കര്‍ഷകവിരുദ്ധം

അച്ചായോ… അറിഞ്ഞോ… വയനാട്ടിലെ കാട്ടുതീ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണെന്ന്…

പ്രെയ്‌സ് ദി ലോര്ഡ്… ഹാലേലൂയ…

എന്തിന് ?

പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു.. ഇപ്പോ അപ്പപ്പോ ആക്കി….

എന്തോന്ന് ?

പ്രതികാരം…

ദൈവമെന്തോന്ന് ക്വട്ടേഷന്‍ ഗുണ്ടയോ… ഒന്നു പോ അച്ചായാ… അല്ലെങ്കിലും എന്തോന്നിനാ ഈ പ്രതികാരം…

താനല്ലേ പറഞ്ഞേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് കാട്ടുതീ എന്ന്… ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളിലൂടെയാണ് ദൈവം മനുഷ്യരോട് പ്രതികാരം ചെയ്യുന്നത്…

അച്ചായന്‍ ഒരുമാതിരി കോപ്പിലെ വര്‍ത്താനം പറയരുത്… പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരായിട്ടു തന്നെ വരുത്തി വയ്ക്കുന്നതാ.. അച്ചായന്‍ ഈ ധ്യാനമെല്ലാം കൂടിയിട്ടു വട്ടായതല്ലാതെ ദൈവത്തെപ്പറ്റി ഇത്ര നികൃഷ്ടമായ ഒരു ധാരണയാണ് വച്ചു പുലര്‍ത്തുന്നതെങ്കില്‍ കഷ്ടമാണ്…

എടോ… വട്ടായിലച്ചനെപ്പറ്റി ഒരക്ഷരം താന്‍ പറയരുത്.. പിന്നെ ഒരു ക്രിസ്ത്യാനിയെ മുഖത്തു നോക്കി നികൃഷ്ടജീവി എന്നു വിളിക്കാന്‍ തനിക്കെങ്ങനെ ധൈര്യം വന്നെടോ.. താനൊരു രാഷ്ട്രീയക്കാരനല്ലേ… അച്ചനേം കൂട്ടി ഞാന്‍ പാര്‍ട്ടി ആപ്പീസിലോട്ടു വരുന്നുണ്ട്… തന്റെ ചീട്ടു കീറും ഞങ്ങള്‍… ഇടുക്കീല്‍ പിടീടെ കച്ചോടം ഞങ്ങളവസാനിപ്പിച്ചില്ലേ… അതുപോലെ തന്നേം കാണിച്ചു തരാം…

അല്ലച്ചായാ.. ഞനതിനൊന്നും പറഞ്ഞില്ലല്ലോ…

ഏതു കാടിന്റെ പേരിലാണോ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നോക്കിയത്.. അതേ കാട് കത്തിച്ച് ദൈവം ആ സര്‍ക്കാരിനു മറുപടി കൊടുത്തത് താന്‍ കണ്ടില്ലേ… പണ്ട് ഈജിപ്തില്‍ ഇസ്രയേല്‍ ജനതയെ പീഡിപ്പിച്ച ഫറവോനും കര്‍ത്താവ് ഇങ്ങനെയുള്ള അടയാളങ്ങളാണ് നല്‍കിയത്…

അത് ശരി.. അപ്പോ കര്‍ത്താവ് നേരിട്ടിറങ്ങി വന്നിറങ്ങി കാടിനു തീയിട്ടെന്നാ അച്ചായന്‍ പറയുന്നത്…

കര്‍ത്താവിന് എന്തും സാധിക്കുമെടോ…

അച്ചായാ എന്നു വിളിച്ച ഈ നാവുകൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കരുത്… വയനാട്ടിലെ കാട്ടുതീ കര്‍ത്താവിന്റെ പ്രതികാരമാണെന്നല്ല… സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ആരോ ആനപ്പിണ്ഡം കത്തിച്ചെറിഞ്ഞാണ് തീയിട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്…

കണക്കായിപ്പോയി… കാടില്ലല്ലോ.. ഇനി കസ്തൂരി കൊണയ്ക്കണം എന്നു പറഞ്ഞോണ്ട് ഒരുത്തനും വരുകേലല്ലോ… എന്റെ രണ്ടേക്കര്‍ വില്‍ക്കാനിട്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. സെന്റിന് എട്ടുലക്ഷത്തിനു ചോദിച്ചിട്ടു കൊടുക്കാഞ്ഞതാ.. ഉള്‍ക്കാട്ടില്‍ വിമാനത്താവളം വരുമെന്നു പറഞ്ഞ് ഞാന്‍ വില കേറ്റി കേറ്റിക്കൊണ്ടുവരുമ്പോഴാ കസ്തൂരിരംഗന്‍… ഇപ്പോ സെന്റിന് രണ്ടു ലക്ഷം പോലും കിട്ടത്തില്ല… അതുപോലെ വടക്കേ പറമ്പിലെ പാറക്കെട്ട്.. തനിക്കറിയാവല്ലോ… മൂന്നരയേക്കറാ അത്… ഇത്രേം നല്ല പാറ ഈ ജില്ലേല്‍ വേറെ കാണത്തില്ല.. അതില്‍ അദ്യത്തെ തിരിവച്ച് വെടിപൊട്ടും മുമ്പ് വന്നു കസ്തൂരി… ഇതൊക്കെ കാണാന്‍ മുകളിലൊരാളുണ്ടെന്ന് ഓര്‍ക്കണമായിരുന്നെടോ… എന്നെപ്പോലെയുള്ള പാവങ്ങളുടെ കണ്ണീര്‍ കാണുന്നവനാണെടോ ദൈവം… മര്യാദയ്ക്കല്ലെങ്കില്‍ ഇനീം കത്തും…

അച്ചായോ… അച്ചായന്റെ പത്തോ പതിനഞ്ചോ ഏക്കര്‍ ഭൂമിയെക്കാള്‍ വലുതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും നൂറുകണക്കിനു മൃഗങ്ങളും വേറെ ഒരായിരം ജീവജാലങ്ങളുമുള്ള ഇക്കാണുന്ന വനം.. ആയിരം ഏക്കര്‍ വനമാണ് അറിഞ്ഞുകൊണ്ടു തീയിട്ടു നശിപ്പിച്ചത്…

ഓ പിന്നെ… എടോ കാട്ടുതീ പണ്ടും ഉണ്ടായിരുന്നു… അത് പ്രകൃതിക്ക് നല്ലതാണ്… പിന്നെ കാട്ടിലീ മരങ്ങളൊക്കെ ദൈവം തന്നിരിക്കുന്നതെന്തിനാ.. മനുഷ്യന് വെട്ടിയറുത്ത് കെട്ടിടങ്ങള്‍ പണിയാനും അടുപ്പില്‍ വച്ചു കത്തിക്കാനുമൊക്കെയല്ലേ.. അതുപോലെ തന്നെ.. ഈ മൃഗങ്ങളെയൊക്കെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്തിനാ… നമുക്ക് കൊന്നു കറിവച്ചു തിന്നാന്‍…

അച്ചായോ കണ്ണില്‍ച്ചോരയില്ലാതെ സംസാരിക്കരുത്…

ഉവ്വ… താന്‍ കഴിഞ്ഞ മാസം ടീവിലൊക്കെ സ്ഥിരം കാണുന്ന പരിസ്ഥിതിസംരക്ഷണക്കാരനേം കൊണ്ടു വന്നപ്പോള്‍ ദേ ആ തിണ്ണേലിരുന്ന് ബ്രാന്‍ഡീടെ കൂടെ വിഴുങ്ങിയത് ഇളംമാനിന്റെ എറച്ചിയാ… അമ്മാതിരി നാലെണ്ണമേ ഈ കാട്ടിലുള്ളൂ.. നിങ്ങളെ സല്‍ക്കരിക്കാന്‍ മൂന്നിനേം അന്നു കറിവച്ചു… അതുകൊണ്ട് കണ്ണില്‍ച്ചോരേടെ കാര്യമൊന്നും ഇങ്ങോട്ടൊണ്ടാക്കണ്ട..

മാനിന്റെ എറച്ചിയാണെന്നു ഞങ്ങളു തിന്നു കഴിഞ്ഞിട്ടാ അച്ചായന്‍ പറഞ്ഞത്…

അതല്ലേ മോനേ അച്ചായന്റെ ബുദ്ധി… ഒന്നും കാണാതെ ഒരു നാറിക്കും കള്ളൊഴിച്ചുകൊടുക്കുന്നവനല്ല ഞാന്‍… അതുകൊണ്ട് പ്രകൃതിസ്‌നേഹം ഒലിപ്പിക്കാതെ പതുക്കെ വിട്ടോ… ഈ കാട്ടുതീയുടെ പേരില്‍ ഇവിടുള്ള ഏതെങ്കിലും ഒരുത്തന്റെയെങ്കിലും ദേഹത്തു തൊട്ടാല്‍…

അതൊന്നും എന്റെ കയ്യിലൊള്ള കാര്യങ്ങളല്ലച്ചായോ… പൊലീസും വിജിലന്‍സുമൊക്കെയാ അന്വേഷിക്കുന്നേ… മന്ത്രി തിരുവഞ്ചൂരിന്റെ പ്രത്യേക ഉത്തരവുണ്ട്…

തിരുവഞ്ചൂരാണെങ്കില്‍ കുഴപ്പമില്ല… തീപിടിത്തത്തിനു കാരണമായ പിണ്ഡമിട്ട ആനയെ അറസ്റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്‌തോളും…

ഇത് പക്ഷെ, മുഴുവന്‍ രാജ്യത്തിന്റെയും കാര്യമല്ലേ അച്ചായോ… വനമെന്നു പറയുന്നത് ഭൂമിയുടെ മുഴുവന്‍ സ്വത്താണ്…

അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതി.. കാട്ടുമൃഗങ്ങളുടെ ആക്രമണം സഹിച്ചും പ്രകൃതിദുരന്തങ്ങളെ നേരിട്ടും വനാതിര്‍ത്തിയില്‍ കഴിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ കഴിഞ്ഞേ ആര്‍ക്കും വനത്തെപ്പറ്റി മിണ്ടാന്‍ പോലും അവകാശമുള്ളൂ… കാടു കത്തിയതില്‍ ഞങ്ങള്‍ക്കില്ലാത്ത പരാതി വേറൊരുത്തനും വേണ്ട..

താമരശ്ശേരി ഫോറസ്റ്റ് ഓഫിസും ഇതുപോലെ…

താമരശ്ശേരിയെപ്പറ്റി ഒരക്ഷരം പറയരുത്…

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്ന് അന്നു താമരശ്ശേരി ബിഷപ്പും…

ഡോ.. താമരശ്ശേരിയെപ്പറ്റി മിണ്ടരുതെന്ന് !!!!!!

അച്ചായനും പ്രഷറിന്റെ അസുഖമുണ്ടോ…

ഇത്രേം കാലം ഈ പ്രഷറും കൊണ്ട് ഞങ്ങളിവിടെ കഴിഞ്ഞപ്പോ ഒരു നാറിയും വന്നില്ലല്ലോ ഇങ്ങോട്ട്.. തിരഞ്ഞെടുപ്പടുത്തപ്പോള്‍ എല്ലാം കൂടി കെട്ടിയെടുക്കാന്‍ നിങ്ങള്‍ക്കെന്താ ഷുഗറിന്റെ അസുഖമുണ്ടോ ?

ഹൊ.. എന്തു പറഞ്ഞാലും ഉടക്കാണല്ലോ അച്ചായോ…

ഇനിയങ്ങോട്ട് അങ്ങനെയൊക്കെ മതീടോ…

തീയുടെ കാര്യമൊക്കെ അച്ചായന്‍ വിട്… തിരഞ്ഞെടുപ്പൊക്കെയാണ് അടുത്തുവരുന്നത്… കസ്തൂരി രംഗനൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.. ഞങ്ങളൊക്കെയില്ലേ ഇവിടെ.. അച്ചായന്‍ വെറുതെ ആളുകളെ പറഞ്ഞു തിരിപ്പിക്കരുത്… ആം ആദ്മിയും കൂം ആദ്മിയുമൊക്കെയുള്ള കാലമാണ്.. പത്തു വോട്ടു പോയാല്‍ മതി പണി കിട്ടാന്‍…

അതെ, അതോര്‍മയുണ്ടായാല്‍ മതി…

ഓര്‍മയുണ്ടച്ചാലോ… ഞാനല്ലേ പറയുന്നത്…

എന്നാപ്പിന്നെ, ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നുള്ള ആരോപണം പിന്‍വലിക്കണം.. മന്ത്രിയോ മുഖ്യമന്ത്രി ആരാണെന്നു വച്ചാല്‍ അരമനേല്‍ വന്നു ബിഷപ്പിനോടും മാപ്പും പറയണം…

അതെന്തിന് ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നതും കര്‍ഷകവിരുദ്ധമാണ്..

കര്‍ഷകരെവിടെക്കിടക്കുന്നു അച്ചായനെപ്പോലുള്ള താപ്പാനകളെവിടെക്കിടക്കുന്നു…

ഡോ, പറയുന്നത് കേട്ടാല്‍ മതി… കാട്ടുതീയില്‍ ഇനി ഒരന്വേഷണവും വേണ്ട… എല്ലാവര്‍ഷവും ഇവിടെ കാട്ടുതീയൊക്കെ ഉണ്ടാകുന്നതാ… അപ്പോഴൊന്നും ഇല്ലാത്ത ഉരുക്കം ഈ വര്‍ഷമായിട്ടു വേണ്ട… ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്ന് ഇനി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍… ഇതിന്റെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യണമെന്നു പറഞ്ഞ് ഒരു പൊലീസുകാരനെങ്കിലും ഈ മലചവുട്ടിയാല്‍.. അറിയാലോ…

അറിയാം അച്ചായാ അറിയാം…

പരമാവധി ആ പിണ്ഡമിട്ട ആന.. അതിനപ്പുറത്തേക്കൊരന്വേഷണം വേണ്ട…

വേണ്ട… ആന മദം പൊട്ടി നിന്നപ്പോള്‍ ഇട്ട പിണ്ഡമാണെന്നു നമുക്കു വാദിക്കാം.. മദപ്പാടിന്റെ ദേഷ്യം കാരണം പിണ്ഡത്തോടൊപ്പം തീപ്പൊരിയുമുണ്ടായിരുന്നെന്നും ആ തീപ്പൊരിയില്‍ നിന്നു തീപടര്‍ന്ന് കാടു കത്തിപ്പോയതാണെന്നും നമുക്കു തെളിയിക്കാവുന്നതേയുള്ളൂ…

അപ്പോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ?

എന്നാ ചോദ്യവാ അച്ചായാ… കാടില്ലാതെ എന്തു കസ്തൂരിരംഗന്‍…

ഈ കത്തിപ്പോയ ഭൂമി പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്കു തീറെഴുതിക്കൊടുത്താല്‍ അവരതു റബറും മറ്റും വച്ചു പച്ചപിടിപ്പിച്ചു തരും.. ഒരു രാജ്യസേവനം..

ആദിവാസികള്‍ക്ക് ഇതുവരെ ഭൂമി കൊടുത്തു കഴിഞ്ഞിട്ടില്ല…

ആദിവാസികള്‍ക്ക് ഭൂമിയും മറ്റും കൊടുത്താല്‍ അവരുടെ ഒറിജിനാലിറ്റി നശിച്ചുപോകും… പട്ടിണിയും പരിവട്ടവുമൊക്കെയായി കഴിയുന്നവരെ കാണാനാ സായിപ്പുമാരൊക്കെ വരുന്നേ.. സായിപ്പുമാര്‍ വന്നെങ്കിലേ നമ്മുടെ ഹോംസ്‌റ്റേയും റിസോര്‍ട്ടുകളുമൊക്കെ ഓടത്തൊള്ളൂ.. അതുകൊണ്ട് ആദിവാസികളെ തൊട്ടുകളിക്കണ്ട…

എന്നാ വേണ്ട..

ഹല്ല പിന്നെ…

കസ്തൂരിരംഗനും കാട്ടുതീയും

കേരളത്തിലെ വനമേഖലകളുടെ യഥാര്‍ഥസംരക്ഷകര്‍ അവിടങ്ങളില്‍ കുടിയേറി പാര്‍ത്തിട്ടുള്ള മലയോരകര്‍ഷകരും പാറമടക്കാരും മറ്റുമാണെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ ഈ ദരിദ്രകര്‍ഷകരെ കുടിയിറക്കി വനസംരക്ഷണത്തിനു ശ്രമിക്കുന്ന സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ വലിയ പ്രക്ഷോഭങ്ങള്‍ നടത്തുകയും തങ്ങളുടെ ആവശ്യം നടപ്പാകാത്തതില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ സ്വന്തമായി സ്ഥാനാര്‍ഥികളെ വരെ നിര്‍ത്തുകയും ചെയ്ത പ്രക്ഷോഭകാരികളുടെ രോഷവും വേദനയും മനസ്സിലാക്കാവുന്നതാണ്. എന്നാല്‍, വയനാട്ടില്‍ 1500 ഏക്കറിലധികം വനം കത്തിനശിച്ചുപോയിട്ടും ഇപ്പോഴും തീ ആളിപ്പടര്‍ന്നുകൊണ്ടിരിക്കുമ്പോഴും ആ തീയെങ്ങാനും എന്റെ പറമ്പിലേക്കു വരുമോ എന്നതിനപ്പുറത്തൊരാശങ്ക എത്ര മലയോര കര്‍ഷകര്‍ക്കുണ്ട് എന്നത് ആശങ്കയുണര്‍ത്തുന്ന അന്വേഷണമാണ്.

കാട്ടുതീയെക്കാള്‍ ഭീകരമാണ് കസ്തൂരിരംഗനെന്നു പ്രചരിപ്പിക്കുന്നവര്‍ ഒരു വനമേഖലയാകെ ചാമ്പലായിട്ടും ചെറുവിരലനക്കിയിട്ടില്ല. തീവിഴുങ്ങിയ വനമേഖലയില്‍ നിന്നധികദൂരമല്ലാതെയുള്ള പള്ളികളില്‍ കൂട്ടമണി മുഴങ്ങിയിട്ടില്ല. പച്ചത്തവളകളുടെ ഭാവിയെപ്പറ്റി ആശങ്കയുള്ള പ്രകൃതിസ്‌നേഹികളും പച്ചത്തത്തയെ കൂട്ടിലടച്ചു വളര്‍ത്തുന്ന ഹരിതരാഷ്ട്രീയക്കാരും വയനാടിനെ വിഴുങ്ങിയ കാട്ടുതീ കണ്ട മട്ടില്ല. മലയാകെ കത്തിനശിച്ചാലും മലയോരം മാത്രം ബാക്കി നില്‍ക്കണമെന്നു വാശിപിടിക്കുന്നവര്‍ നാടിനും പ്രകൃതിക്കും രാജ്യത്തിനും ഭീഷണിയായ കാട്ടുതീയുടെ ചൂടില്‍ പ്രകൃതിയുടെ നെഞ്ചുരുകുന്നത് കാണുന്നില്ല.

പശ്ചിമഘട്ടമലനിരകള്‍ എന്നു പറയുമ്പോള്‍ ഉദ്ദേശിക്കുന്നത് ആയിരക്കണക്കിന് ഏക്കറുകളായി പരന്നുകിടക്കുന്ന റിയല്‍ എസ്റ്റേറ്റ് മാത്രമാണെന്നു ധരിച്ചിരിക്കുന്ന കഴുതകളോട് അവിടുത്തെ ജൈവവൈവിധ്യത്തെക്കുറിച്ച് വര്‍ണിച്ചിട്ടു കാര്യമില്ല. വയനാട്ടിലെ കാട്ടുതീ 1500 ഏക്കര്‍ വനമേഖലയെ വെണ്ണീറാക്കുമ്പോള്‍ തുടച്ചുനീക്കപ്പെടുന്നത് അമൂല്യമായ ജൈവവിധ്യം കൂടിയാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങള്‍ ഇപ്പോഴും നിന്നു കത്തുമ്പോള്‍ നമുക്കു നഷ്ടപ്പെടുന്നത് കുറെ മരങ്ങളും പച്ചിലകളും മാത്രമല്ല. ജീവനോടെ വെന്തുപോകുന്ന കാട്ടുമൃഗങ്ങളുടെ ജീവന് മലയോരജനതയുടെ ആശങ്കയോളമെങ്കിലും വിലയുണ്ട്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പശ്താത്തലത്തില്‍ മലയോരമേഖലയില്‍ പ്രകൃതിസ്‌നേഹം പ്രകടിപ്പിക്കുന്നത് കൊടിയ പാപമായി മാറിയിട്ടുണ്ട്. ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നിലുള്ള മലയോരജനതയുടെയും ക്വാറി മാഫിയയുടെയും എതിര്‍പ്പും പ്രതിഷേധവും നിലനില്‍ക്കുമ്പോള്‍ കാടിനു തീയിടാന്‍ സാധ്യതയുണ്ടെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും നിലവിലുണ്ട്. ആരോ കാടിനു ബോധപൂര്‍വം തീയിട്ടതാണ് എന്നു പ്രഥമികാന്വേഷണത്തില്‍ കണ്ടെത്തിയ സ്ഥിതിക്ക് ഈ രാജ്യദ്രോഹപ്രവൃത്തി ചെയ്തത് ഏതു മാഫിയയുടെ പ്രതിനിധിയാണെങ്കിലും അവനെ തൂക്കിലേറ്റുകയാണ് വേണ്ടത്. വനം മുഴുവന്‍ കത്തിത്തീര്‍ന്നു കഴിഞ്ഞാലും വനത്തിനു ചുറ്റുമുള്ള ജനവാസകേന്ദ്രങ്ങള്‍ പൂത്തുതളിര്‍ത്തു നില്‍ക്കുമെന്നു വിശ്വസിക്കുന്നവന്‍ വിഡ്ഡിയാണ്. കസ്തൂരിരംഗനെ അകറ്റിനിര്‍ത്താമെന്ന പ്രതീക്ഷയില്‍ ഏതെങ്കിലും പ്രകൃതിവിരുദ്ധ-രാജ്യദ്രോഹി ഒരുക്കിയ ഹോമകുണ്ഡമാണ് വയനാടിനെ ചാമ്പലാക്കുന്നതെങ്കില്‍ അതില്‍ എരിഞ്ഞുതീരാന്‍ പോകുന്നത് നമ്മുടെ മക്കളും കൊച്ചുമക്കളുമാണെന്നത് മറക്കരുത്.

കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പ്രതിഷേധം തീരെയില്ല എന്നു പറഞ്ഞുകൂട. കാട്ടുതീ സ്വാഭാവികമല്ലെന്നും ആരോ തീയിട്ടതാണെന്നുമുള്ള വനംവകുപ്പിന്റെ കണ്ടെത്തലിനെതിരെയാണ് പ്രതിഷേധം അലയടിക്കുന്നത്. പോരെങ്കില്‍ കാട്ടുതീയുടെ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആവശ്യത്തിനു തല്ലും കിട്ടുന്നുണ്ട്. ഏപ്രില്‍ 10 വരെ മലയോരജനതയോട് എല്ലാവര്‍ക്കും അപാരമായ പ്രണയമായിരിക്കും എന്നതിനാല്‍ 10 വോട്ടിനു വേണ്ടി 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ കാട്ടുതീ കണ്ടില്ലെന്നു വയ്ക്കാന്‍ ഭരണാധികാരികള്‍ക്കും കഴിഞ്ഞേക്കും. കാട്ടുതീ സ്വാഭാവികമായി ഉണ്ടായതാണെങ്കിലും രാജ്യദ്രോഹികള്‍ അറിഞ്ഞുകൊണ്ട് ചെയ്തതാണെങ്കിലും മലയോരജനതയ്ക്കു വേണ്ടി പോരിനിറങ്ങിയവര്‍ കാട് കത്തുന്നതില്‍ തീരെ ആശങ്കയില്ലാത്തവരാണ് എന്നത് അവഗണിക്കാനാവില്ല.

ആരാന്റമ്മയ്ക്കു ഭ്രാന്തു വന്നാല്‍ കാണാന്‍ നല്ല ചേലാ അല്ലേ ? – എന്നാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി മിണ്ടിപ്പോയാല്‍ മലയോരവാസികള്‍ ചോദിക്കുന്നത്. ഈ നാട്ടിലെ വനങ്ങള്‍, മലയോരത്ത് റബറും കപ്പയും കൃഷി ചെയ്യുന്ന കര്‍ഷകരുടെയും പാറമട നടത്തുന്ന വിശുദ്ധന്‍മാരുടെയും മാത്രമല്ല, സ്വന്തമായി ഒരു നുള്ളു ഭൂമിയില്ലാത്ത നഗരവാസികളുടെയും മലയോരത്തെ പരിഷ്‌കാരികളെ ഭയന്നു കാട്ടിനുള്ളില്‍ കഴിയുന്ന ആദിവാസി സമൂഹത്തിന്റേതും കൂടിയാണ്. ഇന്നു ലോകത്തെ ഏറ്റവും വലിയ പ്രശ്‌നം കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും പ്രകൃതിസ്‌നേഹവുമാണ് എന്നു കരുതുന്നവര്‍ തിരിച്ചറിയേണ്ടത് ഭ്രാന്ത് അമ്മയ്ക്കല്ല, അവനവനു തന്നെയാണ് എന്നാണ്.

ടിന്റുമാനിനെ നോക്കിയ നരഭോജിക്കടുവ കാടിനു ഭീഷണി

കാട്ടിലെ രാജാവാകാന്‍ ശ്രമിക്കുന്ന നരഭോജിക്കടുവ കുറെക്കാലം മുമ്പ് ടിന്റുമാനെ ഏറെ നേരം നോക്കി നിന്ന സംഭവം കാടിന്റെ അന്തസ്സിനു കളങ്കം വരുത്തിയെന്നും മാനിനെ ഏറെ നേരം നോക്കി നിന്ന നരഭോജിക്കടുവ കാട്ടിലെ രാജാവായാല്‍ അത് കാടിനും കാട്ടിലെ മാനുകള്‍ക്കുമെല്ലാം ആപത്താണെന്നും സിംഹവാലന്‍ ഫാന്‍സ് അസോസിയേഷന്‍ പറഞ്ഞു. നരഭോജിക്കടുവ ടിന്റുമാനിനെ നോക്കിയ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ പത്തു കുറുക്കന്‍മാരടങ്ങിയ പ്രത്യേക സമിതിക്കു മനുമോന്‍ സിഹം രൂപം നല്‍കിയിരുന്നു. എന്നാല്‍, മാനിനെ നോക്കിയതിന്റെ പേരില്‍ നരഭോജിക്കടുവയുടെ പേരില്‍ കേസെടുക്കാനാവില്ലെന്ന് ചെന്നായ്ക്കൂട്ടം പറഞ്ഞതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്.

സട കൊഴിഞ്ഞ മനുമോന്‍ സിഹം ഗുഹയൊഴിയുന്ന സാഹചര്യത്തില്‍ മറ്റൊരു വനത്തില്‍ നിന്നു വന്ന സിംഹവാലന്‍ കുരങ്ങനെ കാട്ടിലെ രാജാവാക്കാന്‍ മനുമോന്‍ സിംഹത്തിന്റെ നേതൃത്വത്തില്‍ ശ്രമങ്ങള്‍ നടക്കുമ്പോഴാണ് കുരങ്ങനെക്കാള്‍ ഏറെ ശക്തനായ നരഭോജിക്കടുവ മാനിനെ നോക്കി എന്ന പേരില്‍ വിവാദം ഉയര്‍ന്നു വന്നിരിക്കുന്നത്. കടുവ മാനിനെ പിടിച്ചു തിന്നുകയോ ആക്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ മാനിനെ നോക്കി എന്നൊരാരോപണം ഉണ്ടാക്കി ബോധപൂര്‍വം വവാദമുണ്ടാക്കുന്നത് കുരങ്ങന്‍ രാജാവാകില്ല എന്നുറപ്പായതുകൊണ്ടാണെന്ന് ഫോറസ്റ്റ് ടൈഗേഴ്‌സ് വെല്‍ഫെയര്‍ ഫോറം പറഞ്ഞു.

പുലിവാല്‍ ഡോട് കോം എന്ന വെബ്‌സൈറ്റ് ആണ് നരഭോജിക്കടുവ ടിന്റുമാനിനെ ഏറെക്കാലം നോക്കിയിരുന്നതായി വെളിപ്പെടുത്തിയിരിക്കുന്നത്. കടുവയും മാനും മുഖാമുഖം നില്‍ക്കുന്ന ചിത്രങ്ങളും പുലിവാല്‍ ടോഡ് കോം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കടുവയും മാനും പ്രണയത്തിലായിരുന്നെന്നും അതുകൊണ്ടാണ് മാനിനെയും ഫാമിലിയെയും മാനിന്റെ കാമുകനെയുമൊക്കെ കടുവ നോട്ടമിട്ടതെന്നുമാണ് ആരോപണക്കാര്‍ വിശദീകരിക്കുന്നത്. എന്നാല്‍, നരഭോജിക്കടുകള്‍ക്കു പ്രണയം എന്നൊരു വികാരമില്ലെന്നും വെറുമൊരു മാനിനെ നോക്കി നടന്നു സമയം കളയേണ്ട കാര്യം കടുവകള്‍ക്കില്ലെന്നും ടൈഗേഴ്‌സ് വെല്‍ഫെയര്‍ ഫോറം പറഞ്ഞു. കുരങ്ങന്‍മാരെ കടുവകള്‍ തിന്നാറില്ല എന്നതിനാല്‍ എന്തു തോന്ന്യാസവും വിളിച്ചു പറയുന്നത് അംഗീകരിക്കില്ലെന്നും അവര്‍ പറഞ്ഞു.

പലപ്പോഴായി ടിന്റുമാനിനെ നോക്കി നിന്നിട്ടുള്ള നരഭോജിക്കടുവ മാനുകള്‍ കൂട്ടത്തോടെ താഴ്‌വരയിലേക്കു മേയാന്‍ പോയ വേനല്‍ക്കാലത്ത് താഴ്‌വരയിലെ ചെന്നായ്ക്കളെ ടിന്റുമാനിനെ നോക്കാനേല്‍പിച്ചിരുന്നു എന്നാണ് പുലിവാല്‍ ഡോട് കോം വെളിപ്പെടുത്തുന്നത്. ടിന്റുമാന്‍ എങ്ങോട്ടൊക്കെ പോകുന്നു, ഏതു തരം പുല്ലു തിന്നുന്നു, ഏതൊക്കെ ചോലയില്‍ നിന്നു വെള്ളം കുടിക്കുന്നു, മറ്റു മാനുകളുമായുള്ള ബന്ധമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ നരഭോജിക്കടുവ അന്വേഷിച്ചറിഞ്ഞിരുന്നു എന്നും ഇത്തരത്തില്‍ ഒരു മാനിനെപ്പറ്റി അന്വേഷിക്കുന്ന കടുവ രാജാവായാല്‍ കാടിന്റെ നാശം ഉറപ്പാണെന്നും സിംഹവാലന്‍ ഫാന്‍സ് ആരോപിക്കുന്നു. നരഭോജിക്കടുവ എന്നതിന്റെ ഇംഗ്ലിഷ് മാന്‍ ഈറ്റിങ് ടൈഗര്‍ എന്നാണെന്നും അതില്‍ നിന്നും കടുവ മാനിനെ തിന്നും എന്നത് വളരെ വ്യക്തമാണെന്നും അതുകൊണ്ട് കടുവയെ രാജാവാക്കാന്‍ മാനുകള്‍ കൂട്ടു നില്‍ക്കരുതെന്നും സിംഹവാലന്‍ ഫാന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇനി കാടുഭരിക്കാന്‍ താനില്ലെന്നു മനുമോന്‍ സിഹം

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളായി കാടു ഭരിച്ചുകൊണ്ടിരിക്കുന്ന താന്‍ ഈ കാലാവധി കഴിയുന്നതോടെ ഭരണത്തില്‍ നിന്നും പിന്മാറുകയാണെന്നു മൃഗരാജാവ് മനുമോന്‍ സിഹം ഗര്‍ജ്ജിച്ചു. കാടിനെ ഇനി നയിക്കേണ്ടത് പുതുതലമുറയാണ്. സട കൊഴിഞ്ഞു കൊണ്ടിരിക്കുന്ന താന്‍ ഇനി ഭരണചക്രം തിരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭരണത്തിന്റെ ബാറ്റന്‍ അനുയോജ്യനായ ഭരണാധികാരിക്കു കൈമാറുമെന്നു പറഞ്ഞ മനുമോന്‍ സിഹം അമേധ്യവനത്തില്‍ നിന്നുള്ള രാഹുകാലന്‍ എന്ന സിംഹവാലന്‍ കുരങ്ങ് കാടിനെ നടിക്കാന്‍ കരുത്തുള്ള മിടുക്കനാണെന്നും പ്രഖ്യാപിച്ചു.

കാടു ഭരിക്കാന്‍ ദൈവം നിയോഗിച്ചിട്ടുള്ളത് സിംഹ ഫാമിലിയെ ആണ്. സിംഹമല്ലാതെ ആരു ഭരിച്ചാലും കാട് മുടിയുമെന്നു ചരിത്രം തെളിയിച്ചിട്ടുള്ളതാണ്. പ്രായവും അനുഭവപരിചയവും അല്‍പം കുറവാണെങ്കിലും രാഹുകാലന്‍ നാളെ കാടിനെ നയിക്കാന്‍ തക്ക അറിവും കരുത്തും ഉള്ളവനാണ്. രാഹുകാലന്‍ വെറും കുരങ്ങനാണെന്നും സിംഹമല്ലെന്നും ഒരു വിഭാഗം നടത്തുന്ന പ്രചാരണം കാടിന്റെ പുരോഗതിയെ പിന്നോട്ടടടിക്കുമെന്നു മനുമോന്‍ സിഹം മുന്നറിയിപ്പു നല്‍കി. സിംഹവും സിംഹവാലന്‍ കുരങ്ങുകളും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്. സിംഹവാലന്‍ സത്യത്തില്‍ സിംഹങ്ങളെക്കാള്‍ മികവും കഴിവും കൂടുതലുള്ളവരാണ്. വലിയ സടയോ ഗര്‍ജ്ജിക്കാനുള്ള കഴിവോ ഒന്നുമില്ലെങ്കിലും അതിമനോഹരമായ വാലുകള്‍ അവയ്ക്കുണ്ട്. ഈ വാലുപയോഗിച്ച് കാടിനെ നയിക്കാനും ഭരിക്കാനും കഴിയുമെന്നു രാഹുകാലന്‍ തെളിയിക്കും. രാഹുകാലന്‍ കുരങ്ങന്‍ കാടു ഭരിക്കുമ്പോള്‍ വെറുമൊരു പ്രജയായി അദ്ദേഹത്തിന്റെ ഗുഹയുടെ വാതില്‍ക്കല്‍ അറ്റന്‍ഷനായി നില്‍ക്കാന്‍ തനിക്കു സന്തോഷമേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രശസ്തി നേടിയ നരഭോജിക്കടുവയെ കാട് ഭരിക്കാന്‍ അനുവദിക്കരുതെന്നും മനുമോന്‍ സിംഹം പറഞ്ഞു. സിംഹം അല്ലെങ്കില്‍ സിംഹവാലന്‍ എന്നതാണ് നമ്മുടെ മുദ്രാവാക്യം. സിംഹമില്ലെങ്കില്‍ കടുവ ഭരിക്കട്ടെ എന്ന ശൈലി ശരിയല്ല. പണ്ട് കാട്ടിലെത്തിയ ഏതാനും മനുഷ്യരെ പിടിച്ചു തിന്നിട്ടുള്ള ഭീകരജീവിയാണ് നരഭോജിക്കടുവ. നരഭോജിക്കടുവ കാട്ടിലെ രാജാവായാല്‍ കടുവകള്‍ കൂട്ടത്തോടെ കാട്ടില്‍ വിളയാടി മറ്റു മൃഗങ്ങളെയെല്ലാം കൊന്നൊടുക്കും എന്നതില്‍ ഒരു സംശയവുമില്ല. കടുവകള്‍ മാത്രമുള്ള ഒരു വനമാണ് അവരുടെ സ്വപ്നം. അത് കാടിന്റെ നാശത്തിനു തന്നെ കാരണമായിത്തീരും- മനുമോന്‍ സിഹം പറഞ്ഞു.

കാടിന്റെ ആസ്ഥാനത്ത് മാങ്കോ മങ്കീസ് പാര്‍ട്ടി നേടിയ വിജയത്തില്‍ നിന്നു പാഠം ഉള്‍ക്കൊണ്ട് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തും. മങ്കി പാര്‍ട്ടി ഒരിക്കലും ഭരിക്കാന്‍ അറിയാവുന്നവരല്ലെന്നും മങ്കിയെക്കാള്‍ ആയിരം മടങ്ങ് യോഗ്യന്‍ ഭരിക്കാനായി ജനിച്ചിട്ടുള്ള സിംഹവാലന്‍ കുരങ്ങുകളാണെന്നും സിംഹദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒന്‍പതു വര്‍ഷമായി കാട് പുരോഗതിയുടെ പാതയിലാണ്. കാട്ടിനുള്ളിലെ മരങ്ങള്‍ വെട്ടിത്തെളിച്ച് അവിടെ വിദേശികളായ മനുഷ്യന്‍മാരുടെ ഖനികളും റിസോര്‍ട്ടുകളും സ്ഥാപിച്ചതു വഴി കാട്ടിലെ മൃഗങ്ങള്‍ക്കു സായിപ്പന്‍മാരുടെയും മദാമ്മമാരുടെയും വൃത്തിയുള്ള പാത്രങ്ങളിലെ ഭക്ഷണമാവാന്‍ സാധിച്ചു. ഇത് കാടിന്റെ ചരിത്രത്തിലെ തന്നെ വലിയ നേട്ടമായി കാണാം. കാട്ടിനുള്ളില്‍ തെണ്ടിത്തിരിഞ്ഞു നടന്നിരുന്ന ലോക്കല്‍ മൃഗങ്ങളെ വന്‍കിട ഏജന്റുമാര്‍ വഴി ലോകത്തെ വിവിധ മൃഗശാലകളിലെത്തിക്കാന്‍ സാധിച്ചതും തന്റെ ഭരണനേട്ടമാണെന്നു മനുമോന്‍ സിഹം പറഞ്ഞു.

കാട്ടില്‍ പട്ടിണികിടക്കുന്ന മൃഗങ്ങളുടെ എണ്ണം പകുതിയായി കുറഞ്ഞു. ബാക്കിയുള്ളവ പട്ടിണി കിടന്നു ചത്തുപോയതുകൊണ്ടാണ് എണ്ണം പകുതിയായി കുറയ്ക്കാന്‍ സാധിച്ചത്. വിവിധ സര്‍ക്കസ് കമ്പനികളുമായി അടുത്തിടെ ഒപ്പുവച്ചിരിക്കുന്ന കരാറുകള്‍ കാട്ടിലെ തൊഴിലില്ലായ്മയ്ക്ക് അറുതി വരുത്തും. മൃഗധാര്‍ പദ്ധതിയില്‍ എല്ലാ മൃഗങ്ങളെയും ബന്ധിപ്പിക്കാന്‍ കഴിഞ്ഞതോടെ അവരുടെ ഭക്ഷണത്തിന് വില വര്‍ധിപ്പിക്കാന്‍ സാധിച്ചു. നരഭോജിക്കടുവയും മറ്റു കടുവകളും താന്‍ കാടിന്റെ ശത്രുവാണെന്നും കാടിനെ മനുഷ്യര്‍ക്ക് ഒറ്റു കൊടുക്കുന്നവനാണെന്നും പ്രചരിപ്പിക്കുന്നതില്‍ തനിക്കു വേദനയുണ്ടെന്നും മനുമോന്‍ സിഹം കൂട്ടിച്ചേര്‍ത്തു.

കാട്ടില്‍ മൃഗങ്ങളുടെ കഷ്ടകാലം കൂടിയത് ആഗോളപ്രതിഭാസത്തിന്റെ ഭാഗമാണ്. ആഫ്രിക്കന്‍, ആമസോണ്‍ കാടുകളിലും മൃഗങ്ങള്‍ക്കു കഷ്ടകാലമാണ്. കാട്ടിലെ ഭരണത്തിനെതിരേ മൗസ്ബുക്ക് വഴി എലികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ വനദ്രോഹമായി കണക്കാക്കി കര്‍ശനനടപടകള്‍ സ്വീകരിക്കും. സിംഹങ്ങളെയും സിംഹവാലന്‍ കുരങ്ങുകളെയും വിമര്‍ശിക്കുന്നത് നിയമനിര്‍മാണം മൂലം തടയുമെന്നും മനുമോന്‍ സിഹം പറഞ്ഞു. താന്‍ വല്ലപ്പോഴും മാത്രമേ ഗര്‍ജ്ജിക്കാറുള്ളൂ എന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ താന്‍ മൂന്നു തവണ ഗര്‍ജ്ജിച്ചതായി ചരിത്രരേഖകളെ ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ലുട്ടാപ്പിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷം: മായാവി

കാട്ടിലെ ജീവജാലങ്ങളുടെ സംരക്ഷകനാകാന്‍ എന്തു കൊണ്ടും യോഗ്യന്‍ ലുട്ടാപ്പി ആണെന്നും ലുട്ടാപ്പിയുടെ നേതൃത്വത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമേയുള്ളൂ എന്നും കുട്ടികളുടെ ഉറ്റതോഴനായ മായാവി പറഞ്ഞു. രാജുവിന്റെയും രാധയുടെയും ഹാപ്പി ബര്‍ത്ത്‌ഡേ ആഘോഷങ്ങള്‍ക്കു ശേഷം മടങ്ങുമ്പോഴാണ് മായാവി ഇക്കാര്യം വെളിപ്പെടുത്തിയത്. കാട്ടിലെ മൃഗങ്ങളുടെ കാര്യത്തിലും അവരുടെ സുരക്ഷയിലും ശ്രദ്ധിക്കാതെ ഫുള്‍ടൈം രാധയുടെ വായില്‍നോക്കി നടക്കുന്ന മായാവിയെ നീക്കി മറ്റാരെയെങ്കിലും കാടിന്റെ ചുമതലയേല്‍പിക്കണമെന്ന് മൃഗങ്ങളുടെ ഭാഗത്തു നിന്ന് ആവശ്യമുയര്‍ന്നിരിക്കെയാണ് മായാവി പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

പലരും തെറ്റിദ്ധരിച്ചിരിക്കുന്ന ഒരു മഹദ്്‌വ്യക്തിയാണ് ലുട്ടാപ്പി. അദ്ദേഹത്തിന്റെ മൊട്ടത്തലയും കുന്തവുമൊക്കെ ലാളിത്യത്തിന്റെ ചിഹ്നങ്ങളാണ്. കാട്ടില്‍ എല്ലാവരുടെയും പുച്ഛവും പരിഹാസവുമേറ്റ് കഴിയുകയാണെങ്കിലും ലുട്ടാപ്പി ദീര്‍ഘവീക്ഷണവും കാടിനെയാകെ നയിക്കാനുള്ള കരുത്തും അറിവുമൊക്കെയുള്ള കുട്ടിച്ചാത്തനാണ്. രാജുവിന്റെയും രാധയുടെയും ശോഭനമായ ഭാവി ലുട്ടാപ്പിയുടെ കരങ്ങളില്‍ സുരക്ഷിതമാണ്. പ്രായം കുറെയുണ്ടെങ്കിലും കാഴ്ചയില്‍ കൊച്ചുകുട്ടിയെപ്പോലിരിക്കുന്ന ലുട്ടാപ്പി ഐശ്വര്യത്തിന്റെ പ്രതീകമാണ്. ലുട്ടാപ്പിയുടെ കീഴില്‍ ഒരു അസിസ്റ്റന്റായി ശിഷ്ടകാലം കഴിയണമെന്നാണ് തന്റെ ആഗ്രഹം- മായാവി വ്യക്തമാക്കി.

ഓം ഹ്രീം കുട്ടിച്ചാത്താ എന്നു വിളിക്കുമ്പോള്‍ റിക്വസ്റ്റ് വന്ന ഭാഗത്ത് പറന്നെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്ന ജോലി വര്‍ഷങ്ങളായി മായാവിയുടെ കുത്തകയായിരുന്നു. കാടിന്റെയും മൃഗങ്ങളുടെയും സുരക്ഷയും രാജുവിന്റെയും രാധയുടെയും സംരക്ഷണവും മായാവി നിര്‍വഹിക്കുമെന്നായിരുന്നു സങ്കല്‍പമെങ്കിലും മായാവിയുടെ ശ്രദ്ധ രാധയുടെ കാര്യത്തില്‍ മാത്രമായതോടെയാണ് മായാവിയുടെ സല്‍പേരിനു കളങ്കമുണ്ടായത്. ഇതോടെ മായാവിയെ നീക്കി കാടിന്റെ സംരക്ഷണം ആദിവാസികളെ ഏല്‍പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. മായാവിയെ നിയന്ത്രിക്കുന്നത് കാട്ടിലെ ജൈവസമ്പത്തു കൊള്ളയടിക്കാനാഗ്രിക്കുന്ന ഒരു വിദേശ ദുര്‍മന്ത്രവാദിനിയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിര്‍ണായക വെളിപ്പെടുത്തലുമായി മായാവി എത്തിയത്.

ഇതോടൊപ്പം, കുട്ടൂസനും ഡാകിനിയുമടങ്ങുന്ന ദുര്‍മന്ത്രവാദ കൂട്ടുകെട്ടുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന സുപ്രധാന പ്രഖ്യാപനവും മായാവി നടത്തി. വിക്രമനും മുത്തുവുമാണ് കാടിന്റെ ശാപം. കുട്ടൂസനും ഡാകിനിയും ലുട്ടാപ്പിയുമൊക്കെ തന്നെപ്പോലെ മന്ത്രവും തന്ത്രവുമൊക്കെ അറിയുന്നവരാണ്. സമാനചിന്താഗതിക്കാരായവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കണമെന്നാണ് തന്റെ ആഗ്രഹം. കുട്ടൂസന്‍ തരക്കേടില്ലാത്ത മന്ത്രവാദിയും നല്ല യോഗിയുമായിരുന്നു. പിന്നീട് ഡാകിനിയുമായുള്ള കൂട്ടുകെട്ടു തുടങ്ങിയതിനു ശേഷമാണ് വഷളായിപ്പോയത്. അതേ സമയം, മന്ത്രവാദികളും കുട്ടിച്ചാത്തന്‍മാരുമായി സ്ഥിരം ശത്രുതതയോ സൗഹൃദമോ ഇല്ലെന്നും മായാവി വ്യക്തമാക്കി.

കാട്ടില്‍ നിന്നും കഞ്ചാവു മുറിച്ചു കടത്തിയെന്ന വിവാദത്തില്‍ തനിക്കൊന്നും മൂടിവയ്ക്കാനില്ലെന്നും അതുകൊണ്ടാണ് തന്നെ ചോദ്യം ചെയ്യാന്‍ ഫോറസ്റ്റുകാരെ അനുവദിക്കാത്തതെന്നും മായാവി പറഞ്ഞു. കാട്ടില്‍ നിന്നു ചന്ദനമരങ്ങളും തേക്കും ഈട്ടിയുമൊക്കെ കാണാതാകുന്നതിനു പിന്നിലും കഞ്ചാവു കൃഷിക്കു പിന്നിലും വിക്രമനും മുത്തുവുമാണ്. ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ വേണ്ടി അവര്‍ എല്ലാം മന്ത്രവാദികളിലും കുട്ടിച്ചാത്തന്‍മാരിലും ആരോപിക്കുകയാണെന്നും വിക്രമനും മുത്തുവും ഫോറസ്റ്റുകാരുടെ ചാരന്‍മാരായി അഭിനയിക്കുകയാണെന്നും മായാവി പറഞ്ഞു. കാടിന്റെ പുരോഗതിക്ക് മൃഗങ്ങള്‍ പട്ടിണി കിടക്കണമെന്നും പുലിത്തോല്‍, ആനക്കൊമ്പ് എന്നിവയുടെ കയറ്റുമതിയിലൂടെ കാടിനു വലിയ സാമ്പത്തികപുരോഗതി നേടാന്‍ കഴിയുമെന്നും മായാവി പറഞ്ഞു.

കുഞ്ഞാടുകള്‍:; ഇടയനും കടുവയ്ക്കുമിടയില്‍

തന്‍റെ കുഞ്ഞാടുകളെ ചെന്നായ്‍ക്കളില്‍ നിന്നും രക്ഷിക്കാന്‍ വേണ്ടി ജാഗരൂകരായിരിക്കുന്നവരാണ് നല്ല ഇടയന്‍മാര്‍. കുഞ്ഞാടുകളെ ചെന്നായ്‍ക്കളില്‍ നിന്നു രക്ഷിക്കുന്നവര്‍ കടുവയില്‍ നിന്ന് രക്ഷിക്കുമോ എന്നു പ്രത്യേകം ചോദിക്കേണ്ടതില്ല. ക്രിസ്‍ത്യാനികളെ സംബന്ധിച്ചിടത്തോളം വികാരിമാരും മെത്രാന്‍മാരുമെല്ലാം സ്ട്രോങ് ഇടയന്‍മാരാണ്. ഇടയനെന്നും കുഞ്ഞാടെന്നുമൊക്കെ പറയുന്നത് പ്രതീകാത്മകമാണെങ്കിലും ഇത്തവണ വാച്യാര്‍ത്ഥത്തില്‍ തന്നെ പാവപ്പെട്ട വിശ്വാസികളെ പിടിച്ചു തിന്നാന്‍ വന്ന കടുവയ്‍ക്കെതിരെയും ആ കടുവയ്‍ക്കു വേണ്ടി വാദിക്കുന്നവര്‍ക്കെതിരെയും ഇടയന്‍ രംഗത്തിറങ്ങുകയാണ്.

സിറോ മലബാര്‍ സഭ മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടമാണ് കുഞ്ഞാടുകളെ സംരക്ഷിക്കാന്‍ രംഗത്തുള്ളത്. ലേറ്റസ്റ്റ് ഇടയലേഖനത്തിലാണ് കടുവസംരക്ഷണം കുഞ്ഞാടുകളുടെ ജീവിതം നരകമാക്കുന്നതിനെതിരെ പരിശുദ്ധ പിതാവ് നിലപാടെടുക്കുന്നത്. ഈ വരുന്ന ഞായറാഴ്ച പള്ളികളില്‍ വായിക്കാനിരിക്കുന്ന ഇടയലേഖനത്തിലാണ് കടുവരാഷ്ട്രീയം പിതാവ് ചര്‍ച്ച ചെയ്യുന്നത്. കാടിനെയും കാട്ടുമൃഗങ്ങളെയും പരിസ്ഥിതിയെയും സംരക്ഷിക്കേണ്ടത് അത്യന്താപേഷിതമാണ്. എന്നാല്‍ പ്രപഞ്ചം ദൈവം മനുഷ്യനു വേണ്ടി നിര്‍മ്മിച്ചതാണ്. അതുകൊണ്ട് മനുഷ്യന്‍റെ കാര്യം നോക്കിയിട്ട് കടുവയുടെ കാര്യം നോക്കിയാല്‍ മതി എന്നാണ് ഇടയലേഖനത്തില്‍ പറയുന്നത്.

മനുഷ്യനെ രക്ഷിക്കുക എന്ന പരമമായ ലക്‍ഷ്യത്തെ മറന്നിട്ട് ചിലരുടെ സ്വാര്‍ഥലക്‍ഷ്യങ്ങള്‍ക്കായി പരിസ്ഥിതി സംരക്ഷണം എന്ന മഹത്തായ ലക്‍ഷ്യം വഴിമാറുന്ന കാഴ്ചയാണ് നാം കാണുന്നത്. ഈ സാഹചര്യങ്ങള്‍ നമ്മെ കൊണ്ടെത്തിക്കുന്നത് വലിയ അസാമാധനത്തിലേക്കും അരാജകത്വത്തിലേക്കും ആയിരിക്കും.- ഇടയലേഖനം പറയുന്നു. ജനങ്ങള്‍ക്കു പേടി കടുവയെ അല്ല, കടുവസംരക്ഷണത്തിന്‍റെ പേരില്‍ ജനങ്ങളുടെ ജീവിതം നരകമാക്കുന്നവരെയാണ് എന്നും ഇടയന്‍ വ്യക്തമാക്കുന്നു.

എണ്ണത്തില്‍ ലോകത്ത് ആകെയുള്ള ബിഷപ്പുമാരുടെ പകുതി പോലുമില്ല കടുകള്‍. ലോകത്ത് ആകെ ബിഷപ്പുമാര്‍ ആറായിരത്തോളം വരും. എന്നാല്‍,ലോകത്താകെ 3948 കടുവകളും ഇന്ത്യയിലാകെ 1706 കടുകളുമാണുള്ളത്. അതിലൊന്നിനെയാണ് സൃഷ്ടിയുടെ മകുടോദാഹരണങ്ങള്‍ കഴിഞ്ഞ ദിവസം വെടിവച്ചു കൊന്നത്. സൃഷ്ടിയുടെ മകുടമായ മനുഷ്യന്‍ കാടിനെ വിഴുങ്ങി വിഴുങ്ങി വരുമ്പോള്‍ കടുവകള്‍ ഇല്ലാതാവുന്നത് സ്വാഭാവികമാണെന്നും അതിനെ എതിര്‍ക്കുന്നതിനെ പരിസ്ഥിതിവാദമായി കാണാനാവില്ലെന്നുമാണ് ഈ വരികളില്‍ നിന്നും മനസ്സിലാക്കേണ്ടത്. ജനങ്ങള്‍ക്കു പേടി കടുവയെ അല്ല എന്നിതില്‍ പറയുന്നുണ്ട്. അങ്ങനെയെങ്കില്‍ ആ കടുവയെ വെടിവച്ചുകൊല്ലണമെന്നു വാശിപിടിച്ചവരെയല്ലേ പരിസ്ഥിതിവാദികളെക്കാള്‍ ഭയപ്പെടേണ്ടത് ?

പരിസ്ഥിതിസംരക്ഷണം മഹത്തായ ലക്‍ഷ്യമാണ് പക്ഷെ, മനുഷ്യന്‍റെ സൗകര്യത്തിനു വേണ്ടി കടുവയെ കൊല്ലുന്നതില്‍ തെറ്റില്ല എന്നതാണ് ഇവിടെ ഉദ്ഘോഷിക്കുന്ന പരിസ്ഥിതിവാദം. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പരിസ്ഥിതിവാദം മഹത്തായ സംഗതിയാണ്, അത് തിയറിയില്‍ മാത്രം മതി, എന്നാല്‍ മനുഷ്യന്‍റെ കാര്യം പ്രാക്ടിക്കലായി നോക്കണം എന്ന ലൈന്‍. മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാണ് എന്ന സങ്കല്‍പം വളരെ പോസിറ്റീവാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. മനുഷ്യന്‍റെ സൗകര്യത്തിനു വേണ്ടി മൃഗങ്ങളെ കൊല്ലുന്നതിനുള്ള പ്രയോരിറ്റി നിശ്ചയിക്കാന്‍ ഈ സങ്കല്‍പം ഉപയോഗിക്കുന്നത് ശരിയാണോ എന്നെനിക്കറിയില്ല. അങ്ങനെ ചെയ്യാമെങ്കില്‍, മറ്റൊരു സാഹചര്യത്തില്‍ മനുഷ്യരില്‍ സ്ത്രീയാണോ പുരുഷനാണോ മികച്ച സൃഷ്ടി എന്ന പ്രയോരിറ്റി നിശ്ചയിച്ച് മുന്‍ഗണന ലഭിക്കുന്ന കക്ഷിക്കു വേണ്ടി മറ്റേ കക്ഷിയോട് അനീതി ചെയ്യുന്നതും നീതികരിക്കപ്പെടില്ലേ ? അങ്ങനെയെങ്കില്‍ അതായിരിക്കില്ലേ നമ്മെ വലിയ അസമാധാനത്തിലേക്കും അരാജകത്വത്തിലേക്കും കൊണ്ടെത്തിക്കുന്നത് ?

ഇനിയിപ്പോ, ഇതെല്ലാം മറക്കാമെന്നു വയ്‍ക്കാം. പരിസ്ഥിതിയെക്കാള്‍ പരിഗണന ലഭിക്കേണ്ടത് മനുഷ്യര്‍ക്കാണ് എന്നതാണ് സഭയുടെ നിലപാട് എന്നു കരുതാം. അപ്പോള്‍ കൃത്യം ഒരുവര്‍ഷം മുമ്പ്, 2011 ഡിസംബറില്‍ ഹരിത ആധ്യാത്മികതയുടെ ഭാഗമായി പരിസ്ഥിതി നശീകരണം കുമ്പസാരത്തില്‍ ഏറ്റു പറയേണ്ട പാപങ്ങളോടൊപ്പം ചേര്‍ക്കുമെന്നു കെസിബിസി പ്രഖ്യാപിച്ചതിന്‍റെ സാംഗത്യം എന്താണ് ? ആ പ്രഖ്യാപനവും ഈ ഇടയലേഖനവും എങ്ങനെ ഒത്തുപോകും ? കുമ്പസാരത്തില്‍ ഏറ്റുപറയേണ്ട പാപങ്ങള്‍ തീരുമാനിക്കാന്‍ സാര്‍വത്രിക സഭയ്ക്കു മാത്രമേ അധികാരമുള്ളു എങ്കിലും ജീവ വര്‍ഗത്തിനെതിരെയുള്ള പാപങ്ങള്‍ പോലെ പ്രകൃതിക്കെതിരെയുള്ള കടന്നുകയറ്റവും പാപമാണെന്ന ബോധ്യത്തില്‍ കുമ്പസാരത്തില്‍ ഏറ്റുപറയാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുകയാണു തീരുമാനത്തിന്‍റെ ലക്‍ഷ്യം എന്നാണ് അന്നു പറഞ്ഞത്. അങ്ങനെയെങ്കില്‍ കടുവയെ കൊല്ലണമെന്നു പറയുന്നതും കൊന്നതില്‍ തെറ്റില്ല എന്നു പറയുന്നതും പാപമല്ലേ ?

വിശ്വാസികളെ പരിശുദ്ധ പിതാവ് വലിയ ആശയക്കുഴപ്പത്തിലേക്കാണ് കൊണ്ടുപോവുന്നത് എന്നു ഞാന്‍ ഭയപ്പെടുന്നു. പിതാക്കന്‍മാര്‍ പറയുന്നത് വേദവാക്യം പോലെ കരുതുന്ന വിശ്വാസികള്‍ ഇന്നും ധാരാളമുണ്ട്. പരിസ്ഥിതി നശിപ്പിക്കുന്നത് പാപമാണെന്നു പറഞ്ഞിട്ട് ഒരു വര്‍ഷം കഴിയുമ്പോള്‍ അവസരോചിതമായി പരിസ്ഥിതിയല്ല മനുഷ്യനാണ് പ്രധാനം എന്നു മാറ്റിപ്പറഞ്ഞാല്‍ വിശ്വാസികള്‍ എന്തു ചെയ്യും ? കെസിബിസി നിലപാട് വച്ചു നോക്കുമ്പോള്‍ കടുവസംരക്ഷണത്തെ എതിര്‍ക്കുന്നതല്ലേ വലിയ തെറ്റ് ? കടുവയെ സംരക്ഷിക്കണമെന്നു പറയുന്നവരെയല്ല, മനുഷ്യന്‍ സൃഷ്ടിയുടെ മകുടമാകയാല്‍ കാടും അവനു കയ്യേറാനുള്ളതാണെന്നു വിശ്വസിക്കുന്നവരെയാണ് തിരുത്തേണ്ടത്. ഇടയലേഖനങ്ങള്‍ സമുദായത്തെ മാത്രമല്ല, സമൂഹത്തെ ആകെയും ദേശത്തെയും ലോകത്തെയും മുന്നില്‍ കണ്ടുകൊണ്ടാവുമ്പോഴാണ് അതിനൊരു ദൈവികപരിവേഷം ഉണ്ടാവുന്നത് എന്നാണ് എന്‍റെയൊരു തോന്നല്‍(ഞാന്‍ എന്തായാലും നരകത്തിലേ പോവൂ, അവിടെ പത്മപ്രിയ കപ്പപ്പുഴുക്കുമായി കാത്തിരിപ്പുണ്ടാവുമല്ലോ).

കുറുക്കനും മാന്‍കൊമ്പും (കുട്ടികളുടെ കഥ)

(അഞ്ചു മുതല്‍ പത്തു വയസുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ഈ കഥ. മുതിര്‍ന്നവര്‍, പ്രത്യേകിച്ച് ദോഷൈദൃക്കുകള്‍ ഈ കഥ വായിക്കുന്നത് പ്രോല്‍സാഹിപ്പിക്കുന്നില്ല. കുട്ടികളുടെ ഭാവന വികസിപ്പിക്കുക എന്ന ലക്‍ഷ്യത്തോടെ എഴുതിയിട്ടുള്ള ഈ മിനിക്കഥ വായിച്ച് തെറ്റായ വ്യാഖ്യാനങ്ങളും അഭിപ്രായപ്രകടനങ്ങളും നടത്തുന്നത് നിരുല്‍സാഹപ്പെടുത്തുകയും ചെയ്യുന്നു).

ഒരിടത്ത് ഒരിടത്ത് കൗശലക്കാരനായ ഒരു കുറുക്കനുണ്ടായിരുന്നു. കോഴികളെ എവിടെക്കണ്ടാലും പിടിച്ചു തിന്നുമായിരുന്നെങ്കിലും കുറുക്കന്‍ കാട്ടിലെ കോഴിസംരക്ഷണസേനയുടെ നേതാവായിരുന്നു. അതുകൊണ്ട് തന്നെ കുറുക്കനെ മിക്കവാറും എല്ലാ കോഴികള്‍ക്കും ഇഷ്ടമായിരുന്നു. കുറുക്കന്‍ കോഴിയെ തിന്നുമെന്ന് എല്ലാവരും കേട്ടിട്ടുണ്ടെങ്കിലും അതെല്ലാം അസൂയക്കാര് പറഞ്ഞുണ്ടാക്കുന്നതാണെന്നേ കോഴികള്‍ കരുതിയുള്ളൂ. കോഴികളെ സ്വന്തം നിലയ്‍ക്കു പിടിച്ചിരുന്ന കുറുക്കന്‍ കോഴിസംരക്ഷണ സേനയുടെ തലവനെന്ന നിലയിലും കാട്ടിലെ സാഹിത്യസമാജത്തിന്‍റെ സെക്രട്ടറി എന്ന നിലയിലും മറ്റു മൃഗങ്ങളുടെയും ആരാധനാപാത്രമായിരുന്നു.

കുറുക്കനെപ്പോലെ കാട്ടില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ദേഷ്യക്കാരനും അഹങ്കാരിയുമായ ചെന്നായ.ചെന്നായയ്‍ക്ക് കമ്പം മുയലുകളിലായിരുന്നു. മറ്റു മൃഗങ്ങളുടെ മുന്നില്‍ വച്ച് കാണുമ്പോള്‍ കുറുക്കനും ചെന്നായയും സ്നേഹം ഭാവിച്ചിരുന്നെങ്കിലും ഉള്ളില്‍ പരസ്പരം അസൂയയും വെറുപ്പും വിദ്വേഷവുമാണ് ഉണ്ടായിരുന്നത്. കാട്ടിലെ രാജാവായ സിംഹവും കടുവയും കരടിയും ആനയുമെല്ലാം ഇരുവരുടെയും ആരാധകരായിരുന്നു. ഇവരുമായുള്ള സൗഹൃദവും ഇവരുടെ ആരാധനയും മുതലെടുത്ത് കുറുക്കനും ചെന്നായയും കാട്ടിലെ വിലപിടിപ്പുള്ള പലതും സ്വന്തം മാളങ്ങളിലെത്തിച്ചു സമ്പന്നരായി. പുറമേ സ്നേഹത്തെപ്പറ്റിയും ജീവകാരുണ്യത്തെപ്പറ്റിയുമൊക്കെ സംസാരിച്ചു നടക്കുമായിരുന്നെങ്കിലും ഇരുവരുടെയും ഉള്ളില്‍ എങ്ങനെയും സമ്പന്നരായി ഒരിക്കല്‍ കാട്ടിലെ രാജാവായി എല്ലാ മൃഗങ്ങളെയും ഭരിക്കണം എന്ന ആഗ്രഹമായിരുന്നു.

അങ്ങനെയിരിക്കെ ഒരു ദിവസം രാവിലെ കുറുക്കനും ചെന്നായയും തങ്ങള്‍ രാജാവായി വാഴുന്നത് സ്വപ്നം കണ്ടുറങ്ങുമ്പോള്‍ ഒരു സംഘം കങ്കാരുക്കള്‍ ഇരുവരുടെയും മാളങ്ങളിലേക്ക് ഇരച്ചു കയറി. പുഴയ്‍ക്കക്കരെയുള്ള കാട്ടില്‍ നിന്നും വന്ന കണക്കെടുപ്പുകാരായ കങ്കാരുക്കള്‍ അനധികൃതമായി ഇരുവരും സമ്പാദിച്ചുകൂട്ടിയ കാട്ടിലെ വിലപ്പെട്ട സ്വത്തുകള്‍ പലതും പിടിച്ചെടുത്തു. മറ്റുള്ളവരെ ഉപദേശിക്കുകയും നല്ല പിള്ള ചമയുകയും ചെയ്തിരുന്ന കുറുക്കനും ചെന്നായയും പെരുങ്കള്ളന്മാരായിരുന്നു എന്ന് കാട്ടിലെ മൃഗങ്ങള്‍ തിരിച്ചറിഞ്ഞു. എന്നിട്ടും അവരെ ഇരുവരെയും വെറുക്കാനോ തള്ളിപ്പറയാനോ ആ മൃഗങ്ങള്‍ തയ്യാറായില്ല.

കുറുക്കന്‍റെ വീട്ടില്‍ നിന്നും കങ്കാരുക്കള്‍ പിടികൂടിയ വസ്തുക്കളുടെ കൂട്ടത്തില്‍ കാട്ടില്‍ അപൂര്‍വമായി മാത്രം കാണപ്പെട്ടിരുന്ന ഒരു മാനിന്‍റെ കൊമ്പും ഉണ്ടായിരുന്നു. കാട്ടിലവശേഷിക്കുന്ന മാനുകളെ സംരക്ഷിക്കാന്‍ വേണ്ടി താന്‍ സ്വന്തം ജീവന്‍ പോലും ബലികഴിക്കുമെന്നു പറഞ്ഞ് കാട്ടിലെ മൃഗങ്ങളെയെല്ലാം ആവേശം കൊള്ളിച്ച കുറുക്കന്‍റെ മാളത്തില്‍ നിന്നും മാന്‍കൊമ്പ് പിടികൂടിയത് കങ്കാരു‍ക്കളെയും ഞെട്ടിച്ചു. കണക്കെടുപ്പിനു വന്ന കങ്കാരുക്കള്‍ മാന്‍കൊമ്പ് കാട്ടിലെ രാജാവായ സിംഹത്തിന്‍റെ മുന്നില്‍ സമര്‍പ്പിച്ച് മടങ്ങി. സിംഹം കുറുക്കനെ വിളിപ്പിച്ചു. മാനിന്‍റെ കൊമ്പ് എവിടെ നിന്നു കിട്ടി എന്നു ചോദിച്ചു. സൂത്രശാലിയായ കുറുക്കന്‍ പെട്ടെന്ന് ഒരു കള്ളമുണ്ടാക്കി. ചെറുപ്പത്തില്‍ താന്‍ ചെവിത്തോണ്ടിയായി താനുപയോഗിച്ചിരുന്ന വസ്തുവാണ് അതെന്നും താന്‍ വളര്‍ന്നതോടൊപ്പം കൊമ്പും വളര്‍ന്ന് അങ്ങനെയായതാണെന്നും കുറുക്കന്‍ പറഞ്ഞു. സിംഹം കരടിച്ചേട്ടനെക്കൊണ്ട് കൊമ്പ് പരിശോധിപ്പിച്ചു. കുറുക്കന്‍ പറഞ്ഞത് നുണയാണെന്നും അധികം പഴക്കമില്ലാത്ത ആ കൊമ്പ് ഏതോ മാനിനെ കൊന്ന് എടുത്തതാണെന്നും കരടിച്ചേട്ടന്‍ പറഞ്ഞു.

സൂത്രക്കാരനായ കുറുക്കനുണ്ടോ അടങ്ങിയിരിക്കുന്നു. സിംഹത്തിന്‍റെ വിശ്വസ്തനായ മന്ത്രി മരപ്പെട്ടിയ ചെന്നു കണ്ടു. തന്നെ എങ്ങനെയങ്കിലും രക്ഷിക്കണം എന്നപേക്ഷിച്ചു. മരപ്പെട്ടി കരടിച്ചേട്ടനെ ഭീഷണിപ്പെടുത്തി.അവശേഷിക്കുന്ന മാനുകളെയും ചെന്നു കണ്ടു- കുറുക്കനെതിരേ വല്ലതും പറഞ്ഞാല്‍ എല്ലാ മാനുകളെയും കൊന്നുതിന്നുമെന്നു ഭീഷണിപ്പെടുത്തി. പാവം മാനുകള്‍ ഒന്നും മിണ്ടിയില്ല. കുറുക്കനും മരപ്പെട്ടിയും കൂട്ടുകാരാണെന്നറിയാമായിരുന്ന പ്രധാനമന്ത്രി സത്യം മാനുകളോട് നേരിട്ടന്വേഷിക്കാന്‍ ചീങ്കണ്ണിയെ ചുമതലപ്പെടുത്തി. കുറുക്കനും മരപ്പെട്ടിയും കൂടി ചീങ്കണ്ണിയെയും ഭീഷണിപ്പെടുത്തി.ഒടുവില്‍ സത്യറിയാന്‍ കാത്തിരുന്ന സിംഹത്താനോട് ചീങ്കണ്ണിയും മരപ്പെട്ടിയും എല്ലാം ചേര്‍ന്ന് വലിയൊരു നുണയുണ്ടാക്കി പറഞ്ഞു.

കുറുക്കന്‍റെ കൈവശമുള്ള കൊമ്പിന്‍റെ ഉടമയായ മാന്‍ കുന്നിനപ്പുറത്തുള്ള കാട്ടില്‍ തന്‍റെ ബന്ധുക്കളെ കാണാന്‍ പോയതാണെന്നും ബന്ധുക്കളാരെങ്കിലും തന്‍റെ കൊമ്പില്‍ കണ്ണുവയ്‍ക്കുമോ എന്നു ഭയന്ന് നല്ലവരില്‍ നല്ലവനായ കുറുക്കന്‍ ചേട്ടന് മാന്‍ തന്‍റെ കൊമ്പ് സൂക്ഷിക്കാനേല്‍പിച്ചതാണെന്നുമായിരന്നു ആ കഥ.മാനിന്‍റെ കൊമ്പ് വാങ്ങി സൂക്ഷിച്ച കുറുക്കന്‍ചേട്ടന്‍ ചെയ്തത് വലിയ കാര്യമാണെന്നും അങ്ങനെയുള്ള കുറുക്കന്‍ ചേട്ടനെ സംശയിക്കുന്നതും തെറ്റിദ്ധരിക്കുന്നതും കാടിന്‍റെ അന്തസ്സിനു ചേരുന്നതല്ലെന്നു മരപ്പെട്ടിയും പറഞ്ഞു. പറഞ്ഞതെല്ലാം നേരാണെന്നു വിശ്വസിച്ച സിംഹവും കടുവയും കരച്ചിലോടു കരച്ചില്‍. ഇരുവരും കുറുക്കന്‍റെ കാലില്‍ വീണു മാപ്പു ചോദിച്ചു. തുടര്‍ന്ന് കാട്ടിലെ എല്ലാ മൃഗങ്ങളും വരിവരിയായി വന്നു കുറുക്കന്‍റെ കാലില്‍ വീണു മാപ്പു ചോദിച്ചു. ഈ ചതിയുടെ കഥ അറിയാവുന്നതുകൊണ്ടാണത്രേ കുറുക്കനെ കണ്ടാല്‍ മാനുകള്‍ ഇപ്പോഴും നിറകണ്ണുകളോടെ നോക്കി നില്‍ക്കുന്നതും അടുത്തു വരുമ്പോള്‍ ഓടി രക്ഷപെടുന്നതും.

കട്ടുകാര്‍ക്കു കഥ ഇഷ്ടമായോ ? ഇല്ലെങ്കില്‍ പോയി പണി നോക്ക് !

എന്റെ കുട്ടാ നീയൊരു പുലി തന്നെ, പക്ഷേ…

മൃഗയ സിനിമയില്‍ വാറുണ്ണിയായി വന്ന മമ്മൂട്ടി ഘടാഘടിയനായ പുലിയോടു ഗാട്ടാഗുസ്‍തി നടത്തി മലര്‍ത്തിയടിക്കുന്നത് കണ്ടാല്‍ ഏതു ഫോറസ്റ്റുകാരനും എണീറ്റു നിന്നു കയ്യടിക്കും. നാട്ടുകാരുടെ മുഴുവന്‍ ജീവനു ഭീഷണിയായ പുലിയെ വാറുണ്ണി വെടിവച്ചു വീഴ്‍ത്തുമ്പോഴാണ് പ്രേക്ഷകന്റെ നെഞ്ചിലെ തീയൊന്നടങ്ങുന്നത്. കള്ളുകുടിയും പെണ്ണുപിടിയുമൊക്കെയുണ്ടെങ്കിലും വാറുണ്ണി ഹീറോയാണ്. മൃഗയ സിനിമയാണ്. പുലിയും ഗാട്ടാഗുസ്തിയും എല്ലാം ഡ്യൂപ്ലിക്കേറ്റുമാണ്.

ജീവിതത്തില്‍ നാട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി അത്ര സല്‍സ്വഭാവിയൊന്നുമല്ലാത്ത ഒരു ചെറുപ്പക്കാരന്‍ എടുത്തുചാടി പുലിയോടു മല്‍പിടുത്തം നടത്തി പരാജയപ്പെടുത്തുമ്പോള്‍ വാറുണ്ണിയെക്കാള്‍ വീറുള്ള ഹീറോയായി അവന്‍ മാറുകയാണ്. എന്നിട്ടും ഹീറോയെ വില്ലനാക്കി അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്നത് കണ്ട് പ്രേക്ഷകരായ നമ്മള്‍ കയ്യും കെട്ടി നോക്കിനില്‍ക്കുന്നു. ആങ്ങാമൂഴിയില്‍ ജനവാസമേഖലയിലിറങ്ങി ഭീതി പരത്തിയ പുലിയെ കീഴ്‍പെടുത്തിയ വെട്ടുകുട്ടനെയാണ് വനംവകുപ്പ് സാറന്മാര്‍ അറസ്റ്റ് ചെയ്തത്. കുട്ടന്‍ കീഴ്‍പ്പെടുത്തിയ പുലിയുടെ മേല്‍ ചാടിവീണ് ഞെക്കിക്കൊന്ന നാട്ടുകാര്‍ പുലികളായി പുറത്തുകൂടി നടക്കുന്നു.

വെട്ടുകുട്ടന്‍ ആരാണ് എന്താണ് എന്നു നോക്കിയിട്ടാവണം വനംവകുപ്പ് കുട്ടനെ ഒന്നാം പ്രതിയാക്കിയത്. പശ്താത്തലം നോക്കിയാല്‍ ആള് ക്രിമിനലാണ്. മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെ വധിക്കാന്‍ശ്രമിച്ച കേസിലെയും ഹാപ്പിരാജേഷ്‌ വധക്കേസിലെയും പ്രതിയായ കുട്ടന്‍, മറ്റൊരു കേസിനെ തുടര്‍ന്ന് ആങ്ങാമൂഴിയിലെ ബന്ധുവീട്ടില്‍ ഒളിവുജീവിതത്തിനിടെയാണ് പുലിയെ കീഴടക്കി വലയിലായത്. ആ വെട്ടുകുട്ടനാണ് ഈ കുട്ടനെങ്കില്‍ അവനുവേണ്ടി അധികം സംസാരിക്കേണ്ട എന്നായിരിക്കും സമൂഹത്തിന്റെ നിലപാട്. കുട്ടനെ ഒന്നാം പ്രതിയാക്കാന്‍ വനംവകുപ്പിന് അധികം ആലോചിക്കേണ്ടി വരാത്തതിനും വേറൊരു കാരണമുണ്ടാവില്ല.

വളരെ പരിമിതമായ സൗകര്യങ്ങള്‍ വച്ച് ജോലി ചെയ്യുന്ന വനംവകുപ്പുകാര്‍ വിചാരിച്ചാല്‍ പുലിയെ കയ്യോടെ പിടികൂടുക എളുപ്പമല്ല എന്ന് എല്ലാവര്‍ക്കുമറിയാം. കുട്ടനെ അങ്ങോട്ടാക്രമിച്ച പുലിയെ ആണ് കുട്ടന്‍ കീഴടക്കിയത് എന്ന സത്യം വനംവകുപ്പ് തേച്ചാലും മാച്ചാലും പോകില്ല. എന്നിട്ടും കുട്ടനെ പ്രതിയാക്കാന്‍ വനംവകുപ്പിന് ശക്തമായ കാരണങ്ങളുണ്ട്. വനംവകുപ്പില്‍നിന്ന്‌ ആരെങ്കിലും ആവശ്യപ്പെട്ടിട്ടല്ല കുട്ടന്‍ എത്തിയത്. പുലിയുടെ സമീപത്തേക്കു പോകുന്നതില്‍നിന്ന്‌ ഇയാളടക്കമുള്ളവരെ പിന്തിരിപ്പിച്ചെന്നും രണ്ടു വര്‍ഷം മുമ്പ്‌ തെന്മല ഇടമണ്ണിലിറങ്ങിയ പുലി, മയക്കുവെടിയേറ്റ്‌ കെണിയില്‍ അകപ്പെട്ട്‌ അബോധാവസ്‌ഥയിലായപ്പോള്‍ പുറത്തെത്തിച്ച പരിചയം മാത്രമാണ്‌ കുട്ടനുള്ളതെന്നും വനപാലകര്‍ പറയുന്നു. പുലികളോട് ഫ്രണ്ട്‍ഷിപ്പുള്ള വനംവകുപ്പുകാര്‍ കുന്തംവിഴുങ്ങി നില്‍ക്കുമ്പോള്‍ പുലി മാനേജ്‍മെന്റില്‍ ഒരു പരിചയവുമില്ലാത്ത കുട്ടന്‍ ആ വന്യമൃഗത്തെ കീഴ്‍പ്പെടുത്താനുള്ള ചങ്കുറപ്പ് കാണിച്ചെങ്കില്‍ വെട്ടുകുട്ടന്‍ പുലിക്കുട്ടനാണ് എന്നു പറയേണ്ടി വരും.

വെട്ടുകുട്ടന്‍ ക്രിമിനലാണോ അല്ലയോ എന്നത് പുലിപ്രശ്നത്തില്‍ പ്രസക്തമല്ല. വനംവകുപ്പ്കാര്‍ വിളിച്ചിട്ടാണ് താന്‍ വന്നതെന്നു പറയുന്ന കുട്ടന്‍ വെറുംകയ്യോടെ പുലിയുമായി മല്‍പിടുത്തം നടത്തുന്നത് ചാനലുകളില്‍ കണ്ടതാണ്. സ്വന്തം ജീവന്‍ പണയം വച്ച് നടത്തിയ ആ കളിയില്‍ പുലി കീഴടങ്ങി,പിന്നെ അതു ചത്തു. ഗുരുതര പരുക്കേറ്റ വെട്ടുകുട്ടനെ അഭിനന്ദിക്കുകയും നന്ദി പറഞ്ഞ് ആദരിക്കുകയും ചെയ്യേണ്ടതിനു പകരം യൂണിഫോമിന്റെ തിളക്കത്തില്‍ നെഞ്ചുവിരിച്ചു ചെന്ന് അറസ്റ്റ് ചെയ്‍തോണ്ടു പോന്നു. ആളുകള്‍ ക്രമിനലുകളാകുന്നത് ഇങ്ങനെയും കൂടിയാണ്.

പുലിയിറങ്ങിയ വാര്‍ത്ത അറിഞ്ഞപ്പോള്‍ പൊലീസും വനംവകുപ്പും തക്കസമയത്ത് വേണ്ടവിധത്തില്‍ ഇടപെട്ടിരുന്നെങ്കില്‍ വെട്ടുകുട്ടനും നാട്ടുകാരും പുലിവേട്ടക്കിറങ്ങേണ്ടി വരില്ലായിരുന്നു. വനംവകുപ്പ്കാര്‍ മാളത്തിലൊളിച്ചിരുന്നപ്പോള്‍ പുലിയെ നേരിട്ടു കീഴ്‍പെടുത്തിയ വെട്ടുകുട്ടന്‍ കേരളത്തിന്റെ ഹീറോ ആണ്. കുട്ടനെതിരെയുള്ള മറ്റു കേസുകള്‍ അതിന്റെ വഴിക്കു നടക്കട്ടെ,ഈ കേസില്‍ കുട്ടനെ കുടുക്കിയത് മഹാവൃത്തികേടായിപ്പോയി. കുട്ടനെ വിളിച്ചത് ആരായാലും ശരി, കുട്ടന്‍ പുലിയെ കീഴ്‍പ്പെടുത്തിയെങ്കിലും നാട്ടുകാരുടെ ആക്രമണത്തിലാണ് പുലി ചത്തത് എന്നിരിക്കെ നാട്ടുകാരെ വെറുതെ വിട്ട് കുട്ടനെതിരേ മാത്രം കേസെടുത്തത് കാക്കിഗുണ്ടായിസമാണ്. കുട്ടന് അകത്തായെങ്കിലെന്താ നമ്മള്‍ രക്ഷപെട്ടുല്ലോ എന്നു കരുതി നടക്കുന്ന ആങ്ങാമൂഴിയിലെ പോങ്ങന്മാര്‍ക്ക് കുട്ടനുവേണ്ടി നാലു മുദ്രാവാക്യമെങ്കിലും വിളിക്കാനില്ലെങ്കില്‍ സ്ഥിതി വളരെ വളരെ കഷ്ടമാണ്.

പോത്തിന്റെ ചെവിയില്‍ വേദമോതാന്‍ വനംവകുപ്പ് അനുവദിക്കുമോ ?

കാളയേയും പോത്തിനേയും വന്യമൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനംപരിസ്ഥിതി വകുപ്പിനു കീഴിലുളള കേന്ദ്ര സാമൂഹിക നീതിനിര്‍വഹണ മന്ത്രാലയം ഉത്തരവ് പുറത്തിറക്കി.മൃഗങ്ങളോടുളള ക്രൂരത തടയുന്ന 1962ലെ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണു ബുള്‍ വിഭാഗത്തില്‍പ്പെട്ട മൃഗങ്ങളെ വന്യജീവി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.കരടി, കടുവ, പുളളിപ്പുലി, സിംഹം, കുരങ്ങന്‍ എന്നിവയാണ് ഈ പട്ടികയില്‍ അംഗമായ മറ്റു മൃഗങ്ങള്‍.

ഇതോടെ കാളയുടെയും പോത്തിന്റെയും സുര്‍ണകാലം ആരംഭിക്കും. ചെറിയ മിനിലോറിയില്‍ 200 പോത്തിനെ കയറ്റി തമിഴ്‍നാട്ടില്‍ നിന്നും കൊണ്ടുവരുന്ന പതിവുപരിപാടി ഇതോടെ അവസാനിക്കുമോ ? എന്റെ സംശയം ഇതൊന്നുമല്ല. കാളയും പോത്തും എല്ലാ ദിവസവും ബീഫ് കഴിക്കുന്ന പാലാക്കാരെ സംബന്ധിച്ച് അന്യരല്ല. അതുപോലെ തന്നെ നിത്യജീവിതവുമായി ബന്ധപ്പെട്ട് കാളയ്‍ക്കും പോത്തിനും സാധാരണക്കാരന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. അതൊക്കെ എങ്ങനെ മാറിമറിയും എന്നതാണ് കണ്‍ഫ്യൂഷനുണ്ടാക്കുന്നത്.

ഭാര്യ ഫെമിനിസ്റ്റാണെന്നു പറയുന്നതുപോലെ, ആന പൈതൃകമൃഗമാണെന്നു പറയുന്നതുപോലെ, കാളയും പോത്തും വന്യമൃഗങ്ങളാണെന്നു പറയുകയും പഴയതുപോലെ എന്തു വൃത്തികേടും അവറ്റകളോട് തുടര്‍ന്നും കാണിക്കാമെന്നുമാണെങ്കില്‍ ഓകെ. വാര്‍ത്തയില്‍ കണ്ടത് കാളയും പോത്തും വന്യമൃഗങ്ങളായതോടെ കാളയോട്ടവും ജല്ലിക്കെട്ടും പോത്തുപൂട്ടും ഒക്കെ നിരോധിക്കപ്പെടും എന്നാണ്. ഭര്‍ത്താവിനെ അകറ്റി നിര്‍്ത്താന്‍ വേണ്ടി ചില ഭാര്യമാര്‍ കരിസ്മാറ്റിക് ധ്യാനത്തിനു പോകുന്നതുപോലെ ജല്ലിക്കെട്ടും പോത്തുപൂട്ടുമൊക്കെ നിരോധിക്കാന്‍ വേണ്ടി മാത്രമാണോ കാള-പോത്ത് സഖ്യത്തെ വന്യമൃഗമാക്കിയത് ?

കാളയും പോത്തുമായി ബന്ധമുള്ളവര്‍ക്കും ബന്ധപ്പെടുന്നവര്‍ക്കും വല്ലപ്പോഴും ബീഫ് കഴിക്കുന്ന ഇക്കാര്യത്തില്‍ പൊതുതാല്‍പര്യമുള്ളവര്‍ക്കും വേണ്ടി എനിക്കുന്നയിക്കാനുള്ള ഏതാനും ചോദ്യങ്ങളും സംശയങ്ങളും ആശങ്കകളും ഇവിടെ പങ്കു വയ്‍ക്കുന്നു.

1. തറവാട്ടിലെ ഭിത്തിയില്‍ സ്റ്റഫ് ചെയ്ത് വച്ചിരിക്കുന്ന പോത്തിന്റെ കൊമ്പുകള്‍ അടങ്ങുന്ന തല ആരെങ്കിലും റെയ്‍ഡ് ചെയ്തു പിടിക്കുമോ ? അത് 100 വര്‍ഷം പഴക്കമുള്ള ഒരു പോത്തിന്റെ തലയുമാണ്. അന്നത്തെ കാരണവര്‍ക്ക് കാരണവരുടെ അമ്മായിയപ്പന്‍ സ്ത്രീധനമായി കൊടുത്തതാണ് (മകളെ കെട്ടിച്ചു കൊടുത്തതിന്റെ കൂടെ പോത്തിന്റെ തലയും, സംഗതി സിംബോളിക്കാണ്). അഥവാ ആരെങ്കിലും റെയ്‍ഡ് ചെയ്തു പിടിച്ചാല്‍ വനംവകുപ്പ് സര്‍്ട്ടിഫിക്കറ്റ് തരുമോ ?

2.ഞങ്ങള്‍ അരിസ്‍റ്റോക്രാടിക് ഫാമിലിയില്‍ പെട്ട അതിസവര്‍ണ ക്രിസ്‍ത്യാനികള്‍ വീട്ടില്‍ അതിഥികളാരെങ്കിലും വരുമ്പോള്‍ പറമ്പിന്റെ അപ്പുറത്തുള്ള റിസര്‍വ് വനത്തില്‍ അതിക്രമിച്ചു കയറി വന്യമൃഗങ്ങളെ വേട്ടയാടി പിടിച്ച് വെടിയിറച്ചി വിളമ്പുന്ന പതിവുണ്ട് (വെടിയിറച്ചിയുടെ ടേസ്റ്റ് ഒന്നു വേറെ തന്നെയാണ്). ഞങ്ങടെ പറമ്പിനപ്പുറത്തെ റിസര്‍വ് വനത്തില്‍ ഇനി കാട്ടുമൃഗമായി അവശേഷിക്കുന്നത് പന്നിയെലികള്‍ മാത്രമാണ്. ഇനി മുതല്‍ കടയില്‍ നിന്ന് പോത്തിറച്ചി വാങ്ങി ആശാനേ നല്ല വെടിയിറച്ചി കിട്ടിയിട്ടുണ്ട് എന്നു പറഞ്ഞ് വിളമ്പിക്കൊടുത്താല്‍ അതൊരു തെറ്റാകുമോ ?

3.ഞായറാഴ്ച പള്ളിയില്‍ പോയിട്ട് ഇറച്ചിക്കടയില്‍ നിന്നു പോത്തിറച്ചി തേക്കിലയില്‍ പൊതിഞ്ഞു വാങ്ങുന്നത് തെററാണോ ? സ്വാശ്രയവിദ്യാഭ്യാസം പോലെ ക്രിസ്ത്യാനികളുടെ പൈതൃക അവകാശങ്ങളില്‍ പെട്ട ഇതു നിരോധിക്കുന്നതും സ്വാശ്രയമുതലാളിമാര്‍ക്കെതിരെ സര്‍ക്കാര് നടത്തുന്ന അക്രമങ്ങള്‍ പോലെ ചെറുക്കപ്പെടും. ഇക്കാര്യത്തില്‍ ഫസല്‍ ഗഫൂറിന്റെ നിലപാട് എന്തായാലും ഞങ്ങള്‍ ഒറ്റക്കെട്ടായിരിക്കും.

4.കരടി, കടുവ, പുളളിപ്പുലി, സിംഹം, കുരങ്ങന്‍ ഇവരാരെങ്കിലും ആക്രമിച്ചാല്‍ കാട്ടുമൃഗത്തിന്റെ ആക്രമണത്തിനുള്ള നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുക്കുമെന്നു കേട്ടിട്ടുണ്ട്. ഇനി മുതല്‍ കാളയോ പോത്തോ കുത്തിയാലും ഇതേ നഷ്ടപരിഹാരം കിട്ടുമോ ? അതുപോലെ തന്നെ കാളയുടെയും പോത്തിന്റെയും കാലുകള്‍ ലാഡം അടിക്കുന്നത് കുറ്റമാണോ ?

5.കുറഞ്ഞ റേറ്റില്‍ അമ്പരപ്പിക്കും വിധം വിസ്മയകരമായ സേവനം ലഭ്യമാക്കുന്ന ഒരു പ്രൈവറ്റ് ലിമിറ്റഡ് കുറ്റിയെ സ്നേഹം കൂടുമ്പോള്‍ പോടി പോത്തേ എന്നു വിളിക്കുന്ന ഒരു ശീലമുണ്ട്. പോത്തിനെ വന്യമൃഗമാക്കിയതോടെ അവളും കൂടുതല്‍ വന്യമായി പെരുമാറിത്തുടങ്ങുമോ ? ഇതോടെ അവള്‍ റേറ്റ് കൂട്ടുമോ ? ജാഡ കാണിക്കുമോ ?

ചോദ്യങ്ങള്‍ മനസ്സില്‍ കുന്നുകൂടുകയാണ്, ആശങ്കകളും. ഹോട്ടലില്‍ ബീഫ് കിട്ടാതാവുമോ അതോ വില ഇരട്ടിയാകുമോ ? ബാറില്‍ ബീഫിനു പകരം ഇനിയും പട്ടിയിറച്ചി തന്നെയായിരിക്കില്ലേ കിട്ടുന്നത് ? ബീഫിനെ വന്യമൃഗമാക്കിയതുപോലെ നാളെ പട്ടിയെയും വന്യമൃഗമാക്കിയാല്‍ സാധാരണജനം എന്തു ചെയ്യും ? പോത്തിന്റെ ചെവിയില്‍ വേദമോതുന്ന പഴഞ്ചൊല്ല് റീമേക്ക് ചെയ്യുമോ ? പ്രതാപ് പോത്തന്‍ ഇനിഷ്യല്‍ മാറ്റുമോ ? ഓഹരിവിപണിയിലെ ബുള്‍ തരംഗം ഇതോടെ അവസാനിക്കുമോ ?

എല്ലാ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും അടുത്ത ഉത്തരവിലൂടെ ഒരു മറുപടി കേന്ദ്ര വനംപരിസ്ഥിതി വകുപ്പിനു കീഴിലുളള കേന്ദ്ര സാമൂഹിക നീതിനിര്‍വഹണ മന്ത്രാലയം നല്‍കുമെന്ന പ്രത്യാശയോടെ നിര്‍ത്തുന്നു.

കാഴ്ചകളുടെ ഗവി

കര്‍ണാടകത്തിന്റെ ഭൂപടം അരിച്ചുപെറുക്കിയിട്ടും ഗവി എവിടെയാണെന്നു കണ്ടെത്താനാവാതെ കോട്ടയംകാരനായ ഒരു വിദേശമലയാളി കഴിഞ്ഞ ദിവസം വിളിച്ചു. ആക്ച്വലി ഗവി എവിടെയാണ് ? നോര്‍ത്തിലോ സൌത്തിലോ ? കോട്ടയത്ത് നല്ല തെരണ്ടിവാലിനു ക്ഷാമമുള്ളതുകൊണ്ട് ശവീ, ഗവി തന്റെ വീടിനപ്പുറത്താണ് എന്നു പറഞ്ഞ് ചുരുക്കി. പത്തനംതിട്ട ജില്ലയില്‍ കിടക്കുന്ന ഗവിയെ കര്‍ണാടകത്തിന്റെ മാപ്പില്‍ തിരഞ്ഞാല്‍ കിട്ടില്ലല്ലോ. കേരളത്തില്‍ മൂന്നാറും വാഗമണ്ണും രാമക്കല്‍മേടും കുമരകവും നെല്ലിയാമ്പതിയും വയനാടും ബേക്കലുമൊക്കെയല്ലാതെ ‘പോകാന്‍ പറ്റിയ’ സ്ഥലങ്ങള്‍ വേറെ എത്രയുണ്ടെന്ന കാര്യത്തില്‍ നമുക്കിനിയും സാക്ഷരത ആയിട്ടില്ല.

ഗവിയില്‍ എന്റെ അമ്മാവന്റെ ഫാംഹൌസോ അമ്മായിയപ്പന്റെ എസ്റ്റേറ്റോ ഒന്നുമില്ല. എങ്കിലും ഗവിയെപ്പറ്റി പറയുമ്പോള്‍ അതു വഴി പോയിട്ടുള്ളവര്‍ക്ക് കുറെയധികമുണ്ടാകും പറയാന്‍. തമിഴ് വംശജര്‍ മാത്രം തിങ്ങിപ്പാര്‍ക്കുന്ന ഗവി പത്തനംതിട്ട ജില്ലയിലെ സീതത്തോട് പഞ്ചായത്തിന്റെ മൂന്നാം വാര്‍ഡാണ്. പഞ്ചായത്ത് ആസ്ഥാനത്തുനിന്ന് 75 കിലോമീറ്ററും തേക്കടിയില്‍നിന്ന് 50 കിലോമീറ്ററും സഞ്ചരിച്ചാല്‍ ഗവിയില്‍ എത്താം. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറ്റില്‍ നിന്നാണെങ്കില്‍ 30 കിലോമീറ്ററേയുള്ളൂ.

ശ്രീലങ്കയില്‍നിന്ന് അഭയാര്‍ഥികളായി എത്തിയ തമിഴ് വംശജരാണ് സ്ഥലവാസികള്‍. ഇവരെ പുനരധിവസിപ്പിക്കുന്നതിനും ജോലി നല്‍കുന്നതിനുമായി തുറന്ന കെ. എഫ്. ഡി. സി. വക ഏലം പ്ളാന്റേഷനാണ് ഗവിയിലെ പ്രധാന പ്രസ്ഥാനം. ഗവിയിലെ എല്‍പി സ്കൂളില്‍ നൂറ്റമ്പതില്‍ താഴെ കുട്ടികളേയുള്ളൂ. ഈ വനപ്രദേശത്തെ ഏക വിദ്യാലയം. തമിഴ് മീഡിയം സ്കൂളാണിത്. ശ്രീലങ്കന്‍ തമിഴ് വംശജരുടെ മക്കളാണു വിദ്യാര്‍ഥികളെല്ലാം. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടുപാതയിലൂടെ കിലോമീറ്ററുകള്‍ താണ്ടിയാണ് കുരുന്നുകള്‍ സ്കൂളിലെത്തുന്നത്.

വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കേരളത്തിലെ ഹോട്ടസ്പോട്ടുകളില്‍ ഏറ്റവും സമൃദ്ധമായ അനുഭവമാണ് ഗവി നല്‍കുന്നത്. വണ്ടിപ്പെരിയാര്‍- ഗവി -കക്കി – ആങ്ങാമൂഴി റൂട്ട് മറക്കാനാവാത്ത അനുഭവമാണ്. ഇതുവഴി സഞ്ചരിച്ചാല്‍ മൂഴിയാര്‍, കക്കി, പമ്പ, ആനത്തോട് ഡാമുകളും കാണാം. ചെറുതും വലുതുമായ പത്തോളം ഡാമുകള്‍ ഇവിടെയുണ്ട്. ഗവി -ആങ്ങമൂഴി റൂട്ടില്‍ പകല്‍പോലും വരയാട്, മ്ളാവ്, കേഴ, ആന, കാട്ടുപോത്ത്, കരിങ്കുരങ്ങന്‍ തുടങ്ങിയവ മൃഗങ്ങളെ കാണാന്‍ കഴിയും. നാട്ടുകാര്‍ ‘നിറംപല്ലി’ എന്നു പേരിട്ടു വിളിക്കുന്ന ഗോഫര്‍ മരങ്ങളും ഗവിയിലെ പ്രത്യേകതയാണ്.

ഗവിയില്‍ വനം വികസന കോര്‍പറേഷന്റെ ഇക്കോ ടൂറിസം പദ്ധതിയുണ്ട്. താമസം, ഭക്ഷണം, വനയാത്ര, ബോട്ട് സഞ്ചാരം എന്നിവ ഇവിടെയുണ്ട്. തടാകത്തില്‍ ചൂണ്ടയിടാനും സൌകര്യമുണ്ടാവും. സഞ്ചാരികള്‍ക്കായി കെ. എഫ്. ഡി. സി. സ്ഥാപിച്ച പൂന്തോട്ടം ഏവരെയും ആകര്‍ഷിക്കും. ഒരേക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന പൂന്തോട്ടത്തിന്റെ ഒരുവശം തടാകവും ബാക്കി വശങ്ങള്‍ മലമടക്കുകളുമാണ്. ഇക്കോ ടൂറിസത്തിന്റെ ഭാഗമായാണു പൂന്തോട്ടവും അനുബന്ധിത കെട്ടിടങ്ങളും നിര്‍മിച്ചിരിക്കുന്നത്.ഗവിയില്‍നിന്ന് ആറു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വൈദ്യുതി ബോര്‍ഡ് വക ഐ.ബിയില്‍ എത്താം. സംസ്ഥാനത്തെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയും അനുബന്ധ പദ്ധതിയായ കക്കാടും ഈ പ്രദേശത്താണ്.

കെഎസ്ആര്‍ടിസിയുടെ രണ്ടു സര്‍വീസുകളാണ് ഗവിയിലേക്കുള്ള ഔദ്യോഗിക ഗതാഗതമാര്‍ഗം. ഉച്ചയ്ക്കു പുറപ്പപെട്ട് വൈകിട്ട് ഗവിയിലെത്തുന്ന സര്‍വീസ് ആണ് ഒന്ന്. രണ്ടു ദിവസത്തെ യാത്രയ്ക്കു തയാറെടുത്ത് എത്തുന്നവര്‍ക്കായിരുന്നു ഈ ബസ് പ്രയോജനപ്പെട്ടിരുന്നത്. കുമളി ഡിപ്പോയില്‍ നിന്നു പുലര്‍ച്ചെ 5.30നു പുറപ്പെടുന്ന സര്‍വീസ് ഉച്ചയ്ക്ക് 12.35നു പത്തനംതിട്ടയില്‍ നിന്നു തിരിച്ച് ഗവി വഴി വൈകിട്ട് ഏഴിനു കുമളിയില്‍ എത്തും.

ഒറ്റ ദിവസം കൊണ്ട് ഗവിയിലെ കാഴ്ചകള്‍ കണ്ടു മടങ്ങത്തക്ക വിധത്തില്‍ ബസ് സര്‍വീസ് വേണമെന്ന ആവശ്യം ശക്തമായപ്പോള്‍ കെഎസ്ആര്‍ടിസി രണ്ടാമതൊരു സര്‍വീസ് കുടി തുടങ്ങി. രാവിലെ 6.30നു പത്തനംതിട്ടയില്‍ നിന്നു പുറപ്പെടുന്ന ബസ് 11നു ഗവിയില്‍ എത്തും. കുമളിയില്‍ പോയി 3.15നു തിരിച്ചു ഗവിയില്‍ എത്തും. അതുവരെ ചുറ്റി നടന്നു കാഴ്ചകള്‍ കാണാം. വരുമ്പോഴും പോകുമ്പോഴും 15 മിനിറ്റ് ഗവിയില്‍ സ്റ്റേയുണ്ട്. മൂഴിയാര്‍, ആനത്തോട്, കക്കി, പമ്പ എന്നീ ഡാമുകള്‍ കാണാനും ബസ് നിര്‍ത്തി സൌകര്യം നല്‍കുന്നുണ്ട്. ബസ് രാത്രി 7.45നു പത്തനംതിട്ട സ്റ്റാന്‍ഡില്‍ മടങ്ങിയെത്തും.