സെപ്റ്റിക് ടാങ്കില്‍ നിധി; പുരാവസ്തുവകുപ്പേ വരൂ…

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് പുരാവസ്തു വകുപ്പിന്റെ സഹായം തേടാം. ടാങ്ക് വൃത്തിയാക്കാന്‍ ശാസ്ത്രജ്ഞരെയും കൂട്ടി വരുമോ വകുപ്പേ എന്നു ചോദിക്കരുത്, അവര്‍ തെറിവിളിച്ചേക്കാം. തികച്ചും സൗജന്യമായി ഒദ്യോഗികജാഡകളോടെ അവരെക്കൊണ്ട് ടാങ്ക് വൃത്തിയാക്കിക്കാന്‍ വഴിയൊന്നു മാത്രം- ടാങ്ക് ഇരിക്കുന്ന സ്ഥലം 1000 വര്‍ഷം മുമ്പ് ഏതെങ്കിലും രാജാവിന്റെ സ്ഥലമായിരുന്നെന്നും അക്കാലത്ത് അദ്ദേഹം 10000 ടണ്‍ സ്വര്‍ണം അവിടെ കുഴിച്ചിട്ട ശേഷം കുഴഞ്ഞു വീണു മരിച്ചെന്നും ആ രാജാവ് സ്വപ്‌നത്തില്‍ വന്ന് മകനേ അത് കുഴിച്ചെടുത്ത് ഭാരതത്തിന്റെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കൂ എന്നു പറഞ്ഞതായി ഏതെങ്കിലും ലോക്കല്‍ സന്യാസിയെക്കൊണ്ടോ സിദ്ധനെക്കൊണ്ടോ പറയിച്ചാല്‍ പുരാവസ്തുഗവേഷകരും ശാസ്ത്രജ്ഞരുമടങ്ങുന്ന വിഗദ്ധസംഘം അവരുടെ കിടുതാപ്പുകളുമായി വന്ന് ടാങ്ക് വൃത്തിയാക്കിത്തരില്ലേ ?. നമ്മളായിട്ട് വൃത്തിയാക്കിക്കാന്‍ പോയാല്‍ നമ്മുടെ പോക്കറ്റില്‍ നിന്നു കാശ് ചെലവാകും. ഇതാകുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കോടികള്‍ മുടക്കി കാര്യം നടക്കുകയും ചെയ്യും പോരെങ്കില്‍ ദേശീയമാധ്യമങ്ങളിലൊക്കെ വാര്‍ത്തയും വരും. നിധി കിട്ടിയില്ലെന്നു കരുതി പുരാവസ്തു ടീമുകള്‍ നമ്മളെ തിന്നാനൊന്നും വരത്തില്ല, വല്ല കുടത്തിന്റെയോ കലത്തിന്റെയോ പീസുമെടുത്ത് ഓപ്പറേഷന്‍ സക്‌സസ് എന്നു പറഞ്ഞ് അവര്‍ പരസ്പരം പുറത്തുതട്ടി അഭിനന്ദിച്ചോളും. ആര്‍ക്കും നഷ്ടമില്ലാത്ത ബിസിനസ്.

പുരാവസ്തു വകുപ്പ് പോലെ പുണ്യപുരാതനമായ ഒരു വകുപ്പിനെ ആക്ഷേപിക്കാന്‍ വേണ്ടി ബോധപൂര്‍വം പറയുന്നതാണെന്നു തോന്നാം. ഒരിക്കലുമല്ല. വിവരവും വിദ്യാഭ്യാസവും ശാസ്ത്രബോധവുമുള്ള പ്രഗല്‍ഭന്‍മാരടങ്ങിയ പ്രസ്ഥാനമാണ് പുരാവസ്തുവകുപ്പെന്നും അവര്‍ ചെയ്യുന്ന വിഡ്ഡിത്തമെന്നു തോന്നുന്ന എല്ലാത്തിനും ഒരര്‍ഥമുണ്ടെന്നുമുള്ള കാഴ്ചപ്പാട് അവര്‍ തന്നെ തിരുത്തിത്തരികയും ലോകത്തിനു മുന്നില്‍ കാണിച്ചുതരികയും ചെയ്ത സാഹചര്യത്തില്‍ ആ മോഡല്‍ നമുക്കും പ്രായോഗികമായി ഉപയോഗിക്കാനുള്ള ഒരു സാധ്യത ഞാന്‍ പറഞ്ഞു എന്നു മാത്രം.

കോമണ്‍സെന്‍സിനെക്കാള്‍ ദിവ്യന്‍മാരുടെ അധോവായുവിന് പ്രാധാന്യമുള്ള നാടാണ് ഭാരതം. ആര്‍ഷഭാരതം എന്നൊക്കെ പലരും പറയുമ്പോള്‍ തന്നെ രാജാക്കന്‍മാരെ സന്യാസിമാരും മറ്റും വിരട്ടിനിര്‍ത്തിയിരുന്ന പഴയകാലമാണ് സ്വപ്‌നം കാണുന്നത്. അത്ര തന്നെ എത്തിയില്ലെങ്കിലും ഏതാണ്ട് അതിന്റെ സമീപത്ത് എത്താന്‍ ഈ സംഭവത്തോടെ നമുക്ക് സാധിച്ചു എന്നതാണ് അഭിമാനകരമായ നേട്ടം. ഏതു സംഭവം എന്നു പിടികിട്ടാത്തവര്‍ക്കായി സംഗതി ചുരുക്കിപ്പറയാം.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രാജാവായിരുന്ന രാജാറാവു റാം ബക്‌സ് സിങ്ങിന്റെ കൊട്ടാരത്തിനടിയില്‍ 1000 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്ന ദിവ്യദര്‍ശനമുണ്ടായത് ശോഭന്‍ ക്ഷേത്രത്തിലെ മുഖ്യപൂജാരി ശോഭന്‍ സര്‍ക്കാരിനാണ്. പേരില്‍ തന്നെ സര്‍ക്കാര്‍ ഉള്ളതുകൊണ്ടാണോ എന്തോ ശോഭന്‍ സര്‍ക്കാരിന് നിധി കുഴിച്ചെടുക്കാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചു. ഭക്തനും കേന്ദ്രമന്ത്രിയുമായ ചരണ്‍ദാസ് മഹന്തിനോട് സന്യാസി ദിവ്യസ്വപ്‌നത്തെപ്പറ്റി പറഞ്ഞു. മന്ത്രിശുംഭന്റെ ശുഷ്‌കാന്തി വിജൃംഭിച്ചു. ശോഭന്‍ സര്‍ക്കാരിന്റെ സ്വപ്‌നത്തില്‍ ഉറച്ചുവിശ്വസിച്ച ശുംഭന്‍മാരായ സര്‍ക്കാരുദ്യോഗസ്ഥന്‍മാര്‍ അടുത്ത ദിവസം തന്നെ ഇന്നോവയില്‍ ഉന്നോവോയിലെത്തി.

ഓള്‍ഡ് ജനറേഷന്‍ രാജാവ് ഈ പറഞ്ഞ സന്യാസിയുടെ സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് (3ഡി) കൊട്ടാരത്തിനു കീഴെ സുമാര്‍ 1000 ടണ്‍ സ്വര്‍ണം താന്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും അത് കുഴിച്ചെടുത്ത് ഇന്ത്യയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കണമെന്നു സജസ്റ്റ് ചെയ്‌തെന്നുമാണ് സന്യാസി വെളിപ്പെടുത്തിയത്. ശാസ്ത്രജ്ഞന്‍മാര്‍ പ്രസ്തുത സ്ഥലത്ത് കുഴിച്ചു തുടങ്ങിയതോടെ അപാരമായ മാധ്യമശ്രദ്ധയും പരിസരത്ത് വലിയ ജനക്കൂട്ടവുമുണ്ടായി. സന്യാസി പെട്ടെന്നു സെലബ്രിറ്റിയായി. സ്വര്‍ണം കിട്ടിക്കഴിഞ്ഞാല്‍ മൊത്തം ക്രെഡിറ്റും സന്യാസി കൊണ്ടുപോകുമോ എന്ന ഭീതി കൊണ്ടാണോ എന്തോ, ഇത് ഞങ്ങള്‍ സ്വന്തമായി കണ്ടുപിടിച്ച നിധിയാണെന്ന പ്രഖ്യാപനവുമായി പുരാവസ്തുവകുപ്പ് നെഞ്ചുവിരിച്ചു. ജിയളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ കോട്ടയോടു ചേര്‍ന്ന ഭൂമിയില്‍ 20 മീറ്റര്‍ താഴെ ലോഹ വസ്തുവിന്റെ സാന്നിധ്യം കണ്ടത്തെിയിരുന്നു എന്നവര്‍ അറിയിച്ചു. അഥവാ ഒന്നും കിട്ടിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ എന്ന മട്ടില്‍ പഴക്കംചെന്ന ഒരു മണ്‍കലം കിട്ടിയാലും ഖനനം സഫലമാണെന്നു കൂടി പറഞ്ഞ് വിമര്‍ശനങ്ങളെ ബ്ലോക്ക് ചെയ്തു.

സ്വര്‍ണശേഖരത്തില്‍ ജനങ്ങള്‍ കൈയിട്ടുവാരാതെ നോക്കാന്‍ പ്രത്യേക സേനയെ വരെ ഇറക്കി 11 ദിവസം കുഴിച്ചു. 1000 ടണ്‍ സ്വര്‍ണം പോയിട്ട് ഒരു ഗ്രാം തങ്കത്തില്‍പ്പൊതിഞ്ഞ കൊച്ചുമോതിരം പോലും കിട്ടിയില്ല. സന്യാസി സ്വപ്‌നം കണ്ട ചാനല്‍ മാറിപ്പോയതോ മറ്റോ ആവാം. അടുത്ത ധ്യാനത്തിലേക്കു കടന്നാല്‍ സന്യാസി സേഫായി. സ്വര്‍ണം കിട്ടിയില്ലെങ്കില്‍ തന്നെ ജയിലിലടക്കാം എന്നൊക്കെ പറഞ്ഞെങ്കിലും അതൊക്കെ ഭക്തരെ വച്ചു സന്യാസിക്കു ബ്ലോക്ക് ചെയ്യാം. സ്വന്തമായിട്ട് നിധി ലൊക്കേറ്റ് ചെയ്‌തെന്നവകാശപ്പെട്ട ശാസ്ത്രജ്ഞര്‍ ഇത്രയാഴത്തില്‍ കുഴിച്ചിട്ടും ഒരു ലോഹവസ്തു പോലും കിട്ടിയില്ല. ഒടുവില്‍ കുഴിപ്പു നിര്‍ത്തി മടങ്ങുമ്പോള്‍ ബുദ്ധകാലഘട്ടത്തെ ഏതാനും മണ്‍കലങ്ങളുടെ അവശിഷ്ടങ്ങള്‍ കയ്യിലുള്ളതുകൊണ്ട് സംഗതി സഫലമാണെന്നു പ്രഖ്യാപിക്കാം.

രാജാവും സന്യാസിയുമൊക്കെ അടങ്ങിയ കേസായതുകൊണ്ട് ഇതിനെ വിമര്‍ശിക്കുന്നത് ബിജെപിക്കാര്‍ക്കിഷ്ടമാവില്ല എന്നൊന്നും ആരും പറയരുത്. കള്ളപ്പണം തിരിച്ചുപിടിക്കാന്‍ ഒരു ശ്രമവും നടത്താതെ ഏതോ സന്യാസി സ്വപ്നം കണ്ട സ്വര്‍ണശേഖരത്തിനുവേണ്ടി ഖനനം നടത്തുന്ന ഇന്ത്യയെ നോക്കി ലോകം ചിരിക്കുകയാണെന്നാണ് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡി പറഞ്ഞത്. കള്ളന്മാരും കൊള്ളക്കാരും വിദേശത്തു നിക്ഷേപിച്ച കള്ളപ്പണം കണ്ടെത്തി തിരിച്ചുപിടിച്ചാല്‍ തീരുന്നതേയുള്ളൂ, ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി. അതു ചെയ്താല്‍ സ്വര്‍ണശേഖരത്തിനു വേണ്ടി നാടു കുഴിക്കേണ്ട കാര്യമില്ല- മോഡി അങ്കിള്‍ റോക്ക്‌സ് !

ആരും മുതലാളിമാരായി ജനിക്കുന്നില്ല; സമൂഹമാണ് അവരെ അങ്ങനെയാക്കുന്നത്

മലയാളിക്ക് ഓസ്‍കര്‍ അവാര്‍ഡ് കിട്ടിയാല്‍ അഭിമാനിക്കാം.മലയാളി ലോകസുന്ദരിമല്‍സരത്തില്‍ പങ്കെടുത്താലും അഭിമാനിക്കാം.ഒരു മലയാളി സ്വിസ് ബാങ്കില്‍ കുറച്ചു കാശിട്ടെന്നു കേട്ടാല്‍ മാത്രം ധാര്‍മികരോഷം കൊള്ളുന്നതെന്തിനാണെന്നു മനസ്സിലാവുന്നില്ല.നോട്ടിരട്ടിക്കുമെന്നു കരുതി ആയിരക്കണക്കിനാളുകള്‍ കോടിക്കണക്കിനു രൂപ തട്ടിപ്പുകാരന്റെ കക്ഷത്തില്‍ വച്ചു കളയുമ്പോള്‍ ഒരുത്തന്‍ അത് സുരക്ഷിതമായി വിദേശത്ത് വച്ചിരിക്കുന്നതിന്റെ കലിപ്പാണോ അതോ മുതലാളിത്ത വ്യവസ്ഥിതിയോടുള്ള വെറുപ്പാണോ ?

മൂലക്കുരുവിനു ചികില്‍സിക്കാന്‍ പോലും മന്ത്രിമാര്‍ വിദേശ ആശുപത്രിയിലാണ് പോകുന്നത്.അപ്പോള്‍ ഒരു എംപി സ്വിസ് ബാങ്കില്‍ കുറച്ച് കാശ് സൂക്ഷിക്കുന്നത് അത്ര വലിയ തെറ്റാണോ ? എല്ലാവരും അണ്ണാ ഹസാരെമാരാകുമ്പോള്‍ എന്തിനെന്നറിയാതെ തിളയ്‍ക്കുന്ന രോഷത്തിലേക്ക് ധാര്‍മികതയുടെ പാല്‍പ്പൊടി കലക്കി നാടിപ്പോള്‍ വെളുപ്പിച്ചെടുക്കാം എന്നത് അതിമോഹമല്ല വെറും വ്യാമോഹം മാത്രമാണ് മോനേ തളത്തില്‍ ദിനേശാ.

കേരളത്തില്‍ നിന്നുള്ള ഒരു എംപി അടക്കം രാജ്യത്തെ മൂന്ന് എംപിമാര്‍ക്ക് സ്വിസ് ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ അടിച്ച വാര്‍ത്തയില്‍ നിന്നും ആ മലയാളി എംപി എന്ന ഭാഗം ചുരണ്ടിയെടുത്ത് പരിഭാഷപ്പെടുത്തി എക്‍സ്ക്ലൂസീവ് ബ്രേക്കിങ് ഷോക്കിങ് തേങ്ങാക്കൊല എന്നു പറഞ്ഞ് അലക്കിക്കൊണ്ടിരിക്കുകയാണ് ഐസ്‍ക്രീം ചാനലുകള്‍.കഞ്ഞിമുക്കിയ ഖദറിന് ദ്വാരം വീണാല്‍ അതുമായി അഞ്ചു വര്‍ഷം മൂന്നാം ക്ലാസില് തിരുവനന്തപുരത്തേക്കും കന്നുകാലി ക്ലാസ്സില്‍ ദില്ലിയിലേക്കും സഞ്ചരിക്കുന്ന ഉടുതുണിക്കു മുതുണിയില്ലാത്ത ഏഴാംകൂലി എമ്പോക്കി എംപിമാരുടെ കാലം കഴിഞ്ഞു.ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയാവുകയും വേണം എല്ലാവനും സഹകരണ ബാങ്ക് ക്ലിപ്തത്തില്‍ കൊള്ളാവുന്ന സമ്പാദ്യമേ ഉണ്ടാവാനും പാടുള്ളൂ എന്നു വാദിക്കുന്ന അഭിനവ അണ്ണകളോടു പറഞ്ഞു ജയിക്കാനാവില്ല എന്നതിനാല്‍ തികച്ചും ഏകപക്ഷീയമായി സ്വിസ് ബാങ്കില്‍ കാശിട്ടിട്ടുള്ള എംപിയുടെ സ്റ്റേറ്റുകാരന്‍ എന്ന നിലയ്‍ക്ക് ഞാന്‍ സന്തോഷിക്കുന്നു.

ആരാണ് ആ എംപി എന്നാണ് ഐസ്‍ക്രീം ചാനലുകള്‍ രാവിലെ മുതല്‍ ചോദിക്കുന്നത്. ആര്‍ക്കും അറിയില്ല.ആരോ ഒരു എംപി.സ്വിസ് ബാങ്ക് എന്നു പറയുന്നത് അമേരിക്ക പോലെ ഒരു സങ്കല്‍പം മാത്രമായിട്ടുള്ള എംപിമാരാണ് കേരളത്തില്‍ കൂടുതലും.ആരാണ് ആ എംപി എന്നതിനെപ്പറ്റി ഒരു ഐഡിയയുമില്ല എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും പറയുന്നത്.ആരായാലും ഒരു മലയാളിയാണല്ലോ എന്നത് മൊത്തം മലയാളികളെയും പ്രകോപിപ്പിച്ചിരിക്കുകയാണ്.

അല്ലെങ്കിലും മല്ലൂസിനു നല്ലതൊന്നും വേണ്ടല്ലോ.കേരളത്തിന് ഒരു ഐപില്‍ ടീമിരിക്കട്ടെ എന്നു കരുതി ഒരു എംപി കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഓരോന്ന് ചെയ്ത് സംഗതി അടുപ്പിച്ചോണ്ടു വന്നപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കാതെ എംപി ചായ കുടിച്ചോണ്ടിരുന്നപ്പോള്‍ സംസാരിച്ച സ്ത്രീയെയും എംപിയെയും പറ്റി കിംവദന്തികള്‍ എഴുതിയുണ്ടാക്കുകയായിരുന്നു ഇവിടുത്തെ മാധ്യമങ്ങള്‍.മുപ്പത്തഞ്ചാം വയസ്സില്‍ പിക്കപ്പ് പോകുന്ന ശാശരി മലയാളിക്ക് അന്‍പതാം വയസ്സില്‍ പ്രണയിക്കുന്ന എംപിയുടെ പ്രത്യുല്‍പന്നമതിത്വം ഉള്‍ക്കൊള്ളാനായില്ല.എന്നിട്ട് ഗോസിപ്പെഴുതി ഗോസിപ്പെഴുതി എല്ലാവരും കൂടി അവരെ കെട്ടിച്ചു.കൊച്ചിക്കു കിട്ടിയ ടീമും പോയപ്പോ സമാധാനമായി.

സ്വന്തം കഞ്ഞിയില്‍ പാറ്റയിടുന്നിടത്തോളം മലയാളിക്ക് ഹരമുള്ള നേരമ്പോക്ക് വേറെയില്ല.മിക്കവാറും മന്ത്രിമാരും മോഷണക്കേസില്‍ അകത്തു കിടക്കുന്ന ഒരു രാജ്യത്ത് എന്തു വിശ്വസിച്ചാണ് ഒരു എംപി തന്റെ സമ്പാദ്യം ഇവിടെ നിക്ഷേപിക്കേണ്ടത് ? സ്വന്തം വീടിന്റെ അലമാര സേഫല്ല എന്നു തോന്നുന്നവന്‍ പണ്ടമെല്ലാം ബാങ്ക് ലോക്കറില്‍ വയ്‍ക്കുന്നതുപോലെ സിംപിളല്ലേ ഇതും.രാജ്യവും അതിന്റെ അതിര്‍ത്തികളും മായയല്ലേ ?

അതുകൊണ്ട് ഒരു എംപി തന്റെ സമ്പാദ്യം നാട്ടിലെ ബാങ്കില്‍ സുരക്ഷിതമല്ല എന്നു കരുതി സ്വിസ് ബാങ്കിലിടുന്നതും ഒരു മന്ത്രി ജനങ്ങളുടെ പണം സര്‍ക്കാരിന്റെ ഖജനാവില്‍ സുരക്ഷിതമല്ല എന്നു കരുതി സ്വന്തം വീട്ടിലെ അലമാരയില്‍ കൊണ്ടുപോയി വയ്‍ക്കുന്നതുമൊക്കെ എക്കണോമിക്‍സില്‍ സര്‍വസാധാരണമാണ്.എല്ലാവരും എക്കണോമിക്‍സ് പഠിക്കണം എന്നു ഞാന്‍ പറയുന്നില്ല,എക്കണോമിക്സ് പഠിച്ചവര്‍ പറയുന്നത് അംഗീകരിക്കാനെങ്കിലും തയ്യാറാവണം. എന്നാലും ആരായിരിക്കും ആ എംപി ?

വേണ്ടേ, കൊച്ചുങ്ങളഞ്ചെണ്ണം ?

രണ്ടു പിള്ളേരെ ഉണ്ടാക്കി സാന്താനോല്‍പാദനം നിര്‍ത്തണമെന്നും അത്തരത്തില്‍ നിര്‍ത്തുന്നവര്‍ക്ക് ബക്കറ്റും കപ്പും തുടങ്ങിയ പാരിതോഷികങ്ങള്‍ നല്‍കുമെന്നും ഭരണകൂടം പറയുമ്പോള്‍ രണ്ടും നാലും കഴിഞ്ഞ് അഞ്ചാമതൊന്നിനെ കൂടി ഉണ്ടാക്കിയാല്‍ 10,000 രൂപ തരാമെന്ന് ഒരു രൂപതയിലെ ഇടവക മേധാവികള്‍ പറയുന്നു. ക്രിസ്ത്യന്‍ പോപ്പുലേഷന്‍ ഉദ്ദേശിച്ചതുപോലെ കൂടാത്ത സാഹചര്യത്തില്‍, പഴയതുപോലെ മതംമാറാന്‍ ആളെ കിട്ടാത്ത അന്തരീക്ഷത്തില്‍ ദൈവികമായ പ്രക്രിയയാണെന്നു പ്രഖ്യാപിച്ച് അച്ചായന്‍മാര്‍ക്കു മരിച്ചു കിടന്നു പണിയാന്‍ അച്ചന്‍മാരുടെ പ്രത്യേക ഓണം ഓഫര്‍ !

അമേരിക്കയില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന കാത്തോലിക് ന്യൂസ് ഏജന്സിയിലാണ് കേരളത്തിലെ കൊച്ചുഗ്രാമത്തില്‍ നിന്നുള്ള പ്രത്യുല്‍പാദനവിപ്ലവത്തെപ്പറ്റി വാര്‍ത്തയുള്ളത്.

കത്തോലിക്കരുടെ എണ്ണം കുറയാന്‍ തുടങ്ങിയ സാഹചര്യത്തില്‍ എല്ലാ ക്രിസ്ത്യാനികളും ആത്മാര്‍ഥമായി ഭോഗിച്ച് വര്‍ഷാവര്‍ഷം പിള്ളേരെ ഉണ്ടാക്കണമെന്നു പണ്ടേ ആഹ്വാനമുള്ളതാണ്. ചുമ്മാ ആഹ്വാനം കൊണ്ടൊന്നും ആയുധമെടുക്കുന്നവരല്ല അച്ചായന്മാര്‍. അതുകൊണ്ട്, കല്‍പറ്റ സെന്റ് വിന്‍സെന്റ് ഡി പോള്‍ ഫൊറോന പള്ളി അധികൃതര്‍ അഞ്ചാമതൊരു കുട്ടിയെക്കൂടി ജനിപ്പിക്കുന്നവര്‍ക്ക് പ്രോല്‍സാഹന സമ്മാനമായി ആ കുട്ടിയുടെ പേരില്‍ പതിനായിരം രൂപ ബാങ്കില്‍ നിക്ഷേപിക്കുമത്രേ. ഞായറാഴ്ചപ്പിരിവ് ഉപയോഗിച്ചാണ് ഇങ്ങനെ നിക്ഷേപം നടത്തുന്നതെന്നും ഇതിനോടകം രണ്ടു പേര്‍ക്ക് ഇങ്ങനെ പണം നല്‍കിക്കഴിഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മാനന്തവാടി രൂപതയിലെ സിയോണ്‍ പ്രോലൈഫ് പ്രസ്ഥാനത്തിന്റെ ബുദ്ധിയിലാണ് ഈ ആശയം ഉദിച്ചത്. സംഗതിക്കു പ്രചാരമേറുകയാണെന്നും ഇതേ മാതൃകയില്‍ മറ്റൊരു ഇടവക കൂടി ക്രിസ്‍ത്യന്‍ പോപ്പുലേഷന്‍ കൂട്ടാന്‍ ലോണ്‍ നല്‍കാന്‍ തയ്യാറായി വന്നിട്ടുണ്ടെന്നും സംഘാടകര്‍ ആവേശം കൊള്ളുന്നുണ്ട്.

മൂന്നു കാര്‍ വാങ്ങുമ്പോള്‍ ഒരു ടയര്‍ ഫ്രീ എന്നു പറയുന്ന തരത്തിലുള്ള ഒരു തട്ടിപ്പാണ് ഇതെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ക്രിസ്ത്യന്‍ ജനസംഖ്യ വര്‍ധിപ്പിക്കുക എന്ന തികച്ചും പ്രാകൃതമായ ലക്ഷ്യത്തിനുവേണ്ടിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രണ്ടു കുട്ടികളെ തന്നെ മാനസികവും ആത്മീയവുമായ തെളിച്ചത്തോടെ വളര്‍ത്താന്‍ കഴിയാത്ത വര്‍ത്തമാനകാല സാഹചര്യത്തില്‍ അഞ്ചെണ്ണത്തിനെ ഉണ്ടാക്കാന്‍ പറയുന്നവര്‍ അതിനുശേഷം ഈ കുട്ടികളെ എങ്ങനെ വളര്‍ത്തുന്നു എന്നതില്‍ ഇടപെടുമോ എന്നു പറയുന്നില്ല. പതിനായിരം രൂപ ഡിപ്പോസിറ്റുമായി ജനിക്കുന്ന കുട്ടിക്ക് രൂപതയുടെ സ്കൂളില്‍ സൗജന്യവിദ്യാഭ്യാസം കൂടി നല്‍കുമെന്നു പറഞ്ഞിരുന്നെങ്കില്‍ ആ ഓഫറില്‍ ഒരു ഈശ്വരചൈതന്യം കാണാന്‍ കഴിഞ്ഞേനെ.

ക്വാളിറ്റി അവഗണിക്കുകയും ക്വാണ്ടിറ്റി മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്ന സമ്പ്രദായം മനുഷ്യജീവനിലെങ്കിലും പരീക്ഷിക്കാതിരിക്കേണ്ടത് അത്യാവശ്യമാണ്. പിള്ളേരു രണ്ടു മതി എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ രണ്ടില്‍ കൂടുകതലുണ്ടാക്കുന്നവര്‍ക്കു പ്രോല്‍സാഹനസമ്മാനം നല്‍കുന്നത് അതിക്രമം ആണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല. പിള്ളേരെ ഉണ്ടാക്കുന്നതിലല്ല, അവരെ സമൂഹത്തിനു പ്രയോജനമുള്ളവരായി വളര്‍ത്തുമ്പോഴാണ് ഒരുത്തന്‍ നല്ല ക്രിസ്‍ത്യാനിയാകുന്നത്. അഞ്ചു മക്കളെ ഉണ്ടാക്കുന്നതോടെ തന്റെ ക്രൈസ്തവദൗത്യം കഴിഞ്ഞു എന്നൊരുത്തന്‍ വിചാരിച്ചാല്‍ പതിനായിരം രൂപയുടെ ഓഫറിന്റെ വെളിച്ചത്തില്‍ ആ ഉല്‍പാദകനെയും കുറ്റപ്പെടുത്താനാവില്ല. എണ്ണത്തെപ്പറ്റി മാത്രമാണല്ലോ നമ്മുടെ ആശങ്ക.

സ്വിറ്റ്സര്‍ലന്‍ഡ് സര്‍വീസ് സഹകരണ ബാങ്ക്

സര്‍ക്കാരായാല്‍ ഇങ്ങനെ വേണം. ഒരേ സമയം ജനങ്ങളെ പറ്റിക്കുകയും അതേ സമയം മറ്റൊരു വിഭാഗത്തെ ചിരിപ്പിക്കാനുള്ള കോമഡി അതില്‍ തന്നെ നിക്ഷേപിക്കാനുമുള്ള പ്രത്യുല്‍പന്നമതിത്വം നമ്മുടെ കേന്ദ്രസര്‍ക്കാരിനല്ലാതെ പിന്നെ ആര്‍ക്കാണുള്ളത്. ഇതിനും മാത്രം എന്തു കോമഡിയാണ് ലേറ്റസ്റ്റായുള്ളത് എന്നു ചോദിച്ചാല്‍ ആസിയാന്‍ കരാര്‍ കഴിഞ്ഞാല്‍ അത്ര വലിയ കോമഡിയൊന്നും പിന്നെ സംഭവിച്ചിട്ടില്ലെങ്കിലും ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ വെളിപാടുകള്‍ തല്‍ക്കാലത്തേക്ക് രസിക്കാന്‍ മാത്രം ഉണ്ട്.

അതായത്, സ്വിസ് ബാങ്കില്‍ അക്കൗണ്ട് ഉള്ള കംപ്ലീറ്റ് ഇന്ത്യക്കാരുടെയും ലിസ്റ്റ് എടുക്കാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ പ്രഖ്യാപനം. എന്തിന് ? ഇവിടെ ഒരു സുരക്ഷിതത്വമില്ലാത്തതുകൊണ്ടല്ലേ ആളുകള്‍ വല്ല രാജ്യത്തും കൊണ്ടുപോയിടുന്നത്, അപ്പോള്‍ അതും പിടിക്കാന്‍ പോവ്വാണോ ? കമ്യൂണിസ്റ്റുകാര്‍ കേരളത്തില്‍ നിന്നു വ്യവസായികളെ ഓടിച്ചു എന്നു പറയുന്നതുപോലെ ഇന്ത്യയില്‍ നിന്നും ടാറ്റ, ബെര്‍ളി, റിലയന്‍സ് തുടങ്ങിയ സാധുക്കളെ പിണക്കി ഓടിക്കാനാണോ സര്‍ക്കാരിന്റെ പരിപാടി ?
[smartads]
അഥവാ ഈ അന്വേഷണം ആത്മാര്‍ഥമാണെങ്കില്‍ അതിലെത്ര കോണ്‍ഗ്രസുകാര്‍ വരും? എത്ര കമ്യൂണിസ്റ്റുകാര്‍ വരും ? എത്ര ബിജെപിക്കാര്‍ വരും ? കയ്യിട്ടുവാരലിനു രാഷ്ട്രീയമില്ലാത്തതുകൊണ്ട് ഇക്കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഒന്നിച്ചു നിന്നു രക്ഷപെടാന്‍ ശ്രമിക്കുമെന്നു കരുതാം, എന്നാല്‍ അങ്ങനെ നാട്ടിലെ ഏതെങ്കിലും സര്‍വീസ് സഹകരണ ബാങ്കുകാരനോട് പറയുന്നതുപോലെ സ്വിസ് ബാങ്കുകാരനോട് പറഞ്ഞാല്‍ അപ്രിയ ലിസ്റ്റ് മുക്കിയിട്ട് പ്രിയ ലിസ്റ്റ് മാത്രം സ്വിസ് ബാങ്ക് നല്‍കുമോ ? അഥവാ നല്‍കിയാലും അത് ഭരണകൂടത്തെ സംബന്ധിച്ച് ധാര്‍മികമായ ഒരു നീക്കമാണോ ?

എനിക്കിതില്‍ എന്താണ് താല്‍പര്യമെന്നു തോന്നാം. സ്വിസ് ബാങ്കില്‍ എനിക്ക് അക്കൗണ്ട് ഇല്ലെന്നോ നിക്ഷേപമില്ലെന്നോ ഞാന്‍ പറയുന്നില്ല. പക്ഷെ, അത് ഈ ബ്ലോഗിലെ പരസ്യങ്ങളില്‍ നിന്നു കിട്ടിയിട്ടുള്ള ഏതാനും ബില്യന്‍ ഡോളര്‍ കം യൂറോ മാത്രം.എന്നാല്‍, ഒരിക്കലും ഇളക്കം തട്ടില്ല എന്ന വിശ്വാസത്തോടെ സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന വ്യവസായികള്‍ക്ക് ഇനി സര്‍ക്കാരിനോട് എന്ത് വിശ്വാസ്യതയാണ് ഉണ്ടാവുക എന്നു ചിലര്‍ ചോദിക്കുന്നു ? സ്വന്തം മകനെപ്പറ്റി അപ്പുറത്തെ വീട്ടിലെ ചേട്ടനോട് അന്വേഷിക്കുന്നതുപോലെ ഒരു ഗതികേടാണ് ഇതും.

നികുതിവെട്ടിക്കുന്ന പൗരന്മാരെ കണ്ടുപിടിക്കാന്‍ അമേരിക്കയാണ് ഈ പണി ആദ്യം തുടങ്ങിവച്ചത്. അമേരിക്ക ചെയ്യുന്ന കാര്യങ്ങള്‍ അധികം താമസിയാതെ ചെയ്തില്ലെങ്കില്‍ നമ്മുടെ വികസനം പിന്നോട്ടടിക്കുമെന്നതില്‍ സംശയമില്ല. അമേരിക്കയില്‍ സുരക്ഷാപരിശോധന കൃത്യമായി നടക്കുന്നുണ്ടെങ്കിലും മാന്ദ്യം കാരണം സകലകൃഷികളും നഷ്ടത്തിലാണ്. നികുതി പിരിവല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ല എന്നു വന്നപ്പോഴാണ് സ്വിസ് ബാങ്കിനെ പിടിക്കാനിറങ്ങിയത്. കടുത്ത സമ്മര്‍ദ്ദത്തിനൊടുവില്‍ സ്വിസ് ബാങ്കുകാര്‍ കുറെയൊക്കെ വിവരങ്ങള്‍ പറയുകയും ചെയ്തു. അതുകണ്ടപ്പോളാണ് ഇന്ത്യയും ഉദ്യമത്തിനിറങ്ങിത്തിരിച്ചിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ വേളയില്‍ പ്രധാന പ്രതിപക്ഷ കക്ഷിയായ ബിജെപി യുള്‍പ്പെടെയുള്ള രാഷ്‌ട്രീയ പാര്‍ട്ടികള്‍, സ്വിസ്‌ ബാങ്കില്‍ നിന്ന്‌ ഇന്ത്യ കള്ളപ്പണക്കാരുടെ വിവരങ്ങള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന്‌ പ്രകടനപത്രികയില്‍ വാഗ്‌ദാനം നല്‍കിയിരുന്നു.അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ സ്വദേശത്തേയും വിദേശത്തേയും പൗരന്‍മാരുടെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ചുള്ള വിവരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിയ്‌ക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് നടപടികള്‍.

എന്നാല്‍, നിക്ഷേപകരുടെ സ്വകാര്യതയ്ക്ക് മറ്റെന്തിനെക്കാളും വില നല്‍കുന്ന സ്വിസ് ബാങ്കുകാര്‍ ഇന്ത്യയുടെ കള്ളപ്പണക്കാരെ പിടിച്ചുകൊടുക്കാന്‍ വേണ്ടി ആ പ്രസ്ഥാനം തുലയ്‍ക്കുമെന്നു വിശ്വസിക്കാന്‍ വയ്യ. മാത്രവുമല്ല ലിസ്റ്റ് കൊണ്ടുവരാന്‍ വേണ്ടി ഒരുത്തനും ഇങ്ങോട്ടു വരേണ്ടെന്ന് സ്വിസ് ബാങ്ക് പ്രതിനിധികളും വ്യക്തമാക്കിയിരുന്നു.

അതേ സമയം നിക്ഷേപകര്‍ക്ക്‌ നൂറ്‌ ശതമാനം രഹസ്യസ്വഭാവം സ്വിസ്‌ ബാങ്കുകള്‍ ഉറപ്പ്‌ നല്‍കുന്നില്ല. സിവില്‍, ക്രിമിനല്‍ കേസന്വേഷണങ്ങളുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ കൈമാറാറുണ്ട്‌. ബൊഫോഴ്‌സ്‌ കേസില്‍ ഇന്ത്യക്ക്‌ ഇത്തരം വിവരങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇപ്പോഴത്തെ ആവശ്യം പൂര്‍ണമായും നികുതിയുമായി ബന്ധപ്പെട്ടതാണ്‌. സ്വിസ്‌ സര്‍ക്കാരിന്റെ നികുതി വകുപ്പിനു പോലും സ്വിസ്‌ ബാങ്കുകളിലെ നിക്ഷേപകന്റെ വിവരങ്ങള്‍ അനുവാദമില്ലാതെ പരിശോധിക്കാന്‍ കഴിയില്ല. പിന്നെങ്ങനെ പ്രണബ് മുഖര്‍ജി ഈ വിവരങ്ങള്‍ പുല്ലുപോലെ പൊക്കും ?

ഏറ്റവുമൊടുവില്‍ ശക്തവും വ്യക്തവുമായ തെളിവ് നല്‍കുകയാണെങ്കില്‍ അത്തരക്കാരുടെ ലിസ്റ്റ് നല്‍കാമെന്ന് സ്വിസ് ബാങ്ക് പ്രതിനിധികള്‍ പറഞ്ഞിട്ടുണ്ട്. ഇതനുസരിച്ച് വെള്ളക്കടലാസില്‍ ലിസ്റ്റ് എഴുതിത്തുടങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. സംഗതി കൊള്ളാമെങ്കിലും നടപടികള്‍ വളരെ അപക്വമാണെന്ന് പ്രാരംഭദശയില്‍ തന്നെ വ്യക്തമായിരിക്കുന്നു. ആരാ എന്താ എന്നൊരു വിവരവുമില്ലാതെ കംപ്ലീറ്റ് ആളുകളുടെയും ലിസ്റ്റ് ചുളുവില്‍ ഇങ്ങു വാങ്ങാമെന്നും അങ്ങനെ അവന്മാരെ ടാക്സടിക്കാമെന്നും കരുതിയ സര്‍ക്കാരിന്റെ ഉദ്ദേശം അത്ര എളുപ്പത്തില്‍ നടക്കില്ല.
[smartads]
100 രൂപ മുടക്കി ഒരു നിര്‍മാണം നടത്തിയാല്‍ 80 രൂപയും വിവിധ ഏജന്റുമാരും കമ്മിഷന്‍കാരും കൂടി വിഴുങ്ങുന്ന ഈ രാജ്യത്ത് ഇനി കള്ളപ്പണക്കാരെ പിടിക്കുന്നത് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. എന്തിനാണ് സര്‍ക്കാരേ ഈ ക്രൂരത ? നിങ്ങള്‍ക്കുമില്ലേ ബെന്‍സും ബംഗ്ലാവുകളും ? എന്തിനാണ് ഞങ്ങള്‍ പാവം ബില്യനെയേര്‍സിന്റെ നെഞ്ചത്തു കയറാന്‍ വരുന്നത്. നിങ്ങള്‍ പെട്രോള്‍ വില കൂട്ടു, ബസ് ചാര്‍ജ് വര്‍ധിപ്പിക്കൂ, ജനസംഖ്യയില്‍ രണ്ടോ മൂന്നോ ശതമാനം മാത്രം വരുന്ന ശതകോടീശ്വരന്മാരെ പിഴിയുന്നത് ന്യായമാണോ ? ബാക്കി 98-99 ശതമാനവും കൈയും വീശി നടക്കുന്നത് നിങ്ങള്‍ കാണുന്നില്ലേ ? പ്ലീസ്, ഉപദ്രവിക്കരുത്.