നമ്മുടെ സ്വന്തം കമ്പനി

കമ്പനി എന്ന പേരു കേട്ടാല്‍ ഒരു കാലത്ത് തിളയ്ക്കുമായിരുന്നു ചോര നമുക്ക് ഞരമ്പുകളില്‍. കാലങ്ങളോളം കമ്പനി എന്നു പറഞ്ഞാല്‍ നമുക്ക് ഒരേയൊരു കമ്പനിയായിരുന്നു; ഈസ്റ്റ് ഇന്ത്യാ കമ്പനി. ഇന്ത്യയെ കോളനിവല്‍ക്കരിച്ച് ചൂഷണം ചെയ്ത് അടിമത്വത്തിലാക്കി കോടിക്കണക്കിനു ജനങ്ങളുടെ കണ്ണീരും ശാപവും ഏറ്റുവാങ്ങിയ അതേ കമ്പനി. ആ കമ്പനി വീണ്ടും വരുന്നു ഇന്ത്യയിലേക്ക്. ഇത്തവണ ഞരമ്പുകളില്‍ ചോര തിളപ്പിക്കണമെന്നില്ല; അന്തരംഗം അഭിമാനപൂരിതമാക്കിയാലും തെറ്റില്ല. കാരണം, 400 വര്‍ഷത്തെ ചരിത്രമുള്ള ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിലേക്കു കൊണ്ടുവരുന്നത് ഒരിന്ത്യക്കാരന്‍ തന്നെയാണ്. ഇവനിപ്പോള്‍ എന്തിന്റെ കേടാണ് എന്നു ചോദിച്ചാല്‍ ഇത്രേയുള്ളൂ: കമ്പനി കാശു കൊടുത്തു വാങ്ങിച്ച് അതിന്റെ ആധാരവും പട്ടയവും തലക്കുറിയുമായാണ് ചേട്ടന്‍ വരുന്നത്.

ഒരു കാലത്ത് രാജ്യത്തെ കോടിക്കണക്കിനു ജനങ്ങളെ ചവുട്ടിയരച്ച പ്രസ്ഥാനം വിലയ്ക്കു വാങ്ങുക എന്നത് ഏതോരിന്ത്യക്കാരനെ സംബന്ധിച്ചും അഭിമാനാര്‍ഹമായ പ്രതികാരമാണ്. അന്നത്തെ പ്രതികളെ കിട്ടില്ലെങ്കിലും സൂര്യനസ്തമിക്കാത്ത പ്രൌഡിയുടെ പ്രതീകമായ ആ പേരിന്റെ മുകളില്‍ ഉടയോന്‍ എന്ന നിലയ്ക്ക് ഒപ്പു ചാര്‍ത്താനുള്ള അധികാരം നേടിയിരിക്കുന്ന ഇന്ത്യാരന്‍ വ്യവസായിയായ സഞ്ജീവ് മേഹ്തയാണ്.

സഞ്ജീവ് മേഹ്ത
ഈസ്റ്റ് ഇന്ത്യ ട്രേഡിങ് കമ്പനി, ഇംഗിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യ കമ്പനി എന്ന പേരുകളില്‍ അറിയപ്പെട്ട കമ്പനി ഇനി മുതല്‍ ഇന്ത്യന്‍ കമ്പനിയാണ്. കമ്പനിയുടെ പേരില്‍ എല്ലാത്തരം ബിസിനസ്സുകളും തുടങ്ങാനാഗ്രഹിക്കുന്ന മേഹ്ത പക്ഷെ പട്ടാളം രൂപീകരിച്ച് ബ്രിട്ടണ്‍ കീഴടക്കി ഒരു പ്രതികാരം താനുദ്ദേശിക്കുന്നില്ലെന്നു തമാശയായി പറയുന്നു. 20 വര്‍ഷമായി വിദേശത്ത് വ്യവസായിയായ 48കാരനായ മേഹ്ത ഏറെ നാളത്തെ പരിശ്രമത്തിനു ശേഷമാണ് ചരിത്രത്തിന്റെ കുഴിതോണ്ടി തലമുറകളുടെ സ്വാതന്ത്യ്രം കുളം തോണ്ടിയ കമ്പനി ചുളുവിലയ്ക്ക് വാങ്ങിയത്. ഇരുന്നൂറു വര്‍ഷത്തോളം ഇന്ത്യയെ അടക്കിഭരിച്ച കമ്പനി വാങ്ങാന്‍ മേഹ്തയ്ക്കു ചെലവായതോ വെറും ഒന്നരക്കോടി ഡോളര്‍ (ഏകദേശം 70 കോടി രൂപ).

പഴയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബിസിനസ്സുകള്‍ തന്നെ ഏറ്റെടുത്തു നടത്താനാണ് മേഹ്തയുടെയും പദ്ധതി. കാപ്പി, തേയില, പട്ട്, സുഗന്ധവിളകള്‍ എന്നിവയ്ക്കു പുറമേ പുതിയ കാലത്തിന്റെ ഉല്‍പ്പന്നങ്ങളും ലിസ്റ്റിലുണ്ട്. 2004ല്‍ ആണ് കമ്പനി സ്വന്തമാക്കാന്‍ വഴികളുണ്ടെന്ന് മേഹ്ത തിരിച്ചറിഞ്ഞത്. ഒരു ബ്രിട്ടിഷ് വ്യവസായിയുടെ പക്കലുണ്ടായിരുന്ന കമ്പനിയുടെ ഷെയറുകള്‍ വാങ്ങുകയാണ് ആദ്യം ചെയ്തത്. കമ്പനിയുടെ വികസനത്തിനായി ഒരു കോടി പൌണ്ട് ഉടനെ നിക്ഷേപിച്ചു. പിന്നീട് ആറു വര്‍ഷം മേഹ്ത പഴയ കമ്പനിയുടെ സഞ്ചാരപഥങ്ങളിലൂടെ ലോകം മുഴുവന്‍ ചുറ്റി സഞ്ചരിച്ചു. വ്യാപാരകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു, മ്യൂസിയങ്ങളില്‍ കയറിയിറങ്ങി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പുതിയ ഓഫിസ് നൂറ്റാണ്ടിനു ശേഷം അടുത്ത മാസം ലണ്ടനിലെ മേഫെയറില്‍ തുറക്കും.

1817ലെ കമ്പനി ആസ്ഥാനം

ഇന്നും ലോകമെങ്ങും ഓര്‍ക്കുന്ന ഈസ്റ്റ് ഇന്ത്യ കമ്പനി പോലൊരു ബ്രാന്‍ഡ് തനിക്കെന്നല്ല ഒരാള്‍ക്കും സൃഷ്ടിക്കാനാവില്ലെന്നു പറയുന്ന മേഹ്ത, താനീ ബ്രാന്‍ഡിനു ചീത്തപ്പേരുണ്ടാക്കില്ലെന്ന് ഉറപ്പു നല്‍കുന്നു. ഒരിന്ത്യക്കാരനെന്ന നിലയില്‍ താനനുഭവിക്കുന്ന വീണ്ടെടുക്കലിന്റെ നിര്‍വൃതി തന്നെയാണ് ഈ നേട്ടത്തിലെ ലാഭമെന്ന് അഭിമാനത്തോടെ പറയുന്ന മേഹ്ത ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധിപനായി മാതൃരാജ്യത്തേക്കുള്ള മടക്കം ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ അനുഭവമാണെന്നു കൂട്ടിച്ചേര്‍ക്കുന്നു. ”വലിയൊരു ഉത്തരവാദിത്വമാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്. ഞാനല്ല ഈ ബ്രാന്‍ഡ് സ്ഥാപിച്ചത്. അതുകൊണ്ടുതന്നെ ഈ പേരിന്‍റെ മൂല്യം നിലനിര്‍ത്തേണ്ടതുണ്ട്. സുഖമുള്ള കഷ്ടപ്പാടാണിത്. ഇന്ത്യക്കാരെ അടിമകളാക്കിയ കമ്പനിയുടെ തലപ്പത്തിരുന്ന് നയിക്കുക. കമ്പനിക്കു കാലം കാത്തുവച്ച തിരിച്ചടിയാകും ഇത് – മേഹ്തയുടെ വാക്കുകള്‍.

ഈസ്റ്റ് ഇന്‍ഡീസുമായുള്ള വ്യാപാരാവശ്യങ്ങള്‍ക്കായി 1600ല്‍ എലിസബത്ത് രാജ്ഞിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് 1757ലെ പ്ളാസി യുദ്ധത്തോടെയാണ് ഭരണം തുടങ്ങുന്നത്. 1857ലെ ഒന്നാം സ്വാതന്ത്യസമരത്തോടെ കമ്പനി ക്ഷയിച്ചു തുടങ്ങിയപ്പോള്‍ കമ്പനിയുടെ അധീനതയിലുള്ള പ്രദേശങ്ങളുടെ ഭരണം ബ്രിട്ടന്‍ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് 1874 ജനുവരി ഒന്നിന് ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്‍ഡ് റിഡംപ്ഷന്‍ ആക്ട് പ്രകാരം കമ്പനി പിരിച്ചുവിടുകയായിരുന്നു.

വീരപഴശ്ശിയ്ക്കു പ്രണാമം

പഴശ്ശിരാജയുടെ പോരാട്ടവും ജീവിതവുമൊക്കെ അക്കാദമിക് തലത്തിനപ്പുറത്തേക്ക് ഉയരുന്നത് ഇന്നത്തെ സാമൂഹികാവസ്ഥയില്‍പ്പോലും അദ്ദേഹം മുറുകെ പിടിച്ച ആശയങ്ങള്‍ പ്രസക്തമാണ് എന്നതുകൊണ്ടാണ്. പറഞ്ഞു പഴകിയ വാക്കുകളാണെങ്കിലും വര്‍ഗീയതയും ആഗോളവല്‍ക്കരണവും ഒക്കെ അനുദിനം നമ്മള്‍ നേരിടുന്ന വിഷയങ്ങളാണ്. വിദേശ അധിനിവേശം ചെറുക്കുന്നതോടൊപ്പം നമ്മുടെ കാര്‍ഷികമേഖലയുടെ അടിത്തറ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി വ്യക്തമായ കാഴ്ചപ്പാട് പഴശ്ശിയ്ക്കുണ്ടായിരുന്നു. ഇന്ത്യന്‍ മതേതരത്വത്തിന്റെ കരുത്തനായ കാവലാളായിരുന്നു പഴശ്ശി. പഴശ്ശിയുടെ സമരങ്ങള്‍ ഒന്നും ചരിത്രപുസ്തകങ്ങളില്‍ അവസാനിക്കുന്നവയല്ല. അവ നല്‍കുന്ന പാഠങ്ങള്‍ പുതിയ ഉള്‍ക്കാഴ്ചകളാവണം. പഴശ്ശിത്തമ്പുരാനും അദ്ദേഹത്തിന്റെ അനുയായികളും നമ്മുടെ സാക്ഷ്യപത്രങ്ങളോ സ്തുതിഗീതങ്ങളോ വിമര്‍ശനങ്ങളോ ഒന്നും ആവശ്യമില്ലാത്ത നിലയിലേക്കുയര്‍ന്നിരിക്കുന്നു. അനുസ്മരണ സമ്മേളനങ്ങളും പത്രക്കുറിപ്പുകളുമൊന്നും പഴശ്ശിയെ പെരുമയെ സ്വാധീനിക്കാന്‍ ശക്തമല്ല. ഈ ചരമവാര്‍ഷികദിനത്തിലും നാം പഴശ്ശിയെ ഓര്‍ക്കുന്നത് വീരാരാധനയുടെ ഭാഗമായല്ല, ലോകത്തിനും സമൂഹത്തിനും മാര്‍ഗദര്‍ശിയായ ഒരു മഹാത്മാവിന്റെ അനുഭവപാഠങ്ങള്‍ നമ്മെ പ്രചോദിപ്പിക്കേണ്ടതിനാവണം. സ്വാതന്ത്യ്രപ്പോരാളി എന്നതിനപ്പുറത്തേക്ക് ഒരു സാമൂഹികപാഠമായി പഴശ്ശിത്തമ്പുരാന്‍ മാറുന്നത് നാം ഓരോരുത്തരിലൂടെയുമാവണം. ”
– സിനിമയിലെ പഴശ്ശിരാജയെ അമൂര്‍ത്തമാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടി തന്റെ ബ്ളോഗില്‍ പ്രസിദ്ധീകരിച്ച അനുഭവങ്ങളുടെ പഴശ്ശി എന്ന പോസ്റ്റ് അവസാനിക്കുന്നത് ഇങ്ങനെയാണ്.

സിനിമ കഴിഞ്ഞാലും കഴിയുന്നില്ല പഴശ്ശിയുടെ വീരചരിതം. പഴശ്ശിരാജ എന്ന സിനിമ എന്തായാലും ആ സിനിമയും അതെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും വിവാദങ്ങളും എല്ലാം വൈകാരികമാകുന്നത് വീരകേരളവര്‍മ പഴശ്ശിരാജാ എന്ന ചരിത്രപുരുഷനോടുള്ള മലയാളികളുടെ സ്്നേഹത്തിന്റെ പ്രതീകമാണ്. കോണ്‍ഗ്രസും കമ്യൂണിസ്റ്റും വരുന്നതിനു മുമ്പ് തന്റേതായ ഒരു രാഷ്ട്രീയം കൊണ്ട് ജാതിമതപ്രീണനമോ വേര്‍തിരിവോ കൂടാതെ മാസ്മരികമായ നേതൃപാടവം പ്രകടമാക്കി ആയിരങ്ങളെ അനേകം വര്‍ഷങ്ങളോളം നയിച്ച പഴശ്ശിരാജയെ ഓര്‍ക്കാന്‍ എല്ലാവര്‍ക്കും ഇന്ന് ഒരു കാരണം കൂടി. പഴശ്ശിദിനം അഥവാ പഴശിരാജയുടെ 204-ാം ചരമവാര്‍ഷികം ഇന്നാണ്.

വയനാട്ടില്‍ ഇപ്പോഴും വീര്യം വെടിഞ്ഞിട്ടില്ലാത്ത പഴശ്ശിരാജയുടെ പടനയിച്ച കുറിച്യര്‍ സമുദായം എംടി എഴുതിയ പഴശ്ശിരാജയെ വല്ലാത്ത ആവേശത്തോടെയാണ് സ്വീകരിച്ചത്. മലബാറില്‍ ആകെ പഴശ്ശി ഉയിര്‍ത്തെഴുന്നേറ്റിരിക്കുകയാണ്. എങ്ങും പഴശ്ശി സ്മരണ. മമ്മൂട്ടിയും ശരത്കുമാറും ഒന്നും വെറും സിനിമാനടന്‍മാരല്ലാതായിരിക്കുന്നു ഇവര്‍ക്ക്. സിനിമയിലെ പടനായകകന്‍മാരെ ഒന്നുകാണാന്‍ മാത്രം മൈലുകള്‍ താണ്ടി കഴിഞ്ഞ ദിവസം കോഴിക്കോട്ട് എത്തിയ കുറിച്യസ്ത്രീകള്‍ ഒന്നും രണ്ടുമായിരുന്നില്ല. നാടും നഗരവും ആ മഹാത്മാവിനെ സ്മരിക്കുമ്പോള്‍ ഈ പഴശ്ശിദിനത്തില്‍ നമുക്കും അല്‍പസമയം നീക്കിവയ്ക്കാം.

മാനന്തവാടിയിലെ പഴശ്ശികുടീരം.
മാനന്തവാടിയിലെ പഴശ്ശികുടീരം.
കേരളവര്‍മ പഴശ്ശിരാജ എന്ന ‘പഴശ്ശിത്തമ്പുരാന്‍’ 18ാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ കോട്ടയം സ്വരൂപത്തിലാണ് ജനിച്ചത്. തലശേരിയില്‍നിന്നു 13 കിലോമീറ്റര്‍ വടക്കുമാറിയായിരുന്നു കോട്ടയം സ്വരൂപം. പഴശിയിലേയ്ക്ക് വന്നതിനെ തുടര്‍ന്നാണ്് കോട്ടയം രാജവംശത്തിലെ ഇളയവ്യക്തി ചരിത്രത്തില്‍ പഴശിരാജ എന്നറിയപ്പെടാന്‍ തുടങ്ങിയത്. കമ്പനിയുടെ നടപടികളിലും പേര്‍ അങ്ങനെയായിരുന്നു. അവര്‍ പയച്ചി, പഴച്ചി, എന്നപേരിലും അദ്ദേഹത്തെ വിളിച്ചിരുന്നു. ടിപ്പുവിന്റെയും കമ്പനിയുടെയം അക്രമത്തില്‍ പൊറുതിമുട്ടി കോട്ടയത്തെ മൂതിര്‍ന്ന അംഗങ്ങള്‍ നാടുവിട്ടുപോയിരുന്നു. തുടര്‍ന്നാണ് താവഴിയിലെ ഇളയതമ്പുരാന്‍ രാജ സ്ഥാനം ഏറ്റെടുക്കുന്നത്.

ഹൈദരാലിയുടെയും ടിപ്പുവിന്റേയും ആക്രമണകാലത്ത് കോട്ടയത്തെ വലിയ രാജാവ് തിരുവിതാംകൂറിലായിരുന്നതിനാല്‍ രാജ്യകാര്യങ്ങള്‍ നോക്കിയിരുന്നതു കേരളവര്‍മയായിരുന്നു. മൈസൂര്‍ യുദ്ധങ്ങളില്‍ ഇംഗീഷുകാരെ കോട്ടയം രാജാവ് സഹായിച്ചിരുന്നു. എന്നാല്‍ മലബാര്‍ ടിപ്പുവില്‍നിന്നു ഇംഗീഷുകാര്‍ക്കു ലഭിച്ചതോടെ കോട്ടയം, കുറുമ്പ്രനാട്, പരപ്പനാട് എന്നീ പ്രദേശങ്ങളുടെ അധികാരം പഴശ്ശിത്തമ്പുരാനു നല്‍കുന്നതിനുപകരം അദേഹത്തിന്റെ ശത്രുവായ കുറുമ്പനാട് രാജാവിന് നല്‍കിയതു പഴശ്ശിരാജയെ അരിശംകൊള്ളിച്ചു.

കുറിച്യരും കുറുമ്പ്രരും അടങ്ങുന്ന സൈന്യവുമായാണ് പഴശ്ശിരാജ ഇംഗീഷുകാര്‍ക്കെതിരെ പോരിനിറങ്ങിയത്.ഒളിപ്പോരാണ് പഴശ്ശിരാജ ഇംഗീഷുകാര്‍ക്കെതിരെ പ്രയോഗിച്ചത്. കൈതേരി അമ്പു, എടച്ചേന കുങ്കന്‍ നായര്‍, പല്ലൂര്‍ ഏമന്‍ നായര്‍, തലയ്ക്കല്‍ ചന്തു എന്നിവരായിരുന്നു പഴശ്ശിയുടെ യുദ്ധനേതാക്കള്‍. 1805ല്‍ പഴശ്ശിയെ പിടികൂടാനായി സബ്കലക്ടര്‍ തോമസ് ഹാര്‍വി ബേബറിന്റെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ ആരംഭിച്ചു. 1805 നവംബര്‍ 30ന് ഒറ്റുകാരായ മൂന്നു പണിയന്മാരുടെ സഹായത്തോടെ തമ്പുരാന്റെ സങ്കേതം ബ്രിട്ടീഷുസേന വളഞ്ഞു.മൈസൂര്‍ അതിര്‍ത്തിയില്‍നിന്ന് ഒന്നരനാഴിക ഉള്ളില്‍ മാവിലത്തോട് അരുവിക്കരയിലുള്ള സങ്കേതം വളയപ്പെട്ടതോടെ ബ്രിട്ടീഷ് സൈന്യത്തിന്റെ വെടിയേറ്റാണ് മരണമെന്നും വൈരമോതിരം വിഴുങ്ങി രാജാവ് വീരാമൃത്യു വരിച്ചെന്നും രണ്ട് അഭിപ്രായങ്ങളുണ്ട്.

വജ്രം വിഴുങ്ങി മരിച്ചുവെന്ന് നാട്ടുഭാഷ്യത്തിലും സ്വര്‍ണകഠാര നെഞ്ചില്‍ കുത്തിയിറക്കി ആത്മഹൂതി ചെയ്തുവെന്ന് കുറുമരുടെ പാട്ടിലും പറയുന്നുണ്ട്. രാജ്യവും സൌഭാഗ്യവും വിട്ട് രാജാവിനൊപ്പം ഒളിവിലായിരുന്ന ഭാര്യ കൈതേരി മാക്കം ആ ദുരന്തത്തിന് സാക്ഷിയായി. സബ്കലക്ടര്‍ ടി,എച്ച്. ബാബര്‍ കുറിച്ചിട്ട തിയതി അനുസരിച്ച് അന്ന് 1805 നവംബര്‍ മുപ്പതായിരുന്നു. പഴശിയുടെ ദേഹത്തുനിന്നു ഒരു സ്വര്‍ണകഠാരയും അരഞ്ഞാണവും കണ്ടുകിട്ടിയെന്ന് ബാബര്‍ റിപ്പോര്‍ട്ടെഴുതി. ‘സ്വത്ത്’ അവര്‍ പങ്കിട്ടു. കഠാര സബ്കലക്ടറും അരഞ്ഞാണം സൈനികക്യാപ്റ്റന്‍ ക്ളാഫമും എടുത്തു.
പഴശിയുടെ കൂടെ ഒളിപ്പോര്‍ നയിച്ച കുട്ടാളികളെല്ലാം ബ്രിട്ടീഷ് പട്ടാളമുറയുടെ ക്രൌര്യത്തിനുമുന്നില്‍ തകര്‍ന്നുപോയി. വിശ്വസ്ത അനുചരന്‍ ആറളത്ത് കുട്ടപ്പനമ്പ്യാരെ പഴശിയോടൊപ്പം കോല്‍ക്കാര്‍ വെട്ടിവീഴ്ത്തി.

എടച്ചേന കുങ്കന്റെ മരുമകന്‍ എമ്മനെ പുളിഞ്ഞോലില്‍ ബ്രിട്ടീഷ്പട്ടാളം വെടിവെച്ചുകൊന്നു. തുള്ളല്‍പ്പനി പിടിച്ചു അവശനായിരുന്ന കുങ്കന്‍ ആത്മഹത്യ ചെയ്തു. പള്ളൂര്‍ രയരപ്പനും നിലമ്പൂര്‍കുന്നില്‍ ഒരു പട്ടാളക്കാരനെ കൊന്ന് സ്വയം കുത്തിമരിച്ചു. എടച്ചേന കോമപ്പനെ കോല്‍ക്കാര്‍ പിടികൂടി തലശേരി കോട്ടയിലിട്ടു. പള്ളൂര്‍ എമ്മനെ ഒസ്ട്രേലിയയ്ക്കടുത്തുള്ള ദ്വീപിലേക്ക് നാടുകടത്തി. പഴശിയുടെ മരുമക്കളായ വീരവര്‍മ്മയും രവിവര്‍മ്മയും സാമൂതിരി കോവിലകത്തെ പടിഞ്ഞാറേത്താവഴി രാജാവിന്റെയടുത്ത് അഭയം തേടി. കോപാകുലരായ ഇംഗീഷുകാര്‍ കൊട്ടാരത്തിനു തീവച്ചു. അഭയം നല്‍കിയ രാജാവിനെ ദിണ്ടിഗലിലെ ജയിലില്‍ അടച്ചു. അവിടെ കിടന്നുതന്നെ അദ്ദേഹം മരിച്ചു.

പഴശിയെ പിടിക്കുന്നവര്‍ക്ക് നിശ്ചയിച്ചിരുന്ന സമ്മാനത്തുക 3000 പഗോഡയായിരുന്നു. സബ്കലക്ടര്‍ ബാബറിന് മദ്രാസ് സര്‍ക്കാര്‍ 2500 പഗോഡ പാരിതോഷികം അയച്ചുകൊടുത്തു. ഒരുപ്രോവിന്‍സ് മുഴുവന്‍ നിറഞ്ഞുനിന്ന കൂറില്ലാത്തവരുടെ മനസില്‍ പഴശിയുടെ ഉന്‍മൂലനാശം സ്വാധീനം ചെലുത്തുമെന്ന് റിപ്പോര്‍ട്ടില്‍ കുറിച്ചിടുകയും ചെയ്തു. വീരപഴശിയോടുള്ള പക തീര്‍ക്കാന്‍ പഴശിയിലെ കോവിലകം ബ്രിട്ടീഷുകാര്‍ ഇടിച്ചുനിരത്തി. തലശേരി കൂര്‍ഗ് റോഡ് നിര്‍മിച്ചത് കോവിലകത്തിന്റെ നെഞ്ചിലൂടെയായിരുന്നു. മട്ടന്നൂരിനടുത്ത് പഴശിക്ക് സമീപം പിന്നീട് പണിത കോവിലകം നൂറ്റാണ്ടിന്റെ പഴക്കവുമായി നില്‍ക്കുന്നു. കോട്ടയത്തെ കിഴക്കെ കോവിലകം ഇപ്പോള്‍ അച്ചാര്‍ കമ്പനിയായി രുപാന്തരപ്പെട്ടു.

കാലമെത്ര കഴിഞ്ഞാലും കഴിയുന്നില്ല പഴശ്ശിയുടെ പെരുമ. ഗോകുലം ഗോപാലന്റെ പഴശ്ശിരാജയും കുഞ്ചാക്കോയുടെ പഴശ്ശിരാജയുമൊക്കെ ചരിത്രത്തില്‍ പ്രസക്തമാകുന്നത് കാലത്തിനു മീതെ നിലനില്‍ക്കുന്ന ആ വീരപോരാളിയുടെ പോരാട്ടവീര്യം അഭ്രപാളികളില്‍ ആവിഷ്കരിക്കാന്‍ ശ്രമിച്ചതുകൊണ്ട് മാത്രമാണ്. ഈ പഴശ്ശിദിനത്തില്‍ വീരകേരളവര്‍മ പഴശ്ശിരാജായ്ക്ക് ഇന്ത്യക്കാരനെന്ന നിലയില്‍ മലയാളിയെന്ന നിലയില്‍ പ്രണാമം അര്‍പ്പിക്കുന്നു.