സീരിയും സംഘവും കൂടെവരും

കാറോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത് എന്നാണ് ട്രാഫിക് വിദഗ്ധന്‍മാര്‍ പറയുന്നത്. രണ്ടു കയ്യും സ്റ്റിയറിങ്ങില്‍ ഇല്ലെങ്കില്‍ സാധനം നല്ലതുപോലെ തിരിയില്ല എന്നതുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്നു കരുതി പലരും ഹാന്‍ഡ്‌സ്ഫ്രീ മോഡില്‍ ഉപയോഗിക്കുന്നുണ്ട്. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ എന്തിനൊക്കെയോ ശേഷിയുള്ളവരാണെന്നു വിശ്വസിക്കുന്ന വിഡ്ഡികള്‍ ഇപ്പോഴും ഒരു കൈകൊണ്ട് കാര്‍ അതിവേഗം പായിക്കുമ്പോള്‍ തന്നെ മറുകൈ കൊണ്ട് ഫോണ്‍ ഉപയോഗിക്കാറുണ്ട്. മള്‍ട്ടി ടാസ്‌കിങ് മികവുള്ളവര്‍ക്ക് കാറില്‍ ഫോണുപയോഗിക്കാം എന്നത് ഒരു മിഥ്യാധാരണയാണ്. പൂര്‍ണശ്രദ്ധ ആവശ്യമുള്ള ഡ്രൈവിങ്ങില്‍ നിന്നു ശ്രദ്ധ കുറയുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതുകൊണ്ടും സൂപ്പര്‍മാന്‍, സ്‌പൈഡര്‍മാന്‍, ബാറ്റ്മാന്‍ ശ്രേണിയിലുള്ളവര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് എല്ലാ കാര്യത്തിലും ഒരേപോലെ ശ്രദ്ധ കൊടുക്കാന്‍ കഴിയില്ല എന്നുറപ്പുള്ളതുകൊണ്ടുമാണ് വണ്ടിയോടിക്കുമ്പോള്‍ ഫോണുപയോഗിക്കരുത് എന്നു പറയുന്നത്.

എന്നാല്‍, ഇത്തരം സുരക്ഷാ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ആപ്പിള്‍ പുതിയ ഡാഷ്‌ബോര്‍ഡ് ഇന്റര്‍ഫെയ്‌സ് ആയ ആപ്പിള്‍ കാര്‍പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണിനെ കാറിലെ ഡാഷ്‌ബോര്‍ഡുമായി ബന്ധിപ്പിച്ച് കോളുകള്‍ സ്വീകരിക്കുന്നതുള്‍പ്പെടെയുള്ള ഫോണിലെ സേവനങ്ങള്‍ ഡ്രൈവിങ്ങിനിടയില്‍ ഉപയോഗിക്കുന്നതിന് ആളുകളെ സഹായിക്കുന്നതിനുള്ളതാണ് ആപ്പിള്‍ കാര്‍ പ്ലേ. എത്ര മഹത്തരമെന്ന് ആപ്പിളും ടെക്‌നോളജി വിദഗ്ധന്‍മാര്‍ വിശേഷിപ്പിച്ചാലും ഡ്രൈവിങ്ങിനെ കുഴപ്പത്തിലാക്കുന്ന, റോഡില്‍ അപകടസാധ്യതയൊരുക്കുന്ന സംവിധാനമാണ് ആപ്പിള്‍ കാര്‍ പ്ലേ എന്നു പറയാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറൊന്നും ആവേണ്ട ആവശ്യമില്ല.

കാറിനുള്ളില്‍ ഐഫോണ്‍ ഉപയോഗിക്കാന്‍ സ്മാര്‍ട് ആയ, സുരക്ഷിതമായ വഴി എന്നാണ് കാര്‍ പ്ലേയെ ആപ്പിള്‍ വിശേഷിപ്പിക്കുന്നത്. വിശാലമായ ടച്ച് സ്‌ക്രീനും ഡാഷ്‌ബോര്‍ഡിലെ കണ്‍ട്രോള്‍ സ്വിച്ചുകളും സ്റ്റിയറിങ് വീലില്‍ ഘടിപ്പിക്കുന്ന സീരി കണ്‍ട്രോള്‍ ബട്ടണുമാണ് കാര്‍ പ്ലേയുടെ ഹാര്‍ഡ്‌വെയര്‍ ഭാഗങ്ങള്‍. നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 5, 5എസ്, ഐഫോണ്‍ 5സി എന്നീ മോഡലുകള്‍ മാത്രമേ കാര്‍ പ്ലേ സപ്പോര്‍ട്ട് ചെയ്യുന്നുള്ളൂ. കാര്‍ പ്ലേയുമായി ബന്ധിപ്പിക്കാന്‍ ലൈറ്റ്‌നിങ് കണക്ടര്‍ ആണുപയോഗിക്കുന്നത്. കോളെടുക്കാം, മാപ്പ് ഉപയോഗിക്കാം, എസ്എസുകള്‍ സീരി ടൈപ്പ് ചെയ്തയച്ചുകൊള്ളും. വരുന്ന മെസ്സേജുകളും സീരി വായിച്ചു കേള്‍പിക്കും. പാട്ടുകേള്‍ക്കുന്നതുള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ഐഫോണ്‍ ആപ്ലിക്കേഷനുകളൊക്കെ കാര്‍പ്ലേയിലും പ്രവര്‍ത്തിക്കും. എല്ലാത്തിനും സീരിയുടെ സഹായമുണ്ടാകും. സ്റ്റിയറിങ് വീലിലെ വോയ്‌സ് കണ്‍ട്രോള്‍ ബട്ടണുകള്‍ ഉപയോഗിച്ച് സീരിയെക്കൊണ്ട് കാര്യങ്ങള്‍ ചെയ്യിക്കാം.

ഹ്യുന്‍ഡായ്, ഹോണ്ട, ജാഗ്വാര്‍, ബെന്‍സ്, ബിഎംഡബ്ല്യു, ഫോര്‍ഡ്, ഷെവര്‍ലെ, ഫെറാരി, വോള്‍വോ, ലാന്‍ഡ് റോവര്‍, മിസ്തുബിഷി, നിസ്സാന്‍, ഓപല്‍, സുസുക്കി, ടയോട്ട തുടങ്ങിയ കമ്പനികളുടെ വരാനിരിക്കുന്ന കാറുകളിലാണ് കാര്‍ പ്ലേ ഉപയോഗിക്കാവുന്നത്. ജനീവ മോട്ടോര്‍ ഷോയില്‍ ഇന്ന് ആപ്പിള്‍ കാര്‍ പ്ലേയുടെ പൂര്‍ണമായ പ്രവര്‍ത്തനം അവതരിപ്പിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് CarPlay.

ആപ്പിള്‍ കാര്‍ പ്ലേയുടെ പ്രവര്‍ത്തനം വോള്‍വോ, ഫെറാരി കാറുകളിലേത് താഴെ കാണാം.

കുളിമുറികളിലെ അധികതോര്‍ത്തിന് അധികനികുതി

ഒരു കുളിമുറിയില്‍ ഒന്നിലേറെ തോര്‍ത്തുകളുണ്ടെങ്കില്‍ രണ്ടാമത്തെ തോര്‍ത്തിനു മുതല്‍ അധികനികുതി ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. ഇതിനായി തോര്‍ത്തുനിയമം ഉടന്‍ ഭേദഗതി ചെയ്യും. ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക് ഒരു തോര്‍ത്ത് മതി എന്നാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിലധികമുള്ള തോര്‍ത്തുകള്‍ക്കാണ് നികുതി ഈടാക്കുക. പല വീടുകളിലും ഭാര്യയ്ക്കും ഭര്‍ത്താവിനും വെവ്വേറെ തോര്‍ത്തുകളുള്ളതായി രഹസ്യാന്വേഷണ വിഭാഗവും കുളിമുറി ഇന്റലിജന്‍സ് വിഭാഗവും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടൊപ്പം സാധാരണക്കാരുടെ ധൂര്‍ത്ത് നിയന്ത്രിക്കുന്നതിനും സാമ്പത്തിക അച്ചടക്കം നടപ്പിലാക്കുന്നതിനുമായാണ് അധിക തോര്‍ത്തുകള്‍ക്ക് അധികനികുതി ഏര്‍പ്പെടുത്തുന്നത്.

ഇരുവശത്തും കരയുള്ള വെളുത്ത തോര്‍ത്തുകള്‍ക്കു പുറമേ ആളുകള്‍ പോക്കറ്റില്‍ കരുതുന്ന കര്‍ചീഫുകളെയും തോര്‍ത്തായി പരിഗണിച്ചായിരിക്കും നിയമം നടപ്പാക്കുക. ആളുകള്‍ മുഖം തുടയ്ക്കാനും മഴനനയുമ്പോള്‍ തല തോര്‍ത്താനുമൊക്കെ കര്‍ചീഫ് ഉപയോഗിക്കുന്നുണ്ടെന്ന കര്‍ചീഫ് കര്‍ചീഫ് കമ്മിഷന്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് ഈ തീരുമാനം. ഇതു പ്രകാരം കര്‍ചീഫുകളെ ഒന്നിലധികമുള്ള തോര്‍ത്തുകളായി എണ്ണും. ഭാര്യയും ഭര്‍ത്താവും വെവ്വേറെ കര്‍ചീഫുകള്‍ ഉപയോഗിക്കുമ്പോള്‍ അവയൊക്കെ അധികതോര്‍ത്തുകളായി കണക്കിലെടുക്കുകയും അധികനികുതി ഈടാക്കുകയും ചെയ്യും. ഒരേയൊരു തോര്‍ത്ത് ഒരൊറ്റ കര്‍ചീഫ് എന്ന മുദ്രാവാക്യമാണ് സര്‍ക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.

അധികനികുതി ഏര്‍പ്പെടുത്തുന്നത് ഒന്നിലധികമുള്ള തോര്‍ത്തുകള്‍ക്കും കര്‍ചീഫുകള്‍ക്കും മാത്രമാണെന്നും ലക്ഷ്വറി ടവ്വലിന് ഇത് ബാധമായിരിക്കില്ലെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. കുളിക്കാന്‍ വില കൂടിയ ടവ്വലുകള്‍ ഉപയോഗിക്കുന്നവരെ അതിന്റെ പേരില്‍ പീഡിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, സാധാരണ കുടുംബങ്ങളിലും മറ്റു കുളിമുറികളിലും തോര്‍ത്തുപയോഗിക്കുന്നവര്‍ ഒന്നിലേറെ തോര്‍ത്ത് ഉപയോഗിക്കുന്നത് വച്ചുപൊറുപ്പിക്കില്ല. ഭാര്യയും ഭര്‍ത്താവും വെവ്വേറെ തോര്‍ത്തുകള്‍ ഉപയോഗിക്കുന്നത് ആഢംബരവും അനാവശ്യവുമാണെന്നതിനു പുറമേ ദാമ്പത്യത്തിലെ വിശ്വസ്തതയും കെട്ടുറപ്പും തകര്‍ക്കുന്ന പ്രവൃത്തിയാണ്. പുതിയ നിയമം വരുന്നതോടെ ആളുകള്‍ ഒറ്റത്തോര്‍ത്തുകൊണ്ട് ജീവിക്കാന്‍ പഠിക്കുമെന്നും ഇത് സമൂഹത്തില്‍ സോഷ്യലിസം നടപ്പാക്കുമെന്നും നികുതിയിനത്തില്‍ സര്‍ക്കാരിന് വലിയൊരു തുക സമ്പാദികാനാവുമെന്നും പ്രതീക്ഷിക്കുന്നു.

അധികതോര്‍ത്തിനു നികുതി ഏര്‍പ്പെടുത്തുമ്പോള്‍ വലിയ കുടുംബങ്ങള്‍ക്കും ആറ്റില്‍ കുളിക്കുന്നവര്‍ക്കും ഇളവ് നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ഭാര്യയും ഭര്‍ത്താവും മാത്രമുള്ള വീടാണെങ്കില്‍ അവരുടെ കുളിമുറിയില്‍ ഒറ്റ തോര്‍ത്തേ ഉണ്ടാവാന്‍ പാടുള്ളൂ. പ്രായപൂര്‍ത്തിയാവാത്ത മക്കളെയും ഈ തോര്‍ത്തുപയോഗിച്ചു കുളിപ്പിക്കാം. പ്രായപൂര്‍ത്തിയാവുന്ന മുറയ്ക്ക് വേറെ തോര്‍ത്തുകള്‍ വാങ്ങാന്‍ പഴയ നികുതി തന്നെ നല്‍കിയാല്‍ മതിയാവും. എന്നാല്‍ ഈ മക്കള്‍ വിവാഹം കഴിക്കുമ്പോള്‍ വേറെ തോര്‍ത്ത് വാങ്ങുകയോ വിവാഹിതരായി ആ വീട്ടിലേക്കെത്തുന്ന പെണ്‍കുട്ടികള്‍ അവരുടെ വീടുകളില്‍ നിന്നു വേറെ തോര്‍ത്തു കൊണ്ടുവരികയോ ചെയ്താല്‍ രണ്ടാമത്തെ തോര്‍ത്തിന് അധികനികുതി കൊടുക്കേണ്ടി വരും.

ആറ്റിലും തോട്ടിലും കുളത്തിലും കുളിക്കുന്നവര്‍ കുളിക്കുമ്പോള്‍ ഒരു തോര്‍ത്തുടുക്കുകയും കുളി കഴിഞ്ഞ ശേഷം മറ്റൊരു തോര്‍ത്തു കൊണ്ട് തോര്‍ത്തുകയും ചെയ്യുന്നതായി തീരദേശകുളിസീന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇത് കര്‍ശനമായി നിയന്ത്രിക്കും. ഉടുക്കുന്ന തോര്‍ത്തുകൊണ്ട് തന്നെ തോര്‍ത്താന്‍ ആളുകള്‍ തയ്യാറാവണം. ഭര്‍ത്താവും ഭാര്യയും ഒരുമിച്ച് ആറ്റിലോ മറ്റോ കുളിക്കാന്‍ പോകുമ്പോള്‍ ആദ്യം ഒരാള്‍ കുളിച്ചതിനു ശേഷം മറ്റൊരാള്‍ കുളിക്കണം. രണ്ടു പേരും ഒരുമിച്ചു കുളിക്കുന്നതിനായി രണ്ടു തോര്‍ത്ത് കരുതിയാല്‍ അതിന് അധികനികുതി നല്‍കേണ്ടി വരും.

അതേ സമയം, മന്ത്രിമാര്‍ക്കും ജനപ്രതിനിധികള്‍ക്കും അവരുടെ കാറുകള്‍ തുടയ്ക്കുന്നതിനായി രണ്ടുലക്ഷം തോര്‍ത്തുകള്‍ സൗജന്യമായി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പല മന്ത്രിമാര്‍ക്കും നാലും അഞ്ചും വാഹനങ്ങളുണ്ട്. ഇതൊക്കെ തുടച്ചുവൃത്തിയാക്കാന്‍ ധാരാളം തോര്‍ത്തുകള്‍ ആവശ്യമായി വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നും തോര്‍ത്തുകള്‍ വാങ്ങിനല്‍കാന്‍ തീരുമാനിച്ചത്. മന്ത്രിമാര്‍ക്കു സൗജന്യമായി തോര്‍ത്തുകള്‍ നല്‍കുന്ന പദ്ധതിക്കു പണം കണ്ടെത്താനായി ജനങ്ങളുടെ ഒന്നിലധികമുള്ള അണ്ടര്‍വെയറുകള്‍ക്കു നികുതി ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്.

കിമ്മണെയ്ക്ക് ഒരുമ്മ

കര്‍ണാടക മന്ത്രി കിമ്മണെ രത്‌നാകര്‍ ആണ് ഇനി കുറച്ചു നാളത്തേക്ക് എന്റെ ഹീറോ. രാഷ്ട്രീയക്കാര്‍ മൊത്തത്തില്‍ കൊള്ളരുതാത്തവരും ഫ്രോഡുകളും അഴിമതിക്കാരുമാണെന്ന സന്ദേശം വ്യാപിച്ചുകൊണ്ടിരിക്കുമ്പോള്‍ അങ്ങനെയുള്ളവരുടെ ചീത്തപ്പേരു കൂട്ടി മാറ്റാന്‍ ഇദ്ദേഹത്തെ പോലെ ഒന്നോ രണ്ടോ മതി. ഇന്നു വരെ കേട്ടുകേള്‍വിയില്ലാത്ത ഈ മന്ത്രി ഇന്നൊരു ഭയങ്കര ഹീറോ ആയി നില്‍ക്കുന്നത് അദ്ദേഹം ഒരു മന്ത്രിയായതുകൊണ്ടല്ല, നമ്മളെക്കാളൊക്കെ നല്ലൊരു മനുഷ്യനായതുകൊണ്ടാണ്.

61 വയസുള്ള ഭരണപരമായ എല്ലാ സെറ്റപ്പുകളുമുള്ള ഈ മന്ത്രി കായലില്‍ ചാടി രക്ഷിച്ചത് ആറു പേരുടെ ജീവനാണ്. സ്വന്തം പിളുന്തത്തടി രക്ഷിക്കാനും തെണ്ടിത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാനും ഗണ്‍മാനെയും പാറാവുകാരെയും കൂടെക്കൊണ്ടുനടക്കുന്ന മന്ത്രിമാരും മുഖ്യമന്ത്രിമാരും കിമ്മണെയുടെ കാല്‍തൊട്ടു വന്ദിച്ച് നന്നാവാന്‍ ശ്രമിക്കണം എന്നാണെന്റെ അഭിപ്രായം. ഭരണാധികാരികള്‍ക്ക് സുതാര്യതയെക്കാള്‍ മികച്ച ഗുണങ്ങളും ഉണ്ടാവാറുണ്ട് എന്നതൊരു നല്ല പാഠമാണ്.

കഥ ഇങ്ങനെ: ഇന്നലെ തന്റെ ജന്മനാടായ തീര്‍ഥഹള്ളിയില്‍ നിന്ന് ബാംഗ്ലൂരിലേക്കുള്ള യാത്രയിലായിരുന്നു 61 കാരനായ കിമ്മണെ. രാവിലെ ഏഴ് മണി സമയം. തീര്‍ഥഹള്ളിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ ബേഗുവള്ളിയിലെത്തിയപ്പോള്‍ ഒരു മാരുതി സ്വഫ്ട് കാര്‍ കിമ്മണെ സഞ്ചരിച്ച ഇന്നോവ കാറിനെ മറികടന്നുപോയി. 15 മിനിറ്റിന് ശേഷം ബേഗുവള്ളി തടാകത്തിനടുത്തെത്തിയപ്പോള്‍ കിമ്മണെ കാണുന്നത് അതേ വെള്ളനിറത്തിലുള്ള സ്വിഫ്ട് കാര്‍ തടാകത്തില്‍ മുങ്ങുന്നതാണ്. മറ്റൊന്നും ആലോചിച്ചില്ല. കാര്‍ നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെട്ടു. മന്ത്രി നേരെ വെള്ളത്തിലേക്ക് ചാടി. പിന്നാലെ അദ്ദേഹത്തിന്റെ അംഗരക്ഷകന്‍ ഹാള്‍സ്വാമി, െ്രെഡവര്‍ ചന്ദ്രശേഖര്‍, അകമ്പടി വാഹനത്തിന്റെ െ്രെഡവര്‍ കൃഷ്ണമൂര്‍ത്തി എന്നിവരും വെള്ളത്തിലേക്ക് ചാടി. നാലു പേരും കൂടി കാറിനുള്ളില്‍ കുടുങ്ങിക്കിടന്നിരുന്ന ആറു പേരെയും രക്ഷിച്ചു.

കരയിലെത്തിയ മന്ത്രി ഉടന്‍ തന്നെ ഒരു ഡോക്ടറെ വിളിച്ചുവരുത്തി അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ട വൈദ്യസഹായം നല്‍കി. സുഹൃത്തുക്കളെ വിളിച്ച് ഇവര്‍ക്ക് വേണ്ട പ്രഭാതഭക്ഷണവും മരുന്നും മന്ത്രി എത്തിച്ചു. ഒടുവില്‍ സ്വന്തം വസ്ത്രവും നല്‍കിയാണ് മന്ത്രി ബാംഗ്ലൂരിലേക്ക് യാത്ര പുറപ്പെട്ടത്. സല്‍ഗുണസമ്പന്നനായ മഹാബലിയുടെ പേരില്‍ ഓണമാഘോഷിച്ച് (ഓണം സത്യത്തില്‍ വാമനജയന്തിയാണ് എന്നാണ് ശശികല ടീച്ചര്‍ പറയുന്നത്) വിശ്രമിക്കുന്ന നമ്മള്‍ ഈ മന്ത്രിക്കൊരു സല്യൂട്ട് കൊടുത്തില്ലെങ്കില്‍ പിന്നെന്തു മാവേലിനാട്ടുകാരനാണ്.

കിമ്മണെ കോണ്‍ഗ്രസ് മന്ത്രിയാണ് എന്നതുകൊണ്ട് സല്യൂട്ട് കൊടുക്കാന്‍ കോണ്‍ഗ്രസുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ല. ഇതേ കൃത്യം രാഹുല്‍ ഗാന്ധി ചെയ്തിരുന്നെങ്കില്‍ കിട്ടുമായിരുന്ന മൈലേജ് ആലോചിച്ചു നോക്കുമ്പോള്‍ ചെറിയൊരു മനപ്രയാസമുണ്ടാവുമെങ്കിലും അപകടത്തില്‍പ്പെടുന്നതിനു മുമ്പ് കാറിലുണ്ടായിരുന്നയാള്‍ അയ്യോ അപകടത്തില്‍പ്പെടുന്നേ എന്നു ട്വീറ്റ് ചെയ്തത് രാഹുല്‍ ഗാന്ധി കണ്ടിട്ട് ഗൂഗിള്‍ മാപ്‌സ വച്ച് സ്ഥലം കണ്ടുപിടിച്ചിട്ട് കിമ്മണെയോടു പോയി രക്ഷിക്കാന്‍ പറഞ്ഞിട്ട് ചെയ്തതാണ് എന്നൊക്കെ പറഞ്ഞ് സംഗതി ഡൈവേര്‍ട്ട് ചെയ്‌തെടുക്കാം.

മറ്റു രാഷ്ട്രീയപാര്‍ട്ടികള്‍ ഇതിനെ എങ്ങനെ സ്വീകരിക്കുമെന്നത് പറയാന്‍ പറ്റില്ല. വളരെ ആസൂത്രിതമായി ഒരു കാറില്‍ നിറയെ അനുയായികളെ വെള്ളത്തിലേക്കു ചാടാന്‍ പ്രേരിപ്പിച്ചിട്ട് പിന്നാലെ നാടകീയമായി വന്നു വെള്ളത്തില്‍ ചാടി അവരെ രക്ഷിക്കുന്നതായി ഭാവിച്ച് ഹീറോ ആയതാണെന്നും വെള്ളത്തില്‍ വീണവരൊക്കെ സ്വയം നീന്തിക്കയറിയതാണെന്നും ചിലരെങ്കിലും പറഞ്ഞേക്കാം. എന്തൊക്കെ പറഞ്ഞാലും എത്ര നെഗറ്റീവായി ആലോചിച്ചാലും. സ്വന്തം തടി മറന്ന് തന്റെ ആരുമല്ലാത്ത ആരെയോ രക്ഷിക്കാന്‍ 61 വയസ്സുള്ള ഒരാള്‍ വെളുപ്പാന്‍ കാലത്ത് കൊടുംതണുപ്പത്ത് കായലിലേക്ക് എടുത്തുചാടി എന്നത് ഒരു ചെറിയ കാര്യമല്ല. അങ്ങനെ ചാടിയത് ഒരു മന്ത്രിയാണ് എന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചെറിയ രോമാഞ്ചങ്ങളിലൊന്നാണ്.

മന്ത്രിയുടെ രക്ഷാപ്രവര്‍ത്തനം നോക്കിയല്ല, കൈകാര്യം ചെയ്യുന്ന വകുപ്പുകള്‍ നോക്കിയാണ് മന്ത്രിയെ വിലയിരുത്തേണ്ടത് എന്നൊരു എതിര്‍വാദമുണ്ട്. സ്വന്തം കാര്യം നോക്കാതെ, വളരെ സത്യസന്ധമായ വികാരങ്ങളോടെ ആന്യരുടെ ജീവന്‍ രക്ഷിക്കാന്‍ കായലില്‍ ചാടുന്ന ഒരു മന്ത്രി നല്ല മന്ത്രിയാണോ അല്ലയോ എന്നറിയാന്‍ അയാളുടെ അപ്രൈസല്‍ റിപ്പോര്‍ട്ട് കാത്തിരിക്കേണ്ട കാര്യമില്ല എന്നാണെന്റെ അഭിപ്രായം. എല്ലാ രക്ഷാപ്രവര്‍ത്തനങ്ങളും ന്യൂസ് ചാനലുകളുടെ സ്റ്റുഡിയോയില്‍ വച്ചാണ് നടത്തേണ്ടതെന്നു വിശ്വസിക്കുന്ന മണുങ്ങൂസന്‍മാരായ മന്ത്രിമാരേ, കിമ്മണെ രാമകൃഷ്ണയെ കണ്ടുപഠീക്കൂ, അദ്ദേഹത്തെ പോലാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നു പ്രാര്‍ഥിക്കൂ. രക്ഷാപ്രവര്‍ത്തനമല്ല, അതിനു പ്രേരിപ്പിക്കുന്ന മനോഭാവമാണ് പ്രധാനം.

നിങ്ങളാവശ്യപ്പെടാത്ത വാര്‍ത്ത:
ഉത്തരാഖണ്ഡിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കൃഷി മന്ത്രിയുമായ ഹരക് സിങ് റാവത്തിന്റെ വസതിയില്‍ അത്താഴവിരുന്നിനിടെ ഹരിദ്വാര്‍ ജില്ലയിലെ ഖാണ്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എ പ്രണവ് സിങ് ചാമ്പ്യന്‍ നടത്തിയ വെടിവയ്പില്‍ രണ്ടു പേര്‍ക്കു പരുക്കേറ്റു. നാല് റൗണ്ട് വെടിയുതിര്‍ത്തതായി അത്താഴവിരുന്നില്‍ പങ്കെടുത്തവര്‍ അറിയിച്ചു.

കൊച്ചുമുതലാളി ഇനി ഫെറാരി ഓടിക്കരുത്

ഫെറാരി, യു ട്യൂബ്, ശോഭ സിറ്റി. ഈ മൂന്നു ഘടകങ്ങളും മാറ്റി നിര്‍ത്തിയാല്‍ കേരളത്തില്‍ അത്ര അപൂര്‍മല്ലാത്ത ഒരു സംഭവമാണ് തൃശൂരില്‍ എട്ടു വയസുകാരന്‍ വാഹനമോടിച്ചത്. എന്നാല്‍, പണക്കാര്‍ക്കെതിരെയും ബൂര്‍ഷ്വ റസിഡന്‍ഷ്യല്‍ ഏരിയകള്‍ക്കുമെതിരെയുള്ള നമ്മുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഭാഗമായും യൂ ട്യൂബ് പോലെയുള്ള ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ ചെക്കന് അസാധാരണമായ പ്രചാരം കിട്ടിയതിനാലും ഫെറാരി കാര്‍ സര്‍ക്കാര്‍ കണ്ടുകെട്ടുകയും ചെക്കനെയും കാറോടിക്കാന്‍ അനുമതി കൊടുത്ത രക്ഷിതാവിനെയും പിടച്ചകത്തിടുകയും വേണമെന്ന് നമ്മള്‍ വാദിക്കുന്നു. പണക്കാരെ ബഹുമാനിക്കുന്നതില്‍ കേരള സമൂഹം വളരെ പിന്നിലാണെന്നു പറയേണ്ടി വരുന്നതില്‍ നിര്‍വ്യാജം ഖേദിക്കുന്നു.

എല്ലാവരും ഫെറാരി ഡ്രൈവിങ്ങിനെ എതിര്‍ക്കുമ്പോള്‍ എതിര്‍ക്കുന്നവരെ എതിര്‍ക്കുന്നതാണല്ലോ ഇവന്റെ പണി എന്നു വിചാരിക്കരുത്. അതിന്റെ മറ്റൊരു വശം ഞാന്‍ പറയുന്നു എന്നേയുള്ളൂ. എട്ടു വയസ്സുകാരന്‍ ഫെറാരി കാറോടിച്ചത് തെറ്റോ ശരിയോ എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍, കുട്ടിക്കെതിരെ കേസെടുത്തതിന്റെ പൊരുള്‍ എനിക്കു മനസ്സിലാവുന്നില്ല. എട്ടു വയസ്സുള്ള കുട്ടിയില്‍ നിന്ന് എന്ത് സാമൂഹിക ഉത്തരവാദിത്വമാണ് കേരള മോട്ടോര്‍ വാഹന വകുപ്പ് പ്രതീക്ഷിക്കുന്നത് എന്നതും മനസ്സിലാവുന്നില്ല. നമ്മളെല്ലാം എട്ടാം വയസ്സ് കഴിഞ്ഞാണ് ഇവിടെ എത്തിയത്. എട്ടാം വയസ്സില്‍ വീട്ടില്‍ വണ്ടിയുണ്ടായിരുന്നവരില്‍ അത് ഒന്നു സ്റ്റാര്‍ട്ട് ചെയ്തു പോലും നോക്കിയിട്ടില്ലാത്തവര്‍ എത്ര പേരുണ്ടാവും ? എട്ടു വയസ്സുകാരനെയല്ല, കാറോടിച്ചു നടക്കാന്‍ എട്ടുവയസ്സുകാരന് സാഹചര്യമുണ്ടാക്കിക്കൊടുത്ത വ്യക്തികള്‍ക്കും സമൂഹത്തിനുമെതിരേയാണ് കേസെടുക്കേണ്ടത്. കുട്ടിയുടെ പിതാവ് മാത്രമല്ല, അവിടെ നിയമലംഘനത്തിനു സാഹചര്യമൊരുക്കിയ പാര്‍പ്പിടസമുച്ചയത്തിന്റെ ചുമതലക്കാരും ഈ സംഭവത്തില്‍ ഉത്തരവാദികളാണ്.

എട്ടു വയസ്സുകാരന്‍ വാഹനമോടിച്ചതിനെപ്പറ്റി പലരും പറയുന്ന പോയിന്റ് ആ ചെക്കന്‍ വണ്ടിയോടിച്ച് അവിടെ നിന്നിരുന്ന പിള്ളേരുടെ ദേഹത്തു മുട്ടിച്ചിരുന്നെങ്കിലോ എന്നാണ്. അപകടമുണ്ടായാല്‍ അത് വാഹനമോടിക്കുന്നവര്‍ക്കും പരിസരത്തുള്ളവര്‍ക്കുമൊക്കെ ബാധകമാണ്. നിയമലംഘനത്തിന് കുട്ടിയ്ക്ക് അനുമതി നല്‍കുകയോ കുട്ടിയെ അതില്‍ നിന്നു പിന്തിരിപ്പിക്കാതിരിക്കുകയോ ആണ് കുട്ടിയുടെ രക്ഷിതാവ് ചെയ്ത അങ്ങേയറ്റം ഗുരുതരമായ കുറ്റം. അതേ സമയം, എട്ടു വയസ്സ് മാത്രം പ്രായമുള്ള കുട്ടി മോട്ടോര്‍വാഹന വകുപ്പിന്റെ നിയമങ്ങള്‍ ലംഘിച്ചു എന്നതിനോട് യോജിക്കാനുമാവുന്നില്ല. കുട്ടിക്കെതിരേ കേസെടുക്കുന്നുണ്ടെങ്കില്‍ അതു വീട്ടുകാര്‍ അവകാശപ്പെടുന്ന തരത്തില്‍ അത്യപൂര്‍വമായ ഒരു ഡ്രൈവിങ് മികവ് കുട്ടിക്കുണ്ടോ എന്ന് ഏതെങ്കിലും മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ക്ക് പരിശോധിച്ച് ബോധ്യപ്പെട്ടതിനു ശേഷമാവണം. കുട്ടികളെ കുട്ടികളായി തന്നെ കാണുന്നതാണ് ഏതു വകുപ്പിനും നല്ലത്.

അഞ്ചു വയസ്സുകാരന്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനം കാണാതെ പറയുന്നതും ആറു വയസ്സുകാരന്‍ കയ്യും കാലും കെട്ടി നീന്തിനടക്കുന്നതും പയ്യന്‍സിന്റെ അദ്ഭുതസിദ്ധികളായി ചിത്രീകരിക്കപ്പെടുമ്പോള്‍ ഡ്രൈവിങ്ങില്‍ അത്യപൂര്‍വമായ സിദ്ധികളുള്ള പാവം എട്ടുവയസ്സുകാരനെ ക്രൂശിക്കുന്നത് എന്തിനാണ് എന്ന് ചെക്കന്റെ ഡ്രൈവിങ് മികവില്‍ വിശ്വാസമുള്ള വീട്ടുകാര്‍ ചോദിച്ചാലോ ? സ്വന്തം മകന് ഫെറാരിയുടെ കീ കൊടുത്തുവിടണമെങ്കില്‍ അവന്റെ അച്ഛന് മകന്റെ ഡ്രൈവിങ്ങില്‍ എത്രത്തോളം വിശ്വാസമുണ്ടായിരിക്കും എന്നാലോചിക്കണം. വിഡിയോയുടെ ചുവട്ടിലെ ഒരു കമന്റില്‍ പറയുന്നതുപോലെ ലൈസന്‍സും വാഹനമോടിക്കാന്‍ നിയമപ്രകാരമുള്ള പ്രായവുമുണ്ടെങ്കിലും മാര്‍ക്കറ്റിലേക്കു പോലും കാര്‍ കൊടുത്തുവിടാത്ത അച്ഛന്‍മാരുമുണ്ട്.

ഈ വിഡിയോയുടെ ചുവട്ടിലും ഇതുമായ ബന്ധപ്പെട്ട ചര്‍ച്ചകളിലുമൊക്കെ ആളുകള്‍ പൊതുവേ അഭിപ്രായപ്പെട്ടത് കേരളത്തിലേക്കു വിദേശപണം ഒഴുകിയെത്തുകയും ആളുകള്‍ക്ക് അത് എങ്ങനെ വിനിയോഗിക്കണം എന്നറിയാതാവുകയും ചെയ്തതോടെ കൊച്ചുപിള്ളേര്‍ വരെ ഫെറാരി വാങ്ങിച്ച് ഓടിച്ചു കളിക്കുകയാണ് എന്നാണ്. ഒലക്കയാണ്. ചെക്കന്‍ ഓടിച്ചത് ഫെറാരി ആയിപ്പോയതാണ് സത്യത്തില്‍ നല്ലൊരു ശതമാനം ആളുകളുടെയും ധാര്‍മികരോഷത്തിനു കാരണം. സാധാരണക്കാരന്റെ മാരുതി ആള്‍ട്ടോ ആണ് ഓടിച്ചിരുന്നതെങ്കില്‍ ‘ശ്ശൊ ആ കൊച്ചിന്റെയൊരു കാര്യം’ എന്നു പറഞ്ഞ് നമ്മളതു വിട്ടു കളഞ്ഞേനെ. കാരണം, കൊച്ചുപിള്ളേര്‍ മാരുതി ഓടിക്കുന്ന നാട്ടുവഴികള്‍ കേരളത്തിനുള്ളില്‍ ധാരാളമുണ്ട്. ഫെറാരിയില്‍ നല്ല വിശ്വാസമുള്ള ആരോ വിഡിയോ എടുത്ത് യൂ ട്യൂബിലിട്ടു എന്നതാണ് രണ്ടാമത്തെ പ്രശ്‌നം. യു ട്യൂബില്‍ വരാത്ത എത്രയോ കുട്ടി ഡ്രൈവുകള്‍ ഈ നാട്ടില്‍ ഓരോ ദിവസവും നടക്കുന്നു. ഇവിടെയൊക്കെയും കുറ്റക്കാര്‍ വാഹനമോടിച്ച കുട്ടികളല്ല, അവര്‍ക്ക് വാഹനമോടിക്കാന്‍ അനുമതി നല്‍കുന്ന രക്ഷിതാക്കളാണ്.

ഇവിടെ എട്ടാം വയസ്സില്‍ കാറോടിച്ചതാണ് പ്രശ്‌നം എന്നൊരു ഫീലുമുണ്ട്. ഒന്‍പതാം വയസ്സിലും പത്താം വയസ്സിലും എന്തിന് പതിനാറാം വയസ്സിലും വാഹനമോടിക്കുന്നതും കുറ്റകരം തന്നെയാണ്. യൂണിഫോമിട്ട് ബജാജ് പള്‍സറില്‍ ഒറ്റച്ചക്രത്തില്‍ പ്ലസ് വണ്‍ ക്ലാസ്സില്‍ പോകുന്ന ഇന്നാട്ടിലെ സാധാരണക്കാരായ എത്രയോ കുട്ടികളെ ഡെയ്‌ലി കാണാറുണ്ട്. രണ്ടാഴ്ച മുമ്പ് കഷ്ടിച്ച് അഞ്ചു വയസ്സുള്ള മകന് ബൈക്കിന്റെ ഹാന്‍ഡില്‍ വിട്ടുകൊടുത്ത് ബൈക്കോടിച്ചു പോകുന്ന ഒരച്ഛനെ കണ്ടു. ഫെറാരിയാണെങ്കിലും ബൈക്ക് ആണെങ്കിലും തകിടഗുണാരി ആയിക്കഴിഞ്ഞു മൂക്കില്‍ പഞ്ഞി വച്ചോ നടുവിനു പ്ലാസ്റ്ററിട്ടോ ഒറ്റ കിടപ്പു കിടന്നാല്‍ പിന്നെ എണീറ്റെന്നു വരില്ല. അല്ലെങ്കില്‍ തന്നെ കേരളത്തില്‍ ഒരോ വര്‍ഷവും വാഹനാപകടത്തില്‍ കൊല്ലപ്പെടുന്നത് പത്തയ്യായിരം ആളുകളാണ്.

ഫെറാരി പയ്യന്റെ കേസില്‍ എനിക്കു വിശ്വാസമില്ല. വാര്‍ത്ത വായിച്ചാല്‍ തന്നെ കേസെടുത്തിരിക്കുന്നത് പ്രായപൂര്‍ത്തിയാകാതെ വാഹനമോടിച്ചതിനാണോ അതോ ബൂര്‍ഷ്വാസിയുടെ അടയാളമായ ഫെറാരിയോടിച്ചതിനാണോ അതോ പ്രസ്തുത വിഡിയോ 10 ലക്ഷം പേര്‍ കണ്ടതിനാണോ എന്ന കാര്യത്തില്‍ സംശയം തോന്നും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായോ ബോധവല്‍ക്കരണത്തിനു വേണ്ടിയോ ഒന്നുമല്ല, വിഡിയോ ഹിറ്റ് ആയതുകൊണ്ടും സംഗതി വിവാദമായതുകൊണ്ടുമാണ് സംഗതി കേസായത്. കേസും വിവാദവുമല്ല, ഇത്തരം സംഭവങ്ങള്‍ കേരളത്തിലെ രക്ഷിതാക്കള്‍ വേണ്ടത്ര ഗൗരവത്തോടെ കാണുന്നില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കി കുട്ടികള്‍ വാഹനമോടിക്കുന്നതിലെ അപകടം എന്താണെന്ന് ശാസ്ത്രീയമായി ലളിതമായി വിശ്വാസ്യതയോടെ പൊതുജനങ്ങള്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയാണ് വേണ്ടത്.

പാവങ്ങള്‍ക്കു പരവതാനി, കോടീശ്വരന്മാര്‍ക്കു തിരിച്ചടി

യുപിഎ സര്‍ക്കാര്‍ ഒരിക്കലും ഇടത്തരക്കാരെയും പാവപ്പെട്ടവരെയും കൈവിട്ടു കളിക്കുകയില്ലെന്നും എത്ര ജനരോഷം സമ്പാദിച്ചാലും അടിസ്ഥാനപരമായി സര്‍ക്കാര്‍ കോടീശ്വരന്മാര്‍ക്കും കുത്തകകള്‍ക്കും എതിരാണെന്നതുമുള്ള സത്യം ഇതോടെ തെളിഞ്ഞു. ലോക്ക് ഔട്ടിന്‍റെ വക്കില്‍ നിന്നുകൊണ്ട് അവസാനപിടിവള്ളി എന്ന നിലയ്‍ക്ക് വിലവര്‍ധന ആവശ്യപ്പെടുന്ന ഇന്ധന കമ്പനികളുടെ ആവശ്യം പാടെ നിരസിച്ചുകൊണ്ട് യുപിഎ സര്‍ക്കാര്‍ പെട്രോള്‍ വില വര്‍ധിപ്പിച്ചില്ല. പെട്രോളിന്‍റെ വില കൂട്ടണമെന്ന ആവശ്യം തള്ളിക്കളഞ്ഞു എന്നത് സര്‍ക്കാരിന് സാധാരണക്കാരുടെ ജീവിതച്ചെലവുകള്‍ ഉയരുന്നതിലുള്ള ആശങ്കയുടെ തെളിവാണെന്നതില്‍ സംശയമില്ല. അതുപോലെ തന്നെ, ക്വട്ടേഷന്‍കാരും മറ്റും ഉപയോഗിക്കുന്ന ഇന്നോവ,കോടീശ്വരന്മാരുപയോഗിക്കുന്ന ഫോര്‍ച്യൂണര്‍, ബെന്‍സ്,ബിഎംഡബ്ലയു,ഫോര്‍ഡ് കാറുകളിലെ ഇന്ധനമായ ഡീസലിന് അഞ്ചു രൂപ വര്‍ധിപ്പിക്കുന്നതിലൂടെ ലോകത്തെ ഏറ്റവും വലിയ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് രാജ്യം പണക്കാരോടും ക്വട്ടേഷന്‍ ഗുണ്ടകളോടും സന്ധിയില്ലാ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും നിസ്സംശയം പറയാം.

രാജ്യത്തെ നല്ലൊരു ശതമാനം ജനങ്ങളും ഒരുനേരം പോലും ഭക്ഷണം കഴിക്കാനില്ലാതെ വിഷമിക്കുമ്പോള്‍, മൂന്നുനേരം ഭക്ഷണമുണ്ടാക്കി കഴിച്ചും ചായയും മറ്റു പലഹാരങ്ങളുണ്ടാക്കിയും പണക്കാര്‍ മതിമറക്കുന്നതിനു തടയിടുന്നതിനു വേണ്ടി സബ്‍സിഡി നിരക്കില്‍ നല്‍കുന്നപാചകവാതക സിലിണ്ടറുകളുടെ എണ്ണം വര്‍ഷം ആറെണ്ണമാക്കി കുറയ്‍ക്കാനും തീരുമാനിച്ചു. ഇതു പ്രകാരം ഒരു വര്‍ഷം ആറു കുറ്റി ഗ്യാസ് കത്തിച്ചു തീര്‍ക്കുന്ന പണക്കാരന്‍ ഏഴാമത്തെ കുറ്റിക്ക് ഏതാണ്ട് 800 രൂപ കൊടുക്കേണ്ടി വരും. ഇന്നത്തെ വ്യാപാരനിലവാരത്തില്‍ സാധാരണക്കാരന് ഒരുനേരമൊക്കെ കഞ്ഞികുടിക്കാവുന്ന അവസ്ഥയേ നിലവിലുള്ളൂ എന്നതിനാല്‍ ഗ്യാസിന്‍റെ ഉപയോഗം തീരെ കുറഞ്ഞിരിക്കുകയാണ്. സാധാരണക്കാരന് ഒരു കുറ്റി ആറു മാസം വരെ ഉപയോഗിക്കാനുണ്ട് എന്നതിനാലാണ് സാധാരണക്കാരെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് പണക്കാര്‍ക്കെതിരെ സര്‍ക്കാര്‍ ആഞ്ഞടിക്കുന്നത്. നാട്ടിയില്‍ ഇനിയങ്ങോട്ട് സാധാരണക്കാരുടെ വിളയാട്ടമായിരിക്കും.പണക്കാര്‍ അനുഭവിക്കാന്‍ കിടക്കുന്നതേയുള്ളൂ.

പെട്രോളിന് വില വര്‍ധിപ്പിക്കും വില വര്‍ധിപ്പിക്കുമെന്ന് വികസനവിരുദ്ധരായ മാധ്യമങ്ങള്‍ (ഇവര്‍ക്ക് വിദേശഫണ്ടോ തീവ്രവാദബന്ധമോ ഉണ്ടോ എന്നു സര്‍ക്കാര്‍ അന്വേഷിക്കണം) ഒന്നൊന്നരയാഴ്ചയായി എഴുതിക്കൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും അവഗണിക്കും എന്ന തോന്നലുണ്ടാക്കുന്നതിനു വേണ്ടിയാണ് ഈ മാധ്യമങ്ങള്‍ ഇതു ചെയ്തുകൊണ്ടിരുന്നത് എന്നത് തെളിഞ്ഞു. അല്ലെങ്കില്‍ ഇത്രയും എണ്ണക്കമ്പനികള്‍ പൂട്ടാന്‍ നില്‍ക്കുമ്പോള്‍ ‘ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ട് നിങ്ങള്‍ നഷ്ടം നികത്തേണ്ട’ എന്ന നിലപാടെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ ? രത്തന്‍ ടാറ്റ, മുകേഷ്-അനില്‍ അംബാനിമാര്‍ തുടങ്ങിയവരൊക്കെ സ്ഥിരമായി ഡീസല്‍ കാറുകളിലാണ് സഞ്ചരിക്കുന്നത് എന്നാണ് അറിവ്. ഡീസലിന് അഞ്ചു രൂപ കൂട്ടുന്നതിലൂടെ ‘നിന്നെയൊന്നും വഴിനടത്തിക്കില്ലെടാ മൂരാച്ചികളേ’ എന്നു സര്‍ക്കാര്‍ അവരോട് ഉറക്കെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

പെട്രോളിന് വില കൂട്ടാതിരിക്കുകയും ഡീസലിനു മാത്രം വര്‍ധിപ്പിക്കുകയും ചെയ്തത് തികച്ചും യാദൃച്ഛികമാണെന്നു കരുതുന്നവരുണ്ട്. എന്നാല്‍, എപ്പോഴും സാധാരണക്കാരുടെയും പാവങ്ങളുടെയും ഉന്നമനത്തില്‍ മാത്രം ഉന്നമുള്ള രാഹുല്‍ ഗാന്ധിയുടെ അതിസമ്മര്‍ദ്ദം മൂലമാണ് സര്‍ക്കാര്‍ പെട്രോള്‍ വിലവര്‍ധനയില്‍ നിന്നു പിന്നോട്ട് പോയത് എന്നാണെന്‍റെ വിശ്വാസം.ഇപ്പോഴത്തെ വിലവര്‍ധനയ്‍ക്കപ്പുറം സോഷ്യലിസത്തിന്‍റെ ദൂരവ്യാപകമായ ലക്‍ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ ഡീസലിന് അഞ്ചുരൂപ കൂട്ടിയത് എന്നാണ് മനസ്സിലാക്കേണ്ടത്. ഭാവിയില്‍ ഡീസലിന്‍റെ വില കാരണം ലക്‍ഷ്വറി കാറുകള്‍ ഉപേക്ഷിച്ച് പണക്കാര്‍ നാട്ടിലെ ഓട്ടോറിക്ഷകളിലും ടാക്സികളിലും സഞ്ചരിക്കുകയും അതുവഴി എല്ലാവര്‍ക്കും കൂടുതല്‍ ഓട്ടം കിട്ടുകയും ടാക്സി ചാര്‍ജ് വഴിയായി പണക്കാരുടെ കോടികള്‍ സാധാരണക്കാരിലേക്ക് ഒഴുകുകയും അങ്ങനെ മെല്ലെ മെല്ലെ സോഷ്യലിസം വന്നു ചേരുകയും ചെയ്യും.മാണിസാറിന്‍റെ അധ്വാനവര്‍ഗസിദ്ധാന്തമാണോ യുപിഎ സര്‍ക്കാരിന്‍റെ ഈ വക സിദ്ധാന്തങ്ങളാണോ നല്ലതെന്നു ചോദിച്ചാല്‍ കണ്‍ഫ്യൂഷനടിച്ചുപോകും.

പാവപ്പെട്ടവര്‍ക്ക് പരവതാനി വിരിക്കുന്നതിലൂടെ സര്‍ക്കാര്‍ ജനപക്ഷത്ത് നിലയുറപ്പിക്കുന്നു എന്നത് ശരിയാണെങ്കിലും രാജ്യത്തെ എണ്ണക്കമ്പനികളുടെ കാര്യം കഷ്ടമായിത്തീരും. ഒരു ലിറ്ററിനു പത്തും ഇരുപതും രൂപ നഷ്ടത്തിലാണ് ഈ കമ്പനികള്‍ ഇവിടെ ഇന്ധനം വിറ്റുകൊണ്ടിരിക്കുന്നത്. ഇത്ര നഷ്ടം സഹിച്ച് ഇവരെന്തിന് ഇതു വില്‍ക്കുന്നു, ഇവര്‍ക്കു വല്ല റിയല്‍ എസ്റ്റേറ്റ് ബിസിനസിനും പൊയ്‍ക്കൂടേ എന്നേ നമ്മള്‍ പോലും ചോദിക്കൂ. എന്നാല്‍, അപ്പനപ്പൂപ്പന്മാരായിട്ട് ചെയ്തു വരുന്ന ബിസിനസ് കൈവിടാനുള്ള മടി, പിന്നെ, തങ്ങള്‍ ബിസിനസ് നിര്‍ത്തിയാല്‍ രാജ്യത്തെ നിരത്തുകളിലെ കോടാനുകോടി വണ്ടികള്‍ എങ്ങനെയോടും എന്ന ആശങ്ക, ഇതൊക്കെയാണ് നഷ്ടം സഹിച്ചും ഈ ബിസിനസില്‍ തന്നെ പിടിച്ചു നില്‍ക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിക്കുന്നത്.പണക്കാരുടെ അഹങ്കാരത്തിനു തിരിച്ചടി നല്‍കാനും പാവപ്പെട്ടവന് തലയുയര്‍ത്തി നില്‍ക്കാനും ഈ വിലവര്‍ധന സഹായിക്കും എന്നത് നേരുതന്നെ. എന്നാല്‍,കണ്ണൂരിലെ ബീഡിക്കമ്പനികള്‍ പോലെ, ആലപ്പുഴയിലെ ചകിരിക്കമ്പനികള്‍ പോലെ,ഭാവിയില്‍ ഈ എണ്ണക്കമ്പനികളും പൂട്ടിപ്പോകാനുള്ള സാധ്യത നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതുണ്ട്.

അതേ സമയം, രാജ്യത്തെ പാവപ്പെട്ട ജനങ്ങള്‍ക്ക് വൈദ്യുതി എത്തിക്കുന്നതിനു വേണ്ടി തമിഴ്‍നാട്ടിലെ കൂടംകുളത്ത് സര്‍ക്കാര്‍ നിര്‍മിക്കുന്ന ആണവനിലയത്തിനെതിരേ വിദേശഫണ്ട് കൈപ്പറ്റി കോടീശ്വരന്മാര്‍ നടത്തിവരുന്ന അക്രമസമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശഫണ്ട് കൈപ്പറ്റി രാജ്യത്തെ ജനങ്ങളുടെ നന്മയ്‍ക്കും രാജ്യതാല്‍പര്യങ്ങള്‍ക്കുമെതിരായി സമരം ചെയ്യുന്ന അവരെ രാജ്യദ്രോഹികളായി മുദ്രകുത്തി വെടിവച്ച് കടലിലിടാന്‍ സര്‍ക്കാര്‍ മടിക്കുന്നത് എന്തുകൊണ്ടാണെന്നാണ് രാജ്യസ്നേഹികളും രാജ്യത്തെ സാധാരണക്കാനും പാവപ്പെട്ടവരും ചോദിക്കുന്നത്.വിദേശഫണ്ട് കൈപ്പറ്റി രാജ്യത്ത് സമരങ്ങളുണ്ടാക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കും.

ആശങ്ക: പണക്കാര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണ്. ഡീസലിനു വില കൂട്ടിയതിന്‍റെ കലിപ്പിന് അവര്‍ കല്‍ക്കരിയോ സമ്പുഷ്ട യുറേനിയമോ ഉപയോഗിച്ച് വണ്ടിയോടിക്കുമോന്നാ എന്‍റെ പേടി.

കാറിനോടു കളിക്കരുത്

ഡ്രൈവറില്ലാത്ത കാറുകളുടെ കാലമാണ്. ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ഡ്രൈവിങ് കാറുമായി നിരത്തിലിറങ്ങിയ ഗൂഗിള്‍ കഴിഞ്ഞ ദിവസം വിവിധ വഴികളിലൂടെയുള്ള പ്രയാണം 30,000 കിലോമീറ്റര്‍ പിന്നിട്ടു. ഗൂഗിള്‍ ജീവനക്കാര്‍ക്ക് ദൈനംദിനാവശ്യങ്ങള്‍ക്കായി സെല്‍ഫ് ഡ്രൈവിങ് കാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. കുറവുകള്‍ ഇനിയുമുണ്ടെങ്കിലും പൊതുനിരത്തില്‍ ടെസ്റ്റ് ഡ്രൈവിങ് നടത്താന്‍ അനുമതി ലഭിച്ചതിനു ശേഷം ഒരപകടം പോലുമില്ലാതെ ഇത്രദൂരം പിന്നിടാന്‍ കഴിഞ്ഞു എന്നത് വലിയ നേട്ടം തന്നെയാണ്. ടൊയോട്ട പ്രിയസ് കാറാണ് ഗൂഗിള്‍ പരിഷ്‌കരിച്ച് സെല്‍ഫ് ഡ്രൈവിങ് കാറാക്കി മാറ്റിയത്. ഗൂഗിളിന്റെ നേട്ടത്തിനു പിന്നാലെ യുഎസിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലെ ഡൈനാമിക് ഡിസൈന്‍ ലാബും സെല്‍ഫ് ഡ്രൈവിങ് കാറുമായി നിരത്തിലിറങ്ങിയതോടെ സാധ്യതകള്‍ വര്‍ധിക്കുകയാണ്.

ഷെല്ലി എന്നു പേരിട്ടിരിക്കുന്ന ഔഡി ടിടിഎസ് ആണ് സ്റ്റാന്‍ഫോര്‍ഡിന്റെ സെല്‍ഫ് ഡ്രൈവിങ് കാര്‍. . ഫോക്‌സ്‌വാഗന്‍ ഇലക്ട്രോണിക് റിസര്‍ച്ച് ലാബിന്റെ സഹകരണത്തോടെ ടെസ്റ്റ് ഡ്രൈവിനിറക്കിയ സ്റ്റാന്‍ഫോര്‍ഡ് ഷെല്ലി മണിക്കൂറില്‍ 120 മൈല്‍ വേഗം പിന്നിട്ടു. അപകടവളവുകള്‍ പിന്നിടുന്നതില്‍ ഷെല്ലിയുടെ മികവ് 2010ല്‍ തന്നെ ശ്രദ്ധേയമായാണ്. ഗൂഗിളിന്റെയും സ്റ്റാന്‍ഫോര്‍ഡിന്റെയും സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ യഥാര്‍ഥ ഡ്രൈവര്‍മാരെ വെല്ലുന്ന പ്രകടനം കാഴ്ചവയ്ക്കുമെന്നു കരുതേണ്ടതില്ല. ഇരു കാറുകളും യഥാര്‍ത്ഥ ഡ്രൈവര്‍മാരുടെ മികവില്‍ നിന്നും അകലെയാണെന്നും യഥാര്‍ഥ ഡ്രൈവറുടെ മികവിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും പ്രോജക്ട് തലവന്‍മാര്‍ പറയുന്നു. വേഗവും ദൂരവും സെല്‍ഫ് ഡ്രൈവിങ് കാറുകള്‍ക്ക് ഒരു പ്രശ്‌നമല്ല. ഇടുങ്ങിയ പാര്‍ക്കിങ് സ്ഥലങ്ങളില്‍ സമര്‍ത്ഥമായി പാര്‍ക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള പ്രായോഗികമായ ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും മികവു നേടേണ്ടതുണ്ട്. കാലിഫോര്‍ണിയയില്‍ ടെസ്റ്റ് ഡ്രൈവിന് അനുമതി ലഭിച്ച ഈ വാഹനങ്ങള്‍ മറ്റു ഭൂപ്രകൃതികളിലെ വിവിധ സ്വഭാവമുള്ള റോഡുകളുമായും ട്രാഫിക് സിഗ്നലുകളുമായും പൊരുത്തപ്പെടേണ്ടതുമുണ്ട്. സെല്‍ഫ് ഡ്രൈവിങ് കാറുകളുടെ നിയന്ത്രണം ഏതു സമയത്തും ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഏറ്റെടുക്കുന്നതില്‍ തടസ്സമില്ല.

സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശായിലെ റിസര്‍ച്ച് പ്രൊഫസറായ സെബാസ്റ്റ്യന്‍ ത്രുണ്‍ ആണ് ഗൂഗിള്‍ സെല്‍ഫ് ഡ്രൈവിങ് കാര്‍ പ്രോജക്ട് തലവന്. 2007ല്‍ സ്റ്റാന്‍ഫോര്‍ഡിന്റെ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ലൈസന്‍സ് നേടിയ ഗൂഗിള്‍ പ്രൊഫസറായ സെബാസ്റ്റ്യനെ പ്രോജക്ട് തലവനും പിന്നീട് ഗൂഗിള്‍ വൈസ് പ്രസിഡന്റുമാക്കുകയായിരുന്നു.

ഡ്രൈവര്‍ക്ക് പാര്‍ക്കിങ് മികവ് എത്രയുണ്ടെങ്കിലും കാര്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലെങ്കില്‍ ആ മികവുകൊണ്ട് കാര്യമില്ല. നഗരങ്ങളില്‍ എന്തായാലും പാര്‍ക്കിങ് സ്ഥലം കുറയുകയല്ലാതെ കൂടാന്‍ പോകുന്നില്ല എന്നത് ഒരു യാഥാര്‍ഥ്യവുമാണ്. ഇതു മനസ്സിലാക്കി യുഎസിലെ മസാച്ചുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ സ്പാനിഷ് ഏജന്‍സിയായ ഡെനോകിന്നുമായി സഹകരിച്ച് നിര്‍മിച്ച സിറ്റി നാനോ കാര്‍ ആണ് ഹിരികോ . നമ്മുടെ ഓട്ടോറിക്ഷകളുടെ വലിപ്പമുള്ള ചെറുകാറാണ് ഹിരികോ. എന്നാല്‍ ആ ചെറുപ്പത്തിനുമിടമില്ലാത്ത സ്ഥലങ്ങളില്‍ സ്വയം ഞെരുങ്ങി അഡ്ജസ്റ്റ് ചെയ്യാനുള്ള കഴിവാണ് ഹിരികോ ഫോള്‍ഡിന്റെ സവിശേഷത. പാര്‍ക്കിങ് സ്ഥലം തീരെ കുറവാണെങ്കില്‍ കാറിന്റെ മുന്നിലെയും പിന്നിലെയും ചക്രങ്ങള്‍ അടുക്കുകയും കാര്‍ ചെറുതാവുകയും ചെയ്യും.

ഇലക്‌ട്രോണിക് കാറായ ഹിരികോ ഒറ്റ റീചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കും. രണ്ടു പേര്‍ക്കു യാത്ര ചെയ്യാം. സീറോ ടേണ്‍ റേഡിയസ് ഉള്ള കാര്‍ എവിടെയും എങ്ങനെയും തിരിക്കാം. നിലവില്‍ യൂറോപ്യന്‍ റോഡുകളില്‍ ടെസ്റ്റ് ഡ്രൈവ് നടത്തുന്ന ഹിരികോ ഫോള്‍ഡ് 2013 ആദ്യം വിപണിയിലെത്തും. ഏകദേശം എട്ടു ലക്ഷത്തോളം രൂപയാണ് ഉദ്ദേശിക്കുന്ന വില.

അതേ സമയം, ഇന്ത്യയുടെ ചെറുകാറായ ടാറ്റ നാനോ ബ്രാന്‍ഡ് പ്രചാരത്തിനായി ഓണ്‍ലൈന്‍ വാണിജ്യ പോര്‍ട്ടലായ ഇ ബേയുമായി സഹകരിച്ച് വിവിധ നാനോ ഉല്‍പന്നങ്ങളുടെ വില്‍പന ആരംഭിച്ചു. നാനോ കാറിന്റെ ചിത്രമുള്ള ടീഷര്‍ട്ടുകള്‍ (240 രൂപ) നാനോയുടെ ആകൃതിയിലുള്ള യുഎസ്ബി ഡ്രൈവ് (680 രൂപ), നാനോ ഒപ്റ്റിക്കല്‍ മൗസ് (1508 രൂപ), നാനോ കീചെയിന്‍ (39 രൂപ), നാനോയുടെ ചെറുമാതൃക (180 രൂപ), ടൈറ്റന്‍ നാനോ വാച്ച് (2655 രൂപ) തുടങ്ങിയവും ഇവയുടെ വിവിധ മോഡലുകളുമാണ് ഇ ബേയില്‍ വില്‍പനയ്ക്കുള്ളത്.

References: Google, YouTube, Stanford News, Ebay, Business Today, Dailymail, Singularity

കാലിഫോര്‍ണിയ ടൂര്‍

കാലിഫോര്‍ണിയയിലേക്കു ചരക്കുമായി പോകുന്ന ഉരു ദുബായ് കടപ്പുറം വഴി പോകുന്നതുപോലെയല്ല. യാത്ര നേരേ കാലിഫോര്‍ണിയയിലേക്കാണ്. ഉരുവില്‍ കയറുകയോ വെള്ളത്തില്‍ ചാടുകയോ നീന്തുകയോ ഒന്നും വേണ്ട. നിലവിലുള്ള സംവിധാനങ്ങള്‍ മാത്രം മതി, വിനോദയാത്ര ആംഭിക്കാം.

നമ്മള്‍ കാണാന്‍ പോകുന്ന സ്ഥലങ്ങള്‍-

യോസെമിറ്റീ നഷനല്‍ പാര്‍ക്ക്
സെഖോയ ആന്‍ഡ് കിങ് കാന്യന്‍ നാഷനല്‍ പാര്‍ക്ക്
ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക്
റെഡ് വുഡ് നാഷനല്‍ പാര്‍ക്ക്
ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്ക്

എത്ര ദിവസം കൊണ്ട് ഇതൊക്കെ കണ്ടു തീര്‍ക്കണമെന്ന് നിങ്ങള്‍ക്കു തന്നെ തീരുമാനിക്കാം. ഇതിനു വേണ്ടി പ്രത്യേകിച്ച് ത്യാഗമൊന്നും സഹിക്കേണ്ടതില്ല. ചിലവുമില്ല. ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ആണ് അസാധ്യമെന്നു തോന്നുന്ന ഈ പദ്ധതി നമുക്കു വേണ്ടി സാധ്യമാക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ നാഷനല്‍ പാര്‍ക്കുകളുടെ 360 ഡിഗ്രി പനോരമ വ്യൂ ആണ് സ്ട്രീറ്റ് വ്യൂ അവതരിപ്പിച്ചിരിക്കുന്നത്. പാര്‍ക്കിലേ റോഡിലൂടെ നമുക്ക് മൗസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാം. ഏതു വഴിയിലൂടെയും തിരിയാം, കാഴ്ചകള്‍ കാണാം. അണ്‍ലിമിറ്റഡ് എക്സ്പീരിയന്‍സ്.

ഇത്രയൊക്കെ ഗൂഗിള്‍ ലോകത്തിനു കാട്ടിക്കൊടുക്കുന്നത് ശരിയല്ല എന്നൊരു വിവാദം അവിടെ നിലവിലുണ്ട്. എന്തായാലും മെയ് മാസത്തില്‍ ഈ പറഞ്ഞ പാര്‍ക്കുകളിലൂടെ ഡ്രൈവ് ചെയ്ത് നിമിഷാര്‍ധം കൊണ്ട് സ്ട്രീറ്റ് വ്യൂ കാറിലെ 15 ലെന്‍സ് ക്യാമറകള്‍ ചിത്രീകരിച്ച ആയിരക്കണക്കിനു ചിത്രങ്ങള്‍ സൃഷ്ടിച്ച 360 ഡിഗ്രി വ്യൂ നിങ്ങളെ വിസ്മയിപ്പിക്കുമെന്നതില്‍ സംശയമില്ല. ഇവിടൊക്കെ നേരിട്ടു പോയി കണ്ടിട്ടുള്ളവര്‍ ഇതു കണ്ടു വിസ്മയിക്കണം എന്നു വാശിപിടിക്കരുത്.

ഞാന്‍ കൂടുതലൊന്നും വര്‍ണിക്കുന്നില്ല. മനോഹരമായ ഈ കാഴ്ച നിങ്ങള്‍ നേരിട്ട് ആസ്വദിക്കൂ. ഇതിന്‍റെ വിദ്യാഭ്യാസ മൂല്യം കണക്കിലെടുത്ത് കുട്ടികളെയും കാണിക്കൂ. എന്തൊക്കെയാണ് കാണാന്‍ പോകുന്നത് എന്നതിനെപ്പറ്റി ഏകദേശ ധാരണ ഉണ്ടാക്കുന്നതിനായി ഈ പാര്‍ക്കുകളുടെ വിക്കിപ്പീഡിയ പേജും നോക്കൂ. ലിങ്കുകള്‍ താഴെ കൊടുക്കുന്നു. ഹാപ്പി ജേണി !

യോസെമിറ്റീ നഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
സെഖോയ ആന്‍ഡ് കിങ് കാന്യന്‍ നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
ഡെത്ത് വാലി നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
റെഡ് വുഡ് നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]
ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്ക് [Wikipedia] [Google Street View]

അനുഭവങ്ങളുടെ സുഗന്ധം

മനം മയക്കുന്ന സുഗന്ധങ്ങളുടെ കാലം കഴിഞ്ഞു. പ്രകൃതിയില്‍ നിന്നുള്ള സുഗന്ധങ്ങളെ കുപ്പിയിലാക്കി വിറ്റിരുന്നവര്‍ പ്രകൃതി മരിക്കുന്ന കാലത്ത് മനുഷ്യര്‍ അതിജീവനം നടത്തുന്ന ലോകത്തിന്റെ സുഗന്ധങ്ങളിലേക്കു തിരിയുകയാണ്. ഓര്‍മകളിലെ സുഗന്ധത്തെപ്പറ്റി എഴുതിയും വര്‍ണിച്ചും ആ സുഗന്ധങ്ങളെ അവിസ്മരണീയമാക്കുന്നവര്‍ക്ക് ഇനി കടയില്‍ പോയി സംഗതി വാങ്ങാം. ജീവിതയാത്രയില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ വച്ച് നിങ്ങളെ സ്വാധീനിച്ച സുഗന്ധം ഓര്‍ത്തെടുക്കുന്നതുപോലെയാവില്ല കാലദേശങ്ങളെ അതിജീവിച്ച് വീണ്ടും ആ സുഗന്ധം മുന്നിലെത്തുന്നത്. പ്രമുഖ സുഗന്ധനിര്‍മാതാക്കളുടെ പുതിയ ബിസിനസ് ആ വഴിക്കാണ്.

സെന്റ്‌സ് ഓഫ് ഡിപ്പാര്‍ചര്‍

കൊച്ചിയുടെ ഗന്ധം ആരും കുപ്പിയിലാക്കി കൊണ്ടുപോകില്ല. എങ്കിലും കൊച്ചി കൊച്ചിയാണെന്ന് വീണ്ടുമെത്തുന്ന വിനോദസഞ്ചാരിക്കു തോന്നണമെങ്കില്‍ ആ പഴയ നാറ്റം അനുഭവേദ്യമാകണം. സഞ്ചാരിയുട അനുഭവങ്ങള്‍ ഈ ഗന്ധവുമായി ബന്ധപ്പെട്ടു കിടക്കും എന്നതിനാല്‍ അനുഭവങ്ങള്‍ കലര്‍ന്ന കൊച്ചിയുടെ ഗന്ധത്തെ സുഗന്ധമെന്ന് പെര്‍ഫ്യൂം കമ്പനികള്‍ വിശേഷിപ്പിച്ചേക്കാം. സെന്റ്് ഓഫ് ഡിപാര്‍ചര്‍ എന്ന പുതിയ പെര്‍ഫ്യൂം ശ്രേണി ലോകസഞ്ചാരികള്‍ക്കു വേണ്ടിയുള്ളതാണ്. കൊച്ചിയ്ക്കും കോഴിക്കോടിനുമൊക്കെ ഉള്ളതുപോലെ ലോകത്തെ എല്ലാ നഗരങ്ങള്‍ക്കും ഗന്ധപരമായ ഒരു വ്യക്തിത്വമുണ്ട്. ഇത്തരത്തില്‍ ഓരോ നഗരത്തിന്റെയും സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍. ന്യൂയോര്‍ക്ക്, ലണ്ടന്‍, പാരിസ്, ടോക്കിയോ, ദുബായ്, ദോഹ, ബാലി, സോള്‍, സിംഗപ്പൂര്‍, അബുദാബി, ബുഡാപെസ്റ്റ്, വിയെന്ന തുടങ്ങി ലോകത്തിലെ 14 നഗരങ്ങളുടെ സുഗന്ധമാണ് സെന്റ് ഓഫ് ഡിപാര്‍ചര്‍ ശ്രേണിയിലുള്ളത്. നിങ്ങള്‍ക്ക് ഗൃഹാതുരത്വമോ പ്രവാസാതുരത്വമോ ഉണര്‍ത്തുന്നത് ഏതാണെന്നു വച്ചാല്‍ വാങ്ങാം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരേ നഗരത്തിനു തന്നെ വേറിട്ട സുഗന്ധങ്ങളാണ്. ഓരോ നഗരസുഗന്ധത്തിനും ഓരോ വിലയും. www.thescentofdeparture.com

പേപ്പര്‍ പാഷന്‍

അച്ചടിമഷി പുരണ്ട പുസ്തകത്താളുകളുടെ ഗന്ധമാണ് വിപണിയിലെത്തിയിരിക്കുന്ന പുതിയ വിസ്മയം. പഴയ പുസ്തകത്താളുകളുടെ ഗന്ധം മനസ്സിലേക്ക് കൊണ്ടുവരുന്നത് ഒരായിരം ബാല്യകാല ചിത്രങ്ങളാണ് പലര്‍ക്കും. അച്ചടിമഷിയുടെ ഗന്ധമുള്ള പുതിയ പുസ്തകങ്ങള്‍ക്കും ഇതേ പ്രാധാന്യമുണ്ട്. ഇ-വായനയുടെ കാലത്ത് പുസ്തകപ്രേമികള്‍ക്കു വേണ്ടി പ്രമുഖ യൂറോപ്യന്‍ സുഗന്ധനിര്‍മാതാവായ ഗെസ ഷോവെന്‍ കണ്ടെത്തിയ ഏറ്റവും പുതിയ ബ്രാന്‍ഡാണ് പേപ്പര്‍ പാഷന്‍. നിത്യജീവിതത്തില്‍ വിവിധ തരം കടലാസ് ഗന്ധങ്ങളാല്‍ സ്വാധീനിക്കപ്പെട്ട ആളുകളെ വശീകരിക്കാന്‍ വിവിധ പേപ്പര്‍ സുഗന്ധങ്ങളിലാണ് പേപ്പര്‍ പാഷന്‍ എത്തുന്നത്. വാള്‍പേപ്പര്‍ മാഗസിന്റെ ആവശ്യപ്രകാരമാണ് ഗെസ പുസ്തകപ്രേമികള്‍ക്കു വേണ്ടി അവരുടെ പ്രിയപ്പെട്ട സുഗന്ധത്തെ കുപ്പിയിലാക്കിയത്. ശരാശരി പെര്‍ഫ്യൂം നൂറിലേറെ രാസക്കൂട്ടുകളോടെ എത്തുമ്പോള്‍ പേപ്പര്‍ പാഷന് വെറും അഞ്ച് ഘടകങ്ങളേയുള്ളൂ. ഭംഗിയുള്ള ഒരു പുസ്തകത്തിനുള്ളില്‍ അടച്ചാണ് പേപ്പര്‍ പാഷന്‍ വിപണിയിലെത്തുന്നത്. പുസ്തകം തുറക്കുമ്പോള്‍ അതിനുള്ളില്‍ സുഗന്ധക്കുപ്പി. പേപ്പര്‍ പാഷന്റെ വില 5500 രൂപയാണ്.

ബ്ലഡ് കണ്‍സെപ്റ്റ്

ഓരോ ജന്മനക്ഷത്രക്കാര്‍ക്കും ഓരോ തരത്തിലുള്ള കല്ല് പതിച്ച മോതിരം നമുക്ക് അപരിചിതമല്ല. അതുകൊണ്ട് നേട്ടങ്ങളുണ്ടാക്കുകയും പരീക്ഷണങ്ങള്‍ തുടരുകയും ചെയ്യുന്നവരുണ്ട്. അതുപോലെ ഓരോ രക്തഗ്രൂപ്പ്കാര്‍ക്കും ഓരോ സുഗന്ധം. അതുകൊണ്ട് എന്തൊക്കെയാണ് പ്രയോജനങ്ങള്‍ എന്നു പറയാറായിട്ടില്ല.
ഏറെക്കാലത്തെ പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും ശേഷം (എന്നു പറയുന്നു) അവതരിപ്പിച്ചിരിക്കുന്ന വളരെ സങ്കീര്‍ണമായ സുഗന്ധദ്രവ്യ ശ്രേണിയാണ് ബ്ലഡ് കണ്‍സെപ്റ്റ്. രക്തഗ്രൂപ്പുകളുടെ അത്രയേ ഉള്ളൂ സുഗന്ധഗ്രൂപ്പുകളും. എ, ബി, ഒ, എബി ഗ്രൂപ്പുകാര്‍ക്കുള്ള 40, 60 മില്ലി ബോട്ടിലുകളാണ് ഇവ. ഓരോ രക്തഗ്രൂപ്പുകാര്‍ക്കും ഉണ്ടാവുന്ന പൊതുവായ സവിശേഷതകളും സ്വാഭാവികശരീരഗന്ധവുമൊക്കെയായി പൊരുത്തപ്പെട്ടു നില്‍ക്കുന്നതാണേ്രത ബ്ലഡ് കണ്‍സെപ്റ്റ് സുഗന്ധങ്ങള്‍. ഓരോ ഗ്രൂപ്പിനും 10000 രൂപ വീതം വിലയാകും. www.bloodconcept.com

സ്‌മെല്‍സ് ന്യൂ

പുതിയ കാര്‍ വാങ്ങിയാല്‍ അതിന്റെ സുഗന്ധം എന്നും നിലനില്‍ക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. കാര്‍ പെര്‍ഫ്യൂമുകളും കാറില്‍ കയറുന്നവര്‍ പൂശുന്ന സുഗന്ധങ്ങളും ചേര്‍ന്ന് പുത്തന്‍ കാറിന്റെ വ്യക്തിത്വം പെട്ടെന്നു തന്നെ നഷ്ടപ്പെടുത്തിക്കളയും. പു്ത്തന്‍ കാറിന്റെ ഗന്ധം തന്നെ വേണമെന്നുള്ളവര്‍ക്കായി കാര്‍നിര്‍മാതാക്കളായ ഫോര്‍ഡ് സ്‌പെയിനില്‍ അവതരിപ്പിച്ച സുഗന്ധമാണ് സ്‌മെല്‍ ന്യൂ (Olor a Nuevo). കാര്‍ അറുപഴഞ്ചനാണെങ്കിലും ഈ സുഗന്ധം ഉപയോഗിച്ചാല്‍ പുത്തന്‍ കാര്‍ ഷോറൂമില്‍ നിന്നിറക്കിക്കൊണ്ടു വരുന്ന സുഖം ലഭിക്കും.

ഗൂഗിള്‍ കാര്‍

യുഎസിലെ നെവാഡ സ്‌റ്റേറ്റില്‍ വഴികളില്‍ ചെക്കിങ്ങിനു നില്‍ക്കുന്ന പൊലീസുകാര്‍ പാടുപെടും. ഗൂഗിള്‍ എന്നെഴുതിയ വണ്ടി കണ്ടാല്‍ കൈനീട്ടാതെ മാറിനില്‍ക്കുകയേ നിവൃത്തിയുള്ളൂ. ഓവര്‍സ്പീഡും ട്രാഫിക് നിയമലംഘനവുമില്ലാതെയാവണമെങ്കില്‍ കാറിന് ഡ്രൈവര്‍ ഉണ്ടാവരുത് എന്ന അടിസ്ഥാനതത്വം ശരിവച്ചുകൊണ്ട് ആദ്യത്തെ ഡ്രൈവര്‍രഹിത കാറുമായി റോഡിലിറങ്ങുകയാണ് ഗൂഗിള്‍. ഏത് ഗൂഗിള്‍ എന്നു ചോദിക്കരുത് സേര്‍ച്ച് എന്‍ജിനില്‍ തുടങ്ങി മൊബൈല്‍ ഫോണും ടെലിവിഷനും വരെ അവതരിപ്പിച്ച അതേ ഗൂഗിളാണ് ഡിജിറ്റല്‍ മോട്ടോര്‍ വെഹിക്കിളുമായി പരീക്ഷണത്തിനിറങ്ങുന്നത്. ഡ്രൈവറില്ലാത്ത കാറുകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ തത്വത്തില്‍ തീരുമാനമെടുത്ത നെവാഡ സ്‌റ്റേറ്റ് ഗൂഗിള്‍ കാറിന് ടെസ്റ്റ് ഡ്രൈവിന് അനുമതി നല്‍കിയിരിക്കുകയാണ്. അമേരിക്കയുടെ ചരിത്രത്തില്‍ ഡ്രൈവര്‍രഹിത കാറിനുള്ള ആദ്യത്തെ ലൈസന്‍സ് ആണ് ഗൂഗിള്‍ കരസ്ഥമാക്കിയിരിക്കുന്നത്.

ഓട്ടോമാറ്റിക് കാറുകള്‍ക്ക് അനുമതി നല്‍കുന്ന നിയമം നെവാഡ സ്‌റ്റേറ്റില്‍ മാര്‍ച്ച് ഒന്നു മുതലാണ് നിലവില്‍ വന്നത്. ജിപിഎസ് മുതല്‍ ഡ്രൈവിങ്ങിനെ സഹായിക്കുന്ന നിലവിലുള്ള സങ്കേതങ്ങളെ പരിഷ്‌കരിച്ച് ലേസര്‍ ടെക്‌നോളജി, വിഡിയോ ക്യാമറകള്‍, റഡാര്‍ സെന്‍സറുകള്‍ എന്നിവയുടെ സഹായത്താലാണ് ഗൂഗിളിന്റെ ഡ്രൈവര്‍ രഹിത കാറുകള്‍ അമേരിക്കിയിലൂടെ പറപറക്കാന്‍ പോകുന്നത്. ടൊയോട്ട പ്രിയസ് കാറില്‍ ഭേദഗതികള്‍ വരുത്തിയാണ് ഗൂഗിള്‍ കാര്‍ ആക്കി മാറ്റിയിരിക്കുന്നത്. ഗൂഗിള്‍ വൈസ് പ്രസിഡന്റും സ്റ്റാന്‍ഫോര്‍ഡ് പ്രൊഫസറുമായ സെബാസ്റ്റിയന്‍ ത്രൂണ്‍ ആണ് കാറിനെ ഡ്രൈവറില്ലാതെ ഓടുന്ന പരുവത്തിലാക്കിയത്.

ടെസ്റ്റ് ഡ്രൈവ് വിജയകരമായാല്‍ ഗൂഗിളിന്റെ മറ്റൊരു വലിയ ചുവടുവയ്പായി ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തില്‍ വിലസും. ഇതിനോടകം നടത്തിയ പരീക്ഷണഡ്രൈവുകള്‍ വിജയകരമായതിന്റെ അടിസ്ഥാനത്തിലാണ് ഔദ്യോഗികമായി ടെസ്റ്റ് ഡ്രൈവിനു ഗൂഗിള്‍ ഒരുങ്ങുന്നത്. യുഎസിലെ മറ്റു സ്‌റ്റേറ്റുകളും ഡ്രൈവര്‍ രഹിതവാഹനങ്ങള്‍ക്ക് നിയമപരമായി അംഗീകാരം നല്‍കാനുള്ള ആലോചനയിലാണെന്നിരിക്കെ ഗൂഗിളിന്റെ സംരംഭം പ്രായോഗികതലത്തില്‍ സ്വീകരിക്കപ്പെടുമെന്നത് വലിയ പ്രതീക്ഷകളോടെയാണ്.

മെഡിക്കല്‍ ട്രാന്‍സ്‍ക്രിപ്‍ഷന്‍*

വെല്‍ഡണ്‍ ഡോക്ടര്‍ വെല്‍ഡണ്‍… നിങ്ങളുടെ ഒരു യേസ് സൃഷ്ടിച്ചത് ചരിത്രമാണ്… ആരെയും കൊല്ലാന്‍ പറ്റിയില്ല എങ്കിലും ചക്കടാ കാര്‍ അവറ്റകളുടെ നെഞ്ചത്തോട്ട് കയറ്റിയത് വളരെ നന്നായി…

എന്നാലും അവരെന്നെ അറസ്റ്റ് ചെയ്തില്ലേ സര്‍ ? അതൊഴിവാക്കാമായിരുന്നു…

സാരമില്ല ഡോക്ടര്‍… അതൊക്കെ വേണം… അറിയാലോ അല്ലെങ്കില്‍ മീഡിയ വെറുതെ അതും പൊക്കിപ്പിടിച്ച് ഓവറാക്കും.. ഇതിപ്പോ അതോടെ കഴിഞ്ഞില്ലേ… പക്ഷെ, നാല് ഡെഡ്‍ബോഡി എങ്കിലും ഞാന്‍ പ്രതീക്ഷിച്ചു..

അയ്യോ സര്‍.. ഓപറേഷന്‍ തിയറ്ററില്‍ ചെയ്യുന്നതുപോലെ കാറുകൊണ്ട് ചെയ്യാനെനിക്കറിയില്ല.. ഇതൊക്കെ വല്ല ക്വട്ടേഷന്‍കാരെയും ഏല്‍പിക്കുന്നതല്ലേ നല്ലത്…

ക്വട്ടേഷന്‍കാര് പറ്റില്ല.. ഒന്നാമത് ഡോക്ടര്‍മാരുടെ ലുക്കുള്ള ക്വട്ടേഷന്‍കാരു കുറവാ…

അതിനെന്താ ക്വട്ടേഷന്‍കാരുടെ ലുക്കുള്ള എത്രയോ ഡോക്ടര്‍മാരുണ്ട്…

പക്ഷെ, വെട്ടൊന്ന് മുറി രണ്ട്.. അതാണല്ലോ ക്വട്ടേഷന്‍കാരുടെ രീതി.. നമുക്ക് ബ്രെയ്‍ന്‍ ഡെത്ത് കേസായിട്ടു കിട്ടണം.. എങ്കിലല്ലേ ഹൃദയവും കിഡ്‍നിയും കണ്ണും കരളുമൊക്കെ എണ്ണിപ്പറഞ്ഞ് വില്‍ക്കാനൊക്കൂ.. നമ്മുടെ അരി അതാണല്ലോ.. സാരമില്ല.. അടുത്ത തവണയാകാം…

സര്‍, സമരം ഇങ്ങനെ തുടര്‍ന്നാല്‍ നമ്മളെന്തു ചെയ്യും ?

പേടിക്കേണ്ട, ഇന്ന് വോട്ടെടുപ്പല്ലേ.. അതൊന്നു കഴിഞ്ഞോട്ടെ, പൊലീസ് വന്ന് എല്ലാറ്റിനേം അറസ്റ്റ് ചെയ്തോണ്ടു പൊയ്‍ക്കോളും…

ഉവ്വോ.. അതിനു സാധ്യതയുണ്ടോ ?

അയ്യോ… നമ്മളോട് ഉറപ്പു പറഞ്ഞിട്ടുണ്ട്… സര്‍ക്കാര്‍ നഴ്‍സുമാര്‍ക്കെതിരാണെന്നു ജനങ്ങള്‍ക്കു തോന്നിയാല്‍ വോട്ടുകുറയുമെന്ന് പേടിച്ചല്ലേ പാവങ്ങള്‍ ഇത്രേം ദിവസം അനങ്ങാതിരുന്നത്.. ഇനി നോക്കിക്കോ.. നഴ്‍സുമാരെ നമ്മള്‍ പണി അങ്ങോട്ടു പഠിപ്പിച്ചു കൊടുക്കും…

സത്യത്തില്‍ എന്തിനാണ് സര്‍ അവറ്റകള്‍ സമരം ചെയ്യുന്നത് ?

അഹങ്കാരം…. പിന്നെ അസൂയ,ഡോക്ടര്‍മാരോടുള്ള അസൂയ… പിന്നെ കോംപ്ലക്‍സും..

സര്‍, നമുക്ക് കംപ്ലീറ്റ് നഴ്‍സുമാരേം പിരിച്ചുവിട്ടാലോ ?

എന്നിട്ട് ?

ദിവസക്കൂലിക്ക് പുതിയ പിള്ളേരെ വച്ച് പണിയെടുപ്പിക്കാം…

എന്റെ ഡോക്ടറേ ഇതൊക്കെ പുറത്ത് പറയാം.. പക്ഷെ, നഴ്‍സുമാര് പോയാല്‍ നമ്മടെ കച്ചോടം അവസാനിക്കില്ലേ… ദിവസക്കൂലി എന്നൊക്കെ പറഞ്ഞാല്‍, എട്ടാം ക്ലാസ് തോറ്റ ഒരാള്‍ക്കു പോലും എട്ടു മണിക്കൂര്‍ വന്ന് ചുമ്മാ ഇരുന്നിട്ട് പോന്നേന് മിനിമം 400 രൂപ കൊടുക്കണ്ടേ ?

അതുവേണം.. എന്റെ വീട്ടില്‍ ഡെയ്‍ലി 2 മണിക്കൂര്‍ വന്നു പോകുന്ന സെര്‍വന്റിന് മാസം കൊടുക്കുന്നത് 9000 രൂപയാ…

നമ്മളിവിടെ ഒരു നഴ്‍സിനെ 15 മണിക്കൂര്‍ പണിയെടുപ്പിക്കുന്നുണ്ട്… മാസം അയ്യായിരം രൂപയ്‍ക്ക് 15 മണിക്കൂര്‍ മിണ്ടാതെ പണിയെടുക്കുന്ന നഴ്‍സുമാരെ എവിടെക്കിട്ടും ?

അത് പോരെന്നും 15 മണിക്കൂര്‍ പണിയെടുക്കാന്‍ പറ്റില്ലെന്നുമല്ലേ ശവങ്ങള്‍ പറയുന്നത് ?

അതെ.. പറഞ്ഞോട്ടെ… സത്യത്തില്‍ ഒരു നഴ്‍സ് ദിവസം 8 മണിക്കൂര്‍ വീതം ജോലി ചെയ്യുകയും ചെയ്യുന്ന ജോലിക്ക് അനുസരിച്ച് നമ്മള്‍ വേതനം കൊടുക്കുകയും ചെയ്യാനാണെങ്കില്‍ മാസം 30000 രൂപയെങ്കിലും കൊടുക്കേണ്ടി വരും… ഡോക്ടറൊക്കെ കള്ളുകുടിച്ചിട്ട് കുറിക്കുന്ന മരുന്നുകളൊക്കെ തിരുത്തി രോഗികളുടെ ജീവന്‍ രക്ഷിക്കുന്നതാരാ ?

സര്‍ എന്റെ പേഴ്‍സണല്‍ കാര്യങ്ങളിലിടപെടരുത്…

എന്ത് കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കുന്നതോ ?

കള്ളുകുടിച്ചിട്ട് ട്രെയിനില്‍ കയറരുത്, കള്ളുകുടിച്ചിട്ട് വണ്ടിയോടിക്കരുത് എന്നൊക്കെയേ ഇവിടെ നിയമമുള്ളൂ.. കള്ളുകുടിച്ചിട്ട് രോഗികളെ പരിശോധിക്കരുത് എന്ന് എവിടെയും പറയുന്നില്ല…

ഇല്ല, പക്ഷെ കഴിഞ്ഞയാഴ്ച ഡോക്ടര്‍ കള്ളുകുടിച്ച് ഓപറേഷന്‍ ചെയ്തിട്ട്, ട്യൂമറാണെന്നു പറഞ്ഞ് ഒരു പേഷ്യന്റിന്റെ കിഡ്‍നി പറിച്ചെടുത്തതോ ?

അത് ശരി, ഇപ്പോ ഞാന്‍ കിഡ്‍നി പറിച്ചെടുത്തതായോ കുഴപ്പം ? ആ കിഡ്‍നിയല്ലേ സാര്‍ മലേഷ്യക്കാരന് നാലു ലക്ഷം രൂപയ്‍ക്ക് വിറ്റത് ? ഞാനൊന്നും അറിയുന്നില്ലെന്നാ വിചാരം ? എന്നിട്ടെന്നോടു പറഞ്ഞതോ.. അതൊരു പള്ളീലച്ചന് ഫ്രീയായിട്ടു വച്ചുകൊടുത്തു, നേര്‍ച്ചയായിട്ട് കരുതിയാല്‍ മതീന്ന്… കമ്മിഷന്‍ വകേല്‍ എനിക്കുള്ള ഒരു ലക്ഷം രൂപ എനിക്കിപ്പോ കിട്ടണം…

ഡോക്ടര്‍ അത് പറയരുത്.. അബദ്ധം പറ്റിയിട്ട് അപകടമൊന്നും സംഭവിച്ചില്ലല്ലോന്ന് ആശ്വസിക്കുന്നതിനു പകരം.. കമ്മിഷന്‍ ചോദിക്കുവാണോ ? എന്റെ ഡോക്ടറേ, നമ്മള് തമ്മിലിങ്ങനെ തര്‍ക്കിക്കണോ.. അടങ്ങ്.. ആരെങ്കിലും കേട്ടാല്‍ മോശമല്ലേ ?

എന്തു മോശം ? എയ്‍ഡ്‍സിന് അമേരിക്കയില്‍ നിന്നു വരുത്തിയ മരുന്നാണെന്നു പറഞ്ഞ് പാരസെറ്റാമോളില്‍ ജെല്യൂസിലും ആസ്‍പിരിനും കൂടി കലക്കി വിറ്റ് വാങ്ങുന്നത് എത്ര ലക്ഷമാണെന്നൊക്കെ എനിക്കറിയാം…

ഹ.. ഡോക്ടര്‍ ഒന്നടങ്ങ്.. നമുക്കെല്ലാത്തിനും പരിഹാരമുണ്ടാക്കാം.. ഒച്ചവയ്‍ക്കാതെ..

അല്ല സര്‍.. ഒരു ബിസിനസാകുമ്പോള്‍ വിശ്വാസമാണ് പ്രധാനം… അത് കളഞ്ഞുകുളിക്കരുത്…

ഇത് ബിസിനസ് മാത്രമാണോ ഡോക്ടര്‍ ? ഒരു സാമൂഹികസേവനം കൂടിയല്ലേ ? എത്രയോ കോടീശ്വരന്മാര്‍ക്ക് നമ്മള്‍ നല്ല നല്ല കിഡ്‍നികളും ഹൃദയങ്ങളും കരളുമൊക്കെ സംഘടിപ്പിച്ചു കൊടുത്തിരിക്കുന്നു… അപകടത്തില്‍പ്പെട്ട് ഓരോരുത്തരും ഇങ്ങു വരുമ്പോള്‍ മനസ്സ് തുടിക്കുകയാണ്.. സോറി ഡോക്ടര്‍.. ഞാനല്‍പം വികാരാധീനനായിപ്പോയി…

ഇറ്റ്സ് ഓകെ.. അയാം ഓള്‍സോ ദി സോറി..

ഓകെ,ഓകെ.. അപ്പോള്‍ നമ്മള്‍ പറഞ്ഞുവന്നത് ?

കിഡ്‍നീടെ കമ്മിഷന്‍ …

ഛെ, അതല്ല… നഴ്‍സുമാരുടെ സമരം… നമ്മള്‍ പ്രൈവറ്റ് മാനേജ്‍മെന്റ്കാര്‍ക്ക് ചെയ്യാന്‍ പറ്റുന്നതിനു പരിധിയുണ്ട്… പള്ളിയുടെയും അമ്പലത്തിന്റെയുമൊക്കെ കീഴിലുള്ള ആശുപത്രികളിലെ സമരം അടിച്ചമര്‍ത്തുന്നതില്‍ ആ മാനേജ്‍മെന്റുകള്‍ പരാജയപ്പെട്ടു.. അതാണ് എല്ലാവര്‍ക്കും വിനയായത്..

അങ്കമാലീലെ അച്ചന്മാര് റാലിയൊക്കെ നടത്തിയായിരുന്നു സര്‍…

ഓ, അതുകൊണ്ടെന്നാ ആകാനാന്നേ ? അതിനിടയില്‍ ജാതിയും മതവുമൊക്കെ തിരുകി വര്‍ഗീയലഹളയാക്കുന്നതില്‍ പരാജയപ്പെട്ടു എന്നാ പറഞ്ഞത്… ജനങ്ങള്‍ ഇതിന്റെ പേരില്‍ തമ്മിലടിക്കണമായിരുന്നു…അവിടെ പരാജയപ്പെട്ടു…

മനസ്സിലായില്ല ?

അതായത്… ക്രിസ്‍ത്യന്‍ മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റ് മതക്കാരായ നഴ്‍സുമാരെ ക്രിസ്‍ത്യാനികള്‍ അടിക്കണം… ഹിന്ദു മാനേജ്‍മെന്റ് ആശുപത്രിയില്‍ സമരം ചെയ്യുന്ന മറ്റു മതക്കാരായ നഴ്‍സുമാരെ ഹിന്ദുക്കള്‍ അടിക്കണം.. ഇവരെയൊക്കെ തിരിച്ചടിക്കാന്‍ അടികൊണ്ടവരുടെ മതക്കാര്‍ വരണം…അങ്ങനെ അങ്ങനെ..

ഹൊ… എന്നാ ബുദ്ധിയാ !!!

ഹഹഹ… ഗുണ്ടകള് നഴ്‍സുമാരെ അടിച്ചാലും നഴ്‍സുമാര് ഗുണ്ടകളെ അടിച്ചാലും ബ്രെയ്‍ന്‍ ഡെത്തായാല്‍ ഓര്‍ഗണ്‍സ് ഒക്കെ ആര്‍ക്കാ ??

സാറ് ഓര്‍ഗന്റെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്.. മറ്റന്നാള്‍ എന്റെ മോന്റെ ഓര്‍ഗണ്‍ അരങ്ങേറ്റമാണ്… സാറ് വരണം ?

വിച്ച് ഓര്‍ഗണ്‍ ? ഓര്‍ഗന്‍ അരങ്ങേറ്റമെന്നു പറയുമ്പോള്‍ ??

അയ്യോ ഇത് മറ്റേ ഓര്‍ഗണാ.. കീബോര്‍ഡ്…

ഹൊ.. ആ ഞെക്കുന്ന സാധനം.. ഞാന്‍ ഭയപ്പെട്ടുപോയി.. പിള്ളേരൊക്കെ ഓര്‍ഗണ്‍ അരങ്ങേറ്റമൊക്കെ നടത്തുന്ന കാലമായോ എന്നോര്‍ത്തു… രഹസ്യമായി വല്ലതുമൊക്കെ ഒപ്പിക്കുന്നതുപോലെയല്ല്ലല്ലോ ഫങ്‍‍ഷനായിട്ട് നടത്തുന്നത്..ഇത് ഈ ഓര്‍ഗണ്‍.. ഓകെ ഐ വില്‍ കം.. ഐ വില്‍ കം…

എന്നാപ്പിന്നെ ഞാനങ്ങോട്ട്…

ഒരു കാര്യം കൂടി… ഡോക്ടര്‍ടെ മദര്‍ ഇന്‍ലോ സുഖമില്ലാതെ കിടപ്പാണെന്നു കേട്ടു… ഇവിടെ അഡ്‍മിറ്റ് ചെയ്തുകൂടെ ?

അയ്യോ.. ആ സ്റ്റേജൊക്കെ കഴിഞ്ഞു സര്‍… ശ്വാസമുണ്ടന്നേയുള്ളൂ… ശരീരത്തിലെ ഒറ്റ ഓര്‍ഗണ്‍സും ഫങ്‍ഷനിങ് അല്ല…സത്യം

കൊച്ചു കള്ളന്‍…. എന്നാ ചെല്ല്… പോകുന്ന വഴി ഡ്യൂട്ടി റൂമില്‍ കയറി എല്ലാ നഴ്‍സുമാരടേം തന്തയ്‍ക്കു വിളിച്ചേരെ..

അതു ഞാനേറ്റു !

(ശവം)

*ഇത് വെറും ഒരു കഥ മാത്രമാണ്. ഇതിലെ കഥാപാത്രങ്ങള്‍ക്കോ സംഭവങ്ങള്‍ക്കോ സംഭാഷണങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ എയാ ഏതെങ്കിലും വ്യക്തികളോ സംഭവങ്ങളോ ആയി എന്തെങ്കിലും സാദൃശ്യം തോന്നുന്നുണ്ടെങ്കില്‍ അത് വയറുവേദനയുമായി വന്ന രോഗിയുടെ തല ഓപറേഷന്‍ ചെയ്യുന്നതുപോലെ തികച്ചും യാദൃച്ഛികം മാത്രമാണ്.