അസൂയക്കാരുടെ സദാചാരം

25 വയസ്സില്‍ കല്യാണം കഴിച്ചാല്‍ മുപ്പതാം വയസ്സില്‍ പിക്കപ്പു പോകുന്ന തൈക്കിളവന്‍മാരുടെ തലമുറയ്ക്ക് അറുത്തേഴാം വയസ്സില്‍ കിളി പോലൊരു പെണ്ണിനെ വളച്ചെടുക്കുന്ന ഒറിജിനല്‍ കിളവനോട് തോന്നുന്ന വികാരത്തിന് പേര് ഒന്നേയുള്ളൂ- അസൂയ. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ടിവി അവതാരക അമൃത റായിലെ പ്രേമിക്കുന്നതിന്റെയും വിവാഹം കഴിക്കാന്‍ പോകുന്നതിന്റെയും സദാചാരപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നവര്‍ പ്രണയം എന്നതിനെ എങ്ങനെ നിര്‍വചിക്കുന്നു എന്നു നോക്കിയാല്‍ തന്നെ കുഴപ്പം നാട്ടുകാര്‍ക്കാണോ ദിഗ്ഗങ്കിളിനാണോ എന്നു വ്യക്തമാകും.

മകളുടെ പ്രായമുള്ള സ്ത്രീയെ 67-ാം വയസ്സില്‍ ദിഗ് പ്രേമിച്ചു എന്നതാണ് യുവകോമളന്‍മാരുടെ പ്രധാന ആക്ഷേപങ്ങളിലൊന്ന്. 67-ാം വയസ്സില്‍ എണീറ്റു നില്‍ക്കാന്‍ തന്നെ കഷ്ടപ്പെടുന്ന, എണീറ്റു നിന്നാലും ഷുഗര്‍- പ്രഷര്‍, ഹാര്‍ട്ട്, പൈല്‍സ് പ്രശ്‌നങ്ങളാല്‍ കഷ്ടപ്പെടുന്നവരുടെ ലോകത്ത് ഒരാള്‍ ജീവിതത്തെ യൗവ്വനതീക്ഷ്ണവും ഹൃദയത്തെ പ്രേമസുരഭിലവുമാക്കി കാത്തുസൂക്ഷിച്ചത് വലിയ കുറ്റകൃത്യമായിപ്പോയെന്നു പറയുന്നവരെക്കാള്‍ വലിയ ബോറന്‍മാര്‍ വേറെയില്ല. എങ്ങനെ ഒരു പെണ്‍കുട്ടിയുടെ മനസ്സില്‍ ഇടം നേടണം എന്നതു ഗൂഗിള്‍ ചെയ്യുന്ന സാധുക്കളോട് ഈ ഓള്‍ഡ് ജനറേഷന്‍ ദിഗ് വിജയത്തിന്റെ റൊമാന്റിക് സൈഡ് പറഞ്ഞുന മനസ്സിലാക്കാന്‍ നോക്കിയിട്ടും കാര്യമില്ല.

അമൃത റായ് ഇത് എന്തു കണ്ടിട്ടാണ് എന്നാണ് പൊതുവേ എല്ലാവരും ചോദിക്കുന്നത്. ഇന്നാട്ടില്‍ ഇതിനും മാത്രം ചെറുപ്പക്കാരുള്ളപ്പോള്‍ അറുപത്തേഴു വയസ്സുള്ള കോണ്‍ഗ്രസ് നേതാവിനെ (ഡബിള്‍ നെഗറ്റീവ്) പ്രണയിക്കാനും അതു തുറന്നു സമ്മതിക്കാനും മാത്രം അമൃത എന്ത് ആനന്ദമാണ് കണ്ടെത്തിയിരിക്കുന്നത് എന്നാണ് പലര്‍ക്കും അറിയേണ്ടത്. പ്രണയം എന്നു വച്ചാല്‍ 25 വയസ്സില്‍ താഴെയുള്ള പക്വതയില്ലാത്ത വ്യക്തികള്‍ തമ്മിലുള്ള ഹഠാദാകര്‍ഷണമാണ് എന്നാണ് സാഹിത്യം, സിനിമ തുടങ്ങിയ മാധ്യമങ്ങള്‍ പറഞ്ഞു വച്ചിരിക്കുന്നത്. 30 വയസ്സുള്ള വ്യക്തികള്‍ തമ്മിലുള്ള പ്രണയത്തെ നമ്മുടെ നാട്ടുകാര്‍ അവിഹിതം എന്നാണ് വിളിക്കുന്നത്. ദിഗ് വിജയ് സിങ് ഒരു വിധവനാണ്. അമൃത റായ് വിവാഹമോചിതയും. മോചിതനാകുന്ന അമതൃയുടെ ഭര്‍ത്താവ് അമൃതയ്ക്ക് ദിഗേട്ടനോടൊപ്പം യുഭകരമായ ജീവിതവും ആശംസിച്ചിട്ടുണ്ട് (അത് ബ്ലാക് ഹ്യൂമറാവാനും മതി). ഇവര്‍ക്കൊന്നുമില്ലാത്ത സദാചാര പ്രശ്‌നം എന്തുകൊണ്ട് നാട്ടുകാര്‍ക്ക് എന്നതാണ് യഥാര്‍ഥ പ്രശ്‌നം.

മാധ്യമപ്രവര്‍ത്തകരുടെ സദാചാരബോധവും ഞരമ്പുരോഗവും വ്യക്തിത്വവൈകല്യങ്ങളുമൊക്കെ എത്ര ഭീകരമാണെന്നു മനസ്സിലാക്കാന്‍ ദിഗ് വിജയ് സിങ്- അമൃത റായ് ബന്ധത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വായിച്ചാല്‍ മതി. റൊമാന്റിക് ആയ ജീവിതവും ലൈംഗികശേഷിയുമൊക്കെ ഉള്ളവരോട് എന്തിനാണ് ഇത്ര അസഹിഷ്ണുത എന്നത് മനസ്സിലാവുന്നില്ല. ദിഗ് വിജയ് സിങ്ങിനെ കുറ്റപ്പെടുത്തുന്നവരെല്ലാം ഏതപത്‌നീ വ്രതക്കാരും മറ്റുമാണോ എന്നതാണ് മറ്റൊരു ചോദ്യം. ഇവരുടെയൊക്കെ വാട്ട്‌സ്ആപ്പ് ഹിസ്റ്ററി പരിശോധിച്ചാല്‍ അറിയാം ഏകപത്‌നീവ്രതത്തിന്റെ പുണ്യം. പത്തു പേരെ വിര്‍ച്വലായി കല്യാണം കഴിക്കുകയും ഭോഗിക്കുകയും ചെയ്യുന്ന ഏകപത്‌നീവ്രതഫ്രോഡുകള്‍ക്ക് യഥാര്‍ഥജീവിതത്തില്‍ പ്രണയിക്കുന്നവരോടെല്ലാം ഒരു തരം പ്രതികാരബുദ്ധി തോന്നുന്നത് സ്വാഭാവികമാണ്.

ഇനി ഈ വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യുന്നവരുമുണ്ട്. ഭാര്യയുടെ വിവരം മറച്ചുവച്ച മോദിയെ വിമര്‍ശിച്ച ദിഗ് വിജയ് സിങ്ങിന് രഹസ്യമായി പ്രണയിക്കാന്‍ എന്തവകാശം എന്നാണ് ചിലരുടെ ചോദ്യം. മോദി തന്റെ കാര്യം മറച്ചുവച്ചതില്‍ പരാതിയുണ്ടെന്നു മോദിയുടെ ഭാര്യ പത്രസമ്മേളനം വിളിച്ചു പറഞ്ഞിട്ടില്ല. മറിച്ച്, മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി വ്രതമെടുത്തു പ്രാര്‍ഥിക്കുകയായിരുന്നു അവര്‍. അവിടെയും കുത്തിക്കഴപ്പ് എരണംകെട്ട പത്രക്കാര്‍ക്കായിരുന്നു. മോദിയെക്കുറിച്ച് യശോദച്ചേച്ചിക്കും ദിഗിനെക്കുറിച്ച് അമൃതച്ചേച്ചിക്കും പരാതിയില്ലെങ്കില്‍ പരാന്നഭോജികളായ ചാനലുകാരുടെ ഷോക്കിങ് ന്യൂസ് എക്‌സ്‌കഌസീവുകള്‍ ശുദ്ധ പോക്രിത്തരങ്ങളാണെന്നു പറയേണ്ടി വരും.

രാഷ്ട്രീയപ്രവര്‍ത്തകര്‍ സംശുദ്ധ ജീവിതം നയിക്കുന്നവാരിക്കണം എന്നു വാശി പിടിക്കാന്‍ പൊതുജനത്തിന് അവകാശമുണ്ട്. നിലവിലുള്ളവരില്‍ നല്ലൊരു ശതമാനവും ക്രിമിനലുകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുമ്പോള്‍ പ്രണയിച്ചു എന്ന കുറ്റത്തിന് നേതേക്കന്‍മാരെ കല്ലെറിയുന്നത് ശരിയല്ല. സ്വന്തം സ്വകാര്യതയില്‍ സര്‍ക്കാര്‍ എത്തിനോക്കുന്നു എന്നു കണ്ടാല്‍ മനുഷ്യാവകാശലംഘനം എന്നു പറഞ്ഞ് മുറവിളി കൂട്ടുന്നവര്‍ രാഷ്ട്രീയനേതാക്കന്‍മാരുടെ കിടപ്പറച്ചിത്രങ്ങള്‍ വരെ ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്തു കളിക്കുന്നത് വൃത്തികേടാണ്. പ്രേമിക്കാനാണെങ്കിലും ഒരു മിനിമം ആണത്തമെങ്കിലും വേണം. ജസ്റ്റിസ് മനുവിനെപ്പോലുള്ള ഓള്‍ഡ് ജെനറേഷന്‍ യുവറോണര്‍മാര്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍ പിന്നെ വാനപ്രസ്ഥമാണ്. വാനപ്രസ്ഥം നയിക്കേണ്ട പ്രായത്തില്‍ ഗൃഹസ്ഥാശ്രമം ട്രൈ ചെയ്യുന്നതിലാണ് വിപ്ലവം ഉള്ളത്. അതിനെയാണ് ന്യൂ ജനറേഷന്‍ എന്നു വിളിക്കേണ്ടത്. ന്യൂജനറേഷന്‍ എന്നു പച്ചകുത്തി നടക്കുന്ന വിഡ്ഡികള്‍ ദിഗ് വിജയ് സിങ്ങിനെ കരിവാരി തേക്കുന്നതിലൂടെ കുലം കുത്തിക്കളിക്കുന്നത് സ്വന്തം ജനറേഷനിലാണ്. ദിഗ് വിജയ് സിങ്ങിനോട് എനിക്കു ബഹുമാനം മാത്രമേയുള്ളൂ. അറുപത്തേഴാം വയസ്സില്‍ ഏതെങ്കിലും ഒരു സ്ത്രീയെ പ്രണയിക്കാന്‍ മാത്രം യൗവ്വനമോ ആരോഗ്യമോ റൊമാന്റിക് ആയ ഒരു മനസ്സോ എനിക്കുണ്ടാകുമെന്ന് പ്രതിക്ഷയില്ല. ദിഗ് വിജയ് സിങ്ങിനും അമൃതയ്ക്കും ശുഭകരമായ ഒരു പ്രണയജീവിതം ആശംസിക്കുന്നു.

മഞ്ജൂ, ദിലീപിനെ ഡൈവോഴ്‌സ് ചെയ്യൂ… പ്ലീസ്

കേരളത്തിലെ ശരാശരി ചലച്ചിത്ര മാധ്യമപ്രവര്‍ത്തകന്റെ കുത്തിക്കഴപ്പ് അവസാനിക്കണമെങ്കില്‍ എത്രയും വേഗം മഞ്ജു വാര്യര്‍ വിവാഹമോചനത്തിന് ശ്രമിക്കുകയോ ആത്മഹത്യ ചെയ്യുകയോ ദിലീപ് കാവ്യ മാധവനോടൊപ്പം ഒളിച്ചോടിപ്പോവുകയോ ചെയ്യണം. വര്‍ഷങ്ങളായി നെഞ്ചിലിട്ട് ഊതിക്കത്തിക്കുന്ന അവന്റെ മഞ്ജൂവിയന്‍ ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ പോവുമ്പോള്‍ ഒരു വിവാഹമോചനത്തിനായി വട്ടമിട്ടു പറക്കുന്ന പിംപുകള്‍ നെഞ്ചു പൊട്ടി ചത്തുപോയെന്നു വരാം. മഞ്ജു വാര്യരുടെയും ദിലീപിന്റെയും ജീവിതത്തില്‍ മൊത്തം പ്രശ്‌നമാണെന്നുള്ള വിശ്വാസത്തില്‍ ആശ്വാസം കണ്ടെത്തുന്നവര്‍ക്ക് ഇനി വേണ്ടത് മഞ്ജുവില്‍ നിന്നുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. എല്ലാ സിനിമാ വാരികക്കാരനും അടുത്ത ലക്കം ആ വെളിപ്പെടുത്തല്‍ എക്‌സ്‌കഌസിവായി കിട്ടുമെന്നു വ്യാമോഹിക്കാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഏറ്റവും ഒടുവില്‍ ഒരു പുതിയ സിനിമാ വാരികയിലെ അഭിമുഖത്തില്‍ ലേഖകന്‍ ക്ഷമ നശിച്ച് ചോദിച്ചുപോവുകയാണ് പലതും. സഹതാപാര്‍ഹമാണ് ആ അഭിമുഖം. മലയാള സിനിമ മാറിയിട്ടും നടിയെ ഒത്തുകിട്ടിയാല്‍ പൂശാമെന്നു മോഹിച്ച് കയ്യില്‍ കോണ്‍ഡവുമായി അഭിമുഖമെടുക്കാന്‍ പോകുന്ന ടൈപ്പ് മാധ്യമപ്രവര്‍ത്തകര്‍ മാറിയിട്ടില്ല എന്നത് സത്യത്തില്‍ നിരാശാജനകമാണ്.

ദിലീപ് മഞ്ജു വാര്യരെ വിവാഹം കഴിച്ച കാലം തുടങ്ങി ഒരു സംഘമാളുകള്‍ അവര്‍ പിരിയുന്ന കാലത്തിനു വേണ്ടി കാത്തിരിക്കുകയാണ് എന്നത് ഇക്കാലമത്രയും ഇറങ്ങിയിട്ടുള്ള സിനിമാ മാസികകള്‍ കണ്ടാല്‍ മനസ്സിലാവും. ഏറെക്കുറെ ടൈപ്പ് ആയി മാറിയ ഒരു പറ്റം കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ മഞ്ജു നേടിയത് വലിയ അംഗീകാരമാണ്. നടിയെന്ന നിലയില്‍ ഉര്‍വശിയെക്കാളും സുകുമാരിയെക്കാളുമൊക്കെ ഏറെ പിന്നിലാണ് മഞ്ജു. എന്നാല്‍, അഭിനയമികവിനെക്കാള്‍ ലഭിച്ച കഥാപാത്രങ്ങളുടെ മികവും തിളക്കവും കൊണ്ടും അഭിനയത്തില്‍ നിന്നും പെട്ടെന്നുള്ള പിന്‍മാറ്റം കൊണ്ടും മഞ്ജു പലരെ സംബന്ധിച്ചും മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായി. മഞ്ജു ലെജന്‍ഡ് ആണെന്നു പറയുന്ന എല്ലാവരും തന്നെ ദിലീപ് അഭിനയിക്കാനറിയില്ലാത്ത നാലാംകിട മിമിക്രിക്കാരനാണെന്നും പറയാറുണ്ട് എന്നത് തികച്ചും യാദൃച്ഛികമായ ഒരു വിരോധാഭാസമായിരിക്കാം.

ദിലീപും മഞ്ജുവുമായുള്ള ബന്ധം വിശകലനം ചെയ്തുകൊണ്ടുള്ള ലേഖനങ്ങള്‍ തന്നെ അവര്‍ പിരിയണം എന്നാഗ്രഹിക്കുന്നവരുടെ ആത്മസംഘര്‍ഷത്തിന്റെ പ്രതിഫലനമാണ്. മഞ്ജു വാര്യര്‍ ആത്മഹത്യയ്ക്കു ശ്രമിച്ചതായി കുറഞ്ഞത് അഞ്ചു വട്ടമെങ്കിലും ഞാന്‍ കേട്ടിട്ടുണ്ട്. ദിലീപും കാവ്യ മാധവനുമായുള്ള ബന്ധം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ മറ്റൊരു വശത്ത്. ഏറ്റവുമൊടുവില്‍ മഞ്ജു നൃത്തം അവതരിപ്പിക്കുന്ന വേദികളിലെല്ലാം ദിലീപ് എത്തിയോ ഇല്ലയോ ദിലീപിന് എത്താന്‍ പറ്റുമായിരുന്നോ എന്തുകൊണ്ടാണ് ദിലീപ് എത്താതിരുന്നത് തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ച് സുദീര്‍ഘമായ വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ് ബന്ധം ഉലഞ്ഞോ ഇല്ലയോ എന്നു നിര്‍ണയിക്കുന്നതിനുള്ള അളവുകോലായി നിശ്ചയിച്ചിരിക്കുന്നത്. ചില ജേണലിസ്റ്റുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ കണ്ടാല്‍ ദിലീപിന്റെ കരാളഹസ്തങ്ങളില്‍ നിന്നു മഞ്ജുവിനെ രക്ഷിക്കാന്‍ വേണ്ടി അവതാരമെടുത്തവരാണ് എന്നു തോന്നും. ദിലീപ് ഒരു ബോറനല്ലേ, ജീവിതം ദുരിതമല്ലേ, രക്ഷപെടണമെന്നാഗ്രഹമില്ലേ, മൊത്തത്തില്‍ നിരാശയല്ലേ എന്നൊക്കെയുള്ള ചോദ്യങ്ങളോട് മഹത്വവല്‍ക്കരിക്കപ്പെട്ട മഞ്ജു പോലും അക്ഷമയോടെയാണ് പ്രതികരിക്കുന്നത്.

ദിലീപ് അഭിനയമറിയില്ലാത്ത ചതിയനും മഞ്ചു അഭിനയപ്രതിഭയായ മാടപ്രാവുമാണെന്ന ക്ലീഷേ ഭാവനകളില്‍ നിന്നും കേരളത്തിലെ സിനിമാ ജേണലിസ്റ്റുകളെ ആരെങ്കിലുമൊക്കെ മോചിപ്പിക്കേണ്ടിയിരിക്കുന്നു. അവര്‍ ജീവിച്ചു മതിയാകുമ്പോള്‍ ഡൈവോഴ്‌സ് ചെയ്തുകൊള്ളും. രഞ്ജിത്തിന്റെയോ സത്യന്‍ അന്തിക്കാടിന്റെയോ സിനിമയില്‍ നായികയായി വരുന്നതോടെ മഞ്ജു വാര്യര്‍ വീണ്ടും മഹാനടിയായിത്തീരുമെന്ന പ്രവചനങ്ങള്‍ക്കു വലിയ വിലയൊന്നും കാണുന്നില്ല. സത്യന്‍ അന്തിക്കാട് ഫ്‌ളോപ്പുകള്‍ മാത്രം ചെയ്യുന്ന ഒരു സംവിധായകനായി മാറിയിട്ട് വര്‍ഷം മൂന്നായി. രഞ്ജിത്തിന്റെ സിനിമകളില്‍ നായികയ്ക്ക് വലിയ പ്രാധാന്യമൊന്നുമില്ല. അല്ലെങ്കില്‍ തന്നെ മഞ്ചു വാര്യരുടെ തലയ്ക്കുള്ളിലിരിക്കുന്നത് മലയാളത്തിലെ സിനിമാ ജേണലിസ്റ്റുകളുടെ ബുദ്ധിയായിരിക്കില്ലല്ലോ.

പ്രേക്ഷകരുടെ മന:ശാസ്ത്രം

അളിയാ അറിഞ്ഞില്ലേ ?

എന്തുവാടേ ?

മംമ്ത മോഹന്‍ദാസ് ഡൈവോഴ്സ് ചെയ്യാന്‍ പോകുന്നു…

ഏത് നമ്മടെ സിനിമാനടി ?

അതേന്നെ.. നീ മൈ ബോസ് കണ്ടില്ലാരുന്നോ ?

ഇല്ല, നാളെത്തന്നെ കണ്ടേക്കാം…

പടം കണ്ടപ്പോഴേ എനിക്ക് ഒരു ഡൈവോഴ്സ് മണത്തു..

ഉവ്വോ ? അതെങ്ങനെ ?

പെണ്ണുങ്ങളുടെ ബോഡീ ലാംഗ്വേജീന്നു നമുക്ക് പലതും പിടികിട്ടും..

അതിനവര് അതിലഭിനയിക്കുവല്ലേ ? പിന്നെന്ത് ബോഡി ലാംഗ്വേജ് ?

അഭിനയിക്കുമ്പോഴും ബോഡി ലാംഗ്വേജില്‍ മാറ്റം വരുത്താന്‍ പറ്റില്ലെടേ..

മഞ്ജു വാരിയരും ദിലീപും തമ്മില്‍ പിരിഞ്ഞു എന്ന് ഒരു 100 വട്ടമെങ്കിലും നീയെനിക്ക് എസ്എംഎസ് അയച്ചിട്ടുണ്ട്.. എന്നിട്ടെന്തായി ?

അത് എനിക്കിപ്പോഴും പിടികിട്ടാത്ത ഒരു പ്രശ്നമാണ്… എന്‍റെ കണക്കുകൂട്ടലനുസരിച്ച് അവര് പിരിയാനുള്ള ടൈം കഴിഞ്ഞു.. ഒന്നുകില്‍ രണ്ടുപേരും ചുമ്മാ അഭിനയിക്കുന്നു… അല്ലെങ്കില്‍ ദിലീപ് ഭീഷണിപ്പെടുത്തി മഞ്ജുവിനെ അങ്ങനെ നിര്‍ത്തിയിരിക്കുന്നു…

എന്താ ഇപ്പോ ഈ ഡൈവോഴ്സിനു കാരണം ?

അതാ ഞാനീ സേര്‍ച്ച് ചെയ്തോണ്ടിരിക്കുന്നേ ?

എന്നിട്ടു വല്ലതും കിട്ടിയോ ?

ഉഡായ്‍പ് ന്യായങ്ങളാ പറഞ്ഞിരിക്കുന്നേ…

എന്നു വച്ചാല്‍ ?

ഓ… രണ്ട് വ്യത്യസ്ത വ്യക്തിത്വങ്ങളാണെന്നോ… സന്തോഷത്തോടെയാണ് പിരിയുന്നതെന്നോ..

അതിലെന്തോന്നാ ഉഡായ്‍പ് ?

ഒന്നു പോടാ ഉവ്വേ… സംഗതി വേറെന്തെങ്കിലും കാര്യമായിട്ടു കാണും…

എന്നു വച്ചാല്‍ ?

അവിഹിതം.. അവിഹിതം..

അത് നിനക്കെങ്ങനെ അറിയാം ?

നീയേത് ലോകത്താടാ ഉവ്വേ ജീവിക്കുന്നത് ? സിനിമേല്‍ മൊത്തം അവിഹിതമല്ലേ ? ആളുകള്‍ സിനിമേലോട്ട് പോകുന്നത് തന്നെ ഇതിനല്ലേ ?

അല്ല… നീയിന്ന് എറണാകുളത്തിനു പോകുന്നെന്നു പറഞ്ഞിട്ട് പോയില്ലേ ?

രാവിലെ എണീറ്റപ്പോഴാ ഈ വാര്‍ത്ത കണ്ടത്… പിന്നിവിടിരുന്നു… വല്ലപ്പോഴുമല്ലേ ഇങ്ങനോരോന്നു വീണു കിട്ടുന്നത്…മാതൃഭൂമിലെന്‍റെയൊരു ഫ്രണ്ടുണ്ട്… ശരിക്കുമുള്ള കാരണമറിയാന്‍ ഞാനവരെ വിളിച്ചു നോക്കി…അവനൊന്നും അറിയില്ലാന്നാ പറയുന്നത്… സാരമില്ല… അടുത്താഴ്ച ഏഷ്യാനെറ്റില്‍ ജോണ്‍ ബ്രിട്ടാസ് ഇതിന്‍റെ സത്യം തെളിയിച്ചോളും…

അങ്ങേര്‍ക്കിപ്പോ ഇതാണോ പണി ?

എന്തുവാടേ ഒരു പുച്ഛം ? ലക്ഷക്കണക്കിന് ആളുകള്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളാ ബ്രിട്ടാസേട്ടന്‍ ആ പരിപാടീല്‍ ചോദിക്കുന്നത്…

അല്ല…പിരിയാന്‍ ശരിക്കും വേറൊരു കാരണമുണ്ടെന്നു നിനക്കു തോന്നാനെന്താ കാരണം ?

ഇതൊക്കെ നമുക്കറിയില്ലേ ? ലെവള്‍ടെ കല്യാണം കഴിയുമ്പോഴേ എനിക്കറിയാരുന്നു പിരിയൂന്ന്… രണ്ടു വര്‍ഷമാണ് ഞാനിട്ട ടൈം… ദേ ഇപ്പോ ഒരു വര്‍ഷമായപ്പോഴേക്കും സംഗതി റെഡി…

അവര് പിരിയുന്നെങ്കില്‍ തന്നെ നിനക്കൊക്കെ എന്ത് ? അതവരുടെ കാര്യം.

ഡേയ്, ഡേയ്… എളക്കല്ലേ… അവനൊരു പ്രൈവസി പോളിസിക്കാരന്‍..,.. ഇതൊക്കെ അറിയാനും പറയാനും താല്‍പര്യമുള്ളവരാണ് ലോകത്തെല്ലായിടത്തുമുള്ളവര്‍,… അവര് പിരിഞ്ഞോട്ടെ… പിരിയാനുള്ള കാരണങ്ങള്‍ അറിയാനുള്ള അവകാശം പ്രേക്ഷകരായ ഞങ്ങള്‍ക്കുണ്ട്…

അതെന്തവകാശം ?

കാശുകൊടുത്ത് ടിക്കറ്റെടുത്ത് സിനിമ കാണുന്നതിന്‍റെ അവകാശം…

സിനിമ കാണാന്‍ കാശു കൊടുക്കുന്നവന് നടിയുടെ ജീവിതത്തില്‍ എന്തവകാശം ?

സിനിമാനടിമാര്‍ക്ക് കുടുംബം പറ്റത്തില്ല… അങ്ങനെ ആരെങ്കിലും കുടുംബമായിട്ട് സന്തോഷമായിട്ട് ജീവിക്കുന്നുണ്ടെങ്കില്‍ അത് തട്ടിപ്പാണ്… ഇനി ഡൈവോഴ്സാകാന്‍ വളരെ കുറച്ചുപേരേയുള്ളൂ… ബാക്കിയെല്ലാം കട്ടപ്പൊക…

ഇവരൊക്കെ പിരിയുന്നു എന്നു കേള്‍ക്കുമ്പോള്‍ നിനക്കു ഭയങ്കര സന്തോഷമാണല്ലോ ?

പിന്നല്ലാതെ ? വല്ല ഉദ്ഘാടനത്തിനും വരുമ്പോള്‍ നമ്മളൊന്നു തൊടാനോ പിടിക്കാനോ ചെല്ലുമ്പോ എവള്‍ടെയൊക്കെ ജാഡ കാണണം…ഹൊ… നമ്മളൊക്കെ വെറും പുഴുക്കള്‍…, അതുകൊണ്ട് ഏത് നടി ഡൈവോഴ്സായെന്നു കേട്ടാലും ഞാന്‍ ഹാപ്പിയാ… ഞാനത് മാക്സിമം ഷെയര്‍ ചെയ്യും..

ചീപ്പാണളിയാ… നടിയാവുക എന്നത് ഒരു കുറ്റകൃത്യമല്ല.. അതൊരു തൊഴിലാണ്..

പോഡേ,പോഡേ.. നിനക്കു പ്രേക്ഷകരുടെ മനശാസ്ത്രം അറിയില്ല… ഒരു നടി ഡൈവോഴ്സ് ചെയ്യുകയെന്നു പറയുമ്പോള്‍.. പ്രേക്ഷകന് എന്തൊക്കെയോ സ്വന്തമാകുന്ന പോലെയൊരു ഫീലിങ്ങാണ്…ഒരുത്തി കല്യാണം കഴിക്കൂന്നൂന്ന് കേള്‍ക്കുമ്പോ അത്രയ്‍ക്ക് സങ്കടോമുണ്ട്…

അതൊക്കെ സമ്മതിച്ചു… പക്ഷെ,വിവാഹമോചനത്തിന് വേറെ നിഗൂഢമായ കാരണങ്ങളുണ്ടെന്നു പറയുന്നതിന്‍റെ കാരണമാണ് മനസ്സിലാവാത്തത്..

അതിപ്പോ.. കാവ്യേടെ കേസ് തന്നെയെടുക്കാം…അവര് പിരിയുമ്പോ എന്തു രസമായിരുന്നു… എന്തൊക്കെ കഥകളാ പത്രത്തില്‍ വന്നത്… പിന്നെ കോടതി,ബഹളം… പിരിയുമ്പോ അതുപോലെ വേണം… ഇതു ചുമ്മാ ഒരുമാതിരി.. ആളെ വടിയാക്കാന്‍..

അപ്പോ ആരാന്‍റമ്മയ്‍ക്ക് പ്രാന്ത് വന്നാല്‍… ല്ലേ ?

അതേന്നു വച്ചോ… ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ശരി… അപ്പോ നീയും വികാരം കൊള്ളാന്‍ പാടില്ല… അങ്ങനെയാണ് അതിന്‍റെയൊരു നീതി..

എനിക്കൊരു വികാരോമില്ല… കാരണം, മര്യാദയ്‍ക്ക് ജീവിക്കാന്‍ എനിക്കറിയാം….

എന്നിട്ടാണോ നിന്‍റെ ഭാര്യ രണ്ടു വര്‍ഷമായിട്ട് അവരടെ വീട്ടില്‍ നില്‍ക്കുന്നത് ?

ഡേയ്, ഡേയ്.. അതീത്തൊട്ടു കളിക്കരുത്…

എന്നാ വേണ്ട… വന്ന കാര്യം തന്നെ പറഞ്ഞേക്കാം…. നിന്‍റെ പെങ്ങളുണ്ടല്ലോ… രണ്ടു പിള്ളേരേം കെട്ടിയോനേം ഉപേക്ഷിച്ച് ഇന്നലെ രാത്രി മൊബൈല്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയി…

തോന്ന്യാസം പറയുന്നോ ?

വികാരം കൊള്ളാതെഡേ… ഇത് ഞാന്‍ പറഞ്ഞതല്ല… അവള് തന്നെ എഴുതിവച്ച കത്തിലുള്ളതാ… അവള്‍ടെ കെട്ടിയോന്‍, അതായത് നിന്‍റെ അളിയന്‍… പൊലീസില്‍ കേസും കൊടുത്തിട്ടുണ്ട്… നാട്ടുകാരൊക്കെ അറിഞ്ഞു… ആകെ നാറിക്കോണ്ടിരിക്കുന്നു…

ഡേയ്… പ്ലീസ്..സംഗതി പുറത്താരോടും പറയരുത്… അളിയനെക്കൊണ്ട് കേസ് പിന്‍വലിപ്പിക്കണം…

ഹഹഹഹഹഹഹ…. നിന്‍റെ പെങ്ങള്‍ക്ക് വേറം അവിഹിതങ്ങളൊണ്ടെന്നും എല്ലാം മറച്ചുവച്ച് തലേല്‍ കെട്ടിവച്ചതാണെന്നും പറഞ്ഞ് അളിയനിങ്ങോട്ട് വരുന്നുണ്ട്…

ഡാ… നീയെന്നെ സഹായിക്കണം… ഞാന്‍ കാലുപിടിക്കാം… അളിയനെ നീ തണുപ്പിക്കണം… പിന്നെ, പെങ്ങള് പോയത് പത്രത്തിലൊന്നും വരാതെ നോക്കണം…

മാതൃഭൂമില് നിന്‍റെ ഫ്രണ്ടില്ലേ ? വിളിച്ചു പറ കൊടുക്കരുതെന്ന്…

ശവത്തില്‍ കുത്തരുത്…

ലോകത്തിന്‍റെ ഒരു രീതി അങ്ങനെയാണ്… അതിലിപ്പോ വലിയ വികാരം കൊള്ളാനൊന്നുമില്ല…

ഡേയ്… നീയായിട്ട് നമ്മുടെ ഓഫിസിലൊന്നും ചെന്ന് പറയരുത് ഇത്…

ഞാന്‍ പറയും… കോളജില്‍ അവള്‍ പഠിക്കുമ്പോ അവള്‍ടെ ഭരതനാട്യം കാണാന്‍ മിനക്കെട്ടിരുന്നിട്ടുണ്ട് ഞാന്‍…, പ്രേക്ഷകന്‍റെ അവകാശം വച്ച് ഞാനിത് എല്ലാവരോടും പറയും… കെട്ടിയോനും പിള്ളേരുമുള്ള ഒരുത്തി.. അതും പഴയ കോളജ് ബ്യൂട്ടി…. മൊബൈല്‍ ഫോണ്‍ കാമുകന്‍റെകൂടെ ഒളിച്ചോടിപ്പോയെന്നു പറയുമ്പോ… അതൊരു ഹരമല്ലേ ? നിനക്കീ പ്രേക്ഷകരുടെ മനശാസ്ത്രം ഒന്നുമറിയില്ലേ ?

പ്ലീസ്…

നിന്‍റെ പെങ്ങടെ ഒരു ഫോട്ടോ തരാമോ ? ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടാനാ… ആളുകള്‍ ഷെയര്‍ ചെയ്തു മരിക്കും…

എറങ്ങിപ്പോടാ പട്ടീ….

ശരി… ഗുഡ്ബൈ… നമുക്കും ഡൈവോഴ്സ് ചെയ്യാം… എനിക്കെന്‍റെ വഴി, നിനക്ക് നിന്‍റെ വഴി…

എന്തുവാടേ ഇത് ? അതും ഈ സമയത്ത് ?

നമ്മള്‍ ചേര്‍ന്നുപോയാല്‍ ശരിയാവില്ലെടേ… ഞാന്‍ പണിയെടുക്കുന്നു… നീയിവിടെയിരുന്നു ഫേസ്ബുക്കില്‍ ഗോസിപ്പ് ഷെയര്‍ ചെയ്യുന്നു… നമ്മളെങ്ങനെ പാര്‍ട്ട്നര്‍ഷിപ് ബിസിനസ് നടത്തും ? നമുക്ക് പിരിയാം…

എന്‍റെയീ പ്രശ്നങ്ങളൊന്നു സോള്‍വ് ചെയ്തിട്ടു പോരേ ? നമുക്ക് എല്ലാം പരിഹരിക്കാം…

വേണ്ട… ഇതാണ് ബെസ്റ്റ് ടൈം… ഇപ്പോ പിരിയുമ്പോള്‍… നിന്‍റെ പെങ്ങളുമായി എനിക്കും അവിഹിതമുണ്ടായിരുന്നെന്ന് ആളുകള്‍ വിചാരിച്ചോളും… അവര്‍ക്കിതൊക്കെയല്ലേ അളിയാ ഒരു രസം…

പ്ലീസ്…

പിന്നേ… ഒളിച്ചോടിയ മൊബൈല്‍ കാമുകിമാരെപ്പറ്റി ബ്രിട്ടാസിനോട് ഒരു ഷോ ചെയ്യാന്‍ പറയെടേ… കേരളത്തിലെ ലക്ഷോപലക്ഷം ആളുകള്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുത്തരം കിട്ടും…

അളിയാ….

വിടളിയാ…..

പ്രണയിക്കുന്നവരുടെ രാഷ്ട്രീയം

രാജ്യാന്തര പ്രണയഗുരു എന്നത് ഏതൊരാളെ സംബന്ധിച്ചും അഭിമാനിക്കാവുന്ന പദവിയാണ്. അത്തരമൊരു ഗുരുവായ കേന്ദ്രമന്ത്രി ശശി തരൂരിന് പ്രണയകാര്യവകുപ്പ് നല്‍കണമെന്ന ബിജെപിയുടെ ആവശ്യം തല്‍ക്കാലം പ്രായോഗികമല്ലെന്നു തോന്നുന്നു. എന്നാല്‍, പ്രണയഗുരു എന്നത് ഒരാരോപണമായും പ്രണയകാര്യവകുപ്പ് എന്നത് ഒരു ആക്ഷേപവുമായാമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത് എന്നത് ആ പാര്‍ട്ടിയുടെ നിലവാരത്തെയും സാമൂഹികബോധത്തെയും വെളിച്ചത്തുകൊണ്ടു വരികയാണ്. ശശി തരൂരിന്‍റെ ഭാര്യയെ അധിക്ഷേപിച്ച് കയ്യടി നേടാന്‍ ശ്രമിക്കുന്ന നരേന്ദ്രമോഡിയാണ് നാളത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ പിഎസ്‍സി കോച്ചിങ്ങിനു പോകുന്നതെങ്കില്‍ സംഗതി കഷ്ടമാണ്. പ്രണയവിരുദ്ധ-സ്ത്രീവിരുദ്ധ രാഷ്ട്രീയം തീവ്രവാദത്തെക്കാള്‍ ഭീകരമാണ്.

മോഡിയും ബിജെപി വക്താവും ശശി തരൂരിനെപ്പറ്റിയും അദ്ദേഹത്തിന്‍റെ ഭാര്യയെപ്പറ്റിയും പറഞ്ഞ കാര്യങ്ങള്‍ ഒരു പരിഷ്കൃതസമൂഹത്തെ ഞെട്ടിക്കുന്നതാണ്. അപ്പുറത്തെ വീട്ടിലെ ചേച്ചി അലക്കി ഉണങ്ങാനിടുന്ന ബ്രേസിയര്‍ നോക്കി നെടുവീര്‍പ്പിടുന്ന ലോക്കല്‍ സദാചാരഗുണ്ടയുടെ നിലവാരത്തില്‍ ദേശീയനേതാക്കന്‍മാര്‍ സംസാരിക്കുമ്പോള്‍ അവര്‍ മുന്നോട്ടു വയ്‍ക്കുന്ന രാഷ്ട്രീയപാക്കേജില്‍ ഇതും ഉള്‍പ്പെടുന്നുണ്ടോ എന്നത് അന്വേഷിക്കേണ്ടതുണ്ട്. മോഡിക്കു കയ്യടിക്കുന്നവരും ശശി തരൂരിനെയും സുനന്ദയെയും ആക്ഷേപിക്കുന്നവരും തങ്ങളുടെ വൈകല്യങ്ങള്‍ക്കു മോടി കൂട്ടുകയാണ്. ആശങ്കാജനകമാണ് മോഡി ഫാന്‍സിന്‍റെ സാമൂഹികമനശാസ്ത്രം.

വൃത്തികേട് ആരു പറഞ്ഞാലും വൃത്തികേടു തന്നെയാണ്. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയപ്രസ്ഥാനം ഉച്ചഭാഷിണിയിലൂടെ പറയുമ്പോള്‍ അതിന്‍റെ മുഴക്കവും പ്രത്യാഖ്യാതവും കൂടുകയേയുള്ളൂ. നമ്മളും മോശക്കാരല്ല. സുനന്ദയെ ട്രിവാന്‍ഡ്രം വിമാനത്താവളത്തില്‍ വച്ച് ഏതോ ലോഡ്ജ് കോണ്‍ഗ്രസുകാരന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതില്‍ നിഗൂഢമായ ഒരാനന്ദം പലരും അനുഭവിക്കുന്നുണ്ട്. ഐപിഎല്‍ അഴിമതിയില്‍ അവര്‍ പങ്കാളികളാണ് എന്നാണ് അതിനു വിശദീകരണണായി അവര്‍ പറയുന്നത്.പരസ്പരബന്ധമില്ലാത്ത രണ്ടു സംഗതികള്‍ കൂട്ടിക്കുഴച്ച് നമ്മുടെ തെറ്റായ നിലപാടിനു ന്യായീകരണം കണ്ടെത്തുന്നത് ഒരു നല്ല ശീലമല്ല. ഐപിഎല്‍ അഴിമതിയില്‍ അവര്‍ക്കു പങ്കുണ്ട് എന്നു തന്നെയിരിക്കട്ടെ. അതിന്‍റെ അര്‍ഥം ശശി തരൂരിനെയും ഭാര്യയെയും വ്യക്തിപരമായി കടന്നാക്രമിക്കാമെന്നാണോ ?

ഇവിടെ ശശി തരൂരിനെയും സുനന്ദയെയും പ്രണയവുമായി ബന്ധിപ്പിക്കുന്നതും ശശിയുടെ മുന്‍വിവാഹങ്ങളെപ്പറ്റി പരാമര്‍ശിക്കുന്നതും അവരെ സംബന്ധിച്ച് ഒരു ആക്ഷേപമായിരിക്കില്ല. എന്നാല്‍, ശശി തരൂര്‍ അന്‍പതാം വയസില്‍ സുനന്ദയെ വിവാഹം കഴിച്ചതും തന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവാത്തതാണെന്ന് പറയുന്നതും ആരെയെങ്കിലും അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ കുഴപ്പം ശശിക്കും സുനന്ദയ്‍ക്കുമല്ല, അലോസരപ്പെടുന്നവര്‍ക്കാണ്. അത് ഗുരുതരമായ വ്യക്തിത്വ വൈകല്യമാണ്. ഇപ്പോള്‍ നടക്കുന്ന ചാണകമേറിനെ വിവാദം എന്നു വിളിക്കാമെങ്കില്‍ ഈ വിവാദം ശശി തരൂരിന്‍റെയും സുനന്ദയുടെയും തിളക്കം വര്‍ധിപ്പിക്കുകയേയുള്ളൂ. എന്‍റെ ഭാര്യയ്‍ക്ക് എത്ര മൂല്യമുണ്ട് എന്നും എന്‍റെ വിവാഹജീവിതം ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു എന്നും എല്ലാ രാഷ്ട്രീയനേതാക്കള്‍ക്കും ആത്മപരിശോധന നടത്താനും സ്വയം കണ്ടെത്താനും തിരുത്താനും ലഭിക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരവസരമാണിത്.

ഇതിനെല്ലാം മുകളില്‍ രാഷ്ട്രീയവുമുണ്ട് എന്നതിനാല്‍ ആളുകള്‍ മോഡി പണ്ടുപേക്ഷിച്ച ഭാര്യയെ തപ്പിയെടുത്ത് അവരുടെ ദൈന്യതയുടെ കഥകള്‍ കൊണ്ട് മോഡിക്കു മറുപടി കൊടുക്കുകയാണ്. അപ്പോഴും തെറ്റ് ആവര്‍ത്തിക്കപ്പെടുന്നതേയുള്ളൂ. സുനന്ദയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശശിയെ ചെളിവാരിയെറിയാനാണ് എന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ മോഡിയുടെ ഭൂതകാലം ചികഞ്ഞ് ഒരു സ്ത്രീയെ പുറത്തെടുത്ത് കൊണ്ടുവന്നിരിക്കുന്നത്. ഒരു സ്ത്രീയുടെ അന്തസ്സിനെ വെല്ലുവിളിച്ചതിനു മറുപടിയായി ഗുജറാത്തില്‍ എവിടെയോ ഒതുങ്ങിക്കഴിയുന്ന മറ്റൊരു സ്ത്രീയ വലിച്ചിഴച്ച് കൊണ്ടുവന്നു വാര്‍ത്തയാക്കുന്നതില്‍ എന്തു നീതിയാണുള്ളത് ?സുനന്ദയ്‍ക്കുള്ളതുപോലെ തന്നെ ഒരു അന്തസ്സ് ആ സ്ത്രീക്കുമില്ലേ ? വിവേചനബുദ്ധി ഇല്ലെങ്കില്‍ നമ്മള്‍ മനുഷ്യരെന്ന് അഹങ്കരിക്കുന്നതില്‍ അര്‍ത്ഥമില്ല.

ശശി തരൂരിന്‍റെ മൂന്നാമത്തെ വിവാഹമാണിത് എന്നതാണ് പലരെയും ബുദ്ധിമുട്ടിക്കുന്നത്.ഭാര്യയെ വീട്ടിനുള്ളിലടച്ചിട്ട് കന്നിമാസത്തിലെ പട്ടിയെപ്പോലെ നാടെങ്ങും ഓടിനടന്നു ഭോഗിക്കുന്നവരുടെ ഏകപത്നീവൃതത്തെക്കാള്‍ പതിനായിരം മടങ്ങ് തിളക്കമുള്ളതാണ് ശശി തരൂരിന്‍റെ വിവാഹമോചനങ്ങള്‍. .കാരണം, വിവാഹമോചനം എന്നത് വിവാഹത്തെക്കാള്‍ നേരും നെറിയുമുള്ള പ്രസ്ഥാനമാണ്. ഒരു വിപ്ലവകാരിയുടെ ഭാര്യ പലതും സഹിക്കേണ്ടി വരും എന്ന തത്വത്തില്‍ വിശ്വസിച്ച് തിരക്കുള്ള രാഷ്ട്രീയജീവിതത്തില്‍ നിന്ന് ഭാര്യയെ അടര്‍ത്തിമാറ്റി ജീവിക്കുന്നവരാണ് മിക്കവാറും രാഷ്ട്രീയനേതാക്കന്‍മാരും. സ്ത്രീ, സ്നേഹം, പ്രണയം തുടങ്ങിയ സംഗതികള്‍ അപ്രായോഗികമാണെന്നു വിശ്വസിക്കുന്നവര്‍ക്കിടയില്‍ എന്‍റെ ഭാര്യയുടെ മൂല്യം വിലമതിക്കാനാവില്ല എന്നു പറയുന്നൊരാളുണ്ടെങ്കില്‍ അയാളാണ് മാതൃകയാവേണ്ടത്.

നമ്മുടെ അസഹിഷ്ണുതയും അസൂയയും മനോവകൈല്യങ്ങളും ദേശസാല്‍ക്കരിക്കപ്പെടുകയും ഋജുവായി ജീവിക്കുന്നവര്‍ ഒറ്റപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നത് ഒരു സാമൂഹികദുരന്തമാണ്. ബിജെപിയുടെ സ്ത്രീവിരുദ്ധ നിലപാടുകളിലും ഇതിനെ രാഷ്ട്രീയവല്‍ക്കരിച്ചു മുതലെടുക്കാന്‍ ശ്രമിക്കുന്ന മാധ്യമ അജന്‍ഡകളിലും നല്ലതൊന്നും പ്രതീക്ഷിക്കാനില്ല. ബിജെപി ശശി തരൂരിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതില്‍ അശങ്കപ്പെടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി, വിമാനത്താവളത്തില്‍ വച്ച് ആ സ്ത്രീയെ കടന്നുപിടിച്ച പ്രവര്‍ത്തകനെതിരെ എന്തു നടപടി സ്വീകരിച്ചു എന്ന ചോദ്യത്തിന് ആദ്യം ഉത്തരം കണ്ടെത്തണം.

നടിമാര്‍ വിടുതലൈ

പരമ്പരയെഴുതിയും ഖണ്ഡശ പ്രസിദ്ധീകരിച്ചും നമ്മളൊക്കെ ആഘോഷിച്ച കാവ്യ മാധവന്‍- നിശാല്‍ ചന്ദ്ര ദാമ്പത്യകഥ കോടതിക്കു പുറത്ത് രാജിയാക്കാന്‍ പോകുന്നു. എല്ലാ ആരോപണങ്ങളും പിന്‍വലിച്ച് എല്ലാ ഹര്‍ജികളും പിന്‍വലിച്ച് കോടതിക്കു പുറത്ത് അവര്‍ ഒരുമനസ്സായി കോംപ്രമൈസ് ചെയ്യുന്നു. സംയുക്തമായി വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നതിനെയാണ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പായി എന്നു വിശേഷിപ്പിക്കുന്നത്, യേത് ?

സംഗതി കോംപ്രമൈസ് ആയി എന്നു പറയുമ്പോള്‍ കാവ്യ ജയിച്ചോ അതോ നിശാല്‍ ജയിച്ചോ എന്നൊരു ചോദ്യമുണ്ട്. ചരിത്രം പരിശോധിക്കുമ്പോള്‍ ജയിച്ചത് നിശാല്‍ ചന്ദ്രയാണ് എന്നു പറയേണ്ടി വരും. ആദ്യം കാവ്യയുടെ ആരോപണങ്ങള്‍ വരുന്നു, അതു മാധ്യമങ്ങള്‍ ആഘോഷിക്കുന്നു. പീഢനക്കേസുകള്‍ വരുന്നു. എല്ലാവരും കൂടി നിശാല്‍ ചന്ദ്രയെ കുരിശിലേറ്റുന്നു. അപ്പോള്‍ നിശാലിന്‍റെ മറുപടി വരുന്നു, അതും നമ്മള്‍ ആഘോഷിക്കുന്നു. എന്നാല്‍, നിശാലിന്‍റെ പോയിന്‍റ് ഒന്നു മാത്രമായിരുന്നു. തനിക്കെതിരെ ഒരുപാട് ആരോപണങ്ങള്‍ കാവ്യയുടെ ക്യംപ് പ്രചരിപ്പിച്ചു കഴിഞ്ഞു, അതു പിന്‍വലിക്കാതെ മാന്യമായ ഒരു വേര്‍പിരിയലിന് താന്‍ സമ്മതിക്കില്ല. നിലവില്‍ സംഭവിച്ചിരിക്കുന്നത് അതാണ്. കാവ്യ ഹര്‍ജികള്‍ പിന്‍വലിക്കുന്നു, ഇരുവരും സംയുക്ത വിവാഹമോചനഹര്‍ജി ഫയല്‍ ചെയ്യുന്നു,ശുഭം.

അപ്പോഴും നിശാലിന്‍റെ പ്രശ്നങ്ങള്‍ അവസാനിക്കുമെന്നു തോന്നുന്നില്ല. എല്ലാ കേസും തള്ളിയേരെ ചേട്ടാ എന്നു കാവ്യ പറഞ്ഞാല്‍ തള്ളാന്‍ കോടതി സിനിമയിലെപ്പോലെ ഡമ്മി കോടതിയല്ലാത്തതു കൊണ്ടാവാം സ്ത്രീപീഡനക്കേസ് അത്ര പെട്ടെന്നു തള്ളാന്‍ പറ്റില്ല എന്നു പറയുന്നത്. കുടുംബകോടതിയില്‍ ഇരുവരും മാതൃകാദമ്പതികളെപ്പോലെ സംയുക്തഹര്‍ജി ഫയല്‍ ചെയ്യുമ്പോള്‍ വേണമെങ്കില്‍ കോടതിക്ക് ആ കേസ് തള്ളാം. അതു വരെ നിശാല്‍ ചന്ദ്ര ഒന്നാംതരം പ്രതിയാണ്. എന്നാല്‍, ഏഴു ദിവസത്തേക്ക് അങ്ങേരെ അറസ്റ്റ് ചെയ്യില്ല എന്നു വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ ഏഴു ദിവസത്തിനുള്ളില്‍ ഹര്‍ജി നല്‍കി അതിന്‍റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി അപകടം ഒഴിവാക്കാം.

ഇനിയിപ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരത്തില്‍ പറയാവുന്ന രണ്ട് കാര്യങ്ങളുണ്ട്-
1. ഞങ്ങള്‍ക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ വഷളാക്കിയത് മാധ്യമങ്ങളാണ്.
2. ഞങ്ങളുടെ സ്വകാര്യജീവിതത്തിലെ വിവരങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ ഞങ്ങളെ ക്രൂശിലേറ്റി.

തമിഴ്‍നാട്ടില്‍ സ്ഥിതി കുറച്ചുകൂടി വഷളാണ്. തെന്നിന്ത്യന്‍മാദകറാണി എന്നല്ലാതെ വേറെ ഒരഡ്രസില്ലാത്ത സാക്ഷാല്‍ നയന്‍താരയെ പറഞ്ഞതനുസരിച്ചില്ലെങ്കില്‍ അറസ്റ്റ് പണ്ണി കോടതിയില്‍ ഹാജര്‍ പണ്ണും. കൂട്ടുപ്രതി പ്രഭുദേവ മാപ്പുസാക്ഷിയായാല്‍ നമ്മുടെ ഡയാന കുര്യന്‍റെ സ്ഥിതി മുല്ലപ്പെരിയാര്‍ പോലെയാകാനും സാധ്യതയുണ്ട്. പ്രഭുദേവയുടെ ഭാര്യ റംലത്തിന്റെ പരാതിയിന്മേല്‍ അയച്ച നോട്ടീസ് പ്രകാരം പ്രഭുവും നയന്‍സും കോടതിയില്‍ ഹാജരായില്ലെങ്കില്‍ ഇരുവരെയും അറസ്റ്റുചെയ്യാന്‍ കോടതി നിര്‍ദ്ദേശിച്ചതോടെയാണ് കളി കാര്യമാകുന്നത്.റംലത്തിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി നയന്‍സിനോടും പ്രഭുവിനോടും ഒക്ടോബര്‍ 19ന് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ട് പേരും നോട്ടീസ് കൈപ്പറ്റാന്‍ തയാറായിരുന്നില്ല.ഇതേത്തുടര്‍ന്നാണ് കോടതിവിധി.

നയന്‍സിന് ഒരു സ്ഥിരം മേല്‍വിലാസമില്ലാത്തതിനാല്‍ നോട്ടീസ് അയയ്ക്കാന്‍ ബുദ്ധിമുട്ട് നേരിട്ടത്രേ.നടിയുടെ പേരില്‍ സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ടിസ്റ്റിസ് അസോസിയേഷനിലേക്ക് നോട്ടീസ് അയച്ചെങ്കിലും അവര്‍ അത് കൈപ്പറ്റിയിട്ടില്ലെന്നും കേള്‍ക്കുന്നു. സ്വന്തമായി ഒരഡ്രസ് ഇല്ലാത്തവളാണ് തന്‍റെ ചിന്നവീട് എന്ന തിരിച്ചറിവ് പ്രഭുദേവയെ ഒരു പുതിയ മനിതനാക്കുമോ എന്ന പേടി തിരുവല്ലക്കാര്‍ക്കുണ്ട്. എന്തായാലും ഇരുവരും നവംബര്‍ 23ന് കോടതിയില്‍ എത്താത്ത പക്ഷം ഉറപ്പായിട്ടും അറസ്റ്റു ചെയ്യും.

ഇവരൊക്കെ സ്വന്തം പൃവൃത്തിയുടെ ഫലം അനുഭവിക്കുകയാണെന്ന് ആശ്വസിക്കാം എന്നാല്‍ പാവപ്പെട്ട ഷക്കീല എന്തു പിഴച്ചു ? കല്യാണമുറപ്പിച്ചു എന്നു നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായതാണ്. ഇപ്പോള്‍ ദേ പറയുന്നു അതു മുടങ്ങിയെന്ന്. അങ്ങനെ ചുമ്മാ ഒരു വിവാഹം മുടങ്ങുമോ ?

നടന്‍ വിജയകാന്തിന്റെ രാഷ്‌ട്രീയ പാര്‍ട്ടിയായ ഡിഎംഡികെയുടെ നേതാവ്‌ സതീഷാണ് തന്നെ കെട്ടാന്‍ പോണതെന്ന് ഷക്കീല നേരത്തെ പറഞ്ഞിരുന്നു. വിജയകാന്തിന്റെ ഫാന്‍സ്‌ അസോസിയേഷന്‍ നേതാവായിരുന്നു സതീഷ്‌. വിജയകാന്ത്‌ രാഷ്‌ട്രീയ പാര്‍ട്ടി തുടങ്ങിയപ്പോള്‍ സതീഷും രാഷ്‌ട്രീയ നേതാവായി. എന്നാല്‍ എന്താണ്‌ വിവാഹത്തില്‍ നിന്ന്‌ പിന്‍മാറാനുള്ള കാരണമെന്ന്‌ സതീഷും വെളിപ്പെടുത്തിയിട്ടില്ല. തന്റെ ദുഃഖം തന്റേതു മാത്രമാകട്ടെ എന്ന നിലപാടിലാണ്‌ ഷക്കീല. സതീഷാണ്‌ പിന്മാറിയതെന്നും ഇതിനു കാരണം സതീഷിനോടു തന്നെ ചോദിക്കണമെന്നുമാണ്‌ ഷക്കീല പറയുന്നത്‌.

എന്താണ് ഇതിനൊരു പരിഹാരം എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. എന്നാല്‍, കേരളത്തില്‍ എത്രയോ പാവങ്ങള്‍ക്ക് സൗജന്യമായി വിവാഹം നടത്തിക്കൊടുക്കുന്നവരാണ് ഇവിടുത്തെ ഫാന്‍സ് അസോസിയേഷന്‍* പ്രവര്‍ത്തകര്‍ എന്നാലോചിക്കുമ്പോള്‍ ചെറിയൊരു പുളകമില്ലാതില്ല. ഇവിടെ വിവാഹം നടത്തുന്നു, അവിടെ വിവാഹം മുടക്കുന്നു. എന്നാല്‍, ഷക്കീലയുടെ രക്തവും മാംസവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളവരെന്ന നിലയില്‍ കേരളത്തിനാണ് ഷക്കീലയുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാവേണ്ടത്. സമൂഹവിവാഹങ്ങള്‍ നടത്തുന്ന വിവിധ ഫാന്‍സ് അസോസിയേഷനുകള്‍ ഇവിടെയുണ്ട്. അവരില്‍ ഏതെങ്കിലും ഒരു അസോസിയേഷന്‍റെ പ്രസിഡന്‍റിനോ സെക്രട്ടറിക്കോ കുമാരി ഷക്കീലയ്‍ക്ക് ഒരു ലൈഫ് കൊടുക്കാനുള്ള വിശാലമനസ് ഉണ്ടാകട്ടെ എന്നു മാത്രം പ്രാര്‍ഥിക്കുന്നു.

*ഫാന്‍സ് അസോസിയേഷനുകള്‍ എന്നതില്‍ മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, ജയറാം, ജയസൂര്യ, ഭീമന്‍ രഘു തുടങ്ങിയ താരങ്ങളുടെ ഫാന്‍സ് അസോസിയേനുകളെയാണ് ഉദ്ദേശിച്ചിട്ടുള്ളത്.

ഭര്‍ത്താവിന്‍റെ മണവാട്ടി

നാട്ടിലെ ഒരു കന്യാസ്ത്രീമഠത്തില്‍ പശുവിനെ നോക്കാന്‍ വന്ന തമിഴന്‍ യുവതിയായ കന്യാസ്ത്രീയോടൊപ്പം ഒളിച്ചോടിയ കഥ കേട്ടപ്പോള്‍ മുതല്‍ ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു. കര്‍ത്താവിന്‍റെ മണവാട്ടിയെയും കൊണ്ടുപോയവനോട് എങ്ങനെ പൊറുക്കും ? അതു പൊറുക്കാമെന്നു വച്ചാലും എത്രയോ കൊള്ളാവുന്ന വീടുകളില്‍ പശുവിനെ കറക്കാനും വീടുപണിയാനും വന്നിട്ട് പെണ്‍പിള്ളാരെ കറക്കി അതിര്‍ത്തി കടത്തി കൊണ്ടുപോയിരിക്കുന്നു അന്‍പുടയ തമിഴ്‍മക്കള്‍.

ഇന്നിപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിനു മുകളില്‍ കയറി നിന്ന് ഉറക്കെ ഉറക്കെ പൊട്ടിച്ചിരിക്കാനുള്ള സുദിനം വന്നിരിക്കുന്നു. നയന്‍താര കേരളത്തിനു വേണ്ടി കാലങ്ങളായി നിലനിന്ന കുടിപ്പക തീര്‍ക്കാന്‍ നില്‍ക്കുമ്പോള്‍ ഗോസിപ്പ് കോളങ്ങള്‍ എഴുതി നിറയ്‍ക്കാതെ അവളെയൊന്നു പുഷ് ചെയ്യാന്‍ ഈ മീഡിയ തയ്യാറാവുന്നില്ലല്ലോ എന്നോര്‍ക്കുമ്പോഴാണ് സങ്കടം.

ഡാന്‍സുകാരുടെ വിശുദ്ധനായ പ്രഭുദേവയെ ഒരു ചുവടു കപ്പ പോലെ മൂടോടെ പറിച്ചു മടിയില്‍ വച്ചിരിക്കുന്ന നയന്‍താരയെ സത്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ആദരിക്കേണ്ടതാണ്. ഇത്രകാലമായിട്ടും തമിഴ്‍നാടിനോടു മുട്ടി ജയിക്കാന്‍ സംസ്ഥാനസര്‍ക്കാരിനോ ലോ ആന്‍ഡ് ഓര്‍ഡറിനോ സാധിച്ചിട്ടില്ല. അവിടെയാണ് ഈ തിരുവല്ലക്കാരിയുടെ വിജയം. നയന്‍സ് കരളുറപ്പുള്ളവളാണെങ്കില്‍ പ്രഭുദേവ മലയാളമണ്ണില്‍ ക്ഷ,ണ്ണ,ക്ക,മ്മ വരയ്‍ക്കാന്‍ അധികം താമസമില്ല.

വേലക്കാരിയായിരുന്താലും നീയെന്‍ മോഹവല്ലി എന്നോ മറ്റോ പറഞ്ഞതിന് പാവം ജയറാമിന്‍റെ വീടും തല്ലിപ്പൊളിച്ച് അങ്ങേരുടെ കഥ കഴിക്കാന്‍ തുടങ്ങിയതാണ് പാണ്ടിദേശം. സ്രാഷ്ടാംഗം വീണ് ജയരാമന്‍ തടിയൂരി. അവിടെയാണ് ഡയാനമോള്‍ടെ ഒറ്റയ്‍ക്കുള്ള കളി. ആ പെങ്കൊച്ച് പച്ച പിടിക്കാന്‍ തുടങ്ങിയതു മുതല്‍ അതിനെപ്പറ്റി ഉള്ള നുണയെല്ലാം പറഞ്ഞും മോര്‍ഫിങ് ചിത്രവും വിഡിയോയും പ്രചരിപ്പിച്ചും അതിന്‍റെ ആത്മവീര്യം തകര്‍ക്കാനായിരുന്നു എല്ലാവരുടെയും ഉല്‍സാഹം. ഇപ്പോഴും ഡയാന ഒറ്റയ്‍ക്കാണ്. ഒരു സംസ്ഥാനാനാന്തര പോരാട്ടമെന്ന നിലയില്‍ ഡയാനയുടെ ഉദ്യമങ്ങള്‍ക്കു ധാര്‍മികപിന്തുണ നല്‍കാന്‍ നാം ബാധ്യസ്ഥരാണ്.

തന്‍റെ ഭര്‍ത്താവിന്‍റെ മണവാട്ടിയാകാന്‍ നടക്കുന്ന നയന്‍സ് അക്ഷരാര്‍ഥത്തില്‍ പ്രഭുദേവയെ തമിഴ് മണ്ണില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നെന്ന് ദേവയുടെ ഭാര്യ തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. രണ്ടു സിനിമാ താരങ്ങള്‍ തമ്മിലുള്ള അടുപ്പം പിന്നീട് അതും ഇതുമൊക്കെയായി മാറുന്ന കഥയല്ല ഇവരുടേത്. വ്യക്തമായ ലക്ഷ്യത്തോടെ നയന്‍സ് പ്രഭുദേവയുമായി പരിചയപ്പെട്ട ശേഷം വളച്ചെടുക്കുകയായിരുന്നു എന്നാണ് ഭാര്യ പറയുന്നത്. പ്രഭുദേവയെ എങ്ങനെയോ പരിചയപ്പെട്ട ശേഷം നയന്‍സ് പിന്നീട് വീട്ടില്‍ നിത്യസന്ദര്‍ശകയായത്രേ.

വീട്ടില്‍ വന്നല്‍ നയന്‍താര കൊഞ്ചിക്കുഴഞ്ഞ് തന്നെ അക്കാ എന്ന് വിളിക്കുമായിരുന്നു എന്ന് പ്രഭുദേവയുടെ ഭാര്യ പറയുന്നു (അക്ക-ചക്ക എന്നു മേലേപ്പറമ്പില്‍ ആണ്‍വീട് എന്ന സിനിമയില്‍ ജഗതിച്ചേട്ടന്‍ പറയുന്നത് ഞാനോര്‍ക്കുകയാണ്) പ്രഭുവിനെ അവള്‍ സാര്‍ എന്നാണ് വിളിക്കാറ്. നയന്‍സ് അക്കാ എന്നു വിളിക്കുമ്പോള്‍ കുഞ്ഞനുജത്തിയോടുള്ള വാത്സല്യമായിരുന്നു തനിക്കെന്നും പ്രഭുദേവി പറയുന്നു. ഐറ്റം ഡാന്‍സ് കളിക്കുന്ന നയന്‍താരയ്‍ക്ക് വിശ്വാമിത്രനായ പ്രഭുദേവയുടെ മനസിളക്കാന്‍ എത്ര ഐറ്റം കളിക്കേണ്ടി വന്നാലും ശരി ആ മനസ്സ് അവള്‍ ഇളക്കിയെടുത്തു എന്നിടത്താണ് പോയിന്‍റ്.

ഭര്‍ത്താവിനെയും കുഞ്ഞനുജത്തിയെയും ചേര്‍ത്ത് പല കഥകളും നാട്ടില്‍ പ്രചരിച്ചപ്പോഴും താനതൊന്നും വിശ്വസിച്ചിരുന്നില്ലെന്നും ഒടുവില്‍ ഒരു ദിവസം കെട്ടിയോനെ തന്നേക്കുന്നോ അക്കാ എന്നു നയന്‍സ് മുഖത്തു നോക്കി ചോദിച്ചെന്നും ദേവയുടെ ഭാര്യ പറയുന്നു. മൂത്ത മകന്‍ വിശാല്‍ കാന്‍സര്‍ വന്ന് മരിച്ച ദുഃഖം മാറുന്നതിന് മുമ്പാണ് അവള്‍ തന്നോട് ഈ ചോദ്യം ചോദിച്ചതന്നും വിശാല്‍ മരിച്ചതിന്റെ പിറ്റേന്നുതന്നെ പ്രഭുദേവ നയന്‍താരയ്‌ക്കൊപ്പം ഊരുചുറ്റാന്‍ പോയെന്നും ആരോപണമുണ്ട്. ഇളയ മകന്‍ നയന്‍താരയുടെ ഫോട്ടോ പേപ്പറില്‍ കണ്ടാല്‍ ഉടന്‍ ആ പേപ്പര്‍ വലിച്ചുകീറും. അവളുടെ പാട്ടോ സിനിമയോ ടിവിയില്‍ വന്നാല്‍ ഉടന്‍ ടിവി ഓഫ് ചെയ്യും. നയന്‍സിന്‍റെ പടമിട്ടിരിക്കുന്ന ഈ ബ്ലോഗ് പയ്യന്‍ ഹാക്ക് ചെയ്യാതിരുന്നാല്‍ മതിയായിരുന്നു.

നര്‍ത്തകനായ പ്രഭുദേവയും ഉന്മാദനര്‍ത്തകിയായ നയന്‍സും തമ്മില്‍ എന്തോ ഒരിതുണ്ട്. അല്ലെങ്കിലും തിരുവല്ലയും തിരുച്ചിറപ്പള്ളിയുമൊക്കെ അടിസ്ഥാനപരമായി ഒന്നാണ്. കാറ്റേതാണ് കാറ്റാടിയേതാണെന്നു തിരിച്ചറിയാനുള്ള അറിവും വിവരവുമില്ലാത്ത പ്രഭുദേവയെ തട്ടിയെടുക്കുക വഴി പന്തിപ്പോള്‍ കേരളത്തിന്‍റെ കോര്‍ട്ടിലാണെന്നു പറയാം. അവിടെ തമിഴ്‍നാടിന്‍റെ ഗോളിയുടെ കയ്യിലിരിക്കുകയാണ് കേരളത്തിനാവശ്യമുള്ള സാന്‍റിയാഗോ മാര്‍ട്ടിന്‍. ദേവയെ കൊടുത്ത് മാര്‍ട്ടിനെ വാങ്ങാനുള്ള ഒരു ബാര്‍ട്ടര്‍ സംവിധാനമുണ്ടായിരുന്നെങ്കില്‍ നമുക്ക് നയന്‍സിനെ അനുനയിപ്പിക്കാമായിരുന്നു. ഇതിപ്പോള്‍ ദേവയെ കൊടുത്താലും മാര്‍ട്ടിനെ തരില്ല എന്ന ലൈനിലാണല്ലോ അപ്പോള്‍ കാര്യങ്ങള്‍. അപ്പോള്‍ ഒരു വീട്ടുവീഴ്ചയ്‍ക്ക് നമ്മളും സമ്മതിക്കരുത്.

അഞ്ചുകോടിയും മാരുതിക്കാറും കൊടുത്ത് ഭാര്യയെ ഒതുക്കാന്‍ പ്രഭുദേവ ശ്രമിച്ചെന്നും അഞ്ചല്ല അഞ്ഞൂറുകോടി കൊടുത്താലും അങ്ങനെ രക്ഷപെടാന്‍ സമ്മതിക്കില്ലെന്നും ഭാര്യ പറഞ്ഞെന്നുമൊക്കെ കഥകളുണ്ട്. എന്തായാലും ആ കല്യാണം നടക്കുകയാണെങ്കില്‍ തന്നെ ആത്മഹത്യ ചെയ്യാനനുവദിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ നല്‍കിയ ഹര്‍ജിയില്‍ പ്രഭുദേവയോടും നയന്‍സിനോടും കോടതിയില്‍ ഹാജരാകാന്‍ പറഞ്ഞിട്ടുണ്ട്. അതിനിടെ പ്രശ്നം കോടതിയുടെ പുറത്ത് വച്ച് തീര്‍ക്കാന്‍ പ്രഭുദേവ സ്വന്തം അച്ഛനെ മധ്യസ്ഥനാക്കിയിട്ടുണ്ടെന്നും കേള്‍ക്കുന്നു. എന്താ അല്ലേ ? മകന്‍റെ അവിഹിതബന്ധം വിഹിതമാക്കുന്നതിനു വേണ്ടി ഭാര്യയോട് ഒഴിഞ്ഞു കൊടുക്കണമെന്നു പറയേണ്ടി വരുന്ന ഒരച്ഛന്‍റെ അവസ്ഥ. ഒരു തമിഴ് മനസ്സില്‍ കഠാരയിറക്കിയ നയന്‍സിനെതിരെ സ്ത്രീസംഘടനകള്‍ നടത്തുന്ന ഉജ്ജ്വലമായ പോരാട്ടം മറ്റൊരു വഴിക്കു പുരോഗമിക്കുന്നു.

ഒടുവില്‍ പ്രഭുദേവ നയന്‍സിനെ കെട്ടുമോ ? കോടതി ഭാര്യയെ അത്മഹത്യ ചെയ്യാനനുവദിക്കുമോ ? സുന്ദരേട്ടന്‍ കോടതിക്കു പുറത്ത് മകനു വേണ്ടി നയതന്ത്രപരമായ ഇടപെടലുകള്‍ നടത്തുമോ ? സാന്‍റിയാഗോ മാര്‍ട്ടിന്‍ ഇങ്ങോട്ടു വരുമോ ? ഭൂട്ടാന്‍ രാജാവ് തമിഴ്‍ സിനിമയില്‍ അഭിനയിക്കുമോ ? സംഭവബഹുലമായ ദിനങ്ങള്‍ക്കായി കാത്തിരിക്കാം.

ഡൈവോഴ്സ് ഇന്‍ഷുറന്‍സ് !

തട്ടിപ്പോകുമെന്നുറപ്പുള്ളവര്‍ക്കായി ലൈഫ് ഇന്‍ഷുറന്‍സ്(എല്ലാ മനുഷ്യരും തട്ടിപ്പോകും എന്ന തിയറി അടിസ്ഥാനം), വണ്ടിയോടിക്കുന്നവര്‍ക്ക് വാഹന ഇന്‍ഷുറന്‍സ്, അടിക്കടി ആശുപത്രിയില്‍ പോകുന്നവര്‍ക്ക് ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, കാവ്യ മാധവനെപ്പോലെ അല്ലെങ്കില്‍ ശശി തരൂരിനെപ്പോലെ വിവാഹജീവിതം അവസാനിപ്പിക്കുന്നതിനും പുതിയതു തുടങ്ങുന്നതിനുമൊക്കെയായി ലക്ഷങ്ങള്‍ ചെലവിടുന്ന പാവങ്ങള്‍ക്ക് ഇവിടെ എന്തുണ്ട് ?

ഒരു കുന്തവും ഇല്ല എന്നു പറയാന്‍ വരട്ടെ. വിവാഹജീവിതത്തില്‍ ഉണ്ടാകാവുന്ന ഏറ്റവും വലിയ അപകടമാണ് ഡൈവോഴ്സ്-ചിലവുകളുടെ അടിസ്ഥാനത്തില്‍. വക്കീല്‍ നോട്ടീസ്, കോടതി ചെലവുകള്‍, ആസ്തിബാധ്യതകളുടെ പങ്കുവയ്‍ക്കല്‍ വീട് നഷ്ടപ്പെടാനും പങ്കുവയ്‍ക്കപ്പെടാനുമുള്ള സാധ്യത അങ്ങനെയങ്ങനെ വിവാഹസമയത്തുണ്ടാകുന്ന ലാഭവും വരുമാനവും അതിന്‍റെ അനേകം ഇരട്ടികളായി നഷ്ടപ്പെടാനുള്ള സാധ്യത വളരെ ശക്തമാണ്. ആ നഷ്ടമോര്‍ത്തു മാത്രം ഡ്രാവാഷ് ഒഴിവാക്കുന്ന കപ്ലിങ്സിനോട് സേഫ്ഗാര്‍ഡ് ഗാരന്‍റി കോര്‍പറേഷന്‍ എന്ന ഇന്‍ഷുറന്‍സ് കമ്പനി പറയുന്നു- ഞങ്ങളുണ്ട് കൂടെ !

ലോകത്താദ്യമായി(എന്നു കരുതുന്നു)ഡൈവോഴ്സ് ഇന്‍ഷുറന്‍സ് അവതരിപ്പിക്കുന്ന യുഎസ് കമ്പനി വിവാഹമോചനത്തിനു സാധ്യതയുള്ള ദാമ്പത്യങ്ങള്‍ക്ക് ഒരനുഗ്രഹമാണെന്നു പറയാം.ഇനി മറ്റു കമ്പനികളും ഇതു തുടങ്ങും. വിവാഹത്തിന്‍റെ അന്നു തന്നെ ദമ്പതികള്‍ക്ക് ഓരോ ഡൈവോഴ്സ് ഇന്‍ഷുറന്‍സും എടുക്കാം. എപ്പോ അടിച്ചു പിരിയുന്നോ അപ്പോ കിട്ടും കാശ്. ഇനി കാശിനു വേണ്ടി അടിച്ചു പിരിയാന്‍ ദമ്പതികള്‍ തീരുമാനിക്കുമോ ?

അമേരിക്കയിലാണ് ഇത് ഇപ്പോള്‍ അവതരിപ്പിക്കുന്നതെങ്കിലും വൈകാതെ ഇങ്ങോട്ടൊക്കെ വരുമെന്നു പ്രത്യാശിക്കാം. കേരളത്തിലൊക്കെ ഇത് തുടങ്ങിയാല്‍ ഡൈവോഴ്സ് നിരക്ക് കൂടും- ഏറെക്കൂറെ 1000 ശതമാനം വരെ. വിവാഹിതരായ എല്ലാവരും ഡൈവോഴ്സ് ചെയ്യും. ലക്ഷങ്ങള്‍ വാങ്ങിയ ശേഷം ഡൈവോഴ്സ് ചെയ്ത ഭാര്യയുമായി അവിഹിതം തുടങ്ങും. ഇന്‍ഷുറന്‍സ് കമ്പനി എപ്പോ കുത്തുപാളയെടുത്തെന്നു ചോദിച്ചാല്‍ മതി. മലയാളിയോടാ കളി!

യുഎസിലെ നോര്‍ത്ത് കരോലിനയിലെ സേഫ്ഗാര്‍ഡ് ഗാരന്‍റി കോര്‍പറേഷന്‍ വെഡ്‍ലോക്ക് എന്ന പേരിലാണ് ഡൈവോഴ്സ് ഇന്‍ഷുറന്‍സ് വില്‍ക്കുന്നത്. ആ മേഖലയിലുള്ള മലയാളികള്‍ ശ്രദ്ധിക്കുമല്ലോ. പ്രതിമാസം 16 ഡോളര്‍ വീതം അടച്ചാല്‍ ഡൈവോഴ്സ് സമയത്ത് 1250 ഡോളര്‍ ലഭിക്കും. കൂടുതല്‍ പണം ആവശ്യമുള്ളവര്‍ക്ക് ആവശ്യമനുസരിച്ച് എത്ര യൂണിറ്റ് വേണമെങ്കിലും വാങ്ങാം. പോളിസി എടുക്കുന്ന ദമ്പതികള്‍ വിവാഹമോചനം നേടുന്ന മുറയ്‍ക്ക് അതിന്‍റെ രേഖകള്‍ കമ്പനിക്ക് അയച്ചുകൊടുത്താല്‍ മടക്കത്തപാലില്‍ പണം വരുമെന്നാണ് പറയുന്നത്. എത്ര മനോഹരമായ ആചാരങ്ങള്‍ !

ഇനി നിങ്ങളുടെ വിവാഹമോചനത്തിന് എത്ര ചിലവാകും എന്ന് മുന്‍കൂട്ടി എങ്ങനെ അറിയും. മൂന്നും നാലു കഴിഞ്ഞവര്‍ക്കാണെങ്കില്‍ അതൊക്കെ അറിയാം. ഫസ്റ്റ് ടൈം ആകുമ്പോള്‍ ഒരു ആശയക്കുഴപ്പമുണ്ടാകും. അത്തരക്കാര്‍ക്കായി വെഡ്‍ലോക്ക് സൈറ്റില്‍ തന്നെ ഒരു ഡൈവോഴ്സ് കോസ്റ്റ് കാല്‍ക്കുലേറ്റര്‍ ഉണ്ട്. ഇനി നിങ്ങള്‍ തമ്മില്‍ ചെറിയ ഉരസലുകളുണ്ട്, പക്ഷേ ഭാവിയില്‍ എന്താകുമെന്നറിയാതെ ഒരു ഡൈവോഴ്സ് ഇന്‍ഷുറന്‍സ് എടുക്കണോ എന്നൊരാശയക്കുഴപ്പമുണ്ടെന്നു കരുതുക- നിങ്ങളുടെ ദാമ്പത്യം പൊളിയുമോ ഇല്ലയോ എന്നറിയാന്‍ ഒരു ഡൈവോഴ്സ് പ്രോബബിലിറ്റി കാല്‍കുലേറ്ററും അവതരിപ്പിച്ചിട്ടുണ്ട്.

ദാമ്പത്യം എത്രയെണ്ണം പൊളിഞ്ഞാലും കമ്പനി പൊളിയില്ല എന്നുറപ്പിക്കാം, കാരണം അവന്‍മാരുടെ കയ്യില്‍ പലതരത്തിലുള്ള കാല്‍ക്കുലേറ്ററുകളുണ്ട്. സോ, രാവിലെ തന്നെ ഭാര്യയും കൂട്ടി ഓരോ കാല്‍കുലേറ്ററായിട്ട് എടുത്തു വച്ച് കൂട്ടി നോക്കൂ. ഓരോ ഡൈവോഴ്സ് ഇന്‍ഷുറന്‍സ് എടുക്കു, അടുത്ത മാസം അടിച്ചു പിരിഞ്ഞ് ജീവിതം അടിച്ചുപൊളിക്കൂ !

ജനപ്രിയ നായകനു മംഗളം നേരുന്നു !

അങ്ങനെ നിശാല്‍ ചന്ദ്ര വീണ്ടും വരുന്നു, കുവൈത്തില്‍ നിന്ന്- ഓണം ആഘോഷിക്കാനല്ല, കാവ്യാ മാധവനെ വീട്ടിലിട്ടു പീഡിപ്പിച്ച കേസില്‍ പൊലീസിന്‍റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍.സ്വത്തിനും സ്ത്രീധനത്തിനും വേണ്ടി മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന നടി കാവ്യ മാധവന്റെ പരാതിയില്‍ രണ്ടാഴ്ചയ്ക്കകം ഹാജരാകണമെന്നാവശ്യപ്പെട്ട് കുവൈത്തിലുള്ള നിശാലിന് പാലാരിവട്ടം പൊലീസ് നിര്‍ദ്ദേശം നല്‍കി.

വിവാഹമോചനഹര്‍ജിയോടൊപ്പം ഭര്‍ത്താവും മാതാപിതാക്കളും മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നുകാട്ടി കാവ്യ പാലാരിവട്ടം പൊലീസില്‍ പരാതി നല്‍കിരുന്നല്ലോ. ആ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. കാവ്യയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ്, നിശാല്‍ ചന്ദ്ര, നിശാലിന്റെ അച്ഛന്‍ ചന്ദ്രമോഹന്‍, അമ്മ മണി നായര്‍, സഹോദരന്‍ ദീപക് ചന്ദ്ര എന്നിവര്‍ക്കെതിരെ സ്ത്രീപീഡനനിയമപ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു.

അതേ സമയം മംഗളം പത്രത്തിന്‍റെ വെബ്സൈറ്റില്‍ ഖണ്ഡശ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന നിശാല്‍ ചന്ദ്രയുടെ വക്കീല്‍ നോട്ടീസിന്‍റെ കാത്തുകാത്തിരുന്ന മൂന്നാമത്തെ എപ്പിഡോസില്‍ ആരെയും ഗോസിപ്പിന്‍റെ ഭാവഗായകരാക്കുന്ന വിവരങ്ങളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാറ്റ് ഹിസ്റ്ററി കേസില്‍ നിശാല്‍ ആരോപിച്ച മലയാള നടി സുജ കാര്‍ത്തികയും ജനപ്രിയനായകന്‍ നമ്മുടെ ജനപ്രിയനായകനുമാണെന്ന് മംഗളം നേരുന്നു. മംഗളം വെബ്സൈറ്റില്‍ സംഗതി വിശദമായി വായിക്കാമെന്നതിനാല്‍ ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. എങ്കിലും അതില്‍ നിശാല്‍ പറഞ്ഞിരിക്കുന്ന സുപ്രധാനമായ ചില പോയിന്‍റുകള്‍ മാത്രം വ്യക്തമാക്കാം.

വക്കീല്‍ നോട്ടീസിലെ ലോ പോയിന്‍റ്സ് താഴെ-

> മലയാള സിനിമയിലെ ജനപ്രിയ നടന്റെ നമ്പരിലേക്കുള്ള വിളികളുടെ ദൈര്‍ഘ്യവും വിളിച്ച സമയവും ഏതൊരു ഭര്‍ത്താവിന്റെയും മനസില്‍ സംശയത്തിന്റെ വിത്തുകള്‍ പാകുന്ന തരത്തിലുള്ളതാണ്. ഈ നടനുമായുള്ള ബന്ധമാണ്‌ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ കാവ്യയെ പ്രേരിപ്പിച്ചത്.

> സുജ കാര്‍ത്തികയും കാവ്യയുമായുള്ള ഇ മെയിലിന്റെയും ചാറ്റിങ്ങിന്റെയും വിശദാംശങ്ങളില്‍ പിണങ്ങിപ്പിരിയാനാണ്‌ കാവ്യ കുവൈറ്റിലെത്തിയതെന്നു വ്യക്‌തമാക്കുന്നുന്നുണ്ടായിരുന്നു, തെളിവുകളും കയ്യിലുണ്ട്.

> സിനിമയുടെ വര്‍ണപ്രപഞ്ചത്തില്‍നിന്നു പുറത്തുവരാന്‍ കാവ്യയ്‌ക്കു കഴിയുമായിരുന്നില്ല. കുടുംബിനിയുടെ റോള്‍ അവരെ വല്ലാതെ വീര്‍പ്പുമുട്ടിച്ചു.

> ‘നിങ്ങള്‍ ഒരു സാധാരണ എഞ്ചിനിയര്‍, നിങ്ങളുടെ സഹോദരന്‍ ഒരു സാധാരണ ഡോക്‌ടര്‍, നിങ്ങളുടെ അച്‌ഛന്‍ ഒരു സാധാ എഞ്ചിനിയര്‍. ഞാന്‍ ആരാണെന്ന്‌ അറിയാമോ, ഞാന്‍ നിങ്ങളേക്കാള്‍ എല്ലാം വളരെ മേലെയാണ്‌.’- 2009 ജൂലൈ ഏഴിന്‌ നിശാല്‍ ചന്ദ്രയോട് കാവ്യാ മാധവന്‍ ഫോണില്‍ പറഞ്ഞു.

> കാവ്യയുടെ വിവാഹം തകര്‍ന്നു, നിശാല്‍ തകര്‍ത്തു തുടങ്ങിയ വാര്‍ത്തകള്‍ കേട്ട് നാട്ടില്‍ മടങ്ങിയെത്തിയ നിശാലിനോട് കാവ്യയുടെ അച്ഛന്‍ പറഞ്ഞു- ‘എല്ലാം മാധ്യമസൃഷ്ടിയാണ്. എന്തായാലും നിശാല്‍ വന്നല്ലോ, ഇനി നമുക്ക് സൗഹൃദത്തോടെ പിരിയാം!’

> വിവാഹമോചനത്തിന്‌ താന്‍ തയാറാണ്‌. എന്നാല്‍ കാവ്യയും കുടുംബവും തന്റെ കുടുംബത്തിനുണ്ടാക്കിയ മാനഹാനി നീക്കണം. അതിനായി താന്‍ ഏതറ്റം വരെയും പോകുമെന്നും നിശാല്‍ വ്യക്തമാക്കുന്നു.

ഇതൊന്നും എന്‍റെ കണ്ടെത്തലല്ല, മംഗളത്തിലെ ഒരു സബ് എഡിറ്റര്‍ എഴുതിയതാണ്, തെറ്റാണെങ്കില്‍ മാപ്പു ചോദിക്കുന്നു. മംഗളത്തിലെ സബ് എഡിറ്ററും സമാനമായ ഒന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട് അതിങ്ങനെയാണ്- ‘നിശാലിന്റെ അഭിഭാഷകന്‍ അഡ്വ. ശശിധരന്‍പിള്ള കാവ്യയ്‌ക്ക് അയച്ച വക്കീല്‍ നോട്ടീസിലെ ആരോപണങ്ങളാണ്‌ ഇവിടെ പ്രസിദ്ധീകരിക്കുന്നത്‌. ഇതില്‍ എത്രത്തോളം വാസ്‌തവമുണ്ടെന്ന്‌ തീരുമാനിക്കേണ്ടത്‌ കോടതിയാണ്‌. മംഗളത്തിനു ലഭിച്ച വക്കീല്‍ നോട്ടീസ്‌ അതേപടി പ്രസിദ്ധീകരിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്‌. ‘

ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…

പ്ലാറ്റോണിക് റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ വന്‍കിട ഡിപ്ലോമാറ്റുകള്‍ പോലും പരാജയപ്പെടുമ്പോള്‍ ഞരമ്പില്‍ വികാരങ്ങള്‍കൊണ്ടു വീണമീട്ടുന്ന സാധാരണക്കാരന്റെ കാര്യം പറയണോ ? പ്രായമേതായാലും പ്രണയത്തിനു കടന്നുവരാന്‍ ഒന്നും ഒരു തടസ്സമല്ല. എങ്കിലും, ഓരോരോ പെണ്ണുങ്ങളെ മനസ്സില്‍ ചുമക്കുകയും മറ്റൊരുത്തിയുടെ കൂടെ സ്ഥിരം മാന്യനായി പൊറുക്കുകയും ചെയ്യുന്നതിനെക്കാള്‍ ഭേദമാണ് മനസിലുള്ളവളെ തന്നെ കൂടെ പൊറുപ്പിക്കാനുള്ള സത്യസന്ധമായ ഡിപ്ലോമസി.

മുന്‍കേന്ദ്രമന്ത്രി ശശി തരൂര്‍ ഐപിഎല്‍ ഫ്രണ്ട് സുനന്ദ പുഷ്കറിനെ ഈ ചിങ്ങം പൊട്ടിവിടരുന്ന ദിനം ശുഭമുഹൂര്‍ത്തത്തില്‍ തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ വച്ച് മിന്നുകെട്ടി മണവാട്ടിയാക്കുമെന്ന് കേരള മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതായി ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഞാനൊരു ആഗോളപ്രസ്ഥാനമായതിനാല്‍ ഈ ഇട്ടാവട്ടത്തില്‍ കിടന്നു തായം കളിക്കാന്‍ താല്‍പര്യവുമില്ല, തീരെ ടൈമുമില്ല. അല്ലെങ്കില്‍ തന്നെ ഈ ബ്ലോഗില്‍ കൊള്ളാവുന്ന സംഭവങ്ങളുടെ ഉച്ഛിഷ്ഠവും അമേധ്യവും മാത്രമേയുള്ളെന്നാണ് വിവരമുള്ളവര്‍ പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് കണ്ടതും കേട്ടതും മാത്രം വേഗം പറഞ്ഞവസാനിപ്പിക്കാം.

ഐപിഎല്‍ പ്രശ്നം വന്നപ്പോഴേ ശശി സര്‍ വ്യക്തമായി പറഞ്ഞതാണ് സുനന്ദ തന്റെ സുഹൃത്ത് മാത്രമാണെന്ന്. സുനന്ദയും അത് തന്നെ പറഞ്ഞു. അപ്പോഴും രണ്ടു പേരെയും അവിടെ കണ്ടു, ഇവിടെ കണ്ടു എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങള്‍ ഇരുവരുടെയും ചിത്രം സഹിതം പലതും എഴുതി പിടിപ്പിച്ചു. ഇവര്‍ പ്രണയമാണെന്നും വിവാഹം കഴിക്കാന്‍ പോകുന്നെന്നും വരെ പറഞ്ഞു. മാധ്യമങ്ങള്‍ എഴുതിയെഴുതി മുഖ്യമന്ത്രിമാരെ വരെയുണ്ടാക്കുന്ന നാടാണ്. ആ പ്ലേറ്റോണിക് സൌഹൃദത്തെയും പ്രണയമാക്കിയ മാധ്യമസൃഷ്ടി യാഥാര്‍ഥ്യമാകാന്‍ പോകുന്നു എന്നാണ് ഇപ്പോള്‍ ദേശീയ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

അല്ലെങ്കില്‍ പിന്നെ, കഴിഞ്ഞയാഴ്ച വിവാഹമോചനം അടിച്ച് കയ്യില്‍ വാങ്ങിയിട്ട് കുടുംബസമാധാനത്തിനു വേണ്ടി പൂജ നടത്താന്‍ തരൂര്‍ ഷിര്‍ദിസായി ബാബയുടെ അടുക്കല്‍ പോകുമോ എന്നാണ് പപ്പരാസികള്‍ ചോദിക്കുന്നത്. തളച്ച ആനയെ മയക്കുവെടി വയ്ക്കുന്നതു പോലെ അര്‍ഥശൂന്യമല്ലേ അതെന്നായിരിക്കും സൂചന. വിവാഹശേഷം ഐശ്വര്യാ റായിയും അഭിഷേക് ബച്ചനും പൂജാദികര്‍മാദികള്‍ നടത്തിയ റിപ്പോര്‍ട്ടുകളിലേതു പോലെയുള്ള ചിത്രങ്ങളുമായി മാധ്യമങ്ങള്‍ ആ, ആ, ഊം എന്നൊക്കെ അര്‍ഥം വച്ചുള്ള വാര്‍ത്തകളെഴുതുന്നു. ഇനിയിപ്പോള്‍ അന്ന് അഭി-ആഷ് എന്നു വിശേഷിപ്പിച്ചതുപോലെ ഹരം കൂട്ടാന്‍ ശശി-സുന എന്നു കൂടി വിശേഷിപ്പിച്ചാല്‍ ജോറായി.

കഴിഞ്ഞയാഴ്ച കാനഡക്കാരിയായ ഭാര്യ ക്രിസ്റ്റ ഗേല്‍സില്‍ നിന്നു വിവാഹമോചനം നേടിയ തരൂര്‍ പാര്‍ലമെന്റ് രേഖകളില്‍ സ്റ്റാറ്റസ് ഡൈവേഴ്സി എന്നു മാറ്റിയിട്ടുണ്ടത്രേ. ചിങ്ങം ഒന്നായ ഓഗസ്റ്റ് 17ന് മിന്നുകെട്ടാണെന്ന് മലയാളം മീഡിയ പറയുന്നത് പക്ഷെ, ദേശീയ ന്യൂസ് ഏജന്‍സികള്‍ അപ്പാടെ വിശ്വസിച്ചിട്ടില്ല. ചിങ്ങം ഒന്നിനു തുടക്കം കുറിക്കാന്‍ പുതിയ മലയാളം ചാനലൊന്നുമല്ലാത്തതിനാല്‍ അതെപ്പറ്റി അവര്‍ വിശദമായൊരന്വേഷണം നടത്തിയിട്ടുണ്ട്. അങ്ങനെ കേള്‍ക്കുന്നു, ഇങ്ങനെ കേള്‍ക്കുന്നു എന്നൊക്കെ എഴുതുന്നതിനു പകരം കൃത്യമായി കല്യാണക്കുറി നോക്കിയെഴുതിയതെന്ന പോലെയാണ് ചില റിപ്പോര്‍ട്ടുകളില്‍ കാണുന്നത്.

ഓഗസ്റ്റ് 22ന് തരൂരിന്റെ പാലക്കാട്ടെ തറവാട്ടുവീട്ടില്‍ വച്ച് കല്യാണം. തികച്ചും സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമായിരിക്കും പങ്കെടുക്കുക. കഴിഞ്ഞിട്ടില്ല, വിവാഹശേഷം സെപ്റ്റംബര്‍ മൂന്നിനു ഡല്‍ഹിയില്‍ വച്ച് വിവാഹസല്‍ക്കാരം. അതില്‍ ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ പങ്കെടുക്കും. അതില്‍ പങ്കെടുക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ആ പരിപാടിയുടെ ക്ഷണക്കത്ത് ഡല്‍ഹിയിലാണ് ഡിസൈന്‍ ചെയ്യുന്നതെന്നും വരെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ 27ന് ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നത്രേ.

എന്തായാലും വിവാഹം നടക്കുന്നതു വരെ നമ്മള്‍ ഒന്നും മിണ്ടാതിരിക്കുന്നതാണ് നല്ലത്. മാധ്യമങ്ങള്‍ എന്തെങ്കിലുമൊക്കെ പറയട്ടെ. ഇനി അവര്‍ ശരിക്കും വിവാഹം കഴിക്കുന്നില്ലെങ്കിലോ ? ട്വിറ്ററില്‍ ഇങ്ങനെയൊരു പരിപാടിയെക്കുറിച്ച് അദ്ദേഹം ഒന്നും പറയാത്ത നിലയ്ക്ക് നമ്മളായിട്ട് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. കല്യാണം കഴിയട്ടെ, അപ്പോള്‍ അന്തസ്സായി ആശംസകള്‍ അര്‍പ്പിക്കാം, അതല്ലേ ഡീസന്‍സി ?

താരദാമ്പത്യത്തിലെ ഭൂതം

മലയാള സിനിമ സിനിമയുടെ കാര്യത്തിലെത്തിയില്ലെങ്കിലും വിവാദങ്ങളുടെ കാര്യത്തില്‍ ഹോളിവുഡി നിലവാരത്തിലേക്ക് എത്തുമെന്നു തോന്നുന്നു. വല്ലപ്പോഴും വല്ല നടിമാരും ആത്മഹത്യക്കു ശ്രമിച്ചു എന്നുള്ള സോ കോള്‍ഡ് അഭ്യൂഹങ്ങളും താരങ്ങള്‍ പെണ്ണുപിടിയില്‍ ആയിരങ്ങള്‍ തികയ്‍ക്കുന്നതിന്‍റെ വടക്കന്‍ പാട്ടുകളുമല്ലാതെ നിലവാരമുള്ള റിയാലിറ്റി ഗോസിപ്പുകള്‍ ഉണ്ടായിരുന്നില്ല. കാവ്യ മാധവന്‍ വിവാഹം കഴിച്ചതോടെ മാധ്യമങ്ങള്‍ക്ക് ആ പഞ്ഞം തീര്‍ന്നു. വിവാഹം തകര്‍ന്നേക്കും, തകരുന്നു, ദേ തകര്‍ന്നു എന്നു മാസങ്ങള്‍ക്കു മുമ്പേ വാര്‍ത്ത അടിച്ച് ആഘോഷിച്ചതിനു ശേഷം ഇപ്പോള്‍ വിവാഹമോചന ഹര്‍ജി മുതല്‍ അങ്ങോട്ട് അണുവിട പിഴയ്‍ക്കാതെ എല്ലാ അപ്‍ഡേറ്റുകളും കൃത്യമായി ലഭിക്കുന്നു.

കാവ്യയുടെ വിവാദമായ ഹര്‍ജിയിലെ ഏറെക്കുറെ എല്ലാ വിരവരങ്ങളും ജനങ്ങളിഞ്ഞു കഴിഞ്ഞതാണ്. അതിനു നിശാല്‍ നല്‍കിയ മറുപടി അല്ലെങ്കില്‍ കാവ്യക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് പുതിയ ആഘോഷം. കാവ്യ ഉന്നയിച്ച മിക്കവാറും ആരോപണങ്ങള്‍ക്കും നിശാല്‍ മറുപടി നല്‍കിയിട്ടുണ്ട്. പ്രമുഖ അഭിഭാഷകന്‍ അഡ്വ. ശശിധരന്‍പിള്ള മുഖേന നിശാലിന്റെ കുടുംബം കാവ്യയ്‌ക്ക് അയച്ച വക്കീല്‍ നോട്ടീസില്‍ ഗുരുതരമായ ആരോപണങ്ങളാണത്രേ നിശാല്‍ ഉന്നയിക്കുന്നത്.

മലയാളത്തിലെ ജനപ്രിയനായകന്‍റെ പേരും അഭിനയം നിര്‍ത്തിയ പ്രമുഖനടിയും ഒക്കെ വിവാദത്തിലേക്കു പേരെടുത്തു പരാമര്‍ശിക്കപ്പെടാതെ തന്നെ വലിച്ചിഴക്കപ്പെടുന്നു. ആറു മാസത്തോളം നീണ്ട ദാമ്പത്യത്തിനിടയില്‍ മൂന്നു മാസം മാത്രമാണ്‌ കാവ്യ കുവൈറ്റിലുണ്ടായിരുന്നതെന്നും ഇതില്‍ അഞ്ചാഴ്‌ച കാവ്യയുടെ മാതാപിതാക്കള്‍ ഒപ്പമുണ്ടായിരുന്നെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഒരാഴ്‌ചത്തെ മധുവിധു യാത്രയും കൂടി കിഴിച്ചാല്‍ ശേഷിക്കുന്ന ആറാഴ്‌ചത്തെ വാസത്തിനിടെയാണ്‌ പീഡിപ്പിച്ചെന്നും കൂടിച്ചേരാനാകാത്ത വിധം അകന്നു എന്നും കാവ്യ പറയുന്നതും അവിശ്വസനീയമാണെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു.പീഡിപ്പിക്കാന്‍ ആറാഴ്ച പോരെന്നാണ് നിശാല്‍ പറയുന്നതെന്നു തോന്നുന്നു.

2008 ഓഗസ്‌റ്റ് എട്ടിന്‌ പെണ്ണുകാണല്‍ ചടങ്ങിനു ശേഷം വിവാഹനിശ്‌ചയം നടന്നതു മുതലുള്ള സംഭവങ്ങള്‍ വക്കീല്‍ നോട്ടീസില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ടത്രേ. വിവാഹനിശ്ചയശേഷം ജനുവരി 30-ന്‌ വിവാഹത്തിനായി കുവൈറ്റില്‍നിന്ന്‌ നാട്ടിലേക്ക്‌ പുറപ്പെടും മുന്‍പാണ്‌ നിശാലിന്‌ വിവാഹത്തില്‍നിന്ന്‌ പിന്മാറണമെന്നാവശ്യപ്പെട്ട്‌ കാവ്യ ഫോണ്‍ വിളിച്ചു എന്നും എനിക്ക് ഈ കല്യാണത്തില്‍ താല്‍പ്പര്യമില്ലെന്നു കാവ്യ വെട്ടിത്തുറന്നു പറഞ്ഞെന്നും പറയുന്നു. തമാശ ആയിരിക്കുമെന്നാണ്‌ ആദ്യം കരുതിയതെങ്കിലും കാവ്യ അപമര്യാദയായി സംസാരിച്ചതോടെ പ്രശ്‌നം ഗുരുതരമാണെന്നു മനസിലാക്കുകയും നാട്ടിലുള്ള ജ്യേഷ്‌ഠനെ വിളിച്ച്‌ പ്രശ്‌നം പറയുകയും ചെയ്‌തു. വിവാഹത്തിനായി എടുത്ത ടിക്കറ്റ്‌ ക്യാന്‍സല്‍ ചെയ്യാന്‍ തുടങ്ങിയെങ്കിലും സ്വന്തം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി നിശാല്‍ നാട്ടിലേക്ക്‌ വരിയകയായിരുന്നു. വിവാഹത്തിന് മൂന്നു ദിവസം മുമ്പ് കാവ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി അഭ്യൂഹങ്ങള്‍ കേട്ടിരുന്നു. ഇതേക്കുറിച്ചു അന്വേഷിച്ചപ്പോള്‍ കാവ്യയുടെ മാതാപിതാക്കള്‍ വ്യക്തമായ മറുപടി തന്നില്ല.

ആശയക്കുഴപ്പത്തിലായ നിശാല്‍ കാവ്യയുമായി നേരിട്ടു സംസാരിക്കാന്‍ പുലര്‍ച്ചെ മൂന്നു മണിയോടെ കാവ്യയുടെ വീട്ടിലെത്തിയ നിശാലിനെ മാതാപിതാക്കള്‍ സ്വീകരിച്ചു. എത്തുന്ന വിവരം അറിയിച്ചിട്ടും കാവ്യ മുറിയില്‍നിന്നു പുറത്തുവന്നില്ല. അഞ്ചു മണിക്ക്‌ നിസംഗ ഭാവത്തില്‍ നിശാലിനെ കാണാനെത്തിയ കാവ്യ അധികം വൈകും മുന്‍പ്‌ മേക്കപ്പിട്ട്‌ ‘പട്ടണത്തില്‍ ഭൂതം’ സിനിമയുടെ ഷൂട്ടിങിനായി യാത്ര തിരിച്ചു. പോകുമ്പോള്‍ നിശാലിനോടു യാത്ര പറയാനുള്ള സമാന്യ മര്യാദ പോലും കാവ്യ കാണിച്ചില്ല.വൈകിട്ട്‌ മടങ്ങിയെത്തിയ കാവ്യ ഒന്നും സംഭവിക്കാത്തതുപോലെ വിവാഹത്തിനു സമ്മതമാണെന്നു പറയുകയും സ്‌നേഹത്തോടെ നിശാലുമായി പെരുമാറുകയും ചെയ്‌തുവെന്നും നോട്ടീസില്‍ പറയുന്നു.

വിവാഹശേഷം ആഭരണങ്ങള്‍ അടങ്ങിയ ബ്രീഫ്‌കെയ്‌സുമായി കാവ്യയുടെ അമ്മ നിശാലിന്റെ മാതാവിനെ സമീപിച്ചെങ്കിലും ആഭരണങ്ങള്‍ കാവ്യയുടെ അമ്മ തന്നെ സൂക്ഷിച്ചാല്‍ മതിയെന്നായിരുന്നു നിശാലിന്റെ അമ്മ മറുപടി നല്‍കിയതത്രേ. കുവൈറ്റിലെത്തിയ ശേഷം പട്ടണത്തില്‍ ഭൂതത്തിന്‍റെ ഷൂട്ടിങ് പൂര്‍ത്തിയാക്കാനെത്തിയ കാവ്യ മടങ്ങിയെത്തിയതിനു ശേഷമാണത്രേ കാര്യങ്ങള്‍ തകിടം മറിഞ്ഞത്.

കാവ്യയും മലയാളത്തിലെ ഒരു പ്രമുഖനടനുമായുള്ള ബന്ധവും കാവ്യ തന്‍റെ അടുത്ത സുഹൃത്തായ മുന്‍നടിയോടു ചാറ്റിങ്ങിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങളും അറിഞ്ഞപ്പോഴാണ് താന്‍ ശരിക്കും തകര്‍ന്നതെന്ന് നിശാല്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു. ഏതാണ് ആ നടന്‍ ? കാവ്യയുടെ ചാറ്റ് ഹിസ്റ്ററിയില്‍ എന്തൊക്കെയാണ് പറഞ്ഞിരിക്കുന്നത് ?

വക്കീല്‍ നോട്ടീസിന്‍റെ പകര്‍പ്പ് കയ്യില്‍ വച്ച് ചില വെബ്സൈറ്റുകളും പ്രസിദ്ധീകരണങ്ങളും സംഗതി ഖണ്ഡശ പ്രസിദ്ധീകരിക്കുകയാണ്. വക്കീല്‍ നോട്ടീസ് ഒക്കെ പരമ്പരയാക്കുന്നവരെ സമ്മതിക്കണം. എന്തായാലും കാവ്യയുടെ ആരോപണങ്ങള്‍ പ്രസിദ്ധീകരിച്ചവരെല്ലാം നിശാലിന്‍റെ ആരോപണങ്ങളും പ്രസിദ്ധീകരിക്കാന്‍ ബാധ്യസ്ഥരാണ്. ഒന്നും പ്രസിദ്ധീകരിക്കാത്തവര്‍ ഭാഗ്യവാന്‍മാര്‍. തനിക്കു പറയാനുള്ളതിന്‍റെ വിശദമായ ഒരു റിലീസ് മാധ്യമങ്ങള്‍ക്കായി വേറെ ഇറക്കുന്നുണ്ടെന്നും നിശാല്‍ പറഞ്ഞിട്ടുണ്ടത്രേ.

ഇതിനിടയില്‍ മേല്‍പ്പറഞ്ഞ ജനപ്രിയ നടന്‍റെ ഭാര്യയായ മലയാളത്തിലെ മുന്‍ജനപ്രിയ നായിക ഈ വിവാദങ്ങള്‍ ആരംഭിച്ച ശേഷം ആത്മഹത്യാശ്രമം നടത്തിയതായി പുതിയൊരു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. എന്തായാലും സംഗതി കൂടുതല്‍ കൂടുതല്‍ നാറ്റക്കേസായി വന്നുകൊണ്ടിരിക്കുകയാണ്. അകത്തു കിടക്കുന്നതെല്ലാം വലിച്ചു പുറത്തിട്ട് എല്ലാവരും കൂടി അത് കൂടുതല്‍ കൂതറയാക്കും. സിനിമാക്കാരുടെ ചീഞ്ഞളിഞ്ഞ ജീവിതം കണ്ട് ജനം മൂക്കുപൊത്തി ചിരിക്കുകയാണ്. സംഗതി സിനിമാറ്റിക് ആയതുകൊണ്ട് ആ നാറ്റവും ഒരു സുഗന്ധമാണല്ലോ !