ഉമ്മന്‍ ചാണ്ടി ഷെയര്‍ ചെയ്യുന്നത്

ഉമ്മന്‍ ചാണ്ടി അത്യുന്നതനായ നേതാവാണെന്നും സരിത നായര്‍ വെറുമൊരു തട്ടിപ്പുകാരി ആണെന്നും കേരളത്തിലെ നല്ലൊരു ശതമാനം ആളുകളും വിശ്വസിക്കുന്നു. ആ ഉമ്മന്‍ ചാണ്ടിയും സരിതയും തമ്മില്‍ ബന്ധമുണ്ടെന്ന് ആരോപിക്കുന്നതും വിശ്വസിക്കുന്നതും അപ്രകാരം പ്രചരിപ്പിക്കുന്നതും വലിയ ക്രൂരതയാണെന്നാണ് പല കോണ്‍ഗ്രസുകാരും പറഞ്ഞു കേട്ടിട്ടുള്ളത്. എന്നാല്‍ പിടിച്ചു നില്‍ക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും സരിതയുടെ സാരിത്തുമ്പേയുള്ളൂ എന്നത് അത്യുന്നതന്‍ തന്നെ തുറന്നു കാണിക്കുമ്പോള്‍ ഏഴാംകൂലികളായ നമ്മളൊക്കെ എത്ര നിസ്സാരന്‍മാര്‍.

തിരഞ്ഞെടുപ്പു കാലത്ത് സജീവപ്രവര്‍ത്തനം കാഴ്ച വയ്ക്കുന്നതിനു വേണ്ടി ഉമ്മന്‍ ചാണ്ടി അവതരിപ്പിച്ച വെബ്‌സൈറ്റ് ആണ് ഉമ്മന്‍ചാണ്ടി ഡോട്ട് നെറ്റ്. അതില്‍ അദ്ദേഹം തനിക്ക് അനുകൂലമായ പല പല വാര്‍ത്തകളും ഷെയര്‍ ചെയ്യുന്നുണ്ട്. യുപിഎ സര്‍ക്കാരിന്റെ നേട്ടങ്ങള്‍, യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എന്നിങ്ങന വിവിധ വിഭാഗങ്ങളിലായി പലതരം വാര്‍ത്തകളും വിഭവങ്ങളും സമ്പല്‍സമൃദ്ധമായ വെബ്‌സൈറ്റിലുണ്ട്. അതോടൊപ്പമുള്ള ഒന്നാണ് കുമാരി സരിത നായരുടെ അഭിമുഖത്തിന്റെ ശകലം.

ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സിപിഎം 10 കോടി രൂപ വാഗ്ദാനം ചെയ്തു എന്ന സരിതയുടെ ആരോപണം ഇന്ത്യാ ടുഡേ അഭിമുഖത്തിലും മാധ്യമത്തിലും വന്നതാണ് ഉമ്മന്‍ ചാണ്ടി തന്റെ വെബ്‌സൈറ്റില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. അത് അദ്ദേഹം ഫെയ്‌സ്ബുക്കിലും ഷെയര്‍ ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും പ്രസ്താവനകളോടൊപ്പം സരിത എസ് നായരുടെ ആരോപണവും തുല്യപ്രധാന്യത്തോടെ ഷെയര്‍ ചെയ്യാന്‍ ആര്‍ജ്ജവം കാണിച്ച ഉമ്മന്‍ ചാണ്ടി അഭിനന്ദനമര്‍ഹിക്കുന്നു. സരിതയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്നൊക്കെ പറഞ്ഞ് ഇത്രയും കാലം ഉരുണ്ടുകളിച്ചത് എന്തിനായിരുന്നു എന്നാണ് മനസ്സിലാവാത്തത്.

സരിത നായരെ നാട്ടുകാര്‍ക്കു വലിയ വിശ്വാസമൊന്നുമില്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് തികഞ്ഞ വിശ്വാസമാണ് എന്നതിന്റെ തെളിവാണ് സ്വന്തം വെബ്‌സൈറ്റിലും ഫെയ്‌സ്ബുക്കിലും അദ്ദേഹം സരിതയുടെ അഭിമുഖത്തില്‍ നിന്നുള്ള ഭാഗം ഷെയര്‍ ചെയ്തിരിക്കുന്നത്. വെറുമൊരു ഉമ്മന്‍ ചാണ്ടിയെ കുരുക്കാന്‍ സരിതയെപ്പോലുള്ള ഒരു സ്ത്രീക്ക്് (സംരംഭക) സിപിഎം പോലുള്ളൊരു പാര്‍ട്ടി 10 കോടി രൂപ ഓഫര്‍ ചെയ്തു എന്നത് വളരെ വിലയേറിയ ഒരു ആരോപണമാണ്. ഉമ്മന്‍ ചാണ്ടി അത് പലവട്ടം ഷെയര്‍ ചെയ്യുമ്പോള്‍ സരിതയുടെ ആരോപണത്തിന്റെ അടിയില്‍ മുഖ്യമന്ത്രി അറ്റസ്റ്റ് ചെയ്യുന്ന ഒരു ഇഫക്ട് ആണ്. മുഖ്യമന്ത്രിയെ മാത്രമല്ല കുമാരി സരിതയെയും മലയാളികള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്.

സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് സര്‍ക്കാര്‍ എജി കോടതിയില്‍ നടത്തിയ പെര്‍ഫോമന്‍സ് സരിതയെ ഇനി ഒരു തരത്തിലും വേദനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറല്ല എന്ന സൂചനയാണ് നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ പണം നഷ്ടപ്പെടാത്ത വിഎസിന് അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നാണ് സര്‍ക്കാര്‍ എജി കോടതിയില്‍ വാദിച്ചത്.

ഇതെല്ലാം കൂട്ടിവച്ചു വായിക്കുമ്പോള്‍ സാധാരണക്കാരന് കാര്യങ്ങള്‍ ഏറെക്കുറെ പിടികിട്ടുന്നുണ്ട്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ 10 കോടി രൂപ ഓഫര്‍ ചെയ്തിട്ടും സത്യം, നീതി, ധര്‍മം എന്നിവയില്‍ വ്യതിചലിക്കാതെ ഉമ്മന്‍ ചാണ്ടിക്കൊപ്പം നിന്ന സരിത തീര്‍ച്ചയായും മഹത്വമുള്ളവളാണ്. ആ സരിതയ്‌ക്കെതിരെ, സരിതയുടെ സംരംഭങ്ങള്‍ക്കെതിരെ ഒരാക്ഷേപവും ഉന്നയിക്കാന്‍ ആരെയും അനുവദിക്കരുത്. ഉമ്മന്‍ ചാണ്ടിയെ എനിക്കു വിശ്വാസമാണ്. ഉമ്മന്‍ ചാണ്ടി പറഞ്ഞാല്‍ സരിതയെയും വിശ്വസിക്കാം.

കോടതി, സിബിഐ, അന്തര്‍ധാര

കോടതിയും സിബിഐയും തമ്മില്‍ പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലാണെങ്കിലും അവര്‍ക്കിടയിലെ അന്തര്‍ധാന സജീവമാണെന്നു വേണം മനസ്സിലാക്കാന്‍. അല്ലെങ്കില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് യുഡിഎഫ് നേതാക്കളുടെ മനസ്സു വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങനെ തുടര്‍ച്ചയായി സംഭവിക്കുന്നത് ദൈവനിശ്ചയം ആയിരിക്കണം. അല്ലെങ്കില്‍ തന്നെ കോണ്‍ഗ്രസ് വിരുദ്ധരുടെ സംസ്ഥാന സമ്മേളനമാണ് നടക്കുന്നത്. യുഡിഎഫ് വിരുദ്ധ, സര്‍ക്കാര്‍ വിരുദ്ധ നിലപാടുകളുമായി ദുഷ്ടന്‍മാര്‍ അഴിഞ്ഞാടുകയാണ്.

മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാനായിരുന്ന സലിം രാജിന്റെ ഭൂമി തട്ടിപ്പു കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തു കൊണ്ട് ഹൈക്കോടതി സര്‍ക്കാരിനെ തോല്പിച്ചപ്പോള്‍ ഒന്നന്വേഷിക്കൂ ചേട്ടാ എന്നു പറഞ്ഞ് സര്‍ക്കാര്‍ സിബിഐയെ ഏല്‍പിച്ച ടിപി ചന്ദ്രശേഖരന്‍ വധക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രമില്ലെന്നു പറഞ്ഞ് സിബിഐയും സര്‍ക്കാരിനെ തോല്‍പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് തോല്‍വികളേറ്റുവാങ്ങാന്‍ ആരുടെയൊക്കെയോ എന്തൊക്കെയോ ഇനിയും ബാക്കി.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് കോടതി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസ്സു വേദനിപ്പിക്കുന്ന രീതിയില്‍ പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ പ്രതിഷേധം ആഞ്ഞടിക്കുകയാണ്. മന്ത്രി കെ.സി.ജോസഫാണ് പ്രധാനമായും അഞ്ഞടിക്കുന്നത്. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ട എന്നാണ് അവറോണര്‍ കെ.സി.ജോസഫ് വിധിച്ചിരിക്കുന്നത്. സലിം രാജിന്റെ കേസിനെപ്പറ്റി വിധി പറയുമ്പോള്‍ സോളാര്‍ കേസിനെപ്പറ്റിയും സരിതയെപ്പറ്റിയും കോടതി പറഞ്ഞത് വലിയ തെറ്റായിപ്പോയെന്നാണ് യുഡിഎഫിലെ നിയമപണ്ഡിതര്‍ പറയുന്നത്. പണ്ടൊരു സിപിഎം ജയരാജന്‍ ജഡ്ജിയെ ശുംഭനെന്നു വിളിച്ചപ്പോള്‍ നീതിപീഠത്തോടുള്ള ഇറെവറന്‍സില്‍ മനംനൊന്തു പിടഞ്ഞവരാണ് ഇപ്പോള്‍ ജുഡീഷ്യറിയുടെ നീതിനിഷേധത്തില്‍ പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നത്.

ജഡ്ജിമാര്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ചു, ജുഡീഷ്യല്‍ നീതി ലംഘിച്ചു എന്നിങ്ങനെ പരിശുദ്ധനായ മുഖ്യമന്ത്രിക്കെതിരെ കോടതി ചെയ്തിട്ടുള്ള കുറ്റങ്ങളുടെ പട്ടിക നീണ്ടതാണ്. ഇതിനു പുറമേ മുഖ്യമന്ത്രിയെ വിമര്‍ശിച്ച ജഡ്ജി സിപിഎമ്മുകാരനാണ് എന്നൊരു കണ്‍ക്ലൂഷനിലേക്ക് മാധ്യമങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ദില്ലിയിലെ കേരളാ ഹൗസില്‍ വച്ച് ജഡ്ജിയും സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ കണ്ടു എന്നതാണ് ഇതിനുള്ള തെളിവായി കണ്ടെത്തിയിരിക്കുന്നത്. ജസ്റ്റിസ് മകളുടെ കല്യാണം ക്ഷണിക്കുകയായിരുന്നെന്നും കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു എന്നുമാണ് കോടിയേരി ബാലകൃഷ്ണന്‍ പറയുന്നത്. നമ്മളീ എല്‍എല്‍ബി ഒന്നും പഠിച്ചിട്ടില്ലാത്തതുകൊണ്ട് നിയമവശങ്ങളൊന്നും വലിയ പിടിയില്ല.

ചെറിയ ഒരു റിയല്‍ എസ്റ്റേറ്റ് കേസ് സിബിഐയ്ക്കു വിട്ടുകൊടുത്തതുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇവിടം വരെ എത്തി നില്‍ക്കുന്നതെങ്കില്‍ കേരളചരിത്രത്തിലെ തന്നെ ഏറ്റവും ഭയങ്കരമായ കൊലപാതക്കേസ് തങ്ങള്‍ക്ക് അന്വേഷിക്കാന്‍ മാത്രം വലിയ സംഭവമല്ല എന്നു പറഞ്ഞ് സിബിഐ തള്ളിക്കളഞ്ഞിരിക്കുകയാണ്. സിബിഐ ചെയ്തത് തെറ്റാണോ ശരിയാണോ എന്നതിനെപ്പറ്റി മന്ത്രി കെ.സി.ജോസഫ് എന്തു പറയുമെന്നു കേട്ടിട്ടു വേണം ഒരു തീരുമാനമെടുക്കാന്‍. എല്ലാ കാര്യങ്ങളെപ്പറ്റിയും കോടതി അഭിപ്രായം പറയേണ്ടതില്ല എന്നു പറഞ്ഞ നാവു കൊണ്ടു തന്നെ എല്ലാ കേസുകളും സിബിഐ അന്വേഷിക്കണം എന്നോ മറ്റോ അദ്ദേഹം പറയുമോ ആവോ.

ഒരു ദേശീയ ഏജന്‍സി അന്വേഷിക്കേണ്ട പ്രാധാന്യം ടിപി വധക്കേസിനില്ലെന്നും നിലവില്‍ സി.ബി.ഐക്ക് കേരളത്തില്‍ ആവശ്യത്തിലധികം കേസുകളുണ്ടെന്നുമാണ് സിബിഐ വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. സിസ്റ്റര്‍ അഭയയുടെ മരണം പോലും തെളിയിക്കാന്‍ പറ്റാത്ത സിബിഐ അന്വേഷണം കഴിഞ്ഞ് വിചാരണയും വിധിയും കഴിഞ്ഞ കേസില്‍ പുതുതായി എന്തെങ്കിലും കണ്ടെത്തുമെന്നു കരുതാന്‍ വയ്യ. സിബിഐ ഡയറക്ടറുടെ മകളുടെ കല്യാണവും കോടിയേരി ബാലകൃഷ്ണനെ വിളിച്ചിരുന്നോ എന്നതാണ് ഇനി അറിയാനുള്ളത്. കേരളാ ഹൗസില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് വിഡിയോ ദൃശ്യങ്ങളുമായി ടിവി ചാനലുകാര്‍ സത്യം തെളിയിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

'മുഖ്യമന്ത്രി'യുടെ കല്‍പന

നടി കല്‍പന കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ കരഞ്ഞില്ലെന്നേയുള്ളൂ. മലയാള സിനിമയിലെ നടീനടന്‍മാര്‍ ഇന്നസെന്റിനെ ഇത്രയേറെ ഭയക്കുന്നുണ്ടെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമാണ്. തലേന്ന് ചാലക്കുടിയില്‍ ആം ആദ്മിയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുകയും ആപ്പിന്റെ തൊപ്പി വച്ച് സ്ഥാനാര്‍ഥിക്കു വേണ്ടി വോട്ടു ചോദിക്കുകയും ചെയ്ത കല്‍പന, നേരം പുലര്‍ന്നപ്പോള്‍ കാലുമാറി എന്നു മാത്രമല്ല തന്നെ തെറ്റിദ്ധരിപ്പിച്ചാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചതെന്നും പിറ്റേന്നു പത്രങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണ് അത് രാഷ്ട്രീയ പാര്‍ട്ടിയുടെ യോഗമാണെന്നു മനസ്സിലായതെന്നും പറയുമ്പോള്‍ ആ ഇന്നസെന്‍സില്‍ അടങ്ങിയിരിക്കുന്ന തന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മനസ്സിലാക്കാം. ഇന്നസെന്റ് തന്റെ മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയും ആണെന്നു പരസ്യമായി പ്രഖ്യാപിച്ചു തരംതാഴേണ്ടി വന്ന ആ ഗതികേടു മനസ്സിലാക്കാം.

ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലി ജനസേവ വൈസ് ചെയര്‍മാന്‍ കൂടിയായ കല്‍പനയെ ജനസേവ പരിപാടിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ കൊണ്ടുപോയി എന്നാണ് കല്‍പന പറയുന്നത്. ആം ആദ്മിയുടെ പരിപാടിയാണെന്ന് പറയാതെയാണ് ജോസ് മാവേലി തന്നെ ഈ പരിപാടിയിലേക്ക് ക്ഷണിച്ചു കൊണ്ടുപോയതെന്നും തൊപ്പി വച്ച കുറച്ച് ആളുകളെ പരിപാടിയില്‍ കണ്ടെങ്കിലും ആം ആദ്മിയാണെന്ന് മനസിലായില്ലെന്നും കല്‍പന പറയുന്നു. ഇത് സത്യമാണെങ്കില്‍ ജോസ് മാവേലിക്കെതിരെ കല്‍പന കേസ് കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. മാവേലിയായാലും ശരി, ക്രിസ്മസ് അപ്പൂപ്പനായാലും ശരി, പാവപ്പെട്ട സ്ത്രീകളെ പറഞ്ഞു പറ്റിക്കുന്നത് ക്ഷമിക്കാനാവാത്ത ക്രൂരതയാണ്.

ചാലക്കുടിയിലെ ആം ആദ്മി സ്ഥാനാര്‍ഥി കെ.എം. നൂറുദ്ദീനെപ്പറ്റി കേട്ടിട്ടുണ്ട്. അദ്ദേഹം പാലിയേറ്റീവ് രംഗത്തെ അറിയപ്പെടുന്ന ആളാണ്. എന്നാല്‍ ആം ആദ്മിയുടെ പരിപാടിയാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ അവിടെ പോകില്ലായിരുന്നു എന്നും കല്‍പന കൂട്ടിച്ചേര്‍ക്കുന്നു. പക്ഷെ, കല്‍പന ഒന്നുകൂടി സ്‌ട്രോങ്ങായി നിന്നാല്‍ മാവേലി കല്‍പനയ്‌ക്കെതിരെ കേസ് കൊടുക്കുന്ന സ്ഥിതിയാണ്. പരിപാടിയില്‍ പങ്കെടുത്ത് ആം ആദ്മിയുടെ തൊപ്പി ധരിക്കുകയും സ്ഥാനാര്‍ഥിയായ നൂറുദ്ദീനു വിജയാംശ നേരുകയും പ്രചാരണത്തിനു വേണ്ടി വിഡിയോ അഭിമുഖം നല്‍കുകയും ചെയ്തിട്ടുണ്ടെന്നു പറഞ്ഞ മാവേലി അതിന്റെയൊക്കെ വിഡിയോയും തെളിവായി കൈവശമുണ്ടെന്നാണ് പറയുന്നത്.

ഹോട്ടലാണെന്നു കരുതി ആളുകള്‍ ബാര്‍ബര്‍ ഷോപ്പില്‍ കയറുന്നത് സാധാരണയാണ്. എന്നാല്‍, കട്ടിങ്ങും ഷേവിങ്ങും കഴിഞ്ഞിറങ്ങി വന്നിട്ട് ബാര്‍ബര്‍ തന്നെ ചീപ്പും കത്തിയും പലഹാരങ്ങളാണെന്നു പറഞ്ഞു പറ്റിച്ചതാണ് എന്നു പറയുന്നത് സ്വയം അപഹാസ്യയാകുന്നതിനു തുല്യമാണ്. കല്‍പന ചെയ്തിരിക്കുന്നത് അതാണ്. ഇന്നസെന്റിന്റെ അപ്രീതി സമ്പാദിച്ചാല്‍ മലയാള സിനിമയില്‍ നിന്നു വിലക്കെടുമെന്ന ഭീഷണി മൂലമോ ഭീതി മൂലമോ ഇന്നസെന്റിനോടുള്ള അതിരുകടന്ന ആരാധന നിലനില്‍ക്കെ ആം ആദ്മി സ്ഥാനാര്‍ഥിക്കു വേണ്ടി പരിപാടിയില്‍ പങ്കെടുത്തതിന്റെ കുറ്റബോധം മൂലമോ ഒക്കെയാവാം കല്‍പന നിലപാടുമാറ്റിയത്. അത് അവരുടെ വയറ്റിപ്പിഴപ്പിന്റെ കാര്യമായതുകൊണ്ട് കൂടുതലൊന്നും പറയാനില്ല. പോരെങ്കില്‍, ഇന്നസെന്റ് മുഖ്യമന്ത്രിയും ഇടവേള ബാബു ഉപമുഖ്യമന്ത്രിയുമായ സിനിമാലോകത്ത് കഴിയുന്ന കല്‍പനയെ ആം ആദ്മി പാര്‍ട്ടിയെപ്പറ്റി ബോധവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നതില്‍ കാര്യമില്ല.

രാഷ്ട്രീയം എന്താണെന്നു പോലും അറിയാത്ത കല്‍പന ആം ആദ്മി പാര്‍ട്ടിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് അപകടകരമാണ് എന്നു പത്രം കണ്ടപ്പോള്‍ മനസ്സിലാക്കിയത് എങ്ങനെയാണെന്നത് കൗതുകകരമായ കാര്യമാണ്. കാരണം, പൊതുവേ ആം ആദ്മികള്‍ക്കു രാജ്യത്തു നല്ല പേരെയുള്ളൂ. ആം ആദ്മിയാണെന്നു പറയുന്നതില്‍ ആളുകള്‍ അഭിമാനിക്കുന്ന കാലത്ത് ആം ആദ്മി പരിപാടിയാണെന്നറിഞ്ഞിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്നു പറയുമ്പോള്‍ ആം ആദ്മി ഇന്ത്യയില്‍ നിരോധിച്ച ഏതോ ഭീകരപ്രസ്ഥാനമാണെന്ന് ഒരു ധ്വനി വരുന്നുണ്ട്. ജോസ് മാവേലി കല്‍പനയ്ക്ക് എന്താണ് ആം ആദ്മി പാര്‍ട്ടി എന്നതിനെ സംബന്ധിച്ച് ഒരു ലഘുവിവരണം നല്‍കണമെന്ന് അപേക്ഷിക്കുന്നു. സ്റ്റഡി ക്ലാസ്സുകളിലൊന്നും കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ആ കുട്ടി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. നൂറുദ്ദീന്‍ വളരെ നല്ല ആളാണെന്നറിയാവുന്ന കല്‍പന സംഘടനാ പ്രസിഡന്റിനു വേണ്ടി ആ നൂറുദ്ദീനെ തള്ളിപ്പറഞ്ഞത് ഖേദകരമാണ്. കല്‍പനയുടെ മുഖ്യമന്ത്രി എത്ര വലിയവനായാലും പാവപ്പെട്ട രോഗികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നൂറുദ്ദീനും നൂറുദ്ദീന്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്രസ്ഥാനവും അപഹസിക്കപ്പെടേണ്ടതില്ല എന്നത് കല്‍പന ഗൗരവത്തോടെ മനസ്സിലാക്കണം.

എന്തായാലും ചാലക്കുടിയില്‍ അമ്മ അംഗങ്ങളെ വച്ചു പരമാവധി വോട്ടു പിടിക്കാന്‍ ഇന്നസെന്റിനു കഴിയട്ടെ എന്നാശംസിക്കുന്നു. കലാഭവന്‍ മണിയും കെപിഎസി ലളിതയും ഉള്‍പ്പെടെയുള്ളവര്‍ ഇതിനോടകം കുറെയധികം വോട്ടുപിടിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയായ ഇന്നസെന്റിനു വേണ്ടി കല്‍പന ഒരു ലോഡ് വോട്ടെങ്കിലും പിടിച്ച് റോളുകള്‍ ഉറപ്പാക്കട്ടെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ അമ്മയില്‍ അംഗത്വമുള്ള എത്രയോ സിനിമക്കാര്‍. തങ്ങളുടെ സംഘടനയ്ക്ക് ഒരു എംപി ഉണ്ടാവണമെന്ന് അമ്മ അംഗങ്ങള്‍ വിചാരിച്ചിട്ടുണ്ടെങ്കില്‍ അതും ഒരു തെറ്റല്ല.

അഭ്യര്‍ഥന:– ഇന്നസെന്റിനെപ്പോലെ നേതൃപാടവമോ കല്‍പനയെപ്പോലെ ഹ്യൂമര്‍ സെന്‍സോ ഒന്നുമില്ലെങ്കിലും, ചാലക്കുടി മണ്ഡലത്തിലെ എല്ലാ വോട്ടര്‍മാരോടും ആം ആദ്മി സ്ഥാനാര്‍ഥിയും ജനസേവകനുമായ നുറുദ്ദീന് വോട്ട് ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ഥിക്കുന്നു (നാളെ രാവിലെ കുറ്റബോധം മൂലം ഞാന്‍ നിലപാടു മാറ്റുമോ എന്നു സ്വയം ഒന്നു പരിശോധിക്കാനാ).

വിഎസ് എന്ന ചതിയന്‍

മാതൃകാദമ്പതികള്‍ തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടാകുമ്പോള്‍ അത് സോള്‍വ് ചെയ്യുന്നതിനായി സന്നദ്ധപ്രവര്‍ത്തനം നടത്തുന്നത് നാട്ടുകാരുടെ ഒരു ഹോബിയാണ്. ഈ ദമ്പതികളുടെ വീട്ടില്‍ കയറി നിരങ്ങി, പ്രശ്‌നം സോള്‍വ് ചെയ്യാനെന്ന മട്ടില്‍ ദാമ്പത്യജീവിതത്തിന്റെ വിശദാംശങ്ങള്‍ വരെ ചികഞ്ഞെടുത്ത് നാട്ടില്‍ പാട്ടാക്കുകയും ഇവരുടെ സൗന്ദര്യപ്പിണക്കത്തെ ഡൈവോഴ്‌സിന്റെ വക്കോളമെത്തിക്കുകയും ചെയ്യുന്നതാണ് ഈ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു ശൈലി. ഒടുവില്‍ പരസ്പരം തെറിവിളിച്ചു പിരിയുന്നതിനു പകരം സന്നദ്ധപ്രവര്‍ത്തകരുടെ മാധ്യസ്ഥമില്ലാതെ തന്നെ ദമ്പതികള്‍ വീട്ടിനുള്ളില്‍ പ്രശ്‌നം സോള്‍വ് ചെയ്യുകയും സന്തോഷത്തോടെ ഒരുമിച്ചു പോകാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ സന്നദ്ധപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ ഉണ്ടാകുന്ന ഞെട്ടലും അമ്പരപ്പും രോഷവും പ്രതിഷേധവുമാണ് ഇപ്പോള്‍ വിഎസ് അച്യുതാനന്ദന്റെ നിലപാടു മാറ്റത്തില്‍ കേരളത്തിലെ സിപിഎം ഒഴികെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങളിലെ നേതാക്കന്‍മാരും രാഷ്ട്രീയനിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വിഎസിന്റെ നിലപാടുമാറ്റം സമകാലികരാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും വലിയ ദുരന്തമാണെന്ന മട്ടിലാണ് പലരും പ്രതികരിക്കുന്നത്. വിഎസ് ആരെയൊക്കെയോ ചതിച്ചു എന്നും വിഎസിനു ഇവിടുത്തെ ജനങ്ങള്‍ മറുപടി നല്‍കും എന്നുമൊക്കെയാണ് പ്രതികരണത്തൊഴിലാളികളുടെ പ്രഖ്യാപനങ്ങള്‍. വിഎസ് അച്യുതാനന്ദന്‍ സിപിഎം വിട്ടു കോണ്‍ഗ്രസില്‍ ചേരുകയോ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ ചേരുകയോ ഇന്നലെ വരെയുണ്ടായിരുന്ന രാഷ്ട്രീയം തള്ളിപ്പറയുകയോ ചെയ്തിട്ടില്ല. നാളിന്നു വരെ സിപിഎമ്മുകാരനായി ജീവിച്ച വിഎസിന്റെ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും വന്നിട്ടില്ല. പാര്‍ട്ടിയെ സമ്മര്‍ദ്ദത്തിലാക്കുന്ന തരത്തിലുള്ള പരസ്യനിലപാടുകള്‍ ഉപേക്ഷിച്ച് പാര്‍ട്ടിയുമായി ചര്‍ന്നു നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ചതിയെന്നും വഞ്ചനയെന്നും വിശേഷിപ്പിക്കുന്ന പ്രബുദ്ധരാഷ്ട്രീയമീമാംസകര്‍ കുടിലബുദ്ധിക്കാരായ അട്ടകളാണ് എന്നു മനസ്സിലാക്കാന്‍ പൊളിറ്റിക്‌സ് എംഎയും ജേണലിസം ഡിപ്ലോമയും ആവശ്യമില്ല.

സീറ്റ് കിട്ടുന്നതും കസേര കിട്ടുന്നതുമനുസരിച്ച് നൂറുവട്ടം പാര്‍ട്ടി മാറുകയും മുന്നണി മാറുകയും സ്വന്തം രാഷ്ട്രീയത്തെ തള്ളിപ്പറയുകയും ചെയ്തിട്ടുള്ള നിലവാരമില്ലാത്ത നാലാംകിട രാഷ്ട്രീയക്കാരും അവരുടെ അനുയായികളും, ഏറെനളായുള്ള അസ്വാരസ്യങ്ങള്‍ മറന്ന് പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ തീരുമാനിച്ച വിഎസിനെ ചതിയനെന്നും കാലുവാരിയെന്നും വിശേഷിപ്പിക്കുന്നത് കൗതുകകരമായ കാഴ്ചയാണ്. വിഎസിനെ ആരാണ് ഏറ്റവുമധികം മുതലെടുത്തിട്ടുള്ളത് എന്നതറിയണമെങ്കില്‍ വിഎസിന്റെ നിലപാടുമാറ്റത്തില്‍ പ്രതിഷേധിക്കുന്ന നേതാക്കന്‍മാര്‍ ആരൊക്കെയാണെന്നു നോക്കിയാല്‍ മതി.

സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ എതിര്‍ത്തുകൊണ്ട് സംസാരിക്കുമ്പോള്‍ വിഎസ് മഹാനായ നേതാവും ഔദ്യോഗികപക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ വിഎസ് ചതിയനായ രാഷ്ട്രീയപ്രവര്‍ത്തകനായും ചിത്രീകരിക്കുന്നസമൂഹം ഷക്കീല എ പടത്തിലഭിനയിക്കുമ്പോള്‍ കയ്യടിക്കുകയും അവാര്‍ഡ് പടത്തിലഭിനയിക്കുമ്പോള്‍ കൂവുകയും ചെയ്യുന്നവരില്‍ നിന്നും വ്യത്യസ്തമല്ല. വിഎസ് സിപിഎം നേതൃത്വത്തിനെതിരെ നില്‍ക്കുന്നതാണ് ഞങ്ങള്‍ക്കു ഹരം എന്നു തുറന്നുപറയാതെ രാഷ്ട്രീയത്തിലെ വിശുദ്ധിയെപ്പറ്റിയും ധാര്‍മിതകയെപ്പറ്റിയുമൊക്കെ വര്‍ണിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് സത്യത്തില്‍ യഥാര്‍ഥതട്ടിപ്പ്.

ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിഎസ് എടുത്ത നിലപാടുകള്‍ ഉദ്ധരിച്ചാണ് പലരും വിഎസിനെ വിമര്‍ശിക്കുന്നത്. ടിപിയുടെ മരണത്തിന്റെ ഉത്തരവാദി വിഎസാണ് എന്നുവരെയാണ് പ്രതികരണങ്ങള്‍. ടിപിയെ കൊന്നതു നന്നായെന്നോ പാര്‍ട്ടിക്ക് അതുമായി പങ്കില്ലെന്നോ വിഎസ് പറഞ്ഞിട്ടില്ല. ആര്‍എംപി കോണ്‍ഗ്രസിന്റെ വാലായി മാറി എന്ന നിരീക്ഷണം ടിപിയെ ഏതെങ്കിലും തരത്തില്‍ അധിക്ഷേപിക്കുന്നതാണെന്നു തോന്നുന്നില്ല. സിപിഎം അന്വേഷണ കമ്മിഷന്‍ ഒരു പാര്‍ട്ടി അംഗത്തെ ടിവി വധത്തില്‍ കുറ്റക്കാരനായി കണ്ടെത്തി പുറത്താക്കിയത് വിഎസിന്റെ വിജയമാണ് എന്നതില്‍ തര്‍ക്കമില്ല. പൊലീസിന്റെ കയ്യില്‍ പോലും വേണ്ടത്ര തെളിവുകളില്ലാതിരിക്കെ വിചാരണ കഴിഞ്ഞു ശിക്ഷയും വിധിച്ച കേസില്‍ പിണറായി വിജയനെ ജയിലിലിടാന്‍ വേണ്ടി വിഎസ് പോരാടണമായിരുന്നു എന്നു പറയുന്നത് സിപിഎമ്മിനെയും വിഎസിനെയും ഒരുപോലെ നശിപ്പിക്കാമെന്നു വ്യാമോഹിക്കുന്നവരാണ്.

സിപിഎമ്മിനൊപ്പം നില്‍ക്കാന്‍ വിഎസ് തീരുമാനിച്ചത് അടുത്ത കാലത്ത് കേരള രാഷ്ട്രീയത്തിലുണ്ടായിട്ടുള്ള ഏറ്റവും പോസിറ്റീവായ തീരുമാനമാണ്. വിഎസിനെ ഉള്‍ക്കൊള്ളാന്‍ മാത്രം പാര്‍ട്ടിയും പാര്‍ട്ടിയോടൊപ്പം നില്‍ക്കാന്‍ വിഎസും വളര്‍ന്നു എന്നതില്‍ ലജ്ജാകരമായി ഒന്നുമില്ല. ഈ മാറ്റം കൊണ്ടു ഗുണമുണ്ടാകുന്നത് പാര്‍ട്ടിക്കും വിഎസിനും സിപിഎമ്മിനെ ഇപ്പോഴും സ്‌നേഹിക്കുന്ന സാധാരണ പ്രവര്‍ത്തകര്‍ക്കുമാണ്. ഒരു വാര്‍ത്തയുമില്ലെങ്കില്‍ വിഎസിനെ വച്ചൊരു കീറുകീറാം എന്നു വിചാരിച്ചിരുന്ന ചാനലുകാര്‍ക്കും പത്രക്കാര്‍ക്കും രാഷ്ട്രീയനിരീക്ഷകര്‍ക്കും മാത്രമാണ് ഒരു നഷ്ടം സംഭവിച്ചിരിക്കുന്നത്. അത് ഒരിക്കലും കേരളസമൂഹത്തിന്റെ നഷ്ടമല്ല.

കുറിപ്പ്:

ദിലീപും മഞ്ജു വാര്യരും വിവാഹമോചനം നേടാത്തതാണ് നമ്മുടെ ദുഖം.
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ശത്രുത ഉണ്ടെന്നു കേള്‍ക്കാനാണ് നമുക്കിഷ്ടം.
മോദിയും അ്ഡ്വാനിയും തെരുവില്‍ കിടന്ന് അടികൂടുന്ന ഒരു ദിനം വരുമെന്നു നമ്മള്‍ പ്രതീക്ഷിക്കുന്നു.
നമ്മുടേതൊഴികെ ബാക്കിയെല്ലാവരുടെയും വീട്ടിലെ സംഘര്‍ഷങ്ങള്‍ നമുക്ക് ഒരാവേശമാണ്.
ബികോസ് വി ഓള്‍ ആര്‍ ബ്ലഡി ഫക്കിങ് മല്ലൂസ്…. തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളില്‍.

മര്‍ഡര്‍ പാര്‍ട്ടി, കില്ലിങ് ഓഫിസ്

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി 15ന് കൊച്ചിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മദ്യം, മയക്കുമരുന്ന്, സ്ത്രീപീഡനം, ലൈംഗിക അതിക്രമങ്ങള്‍ തുടങ്ങിയവ തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതിക്കായി ഏഴരക്കോടി രൂപയാണ് ദരിദ്രവാസിയായ കേരള സര്‍ക്കാര്‍ ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. സ്വന്തം പാര്‍ട്ടി ഓഫിസിലെ തൂപ്പുകാരിക്കു പോലും സുരക്ഷിതത്വം നല്‍കാനാവാത്ത കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയ ശേഷം പദ്ധതിയമായി മുന്നോട്ടു പോകുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു.

ദില്ലി കൂട്ടമാനഭംഗത്തിനു ശേഷം സ്ത്രീസുരക്ഷയ്ക്ക് എന്ന പേരില്‍ കുറെ പദ്ധതികള്‍ പ്രഖ്യാപിക്കുകയും എല്ലാ പദ്ധതിയ്ക്കും നിര്‍ഭയ എന്നു ചേര്‍ത്തു പേരിടുകയും ചെയ്യുന്നിടത്ത് അവസാനിക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. നിലമ്പൂരിലെ പാര്‍ട്ടി ഓഫിസില്‍ മന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗം ഓഫിസിലെ തൂപ്പുകാരിയെ കൊന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ചത് വളരെ ഒറ്റപ്പെട്ട സംഭവമാണെന്നു ഭാവിച്ച് വലതുപക്ഷ ജനാധിപത്യവിശ്വാസികള്‍ സിപിഎമ്മിലെ പുഴുക്കുത്തുകളില്‍ ഡെറ്റോള്‍ പുരട്ടിക്കൊണ്ടിരിക്കുകയാണ്. വടക്കേ ഇന്ത്യയില്‍ സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ വായിച്ചു ഞെട്ടുന്ന കേരളത്തിലെ മനുഷ്യസ്‌നേഹികളും സാമൂഹികപ്രവര്‍ത്തകരും ഒരു ദേശീയ പാര്‍ട്ടിയുടെ ബ്ലോക്ക് കമ്മിറ്റി ഓഫിസിനുള്ളില്‍ മന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗം നടത്തിയ കൊലപാതകത്തെ ഇത്ര ലാഘവത്തോടെ കാണുന്നത് ദയനീയമാണ്.

സാമൂഹിക ബോധമുള്ള നാട്ടുകാരുടെ അവസ്ഥയം വ്യത്യസ്തമല്ല. ടിപി ചന്ദ്രശേഖരന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന മനുഷ്യാവകാശ പ്രേമികള്‍ കൊല്ലപ്പെട്ട സ്ത്രീയെ ബ്ലാക്‌മെയിലിങ് കാരിയായ തൂപ്പുകാരി എന്നു മുദ്രകുത്തി അവഗണിക്കുകയാണ്. ഇവിടെ കൊല്ലപ്പെട്ട സ്ത്രീ വേട്ടക്കാരിയും ഗതികേടുകൊണ്ട് കൊല്ലേണ്ടി വന്ന പാവം പഴ്‌സനല്‍ സ്റ്റാഫ് അംഗവും പാവപ്പെട്ട കോണ്‍ഗ്രസ് പാര്‍ട്ടിയും ഇരകളുമായി മാറുകയാണ്. ടിപി ചന്ദ്രശേഖരന്റെ ഭാര്യയുടെ മൊഴി വീണ്ടും വീണ്ടും എടുക്കാനും വളരെ സൂക്ഷ്മതയോടെ അന്വേഷിക്കാനും സര്‍ക്കാര്‍ സ്‌പെഷല്‍ ഇന്‍വെസ്്റ്റിഗേഷന്‍ ടീമിനെ നിയോഗിച്ചപ്പോള്‍ പാര്‍ട്ടി ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്താന്‍ പൊലീസിനു മടിയുണ്ടായില്ല എന്നത് ഒരു സൂചനയാണ്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന മൊഴിയെടുക്കലില്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയതും ഈ നേതാക്കളാണെന്നു പറയുന്നു. കാര്യങ്ങള്‍ എങ്ങോട്ടാണു പോകുന്നതെന്നു മനസ്സിലാക്കാന്‍ സിപിഎം മെമ്പര്‍ഷഷിപ്പ് എടുക്കേണ്ട ആവശ്യമില്ല.

ശനിയാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ വര്‍ണാഭമായ ചടങ്ങില്‍ വച്ച് നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി സോണിയാജി ഉദ്ഘാടനം ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ത്രീസുരക്ഷയെപ്പറ്റി ധാരാളം ഗീര്‍വാണങ്ങള്‍ അടിക്കും. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസില്‍ വച്ച് ഒരു സ്ത്രീ കൊല്ലപ്പെട്ടതിനെപ്പറ്റി അവരാരും എന്തെങ്കിലും പറയാനുള്ള സാധ്യത കാണുന്നില്ല. ജോപ്പനും സലിം രാജും ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ പാലു കൊടുത്തു വളര്‍ത്തുന്ന വിഷപ്പാമ്പുകളുടെ പട്ടികയിലെ ലേറ്റസ്റ്റ് അവതാരമാണ് പാര്‍ട്ടി ഓഫിസിനുള്ളില്‍ കൊലപാതകം നടത്തിയിരിക്കുന്നത്. ഇതിനെക്കാള്‍ വിഷമുള്ള ഇനങ്ങള്‍ ഖദറിട്ട് പുഞ്ചിരി തൂകി കൂടെ നടക്കുമ്പോള്‍ പച്ചപ്പാവം ചമഞ്ഞു മുതലക്കണ്ണീരൊഴുക്കാന്‍ ഒരു നേതാവിനും അര്‍ഹതയില്ല. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും സുരക്ഷ എന്നു പറയുമ്പോള്‍ കോണ്‍ഗ്രസ് ഓഫിസില്‍ വന്നു പോകുന്ന സ്ത്രീകളുടെ സുരക്ഷ കൂടി പ്രസക്തമാണെങ്കില്‍ സോണിയാ ഗാന്ധി പദ്ധതി ഉദ്ഘാടനം ചെയ്യേണ്ടത് കൊച്ചിയിലല്ല, നിലമ്പൂരിലെ പാര്‍ട്ടി ഓഫിസിലാണ്. ഒപ്പം നിര്‍ഭയ പാര്‍ട്ടി, സുരക്ഷിത ഓഫിസ് എന്നു പേരിട്ട് ഉള്‍പ്പാര്‍ട്ടി ശുദ്ധീകരണത്തിനുള്ള മറ്റൊരു പദ്ധതി കൂടി പ്രഖ്യാപിക്കാം.

ഇതുകൂടി- ഒന്നാം പ്രതി ബിജു നായര്‍ തന്റെ പഴ്‌സനല്‍ സ്റ്റാഫ് അംഗമാണെങ്കിലും കൂട്ടൂപ്രതി ഷംസുദീന് സിപിഎം ബന്ധമാണുള്ളതെന്ന് മന്ത്രി ആര്യാടന്‍ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊലപാതകം നടത്തുന്നതിനു വേണ്ടി സിപിഎം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നന്വേഷിക്കാന്‍ ഒരു സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയോഗിക്കാവുന്നതാണ്.

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

പിണറായി ടച്ചിങ് കേരളാ ഫയര്‍ തിയറി

14 ജില്ലകളും ആയിരത്തോളം പഞ്ചായത്തുകളും മൂന്നരക്കോടിയോളം ജനങ്ങളുമുളള കേരളം ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ്. ആകെ വിസ്തീര്‍ണ്ണം 38,863 ചതുരശ്ര കിലോമീറ്റര്‍. കിഴക്ക് തമിഴ്‌നാട്, വടക്ക് കര്‍ണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് കേരളത്തിന്റെ അതിര്‍ത്തികള്‍. 44 നദികളാണ് കേരളത്തിലുള്ളത് അവയില്‍ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയില്‍ ചേരുന്നു. ചുരുക്കിപ്പറഞ്ഞാല്‍, പിണറായി വിജയനെ ആരെങ്കിലും തൊട്ടാല്‍ കേരളം കത്തുമെന്ന വെളിപ്പെടുത്തലില്‍ കേരളം ഒന്നടങ്കം ആശങ്കപ്പെടേണ്ട കാര്യമില്ല. അഥവാ ആരെങ്കിലും പിണറായിയെ തൊടുകയും തുടര്‍ന്ന് കേരളം കത്തുകയും ചെയ്താല്‍പ്പോലും തീരദേശങ്ങളിലും പുഴയുടെ തീരങ്ങളിലുമൊക്കെയായി ജീവിക്കുന്നവര്‍ക്ക് ആശയ്ക്ക് വകയുണ്ട്. അണുവികിരണം പോലെയുള്ള സംഗതികള്‍ വേറെയുണ്ടാവുമോ എന്നത് സിറ്റിങ് ജഡ്ജിമാരാരെങ്കിലും അന്വേഷിച്ചാല്‍ നന്നായിരിക്കും.

പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്ന അപൂര്‍വ ഫോര്‍മുല ഇന്നലെ ലോകത്തോട് വെളിപ്പെടുത്തിയത് പാര്‍ട്ടിയുടെ വൈജ്ഞാനികസ്രോതസ്സുകളിലൊന്നായ ആരാധ്യനായ ഇ.പി.ജയരാജന്‍ ആണ്. ബ്രെയിന്‍വേവ്- മൈക്രോവേവ്-ടെക്‌നോളജി അടിസ്ഥാനമാക്കി പ്രോട്ടോണ്‍-ന്യൂട്രോണ്‍-മൈക്രോണ്‍ ഘടങ്ങളെ പുനക്രമീകരിച്ചുകൊണ്ടു മാത്രമേ ഒരാളെ തൊടുമ്പോള്‍ ഏതാണ്ട് 38,863 ചതുരശ്ര കീലോമീറ്റര്‍ സ്ഥലം കത്തുന്ന സാങ്കേതികവിദ്യ വികസിപ്പെടുക്കാനാവൂ. ശാസ്ത്രലോകം ഇന്നെത്തി നില്‍ക്കുന്ന അവസ്ഥ അനുസരിച്ച് അത്തരത്തിലൊരു കത്തിക്കല്‍ ടെക്‌നോളജി വികസിപ്പിച്ചെടുക്കേണ്ട ആവശ്യകത വന്നിട്ടില്ല. അണുബോംബ് പോലെയുള്ള സംഗതികള്‍ നിലവിലുള്ളപ്പോള്‍ ഒരാളെ തൊടുമ്പോള്‍ മൊത്തത്തില്‍ കത്തുന്ന ടെക്‌നോളജിയ്ക്ക് അത്ര പ്രസക്തിയുമില്ല. ഇനി ചൈനയിലോ മറ്റോ അതീവരഹസ്യമായി ഇത്തരത്തിലൊരു സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തിട്ടുണ്ടോ എന്നത് അറിയില്ല.

വടകരയില്‍ ഒരു ചന്ദ്രശേഖരന്റെ സ്വാഭാവികമരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് തലയ്ക്ക് സുഖമില്ലാതായതാണ് പാര്‍ട്ടിക്കെതിരായ ആരോപണങ്ങള്‍ക്കു കാരണം എന്നാണ് ഇ.പി.ജയരാജന്റെ വാക്കുകളില്‍ നിന്നു മനസ്സിലാവുന്നത്. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് മാനസിക അസ്വസ്ഥതകളുള്ള ആ സ്ത്രീയെ കളങ്കിതനായ മുഖ്യമന്ത്രി രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്നതാണ് പ്രധാന കുറ്റം. ചന്ദ്രശേഖരന്റെ സ്വാഭാവികമരണവുമായി ബന്ധപ്പെട്ട കേസില്‍ (കള്ളക്കേസ്) പിണറായി വിജയനെ ആരെങ്കിലും തൊട്ടാല്‍ കേരളം കത്തും എന്നാണ് ഇ.പി.ജയരാജന്‍ പറഞ്ഞിരിക്കുന്നത്. രാഷ്ട്രീയം എനിക്ക് അറിയാത്തതുകൊണ്ടും ഞാനൊരു ശാസ്ത്രകുതുകി ആയതുകൊണ്ടും അതിന്റെ ശാസ്ത്രവശങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്നുള്ളൂ.

മുകളില്‍ പറഞ്ഞതുപോലെ ആരെങ്കിലും പിണറായിയെ തൊട്ടാല്‍ തല്‍സമയം കേരളം ഒന്നാകെ കത്തിക്കുക എന്നത് ശാസ്ത്രീയമായി അപ്രായോഗികമാണ്. പിന്നെയുള്ളത് ആരെങ്കിലും പിണറായിയെ തൊട്ടുകഴിയുമ്പോള്‍ പാര്‍ട്ടി മേല്‍ഘടകത്തില്‍ നിന്നും കീഴ്ഘടകങ്ങളിലേക്ക് എസ്എംഎസ് അയക്കുകയും കീഴ്ഘടകങ്ങള്‍ സാധാരണ പ്രവര്‍ത്തകരിലേക്കും സുനിയേട്ടനെപ്പോലെയുള്ള ഗാന്ധിയന്‍ സഹയാത്രികരിലേക്കും ആ എസ്എംഎസ് പ്രചരിപ്പിക്കുകയും ഈ പ്രവര്‍ത്തകര്‍ പന്തവുമായി ഓടിനടന്ന് കേരളം ടോട്ടലി കത്തിക്കുകയും ചെയ്യാനുള്ള സാധ്യതയാണ്. അപ്പോഴും കേരളത്തെ പൂര്‍ണമായി കത്തിക്കുക എളുപ്പമല്ല. അതിനുമാത്രം പന്തം പെട്ടെന്നു സംഘടിപ്പിക്കാനുള്ള ബുദ്ധിമുട്ട് ഒന്ന്. മറ്റൊന്ന്, ഈ കത്തിക്കല്‍ യജ്ഞത്തിന് കേരളത്തിലെ എത്ര ജില്ലകളില്‍ ആളെ കിട്ടും എന്നതാണ്. അഥവാ ആളെ കിട്ടിയാലും എത്ര ദിവസം കത്തിച്ചാലാണ് ഈ മാരണം കത്തിത്തീരുക ? അപ്പോഴും ഇക്കണ്ട നീളത്തില്‍ കിടക്കുന്ന അറബിക്കടലും പിന്നെ കുലംകുത്തികളായ 44 നദികളും കേരളം പൂര്‍ണമായും കത്താനനുവദിക്കില്ല. വടകരയിലെ ചന്ദ്രശേഖരനെപ്പോലെ മിക്കവാറും നദികളും സ്വാഭാവികമരണം വരിച്ചു കഴിഞ്ഞെങ്കിലും മഴയുടെ വിപ്ലവകാലങ്ങളില്‍ വെള്ളം കുലംകുത്തിയൊഴുകി വരുമ്പോള്‍ കത്തിക്കാനിറങ്ങുന്നവന്‍ ഒലിച്ചുപോകും. വേനല്‍ക്കാലത്ത് വെയില്‍ മൂത്തു നില്‍ക്കുമ്പോള്‍ വേണം പിന്നെ കത്തിക്കാന്‍. പക്ഷെ, കൊടുംവേനലില്‍ തന്നെ ആരെങ്കിലും പിണറായി വിജയനെ തൊടുമോ എന്ന കാര്യത്തില്‍ ഒരുറപ്പുമില്ല. അങ്ങനെ മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ കേരളം മൊത്തത്തോടെ കത്തുമെന്ന പ്രഖ്യാപനം ശാസ്ത്രീയമായും പ്രായോഗികമായും തെറ്റാണ്.

എന്തിനെയും ശാസ്ത്രീയമായും യുക്തിഭദ്രമായും സമീപിക്കുക എന്നതാണ് സിപിഎമ്മിന്റെ ഒരു ശൈലി എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അന്ധവിശ്വാസങ്ങളെ പരമാവധി ചെറുക്കുകയും നിരുല്‍സാഹപ്പെടുത്തുകയും ചെയ്തിരുന്ന ഒരു പാര്‍ട്ടി, പിണറായിയെ തൊട്ടാല്‍ കേരളം കത്തുമെന്ന തികച്ചും അര്‍ഥശൂന്യവും ബാലിശവും യുക്തിരഹിതവുമായ ഒരു അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കില്ല എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. പാര്‍ട്ടി ബുദ്ധികേന്ദ്രത്തിന്റെ ഭാഗമാണെങ്കിലും സഖാവ് ഇ.പി.ജയരാജന്‍ ഇത്തരത്തിലുള്ള ഒരു അന്ധവിശ്വാസം പ്രചരിപ്പിക്കുന്നത് നിരാശാജനകമാണ്. മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാലു ജില്ലകള്‍ ഒലിച്ചുപോകുമെന്നതിനാല്‍ ഡാം മധ്യകേരളത്തിനാകെ ഭീഷണിയാണെന്നതു പോലെ പിണറായി വിജയനെ തൊട്ടാല്‍ കേരളം കത്തുമെന്നതിനാല്‍ അദ്ദേഹം കേരളത്തിനാകെ ഭീഷണിയാണെന്നും പറയാം. ഡാം പൊട്ടാതെ എല്ലാക്കാലവും നോക്കുന്നത് റിസ്‌കായതിനാല്‍ അത് പൊളിച്ചു നീക്കണമെന്നു പറയുന്നതുപോലെ പിണറായി വിജയനെ ആരും തൊടാതെ എല്ലാക്കാലവും നോക്കുന്നത് റിസ്‌കായതിനാല്‍ അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നീക്കണമെന്ന് വിഎസ് പറയാതിരിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.

നോട്ട്- ഒരു അലവലാതി പാര്‍ട്ടി തിരുവനന്തപുരത്ത് വന്നു കഞ്ഞിവയ്പ് സമരം നടത്തിയാല്‍ സിപിഎം തകരില്ല എന്നാണ് സഖാവ് ജയരാജന്‍ പറഞ്ഞത്. ഏതാനും മാസം മുമ്പ് ഇതേ പോലെ പ്രതികരിച്ച ഷീല ദീക്ഷിത് ഇന്നു വീട്ടിലിരിപ്പാണ്. അന്ന് അലവലാതി പാര്‍ട്ടിയായിരുന്ന എഎപി സമരം ചെയ്തപ്പോള്‍ സിപിഎമ്മിനെക്കാള്‍ പത്തിരട്ടി വലിപ്പമുള്ള കോണ്‍ഗ്രസ് ദില്ലിയില്‍ തകര്‍ന്നു പണ്ടാരമടങ്ങുകയും സോ കോള്‍ഡ് അലവലാതി പാര്‍ട്ടി ഇപ്പോള്‍ അവിടം ഭരിക്കുകയും ചെയ്യുന്നു എന്നത് ഓര്‍മിക്കുക. ലാല്‍സലാം.

തൊപ്പി തെറിപ്പിക്ക്ണ ചങ്ങാതീ…

അനിവാര്യമായ അന്ത്യത്തിലേക്ക് മെല്ലെ അടിവച്ചു നീങ്ങുന്ന കോണ്‍ഗ്രസ് പാര്‍ട്ടി അതിനു പറ്റിയ ആള്‍ക്കാരെയാണ് ഇപ്പോള്‍ കൂടെ കൂട്ടിയിരിക്കുന്നത്. അങ്ങു കേന്ദ്രത്തില്‍ മുതല്‍ ഇതാ ഇവിടെ വരെ കോണ്‍ഗ്രസ് എന്നു കേള്‍ക്കുമ്പോള്‍ സാധാരണ ജനം ചൂലെടുക്കുന്ന (ആം ആദ്മി പാര്‍ട്ടി ചിഹ്നം ആണുദ്ദേശിച്ചത്) അവസ്ഥയിലേക്കു കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. കേരളത്തെ സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു വരാന്‍ ഇനി അവശേഷിക്കുന്ന ഒരേയൊരു പിടിവള്ളിയാണ് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ നയിച്ചുകൊണ്ടുപോകുന്ന സ്ത്രീസുരക്ഷാ മുന്നേറ്റ യാത്ര.

ബിന്ദു കൃഷ്ണയെപ്പോലെ ഉന്നതസാംസ്‌കാരിക നിലവാരവും പൗരബോധവും പിന്നെ അപാരമായ രാഷ്ട്രീയപാരമ്പര്യമുള്ള ഒരു നേതാവിനെ ബഹുമാനിക്കാന്‍ ആരും മടി കാണിക്കേണ്ടതില്ല. സിപിഎമ്മിന് പിണറായി വിജയന്‍ എങ്ങനെയാണോ അതുപോലെയാവണം കോണ്‍ഗ്രസിനു ബിന്ദു കൃഷ്ണ എന്നു ഞാന്‍ പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ സമ്മതിക്കില്ല. എന്നാല്‍, എന്നെയും നിങ്ങളെയും പോലുള്ള പൊതുജനങ്ങളും പിന്നെ പോലീസുകാരും മറ്റും പിണറായി വിജയനെ എന്നതു പോലെ ബിന്ദു കൃഷ്ണയെ ബഹുമാനിക്കാനും പേടിക്കാനും തയ്യാറാവണം എന്നു പറഞ്ഞാല്‍ അത് ന്യായമായ ആവശ്യമായി കണക്കാക്കണം. അല്ലെങ്കില്‍ എന്തു സംഭവിക്കും എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ വിഡിയോ ആണ്.

കോടതി സമയത്ത് ഗാന്ധി പാര്‍ക്കില്‍ 10 മണിക്ക് ശേഷം മൈക്ക് പ്രവര്‍ത്തിപ്പിക്കരുതെന്ന ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബിന്ദു കൃഷ്ണ പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ താഴെ നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മൈക്ക് ഓഫ് ചെയ്തതാണ് വേദിയില്‍ നിന്ന ബിന്ദു കൃഷ്ണയെ പൊട്ടിത്തെറിപ്പിച്ചത്. പിണറായി വിജയന്റെ ജാഥ വരുമ്പോള്‍ ഇതുപോലെ മൈക്ക് ഓഫ് ചെയ്തില്ലെങ്കില്‍ ആ പൊലീസ് ഉദ്യോഗസ്ഥന്റെ തൊപ്പി തെറിപ്പിക്കും എന്നാണ് ആരാധ്യയായ ബിന്ദു കൃഷ്ണ ആക്രോശിക്കുന്നത്. പാവം സ്ത്രീ, ഒന്നുമറിയില്ല.

കോടതിയാണോ ബിന്ദു കൃഷ്ണയാണോ വലുത് എന്നു കേരളാ പൊലീസ് ഇന്നൊരു തീരുമാനമെടുക്കണം. കോടതി വിധി അനുസരിച്ച് മൈക്ക് ഓഫ് ചെയ്തില്ലെങ്കില്‍ പണി കിട്ടാന്‍ പോകുന്നത് ഡ്യൂട്ടിയിലുള്ള അതേ ഉദ്യോഗസ്ഥനാണെന്നതില്‍ സംശയമില്ല. അപ്പോള്‍ പിന്നെ ബിന്ദു കൃഷ്ണയുടെ ആക്രോശത്തിന്റെ അടിസ്ഥാനമെന്താണ് ? വിവരക്കേടും ആ വിവരക്കേടിന്റെ പേരിലുള്ള അഹങ്കാരവും പിന്നെ പിണറായി വിജയനോടുള്ള അതിരുകടന്ന ഭക്തിയും അസൂയയുമല്ലാതെ മറ്റൊന്നും കാണുന്നില്ല എന്നു പറയേണ്ടിവരുന്നതില്‍ ഖേദിക്കുന്നു.

10 മണിക്ക് ശേഷം മൈക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന വിവരം അറിയാതെയാണ് 10 മണിക്കു ശേഷവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ മൈക്ക് ഉപയോഗിച്ചതെങ്കില്‍ ഈ അധ്യക്ഷ കോണ്‍ഗ്രസിനു തന്നെ നാണക്കേടാണ്. 10 മണിക്ക് മൈക്ക് ഓഫ് ചെയ്യണമെങ്കില്‍ അത് ഓഫ് ചെയ്യുക എന്നതല്ലാതെ മറ്റൊരു പോംവഴിയില്ല. ബിന്ദു കൃഷ്ണ പറയുന്നതുപോലെ മുന്‍കൂട്ടി അനുവാദം ചോദിച്ച് ബിന്ദു പ്രസംഗം നിര്‍ത്തുന്നതുവരെ കാത്തു നിന്ന് ഓഫ് ചെയ്താല്‍ കാര്യമുണ്ടോ ? എന്നിട്ടും ബിന്ദു 10 മണിക്കു ശേഷം മൈക്കിലൂടെ ബാക്കി പറയാനുള്ളതു പറഞ്ഞ് കോടതി വിധി ലംഘിക്കുകയും പൊലീസുകാരനെതിരെ ഉയര്‍ത്തിയ എല്ലാ വാദങ്ങളും സ്വയം പൊളിച്ച് അപഹാസ്യയാവുകയും ചെയ്തു. മൈക്ക് ഓഫ് ചെയ്ത പൊലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമെന്നു പറഞ്ഞത് ഒരു സംസ്ഥാന നേതാവില്‍ നിന്നു പൊതുജനം പ്രതീക്ഷിക്കാത്ത സംസ്‌കാരത്തിന്റെ പ്രകടനമായിപ്പോയി. എന്നാലും, യഥാര്‍ഥ സ്വഭാവവും സംസ്‌കാരവും മറച്ചുവയ്ക്കാതെ തുറന്നു പ്രകടിപ്പിച്ച ബിന്ദു കൃഷ്ണ അഭിനന്ദനം അര്‍ഹിക്കുന്നു. ബിന്ദു കൃഷ്ണ പറഞ്ഞാല്‍ രമേശ് ചെന്നിത്തല ഈ പൊലീസുകാരന്റെ തൊപ്പി തെറിപ്പിക്കുമോ എന്നതൊക്കെ വേറെ പ്രശ്‌നം.

ഈ പ്രശ്‌നത്തില്‍ ബിന്ദു കൃഷ്ണയെ മൊത്തം അലട്ടുന്നത് പിണറായി വിജയന്‍ നടത്തുന്ന യാത്രയാണ്. പിണറായി വിജയന്റെ കേരളയാത്രയുമായി തന്റെ കേരളയാത്രയെ താരതമ്യപ്പെടുത്താന്‍ ബിന്ദു കൃഷ്ണ ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് അവിവേകമായിപ്പോയി. പിന്നെ, ബിന്ദു കൃഷ്ണ പറയുന്നതുപോലെ 10 മണിക്കു ശേഷം മൈക്ക് ഓഫ് ചെയ്യണം എന്നു നിയമമുള്ള സ്ഥലത്ത് വന്നു മുടിയാട്ടം നടത്താന്‍ മാത്രം രാഷ്ട്രീയപരിചയവും പക്വതയും വിവേകവുമില്ലാത്തയാളല്ല പിണറായി വിജയന്‍. അതുകൊണ്ട് തന്നെ ഗാന്ധി പാര്‍ക്കില്‍ വന്നു പിണറായി വിജയന്‍ കോടതി സമയത്ത് മൈക്ക് കെട്ടി പ്രസംഗിക്കുമെന്നും അപ്പോള്‍ ഈ പൊലീസുകാരന്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുമെന്നും അപ്പോള്‍ ഓടി വന്നു അദ്ദേഹത്തിന്റെ തൊപ്പി തെറിപ്പിക്കാമെന്നുമുള്ളത് വെറും അടുക്കളക്കുശുമ്പ് മാത്രമാണ്. പൊലീസുകാരന്‍ മൈക്ക് ഓഫ് ചെയ്തത് കേരളത്തില്‍ സ്ത്രീകളോട് എന്തുമാകാം എന്നതിന്റെ ഉദാഹരണമായി വര്‍ണിക്കുന്നത് പച്ചയായി പറഞ്ഞാല്‍ അശ്ലീലമാണ്.

ബിന്ദു കൃഷ്ണയുടെ വേദിയിലെ അഴിഞ്ഞാട്ടത്തില്‍ നിന്നും മനസ്സിലാകുന്ന പ്രധാന സംഗതി പിണറായി വിജയനോടുള്ള ഒരു ശരാശരി കോണ്‍ഗ്രസ് നേതാവിന്റെ ഭക്തിയും ഭീതിയും അസൂയയും എത്ര വലുതാണെന്നാണ്. പെട്ടെന്നുള്ള ബിന്ദു കൃഷ്ണയുടെ പ്രതികരണം വളരെ സ്വാഭാവികവും തനിമയുള്ളതുമാണ്. തന്നോടിങ്ങനെ ചെയ്ത പൊലീസുകാരന്‍ പിണറായി വിജയനോട് ഇതു ചെയ്യുമോ എന്നു ചോദിക്കുമ്പോള്‍ കേരളരാഷ്ട്രീയത്തിലെ ഏറ്റവും വലിയവനായ, കരുത്തനായ രാഷ്ട്രീയനേതാവ് എന്ന നിലയ്ക്ക് പിണറായിയെ ബിന്ദു തന്നെ പ്രതിഷ്ഠിക്കുകയാണ്. അല്ലെങ്കില്‍ ഉമ്മന്‍ ചാണ്ടിയോടോ രമേശ് ചെന്നിത്തലയോടോ താനിങ്ങനെ ചെയ്യുമോ എന്നായിരുന്നു ബിന്ദു ചോദിക്കേണ്ടത്.

ബിന്ദു കൃഷ്ണ വേദിയില്‍ അതുമിതും വിളിച്ചു പറയുമ്പോള്‍ കുറച്ചു സ്ത്രീകള്‍ പിന്നില്‍ നിന്നു ആവേശപൂര്‍വം കൈകളുയര്‍ത്തി കൊട്ടുന്നത് വിഡിയോയില്‍ കാണാം. എന്തുകൊണ്ടാണെന്നറിയില്ല, വളരെ വേദനയും സഹതാപവും തോന്നി. ഈ പോസ്റ്റ് കേരളത്തിലെ സ്ത്രീകളോട് എന്തുമാകാമെന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാണിച്ച് എന്റെ തൊപ്പി (രാവിലെ നടക്കാന്‍ പോകുമ്പോള്‍ വയ്ക്കുന്നതാണ്, ഒന്നേയുള്ളൂ) തെറിപ്പിക്കരുതേ എന്നപേക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.

അസാധാരണ ആം ആദ്മികള്‍

കാറും ബംഗ്ലാവും പത്രാസുമൊക്കെയുള്ള നാട്ടിലെ സ്ഥിരം വായില്‍നോക്കികളെ നിലംപരിശാക്കിക്കൊണ്ട് സകലരുടെയും സ്വപ്നവും പ്രതീക്ഷയുമായിരുന്ന യുവസുന്ദരിയെ അടിച്ചോണ്ടുപോയ വരത്തനായ കറവക്കാരനെപ്പോലെയാണ് ആം ആദ്മി പാര്‍ട്ടി. ദില്ലിയുടെ മുഖ്യമന്ത്രിക്കേസരയിലിരുന്നു കേജ്രിവാള്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുമ്പോള്‍ ഏതാനും മാസം മുമ്പ് ആരാണീ കേജ്രിവാള്‍ എന്നു പുച്ഛത്തോടെ ചോദിച്ച അന്നത്തെ മുഖ്യമന്ത്രി ഷീലാ മാഡം ഇപ്പോള്‍ ആം ആദ്മിയായി വീട്ടില്‍ പേന്‍ നോക്കിയിരിക്കുകയണ്.

ഡ്രീം ഗേളിനെ അടിച്ചോണ്ടു പോയ കറവക്കാരന്റെ റജിസ്റ്റര്‍ കല്യാണത്തിന് സാക്ഷിയായി ഒപ്പിട്ടു നില്‍ക്കുന്ന അവസ്ഥയിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി. കറവക്കാരന്‍ സുന്ദരിപ്പെണ്ണിനെ പോറ്റാന്‍ കഴിയാതെ നാടുവിട്ടുപോകുമ്പോള്‍ അവളെ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് ദില്ലിക്കു ചുറ്റും ആം ആദ്മി കളിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയുടേത് കമ്മ്യൂണിസ്റ്റ് ശൈലിയാണെന്നു പറയുന്ന പ്രകാശ് കാരാട്ടും മുസ്‌ലിം ലീഗ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയാണെന്നു പറഞ്ഞ പി.കെ.കുഞ്ഞാലിക്കുട്ടിയും ഞങ്ങളും നന്നായി പശുവിനെ കറക്കുന്നവരാണെന്നു പറയുന്ന അവശകാമുകന്‍മാരെപ്പോലെയാണ്. ആം ആദ്മിയെപ്പോലെ ആകാന്‍ പരിശ്രമിക്കും എന്നു പറയുന്നത് വിനയം, മര്യാദ തുടങ്ങിയ ഗുണങ്ങളുടെ ഭാഗമാണ്. ഞങ്ങളാണ് ആം ആദ്മി എന്നു ചുമ്മാ അങ്ങു പ്രഖ്യാപിക്കുന്നത് കഷ്ടമാണ്.

ആം ആദ്മി പാര്‍ട്ടി എന്നു വച്ചാല്‍ സാധാരണക്കാരന്റെ പാര്‍ട്ടി എന്നേ അര്‍ഥമുള്ളൂ. ആ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ടു മാത്രമാണ് ഞങ്ങളാണ് യഥാര്‍ത്ഥ ആം ആദ്മി എന്നു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പറയുന്നത് എന്നു വേണമെങ്കില്‍ വാദിക്കാം. പക്ഷെ, ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വിജയം നേടുന്നതുവരെ തങ്ങളാണ് ആം ആദ്മി എന്നിവിടെ ഒരുത്തനും തോന്നിയില്ല. അതില്‍ നിന്നും മനസ്സിലാവുന്നത് ആം ആദ്മി ഞങ്ങളാണ് എന്നു പറയുന്നവര്‍ സാധാരണക്കാരുടെ പാര്‍ട്ടിയാണ് എന്നു സ്ഥാപിക്കാനല്ല ആം ആംദ്മി എന്ന രാജ്യത്തെ ഏറ്റവും റേറ്റിങ് ഉള്ള പൊളിറ്റിക്കല്‍ ബ്രാന്‍ഡിങ് സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. അവരൊക്കെ അവകാശപ്പെടുന്നതു വച്ചു നോക്കിയാല്‍ ആം ആദ്മിക്ക് പിന്തുണ നല്‍കിയ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്ലിം ലീഗുമൊക്കെയാണ് യഥാര്‍ഥ ആം ആംദ്മികള്‍. അരവിന്ദ് കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഇന്നല്ലെങ്കില്‍ നാളെ തകരുന്ന ഒരു ചീട്ടുകൊട്ടാരം മാത്രമാണെന്നും അവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

സ്ഥിരം നേതാക്കന്‍മാരുടെ കുണ്ടന്‍മാരായി ജീവിക്കുന്ന ദേശീയ മാധ്യമപ്രവര്‍ത്തകര്‍ക്കും ഇക്കാര്യത്തില്‍ ചില താല്‍പര്യങ്ങളുണ്ട്. ആം ആദ്മി പാര്‍ട്ടിയെ തകര്‍ത്തില്ലെങ്കില്‍ വോട്ടര്‍മാര്‍ ആ പാര്‍ട്ടിയുടെ പിന്നാലെ പോകുമെന്നും അങ്ങനെ സംഭവിച്ചാല്‍ സ്ഥിരം കള്ളന്‍മാര്‍ തോറ്റുപോകുമെന്നും അറിയാവുന്ന അവര്‍ മാഫിയകളോടൊപ്പം ചേര്‍ന്ന് ആം ആദ്മി പാര്‍ട്ടി ഒന്നിനും കൊള്ളില്ലെന്നു ജനങ്ങളെ വിശ്വസിപ്പിക്കാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. കേജ്രിവാള്‍ നാലു മുറിയുള്ള വീട്ടില്‍ നിന്ന് അഞ്ചു മുറിയുള്ള വീട്ടിലേക്കു മാറുന്നതും ദില്ലിയിലെ മന്ത്രിമാര്‍ ഇന്നോവ കാറില്‍ സഞ്ചരിക്കുന്നതും റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അസാധാരണമായ പുച്ഛവും ആക്ഷേപവും വാര്‍ത്തകളില്‍ കടന്നുകൂടുന്നതിന്റെ കാരണം ഇതു തന്നെയാണ്. സ്വന്തം നേതാവിന്റെ ഭാര്യയ്ക്ക് ബര്‍ത്ത്‌ഡേ കേക്ക് വാങ്ങാന്‍ ചാര്‍ട്ടേര്‍ഡ് വിമാനം സര്‍ക്കാര്‍ ചെലവില്‍ പറക്കുന്നത് ഇന്ത്യയുടെ പുരോഗതിയുടെ ലക്ഷണമാണെന്നു വാദിക്കുന്നവന് ദില്ലിയിലെ മന്ത്രിമാര്‍ ഇന്നോവയില്‍ യാത്ര ചെയ്യുന്നത് ധൂര്‍ത്താണെന്നു പ്രഖ്യാപിക്കാന്‍ സാധിക്കുന്നത് വിശാലമനസ്‌കത കൊണ്ടാണ്. ഞങ്ങള്‍ കൊട്ടാരങ്ങളില്‍ താമസിക്കുകയും എസി കാറുകളില്‍ സഞ്ചരിക്കുകയും ചെയ്യും, ആം ആദ്മിക്കാര്‍ സൈക്കിളില്‍ സഞ്ചരിക്കുകയും ഒറ്റമുറിവീട്ടില്‍ താമസിക്കുകയും വേണമെന്നതാണ് യഥാര്‍ഥ ആം ആദ്മികളെന്ന് അവകാശപ്പെടുന്നവരുടെ ഒരു ലൈന്‍. ആം ആദ്മി എന്നു വച്ചാല്‍ സാധാരണക്കാരന്‍ എന്നാണ് അര്‍ഥമെങ്കില്‍ ഈ ജനുസ്സില്‍പ്പെട്ടവരെ അസാധാരണ ആം ആദ്മി എന്നേ വിളിക്കാനൊക്കൂ.

ജഞാനവചസ്സുകള്‍ !

വിശുദ്ധരായ ആളുകള്‍ എപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കും ചിന്തിക്കുന്നത്. സാധാരണക്കാരായ നമ്മളെപ്പോലുള്ളവരുടെ ചിന്തയും ബുദ്ധിയും വിവേചനബുദ്ധിയുമല്ല അവര്‍ക്ക്. പള്ളിയും പ്രാര്‍ഥനയും ശാലോം ടിവിയുമൊക്കെയായി കഴിയുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വളരെ നല്ല ഒരു മനുഷ്യനാണ്. ഐപിഎസ് ഓഫിസറെന്നു പറയുമ്പോള്‍ സുരേഷ് ഗോപിയെപ്പോലെ അക്രമത്തിനും അനീതിക്കുമെതിരേ ആവേശപൂര്‍വം പോരാടുന്ന ടൈപ്പാവണം എന്നൊന്നുമില്ല. അലക്‌സാണ്ടര്‍ ജേക്കബിനെപ്പോലെ വിശുദ്ധരുടെ ജീവിതം അരച്ചുകലക്കി കുടിച്ച് അവരുടെ വചനങ്ങള്‍ സംഗ്രഹിക്കുന്ന അദ്ദേഹം ഒരിക്കലും രണ്‍ജി പണിക്കറുടെ ഡയലോഗുകള്‍ പറയില്ല. ഇപ്പോള്‍ പോക്കണംകേട് എന്നു തോന്നുമെങ്കിലും നൂറോ ഇരുന്നൂറോ വര്‍ഷം കഴിയുമ്പോള്‍ ആളുകള്‍ നിര്‍വൃതിയോടെ സ്മരിക്കുന്നതായിട്ടുള്ളതായ വചനങ്ങളാണ് അദ്ദേഹം പറയുന്നത്.

പണ്ട് യേശുക്രിസ്തുവും ക്രിസ്തുവിന്റെ സാക്ഷികളായിത്തീര്‍ന്ന വിശുദ്ധരുമൊക്കെ അവരവരുടെ കാലത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ക്രൂശിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതുപോലെ തന്റെ ജയില്‍സംബന്ധിയായ വചസ്സുകളുടെ പേരില്‍ നല്ലവനായ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ക്രൂശിക്കപ്പെടന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലേക്കുള്ള പ്രവേശികയാണെന്നു വേണമെങ്കില്‍ പറയാം. ഒറ്റ ദിവസം കൊണ്ടാണ് അദ്ദേഹം ശാലോം ടിവിയില്‍ നിന്ന് ന്യൂസ് ചാനലുകളുടെ പ്രൈം ടൈമിലേക്ക് ഇടിച്ചു കയറിയത്. ഇനിയിപ്പോ ശാലോമിനു ഡേറ്റ് കിട്ടുന്ന കാര്യം കണ്ടറിയണം. പോരെങ്കില്‍ സഖാക്കളുടെ ഒരു ലൈന്‍ കണ്ടിട്ട് ടിപി കേസില്‍ അകത്തു കിടക്കുന്ന വിശുദ്ധരുടെ ജീവിതത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ വച്ച് കൈരളിയിലോ പീപ്പിളിലോ മറ്റോ ഒരു ഷോ ഉടനെ തുടങ്ങാനും സാധ്യതയുണ്ട്.

അലക്‌സാണ്ടര്‍ അദ്ദേഹം പറയുന്നതു പ്രകാരമാണെങ്കില്‍ ടിപി കേസില്‍ അകത്തു കിടക്കുന്നവര്‍ നിഷ്‌കളങ്കരും നിരപരാധികളുമൊക്കെയാണെന്നു നമുക്കു തോന്നും. നിസ്സഹായരും നിരാലംബരുമായ ഒരു സംഘം യുവാക്കളെ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങള്‍ ചതിവില്‍പ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും നിഷ്പക്ഷനായ ഒരാള്‍ക്കു മനസ്സിലാവുന്നത്. ഒന്ന്, ഫെയ്‌സ്ബുക്ക് വിവാദം ടിപി കേസിലെ പ്രതികളെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ആരെങ്കിലും ചെയ്തതാകാം. രണ്ട്, ടിപി കേസില്‍ രക്ഷപെട്ടാലും ഈ കേസിലെങ്കിലും അവര്‍ ആറു മാസം അകത്തു കിടക്കട്ടെ എന്നാരെങ്കിലും വിചാരിച്ചു കാണും. മൂന്ന്, പ്രതി മോഹനന്‍ ഹോട്ടലില്‍ വച്ചു ഭാര്യ ലതികയെ കണ്ടതില്‍ ഒരു തെറ്റുമില്ല. നാല്, ജയിലിനുള്ളില്‍ നിന്നുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല.

ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് അലക്‌സാണ്ടര്‍ ജേക്കബ് കൊടി സുനിയുടെയും മറ്റും വക്കീലിനെക്കാള്‍ പ്രഗല്‍ഭനും, ടിപി വധക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലാതിരുന്നിട്ടു കൂടി ആ കേസിലെ പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്ന സിപിഎം നേതാക്കളെക്കാള്‍ നിഷ്‌കളങ്കനും ആണെന്നാണ്. ഇതോടെ അലക്‌സാണ്ടര്‍ ജേക്കബ് പാര്‍ട്ടി നേതാക്കള്‍ക്കും വിശുദ്ധനായി. അദ്ദേഹത്തിന്റെ വചസ്സുകള്‍ സഖാക്കള്‍ക്കു പുതിയ ജ്ഞാനം പകര്‍ന്നു നല്‍കി. തീയില്‍ കുരുത്തവനും പത്തരമാറ്റുള്ളവനും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവനുമായ ആഭ്യന്തരമന്ത്രി പോലും ഏറുപടക്കം വിഴുങ്ങിയ അവസ്ഥയിലായിപ്പോയി. ഇത്ര നല്ലൊരു ജയില്‍ ഡിജിപി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നാണ് ചില നേതാക്കന്‍മാര്‍ പറയുന്നത്. എന്താ, ല്ലേ !

ഇനി ഡിജിപി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നോക്കാം. കൊലക്കേസില്‍ അകത്തു കിടക്കുന്ന പ്രതികളെ മൊബൈല്‍ ഫോണ്‍ കേസില്‍ കുടുക്കുക എന്നു പറയുമ്പോള്‍ കൊലക്കേസില്‍ അവരെ വെറുതെ വിടുമെന്നോ കൊലക്കേസിനു കിട്ടുന്നതിനെക്കാള്‍ ശിക്ഷ മൊബൈല്‍ ഫോണ്‍ വിളിച്ച കേസില്‍ കിട്ടുമെന്നോ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം. കേസില്‍ ഇതുവരെ നടന്ന വാദവും മറ്റും പാടെ മറന്ന് ഇത്തരം വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നതെന്നോ മറ്റോ ഒരു തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ട് എന്നു തോന്നുന്നു.

പിന്നെ, ഇതൊന്നും അദ്ദേഹം ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ പ്രകോപിപ്പിക്കണമെന്നോ എന്തെങ്കിലും വിവാദമുണ്ടാക്കണമെന്നോ കരുതി പറയുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ലിന്റെ ലൈനിലാണ് കാര്യങ്ങള്‍. ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനും ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ആരെയും പ്രകോപിപ്പിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത് എന്നൂഹിക്കാവുന്നതേയുള്ളൂ. കാരണം, അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഈ വിവാദങ്ങളുടെ ഉത്തരവാദിത്വം പ്രതികള്‍ക്കോ ജയില്‍ ജീവനക്കാര്‍ക്കോ അല്ല തനിക്കാണ് എന്നു പറഞ്ഞ് ലോകത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കുരിശിലേറിയ യേശുക്രിസ്തുവിനെപ്പോലെ ജയിലിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഒരു വിര്‍ച്വല്‍ കുരിശായി അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടോ ? ഇതൊന്നും ഏറ്റെടുക്കാനാരുമില്ലാത്തതതല്ല, പരിഹരിക്കാന്‍ ആര്‍ക്കും കഴിയാത്തതാണ് പ്രശ്‌നം. താന്‍ വേണമെങ്കില്‍ ഡിജിപി സ്ഥാനം ഒഴിയാനും തയ്യാറാണ് എന്നു പറയുന്നതിലൂടെ അദ്ദേഹത്തിന്റെ മുകളില്‍ പറഞ്ഞ തരത്തിലുള്ള വിശുദ്ധിയാണ് വെളിവാകുന്നത്. ഇദ്ദേഹത്തിനു പകരം ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയാക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപി ആക്കുന്നതില്‍ തെറ്റില്ല, ഇദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആക്കരുതേ എന്നപേക്ഷിക്കുന്നു.