ചീഫ് കുക്ക് സ്പീക്കിങ്

# കോള്‍-1

ഹലോ… അച്ചായനാണോ ?

ഏതു കു#@*%#$ ഇത് ?

ഞാനാണ് സര്‍… സാര്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കുമോ ?

എടാ പൂ#@#$.. ഇതറിയാനാണോടാ നീ വിളിച്ചത്… ചീഫ് കുക്ക് സ്ഥാനം കണ്ടിട്ടൊന്നുമല്ലെടാ കു#$@ ഞാനീ കള്ളന്‍മാര്‍ക്കു കഞ്ഞി വയ്ക്കാനിറങ്ങിയത്… ഈ ചീഫ് ചുക്ക് സ്ഥാനമെന്നു പറയുന്നത് എനിക്കു വെറും മ@#@.. ഞാന്‍ ഇത് ഈ നിമിഷം രാജി വയ്ക്കാന്‍ തയ്യാറാ… ഇനി ഇമ്മാതിരി കോപ്പിലെ ചോദ്യം ചോദിച്ചോണ്ട് വിളിച്ചേക്കരുത്..വയ്‌ക്കെടാ പൂ@# ഫോണ്‍..

പ്ലിങ് !

# കോള്‍-2

ഹലോ അച്ചായാ ഇതു ഞാനാ…

എന്നാടാ പൊ#@%# മോനേ.. നിന്നോടിനി വിളിച്ചേക്കരുതെന്നു ഞാന്‍ പറഞ്ഞതല്ലേ ?

അല്ലച്ചായാ… അച്ചായന്‍ ചീഫ് കുക്ക് സ്ഥാനത്തിരുന്നുകൊണ്ട് കേറ്ററിങ് കമ്പനി മാനേജരായ കോരസാറിനെയും എംഡി ചാണ്ടിയെയും പാര്‍ട്ടി ഓര്‍ഡര്‍ തരുന്നവരെയും വിരുന്നുകാരെയുമെല്ലാം തെറി പറയുന്നത് ശരിയല്ലെന്നൊരഭിപ്രായം പൊതുവേയുണ്ടല്ലോ…

ഏതു പരപ്പൂ#@%$ മോനാടാ മ#@# അങ്ങനൊരുഭിപ്രായമുള്ളത് ? … ഈ നാട്ടില്‍ വൃത്തിയും മെനയുമുള്ള കേറ്ററിങ് നടക്കണമെന്നു മാത്രമേ എനിക്കുള്ളൂ.. എന്നെ ചീഫ് കുക്കാക്കിയത് കോരസാറാണ്.. കോരസാര്‍ പറഞ്ഞാല്‍ ഞാന്‍ ആ നിമിഷം ഈ പണി രാജി വയ്ക്കും… ഒരു സാധാരണ പാചകക്കാരനായി നല്ല ഭക്ഷണം പാചകം ചെയ്തു ഞാന്‍ ജീവിക്കും… അല്ലാതെ ചീഫ് കുക്കും മ#@$^മൊന്നും എനിക്കൊരു കു#@*മല്ല…

പ്ലിങ് !

# കോള്‍- 3

അച്ചായോ… അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കോരസാര്‍ കമ്പനി എംഡിയോടാവശ്യപ്പെട്ടിട്ടുണ്ടല്ലോ… ഇനി അച്ചായന്‍ രാജി വയ്ക്കുമോ ?

എന്നാ ചോദ്യവാടാ മ#@$… കോരസാറാരാണെന്ന് എനിക്കറിയാം… കോരസാറു മാത്രമല്ലല്ലോ.. ഇവിടെ യൂണിയനുണ്ട്.. സീനിയര്‍ മാനേജര്‍മാരുണ്ട്.. അവരെല്ലാം കൂടി ഒരു തീരുമാനമെടുത്ത് പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കും. അല്ലെങ്കിലും ആദ്യം മുതലേ എനിക്കിതിഷ്ടവല്ല.. പിന്നെ നാട്ടുകാര്‍ നല്ല ഫുഡ് കഴിച്ചോട്ടെന്നു വിചാരിച്ചാ… പിന്നെ, കള്ളത്തരം കാണിച്ചാ അതേതു കു#@%/യാണെങ്കിലും ഞാന്‍ വിളിച്ചു പറയും… കേറ്ററിങ് കമ്പനി മാനേജരുടെ കസേരയിലിരുന്ന് കോരസാറ് കാണിച്ചിട്ടുള്ള കാര്യങ്ങളും ഞാന്‍ വിളിച്ചു പറയും… കോര ആ വിനാഗിരിക്കടക്കാരന്റെ കയ്യീന്ന് കൈക്കൂലി വാങ്ങിച്ചൊണ്ടെങ്കി കോര രാജി വയ്ക്കണം.. അതു വിളിച്ചു പറഞ്ഞേന്റെ പേരില്‍ എന്നെ മാറ്റണോന്നു പറയാന്‍ അയാളാരാ… എന്റെ പഴേ സ്വഭാവം വല്ലോമായിരുന്നേല്‍ മ@#@* ഞാന്‍ തെറി പറഞ്ഞു കണ്ണു പൊട്ടിച്ചേനെ..

അല്ലച്ചായാ… കോര സാര്‍ പറഞ്ഞാല്‍ ആ നിമിഷം രാജി വയ്ക്കുമെന്ന് കുറച്ചു മുന്‍പ് അച്ചായന്‍ പറഞ്ഞാരുന്നല്ലോ…

നീ പോടാ പൂ@#&%@… ഞാനെനിക്കു സൗകര്യമുള്ളപ്പോ രാജി വയ്ക്കും… അത് ശരി…

പ്ലിങ് !

# കോള്‍- 4

അച്ചായോ… കേറ്ററിങ് കമ്പനിക്കെതിരെയും മാനേജര്‍ക്കെതിരെയും പ്രവര്‍ത്തിക്കുന്ന അച്ചായനെ ചീഫ് കുക്ക് സ്ഥാനത്തു നിന്നു മാറ്റണമെന്ന് കമ്പനിയിലെ സീനിയര്‍ മാനേജര്‍മാരെല്ലാം കൂടി എംഡിയെ കണ്ട് ആവശ്യപ്പെട്ടിട്ടുണ്ടല്ലോ അച്ചായാ… ഇനീപ്പോ രാജി വയ്‌ക്കേണ്ടി വരില്ലേ ?

ഒന്നു പോടാ പൂ#@%$#.. ഇവന്‍മാരൊക്കെ വിചാരിച്ചാല്‍ വല്ലോം ആകുവോ… അല്ല, ആരാ ഈ സീനിയര്‍ മാനേജര്‍മാര്… അവന്‍മാര് നാലു പേരുകൂടി അങ്ങോട്ടു ചെന്നാല്‍ അതുകൊണ്ടു വല്ല കാര്യവുമുണ്ടോ ?.. അല്ലെങ്കിലും ഈ അവ#@^&*മോന്‍മാര് മാനേജര്‍മാരു പറഞ്ഞാല്‍ ഞാന്‍ രാജി വയ്‌ക്കേണ്ട കാര്യമില്ലല്ലോ… എംഡി പറയട്ടെ… ചമ്പളം തരുന്നത് കമ്പനി എംഡിയല്ലേ… എംഡി പറഞ്ഞാലല്ലേ ഞാന്‍ രാജി വയ്‌ക്കേണ്ട ആവശ്യമുള്ളൂ… എംഡി പറഞ്ഞാല്‍ ആ നിമിഷം ഞാന്‍ ചിഫ് കുക്ക് സ്ഥാനം രാജി വയ്ക്കും… അല്ലാതെ കൈക്കൂലിക്കോരയും അയാള്‍ടെ #@#&താങ്ങികളും കൂടി പറഞ്ഞാലൊന്നും ഞാന്‍ രാജി വയ്ക്കത്തില്ല…

പ്ലിങ് !

# കോള്‍ – 5

അച്ചായോ.. പണി പാളി… അച്ചായനോട് ചീഫ് കുക്ക് സ്ഥാനം രാജി വയ്്ക്കണമെന്ന് എംഡി പറഞ്ഞു…

എന്റെ പൊന്നു പൂ#@%$#… എംഡീന്നു പറയുന്ന ആളെ എനിക്കറിയാവുന്നതുപോലെ വേറെ ആര്‍ക്കുമറിയില്ല… ഇങ്ങനൊരു സമയത്ത് ആ കള്ളന്‍ കോരയും ബാക്കിയുള്ള പൂ#@&^ കൂടി ചെന്നു പറയുമ്പോള്‍ ഇങ്ങനല്ലാതെ പുള്ളി എന്നാ മ#@& പറയാനാ… അത് കേട്ടു ഞാന്‍ രാജി വച്ചാല്‍ ഏറ്റവുമധികം വിഷമിക്കുന്നതും പുള്ളി തന്നെയായിരിക്കും… എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ഞാനാ മനുഷ്യനെ വെഷമിപ്പിക്കുകേല…

അല്ല, എന്നാലും എംഡി രേഖാമൂലം ആവശ്യപ്പെടുമ്പോള്‍ രാജി വയ്ക്കാതെങ്ങനെയാ അച്ചായോ ?

എംഡി എനിക്കു ചമ്പളം തരുന്നന്നല്ലേയുള്ളൂ.. എന്നെ വിളിച്ചുകൊണ്ടു വന്നു ചീഫ് കുക്കാക്കിയത് ഈ എംഡീം കള്ളന്‍ കൈക്കൂലിക്കോരയുമൊന്നുമല്ല… ബ്രോക്കര്‍ രമേശനും പിന്നെ നമ്മടെ ഹാജിയാരുമൊക്കെ കൂടിയാ…. അവര് പറയട്ടെ ഞാന്‍ രാജി വയ്ക്കാം… നമുക്ക് ജോലി തന്നവരോട് നമ്മളൊരു അന്തസ്സ് കാണിക്കണ്ടേ ?

പ്ലിങ് !

# കോള്‍ – 6

അച്ചായോ… ബ്രോക്കര്‍ രമേശനും ഹാജിയാരുമൊക്കെ പറയുന്നു… എംഡിയും കോരസാറുമൊക്കെ പറയുന്ന സ്ഥിതിക്ക് അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ച് വീട്ടിപ്പോണോന്ന്…

അവന്‍മാരോട് പോകാന്‍ പറ മ#@*… അവന്‍മാരാരാ ഇതൊക്കെ തീരുമാനിക്കാന്‍… അതിനൊക്കെ ഇവിടെ ആണുങ്ങളില്ലേ… എടാ ഉവ്വേ.. ഞാനൊരു സത്യക്രിസ്ത്യാനിയാ… നേരും നെറീം വിട്ടൊരു ഏര്‍പ്പാടിന് എന്നെ കിട്ടുകേല… രമേശനൊക്കെ ആരാ കക്ഷിയെന്ന് എനിക്കറിയാം..അല്ലെങ്കിലും ഇവന്മാരെല്ലാവരും കൂടി പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വച്ചാല്‍… നാളെ നാട്ടുകാരോട് ഞാനെന്നാ സമാധാനം പറയും ? … ഞാനേ മാനേജരും കൂനേജരുമൊന്നുമല്ല.. ചീഫ് കുക്കാ… ഞാനുണ്ടാക്കുന്ന ഭക്ഷണം ഇട്ടപ്പെടുന്നതുകൊണ്ടാ… കമ്പനിക്ക് കേറ്ററിങ് വര്‍ക്കു കിട്ടുന്നത്… കോരയക്ക് അയാള്‍ടെ മോനെ പിടിച്ച് ഇവിടെ കുക്കാക്കാനാ എന്നെ പുറത്താക്കാന്‍ നോക്കുന്നത്… മൂക്കിപ്പൊടീം മുളകുപൊടീം തമ്മില്‍ തിരിച്ചറിയാന്‍മേലാത്ത ചെറുക്കനാ… ഏതു കു@#& പറഞ്ഞെന്നു പറഞ്ഞാലും ശരി.. ഞാന്‍ രാജി വക്കത്തില്ല… ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വക്കണേല്‍ ഇതുവരെ ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ച നാട്ടുകാര്‍ പറയണം… അവരോടാ എനിക്ക് കടപ്പാട്… അവരെ മറന്നൊരു കളിക്കും എന്നെ കിട്ടുകേല…

പ്ലിങ് !

# കോള്‍- 7

അച്ചായോ.. ടിവി ചാനലുകളും വെബ്‌സൈറ്റുകളുമൊക്കെ നടത്തിയ സര്‍വേയില്‍ 70 ശതമാനം നാട്ടുകാരും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കണമെന്നു പറയുന്നു.. അച്ചായന്റെ തെറി കാരണം മടുത്തെന്നും ഭക്ഷണം കുറച്ചു മോശമായാലും സദ്യക്കിടെ പുളിച്ച തെറി കേക്കുന്നത് സഹിക്കാന്‍ പറ്റത്തില്ലെന്നും അവര്‍ പറയുന്നു… ഇനീപ്പോ അച്ചായന് രാജി വയ്ക്കുകല്ലാതെ വേറെ വഴിയില്ല…

നീ പോടാ പന്ന#@&*പരപ്പൂ#@%ക്കു%#@#മോനെ… ഈ നാട്ടുകാര് കു#@#%$ ആണോ എന്റെ കാര്യം തീരുമാനിക്കുന്നത് ?.. ഞാനുണ്ടാക്കിയ ഭക്ഷണം കഴിച്ചിട്ട് ഞാന്‍ രാജി വച്ചു പോണമെന്നു പറയുന്ന ഇവനെപ്പോലെയുള്ള കള്ള#@&*$യൊക്കെ പറയുന്നത് കേട്ട് ഞാന്‍ പണി നിര്‍ത്തിപ്പോയാല്‍ ഈ നാട്ടിലെ ബാക്കിയുള്ളവരുടെ കാര്യം എങ്ങനെയാ ?… വരാനിരിക്കുന്ന തലമുറേടെ കാര്യമെങ്ങനെയാ ?…അതുകൊണ്ട് നാട്ടുകാര് കു#@#ടെ വിശേഷം ഒന്നും ഇങ്ങോട്ടൊലത്തേണ്ട.. പുതിയ തലമുറ പറയട്ടെ… ഇനി വരാനിരിക്കുന്നത് അവരുടെ ലോകമല്ലേ.. അവരു പറയട്ടെ… അപ്പോ ഞാന്‍ രാജി വയ്ക്കാം…

പ്ലിങ് !

# കോള്‍ – 8

അച്ചായോ… 10 മുതല്‍ 18 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലും അച്ചായന്‍ ചീഫ് കുക്ക് സ്ഥാനം ഒഴിയണമെന്നാ… ഇനീം പിടിച്ചുനില്‍ക്കാന്‍ നോക്കല്ലേ അച്ചായാ… രാജി വയ്ക്ക്…

നീ പോടാ മ@#@…. വോട്ടവകാശം പോലുമില്ലാത്ത കൂറപ്പിള്ളേരു പറയുന്നത് കേട്ട് ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കാനോ… നെനക്കെന്നാടാ പൂ@#&^ തലയ്ക്ക് ഓളവാണോ ?

അല്ല.. അച്ചായനല്ലേ പറഞ്ഞത്.. പുതുതലമുറ പറഞ്ഞാല്‍ രാജി വയ്ക്കൂന്ന്…

ഏതു കു@#%$ പറഞ്ഞാലും ഞാന്‍ ചീഫ് കുക്ക് സ്ഥാനം രാജി വയ്ക്കത്തില്ല… ആര്‍ക്കും ആവശ്യമില്ലെങ്കിലും ഇത്രേം ദുരിതം പിടിച്ച ഒരു പദവി വേറൊരു പാവത്തിന്റെ തലേല്‍ കെട്ടിവയ്ക്കാന്‍ ഞാന്‍ സമ്മതിക്കത്തില്ല… അതിനു മാത്രം ഞാന്‍ അനുഭവിച്ചു.. വേറൊരു സാധു.. അതിനിയിപ്പോ എന്റെ ശത്രുവായാലും ഈ ദുരിതം അനുഭവിക്കാന്‍ ഞാനായിട്ടു സമ്മതിക്കുകേല… പണ്ട് ക്രിസ്തു ചെയ്തതും ഇതു തന്നെയല്ലേ… കുരിശ് സ്വയം ഏറ്റെടുത്ത് ചുമന്നു.. പത്രോസും യോഹന്നാനുമൊക്കെ സഹായിക്കാന്‍ വന്നെങ്കിലും ക്രിസ്തു കുരിശു വിട്ടുകൊടുത്തില്ല… അവസാനം വരെ അതു ചുമന്നു.. അതുപോലെ എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം കാലം ചീഫ് കുക്ക് സ്ഥാനം എന്ന ഈ കുരിശ് ഞാന്‍ ചുമക്കും… യൂദാസുമാര്‍ എന്നെ ഒറ്റിക്കൊടുക്കുകയും തോമകള്‍ തള്ളിപ്പറയുകയും ചെയ്യും… ഞാനൊരു സത്യക്രിസ്ത്യാനിയാ… എന്തു സംഭവിച്ചാലും ഞാന്‍ രാജി വക്കുകേല…

അല്ലച്ചായാ….

ഇനി എന്നോടൊന്നും ചോദിക്കരുത്… എനിക്കൊരിത്തിരി നേരം കരയണം…

പ്ലിങ് !

ഫാദര്‍ ഓഫ് ഹരിയാന

ഹരിയാനയ്‍ക്ക് എന്തോ ഒരു തകരാറില്ലേ എന്നൊരു സംശയം പലര്‍ക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്.അവിടെ നടക്കുന്ന കൂട്ടബലാല്‍സംഗങ്ങളുടെ കാര്യം പോട്ടെന്നു വയ്‍ക്കാം. അത് കേരളത്തിലും തമിഴ്‍നാട്ടിലും ദില്ലിയും മുംബൈയിലും എന്തിന്, ഐടി ബുദ്ധിജീവികളുടെ തറവാടായ ബാംഗ്ലൂര്‍ നഗരത്തില്‍ വരെ നടക്കുന്നുണ്ട്.ഈ അക്രമങ്ങളെത്തുടര്‍ന്ന് അവതരിപ്പിക്കപ്പെടുന്ന തിയറികള്‍ കാണുമ്പോഴാണ് ഹരിയാനയ്‍ക്ക് എന്തോ ഒരു തകരാറില്ലേ എന്നു തോന്നുന്നത്. പെണ്‍പിള്ളേരെ 16 വയസില്‍ കെട്ടിച്ചാല്‍ ബലാല്‍സംഗം അവസാനിക്കുമെന്നായിരുന്നു ആദ്യ തിയറി. ഇന്നലെ ഏറ്റവുമൊടുവില്‍ ബലാല്‍സംഗിതയായത് വിവാഹിതയായ ഒരു മുപ്പതുകാരിയാണെന്നിരിക്കെ ആ തിയറി ഇനിയും നിലനില്‍ക്കില്ല.

പെണ്‍കുട്ടികള്‍ രാത്രിയില്‍ പുറത്തിറങ്ങുന്നതും ജീന്‍സ് ധരിക്കുന്നതുമൊക്കെയാണ് കുഴപ്പമെന്നായിരുന്നു അടുത്ത തിയറി. അതും കഴിഞ്ഞപ്പോള്‍ കൊച്ചുപെണ്‍പിള്ളേരെ ആണുങ്ങള്‍ സംഘം ചേര്‍ന്നു ബലാല്‍സംഗം ചെയ്യുന്നു എന്നത് വെറും കെട്ടുകഥയാണെന്നും ഈ കുട്ടികള്‍ സമ്മതത്തോടെയും സന്തോഷത്തോടെയും ഒരേസമയം അനേകം പുരുഷന്മാരുമായി ബന്ധപ്പെടുകയായിരുന്നെന്നും നേതാക്കന്മാര്‍ തന്നെ വെളിപ്പെടുത്തി. ലേറ്റസ്റ്റ് കണ്ടെത്തല്‍ അനുസരിച്ച് ഹരിയാനയിലെ ബലാല്‍സംഗങ്ങള്‍ക്കു കാരണമായിരിക്കുന്നത് നൂഡില്‍സ് ആണ്. നൂഡില്‍സും ഫാസ്റ്റ് ഫുഡും കഴിക്കുന്നവര്‍ക്ക് ബലാല്‍സംഗം ചെയ്യാന്‍ തോന്നുന്നത് സ്വാഭാവികമാണെന്നും ആയതിനാല്‍ അത്തരം ഭക്ഷണം ഒഴിവാക്കണമെന്നുമാണ് ലോക്കല്‍ നേതാവിന്‍റെ നിര്‍ദേശം.

ഹരിയാനയിലെ ബലാല്‍സംഗങ്ങളുടെ യഥാര്‍ത്ഥ കാരണം അന്വേഷിച്ചു കണ്ടുപിടിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, ഹരിയാനയിലെ ചെറുപ്പക്കാര്‍ ന്യൂജനറേഷന്‍ സിനിമ കണ്ട് വഷളായതാണോ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് പൊതുവേ ആവേശം കൂടുതലാണോ എന്നൊരു സംശയം ഇപ്പോള്‍ തോന്നുന്നുണ്ട്. അതിനു കാരണം, ലോകത്തെ നിലനിര്‍ത്തുന്നതിനു വേണ്ടിയുള്ള ദൈവത്തിന്‍റെ പ്രവര്‍ത്തനത്തില്‍ തൊണ്ണൂറ്റിയാറാം വയസ്സിലും സജീവമായി ഇടപെടുന്ന ഈ അപ്പൂപ്പനാണ്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ അച്ഛന്‍ എന്ന സ്വന്തം പേരിലുള്ള റെക്കോര്‍ഡ് പിന്നെയും തിരുത്തിക്കുറിച്ചുകൊണ്ട് ഈ ഹരിയാനക്കാരന്‍ സര്‍വകാല റെക്കോര്‍ഡ് ആണ് ഇട്ടിരിക്കുന്നത്. സാധാരണക്കാരന് നാല്‍പതുകളില്‍ പിക്കപ്പ് നഷ്ടപ്പെടുമ്പോള്‍ അപ്പാപ്പന്‍ തൊണ്ണൂറ്റിയാറാം വയസ്സില്‍ ഒരു കുഞ്ഞിന്‍റെ പിതാവായിരിക്കുകയാണ്.

രണ്ടു വര്‍ഷം മുമ്പ് ഇതുപോലെ ഒരു കുഞ്ഞ് ജനിച്ചപ്പോഴാണ് അദ്ദേഹം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പിതാവ് എന്ന ബഹുമതി നേടിയത്. ഇപ്പോള്‍ ആ റെക്കോര്‍ഡ് ഒന്നു തിരുത്തി എന്നു മാത്രം. ഇനി വരുന്ന തലമുറകള്‍ തൊണ്ണൂകളൊന്നും കാണാന്‍ പോകുന്നില്ല. ഇപ്പോഴുള്ളവര്‍ തന്നെ എഴുപതുകളില്‍ എണീറ്റു നില്‍ക്കാന്‍ വയ്യാതാകുമ്പോഴാണ് ഈ പുള്ളി പുതിയൊരു തലമുറയെക്കൂടി വാര്‍ത്തെടുക്കുന്നത്. ഈ അക്രമങ്ങള്‍ക്കു കൂട്ടു നില്‍ക്കുന്ന പുള്ളിയുടെ ഭാര്യ ശകുന്തളയ്‍ക്ക് വയസ്സ് 54. ഭര്‍ത്താവിനു 96 വയസുണ്ടെങ്കിലും 25കാരനെക്കാള്‍ ഊര്‍ജ്സ്വലനായാണ് പരിപാടികള്‍ എന്നു ശകുന്തള സാക്‍ഷ്യപ്പെടുത്തുന്നുമുണ്ട്. ഒരു രാത്രിയില്‍ മൂന്നു വട്ടം എന്നതാണത്രേ രാഘവേട്ടന്‍റെ ഒരു കണക്ക്.

ഈ പ്രായത്തില്‍ പിള്ളേരെ ജനിപ്പിച്ചിട്ട് എന്തു ചെയ്യാനാണെന്നു നമ്മള്‍ വിചാരിക്കും. എന്നാല്‍ രാഘവേട്ടന് ഒരു കണ്‍ഫ്യൂഷനുമില്ല. മക്കളെ രണ്ടുപേരെയും വലിയ സര്‍ക്കാരുദ്യോഗസ്ഥന്മാരാക്കണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹം. തട്ടിപ്പോയാല്‍ തലയ്‍ക്കും കാലിനും പിടിക്കാന്‍ ഓരോ മക്കളായല്ലോ എന്നായിരിക്കും പുള്ളി ആശ്വസിക്കുന്നത് എന്നേ നമ്മള്‍ കരുതൂ. എന്നാല്‍ രണ്ടു മക്കളില്‍ ഒന്നു തട്ടിപ്പോയാലും‍ കുടുംബപ്പേര് നിലനിര്‍ത്താന്‍ ഒരുത്തന്‍ അവശേഷിക്കുമല്ലോ എന്നതാണ് പുള്ളിയുടെ ആശ്വാസം.

രാംജിത് രാഘവ് ഒരു പ്രതിഭാസമാണെന്നതില്‍ സംശയമില്ല. ഹരിയാനയുടെ അബോധം എന്നൊക്കെ വേണമെങ്കില്‍ വിശേഷിപ്പിക്കാമായിരിക്കും. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന അക്രമങ്ങളും തൊണ്ണൂറ്റിയാറിലും ദിവസേന മൂന്നുവട്ടം എന്ന കണക്കുമൊക്കെ വച്ചു നോക്കുമ്പോള്‍ ചിലപ്പോള്‍ അത് അവിടുത്തെ ഭൂപ്രകൃതിയുടേയും സംസ്കാരത്തിന്‍റെയും ജീവിതശൈലിയുടെയുമൊക്കെയൊരു സ്വാധീനമാകാനും മതി. തൊണ്ണൂറ്റിയാറിലും പ്രണയതിന്‍റെ പരമകോടിയില്‍ നില്‍ക്കുന്ന രാംജിത് അപ്പൂപ്പന്‍ ബദാമും പാലും വെണ്ണയുമൊക്കെയാണ് കഴിക്കുന്നത്. അതൊക്കെ കഴിച്ചാല്‍ എല്ലാവരും അദ്ദേഹത്തെപ്പോലെ മാതൃകാപിതാവും മാതൃകാഭര്‍ത്താവുമൊക്കെ (ശകുന്തള അങ്ങനെ പറഞ്ഞു) ആയേക്കാം. എന്നാല്‍ പുതുമലമുറയുണ്ടോ ഇതുവല്ലതും കഴിക്കുന്നു.അവര്‍ നൂഡില്‍സും ഫാസ്റ്റ് ഫുഡുമൊക്കെയല്ലേ തട്ടുന്നത്.അങ്ങനെ നോക്കുമ്പോള്‍ അക്രമങ്ങളുടെ കാരണം ഈ വക ഐറ്റങ്ങളാണ് എന്ന ഏറ്റവും പുതിയ കണ്ടെത്തലില്‍ കാര്യമില്ലേ എന്നു സംശയിച്ചു പോവുകയാണ്.

ഒരു കാര്യം തീര്‍ത്തു പറയാം – ഹരിയാനയ്‍ക്ക് എന്തോ കുഴപ്പമുണ്ട് !

Reference: Mirror, Dailymail, Times Of India

ചവയ്‍ക്കരുത്, തിന്നരുത്, തല ചൊറിയരുത്

ഷവര്‍മയുടെ വിഷം ഇറങ്ങിയെന്നു തോന്നുന്നു. ആരും എവിടെയും കുഴഞ്ഞുവീണതായി കേള്‍ക്കുന്നില്ല. ആവേശമടങ്ങിയപ്പോള്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ റെയ്‍ഡും അവസാനിപ്പിച്ചു. ഇനി അടുത്ത വാര്‍ത്താവിപ്ലവം വരെ വല്ലതുമൊക്കെ തിന്നും കുടിച്ചും നേരമ്പോക്കാം. പെട്ടെന്നുള്ള ആവേശത്തിന്‍റെ പുറത്താണെങ്കിലും സംസ്ഥാന ഫുഡ് സേഫ്റ്റി കമ്മിഷണര്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളും റസ്റ്ററന്‍റുകളും പാലിക്കേണ്ട ശുചിത്വമാനദണ്ഡങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് ഒരു സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഭക്ഷസുരക്ഷാ നിലവാര നിയമത്തിലെ ചട്ടങ്ങള്‍ അനുസരിച്ചാണ് മാനദണ്ഡങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.

ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാന്‍ വേണ്ടി പുറത്തിറക്കിയതാണോ എന്ന് അടിയനു സംശയമുണ്ട്. കാരണം, അവിശ്വസനീയമാം വധം കര്‍ക്കശവും മികവുറ്റതുമാണ് സര്‍ക്കുലറിലെ 30 നിര്‍ദേശങ്ങളില്‍ പലതും. അതനുസരിച്ച് നോക്കിയാല്‍ താജുള്‍പ്പെടെയുള്ള പ്രസ്ഥാനങ്ങള്‍ ചിലപ്പോള്‍ പൂട്ടേണ്ടിവന്നേക്കാം.സര്‍ക്കുലറിലെ രസകരവും എന്നാല്‍ കാര്യമാത്രപ്രസക്തവുമായ ചില നിര്‍ദേശങ്ങള്‍ അടിയന്‍ വായനക്കാരുടെ മുമ്പാകെ പങ്കു വയ്‍ക്കുന്നു. ഹോട്ടലോ റസ്റ്ററന്‍റോ മറ്റോ നടത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ വായിച്ച് ഊറിച്ചിരിക്കാതെ നടപ്പാക്കാന്‍ ശ്രമിക്കണം. കഴിക്കാനായി ഹോട്ടലുകളില്‍ കയറുന്നവര്‍ ഇതൊക്കെ നടപ്പാകുന്നുണ്ടോ എന്നു നോക്കി അവിടെക്കിടന്ന് അലമ്പുണ്ടാക്കണം.

1.ഹോട്ടല്‍ ജീവനക്കാര്‍ ശരീരഭാഗങ്ങളിലോ തലയിലോ ചൊറിയുന്നത് ജോലിസമയത്ത് ഒഴിവാക്കണം. കൃത്രിമനഖങ്ങളോ ഇളകുന്ന തരത്തിലുള്ള ആഭരണങ്ങളും പാചകം ചെയ്യുന്ന സമയത്ത് ഒഴിവാക്കണം. (ശമ്പളം കൂട്ടിച്ചോദിക്കാന്‍ മുതലാളിയെ കണ്ട് തല ചൊറിയുന്ന സാധുക്കള്‍ സൂക്ഷിച്ചില്ലങ്കില്‍ പണി പോവാന്‍ അതുമതി. നഖം ഒറിജിനലാണോ അല്ലയോ ആഭരണം ഇളകുമോ ഇല്ലയോ തുടങ്ങിയ കാര്യങ്ങള്‍ എങ്ങനെ അറിയുമോ എന്തോ!)

2.ചവയ്‍ക്കുന്നതും തിന്നുന്നതും പുകവലിക്കുന്നതും മുറുക്കുന്നതും മൂക്കുചീറ്റുന്നതും ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്തും സമയത്തും നിരോധിക്കേണ്ടതാണ്. (ഹോട്ടലില്‍ ചവയ്‍ക്കുന്നതിനും തിന്നുന്നതിനും നിരോധനം ഏര്‍പ്പെടുത്തി എന്നത് ഒരു നല്ല തലക്കെട്ടാണ്).

3.ഹോട്ടലിനകത്ത് തൊഴിലാളികളെ താമസിപ്പിറക്കാനോ അവരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കാനോ പാടില്ല (പകലു മുഴുവന്‍ പൊറോട്ടയടിക്കുകയും വൈകിട്ട് തുണിയലക്കി കസേരകളില്‍ ഉണങ്ങാനിടുകയും മേശമേല്‍ കിടന്നുറങ്ങുകയും ചെയ്യുന്ന നൂറുകണക്കിനു ഹോട്ടല്‍ തൊഴിലാളികളെ നിഷ്കരുണം സ്മരിക്കുന്നു).

4.അടുക്കള ഭാഗത്തുള്ള ഓടകളിലോ തറയിലോ ഒരു കാരണവശാലും വെള്ളം കെട്ടി നില്‍ക്കുകയോ, കൊതുക് പുഴുക്കള്‍ തുടങ്ങിയവ കാണപ്പെടുന്ന തരത്തിലുള്ള വൃത്തിഹീനമായ സാഹചര്യം ഒരുതരത്തിലും അനുവദിക്കുന്നതല്ല (വേണ്ട).

5.കക്കൂസുകള്‍ കുളിമുറികള്‍ എന്നിവ അടുക്കള ഭാഗത്തു നിന്ന് നിശ്ചിത അകലം പാലിക്കുന്നില്ലെങ്കിലോ വൃത്തിഹീനമായി കിടക്കുന്നതോ കണ്ടാല്‍ നടപടി എടുക്കുന്നതാണ്. കക്കൂസുകള്‍ക്ക് താനേ അടയുന്ന സ്പ്രിങ് ഡോറുകള്‍ ഘടിപ്പിക്കണം. ഏറ്റവും കുറഞ്ഞത് ദീവസം നാലു പ്രാവശ്യമെങ്കിലും അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണം(സ്പ്രിങ് ഡോര്‍ ഉഷാര്‍).

6. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആഹാരസാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന എല്ലാ വ്യക്തികള്‍ക്കും പകര്‍ച്ചവ്യാധി ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ച് പരിശോധനാരേഖകള്‍ എല്ലാ ഹോട്ടലിലും സൂക്ഷിക്കേണ്ടതാണ് (ഓരോ ദിവസവും പൊറോട്ടയടിക്കാനുള്ളവനെ അപ്പപ്പോള്‍ മാര്‍ക്കറ്റീന്നു വലവീശിപ്പിടിച്ചുകൊണ്ടുവരുന്നവര്‍ ശരിക്കും പാടുപെടും).

നിര്‍ദേശങ്ങളില്‍ ചിലത് മാത്രമാണിത്. ഇതെല്ലാം നടപ്പാവണമെങ്കില്‍ കേരളത്തിലെ 60 ശതമാനം ഹോട്ടലുകളും പൊളിച്ചു പണിയുകയും തങ്ങളുടെ ഹോട്ടലുകളില്‍ മൂലധനനിക്ഷേപം നടത്തുകയും സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും മാലിന്യനിര്‍മ്മാര്‍ജ്ജന സംരംഭങ്ങള്‍ നടപ്പാക്കുകയും വേണം. കുറെ ചട്ടങ്ങള്‍ ഉണ്ടാക്കി അത് ഹോട്ടലുകാരുടെ തലയിലേക്കു വയ്‍ക്കുന്നത് എത്രത്തോളം പ്രായോഗികമാണ് എന്നത് കണ്ടറിയണം. മാറ്റത്തിന് പ്രചോദനമാകുന്നത് സര്‍ക്കുലറുകളും റെയ്‍ഡുകളുമല്ല, ക്രിയാത്മക ഇടപെടലുകളാണ് എന്നാണ് അടിയന്‍റെ അഭിപ്രായം.

മേല്‍പ്പടി സര്‍ക്കാര്‍ സര്‍ക്കുലറിന്‍റെ പൂര്‍ണരൂപം ഫുഡ് സേഫ്റ്റി കമ്മിഷണറുടെ വെബ്സൈറ്റില്‍ നിന്നും വായിച്ചിട്ടു പോയാല്‍ മതി [Link]

കോഴിക്കോട് നഗരത്തില്‍ പ്ലാസ്റ്റിക് നിരോധിച്ചത് ഇത്തരുണത്തില്‍ വെറുതെ സ്മരിക്കുകയാണ്. ഒരു സുപ്രഭാതത്തില്‍ അതങ്ങു നിരോധിച്ചു. നഗരസഭ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതും നിര്‍ത്തി. ബോധവല്‍ക്കരണറാലികളും മനുഷ്യച്ചങ്ങലയും നടത്തി.പ്ലാസ്റ്റിക്കിനു പകരം ജനങ്ങള്‍ക്കുപയോഗിക്കാന്‍ ഒരു തേങ്ങയും കൊടുത്തില്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നാട്ടുകാര്‍ പിന്നെന്തു ചെയ്യണം എന്നും പറഞ്ഞില്ല(ഉറവിടത്തില്‍ തന്നെ സംസ്കരിക്കണം എന്നതാണ് പ്രഖ്യാപിതനയം. ബട്ട്, ഏതാണ് ഉറവിടം ? എങ്ങനെ സംസ്കരിക്കും തുടങ്ങിയ ചോദ്യങ്ങള്‍ക്കുത്തരമില്ല). എന്നിട്ട് എന്തു സംഭവിക്കുന്നു ? ഹൈവേയുടെ നടുവിലും അയല്‍ക്കാരന്‍റെ വീടിന്‍റെ ടെറസിലും ബീച്ചിലും എന്നു വേണ്ട ഒരു ഗ്യാപ് കിട്ടിയാല്‍ എവിടെയും പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കുന്നു ജനം. അത്രേയുള്ളൂ, പ്ലാസ്റ്റിക് നിരോധനം നടപ്പായി.

വര്‍മയാണോ വില്ലന്‍ ?

ഷവര്‍മ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കു വരുന്നത് ജഗന്നാഥ വര്‍മയുടെ മുഖമാണ്. വില്ലനായി എത്തുമെങ്കിലും പരമസാധുവായ ആ കലാകാരനെപ്പോലെ പാവപ്പെട്ടവന്റെ പ്രൗഢികളിലൊന്നായിരുന്ന ഷവര്‍മയോട് സിപിഎമ്മിനോടെന്ന പോലെ പെരുമാറുന്നു കേരളം. ശവര്‍മയെന്നും മറ്റും വിശേഷിപ്പിച്ച് വിവരമില്ലാത്ത റേഡിയോ ജോക്കികള്‍ പോലും തലേന്നു കഴിച്ച ഷവര്‍മയുടെ രുചി മറന്ന് ആ ഭക്ഷണത്തെ അധിക്ഷേപിക്കുന്നു. എറണാകുളം വയനാട് ജില്ലകളില്‍ ഷവര്‍മ നിരോധിക്കുക പോലും ചെയ്തു. എന്താണ് ഷവര്‍മ ചെയ്ത തെറ്റ് ?

ഷവര്‍മയില്‍ നിന്നു ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരാള്‍ മരിച്ചു എന്നതാണ് ഓള്‍ കേരള അടിസ്ഥാനത്തില്‍ റെയ്ഡ് നടത്താന്‍ അധികൃതരെ പ്രേരിപ്പിച്ചിരിക്കുന്നത് എന്നു തോന്നുന്നു. ഇത്തരത്തില്‍ കടകളില്‍ ഓടിക്കയറി റെയ്ഡ് നടത്തി ഭീകരാവസ്ഥ സൃഷ്ടിക്കുന്നതിനെതിരേ ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ടു പ്രതിഷേധിക്കുകയാണ്. വാര്‍ത്തകള്‍ ഉത്തേജിപ്പിക്കുമ്പോള്‍ മാത്രം ചാടിയിറങ്ങുന്ന അധികൃതര്‍ ഇത്രയും കാലം എവിടെയായിരുന്നു ? പോട്ടെ, ഷവര്‍മ വാര്‍ത്തകള്‍ അടങ്ങിക്കഴിഞ്ഞും ഇവര്‍ റെയ്ഡുകള്‍ തുടരുമോ ? അതുംപോട്ടെ, ഷവര്‍മയില്‍ നിന്നു ഭക്ഷ്യവിഷബാധയുണ്ടായതിനു കാരണം ഷവര്‍മ എന്ന ഭക്ഷണമാണോ അതോ അത് ഉണ്ടാക്കിയ രീതിയും സാഹചര്യങ്ങളുമാണോ ?

എത്രയോ തവണ കേരളത്തില്‍ ചോറില്‍ നിന്നും പായസത്തില്‍ നിന്നുമൊക്കെ ഭക്ഷ്യവിഷബാധ ഉണ്ടായിരിക്കുന്നു. അന്നൊന്നും ചോറോ പായസമോ നിരോധിക്കണമെന്ന് ആര്‍ക്കും തോന്നിയില്ല, പിന്നെന്തു കൊണ്ടു ഷവര്‍മ ? കേരളത്തില്‍ ഏറ്റവും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഏറ്റവും റിസ്‌കിയായ കോംബിനേഷനുകളില്‍ ഉണ്ടാക്കുന്ന ഒരേയൊരു ഭക്ഷണം ഷവര്‍മയാണ് എന്ന സന്ദേശമാണ് ഈ പ്രവൃത്തികളിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെങ്കില്‍ ഈ റെയ്ഡും നിരോധനവും ശുദ്ധതട്ടിപ്പാണ്. ഷവര്‍മ കഴിച്ചു മരിച്ചിട്ടുള്ളതിന്റെ നൂറിരട്ടി ആളുകള്‍ വിവിധ കാലങ്ങളില്‍ മദ്യം കഴിച്ച് മരിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്കു പോലും മദ്യവില്‍പന നിരോധിക്കേണ്ട ആവശ്യമുണ്ടെന്ന് ഒരു സര്‍ക്കാരിനും തോന്നിയിട്ടില്ല. ദുരന്തങ്ങള്‍ അവര്‍ത്തിച്ചുകൊണ്ടുമിരിക്കുന്നു. എല്ലാ കൊലയാളികള്‍ക്കും വേണ്ടി ഷവര്‍മ കുരിശിലേറുകയാണ്.

ഞാന്‍ ജീവിതത്തിലിന്നു വരെ ഷവര്‍മ കഴിച്ചിട്ടില്ല. കുന്തത്തില്‍ കുത്തിനിര്‍ത്തിയിട്ട് അരിഞ്ഞരിഞ്ഞെടുക്കുന്ന ആ സാധനം കഴിക്കാന്‍ പേടിയായിട്ടാണ്. ഇപ്പോള്‍ എന്നും വാര്‍ത്തകളില്‍ ഷവര്‍മ ഷവര്‍മ എന്നു കേട്ട് ഒന്നു കഴിച്ചാല്‍ കൊള്ളാമെന്നു തോന്നുന്നുണ്ട്. ഇവിടെ കേരളത്തില്‍ ഷവര്‍മ കച്ചവടം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോള്‍ അവഞ്ചേഴ്‌സ് സിനിമയിലെ ഷവര്‍മ സീന്‍ കാരണം ആഗോളതലത്തില്‍ ഷവര്‍മയുടെ കച്ചവടം 300 ഇരട്ടിയെങ്കിലും വര്‍ധിച്ചു എന്നാണ് കണക്ക്. മണിയാശാന്‍ പറഞ്ഞതുപോലെ ഷവര്‍മ ഇതു കുറെ കണ്ടതാണ്, ഇത്തരത്തിലുള്ള പീഡനങ്ങളെ അതിജീവിച്ചു വളര്‍ന്നുവന്ന ഐറ്റമാണ് ഷവര്‍മ. അല്ലെങ്കിലും തുര്‍ക്കിയിലെ തെരുവുകളില്‍ നിന്നും ഇവിടെയെത്തി ആളുകളുടെ നാവു കീഴടക്കണമെങ്കില്‍ കമ്യൂണിസം പോലെ മലയാളിയുടെ ആത്മാംശത്തെ സ്വാധീനിക്കുന്ന എന്തോ ഒന്ന് ഷവര്‍മയിലുണ്ട് എന്നതില്‍ സംശയമില്ല.

എന്നെപ്പോലെ, ഷവര്‍മ എന്താണെന്ന് ഇപ്പോള്‍ മാത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്കായി ചില അടിസ്ഥാനവിവരങ്ങള്‍:::-
എല്ലു നീക്കി പാളികളായി മുറിച്ചു മൃദുവാക്കിയ ഇറച്ചി നീളമുള്ളൊരു കമ്പിയില്‍ കോര്‍ത്തു ഗ്രില്‍ അടുപ്പിനു മുന്നില്‍ വച്ചു വേവിച്ചെടുക്കുന്നതാണ് ഷവര്‍മ. ഈ കമ്പിയില്‍ ഇറച്ചി കോര്‍ത്തതിന് ഇരു വശങ്ങളിലും തക്കാളി, നാരങ്ങ തുടങ്ങിയവും കോര്‍ത്തുവയ്ക്കുന്നതിനാല്‍ അതിന്റ സത്തും ഇറച്ചിയില്‍ കലരുന്നു. ഇറച്ചിയുടെ ആദ്യം വേവുന്ന പുറംഭാഗം നീളമുള്ള കത്തികൊണ്ടു മുറിച്ചു മാറ്റും. ഇതു താഴ്ഭാഗത്തെ പ്ലേറ്റില്‍ വീഴുമ്പോള്‍ കാബേജ്, ക്യാരറ്റ്, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ക്കൊപ്പം ഈ ഇറച്ചിക്കണഷങ്ങള്‍ വീണ്ടും വളരെ ചെറുതായി മുറിച്ചെടുക്കും. ഗാര്‍ളിക് സോസ് തേച്ചു പിടിപ്പിച്ച കുബൂസി(റൊട്ടി)ലേക്ക് ഈ ‘ഇറച്ചി പച്ചക്കറി മിക്‌സ്’ വച്ചു ചുരുട്ടിയെടുത്താല്‍ ‘ഷവര്‍മ റോള്‍’ ആയി.

ആട്, കോഴി, ബീഫ് തുടങ്ങിയ ഇറച്ചികളെല്ലാം ഷവര്‍മയ്ക്കു യോജിച്ചതാണ്. ഫാസ്റ്റ് ഫുഡ് വിഭാഗത്തില്‍പ്പെട്ട ഷവര്‍മ വീടുകളില്‍ ഉണ്ടാക്കാന്‍ പ്രയാസമാണ്. ഇതിനുള്ള പ്രത്യേക തരം അടുപ്പ് വീടുകളില്‍ ഇല്ലാത്തതാണ് കാരണം. ചെറിയ അളവില്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്നതും തടസ്സമാണ്. 2005-2006 കാലത്താണ് ഷവര്‍മ കേരളത്തില്‍ ശക്തമായി ചുവടുറപ്പിച്ചത് എന്നും ചരിത്രരേഖകളില്‍ കാണുന്നു.

ഷവര്‍മ എന്ന പദത്തിന് സാന്‍വിച്ച് എന്നാണ് അര്‍ഥം.’cervirme’ എന്ന തുര്‍ക്കി വാക്കില്‍ നിന്നാണ് ഷവര്‍മ ഉരുത്തിരിഞ്ഞത്. ‘തിരിഞ്ഞുകൊണ്ടിരിക്കുന്ന വസ്തു’ എന്നാണ് അര്‍ഥം. ഗള്‍ഫ് നാടുകളിലെ പ്രസിദ്ധമായ തെരുവോര വിഭവമാണിതെങ്കിലും പല ഗള്‍ഫ് രാജ്യങ്ങളിലും ഇത് വഴിവക്കില്‍ വച്ച് ഉണ്ടാക്കുന്നതിന് നിരോധനമുണ്ട്. ഈജിപ്തിലും യമനിലും മറ്റും ഷവര്‍മ സ്റ്റാളുകള്‍ സുലഭമാണ്. തുര്‍ക്കിയിലെയും ലബനനിലെയും ‘ഷവര്‍മ’കള്‍ പേരു കേട്ടതാണ്.

മൈ ഡിയര്‍ മൈദ

കേരള പൊറോട്ടയുടെ ബ്രാന്‍ഡ് അബാസിഡറായ രാഹുല്‍ ഗാന്ധിയെ എതിര്‍ക്കുന്നവര്‍ക്ക് അദ്ദേഹത്തെ പ്രതിരോധിക്കാന്‍ ഇനി അതും ഒരു കാരണമാക്കാം. എവിടെ പോറോട്ട കണ്ടാലും സ്വയം മറക്കുന്ന രാഹുല്‍ജി പൊറോട്ടയ്‍ക്ക് നല്‍കിയിട്ടുള്ള മൈലേജ് ചില്ലറയൊന്നുമല്ല. ഇന്നല്ലെങ്കില്‍ നാളെ രാഹുലാകാമെന്നു കരുതി മൂന്നുനേരം പൊറോട്ട കഴിച്ചുകൊണ്ടിരുന്നവരോട് ആര് സമാധാനം പറയും ?

പൊറോട്ട നിര്‍മിക്കാനുപയോഗിക്കുന്ന മൈ…ദയും (മൈ എന്നു തുടങ്ങിയാല്‍ പിന്നെ നാവില്‍ മറ്റതേ വരൂ) തദ്വാരാ പൊറോട്ടയും മറ്റ് മൈദ ഉല്‍പന്നങ്ങളും കൊടും വിഷമാണെന്നും സാധനം നിരോധിക്കണമെന്നുമാവശ്യപ്പെട്ട് മൈദവര്‍ജ്ജന സമിതി എന്ന സംഘടന സംസ്ഥാനതലത്തില്‍ സീരിസ്സായ സമരങ്ങളുമായി മുന്നോട്ടുവന്നിരിക്കുന്നു.പത്തു പതിനഞ്ചു വര്‍ഷമായി പൊറോട്ട കഴിക്കുന്ന ആളെന്ന നിലയില്‍ ഞാന്‍ തുറന്നു പറയുകയാണ്- എനിക്കു പേടിയാകുന്നു.

ഇന്നത്തെ കാലത്ത് വിഷവും വിഷത്തിന്റെ ഉപോല്‍പന്നങ്ങളും പുരളാത്ത ഭക്ഷണം കഴിക്കുക എന്നത് വെറും ഒരു സ്വപ്നം മാത്രമാണ്. ജൈവകൃഷിയൊക്കെ വ്യാപിച്ചുവരുന്നുണ്ടെങ്കിലും മാര്‍ക്കറ്റില്‍ കിട്ടുന്ന സാധനം ജൈവമാണെന്നും പറഞ്ഞ് രണ്ടിരട്ടി വിലയ്‍ക്ക് തന്നാല്‍ എത്ര പേര്‍ വാങ്ങുമെന്നത് ഒരു സമസ്യയാണ്. അതവിടെ നില്‍ക്കട്ടെ. നമ്മുടെ പ്രശ്നം മൈദയാണ്. രാഹുല്‍ജിക്ക് ശരിക്കും കേരള പോറൊട്ട ഇഷ്ടമായിരുന്നോ, അതോ കേരളത്തിന്റെ ദേശീയഭക്ഷണം എന്ന നിലയില്‍ അദ്ദേഹം പൊറോട്ടവാദിയായി ഭാവിക്കുകയായിരുന്നോ ? ചുമ്മാ ഭാവിക്കുകയായിരുന്നെങ്കില്‍ അത് വല്യ കൊടുംചതിയായിപ്പോയി. എത്ര യൂത്ത് കോങ്ക്രസുകാര്‍ പൊറോട്ടയില്‍ വിലയം പ്രാപിച്ചിരിക്കുന്നു എന്നതും അന്വേഷിക്കണം.

പൊറോട്ട നിന്നെയും നിന്റെ കുടുംബത്തെയും നശിപ്പിക്കും എന്നാണ് മൈദവര്‍ജ്ജനസമിതിയുടെ ഭീഷണിയും മുദ്രാവാക്യവും. മൈദയെ അറിയുക, മൈദക്കെതികേ പോരാടുക എന്ന തലക്കെട്ടോടെയുള്ള 15 പേജുള്ള ലഘുലേഖയാണ് മൈദവിരുദ്ധവികാരം ആളിക്കത്തിക്കുന്നതിനായി പ്രചരിപ്പിക്കപ്പെടുന്നത്.സംഗതി വായിച്ചാല്‍ പേടിച്ചുപോകും.അതില്‍ പറയുന്നതുപോലെ ഭീകരമാണോ കാര്യങ്ങള്‍ എന്നതും പഠിക്കേണ്ട വിഷയമാണ്. പിള്ള ഫോണില്‍ വിളിച്ചോ ഇല്ലയോ എന്ന പ്രശ്നം പഠിച്ച് പരിഹരിച്ചു കഴിയുമ്പോള്‍ അതിന്റെ ലക്ഷംകോടിയിലൊരു ശ്രദ്ധ സര്‍ക്കാര്‍ മൈദ പ്രശ്നത്തിലേക്ക് ചെലുത്തിയിരുന്നെങ്കില്‍ പോറോട്ട കൊണ്ട് വിശപ്പടക്കുന്ന സാധാരണക്കാരന്റെ ആശങ്കയകറ്റാമായിരുന്നു.

മൈദ വിദേശത്ത് പശയായി ഉപയോഗിക്കുന്നതാണെന്നും ക്ഷാമകാലത്ത് ആ പശ ഇന്ത്യയില്‍ ഭക്ഷണമായി ഉപയോഗിക്കുകയും കാലക്രമേണ അത് നമ്മുടെ ഏറ്റവും പ്രിയപ്പെട്ട സാധനമാവുകയുമായിരുന്നെന്നു പറയുന്നു.മൈദയെ സോഫ്‍ട് ആക്കാന്‍ വേണ്ടി ചേര്‍ക്കു്നന കെമിക്കലുകള്‍ പ്രമേഹം മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ഉണ്ടാക്കുമെന്നാണ് ആരോപണം. മൈദയെപ്പറ്റി വിക്കിപ്പീഡിയയില്‍ പറയുന്നത് ഇങ്ങനെയാണ്

“പാചകത്തിന്‌ ഉപയോഗിക്കുന്ന ഒരു തരം മാവാണ്‌‌ മൈദ. നേർമ്മയായി പൊടിച്ച് ശുദ്ധീകരിച്ച ഗോതമ്പ്‌ പൊടിയാണ് മൈദ. മൈദ പ്രധാനമായും ഇന്ത്യയിൽ പറാട്ട, നാൻ, ബേക്കറി പലഹാരങ്ങൾ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ഗോതമ്പിന്റെ അന്നജാംശം കൂടുതലുള്ള വെളുത്ത എൻഡോസ്പേം (നാരുകൾ നീക്കി) പൊടിച്ചാണ് മൈദ നിർമ്മിക്കുന്നത്. ഇങ്ങിനെ പൊടിച്ച പൊടിയുടെ നിറം ഇളം മഞ്ഞയായിരിക്കും. ഈ പൊടിയെ പിന്നീട് ബെൻസോയിൽ പെറോക്സൈഡ്‌ ഉപയോഗിച്ച് ശുദ്ധീകരിച്ച് വെള്ളനിറമാക്കുന്നു. ബെൻസോയിൽ പെറോക്സൈഡ്‌ ചൈനയിലും, ഇൻഗ്ലണ്ടിലും, യൂറോപ്പിലും നിരോധിച്ച ഒരു കെമിക്കലാണ്. ഇങ്ങനെ ശുദ്ധീകരിച്ച മൈദ വീണ്ടും ആലോക്സൻ എന്ന കെമിക്കൽ ഉപയോഗിച്ച് മൃദുവാക്കുന്നു. ആലോക്സൻ എലികളിൽ നടത്തിയ പരീക്ഷണങ്ങളിൽ അവയുടെ പാൻക്രിയാസിലെ ബെറ്റ കോശങ്ങളെ നശിപ്പിച്ച് അവയിൽ പ്രമേഹം ഉളവാക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.”

മൈദ ഭക്ഷണമായി അകത്തുചെന്നാല്‍ പ്രമേഹമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞിട്ടുണ്ടെന്ന് മൈദ വര്‍ജനസമിതി പ്രവര്‍ത്തകര്‍ പറയുന്നു.രക്തസമ്മര്‍ദം, വൃക്ക, കരള്‍ എന്നിവക്കുണ്ടാകുന്ന തകരാറുകള്‍, ഹൃദ്രോഗം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാകും. ആരോഗ്യവും സമ്പത്തും ക്ഷയിക്കുന്നതിനൊപ്പം ജീനിലൂടെ അടുത്ത തലമുറയിലേക്ക് പ്രമേഹരോഗം കൈമാറും.ഗര്‍ഭിണികള്‍ കുറച്ചുനാള്‍ സ്ഥിരമായി ബേക്കറി സാധനങ്ങള്‍ കഴിച്ചാല്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഓട്ടിസം, മാനസികവൈകല്യങ്ങള്‍, ശാരീരിക വൈകല്യങ്ങള്‍, ആന്തരാവയങ്ങള്‍ക്ക് വളര്‍ച്ചക്കുറവ്, ഹൃദയത്തിന് തകരാര്‍ തുടങ്ങി നിരവധി രോഗബാധകള്‍ക്ക് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്.ദഹനത്തെ സഹായിക്കുന്ന നാര് ഒട്ടും തന്നെയില്ലാത്തതിനാല്‍ മൈദകൊണ്ടുണ്ടാക്കിയ പൊറോട്ടയോ മറ്റു സാധനങ്ങളോ കഴിച്ചാല്‍ ദഹനപ്രക്രിയയും സാവധാനത്തിലാകും.

മൈദയ്‍ക്കെതിരായി ഇവിടെ ഒരു നടപടിയും വരില്ലെന്നുറപ്പാണ്. സര്‍ക്കാരിന് എന്തായാലും ഒന്നും ചെയ്യാന്‍ പറ്റില്ല.മൈദയില്‍ വിഷമുണ്ടെന്നു സമ്മതിച്ചാല്‍ സ്വാഭാവികമായി പോറോട്ടയും വിഷമാണെന്നു സമ്മതിക്കേണ്ടി വരും.അങ്ങനെ സമ്മതിക്കുന്നത് കേരളാ പോറോട്ടയുടെ ഫാനായ രാഹുല്‍ ഗാന്ധിയെ അവഹേളിക്കലാകും. ഹൈക്കമാന്‍ഡ് ചെവിക്കു പിടിക്കാതിരിക്കണമെങ്കില്‍ മൈദയോളം ബെസ്റ്റ് സാധനം വേറെയില്ല എന്നു തന്നെ സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടി വരും. അല്ലെങ്കിലും ഈ രാഷ്ട്രീയപാര്‍ട്ടികളെല്ലാം ഓരോ പരിപാടികള്‍ നടത്തുന്നത് അണികള്‍ക്ക് പൊറോട്ടയും ബീഫും വാങ്ങിക്കൊടുത്തിട്ടാണ്.മൈദ നിരോധിച്ചാല്‍ അണികള്‍ വേറെ പണിക്കുപോകും.

അല്ലെങ്കിലും മൈദയെപ്പറ്റി കമാന്ന് ഒരക്ഷരം പറഞ്ഞാല്‍ അഖിലകേരള ബേക്കറി അസോസിയേഷന്‍കാര് സര്‍ക്കാരിന്റെ ആസനത്തില്‍ കട്ടപ്പാര കേറ്റും.പിന്നെ ശിഷ്ടകാലം പൊറോട്ട തിന്ന് കഴിയേണ്ടി വരും.മൈദയെപ്പറ്റി സ്പെസിഫിക് ആയി പറഞ്ഞിട്ടില്ലെങ്കിലും ബേക്കറി സാധനങ്ങള്‍ ഒഴിവാക്കിയാല്‍ പകുതി രോഗങ്ങള്‍ ഒഴിവാകും എന്നു ചില ഡോക്ടര്‍മാര്‍ അസന്നിഗ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്.മൈദയും പ്രിസര്‍വേറ്റീവുകളുമാണ് വയറിന്റെ പരിപ്പെടുക്കുന്ന സംഗതികള്‍ എന്നു കേള്‍ക്കുന്നു.

എന്തായാലും മലയാളിയുടെ ഭക്ഷണശീലങ്ങളിലെ മാറ്റമാണ് പല രോഗങ്ങള്‍ക്കും കാരണമായതെന്ന് എല്ലാവരും ഉറപ്പിച്ചു പറയുന്നു.മൈദയാണോ കാരണം എന്ന് ഒരന്വേഷണം നടത്തുന്നതില്‍ തെറ്റില്ല.ഓരോരുത്തരും ജീവിതത്തില്‍ മൈദയുടെ ഉപയോഗം വര്‍ധിച്ചിട്ടുണ്ടോ എന്നും ഒരന്വേഷണം നടത്തിയാല്‍ നന്നാവും.മദ്യദുരന്തം എന്നു പറയുന്ന ഗ്ലാമര്‍ എന്തായാലും മൈദദുരന്തം എന്നു പറയുമ്പോള്‍ ഇല്ല. മൈദവര്‍‍ജ്ജനസമിതിയുടെ മൈദ സ്റ്റഡീസ് പാഠപുസ്തകം കണ്ടിട്ടില്ലാത്തവര്‍ക്കു വേണ്ടി ചുമ്മാ ഷെയര്‍ ചെയ്യുന്നു | മൈദ വിരുദ്ധ സമരം

കരളേ, തിന്നുകളയും ഞാന്‍ !

നിങ്ങളുടെ ഏത് അവയവമാണ് ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നത് ? കൈ, കാല്‍, തുട.. ? ഏതായാലും നല്ല മസിലുകളുള്ള ഇറച്ചിയുണ്ടെങ്കില്‍ നിങ്ങള്‍ ഒരു താരമാവും. കണ്ണ്-ഹൃദയ-കിഡ്നിദാനം പോലെയുള്ള ഒരു ദാനമല്ല ഇത്. ബെര്‍ലിനില്‍ സെപ്റ്റംബര്‍ എട്ടിനു തുടങ്ങാന്‍ പോകുന്ന ഫ്ലിമെ റെസ്റ്ററന്റില്‍ അംഗമാകാനുദ്ദേശിക്കുന്നെങ്കില്‍ ഏതെങ്കിലും അവയവം ദാനം ചെയ്യാനുള്ള ഒരു വിശാലമനസ് കൂടി വേണ്ടതാണ്. എന്തിനാണെന്നല്ലേ, പുഴുങ്ങി തിന്നാന്‍ !

ഫ്ലിമെ റസ്റ്ററന്റ് നരഭോജികള്‍ക്കു വേണ്ടിയുള്ളതാണ് എന്ന് അതിന്റെ വെബ്സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഭോജനത്തിനു ചെല്ലുന്നവര്‍ ഏതെങ്കിലും അവയവം ദാനം ചെയ്യാന്‍ തയ്യാറാവണമെന്ന നിബന്ധന ജര്‍മനിക്കാരെ പേടിപ്പിച്ചിട്ടുണ്ട്. റസ്റ്ററന്റിന്റെ അഡ്രസും വിലാസവുമൊക്കെ സമയമാകുമ്പോള്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് സൈറ്റില്‍ പറയുന്നത്. ഹോം പേജില്‍ പറയുന്നത് ഇങ്ങനെ:-

Indulge in a unique sapid journey.
Flime is the worlds first restaurant to serve you a menu of original wari tradition. We strictly follow the old wari proverb: “To eat is more than to satisfy hunger”. And so we see feasting as a spiritual act. In which the spirit and streangth of the consumed creature is given to the guests.
Our innovation lies in the combination of finest ingredients of the wari culture with classical Brazilian recipes. Let us thrill ypu with incomparably aromatic and sapid dishes.
We look forward to welcome you as our guest.

എത്ര മനോഹരമായ ക്ഷണപത്രിക ! ടി.ഡി.രാമകൃഷ്ണന്റെ സൂപ്പര്‍ഹിറ്റ് നോവല്‍ ‘ഫ്രാന്‍സിസ് ഇട്ടിക്കോര‍’ വായിച്ചതിനു ശേഷം നരഭോജികളോട് പൊതുവേ എനിക്കു വലിയ ബഹുമാനമാണ്. ഇതിപ്പോള്‍ നോവലിന്റെ തുടര്‍ച്ചപോലെയൊരു ക്ഷണപത്രിക. മസാല്‍ദസകളായ പെണ്ണുങ്ങള്‍ തലച്ചോറും കരളും ഹൃദയവും ഒക്കെ ഫ്രൈ ചെയ്തു വിളമ്പുന്ന ഒരു റസ്റ്ററന്റ് എന്റെ മനസ്സില്‍ തെളിയുന്നു. എന്തൊക്കെയാണ് ഇവര്‍ വിളമ്പാന്‍ പോകുന്നത് ? പേരുകള്‍ അതിവിചിത്രമാണ്. Salgadinhos, Coxinha, Bolinho, Salada Tropical- ഇത് തുടക്കക്കാര്‍ക്ക്. പച്ചയിറച്ചി കടിച്ചുതിന്നുകയാണെന്നൊന്നും കരുതേണ്ട. നാവില്‍വെള്ളമൂറുന്ന ടേസ്റ്റിലാവും സംഗതി പ്ലേറ്റില്‍ വരിക. മെയിന്‍ ഡിഷസ് എന്ന പേരില്‍ വേറെ കുറെ കടിച്ചാല്‍ പൊട്ടാത്ത പേരുകളും പറയുന്നുണ്ട്. എന്തായാലും അതിസുന്ദരന്‍മാരായ ബ്ലോഗര്‍മാരെ തിന്നുന്ന കാര്യം മാത്രം പറയുന്നില്ല എന്നതാണ് ഒരാശ്വാസം.

മെനുവും അതിലെ ചേരുവകളും എല്ലാം ഫ്ലിമെയുടെ സൈറ്റില്‍ വിശദമായി പറയുന്നുണ്ട്. എല്ലാ ഐറ്റത്തിലും മീറ്റ്, ലിവര്‍ എന്നൊക്കെ വ്യക്തമാക്കുന്നുണ്ടെങ്കിലും മനുഷ്യമാംസം എന്നു പറയുന്നില്ല. പക്ഷെ, അംഗമാകാനുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാനുള്ള പേജില്‍ അടിയിലായി ഇങ്ങനെ പറയുന്നു: After the medical check, you can decide which body part you want to donate ! ഇതു വായിക്കുമ്പോള്‍ സാക്ഷാല്‍ ഫ്രാന്‍സിസ് ഇട്ടിക്കോര പോലും കിടുങ്ങും. ബെര്‍ലിന്‍കാര്‍ മൊത്തത്തില്‍ കിടുങ്ങിയിരിക്കുകയാണ്. എവിടെയാണ് ഈ റസ്റ്ററന്റ് എന്ന് ആര്‍ക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സമയമാകുമ്പോള്‍ സ്ഥലം എവിടെയാണെന്നു വെളിപ്പെടുത്തുമെന്നാണ് സൈറ്റില്‍ പറഞ്ഞിരിക്കുന്നത്.

ഇവന്‍മാരുടെ റസ്റ്ററന്റില്‍ അംഗമാകാനുള്ള ആപ്ലിക്കേഷന്‍ ഞാനും ഒരെണ്ണം ഡൌണ്‍ലോഡ് ചെയ്തു. ഇതിനു ഫ്ലിമെ (എന്നുവച്ചാല്‍ മനുഷ്യമാംസം) കഴിച്ചിട്ടുണ്ടോ എന്നാണ് ആദ്യചോദ്യം. അംഗമാകാനുള്ള താല്‍പര്യത്തിനു കാരണം എന്ത് എന്നതാണ് രണ്ടാമത്തെ ചോദ്യം. പിന്നീടുള്ള ചോദ്യങ്ങളെല്ലാം അംഗമായാല്‍ നമ്മളെയും അവന്‍മാര്‍ തിന്നാന്‍ സാധ്യതയുണ്ട് എന്ന സൂചനയാണ് നല്‍കുന്നത്. വ്യായാമം എത്രത്തോളമുണ്ട് (സിക്സ് പാക്ക് ആണെങ്കില്‍ ബാക്കി വച്ചേക്കില്ല), ബോഡി മാസ് ഇന്‍ഡക്സ്, ശരീരത്തില്‍ ഓപറേഷന്‍ നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ എന്തു തരത്തിലുള്ള ഓപറേഷന്‍ (രുചിയുള്ള അവയവങ്ങള്‍ വല്ലതും മിസ്സായവനാണോ എന്നറിയാനാവും), സിഗരറ്റ് വലിക്കുമോ, വലിക്കുമെങ്കില്‍ എത്ര (ലങ്സ് വേറേ ഫ്രൈ ചെയ്യേണ്ടല്ലോ) രോഗങ്ങള്‍ വല്ലതുമുണ്ടോ, ഉണ്ടെങ്കില്‍ ഏത്, മരുന്നു കഴിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏത്, കള്ളടിക്കുമോ, ഗര്‍ഭിണിയാണോ തുടങ്ങിയവയാണ് ചോദ്യങ്ങള്‍.

ആപ്ലിക്കേഷന്റെ ഏറ്റവും അടിയിലാണ് ഒരു സ്റ്റാര്‍ ഇട്ട് സുപ്രധാനമായ നിബന്ധന കൊടുത്തിരിക്കുന്നത്. ഒപ്പിട്ടയക്കുന്നവന്‍ അത് കൂടി അംഗീകരിക്കുന്നു എന്നു ചുരുക്കം. ഇതാണ് ആ നിബന്ധന: * Members of the FLIMÉ agree to donate an arbitrary part of their body to the FLIMÉ. The exact bodypart is chosen by the member. FLIMÉ only takes over the costs for hospitalization. The member has no claim for payment, beyond than that. The designated use of the donated bodypart, is free to FLIMÉ.

ഓരോ അംഗവും ഓരോ അവയവം ദാനം ചെയ്താല്‍ മതിയോ അതോ ഓരോ തവണ അംഗത്വം പുതുക്കുമ്പോഴും അവയവങ്ങള്‍ ഓരോന്നായി കുറയുമോ എന്നൊന്നും വ്യക്തമല്ല. തലമുടി ഒരു അവയവമായി കണക്കാക്കുമോ ആവോ ? എന്തായാലും പൂരിപ്പിച്ച ആപേക്ഷകള്‍ info@flime-restaurante.com എന്ന വിലാസത്തില്‍ അയക്കാം. ഇനി വല്ല സംശയവും അവശേഷിക്കുന്നുണ്ടെങ്കില്‍ അതും ഇതേ വിലാസത്തില്‍ ചോദിക്കാം. ആപ്ലിക്കേഷന്റെ മുകളില്‍ റസ്റ്ററന്റ് മുതലാളിയുടെ പേരുമുണ്ട്-Eduardo Amado. എന്തൊരു പേര് !എഡ്വേര്‍ഡോ, അമാഡോ.. രണ്ടുപേരിലാരാണു മുതലാളി എന്നു തീര്‍ച്ചയില്ലാത്തതുപോലെ ആരോ !

ഫ്ലിമെയുടെ മറ്റൊരു പരസ്യത്തില്‍ അവയവദാനത്തിനു താല്‍പര്യമുള്ളവര്‍ക്കു പുറമേ വിശാലമനസ്കനായ ഒരു സര്‍ജനെയും ക്ഷണിച്ചിട്ടുണ്ടത്രേ. ഈ സര്‍ജന്‍ നരഭോജിയല്ലെങ്കില്‍ അയാള്‍ക്കെന്തു കൊടുക്കും തിന്നാന്‍ ? എന്തായാലും ജര്‍മനിയില്‍ മാന്യന്‍മാരായ നരഭോജികളുണ്ടെന്നത് നേരത്തെ തെളിഞ്ഞിട്ടുള്ളതാണ്. പിടിയിലായ ചിലര്‍ ഇപ്പോള്‍ കമ്പിയെണ്ണുന്നുമുണ്ട്. അത്തരത്തില്‍ ഇരയുടെ അനുവാദത്തോടെ ഇരയെ കഴുത്തറുത്ത് കൊന്ന് പീസുപീസാക്കി ഫ്രീഡ്ജില്‍ വച്ച് തിന്ന ഒരു ചേട്ടന്‍ പിടിലായപ്പോള്‍ പറഞ്ഞത് ജര്‍മനിയില്‍ കുറഞ്ഞത് 800 നരഭോജികളെങ്കിലും ഉണ്ടെന്നാണ്.

അതേ സമയം, ഈ റസ്റ്ററന്റിന്റെ പരസ്യവും വെബ്സൈറ്റും എല്ലാം ആരോ ആളെപറ്റിക്കാനുണ്ടാക്കിയതാണെന്നും ഇത്തരത്തില്‍ ഒരു സംഗതി നടപ്പുള്ള കാര്യമല്ലെന്നുമൊക്കെ അധികൃതര്‍ പറയുന്നുണ്ട്. അല്ലെങ്കിലും സെപ്റ്റംബര്‍ എട്ടിനു റസ്റ്ററന്റ് തുറക്കുമ്പോള്‍ അറിയാമല്ലോ എന്നും ഒരാശ്വാസമുണ്ട്. എന്തായാലും ഫ്ലിമെ റസ്റ്ററന്റ് ലോകപ്രശസ്തമായിക്കഴിഞ്ഞു. അതുതന്നെയാണോ അവരുടെ ഉദ്ദേശമെന്നും സംശയിക്കുന്നുണ്ട്. മാംസം എന്നു പറയുന്നത് വല്ല കാളയുടെയോ പോത്തിന്റെയോ ആകാനും മതി. അവയവദാനം എന്നൊക്കെ പറയുന്നത് ഏതെങ്കിലും ആശുപത്രിയുമായി ബന്ധപ്പെട്ട് സദുദ്ദേശത്തോടെ സംഘടിപ്പിച്ച ഒന്നാണെന്നു വരുത്തിയാലും മതി.

എന്നാല്‍ ബ്രസീലിലെ നരഭോജികളുടെ മേഖലയില്‍ ഓള്‍റെഡി ഒരു ഫ്ലിമെ റസ്റ്ററന്‍റ് വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പറയുന്നത്. അവരുടെ ബ്രാഞ്ച് ആണത്രേ ബെര്‍ലിനില്‍ തുടങ്ങാന്‍ പോകുന്നത്. ലതിന്‍റെ മുതലാളി എഡ്വേര്‍ഡോ അമാഡോയുമായി അതിസുന്ദരിയായ മാധ്യമപ്രവര്‍ത്തക നടത്തുന്ന അഭിമുഖം ദേ കിടക്കുന്നു. അവരുടെ ഭാഷ നമുക്കറിയില്ല, പക്ഷെ, സബ്ടൈറ്റിലുകള്‍ ശ്രദ്ധിച്ചാല്‍ എല്ലാം മനസ്സിലാവും.

എന്തായാലും സെപ്റ്റംബര്‍ എട്ടു മുതല്‍ ജര്‍മനിയിലും പരിസരത്തുമുള്ള മലയാളികള്‍ സ്വന്തം അവയവങ്ങള്‍ സൂക്ഷിക്കുക. അതിസുന്ദരനായ ബ്ലോഗറെ കിട്ടിയില്ലെങ്കില്‍ ബ്ലോഗ് വായിക്കുന്നവരെ തിന്നുന്ന കാലമാണ് !

കംപ്യൂട്ടര്‍ ബാക്ടീരിയ

കംപ്യൂട്ടര്‍ വൈറസുകളെക്കുറിച്ച് പറഞ്ഞു പറഞ്ഞു മടുത്തു. ഇനി അല്‍പം വ്യത്യസ്തമായ ഒരു സംഗതിയെക്കുറിച്ചു പറയാം. കംപ്യൂട്ടര്‍ ബാക്ടീരിയ. ഇമെയിലായോ ഇകാര്‍ഡായോ വന്ന് നമ്മള്‍ ക്ളിക്ക് ചെയ്യുമ്പോള്‍ സിസ്റ്റം അടിച്ചുപോകുന്ന സംവിധാനമൊന്നുമല്ല ഇത്. അതിനെക്കാളൊക്കെ എത്രയോ ഗുരുതരം. ആന്റിവൈറസുകള്‍ ഉപയോഗിച്ചാല്‍ ഒരു പരിധിവരെ വൈറസ് ആക്രമണങ്ങളെ തടയാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ബാക്ടീരിയകളെ തടയാന്‍ ഒരു കുന്തവുമില്ല. ഈ ബാക്ടീരിയകള്‍ ആയിരക്കണക്കിനു രോഗങ്ങളുടെ പാസ്വേഡുമായി ഒളിച്ചിരിക്കുന്നത് നമ്മുടെ കംപ്യൂട്ടറിന്റെ കീബോര്‍ഡുകളിലാണ്.

സംഗതി, കീബോര്‍ഡിലെ ബട്ടണുകള്‍ക്കിടയിലൂടെ കാണാവുന്ന അഴുക്ക് തന്നെ. പഠനം അനുസരിച്ച് ഈ അഴുക്ക് സാധാരണ
ടോയ്ല്റ്റ് ക്ളോസറ്റിലെ അഴുക്കിനെക്കാള്‍ 50 മടങ്ങ് അപകടകരമാണ്. എന്നു വച്ചാല്‍ ടോയ്ല്റ്റ് മാലിന്യത്തിലുള്ളതിനെക്കാള്‍ 50 ശതമാനം അധികം ബാക്ടീരിയകള്‍ കീബോര്‍ഡുകളില്‍ സുഖവാസത്തിലാണ്. കംപ്യൂട്ടര്‍ വൃത്തിയായി സൂക്ഷിക്കുന്നവര്‍ പോലും കീബോര്‍ഡുകളോട് അത്ര ആഴത്തിലുള്ള സ്നേഹം കാണിക്കാത്തതാണ് അഴുക്ക് അടിഞ്ഞുകൂടാന്‍ കാരണം. പഠനം അനുസരിച്ച് ഗുരുതരമായ ചര്‍മരോഗങ്ങള്‍ക്കിടയാക്കുന്ന ഇ കോളി, എസ് ഓറസ് തുടങ്ങിയ ബാക്ടീരിയകളാണ് കീബോര്‍ഡുകളില്‍ കാണാറുള്ളത്.

മിക്കാവാറും കീബോര്‍ഡുകളില്‍ അംഗീകൃത അളവിനെക്കാള്‍ 150 മടങ്ങ് അധികം ബാക്ടീരിയകള്‍ ഉണ്ടെന്നാണ് കണ്ടെത്തല്‍. ഏറ്റവും വ്യാപകമായി കീബോര്‍ഡുകളില്‍ കാണുന്നത് കോളിഫോം ബാക്ടീരിയയാണ്. കീബോര്‍ഡുകള്‍ക്കു മുന്നിലിരുന്നു ഭക്ഷണം കഴിക്കുന്നതും വൃത്തിഹീനമായ കൈകളോടെ കംപ്യൂട്ടറില്‍ ജോലിയെടുക്കുന്നതുമാണ് കീബോര്‍ഡിലെ ബാക്ടീരിയകള്‍ക്ക് കാരണം. മിക്കവാറും ഓഫിസുകളിലും കംപ്യൂട്ടറിനു മുന്നില്‍ ലഘുഭക്ഷണം എത്തിക്കുന്ന സംവിധാനമുണ്ട്. കംപ്യൂട്ടര്‍ ബാക്ടീരിയകളെ തടയാന്‍ ശുചിത്വം പാലിക്കുക എന്നതല്ലാതെ മറ്റൊരു മാര്‍ഗവുമില്ല.