങനെ ഇടക്കിടെ ഒത്തുകൂടി ഇതിന്റെയെല്ലാം ഓര്‍മ പുതുക്കണം.ഇനിയുള്ള നിന്റെ നാളുകളില്‍ നിനക്കു മുന്നില്‍ പ്രശസ്തിയുടെ പടവുകളല്ല, റോക്കറ്റ് ആണ് കാത്തുനില്‍ക്കുന്നത്. ലോകമെങ്ങുമുള്ള മലയാളികള്‍ നിന്റെ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. ലോകം കീഴക്കി വരിക.

ആശംസകളോടെ,
ടീം സോളാര്‍.

മുഖ്യമന്ത്രിയുടെ ഓഫിസ്

പഴയകാല സിനിമകളിലെ ജോസ് പ്രകാശിന്റെ കൊള്ളസങ്കേതത്തോടു തോന്നിയിരുന്ന പേടി കലര്‍ന്ന ബഹുമാനമാണ് ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസ് എന്നു കേള്‍ക്കുമ്പോള്‍ തോന്നുന്നത്. അടുത്ത കാലത്ത് പിടിക്കപ്പെട്ട, വാര്‍ത്തയായിട്ടുള്ള മിക്കവാറും കേസുകളിലെയും പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. അല്ലെങ്കില്‍ കേരളത്തിന്റെ ചരിത്രത്തില്‍ മുന്‍പൊരിക്കലുമില്ലാത്തതുപോലെ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവര്‍ തട്ടിപ്പും കള്ളക്കടത്തുമായി വ്യാപകമായി രംഗത്തിറങ്ങിയതുമാവാം. എന്തായാലും ആ ഓഫിസിന്റെ അധിപനായ മുഖ്യമന്ത്രിക്ക് ഉമ്മന്‍ ചാണ്ടിക്ക് അനിശ്ചിതകാലകഷ്ടകാലമാണ്. രാജി വയ്ക്കാന്‍ സാധിക്കാത്തവിധം ശക്തമായ സാമൂഹികപ്രതിബദ്ധതയുള്ളതുകൊണ്ട് ഈ ആക്ഷേപങ്ങളൊക്കെയും അദ്ദേഹം കയ്പുനീര്‍ പോലെ കുടിച്ചിറക്കുമെന്നു വിചാരിക്കാം.

സരിതാ നായര്‍ മുതല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ഫയാസ് വരെ മുഖ്യമന്ത്രിയുടെ ഓഫിസുമായി അടുത്ത ബന്ധമുള്ളവരാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. സ്വന്തം ഓഫിസിനുള്ളില്‍ ക്യാമറ വച്ച് സുതാര്യതയുടെയും സംശുദ്ധിയുടെയും പേരില്‍ ലോകപ്രശ്തി നേടിയ മുഖ്യമന്ത്രിയാണ് ഇപ്പോള്‍ അതേ ഓഫിസിന്റെ അവിഹിതബന്ധങ്ങളുടെ പേരില്‍ അവഹേളിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നത് വിരോധാഭാസമാണ്. ചിലപ്പോള്‍ എല്ലാം അദ്ദേഹത്തോടു വിരോധമുള്ള ആഭാസന്‍മാര്‍ കെട്ടിച്ചമച്ചതാവാനും മതി.

സ്വര്‍ണക്കടത്തു കേസില്‍ പിടിയിലായ ഫയാസിന് ഉമ്മന്‍ ചാണ്ടിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നതാണ് ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സോളാര്‍ കേസിലെ ഇടപെടല്‍ മൂലം പുറത്താക്കപ്പെട്ട പേഴ്‌സനല്‍ സ്റ്റാഫ് അംഗം ജിക്കുവുമായി ഫയാസിന് അടുത്ത ബന്ധമാണത്രേ. ജോപ്പനും കോപ്പനുമൊക്കെയായി നേരത്തെ പുറത്തായ വില്ലന്‍മാര്‍ വേറെയുമുണ്ട്. മൊത്തത്തില്‍ എല്ലാവരും തമ്മിലുള്ള കണക്ഷന്‍ ഗുണിച്ചും ഹരിച്ചും നോക്കുമ്പോള്‍ വലിയൊരു അധോലോക സെറ്റപ്പിന്റെ ഫീലിങ് ആണുള്ളത്.

ഏറ്റവും ആകര്‍ഷകമായി തോന്നിയത് മുഖ്യമന്ത്രിയുടെ ചുറ്റുമുള്ള ആളുകളുടെ ഒരു വൈവിധ്യമാണ്. വന്‍കിടതട്ടിപ്പുകാര്‍ മുതല്‍ കൊച്ചുപെണ്‍പിള്ളേരുടെ കുളിസീന്‍ കാണാന്‍ ഏണിവച്ചു കയറുന്ന പൊലീസുകാര്‍ വരെ അദ്ദേഹത്തോടൊപ്പമുണ്ട് എന്നത് നിഷ്‌കളങ്കമായ കഷ്ടകാലമോ വിധിയുടെ വിളയാട്ടമോ ഒക്കെയാവാം. പരാതി സെല്ലിലേക്ക് വിളിച്ച ഒരു സ്ത്രീയോട് അശ്ലീലം പറഞ്ഞതിന് ഒരാളെ പിരിച്ചുവിട്ടതും മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നായിരുന്നു. കൊച്ചി മെട്രോ പദ്ധതി സ്വകാര്യമേഖലയിലേക്കു മാറ്റാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്നൊരു വിവാദം അന്നു കേട്ടിരുന്നു. മുന്‍ഗണ്‍മാന്‍ സലീം രാജിനെ സംബന്ധിച്ചുള്ള അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു എന്ന വാര്‍ത്തയ്ക്ക് അധികം പഴക്കമില്ല. 24 മണിക്കൂര്‍ പ്രവര്‍ത്തനവും ലൈവ് സംപ്രേഷണവുമുള്ള ഓഫിസായതുകൊണ്ടാവാം അന്വേഷണപരിധിയില്‍ ഇതിനെ ഉള്‍പ്പെടുത്താന്‍ കഴിയാത്തതും ഓഫിസിലെ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തതുമൊക്കെ എന്നാശ്വസിക്കാം.

സ്വന്തം ഓഫിസ് ഇത്രയേറെ അപവാദങ്ങള്‍ക്കു കാരണമാവുമ്പോള്‍ സ്വാഭാവികമായും ആത്മാഭിമാനമുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ രാജി വയ്ക്കുന്നതാണ് രാഷ്ട്രീയമര്യാദ. ഇനിയും കൂടുതല്‍ കുറ്റവാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധമുണ്ടെന്നു തെളിയിക്കപ്പെട്ടാലും ഉമ്മന്‍ ചാണ്ടിയെപ്പോലെ സംശുദ്ധനും സത്യസന്ധനുമായ മറ്റൊരു നേതാവ് കേരളത്തിലില്ല എന്നു വേണം നമ്മള്‍ വിശ്വസിക്കാന്‍. അതെന്തുകൊണ്ടാണെന്നു ചോദിച്ചാല്‍ അതങ്ങനെയാണ്. അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ അക്രമത്തില്‍ വിശ്വസിക്കുന്നവരാണ് എന്നാണ് സങ്കല്‍പം.

പഴഞ്ചൊല്ല്: അമിതസുതാര്യത നിഗൂഢതയുടെ ലക്ഷണമാണ്.

മുതലാളി, ചെഗുവേര, മറഡോണ

വല്ലാത്ത ഒരു കോംബിനേഷനാണ്. കോടീശ്വരനും അതേ സമയം ജീവകാരുണ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂര്‍, ഫുട്ബോള്‍ ഇതിഹാസമായ മറഡോണ, ചെഗുവേരയുടെ ടാറ്റു പതിച്ച കമ്യൂണിസ്റ്റ് കുട്ടന്‍മാര്‍, കമ്മ്യൂണിസ്റ്റുകാര്‍ മറഡോണയെ ഹൈജാക്ക് ചെയ്യുമോ എന്ന ആശങ്ക കൊണ്ട് പരിസരങ്ങളില്‍ പാറിപ്പറക്കുന്ന മറ്റു പാര്‍ട്ടിക്കാര്‍,മറഡോണയെ തങ്ങളാണ് കൊണ്ടുവന്നത് എന്ന മട്ടിലിരിക്കുന്ന ടിവി ചാനലുകാര്‍,ആകെ മൊത്തം മറഡോണ എന്‍റേതാണ് എന്‍റേതാണ് എന്ന് ഓരോരുത്തരും വിളിച്ചു പറയുന്ന കാഴ്ചയാണ്. എല്ലാം മറഡോണയോടുള്ള സ്നേഹവും ആരാധനയും കൊണ്ടല്ലേ എന്നാശ്വസിക്കാം.

കേരളത്തില്‍ ഇത്രയും ആരാധകരുള്ള നിലയ്‍ക്ക് ഇവിടെ വന്നു കളയാം എന്നു കരുതി സ്വന്തം നിലയ്‍ക്ക് മറഡോണ ഇവിടേക്കു വന്നതാണ് എന്ന് കരുതുന്നവര്‍ ഇപ്പോഴുമുണ്ട്.മറഡോണ കേരളത്തില്‍ വന്ന തക്കം നോക്കി ആ ബോബി ചെമ്മണൂര്‍ എന്തൊക്കെയോ ഉദ്ഘാടനങ്ങള്‍ നടത്തുകയാണെന്നതാണ് അതിന്‍റെ ഉപവിശ്വാസം. മറഡോണയെ കാത്തിരിക്കുന്ന സ്റ്റേഡിയത്തില്‍ ചെഗുവേരയുടെ ചിത്രമുള്ള ഡിവൈഎഫ്ഐ പതാകയുമേന്തി നില്‍ക്കുന്ന ചെറുപ്പക്കാര്‍ വേറെ.മാര്‍ക്കറ്റിങ് എന്നൊക്കെ പറയുന്നത് നമ്മള്‍ രാഷ്ട്രീയക്കാരില്‍ നിന്നും പഠിക്കണം.ചെഗുവേരയും മറഡോണയും തമ്മിലുള്ള ബന്ധമാണ് അവിടെ പ്രതിഫലിക്കുന്നത്.എന്നാല്‍, മറഡോണയെ പണം കൊടുത്തു കൊണ്ടുവന്നത്
ഒരു കുത്തക മുതലാളിയായ ബോബി ചെമ്മണൂരും.കുത്തകകള്‍ക്കെതിരായ പോരാട്ടമാണല്ലോ നമ്മുടെ ജീവിതലക്‍ഷ്യം തന്നെ.

മാധ്യമങ്ങളൊക്കെയും എന്തിനാണ് മറഡോണ വന്നത്, ആരാണ് മറഡോണയെ കൊണ്ടുവന്നത് തുടങ്ങിയ കാര്യങ്ങള്‍ വിട്ടുകളയുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല. ബോബി ചെമ്മണൂരിന്‍റെ ഗള്‍ഫിലെ ഒരു ഷോറൂം ഏതാനും മാസം മുമ്പ് മറഡോണ തന്നെ ഉദ്ഘാടനം ചെയ്തിരുന്നു. അതേ മറഡോണ കേരളത്തില്‍ വന്ന് ബോബി ചെമണൂര്‍ ജൂവലറിയുടെ കണ്ണൂര്‍ ശാഖയും ഹെലികോപ്‍റ്റര്‍ സര്‍വീസും ഗോള്‍ഡ് ലോണിന്‍റെ 101 ആം ശാഖയും ഉദ്ഘാടനം ചെയ്യുന്നു. ബോബി ചെമ്മണൂര്‍ പണം മുടക്കിയാണ് മറഡോണയെ കൊണ്ടുവരുന്നത് എന്നത് വ്യക്തം. പക്ഷെ, അതു പറയാന്‍ നാണക്കേട്. ബോബി ചെമ്മണൂരിനെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, കാരണം അയാള്‍ പണക്കാരനാണ്. മറഡോണയെ ഞാന്‍ ഇഷ്ടപ്പെടുന്നു, കാരണം അയാള്‍ കളിക്കാരനാണ് എന്നതാണ് ഇതിന്‍റെയൊരു സന്ദേശം.

ഇനി ബോബി ചെമ്മണൂരിന്‍റെ കാര്യം. ഒരു കോടീശ്വരനും മഹാത്മാവിനുമിടയിലുള്ള നൂല്‍പ്പാലത്തിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വവ്യക്തിത്വമാണ് അദ്ദേഹം. പാവങ്ങളെ സഹായിക്കുകയും ലക്ഷക്കണക്കിനു രൂപ ചെലവിട്ട് അതിന്‍റെ പരസ്യം നല്‍കുകയും ചെയ്യുന്നതാണ് അദ്ദേഹത്തെപ്പറ്റി ആലോചിക്കുമ്പോള്‍ പെട്ടെന്നു മനസ്സിലേക്കു വരുന്നത്.മലബാറില്‍ വ്യാപകമായി ബോബി ചെമ്മണൂരിനെ പാവങ്ങളുടെ രക്ഷകനായി, മനുഷ്യകുലത്തിന്‍റെ പുതുവെളിച്ചമായി പ്രഖ്യാപിക്കുന്ന പടുകൂറ്റന്‍ ഫ്ലെക്‍സുകളുണ്ട്. പ്രത്യേക തരത്തിലുള്ള, ലാളിത്യത്തിന്‍റെ പ്രതീകമായ വെള്ള വസ്ത്രം ധരിച്ചാണ് ലക്ഷങ്ങള്‍ മുടക്കുള്ള ഈ പരസ്യങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. പരസ്യം നല്‍കുന്നത് ബോബി ചെമ്മണൂരിന്‍റെ അഭ്യുദയകാംക്ഷികളാണ് എന്നു വാദിക്കാമെങ്കിലും, ഇത്രയൊക്കെ ജീവകാരുണ്യമുള്ള ബോബി ചെമ്മണൂര്‍ ഇങ്ങനെ ധൂര്‍ത്തന്‍മാരായ തന്‍റെ അഭ്യുദയകാംക്ഷികളെക്കൂടി ജീവകാരുണ്യത്തിലേക്ക് കൈപിടിച്ചു നടത്തുന്നതും വലിയൊരു ജീവകാരുണ്യമായിരിക്കുമെന്നതില്‍ സംശയമില്ല.

എന്തായാലും, മറഡോണയെ മലയാള മണ്ണിലെത്തിച്ച ബോബി ചെമ്മണൂരിന് പ്രത്യേകം നന്ദി പറയുന്നു. അദ്ദേഹത്തെ ഒരിക്കലെങ്കിലും നേരിട്ടു കാണുക എന്നത് വലിയ സ്വപ്നമായി കൊണ്ടുനടന്നിരുന്ന പതിനായിരക്കണക്കിനാളുകളുടെ സ്വപ്നമാണ് ബോബിച്ചായന്‍ നിറവേറ്റുന്നത്.അത് തീര്‍ച്ചയായും വലിയ കാര്യം തന്നെയാണ്. അതോടൊപ്പം ഇന്നുദ്ഘാടനം ചെയ്യപ്പെടുന്ന ബോബി ചെമ്മണൂരിന്‍റെ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ജീവകാരുണ്യ-സാമൂഹികസേവന പദ്ധതികള്‍ക്കും വിജയാശംസകള്‍ നേരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്ന പണംകൂടി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണമെന്ന എളിയ അപേക്ഷയോടെ അവസാനിപ്പിക്കുന്നു.

മാവേലിക്കരയുടെ മാവേലി

മാവേലിനാട് എന്ന പേര് ചുമ്മാ നെഞ്ചിലേറ്റി അഹങ്കരിക്കുന്ന സംസ്ഥാന സര്‍ക്കാരിന് പേരില്‍ തന്നെ മാവേലിയുള്ള മാവേലിക്കര നഗരസഭയുടെ കാല്‍തൊട്ട് നമസ്‍കരിക്കാവുന്നതേയുള്ളൂ.മാവേലിക്കര നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.ആര്‍.മുരളീധരനെ മാവേലിക്കരയുടെ മാവേലി എന്നു വിശേഷിപ്പിച്ചാല്‍ തെറ്റില്ല. നഗരസഭയിലെ സാധാരണജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുള്ള തുക സര്‍ക്കാരില്‍ നിന്നു കിട്ടാത്തതുകൊണ്ട്, സ്വന്തം ഭാര്യയുടെ ആഭരണങ്ങള്‍ പണയം വച്ചും കടംവാങ്ങിയും ആ തുക സമാഹരിച്ച് ശമ്പളം വിതരണം ചെയ്തിരിക്കുകയാണ് മുരളീധരന്‍.

മാവേലിക്കര നഗരസഭയില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയിട്ട് കറച്ചുനാളായി. ജീവനക്കാര്‍ക്ക് കഴിഞ്ഞ ഏപ്രില്‍ മുതല്‍ നല്‍കേണ്ട ആര്‍ജിത അവധി ആനുകൂല്യങ്ങളും നവംബര്‍മാസത്തെ ശമ്പളവും നല്‍കിയിട്ടില്ല. കണ്ടിജന്‍സി ഉള്‍പ്പെടെയുള്ള നഗരസഭയില്‍ 70 ജീവനക്കാരാണുള്ളത്. ശമ്പളം കിട്ടാത്തതിനാല്‍ ശുചീകരണ തൊഴിലാളികള്‍ മിന്നല്‍പണിമുടക്ക് നടത്തിയതിനെ തുടര്‍ന്നാണ് കഴിഞ്ഞയാഴ്ച അവരുടെ കുടിശ്ശിക ശമ്പളം നല്‍കിയത്. എന്നാല്‍,മറ്റുള്ള അന്‍പതിലധികം ജീവനക്കാരുടെ ശമ്പളം മുടങ്ങി. അന്‍പതിലധികം പെന്‍ഷന്‍കാര്‍ക്ക് രണ്ടുമാസമായി പെന്‍ഷന്‍ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് തങ്ങളുടെ പെന്‍ഷന്‍ ഉടനടി നല്‍കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി മുനിസിപ്പല്‍ പെന്‍ഷനേഴ്‌സ് യൂണിയന്‍ മാവേലിക്കര യൂണിറ്റ് നഗരസഭാധികൃതര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. ശമ്പളവും വിരമിച്ചവരുടെ പെന്‍ഷനും നല്‍കാനാവാതെ വന്നതോടെ കഴിഞ്ഞ ചൊവ്വാഴ്ച ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് നഗരസഭാ പ്രതിപക്ഷ മെംബര്‍മാര്‍ സത്യഗ്രഹവും നടത്തി.

പെന്‍ഷന്‍ അലോട്ട്മെന്‍റ് സര്‍ക്കാറില്‍ നിന്നും കൃത്യമായി വാങ്ങിയെടുക്കാത്തതും വരുമാന ഇടിവുമാണ് നഗരസഭയിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. എന്നാല്‍, പ്രതിവര്‍ഷം രണ്ടുകോടിയോളം രൂപ തനതു വരുമാനം ലഭിക്കുന്ന നഗരസഭയില്‍ ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, ജനപ്രതിനിധികളുടെ അലവന്‍സ്, വൈദ്യുതി ചാര്‍ജ് എന്നിവ നല്‍കുന്നതിന് മൂന്ന് കോടിയ്ക്കടുത്ത് രൂപ ചെലവുവരുമെന്നാണ് കണക്ക്. ശമ്പള പരിഷ്‌കരണവും ഡി.എ.വര്‍ധനയും മൂലം പ്രതിമാസം ഏഴ് ലക്ഷം രൂപയുടെ അധികബാധ്യത വേറെ. ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ ഗവണ്മെന്റില്‍നിന്ന് മാസം തോറും ലഭിക്കുന്ന മൂന്നുലക്ഷം രൂപ കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജല അതോറിറ്റിക്ക് നഗരസഭ അടയ്ക്കാനുള്ള കുടിശ്ശിക ഇനത്തില്‍ തിരിച്ചുപിടിക്കുകയാണ്.

എന്തായാലും പ്രശ്നതത്തിന് പരിഹാരം തേടി വെള്ളിയാഴ്ച അടിയന്തര കൗണ്‍സില്‍ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്തു. നികുതിവെട്ടിപ്പുകാരെ കണ്ടെത്തി നികുതി കുടിശ്ശിക ഈടാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നികുതി പരിഷ്‌കരണത്തിനുള്ള നടപടികള്‍ ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, അടിയന്തരമായി സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ ഉണ്ടാകാതിരുന്നതിനെത്തുടര്‍ന്ന് ജീവനക്കാരുടെ ശമ്പളം വിതരണം ചെയ്യേണ്ട ബാധ്യത ചെയര്‍മാന്‍ സ്വയം ഏറ്റെടുത്തു.

19,89,190 രൂപയാണ് ശമ്പളവും പെന്‍ഷനും വിതരണം ചെയ്യാന്‍ വേണ്ടിയിരുന്നത്. മാവേലിക്കരയിലെ പ്രതിസന്ധിയെപ്പറ്റി പത്രത്തില്‍ വായിച്ച ചെയര്‍മാന്റെ സുഹൃത്തും വിദേശമലയാളിയുമായ മാന്നാര്‍ വിഷവര്‍ശ്ശേരിക്കര തൈശ്ശേരില്‍ സുരേഷ് ബാബു 14 ലക്ഷം രൂപ കടമായി നല്‍കാമെന്നു പറഞ്ഞു. ശേഷിക്കുന്ന ആറുലക്ഷത്തോളം രൂപ ചെയര്‍മാന്‍ കെ.ആര്‍.മുരളീധരന്‍ ഭാര്യ മിനിയുടെ 33 പവന്‍ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ച് സ്വരൂപിച്ചു. ശനിയാഴ്ച രാവിലെ സ്റ്റിയറിങ് കമ്മിറ്റിയോഗവും സ്റ്റാഫ് മീറ്റിങ്ങും വിളിച്ചു ചേര്‍ത്ത് തീരുമാനമറിയിച്ചശേഷം കൗണ്‍സിലര്‍മാരുടെ സാന്നിധ്യത്തില്‍ സ്വരൂപിച്ച തുക റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കു കൈമാറി.

എന്നാല്‍, ഇടതുപക്ഷ അനുകൂല സംഘടനയായ കേരള മുനിസിപ്പല്‍ ആന്‍ഡ് കോര്‍പറേഷന്‍ സ്റ്റാഫ് യൂണിയനിലെ അംഗങ്ങളായ ഇരുപതോളം ജീവനക്കാര്‍ ശനിയാഴ്ച ശമ്പളത്തിനു പകരമായി വിതരണംചെയ്ത തുക സ്വീകരിക്കാന്‍ വിസമ്മതിച്ചു. നഗരസഭയില്‍നിന്ന് ശമ്പളം ലഭിക്കുമ്പോള്‍ മതിയെന്ന നിലപാടിലാണ് അവര്‍. നഗരസഭയുടെ സുഗമമായ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കാനും കടുത്ത സാമ്പത്തികപ്രതിസന്ധി സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പ്പെടുത്താനുമാണ് പണം വായ്പയായും പണയംവച്ചും സ്വരൂപിച്ചതെന്ന് നഗരസഭാചെയര്‍മാന്‍ അഡ്വ.കെ.ആര്‍.മുരളീധരന്‍ പറയുന്നു.

പായസപ്പാത്രത്തിലെ ഹാലൂസിനേഷന്‍സ്

വന്ദ്യവയോധികന്മാരുടെ ടൈമാണ്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മയോട് പ്രതിപക്ഷതിരുനാള്‍ അച്യുതാനന്ദചര്‍മ മാപ്പു പറയുന്നുണ്ടോ ഇല്ലയോ എന്നതേ സാംസ്കാരിക-രാഷ്ട്രീയ കേരളത്തിന് അറിയാനുള്ളൂ. വിഎസിന്റെ ആരോപണശരങ്ങളില്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രത്തില്‍ നിന്നു പായസപ്പാത്രത്തില്‍ കൊട്ടാരത്തിലേക്ക് സ്വര്‍ണം കടത്താറുണ്ടായിരുന്നു എന്ന പ്രസ്താവനയാണ് കുറിക്കു കൊണ്ടിരിക്കുന്നത്. സ്വന്തമായി ലെറ്റര്‍പാഡ് ഉള്ള എല്ലാവരും തന്നെ പ്രതികരിച്ചു കഴിഞ്ഞു. മഹാരാജാവിനെതിരെ അപകീര്‍ത്തികരമായ പോക്രിത്തരം പറഞ്ഞതിന് വിഎസ് മാപ്പു പറയണം എന്നു ഓള്‍ കേരള ആവശ്യപ്പെടുന്നു.

ജഗതി ശ്രീകുമാറിന് രഞ്ജിനി ഹരിദാസ് എന്ന പോലെ വിഎസിന് മഹാരാജാവ് ചതുര്‍തഥിയാണെന്നു തോന്നുന്നു. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഒരു പബ്ലിക് ഫിഗറാണെങ്കിലും പൊതുപ്രവര്‍്ത്തകനല്ല. അദ്ദേഹം വിമര്‍ശനങ്ങള്‍ക്കതീതനുമല്ല. വിഎസ് ഉന്നയിച്ച ആരോപണം വ്യക്തമാണ്. അത് നമുക്ക് വിഷ്വലൈസ് ചെയ്യാനും എളുപ്പമാണ്. ക്ഷേത്രസന്ദര്‍ശനത്തിനു ശേഷം നിലവറയിലേക്കു കടക്കുന്ന മാര്‍ത്താണ്ഡവര്‍മ പായസപ്പാത്രത്തിലേക്ക് സ്വര്‍ണാഭരണങ്ങള്‍ കോരിയിടുന്നു (പാത്രത്തിലെ പായസം മഹാരാജാവ് കുടിക്കുമോ ഉപേക്ഷിക്കുമോ എന്നു വിഎസ് പറയുന്നില്ല),ചുറ്റുപാടും നോക്കിക്കൊണ്ട് കൊട്ടാരത്തിലേക്കു പോകുന്നു,അന്തപുരത്തില്‍ കടന്ന് വാതിലടച്ച് തിളങ്ങുന്ന കണ്ണുകളോടെ ആഭരണങ്ങള്‍ പരിശോധിക്കുന്നു. വിഎസ് ഉന്നയിച്ച ആരോപണം ദൃശ്യവല്‍ക്കരിച്ചാല്‍ ഇതാണ് കാണുക. സംഗതി റീവൈന്‍ഡ് ചെയ്ത് സ്ലോമോഷനില്‍ പിന്നെയും പിന്നെയും കാണുമ്പോഴും വിശ്വാസ്യത നഷ്ടമാവുകയാണ്. സഖാവ് വിഎസിന് വാര്‍ധക്യസഹജമായ ഹാലൂസിനേഷന്‍ (ആഴീക്കോട് മാഷിനുണ്ടെന്ന് കള്ളപ്പണക്കാരനായ ഒരു സൂപ്പര്‍സ്റ്റാര്‍ പറഞ്ഞത്)സംഭവിച്ചിട്ടുണ്ടോ എന്ന് ശരാശരി മലയാളി സംശയിച്ചുപോയാല്‍ കുറ്റം പറയാനൊക്കില്ല.

ബി നിലവറ തുറന്നാല്‍ തുറക്കുന്നവനു പണി കിട്ടും എന്ന മട്ടിലുള്ള ദേവപ്രശ്നത്തിന്റെ റിസള്ട്ടിനെപ്പറ്റി പറഞ്ഞു തുടങ്ങിയാണ് വിഎസ് വഴിവിട്ടുപോയത്. ദേവപ്രശ്നമൊക്കെ ഓരോരുത്തരുടെ വിശ്വാസത്തിന്റെ കാര്യമാണ്. ഇവിടെ വിപ്ലവം വരുമെന്നും സമത്വം പുലരുമെന്നും പാവങ്ങളെ പറഞ്ഞു വിശ്വസിപ്പിച്ചു പറ്റിച്ച പാര്‍ട്ടികള്‍ ദേവപ്രശ്നത്തെയും മാനിക്കാനുള്ള അന്തസ്സ് കാണിക്കണം. എന്നാല്‍ സുപ്രീംകോടതി ദേവപ്രശ്നം അനുസരിച്ച് തീരുമാനമെടുക്കണമെന്ന് പറയുന്നത് ബംഗാളിന്റെ പുനര്‍മിര്‍മാണത്തിനു സഖാവ് പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ പിരിവെടുക്കുന്നതുപോലെയും പശ്ചിമേഷ്യന്‍ പ്രശ്നത്തില്‍ നമ്മള്‍ ഇടപെടണമെന്നു പ്രകാശ് കാരാട്ട് കോഴിക്കോട്ടങ്ങാടീല്‍ പ്രസംഗിക്കുന്നതുപോലെയും അസംബന്ധമാണ്. ദേവപ്രശ്നം ഇനിയും എത്രവേണമെങ്കിലും നടത്താനുള്ള അവകാശം ക്ഷേത്രസമിതിക്കും കൊട്ടാരത്തിനുമൊക്കെയുണ്ട്. പ്രശ്നവശാല്‍ കണ്ടെത്തുന്ന തിയറികള്‍ ഭരണകൂടത്തിന്മേലും നിയമസവിധാനത്തിന്മേലും പൊതുസമൂഹത്തിന്മേലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത് എന്നു മാത്രം.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതോടെ രാജാവും മന്ത്രിയുമൊക്കെ കാലഹരണപ്പെട്ടെന്നും ക്ഷേത്രത്തിന്മേല്‍ കൊട്ടാരത്തിനുള്ള അവകാശം നഷ്ടപ്പെട്ടെന്നുമൊക്കെ വിഎസ് പറയുന്നുണ്ട്. ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ഇപ്പോഴും നാടുഭരിക്കുന്ന രാജാവാണെന്നു കരുതിയാണ് ഇക്കണ്ട ജനമെല്ലാം അദ്ദേഹത്തെ ആദരിക്കുന്നത് എന്നു വിഎസ് കരുതിയിട്ടുണ്ടെങ്കില്‍ അത് സമൂഹത്തോടുള്ള അവഹേളനമാണ്. അദ്ദേഹം ആരുടെയും മേല്‍ രാജാധികാരം കാണിച്ചതായി ഞാന്‍ കേട്ടിട്ടില്ല. താനാണ് ലോകത്തിന്റെ അധിപന്‍ എന്നു വിശ്വസിക്കുന്ന ശരാശരി മലയാളിയെക്കാള്‍ വിനയവും വിവേകവും അദ്ദേഹം പ്രകടിപ്പിക്കാറുമുണ്ട്. അദ്ദേഹത്തിനു രാജാധികാരം ഇല്ല എന്നതുകൊണ്ട് അദ്ദേഹത്തെ എന്ത് ആരോപണവും ഉന്നയിച്ചു വേദനിപ്പിക്കണം എന്നില്ല.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ ക്ഷേത്രനിലവറയില്‍ നിന്നും പായസപ്പാത്രത്തില്‍ കൊട്ടാരത്തിലേക്കു സ്വര്‍ണം കൊണ്ടുപോയി എന്നു പറയുന്നതും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിഎസ് എകെജി സെന്ററില്‍ നിന്നും കോണകശീലയില്‍ 50 പൈസ നാണയങ്ങള്‍ ഓഫിസിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നു എന്നു പറയുന്നതും ഒരുപോലെയാണ്. പണ്ടൊരു സഖാവിന്റെ കൊട്ടാരസദൃശമായ വീട് കാണാന്‍ ചെന്നവരെയൊക്കെ ഹൗസ് ഓണര്‍ ഏര്‍പ്പെടുത്തിയ യുവജനവിഭാഗം പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്തു വിടുമായിരുന്നു എന്നു കേട്ടിട്ടുണ്ട്. ക്ഷേത്രത്തിലെ നിലവറയെ തുറക്കാനും പരിശോധിക്കാനും ചെന്ന ആരെയും ആരും തല്ലിയോടിച്ചില്ല.മാടമ്പിത്തരത്തില്‍ സഖാക്കന്മാര്‍ കഴിഞ്ഞേ ആരുമുള്ളൂ.

തിരുവിതാംകൂര്‍ രാജകുടുംബത്തിനെതിരെയുളള വിഎസിന്റെ പ്രസ്താവന കമ്യൂണിസ്റ്റ് നിലപാടാണെന്ന് തോമസ് ഐസക് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജഭക്തി കമ്യൂണിസ്റ്റ് പാരമ്പര്യമല്ല എന്നാണ് ഐസക് സാര്‍ പറയുന്നത്. ഉത്രാടം തിരുനാള്‍ രാജാവേ അല്ല എന്നു വിസും രാജഭക്തി കമ്യൂണിസ്റ്റ് പാരമ്പര്യമല്ല എന്നു പറയുന്നതിലൂടെ അദ്ദേഹം രാജാവാണ് എന്നു പറയുന്ന തോമസ് ഐസകും അടിസ്ഥാനപരമായി രണ്ടു തട്ടിലാണെങ്കിലും രാജകുടുംബത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ ഒറ്റക്കെട്ടാണെന്നു വേണം മനസ്സിലാക്കാന്‍.

ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ പായസപ്പാത്രത്തില്‍ സ്വര്‍ണക്കള്ളക്കടത്തു നടത്തുന്ന ടീം ആയിരുന്നെങ്കില്‍ അദ്ദഹത്തിനു പണ്ടേ നിലവറയിലെ സ്വര്‍ണം ടിപ്പറിനു ട്രിപ്പടിക്കാമായിരുന്നു. അതില്‍ നിന്നൊരു തരിപോലും എടുക്കില്ല എന്ന പ്രതി‍ജ്ഞയിലൂന്നിയുള്ള ധര്‍മപരിപാലനമാണ് അദ്ദേഹത്തിന്റേത് എന്നതിനു തെളിവാണ് ലോകം മുഴുവന്‍ അമ്പരന്നുപോയ വമ്പന്‍ നിധിയുടെ തിളക്കം. വേഗം മാപ്പു പറഞ്ഞു തടിയൂരി ഹാലൂസിനേഷനുള്ള ഹോമിയോ മരുന്നു കഴിച്ചു തുടങ്ങേണ്ട പ്രായമായി സഖാവേ എന്നുപദേശിച്ചുകൊണ്ട് നിര്‍ത്തുന്നു.

സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് ഭാഗ്യങ്ങള്‍ (രാഷ്ട്രീയമല്ല)

ഭാഗ്യദേവത സത്യത്തില്‍ ഉള്ളതു തന്നെയാണെന്ന് എന്നുറപ്പിക്കാം. ഒരു മാസം മുമ്പാണ്- ലോട്ടറിക്കടയുടെ മുന്നില്‍ക്കൂടി നടന്നുപോയവര്‍ വരെ സമ്മാനം തനിക്കാണെന്ന് വെറുതെ കൊതിക്കുകയും പലകുറി നിരാശപ്പെടുകയും ചെയ്തപ്പോള്‍ മേല്‍പ്പറഞ്ഞ ദേവത ഭയങ്കര ബിസിയായിരുന്നു. പാവപ്പെട്ട ഒരു കാലടിക്കാരന്റെ കാലടികളെ അനുഗമിക്കുകയായിരുന്നു പുള്ളിക്കാരി. എന്നിട്ട് കാലടിക്കാരനെ കിട്ടിയോ ?

പ്രാരാബ്ദ്ധങ്ങളുടെ പിന്നാലെ പായുകയായിരുന്ന കാലടി ചേലാമറ്റം മടത്തേടത്തുകുടി വീട്ടില്‍ മനോജ് എന്ന ചെറുപ്പക്കാരന്‍ ദേവത തന്നെ ചേസ് ചെയ്യുന്നത് ശ്രദ്ധിച്ചതേയില്ല. ഭാഗ്യാന്വേഷികളായ വലിയൊരു സംഘം ഇതേ സമയം ഭാഗ്യദേവതയെ തിരയുകയായിരുന്നു എന്നോര്‍ക്കണം. ഒടുവില്‍ തോല്‍ക്കുമെന്നായപ്പോള്‍ ദേവത ഹൈടെക് ആയി. ടിവി ചാനലിലൂടെ മനോജിന്റെ മുന്നില്‍ വന്ന് ഐ ലവ് യു എന്നു വിളിച്ചു പറയേണ്ടി വന്നു. ദേവതയുടെ ആ ഡെഡിക്കേഷനു മുന്നില്‍ ഈപോസ്റ്റ് ഡെഡിക്കേറ്റ് ചെയ്തു കൊണ്ട് കഥയിലേക്കു കടക്കാം.

കേരള സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംപര്‍ ലോട്ടറി മെയ് ഏഴിനാണ് നറുക്കെടുത്തത്. ഒന്നാം സമ്മാനം രണ്ടു കോടി രൂപയും ഇന്നോവ കാറും. യുബി സീരിസിലുള്ള 201575 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഫലം പ്രഖ്യാപിച്ചു ദിവസം കുറെ കഴിഞ്ഞിട്ടും കോടീശ്വരന്റെ പൊടിപോലുമില്ല. ആര്‍ക്കാണ് സമ്മാനമടിച്ചതെന്ന് ഒരു വിവരവുമില്ല. ഭാഗ്യവാന്‍ രണ്ടു കോടി ഇതു വരെ ക്ളെയിം ചെയ്തിട്ടില്ല എന്നു വാര്‍ത്ത വന്നതോടെ വര്‍ഷങ്ങള്‍ക്കു മുമ്പു ചില വിഷുക്കാലങ്ങളില്‍ ടിക്കറ്റെടുത്തവര്‍ക്കു പോലും സമ്മാനം തനിക്കാണെന്നു തോന്നി. തൃശൂര്‍ ജില്ലയിലെ തൃപ്രയാറിലുള്ള സൌഭാഗ്യ ലോട്ടറീസില്‍ നിന്നും വിറ്റുപോയ ടിക്കറ്റിനാണ് കോടികളും കാറും എന്നു ലോട്ടറി ഡയറക്ടറേറ്റ് വ്യക്തമാക്കിയതോടെ ഫോക്കസ് തൃശൂരിലേക്കായി. ചെറുപ്പത്തില്‍ അമ്മച്ചീടെ താലിമാലയുമായി നാടുവിട്ടുപോയവര്‍ വരെ തിരിച്ചെത്തി. തൃപ്രയാറും പരിസരവും തുമ്മാന്‍ വെമ്പി നില്‍ക്കുന്ന കമ്പവലിക്കാരനെപ്പോലെ വല്ലാത്തൊരവസ്ഥയിലായി.

സമ്മാനം ആര്‍ക്കാണ് എന്നറിയാത്തതിന്റെ അസ്വസ്ഥത ആദ്യമായാണ് കേരളം അറിയുന്നത്. മറ്റേത്, ലോട്ടറി ഫലം വരുന്നതുവരെയാണ് ടെന്‍ഷന്‍. ഇത് ഫലം വന്നതിനു ശേഷം തൃശൂര്‍ വഴി കടന്നുപോയവര്‍ക്കും മൊത്തത്തില്‍ തൃശൂരുകാര്‍ക്കും തൃപ്രയാറുകാര്‍ക്കു കംപ്ലീറ്റും ഉറക്കമില്ലാതായി. ഇനി രണ്ടിലൊന്നറിഞ്ഞിട്ടേ ബാക്കി കാര്യമുള്ളൂ എന്നു ഭാഗ്യാന്വേഷികള്‍ തീരുമാനിച്ചു. ലോട്ടറി ഡയറക്ടറേറ്റ്, ബാങ്ക്, സൌഭാഗ്യ ലോട്ടറീസ് എന്നിങ്ങനെ ചില സ്ഥാപനങ്ങളിലേക്കു ഗ്രാമം ചുരുങ്ങി. പെട്ടിയുമായി വന്നു ബസിറങ്ങുന്ന ഓരോ അപരിചിതനിലും അവര്‍ ഭാഗ്യവാനെ തിരഞ്ഞു. തനിക്കല്ല സമ്മാനം എന്നറിഞ്ഞവര്‍ക്കു അത് താന്‍ ഭയപ്പെടുന്നവര്‍ക്കുമല്ല എന്നുറപ്പുവരുത്തേണ്ടതായി അടുത്ത ടെന്‍ഷന്‍.

ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരോടൊപ്പം നാട്ടുകാരും കൂടി; ആളെ കണ്ടുപിടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്നു പ്രഖ്യാപിച്ചു. സൌഭാഗ്യ ലോട്ടറീസിനു മുന്നില്‍ ടിക്കറ്റ് വിറ്റ ഏജന്റ് ജീവന്‍ അജ്ഞാതനായ ഭാഗ്യവാനെ തിരഞ്ഞുകൊണ്ടുള്ള നോട്ടീസ് ഒട്ടിച്ചു. അത് ഞാനായിരുന്നെങ്കില്‍ എന്നാഗ്രഹിച്ച് ജനം നോട്ടീസ് വായിച്ചു കടന്നുപോയി. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ തട്ടുക എന്നതാണല്ലോ ചാനലുകാരുടെ പരിപാടി. ഒന്നാം സമ്മാനം കിട്ടിയവനെ കിട്ടാതെ വന്നതോടെ ചാനല്‍പ്പട സൌഭാഗ്യ ലോട്ടറീസിന്റെ മുന്നില്‍ താമസമാക്കി. ചാനലുകാര്‍ ഏജന്റ് ജീവനെ ഇന്റര്‍വ്യൂ ചെയ്തു. ആര്‍ക്കാണ് ടിക്കറ്റ് വിറ്റതെന്നോര്‍മയില്ലെങ്കിലും ആ മുഖം മനസ്സിലുണ്ട് എന്നു ജീവന്‍ പറഞ്ഞതോടെ വലിയ വലിയ കേസുകളിലെ പ്രതികളുടെ രേഖാചിത്രം വരയ്ക്കുന്നതുപോലെ ഭാഗ്യവാന്റെ രേഖാചിത്രം വരച്ച് പത്രത്തിലും ടിവിയിലും കൊടുക്കാമെന്നാരോ പറഞ്ഞു.

ഇതിനിടെ വടക്കാഞ്ചേരിയില്‍ ഹോട്ടല്‍ നടത്തുന്നയാള്‍ക്കാണ് ലോട്ടറി ലഭിച്ചതെന്ന സൂചന ലോട്ടറി ഡയറക്ടേറ്റില്‍നിന്ന് ലഭിച്ചതോടെ പത്രക്കാരും നാട്ടുകാരും അടങ്ങുന്ന വന്‍സംഘം നേരേ വടക്കോട്ടു പിടിച്ചു. എന്നാല്‍ അന്വേഷിച്ചു ചെന്നവര്‍ക്കു മുന്നില്‍ ഹോട്ടലുകാരന്‍ കൈമലര്‍ത്തി. വിഷു ബംപര്‍ എടുത്തെങ്കിലും തനിക്കല്ല അടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. തൃപ്രയാറില്‍ തന്നെയുള്ള ഒരാള്‍ ടിക്കറ്റ് ബാങ്കില്‍ നല്‍കിയെന്നായി അടുത്ത കഥ. ജനം നേരേ തൃപ്രയാറിനു കുതിച്ചു. അവിടെ ചെന്നപ്പോള്‍ അതും വെറും കഥ. ദിവസങ്ങള്‍ കടന്നുപോയി. ഭാഗ്യത്തിന് ആരും ടിക്കറ്റുമായെത്തി ആയിരക്കണക്കിനു ഭാഗ്യാന്വേഷികളെ നിരാശരാക്കിയില്ല. എന്നു മാത്രവുമല്ല, പുതിയ ചില പ്രതീക്ഷകള്‍ ചിലര്‍ക്കുണ്ടാവുകയും ചെയ്തു. ടിക്കറ്റ് സമര്‍പ്പിക്കേണ്ട തീയതി കഴിഞ്ഞും സമ്മാനാര്‍ഹന്‍ എത്താതിരുന്നാല്‍ ? വീണ്ടുമൊരു നറുക്കെടുപ്പൂ കൂടി നടത്തിയാല്‍ ?

പക്ഷെ, അതുണ്ടായില്ല. ആളെത്താത്ത സാഹചര്യത്തില്‍ ടിക്കറ്റ് സമര്‍പ്പിച്ച് സമ്മാനം ക്ളെയിം ചെയ്യുന്നതിനുള്ള കാലാവധി 45 ദിവസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു. ജനത്തിന്റെ ആവേശം തണുത്തു. രണ്ടു കോടിയും ഇന്നോവ കാറും ആര്‍ക്കുമില്ലാതെ പോവുകയാണ്. ഇനിയാണ് കഥയുടെ സെക്കന്‍ഡ് ട്രാക്ക്. ഈ ട്രാക്കിലേക്കു കടക്കുമ്പോള്‍ മുകളില്‍ പറഞ്ഞ കാലടിക്കാരന്‍ മനോജിനെ ഓര്‍മിച്ചെടുക്കുക. മനോജ് ടാപ്പിങ് തൊഴിലാളിയായിരുന്നു. അച്ഛനും അമ്മയും ഭാര്യയും അടങ്ങുന്ന കൊച്ചു കുടുംബം. ചെറിയൊരു വീട്. വടക്കാഞ്ചേരിയിലെ ഒരു റബര്‍ തോട്ടത്തിലായിരുന്നു ജോലി. മെയ് ആദ്യം ഒരു കുഞ്ഞുപിറന്നതാണ് മനോജിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. അതിന് ഏതാനും ദിവസം മുമ്പ് മനോജ് തൃപ്രയാറിലെത്തിയപ്പോള്‍ ശ്രീരാമ ക്ഷേത്രത്തില്‍ കയറി തൊഴുതു, മനസ്സറിഞ്ഞു പ്രാര്‍ഥിച്ചു. പുറത്തേക്കിറങ്ങുമ്പോള്‍ ഒരു ലോട്ടറിക്കാരന്‍. ലോട്ടറിയെടുക്കുന്ന പതിവില്ല മനോജിന്. എങ്കിലും ഒരു ടിക്കറ്റെടുത്തു- കേരള സംസ്ഥാന ഭാഗ്യക്കുറി വിഷു ബംപര്‍ ടിക്കറ്റ്.

തിരികെ വീട്ടിലെത്തിയ മനോജ് ടിക്കറ്റ് ഭദ്രമായൊരിടത്തു വച്ചു. വീണ്ടും വടക്കാഞ്ചേരിയില്‍ ജോലിക്കു പോയി. കുഞ്ഞു ജനിച്ചപ്പോള്‍ അതിന്റെ തിരക്കിലായി. അതിനിടയില്‍ ലോട്ടറി നറുക്കെടുപ്പു വല്ലതും ആരെങ്കിലും ശ്രദ്ധിക്കുമോ ? മനോജും ശ്രദ്ധിച്ചില്ല. വിഷു ബംപറിന്റെ അവകാശി എത്താത്ത വാര്‍ത്തയും ബഹളവും തൃശൂരിനെയാകെ പിടിച്ചു കുലുക്കിയപ്പോഴും മനോജ് കുലുങ്ങിയില്ല. വലിയ വലിയ സ്വപ്നങ്ങളൊന്നും മനോജിനുണ്ടായിരുന്നില്ലല്ലോ. മാസം ഒന്നര കഴിഞ്ഞപ്പോള്‍ മനോരമ ന്യൂസ് ചാനലില്‍ രണ്ടു കോടിയടിച്ചിട്ടും സമ്മാനം വാങ്ങാനെത്താത്ത ഹതഭാഗ്യനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കെ താനും ഇൌ പറഞ്ഞ ലോട്ടറി എടുത്തതാണല്ലോ എന്നു മനോജ് വിചാരിച്ചു. ഇന്റര്‍വ്യൂ കൊടുത്തു കൊടുത്തു മടുത്ത തൃപ്രയാറിലെ സൌഭാഗ്യ ലോട്ടറീസിലെ ജീവനെ ടിവിയില്‍ കണ്ടപ്പോള്‍ മനോജിന് എവിടെയോ ഒരു മിന്നല്‍.

വീട്ടില്‍ മറന്നു വച്ച ടിക്കറ്റ് തപ്പിയെടുത്ത് നോക്കിയപ്പോള്‍ മനോജിന് എന്താണ് തോന്നിയിട്ടുണ്ടാവുക എന്ന് എനിക്കൂഹിക്കാന്‍ കഴിയുന്നില്ല. എന്തായാലും ആ കഠിനമായ നിമിഷം അതിജീവിച്ച മനോജ് സൌഭാഗ്യ ലോട്ടറീസുമായി ബന്ധപ്പെട്ടു, ടിക്കറ്റ് ബാങ്കില്‍ സമര്‍പ്പിച്ചു; നിന്ന നില്‍പില്‍ രണ്ടുകോടി രൂപയുടെയും ഇന്നോവ കാറിന്റെയും അവകാശിയായി. നറുക്കെടുപ്പിന് നാലു നാള്‍ മുമ്പ് ജനിച്ച മകകന്റെ പുണ്യമായാണ് ഭാഗ്യക്കുറി സമ്മാനത്തെ മനോജ് കാണുന്നത്. മനോജിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നതോടൊപ്പം ഭാഗ്യദേവത കുടിയിരിക്കുന്ന കേരള സംസ്ഥാന ഭാഗ്യക്കുറിക്ക് മുകളില്‍ പറഞ്ഞതുപോലെ ഇൌ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുകയും ചെയ്യുന്നു.

ആരൊക്കെ വഞ്ചിച്ചു എന്നു പറഞ്ഞാലും തൊഴിലാളി വര്‍ഗത്തോടൊപ്പം നില്‍ക്കുന്നത് സംസ്ഥാന ഭാഗ്യക്കുറി മാത്രമാണ്. അല്ലെങ്കില്‍ 2010ല്‍ ഇതുവരെ സമ്മാനം നേടിയവരുടെ വിവരങ്ങള്‍ ഒന്നു നോക്കൂ: ജനുവരി 10നു നറുക്കെടുത്ത ക്രിസ്മസ് -ന്യൂ ഇയര്‍ ബംപറായ രണ്ടു കോടി രൂപയും ഒരു കിലോ തങ്കവും അടിച്ചത് വീടിന്റെ പണിയും ബാങ്കിലെ ലോണിന്റെ അടവും മുടങ്ങി ജീവിതം വഴിമുട്ടി നിന്ന പുലാമന്തോളുകാരന്‍ കുഞ്ഞിരാമനാണ്. പ്രാരാബ്ദ്ധങ്ങളേറെയുള്ള വലിയൊരു കുടുംബം അങ്ങനെ രക്ഷപെട്ടു. ജനുവരിയില്‍ മുപ്പതു ലക്ഷവും 100 പവനും സമ്മാനമടിച്ച വരാപ്പുഴക്കാരന്‍ വിജയകുമാറും തികഞ്ഞ പ്രാരാബ്ദ്ധക്കാരന്‍. ഒരു പൂക്കടയിലെ ചെറിയൊരു ജോലികൊണ്ട് ഉപജീവനം നടത്തിയിരുന്ന വിജയകുമാറിനെയും ഭാഗ്യദേവത കാത്തു. പിന്നത്തെയാഴ്ച സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 40 ലക്ഷവും 50 പവനും ലഭിച്ചത് കോഴിക്കോട് നരിക്കുനിയിലെ ഒരു ഫാന്‍സി സ്റ്റോറിലെ ജീവനക്കാരിയായ റീനച്ചേച്ചിക്ക്. ഭര്‍ത്താവും മകളുമുള്ള ചേച്ചിക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങാനുള്ള വരമായി ഭാഗ്യക്കുറി.

കറുകച്ചാലുകാരന്‍ സുലൈമാന്‍ റാവുത്തര്‍ കടം കയറി മുടിഞ്ഞ് പണ്ടാരമടങ്ങി നില്‍ക്കുമ്പോഴാണ് ഫെബ്രുവരിയില്‍ ചൈതന്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 21 ലക്ഷം രൂപ അടിച്ചത്. ഫെബ്രുവരിയിലെ വിന്‍വിന്‍ ലോട്ടറിയടിച്ച് 40 ലക്ഷവും 50 പവനും കിട്ടിയതും ഒരു ടാപ്പിങ് തൊഴിലാളിക്കായിരുന്നു. കുറവിലങ്ങാട്കാരനായ ജോയിയുടെ പണിതീരാത്ത വീട് ഭാഗ്യം കൊണ്ട് പൂര്‍ത്തിയാക്കി. മാര്‍ച്ചില്‍ നറുക്കെടുത്ത സമ്മര്‍ ബംപര്‍ അടിച്ച് രണ്ടു കോടി പോക്കറ്റിലാക്കിയ ഗള്‍ഫുകാരന്‍ തമ്പാനും ഒരു പണക്കാരനായിരുന്നല്ല. വീടു പണി മുടങ്ങിയതിന്റെ നിരാശയില്‍ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവര്‍ ഹരിപ്പാടുകാരന്‍ മോഹനക്കുറുപ്പിനാണ് മാര്‍ച്ചിലെ മെഗാവിന്‍ ലോട്ടറിയടിച്ച് 30 ലക്ഷവും 100 പവനും ലഭിച്ചത്. മെയ് മാസത്തിലെ വിന്‍വിന്‍ അടിച്ച് 40 ലക്ഷവും 50 പവനും നേടിയ കടുത്തുരുത്തിക്കാരന്‍ രാഘവന്‍ 70 കഴിഞ്ഞ ഒരു പാവം കൃഷിക്കാരനാണ്. മെയില്‍ തന്നെ വിന്‍വിന്‍ അടിച്ച് 40 ലക്ഷവും 50 പവനും നേടിയ മൂവാറ്റുപുഴക്കാരന്‍ അബ്ബാസ് ചുമട്ടുതൊഴിലാളിയും

ജൂണിലെ ഭാഗ്യവാന്‍മാരുടെ കാര്യവും വ്യത്യസ്തമല്ല. കഴിഞ്ഞ 14നു നറുക്കെടുത്ത മെഗാവിന്‍ ലോട്ടറിയടിച്ച് 30 ലക്ഷവും 100 പവനും നേടിയ മുണ്ടക്കയംകാരന്‍ മോഹനന്‍ മേസ്തിരിപ്പണിക്കാരനാണ്. എസ്എസ്എല്‍സി കഴിഞ്ഞ് കുടുംബം പുലര്‍ത്താന്‍ വേണ്ടി തെങ്ങുകയറ്റം തുടങ്ങിയ പയ്യന്നൂരുകാരന്‍ പ്രിയേഷിനെയും ഭാഗ്യം വളഞ്ഞുവച്ചു പിടികൂടുകയായിരുന്നു. തെങ്ങുകയറുന്നതിനിടെ ശല്യവുമായി പിന്നാലെ കൂടിയ ലോട്ടറിക്കാരനെ ഒഴിവാക്കാന്‍ വേറെ വഴി കാണാതെയാണ് 24 കാരനായ പ്രിയേഷ് ചൈതന്യ ലോട്ടറി ടിക്കറ്റെടുത്തത്. എന്നിട്ടെന്തായി ? 40 ലക്ഷവും ഇന്നോവ കാറുമായി ഭാഗ്യദേവത പിന്നാലെ വന്നു. ഇനി പറയൂ, ഇത്രയും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരുമുള്ള നാട്ടില്‍ ശരിക്കും കമ്യൂണിസ്റ്റും സോഷ്യലിസ്റ്റുമായി പാവം ഭാഗ്യദേവത മാത്രമല്ലേയുള്ളൂ ?

അക്ഷയജട്ടീയ ! (കോണകതൃതീയ)

ജട്ടി ഉപയോഗിക്കുന്നവര്‍ക്കും ഉപയോഗിക്കാത്തവര്‍ക്കുമായി ഓള്‍ കേരള ജട്ടി മെര്‍ച്ചന്റ്സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കുന്ന മഹാഭാഗ്യം തുളുമ്പുന്ന സുദിനമാണ് അക്ഷയജട്ടീയ. ഈ പ്രത്യേക ദിവസം ജട്ടി വാങ്ങാനും ഉപയോഗിച്ചു തുടങ്ങാനും അലക്കി ഉണങ്ങാനുമൊക്കെ പറ്റിയ ദിവസമാണ് എന്ന് ജട്ടിശാസ്ത്രത്തില്‍ തന്നെ പറയുന്നുണ്ട്. “ജട്ട്യം നവം അക്ഷയം, ഭാഗ്യം ശുഭസ്യശീഘ്രസ്ഖലനം” എന്നാണ് ശ്ലോകം. അക്ഷയജട്ടീയനാള്‍ പുത്തന്‍ ജട്ടികള്‍ വാങ്ങുന്നവര്‍ക്ക് ഭയങ്കര ഭാഗ്യമായിരിക്കുമെന്നതിനു പുറമേ ചിലതരം രോഗങ്ങളും ഭേദമാകുമെന്നാണ് ശാസ്ത്രം.

അക്ഷയ ജട്ടീയ ദിനത്തില്‍ ജട്ടി വാങ്ങുന്നത് പുണ്യം ആണെന്ന് ജട്ടിശാത്രത്തിലുണ്ട്. ജട്ടിപുണ്യം എന്ന അധ്യായത്തിലാണ് അക്ഷയജട്ടീയദിനത്തില്‍ ജട്ടി വാങ്ങുന്നതിന്റെ ഗുണങ്ങളെ പറ്റി പ്രതിപാദിച്ചിട്ടുള്ളത്. ചൊവ്വയും വ്യാഴവും നേര്‍ക്കു നേര്‍ വരികയും അപ്പോള്‍ മറ്റൊരു ട്രാക്കില്‍ ബുധന്‍ സാന്നിധ്യം അറിയിക്കുകയും ചെയ്യുന്ന അസുലഭ മൂഹൂര്‍ത്തമാണ് അക്ഷയജട്ടീയ. ഇൌ മൂന്നു ഗ്രഹങ്ങളും വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇങ്ങനെ വരുന്നത് എന്നതുകൊണ്ടാണ് ഇൌ ദിവസം അക്ഷയജട്ടീയ ആയി ആചരിക്കുന്നത്. മൂന്നു ഗ്രഹങ്ങളും തമ്മില്‍ ചേരുമ്പോള്‍ ടെലിസ്കോപ്പിലൂടെ നോക്കിയാല്‍ മൂന്നിനും ഇടയില്‍ കാണുന്ന സ്പേസിന് ഒരു ജട്ടിയുടെ രൂപമാണെന്നതിനാലാണ് ഈ അപൂര്‍വമുഹൂര്‍ത്തത്തിന് അക്ഷയജട്ടീയ എന്നു പേരു വന്നത്.

അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കുന്നവര്‍ക്ക് പുതിയ ജോലി മുതല്‍ പലതും ലഭിക്കുമെന്നാണ് വിശ്വാസം. ധരിക്കുന്നത് പുതിയ ജട്ടിയാണെങ്കില്‍ പറയുകയും വേണ്ട. അതുപോലെ തന്നെ അക്ഷയജട്ടീയ ദിവസം ജട്ടി ധരിക്കാതിരിക്കുക, ജട്ടി അലക്കാതിരിക്കുക, അലക്കിയ ജട്ടി ഉണങ്ങാതിരിക്കുക, ഉണങ്ങാത്ത ജട്ടി ധരിക്കുക തുടങ്ങിവയൊക്കെ ജട്ടിദോഷമായാണ് കാണുന്നത്. ജട്ടിദോഷം സംഭവിച്ചാല്‍ പിന്നെ ആ വര്‍ഷത്തേക്ക് ജട്ടി വഴി അനേകം ദോഷങ്ങള്‍ സംഭവിക്കുമത്രേ. അതുകൊണ്ട് ജട്ടിദോഷം സംഭവിച്ചവര്‍ അടുത്ത അക്ഷയജട്ടീയ വരെ ജട്ടി ധരിക്കാതിരിക്കുന്നതാണ് അഭികാമ്യം. എങ്കിലും വ്യാഴത്തിനു മേല്‍ ശുക്രന്റെ ഒരു അഭിനിവേശം ബാക്കി നില്‍ക്കുന്നതുകൊണ്ട് കോണകം ഉടുത്ത് കാര്യങ്ങള്‍ തല്‍ക്കാലത്തേക്ക് അഡ്ജസ്റ്റ് ചെയ്യാവുന്നതേയുള്ളൂ.

അക്ഷയജട്ടീയയോടനുബന്ധിച്ച് വിവിധ ജട്ടിക്കടകളു ജട്ടിക്കമ്പനികളും പ്രത്യേക ഓഫറുകളും ആനുകൂല്യങ്ങളും അവതരിപ്പിക്കുന്നുണ്ട്. എന്തിനേറെ പറയുന്നു, മലയാളത്തിലെ നമ്പര്‍ വണ്ണായ ഈ ബ്ളോഗില്‍ പോലും അക്ഷയജട്ടീയയോടനുബന്ധിച്ച് സ്പെഷല്‍ ജട്ടികള്‍ ഓണ്‍ലൈനായി നല്‍കുന്നുണ്ട്. ബെര്‍ളിച്ചായന്റെ ഫോട്ടോ പതിച്ച ജട്ടികളാണ് സ്പെഷലായി വില്‍ക്കുന്നത്. ഇതിനോടകം നാലായിരത്തിലേറെ ഫാന്‍സ് അക്ഷയജട്ടീയ ജട്ടികള്‍ക്ക് ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു.

അക്ഷയജട്ടീയ തട്ടിപ്പാണെന്നും അത് ജട്ടിമാഫിയയുടെ പുതിയ വിപണന തന്ത്രമാണെന്നും ചിലര്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അത് പാടെ ഖണ്ഡിക്കുന്ന അനുഭവങ്ങവാണ് ജട്ടിസാക്ഷികള്‍ പറയുന്നത്. മൂന്നു വര്‍ഷം മുമ്പ് അക്ഷയജട്ടീയ ദിനത്തില്‍ പുത്തന്‍ ജട്ടി വാങ്ങിയ സന്തോഷ് പറയുന്നത് ശ്രദ്ധിക്കൂ: ”കൊച്ചുന്നാള്‍ മുതലേ ജട്ടികള്‍ എനിക്കലര്‍ജിയായിരുന്നു. ജട്ടി കാണുമ്പോള്‍ തന്നെ എന്തോ ഒരു മതിഭ്രമം ആയിരുന്നു. അതുകൊണ്ട് തന്നെ ജട്ടി ഒഴിവാക്കിയായിരുന്നു എന്റെ ജീവിതം. എന്റെ വിവാഹത്തിനു പോലും ജട്ടി ധരിക്കാതെയാണ് ഞാന്‍ മണ്ഡപത്തില്‍ കയറിയത്. വിവാഹം കഴിഞ്ഞ് ഞങ്ങള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല, കുറെക്കാലം. അപ്പോഴാണ് ഫുട്പാത്തില്‍ ജട്ടി വില്‍ക്കുന്ന എന്റെ അമ്മാവന്‍ അക്ഷയജട്ടിയയെക്കുറിച്ച് എന്നോട് പറഞ്ഞത്. ജട്ടിയിട്ടാല്‍ കുട്ടിയുണ്ടാവും എന്നത് അന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. പക്ഷെ, ഒന്നു പരീക്ഷിച്ചുകളയാമെന്നു കരുതി അക്ഷയജട്ടീയ ദിവസം ഞാന്‍ 15 ജട്ടികള്‍ വാങ്ങിച്ചു. ആറു മാസം തികയുന്നതിനു മുമ്പ് എന്റെ ഭാര്യ പ്രസവിച്ചു. അന്നു മുതല്‍ എല്ലാ അക്ഷയജട്ടിയ ദിവസവും ഞാന്‍ 15 ജട്ടികള്‍ വീതം സ്വന്തമായി വാങ്ങുന്നു. അതുപോലെ നാട്ടിലെ അനാഥാലയങ്ങളിലും ജട്ടികള്‍ വാങ്ങി സംഭാവന ചെയ്യാറുണ്ട്. അക്ഷയജട്ടീയ ദിവസം വീട്ടില്‍ വരുന്ന എല്ലാവര്‍ക്കും ഒരോ ജട്ടികള്‍ വീതമാണ് ഞാന്‍ നല്‍കാറുള്ളത്.”

ജട്ടിപുണ്യം കൊണ്ട് വാര്‍ധക്യത്തില്‍ പോലും നേട്ടങ്ങളുണ്ടാക്കിയ ലൂക്കോസ് മുതലാളി പറയുന്നത് ശ്രദ്ധിക്കൂ: ”കഴിഞ്ഞ അക്ഷയജട്ടീയ ദിവസം ചില്ലറ മാറുന്നതിനു വേണ്ടിയാണ് ഞാന്‍ ഒരു ജട്ടി ആദ്യമായി വാങ്ങിയത്. വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ തന്നെ മാറ്റം അറിയാമായിരുന്നു. 15 വര്‍ഷം മുമ്പ് അമ്മയുടെ കെട്ടുതാലി പൊട്ടിച്ച് നാടുവിട്ടു പോയ എന്റെ മകന്‍ റോയി ഒരു ബെന്‍സ് കാറില്‍ അപ്പോള്‍ വീട്ടിലെത്തിയിരുന്നു. ഗള്‍ഫില്‍ അവനൊരു കോടീശ്വരനാണെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിയില്ല. പക്ഷെ, അവനാണ് അവിടുത്തെ ജട്ടി ഇന്‍ഡസ്ട്രിയുടെ തലവനെന്നു കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി. റോയി ലൂക്കോസ് എന്നു കേട്ടാല്‍ ഗള്‍ഫിലെ ജട്ടി എന്നാണിപ്പോള്‍ അര്‍ഥം. എല്ലാം ഞാന്‍ വാങ്ങിയ ജട്ടിയില്‍ നിന്നുണ്ടായ ഭാഗ്യമാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു”

ജട്ടിദോഷത്തെ പറ്റി വിശ്വാസമില്ലാത്തവരെ പേടിപ്പിക്കാനല്ല എങ്കിലും ജട്ടിദോഷത്തെ പറ്റി പുഷ്പനു പറയാനുള്ളത് എന്താണെന്നു നോക്കൂ: ”രണ്ടു വര്‍ഷം മുമ്പ് ഒരു അക്ഷയജട്ടീയ ദിവസമാണ് എന്റെ അമ്മായിയമ്മയ്ക്ക് ലോട്ടറിയടിച്ചത്. അമ്മായിയമ്മയുടെ ലോട്ടറിയുടെ സന്തോഷം പങ്കുവയ്ക്കുന്നതിനായി ഭാര്യയേയും കൂട്ടി വേഗം ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. ഇറങ്ങുമ്പോള്‍ തതന്നെ ഭാര്യ പറഞ്ഞതാണ് നല്ല കാര്യത്തിനിറങ്ങുമ്പം ജട്ടിയിട്ടോണ്ടു വേണമെന്ന്. മറുപടിയായി അവളുടെ തന്തയ്ക്കു വിളിച്ച് പോയ പോക്കാണ്. അമ്മായിയമ്മയുടെ ലോട്ടറി കാണും മുമ്പേ എന്നെ പട്ടി കടിച്ചു. അന്ന് അത് ജട്ടിയെ അപമാനിച്ചതുകൊണ്ടാണെന്നു ഞാന്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ പിന്നെ എല്ലാ വര്‍ഷവും അക്ഷയജട്ടീയ ദിവസം പട്ടി കടിച്ച ആ മുറിവ് പഴുക്കും, ഭയങ്കര വേദനയും. അതിനു ശേഷം ഞാന്‍ അക്ഷയജട്ടീയയുടെ പ്രവര്‍ത്തകനാണ്. ഇപ്പോള്‍ അക്ഷയജട്ടീയ ദിവസം ജട്ടി മാത്രം ധരിച്ച് ധ്യാനത്തില്‍ മുഴുകിയിരിക്കും അതുകൊണ്ട് വേദനയില്ല, മുറിവും പ്രശ്നമില്ല”

ഇത്തരം അനുഭവങ്ങള്‍ മാത്രം മതി അക്ഷയജട്ടീയയുടെ മഹത്വത്തെപ്പറ്റി അറിയാത്തവരുടെ കണ്ണു തുറപ്പിക്കാന്‍. അക്ഷയജട്ടീയ ദിവസം ജട്ടിപരമായി ആചരിച്ച് നിങ്ങളെ കാത്തിരിക്കുന്ന ഭാഗ്യങ്ങളെ തട്ടിമാറ്റാതിരിക്കൂ. എത്രയും വേഗം അടുത്തുള്ള ജട്ടിക്കടയില്‍ പോയി ജട്ടി വാങ്ങൂ. അല്ലെങ്കില്‍ ഇരിക്കുന്നിടത്തിരുന്ന് ജട്ടി സ്വന്തമാക്കാന്‍ ബെര്‍ളിത്തരങ്ങളിലെ ജട്ടിസേവനം പ്രയോജനപ്പെടുത്തൂ. ഈ സൈറ്റില്‍ നിന്നു വാങ്ങുന്ന എല്ലാ ജട്ടികള്‍ക്കും 99.99 പൈസ മാത്രമാണ് വില. നിങ്ങളുടെ വിലാസവും സൈസും കമന്റായി നിക്ഷേപിച്ചാല്‍ ജട്ടികള്‍ വിപിപി ആയി എത്തും. ഇതിനെ ആക്ഷേപിച്ച് ജട്ടിദോഷം സമ്പാദിക്കാതിരിക്കൂ, വേഗമാകട്ടെ..

ഇ-ഖനനം

ഒാ ! ഇതൊക്കെ ആര്‍ക്കാണറിയാത്തത്, ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച് ഖനികളില്‍ നടത്തുന്ന ഖനനത്തെ ഇഖനനം എന്നു പറയുന്നു എന്നു നിര്‍വചിക്കാന്‍ വരട്ടെ. ഇതു സംഗതി വേറെയാണ്. ആധുനികസമൂഹത്തില്‍ ഇഖനനം നടക്കുന്നത് അതിഭീകര ഖനികളിലല്ല. നമ്മുടെയൊക്കെ മൂക്കിനു താഴെയാണ്.

ഇന്ത്യയില്‍ മെട്രോ നഗരങ്ങളില്‍ മാത്രമേ ഇതിനു സാധ്യതയുള്ളൂ എങ്കിലും ജപ്പാന്‍, ചൈന പോലുള്ള ഇലക്ട്രോണിക് ഉല്‍പന്നങ്ങളുടെ പറുദീസകളില്‍ ഇത് വന്‍ലാഭമുള്ള ബിസിനസാണ്. ഉപേക്ഷിക്കപ്പെടുന്ന ഇലക്ട്രോണിക് ഉല്‍പന്നങ്ങളിലെ സ്വര്‍ണം, വെള്ളി, ചെമ്പ്, പ്ളാറ്റിനം ഭാഗങ്ങള്‍ ശേഖരിച്ച് റീസൈക്കിള്‍ ചെയ്ത് വിറ്റ് കാശുണ്ടാക്കുന്ന പ്രക്രിയയാണ് ഇത്.

സംഗതി കൊള്ളാം. ജപ്പാനില്‍ ഇത്തരത്തില്‍ രാവിലെ ഒരു ചാക്കുമായിറങ്ങി വൈകുന്നേരം വരെ ചേട്ടായിമാര്‍ ഉപേക്ഷിച്ച സെല്‍ഫോണുകളും മറ്റും തിരഞ്ഞുപിടിച്ച് ശേഖരിച്ച് കൊണ്ടുപോകുന്നവര്‍ അതിലെ വിലയുള്ള ലോഹഭാഗങ്ങള്‍ക്കു വേണ്ടിയാണിത് ചെയ്യുന്നത്. ജപ്പാനില്‍ ഇത്തരത്തില്‍ നല്ല വരുമാനമുണ്ടാക്കുന്നവര്‍ അനേകമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സെല്‍ഫോണിലെ ഭാഗങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന സ്ഥിരം കക്ഷികളുടെയടുക്കല്‍ ഈ പഴഞ്ചന്‍ സാധനങ്ങള്‍ കൊടുത്താല്‍ മതി. അതിലെ വിലയേറിയ ലോഹഭാഗങ്ങളൊക്കെ അവര്‍ കൃത്യമായി അഴിച്ചെടുത്തുകൊള്ളും. മൊബൈല്‍ ഫോണ്‍ വാങ്ങി വാങ്ങി കൂട്ടുന്ന കേരളത്തില്‍ ചെറുകിട വ്യവസായമായി ഇഖനനം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്.