എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

വൃന്ദ കാരാട്ടിന് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല

നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല എന്നു പണ്ടൊരു സിപിഎം (കേരള) നേതാവ് പറഞ്ഞത് വൃന്ദ കാരാട്ടിന്റെ കാര്യത്തില്‍ ശരിയാണെന്നു വേണം മനസ്സിലാക്കാന്‍. വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിനയച്ച കത്തിനെപ്പറ്റി ചോദിച്ച പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ടറോട് നീയാരാടാ ഇതൊക്കെ ചോദിക്കാന്‍ എന്നു ചോദിച്ചു കൊണ്ട് കൈയ്യേറ്റം ചെയ്ത ആരാധ്യനായ എംഎല്‍എ സഖാവ് സി.കൃഷ്ണനെ പാര്‍ട്ടിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാനുള്ള ആ ഉദ്യമത്തില്‍ നിന്നു പിന്തിരിപ്പിക്കുകയും മാധ്യമസിന്‍ഡിക്കറ്റിന്റെ ഭാഗമായ ആ ചെറുപ്പക്കാരന്റെ തോളില്‍ കയ്യിട്ടു സംസാരിക്കുകയും ചെയ്ത വൃന്ദ കാരാട്ട് കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ പാര്‍ട്ടി നേതൃത്വത്തോട് ചെയ്തത് വലിയ ക്രൂരതയാണ്.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ കൈ മാധ്യമപ്രവര്‍ത്തകന്റെ തോളിലല്ല, കവിളിലാണ് പതിക്കേണ്ടത്. പാര്‍ട്ടിക്കെതിരെ എന്തൊക്കെ നുണകളാണ് രണ്ടു വര്‍ഷമായി കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ എഴുതി വിടുന്നത്. ദേശാഭിമാനി എന്ന നിഷ്പക്ഷ പത്രവും കൈരളി പീപ്പിള്‍ എന്ന നിഷ്പക്ഷ ചാനലും മാത്രമാണ് കേരളത്തിലെ രാഷ്ട്രീയസംഭവികാസങ്ങള്‍ വെള്ളം ചേര്‍ക്കാതെ, പക്ഷം പിടിക്കാതെ സത്യസന്ധമായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഒരു നേതാവിനെ ഉത്തരം മുട്ടിക്കുന്ന ചോദ്യം ചോദിക്കുന്ന റിപ്പോര്‍ട്ടറെ ശിക്ഷിക്കുന്നതില്‍ നിന്നും എംഎല്‍എയെ തടഞ്ഞ വൃന്ദ കാരാട്ട് വലിയ ചതി തന്നെയാണ് ചെയ്തത്.

പത്രപ്രവര്‍ത്തനം തന്നെ ഉപേക്ഷിച്ചു പോകാന്‍ തക്കവിധത്തില്‍ ഒരുത്തനെ ശരിപ്പെടുത്തിയെടുക്കാനുള്ള അവസരം നഷ്ടപ്പെടുത്തിക്കൊണ്ട് വൃന്ദ കാരാട്ട് നടത്തുന്ന ഇടപടെല്‍ ഈ വിഡിയോയില്‍ കാണാം. സി.ഐ.ടി.യു സംഘടിപ്പിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ സംഗമം ആണ് പരിപാടി. വൃന്ദ കാരാട്ട് ഉദ്ഘാടകയാണ്. സി.കൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനും. അവിടെയാണ് മാധ്യമ സിന്‍ഡിക്കറ്റ് അമേരിക്കന്‍ ചാരനെ കയ്യിലൊരു മൈക്കും കൊടുത്തു പറഞ്ഞു വിട്ടത്.

അല്ലെങ്കിലും ഈ പത്രക്കാര്‍ സിപിഎം നേതാക്കളോട് ചോദിക്കരുതാത്ത ചോദ്യങ്ങള്‍ മാത്രമേ ചോദിക്കൂ. ടി.പി.ചന്ദ്രശേഖരന്‍, കെ.കെ.രമ, വി.എസ്.അച്യുതാനന്ദന്‍ എന്നിവരെപ്പറ്റി ചോദിച്ചാല്‍ അടിയാണ് മറുപടി കൊടുക്കേണ്ടതെന്ന് ആര്‍ക്കാണറിയാത്തത്. ഇവരെല്ലാം കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഭാഗമായ ആളുകളാണ്. വെറും 12 വെട്ടു മാത്രം കൊണ്ടു മരിച്ച ടിപി ചന്ദ്രശേഖരനും അതിനു ശേഷം തലയ്ക്കു സുഖമില്ലാതായ കെ.കെ.രമയും ഏജ് ഓവറായപ്പോള്‍ കയ്യക്ഷരം നന്നാക്കാന്‍ വേണ്ടി വെറുതെ കത്തുകളയക്കുന്ന വിഎസും പാര്‍ട്ടിയോട് ചെയ്ത ക്രൂരതകള്‍ എന്തൊക്കെയാണെന്ന് വൃന്ദ കാരാട്ട് മറന്നാലും മറ്റുള്ളവര്‍ മറക്കില്ല.

കഴിഞ്ഞ ദിവസം മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ നിയമപാലകന്റെ മെക്കിട്ടുകയറിയ സംഭവത്തില്‍ രോഷം കൊണ്ട സിപിഎം അനുഭാവികള്‍ തീര്‍ച്ചയായും ഈ സംഭവത്തിലും രോഷം കൊള്ളേണ്ടതാണ്. എന്നാല്‍, ഉള്‍പ്പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ടെങ്കിലും ഇത്തരം ബുദ്ധിജീവി ഇടപെടലുകളെ ചോദ്യം ചെയ്യാന്‍ അവര്‍ക്കു ഭീതിയുണ്ടെങ്കില്‍ വേണ്ട. പോരെങ്കില്‍, എല്ലാവരും സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി പങ്കെടുക്കുന്നവരുമല്ലല്ലോ.

ഗുണപാഠം– അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം തുടങ്ങി പല സ്വാതന്ത്ര്യങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തരുന്നുണ്ടാവാം. അതൊന്നും വിപ്ലവ പാര്‍ട്ടിയുടെയും പാര്‍ട്ടി നേതാക്കന്‍മാരുടെയും നേര്‍ക്കല്ല ഉപയോഗിക്കേണ്ടത്. കേട്ടോടാ പട്ടികളെ !!!

തുറന്ന ചോദ്യങ്ങള്‍

നമസ്‌കാരം സര്‍… തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സാഹചര്യത്തില്‍ ഈ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സ് കാണിച്ചതിനു നന്ദി.

വളരെ സന്തോഷം…

ആദ്യം തന്നെ ഒരു അഭ്യര്‍ത്ഥന.. വളരെ തുറന്ന ചോദ്യങ്ങളാണ് എന്റേത്.. അതിനുള്ള മറുപടികളും തുറന്നതാകണമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു…

തീര്‍ച്ചയായും എന്റെ ജീവിതം തന്നെ ഒരു തുറന്ന പുസ്തകമാണ്… പാര്‍ട്ടി സ്വീകരണങ്ങള്‍ക്കു പോകുമ്പോള്‍ ഞാന്‍ തുറന്ന ജീപ്പില്‍ സഞ്ചരിക്കാറുണ്ട്…

എന്തുകൊണ്ടാണ് ഇത്രകാലം അഭിമുഖങ്ങളൊന്നും നല്‍കാതിരുന്നത് ? അങ്ങേയ്ക്ക് രാഷ്ട്രീയം അറിയാത്തതുകൊണ്ടാണെന്നും ചോദ്യങ്ങളെ നേരിടാന്‍ ഭയമായതുകൊണ്ടാണെന്നുമാണ് വിമര്‍ശകര്‍ പറയുന്നത് ?

കല്‍ക്കട്ടയിലെ തെരുവീഥികളിലും ഒറീസയിലെ മലയോരങ്ങളിലും ഞാന്‍ പാവങ്ങളുടെ കണ്ണീരൊപ്പുകയായിരുന്നു. ബാക്കിയുള്ള സമയം ഒരു സാധാരണ പ്രവര്‍ത്തകനായി പാര്‍ട്ടി ആപ്പീസുകള്‍ പടുത്തുയര്‍ത്തുന്നതിനു വേണ്ടി തൊഴിലാളി സ്ത്രീകളോടൊപ്പം കല്ലു ചുമക്കുകയായിരുന്നു.. അതിനിടയില്‍ ടിവി ചാനലുകളില്‍ അഭിമുഖം കൊടുക്കാന്‍ ടൈം കിട്ടിയില്ല..

അങ്ങയുടെ എതിര്‍ സ്ഥാനാര്‍ഥി പലവട്ടം പരസ്യമായി തന്നെ അങ്ങയെ തുറന്ന സംവാദത്തിനു ക്ഷണിച്ചിട്ടുണ്ടല്ലോ… എപ്പോഴും അങ്ങ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.. എന്തുകൊണ്ടാണ് പരസ്പരം ഒരു സംവാദത്തിന് അങ്ങു മടിക്കുന്നത്… അദ്ദേഹത്തെ അങ്ങേയ്ക്ക് ഭയമാണോ ?

എനിക്കു ഭയമാണോ എന്നാണ് നിങ്ങള്‍ ചോദിച്ചത്. അങ്ങനെ ഭയമുള്ള ആളാണോ ഞാന്‍ എന്നു മനസ്സിലാക്കണമെങ്കില്‍ ആദ്യം ഞാനാരാണെന്നു നിങ്ങള്‍ മനസ്സിലാക്കണം… അതിനു നിങ്ങള്‍ ചരിത്രം പഠിക്കണം… ബൈ ദ ബൈ.. നിങ്ങള്‍ എന്തിനാണ് പത്രക്കാരനായത് വേറെ വല്ല പണിക്കും പൊയ്ക്കൂടായിരുന്നോ ?

എന്റെ ചോദ്യം ഒഴിവാക്കി അങ്ങ് എന്നോടു മറ്റൊരു ചോദ്യം ചോദിക്കുകയാണ് ? എന്റെ ചോദ്യം എന്തുകൊണ്ടാണ് എതിര്‍സ്ഥാനാര്‍ഥിയുമായി ഒരു മുഖാമുഖത്തിന് അങ്ങു ഭയപ്പെടുന്നത് എന്നാണ് ?

ഭയം എന്നൊരു വാക്ക് എന്റെ നിഘണ്ടുവിലില്ല… കുട്ടിക്കാലത്ത് രാത്രിയില്‍ മൂത്രമൊഴിക്കാന്‍ മുട്ടുമ്പോള്‍ ഞാന്‍ ഒറ്റയ്ക്ക് മുറ്റത്തെ മാവിന്‍ ചുവട്ടില്‍ പോയി മൂത്രമൊഴിക്കുമായിരുന്നു… പിന്നെ എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി… അങ്ങനെയുള്ള എന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് ക്രൂരമാണ്.. മൃഗീയമാണ്… മനുഷ്യത്വരഹിതമാണ്…

മരിച്ചു പോയ ബന്ധുക്കളെപ്പറ്റി പറഞ്ഞ് അങ്ങു സഹതാപം പിടിച്ചു വാങ്ങാന്‍ ശ്രമിക്കുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല… എന്റെ ചോദ്യം രാഷ്ട്രീയമാണ്. അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയുടെ ചോദ്യങ്ങളും ആരോപണങ്ങളും അ്‌ങ്ങേയ്‌ക്കെതിരാണ്… ഒന്നിനു പോലും അങ്ങു മറുപടി പറയുന്നില്ല.. അദ്ദേഹത്തെ ഭയമായതുകൊണ്ടല്ലേ അങ്ങ് അതെപ്പറ്റിയുള്ള ചോദ്യങ്ങളോടു പോലും മുഖം തിരിയ്ക്കുന്നത് ?

ഈ രാജ്യത്തെ പട്ടിണിപ്പാവങ്ങളെ ഉദ്ധരിക്കാന്‍, ഈ രാജ്യത്തെ ലക്ഷോപലക്ഷം സ്ത്രീജനങ്ങളെ ശാക്തീകരിക്കാന്‍, ഈ രാജ്യത്തെ കോടാനുകോടി കുട്ടികളെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്‍ത്താന്‍ വേണ്ടി യുവജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനാണ് ഞാനാഗ്രഹിക്കുന്നത്. അങ്ങനെയുള്ള എന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത് മ്ലേച്ഛമാണ്.

അങ്ങു മറ്റെന്തോ സംസാരിക്കുന്നു. അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയെപ്പറ്റിയാണ് ഞാന്‍ ചോദിക്കുന്നത് ?

ഞങ്ങള് പുള്ളിയെ തോല്‍പിക്കും…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥിയെപ്പറ്റിയുള്ള അങ്ങയുടെ അഭിപ്രായം എന്താണ് ?

പുള്ളിയെപ്പോലെയല്ല ഞാന്‍.. രാജ്യത്തിന്റെ ഐക്യത്തിലും അഖണ്ഡതയിലും ജനാധിപത്യത്തിലും വികസനത്തിലും പുതിയ വഴികള്‍ വെട്ടിത്തെളിക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്… പാവപ്പെട്ടവരെ ഉദ്ധരിക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും യുവജനങ്ങളെ പ്രചോദിപ്പിക്കാനുമാണ് ഞാന്‍ ലക്ഷ്യമിടുന്നത്…

ഗുജറാത്ത് കലാപത്തെപ്പറ്റിയും കൂട്ടക്കൊലയെപ്പറ്റിയും അങ്ങയുടെ പാര്‍ട്ടിയിലെ നേതാക്കള്‍ പല അഭിപ്രായങ്ങളും പറഞ്ഞിട്ടുണ്ട്… അതെപ്പറ്റി അങ്ങയുടെ കാഴ്ചപ്പാട് എന്താണ് ?

ഒന്നും കാണാതെ എന്തെങ്കിലും പറയുന്നവരല്ല അവരൊന്നും… അവര്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും കാര്യമുണ്ടാകും..

ഗുജറാത്ത് കലാപത്തെപ്പറ്റി അങ്ങയുടെ നീരീക്ഷണം എന്താണ് ?

ഗുജറാത്തില്‍ കലാപമുണ്ടായി… ധാരാളം ആളുകള്‍ മരിച്ചു…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി ആ മരണത്തിന് ഉത്തരവാദികളാണെന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ ?

ഹരിതവിപ്ലവത്തിലാണ് ഞാന്‍ വിശ്വസിക്കുന്നത്… രാജ്യത്തെ യുജനങ്ങളെ കൃഷിയിലേക്ക് ആകൃഷ്ടരാക്കും.. പിന്നെ സ്ത്രീകളുടെ ശാക്തീകരണം… പാവപ്പെട്ടവരെ കൈപിടിച്ചുയര്‍ത്തേണ്ടതുണ്ട്… കുട്ടികളുടെ വിദ്യാഭ്യാസം…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി കലാപങ്ങളിലും ജനങ്ങളുടെ മരണത്തിലും പങ്കാളിയാണ് എന്ന് അങ്ങയുടെ പാര്‍ട്ടി പറയുന്നു. ഇതില്‍ അങ്ങയുടെ നിലപാട് എന്താണ് എന്നാണ് അറിയേണ്ടത് ?

എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി…

അങ്ങയുടെ എതിര്‍സ്ഥാനാര്‍ഥി തെറ്റുകാരനാണ് എന്ന് അങ്ങു വിശ്വസിക്കുന്നുണ്ടോ ?

ഗുജറാത്തില്‍ കലാപമുണ്ടായി… ധാരാളം ആളുകള്‍ മരിച്ചു…

മുസഫര്‍നഗറിലും അതു തന്നെയല്ലേ സംഭവിച്ചത് ?

മുസഫര്‍നഗറിനെപ്പറ്റി ഒരക്ഷരം പറയരുത്…

കലാപവും ജനങ്ങളുടെ മരണവും അല്ലേ അവിടെയും സംഭവിച്ചത് ?

മുസഫര്‍നഗറിനെപ്പറ്റി മിണ്ടരുതെന്നല്ലേ പറഞ്ഞത്…..

അങ്ങു കരയാന്‍ പോകുന്നതു പോലെ തോന്നുന്നു ?

ഇല്ല.. ഞാന്‍ പറഞ്ഞല്ലോ… എന്റെ മൂത്തശ്ശനും മുത്തശ്ശിയും മരിച്ചു പോയതാണ്… എന്റെ അച്ഛനും മരിച്ചുപോയി…

ശരി. മറ്റൊരു ചോദ്യമാവട്ടെ. അങ്ങയുടെ പാര്‍ട്ടി 60 വര്‍ഷം ഭരിച്ചിട്ടും രാജ്യം വലിയ നേട്ടമൊന്നുമുണ്ടാക്കിയില്ല.. വെറും 60 മാസം തരൂ മാറ്റം കാണിച്ചു തരാം എന്നാണ് അങ്ങയുടെ എതിര്‍ സ്ഥാനാര്‍ഥി പറയുന്നത്. എന്താണ് അങ്ങേയ്ക്ക് പറയാനുള്ളത് ?

വികസനത്തെ സംബന്ധിച്ച് ഞങ്ങളുടെ പാര്‍ട്ടിക്ക് നവീനമായ കാഴ്ചപ്പാടുകളാണുള്ളത്. ഞാന്‍ പറഞ്ഞല്ലോ, ഹരിതവിപ്ലവം ആണു ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. പിന്നെ പാവപ്പെട്ടവരുടെ ഉന്നമനം, സ്ത്രീകളുടെ ശാക്തീകരണം, അശരണരും അഗതികളുമായ ആളുകളെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതു പോലും ഞങ്ങളുടെ പരിഗണനയിലുണ്ട്…

തിരഞ്ഞെടുപ്പു സര്‍വേകളെല്ലാം അങ്ങയുടെ പാര്‍ട്ടിയുടെ പതനമാണ് സൂചിപ്പിക്കുന്നത്. അതെപ്പറ്റി എന്താണ് അഭിപ്രായം ?

ബ്രിട്ടീഷുകാരുടെ കയ്യില്‍ നിന്നും അധികാരം നേടിയെടുത്തത് പാവപ്പെട്ടവരുടെയും സ്ത്രീകളുടെയും ജനകീയമുന്നേറ്റത്തിലൂടെയായിരുന്നു. അതു തന്നെയാണ് ഞങ്ങളുടെ പാര്‍ട്ടിയും ലക്ഷ്യം വയ്ക്കുന്നത്. ഞങ്ങളെ തോല്‍പിക്കാന്‍ ആര്‍ക്കും സാധിക്കില്ല.

ഇനി അടുത്ത ചോദ്യം…

മതി.. എനിക്ക് പോണം… പാവപ്പെട്ടവരെ ഉദ്ധരിക്കാനും സ്ത്രീകളെ ശാക്തീകരിക്കാനും അശരണരെ മുഖ്യധാരയിലേക്കു കൊണ്ടുവരാനും സമയമായി…

ഇപ്പോള്‍ പോണോ ?

പോണം.. പോണം… എനിക്ക് ഈ രാജ്യത്തിനു വേണ്ടി സേവനം ചെയ്യുന്നതില്‍ നിന്ന് ഒരു നിമിഷം പോലും വിട്ടുനില്‍ക്കാനാവില്ല.. എന്നെ വിടൂ…

ശരി എന്നാല്‍…

നന്ദി നമസ്‌കാരം…

പാവം, ഓടിക്കളഞ്ഞു !

സുനന്ദയുടെ മരണം (എക്‌സ്‌ക്ലൂസീവ്)

ഹലോ…

ഹലോ.. നമസ്‌കാരം പ്രധാന വാര്‍ത്തകള്‍.. സോറി.. ആരാണ് സംസാരിക്കുന്നത് ?

അല്ല.. പ്രധാന വാര്‍ത്തകള്‍ എന്തൊക്കെയാണെന്നു കേള്‍ക്കട്ടെ…

വാര്‍ത്ത വായിച്ചു ശീലമായിപ്പോയതുകൊണ്ട് നമസ്‌കാരം പറഞ്ഞാല്‍ അതിന്റെ കൂടെ വരുന്നതാണത്… ഇതാരാണ് സംസാരിക്കുന്നത് ?

ഞാന്‍ കുട്ടപ്പനാണ്… ഒന്നു രണ്ടു കാര്യങ്ങളള്‍ ചോദിക്കാന്‍ വിളിച്ചതാണ്..

ചോദിച്ചോളൂ… ഒന്‍പതു മണിയുടെ ബുള്ളറ്റിന്‍ വായിക്കാനുള്ളതാണ് എനിക്ക്…

ഓ, ശരി ശരി.. ഈ സുനന്ദ പുഷ്‌കറുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ സര്‍ ? അക്കാര്യത്തില്‍ ഒരു തീരുമാനമായോ ?

കൊള്ളാം… ഞാനീ രാപ്പകലില്ലാതെ പണിയെടുക്കുന്നത് അത് കണ്ടുപിടിക്കാനല്ലേ മിസ്റ്റര്‍……. ???

കുട്ടപ്പന്‍.. കുട്ടപ്പന്‍…

അതെ മിസ്റ്റര്‍ കുട്ടപ്പന്‍… എല്ലാവര്‍ക്കും അറിയേണ്ടത് സുനന്ദയുടെ മരണം ആത്മഹത്യാണോ കൊലപാതകമാണോ എന്നാണ്… രണ്ടോ മൂന്നോ ദിവസത്തിനകം മറ്റെല്ലാ സംഭവങ്ങളുമെന്നതു പോലെ ഇതിനെ സംബന്ധിച്ച വാര്‍ത്തയും ദൃശ്യങ്ങളും ഞങ്ങള്‍ തന്നെ ആദ്യമായി പ്രേക്ഷകരിലെത്തിക്കും.. കാത്തിരിക്കുക… വേറൊന്നുമില്ലല്ലോ ?

ഉണ്ട്, ഉണ്ട്… സുനന്ദയുടെ മരണം അദ്യമായി പ്രേക്ഷകരിലെത്തിച്ചത് നിങ്ങളല്ലല്ലോ… വേറെ ഒന്നു രണ്ടു ചാനലില്‍ വന്നു കഴിഞ്ഞാണ് ഞാനത് നിങ്ങളുടെ ചാനലില്‍ കണ്ടത്…

സീ മിസ്റ്റര്‍… വെറുതെ എന്നെ പ്രകോപിപ്പിക്കരുത്… സുനന്ദ പുഷ്‌കര്‍ മരിച്ചു എന്ന വാര്‍ത്ത എയര്‍ ചെയ്യാന്‍ വേണ്ടി മാത്രം ഒരു ബുള്ളറ്റിനടിച്ചവരാണ് ഞങ്ങള്‍… മറ്റുള്ളവര്‍ ബ്രേക്കിങ് ന്യൂസ് എന്നു പറഞ്ഞ് ഉണ്ടത്രേ.. കേട്ടേ്രത സ്‌ക്രോള്‍ ചെയ്തപ്പോള്‍ വളരെ ആധികാരികമായി ഹോട്ടല്‍ ലീലയുടെ വിഷ്വല്‍സ് അടക്കം ഞെട്ടിക്കുന്ന ആ വാര്‍ത്ത ലോകത്തെ ആദ്യമായി അറിയിച്ചത് ഞങ്ങളാണ്.. അക്കാര്യത്തില്‍ ആര്‍ക്കും ഞങ്ങളെ ചോദ്യം ചെയ്യാനാവില്ല… ഞങ്ങളുടെ ചാനല്‍ ചരിത്രത്തിലാണ് ഇടം പിടിച്ചിരിക്കുന്നത്…

എന്തു ചരിത്രത്തില്‍ ? അത് മനസ്സിലായില്ല…

മിസ്റ്റര്‍ കുട്ടപ്പന്‍… വാര്‍ത്തകളുടെ, പത്രപ്രവര്‍ത്തനത്തിന്റെ ചരിത്രത്തില്‍ ഞങ്ങള്‍ കുറിച്ചത് പുതിയൊരു അധ്യായമാണ്.. സത്യം ലോകത്തെ അറിയിക്കുന്നതിനുള്ള ചരിത്രദൗത്യത്തിനു വേണ്ടി ഊണും ഉറക്കവും ഉപേക്ഷിച്ചവരാണ് ഞങ്ങള്‍… നിങ്ങളിത്രയും പറഞ്ഞതുകൊണ്ട് ബാക്കി കൂടി പറഞ്ഞേക്കാം… സുനന്ദ മരിക്കാനുള്ള കാരണങ്ങളെപ്പറ്റി 15 സ്‌പെഷല്‍ റിപ്പോര്‍ട്ടുകളാണ് ഞങ്ങള്‍ എയര്‍ ചെയ്തത്…. സുനന്ദയുടെ ബോഡിയുള്ള ആംബുലന്‍സ് ആദ്യമായി കാണിച്ചത് ഞങ്ങളാണ്… സുനന്ദ മരിച്ചതിനു ശേഷം ശശി തരൂരിനെ ആദ്യമായി കാണിച്ചത് ഞങ്ങളാണ്… ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആദ്യമായി കാണിച്ചത് ഞങ്ങളാണ്…

സാര്‍ കിതയ്ക്കുന്നുണ്ടല്ലോ…

ഒരു യഥാര്‍ഥമാധ്യമപ്രവര്‍ത്തകന്‍ അങ്ങനെയാണ്… വാര്‍ത്തകളുടെ കാര്യത്തില്‍ ഒരു ഭ്രാന്തനെപ്പോലെയായിരിക്കും…

സുനന്ദയുടെ മരണം നിങ്ങളിങ്ങനെ കീറിമുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല…

മിസ്റ്റര്‍ കുട്ടപ്പന്‍… നിങ്ങള്‍ സ്ത്രീത്വത്തിന് എത്ര വില നല്‍കുന്നുണ്ട് എന്നതിന്റെ തെളിവാണ് ഈ ചോദ്യം… ഒരു സ്ത്രീ ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധത്തില്‍ മനസ്സു വേദനിച്ച് നീറി നീറി മരിക്കുന്നതിനെ നിങ്ങള്‍ക്ക് എങ്ങനെ ഇത്ര നിസ്സാരവല്‍ക്കരിക്കാന്‍ സാധിക്കുന്നു ? ക്രൂരനാണ് നിങ്ങള്‍.. നീചനാണ് നിങ്ങള്‍…

അപ്പോള്‍ സ്ത്രീയുടെ വേദനയാണ് സാറിന്റെ വാര്‍ത്ത അവറുകളുടെ പ്രചോദനം..

തീര്‍ച്ചയായും… സത്യത്തിനും ധര്‍മത്തിനും നീതിക്കും വേണ്ടി അന്ത്യം വരെ പോരാടുന്ന മാധ്യമസംസ്‌കാരമാണ് ഞങ്ങളുടെ ചാനലിന്റേത്…

എങ്കില്‍ ഞാനൊരു എക്‌സ്‌ക്ലൂസീവ് തരാം…

എക്‌സ്‌ക്ലൂസീവോ ? എന്താ സംഭവം ?

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്…

ഗുഡ്… ഡീറ്റെയ്ല്‍സ് പറയൂ…

ചിന്നക്കടയിലെ ചെല്ലപ്പന്‍ ചേട്ടന്റെ മൂത്ത മകളായിരുന്നു സുനന്ദ. ലോറിക്കാരന്‍ പൊന്നപ്പന്റെ കൂടെ ഒളിച്ചോടി പോകുമ്പോള്‍ നല്ലൊരു ജീവിതമായിരുന്നു അവള്‍ സ്വപ്‌നം കണ്ടത്… എന്നാല്‍ പൊന്നപ്പനു ലോറി ഓട്ടം പോയിടത്തെല്ലാം സമ്മന്തമുണ്ടായിരുന്നു… അതറിഞ്ഞ സുനന്ദ എതിര്‍ത്തു.. അതോടെ പൊന്നപ്പന്‍ സുന്ദയെ മര്‍ദിക്കാന്‍ തുടങ്ങി… സുനന്ദയുടെ നിലവിളികള്‍ കൊണ്ട് മുഖരിതമായ രാത്രികളിലൊന്നില്‍ പൊന്നപ്പന്‍ അവളെ തല്ലിക്കൊന്നു കെട്ടിത്തൂക്കുക്കി… മരിക്കുമ്പോള്‍ സുനന്ദ ആറു മാസം ഗര്‍ഭിണിയുമായിരുന്നു…

മിസ്റ്റര്‍ കുട്ടപ്പന്‍… ഇത്തരം പൈങ്കിളി ബുള്‍ഷിറ്റ് വിളമ്പാനല്ല ഞങ്ങള്‍ ചാനല്‍ നടത്തുന്നത്… മേലാല്‍ ഇത്തരം തറ നമ്പരുകളുമായി എന്നെ ഫോണ്‍ വിളിക്കരുത്…

അതെന്താടാ പൂ#@മാനേ… നിനക്കൊരു പുച്ഛം ?

മിസ്റ്റര്‍ കുട്ടപ്പന്‍…. മൈന്‍ഡ് യുവര്‍ ലാംഗ്വേജ്…

ഇല്ലെങ്കില്‍ നീ എന്തോ ചെയ്യുമെടാ കു@#ത്താ@#ളി..

സുനന്ദയുടെ മരണത്തെപ്പറ്റി പറയാമെന്നു പറഞ്ഞിട്ട് നിങ്ങളെന്നെ കളിയാക്കുന്നോ ?

കളിയാക്കാന്നത് നീയാണെടാ മൈ@#… ഈ പറഞ്ഞ സുനന്ദയുടെ മരണ വാര്‍ത്തയുമായി നിന്റെ പൂ@#ലെ ചാനലിന്റെ ഓഫിസില്‍ ഞാന്‍ മൂന്നു മാസം കയറിയിറങ്ങി… അന്നൊക്കെ നീ പറഞ്ഞത് ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് ലോക്കല്‍ പൊലീസാണെന്നാണ്.. പൊലീസ് ആരെയങ്കിലും അറസ്റ്റഅ ചെയ്‌തെങ്കില്‍ ആ വിവരം രേഖാമൂലം അറിയിച്ചാല്‍ ചെറിയൊരു വാര്‍ത്ത കൊടുക്കാമെന്നാണ് നീ പറഞ്ഞത്… എന്നിട്ട് പൊലീസ് എത്തുന്നതിനു മുമ്പേ തന്നെ സുനന്ദ പുഷ്‌കര്‍ താമസിച്ച ഹോട്ടലിന്റെ ഗേറ്റിനു മുന്നില്‍ പട്ടിയെ പോലെ വന്നു നിന്നു നീയൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത് ഞാന്‍ കണ്ടെടാ നായേ…

സീ മിസ്റ്റര്‍ കുട്ടപ്പന്‍…

മിണ്ടായിരിയെടാ പട്ടീ… രണ്ടു മൂന്നു ദിവസമായി ഞാന്‍ കാണുന്നു നീ ചാനലിരുന്നു കുരയ്ക്കുന്നത്… വലിയ വലിയ ആളുകളുടെ വീട്ടിലെ വാര്‍ത്ത മാത്രം ചികഞ്ഞെടുത്തു കൊടുക്കുകയും ജനങ്ങള്‍ക്കു വേണ്ടി എന്തോ ഒണ്ടാക്കിക്കോണ്ടിരിക്കുരയാണെന്നു ഭാവിക്കുകയും ചെയ്യുന്ന നിന്‍െ അളിഞ്ഞ ധാര്‍മികബോധമുണ്ടല്ലോ… അത് നിന്റെ കാലിന്റെ എടയ്‌ക്കോട്ടു വച്ചാ മതി കേട്ടോടാ പുല്ലേ…

നന്ദി മിസ്റ്റര്‍ കുട്ടപ്പന്‍ ഇത്ര നേരം എന്നോടു സംസാരിച്ചതിന്…

ഞാന്‍ പറഞ്ഞു കഴിഞ്ഞില്ലെടാ… മുഴുവന്‍ കേട്ടിട്ടു നീ വച്ചാ മതി…

മിസ്റ്റര്‍ കുട്ടപ്പന്‍… എനിക്കൊന്നും കേള്‍ക്കാന്‍ സാധിക്കുന്നില്ല… എന്തോ സാങ്കേതിക തകരാറുണ്ടെന്നു തോന്നുന്നു… വീണ്ടും ബന്ധപ്പെടാം…

ഡാ, ഡാ… തീര്‍ന്നില്ലെടാ മൈ@#

നമസ്‌കാരം… പ്രധാന വാര്‍ത്തകള്‍… സുനന്ദ പുഷ്‌കര്‍ ലീലാ ഹോട്ടലിലെത്തിയത് കരഞ്ഞുകൊണ്ടാണെന്നത് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഞങ്ങളുടെ ചാനലിനു മാത്രം ലഭിച്ചു… വിമാനത്തില്‍ വച്ചും സുനന്ദയും ശശി തരൂരും തമ്മില്‍ കലഹിച്ചതിനെ സംബന്ധിച്ച ഞെട്ടിക്കുന്ന തെളിവുകളും ഞങ്ങളുടെ ചാനലിനു മാത്രം ലഭിച്ചു… വിശദമായ വാര്‍ത്തകള്‍ക്ക് ഞങ്ങളുടെ ഒന്‍പതു മണി വാര്‍ത്ത കാണുക…

വച്ചു കളഞ്ഞു കള്ള @#&*@#*&%@#$#@ മോന്‍ !

നിര്‍ഭയ പത്രപ്രവര്‍ത്തനത്തിന് എത്ര കാരറ്റ് ?

തരുണ്‍ തേജ്പാലില്‍ നിന്നു നേരെ എളമരം കരീമിലേക്കുള്ള നിര്‍ഭയപത്രപ്രവര്‍ത്തനത്തിന്‍െ ജൈത്രയാത്രയ്ക്കിടയില്‍ മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തും ഉള്‍പ്പെടുന്ന ഒരു വലിയ വാര്‍ത്ത അപ്രത്യക്ഷമായത് കേരളത്തിലെ മാധ്യമരംഗത്ത് വലിയൊരു സംഭവമൊന്നുമല്ല. നിര്‍ഭയ പത്രപ്രവര്‍ത്തനം എന്നാല്‍ അലവലാതികളും അസംഘടിതരുമായ വായനക്കാരെ ഭയപ്പെടാതിരിക്കുകയും പരസ്യം തരുന്ന മുതലാളിമാരുടെ ആസനം കഴുകിക്കൊടുക്കുകയും ചെയ്യുക എന്നാണെന്നാണ് ന്യൂമീഡിയക്കാര്‍ നിര്‍വചിക്കുന്നത്. കോട്ടും സ്യൂട്ടുമൊക്കെയിട്ട് രാഷ്ട്രീയക്കാരെ വിചാരണ ചെയ്യുന്ന ചാനല്‍പ്പുലികള്‍ ആ സ്യൂട്ട് ഊരിക്കഴിഞ്ഞാല്‍ അരച്ചാണ്‍ വയറിനു വേണ്ടി വീരന്മാരായി അഭിനയിക്കുന്ന ലോക്കല്‍ മല്ലു ഭീരുക്കളാണ് എന്നു നമുക്കും അറിയാം.

കള്ളക്കടത്തു സ്വര്‍ണവുമായി ഒരു ബന്ധവും തങ്ങള്‍ക്കില്ല എന്നും തങ്ങളുടേത് പരിശുദ്ധമായ കച്ചവടമാണെന്നും കഴിഞ്ഞ ദിവസം മലബാര്‍ ഗോള്‍ഡ് മുതലാളി പത്രസമ്മേളനത്തില്‍ പറഞ്ഞത് മിക്കവാറും മാധ്യമങ്ങളില്‍ വന്നിരുന്നു. അതിന് ഇയാള്‍ക്ക് സ്വര്‍ണക്കള്ളകടത്തുകാരുമായി ബന്ധമുണ്ടെന്ന് ആരു പറഞ്ഞു എന്നാണ് ആ വാര്‍ത്ത കണ്ടപ്പോള്‍ തോന്നിയത്. മലബാര്‍ ഗോള്‍ഡ് കള്ളക്കടത്തു സ്വര്‍ണം വാങ്ങിച്ചിട്ടുണ്ടെന്നുള്ള മുക്കിയ വാര്‍ത്ത മുതല്‍ മലബാര്‍ ഗോള്‍ഡിന്റെ അടിത്തറ തന്നെ പണിതുയര്‍ത്തിയിരിക്കുന്നത് കള്ളക്കടത്തു സ്വര്‍ണത്തിലാണെന്ന എതിരാളികളുടെ ആരോപണം വരെയുള്ള കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോഴാണ് നിര്‍ഭയപത്രപ്രവര്‍ത്തനം പ്രാബല്യത്തിലുള്ളതു കൊണ്ടാണ് മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്തകളില്‍ മഷി പുരളാത്തതെന്നും വീറോടെ വിചാരണ ചെയ്യുന്ന ചാനലുകളിലൊന്നും ഈ വഷയം വാര്‍ത്തയാവാത്തതെന്നും മനസ്സിലായി.

ഇപ്പോള്‍, മലബാര്‍ ഗോള്‍ഡും സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മുഖ്യധാരാ മാധ്യമങ്ങളുടെ മുഖംമൂടി വലിച്ചെറിയുകയാണെന്നും ഈ നവമാധ്യമങ്ങളാണ് കേരളത്തിലെ ജനങ്ങളിലേക്ക് സത്യമെത്തിക്കുന്നതെന്നും എന്നു വരെ എത്തി നില്‍ക്കുകയാണ്. ഇത് മറ്റു രാജ്യങ്ങളില്‍ സംഭവിച്ചിട്ടുള്ള കാലോചിതമായ ഒരു മാറ്റത്തിന്റെ ഭാഗമാണ്. നവമാധ്യമങ്ങള്‍ക്ക് മുഖ്യധാരാ മാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കൂടുതലുള്ളതു കൊണ്ടോ മുഖ്യധാരാമാധ്യമങ്ങള്‍ നവമാധ്യമങ്ങളെക്കാള്‍ സാമൂഹികപ്രതിബദ്ധത കുറഞ്ഞവരായതുകൊണ്ടാണെന്നോ എനിക്കഭിപ്രായമില്ല. രണ്ടിന്റെയും സെറ്റപ്പ് രണ്ടു തരത്തിലാണ് എന്നതുകൊണ്ടാണിങ്ങനെ. ഈ മാറ്റത്തെ ഉള്‍ക്കൊണ്ട് നവമാധ്യമങ്ങളുടെ ആവേശത്തിന് ഒരു മുഴം മുന്‍പേ എറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് കേരളത്തിലെ പത്രങ്ങളും ചാനലുകളും കാലഹരണപ്പെടുന്നതിന്റെ സൂചനകള്‍ വൈകാതെ കണ്ടു തുടങ്ങും.

മലബാര്‍ ഗോള്‍ഡിനെിരായി വാര്‍ത്ത കൊടുക്കാന്‍ അപാരമായ ധൈര്യം വേണമെന്നോ വാര്‍ത്ത കൊടുക്കാത്ത മാധ്യമങ്ങള്‍ക്കൊക്കെ മലബാര്‍ ഗോള്‍ഡിനെ പേടിയാണെന്നോ ഒക്കെയാണ് പലരും കരുതിയിരിക്കുന്നത്. കാര്യങ്ങള്‍ അങ്ങനെയല്ല. ഇന്ത്യയിലെ പത്രങ്ങളും ചാനലുകളും അവരുടെ പ്രവര്‍ത്തനമൂലധനം കണ്ടെത്തുന്നത് പ്രധാനമായും പരസ്യങ്ങളില്‍ നിന്നാണ്. അതായത് നമ്മളീ കാണുന്ന ന്യൂസ് ചാനലുകളൊന്നും പേ ചാനലുകളല്ല. മറ്റു രാജ്യങ്ങളിലെപ്പോലെ ഒരു ദിവസത്തെ പത്രത്തിന് നമ്മള്‍ 50 രൂപ മുടക്കാനും പോകുന്നില്ല.

മാധ്യമസ്ഥാപനങ്ങള്‍ സത്യം ലോകത്തോടു വിളിച്ചു പറയാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്ന ധര്‍മസ്ഥാനങ്ങളാണ് എന്നതൊരു തെറ്റിദ്ധാരണയാണ്. മറ്റെല്ലാ കമ്പനികളെയും പോലെ അവര്‍ക്കും ലാഭമുണ്ടെങ്കിലേ പ്രവര്‍ത്തിക്കാനൊക്കൂ. അവര്‍ക്കു ലാഭമുണ്ടാകുന്നത് മലബാര്‍ ഗോള്‍ഡ് പോലുള്ള കമ്പനികള്‍ വര്‍ഷാവര്‍ഷം കോടിക്കണക്കിനു രൂപയുടെ പരസ്യം കൊടുക്കുമ്പോഴാണ്. മലബാര്‍ ഗോള്‍ഡിനെതിരായി ഒരു വാര്‍ത്ത കൊടുക്കുമ്പോള്‍ മാധ്യമങ്ങള്‍ ഇരിക്കുന്ന കൊമ്പ് തന്നെയാണ് മുറിക്കുന്നത് എന്നു ചുരുക്കം. വാര്‍ത്ത കൊടുത്തതില്‍ പ്രതിഷേധിച്ച് ഭാവിയില്‍ കൊടുക്കാനുള്ള മുഴുവന്‍ പരസ്യങ്ങളും പിന്‍വലിക്കാം. ഇനി സ്ഥാപനത്തിന്റെ വളര്‍ച്ചയെ കേസ് ബാധിച്ചാലോ അതും പരസ്യങ്ങള്‍ കുറയ്ക്കും. നിര്‍ഭയപത്രപ്രവര്‍ത്തനത്തിലെ ഭീരുത്വം എന്നാല്‍ ഇത്രയേയുള്ളൂ.

മറ്റൊന്ന് മലബാര്‍ ഗോള്‍ഡിനെതിരായി വാര്‍ത്ത കൊടുത്ത മാധ്യമങ്ങളുടെ ധീരതയാണ്. മലബാര്‍ ഗോള്‍ഡിനെതിരായുള്ള വാര്‍ത്ത ആവശേപൂര്‍വം ആഘോഷിക്കുന്ന മാധ്യമങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ ഒറ്റ കാരണമേയുള്ളൂ. 1. മലബാര്‍ ഗോള്‍ഡ് അവര്‍ക്ക് പരസ്യം നല്‍കിയിട്ടില്ല. അതുകൊണ്ട് തന്നെ ജ്വല്ലറി ഗ്രൂപ്പിനെ വിചാരണ ചെയ്യുമ്പോള്‍ ആവേശം ഇരട്ടിയാകും. ഞങ്ങള്‍ക്കു തരാതെ മറ്റവന്‍മാര്‍ക്കു മാത്രം പരസ്യം കൊടുക്കുമ്പോള്‍ നീയൊക്കെ ഓര്‍ക്കണമായിരുന്നടാ എന്നു മലബാര്‍ ഗോള്‍ഡിനോടും പരസ്യം വാങ്ങിയ കാശ് കീശേലിട്ടോണ്ടിരിക്കുന്ന നിന്നെയൊക്കെ തീര്‍ക്കുമെടാ എന്നു പരസ്യം വാങ്ങിയ മാധ്യമങ്ങളോടും ആക്രോശിക്കുന്നതാണ് വാര്‍ത്ത കൊടുക്കുന്ന ഏതാനും മാധ്യമങ്ങളുടെ സാമൂഹികപ്രതിബദ്ധത എന്നതാണ് സത്യം. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം വാങ്ങുകയും അത് പ്രദര്‍ശിപ്പിക്കുകയും അതോടൊപ്പം തന്നെ മലബാര്‍ ഗോള്‍ഡിനെതിരായ വാര്‍ത്ത കൊടുക്കുകയും ചെയ്യുന്നതിനെയാണ് നിര്‍ഭയ പത്രപ്രവര്‍ത്തനം നിഷ്പക്ഷ പത്രപ്രവര്‍ത്തനം എന്നൊക്കെ വിളിക്കുന്നത്. മലബാര്‍ ഗോള്‍ഡിന്റെ പരസ്യം കിട്ടാത്ത മാധ്യമങ്ങള്‍ പരസ്യം കിട്ടിയിട്ടുള്ള മാധ്യമങ്ങളെയും മലബാര്‍ ഗോള്‍ഡിനെയും തെറിവിളിക്കുന്നതും പരസ്യം കിട്ടിയ മാധ്യമങ്ങള്‍ മിണ്ടാതിരിക്കുന്നതും മാധ്യമപ്രവര്‍ത്തകന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ഒരുപോലെയാണ്.

എന്നാല്‍, ജനങ്ങളുടെ ഭാഗത്തു നിന്നു ചിന്തിക്കുമ്പോള്‍ ഇത് കടുത്ത അനിതീയാണ്. അറിയാനുള്ള അവകാശത്തിനു വില പറയുന്ന മാധ്യമസംസ്‌കാരം അപകടകരവുമാണ്. കാശും സ്വാധീനവുമുള്ളവര്‍ക്ക് സമൂഹത്തില്‍ എന്തുമാവാം എന്നു മാധ്യമങ്ങള്‍ ധാര്‍മികരോഷം കൊള്ളുമ്പോഴും ഈ മാധ്യമങ്ങള്‍ നിശബ്ദത പാലിക്കുന്നത് കാശും സ്വാധീനവുമുള്ളവര്‍ക്കെതിരേ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കുമ്പോഴാണ് എന്നത് വിസ്മരിക്കരുത്. എപ്പോഴും സര്‍ക്കാരിനെയും നിയമപാലകരെയും കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇതുപോലുള്ള വിഷയങ്ങളില്‍ നിശബ്ദത പാലിക്കുമ്പോള്‍ നടപടിയെടുക്കുന്ന നിര്‍ഭയരായ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഇക്കാണുന്ന മാധ്യമങ്ങളൊക്കെ നിസ്സാരമായി മാറുകയാണ്. മലബാര്‍ ഗോള്‍ഡിനെതിരെ നടപടിയെടുത്തു എന്ന വാര്‍ത്ത കൊടുക്കുന്നവര്‍ പരസ്പരം അഭിനന്ദിക്കുമ്പോള്‍ തികച്ചും നിര്‍ഭയരായി അന്വേഷണം നടത്തുകയും നടപടിയെടുക്കുകയും ചെയ്ത ഉദ്യോഗസ്ഥരെ മറന്നു പോകുന്നു എന്നത് കഷ്ടമാണ്. നിര്‍ഭയപത്രപ്രവര്‍ത്തനം ഒരു തമാശയാണ്. സ്വര്‍ണക്കള്ളക്കടത്തു അന്വേഷിച്ചു തെളിയിച്ചതു തങ്ങളാണെന്നു വീമ്പു പറയുന്ന ഓണ്‍ലൈന്‍ പത്രങ്ങളെയല്ല, ഇത് കണ്ടെത്തുകയും കിലോക്കണക്കിനു സ്വര്‍ണം പിടിച്ചെടുക്കുകയും ഇവിടം വരെ അന്വേഷിച്ചെത്തുകയും ചെയ്ത നിര്‍ഭയരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അന്വേഷകരെയുമാണ് അഭിനന്ദിക്കേണ്ടത്. അവരുടെ നിര്‍ഭയകൃത്യനിര്‍വഹണത്തിനാണ് സല്യൂട്ട് നല്‍കേണ്ടത്.

+1: കള്ളക്കടത്തുകാരുടെ ഫഌറ്റില്‍ കഥ ചര്‍ച്ച ചെയ്യാന്‍ പോയ ഇടവെള ബാബുവിനെ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ആഘോഷിച്ച മാധ്യമങ്ങള്‍ കള്ളക്കടത്തുകാരുടെ സ്വര്‍ണം വാങ്ങിയ മലബാര്‍ ഗോള്‍ഡിന്റെ പ്രചാരകരായ കരീന കപൂര്‍, മോഹന്‍ലാല്‍ തുടങ്ങിയ ഒരു ലോഡ് താരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും എന്നറിയാന്‍ കൗതുകമുണ്ട്.

സത്യം വിജയന്‍

ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുന്നതിനു മുഖ്യധാരാ മാധ്യങ്ങള്‍ ഇടയ്ക്കിടെ എടുത്തുപയോഗിച്ചിരുന്ന ലാവ്‌ലിന്‍ കേസില്‍ നിന്ന് പിണറായി വിജയന്‍ ഒഴിവാകുന്നതോടെ ആ കേസിന്റെ ഗ്ലാമര്‍ അവസാനിക്കുകയാണ്. ലാവ്‌ലിന്‍ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് പാര്‍ട്ടി സെക്രട്ടറി ഒഴിവാക്കപ്പെട്ടതോടെ ആ കേസ് മൊത്തത്തില്‍ കെട്ടിച്ചമച്ചതാണെന്നൊരു ലൈനിലാണ് പല സഖാക്കളും. പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയത് ജീവകണം കണ്ടെത്തിയതു പോലെയോ പരമാണുകോശത്തെ വിഘടിച്ചതുപോലെയോ എന്തോ നിഗൂഢസംഭവമാണെന്ന തോന്നലുളവാക്കി വിധി വിശദമായി പഠിച്ചതിനു ശേഷം പ്രതികരിക്കാം എന്നു പറഞ്ഞ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുങ്ങിയിരിക്കുകയാണ്. രസികന്‍ വ്യാഖ്യാനങ്ങളുമായി വൈകിട്ടു പൊങ്ങുമായിരിക്കും.

വിധി പലകുറി വിശകലനം ചെയ്തും വിധി വന്ന ശേഷമുള്ള പിണറായി വിജയന്റെ മൗനങ്ങളെയും വാക്കുകളിലെ ഊന്നലുകളെയും ശരീരഭാഷയെയും നിശ്വാസങ്ങളെയും വരെ വിഎസ് വിരുദ്ധമായി വ്യാഖ്യാനിച്ചും പുതിയ ചാലുകള്‍ തീര്‍ത്തുകയാണ് മാധ്യമങ്ങള്‍. ലാവ്‌ലിന്‍ കേസ് എന്നത് പിണറായി വിജയനെ കുടുക്കുന്നതിനു വേണ്ടി വിഎസ് അച്യുതാനന്ദന്‍ കെട്ടിച്ചമച്ച കള്ളക്കഥ മാത്രമാണെന്ന ഉപസംഹാരത്തിനുള്ള സൂചനകള്‍ സമാഹരിക്കുകയാണ് രാഷ്ട്രീയനീരീക്ഷകന്‍മാര്‍. എന്തായാലും, ശ്വേതാ മേനോന്‍ പരാതി പിന്‍വലിച്ചതുകൊണ്ടുണ്ടായ നികത്താനാവാത്ത വാര്‍ത്താനഷ്ടത്തെ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയതിലൂടെ നികത്തിക്കൊടുത്ത സിബിഐ കോടതിയോട് കേരളത്തിലെ മാധ്യമങ്ങള്‍ കടപ്പെട്ടിരിക്കുന്നു.

ലാവ്‌ലിന്‍ കേസില്‍ സത്യം വിജയിക്കുമെന്ന വിശ്വാസമാണ് തന്നെ മുന്നോട്ടുനയിച്ചതെന്നാണ് പിണറായി വിജയന്‍ പറഞ്ഞിരിക്കുന്നത്. ആദ്യം മുതലേ തന്നെ തകര്‍ക്കുന്ന വിധത്തില്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ് നടന്നുവന്നത്. മഞ്ഞപത്രങ്ങള്‍ മുതല്‍ മഹാ നേതാക്കള്‍ വരെയും മുന്‍ കമ്മ്യുണിസ്റ്റുകള്‍ മുതല്‍ കമ്മ്യുണിസ്റ്റ് വിരുദ്ധര്‍ വരെയും തന്നെ ആക്രമിച്ചു. അച്ചടി, ദൃശ്യമാധ്യമങ്ങളും തന്നെ ആക്രമിച്ചുവെന്നും പിണറായി പറഞ്ഞു.

സത്യം എന്നത് ലാവ്‌ലിന്‍ കേസില്‍ മാത്രം വിജയിക്കുന്ന ഒന്നാണെന്ന ധാരണ അസ്ഥാനത്താണ്. ലാവ്‌ലിന്‍ കേസില്‍ വിജയിക്കുന്ന സത്യം കേരളം ചര്‍ച്ച ചെയ്ത മറ്റു കേസുകളില്‍ വിജയിക്കുമ്പോള്‍ കോടതി പക്ഷപാതപരമായി പെരുമാറിയെന്നും അന്വേഷണം വഴിമാറിപ്പോയെന്നുമൊക്കെ പറഞ്ഞ് ഇവിടെ പ്രക്ഷോഭങ്ങള്‍ നടക്കാതിരിക്കട്ടെ എന്നാഗ്രഹിക്കുന്നു. ചില സത്യങ്ങള്‍ വിജയിക്കുമ്പോള്‍ കയ്യടിക്കുകയും മറ്റു ചില സത്യങ്ങള്‍ വിജയിക്കുമ്പോള്‍ അതേ ആളുകള്‍ കല്ലെറിയുകയും ചെയ്യുമ്പോള്‍ സത്യത്തിനു തന്നെ ഒരു സ്വത്വപ്രതിസന്ധിയുണ്ടാവും. അതില്‍ നിന്നു സ്വത്വരാഷ്ട്രീയസിദ്ധാന്തങ്ങളും കുലംകുത്തികളും ജനിക്കും.

കേസില്‍ നിന്നു പിണറായി വിജയന്‍ ഒഴിവാക്കപ്പെടുന്നതോടെ കേരളരാഷ്ട്രീയത്തിലെ മൊത്തത്തിലുള്ള ബലാബലം മാറിമറിയുമെന്നത് ഉറപ്പിക്കാം. കോടതി വിധി സിപിഎം രാഷ്ട്രീയത്തിലും കേരള രാഷ്ടീയത്തിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന പി.കെ.കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന തന്നെയാണ് പ്രതീക്ഷിക്കാവുന്ന സംഭവങ്ങളുടെ ആകെത്തുക. പിണറായി വിജയന്‍ എന്ന നേതാവിന്റെ കരുത്തും ജനപ്രീതിയും വര്‍ധിക്കുമ്പോള്‍ നിലവിലുള്ള കരുത്തന്‍മാരുടെ ജനപ്രീതിയ്ക്കും ഉടവുതട്ടും.

യുഎഡിഎഫിനുള്ളില്‍ തന്നെ പിണറായി വിജയനെക്കാള്‍ വിധിയില്‍ സന്തോഷിക്കുന്നവരുണ്ട് എന്നതാണ് ഏറെ രസകരം. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതില്‍ പിണറായിയെക്കാള്‍ സന്തോഷമുള്ളവനാണ് താനെന്നു തുറന്നു പറഞ്ഞ ആര്‍.ബാലകൃഷ്ണപിള്ള വിധി വിഎസ് എന്ന ദുഷ്ടനേറ്റ തിരിച്ചടിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. പിണറായി വിജയനെ ക്രൂശിച്ചത് സ്വന്തം പാര്‍ട്ടിയില്‍ തന്നെയുള്ളവരാണെന്ന് വയലാര്‍ രവിയും പറഞ്ഞിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന കാര്യത്തില്‍ സിപിഎമ്മിന്റെ നിലപാട് തന്നെയാണ് പല യുഡിഎഫ് നേതാക്കള്‍ക്കും. അങ്ങനെയെങ്കില്‍ ഇത്രകാലം വിവിധ രാഷ്ട്രീയയോഗങ്ങളില്‍ ഇവര്‍ ലാവ്‌ലിന്‍ കേസിന്റെ കാര്യം പറഞ്ഞ് അദ്ദേഹത്തെ ഒറ്റപ്പെടുത്തി എന്നത് ഒരു രാഷ്ട്രീയചോദ്യമാണ്.

സത്യത്തെ ഭയക്കുന്നവര്‍ക്ക് ഒരു കരിങ്കൊടി

കാളയെ ചുവപ്പുനിറം കാണിക്കുന്നതും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതും ഒരുപോലെ അപകടരമായി വന്നു കൊണ്ടിരിക്കുകയാണ്. കാള കുത്തും പക്ഷെ, മുഖ്യമന്ത്രി കുത്തില്ല. എന്നാല്‍, അദ്ദേഹത്തിന്റെ അനുയായികള്‍ കരിങ്കൊടിക്കാരെ എതിര്‍ക്കുകയും തങ്ങള്‍ എതിര്‍ക്കുന്നവരെ കരിങ്കൊടി കാണിക്കുകയും ചെയ്യുമ്പോള്‍ മുഖ്യമന്ത്രിയുടെ ഫാന്‍സിനു കണ്‍നിറയെ കാണാന്‍ നല്ലൊരു കരിങ്കൊടി ഞാനിവിടെ സമര്‍പ്പിക്കുകയാണ്. കരിങ്കൊടി ഒരു അശ്ലീലമോ ദേശദ്രോഹമോ അല്ലെന്നും കരിങ്കൊടി കാണുന്നതു കൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കില്ലെന്നും തെളിയിക്കുന്നതിനു വേണ്ടിക്കൂടിയാണ് ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലെന്ന പോലെ കേരളത്തിലും നിലവിലുള്ള ഭരണസംവിധാനം നിര്‍ഭാഗ്യവശാല്‍ ജനാധിപത്യമാണ്. ആ ജനാധിപത്യത്തില്‍ മുഖ്യമന്ത്രിക്ക് ഭരിക്കാനുള്ളതുപോലെ തന്നെ മൂപ്പരുടെ ഭരണം ഇഷ്ടപ്പെടാത്തവര്‍ക്ക് പ്രതിഷേധിക്കാനുമുള്ള അവകാശമുണ്ട്. എങ്ങനെ പ്രതിഷേധിക്കണം എന്നത് പ്രതിഷേധിക്കുന്നവരുടെ ക്രിയേറ്റിവിറ്റി അുസരിച്ചിരിക്കും. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനുണ്ടായ പങ്ക് വിവാദമായതോടെ സമരപരിപാടികളിലേക്കു നീങ്ങിയ ഇടതു പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്ന പ്രതിഷേധ പരിപാടിയാണ് സ്വീകരിച്ചിരിക്കുന്നത്.

ഇന്നലെ, മലപ്പുറം താനൂരില്‍ ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെത്തിയ മുഖ്യമന്ത്രിയെയും ആചാരപ്രകാരം ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. അദ്ദേഹം അതു നേരെ ചൊവ്വേ കണ്ടോ എന്നറിയില്ല. എന്തായാലും പൊലീസ് വലയം ഭേദിച്ച് കരിങ്കൊടി കാണിച്ച ഇടതു പ്രവര്‍ത്തകരും വലയമുണ്ടാക്കിയ പൊലീസുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി, സ്വാഭാവികം. മറ്റ് ജില്ലകളില്‍ മുഖ്യമന്ത്രിയെ തടയുന്നതുപോലെ മലപ്പുറത്ത് തടയാനാകില്ലെന്നും ഇടത് പ്രവര്‍ത്തകര്‍ക്ക് കരിങ്കൊടി കാണിക്കാനാകില്ലെന്നും യൂത്ത് ലീഗ് പ്രഖ്യാപിച്ചിരുന്നത്രേ. എന്തായാലും ആ പ്രഖ്യാപനം നടപ്പായില്ല. എല്‍ഡിഎഫുകാര്‍ കരിങ്കൊടി കാണിക്കുകയും സംഗതി അടിയില്‍ കലാശിക്കുകയും ചെയ്തു.

ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. മലപ്പുറത്ത് മുഖ്യമന്ത്രിയെ ഇടതു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു എന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ അക്രമം നടത്തുന്ന യുഡിഎഫ് പ്രവര്‍ത്തകരുടെ രോഗാതുരമായ ജനാധിപത്യബോധമാണ്. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് ഒരു സംഘം യു.ഡി.എഫ് പ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം തടഞ്ഞു. ക്യാമറ പിടിച്ചു വാങ്ങാനും ക്യാമറാമാനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചെന്നു റിപ്പോര്‍ട്ടര്‍ ചാനല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കരിങ്കൊടി കാണിക്കുന്ന ദൃശ്യം കയ്യിലുള്ള ചാനലുകാരോട് അത് കാണിച്ചിട്ടില്ല എന്നു പറയാന്‍ മാത്രമുള്ള വിവരമേ തടഞ്ഞവര്‍ക്കുണ്ടാിരുന്നുള്ളോ എന്നു ചോദിക്കരുത്. വിവരമെന്നൊക്കെ പറയുന്നത് ആപേക്ഷികമാണ്. എല്ലാ യുഡിഎഫുകാര്‍ക്കും മുഖ്യമന്ത്രിയുടെ അത്ര വിവരമുണ്ടായിരുന്നെങ്കില്‍ ഇവിടെ ഉമ്മന്‍ ചാണ്ടി ഭരിക്കില്ലായിരുന്നു എന്നാരോ പറഞ്ഞിട്ടുണ്ട്.

നമ്മുടെ മുഖ്യമന്ത്രി വളരെ വ്യത്യസ്തനായ ഒരു മുഖ്യമന്ത്രിയാണ്. സ്വന്തം ഓഫിസ് മുറിയില്‍ ക്യാമറ വച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ വരെ വാര്‍ത്തയായ അദ്ദേഹം ഇപ്പോള്‍ അതേ ഓഫിസ് മുറിയില്‍ വച്ചു സരിതയുമായി കൂടിക്കാഴ്ച നടത്തി എന്ന വിവാദത്തിലാണ് വട്ടം കറങ്ങുന്നത്. മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല എന്നു പലവട്ടം പറഞ്ഞിട്ടുള്ള മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച വാര്‍ത്ത കൊടുത്തതിനാണ് യുഡിഎഫുകാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും അവരെ കയ്യേറ്റം ചെയ്യുകയുമൊക്കെ ചെയ്യുന്നത്. യൂത്ത് കോണ്‍ഗ്രസുകാര്‍ പി.സി.ജോര്‍ജിനെ കരിങ്കൊടി കാണിക്കുകയും വഴി തടയുകയും ചെയ്തപ്പോള്‍ അതൊന്നും അതിരുവിട്ടതാണെന്നു തോന്നുന്നില്ല എന്നു പറഞ്ഞ യൂത്ത് ലീഗാണ് മലപ്പുറത്ത് വച്ച് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചത്.

കരിങ്കൊടി പി.സി.ജോര്‍ജ് കണ്ടാലും ഉമ്മന്‍ ചാണ്ടി കണ്ടാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല എന്നാണെന്റെ അഭിപ്രായം. പ്രതിഷേധക്കാരുടെ കരിങ്കൊടി കൂടി കാണാന്‍ ബാധ്യസ്ഥനാണ് ജനാധിപത്യത്തിലെ മുഖ്യമന്ത്രി. ഇനി അതൊക്കെ ആശയപരമാണെന്നുണ്ടെങ്കില്‍ ആളുകളെക്കൊണ്ടു പറയിപ്പിക്കാത്ത, ആരും കരിങ്കൊടി കാണിക്കാത്ത ഭരണം കാഴ്ച വയ്ക്കുകയാണ് വേണ്ടത്. പിന്നെ, ഇവിടെ ആവേശപൂര്‍വം കരിങ്കൊടി കാണിക്കുന്ന ഇടതു പ്രവര്‍ത്തകര്‍ കഴിഞ്ഞ ഭരണകാലത്ത് വിഎസിനെ കരിങ്കൊടി കാണിക്കാനിറങ്ങിയ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലിച്ചതച്ചത് ഓര്‍മിപ്പിക്കുകയാണ്. ഒന്നുകില്‍ ആരും ആരെയും കരിങ്കൊടി കാണിക്കരുത്. അല്ലെങ്കില്‍ ചെങ്കൊടിയും പച്ചക്കൊടിയും പോലെ കരിങ്കൊടിയും സ്വീകാര്യമായ ഒന്നായി രാഷ്ട്രീയക്കാര്‍ പ്രഖ്യാപിക്കുക.

കിണ്ടി ചോര്‍ (ലൈവ്)

നമസ്കാരം, ഇന്നത്തെ പ്രധാനവാര്‍ത്തകള്‍…. രാജപ്പന്‍ മൊതലാളിയുടെ വീട്ടില്‍ നിന്നും ഒരു കിണ്ടി ചോര്‍ മോഷ്ടിച്ച ലോകപ്രസിദ്ധ മോഷ്ടാവ് കിണ്ടി ചോര്‍ അറസ്റ്റിലായി….

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ പിടികൂടിയത് ഞങ്ങളുടെ ചാനല്‍ സ്ഥിരമായി കാണുന്ന പൊലീസുകാര്‍…. പിടിയിലാകുമ്പോള്‍ കിണ്ടി ചോര്‍ കണ്ടുകൊണ്ടിരുന്നതും ഞങ്ങളുടെ ചാനല്‍… ഞങ്ങളുടെ ചാനല്‍ മലയാളത്തിലെ ഏറ്റവും മികച്ച ചാനല്‍ എന്നു കിണ്ടി ചോര്‍…

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ രാജപ്പന്‍ മൊതലാളിയുടെ വീട്ടിലെത്തിച്ച് ഏത്തമീടീക്കുന്നതിനായി പ്രത്യേകത പൊലീസ് സംഘം പ്രത്യേക വിമാനത്തില്‍ കേരളത്തിലേക്ക് പുറപ്പെടും….
കിണ്ടി ചോറിനെ കാണാനും അഭിവാദ്യമര്‍പ്പിക്കാനും തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരാധകപ്രവാഹം… വിമാനത്താവളത്തില്‍ പ്രത്യേകസുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി…

(ഇടയ്ക്കുള്ള മ്യൂസിക്)

കിണ്ടി ചോറിനെ പിടിക്കാന്‍ സഹായിച്ചത് താന്‍ കിണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ഹൈടെക് സംവിധാനത്തിന്‍റെ മികവുകൊണ്ടാണെന്നും അതുകൊണ്ട് കിണ്ടിയെ പിടിച്ചതിന്‍റെ ക്രെഡിറ്റ് തനിക്കാണെന്നും രാജപ്പന്‍ മൊതലാളി….

വാര്‍ത്തകള്‍ വിശദമായി….

രാജപ്പന്‍ മൊതലാളിയുടെ വീട്ടില്‍ നിന്നും ഒരു കിണ്ടി ചേര്‍ മോഷ്ടിച്ച ലോകപ്രസിദ്ധ മോഷ്ടാവ് കിണ്ടി ചോര്‍ അറസ്റ്റിലായി…. ഓട്ടു കിണ്ടികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന കിണ്ടി ചോര്‍ ഇതിനോടകം 500 കിണ്ടികള്‍ മോഷ്ടിച്ചിട്ടുണ്ട്… കിണ്ടി ചോറുമായി പ്രത്യേക അന്വേഷണ സംഘം പ്രത്യേക വിമാനത്തില്‍ ഉടനെ കേരളത്തിലേക്കു പുറപ്പെടും… ഞങ്ങളുടെ പ്രതിനിധി തങ്കപ്പന്‍ ഇപ്പോള്‍ വിമാനത്താവളത്തിലുണ്ട്… തങ്കപ്പാ എന്തൊക്കെയാണ് വിശേഷങ്ങള്‍ ?

ആ നാണൂ… സൂപ്പര്‍ കിണ്ടി മോഷ്ടാവായ കിണ്ടി ചോറിനെയും വഹിച്ചുകൊണ്ടുള്ള പ്രത്യേക എയര്‍ ഇന്ത്യ വിമാനം ഇവിടെ എരപ്പിച്ചു കിടക്കുകയാണ്… വളരെ നേരത്തെ തന്നെ പൊലീസുകാര്‍ ആരധ്യനായ കിണ്ടി ചോറിനെയുമായി വിമാനത്തിലേക്ക് എത്തിയിരുന്നു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇവിടെയുണ്ടായിരുന്നെങ്കിലും ആരാധ്യനായ കിണ്ടി ചോര്‍ നമ്മുടെ ചാനലിന്‍റെ ക്യാമറയെ നോക്കി മാത്രമാണ് ചിരിച്ചു കാണിച്ചത്…. വിമാനത്തിലേക്കു കയറുമ്പോഴും അദ്ദേഹം നമ്മുടെ ചാനലിനെ നോക്കി കൈവീശുന്നുണ്ടായിരുന്നു…നമ്മുടെ പ്രേക്ഷകരെ സംബന്ധിച്ച് വലിയൊരംഗീകാരമാണ് അത്….

തങ്കപ്പാ…. എന്തായിരുന്നു കിണ്ടിയുടെ വേഷം… അദ്ദേഹത്തിന്‍റെ ശരീരഭാഷ എങ്ങനെയായിരുന്നു ? എന്തു ഭാവമാണ് അദ്ദേഹത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നത് ?

കിണ്ടി സാര്‍ കോട്ടും തൊപ്പിയും ധരിച്ചെത്തുമെന്നാണ് ആദ്യം കേട്ടിരുന്നതെങ്കിലും നമ്മെയെല്ലാവരെയും നിരാശപ്പെടുത്തിക്കൊണ്ട് അദ്ദേഹം വെള്ളയില്‍ കറുത്തപൂക്കളുള്ള ലിനന്‍ ഷര്‍ട്ടും കറുത്ത കോട്ടണ്‍ പാന്‍റും കറുത്ത ഷൂസുമാണ് ധരിച്ചിരുന്നത്…. ആ വേഷത്തിലും അദ്ദേഹത്തിന്‍റെ പ്രൗഢിക്കും കരുത്തിനും ഒരു കുറവും ഉണ്ടായിരുന്നില്ല…അതേ സമയം, ലക്ഷക്കണക്കിന് ആരാധകരുള്ള സൂപ്പര്‍ കിണ്ടി മോഷ്ടാവിന് യോജിക്കുന്ന ശരീരഭാഷ തന്നെയാണ് അദ്ദേഹത്തില്‍ ദൃശ്യമായിരുന്നത്…തികഞ്ഞ ആത്മവശ്വാസവും ഉള്‍ക്കരുത്തും വ്യക്തിപ്രഭാവവും അദ്ദേഹത്തിന്‍റെ ഓരോ ചുവടിലും പ്രകടമായിരുന്നു.. അതേ സമയം, അദ്ദേഹത്തിന്‍റെ മുഖത്ത് പിടിക്കപ്പെട്ടതിന്‍റേ നിരാശയോ ദുഖമോ ഒന്നും പ്രകടമായിരുന്നില്ല എന്നു മാത്രമല്ല, ധീരനായ ഒരു കിണ്ടിമോഷ്ടാവിനനുയോജ്യമായ ഭാവങ്ങള്‍ വളരെ പ്രകടമായിരുന്നു…. നാണൂ…

മുംബൈ വിമാനത്താവളത്തില്‍ നിന്നും തങ്കപ്പനാണ് വിശദാംശങ്ങള്‍ പങ്കുവച്ചത്… കിണ്ടി ചോറിനെയും കൊണ്ട് കേരളത്തിലേക്കു പോകുന്ന വിമാനം ഉടനെ പുറപ്പെടും… വിമാനത്തിനുള്ളില്‍ ഞങ്ങളുടെ സീനിയര്‍ കറസ്പോണ്ടന്‍റ് മണിക്കുട്ടന്‍ കിണ്ടിയെ അനുഗമിക്കുന്നുണ്ട്… ഇപ്പോള്‍ വിമാനം റണ്‍വേയിലൂടെ നീങ്ങുന്ന ദൃശ്യങ്ങളാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്…. ഇത്ര മഹാനായ ഒരു വ്യക്തിയെ വഹിക്കുന്നതിന്‍റെ സഭാകമ്പമൊന്നും ആ കൊച്ചുവിമാനത്തിനില്ല…. വിമാനത്തിനുള്ളിലെ വിശേഷങ്ങളുമായി മണിക്കുട്ടന്‍ നമ്മളോടൊപ്പം ചേരുന്നു… മണിക്കുട്ടാ… എന്തൊക്കെയാണ് വിമാനത്തിനുള്ളിലെ വിശേഷങ്ങള്‍ ?

നാണൂ… നാണൂ…. സത്യത്തില്‍ ഞാന്‍ വല്ലാത്തൊരു ത്രില്ലിലാണ്…. മാധ്യമലോകം ഊണും ഉറക്കവുമൊഴിച്ച് കാത്തിരുന്ന കിണ്ടി ചോറിന്‍റെ രണ്ടടി അകലത്തിലാണ് ഞാനിരിക്കുന്നത്… നമ്മുടെ ചാനലിന്‍റെ ലോഗോ കണ്ടിട്ടാണെന്നു തോന്നുന്നു… അദ്ദഹം ഇടക്കിടെ എന്നെ നോക്കി ചിരിക്കുന്നുണ്ട്… നമ്മുടെ സാന്നിധ്യം അദ്ദേഹത്തിന് വലിയൊരളവില്‍ ആശ്വാസം പകരുന്നുണ്ടെന്നാണ് മനസ്സിലാവുന്നത്…

വിമാനത്തിനുള്ളില്‍ അദ്ദേഹം എന്താണ് ചെയ്യുന്നത് തങ്കപ്പാ ?

അദ്ദേഹം ഇപ്പോള്‍ ബ്രെഡും ഓംലെറ്റും കഴിച്ചുകൊണ്ടിരിക്കുകയാണ്… ഓംലെറ്റിലെ മുളകും ഉള്ളിയുമൊക്കെ നീക്കി വളരെ സാവധാനത്തിലാണ് കിണ്ടി ചോര്‍ അത് കഴിക്കുന്നത്… ഒരു കിണ്ടി ചോര്‍ മോഷ്ടിച്ചു എന്നാണ് അദ്ദേഹത്തിന്‍റെ പേരിലുള്ള കേസ് എങ്കിലും എയര്‍ ഹോസ്റ്റസ് കിണ്ടിയോട് ഇച്ചിരെ ചോറ് എടുക്കട്ടേ എന്നു ചോദിച്ചപ്പോള്‍ താനിതുവരെ ചോറ് കഴിച്ചിട്ടില്ലെന്നും ചോറ് വേണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം….

തങ്കപ്പാ, വിമാനം ഉയര്‍ന്നു കഴിഞ്ഞോ ? അദ്ദേഹം സീല്‍റ്റ്ബെല്‍റ്റ് ഇട്ടിട്ടുണ്ടോ ?

നാണൂ… വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ഇവര്‍ പറയുന്നത്… അതിന്‍റെ പേരില്‍ ജീവനക്കാരുമായി എനിക്കിവിടെ പ്രശ്നമുണ്ട്… ഇപ്പോള്‍ അവര്‍ ബലമായി എന്‍റെ കയ്യില്‍ നിന്നു ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയാണ്… ഇത് മാധ്യമസ്വാ..ത..ന്ത്ര്യ……

തങ്കപ്പാ…. ഹലോ…. തങ്കപ്പാ….

എയര്‍ ഇന്ത്യ വിമാനത്തില്‍ മാധ്യമസ്വാതന്ത്ര്യത്തിനു നേരേ കനത്ത വെല്ലുവിളിയുയര്‍ന്നിരിക്കുകയാണ്…. അതിന്‍റെ വിശദാംശങ്ങളുമായി ഉടന്‍ മടങ്ങിയെത്താം… അതിനു മുമ്പ് ഒരു ചെറിയ ഇടവേള…..

അനുശോചനങ്ങള്‍

ഹലോ സര്‍ ? ചാനലീന്നു ശശിയാ…

ആ ഹലോ… എന്താടോ ഈ സമയത്ത് ?

സര്‍, ഉലകഞ്ചേട്ടന്‍ മരിച്ചു..

ഹാവൂ..

എന്താ സാര്‍ ?

അല്ല.. ഹയ്യോ… !

സര്‍… അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ സാറിന്‍റെ സംഘടന അദ്ദേഹത്തെ വിലക്കിയിരുന്നല്ലോ.. അദ്ദേഹത്തിന്‍റെ കൂടെ അഭിനയിക്കില്ല എന്നും സാറ് പ്രഖ്യാപിച്ചിരുന്നു.. അദ്ദേഹത്തെ അഭിനയിപ്പിച്ചവരെയൊക്കെ ഭീഷണിപ്പെടുത്തി,
പോരെങ്കില്‍ അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെയൊക്കെ സെറ്റില്‍ സാറിന്‍റെ ആളുകള്‍ പോയി അലമ്പുണ്ടാക്കിയതായും കേട്ടിട്ടുണ്ട്…

എടോ അതൊക്കെ എന്തിനാ ഇപ്പോ പറയുന്നേ ?

അല്ല സാര്‍, അതുകൊണ്ട് സാറിനു പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ടോന്നറിയാനാ…

ഒറ്റ ഇടി വച്ചു തരും കേട്ടോ… അങ്ങേരു മരിച്ചില്ലേ… ഇനി എന്തു പേടിക്കാന്‍… ഞാന്‍ പ്രതികരിക്കും.. എനിക്കു പ്രതികരിക്കണം… സ്റ്റുഡിയോയിലേക്കു വരട്ടെ ?

അയ്യോ ഇപ്പോ വേണ്ട സര്‍… ഇവിടെ ധാരാളം ആളുകളുണ്ട്…

ആണോ ? എല്ലാരും അറിഞ്ഞോ ?

എല്ലാവരും നേരത്തെ അറിഞ്ഞു…

ആരൊക്കെയാ ഇപ്പോ അവിടുള്ളത് ?

അങ്ങേരെ തല്ലാനും കൊല്ലാനും പുറത്താക്കാനും അങ്ങേരെടെ സിനിമയുടെ റിലീസ് തടയാനുമൊക്കെയായി മുന്‍പന്തിയിലുണ്ടായിരുന്ന എല്ലാവരും ഉണ്ട് സര്‍…

അവരൊക്കെ എന്തു പറയുന്നു ?

എല്ലാവരും ചേട്ടന്‍റെ ഓര്‍മകളില്‍ വിങ്ങിപ്പൊട്ടുന്നു…

ശ്ശൊ! നാറികള്‍ !..

ചിലരൊക്കെ പറഞ്ഞു വരുമ്പോള്‍ കരഞ്ഞുപോവുകയാണ് സര്‍…

ഫ്രോഡുകള്‍… ഡോ, എനിക്കും പ്രതികരിക്കണം… എന്നെക്കൂടി വിളി..

ഇപ്പോ സ്റ്റുഡിയോ ഫുള്ളാ സര്‍..

അങ്ങേരുടെ വീട്ടില്‍ ചാനലുകാരുണ്ടോ ? അങ്ങോട്ടു പോയാലോ ?

അവിടേമുണ്ട്… പക്ഷെ നല്ല തിരക്കാ സര്‍…

ക്ലോസപ്പൊന്നും കിട്ടത്തില്ല അല്ലേ ?

സാധ്യത കുറവാണ് സര്‍…

എന്നാ ഇപ്പോ ഫോണിലെട്.. എന്നിട്ട് എന്‍റെ ഫോട്ടോ കൂടി വച്ച് വാര്‍ത്തേടെ എടേല്‍ കാണിക്കണം..

ശരി.. ഒറ്റവാചകം മതി.. സാറിപ്പോ പറഞ്ഞോ.. ഞാന്‍ റെക്കോര്‍ഡ് ചെയ്തോളാം…

ശരി… ഡോ, കരഞ്ഞാ ഓവറാവുകോ ?

ഓവറാക്കണ്ട.. ഗദ്ഗദമോ മറ്റോ മതി…

ശരി… മലയാള സിനിമയിലെ മഹാനടനായ, അഭിനയത്തിന്‍റെ കുലപതിയായ ഉലകന്‍ ചേട്ടന്‍ നമ്മെ വിട്ടുപോയി എന്നത് ഉള്‍ക്കൊള്ളാവുന്ന ഒരവസ്ഥയിലല്ല ഞാന്‍…അഭിനയത്തിന്‍റെ ഒരു പഠശാലയായിരുന്നു ഉലകന്‍ ചേട്ടന്‍,. അദ്ദേഹത്തെ മലയാള സിനിമ വേണ്ടപോലെ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നതാണ് സത്യം… ഞാന്‍ സിനിമയിലെത്തുന്ന കാലം മുതല്‍ക്കേ ചേട്ടന്‍ എന്നോടു പ്രത്യേക വാല്‍സല്യം പുലര്‍ത്തിയിരുന്നു… ഞാനും ഒരു അച്ഛന്‍റെ സ്ഥാനത്താണ് അദ്ദേഹത്തെ കണ്ടിരുന്നത്… ഓരോ പ്രതിസന്ധികളിലും അദ്ദേഹം എന്നെ വന്നു കണ്ട് വിഷമങ്ങള്‍ ഒക്കെ പറയാറുണ്ടായിരുന്നു… ചിലപ്പോള്‍ മണിക്കൂറുകളോളം കെട്ടിപ്പിടിച്ചു കരയും…മറ്റാര്‍ക്കും അധികം അറിയാത്ത, മുജ്ജന്മബന്ധം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള ഒരാത്മബന്ധം ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു… ഈ നിമിഷം അദ്ദേഹം ഈ ഭൂമിയിലില്ല എന്നോര്‍ക്കുമ്പോള്‍… എനിക്ക്…ഞാന്‍… വല്ലാതെ ഒറ്റപ്പെട്ടതുപോലെ.. ങ്ഹ..ഹ്ങും..ങ്ഹ്…

ഹലോ സര്‍…

എങ്ങനെയൊണ്ടെഡോ ? ഗദ്ഗദം നന്നായോ ? ഓവറായില്ലല്ലോ ?

ശ്ശൊ! സാറിനെ സമ്മതിച്ചു കേട്ടോ…സാറൊരു നടന്‍ മാത്രമല്ല, തിരക്കഥാകൃത്തു കൂടിയാണ് …

അതെന്താടോ ?

എന്തൊക്കെ ഡയലോഗുകളാ അടിച്ചുവിടുന്നത്… ഇതു കേട്ടാല്‍ ഉലകന്‍ ചേട്ടന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് സാറാണെന്നേ ജനം കരുതൂ…

ഇതൊന്നും ഇപ്പോ ഉണ്ടാക്കിയതല്ലെടോ… അങ്ങേരു മരിക്കുമ്പോ പറയാന്‍ വേണ്ടി എത്രയോ മാസമായി എഴുതി റെഡിയാക്കി മനപാഠം പഠിച്ചു വച്ചിരിക്കുന്നതാ… അതു പറഞ്ഞപ്പോഴാ ഓര്‍ത്തത്… കുറെ മാസം മുമ്പ് താന്‍ വന്ന് ഉലകന്‍ ചേട്ടന്‍ ഇപ്പോ മരിക്കും… മരിക്കുമ്പോ കൊടുക്കാനാണെന്നു പറഞ്ഞ് ഒരു അനുശോചനം ഷൂട്ട് ചെയ്തോണ്ടു പോയാരുന്നല്ലോ… അതങ്ങു കാണിച്ചാല്‍പ്പോരേ ?

അന്നു പുള്ളി മരിച്ചില്ലല്ലോ… പിന്നെ, അതിപ്പോ ഇത്ര നാളായില്ലേ ? സാറിപ്പോ കുറച്ചൂ കൂടി ഏജ്‍ഡ് ആയിട്ടുണ്ട്… ആ വിഡിയോ കണ്ടാലറിയാം നേരത്തെ എടുത്തതാണെന്ന്… അതിന്‍റെ ബാക്ഗ്രൗണ്ടില്‍ ഒരു ക്രിസ്മസ് കരോളും ക്രിബും നക്ഷത്രവുമൊക്കെയുണ്ട് സര്‍…

ആണോ ? എന്നാ അതു വേണ്ട… തല്‍ക്കാലം ഇപ്പോ പറഞ്ഞതങ്ങു കൊട്…

ശരി സര്‍… സാറിന്‍റെ ഒരു വിഷ്വല്‍ വേണമായിരുന്നു… വൈകിട്ടത്തേക്ക് മതി..

എന്നെ നിങ്ങടെ ഒമ്പതുമണി വാര്‍ത്തയ്‍ക്ക് വിളിക്ക്… ഞാന്‍ ഗംഭീരമാക്കിത്തരാം…

അയ്യോ അതൊക്കെ രണ്ടാഴ്ച മുമ്പേ ഷൂട്ട് ചെയ്തു വച്ചിരിക്കുന്നതാണ് സര്‍… അതുമാത്രമല്ല, ഇന്നത്തെ മുഴുവന്‍ സ്മരണ പരിപാടികളും നേരത്തെ ഷൂട്ട് ചെയ്ത് റെഡിയാക്കി വച്ചിരിക്കുന്നതാ… എത്ര കാലമായി കാത്തിരിക്കുന്നു സര്‍..

ഹും കൊള്ളാലോടോ… ഞാന്‍ മരിക്കുമ്പോ കാണിക്കാനുള്ളതും ഷൂട്ട് ചെയ്തു വച്ചിട്ടുണ്ടോ ?

അയ്യോ, ഇല്ല സര്‍… സാര്‍ ആശുപത്രിയിലാകുമ്പോഴേ അതിന്‍റെ ജോലികളാരംഭിക്കൂ…

ഡോ… ഞാന്‍ വല്ലതും പറയും കേട്ടോ…

സോറി സര്‍…

എന്നാപ്പിന്നെ എട്ടിന്‍റെ വാര്‍ത്തയ്‍ക്കു വരട്ടെ ?

അതും നടക്കില്ല സര്‍…സാറൊരു കാര്യം ചെയ്യ്…നമ്മടെ സ്ഥിരം ഹോട്ടലിലേക്കു വാ… ഞാനവിടെ വരാം… അവിടെ വച്ചാവുമ്പോള്‍ ക്ലോസപ്പൊക്കെ എടുക്കാം, വാര്‍ത്തേടെ എടേല്‍ കാണിക്കുകേം ചെയ്യാം…

അതു നന്നാവും… റിസപ്ഷന്‍റെ അപ്പുറത്ത് ഒരു ഹാളുണ്ട്… അവിടെ നില്‍ക്കാം… ഞാനാ ആനക്കൊമ്പിന്‍റെ പശ്ചാത്തലത്തില്‍ നിന്നോളാം… കറുത്ത ഷര്‍ട്ടും കറുത്ത പാന്‍റും ധരിച്ചാല്‍ ഓവറാകുമോ ?

അതു വേണ്ട സര്‍… ഷര്‍ട്ടും മുണ്ടും മതി.. സിംപിളാവുന്നതാ നല്ലത്…

അതെയല്ലേ ? എങ്കില്‍ ആ കടുംചുവപ്പ് വെല്‍വെറ്റ് ഷര്‍ട്ട് ആയാലോ ? എടുത്തു നില്‍ക്കും…

ക്യാമറ അടിച്ചുപോകും സര്.. സാറൊരു ലൈറ്റ് കളര്‍ ഷര്‍ട്ടിട്ടാല്‍ മതി… കരഞ്ഞുതളര്‍ന്ന ഒരു മട്ടില്‍ വന്നേക്കണം…

അതു ഞാനേറ്റു…

എങ്കില്‍ വൈകിട്ടു കാണാം സര്‍.. ഒരു നാലു മണിക്ക്…

ശരി… പിന്നെ… ഇതിനിടയ്‍ക്ക് അനുശോചിക്കാനോ ഓര്‍മ സ്മരിക്കാനോ ആ മുനയനെയെങ്ങാനും വിളിച്ചിട്ടുണ്ടെങ്കില്‍ താന്‍ വിവരമറിയും…

അയ്യോ, അങ്ങനെ പറയരുത് സര്‍… ഉലകന്‍ ചേട്ടനെ നിങ്ങളെല്ലാവരും കൂടി വിലക്കിയപ്പോള്‍, അദ്ദേഹം നെഞ്ചു പൊട്ടി നിലവിളിച്ചു നടന്നപ്പോള്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാനും പിന്തുണയ്ക്കാനും മുനയന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ സര്‍… അദ്ദേഹത്തെ അഭിനയിപ്പിച്ചതിന് മുനയനെയും നിങ്ങളുപദ്രവിച്ചില്ലേ ?

ഡോ,ഡോ… ഇതൊന്നും താനെന്നോടു പറയേണ്ട… ഉലകന്‍ ചേട്ടനെപ്പറ്റി ഞങ്ങളൊക്കെ പറയുന്ന കാര്യങ്ങളേ ചാനലില്‍ കൊടുക്കാവൂ… ആ മുനയന്‍റെ തല ചാനലില്‍ എവിടെയെങ്കിലും കണ്ടാല്‍ തന്‍റെ ചാനലിനെ ഞങ്ങള്‍ വിലക്കും…മനസ്സിലായല്ലോ ?

ശരി സര്‍…

അപ്പോ വൈകിട്ടു കാണാം !

സുവര്‍ണജൂബിലി ആശങ്കകള്‍

കേരളപത്രപ്രവര്‍ത്തക യൂണിയന്‍ ഒരു ലോകോത്തര സംഘടനയാണെന്നത് ഞാനിനി എടുത്തു പറയേണ്ട കാര്യമില്ല. സംഘടനയുടെ സുവര്‍ണജൂബിലി ഇന്നലെ കൊച്ചിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉദ്ഘാടനം ചെയ്തതോടെ അതിന്‍റെ പ്രവര്‍ത്തനമാതൃക ദേശീയതലത്തില്‍ കൂടി ശ്രദ്ധിക്കപ്പെടുകയാണ്. എന്തിനെന്നോ എത്ര കാലത്തേക്കെന്നോ പറയാതെ ഇതിന്‍റെ ഭാരവാഹികള്‍ കുറെക്കാലം മുമ്പ് സസ്‍പെന്‍ഡ് ചെയ്ത ഒരംഗമാണെങ്കിലും സുവര്‍ണജൂലിയിലുടെ ഈ കാലഘട്ടത്തില്‍ ഞാന് സംഘടനയ്‍ക്ക് ആശംസകള്‍ നേരുകയാണ്. സംഘടനാഭാരവാഹികള്‍ക്ക് വിമര്‍ശനം ഇഷ്ടമല്ലെങ്കിലും എനിക്ക് അങ്ങനെയൊന്നുമില്ല.അതുകൊണ്ട് ഒന്നു രണ്ടു കാര്യങ്ങള്‍ കൂടി ചൂണ്ടിക്കാണിക്കാന്‍ ഞാനാഗ്രഹിക്കുന്നു.

സുവര്‍ണജൂബിലിയോടനുബന്ധിച്ച് സംഘടനാ പ്രസിഡന്‍റ് രാജഗോപാലിന്‍റേതായി വിവിധ പത്രങ്ങളില്‍ വന്ന ലേഖനത്തില്‍ രസകരമായ ഒട്ടേറെ കാര്യങ്ങളുണ്ട്. അംഗങ്ങളുടെ ആവശ്യങ്ങള്‍ അവഗണിച്ചുകൊണ്ട്, ഭാരവാഹികള്‍ സംഘടനയില്‍ മറ്റാരുടെയൊക്കെയോ താല്‍പര്യങ്ങള്‍ നടപ്പാക്കുകയാണെന്ന് കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ പൊതുവേ ആരോപിക്കുമ്പോഴാണ് പ്രസിഡന്‍റ് രോമാഞ്ചം ജനിപ്പിക്കുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളത്.

“കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് തലയുയര്‍ത്തി നില്‍ക്കാനുള്ള ജീവിതസാഹചര്യങ്ങളും സേവനവേതന വ്യവസ്ഥകളും ഉറപ്പാക്കാനും പീഡനങ്ങള്‍ക്കെതിരെ സമരപോരാട്ടങ്ങള്‍ നയിക്കാനും പ്രശ്‌നങ്ങളില്‍ താങ്ങായി, തണലായി നില്‍ക്കാനും കഴിഞ്ഞ അഞ്ചുപതിറ്റാണ്ടിലേറെയായി യൂണിയനായിട്ടുണ്ട്” – എന്നതാണ് അതിലൊന്ന്. കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച മജിദീയ വേജ്ബോര്‍ഡ് നടപ്പാക്കണമെന്ന് ഉറക്കെ ഒന്നാവശ്യപ്പെടുമോ എന്നു ചോദിച്ചവരോട് അത്തരം കാര്യങ്ങളില്‍ ഇടപെടുന്നതല്ല സംഘടനയുടെ ജോലി എന്നാണ് ചില ഭാരവാഹികള്‍ പ്രതികരിച്ചിട്ടുള്ളതെന്നാണ് സസ്‍പെന്‍ഷനു യോഗ്യതയുള്ള സാമദ്രോഹികള്‍ പുറത്തു പറഞ്ഞു നടക്കുന്നത്.

“ജോലി സ്ഥിരതയില്ലായ്മയാണ് മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന രൂക്ഷമായ പ്രശ്‌നം. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് രാജ്യത്താകമാനം കരാര്‍ നിയമനങ്ങള്‍ പെരുകുന്നു. പല ദേശീയ ദിനപത്രങ്ങളിലും സ്ഥിര നിയമനം ഉള്ളവരുടെ എണ്ണം തീരെ കുറയുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങൂന്നു.”- പ്രസിഡന്‍റ് എഴുതുന്നു. കേരളത്തിലെ പത്രപ്രവര്‍ത്തകര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സേവന-വേതന വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ശേഷിയില്ലാത്ത സംഘടന അതിന്‍റെ പ്രവര്‍ത്തനമേഖലയ്‍ക്ക് പുറത്ത് ദേശീയപത്രങ്ങളിലെ കരാര്‍തൊഴിലാളികളുടെ കാര്യത്തെപ്പറ്റി വേവലാതിപ്പെടുന്നത് കാണുമ്പോള്‍ സസ്‍പെന്‍ഷനിലായിട്ടു കൂടി എനിക്കു രോമാഞ്ചമാണ്.അപ്പോള്‍ സസ്‍പെന്‍ഷനിലല്ലാത്തവരുടെ കാര്യം എന്തായിരിക്കും ?

“ജസ്റ്റിസ് ജി ആര്‍ മജീദിയ വേജ്‌ബോര്‍ഡ് റിപ്പോര്‍ട്ട് നടപ്പാക്കിക്കിട്ടാന്‍ നിയമപരവും സംഘടനാപരവുമായ പോരാട്ടങ്ങളിലാണ് സംഘടന ഒടുവില്‍ എത്തിനില്‍ക്കുന്നത്”-അതു തന്നെയാണ് പത്രക്കാരും പറയുന്നത്. അവിടെത്തിയതിനു ശേഷം അനങ്ങാതെ നില്‍ക്കുകയാണ്,മുന്നോട്ടില്ല. മൂവായിരവും നാലായിരവും രൂപയ്‍ക്ക് 12 മുതല്‍ 16 മണിക്കൂര്‍ വരെ പണിയെടുക്കുന്ന പത്രക്കാര്‍ കേരളത്തിലുള്ളപ്പോള്‍ ഇങ്ങനെ സുവര്‍ണജൂബിലിയൊക്കെ ആഘോഷിച്ചു നടന്നാല്‍ മതിയോ, ആ വേജ്ബോര്‍ഡ് നടപ്പാക്കിയെടുക്കേണ്ടേ എന്നൊക്കെയാണ് ഇപ്പോഴുള്ള ഭാരവാഹികള്‍ വള്ളിനിക്കറിട്ടു നടന്ന കാലത്ത് പത്രപ്രവര്‍ത്തനം നടത്തിയിട്ടുള്ളവര്‍ ചോദിക്കുന്നത്. സസ്‍പെന്‍ഷനിലായതുകൊണ്ടും സംഘടനയോട് പേടി കലര്‍ന്ന ബഹുമാനം ഉള്ളതുകൊണ്ടും ഞാന്‍ എന്‍റേതായ ഒരഭിപ്രായവും പറയില്ല.

“സമ്പന്നമായ ചരിത്രവും പ്രഭാവന്‍മാരുടെ നേതൃനിര തെളിച്ച വഴികളും സംഘടനയുടെ ശക്തിയായി ഉള്ളപ്പോഴും ഒട്ടേറെ പരിമിതികളും പ്രവര്‍ത്തനത്തിലുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടന എന്നത് വിലപേശലിനുള്ള വലിയ കരുത്ത് നല്‍കുമ്പോഴൂം ട്രേഡ്‌യൂണിയന്‍ എന്ന നിലയില്‍ പലപ്പോഴൂം ഇത് പരിമിതിയായി മാറുന്നു. വ്യത്യസ്ത താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ ഒരേ സംഘടനയിലെ അംഗങ്ങളായിരിക്കുന്നത് ശക്തിയായിരിക്കുമ്പോള്‍ തന്നെ ദൗര്‍ബല്യവുമാവുന്നു.“- ഇതുകൊണ്ട് പ്രസിഡന്‍റ് എന്താണുദ്ദേശിച്ചത് എന്നെനിക്കു പിടികിട്ടിയിട്ടില്ല. ഒരു പക്ഷെ, ദേശാഭിമാനി ലേഖകനെ കേസിലുള്‍പ്പെടുത്തിയതിനെതിരേ വലിയ പ്രക്ഷോഭത്തിനൊരുങ്ങുന്ന സംഘടനയുടെ ആ ദൗര്‍ബല്യമായിരിക്കാം ഉദ്ദേശിച്ചിരിക്കുന്നത്.

അതായത്, ടി.പി.ചന്ദ്രശേഖരന്‍ വധവും അനുബന്ധ മുതലക്കണ്ണീരുകളും കേരളസാംസ്കാരിക ഭൂമികയെ സംഭവബഹുലമാക്കിയിരിക്കുന്ന കാലം. മാധ്യമങ്ങളില്‍ കേസന്വേഷണ വാര്‍ത്തകള്‍ വിശദമായി വരുന്നതില്‍ പാര്‍ട്ടി കലികൊണ്ടിരിക്കുന്ന സമയം. ദേശാഭിമാനി ഒന്നാം പേജില്‍ അന്വേഷണദ്യോഗസ്ഥന്‍ മാധ്യമങ്ങളെ 3000 തവണ ഫോണില്‍ വിളിച്ചു എന്നു വാര്‍ത്ത കൊടുത്തു. അന്വേഷണദ്യോഗസ്ഥന്‍റെയും മാധ്യമപ്രവര്‍ത്തകരുടെയും പേരുകളും മൊബൈല്‍ നമ്പരുകളും പത്രത്തില്‍ പ്രസിദ്ധീകരിച്ചു. ‘ഇവന്മാരാടാ നമുക്കെതിരേ പണിയുന്നത്,വിളിച്ചു വിരട്ടെടാ’ എന്ന തുറന്ന ആഹ്വാനം കൂടിയായിരുന്നു അത് എന്നതിനു തെളിവായി ഈ വാര്‍ത്ത വലിയ ഫ്ലെക്സുകളായി രൂപാന്തരപ്പെട്ടു. ഈ നമ്പരുകളിലേക്ക് ഭീഷണികളുണ്ടായി.യൂണിയന്‍ അനങ്ങിയില്ല.

പിന്നീട് വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കോള്‍ലിസ്റ്റ് പരിശോധിച്ച ശേഷം പൊലീസ് സ്ഥിരീകരിച്ചു. ഫോണ്‍ ചോര്‍ത്തിയ കേസില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.അത് ചൂടോടെ പ്രസിദ്ധീകരിച്ച ദേശാഭിമാനിക്കാരനെ ചോദ്യം ചെയ്യാന്‍ വിളിച്ചു. അതോടെ യൂണിയന്‍ ഉണര്‍ന്നു. ദേശാഭിമാനിക്കാരനെതിരെയുള്ള പോലീസ് കേസ് ജനാധിപത്യവും പത്രസ്വാതന്ത്ര്യവും വെട്ടിച്ചുരുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണെന്ന് യൂണിയന്‍ ഇപ്പോള്‍ പറയുന്നു. അപ്പോള്‍,മാധ്യമപ്രവര്‍ത്തകരുടെയും ഡിവൈഎസ്പിയുടെയും പേരുവിവരങ്ങളും നമ്പരുകളും പത്രത്തില്‍ അടിച്ചത് എന്തിന്‍റെ ഭാഗമാണ് ? പത്രക്കാര്‍ക്ക് എന്തുമാവാം, പൊലീസ് അതിലിടപെടരുത് എന്നാണെന്നു തോന്നുന്നു അതിന്‍റെ ഉള്ളടക്കം. വോട്ടുമോഷണം മുതല്‍ ഫ്ലാറ്റ് തട്ടിപ്പുവരെയുള്ള വിവാദങ്ങളില്‍പ്പെട്ടു നാറിയിട്ടും തലയുയര്‍ത്തി നില്‍ക്കാന്‍ പത്രക്കാര്‍ക്ക് ലജ്ജയില്ല എന്നത് അഭിമാനത്തോടെ പറയാവുന്ന കാര്യമാണ്.

ഇനി ഐതിഹാസികമായ സുവര്‍ണജൂബിലി ആഘോഷത്തിന്‍റെ കാര്യം. സുവര്‍ണ ജൂബിലി എന്നു വച്ചാല്‍ 50 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ നടത്തുന്ന ആഘോഷം എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. എന്നാല്‍, ഈ സംഘടനയിലെ സജീവപ്രവര്‍ത്തകരായ ചില അംഗങ്ങള്‍ പറയുന്നു, സംഘടന നേരത്തേ സുവര്‍ണജൂബിലി ആഘോഷിച്ചിട്ടുള്ളതാണെന്ന്. പത്തന്‍പത്തഞ്ചു വയസ്സെങ്കിലുമുള്ള സംഘടന ഇപ്പോള്‍ സുവര്‍ണജൂബിലി ആഘോഷിക്കുന്നതെന്തിനാണ് എന്നവര്‍ പരസ്പരം ചോദിക്കുന്നു. ഞാന്‍ ചരിത്രം പരിശോധിച്ചു. ചരിത്രം തിരുത്തിക്കുറിക്കുന്ന പാര്‍ട്ടികളായതുകൊണ്ടാവാം, പത്രക്കാരുടെ ചരിത്രമൊന്നും ആരും എവിടെയും കടുത്ത ചായക്കൂട്ടുകള്‍ കൊണ്ടെഴുതി വച്ചിട്ടില്ല. പക്ഷെ,കണ്ണൂര്‍ പ്രസ് ക്ലബിന്‍റെ വെബ്സൈറ്റില്‍ പറയുന്നത് ഇങ്ങനെയാണ്- The Kerala Union of Working Journalists (KUWJ) came into existence along with the formation of United Kerala State in 1958. Mr. K. Karthikeyan ( Kerala Kaumudi) and Mr. P.Viswambaran ( UNI ) were the first President and secretary of the state committee of the union respectively. അതായത് 54 വയസുള്ള സംഘടനയാണ് ഇന്നലെ സുവര്‍ണജൂബിലി ആഘോഷിച്ചത്.

സംഘടനയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴ്‍പോട്ടാണെന്നു ചിലര്‍ പറയുന്നുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെപ്പോലെ ഓരോ വര്‍ഷം തോറും പ്രായം കുറഞ്ഞുവരുന്നതാവാനും മതി. അങ്ങനെയാണെങ്കില്‍ പത്തിരുപത് വര്‍ഷം കൂടി കഴിയുമ്പോള്‍ സില്‍വര്‍ ജൂബിലിയും പിന്നെയുമൊരു 25 വര്‍ഷം കഴിയുമ്പോള്‍ ഒന്നാം വാര്‍ഷികവും ആഘോഷിക്കാം. ഇതൊക്കെ ഞാന്‍ സംഘടനയെ കരിവാരിതേക്കാന്‍ പറയുന്നതാണെന്നേ അതിന്‍റെ ഭാരവാഹികള്‍ പറയൂ. അവരായിട്ട് വാരി തേച്ചിരിക്കുന്നത്ര കരി ഞാന്‍ ഈ ജന്മം മുഴുവന്‍ വിചാരിച്ചാലും തേക്കാന്‍ പറ്റില്ല. അല്ലെങ്കിലും സംഘടനാഭാരവാഹികളെ പ്രകോപിപ്പിക്കാന്‍ ഇനി ഞാന്‍ ഇല്ല. ഈ പത്രക്കാരെഴുതിവിടുന്ന ആക്ഷേപവും വിമര്‍ശനവും വായിച്ചു വായിച്ചാണ് ഞാനിങ്ങനെ ആയിപ്പോയത്. എന്നാല്‍ അവരെപ്പറ്റി വല്ല ആക്ഷേപമോ വിമര്‍ശനമോ ഉന്നയിച്ചാല്‍ അപ്പോ‍ സസ്‍പെന്‍ഡ് ചെയ്തു കളയും, ഒരിക്കല്‍ സസ്‍പെന്‍ഡ് ചെയ്തതാണോ എന്നൊന്നും ഒരു നോട്ടവുമുണ്ടാകില്ല.

“ഇനി മുന്നോട്ടുളള യാത്രയില്‍ യൂണിയന് ഏറ്റെടുക്കാനും നേരിടാനുമുള്ള വെല്ലുവിളികള്‍ ഒട്ടും കുറവല്ല. ഈ പ്രയാണത്തില്‍ കരുത്തായി അരനൂറ്റാണ്ടിനപ്പുറം നീളുന്ന ധന്യമായ ചരിത്രം ഈ സംഘടനക്ക് വഴികാട്ടിയായി ഉണ്ടാവുമെന്നതില്‍ സന്ദേഹമില്ല.”– എന്നു പറഞ്ഞാണ് പ്രസിഡന്‍റിന്‍റെ ലേഖനം അവസാനിക്കുന്നത്. ഇപ്പോള്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ചീത്തപ്പേര് ഇനിയൊരന്‍പതു കൊല്ലത്തേക്കു കൂടി സംഘടനയ്‍ക്ക് വെല്ലുവിളിയായിരിക്കുമെന്ന ദീര്‍ഘദൃഷ്ടിയോ, ചരിത്രം പറഞ്ഞ് അഭിമാനിക്കാനല്ലാതെ വര്‍ത്തമാനകാലത്ത് നല്ലതൊന്നും ചെയ്തിട്ടില്ലെന്ന തിരിച്ചറിവോ ഒക്കെയാണ് ഈ വരികളില്‍ വായിച്ചെടുക്കാന്‍ സാധിക്കുന്നത്. എമേര്‍ജിങ് കേരളയുടെയും ഏജന്‍റ് ജാദൂവിന്‍റെയുമൊക്കെ കാലത്ത് ഇതൊക്കെ തന്നെ അധികമാണ്. ഹാപ്പി ജൂബിലി.