പൊടി പോലുമില്ല കണ്ടു പിടിക്കാന്‍

250 ടണ്‍ ഭാരവും 60 മീറ്ററിലേറെ നീളവുമുള്ള കൂറ്റന്‍ വിമാനം ഒരാഴ്ചയായി 12 രാജ്യങ്ങള്‍ എല്ലാ ആധുനികസംവിധാനങ്ങളും ഉപയോഗിച്ച് അരിച്ചുപെറുക്കിയിട്ടും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. ഭയാനകവും അങ്ങേയറ്റം ആശങ്കാജനകവുമായ ഒരു വിമാനറാഞ്ചലിലൂടെ ലോകം കടന്നുപോകുമ്പോള്‍ ആധുനികസാങ്കേതികവിദ്യയുടെ ഉപകരണങ്ങളെല്ലാം തന്ത്രശാലിയായ വിമാനറാഞ്ചിയുടെ കുശാഗ്രബുദ്ധിക്കു മുന്‍പില്‍ പരാജയപ്പെടുകയാണ്.

വ്യോമയാന ചരിത്രത്തിലെ ഏറ്റവും ദുരൂഹമായ സംഭവമായി മലേഷ്യന്‍ എയര്‍ലൈന്‍സ് എംഎച്ച് 370 എന്ന ബോയിങ് 777 യാത്രാവിമാനത്തിന്റെ തിരോധാനം ഊഹാപോഹങ്ങളും തെളിവുകളില്ലാത്ത സൂചനകളും മാത്രമായി രണ്ടാം വാരത്തിലേക്കു കടക്കുകയാണ്. 239 മനുഷ്യാത്മാക്കളുമായി വിമാനം ഒരദ്ഭുതമായി തിരികെ വരട്ടെ എന്നു പ്രത്യാശിക്കുമ്പോള്‍ തന്നെ ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍ അതിനുള്ള സാധ്യതകള്‍ വിരളമാണെന്നു പറയാം.

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ മലേഷ്യയിലെ ക്വാലലംപൂരില്‍ നിന്നു ബെയ്ജിങ്ങിലേക്കു പറന്നുയര്‍ന്ന വിമാനത്തിന് എന്തു സംഭവിച്ചു എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതവും അസ്വാഭാവികതകളിലെ ഏറ്റവും സ്വാഭാവികവുമായ ഉത്തരങ്ങളെല്ലാം തെറ്റാണെന്നു വിലയിരുത്തപ്പെട്ടിരിക്കുന്നു. വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ട സമയത്തു തന്നെ വിമാനം അപകടത്തില്‍പ്പെട്ടു തകരുകയോ കത്തിയമരുകയോ കടലില്‍ പതിക്കുകയോ ചെയ്തിരിക്കാമെന്ന ആദ്യത്തെ സാധ്യത പുതിയ വഴിത്തിരിവുകളോടെ ഇല്ലാതായിരിക്കുന്നു.

വാര്‍ത്താവിനിമയ ബന്ധം വിച്ഛേദിച്ചതിനു ശേഷം റൂട്ടുമാറിപ്പിടിച്ച വമാനം നാലോ അഞ്ചോ മണിക്കൂര്‍ പറന്ന് എങ്ങോട്ടു പോയി എന്ന ചോദ്യമാണ് ഉത്തരം തേടുന്നത്. ഒപ്പം ആര് എന്തിന് തുടങ്ങി അനേകം ചോദ്യങ്ങളും. ചൈനയ്ക്കു പോകേണ്ട വിമാനം ഇന്ത്യയെ ലക്ഷ്യമാക്കി തിരിച്ചത് എന്തിന് ? ആരാണ് വിമാനം ആ സമയത്ത് നിയന്ത്രിച്ചിരുന്നത് ? വിമാനം എത്ര ദൂരം സഞ്ചരിച്ചിട്ടുണ്ടാവും ? ഇപ്പോള്‍ വിമാനം എവിടെയുണ്ടാവും ?

ഇതുവരെയുള്ള അന്വേഷണത്തില്‍ നിന്നും അധികൃതര്‍ മുന്നോട്ടു വയ്ക്കുന്ന സൂചനകളില്‍ നിന്നു മനസ്സിലാക്കാവുന്നത് വിമാനത്തിലെ വാര്‍ത്താവിനിമയ ബന്ധം വിഛേദിക്കുന്നതു മുതലുള്ള ഓരോ നീക്കവും വിമാനത്തിന്റെ ക്യാപ്റ്റന്‍ തന്നെയാണ് നടത്തിയിട്ടുള്ളത് എന്നാണ്. കാരണം, ഒരു സാധാരണ പൈലറ്റിന് അറിയാവുന്നതിനപ്പുറം ആഴത്തില്‍ കാര്യങ്ങളറിയാവുന്ന ഫ്‌ളൈറ്റ് എന്‍ജിനീയറിങ് വിദഗ്ധനു മാത്രം ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ കഴിയുന്ന വിധം സങ്കീര്‍ണമായ കാര്യങ്ങളാണ് എംഎച്ച് 370 വിമാനത്തില്‍ നടന്നിട്ടുള്ളത്. 1981ല്‍ കരിയര്‍ ആരംഭിച്ച എംഎച്ച് 370ലെ 53കാരനായ ക്യാപ്റ്റന്‍ 18000 മണിക്കൂറിലധികം വിമാനം പറത്തിയിട്ടുണ്ട്. മികച്ച ഫ്്‌ളൈറ്റ് ഇന്‍സ്ട്രക്ടര്‍ കൂടിയായ അദ്ദേഹം ഒരു വൈമാനികന്‍ അറിയേണ്ടതിലേറെ വിവരം അറിയാവുന്ന ബുദ്ധിജീവിയുമാണ്. അദ്ദേഹം വിമാനം അറിഞ്ഞുകൊണ്ട് അപകടത്തില്‍പ്പെടുത്തുകയോ അതിനു കൂട്ടുനില്‍ക്കുകയോ ചെയ്തതാവാം, അല്ലെങ്കില്‍ അപകടം മുന്നില്‍ കണ്ട് അതൊഴിവാക്കുന്നതിനു വേണ്ടി വളരെ തന്ത്രപരമായി ഒരു നിലപാടെടുത്തതാവാം.

27കാരനായ സൈഹപൈലറ്റ് 2007ലാണ് മലേഷ്യന്‍ എയര്‍ലൈന്‍സില്‍ ജോലി ചെയ്തു തുടങ്ങുന്നത്. 2000 മണിക്കൂര്‍ വിമാനം പറത്തിയിട്ടുള്ള അദ്ദേഹം 2011ല്‍ രണ്ടു സ്ത്രീകളെ കോക്പിറ്റിലേക്കു ക്ഷണിച്ചു പഞ്ചാരയടിക്കുകയും പുകവലിക്കുകയും ചെയ്തു എന്ന വിവരം അന്നു പഞ്ചാരയടിക്കപ്പെട്ടവളിലൊരുവള്‍ ഇപ്പോള് വെളിപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിങ് ക്യൂവില്‍ നിന്നു രണ്ടു പൈലറ്റുമാര്‍ ഈ സ്ത്രീകളെ കോക്പിറ്റില്‍ തങ്ങളോടൊപ്പം യാത്ര ചെയ്യാന്‍ ക്ഷണിക്കുകയും എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തിക്കൊണ്ട് അവരോടൊപ്പം പറക്കുകയും ചെയ്തു എന്നതാണ് ഇപ്പോള്‍ കത്തിപ്പടരുന്ന വിവാദം. എന്നാല്‍, എംഎച്ച് 370 വളരെ നന്നായറിയാവുന്ന, സ്ഥിരം സഞ്ചാരപാതയറിയാവുന്ന അതിവദഗ്ധനായ ഒരു വൈമാനികന്റെ നിയന്ത്രണത്തില്‍ അരങ്ങേറിയ റാഞ്ചല്‍ ആണ് ഇപ്പോഴും അവസാനിക്കാത്ത ദുരൂഹതയ്ക്കു വഴിവച്ചിരിക്കുന്നത് എന്ന് അന്വേഷകര്‍ പറയുമ്പോള്‍ സംശയം നീളുന്നത് പ്രഗല്‍ഭനായ ക്യാപറ്റനു നേര്‍ക്കു തന്നെയാണ്. ഏതെങ്കിലും തരത്തില്‍ സംശയാസ്പദമായ പശ്ചാത്തലമുള്ള ഒരു യാത്രക്കാരന്‍ പോലും ആ വിമാനത്തിലുണ്ടായിരുന്നില്ല എന്ന് അധികൃതര്‍ പറയുമ്പോള്‍ ക്യാപ്റ്റന്‍ അല്ലാതെ ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന മറ്റൊരാള്‍ ആ വിമാനത്തിലുണ്ടായിരുന്നില്ല എന്നാണ് അര്‍ഥമാക്കുന്നത്.

വാര്‍ത്താവിനിമയംബന്ധം വിച്ഛേദിക്കുന്നതുള്‍പ്പെടെ നിര്‍ണായകമായ വഴിത്തിരിവിനു തിരഞ്ഞെടുത്ത സ്ഥലം മുതല്‍ എല്ലാം അവിടേക്കു വിരല്‍ ചൂണ്ടുന്നതാണ്. മിലിട്ടറി, സിവിലിയന്‍ റെഡാറുകള്‍ക്ക് ഏറ്റവും റേഞ്ച് കുറവുള്ള സ്ഥലത്തുവച്ചാണ് എംഎച്ച് 370ലെ ട്രാന്‍സ്‌പോണ്ടര്‍ ഓഫ് ചെയ്തിരിക്കുന്നത്. വിമാനത്തിന്റെ ലൊക്കേഷനും ആള്‍റ്റിറ്റിയൂടുമെല്ലാം റിപ്പോര്‍ട്ട് ചെയ്യുന്ന ട്രാന്‍സ്‌പോണ്ടര്‍ ആദ്യം ഓഫ് ചെയ്യാനുള്ള തീരുമാനം ഈ ദുരൂഹതയിലെ ഏറ്റവും തന്ത്രപ്രധാനമായ നീക്കമാണ്. തുടര്‍ന്ന് വഴിതിരിയുന്ന വിമാനം ചൈനയ്ക്കു പകരം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ലക്ഷ്യമാക്കി നീങ്ങുന്നു. ആ യാത്രയും തന്ത്രപരമാണ്. അതുവരെ 35000 അടി ഉയരത്തില്‍ സഞ്ചരിച്ചിരുന്ന വിമാനം പിന്നീട് സഞ്ചരിച്ചത് അനുവദനീയമായ ഉയരത്തിനെക്കാള്‍ ഏറെ ഉയര്‍ന്ന് 45,000 അടി മുകളില്‍. പിന്നീട് 23,000 അടിവരെ താഴ്ന്നു പറന്ന വിമാനം ഇതെല്ലാം ചെയ്തത് റഡാറുകളെ കണ്ണില്‍പ്പെടാതെയും സ്ഥിരം സഞ്ചാരപാതകളില്‍ നിന്നു മാറി നില്‍ക്കുന്നതിനും വേണ്ടിയാണ്.

അതുകൊണ്ടു തന്നെയാണ് മലേഷ്യന്‍ മിലിട്ടറി റഡാറിലും മറ്റൊരു സിവിലിയന്‍ റഡാറിലും പതിഞ്ഞ തിരിച്ചറിയാന്‍ കഴിയാത്ത വിമാനം എംഎച്ച് 370 തന്നെയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നത്. ഓള്‍റൈറ്റ്, ഗുഡ്‌നൈറ്റ് എന്നാശംസിച്ചതിനു ശേഷം അജ്ഞാതമായ ഏതു ദൗത്യം നിറവേറ്റാനാണ് 239 മനുഷ്യരെയുമായി ആ വിമാനം പറന്നത് ?

വിമാനങ്ങള്‍ ട്രാക്ക് ചെയ്യുന്നതിനുള്ള ബോയിങ്ങിന്റെ ഉപഗ്രഹസേവനം മലേഷ്യന്‍ എയര്‍ലൈന്‍സ് സബ്‌സ്‌ക്രൈബ് ചെയ്തിരുന്നില്ലെങ്കിലും വിമാന എന്‍ജിന്‍ ഓരോ മണിക്കൂറിലും നല്‍കുന്ന ഡിജിറ്റല്‍ പള്‍സ് മനസ്സിലാക്കിയാണ് അപ്രത്യക്ഷമായതിനു ശേഷവും വിമാനം മണിക്കൂറുകളോളം പറന്നു എന്നത് തീര്‍ത്തു പറയുന്നത്. ഊഹാപോഹങ്ങള്‍ക്കിടയില്‍ തെളിവോടെ ചൂണ്ടിക്കാണിക്കാന്‍ കഴിയുന്ന അപൂര്‍വം ചില വിവരങ്ങളിലൊന്നാണ് ആദ്യം മലേഷ്യന്‍ അധികൃതര്‍ തള്ളിക്കളയുകയും ഇപ്പോള്‍ അംഗീകരിക്കുകയും ചെയ്തിരിക്കുന്ന ഈ രഹസ്യപ്പറക്കല്‍.

തുടര്‍ന്ന് വിമാനത്തിന് എന്തു സംഭവിച്ചു എന്നതാണ് ലോകം ആകാംക്ഷയോടെ ചോദിച്ചുകൊണ്ടിരിക്കുന്നത്. റൂട്ടുമാറി പറക്കുന്നതിലൂടെ സ്വാഭാവികമായും നേരിടേണ്ടി വരുന്ന പ്രതിസന്ധികളില്‍ പെട്ട് തകര്‍ന്നോ അതോ റാഞ്ചിയവര്‍ ലക്ഷ്യമിട്ട സ്ഥലത്തു തന്നെ അതിറക്കിയോ ? അതോ പലരും ആശങ്കപ്പെടുന്നതുപോലെ മറ്റേതോ അപകടകരമായ ലക്ഷ്യത്തിനു വേണ്ടി ഈ കൂറ്റന്‍ വിമാനം എവിടെയെങ്കിലും ഒളിപ്പിച്ചിരിക്കുകയാണോ ?

ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെവിടെയോ വിമാനം ഇറങ്ങിയിട്ടുണ്ടാവാം എന്നു വാദിക്കുന്നത് വിമാനത്തില്‍ നി്ന്നുള്ള പള്‍സിന്റെ ദിശവച്ചുള്ള ഊഹാപോഹം മാത്രമാണ്. മറ്റൊന്ന് ഇന്ത്യയ്ക്കു മുകളിലൂടെ ശ്രദ്ധയില്‍പ്പെടാതെ ഇത്തരമൊരു വിമാനത്തിന് പറന്നുപോകാന്‍ കഴിയില്ല എന്നതാണ്. പിന്നെ എവിടെ ? ആള്‍പ്പാര്‍പ്പില്ലാത്ത ആന്‍ഡമാന്‍ ദ്വീപുകളിലൊന്നില്‍ 239 ബന്ദികളുമായി വിമാനം ഇറങ്ങിയിട്ടുണ്ടാവുമോ ? സാധ്യത തള്ളിക്കളയാനാവില്ല. എംഎച്ച് 370 അടിസന്തരഘട്ടം വന്നാല്‍ നടുറോഡില്‍ പോലും ഇറക്കാന്‍ കഴിയുന്ന വിമാനമാണെന്നിരിക്കെ റണ്‍വേയില്ലാതെ ആന്‍ഡമാന്‍ ദ്വീപില്‍ ഇറക്കാന്‍ ഒരു പ്രയാസവുമില്ല. വിമാനത്തിലുള്ള ഇന്ധനം ഉപയോഗിച്ച് 30000 അടി ഉയരത്തില്‍ പരമാവധി പറക്കാന്‍ കഴിയുന്ന 3000 മൈല്‍ ദൂരം കണക്കിലെടുത്താണ് ആന്‍ഡമാനിലേക്കു വിലര്‍ ചൂണ്ടുന്നത്.

എന്നാല്‍ വിവിധ ഉയരങ്ങളില്‍ തന്ത്രപരമായി പറന്ന വിമാനം സാധാരണ യാത്രയിലെ വേഗത്തില്‍ പറക്കില്ല എന്നിരിക്കെ വിമാനം ഇന്ധനം തീര്‍ന്ന് കടലില്‍ പതിച്ചിരിക്കാനാണ് സാധ്യത. അല്ലെങ്കില്‍, അങ്ങനെ പതിക്കണം എന്നു തീരുമാനിച്ചുറച്ചു തന്നെയാവണം വിമാനം വഴിതിരിഞ്ഞത്. മറ്റൊരു വഴിക്കും പോകാതെ ഈ വഴി തന്നെ തിരഞ്ഞെടുത്ത് ബ്ലാക്ക് ബോക്‌സ് പോലും ഒരിക്കലും വീണ്ടു കിട്ടരുത് എന്നതുകൊണ്ടു തന്നെയാവണമെന്നും നിരീക്ഷിക്കപ്പെടുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ 250 ടണ്‍ ഭാരവും 60 മീറ്റര്‍ നീളവുമുള്ള കൂറ്റന്‍ മലേഷ്യന്‍ വിമാനം ഒരു ചെറുമീനാണ്.

ബിറ്റ് കോയ്ന്‍: എന്തൊക്കെയായിരുന്നു !!!

നാണയങ്ങള്‍ക്കിടിയിലെ ആം ആദ്മിയായിരുന്നു ബിറ്റ്‌കോയ്ന്‍. സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ ഇടപെടലുകളില്ലാതെ പൂര്‍ണമായ സ്വാതന്ത്ര്യവും സുതാര്യതയും സുരക്ഷിതത്വവും അവകാശപ്പെട്ടിരുന്ന ബിറ്റ്‌കോയ്ന്‍ ഒടുവില്‍ ന്യൂജനറേഷന്‍ സിനിമ പോലെ പ്രതിസന്ധിയിലാണ്. ഒരു പക്ഷെ, കരുത്തുനേടി ശക്തമായ ഒരു തിരിച്ചുവരവ് നടത്തിയേക്കാം. മറിച്ചാണെങ്കില്‍ സര്‍ക്കാര്‍-ബാങ്കിങ് സ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളില്‍പ്പെട്ട് മെല്ലെ മെല്ലെ വിശ്വാസ്യത നഷ്ടപ്പെട്ട് അസ്തമിച്ചുപോയേക്കാം.

ആയിരം ഡോളര്‍ വരെ ഉയര്‍ന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ തളര്‍ച്ചയിലാണ്. എന്നാല്‍, യഥാര്‍ഥ പ്രശ്‌നം ബിറ്റ്‌കോയ്ന്‍ നെറ്റ്‌വര്‍ക്ക് എത്രത്തോളം സുരക്ഷിതമാണ് എന്നതാണ്. അതോടൊപ്പം തന്നെ ബിറ്റ്‌കോയ്ന്‍ ഒരു നാണയമെന്ന നിലയില്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യത കുറഞ്ഞുവരുന്നതും സ്വതന്ത്ര്യ-വിര്‍ച്വല്‍ കറന്‍സിയുടെ ഭാവിയെക്കുറിച്ച് ആശങ്കകളുണര്‍ത്തുന്നുണ്ട്. ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ഭരണകൂടഭീകരതയെ കുറ്റം പറയുകയും ചെയ്യുന്നതിനപ്പുറം സാധാരണക്കാര്‍ക്ക് വിശ്വസിക്കാവുന്ന തരത്തില്‍ ബിറ്റ്‌കോയ്‌നെ കരുത്തുറ്റതാക്കാന്‍ അതിന്റെ ഉപജ്ഞാതാക്കള്‍ക്കും സംരക്ഷകര്‍ക്കും കഴിയുന്നില്ലെങ്കില്‍ ഭാവി ശോഭനമാവില്ല എന്നു പറയേണ്ടി വരും.

വിവിധ സര്‍ക്കാരുകള്‍ ബിറ്റ്‌കോയ്‌നുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് പ്രധാന ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചായ ജപ്പാന്‍ ആസ്ഥാനമായ മൗണ്ട് ഗോക്‌സ് അടച്ചുപൂട്ടിയത്. ഹാക്കര്‍മാര്‍ മൗണ്ട് ഗോക്‌സ് നെറ്റ്‌വര്‍ക്കില്‍ കടന്നുകയറി ഒരു കോടിയോളം ഉപയോക്താക്കളുടെ 2400 കോടിയോളം രൂപ വിലവരുന്ന പതിനായിരക്കണക്കിനു ബിറ്റ്‌കോയ്‌നുകളാണ് മോഷ്ടിച്ചത്. ഇന്‍ഷുറന്‍സ് പരിരക്ഷയൊന്നുമില്ലാത്തതിനാല്‍ മൗണ്ട് ഗോക്‌സ് പാപ്പര്‍ ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തതോടെ കാശുപോയവര്‍ക്ക് കാശുപോയി എന്നത് അംഗീകരിക്കുകയല്ലാതെ വേറെ വഴിയൊന്നുമില്ല. ഏറ്റവുമധികം വിനിമയം നടന്നിരുന്ന എക്‌സേഞ്ച് ആയിരുന്നു മൗണ്ട് ഗോക്‌സ്.

മൗണ്ട് ഗോക്‌സ് പൂട്ടിയതോടെ ജപ്പാന്‍ സര്‍ക്കാരിനും വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടതായി വന്നു. ജപ്പാന്‍ മന്ത്രിസഭയുടെ പുതിയ നിലപാട് അനുസരിച്ച് ബിറ്റ്‌കോയ്ന്‍ ഒരു നാണയമല്ല. ബാങ്കുകള്‍ അവരുടെ ഒരു ഉല്‍പന്നമെന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ബിറ്റ്‌കോയ്ന്‍ വില്‍ക്കാന്‍ പാടില്ലെന്നും ജപ്പാന്‍ സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. നാണയമല്ലാതായ ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ക്ക് മറ്റേത് ഉല്‍പന്നങ്ങള്‍ക്കുമുള്ളതുപോലെ നികുതിയും ഈടാക്കാനാണ് തീരുമാനം. ഇത് ബിറ്റ്‌കോയ്‌ന് ഒരു നല്ല നാളെ വരുമെന്നുള്ള സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയാണ്. റഷ്യയിലും ചൈനയിലും നേരത്തെ തന്നെ ബിറ്റ്‌കോയ്‌ന് നാണയം എന്ന പദവി നഷ്ടപ്പെട്ടിരുന്നു. യുകെയില്‍ ബിറ്റ്‌കോയ്‌ന് 20 ശതമാനം വാറ്റ് ഏര്‍പ്പെടുത്താനാണ് നീക്കം. നാണയമെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന യുഎസിലാകട്ടെ നിയന്ത്രണങ്ങള്‍ക്കു വേണ്ടി സെനറ്റര്‍മാര്‍ മുറവിളി കൂട്ടുന്നുമുണ്ട്.

മൗണ്ട് ഗോക്‌സിന് സംഭവിച്ചത് ഒറ്റപ്പെട്ട ദുരന്തമാണെന്നും അതൊരിക്കലും ബിറ്റ്‌കോയിന്റെ വിശ്വാസത്യതയെ ചോദ്യം ചെയ്യില്ലെന്നുമായിരുന്നു ബാക്കിയുള്ള ബിറ്റ്‌കോയ്ന്‍ എക്‌സ്‌ചേഞ്ചുകള്‍ സംയുക്തപ്രസ്താവനയില്‍ പറഞ്ഞത്. എന്നാല്‍, കാനഡ ആസ്ഥാനമായുള്ള ഫ്‌ളെക്‌സ്‌കോയ്്ന്‍ എക്‌സ്‌ചേഞ്ചും പൂട്ടിയതോടെ വാഗ്ദാനങ്ങളും ഉറപ്പുകളും ജലരേഖകളായി. ഹാക്കിങ്ങിനെ തുടര്‍ന്ന് ലക്ഷക്കണക്കിനു രൂപയുടെ ബിറ്റ്‌കോയ്‌നുകള്‍ നഷ്്ടമായതിനെ തുടര്‍ന്നാണ് ഫ്‌ളെക്‌സ്‌കോയ്്‌നും പൂട്ടിയത്. ലോകത്ത് ആദ്യമായി ബിറ്റ്‌കോയ്ന്‍ എടിഎം മെഷീന്‍ സ്ഥാപിച്ചു ചരിത്രം സൃഷ്ടിച്ച രാജ്യമായിരുന്നു കാനഡ. മറ്റൊരു ബിറ്റ്‌കോയന്‍ എക്‌സ്‌ചേഞ്ച് സ്ഥാപകയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

ഈ സമയത്താണ് ഏറെ മഹത്വവല്‍ക്കരിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ സ്ഥാപകന്‍ ഡോറിയന്‍ പ്രെന്റിസ് സതാഷോ നകാമോട്ടോ ഏതു ബിറ്റ്‌കോയ്ന്‍ എന്തു ബിറ്റ്‌കോയ്ന്‍ എന്നു ചോദിച്ചു പൊട്ടന്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ബിറ്റ്‌കോയ്‌നെക്കുറിച്ച് തനിക്കൊന്നും അറിയില്ല എന്നതാണ് നകാമോട്ടോയുടെ നിലപാട്. ഒന്നുകില്‍ ആ നകാമോട്ടോ അല്ല ഈ നകാമോട്ടോ. അല്ലെങ്കില്‍ ഈ നകാമോട്ടോ ബിറ്റ്‌കോയ്‌നുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു കഴിഞ്ഞു. അതുമല്ലെങ്കില്‍ തന്റെ ബിറ്റ്‌കോയ്ന്‍ ബന്ധം മറച്ചുവയ്ക്കുന്നതിനു വേണ്ടി അദ്ദേഹം പൊട്ടന്‍കളിക്കുന്നു. എന്തായാലും മഹത്തായ ഒരു ജാപ്പനീസ് പിതൃത്വം അവരോധിച്ചിരുന്ന ബിറ്റ്‌കോയ്ന്‍ ഇപ്പോള്‍ ഒരു ബാസ്റ്റാഡ് നാണയമായി മാറിയിരിക്കുകയാണ്.

സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നതാണ് ബിറ്റ്‌കോയ്ന്‍ ഇടപാടുകളെ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നമ്മളോടു പറഞ്ഞിരിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി ബിറ്റ്‌കോയ്ന്‍ ഇടപാടുകള്‍ വളരെ സജീവമായി ഇപ്പോഴും മുന്നോട്ടു പോകുന്നുണ്ട്. രാജ്യാന്തരതലത്തില്‍ ബിറ്റ്‌കോയ്ന്‍ പ്രതിസന്ധി നേരിടുമ്പോള്‍ ലഹരിമരുന്ന്-മനുഷ്യക്കടത്ത് മാഫിയകളുടെ പ്രിയപ്പെട്ട നാണയമായി മാറിക്കൊണ്ടിരിക്കുന്ന ബിറ്റ്‌കോയ്‌നുമേല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള സാധ്യത വര്‍ധിച്ചുവരികയാണ്. ഇതു ന്യൂജനറേഷന്‍ സാധനമാണെന്നു കരുതി ചാടി വീഴുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വട്ടം ആലോചിക്കുന്നതില്‍ തെറ്റില്ല എന്നു ചുരുക്കം.

ബിറ്റ്‌കോയ്‌നെപ്പറ്റി കാര്യമായി അറിയാത്തവര്‍ക്ക് അതിനെപ്പറ്റി വ്യക്തമായി മനസ്സിലാക്കാന്‍, ബിറ്റ്‌കോയ്‌ന്റെ പ്രവര്‍ത്തനം മനസ്സിലാക്കാന്‍ ഈ വിഡിയോ സഹായകമാകും എന്നു കരുതുന്നു.

ചൈനാഭിമാനം

പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് ഇതാദ്യമായല്ല ഒരു വിദേശപര്യടനം നടത്തുന്നത്. വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും വിവിധയിനം കരാറുകളിലും ഉപകരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കുകയും ചെയ്തിട്ടുള്ളയാളാണ് നമ്മുടെ പ്രധാനമന്ത്രി. അത്തരം സന്ദര്‍ശനങ്ങളെയും ധാരണകളെയും കരാറുകളെയും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും വിശകലനം ചെയ്യുന്നതുമൊക്കെ വ്യത്യസ്തമായ രീതിയിലാണ്. അവരവരുടെ രാഷ്ട്രീയവും അറിവുമൊക്കെ അനുസരിച്ചാണ് ഇത്തരം വിശകലനങ്ങളും മറ്റും ഉണ്ടാവുന്നത്. ശക്തമായ ഒരു രാഷ്ട്രീയനിലപാടുള്ള പത്രമാണ് ദേശാഭിമാനി. സിപിഐ(എം) എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ മുഖപത്രമെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ വിവിധ വിദേശയാത്രകളെയും ധാരണകളെയുമൊക്കെ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ടുള്ള ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗം കണ്ടപ്പോള്‍ പ്രത്യേകതരം രോമാഞ്ചം തോന്നി.

ഞങ്ങള്‍ സന്തോഷിക്കുന്നു, അഭിമാനിക്കുന്നു” – എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ചിരിക്കുന്ന മുഖപ്രസംഗം പ്രധാനമന്ത്രിയുടെ ചൈനാസന്ദര്‍ശനത്തെപ്പറ്റിയുള്ളതാണ്. ഡോ.മന്‍മോഹന്‍ സിങ് ചൈന സന്ദര്‍ശിക്കുകയും ചൈനയുമായി കരാറുകളില്‍ ഒപ്പിടുകയും ചെയ്തതിലുള്ള സന്തോഷവും അഭിമാനവും പങ്കുവയ്ക്കുന്നതോടൊപ്പം ”ഞങ്ങളുടെ” ദേശാഭിമാനത്തെ സംശയിക്കുന്നവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നതാണ് പത്രത്തിന്റെ മുഖപ്രസംഗം. മുഖപ്രസംഗത്തില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്ന ‘ഞങ്ങള്‍’ മറ്റ് ഇന്ത്യക്കാരില്‍ നിന്നും ഇവരെ എങ്ങനെ വ്യത്യസ്തരാക്കുന്നു എന്നത് മനസ്സിലാകുന്നില്ല. രസകരമായ മുഖപ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍ നോക്കാം.

”ഇന്ത്യയും ചൈനയും അയല്‍രാജ്യങ്ങളാണ്. ലോകത്തില്‍ ജനസംഖ്യയില്‍ ഒന്നാമത്തെ രാജ്യമാണ് ചൈന. രണ്ടാമത്തെ രാജ്യം ഇന്ത്യ. സാമ്പത്തികവളര്‍ച്ചയില്‍ ഇപ്പോള്‍ രണ്ടാംസ്ഥാനമാണ് ചൈനയ്ക്കുള്ളത്. അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരംപ്രതി അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണ്. അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും.”

– ഇത്രയും ഒറ്റശ്വാസത്തില്‍ വായിച്ചുകഴിയുമ്പോള്‍ സ്വാഭാവികമായും ആശയസമ്പുഷ്ടത കൊണ്ട് ഒരു വികാരത്തളളല്‍ അനുഭവപ്പെടും. മുഖപ്രാസംഗികന്റെ പ്രണയം പൂര്‍ണമായും ചൈനയോടാണെന്നതു വെളിവായിപ്പോകുന്ന എഴുത്ത്. അത് മറയ്ക്കാനുള്ള പരിശ്രമങ്ങള്‍ മുഴച്ചുനില്‍ക്കുന്നതിന്റെ പൊരുത്തക്കേടുകള്‍ വേറെയും. ഉദാഹരണത്തിന്, സാമ്പത്തികവളര്‍ച്ചയില്‍ രണ്ടാം സ്ഥാനത്തുള്ള ചൈന അനതിവിദൂരഭാവിയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്നു പ്രതീക്ഷിക്കുന്ന ലേഖകന്‍ അമേരിക്കന്‍ സാമ്രാജ്യത്വനയം അക്ഷരം പ്രതി അംഗീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇന്ത്യ കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്നു എന്നത് സത്യമാണെന്നു സമര്‍ഥിക്കുന്നു. ചൈന ഉടനെ ഒന്നാമതെത്തുമെന്നു പറയുന്ന മുഴക്കത്തോടെയാണ് അമേരിക്ക പറയുന്നതു കേള്‍ക്കുന്ന ഇന്ത്യ പ്രതിസന്ധിലാണെന്നും സ്ഥാപിക്കുന്നത്.

അടുത്ത വാചകം കുറച്ചുകൂടി സങ്കീര്‍ണമാണ്. ‘അമേരിക്കയുമായുള്ള അന്ധമായ ബന്ധം ഉപേക്ഷിച്ചാല്‍ ആഭ്യന്തരപ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും ഇന്ത്യയ്ക്കും സാമ്പത്തികവളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്’- ആരു കരുതുന്നത് എന്നൊന്നുമില്ല. ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് അമേരിക്കയുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ ഇന്ത്യയ്ക്കും ചൈനയെപ്പോലെയാകാം എന്നു പറയുന്നത് ആരു തന്നെയായാലും അത് ഹോട്ട്‌ഡോഗ് ആണെന്നു കരുതി നാടന്‍പട്ടിയെ ചുട്ടുതിന്നാന്‍ ആഹ്വാനം ചെയ്യുന്നതിനു തുല്യമാണ്. അതുപോലെ തന്നെ, ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷത്തിന്റെയും ഏറ്റുമുട്ടലിന്റെയും പാത സ്വീകരിക്കുന്നത് ആത്മഹത്യാപരമായിരിക്കും എന്നു പറയുന്നതിലൂടെ ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയാല്‍ ചൈനയേ ജയിക്കൂ എന്നു സൂചിപ്പിക്കുന്നുമുണ്ട്. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തിയെ വളരെ ലാഘവത്തോടെ നിരീക്ഷിക്കുന്ന മുഖപ്രസംഗതില്‍ 1962ലെ ഇന്ത്യാ-ചൈനാ യുദ്ധത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്- ‘ 1962ല്‍ ചൈന ഇന്ത്യയുടെ അതിര്‍ത്തി കടന്നു എന്നത് നേരാണ്. അതൊഴിവാക്കേണ്ടതായിരുന്നു. അവര്‍ സ്വമേധയാ തിരിച്ചുപോവുകയുംചെയ്തു.’ – കൂള്‍ ഗൈസ് !

ചൈന ഇന്ത്യയുടെ അതിര്‍ത്തി ഭേദിക്കുകയും അയല്‍രാജ്യമെന്ന മര്യാദകള്‍ ലംഘിക്കുകയുമൊക്കെ ചെയ്തതിനെ ‘തമസ്‌കരിക്കുന്ന’ മുഖപ്രസംഗം ചൈനയുമായി സഹകരണത്തിനു ഇന്ത്യ നേരത്തെ തയ്യാറാവാത്തതിലെ പോരായ്മകളാണ് എടുത്തുപറയുന്നത്. ഒടുവില്‍ മന്‍മോഹന്‍സിങ്ങിന്റെ ചൈനാസന്ദര്‍ശനവും കരാര്‍ ഒപ്പിടലുമൊക്കെ അഭിമാനിക്കാനുള്ള വകയാവുന്നത് കരാറുകള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കിയിട്ടാണോ അതോ മന്‍മോഹന്‍സിങ് അങ്ങോട്ടു പോയി കരാര്‍ ഒപ്പിട്ടതുകൊണ്ടാണോ എന്നു പോലും സംശയം തോന്നും.

മുഖപ്രസംഗം അവസാനിക്കുന്നത് ഇങ്ങനെയാണ്- ‘ ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒമ്പത് കരാറുകള്‍ ഒപ്പിട്ടതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു; അഭിമാനിക്കുന്നു. ഇപ്പോഴെങ്കിലും സിപിഐ എം ആര്‍ക്കും ചോദ്യംചെയ്യാന്‍ കഴിയാത്ത രാജ്യസ്‌നേഹവും ദീര്‍ഘവീക്ഷണവും ഉള്ള പാര്‍ടിയാണെന്ന് അംഗീകരിക്കണം. അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ഒഴിവാക്കാനും സേനകള്‍ തമ്മില്‍ വിശ്വാസം ഉറപ്പിക്കാനും ഇന്ത്യയും ചൈനയും നിര്‍ണായകമായ അതിര്‍ത്തിപ്രതിരോധ സഹകരണകരാറില്‍ (ബിഡിസിഎ) ഒപ്പിട്ടതിലുള്ള സന്തോഷവും അഭിമാനവും ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നു. സിപിഐ എം ആണ് ശരിയെന്ന് ജനങ്ങള്‍ അംഗീകരിക്കുമെന്ന് ഞങ്ങള്‍ക്കുറപ്പുണ്ട്.’

പണ്ട് ആരോ കമ്യൂണിസ്റ്റ്ുകാരെ ചൈനീസ് ചാരന്‍മാര്‍ എന്നു വിളിച്ചു എന്നു മുഖപ്രസംഗത്തില്‍ പറയുന്നുണ്ട്. ഇപ്പോള്‍ കാണുന്ന തരം സിപിഎമ്മുകാരെ ചൈനീസ് ചാരന്‍മാര്‍ എന്നു വിളിക്കുന്നത് വിവരക്കേടാണ്. പാര്‍ട്ടിയുടെ ആശയങ്ങളെ എതിര്‍ക്കുന്നവരെല്ലാം അമേരിക്കന്‍ ചാരന്‍മാരാണെന്നു പറയുന്ന സഖാക്കള്‍ 1962ല്‍ ആരോ ചൈനീസ് ചാരന്‍മാര്‍ എന്നു വിളിച്ചതിന്റെ പേരില്‍ ഇപ്പോള്‍ പരിഭവം പറയുന്നതില്‍ കാര്യമൊന്നുമില്ല. മുഖപ്രസംഗം വായിച്ചവസാനിപ്പിക്കുമ്പോള്‍ ഉത്തരം കിട്ടാത്ത എന്റെ സംശയങ്ങള്‍ ഇവയൊക്കെയാണ്.

1. ഇന്ത്യന്‍ പ്രധാനമന്ത്രി ചൈന സന്ദര്‍ശിച്ച് ഒന്‍പത് കരാറുകള്‍ ഒപ്പിട്ടതില്‍ സിപിഎമ്മിനും ദേശാഭിമാനിക്കും അഭിമാനിക്കാനായി എന്താണുള്ളത് ?

2. അതിര്‍ത്തി പ്രതിരോധ സഹകരണ കരാറില്‍ ഇന്ത്യയും ചൈനയും ഒപ്പിട്ടതുകൊണ്ട് സിപിഎം ശരിയാണെന്ന് ജനങ്ങള്‍ അംഗീകരിക്കും എന്നു ‘ഞങ്ങള്‍’ ഉറപ്പിക്കുന്നത് എങ്ങനെ ?

മിസ്റ്റര്‍ ബെര്‍ളി അമേരിക്കയുടെ ചാരനാണ്, മനോരമയുടെ ചാരനാണ്, കുത്തകമുതലാളിയാണ്, വര്‍ഗശത്രുവാണ്, അടുത്ത കാലത്തായി പോസ്റ്റുകള്‍ക്കു നിലവാരമില്ല, ബ്ലോഗിങ് നിര്‍ത്തിക്കൂടെ തുടങ്ങിയ ക്ലീഷേ തമാശകള്‍ ഒഴികെയുള്ള ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്നു. ലാല്‍സലാം.

ഡോ.മന്‍മോഹന്‍സിങ്ങിന് ഒരു തുറന്ന കത്ത്

അങ്ങുന്നേ,

ജനാധിപത്യവ്യവസ്ഥിതി പ്രകാരം പ്രവര്‍ത്തിക്കുന്ന ഈ രാജ്യത്ത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ലാത്ത ഒരു പൗരന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുന്നത് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പെടുമോ എന്നറിയില്ലെങ്കിലും ജനാധിപത്യത്തിലുള്ള വിശ്വാസം നഷ്ടപ്പെടാത്തതിനാല്‍ അങ്ങുമായി ഏതാനും കാര്യങ്ങളിലുള്ള എന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആശങ്കകളും പങ്കുവയ്ക്കാമെന്നു കരുതുന്നു. ഇന്ത്യയുടെ താഴെക്കിടക്കുന്ന കേരളം എന്നു പറയുന്ന ചെറിയ സംസ്ഥാനത്തിലാണ് ഞാന്‍ താമസിക്കുന്നത്. ഇവിടെ ക്ലാസിക്കല്‍ ഭാഷയായ മലയാളം ആണ് പ്രചാരത്തിലിരിക്കുന്നത്. ക്ലാസിക്കല്‍ ഭാഷയായതിനാല്‍ മലയാളത്തില്‍ അങ്ങേയ്ക്ക് കത്തയക്കുന്നതില്‍ തീവ്രവാദസംബന്ധിയായി ഒന്നുമുണ്ടാവില്ല എന്ന വിശ്വാസത്തോടെയാണ് അടിയന്‍ ഈ ഉദ്യമത്തിനു മുതിരുന്നത്.

എന്തൊക്കെയുണ്ട് വിശേഷങ്ങള്‍ ? ഗുര്‍ജരണ്‍ മാഡത്തിനും സുഖം തന്നെയല്ലേ ? വിദേശയാത്രകളും മറ്റും മുറയ്്ക്ക് നടക്കുന്നുണ്ടായിരിക്കുമല്ലോ ? സോണിയാ ഗാന്ധി എന്തോ ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയിരിക്കുകയാണെന്നു കേട്ടു. അങ്ങുന്നിന് ആവശ്യമായ നിര്‍ദേശങ്ങളും ഉപദേശങ്ങളും ഒക്കെ ഇപ്പോള്‍ ആരാണ് നല്‍കുന്നത് ? ഇതൊക്കെ അങ്ങുന്ന് എണ്ണിയെണ്ണി ഉത്തരം പറയേണ്ട ചോദ്യങ്ങളല്ല കേട്ടോ. എന്തെങ്കിലും ചോദിക്കേണ്ടേ എന്നു കരുതി ചോദിച്ചെന്നു മാത്രം. ഇതില്‍ കൂടുതലൊക്കെ ചേദിക്കാന്‍ നമ്മളങ്ങിനെ കളിക്കൂട്ടുകാരൊന്നുമല്ലല്ലോ. പിന്നെ, സോണിയാജി മരുന്നു മേടിക്കാന്‍ അമേരിക്കയ്ക്ക് പോയി എന്നു കേട്ടപ്പോള്‍ മുതല്‍ ചോദിക്കണമെന്നു കരുതിയതാണ്. പുള്ളിക്കാരി ജനിച്ചതും വളര്‍ന്നതുമൊക്കെ ഇറ്റലിയിലാണെന്നു പറയുമ്പോള്‍ ഇന്ത്യയുടെ മരുമകളാണെന്നും ഇന്ത്യക്കാരി എന്ന നിലയില്‍ അഭിമാനിക്കുന്നുണ്ടെന്നുമൊക്കെ പലപ്പോഴും പലരും പറഞ്ഞു കേട്ടിട്ടുണ്ട്. അങ്ങനെയുള്ള സോണിയാജി ഒരസുഖം വന്നപ്പോള്‍ ചികില്‍സിക്കാന്‍ അമേരിക്കയ്ക്കു പോയതിലൂടെ മൂപ്പത്ത്യാര്‍ക്ക് സ്വന്തം കാര്യം വരുമ്പോള്‍ ഇന്ത്യയെക്കാള്‍ പഥ്യം അമേരിക്കയാണെന്ന സന്ദേശമല്ലേ നല്‍കുന്നത്. എപ്പോഴും ഇന്ത്യയിലെ സാധാരണക്കാരെപ്പറ്റിയും പട്ടിണിക്കാരെപ്പറ്റിയുമൊക്കെയാണല്ലോ നിങ്ങളുടെയാളുകള്‍, പ്രത്യേകിച്ച് ആ രാഹുല്‍ ഗാന്ധി പറയാറുള്ളത്. ഇവിടുത്തെ പാവങ്ങളൊന്നും അമേരിക്കയില്‍ പോയല്ല ചികില്‍സിക്കുന്നത് എന്ന് അങ്ങുന്നിനും അറിവുള്ളതല്ലേ. ഞങ്ങളെ സംബന്ധിച്ച് സോണിയാജിയുടെ ജീവനും ആരോഗ്യത്തിനും ഉള്ളതുപോലെ പ്രാധാന്യം ഞങ്ങളുടെ ജീവനും ആരോഗ്യത്തിനുമുണ്ട്. അതുകൊണ്ട് സോണിയാജിയെപ്പോലെ ഞങ്ങളില്‍ ചികില്‍സ ആവശ്യമുള്ള ആളുകളെയും സര്‍ക്കാര്‍ ചെലവില്‍ അമേരിക്കയില്‍ വിട്ട് ചികില്‍സിക്കണമെന്ന് അപേക്ഷിക്കുന്നു. ഇതില്‍ തീവ്രവാദസംബന്ധിയായോ രാജ്യദ്രോഹമായോ ഒന്നും ഇല്ല എന്നു പ്രത്യാശിക്കുന്നു.

അവിടെ ചെന്ന സോണിയാജിക്കെതിരേ ഏതോ കേസില്‍ അവിടുത്തെ കോടതി സമന്‍സ് അയച്ചു എന്നു വായിച്ചു. ചികില്‍സ തേടി ചെല്ലുന്നവരുടെ പേരില്‍ കേസ് ചാര്‍ജ് ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. പുള്ളിക്കാരിക്ക് സമന്‍സ് കൊടുത്തതുകൊണ്ടാണോ അമേരിക്ക സാമ്പത്തികനയം മാറ്റുന്നതിനു മുമ്പ് ഇന്ത്യയോടും മറ്റും അനുവാദം ചോദിക്കണമെന്നോ മറ്റോ അങ്ങു പറഞ്ഞത് ? കാര്യം വിവരക്കേടാണങ്കിലും അമേരിക്കയ്ക്ക് അതൊരു തിരിച്ചടിയായിട്ടുണ്ട്. സോണിയാജിക്കെതിരേ സമന്‍സ് കൊടുത്തതതിന് അവന്‍മാരനുഭവിക്കണം. ശ്രീലങ്കയിലെ പുലികള്‍ക്കു സംഭവിച്ചത് അമേരിക്കയിലെ സായിപ്പന്‍മാര്‍ക്കും സംഭവിക്കുമായിരിക്കും അല്ലേ ? പിന്നെ, ഇത്തരം ചെറിയ കേസുകളിലൊക്കെ സമന്‍സ് കൊടുക്കുന്ന അമേരിക്കന്‍ കോടതിയോട് ടിപി വധക്കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്നു പറയുന്ന കേരളത്തിലെ ഏതെങ്കിലും സിപിഎം നേതാവിനു സമന്‍സ് കൊടുക്കാന്‍ ധൈര്യമുണ്ടോ എന്നു കൂടി അങ്ങു ചോദിക്കണം.

പിന്നെ, കേരളത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങളെപ്പറ്റി അങ്ങയോട് ആരെങ്കിലും പറയാറുണ്ടോ ? ഇവിടെ എന്തൊക്കെയാണ് നടക്കുന്നത് എന്ന് അങ്ങറിയുന്നുണ്ടോ ? എന്തായാലും പ്രധാനമന്ത്രിയെ കാണാനാണെന്നു പറഞ്ഞ് ഇവിടെ നിന്നു പലരും ദില്ലിയിലേക്കെന്നു പറഞ്ഞ് പോകുന്നതായി പത്രങ്ങളില്‍ കാണാറുണ്ട്. അവിടെ കേന്ദ്രത്തിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ തന്നെ നാശകോശമായിക്കിടക്കുമ്പോള്‍ കേരളത്തിലെ വികാസങ്ങളെപ്പറ്റി ഞാന്‍ പറഞ്ഞാല്‍ അങ്ങുന്നിന് അതില്‍ കോണ്‍സെന്‍ട്രേറ്റ് ചെയ്യാന്‍ കഴിയില്ല എന്നെനിക്കറിയാം. സത്യത്തില്‍ എന്താണ് അവിടെ സംഭവിക്കുന്നത് ? ജലദോഷത്തിനു ചികില്‍സിച്ച് ഒടുവില്‍ രോഗി എയ്ഡ്‌സ് പിടിച്ചു ചത്തു എന്നു പറഞ്ഞതുപോലെയാണ് അങ്ങുന്നിന്റെ സാമ്പത്തികപരിഷ്‌കാരങ്ങള്‍ കാര്യങ്ങള്‍ വഷളാക്കിയിരിക്കുന്നത്. കുറെ കണക്കും കാര്യങ്ങളും പറഞ്ഞ് അങ്ങുന്നിനു വേണമെങ്കില്‍ തര്‍ക്കിച്ചു ജയിക്കാം, എന്നാല്‍ ദിനം പ്രതി ഇവിടെ ഞങ്ങളുടെ ജീവിതം നരകമായിക്കൊണ്ടിരിക്കുകയാണ്. സാധാരണക്കാരന് ഒരുമാസം തട്ടിമുട്ടി കഴിഞ്ഞുപോകണമെങ്കില്‍ മിനിമം അഞ്ചു ദിവസമെങ്കിലും പട്ടിണി കിടക്കണം എന്ന അവസ്ഥയാണ്. ഇതൊക്കെ കേള്‍ക്കുന്നത് അങ്ങുന്നിനു ബോറടിയായിരിക്കുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

അവിടെ അതിര്‍ത്തിയിലെവിടെയോ 640 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി വാര്‍ത്തകളില്‍ കണ്ടു. ഉള്ളതാണോ ? അവിടുത്തെ പ്രതിരോധമന്ത്രി എ.കെ.ആന്റണിയെ ഞങ്ങള്‍ ഇവിടുന്നു പായിച്ചതാണ്. പുള്ളി ഇവിടെ ചാരായം നിരോധിച്ചതോടെയാണ് ഞങ്ങള്‍ മൂപ്പരെ വെറുത്തു പോയത്. ഞങ്ങള്‍ മലയാളികള്‍ക്ക് കള്ളടിക്കാതെ ജീവിക്കാന്‍ കഴിയില്ല. അതറിഞ്ഞുകൊണ്ടാണ് മൂപ്പര് അത്ര വലിയ അക്രമം ചെയ്തത്. ചൈന നമ്മുടെ സ്ഥലങ്ങള്‍ കയ്യേറുമ്പോള്‍ ചുമ്മാ കുന്തം വിഴുങ്ങി നോക്കിനില്‍ക്കാനല്ലാതെ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണം. സാമ്പത്തികരംഗത്തെപ്പോലെ പരീക്ഷണങ്ങള്‍ നടത്താന്‍ പറ്റിയ ഒരു ഏരിയ അല്ല അതെന്നത് ഞാന്‍ എടുത്തു പറയേണ്ടതില്ലല്ലോ. അതിര്‍ത്തിയെപ്പറ്റി ഇത്രയും പറഞ്ഞത് തീവ്രവാദമായി കാണരുതേ എന്നപേക്ഷിക്കുന്നു.

പിന്നെ, നമ്മുടെ കല്‍ക്കരി അഴിമതിക്കേസ് എന്തായി ? ബാക്കിയുള്ള അഴിമതിക്കേസുകളൊക്കെ എന്തെങ്കിലും ആയി എന്നു വച്ചല്ല അങ്ങനെ ചോദിച്ചത്. അങ്ങുന്നിന്റെ പേരുകൂടി പറഞ്ഞു കേട്ട ഒരു കേസായതുകൊണ്ട് ചോദിച്ചു എന്നു മാത്രം. അങ്ങുന്നിനെ ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട സിബിഐ ഉദ്യോഗസ്ഥനെ സിബിഐ ഡയറക്ടര്‍ ചോദ്യം ചെയ്യാന്‍ പോകുന്നതായി കേട്ടു. അവനെയൊന്നും വച്ചേക്കരുത് അങ്ങുന്നേ. അങ്ങുന്നിന്റെ ഉദേഷ്ടാവ് ടി.കെ.എ.നായരങ്ങുന്നിനെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണങ്ങുന്നിനെയും ഒന്നും ചോദ്യം ചെയ്യാന്‍ സമ്മതിക്കില്ല എന്നും പറഞ്ഞതായി കേട്ടു. അതും നന്നായി. സിബിഐക്കാരല്ലേ, വേണമെങ്കില്‍ ഇവരുടെയൊക്കെ ഡമ്മിയുണ്ടാക്കി വച്ചു ചോദ്യം ചെയ്യട്ടെ. ഡമ്മികള്‍ തമ്മിലുള്ള സംഭാഷണങ്ങളും അവന്‍മാര്‍ റെക്കോര്‍ഡ് ചെയ്യട്ടെ. ഹല്ല, പിന്നെ.

അധികം ദീര്‍ഘിപ്പിക്കുന്നില്ല. ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞതുപോലെ നിങ്ങള്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന അഴിമതികളെപ്പറ്റി ഞങ്ങള്‍ക്കിപ്പോള്‍ വലിയ ആശങ്കയൊന്നുമില്ല. നിങ്ങള്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണ് ഞങ്ങള്‍ നികുതികള്‍ തരുന്നത് എന്നു ഞങ്ങള്‍ക്കറിയാം. അഴിമതി നടത്തിയ എല്ലാവരും മുടിഞ്ഞുപോവുകയും പാവപ്പെട്ട ജനങ്ങളെ വഞ്ചിച്ചു കോടികളുണ്ടാക്കിയവര്‍ അതൊന്നും അനുഭവിക്കാന്‍ യോഗമില്ലാതെ ചത്തുമണ്ണടിയുകയും മൂപ്പര് പറഞ്ഞതുപോലെ ആ പണം കാലക്രമേണ ജനങ്ങളിലേക്കു തന്നെ എത്തിച്ചേരുകയും ചെയ്യുമെന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു പ്രത്യാശയാണല്ലോ ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. ബോറടിക്കുമ്പോള്‍ പെട്രോള്‍, ഡീസല്‍ വില കൂട്ടാന്‍ മറക്കരുത്.

വിശ്വസ്തതയോടെ,

ക്ലാസിക്കല്‍ ലാംഗ്വേജ് ബ്ലോഗര്‍.

ഷവോമി: ചൈനീസ് ആപ്പിള്‍

പാശ്ചാത്യലോകത്തിന് ആപ്പിളും സ്റ്റീവ് ജോബ്‌സും എന്തായിരുന്നോ അതും അതിലപ്പുറവുമാണ് ഏഷ്യയ്ക്ക് ഷവോമിയും സിഇഒ ലെയ് ജുനും. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയായ ഷവോമി(Xiaomi) ലോക സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ സൃഷ്ടിക്കുന്നത് പുതിയ റെക്കോര്‍ഡുകളാണ്. വിസ്മയകരമായ വളര്‍ച്ചയും വിശ്വാസ്യതയും കോടിക്കണക്കിനു വരുന്ന ആരാധകവൃന്ദവും ഷവോമിക്ക് നേടിക്കൊടുക്കുന്നത് വലിയ മാധ്യമശ്രദ്ധയാണ്.

ഓരോ ആഴ്ചയും വാര്‍ത്തകളില്‍ നിറയാന്‍ ഷവോമിക്ക് ഓരോ കാരണങ്ങളുണ്ട്. ചൈനീസ് വിപണി മാത്രം ലക്ഷ്യം വയ്്ക്കുന്ന കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ആയ ഹോങ്മി പുറത്തിറങ്ങി ഒരു മിനിറ്റിനകം ഒരു ലക്ഷം എണ്ണം വിറ്റ് ചരിത്രം സൃഷ്ടിച്ചത് കഴിഞ്ഞയാഴ്ചയാണ്. ഗൂഗിള്‍ ആന്‍ഡ്രോയ്ഡ് വൈസ് പ്രസിഡന്റായ ഹ്യൂഗോ ബാര ഗൂഗിളില്‍ നിന്നു രാജി വച്ച് ഷവോമിയില്‍ ചേര്‍ന്നതോടെയാണ് കമ്പനി വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ജീവായുവായ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ നട്ടെല്ലായ ഹ്യൂഗോയെ ഷവോമി വിലയ്‌ക്കെടുത്തത് കമ്പനിയുടെ ആഗോളവിപണി ലക്ഷ്യം വച്ചുള്ള നീക്കങ്ങളിലൊന്നാണ്.

ഗൂഗിളിനെ സംബന്ധിച്ച് ഹ്യൂഗോ ബാരയുടെ രാജി വലിയ നഷ്ടമാണ്. ആന്‍ഡ്രോയ്ഡ് സ്ഥാപകനായ ആന്‍ഡി റൂബിന്‍ ഗൂഗിള്‍ വിട്ടത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഇന്ത്യക്കാരനും ഗൂഗിള്‍ വൈസ് പ്രസിഡന്റുമായ സുന്ദര്‍ പിച്ചായ് ആണ് ഇനി ആന്‍ഡ്രോയ്ഡിനെ നയിക്കാന്‍ പോകുന്നത്. അതേ സമയം, ഭാര്യയുമായി വേര്‍പിരിഞ്ഞ ഗൂഗിള്‍ സ്ഥാപകന്‍ സെര്‍ജി ബ്രിന്‍ ഹ്യൂഗോ ബാരയുടെ കാമുകിയായ ഗൂഗിള്‍ ജീവനക്കാരിയുമായി പ്രണയത്തിലായതാണ് ഹ്യൂഗോയുടെ പെട്ടെന്നുള്ള രാജിയുടെ കാരണമെന്നും അഭ്യൂഹമുണ്ട്.

യൂസര്‍ ഇന്റര്‍ഫേസിലെയും മള്‍ട്ടിടാസ്‌കിങ്ങിലെയും വിപ്ലവകരമായ സവിശേഷതകളാണ് ഷവോമി ആപ്പിളിനും ഗൂഗിളിനുമൊക്കെ മീതെ പ്രതിഷ്ഠിക്കാന്‍ ചൈനക്കാരെ പ്രേരിപ്പിക്കുന്നത്. ആപ്പിള്‍ പുലര്‍ത്തിയിരുന്ന മാര്‍ക്കറ്റിങ് ശൈലി തന്നെയാണ് ഷവോമിയും സ്വീകരിച്ചിരിക്കുന്നത് സ്റ്റീവ് ജോബ്‌സിലെ അനുകരിക്കുന്ന സിഇഒ ലെയ് ജുന്‍ ജോബ്‌സിനെപ്പോലെ കഴിയുന്നതും കറുത്ത ടീഷര്‍ട്ടും നീല ജീന്‍സും ധരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാനും ശ്രദ്ധിക്കുന്നുണ്ട്. ചെറിയ കമ്പനി എന്നാണ് ഷവോമിയുടെ വിശഷണമെങ്കിലും 1000 കോടി ഡോളറാണ് നിലവില്‍ കമ്പനിയൂടെ മൂല്യം. ഈ വര്‍ഷം മാത്രം ഒന്നര കോടി ഫോണുകള്‍ വിറ്റഴിക്കാനാണ് ക്മ്പനി ലക്ഷ്യമിടുന്നത്.

എന്തായാലും ചൈനീസ് ഫോണ്‍ എന്നു ലോകം ആക്ഷേപിച്ചിരുന്നിടത്തു നിന്ന് ചൈനീസ് ഫോണ്‍ കമ്പനികള്‍ ലോകത്തെ സ്മാര്‍ട്‌ഫോണ്‍ കമ്പനികളുടെ മുന്‍നിരയിലേക്കെത്തുകയാണ്. ചൈനീസ് കമ്പനിയായ ഹ്വേയ് അവതരിപ്പിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ ലോകവിപണിയില്‍ ശക്തമായ സാന്നിധ്യമായി നില്‍ക്കുമ്പോഴാണ് ഷവോമി ഒന്നാം നിരയിലേക്ക് ഇടിച്ചു കയറുന്നത്. എത്രയായാലും ചൈനീസ് ഫോണല്ലേ എന്നു ചോദിക്കുന്നവര്‍ക്കു നല്‍കാന്‍ ഷവോമിക്ക് ഒറ്റ മറുപടിയേ ഉള്ളൂ- ഷവോമിയുടെ എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത് ചൈനയിലെ ഫോക്‌സ്‌കോന്‍ ഫാക്ടറിയിലാണ്. അവിടെ തന്നെയാണ് ആപ്പിള്‍ ഐഫോണും ഐപാഡും ഉള്‍പ്പെടെയുള്ള എല്ലാ ഉല്‍പന്നങ്ങളും നിര്‍മിക്കുന്നത്.

ജനകീയ രാഷ്ട്രീയ പരിഷ്കരണം

കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യുപിഎ സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വികസനോന്മുഖ സാമ്പത്തിക പരിഷ്കരണങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മള്‍ ജനങ്ങളും കുറച്ചൊക്കെ എക്കണോമിക്കലായി ചിന്തിക്കേണ്ട സമയമായിരിക്കുന്നു. എല്ലാം നെഗറ്റീവായി കാണാന്‍ തുടങ്ങിയാല്‍ നമുക്കൊന്നും സമാധാനം കിട്ടില്ല. അതുകൊണ്ട് ഡോ.മന്‍മോഹന്‍ സിങ് നടപ്പാക്കിക്കൊണ്ടിരിക്കുന്ന എക്കണോമിക്സ് നമ്മള്‍ നമ്മുടെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കുന്നതിലൂടെ അദ്ദേഹം വിഭാവനം ചെയ്യുന്ന പുരോഗതി എല്ലാ രംഗത്തും നമുക്ക് കൈവരിക്കാന്‍ ക്രിയാത്മകമായി നമ്മള്‍ ചിന്തിക്കുകയും ധീരമായി പ്രവര്‍ത്തിക്കുകയും വേണം.അതെങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചുള്ള ചില ചിതറിയ ചിന്തകളാണ് ഈ പോസ്റ്റിലുള്ളത്.

ഒരു ഫ്ലാറ്റിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൂടി ഒറ്റ ഗ്യാസ് കണക്ഷന്‍ മതി എന്നു സര്‍ക്കാര്‍ പറയുന്നതുപോലെ ഒരു പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും കൂടി ഒരായിരം രാഷ്ട്രീയക്കാരുടെ ആവശ്യമുണ്ടോ എന്നത് നമ്മള്‍ പരിശോധിക്കേണ്ട സമയമായിരിക്കുന്നു. ചുമ്മാ വെള്ളേം വെള്ളേമിട്ട് പെണ്ണുങ്ങളുടെ വായില്‍നോയി നടക്കുന്ന സമയത്ത് വല്ല കൂലിപ്പണിക്കും പോയാല്‍ ഇവനൊക്കെ സ്വന്തം കുടുംബമെങ്കിലും നേരേ ചൊവ്വേ പുലര്‍ത്താമെന്ന എക്കണോമിക് യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിയണം. അതുകൊണ്ട് ഒരു പഞ്ചായത്തിലെ ജനങ്ങളെ ഉപദ്രവിക്കാന്‍ അഞ്ചു പാര്‍ട്ടികളിലായി ആയിരം രാഷ്ട്രായക്കാരുടെ ആവശ്യമില്ല എന്നത് നമ്മള്‍ മനസ്സിലാക്കണം. ഭരിക്കുന്ന പാര്‍ട്ടിയുടെ ഒറ്റ പ്രതിനിധി മതി. കോണ്‍ഗ്രസാണ് ഭരിക്കുന്നതെങ്കില്‍ ഒരൊറ്റ കോണ്‍ഗ്രസുകാരന്‍ മതി. ഒരു ഫ്ലാറ്റിലെ മുഴുവന്‍ ആളുകള്‍ക്കും ഒരു കുറ്റി ഗ്യാസ് കൊണ്ട് ജീവിക്കാമെങ്കില്‍ ഒരു പഞ്ചായത്തിലെ ജനങ്ങളുടെ മുഴുവന്‍ തന്തയ്‍ക്കു വിളിയും ഒരു കോണ്‍ഗ്രസുകാരന് ഒറ്റയ്‍ക്ക് സഹിക്കാന്‍ കഴിയും.

ഇന്നല്ലെങ്കില്‍ നാളെ ഉമ്മന്‍ ചാണ്ടിയോ എ.കെ.ആന്‍റണിയോ രാഹുല്‍ ഗാന്ധിയോ റോബര്‍ട്ട് വധേരയോ ഒക്കെയാകുന്നത് എന്നും സ്വപ്നം കണ്ടു കഴിയുന്ന ആ സാധുക്കളോട് അവരുടെ ഹതാശരായ മുന്‍ഗാമികളെപ്പോലെ എത്രയും വേഗം ഒരു നഴ്‍സിനെ കെട്ടി യുകെയില്‍ പോയി രക്ഷപെടാന്‍ ഉപദേശിക്കുക. 2014ലെ തിരഞ്ഞെടുപ്പിനു ശേഷം ഈ പാര്‍ട്ടി ഇന്ത്യയില്‍ അവശേഷിക്കുമോ എന്നത് ദൈവത്തിനു മാത്രം അറിയാവുന്ന കാര്യമാണ്. താഴെത്തട്ടിലുള്ള രാഷ്ട്രീയക്കാര്‍ ആരാധിക്കുന്ന നേതാക്കള്‍ക്ക് ദില്ലിയില്‍ മാത്രമല്ല, ചൈനയിലും സ്വിസ് ബാങ്കിലും ഇറ്റലിയിലുമൊക്കെ പിടിയുള്ളതുകൊണ്ട് പണി പാളിയാല്‍ അവരങ്ങു പറക്കും. പിന്നെയിവിടെക്കിടക്കുന്ന സാദാ ഖദര്‍ധാരികകളുടെ കാര്യം- ഭും! എന്നാകാതിരിക്കാന്‍ ഗാന്ധിജി ഉപദേശിച്ചതു പോലെ എല്ലാവരും ഇപ്പോഴേ കൈത്തൊഴിലുകള്‍ ശീലിക്കുക.

സബ്സിഡി എന്നത് രാജ്യപുരോഗതിക്കു വിഘാതമാണെന്നു തിരിച്ചറിഞ്ഞ് അത് നീക്കം ചെയ്യുന്ന സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം നമുക്കും ഉള്‍ക്കൊള്ളാം. കേരളയാത്ര, ജില്ലായാത്ര, മണ്ഡലം പദയാത്ര തുടങ്ങിയ വയറ്റിപ്പിഴപ്പുകളുമായി സമീപിക്കുന്ന രാഷ്ട്രീയക്കാര്‍ക്ക് പിരിവ് നല്‍കുന്നത് സബ്സിഡി വിരുദ്ധ പോളിസിക്കു വിരുദ്ധമായിനാല്‍ അവന്മാര്‍ക്ക് അഞ്ചു പൈസ പോലും നല്‍കാതിരിക്കുക. സബ്സിഡി കുറച്ചപ്പോള്‍ ആളുകള്‍ കൂടുതല്‍ അധ്വാനിക്കാന്‍ തുടങ്ങിയതുപോലെ പിരിവു കൊടുക്കുന്നതു നിര്‍ത്തിയാല്‍ ജാഥയൊക്കെ നിര്‍ത്തി അവറ്റകള്‍ പോയി പണിയെടുത്തു ജീവിച്ചോളും. സബ്സിഡി കുറച്ചപ്പോള്‍ ജനങ്ങള്‍ ദുരിതത്തിലായെങ്കിലും ഓഹരിസൂചികയും രൂപയുടെ മൂല്യവും കുതിച്ചുകയറുന്നതുപോലെ രാഷ്ട്രീയക്കാര്‍ക്കു പിരിവു കൊടുക്കുന്നതു നിര്‍ത്തിയാല്‍ അവരുടെ കള്ളുകുടി മുട്ടുമെങ്കിലും നമ്മുടെ കയ്യിലെ സമ്പാദ്യം മെച്ചപ്പെടും.

പെട്രോളിന്‍റെയും ഡീസലിന്‍റെയും വിലനിര്‍ണായധികാരം കുത്തക കമ്പനികളെ ഏല്‍പിച്ച സര്‍ക്കാര്‍ നടപടി വളരെ ശരിയാണെന്നിരിക്കെ, പഞ്ചായത്ത്-നിയമസഭാ-പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കു വോട്ടു ചെയ്യണമെന്നു തീരുമാനിക്കാനുളള അവകാശം എല്ലാവരും സ്വയം ഏറ്റെടുക്കുക. പ്രസ്താവന, വാഗ്ദാനങ്ങളുടെ പട്ടിക തുടങ്ങിയവയുമായി നമ്മള്‍ ആര്‍ക്കു വോട്ടു ചെയ്യണം എന്ന് ഉപദേശിക്കാന്‍ വരുന്ന ചെറ്റകളെ ആട്ടിപ്പുറത്താക്കുക. എണ്ണക്കമ്പനികള്‍ ഭയങ്കര നഷ്ടത്തിലാണ് എന്നു പറയുന്നതുപോലെ ജയിച്ചു കഴിഞ്ഞാല്‍ ഞങ്ങള്‍ നിങ്ങളെ സേവിക്കുമെന്നും മറ്റുമുള്ള പച്ചക്കള്ളങ്ങള്‍ ഇവറ്റകളും‍ പറയും. അതൊന്നും മൈന്‍ഡ് ചെയ്യാതെ ധൈര്യമായി വോട്ടവകാശം വിനിയോഗിക്കുക. സാമ്പത്തികപരിഷ്കരണകാലത്ത് കോണ്‍ഗ്രസുകാര്‍ നമ്മുടെ സ്വകാര്യത കവര്‍ന്നു കയറി വന്ന് സോണിയാജിയുടെയും രാഹുല്‍ജിയുടെയും മന്‍മോഹന്‍ജിയുടെയുമൊക്കെ പുണ്യപുരാണം വിളമ്പി നമ്മുടെ ഗൃഹാന്തരീക്ഷം മലീമസമാക്കാതിരിക്കാന്‍ വീടുകളുടെ ഗേറ്റ് എപ്പോഴും അടച്ചിടുക.

എല്ലാറ്റിനുമപരിയായി, അമേരിക്കയെയും യൂറോപ്യന്‍ യൂണിയനെയുമൊക്കെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന നമ്മള്‍, ധീരതയിലൂടെയും സാഹസികതയിലൂടെയും സാമ്പത്തികരംഗത്ത് അനിഷേധ്യശക്തിയായി മാറിയതുപോലെ രാഷ്ട്രീയരംഗത്തും അതേ നിലവാരത്തിലേക്കുയര്‍ന്ന് ലോകരാഷ്ട്രങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തകരെ വിസ്മയിപ്പിക്കണം. അമേരിക്കയില്‍ തിരഞ്ഞെടുപ്പിനു മുമ്പ് പ്രസിഡന്‍റ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ഡിബേറ്റ് നടത്തി ജനങ്ങളെ തങ്ങളുടെ കഴിവുതെളിയിക്കുന്നുണ്ട്. നമുക്കും ആ നിലവാരത്തിലേക്കുയരണം. ഫുള്‍ടൈം മിണ്ടാതിരിക്കുകയും പാര്‍ലമെന്‍റ് കഴിയുന്ന നേരം നോക്കി സാമ്പത്തികപരിഷ്കാരം പ്രഖ്യാപിക്കുകയും ചെയ്യുന്നവരെ സബ്സിഡി കട്ട് ചെയ്യുന്നതുപോലെ കട്ട് ചെയ്ത് ദൂരെക്കളഞ്ഞ് രാഷ്ട്രീയവളര്‍ച്ച നേടാന്‍ നമ്മള്‍ പരിശ്രമിക്കണം. അമേരിക്കയിലോ യൂറോപ്പിലോ ഒന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ അനുഭാവികള്‍ യൂണിഫോമിട്ട് കൊടിയും പിടിച്ച് കണ്ടവന്‍റെ ബൈക്കിന്‍റെ പിന്നില്‍ കയറി നാടു ചുറ്റി, വിളിക്കാത്ത കല്യാണങ്ങളില്‍പ്പോയി വെട്ടിവിഴുങ്ങി നടക്കാറില്ല.സാമ്പത്തികരംഗത്ത് നമ്മള്‍ ആഗോളനിലവാരത്തിലെത്തിയതുപോലെ രാഷ്ട്രീയരംഗത്തും എത്തേണ്ടതിനായി ഇത്തരം കൃമികീടങ്ങളെ തുടച്ചുനീക്കാന്‍ ഒരുമിച്ചു നില്‍ക്കുക.

കേരളം കൃഷിയിറക്കേണ്ട കാര്യമില്ല, ഉള്ള സ്ഥലത്ത് നമ്മള്‍ വേറെ ബിസിനസ് ചെയ്താല്‍ മതിയെന്ന് ആസൂത്രക്കാരന്‍ അലുവാലിയ പറഞ്ഞതുപോലെ നീയൊന്നും ഇവിടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തേണ്ടെടാ, പോയി വല്ല പണീം ചെയ്തു ജീവിക്കെടാ എന്ന്, തെണ്ടിത്തിരിഞ്ഞു നടക്കുന്ന കുട്ടിനേതാക്കന്മാരോട് നമുക്കും പറയാം. നാളത്തെ ലോകം നയിക്കുന്നത് ഇന്ത്യ തന്നെയായിരിക്കും. അന്ന് എക്കണോമിക്സ് പഠിച്ചിട്ടുള്ള, വിവരവും വിദ്യാഭ്യാസവുമുള്ള സംസ്കാരസമ്പന്നരായ ജനപ്രതിനിധികള്‍ നമുക്കുണ്ടാവേണ്ടതിന് ഇപ്പോഴേ ദീര്‍ഘവീക്ഷണത്തോടെ ചിന്തിക്കുക, അവസരോചിതമായി പ്രവര്‍ത്തിക്കുക. ഭാരത് മാതാ കീ, ജയ്.

ഇടിക്കും സുന്ദരി

മിസ് വേള്‍ഡ് മല്‍സരം കഴിഞ്ഞു. പേര് വന്യ എന്നാണെങ്കിലും ശാലീനതയുടെ നിറകുടമായ നമ്മുടെ മിസ് ഇന്ത്യ തരക്കേടില്ലാത്ത പ്രകടനം നടത്തി മടങ്ങിപ്പോന്നു. ആദ്യത്തെ ഏഴുപേരിലൊരാളാവാന്‍ കുട്ടിക്ക് കഴിഞ്ഞു. മല്‍സരം കഴിഞ്ഞ് സ്റ്റേജും അഴിച്ച് പന്തലുകാര്‍ക്ക് കാശും കൊടുത്തുകഴിഞ്ഞപ്പോള്‍ രസകരമായ ഒരു വിവാദം ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. സൗന്ദര്യത്തില്‍ മാത്രമല്ല, സംസ്കാരത്തിലും വ്യക്തിത്വത്തിലുമെല്ലാം മികവു പുലര്‍ത്തുന്നവരെയാണ് മിസ് വേള്‍ഡായി തിരഞ്ഞെടുക്കുന്നത് എന്നാണ് സങ്കല്‍പം. ഒരു രാജ്യത്തെ പ്രതിനിധീകരിച്ച് മല്‍സരത്തിനെത്തുന്ന സുന്ദരി (അങ്ങനെ വിളിക്കണമെന്നാണ് വകുപ്പ്) തീര്‍ച്ചയായും വളരെ മര്യാദയുള്ളവളായിരിക്കണമല്ലോ. എന്നാല്‍, മല്‍സരത്തിനിടെ നാലാം ക്ലാസ് സ്റ്റൈലില്‍ മിസ് മലാവി മിസ് ന്യൂസീലാന്‍ഡിലെ വേദിയില്‍ വച്ച് ഇടിച്ചു തെറിപ്പിക്കുന്ന വിഡിയോ മല്‍സരം കഴിഞ്ഞപ്പോള്‍ വിവാദമായിരിക്കുകയാണ്.

സോ കോള്‍ഡ് സുന്ദരിമാര്‍ ഓരോരുത്തരായി സ്റ്റേജിലേക്കു വന്നു നിരന്നുകൊണ്ടിരിക്കുന്ന സമയം. ഓരോരുത്തര്‍ക്കും അവരുടേതായ സ്ഥലങ്ങള്‍ നിര്‍വചിച്ചു നല്‍കിയിരിക്കുന്നതനുസരിച്ച് മര്യാദയ്‍ക്ക് എല്ലാവരും വന്നു നിന്നു കൊണ്ടിരിക്കുന്നു. സുന്ദരിയായ മിസ് ന്യൂസീലാന്‍ഡും വന്നു നില്‍ക്കുന്നു. തൊട്ടു പിന്നാലെ വരുന്ന മിസ് മലാവി അങ്ങാട്ട് മാറിനിക്കെടീ ശീമപ്പന്നീ എന്ന ഒരു ബോഡി ലാംഗ്വേജോടെ നമ്മുടെ ന്യൂസിലാന്‍ഡ് തങ്കക്കുടത്തിനെ തോളുകൊണ്ട് ഒരൊറ്റ ഇടി.ന്യൂസിലാന്‍ഡ് മുത്ത് ഇടികൊണ്ട് തെന്നിമാറുന്നതില്‍ പോലും ഒരു സൗന്ദര്യമുണ്ട്. മിസ് മലാവിയുടെ അക്രമം ഇവിടെ കാണാം.

സുന്ദരിമാരെ ഫോക്കസ് ചെയ്തുകൊണ്ടിരുന്ന ക്യാമറാമാന്‍ പോലും പരിഭ്രമിച്ചുപോയി എന്നത് കാണാം. മലാവി ന്യൂസിലാന്‍ഡിനെ ഇടിച്ചു തെറിപ്പിക്കുന്ന ഉടനെ ക്യാമറ ഞെട്ടുന്നത് വിഡിയോയില്‍ തന്നെ വ്യക്തമാണ്. പാവം ന്യൂസിലാന്‍ഡ് സമ്മാനമൊന്നും കിട്ടിയില്ലെങ്കിലും മിണ്ടാതെ വീട്ടില്‍പ്പോയി. എന്നാല്‍, വിഡിയോ കണ്ട പത്രക്കാര്‍ വെറുതെയിരിക്കുമോ ? അവര്‍ സംഗതി വാര്‍ത്തയാക്കി, ഞൊടിയിടയില്‍ മലാവി താരമായി.ന്യൂസിലാന്‍ഡ് ഔദ്യോഗികമായി ഈ ഇടിക്കെതിരേ പരാതി കൊടുക്കുമെന്നു പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തുമെന്നും നടപടിയെടുക്കുമെന്നും മിസ് വേള്‍ഡ് സംഘാടകരും പറഞ്ഞിട്ടുണ്ട്. അല്ലെങ്കിലും ആ മലാവിയൊരു മൂശേഠയായിരുന്നു എന്നു പറഞ്ഞ് ഷോ ഡയറക്ടറും കയ്യൊഴിഞ്ഞു.

മലാവി സുന്ദരിയെ അടുത്തു കാണാനും അവള്‍ടെ ശബ്ദം കേള്‍ക്കാനും കൊതിയാകുന്നുണ്ടോ ?

സൂസന്‍ മത്തേഗ എന്നാണ് പേര്. ആ പല്ലുകള്‍ എന്നെ ഹഠാദാകര്‍ഷിച്ചു എന്നതൊഴിച്ചാല്‍ വേറെ സവിശേഷതയൊന്നുമില്ല. സ്കൂളിലെ സാഹിത്യസമാജത്തിന് പാട്ടു പാടുമ്പോള്‍ വടക്കേലെ ജാന്‍സി ചെയ്തിരുന്നതുപോലെ ഫുള്‍ടൈം ആടിക്കൊണ്ടു നില്‍ക്കുന്നത് എന്നിലെ നൊസ്റ്റാള്‍ജിയെയെ ഉണര്‍ത്തി.

മലാവിയുടെ ആക്രമണത്തിനിരയായ എന്‍റെ പ്രിയപ്പെട്ട ന്യൂസിലാന്‍ഡിനെ കാണണ്ടേ ?

ഇതിന്‍റെ പേരില്‍ ന്യൂസിലാന്‍ഡ് മലാവിയുടെ മേല്‍ യുദ്ധമൊന്നും പ്രഖ്യാപിക്കാന്‍ പോകുന്നില്ല. ആഫ്രിക്കയുടെ ഏതോ അറ്റത്തു കിടക്കുന്ന മലാവി എന്ന കൊച്ചു രാജ്യത്തിന് അത്യാവശ്യം മാധ്യമശ്രദ്ധ കിട്ടി എന്നതു നോക്കുമ്പോള്‍ മിസ് മലാവി രാജ്യത്തിന്‍റെ ടൂറിസം വകുപ്പിനു ചെയ്തത് വലിയ ഉപകാരമാണ്. കഷ്ടിച്ച് ഒന്നരക്കോടി ജനസംഖ്യയുള്ള മലാവിയില്‍ ഔദ്യോഗികഭാഷ ഇംഗ്ലിഷാണ്.

മരിക്കുന്നതിനു മുമ്പ് മസാലദോശ കഴിക്കണം

നിങ്ങള്‍ മരിക്കുന്നതിനു മുമ്പ് കഴിക്കണം എന്നാഗ്രഹിക്കുന്ന ഭക്ഷണം ഏതാണ് ? നാലുനേരം എന്തെങ്കിലുമൊക്കെ (മുന്നൂ നേരമായാലും മതി) കഴിച്ചു ജീവിക്കണം എന്നതു തന്നെ ആഢംബരമായി കാണേണ്ട രാജ്യത്ത് ഇത്തരത്തില്‍ പ്രത്യേകം ഐറ്റങ്ങള്‍ കഴിക്കണമെന്ന് ആഗ്രഹിക്കുന്നത് അഹങ്കാരമാണോ ? പൊതുവേ കോടീശ്വരന്മാര്‍ക്ക് നല്ല ഭക്ഷണം ആസ്വദിക്കാന്‍ സാധിക്കാറില്ല. ഉള്ള കാശുകൊണ്ട് ജീവിതം ആസ്വദിക്കാന്‍ തീരുമാനിച്ച സാധാരണക്കാരാണ് പിന്നെയും രുചികരമായവയൊക്കെ പരീക്ഷിക്കുന്നതും ആസ്വദിക്കുന്നതും. അങ്ങനെ നോക്കുമ്പോള്‍ ഇത്തരത്തില്‍ എന്നെങ്കിലും കഴിക്കേണ്ടതായ മികച്ച ഐറ്റങ്ങളെക്കുറിച്ചൊരു ബക്കറ്റ് ലിസ്റ്റ് ഉണ്ടാക്കി വയ്ക്കുന്നതില്‍ തെറ്റില്ല.

നമ്മുടെ നാട്ടില്‍ ചൈനീസും തായ്ഡിഷും ഒന്നും പരീക്ഷിച്ചു പരിചയമില്ലാത്തവര്‍ പുറത്തിറങ്ങിയാല്‍ ആഢംബരം പ്രഖ്യാപിക്കുന്നത് ഇന്ത്യന്‍ കോഫി ഹൗസില്‍ പോയി മസാല ദോശ കഴിച്ചിട്ടാണ്. മസാലദോശ കാലങ്ങളെ അതിജീവിച്ച ലെജന്‍ഡറി ഡിഷ് ആണ്. ഇത്രയും കുറഞ്ഞ വിലയ്‍ക്ക് ഇത്രത്തോളം ആഢംബരം വേറെ എന്തു കഴിച്ചാലു കിട്ടില്ല. ഇന്ത്യക്കാരന്‍റെ മികച്ച പത്ത് ഭക്ഷണങ്ങളില്‍ മസാലദോശ ഉണ്ടാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ലോകമെങ്ങും കറങ്ങി കണ്ടതെല്ലാം തിന്നുന്ന സായിപ്പിന്‍റെ ലിസ്റ്റില്‍ മസാലദോശ ഒന്നാമതെത്തിയതിന്‍റെ ഒരിതിലാണ് ദക്ഷിണേന്ത്യന്‍ രുചി.

ടൂര്‍ ഓപറേറ്ററായ വയേറ്റര്‍ ഹഫിങ്‍ടണ്‍ പോസ്റ്റില്‍ പ്രസിദ്ധീകരിച്ച മരിക്കുന്നതിനു മുമ്പ് കഴിക്കേണ്ട 10 ഇനങ്ങളിലാണ് മസാലദോശയ്‍ക്ക് ഒന്നാം റാങ്ക്. ലോകമെങ്ങും നിന്നുള്ള മറ്റ് മികച്ച ഐറ്റങ്ങളോട് മല്‍സരിച്ചാണ് ലളിതസുന്ദരമായ ഈ വെജിറ്റേറിയന്‍ ഐറ്റം ഒന്നാമത് നില്‍ക്കുന്നത്. മറ്റ് ഐറ്റങ്ങള്‍ ഏതൊക്കെയാണെന്നു കേള്‍ക്കുമ്പോള്‍ മസാലദോശയുടെ പ്രഢി എത്രത്തോളമുണ്ടെന്നു പിടികിട്ടും. ചൈനയില്‍ നിന്നുള്ള പെര്‍ക്കിങ് ഡക്ക് ആണ് രണ്ടാമത്. യുസിലെ ബാര്‍ബിക്യു റിബ്സ് മൂന്നാമതും ജപ്പാന്‍റെ ടെപ്പന്യാകി നാലാമതും ഓസ്ട്രേലിയയുടെ പാവ്‍ലോവ അഞ്ചാമതും നില്‍ക്കുമ്പോഴാണ് ഈ കളി. ലിസ്റ്റിലെ മറ്റ് ഇനങ്ങള്‍ ഏതാണന്നു പരിശോധിക്കാനും ഹഫിങ്ടണ്‍ പോസ്റ്റ് പരിശോധിക്കുക.

മാര്‍പ്പാപ്പയ്‍ക്കെതിരേ അച്ചടക്കനടപടി*

കമ്മ്യൂണിസം കാലഹരണപ്പെട്ടതാണെന്നു പരസ്യപ്രസ്താവന നടത്തിയ ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്‌ക്കെതിരേ പാര്‍ട്ടി അച്ചടക്കനടപടി എടുത്തേക്കുമെന്നു സൂചന. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്നും ഇത് തിരഞ്ഞെടുപ്പുചട്ടലംഘനമാണെന്നും പാര്‍ട്ടിയുടെ താത്വികാചാര്യന്‍ പറഞ്ഞു. വിപ്ലവകാരിയായ ക്രിസ്തുവിന്റെ പേരിലുള്ള സഭയുടെ മേലധികാരി എന്ന നിലയ്ക്ക് വിപ്ലവപാര്‍ട്ടിയോട് അഭിപ്രായം ചോദിക്കാതെ പരസ്യപ്രസ്താവന നടത്തിയത് ഗുരുതരമായ തെറ്റാണ്. കമ്യൂണിസത്തെപ്പറ്റി ആശയപരമായ ഭിന്നതകളുണ്ടെങ്കില്‍ അത് പാര്‍ട്ടി ഫോറങ്ങളിലാണ് ഉന്നയിക്കേണ്ടത്. എന്നാല്‍, മാര്‍പ്പാപ്പയുടെ പ്രസ്താവനയ്ക്കു പിന്നില്‍ അറിവില്ലായ്മയാണ്. സ്റ്റഡി ക്ലാസുകളില്‍ കൃത്യമായി പങ്കെടുക്കാത്തതുകൊണ്ടാണ് ഇത്തരം അഭിപ്രായങ്ങള്‍ പറയുന്നത്. മാര്‍പ്പാപ്പയ്ക്ക് പാര്‍ട്ടി അംഗത്വമുണ്ടോ എന്നു പരിശോധിച്ച് ഉണ്ടെങ്കില്‍ നടപടിയെടുക്കാനും പാര്‍ട്ടി നേതൃത്വം നീക്കങ്ങളാരംഭിച്ചതായാണു സൂചന.

ക്യൂബ ലോകത്തിന്റെ നെയ്യാറ്റിന്‍കരയാണ്. ഇപ്പോള്‍ മാര്‍പപ്പാപ്പ അവിടെപ്പോകേണ്ട ഒരു കാര്യവുമില്ല. കാസ്‌ട്രോമാരുമായി കൂടിക്കാഴ്ച നടത്തുന്നത് രാഷ്ട്രീയത്തില്‍ മതമേലധ്യക്ഷന്മാര്‍ ഇടപെടുന്നതിന്റെയും വര്‍ഗീയശക്തികള്‍ പിടിമുറുക്കുന്നകതിന്റെയും അപകടകരമായ സൂചനകളാണ് നല്‍കുന്നത്. എന്നാല്‍, നെയ്യാറ്റിന്‍കരയിലെ ബിഷപുമാരെ പാര്‍ട്ടി നേതാവ് കണ്ടത് പുരോഗമനപരമായാണ് കാണേണ്ടത്. ബിഷപുമാരെ സാമൂഹികവിഷയങ്ങളിലേക്കും പൊതുസേവനരംഗത്തേക്കും കൈപിടിച്ചുനടത്തുന്നതിനു വേണ്ടിയാണ് പാര്‍ട്ടി നേതാക്കള്‍ ഇത്തരം ഇടപെടലുകള്‍ നടത്തുന്നത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുന്നത് തെറ്റാണ്.

അതേ സമയം, മാര്‍പ്പാപ്പയ്‌ക്കെതിരേ തല്‍ക്കാലം ശക്തമായ നടപടികള്‍ വേണ്ടെന്നും കേരളത്തിലെ ക്രിസ്ത്യാനികളെ കമ്യൂണിസത്തില്‍ നിന്നകറ്റാന്‍ മാര്‍പ്പാപ്പ വിചാരിച്ചാല്‍ നടക്കില്ലെന്നും പാര്‍ട്ടി പ്രതിനിധി പറഞ്ഞു. മാര്‍പ്പാപ്പ ക്രിസ്തുവിനെക്കുറിച്ച് മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മാര്‍ക്‌സിനെപ്പോലെ, പിണറായി വിജയനെപ്പോലെ അടിയുറച്ച കമ്യൂണിസ്റ്റായിരുന്നു ക്രിസ്തു എന്നത് അദ്ദേഹത്തിനറിയില്ല. കേരളത്തിലെ ക്രിസ്ത്യാനികള്‍ മാര്‍പ്പാപ്പയ്ക്ക് മാപ്പുകൊടുക്കണമെന്നും പ്രതിനിധി ആവശ്യപ്പെട്ടു.

കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസിനുള്ള ഒരുക്കങ്ങള്‍ നടത്തുമ്പോള്‍ മാര്‍പ്പാപ്പ ഇത്തരത്തിലുള്ള പ്രസ്താവന നടത്തിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദമുണ്ടോ എന്നന്വേഷിക്കണം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പി.സി.ജോര്‍ജിനോടൊപ്പം റോമിലെത്തി മാര്‍പ്പാപ്പയെ കണ്ടതിനു തെളിവുകളുണ്ട്. നെയ്യാറ്റിന്‍കരയിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ ലക്ഷ്യം വച്ച് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദപ്രകാരം ആണോ മാര്‍പ്പാപ്പ പ്രസ്താവന നടത്തിയതെന്ന് അന്വേഷിക്കണം. മാര്‍പ്പാപ്പയ്‍ക്ക് അഭിപ്രായസ്വാതന്ത്ര്യമുണ്ട് എന്നത് സമ്മതിക്കുന്നു എങ്കിലും കമ്യൂണിസത്തെപ്പറ്റി സംസാരിക്കാനുള്ള അറിവ് അദ്ദേഹത്തിനുണ്ടോ എന്നു സ്വയം ചിന്തിക്കണം. ഇത്തരം പ്രസ്താവനകള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചു വിശ്വസിക്കുന്ന വിശ്വാസികളെ സഭയില്‍ നിന്നു പുറത്തുപോരാനേ പ്രേരിപ്പിക്കൂ എന്നും പാര്‍ട്ടി പ്രതിനിധി വ്യക്തമാക്കി. അതേ സമയം, മാര്‍പ്പാപ്പയുടെ പ്രസ്താവന മുഖവിലയ്‍ക്കെടുത്ത് പാര്‍ട്ടി നയങ്ങള്‍ തിരുത്തി കോണ്‍ഗ്രസിനെപ്പോലെയാകണമെന്ന് സുമേഷ് ഫണ്ണിത്തല ആവശ്യപ്പെട്ടു.

*ഇത് ആക്ഷേപഹാസ്യരചനയാണ്. സീരിയസ്സായി പറയുന്നതാണെന്നു കരുതി ആരും ബഹളം വയ്‍ക്കരുത്.

കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കണമെന്ന് ഒബാമ

കേരളത്തിന്റെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രസിഡന്റ് ഒബാമയും ആവശ്യപ്പെട്ടു. കൊച്ചുകുട്ടികളടക്കം കൊച്ചിയിലെ മിക്കവാറും ആളുകളും ഇംഗ്ലിഷാണ് സംസാരിക്കുന്നത്.ഇംഗ്ലിഷ് ലോകഭാഷയാണെന്നാണു പറയുന്നെങ്കിലും അമേരിക്കയുടെ ഔദ്യോഗിക ഭാഷയാണ്. ആ മനോഹരഭാഷ സംസാരിക്കുകയും അമേരിക്കയില്‍ ജനിക്കേണ്ടവരാണെന്ന മട്ടില്‍ കട്ട ജാഡയിറക്കുകയും ചെയ്യുന്ന ആളുകളെ കേരളത്തില്‍ കിടന്ന് നരകിക്കാന്‍ തങ്ങളനുവദിക്കില്ലെന്നും എന്നാല്‍ തുറമുഖം അടക്കമുള്ള സെറ്റപ്പുകള്‍ അമേരിക്കയിലേക്കു പറിച്ചു നടാന്‍ പറ്റാത്തതിനാല്‍ കൊച്ചിയെ അമേരിക്കയുടെ ഭാഗമായി എഴുതിക്കൊടുക്കണമെന്നും ഒബാമ ഐക്യരാഷ്ട്രസംഘടനയോട് ആവശ്യപ്പെട്ടു.

രാഷ്ട്രീയമുതലെടുപ്പിനു വേണ്ടി കേരളം അമേരിക്കയെപ്പറ്റി തെറ്റിദ്ധാരണ പരത്തുകയാണ്. കേരളത്തിലുള്ള അമേരിക്കക്കാര്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കൊച്ചിയെ അമേരിക്കയോടു ചേര്‍ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. കൊച്ചി കടപ്പുറത്ത് മലയാളികള്‍ ബന്ദികളാക്കി ലൈംഗികമായി പീഡിപ്പിച്ചുകൊണ്ടിരുന്ന അയ്യായിരത്തോളം അമേരിക്കന്‍ വനിതകളെ മോചിപ്പിച്ച് ഒരു കണ്ടെയ്‍നറില്‍ കയറ്റി അയച്ചതായി അമേരിക്കന്‍ കോണ്‍സുലേറ്റ് അധികൃതര്‍ പറഞ്ഞു. അമേരിക്കന്‍ വനിതകളെ പീഡിപ്പിക്കാന്‍ ആരെയും അനുവദിക്കില്ല എന്നും അതിനുള്ള അവകാശം തങ്ങള്‍ക്കു മാത്രമണുള്ളതെന്നും അമേരിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.കൊച്ചിയും അമേരിക്കയും പ്രശ്നം രമ്യമായി പറഞ്ഞുതീര്‍ക്കണമെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും എന്നാല്‍ ഇന്ത്യയിലെ ഒരു കാര്യങ്ങളിലും തനിക്ക് ഇടപെടാന്‍ അവകാശമില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊച്ചിയെ അമേരിക്കയോട് ചേര്‍ക്കുകയാണെങ്കില്‍ മലപ്പുറം ജില്ലയെ സൗദി അറേബ്യയോട് ചേര്‍ക്കണമെന്ന് സൗദി രാജാവിന്റെ കൊട്ടാരത്തിലെ അടിച്ചുതെളിക്കാരന്‍ ആവശ്യപ്പെട്ടു.മലപ്പുറത്തുള്ള മിക്കവാറും ആളുകള്‍ക്കും അറബിക് സംസാരിക്കാനറിയാം. അറബിക് സംസാരിക്കുന്ന ജില്ല എന്ന നിലയില്‍ മാത്രമല്ല, മലപ്പുറത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ സൗദിയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ വീട്ടിലേക്ക് അയക്കുന്ന റിയാലുകളാണ്. കേരളസര്‍ക്കാര്‍ ഈ റിയാലുകളുടെ നികുതി ഈടാക്കി ധൂര്‍ത്തടിക്കുകയാണ്. ഈ സാഹചര്യത്തില്‍ എത്രയും വേഗം മലപ്പുറത്തെ സൗദിയുടെ ഭാഗമാറ്റി മാറ്റണമെന്നും സൗദി പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

അതേ സമയം, കണ്ണൂര്‍ ജില്ലയെ ചൈനയുടെ ഭാഗമാക്കണമെന്ന ആവശ്യമായി ചൈനയില്‍ രണ്ടു ലക്ഷത്തോളം ആളുകള്‍ പങ്കെടുത്ത പടുകൂറ്റന്‍ പ്രകടനം നടന്നു.കണ്ണൂരില്‍ ആരും ചൈനീസ് സംസാരിക്കുന്നില്ലെങ്കിലും അവിടെ പലര്‍ക്കും ചൈനയോടാണ് കൂറ് എന്നതിനാലും അത്തരത്തില്‍ ചൈനയില്‍ ചേരാനാഗ്രഹിക്കുന്ന ഒരു ജനതയെ മറ്റേതെങ്കിലും രാജ്യം പിടിച്ചടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയുമാണ് ഈ കൂട്ടിച്ചേര്‍ക്കല്‍ ആവശ്യപ്പെടുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രി വ്യക്തമാക്കി.കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ വര്‍ഷങ്ങളായി ചൈനയിലെ സ്ഥിതിവിശേഷമാണുള്ളത്.കണ്ണൂരിലെ ജനങ്ങളെ കോണ്‍ഗ്രസ് ഗുണ്ടകള്‍ ആക്രമിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്.ഇത്തരത്തില്‍ കോണ്‍ഗ്രസുകാര്‍,സഖാവ് എന്നു വിളിച്ചാപേക്ഷിച്ച്, വളഞ്ഞുവച്ചു മര്‍ദ്ദിക്കുകയായിരുന്ന 10000 പാര്‍ട്ടിപ്രവര്‍ത്തകരെ കേരളാ സിപിഎം പ്രവര്‍ത്തകര്‍ രക്ഷിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതില്‍ നിസ്സഹായനാണെന്നും കേരളത്തിലെ പ്രശ്നങ്ങളില്‍ അദ്ദേഹത്തിന് ഇടപെടാനാവില്ലെന്നും പറഞ്ഞിരിിക്കുന്നതിനാല്‍ കണ്ണൂരിനെ റിപബ്ലിക് ഓഫ് ചൈനയുടെ ഭാഗമാക്കി പ്രഖ്യാപിക്കാന്‍ ഐക്യരാഷ്ട്രസംഘടന മുന്‍കൈയെടുക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലയ്‍്ക്കു ചുറ്റും മനുഷ്യച്ചങ്ങല നടത്താന്‍ കേരളത്തിലെ സിപിഎം തീരുമാനിച്ചു.ലോകത്ത് ഞെട്ടിക്കുന്ന മാറ്റങ്ങള്‍ക്കു വഴിവച്ചിട്ടുള്ള സമരമാര്ഗമാണ് മനുഷ്യച്ചങ്ങല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട് ജില്ലയെ കര്‍ണാടകത്തിന്റെ ഭാഗമാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അച്ചായന്‍മാര്‍ കുടിയേറിയിട്ടുള്ള കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, ഇടുക്കി, തിരുവനന്തപുരം ജില്ലകളുടെ ഭാഗങ്ങളെ കോട്ടയത്തോട് ചേര്‍ത്ത് കോട്ടയം ഒരു രാജ്യമായി പ്രഖ്യാപിക്കണമെന്നു കേരളാ കോണ്‍ഗ്രസ് പ്രവര്‍തത്തകര്‍ ആവശ്യപ്പെട്ടു.കോട്ടയം ഒരു രാജ്യമായി പ്രഖ്യാപിക്കാന്‍ ആരുടെയും അനുമതി ആവശ്യമില്ലെന്നും കോട്ടയതത്തിനു ചുറ്റും സംരക്ഷണഭിത്തി നിര്‍‍മിക്കുമെന്നും 10 ദിവസത്തിനകം കോട്ടയം രാജ്യമായി പ്രഖ്യാപിക്കുന്നില്ലെങ്കില്‍ വന്‍പിച്ച നിരാഹാരസമരം ആരംഭിക്കുമെന്നും നേതാക്കള്‍ അറിയിച്ചു.