ചിരിപ്പിച്ചാല്‍ കിട്ടാത്ത അവാര്‍ഡ്

ചിരിപ്പിക്കുന്നതിനെക്കാള്‍ ശ്രമകരമായ മറ്റൊരു ജോലിയില്ല. ഏതു മാധ്യമത്തിലൂടെയായാലും ആളുകളെ ചിരിപ്പിക്കാന്‍ കഴിയുന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. സിനിമയിലും അങ്ങനെ തന്നെ. പ്രേക്ഷകന്റെ ചിരിയെക്കാള്‍ വലിയൊരു അവാര്‍ഡ് ഒരു ഹാസ്യനടനും ലഭിക്കാനില്ല. എങ്കിലും അഭിനയ ചക്രവര്‍ത്തിമാരുടെ പട്ടികയില്‍ ഒരു ഹാസ്യനടന്റെ പേരെഴുതാന്‍ നമ്മുടെ കൈവിറയ്ക്കും. സുരാജ് വെഞ്ഞാറമൂടും രണ്ടു വര്‍ഷം മുന്‍പ് സലിം കുമാറും ദേശീയ അവാര്‍ഡ് നേടിയത് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടല്ല എന്നത് അവാര്‍ഡിന്റെ ആഘോഷങ്ങളില്‍ മറക്കാനാവുന്നതല്ല.

സുരാജ് വെഞ്ഞാറമ്മൂടിനു മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഒരു നടനെന്ന നിലയില്‍ സുരാജിന് അവകാശപ്പെട്ട വിജയമാണ്. കൂതറ നടന്‍ എന്ന ലേബലില്‍ സിനിമയിലെ എലൈറ്റ് ക്ലാസ്സ് ഒതുക്കി നിര്‍ത്തിയിരുന്ന ഒരാള്‍ സൂപ്പര്‍-മെഗാ താരങ്ങളും അഭിയനയചക്രവര്‍ത്തിമാരും സ്വപ്‌നം കാണുന്ന കിരീടം സ്വന്തമാക്കുമ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറുന്നത്. സലിം കുമാര്‍ ഞെട്ടിച്ച അതേ ശൈലിയില്‍ സുരാജും ഞെട്ടിക്കുമ്പോള്‍ നല്ല സിനിമ ഉണ്ടാക്കുന്നവരെന്നു ഭാവിക്കുന്ന കാപട്യക്കാരും ക്ലാസിക്ക് സിനിമക്കാരും സ്വയം ഒന്നു നുള്ളിനോക്കുന്നത് നന്നായിരിക്കും.

സുരാജ് വെഞ്ഞാറമ്മൂട് മലയാളത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചതും പിന്നീട് ക്ലീഷേയായ കഥാപാത്രങ്ങളിലൂടെ ഒരു പരിധി വരെയെങ്കിലും വെറുപ്പിച്ചതും ഹാസ്യനടന്‍ എന്ന ലേബലിലായിരുന്നു. സൂപ്പര്‍ താരങ്ങള്‍ കുറെക്കാലമായി പ്രേക്ഷകരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നത് സല്‍ഗുണസമ്പന്നന്‍മാരായ നായകന്‍മാരുടെ രൂപത്തിലാണ്. വെറുപ്പിക്കുന്നത് മമ്മൂട്ടിയായാലും സുരാജ് ആയാലും പ്രേക്ഷകരുടെ അനുഭവം ഒന്നു തന്നെ. അവാര്‍ഡ് ലഭിക്കുമ്പോഴും ജൂറി വിലയിരുത്തുന്നത് നടന്റെ അഭിനയമികവ് മാത്രമാണ്. അയാള്‍ ഹാസ്യനടനാണോ സൂപ്പര്‍താരമാണോ എന്നതു നോക്കിയല്ല അവാര്‍ഡ് നല്‍കുന്നത് എന്ന നിലയിലേക്ക് ദേശീയ ജൂറികളെങ്കിലും പക്വത പ്രാപിച്ചത് ആശാവഹമാണ്.

സുരാജിന് അവാര്‍ഡ് ലഭിച്ചത് ഇനിയും തിയറ്ററില്‍ എത്തിയിട്ടില്ലാത്ത പേരറിയാത്തവര്‍ എന്ന സിനിമയിലെ അഭിനയത്തിലാണ്. ആ സിനിമ ഞാനോ നിങ്ങളോ കണ്ടിട്ടില്ല. ആദാമിന്റെ മകന്‍ അബു എന്ന സിനിമയിലൂടെ സലിം കുമാറിന് അവാര്‍ഡ് ലഭിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. സലിമിന്റെ അവാര്‍ഡ് ആഘോഷിച്ചതുപോലെ തന്നെ സുരാജിന്റെ അവാര്‍ഡും മലയാളികള്‍ ആഘോഷിക്കുന്നു. എന്നാല്‍, സിനിമയ്ക്ക് എന്നതുപോലെ പ്രേക്ഷകര്‍ക്കും സലിം കുമാറിനെയോ സുരാജ് വെഞ്ഞാറമ്മൂടിനെയോ ഒരു ഹാസ്യനടന്‍ എന്നതിനപ്പുറം ആവശ്യമില്ല. എന്നതാണ് സത്യം.

സലിം കുമാറിന്റെ അഭിനയമികവിനെക്കുറിച്ച് അന്നു വാതോരാതെ സംസാരിച്ചവരില്‍ വളരെ ചെറിയൊരു ശതമാനം മാത്രമേ ആദാമിന്റെ മകന്‍ അബു കണ്ടിട്ടുള്ളൂ എന്നു കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നു. മറിച്ചായിരുന്നെങ്കില്‍ ആ സിനിമ ഇവിടെ കോടികള്‍ വാരിയെനെ. ആ സിനിമ അന്നു തിയറ്ററുകളിലെത്തിക്കാന്‍ അതിന്റെ സംവിധായകന്‍ കഷ്ടപ്പെടത്തിന്റെ കഥകള്‍ മറക്കാറായിട്ടില്ല. പേരറിയാത്തവര്‍ എന്ന സിനിമയ്ക്കു വേണ്ടി ഇവിടുത്തെ തിയറ്ററുകാര്‍ നിര്‍മാതാവിന്റെ വീടിനു മുന്നില്‍ ക്യൂനില്‍ക്കുമെന്നോ മുഖ്യധാരാ മലയാള സിനിമയും ഇവിടുത്തെ മാധ്യമങ്ങളും ഡോ.ബിജുവിനെ ഒരു സംവിധായകനായി അഗീകരിക്കുമെന്നും എനിക്കു പ്രതീക്ഷയില്ല.

സുരാജിന് അവാര്‍ഡ് ലഭിച്ചതിലൂടെ അദ്ദേഹം ഇതുവരെ അഭിനയിച്ചു തീര്‍ത്ത നാലാംകിട റോളുകള്‍ എല്ലാം നീതീകരിക്കപ്പെട്ടെന്നും അത്തരം വേഷങ്ങള്‍ പല സിനിമകളുടെയും നിറംകെടുത്തിയെന്നുള്ള അഭിപ്രായങ്ങള്‍ തെറ്റായിരുന്നെന്നും ചിലര്‍ വാദിക്കുന്നുണ്ട്. ഇത് അടിസ്ഥാനരഹിതവും അര്‍ഥശൂന്യവുമാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് അദ്ദേഹത്തിന്റെ ഒരു സിനിമയിലെ അഭിനയത്തിന്റെ അടിസ്ഥാനത്തില്‍ നല്‍കിയതാണ്, അല്ലാതെ ഇതുവരെ അദ്ദേഹം അഭിനയിച്ച എല്ലാ സിനിമകള്‍ക്കും കൂടി നല്‍കിയതല്ല. എന്നാല്‍, ഒരു നടന്‍ എന്ന നിലയില്‍ മമ്മൂട്ടിയോ മോഹന്‍ലാലോ കമല്‍ഹാസനോ ഒക്കെ അഭിനയിക്കുന്നതുപോലെ തനിക്കും അഭിനയിക്കാന്‍ സാധിക്കുമെന്നു സുരാജ് തെളിയിച്ചിരിക്കുകയാണ് ഈ അവാര്‍ഡിലൂടെ.

ഈ അവാര്‍ഡ് എല്ലാ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ച്ിത്രീകരിക്കുന്നതിലുമുണ്ട് അപാകത. സുരാജിനും സലിം കുമാറിനുമൊക്കെ ലഭിച്ച അവാര്‍ഡുകള്‍ അവരുടെ ഹാസ്യവേഷങ്ങള്‍ക്കായിരുന്നില്ല. ഹാസ്യപ്രകടനത്തിനോ മിമിക്രിക്കോ അവാര്‍ഡ് ലഭിക്കാത്തിടത്തോളം അതിനെ ഹാസ്യനടന്‍മാര്‍ക്കും മിമിക്രി കലാകാരന്‍മാര്‍ക്കുമുള്ള അംഗീകാരമായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ല. താരരാജാക്കന്‍മാര്‍ക്കു നല്‍കുന്ന കിരീടമായിരുന്ന ദേശീയ അവാര്‍ഡ് നന്നായി അഭിനയിക്കുന്ന ആര്‍ക്കും നല്‍കുന്ന അവസ്ഥയായി എന്നത് സ്വാഗതാര്‍ഹം തന്നെയാണ്. അപ്പോഴും നായകനടനല്ലാതെ ഒരു ഹാസ്യവേഷക്കാരനോ നന്നായി അഭിനയിക്കുന്ന സഹതാരങ്ങള്‍ക്കോ ഈ അവാര്‍ഡ അപ്രാപ്യമാണ്. അടൂര്‍ ഭാസിയും ബഹദൂറും ജഗതി ശ്രീകുമാറും ഇന്ദ്രന്‍സുമൊന്നും ദേശീയ അവാര്‍ഡ് നേടാത്തത് അവരൊന്നും സുരാജിനോളം, സലിം കുമാറിനോളം മികച്ച നടന്‍മാരല്ലാത്തതുകൊണ്ടല്ല.

സലിം കുമാര്‍ പറഞ്ഞതുപോലെ സുരാജ് ഇനിയങ്ങോട്ടു വളരെ സൂക്ഷിക്കണം. ദേശീയ അവാര്‍ഡ് നേടിയ ഹാസ്യനടനെ എയ്ഡ്‌സ് രോഗിയായ വേശ്യയെപ്പോലെയെ മലയാള സിനിമ സമീപിക്കൂ. ഹാസ്യവേഷക്കാരന് ദേശീയ അവാര്‍ഡ് അധികയോഗ്യതയായി കണ്ട് ഒഴിവാക്കപ്പെടും. ഇനിയും നല്ല വേഷങ്ങള്‍ കൊടുത്താല്‍ ഇവന്‍ ഇനിയും അവാര്‍ഡ് വാങ്ങിച്ചെങ്കിലോ എന്നു ഭയന്ന് വിവിധ കോക്കസുകള്‍ അത്തരം സിനിമകളും മുടക്കും. സിനിമയുടെ തമ്പുരാക്കന്‍മാരുടെയും സുപ്പര്‍-മെഗാ-ജനപ്രിയ താരങ്ങളുടെയും അവാര്‍ഡ് ദാഹികളുടെയും ഉപദ്രവമില്ലാതെ സിനിമയില്‍ ജീവിച്ചു പോകാന്‍ സുരാജിനു കഴിയട്ടെ എന്നാശംസിക്കുന്നു.

സഭാദര്‍ശന്‍

സംസ്ഥാന നിയമസഭയിലെ സംഭവവികാസങ്ങള്‍ മലയാളം ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും റേറ്റിങ് ഉള്ള വാര്‍ത്തയായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ ലോക്‍സഭ,രാജ്യസഭ ചാനലുകളുടെ മാതൃകയില്‍ സംസ്ഥാനങ്ങള്‍ക്ക് നിയമസഭാ നടപടികള്‍ ടിവിയിലൂടെ കാണിക്കുന്നതിന് സഭാദര്‍ശന്‍ എന്ന പേരില്‍ പ്രത്യേക ചാനല്‍ തുടങ്ങുമെന്ന് സെക്രട്ടറിയേറ്റിലെ ഒരുദ്യോഗസ്ഥന്‍ പറയുന്നു.

നിലവിലുള്ളതുപോലെ സഭാനടപടികള്‍ തല്‍സമയ സംപ്രേഷണം നടത്തുന്ന പരിപാടി ആയിരിക്കില്ലത്രേ സഭാദര്ശനില്‍ ഉണ്ടാവുക.നിയമസഭയിലെ മിക്കവാറും എല്ലാ സംഭവങ്ങള്‍ക്കും വ്യക്തമായ തിരക്കഥയുണ്ടെന്നു തെളിഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ പൂര്‍ണമായ തിരക്കഥയുടെ പിന്‍ബലത്തോടെ ഓരോ അംഗത്തിന്റെയും സാധ്യതകള്‍ മുതലെടുത്തുകൊണ്ടുള്ള വ്യത്യസ്തമായ പരിപാടികളായിരിക്കും സഭാദര്‍ശന്‍ സംപ്രേഷണം ചെയ്യുക എന്നറിയുന്നു.സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ സ്പീക്കറുടെ ഓഫിസില്‍ നിന്നു ഫാക്‍സ് ചെയ്തതനുസരിച്ച് സഭാദര്‍ശന്‍ ചാനലിലെ പരിപാടികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കായി പങ്കു വയ്‍ക്കുന്നു.

രാവിലെ ആറു മണി– അടിച്ചു തെളി:കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നു വരുന്ന അഭിനയശേഷിയുള്ള മഹിളകള്‍ പങ്കെടുക്കുന്ന രംഗപൂജ.

എട്ടു മണി– കട്ടനും മുട്ടയും: തലേന്ന് എംഎല്‍എ ഹോസ്റ്റലില്‍ പോകാതെ പ്രതിഷേധത്തിന്റെ പേരില്‍ സഭയിലെ എസിയില്‍ പുതച്ചുമൂടി കിടന്നുറങ്ങുന്ന എംഎല്‍എ മാര്‍ക്ക് ടോയ്‍ലറ്റില്‍ പോകുന്നതിനു പ്രചോദനമാകാന്‍ പ്രത്യേകമായി എത്തിക്കുന്ന കട്ടനും മുട്ടയും. ഇത് കഴിക്കുന്നതിനിടയിലെ പ്രത്യയശാസ്ത്രചര്‍ച്ചകളും താത്വികാവലകോനങ്ങളും രാവിലെ വയറ്റീന്നു പോകാന്‍ പാടുള്ള പ്രേക്ഷകരെയും സഹായിക്കും.

ഒന്‍പത് മണി-സഭാനടപടികള്‍ ആരംഭിക്കുന്ന സമയമായതിനാല്‍ നേരമ്പോക്കുകളും കളിതമാശകളുമായി ഒരു മണിക്കൂര്‍ തല്‍സമയ സംപ്രേഷണം.

പത്ത് മണി– സബ്‍മിഷന്‍ സോങ്‍സ്: എംഎല്‍എമാര്‍ അവതരിപ്പിക്കുന്ന സബ്‍മിഷനുകളും പാട്ടുകളും കോര്‍ത്തിണക്കിയുള്ള പരിപാടി.എംഎല്‍എ സബ്‍മിഷന്‍ അവതരിപ്പിച്ചു കഴിയുമ്പോള്‍ ആ സബ്‍മിഷനുമായി ബന്ധപ്പെട്ട ഒരു ചലച്ചിത്രഗാനം കാണിക്കും. ഉദാഹരണത്തിന് പറവൂര്‍ പീഡനക്കേസിനെപ്പറ്റിയുള്ള സബ്‍മിഷനാണെങ്കില്‍ അതോടൊപ്പം രതിനിര്‍വേദത്തിലെ ഗാനം കാണിക്കും.

പതിനൊന്ന് മണി-സ്പോണ്‍സേര്‍ഡ് പരിപാടി-അടിയന്തരപ്രമേയം: ആടുകളുടെ പൂട കൊഴിയുന്ന പ്രശ്നത്തില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള പങ്ക് എന്ന വിഷയത്തില്‍ (ഉദാഹരണമാണേയ്)പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കുന്നതും അത് സ്പീക്കര്‍ നിഷേധിക്കുന്നതും തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വയ്‍ക്കുന്നതും തുടര്‍ന്ന് വാക്കൗട്ട് നടത്തുന്നതുമാണ് ഈ പരിപാടിയുടെ ഉള്ളടക്കം. എന്നും ഒരേ കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുന്നതെങ്കിലും ഉള്ളടക്കത്തിലും ഡയലോഗുകളിലും പുതുമയുണ്ടാവും.

പന്ത്രണ്ട് മണി-കയ്യാമവും നിങ്ങളും: സെക്രട്ടറിയേറ്റിനു മുന്നിലെ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ പ്രതിപക്ഷനേതാവ് അവതരിപ്പിക്കുന്ന നിയമോപദേശ പരിപാടി.മുഖ്യമന്ത്രി മുതല്‍ ഡിസിസി പ്രസിഡന്റ് വരെയുള്ള നേതാക്കളെ എങ്ങനെ വിവിധ കേസുകളില്‍ കുടുക്കി കയ്യാമം വച്ചു നടത്തിക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും പദ്ധതികളും അദ്ദേഹം പ്രേക്ഷകരോട് പങ്കുവയ്‍ക്കും.

ഒരു മണി – കോമഡി ഷോ- ചീഫ് വിപ്പിനോടു ചോദിക്കാം: പാര്‍ട്ടി സെക്രട്ടറിയുടെ അയലത്തെ പശുവിന്റെ അകിടുരോഗം മുതല്‍ ചൈനീസ് പ്രധാനമന്ത്രിയുടെ അളിയന്റെ പൊടിവലി വരെയുള്ള ആകാശത്തിനു കീഴെയുള്ള എല്ലാ സംഭവങ്ങളെക്കുറിച്ചും ചീഫ് വിപ്പ് അഭിപ്രായം പറയുന്ന സ്പോണ്‍സേര്‍ഡ് പരിപാടി.ഇതിന് മുന്‍കൂട്ടി തിരക്കഥ ഉണ്ടായിരിക്കില്ല എന്നു മാത്രമല്ല പരിപാടി തല്‍സമയവുമായിരിക്കും.പരിപാടിയില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി പറയും എന്നതാണ് പ്രത്യേകത.അദ്ദേഹത്തിനുത്തരം മുട്ടിയാല്‍ ഉത്തരം മുട്ടിക്കുന്ന മാധ്യമപ്രവര്‍ത്തകന് പൂഞ്ഞാറിന്റെ മാപ്പ് സമ്മാനമായി നല്‍കും.

രണ്ടു മണി-സീരിയല്‍-കണ്ണിലുണ്ണി: രാഷ്ട്രീയം എന്തെന്നറിയാത്ത ഒരു കൊച്ചുപെണ്‍കുട്ടി വാച്ച് ആന്‍ഡ് വാര്‍ഡായി ജോലിക്കു പ്രവേശിക്കുന്നതും കാപാലികന്മാരായ എംഎല്‍എമാര്‍ സഭയില്‍ സ്പീക്കറുടെ മുന്നിലിട്ട് പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന പെണ്‍കുട്ടി വളര്‍ന്നു വളര്‍ന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് വരെയാകുന്നതും പ്രമേയമാകുന്ന സ്ത്രീപക്ഷ പരമ്പര.

മൂന്നു മണി-കൃഷിമോഹനം: പടവലങ്ങ,വഴുതിനങ്ങ,പാവയ്‍ക്ക തുടങ്ങിയ കാര്‍ഷികവിളകളുടെ പ്രദര്‍ശനം.ഈച്ച കുത്താതെ നന്നായി പൊതിഞ്ഞു സംരക്ഷിക്കുന്നവയും അലസമായി തൂങ്ങിക്കിടക്കുന്നവയും പ്രദര്‍ശനത്തിനുണ്ടാവും.വിളകള്‍ വിലയിരുത്തി മാര്‍ക്കിടുന്നത് പ്രതിപക്ഷനേതാവായിരിക്കും.പ്രേക്ഷകര്‍ക്കും വിളകള്‍ കണ്ട് എസ്എംഎസ് വഴി വോട്ട് രേഖപ്പെടുത്താം. ഏറ്റവുമധികം വോട്ടുകള്‍ ലഭിക്കുന്ന കാര്‍ഷികവിളയ്‍ക്ക് ജാക്കി അണ്ടര്‍വെയര്‍ കമ്പനി നല്‍കുന്ന ഒരുകോടി മുണ്ടും കോണകോം അടുത്ത ജന്മം അമേരിക്കയില്‍ ജനിക്കാനുള്ള അസുലഭാവസരവും സമ്മാനമായി ലഭിക്കും.

നാലു മണി-കുട്ടികള്‍ക്കുള്ള പരിപാടി-പിച്ചലും മാന്തലും: സഭാനടപടികള്‍ക്കിടെ എംഎല്‍എമാര്‍ പരസ്‍പരം നോക്കി കണ്ണുരുട്ടിയതും പിച്ചിയതും മാന്തിയതും സംബന്ധിച്ചുള്ള പരാതികള്‍ പരിഹരിക്കുന്ന പരിപാടി.എല്‍കെജി-യുകെജി കുട്ടികള്‍ക്ക് തങ്ങളുടെ ക്ലാസുകളില്‍ പ്രശ്നങ്ങളുണ്ടാകാതെ നോക്കുന്നതിനും കൂടുതല്‍ ക്ഷമയും പക്വതയും ഉണ്ടാകുന്നതിനും ഈ പരിപാടി സഹായിക്കും.

അഞ്ചു മണി-കണ്ണീര്‍ പരമ്പര-അപ്പുക്കുട്ടന്റെ ഒന്നാം തിരുമുറിവ്: വീട്ടില്‍ അമ്മയും അച്ഛനും പെങ്ങളും അനിയനും ഭാര്യയും അമ്മാവനും അളിയനുമുള്ള അപൂര്‍വ എംഎല്‍എ അപ്പുക്കുട്ടന്റെ ലോലഹൃദയത്തിനേല്‍ക്കുന്ന മുറിവുകളും പ്രേക്ഷകരുടെ ഹൃദയം ഛിന്നഭിന്നമാക്കുമാറുച്ചത്തില്‍ കുട്ടന്‍ പൊട്ടിക്കരയുന്നതുമടങ്ങുന്ന എപ്പിസോഡുകളുമായി പ്രേക്ഷകരെ കുടുകുടെ കരയിക്കാന്‍ പോകുന്ന സ്പോണ്‍സേര്‍ഡ് പ്രൈം ടൈം പരമ്പര.

ആറു മണി-സഭാകമ്പം: എംഎല്‍എമാരല്ലാത്തവര്‍ക്ക് സഭയ്‍്ക്കുള്ളില്‍ പ്രവേശിച്ച് വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം.ഭാവിയില്‍ എംഎല്‍എ ആകാനാഗ്രഹിക്കുന്നവര്‍ക്കും ഇനിയൊരിക്കലും ആകാന്‍ സാധ്യതയില്ലാത്തവര്‍ക്കും സഭയ്‍ക്കുള്ളില്‍ കയറാനും സഭാകമ്പം മാറ്റാനുമുള്ള പ്രത്യേക പരിപാടി.ആക്ഷന്‍ സോങ്,മിമിക്രി,മോണോ ആക്‍ട്,കഥാപ്രസംഗം എന്നീ പരിപാടികള് സഭാകമ്പത്തിലൂടെ തുക്കടാ നേതാക്കന്മാര്‍ക്ക് പ്രേക്ഷകരെ കാണിക്കാം.

ഏഴു മണി-സ്പീക്കേഴ്സ് ചോയ്‍സ്: സ്പീക്കറുടെ ഓഫിസില്‍ നിന്ന് കോണ്‍ഗ്രസുകാര്‍ക്ക് ഫാക്സ്‍് അയക്കുന്നതിനും ഫോണ്‍ വിളിക്കുന്നതിനും വേണ്ടിയുള്ള പ്രത്യേക പരിപാടി.ഓരോ ഫാക്‍സിനും ഫോണ്‍ കോളിനുമിടയില്‍ അര്‍ധഗായകന്‍ കൂടിയായ സ്പീക്കറുടെ ഇഷ്ടപ്പെട്ട ഗാനവും കാണിക്കും.ഉദാഹരണത്തിന് വനിതാ നേതാവ് വന്നു ഫാക്‍സ് അയച്ചുകൊണ്ടിരിക്കുമ്പോള്‍ സ്പീക്കര്‍ തന്നെ മെല്ലെ പാടിത്തുടങ്ങും ‘സുഖമൊരു ബിന്ദൂ…’ തുടര്‍ന്ന് ഗാനം സ്‍ക്രീനില്‍ തുടരും.അങ്ങനെ അങ്ങനെ.

എട്ടുമണി-എഴുത്തുപുര: മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പിറ്റേന്നത്തെ സഭയിലേക്കുള്ള സംഭവങ്ങളുടെ തിരക്കഥാചര്‍ച്ചയും അഭിനയക്കളരിയും ഒത്തുതീര്‍പ്പ് ധാരണകളും ഉടലെടുക്കുന്ന ടോക് ഷോ.

ഒന്‍പതു മണി-അന്നത്തെ സഭാനടപടികളിലെ സുപ്രധാനമായ രംഗങ്ങള്‍ വിവിധ മോഷനുകളില്‍ വീണ്ടും വീണ്ടും കാണിക്കുന്ന ഹൈലൈറ്റ്സ്.

പത്തു മണി-സഭക്കുടുക്ക: സഭയില്‍ നിന്നുള്ള ചിരിച്ചു ചിരിച്ച് ഊപ്പാടെളകുന്ന കോമഡി രംഗങ്ങള്‍.ഒപ്പം ചീഫ് വിപ്പിന്റെ പത്രസമ്മേളനങ്ങളില്‍ നിന്നുള്ള കോമഡികളും.

പതിനൊന്നു മണി മുതല്‍ രാവിലെ ആറു മണിവരെ ഗള്‍ഫ് പ്രേക്ഷകര്‍ക്കായി ഈ പരിപാടികളുടെ പുനസംപ്രേഷണവുമുണ്ടായിരിക്കും.പിള്ള ആന്‍ഡ് പിള്ളയുടെ ബാനറില്‍ നിര്‍മിച്ച വെടി,പാര തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ വീണ്ടും വീണ്ടും കാണാനാഗ്രഹിക്കുന്ന സൂപ്പര്‍ ഹിറ്റ് സിനിമകളും ജയില്‍പുള്ളികളും നേതാക്കന്മാരുമായുള്ള ഫോണ്‍ സംഭാഷണങ്ങളും സഭ ഇല്ലാത്ത ദിവസങ്ങളില്‍ സംപ്രേഷണം ചെയ്യുമെന്നും സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥന്‍ പറയുന്നു.

സൂര്യാ ടിവിയോട് രണ്ടു വാക്ക് (നാലെണ്ണം പറയേണ്ടതാണ്..)

മുല്ലപ്പെരിയാറിലെ വെള്ളം പോലെയാണ് എന്റെ ബ്ളോഗ് പോസ്റ്റുകള്‍ എന്നു സൂര്യ ടിവി വിചാരിച്ചിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. മലയാളികളുടേതായ എല്ലാം ആവശ്യാനുസരണം ഉപയോഗിക്കാം എന്നു വിശ്വസിച്ചുപോയിട്ടുണ്ടണ്ടെങ്കില്‍ കുറ്റം പറയാന്‍ പറ്റില്ല. മാത്രമല്ല, ഇതിന്റെ പേരില്‍ ചാനലിന്റെ മുതലാളിമാരെയോ തൊഴിലാളികളെയോ ഒന്നും കറുത്തു തടിച്ച തമിഴന്‍മാരെന്നു വിളിച്ചാക്ഷേപിക്കാനോ എനിക്കുദ്ദേശവുമില്ല. കാരണം, ഞാന്‍ വളരെ ഡീസന്റായിപ്പോയി. ഇനിയിപ്പോള്‍ എന്റെ ബ്ളോഗിലെ പോസ്റ്റുകള്‍ തോന്നിയതുപോലെ ഉപയോഗിക്കാന്‍ 999 വര്‍ഷത്തേക്ക് കരാര്‍ ഒപ്പുവച്ചെന്നും പറഞ്ഞ് വന്നേക്കരുത്. സൂര്യ ടിവി പോലെ ഒരു തരംതാണ പ്രസ്ഥാനമല്ല ബെര്‍ളിത്തരങ്ങള്‍.

ഞാനതല്ല ആലോചിക്കുന്നത്, തെണ്ടി, ചെറ്റ, കൂതറ, നാറി, അലവലാതി എന്നൊക്കെ ഇക്കണ്ട മലയാളികളൊക്കെ വിശേഷിപ്പിക്കുന്ന എന്റെ ബ്ളോഗില്‍ നിന്നു പോസ്റ്റ് മോഷ്ടിച്ച് പ്രോഗ്രാം ഉണ്ടാക്കി അവതരിപ്പിക്കണമെങ്കില്‍ സൂര്യ ടിവി എത്ര ഗതികെട്ടിരിക്കും. എന്തീനീ മോഷണം ? ഒരു വാക്കുരിയാടിയിരുന്നെങ്കില്‍, ഒന്ന് ഒച്ച വച്ചിരുന്നെങ്കില്‍ ഞാന്‍ തരുമായിരുന്നല്ലോ. ഇതുവരെ എന്നോടു ചോദിച്ച എല്ലാവര്‍ക്കും ഞാന്‍ കൊടുത്തിട്ടുണ്ട്. പ്രതിഫലമായി ‘തമാശ’ മാസിക അയച്ചു തന്നിട്ടുള്ള ചെക്കുകള്‍ മാത്രമേ ഞാന്‍ കൈപ്പറ്റിയിട്ടുള്ളൂ. മലയാളത്തിലെ മാധ്യമകുലപതികള്‍ പലരും എന്റെ പോസ്റ്റുകള്‍ അച്ചടിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അഞ്ചു പൈസ ആരും തന്നിട്ടില്ല. പാവങ്ങള്‍, അത്താഴപ്പട്ടിണിക്കാരയ മുതലാളിമാരോട് ഞാന്‍ വിലപേശാന്‍ പോയിട്ടില്ല. ഇനിയിപ്പോള്‍ ഈ പറഞ്ഞ സൂര്യാ ടിവിക്കാണെങ്കിലും ഞാന്‍ ചുമ്മാ കൊടുത്തേനെ.

ഏതാണ് എന്താണ് എന്നു പിടികിട്ടാത്തവര്‍ക്കു വേണ്ടി പറയാം. സൂര്യ ടിവി എന്നു പറയുന്ന മലയാളം ചാനല്‍ (ഞാനീവക ചവറുകളൊന്നും കാണാറില്ല) അവരുടെ രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയില്‍ ‘നെയ്യപ്പം ദുരന്തം: ഒരു ന്യൂസ് അവര്‍ അവതരണം’ എന്ന എന്റെ ബ്ളോഗ്പോസ്റ്റ് സ്കിറ്റ് പരുവത്തില്‍ ഷൂട്ട് ചെയ്ത് അവരിപ്പിച്ചു കളഞ്ഞു. സംഗതി സംപ്രേഷണം ചെയ്തു കഴിഞ്ഞ നിലയ്ക്ക് ഇനി മണാ കുണാ എന്നു പറഞ്ഞിട്ടു കാര്യമില്ല. ഇനിയിപ്പോള്‍, അത് ഞങ്ങള്‍ക്കറിയില്ലായിരുന്നു, ആരോ ഫോര്‍വേഡ് ചെയ്തു തന്നതാ തുടങ്ങിയ ന്യായങ്ങള്‍ പറയുകയോ അതല്ല, മുല്ലപ്പെരിയാറിന്റെ കാര്യത്തിലെന്നപോലെ മലയാളം ബ്ളോഗുകളിലെ ഉള്ളടക്കവും ഞങ്ങള്‍ക്കവകാശപ്പെട്ടതാണ് എന്നറിഞ്ഞിട്ടെടുത്തതാണെന്നു പറയുകയോ എന്തു ചെയ്താലും സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു കഴിഞ്ഞു. എന്റെ സര്‍ഗചേതന വീണ്ടും മാനഭംഗം ചെയ്യപ്പെട്ടിരിക്കുന്നു.

സൂര്യ ടിവിയോട് ഞാന്‍ ഒരു പ്രതിഷേധവും അറിയിക്കുന്നില്ല. എനിക്കു പ്രതിഷേധം ഇല്ല. ആളുകള്‍ക്ക് വായിക്കാനും ആസ്വദിക്കാനും വേണ്ടി മാത്രമാണ് ബ്ളോഗില്‍ ഞാന്‍ പലതും എഴുതുന്നത്. അത് മോഷ്ടിച്ചെടുക്കുന്നത് കുറ്റകൃത്യമാണ്. ഇനിയിപ്പോള്‍ മോഷണം നടത്തിയിട്ടില്ല എന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കില്‍ നഷ്ടപരിഹാരമായി 2 ലക്ഷം രൂപ എനിക്കു നല്‍കുകയും രസികരാജാ നമ്പര്‍ 1 എന്ന പരിപാടിയുടെ ഈ മോഷണം നടന്നിട്ടുള്ള എപ്പിസോഡിന്റെ പുനഃസംപ്രേഷണം നടത്താതിരിക്കുകയും അടുത്ത എപ്പിസോഡില്‍ എന്നോട് ആത്മര്‍ത്ഥമായി ക്ഷമാപണം നടത്തുകയും ചെയ്യാവുന്നതാണ്. അത്രയൊക്കെ ചെയ്യാനുള്ള അന്തസ്സും പാരമ്പര്യവും സംസ്കാരവും സൂര്യ ടിവിക്കുണ്ടോ എന്നെനിക്കറിയില്ല. ഇല്ലെങ്കിലും ഞാന്‍ പരാതിപ്പെടുന്നില്ല. അതൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഉണ്ടാകുന്നതല്ലല്ലോ.

ഇനിയിപ്പോള്‍ ഇങ്ങനൊരു മോഷണം നടന്ന വിവരം അറിഞ്ഞില്ല കേട്ടില്ല എന്നൊന്നും പറയരുത്. ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ച വസ്തുവിനെപ്പറ്റി ഈ ബ്ളോഗില്‍ തന്നെയാണ് ഞാന്‍ പോസ്റ്റിടുന്നത്. അത് സൂര്യടിവി കണ്ടേ മതിയാവൂ. പോരെങ്കില്‍ ഇതുമായി ബന്ധപ്പെട്ട ഒന്നു രണ്ടു പേരെ ഫോണിലും വിളിച്ചു. സര്‍ക്കാരാപ്പീസിലെപ്പോലെ അതിവിടെയല്ല, അവിടെയാണ് എന്നു പറഞ്ഞ് നമ്പരുകള്‍ മാറി മാറി കുറെ വിളിച്ചതല്ലാതെ സംഗതി എങ്ങുമെത്തിയിട്ടില്ല. പ്രോഗ്രാം നടത്തിക്കൊണ്ടു പോകാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ആണുങ്ങളെപ്പോലെ ചോദിക്കൂ, പത്തോ നൂറോ പോസ്റ്റുകള്‍ വേണമെങ്കില്‍ ചുമ്മാ തന്നേക്കാം. അതിനു കഴിയുന്നില്ലെങ്കില്‍ പ്രോഗ്രാം നിര്‍ത്തിക്കളയൂ. അല്ലാതെ മോഷണം നടത്തി പ്രോഗ്രാം നടത്തുന്നത് സൂര്യ ടിവി പോലൊരു ചാനലിനു ചേര്‍ന്നതല്ല.

സൂര്യ ടിവി മോഷ്ടിച്ച പോസ്റ്റ് സ്വന്തം പേരിലാക്കി പ്രസിദ്ധീകരിച്ചവരില്‍ പ്രഭ നാരായണപിള്ള ഉള്‍പ്പെടെയുള്ള പ്രഗല്‍ഭരുണ്ട്. അവരൊക്കെ ഈ ഗതിയിലാണെന്ന് എനിക്കറിയില്ലായിരുന്നു. പ്രഗല്‍ഭര്‍ക്ക് ഇവിടെ എന്തുമാകാമെന്നതുകൊണ്ട് കുഴപ്പമില്ല. ഇതുവരെ നാലോ അഞ്ചോ പേര്‍ ഇത് വിഡിയോ ആക്കി റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ടു പേര്‍ മാത്രമാണ് എന്നോട് അനുവാദം ചോദിച്ചത് (ആര്‍ക്കും റൈറ്റ് കൊടുത്തിട്ടില്ല, പൈസയും വാങ്ങിയിട്ടില്ല). അനുവാദമില്ലാതെ സംഗതി റെക്കോര്‍ഡ് ചെയ്ത് അപ്ലോഡ് ചെയ്ത സുഹൃത്തിനോടു ചോദിച്ചപ്പോള്‍ ബ്ളോഗില്‍ കമന്റ് രൂപേണ അനുവാദം ചോദിച്ചിരുന്നു പക്ഷെ, മറുപടി ഒന്നും കാണാത്തതുകൊണ്ട് സമ്മതമായിരിക്കും എന്നു കരുതി റെക്കോര്‍ഡ് ചെയ്തതാണെന്നായിരുന്നു. ആ മഹാത്മാവ് പിന്നെ ഞാന്‍ നിഷേധിച്ചെങ്കിലോ എന്നു കരുതി ഒരു കാര്യം ചെയ്തു- എന്റെ ക്രെഡിറ്റ് വച്ചില്ല. സംഗതി ക്ളീന്‍ !

ഞാനെഴുതണം, അത് സ്വന്തം പേരില്‍ പ്രസിദ്ധീകരിക്കണം- ഇതാണ് ഞാന്‍ മനസ്സിലാക്കിയിടത്തോളം പല ആളുകളുടെയും ആവശ്യം. ബെര്‍ളി ചവറെഴുതുന്നവനാണെന്ന് പ്രചരിപ്പിക്കുകയും ആ ചവറുകള്‍ സ്വന്തം പേരിലാക്കി ഉദാത്തമെന്നു പറഞ്ഞു വിറ്റുകാശാക്കുകയും ചെയ്യുന്ന ഈ ബോണ്‍ലെസ് ഫാദര്‍ലെസ് സിന്‍ഡ്രോം ഞാന്‍ കാണാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയതുകൊണ്ടും ഇതുവരെ എന്റെ അനേകം പോസ്റ്റുകള്‍ ഇത്തരത്തില്‍ ഉപയോഗിച്ച് പലരും പല കാര്യങ്ങളും സാധിച്ചിട്ടുള്ളതിനാലും സൂര്യ ടിവിയോട് ഞാന്‍ ഒന്നും പറയുന്നില്ല. ചിലരൊക്കെ ഇപ്പോഴും ഈ ബ്ളോഗില്‍ നിന്നുള്ള പോസ്റ്റുകള്‍ ഭാര്യമാരെയും കാമുകിമാരെയും കാണിച്ച് പലതും സാധിക്കുന്നുണ്ടത്രേ. ആരൊക്കെയോ ജോലിയും വിവാഹവും വരെ നടത്തിയിട്ടുണ്ടെന്നു പറയുന്നു. എന്തായാലും ഈ ബ്ളോഗില്‍ നിന്നു മോഷ്ടിക്കുന്ന പ്രഗല്‍ഭരുടെ ലിസ്റ്റ് നീളുന്നതിനാല്‍ ‘ഈ ബ്ളോഗില്‍ നിന്നു മോഷ്ടിച്ചവര്‍’ എന്ന പേരില്‍ ഈ പ്രഗല്‍ഭരുടെയെല്ലാം പേര് ബ്ളോഗില്‍ പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്. അപ്പോഴും ലിസ്റ്റില്‍ നിന്ന് അണ്ടനെയും അടകോടനെയുമൊക്കെ ഒഴിവാക്കും, പിണങ്ങരുത്.

കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ്

ചിരിയുടെ തല്‍സമയചിത്രങ്ങള്‍ ജീവനോടെ വരച്ചു കാണിച്ച കുഞ്ചന്‍ അലിയാസ് നമ്പ്യാര്‍ റീലോഡഡ് അഥവാ നമ്മുടെ സൊന്തം കാരിക്കേച്ചര്‍ ഷോക്കളിക്കാരന്‍ ജയരാജ് വാര്യര്‍ കളിയാണ് ചിരിയാണ് എന്നൊക്കെ പറഞ്ഞ് വാര്യത്തു നിന്നിറങ്ങിയിട്ട് വര്‍ഷം 25 ആകുന്നു. ആക്ഷേപവും മിമിക്രിയും അഭിനയവും ചിരിയും ചിന്തയും അങ്ങനെ എല്ലാം ചേര്‍ത്ത് ‘ഒരു കൂട്ടാ അങ്ങ്ട് കൂട്ടി’ സ്റ്റേജില്‍ തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടു പോലെ ഒന്നിനു പിറകെ ഒന്നായി നമ്പരുകളിറക്കുന്ന ചിരിയുടെ ഈ പതിനെട്ടാം കൂറ്റുകാരന് ഇനിയൊരന്‍പതാണ്ടു കൂടി ഗലാപരിപാടി തുടരാനുള്ള യൌവ്വനം ബാക്കിയുണ്ട്.

1990ല്‍ തൃശൂരില്‍ കോളജ് യൂണിയന്‍ ഉദ്ഘാടനവേദിയിലെ ‘ഗ്യാപ് ഫില്ലര്‍’ ആയി കാരിക്കേച്ചര്‍ ഷോ അരങ്ങേറിയപ്പോള്‍ അത് പുതിയൊരു പരിപാടിയുടെ ശക്തമായ ‘ലോഞ്ചിങ്’ കൂടിയായിരുന്നു. പാട്ടിന്റെയും കവിതയുടെയും എരിവും പുളിയും ഉപ്പുമെല്ലാം ചേര്‍ന്ന പരിപാടി എല്ലാവര്‍ക്കും രസിച്ചു. രണ്ടുമൂന്നു ദിവസം ശാന്തമായും ബീഭത്സമായും ഭയാനകമായും കടന്നുപോയി.നാലാംദിവസം വാരിയര്‍ക്കു തോന്നി ഇങ്ങനെ പോയാല്‍പോരാ.മനസില്‍ ജയപ്രകാശ് കുളൂര്‍ എന്ന നാടകപ്രവര്‍ത്തകന്റെ രൂപം തെളിഞ്ഞു. നേരെ കോഴിക്കോടിനു വണ്ടികയറി അദ്ദേഹത്തെ കണ്ടു. സംഭവങ്ങള്‍ വിവരിച്ചു. ” കുഞ്ചന്‍നമ്പ്യാരുടെ ശിഷ്യനാകുക. എന്നിട്ടു ചുറ്റുപാടുമുള്ള കാഴ്ചകള്‍ കാണുക”ഇതായിരുന്നു ഉപദേശം.മിമിക്സ് പരേഡ് അന്നു പച്ചപിടിച്ചു തുടങ്ങിയിരുന്നു. അതില്‍നിന്നു വേറിട്ടു നില്‍ക്കണമെന്ന നിര്‍ബന്ധം. രാഷ്ട്രീയവും സാഹിത്യവും സാംസ്കാരികവുമായ വിഷയങ്ങള്‍ പാകത്തിന്, നര്‍മം മേമ്പൊടി, വായനയില്‍നിന്നും ഓര്‍മയില്‍നിന്നും ഊറ്റിയെടുത്ത പദസത്ത് ധാരാളം.. ചാക്യാരുടെ വിശകലനം, തുള്ളലിന്റെ നര്‍മം -പുതിയൊരു വിഭവം തയാര്‍. കാരിക്കേച്ചര്‍ഷോ എന്നു പേരുവീണു.1991ല്‍ യാത്രിനിവാസില്‍ പുതുവല്‍സരത്തിന് അവതരിപ്പിച്ച പരിപാടി, ടൂറിസം വാരാഘോഷത്തോടനുബന്ധിച്ചു നടന്ന പരിപാടി ഇവയൊക്കെ ആദ്യം ശ്രദ്ധിക്കപ്പെട്ടു.

1995ലാണ് ആദ്യ വിദേശപരിപാടി. ഖത്തര്‍, ബഹ്റൈന്‍, ദുബായ്, മസ്കറ്റ് എന്നിങ്ങനെ പത്തുപതിനഞ്ചു വേദികള്‍. അന്നു സത്യനെയും രാഗിണിയേയും പ്രേംനസീറിനേയും എ.എം. രാജയേയുമൊക്കെയാണ് പാട്ടുകളിലൂടെയും മറ്റും അവതരിപ്പിച്ചിരുന്നത്.പിന്നീടു തൃശൂര്‍ മുതല്‍ ദുബായ് വരെ, ന്യൂസിലന്‍ഡ് മുതല്‍ കാനഡവരെ.. നൂറുകണക്കിനു വേദികള്‍

1982ല്‍ അമേച്വര്‍ നാടകരംഗത്ത് പ്രവര്‍ത്തനം ആരംഭിച്ച ജയരാജ് വാരിയര്‍ 84 മുതല്‍ ഏഴു വര്‍ഷം ജോസ് ചിറമ്മലിന്റെ നേതൃത്വത്തിലുള്ള റൂട്ട് എന്ന തിയറ്റര്‍ ഗ്രൂപ്പില്‍ നടനായിരുന്നു. വിശാഖദത്തന്റെ മുദ്രാരാക്ഷസം, ബാദല്‍ സര്‍ക്കാരിന്റെ ഭോമ, ഉല്‍പ്പല്‍ദത്തിന്റെ സൂര്യവേട്ട, വോള്‍സോയിങ്കയുടെ ചതുപ്പില്‍ പാര്‍ക്കുന്നവര്‍, ആനന്ദിന്റെ ശവഘോഷയാത്ര എന്നിവയാണ് അദ്ദേഹം അഭിനയിച്ച പ്രധാന നാടകങ്ങള്‍. 1991 മുതലാണ് ‘കാരിക്കേച്ചര്‍ ഷോ’ എന്ന പുതിയ ആശയവുമായി കേരളത്തിന് അകത്തും പുറത്തുമുള്ള ആയിരക്കണക്കിനു വേദികളില്‍ ജയരാജ് ഏറെ ശ്രദ്ധേയനായത്. 2003 ജൂലൈയില്‍ കേരള നിയമസഭയില്‍ ജനപ്രതിനിധികള്‍ക്കായി അവതരിപ്പിച്ച കാരിക്കേച്ചര്‍ നിയമസഭയുടെ ചരിത്രത്തിലെ ആദ്യ സംഭവമായി.

‘മലയാള മനോരമ’ ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നടത്തിയ മോഹന്‍ലാലിന്റെ കഥയാട്ടം പരിപാടിക്കൊപ്പം ‘പല മലയാളം’ എന്ന വാങ്മയചിത്രം അവതരിപ്പിച്ച ജയരാജ് വാരിയര്‍ ഫലിതപ്രധാനമായ കലാവിരുന്നിനു പുതിയ പാതയൊരുക്കുകയായിരുന്നു. മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, കേന്ദ്രമന്ത്രി പി.എം. സയിദ് തുടങ്ങി ഒട്ടേറെ പ്രമുഖരുടെ പ്രത്യേക പ്രശംസ നേടിയ അവതരണമാണ് പല മലയാളം. മോഹന്‍ലാല്‍ 25 വയസ് എന്ന പേരില്‍ നടന്ന മെഗാഷോ അടക്കം ഒട്ടേറെ മെഗാഷോകളുടെ അവതാരകനായും ഇദ്ദേഹം പ്രസിദ്ധിനേടി. ഒരു യാത്രാമൊഴി, ഭൂതക്കണ്ണാടി, കൊച്ചുകൊച്ചു സന്തോഷങ്ങള്‍, നെയ്ത്തുകാരന്‍ എന്നീ സിനിമകളിലും വേഷമിട്ടു.

അളിയന്‍റെ പരിപാടികളില്‍ നിന്നു ചിലത്-

കൊലവിളി ന്യൂസ് ലൈവ്

നമസ്കാരം, കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലേക്കു സ്വാഗതം.. ഞാന്‍ വല്‍സന്‍ കാലപുരി.. ഇന്നത്തെ ഏറ്റവും പുതിയ വാര്‍ത്ത… തലസ്ഥാനത്ത് ബഹുനില കെട്ടിടം ഇടിഞ്ഞു വീണ് അനേകമാളുകള്‍ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. ഏകദേശം അന്‍പതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.. എല്ലാവരും ചതഞ്ഞരഞ്ഞ് മരിച്ചിട്ടുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രത്യേക ലേഖകന്‍ പി.പി.ഷിജു റിപ്പോര്‍ട്ട് ചെയ്യുന്നത്.. പി.പി.ഷിജു പറയൂ.. എന്താണ് അവിടെ നടക്കുന്നത്.. എത്രയാണ് ഏറ്റവും പുതിയ മരണസംഖ്യ ?

വല്‍സാ.. അന്‍പതിയെട്ട് പേര്‍ ഇപ്പോള്‍ ഈ തകര്‍ന്ന കോണ്‍ക്രീറ്റ് സ്ലാബിന്റെ അടിയിലുണ്ടെന്നാണ് കരുതുന്നത്.. മറ്റു മാധ്യമങ്ങള്‍ സ്ളാബിന്റെ അടിയില്‍ അളുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴാണ് വളരെ കൃത്യമായി 58 പേര്‍ സ്ളാബിന്റെ അടിയിലുണ്ടെന്ന് നമ്മള്‍ കേരളത്തെ അറിയിക്കുന്നത്.. ഇത് കൊലവിളി ന്യൂസിന്റെ വേള്‍ഡ് എക്സ്ക്ളൂസീവ് ആണ്.. മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത… ഇവരിലാരും തന്നെ ജീവനോടെ അവശേഷിക്കാന്‍ സാധ്യതയില്ലെന്ന സത്യമാണ്… കാരണം ഏകദേശം 32367 കിലോഗ്രാം തൂക്കമുള്ള കോണ്‍ക്രീറ്റ് സ്ലാബ് മുപ്പതടി ഉയരത്തില്‍ നിന്നു താഴേക്കു വീണാല്‍ ജീവനോടെ പോയിട്ട് ഡെഡ്ബോഡിയെങ്കിലും നേരേ ചൊവ്വേ കിട്ടിയാല്‍ ഭാഗ്യം എന്നേ പറയാന്‍ പറ്റൂ.. അതുപോലെ തന്നെ പിരിയന്‍ കമ്പികള്‍ ഉപയോഗിച്ച് ത്രീ ഈസ് ടു വണ്‍ എന്ന റേഷ്യോയില്‍ കൂട്ടിയ സിമന്റ് ആണ് ഇതിന്റെ നിര്‍മാണത്തിനുപയോഗിച്ചിരിക്കുന്നത് അതുകൊണ്ട് തന്നെ ഇതു വെട്ടിപ്പൊളിക്കാനും ബുദ്ധിമുട്ടാവും..

പി.പി.ഷിജു… ഈ ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇത്രയധികം വിവരങ്ങള്‍ സമാഹരിച്ചത്… പ്രേക്ഷകര്‍ വിചാരിച്ചതിലധികം വിവരങ്ങളാണ് കൊലവിളി ന്യൂസ് എക്സ്ക്ളൂസീവായി ഷിജു ഇപ്പോള്‍ നല്‍കിയത്.. അതുകൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് അറിയാന്‍ താല്‍പര്യമുണ്ടാവും… പ്രത്യേകിച്ച് ഇതിലെ കമ്പി സിമന്റ് മണല്‍ റേഷ്യോ ഒക്കെ എങ്ങനെ ഇത്ര പെട്ടെന്ന് ഷിജു മനസ്സിലാക്കി ?

വല്‍സാ.. അതുപിന്നെ.. ഞാനിവിടെ റിപ്പോര്‍ട്ടറാകുന്നതിനു മുമ്പ് എനിക്കു വാര്‍ക്കപ്പണിയായിരുന്നല്ലോ.. അന്ന് ഈ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റിങ് നടക്കുമ്പോള്‍ ഇതിനു പലകയടിച്ചത് ഞാനായിരുന്നു.. പിന്നെയാണല്ലോ ഞാന്‍ വാര്‍ക്കപ്പണിക്കു പോയ സ്ഥലത്തു വച്ച് എന്റെ മേസ്തിരിയെ ആന ചവുട്ടി കൊല്ലുന്നത് മൊബൈല്‍ ക്യാമറയില്‍ ഷൂട്ട് ചെയ്ത് കൊണ്ടുവന്നത് കണ്ടിട്ട് വല്‍സന്‍ എന്നെ റിപ്പോര്‍ട്ടറാക്കിയത്.. അന്ന് വല്‍സന്‍ എന്നോടു ചോദിച്ച ചോദ്യം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്.. വീട്ടിലുള്ള എല്ലാവരും ഉള്‍പ്പെടെ സ്വന്തം വീട് കത്തിയെരിയുന്നത് കണ്ടാല്‍ എന്തു ചെയ്യുമെന്ന്.. ആദ്യം തീ കത്തുന്നത് കംപ്ളീറ്റ് ഷൂട്ട് ചെയ്ത ശേഷം മൃതദേഹങ്ങള്‍ പായില്‍പ്പൊതിഞ്ഞ് ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുന്നതും ഷൂട്ട് ചെയ്ത് ചാനലിലേക്കയച്ചിട്ട് ലോഡ്ജില്‍ മുറിയെടുത്തിരുന്നു കരയും എന്നു ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ വല്‍സന്‍ എന്നെ കെട്ടിപ്പിടിച്ചു പറഞ്ഞു.. നീയാണെടാ നാളത്തെ കേരളം കാത്തിരിക്കുന്ന പത്രപ്രവര്‍ത്തകന്‍ എന്ന്…

പി.പി.ഷിജു.. നമുക്ക് തിരിച്ചു വരാം.. എന്താണ് ഇപ്പോഴത്തെ സ്ഥിതി എത്ര മൃതദേഹങ്ങള്‍ കിട്ടിയിട്ടുണ്ട്.. സ്ളാബിനടിയില്‍ നിന്നു നിലവിളികളോ മറ്റോ കേള്‍ക്കാനുണ്ടോ ?

ആ.. വല്‍സന്‍.. ആദ്യം ഈ സ്പോട്ടില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് നമ്മളാണ്.. അപകടം നടന്നയുടന്‍ സ്ളാബിന്നടിയില്‍ കിടന്ന് ഒരാള്‍ നമ്മളെ വിളിച്ച് സഹായം തേടുകയായിരുന്നു.. പൊലീസിലും ഫയര്‍ഫോഴ്സിലും ഒക്കെ ഞാനറിച്ചുകൊള്ളാമെന്നും അതിനടിയില്‍ കിടന്ന് ആരെയും വിളിക്കാന്‍ ശ്രമിക്കേണ്ട എന്നും കര്‍ശനനിര്‍ദേശം നല്‍കിയ ശേഷമാണ് ഞാനിവിടേക്ക് പുറപ്പെട്ടത്.. അതുകൊണ്ട് തന്നെ മാധ്യമപ്രവര്‍ത്തകരാരും ഇവിടെ ഇതുവരെ എത്തിച്ചേര്‍ന്നിട്ടില്ല.. ഇപ്പോള്‍ നമ്മള്‍ തല്‍സമയം കാണിച്ചുകൊണ്ടിരിക്കുന്ന ഭീകരദൃശ്യങ്ങള്‍ കൊലവിളി ന്യൂസിന്റെ എക്സ്ക്ളൂസീവാണ്..

പി.പി.ഷിജു.. ഇതുവരെ പോലീസും ഫയര്‍ ഫോഴ്സുമൊന്നും സ്ഥലത്തെത്തിയിട്ടില്ലേ ?

അതെങ്ങനെ ? ഞാനതിന് അവരെയൊന്നും വിവരമറിയിച്ചിട്ടില്ലല്ലോ.. അവന്‍മാരെയൊന്നും വിശ്വസിക്കാന്‍ പറ്റില്ല വല്‍സാ.. നമ്മള്‍ വിവരമറിയിച്ച് ഫോണ്‍ താഴെവച്ചാല്‍ ഉടന്‍ ഇവനൊക്കെ മറ്റേ ചാനലില്‍ വിളിച്ചു പറയും.. അല്ലെങ്കിലും അവരെല്ലാം കൂടി വന്നിട്ട് ഈ സ്ളാബൊന്നും പൊക്കാന്‍ പോണില്ല.. മരണസംഖ്യ നമ്മള്‍ കൊടുത്തിരിക്കുന്നതില്‍ നിന്ന് ഒരാളു പോലും ഇത്തവണ കുറയില്ല വല്‍സന്‍.. കഴിഞ്ഞ തവണ ബോട്ടപകടത്തില്‍ 140 പേര് മരിച്ചു എന്ന് ഞാന്‍ എക്സ്ക്ളൂസീവ് അടിച്ചിട്ട് വെറും 40 പേര്‍ മാത്രമേ മരിച്ചുള്ളൂ എന്നു പറഞ്ഞിട്ട് വല്‍സന്‍ എന്തൊരു തെറിവിളിയായിരുന്നു.. ഇത്തവണ എന്റെ കണക്ക് കറക്ടായിരിക്കും നോക്കിക്കോ…

പി.പി.ഷിജു.. ഇത് ലൈവാണ്.. നമുക്കു തിരിച്ചു വരാം… ഇപ്പോഴെന്താണ് അവസ്ഥ ? സ്ളാബിനടിയില്‍ നിന്ന് ആരെങ്കിലും രക്ഷപെടാന്‍ ശ്രമിക്കുന്നുണ്ടോ ? കയ്യോ കാലോ പുറത്തേക്കു കാണുന്നുണ്ടോ ?

പറഞ്ഞാല്‍ വിശ്വാസമാകില്ലെന്നു വച്ചാല്‍ (പി.പി.ഷിജു നിന്ന നില്‍പില്‍ മൈക്കമായി നാലു തവണ ചാടുന്നു) .. കണ്ടോ അങ്ങനെയിങ്ങനെയൊന്നും കുലുങ്ങുന്ന സ്ളാബല്ലിത്.. ഞാനതിന്റെ മുകളിലാണ് നില്‍ക്കുന്നത്.. അഥവാ ആരെങ്കിലും ഇവിടെ നിന്നു രക്ഷപെട്ടാല്‍ അതും നമ്മുടെ ചാനലില്‍ എക്സ്ക്ളൂസീവായിരിക്കും അതുപോലെ തന്നെ വൈകിട്ടത്തെ ന്യൂസ് ഷോയില്‍ ശവമായിട്ടെങ്കിലും നമ്മളവനെ അവതരിപ്പിച്ചിരിക്കും..

പി.പി.ഷിജു… പിന്നില്‍ പോലീസ് ഫയര്‍ ഫോഴ്സ് വാഹനങ്ങള്‍ വന്നു നില്‍ക്കുന്നത് ഞാന്‍ കാണുന്നുണ്ട്… അവര്‍ ഷിജുവിനോടെന്തോ പറയുന്നുണ്ടെന്നു തോന്നുന്നു… ഷിജു എന്താണവിടെ നടക്കുന്നത് ?

ങ്ഹാ… ആളടിയില്‍ കിടക്കുന്ന സ്ളാബിന്റെ മുകളില്‍ നിന്നിറങ്ങാന്‍ അയാളെന്നോട് പറയുകയാണ്.. എന്റെ പത്രപ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് ഒരാളെന്നോട് ഇത്തരത്തില്‍ പെരുമാറുന്നത്.. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മാധ്യമങ്ങളെ അടിച്ചമര്‍ത്താനുള്ള നീക്കത്തിന്റെ ഏറ്റവും വലിയ തെളിവാണിത്.. പത്രസ്വാതന്ത്യ്രത്തിന്റെ മേലുള്ള കടന്നുകയറ്റമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്..വല്‍സന്‍…

സംഭവബഹുലമായ ദിവസത്തെ വാര്‍ത്തകളാണ് കൊലവിളി പ്രേക്ഷകര്‍ കൊലവിളി എക്സ്ക്ളൂസീവ് ന്യൂസ് ബുള്ളറ്റിനിലൂടെ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. ഇപ്പോള്‍ കെട്ടിടം ഇടിഞ്ഞു വീണ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസ് സംഘം ആക്രമിക്കുമെന്ന നിലയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്.. വാര്‍ത്തകള്‍ ജനങ്ങളില്‍ നിന്നു മൂടി വയ്ക്കാനുള്ള അല്ലെങ്കില്‍ മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന്റെ നഗ്നമായ പ്രകടനമാണ് ഇപ്പോള്‍ നമ്മള്‍ നേരിട്ടു കണ്ടത്…നമ്മടെ പ്രത്യേക ലേഖകന് എന്തു സംഭവിച്ചു എന്നു നോക്കാം.. പി.പി.ഷിജു.. ഇപ്പോള്‍ എന്താണ് സ്ഥിതി.. പോലീസുകാര്‍ പിന്‍വാങ്ങിയോ ?

വല്‍സന്‍… ഞാനിപ്പോഴും സ്ളാബിന്റെ മുകളില്‍ തന്നെയാണ് നില്‍ക്കുന്നത്.. സ്ളാബിന്റെ ഈ ഭാഗത്തു നിന്നു പൊളിച്ചു തുടങ്ങിയെങ്കില്‍ മാത്രമേ ആളുകളെ രക്ഷിക്കാന്‍ കഴിയൂ എന്ന വാദമുയര്‍ത്തിയാണ് എന്നെ ഇവിടെ നിന്നിറക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ, ഞാനെന്തായാലും ഇറങ്ങാന്‍ പോകുന്നില്ല.. കൂടുതല്‍ പോലീസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.. എന്നോടിവിടുന്നിറങ്ങണമെന്നാവശ്യപ്പെടുന്ന പോലീസുകാരുടെ ദൃശ്യങ്ങളാണ് നിങ്ങളിപ്പോള്‍ കാണുന്നത്…

ഷിജു വളരെപ്പെട്ടെന്നു ഞാന്‍ തിരികെ വരാം… മറ്റൊരു എക്സ്ക്ളൂസീവ് വാര്‍ത്ത എനിക്കിപ്പോള്‍ നിങ്ങളെ അറിയിക്കാനുണ്ട്… ജലദോഷം ബാധിച്ച് ഇന്നലെ ചികില്‍സ തേടിയ ചലച്ചിത്രതാരം വട്ടവിള ജയകുമാര്‍ അന്തരിച്ചു… അദ്ദേഹത്തിന്റെ ശ്വാസം നിലച്ചതായി ആശുപത്രിയില്‍ നിന്നു ഞങ്ങളുടെ മറ്റൊരു പ്രത്യേക ലേഖകന്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.. വളരെ, വളരെ ആവേശകരമായ ഒരു വാര്‍ത്താദിവസത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്.. ഈ വര്‍ഷത്തില്‍ ഇതിനോടകം തന്നെ അനേകം അനേകം ചലച്ചിത്രതാരങ്ങള്‍ മരിച്ചു കഴിഞ്ഞു.. അതുപോലെ പത്തോളം താരങ്ങള്‍ പലവിധ രോഗങ്ങള്‍ മൂലം വിഷമിക്കുകയാണ്.. ഏതു നിമിഷവും എന്തും സംവിക്കാവുന്ന അവസ്ഥയാണ്.. ഇപ്പോള്‍ നമ്മുടെ വട്ടവിളയും കടുത്ത ജലദോഷം മൂലം അന്തരിച്ചിരിക്കുകയാണ്… എന്നാല്‍ വട്ടവിളയുടെ മരണം ബന്ധുക്കളോ ആശുപത്രി അധികൃതരോ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.. വട്ടവിള മരിച്ചിട്ടില്ല എന്ന് സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നത് അതുകൊണ്ടു തന്നെ കൊലവിളി ന്യൂസ് സംശയിക്കുന്നത് വട്ടവിളയുടെ മരണത്തില്‍ എന്തോ ദുരൂഹതയുണ്ടെന്നാണ്… ഞങ്ങളുടെ ലേഖകന്‍ കുട്ടന്‍ ഇപ്പോള്‍ വട്ടവിളയുടെ മൃതദേഹം ഉള്ള ആശുപത്രിയിലുണ്ട്.. എന്റെ കുട്ടാ..വട്ടവിളയ്ക്ക് എന്താണ് സംഭവിച്ചത് ?

വല്‍സന്‍.. സൂപ്പര്‍സ്റ്റാര്‍ വട്ടവിള ജയകുമാര്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന ആശുപത്രിയിലെ ഐസിയുവിനു മുന്നിലാണ് ഞാനിപ്പോള്‍ നില്‍ക്കുന്നത്. ഇതിനുള്ളില്‍ ഇപ്പോള്‍ വട്ടവിള ഇല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ മോര്‍ച്ചറിയിലേക്കു മാറ്റിക്കഴിഞ്ഞു എന്നാണ് അനുമാനിക്കാന്‍ കഴിയുന്നത്.. ഇന്നലെ വൈകുന്നേരം ഏഴു മണിയോടെയാണ് ജലദോഷവും ചുമയുമായി വട്ടവിള ആശുപത്രിയിലെത്തിയത്.. സ്വയം കാറോടിച്ചാണ് വട്ടവിള എത്തിയത്.. തുടര്‍ന്ന് പാരസെറ്റാമോള്‍ മരുന്ന് അദ്ദേഹത്തിനു നല്‍കിയിട്ടുണ്ടാകുമെന്ന് നമുക്കൂഹിക്കാം.. പക്ഷെ, എങ്ങനെയാണ് വട്ടവിള അന്തരിച്ചത് എന്നതിനിയും വ്യക്തമായിട്ടില്ല.. ആശുപത്രി അധികൃതര്‍ക്കുണ്ടായ കൈപ്പിഴവാണോ അതോ ബന്ധുക്കള്‍ തന്നെ കൊലപ്പെടുത്തിയതാണോ എന്നു തീര്‍ത്തു പറയാറായിട്ടില്ല.. എന്തായാലും ഈ വാര്‍ത്ത ആദ്യമായി ജനങ്ങളിലെത്തിക്കുന്നത് കൊലവിളി ന്യൂസ് ആണെന്നതില്‍ നമുക്ക് പ്രത്യേകം അഭിമാനിക്കാം..

കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടിരിക്കുകയാണ്.. ജലദോഷം ബാധിച്ച് ആശുപത്രിയിലെത്തിയ വട്ടവിളയെ ആശുപത്രിയില്‍ വച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.. കൊല നടത്തിയത് ആശുപത്രി അധികൃതരാണോ അതോ ഭാര്യയും മക്കളും ചേര്‍ന്നാണോ എന്നത് വ്യക്തമായിട്ടില്ല.. 1940ല്‍ വട്ടവിള എന്ന സിനിമയിലൂടെയാണ് വട്ടവിള ജയകുമാര്‍ സിനിമയിലെത്തിയത്.. അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ചു… വട്ടവിളയുടെ മരണത്തില്‍ ആദ്യമായി അനുശോചനം അറിയിക്കാന്‍ പ്രേക്ഷകരുടെ പ്രിയതാരങ്ങള്‍ പലരും ഇപ്പോള്‍ ലൈനിലുണ്ട്.. അതിനു മുമ്പ് വളരെ പെട്ടെന്ന് നമുക്ക് തിരിച്ചുവരാം.. തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് നൂറോളം പേര്‍ സ്ളാബിനടിയില്‍ കുടുങ്ങിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ കൊലവിളി ന്യൂസ് സംഘത്തെ പോലീസും ഫയര്‍ ഫോഴ്സും തടഞ്ഞുവച്ചിരിക്കുകയാണ്.. പി.പി.ഷിജു എന്താണിപ്പോള്‍ അവിടുത്തെ സ്ഥിതി ?

വല്‍സന്‍.. സ്ളാബിനു മുകളില്‍ നിന്നിറങ്ങില്ല എന്ന നിലപാടില്‍ മാധ്യമപ്രവര്‍ത്തകര്‍ ഉറച്ചു നിന്നതിനെ തുടര്‍ന്ന് പിന്‍വാങ്ങിയ പോലീസ് ഇപ്പോള്‍ ഭൂമി തുരന്ന് ഭൂമിക്കടിയില്‍ കൂടി ആളുകളെ രക്ഷിക്കാനുള്ള നീക്കത്തിലാണ്.. മറ്റു മാധ്യമപ്രവര്‍ത്തകരും ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.. എല്ലാവരും ക്യാമറ സ്ളാബിനു മുകളിലാണ് വച്ചിരിക്കുന്നത്..

ഷിജു.. അപകടം നടന്നിട്ട് ഇപ്പോള്‍ ഒരു മണിക്കൂറോളമാകുന്നു.. ഇനി ആരെങ്കിലും രക്ഷപെടാനുള്ള സാധ്യതയുണ്ടോ ? ഭൂമി തുരന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള നടപടികള്‍ ഏതുവരെയായി ?

അക്കാര്യത്തില്‍ ഒന്നും പേടിക്കാനില്ല വല്‍സന്‍.. ഇപ്പോഴത്തെ അവസ്ഥയില്‍ സ്ളാബിനടിയില്‍ നിന്ന് ഒരാളും രക്ഷപെടില്ല.. ഏകദേശം 150 പേരോളം മരിച്ചിട്ടുണ്ടാവുമെന്നു നമുക്ക് പ്രതീക്ഷിക്കാം.. ഭൂമിക്കടിയിലൂടെ രക്ഷാപ്രവര്‍ത്തനം നടത്തിയാലും ഭൂമി കുഴിച്ചു കുഴിച്ചു ചെല്ലുമ്പോള്‍ ഭൂമി ഇടിഞ്ഞ് രക്ഷാപ്രവര്‍ത്തകരടക്കം ഒരു 100 പേര്‍ കൂടി മരിക്കാനുള്ള സാധ്യത കാണുന്നുണ്ട്.. അതുകൊണ്ട് അപ്പോഴത്തേക്കും ഒരു നാലു യൂണിറ്റും രണ്ട് ഒബി വാനും കൂടി ഇങ്ങോട്ടയക്കണം.. ഇത്ര വലിയ ഒരു ദുരന്തം പ്രേക്ഷകരെ തല്‍സമയം കാണിക്കാന്‍ നമുക്ക് കഴിഞ്ഞാല്‍ അതൊരു നേട്ടമായിരിക്കും..

ഷിജു… തീര്‍ച്ചയായും.. ഭൂമി തുരക്കുന്ന ജോലികള്‍ ആരംഭിച്ചോ ?

ഇല്ല വല്‍സന്‍… പോലീസുകാരും ഫയര്‍ ഫോഴ്സും ജോലി തുടങ്ങിയിട്ടില്ല.. മാധ്യമപ്രവര്‍ത്തകര്‍ സ്ളാബിനു മുകളില്‍ നിന്നിറങ്ങണമെന്നു വാശിപിടിച്ചതില്‍ പൊലീസ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ട് ഭൂമി തുരക്കാനുദ്ദേശിച്ച സ്ഥലത്ത് മാധ്യമപ്രവര്‍ത്തകര്‍ വായ്മൂടിക്കെട്ടി ഭജന, ക്ഷമിക്കണം ധര്‍ണയിരിക്കുകയാണ്.. പോലീസുകാര്‍ മാധ്യമപ്രവര്‍ത്തകരുടെ കാലു പിടിച്ചു മാപ്പു പറയാതെ ജോലി തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് ഞങ്ങളുടെ നിലപാട്..

ഷിജു, ഞാന്‍ തിരിച്ചു വരാം… വട്ടവിള ജയകുമാറിന്റെ മരണത്തില്‍ അനുശോചിക്കാന്‍ താരസംഘടനയായ അമ്മായിയുടെ സെക്രട്ടറി ഇപ്പോള്‍ കൊച്ചി സ്റ്റുഡിയോയിലുണ്ട്.. എന്താണ് ആദ്യപ്രതികരണം ?

സത്യത്തില്.. ഞാനാകെ സംസാരിക്കാന്‍ വയ്യാത്ത ഒരവസ്ഥയിലാണ്.. വട്ടവിള എനിക്ക് അച്ഛനെപ്പോലെയായിരുന്നു.. ഒരു നല്ല ചേട്ടനായിരുന്നു, അനിയനായിരുന്നു.. അമ്മാവനും സുഹൃത്തും ചില സമയങ്ങളില്‍ ഭാര്യയുമൊക്കെയായിരുന്നു.. സിനിമയില്‍ വട്ടവിളയ്ക്ക് ഏറ്റവുമടുപ്പം എന്നോടായിരുന്നു… എന്നെ ചേട്ടാ എന്നേ വിളിക്കുമായിരുന്നുള്ളൂ.. എന്തെങ്കിലും സങ്കടം വന്നാല്‍ അപ്പോള്‍ എന്റെയടുത്ത് ഓടിയെത്താറുണ്ടായിരുന്നു.. അദ്ദേഹം ഇത്ര പെട്ടെന്നു മരിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, മരണത്തെപ്പറ്റി അദ്ദേഹം മുന്‍കൂട്ടി മനസ്സിലാക്കിയിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.. കഴിഞ്ഞയാഴ്ച ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച ഒരു സിനിമയുടെ സെറ്റില്‍ വൈകുന്നേരം ഷൂട്ടിങ് കഴിഞ്ഞ് പോകാന്‍ നേരം വട്ടവിള എന്റെ കയ്യില്‍ പിടിച്ച് പോട്ടേടോ.. എന്നൊരു പറച്ചില്‍ പറഞ്ഞിരുന്നു.. അത് മരണത്തിലേക്കുള്ള യാത്ര പറച്ചിലായിരുന്നു എന്നിപ്പോഴാണ് മനസ്സിലാവുന്നത്..

നന്ദി മിസ്റ്റര്‍ സെക്രട്ടറി.. വട്ടവിള ജയകുമാര്‍ കൊല്ലപ്പെട്ടതാണെന്ന വാര്‍ത്തയ്ക്കു പിന്നാലെയാണ് അദ്ദേഹം മരണം പ്രതീക്ഷിച്ചിരുന്നു എന്ന വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.. അദ്ദേഹത്തിനു വധഭീഷണി ഉണ്ടായിരുന്നു എന്നു വേണം നമ്മള്‍ അനുമാനിക്കാന്‍.. വട്ടവിളയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിലെ അവസ്ഥ എന്താണെന്നു നമുക്ക് നോക്കാം.. കുട്ടന്‍.. എന്താണവിടുത്തെ സ്ഥിതി ?

വല്‍സന്‍..വട്ടവിളയെ ആശുപത്രി അധികൃതര്‍ കൊന്നതാണെന്ന കൊലവിളി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വട്ടവിള ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ആശുപത്രി തല്ലിപ്പൊളിച്ചു കൊണ്ടിരിക്കുകയാണ്.. ഡോക്ടര്‍മാരെല്ലാവരും തന്നെ അടികൊണ്ടു വീണു കഴിഞ്ഞു.. ഫാന്‍സുകാര്‍ നഴ്സുമാരുടെ സാരിയഴിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ കാണുന്നത്.. അതേ സമയം, മോര്‍ച്ചറിയില്‍ വട്ടവിളയുടെ മൃതദേഹം കാണുന്നില്ല എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.. മോര്‍ച്ചറിയിലും ഐസിയുവിലുമില്ലെങ്കില്‍ വട്ടവിള പിന്നെവിടെപ്പോയി എന്ന ചോദ്യമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.. വട്ടവിളയുടെ ബന്ധുക്കളും ആശുപത്രിയിലില്ല..

കുട്ടാ.. കുട്ടാ.. ഞാന്‍ തിരിച്ചു വരാം.. വളരെ സുപ്രധാനമായ വാര്‍ത്ത നല്‍കാന്‍ തലസ്ഥാനത്തു നിന്ന് പി.പി.ഷിജു കാത്തു നില്‍ക്കുന്നു.. അവിടെ നിന്നുള്ള ദൃശ്യങ്ങളില്‍ പോലീസുകാരും ഫയര്‍ ഫോഴ്സും മടങ്ങിപ്പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്.. ക്വട്ടേഷന്‍ സംഘങ്ങളാണെന്നു തോന്നുന്നു..ഒരു സംഘമാളുകള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും ക്യാമറ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നതും കാണാം..ഷിജു, പറയൂ എന്താണ് അവിടെ നടക്കുന്നത് ?

വല്‍സാ.. ഇവിടെ ഇപ്പോള്‍ നടക്കുന്നത് നല്ല അടിയാണ്.. നാട്ടുകാരാണ് ഇവിടെയുള്ള മാധ്യമപ്രവര്‍ത്തകരെ അടിച്ചുകൊണ്ടിരിക്കുന്നത്… പ്രധാനമായും ഇതിനടിയില്‍ ആളുകളാരും ഇല്ല എന്ന വാര്‍ത്തയാണ് നമുക്കിപ്പോള്‍ നല്‍കാന്‍ കഴിയുന്നത്.. മറ്റൊരു സംഗതി കെട്ടിടം ഉടമ തന്നെ പഴയ കെട്ടിടം പൊളിച്ച് പുതിയത് പണിയുന്നതിനു വേണ്ടി ഈ പ്രദേശമെല്ലാം ഒഴിപ്പിച്ച ശേഷമാണ് കെട്ടിടം പൊളിച്ചത്.. അതിലുള്ള പ്രതിഷേധമാണ് ഇപ്പോള്‍ ഇവിടെ കാണുന്നത്.. മറ്റേ ചാനലിന്റെ റിപ്പോര്‍ട്ടര്‍ ശബ്ദം മാറ്റി സ്ളാബിനടിയില്‍ നിന്നാണെന്നു പറഞ്ഞ് നമ്മളെ പറ്റിച്ചതാവാനാണ് സാധ്യത എന്നും നമുക്കനുമാനിക്കാം..

നന്ദി ഷിജു.. ഇനി ഷിജുവിന്റെ സേവനം ആവശ്യമുണ്ടെങ്കില്‍ ഞാന്‍ വിളിക്കാം… വട്ടവിളയിലേക്കു നമുക്കു തിരിച്ചു വരാം.. എവിടെയാണ് വട്ടവിളയുടെ ഡെഡ്ബോഡി ? ഐസിയുവിലും മോര്‍ച്ചറിയിലുമില്ലാത്ത സ്ഥിതിക്ക് നമുക്ക് വട്ടവിളയുടെ വീട്ടിലേക്ക് ഒന്നു വിളിച്ചു നോക്കാം… ഹലോ.. വട്ടവിള ജയകുമാറിന്റെ വീടല്ലേ ?

അതെ…

പറയൂ.. എന്താണ് സംഭവിച്ചത് ? വട്ടവിള ജയകുമാറിന്റെ ശരീരം എവിടെയാണ് ?

ശരീരം ഇവിടെയുണ്ട്..

എങ്ങിനെ ? എങ്ങിനെയാണ് നിങ്ങള്‍ ശരീരം മാധ്യമങ്ങളുടെയും ആശുപത്രി അധികൃതരുടെയും കണ്ണുവെട്ടിച്ച് അവിടെ നിന്നു കടത്തിക്കൊണ്ടു വന്നത് ?

ചുമ്മാ.. കൂളായിട്ട് ഇങ്ങു കൊണ്ടു പോന്നു..

നിങ്ങള്‍ വ്യക്തമായി കാര്യങ്ങള്‍ പറയൂ… നിങ്ങള്‍ വട്ടവിളയുടെ ആരാണ് ?

വട്ടവിളയുടെ ആരുമല്ല..

വട്ടവിളയുടെ ആരെങ്കിലുമവിടെയുണ്ടെങ്കില്‍ ഫോണ്‍ കൊടുക്കൂ… ഭാര്യയോ മക്കളോ..

ഇല്ല.. അവരെല്ലാം ഒരു സിനിമയ്ക്കു പോയിരിക്കുകയാണ്..

ഈ സമയത്ത് സിനിമയ്ക്ക് പോകാനും അവര്‍ക്കു കഴിയുന്നു… നിങ്ങള്‍ വട്ടവിളയുടെ ആരുമല്ലെന്നു പറയുന്നു.. പിന്നെ നിങ്ങളാരാണ്..?

ഞാന്‍ തന്നെയാണെടാ നാറീ വട്ടവിള ജയകുമാര്‍.. നീ ടിവിയില്‍ കൂടി പറയുന്നതൊക്കെ ഇവിടെ കേട്ടുകൊണ്ടിരിക്കുകയായിരുന്നു.. ഇന്നലെ ജലദോഷത്തിനു മരുന്നു വാങ്ങാന്‍ ആശുപത്രി വരെ പോയ എന്നെ നീയൊക്കെ കൊന്നു.. ഇക്കണക്കിനു ഞാന്‍ ശരിക്കും ചത്താല്‍ നീയൊക്കെ കൂടി എന്റെ ശവം കുത്തിക്കീറി ചാനലില്‍ കാണിക്കുമല്ലോടാ കള്ളനായി…

സാങ്കേതികത്തകരാറു മൂലം ലൈന്‍ ഡിസ്കണക്ടായിരിക്കുകയാണ്… ഇനിയൊരിടവേള.. ഇടവേളയ്്ക്കു ശേഷം…
തലസ്ഥാനത്ത് കെട്ടിടം ഇടിഞ്ഞു വീണ് അളുകള്‍ അടിയില്‍ കുടുങ്ങിയെന്ന പ്രചരണം പരിഭ്രാന്തി പരത്തി…
സൂപ്പര്‍ സ്റ്റാര്‍ വട്ടവിള ജയകുമാറിന്റെ ഫാന്‍സ് ആശുപത്രി തല്ലിത്തകര്‍ത്തു….
ടങ് ടടേണ്‍..!