ശ്വേതം പീഡാംബരം

പീഡനത്തിനും അപമാനത്തിനും ഇരയാകുന്ന പെണ്‍കുട്ടികള്‍ അനാഘ്രാതകുസുമങ്ങളും തികച്ചും അപ്രശസ്തരും, പീഡകര്‍ രാഷ്ട്രീയ-സാുദായിക പിന്തുണയില്ലാത്തവരും കൊടുംവില്ലന്‍മാരുമായിരിക്കണം. എങ്കില്‍ മാത്രമേ നമ്മുടെ പിന്തുണയും സഹാനുഭൂതിയും ഐക്യദാര്‍ഢ്യവും നമ്മള്‍ പ്രകടമാക്കൂ. അല്ലാത്തപക്ഷം പീഡകന്റെ രാഷ്ട്രീയവും സമുദായവും ഇരയുടെ പ്രശസ്തിയുമൊക്കെ അടിസ്ഥാനമാക്കിയായിരിക്കും നമ്മുടെ അഭിപ്രായവും കാഴ്ചപ്പാടുകളും ഉരുത്തിരിയുന്നത്. വള്ളംകളി മല്‍സരത്തില്‍ മുഖ്യാതിഥിയായെത്തിയ ശ്വേതാ മേനോനെ മുതിര്‍ന്ന നേതാവ് അപമാനിച്ചു എന്നു ശ്വേത തന്നെ പരാതിപ്പെടുമ്പോള്‍ ശ്വേതയെ കയറിപ്പിടിച്ചതില്‍ തെറ്റൊന്നുമില്ലെന്നും അത് പുറത്തുപറഞ്ഞതാണ് തെറ്റെന്നു വാദിച്ച് സോഷ്യല്‍ മീഡിയയിലൂടെ കൂട്ടബലാല്‍സംഗത്തിനു തുനിയുകയാണ് പ്രബുദ്ധമലയാളികള്‍.

സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്ന, രതിനിര്‍വേദം പോലുള്ള സിനിമകളില്‍ അഭിനയിക്കുന്ന, സ്വന്തം ഗര്‍ഭവും പ്രസവവും സിനിമയ്ക്കു ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്ന ശ്വേതയെ ഒന്നു കയറിപ്പിടിക്കുന്നതില്‍ എന്താണ് കുഴപ്പം എന്നാണ് പലരും ഉന്നയിക്കുന്ന ചോദ്യം. വളരെ സങ്കീര്‍ണമെന്നു തോന്നുന്ന ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഏറ്റവും ലളിതം. ശ്വേത മേനോന്‍ സിനിമയില്‍ ഐറ്റം ഡാന്‍സ് കളിക്കുന്നതും പ്രസവം സിനിമയിലുപയോഗിക്കുന്നതുമെല്ലാം അവരുടെ അറിവോടും സമ്മതത്തോടും കൂടിയാണ്. എന്നാല്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ ഒരുത്തന്‍ കയറിപ്പിടിക്കുന്നത് ശ്വേതയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ്. ഈ ചെറിയ വ്യത്യാസത്തിലാണ് എല്ലാം.

ഒരു സ്ത്രീയെ അവളുടെ അറിവോടും സമ്മതത്തോടും കൂടി സ്പര്‍ശിക്കുന്നതും അവളുടെ സമ്മതമില്ലാതെ സ്പര്‍ശിക്കുന്നതും തമ്മിലുള്ള വ്യത്യാസം നമുക്ക് തിരിച്ചറിയാന്‍ കഴിയാതെ പോകുന്നതാണ് സ്ത്രീകള്‍ക്കെതിരെയുള്ള മിക്കവാറും എല്ലാ അക്രമങ്ങളുടെയും അടിസ്ഥാനം. ബസില്‍ പെണ്ണുങ്ങളെ മുട്ടിനില്‍ക്കുന്നതിലൂടെ ദിവ്യാനുഭൂതി കൈവരിക്കുന്നവന്റെ അതേ മനശാസ്ത്രമാണ് ശ്വേതയെ കയറിപ്പിടിക്കുന്ന ഉന്നതനേതാവിന്റേതും എന്നു മനസ്സിലാക്കാന്‍ സൈക്കോളജി ഒന്നും പഠിക്കേണ്ട കാര്യമില്ല.

ശ്വേത മേനോന്‍ സിനിമയില്‍ സ്വന്തം പ്രസവം അവതരിപ്പിച്ചതുകൊണ്ട് അനുവാദമില്ലാതെ ഒരുത്തന്‍ കയറിപ്പിടിക്കുമ്പോള്‍ ശ്വേതയ്ക്ക് എതിര്‍ക്കാനോ പ്രതിഷേധിക്കാനോ അവകാശമില്ല എന്ന വാദമാണ് ഇതിലൊക്കെ വിചിത്രം. സിനിമയില്‍ പ്രസവം അവതരിപ്പിച്ചതിനോടോ അത് മലയാളികളെ മാതൃത്വത്തിന്റെ മഹത്വം മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയുള്ള മഹത്തായ കാര്യമായിരുന്നു എന്ന തട്ടിപ്പ് ന്യായത്തോടോ ഒന്നും യോജിക്കാന്‍ എനിക്കുമാവില്ല. അതുകൊണ്ട് ശ്വേതയെ അപമാനിക്കുന്നതിലും അവഹേളിക്കുന്നതിലും തെറ്റില്ല എന്നു പറയുന്നത് നികൃഷ്ടമാണ്.

ചാനലുകാര്‍ ഇടവിട്ടിടവിട്ടു കാണിക്കുന്ന ദൃശ്യങ്ങളില്‍ കാര്യമായി ഒന്നും കാണാത്തതുകൊണ്ട് ശ്വേതയുടെ ആരോപണത്തില്‍ കഴമ്പില്ല എന്നാണ് മറ്റൊരു വാദം. പബ്ലിസിറ്റിക്കു വേണ്ടി ശ്വേത ഉന്നയിക്കുന്നതാണ് ഈ ആരോപണം എന്നുവരെ പറയുന്നുണ്ട് ആളുകള്‍. ശ്വേതയെ പീതാംബരക്കുറുപ്പ് അപമാനിച്ചു എന്നു പറയുമ്പോള്‍ പഴയ സിനിമകളില്‍ ടി.ജി.രവി സീമയോടു ചെയ്യുന്നതുപോലുള്ള ദൃശ്യങ്ങളാണ് പ്രതീക്ഷിക്കുന്നതെങ്കില്‍ അത് കഷ്ടമാണ്. അപമാനത്തിനു പ്രത്യേകം ഗ്രേഡുകളൊന്നുമില്ല. ഒരു സ്ത്രീ താന്‍ അപമാനിക്കപ്പെട്ടതായി പറയുന്നതിനെ ഇത്ര ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന സമൂഹത്തില്‍ സ്ത്രീത്വത്തിനും സ്ത്രീസ്വാതന്ത്ര്യത്തിനും അന്തസ്സിനും എത്ര വിലയുണ്ടാകും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

ശ്വേത അപ്പോള്‍ തന്നെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നാണ് വേറെയൊരു കൂട്ടര്‍ക്ക് അറിയേണ്ടത്. പ്രൊഫഷനലായ ഒരു കലാകാരി തന്നെയേല്‍പിച്ച ദൗത്യം വൃത്തിയായി നിര്‍വഹിച്ചതിനെയാണ് ഇവിടെ ചോദ്യം ചെയ്യുന്നത്. തന്നെ കയറിപ്പിടിച്ചു എന്നാരോപിച്ച് ശ്വേത പരിപാടി കുളമാക്കിയിരുന്നെങ്കില്‍ അതും പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ. മറിച്ച്, ആ സ്റ്റണ്ട് വേദിയില്‍ വച്ചു തന്നെ നടത്തി ഇറങ്ങിപ്പോയിരുന്നെങ്കില്‍ ശ്വേതയ്ക്ക് കുറച്ുകൂടി പബ്ലിസിറ്റി കിട്ടിയേനെ. സംഘാടകസ്ഥാനത്തുള്ള ജനപ്രതിനിധി നടിയെ മുട്ടിയുരുമ്മുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിഥിയായെത്തിയ നടി ജനങ്ങളുടെ സന്തോഷം കളയേണ്ടെന്നു കരുതി വേദി വിടുന്നതുവരെ അത് സഹിക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍ സോ കോള്‍ഡ് ജനപ്രതിനിധിയെക്കാള്‍ സാമൂഹികപ്രതിബദ്ധത ശ്വേത മേനോന്‍ എന്ന നടിയ്ക്ക് ഉണ്ട് എന്നു നിസ്സംശയം പറയാം.

ഇക്കാര്യത്തില്‍ പീതാംബരക്കുറുപ്പിന്റെയും കൊല്ലം ജില്ലാ കലക്ടറിന്റെയുമൊക്കെ പ്രതികരണങ്ങള്‍ പരിതാപകരമാണെന്നു പറയാതെ വയ്യ. താനൊരു രാഷ്ട്രീയക്കാരനായിപ്പോയതുകൊണ്ട് തന്റെ മേല്‍ എന്താരോപണവും ഉന്നയിക്കാം എന്നായിരിക്കുകയാണ് എന്നാവര്‍ത്തിച്ചു പറഞ്ഞ് സ്വയം ഇരവല്‍ക്കരണത്തിനു ശ്രമിക്കുകയാണ് അദ്ദേഹം. കലക്ടറോട് വാക്കാല്‍ പരാതിപ്പെട്ടു എന്നു ശ്വേത തന്നെ പറയുമ്പോള്‍ അങ്ങനൊരു പരാതി കിട്ടിയിട്ടില്ല എന്നാണ് കലക്ടര്‍ ഉറച്ച ശബ്ദത്തില്‍ പറയുന്നത്. വളരെ കഷ്ടമാണ് കാര്യങ്ങള്‍.

സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് കലക്ടറും പീതാംബരക്കുറുപ്പുമെല്ലാം ആവര്‍ത്തിക്കുന്നത് ഒരേയൊരു കാര്യമാണ്- വളരെ സന്തോഷത്തോടെ വരികയും സന്തോഷത്തോടെ പരിപാടിയില്‍ പങ്കെടുക്കുകയും സന്തോഷത്തോടെ മടങ്ങുകയും ചെയ്ത ശ്വേതയ്ക്ക് അവിടൊരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നാണത്. ശ്വേതയ്ക്ക് തെറ്റുപറ്റിയത് അവിടെയാണ്. വള്ളംകളി കുളമാക്കേണ്ട എന്നു ചിന്തിച്ചത് തന്നെ തെറ്റായിപ്പോയി. സ്‌റ്റേജില്‍ വച്ചു തന്നെ അപമാനിച്ചവന്റെ കരണത്ത് ഒന്നു പൊട്ടിച്ചിട്ട് ക്ഷണിച്ച മാന്യന്മാരോട് പരസ്യമായി രണ്ടു വര്‍ത്താനം പറഞ്ഞിട്ട് ഇറങ്ങിപ്പോയാല്‍ മതിയായിരുന്നു. ശ്വേത അഹങ്കാരിയാണെന്ന് ഒരു പക്ഷവും ബോള്‍ഡ് ആണെന്നു മറുപക്ഷവും ചര്‍ച്ച ചെയ്തു പിരിഞ്ഞേനെ.

കുറിപ്പ്: എല്ലാം ശ്വേതയുടെ തോന്നല്‍ മാത്രമാണെന്നും പീതാംബരക്കുറുപ്പ് ശ്വേതയെ തൊട്ടിട്ടുണ്ടെങ്കില്‍ അത് പിതൃസഹജമായ വാല്‍സല്യത്തോടെയാണെന്നും പുതിയൊരു വലതുപക്ഷ തിയറി പ്രചരിക്കുന്നുണ്ട്. ദയവു ചെയ്ത് പിതൃസഹജമായ വാല്‍സല്യത്തെ രാഷ്ട്രീയലക്ഷ്യത്തിനു വേണ്ടി ഇത്തരത്തില്‍ ലൈംഗികവല്‍ക്കരിക്കരുത്. തന്റെ ശരീരത്തിലേല്‍ക്കുന്ന സ്പര്‍ശനത്തില്‍ വാല്‍സല്യമാണോ പ്രണയമാണോ കാമമാണോ അതോ അബദ്ധത്തില്‍ സംഭവിച്ചതാണോ എന്നു തിരിച്ചറിയാനും മനസ്സിലാക്കാനും കഴിയുന്നവരാണ് എല്ലാ സ്ത്രീകളും. നിഷ്‌കളങ്കരായി അഭിനയിച്ചുഫലിപ്പിച്ചതുകൊണ്ട് അത്തരം തിരിച്ചറിവുകള്‍ തിരുത്താനാവില്ല.

സമാന്തരസിനിമയുടെ പുതുമഴ

മുഖ്യധാരാ സിനിമകളുടെ കുത്തൊഴുക്കിനൊപ്പം അനിവാര്യമായി സംഭവിക്കേണ്ട ഒന്നാണ് സമാന്തര സിനിമകളുടെ വളര്‍ച്ചയും. നിര്‍ഭാഗ്യവശാല്‍ സമാന്തരസിനിമകള്‍ സാമ്പത്തികമായി എന്തു നേട്ടം ഉണ്ടാക്കും എന്ന ആലോചന പലപ്പോഴും നല്ല സിനിമകള്‍ക്കായുള്ള പരിശ്രമങ്ങള്‍പ്പോലും ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എങ്കിലും വേറിട്ട ചില പരിശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്നു. പറഞ്ഞു വരുന്നത് നാളെ റിലീസ് ചെയ്യുന്ന കുറെ ചെറുപ്പക്കാരുടെ ചെറിയൊരു ചലച്ചിത്രസംരംഭത്തെപ്പറ്റിയാണ്.

ചലച്ചിത്രപ്രേമികളായ തിരുവനന്തപുരത്തെ ഏതാനും ചെറുപ്പക്കാര്‍ ചേര്‍ന്നു രൂപീകരിച്ച സിനിമാജികിന്റെ ബാനറില്‍ നിര്‍മിച്ച ഇനിയുമൊരു മഴയായ് എന്ന ഹ്രസ്വചിത്രം(30 മിനിറ്റ്) നാളെ തിരുവനന്തപുരം കൈരളി തിയറ്ററില്‍ രാവിലെ 9.30ന് പ്രദര്‍ശിപ്പിക്കപ്പെടുകയാണ്. നല്ല സിനിമകള്‍ക്കായി വിമര്‍ശനങ്ങളുയര്‍ത്തുന്ന പ്രേക്ഷകമൂഹത്തിന് ഇത്തരമൊരു സംരംഭത്തെ പ്രോല്‍സാഹിപ്പിക്കാനും ചിത്രം കണ്ട് വിലയിരുത്താനും വിമര്‍ശിക്കാനും ഒക്കെ കടമയുണ്ട്. നാളെ തിരുവനന്തപുരത്തുള്ളവര്‍ രാവിലെ 9.30ന് കൈരളിയിലെത്തി ഈ ഉദ്യമത്തോട് സഹകരിക്കണമെന്ന് ഞാനും അഭ്യര്‍ത്ഥിക്കുന്നു. പ്രീമിയര്‍ ഷോയുടെ ഫേസ്‍ബുക്ക് ഇവന്റ് പേജിലെത്തി നിങ്ങള്‍ക്ക് സാന്നിധ്യം പ്രഖ്യാപിക്കാം.

കാനന്‍ 550ഡി ക്യാമറയില്‍ നാലു മാസം കൊണ്ട് ചിത്രീകരിച്ച സിനിമയുടെ സംവിധായകന്‍ ജിഷ്ണു ശ്രീകണ്ഠന്‍ ആണ്. സിനിമയുടെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നത് പുതുമുഖങ്ങളാണ്. അവധിദിവസങ്ങളില്‍ ചിത്രീകരിച്ച ഈ സിനിമ ഒരു പുതിയ മാറ്റത്തിന്റെ തുടക്കമാകട്ടെ എന്നു പ്രത്യാശിക്കാം. മഴയും പ്രണയവും ഇടകലര്‍ന്നു കിടക്കുന്ന വേണു എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ മുറിവേറ്റ ഓര്‍മകളുടെ തനിയാവര്‍ത്തനമാണ് സിനിമയുടെ പ്രമേയം. തിരക്കഥ മഹേഷ് ഗോപാല്‍. സുനീത് ഐശ്വര്യ, എയ്ഞ്ചല്‍, അനന്തു,ഡിസ്‍നി ജയിംസ്,മിനി, രാധ എം.കെ.,അനന്തപത്മനാഭന്‍,വിപിന്‍ വി.നായര്‍, സുധാദേവി തുടങ്ങിയവര്‍ അഭിനയിക്കുന്നു. നാളെ കൈരളിയിലെ ഷോയ്‍ക്കു ശേഷം സിനിമാജിക്ക് വെബ്‍സൈറ്റിലും സിനിമ സ്ട്രീം ചെയ്യും. ചിത്രത്തിന്റെ ഒഫിഷ്യല്‍ ട്രെയിലര്‍ ഇവിടെ.

ബൈ ദ ബൈ, ആരാണീ പ്രീജ ശ്രീധരന്‍ ?

പാലാ ഒരു സ്വര്‍ഗരാജ്യമാണ്. അവിടെ ഒരു സ്വര്‍ഗീയഷോ നടക്കുമ്പോള്‍ രണ്ടിലയുമായി വരുന്നവര്‍ സ്വീകരിക്കപ്പെടും അല്ലാത്തവര്‍ പുറത്താക്കപ്പെടും. ഞായറാഴ്ച നടന്ന ഉഷ ഉതുപ്പ് ഷോയില്‍ ഇങ്ങു വാ ആദരിക്കാമെന്നു പറഞ്ഞ് വിളിച്ചു വരുത്തിയ കേരളത്തിന്‍റെ പ്രീജ ശ്രീധരനെ സംഘാടകര്‍ തിരിച്ചറിയാന്‍ പോലുമാകാതെ അവഹേളിച്ച് അപമാനിച്ച് ഒടുവില്‍ സ്റ്റേജില്‍ വച്ച് പൊട്ടിക്കരഞ്ഞുകൊണ്ട് പ്രീജ മടങ്ങിപ്പോയ സംഭവത്തെപ്പറ്റി ഒരു പാലാക്കാരനെന്ന നിലയില്‍ എനിക്കത്രേ പറയാനുള്ളൂ.

ഉഷ ഉതുപ്പിനെ പാലാക്കാര്‍ അറിയും. ഐഡിയ സ്റ്റാര്‍ സിംഗറിനു മുന്നില്‍ ജീവിക്കുന്ന ഞങ്ങള്‍ പാലാക്കാര്‍ ഉഷ ഉതുപ്പിനെ അറിഞ്ഞില്ലെങ്കില്‍ പിന്നെ ആരെയറിയാന്‍. എന്നു കരുതി പ്രീജ ശ്രീധരനെ അറിയണം എന്നു വാശി പിടിക്കുന്നത് കഷ്ടമാണ്. അങ്ങനെ പാലാക്കാര്‍ അറിയാന്‍ പ്രീജ ശ്രീധരന്‍ ഒരു സിനിമാ നടിയൊന്നുമല്ലല്ലോ. സിനിമാ നടിമാരെ എവിടെ കണ്ടാലും പാലാക്കാര്‍ തിരിച്ചറിയും. അടുത്തു കിട്ടിയാല്‍ തൊട്ടുനോക്കും. അകപ്പെട്ടു കിട്ടിയാല്‍ മോളേന്നു വിളിച്ചു മോളെസ്റ്റ് ചെയ്യും. പക്ഷെ, ഏഷ്യന്‍ ഗെയിംസ് മെഡലെന്നൊക്കെ പറഞ്ഞാല്‍ പാലാക്കാര്‍ക്കു മനസ്സിലാകുമോ ?

സ്വര്‍ണ, വെള്ളി, വെങ്കല മെഡലുകളോടൊപ്പം ഒരു റബര്‍ മെഡല്‍കൂടിയുണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ അതു ശ്രദ്ധിച്ചേനെ. റബറിന്‍റെ കച്ചോടം എവിടെ നടന്നാലും അത് ഞങ്ങളറിയും. പ്രീജയ്‍ക്കു റബര്‍ മെഡലാണു കിട്ടിയതെങ്കില്‍ ഞങ്ങളാദരിച്ചെനെ. അതു വഴി റബറിനു ഡിമാന്‍ഡ് കൂടുകയും നല്ല റബറുല്‍പാദിപ്പിക്കുന്ന പാലായുടെ ഇക്കണോമിക്സ് മെച്ചപ്പെടുകയും ചെയ്തേനെ. റബറില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം ?

കാശുമുടക്കി കാശുണ്ടാക്കാന്‍ വേണ്ടിയാണ് അച്ചായന്‍മാര്‍ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുണ്ടാക്കി ഉഷ ഉതുപ്പ് ഷോ നടത്തുന്നത്. അവിടേക്ക് പാസ്സില്ലാതെ കയറിപ്പോകാമെന്ന മോഹവുമായി വരുന്നത് പ്രീജ ശ്രീധരനല്ല പിടി ഉഷയാണെങ്കിലും ഞങ്ങള്‍ തിരിച്ചറിയില്ല. തലയ്‍ക്കകത്ത് റബര്‍ മാത്രമാണെങ്കിലും ഞങ്ങള്‍ പാലാ സെന്‍റ് തോമസ് കോളജില്‍ പോയി ഇക്കമോമിക്സ് പഠിച്ചിട്ടുണ്ട്. ഞങ്ങളെപ്പറ്റിക്കാമെന്ന് ആരും കരുതേണ്ട. ഇന്ത്യന്‍ അംബാസിഡറെ അമേരിക്കയില്‍ കുനിച്ചു നിര്‍ത്തി പരിശോധിച്ചാല്‍ കുഴപ്പമില്ല, പാസെടുക്കാത്ത പ്രീജയെ കവാടത്തില്‍ നിര്‍ത്തി വിരട്ടിയതാണു കുഴപ്പം.

തങ്കച്ചന്‍ മാത്യു എന്ന പ്രീജയുടെ കോച്ച് ഒരു അച്ചായനായതുകൊണ്ട് മാത്രം പ്രീജ സ്റ്റേജ് കണ്ടു. എന്നു കരുതി ഉഷ ഉതുപ്പിനും ഞങ്ങളുടെ എല്ലാമെല്ലാമായ രഞ്ജിനി ഹരിദാസിനും ഒക്കെ ഇരിക്കാന്‍ വേണ്ടി റെഡിയാക്കിയ സ്റ്റേജിലെ കസേരയില്‍ പ്രീജയയെയും തങ്കച്ചായനെയും ഒക്കെ ഇരുത്തണമെന്നു പറഞ്ഞാലും ഞങ്ങള്‍ സമ്മതിക്കില്ല. പ്രീജ വല്യ കായികതാരമാണെന്നു പറയുന്നു. അങ്ങനെയാണെങ്കില്‍ പിന്നെ സ്റ്റേജില്‍ കസേര കൊടുക്കാതെ നിര്‍ത്തി എന്നു പറയുന്നതില്‍ വല്ല കാര്യവുമുണ്ടോ ? നില്‍ക്കാനും ഓടാനും ചാടാനും ഒക്കെ കഴിയുന്നവരല്ലേ കായികതാരങ്ങള്‍ ? പ്രഷര്‍, കൊളസ്ട്രോള്‍, ഷുഗര്‍, ഹാര്‍ട്ട്, കൊറേശ്ശെ എയ്ഡ്സ് തുടങ്ങിയവയൊക്കെയുള്ള ഞങ്ങള്‍ക്കൊന്നും അങ്ങനെ നില്‍ക്കാനും മറ്റും പറ്റില്ല.

പ്രീജ ശ്രീധരനെ അവഹേളിച്ചതിനെപ്പറ്റി അന്വേഷണം നടത്തുമെന്ന് കായികമന്ത്രി പറഞ്ഞതായി വായിച്ചു. മാണിസാറുള്ളിടത്തോളം കാലം ഞങ്ങളെ ആരും ഒന്നും ചെയ്യാന്‍ പോണില്ല. മനസ്സില്‍ രണ്ടിലയും കയ്യില്‍ സ്വര്‍ണബ്രേസ്‍ലെറ്റും പേഴ്സിലൊരായിരം എടിഎം കാര്‍ഡുകളുമായി ജീവിക്കുന്ന പാലാക്കാര്‍ ഇനിയും പലരെയും അപമാനിക്കും. ഞങ്ങള്‍ക്കു ബഹുമാനിക്കാന്‍ ഞങ്ങടെ മാണിസാര്‍ മാത്രം മതി. ബഹുമാനിച്ച് ബഹുമാനിച്ച് കൊല്ലും ഞങ്ങള്‍ ! അതു കഴിഞ്ഞ് ജോസ്മോനെ ബഹുമാനിക്കും. എന്നിട്ടും ബഹുമാനം ബാക്കിയുണ്ടെങ്കില്‍ മലയാള ചലച്ചിത്രഗാനശാഖയ്‍ക്ക് ഒരഡ്രസ് ഉണ്ടാക്കിക്കൊടുത്ത കേരളത്തിന്‍റെ വാനമ്പാടി റിമി ടോമിയുണ്ട്. ഏഷ്യാഡും ഒളിംപിക്സും ഒന്നും ഞങ്ങള്‍ക്ക് രാക്കുളി പെരുനാളിനെക്കാള്‍ വലുതല്ല.

സൗന്ദര്യത്തിന്‍റെ ഇന്ദുമതി

കേരളത്തിന്‍റെ സൗന്ദര്യറാണിപ്പട്ടം വിട്ടുകൊടുക്കാന്‍ തിരുവനന്തപുരം ഒരുക്കമല്ല. മിസ് കേരള 2010 മല്‍സരത്തില്‍ തലസ്ഥാനസുന്ദരി ആസ്ഥാനസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്തു നിന്നുള്ള ഇന്ദു തമ്പിയാണ് മിസ് കേരള 2010 ആയി തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരത്തു നിന്ന് മൂന്നു സുന്ദരിമാരാണ് മല്‍സരത്തിനുണ്ടായിരുന്നതെങ്കിലും മല്‍സരത്തിലെ എല്ലാ റൗണ്ടുകളിലും മുന്നിട്ടു നിന്ന ഇന്ദു വിജയം ഉറപ്പിക്കുകയായിരുന്നു. പാലക്കാട്ടുകാരി മഞ്ചു രാജ് ഫസ്റ്റ് റണ്ണര്‍ അപ്പും കണ്ണൂരിന്‍റെ സോനല്‍ ദേവരാജ് സെക്കന്‍ഡ് റണ്ണര്‍ അപ്പുമായി.

കേരളത്തില്‍ നിന്ന് ഉള്ളവര്‍ കൂടാതെ മലേഷ്യ, ദുബയ്, ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ 22 പെണ്‍കുട്ടികളാണ് ഫൈനലില്‍ മത്സരിയ്ക്കുന്നത്. ഐശ്വര്യ, അശ്വിനി, ആതിര, ജോസഫിന്‍, കവിത, മെറിലിന്‍, മുംതാസ്, നടാഷ, നീതു, പ്രീതി, പ്രിയങ്ക, രശ്മി, രഷ്മി, രേണു, ശരണ്യ, സിന്ധു, സ്നേഹ, ശ്രീ ലക്ഷ്മി, സ്റ്റെഫി എന്നിവരാണ് മറ്റു മല്‍സരാര്‍തികള്‍. സാരി, കാഷ്വല്‍സ്, ഫ്യൂഷന്‍, ഗൗണ്‍ എന്നിങ്ങനെ നാല് റൗണ്ടുകളിലൂടെയാണ് മത്സരം പൂര്‍ത്തിയായത്.

നടന്‍ അനൂപ് മേനോന്‍, ദില്ലിയിലെ ഡിസൈനറായ ദിഗ്‌വിജയ് സിങ്, ഹിന്ദുസ്ഥാന്‍ ടൈംസിന്‍റെ ഫാഷന്‍ കോളമിസ്റ്റായ വിനോദ്‌നായര്‍, മുംബൈയിലെ ഫാഷന്‍ ഫോട്ടോഗ്രാഫര്‍ നിഷ കുട്ടി, മുന്‍താരം രഞ്ജിനി, ഛായാഗ്രാഹകന്‍ പി സുകുമാര്‍, എഴുത്തുകാരി അനിതാ നായര്‍, മെഡിമിക്‌സ് എം ഡി പ്രദീപ്, ലിന്‍ഡാസ് സിഇഒ ചാള്‍സ്, സൂര്യ ടിവിയുടെ വിജയ്ബാബു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.

ക്ലബ്ബ് എഫ്.എം, കുട്ടിക്കൂറ, ഐഡിയ സെല്ലുലാര്‍, ടൈറ്റന്‍, ടൈം ആഡ്‌സ്, ലെമെറിഡിയന്‍, അസെറ്റ് ഹോംസ്, ലമഡ, വിഎല്‍സിസി, പരിണയ എന്നിവരാണ് മറ്റു ടൈറ്റിലുകളുടെ സ്‌പോണ്‍സര്‍മാര്‍.

പറയുമ്പോള്‍ എല്ലാം പറയണമല്ലോ 11 വര്‍ഷമായി ഈ ഷോ നടത്തുന്ന ഇംപ്രസാരിയോക്ക് ആദ്യരാത്രിയില്‍ എന്തോ സംഭവിച്ച നവവരന്‍റെ ഗതികേടുണ്ടായത് കഷ്ടമായിപ്പോയി.Miss Kerala.Net എന്ന വെബ്സൈറ്റ് മല്‍സരഫലമറിയാനെത്തിയ ജനക്കൂട്ടത്തെ കണ്ട് പേടിച്ചു ബോധം കെട്ടു വീണത് പ്രൊഫഷനല്‍ ഈവന്‍റ് മാനേജ്മെന്‍റ് കമ്പനിക്ക് ഒരിക്കലും സംഭവിച്ചു കൂടാത്തതാണ്. ബാന്‍ഡ്‍വിഡ്ത് എക്സീഡഡ് എന്ന മെസ്സേജ് കാണിച്ച് സൈറ്റ് ഒരേ കിടപ്പാണ്. ഇത് സെക്രട്ടറിയേറ്റിലെ ആരും പറഞ്ഞതല്ല, ‍ഞാന്‍ നേരിട്ടു കണ്ടതാണ്.

കളിക്കാര്‍ക്കായി ട്രേഡ് യൂണിയന്‍, ചിയര്‍ഗേള്‍സിനു പകരം ബിയര്‍ ബോയ്സ്

കൊച്ചിയില്‍ ഐപിഎല്‍ ടീമുണ്ടാക്കാന്‍ കേരളത്തിലേക്കു വരുന്ന കമ്പനിക്ക് മുന്നിലേക്ക് അല്‍പം മുമ്പ് അവസാനിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയില്‍ എടുത്ത സുപ്രധാന തീരുമാനങ്ങള്‍ അവതരിപ്പിക്കട്ടെ. ഇത് അന്തിമമായിരിക്കും. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇതിലൊരു മാറ്റവും സംഭവിക്കില്ല. ഞങ്ങളവതരിപ്പിക്കുന്ന 10 തീരുമാനങ്ങള്‍ പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റിയുടെ തീരുമാനങ്ങളാണ്. അതിനു പുറമേ സെന്‍ട്രല്‍ കമ്മിറ്റിയിലെ ഉപകമ്മിറ്റി നിയോഗിച്ച പ്രത്യേക കമ്മിറ്റി അംഗങ്ങള്‍ വിവിധ കക്ഷികളും സാമുദായിക സംഘടനകളും വ്യവസായികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഗ്രഹിച്ച ഒത്തുതീര്‍പ്പില്ലാത്ത അഞ്ചു തീരുമാനങ്ങള്‍ കൂടിയാണ് ഇതിലവതരിപ്പിക്കുന്നത്. ഇനി പറയുന്നവയാണ് തീരുമാനങ്ങള്‍.

1. കേരളത്തിന് ഐപിഎല്‍ ടീം അനുവദിച്ചതും ടീമിനെ പ്രഖ്യാപിച്ചതുമൊക്കെ ഐപിഎല്‍ കമ്മിഷണര്‍ എന്നവകാശപ്പെടുന്ന ഗുജറാത്തുകാരനായ ലളിത് മോഡി എന്നു പറയുന്ന ഒരാളാണ്. ഗുജറാത്തും മോഡിയും പാര്‍ട്ടിക്ക് അനഭിമതരാണ് എന്നത് ചൈനക്കാര്‍ക്കു പോലും അറിയാം. അതുകൊണ്ട് ഐപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തു നിന്ന് ലളിത് മോഡിയെ ഐപിഎല്‍ എസ്ഐയോ കോണ്‍സ്റ്റബിളോ ആയി തരംതാഴ്‍ത്തുകയോ ലളിത് മോഡി ഗുജറാത്തുമായുള്ള ബന്ധം പാടെ ഉപേക്ഷിച്ച് ലളിത് മദനി എന്നോ മറ്റോ പേര് മാറ്റി പാര്‍ട്ടിയോടും ന്യൂനപക്ഷങ്ങളോടും സൗഹൃദം സ്ഥാപിക്കുകയോ ചെയ്യേണ്ടതാണ്.

2. ഐപിഎല്‍ കൊച്ചി ടീമില്‍ നിന്നും ശശി തരൂരിനെപ്പോലെയുള്ള പ്രായമായ ആളുകളെ മാറ്റി നിര്‍ത്തി ബിനീഷ് കോടിയേരിയെപ്പോലെയുള്ള ചെറുപ്പക്കാരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണം. ഷാറൂഖ് ഖാനെപ്പോലെ ഒരേ സമയം ക്രിക്കറ്റിനോടും സിനിമയോടും അഭിനിവേശം വച്ചു പുലര്‍ത്തുന്ന കളിയറിയാവുന്ന ബിനീഷോ മറ്റോ ടീമിന്‍റെ ഐക്കണ്‍ പ്ലേയറായാലേ‍ ശ്രീശാന്തിനെപ്പോലെയുള്ള താരങ്ങളെ വച്ച് അച്ചടക്കമുള്ള ഒരു ടീം ഉണ്ടാക്കാനാവൂ. കളിയില്‍ അല്‍പം മോശമായാല്‍പോലും അച്ചടക്കത്തില്‍ നമ്മള്‍ പിന്നിലാവാന്‍ പാടില്ല. കളി നടക്കുന്ന സ്റ്റേഡിയത്തിലേക്ക് മുന്നറിയിപ്പില്ലാതെ വന്ന് ഓളമുണ്ടാക്കാന്‍ രാഹുല്‍ ഗാന്ധിയെ അനുവദിക്കരുത്.

3. ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാം സുതാര്യമാക്കുന്നതിനായി ആ ജോലി പിഎസ്‍സിയെ ഏല്‍പിക്കണം. എഴുത്തു പരീക്ഷ, ഇന്‍റര്‍വ്യൂ എന്നതിന്‍റെ അടിസ്ഥാനത്തിലായിരിക്കണം കളിക്കാരെ തിരഞ്ഞെടുക്കേണ്ടത്. മുമ്പ് പാര്‍ട്ടി സോറി, ടീം വിട്ടുപോയവരോ ടമീനെതിരേ സംസാരിച്ചിട്ടുള്ളവരോ ആയ ആളുകളെ ടീമിലുള്‍പ്പെടുത്താന്‍ പാടില്ല.എസ്എഫ്ഐ പോലെ കായികാധ്വാനമുള്ള വിദ്യാര്‍ഥി സംഘടനകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളവര്‍ക്ക് (സ്വാശ്രയമാനേജ്മെന്‍റ് സ്ഥാപനങ്ങളുടെ രണ്ടാം നിലയിലെ ഓഫിസ് ജനലുകളും കെഎസ്ആര്‍ടിസി ചില്ലുകളും 300 മീറ്റര്‍ ദൂരെ നിന്നു വരെ എറിഞ്ഞു തകര്‍ക്കാന്‍ കഴിവുള്ള ഇവരെ ടീമിലെടുത്താല്‍ ഒരു ബോളില്‍ മൂന്നു പേരെ വച്ച് ഔട്ടാക്കാം) വെയിറ്റേജ് നല്‍കണം. കോണ്‍ഗ്രസ്സിലെപ്പോലെ പഴയ കളിക്കാരുടെ മക്കള്‍ക്ക് ടീമില്‍ അംഗത്വം നല്‍കാനുള്ള നീക്കം സമ്മതിക്കില്ല.

4. കേരളത്തിന്‍റെ ഐപിഎല്‍ ടീം എന്ന നിലയില്‍ അതിന് കേരളത്തിന്‍റേതായ ഒരു വ്യക്തിത്വം ആവശ്യമാണ്. അതുപോലെ തന്നെ മല്‍സരങ്ങള്‍ ബൂര്‍ഷ്വാ ചാനലുകളും ഗൂഗിള്‍ പോലെ ചൈനയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന കമ്പനികളുടെ ഉപോല്‍പന്നമായ യൂ ട്യൂബും സംപ്രേഷണം ചെയ്യാന്‍ പാടുള്ളതല്ല. മലയാളം, കേരളം എന്നര്‍ത്ഥം വരുന്ന പേരുള്ള ഏതെങ്കിലും ചാനലുകള്‍ക്ക് സംപ്രേഷണാവകാശം എക്സ്ക്ലൂസീവ് ആയി നല്‍കണം (ഉദാ- മൈരളി,ഗൈരളി).

5. ഐപിഎല്‍ മല്‍സരം നടത്തുന്നതിന് കേരളത്തില്‍ സ്റ്റേഡിയം സൗജന്യമായി വേണമെന്ന ആവശ്യം പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി അംഗീകരിക്കില്ല. അതെ സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങളടങ്ങിയ ഒരു പുസ്തകം പിന്നാലെ പുറത്തിറക്കുന്നതായിരിക്കും. ഏക്കറിന് 30,0000 രൂപ വച്ച് കണക്കുകൂട്ടിയാവും സ്റ്റേഡിയം അനുവദിക്കുക. അപ്പോള്‍ ടീമിലോ ഗ്രൗണ്ടിലോ കമന്‍ററി ബോക്സിലോ ഒക്കെയായി കുറഞ്ഞത് ആയിരം യുവാക്കള്‍ക്കെങ്കിലും ഒരു വര്‍ഷം തൊഴില്‍ നല്‍കേണ്ട ബാധ്യതയും ടീം മുതലാളിമാര്‍ക്ക് ഉണ്ടായിരിക്കണം. തൊഴില്‍ നല്‍കിയില്ലെങ്കില്‍ അപ്പോള്‍ ഗ്രൗണ്ട് പിന്‍വലിക്കും.

6. കേരളത്തിനു ടീം ആയെന്നു കേള്‍ക്കുന്ന മാത്രയില്‍ പട്ടിണി കിടന്ന പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടതുപോലെ ക്രിക്കറ്റ് കളിക്കാര്‍ ടെസ്റ്റ് പാസ്സായി ഇപ്പോള്‍ കളത്തിലിറങ്ങാം എന്നു കരുതുന്നത് ഗുരുതരമായ കളിയില്ലായ്മയ്‍ക്ക് വഴി തെളിക്കും. അതുകൊണ്ട് എപ്ലോയ്‍മെന്‍റ് എക്സ്ചേഞ്ച് പോലെ എല്ലാ ജില്ലകളിലും ഒരു കളി എക്സ്ചേഞ്ച് വീതം ആരംഭിക്കുന്നതായിരിക്കും. ഒപ്പം കേരളാ ക്രിക്കറ്റ് പ്ലേയേഴ്‍സ് യൂണിയന്‍ എന്ന പേരില്‍ ഞങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രേഡ് യൂണിയനില്‍ അംഗത്വവുമുള്ളവര്‍ക്കേ കേരളത്തില്‍ ക്രിക്കറ്റ് കളിക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളൂ. ഏതെങ്കിലും ഘട്ടത്തില്‍ യൂണിയന്‍ വിലക്കിയിട്ടുള്ള കളിക്കാരെ കളിപ്പിക്കുന്നവരുടെ ടീമില്‍ നിന്ന് യൂണിയന്‍ ഉള്ള കളിക്കാരെ കൂടി പിന്‍വലിക്കുന്നതായിരിക്കും.

7. കേരളത്തിലെ എല്ലാ ചെറുപ്പക്കാരും ക്രിക്കറ്റിനോട് അഭിനിവേശമുള്ളവരും ക്രിക്കറ്റ് കളിക്കാന്‍ താല്‍പര്യമുള്ളവരുമാണെന്നിരിക്കെ പിച്ചിലിറങ്ങി കളിക്കുന്നവര്‍ക്കു മാത്രം പ്രതിഫലം എന്ന നയം ഇവിടെ നടപ്പാക്കാന്‍ അനുവദിക്കുന്നതല്ല. കേരളാ ക്രിക്കറ്റ് പ്ലേയേഴ്സ് യൂണിയനില്‍ അംഗമായിട്ടുള്ളവര്‍ക്കു മാത്രമേ ക്രിക്കറ്റ് കളിക്കാന്‍ അനുവാദമുണ്ടായിരിക്കു എന്നതുപോലെ തന്നെ പിച്ചിലിറങ്ങാന്‍ അവസരം ലഭിക്കാത്ത യൂണിയനില്‍ അംഗങ്ങളായിട്ടുള്ള കളിക്കാര്‍ക്ക് ബോള്‍ ഒന്നിന് 2000 രൂപ എന്ന കണക്കിലും ഒറ്റ റണ്ണിന് 3000, ഫോറിന് 5000, സിക്സിന് 10000, വിക്കറ്റിന് 20000 എന്ന കണക്കിലും കളിക്കൂലി നല്‍കേണ്ടതാണ്.

8. ടീമംഗങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് ക്രിക്കറ്റ് പ്ലേയേഴ്സ് യൂണിയനില്‍ മാത്രമേ ബോധിപ്പിക്കാവൂ. ടീം മുതലാളിയോടോ ഐപിഎല്‍ കമ്മിറ്റിയോടെ കൂറു പുലര്‍ത്തുന്നത് യൂണിയനോടുള്ള വ‍്ചനയായി കണക്കാക്കപ്പെടും. ഏതു സാഹചര്യത്തിലായാലും ശരി കളിക്കാര്‍ പരസ്യപ്രസ്താവന നടത്തുന്നത് കര്‍ശനമായ അച്ചടക്കലംഘനമായി കണക്കിലെടുക്കും. ക്രിക്കറ്റ് കാണാറില്ലാത്ത സുകുമാര്‍ അഴീക്കോടിനെപ്പോലെയുള്ളവര്‍ക്ക് ക്രിക്കറ്റിനെപ്പറ്റി അഭിപ്രായം പറയാനുള്ള യോഗ്യതയുമുണ്ടായിരിക്കില്ല.

9. ചിയര്‍ ഗേള്‍സ് എന്ന പേരില്‍ പെണ്ണുങ്ങളെ കളത്തിലിറക്കി തുള്ളിക്കുന്നതിന് പാര്‍ട്ടി അനുമതി നല്‍കില്ല. എന്നാല്‍ ആ മേഖല ഒഴിച്ചിടാനും പാര്‍ട്ടി ആഗ്രഹിക്കുന്നില്ല. കേരളത്തിന്‍റെ സാംസ്കാരികവും സാമൂഹികവുമായ സാഹചര്യങ്ങള്‍ പരിഗണിച്ച് ചിലര്‍ ഗേള്‍സിനു പകരം ബിയര്‍ ബോയ്സിനെ കളത്തിലിറക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബിവറേജസ് കോര്‍പറേന്‍റെ സഹായത്തോടെ കളിക്കിടെക്കിടെ കൊച്ചു കൊച്ചു മില്‍മ പായ്‍ക്കറ്റുകളില്‍ ബിയര്‍ കാണികള്‍ക്കിടയില്‍ വില്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

10. കളിക്കുന്ന മാച്ചുകളില്‍ ഏതിലെങ്കിലും കേരള ടീം പരാജയപ്പെട്ടാല്‍ സര്‍വകക്ഷി സഹകരണത്തോടെ കേരളത്തില്‍ പാല്‍-പത്രം-ആശുപത്രി എന്നിവയെപ്പോലും ഒഴിവാക്കാതെ ഹര്‍ത്താല്‍ ആചരിക്കുന്നതാണ്. സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയത്തിനു പുറത്ത് ആയിരക്കണക്കിനു സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിച്ച് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നതാണ്. ലോകത്ത് എത്രയോ എത്രയോ വലിയ കാര്യങ്ങള്‍ കേരളത്തിലെ മനുഷ്യച്ചങ്ങല വഴി നടത്തിയിട്ടുള്ള പാര്‍ട്ടിക്ക് അതേ മാര്‍ഗത്തിലൂടെ ടീമിനെ വിജയിപ്പിക്കാനും അറിയാം.

ഇനി വിവിധ കക്ഷികളും സാമുദായിക സംഘടനകളും വ്യവസായികളുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ സംഗ്രഹിച്ച ഒത്തുതീര്‍പ്പില്ലാത്ത അഞ്ചു തീരുമാനങ്ങള്‍-

1. അടുത്ത വര്‍ഷം മുതല്‍ കേരള സ്കൂള്‍ യുവജനോല്‍സവത്തില്‍ ക്രിക്കറ്റ് ഒരു കലാരൂപമായി ഉള്‍പ്പെടുത്തുക. ജില്ലാ, സംസ്ഥാനതലങ്ങളില്‍ സമ്മാനം നേടുന്നവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക. കലാമണ്ഡലത്തില്‍ കഥകളിക്കു പുറമേ ക്രിക്കറ്റ് കൂടി പരിശീലിപ്പിക്കുക. എത്രയും വേഗം ശ്രീശാന്തിനു ഡിലിറ്റ് നല്‍കുക.

2. ടീമില്‍ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് വേണ്ടത്ര പ്രാതിനിധ്യം ഉറപ്പിക്കാനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരിക. ക്രിക്കറ്റ് ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടി പഞ്ചായത്ത് ഗ്രാമസഭകളിലും കുടുംബശ്രീ യോഗങ്ങളിലും ഏകദിന മാച്ചുകള്‍ സംഘടിപ്പിക്കുക. എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും ഒരു ക്രിക്കറ്റ് ബാറ്റും മൂന്നു സ്റ്റംപും എന്ന പേരില്‍ കുട്ടികള്‍ക്ക് ബാറ്റും സ്റ്റംപും സൗജന്യമായി നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിക്കുക.

3. ഐപിഎല്‍ ടീമിന്‍റെയും കളിക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ഐജി വിന്‍സെന്‍റ് എം പോളിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാസേന രൂപീകരിക്കുക. ക്രിക്കറ്റ് കളിക്കാരുടെ സാമൂഹിക പ്രതിബദ്ധത കണക്കിലെടുത്ത് കേരളാ ടീമിന് ഉപയോഗിക്കാനായി എസ് ആകൃതിയിലുള്ള പ്രത്യേക ബാറ്റുകള്‍ നല്‍കുക.

4. കളിക്കാരും സിനിമാനടിമാരുമായി സൗഹൃദമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ കളിക്കിടയിലെ ഇടവേളകളില്‍ ഇവളുമാര്‍ വന്ന് കളിക്കാരെ എണ്ണയിട്ടു തിരുമ്മിയിട്ടു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഐപിഎല്‍ കളിയുമായി ബന്ധപ്പെട്ട എല്ലാ ടോയ്‍ലറ്റുകളിലും ഒളിക്യാമറ സ്ഥാപിക്കുക.ആ ടോയ്‍ലറ്റുകള്‍ക്ക് കോഴിക്കോട് നടക്കാവ് പോലീസിനെ കാവലേര്‍പ്പെടുത്തുക.

5. ഐപിഎല്‍ ക്രിക്കറ്റില്‍ ഗള്‍ഫുകാരുടെ മക്കളെക്കൂടി ഉള്‍പ്പെടുത്തുക, കളിഭ്രാന്തുള്ള ഗള്‍ഫുകാര്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്നതിനായി പ്രത്യേക റിക്രൂട്ട്മെന്‍റ് നടത്തുക തുടങ്ങി ഗള്‍ഫ് മേഖലയ്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക. ഐപിഎല്ലിനായി വാങ്ങുന്ന സാധനങ്ങള്‍ കേരളസര്‍ക്കാര്‍ തന്നെ രഹസ്യമായി മറിച്ചു വില്‍ക്കാതിരിക്കുന്നതിന് അടിയന്തിരമായി എന്തെങ്കിലും ചെയ്യുക.

കൌമാരകലയ്ക്ക് 50

സംസ്ഥാന സ്കൂള്‍ കലോല്‍സവ ചരിത്രത്തിലെ ഏറ്റവും വലിയ കലോല്‍സവമായ അന്‍പതാമത് കേരള സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് ഇന്നു തിരി തെളിയുന്നു. ഒരു ഇവന്റ് എന്നതിലുപരി ഇക്കാലമത്രയും കലോല്‍സവങ്ങളില്‍ പ്രതിഭയുടെ മാറ്റുരച്ച പതിനായിരക്കണക്കിന് കലാകാരന്‍മാരുടെ നെഞ്ചില്‍ ഉറക്കമൊഴിഞ്ഞ കലാരാവുകളുടെ തുടിപ്പുകള്‍ വീണ്ടുമുയരും. പതിനെട്ടടവും പിന്നെ അപ്പീല്‍ പ്രളയവും പതിനായിരം ചുറ്റിക്കളികളും കലോല്‍സവത്തിന്റെ സൈഡ് ഡിഷുകളാണ്. എല്ലാം അറിയാന്‍, ആസ്വദിക്കാന്‍ ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് കോഴിക്കോട്ടേക്കു സ്വാഗതം.

1957 ല്‍ ആരംഭിച്ച സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം 2010ല്‍ അന്‍പത് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ചരിത്രവും ഓര്‍മകളും നിര്‍ണായകമായ ഒരു ഫ്ളാഷ്ബാക്കിന്റെ വഴിയിലൂടെ സഞ്ചരിച്ചേ മതിയാവൂ. 1956ല്‍ ഡല്‍ഹിയില്‍ മൌലാന ആസാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കായി നടത്തിയ യുവജനോല്‍സവം കേരളത്തിലെ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. സി. എസ്. വെങ്കിടേശ്വരന്‍ കാണാനിടയായതാണ് കേരളത്തില്‍ സ്കൂള്‍ കലോല്‍സവത്തിനു ജന്മം നല്‍കിയത്. ഇതെത്തുടര്‍ന്ന് 1956 നവംബറില്‍ ഏതാനും ഡിഇഒമാരുടെയും ഹെഡ്മാസ്റ്റര്‍മാരുടെയും യോഗം ഡോ. വെങ്കിടേശ്വരന്‍ വിളിച്ചുകൂട്ടി, സംസ്ഥാനത്ത് സ്കൂള്‍ യുവജനോല്‍സവമെന്ന ആശയം അവതരിപ്പിച്ചു. ഡിസംബറില്‍ കേരളത്തിലെ 12 ജില്ലകളിലും കലോല്‍സവം നടത്തി. 1957 ജനുവരി 26ന് എറണാകുളം ഗേള്‍സ് ഹൈസ്കൂളില്‍ ആദ്യ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിനു തിരി തെളിഞ്ഞു. ആദ്യ കലോല്‍സവത്തില്‍ 13 ഇനങ്ങളില്‍ 18 മല്‍സരങ്ങള്‍ നടന്നു. പങ്കെടുത്ത മല്‍സരാര്‍ഥികളുടെ എണ്ണം 400.ആദ്യ മേളയില്‍ കിരീടം ചൂടിയതു കാസര്‍കോട് മുതല്‍ കോഴിക്കോട് വരെ വരുന്ന വടക്കേ മലബാര്‍ ജില്ലയായിരുന്നു.

കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റ് എട്ടു മാസങ്ങള്‍ക്കു ശേഷമായിരുന്നു രണ്ടാമത്തെ സ്കൂള്‍ കലോല്‍സവം. 1958ല്‍ തിരുവനന്തപുരം ഗവ. മോഡല്‍ സ്കൂളില്‍ ജോസഫ് മുണ്ടശേരിയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം സംസ്ഥാന സ്കൂള്‍ കലോല്‍സവം നടന്നു. അന്നു മല്‍സരിച്ചു വിജയിച്ചവരില്‍ ലളിതസംഗീതത്തില്‍ ഒരു പള്ളുതുരുത്തി യേശുദാസനും മൃദംഗത്തില്‍ തൃപ്പൂണിത്തുറ ജയചന്ദ്രക്കുട്ടനും ഉണ്ടായിരുന്നു. ഇന്ന് നമ്മുടെ സ്വരമായ ഗാനഗന്ധര്‍വ്വന്‍ കെ.ജെ.യേശുദാസും നിത്യയൌവ്വനമുള്ള ശബ്ദത്തിനുടമയായ പി.ജയചന്ദ്രനും. പിന്നീടങ്ങോട്ടുള്ള കലോല്‍സവങ്ങള്‍ സംസ്ഥാനത്തെ കലാസാംസ്കാരിക രംഗത്തേക്ക് കടത്തി വിട്ടത് ഒട്ടേറെ പ്രതിഭകളെയാണ്.
മുന്നാം കലോല്‍സവം പാലക്കാട്ടും നാലാം കലോല്‍സവം കോഴിക്കോട്ടും നടന്നു. യുദ്ധം കാരണം 1966, 67, 72 വര്‍ഷങ്ങളില്‍ കലോല്‍സവം നടന്നില്ല. പത്താമത് സ്കൂള്‍ കലോല്‍സവം മുതലാണ് വിദ്യാഭ്യാസ മന്ത്രിമാരുടെ സജീവ പങ്കാളിത്തം ഉണ്ടായത്. 1968ല്‍ ആദ്യമായി സുവനീര്‍ പുറത്തിറങ്ങി.

1976ല്‍ കോഴിക്കോടാണ് ആദ്യമായി കലോല്‍സവ സാംസ്കാരിക ഘോഷയാത്ര തുടങ്ങിയത്. 1982ല്‍ ടി. എം. ജേക്കബ് വിദ്യാഭ്യാസ മന്ത്രിയായതോടെ കലോല്‍സവത്തിലെ മല്‍സര ഇനങ്ങളുടെ എണ്ണം ഇരട്ടിയായി. 1986ല്‍ തൃശൂരില്‍ നടന്ന കലോല്‍സവത്തിലാണ് ഏറ്റവും കൂടുതല്‍ പോയിന്റു നേടുന്ന ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും യഥാക്രമം കലാപ്രതിഭ, കലാതിലകം പട്ടങ്ങള്‍ നല്‍കിയത്. കവി ചെമ്മനം ചാക്കോയാണ് ഈ പേര് നിര്‍ദേശിച്ചത്.

1987ല്‍ കോഴിക്കോട്ട് നടന്ന കലോല്‍സവത്തിലാണ് 117.5 പവന്‍ സ്വര്‍ണക്കപ്പ് ആദ്യമായി ചാംപ്യന്‍മാര്‍ക്കു നല്‍കിയത്. നൃത്ത നൃത്തേതര ഇനങ്ങളില്‍ തിളങ്ങുന്നവര്‍ക്കു മാത്രം പ്രതിഭ, തിലക പട്ടങ്ങള്‍ നല്‍കിയാല്‍ മതിയെന്ന പരിഷ്കാരം വന്നത് 1999ലാണ്. കണ്ണൂരിന്റെ ആര്‍. വിനീതും കൊല്ലത്തിന്റെ (ഇപ്പോള്‍ പത്തനംതിട്ട) പൊന്നമ്പിളിയുമായിരുന്നു ആദ്യ പ്രതിഭ, തിലക പട്ടങ്ങള്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത് കോഴിക്കോടാണ് – പത്ത് തവണ. ആദ്യമായി സ്വര്‍ണക്കപ്പ് നേടിയത് തിരുവനന്തപുരമാണ്. ഏറ്റവും കൂടുതല്‍ തവണ കലോല്‍സവ ചാംപ്യന്മാരായത് തിരുവനന്തപുരമാണ് – 17 തവണ.

2005ല്‍ തിരൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ കലോല്‍സവത്തോടെ കലാപ്രതിഭ, കലാതിലക പട്ടങ്ങള്‍ കലോല്‍വത്തിന്റെ പടി ഇറങ്ങി. കലാകേരളം ആഘോഷിച്ച രണ്ടു വിശേഷണങ്ങളാണ് കലാപ്രതിഭയും കലാതിലകവും. കേരളത്തിന്റെ കലാകൌമാരങ്ങള്‍ ഇത്രയധികം ഹൃദയത്തിലേറ്റിയ പേരുകള്‍ വേറെയുണ്ടോയെന്നു പോലും സംശയമാണ്. കൊച്ചിയില്‍ നടന്ന നാല്‍പ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ യുവജനോല്‍സവത്തോടെ രണ്ടു ദശാബ്ദത്തോളം വേദികളെ കീഴടക്കിയ ഇൌ പ്രതിഭാ മുദ്രകള്‍ കലാവേദിക്കു പുറത്തായി. അനാരോഗ്യ മല്‍സരങ്ങള്‍ കാരണം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ഒഴിവാക്കി 2006ല്‍ ഗ്രേഡിങ് സമ്പ്രദായം നിലവില്‍ വന്നു. മുന്‍കൂട്ടി തീരുമാനിച്ചിരുന്നതു പോലെ സംസ്ഥാന സ്കൂള്‍ യുവജനോല്‍സവം എന്ന പേര് മാറ്റി കേരള സ്കൂള്‍ കലോല്‍സവം എന്ന പേര് സ്വീകരിച്ചു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് സര്‍ക്കാര്‍ തയാറാക്കിയ പുതിയ നിയമാവലി പ്രകാരമാണ് പേരില്‍ മാറ്റമുണ്ടായത്. പ്രച്ഛന്ന വേഷം ആ വര്‍ഷം മുതല്‍ ഒഴിവാക്കി. ചാക്യാര്‍ കൂത്ത് ആണ്‍കുട്ടികള്‍ക്ക് മാത്രമാക്കി. നാദസ്വരം പ്രത്യേക ഇനമായി.
2009ല്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി, സംസ്കൃതോല്‍സവം, അറബിക് കലോല്‍സവം എന്നിവ ചേര്‍ത്ത് മഹാമേളയാക്കി. ടിടിഐ കലോല്‍സവം വേര്‍പെടുത്തി.

ഇക്കുറി കലോല്‍സവം സുവര്‍ണ ജൂബിലി ആഘോഷിക്കുന്നു. 50-ാം സ്കൂള്‍ കലോല്‍സവത്തിന് ഇന്നു വൈകിട്ട് അഞ്ചിനുകോഴിക്കോട് മാനാഞ്ചിറ സ്ക്വയറിലെ മുഖ്യവേദിയില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ തിരി തെളിയിക്കും. വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി അധ്യക്ഷത വഹിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായിരിക്കും. രാവിലെ 10നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എ. പി. എം. മുഹമ്മദ് ഹനീഷും കലാസാഹിത്യസാംസ്കാരിക രംഗത്തെ 49 പ്രമുഖരും ചേര്‍ന്നു പതാകകള്‍ ഉയര്‍ത്തും. 50 വര്‍ഷത്തിന്റെ സൂചനയാണ് 50 പതാകകള്‍. 50 വെള്ളരിപ്രാവുകളെ പറത്തും. 50 കതിനാ വെടികളും മുഴങ്ങും. 50 സംഗീതാധ്യാപകര്‍ അണിനിരക്കുന്ന സംഗീതശില്‍പവും സ്വാഗതഗാനവുമുണ്ടാകും.