ജൂറിയെ കല്ലെറിയുന്നവര്‍

ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെക്കാള്‍ മുന്‍പേ വന്നത് വിവാദങ്ങളാണ്. അവാര്‍ഡിനോടൊപ്പം തന്നെ വിവാദങ്ങളും അവാര്‍ഡിനെക്കാള്‍ തിളക്കത്തില്‍ വാര്‍ത്തകളില്‍ കത്തിപ്പിടിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കിയില്ല എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട വിവാദവും ആക്ഷേപവും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ വ്യക്തിത്വമുള്ള ഒന്നാണ്. സുരാജ് വെഞ്ഞാറമ്മൂടിനെ മികച്ച നടനുള്ള അവാര്‍ഡിനു പരിഗണിച്ചില്ല എന്നത് ഒരു അപരാധമായി കാണാനാവില്ല.

ഒന്നാമത്, ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ തന്തയല്ല. ദേശീയ ജൂറി അവാര്‍ഡ് കൊടുത്ത പടങ്ങള്‍ക്കു തന്നെ അവാര്‍ഡ് കൊടുത്തിരുന്നെങ്കില്‍ അതായിരുന്നേനെ അവാര്‍ഡ് നിര്‍ണയത്തിലെ ഏറ്റവും പരിഹാസ്യമായ അധ്യായം. ജൂറിയുടെ വിധിനിര്‍ണയം തെറ്റാണെങ്കിലും ശരിയാണെങ്കിലും അതിനെ അംഗീകരിക്കുക എന്നതാണ് മര്യാദ. അതുകൊണ്ടാണ് നമ്മള്‍ അതിനെ വിധി എന്നു വിളിക്കുന്നത്. അവാര്‍ഡുകളെക്കുറിച്ച് ആക്ഷേകവും പരാതികളും പതിവുപോലെ ഉണ്ടെങ്കിലും ഇക്കാര്യത്തില്‍ അന്തസുറ്റ രീതിയില്‍ പ്രതികരിച്ച് മാന്യത കാട്ടിയത് സുരാജ് വെഞ്ഞാറമ്മൂട് തന്നെയാണ്. ദേശീയ അവാര്‍ഡ് ലഭിച്ചപ്പോഴും വളരെ പക്വതയുള്ള പ്രതികരണമായിരുന്നു അദ്ദേഹത്തിന്റേത്. അവാര്‍ഡിനു വേണ്ടി പ്രത്യേക തരം പടങ്ങളില്‍ അഭിനയിക്കുകയും അവാര്‍ഡ് തന്നെത്തേടി വരുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്ന താരങ്ങള്‍ സുരാജിനെ മാതൃകയാക്കണം എന്നതാണ് ദേശീയ-സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നല്‍കുന്ന സന്ദേശം.

സുരാജ് വെഞ്ഞാറമ്മൂടിന് മികച്ച നടനുള്ള പുരസ്‌കാരം നല്‍കാത്തതുകൊണ്ട് ഈ അവാര്‍ഡ് മൊത്തത്തില്‍ തകരാറാണ് എന്നാണ് ചിലര്‍ പറയുന്നത്. നല്ല സംവിധായകനാണെങ്കിലും ഡോ.ബിജുവിന്റെ പ്രതികരണങ്ങള്‍ അത്ര നല്ല രീതിയിലല്ല. ദേശീയ അവാര്‍ഡിന്റെ അടിസ്ഥാനത്തിലാവണം സംസ്ഥാന അവാര്‍ഡും നല്‍കേണ്ടത് എന്നത് വളരെ വില കുറഞ്ഞ ഒരു വാദമാണ്. ജൂറിയില്‍ അടങ്ങിയിരിക്കുന്നവരും നമ്മളെപ്പോലെ മനുഷ്യരാണ്. ദേശീയ ജൂറി ചിത്രങ്ങളെ വിലയിരുത്തിയതുപോലെ തന്നെ സംസ്ഥാന ജൂറിയും വിലയിരുത്തണം എന്നു പറയുന്നത് ജൂറിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്നതിനു തുല്യമാണ്. വ്യത്യസ്തരായ ആളുകള്‍ വ്യത്യസ്തസമയങ്ങളില്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഒരുപോലെയാവണം എന്നു വാശിപിടിക്കുന്നത് ബുദ്ധിശൂന്യതയാണ്.
അവാര്‍ഡ് പ്രഖ്യാപനം കഴിയുമ്പോള്‍ ജൂറിയെ പത്തു തെറി പറയുന്നത് കേരളത്തിലെ ഒരു ആചാരമായതുകൊണ്ട് സാരമില്ലെന്നു വയ്ക്കാം.

സുരാജിനു ദേശീയ അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് മുഴുവന്‍ ഹാസ്യതാരങ്ങള്‍ക്കുള്ള അംഗീകാരമാണെന്നു പറഞ്ഞു വികാരം കൊണ്ടവര്‍ അതേ സുരാജിനു മികച്ച ഹാസ്യനടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ അത് സുരാജിനെ അവഹേളിക്കലാണെന്നു പറയുന്നതിനെക്കാള്‍ വലിയൊരു ഇരട്ടത്താപ്പില്ല. മികച്ച നടനുള്ള അവാര്‍ഡ് പോലെ തന്നെ വലിയൊരു അംഗീകാരമായി അതിനെയും കാണാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഹാസ്യനടന്‍മാരുടെ വക്താക്കളാകുന്നത് എന്നതു മനസ്സിലാവുന്നില്ല. ഇനി ദേശീയ അവാര്‍ഡ് ലഭിച്ചത് സുരാജിനല്ല എന്നു കരുതുക. സംസ്ഥാന ജൂറി സുരാജിന് അവാര്‍ഡ് നല്‍കിയിരുന്നെങ്കില്‍ നാലാംകിട കോമഡി നടന് മികച്ച നടനുള്ള അവാര്‍ഡ് നല്‍കി ആ അവാര്‍ഡിനെ അവഹേളിച്ചെന്ന് ഇതേ ആളുകള്‍ പറഞ്ഞേനെ.

എന്റെ വ്യക്തിപരമായ കാഴ്ചപ്പാടില്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുന്‍വര്‍ഷങ്ങളിലെ അവാര്‍ഡുകളെക്കാള്‍ കൂടുതല്‍ പക്വത കൈവരിച്ചിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാറി മാറി നല്‍കിയിരുന്ന അവാര്‍ഡ് ഈ വര്‍ഷം ലഭിച്ചവരെല്ലാവരും അതിന് അര്‍ഹരാണ് എന്നതില്‍ സംശയമില്ല. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലൂടെ ഫഹദ് ഫാസില്‍ കയ്യടക്കത്തോടെയുള്ള സൂക്ഷ്മാഭിനയമാണ് കാഴ്ചവച്ചത്. ലാലും ഒരു മോശം നടനല്ല. മറ്റുള്ള അവാര്‍ഡുകളുടെ കാര്യത്തിലും ആക്ഷേപത്തിനു സാധ്യതയില്ല.

അവാര്‍ഡുകള്‍ ഒരു കലാകാരന്റെ കഴിവിന്റെ അളവുകോലോ അവസാനവാക്കോ അല്ല. അനേകം കലാകാരന്‍മാരില്‍ നിന്നു ചിലരുടെ ചില സമയത്തെ പ്രകടനം മാത്രം അടിയവരയിടുന്ന അംഗീകാരമാണ്. അവാര്‍ഡുകള്‍ കലാകാരന്‍മാര്‍ക്ക് ഒരംഗീകാരമാണ്. അത് കിട്ടാത്തവര്‍ അവഹേളിക്കപ്പെടുന്നില്ല. സംസ്ഥാന ചലച്ചിത്രപുരസ്‌കാരം നേടിയ എല്ലാ കലാകാരന്‍മാര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍ നേരുന്നു.

ചരിത്രം കുറിച്ച് ഗ്യാങ്‌സ്റ്റര്‍

ഈ പോസ്റ്റില്‍ ആക്ഷേപഹാസ്യമില്ല. പ്രേക്ഷകര്‍ വിമര്‍ശിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആഷിക് അബുവിന്റെ ഗ്യാങ്സ്റ്റര്‍ എന്ന മമ്മൂട്ടിച്ചിത്രം പുതിയ ചരിത്രം കുറിക്കുന്നതിന്റെ കഥയാണ്. മോഹന്‍ലാല്‍ നായകനായ ജീത്തു ജോസഫ് സിനിമ ദൃശ്യം 100 ദിവസം കൊണ്ട് കേരളത്തിലെ തിയറ്ററുകള്‍ നിറഞ്ഞു പ്രദര്‍ശിപ്പിച്ചിട്ടാണ് 50 കോടി രൂപ കളക്ഷന്‍ നേടി റെക്കോര്‍ഡിട്ടതെങ്കില്‍ ഗ്യാങ്‌സ്റ്റര്‍ പ്രേക്ഷകരുടെ വിമര്‍ശനങ്ങള്‍ക്കിടയിലും രണ്ടാം വാരത്തില്‍ തന്നെ 50 കോടി നേടുന്ന ലക്ഷണമാണ്.

ഗ്യാങ്‌സ്റ്റര്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനുമുള്ള വിവേകമോ കലാബോധമോ കേരളത്തിലെ പ്രേക്ഷകര്‍ക്കില്ലാതെ പോയതാണ് സിനിമക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ക്കു കാരണം എന്നു ഞാന്‍ അന്നു തന്നെ പറഞ്ഞിരുന്നു. അത് ശരി വയ്ക്കുന്നതാണ് ഓണ്‍ലൈന്‍ മീഡിയ പുറത്തുവിട്ടിരിക്കുന്ന ഗ്യാങ്സ്റ്ററിന്റെ കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍. വവിധ ഓണ്‍ലൈന്‍ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഗ്യാങ്‌സ്റ്റര്‍ ആദ്യദിവസം ആറു കോടി രൂപയും രണ്ടാം ദിവസം 3.8 കോടി രൂപയും മൂന്നാം ദിവസം 4.6 കോടി രൂപയും നേടിയിട്ടുണ്ട്. ഇതിനു പുറമേ കൈരളി ചാനല്‍ അഞ്ചു കോടി രൂപയ്ക്കാണ് സിനിമയുടെ സാറ്റലൈറ്റ് അവകാശം വാങ്ങിയിരിക്കുന്നത്. അതായത് ആദ്യ മൂന്നു ദിവസത്തിനുള്ളില്‍ തന്നെ സിനിമ നേടിയത് 19.4 കോടി രൂപ.

ഇത് മലയാള സിനിമയിലെ സര്‍വകാല റെക്കോര്‍ഡാണ്. ആദ്യമൂന്നു ദിവസത്തെ കലക്ഷന്റെ ഗ്രാഫ് നോക്കിയാല്‍ ഇതിനോടകം സിനിമ ഏറ്റവും കൂറഞ്ഞത് 30 കോടി രൂപയെങ്കിലും നേടിയിട്ടുണ്ടാകുമെന്നുറപ്പിക്കാം. 100 ദിവസത്തോളം കേരളത്തില്‍ ഹൗസ് ഫുള്ളായി ഓടിയ ദൃശ്യം നേടിയത് 50 കോടി രൂപയാണെന്നിരിക്കെ പ്രേക്ഷകരുടെ വിമര്‍ശനങ്ങളേറ്റുവാങ്ങിയിട്ടും ഗ്യാങ്സ്റ്റര്‍ വെറും ഒരാഴ്ച കൊണ്ട് 30 കോടി നേടിയെങ്കില്‍ അത് പുതിയ ചരിത്രമാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. ഗ്യാങ്‌സ്റ്ററിനെപ്പറ്റി പറഞ്ഞു കേട്ടിട്ടാണോ അതോ സിനിമ തന്നെ കണ്ടിട്ടാണോ- ഗ്യാങ്‌സ്റ്റര്‍ ഹിന്ദിയില്‍ നിര്‍മിക്കുന്നതിനായി ആമിര്‍ ഖാന്‍ ആഷിക് അബുവിന്റെ പിന്നാലെ നടക്കുകയാണെന്നും കേള്‍ക്കുന്നു. അഞ്ചുകോടി രൂപ കൊടുത്ത് ഗ്യാങ്സ്റ്ററിന്റെ റൈറ്റ് വാങ്ങി ഹിന്ദിയിലിറക്കാനാണേ്രത ആമിര്‍ ഖാന്‍ ഉദ്ദേശിക്കുന്നത്. കുഴപ്പം സിനിമയുടെയല്ല കേരളത്തിലെ അലവലാതി പ്രേക്ഷകരുടെയാണെന്ന് ഞാന്‍ അന്നു പറഞ്ഞത് ശരി വയ്ക്കുന്നതാണ് സത്യസന്ധവും സുതാര്യവുമായ ഈ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകള്‍.

ഇനി ഗ്യാങ്‌സ്റ്ററിനെ വിമര്‍ശിക്കുന്നത് ആരാണ് എന്നതാണ് അടുത്ത ചോദ്യം. ഗ്യാങ്‌സ്റ്ററിന്റെ യഥാര്‍ഥ പ്രേക്ഷകരല്ല സിനിമയുടെ വിമര്‍ശകരെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. സിനിമയെ ഫെയ്‌സ്ബുക്കിലൂടെയും മറ്റും ഓണ്‍ലൈനായും റോഡിലും ചായക്കടയിലും മറ്റുമിരുന്ന് ഓഫ്‌ലൈനായും വിമര്‍ശിക്കുന്നവര്‍ പ്രേക്ഷകരല്ല മറിച്ച് വര്‍ഗീയവാദികളും സിപിഎം വിരുദ്ധരും സദാചാരഗുണ്ടകളുമാണത്രേ. നല്ല പ്രേക്ഷകര്‍ക്ക് ഒരിക്കലും ഗ്യാങ്സ്റ്ററിനെ എന്നല്ല ആഷിക് അബുവിന്റെ ഒരു സിനിമയെയും തള്ളിപ്പറയാനാവില്ല എന്നാണ് പുരോഗമനവാദികളുടെ വിലയിരുത്തല്‍.

ആഷിക് അബുവിന്റെയും സഹപ്രവര്‍ത്തകരുടെയും സമുദായം നോക്കിയാണ് പ്രേക്ഷകര്‍ സിനിമയെ വിമര്‍ശിക്കുന്നത് എന്നതാണ് പ്രധാന വാദം. ആഷികിന്റെ ഭാര്യ മറ്റൊരു സമുദായക്കാരി ആയതുകൊണ്ട് ഇരു സമുദായങ്ങളിലും നിന്നുള്ള വര്‍ഗീയവാദികള്‍ ആഷികിന്റെ സിനിമയെ തകര്‍ക്കാന്‍ രംഗത്തിറങ്ങുകയായിരുന്നത്രേ. അതായത് വര്‍ഗീയവാദികള്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നെന്ന്. മറ്റൊരു വാദം ആഷിക് ഇടതുപക്ഷ അനുഭാവിയായതുകൊണ്ടും തിരഞ്ഞെടുപ്പു കാലത്ത് ആഷിക് ഇ.അഹമ്മദിനെയും ഭാര്യ റിമ ഷീല ദീക്ഷിതിനെയും ഫെയ്‌സ്ബുക്കിലൂടെ അധിക്ഷേപിച്ചതുകൊണ്ട് സിപിഎം വിരുദ്ധര്‍ കൂട്ടത്തോടെ വന്നു സിനിമയെ ആക്രമിക്കുകയായിരുന്നു എന്നതാണ്.

ഇതുകൊണ്ടും കഴിഞ്ഞില്ല. മാതാ അമൃതാനന്ദമയിയുടെ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖം പ്രസിദ്ധീകരിച്ച കൈരളി ചാനലിന്റെ ചെയര്‍മാനായ മമ്മൂട്ടി നായകനായ, കൈരളി അഞ്ചു കോടി രൂപയ്ക്ക് റൈറ്റ് വാങ്ങിയിട്ടുള്ള ഗ്യാങ്സ്റ്റര്‍ തകര്‍ക്കാന്‍ അമൃത ടിവി ഗ്യാങ്‌സ്റ്റര്‍ മോശമാണെന്നു റിപ്പോര്‍ട്ട് കൊടുത്തു എന്നും കണ്ടെത്തിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ സിപിഎം വിരുദ്ധ- വര്‍ഗീയ ചേരികള്‍ ഒരുമിച്ചു നിന്നു നടത്തുന്ന കുപ്രചരണമാണ് ഗ്യാങ്സ്റ്ററിനെതിരെയുള്ള റിവ്യൂവിന്റെ രൂപത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നിട്ടും ചരിത്രത്തിലെ ഏറ്റവും വലിയ കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത് എന്നത് വിസ്മയകരമാണ്.

ഗ്യാങ്സ്റ്ററിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നു സ്ഥാപിച്ചുകൊണ്ട് മറ്റൊരു ധാരയും രംഗത്തു വന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍ഡ് പെപ്പറും 22 ഫീമെയിലും എടുത്തിട്ടുള്ള ആഷിക് അബുവിന്റെ സിനിമ എന്ന നിലയില്‍ ഗ്യാങ്സ്റ്റര്‍ വിമര്‍ശിക്കപ്പെടാന്‍ പാടില്ല എന്നാണ് പൊതുവേയുള്ള വാദം. രമേഷ് പിഷാരടി എന്നൊരു മിമിക്രിക്കാരന്റെ പോസ്റ്റാണ് ഇതില്‍ ഏറ്റവും രസകരം. ആദാമിന്റെ മകന്‍ അബു ആഘോഷിക്കാതെ കൃഷ്ണനും രാധയും പരിഹസിച്ച് ആഘോഷിച്ചവരോടാണ് രമേഷിനു പറയാനുള്ളത്. അതിതാണ്.

“മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായ് “THANKS TO ALL MY FACE BOOK FRIENDS” എന്ന് എഴുതിയ ആളാണ്‌ ആഷിക് അബു …………………സൂപ്പര്‍ ഹിറ്റുകള്‍ ഉണ്ടാക്കിയിട്ടുള്ള ഒരാള്‍ …………….സുരക്ഷിതമായ്‌ പാതകള്‍ ഉണ്ടായിട്ടും പരീക്ഷണങ്ങള്‍ നിറഞ്ഞ സിനിമ വഴികളില്‍ യാത്ര ചെയ്ത ആള്‍ ……………….
GANGSTER ഇഷ്ടമെങ്കില്‍ കാണാം മോശമാണ് കേള്‍ക്കുന്നതെങ്കില്‍ കാണാതിരിക്കാം ”

മലയാള സിനിമയുടെ ടൈറ്റില്‍ കാര്‍ഡില്‍ ആദ്യമായി താങ്ക്‌സ് ടു ഓള്‍ മൈ ഫെയ്‌സ്ബുക്ക് ഫ്രണ്ട്‌സ് എന്നെഴുതുന്നതും സിനിമ എടുക്കുന്നതും തമ്മില്‍ എന്താണ് ബന്ധമെന്ന് തമാശക്കാരന്‍ വ്യക്തമാക്കുന്നില്ല. മലയാള സിനിമയില്‍ ആദ്യമായി ഇങ്ങനെ എഴുതിയതാര് എന്ന പിഎസ്‌സി ചോദ്യമാണെങ്കില്‍ ഉത്തരം ആഷിക് അബു എന്നെഴുതാം. ആഷിക് അബു അങ്ങനെ എഴുതിയിട്ടുള്ളതുകൊണ്ട് അദ്ദേഹത്തിന്റെ സിനിമയെപ്പറ്റി മോശം അഭിപ്രായം പറയരുത് എന്നാണ് മിസ്റ്റര്‍ രമേഷ് ഉദ്ദേശിച്ചതെന്നു തോന്നുന്നു. പാവം.

ആഷിക് അബുവിനെ സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ച ഒരാള്‍ എന്നാണ് രമേഷ് വിശേഷിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് എന്നു വച്ചാല്‍ എന്താണ് എന്ന് മനസ്സിലാക്കിയതിനു ശേഷം രമേഷ് അത്തരത്തിലുള്ള കിരീടങ്ങള്‍ വച്ചുകൊടുക്കുന്നതാവും ഉചിതം എന്നു തോന്നുന്നു. സൂപ്പര്‍ ഹിറ്റുകളൊന്നും സൃഷ്ടിച്ചിട്ടുള്ള ആളല്ല ആഷിക് അബു. അദ്ദേഹത്തിന്റെ സിനിമകളില്‍ ഹിറ്റ് എന്ന വിശേഷണത്തിന് അര്‍ഹമായത് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ മാത്രമാണ്. എന്നാല്‍, കലക്ഷന്‍ റിപ്പോര്‍ട്ടുകള്‍ വച്ചു നോക്കിയാല്‍ ഗ്യാങ്‌സ്റ്റര്‍ ഒരു മെഗാ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റാകുമെന്നു നിസ്സംശയം പറയാം.

ഗ്യാങ്സ്റ്റര്‍ വളരെ ക്രൂരമായി വിമര്‍ശിക്കപ്പെട്ട ഒരു സിനിമയാണ് എന്നതില്‍ തര്‍ക്കമില്ല. മലയാളത്തില്‍ ഒരു സിനിമ ഇത്തരത്തില്‍ വിമര്‍ശിച്ചപ്പെടുന്നത് ഇതാദ്യമല്ല. ഈ പ്രേക്ഷകര്‍ തന്നെയാണ് ഇവിടെ സിനിമകള്‍ക്കു റെക്കോര്‍ഡ് കലക്ഷന്‍ നേടിക്കൊടുക്കുന്നതെന്നും മറക്കരുത്. പ്രേക്ഷകരുടെ അഭിപ്രായത്തിനും വിമര്‍ശനങ്ങള്‍ക്കുമെതിരെ പട നയിക്കാന്‍ തീരുമാനിക്കുന്നതിനെക്കാള്‍ ബുദ്ധിശൂന്യമായ മറ്റൊരു തീരുമാനമില്ല. സരോജ് കുമാര്‍ പണ്ടു പറഞ്ഞതുപോലെ ആരാധകര്‍ വെട്ടുകിളികളെപ്പോലെയാണ്. വേണ്ട സമയത്തു വേണ്ടതു ചെയ്തില്ലെങ്കില്‍ അവര്‍ നിങ്ങളുടെ ‘കൃഷി’ നശിപ്പിക്കും. #God Speed

ബലാല്‍സംഗം ഒരാസ്വാദനക്കുറിപ്പ്

കറുത്തു തടിച്ച വില്ലന്‍ മാടപ്രാവിനെപ്പോലെയുള്ള പെണ്‍കുട്ടിയുടെ സമീപത്തേക്കു നടന്നു നടന്നു വരുന്നു. അരുതേ എന്ന ഭാവത്തില്‍ അവള്‍ ചെറുക്കുന്നു. കൊലക്കേസ് പ്രതിയെ കണ്ട സിബിഐ ഉദ്യോഗസ്ഥനെപ്പോലെ വില്ലന്‍ പെണ്‍കുട്ടിയെ നോക്കി പാന്റിന്റെ സിപ് അഴിക്കുന്നു. പെണ്‍കുട്ടി കയ്യില്‍ കിട്ടിയതെല്ലാം എടുത്തയാളെ എറിയുന്നു. വില്ലന്‍ അവള്‍ക്കു മേലേക്കു ചായുന്നു. അടിച്ചും ഇടിച്ചും തൊഴിച്ചും പ്രതിരോധിക്കാന്‍ അവള്‍ പരമാവധി ശ്രമിക്കുന്നു. വില്ലന്‍ കൂടുതല്‍ കരുത്തോടെ അവളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്നു. അതെ അയാള്‍ ബലാല്‍സംഗം ആരംഭിച്ചു കഴിഞ്ഞു.

പെണ്‍കുട്ടി ഒരു നിമിഷം കണ്ണടച്ചാലോചിക്കുന്നു. ഇല്ല, എനിക്കിനി ഈ കാലമാടന്റെ കയ്യില്‍ നിന്നും രക്ഷപെടാനാവില്ല. ഇവനെന്നെ പിച്ചിച്ചീന്തും. എന്താണ് ഒരു പോംവഴി ? പെട്ടെന്ന് അവളുടെ മനസ്സിലേക്ക് ആ ഉപായം കടന്നുവന്നു- എന്തായാലും ഈ ബലാല്‍സംഗം സ്റ്റേ ചെയ്യാന്‍ എനിക്കു സാധിക്കില്ല, അപ്പോള്‍ പിന്നെ എന്തിനു വെറുതെ കരഞ്ഞു വിളിച്ച് സീന്‍ അലമ്പാക്കണം. ജസ്റ്റ് എന്‍ജോയ് ദി ഫക്ക്. അന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പരമദുഷ്ടനായ വില്ലനെ പെണ്‍കുട്ടി ഇറുകെ പുണരുന്നു. വില്ലനെപ്പോലും അമ്പരപ്പിച്ചുകൊണ്ട് അപാരമായ ആവേശത്തോടെ അവള്‍ വില്ലനെ പ്രോല്‍സാഹിപ്പിക്കുന്നു. ഒടുവില്‍ അവളുടെ ജീവിതത്തിലെ തന്നെ ആവേശകരമായ രതിസംഗമത്തിന്റെ ക്ലൈമാക്‌സില്‍ ആ ബലാല്‍സംഗം അവസാനിക്കുന്നു. വില്ലനും സന്തോഷം പെണ്‍കുട്ടിക്കും സന്തോഷം.

ഇത് ഏതു സിനിമയിലെ സീന്‍ ആണെന്നു ചോദിക്കരുത്. ഇങ്ങനെ ലോകത്ത് എവിടെയങ്കിലും നടക്കുമോ എന്നും ചോദിക്കരുത്. ഇങ്ങനെയൊക്കെയാണ് നടക്കേണ്ടത് എന്നൊരുത്തന്‍ പറഞ്ഞാല്‍ അവനെ എന്തു വിളിക്കണം എന്നു വേണമെങ്കില്‍ ചോദിക്കാം. ബലാല്‍സംഗത്തോടുള്ള സ്ത്രീകളുടെ സമീപനം ഇങ്ങനെയായിരിക്കണം എന്നൊരുത്തന്‍ പറഞ്ഞാല്‍ അവന്‍ ആരായാലും പരമചെറ്റയും സംസ്‌കാരശൂന്യനുമായ മൃഗമായിരിക്കും എന്നേ മുഖം നോക്കാതെ പറയാനൊക്കൂ. നിര്‍ഭാഗ്യവശാല്‍ ഈ അഭിപ്രായം പറഞ്ഞിരിക്കുന്നത് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ) ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയാണ്.

ദില്ലി കൂട്ടമാനഭംഗക്കേസ് സിബിഐയെ ഏല്‍പിക്കണം എന്ന് ആരൊക്കെയോ മുറവിളി കൂട്ടിയത് സര്‍ക്കാര്‍ മൈന്‍ഡ് ചെയ്യാതിരുന്നത് നന്നായി. ഈ തിയറി തലയില്‍ കൊണ്ടുനടക്കുന്ന രഞ്ജിത് സിന്‍ഹസാര്‍ ആ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ശിക്ഷാര്‍ഹരായവരെ പുറത്തുതട്ടി അഭിനന്ദിക്കുകയും ആ ബലാല്‍സംഗം ആസ്വദിക്കാനാവാതെ മരിച്ചുപോയ പെണ്‍കുട്ടിയെ കുറ്റക്കാരിയായി വിധിക്കുകയും ചെയ്‌തേനെ. അഭയ കേസ് ഉള്‍പ്പെടെയുള്ള അനേകം അനേകം കേസുകളില്‍ സിബിഐക്ക് തുമ്പും തുമ്പിയുമൊന്നും പിടികിട്ടാത്തത് എന്തുകൊണ്ടാണെന്ന് ഇനി അധികം ആലോചിക്കേണ്ട കാര്യമില്ല.

ശരിക്കും സ്ത്രീകള്‍ ബലാല്‍സംഗം ആസ്വദിച്ചു തുടങ്ങണം എന്ന അര്‍ത്ഥത്തിലാണ് സിബിഐ ഡയറക്ടര്‍ അങ്ങനെ പറഞ്ഞത് എന്നു പറയാനാവില്ല. വാതുവയ്പ് നിയമവിധേയമാക്കുന്നതിനെ സംബന്ധിച്ചു നടന്ന ഒരു ചര്‍ച്ചയിലാണ് അദ്ദേഹം തീര്‍ത്തും അനുയോജ്യമല്ലാത്ത ഉദാഹരണം പ്രയോഗിച്ചു കുടുങ്ങിയത്. വാതുവയ്പ് നിയമവിരുദ്ധമാക്കിയിട്ടും അത് തടയാന്‍ കഴിയാത്ത സാഹചര്യത്തില്‍ അത് നിയമവിധേയമാക്കണം എന്ന മണ്ടന്‍ ഐഡിയയ്ക്ക് പിന്‍ബലമേകാനാണ് നികൃഷ്ടമായ ഉദാഹരണം ടിയാന്‍ എടുത്തു വീശിയത്. വാതുവയ്പ് നിയമവിധേയമാക്കുന്നതിനെ അനുകൂലിക്കുന്ന ഒരാള്‍ അത്് ബലാല്‍സംഗം ആസ്വദിക്കുന്നതുപോലെയാണ് എന്നു വിശേഷിപ്പിക്കുന്നത് സത്യത്തില്‍ അക്രമമാണ്.

ഉദാഹരണമാണെങ്കിലും തമാശയാണെങ്കിലും ബലാല്‍സംഗം എന്നത് ഒരു സ്ത്രീക്ക് വേണമെങ്കില്‍ ആ്‌സ്വദിക്കാന്‍ കഴിയുന്ന ഒന്നാണെന്നു പറയുന്നവന്‍ സാമൂഹികദ്രോഹിയാണ്. പറഞ്ഞത് കുറ്റകൃത്യങ്ങളുടെ തലനാരിഴ കീറി പരിശോധിച്ച് സത്യം കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട സംഘടനയുടെ തലവനാണെന്നത് അങ്ങേയറ്റം പരിതാപകരവുമാണ്. വേറെ വല്ല രാജ്യത്തുമായിരുന്നെങ്കില്‍ ഡയറക്ടര്‍ ഇന്നു മുതല്‍ ജോലി നഷ്ടപ്പെടുന്നതിന്റെ വേദന ആസ്വദിച്ചേനെ. ദിവസവും നൂറുകണക്കിനു ബലാല്‍സംഗങ്ങള്‍ നടക്കുന്ന, അത് അവളുടെ കുറ്റമാണ് എന്നു വളരെ ആത്മാര്‍ഥമായി പ്രഖ്യാപിക്കുന്നവരുടെ ഇന്ത്യയില്‍ അങ്ങേര്‍ക്ക് ഒന്നും സംഭവിക്കില്ല. ഇതേ പോലെ ഉന്നതന്‍മാരായ വേറെയും പലരും ബലാല്‍സംഗത്തെ ന്യായീകരിക്കുകയും അവര്‍ക്കൊക്കെ പിന്തുണ കിട്ടുകയും ചെയ്തിട്ടുള്ളതുകൊണ്ട് ഡയറക്ടര്‍ക്കും പേടിക്കാനില്ല.

സിബിഐ ഡയറക്ടര്‍ പറഞ്ഞാല്‍ പിന്നെ അപ്പീലില്ല എന്നു പ്രഖ്യാപിച്ച് ആളുകള്‍ ഇപ്പോള്‍ തന്നെ പണി തുടങ്ങിയിട്ടുണ്ടാവും. ഇത്തരം തിയറികളുടെ പിന്തുണ തേടുന്നവര്‍ക്ക് സിബിഐ ഡയറക്ടര്‍ തന്നെ ഇങ്ങനെ പറയുമ്പോള്‍ പിന്നെ ഇടംവലം നോക്കാനില്ല. വാതുവയ്പിലെ തിയറി ബലാല്‍സംഗത്തില്‍ അപ്ലൈ ചെയ്യാമെങ്കില്‍ തീര്‍ച്ചയായും അത് കൊലപാതകത്തിലും മറ്റെല്ലാ കുറ്റകൃത്യങ്ങളിലും അപ്ലൈ ചെയ്യാവുന്നതാണ്. കൊലപാതകം ചെറുക്കാന്‍ കഴിയില്ലെങ്കില്‍ മരണത്തിന്റെ സുഖം ആസ്വദിക്കണമെന്നും തീവ്രവാദം ചെറുക്കാനാവില്ലെങ്കില്‍ തീവ്രവാദികളെ നാടുഭരിക്കാനേല്‍പിക്കണമെന്നുമൊക്കെ ആളുകള്‍ പറയുന്ന കാലം അതിവിദൂരമല്ല. ശുഭദിനം.

‘ടട്ടട്ടെ ടടട്ടേ……. ടട്ടട്ടെ ടടട്ടേ……. ഡുകുഡുകുഡുകുഡുകുഡുകുഡുകുഡുകുഡുകു…’
(പറഞ്ഞത് സിബിഐ ഡയറക്ടര്‍ ആയതുകൊണ്ട് മാത്രം)

മഞ്ജുവും മൈക്രോസോഫ്റ്റും ചെയ്യുന്നത്

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. എടുത്തു കഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ പറ്റില്ല. അവ നടപ്പാക്കുന്നതോടെ അതുവരെയുള്ള ചരിത്രം തിരുത്തിക്കുറിക്കപ്പെടും. പക്ഷെ, പുതിയതൊന്നു രചിക്കാനായില്ലെങ്കില്‍ ഏറ്റവും വലിയ വീഴ്ചകളുടെ ചരിത്രത്തോടൊപ്പം ആ തീരുമാനങ്ങളും എഴുതിച്ചേര്‍ക്കപ്പെടും. മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യരും ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ നിര്‍മാണ കമ്പനിയായ മൈക്രോസോഫ്റ്റും ഓരോ തീരുമാനങ്ങള്‍ എടുത്തു നില്‍ക്കുകയാണ്. മഞ്ജു സിനിമയിലേക്കു തിരിച്ചു വരുന്നു; മൈക്രോസോഫ്റ്റ് നോക്കിയ കമ്പനിയെ ഏറ്റെടുക്കുന്നു. വളരെ ആവേശകരവും വിപ്ലവകരവുമായ തീരുമാനമെന്നു പെട്ടെന്നു വിലയിരുത്താമെങ്കിലും പക്വതയോടെ ആലോചിച്ചാല്‍ അത്ര ആവേശകരമാണോ എന്നതില്‍ സംശയം തോന്നും. എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ രണ്ടു തീരുമാനങ്ങളും പരാജയത്തില്‍ കലാശിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ശുഭാപ്തിവിശ്വാസം കൊണ്ടു മാത്രം ഇവിടെ കാര്യങ്ങള്‍ വിജയിക്കണമെന്നു നിര്‍ബന്ധമില്ല. വസ്തുതകളും സാഹചര്യങ്ങളും അല്‍പസ്വല്‍പം ഭാവികാര്യങ്ങളും പഠിച്ചും പരിഗണിച്ചും വേണം തീരുമാനങ്ങളെടുക്കാന്‍- മഞ്ജുവായാലും മൈക്രോസോഫ്റ്റ് ആയാലും.

പത്തു പതിന്നാല് വര്‍ഷം മുമ്പ് മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ മുതല്‍ മഞ്ജൂ മടങ്ങി വരൂ, മഞ്ജൂ മടങ്ങി വരൂ എന്ന് കേരളക്കരയാകെ ആവശ്യപ്പെടുന്നതാണ്. ഒന്നോ രണ്ടോ വര്‍ഷം കഴിഞ്ഞ് മഞ്ജു മടങ്ങി വന്നിരുന്നെങ്കില്‍ അന്നത്തെ അഭിനയജീവിതത്തിന്റെ ഒരു തുടര്‍ച്ച സാധ്യമായേനെ. ഇതിപ്പോള്‍ 14 വര്‍ഷത്തെ ബ്രേക്ക് എന്നത് ഏതൊരു നടിയെ സംബന്ധിച്ചും അത്ര ചെറുതല്ല. അഭിനയം നിര്‍ത്തുമ്പോഴത്തെ മഞ്ജു വാര്യരും അന്നത്തെ സിനിമയും അന്നത്തെ പ്രേക്ഷകരും അന്നത്തെ അഭിരുചികളും ഭാവുകത്വവും എല്ലാം അതേപടി നിലനില്‍ക്കുന്നെങ്കില്‍ തീര്‍ച്ചയായും മഞ്ജുവിന് കണ്ണുംപൂട്ടി മടങ്ങിവരാം. ഇതിപ്പോള്‍ അതല്ല സ്ഥിതി.

മലയാളത്തിലെ ശരാശരി നടിയുടെ പ്രായം വച്ചു നോക്കിയാല്‍ ഏജ് ഓവറായാണ് മഞ്ജു മടങ്ങിയെത്തുന്നത്. അതു പോട്ടെ എന്നു വയ്ക്കാം. പഴയതുപോലെ പ്രായത്തിന് ഇന്ന് അത്ര പ്രാധാന്യമില്ല എന്നു കരുതാം. പക്ഷെ, മലയാളത്തിലെ ഏറ്റവും മികച്ച നടിയാണ് മഞ്ജു എന്നാവര്‍ത്തിച്ചു പറഞ്ഞിരുന്ന പ്രേക്ഷകര്‍ക്കും പ്രായമായി. മഞ്ജു അഭിനയം നിര്‍ത്തുമ്പോള്‍ 25 വയസുള്ള പ്രേക്ഷകര്‍ക്ക് രണ്ടാം വരവിലെ ആദ്യസിനിമ ഇറങ്ങുമ്പോള്‍ വയസ് നാല്‍പതാവും. അതായത് അന്നു തിയറ്ററില്‍ ആര്‍പ്പുവിളിക്കുകയും കയ്യടിക്കുകയും ചെയ്ത പ്രേക്ഷകസമൂഹമല്ല ഇന്നു മഞ്ജുവിനെ കാത്തിരിക്കുന്നത്. അന്നത്തെ മഞ്ജു ഭക്തര്‍ ഇന്നു പിള്ളേരും പ്രാരാബ്ധവുമായി ഒതുങ്ങിപ്പോയി. പിന്നെ അന്നും ഇന്നും മഞ്ജുവിനെ ഏറ്റവുമധികം വാഴ്ത്തിയിട്ടുള്ളതും ആരാധിച്ചിട്ടുള്ളതും തൈക്കിളവന്‍മാരാണ്. വര്‍ഷം 14 കഴിഞ്ഞു അന്നത്തെ തൈകള്‍ പിന്നീട് കിളവന്‍മാരായി സിനിമ കാണാനും കേള്‍ക്കാനും പറ്റാത്ത അവസ്ഥയിലാവുകയോ മരിച്ചു മണ്ണടിഞ്ഞുപോവുകയോ ചെയ്തിട്ടുണ്ടാവാം. പിന്നെ അഭിനയമികവിന്റെ കാര്യം. വിരലിലെണ്ണാവുന്ന സിനിമകളില്‍ മാത്രം അഭിനയിച്ചിട്ടുള്ള നസ്രിയ നസീമിനെപ്പോലുള്ള കൊച്ചുപിള്ളേരുടെ (ഞാനും മഞ്ജുവും ഒരു പ്രായമാണ്) ഫേസ്ബുക്ക് പേജില്‍ പത്തു ലക്ഷം ലൈക്ക് അടിക്കാന്‍ നില്‍ക്കുന്ന ന്യൂജനറേഷന്‍ പിള്ളേര്, ഫേസ്ബുക്ക് ഇല്ലാ്ത്ത കാലത്ത് ആറാം തമ്പുരാനിലും കന്മദത്തിലുമൊക്കെ അഭിനയിച്ച ആന്റിയെ എങ്ങനെ സ്വീകരിക്കുമെന്നത് കണ്ടറിയണം.

നിര്‍ണായകമായ ഒരു മടങ്ങിവരവിന് മഞ്ജു തിരഞ്ഞെടുത്ത സിനിമയും സംവിധായകനും നായകനടനുമൊക്കെ അസ്ഥാനത്താണ് എന്നും എനിക്കഭിപ്രായമുണ്ട്. ഒരു ഹിറ്റുണ്ടായിട്ട് കാലങ്ങളായ മോഹന്‍ലാലും തുടരന്‍ സാരോപദേശ ഫ്‌ളോപുകള്‍ സൃഷ്ടിക്കുന്ന രഞ്ജിതും ചേര്‍ന്ന് മഞ്ജു വാര്യരെ മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ പുനപ്രതിഷ്ഠിക്കും എന്നെനിക്കു പ്രതീക്ഷയില്ല. ലാലേട്ടന്റെ വാര്‍ധക്യകാല പ്രണയ ഡയലോഗുകള്‍ക്കു തലയാട്ടി, ബാവൂട്ടിയും മാത്തുകുട്ടിയും പോലെ സദ്ഗുണസമ്പന്നയായ ഒരു ഏട്ത്തിയായി പ്രേക്ഷകര്‍ക്ക് സദുപദേശങ്ങള്‍ നല്‍കുന്ന മഞ്ജു വാര്യരുടെ രണ്ടാം വരവില്‍ എനിക്കൊരു പ്രതീക്ഷയുമില്ല. മിനിമം സൂപ്പര്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിവുള്ള ഏതെങ്കിലും സംവിധായകന്റെ സിനിമയിലൂടെ തികച്ചും കൊമേഴ്‌സ്യലായ ഒരു മടങ്ങിവരവാണ് മഞ്ജുവിന് ആവശ്യം.

സത്യത്തില്‍ മഞ്ജുവിനെ വഷളാക്കിയത് മാധ്യമങ്ങളാണ്. മിക്കവാറും മാധ്യമങ്ങളില്‍ 14 വര്‍ഷം മുമ്പ് സിനിമ കൈകാര്യം ചെയ്തിരുന്നവര്‍ തന്നെയാണ് ഇപ്പോഴും സിനിമ ചെയ്യുന്നത്. അന്നു മുതലുള്ള മഞ്ജുവിയന്‍ കൗതുകവും അഭിനിവേശങ്ങളും ചുമന്നു നടക്കുന്ന പാവങ്ങള്‍ എഴുതി വാഴ്ത്തിയും നടിയുടെ വിവാഹമോചനം സ്വപ്‌നം കണ്ടും അഭിരമിക്കുകയാണ്. നടി ഒരു പരസ്യചിത്രത്തിലഭിനയിച്ചപ്പോഴേക്കും വാഹ്, വാഹ് വിളികള്‍ കൊണ്ട് സകല മാധ്യമങ്ങളും മലയാളികളെ ശ്വാസം മുട്ടിച്ചു. എന്നിട്ട് ഒടുവില്‍ പരസ്യം ടിവിയില്‍ വന്നപ്പോഴെന്തായി ? മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന്റെ അടിസ്ഥാനത്തിലല്ല കേരളത്തിലെ ആളുകള്‍ സിനിമ കാണുന്നതും അതെപ്പറ്റി അഭിപ്രായം പറയുന്നതും. മാധ്യമങ്ങളെ സംബന്ധിച്ച് ഇന്നും മലയാളത്തിലെ ഹിറ്റ്‌മേക്കേഴ്‌സ് രഞ്ജിതും സത്യന്‍ അന്തിക്കാടുമൊക്കെയാണ്. പാവങ്ങള്‍ പിടിച്ചു നില്‍ക്കുന്നതെങ്ങനെയാണെന്ന് അവര്‍ക്കേ അറിയൂ. വിവരമില്ലാത്ത പത്രക്കാര്‍ പറയുന്നത് കേട്ട് ഉള്ള പേരു കളയാതിരിക്കുന്നതാണ് മഞ്ജുവിന് നല്ലത് എന്നാണ് എന്റെ അഭിപ്രായം.

മഞ്ജു അഭിനയിച്ചാലും ഇല്ലെങ്കിലും ഇതൊക്കെയേ സംഭവിക്കൂ. അതുപോലല്ല മൈക്രോസോഫ്റ്റിന്റെ കാര്യം. പത്തന്‍പതിനായിരം കോടി രൂപ മുടക്കി അവര്‍ നോക്കിയ ഫോണുകളും പേറ്റന്റുകളും സിഇഒ ഉള്‍പ്പെടെ അരലക്ഷത്തോളം ജീവനക്കാരെയും സ്വന്തമാക്കുന്നത് എന്തു കണ്ടിട്ടാണ് എന്നെനിക്കു മനസ്സിലാവുന്നില്ല. കച്ചവടം പൊട്ടി നില്‍ക്കുന്ന നോക്കിയയ്ക്ക് ഇതൊരു ആശ്വാസമാകുമെന്നതില്‍ സംശയമില്ല. പക്ഷേ നോക്കിയ ഫോണും വിന്‍ഡോസ് മൊബൈല്‍ സോഫ്റ്റ്‌വെയറും വച്ച് അവരെന്തുണ്ടാക്കാനാണ് എന്നു മനസ്സിലാവുന്നില്ല. ഇതു രണ്ടും വച്ച് പരമാവധി ചെയ്യാവുന്നതെല്ലാം ലൂമിയ ഫോണുകളിലൂടെ അവര്‍ ചെയ്യുന്നുണ്ട്. നോക്കിയയുടെ ഫോണുകളും മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയറുകളും വച്ച് ഇനിയും അതൊക്കെ തന്നെയേ ചെയ്യാന്‍ കഴിയൂ. രണ്ടു വര്‍ഷം ഒരുമിച്ചു താമസിച്ച കപിള്‍സ് ഒടുവില് കല്യാണം കഴിക്കുന്നതുപോലെയേ ഉള്ളൂ ഈ ഏറ്റെടുക്കല്‍. കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ല. പോരെങ്കില്‍ മൈക്രോസോഫ്റ്റും നോക്കിയയുമായി പ്രണയമൊന്നുമായിരുന്നില്ലല്ലോ. വെറുതെ വാശിപിടിച്ചു നില്‍ക്കാതെ ആന്‍ഡ്രോയ്ഡ് സ്വീകരിച്ചിരുന്നെങ്കില്‍ നോക്കിയയ്ക്കു പണ്ടേ രക്ഷപെടാമായിരുന്നു. ഇതിപ്പോള്‍ മൈക്രോസോഫ്റ്റിനു കൂടി പണിയുണ്ടാക്കുന്ന മട്ടുണ്ട്. അങ്ങനെ വല്ലതും സംഭവിച്ചാല്‍ നമുക്കൊക്കെ പൈറേറ്റ് ചെയ്തുപയോഗിക്കാന്‍ നല്ല നല്ല ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ആരുണ്ടാക്കും. വിന്‍ഡോസ് ഉണ്ടെങ്കിലല്ലേ ഭാവിയില്‍ നമുക്ക് ടൊറന്റില്‍ നിന്നു മഞ്ജു വാര്യരുടെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ പറ്റൂ. മൈക്രോസോഫ്റ്റിനു നോക്കിയയും മഞ്ജു വാര്യര്‍ക്ക് ലാലേട്ടനും ഒരു ഭാരാമാവാതിരിക്കട്ടെ എന്നാശംസിക്കുന്നു!

ഡേര്‍ട്ടി മദര്‍

നമസ്‌കാരം സര്‍…

നമസ്‌കാരം..

സാറിന്റെ ചെളിമണ്ണ് എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണല്ലോ… എന്താണ് പൊതുവേയുള്ള അഭിപ്രായം ?

വളരെ നല്ല അഭിപ്രായമാണ്.. മാതൃത്വത്തിന്റെ മഹത്വം ലോകത്തിനു മനസ്സിലാക്കിക്കൊടുക്കുന്ന ഒരു സിനിമയാണ് എന്റെ ചെളിമണ്ണ്..

ചിലരൊക്കെ മോശം അഭിപ്രായവും പറയുന്നുണ്ട്…

അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്യുന്ന നാടാണിത്… അങ്ങനെയുള്ളവര്‍ക്ക് ഈ സിനിമ ഇഷ്ടമാവണമെന്നില്ല.. അമ്മയെയും പെങ്ങളെയുമൊക്കെ തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ക്കേ ഈ സിനിമ നല്‍കുന്ന സന്ദേശം മനസ്സിലാവുകയുള്ളൂ..

സാറിന്റെ സിനിമ ഇഷ്ടമാവാത്തവര്‍ അമ്മയെയും പെങ്ങളെയും തിരിച്ചറിയാന്‍ സാധിക്കാത്തവരാണെന്നാണോ ?

എന്റെ സിനിമ ഇഷ്ടമാവാതിരിക്കാന്‍ മറ്റു കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല.. മാതൃത്വത്തെ നിഷേധിക്കാന്‍ ആര്‍ക്കാണ് സാധിക്കുക..

സിനിമയ്ക്ക് വേണ്ടി ഒരു നടിയുടെ കുളീസീന്‍ അവരുടെ കുളിമുറിയില്‍ ക്യാമറ വച്ച് ചിത്രീകരിച്ചത് വിവാദമായിരുന്നല്ലോ..

അത് വിവാദമാക്കിയതാണ്… ഞാനീ പറഞ്ഞ പോലെയുള്ള ആളുകള്‍ ആണ് അത് പ്രശ്‌നമാക്കിയത്… മാതൃത്വത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു എല്ലാം…

കുളിസീന്‍ ചിത്രീകരിച്ചത് വലിയ വിവാദമായിരുന്നെങ്കിലും സിനിമയില്‍ കുളിസീനേ കാണിക്കുന്നില്ലല്ലോ… കുളി കഴിഞ്ഞ് വേഷം മാറി വരുന്ന നായികയെയാണല്ലോ കാണിക്കുന്നത്.. കുളിസീന്‍ ഉണ്ടെന്നു കരുതി സിനിമയ്ക്ക് ടിക്കറ്റെടുത്ത എല്ലാവരും നിരാശരായി..

സിനിമ ഇറങ്ങിക്കഴിയുമ്പോള്‍ എല്ലാവരുടെയും തെറ്റിദ്ധാരണ മാറുമെന്ന് ഞാനന്നേ പറഞ്ഞിരുന്നല്ലോ.. അപ്പോ ആരും അംഗീകരിച്ചില്ല…

എങ്കില്‍ പിന്നെ എന്തിനായിരുന്നു കുളിമുറിയില്‍ ക്യാമറ വച്ച് ചിത്രീകരിച്ചത് ?

അത് സിനിമയുടെ പെര്‍ഫെക്ഷനു വേണ്ടിയായിരുന്നു… കുളി കഴിഞ്ഞുള്ള സീന്‍ നന്നാവണമെങ്കില്‍ കുളിക്കുന്ന സീനും നന്നാവണം.. അത് സിനിമയിലുണ്ടാവണം എന്നു നിര്‍ബന്ധമില്ല.. പിന്നെ ഞാന്‍ പറഞ്ഞല്ലോ.. മാതൃത്വത്തിനു വേണ്ടി സമര്‍പ്പിക്കപ്പെട്ട സിനിമയാണിത്..

രണ്ട് ഐറ്റം ഡാന്‍സുകള്‍ സിനിമയിലുണ്ടല്ലോ… മാതൃത്വത്തെ മഹത്വപ്പെടുത്തുന്ന സിനിമയില്‍ അതേ നടിയെക്കൊണ്ട് ഐറ്റം ഡാന്‍സ് ചെയ്യിച്ചത് ശരിയായെന്നു തോന്നുന്നുണ്ടോ ?

മഞ്ഞക്കണ്ണട വച്ചവന്‍ എല്ലാം മഞ്ഞയായേ കാണൂ എന്നൊരു ചൊല്ലുണ്ടല്ലോ.. ഐറ്റം ഡാന്‍സിന്റെ കാര്യത്തിലും സംഭവിച്ചത് അതാണ്…

മനസ്സിലായില്ല…

എന്റെ സിനിമയിലെ ഐറ്റം ഡാന്‍സുകളെ മറ്റുള്ള സിനിമകളിലെ ഐറ്റം ഡാന്‍സുകളെപ്പോലെ കണ്ടിട്ടാണ് നിങ്ങള്‍ക്കിത്തരത്തില്‍ ബാലിശമായ ഒരു ചോദ്യം ചോദിക്കാന്‍ തോന്നിയത്… എന്റെ സിനിമയെ മറ്റു സിനിമകളുമായി താരതമ്യപ്പെടുത്തരുത്..

ഐറ്റം ഡാന്‍സ് ഏതു സിനിമയിലായാലും ഐറ്റം ഡാന്‍സ് തന്നെയല്ലേ സര്‍ ?

അല്ല ! ഞാന്‍ പറഞ്ഞല്ലോ… അത് ഐറ്റം ഡാന്‍സ് ആണെങ്കിലും മാതൃത്വത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയാണ് അവ ഞാന്‍ ചിത്രീകരിച്ചത്.. അല്ലാതെ മറ്റു സിനിമകളില്‍ ചെയ്യുന്നതുപോലെ പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ല…

ഐറ്റം ഡാന്‍സുകൊണ്ട് മാതൃത്വം മഹത്വവല്‍ക്കരിക്കപ്പെടുന്നതെങ്ങനെയാണ് സര്‍ ?

നിങ്ങള്‍ക്ക് അമ്മയുണ്ടോ ?

എന്റെ അമ്മ ഐറ്റം ഡാന്‍സ് കളിക്കാറില്ല സര്‍.. കളിച്ചാല്‍ തള്ള വിവരമറിയും…

നിങ്ങള്‍ അമ്മയെ അമ്മ തന്നെയായി കാണുന്നില്ല.. അതുകൊണ്ടാണ് എന്റെ സിനിമയിലെ ഐറ്റം ഡാന്‍സ് മാതൃത്വത്തെ മഹത്വപ്പെടുത്തന്നതായി നിങ്ങള്‍ക്കു തോന്നാത്തത്…

മാതൃത്വത്തെ മഹത്വപ്പെടുത്താന്‍ വേണ്ടിയായിരുന്നെങ്കില്‍ ഐറ്റം ഡാന്‍സ് ഒഴിവാക്കി മറ്റെന്തെങ്കിലും രംഗം ചേര്‍ക്കാമായിരുന്നില്ലേ ?

ഐറ്റം ഡാന്‍സ് ഞാന്‍ വേണമെന്നു വച്ചിട്ട് ചേര്‍ത്തതല്ല…

പിന്നെ ?

കഥാപാത്രം ആവശ്യപ്പെട്ടതാണത്..

കഥയും സാറ് തന്നെ എഴുതിയതാണല്ലോ.. സാററിഞ്ഞുകൊണ്ടല്ലേ കഥാപാത്രം അങ്ങനെ ആവശ്യപ്പെടൂ ?

നിങ്ങളെപ്പോലെയുള്ളര്‍ക്കു വേണ്ടിയല്ല എന്റെ സിനിമ.. സ്വന്തം അമ്മയെയും പെങ്ങളെയും തിരിച്ചറിയാനാവാത്ത കാമഭ്രാന്തന്‍മാരാണ് പവിത്രമായ എന്റെ സിനിമയെ വിമര്‍ശിക്കുന്നത്…

സര്‍.. ഞാന്‍ പല തരത്തിലുള്ള സിനിമകളും കണ്ടിട്ടുണ്ട്.. സാറിന്റെ ഈ സിനിമ തിയറ്ററില്‍ കണ്ടു എന്നതല്ലാതെ ഇതൊരു സിനിമയായി എനിക്കു തോന്നിയില്ല.. കഥയോ കഥാസന്ദര്‍ഭങ്ങളോ ഉള്ളതിനെക്കാള്‍ കൂടുതല്‍ പ്രത്യുല്‍പാദനത്തെപ്പറ്റിയുള്ള ക്ലാസും ചാനല്‍ ചര്‍ച്ചയും നേരിട്ടുള്ള സാരോപദേശവുമാണല്ലോ കൂടുതല്‍..

അതൊക്കെ സംവിധായകന്റെ സ്വാതന്ത്ര്യമാണ്.. മാതൃത്വത്തിന്റെ മഹത്വം ലോകത്തെ മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടി സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങളാണ് അതൊക്കെ..

എങ്കില്‍ സാറിന് ഒരു ഡോക്യുമെന്ററി എടുത്താല്‍ പോരായിരുന്നോ ?

എനിക്ക് സൗകര്യമുള്ളത് ഞാനെടുക്കും… അമ്മയെ അമ്മയായി കാണാന്‍ കഴിയാത്തവരും മാതൃത്വം അംഗീകരിക്കാത്തവരുമാണ് എന്റെ സിനിമയെ കുറ്റം പറയുന്നത്..

മാതൃത്വത്തിന്റെ മഹത്വം അഗീകരിക്കുന്നവര്‍ എന്താണ് ചെയ്യേണ്ടത് ?

അവര്‍ എന്റെ സിനിമ കാണുകയും അതിനെ വാനോളം പുകഴ്ത്തുകയും ചെയ്യണം.. അമ്മയെയും പെങ്ങളെയും തിരിച്ചറിയുന്നവരാരെങ്കിലും ജൂറിയിലുണ്ടെങ്കില്‍ എനിക്ക് അവാര്‍ഡുകളും തരണം..

വളരെ നന്ദി സര്‍…

ജയ് മാതാശ്രീ…

ആഷിക് അബുവിന് ഒരു തുറന്ന കത്ത്

പ്രിയപ്പെട്ട ആഷിക് അബു,

മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് കണ്ടുപിടിക്കുന്നതിനു മുമ്പേ സിനിമയില്‍ വന്ന ആളാണ് താങ്കള്‍. വിശ്വരൂപം എന്ന സിനിമയെപ്പറ്റി പ്രേക്ഷകനെന്ന നിലയില്‍ താങ്കള്‍ ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് അഭിപ്രായസ്വതാന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച സ്വാതന്ത്ര്യവാദികള്‍ താങ്കളെ വലിച്ചു കീറി പോസ്റ്ററൊട്ടിച്ചുകൊണ്ടിരിക്കുകയാണല്ലോ. ഈ സമയത്ത് ഒരു സോഷ്യല്‍ മീഡിയ സ്വാതന്ത്ര്യവാദി എന്ന നിലയ്‍ക്ക് താങ്കള്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കാന്‍ ഞാനാഗ്രഹിക്കുകയാണ്. താങ്കളുടെ സിനിമകളുടെ ആദ്യഭാഗത്ത് കാണിക്കുന്നത് പോലെ ഈ പോസ്റ്റ് എല്ലാ ഫേസ്ബുക്ക് കൂട്ടുകാര്‍ക്കുമായി ഞാന്‍ സമര്‍പ്പിക്കുന്നു.

1. ഫേസ്ബുക്ക് പോസ്റ്റിടുമ്പോള്‍ നമ്മള്‍ പ്രധാനമായും പരിശോധിക്കേണ്ടത് പൊതുവായ വികാരം എന്താണ് എന്നതാണ്. വിശ്വരൂപം എന്ന സിനിമയുടെ കാര്യത്തിലാണെങ്കില്‍ പൊതുവായ വികാരം അത് ലോകോത്തര സിനിമയാണെന്നും അത്തരമൊരു സിനിമയെടുത്ത കമലഹാസന്‍റെ കാലുകഴുകിയ വെള്ളം നമ്മള്‍ കുടിക്കണമെന്നും ആ സിനിമ ഇഷ്ടപ്പെടാത്തവരെല്ലാം തീവ്രവാദികളാണെന്നുമാണ്. ഈ സാഹചര്യത്തില്‍ താങ്കള്‍ പടം കണ്ടാലും ഇല്ലെങ്കിലും ആ പൊതുവികാരത്തിനനുസരിച്ച് മാത്രമേ പോസ്റ്റിടാന്‍ പാടുള്ളൂ. സിനിമ കാണാതെ തന്നെ അതിനെ മഹത്തരം എന്നു വാഴ്‍ത്തിപ്പാടുന്നതാണ് അത് കണ്ട ശേഷം സ്വന്തം അഭിപ്രായം എഴുതുന്നതിനെക്കാള്‍ നല്ലത്.

2. താങ്കള്‍ ഒരു മലയാള സിനിമാ സംവിധായകനാണ്. താങ്കളില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്ല സിനിമകള്‍ മാത്രമല്ല, അതിവിനയം, സല്‍സ്വഭാവം,മൃദുഭാഷണം തുടങ്ങിയ സവിശേഷതകള്‍ കൂടിയാണ്. താങ്കള്‍ക്ക് വ്യക്തിത്വമോ നട്ടെല്ലോ ഉണ്ടായിരിക്കണമെന്ന് പ്രേക്ഷകര്‍ക്കു നിര്‍ബന്ധമില്ല. അഥവാ ഉണ്ടെങ്കില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ അതുള്ളതായി ഭാവിക്കരുത്. താങ്കളുടെ സിനിമകള്‍ക്ക് താങ്കളുടേതായ ഒരു ശൈലിയോ ബോള്‍ഡ്നെസ്സോ ഉള്ളത് പ്രേക്ഷകര്‍ സ്വീകരിക്കുമെങ്കിലും താങ്കള്‍ അത്തരത്തിലൊരു ശൈലിയോ ബോള്‍ഡ്നെസ്സോ പ്രകടിപ്പിക്കുന്നത് വച്ചുപൊറുപ്പിക്കില്ല.

3. വിശ്വരൂപം സിനിമയുടെ പ്രദര്‍ശനം ചില സംഘടനകള്‍ തടയുന്നത് ആവിഷ്കാരസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് താങ്കള്‍ക്കറിയാമല്ലോ. അതിനെതിരെ പ്രതിഷേധിക്കാനുള്ള യോഗത്തില്‍ താങ്കള്‍ പങ്കെടുത്തു പ്രസംഗിക്കുന്നത് പത്രത്തിലൊക്കെ വന്നതുമാണ്. എന്നു കരുതി ആ സിനിമ പോയി കണ്ട ശേഷം അത് ഇഷ്ടപ്പെടാതിരിക്കാനുള്ള അവകാശം താങ്കള്‍ക്കില്ല. ഇത്തരമൊരു രാഷ്ട്രീയപ്രാധാന്യമുള്ള ചിത്രമെന്ന നിലയ്‍ക്ക് അത് ഇഷ്ടപ്പെട്ടേ പറ്റൂ. അഥവാ അതിഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാനുള്ള സ്വാതന്ത്ര്യവും താങ്കള്‍ക്കില്ല. കാരണം, കമല്‍ഹാസന്‍ മഹാനായ നടനും സംവിധായകനുമൊക്കയാണ്. കമല്‍ഹാസനെപ്പറ്റി അതിബഹുമാനത്തോടെയും അതിരുകടന്ന വിനയത്തോടെയും മാത്രം സംസാരിക്കുന്നതാണ് ഈ സീസണില്‍ നല്ലത്.

4. പറയുമ്പോ എല്ലാം പറയണമല്ലോ. എന്തു സംഭവമായാലും അതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സമുദായം ഏതെന്നു നോക്കി അതിനെ വിലയിരുത്തുന്നതാണ് ഇവിടുത്തെ ഒരു രീതി. വിശ്വരൂപത്തിനെതിരേ പ്രതിഷേധിക്കുന്നവര്‍ മുസ്‍ലിം സംഘടനകളില്‍പ്പെട്ടവരാണെന്നിരിക്കെ മുസ്‍ലിം നാമധാരിയായ താങ്കള്‍ അവരെ എതിര്‍ക്കുന്നതോടൊപ്പം കമല്‍സാഹനോടുള്ള ആരാധന വെളിവാക്കുകയും സിനിമയെ വാഴ്‍ത്തിപ്പാടുകയും ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നു. സിനിമയെ എതിര്‍ക്കുന്നവരെ കളിയാക്കുന്നതോടൊപ്പം സിനിമ താങ്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നു തുറന്നെഴുതിയതിനെ തികച്ചും വര്‍ഗീയമായി മാത്രം കാണുന്നതാണ് പുരോഗമനവാദികളായ മതേതരവാദികള്‍ക്കിഷ്ടം.

5. സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ കമലഹാസന്‍റെ സിനിമയെപ്പറ്റി താങ്കള്‍ അഭിപ്രായം പറയുമ്പോള്‍ അത് സോഷ്യല്‍ മീഡിയ മലയാളിക്ക് സഹിക്കാന്‍ കഴിയാതെ വരുന്നത് താങ്കള്‍ കമലഹാസനെയൊക്കെ വിമര്‍ശിക്കാവുന്ന തരത്തില്‍ പ്രതിഭാധനനായ സംവിധായകനാണ് എന്നു പ്രേക്ഷകര്‍ വിശ്വസിക്കുന്നതുകൊണ്ടാണ്. എന്നാല്‍, ശ്രീശാന്തും പൃഥ്വിരാജും ഒക്കെ വളര്‍ന്നുപോയതുപോലെ താങ്കളുടെ കരിയര്‍ ഗ്രാഫും റോക്കറ്റുപോലെ വളരുന്നതില്‍ ഞങ്ങള്‍ക്ക് അസൂയാവഹമായ ആശങ്കയുണ്ട്. ഇക്കാരണത്താല്‍ നീയാരെടാ കമലഹാസനെ വിമര്‍ശിക്കാന്‍, നീ വെറും പുഴു എന്ന സന്ദേശം ഞങ്ങള്‍ താങ്കളിലേക്ക് അടിച്ചുകയറ്റിക്കൊണ്ടിരിക്കും.

6. ഡാഡി കൂള്‍ ഞങ്ങള്‍ക്കിഷ്ടപ്പെട്ട സിനിമയാണ്. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ അതിമനോഹരമായ സിനിമയായിരുന്നു. 22 ഫീമെയില്‍ കോട്ടയം പ്രേക്ഷകഭാവുകത്വത്തെ തന്നെ പുനര്‍നിര്‍വചിച്ച സിനിമയാണ്. ഡാ തടിയായും മോശമായില്ല. ഈ സിനിമകളൊക്കെ ഞങ്ങളാസ്വദിക്കുകയും നല്ലതെന്നു പ്രചരിപ്പിക്കുകയും ചെയ്തതാണ്. എന്നാല്‍, മേല്‍പ്പറഞ്ഞ കാരണങ്ങളാലും താങ്കള്‍ക്ക് ഞങ്ങളുടെ പിന്തുണയില്‍ അധിഷ്ഠിതമല്ലാത്ത ഒരു വ്യക്തിത്വവും അഭിപ്രായവും ഉണ്ടാവുന്നത് അപകടകരമാണെന്ന് അറിയാവുന്നതുകൊണ്ടും ഈ സിനിമകളൊക്കെ മലയാളത്തിലെ ഏറ്റവും കൂതറ സിനിമകളാണെന്നു ഞങ്ങള്‍ സാക്‍ഷ്യപ്പെടുത്തിക്കൊണ്ടിരിക്കും.

7. പിന്നെ, താങ്കള്‍ ആദ്യം ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്ത് മറ്റൊരു പോസ്റ്റ് ഇട്ടത് കേരള ഫേസ്ബുക്ക് അസോസിയേഷന്‍റെ ചട്ടങ്ങള്‍ക്കു വിരുദ്ധമാണ് എന്നതറിയാമല്ലോ. ഇട്ട പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നവനെ കല്ലെറിഞ്ഞു കൊല്ലുന്നതും അതിന്‍റെ സ്ക്രീന്‍ഷോട്ട് മാക്സിമം ഷെയര്‍ ചെയ്ത് മറ്റുള്ളവരോടും കല്ലെറിയാന്‍ ആഹ്വാനം ചെയ്യുന്നതും അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിന്‍റെ ഭാഗമായുള്ളതാണ്.

8. മഹാനായ കമലഹാസന്‍റെ സിനിമയെ വിമര്‍ശിക്കുമ്പോള്‍ ഭയഭക്തിബഹുമാനങ്ങളോടെ വിമര്‍ശിക്കണം എന്നതാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ക്ക് ആഷികിനോടു പറയാനുള്ളത്. അതിനു നാട്ടുഭാഷ ഉപയോഗിച്ച താങ്കളെ വിമര്‍ശിക്കാന്‍ ഞങ്ങള്‍ കട്ടത്തെറിയായിരിക്കും ഉപയോഗിക്കുന്നത്. അങ്ങനെ ഞങ്ങള്‍ കട്ടത്തെറി ഉപയോഗിച്ച് ആഷികിനെ വിമര്‍ശിക്കുന്നതിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവന്‍റെ അന്ത്യമായിരിക്കും. കാരണം, കമലഹാസന്‍റെ മുന്നില്‍ ആഷിക് അബു ഒന്നുമല്ല. എന്നാല്‍, പ്രത്യേകിച്ചു പണിയൊന്നുമില്ലാത്ത ഞങ്ങള്‍ക്കു മുന്നില്‍ നിങ്ങളാരും ഒന്നുമല്ല. ഞങ്ങള്‍ക്ക് ഏതു ഭാഷയും ഏതു ശൈലിയും ഉപയോഗിക്കാം. നിങ്ങളുടെ ഭാഷ നന്നായിരുന്നാല്‍ മതി.

9. താങ്കളുടെ അഭിപ്രായങ്ങളില്‍ അഹങ്കാരം, പുച്ഛം, ധാര്‍ഷ്ട്യം എന്നീ ഏതെങ്കിലും ഭാവങ്ങളുടെ അംശമെങ്കിലും കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് ഞങ്ങള്‍ മുളയോടെ നുള്ളിയിരിക്കും. അഹങ്കാരം എന്നത് കേരളത്തില്‍ നിയമം മൂലം നിരോധിച്ചിട്ടുള്ള കാര്യമാണെന്ന് അറിയാമല്ലോ. അതിവിനയമില്ലാത്ത എല്ലാവരും അഹങ്കാരികളാണെന്ന് ഞങ്ങള്‍ക്കറിയാം. ശ്രീശാന്ത്, പൃഥ്വിരാജ് തുടങ്ങി വിനയരഹിതരും സ്വന്തമായി അഭിപ്രായവും വ്യക്തിത്വവുമുള്ളവരുമായ എല്ലാവരെയും ഞങ്ങള്‍ കേരളസാംസ്കാരികഭൂമികയില്‍ നിന്നു തുടച്ചു നീക്കിയിട്ടുണ്ട്. അഹങ്കാരികള്‍ ഇല്ലാത്ത കേരളം അതാണ് ഞങ്ങളുടെ സ്വപ്നം.

10. മേലാല്‍ വിഗ്ഗ് വയ്‍ക്കുന്ന സൂപ്പര്‍ സ്റ്റാറുകളെപ്പറ്റി ഏതെങ്കിലും സിനിമാ വാരികയില്‍ എഴുതുകയോ കമലഹാസനെപ്പോലുള്ള മഹാനായ കലാകാരന്‍മാരുടെ സിനിമ ഇഷ്ടപ്പെടാതിരിക്കുകയോ ചെയ്താല്‍ വിവരമറിയും. ഫഹദ് ഫാസിലിനെപ്പോലുള്ള ന്യൂ ജനറേഷന്‍ പയ്യന്‍മാരെയേ താങ്കള്‍ കണ്ടിട്ടുള്ളൂ. അസ്സല്‍ ഫാസിസ്റ്റുകളെ കണ്ടിട്ടില്ല. കാരണം, അവരൊക്കെ മതേതരവാദം സംരക്ഷി്ക്കുന്ന തിരക്കിലാണ്.

ഈ പോസ്റ്റ് എഴുതിയതിന് ഞാന്‍ കേള്‍ക്കേണ്ടി വരുന്നത് എന്തൊക്കെയാണെന്ന് എനിക്കറിയാം. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്ടാകരസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ഫേസ്ബുക്ക് കവലകളില്‍ ആളുകള്‍ ആയുധം മൂര്‍ച്ച കൂട്ടുന്നതിന്‍റെ ശബ്ദം ഞാന്‍ കേള്‍ക്കുന്നു. 100 പൂക്കള്‍ വിരിയട്ടെ എന്നൊന്നും പറയാനുള്ള കെല്‍പ് എനിക്കില്ല. എന്നാലും സംഭവിക്കാനുള്ളത് കണക്കിലെടുത്ത പറയാം- ഒരായിരം തെറികള്‍ വിരിയട്ടെ !

തിയറ്റര്‍ റിപ്പോര്‍ട്ട്

ഹലോ ഗംഗയല്ലേ ?

അതേല്ലോ ആരാ ?

ഞാന്‍ പ്രസാദ് ആണ്..

പ്രസാദോ ? യുഎഫ്ഒയിലെ പ്രസാദാണോ ?

അല്ല… സംവിധായകന്‍ പ്രസാദ് ആണ്..

ആണോ ? ഞാന്‍ കേട്ടിട്ടില്ല കേട്ടോ… ഏതു സിനിമയാണ് സംവിധാനം ചെയ്തത് ?

ഇന്നിപ്പോ അവിടെ റിലീസ് ചെയ്ത സിനിമയുണ്ടല്ലോ… അതിന്‍റെ സംവിധായകനാണ്…

അത് ശരി… നമസ്കാരം…പുതിയ ആളാണല്ലേ ?

അല്ല, മുന്‍പ് ഹിന്ദിയിലും ഇംഗ്ലിഷിലുമൊക്കെ കുറച്ചു പടങ്ങള്‍ ചെയ്തിട്ടുണ്ട്…

മലയാളം അതുപോലൊന്നുമല്ല സാറേ…

തിയറ്റര്‍ റിപ്പോര്‍ട്ട് എങ്ങനെയുണ്ട് ?

പോര… മൊത്തത്തില്‍ ഒരു ഇഴച്ചിലുണ്ട്…

അയ്യോ… ഇതൊരു റിയലിസ്റ്റിക് മൂവിയാണ്..

ഓ അങ്ങനൊന്നും പറഞ്ഞിട്ട് കാര്യമില്ല സാറേ… നിങ്ങള്‍ക്കീ എല്ലിനേടേല്‍ കുത്തുമ്പോ ന്യൂ ജനറേഷനെന്നൊക്കെ പറഞ്ഞ് എന്തെങ്കിലും ഉണ്ടാക്കിയാല്‍ മതി.. അതൊക്കെ തിയറ്ററിലോടണമെന്നു പറഞ്ഞാല്‍ നടക്കുവോ ?

ഇതങ്ങനെ ഒരു ജനറേഷനിലും പെട്ട സിനിമയല്ല…ഒരു നല്ല സിനിമ ഉണ്ടാക്കാന്‍ നടത്തിയ ശ്രമമാണ്..

പറയാന്‍ കൊള്ളാം… ഒരു പഞ്ചില്ല…

ചേട്ടന്‍ പടം കണ്ടോ ?

കാണാനെന്തിരിക്കുന്നു… തിയറ്ററീന്നുള്ള ചിരീം കയ്യടീം കേട്ടാലറിയത്തില്ലേ ?

കയ്യടിയും ചിരിയും എല്ലാ സിനിമയ്‍ക്കും ഉണ്ടാവണമെന്നില്ല ചേട്ടാ…. അതില്ലാത്ത സിനിമകളൊന്നും ആളുകള്‍ ആസ്വദിക്കുന്നില്ല എന്നര്‍ഥമില്ല..

ഞാനീ തിയറ്ററ് തുടങ്ങീട്ട് വര്‍ഷം കൊറെയായതാ സാറേ… ജയന്‍റെ കോളിളക്കമായിരുന്നു എന്‍റെ ആദ്യപടം… നിങ്ങള്‍ക്കൊക്കെ ഇമ്മാതിരി പടങ്ങളെടുക്കാതെ ആ മായാമോഹിനീം മിസ്റ്റര്‍ മരുമകനും മൈ ബോസ്സുമൊക്കെപ്പോലെ വല്ല നല്ല പടവുമെടുത്തുകൂടേ ?

അതൊക്കെ ഓരോരുത്തരുടെ ഇഷ്ടമല്ലേ ചേട്ടാ… എനിക്കിഷ്ടമുള്ള സിനിമയാണല്ലോ ഞാനെടുക്കുന്നത്..

അതുകൊണ്ടായോ.. അതു പ്രേക്ഷകര്‍ക്കു കൂടി ഇഷ്ടപ്പെടേണ്ടേ ?

പ്രേക്ഷകര്‍ക്ക് വന്നു കണ്ട് ഇഷ്ടപ്പെടാന്‍ അല്‍പം സമയം കൊടുക്കൂ…

പറഞ്ഞപോലെ സിനിമ ഇത്തിരി സമയം കൂടുതലാ കേട്ടോ… ടൈറ്റില്‍സ് അടക്കം രണ്ടര മണിക്കൂറില്‍ നിര്‍ത്തണ്ടേ ? ഇതിപ്പോ മൂന്നു മണിക്കൂര്‍ അടുത്തു വരും..

സിനിമയല്ലേ ചേട്ടാ… ഓരോ സിനിമയ്‍ക്കും അതിന്‍റേതായ ഒരു വ്യക്തിത്വമില്ലേ ? ആണുങ്ങളായാല്‍ ആറടി പൊക്കം വേണമെന്നു പറഞ്ഞതുകൊണ്ട് എല്ലാ ആണുങ്ങള്‍ക്കും ആറടി പൊക്കം വയ്‍ക്കുമോ ? ആറടി ഇല്ലാത്തവരാരും ആണുങ്ങളല്ലെന്നു പറയാനൊക്കുമോ ?

എനിക്ക് നാലടി പൊക്കമേയുള്ളൂ എന്നത് സാറിനോടാരാ പറഞ്ഞത് ?

അയ്യോ, അതെനിക്കറിയില്ലായിരുന്നു.. ഞാനൊരുദാഹരണം പറഞ്ഞതാണ്..

എന്തായാലും സാറിന്‍റെ സിനിമ ആദ്യഷോ കഴിഞ്ഞ് ഞാന്‍ വെട്ടി.. ഇപ്പോള്‍ രണ്ടര മണിക്കൂറാണ് കളിക്കുന്നത്..

വെട്ടിയെന്നോ ? മനസ്സിലായില്ല…

അത് ശരി… സിനിമയിലെ ബോറന്‍ ഭാഗങ്ങളൊക്കെ വെട്ടി മാറ്റി മൂന്നേകാല്‍ മണിക്കൂറെന്നുള്ളത് രണ്ടര മണിക്കൂറാക്കി കുറച്ചെന്ന്…

അതെങ്ങനെ സാധിക്കും ? എന്‍റെ സിനിമ നിങ്ങളെങ്ങനെ വെട്ടും ?

ഹഹഹഹ… സത്യന്‍ അന്തിക്കാടിന്‍റെയും പ്രിയദര്‍ശന്‍റെയും എന്തിന് പത്മരാജന്‍റെയും ഭരതന്‍റെയും സിനിമകള്‍ വരെ ഞാന്‍ വെട്ടിയിട്ടുണ്ട്…അവരുടെയൊക്കെ സിനിമകള്‍ 100 ദിവസം കളിക്കുന്നത് അതൊക്കെ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന പോലെ നമ്മളിവിടിരുന്നു വെട്ടി ശരിപ്പെടുത്തുന്നതുകൊണ്ടാണ്.. സത്യത്തില്‍ അതിനു നിങ്ങള്‍ കാശിങ്ങോട്ടു തരണം…പടം വെട്ടിയോടിക്കുന്നതു നമ്മളും, പേരും അവാര്‍ഡുമൊക്കെ നിങ്ങള്‍ക്കും അതാണല്ലോ നാട്ടുനടപ്പ്…

മൈ ഗോഡ്…. എന്‍റെ സിനിമ നിങ്ങളെന്തിനു വെട്ടി ? എന്തൊരക്രമമാണ് ചെയ്തത് ?

എന്‍റെ സാറേ… അതിലെ മൂന്നാമത്തെ സോങ്ങ് എന്തിനാ ? അതിന്‍റെ ആവശ്യമെന്താ ? ഹീറോയും ഹീറോയിനും കൂടി ചുമ്മാ വഴിയേ നടക്കുന്നു… അവിടെയൊരു ഐറ്റം ഡാന്‍സോ ഗ്രൂപ്പ് ഡാന്‍സോ എങ്കിലുമിടാമായിരുന്നില്ലേ ? പടത്തിലൊരു ഫൈറ്റുപോലുമില്ല…ഇന്‍റര്‍വെല്‍ പഞ്ചില്ല,ക്ലൈമാക്സില്‍ ട്വിസ്റ്റില്ല..ഇപ്പോ റേപ്പിന്‍റെ സീസണല്ലേ… നായിക മഴ നനഞ്ഞു കയറി വരുമ്പോള്‍ ഒരു കൂട്ടബലാല്‍സംഗം കാണിക്കാമായിരുന്നില്ലേ ? അതു വച്ചു പോസ്റ്ററുമടിച്ചിരുന്നെങ്കില്‍ പടം ഹിറ്റായേനെ….രമ്യാ നമ്പീശന്‍റെ വയറു കാണിക്കുന്ന ഒരു പാട്ടെങ്കിലും കൊടുക്കാമായിരുന്നു…

ഇതൊക്കെ വേണമെന്ന് ആരു പറഞ്ഞു ?

ഹത് ശരി, ഇപ്പോ അങ്ങനെയായോ ? ഇതൊന്നും വേണ്ട എന്നു സാറിനോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ? നല്ല പഞ്ചൊള്ള ഒരു ഇന്‍ട്രോ സീന്‍, ഇന്‍റര്‍വെല്ലിനൊരു പഞ്ച്…. മൂന്നു പാട്ട്, മിനിമം രണ്ട് ഫൈറ്റ്, ക്ലൈമാക്സ് ബില്‍ഡ് അപ്പ്, ട്വിസ്റ്റ് ഇതൊക്കെയല്ലേ സിനിമയെ സിനിമയാക്കുന്നത് ?

ചേട്ടന്‍ ചേട്ടന്‍റെ മകളെ കാണുന്നത് മകളായിട്ടാണോ അതോ വിവിധ അവയവങ്ങളായിട്ടാണോ ?

ഒരുമാതിരി മറ്റേച്ചോദ്യം ചോദിക്കരുത് കേട്ടോ…

സിനിമ എന്നെ സംബന്ധിച്ച് എന്‍റെ മകനോ മകളോ ആണ്… അത് പൂര്‍ണമായ സൃഷ്ടിയാണ്.. അതിനെ ചേട്ടന്‍ വിവിധ ഭാഗങ്ങളായി വിഭജിക്കുകയും മുറിച്ചു ചെറുതാക്കുകയുമൊക്കെ ചെയ്യുമ്പോള്‍ സൃഷ്ടാവ് എന്ന നിലയ്‍ക്ക് ഞാനനുഭവിക്കുന്ന വേദന ചേട്ടനു മനസ്സിലാവില്ല…

എന്നു പറഞ്ഞാല്‍ പ്രേക്ഷകര്‍ക്കിഷ്ടപ്പെടുന്ന സംഗതികള്‍ വേണ്ടേ അതില്‍ ?

ഇത് പ്രേക്ഷകര്‍ക്കിഷ്ടപ്പെടില്ല എന്ന് പ്രേക്ഷകര്‍ കാണും മുമ്പേ ചേട്ടന്‍ തീരുമാനിച്ചതിന്‍റെ അടിസ്ഥാനമെന്താണ് ? നല്ല സിനിമകള്‍ വെട്ടി നശിപ്പിച്ചതുകൊണ്ട് പ്രേക്ഷകര്‍ തിയറ്ററിലേക്കു വരില്ല… സിനിമയെ ഒരു കലാസൃഷ്ടിയെന്ന നിലയ്‍ക്ക് സമീപിക്കാനുള്ള ഒരു ക്ഷമ മാത്രമേ ഞങ്ങള്‍ ചോദിക്കുള്ളൂ… അത് ഞങ്ങള്‍ എടുത്തതുപോലെ ഒന്നു കാണിച്ചാല്‍ മാത്രം മതി… വിജയവും പരാജയവുമൊക്കെ പ്രേക്ഷകര്‍ തീരുമാനിച്ചോട്ടെ….

എന്തു പറഞ്ഞാലും കൊള്ളാം… പടം ഹോള്‍ഡോവറായാല്‍ ഞാന്‍ മാറ്റും… എന്നിട്ട് തെലുങ്ക് പടം കളിക്കും…

അതും ഇതുപോലെ വെട്ടുമോ ?

ഓ.. അതിലൊന്നും വെട്ടാനില്ല…എന്‍റെ പൊന്നുസാറേ.. നിങ്ങളിമ്മാതിരി പടമെടുത്തു നടക്കാതെ ആ ഉദയകൃഷ്ണ-സിബി.കെ.തോമസിനെ കണ്ട് ഒരു തിരക്കഥ വാങ്ങിക്ക്… അതാവുമ്പോ ആരെങ്കിലും സംവിധാനം ചെയ്താല്‍ മതി…പടം ഹിറ്റായിരിക്കും…

ചേട്ടാ…. ?

അനിയന്‍ ഫോണ്‍ വെക്ക്… നാളെ ഇവിടെ വന്നു പടമൊന്നു കണ്ടോ… അതുപോലെ എല്ലാ സെന്‍ററിലും പോയി ഒന്നു വെട്ടിക്കോ… പടം ഓടും…

എന്‍റെ പടം…

ഇപ്പഴാ അതൊരു പടമായത്…

ശ്വേതയും ബ്ലെസിയും അറിയുന്നതിന്

കളിമണ്ണ് എന്ന സിനിമ ഇറങ്ങിയാലും ഇല്ലെങ്കിലും പരമാവധി പബ്ലിസിറ്റി അതിനു ലഭിച്ചു കഴിഞ്ഞു. നടിയുടെ പ്രസവം ചിത്രീകരിക്കുന്നതിലൂടെ ബ്ലെസിയും പ്രസവശേഷം ചോരക്കുഞ്ഞുമായി ഓടിനടന്ന് മാക്സിമം പബ്ലിസിറ്റിക്കു ശ്രമിക്കുന്ന ശ്വേതയും മാതൃത്വത്തിന്‍റെ മഹത്വം പുതുതലമുറയിലെ മനസാക്ഷിയില്ലാത്ത ദുഷ്ടന്‍മാര്‍ക്കു മനസ്സിലാക്കിക്കൊടുക്കുമെന്നാണ് സങ്കല്‍പം. എന്നാല്‍, പ്രസവചിത്രീകരണത്തിന്‍റെ ധാര്‍മികതയും പിറന്നുവീഴുന്ന നിമിഷം മുതല്‍ ചിത്രീകരിക്കപ്പെടുന്ന കുഞ്ഞിന്‍റെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ബ്ലെസിയും ശ്വേതയും പ്രകോപിതരാവുന്നു എന്നതാണ് വിചിത്രമായ കാര്യം.

ബ്ലെസി പ്രസവം ചിത്രീകരിക്കുകയും ലേബര്‍ റൂം ജേണലിസ്റ്റുകള്‍ അത് വലിയ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തപ്പോള്‍ ചെയ്യുന്നത് തെറ്റോ ശരിയോ എന്നുറപ്പില്ലാത്തതുകൊണ്ടാണോ എന്തോ നാഴികയ്‍ക്ക് നാല്‍പത് വട്ടം സംവിധായകനും നടിയും ജേണലിസ്റ്റുകളും മാതൃത്വത്തിന്‍റെ മഹത്വം ലോകത്തിനു കാട്ടിക്കൊടുക്കുക എന്ന ചരിത്രദൗത്യത്തെപ്പറ്റി സമൂഹത്തെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു. അതിന്‍റെ യുക്തിയെപ്പറ്റിയുള്ള ഏതാനും സംശയങ്ങള്‍ അന്ന് ഇവിടെ ചര്‍ച്ച ചെയ്തിരുന്നു. ചോരക്കുഞ്ഞിനെ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുമ്പോഴും പൂത്തുലയുന്നത് മാതൃത്വത്തിന്‍റെ മഹത്വമാണെന്നാണ് പുതിയ പാഠം. മാതൃത്വമെന്ന വാക്ക് ഓരോ വാക്യത്തിലും ഉപയോഗിക്കുന്നതുകൊണ്ട് ഇതെല്ലാം മഹത്തരമാകുമോ എന്ന കര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്.

ഈ വിഷയത്തില്‍ അഭിപ്രായം പറയുമ്പോഴും വ്യക്തിപരമായ നിലപാടെടുക്കുമ്പോഴും മൂന്നു ചോദ്യങ്ങളാണ് നമ്മെ പ്രതിരോധിക്കുന്നത്. 1.ശ്വേത പ്രസവവും മാതൃത്വവും മാര്‍ക്കറ്റ് ചെയ്യുന്നതിനെ ചോദ്യം ചെയ്യുമ്പോള്‍ നമ്മളും സോ കോള്‍ഡ് മോറല്‍ പോലീസിങ്ങല്ലേ ചെയ്യുന്നത് ? 2. ഇതെല്ലാം ശ്വേതയുടെ സ്വകാര്യജീവിതത്തെ സംബന്ധിക്കുന്ന കാര്യങ്ങളാകയാല്‍ നമ്മളെ സംബന്ധിച്ച് നണ്‍ ഓഫ് അവര്‍ ബിസിനസല്ലേ ? 3.ശ്വേതയെ അഭിനന്ദിക്കുകയും പിന്തുണയ്‍ക്കുകയും ചെയ്യുമ്പോഴല്ലേ നമ്മള്‍ പരിഷ്കാരികളാവുന്നത് ?

ശ്വേത എന്തു ചെയ്യുന്നതും ശ്വേതയുടെ മാത്രം കാര്യമാണ്. പക്ഷെ, ജനകീയ മാധ്യമമായ സിനിമയ്‍ക്കു വേണ്ടി ഇത്തരം ഒരു കാര്യം ചെയ്യുമ്പോള്‍ അത് മുന്നോട്ടു വയ്‍ക്കുന്ന മാതൃക ചലച്ചിത്രപ്രവര്‍ത്തകരും മനുഷ്യാവകാശ കമ്മിഷനും സാംസ്കാരികപ്രവര്‍ത്തകരും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടതാണ്. സെബാസ്‍റ്റ്യന്‍ പോളും സ്പീക്കര്‍ ജി.കാര്‍ത്തികേയനും ഇതെപ്പറ്റി വിമര്‍ശനമുന്നയിച്ചതാണ് ഇപ്പോള്‍ ശ്വേതയെയും ബ്ലെസിയെയുമൊക്കെ പ്രതിരോധത്തിലാക്കിയിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്വേതയുടെ പ്രസവവും അനുബന്ധ വിവരങ്ങളുമൊക്കെ സ്വകാര്യജീവിതത്തിന്‍റെ ഭാഗമല്ലാതാകുന്നത് അത് ശ്വേതയുടെ അറിവോടും സമ്മതത്തോടും കൂടി മാധ്യമങ്ങളില്‍ വലിയ ഫീച്ചറുകളും അഭിമുഖങ്ങളുമൊക്കെയായതുകൊണ്ടാണ്. താന്‍ ചെയ്യുന്നതെല്ലാം മാതൃത്വത്തെ മഹത്വവല്‍ക്കരിക്കാനാണ് എന്ന് മാധ്യമങ്ങളിലൂടെ ശ്വേത പ്രഘോഷിക്കുമ്പോള്‍ സമൂഹത്തിന് അതില്‍ പ്രതികരിക്കാനും അഭിപ്രായം പറയാനും അവകാശമുണ്ട്.

ഇവിടെ പുരോഗമനവാദികള്‍ ഉന്നയിക്കുന്ന പ്രധാനചോദ്യം ശ്വേതയുടെ ജീവിതം, ശ്വേതയുടെ കുഞ്ഞ്- തനിക്കൊക്കെ എന്താ ചേതം ? എന്നതായിരിക്കും. പുരോഗമനവാദികളായും പരിഷ്കാരികളായും നടിക്കുന്നവര്‍ അപരിഷ്കൃതരാവുന്നത് അവിടെയാണ്. സ്വകാര്യതയും മനുഷ്യാവകാശവും ഏറെക്കുറെ ഒരുമിച്ചു പോവുന്ന ഘടകങ്ങളാണ്. ശ്വേതയുടെ സ്വകാര്യജീവിതത്തെപ്പറ്റി വിമര്‍ശനങ്ങളുന്നയിക്കുന്നവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള ആ സ്ത്രീയുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുകയാണ് എന്നു വേണമെങ്കില്‍ വാദിക്കാം- പ്രസവം എന്ന പ്രക്രിയ ആരംഭിക്കുന്ന നിമിഷം വരെ മാത്രം. മറ്റൊരു ജീവന്‍ ഭൂമിയിലേക്കു കടന്നുവരുന്നതിനെയാണ് പ്രസവം എന്നു വിശേഷിപ്പിക്കുന്നതെങ്കില്‍ ആ സീനില്‍ മൂന്നാമതൊരു വ്യക്തി കൂടിയുണ്ട്- പിറന്നു വീഴുന്ന കുഞ്ഞ്. ശ്വേതയുടെ കുഞ്ഞ് എന്നു പറയുന്ന വ്യക്തിയുടെ മനുഷ്യാവകാശങ്ങളും സ്വകാര്യതയും ആരു സംരക്ഷിക്കും ?അങ്ങനെയൊന്നുണ്ടോ എന്നു നെറ്റിചുളിക്കുന്ന സാംസ്കാരികനവമുകുളങ്ങളെ പുരോമനവാദികള്‍ എന്നു വിളിക്കുന്നത് എത്ര അപക്വമായിരിക്കും.

ലോകത്ത് ആദ്യമായാണ് ഒരു നടി തന്‍റെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കാന്‍ അനുമതി നല്‍കുന്നത് എന്ന് അന്ന് ലേബര്‍ റൂം ജേണലിസ്റ്റുകള്‍ എഴുതിയിരുന്നു. പരീക്ഷണങ്ങളുടെ പറുദീസയായ ഹോളിവുഡിലോ മറ്റേതെങ്കിലും രാജ്യത്തോ ഇത്തരം ഒരു ശ്രമം മറ്റൊരു നടിയും നടത്താത്തത് എന്തുകൊണ്ടാണ് ? ഉത്തരം ലളിതമാണ്- അവിടെ ജീവനോടുള്ള ആദരം വലുതാണ്. പിറന്നുവീഴുന്ന ഒരു കുഞ്ഞിനെ ഒരു വ്യക്തിയായി കാണുന്ന ആ രാജ്യങ്ങളില്‍ ആ കുരുന്നിന്‍റെ സ്വകാര്യതയ്‍ക്കും രക്ഷാകര്‍തൃത്വത്തിനും വലിയ വിലയാണുള്ളത്. കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ഇവിടെ മാതൃത്വതതിന്‍റെ മഹത്വം പുലമ്പുന്ന സംവിധായകനും നടിയും ചെയ്ത പ്രവൃത്തി അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നെങ്കില്‍ രണ്ടും അകത്തുപോയെനെ. ഉത്തരവാദിത്തമില്ലാത്ത രക്ഷിതാക്കളില്‍ നിന്ന് കുഞ്ഞുങ്ങളെ ഏറ്റെടുക്കുന്ന സര്‍ക്കാരുകളാണ് പരിഷ്കൃതരാജ്യങ്ങളിലുള്ളത്. ഇന്ത്യാക്കാരായ അനുരൂപ് ഭട്ടാചാര്യയും സാഗരികയും കുഞ്ഞുങ്ങളെ വളര്‍ത്തിയ ശൈലിയെ അശാസ്ത്രീയമാണെന്നു കണ്ടെത്തി, സ്വീഡനില്‍ ആ ദമ്പതികളില്‍ നിന്നു കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഏറ്റെടുത്തത് മാധ്യമങ്ങളില്‍ നമ്മള്‍ വായിച്ചതാണ്.

സ്പീക്കറും സെബാസ്റ്റ്യന്‍ പോളും പറഞ്ഞത് ഇതേ കാര്യങ്ങളാണ്. പ്രസവമുറിയിലെ പ്രൈവസി വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നെന്നും ധാര്‍മികതയുടെ അധപതനം ആണിത് കാണിക്കുന്നുമാണ് സ്പീക്കര്‍ പറഞ്ഞത്. നടിയ്ക്ക് സ്വകാര്യത വേണ്ടായിരിക്കും. പക്ഷേ കുഞ്ഞിന് അതിനുള്ള അവകാശമുണ്ട്. ഭ്രൂണാവസ്ഥയില്‍ത്തന്നെ മനുഷ്യാവകാശം ആരംഭിക്കുന്നു. അതിനെ ലംഘിക്കാന്‍ ആര്‍ക്കും അവകാശമില്ല- സെബാസ്റ്റ്യന്‍ പോള്‍ പറയുന്നു. ഇവരുടെ അഭിപ്രായങ്ങള്‍ വളരെ ഗൗരവമുള്ളത് തന്നെയാണ്. എന്നാല്‍ അതിന് ശ്വേതയും ബ്ലെസിയും നല്‍കിയിട്ടുള്ള മറുപടികള്‍ മാതൃത്വത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നതിലുള്ള അവരുടെ ആത്മാര്‍ത്ഥത പൂര്‍ണമായും വെളിച്ചത്തുകൊണ്ടുവരുന്നുണ്ടോ എന്നു സംശയമാണ്.

ബ്ലസ്സി എന്ന സംവിധായകന്‍ കച്ചവടത്തിനുവേണ്ടി ഇത്തരമൊരു സിനിമ എടുക്കുമെന്നു പറയുന്നവര്‍ ആദ്യം ചെയ്യേണ്ടത് ഇതുവരെ ബ്ലസി ചെയ്ത സിനിമകള്‍ കാണുകയും അതിലെ കച്ചവടം എത്രയുണ്ടെന്നു കണ്ടെത്തുകയും ചെയ്യുകയാണ് എന്ന ശ്വേതയുടെ പ്രസ്താവന പരിതാപകരമാണ്. ഒന്നുകില്‍ ബ്ലെസി എടുത്തിട്ടുള്ള സിനിമകള്‍ ശ്വേത കണ്ടിട്ടില്ല. അല്ലെങ്കില്‍ അദ്ദേഹം മലയാള സിനിമയിലെ കുറസോവയോ മറ്റോ ആണെന്ന് നടി തെറ്റിദ്ധരിച്ചിരിക്കുന്നു. സിനിമ തന്നെ കച്ചവടമാണ് എന്നിരിക്കെ ബ്ലെസിയുടെ സിനിമകളില്‍ കച്ചവടമില്ല എന്നു വാദിക്കാന്‍ ശ്രമിക്കുന്ന ശ്വേത നിലപാട് വ്യക്തമാക്കുന്നതില്‍ പരാജയപ്പെടുകയാണ്. ഒരു മെഡിക്കല്‍-അക്കാദമിക് ചിത്രമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എന്തിന് മാധ്യമങ്ങളിലൂടെ അതിനിത്ര പബ്ലിസിറ്റിക്കു ശ്രമിക്കുന്നു ?

ചോരക്കുഞ്ഞുമായി ക്യാമറ ഫ്ലാഷുകള്ക്കു മുന്നിലേക്ക് ഓടിയെത്തുന്ന ശ്വേത തന്‍റെ ശ്രമങ്ങളെ സ്ത്രീസ്വാതന്ത്ര്യവുമായി കൂട്ടിക്കെട്ടി കേരളത്തിലെ സ്ത്രീസമൂഹത്തിന്‍റെ പിന്തുണ ആഗ്രഹിക്കുന്നുണ്ടെന്നു തോന്നുന്നു. കാലം മാറിയെന്നും സ്ത്രീകളില്‍ പലരും പ്രസവിച്ചു വൈകാതെ ജോലിക്കുപോലും പോകേണ്ട അവസ്ഥയാണെന്നും പലരും ജോലി സ്ഥലത്തു കുഞ്ഞുങ്ങളെ കൊണ്ടുവരാറുണ്ടെന്നുമുള്ള കാര്യം ഇവരെപ്പോലുള്ളവര്‍ മനസ്സിലാക്കണം- ശ്വേത പറയുന്നു. കേരളത്തിലെ പൊതുസമൂഹത്തിലെ സ്ത്രീയെപ്പറ്റി ശ്വേതയ്‍ക്കു വലിയ പിടിയില്ല എന്നതു വ്യക്തമാണ്. ഇവിടെ പ്രസവാവധിയും മറ്റും സര്‍ക്കാര്‍ നല്‍കുന്നത് മാതൃത്വത്തിന്‍റെ മഹത്വം ജി.കാര്‍ത്തികേയനെപ്പോലെയുള്ള രാഷ്ട്രീയപ്രവര്‍ത്തകര്‍ നേരത്തെ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ടാണ്. അത് മനസിലാക്കാന്‍ സിനിമ കണ്ടതുകൊണ്ടോ സിനിമ ഉണ്ടാക്കിയതുകൊണ്ടോ കാര്യമില്ല.

പരിശുദ്ധനായ സംവിധായകന്‍ ബ്ലെസിയും പ്രകോപിതനാണ്. പ്രസവത്തിന്‍റ ദൃശ്യങ്ങള്‍ കാണിച്ച് സിനിമ വിജയിപ്പിക്കേണ്ട ഗതികേട് തനിക്കില്ലെന്നും അത്തരം അവസ്ഥയുണ്ടായാല്‍ ഈ പണി നിര്‍ത്തുമെന്നും പറയുന്ന ബ്ലെസിക്ക് ആത്മാര്‍ത്ഥത എന്ന വാക്കിന്‍റെ അര്‍ഥം അറിയാമോ എന്നു സംശയമാണ്. പ്രസവം ചിത്രീകരിക്കുകയും അത് മാധ്യമങ്ങളിലൂടെ ഉദ്ഘോഷിക്കുകയും ചെയ്തിട്ട് ഇപ്പോള്‍ ഇത്തരം ഡയലോഗുകള്‍ വച്ചു കീറുന്ന വിശുദ്ധന്‍റെ തൊലിക്കട്ടിക്ക് പ്രണാമം. കഴിഞ്ഞിട്ടില്ല പ്രഘോഷണം. മനുഷ്യന്‍ മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുന്ന സാമൂഹികാവസ്ഥയുള്ള കേരളത്തില്‍ സാംസ്കാരികമായ ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. മാതാപിതാക്കളെയും ഇണയെയും മക്കളെയുമൊന്നും കൊല്ലാന്‍ മടിയില്ലാത്ത മലയാളികള്‍ ഇന്നുണ്ട്. പിതാവ് മകളെ പീഡിപ്പിക്കുന്ന കഥകള്‍ നിത്യവും പുറത്തുവരുന്നു. അതുകൊണ്ട് അമ്മ എന്ന സ്ഥാനത്തിന്‍റെ മൂല്യം എന്താണെന്നും സ്വന്തം ശരീരത്തില്‍ നിന്ന് ഉടലെടുക്കുന്ന ഒരു ജീവനുമായുള്ള സ്ത്രീയുടെ ബന്ധത്തിന്‍റെ ആഴം എത്രമാത്രമാണെന്നും വ്യക്തമാക്കുകയാണ് തന്‍റെ ലക്‍ഷ്യം- ബ്ലെസി പറയുന്നു.

ഒരു സ്ത്രീയുടെ പ്രസവം സിനിമയ്‍ക്കു വേണ്ടി ചിത്രീകരിക്കുന്നതിലൂടെ ഈ മനുഷ്യനും മൃഗത്തെപ്പോലെ പ്രവര്‍ത്തിക്കുകയാണെന്ന് ആളുകള്‍ക്കു തോന്നുമ്പോള്‍ പ്രകോപിതനായിട്ടു കാര്യമില്ല. സാംസ്കാരിക ഇടപെടല്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നു പറയുന്ന സംവിധായകന് സെബാസ്റ്റ്യന്‍ പോളും കാര്‍ത്തിയേകനുമൊക്കെ നടത്തിയത് സാംസ്കാരിക ഇടപെടലായി കാണാനാവുന്നില്ല എന്നതും നിര്‍ഭാഗ്യകരമാണ്. എന്തൊക്കെ ചെയ്താലും മനുഷ്യത്വവും സംസ്കാരവും ബലി കഴിച്ചുകൊണ്ടുള്ള പരീക്ഷണങ്ങള്‍ക്ക് മലയാള സിനിമ ഇന്നു വരെ വേദിയായിട്ടില്ല. ബ്ലെസിയുടെ സിനിമ കൊണ്ടുവരാന്‍ പോകുന്നത് എത്ര ഉന്നതമായ സന്ദേശമാണെങ്കിലും ആ സിനിമ ഉണ്ടാക്കാനുള്ള ശ്രമത്തിലും അതിന്‍റെ മാര്‍ക്കറ്റിങ്ങിലുമായി സമൂഹത്തിനു പകര്‍ന്നു നല്‍കിയിരിക്കുന്നത് വളരെ മോശം സന്ദേശങ്ങളാണ്. സിനിമയുടെ പേരുപോലെ പ്രേക്ഷകരുടെ തലയിലും കളിമണ്ണ് മാത്രമാണെന്നു വിചാരിക്കുന്നത് ബുദ്ധിമാനെന്നു കരുതുന്ന ഒരു സംവിധായകനു ചേര്‍ന്നതല്ല.

സിനിമാനടിയുടെ പ്രസവം; മാതൃത്വത്തിന്‍റെ മഹത്വം

സിനിമാ നടി ശ്വേതാ മേനോന്‍ പ്രസവിച്ചു. സംവിധായകന്‍ ബ്ലസി അത് ക്യാമറയില്‍ പകര്‍ത്തി.ഇതില്‍ പ്രസവം എന്നത് ശ്വേതയുടെ സ്വകാര്യവിശേഷവും ക്യാമറയില്‍ പകര്‍ത്തി എന്നത് ബ്ലെസിയുടെ സിനിമാവിശേഷവും ഇതു രണ്ടും കൂടി വാര്‍ത്തയാക്കുന്നത് മാധ്യമങ്ങളുടെ വാര്‍ത്താവിശേഷവുമാണ്. എല്ലാം അവരവരുടെ സ്വാതന്ത്ര്യം. ഒന്നിലും ഒരു തെറ്റുമില്ല. ഈ സംഭവവികാസങ്ങള്‍ക്കൊപ്പം ശ്വേതാ മേനോനും ബ്ലെസിയും അവരുടെ മൊഴിയെടുത്ത മാധ്യമപ്രവര്‍ത്തകരും വാരിവലിച്ചു വര്‍ണിച്ചിരിക്കുന്ന മഹത്വപ്രഖ്യാപനങ്ങളെക്കുറിച്ചാണ് ദോഷൈദൃക്കെന്ന നിലയ്‍ക്ക് എനിക്കു ചില സംശയങ്ങളുള്ളത്.

പ്രസവശേഷം ശ്വേത പറഞ്ഞിരിക്കുന്ന ഡയലോഗ് ശ്രദ്ധിക്കുക. പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്നു ശ്വേത പറഞ്ഞു. മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്‍ക്കായിട്ടാണ് താന്‍ പ്രസവം ചിത്രീകരിച്ച് സിനിമ ഉണ്ടാക്കുന്നതെന്ന് സംവിധായകന്‍ ബ്ലെസിയും പറഞ്ഞു. രണ്ടും നല്ല കാര്യങ്ങളാണ്. ആര്‍ക്കും എതിരൊന്നും പറയാനുണ്ടാവില്ല. ലേബര്‍ റൂമില്‍ ക്യാമറ വച്ച് പ്രസവം ഷൂട്ട് ചെയ്യുന്നത് ചെറ്റത്തരമാണെന്ന് അഭിപ്രായമുള്ളവരേ ശ്രദ്ധിക്കൂ, ഞങ്ങള്‍ ഇതു ചെയ്യുന്നത് ദൈവികമായ ഒരു ലക്‍ഷ്യത്തിനു വേണ്ടിയാണ് എന്നാണ് ഈ മൊഴികളുടെ സന്ദേശം.

പ്രസവം ഇന്നോ ഇന്നലെയോ തുടങ്ങിയ ഒരു പരിപാടിയല്ല. കോടാനുകോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യമനുഷ്യന്‍ പിറന്ന കാലം മുതല്‍ ഈ ലോകത്ത് പ്രസവങ്ങള്‍ നടക്കുന്നു. ഇത് എങ്ങനെ നടക്കുന്നുവെന്നോ ഈ പ്രക്രിയയിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളും അമ്മയുമായി എന്തു തരം ബന്ധമാണുണ്ടാവുന്നതെന്നോ ആരും ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. കാരണം എല്ലാവരും ഒരമ്മ പ്രസവിച്ചാണ് ഉണ്ടാവുന്നത്. താനെത്രത്തോളം വേദനയനുഭവിച്ചാണ് കുഞ്ഞേ നിനക്കു ജന്മം നല്‍കിയതെന്ന് മിക്കവാറും അമ്മമാരും സ്വന്തം മക്കളോടു പറഞ്ഞുകൊടുക്കാറുണ്ട്. വീട്ടിലുള്ള കുട്ടികള്‍ സ്വന്തം അമ്മയുടെയോ വീട്ടിലെ മറ്റംഗങ്ങളുടേയോ ഒക്കെ ഗര്‍ഭാവസ്ഥ നേരിട്ടു കണ്ടു മനസ്സിലാക്കാറുമുണ്ട്. അങ്ങനെയിരിക്കെ ഒരു സിനിമാനടിയുടെ പ്രസവം തല്‍സമയം ചിത്രീകരിച്ച് സിനിമ ഉണ്ടാക്കുന്നതിന്‍റെ സാമൂഹികപ്രസക്തി എന്താണ് ?

മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്‍ക്കായിട്ടാണ് താന്‍ ഇത്തരത്തിലൊരു സിനിമ ചെയ്യുന്നത് എന്നു പറയുന്ന ബ്ലസി ഒന്നുകില്‍ ഒരു മന്ദബുദ്ധിയായിരിക്കണം, അല്ലെങ്കില്‍ സ്വന്തം സിനിമയുടെ മാര്‍ക്കറ്റിങ്ങിനു വേണ്ടി എന്തും ചെയ്യാന്‍ മടിയില്ലാത്ത പരമഫ്രോഡായിരിക്കണം. വേദന നിറഞ്ഞ പ്രസവങ്ങള്‍ നല്ല നടിമാര്‍ അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള സിനിമകള്‍ ലോകത്ത് എല്ലാ ഭാഷയിലും ഉണ്ടായിട്ടുണ്ട്. ആ പ്രസവ സീനുകള്‍ നടി അഭിനയിക്കുന്നതാണല്ലോ, ഒറിജിനലല്ലോ എന്നുള്ള ചിന്തകള്‍ കാരണം ആസ്വാദ്യമായില്ല എന്നാരും പറഞ്ഞിട്ടില്ല. സിനിമ എന്ന മാധ്യമം എന്താണെന്നറിയാവുന്നവരാണ് അത് കാണാന്‍ പോകുന്നത്. അതില്‍ റിയാലിറ്റി അംശം കൂടുമ്പോള്‍ ആ സീനുകള്‍ കൂടുതലായി എന്തെങ്കിലും സംവേദനം ചെയ്യുമെങ്കില്‍ അത് കഥാപാത്രത്തിന്‍റെ അല്ല, കഥാപാത്രമായി അഭിനയിക്കുന്ന നടിയുടെ ജീവിതമാണ് എന്നിരിക്കെ പടമിറങ്ങുമ്പോള്‍ ബ്ലെസിയുടെ ന്യായം വെറും അന്യായമായി മാറും.

ഞാന്‍ ചോദിക്കട്ടെ. ഈ സിനിമ റിലീസ് ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ തിയറ്ററിലേക്ക് പോകുന്നത് മാതൃത്വത്തിന്‍റെ മഹത്വം കണ്ടു മനസ്സിലാക്കാനായിരിക്കുമോ ശ്വേതയുടെ പ്രസവം കാണാനായിരിക്കുമോ ? ശ്വേതയുടെ പ്രസവം കാണിക്കുന്ന സിനിമ എന്നതു തന്നെയായിരിക്കും ഈ സിനിമയുടെ ഐഡന്‍റിറ്റി എന്നു നിസ്സംശയം പറയാം. ശ്വേത അവതരിപ്പിക്കുന്ന കഥാപാത്രവും ആ കഥാപാത്രത്തിന്‍റേതായ മേമ്പൊടികളുമെല്ലാം ഈ സീനില്‍ പ്രേക്ഷകര്‍ മറക്കും. അത് ശ്വേതേടെ ഒറിജിനല്‍ പ്രസവമാണെന്ന് പ്രേക്ഷകന്‍റെ തലയിലിരുന്ന് ആരോ മന്ത്രിക്കും. ശ്വേത മേനോന്‍ എന്ന നടിയുടെ പ്രസവം ലേബര്‍ റൂമില്‍ നിന്നു കാണുന്ന അതേ വികാരത്തോടെയായിരിക്കും പ്രേക്ഷകന്‍ ആ പ്രസവസീനും കാണുക എന്നാണെന്‍റെ തോന്നല്‍.,. അങ്ങനെയല്ല, അപ്പോള്‍ ശ്വേതയെന്ന നടിയും പ്രസവുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകളും എല്ലാം വിസ്മരിക്കപ്പെടുകയും മാതൃത്വത്തിന്‍റെ മഹത്വം മാത്രം ഞങ്ങളുടെ മനസ്സില്‍ അലയടിക്കുകയും ചെയ്യുമെന്ന് അഭിപ്രായമുള്ളവരോട് ഞാന്‍ മാപ്പു ചോദിക്കുന്നു. ഞാന്‍ ആദ്യം പറഞ്ഞ ടൈപ്പാണ്. എന്നെപ്പോലെ വേറെയും അനേകം ആളുകള്‍ കാണാന്‍ സാധ്യതയുണ്ട്.

അപ്പോള്‍ മാതൃത്വത്തിന്‍റെ മഹത്വമല്ല, സിനിമാനടിയുടെ പ്രസവമാണ് ബ്ലെസി വില്‍ക്കാനുദ്ദേശിക്കുന്നത് എന്നു തുറന്നു സമ്മതിക്കേണ്ടി വരും. മാതൃത്വം, അമ്മ, കുഞ്ഞ് തുടങ്ങിയ വാക്കുകള്‍ വന്നതുകൊണ്ട് മാത്രം എല്ലാം പവിത്രമാകണമെന്നില്ല. ബ്ലെസിയുടെ ന്യായവാദം വച്ചുനോക്കിയാല്‍ ഇവിടെ ബ്ലൂഫിലിം പിടിക്കുന്നവന് പിതൃത്വത്തിന്‍റെ മഹത്വം പുതുതലമുറയെ മനസ്സിലാക്കിക്കൊടുക്കുന്നതിനു വേണ്ടിയാണ് താനിതു ചെയ്തതെന്നു വേണമെങ്കില്‍ വാദിക്കാം. അല്ലെങ്കില്‍ തന്നെ ‘മാതൃത്വത്തിന്‍റെ മഹത്വം മറന്നുകൊണ്ടിരിക്കുന്ന യുവതലമുറ’ എന്നു പറയാന്‍ ഈ സംവിധായകന് എങ്ങനെ കഴിയും ? യുവതലമുറ ഫുള്ളായിട്ടും ടെസ്റ്റ് ട്യൂബ് ശിശുക്കളാണെങ്കില്‍ ബ്ലെസിക്ക് ഇതു പറയാം. ഞാന്‍ മനസ്സിലാക്കിയിടത്തോളം ബ്ലെസിയുടെയൊക്കെ തലമുറയെക്കാള്‍ അമ്മയോട് വൈകാരികമായി കൂടുതല്‍ അടുപ്പമുള്ളതാണ് യുവതലമുറ.

ഇനി ശ്വേതയുടെ ഡയലോഗ് നോക്കാം. ‘പ്രസവമെന്ന മനോഹര നിമിഷം ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നു താന്‍ രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നുവെന്ന്’. എന്താണ് ഈ സ്ത്രീ ഉദ്ദേശിക്കുന്നത് ? പ്രസവമെന്ന മനോഹരനിമിഷം എന്ന പ്രസ്താവന തന്നെ തെറ്റാണ്. ചിലര്‍ക്ക് പ്രസവം നരകത്തേക്കാള്‍ ഭീകരമാണ്. ചിലര്‍ പ്രസവത്തോടെ മരിക്കുന്നു. ചിലരാകട്ടെ സിസേറിയനിലൂടെയാണ് കുഞ്ഞിനു ജന്മം നല്‍കുന്നത്. പ്രസവമെന്നത് മനോഹരമാണോ അല്ലയോ എന്നതൊക്കെ വ്യക്തിപരമാണ്. അത് ഒരു സ്ത്രീ മാത്രം പങ്കിടേണ്ടതല്ലെന്നും രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും വേണ്ടി പറയുകയായിരുന്നെന്നും പറയുമ്പോള്‍ പ്രസവമെന്ന നിഗൂഢരഹസ്യത്തെപ്പറ്റി ഇന്ത്യയിലാര്‍ക്കും വലിയ പിടിയില്ല എന്നൊരു സൂചനയുണ്ട്. ഇതിനൊക്കെ പുറമേ എന്‍റെ പരിമിതമായ അറിവ് വച്ച് പ്രസവമുറിയിലെ സ്വകാര്യതയും സുരക്ഷിതത്വവും ഒരു സ്ത്രീയെ സംബന്ധിച്ച് പരമപ്രധാനമാണ്. അത് അവളുടെ പ്രസവത്തിന്‍റെ സ്വകാര്യതയല്ല, മറിച്ച് ജീവന്‍റെ ജീവനായ കുഞ്ഞിന്‍റെ സ്വകാര്യതയാണ്. എല്ലാ പകര്‍ത്തിയെടുക്കാന്‍ ഒരു ക്യാമറയും ക്യാമറാമാനും അസിസ്റ്റന്‍റ് ക്യാമറാമാനും നോക്കിനില്‍ക്കെ പ്രസവമെന്ന മനോഹരനിമിഷം അനുഭവിക്കാന്‍ ഒരു സ്ത്രീക്കു കഴിയുമെങ്കില്‍ അതു വലിയ കാര്യം തന്നെയാണ്.

ശ്വേതാ മേനോന് എങ്ങനെ വേണമെങ്കിലും പ്രസവിക്കാം, അതവരുടെ സൗകര്യം. ബ്ലെസിക്ക് ഏതു തരത്തിലുള്ള സിനിമയുമെടുക്കാം. അതിലൊന്നും എനിക്കൊരഭിപ്രായവ്യത്യായവുമില്ല. ഇതെല്ലാം മാതൃത്വത്തെ മഹത്വവല്‍ക്കരിക്കാനും പുതുതലമുറയെ ബോധവല്‍ക്കരിക്കാനും വേണ്ടിയാണെന്ന ഉഡായ്‍പ് ന്യായവാദത്തോടാണ് എനിക്ക് എതിര്‍പ്പ്. ചിലപ്പോള്‍ ബ്ലെസിയുടെ സിനിമ മാതൃത്വത്തെ ഭീകരമായി മഹത്വവല്‍ക്കരിക്കുകയും പുതുതലമുറയെ ഉടച്ചുവാര്‍ക്കുകയും ചെയ്തേക്കാം. പക്ഷേ, നടിയുടെ ഗര്‍ഭവും പ്രസവും ഒറിജിനലാണെന്നതുകൊണ്ട് ആ ലക്‍ഷ്യങ്ങള്‍ നിറവേറ്റപ്പെടില്ല. അത് സിനിമ എന്ന മാധ്യമത്തിന്‍റെ ശക്തിയും തിരക്കഥയുടെ മികവുംകൊണ്ടേ സാധിക്കൂ. പക്ഷേ, ഈ സിനിമയില്‍ ഷൂട്ട് ചെയ്യുന്നതനുസരിച്ച് തിരക്കഥ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് പറയുന്നത്. എന്‍റെ അഭിപ്രായത്തില്‍ ഈ പ്രസവഷൂട്ടിങ് ഉദാത്തമാണെന്നും ലോകത്താദ്യമായി ഇങ്ങനൊരു മഹാകാര്യത്തിനു തയ്യാറായ ശ്വേത ഭീകരബോള്‍ഡാണെന്നുമുള്ള വാദം തട്ടിപ്പാണ്. ഇതെല്ലാം സിനിമ എന്ന ബിസിനസിന്‍റെ ഭാഗമാണ് എന്നു സത്യസന്ധമായി പറയാന്‍ കഴിയുന്നതാണ് ബോള്‍ഡ്‍നെസ്സ്. ശ്വേതയ്‍ക്കും കുഞ്ഞിനും എല്ലാ ആശംസകളും നേരുന്നു. ബ്ലെസിക്ക് നാഷനല്‍ അവാര്‍ഡ് തന്നെ കിട്ടട്ടെ എന്നാശംസിക്കുന്നു.

പിന്‍കുറിപ്പ്- ഐശ്വര്യ റായ് ബച്ചന്‍റെ പ്രസവത്തോടനുബന്ധിച്ച് മാധ്യമങ്ങള്‍ തിക്കും തിരക്കും കൂട്ടിയപ്പോള്‍ എല്ലാവരും ആക്ഷേപിച്ചത് ഐശ്വര്യയെയും കുട്ടിയെയുമായിരുന്നു. തന്‍റെ സ്വകാര്യതയും കുഞ്ഞിന്‍റെ സ്വകാര്യതയും സംരക്ഷിക്കാന്‍ ആ കുടുംബം എത്രത്തോളം കഷ്ടപ്പെട്ടു എന്നത് ചരിത്രമാണ്. അന്ന് ഐശ്വര്യയുടെ പ്രസവത്തെ പരിഹസിച്ച നമുക്ക് ശ്വേതയുടെ പ്രസവത്തിന്‍റെ മാര്‍ക്കറ്റിങ് ഉദാത്തമാണെന്ന് എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയുന്നത് വിസ്മയകരമാണ്. “പിറന്നയുടനെ അഭ്രലോകത്ത് അരങ്ങേറാനുള്ള ആപൂര്‍വഭാഗ്യം ശ്വേതയുടെ കുഞ്ഞിനു ലഭിച്ചു” എന്നാണ് വര്‍ണന.

മോളിവുഡ്; കൊറിയയ്ക്കും ഒറിയയ്ക്കുമിടയില്‍

സിദ്ധാന്ത് മൊഹപത്ര ഫാന്‍സ് അസോസിയേഷന്‍കാരും സബ്യസാചി മിശ്ര ഫാന്‍സ് അസോസിയേഷന്‍കാരും തെരുവില്‍ ഏറ്റുമുട്ടിയാല്‍ മമ്മൂട്ടി-മോഹന്‍ലാല്‍ ഫാന്‍സുകാര്‍ക്ക് ചുമ്മാ നോക്കി നില്‍ക്കുകയേ രക്ഷയുള്ളൂ. കൈക്കരുത്തുകൊണ്ടും ആള്‍ബലം കൊണ്ടും അവന്മാരെ തോല്‍പിക്കാന്‍ നമ്മുടെ ചേട്ടന്മാര്‍ക്കു ബുദ്ധിമുട്ടായിരിക്കും. നമ്മുടെ ഫാന്‍സുകാര്‍ നാലുനേരം ഫെയര്‍ ആന്‍ഡ് ലവ്‌ലിയിട്ട് കളര്‍ഫുള്‍ ഡ്രസ്സുകളിട്ട് അലഞ്ഞുനടക്കുമ്പോള്‍ മേല്‍പ്പറഞ്ഞവരുടെ ഫാന്‍സുകാര്‍ കിണറ്റിലും കുളത്തിലും കോണ്‍ക്രീറ്റിനടിയിലുമൊക്കെ പണിയെടുക്കുകയാണ്. മോളിവുഡ് മെല്ലെ മെല്ലെ ഓളിവുഡ് ആയി മാറുകയാണ്. കേരളത്തിലെ ജനസംഖ്യയില്‍ മലയാളം പറയുന്നവര്‍ കുറയുകയും ഒറിയ ബംഗാളി, ബിഹാറി ഭാഷകള്‍ പറയുന്നവര്‍ കൂടി വരികയും ചെയ്യുമ്പോള്‍ വിപണിയും മൊഴിമാറും.

മുക്കിലും മൂലയിലും തൂണിലും തുരുമ്പിലുമെല്ലാം സജീവമായി, കേരളത്തിന്റെ ജീവധാരയായി പ്രവഹിക്കുന്നത് ഇവിടെ വന്നു പ്രവാസജീവിതം നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളാണ്. പ്രൈവറ്റ് ബസുകളുടെ ബോര്‍ഡുകളില്‍ മലയാളത്തിലുള്ള സ്ഥലപ്പേരുകളുടെ വലിപ്പം കുറയുകയും ബിഹാറി, ഒഡിഷ ലിപികള്‍ തെളിഞ്ഞുവരികയും ചെയ്തിരിക്കുന്നു. ഹോട്ടലുകളില്‍ നോര്‍ത്തിന്ത്യന്‍ വിഭവങ്ങള്‍ ഒരുങ്ങുന്നത് മലയാളിയുടെ നാവിനു പുതുരുചി നല്‍കിക്കളയാം എന്നു കരുതിയല്ല, പകലു മുഴുവന്‍ പണിയെടുത്ത് വരുന്ന ബിഹാറിയ്ക്കും ബംഗാളിക്കും വല്ലതും കൊടുത്തു കാശുവാങ്ങാനാണ്. നാവിന്റെ രുചിയില്‍ തുടങ്ങി മറ്റ് അഭിരുചികളിലേക്കു കൂടി വിപണി കണ്ണെറിയുമ്പോള്‍ കേരളത്തനിമ മെല്ലെ മെല്ലെ പിന്‍വലിയും. ക്ലാസിക് പദവി കൊതിക്കുന്ന മലയാളഭാഷ ഓണ്‍ലൈന്‍ ലാംഗ്വേജും മലയാളി എന്ന ഇനം ആഗോളമലയാളി എന്ന പ്രവാസിസമൂഹമായി മാറും.

മലയാള സിനിമ കാണാന്‍ ആളു കുറഞ്ഞു വരികയാണ്. വിദേശത്തുള്ള മലയാളികള്‍ വിവിധ രാജ്യങ്ങളിലിരുന്ന് കൂതറ മലയാള പടങ്ങള്‍ പോലും ഡൗണ്‍ലോഡ് ചെയ്തു കാണുന്നതുകൊണ്ടാണ് കേരളത്തില്‍ സിനിമ ഓടാത്തതെന്നു ചിലര്‍ പറയുന്നു. മറ്റു ചിലര്‍ പറയുന്നത് തങ്ങള്‍ എടുക്കുന്ന ക്ലാസിക്കുകള്‍ പ്രദര്‍ശിപ്പിക്കാന്‍ തിയറ്ററുകാര്‍ തയ്യാറാവുന്നില്ല എന്നാണ്. പിന്നെ, തിയറ്ററുകാര്‍ എന്താണ് കാണിക്കുന്നത് ? തമിഴ്, ഹിന്ദി തെലുങ്ക് പടങ്ങളൊക്കെ മലയാളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന ക്രൂരതയ്‌ക്കെതിരേ സിനിമാ സംഘടനകള്‍ നേരത്തേ രംഗത്തു വന്നിരുന്നു. നല്ല സിനിമയെ പരിപോഷിപ്പിക്കാന്‍ വേണ്ടി നഷ്ടം സഹിച്ച് സിനിമ പ്രദര്‍ശിപ്പിക്കണമെന്ന തിയറി സിനിമയെന്ന ബിസിനസിന്റെ പ്രത്യാഘാതങ്ങള്‍ നേരിട്ടു മനസ്സിലാക്കുന്ന തിയറ്ററുകാരോട് പറഞ്ഞാല്‍ മനസ്സിലാവില്ലല്ലോ.

മലയാളത്തിലേക്കു മൊഴിമാറി വരുന്ന സിനിമകളെ വിലക്കാന്‍ നോക്കി നില്‍ക്കുന്ന സംഘടനകള്‍ക്ക് തല്‍ക്കാലം കേരളത്തിലെ തിയറ്ററുകളുടെ മൊഴിമാറ്റത്തിന്റെ കഥ കേട്ട് മൂക്കത്ത് വിരല്‍വച്ച് മാറിനില്‍ക്കുകയേ നിവൃത്തിയുള്ളൂ. ഗള്‍ഫില്‍ മലയാള സിനിമ പോലെ ഇവിടെ ഒറിയ സിനിമകള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മലയാളി ഒരിടത്തു കൂടി തോറ്റുകൊടുക്കുകയാണ്. മലയാള സിനിമക്കാരെക്കൊണ്ടു തോറ്റ തിയറ്ററുകാരന്‍ ഏറെക്കാലം കൂടി ഒന്നു ജയിക്കുകയാണ്. കേരളത്തില്‍ കഠിനാധ്വാനത്തിനു വരുന്ന ഒഡിഷക്കാര്‍ക്ക് അവധിദിനങ്ങളില്‍ അവരുടെ മാതൃഭാഷയിലുള്ള സിനിമ കാണാനവസരം നല്‍കിയാല്‍ തിയറ്റര്‍ ഇളകിമറിയും എന്നു തെളിയിച്ചിരിക്കുകയാണ് കണ്ണൂരിലെയും പാലക്കാട്ടെയും പെരുമ്പാവൂരിലെയുമൊക്കെ തിയറ്ററുകള്‍..,. കണ്ണൂര്‍ ധന്‍രാജ് തിയറ്ററില്‍ ആഴ്ചയില്‍ മൂന്നു ദിവസം പ്രഭാത പ്രദര്‍ശനം ഒഡിഷക്കാര്‍ക്കു മാത്രമുള്ളതാണ്. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെയാണ് ഒഡിഷപ്പടം കളിക്കുക. പ്രദര്‍ശനം തുടങ്ങിയിട്ട് ആറു മാസമായി. ഒഡിഷക്കാരനായ വിതരണക്കാരനാണു രണ്ടാഴ്ച കൂടുമ്പോള്‍ പടങ്ങളുടെ പ്രിന്റുമായി കേരളത്തിലെത്തി വിതരണം നടത്തുന്നത്. വിതരണക്കാരന്‍ തന്നെയാണു പോസ്റ്ററൊട്ടിക്കുന്നതും. പടത്തിന്റെ പേരു തൊഴിലാളികള്‍ പരസ്പരം എസ്എംഎസ് അയക്കുന്നതാണ് ഈ സിനിമകളുടെ ‘പ്രിന്റ് ആന്‍ഡ് പബ്ലിസിറ്റി’.

ഏജന്റ് ജാദൂ ഉണ്ടെങ്കില്‍ മലയാള സിനിമ രക്ഷപെട്ടു എന്നു പറയുന്ന മലയാളത്തിന്റെ സിനിമാബുദ്ധികേന്ദ്രങ്ങള്‍ കേരളത്തിന്റെ പുറത്തുള്ള മലയാളികളെ എങ്ങനെ സിനിമ കാണിക്കുമെന്നല്ല, സിനിമ കാണുന്നവരെ എങ്ങനെ അറസ്റ്റ് ചെയ്യുമെന്നാണ് പറയുന്നത്. ഒഡിഷക്കാരന്‍ അവിടെ നിന്നു പ്രിന്റുമായി ഇവിടെ വന്നു കൊയ്തുകൊണ്ടുപോകുന്നു. മലയാള സിനിമകള്‍ കാണാനാളില്ലാതെ തിയറ്റര്‍ വിട്ടുപോകുമ്പോള്‍ ട്രെയിന്‍ കയറി വരുന്ന ഒറിയ പടങ്ങള്‍ സൂപ്പര്‍ഹിറ്റായി ഓടിക്കളിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ സത്യന്‍ അന്തിക്കാട് ഭാവിയില്‍ മുകളില്‍ പറഞ്ഞ താരങ്ങളെ വച്ച് ഒഡിഷയുടെ പശ്ചാത്തലത്തില്‍ സിനിമകള്‍ ചെയ്‌തേക്കാം, രജ്ഞിത് ബിഹാറി സിനിമകളിലൂടെയും പത്മരാജനു ശേഷം ഞാനല്ലാതെ പിന്നാരാ എന്നു ചോദിച്ചേക്കാം, വയറ്റിപ്പിഴപ്പിനു വേണ്ടി മമ്മൂട്ടിയും മോഹന്‍ലാലും ബംഗാളിയും ബിഹാറിയുമൊക്കെ പഠിച്ചേക്കാം. കളി കാത്തിരുന്നു കാണാം.

യുവസംവിധായകര്‍ക്ക് ഒരു മുന്നറിയിപ്പ്:– കൊറിയന്‍ സിനിമ മോഷ്ടിക്കുന്നതുപോലെ ഒറിയ സിനിമകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കി ‘കുറസോവയുടെ മറ്റേതാണ് എന്നെ ഉത്തേജിപ്പിച്ചത്’ തുടങ്ങിയ ഡയലോഗുകളുമായി ഷൈന്‍ ചെയ്യാന്‍ നോക്കരുത്. ഹോളിവുഡ്, കൊറിയന്‍, ഇറ്റാലിയന്‍ പടങ്ങളുടെ സംവിധായകര്‍ക്കു മെയിലയക്കുന്ന മലയാളികള്‍ക്കു ചിലപ്പോ അതു പിടികിട്ടില്ലായിരിക്കാം. മെയിലും ഫേസ്ബുക്കുമൊന്നുമില്ലാത്ത ഒഡിഷക്കാരന്‍ വന്ന് ഒറിയ സിനിമ കൂതറയാക്കിയതിനു ചവുട്ടിക്കൂട്ടിയാല്‍ ചിലപ്പോള്‍ പ്രതിഭയുടെ പ്രത്യുല്‍പാദനം പോലും നിലച്ചുപോയെന്നിരിക്കും. ടേക് കെയര്‍. ഉമ്മ.