സൈബര്‍ ബുദ്ധിജീവി ശുദ്ധികലശം

ശബരിമല ക്ഷേത്രസന്നിധിയില്‍ ആചാരം ലഘിച്ച് മേല്‍ശാന്തി മകളെ കൊണ്ടുപോയി ദര്‍ശനം നടത്തിയതും അതെത്തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് അവിടെ പരിഹാരക്രിയകള്‍ നടത്തുകയും ചെയ്തതിനെതിരെ പ്രബുദ്ധരായ ആളുകളുടെയും സാസ്‌കാരികപ്രവര്‍ത്തകരുടെയും ബുദ്ധിജീവികളുടെയും നേതൃത്വത്തില്‍ വലിയ പ്രതിഷേധങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഞാനൊരു ബുദ്ധിജീവിയോ സംസ്‌കാരസമ്പന്നനോ അല്ല. ബുദ്ധിയെക്കാളും സംസ്‌കാരത്തെക്കാളും മനുഷ്യന് ഉപകാരപ്പെടുന്നത് കോമണ്‍സെന്‍സ് ആണെന്നാണ് എന്റെ അനുഭവം. അതുകൊണ്ടു തന്നെ സംസ്‌കാരിക കേരളത്തെ മുറിവേല്‍പിച്ചു കളഞ്ഞ ഈ വിഷയത്തില്‍ എന്റെ ചില അഭിപ്രായങ്ങള്‍ ഇവിടെ പങ്കു വയ്ക്കാനാഗ്രഹിക്കുന്നു.

12 വയസുള്ള പെണ്‍കുട്ടി സന്നിധാനത്തു കാലു കുത്തിയതിനെ തെറ്റ് എന്നു വിശേഷിപ്പിക്കുന്നതിന്റെ യുക്തിയെ ആണ് പലരും ചോദ്യം ചെയ്യുന്നത്. ആര്‍ത്തവം ആരംഭിച്ചവരും അവസാനിക്കാത്തവരുമായ ഒരു സ്ത്രീയും സന്നിധാനത്ത് ദര്‍ശനം നടത്താന്‍ പാടില്ല എന്ന നിയമം ദേവസ്വം ബോര്‍ഡ് പരിഷ്‌കരിച്ച് 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് ദര്‍ശനം നടത്തേണ്ടതില്ല എന്നാക്കി മാറ്റുകയണ് ചെയ്തത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതൊരു പഴയ ചട്ടമാണ്. മാറ്റുവിന്‍ ചട്ടങ്ങളെ എന്നു കവി പാടിയത് ഇത്തരം ചട്ടങ്ങള്‍ ഒക്കെക്കൂടി ഉള്‍പ്പെടുത്തിയായിരിക്കാം.

അയ്യപ്പന് പെണ്‍കുട്ടികളോട് അയിത്തമുണ്ടോ, ഒരു 12 വയസ്സുകാരി പ്രവേശിച്ചാല്‍ സന്നിധാനം എങ്ങനെയാണ് അശുദ്ധമാകുന്നത് എന്നു തുടങ്ങി അനേകം അനേകം ചോദ്യങ്ങളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. എല്ലാം യുക്തിസഹജമായ ചോദ്യങ്ങള്‍ തന്നെ. എന്നാല്‍, ശബരിമലയിലെ ഈ ആചാരം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി വര്‍ഷാവര്‍ഷം ലക്ഷക്കണക്കിനു ഭക്തജനങ്ങള്‍ വന്നുപോകുന്ന ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളുടെ തുടര്‍ച്ചയാണ് ഇത്. ഇവ കാലോചിതമായി പരിഷ്‌കരിക്കുന്നതിലോ മാറ്റങ്ങള്‍ വരുത്തുന്നതിലോ ഒന്നും ഒരു തെറ്റുമില്ല.

എന്നാല്‍, സന്നിധാനത്ത് 12 വയസ്സുള്ള മകളെയും കൊണ്ടു പോയത് അങ്ങനെയൊരു ചട്ടം നിലവിലുണ്ട് എന്നറിയാത്ത ഒരാളല്ല. അവിടുത്തെ ആചാരങ്ങളെക്കുറിച്ച് വളരെ വ്യക്തമായ ബോധ്യമുള്ള മേല്‍ശാന്തിയാണ്. നിലവില്‍ ലക്ഷക്കണക്കിനു വിശ്വാസികള്‍ കഠിനവ്രതമെടുത്ത് പ്രാര്‍ഥനാപൂര്‍വം പടിചവിട്ടുന്ന സന്നിധാനത്ത് നിലനില്‍ക്കുന്ന ഒരു ആചാരം ലംഘിക്കുന്നത് ഈ വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമോ ഇല്ലയോ എന്നതാണ് എന്റെ ചോദ്യം. അതിനു മറുപടി പറയേണ്ടത് ഇതിലൊന്നും വിശ്വാമില്ലാത്ത ആളുകളല്ല എന്നതും ചൂണ്ടിക്കാണിക്കട്ടെ.

ഇനി 12 വയസുള്ള പെണ്‍കുട്ടിയോട് എന്തിനീ ക്രൂരത എന്നതാണ് സ്ത്രിപക്ഷവാദികളും പുരോഗമനവാദികളും യുക്തിവാദികളും എല്ലാം ചോദിക്കുന്നത്. എന്താണ് 12 വയസുള്ള പെണ്‍കുട്ടിയോട് ചെയ്ത ക്രൂരത ? പെണ്‍കുട്ടിയെ ശാസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികള്‍ക്കു വിധേയമാക്കുകയോ ചെയ്തിട്ടില്ല. തന്ത്രിയുടെ നേതൃത്വത്തില്‍ സന്നിധാനത്ത് ശുദ്ധിക്രിയകള്‍ നടത്തി എന്നതാണ് പെണ്‍കുട്ടിയോടു ചെയ്ത ക്രൂരതയും സ്ത്രീത്വത്തോടുള്ള അവഹേളനുമായി പലരും കാണുന്നത്. സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ചട്ടം അബദ്ധജഢിലവും യുക്തിരഹിതവുമാണെന്നു വാദിക്കുന്നവര്‍ ഈ ശുദ്ധിപ്രക്രിയയെ പെണ്‍കുട്ടിയെ അവഹേളിക്കലായി ചിത്രീകരിക്കുന്നതിന്റെ യുക്തി എനിക്കു മനസ്സിലാവുന്നില്ല. രണ്ടും ഒരേ ആചാരത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നിരിക്കെ ഒന്ന് അബദ്ധവും മറ്റേത് അവഹേളനവുമാകുന്നതെങ്ങനെ ?

11 വയസ്സുകാരി സന്നിധാനത്ത് ചെന്നത് ആചാരലംഘനമല്ല എങ്കില്‍ അതിന്റെ തുടര്‍ച്ചയായി നടക്കുന്ന ശുദ്ധിക്രിയകള്‍ പെണ്‍കുട്ടിയെ അവഹേളിക്കലുമല്ല. അദ്യത്തേത് ആചാരലംഘനമാണ് എന്നുറച്ചു വിശ്വസിക്കുന്നവര്‍ക്ക് മാത്രമേ ശുദ്ധിക്രിയകളിലും വിശ്വസിക്കേണ്ട കാര്യമുള്ളൂ. ആചാരം ലംഘിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ഏതെങ്കിലും തരത്തിലുള്ള ശിക്ഷാനടപടികള്‍ക്കു വിധേയമാക്കാത്തിടത്തോളം സാംസ്‌കാരികപ്രവര്‍ത്തകരുടെ ആശങ്കകള്‍ അടിസ്ഥാനരഹിതമാണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം.

ഇനി ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശനം നല്‍കണം എന്നുള്ള വാദം നോക്കാം. അത് ഒരു സമുദായവുമായി ബന്ധപ്പെട്ട, വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും ഭാഗമായുള്ള പ്രശ്‌നമാണ്. പുരോഗമനം നടപ്പാക്കുമ്പോള്‍ അത് പുരോഗമനവാദികള്‍ക്കു ഹിതകരമാണോ എന്നതിനെക്കാള്‍ ആ വിശ്വാസങ്ങളെയും ആചാരങ്ങളെയും മുറുകെപ്പിടിക്കുന്ന വ്യക്തികള്‍ക്കു ഹിതകരമാണോ എന്നാണ് പരിശോധിക്കേണ്ടത്. ജനാധിപത്യം എന്നു പറയുമ്പോള്‍ ജനം എന്ന നിര്‍വചനത്തില്‍ പുരോഗമനവാദികള്‍ അവരെയും അവരെ അനുകൂലിക്കുന്നവരെയും മാത്രം കാണുന്നതിന്റെ പ്രശ്‌നമാണിത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണം എന്നത് വിശ്വാസികളുടെ പൊതു അഭിപ്രായമാണെങ്കില്‍ അതു നടപ്പാക്കണം. സാംസകാരിക-ബുദ്ധിജീവികളല്ല ഇവിടെ എല്ലാ കാര്യങ്ങളിലും വിധി പറയേണ്ടത്.

ദുരാചാരങ്ങളും സ്ത്രീവിവേചനവും പറിച്ചെറിയേണ്ടതു തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. എന്നാല്‍ അത് ലക്ഷക്കണക്കിനാളുകള്‍ വന്നു ചേരുന്ന ശബരിമലയില്‍ നിന്ന് ആരംഭിക്കുന്നതിനെക്കാള്‍ വിപ്ലവകരം അവനവന്റെ വീടുകളില്‍ നിന്നു തന്നെ ആരംഭിക്കുന്നതായിരിക്കുമെന്നു തോന്നുന്നു. പുരോഗമന വിപ്ലവ ചേച്ചിമാര്‍ പരിശുദ്ധമായി കാണുന്ന കിറ്റി പാര്‍ട്ടികളില്‍ കെട്ടിയോനെയും എഴുന്നള്ളിച്ചുകൊണ്ടുപോകാനുള്ള വിശാലമനസ്‌കത ആദ്യം കാണിക്കണം. ഭാര്യ അടുക്കളയില്‍ പണിയെടുക്കുമ്പോള്‍ ന്യൂസ് ചാനല്‍ ഓഫ് ചെയ്ത് അവിടെ പോയി നാലു പാത്രമെങ്കിലും കഴുകി വയ്ക്കാന്‍ ബുദ്ധിജീവികളും തയ്യാറാവണം. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെക്കാള്‍ ആയിരം മടങ്ങ് ഇഫക്ടോടെ ഇതൊക്കെ സമൂഹത്തില്‍ ഗുണകരമായി പ്രതിഫലിക്കുമെന്നതില്‍ സംശയമില്ല. ആചാരങ്ങള്‍ നമ്മളെപ്പോലെയുള്ള മനുഷ്യര്‍ ഉണ്ടാക്കിയതാണ്. നമ്മുടെയൊക്കെ മനസ്സുകളില്‍ നിന്ന് അതിന്റെ വേരുകള്‍ മായുമ്പോള്‍ എല്ലായിടത്തു നിന്നും അവ മാഞ്ഞു പൊയ്‌ക്കൊള്ളും. ശുഭദിനം.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

അതിനാല്‍ അമേരിക്കക്കാരോടു ക്ഷമിക്കുക

വിജയവാഡക്കാരി നീന ദാവുലുരി മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നിലെ രാഷ്ട്രീയത്തിലൊന്നും വലിയ കഥയില്ല. ഇവിടെ വിവാദമായിരിക്കുന്നത് ശരാശരി അമേരിക്കക്കാരുടെ അമ്പരപ്പും ആശങ്കകളും ആധികളും വ്യാധികളുമാണ്. മാന്യമായി ഭക്ഷണം കഴിക്കാനും ഭോഗിക്കാനും അറിയാവുന്ന സമൂഹം എന്നതിനപ്പുറം ലോകത്തിലെ ഏതെങ്കിലും ജനസമൂഹത്തെക്കാള്‍ ഏതെങ്കിലും തരത്തില്‍ മികവ് അവകാശപ്പെടാവുന്നവരല്ല ശരാശരി അമേരിക്കക്കാര്‍. വെളുത്ത തൊലിയില്ലാത്തവരെല്ലാം അറബികളും ഇംഗ്ലിഷ് സംസാരിക്കാത്തവരെല്ലാം അല്‍ ഖ്വയ്ദക്കാരുമാണെന്നു വിശ്വസിക്കുന്ന ലോകവിവരമില്ലാത്ത അമേരിക്കയിലെ ഫ#@ങ് ക്ലാസ്സിനോടു ദേഷ്യം തോന്നുന്നതില്‍ കാര്യമില്ല. വിവരമില്ലെങ്കിലും പാവങ്ങളാണ്.

ഭൂമി ഉരുണ്ടതാണെന്നോ അതില്‍ അമേരിക്കയെക്കൂടാതെ വേറെ ഭൂഖണ്ഡങ്ങളുണ്ടെന്നോ അവര്‍ക്കറിയില്ല. വെള്ളക്കാരല്ലാത്തവരെല്ലാം ഒരു 100 വര്‍ഷമെങ്കിലും കഴിയുമ്പോള്‍ വെള്ളക്കാരാകാമെന്ന പ്രതീക്ഷയില്‍ പരിണാമത്തിനു ശ്രമിക്കുന്നവരുമാണെന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന അവറ്റകള്‍ക്ക് ഒരിന്ത്യക്കാരി മിസ് അമേരിക്കയായി എന്നു കേള്‍ക്കുമ്പോള്‍ വംശീയഞരമ്പുകള്‍ പൊട്ടുന്നത് സ്വാഭാവികം. ഇന്നല്ലെങ്കില്‍ നാളെ നീന ദാവുലുരി തങ്ങളുടെ കാലിനിടയിലേക്കു ബോംബുകളുമായി പാഞ്ഞുകയറുമെന്ന ഭീതിയില്‍ ഉറക്കം കളഞ്ഞിരിക്കാന്‍ പോകുന്ന സാധുക്കളോട് നമുക്കല്‍പം സഹതാപം തോനിയാലും കുഴപ്പമില്ല.

വിദ്യാഭ്യാസം ഉണ്ടെങ്കിലും ലോകവിവരമില്ല എന്നതാണ് നല്ലൊരു ശതമാനം അമേരിക്കക്കാരുടെയും പ്രശ്‌നം. ഇന്ത്യ, ചൈന, അറബ് എന്നൊക്കെ കേട്ടിട്ടുള്ളതല്ലാതെ അതൊക്കെ എവിടെയാണെന്നോ അവിടൊക്കെ എന്താണുള്ളതെന്നോ പാവങ്ങള്‍ക്ക് അറിയില്ല. അതേ സമയം, ചൊവ്വ പര്യവേഷണവാഹനമായ ക്യുരിയോസിറ്റി മൗണ്ട് ഷാര്‍പിനു കീഴെ പാര്‍ക്ക് ചെയ്തിരിക്കുന്നതെന്തിനാണെന്നും അടുത്ത 50 വര്‍ഷത്തിനിടെ ജി-സ്‌പോട്ടില്‍ ഒന്നര മില്ലിമീറ്റര്‍ മാറ്റം വരാനുള്ള സാധ്യതകളെക്കുറിച്ചും അവര്‍ക്കറിയാം. അടിസ്ഥാനപരമായി സംസ്‌കാരങ്ങള്‍ തമ്മിലുള്ള അന്തരത്തെയും നമ്മള്‍ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. നമ്മള്‍ ഇവിടെ ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂനില്‍ക്കുന്നു. അവരവിടെ ഐഫോണ്‍ സ്‌റ്റോറിനു മുന്നില്‍ ക്യൂനില്‍ക്കുന്നു, അത്ര തന്നെ.

കാര്യമിങ്ങനെയൊക്കെയാണെങ്കിലും നീന മിസ് അമേരിക്കയായതിലുള്ള അമേരിക്കന്‍ ഫക്കിങ് ക്ലാസ്സിന്റെ രോഷം ട്വിറ്ററില്‍ അണപൊട്ടിയൊഴുകുകയാണ്. ഇവിടുത്തെപ്പോലെ കരിങ്കൊടി കാണിക്കാനൊന്നുമുള്ള സ്‌കോപ് അവിടെയില്ല. ട്വീറ്റുകളിലൂടെ രോഷംകൊണ്ട് പണ്ടാരമടങ്ങുകയേ വഴിയുള്ളൂ. നീന അറബിയും അല്‍-ഖ്വയ്ദക്കാരിയുമാണെന്നാണ് വെളുത്ത വിഡ്ഡികള്‍ കരുതിയിരിക്കുന്നത്. മിസ് ക്യാന്‍സസ് വിജയിക്കേണ്ടത് അമേരിക്കയുടെ നന്മയ്ക്ക് അത്യന്തതാപേക്ഷികമായിരുന്നെന്നു വിശ്വസിക്കുന്നവരാണ് നല്ലൊരു ശതമാനവും. സോഷ്യല്‍ മീഡിയ ഓടിക്കുന്ന സായിപ്പന്‍മാര്‍ക്ക് അവരുടെ വിപണി അമേരിക്കയ്ക്ക് പുറത്താണ് എന്നറിയാവുന്നതുകൊണ്ടാണോ എന്തോ, വംശീയ ട്വീറ്റുകളുമായി അമേരിക്കന്‍ ദേശസ്‌നേഹം വിളിച്ചോതിയ നൂറു കണക്കിന് അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തു.

മലയാളിയായ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ 140 കൊല്ലത്തേക്കോ മറ്റോ ആണ് അവിടെ ജയിലിലടച്ചിരിക്കുന്നത്. വംശീയവെറിയുള്ള സമൂഹം വിധിക്കുന്ന ശിക്ഷകളില്‍ നീതിയുടെ അളവ് എത്രത്തോളമുണ്ടായിരിക്കുമെന്നത് അളന്നു നോക്കാന്‍ സംവിധാനങ്ങളില്ല. നീനയെ ദേശസ്‌നേഹികളായ അമേരിക്കക്കാര്‍ കൊന്നു തിന്നാതിരിക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. മിസ് അമേരിക്കയായ നീനയുടെ അവസ്ഥ ഇതാണെങ്കില്‍ പ്രസിഡന്റ് ആയ സമയത്ത് ആ ഒബാമയൊക്കെ എന്തുമാത്രം സഹിച്ചു കാണണം. അതുകൊണ്ടായിരിക്കാം മിസ് ക്യാന്‍സസിനെപ്പോലെ താനും നല്ലൊരു വേട്ടക്കാരനാണെന്നു തെളിയിക്കാന്‍ സമാധാനത്തിനുള്ള നൊബേല്‍ കക്ഷത്തില്‍ വച്ച് സിറിയയില്‍ ബോംബിടാന്‍ ടിയാനിറങ്ങിത്തിരിച്ചത്. പുവര്‍ ഗൈ !

എന്തൊക്കെ പറഞ്ഞാലും ഒരിന്ത്യന്‍ വംശജ മിസ് അമേരിക്കയായി തിരഞ്ഞെടുക്കപ്പെട്ടു എന്നത് സമത്വസുന്ദരമായ അമേരിക്ക പടുത്തുയര്‍ത്താനാഗ്രഹിക്കുന്നവര്‍ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ്. ദളിതനെ സ്‌നേഹിച്ച കുഞ്ഞുപെങ്ങളുടെ മുഖത്ത് ആസിഡ് ഒഴിച്ച് കെട്ടിത്തൂക്കി കൊല്ലുന്ന ഇന്ത്യക്കാരന് വംശീയവിദ്വേഷത്തിന്റെ പേരില്‍ അമേരിക്കക്കാരനെ വിമര്‍ശിക്കാന്‍ യോഗ്യതയുണ്ടോ എന്നത് വേറെ ചോദ്യം.

അച്ചായന്‍ ലുക്കുള്ള ഗന്ധര്‍വ്വന്‍

പ്രിയപ്പെട്ട അച്ചായന്,

ഹാപ്പി വലന്‍റൈന്‍സ് ഡേ എന്നു പറയാനുള്ള ഒരു ചങ്കുറപ്പ് എനിക്കില്ല. സ്ത്രീവിരുദ്ധ, സാമൂഹികവിരുദ്ധ, ന്യൂജനറേഷന്‍ വിരുദ്ധ, പിന്തിരിപ്പന്‍ മൂരാച്ചി മെയില്‍ ഷോവനിസ്റ്റായ അച്ചായന്‍റെ മുന്നില്‍ ചങ്കുറപ്പ് നഷ്ടപ്പെടുന്നത് എനിക്ക് സഹിക്കാനാവുന്ന കാര്യമല്ല. പക്ഷെ, സംഭവിച്ചു പോയി. എന്‍റെ സ്വപ്നങ്ങളില്‍, സങ്കല്‍പങ്ങളില്‍, വികാരങ്ങളില്‍, അഭിനിവേശങ്ങളില്‍ ആകെ പടര്‍ന്നു കയറുന്ന പ്രണയത്തിന്‍റെ ഗന്ധര്‍വ്വസ്പര്‍ശത്തിന്‍റെ ക്ലൈമാക്സില്‍ ഞാന്‍ കാണുന്നത് ഇയാളുടെ മുഖമാണ്. അവിടെ ഞാന്‍ തകര്‍ന്നു പണ്ടാരമടങ്ങുകയാണ്.

കാര്യം വിശദമായി തന്നെ പറയാം. ജാതകവശാല്‍ ഗന്ധര്‍വ്വസംബന്ധത്തിനു വിധിയുള്ള, തികച്ചും കാല്‍പനികമായി ജീവിക്കുന്ന ഡിഫോള്‍ട്ടായി തന്നെ അതിസുന്ദരിയും ശാലീനയുമായ സ്ത്രീയാണ് ഞാന്‍. അച്ചായനെക്കാള്‍ ലുക്കും നിറവും കഴിവും വിദ്യാഭ്യാസവുമുള്ള അനേകം ചെറുപ്പക്കാരുടെ പ്രണയാഭ്യര്‍ഥനകളെ തിരസ്കരിച്ചുകൊണ്ട് ഇത്രയും കാലം ജീവിച്ച എനിക്ക് ഇപ്പോള്‍ എനിക്കൊരു താല്‍പര്യവുമില്ലാത്ത അച്ചായന്‍ കാരണം ഉറക്കം നഷ്ടപ്പെടുന്നു എന്നു പറയുമ്പോള്‍ അത് എത്ര വലിയ ഗതികേടാണ് എന്നോര്‍ക്കണം. എനിക്കറിയണ്ടത് ഇത് മാത്രമാണ്, ശരിക്കും ഇയാള് ആരുവാ ?

അച്ചായനെ സ്വപ്നം കണ്ടെന്നോ ഉറക്കത്തില്‍ അച്ചായനെന്നെ എന്തെങ്കിലുമൊക്കെ ആക്കിയെന്നോ ഒരു വിചാരം അച്ചായനു വേണ്ട. അങ്ങനെയൊന്നും ഞാനുദ്ദേശിച്ചിട്ടില്ല. എന്‍റെ അനുഭവം മറ്റൊന്നാണ്. എന്‍റെ നായകന്‍ നല്ല ഹൈറ്റും വെയ്‍റ്റും നല്ല വൈറ്റ് നിറവുമൊക്കെയുള്ള ശരിക്കുമൊരു ഗന്ധര്‍വ്വനാണ്. വളരെ റൊമാന്‍റിക്കായ, ശാസ്ത്രീയസംഗീതത്തില്‍ പാണ്ഡിത്യമുള്ള, വേദോപനിഷത്തുകളില്‍ അഗാധജ്ഞാനമുള്ള കവിതയും സാഹിത്യവും (ബ്ലോഗ് ഒരു സാഹിത്യമല്ല) എല്ലാം വഴങ്ങുന്ന ദേവപ്രതിനിധിയാണ്. അദ്ദേഹത്തിന്‍റെ മുന്നില്‍ നില്‍ക്കാന്‍ പോയിട്ട് ആ നിഴലില്‍ ചുംബിക്കാനുള്ള യോഗ്യത പോലും അച്ചായനില്ല. എന്നാല്‍, ഞാന്‍ നേരിടുന്ന പ്രതിസന്ധി ഇതാണ്- എല്ലാം തികഞ്ഞ ആ നായകന് മുടിയാനായിട്ട് അച്ചായന്‍റെ മുഖമാണ്.

അല്ലെങ്കില്‍ തന്നെ അച്ചായന്‍മാരെ എനിക്കിഷ്ടമല്ല. കയ്യില്‍ നിറയെ കാശും എച്ചി സ്വഭാവവും സ്ത്രീകളോട് ബീഫിനോടെന്നപോലെയുള്ള പെരുമാറ്റവും പിന്നെ എനിക്കിഷ്ടമില്ലാത്ത ഒരു നൂറായിരം കാരണങ്ങളും കാരണം അച്ചായന്‍മാരെ എനിക്ക് വെറുപ്പാണ്. അച്ചായന്‍ ഏത് ടൈപ്പ് അച്ചായനാണെങ്കിലും അച്ചായനെ ചിലര്‍ അച്ചായനെന്നു വിളിക്കുന്ന കാരണം കൊണ്ട് തന്നെ ഏതെങ്കിലും തരത്തില്‍ അച്ചായനെ എനിക്ക് അംഗീകരിക്കാനാവില്ല. എന്നിട്ടും കളഭം ചാര്‍ത്തിയ എന്‍റെ സുന്ദരസങ്കല്‍പങ്ങളുടെ പറുദീസയില്‍ ഇതിയാന്‍ ഡബിള്‍മുണ്ട് മടക്കിക്കുത്തി മെലിഞ്ഞ് രോമമില്ലാത്ത കാലും കാണിച്ച് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് ആകെ പെരുത്തു വരുന്നു.

എന്നു മുതലാണ് ഇങ്ങനെ ആയിത്തുടങ്ങിയത് എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്‍റെ പ്രണയലോകത്ത് എന്നും ഞാനും എന്‍റെ ഗന്ധര്‍വ്വസ്വപ്നങ്ങളും മാത്രമേയുണ്ടായിരുന്നുള്ളൂ. സങ്കല്‍പങ്ങള്‍ നെയ്ത് നെയ്ത് എന്‍റെ നായകന്‍ വരുന്ന കാലത്തിനു വേണ്ടി ഇക്കാലമത്രയും ഞാന്‍ കാത്തിരിക്കുകയായിരുന്നു. നിതീഷ് ഭരദ്വാജിനെപ്പോലെ, അരവിന്ദ് സ്വാമിയെപ്പോലെ ഒരു ഗന്ധര്‍വ്വന്‍ എന്‍റെ ജീവിതത്തിലേക്ക് വരുമെന്ന കാര്യത്തില്‍ എനിക്കൊരു സംശയവുമുണ്ടായിരുന്നില്ല. രണ്ടാഴ്ച മുമ്പൊരു വെള്ളിയാഴ്ചയാണ് സ്വപ്ത്തില്‍ എനിക്ക് ഗന്ധര്‍വ്വബാന്ധവമുണ്ടായത്. എന്‍റെ കിടക്കയില്‍ കൈ മുട്ടു കുത്തി പരിസരമാകെ മിന്നാമിനുങ്ങുകളെ വിന്യസിച്ച് തലയില്‍ സ്വര്‍ണകിരീടം ചൂടി എന്‍റെ ഗന്ധര്‍വ്വന്‍ അരികിലുണ്ടായിരുന്നു. പക്ഷെ, ദേവലോകത്തിന്‍റേതായി എന്‍റെ സങ്കല്‍പങ്ങള്‍ മനസ്സില്‍ റജിസ്റ്റര്‍ ചെയ്ത സുഗന്ധമായിരുന്നില്ല, പ്രൈവറ്റ് ബസില്‍ കയറുമ്പോള്‍ തൊട്ടു പിന്നില്‍ നിന്നു തോണ്ടുന്ന അലവലാതി ചെക്കന്‍മാരുടെ ദേഹത്തു നിന്നു വരുന്ന ആക്സിന്‍റെ കടുംസുഗന്ധമായിരുന്നു അവിടെ.

എന്‍റെ കവിളുകളില്‍ മാറിമാറി ചുംബിക്കുന്ന ഗന്ധര്‍വ്വന്‍റെ മുഖത്തേയ്‍ക്ക് നാണത്തോടെ നോക്കുമ്പോള്‍ അച്ചായന്‍റെ മുഖം കണ്ട് ഞാന്‍ ഞെട്ടിപ്പോയി. എന്‍റെ ഭാവം കണ്ടിട്ടോ മറ്റോ- എന്നാടീ നോക്കുന്നേ ? എന്നാ കോപ്പു കാണാനാ നീ നോക്കുന്നേ, ഹ്ങേ ? എന്നൊരു അണ്‍റൊമാന്‍റിക് ചോദ്യം കൂടിയായപ്പോ ഞാന്‍ തകര്‍ന്നുപോയി. അതായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് ഞാന്‍ നെയ്തുവച്ച സങ്കല്‍പങ്ങളിലേക്കെല്ലാം ഗന്ധര്‍വ്വന്‍റെ വേഷത്തില്‍ അച്ചായന്‍ നടന്നുകയറി. ഇപ്പോള്‍ എന്‍റെ പ്രണയസങ്കല്‍പങ്ങളെല്ലാം അച്ചായന്‍വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്‍റേതായി ഉണ്ടായിരുന്നതെല്ലാം ഇതിയാന്‍ കയറി മുടിച്ചു.

ഇതിപ്പോ ഞാനോ അച്ചായനോ അറിഞ്ഞോണ്ടു സംഭവിച്ചതല്ല എന്നെനിക്കറിയാം. പക്ഷെ, എനിക്ക് നഷ്ടപ്പെട്ടത് എന്‍റെ പ്രണയസാമ്രാജ്യമാണ്. അച്ചായന്‍ എന്തിന് എന്‍റെ ജീവിതങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും കടന്നുവന്നു ? എന്തിന് എന്‍റെ ഗന്ധര്‍വ്വനെ ഇതിയാന്‍റെ അച്ചായന്‍ ലുക്ക് കൊണ്ട് നശിപ്പിച്ചു ? അതോ ശരിക്കും അച്ചായന്‍ ഒരു ഗന്ധര്‍വ്വനാണോ ? ഇക്കാണുന്ന ഷോവനിസത്തിനപ്പുറം അച്ചായനില്‍ ഒരു പ്രണയനായകന്‍ ഉണര്‍ന്നിരിപ്പുണ്ടോ ? ഞാന്‍ കണ്ട സ്വപ്നങ്ങള്‍ എന്തിന്‍റെയെങ്കിലും മുന്നോടിയാണോ ? എനിക്ക് എത്രയും വേഗം ഒര മറുപടി തന്ന് എന്നെ ഈ ദുര്‍ഘടാവസ്ഥയില്‍ നിന്നും രക്ഷപെടുത്തണം.

എന്ന് ഗന്ധര്‍വ്വന്‍റെ സ്വന്തം…

നമ്മള്‍ പരിധിക്ക് പുറത്താണ്

ആരും ആരെയും ബലാല്‍സംഗം ചെയ്യരുത് എന്ന പാഠത്തിന് അടിവരയിട്ട് ദില്ലി റേപ് എന്ന ബോറന്‍ വിഷയത്തില്‍ നിന്നു നമ്മള്‍ പുതിയ വിവാദങ്ങളുടെ പിറകേ കൂടിക്കഴിഞ്ഞു. കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ലഭിച്ചാല്‍ അന്നത്തെ ആഘോഷം കൂടി കഴിഞ്ഞ് രാജ്യത്തെ ക്ഷുഭിതയൗവ്വനം വിഷയം വിടും. പക്ഷെ, ആ പെണ്‍കുട്ടിയുടെ മരണത്തില്‍ മെഴുകുതിരി കത്തിച്ചു കണ്ണീരൊഴുക്കാന്‍ പോയ പുണ്യാളന്‍മാരുള്‍പ്പെടെയുള്ള നമ്മുടെ പ്രതിനിധികളും ആ മരണത്തിന് ഉത്തരവാദികളാണെന്ന പുതിയ വിവരങ്ങളില്‍ നിന്ന് നമ്മള്‍ ഏതാനും പാഠങ്ങള്‍ കൂടി പഠിക്കേണ്ടതുണ്ട്.

അന്ന് പെണ്‍കുട്ടിയോടൊപ്പം ബസ്സിലുണ്ടായിരുന്ന സുഹൃത്ത് സീ ടിവിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുസമൂഹത്തിന്‍റെ പൊയ്മുഖമാണ് തുറന്നു കാണിക്കുന്നത്.സീ ടിവി അഭിമുഖത്തില്‍ പ്രധാനമായും ആ ചെറുപ്പക്കാരന്‍ പറയുന്നത് ബസ്സില്‍ വച്ച് കാമദ്രോഹികള്‍ നടത്തിയ അക്രമങ്ങളെക്കുറിച്ചും കൊലപാതകശ്രമത്തില്‍ നിന്നു രക്ഷപെട്ട അവരെ രക്ഷിക്കുന്നതിനു പകരം പൊലീസുകാര്‍ വന്ന് സ്റ്റേഷന്‍ അതിര്‍ത്തിയെപ്പറ്റി തര്‍ക്കിച്ചു സമയം കളഞ്ഞതിനെപ്പറ്റിയുമാണ്. ബലാല്‍സംഗികള്‍ക്കു വധശിക്ഷ എന്നതുപോലെ അതിര്‍ത്തിബോധമുള്ള 10 രൂപ പോലീസിന് സസ്‍പെന്‍ഷനോ സ്ഥലംമാറ്റമോ ഒക്കെ നല്‍കി ഷീലാ മാഡം പ്രശ്നം പരിഹരിക്കും. എന്നാല്‍, ചോരയില്‍ കുളിച്ച് നഗ്നരായി കിടക്കുന്ന അവരെ എത്തിനോക്കി കമന്‍റടിച്ച് കടന്നുപോയ ദില്ലിയിലെ പ്രബുദ്ധസമൂഹത്തിന്‍റെ നിസ്സംഗതയ്‍ക്ക് എന്തു ശിക്ഷയാണ് നല്‍കുക ? .

ദില്ലിക്കാര്‍ അല്ലെങ്കിലും മനസാക്ഷിയില്ലാത്തവരാണെന്നു പറഞ്ഞതുകൊണ്ട് നമ്മള്‍ നല്ലവാരാവുകയില്ല. കേരളത്തിലായിരുന്നെങ്കില്‍ അവരുടെ വിഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി യു ട്യൂബില്‍ അപ്‍ലോഡ് ചെയ്ത്, അതിന്‍റെ ലിങ്ക് ഫേസ്‍ബുക്കിലിട്ട് നമ്മള്‍ വിലസിയേനെ. ദില്ലി പെണ്‍കുട്ടിയെന്ന പേരില്‍ മറ്റൊരു ‍കുട്ടിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിക്കുന്ന ആക്ടിവിസ്റ്റ് ഞരമ്പുകളും ബസിലെ റേപിസ്റ്റുകളും തമ്മില്‍ നേരിയ വ്യത്യാസമേയുള്ളൂ.

സീ ടിവി അഭിമുഖത്തില്‍ പെണ്‍കുട്ടിയുടെ സുഹൃത്ത് പറയുന്ന കാര്യങ്ങളില്‍ ബസ്സിലെ അക്രമത്തിന്‍റെ വിശദാംശങ്ങള്‍ക്കാണ് പ്രാധാന്യം. അക്രമികള്‍ നഗ്നരാക്കി വലിച്ചെറിഞ്ഞ അവരെ നോക്കി തലകുലുക്കി കടന്നുപോയവരില്‍ 10 പേരെങ്കിലും അടുത്ത ദിവസം മെഴുകുതിരിയുമായി പ്രതിഷേധനാടകത്തിനു പോയിട്ടുണ്ടാവില്ലേ ? ഞാനായിരുന്നെങ്കില്‍ വണ്ടി നിര്‍ത്തി അവരെ അതില്‍ കയറ്റി ഏറ്റവും അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചേനെ എന്നിപ്പോള്‍ പറയാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, നമ്മളും അതൊന്നും ചെയ്യില്ല. സ്വസ്ഥമായി വീട്ടില്‍പോകുന്നതിനിടെ കാറിന്‍റെ സീറ്റില്‍ വെറുതെ ചോര പറ്റിക്കാന്‍ ആരും ആഗ്രഹിക്കില്ല. കൗതുകത്തോടെ അവളുടെ നഗ്നത എത്തി നോക്കി പോയവര്‍ ഷി ഈസ് മൈ സിസ്റ്റര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുമായി പ്രതിഷേധത്തിനും വന്നിട്ടുണ്ടാവണം. നമ്മളെല്ലാവരും അങ്ങനെയാണ്.

ബസിലെ റേപിസ്റ്റുകള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ മരണത്തിന് ഉത്തരവാദി എന്ന സങ്കല്‍പം തിരുത്തിയെഴുതാം. അതുവഴി കടന്നുപോയ നമ്മളെപ്പോലുള്ളവര്‍ അതിനുത്തരവാദികളാണ്. വിളിച്ച് 45 മിനിറ്റിനു ശേഷം എത്തിയ മൂന്നു വണ്ടി പൊലീസുകാര്‍ ഉത്തരവാദികളാണ്. ഏത് പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലാണ് അവര്‍ കിടക്കുന്നത് എന്ന കാര്യത്തില്‍ അമേധ്യസേന അര മണിക്കൂര്‍ തര്‍ക്കിച്ചു നിന്നത് രാജ്യതലസ്ഥാനത്താണെന്നു പറയുമ്പോള്‍ നമുക്കൊക്കെ ഭീതിയുടെ, വെറുപ്പിന്‍റെ രോമാഞ്ചമുണ്ടാകും. അവള്‍ക്കു നഗ്നത മറയ്‍ക്കാന്‍ ഒരു കീറ്റത്തുണി കൊടുത്തതും പൊലീസല്ല. ഒടുവില്‍ അതിര്‍ത്തി തര്‍ക്കം തീര്‍ത്ത് അവരെ കൊണ്ടുപോയതോ വളരെ ദൂരയുള്ള ആശുപത്രിയിലേക്ക്. അവളെ നശിപ്പിച്ചത് ബസിലുള്ളവരാണെങ്കില്‍ കൊന്നത് നമ്മളാണ്.

അവള്‍ മരിച്ചത് നന്നായി എന്ന അര്‍ത്ഥത്തില്‍ ആ ദിവസങ്ങളില്‍ പലരും പറഞ്ഞിരുന്നു. അവള്‍ മരിച്ചത് ഒരര്‍ഥത്തിലും നന്നായില്ല എന്നാണ് എന്‍റെ അഭിപ്രായം. റേപ് ചെയ്യപ്പെട്ടവള്‍ മരിക്കേണ്ടവളാണെന്ന പ്രാകൃതധാര്‍മികബോധമാണ് മറ്റു ന്യായങ്ങളുടെ സ്വരത്തില്‍ പലരെക്കൊണ്ടും ഇത് പറയിക്കുന്നത്. എനിക്കു ജീവിക്കണം എന്നു പറഞ്ഞ് മരണത്തിലേക്കു പോയ അവളോടു സഹതപിക്കുകയും അവളെ ധീരവനിതയെന്നു വിശേഷിപ്പിക്കുകയും മെഴുതിരിയുമായി തെരുവിലേക്കിറങ്ങുകയും ചെയ്യുമ്പോള്‍ മറക്കരുത്, ആ കൊലക്കേസില്‍ നമുക്കും പങ്കുണ്ടെന്ന്.

മേല്‍പ്പറഞ്ഞ അഭിമുഖം സംപ്രേഷണം ചെയ്ത് ദില്ലി പൊലീസിന്‍റെ ആത്മവീര്യം തകര്‍ത്ത സീ ന്യൂസിനെതിരെ കര്‍മനിരതരായ പൊലീസുകാര്‍ കേസെടുത്തിട്ടുണ്ട്. റേപിനിരയായ പെണ്‍കുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടാന്‍ സാധ്യതയുള്ള വിവരങ്ങള്‍ അഭിമുഖത്തിലൂടെ നല്‍കിയതിന് ഐപിസി 228-എ പ്രകാരമാണ് കേസ്. അഭിമുഖം കൊടുത്ത അവളുടെ സുഹൃത്തിനെതിരെയാവും അടുത്ത കേസ്. സ്റ്റേഷന്‍ പരിധിക്കു പുറത്താണെങ്കില്‍ അവനു കൊള്ളാം.

സീ ന്യൂസ് അഭിമുഖം ഇവിടെ കാണാം.

ഇടിക്കും സുന്ദരി

മിസ് വേള്‍ഡ് മല്‍സരം കഴിഞ്ഞു. പേര് വന്യ എന്നാണെങ്കിലും ശാലീനതയുടെ നിറകുടമായ നമ്മുടെ മിസ് ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം നടത്തി മടങ്ങിപ്പോന്നു. ആദ്യത്തെ ഏഴുപേരിലൊരാളാവാന്‍ കുട്ടിക്ക് കഴിഞ്ഞു. മല്‍സരം കഴിഞ്ഞ് സ്റ്റേജും അഴിച്ച് പന്തലുകാര്‍ക്ക് കാശും കൊടുത്തുകഴിഞ്ഞപ്പോള്‍ രസകരമായ ഒരു വിവാദം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. സൗന്ദര്യത്തില്‍ മാത്രമല്ല, സംസ്കാരത്തിലും വ്യക്തിത്വത്തിലുമെല്ലാം മികവു പുലര്‍ത്തുന്നവരെയാണ് മിസ് വേള്‍ഡായി തിരഞ്ഞെടുക്കുന്നത് എന്നാണ് സങ്കല്‍പം. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മല്‍സരത്തിനെത്തുന്ന സുന്ദരി (അങ്ങനെ വിളിക്കണമെന്നാണ് വകുപ്പ്) തീര്‍ച്ചയായും വളരെ മര്യാദയുള്ളവളായിരിക്കണമല്ലോ. എന്നാല്‍, മല്‍സരത്തിനിടെ നാലാം ക്ലാസ് സ്റ്റൈലില്‍ മിസ് മലാവി മിസ് ന്യൂസീലാന്‍ഡിലെ വേദിയില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ മല്‍സരം കഴിഞ്ഞപ്പോള്‍ വിവാദമായിരിക്കുകയാണ്.

സോ കോള്‍ഡ് സുന്ദരിമാര്‍ ഓരോരുത്തരായി സ്റ്റേജിലേക്കു വന്നു നിരന്നുകൊണ്ടിരിക്കുന്ന സമയം. ഓരോരുത്തര്‍ക്കും അവരുടേതായ സ്ഥലങ്ങള്‍ നിര്‍വചിച്ചു നല്‍കിയിരിക്കുന്നതനുസരിച്ച് മര്യാദയ്‍ക്ക് എല്ലാവരും വന്നു നിന്നു കൊണ്ടിരിക്കുന്നു. സുന്ദരിയായ മിസ് ന്യൂസീലാന്‍ഡും വന്നു നില്‍ക്കുന്നു. തൊട്ടു പിന്നാലെ വരുന്ന മിസ് മലാവി അങ്ങാട്ട് മാറിനിക്കെടീ ശീമപ്പന്നീ എന്ന ഒരു ബോഡി ലാംഗ്വേജോടെ നമ്മുടെ ന്യൂസിലാന്‍ഡ് തങ്കക്കുടത്തിനെ തോളുകൊണ്ട് ഒരൊറ്റ ഇടി.ന്യൂസിലാന്‍ഡ് മുത്ത് ഇടികൊണ്ട് തെന്നിമാറുന്നതില്‍ പോലും ഒരു സൗന്ദര്യമുണ്ട്. മിസ് മലാവിയുടെ അക്രമം ഇവിടെ കാണാം.

സുന്ദരിമാരെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന ക്യാമറാമാന്‍ പോലും പരിഭ്രമിച്ചുപോയി എന്നത് കാണാം. മലാവി ന്യൂസിലാന്‍ഡിനെ ഇടിച്ചു തെറിപ്പിക്കുന്ന ഉടനെ ക്യാമറ ഞെട്ടുന്നത് വിഡിയോയില്‍ തന്നെ വ്യക്തമാണ്. പാവം ന്യൂസിലാന്‍ഡ് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മിണ്ടാതെ വീട്ടില്‍പ്പോയി. എന്നാല്‍, വിഡിയോ കണ്ട പത്രക്കാര്‍ വെറുതെയിരിക്കുമോ ? അവര്‍ സംഗതി വാര്‍ത്തയാക്കി, ഞൊടിയിടയില്‍ മലാവി താരമായി.ന്യൂസിലാന്‍ഡ് ഔദ്യോഗികമായി ഈ ഇടിക്കെതിരേ പരാതി കൊടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മിസ് വേള്‍ഡ് സംഘാടകരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ആ മലാവിയൊരു മൂശേഠയായിരുന്നു എന്നു പറഞ്ഞ് ഷോ ഡയറക്ടറും കയ്യൊഴിഞ്ഞു.

മലാവി സുന്ദരിയെ അടുത്തു കാണാനും അവള്‍ടെ ശബ്ദം കേള്‍ക്കാനും കൊതിയാകുന്നുണ്ടോ ?

സൂസന്‍ മത്തേഗ എന്നാണ് പേര്. ആ പല്ലുകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു എന്നതൊഴിച്ചാല്‍ വേറെ സവിശേഷതയൊന്നുമില്ല. സ്കൂളിലെ സാഹിത്യസമാജത്തിന് പാട്ടു പാടുമ്പോള്‍ വടക്കേലെ ജാന്‍സി ചെയ്തിരുന്നതുപോലെ ഫുള്‍ടൈം ആടിക്കൊണ്ടു നില്‍ക്കുന്നത് എന്നിലെ നൊസ്റ്റാള്‍ജിയെയെ ഉണര്‍ത്തി.

മലാവിയുടെ ആക്രമണത്തിനിരയായ എന്‍റെ പ്രിയപ്പെട്ട ന്യൂസിലാന്‍ഡിനെ കാണണ്ടേ ?

ഇതിന്‍റെ പേരില്‍ ന്യൂസിലാന്‍ഡ് മലാവിയുടെ മേല്‍ യുദ്ധമൊന്നും പ്രഖ്യാപിക്കാന്‍ പോകുന്നില്ല. ആഫ്രിക്കയുടെ ഏതോ അറ്റത്തു കിടക്കുന്ന മലാവി എന്ന കൊച്ചു രാജ്യത്തിന് അത്യാവശ്യം മാധ്യമശ്രദ്ധ കിട്ടി എന്നതു നോക്കുമ്പോള്‍ മിസ് മലാവി രാജ്യത്തിന്‍റെ ടൂറിസം വകുപ്പിനു ചെയ്തത് വലിയ ഉപകാരമാണ്. കഷ്ടിച്ച് ഒന്നരക്കോടി ജനസംഖ്യയുള്ള മലാവിയില്‍ ഔദ്യോഗികഭാഷ ഇംഗ്ലിഷാണ്.

ഇവിടുത്തെപ്പോലെ അവിടെയും

സദാചാരപ്പോലീസുകാരുടെ ഉപദ്രവങ്ങള്‍ സംസ്‌കാരശൂന്യരായ മലയാളികള്‍ക്കിടയില്‍ മാത്രമേയുള്ളൂ എന്നു കരുതി ലജ്ജിച്ചു തലതാഴ്ത്തിയിരിക്കുകയായിരുന്നു ഇത്രകാലം. നമ്മളൊക്കെ ഉന്നതവിദ്യാഭ്യാസവും കയ്യില്‍ ഇഷ്ടംപോലെ കാശും സോഷ്യല്‍ സ്റ്റാറ്റസുമുള്ളവരായതുകൊണ്ട് സോ കോള്‍ഡ് സദാചാര പോലീസ് ഫെലോസ് കാണിക്കുന്ന വൃത്തികേടുകള്‍ക്കെതിരേ എന്നും പ്രതികരിച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍. കേരളം എങ്ങോട്ടാണ്, അങ്ങോട്ടാണോ ഇങ്ങോട്ടാണോ എന്നൊക്കെ ആശങ്കപ്പെട്ടിരുന്നവരുടെ നെഞ്ചിലെ തീയില്‍ അല്‍പം ആശ്വാസമാണ് ഈ ഗുവാഹത്തി യൗവ്വനം.

രാത്രി പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്കു പോയ കൗമാരക്കാരിയെ തെരുവിലിട്ട് പീഡിപ്പിക്കുകയും വലിച്ചിഴയ്ക്കുകയും മര്‍ദിക്കുകയും നഗ്നയാക്കുകയും ചെയ്ത ന്യൂ ജനറേഷന്‍ ആക്ടിവിസ്റ്റുകളുടെ സാമൂഹികപ്രവര്‍ത്തനത്തിന്റെ വിഡിയോ അവരെപ്പോലെ തന്നെ ഇതൊക്കെ ആസ്വദിക്കുന്ന, പെണ്‍കുട്ടിയുടെ മുഖം മാസ്‌ക് ചെയ്ത വിഡിയോ എഡിറ്ററെ പഴിക്കുന്ന നമ്മളൊക്കെ കൂടി ഷെയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. മേമ്പൊടിക്ക് ആ ചെറുപ്പക്കാരുടെ തന്തയ്ക്കും തള്ളയ്ക്കും വിളിക്കുന്നുണ്ടെന്നു മാത്രം. രാത്രിയില്‍ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് തന്നെ സദാചാരവിരുദ്ധമാണെന്നിരിക്കെ സിറ്റി ബാറില്‍ ലേറ്റ് നൈറ്റ് പാര്‍ട്ടിക്കൊക്കെ പോകുന്നത് കലിയുഗലക്ഷണങ്ങളിലൊന്നാണ്. ആസാം സര്‍ക്കാരിന്റെ ഐടി ഏജന്‍സി ജീവനക്കാരനായിരുന്ന അമര്‍ ജ്യോതി കലിക എന്ന ചെറുപ്പക്കാരനും ഭാരതസ്ത്രീ ഭാവശുദ്ധി കളഞ്ഞ് നിശാപാര്‍ട്ടിക്കു പോയതിനുള്ള ശിക്ഷനടപ്പാക്കാന്‍ കൂടി എന്നത് ഐടി ജീവനക്കാര്‍ സദാചാരബോധമില്ലാത്തവരാണ് എന്നു പറയുന്ന പാരമ്പര്യവാദികള്‍ക്കുള്ള തിരിച്ചടിയാണ്.

ഗുവാഹത്തി പോലുള്ള ചെറുനഗരങ്ങളൊക്കെയും രാജ്യാന്തര മെട്രോ നഗരമായ കൊച്ചിയുടെ നിലവാരത്തിലേക്കും തനി വടക്കന്‍മാരായ ആസാമികള്‍ മലയാളികളുടെ സാംസ്‌കാരിക നിലവാരത്തിലേക്കും ഉയരുന്നത് ഏകാത്വത്തില്‍ നാനാത്വമെന്ന സങ്കീര്‍ണതയെ തണുപ്പിക്കുന്ന സൗന്ദര്യമാണ്. ആര്‍ഷഭാരത സംസ്‌കാരത്തില്‍ അഴിഞ്ഞാടി നടക്കുന്ന സ്ത്രീകള്‍ക്കെല്ലാം നെഞ്ചിടിപ്പോടെ കാണാന്‍ ആ വിഡിയോ ഞാനും പങ്കുവയ്ക്കുന്നു.

പുതുയുഗപ്പിറവി; ഇന്ത്യ ഇനി സുകൃതരാജ്യം

പ്രിയപ്പെട്ടവരെ നമ്മേളേവരും ദിവസങ്ങളായി ഉറക്കമൊഴിച്ചു കാത്തിരുന്ന സുദിനം അങ്ങനെ വന്നു.ഇന്ത്യയുടെ അഭിമാനമായ നമ്മുടെയെല്ലാം രോമാഞ്ചമായ ഐശ്വര്യ റായി ബച്ചന്‍ പ്രസവിച്ചു.നമ്മുടെയെല്ലാം ആഗ്രഹം പോലെ തന്നെ അതൊരു പെണ്‍കുഞ്ഞാണ്.ഒരു നിമിഷം നമുക്കെല്ലാവര്‍ക്കും മൗനമായി എണീറ്റു നിന്ന് ദൈവത്തിനു നന്ദി പറയാം.നമ്മുടെ രാജ്യം അന്യം നിന്നുപോകുമെന്ന ആശങ്ക ഇനി വേണ്ട.ഐശ്യര്യയുടെ ദിവ്യശിശു ഇനി നമ്മുടെ മാനം കാക്കും.എത്രയോ ആഴ്ചകളായി പല്ലുതേപ്പും കുളിയുമില്ലാതെ സ്വന്തം വീട്ടിലേക്കൊന്ന് എത്തിനോക്കുക കൂടി ചെയ്യാതെ ഈ ചരിത്രപ്രസവം റിപ്പോര്‍ട്ട് ചെയ്യാന്‍ വേണ്ടി അശുപത്രി വളപ്പില്‍ കാത്തുകിടക്കുകയായിരുന്ന ഇന്ത്യയിലെ വാര്‍ത്താചാനലുകള്‍ക്ക് മുന്നില്‍ നീണ്ടു നിവര്‍ന്ന് ഒരു സല്യൂട്ട്.

എന്റെ സന്തോഷം എങ്ങനെ അറിയിക്കണം എന്നെനിക്കറിയില്ല.ഐശ്വര്യ റായ് പ്രസവിച്ചെന്നും അതൊരു പെണ്‍കുഞ്ഞാണെന്നും ചാനലിലൂടെ പറഞ്ഞു കേട്ടപ്പോള്‍ എന്റെ ദേഹമാസകലം കുളിരുകോരിയിടുകയായിരുന്നു. പെട്ടെന്ന് എനിക്കൊന്നും കാണാന്‍ വയ്യാതായി. കണ്ണുതിരുമ്മിയപ്പോളാണ് മനസ്സിലായത് രണ്ടു കണ്ണുകളില്‍ നിന്നും കണ്ണീര്‍ച്ചാലുകള്‍.പെട്ടെന്ന് പരിസരങ്ങളിലുള്ള വീടുകളില് നിന്നും ആര്‍പ്പുവിളികളും ആരവങ്ങളും ഉയര്‍ന്നു.എവിടെ നിന്നോ വെടിക്കെട്ടു കേട്ടു തുടങ്ങി. ആഹ്ലാദസൂചകമായെന്ന പോലെ പ്രകൃതിപോലും തെളിഞ്ഞു നിന്നു. ഒരു ചെറുകാറ്റിനൊപ്പം പത്തുപന്ത്രണ്ട് വെള്ളരിപ്രാവുകള്‍ വീടിന്റെ മുന്നിലൂടെ പറന്നുപോയി.

ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യയ്‍ക്ക് ഇനി വിരിമാറുയര്‍ത്തി നില്‍ക്കാം.അമേരിക്കന്‍ ഐക്യനാടുകളിലും യൂറോപ്യന്‍ യൂണിയനിലും എന്തിന് ആഫ്രിക്കന്‍ വനാന്തരങ്ങളില്‍പ്പോലുമുള്ള പ്രവാസികള്‍ക്ക് ഇനി ഇന്ത്യ ഒരാവേശമായിരിക്കും.ഭാരതത്തിന്റെ പ്രൗഢമായ സാംസ്കാരികത്തനിമയും സ്‍ത്രീത്വത്തിന്റെ പൂര്‍ണതയും പ്രഖ്യാപിച്ചുകൊണ്ട് അങ്ങനെ ഐശ്യര്യ റായ് ലോകജനതയ്‍ക്കും ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്കും മാതൃകയായിരിക്കുകയാണ്.ഐശ്വര്യ റായ് അഭിനയിച്ച മൂന്നു സിനിമകള്‍ കളിച്ചിട്ടുള്ള ഒരു തിയറ്ററിന്റെ അടുത്താണ് ഞാന്‍ താമസിക്കുന്നത് എന്നതില്‍ ഞാനഭിമാനിക്കുന്നു, സന്തോഷിക്കുന്നു.ഇന്ന് എനിക്ക് ഉറക്കമില്ലാത്ത രാത്രിയാണ്.സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യ ഇതുപോലെ തിളക്കമാര്‍ന്ന ഒരു നേട്ടം കൈവരിച്ചിട്ടില്ലെന്ന് ഞാന്‍ ഊന്നിയൂന്നി പറയുകയാണ്.

മരുമകള്‍ പ്രസവിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ച അമിതാഭ് ബച്ചന്റെ ആ ട്വീറ്റ് ഒരു ചരിത്രരേഖപോലെ ഞാന്‍ സൂക്ഷിച്ചുവച്ചിരിക്കുകയാണ്.വിവരം അറിഞ്ഞപ്പോഴേ ആ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടും അഭി-ആഷിന്റെ (അങ്ങനെ വേണം പറയാന്‍)ചിത്രവും കൂടി ചുമ്മാ പത്തുപേര്‍ക്ക് ഫോര്‍വേഡ് ചെയ്തതേയുള്ളൂ.അദ്ഭുതമെന്നു പറയട്ടെ,ഞാന്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടിപ്പോയ മൂത്ത അമ്മാവന്‍ തിരികെ വന്ന് കോളിങ് ബെല്ലടിച്ചു.ഇമെയില്‍ ഫോര്‍വേഡും അമ്മാവന്റെ വരവും തമ്മില്‍ ബന്ധമുണ്ടെന്നറിയാതെ പത്തു പേര്‍ക്കു കൂടി ഫോര്‍വേഡ് ചെയ്തപ്പോള്‍ രണ്ട് ഇന്‍ക്രിമെന്റോടു കൂടി എന്നെ പ്രമോട്ട് ചെയ്തതായി ഓഫിസില്‍ നിന്നു വിളിച്ചു പറഞ്ഞു. സുഹൃത്തുക്കളെ,ഇത് കളിയല്ല,പുച്ഛിച്ചു തള്ളാവുന്ന ഒരു കാര്യമല്ല ഇത്.ഐശ്യര്യയുടെ പ്രസവത്തിന്റെ പ്രസക്തി അംഗീകരിക്കാത്തവര്‍ വന്ദിക്കണമെന്നില്ല പക്ഷെ നിന്ദിക്കരുത്.

പലരും കരുതുന്നതുപോലെ പ്രസവത്തോടെ അവസാനിക്കുന്നതല്ല ഈ ആഘോഷം. ഒരു കുഞ്ഞല്ല, പുതുയുഗമാണ് പിറന്നുവീണിരിക്കുന്നത്.അത്യപൂര്‍വമായ ഈ നേട്ടത്തില്‍ ലോകനേതാക്കന്‍മാര്‍ ഐശ്വര്യയെ അഭിനന്ദിച്ചുകൊണ്ടിരിക്കുകയാണ്.തൃപ്തിയായി, സന്തോഷമായി എന്നൊക്കെ പറയുമ്പോഴും എന്റെ മനസ്സ് കൂടുതല്‍ കൂടുതല്‍ ആഗ്രഹിക്കുകയാണ്. എപ്പോഴാണ് ആ കുഞ്ഞിന്റെ മുഖമൊന്നു കാണാന്‍ സാധിക്കുന്നത് ? ഉരുകുന്ന മനസ്സോടെ അതിനിനി എത്ര ദിവസം കാത്തിരിക്കണം.നമ്മുടെ ആഗ്രഹം ചാനലുകള്‍ കണ്ടില്ലെന്നു നടിക്കുമോ ? രാജ്യത്തിന്റെ ആവേശം അമിതാഭ് ബച്ചന്‍ കാണാതിരിക്കുമോ ?

സത്യത്തില്‍ ഇനിയാണ് ചാനലുകള്‍ ബച്ചന്‍ കുടുംബത്തിലേക്ക് ഡിഷ് ആന്റിന തിരിച്ചു വയ്‍ക്കേണ്ടത്.കൊച്ച് ആദ്യം ആരെയാണ് നോക്കിയത് ? ആദ്യം കേള്‍പ്പിച്ച ശബ്ദമേത് ? കൊച്ചിന് ഇടാനുള്ള പേരുകളുടെ ലിസ്റ്റ് ആര് തയ്യാറാക്കും ? ഇരുപത്തെട്ടുകെട്ട്, ചോറൂണ്,കാതുകുത്ത്….ദൂരദര്‍ശനോ മറ്റോ ഡിഡി ബച്ചന്‍ എന്ന പേരില്‍ ഒരു ചാനല്‍ തന്നെ തുടങ്ങുന്നതല്ലേ നല്ലത് ? ആ കുടുംബത്തിലെ ഓരോ ചലനവും ‍അറിയാനാഗ്രഹിക്കുന്നവരാണ് ഞങ്ങള്‍.ഞങ്ങളെ നിരാശരാക്കരുതേ ദുരദര്‍ശാ. സ്വകാര്യചാനലുകള്‍ എപ്പോഴും അവിടുത്തെ കാര്യങ്ങല്‍ തന്നെ പറയുന്നില്ല. ഇടയ്‍ക്കിടെ അവര്‍ വേറെ പല വാര്‍ത്തകളും കാണിച്ച് ഞങ്ങളെ വെറുപ്പിക്കുകയാണ്. അതുകൊണ്ടാണ് ഒരു ബച്ചന്‍ ചാനല്‍ തന്നെ വേണമെന്ന് ഞങ്ങള്‍ വാശി പിടിക്കുന്നത് ? തരുവോ ?

എല്ലാ ഇന്ത്യക്കാര്‍ക്കും ബച്ചനു കൊച്ചുണ്ടായതിന്റെ ഹാപ്പി ബര്‍ത്ത് ഡേ ആശംസിക്കുന്നു.അടുത്ത വര്‍ഷം മുതല്‍ ഈ ദിവസം പൊതു അവധി പ്രഖ്യാപിച്ച് ലോകപ്രസവദിനം ആയി ആഘോഷിക്കുമെന്ന് കേള്‍ക്കുന്നു. അതുപോലെ തന്നെ ഈ പ്രസവത്തോടെ ഇന്ത്യയുടെ മുന്നില്‍ തോറ്റുപോയ പാക്കിസ്ഥാന്‍ സാനിയ മിര്‍സയെ പെട്ടെന്നു ഗര്‍ഭിണിയാക്കി പാക്കിസ്ഥാനില്‍ കൊണ്ടുപോയി പ്രസവിപ്പിച്ച് പ്രതികാരം ചെയ്യാന്‍ ശൂഐബ് മാലികിനെ നിര്‍ബന്ധിക്കുന്നു എന്നും അഭ്യൂഹമുണ്ട്.നമുക്ക് കാണാം. അതാ തെരുവില്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞു.ചുരുങ്ങിയ സമയം കൊണ്ട് ആളുകള്‍ കൊടിതോരണങ്ങള്‍ കൊണ്ട് നഗരം അലങ്കരിച്ചു കഴിഞ്ഞു. എങ്ങും സംഗീതം,ഐശ്വര്യയുടെ കൂറ്റന്‍ കട്ടൗട്ടുകള്‍. ഞാനും അങ്ങോട്ട് ചെല്ലട്ടെ,ഈ സുദിനത്തിന്റെ ആനന്ദം ആവോളം നുകരട്ടെ.ഹാപ്പി ആഷ്‍പുഷ് ഡേ !

കമന്റുകള്‍ മുക്കുന്ന പെണ്‍കുട്ടി (22 വയസ്)

ബ്ലോഗും കമന്റും തമ്മിലുള്ള ബന്ധം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അത് തുടങ്ങിയ കാലം മുതലുള്ള ഒരു സങ്കല്‍പമാണ് കമന്റ് മോഡറേറ്റ് ചെയ്യുന്നത് അനാവശ്യമാണെന്നത്. ആര്‍ക്കും എന്തും കമന്റായി എഴുതാനുള്ള സ്വാതന്ത്ര്യം, അതാണത്രേ ബ്ലോഗിങ്ങിന്റെ മാഹാത്മ്യം വിളിച്ചോതുന്നത്.കമന്റ് മോഡറേഷനെ സംബന്ധിച്ച് പ്രത്യേകിച്ച് ഒരു പ്രത്യയശാസ്ത്രവിശകലനത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല.മോഡറേറ്റ് ചെയ്യുന്നവന്‍ ചെയ്യട്ടെ,ചെയ്യാത്തവന്‍ ചെയ്യേണ്ട അത്രേയുള്ളൂ.കമന്റ് മോഡറേറ്റ് ചെയ്യുന്നതില്‍ പ്രതിഷേധമുള്ളവരും മോഡറേറ്ററുടെ കോപ്പിലെ ചെക്ക് പോസ്റ്റ് കടന്ന് തന്റെ കമന്റ് വരുന്നതില്‍ അഭിമാനക്ഷതമുള്ളവരും കമന്റിങ് വേണ്ടെന്നു വയ്‍ക്കുന്നതാണ് ഉത്തമം. കമന്റ് ചെയ്യണം എന്നുള്ളവര്‍ ഈ ബ്ലോഗിന്റെ പോളിസികളെ മാനിച്ചേ പറ്റൂ.

ബ്ലോഗില്‍ പോസ്റ്റ് ചെയ്ത കമന്റുകള്‍ പ്രസിദ്ധീകരിച്ചു വരാത്തപ്പോള്‍ ആ കമന്റിട്ടവര്‍ ‘ബെര്‍ളി കമന്റ് മുക്കി’ എന്നത് ആരോടൊക്കെയോ വിളിച്ചു പറഞ്ഞുകൊണ്ട് വീണ്ടും വീണ്ടും കമന്റുകളിടുന്നത് കാണാറുണ്ട്. പ്രസിദ്ധീകരണയോഗ്യമല്ലാത്ത ചവറുകള്‍ വെട്ടി ചവറ്റുകൊട്ടയിലിടുക എന്നത് മേഡറേറ്ററുടെ കടമയാണ്. അതിനെ ‘മുക്കല്‍’ എന്നു വിശേഷിപ്പിക്കുന്നത് തന്റെ ചവറിനെ മഹത്വവല്‍ക്കരിക്കാനുള്ള ദയനീയമായ ശ്രമത്തിന്റെ ഭാഗമാണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല.മറ്റേ ഫയല്‍ സര്‍ക്കാര്‍ മുക്കി മറിച്ച ഫയല്‍ പൊലീസ് മുക്കി എന്നൊക്കെ സ്ഥിരം പത്രത്തില്‍ കണ്ടു കണ്ട് കാത്തിരിക്കുന്ന ഒന്നിനെ കാണാതാവുന്നതിനെ പാവങ്ങള്‍ മുക്കല്‍ എന്നു വിശേഷിപ്പിക്കുന്നതാണോ എന്നുമറിയില്ല.

കമന്റുകളെല്ലാം വായിച്ചു നോക്കി മോഡറേറ്റ് ചെയ്യുന്നത് ഞാനല്ല.മോഡറേറ്ററെപ്പറ്റി പറയുമ്പോള്‍ ബ്ലൂടൂത്ത് ഫോര്‍ ജാവ എന്നൊക്കെ പറഞ്ഞ് രഞ്ജിത്ത് ആന്റണി എന്ന എന്റെ സുഹൃത്തിനെ പലരും അധിക്ഷേപിക്കുന്നതായി കണ്ടിട്ടുണ്ട്.ഒരു ബ്ലോഗ്‍സ്പോട്ട് ബ്ലോഗര്‍ക്ക് ഗൂഗിള്‍ എന്താണോ അതാണ് എനിക്ക് രഞ്ജിത്.ക്ലൗഡ് സേര്‍വര്‍ ഉള്‍പ്പെടെ ഇന്നീ ബ്ലോഗിന്റെ നിലനില്‍പിനും സാങ്കേതികമികവിനും കാരണമായിട്ടുള്ളതെല്ലാം അദ്ദേഹത്തിന്റേതാണ്.ഡി‍സ്‍കസ് കമന്റ് സിസ്റ്റം മലയാളത്തില്‍ ആദ്യം ഉപയോഗിക്കുന്നത് അദ്ദേഹമാണ്,ഈ ബ്ലോഗിലൂടെ.അപ്പോഴും ഞാനും രഞ്ജിത്തുമായി ഒരേയൊരു കാര്യത്തിലേ അഭിപ്രായവ്യത്യാസമുള്ളൂ,കമന്റ് മോഡറേഷന്റെ കാര്യത്തില്‍. കമന്റ് മോഡറേഷന്‍ എടുത്തു കളയണം എന്ന് ഏറ്റവും കൂടുതല്‍ തവണ എന്നോടു പറഞ്ഞിട്ടുള്ള അദ്ദേഹത്തെ മോഡറേഷന്റെ പേരില്‍ ക്രൂശിക്കുന്നത് ന്യായമല്ല.

*Comments are moderated and will be allowed if they are about the topic and not abusive. എന്ന് പച്ചഇംഗ്ലിഷില്‍ എല്ലാ പോസ്റ്റുകളുടെയും ചുവട്ടില്‍ കൊടുത്തിട്ടുണ്ട്. പോസ്റ്റിലെ വിഷയവുമായി ബന്ധമില്ലാത്തതും മറ്റുള്ളവരെ തെറിവിളിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതും വ്യാജപ്രൊഫൈലുകളില്‍ നിന്നു വരുന്നതും സ്വന്തം ബ്ലോഗിന്റെ പരസ്യം ലിങ്ക് സഹിതം പേസ്റ്റ് ചെയ്യുന്നതുമായ കമന്റുകളാണ് എന്റെ മോഡറേറ്റര്‍ ‘മുക്കു’ന്നത്.എന്നാല്‍ ഈ അടുത്തകാലത്തായി ഏറ്റവും അധികം മുക്കേണ്ടി വരുന്നത് മലയാള മനോരമ പത്രത്തെയും അതിന്റെ എഡിറ്ററെയും മറ്റും വിമര്‍ശിക്കുന്നതും തെറിവിളിക്കുന്നതും വെല്ലുവിളിക്കുന്നതുമായ കമന്റുകളാണ്.ഈ ബ്ലോഗ് മലയാള മനോരമയുടെ ഉപസ്ഥാപനമാണ് എന്ന് തെറ്റിദ്ധരിക്കുന്ന പൊട്ടന്‍മാരാവണം(പി.സി.ജോര്‍ജ് ഉദ്ദേശിച്ച അര്‍ത്ഥത്തില്‍-സത്യം അറിഞ്ഞിട്ടും അതറിയില്ലെന്ന മട്ടില്‍ സംസാരിക്കുന്നവന്‍) അത്തരം കമന്റുകള്‍ പതിവായി എഴുതുന്നത്.മലയാള മനോരമയ്‍ക്ക് മുക്കിലും മൂലയിലും ഓഫിസുകളും മനോരമ ഓണ്‍ലൈന്‍ എന്ന ബൃഹത്തായ പോര്‍ട്ടലുമുണ്ട്. പ്രതിഷേധിക്കേണ്ടവര്‍്ക്കും പരാതിപ്പെടേണ്ടവര്‍ക്കും അതിനൊക്കെ അവിടെ അവസരമുണ്ട്. അല്ലാതെ പാര്‍ട്ടി ഓഫിസില്‍ വായ്‍ തുറക്കാന്‍ പേടിയുള്ള സഖാവ് ‍ കള്ളുഷാപ്പില്‍ പോയി രാഷ്ട്രീയചര്‍ച്ച നടത്തുന്നതുപോലെ എന്റെ പാവപ്പെട്ട മോഡറേറ്ററുടെ നെഞ്ചത്ത് (പി.സി.ജോര്‍ജ് ഉദ്ദേശിച്ച നെഞ്ചത്തല്ല) കയറിയിട്ടു കാര്യമല്ല.

പറഞ്ഞില്ലെന്നു വേണ്ട,എന്റെ മോഡറേറ്റര്‍ വെറും 22 വയസ് മാത്രം പ്രായമുള്ള നല്ല തടിയും തൂക്കവുമുള്ള തറവാട്ടില്‍ പിറന്ന ഘടാഘടിയനായ ഒരു പെണ്‍കുട്ടിയാണ്.അവളെ വെറുതെ പ്രകോപിപ്പിക്കരുത്.അവളുടെ മോഡറേഷന്‍ എനിക്കിഷ്ടമായതുകൊണ്ട് ഇനി കുറെക്കാലത്തേക്ക് അവള്‍ തന്നെ മോഡേറ്റ് ചെയ്യും.പ്രബുദ്ധരെന്നു ഭാവിക്കുന്ന കമന്റര്‍മാര്‍ വളരെ പ്രെഡിക്ടബിള്‍ ആണെന്ന നിരീക്ഷണം മാത്രം മതി, അവളെ നിങ്ങളും ഇഷ്ടപ്പെട്ടുപോകും (അല്ല,നിങ്ങളിഷ്ടപ്പെട്ടിട്ടും കാര്യമൊന്നുമില്ല).

മോഡറേറ്ററുടെ നിരീക്ഷണങ്ങള്‍

1.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക യുഡിഎഫ് അനുകൂലമാണെങ്കില്‍…

നാണമില്ലേ ഇങ്ങനെ ഉമ്മന്‍ ചാണ്ടിക്കു വേണ്ടി കുഴലൂത്തു നടത്താന്‍.കഷ്ടം.
30 വര്‍ഷമായി ഞാന്‍ ബെര്‍ളിയുടെ സ്ഥിരം വായനക്കാരനാണ് പക്ഷെ ഇത് സഹിക്കാനാവില്ല.
മനോരമയാണ് ഇതിനെക്കാള്‍ ഭേദം.ബെര്‍ളി നാറുന്നു.

2.പോസ്റ്റിലെ വിഷയം എന്തായാലും അതിന്റെ ആകെത്തുക എല്‍ഡിഎഫ് അനുകൂലമാണെങ്കില്‍…

വളരെക്കാലത്തിനു ശേഷം ഒരു നല്ല പോസ്റ്റ്.
വെല്‍ സെഡ്. നിഷ്‍പക്ഷമായ നിരീക്ഷണം.
ബെര്‍ളിയുടെ ഏറ്റവും മികച്ച പത്ത് പോസ്റ്റുകളില്‍ ഒന്ന്.

3.വിമര്‍ശനങ്ങള്‍ക്കു സ്കോപില്ലാത്ത എന്തെങ്കിലും യൂട്ടിലിറ്റി പോസ്റ്റ് ഇട്ടാല്‍…

കഷ്ടം,ബെര്‍ളിയെയും വിഷയദാരിദ്ര്യം ബാധിച്ചു തുടങ്ങിയോ ?
വിഷയദാരിദ്ര്യം ആണല്ലേ ?
എഴുതാന്‍ ഒന്നുമില്ലെങ്കില്‍ എഴുതാതിരി ബെര്‍ളി.

4.പൃഥ്വിരാജ് സുകമാരനെ അപകീര്ത്തിപ്പെടുത്തരുത് എന്നു പറഞ്ഞാല്‍…

കഷ്ടം ബെര്‍ളി.ഇങ്ങനെ തരംതാഴരുത്.
അവന്‍ എത്ര രൂപ തന്നു ?
ഇങ്ങനെ പോയാല്‍ ബെര്‍ളിയേയും വിലക്കേണ്ടി വരും.

5.സന്തോഷ് പണ്ഡിറ്റിനെ അനുകൂലിച്ചാല്‍…

നാണമില്ലേടോ ഈ നാറിയെ സപ്പോര്‍ട്ട് ചെയ്യാന്‍

6.സന്തോഷ് പണ്ഡിറ്റിനെ പ്രതികൂലിച്ചാല്‍…

മമ്മൂട്ടിയുടെ ചില സിനിമകളെക്കാള്‍ ഭേദമാണ് കൃഷ്മനും രാധയും.

7. ആക്ഷപഹാസ്യം എഴുതിയാല്‍…

പഴയപോലെ ഏല്‍ക്കുന്നില്ല
ഗുമ്മില്ല
ഇത് ഞാന്‍ 2005ല്‍ എഴുതിയെങ്കിലും പ്രസിദ്ധീകരിക്കാന്‍ മറന്നുപോയ പോസ്റ്റിന്റെ കോപ്പിയടിയാണ്.

8.മാധ്യമവിമര്‍ശനം നടത്തിയാല്‍…

മനോരമയ്‍ക്കു വേണ്ടി ഇങ്ങനെ എഴുതാന്‍ നാണമില്ലേ ?

9.ഏതെങ്കിലും പണക്കാരന്‍ എന്തെങ്കിലും നല്ല കാര്യം ചെയ്തതിനെപ്പറ്റി എഴുതിയാല്‍…

കഷ്ടം,ഈ ചെറ്റയെ ഒക്കെ താങ്ങാന്‍ ബെര്‍ളിക്കു ലജ്ജയില്ലേ ?

10.ചര്‍ച്ച ചെയ്യപ്പെടേണ്ടതായ, സാമൂഹികപ്രസക്തിയുള്ള പോസ്റ്റാണെങ്കില്‍….

(കമന്റേ ഉണ്ടാവില്ല)

ഇനി പറയൂ,അവള്‍ മിടുക്കിയല്ലേ ? ഇനി കമന്റുകളെഴുതുമ്പോള്‍ മോഡറേറ്ററായി ഇരിക്കുന്നത് അവളാണെന്നത് മനസ്സിലോര്‍ക്കണം. അവളുടെ സ്ത്രീത്വത്തിന്റെ വാച്ച് ആന്‍ഡ് വാര്‍ഡിനെ വെല്ലുവിളിക്കരുത്.ഈ പോസ്റ്റിനുള്ള കമന്റുകളില്‍ ‘മോഡറേറ്റര്‍ക്ക് ഒരുമ്മ’ എന്നൊന്നും എഴുതിപ്പോകരുത്. അത്രേയുള്ളൂ.

ഹൃദയം എന്ന നനഞ്ഞ പടക്കം അബദ്ധത്തില്‍ പൊട്ടുമ്പോള്‍ സംഭവിക്കുന്നത് (കവിത)

ഒരിക്കലെങ്കിലും തിരിച്ചു കിട്ടുമെന്നു കരുതി
കൊടുത്തത് കൂട്ടിവച്ചാല്‍ മിനിമം പതിനായിരം
എങ്കിലും കാണും (ഉമ്മയുടെ കാര്യമാണ്)
ഹൃദയത്തില്‍ തട്ടി ‘ഐ ലവ് യു’ എന്നു ഡെയ്‌ലി
പറഞ്ഞിട്ടും ‘ആ വരവു വച്ചു’ എന്നു പറഞ്ഞു
കൊണ്ടിരുന്ന അവള്‍ എന്നെങ്കിലും
നന്നാകുമെന്നു കരുതിയതാണെന്റെ തെറ്റ്.
ഐ ലവ് യു എന്നു പറയുമ്പോള്‍ ‘മി റ്റൂ, മി റ്റൂ’
എന്നലറുന്ന, ഒരുമ്മകൊടുക്കുമ്പോള്‍
ഒന്‍പതെണ്ണം എണ്ണി തിരികെത്തരുന്ന നല്ല
കാമുകിയാവാന്‍ അവളിനിയും ജനിക്കണം പോലും.

എത്രയോ പെണ്ണുങ്ങളെ വളച്ച വിശ്വസ്ത സ്ഥാപനമാണ്,
ഒരുത്തിയെ വളച്ചെടുക്കാനുള്ള അധ്വാനത്തില്‍ എല്ലാറ്റിനേം നഷ്ടമാക്കി.
വളച്ചിട്ടും വളയാത്ത ഒരു കുഞ്ഞാടിനു വേണ്ടി ബാക്കിയുള്ള
99 എണ്ണത്തിനേം വഴിയാധാരമാക്കുന്ന നല്ല കാമുക ഇടയന്‍ !
രണ്ടു വര്‍ഷം വളച്ചിട്ടും അവള്‍ വളയാത്തത് എന്റെ അടവുകള്‍
പഴകിയതുകൊണ്ടാണോ ? (കാലോചിതമായി പരിഷ്‌കരിച്ചതാണ് അവ)
അതോ ഇതുവരെ വളഞ്ഞവളുമാരൊക്കെ ഇവളു പറയുംപോലെ
പോക്കു കേസുകളായിരുന്നോ ?

ഒരിക്കലും വളയാത്തവള്‍ എന്നവള്‍ക്കു തലക്കുറിയിട്ട് വച്ചാല്‍
എന്റെ പ്രണയലഹരിമുക്തമായ രണ്ടു വര്‍ഷം ആര് തിരികെ തരും ?
ഇനിയും വളയാത്ത പെണ്ണ് എന്ന നോവല്‍ 45 അധ്യായമായി…
അവളിനിയും വളഞ്ഞില്ലെങ്കില്‍ ഞാനതെങ്ങനെ പൂര്‍ത്തിയാക്കും ?
പ്രണയത്തിലെത്താത്ത സൗഹൃദവും, ടച്ചിങ്‌സ് ഇല്ലാത്ത പ്രണയവും
ഒരു പുരുഷന്റെ പതിവു ഞരമ്പുകളുടെ ഉഷ്ണപ്രവാഹങ്ങളും
പൈശാചികവും മൃഗീയവുമാണെന്ന്, പ്ലേറ്റോണിക് തട്ടിപ്പുകള്‍ക്ക്
ഇനിയും അങ്കത്തിനു ബാല്യമുണ്ടെന്നഹങ്കരിക്കുന്ന
ഫ്രോഡ് പെണ്ണുങ്ങളോട് ആരെങ്കിലുമൊന്നു പറയൂ പ്ലീസ്..

സമര്‍പ്പണം: വാചകം അവിടെയും ഇവിടെയും വച്ച് മുറിച്ച് മടക്കി രണ്ടാക്കി
എഴുതി വച്ചാല്‍ കവിതയായിടും എന്നു പഠിപ്പിച്ച തുണ്ടത്തില്‍ ഷാജിമോന്.

വൃത്തം: വിഷമവൃത്തം
അലങ്കാരം: ഗ്രഹണിയില്‍ നിന്നു ചക്കക്കൂട്ടാനിലേക്കുള്ള ദൂരം

അനുബന്ധം: ഇത് ആര്‍ക്കിട്ടാണ്, എന്ത് ഉദ്ദേശിച്ചാണ്, ഇതിന്റെ സാമൂഹിക പ്രസക്തി
എന്താണ് തുടങ്ങിയ സംശയങ്ങളുള്ള ഫ്രോഡ് വായനക്കാരോട്: ഒന്നു പോടാര്‍ക്കാ !