കര്‍ഷകവിരുദ്ധം

അച്ചായോ… അറിഞ്ഞോ… വയനാട്ടിലെ കാട്ടുതീ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണെന്ന്…

പ്രെയ്‌സ് ദി ലോര്ഡ്… ഹാലേലൂയ…

എന്തിന് ?

പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു.. ഇപ്പോ അപ്പപ്പോ ആക്കി….

എന്തോന്ന് ?

പ്രതികാരം…

ദൈവമെന്തോന്ന് ക്വട്ടേഷന്‍ ഗുണ്ടയോ… ഒന്നു പോ അച്ചായാ… അല്ലെങ്കിലും എന്തോന്നിനാ ഈ പ്രതികാരം…

താനല്ലേ പറഞ്ഞേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് കാട്ടുതീ എന്ന്… ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളിലൂടെയാണ് ദൈവം മനുഷ്യരോട് പ്രതികാരം ചെയ്യുന്നത്…

അച്ചായന്‍ ഒരുമാതിരി കോപ്പിലെ വര്‍ത്താനം പറയരുത്… പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരായിട്ടു തന്നെ വരുത്തി വയ്ക്കുന്നതാ.. അച്ചായന്‍ ഈ ധ്യാനമെല്ലാം കൂടിയിട്ടു വട്ടായതല്ലാതെ ദൈവത്തെപ്പറ്റി ഇത്ര നികൃഷ്ടമായ ഒരു ധാരണയാണ് വച്ചു പുലര്‍ത്തുന്നതെങ്കില്‍ കഷ്ടമാണ്…

എടോ… വട്ടായിലച്ചനെപ്പറ്റി ഒരക്ഷരം താന്‍ പറയരുത്.. പിന്നെ ഒരു ക്രിസ്ത്യാനിയെ മുഖത്തു നോക്കി നികൃഷ്ടജീവി എന്നു വിളിക്കാന്‍ തനിക്കെങ്ങനെ ധൈര്യം വന്നെടോ.. താനൊരു രാഷ്ട്രീയക്കാരനല്ലേ… അച്ചനേം കൂട്ടി ഞാന്‍ പാര്‍ട്ടി ആപ്പീസിലോട്ടു വരുന്നുണ്ട്… തന്റെ ചീട്ടു കീറും ഞങ്ങള്‍… ഇടുക്കീല്‍ പിടീടെ കച്ചോടം ഞങ്ങളവസാനിപ്പിച്ചില്ലേ… അതുപോലെ തന്നേം കാണിച്ചു തരാം…

അല്ലച്ചായാ.. ഞനതിനൊന്നും പറഞ്ഞില്ലല്ലോ…

ഏതു കാടിന്റെ പേരിലാണോ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നോക്കിയത്.. അതേ കാട് കത്തിച്ച് ദൈവം ആ സര്‍ക്കാരിനു മറുപടി കൊടുത്തത് താന്‍ കണ്ടില്ലേ… പണ്ട് ഈജിപ്തില്‍ ഇസ്രയേല്‍ ജനതയെ പീഡിപ്പിച്ച ഫറവോനും കര്‍ത്താവ് ഇങ്ങനെയുള്ള അടയാളങ്ങളാണ് നല്‍കിയത്…

അത് ശരി.. അപ്പോ കര്‍ത്താവ് നേരിട്ടിറങ്ങി വന്നിറങ്ങി കാടിനു തീയിട്ടെന്നാ അച്ചായന്‍ പറയുന്നത്…

കര്‍ത്താവിന് എന്തും സാധിക്കുമെടോ…

അച്ചായാ എന്നു വിളിച്ച ഈ നാവുകൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കരുത്… വയനാട്ടിലെ കാട്ടുതീ കര്‍ത്താവിന്റെ പ്രതികാരമാണെന്നല്ല… സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ആരോ ആനപ്പിണ്ഡം കത്തിച്ചെറിഞ്ഞാണ് തീയിട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്…

കണക്കായിപ്പോയി… കാടില്ലല്ലോ.. ഇനി കസ്തൂരി കൊണയ്ക്കണം എന്നു പറഞ്ഞോണ്ട് ഒരുത്തനും വരുകേലല്ലോ… എന്റെ രണ്ടേക്കര്‍ വില്‍ക്കാനിട്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. സെന്റിന് എട്ടുലക്ഷത്തിനു ചോദിച്ചിട്ടു കൊടുക്കാഞ്ഞതാ.. ഉള്‍ക്കാട്ടില്‍ വിമാനത്താവളം വരുമെന്നു പറഞ്ഞ് ഞാന്‍ വില കേറ്റി കേറ്റിക്കൊണ്ടുവരുമ്പോഴാ കസ്തൂരിരംഗന്‍… ഇപ്പോ സെന്റിന് രണ്ടു ലക്ഷം പോലും കിട്ടത്തില്ല… അതുപോലെ വടക്കേ പറമ്പിലെ പാറക്കെട്ട്.. തനിക്കറിയാവല്ലോ… മൂന്നരയേക്കറാ അത്… ഇത്രേം നല്ല പാറ ഈ ജില്ലേല്‍ വേറെ കാണത്തില്ല.. അതില്‍ അദ്യത്തെ തിരിവച്ച് വെടിപൊട്ടും മുമ്പ് വന്നു കസ്തൂരി… ഇതൊക്കെ കാണാന്‍ മുകളിലൊരാളുണ്ടെന്ന് ഓര്‍ക്കണമായിരുന്നെടോ… എന്നെപ്പോലെയുള്ള പാവങ്ങളുടെ കണ്ണീര്‍ കാണുന്നവനാണെടോ ദൈവം… മര്യാദയ്ക്കല്ലെങ്കില്‍ ഇനീം കത്തും…

അച്ചായോ… അച്ചായന്റെ പത്തോ പതിനഞ്ചോ ഏക്കര്‍ ഭൂമിയെക്കാള്‍ വലുതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും നൂറുകണക്കിനു മൃഗങ്ങളും വേറെ ഒരായിരം ജീവജാലങ്ങളുമുള്ള ഇക്കാണുന്ന വനം.. ആയിരം ഏക്കര്‍ വനമാണ് അറിഞ്ഞുകൊണ്ടു തീയിട്ടു നശിപ്പിച്ചത്…

ഓ പിന്നെ… എടോ കാട്ടുതീ പണ്ടും ഉണ്ടായിരുന്നു… അത് പ്രകൃതിക്ക് നല്ലതാണ്… പിന്നെ കാട്ടിലീ മരങ്ങളൊക്കെ ദൈവം തന്നിരിക്കുന്നതെന്തിനാ.. മനുഷ്യന് വെട്ടിയറുത്ത് കെട്ടിടങ്ങള്‍ പണിയാനും അടുപ്പില്‍ വച്ചു കത്തിക്കാനുമൊക്കെയല്ലേ.. അതുപോലെ തന്നെ.. ഈ മൃഗങ്ങളെയൊക്കെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്തിനാ… നമുക്ക് കൊന്നു കറിവച്ചു തിന്നാന്‍…

അച്ചായോ കണ്ണില്‍ച്ചോരയില്ലാതെ സംസാരിക്കരുത്…

ഉവ്വ… താന്‍ കഴിഞ്ഞ മാസം ടീവിലൊക്കെ സ്ഥിരം കാണുന്ന പരിസ്ഥിതിസംരക്ഷണക്കാരനേം കൊണ്ടു വന്നപ്പോള്‍ ദേ ആ തിണ്ണേലിരുന്ന് ബ്രാന്‍ഡീടെ കൂടെ വിഴുങ്ങിയത് ഇളംമാനിന്റെ എറച്ചിയാ… അമ്മാതിരി നാലെണ്ണമേ ഈ കാട്ടിലുള്ളൂ.. നിങ്ങളെ സല്‍ക്കരിക്കാന്‍ മൂന്നിനേം അന്നു കറിവച്ചു… അതുകൊണ്ട് കണ്ണില്‍ച്ചോരേടെ കാര്യമൊന്നും ഇങ്ങോട്ടൊണ്ടാക്കണ്ട..

മാനിന്റെ എറച്ചിയാണെന്നു ഞങ്ങളു തിന്നു കഴിഞ്ഞിട്ടാ അച്ചായന്‍ പറഞ്ഞത്…

അതല്ലേ മോനേ അച്ചായന്റെ ബുദ്ധി… ഒന്നും കാണാതെ ഒരു നാറിക്കും കള്ളൊഴിച്ചുകൊടുക്കുന്നവനല്ല ഞാന്‍… അതുകൊണ്ട് പ്രകൃതിസ്‌നേഹം ഒലിപ്പിക്കാതെ പതുക്കെ വിട്ടോ… ഈ കാട്ടുതീയുടെ പേരില്‍ ഇവിടുള്ള ഏതെങ്കിലും ഒരുത്തന്റെയെങ്കിലും ദേഹത്തു തൊട്ടാല്‍…

അതൊന്നും എന്റെ കയ്യിലൊള്ള കാര്യങ്ങളല്ലച്ചായോ… പൊലീസും വിജിലന്‍സുമൊക്കെയാ അന്വേഷിക്കുന്നേ… മന്ത്രി തിരുവഞ്ചൂരിന്റെ പ്രത്യേക ഉത്തരവുണ്ട്…

തിരുവഞ്ചൂരാണെങ്കില്‍ കുഴപ്പമില്ല… തീപിടിത്തത്തിനു കാരണമായ പിണ്ഡമിട്ട ആനയെ അറസ്റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്‌തോളും…

ഇത് പക്ഷെ, മുഴുവന്‍ രാജ്യത്തിന്റെയും കാര്യമല്ലേ അച്ചായോ… വനമെന്നു പറയുന്നത് ഭൂമിയുടെ മുഴുവന്‍ സ്വത്താണ്…

അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതി.. കാട്ടുമൃഗങ്ങളുടെ ആക്രമണം സഹിച്ചും പ്രകൃതിദുരന്തങ്ങളെ നേരിട്ടും വനാതിര്‍ത്തിയില്‍ കഴിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ കഴിഞ്ഞേ ആര്‍ക്കും വനത്തെപ്പറ്റി മിണ്ടാന്‍ പോലും അവകാശമുള്ളൂ… കാടു കത്തിയതില്‍ ഞങ്ങള്‍ക്കില്ലാത്ത പരാതി വേറൊരുത്തനും വേണ്ട..

താമരശ്ശേരി ഫോറസ്റ്റ് ഓഫിസും ഇതുപോലെ…

താമരശ്ശേരിയെപ്പറ്റി ഒരക്ഷരം പറയരുത്…

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്ന് അന്നു താമരശ്ശേരി ബിഷപ്പും…

ഡോ.. താമരശ്ശേരിയെപ്പറ്റി മിണ്ടരുതെന്ന് !!!!!!

അച്ചായനും പ്രഷറിന്റെ അസുഖമുണ്ടോ…

ഇത്രേം കാലം ഈ പ്രഷറും കൊണ്ട് ഞങ്ങളിവിടെ കഴിഞ്ഞപ്പോ ഒരു നാറിയും വന്നില്ലല്ലോ ഇങ്ങോട്ട്.. തിരഞ്ഞെടുപ്പടുത്തപ്പോള്‍ എല്ലാം കൂടി കെട്ടിയെടുക്കാന്‍ നിങ്ങള്‍ക്കെന്താ ഷുഗറിന്റെ അസുഖമുണ്ടോ ?

ഹൊ.. എന്തു പറഞ്ഞാലും ഉടക്കാണല്ലോ അച്ചായോ…

ഇനിയങ്ങോട്ട് അങ്ങനെയൊക്കെ മതീടോ…

തീയുടെ കാര്യമൊക്കെ അച്ചായന്‍ വിട്… തിരഞ്ഞെടുപ്പൊക്കെയാണ് അടുത്തുവരുന്നത്… കസ്തൂരി രംഗനൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.. ഞങ്ങളൊക്കെയില്ലേ ഇവിടെ.. അച്ചായന്‍ വെറുതെ ആളുകളെ പറഞ്ഞു തിരിപ്പിക്കരുത്… ആം ആദ്മിയും കൂം ആദ്മിയുമൊക്കെയുള്ള കാലമാണ്.. പത്തു വോട്ടു പോയാല്‍ മതി പണി കിട്ടാന്‍…

അതെ, അതോര്‍മയുണ്ടായാല്‍ മതി…

ഓര്‍മയുണ്ടച്ചാലോ… ഞാനല്ലേ പറയുന്നത്…

എന്നാപ്പിന്നെ, ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നുള്ള ആരോപണം പിന്‍വലിക്കണം.. മന്ത്രിയോ മുഖ്യമന്ത്രി ആരാണെന്നു വച്ചാല്‍ അരമനേല്‍ വന്നു ബിഷപ്പിനോടും മാപ്പും പറയണം…

അതെന്തിന് ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നതും കര്‍ഷകവിരുദ്ധമാണ്..

കര്‍ഷകരെവിടെക്കിടക്കുന്നു അച്ചായനെപ്പോലുള്ള താപ്പാനകളെവിടെക്കിടക്കുന്നു…

ഡോ, പറയുന്നത് കേട്ടാല്‍ മതി… കാട്ടുതീയില്‍ ഇനി ഒരന്വേഷണവും വേണ്ട… എല്ലാവര്‍ഷവും ഇവിടെ കാട്ടുതീയൊക്കെ ഉണ്ടാകുന്നതാ… അപ്പോഴൊന്നും ഇല്ലാത്ത ഉരുക്കം ഈ വര്‍ഷമായിട്ടു വേണ്ട… ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്ന് ഇനി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍… ഇതിന്റെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യണമെന്നു പറഞ്ഞ് ഒരു പൊലീസുകാരനെങ്കിലും ഈ മലചവുട്ടിയാല്‍.. അറിയാലോ…

അറിയാം അച്ചായാ അറിയാം…

പരമാവധി ആ പിണ്ഡമിട്ട ആന.. അതിനപ്പുറത്തേക്കൊരന്വേഷണം വേണ്ട…

വേണ്ട… ആന മദം പൊട്ടി നിന്നപ്പോള്‍ ഇട്ട പിണ്ഡമാണെന്നു നമുക്കു വാദിക്കാം.. മദപ്പാടിന്റെ ദേഷ്യം കാരണം പിണ്ഡത്തോടൊപ്പം തീപ്പൊരിയുമുണ്ടായിരുന്നെന്നും ആ തീപ്പൊരിയില്‍ നിന്നു തീപടര്‍ന്ന് കാടു കത്തിപ്പോയതാണെന്നും നമുക്കു തെളിയിക്കാവുന്നതേയുള്ളൂ…

അപ്പോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ?

എന്നാ ചോദ്യവാ അച്ചായാ… കാടില്ലാതെ എന്തു കസ്തൂരിരംഗന്‍…

ഈ കത്തിപ്പോയ ഭൂമി പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്കു തീറെഴുതിക്കൊടുത്താല്‍ അവരതു റബറും മറ്റും വച്ചു പച്ചപിടിപ്പിച്ചു തരും.. ഒരു രാജ്യസേവനം..

ആദിവാസികള്‍ക്ക് ഇതുവരെ ഭൂമി കൊടുത്തു കഴിഞ്ഞിട്ടില്ല…

ആദിവാസികള്‍ക്ക് ഭൂമിയും മറ്റും കൊടുത്താല്‍ അവരുടെ ഒറിജിനാലിറ്റി നശിച്ചുപോകും… പട്ടിണിയും പരിവട്ടവുമൊക്കെയായി കഴിയുന്നവരെ കാണാനാ സായിപ്പുമാരൊക്കെ വരുന്നേ.. സായിപ്പുമാര്‍ വന്നെങ്കിലേ നമ്മുടെ ഹോംസ്‌റ്റേയും റിസോര്‍ട്ടുകളുമൊക്കെ ഓടത്തൊള്ളൂ.. അതുകൊണ്ട് ആദിവാസികളെ തൊട്ടുകളിക്കണ്ട…

എന്നാ വേണ്ട..

ഹല്ല പിന്നെ…

കസ്തൂരിരംഗന്‍ ടെക്‌നോളജി

ആത്മഹത്യ ചെയ്യുമെന്നു ഭീഷണിമുഴക്കി മൊബൈല്‍ ഫോണ്‍ ടവറിനു മുകളില്‍ കയറുന്ന പാലായിലെ പാവപ്പെട്ട കള്ളുകുടിയനെപ്പോലെയാണ് മാണിസാര്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ കരടു വിജ്ഞാപനം ഇന്നു വൈകുന്നേരത്തിനകം വന്നിട്ടില്ലെങ്കില്‍ രണ്ടിലൊന്നു തീരുമാനിക്കും എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഇന്നു വൈകുന്നേരത്തിനകം കരടു വിജ്ഞാപനം വന്നിട്ടില്ലെങ്കില്‍ മാണിസാര്‍ രാജിവച്ച് സിപിഎം പാളയത്തില്‍ പോയി ചേക്കേറുമെന്നു കരുതുന്നവരോട് പറയട്ടെ- മാണിസാറിനെ ആര്‍ക്കും തോല്‍പിക്കാന്‍ പറ്റില്ല. മാണിസാറിനെ എന്നല്ല, കേരളാ കോണ്‍ഗ്രസിലെ ഒരുത്തനെയും കുടിച്ച വെള്ളത്തില്‍ വിശ്വസിക്കരുത് എന്നാണ് ഒരു പഴയ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയ്ക്ക് എനിക്കു പറയാനുള്ളത്.

രാഷ്ട്രീയപരമായി കാര്യമായി ഉദ്ധാരണശേഷി ഒന്നുമില്ലാതിരിക്കെ കര്‍ഷകരെ മൊത്തത്തോടെ ഉദ്ധരിക്കും എന്ന മോഹനവാദ്ഗാനമാണ് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അടിത്തറ. മലയോര കര്‍ഷകന്‍ എന്ന തുറുപ്പുചീട്ട് വച്ചു കളിച്ചുകൊണ്ടിരുന്ന മാണിസാറിനെയും സംഘത്തെയും വലിയ വിവരമൊന്നുമില്ലാത്ത പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മലയോര കര്‍ഷകര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്ന തുറുപ്പുചീട്ട് കയ്യില്‍ വച്ച് കശക്കിമറിച്ചുകൊണ്ടിരിക്കുകയാണ്.

ഇടയലേഖനം എഴുതുന്ന അത്ര ഈസിയായി തയ്യാറാക്കാവുന്ന ഒന്നല്ല, പരിസ്ഥിതി ആഘാതവും പ്രത്യാഘാതവുമൊക്കെ ഉണ്ടാക്കാന്‍ പര്യാപ്തമായ ഇത്തരം റിപ്പോര്‍ട്ടുകള്‍. പോരെങ്കില്‍ ലോകപൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പശ്ചിമഘട്ടമലനിരകളില്‍ കുടിയേറ്റവും കയ്യേറ്റവും പാറപൊട്ടിക്കലുമൊക്കെ കഴിഞ്ഞിട്ടു മതി പ്രകൃതിസ്‌നേഹം എന്നു പറയുമ്പോള്‍ ഏരിയല്‍ വ്യൂവില്‍ അതൊരു മാടമ്പി നയമായി തോന്നാം. പരിസ്ഥിതി സംരക്ഷിക്കണമെന്നും പ്രകൃതിയെ നശിപ്പിക്കരുതെന്നുമൊക്കെ മാര്‍പ്പാപ്പ പറയുമ്പോള്‍ പ്രകൃതിസ്‌നേഹം പറഞ്ഞോണ്ടു വന്നാല്‍ ചോരപ്പുഴയൊഴുകുമെന്നു മെത്രാനച്ചന്‍ പറയുന്നത് പോക്രിത്തരമാണ്. ഇടുക്കിയിലും വയനാട്ടിലും താമരശ്ശേരിയിലുമൊക്കെ വനമുണ്ടെങ്കിലേ റോമില്‍ മഴ പെയ്യൂ എന്നു മാര്‍പ്പാപ്പയ്ക്കറിയാം. പാറ പൊട്ടിക്കുന്നതും റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുന്നതുമാണ് പരിസ്ഥിതി പ്രവര്‍ത്തനം എന്നു വിശ്വസിച്ചിരിക്കുന്ന മുട്ടനാടുകളോട് വേദമോതുന്നതില്‍ കാര്യമില്ല.

പറഞ്ഞു തുടങ്ങിയത് കേരളാ കോണ്‍ഗ്രസിന്റെ കാര്യമാണ്. ജോസ് കെ. മാണിയുടെ ഭാവിയും മാണിസാറിന്റെ മുഖ്യമന്ത്രി സ്വപ്നങ്ങളും എന്നതാണ് മൊത്തത്തില്‍ മാണിസാറിനെ ചുറ്റിപ്പറ്റി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഒരു പാചകക്കുറിപ്പ് എന്നു പറയാം. അതങ്ങനെ സുഗമമായി മുന്നോട്ടു വരുമ്പോള്‍ ഇടിച്ചുകയറി വന്ന മലയോരകര്‍ഷക കുഞ്ഞാടുളെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് മാണിസാറും സംഘവും. പറയുന്നതുപോലെ രാജിവച്ചു മുന്നണി വിട്ടാല്‍ ജോസ് കെ.മാണി കോട്ടയത്ത് ഏതു പാനലില്‍ മല്‍സരിക്കും ? ഒരു മുന്നണിയിലുമില്ലാതെ ചുമ്മാ കൊണ്ടുപോയി നിര്‍ത്തിയാല്‍ ജയിച്ചുവരാന്‍ മാത്രം ആം ആദ്മിയല്ല ജോസ്‌മോന്‍. അപ്പോള്‍ ജോസ്‌മോന്‍ ജയിക്കണമെങ്കില്‍ യുഎഡിഎഫില്‍ നില്‍ക്കണം എന്നത് പാഠം ഒന്ന്.

രണ്ട്, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എങ്ങനെ മയപ്പെടുത്താം എന്നതാണ്. മെത്രാനച്ചന്‍മാരോ മാണി സാറോ ഉമ്മന്‍ ചാണ്ടി സാറോ ഒന്നും വിചാരിച്ചാല്‍ മയപ്പെടുത്താന്‍ പറ്റുന്ന ഒന്നല്ല ഈ വക റിപ്പോര്‍ട്ടുകള്‍ എന്നു പറഞ്ഞു കഴിഞ്ഞു. ഏപ്രില്‍ 10ന് ശാന്തിമുഹൂര്‍ത്തം വരുന്നതുവരെ എങ്ങനെ മലയോര കര്‍ഷകരെ പറഞ്ഞു പറ്റിക്കാം എന്നതേ ആലോചിക്കേണ്ടതുള്ളൂ എന്നു ചുരുക്കം. ജോസ്‌മോനെയും മലയോരകര്‍ഷകരെയും എങ്ങനെ ഒരേപോലെ രക്ഷിച്ചെടുക്കാം എന്നതാണ് മാണിസാര്‍ നേരിടുന്ന വെല്ലുവിളി എന്നു പറഞ്ഞാലും തെറ്റില്ല.

ഇതിനിടയ്ക്ക് പി.സി.ജോര്‍ജ് എന്നൊരു മലയോര കര്‍ഷകനുണ്ട്. ഇന്നു രാജി വയ്ക്കും നാളെ രാജി വയ്ക്കും എന്നു പറഞ്ഞു നടന്ന ജോര്‍ജേട്ടനോട് എന്നാല്‍ താന്‍ പോയി രാജി വയ്‌ക്കെടോ എന്നു നേതാക്കന്‍മാര്‍ പറഞ്ഞപ്പോള്‍ പണി പാളുമെന്നു തോന്നി പുള്ളി പ്ലേറ്റ് മാറ്റി- നിങ്ങളെയൊന്നും വിഷമിപ്പിച്ചിട്ട് എനിക്കു രാജി വയ്‌ക്കേണ്ട എന്നു പറഞ്ഞ് മൂക്കും പിഴിഞ്ഞ് പോയതാണ്. ഇപ്പോള്‍ വീണ്ടും പൊങ്ങിയിട്ടുണ്ട്. കര്‍ഷകരെ സംരക്ഷിക്കാന്‍ പറ്റുന്നില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പിരിച്ചുവിടണം എന്നാണ് ജോര്‍ജേട്ടന്റെ ഇപ്പോഴത്തെ ആവശ്യം. ആത്മാര്‍ഥത കൂടി വട്ടായതാണ് എന്നൊക്കെ പറയാവുന്ന ഒരു സ്ഥിതിയിലാണെന്നു തോന്നുന്നു.

കേരളാ കോണ്‍ഗ്രസ് പിരിച്ചുവിട്ടാല്‍ മലയോര കര്‍ഷകര്‍ ചത്തുപോവാനൊന്നും പോകുന്നില്ല. കോണ്‍ഗ്രസിലും സിപിഎമ്മിലും ബിജെപിയിലുമൊക്കെയായി അവര്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിക്കൊള്ളൂം. അങ്ങനെ കുറച്ചുകൂടി വിശാലകാഴ്ചപ്പാടുള്ള പാര്‍ട്ടികളുടെ സ്വാധീനം ഉണ്ടായിരുന്നെങ്കില്‍ കസ്തൂരി രംഗന്‍ പ്രശ്‌നം ഇത്തരത്തില്‍ പള്ളീലച്ചന്‍മാരുടെ ലോ ക്ലാസ് രാഷ്ട്രീയത്തില്‍ കുടുങ്ങി ഇത്തരത്തില്‍ വര്‍ഗീയവല്‍ക്കരിക്കപ്പെട്ടു പോകില്ലായിരുന്നു.

ചുരുക്കിപ്പറഞ്ഞാല്‍ കസ്തൂരിരംഗന്‍ പ്രശ്‌നം ചക്ക കുഴയുന്നതുപോലെ കുഴഞ്ഞ് പണ്ടാരമടങ്ങിയിരിക്കുകയാണ്. റിപ്പോര്‍ട്ട്, ഓഫിസ് മെമ്മോറാണ്ടം, കരട് വിജ്ഞാപനം എന്നൊക്കെ പറഞ്ഞ് ആര്‍ക്കും ഒന്നും പിടിയില്ലാതായി. കസ്തൂരിരംഗന്‍ എന്നു പറയുന്ന ഭീകരന്‍ മലയോരത്ത് വന്നു കൊലയും കൊള്ളിവയ്പും നടത്തുകയും കുടിയേറ്റക്കാരെ ഒഴിപ്പിച്ച് അവിടം ഇടിച്ചു നിരപ്പാക്കി കടുവയെയും സിംഹത്തെയുമൊക്കെ വളര്‍ത്താനുള്ള പദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്നാണ് സമരം ചെയ്യാന്‍ പോലും സമയം കിട്ടാത്ത യഥാര്‍ഥ പാവപ്പെട്ട മലയോര കര്‍ഷകര്‍ ഭയപ്പെടുന്നത്. ഇന്ത്യാമഹാരാജ്യത്ത് ഒരിക്കലും അങ്ങനെയൊന്നും സംഭവിക്കില്ല എന്നത് ആര് അവരെ പറഞ്ഞു മനസ്സിലാക്കും. അഥവാ അങ്ങനെ സംഭവിച്ചാല്‍ തന്നെ അതിനു മുന്‍പ് മുല്ലപ്പെരിയാര്‍ ഡാം പൊട്ടി 35 ലക്ഷം ആളുകള്‍ അറബിക്കടലില്‍ പോവുകയും കൊച്ചി നഗരത്തിനു മുകളില്‍ 60 അടി ഉയരത്തില്‍ വെള്ളം തങ്ങിനില്‍ക്കുകയും ചെയ്യും. നാലു ജില്ല പോയിക്കഴിഞ്ഞാല്‍ പിന്നെ കേരളാ കോണ്‍ഗ്രസ് ഉണ്ടോ ? കസ്തൂരിരംഗനുണ്ടോ ? ഇടയന്‍മാരുണ്ടോ ?

[കുറിപ്പ്] ടെക്‌നോളജി സംബന്ധമായ പോസ്റ്റുകള്‍ മാത്രമേ ഇടൂ എന്നു പറഞ്ഞതിനു ശേഷം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെപ്പറ്റി എഴുതുന്നത് ശരിയാണോ എന്നു ചിലരെങ്കിലും ചോദിക്കാന്‍ ആഗ്രഹിക്കുന്നുണ്ടാവും. ഈ കസ്തൂരി രംഗന്‍ എന്നു പറഞ്ഞാല്‍ ആരാ ? ഇന്ത്യ കണ്ട ഏറ്റവും പ്രഗല്‍ഭന്‍മാരായ ബഹിരാകാശശാസ്ത്രജ്ഞന്‍മാരിലൊരാള്‍. ഒരു ടെക്‌നോളജി എഴുത്തുകാരന്‍ അത്തരത്തിലൊരു ശാത്രജ്ഞന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ടെക്‌നോളജി വിരുദ്ധമാകുമോ ?

പരിസ്ഥിതിയുടെ മാംസവും രക്തവും

ബിഷപ്പുമാരുടെ കയ്യില്‍ ക്രിസ്ത്യാനികളുടെ വോട്ടുബാങ്കിന്റെ താക്കോലുണ്ടെന്നു കരുതി അവരോടൊപ്പം രാഷ്ട്രീയം കളിക്കുന്ന ഇടതുപക്ഷ-വലതുപക്ഷ നേതാക്കാന്‍മാരേ നിങ്ങള്‍ക്കു ദുരിതം. ഈ പോക്കു പോയാല്‍ തിരഞ്ഞെടുപ്പുകാലമാകുമ്പോഴേക്കും ഇടയലേഖനങ്ങള്‍ക്ക് കാതുകൊടുക്കാന്‍ എത്ര കുഞ്ഞാടുകള്‍ തയ്യാറാവുമെന്നു കണ്ടറിയണം. ക്രിസ്തുവചനങ്ങളും ക്രിസ്തുവിന്റെ തത്വശാസ്ത്രവും മാറ്റിവച്ചുകൊണ്ട് പ്രാദേശികരാഷ്ട്രീയം കളിക്കുന്ന പൊന്നുതിരുമേനിമാര്‍ വിശ്വാസികളുടെ കഷ്ടകാലത്തിന്റെ ലക്ഷണമാണ്. പള്ളികള്‍ പണിതുയര്‍ത്താന്‍ പിരിവെടുക്കുകയും തിരഞ്ഞെടുപ്പുകാലത്ത് ഇടത്തു കുത്തെടാ, വലത്തു കുത്തെടാ എന്നു കല്‍പിക്കുകയും ചെയ്യുന്നവര്‍ക്ക് മനസാക്ഷിയുടെ തെമ്മാടിക്കുഴിയിലാണ് സ്ഥാനം.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് പരിശോധിക്കാമെന്നു സര്‍ക്കാര്‍ പറയുന്നത് തങ്ങളുടെ സംഘടിതശക്തി കണ്ടു ഭയന്നിട്ടാണെന്നു വിശ്വസിക്കുന്നവര്‍ ഭീഷണി കൊണ്ടും വോട്ട്ബാങ്ക് രാഷ്ട്രീയം കൊണ്ടും കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കാം എന്നു കരുതുന്നത് നല്ല പ്രവണതയല്ല. ഭരണചക്രത്തില്‍ മതനേതാക്കന്‍മാര്‍ കൂടി പിടിമുറുക്കുമ്പോള്‍ മതവും മതസ്ഥാപനങ്ങളും ഭരണകൂടത്തിന്റെ കയ്യെത്തും ദൂരത്ത് മാറിനില്‍ക്കുകയാണ്.

കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ രൂപപ്പെടുത്തിയതും കേരളസമൂഹത്തെ വിദ്യാഭ്യാസരംഗത്ത് ഇത്രത്തോളമെത്തിച്ചതും ക്രിസ്തീയസഭകളും അവരുടെ വിദ്യാഭ്യാസസ്ഥാപനങ്ങളുമൊക്കെയാണെന്നാണ് ചരിത്രം. ഇന്നും കേരളത്തില്‍ ഏറ്റവുമധികം ഫീസ് വാങ്ങുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളൊക്കെയും വിവിധ സഭകളും വൈദികരും കന്യാസ്ത്രീകളുമൊക്കെ നടത്തുന്നവയാണ്. അങ്ങനെ വിദ്യാഭ്യാസരംഗത്തിന്റെ അമരക്കാരായ ആളുകള്‍ക്ക് സാമൂഹിക-രാഷ്ട്രീയ കാര്യങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസം പോലുമില്ലാതായിപ്പോയതിന്റെ തകരാറുകളാണ് വിവിധ പ്രസ്താവനകളിലും സമരമുറകളിലുമൊക്കെ കാണുന്നത്. അതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് താമരശ്ശേരി ബിഷപിന്റെ പ്രസ്താവന.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാവുമെന്നാണ് നല്ല ഇടയന്റെ ഒടുവിലത്തെ പ്രസ്താവന. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍വാലാ ബാഗ് ആവര്‍ത്തിക്കും എന്നാണ് ബിഷപ് ഭീഷണിപ്പെടുത്തുന്നത്. ജാലിയന്‍വാലാ ബാഗില്‍ സത്യഗ്രഹസമരക്കാതെ ജനറല്‍ ഒ ഡയറിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടിഷ് പൊലീസ് ഒറ്റപ്പെടുത്തി വെടിവച്ചുകൊല്ലുകയായിരുന്നു. താമരശ്ശേരിയില്‍ അതെങ്ങനെ നടപ്പാക്കുമെന്നാണ് ബിഷപ് പറയുന്നത് എന്നു വ്യക്തമല്ല. എന്തായാലും സമാധാനം നിങ്ങളോടു കൂടെ എന്നു നാഴികകയ്ക്ക് നാല്‍പതു വട്ടം പറയുന്ന ബിഷപുമാര്‍ രക്തച്ചൊരിച്ചിലുണ്ടാവുമെന്നൊക്കെ പറയുന്നത് മാറ്റത്തിന്റെ ലക്ഷണമാണ്.

സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന മണിയാശാനു ശേഷം രാഷ്ട്രീയതാണ്ഡവമാടാനാരുമില്ലാതിരുന്ന ഇടുക്കിയിലെ വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ തന്നെയാണ് ഇടുക്കി ബിഷപ് കൈവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് എംപി പി.ടി.തോമസിനെ നേരിട്ടാക്രമിക്കുന്ന ബിഷപ് ഇടുക്കിയിലെ ക്രിസ്ത്യാനികള്‍ പൊതുവേ ഇടയലേഖനപ്രകാരം വോട്ടു ചെയ്യുന്ന കഴുതകളാണെന്ന ഉറച്ച വിശ്വാസത്തിലാണെന്നു തോന്നുന്നു. ബിഷപ് എന്നു കേട്ടപ്പോള്‍ കുഴഞ്ഞു വീഴാത്ത പി.ടി.തോമസ് സീറ്റ് കിട്ടിയില്ലെങ്കിലും കിട്ടിയാല്‍ അഥവാ തോറ്റുപോയാലും തന്റെ നിലപാടില്‍ നിന്നു കടുകിട മാറിയിട്ടില്ല എന്നത് വളരെ പോസിറ്റീവാണ്.

താമരശ്ശേരിയില്‍ സ്ഥിതി മറിച്ചാണ്. ക്രിസ്ത്യാനികളുടെ വോട്ടാണ് തന്റെ ശക്തി എന്നു തോന്നിയിട്ടാവണം പാവം ഷാനവാസ് എംപി രക്തച്ചൊരിച്ചില്‍ ആഹ്വാനം ചെയ്യുന്ന ബിഷപിന്റെ പിന്നില്‍ കുഞ്ഞാടിനെപ്പോലെ പതുങ്ങി നില്‍ക്കുകയാണ്. ബിഷപ്പിനെ ഡല്‍ഹിയില്‍ കൊണ്ടുപോയി പരിശുദ്ധ സോണിയാ ഗാന്ധിയെ കാണിച്ചും കൊടുത്തു. സോണിയാജിയെ കണ്ടപാടെ ബിഷപ് തനിക്കുറപ്പു കിട്ടിയെന്നും സമരം പിന്‍വലിച്ചെന്നുമൊക്കെ പറഞ്ഞിട്ടാണ് തിരികെ വന്ന് രക്തച്ചൊരിച്ചിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞയാഴ്ച നടത്തിയ സമരത്തില്‍ തന്നെ വേറെയാളുകള്‍ നുഴഞ്ഞുകയറി അക്രമം നടത്തി എന്നു ഇന്റലിജന്‍സ് പറയുമ്പോഴാണ് ബിഷപ് പുതിയ രക്തച്ചൊരിച്ചിലിന്റെ കാര്യം പറയുന്നത്.

വിദ്യാഭ്യാസരംഗത്തിന്റെ കാവല്‍മാലാഖകളാണെങ്കിലും കസ്തൂരിരംഗന്‍ വന്നപ്പോള്‍ വയനാട്ടിലും മാലാഖ റേഞ്ച് വിട്ടുപോയി. വയനാട് എക്യുമെനിക്കല്‍ ഫോറം ആഹ്വാനം ചെയ്ത മനുഷ്യച്ചങ്ങലയ്ക്ക് ആളെ കിട്ടാതെ വന്നപ്പോള്‍ പള്ളി വക സ്‌കൂളിലെ പിള്ളേരെ പിടിച്ചു പൊരിവെയിലത്തു നിര്‍ത്തി ചങ്ങലയുണ്ടാക്കിയാണ് കുഞ്ഞാടുകള്‍ കാര്യം സാധിച്ചത്. പിള്ളരെ നിര്‍ത്തി മനുഷ്യച്ചങ്ങലയുണ്ടാക്കിയതിനെതിരേ രക്ഷിതാക്കളും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമൊക്കെ രംഗത്തു വന്നിട്ടുണ്ടെങ്കിലും മുകളില്‍ സോണിയാ ഗാന്ധിയുള്ളതുകൊണ്ട് കുഴപ്പമൊന്നും സംഭവിക്കില്ല എന്നു വിശ്വസിക്കാം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ല എന്നത് ഏതാണ്ട് ഉറപ്പാക്കിക്കഴിഞ്ഞു. കര്‍ഷകരെ ഉപദ്രവിക്കാതെ, മാഫിയകളെ പിണക്കാതെ വന്യമൃഗങ്ങള്‍ക്കും ആദിവാസികള്‍ക്കും എട്ടിന്റെ പണികൊടുത്തുകൊണ്ടു നടപ്പാക്കാവുന്ന തരത്തില്‍ റിപ്പോര്‍ട്ട് പുതുക്കി വരികയും അത് സമാധാനപരമായി നടപ്പാവുകയും ചെയ്യുമെന്നു കരുതാം. റിപ്പോര്‍ട്ട് നടപ്പായാല്‍ കര്‍ഷകര്‍ നശിച്ചുപോവും, കര്‍ഷകരെ സംരക്ഷിക്കുക എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ നമുക്ക് മനസ്സിലാക്കാം. ഏറ്റവും ഒടുവിലായി റിപ്പോര്‍ട്ടിനെതിരേ വളരെ നിഷ്‌കളങ്കമായി രംഗത്തു വന്നരിക്കുന്നത് ക്വാറി-മണല്‍-പാറമട കര്‍ഷകരാണ്. അവരുടെ മുദ്രാവാക്യം ഇത്ര മാത്രം- കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ നിര്‍മാണമേഖല സ്തംഭിക്കും, ലക്ഷക്കണക്കിനു തൊഴിലാളികള്‍ പട്ടിണിയിലാവും. സംഗതി ശരിയാണ്. കര്‍ഷന്‍ പട്ടിണി കിടന്നാലും നിര്‍മാണത്തൊഴിലാളി പട്ടിണി കിടന്നാലും ഒക്കെ തുല്യമാണ്. അപ്പോള്‍ നിര്‍മാണമേഖലയെ സംരക്ഷിക്കുന്നതിനു വേണ്ടിയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാതിരിക്കാം. ആരെയും പട്ടിണിയിലാക്കാതെ എല്ലാവരെയും കൊലയ്ക്ക് കൊടുക്കാനുള്ള സുവര്‍ണാവസരമാണ് മുന്നിലുള്ളത്. കൊടുകൈ !

പരിസ്ഥിതിസ്‌നേഹത്തിനും കര്‍ഷകസ്‌നേഹത്തിനുമിടയില്‍

കുഞ്ഞാടുകളെ വച്ച് ഇടയന്‍മാര്‍ രാഷ്ട്രീയനാടകം കളിക്കാന്‍ പോയാല്‍ എന്തു സംഭവിക്കും എന്നതിന്റെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കോഴിക്കോട്ട് നടന്നത്. കസ്തൂരി രംഗന്റെ പേരില്‍ മലയോരകര്‍ഷകര്‍ നാട്ടില്‍ അഴിഞ്ഞാടിയപ്പോള്‍ ടിപ്പര്‍ ലോറിയില്‍ ഗുണ്ടകളും മാഫിയക്കാരും നുഴഞ്ഞുകയറി അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചെയ്തു- അതും കുഞ്ഞാടുകളുടെ ക്രെഡിറ്റില്‍. പണി പാളി എന്നു പിടികിട്ടിയ പിതാവ് പൊടുന്നനെ പ്ലേറ്റ് മാറ്റി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള പരാതികള്‍ പരിശോധിക്കാമെന്നു സോണിയാ ഗാന്ധി ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നാളെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നു പോലും പിന്‍വാങ്ങുകയാണെന്നാണ് ബിഷപ് പറഞ്ഞിരിക്കുന്നത്. വളരെ രസകരമായിരിക്കുന്നു.

സുപ്രീംകോടതിക്കും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും മേലേ കോണ്‍ഗ്രസ് അധ്യക്ഷയും ബിഷപും കൂടിയൊരു ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ തീരുന്ന പ്രശ്‌നത്തിനു വേണ്ടിയാണല്ലോ ഇതിനും മാത്രം അലമ്പുണ്ടാക്കിയതെന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു. രൂപതയിലെ വോട്ടുകളൊന്നടങ്കം പെട്ടിയിലാക്കാമെന്നു കരുതി ജില്ലാതലത്തിലും പഞ്ചായത്ത് തലത്തിലും ഒടുവില്‍ സംസ്ഥാനതലത്തിലും ഹര്‍ത്താല്‍ പരമ്പരകള്‍ നടത്തിവരുന്ന സിപിഎം നികൃഷ്ടജീവികളുടെ ആക്രമണത്തില്‍ നശിച്ചുപോകാതിരിക്കട്ടെ എന്നാശംസിക്കുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകര്‍ക്കു ദോഷകരമോ പ്രകൃതിക്കു ഗുണകരമോ തുടങ്ങിയ ചര്‍ച്ചകളൊക്കെ അപ്രസക്തമായി. പരിസ്ഥിതിയെക്കാള്‍ വലുത് മനുഷ്യരാണെന്ന കണ്‍കഌഷനില്‍ ഏതാണ്ട് എല്ലാവരുമെത്തിച്ചേര്‍ന്നു. പരിസ്ഥിതിവാദികളെ കല്ലെറിഞ്ഞു കൊല്ലുകയാണു വേണ്ടതെന്നും പൊതുവേ അഭിപ്രായമുയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ ഇപ്പോള്‍ തന്നെ വനം കൂടുതലാണെന്നും ഇനിയും അത് കൂടിയാല്‍ കാട്ടുമൃഗങ്ങള്‍ കേരളത്തിലെ ജനങ്ങളെ തിന്നൊടുക്കുമെന്നും വനം നിലനിര്‍ത്തുന്നതിനെക്കാള്‍ പരിസ്ഥിതിക്ക് ഗുണകരമാകുന്നത് വനമേഖയില്‍ കര്‍ഷകര്‍ കൃഷി ചെയ്യുമ്പോഴാണെന്നുമൊക്കെ ഈ ദിവസങ്ങളില്‍ അറിവും വിവരവും അനുഭവവുമുള്ള വിവേകജ്ഞാനികള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെയൊന്നും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ ഉള്ള യോഗ്യത എനിക്കില്ലാത്തതിനാല്‍ അതിലേക്കൊന്നും കടക്കുന്നില്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മൊത്തത്തില്‍ നടക്കുന്നത് ആളുകളെ ഭയപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി നാട്ടില്‍ അക്രമവും അരാജകത്വവും സൃഷ്ടിക്കുന്ന രാജ്യദ്രോഹപ്രവൃത്തിയാണ് എന്നത് പറയുന്നതില്‍ ഇടുക്കി-വയനാട്-താമരശേരി-പൂഞ്ഞാര്‍ ബെല്‍റ്റിലുള്ള മലയോരകര്‍ഷകരും സഹപ്രവര്‍ത്തകരും കോപിക്കരുത്. എന്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടെന്നും ആ റിപ്പോര്‍ട്ട് നടപ്പിലായാല്‍ എന്തു സംഭവിക്കുമെന്നും ഒരുത്തനും അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. അച്ചനും കപ്യാരും പള്ളിക്കമ്മിറ്റിക്കാരും കൂടി ആളുകളെ പറഞ്ഞുധരിപ്പിച്ചിരിക്കുന്നത് പ്രകാരം റിപ്പോര്‍ട്ട് നടപ്പായാല്‍ നല്ലൊരു ശതമാനം ആളുകളെയും സര്‍ക്കാര്‍ കുടിയൊഴിപ്പിച്ച് തെരുവിലിറക്കും. കുടിയൊഴിപ്പിക്കപ്പെടാത്തവര്‍ക്ക് അവരുടെ ഭൂമിയില്‍ കൃഷി ചെയ്യാനോ പശുക്കളെ മേയ്ക്കാനോ വിളവെടുക്കാനോ അവകാശമുണ്ടായിരിക്കില്ല. റിപ്പോര്‍ട്ട് നടപ്പായതിനു ശേഷം പറമ്പ് വില്‍ക്കാന്‍ ശ്രമിക്കുകയോ പറമ്പിലെ തടി വെട്ടി വില്‍ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നവര്‍ ജയിലില്‍ പോകും. മൊത്തത്തില്‍ നാടെല്ലാം കാടാക്കി മാറ്റാനുള്ള ഗുഢപദ്ധതിയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ കിംവദന്തികള്‍ കൊണ്ടു മെഴുത്തുരുണ്ട കാള പ്രസവിക്കുമ്പോള്‍ പാവപ്പെട്ട കര്‍ഷകര്‍ കയറുമെടുത്തിറങ്ങുന്നതില്‍ തെറ്റ് പറയാനൊക്കില്ല.

ഇവിടെ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാകുന്ന 123 വില്ലേജുകള്‍ക്ക് എന്തു സംഭവിക്കും എന്നു പറയാനാവാതെ കസ്തൂരിരംഗനെയും സര്‍ക്കാരിനെയും വെല്ലുവിളിച്ച് ഇടയലേഖനങ്ങളിറക്കുന്ന ബിഷപുമാരും അടിക്കടി ഹര്‍ത്താലുകള്‍ നടത്തി എരിതീയില്‍ എണ്ണയൊഴിച്ച് കസ്തൂരിരംഗനെ കോണ്‍ഗ്രസ് വിരുദ്ധ വോട്ട് ബാങ്കാക്കി അത് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്നതെങ്ങനെയെന്നാലോചിക്കുന്ന എല്‍ഡിഎഫും സംഗതി എന്താണെന്ന് ഒരുപിടിയും കിട്ടാതെ നില്‍ക്കുന്ന കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും ഈ പ്രദേശത്തെ ജനപ്രതിനിധികളുമാണ് മൊത്തത്തില്‍ ഈ പ്രശ്‌നങ്ങളുടെ ഉത്തരവാദികള്‍ എന്നു നിസ്സംശയം പറയാം. വോട്ടുകള്‍ ഞങ്ങള്‍ക്കു തന്നെ കിട്ടണമെന്ന വാശിയില്‍ നേതാക്കന്‍മാരും വോട്ടുകള്‍ എവിടേക്കു പോകണമെന്നു ഞങ്ങള്‍ തീരുമാനിക്കുമെന്ന മട്ടില്‍ ബീഷപുമാരും നില്‍ക്കുമ്പോള്‍ കഴുതകളാവുന്നത് സ്ഥിരം കക്ഷികള്‍ തന്നെയായിരിക്കും.

കര്‍ഷസമരം എന്നു വിശേഷിപ്പിക്കുമ്പോള്‍ തന്നെ മതമേലധ്യക്ഷന്‍മാര്‍ സമരം പ്രഖ്യാപിക്കുകയും അത് പിന്‍വലിക്കുകയുമൊക്കെ ചെയ്യുന്നത് തന്നെ അത് കര്‍ഷകസമരമല്ലെന്നതിന്റെ തെളിവാണ്. മുകളില്‍ പറഞ്ഞതുപോലെ ഭരണസംവിധാനത്തെ മൊത്തത്തില്‍ അസാധുവാക്കിക്കൊണ്ട് ബിഷപിനു സോണിയാ ഗാന്ധി ഉറപ്പു കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ എല്ലാം കോംപ്ലിമെന്റ്‌സ് ആയി എന്നു ബിഷപ് പറയുമ്പോള്‍ ഇക്കണ്ടതെല്ലാം ജനകീയസമരമായിരുന്നു എന്നു പറയുന്നതിന്‍െ അടിസ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. സമരത്തില്‍ നിന്നു പിന്‍വാങ്ങി എന്നു ബിഷപ് പറയുമ്പോള്‍ തന്നെ സമരം ശക്തമായി തുടരുമെന്നു പറയുന്ന ഇടയലേഖനം പള്ളികളില്‍ വായിക്കുകയാണ്. ഇടുക്കിയിലെ ബിഷപ് പി.ടിതോമസിന് വോട്ടു ചെയ്യരുതെന്ന സന്ദേശം വളരെ വ്യക്തമായി വിശ്വാസികള്‍ക്കു നല്‍കുമ്പോള്‍ നിസ്സഹായനായ പി.ടി.തോമസ് പറയുന്നത് ഇടുക്കി ബിഷപിനു ഗൂഢ അജന്‍ഡയുണ്ടെന്നാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കര്‍ഷകരെ ഉപദ്രവിക്കാനുള്ളതല്ല പരിസ്ഥിതിയെ സംരക്ഷിക്കാനുള്ളതാണ് എന്ന സത്യം അംഗീകരിച്ചാല്‍ തന്നെ അടിസ്ഥാനപരമായുള്ള വിദ്വേഷവും ശത്രുതാ മനോഭാവവും അവസാനിപ്പിക്കാം. മലയോരമേഖലയില്‍ ഖനനം നടത്തുന്നതും പാറമട നടത്തുന്നതും താപവൈദ്യുതനിലയങ്ങള്‍ സ്ഥാപിക്കുന്നതും 20,000 ചതുരശ്ര അടിയില്‍ കവിഞ്ഞ കെട്ടിടങ്ങളും 50 ഹെട്കറിലധികം വിസ്താരമുള്ള ടൗണ്‍ഷിപ്പുകളും നിര്‍മിക്കുന്നവരെ മലയോരകര്‍ഷകരെന്നു വിളിക്കുന്നത് അതിവിനയമാണ്. മലയോരകര്‍ഷകര്‍ ഇതൊന്നും ചെയ്യുന്നില്ലെങ്കില്‍ ഇവിടെ നടന്ന പ്രതിഷേധങ്ങളും അക്രമങ്ങളും അഴിഞ്ഞാട്ടങ്ങളുമെല്ലാം അര്‍ഥശൂന്യവുമാണ്. ആവേശം കൊള്ളിക്കുന്ന ഇടയ-കുഞ്ഞാട് ലേഖനങ്ങള്‍ ചമയ്ക്കുന്ന അത്ര എളുപ്പമല്ലെങ്കിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് എന്താണെന്നു വായിച്ചുമനസ്സിലാക്കുന്നത് അത്ര ക്ലേശകരമായ കാര്യമല്ല.

കുറിപ്പ്: ഐസ്‌ലാന്‍ഡില്‍ ഞണ്ടുകള്‍ പാലായനം ചെയ്യുന്ന സീസണില്‍ ദേശീയപാത തന്നെ അടച്ച് അവയുടെ പരിസ്ഥിതി സംരക്ഷിക്കുന്ന അവിടുത്തെ സര്‍ക്കാരിന്റെ കാലുകഴുകിയ വെള്ളം കുടിക്കാനുള്ള യോഗ്യത ഇന്ത്യയിലെ ഭരണാധികാരികള്‍ക്കില്ല എന്നു പണ്ട് ആവേശപൂര്‍വം പറഞ്ഞ ഒരച്ചായന്‍ പശ്ചിമഘട്ടം ഉള്‍പ്പെടെ ഭൂമിയിലെ ഓരോ കോണും മനുഷ്യനുവേണ്ടി സൃഷ്ടിച്ചതാണെന്നും എല്ലാത്തിലും വലുത് മനുഷ്യനാണെന്നും പറഞ്ഞ് കസ്തൂരി രംഗന്റെ തന്തയ്ക്കു വിളിക്കുന്നത് കഴിഞ്ഞ ദിവസം കേള്‍ക്കാനിടയായി. ഒരു കുളിര്, അത്രേയുള്ളൂ.

പിന്നേം കുറിപ്പ്: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനിരയാവുന്ന 123 വില്ലേജുകളിലൊന്നില്‍ സകലസ്ഥാവരജംഗമ വസ്തുക്കളും ഉള്‍പ്പെടുന്നവനാണ് ഞാനും. ഇടുക്കിയിലും വയനാട്ടിലും ജീവിക്കാത്തവരും നഗരങ്ങളില്‍ താമസിക്കുന്നവരും ഫ്രോഡുകളാണ് എന്ന വാദത്തിന് അടിസ്ഥാനമില്ല. നമുക്കും വരുംതലമുറകള്‍ക്കും വെള്ളവും വായുവും ലഭിക്കുന്നതിനു വേണ്ടി ഇപ്പോള്‍ അല്‍പം പരിസ്ഥിതിസ്‌നേഹമാകാം എന്നു പറയുന്നവരെ കര്‍ഷകവിരോധികളെന്നു വിളിക്കുന്നവരാണ് യഥാര്‍ഥഫ്രോഡുകള്‍. നന്ദി, നമസ്‌കാരം.

മുട്ടനാടുകളുടെ പരിസ്ഥിതി

പരിസ്ഥിതിസംരക്ഷണവും മലയോരകര്‍ഷകരുടെ നിലനില്‍പും തമ്മില്‍ പൊരുത്തപ്പെടാതെ വരുന്നതിന്റെ സംഘര്‍ഷങ്ങളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പ്രതിഷേധങ്ങളായി പരിണമിക്കുന്നത്. കര്‍ഷകര്‍ എന്തു കൃഷി ചെയ്യണമെന്നും എങ്ങനെ കൃഷി ചെയ്യണമെന്നുമൊക്കെ നിയമത്തിലൂടെ നിര്‍ണയിക്കപ്പെടുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ നിയമം നടപ്പാക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ ഈ നിയമത്തിലൂടെ കര്‍ഷകരെ പീഡിപ്പിക്കുമെന്നും കുടിയേറ്റ കര്‍ഷകരെ മലയോരമേഖലയില്‍ നിന്നും തുരത്തി വിവിധ മാഫിയകളെയും ഗുഢശക്തികളെയും അവിടെ പ്രതിഷ്ഠിക്കുമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആശങ്ക.

കുടിയേറ്റ കൃഷിക്കാരില്‍ നല്ലൊരു ശതമാനവും പാലാ-തൊടുപുഴ-കാഞ്ഞിരപ്പള്ളി-ചങ്ങനാശ്ശേരി ബെല്‍റ്റില്‍ നിന്നുള്ള ക്രിസ്ത്യാനികളാണ് എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ കേരളത്തിലുള്ള മറ്റു ക്രിസ്ത്യാനികള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കണമെന്നും ക്രിസ്ത്യാനികളുടെ കയ്യിലുള്ള ഭൂമി കൈവശപ്പെടുത്തുന്നതിനു വേണ്ടി മറ്റു സമുദായക്കാര്‍ ഈ നിയമത്തിന് അനുകൂലമായി നിലപാടെടുക്കുന്നുവെന്നും ആ നിലപാടിന് സര്‍ക്കാരുദ്യോഗസ്ഥരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുമെന്നാണ് നിശബ്ദമായി പ്രചരിപ്പിക്കപ്പെടുന്ന തിയറി. പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്നു പറയുമ്പോള്‍ ക്രിസ്ത്യാനികള്‍ ഒരുമിച്ചു നില്‍ക്കണം എന്ന മറുപടി തീരെ അനുയോജ്യമല്ല.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയോരമേഖലയിലെ ക്രിസ്ത്യാനികളെ നാടുകടത്തി ആ ഭൂമി മറ്റു സമുദായക്കാര്‍ക്ക് നല്‍കുന്നതിനു വേണ്ടി ഉണ്ടാക്കിയിട്ടുള്ളതാണ് എന്നു പറയുന്നവരെയും പ്രചരിപ്പിക്കുന്നവരെയും സൂക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം. തള്ള ചവുട്ടിയാല്‍ പിള്ളയ്ക്കു ദോഷമില്ല എന്നു പറയുന്നതുപോലെ ക്രിസ്ത്യാനി കയ്യേറിയാല്‍ പരിസ്ഥിതിക്കു ദോഷമില്ല എന്നത് ഒരന്ധവിശ്വാസമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ഏത് സമുദായക്കാരനാണെങ്കിലും അതിന്റെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്നത് സമൂഹം മുഴുവനുമാണ്. മലവെള്ളപ്പാച്ചിലോ വെള്ളപ്പൊക്കമോ കൊടുംവരള്‍ച്ചയോ ഓന്‍ നമ്മുടെ ആളാണ് എന്നു പറഞ്ഞ് ആരെയും ഒഴിവാക്കി കടന്നുപോകാറില്ല.

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ സര്‍ക്കാര്‍ ഉണ്ടാക്കിയത് നല്ല ഉദ്ദേങ്ങളോടെ തന്നെയാണ്. മറ്റു സംസ്ഥാങ്ങളിലെ പശ്ചിമഘട്ടം സംരക്ഷിക്കുന്നതുപോലെ തന്നെയാണ് കേരളത്തിലെ പശ്ചിമഘട്ടവും സംരക്ഷിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, കേരളത്തിലെ പശ്ചിമഘട്ടമലനിരകളിലൊക്കെ ആളുകള്‍ കയറി താമസിക്കുകയും അവിടെ കൃഷി ചെയ്യുകയും പാറമടകള്‍ നടത്തുകയുമൊക്കെ ചെയ്യുന്നതുകൊണ്ട് കേരളത്തില്‍ അത്ര സംരക്ഷണം വേണ്ട എന്നു നമുക്ക് പറയാനാവില്ല. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ പ്രതിരോധിക്കാന്‍ രാഷ്ട്രീയസമ്മര്‍ദ്ദങ്ങളും വോട്ട് ബാങ്കിന്റെ കഴുത്തില്‍ കത്തിവച്ചുകൊണ്ടുള്ള സ്ഥിരം ബ്ലാക്‌മെയിലിങ് തന്ത്രവുമാണ് അവശേഷിക്കുന്നത്.

ഗാഡ്ഗില്‍-കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകള്‍ കാര്യമായി ബാധിക്കുന്ന ഇടുക്കി ജില്ലയിലാണ് പ്രതിഷേധങ്ങളും കൂടുതല്‍. ഇടുക്കി ജില്ലയിലുള്ള സാധാരണക്കാരായ കര്‍ഷകരെ മുന്‍നിര്‍ത്തി നടത്തുന്ന സമരത്തിന്റെ നിഷ്‌കളങ്കത എത്രത്തോളമുണ്ട് എന്നു നമുക്ക് പറയാനാവില്ല. കാരണം, ഏറ്റവുമധികം കയ്യേറ്റങ്ങള്‍ നടക്കുന്ന ജില്ലകളിലൊന്നാണ് ഇടുക്കി. പണ്ട് വനം ആയിരുന്ന ഇടുക്കിയില്‍ ഇന്നു കേരളത്തിലെ മിക്കവാറും സിനിമാതാരങ്ങള്‍ക്കും മുതലാളിമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും രാഷ്ട്രീയനേതാക്കന്‍മാര്‍ക്കും എല്ലാം എസ്റ്റേറ്റുകളും റിസോര്‍ട്ടുകളും വേനല്‍ക്കാലവസതികളുമുണ്ട്. മലയോര കര്‍ഷകന്റെ ഗതികേട് ചൂണ്ടിക്കാണിച്ചും പരിസ്ഥിതിസ്‌നേഹികളെ തട്ടിപ്പുകാരെന്നു വിളിച്ചും ആളുകളെ സംഘടിപ്പിക്കുന്നതിന് വിമോചനസമരമെന്ന പേരു തീരെ ചേരില്ല.

ഇടുക്കി രൂപതയിലെ പള്ളികളില്‍ ഇന്നു വായിച്ച ഇടയലേഖനം കുടിയേറ്റ ജനതയുടെ വേദനകള്‍ പങ്കുവയ്ക്കുന്നതിനപ്പുറത്തേക്കു കടക്കുന്നു എന്നതാണ് ആശങ്കയുയര്‍ത്തുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്നവരെ സംഘടിതമായി നേരിടുമെന്നാണ് ഇടയലേഖനം മുന്നറിയിപ്പു നല്‍കുന്നത്. കര്‍ഷകര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍ രാജിവച്ച് റിപ്പോര്‍ട്ടിനെതിരേ നിലപാടെടുക്കണം എന്നും കര്‍ഷകര്‍ക്കു വേണ്ടി നിലകൊള്ളുന്ന പാര്‍ട്ടികള്‍ സര്‍ക്കാരില്‍ നിന്നു പിന്മാറണമെന്നും ഇടയലഖനം ആവശ്യപ്പെടുന്നു. ഇതിനു പുറമേ ഇടുക്കിയിലെ പട്ടയ പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ മന്ത്രിമാരെയും ജനപ്രതിനിധികളെയും തെരുവില്‍ നേരിടുമെന്നും ഇടയലേഖനം പറയുന്നു.

ഞാന്‍ വിശ്വസിക്കുന്ന ദൈവം കത്തോലിക്കനല്ല എന്നു പറഞ്ഞ് വിപ്ലവകരമായ ചിന്തകളിലൂടെ ക്രൈസ്തവസമൂഹത്തെ നയിക്കുന്ന മാര്‍പ്പാപ്പ മുകളിലുള്ളപ്പോള്‍ വിശുദ്ധരായ ബിഷപുമാര്‍ പാര്‍ട്ടി സര്‍ക്കുലറിനെ അനുസ്മരിപ്പിക്കുന്ന ഇടയലേഖനങ്ങളിലൂടെ ലോക്കല്‍ രാഷ്ട്രീയം കളിക്കുന്നത് ഖേദകരമാണ്. വനഭൂമി സര്‍ക്കാരിന്റെയും കൃഷിഭൂമി ജനങ്ങളുടെയുമാണ് എന്നത് തെറ്റിദ്ധാരണയാണ്. വനവും പരിസ്ഥിതിയും സംരക്ഷിക്കപ്പെടേണ്ടതു ലോകത്തിന്റെ മുഴുവന്‍ ആവശ്യമാണ്. പരിസ്ഥിതി സംരക്ഷിക്കേണ്ടത് മനുഷ്യരാശിയുടെ തന്നെ ശ്വാസം നിലനിര്‍ത്തേണ്ടതിന് അനിവാര്യമാണെന്നിരിക്കെ മനുഷ്യന്റെ താല്‍പര്യം സംരക്ഷിച്ചിട്ടു പ്രകൃതിയുടെ കാര്യം നോക്കിയാല്‍ മതി എന്നു പറയുന്നത് വിഡ്ഡിത്തമാണെന്നു തിരിച്ചറിയുക. ഭൂമിയും പ്രപഞ്ചവുമെല്ലാം സൃഷ്ടിച്ച ദൈവം നമ്മുടെ പോക്കറ്റില്‍ കിടക്കുമ്പോള്‍ എന്തു പേടിക്കാനാണ് എന്നു ചി്തിക്കുന്നത് ഒട്ടും പോസിറ്റീവല്ല.

പരിസ്ഥിതിലോല വികാരങ്ങള്‍

പ്രിയ കുഞ്ഞാടുകള്‍ക്ക് കര്‍ത്താവ് അനുഗ്രഹിച്ചു നല്‍കിയ പശ്ചിമഘട്ടമലനിരകളുടെ മേല്‍ കസ്തൂരിരംഗന്‍ എന്നൊരു ദുഷ്ടശക്തി ആവേശിച്ചിരിക്കുന്നതില്‍ ആശങ്കപ്പെട്ടും മലയോര കര്‍ഷകരായ ലക്ഷക്കണക്കിനു കുഞ്ഞാടുകളെ അവിടെ നിന്നു പുറത്താക്കുവന്‍ നടക്കുന്ന ഗൂഢശ്രമങ്ങള്‍ക്കെതിരേ പ്രതിഷേധിച്ചും പൊന്നുതിരുമേനിമാരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടികള്‍ നടന്നുവരികയാണ്. പണ്ട് ഇസ്രായേല്‍ ജനതയെ കാനാന്‍ദേശത്തു നിന്നു തുരത്തി ദുഷ്ടശക്തികള്‍ അവിടെ അധികാരം സ്ഥാപിച്ചതുപോലെ മലയോര കര്‍ഷകരെ പശ്ചിമഘട്ട മലനിരകളില്‍ നിന്നും തുരത്തുന്നതിനുള്ള ഗൂഢപദ്ധതികളാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത് എന്നാണ് ഇടയലേഖനങ്ങളില്‍ നിന്നും മനസ്സിലാവുന്നത്.

പരിസ്ഥിതിക്കെതിരായ കടന്നുകയറ്റങ്ങള്‍ പാപമായി കണക്കാക്കണം എന്നു പറഞ്ഞ മതമേലധ്യക്ഷ്യന്‍മാര്‍ കാര്യത്തോടടുത്തപ്പോള്‍ മനുഷ്യനാണ് പ്രകൃതിയെക്കാള്‍ വലുത് എന്ന തിയറിയുമായി പുതിയ വിമോചനസമരത്തിനുള്ള പുറപ്പാടിലാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മറ്റൊരു പുറപ്പാട് സംഭവിക്കുമെന്ന മട്ടില്‍ വിഡ്ഡിത്തങ്ങള്‍ വിളമ്പുന്ന, ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകള്‍ നടത്തുന്ന, ഇടയലേഖനങ്ങള്‍ ചമയ്ക്കുന്ന ഇടയന്‍മാര്‍ക്കും കുഞ്ഞാടുകള്‍ക്കും വായിക്കാന്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ രണ്ടു വാല്യങ്ങളും ഇവിടെ സമര്‍പ്പിക്കുന്നു. ക്ലിക്ക് ചെയ്തു നോക്കാന്‍ പോലും കൂട്ടാക്കാതെ നേരേ തെമ്മാടിക്കുഴിയിലേക്കു തട്ടരുത്.

1. REPORT OF THE HIGH LEVEL WORKING GROUP ON WESTERN GHATS- Volume I
2. REPORT OF THE HIGH LEVEL WORKING GROUP ON WESTERN GHATS- Volume II

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇടുക്കിയിലെയും വയനാട്ടിലെയും മറ്റു ജില്ലകളിലെ മലയോരമേഖലകളിലെയും പാവപ്പെട്ട കര്‍ഷകരെ മുഴുവന്‍ നാടു കടത്തും എന്നാണ് പ്രധാനപ്രചാരണങ്ങളിലൊന്ന്. ഇത് പച്ചക്കള്ളമാണ്. പരിസ്ഥിതി ലോലമേഖലകളില്‍ പരിസ്ഥിതിയുടെ സ്വാഭാവികതയെ അട്ടിമറിക്കുന്ന കൃഷികള്‍ക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കും നിയന്ത്രണമുണ്ടാവും എന്നതാണ് റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ സ്വാഭാവികമായും സംഭവിക്കുന്നത്. മനുഷ്യന് മൃഗങ്ങളുടെ അത്ര പോലും പരിഗണനയില്ലേ എന്നും കാടു നന്നാക്കാന്‍ വേണ്ടി നാട്ടിലുള്ളവരെ പീഡിപ്പിക്കണോ എന്നുമൊക്കെയാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവരുടെ അടുത്ത ചോദ്യം. കാട് എന്നതിനെ ഇവര്‍ എങ്ങനെ നിര്‍വചിക്കുന്നു എന്നതാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.

കാട്ടില്‍ മൃഗങ്ങളുടെ മൂക്കിനു താഴെ ഭൂമി കയ്യേറി താമസിച്ചിട്ട് വന്യമൃഗശല്യത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കണം എന്നാവശ്യപ്പെട്ടു പ്രക്ഷോഭം നടത്തുന്നവരോടു കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എളുപ്പമല്ല. അവരുടെ നിഷ്‌കളങ്കതയ്ക്കു പിന്നില്‍ അധിനിവേശത്തിന്റെ ദുരൂഹതയുണ്ട്. അവശേഷിക്കുന്ന കാടൊക്കെ നാടാക്കി മാറ്റുന്നതിലൂടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്നും വികസനം പൂവണിയുമെന്നും ഭാവിക്കുന്നവരോട് സമവായങ്ങളുടെ ആവശ്യവുമില്ല. പരിസ്ഥിതിയെയും പ്രകൃതിയെയും നാടിന്റെ ജൈവസമ്പത്തിനെയും സ്വാധീനിക്കുന്ന മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ആവശ്യമില്ല എന്നു വാദിക്കുന്നവന്‍ നാടിന്റെയും പ്രകൃതിയുടെയും ശത്രുവാണ്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ മലയോരമേഖലയിലെ താമസക്കാര്‍ പ്രകൃതിയോട് ഇണങ്ങി ജീവിക്കേണ്ടി വരും. കാട്ടില്‍ റിസോര്‍ട്ട് പണിയുന്നതിനും പാറമടകള്‍ ഉണ്ടാക്കുന്നതിനും എല്ലാ കുന്നുകളുടെയും മുകളില്‍ കുരിശടി പണിയുന്നതിനും നിയന്ത്രണം വരും. ഇതൊക്കെ ചെയ്യുന്നവരാണ് മലയോര കര്‍ഷരെങ്കില്‍ അവരെ കര്‍ഷകര്‍ എന്നു വിളിക്കുന്നതില്‍ അര്‍ഥമില്ല. അത്തരക്കാരെ സംരക്ഷിക്കണം എന്നാക്രോശിക്കുന്നവരെ കല്ലെറിയുകയാണ് വേണ്ടത്.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പരിസ്ഥിതിക്ക് അനുകൂലമാണ് എന്നു വ്യക്തമായി അറിയാമായിരുന്നിട്ടും പരിസ്ഥിതിലോലമേഖലകളെ നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ മാത്രം കാണാന്‍ കഴിയുന്ന രാഷ്ട്രീയ കക്ഷികള്‍ കര്‍ഷകര്‍ക്കൊപ്പമാണ് തങ്ങളെന്നു ഭാവിച്ച് ഇടുക്കിയിലും വയനാട്ടിലും ഹര്‍ത്താല്‍ നടത്തി. കോഴിക്കോട്ട് ഹര്‍ത്താലിനാഹ്വാനം ചെയ്ത ഇടതു-വലതു പാര്‍ട്ടികള്‍ക്ക് മലയോര മേഖലയ്ക്കു പുറത്തേക്ക് അതു വ്യാപിക്കിക്കാനുള്ള ധൈര്യമുണ്ടായില്ല. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മലയോരമേഖലയിലെ വോട്ടുകളെ സ്വാധീനിക്കാമെന്ന വ്യാമോഹത്തില്‍ ഹര്‍ത്താല്‍ നാടകം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന നാലാംകിട നേതാക്കന്‍മാരോട് പുച്ഛമല്ലാതെ മറ്റൊന്നും തോന്നുന്നില്ല.

ഏറ്റവും രസകരമായി തോന്നുന്നത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരേ ആഞ്ഞടിക്കുന്ന പലരുടെയും നാണംകെട്ട ഇരട്ടത്താപ്പാണ്. ഒരു റോഡിന് അല്‍പം വീതി കൂട്ടാന്‍ സര്‍ക്കാര്‍ സ്ഥലം ചോദിക്കുമ്പോള്‍ പരിസ്ഥിതി നശിപ്പിച്ചുകൊണ്ട് ഇവിടെ വികസനം വേണ്ട എന്നാക്രോശിക്കുന്നവര്‍ പരിസ്ഥിതിലോലമേഖലകളെ സംരക്ഷിക്കണമെന്നു സര്‍ക്കാര്‍ പറയുമ്പോള്‍ വികസനം നിഷേധിച്ചുകൊണ്ട് ഇവിടെ പരിസ്ഥിതി സംരക്ഷണം വേണ്ട എന്നു മറിച്ച് ആക്രോശിക്കുകയാണ്. വികസനമായാലും പരിസ്ഥിതി സംക്ഷണമായാലും എന്റെ ഒരിഞ്ചു പോലും ഞാനാര്‍ക്കും വിട്ടുകൊടുക്കില്ല എന്ന സ്വാര്‍ഥതയ്ക്കപ്പുറം പ്രതിഷേധങ്ങള്‍ക്ക് ഒരടിസ്ഥാനവുമില്ല എന്നതാണ് യാഥാര്‍ഥ്യം.

സിറ്റിയിലെ ഫഌറ്റിലെ എസി മുറിയിലിരുന്ന് ഇങ്ങനെയൊക്കെ എഴുതാന്‍ ആര്‍ക്കും പറ്റും. പാവപ്പെട്ട മലയോര കര്‍ഷകരുടെ വേദന നിനക്കറിയില്ല എന്ന് എന്നോടു പറയരുത്. കോടീശ്വരനായ എന്റെ എസ്‌റ്റേറ്റുകളും മുതലക്കുളങ്ങളും പാടശേഖരങ്ങളും എന്തിന് കൊട്ടാരസദൃശമായ ബംഗ്ലാവു പോലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാവുമ്പോള്‍ പരിസ്ഥിതിലോലമേഖലയിലാവുന്ന കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കിലാണ്. എനിക്ക് അതല്ലാതെ വേറെ എസ്‌റ്റേറ്റുകളോ ബംഗ്ലാവുകളോ മുതലക്കുളങ്ങളോ ഇല്ല. എങ്കിലും ഞാന്‍ പറയുന്നു, പരിസ്ഥിതിയാണ് പ്രധാനം.

ക്ഷീരമുള്ളോരകിന്‍ ചുവട്ടിലും ബന്ദ് തന്നെ മില്‍മയ്ക്കു കൗതുകം

സ്ഥിരം ബന്ദ്, ഹര്‍ത്താലുകളില്‍ നിന്നു വ്യത്യസ്തമായി വയനാടുകാര്‍ ഇന്നു ക്ഷീരബന്ദ് ആചരിക്കുകയാണ്. ഇതില്‍ മതമോ രാഷ്ട്രീയമോ ഇല്ലാത്തതുകൊണ്ടും ബന്ദ് ആചരിക്കുന്നത് കര്‍ഷരായ പാവം വയനാട്ടുകാരായതുകൊണ്ടും നമുക്ക് ആവോളം ആക്ഷേപിക്കാം. ഇവിടെ കണ്ട അണ്ട്നും അടകോടനുമൊക്കെ ഓരോ ആവശ്യങ്ങള്‍ പറഞ്ഞ് ബന്ദാചരിക്കാം.സര്‍ക്കാരുമായി ഒരു ധാരണപ്രകാരമാണ് ആചരിക്കുന്നതെങ്കില്‍ പ്രയോജനമുണ്ടാകും, അല്ലെങ്കില്‍ ഒരു ചുക്കും സംഭവിക്കില്ല. ഇവിടെ ക്ഷീരകര്‍ഷകരുടെ പ്രതിസന്ധി എന്താണെന്നു വച്ചാല്‍ അവര്‍ക്കു കഞ്ഞികുടിക്കാനുള്ള വക പാല്‍ക്കച്ചവടത്തില്‍ നിന്നു കിട്ടുന്നില്ല എന്നതാണ്.

അപ്പോള്‍ ക്ഷീരബന്ദ് കൊണ്ടു പ്രയോജനമുണ്ടാകില്ലേ ? സര്‍ക്കാര്‍ ചര്‍ച്ചയ്‍ക്കു പോലും തയ്യാറാകില്ലേ ?

മില്‍മ പാല്‍ വില കൂട്ടിയതുകൊണ്ടു ക്ഷീരകര്‍ഷകരുടെ പ്രശ്നങ്ങള്‍ അവസാനിക്കുകയില്ല എന്നാണ് ഭക്ഷ്യമന്ത്രി സി. ദിവാകരന്‍ പറഞ്ഞിരിക്കുന്നത്. അതായത് അവര്‍ സമരം ചെയ്യുന്നതൊക്കെ വെറുതെ. പാല്‍കുടിക്കുന്നവന്‍റെ രാഷ്ട്രീയമാണ് അതുണ്ടാക്കുന്നവന്‍റെ രാഷ്ട്രീയത്തെക്കാള്‍ വോട്ടുബലമുള്ളതെന്നു സര്‍ക്കാരിനറിയാം. സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്കു രാഷ്ട്രീയമില്ല. കര്‍ഷകരില്‍ ആരെങ്കിലും രാഷ്ട്രീയസമ്മര്‍ദം ചെലുത്തുന്നതുകൊണ്ടായിരിക്കാം ഇത്തരം നടപടികള്‍ ഉണ്ടാകുന്നത് എന്നാണ് മന്ത്രി പറയുന്നത്. അതായത് ക്ഷീരകര്‍ഷകര്‍ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല. അവര്‍ അനന്തകാലത്തോളം നഷ്ടക്കണക്കുകളുമായി പാലുല്‍പാദിപ്പിച്ചുകൊണ്ടിരിക്കണം.

വയനാട്ടിലെ പാവം പശുക്കളെ കറക്കാതെയാണ് കര്‍ഷകര്‍ ബന്ദാചരിക്കുന്നതെങ്കില്‍ അത് പശുക്കളുടെ മനുഷ്യാവകാശലംഘനമാണ്. പക്ഷെ, കര്‍ഷകര്‍ പാല്‍ അളക്കാതെയും ക്ഷീരസംഘങ്ങള്‍ പാല്‍ സംഭരിക്കാതെയുമാണു ബന്ദ് അചരിക്കുന്നത്. പാലിന്‍റെ സംഭരണ വില 25 രൂപയാക്കി നിശ്ചയിക്കുക, കാലിത്തീറ്റയ്ക്ക് അമ്പതു ശതമാനം സബ്സീഡി അനുവദിക്കുക, പാലിനു പ്രോത്സാഹന വില നല്‍കുക തുടങ്ങി എട്ടാവശ്യങ്ങള്‍ ഉന്നയിച്ചാണ് ക്ഷീരബന്ദ്. പത്തു വര്‍ഷം മുന്‍പ് ഒരു ലിറ്റര്‍ പാലിനു 10.30 രൂപയായിരുന്നു കര്‍ഷകര്‍ക്കു ലഭിച്ചിരുന്നത്. ഇപ്പോള്‍ ഈ തുകയുടെ അമ്പതു ശതമാനം വര്‍ധന പോലും ലഭിക്കുന്നില്ലത്രേ. ഒരു ലിറ്റര്‍ പാലിനു പതിനഞ്ചു രൂപയാണ് ഇപ്പോള്‍ ലഭിക്കുന്നത്.

സംഘടിതരായി ഇത്രകാലം സമരം ചെയ്യാതിരുന്നതിനാലാണ്‌ സര്‍ക്കാര്‍ ക്ഷീരകര്‍ഷകരെ അവഗണിക്കുന്നത്‌ എന്ന കണ്ടെത്തലില്‍ നിന്നാണ് ക്ഷീരബന്ദ് എന്ന ആശയം കര്‍ഷകര്‍ക്കുണ്ടായത്. വയനാട്ടുകാര്‍ ഇന്നു സംഘടിതമായി കട്ടന്‍കാപ്പി കുടിക്കട്ടെ. കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിച്ച് മില്‍മയ്ക്കു നല്കുന്ന പ്രാഥമിക സംഘങ്ങള്‍, മില്‍മ നല്‍കുന്ന മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ്‌ സമരത്തില്‍ പങ്കാളികളാകുന്നത്‌.

ഉല്‍പാദിപ്പിക്കപ്പെടുന്ന പാലിന്റെ ഒരു വലിയ ഭാഗം സൊസൈറ്റിയില്‍ കൊടുക്കുന്ന കര്‍ഷകരും അതിന്റെ ഒരു ഭാഗം മില്‍മയ്‌ക്ക് കൊടുക്കുന്ന സൊസൈറ്റികളും അസന്തുഷ്‌ടരാണ്‌. മറ്റ്‌ ആവശ്യ വസ്‌തുക്കള്‍ക്ക്‌ സമീപകാലത്തുണ്ടായ വിലവര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ പാലിനുണ്ടായ വര്‍ധന തുച്‌ഛമാണ്‌ എന്നാണിവരുടെ വാദം.ചെറുകിട ക്ഷീരകര്‍ഷകര്‍ പാല്‍ മറ്റു വീടുകളിലാണ് വില്‍ക്കുന്നതെങ്കില്‍ ലിറ്ററിന്‌ 21 മുതല്‍ 24 രൂപവരെ ലഭിക്കുന്നു. കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്നവര്‍ക്ക്‌ സമീപത്തെ സൊസൈറ്റികളില്‍ കൊടുക്കേണ്ടിവരും. അവിടെ പക്ഷേ വില 16 മുതല്‍ 18 രൂപ വരെയാണ്‌. ഈ സൊസൈറ്റികളാകട്ടെ പരമാവധി പ്രാദേശിക വില്‍പനയിലാണ്‌ ശ്രദ്ധിക്കുന്നത്‌. ലിറ്ററിന്‌ 21 മുതല്‍ 24 രൂപവരെ അതുവഴി ലഭിക്കും. ബാക്കി വരുന്ന പാലാണ്‌ മില്‍മയ്‌ക്ക് കൊടുക്കുന്നത്‌. അതാകട്ടെ 14-15 രൂപയ്‌ക്ക്. ലോക്കല്‍ വില്‍പന നടക്കുന്നതുകൊണ്ടാണ്‌ ഇതു സാധ്യമാകുന്നത്‌. മില്‍മയാകട്ടെ പാലിന്റെ ഗുണനിലവാരമനസരിച്ച്‌ 23 മുതല്‍ 24 രൂപവരെ വിലക്ക്‌ വില്‍പന നടത്തുന്നു.

മില്‍മയും സര്‍ക്കാരും കൂടി ക്ഷീരകര്‍ഷകരെ ഗുണം വരുത്തില്ല എന്നതുറപ്പാണ്. കാരണം സര്‍ക്കാര്‍ എല്‍ഡിഎഫും മില്‍മ യുഡിഎഫും ആണ്. അതുകൊണ്ട് തന്നെയാണ് മില്‍മ പാല്‍വില കൂട്ടിയപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ടതും മില്‍മ ചെയര്‍മാന്‍ സെക്രട്ടറിയായുള്ള വയനാട്ടിലെ സൊസൈറ്റിയുടെ ഗ്രേഡ് താഴ്‍ത്തി സര്‍ക്കാര്‍ താത്വികമായി ചെയര്‍മാനെ സ്ഥാനഭ്രഷ്ടനാക്കിയതും. മില്‍മ കൂടി പാര്‍ട്ടി പിടിച്ചെടുത്താല്‍ പിന്നെ കമ്യൂണിസ്റ്റ് പശുക്കളും കറവക്കാരും ഉണ്ടായേക്കാം. നമ്മുടെ വീട്ടിലെ പശുവിനെ നമ്മള്‍ തന്നെ കറന്നാല്‍ കറവക്കാര്‍സ് യൂണിയന് കറക്കുകൂലി കൊടുക്കേണ്ടതായും വന്നേക്കാം. യുഡിഎഫുകാര്‍ ഇവിടെ പൊന്നുവിളയിക്കും എന്നര്‍ത്ഥമില്ല. അവര്‍ക്കും താല്‍പര്യം മറ്റു പുറമ്പോക്കു കൃഷികളിലാണല്ലോ.

മില്‍മയുടെ നിലനില്‍പ്‌ സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെയാണെന്നതിനാല്‍ സര്‍ക്കാരുമായി ബലാബലം നടത്തി മുന്നോട്ടു പോകാന്‍ മില്‍മയ്ക്കുമാകില്ല. അതുകൊണ്ടുതന്നെ എറണാകുളം മേഖലയില്‍ അടുത്തിടെ പാലിന്റെ വില വര്‍ധിപ്പിച്ചത്‌ ഒന്നാംതീയതി മുതല്‍ പിന്‍വലിക്കാന്‍ മില്‍മ തീരുമാനിച്ചുകഴിഞ്ഞു.

സമരക്കാര്‍ കുഴപ്പക്കാരല്ലാത്തതുകൊണ്ട് സമരത്തിനും ഗ്ലാമര്‍ കുറവാണ്. ഇതിപ്പോള്‍ ക്ഷീരകര്‍കര്‍ എന്ന ലേബലില്ലാതെ ക്രിസ്ത്യന്‍ പശുവളര്‍ത്തുകാര്‍ ഹിന്ദു പശുവളര്‍ത്തുകാര്‍ അല്ലെങ്കില്‍ മുസ്ലിം പശുവളര്‍ത്തുകാര്‍ എന്നിങ്ങനെ വേറിട്ടു നടത്തിയിരുന്നെങ്കില്‍ കുറച്ചുകൂടി ശ്രദ്ധിക്കപ്പെട്ടേനെ. പ്രൈവറ്റ് ബസ് സമരത്തിനുള്ള പ്രാധാന്യം പോലും പാവം കര്‍ഷകരുടെ ഈ സമരത്തിനു ലഭിച്ചിട്ടില്ല. പ്രൈവറ്റ് ബസുകള്‍ നിര്‍ത്തിപ്പോയാല്‍ നമുക്ക് ട്രാന്‍സ്പോര്‍ട്ട് ബസ്സില്‍ പോകാം, അല്ലെങ്കില്‍ എങ്ങനെയെങ്കിലും പോകാം. പ്രൈവറ്റ് ബസ് ലാഭകരമായി ഓടണമെന്നത് ബസ് മുതലാളിമാരുടെ ആവശ്യമാണ്. അതുപോലെയല്ല ക്ഷീരമേഖല.

കാര്‍ഷികമേഖലകളിലെ തകര്‍ച്ചയെ തുടര്‍ന്ന്‌ ക്ഷീരമേഖലയിലേക്ക്‌ വന്ന കര്‍ഷകരാണ്‌ അധികവും. ഇവര്‍ വീണ്ടും പൂര്‍ണമായ തകര്‍ച്ചയുടെ വക്കിലാണ്‌. സൊസൈറ്റികളുടെ അവസ്‌ഥയും പരിതാപകരമാണ്‌. പാല്‍ ലഭിക്കാത്തതിനാല്‍ സൊസൈറ്റികള്‍ പലതും പൂട്ടികൊണ്ടിരിക്കുന്നു.ഇങ്ങനെ പൂട്ടി പൂട്ടി അവസാനം ഇവിടുത്തെ ക്ഷീരമേഖല നശിച്ചു കഴിഞ്ഞാല്‍ പകരം വയ്‍ക്കാനുള്ളത് ഗുണമേന്മയ്‍ക്കു പേരുകേട്ട തമിഴ്നാട് പാലാണ്. ഒരൊറ്റ പശുപോലുമില്ലാതെ ഫാക്ടറിയില്‍ ഫോര്‍മലിനും (അതും മെഡിക്കല്‍ കോളജില്‍ ശവം സൂക്ഷിച്ച ശേഷം ഉപേക്ഷിക്കുന്നത്) മറ്റും ഉപയോഗിച്ച് ഉണ്ടാക്കുന്ന കെമിക്കല്‍ മില്‍ക്ക് കുടിക്കേണ്ടി വരുന്നതിനക്കാള്‍ ഭേദമാണ് പാലിന് എട്ടോ പത്തോ രൂപകൂടി കൂടുതല്‍ കൊടുക്കുന്നത്.അത് ഒരു കുടുംബ ബജറ്റിന്‍റെയും താളം തെറ്റിക്കില്ല. ബിവറേജസ് കോര്‍പറേഷനു കൊടുക്കുന്നതിനന്‍റെ ആയിരത്തിലൊന്നു പോലുമാവില്ല ഈ വിലവര്‍ധന.

പശുവിന്‍പാലിന് ജീവിതത്തില്‍ വളരെ പ്രാധാന്യമുണ്ടെന്നു വിശ്വസിക്കുന്ന നമ്മളും പാല്‍വില കൂട്ടിയൊരു കളിക്കു സമ്മതിക്കുമോ എന്നു കണ്ടറിയണം. ചുരുക്കിപ്പറഞ്ഞാല്‍ നാലോ അഞ്ചോ വര്‍ഷത്തിനകം തമിഴ്‍നാട്ടുകാര്‍ക്ക് മറ്റൊരു വരുമാനമാര്‍ഗം കൂടി കേരളത്തില്‍ നിന്നുണ്ടാകും, അത്ര തന്നെ.