തിരഞ്ഞെടുപ്പ് അവലോകനം

ചരിത്രവിജയം നേടി നരേന്ദ്രമോദിയുടെ പ്രഭാവത്തില്‍ ബിജെപി രാജ്യത്ത് സുസ്ഥിരമായ ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്ന തിരക്കിലാണ്. ഒപ്പം ചരിത്ത്രിലെ ഏറ്റവും വലിയ പരാജയം നല്‍കി പ്രതിപക്ഷസ്ഥാനത്തു പോലും ഇരിക്കാനുള്ള യോഗ്യത നല്‍കാതെ കോണ്‍ഗ്രസിനെ ജനങ്ങള്‍ പുറംതള്ളി. പലരും ചൂണ്ടിക്കാണിച്ചതുപോലെ, പത്തു വര്‍ഷം കൊണ്ട് ജനങ്ങളെ ശത്രുക്കളാക്കിയ യുപിഎ സര്‍ക്കാരിനോടുള്ള പ്രതികാരമാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഇനിയെങ്കിലും നെഹ്‌റു ഫാമിലി ഹാങ് ഓവറില്‍ നിന്നും പേരിനോടൊപ്പം ഗാന്ധി എന്നു വച്ചുള്ള തട്ടിപ്പുകളില്‍ നിന്നും മുക്തരായി യഥാര്‍ഥ രാഷ്ട്രീയ പ്രവര്‍ത്തനം പരിശീലിക്കാന്‍ രാഹുലും സംഘവും തയ്യാറാവുമെന്നു പ്രത്യാശിക്കാം.

ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും നേട്ടത്തില്‍ പൊതുവേ മൂന്നു തരം പ്രതികരണങ്ങളാണ് കാണാനുള്ളത്. ഒന്ന്, അടുത്ത ബസില്‍ ഞാന്‍ പാകിസ്ഥാനിലേക്കു പോകുന്നു എന്ന മട്ടിലുള്ളത്. മോദിയെ എതിര്‍ക്കുന്നവര്‍ പാകിസ്ഥാനിലേക്കു പോകണം എന്ന ഗിരിരാജ് സിങ്ങിന്റെ പ്രസ്താവനയോടുള്ള പ്രതികരണമാണ് അതെങ്കിലും തിരഞ്ഞെടുപ്പുഫലം വന്ന ശേഷം അത്തരത്തിലുള്ള പ്രതികരണം തിരിച്ചടിക്കാനാണ് സാധ്യത. രണ്ട്, നീയൊക്കെ പാകിസ്ഥാനിലേക്കു പോടാ.. എന്നാക്രോശിക്കുന്ന തരത്തിലുള്ള പ്രതികരണം. ഇതും തിരഞ്ഞെടുപ്പുഫലം വന്നതിനു ശേഷം പറയുമ്പോള്‍ അതിന്റെ അര്‍ത്ഥം വേറെയാണ്. അങ്ങേയറ്റം ഗുരുതരവുമാണ്. മൂന്ന്, പത്തു വര്‍ഷമായില്ലേ മറ്റവരെ സഹിക്കുന്നു, ഇനി ഇവരുമൊന്നു ഭരിക്കട്ടെ നമുക്കു നോക്കാല്ലോ എന്ന ലൈന്‍. സത്യത്തില്‍ ഇന്ത്യയിലെ നിഷ്പക്ഷരായ വോട്ടര്‍മാര്‍ മൂന്നാമത്തെ സമീപനം സ്വീകരിച്ചതുകൊണ്ടാണ് ബിജെപി ഉജ്വലവിജയം നേടിയത്.

ഇന്ത്യ മുഴുവന്‍ ബിജെപിക്ക് അൂകൂലമായി വോട്ട് ചെയ്തപ്പോള്‍ കേരളവും തമിഴ്‌നാടും ബംഗാളുമൊക്കെ വേറിട്ടു നിന്നു എന്നതും ശ്രദ്ധേയമാണ്. അതിനെപ്പറ്റിയും രണ്ടു തരത്തിലുള്ള അഭിപ്രായങ്ങളാണ് കേള്‍ക്കുന്ന്. ഒന്ന്, മലയാളികള്‍ അല്ലെങ്കിലും നന്നാവില്ല, അവര്‍ക്ക് വിവരമില്ല എന്നത്. രണ്ട്, മോദി തരംഗം കേരളത്തെ സ്പര്‍ശിച്ചില്ല എന്നത് കേരളത്തിന്റെ വിദ്യാഭ്യാസനിലവാരത്തെയും സാംസ്‌കാരിക നിലവാരത്തെയുമൊക്കെ ഉയര്‍ത്തിക്കാട്ടുന്നു എന്നത്. രണ്ടും ശരിയായ നിലപാടുകളല്ല എന്നാണ് എന്റെ അഭിപ്രായം.

ജനാധിപത്യരാജ്യത്തെ തിരഞ്ഞെടുപ്പു പ്രക്രിയ ആ രാജ്യത്തെ ജനങ്ങളുടെ വിധിയെഴുത്താണ്. വോട്ടു ചെയ്യുന്നത് ഓരോ വ്യക്തിയും ഒറ്റയ്ക്കാണ്. അതായത് ഇത്രയധികം വ്യക്തികളുടെ സ്വതന്ത്രചിന്തയുടെയും ആലോചനയുടെയും ഫലമാണ് ഈ തിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പുഫലത്തെപ്പറ്റി ഒരു വിധി പറയാന്‍ സുപ്രീംകോടതിക്കു പോലും അധികാരമില്ല. കാരണം, അതില്‍ തെറ്റും ശരിയുമില്ല. ജനങ്ങളുടെ വിധിയെഴുത്തിന് അത്രത്തോളം മൂല്യമുണ്ട്. കേരളത്തില്‍ ബിജെപിക്ക് സീറ്റൊന്നും ലഭിക്കാത്തത് മലയാളികള്‍ക്ക് വിവരമില്ലാത്തതുകൊണ്ടോ മലപ്പുറത്ത് ഇ.അഹമ്മദ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടി വിജയിച്ചത് അവിടത്തുകാര്‍ മണ്ടന്‍മാരായതുകൊണ്ടോ അല്ല. അത് അവരുടെ തീരുമാനമായിരുന്നു, അതിനെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യാനുള്ള കടമ എല്ലാവര്‍ക്കുമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനെ ആശങ്കയോടെ കാണുന്നവരുണ്ട്. പുതിയൊരു സര്‍ക്കാര്‍ വരുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാവുന്ന സ്വാഭാവികമായ ഉല്‍കണ്ഠയും ആശങ്കയുമെന്നതിനപ്പുറം ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കു വിരുദ്ധമായി എന്തെങ്കിലും ചെയ്യും എന്നാശങ്കപ്പെടുന്നതില്‍ കഴമ്പില്ല. കഴിഞ്ഞ പത്തു വര്‍ഷം ഭരിച്ച സര്‍ക്കാര്‍ ചെയ്തതെല്ലാം ജനങ്ങള്‍ക്കിഷ്ടമുള്ളതായിരുന്നില്ല. ബിജെപി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത് ഈ രാജ്യത്തെ ജനങ്ങളാണെന്നതിനാല്‍ അത് 100 ശതമാനം സ്വീകാര്യമായ തീരുമാനമാണ്. മോദിയെയും ബിജെപിയെയും അംഗീകരിക്കാനും അഭിനന്ദിക്കാനും കോണ്‍ഗ്രസും ലോകരാഷ്ട്രങ്ങളും മുന്നോട്ടു വരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ പൊതുതിരഞ്ഞെടുപ്പിനും ഈ രാജ്യത്തെ ജനങ്ങള്‍ക്കും ലഭിക്കുന്ന ആദരവു കൂടിയായി അതിനെ കാണണം. ഈ വലിയ വിജയം ജനങ്ങള്‍ കഴുതകളല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ്.

ബിജെപി തരംഗം കേരളത്തെ സ്പര്‍ശിക്കാതെ പോയതിലുള്ള പ്രതികരണങ്ങള്‍ കേരളീയരുടെ വിവരക്കേടായി വിലയിരുത്തപ്പെടുന്നുണ്ട്. കേരളമെന്ന ഇട്ടാവട്ടത്തിലെ പൊട്ടന്‍മാര്‍ ഇന്ത്യയെന്ന മഹാരാജ്യത്തില്‍ ഒന്നുമല്ലെന്നും നിന്റെയൊന്നും വോട്ടില്ലാതെ ‘ഞങ്ങള്‍’ ഭരിക്കുമെന്നുമൊക്കെയാണ് ചിലരുടെ പ്രതികരണം. മലപ്പുറത്ത് ഇ.അഹമ്മദിനെ ഇത്രയേറെ വോട്ടുകള്‍ക്കു ജയിപ്പിച്ചു വിട്ടവരുടെ ഐക്യു എന്തായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. ഇ.അഹമ്മദ് അവിടെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയിട്ടുണ്ടെങ്കില്‍ അതിനു ചില കാരണങ്ങളും ഉണ്ടാവും. ചാലക്കുടിയിലെ ജനങ്ങള്‍ ഇന്നസെന്റിനെ വിജയിപ്പിക്കില്ല എന്നായിരുന്നു ഞാന്‍ ഉള്‍പ്പെടെ പലരും വിചാരിച്ചിരുന്നത്. എന്നാല്‍, പി.സി.ചാക്കോയോടുള്ള വെറുപ്പ് അത്രയധികമാകയാല്‍ ജനം ഇന്നസെന്റിനെ തിരഞ്ഞെടുത്തു. ആ തിരുമാനവും തെറ്റോ ശരിയോ എന്നതല്ല, അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നതാണ് പ്രധാനം.

കല്യാണം കഴിഞ്ഞാല്‍ പിന്നെ പഴയ പ്രണയത്തെപ്പറ്റി മിണ്ടരുത് എന്നു പറയുന്നതുപോലെ ജനം വോട്ടു ചെയ്തു തിരഞ്ഞെടുത്തു കഴിഞ്ഞ ഒരാളിനെ അംഗീകരിക്കാന്‍ ജനാധിപത്യത്തില്‍ പൗരന്‍മാര്‍ക്കു കടമയുണ്ട്. അവരുടെ നയങ്ങളെയും അഭിപ്രായങ്ങളെയും എതിര്‍ക്കാനും പ്രതിരോധിക്കാനുമുള്ള സ്വാതന്ത്ര്യവുമുണ്ട്. കേവലഭൂരിപക്ഷം എന്നു വച്ചാല്‍ പരമാധികാരമോ ജനാധിപത്യത്തിന്റെ അവസാമോ അല്ല. ഈ രാജ്യത്തെ ജനാധിപത്യം തുടച്ചുനീക്കാന്‍ ആര്‍ക്കും സാധിക്കുകയുമില്ല.

രാജ്യം ബിജെപിയെ തിരഞ്ഞെടുത്തത് അബദ്ധമായിപ്പോയി എന്ന് മോദിവിരുദ്ധര്‍ പറയുന്നതും താമര വിരിയാത്ത കേരളത്തിലെ ജനങ്ങള്‍ കഴുതകളാണ് എന്നു മോദിഭക്തര്‍ പറയുന്നതും ഒരുപോലെയാണ്. നരേന്ദ്രമോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി അല്ല. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്, ഹിന്ദുദേശീയതയുടെ അല്ല. രാജ്യപുരോഗതിയും നാടിന്റെ വികസനവും ജനങ്ങളുടെ ജീവിതനിലവാരത്തിലുള്ള പുരോഗതിയും പട്ടിണിയുടെ അന്ത്യവും സ്ര്തീശാക്തീകരണവും സാമൂഹികപുരോഗതിയുമാണ് നമുക്കു വേണ്ടത്. അതിനു മോദി സര്‍ക്കാരിനു കഴിയട്ടെ എന്നാശംസിക്കുന്നു, പ്രാര്‍ഥിക്കുന്നു. ജയ് ഹിന്ദ് !

ലാസ്റ്റ് സപ്പര്‍

ഡോ.മന്‍മോഹന്‍സിങ് എന്ന രാഷ്ട്രീയബലിമൃഗത്തിനുള്ള അന്ത്യത്താഴം ഇന്നലെ കഴിഞ്ഞു. പത്തു വര്‍ഷത്തെ യുപിഎ ഭരണത്തിന്റെ പാപഭാരം പേറി സോണിയാജിക്കും മക്കള്‍ക്കും വിശുദ്ധപരിവേഷം ബാക്കി വച്ച് അദ്ദേഹം രാഷ്ട്രീയജീവിതത്തില്‍ നിന്നും പടിയിറങ്ങുകയാണ്. സോണിയാഗാന്ധി ഒരുക്കിയ അത്താഴവിരുന്നില്‍ പാര്‍ട്ടിയിലെ ഉന്നതശ്രേഷ്ഠന്‍മാരെല്ലാം വന്നു വീഞ്ഞുകുടിക്കുകയും അതിന്റെ ലഹരിയില്‍ മന്‍മോഹന്‍ സിങ്ങിനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ടാവും. ഇന്നും നാളെയും കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അദ്ദേഹം അവശേഷിക്കും. മറ്റന്നാള്‍ കാലത്ത് വന്നു ഓഫിസ് ഒഴിയും. ശനിയാഴ്ച വൈകിട്ട് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് ടാറ്റ ബൈബൈ പറഞ്ഞ് രാഷ്ട്രീയജീവിതത്തോടു വിടപറയും.

മന്‍മോഹന്‍സിങ് സ്ഥാനമൊഴിയുന്നതു കൊണ്ട് ആര്‍ക്കും പ്രത്യേകിച്ച് ഒരു നഷ്ടവുമില്ല. ആരെങ്കിലുമൊക്കെ വിരമിക്കുമ്പോള്‍ നല്ലതു പറയണണെന്നുളള നയത്തിന്റെ ഭാഗമായി പലരും അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ പുഞ്ചിരിയെയും പിച്ചവച്ചുള്ള നടപ്പിനെയും പിന്നെ അനന്തവിശാലമായ നിശബ്ദതയെയുമൊക്കെ വാഴ്ത്തിപ്പാടുന്നുണ്ട്. എക്കണോമിക്‌സില്‍ പുള്ളിക്കു പലതും അറിയാമായിരുന്നു എന്നല്ലാതെ ഈ രാജ്യത്തെ സംബന്ധിച്ച് സ്വന്തമായ ഒരു കാഴ്ചപ്പാടോടു കൂടി സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട് എന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ ഡോ.മന്‍മോഹന്‍സിങ് പെട്ടിയും കിടക്കയുമെടുത്ത് പ്രധാനമന്ത്രിയുടെ ഓഫിസ് വിടുമ്പോള്‍ പിച്ചനടത്തവും പുഞ്ചിരിയും നിശബ്ദതയും മാത്രമേ നമുക്കു നഷ്ടപ്പെടുന്നുള്ളൂ. സോണിയാ ഗാന്ധി പോലും പുള്ളിയോട് ഐ മിസ്സ് യു എന്നു പറയും എന്നു തോന്നുന്നില്ല.

പിരിഞ്ഞുപോകുന്നതിന്റെ ഭാഗമായി പലരും മന്‍മോഹന്‍ സിങ്ങിന്റെ ഗുണഗണങ്ങള്‍ വര്‍ണിക്കുന്നുണ്ട്. സാധാരണഗതിയില്‍ ഏതൊരു രാജ്യത്തിന്റെ പ്രധാനമന്ത്രിയെ പുകഴ്ത്താന്‍ ഉപയോഗിക്കാവുന്ന ഒരു വിശേഷണങ്ങളും ഇദ്ദേഹത്തിന്റെ കാര്യത്തില്‍ ആരും ഉപയോഗിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. മമ്മിയുടെ ഡമ്മി മാത്രമായിരുന്നു എന്നതുകൊണ്ട് ശത്രുക്കള്‍ക്കു പോലും അദ്ദേഹത്തോട് ശത്രുതയില്ല. മന്‍മോഹന്‍ സിങ് ഒരു പണ്ഡിതശ്രേഷ്ഠനായിരുന്നു എന്ന ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയുടെ പ്രസ്താവന താനാരാണെന്നു പിടികിട്ടാതെ പകച്ചു നില്‍ക്കുന്ന മന്‍മോഹന്‍സിങ്ങിന് ഒരു പിടിവള്ളിയാകും. മടങ്ങിപ്പോകും മുമ്പ് അരുണ്‍ ജെയ്റ്റ്‌ലിയെ കെട്ടിപ്പിടിച്ചൊന്നു കരയാന്‍ അദ്ദേഹം മനസ്സുകൊണ്ടെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും.

കഴിഞ്ഞ 10 വര്‍ഷത്തെ യുപിഎ ഭരണത്തിന്റെ എല്ലാ പോരായ്മകളും പരാജയങ്ങളും ഒറ്റ മനുഷ്യന്റെ തലയില്‍ കെട്ടിവച്ച് അയാളെ വനവാസത്തിനയയ്ക്കുന്ന കോണ്‍ഗ്രസ് ബുദ്ധി രാഹുല്‍ ഗാന്ധിയുടെ പട്ടാഭിഷേകത്തിനു മുന്നോടിയായി ആസൂത്രണം ചെയ്തതായിരുന്നു. കപ്പിത്താനെ ഒരു കൊതുമ്പുവള്ളത്തില്‍ കയറ്റി നടുക്കടലില്‍ ഉപേക്ഷിച്ച് കപ്പലിന്റെ നിയന്ത്രണമേറ്റെടുക്കാമെന്നു കരുതിയിരിക്കുമ്പോള്‍ കപ്പല്‍ മുങ്ങി എല്ലാവരും ചത്തുപോവുകയും കൊതുമ്പുവള്ളത്തില്‍ കയറ്റിവിട്ട കപ്പിത്താന്‍ മാത്രം രക്ഷപെടുകയും ചെയ്യുന്നതുപോലെ ഒരു വിരോധാഭാസമാണ് കോണ്‍ഗ്രസ് നേരിടാന്‍ പോകുന്നത്. യാത്രയയപ്പും അത്താഴവിരുന്നും കഴിഞ്ഞ് ലാസ്റ്റ് വണ്ടിക്ക് മന്‍മോഹന്‍ പഞ്ചാബ് പിടിക്കുമ്പോള്‍ മിസ്സിസ് ഗാന്ധിയും ഗാന്ധിക്കുഞ്ഞുങ്ങളും തിരഞ്ഞെടുപ്പില്‍ പൊട്ടി നാണം കെട്ടിരിക്കുന്ന കാഴ്ച നമ്മള്‍ കാണേണ്ടി വരും.

എന്തൊക്കെ പറഞ്ഞാലും, എങ്ങനെയൊക്കെ ശ്ലാഘിച്ചാലും ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ വികാരം മാനിക്കാത്ത, അല്ലെങ്കില്‍ അങ്ങനെയൊരു വികാരം ഉള്ളതായി ഭാവിക്കുക പോലും ചെയ്യാത്ത ഒരു ഭരണമായിരുന്നു യുപിഎ സര്‍ക്കാര്‍ കാഴ്ച വച്ചത് എന്നു പറയാം. തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച്, വോട്ടു ചോദിച്ചു വിജയിക്കുന്ന രാഷ്ട്രീയം പിടിയില്ലാത്ത, പണ്ഡിതശ്രേഷ്ഠനായ മന്‍മോഹന്‍സിങ്ങാകട്ടെ ജനങ്ങളുടെ സ്‌നേഹം പിടിച്ചുപറ്റാനാവാതെയാണ് കടന്നു പോവുന്നതെന്നും പറയാം. ഓരോ ഘട്ടങ്ങളില്‍ ഓരോ നേതാക്കന്‍മാരോട് അവരുടെ വാക്കുകളുടെയും പ്രവര്‍ത്തനങ്ങളുടെയുമൊക്കെ അടിസ്ഥാനത്തില്‍ സ്‌നേഹവും ബഹുമാനവുമൊക്കെ തോന്നുക സ്വാഭാവികമാണ്. എന്നാല്‍, ഈ പത്തു വര്‍ഷത്തിനിടയില്‍ ഡോ.മന്‍മോഹന്‍ സിങ്ങിനോട് ഒരു ഘട്ടത്തിലും അത്തരത്തിലൊരു സ്‌നേഹമോ ബഹുമാനമോ തോന്നിയിട്ടില്ല എന്നാണ് എന്റെ വ്യക്തിപരമായ സാക്ഷ്യം.

Note: പണ്ഡിതന്‍മാരെ എനിക്കു പണ്ടേ കണ്ടുകൂട.

പാകിസ്ഥാനിലേക്കുള്ള വഴി

ഇന്ത്യ എന്നു വച്ചാല്‍ അണ്ടര്‍വെയറിനുള്ളില്‍ സൂക്ഷിച്ചിരിക്കുന്ന മുറുക്കാന്‍ പൊതി പോലെയാണെന്നാണ് അലവലാതികളായ ചില മോദി ഭക്തന്‍മാരുടെ വിചാരം. എന്റെ കാലു തിരുമ്മിതന്നാല്‍ മുറുക്കാന്‍ കുറച്ചു തരാം അല്ലെങ്കില്‍ തരൂല എന്നു പറയുന്ന ലാഘവത്തോടെ മോദിയെ ആരാധിച്ചാല്‍ ഇന്ത്യയില്‍ കഴിയാം അല്ലെങ്കില്‍ രാജ്യം വിട്ടോണം എന്നു വരെ പറയുന്ന ഒരു നിലയിലേക്ക് ഭക്താസുരന്‍മാര്‍ വളര്‍ന്നിട്ടുണ്ട്. ഫാസിസം ഫാസിസം എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും അതൊക്കെ ഇത്ര ഈസിയായി നടപ്പാക്കാന്‍ പറ്റുമെന്ന് ഈ മണ്ടന്‍മാര്‍ സീരിയസ്സായി വിചാരിക്കുന്നുണ്ട് എന്നത് സഹതാപാര്‍ഹമാണ്.

ദേശീയത എന്നു വച്ചാല്‍ സനാതന ഹിന്ദുക്കള്‍ ഒഴികെയുള്ളവരെ രാജ്യത്തു നിന്നു തുരത്തുക എന്നാണെന്നു മനസ്സിലാക്കി വച്ചിരിക്കുന്ന വിദ്യാഭ്യാസമോ ലോകവിവരമോ ഇല്ലാത്ത മന്ദബുദ്ധികളാണ് ഇത്തരം വിവരക്കേടുകള്‍ പറയുന്നതെങ്കിലും അധികാരസ്ഥാനങ്ങളില്‍ ഇത്തരം നീകൃഷ്ടജീവികള്‍ എത്തിപ്പെടാനുള്ള സാധ്യത വലിയൊരു സാമൂഹികഭീഷണിയാണ്. മോദി അധികാരത്തില്‍ വന്നാല്‍ ആറു മാസത്തിനുള്ളില്‍ പാകിസ്ഥാനെ തകര്‍ക്കുമെന്നാണ് (പാകിസ്ഥാന്‍ എന്തോന്ന് എള്ളുണ്ടയോ) മുംബൈയില്‍ ഒരു ശിവസേനാ നേതാവ് പറഞ്ഞിരിക്കുന്നത്. മോദിജിയെ പിന്തുണയ്ക്കുന്നു എന്ന വ്യാജേന അദ്ദേഹത്തിനു കിട്ടാനുള്ള വോട്ടുകളും ജനപിന്തുണയും തട്ടിത്തെറിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒരു ആഭ്യന്തരപാരയാണോ ഇത്തരം വിവരക്കേടുകള്‍ എന്നതും സംശയിക്കേണ്ടതാണ്.

ഗിരിരാജ് സിങ്ങും പ്രവീണ്‍ തൊഗാഡിയയുമൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഇവരുടെ ഭീഷണികള്‍ ബിജെപി തള്ളിക്കളഞ്ഞിട്ടുമുണ്ട്. മോദിയെ എതിര്‍ക്കുന്ന മുസ്‌ലിംകള്‍ പാക്കിസ്ഥാനിലേക്കു പോകേണ്ട ആവശ്യമില്ല എന്നാണ് ബിജെപി പറഞ്ഞിട്ടുള്ളത്. ഗിരിരാജ് സിങ്ങിന് ഇന്ത്യയുടെ ചരിത്രവും സംസ്‌കാരവും രാഷ്ട്രീയപാരമ്പര്യവുമൊന്നും അറിയാത്തത് തീര്‍ച്ചയായും മോദിയുടെ കുറ്റമല്ല. എന്നാല്‍, ഇത്തരം വിഷങ്ങള്‍ ചുറ്റും നിന്നു തായം കളിക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ കാവല്‍മാലാഖയായി മോദിജിയെ സങ്കല്‍പിക്കുക അത്ര എളുപ്പവുമല്ല.

അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദ പ്രശ്‌നങ്ങളും നിലനില്‍ക്കുമ്പോഴും സാമ്പത്തിക-രാഷ്ട്രീയ രംഗത്ത് പരസ്പര സഹകരണത്തിലൂടെ മുന്നോട്ടു പോകുന്ന ഒരേ കുടുംബത്തിലെ അംഗങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. സ്വാതന്ത്ര്യസമരകാലത്ത് ഈ രണ്ടു രാജ്യത്തെയും ജനങ്ങള്‍ ഒരുമിച്ചു സമരം ചെയ്തും ഒരുമിച്ച് വേദനകള്‍ അനുഭവിച്ചും മാതൃരാജ്യമെന്ന ഒരേയൊരു സ്വപ്‌നത്തിനു വേണ്ടി ചോരയും വിയര്‍പ്പുമൊഴുക്കിയത് മറക്കാറായിട്ടില്ല. ഇരു രാജ്യങ്ങളെയും മുറിച്ചു മാറ്റിയപ്പോള്‍ ഹൃദയം നുറുങ്ങിയ ലോകം ആദരിക്കുന്ന ഒരു മഹാത്മാഗാന്ധിയാണ് ഈ രാജ്യങ്ങളെ ബ്രിട്ടിഷ് ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ച് സ്വതന്ത്രമാക്കാന്‍ നേതൃത്വം നല്‍കിയത്. മോദി ഭക്തന്‍മാരായ ഈ വിവരദോഷികളോ പേരിനൊപ്പം ഗാന്ധി എന്നു ചേര്‍ത്ത് ജനകോടികളെ വിഡ്ഡികളാക്കിക്കൊണ്ടിരിക്കുന്ന തട്ടിപ്പുകാരോ ആ മഹാത്മാവ് വിഭാവനം ചെയ്ത ഇന്ത്യയെ അറിയുകയോ മനസ്സിലാക്കുകയോ ചെയ്തിട്ടില്ല എന്നത് നമ്മുടെ ഗതികേടാണ്.

രാജ്യസ്‌നേഹവും ദേശീയതയും ചില വ്യക്തികളോടുള്ള വിധേയത്വത്തോടു കൂട്ടിക്കെട്ടുന്നത് ഒരു തരം മാനസികരോഗമാണ്. മോദിയെ എതിര്‍ക്കുന്നവര്‍ക്ക് പാക്കിസ്ഥാനോടാണ് കൂറ് എന്നു പറയാന്‍ തൊലിക്കട്ടി മാത്രം പോര. അതൊരു രോഗാവസ്ഥയാണ്. അത്തരക്കാര്‍ രാഷ്ട്രീയരംഗത്തു നിന്നും പൊതുരംഗത്തു നിന്നും അകന്നു നില്‍ക്കുകയും ജനങ്ങള്‍ അവരില്‍ നിന്ന് അകലം പാലിക്കുകയുമാണ് കരണീയം. ഇനി ഇതൊക്കെ സീരിയസ്സാണെന്നുണ്ടെങ്കില്‍ മോദിയെ എതിര്‍ക്കുന്നവരെ ശരിക്കും ഈയാളുകള്‍ പാക്കിസ്ഥാനിലേക്ക് അയക്കുമെങ്കില്‍ പാകിസ്ഥാന്‍ വളരെ മെച്ചപ്പെട്ട ഒരു സ്ഥലമാണെന്ന് ഇവര്‍ തന്നെ സാക്ഷ്യപ്പെടുത്തുകയാണ് ചെയ്യുന്ത്. ഇന്ത്യന്‍ നേതാവിനെ ആരാധിക്കാത്തതിന്റെ പേരില്‍ നാടുകടത്തപ്പെട്ട ജനകോടികള്‍ക്ക് അഭയം നല്‍കാന്‍ പാകിസ്ഥാന്‍ തയ്യാറായാല്‍ എന്തൊക്കെ പരാധീനതകളുണ്ടെങ്കിലും ലോകം ആ രാജ്യത്തെ ആദരിക്കുക തന്നെ ചെയ്യും.

ഭാരത്മാതാ കീ ജയ്

കെജ്‌രിവാളിനെ കല്ലെറിയുമ്പോള്‍

ജനനന്മയ്ക്കു വേണ്ടി നിലകൊണ്ടിട്ടുള്ള ഒരു രാഷ്ട്രീയനേതാവിന്റെയും വഴികള്‍ പൂക്കള്‍ നിറഞ്ഞതായിരുന്നില്ല. കല്ലേറും മര്‍ദ്ദനവും പീഡനങ്ങളുമേറ്റാണ് ലോകത്ത് എല്ലാ ജനനേതാക്കന്‍മാരും ഉയര്‍ന്നു വന്നിട്ടുള്ളത്. ശത്രുക്കളുടെയും ഏകാധിപതികളുടെയും അക്രമങ്ങളെ അതിജീവിക്കുമ്പോള്‍ അവരുടെയൊക്കെ കരുത്ത് ഒപ്പമുള്ള ജനങ്ങളുടെ പിന്തുണയും വിശ്വാസവുമായിരുന്നു. ഇതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഒപ്പം നടക്കുന്നവര്‍ തന്നെ നേതാവിനെ കൈവയ്ക്കുന്നതും ആക്രമിക്കുന്നതും. അരവിന്ദ് കെജ്‌രിവാള്‍ ഈ ഗണത്തില്‍പ്പെട്ട ഒരു രാഷ്ട്രീയപ്രവര്‍ത്തകനും ജനനേതാവുമാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം അഞ്ചിലേറെ തവണയാണ് കെജ്‌രിവാള്‍ ആക്രമിക്കപ്പെട്ടത്.

ഏപ്രില്‍ എട്ടിന് ഒരു ഓട്ടോറിക്ഷ ഡ്രൈവര്‍ കെജ്‌രിവാളിനെ ആക്രമിച്ചതാണ് അവസാനം നമ്മള്‍ കേട്ടത്. ഏപ്രില്‍ നാലിന് ദില്ലിയിലെ റോഡ് ഷോയ്ക്കിടെ ഒരാള്‍ കെജ്‌രിവാളിന്റെ കരണത്തടിച്ചു. മാര്‍ച്ച് 28ന് ഹരിയാനയില്‍ വച്ച് അണ്ണാ ഹസാരെയുടെ അനുയായി എന്നവകാശപ്പെട്ട് ഒരാള്‍ കെജ്‌രിവാളിനെ ആക്രമിച്ചു. മാര്‍ച്ച് 25ന് വാരണാസിയില്‍ അദ്ദേഹത്തിനു നേരെ മുട്ടയേറുണ്ടായി. അതിനു മുന്‍പ് അടിയും ഇടിയും മഷി കുടയലുമായി അനേകം സംഭവങ്ങള്‍.

കെജ്‌രിവാളിനെ ആക്രമിച്ചു എന്നത് മാധ്യമങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ലാതായി. പലര്‍ക്കും അത് വളരെ പരിഹാസ്യമായ സംഭവമായി. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുള്ളവര്‍ക്കും ഇതില്‍ ആശങ്കയുണ്ടായില്ലെന്നു മാത്രമല്ല അതെല്ലാം കെജ്‌രിവാള്‍ തന്നെ ആസൂത്രണം ചെയ്തതാണെന്ന് ആരോപിക്കുകയും ചെയ്തു. സീറ്റ് കിട്ടാത്തവരും പാര്‍ട്ടി നയങ്ങളില്‍ നിരാശ പൂണ്ടവരുമാണ് അക്രമികള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസിലും ബിജെപിയിലും സിപിഎമ്മിലുമൊക്കെ സീറ്റു കിട്ടാത്തവരുടെ പത്തിലൊന്നു പോലും വരില്ല ആം ആദ്മിയില്‍ സീറ്റു കിട്ടാത്തവര്‍. പത്തറുപത് വര്‍ഷം രാജ്യം ഭരിച്ച പാര്‍ട്ടികളോടില്ലാത്ത രോഷം ഏതാനും മാസത്തെ ചരിത്രം മാത്രമുള്ള ആം ആദ്മി പാര്‍ട്ടിയോടുണ്ടായി എന്നതും വിചിത്രമാണ്. ഈ കാരണങ്ങളുടെ പേരില്‍ മന്‍മോഹന്‍ സിങ്ങോ നരേന്ദ്ര മോദിയോ ഒന്നും ആക്രമിക്കപ്പെട്ടില്ല എന്നത് മറന്നുകൂടാ. സോളാര്‍ കേസില്‍ പെട്ട് നാറിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കണ്ണൂരില്‍ കല്ലെറിഞ്ഞതിന്റെ പേരില്‍ ഇവിടൊഴുകിയ കണ്ണീരിനു കണക്കില്ല. എന്നിട്ടും കെജ്‌രിവാളിനെ ആക്രമിച്ചത് മാധ്യമങ്ങള്‍ക്ക് ഒരു തമാശയാണെന്നത് നമ്മുടെ അധപതനത്തിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ്.

എന്തുകൊണ്ട് കെജ്‌രിവാള്‍ തെരുവില്‍ ആക്രമിക്കപ്പെടുന്നു ? കോടികളുടെ അഴിമതിയും അക്രമങ്ങളും വര്‍ഗീയകലാപങ്ങളും അഴിച്ചു വിട്ട നേതാക്കന്‍മാര്‍ക്കു മുന്നില്‍ നട്ടെല്ലുവളച്ചു നില്‍ക്കുന്ന ഞാനും നിങ്ങളും അടങ്ങുന്ന പൊതുജനം കെജ്‌രിവാളിന്റെ മേല്‍ മഷി കുടയാനും അദ്ദേഹത്തെ കല്ലെറിയാനും മുഖത്തടിക്കാനും തയ്യാറാവുന്നതിന്റെ മനശാസ്ത്രം എന്താണ് ?

ബലാല്‍സംഗത്തിനിരയാവുന്ന പെണ്‍കുട്ടിയെ തൂക്കിക്കൊല്ലണം എന്നു പറയുന്നവരും ലക്ഷം കോടിയുടെ അഴിമതി നടത്തി വീണ്ടും വോട്ടുതേടി വരുന്നവരും കോര്‍പറേറ്റുകള്‍ക്കു വേണ്ടി കൂട്ടിക്കൊടുപ്പു നടത്തുന്നവരും അടങ്ങുന്ന മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ള ഉന്നതരായ നേതാക്കന്‍മാരെ പൂവിട്ടു പൂജിക്കുകയും അവര്‍ക്കു ക്ഷേത്രങ്ങള്‍ പണിതീര്‍ക്കുകയും ചെയ്യുന്ന സമൂഹം അഴിമതി വിരുദ്ധ ഇന്ത്യയ്ക്കു വേണ്ടി ഏറെക്കുറെ എല്ലാം ഉപേക്ഷിച്ച് തെരുവിലിറങ്ങിയിരിക്കുന്ന നിരായുധനായ ഒരു മനുഷ്യനെ കല്ലെറിയുന്നത് എന്തിനാണ് ?

കെജ്‌രിവാള്‍ ഒരു മികച്ച ഭരണാധികാരിയോ രാഷ്ട്രതന്ത്രജ്ഞനോ ആസൂത്രകനോ അല്ലായിരിക്കാം. എന്നാല്‍ അദ്ദേഹം ജനങ്ങളെ വോട്ടുവാങ്കുകളായി കണ്ട് ഗൂഢപദ്ധതികള്‍ ആസൂത്രണം ചെയ്യുകയോ കോടികളുടെ അഴിമതികള്‍ നടത്തുകയോ ഒരു ഘട്ടത്തില്‍പ്പോലും ജനങ്ങളെ വെല്ലുവിളിക്കുകയോ സാധാരണക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. തന്റെ രാഷ്ട്രീയ ആശയം പരമാവധി ജനങ്ങളിലെത്തിക്കാനും അഭിപ്രായരൂപീകരണം നടത്താനും മറ്റെല്ലാവര്‍ക്കുമുള്ളതുപോലെ കെജ്‌രിവാളിനും അവകാശമുണ്ട്. പൊതുജനമധ്യത്തില്‍ കയ്യേറ്റം ചെയ്യപ്പെടാന്‍ യോഗ്യരായ ആയിരം നേതാക്കന്‍മാരെങ്കിലും നാട്ടിലുള്ളപ്പോള്‍ അവരെയൊക്കെ വെറുതെ വിട്ട് കെജ്‌രിവാളിനെ ആക്രമിക്കാന്‍ ജനം തയ്യാറാവുന്നതിന് ഒരേയൊരു കാരണമേയുള്ളൂ- കെജ്‌രിവാള്‍ അതര്‍ഹിക്കുന്നു.

വോട്ടെടുപ്പുകാലത്ത് മാത്രം കൂപ്പുകൈകളോടെ നമ്മെ സമീപിക്കുന്ന പിന്നെ ടിവി ചര്‍ച്ചകളില്‍ മാത്രം കാണുന്ന നേതാക്കന്‍മാരാണ് നമ്മുടെ സങ്കല്‍പത്തിലെ മാതൃകാജനപ്രതിനിധികള്‍. അവര്‍ നമുക്കു വേണ്ടി എന്തു ചെയ്തു എന്നതാലോചിക്കാതെ അവരെ ആരാധിക്കുന്നതാണ് നമ്മുടെ രാഷ്ട്രീയം. നേതാക്കന്‍മാരെ മഹത്വപ്പെടുത്തുന്നതിനു വേണ്ടി പരസ്പരം വെട്ടിക്കൊല്ലുന്നതാണ് ധീരതയെന്നു കരുതുന്ന നികൃഷ്ടജന്മങ്ങളാണ് നമ്മള്‍ സാധാരണക്കാരന്‍. അധികാരവും ആയുധവും കയ്യിലുള്ളവനെയേ നമ്മള്‍ ബഹുമാനിക്കൂ. ആരെയും ആദരിക്കാന്‍ നമുക്കറിയില്ല. പരമാവധി ഭയപ്പെടുത്തുന്നവരെ പൂജിക്കാനേ അറിയൂ. നമ്മളെ അടിമകളായി കാണുന്നവരാണ് നമ്മുടെ നേതാവ്. നമ്മളെ നമ്മളായി കണ്ട് അംഗീകരിക്കുന്നവരെ നമുക്ക് ഭയമാണ്, അവരെപ്പറ്റി ആശങ്കകളാണ്. ഇപ്പോഴും ജീനുകളിലുള്ള അടിമയുടെ അബോധമാണ് കെജ്‌രിവാളിനെതിരെ നമ്മുടെ കൈയുയര്‍ത്തുന്നത്. നമ്മെ ചവുട്ടിമെതിക്കാനും നമ്മുടെ ജീവിതം ദുരിതപൂര്‍ണമാക്കാനും കരുത്തുള്ളവരുടെ മുന്നില്‍ കൈ കൂപ്പി നില്‍ക്കുമ്പോഴാണ് നമ്മള്‍ ഭിതിയും ആശങ്കകളുമില്ലാതെ ജീവിക്കുന്നത്.

സാധാരണക്കാരന്റെ പാര്‍ട്ടിയാണ് ആം ആദ്മി. ഉന്നത നേതാക്കന്‍മാര്‍ക്ക് അനുകരിക്കാനാവാത്ത വിധം സാധാരണക്കാരനായി മുന്നോട്ടു പോകുന്ന നേതാവാണ് കെജ്‌രിവാള്‍. അദ്ദേഹത്തെ കല്ലെറിയുന്ന സമൂഹം സഹതാപമര്‍ഹിക്കുന്നില്ല. നിലവിലുള്ള രാഷ്ട്രീയസംസ്‌കാരത്തില്‍ നിന്നൊരു മാറ്റം അവര്‍ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ അടിമത്തം നമ്മുടെ ലഹരിയാണ്. അവിടെ ഒരു സാധാരണക്കാരന്‍ തികഞ്ഞ അശ്ലീലമാണ്. അവനെ തല്ലിക്കൊല്ലുക തന്നെ വേണം.

ഉമ്മന്‍ ചാണ്ടി ഷെയര്‍ ചെയ്യുന്നത്

ഉമ്മന്‍ ചാണ്ടി അത്യുന്നതനായ നേതാവാണെന്നും സരിത നായര്‍ വെറുമൊരു തട്ടിപ്പുകാരി ആണെന്നും കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ആ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും വിശ്വസിക്കുന്നതും അപ്രകാരം പ്രചരിപ്പിക്കുന്നതും വലിയ ക്രൂരതയാണെന്നാണ് പല കോണ്‍ഗ്രസുകാരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും സരിതയുടെ സാരിത്തുമ്പേയുള്ളൂ എന്നത് അത്യുന്നതന്‍ തന്നെ തുറന്നു കാണിക്കുമ്പോള്‍ ഏഴാംകൂലികളായ നമ്മളൊക്കെ എത്ര നിസ്സാരന്‍മാര്‍.

തിരഞ്ഞെടുപ്പു കാലത്ത് സജീവപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച വെബ്‌സൈറ്റ് ആണ് ഉമ്മന്‍ചാണ്ടി ഡോട്ട് നെറ്റ്. അതില്‍ അദ്ദേഹം തനിക്ക് അനുകൂലമായ പല പല വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിങ്ങന വിവിധ വിഭാഗങ്ങളിലായി പലതരം വാര്‍ത്തകളും വിഭവങ്ങളും സമ്പല്‍സമൃദ്ധമായ വെബ്‌സൈറ്റിലുണ്ട്. അതോടൊപ്പമുള്ള ഒന്നാണ് കുമാരി സരിത നായരുടെ അഭിമുഖത്തിന്റെ ശകലം.

ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന സരിതയുടെ ആരോപണം ഇന്ത്യാ ടുഡേ അഭിമുഖത്തിലും മാധ്യമത്തിലും വന്നതാണ് ഉമ്മന്‍ ചാണ്ടി തന്റെ വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അത് അദ്ദേഹം ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രസ്താവനകളോടൊപ്പം സരിത എസ് നായരുടെ ആരോപണവും തുല്യപ്രധാന്യത്തോടെ ഷെയര്‍ ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച ഉമ്മന്‍ ചാണ്ടി അഭിനന്ദനമര്‍ഹിക്കുന്നു. സരിതയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ പറഞ്ഞ് ഇത്രയും കാലം ഉരുണ്ടുകളിച്ചത് എന്തിനായിരുന്നു എന്നാണ് മനസ്സിലാവാത്തത്.

സരിത നായരെ നാട്ടുകാര്‍ക്കു വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് തികഞ്ഞ വിശ്വാസമാണ് എന്നതിന്റെ തെളിവാണ് സ്വന്തം വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും അദ്ദേഹം സരിതയുടെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം ഷെയര്‍ ചെയ്തിരിക്കുന്നത്. വെറുമൊരു ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സരിതയെപ്പോലുള്ള ഒരു സ്ത്രീക്ക്് (സംരംഭക) സിപിഎം പോലുള്ളൊരു പാര്‍ട്ടി 10 കോടി രൂപ ഓഫര്‍ ചെയ്തു എന്നത് വളരെ വിലയേറിയ ഒരു ആരോപണമാണ്. ഉമ്മന്‍ ചാണ്ടി അത് പലവട്ടം ഷെയര്‍ ചെയ്യുമ്പോള്‍ സരിതയുടെ ആരോപണത്തിന്റെ അടിയില്‍ മുഖ്യമന്ത്രി അറ്റസ്റ്റ് ചെയ്യുന്ന ഒരു ഇഫക്ട് ആണ്. മുഖ്യമന്ത്രിയെ മാത്രമല്ല കുമാരി സരിതയെയും മലയാളികള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എജി കോടതിയില്‍ നടത്തിയ പെര്‍ഫോമന്‍സ് സരിതയെ ഇനി ഒരു തരത്തിലും വേദനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്ന സൂചനയാണ് നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടാത്ത വിഎസിന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാര്‍ എജി കോടതിയില്‍ വാദിച്ചത്.

ഇതെല്ലാം കൂട്ടിവച്ചു വായിക്കുമ്പോള്‍ സാധാരണക്കാരന് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടുന്നുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 10 കോടി രൂപ ഓഫര്‍ ചെയ്തിട്ടും സത്യം, നീതി, ധര്‍മം എന്നിവയില്‍ വ്യതിചലിക്കാതെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന സരിത തീര്‍ച്ചയായും മഹത്വമുള്ളവളാണ്. ആ സരിതയ്‌ക്കെതിരെ, സരിതയുടെ സംരംഭങ്ങള്‍ക്കെതിരെ ഒരാക്ഷേപവും ഉന്നയിക്കാന്‍ ആരെയും അനുവദിക്കരുത്. ഉമ്മന്‍ ചാണ്ടിയെ എനിക്കു വിശ്വാസമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ സരിതയെയും വിശ്വസിക്കാം.

പരിശുദ്ധ മാഫിയ

എന്തുകൊണ്ടാണ് സര്‍ക്കാര്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമൊക്കെ കൊണ്ടുവന്നു നടപ്പാക്കാന്‍ ശ്രമിക്കുന്നത് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഉത്തരമാണ് ഹൈറേഞ്ച് സംരക്ഷണ സമിതിക്കു വേണ്ടി ഇടുക്കിയില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിനെതിരെ ഉയര്‍ന്നു വന്നിട്ടുള്ള ആരോപണങ്ങളും അവതരിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകളും. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധി ഭൂമി തട്ടിപ്പുകാരനാണെങ്കില്‍ ഈ സമിതി ഹൈറേഞ്ച് സംരക്ഷിക്കാന്‍ വേണ്ടിയുള്ളതാണോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് അര്‍ഥമില്ല.

ജോയ്‌സ് ജോര്‍ജിനെതിരെയുള്ള ആരോപണങ്ങള്‍ എല്ലാം കെട്ടിച്ചമച്ചതാണെന്നും സിപിഎമ്മിന്റെയും കത്തോലിക്കാസഭയുടെയും അനുഗ്രഹമുള്ള അദ്ദേഹം വളരെ വിശുദ്ധനാണെന്നുമാണ് ഒരു വാദം. മറ്റൊന്ന്, കോണ്‍ഗ്രസ് – കേരള കോണ്‍ഗ്രസ് നേതാക്കളും സിപിഎമ്മുകാരും എല്ലാം വ്യാജപട്ടയങ്ങള്‍ സംഘടിപ്പിച്ച് ഭൂമി തട്ടിപ്പു നടത്തിയിട്ടുണ്ടെന്നിരിക്കെ പാവം ജോയ്‌സ് ജോര്‍ജിനെ മാത്രം വേട്ടയാടുന്നത് ശരിയല്ല എന്നാണ്. എല്ലാവരും ഇവിടെ ഭൂമി മോഷ്ടിക്കാറുണ്ട് എന്നതിനാല്‍ ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല എന്നത് വളരെ ന്യായമായ കാര്യമാണ്. എന്നാല്‍, ഇടുക്കിയിലെ വിശുദ്ധന്‍മാര്‍ പൊതുവേ ഭൂമി തട്ടിപ്പുകാരും കള്ളപ്പട്ടയക്കാരും ആണെങ്കില്‍ ഏതു റിപ്പോര്‍ട്ടിന്റെ സഹായത്തോടെയും അത്തരം സാമൂഹികദ്രോഹികളെ അവിടെ നിന്ന് അടിച്ചിറക്കണം എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ബിഷപ്പിന്റെ അനുഗ്രഹവും ഇടയലേഖനങ്ങളും കള്ളന്‍മാരെ പുണ്യാളന്‍മാരാക്കുമെന്നു വിശ്വസിക്കുന്നവര്‍ കാലഹരണപ്പെട്ട മന്ദബുദ്ധികളാണ്.

ഇടുക്കിയിലെ കര്‍ഷപ്രേമികള്‍ ഭൂമി തട്ടിപ്പുകാരാണെങ്കില്‍ താമരശ്ശേരിയിലെ കര്‍ഷകപ്രേമികള്‍ പാറമടക്കാരാണെന്നാണ് മനസ്സിലാവുന്നത്. കസ്തുരിരംഗര്‍ സമരത്തിന്റെ പേരില്‍ ബിഷപ്പിന്റെ അശീര്‍വാദത്തോടെ നടന്ന അക്രമവും കൊള്ളിവയ്പും ജാലിയന്‍വാലാ ബാഗ് ഭീഷണികളും മുതല്‍ നിരാഹാരസമരം കിടന്ന ക്വാറി മുതലാളിമാര്‍ വരെ ഇതിനു തെളിവാണ്. തങ്ങളുടെ ഭൂമിയും വീടും നഷ്ടപ്പെടുമെന്നു ഭയപ്പെടുത്തി മാഫിയകളും കൊള്ളക്കാരും ആസൂത്രിതമായി നടത്തിയ രാജ്യദ്രോഹപ്രവര്‍ത്തനമായി ഭാവിയില്‍ കസ്തൂരിരംഗന്‍ സമരം വിശേഷിപ്പിക്കപ്പെട്ടാല്‍ അദ്ഭുതപ്പെടാനില്ല.

ഗാഡ്ഗില്‍- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ കര്‍ഷകവിരുദ്ധമാണെന്നു പ്രചരിപ്പിച്ച് ജനങ്ങളില്‍ തെറ്റിദ്ധാരണ പരത്തി അവരെ തെരുവിലിറക്കി ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കു പ്രോല്‍സാഹിപ്പിക്കുന്നവന്‍ എത്ര വലിയവനായാലും അപകടകാരിയാണ്. ലോകം പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുകയും അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും ചെയ്യുന്ന ഈ കാലത്ത് അവശേഷിക്കുന്ന വനഭൂമി നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ പടപൊരുതുന്നവന്‍ സ്വാര്‍ത്ഥതയുടെ വെള്ളപൂശിയ കച്ചവടക്കാരാണ്. ഈശ്വരന്‍ ആകാശവും ഭൂമിയും റിസര്‍വ് വനങ്ങളുമെല്ലാം സൃഷ്ടിച്ചത് മനുഷ്യര്‍ക്ക് വെട്ടിക്കീറി വില്‍ക്കാനാണെന്നു വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കാലം കല്ലെറിയാന്‍ വൈകില്ല.

പരിസ്ഥിതി സംരക്ഷിക്കണം എന്നു പറയുന്നവരെല്ലാം കൊച്ചിയില്‍ ഫ്‌ളാറ്റില്‍ എസി മുറിയില്‍ കഴിയുന്നവരാണെന്നത് വളരെ പഴയ ഒരു ആരോപണമാണ്. ഇടുക്കിയെപ്പറ്റിയോ വയനാടിനെപ്പറ്റിയോ അഭിപ്രായം പറയുന്നവര്‍ അവിടെ താമസിച്ചു കൃഷി ചെയ്യുന്നവരായിരിക്കണം എന്നതും വളരെ പരിഹാസ്യമായ ഒരു നിലപാടാണ്. റിസര്‍വ് വനങ്ങള്‍ മലയോരത്തുള്ള കള്ളപ്പട്ടയക്കാരുടെ അവകാശമാണെന്നു വിശ്വസിക്കുകയും സര്‍ക്കാര്‍ പ്രതിനിധികളെ അവിടെ കാലുകുത്താന്‍ സമ്മതിക്കില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നത് അനുവദിച്ചുകൊടുക്കാനാവാത്ത വെല്ലുവിളിയാണ്.

പരിസ്ഥിതിലോലം- വയനാട്ടിലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നു കണ്ടെത്തിയ ശേഷം ഇത്രനാളായിട്ടും ആ തീ നിര്‍മിച്ച മനുഷ്യരെ കണ്ടെത്താനായില്ല എന്നത് വളരെ രസകരമാണ്. അച്ചനും അച്ചായനും പിന്നെ വേണ്ടപ്പെട്ടവരും ഒന്നിച്ചു നിന്നാല്‍ സര്‍ക്കാരും യുനെസ്‌കോയും പശ്ചിമഘട്ടവുമൊക്കെ എന്ത് ?

കോടതി, സിബിഐ, അന്തര്‍ധാര

കോടതിയും സിബിഐയും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാന സജീവമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് യുഡിഎഫ് നേതാക്കളുടെ മനസ്സു വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത് ദൈവനിശ്ചയം ആയിരിക്കണം. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധരുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. യുഡിഎഫ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ദുഷ്ടന്‍മാര്‍ അഴിഞ്ഞാടുകയാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തു കൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെ തോല്പിച്ചപ്പോള്‍ ഒന്നന്വേഷിക്കൂ ചേട്ടാ എന്നു പറഞ്ഞ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രമില്ലെന്നു പറഞ്ഞ് സിബിഐയും സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തോല്‍വികളേറ്റുവാങ്ങാന്‍ ആരുടെയൊക്കെയോ എന്തൊക്കെയോ ഇനിയും ബാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോടതി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സു വേദനിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മന്ത്രി കെ.സി.ജോസഫാണ് പ്രധാനമായും അഞ്ഞടിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ട എന്നാണ് അവറോണര്‍ കെ.സി.ജോസഫ് വിധിച്ചിരിക്കുന്നത്. സലിം രാജിന്റെ കേസിനെപ്പറ്റി വിധി പറയുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയും സരിതയെപ്പറ്റിയും കോടതി പറഞ്ഞത് വലിയ തെറ്റായിപ്പോയെന്നാണ് യുഡിഎഫിലെ നിയമപണ്ഡിതര്‍ പറയുന്നത്. പണ്ടൊരു സിപിഎം ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ നീതിപീഠത്തോടുള്ള ഇറെവറന്‍സില്‍ മനംനൊന്തു പിടഞ്ഞവരാണ് ഇപ്പോള്‍ ജുഡീഷ്യറിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ചു, ജുഡീഷ്യല്‍ നീതി ലംഘിച്ചു എന്നിങ്ങനെ പരിശുദ്ധനായ മുഖ്യമന്ത്രിക്കെതിരെ കോടതി ചെയ്തിട്ടുള്ള കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനു പുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജഡ്ജി സിപിഎമ്മുകാരനാണ് എന്നൊരു കണ്‍ക്ലൂഷനിലേക്ക് മാധ്യമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ച് ജഡ്ജിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു എന്നതാണ് ഇതിനുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് മകളുടെ കല്യാണം ക്ഷണിക്കുകയായിരുന്നെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് നിയമവശങ്ങളൊന്നും വലിയ പിടിയില്ല.

ചെറിയ ഒരു റിയല്‍ എസ്റ്റേറ്റ് കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇവിടം വരെ എത്തി നില്‍ക്കുന്നതെങ്കില്‍ കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഭയങ്കരമായ കൊലപാതക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രം വലിയ സംഭവമല്ല എന്നു പറഞ്ഞ് സിബിഐ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിബിഐ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതിനെപ്പറ്റി മന്ത്രി കെ.സി.ജോസഫ് എന്തു പറയുമെന്നു കേട്ടിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ടതില്ല എന്നു പറഞ്ഞ നാവു കൊണ്ടു തന്നെ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നോ മറ്റോ അദ്ദേഹം പറയുമോ ആവോ.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ടിപി വധക്കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സിബിഐ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണം പോലും തെളിയിക്കാന്‍ പറ്റാത്ത സിബിഐ അന്വേഷണം കഴിഞ്ഞ് വിചാരണയും വിധിയും കഴിഞ്ഞ കേസില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തുമെന്നു കരുതാന്‍ വയ്യ. സിബിഐ ഡയറക്ടറുടെ മകളുടെ കല്യാണവും കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്. കേരളാ ഹൗസില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വിഡിയോ ദൃശ്യങ്ങളുമായി ടിവി ചാനലുകാര്‍ സത്യം തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

നിങ്ങളുട വോട്ട്, ഞങ്ങളുടെ കസേര

ഇത് കോണ്‍ഗ്രസിനു മാത്രം സാധിക്കുന്ന അദ്ഭുതമാണ്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോണ്‍ഗ്രസ് ഇന്നലെ പുറത്തിറക്കിയ പ്രകടനപത്രികയിലെ വിശേഷങ്ങള്‍ വായിച്ചപ്പോള്‍ പവാര്‍ പറഞ്ഞതുപോലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കെല്ലാം രണ്ടു വോട്ടു വീതം ചെയ്യാന്‍ തോന്നിപ്പോയി. രാഹുല്‍ ഗാന്ധിയുടെ പേരുള്ള ബാലറ്റ് പേപ്പെറെങ്ങാനും കയ്യില്‍ കിട്ടിയിലിരുന്നെങ്കില്‍ ആ പേരിനുമുകളില്‍ അന്‍പത്തൊന്നു വോട്ടെങ്കിലും ഞാന്‍ കുത്തിയേനെ. ഈ പ്രകടനപത്രിക പുറത്തിറക്കാന്‍ ധൈര്യം കാണിച്ച കോണ്‍ഗ്രസിനും അതിന്റെ നേതാക്കന്‍മാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു.

ജനദ്രോഹനടപടികളും പട്ടിണിക്കാരെ പിന്നെയും പട്ടിണിക്കാരാക്കുന്ന സാമ്പത്തികനയങ്ങളും കൊണ്ട് അഞ്ചു വര്‍ഷം ഭരിച്ച ശേഷം കോണ്‍ഗ്രസ് വോട്ടര്‍മാരെ ഹഠാദാകര്‍ഷിക്കാന്‍ അവതരിപ്പിച്ചിരിക്കുന്ന പ്രകടനപത്രികയിലെ പ്രധാന ഐറ്റം നമ്പരുകള്‍ ഇവയൊക്കെയാണ്- എല്ലാവര്‍ക്കും ആരോഗ്യം, പാര്‍പ്പിടം, പെന്‍ഷന്‍. പിന്നെ അമേരിക്കന്‍ നിലവാരത്തിലേക്ക് മൊത്തത്തില്‍ രാജ്യത്തെ പുനപ്രതിഷ്ഠിക്കുന്നതിനുള്ള പൊടിക്കൈകളും.

വീണ്ടും അധികാരത്തിലേറിയാല്‍ എല്ലാവര്‍ക്കും ആരോഗ്യവും പാര്‍പ്പിടവും പെന്‍ഷനും നിയമപരമായ അവകാശമാക്കുമെന്നാണ് കോണ്‍ഗ്രസ് വാദ്ഗാനം. അതായത് ഏതാണ്ട് സ്വര്‍ഗരാജ്യത്തിനു തുല്യമായ ഒരു സാമൂഹികസാഹചര്യം ഇന്ത്യയില്‍ വേണം എന്നുള്ളവര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യണം. മുകളില്‍ പറഞ്ഞതൊക്കെ നിയമപരമായ അവകാശമാകുന്നതോടെ രോഗികളും വീടില്ലാത്തവരും പെന്‍ഷന് അവകാശമില്ലാത്തവരും നിയമലംഘകരാകുമോ എന്നറിയില്ല. അങ്ങനെയെങ്കില്‍ അങ്ങനെ, ഈ നാട്ടില്‍ സമ്പത്തും ആരോഗ്യവും ഐശ്വര്യവും മാത്രമുള്ളവര്‍ മതി എന്നു തന്നെയാണ് എന്റെയും അഭിപ്രായം.

എന്നും രാഹുല്‍ ഗാന്ധിയുടെ വീക്ക്‌നെസ്സ് ആയിരുന്ന യുവാക്കളുടെയും സ്ത്രീകളുടെയും പിന്നാക്ക ന്യൂനപക്ഷങ്ങളുടെയും ക്ഷേമവും ഉന്നമനവും പ്രകടനപത്രികയിലും വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരുപടി കൂടി കടന്ന് സ്വകാര്യമേഖലയില്‍ കൂടി പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ സംവരണത്തെപ്പറ്റിപ്പോലും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട് എന്നാണ് പ്രകടനപത്രിക സൂചിപ്പിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് കേന്ദ്രീകൃത പ്രശ്‌നപരിഹാര കേന്ദ്രങ്ങള്‍ രൂപീകരിക്കുമെന്നും പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിനു പുറമേ 10 കോടി യുവാക്കള്‍ക്ക് തൊഴില്‍പരിശീലനവും തൊഴിലും കൊടുക്കും. ന്യൂനപക്ഷ ക്ഷേമത്തിനു സുസ്ഥിര ദീര്‍ഘകാല പദ്ധതികളും ആവിഷ്‌കരിക്കും. മൊത്തത്തില്‍ ഇന്ത്യയെ ചുരുങ്ങിയ കാലം കൊണ്ട് ഹരിതസ്വര്‍ഗഭൂമിയാക്കി മാറ്റി അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയും ദുബായിയെുമൊക്കെ കൊതിപ്പിക്കുന്നതിനുള്ള അപൂര്‍വഫോര്‍മുലയാണ് ഈ പറഞ്ഞ പ്രകടനപത്രിക.

വരൂ നമുക്കിനി ആ പൊട്ടന്‍മാരെ പറ്റിക്കാനുള്ള സാഹിത്യമെഴുതാം എന്നു പറഞ്ഞ് കുറെ കോണ്‍ഗ്രസുകാര്‍ ഒരു മുറിയില്‍ അടച്ചിരുന്ന് എഴുതിയുണ്ടാക്കിയതാണ് ഈ പ്രകടനപത്രിക എന്നൊന്നും ആരും ആരോപിക്കുകയോ സംശയിക്കുകയോ ചെയ്യരുത്. ഏതാണ്ട് 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി അഞ്ചുമാസം കൊണ്ട് ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വിപുലമായ പ്രകടനപത്രികയും ഇതാണത്രേ.

അഞ്ചു മാസം അഥവാ 150 ദിവസം കൊണ്ട് 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി എന്നതു തന്നെ വലിയൊരു കാര്യമാണ്. അതായത് ഒരു ദിവസം ശരാശരി 33,333 പേരുമായി ആശയവിനിമയം നടത്തി. ഇത് തന്നെ ഒരു ചരിത്രനേട്ടമാണ്. ഒരു കൊച്ചുപ്രകടനപത്രിക തയ്യാറാക്കാന്‍ വേണ്ടി പോലും ഇത്രയേറെ അധ്വാനിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെ അഭിനന്ദിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടലംഘനമാവില്ല എന്നു വിശ്വസിക്കുന്നു.

മറ്റൊന്ന്, അടിക്കടിയുള്ള ഇന്ധനവിലവര്‍ധന, ആധാര്‍കാര്‍ഡിന്റെ കാര്യത്തിലെ അനിശ്ചിതത്വം, അഴിമതി തുടങ്ങിയ കാര്യങ്ങള്‍ ഇന്ത്യയിലെ പൊതുസമൂഹത്തെ ബാധിക്കുകയോ അവരുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തിട്ടില്ല എന്ന യാഥാര്‍ഥ്യമാണ്. 50 ലക്ഷം പേരുമായി ആശയവിനിമയം നടത്തി ക്രോഡീകരിച്ച വിവരങ്ങളില്‍ ഇന്ധനവിലവര്‍ധനയോ ആധാര്‍ കാര്‍ഡിലെ അനിശ്ചിതത്വമോ രാജ്യത്തെ അഴിമതിയോ എവിടെയും വന്നിട്ടില്ല എന്നത് വളരെ പ്രധാനമാണ്. ഒന്നുകില്‍ ഇന്ധനവിലവര്‍ധനയും ആധാര്‍ കാര്‍ഡും അഴിമതിയുമൊന്നും ഇവിടുത്തെ ജനങ്ങള്‍ക്ക് ഒരു പ്രശ്‌നമല്ല. അല്ലെങ്കില്‍ ഈ 50 ലക്ഷം ആളുകള്‍ ഇന്ത്യക്കാരല്ല. ഇറ്റലിക്കാരോട് അഭിപ്രായം ചോദിച്ചിട്ട് ഇന്ത്യയില്‍ പ്രകടനപത്രികയിറക്കാന്‍ സാധ്യതയുണ്ടോ ? ആകെ കണ്‍ഫ്യൂഷനായി.

കഴിഞ്ഞ 10 വര്‍ഷം ഇവിടെ സല്‍ഭരണം കാഴ്ചവച്ചപ്പോഴൊക്കെ ഉണ്ടായിരുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും തന്നെയാണ് ഇനിയൊരഞ്ചു വര്‍ഷം കൂടി ഭരിക്കാന്‍ അനുവദിച്ചാല്‍ പരിഹരിച്ചുതരാം എന്നു കോണ്‍ഗ്രസ് പറയുന്നത്. ഈ കാലഘട്ടം കൊണ്ട് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതികള്‍ നടത്തിയ മന്ത്രിമാരെ ചുമന്നു നടന്ന കോണ്‍ഗ്രസ് വരുന്ന അഞ്ചു വര്‍ഷത്തേക്കുള്ള മോഹനവാദ്ഗാനങ്ങള്‍ നല്‍കുന്നത് രാജ്യത്തെ അവശേഷിക്കുന്ന സമ്പത്തു കൂടി അടിച്ചുമാറ്റാനും മറിച്ചുവില്‍ക്കാനും ആണെന്നു ദുഷ്ടന്‍മാര്‍ ആരോപിക്കും. എന്നാല്‍, കഴിഞ്ഞ 10 വര്‍ഷം കൊണ്ടാണ് ദരിദ്രരാജ്യമായ ഇന്ത്യ ഒരു വികസ്വര രാജ്യമായി മാറിയത്. അഴിമതി വികസനത്തിന്റെയും പുരോഗതിയുടെയും ലക്ഷണമാണ്. ഈ 10 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് ദരിദ്രരാജ്യമായിരുന്ന ഇന്ത്യയെ വികസ്വരരാജ്യമാക്കി മാറ്റി. ഇനി ഒരഞ്ചു വര്‍ഷം കൂടി കൊടുത്താല്‍ ഫുള്ളായിട്ട് വികസിപ്പിച്ച് അമേരിക്കയും ഇറ്റലിയും പോലെയാക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

അഴിമതി വിരുദ്ധ ബില്ലുകള്‍ എത്രയും വേഗം പാസ്സാക്കുമെന്നും കള്ളപ്പണം തടയുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നതും ഇന്നലെ കോണ്‍ഗ്രസ് പുറത്തിറക്കിയ പ്രകടനപത്രികയിലെ പ്രധാന പോയിന്റുകളിലൊന്നാണ്. വിദേശബാങ്കുകളിലെ കള്ളപ്പണം തിരികെ കൊണ്ടുവരുന്നതിന് രണ്ട് സുപ്രീംകോടതി ജഡ്ജിമാരുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണസംഘം രൂപവത്കരിച്ചുള്ള ഉത്തരവ് പിന്‍വലിക്കുകയോ ഭേദഗതി ചെയ്യുകയോ വേണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതി തള്ളിയതും ഇന്നലെയാണ്. കള്ളപ്പണം തടയുക എന്നതുകൊണ്ട് വിദേശത്തുള്ള കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയുക എന്നതാണ് ഉദ്ദേശിക്കുന്നതെന്നു തോന്നുന്നു.

അല്ലെങ്കിലും കള്ളപ്പണം ചീത്തയാണെന്നു പറയുന്നവര്‍ തന്നെ അത് ഇന്ത്യയിലേക്കു കൊണ്ടുവരണം എന്നു പറയുന്നതിന് എ്തു നീതീകരണമാണുള്ളത്. ചീത്ത വസ്തുക്കള്‍ ഒരിക്കലും ഇന്ത്യയിലേക്കു കൊണ്ടുവരരുത് എന്നല്ലേ നമ്മള്‍ പറയേണ്ടത്. അങ്ങനെ നോക്കുമ്പോള്‍ എല്ലാ അര്‍ത്ഥത്തിലും വളരെ പോസിറ്റീവായ ഒരു പ്രകടനപത്രികയാണ് കോണ്‍ഗ്രസ് ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോദിയെയും സംഘത്തെയും പ്രകടനപത്രിക വിറളി പിടിപ്പിച്ചിട്ടുണ്ടാവും എന്നതില്‍ സംശയമില്ല. പിന്നെ, ഗുജറാത്ത് ഓള്‍റെഡി അമേരിക്കന്‍ നിലവാരത്തിലെത്തിയതുകൊണ്ട് ഇന്ത്യയെ ഹോള്‍സെയിലായി അമരിക്കന്‍ നിലവാരത്തിലെത്തിക്കുമെന്നു വാഗ്ദാനത്തെ അധികം പേടിക്കേണ്ട കാര്യമില്ല. ഗുജറാത്തിനെ ആ പരുവത്തിലാക്കിയ ആളെ ജയിപ്പിച്ചാല്‍ ഇന്ത്യ മുഴുവന്‍ അങ്ങനെയാക്കും എന്നു പറയുമ്പോള്‍ ഗുജറാത്ത് എന്ന ജീവിക്കുന്ന ഉദാഹരണമെങ്കിലും മുന്നിലുണ്ട് എന്നതു വച്ചു നോക്കുമ്പോള്‍ മോദിക്കു പേടിക്കാനുമില്ല. എന്തായാലും അടുത്ത അഞ്ചു വര്‍ഷം ആരു ഭരിച്ചാലും ഇന്ത്യ അമേരിക്കയാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

വിഎസ് എന്ന ചതിയന്‍

മാതൃകാദമ്പതികള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടാകുമ്പോള്‍ അത് സോള്‍വ് ചെയ്യുന്നതിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരുടെ ഒരു ഹോബിയാണ്. ഈ ദമ്പതികളുടെ വീട്ടില്‍ കയറി നിരങ്ങി, പ്രശ്‌നം സോള്‍വ് ചെയ്യാനെന്ന മട്ടില്‍ ദാമ്പത്യജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ചികഞ്ഞെടുത്ത് നാട്ടില്‍ പാട്ടാക്കുകയും ഇവരുടെ സൗന്ദര്യപ്പിണക്കത്തെ ഡൈവോഴ്‌സിന്റെ വക്കോളമെത്തിക്കുകയും ചെയ്യുന്നതാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൈലി. ഒടുവില്‍ പരസ്പരം തെറിവിളിച്ചു പിരിയുന്നതിനു പകരം സന്നദ്ധപ്രവര്‍ത്തകരുടെ മാധ്യസ്ഥമില്ലാതെ തന്നെ ദമ്പതികള്‍ വീട്ടിനുള്ളില്‍ പ്രശ്‌നം സോള്‍വ് ചെയ്യുകയും സന്തോഷത്തോടെ ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ഉണ്ടാകുന്ന ഞെട്ടലും അമ്പരപ്പും രോഷവും പ്രതിഷേധവുമാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടു മാറ്റത്തില്‍ കേരളത്തിലെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതാക്കന്‍മാരും രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വിഎസിന്റെ നിലപാടുമാറ്റം സമകാലികരാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. വിഎസ് ആരെയൊക്കെയോ ചതിച്ചു എന്നും വിഎസിനു ഇവിടുത്തെ ജനങ്ങള്‍ മറുപടി നല്‍കും എന്നുമൊക്കെയാണ് പ്രതികരണത്തൊഴിലാളികളുടെ പ്രഖ്യാപനങ്ങള്‍. വിഎസ് അച്യുതാനന്ദന്‍ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേരുകയോ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരുകയോ ഇന്നലെ വരെയുണ്ടായിരുന്ന രാഷ്ട്രീയം തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. നാളിന്നു വരെ സിപിഎമ്മുകാരനായി ജീവിച്ച വിഎസിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള പരസ്യനിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയുമായി ചര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ചതിയെന്നും വഞ്ചനയെന്നും വിശേഷിപ്പിക്കുന്ന പ്രബുദ്ധരാഷ്ട്രീയമീമാംസകര്‍ കുടിലബുദ്ധിക്കാരായ അട്ടകളാണ് എന്നു മനസ്സിലാക്കാന്‍ പൊളിറ്റിക്‌സ് എംഎയും ജേണലിസം ഡിപ്ലോമയും ആവശ്യമില്ല.

സീറ്റ് കിട്ടുന്നതും കസേര കിട്ടുന്നതുമനുസരിച്ച് നൂറുവട്ടം പാര്‍ട്ടി മാറുകയും മുന്നണി മാറുകയും സ്വന്തം രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുള്ള നിലവാരമില്ലാത്ത നാലാംകിട രാഷ്ട്രീയക്കാരും അവരുടെ അനുയായികളും, ഏറെനളായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച വിഎസിനെ ചതിയനെന്നും കാലുവാരിയെന്നും വിശേഷിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. വിഎസിനെ ആരാണ് ഏറ്റവുമധികം മുതലെടുത്തിട്ടുള്ളത് എന്നതറിയണമെങ്കില്‍ വിഎസിന്റെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിക്കുന്ന നേതാക്കന്‍മാര്‍ ആരൊക്കെയാണെന്നു നോക്കിയാല്‍ മതി.

സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുമ്പോള്‍ വിഎസ് മഹാനായ നേതാവും ഔദ്യോഗികപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ വിഎസ് ചതിയനായ രാഷ്ട്രീയപ്രവര്‍ത്തകനായും ചിത്രീകരിക്കുന്നസമൂഹം ഷക്കീല എ പടത്തിലഭിനയിക്കുമ്പോള്‍ കയ്യടിക്കുകയും അവാര്‍ഡ് പടത്തിലഭിനയിക്കുമ്പോള്‍ കൂവുകയും ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമല്ല. വിഎസ് സിപിഎം നേതൃത്വത്തിനെതിരെ നില്‍ക്കുന്നതാണ് ഞങ്ങള്‍ക്കു ഹരം എന്നു തുറന്നുപറയാതെ രാഷ്ട്രീയത്തിലെ വിശുദ്ധിയെപ്പറ്റിയും ധാര്‍മിതകയെപ്പറ്റിയുമൊക്കെ വര്‍ണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ യഥാര്‍ഥതട്ടിപ്പ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് എടുത്ത നിലപാടുകള്‍ ഉദ്ധരിച്ചാണ് പലരും വിഎസിനെ വിമര്‍ശിക്കുന്നത്. ടിപിയുടെ മരണത്തിന്റെ ഉത്തരവാദി വിഎസാണ് എന്നുവരെയാണ് പ്രതികരണങ്ങള്‍. ടിപിയെ കൊന്നതു നന്നായെന്നോ പാര്‍ട്ടിക്ക് അതുമായി പങ്കില്ലെന്നോ വിഎസ് പറഞ്ഞിട്ടില്ല. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്ന നിരീക്ഷണം ടിപിയെ ഏതെങ്കിലും തരത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു തോന്നുന്നില്ല. സിപിഎം അന്വേഷണ കമ്മിഷന്‍ ഒരു പാര്‍ട്ടി അംഗത്തെ ടിവി വധത്തില്‍ കുറ്റക്കാരനായി കണ്ടെത്തി പുറത്താക്കിയത് വിഎസിന്റെ വിജയമാണ് എന്നതില്‍ തര്‍ക്കമില്ല. പൊലീസിന്റെ കയ്യില്‍ പോലും വേണ്ടത്ര തെളിവുകളില്ലാതിരിക്കെ വിചാരണ കഴിഞ്ഞു ശിക്ഷയും വിധിച്ച കേസില്‍ പിണറായി വിജയനെ ജയിലിലിടാന്‍ വേണ്ടി വിഎസ് പോരാടണമായിരുന്നു എന്നു പറയുന്നത് സിപിഎമ്മിനെയും വിഎസിനെയും ഒരുപോലെ നശിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവരാണ്.

സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ വിഎസ് തീരുമാനിച്ചത് അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും പോസിറ്റീവായ തീരുമാനമാണ്. വിഎസിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പാര്‍ട്ടിയും പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വിഎസും വളര്‍ന്നു എന്നതില്‍ ലജ്ജാകരമായി ഒന്നുമില്ല. ഈ മാറ്റം കൊണ്ടു ഗുണമുണ്ടാകുന്നത് പാര്‍ട്ടിക്കും വിഎസിനും സിപിഎമ്മിനെ ഇപ്പോഴും സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കുമാണ്. ഒരു വാര്‍ത്തയുമില്ലെങ്കില്‍ വിഎസിനെ വച്ചൊരു കീറുകീറാം എന്നു വിചാരിച്ചിരുന്ന ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും രാഷ്ട്രീയനിരീക്ഷകര്‍ക്കും മാത്രമാണ് ഒരു നഷ്ടം സംഭവിച്ചിരിക്കുന്നത്. അത് ഒരിക്കലും കേരളസമൂഹത്തിന്റെ നഷ്ടമല്ല.

കുറിപ്പ്:

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടാത്തതാണ് നമ്മുടെ ദുഖം.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുത ഉണ്ടെന്നു കേള്‍ക്കാനാണ് നമുക്കിഷ്ടം.
മോദിയും അ്ഡ്വാനിയും തെരുവില്‍ കിടന്ന് അടികൂടുന്ന ഒരു ദിനം വരുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടേതൊഴികെ ബാക്കിയെല്ലാവരുടെയും വീട്ടിലെ സംഘര്‍ഷങ്ങള്‍ നമുക്ക് ഒരാവേശമാണ്.
ബികോസ് വി ഓള്‍ ആര്‍ ബ്ലഡി ഫക്കിങ് മല്ലൂസ്…. തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.