വെള്ളാപ്പള്ളിയെ ആരാധിക്കാന്‍ കൊള്ളില്ലേ ?

വെള്ളാപ്പള്ളി നടേശനെ ആരാധിച്ചാല്‍ സാസ്കാരികകേരളത്തിന്റെ സാക്ഷരമൂല്യങ്ങള്‍ പൊളിഞ്ഞുപാളീസാവുമോ ? കോട്ടയത്ത് വെള്ളാപ്പള്ളി നടേശന്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതിനെ സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തതുപോലെ എന്തോ സംഭവമാണെന്ന മട്ടില്‍ ചിലര്‍ വ്യാഖ്യാനിക്കുന്നതു കണ്ടപ്പോള്‍ തോന്നിയ സംശയമാണ്. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ആരാധിക്കുന്നു എന്നവകാശപ്പെടുന്നവര്‍ നടത്തുന്ന അധ്വാനവും വേലകളും ദിവസേന സഹിക്കുന്ന സാധാരണക്കാരനെന്ന നിലയ്‍ക്ക് അവരെക്കാളൊക്കെ ആരാധിക്കപ്പെടാന്‍ യോഗ്യനായ ആളാണ് വെള്ളാപ്പള്ളി നടേശന്‍ എന്ന അഭിപ്രായമാണ് എനിക്കുള്ളത്.

വെളളാപ്പളളി നടേശന്‍ ഫാന്‍സ്‌ അസോസിയേഷന്‍ എന്ന പേരില്‍ കോട്ടയത്താണ് അദ്ദേഹത്തിന്റെ ആരാധകര്‍ സംഘടന രൂപീകരിച്ചത്‌. അസോസിയേഷന്റെ പേരില്‍ കോട്ടയം തിരുനക്കരയില്‍ ഗാന്ധിപ്രതിമയോട്‌ ചേര്‍ന്ന്‌ വെള്ളാപ്പള്ളിയുടെ ചിതം പതിപ്പിച്ച വലിയ ബോര്‍ഡും സ്‌ഥാപിച്ചിട്ടുണ്ട്‌.അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരും ഫോണ്‍ നമ്പരും ബോര്‍ഡിലുണ്ട്. കേരളത്തിലുടനീളം അസോസിയേഷന്‍ രൂപീകരിക്കുന്നതിന്റെ തുടക്കമായാണ്‌ കോട്ടയത്ത്‌ അസോസിയേഷന്‍ രൂപീകരിച്ചതെന്നാണ്‌ മംഗളം റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘കേരളത്തില്‍ ആദ്യമായാണ്‌ ഒരു സമുദായ നേതാവിന്റെ പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിക്കുന്നത്‌. കോട്ടയത്ത്‌ മാന്നാനം, മറിയപ്പള്ളി, പെരുമ്പായിക്കാട്‌ എന്നിവിടങ്ങളിലാണ്‌ ആദ്യമായി ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചത്‌. ആതുരസേവന രംഗത്തു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ്‌ വെള്ളാപ്പള്ളിയുടെ പേരില്‍ സംഘടന രൂപീകരിച്ചതെന്ന്‌ സംഘാടകര്‍ വ്യക്‌തമാക്കി. പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ ഈ കാലഘട്ടത്തില്‍ ഇത്രയധികം ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാവ്‌ വെള്ളാപ്പള്ളി മാത്രമാണെന്നും അതുകൊണ്ടാണ്‌ അദ്ദേഹത്തിന്റ പേരില്‍ ഫാന്‍സ്‌ അസോസിയേഷന്‍ രൂപീകരിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു’ (കടപ്പാട്-മംഗളം).

പലരെപ്പറ്റിയും പ്രസംഗിക്കുമ്പോള്‍ ആരാധ്യനായ നേതാവ്, സമാരാധ്യനായ നേതാവ് എന്നൊക്കെ വിശേഷിപ്പിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും എന്നാല്‍ ആരാധിച്ചുകളയാം എന്നു കരുതി ഒരു നേതാവിന്റെ പേരില്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാക്കുന്നത് ആദ്യമാണ്. ആദ്യമാണ് എന്നതുകൊണ്ടാണ് ഇത് വാര്‍ത്തയാവുന്നത്. വെള്ളാപ്പള്ളിക്ക് ആരാധകരുണ്ട് എന്നത് നിഷേധിക്കാവുന്ന കാര്യവുമല്ല. മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊക്കെ ഫാന്‍സുള്ള നാട്ടില്‍ വെള്ളാപ്പള്ളി നടേശനും ഉമ്മന്‍ ചാണ്ടിക്കുമൊക്കെ ഫാന്‍സ് ഉണ്ടായിക്കൂട എന്നു പറയാനൊക്കില്ലല്ലോ.

അസോസിയേഷന്‍ രൂപീകരിച്ചു് അതിന്റെ ഫേസ്‍ബുക്ക് പേജുമുണ്ടാക്കി അതിലെ ലൈക്കുകളുടെ എണ്ണം നോക്കി ജനപ്രീതി നിര്‍ണയിക്കുന്ന കാലത്തേക്കാണ് നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നത്.ഇനി സ്വാഭാവികമായും മറ്റു നേതാക്കന്മാരും ഫാന്‍സ് അസോസിയേഷനുകള്‍ ഇല്ലാതെ പിടിച്ചുനില്‍ക്കാനാവാത്ത സ്ഥിതിയിലേക്ക് എത്തിയേക്കും. അങ്ങനെ വരുമ്പോള്‍ ഒരാള്‍ക്ക് എത്ര ഫാന്‍സ് അസോസിയേഷനുകളില്‍ അംഗമാകാം എന്നത് ഒരു പ്രശ്നമാവാന്‍ സാധ്യതയുണ്ട്. വെള്ളാപ്പള്ളി ഫാന്‍സിന് എസ്എന്‍ഡിപി അംഗത്വം നിര്‍ബന്ധമായിരിക്കില്ലല്ലോ. ഒരു എന്‍എസ്എസ് അംഗത്തിന് വെള്ളാപ്പള്ളി ഫാന്‍സ് അസോസിയേഷനില്‍ അംഗമാകാമോ ? എസ്എന്‍ഡിപി അംഗങ്ങള്‍ വെള്ളാപ്പള്ളി ഫാന്‍സ് അസോസിയേഷനില്‍ അംഗമായില്ലെങ്കില്‍ കുഴപ്പമുണ്ടോ ? എല്ലാം എന്റെ സ്വന്തം സംശയങ്ങളാണ്.

കഴിഞ്ഞ മാസം, മുണ്ടക്കയം സത്താര്‍ എന്ന മട്ടില്‍ പേരുള്ള ഒരു സഹോദരന്റെ പേരില്‍ കോട്ടയം ജില്ലയിലെ ഒരു ടൗണില്‍ ഫാന്‍സ് അസോസിയേഷന്റെ ബോര്‍ഡുകളും ബോര്‍ഡില്‍ ഗള്‍ഫ് ഗേറ്റ് വച്ച ആരാധ്യന്റെ ചിത്രവും കണ്ടിരുന്നു. നമ്മളറിയാതെ ഏത് സെലബ്രിറ്റി എന്നു കരുതി അന്വേഷിച്ചപ്പോളറിഞ്ഞത്-സഹോദരന്‍ ഏതോ ഗാനമേള ട്രൂപ്പിലെ ഗായകനാണ്. പ്രാദേശിക ചാനലിലെ സംഗീത ആല്‍ബത്തില്‍ പാടുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ബോര്‍ഡും അദ്ദേഹം തന്നെ സ്ഥാപിച്ചതാണ്. ഈ ഫാന്‍സ് അസോസിയേഷന്‍കാരുടെ കാര്യവും അവരുടെ ഡെഡിക്കേഷനും മറ്റും കാണുമ്പോള്‍ ഓള്‍ കേരളാ ഫാന്‍സ് അസോസിയേഷന്‍സ് ഫാന്‍സ് അസോസിയേഷന്‍ എന്ന പേരില്‍ ഫാന്‍സിനെ ആരാധിക്കാന്‍ വേണ്ടി ഒരു സംഘടന അങ്ങുണ്ടാക്കിയാലോ എന്നു തോന്നിപ്പോകുന്നു.

താരങ്ങളില്ല,ദൈവം രക്ഷിക്കുമെന്നു ഫാന്‍സ്

മന്‍മോഹന്‍സിങ് മുല്ലപ്പെരിയാറിനെപ്പറ്റി ഒന്നും പറയുന്നില്ലെങ്കിലും അദ്ദേഹം എല്ലാം കാണുന്നുണ്ടെന്നും മനസ്സില്‍ സംഗ്രഹിക്കുന്നുണ്ടെന്നും എല്ലാറ്റിനും പരിഹാരമുണ്ടാക്കുമെന്നുമൊക്കെ അദ്ദേഹത്തിന്റെ ഫാന്‍സ് പറയുന്നുണ്ട്. എന്നാലും അദ്ദേഹം നേരിട്ട് കേരളം വരെ വന്ന് കാര്യങ്ങളൊക്കെ പരിശോധിച്ച് ഇപ്പോ ശരിയാക്കാം, ആ ചെറിയ സ്പാനറെടുത്തോണ്ടുവരാം എന്നൊക്കെ പറഞ്ഞു പോയിരുന്നെങ്കില്‍ ജനങ്ങള്‍ക്കിത്തിരി സമാധാനം തോന്നിയെനെ (ഇങ്ങോട്ടു വരാന്‍ പാവത്തിനു പേടി കാണും,പഞ്ചാബുകാര്‍ക്ക് നീന്താനറിയത്തില്ല എന്ന് അവള് പറഞ്ഞിട്ടുണ്ട്).തല്‍ക്കാലം ഫാന്‍സിന്റെ വാക്കു വിശ്വസിച്ചാണ് ഇവിടെ പലരും നിരാഹാരം കിടക്കുന്നത്.

മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും പ്രതികരിക്കാത്തതിനെപ്പറ്റി മുഖ്യധാരയിലുള്ള പലരും എന്നെപ്പോലുള്ള അവലാതികളും പലവട്ടം പരാതിയുന്നയിച്ചിരുന്നു.സുരേഷ് ഗോപിയും സലിംകുമാറും (മുല്ലപ്പെരിയാര്‍ പ്രശ്നം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹം കഴിഞ്ഞയാഴ്ച കേരളത്തിലേക്കുള്ള വിമാനത്തില്‍ നിന്നിറങ്ങിപ്പോയി പ്രതിഷേധിച്ചതിനെ കള്ളുകുടിച്ച് അലമ്പുണ്ടാക്കിയിട്ട് പൈലറ്റ് തൊഴിച്ചുപുറത്താക്കിയതാണെന്നു ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്,വിശ്വസിക്കരുത് അവന്മാര്‍ രഞ്ജിത്തിന്റെ ആളുകളാണ്)തിലകന്‍ ചേട്ടനും ഉള്‍പ്പെടെയുള്ളവര്‍ ഇതുവരെ പ്രതികരിച്ചിരുന്നു. ആഷിക് അബുവിനെപ്പോലുള്ള ചിലര്‍ സാധാരണജനങ്ങളുടെ ആശങ്കകളേറ്റു വാങ്ങി ആദ്യം മുതല്‍ ഒപ്പമുണ്ട്.

എന്നിട്ടും ലാല്‍ സാറും മമ്മൂക്കയും അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.പറഞ്ഞാല്‍ നമുക്കൊക്കെ ഇത്തിരി സുഖമുണ്ടായേനെ എന്നല്ലാതെ വേറെ പ്രയോജനമൊന്നുമില്ല.തമിഴ്‍നടന്‍മാരായ ശരത്‍കുമാറും ശശികുമാറും പറഞ്ഞപോലെ പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണ് എന്നെങ്കിലും പറയാമായിരുന്നു (പെരുമ്പാവൂര് മുങ്ങിപ്പോകുമെന്നു പറഞ്ഞാല്‍ ആന്റണിച്ചേട്ടന്‍ നിര്‍ബന്ധിച്ചെങ്കിലും ലാലേട്ടനെക്കൊണ്ട് പറയിച്ചേനെ).ദിലീപിനും കാവ്യയ്‍ക്കും മറ്റും തങ്ങള്‍ മുങ്ങിപ്പോകുമെന്നത് അംഗീകരിക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ചില ഗോസിപ്പുകാര്‍ പറയുന്നത്.

അത്യാവശ്യം പൊതുവിജ്ഞാനവും വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായം പറയാന്‍ മടിയില്ലാത്തവനുമായ പൃഥ്വിരാജ് സുകുമാരനും ഈ വിഷയത്തില്‍ മൗനമാണ്. സന്തോഷ് പണ്ഡിറ്റും നിശബ്ദനാണ് (എന്‍ജിനീയറിങ് ബിരുദമൊക്കെയുള്ള അദ്ദേഹം ഡാമിനെ നിലനിര്‍ത്താന്‍ എന്തെങ്കിലും സാങ്കേതികവിദ്യയും കൊണ്ട് രംഗപ്രവേശം ചെയ്യും എന്നു തന്നെയാണെന്റെ വിശ്വാസം). വേണ്ടി വന്നാല്‍ അമ്മ ഇടപെടും എന്നു കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞത് ജയലളിതയെ ഉദ്ദേശിച്ചാണെന്ന് ഇന്നലെ പുള്ളിക്കാരി ഇടപെട്ടപ്പോള്‍ നമുക്ക് മനസ്സിലായി.

മമ്മൂട്ടി-മോഹന്‍ലാലുകള്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തെപ്പറ്റി അഭിപ്രായമൊന്നും പറയാത്തത് ആരാധകരെ വിഷമിപ്പിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ അവര്‍ അഭിപ്രായമൊന്നും പറയുന്നില്ല എന്നു നാട്ടുകാര്‍ ആവര്‍ത്തിച്ചു പറയുന്നത് അവരെ വിഷമിപ്പിച്ചിട്ടുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. കാരണം, മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ പ്രത്യക്ഷത്തിലും മോഹന്‍ലാലിന്റെ ആരാധകര്‍ ഫോട്ടോഷോപ്പിലൂടെയും മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ ഇടപെട്ടു കഴിഞ്ഞു. ഫാന്‍സിന്റെ സ്വരം താരങ്ങളുടെ സ്വരമായി കണ്ട് നമ്മളും ഫാന്‍സിന്റെ സ്വരം താരങ്ങളുടെ മൗനമായി കണ്ട് തമിഴ്‍നാടും അവരോടുള്ള ആരാധന തുടരുന്നതായിരിക്കും (ജയറാമിന്റെ വീട്ടിലെ വേലക്കാരിയായ കറുത്തു തടിച്ച എരുമയെപ്പോലുള്ള തമിഴത്തിയെ പറഞ്ഞുവിട്ടോ ആവോ ?).

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സംസ്‌ഥാനത്തിന്‌ അനുകൂലമായ തീരുമാനമുണ്ടാകാനും തമിഴ്‌നാട്ടിലെ ഭരണാധികാരികള്‍ക്ക്‌ വിവേകമുണ്ടാകാനുമായി മമ്മൂട്ടി ഫാന്‍സ്‌ ആന്‍ഡ്‌ വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രാര്‍ഥനായജ്‌ഞമാണ് നടത്തുന്നത്.അല്ലാതെ, തമിഴ്‍ സിനിമകളുടെ പോസ്റ്റര്‍ കീറുക, തമിഴ്‍ സിനിമകള്‍ കളിക്കുന്ന തിയറ്ററുകളില്‍ 25 പേര്‍ വീതം ആദ്യാവസാനം കൂവുക തുടങ്ങിയ പരിപാടികളൊന്നുമല്ല.മറ്റഅ സമരമുറകളൊക്കെ മറ്റുള്ളവര്‍ തുടങ്ങിക്കഴിഞ്ഞതിനാല്‍ വ്യത്യസ്തമായൊരു ലൈന്‍ പിടിച്ചതാവാനും മതി.അല്ലെങ്കില്‍ നമ്മളെപ്പോലെ ഈ വിഷയത്തില്‍ ദൈവം തമ്പുരാനു മാത്രമേ എന്തെങ്കിലും ചെയ്യാന്‍ കഴിയൂ എന്നു കരുതി ഭക്തിമാര്‍ഗം സ്വീകരിച്ചതുമാവാം.

പ്രാര്‍ഥനായജ്‌ഞത്തിന്റെ ഭാഗമായി തിരുവനന്തപുരം തളിയില്‍ ശിവക്ഷേത്രത്തില്‍ ഇന്നലെ ശയനപ്രദക്ഷിണം നടന്നു. താനൂര്‍ ജുമാ മസ്‌ജിദില്‍ അസോസിയേഷന്‍ മലപ്പുറം ജില്ലാ പ്രസിഡന്റ്‌ അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക നമസ്‌കാരം നടന്നു. ഇന്ന്‌ കോട്ടയം ജില്ലയിലെ വിവിധ പള്ളികളില്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉപവസിച്ചു പ്രാര്‍ഥിക്കും. കേരള, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ മധ്യസ്‌ഥതയില്‍ നടത്തുന്ന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനു മുമ്പ്‌ അസോസിയേഷന്റെ ഒരു ലക്ഷത്തോളം വരുന്ന എല്ലാ പ്രാഥമിക അംഗങ്ങളും ഒരു വട്ടം പ്രാര്‍ഥനാപരിപാടികള്‍ പൂര്‍ത്തീകരിക്കുമെന്ന്‌ അസോസിയേഷന്‍ സംസ്‌ഥാന പ്രസിഡന്റ്‌ റോബര്‍ട്ട്‌ പള്ളിക്കത്തോടും (ഡാം പൊട്ടിയാല്‍ പള്ളിക്കത്തോട് മുങ്ങും) സെക്രട്ടറി നിസാം വള്ളക്കടവും(ഡാമിന്റെ കീഴെ കിടക്കുന്ന സ്ഥലമാണ് വള്ളക്കടവ്) പറഞ്ഞു.

മോഹന്‍ലാല്‍ കുടുംബത്തോടൊപ്പം സ്‍പെയിനിലാണ് എന്ന് അദ്ദേഹത്തിന്റെ ഒഫിഷ്യല്‍ സൈറ്റില്‍ കാണുന്നുണ്ട്.അദ്ദേഹം തിരിച്ചു വരും വരെ ഡാം വെയ്‍റ്റ് ചെയ്യുമോ എന്നിയാത്തതിനാല്‍ ആരാധകരില്‍ ചിലര്‍ ഫോട്ടോഷോപ്പിന്റെ സഹായത്താല്‍ താരത്തെ കളത്തിലിറക്കി ചില കളികള്‍ കളിപ്പിക്കുന്നുണ്ട്.കേരളത്തെ രക്ഷിക്കൂ, ഇത് ജീവനുവേണ്ടിയുള്ള പോരാട്ടമാണ് എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മിക്‍സ് ചെയ്തടിച്ച പോസ്റ്ററുകളാണ് അദ്ദേഹത്തിന്റെ ആരാധകര്‍ക്കു വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. സാംപിളിന് രണ്ടെണ്ണം.

എന്തൊക്കെ പറഞ്ഞാലും ഇവന്മാരുടെ പൊട്ടന്‍കളിക്കിടയില്‍ ജനത്തിന് വേണ്ടി എന്തെങ്കിലും പറയാന്‍ കോടതി മാത്രമേയുള്ളൂ.ചുമ്മാ വാചകക്കസര്‍ത്തു നടത്താതെ ക്രിയാത്മകമായി വല്ലതും ചെയ്യണം എന്നു ഹൈക്കോടതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്.450 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കും,മോക് ഡ്രില്‍ നടത്തുമെന്നൊക്കെ സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചതിനു മറുപടിയായാണ് ചെയ്യാന്‍ പോകുന്നതല്ല ചെയ്ത കാര്യങ്ങളാണ് അറിയേണ്ടതെന്നു പറ‍ഞ്ഞ് ചില ചോദ്യങ്ങള്‍ സര്‍ക്കാരിനോട് ചോദിച്ചിരിക്കുന്നത്. ചെറുതോണി, കുളമാവ് ഡാമുകളില്‍ എത്ര വെള്ളമുണ്ട് ? ആകെ എത്ര വെള്ളം ഒഴുക്കിക്കളഞ്ഞു ? ദുരന്തമുണ്ടായാല്‍ സൈന്യത്തെ വിളിക്കുമോ ? തുടങ്ങി കുറെയധികം ചോദ്യങ്ങള്‍ക്ക് ഇന്ന് 1 മണിക്കുള്ളില്‍ മറുപടി കൊടുക്കണം എന്നു ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. മുഖ്യമന്ത്രി അവിടെ സര്‍ദാര്‍ജി ഫലിതങ്ങള്‍ കേട്ടിരിക്കുന്നതേയുള്ളൂ.അവസാനം പി.സി.ജോര്‍ജിടപെടേണ്ടി വരുമോ ആവോ ?

ചീമുട്ടയെറിയുന്ന കഴുതയ്‍ക്കും അതിന്റെ നാറ്റമേ അറിയൂ, പോഷകഗുണമറിയില്ല

സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ മൂന്നാം നാള്‍ തിയറ്ററുകളില്‍ മൂക്കുംകുത്തി വീഴുമ്പോള്‍ ഒരു ചിത്രം വിജയിപ്പിച്ചെടുത്ത സന്തോഷ് പണ്ഡിറ്റിന്റെ ആരാധകനാണ് ഞാന്‍. ഷാരൂഖ് ഖാന്റെ റാ.വണ്‍, സൂര്യയുടെ ഏഴാം അറിവ്, വിജയിന്റെ വേലായുധം എന്നീ വന്‍ ചിത്രങ്ങളോട് മത്സരിച്ചാണ് സന്തോഷിന്റെ ചിത്രം വിജയിക്കുന്നത്. സന്തോഷ് പണ്ഡിറ്റാണ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരം.
-സലീം കുമാര്‍.

എല്ലാവരും കൂടി കുരിശില്‍ തറച്ച് കുരിശില്‍ തറച്ച് സന്തോഷ് പണ്ഡിറ്റിനെ ഒരു യേശുക്രിസ്‍തുവാക്കിക്കൊണ്ടിരിക്കുകയാണ്. സിനിമയ്‍ക്കപ്പുറത്തേക്ക് സന്തോഷ് പണ്ഡിറ്റിന്റെ സാമൂഹികപ്രാധാന്യം വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ബുദ്ധിജീവി നിര്‍വചനങ്ങള്‍ അറംപറ്റുകയാണ്.സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ സിനിമയും മുഖ്യധാരാ മലയാള സിനിമയോടും താരസംസ്കാരത്തോടും കപട ആസ്വാദന നിലപാടുകളോടുമൊക്കെയുള്ള വെല്ലുവിളികളായി സ്ഥിരീകരിക്കപ്പെടുകയാണ്.

ഇന്നലെ മലപ്പുറം പെരിന്തല്‍മണ്ണ സംഗീത ജംക്ഷനിലെ ഓര്‍മ ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാനെത്തിയ സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റിനെ ചിലര്‍ ചീമുട്ടയെറിഞ്ഞതിലൂടെ മറ്റ് സൂപ്പര്‍-മെഗാ താരങ്ങളെക്കാള്‍ അദ്ദേഹം ശക്തനാണ് എന്നത് തെളിയിക്കപ്പെടുകയാണ്. കമാന്‍ഡോകളുടെ സംരക്ഷണത്തോടെ സന്തോഷ് പണ്ഡിറ്റ് മലയാളത്തിലെ ഏറ്റവും തിളക്കമുള്ള താരമായി നില്‍ക്കുകയാണിപ്പോള്‍. അതൊരു വിശേഷണമല്ല, സത്യം മാത്രമാണ്. മഹാനഗരങ്ങള്‍ മുതല്‍ കുഗ്രാമങ്ങളില്‍ വരെ ഈ മനുഷ്യനാണ് ചര്‍ച്ചാവിഷയം. ഇത് അപൂര്‍വമായി മാത്രം സംഭവിക്കുന്നതുമാണ്.

എല്ലാം സന്തോഷ് പണ്ഡിറ്റിനോടും അദ്ദേഹത്തിന്റെ സിനിമയോടുമുള്ള വെറുപ്പിന്റെ പ്രതിഫലനങ്ങളാണ് എന്നോ തെറിവിളികള്‍ പോലും അദ്ദേഹം ആസ്വദിക്കുകയാണെന്നോ ഒക്കെ പറയാവുന്ന ഘട്ടം കഴിഞ്ഞു. പെരിന്തല്‍മണ്ണയില്‍ സന്തോഷ് പണ്ഡിറ്റിനെ കല്ലെറിഞ്ഞവരുടേത് വിമര്‍ശനമല്ല, അനര്‍ഹമെന്ന് അവര്‍ കരുതുന്ന പ്രശസ്തി നേടിയ ഒരു സാധാരണക്കാരനോടുള്ള അസൂയയാണ്. എന്നാല്‍,ഈ ചീമുട്ടകള്‍ സന്തോഷ് പണ്ഡിറ്റിന്റെ വളര്‍ച്ചയ്‍ക്കുള്ള പ്രോട്ടീന്‍ ബോംബുകളായി മാറുകയേ ഉള്ളൂ.എറിഞ്ഞത് മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സ് ആണെന്ന ആരോപണം സന്തോഷ് പണ്ഡിറ്റിന് മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യമായ സ്ഥാനമാണ് നല്‍കുന്നത്.

ഇനിയൊരിക്കലും ഒരു സിനിമ ചെയ്തില്ലെങ്കിലും (ജിത്തുഭായ് എന്ന ചോക്ലേറ്റ് ഭായ്, കാളിദാസന്‍ കവിതയെഴുതുകയാണ് എന്നീ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്) സന്തോഷ് പണ്ഡിറ്റിന്റെ പ്രശസ്തിക്ക് ഒരു ചുക്കും സംഭവിക്കില്ല. സാമൂഹിക-സാംസ്കാരിക മണ്ഡലങ്ങളില്‍ അയാള്‍ സ്വീകാര്യനാവുകയും മുഖ്യധാരയിലെ ചലച്ചിത്രപ്രവര്‍ത്തകര്‍ അയാളെ ഭയപ്പെട്ടു തുടങ്ങുകയും ചെയ്യുന്നു എന്നത് അത്യപാരമാണ്. എന്തായാലും റോക്കറ്റ് വേഗത്തില്‍ സെലബ്രിറ്റിയായ സന്തോഷ് പണ്ഡിറ്റ് താരപദത്തില്‍ ഉറച്ച കാല്‍പെപുകളോടെ മുന്നോട്ടു നീങ്ങുകയാണ്.

കൃഷ്ണനും രാധയും എന്ന സിനിമ ബാംഗ്ലൂരിലും റിലീസ് ചെയ്യുന്നു,അത് മൊഴിമാറ്റം ചെയ്ത് തമിഴിലും തെലുങ്കിലും ഇറക്കുന്നു.അരാധകര്‍ക്കും വിമര്‍ശകര്‍ക്കുമായി വൃത്തിയും അടുക്കും ചിട്ടയുമുള്ള വെബ്‍സൈറ്റ് അവതരിപ്പിക്കുന്നു.സന്തോഷ് പണ്ഡിറ്റ് അയാളെ കുപ്രസിദ്ധനാക്കിയ യൂ ട്യൂബ് ഫേസ്‍ബുക്ക് തെറിവിളികാരുടെ റേഞ്ചിനപ്പുറത്തേക്ക് പോയിരിക്കുന്നു.ആറു മാസത്തെ ജയില്‍വാസം കൊണ്ട് സുന്ദരനായ ഗോവിന്ദച്ചാമിയെപ്പോലെ യു ട്യൂബില്‍ നിന്നും തിയറ്ററിലും തിയറ്ററില്‍ നിന്നു ചാനലുകളിലും എത്തിയപ്പോള്‍ സന്തോഷ് പണ്ഡിറ്റ് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുന്നു.

ചാനല്‍ ചര്‍ച്ചകളില്‍ തന്നെ വിഡ്ഡിയാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു മുഴം മുന്നേ എറി‍ഞ്ഞ് അയാള്‍ ആക്രോശങ്ങളെ നിശബ്ദമാക്കുമ്പോള്‍ നികേഷ് കുമാറുമാര്‍ കല്ലേറ് വാങ്ങുകയാണ്.സിനിമയില്‍ പന്ത്രണ്ട് പണികള്‍ ചെയ്യാനറിയാവുന്ന സന്തോഷ് പണ്ഡിറ്റ് ഒന്നോ രണ്ടോ പണികള്‍ മാത്രം ചെയ്യുന്നവരുടെ വിമര്‍ശനങ്ങളുടെ മുനയൊടിച്ച് മുന്നോട്ടു കുതിക്കുകയാണ്. ശക്തരായ അംഗങ്ങളുള്ള ഒരു ഫാന്‍സ് അസോസിയേഷനും സന്തോഷ് പണ്ഡിറ്റിനുണ്ട് എന്നത് താരസമൂഹത്തില്‍ അയാള്‍ക്കുള്ള സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. 50 വര്‍ഷത്തിനു ശേഷം സന്തോഷ് പണ്ഡിറ്റ് മലയാള സിനിമയില്‍ വിപ്ലവം ഉണ്ടാക്കിയ അപൂര്‍വപ്രതിഭ എന്ന പേരില്‍ അദരിക്കപ്പെടും എന്നതില്‍ സംശയമില്ല.

താരങ്ങളുടെ വീട്ടില്‍ റെയ്ഡ്: കൂളിങ് ഗ്ലാസുകളും കോഴിനഖവും പിടിച്ചു

. മെഗാസ്റ്റാര്‍ തങ്കപ്പന്റെ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ 25000 കൂളിഗ് ഗ്ലാസുകള്‍
. സൂപ്പര്‍ സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ അറയില്‍ നിന്ന് ഒരു നടിയുടെ വീട്ടിലേക്ക് തുരങ്കം
. കുട്ടപ്പന്റെ ശിക്കാരി പട്ടം തിരിച്ചെടുക്കണമെന്ന് കുമാര്‍ കോഴിക്കോട്
. കണ്ടെടുത്ത നിധി പ്രേക്ഷകര്‍ക്ക് വിതരണം ചെയ്യണമെന്നു മുനയന്‍
. ഫാന്‍സ് അസോസിയേഷന്‍കാര്‍ രാജപ്പന്റെ വീട് എറിഞ്ഞു തകര്‍ത്തു
. തങ്കപ്പനും കുട്ടപ്പനും ആദായനികുതി ഉദ്യോഗസ്ഥരായി പുതിയ സിനിമ

സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെയും മെഗാസ്റ്റാര്‍ തങ്കപ്പന്റെയും വീടുകളില്‍ പരിശോധന നടത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വന്‍നിധിശേഖരം കണ്ടെടുത്തു. ലോകസിനിമയിലെ തന്നെ ഏറ്റവും വലിയ അഭിനേതാക്കളായ ഇവരുടെ വീടുകളിലെ ഒരിക്കലും തുറക്കാത്ത അറകളെ സംബന്ധിച്ചുള്ള ദുരൂഹതകള്‍ക്കൊടുവില്‍ ഇന്നലെയാണ് ആദായനികുതിവകുപ്പ് പരിശോധന ആരംഭിച്ചത്. സിനിമയിലെത്തിയതു മുതല്‍ ഇവര്‍ സമ്പാദിച്ചതെല്ലാം ഈ അറകളില്‍ ശേഖരിക്കുകയായിരുന്നെന്നും അറയിലേക്ക് നിക്ഷേപിക്കാനല്ലാതെ അറയില്‍ നിന്നു തിരിച്ചെടുക്കാനുള്ള വാതിലുകളൊന്നും ഇല്ലാത്തതിനാല്‍ ചരിത്രത്തിലാദ്യമായാണ് തങ്കപ്പന്റെയും കുട്ടപ്പന്റെയും അറകള്‍ തുറക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേ സമയം, രാജപ്പന്‍ എന്നു പേരുള്ള ഒരു ചെറുപ്പക്കാരന്റെ പരാതിയെത്തുടര്‍ന്നാണ് പരിശോധന നടത്തുന്നതെന്ന ആരോപണം ഉദ്യോഗസ്ഥര്‍ നിഷേധിച്ചു.

തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ നാല് രഹസ്യ അറകള്‍ വീതമാണ് ഉള്ളത്. ഇവയില്‍ എ,ബി. അറകള്‍ മാത്രം തുറന്നപ്പോഴാണ് വിലമതിക്കാനാവാത്ത സ്വത്ത് കണ്ടെടുത്തിട്ടുള്ളത്. ഇനിയും നാലഞ്ചു ദിവസം കൂടി പരിശോധിച്ചെങ്കില്‍ മാത്രമേ നിധി എത്രത്തോളം വരുമെന്നതിനെപ്പറ്റി ഒരു സൂചനയെങ്കിലും ലഭിക്കൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. മെഗാസ്റ്റാര്‍ തങ്കപ്പന്റെ വീട്ടിലെ എ അറ തുറന്നപ്പോള്‍ ഏതാണ്ട് 250000 കൂളിങ് ഗ്ലാസുകളാണ് കണ്ടെടുത്തത്. ലോകത്തെ വിവിധ കമ്പനികളുടെ വന്‍വിലയുള്ള കൂളിങ് ഗ്ലാസുകളാണ് ഇവ. ഇവയില്‍ പല കമ്പനികളും പതിറ്റാണ്ടുകള്‍ക്കു മുമ്പേ അടച്ചുപൂട്ടി പോയതാണെന്നതിനാല്‍ കൂളിങ് ഗ്ലാസുകളുടെ മൂല്യം നിര്‍ണയിക്കുക അസാധ്യമാണ്. എത്ര കൂളിങ് ഗ്ലാസുകളാണ് ഉള്ളത് എന്നത് എണ്ണി നോക്കുക അസാധ്യമായതിനാല്‍ തങ്കപ്പന്‍ അഭിനയിച്ച സിനിമകളുടെ എണ്ണം സീനുകളുടെ എണ്ണവുമായി ഗുണിച്ച് ആണ് ആകെ എണ്ണം കണ്ടെത്തിയത്. എന്നാല്‍, ഈ കണക്ക് ശരിയല്ലെന്നും തങ്കപ്പന്‍ ചില സിനിമകളില്‍ അന്ധനായി അഭിനയിച്ചിട്ടുണ്ടെന്നുമുള്ള ആരോപണം ചലച്ചിത്രചരിത്രകാരന്മാര്‍ നിഷേധിച്ചു. ആന്ധനായും ഡെഡ്ബോഡിയായും അഭിനയിച്ച സീനുകളിലും അദ്ദേഹം കൂളിങ് ഗ്ലാസ് ഉപയോഗിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

തങ്കപ്പന്റെ വീട്ടിലെ ബി അറയില്‍ നിന്നും കോടിക്കണക്കിനു വില വരുന്ന ക്യാമറകളും ഇലക്ട്രോണിക് ഗാഡ്ജറ്റുകളുമാണ് കണ്ടെടുത്തത്. മൊബൈല്‍ ഫോണുകളുടെയും ക്യാമറകളുടെയും ആപ്പിള്‍ ആ ഫോണ്‍, ഐപാഡ്, ഐ പോഡ് തുടങ്ങിയ ഉപകരണങ്ങളുടെയും കുന്നുകളാണ് അറയിലുണ്ടായിരുന്നതെന്നാണ് സൂചന. ഇവയില്‍ പലതും അദ്ദേഹം തൊട്ടുനോക്കിയിട്ടില്ലെന്നത് അദ്ദേഹത്തിന്റെ ത്യാഗസന്നദ്ധതയുടെ തെളിവാണെന്ന് വിദഗ്ധര്‍ പറഞ്ഞു. വലിയൊരു പെട്ടിയില്‍ നിന്ന് റെഡി ക്യാഷായി 25 കോടി രൂപയോളം വേറെ കണ്ടെടുത്തു. 2050 വരെ ഇദ്ദേഹം അഭിനയിക്കാമെന്നു പറഞ്ഞ് ഡേറ്റ് നല്‍കി നിര്‍മാതാക്കളുടെ കയ്യില്‍ നിന്നും വാങ്ങിയ ടോക്കണ്‍ അഡ്വാന്‍സ് വാങ്ങിയതാണ് ഈ തുക. 100 വയസുവരെ താന്‍ നായകനായി അഭിനയിക്കുന്ന സിനിമകള്‍ക്കു ഡേറ്റ് നല്‍കിയത് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന്റെയും ദീര്‍ഘദദൃഷ്ടിയുടെയും തെളിവാണെന്നു ഉദ്യോഗസ്ഥര്‍ പുകഴ്ത്തി. രണ്ടു പേരുടെയും വീടുകളില്‍ നിന്ന് ധാരാളം വെട്ടിത്തിരുത്തലുകളുള്ള സുപ്രധാനമായ ചരിത്രരേഖകള്‍ പിടിച്ചെടുത്തതായി വാര്‍ത്തയുണ്ടായിരുന്നെങ്കിലും അത് ഇരുവരും കാലങ്ങളായി സ്വന്തം പ്രായം തിരുത്തിക്കൊണ്ടിരുന്ന എസ്എസ്എല്‍സി ബുക്കാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിച്ചു.

സൂപ്പര്‍സ്റ്റാര്‍ കുട്ടപ്പന്റെ വീട്ടിലെ പ്രധാന അറ തുറന്നപ്പോള്‍ ഏകദേശം 200000 പേജുകളുള്ള വലിയൊരു റജിസ്റ്റര്‍ കണ്ടെടുത്തതായി പറയുന്നു. കുട്ടപ്പന്‍ അഭിനയിച്ച സിനിമകളുടെ പേരെഴുതിയ റജിസ്റ്റര്‍ ആണ് അതെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പകുതിയോളം എഴുതിയിട്ടുള്ള റജിസ്റ്ററില്‍ ഒന്നു മുതല്‍ 9589 വരെ നമ്പരിട്ട് എഴുതിയിരിക്കുന്നത് സ്ത്രീകളുടെ പേരുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ചില സിനിമാ നടിമാരുടെ പേരിനോട് സാദൃശ്യമുള്ള പേരുകളും റജിസ്റ്റര്‍ ബുക്കിലുണ്ടെന്നും അതില്‍ ചില പേജുകളില്‍ ഒരേ പേരു തന്നെ ആവര്‍ത്തിച്ചിട്ടുണ്ടെന്നും പറയുന്നു. ഓരോരുത്തരുടെയും പേരിനു നേരെ ഒന്നര മിനിറ്റ്, മൂന്ന് മിനിറ്റ് എന്നിങ്ങനെ സമയവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ റജിസ്റ്റര്‍ എന്താണെന്നതിനെപ്പറ്റി അന്വേഷിക്കാന്‍ പ്രത്യേക കമ്മിഷനെ നിയോഗിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 3876 ഹെയര്‍പിന്‍, 356 സേഫ്ടി പിന്‍, 1200 പാവാടവള്ളി, 2300 ബ്ലൌസിന്റെ ഹുക്കുകള്‍ എന്നിവയും കണ്ടെടുത്തിട്ടുണ്ട്. അറയില്‍ നിന്ന് പ്രമുഖ സാമൂഹികവിര്‍ശകനും പ്രാസംഗികനുമായ കുമാര്‍ കോഴിക്കോടിന്റെ നിരവധി കോലങ്ങള്‍ കണ്ടെടുത്തു. കണ്ടെടുത്തവയോളം തന്നെ കോലങ്ങള്‍ രഹസ്യമായി അതിനുള്ളില്‍ തന്നെയിട്ട് കത്തിച്ചതായും സൂചനയുണ്ട്.

കുട്ടപ്പന്റെ വീട്ടിലെ രണ്ടാമത്തെ അറയില്‍ നിന്ന് നൂറ്റാണ്ടുകളുടെ പഴക്കമുള്ള കോളാമ്പി, കിണ്ടി, മൊന്ത, ഉരുളി, കയ്യിലണിയുന്ന ചെമ്പുവളകള്‍ എന്നിവയടങ്ങുന്ന വലിയൊരു നിധിയാണ് കണ്ടെടുത്തത്. അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കോഴിയുടെ നഖങ്ങള്‍ പിടിച്ചെടുത്തതായി അഭ്യൂഹമുണ്ടായിരുന്നെങ്കിലും അദ്ദേഹം കോഴിയായി അഭിനയിച്ച ഒരു സിനിമയുടെ നൂറാംദിനാഘോഷത്തില്‍ സമ്മാനിച്ച പ്ലാസ്റ്റര്‍ ഓഫ് പാരീസ് ശില്‍പമാണതെന്നു പിന്നീട് സ്ഥിരീകരിച്ചു. തങ്കപ്പന്റെയും കുട്ടപ്പന്റെയും വീടുകളില്‍ ഇനിയും തുറക്കാനുള്ള അറകളില്‍ ഒരെണ്ണം ഉരുക്കില്‍ തീര്‍ത്തും മറ്റേത് സാറ്റലൈറ്റ് നിയന്ത്രിതവുമാണ്. ഈ അറകള്‍ക്കുള്ളില്‍ എന്താണെന്നതിനെ സംബന്ധിച്ച് അഭ്യൂഹങ്ങളും കെട്ടുകഥകളും പ്രചരിക്കുകയാണ്. തങ്കപ്പന്റെ അറകളില്‍ കെഎല്‍ 7 ന്റെ വരാനിരിക്കുന്ന സീരിസുകളില്‍ തന്റെ വാഹനനമ്പര്‍ എഴുതിയ നമ്പര്‍ പ്ലേറ്റുകളും യുവതിരക്കഥാകൃത്തുക്കളുടെ കയ്യില്‍ നിന്നു വായിക്കാനായി വാങ്ങിയ തിരക്കഥകളുമാണെന്നു പ്രചാരണമുണ്ട്. ചന്ദ്രനില്‍ ഇദ്ദേഹം വാങ്ങിയതായി പറയുന്ന ഫ്ലാറ്റിലേക്ക് എളുപ്പത്തില്‍ ചെല്ലാവുന്ന ലിഫ്റ്റ് ആണ് ഒരു അറയിലെന്നും കേള്‍ക്കുന്നു. കുട്ടപ്പന്റെ വീട്ടിലെ തുറക്കാത്ത അറയില്‍ നിന്ന് ഒരു പ്രമുഖ നടിയുടെ വീട്ടിലേക്കു തുരങ്കമുള്ളതായി ശക്തമായ കഥകളുണ്ട്. ഈ നടിയുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവരുടെ വീടിരുന്ന സ്ഥലത്ത് ഇപ്പോള്‍ വലിയൊരു പാറമടയാണെന്നാണ് അറിയാന്‍ കഴിഞ്ഞത്.

വാര്‍ധ്യക്യത്തോടടുത്തുകൊണ്ടിരിക്കുന്ന തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടില്‍ നിന്നും കണ്ടെടുത്ത നിധി വളര്‍ന്നു വരുന്ന ന്യൂജനറേഷന്‍ താരങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് റെയ്ഡിനു പിന്നില്‍ പ്രവര്‍ത്തിച്ചു എന്നു കരുതുന്ന രാജപ്പന്‍ ആവശ്യപ്പെട്ടു. അതേസമയം, കുട്ടപ്പന്റെ വീട്ടില്‍ നിന്നും കോഴിയുടെ നഖവും മറ്റും പിടിച്ചെടുത്ത സാഹചര്യത്തില്‍ അദ്ദേഹത്തിനു സര്‍ക്കാര്‍ നല്‍കിയ ശിക്കാരി പട്ടം തിരിച്ചെടുത്ത് മൊത്തം വെടിക്കാരുടെയും അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നു കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്കപ്പന്റെയും കുട്ടപ്പന്റെയും വീട്ടിലെ രഹസ്യ അറകളില്‍ നിന്നു പിടിച്ചെടുത്ത നിധി അവര്‍ക്കു മാത്രം അവകാശപ്പെട്ടതാണെന്നും അതിന്റെ മേല്‍ അവകാശമുന്നയിക്കുന്നത് നികൃഷ്ടമാണെന്നും ഫാന്‍സ് അസോസിയേഷനുകള്‍ പറഞ്ഞു. ഇരുതാരങ്ങളുടെയും ഫാന്‍സ് അസോസിയേഷനുകള്‍ മാറി മാറി രാത്രി രാജപ്പന്റെ വീടിനു നേരെ കല്ലേറ് നടത്തി. ഇരുതാരങ്ങളുടെയും തല്ലിപ്പൊളി സിനിമകള്‍ കണ്ട് കാശുപോയ സാധാരണപ്രേക്ഷകര്‍ക്ക് ടിക്കറ്റിന്റെ കൌണ്ടര്‍ ഫോയ്ല്‍ ഒന്നിന് രണ്ടു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ ഈ നിധി നല്‍കണമെന്നു വിമതസംവിധായകന്‍ മുനയന്‍ ആവശ്യപ്പെട്ടു.

തങ്ങളുടെ വീട്ടില്‍ നിന്നു കണ്ടെടുത്തു എന്നു പറയുന്ന സ്വത്തുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും എല്ലാം പ്രേക്ഷകരുടേതാണെന്നും എന്നാല്‍ അത് അറകളില്‍ നിന്ന് എങ്ങോട്ടും നീക്കാന്‍ പാടില്ലെന്നും ഇരുതാരങ്ങളും പറഞ്ഞു. ആദായനികുതിവകുപ്പിന്റെ പരിശോധനയെക്കുറിച്ചു ചോദിച്ചപ്പോള്‍ അങ്ങനെ ഒരു വകുപ്പ് ഉള്ളതായി അറിവില്ലെന്നും പുതിയ സര്‍ക്കാര്‍ ഇത്തരം വകുപ്പുകള്‍ തുടങ്ങുമ്പോള്‍ സാധാരണജനങ്ങളെ അറിയിക്കാന്‍ ബാധ്യസ്ഥമാണെന്നും ഇതെപ്പറ്റി തന്റെ മന്ത്രിസുഹൃത്തിനോട് പറയുമെന്നും കുട്ടപ്പന്‍ പറഞ്ഞു. സൂപ്പര്‍താരങ്ങള്‍ക്ക് തട്ടിമുട്ടി കഴിഞ്ഞുപോകാന്‍ മാസം ഒന്നരക്കോടി രൂപയോളം വേണമെന്നത് അറിയാവുന്ന സര്‍ക്കാര്‍ സ്കോച്ച് വിസ്കിയുടെയും ഇറ്റാലിയന്‍ മാര്‍ബിളിന്റെയും വില കുറയ്ക്കാതെ റെയ്ഡുമായിറങ്ങിയത് ജനാധിപത്യവിരുദ്ധമാണെന്നും ഇതെപ്പറ്റി ബ്ലോഗിലെഴുതിക്കുമെന്നും തങ്കപ്പന്‍ ആരോപിച്ചു.

അതേ സമയം, തങ്കപ്പനും കൂട്ടപ്പനും നായകന്മാരാകുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രം ‘ഇന്‍കം ടാക്സി’ന്റെ തിരക്കഥാജോലികള്‍ തുടങ്ങിയതായി തിരക്കഥാകൃത്തുക്കളായ ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു. ചിത്രത്തില്‍ അതിശക്തരായ രണ്ട് ആദായനികുതി ഉദ്യോഗസ്ഥരെയാണ് ഇവര്‍ അവതരിപ്പിക്കുകയത്രേ. ആദായനികുതി ഉദ്യോഗസ്ഥര്‍ സൂപ്പര്‍താരങ്ങളെക്കാള്‍ ശക്തരാണ് എന്നു തിരിച്ചറിഞ്ഞ ഇവര്‍ തങ്ങളെ ഇന്നലെ ഉച്ചയ്ക്ക് ഇങ്ങോട്ടു വിളിച്ച് ഡേറ്റ് നല്‍കുകയായിരുന്നെന്ന് ഹൃദയകൃഷ്ണ-എബി കെ.തോമസ് അറിയിച്ചു.

ഉന്നതപട്ടം ലഭിച്ച സൂപ്പര്‍ സ്റ്റാര്‍ (ലാലേട്ടനല്ല)

ഫാന്‍സുകാര്‍ക്കു പണിയായി,ലീഗുകാര്‍ക്കും.കോടികള്‍ കൊണ്ട് അമ്മാനമാടുന്ന റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ തമ്മിലുള്ള ചോരക്കളിക്കിടയില്‍ നമ്മളെപ്പോലുള്ള ഫാന്‍സിന് എന്തു കാര്യം എന്നറിയില്ല. ആല്‍മാര്‍ത്ത ഉള്ള ഫാന്‍സാണെങ്കില്‍ ജീവന്‍ ബലി കൊടുത്തും താരത്തിന്റെ എല്ലാത്തരം കൃഷികളും സംരക്ഷിക്കണം (റൗഫിന്റെ സൂചനകളനുസരിച്ചുള്ള എല്ലാ ലക്ഷണങ്ങളും തികഞ്ഞ ആ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ആണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അങ്ങനെ താന്‍ പറഞ്ഞിട്ടില്ല എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്). ആ സൂപ്പര്‍സ്റ്റാര്‍ ലാലേട്ടനാണെന്ന് ആരും പറഞ്ഞിട്ടില്ലാത്തതിനാല്‍ അത് അദ്ദേഹമാണ് എന്നാരും തെറ്റിദ്ധരിക്കരുത്.

മഹാരാഷ്ട്രയിലെ സിദ്ധദുര്‍ഗ ജില്ലയില്‍ കൃഷി ഭൂമി സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിനിടെ പ്രദേശത്തെ ഒരു ക്ഷേത്രാങ്കണത്തില്‍ മാംസാവശിഷ്ടങ്ങളും മറ്റും ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് റൗഫിനെതിരെ പരാതി വന്നിരുന്നു. ഈ സംഭവത്തില്‍ പരാതിക്കാരനായ ഗ്രാമത്തലവന്‍ സുനില്‍ ഗാവസിനെ രണ്ടുമാസം മുമ്പ് റൗഫിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണപ്പെടുത്തി വധിക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. മഹാരാഷ്ട്ര ഡി. ജി. പിക്കും കേരള ഡി. ജി. പിക്കുമാണ് പരാതി നല്‍കിയത്. ഇതില്‍ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കുമ്പോഴാണ് റൗഫ് ഉന്നതപട്ടം ലഭിച്ച സൂപ്പര്‍ സ്റ്റാറിനും അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത് (ഇങ്ങനെ പേടിയില്ലാത്തൊരു മനുഷ്യനെ ഞാന്‍ അടുത്തകാലത്ത് കണ്ടിട്ടില്ല).

റൗഫിന്റെ ആരോപണങ്ങളുടെ പ്രധാന പോയിന്റുകള്‍ ഇവയാണ്.

1.സര്‍ക്കാരിന്റെ ഉന്നതപട്ടം ലഭിച്ച സൂപ്പര്‍ സ്‌റ്റാര്‍ നടന്‍, ഒരു പ്രവാസി വ്യവസായി, ബേബി മെമ്മോറിയല്‍ ആശുപത്രി, ബേബി മറൈന്‍ ഗ്രൂപ്പ്‌ എന്നിവയുടെ ഉടമകള്‍ എന്നിവരാണു തന്നെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് (ഇവര്‍ക്കു പിന്നില്‍ കുഞ്ഞാലിക്കുട്ടിയാണെന്നു പുള്ളി സംശയിക്കുന്നു).

2. സിന്ധ്‌ദുര്‍ഗ്‌ ഗ്രാമത്തില്‍ 300 ഏക്കറാണു തനിക്കുള്ളത്‌. ഇതിന്റെ ചുറ്റുമായി 2000 ഏക്കര്‍ ഈ ലോബിയുടെ കൈയിലാണ്‌.അവിടെ നിന്ന് മരങ്ങള്‍ മുറിച്ച്‌ കടത്തി റബര്‍ കൃഷി നടത്തുകയാണ് ഇവരുടെ രീതി‌. ഇവര്‍ മരങ്ങള്‍ മുറിച്ചു കടത്തുന്നതിനെതിരെ താന്‍ മഹാരാഷ്‌ട്ര വനംമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു.പരാതിയില്‍ അന്വേഷണം നടക്കുകയാണ്. തന്റെ 300 ഏക്കര്‍കൂടി കിട്ടാനാണു സ്വാധീനമുപയോഗിച്ചു തനിക്കെതിരെ കള്ളക്കേസുണ്ടാക്കിയത്‌ (2005-06 ല്‍ പവര്‍ ഓഫ്‌ അറ്റോണിയുടെ അടിസ്‌ഥാനത്തിലാണു ഭാര്യയുടെയും മക്കളുടെയും പേരില്‍ അവിടെ 300 ഏക്കര്‍ വാങ്ങിയത്‌. 2007 ആയപ്പോള്‍ കേസില്‍ കിടക്കുന്ന 300 ഏക്കര്‍ സൂപ്പര്‍സ്‌റ്റാറും സംഘവും കൈക്കലാക്കാന്‍ ശ്രമിച്ചു).

3.ജൂണ്‍ 28ന് മന്ത്രി ഗണേഷ് കുമാര്‍ മഹാരാഷ്ട്ര വനം മന്ത്രിയെ ഫോണില്‍ വിളിച്ച് സൂപ്പര്‍ സ്റ്റാറിനനുകൂലമായി നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഒരു ബന്ധു എന്നെ അറിയിച്ചിട്ടുണ്ട് (അതിനുള്ള തെളിവ് തന്റെ പക്കലുണ്ട്). സൂപ്പര്‍സ്റ്റാറിന്റെ സ്വാധീനം മൂലമായിരിക്കാം വനംമന്ത്രി ഇക്കാര്യത്തില്‍ ഇടപെട്ടത്.

4.കാര്‍ അടക്കമുള്ള വാഗ്‌ദാനങ്ങള്‍ നല്‍കി ക്രൈം വാരികയില്‍ പ്രവര്‍ത്തിക്കുന്ന ഒരു പത്രപ്രവര്‍ത്തകനോട്‌ തനിക്കെതിരേ എഴുതാന്‍ സൂപ്പര്‍സ്‌റ്റാറിന്റെ നേതൃത്വത്തിലുള്ള ലോബി സമ്മര്‍ദം ചെലുത്തി (അതിനു പിന്നിലും കുഞ്ഞാലിക്കുട്ടിയാണെന്നു സംശയിക്കുന്നു).

5.ഒന്നര വര്‍ഷം മുന്‍പ് തന്റെ സ്ഥലത്ത് പോയപ്പോള്‍ ഇവരുടെ ഗുണ്ടകള്‍ മര്‍ദിച്ചു. നിയമാനുസൃതമായി തനിക്ക് അവകാശപ്പെട്ട ഭൂമി ഇവര്‍ കൈവശപ്പെടുത്താനാണ് ശ്രമിക്കുന്നത്. സംഭവത്തില്‍ സി. ബി. ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, സുപ്രീംകോടതി ചീഫ്ജസ്റ്റിസ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കും.ഉന്നതപട്ടം ലഭിച്ച സൂപ്പര്‍ സ്റ്റാര്‍ ഇടപെട്ട കേസായതിനാല്‍ മുഖ്യമന്ത്രിക്കും പരാതി നല്‍കും.

NB: മലയാളത്തിലെ മിക്കവാറും താരങ്ങളും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരാണ്.

മമ്മൂക്കയെപ്പറ്റി ഒരക്ഷരം പറയരുത്

താരങ്ങള്‍ താരങ്ങളാകുന്നതിനു മുമ്പ് മാത്രമേ കാത്തുനില്‍ക്കേണ്ടി വരാറുള്ളൂ, പിന്നെ അവരെ താരങ്ങളാക്കിയവരാണ് കാത്തു നില്‍ക്കേണ്ടത്,മണിക്കൂറുകളോളം. സിനിമയിലെ അലിഖിതനിയമമാണ് ഇത്. ചില താരങ്ങള്‍ പണ്ട് ഏതൊക്കെ സംവിധായകരുടെ വീടിനു മുന്നില്‍ എത്ര സമയം കാത്തുനിന്നിട്ടുണ്ട് എന്നത് കൃത്യമായോര്‍മിച്ച് അതിനെ എട്ടുകൊണ്ട് ഗുണിച്ച് ഡേറ്റ് എന്ന എല്ലിന്‍ കഷണം കാട്ടി സംവിധായകരെ സ്വന്തം വീടിനു മുന്നിലും കാറിനു പിന്നിലുമൊക്കെ കാത്തു നിര്‍ത്താറുണ്ട്. ജീവിക്കാന്‍ വേണ്ടി കാത്തു നില്‍ക്കാന്‍ സംവിധായകര്‍ തയ്യാറുമാണ്. എന്നാല്‍,ഈ കാത്തുനില്‍പ് മരണത്തിലും തുടരുമ്പോള്‍, താരം വന്നു നെഞ്ചത്ത് റീത്ത് വച്ചുപോകാന്‍ മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടി വരുമ്പോള്‍ ചീഞ്ഞുനാറുന്നത് താരത്തിന്റെ പരിവേഷമാണ്.

കഴിഞ്ഞ ദിവസം അന്തരിച്ച ബഹുമുഖപ്രതിഭയായ ചിന്ത രവിയുടെ സംസ്കാരത്തിന് മുമ്പ് അന്ത്യോപചാരമര്‍പ്പിക്കാന്‍ ഈറോഡില്‍ നിന്ന് തൃശൂരേക്കു പുറപ്പെടാന്‍ തീരുമാനിച്ച മലയാളത്തിന്റെ മഹാനടന്‍ മെഗാസ്റ്റാര്‍ ഡോ.മമ്മൂട്ടി ഈ തരത്തിലുള്ള ഒരു താരമല്ല. ചിന്ത രവിയോടുള്ള അടുപ്പവും അദ്ദേഹത്തോടൊപ്പമുള്ള അനുഭവങ്ങളും തന്നെയാവണം അത്ര ദൂരം സഞ്ചരിക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ചത്. ഉച്ചയ്‌ക്ക് 12 ന്‌ മൃതദേഹം പൊതുദര്‍ശനത്തിനായി അക്കാദമിയില്‍ കൊണ്ടുവരുമെന്നും രണ്ടിന്‌ സംസ്‌കാരച്ചടങ്ങുകള്‍ക്കു കൊണ്ടുപോകുമെന്നുമാണു തീരുമാനിച്ചിരുന്നത്‌. ഈറോഡില്‍നിന്നു വന്ന മമ്മൂട്ടിക്ക്‌ ആദരാഞ്‌ജലിയര്‍പ്പിക്കാന്‍ നാലുവരെ മൃതദേഹം അക്കാദമിയില്‍ത്തന്നെ വച്ചു. മമ്മൂട്ടി വന്നു അന്ത്യോപചാരമര്‍പ്പിച്ചു, രവിയുടെ ഭാര്യയെ അനുശോചനമറിയിച്ചു.

മമ്മൂട്ടി മടങ്ങാന്‍ തുടങ്ങുമ്പോള്‍ അവിടെയുണ്ടായിരുന്ന രാജു നാരായണത്ര എന്ന സമാന്തരചലച്ചിത്രപ്രവര്‍ത്തകന്‍ ഇത്തരം അവസരങ്ങളിലെങ്കിലും കൃത്യനിഷ്ട പാലിക്കണമെന്നും ഇത്രയും വൈകിയത് മൃതദേഹത്തോടുള്ള അനാദരവാണെന്നും വിളിച്ചു പറയുകയും ചെറു ചിരിയോടെ മമ്മൂട്ടി മടങ്ങുകയും ചെയ്തു. മറ്റുള്ളവരുടെ സൗകര്യം നോക്കി കവി അയ്യപ്പന്റെ മൃതദേഹം ദിവസങ്ങള്‍ വച്ചുതാമസിച്ചിപ്പ സംഭവത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ താന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് രാജു പറയുന്നത്.

മമ്മൂട്ടി വന്ന് കാണും വരെ കാത്തുവയ്‍ക്കണം എന്ന് പറഞ്ഞത് മമ്മൂട്ടിയല്ല, അത് ചിന്ത രവിയുമായി ബന്ധപ്പെട്ട ആളുകള്‍ തീരുമാനിച്ചതാണ്. മമ്മൂട്ടിയും രവിയും തമ്മിലുള്ള ബന്ധം അറിയാവുന്നരാവും അങ്ങനെ ഒരു തീരുമാനം എടുത്തത്. മൃതദേഹം ഒരാള്‍ക്കു വേണ്ടി കാത്തുവയ്‍ക്കുന്നതിലെ ധാര്‍മികതയും യുക്തിയും മരിച്ചയാളും അയാളുടെ ബന്ധുക്കളും വരാനിരിക്കുന്ന ആളും ഒക്കെയുള്ള അടുപ്പത്തിന്റെയും ബന്ധത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കപ്പെടേണ്ടതെന്നു തോന്നുന്നു. എങ്കിലും രാജുവിന്റെ പ്രതിഷേധസ്വരം ജനാധിപത്യത്തിന്റേതു കൂടിയായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു.അതുകൊണ്ടാണല്ലോ മമ്മൂട്ടി പുഞ്ചിരി നല്‍കി മടങ്ങിയതും.

ക്യൂവില്‍ നില്‍ക്കാതെ വോട്ട് ചെയ്യാനെത്തിയ കാവ്യ മാധവനെ തടഞ്ഞ അഭിനവ ചെഗുവേര മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ കാര്യത്തില്‍ അങ്ങനെ ഇടപെട്ടാല്‍ എന്തു സംഭവിക്കും എന്ന് അന്നു ചിലര്‍ ഉന്നയിച്ചിരുന്നു. അതിനുള്ള മറുപടിയാണ് അടുത്ത സീനില്‍ സംഭവിച്ചത്. രാജു മമ്മൂട്ടിയോട് ഒരു കാര്യം പറയുകയും അത് മമ്മൂട്ടി കേള്‍ക്കുകയും ചെയ്തതോടെ അവസാനിച്ച സീനിലേക്ക് കുരച്ചുകൊണ്ട് ഇരച്ചുകയറി വരികയായി ഭ്രാന്തന്‍ ജന്മങ്ങള്‍. മമ്മൂട്ടി അവിടെ എത്തുമെന്നോ എത്തിയെന്നോ അറിഞ്ഞ് ദര്‍ശനത്തിനായി പാഞ്ഞെത്തിയ ഫാന്‍സ് അസോസിയേഷന്‍ കൃമികള്‍ നേരെ വന്നു രാജു നാരായണത്രയുടെ നെഞ്ചത്തേക്കു കയറി. അവരുടെ ദൈവത്തോട് പ്രതിഷേധസ്വരത്തില്‍ സംസാരിച്ചതിനുള്ള ശിക്ഷയായി രാജുവിന്റെ കൈ തല്ലിയൊടിച്ചു. പൊലീസ് എത്തിയാണ് ആരാധക ഗുണ്ടകളെ ചുമന്നു മാറ്റിയത്.

ഫാന്‍സുകാര്‍ പൊതുവേ മന്ദബുദ്ധികളാണെന്നാണ് കേട്ടിട്ടുള്ളത്. ഇത്തരം നടപടികളിലൂടെ അവര്‍ അപകടകാരികളാണെന്നു കുടി തെളിയക്കപ്പെടുകയാണ്. ചിന്ത രവിയെ കാണാന്‍ അത്രയും ദൂരമെത്തിയ മമ്മൂട്ടിയുടെ മാന്യത മമ്മൂട്ടിയുടെ ആരാധകര്‍ എന്നവകാശപ്പെടുന്ന കവലച്ചട്ടമ്പികളുടെ കയ്യാങ്കളികൊണ്ട് കളങ്കിതമായി എന്നു പറയേണ്ടിയിരിക്കുന്നു. എന്നും നല്ലത് ചെയ്യുന്നവനാണ് ഹീറോ. മമ്മൂട്ടി ഒരു നല്ല ഹീറോ ആണ്. രാജു പറഞ്ഞത് മമ്മൂട്ടിക്ക് ഇഷ്ടമായാലും ഇല്ലെങ്കിലും രാജുവിനെ ആശുപത്രിയിലാക്കിയ ആരാധകന്മാരെ വിളിച്ച് കരണത്ത് ഓരോന്നു പൊട്ടിച്ച് അവന്റെയൊക്കെ മെംബര്‍ഷിപ് റദ്ദാക്കി പറഞ്ഞുവിടുകയെങ്കിലും ചെയ്യുന്നില്ലെങ്കില്‍ അഭിമാനിക്കത്തക്കതായ ഒരു ഹീറോയിസം മമ്മൂട്ടിയില്‍ ബാക്കി ഇല്ല എന്നു ഞങ്ങള്‍ക്കു കരുതേണ്ടി വരും.

ആരാധകരെന്നു പറഞ്ഞെത്തിയ ചട്ടമ്പികള്‍ തല്ലിയത് മമ്മൂട്ടി പറഞ്ഞിട്ടാണെന്നോ മമ്മൂട്ടിക്കു വേണ്ടിയാണെന്നോ ഞങ്ങള്‍ കരുതുന്നില്ല. എന്നാല്‍ മമ്മൂട്ടിയുടെ പേരിലാണ് അവരത് ചെയ്തത് എന്നതുകൊണ്ട് മമ്മൂട്ടിക്കും പൊതുസമൂഹത്തിനും അവര്‍ ഒരുപോലെ ഭീഷണിയാണ്. തിയറ്ററിലിരുന്ന് കൂവുന്നതുപോലെ, പോസ്റ്ററുകള്‍ വലിച്ചു കീറുന്നതുപോലെ ഈസിയായി ഫാന്‍സാണെന്നു പറഞ്ഞ് നെഞ്ചത്തു കയറാന്‍ വന്നാല്‍ ഈ ടൈപ്പ് ചെറ്റകളെ ജനം തല്ലിക്കൊന്നെന്നു വരും. അപ്പോള്‍ അത് മമ്മൂട്ടിക്കതിരായ അക്രമണമാണെന്നു കരുതി ടെന്‍ഷനടിക്കരുതേ എന്നു മുന്‍കൂട്ടി അഭ്യര്‍ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.

നടിമാര്‍ വിടുതലൈ

പരമ്പരയെഴുതിയും ഖണ്ഡശ പ്രസിദ്ധീകരിച്ചും നമ്മളൊക്കെ ആഘോഷിച്ച കാവ്യ മാധവന്‍- നിശാല്‍ ചന്ദ്ര ദാമ്പത്യകഥ കോടതിക്കു പുറത്ത് രാജിയാക്കാന്‍ പോകുന്നു. എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് എല്ലാ ഹര്‍ജികളും പിന്‍വലിച്ച് കോടതിക്കു പുറത്ത് അവര്‍ ഒരുമനസ്സായി കോംപ്രമൈസ് ചെയ്യുന്നു. സംയുക്തമായി വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നതിനെയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി എന്നു വിശേഷിപ്പിക്കുന്നത്, യേത് ?

സംഗതി കോംപ്രമൈസ് ആയി എന്നു പറയുമ്പോള്‍ കാവ്യ ജയിച്ചോ അതോ നിശാല്‍ ജയിച്ചോ എന്നൊരു ചോദ്യമുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ ജയിച്ചത് നിശാല്‍ ചന്ദ്രയാണ് എന്നു പറയേണ്ടി വരും. ആദ്യം കാവ്യയുടെ ആരോപണങ്ങള്‍ വരുന്നു, അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. പീഢനക്കേസുകള്‍ വരുന്നു. എല്ലാവരും കൂടി നിശാല്‍ ചന്ദ്രയെ കുരിശിലേറ്റുന്നു. അപ്പോള്‍ നിശാലിന്‍റെ മറുപടി വരുന്നു, അതും നമ്മള്‍ ആഘോഷിക്കുന്നു. എന്നാല്‍, നിശാലിന്‍റെ പോയിന്‍റ് ഒന്നു മാത്രമായിരുന്നു. തനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കാവ്യയുടെ ക്യംപ് പ്രചരിപ്പിച്ചു കഴിഞ്ഞു, അതു പിന്‍വലിക്കാതെ മാന്യമായ ഒരു വേര്‍പിരിയലിന് താന്‍ സമ്മതിക്കില്ല. നിലവില്‍ സംഭവിച്ചിരിക്കുന്നത് അതാണ്. കാവ്യ ഹര്‍ജികള്‍ പിന്‍വലിക്കുന്നു, ഇരുവരും സംയുക്ത വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നു,ശുഭം.

അപ്പോഴും നിശാലിന്‍റെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു തോന്നുന്നില്ല. എല്ലാ കേസും തള്ളിയേരെ ചേട്ടാ എന്നു കാവ്യ പറഞ്ഞാല്‍ തള്ളാന്‍ കോടതി സിനിമയിലെപ്പോലെ ഡമ്മി കോടതിയല്ലാത്തതു കൊണ്ടാവാം സ്ത്രീപീഡനക്കേസ് അത്ര പെട്ടെന്നു തള്ളാന്‍ പറ്റില്ല എന്നു പറയുന്നത്. കുടുംബകോടതിയില്‍ ഇരുവരും മാതൃകാദമ്പതികളെപ്പോലെ സംയുക്തഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ വേണമെങ്കില്‍ കോടതിക്ക് ആ കേസ് തള്ളാം. അതു വരെ നിശാല്‍ ചന്ദ്ര ഒന്നാംതരം പ്രതിയാണ്. എന്നാല്‍, ഏഴു ദിവസത്തേക്ക് അങ്ങേരെ അറസ്റ്റ് ചെയ്യില്ല എന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കി അതിന്‍റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി അപകടം ഒഴിവാക്കാം.

ഇനിയിപ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരത്തില്‍ പറയാവുന്ന രണ്ട് കാര്യങ്ങളുണ്ട്-
1. ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വഷളാക്കിയത് മാധ്യമങ്ങളാണ്.
2. ഞങ്ങളുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ ഞങ്ങളെ ക്രൂശിലേറ്റി.

തമിഴ്‍നാട്ടില്‍ സ്ഥിതി കുറച്ചുകൂടി വഷളാണ്. തെന്നിന്ത്യന്‍മാദകറാണി എന്നല്ലാതെ വേറെ ഒരഡ്രസില്ലാത്ത സാക്ഷാല്‍ നയന്‍താരയെ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് പണ്ണി കോടതിയില്‍ ഹാജര്‍ പണ്ണും. കൂട്ടുപ്രതി പ്രഭുദേവ മാപ്പുസാക്ഷിയായാല്‍ നമ്മുടെ ഡയാന കുര്യന്‍റെ സ്ഥിതി മുല്ലപ്പെരിയാര്‍ പോലെയാകാനും സാധ്യതയുണ്ട്. പ്രഭുദേവയുടെ ഭാര്യ റംലത്തിന്റെ പരാതിയിന്മേല്‍ അയച്ച നോട്ടീസ് പ്രകാരം പ്രഭുവും നയന്‍സും കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെയാണ് കളി കാര്യമാകുന്നത്.റംലത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ഒക്ടോബര്‍ 19ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് കോടതിവിധി.

നയന്‍സിന് ഒരു സ്ഥിരം മേല്‍വിലാസമില്ലാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത്രേ.നടിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റിസ് അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ അത് കൈപ്പറ്റിയിട്ടില്ലെന്നും കേള്‍ക്കുന്നു. സ്വന്തമായി ഒരഡ്രസ് ഇല്ലാത്തവളാണ് തന്‍റെ ചിന്നവീട് എന്ന തിരിച്ചറിവ് പ്രഭുദേവയെ ഒരു പുതിയ മനിതനാക്കുമോ എന്ന പേടി തിരുവല്ലക്കാര്‍ക്കുണ്ട്. എന്തായാലും ഇരുവരും നവംബര്‍ 23ന് കോടതിയില്‍ എത്താത്ത പക്ഷം ഉറപ്പായിട്ടും അറസ്റ്റു ചെയ്യും.

ഇവരൊക്കെ സ്വന്തം പൃവൃത്തിയുടെ ഫലം അനുഭവിക്കുകയാണെന്ന് ആശ്വസിക്കാം എന്നാല്‍ പാവപ്പെട്ട ഷക്കീല എന്തു പിഴച്ചു ? കല്യാണമുറപ്പിച്ചു എന്നു നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായതാണ്. ഇപ്പോള്‍ ദേ പറയുന്നു അതു മുടങ്ങിയെന്ന്. അങ്ങനെ ചുമ്മാ ഒരു വിവാഹം മുടങ്ങുമോ ?

നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണ് തന്നെ കെട്ടാന്‍ പോണതെന്ന് ഷക്കീല നേരത്തെ പറഞ്ഞിരുന്നു. വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സതീഷും രാഷ്‌ട്രീയ നേതാവായി. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌.

എന്താണ് ഇതിനൊരു പരിഹാരം എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്നാല്‍, കേരളത്തില്‍ എത്രയോ പാവങ്ങള്‍ക്ക് സൗജന്യമായി വിവാഹം നടത്തിക്കൊടുക്കുന്നവരാണ് ഇവിടുത്തെ ഫാന്‍സ് അസോസിയേഷന്‍* പ്രവര്‍ത്തകര്‍ എന്നാലോചിക്കുമ്പോള്‍ ചെറിയൊരു പുളകമില്ലാതില്ല. ഇവിടെ വിവാഹം നടത്തുന്നു, അവിടെ വിവാഹം മുടക്കുന്നു. എന്നാല്‍, ഷക്കീലയുടെ രക്തവും മാംസവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളവരെന്ന നിലയില്‍ കേരളത്തിനാണ് ഷക്കീലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. സമൂഹവിവാഹങ്ങള്‍ നടത്തുന്ന വിവിധ ഫാന്‍സ് അസോസിയേഷനുകള്‍ ഇവിടെയുണ്ട്. അവരില്‍ ഏതെങ്കിലും ഒരു അസോസിയേഷന്‍റെ പ്രസിഡന്‍റിനോ സെക്രട്ടറിക്കോ കുമാരി ഷക്കീലയ്‍ക്ക് ഒരു ലൈഫ് കൊടുക്കാനുള്ള വിശാലമനസ് ഉണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ഥിക്കുന്നു.

*ഫാന്‍സ് അസോസിയേഷനുകള്‍ എന്നതില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം, ജയസൂര്യ, ഭീമന്‍ രഘു തുടങ്ങിയ താരങ്ങളുടെ ഫാന്‍സ് അസോസിയേനുകളെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.

പോക്കിരി(സി ക്ലാസ്)രാജ, അലക്സാണ്ടര് ദി മൂട്ട

കൊടുത്താല് കൊല്ലത്തും കിട്ടും എന്ന പഴഞ്ചൊല്ലില് സിനിമാക്കാര്ക്ക് വിശ്വാസമുണ്ടോ എന്നെനിക്കറിയില്ല. എങ്കിലും, അടുത്ത കാലത്ത് നടന്നു കൊണ്ടിരിക്കുന്ന സംഭവങ്ങളെല്ലാം കൂടി ചുമ്മാ കൂട്ടി വച്ചു നോക്കുമ്പോള് പാവം തിലകനിട്ട് കൊടുത്തതിന് ദൈവം തമ്പുരാനായിട്ട് കൊടുത്ത പണിയാണ് ഈ സിനിമാസമരം എന്നു തോന്നും (യുക്തിവാദികള് ക്ഷമിക്കണം).

തിലകനെ വിലക്കിയപ്പോള് കേരളത്തിലെ ചലച്ചിത്ര പ്രേമികളായ ജനങ്ങള് ഹൃദയം കൊണ്ട് ആഗ്രഹിച്ചതാണ് എത്ര കൊള്ളരുതാത്തവനാണെങ്കിലും എഴുപതു കഴിഞ്ഞ, മലയാളത്തിലെ ഏറ്റവും മികച്ച നടനായ തിലകനെ സംഘടിതമായി ഒറ്റപ്പെടുത്തിയവര്ക്കിട്ട് ഒരു പണി കിട്ടണമെന്ന്. സിനിമാ സമരം തിലകന്റെ ബുദ്ധിയോ ആരുടെയെങ്കിലും ആസുത്രണഫലമായി വന്നു ചേര്ന്നതോ അല്ല. എങ്കിലും അതിനു ശേഷം മലയാളത്തില് ഒരു സിനിമ ഇറങ്ങിയിട്ടില്ല എന്നതു വിസ്മരിക്കാവുന്നതല്ല.

ക്രിസ്ത്യന് ബ്രദേഴ്സ് എന്ന സിനിമയുടെ കാര്യം പറയാറായിട്ടില്ല (അതില് നിന്നാണല്ലോ തിലകനെ ഒഴിവാക്കിയത്), പടം ഇപ്പോഴും വിലക്കില് തന്നെയാണ്. ഒരു സൂപ്പര് മെഗാഹിറ്റ് പ്രതീക്ഷിച്ചിരിക്കുന്ന മമ്മൂട്ടി ഫാന്സിന് പോക്കിരിരാജയും മോഹന്ലാല് ഫാന്സിന് അലക്സാണ്ടര് ദി ഗ്രേറ്റും ഇതുവരെ കാണാന് കഴിഞ്ഞിട്ടില്ല. റിലീസിങ് വൈകുന്നത് ഈ താരങ്ങളെയും പിന്നണിക്കാരെയും മൊത്തത്തില് ഇന്ഡസ്ട്രിയെയും ഉലയ്ക്കുന്നുണ്ട് എന്നതില് സംശയമില്ല.

പോക്കിരിരാജയുടെ സെറ്റില് വച്ചാണ് മമ്മൂട്ടി തിലകന് പ്രശ്നം *പരിഹരിച്ചത്*. അടുത്ത ദിവസം ആരോ വിരട്ടിയപ്പോള് പരിഹരിച്ചില്ല എന്നു പറയുകയും ചെയ്തു. പടം നാളെ ഇറങ്ങുന്നത് ബിസി ക്ലാസ്സ് തിയറ്ററുകളില് മാത്രമാണ്. കൊള്ളാവുന്ന തിയറ്ററില് മൂട്ടകടി കാണാതെ കാണണമെങ്കില് 13 കഴിയണം. അപ്പോഴേക്കും ഇനിഷ്യല് പുള് ഉണ്ടാക്കാവുന്ന ലാഭം കുറയും. പ്രേക്ഷകര് എന്നു പറയുന്ന പുഴുക്കള് അഭിപ്രായം പറഞ്ഞ് സിനിമ പൊളിക്കാനും മതി (സിനിമ കഴിഞ്ഞിറങ്ങുന്ന മുറയ്ക്ക് ഇവറ്റകളെ വെടിവച്ചു കൊല്ലാന് ഇവിടെ നിയമം വേണം). പോക്കിരിരാജയില് യുവതാരം മമ്മൂട്ടിയെ കൂടാതെ മെഗാ സ്റ്റാര് പൃഥ്വിരാജ്, തെന്നിന്ത്യന് രോമാഞ്ചം ശ്രിയ സരണ് തുടങ്ങിയവരാണ് ഉള്ളത്. ജോണി ആന്റണിയുടെ അസോഷ്യേറ്റ് ആയിരുന്ന വൈശാഖ് ആണ് സംവിധായകന്.

തിലകന് പ്രശ്നത്തില് ഈ ഹാലൂസിനേഷന് മുഴുവനുണ്ടാക്കിയ മോഹന്ലാലിന്റെ അലക്സാണ്ടര് ദി ഗ്രേറ്റിനെക്കുറിച്ച് കേള്ക്കാന് തുടങ്ങിയിട്ട് യുഗങ്ങളായി. അതിറങ്ങി പതിവുപോലെ പൊട്ടിപ്പണ്ടാരമടങ്ങിയെന്നാണ് ഞാന് കരുതിയത് (അങ്ങനെ കരുതുന്നതിന് വിലക്കുണ്ടോ ആവോ ?). എന്തായാലും ഇറങ്ങാന് പോകുന്നതേയുള്ളൂ എന്നറിഞ്ഞപ്പോള് ഒരു സന്തോഷം. കുറെക്കാലമായി ഒരു സൂപ്പര്ഹിറ്റ് സിനിമ കണ്ടിട്ട്. എന്തായാലും ലാലേട്ടനും പടമിറക്കാനാവാതെ ശ്വാസം മുട്ടിയിരിക്കുകയാണെന്നത് തിലകന്റെ ശാപം മൂലമാണെന്ന് ആര്ക്കെങ്കിലും താല്പര്യമുണ്ടെങ്കില് വിശ്വസിക്കാം.

പിന്നെയൊരാള് ഉണ്ട്. സത്യന് അന്തിക്കാട്. സിനിമ കാണാത്തവര് സിനിമയെപ്പറ്റി അഭിപ്രായം പറയുന്നത് കൊടിയ പാപമാണെന്നു പറഞ്ഞ് അഴീക്കോടിനെ വിറപ്പിച്ച സത്യനും പിടിച്ച പടവുമായി കാത്തിരിക്കുകയാണ്. ജയറാമും മംത മോഹന്ദാസും ഇളയരാജയുടെ സംഗീതവും ശ്രീബാല കെ. മേനോന്റെ സഹസംവിധാനമുമൊക്കെയാണ് ഇതിന്റെ സവിശേഷതകള്. ബി, സി തിയറ്ററുകളാണ് ഈ സിനിമകള്ക്കും കിട്ടാന് പോകുന്നത്. തിലകന്റെ ദുഖം ഘനീഭവിച്ച് ഈ ക്ണാപ്പന്മാര്ക്കിടയില് പ്രതിസന്ധിയായി പെയ്തിറങ്ങുകയാണെന്ന് ഞാന് പറഞ്ഞാല് അതില് കാല്പനികഭംഗിയുണ്ടോ ?

ഇതൊന്നും ഒരു പ്രശ്നമേയല്ല, സിനിമ ഇറങ്ങിയില്ലെങ്കിലും ഇവിടെ ഒരു പുല്ലും സംഭവിക്കില്ല എന്നൊക്കെ വേണമെങ്കില് ഭാവിക്കാം. എന്നാല്, സിനിമ റിലീസ് ചെയ്യാന് സമ്മതിക്കാത്ത തിയറ്ററുകളിലേക്ക് മാര്ച്ച് നടത്തിയിരിക്കുകയാണ് മമ്മൂട്ടി ഫാന്സ് അസോസിയേഷന്കാര്. ചിരിച്ചു ചിരിച്ചു ഞാന് മടുത്തു. ഇങ്ങനെയൊക്കെ ചെയ്യിക്കണമെങ്കില് സൂപ്പര് താരങ്ങളൊക്കെ എത്ര ഗതികെട്ടിരിക്കും എന്നോര്ത്തു നോക്കണം. അതും പോട്ടെ, ഈ തിയറ്ററുകള് തുറന്നില്ലെങ്കില് സൂപ്പറും അസൂപ്പറുമായ സ്റ്റാറുകളൊക്കെ ഭ്രാന്തുപിടിച്ചു ചാവുമെന്നതും സംശയമില്ല.

ന്യായം തിയറ്ററുകാരുടെ ഭാഗത്താണോ എന്നു ചോദിച്ചാല്, അതെ എന്നു പറയാം. നിര്മാതാക്കളും വിതരണക്കാരും കൂടി സമരം ചെയ്ത് തകര്ക്കുന്ന സമയത്ത് വിതരണക്കാരനും തിയറ്റര് ഉടമയുമായ വണ് മിസ്റ്റര് ഷിബു വിജയ് ചിത്രമായ സുറ ഇവിടെ കൊണ്ടുവന്ന് റിലീസ് ചെയ്തു. വിതരണക്കാരുടെ വിലക്കുകളെ മറികടന്ന് 60 തീയേറ്ററുകളിലാണു സുറ പ്രദര്ശനത്തിനെത്തിയത്.(ഇവര് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് അംഗങ്ങളാണെന്നു ഞാന് മനസ്സിലാക്കുന്നു).മലയാളം കൂതറകളല്ലാതെ മലയാളികളെ മറ്റേതെങ്കിലും സിനിമകള് കാണിക്കാന് പാടില്ല എന്നത് നിര്മാതാക്കളുടെ പ്രഖ്യാപിത നയമാണ്.

സര്ക്കാരിന്റെ അഭ്യര്ത്ഥന മാനിച്ച് സമരം നിര്ത്തിയ നിര്മാതാക്കളും വിതരണക്കാരും കൂടി സുറ കാണിച്ച തിയറ്ററുകാരെ അങ്ങു വിലക്കാന് തീരുമാനിച്ചു, യേത് ? മൂന്ന് വര്ഷത്തേക്ക് ഈ തീയറ്ററുകള്ക്ക് പുതിയ സിനിമകള് നല്കേണ്ടതില്ലെന്നായിരുന്നു തീരുമാനം (മൂന്നു വര്ഷം കഴിഞ്ഞ് ഇവിടെ മലയാള സിനിമ ഉണ്ടെങ്കില് ഭാഗ്യം!). എന്നാല് പിന്നെ അക്കാര്യത്തിലൊരു തീരുമാനമായിട്ട് സിനിമ തിയറ്റര് തുറക്കാമെന്ന് സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന് തീരുമാനിച്ചതോടെ സ്വന്തം അത്താഴത്തില് ചാടി ആത്മഹത്യ ചെയ്യുന്ന അവസ്ഥയിലായി വിലക്ക് അസോസിയേഷന്കാര്. ഷിബുവിനോടാ കളി !

പടം തിയറ്ററിലെത്തിക്കാന് പലവിധത്തിലുള്ള ചര്ച്ചകളും നടത്തിയെങ്കിലും ഇവിടുത്തെ കൂതറ സൂപ്പറുകളുടെ പടം കാരണം തങ്ങള്ക്കു നഷ്ടമേ ഉണ്ടായിട്ടുള്ളൂ എന്നും അഡ്വാന്ഡ് ആയി പിരിക്കുന്ന പൈസ കൊണ്ട് സൂപ്പറുകള് പുട്ടടിക്കുകയാണ് എന്നും ചുരുക്കത്തില് മലയാള സിനിമ റിലീസ് ചെയ്യാതിരിക്കുന്നതു തന്നെയാണ് ഞങ്ങള്ക്കു സന്തോഷം എന്നുമൊക്കെ തിയറ്ററുകാര് സൂചിപ്പിച്ചതോടെ വിലക്കു വീശി നടന്ന ചേട്ടന്മാര് നെഞ്ചു വിലങ്ങിയിരിക്കുകയാണ്.

ലേറ്റസ്റ്റായി, സര്ക്കാരിന്റെ മധ്യസ്ഥതയില് (ഈ സര്ക്കാരും മധ്യസ്ഥതയും തിലകന്റെ കാര്യത്തിലുണ്ടായില്ല എന്നത് നോട്ട് ദി പോയിന്റ് ആണേ)നടന്ന ചര്ച്ചയിലാണ് ബി, സി ക്ലാസ്സ് തിയറ്ററുകാര് (ഇവര് സിനി എക്സിബിറ്റേഴ്സ് അസോസിയേഷന് അംഗങ്ങളാണെന്നും ഞാന് മനസ്സിലാക്കുന്നു)പടം ഓടിക്കാന് തീരുമാനമെടുത്തത്. നാല് സി ക്ലാസ്സ് ആയാല് ഒരു എ ക്ലാസ്സ് ആകുമോ ? പോരെങ്കില് തിയറ്ററുകള് ഭൂരിഭാഗവും മറ്റേ സംഘടനയുടെ കീഴിലാണ്. ചുരുക്കത്തില്, ഈ പറഞ്ഞ വമ്പന് സിനിമകളൊക്കെ ചുരുക്കം തിയറ്ററുകളിലേ നടമാടാന് പോകുന്നുള്ളൂ.

അല്ലെങ്കിലേ ഫാന്സുകാരുടെ ഉപദ്രവം കാരണം, മിക്കവാറും ഒരു തിയറ്ററിലും കയറാന് വയ്യാത്ത കാലത്താണ് പ്രേക്ഷകര് റിസ്കെടുത്ത് ബി, സി ക്ലാസ് തിയറ്ററുകളിലേക്ക് അണിയണിയായി നീങ്ങേണ്ടത്. നമുക്കു നീങ്ങാം, ക്ലാസിക്കുകള് കണ്ടില്ലെന്നു നടിച്ച് വീട്ടിലിരിക്കുന്നത് അഹങ്കാരമാണല്ലോ. അല്ലെങ്കിലും നല്ല സിനിമകള് തിരിച്ചറിയാനുള്ള വിവരമില്ലാത്തതാണ് നമ്മള് പ്രേക്ഷകരുടെ കുഴപ്പമെന്ന് ആരോ പറഞ്ഞതായി ഓര്ക്കുന്നു.

വെണ്ടക്കയും വഴുതനങ്ങയും മാത്രമല്ല, നമുക്കു കാണാനുള്ള സിനിമകള് കൂടി തമിഴ്നാട്ടില് നിന്നു വരുന്നതാണ് ഒരര്ത്ഥത്തില് നല്ലത്. ഇവിടെ കൃഷിഭൂമി വെട്ടിനിരത്തി കൊടിനാട്ടി വിജയമുറപ്പിക്കുന്നതുപോലെ സിനിമയുടെ സംഘടനയുടെ കൊടിനാട്ടുന്നതിലാണ് നമുക്കു കമ്പം. മുടിഞ്ഞു പണ്ടാരമടങ്ങിയാല് പിന്നെ, അതെക്കുറിച്ചാലോചിക്കേണ്ടല്ലോ.

സൂപ്പര്‍ സ്റ്റാര്‍ ആവാനുള്ള നമ്പര്‍

സൂപ്പര്‍ സ്റ്റാറാവാനുള്ള യോഗ്യതകളില്‍ ഫാന്‍സ് ആസോസിയേഷനും കാരവാനും മാത്രം മതിയെന്നാണ് ഞാന്‍ കരുതിയിരുന്നത്. എന്നാല്‍ ഒന്നു കൂടിയുണ്ട്: ഫാന്‍സി നമ്പര്‍ ! ലേറ്റസ്റ്റ് ഡവലപ്മെന്‍റ്സ് വച്ചു നോക്കുമ്പോള്‍ നല്ല വില കൊടുത്ത് ഫാന്‍സി നമ്പര്‍ കൂടി വാങ്ങുമ്പോഴാണ് ഒരുത്തന്‍ സൂപ്പര്‍ സ്റ്റാറായി ഉയരുന്നത്. മലയാളത്തിന്റെ പുതിയ സൂപ്പര്‍ സ്റ്റാര്‍ പൃഥ്വിരാജ് ആണ് 3.56 ലക്ഷം രൂപ മുടക്കി KL 7 BN 1 എന്ന നമ്പര്‍ ദേ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. അതാകട്ടെ വലിയ പുലിവാലുള്ള സംഭവവുമായിരുന്നത്രേ. ഇതത്ര വലിയ സംഭവമാണോ എന്നു ചോദിച്ചാല്‍, വലിയ വലിയ മുതലാളിമാര്‍ ഐപിഎല്‍ ടീമും അരലോഡ് പെണ്ണുങ്ങളേം വാങ്ങുമ്പോള്‍ അത്രയ്ക്കൊന്നും എടുക്കാനില്ലാത്ത സൂപ്പര്‍ സ്റ്റാറുകള്‍ മിനിമം ഒരു നമ്പരെങ്കിലും വാങ്ങേണ്ടേ ?

ഈ നമ്പറിനോട് ഇഷ്ടം കൂടിയ 11 പേരാണു പൃഥ്വിരാജിനൊപ്പം അപേക്ഷ നല്‍കിയിരുന്നത്. നാലു പേര്‍ ലേലത്തിനെത്തിയില്ലത്രേ. ലേലത്തില്‍ പൃഥ്വിരാജിനു വേണ്ടി ഹാജരായ ബന്ധുവും എതിരാളികളും വാശിയോടെ പങ്കെടുത്തു. പ്രമുഖ വിദേശ മലയാളിയായിരുന്നു പൃഥ്വിരാജിന്റെ മുഖ്യ എതിരാളി. അദ്ദേഹത്തിനു വേണ്ടി ഹാജരായ വ്യക്തി 3.55 ലക്ഷം രൂപ വരെ വിളിച്ചുവത്രേ. ഒരു ലക്ഷം രൂപ കൂടി എടുക്കാനുണ്ടായിരുന്നെങ്കില്‍ നമ്പര്‍ പുള്ളിക്കു കിട്ടിയേനെ. വിദേശമലയാളികളൊക്കെ കുറച്ചൂടെ സ്ട്രോങ് ആവണ്ടേ ?

മൂന്നു മാസം മുന്‍പ് ഇഷ്ട നമ്പറായ കെഎല്‍-7-ബിഎം 5555 ഭാര്യ സുചിത്രയുടെ പേരില്‍ മോഹന്‍ലാല്‍ സ്വന്തമാക്കിയത് 1.81 ലക്ഷം രൂപയ്ക്കാണ്. അതിനു മുന്‍പ് കെഎല്‍-7-ബിഎം-369, കെഎല്‍-7-ബിഎം 999 നമ്പറുകള്‍ക്കായി സൂപ്പര്‍ താരം മമ്മൂട്ടി രംഗത്തു വന്നിരുന്നു. 369-ാം നമ്പര്‍ സ്വന്തമാക്കാന്‍ മമ്മൂട്ടി 1.29 ലക്ഷം രൂപ വരെ ലേലം വിളിച്ചെങ്കിലും ഫലം കണ്ടില്ല. 999-ാം നമ്പര്‍ ലേലത്തില്‍ നിന്നു മമ്മൂട്ടി പിന്‍മാറുകയും ചെയ്തു. ഫീല്‍ഡ് ഔട്ടായിക്കൊണ്ടിരിക്കുന്ന താരങ്ങളെന്ന നിലയില്‍ ഒരു ലക്ഷവും ഒന്നര ലക്ഷവുമൊക്കെ വിളിക്കാനുള്ള യോഗ്യതയേ അവര്‍ക്കുള്ളൂ. അപ്പോള്‍ കേരളത്തിലെ ഫാന്‍സി നമ്പരിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക മുടക്കി നമ്പരെടുത്ത ഭയങ്കരന്‍ പൃഥ്വി സ്റ്റാര്‍ ആണെന്നു കരുതരുത്. നമ്മുടെ വിഗ്-മുടി സംരംഭമായ ഗള്‍ഫ്ഗേറ്റിന്റെ മുതലാളി സക്കീര്‍ ഹുസ്സൈന്‍ വന്‍തുക മുടക്കിയിട്ടുണ്ട്. അതും 2005ല്‍. കാറിനെക്കാള്‍ കൂടിയ വിലയ്ക്കാണ് അന്ന് സക്കീര്‍ നമ്പര്‍ വാങ്ങിയത്. എന്ന നമ്പരിന് അന്ന് 4.10 ലക്ഷം രൂപയാണ് സക്കീര്‍ ചെലവഴിച്ചത്. എന്നാല്‍ റെക്കോര്‍ഡ് തുക ഏഴു ലക്ഷമാണ്.

KL 01 W 01 എന്ന നമ്പരാണ് കഴിഞ്ഞ വര്‍ഷം അവസാനം ഏഴു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പോയത്. ഇന്‍ഡ് റോയല്‍ ഫര്‍ണിച്ചര്‍ ഉടമ ജെ. സുഗതനാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. എന്നാല്‍ അന്നുതന്നെ നടന്ന മറ്റൊരു നമ്പര്‍ ബിനീഷ് കോടിയേരിക്ക് പുല്ലുവിലയ്ക്ക് കിട്ടി. ലക്ഷങ്ങള്‍ മുടക്കി അത് ലേലത്തില്‍ വാങ്ങാന്‍ വന്നവരെ നേരത്തെ തന്നെ ഫോണില്‍ വിളിച്ചും വിരട്ടിയും ലേലത്തില്‍ നിന്നു പിന്മാറ്റിയിട്ട് 3200 രൂപയ്ക്ക് എല്ലാവരും കൂടി നമ്പര്‍ ബിനീഷ്മോന് ഒപ്പിച്ചു കൊടുത്തുവെന്നാണ് ചരിത്ര രേഖകളില്‍ കാണുന്നത്. അന്ന് മോഹന്‍ലാലും സുരേഷ്ഗോപിയും ഉള്‍പ്പെടെ 14 പേര്‍ ബിനീഷ്മോനു വേണ്ടി ആഗ്രഹം ഉപേക്ഷിച്ചുവത്രേ. മന്ത്രിയുടെ മോന് നമ്പര്‍ ചുമ്മാ കൊടുക്കാത്ത ഈ നാട് ഗതിപിടിക്കില്ല.

രണ്ടു വര്‍ഷം മുമ്പ് കൊച്ചിയിലും ഇതു തന്നെ നടന്നു. KL 7 BF 369 എന്ന നമ്പര്‍ മമ്മൂട്ടിക്കു 300 രൂപയ്ക്കാണ് ലഭിച്ചത്. ഇതേ പരമ്പരയിലെ 50ാം നമ്പര്‍ ജയസൂര്യ ലേലത്തില്‍ പിടിച്ചത് 200 രൂപയ്ക്ക്. ഇരുവരും നേരത്തേ ഇഷ്ടനമ്പറിനുള്ള അപേക്ഷയോടൊപ്പം 2000 രൂപ അടച്ചിരുന്നു. ലേലത്തിന് എത്തിയപ്പോഴാണു താരങ്ങളുമായാണ് മല്‍സരമെന്ന് എതിരാളികള്‍ക്കു മനസ്സിലായത്. അതോടെ വാശിയേറിയ ലേലം ഒഴിവാകുകയായിരുന്നത്രേ.

പൃഥ്വിരാജ് കാശുമുടക്കി നമ്പര്‍ വാങ്ങി എന്നത് ഒരു നല്ല കാര്യമാണ്. സാധാരണയായി സൂപ്പര്‍-മെഗാ സ്റ്റാറുകളുടെ ഗാമര്‍ കണ്ട് സാധാരണക്കാരായ ലേലക്കാര്‍ ലേലത്തില്‍ നിന്നു പിന്മാറുകയോ വിട്ടുകൊടുക്കുകയോ ഒക്കെയാണത്രേ. ആര്‍ടി ഓഫിസുമായി ബന്ധപ്പെട്ട് ചില്ലറ ചുറ്റിക്കളികളും ഉണ്ടാവാറുണ്ടത്രേ. ഈ വര്‍ഷം ആദ്യം ഒരു താരത്തിന് ഫാന്‍സി നമ്പര്‍ അനുവദിച്ചതിനു ഗതാഗതവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വരെ സ്വീകരിച്ചിരുന്നു.

തിരുവനന്തപുരത്താണ് അത്. മുന്‍പു ലക്ഷത്തിനു വിറ്റുപോയ തരത്തിലുള്ള ഫാന്‍സി നമ്പരാണ് 2500 രൂപയ്ക്കു താരത്തിന്റെ വാഹനത്തിന് ഉദ്യോഗസ്ഥര്‍ ഗൂഢാലോചനയിലൂടെ നല്‍കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നമ്പര്‍ ലേലം പല തവണ മാറ്റിവച്ച ശേഷം മറ്റ് അപേക്ഷകരെ അറിയിക്കാതെ താരത്തിന് നമ്പര്‍ നല്‍കുകയായിരുന്നു. ലേലത്തില്‍ പങ്കെടുക്കാന്‍ അപേക്ഷ നല്‍കിയിരുന്ന ദൂരദര്‍ശനിലെ പ്രോഗ്രാം അസിസ്റ്റന്റ് സജിദേവി ഇതിനെതിരെ രേഖാമൂലം പരാതി നല്‍കിയതോടെയാണു വര്‍ഷങ്ങളായി ആര്‍ടിഎ ഒാഫിസില്‍ അരങ്ങേറുന്ന തട്ടിപ്പിനെതിരെ നടപടിയുണ്ടായത്.

സൂപ്പര്‍ സ്റ്റാറാണെന്നു കരുതി അന്തസ്സ് ഉണ്ടാവണമെന്നു നിര്‍ബന്ധമില്ലല്ലോ. ടൂത്ത്പേസ്റ്റ് തൊട്ട് അണ്ടര്‍വെയര്‍ വരെ എല്ലാം നിര്‍മാതാവിന്റെ ചെലവില്‍ സാധിക്കുന്ന താരത്തിന് ഫാന്‍സി നമ്പരും ഓസില്‍ കിട്ടണമെന്ന് ആഗ്രഹിക്കാന്‍ അവകാശമുണ്ട്. ഇതിനാണ് ആര്‍ടി ഓഫിസിന്റെ സഹായം. ഫാന്‍സി നമ്പരിനായി അപേക്ഷിച്ചവരെ കണ്ടെത്തി സോപ്പിട്ടും ഭീഷണിപ്പെടുത്തിയും ലേലത്തില്‍ നിന്നു പിന്‍വലിപ്പിക്കും. ഇതു നടന്നില്ലെങ്കില്‍ ലേലം പല വട്ടം മാറ്റിവയ്ക്കും. അറിയിപ്പ് നമ്പരിനായി അപേക്ഷിച്ചവര്‍ക്ക് യഥാസമയം നല്‍കാതെ മുക്കും.

സിനിമാതാരത്തിന് ഇഷ്ടനമ്പര്‍ കൊടുക്കാനായി അപേക്ഷകര്‍ക്കു നോട്ടീസ് അയയ്ക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേടു നടത്തിയതായി കണ്ടെത്തിയിരുന്നു. ലേലത്തില്‍ പങ്കെടുക്കാനായി പണം അടച്ചു ദിവസങ്ങള്‍ക്കു ശേഷം റജിസ്റ്റേഡ് കത്തായാണു ലേലവിവരം അറിയിക്കുന്നത്. എന്നാല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരുടെ വിവരവും ഫോണ്‍ നമ്പരും ഇതിനു മുന്‍പേ ആര്‍ടിഎ ഒാഫിസിലുള്ളവര്‍ ചോര്‍ത്തി പ്രമാണിമാര്‍ക്കു നല്‍കുകയാണു ചെയ്യുന്നത്.

ഇത്രയൊക്കെയായ നിലയ്ക്ക് ഒരു നമ്പര്‍ ലേലത്തില്‍ പിടിക്കാന്‍ നിങ്ങളിലാര്‍ക്കെങ്കിലും തോന്നുന്നുണ്ടെങ്കില്‍ ചെയ്യേണ്ടത് ഇത്രമാത്രം. വാഹനത്തിന് ഇഷ്ടനമ്പര്‍ ബുക്ക് ചെയ്യുന്നതിനു വെള്ളക്കടലാസില്‍ ആര്‍ടിഒയ്ക്ക് അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം 2000 രൂപ അടയ്ക്കണം. ഒരേ നമ്പറിന് ഒന്നില്‍ക്കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ ആ നമ്പര്‍ ലേലത്തില്‍ വിളിക്കും. ലേലത്തുക അന്നുതന്നെ ഒാഫിസില്‍ അടയ്ക്കണം. ബുക്ക് ചെയ്ത ദിവസംമുതല്‍ മൂന്നുമാസത്തിനകം വാഹനം റജിസ്റ്റര്‍ ചെയ്യുന്നതിനു കൊണ്ടുവന്നില്ലെങ്കില്‍ റിസര്‍വേഷന്‍ റദ്ദാക്കും. തുക കണ്ടുകെട്ടുകയും ചെയ്യും.

മലയാളം സിനിമാ അവാര്‍ഡ് 2020

മലയാള സിനിമ തുടങ്ങിയതില്‍ പിന്നെ ഇതെത്ര അവാര്‍ഡുകള്‍ കഴിഞ്ഞു. ഇനിയെത്ര കഴിയാനിരിക്കുന്നു.ഇനി എത്ര വര്‍ഷം കൂടി കഴിഞ്ഞാലാണ് ഇപ്പോഴത്തെ അവാര്‍ഡ് ചേരുവകളില്‍ മാറ്റമുണ്ടാവുക എന്നത് പ്രസക്തമായ ഒരാലോചനയാണ്. ആ ആലോചനയില്‍ നിന്നും നടത്തിയ അന്വേഷണത്തിനൊടുവില്‍ വിദഗ്ധമായ പഠനത്തിനൊടുവിലാണ് 2020ലെ മലയാള സിനിമാ അവാര്‍ഡ് എങ്ങനെയിരിക്കുമെന്ന കണ്ടെത്തല്‍ നടത്തിയത്.തീര്‍ച്ചയായും ലോകസിനിമയില്‍ വരുന്ന മാറ്റങ്ങളും പുതിയ പ്രതിഭകളുടെ രംഗപ്രവേശവും മലയാള സിനിമയിലും മാറ്റങ്ങളുണ്ടാക്കും. ഇതുവരെയുള്ള ചലച്ചിത്ര അവാര്‍ഡുകളും സിനിമയിലെ രാഷ്ട്രീയ-സാംസ്കാരിക ബന്ധങ്ങളും അപഗ്രഥനം ചെയ്യുമ്പോള്‍ 2020ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം എങ്ങനെയായിരിക്കുമെന്നു നോക്കാം.

അന്ന് മലയാളത്തിലെ നമ്പര്‍ വണ്‍ എന്‍റര്‍ടെയിന്‍മെന്‍റ് പോര്‍ട്ടലായ ബെര്‍ളിത്തരങ്ങള്‍ ഡോട് കോമില്‍ ആ വാര്‍ത്തയുടെ വിഡിയോ റിപ്പോര്‍ട്ടില്‍ സന്ത്യാവിഷനില്‍ നിന്നും ചാടിവന്ന ന്യൂസേഷ് കുമാര്‍ ആ വാര്‍ത്ത ഇങ്ങനെ അവതരിപ്പിക്കും.

“നമസ്കാരം… 2020ലെ മലയാള ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത്, മികച്ച ചിത്രം എന്നിവ ഉള്‍പ്പെടെ 17 അവാര്‍ഡുകള്‍ നേടിയ ഈ ബ്ലോഗിന്‍റെ അധിപന്‍ കൂടിയായ ബെര്‍ളി തോമസ് തന്നെയാണ് ഈ വര്‍ഷവും ഏറ്റവുമധികം അവാര്‍ഡുകള്‍ വാരിക്കൂട്ടിയിരിക്കുന്നത്. ലഫ്റ്റനന്‍റ് കേണല്‍ പത്മശ്രീ ഡോക്ടര്‍ ബെര്‍ളി തോമസിന്‍റെ ‘ചക്കക്കൂട്ടാന്‍’ എന്ന സിനിമയ്‍ക്കാണ് ഈ വര്‍ഷം മികച്ച സംവിധാനം, മികച്ച ചിത്രം, മികച്ച തിരക്കഥ തുടങ്ങി ഏഴ് അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ഈ വര്‍ഷം പന്ത്രണ്ട് ഓസ്കറുകളും ലഭിച്ചിരുന്നു. ‘ഫോര്‍ ആഡിങ് ജാക്നട്ട്’ എന്ന പേരില്‍ പുറത്തിറങ്ങിയ ‘ചക്കക്കൂട്ടാന്‍’ എന്ന സിനിമയുടെ ഇംഗ്ലിഷ് പതിപ്പിനാണ് മികച്ച ചിത്രം, മികച്ച സംവിധാനം, മികച്ച തിരക്കഥ തുടങ്ങിയവയിലൂടെ ബെര്‍ളി തോമസിന് ഓസ്കറുകള്‍ ലഭിച്ചത്.കഴിഞ്ഞ വര്‍ഷം ബെര്‍ളി തോമസ് സംവിധാനം ചെയ്ത ‘പട്ടിണി കിടന്ന പിള്ളേര്‍’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ‘ചക്കക്കൂട്ടാന്‍’. ‘പട്ടിണി കിടന്ന പിള്ളേര്‍’ കഴിഞ്ഞ വര്‍ഷം 9 സംസ്ഥാന അവാര്‍ഡുകളും 11 ദേശീയ അവാര്‍ഡുകളും നേടിയിരുന്നു.

മലയാള സിനിമയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി 5 വര്‍ഷം ഏറ്റവുമധികം വ്യക്തിഗത അവാര്‍ഡുകള്‍ വാങ്ങുന്ന അദ്ഭുതപ്രതിഭയായി ബെര്‍ളി തോമസ് മാറുകയാണ്. 2015ലാണ് ബെര്‍ളി തോമസ് പ്രതിസന്ധിയില്‍ പെട്ട് അസ്തമിക്കാറായ മലയാള സിനിമയിലേക്ക് ‘കൂതറ ദൈവം’ എന്ന സിനിമയുമായി കടന്നു വന്നത്. കേരളത്തിലെ 89 തിയറ്ററുകളില്‍ തുടര്‍ച്ചയായി 768 ദിവസം കളിച്ച കൂതറ ദൈവം ആകെ 126 കോടി രൂപയാണ് വരുമാനമുണ്ടാക്കിയത്. ബെര്‍ളിത്തരങ്ങള്‍ എന്ന ഈ ബ്ലോഗിലെ പോസ്റ്റുകളെ അടിസ്ഥാനമാക്കി 2015ല്‍ നിര്‍മിച്ച 7 സിനിമകളും 300 ദിവസത്തിലധികം നിറഞ്ഞ സദസ്സില്‍ ഓടിയിരുന്നു. ആ വര്‍ഷം 10 സംസ്ഥാന അവാര്‍ഡുകളും 10 ദേശീയ അവാര്‍ഡുകളും നേടിയ ബെര്‍ളി തോമസിന് വിവിധ സര്‍വകലാശാലകളില്‍ നിന്നും ഡിലിറ്റ് ലഭിച്ചിരുന്നു.

2016ല്‍ പുറത്തിറങ്ങിയ 13 സിനിമകളും റെക്കോര്‍ഡ് ഹിറ്റുകളായതോടെ ബോളിവുഡിനെ കടത്തിവെട്ടി മോളിവുഡ് ആഗോളസിനിമയുമായി നേരിട്ടു മല്‍സരിക്കുന്ന നിലയിലെത്തി. ജപ്പാനിലും ജര്‍മനിയിലും ബെര്‍ളി തോമിസിന്‍റെ സിനിമകള്‍ റിലീസ് ചെയ്യുന്നതിനു വേണ്ടി മാത്രമായി തിയറ്ററുകളുണ്ടായി. ബെര്‍ളി തോമസിന്‍റെ സിനിമകള്‍ ബോവാ ഭാഷ ഉള്‍പ്പെടെ 65 ഭാഷകളിലേക്കാണ് മൊഴിമാറ്റം ചെയ്യപ്പെടുന്നത്.

2018ല്‍ ബെര്‍ളി തോമസ് തന്നെ നായകനായ ‘മതിഭ്രമം’ എന്ന സിനിമയാണ് ലോകസിനിമചരിത്രത്തില്‍ ഏറ്റവുമധികം കലക്ഷനുണ്ടാക്കിയ ചിത്രം. 4ഡിയില്‍ ചിത്രീകരിച്ച മതിഭ്രമം 10122,467 കോടി രൂപയാണ് ആകെ കലക്ട് ചെയ്തത്. സോണി പിക്ചേഴ്സ്, എംജിഎം, യൂണിവേഴ്സല്‍ പിക്ചേഴ്സ്, വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ്, പിക്സര്‍ തുടങ്ങി ഹോളിവുഡിലെ പ്രധാനപ്പെട്ട 34 നിര്‍മാണ സ്റ്റുഡിയോകളുടെ ഷെയറുകള്‍ കരസ്ഥമാക്കിയതോടെ ലോകസിനിമയില്‍ ബെര്‍ളി തോമസ് ഒരു സംഭവമായി മാറുകയായിരുന്നു. ആ വര്‍ഷം തന്നെയാണ് മോളിവുഡ് എന്നു വിശേഷിപ്പിച്ചിരുന്ന മലയാളം സിനിമാ വ്യവസായത്തെ അസുകുമാര്‍ കുഴീക്കോട് ‘ബെര്‍ളിവുഡ്’ എന്നു വിശേഷിപ്പിച്ചത്.

അവാര്‍ഡിതനായിരിക്കുന്ന ബെര്‍ളി തോമസ് ഇന്നും നാളെയുമായി യുഎന്നിന്‍റെ അതിഥിയായി ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥചര്‍ച്ചകളിയായിരിക്കുന്നതിനാല്‍ അദ്ദേഹത്തിന്‍റെ പ്രതികരണം ലഭ്യമായിട്ടില്ല. ചന്ദ്രനില്‍ പണിതീരാറായിരിക്കുന്ന ഓഫ് പ്ലാനെറ്റ് ഫിലിം സ്റ്റുഡിയോയുടെ വാര്‍ക്കപ്പണി നിരീക്ഷിക്കാന്‍ അവിടെ നിന്നു നേരേ ചന്ദ്രനിലേക്കു പോകുന്ന ബെര്‍ളി വ്യാഴാഴ്ച മാത്രമേ സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ പാലായില്‍ എത്തിച്ചേരുകയുള്ളൂ.

ബെര്‍ളി തോമസ് തനിക്ക് സ്വന്തം ചേട്ടനെപ്പോലെയാണെന്ന് മികച്ച നടനുള്ള പെന്‍ഷന്‍ അവാര്‍ഡ് നേടിയ തൊമ്മൂട്ടിയും ളോഹന്‍ലാലും ഒരേ സ്വരത്തില്‍ പറഞ്ഞു. ബെര്‍ളി തോമസ് വെറും ഒരു ഷിറ്റ് ആണെന്ന് രുരേഷ് ഗോലി പ്രതികരിച്ചു.അഭിനേതാക്കളുടെ സംഘടനയുടെ പേര് ബെര്‍ളി തോമസിനോടുള്ള ആദരസൂചകമായി ‘ബെര്‍മ്മ’ എന്നു മാറ്റാന്‍ തീരുമാനിച്ചതിനു പുറമേ സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയുടെ പേര് ‘ബെര്‍ക’ എന്നു മാറ്റാന്‍ തത്വത്തില്‍ തീരുമാനമായി.

സിനിമാ അവാര്‍ഡ് പ്രഖ്യാപനം വന്നതോടെ വിവാദങ്ങളും സിനിമയെ വിട്ടുമാറുന്നില്ല. തനിക്കു കിട്ടേണ്ട അവാര്‍ഡുകളാണ് ബെര്‍ളി തോമസ് കൊണ്ടുപോയതെന്ന് സീരിയല്‍ നടന്‍ ചിലകന്‍ ആരോപിച്ചു. ടാര്‍സന്‍ എന്ന പടത്തിലെ അഭിനയത്തിന് ജൂറിയുടെ പ്രത്യേകപരാമര്‍ശത്തിനര്‍ഹനായ ളോഹന്‍ലാല്‍ ടാര്‍സനായി അഭിനയിച്ചപ്പോള്‍ അണ്ടര്‍വെയര്‍ ധരിച്ചത് ടാര്‍സനോടും ചരിത്രത്തോടുമുള്ള വെല്ലുവിളിയാണെന്ന് അസുകുമാര്‍ കുഴീക്കോട് പറഞ്ഞു. ടാര്‍സന്‍ അണ്ടര്‍വെയര്‍ ധരിച്ചിരുന്നതായി ചിത്രകഥകളില്‍ പറയുന്നില്ല. ലാല്‍ അണ്ടര്‍വെയര്‍ ഇടാതിറങ്ങിയാല്‍ കൂടെ അഭിനയിക്കുന്നവര്‍ ബോധം കെട്ടു വീഴുമെന്നും കുഴീക്കോട് പറഞ്ഞു. 92 വയസ്സ് മാത്രമുള്ള താന്‍ വൃദ്ധന്‍മാരുടെ ഉപദേശം സ്വീകരിക്കില്ലെന്നും കുഴീക്കോട് പറഞ്ഞു.അതേ സമയം, കൃഥ്വിരാജ് അച്ഛന്‍ വേഷങ്ങളില്‍ അഭിനയിക്കാന്‍ തയ്യാറാകണമെന്ന് തൊമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. തൊമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാനുള്ള ക്ഷണം നിരസിച്ച കൃഥ്വിരാജ് മലയാള സിനിമയില്‍ അനാവശ്യമായ കീഴ്വഴക്കങ്ങള്‍ ഉണ്ടാക്കുകയാണെന്നും അവര്‍ ആരോപിച്ചു.

ചലച്ചിത്രമേഖലയിലെ സമഗ്രസംഭാവനയ്‍ക്കുള്ള അവാര്‍ഡ് ശ്രീ പന്നസെന്‍റിനാണ് ലഭിച്ചിരിക്കുന്നത്.വടവേള സാബു ചെയര്‍മാനായുള്ള കമ്മിറ്റിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. “