പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

കത്തനാര്‍പ്രവേശം

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno;sia fatta la tua volontà come in cielo anche in terra.Dacci oggi il nostro pane quotidiano;e rimetti a noi i nostri debiti,come anche noi li rimettiamo ai nostri debitori;e non esporci alla tentazione,ma liberaci dal male.Tuo è il regno, la potenza, e la gloria nei ecoli.Amen.

മനസ്സിലായില്ല ആരാ ?

ഞങ്ങള്‍ പ്രാര്‍ഥനാകൂട്ടായ്മയ്‍ക്കു വന്ന രണ്ട് ഇറ്റാലിയന്‍ വൈദികരാണ്..

പ്രാര്ഥനാ കൂട്ടായ്മയോ ? അതിവിടെ ഇടവകേല്‍ വേറെയുണ്ടല്ലോ ?

ഇടവകേലേ പൊലെയല്ല ഇത്, ഇറ്റലി എന്നു പറയുമ്പോള്‍ അറിയാമല്ലോ, റോം..മാര്‍പ്പാപ്പ..

ഓ!..നിങ്ങളിലാരാ മാര്‍പ്പാപ്പ ?

കപ്യാരേ ? ഏതാ ഈ പെമ്പ്രന്നോര് ?

ഫാദര്‍ ക്രിസ്റ്റോ.. വണ്‍ സെക്കന്‍ഡ് പ്ലീസ്..

എന്താ കപ്യാരേ, പറയൂ…

കപ്യാര് തന്റെ തന്ത… ഡോ, നമ്മള്‍ രണ്ടുപേരും ഇറ്റാലിയന്‍ സെമിനാരിയിലെ കുശിനിക്കാരാണ്… സാങ്കേതികമായി ഞാനും തന്നെപ്പോലെയൊരു സെമിനാരി ജീവനക്കാരന്‍ തന്നെയാണ്.. അച്ചന്മാരുടെ വേഷം കെട്ടി ഇവിടെ വന്നിട്ടുണ്ടെങ്കില്‍ നമ്മള് രണ്ടുപേരും അച്ചന്മാര്‍ തന്നെ.. അല്ലാതെ കപ്യാരേ കുപ്യാരേ എന്നൊക്കെ വിളിച്ചാലുണ്ടല്ലോ..മര്യാദക്ക് എന്നെ ഫാദര്‍ എന്നു വിളിക്കുന്നതാണ് നല്ലത്

നിന്നെ ഫാദറെന്നോ.. എടാ, സെമിനാരീലെ അടുക്കളയില്‍ ബീഫ് കറിവച്ച പാത്രം നേരേ ചൊവ്വേ കഴുകി വയ്‍ക്കാത്തതിന് റെക്ടറച്ചന്‍ കഴിഞ്ഞയാഴ്ച നിന്റെ തന്തയ്‍ക്കു വിളിച്ചത് മറന്നുപോയോ ?

ആ ബീഫ് കറി അടിയില്‍ പിടിച്ചതിന് അതേ റെക്ടറച്ചന്‍ നിന്റെ കരണത്തടിച്ചത് ഞാനും മറന്നിട്ടില്ല..

ഓകെ,ഓകെ… നമ്മള്‍ വന്നത് വഴക്കടിക്കാനല്ല… ഇവരെ പറഞ്ഞ് പറ്റിച്ച്,ജയിലില്‍ കിടക്കുന്ന രണ്ടു പട്ടാളക്കാരെ രക്ഷപെടുത്തിക്കൊണ്ടുപോകാനാണ്..തല്‍ക്കാലം നമ്മള്‍ രണ്ടു പേരും ഫാദേഴ്‍സ്…ഓകെ,ഫാദര്‍ ഗോണ്‍സാല്‍വസ് ?

ഓകെ,ഫാദര്‍ ക്രിസ്റ്റോ..

ഓകെ,മാഡം.. ഇതു ഞങ്ങള്‍ വൈദികര്‍ തമ്മിലുള്ള ചില തിയോളജിക്കല്‍ ഡൗട്ട്‍സ്… ചില ആശയക്കുഴപ്പങ്ങള്‍..

ദൈവം ഉണ്ടോ ഇല്ലയോ എന്നൊക്കെയുള്ള ചില..

അത്രയ്‍ക്കൊന്നുമില്ല… ഞാനീ ബികോം തിയോളജി ആയതുകൊണ്ട് …

ഫാദര്‍ര്‍ര്‍ര്‍ര്‍ര്‍ ???

ഓകെ,ഓകെ… മാഡം എന്താ ചോദിച്ചത് ?

നിങ്ങളിലാരാ മാര്‍പ്പാപ്പാന്ന് ?

ഞങ്ങളിലാരാ ??

മാര്‍പ്പാപ്പ ??

മാര്‍പ്പാപ്പ വരും…ഈസ്റ്ററൊക്കെയായതുകൊണ്ട് അവിടെ കുര്‍ബാന ചൊല്ലാന്‍ വേണ്ടി നില്‍ക്കുവാ…

അച്ചന്മാര്‍ക്കിപ്പോ എന്താ വേണ്ടത് ?

ഞങ്ങള്‍ക്ക് പ്രാര്‍ഥിക്കണം… മനസ്സ് നിറയുവോളം പ്രാര്‍ഥിക്കണം..

പ്രാര്‍ഥിച്ചോ… അതിനു ഞാനെന്തു വേണം ?

ഈ വീട്.. ഇവിടുത്തെ അന്തരീക്ഷം, കടല്‍ക്കാറ്റ്…ഇത് ഞങ്ങളെ ആകര്‍ഷിക്കുന്നു…

ഇറ്റലിയിലിരുന്നപ്പോ ആകര്‍ഷണം തോന്നിയതുകൊണ്ടാണോ കെട്ടിയെടുത്തത് ?

മാഡം ചൂടിലാണെന്നു തോന്നുന്നല്ലോ…

ഉം… അച്ചന്മാര് പ്രാര്‍ഥിക്ക്.. വീടൊക്കെ ഒന്നു വെ‍ഞ്ചരിച്ചേരെ…ഞാനിപ്പോ വരാം..

അയ്യോ ചായേം കാപ്പീമൊന്നുമെടുക്കേണ്ട… ഞങ്ങളതൊന്നും കഴിക്കത്തില്ല..

ചായ എടുക്കാനല്ല,അയല്‍ക്കാരെയൊക്കെ ഒന്നു വിളിച്ചോണ്ടു വരട്ടെ…

അയ്യോ, എന്തിനാ ?

ഞങ്ങളൊന്നും കുമ്പസാരിച്ചിട്ടില്ല.. അച്ചന്മാര് ഇറ്റലീന്നിവിടം വരെ വന്ന സ്ഥിതിക്ക് എല്ലാവരും ഒന്നു കുമ്പസാരിച്ചോട്ടെ…

അപ്പോ ഫാദര്‍ ഗോണ്‍സാല്‍വസ് പ്രാര്‍ഥന തുടങ്ങിക്കോ…

ഫാദര്‍ ക്രിസ്റ്റോ തന്നെ തുടങ്ങിക്കോ… ഞാനീ ബികോം ഒന്നും പാസ്സായിട്ടില്ലല്ലോ..

Padre nostro che sei nei cieli,sia santificato il tuo nome;venga il tuo regno…

വന്നു കയറിയപ്പോഴേ ഇതു തന്നെയല്ലേ ചൊല്ലിയത് ?

ഒരു പ്രാര്‍ഥന ഒരു തവണയേ ചൊല്ലാന്‍ പാടുള്ളൂ എന്നു പറഞ്ഞിട്ടില്ല.. അല്ലെങ്കിലും ഞാന്‍ വേറെ പ്രാര്‍ഥന പഠിച്ചിട്ടില്ല…അച്ചന്മാരുടെ വേഷം കെട്ടി വരാമെന്നുള്ളത് നിന്റെ ഐഡിയ ആയിരുന്നല്ലോ…അപ്പോ ഈ പ്രാര്‍ഥനേടെ കാര്യമൊന്നുമോര്‍ത്തില്ലേ ?

ഞാന്‍ കപ്യാരും നീ വല്യ കത്തനാരുമാണെന്ന കോംപ്ലക്‍സ് വച്ചോണ്ടു നടക്കുമ്പോള്‍ പ്രാര്‍ഥന സ്വയം പഠിക്കണമായിരുന്നു..തല്‍ക്കാലം ഒരു പ്രസംഗം അങ്ങു കാച്ചിക്കോ…

പ്രാര്‍ഥന വേണ്ടാ ?

വേണ്ട ഇവിടൊക്കെ പള്ളീല്‍ കൂടുതലും രാഷ്ട്രീയപ്രസംഗങ്ങളാ.. ഞാനല്ലേ പറയുന്നത്..ങ്ഹും..

പ്രിയപ്പെട്ട നാട്ടുകാരേ, ഇറ്റലിയിലെ മണലാരണ്യങ്ങളില്‍ നിന്ന്…ഇത്രയും ദൂരം താണ്ടി ഞങ്ങള്‍ രണ്ട് ഇറ്റാലിയന്‍ വൈദികര്‍ ഇവിടെ നില്‍ക്കുന്നത്… നിങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നതിനായിട്ടാണ്… ക്ഷമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി നിങ്ങളോടു പ്രസംഗിക്കാനാണ്…ക്ഷമയെപ്പറ്റി പറഞ്ഞപ്പോള്‍ പെട്ടെന്നൊരു സംഭവം അല്ലെങ്കില്‍ ഇന്‍സിഡന്റ് എന്റെ മനസ്സിലേക്കോടി വരികയാണ്….ഒരിക്കല്‍ മംഗലശ്സേരി നീലകണ്ഠന്‍ റോഡിലൂടെ പോകുമ്പോള്‍ വഴിയില്‍ മുണ്ടയ്‍ക്കല്‍ ശേഖരന്‍ അങ്ങനെ നില്‍ക്കുന്നത് കണ്ടു.. ശേഖരനെ കണ്ടതും ദേഷ്യം വന്ന നീലകണ്ടന്‍ തോക്കെടുത്ത് ചൂണ്ടിയിട്ട് പറഞ്ഞു- വഴി മാറെടാ മുണ്ടയ്‍ക്കല്‍ ശേഖരാ.. ശേഖരന്‍ മാറിയില്ല.. നീലാണ്ടന്‍ തോക്ക് ഒരൊറ്റ ഞെക്ക്… അതു പൊട്ടി, ശേഖരന്‍ മരിച്ചു വീണു… എന്നാല്‍, ശേഖരന്റെ മകന്‍ വളര്‍ന്നപ്പോള്‍ നീലാണ്ടനെ ശത്രുവിനെയെന്നോണം കണ്ടു തുടങ്ങി…നീലാണ്ടന്‍ തന്റെയച്ഛനെ കൊന്നതിനു പ്രതികാരമായി ശേഖരന്റെ മകന്‍ നീലാണ്ടനെതിരേ കേസു കൊടുക്കുകയും നീലാണ്ടനെ പോലീസുകാര്‍ പിടിച്ചോണ്ടു പോവുകയും ചെയ്തു….ഒടുവില്‍ ഇവരെല്ലാം മരിച്ചപ്പോള്‍ നീലാണ്ടന്‍ സ്വര്‍ഗത്തിലും നീലാണ്ടനെ കേസ് കൊടുത്തു പീഡിപ്പിച്ച ശേഖരന്റെ മകന്‍ നരകത്തിലും പോയി…

പങ്കായം വച്ച് ഞാനവന്റെ തലയ്‍ക്കിട്ടു കൊടുക്കട്ടേ ?

യ്യോ… അവര്‍ ഇറ്റലീന്നു വന്ന അച്ചന്മാരാ…

കുഞ്ഞാടുകളേ, ക്ഷമ എന്നു പറയുന്ന ഗുണം നമ്മുടെ സമൂഹത്തില്‍ നഷ്ടമാകുന്നു എന്നതിന്റെ ഉദാഹരണമാണ് ഇറ്റാലിയന്‍ വെടിവയ്‍പുകാരെ ശിക്ഷിക്കണം എന്നു വാശിപിടിക്കുന്നവര്‍. വളരെ ക്രൂരമാണിത്. ഒന്നുമറിയാത്ത, പിഞ്ചു കുഞ്ഞുങ്ങളുടെ മനസ്സുള്ള രണ്ടു വ്യക്തികളാണ് അവര്‍. അവര്‍ തോക്കു കൊണ്ടു കളിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടി ആരോ മരിച്ചതിന് അവരെ തടവിലിട്ടു പീഡിപ്പിക്കുന്നതിലൂടെ നമ്മള്‍ വലിയ പാപമാണ് ചെയ്യുന്നത്…അവരെ മോചിപ്പിക്കാന്‍ കൈകോര്‍ക്കുന്നതിലൂടെ ദൈവരാജ്യത്തിന്റെ ലഫ്റ്റനന്റ് കേണല്‍ പദവിയാണ് നമുക്ക് ലഭിക്കുന്നത്. പട്ടാളക്കാരെ മോചിപ്പിച്ച് നിങ്ങള്‍ പാപഭാരം കുറയ്‍ക്കണമെന്നാണ് എനിക്ക് അഭ്യര്‍ഥിക്കാനുള്ളത്…അതു ചെയ്യുന്നില്ലെങ്കില്‍ നിങ്ങളുടെ പ്രാര്‍ഥനകള്‍ എവിടെയും ഫലിക്കാന്‍ പോണില്ല…

അടിക്കെടാ ആ പുല്ലനെ….

(അഞ്ചു ദിവസങ്ങള്‍ക്കു ശേഷം)

എന്താണ് ശരിക്കും സംഭവിച്ചത് ?

എനിക്കു നല്ല ഓര്‍മയില്ല.. ബികോം ഫാദറിനോടു ചോദിക്കൂ…

എല്ലാം അവന്റെ ഐഡിയയാണ്…

ആന്‍ ഐഡിയ ക്യാന്‍ ചേഞ്ച് യുവര്‍ ലൈഫ് എന്നല്ലേ… പക്ഷെ, ഇത്രേം ഞാന്‍ കരുതിയില്ല…പക്ഷെ, അടുത്ത ഐഡിയ ഇതുപോലൊന്നുമല്ല… ഷുവറാ.. പട്ടാളക്കാരേം കൊണ്ടേ നമ്മള്‍ മടങ്ങൂ…

എന്താ ഐഡിയ ?

പട്ടാളക്കാരെ മോചിപ്പിക്കാന്‍ ഇറ്റലി ഇന്ത്യയ്‍ക്കെതിരേ സൈനികനീക്കം നടത്തി എന്ന് ഇന്ത്യന്‍ എക്‍സ്‍പ്രസില്‍ വിളിച്ചു പറയാം. അവരത് ഒന്നാം പേജിലെ പ്രധാനവാര്‍ത്തയായി കൊടുത്തോളും…പിന്നെ എല്ലാം നമ്മള്‍ വിചാരിക്കുന്നതുപോലെ തന്നെ നടക്കും…

വാട്ട് ആന്‍ ഐഡിയ സര്‍ജീ !

Buona Pasqua

എന്നു വച്ചാല്‍ ?

ഹാപ്പി ഈസ്റ്റര്‍ !

ഹാപ്പി ഈസ്റ്റര്‍

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ലോകമെങ്ങുമുള്ള എല്ലാ മലയാളികള്ക്കും എന്റെ ഈസ്റ്റര് ആശംസകള് എന്നു പറഞ്ഞാല് മതി. എന്നാലും അതുപോര. കാരണം, ഇതൊക്കെ ഇപ്പോള് നാലാം ക്ലാസ്സില് പഠിക്കുന്ന പിള്ളേര് വരെ എസ്എംഎസ് ചെയ്യുന്ന ഡയലോഗ് ആണ്. കുറച്ചുകൂടി ആത്മാര്ഥമായി പറഞ്ഞാല്, അടിക്കു പകരം അടി എന്ന പോളിസിക്കു പകരം ഒരു തെറ്റും ചെയ്യാഞ്ഞിട്ടും മതമേലധ്യക്ഷന്മാരും പോലീസുകാരും കോടതിയും (ഇത്രയുമായാല് സ്റ്റേറ്റ് അഥവാ രാജ്യം ആയി)കൂടി കുറ്റക്കാരനെന്നു വിധിച്ച് വിപ്ലവകാരിയെന്നും തീവ്രവാദിയെന്നും വിളിച്ച് 2000 (കൃത്യം കണക്കല്ല) വര്ഷം മുമ്പ് പീഢിപ്പിച്ച് കുരിശില് തറച്ചു കൊന്ന യേശുക്രിസ്തു ഒരര്ഥത്തില് ഇന്നും പീഡിപ്പിക്കപ്പെടുന്ന അനേകം പാവങ്ങളുടെ പ്രതീകമാണ്.

ക്രിസ്തു ഉയിര്ത്തെഴുന്നേറ്റു എന്നു പറയുമ്പോള് അത് അന്തിമമെന്ന് അടിവരയിട്ടു നമ്മള് പൂര്ത്തിയാക്കുന്ന പല വിധിപ്രസ്താവങ്ങളുടെയും ശവകുടീരങ്ങളില് നിന്നുള്ള സത്യത്തിന്റെ ഉയിര്ത്തെഴുന്നേല്പ്പാണ്. യേശുക്രിസ്തു മാത്രമല്ല, ലോകത്ത് വന്നുപോയിട്ടുള്ള സകല അവതാരങ്ങളും പ്രവാചകന്മാരും മഹാത്മാക്കളും അടിവരയിടാന് ശ്രമിച്ചിട്ടുള്ളതും ഈ സത്യത്തെ തന്നെയാണ്. കാരണം, സത്യവും ദൈവവും ഒന്നു തന്നെയാണ്.

സത്യത്തിന്റെ ആത്യന്തികമായ വിജയം മനുഷ്യകുലത്തിന്റെ വിജയമാണ്. ആ വിജയത്തിനുവേണ്ടിയാണ് മതങ്ങളും വേദഗ്രന്ഥങ്ങളും. വിവിധ എക്സിക്യൂട്ടിവുകള് വഴി ഒരേ ഇന്ഷുറന്സ് കമ്പനിയുടെ പോളിസിയെടുക്കുന്നതുപോലെയാണ് ഈ വിശ്വാസങ്ങള്. എക്സിക്യൂട്ടീവുകള് നമ്മെ കമ്പനിയിലേക്കു നയിക്കുന്നു എന്നു മാത്രം. കമ്പനിയിലും കമ്പനിയുടെ പോളിസിയിലുമുള്ള വിശ്വാസമാണ് നമ്മുടെ പ്രീമിയത്തിന് അര്ഥമുണ്ടാക്കുന്നത്.

അതുകൊണ്ട്, ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലാതെ ലോകമെങ്ങുമുള്ള എല്ലാ മനുഷ്യര്ക്കും, സത്യത്തിലുള്ള വിശ്വാസം വിജയിക്കുമെന്ന ഉറപ്പിന്മേല് പീഡനങ്ങളും വേദനകളും സഹിക്കുന്ന ഓരോരുത്തര്ക്കും ഹൃദയം നിറഞ്ഞ ഈസ്റ്റര് ആശംസകള്. ഇന്നല്ലെങ്കില് നാളെ, സത്യം വിജയിക്കുക തന്നെ ചെയ്യും !