പാഷന്‍ ഓഫ് ദി പ്രീസ്റ്റ്‌സ്‌

ഭീകര സെക്കുലറായ പി.സി.ജോര്‍ജ് പോലും മൗനം പാലിക്കുന്ന ഈ വിശുദ്ധ വാരത്തില്‍ ഇങ്ങനൊരു പോസ്റ്റിടേണ്ടി വരുന്നതില്‍ ഖേദിക്കുന്നു. ഈ വിശുദ്ധവാരത്തില്‍ പള്ളീലച്ചന്‍മാരും വിശ്വസികളെപ്പോലെ പ്രാര്‍ഥനയിലും ഉപവാസത്തിലും ഈശ്വരചിന്തയിലും കഴിഞ്ഞുകൂടുകയാണെന്നാണ് പൊതുവേയുള്ള സങ്കല്‍പം. എന്നാല്‍, വര്‍ഷങ്ങളായി മനസ്സില്‍ അടക്കിവച്ചിരിക്കുന്ന കുത്തിക്കഴപ്പുകള്‍ യൂദാസിനെപ്പോലെ അവരുടെ കുഞ്ഞാടുകളെ ഒറ്റിക്കൊടുക്കുകയും പാവപ്പെട്ട മനുഷ്യരുടെ ദൈവവിശ്വാസത്തെ തന്നെ ക്രൂശിലേറ്റുകയും ചെയ്യുമ്പോള്‍ പറയാനുള്ളത് പറയുന്നതാണ് പി.സി.ജോര്‍ജ് കളിക്കുന്നതിനെക്കാള്‍ നല്ലത് എന്നു തോന്നുന്നു.

പറയുമ്പോള്‍ 20 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട സിസ്റ്റര്‍ അഭയയുടെ കാര്യം മുതല്‍ നമ്മള്‍ പറയണം. രണ്ടു പതിറ്റാണ്ടായി ഭൗതികശക്തികള്‍ അന്വേഷിച്ചിട്ടും കുറ്റവാളികളെ കിട്ടാത്ത കേസിനെ ഇനി മതമേലധ്യക്ഷന്‍മാര്‍ ദൈവികരഹസ്യമായോ മറ്റോ പ്രഖ്യാപിക്കുന്നതാണ് നല്ലത്. മകളെ കന്യാസ്ത്രീയാക്കാന്‍ വിട്ട ആ രക്ഷിതാക്കളുടെ മനസ്സിലെ കെടാത്ത തീ ബാക്കി നോക്കിക്കോളും. പിന്നെയുമുണ്ട്. ആലപ്പുഴയില്‍ സണ്‍ഡേ സ്‌കൂള്‍ ക്യാംപിനിടെ കൊല്ലപ്പെട്ട 12 വയസുകാരി ശ്രേയ, തൃശൂരില്‍ ആദ്യകുര്‍ബാന വ്‌സ്ത്രം വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞ് കൊച്ചു പെണ്‍കുട്ടിയെ പീഡിപ്പിച്ച ബ്ലഡി ഫക്കിങ് കൊക്കന്‍, അങ്ങനെ നമ്മള്‍ അറിഞ്ഞതും അറിയാത്തതുമായ സംഭവങ്ങള്‍ അനേകം.

അടുത്തിടെ ചര്‍ച്ചയായ മൂന്ന് പള്ളീലച്ചന്‍മാരാണ് ഇന്ന് പോസ്റ്റില്‍ വിഷയമാകുന്നത്. ഇവരുടെ സഭയേതാണെന്നോ സെമിനാരി ഏതാണെന്നോ എന്നൊന്നും എനിക്കറിഞ്ഞുകൂട. എല്ലാവരുടെയും കയ്യിലിരിപ്പ് സാത്താന്റെയാണെന്നതാണ് പ്രസക്തമാകുന്നത്. ആദ്യത്തെ സംഭവത്തിലെ പ്രതി പുത്തന്‍വേലിക്കര പറങ്കിനാട്ടിയകുരിശ് ലൂര്‍ദ്മാത പള്ളിയിലെ വികാരിയുമാണ്- ഫാ.എഡ്വിന്‍ സിഗ്രേസ്. പേരെടുത്ത ധ്യാനഗുരു, തീപ്പൊരി പ്രഭാഷകന്‍, നിരവധി ഭക്തിഗാനകാസറ്റുകളിലെ പാട്ടുകാരന്‍… അങ്ങനെ നാട്ടുകാരുടെ കണ്ണിലുണ്ണി. ഈ ഉണ്ണി 14 വയസുള്ള ഒരു പെണ്‍കുട്ടിയെ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. പെണ്‍കുട്ടിയെ അച്ചന്‍ സ്ഥിരമായി പള്ളിമേടയില്‍ കൊണ്ടുപോകുന്നത് കണ്ട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോള്‍ പെണ്‍കുട്ടി വിവരം പറയുകയും വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയും പൊലീസ് കേസെടുക്കുകയും മാതൃകാ ഇടയന്‍ ഒളിവില്‍ പോവുകയുമായിരുന്നു എന്നാണ് വാര്‍ത്ത.

14 വയസുള്ള പെണ്‍കുട്ടിയാണ് സത്യത്തില്‍ കുറ്റക്കാരിയെന്നും സ്റ്റാന്‍ഡ് എലോണ്‍ സെലബ്രിറ്റിയായ അച്ചനെ കുടുക്കാന്‍ വേണ്ടി കോര്‍പറേറ്റുകള്‍ നടത്തുന്ന ശ്രമമാണിതെന്നും അച്ചന് ഐക്യദാര്‍ഢ്യം നല്‍കണമെന്നുമൊക്കെ വാദിക്കാനും ആളുണ്ടാവും. 14 വയസുള്ള പെണ്‍കുട്ടിയെക്കാള്‍ വിവരവും വിവേകവും, തെറ്റും ശരിയും തമ്മിലുള്ള വ്യത്യാസവുമൊക്കെ നന്നായി അറിയാവുന്ന ആളാണ് 41 വയസുള്ള പള്ളീലച്ചന്‍ എന്നെങ്കിലും പ്രിയ കുഞ്ഞാടുകള്‍ അംഗീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. സിംപിളായി പറഞ്ഞാല്‍പ്പോലും ഒരു തെറ്റും ചെയ്യാതെ ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിനെ പ്രകീര്‍ത്തിക്കുന്ന ഈയാഴ്ചയില്‍ ധ്യാനഗുരു ഒളിവില്‍ പോയതിന് ക്രിസ്തീയമായ ഒരു വിശദീകരണവും ഞാന്‍ കാണുന്നില്ല.

ഇതുമായി ബന്ധമില്ലെങ്കിലും, കഴിഞ്ഞയാഴ്ച സഭയില്‍ നിന്നു പുറത്താക്കപ്പെട്ട ഒരു കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയ ഒരു വാര്‍ത്തയും കണ്ടിരുന്നു. 13 വര്‍ഷം കന്യാസ്ത്രീയായിരുന്ന അനിതയെ ഇടുക്കിക്കാരന്‍ ഒരു അച്ചന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത് പരാതിപ്പെട്ടതിനെ തുടര്‍ന്നായിരുന്നേ്രത സംഭവങ്ങള്‍. ഇറ്റലിയിലേക്കു സ്ഥലംമാറ്റപ്പെട്ട കന്യാസ്ത്രീ സഭയില്‍ നിന്നു പുറത്താക്കപ്പെടുകയും അതെത്തുടര്‍ന്ന് കോണ്‍വെന്റിനു മുന്നില്‍ കുത്തിയിരിപ്പു നടത്തിയപ്പോള്‍ കൂടുതല്‍ നാറാതിരിക്കാന്‍ സഭ 12 ലക്ഷം രൂപ നഷ്ടപരിഹാരം കൊടുത്ത് ഒതുക്കുകയുമായിരുന്നു എന്നാണ് മനസ്സിലാവുന്നത്. ഇടുക്കിക്കാരന്‍ അച്ചന്‍ ആരാണെന്നോ എവിടെയാണെന്നോ ആര്‍ക്കുമറിയില്ല. തിരുവസ്ത്രം നഷ്ടപ്പെട്ടതും വഴിയിലിരിക്കേണ്ടി വന്നതും ഒടുവില്‍ നഷ്ടപരിഹാരം വാങ്ങി വീട്ടില്‍പ്പോവേണ്ടി വന്നതും കന്യാസ്ത്രീ.

ഇതിനിടയിലാണ് ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നും ഫാ. ജോസഫ് ഓലിക്കലിന്റെ മുകേഷ് സിങ്ങിസം. രാജ്യത്തെ ഞെട്ടിച്ച ജില്‍ മീഗര്‍ കേസിനെപ്പറ്റിയായിരുന്നു ഓലിക്കലച്ചന്‍ വിവരക്കേട് പറഞ്ഞത്. ഇന്ത്യക്കാരന് നിര്‍ഭയ കേസ് പോലെയാണ് ഓസ്‌ട്രേലിയക്കാരന് ജില്‍ മീഗര്‍ കേസ്. ജില്‍ മീഗറെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തമേ കിട്ടിയിട്ടുള്ളൂ (14 വര്‍ഷമല്ല, ഒറിജിനല്‍ ജീവപര്യന്തം) എന്നിരിക്കെ ജില്‍ മീഗര്‍ കുറച്ചുകൂടി വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്നെങ്കില്‍ അവള്‍ക്കീ ഗതി വരില്ലായിരുന്നു എന്നാണ് ഓലിക്കലച്ചന്‍ പറഞ്ഞത്.
അങ്ങനെയെങ്കില്‍, വിശ്വാസതീവ്രമായ ജീവിതം നയിച്ചിരുന്ന സിസ്റ്റര്‍ അഭയയ്ക്കും സണ്‍ഡേ സ്‌കൂള്‍ ക്യാംപില്‍ പങ്കെടുക്കാന്‍ പോയ ശ്രേയയ്ക്കും കൊക്കന്‍ ആദ്യകുര്‍ബാന വസ്ത്രം വാങ്ങിത്തരുമെന്നു വിശ്വസിച്ചു പീഡനങ്ങളെല്ലാം സഹിച്ച കുരുന്നിനുമൊക്കെ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്നും ഓലിക്കന്‍ വിശദീകരിക്കേണ്ടി വരും.

അച്ചന്‍മാരും മനുഷ്യരാണ്. സമൂഹത്തിലെ തിന്മകളൊക്കെയും അവരിലുമുണ്ടാകും, എന്നു കരുതി വൈദികരെയാകെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ സഭയെ അധിക്ഷേപിക്കുകയോ ചെയ്യരുത് എന്നു വളരെ പക്വതയുള്ള ആളുകള്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. ലോ പോയിന്റാണത്. പക്ഷെ, അവിടെയും പിഴവുകളാണ്. വധശിക്ഷ കാത്തു കഴിയുന്ന മുകേഷ് സിങ്ങിന്റെ അറിവോ ഐക്യുവോ അല്ല മേല്‍പ്പറഞ്ഞ വെള്ളക്കുപ്പായക്കാര്‍ക്ക് എന്നതാണ് ഇത് മറ്റു കുറ്റങ്ങളെപ്പോലെ അല്ലാതാക്കുന്നത്. മുകേഷ് സിങ്ങും ഇവരുമായി ഐക്യുവില്‍ വ്യത്യാസമൊന്നുമില്ലെന്നു തെളിയിച്ചു എന്നിരിക്കട്ടെ, മുകേഷ് സിങ് ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട് എന്നത് ഒരു ആശ്വാസമാണ്. സിസ്റ്റര്‍ അഭയയുടെ കൊലയാളികളും ശ്രേയയെ വെള്ളത്തില്‍ മുക്കി കൊന്നവരും കൊക്കനും ഇപ്പോള്‍ എവിടെയാണ് ?

ഈ വൈദികന്‍മാര്‍ ചെയ്തിരിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും ഏറ്റവും നീചമായ പാപങ്ങളാണ്. സഭാധികാരികള്‍ തെറ്റു ചെയ്തവരെ രാജ്യത്തെ നിയമത്തിനു മുന്നില്‍ ഹാജരാക്കി അവരെ മാതൃകാപരമായ ശിക്ഷയ്ക്ക് വിധേയരാക്കുമ്പോഴാണ് നീതി
നടപ്പാവുന്നത്. ഇരകളെ അവഹേളിക്കുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് സുവിശേഷം കയ്യിലെടുക്കുന്നവര്‍ വഞ്ചിക്കുന്നത് ക്രിസ്തുവിനെയാണ്, ക്രിസ്തുവിന്റെ പീഡാസഹനത്തെയും മരണത്തെയുമാണ്. ഇത് ഒരു മുട്ടനാടിന്റെ ഇടയലേഖനമായി കണ്ട് വായിക്കണമെന്നും ഇതെപ്പറ്റി ചിന്തിക്കാന്‍ കുറച്ചു സമയം ചിലവഴിക്കണമെന്നും എല്ലാ വൈദികരോടും ആഹ്വാനം ചെയ്യുന്നു.

ഹാപ്പി ഈസ്റ്റര്‍ !

എം.വി.നികേഷ് കുമാറിനോട് പത്തു ചോദ്യങ്ങള്‍

ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ എന്ന തലക്കെട്ടില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ വെബ്‌സൈറ്റില്‍ ശ്രീ. എം.വി.നികേഷ് കുമാര്‍ എഴുതിയ ഒരു ലേഖനം വായിക്കാനിടയായി. വാര്‍ത്ത അവതരിപ്പിക്കുന്ന അതേ ശൈലിയില്‍ അബദ്ധങ്ങളും വിവരക്കേടുകളും വളരെ ആധികാരികമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യത്തെ ഞാനഭിനന്ദിക്കുന്നു. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും രാഷ്ട്രീയപ്രവര്‍ത്തകരെയും തല്‍സമയ വാര്‍ത്താപരിപാടികളിലൂടെ പരസ്യവിചാരണ നടത്താറുള്ള നികേഷ് ഒരു സര്‍ക്കാര്‍ വകുപ്പിന്റെ പ്രവര്‍ത്തനത്തെ ഉടുക്കുകൊട്ടി പേടിപ്പിക്കലായി ചിത്രീകരിക്കുന്നത് ഖേദകരമാണ്.

ഒരിക്കലും പിരിഞ്ഞ് കിട്ടില്ല എന്നുറപ്പുള്ള തുകയ്ക്ക് സര്‍വീസ് ടാക്‌സ് ഈടാക്കരുതെന്നും അതിന്‍മേല്‍ സര്‍ക്കാര്‍ പലിശ ഈടാക്കിയത് തന്റെ ചാനലിനോടുള്ള ക്രൂരതയാണെന്നും നികേഷ് പറയുന്നു. പരസ്യത്തിന്റെ കാശ് പിരിച്ചെടുക്കാന്‍ കഴിയാത്തത് ചാനലിന്റെ പരാജയമാണ്. അതിന്റെ ഭാരം ഏറ്റെടുക്കേണ്ടത് സര്‍ക്കാരും ജനങ്ങളുമല്ല. മിസ്മാനേജ്‌ന്റെിനെ ബുദ്ധിജീവിനാട്യങ്ങള്‍ കൊണ്ടു മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് പഴയ നമ്പരാണ്. നികുതി അടയ്ക്കാത്തതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത സംഭവത്തെക്കുറിച്ചുള്ള ലേഖനത്തില്‍ നിന്നും എനിക്കു തോന്നിയ ചില സംശയങ്ങളാണ് ഇവിടെ ചോദിക്കുന്നത്. സ്വന്തമായി ചാനലൊന്നും ഇല്ലാത്തതുകൊണ്ടാണ് അതൊക്കെ ബ്ലോഗിലൂടെ ചോദിക്കുന്നത്.

1. പരസ്യക്കാര്‍ തരാനുള്ള ആറു കോടി രൂപ പിരിഞ്ഞു കിട്ടാതെ ഒന്നരക്കോടി രൂപ നികുതി അടയ്ക്കാന്‍ നിവൃത്തിയില്ല എന്നു കോടതിയില്‍ വാദിച്ച താങ്കള്‍, മാര്‍ച്ച് 23ന് സ്റ്റുഡിയോയിലെത്തിയ സെന്‍ട്രല്‍ എക്‌സൈസ് ഉദ്യോഗസ്ഥരോട് എല്ലാ ഡിസ്പ്യൂട്ടും മാറ്റിവച്ച് മുഴുവന്‍ പണവും അടയ്ക്കാം അറസ്റ്റ് ഒഴിവാക്കാമോ എന്നു ചോദിച്ചതായി പറയുന്നു. ആറുകോടി കിട്ടിയാലേ നികുതി അടയ്ക്കാന്‍ കഴിയൂ എന്ന വാദം അവിടെ പൊളിയുകയല്ലേ മിസ്റ്റര്‍ നികേഷ് ? കയ്യില്‍ പണമില്ലെങ്കില്‍ എങ്ങനെ അപ്പോള്‍ മുഴുവന്‍ തുകയും അടയ്ക്കുമായിരുന്നു ?

2. സെന്‍ട്രല്‍ എക്‌സൈസ് കമ്മിഷണറുടെ ഓഫിസിലേക്കു പോകുന്നതിനു പകരം അതുമായി ബന്ധമില്ലാത്ത മറ്റൊരു ഓഫിസിലെത്തിച്ചു എന്നു പറയുന്നു. കമ്മിഷണര്‍ ശ്രീ.നികേഷിനെ കാണണം എന്നാവശ്യപ്പെട്ടതുപ്രകാരം കൂട്ടിക്കൊണ്ടുപോകാന്‍ വന്നവരായിരുന്നില്ല ആ ഉദ്യോഗസ്ഥര്‍ എന്നാണ് മനസ്സിലാവുന്നത്. താങ്കള്‍ക്ക് സമന്‍സുമായി വന്നവരോട് എന്നെ കമ്മിഷണറുടെ അടുത്തേക്ക് കൊണ്ടുപോകൂ എന്ന താങ്കളുടെ ആവശ്യം അവര്‍ അനുസരിച്ചില്ല എന്നത് അവര്‍ സ്വാധീനങ്ങള്‍ക്കു വഴങ്ങാത്ത സത്യസന്ധരായ ഉദ്യോഗസ്ഥരാണ് എന്നതിനു തെളിവല്ലേ മിസ്റ്റര്‍ നികേഷ് ? അവരെ അഭിനന്ദിക്കുകയായിരുന്നില്ലേ ചെയ്യേണ്ടത് ?

3. താങ്കള്‍ ആവശ്യപ്പെട്ടതു പ്രകാരം കമ്മിഷണറുടെ ഓഫിസിലെത്തിച്ചില്ല എന്നു മനസ്സിലായപ്പോള്‍ മുന്‍ കമ്മിഷണറായ ഡോ.രാഘവനോട് സഹായമഭ്യര്‍ഥിച്ചു എന്നു താങ്കള്‍ പറയുന്നു. താന്‍ നിസ്സഹായനാണെന്നു പറഞ്ഞ രാഘവന്‍ നിയമപ്രകാരമുള്ള അവകാശങ്ങള്‍ നികേഷിനു ലഭിക്കും എന്നും പറഞ്ഞു. നിയമനടപടികളെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് സഹായമഭ്യര്‍ഥിക്കുന്നത് ശരിയാണ് എന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ ? ഉന്നതങ്ങളിലുള്ള സ്വാധീനം ഉപയോഗിച്ച് നിയമനടപടികളില്‍ നിന്നു രക്ഷപെടാന്‍ ശ്രമിക്കുന്നവരെ മോശക്കാരായി ചിത്രീകരിച്ചു വാര്‍ത്ത കൊടുക്കുന്ന താങ്കള്‍ അതിനു തന്നെയല്ലേ അപ്പോള്‍ ശ്രമിച്ചത് ?

4. ഡോ.രഘവന്‍ കൈവിട്ടതോടെ ‘തുടര്‍ന്നു ഞാന്‍ വിളിക്കേണ്ടത് കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളെയും സംസ്ഥാനം ഭരിക്കുന്ന മന്ത്രിമാരെയുമാണ്. അതിനെക്കാള്‍ ഭേദം ജയിലാണല്ലോ…’- എന്നെഴുതിയിരിക്കുന്നത് വായിച്ചു. എന്താണ് താങ്കള്‍ അതുകൊണ്ടുദ്ദേശിച്ചത് എന്നു വ്യക്തമായില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കളും സംസ്ഥാനം ഭരിക്കുന്ന നേതാക്കളും താങ്കള്‍ക്കു സഹായം ചെയ്യാന്‍ മാത്രം യോഗ്യതയുള്ളവരല്ല എന്നാണോ ? അതോ അവരും താങ്കളുടെ കാര്യത്തില്‍ നിഷ്പക്ഷത പുലര്‍ത്തുമോ എന്ന ഭീതിയായിരുന്നോ ? എന്തൊക്കെ കുറവുകളുണ്ടെങ്കിലും ജനാധിപത്യത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ ഒരു സ്റ്റാന്‍ഡ് എലോണ്‍ ചാനല്‍ മുതലാളിയെക്കാള്‍ ആയിരം മടങ്ങു മുകളിലാണ് എന്നതു മനസിലാക്കുമല്ലോ ?

5. താങ്കളെ അറസ്റ്റ് ചെയ്ത വാര്‍ത്ത നവമാധ്യമങ്ങളില്‍ വന്നു തുടങ്ങിയതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു താങ്കളുടെ സുഹൃത്തുക്കള്‍ താങ്കളുടെ അക്കൗണ്ടിലേക്ക് സ്വമേധയാ പണം അയച്ചുകൊണ്ടിരുന്നു എന്നതാണ് ലേഖനത്തില്‍ എന്നെ കരയിച്ചുകളഞ്ഞ ഭാഗം. ശ്രീ.നികേഷ് കുമാറിനെ അറിയുന്നവര്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചുമായി വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു കോടി 20 ലക്ഷം രൂപ താങ്കളുടെ അക്കൗണ്ടിലെത്തിച്ചു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയവും അമ്പരപ്പിക്കുന്നതുമാണ്. സ്വര്‍ണം ഊരിക്കൊണ്ടുപോയി പണയം വച്ച് കാശാക്കിയെടുക്കാനൊക്കെ കുറച്ചു സമയം വേണ്ടെ ? അതിനും പുറമേ അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യണമെങ്കിലും കുറച്ചു സമയം ആവശ്യമാണ്. അതിനും പുറമേ, എങ്ങനെ ഇത്രയധികം ആളുകളുടെ പക്കല്‍ താങ്കളുടെ അക്കൗണ്ട് നമ്പര്‍ എത്തിപ്പെട്ടു ? മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേ രാജപ്പാ ?

6. തുടര്‍ന്നങ്ങോട്ട് ലേഖനത്തിലുടനീളം താങ്കള്‍ താങ്കളുടെ തന്നെ മാഹാത്മ്യം വര്‍ണിക്കുകയാണ്. വായിച്ചപ്പോള്‍ പാവം തോന്നി. താങ്കള്‍ സ്വന്തമായി ചാനല്‍ തുടങ്ങിയത് ഈ നാട്ടില്‍ ഒരു സ്വതന്ത്രമാധ്യമം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിക്കൊണ്ടായിരുന്നു എന്നതും എന്നെ ഞെട്ടിച്ചു. ഏഷ്യാനെറ്റില്‍ നിന്നും പുറത്തുചാടി ഇന്ത്യാവിഷന്‍ ഉണ്ടാക്കിയപ്പോഴും അങ്ങ് അതു തന്നെയല്ലേ ചെയ്തത് ? ഇന്ത്യാവിഷന്‍ മുങ്ങിത്തുടങ്ങിയ സമയത്തല്ലേ അങ്ങ് റിപ്പോര്‍ട്ടര്‍ ഉണ്ടാക്കിയത് ? അപ്പോള്‍ ഇന്ത്യാവിഷന്‍ കുത്തക ചാനലായി മാറിക്കഴിഞ്ഞിരുന്നോ ? എങ്കില്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ഇന്ത്യാവിഷന്‍ പ്രവര്‍ത്തിക്കാത്തത് ?

7. താങ്കള്‍ താങ്കളെ തന്നെ വാഴ്ത്തുന്ന ഭാഗത്ത് താങ്കള്‍ ‘തുടക്കമിട്ടത് വാഴപ്പിണ്ടി എടുത്തു കളഞ്ഞ് പകരം നട്ടെല്ലു വച്ച മാധ്യമപ്രവര്‍ത്തനം’ ആണെന്നു വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തിലെ മാധ്യമപ്രവര്‍ത്തനത്തിന്റെ ചരിത്രം അറിയാത്ത ഏതോ ന്യൂജന്‍ ട്രെയിനിയെപ്പോലെ താങ്കള്‍ എന്തോ പുലമ്പുന്നു എന്നാണ് തോന്നിയത്. താങ്കളെപ്പോലെ ഒച്ചയും ബഹളും അലമ്പും ഉണ്ടാക്കിയിട്ടില്ലെങ്കിലും താങ്കളെക്കാള്‍ ആത്മാര്‍ഥമായി, താങ്കളെക്കാള്‍ നീതിക്കു വേണ്ടിയുള്ള ദാഹത്തോടെ മാധ്യമപ്രവര്‍ത്തനം നടത്തിയ ആയിരക്കണക്കിനാളുകള്‍ ജീവിച്ചിരുന്ന, ജീവിച്ചിരിക്കുന്ന നാടാണ് കേരളം. അവിടെ താങ്കള്‍ക്കൊപ്പമല്ലാത്ത എല്ലാവരുടെയും നട്ടെല്ല് വാഴപ്പിണ്ടിയാണ് എന്ന വിശ്വാസം ചപലമാണ്. നാര്‍സിസത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍ ചുറ്റുപാടും നോക്കിയാല്‍ താങ്കള്‍ക്ക് അവരെ കാണാന്‍ സാധിക്കും.

8. താങ്കളെ അറസ്റ്റ് ചെയ്തപ്പോള്‍ മാത്രമാണ് താങ്കള്‍ നീതി കിട്ടിയില്ല, കരുണ കാട്ടിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ നടത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളത്തില്‍ ഇതിനെക്കാള്‍ ചെറിയ കുറ്റങ്ങള്‍ക്ക് ആളുകള്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ അത് ബ്രേക്കിങ് ന്യൂസ് ആക്കുന്നയാളല്ലേ താങ്കള്‍ ? ചെറിയ ആരോപണങ്ങളുടെ പേരില്‍ ആളുകളെ സ്റ്റുഡിയോയില്‍ വിളിച്ചു വരുത്തി നാലാംകിട ചോദ്യങ്ങള്‍ ചോദിച്ച് വെറുപ്പിക്കുമ്പോള്‍ നീതി, കരുണ തുടങ്ങിയ വാക്കുകള്‍ താങ്കളുടെ നിഘണ്ടുവില്‍ ഇല്ലായിരുന്നോ ?

9. മൊത്തത്തില്‍ താങ്കളുടെ ലേഖനത്തില്‍ നിന്നും താങ്കളും താങ്കളുടെ ചാനലും എന്തോ വിശുദ്ധ കര്‍മമാണ് ചെയ്യുന്നതെന്നും അതിനാല്‍ മറ്റു ചാനലുകളെ കാണുന്നതുപോലെ കാണാന്‍ പാടില്ലെന്നും ഒരു സൂചനയുള്ളതുപോലെ തോന്നി. തീര്‍ച്ചയായും അങ്ങനെയായിരിക്കാം. എന്നാല്‍, റിമോട്ടെടുത്ത് ചാനലുകള്‍ മാറ്റുന്ന സാധാരണക്കാരെ സംബന്ധിച്ച് അത്തരം മാറ്റങ്ങള്‍ ഫീല്‍ ചെയ്യുകയില്ല. സമത്വവും സ്വാതന്ത്ര്യവും പുലര്‍ന്നുകാണാനാഗ്രഹിച്ച ധീരന്‍മാരായ മാധ്യമപ്രവര്‍ത്തകരുടെ പാത പിന്‍തുടരുന്ന താങ്കള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് ശരിയാണോ ?

10. താങ്കള്‍ക്കു നട്ടെല്ലുണ്ടെന്നു കരുതി ബാക്കി എല്ലാവരും അത് മാറ്റി വാഴപ്പിണ്ടി വയ്ക്കണം എന്നില്ലല്ലോ അല്ലേ  ?  ഉണ്ടോ ? ഇല്ലേ ? ഉവ്വോ ?

കര്‍ഷകവിരുദ്ധം

അച്ചായോ… അറിഞ്ഞോ… വയനാട്ടിലെ കാട്ടുതീ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണെന്ന്…

പ്രെയ്‌സ് ദി ലോര്ഡ്… ഹാലേലൂയ…

എന്തിന് ?

പണ്ടൊക്കെ ദൈവം പിന്നെപ്പിന്നെയായിരുന്നു.. ഇപ്പോ അപ്പപ്പോ ആക്കി….

എന്തോന്ന് ?

പ്രതികാരം…

ദൈവമെന്തോന്ന് ക്വട്ടേഷന്‍ ഗുണ്ടയോ… ഒന്നു പോ അച്ചായാ… അല്ലെങ്കിലും എന്തോന്നിനാ ഈ പ്രതികാരം…

താനല്ലേ പറഞ്ഞേ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിച്ചതിലുള്ള പ്രതികാരമാണ് കാട്ടുതീ എന്ന്… ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളിലൂടെയാണ് ദൈവം മനുഷ്യരോട് പ്രതികാരം ചെയ്യുന്നത്…

അച്ചായന്‍ ഒരുമാതിരി കോപ്പിലെ വര്‍ത്താനം പറയരുത്… പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരായിട്ടു തന്നെ വരുത്തി വയ്ക്കുന്നതാ.. അച്ചായന്‍ ഈ ധ്യാനമെല്ലാം കൂടിയിട്ടു വട്ടായതല്ലാതെ ദൈവത്തെപ്പറ്റി ഇത്ര നികൃഷ്ടമായ ഒരു ധാരണയാണ് വച്ചു പുലര്‍ത്തുന്നതെങ്കില്‍ കഷ്ടമാണ്…

എടോ… വട്ടായിലച്ചനെപ്പറ്റി ഒരക്ഷരം താന്‍ പറയരുത്.. പിന്നെ ഒരു ക്രിസ്ത്യാനിയെ മുഖത്തു നോക്കി നികൃഷ്ടജീവി എന്നു വിളിക്കാന്‍ തനിക്കെങ്ങനെ ധൈര്യം വന്നെടോ.. താനൊരു രാഷ്ട്രീയക്കാരനല്ലേ… അച്ചനേം കൂട്ടി ഞാന്‍ പാര്‍ട്ടി ആപ്പീസിലോട്ടു വരുന്നുണ്ട്… തന്റെ ചീട്ടു കീറും ഞങ്ങള്‍… ഇടുക്കീല്‍ പിടീടെ കച്ചോടം ഞങ്ങളവസാനിപ്പിച്ചില്ലേ… അതുപോലെ തന്നേം കാണിച്ചു തരാം…

അല്ലച്ചായാ.. ഞനതിനൊന്നും പറഞ്ഞില്ലല്ലോ…

ഏതു കാടിന്റെ പേരിലാണോ സര്‍ക്കാര്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ നോക്കിയത്.. അതേ കാട് കത്തിച്ച് ദൈവം ആ സര്‍ക്കാരിനു മറുപടി കൊടുത്തത് താന്‍ കണ്ടില്ലേ… പണ്ട് ഈജിപ്തില്‍ ഇസ്രയേല്‍ ജനതയെ പീഡിപ്പിച്ച ഫറവോനും കര്‍ത്താവ് ഇങ്ങനെയുള്ള അടയാളങ്ങളാണ് നല്‍കിയത്…

അത് ശരി.. അപ്പോ കര്‍ത്താവ് നേരിട്ടിറങ്ങി വന്നിറങ്ങി കാടിനു തീയിട്ടെന്നാ അച്ചായന്‍ പറയുന്നത്…

കര്‍ത്താവിന് എന്തും സാധിക്കുമെടോ…

അച്ചായാ എന്നു വിളിച്ച ഈ നാവുകൊണ്ട് എന്നെ വേറൊന്നും വിളിപ്പിക്കരുത്… വയനാട്ടിലെ കാട്ടുതീ കര്‍ത്താവിന്റെ പ്രതികാരമാണെന്നല്ല… സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ച് ആരോ ആനപ്പിണ്ഡം കത്തിച്ചെറിഞ്ഞാണ് തീയിട്ടതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്…

കണക്കായിപ്പോയി… കാടില്ലല്ലോ.. ഇനി കസ്തൂരി കൊണയ്ക്കണം എന്നു പറഞ്ഞോണ്ട് ഒരുത്തനും വരുകേലല്ലോ… എന്റെ രണ്ടേക്കര്‍ വില്‍ക്കാനിട്ടിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. സെന്റിന് എട്ടുലക്ഷത്തിനു ചോദിച്ചിട്ടു കൊടുക്കാഞ്ഞതാ.. ഉള്‍ക്കാട്ടില്‍ വിമാനത്താവളം വരുമെന്നു പറഞ്ഞ് ഞാന്‍ വില കേറ്റി കേറ്റിക്കൊണ്ടുവരുമ്പോഴാ കസ്തൂരിരംഗന്‍… ഇപ്പോ സെന്റിന് രണ്ടു ലക്ഷം പോലും കിട്ടത്തില്ല… അതുപോലെ വടക്കേ പറമ്പിലെ പാറക്കെട്ട്.. തനിക്കറിയാവല്ലോ… മൂന്നരയേക്കറാ അത്… ഇത്രേം നല്ല പാറ ഈ ജില്ലേല്‍ വേറെ കാണത്തില്ല.. അതില്‍ അദ്യത്തെ തിരിവച്ച് വെടിപൊട്ടും മുമ്പ് വന്നു കസ്തൂരി… ഇതൊക്കെ കാണാന്‍ മുകളിലൊരാളുണ്ടെന്ന് ഓര്‍ക്കണമായിരുന്നെടോ… എന്നെപ്പോലെയുള്ള പാവങ്ങളുടെ കണ്ണീര്‍ കാണുന്നവനാണെടോ ദൈവം… മര്യാദയ്ക്കല്ലെങ്കില്‍ ഇനീം കത്തും…

അച്ചായോ… അച്ചായന്റെ പത്തോ പതിനഞ്ചോ ഏക്കര്‍ ഭൂമിയെക്കാള്‍ വലുതാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും നൂറുകണക്കിനു മൃഗങ്ങളും വേറെ ഒരായിരം ജീവജാലങ്ങളുമുള്ള ഇക്കാണുന്ന വനം.. ആയിരം ഏക്കര്‍ വനമാണ് അറിഞ്ഞുകൊണ്ടു തീയിട്ടു നശിപ്പിച്ചത്…

ഓ പിന്നെ… എടോ കാട്ടുതീ പണ്ടും ഉണ്ടായിരുന്നു… അത് പ്രകൃതിക്ക് നല്ലതാണ്… പിന്നെ കാട്ടിലീ മരങ്ങളൊക്കെ ദൈവം തന്നിരിക്കുന്നതെന്തിനാ.. മനുഷ്യന് വെട്ടിയറുത്ത് കെട്ടിടങ്ങള്‍ പണിയാനും അടുപ്പില്‍ വച്ചു കത്തിക്കാനുമൊക്കെയല്ലേ.. അതുപോലെ തന്നെ.. ഈ മൃഗങ്ങളെയൊക്കെ ദൈവം സൃഷ്ടിച്ചിരിക്കുന്നതെന്തിനാ… നമുക്ക് കൊന്നു കറിവച്ചു തിന്നാന്‍…

അച്ചായോ കണ്ണില്‍ച്ചോരയില്ലാതെ സംസാരിക്കരുത്…

ഉവ്വ… താന്‍ കഴിഞ്ഞ മാസം ടീവിലൊക്കെ സ്ഥിരം കാണുന്ന പരിസ്ഥിതിസംരക്ഷണക്കാരനേം കൊണ്ടു വന്നപ്പോള്‍ ദേ ആ തിണ്ണേലിരുന്ന് ബ്രാന്‍ഡീടെ കൂടെ വിഴുങ്ങിയത് ഇളംമാനിന്റെ എറച്ചിയാ… അമ്മാതിരി നാലെണ്ണമേ ഈ കാട്ടിലുള്ളൂ.. നിങ്ങളെ സല്‍ക്കരിക്കാന്‍ മൂന്നിനേം അന്നു കറിവച്ചു… അതുകൊണ്ട് കണ്ണില്‍ച്ചോരേടെ കാര്യമൊന്നും ഇങ്ങോട്ടൊണ്ടാക്കണ്ട..

മാനിന്റെ എറച്ചിയാണെന്നു ഞങ്ങളു തിന്നു കഴിഞ്ഞിട്ടാ അച്ചായന്‍ പറഞ്ഞത്…

അതല്ലേ മോനേ അച്ചായന്റെ ബുദ്ധി… ഒന്നും കാണാതെ ഒരു നാറിക്കും കള്ളൊഴിച്ചുകൊടുക്കുന്നവനല്ല ഞാന്‍… അതുകൊണ്ട് പ്രകൃതിസ്‌നേഹം ഒലിപ്പിക്കാതെ പതുക്കെ വിട്ടോ… ഈ കാട്ടുതീയുടെ പേരില്‍ ഇവിടുള്ള ഏതെങ്കിലും ഒരുത്തന്റെയെങ്കിലും ദേഹത്തു തൊട്ടാല്‍…

അതൊന്നും എന്റെ കയ്യിലൊള്ള കാര്യങ്ങളല്ലച്ചായോ… പൊലീസും വിജിലന്‍സുമൊക്കെയാ അന്വേഷിക്കുന്നേ… മന്ത്രി തിരുവഞ്ചൂരിന്റെ പ്രത്യേക ഉത്തരവുണ്ട്…

തിരുവഞ്ചൂരാണെങ്കില്‍ കുഴപ്പമില്ല… തീപിടിത്തത്തിനു കാരണമായ പിണ്ഡമിട്ട ആനയെ അറസ്റ്റ് ചെയ്ത് അഡ്ജസ്റ്റ് ചെയ്‌തോളും…

ഇത് പക്ഷെ, മുഴുവന്‍ രാജ്യത്തിന്റെയും കാര്യമല്ലേ അച്ചായോ… വനമെന്നു പറയുന്നത് ഭൂമിയുടെ മുഴുവന്‍ സ്വത്താണ്…

അതങ്ങു പള്ളീപ്പോയി പറഞ്ഞാല്‍ മതി.. കാട്ടുമൃഗങ്ങളുടെ ആക്രമണം സഹിച്ചും പ്രകൃതിദുരന്തങ്ങളെ നേരിട്ടും വനാതിര്‍ത്തിയില്‍ കഴിയുന്ന ഞങ്ങളെപ്പോലുള്ളവര്‍ കഴിഞ്ഞേ ആര്‍ക്കും വനത്തെപ്പറ്റി മിണ്ടാന്‍ പോലും അവകാശമുള്ളൂ… കാടു കത്തിയതില്‍ ഞങ്ങള്‍ക്കില്ലാത്ത പരാതി വേറൊരുത്തനും വേണ്ട..

താമരശ്ശേരി ഫോറസ്റ്റ് ഓഫിസും ഇതുപോലെ…

താമരശ്ശേരിയെപ്പറ്റി ഒരക്ഷരം പറയരുത്…

റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഇവിടെ ചോരപ്പുഴയൊഴുകുമെന്ന് അന്നു താമരശ്ശേരി ബിഷപ്പും…

ഡോ.. താമരശ്ശേരിയെപ്പറ്റി മിണ്ടരുതെന്ന് !!!!!!

അച്ചായനും പ്രഷറിന്റെ അസുഖമുണ്ടോ…

ഇത്രേം കാലം ഈ പ്രഷറും കൊണ്ട് ഞങ്ങളിവിടെ കഴിഞ്ഞപ്പോ ഒരു നാറിയും വന്നില്ലല്ലോ ഇങ്ങോട്ട്.. തിരഞ്ഞെടുപ്പടുത്തപ്പോള്‍ എല്ലാം കൂടി കെട്ടിയെടുക്കാന്‍ നിങ്ങള്‍ക്കെന്താ ഷുഗറിന്റെ അസുഖമുണ്ടോ ?

ഹൊ.. എന്തു പറഞ്ഞാലും ഉടക്കാണല്ലോ അച്ചായോ…

ഇനിയങ്ങോട്ട് അങ്ങനെയൊക്കെ മതീടോ…

തീയുടെ കാര്യമൊക്കെ അച്ചായന്‍ വിട്… തിരഞ്ഞെടുപ്പൊക്കെയാണ് അടുത്തുവരുന്നത്… കസ്തൂരി രംഗനൊന്നുമല്ല ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത്.. ഞങ്ങളൊക്കെയില്ലേ ഇവിടെ.. അച്ചായന്‍ വെറുതെ ആളുകളെ പറഞ്ഞു തിരിപ്പിക്കരുത്… ആം ആദ്മിയും കൂം ആദ്മിയുമൊക്കെയുള്ള കാലമാണ്.. പത്തു വോട്ടു പോയാല്‍ മതി പണി കിട്ടാന്‍…

അതെ, അതോര്‍മയുണ്ടായാല്‍ മതി…

ഓര്‍മയുണ്ടച്ചാലോ… ഞാനല്ലേ പറയുന്നത്…

എന്നാപ്പിന്നെ, ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നുള്ള ആരോപണം പിന്‍വലിക്കണം.. മന്ത്രിയോ മുഖ്യമന്ത്രി ആരാണെന്നു വച്ചാല്‍ അരമനേല്‍ വന്നു ബിഷപ്പിനോടും മാപ്പും പറയണം…

അതെന്തിന് ?

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പോലെ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്നതും കര്‍ഷകവിരുദ്ധമാണ്..

കര്‍ഷകരെവിടെക്കിടക്കുന്നു അച്ചായനെപ്പോലുള്ള താപ്പാനകളെവിടെക്കിടക്കുന്നു…

ഡോ, പറയുന്നത് കേട്ടാല്‍ മതി… കാട്ടുതീയില്‍ ഇനി ഒരന്വേഷണവും വേണ്ട… എല്ലാവര്‍ഷവും ഇവിടെ കാട്ടുതീയൊക്കെ ഉണ്ടാകുന്നതാ… അപ്പോഴൊന്നും ഇല്ലാത്ത ഉരുക്കം ഈ വര്‍ഷമായിട്ടു വേണ്ട… ഈ കാട്ടുതീ മനുഷ്യനിര്‍മിതമാണെന്ന് ഇനി ആരെങ്കിലും എവിടെയെങ്കിലും പറഞ്ഞാല്‍… ഇതിന്റെ പേരില്‍ ആരെയെങ്കിലും ചോദ്യം ചെയ്യണമെന്നു പറഞ്ഞ് ഒരു പൊലീസുകാരനെങ്കിലും ഈ മലചവുട്ടിയാല്‍.. അറിയാലോ…

അറിയാം അച്ചായാ അറിയാം…

പരമാവധി ആ പിണ്ഡമിട്ട ആന.. അതിനപ്പുറത്തേക്കൊരന്വേഷണം വേണ്ട…

വേണ്ട… ആന മദം പൊട്ടി നിന്നപ്പോള്‍ ഇട്ട പിണ്ഡമാണെന്നു നമുക്കു വാദിക്കാം.. മദപ്പാടിന്റെ ദേഷ്യം കാരണം പിണ്ഡത്തോടൊപ്പം തീപ്പൊരിയുമുണ്ടായിരുന്നെന്നും ആ തീപ്പൊരിയില്‍ നിന്നു തീപടര്‍ന്ന് കാടു കത്തിപ്പോയതാണെന്നും നമുക്കു തെളിയിക്കാവുന്നതേയുള്ളൂ…

അപ്പോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ?

എന്നാ ചോദ്യവാ അച്ചായാ… കാടില്ലാതെ എന്തു കസ്തൂരിരംഗന്‍…

ഈ കത്തിപ്പോയ ഭൂമി പാവപ്പെട്ട കുടിയേറ്റ കര്‍ഷകര്‍ക്കു തീറെഴുതിക്കൊടുത്താല്‍ അവരതു റബറും മറ്റും വച്ചു പച്ചപിടിപ്പിച്ചു തരും.. ഒരു രാജ്യസേവനം..

ആദിവാസികള്‍ക്ക് ഇതുവരെ ഭൂമി കൊടുത്തു കഴിഞ്ഞിട്ടില്ല…

ആദിവാസികള്‍ക്ക് ഭൂമിയും മറ്റും കൊടുത്താല്‍ അവരുടെ ഒറിജിനാലിറ്റി നശിച്ചുപോകും… പട്ടിണിയും പരിവട്ടവുമൊക്കെയായി കഴിയുന്നവരെ കാണാനാ സായിപ്പുമാരൊക്കെ വരുന്നേ.. സായിപ്പുമാര്‍ വന്നെങ്കിലേ നമ്മുടെ ഹോംസ്‌റ്റേയും റിസോര്‍ട്ടുകളുമൊക്കെ ഓടത്തൊള്ളൂ.. അതുകൊണ്ട് ആദിവാസികളെ തൊട്ടുകളിക്കണ്ട…

എന്നാ വേണ്ട..

ഹല്ല പിന്നെ…

മുഖ്യമന്ത്രിക്ക് അഭിനന്ദനം

തട്ടിപ്പുകാരനാണെന്നു തോന്നിയ നിമിഷം തന്നെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്റെ ഗണ്‍മാന്‍ സ്ഥാനത്തു നിന്നു പുറത്താക്കിയ മുന്‍ഗണ്‍മാന്‍ സലിംരാജിന്റെ കേസ് പരിഗണിക്കവേ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ അഭിനന്ദനം. എന്നാല്‍, വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതില്‍ പണ്ടേ പ്രഗല്‍ഭരായ കേരളത്തിലെ മൂന്നാംകിട മാധ്യമങ്ങള്‍ ഹൈക്കോടതി ജഡ്ജി ഹാറൂണ്‍ അല്‍ റഷീദിന്റെ പരാമര്‍ശങ്ങളെ മുഖ്യമന്ത്രിക്കെതിരെയുള്ള വിമര്‍ശനങ്ങളായി ചിത്രീകരിച്ച് സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിന്റെ മുഖത്ത് കരിവാരി തേച്ചു കേരള സമൂഹത്തെ ലജ്ജിപ്പിച്ചു.

മുന്‍സ്റ്റാഫ് അംഗങ്ങളെ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്യേണ്ടി വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിക്ക് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമില്ലാതെ വരുമോ എന്നു ചോദിച്ചതിനെയാണ് മാധ്യമങ്ങള്‍ ഹീനമായി വളച്ചൊടിച്ചത്. മുഖ്യമന്ത്രി വളരെ ഉത്തരവാദിത്തമുള്ളയാളാണെന്നും അദ്ദേഹം ഉത്തരവാദിത്തമില്ലാത്തയാളാണെന്ന് വിമര്‍ശകര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്നുമുള്ള അര്‍ഥത്തിലാണ് കോടതി അങ്ങനെ പറഞ്ഞത് എന്നിരിക്കെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളുടെ തട്ടിപ്പില്‍ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് കോടതി ഉദ്ദേശിച്ചത് എന്നായിരുന്നു മാധ്യമങ്ങളുടെ വ്യാഖ്യാനം. തട്ടിപ്പുകാരായ സ്റ്റാഫ് അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്യുന്നതിലൂടെ താന്‍ വളരെ ഉത്തരവാദിത്തമുള്ളയാളാണെന്നു മുഖ്യമന്ത്രി തെളിയിച്ച സാഹചര്യത്തില്‍ അദ്ദേഹം വളരെ മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത് എന്നാണ് കോടതി ഉദ്ദേശിച്ചിരിക്കുന്നത് എന്ന് ആര്‍ക്കും മനസ്സിലാവും.

റയില്‍വേ ദുരന്തമുണ്ടാകുമ്പോഴും മറ്റും ധാര്‍മിക ഉത്തരവാദിത്തത്തിന്റെ പേരില്‍ മന്ത്രിമാര്‍ പണ്ടു രാജി വയ്ക്കുമായിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെ തട്ടിപ്പിന്റെ പേരില്‍ ആരും രാജിവച്ചിട്ടില്ല എന്നും കോടതി പറഞ്ഞത് മുഖ്യമന്ത്രിയും രാജി വയ്ക്കണമായിരുന്നു എന്ന അര്‍ഥത്തിലാണെന്നു മിക്കവാറും മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്ത് മാധ്യമധര്‍മത്തെ കുരുതി കൊടുത്തു. വീട്ടില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ ആ പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കുടുംബാംങ്ങളെ മുന്നോട്ടു നയിക്കുന്നയാളാണോ അതിന്റെ പേരില്‍ വീടുവിട്ടുപോകുന്നയാളാണോ മാതൃക എന്നത് നമുക്കു തന്നെ അറിയാവുന്നതാണല്ലോ. ഈ സാഹചര്യത്തില്‍ മുന്‍കാലങ്ങളില്‍ ഓരോരോ പ്രശ്‌നമുണ്ടാകുമ്പോള്‍ രാജിവച്ച് തടിതപ്പിയിരുന്ന മന്ത്രിമാരെയാണ് കോടതി കുറ്റപ്പെടുത്തിയത് എന്നത് വളരെ വ്യക്തമാണ്.

സ്വന്തം ഓഫിസില്‍ ഇത്ര വലിയ പ്രശ്‌നമുണ്ടായിട്ടും രാജിവച്ച് ഓഫിസിന്റെ പ്രവര്‍ത്തനം താറുമാറാക്കാതെ ക്ഷമയോടെ പദവിയില്‍ തുടരുകയും സംസ്ഥാനത്തെ വികസനപാതയിലൂടെ മുന്നോട്ടു നയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ത്യ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളാണെന്നുള്ള നമ്മുടെ നിഷ്പക്ഷമായ വിലയിരുത്തലിനുള്ള അംഗീകാരം കൂടിയായി കോടതിയുടെ പരാമര്‍ശത്തെ കാണാം. ഇതോടെ, മുന്‍കാലങ്ങളില്‍ ഓരോരോ വിവാദങ്ങളില്‍ രാജി വച്ചിട്ടുള്ള കെ.കരുണാകരന്‍, എ.കെ.ആന്റണി എന്നിവരുടെ നടപടി ജനാധിപത്യത്തിലെ കറുത്ത അധ്യായങ്ങളായി മാറുകയാണ്.

പൊതുപ്രവര്‍ത്തകന്റെ ധാര്‍മികനിലവാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നും പിടിക്കപ്പെടുന്നതുവരെ കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുകയാണ് ഇപ്പോഴത്തെ മന്ത്രിമാരടക്കം നേതാക്കള്‍ ചെയ്യുന്നതെന്നുമുള്ള കോടതിയുടെ പരാമര്‍ശം ഏതാനും മന്ത്രിമാരെയും സിപിഎം നേതാക്കളെയും കുറ്റപ്പെടുത്തുന്നതാണ് എന്നും മനസ്സിലാക്കാമെന്നിരിക്കെ അതും മുഖ്യമന്ത്രിക്കെതിരായുള്ള പരാമര്‍ശമാണെന്നു മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നത് ഇവിടെ സര്‍ക്കാരിനെതിരായി ഒരു മാധ്യമ സിന്‍ഡിക്കറ്റ് പ്രവര്‍ത്തിക്കുന്നുണ്ട് എന്നതിന്റെ തെളിവാണ്. കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന മന്ത്രിമാരെല്ലാം ഓഫിസിനുള്ളില്‍ കസേരയില്‍ തന്നെയിരിക്കാതെ മുഖ്യമന്ത്രിയെപ്പോലെ ജനസമ്പര്‍ക്കപരിപാടി പോലെയുള്ള പരിപാടികളുമായി നാട്ടില്‍ ഓടിനടക്കണമെന്നാണ് കോടതി ഉദ്ദേശിച്ചിരിക്കുന്നത്. അതുപോലെ തന്നെ പൊതുപ്രവര്‍ത്തകന്റെ ധാര്‍മികനിലപാരം ദിനംപ്രതി കുറഞ്ഞുവരികയാണെന്നുള്ള പരാമര്‍ശം പിണറായി വിജയനെ ഉദ്ദേശിച്ചാണ്. മുഖ്യമന്ത്രിയെന്നോ മന്ത്രിമാരെന്നോ പ്രതിപക്ഷനേതാവെന്നോ ചീഫ് വിപ്പെന്നോ പറയാതെ പൊതുപ്രവര്‍ത്തകന്‍ എന്നു പറഞ്ഞത് പിണറായിയെ ഉദ്ദേശിച്ചാണെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഏറ്റവുമൊടുവില്‍ സലിം രാജിനെ മുഖ്യമന്ത്രിയുടെ സ്റ്റാഫില്‍ തിരിച്ചെടുക്കണം എന്ന സൂചനയും കോടതിയുടെ പ്രസ്താവനയില്‍ വായിച്ചെടുക്കാം. സലിം രാജിനെപ്പോലുള്ളവര്‍ പുറത്തു നടക്കുമ്പോള്‍ നീതി നടപ്പാകുമെന്ന് ഉറപ്പു പറയാനാവില്ല. സ്വന്തം പഴ്‌സനല്‍ സ്റ്റാഫിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കു തന്നെയായിരിക്കണം എന്നാണ് കോടതി പറഞ്ഞത്. എന്നാല്‍, സലിംരാജിനെ ജയിലിലിടണം എന്നാണ് കോടതി ഉദ്ദേശിച്ചതെന്ന മട്ടിലാണ് പ്രചരണങ്ങള്‍. എല്ലാം കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ നാട്ടില്‍ നീതി നടപ്പാവണമെങ്കില്‍ സലിം രാജ് കൂടി അകത്ത്, അതായത് മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫില്‍ ഉണ്ടായിരിക്കണം എന്നാണ് കോടതി ഉദ്ദേശിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എത്രയോ കാലമായി ഈ നാട്ടിലെ ജനാധിപത്യ വിശ്വാസികളുടെ ആവശ്യമായിരുന്നു ഇത്. കോടതിയുടെ നിരീക്ഷണത്തിന്റെ പശ്താത്തലത്തില്‍ ഈ വിഷയങ്ങളില്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചവരും കുറ്റപ്പെടുത്തിയവരും അദ്ദേഹത്തോട് പരസ്യമായി മാപ്പു പറയുകയും എത്രയും വേഗം സലിം രാജിനെ മുഖ്യമന്ത്രി പഴ്‌സനല്‍ സ്റ്റാഫില്‍ തിരിച്ചെടുക്കുകയും ചെയ്യണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിര്‍ത്തുന്നു.

മാധ്യമസ്വാതന്ത്ര്യത്തിന് ഒരു ഹഗ്ഗ്

എറണാകുളം സിജെഎം കോടതിക്കും പാലാരിവട്ടം പൊലീസിനും എന്റെയൊരു ആലിംഗനം. പത്രസ്വാതന്ത്ര്യം അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ വലിയ മൂല്യമുള്ളതെന്നു പ്രചരിപ്പിക്കുന്ന സംഗതികള്‍ നോക്കിയും കണ്ടും ഉപയോഗിക്കണമെന്നും വാര്‍ത്തകള്‍ കൊടുക്കുമ്പോഴും അഭിപ്രായങ്ങള്‍ പറയുമ്പോഴും ഒന്നാം കക്ഷിയുടെയും രണ്ടാം കക്ഷിയുടെയും കുലം, ജാതി, സമുദായം തുടങ്ങിയവയും വിലയിരുത്തുകയും അതനുസരിച്ച് നിലപാടുകള്‍ എടുക്കുകയും വേണമെന്നും എത്രയോ കാലമായി പലരും പറഞ്ഞിട്ടും ഇവറ്റകള്‍ മൈന്‍ഡ് ചെയ്യുന്നേയില്ല. ഇതോടെ ആ പാഠം കുബുദ്ധികളായ മാധ്യമപ്രവര്‍ത്തകര്‍ക്കു മനസ്സിലാകുമെന്നു പ്രതീക്ഷിക്കുന്നു.

കേരളത്തിന്റെ അമ്മയായ, സര്‍വ്വേശ്വരി പരിശുദ്ധ മാതാ അമൃതാനന്ദമയീ ദേവിക്കെതിരെ കല്ലുവച്ച നുണകള്‍ എഴുതി പ്രസിദ്ധീകരിച്ച വിദേശ ചാരവനിത ഗെയില്‍ ട്രെഡ്‌വെല്ലിനെതിരെയും ആ ചാരവനിതയുടെ പുസ്തകത്തെപ്പറ്റി വാര്‍ത്തകള്‍ കൊടുത്ത ഇന്ത്യാവിഷന്‍, മീഡിയവണ്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ ചാനലുകള്‍ക്കും മാധ്യമം, തേജസ് തുടങ്ങിയ പത്രങ്ങള്‍ക്കുമെതിരെയും കേസെടുക്കുന്നതിലൂടെ ജനാധിപത്യത്തെയും അഭിപ്രായസ്വതന്ത്ര്യത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും മഹത്വവല്‍ക്കരിച്ചിരിക്കുകയാണ്. കേസെടുത്തതുകൊണ്ടു മാത്രം പ്രശ്‌നം തീരുന്നില്ല. ഈ മാധ്യമസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും അവരുടെ സ്ഥാവരജംഗമ വസ്തുക്കളെല്ലാം കൂടി പിടിച്ചെടുത്ത് അമ്മയുടെ മഠത്തിന്റെ ഭാഗമാക്കുകയും വേണം എന്നാണ് യഥാര്‍ഥ സെക്യുലറിസ്റ്റുകള്‍ ആവശ്യപ്പെടുന്നത്.

സോഷ്യലിസ്റ്റ് സെക്യുലറിസ്റ്റ് ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ മതവികാരം വ്രണപ്പെടുത്തുന്നത് വളരെ നീചമായ പ്രവൃത്തിയാണ്. കോടതിയുടെ ഈ ഇടപെടല്‍ മതവികാരത്തിന് ഒരു ബാന്‍ഡേജായിത്തീരുമെന്നതില്‍ സംശയമില്ല. നിയമം അതിന്റെ വഴിക്കു പോകുമെന്ന യുഡിഎഫ് പഴഞ്ചൊല്ലിന്റെ ഭാഗമാണ് കോടതി നടപടി എങ്കിലും എന്റെ പറമ്പില്‍ തൂറണ്ട, നിന്റെ പറമ്പില്‍ തൂറിക്കോ എന്ന പഴയ സെക്യുലര്‍ ഭക്തിഗാനത്തിന്റെ പൂര്‍ത്തീകരണം കൂടിയാണിതെന്നു നിസ്സംശയം ചൂണ്ടിക്കാണിക്കാം.

കേരളത്തെ ദൈവത്തിന്റെ സ്വന്തം നാട് എന്നു വിശേഷിപ്പിച്ചതിനു ശേഷം ഇവിടുത്തെ മാധ്യമങ്ങള്‍ ദൈവങ്ങളെ അപകീര്‍ത്തിപ്പെടുത്തി വാര്‍ത്ത കൊടുക്കുന്നത് ഒരിക്കലും നീതികരിക്കാനാവുന്നതല്ല. അപ്പോള്‍ അമേരിക്കയില്‍പ്പോയി അഭിമുഖം നടത്തിയ ജോണ്‍ ബ്രിട്ടാസിനും കൈരളിക്കുമെതിരെ കേസില്ലാത്തത് എന്തുകൊണ്ട് എന്നു പലരും സംശയിക്കും. കമ്യൂണിസ്റ്റുകാര്‍ ദൈവം ഇല്ലെന്നു വാദിക്കുന്നവരായതുകൊണ്ടും അമേരിക്കയില്‍ വച്ചു നടത്തിയ അഭിമുഖം ആയതുകൊണ്ട് അതിനു നയതന്ത്ര പരിരക്ഷ ലഭിക്കുമെന്നതുകൊണ്ടുമാണ് അതെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ സാഹചര്യത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധത്തെപ്പറ്റിയും അതില്‍ സിപിഎമ്മിന്റെ പങ്കിനെപ്പറ്റിയും വാര്‍ത്ത നല്‍കിയ ദേശാഭിമാനിയും കൈരളിയും ഒഴികെയുള്ള മാധ്യമങ്ങള്‍ക്കെതിരെയും ഉടനെ കേസെടുക്കുമെന്നു പ്രതീക്ഷിക്കാം. രാഷ്ട്രീയവികാരം വ്രണപ്പെടുത്തി എന്ന കുറ്റത്തിന് പാര്‍ട്ടിക്ക് പരാതിയുമായി കോടതിയെ സമീപിക്കാന്‍ ന്യായമുണ്ട്. സൂര്യനെല്ലി, പറവൂര്‍, വിതുര പീഡനക്കേസുകള്‍ ഈ സാഹചര്യത്തില്‍ പുനപരിശോധിക്കുകയും ഇരകള്‍ അന്യസമുദായത്തില്‍പ്പെട്ട പ്രബലരായ ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കില്‍ ഇരകള്‍ക്കെതിരെ കേസെടുക്കുകയും ചെയ്യാവുന്നതേയുള്ളൂ.

അനേകം ആളുകള്‍ ബഹുമാനിക്കുന്ന ആരാധിക്കുന്ന അബ്ദുല്ലക്കുട്ടിക്കതിരെ ആരോപണമുന്നയിക്കുകയും പരാതി കൊടുക്കുകയും ചെയ്ത സരിത നായര്‍ അതിനാല്‍ത്തന്നെ മതവികാരം വ്രണപ്പെടുത്തിയിരിക്കുകയാണ്. പാലാരിവട്ടം പൊലീസിന് കണ്ണുമടച്ച് സരിതക്കെതിരെ കേസെടുക്കാം. സമൂഹത്തില്‍ നിന്നും ജാതിമത-ഭിന്നതകള്‍ നീക്കുന്നതോടൊപ്പം സമത്വസുന്ദരമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ ഈ നടപടികള്‍ക്കാവട്ടെ എന്നു പ്രത്യാശിക്കുന്നു. കേന്ദ്രത്തില്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒരു സെക്യൂലര്‍ ഭരണകൂടം നിലവില്‍ വരുന്നതോടെ ഈ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു.

പറവൂര്‍ പെണ്‍കുട്ടിക്ക് ഒരു മറുപടി

പ്രിയപ്പെട്ട പറവൂര്‍ പെണ്‍കുട്ടി,

ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ നിന്നും തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കുട്ടി മുഖ്യമന്ത്രിക്ക്‌ എഴുതിയ കത്ത്‌ മാധ്യമങ്ങളില്‍ നിന്നും വായിച്ചു. ഈ മാസം ആദ്യം അയച്ച കത്തിനെപ്പറ്റി ഇന്നു മാധ്യമങ്ങളില്‍ വന്ന നിലയ്ക്ക് ഇപ്പം ശരിയാക്കിത്തരാം എന്നുറപ്പു തരുന്ന മറുപടി രണ്ടു ദിവസത്തിനകം കുട്ടിക്ക് ലഭിക്കും. ‘നിയമം അതിന്റെ വഴിക്കു പോകും’ എന്ന പ്രപഞ്ചസത്യവും അതോടൊപ്പം കാണും, ഭയപ്പെടുത്. അതിനു പുറമേ കുട്ടിയെ നേരില്‍ കണ്ട് ആശ്വസിപ്പിക്കാനും ധൈര്യം പകരാനും നേതാക്കന്‍മാരുടെ ഒരു സംഘം നേരിട്ടു വരാനും സാധ്യതയുണ്ട്. മന്ത്രിമാരോ മറ്റോ വരികയാണെങ്കില്‍ പേഴ്‌സനല്‍ സ്റ്റാഫിനെ പുറത്തു നിര്‍ത്തിയിട്ടേ അകത്തു കടക്കാവൂ എന്നു പ്രത്യേകം പറയണം. ഇവര്‍ക്കു പുറമേ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും കുട്ടിക്കു വേണ്ടി മുണ്ടുമടക്കി ഉടുത്ത് രംഗത്തിറങ്ങാന്‍ സാധ്യതയുണ്ട്. സ്ത്രീപീഡനക്കേസിലെ പ്രതികളെ കയ്യാമം വയ്ക്കുന്നതില്‍ പുള്ളി സ്‌പെഷലിസ്റ്റാണ്. പോരെങ്കില്‍, പാര്‍ട്ടി വിലക്കുള്ളതുകൊണ്ട് ഇപ്പോള്‍ വേറെ പരിപാടികളുമില്ല.

കുട്ടി കത്തില്‍ പറയുന്ന കാര്യങ്ങളൊക്കെ വേദനാജനകവും അങ്ങേയറ്റം ഖേദകരവുമാണ്. ക്രൂരമായി പീഡിപ്പിക്കപ്പെട്ട കുട്ടി ഒബ്‌സര്‍വേഷന്‍ ഹോമിലെ തടവറയില്‍ കഴിയുകയും കുട്ടിയെ പീഡിപ്പിച്ചവര്‍ ജാമ്യമെടുത്ത് കൂള്‍ കൂളായി പുറത്ത് അടിച്ചുപൊളിക്കുകയും ചെയ്തതിനെപ്പറ്റി കുട്ടി പറഞ്ഞല്ലോ. ഇവിടെ നാട്ടുനടപ്പ് അങ്ങനെയാണ്. നമ്മുടെ വിദ്യാഭ്യാസ-സാംസ്‌കാരിക-സദാചാര മൂല്യങ്ങള്‍ അനുസരിച്ച് കുറ്റം ചെയ്തവരുടെ മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവുമാണ് കൂടുതല്‍ വിലമതിക്കപ്പെടുന്നത്. കുട്ടി പീഡിപ്പിക്കപ്പെട്ടതിന്റെ കുറ്റം കുട്ടിയുടേതു മാത്രമണെന്നു തെളിയിക്കാനുള്ള കഠിനമായ പരിശ്രമത്തിലായിരിക്കും പ്രതിഭാഗം എന്നതിനാല്‍ ആ മഹാപാപികളുടെ കയ്യില്‍ നിന്നു നോട്ടുകെട്ടുകള്‍ എണ്ണി വാങ്ങി കോടതിയില്‍ കുട്ടിയെ വേട്ടയാടുന്ന ചോദ്യങ്ങള്‍ ചോദിക്കുന്ന വക്കീലന്‍മാരെ നന്നാക്കാം എന്ന പ്രതീക്ഷ വേണ്ട.

കുട്ടിക്കു വേണ്ടി ഹാജരാവേണ്ട സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്കു ഇതുവരെ വാദിച്ച കേസുകളില്‍ സര്‍ക്കാര്‍ പണം നല്‍കാത്തിനാല്‍ അദ്ദേഹം അപേക്ഷ നല്‍കി കേസ് നീട്ടിവയ്പിച്ചിരിക്കുകയാണെന്നു കുട്ടിയുടെ കത്തില്‍ പറയുന്നുണ്ടല്ലോ. കുട്ടീ, സര്‍ക്കാര്‍ വലിയ സാമ്പത്തികപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഖജനാവില്‍ ഒന്നുമില്ല എന്നു മാണിസാര്‍ പറഞ്ഞപ്പോള്‍ കരഞ്ഞില്ല എന്നേയുള്ളൂ. മന്ത്രിമന്ദിരങ്ങള്‍ മോടിപിടിപ്പിക്കാനും കാറുകള്‍ മാറി മാറി വാങ്ങാനും തന്നെ പണം തികയാതിരിക്കുമ്പോള്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ക്ക് കൊടുക്കാന്‍ പണം എവിടെ നിന്നു കണ്ടെത്തും എന്നത് വലിയൊരു ചോദ്യമാണ്. പോരെങ്കില്‍ അടുത്ത കാലത്ത് ക്രൂരമായി പീഡിപ്പിക്കപ്പെട്ട സരിത എസ്.നായര്‍ എന്നൊരു പാവപ്പെട്ട പെണ്‍കുട്ടിയുടെ കേസു നടത്തുന്നതിനു വേണ്ടി സര്‍ക്കാര്‍ ഒരുപാട് പണം ചിലവഴിച്ചു കഴിഞ്ഞു.

കേസുകള്‍ വേഗം തീര്‍ന്നാല്‍ നന്നായി പഠിച്ച് ഉപദ്രവിച്ചവരുടെ മുന്നില്‍ നന്നായി ജീവിച്ചു കാണിക്കണം എന്ന കുട്ടിയുടെ ആഗ്രഹം വളരെ ഉന്നതമാണെന്നു പറയാതെ വയ്യ. വിചാരണ രണ്ടു കൊല്ലം കൊണ്ട് അവസാനിപ്പിച്ച് കേസ് തീര്‍ക്കണം എന്നു ഹൈക്കോടതി തന്നെ ഉത്തരവിട്ടിട്ടുണ്ടെങ്കിലും രണ്ടു കൊല്ലം കൊണ്ട് 42 കേസുകളില്‍ ആറെണ്ണത്തില്‍ മാത്രമാണ് വിചാരണ നടന്നത് എന്നു കുട്ടി തന്നെ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഈ നിലയ്ക്കാണ് കേസ് മുന്നോട്ടു പോവുന്നതെങ്കില്‍ 42 കേസിലും വിചാരണ തീരണമെങ്കില്‍ ഇനിയും 20 വര്‍ഷം കൂടി വേണ്ടി വരും. ഇത് വളരെ ആശങ്കാജനകമാണ്. ഒബ്‌സര്‍വേഷന്‍ ഹോമിലെ ജീവിതം ടിപി വധക്കേസിലെ പ്രതികളുടെ ജയില്‍ജീവിതത്തെക്കാള്‍ (കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും കഠിനമായ ജയില്‍ജീവിതം അനുഭവിക്കുന്നത് ആ പാവം ചെറുപ്പക്കാരാണ്) കഠിനമാണെന്നു കുട്ടിയുടെ വാക്കുകളില്‍ നിന്നു മനസ്സിലാകുന്നു.

ഇങ്ങനെ കത്തെഴുതിയതുകൊണ്ട് കാര്യമായ എന്തെങ്കിലും പ്രയോജനം ഉണ്ടാകും എന്നെനിക്കു പ്രതീക്ഷയില്ല. അതുകൊണ്ട്, കേസില്‍ വിചാരണ വേഗം നടക്കണം എന്നുണ്ടെങ്കില്‍ കുട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റൊരു കത്തു കൂടി അയക്കണം. കുട്ടിയെ ഉപദ്രവിച്ചവരോടൊപ്പം സിപിഎം ഉന്നതര്‍ ഉണ്ടെന്നു ചുമ്മാ കണ്ണും പൂട്ടി എഴുതിയാല്‍ മതി. 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയും കേസ് അത്യന്തം അസാധാരണമാണെന്നു പ്രഖ്യാപിച്ച് പ്രത്യേക കോടതിയിലേക്കു മാറ്റി ഒന്നോ രണ്ടോ മാസം കൊണ്ട് വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്യും. ഒരിക്കലും ഒരു കോണ്‍ഗ്രസ് നേതാവ് ഉപദ്രവിച്ചു എന്ന് ആരോടും കളിയായി പോലും പറയരുത്. സൂര്യനെല്ലി പെണ്‍കുട്ടിക്ക് സംഭവിച്ചത് എന്താണെന്നു മറക്കരുത്.

കുട്ടിയുടെ എല്ലാ വേദനകള്‍ക്കും ഈശ്വരന്‍ പരിഹാരമുണ്ടാക്കട്ടെ എന്നു പ്രാര്‍ഥിക്കുന്നു. കുട്ടിയോട് അവിടെ മനുഷ്യത്വപൂര്‍വം പെരുമാറുന്ന, ഇങ്ങനൊരു കത്തെഴുതി അത് മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിക്കാന്‍ സഹായിച്ച എല്ലാ പൊലീസ് ഉദ്യോഗസ്ഥരെയും ദൈവം അനുഗ്രഹിക്കട്ടെ.

എന്ന് ഒരു സഹോദരന്‍.

ജഞാനവചസ്സുകള്‍ !

വിശുദ്ധരായ ആളുകള്‍ എപ്പോഴും വ്യത്യസ്തമായ രീതിയിലായിരിക്കും ചിന്തിക്കുന്നത്. സാധാരണക്കാരായ നമ്മളെപ്പോലുള്ളവരുടെ ചിന്തയും ബുദ്ധിയും വിവേചനബുദ്ധിയുമല്ല അവര്‍ക്ക്. പള്ളിയും പ്രാര്‍ഥനയും ശാലോം ടിവിയുമൊക്കെയായി കഴിയുന്നവരാണെങ്കില്‍ പറയുകയും വേണ്ട. ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് വളരെ നല്ല ഒരു മനുഷ്യനാണ്. ഐപിഎസ് ഓഫിസറെന്നു പറയുമ്പോള്‍ സുരേഷ് ഗോപിയെപ്പോലെ അക്രമത്തിനും അനീതിക്കുമെതിരേ ആവേശപൂര്‍വം പോരാടുന്ന ടൈപ്പാവണം എന്നൊന്നുമില്ല. അലക്‌സാണ്ടര്‍ ജേക്കബിനെപ്പോലെ വിശുദ്ധരുടെ ജീവിതം അരച്ചുകലക്കി കുടിച്ച് അവരുടെ വചനങ്ങള്‍ സംഗ്രഹിക്കുന്ന അദ്ദേഹം ഒരിക്കലും രണ്‍ജി പണിക്കറുടെ ഡയലോഗുകള്‍ പറയില്ല. ഇപ്പോള്‍ പോക്കണംകേട് എന്നു തോന്നുമെങ്കിലും നൂറോ ഇരുന്നൂറോ വര്‍ഷം കഴിയുമ്പോള്‍ ആളുകള്‍ നിര്‍വൃതിയോടെ സ്മരിക്കുന്നതായിട്ടുള്ളതായ വചനങ്ങളാണ് അദ്ദേഹം പറയുന്നത്.

പണ്ട് യേശുക്രിസ്തുവും ക്രിസ്തുവിന്റെ സാക്ഷികളായിത്തീര്‍ന്ന വിശുദ്ധരുമൊക്കെ അവരവരുടെ കാലത്ത് പറഞ്ഞിട്ടുള്ള കാര്യങ്ങളുടെ പേരില്‍ ക്രൂശിലേറ്റപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തതുപോലെ തന്റെ ജയില്‍സംബന്ധിയായ വചസ്സുകളുടെ പേരില്‍ നല്ലവനായ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് ക്രൂശിക്കപ്പെടന്നെങ്കില്‍ അത് അദ്ദേഹത്തിന്റെ വിശുദ്ധ ജീവിതത്തിലേക്കുള്ള പ്രവേശികയാണെന്നു വേണമെങ്കില്‍ പറയാം. ഒറ്റ ദിവസം കൊണ്ടാണ് അദ്ദേഹം ശാലോം ടിവിയില്‍ നിന്ന് ന്യൂസ് ചാനലുകളുടെ പ്രൈം ടൈമിലേക്ക് ഇടിച്ചു കയറിയത്. ഇനിയിപ്പോ ശാലോമിനു ഡേറ്റ് കിട്ടുന്ന കാര്യം കണ്ടറിയണം. പോരെങ്കില്‍ സഖാക്കളുടെ ഒരു ലൈന്‍ കണ്ടിട്ട് ടിപി കേസില്‍ അകത്തു കിടക്കുന്ന വിശുദ്ധരുടെ ജീവിതത്തെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനു വേണ്ടി അദ്ദേഹത്തെ വച്ച് കൈരളിയിലോ പീപ്പിളിലോ മറ്റോ ഒരു ഷോ ഉടനെ തുടങ്ങാനും സാധ്യതയുണ്ട്.

അലക്‌സാണ്ടര്‍ അദ്ദേഹം പറയുന്നതു പ്രകാരമാണെങ്കില്‍ ടിപി കേസില്‍ അകത്തു കിടക്കുന്നവര്‍ നിഷ്‌കളങ്കരും നിരപരാധികളുമൊക്കെയാണെന്നു നമുക്കു തോന്നും. നിസ്സഹായരും നിരാലംബരുമായ ഒരു സംഘം യുവാക്കളെ രാഷ്ട്രീയലക്ഷ്യത്തോടെ മാധ്യമങ്ങള്‍ ചതിവില്‍പ്പെടുത്തി എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും നിഷ്പക്ഷനായ ഒരാള്‍ക്കു മനസ്സിലാവുന്നത്. ഒന്ന്, ഫെയ്‌സ്ബുക്ക് വിവാദം ടിപി കേസിലെ പ്രതികളെ കുടുക്കാന്‍ വേണ്ടി മനപൂര്‍വം ആരെങ്കിലും ചെയ്തതാകാം. രണ്ട്, ടിപി കേസില്‍ രക്ഷപെട്ടാലും ഈ കേസിലെങ്കിലും അവര്‍ ആറു മാസം അകത്തു കിടക്കട്ടെ എന്നാരെങ്കിലും വിചാരിച്ചു കാണും. മൂന്ന്, പ്രതി മോഹനന്‍ ഹോട്ടലില്‍ വച്ചു ഭാര്യ ലതികയെ കണ്ടതില്‍ ഒരു തെറ്റുമില്ല. നാല്, ജയിലിനുള്ളില്‍ നിന്നുള്ള ഫോട്ടോ കൃത്രിമമായി ഉണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല.

ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് അലക്‌സാണ്ടര്‍ ജേക്കബ് കൊടി സുനിയുടെയും മറ്റും വക്കീലിനെക്കാള്‍ പ്രഗല്‍ഭനും, ടിപി വധക്കേസില്‍ പാര്‍ട്ടിക്കു പങ്കില്ലാതിരുന്നിട്ടു കൂടി ആ കേസിലെ പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്ന സിപിഎം നേതാക്കളെക്കാള്‍ നിഷ്‌കളങ്കനും ആണെന്നാണ്. ഇതോടെ അലക്‌സാണ്ടര്‍ ജേക്കബ് പാര്‍ട്ടി നേതാക്കള്‍ക്കും വിശുദ്ധനായി. അദ്ദേഹത്തിന്റെ വചസ്സുകള്‍ സഖാക്കള്‍ക്കു പുതിയ ജ്ഞാനം പകര്‍ന്നു നല്‍കി. തീയില്‍ കുരുത്തവനും പത്തരമാറ്റുള്ളവനും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയാത്തവനുമായ ആഭ്യന്തരമന്ത്രി പോലും ഏറുപടക്കം വിഴുങ്ങിയ അവസ്ഥയിലായിപ്പോയി. ഇത്ര നല്ലൊരു ജയില്‍ ഡിജിപി അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല എന്നാണ് ചില നേതാക്കന്‍മാര്‍ പറയുന്നത്. എന്താ, ല്ലേ !

ഇനി ഡിജിപി അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ നോക്കാം. കൊലക്കേസില്‍ അകത്തു കിടക്കുന്ന പ്രതികളെ മൊബൈല്‍ ഫോണ്‍ കേസില്‍ കുടുക്കുക എന്നു പറയുമ്പോള്‍ കൊലക്കേസില്‍ അവരെ വെറുതെ വിടുമെന്നോ കൊലക്കേസിനു കിട്ടുന്നതിനെക്കാള്‍ ശിക്ഷ മൊബൈല്‍ ഫോണ്‍ വിളിച്ച കേസില്‍ കിട്ടുമെന്നോ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ടാവാം. കേസില്‍ ഇതുവരെ നടന്ന വാദവും മറ്റും പാടെ മറന്ന് ഇത്തരം വിവാദങ്ങളുടെ അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നതെന്നോ മറ്റോ ഒരു തെറ്റിദ്ധാരണയും അദ്ദേഹത്തിനുണ്ട് എന്നു തോന്നുന്നു.

പിന്നെ, ഇതൊന്നും അദ്ദേഹം ആരെയെങ്കിലും വേദനിപ്പിക്കണമെന്നോ പ്രകോപിപ്പിക്കണമെന്നോ എന്തെങ്കിലും വിവാദമുണ്ടാക്കണമെന്നോ കരുതി പറയുന്നതല്ല എന്നതാണ് യാഥാര്‍ഥ്യം. ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും എന്ന പഴഞ്ചൊല്ലിന്റെ ലൈനിലാണ് കാര്യങ്ങള്‍. ആരെയും വേദനിപ്പിക്കാതിരിക്കുന്നതിനും ടിപി കേസിലെ പ്രതികള്‍ ഉള്‍പ്പെടെ ആരെയും പ്രകോപിപ്പിക്കാതിരിക്കുന്നതിനും വേണ്ടിയാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറഞ്ഞത് എന്നൂഹിക്കാവുന്നതേയുള്ളൂ. കാരണം, അദ്ദേഹത്തിന് ആരോടും പരാതിയോ പരിഭവമോ ഇല്ല. ഈ വിവാദങ്ങളുടെ ഉത്തരവാദിത്വം പ്രതികള്‍ക്കോ ജയില്‍ ജീവനക്കാര്‍ക്കോ അല്ല തനിക്കാണ് എന്നു പറഞ്ഞ് ലോകത്തിന്റെ പാപം മുഴുവന്‍ ഏറ്റുവാങ്ങി കുരിശിലേറിയ യേശുക്രിസ്തുവിനെപ്പോലെ ജയിലിലെ പ്രശ്‌നങ്ങള്‍ മുഴുവന്‍ ഒരു വിര്‍ച്വല്‍ കുരിശായി അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷെ അതുകൊണ്ട് കാര്യമുണ്ടോ ? ഇതൊന്നും ഏറ്റെടുക്കാനാരുമില്ലാത്തതതല്ല, പരിഹരിക്കാന്‍ ആര്‍ക്കും കഴിയാത്തതാണ് പ്രശ്‌നം. താന്‍ വേണമെങ്കില്‍ ഡിജിപി സ്ഥാനം ഒഴിയാനും തയ്യാറാണ് എന്നു പറയുന്നതിലൂടെ അദ്ദേഹത്തിന്റെ മുകളില്‍ പറഞ്ഞ തരത്തിലുള്ള വിശുദ്ധിയാണ് വെളിവാകുന്നത്. ഇദ്ദേഹത്തിനു പകരം ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപിയാക്കുമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ഋഷിരാജ് സിങ്ങിനെ ജയില്‍ ഡിജിപി ആക്കുന്നതില്‍ തെറ്റില്ല, ഇദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആക്കരുതേ എന്നപേക്ഷിക്കുന്നു.

കോഴിക്കോട് ജയിലിന് സോഷ്യല്‍ മീഡിയ അവാര്‍ഡ്

ലോകത്തിലെ ആദ്യത്തെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ജയില്‍ എന്ന പദവി നേടിയ കോഴിക്കോടിന് ജില്ലാ ജയിലിന് യുനെസ്‌കോയും ആംനെസ്റ്റിയും ചേര്‍ന്നു നല്‍കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ഫോര്‍ ദി അപ്ബ്രിങ്ങിങ് ഓഫ് ദി ഡൗണ്‍ട്രൊഡ്ഡെന്‍ പുരസ്‌കാരം നല്‍കാന്‍ ശുപാര്‍ശ. പരിഷ്‌കൃത രാജ്യങ്ങളില്‍ പോലും തടവുപുള്ളികള്‍ക്ക് ജയിലിനുള്ളില്‍ വലിയ സൗകര്യങ്ങളൊന്നുമില്ലാതിരിക്കെ, സ്മാര്‍ട്‌ഫോണും ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ജയിലിനുള്ളില്‍ കൂളിങ് ഗ്ലാസും ബെര്‍മുഡയുമിട്ട് ഫോട്ടോഷൂട്ട് നടത്താനുമൊക്കെ സാഹചര്യങ്ങളൊരുക്കുകയും ചെയ്തതുള്‍പ്പെടെയുള്ള മികവുകളാണ് കോഴിക്കോട് ജില്ലാ ജയിലിനെ ചരിത്രനേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. വരുന്ന ചിങ്ങത്തില്‍ പോളണ്ടില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവാര്‍ഡ് സമ്മാനിക്കുമെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ലോകമെങ്ങുമുള്ള മര്‍ദ്ദിതരും പീഡിതരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ മര്‍ക്ക് സക്കര്‍ബര്‍ഗ് തുടങ്ങി വച്ച മഹത്തായ പ്രസ്ഥാനമാണ് ഫെയ്‌സ്ബുക്ക്. ടിപി ചന്ദ്രശേഖരന്‍ കേസിലെ ജീവിക്കുന്ന രക്തസാക്ഷികളായ സുനിയേട്ടനും മറ്റും കല്‍ത്തുറുങ്കില്‍ നിന്നും ഫെയ്‌സ്ബുക്കിലൂടെ തങ്ങളുടെ സ്വാതന്ത്ര്യവും വ്യക്തിപ്രഭാവവും ലോകത്തോടു പങ്കുവച്ചത് ഫെയ്‌സ്ബുക്കിന്റെ ജനപ്രീതിയുടെയും സാമൂഹികപരിഷ്‌കരണപ്രവര്‍ത്തനങ്ങളുടെയും തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സിറിയയിലും ഈജിപ്തിലും നടന്ന സോഷ്യല്‍ മീഡിയ വിപ്ലവങ്ങള്‍ സമൂഹത്തില്‍ നിന്നും സ്വതന്ത്രരായ ജനവിഭാഗങ്ങള്‍ മുന്‍കൈയെടുത്തതായിരുന്നെങ്കില്‍ ജയിലറയ്ക്കുള്ളില്‍ നിന്നും സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തിലൊരു വിപ്ലവം ചരിത്രത്തിലാദ്യമാണെന്നും ഇത് സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് ചരിത്രത്തിലെ നാഴികക്കല്ലാണെന്നും ഫെയ്‌സ്ബുക്ക് മുതലാളി മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പുതിയ സാഹചര്യത്തില്‍ ഫെയ്‌സ്ബുക്കിന്റെ പ്രാദേശിക ഓഫിസ് കണ്ണൂരില്‍ ആരംഭിക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് വിവരം.

പണ്ട് കംപ്യൂട്ടര്‍ ഗോ ബാക്ക് വിളിച്ച ആളുകളുടെ അനുയായികള്‍ ഇപ്പോള്‍ ജയിലിനുള്ളില്‍ നിന്നു വരെ ഫെയ്‌സ്ബുക്ക് അപ്‌ഡേറ്റ് ചെയ്യുന്നതാണ് കാലഘട്ടത്തിലെ ഏറ്റവും വലിയ വിപ്ലവം എന്നു റഷ്യയില്‍ നിന്നു ടൂറിസ്റ്റ് വീസയിലെത്തിയ സാഷ ഫക്ക്യേനോവ് കൊച്ചിയില്‍ പറഞ്ഞു. ടിപി കേസിലെ രക്തസാക്ഷികള്‍ എന്ന നിലയില്‍ കൊടി സുനിയേട്ടനും മറ്റും ഫെയ്‌സ്ബുക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നത് ഖേദകരമാണെന്നും ട്വിറ്റര്‍, ഗൂഗിള്‍ പ്ലസ്, ലിങ്ക്ട് ഇന്‍, ഇന്‍സ്റ്റഗ്രാം, പിന്ററസ്റ്റ് തുടങ്ങിയ മറ്റു സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലേക്കും വൈകാതെ എത്തണമെന്നും അതാത് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടെ പ്രതിനിധികള്‍ ആവശ്യപ്പെട്ടു. ഗൂഗിള്‍ പ്ലസില്‍ വരികയാണെങ്കില്‍ ഹാങ് ഔട്ടിലൂടെ ഇവര്‍ക്ക് ജയിലില്‍ നിന്നും പുറംലോകവുമായി നേരില്‍ കണ്ട് സംസാരിക്കാം. ആരാധകര്‍ക്കു ദര്‍ശനം നല്‍കാനും അണികള്‍ക്കു നിര്‍ദേശങ്ങള്‍ നല്‍കാനുമൊക്കെ ഇത് സഹായകമായിരിക്കും. ലോകത്തെ ഏറ്റവും വലിയ പ്രൊഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആയ ലിങ്ക്ട് ഇന്നില്‍ വരികയാണെങ്കില്‍ പുതിയ ക്വട്ടേഷന്‍ ഓഫറുകളും മറ്റും ലഭിക്കാന്‍ എളുപ്പമുണ്ട്. ഫെയ്‌സ്ബുക്കില്‍ ഇട്ടമാതിരിയുള്ള ആരെയും ഹഠാദാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാണെങ്കില്‍ ഫെസ്ബുക്കിനെക്കാള്‍ നല്ലത് ഇന്‍സ്റ്റഗ്രാം ആണ്.

അതേ സമയം, ലോകത്തിനു തന്നെ മാതൃകയാവുന്ന തരത്തില്‍ കോഴിക്കോട് ജയിലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതും ജയിലില്‍ ഫെയ്‌സ്ബുക്ക് വിപ്ലവത്തിനു നാന്ദി കുറിച്ച തടവുകാരായ രക്തസാക്ഷികളെ പൂജപ്പുര ജയിലിലേക്കും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ഊളമ്പാറയിലേക്കും സ്ഥലം മാറ്റാന്‍ നടക്കുന്ന ശ്രമങ്ങള്‍ സാമൂഹികപുരോഗതിയെ പിന്നോട്ടു വലിക്കുന്നതും മനുഷ്യാവകാശങ്ങളെ നിഷേധിക്കുന്നതിനും തുല്യമാണെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ വടിവാള്‍ വേലുക്കുട്ടി അഭിപ്രായപ്പെട്ടു. താലിബാന്‍കാരോടു പൊരുതി ജയിച്ച മലാലയ്ക്കു തുല്യരായി കുലംകുത്തിയായ ടിപി ചന്ദ്രശേഖരന്റെ ചതിവില്‍ പെട്ടു രക്തസാക്ഷികളായ സുനിയേട്ടനെയും മറ്റും കാണുകയും അവരെ ആദരിക്കുകയും വേണമെന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്.

പുതിയ സംഭവവികാസങ്ങളോടെ വിപ്ലവം പൂര്‍ണമായും വന്നു കഴിഞ്ഞതായി പഴയകാല വിപ്ലവനായകന്‍ കരിമ്പന കുട്ടപ്പന്‍ അഭിപ്രായപ്പെട്ടു. ജയിലറ ഞങ്ങള്‍ക്കു മണിയറയാണ് എന്നായിരുന്നു പഴയ മുദ്രാവാക്യം. ഇന്ന് മണിയറയെക്കാള്‍ മനോഹരമായ ആരെയും കൊതിപ്പിക്കുന്ന സ്ഥലമായി കോഴിക്കോട് ജില്ലാ ജയില്‍ മാറിക്കഴിഞ്ഞു. ഇത് തങ്ങളാഗ്രഹിക്ക വിപ്ലവം വന്നു ചേര്‍ന്നു എന്നതിന്റെ തെളിവാണെന്നും കുട്ടപ്പന്‍ സൂചിപ്പിച്ചു.

പുതിയ സാഹചര്യത്തില്‍ തിഹാര്‍ ജയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ ജയിലുകളില്‍ നിന്നുള്ള പ്രമുഖരടക്കമുള്ള ആയിരക്കണക്കിനു തടവുകാര്‍ കോഴിക്കോട് ജയിലിലേക്ക് സ്ഥലംമാറ്റത്തിന് അഭ്യര്‍ഥിച്ചതായി വിവിധ ജയിലുകളോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലോക്കപ്പില്‍ ഫാന്‍ ആവശ്യപ്പെട്ട് ബലാല്‍സംഗക്കേസിലെ പ്രതിയും മുന്‍ തെഹല്‍ക്ക മുതലാളിയുമായ തരുണ്‍ തേജ്പാല്‍ കോഴിക്കോട് ജയിലിലേക്കു തന്നെ മാറ്റുകയാണെങ്കില്‍ മൂന്നോ നാലോ വട്ടം ബലാല്‍സംഗം ചെയ്തതായി സമ്മതിക്കാം എന്നു പറഞ്ഞതായും സൂചനയുണ്ട്. വിദേശരാജ്യങ്ങളിലുള്ള രാജ്യാന്തരതടവുകാരും കോഴിക്കോട് ജയിലിലേക്കു മാറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ട്.

രാഷ്ട്രീയത്തിലെ ക്രിസ്തു

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യേശുക്രിസ്തുവും ഒരുപോലെയാണ്. ഇരുവശത്തും കള്ളന്‍മാര്‍. ശ്രീധരന്‍ നായര്‍ എന്ന യൂദാസിന്റെ ചതിവില്‍പ്പെട്ട് സിപിഎമ്മുകാരുടെ കരിങ്കൊടിപ്രകടനങ്ങളുടെയും രാപ്പകല്‍ സമരങ്ങളുടെയും പീഡകള്‍ സഹിച്ച് സോളാര്‍ കേസ് എന്ന മുള്‍ക്കിരീടം ധരിച്ച് മാധ്യമവിചാരണയുടെ കുരിശിലേറി കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ വേണ്ടി എല്ലാം നിശബ്ദം സഹിക്കുകയായിരുന്നു. ഒടുവില്‍ ദൈവം ഹൈക്കോടതിയുടെ രൂപത്തില്‍ എത്തി അദ്ദേഹത്തെ മോചിപ്പിച്ചിരിക്കുകയാണ്. കേസില്‍ അകത്തുകിടക്കുന്ന സരിത എസ്. നായര്‍ക്ക് ഒരു മഗ്ദലേനമറിയം ഇമേജ് കൂടി കൊടുത്താല്‍ സംഗതി നന്നാവും.

സോളാര്‍ കേസില്‍ അദ്ദേഹം ഒരു തെറ്റും ചെയ്തിട്ടില്ല എന്നും ഒരിക്കലും ഒരു തെറ്റും ചെയ്യാനുള്ള കരുത്തുള്ളയാളല്ല നന്മകളുടെ നിറകുടമായ ഉമ്മന്‍ ചാണ്ടി എന്നും വിശ്വസിച്ചിരുന്ന എന്നെപ്പോലുള്ള അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആശ്വാസം നല്‍കുന്ന വിധിയാണ് ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റേത്. ദൈവത്തില്‍ വിശ്വാസമുള്ളവര്‍ ക്രിസ്തുവിനെ തള്ളിപ്പറഞ്ഞില്ല എന്നതുപോലെ കോടതിയില്‍ വിശ്വാസമുള്ളവര്‍ക്ക് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മഹത്വം ഏറ്റുപറയാനുള്ള അവസരമാണ് വന്നിരിക്കുന്നത്.

പണ്ട് ക്രിസ്തുവിനെ ഒറ്റിക്കൊടുത്തതിനു ശേഷം പശ്ചാത്താപവിവശനായ യൂദാസ് പോയി കെട്ടിത്തൂങ്ങി മരിച്ചു എന്നാണ് ബൈബിളില്‍ പറയുന്നത്. ഉമ്മന്‍ ചാണ്ടി സാറിനെ ദുഷ്ടന്‍മാരായ സിപിഎമ്മുകാര്‍ക്ക് (ടിപി വധക്കേസ് ഓര്‍ക്കുമല്ലോ) ഒറ്റിക്കൊടുത്ത ശ്രീധരന്‍നായര്‍ പശ്ചാത്തപിക്കുന്നുണ്ടോ എന്നാണ് ഇനി അറിയാനുള്ളത്. ശ്രീധരന്‍ നായരുടെ രഹസ്യമൊഴിയെക്കുറിച്ച് അന്വേഷണം ആവശ്യമില്ലെന്നും മൊഴിയിലെ ആരോപണം കളവാണെന്നും കോടതി പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ശ്രീധരന്‍ നായര്‍ക്കും യൂദാസിന്റെ വഴി തിരഞ്ഞെടുക്കാം. അന്ന് 30 വെളളിക്കാശ് വാങ്ങിയാണ് യൂദാസ് ഒറ്റിയതെങ്കില്‍ ഇന്ന് 40 ലക്ഷം അങ്ങോട്ടു കൊടുത്തിട്ടാണ് ശ്രീധരന്‍ നായര്‍ ഓഫര്‍ സ്വീകരിച്ചിരിക്കുന്നത്.

ഇത് പൊതുവേ കരിങ്കൊടിസമരക്കാരെ പ്രകോപിപ്പിക്കേണ്ട കോടതിനിരീക്ഷണമാണ്. എന്നാല്‍ കോടതിക്കു രാഷ്ട്രീയമില്ല. ലാവ്‌ലിന്‍ കേസിനെപ്പറ്റിയും കോടതി ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ലാവ്‌ലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ അപൂര്‍ണമാണെന്നു വ്യക്തമാക്കിയ സിബിഐ പ്രത്യേക കോടതി നിലനില്‍ക്കാത്ത കരാറില്‍ ഏര്‍പ്പെടാത്തതിന് ആരെയെങ്കിലും പ്രതിയാക്കാനാകുമോയെന്നു ചോദിച്ചു. ഭരണപരമായ നടപടിക്രമത്തില്‍ ഉണ്ടായ തെറ്റുകള്‍ക്കു വ്യക്തികള്‍ കുറ്റക്കാരാകുമോയെന്നും കോടതി ചോദിച്ചു. ധാരണാപത്രം ഒപ്പിട്ട സമയത്തു മന്ത്രിയായിരുന്നതു ജി. കാര്‍ത്തികേയനായിരുന്നു. കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. ആ സമയത്തു മന്ത്രി അല്ലാതിരുന്ന പിണറായി വിജയന്‍ എങ്ങനെ പ്രതിയാകുമെന്നും കോടതി ചോദിച്ചു. പിണറായി സാമ്പത്തികനേട്ടം ഉണ്ടാക്കിയിട്ടില്ലെന്നു കുറ്റപത്രത്തില്‍ പറയുന്നു. ഗൂഢാലോചന തെളിയിക്കാന്‍ രേഖാമൂലമുള്ള തെളിവു വേണം കോടതി പറഞ്ഞു.

ചുരുക്കിപ്പറഞ്ഞാല്‍ ലാവ്‌ലിന്‍ കേസിന്റെ പേരില്‍ പിണറായി വിജയനും ക്രിസ്തുവിനെപ്പോലെ അകാരമായി പീഡിപ്പിക്കപ്പെടുകയായിരുന്നു. ഇത്തരത്തിലൊരു നിരീക്ഷണത്തിലൂടെ സിബിഐയെ വിറപ്പിച്ച കോടതിയെയും ജുഡീഷ്യറിയെയും പറ്റി അനാവശ്യം പറയാന്‍ ഏതെങ്കിലും സിപിഎമ്മുകാരനു നാവു പൊന്തുമോ ? പൊന്തും എന്നാണ് അതിനുത്തരം. സഖാവ് വിഎസ്. സോളാര്‍ കേസിലെ ഹൈക്കോടതി വിധി നീതിന്യായ വ്യവസ്ഥയെ തകര്‍ക്കുന്നതാണെന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന ഹര്‍ജി തള്ളിയ സിംഗിള്‍ ബെഞ്ച് വിധിയെയാണ് വി.എസ് വിമര്‍ശിച്ചത്. കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുന്നത് വരുംതലമുറയ്ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുമെന്നുള്ള ഗുരുതരമായ പ്രത്യാഘാതം ഓര്‍ക്കാതെ വിഎസ് അങ്ങനെ പറഞ്ഞത് മോശമായിപ്പോയി എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

പിന്നെ, മുഖ്യമന്ത്രിയുടെ ഓഫിസിലെ സിസി ടിവി ദൃശ്യങ്ങളുടെ കാര്യം. അത് പിടിച്ചെടുത്തിട്ട് എന്താവാനാണ് എന്നാണ് എനിക്കു മനസ്സിലാവാത്തത്. ഇത് മോര്‍ഫിങ്ങിന്റെ കാലമാണ്. പ്ലസ് ടു പിള്ളേരു വരെ ഫൈനല്‍ കട്ട് പ്രോയില്‍ മാസ്റ്റര്‍പീസ് സിനിമകളെടുക്കുന്ന കാലമാണ്. മോര്‍ഫിങ്ങുകാര്‍ക്ക് വേണമെങ്കില്‍ സരിതയെയും ബിജുവിനെയും എന്തിന് ഒറ്റുകാരനായ ശ്രീധരന്‍ നായരെപ്പോലും ആ വിഡിയോകളിലൊക്കെ മോര്‍ഫ് ചെയ്തു കയറ്റാം.

ഉദാഹരണത്തിന് കഴിഞ്ഞ ദിവസം മാഹി റയില്‍വേ സ്‌റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രിയെ കോണ്‍ഗ്രസുകാരും അനുയായികളും വിശ്വാസികളുമൊക്കെ ചേര്‍ന്നു സ്വീകരിക്കുന്ന ചിത്രം പത്രങ്ങളിലൊക്കെ അടിച്ചു വന്നു. എന്നിട്ടിപ്പോ ഇന്നലെ ദേശാഭിമാനി അതിന്റെ ഒറിജിനല്‍ ആണെന്നു പറഞ്ഞ് മറ്റൊരു പടം പൊക്കിക്കേണ്ടു വന്നിരിക്കുന്നു. ഒറിജിനലെന്നു പറയുന്ന പടത്തില്‍ മുഖ്യമന്ത്രിയുടെ വലത്തു നില്‍ക്കുന്നത് വണ്ടിച്ചെക്കു കേസിലെ പ്രതിയും പത്രത്തില്‍ അടിച്ചു വന്ന പടത്തില്‍ ആ സ്ഥാനത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥനും. മോര്‍ഫിങ്ങിന്റെ സാധ്യതകള്‍ എല്ലാവരും ഉപയോഗിക്കുന്നുണ്ട് എന്നത് സ്വാഗതാര്‍ഹമാണ്. പക്ഷെ, അത് വൃത്തിയായി ഉപയോഗിക്കുന്നില്ല എന്നതേ ഖേദകരമാണ്. മുഖ്യമന്ത്രിയുടെ വലതുവശത്ത് ചെക്കുകേസ് പ്രതിയുടെ സ്ഥാനത്ത് പൊലീസുകാരനെ വച്ചപ്പോള്‍ പിന്നില്‍ നിന്നും പൊലീസുകാരനെ മായ്്ചുകളയാന്‍ മറന്നുപോയി. അതായത് ഒരേ പൊലീസുകാരന്‍ ഇരട്ടപെറ്റ സഹോദരന്‍മാരെപ്പോലെ മുഖ്യമന്ത്രിയുടെ വലത്തും തൊട്ടുപിന്നിലും. ദേശാഭിമാനി പ്രസിദ്ധീകരിച്ച ആ പടം ഇതാണ്.

morphing

ഇത് ദേശാഭിമാനിയുടെ ഒരു ഗൂഢാലോചന ആവാനും മതി. കോടതിയില്‍ സത്യം പുറത്തുവരും, അന്ന് ദേശാഭിമാനിക്കാര്‍ ചെവിയില്‍ നുള്ളും.

ചോദ്യം ചെയ്യല്‍

ടക്.. ടക്… ടക്..

ആരാ അവിടെ ?

ഞങ്ങളാണ് സര്‍….

ഞങ്ങളെന്നു പറഞ്ഞാല്‍ ?

ഞങ്ങള്‍ കേരളാ പൊലീസിലെ രണ്ട് കര്‍മനിരതരായ ഉദ്യോഗസ്ഥരാണ് സര്‍ ?

കര്‍മനിരതരായ ഉദ്യോഗസ്ഥരോ ? എന്താണ് മടിച്ചു നില്‍ക്കുന്നത് ? കടന്നുവരൂ…

നമസ്‌കാരം സര്‍… ഞാന്‍ എഡിജിപി.. ഇങ്ങേര് ഡിവൈഎസ്പി..

നിങ്ങളെ ഞാനെവിടെയോ…. ഇന്നലെ ചെങ്ങന്നൂരില്‍ വച്ച്…

ഇല്ല സര്‍… ഇന്നലെ ഞങ്ങളില്ല സര്‍…

നല്ല പരിചയമുള്ള മുഖങ്ങള്‍…

അത് ഞങ്ങളല്ല സര്‍… ഞങ്ങളാദ്യമായാണ് സര്‍ ഈ ഓഫിസില്‍..

കുടിക്കാന്‍ ചായയോ കാപ്പിയോ ?

ഒന്നും വേണ്ട സര്‍…

എങ്കില്‍ തണുത്തതെന്തെങ്കിലും എടുക്കാം…

വേണ്ട സര്‍… ഒന്നും വേണ്ട സര്‍…

അതു പറയരുത്… ഇവിടെ എല്ലാം സുതാര്യമാണ്… നിങ്ങള്‍ ഇപ്പോള്‍ എന്നോടു സംസാരിക്കുന്നതും മറ്റും ലൈവായി പൊക്കോണ്ടിരിക്കുകയാണ്്…

ഞങ്ങള്‍ക്കു സാറിനെ ചോദ്യം ചെയ്യണം..

വളരെ സന്തോഷം… ആരെയെങ്കിലും ഒന്നു ചോദ്യം ചെയ്യാനയക്കണമെന്ന് ഞാനിപ്പോ ഡിജിപിയെ വിളിച്ചു പറഞ്ഞതേയുള്ളൂ… അങ്ങോട്ടിരുന്നാട്ടെ..

കേരള സംസ്ഥാനത്ത് സോളാര്‍ പാനല്‍ വച്ചിട്ടുള്ള എല്ലാ വീടുകളും ഞങ്ങള്‍ അരിച്ചുപെറുക്കി… സാറിന്റെ ഈ ഓഫിസ് മാത്രമേ അരിച്ചുപെറുക്കാുള്ളൂ…

നന്നായി ഉദ്യോഗസ്ഥന്‍മാരെ, നന്നായി… സത്യവും നീതിയും ധര്‍മവും സംരക്ഷിക്കുന്നതിനു വേണ്ടി ഉഴിഞ്ഞുവച്ചതായിരിക്കണം നമ്മുടെ ജീവിതം…

എന്നാല്‍ ചോദ്യം ചെയ്യല്‍ ആരംഭിക്കട്ടെ സര്‍ ?

ഒക്കെ ഉദ്യോഗസ്ഥന്‍മാരുടെ ഇഷ്ടം…

ചോദ്യം ഒന്ന്- സോളാര്‍ പ്രശ്‌നത്തെപ്പറ്റി സാറിനറിയാവുന്നത് എന്താണ് ?

സൂര്യനും സൂര്യനുചുറ്റും കറങ്ങുന്ന ഭൂമി ഉള്‍പ്പെടെയുള്ള ഗ്രഹങ്ങളും നമ്മടെ ചന്ദ്രനും നക്ഷത്രങ്ങളും തിരുനന്തപുരവും കൊട്ടാരക്കരയും പാലായും മലപ്പുറവുമെല്ലാം അടങ്ങുന്ന പ്രപഞ്ചത്തിലെ ഐക്യജനാധിപത്യമുന്നണിയാണ് സോളാര്‍ സിസ്റ്റം… ആഗോളതാപനം മൂലം ഈ സോളാര്‍ സിസ്റ്റം പ്രശ്‌നത്തിലാണ്.. അതാണ് സോളാര്‍ പ്രശ്‌നം..

വെരി ഗുഡ് ആന്‍സര്‍…

ശ്രീധരന്‍ നായരെ അങ്ങേയ്ക്കു പരിചയമുണ്ടോ ?

പരിചയമുണ്ടോ എന്നു ചോദിച്ചാല്‍ നേരിട്ടു പരിചയമില്ല… പക്ഷെ, വ്യക്തിപരമായി എനിക്കു വളരെ ഇഷ്ടമുള്ള ഒരു നടനാണ് കൊട്ടാരക്കര ശ്രീധരന്‍ നായര്‍… അദ്ദേഹത്തിന്റെ ചെമ്മീനിലെ അഭിനയം മാത്രം മതി എന്നെന്നും അദ്ദേഹത്തെ ഓര്‍ത്തു വയ്ക്കാന്‍… നമ്മുടെ സായ്കുമാറിന്റെ അച്ഛനുമാണല്ലോ…

സിനിമാ നടന്‍ വിനു മോഹന്‍ അദ്ദേഹത്തിന്റെ കൊച്ചുമകനാണ് സര്‍…

റിയലി ?

വെരി വെരി റിയലി സര്‍..

ഹൊ! സന്തോഷമായി ഉദ്യോഗസ്ഥന്‍മാരെ, സന്തോഷമായി..

സര്‍, ഒരു സംശയം ?

സാറിന്റെ ഈ ലൈവില്‍ നമ്മുടെ സംഭാഷണങ്ങളുടെ ശബ്ദരേഖയോ സബ്‌ടൈറ്റിലോ ഒക്കെയുണ്ടോ ?

ഒരു കോപ്പുമില്ല.. ചുമ്മാ പടം മാത്രം…

അപ്പോ സുതാര്യത എന്നു പറഞ്ഞത് ?

വളരെ സുതാര്യമായ ഒരു സാരിയുടുത്ത് ഒരു സ്ത്രീ നടന്നു പോവുന്നു എന്നു കരുതുക… സുതാര്യമായതുകൊണ്ട് കാണാനല്ലേ പറ്റൂ… തൊടാന്‍ പറ്റത്തില്ലല്ലോ… അതാണ് സുതാര്യത…

ശരി… അടുത്ത ചോദ്യം…

ചോദിച്ചോളൂ…

സരിതയെ സര്‍ ഈ ഓഫിസില്‍ വച്ചു കണ്ടിട്ടുണ്ടോ ?

ഉണ്ടല്ലോ…

എന്ന് ? എപ്പോള്‍ ? എങ്ങനെ ?

അങ്ങനെ തീയതിയും സമയമൊന്നും ചോദിച്ചാല്‍ എനിക്കറിയില്ല… ഒരു ദിവസം ഉച്ചകഴിഞ്ഞാണെന്നു തോന്നുന്നു… ജനങ്ങളെ സേവിച്ചു തളര്‍ന്ന് അഞ്ച് മിനിറ്റ് വിശ്രമിക്കുകയായിരുന്നു ഞാന്‍.. വെറുതെ ടിവി ഓണ്‍ ചെയ്തു നോക്കിയപ്പോള്‍ മമ്മൂട്ടിയുടെ സംഘം എന്ന സിനിമ കളിക്കുന്നു.. അതിലെ നായികയാണല്ലോ സരിത… ഈ ഓഫിസില്‍ വച്ച് ഞാന്‍ സരിതയെ കണ്ടത് അന്നാണ്…

വണ്ടര്‍ഫുള്‍ ആന്‍സര്‍ സര്‍…

താങ്ക്യു താങ്ക്യു… ഞാന്‍ പറഞ്ഞല്ലോ… എനിക്കൊന്നും മറയ്ക്കാനില്ല…

ബിജുവിന്റെ കാര്യം പ്രത്യേകം ചോദിക്കേണ്ടല്ലോ ?

എന്തിന് ? റോമന്‍സ് കണ്ട് ചിരിച്ചു ചിരിച്ച് ഞാന്‍ ചത്തു… അതുപോലെ ഓര്‍ഡിനറി, സീനിയേഴ്‌സ്… ബിജു മേനോനെ ആര്‍ക്കാ ഇഷ്ടില്ലാത്തത്…

വളരെ ശരിയാണ് സര്‍…

മറ്റെന്തെങ്കിലും അറിയാനുണ്ടോ ഉദ്യോഗസ്ഥന്‍മാര്‍ക്ക് ?

ഇല്ല സര്‍… ഞങ്ങള്‍ നിഷ്പ്രഭരായി…

നമ്മള്‍ സത്യത്തിനും നീതിക്കും ധര്‍മത്തിനും പിന്നെ ജനങ്ങള്‍ക്കും വേണ്ടി ജീവിച്ചാല്‍ അങ്ങനെയാണ്.. ചുമ്മാ നിഷ്പ്രഭരാകും…

എന്നാല്‍ ഞങ്ങളിറങ്ങട്ടെ സര്‍…

നിര്‍ബന്ധമാണെങ്കില്‍ അങ്ങനെ… ഇടക്കിടെ ചോദ്യം ചെയ്യണോന്നു തോന്നുമ്പോള്‍ വരണം.. ഞാന്‍ കാത്തിരിക്കും..

ഉവ്വ..

ഉവ്വ..